സന്ധ്യയ്ക്കു മാനത്തു മലര്‍ന്ന താര
ത്താരത്രയും കണ്ടു ചെടിച്ച കണ്ണേ!-
കുനിഞ്ഞിടാമൊന്നിനി; നിന്റെ നോട്ടം
കുപ്പക്കുഴിക്കുള്ളിലുമെത്തിടട്ടെ.
പറമ്പിലങ്ങിങ്ങു പകച്ചൊതുങ്ങി-
പാവങ്ങളാം തുമ്പകളൊട്ടനേകം
തുലോമവറ്റിൻ പുകളിന്നു വിത്താം
തൂവെൺമലർത്തല്ലുമണിഞ്ഞുനിൽപ്പൂ.
ജാതിച്ചുവട്ടിൽ ജലസേകമേകും
ജനങ്ങളിപ്പൂച്ചെടി കൈയനക്കി
വളര്‍ത്തിടുന്നില്ലതുപോട്ടെ; ദൂരെ
വലിച്ചുമാറ്റുന്നതുമുണ്ടു! കഷ്ടം!!
ഉയര്‍ത്തി വെള്ളക്കൊടി കാട്ടുവോനെ-
യുന്മൂലനം ചെയ്യുമുദഗ്രപാണി
പരാക്രമം വായ്ക്കുമരിക്കൊതുങ്ങി-
പ്പാവങ്ങളെത്തിച്ചു തരിപ്പുതീർപ്പൂ!
ജപാദിപുഷ്പങ്ങളിറുത്തു ചൂടി
ഞെളിഞ്ഞിരിക്കും വരവര്‍ണ്ണിനിക്കും
വേണിക്കരിങ്കാറിനിതിൻ നറുമ്പൂ-
വെള്ളിൽ കിടാവിന്റെ വിഭൂഷയില്ല.
മെയ്മേൽ മണം പൂശിന വേശനാരീ-
ഹീരത്തിനാൽ മോഹിതരാം ജനങ്ങൾ
ശാലീനതാലംകൃതി പൂണ്ടു മിന്നും
സാക്ഷാൽ സതീമുത്തിനെയോര്‍ക്കയുണ്ടോ?
ഘ്രാണേന്ദ്രിയാരാമർ മനുഷ്യർ നിന്റെ
സത്വസ്ഥസമ്പത്തറിയാതെ പൂവേ!
ഹാ നീ വെറും പ്രാകൃതഭൂമിയാത-
നപത്യമെന്നോര്‍ത്തധരീകരിപ്പൂ.
ഉണ്ടോ ഗുണം? കൊൾവിനതൊന്നുമാത്ര,-
മുൽപത്തിയും വംശവുമാരു കണ്ടു?
ആഢ്യൻ മുതല്ക്കന്ത്യജനോളമാര്‍ക്കും
പെറ്റമ്മ ഭൂദേവി; പിതാവു ദൈവം.
ചേറിൽക്കുരുക്കുന്നു സിതാംബുജങ്ങൾ;
കാറിൽപ്പിറക്കുന്നു പയഃകണങ്ങൾ;
മങ്ങിക്കിടക്കുന്നൊരു പൃഷ്ഠഭൂമി
മഹാര്‍ഹചിത്രം വരവാൻ മനോജ്ഞം.
വിത്തത്തെ വൃത്തത്തിനു മീതെയുണ്ടോ
വിജ്ഞന്റെ നേത്രം വിലവച്ചിടുന്നു?
പൂജയ്ക്കു നാം കുത്തുവിളക്കുതന്നെ
കൊളുത്തണം; വൈദ്യുതദീപമല്ല.
താൻ തീർത്ത പാഴ്പ്പുൽക്കൊടി പോം വഴിക്കു
ധാതാവിനും പോകണമൊട്ടുനാളിൽ;
നാകത്തിനും നാകുവിനും ശരിക്കു
നല്കുന്നതുണ്ടൊപ്പനിരപ്പുകാലം,
ആരുച്ചർ? ആർ നീചർ? അനാര്യമാമീ-
യസ്മൽഗൃഹച്ഛിദ്രമദൃഷ്ടഃപൂര്‍വം
അശേഷലോകത്തിനുമാനനത്തെ-
യപത്രപാനമ്രിതമാക്കിടുന്നു.
ഹാ! തത്ത്വമസ്യാദിമവാക്യരത്ന-
മഹാഖനേ! മാമകമാതൃഭൂവേ!
നിനക്കു പണ്ടേ പരദൈവമല്ലീ
ഗിരീശനെപ്പോലെ പയോധിശായി?
കുന്നേതു നിന്നിൽ? കുഴിയേതു? പാർത്താൽ
സര്‍വം പരബ്രഹ്മമയം സവിത്രി!
അന്നിൻമുലപ്പാൽ നുകരുന്ന ഞങ്ങ-
ളന്യോന്യഹത്യാരതരസ്മിതാന്ധർ!!
അത്യുച്ചനാകും ഹിമവാൻ കഴിഞ്ഞൊ-
രാഴിക്കുമേൽ ഗംഗയൊഴുക്കിടുന്നു;
അവന്റെ പുത്രന്നതുകൊണ്ട് പോരാ-
ഞ്ഞതിനകം പാര്‍പ്പതിലാശതോന്നി.
അതാണു തായേ! ഭവതിക്കു പണ്ടു-
ള്ളാദര്‍ശ, മച്ഛന്നു. മകൻ മഹീയാൻ;
താതൻ മറന്നാൽ തനയൻ തുടര്‍ന്നു
തദ്വ്യത്തഖണ്ഡം പരിപൂര്‍ണ്ണമാക്കും.
ശിശുക്കൾ തൻ പുഞ്ചിരിപോലെനിക്കു
ചിത്തം കുളുര്‍പ്പിപ്പൊരു കൊച്ചുപൂവേ!
വെൺതിങ്കൾ രാകും പൊടികൊണ്ടു തീർത്തു
വേധസ്സു നിന്മെയ്യതിനില്ലവാദം.
തൈ നട്ടു, മൻപോടു തടം പിടിച്ചും,
തണ്ണീർതളിച്ചും, തലവെട്ടിയിട്ടും
ആരും പുലർത്താത്തൊരു നിൻചെടിക്കെ-
ന്താപത്തനാഥാശ്രയമാണു ദൈവം!
പ്രഭാതജാഗ്രൽപവമാനപോത-
പര്യങ്കികാന്ദോളനഭാഗധേയം
ഞെളിഞ്ഞു നില്ക്കും പനിനീർമലര്‍ക്കും
നിനക്കുമൊപ്പം വിധിനൽകിടുന്നു.
അതിന്റെ നേത്രത്തിലഹർമ്മുഖത്തി-
ലതൃപ്തിദുഃഖാശ്രു നിറഞ്ഞിരിക്കാം;
ആഡംബരം വിട്ടൊരു നിന്റെ ദൃക്കി-
ലാനന്ദബാഷ്പാംബുവുമങ്കരിക്കാം.
പ്രസന്നഹൃത്താര്‍ന്നു പറമ്പിലേതും
ഭാസ്വൽകരാംശു ഭയപ്പെടാതെ
വാടാക്കരൾത്തട്ടൊടു നില്പു ഹാ! നിന്‍-
വരിഷ്ഠഗുല്മം വശവര്‍ത്തിജന്മം.
പ്രയോജവും കൈരവവും കണക്കു
പക്ഷം പിടിച്ചില്ലൊരു ഭാവഭേദം;
ആത്മോദ്ധൃതിക്കാത്മശരണ്യനാകു-
മങ്ങേയ്ക്കു രാവും പകലും സമാനം.
താർതിങ്ങിടും നിൻചെടിയാമുദാര-
ഗാരുത്മതയ്ക്കമ്പവിളക്കു ദൈവം
ലോകോത്സവത്തിന്നു കൊളുത്തിടുന്നു;
താഴത്തു തള്ളുന്നു മനുഷ്യദന്തി
പതിക്കയോ നിന്നുടെ പട്ടുമെയ്യിൽ-
പാപിഷ്ഠർതൻ പാംസുലമായ പാദം?
ശപിച്ചതാമിക്കലിയിങ്കലാരും
ശൌചത്തിനായ് പ്രോക്ഷണിയോ വരിപ്പൂ?
എന്തോതി ഞാൻ? മാനുഷരെൻസഗര്‍ഭ്യ-
രെല്ലാരുമമ്മട്ടിൽ മദാന്ധരല്ല;
കുനിഞ്ഞു നിന്നെക്കുതുകത്തൊടേന്തി-
ക്കൂടയ്ക്കകത്താക്കിടുവോരുമുണ്ടാം.
ദര്‍പ്പം വെടിഞ്ഞും, ദമശീലമാര്‍ന്നും,
ധാവള്യവും മാർദ്രവവും തികഞ്ഞും,
ലസിച്ചീടും നിൻതനു ലബ്ധവര്‍ണ്ണ-
നേത്രാമൃതസ്ഫാടികനാളി പൂവേ!
സർവജ്ഞനല്ലേ സനകാദിസേവ്യൻ
സദാശിവൻ സാധുജനാനുകമ്പി?
വരാകനാം നിന്നെയവൻ നിതാന്തം
മാര്‍ക്കണ്ഡനെപ്പോലെയനുഗ്രഹിപ്പൂ.
വാസത്തിനാര്‍ക്കോ കളധൌതശൈലം;
ലേപത്തിനാര്‍ക്കോ സിതഭസ്മധൂളി;
വാഹത്തിനാര്‍ക്കോ ധവളോക്ഷരാജൻ;
ആ ദൈവതം വെണ്മയെയാദാരപ്പൂ.
ജാഡ്യം പെറും ഗംഗയെയും, വപുസ്സിൽ
വക്രത്വമാളും ശിശുചന്ദ്രനേയും,
ക്ഷുദ്രാംഗനാം നിന്നെയുമൊന്നുപോലെ
മാനിച്ചു ശീര്‍ഷത്തിലവൻ വഹിപ്പൂ
വര്‍ണ്ണപ്രകര്‍ഷത്തിൽ മദിച്ചു പേർത്തും
വ്യാജോക്തി ചൊല്ലീടിന കേതകത്തെ
വേണ്ടെന്നു തള്ളും. വിളവാണു നിന്റെ
വേഴ്ചയ്ക്കു കൂടുന്നതു! പുണ്യവാൻ നീ!!
വധൂടിമാർതൻ വളർകൈശികത്തിൽ
വാസത്തിനന്തിക്കുഴറുന്നതില്ല;
കാണ്മോരശേഷം കഷണിക്കുമാറു
കാമൻ തൊടുക്കും കണയാവതില്ല;
കുനിഞ്ഞെടുക്കാനൊരു ഭൂതരെന്യേ
കുപ്പയ്ക്കു മേലൊന്നുകിൽ വീണു ചാകും;
അല്ലെങ്കിലൊറ്റക്കുതികൊണ്ടുയര്‍ന്നു
ഹരോത്തമാങ്ഗത്തെയലങ്കരിക്കും;
ഇതല്ലയോ ശൈലി നിനക്കു? നിന്നെ
യീശൻ തുണയ്ക്കുന്നതിലെന്തു ചിത്രം?
കുലത്തിനെക്കാൾ ഗുണമെണ്ണുവോർതൻ
കണ്ണിന്നു നീയേ ഘനസാരഖണ്ഡം.
അല്ലേ! മദക്ഷിദ്വിജരേ! ഭവാന്മാര്‍-
ക്കാകണ്ഠമൂണിന്നരി സജ്ജമാക്കി
ചുമന്നു നില്ക്കും ശുഭരൂപമാമി-
ത്തുമ്പച്ചെടിക്കെത്ര തൊഴേണ്ട നിങ്ങൾ!