I
കേഴ്‍വി പെരുത്തീടുമാഗ്രാനഗരത്തിൽ
പാഴ്മണൽക്കാടൊന്നു പണ്ടേക്കാലം
പെട്ടുപോം നന്മയെ മൂടും കലിയുടെ
പട്ടടപോലെ കിടന്നിരുന്നു.
അന്നിലമാളുമറുകൊലയാളുടെ
പൊന്നൂഞ്ഞാലാട്ടത്താൽ പുണ്യമേന്തി
നാരകത്തിൻ നൽജയസ്തംഭമങ്ങൊരു
ഘോരം 'കഴു' മരമുല്ലസിച്ചു.
വൈവസ്വതന്നിഷ്ടിരൂപമായ്, മാരണ-
ദേവതയ്ക്കുത്സവകേതുവായി,
കാണുമതു വിധിയപ്പുരിതൻ തല-
യ്ക്കാണി തറച്ച കണക്കിരുന്നു.
അദ്ധര ചാര്‍ത്തിന വൈരപ്പതക്കങ്ങ-
ളസ്ഥിതൻ കൂടങ്ങളങ്ങുമിങ്ങും,
വെല്ലുവിളി പൂണ്ട ഹിംസാപിശാചിതൻ
പല്ലിളിപോലെ പരിസ്ഫുരിച്ചു.
തങ്ങളും കൂടിക്കഴുവേറിപ്പോകുവാൻ
സംഗതിവന്നേയ്ക്കുമെന്നുവെച്ചോ
പാദപവല്ലിതൃണങ്ങൾക്കുമങ്ങൊരു
പാദം കടത്തുവാൻ പേടി തോന്നി?
മേല്ക്കുമേലന്നിലമൊറ്റയ്ക്കു പാലിക്കും
തൂക്കുമരത്തിൻ ഗുണഗണങ്ങൾ
നന്ദി കലർന്ന പരുന്തും കഴുകനും
വന്ദിപദമാന്നു വാഴ്ത്തി വാണു.
ആകണ്ഠമെന്നുമസൃക്‌പാനമാര്‍ന്നാലും
ഹാ! കണ്ണിൽ ചോര തരിമ്പുമെന്യേ
അമ്മട്ടാപ്പാപലതോപഘ്നച്ഛായയിൽ
വന്മരുരാക്ഷസിയാൾ പുലർന്നു.
II
അക്കേൾപ്പതെന്തൊരമംഗലനിസ്വനം,
ദിക്കുരരിതൻ രുദിതം പോലെ?
സിംഹാരവവുമിടയ്ക്കിടെക്കേൾക്കുന്നു
സംഹാരരുദ്രാട്ടഹാസംപോലെ.
അമ്മരുവാഹസവക്ത്രത്തിലേവനോ
തിന്മയിൽത്തീനിടാൻ ഭാവിക്കുന്നു;
തന്നിൽപ്പുകഴ്ക്കഴുവിന്നൊരു മര്‍ത്ത്യമെയ്-
പ്പൊന്നണിസ്തൂപിയണച്ചീടുന്നു.
അങ്ങോട്ടു നോക്കുവിൻ, ആമെങ്കിൽ അബ്ബാല-
നങ്ഗപയോജിതവദ്ധ്യചിഹ്നൻ
ശൂലാഗ്രമേറുവാൻ നിർദ്ദിഷ്ടനായ്ക്കാണ്മൂ
സൂചീമുഖമൊരു സൂനംപോലെ,
രക്താംബരാങ്കിതമാകുമപ്പൈതലിൻ
മുഗ്ദ്ധാഭ കോലുന്ന മൂര്‍ത്തിവല്ലി
മുന്നിൽ തജ്ജീവിതസായംസന്ധ്യാവേള
സന്നിഹിതമെന്നുരയ്ക്കയല്ലീ?
മുറ്റുമക്കുട്ടിതൻ കണ്ഠത്തിലുണ്ടാരു
തെറ്റിപ്പൂമാല തെളിഞ്ഞു കാണ്മൂ,
ചോരയിൽമുങ്ങിച്ചുമപ്പുനിറം
പൂണ്ട ഘോരമാമന്തകപാശംപോലെ.
വാളുലച്ചാര്‍പ്പിടും അഷ്ടരാം സൈനികർ
ചൂഴുമബ്ബാലൻ തൻ ചാരുവക്ത്രം
മിന്നലിടിയിവ പൂണ്ട മുകിൽ നിര-
തൻനടുവിൽപ്പെട്ട തിങ്കൾതന്നെ.
ഘോരാപരാധമെന്തക്കിടാവാചരി-
ച്ചാ രാജ്യമാണ്ടിടും ചക്രവർത്തി
വങ്കോപംപൂണ്ടു തൽകണ്ഠനിണത്താൽ തൻ
ചെങ്കോൽ ഹാ! ചെങ്കോലായ്‌മാറ്റിടുന്നു?
“എങ്ങിക്കിടാവിന്നിളന്തളിർനേർമേനി?
എങ്ങയ്യോ ഭീമമിഘാത സ്ഥാനം?
ദണ്ഡമിവനിതു നല്കിന മന്നവൻ
ദണ്ഡധരൻ തന്നെയെന്നു ചൊല്ലി,
തയ്യാം ശിശുമെയ്യും സ്തംഭത്തിൻ ശീര്‍ഷവും
പര്യായരീതിയിൽ നോക്കി നോക്കി,
രാജാജ്ഞാദേവിക്കു സന്തപ്തബാഷ്പാംബു-
ലാജാര്‍ച്ചനം ചെയ്താർ ലോകരെല്ലാം.
മുള്ളു തറപ്പാനനുശയമെത്താത്തോ-
രുള്ളു കലരുമബ്ബാലകനോ
പുഞ്ചിരി കോലും വദനസരോരുഹം
തഞ്ചി നിലകൊൾവൂ ധൈര്യശാലി,
"തൂക്കിനും ചാക്കിനും പേടിയില്ലാത്ത വ-
നീക്കിടാവെന്നു വരുന്നുവല്ലോ!
എന്തത്ഭുത, മിവന്നങ്ങോട്ടു ചെല്ലുമ്പോ-
ളന്തകൻ മച്ചമ്പിയെന്നോ ഭാവം?
തായതന്നങ്കമല്ലിക്കഴു, ചെക്ക! നി-
ന്നായമാരാട്ടിടും തൊട്ടിലല്ല !
പാര്‍ത്താവൂ ഞങ്ങളിപ്പാഴ്ച്ചിരി നിൻചെറു-
മൂർദ്ധാ, വുടലുമായ് വേറിടുമ്പോൾ!
ഘാതകരേവമുരപ്പതു കേട്ടിട്ടും
ചേതസ്സിലേതും വികാരമെന്യേ
പാരം ലസിക്കുമബ്ബാലകൻതൻ മന്ദ-
സ്മേരം ഹസിതമായ് മാത്രം മാറി.
III
എന്തു പിഴച്ചതവനെന്നോ? സാധുക്കൾ-
ക്കെന്തു പിഴ വേണം ദണ്ഡ്യരാവാൻ?
നാണകോപജ്ഞമാം നന്മതത്തിൽപെട്ടോ
നാണക്കുമാരൻ; മഹമ്മദീയർ
അമ്മതം മാറണമെന്നു ശഠിക്കവേ
സമ്മതം മൂളായ്ക കൊണ്ടുമാത്രം
പാദഷാവക്കിടാവിന്നൊരു പാപിയാ-
മാതതായിക്കുള്ള ശിക്ഷ നല്കി!
എങ്ങാ നിബിതൻ വിശുദ്ധപ്രവചന -
മെങ്ങീ നൃപൻതൻ നികൃഷ്ടാചാരം!
അന്തഃപുരസ്ഥയാമീശ്വം ചിന്തയെ
ഹന്ത! പരൻ ബലാൽക്കാരം ചെയ്‍വാൻ
ഓരുമ്പോഴയ്ക്കുമൊതുങ്ങിക്കൊടുക്കുവാൻ
പുരുഷരത്നമോ പുല്പുഴുവോ?
ലോകപിതാവിനെക്കാട്ടിത്തരും വഴി-
യേകമ,ല്ലെത്രയോ കോടിലക്ഷം!
"കേവലം താനൊരു മാര്‍ഗ്ഗത്തിൽപ്പോകകൊ-
ണ്ടാവഴിക്കന്യരും പൊയ്ക്കൊള്ളണം.
ഇമ്മട്ടിൽ ചിന്തിച്ചിതരപദവികൾ
കന്മതിൽകെട്ടിയടയ്ക്കുവോനെ-
അന്യായമായ്ത്തൻ മമതാഗ്നിസംതൃപ്തി-
ക്കന്യാഭിമാനാജ്യം ഹോമിപ്പോനെ-
സാഗരം കുമ്പിളിൽകെട്ടിനിറുത്താനു,
മാകാശം പെട്ടിയിൽ പൂട്ടുവാനും,
സൂരാംശുയാത്ര നിയന്ത്രണം ചെയ്‍വാനും,
മേരുകൊണ്ടാഴി നികത്തുവാനും,
ഭാവിക്കും ഭ്രാന്തനെ ലോകചരിത്രത്തിൽ
ഭാവിയും ഭർത്സിക്കും ഭൂതംപോലെ,
ഔരംഗസിബേ! ഭവൽപ്രപിതാമഹൻ,
ഭാരത സാമ്രാജ്യ സാർവഭൌമൻ
പേരുറ്റൊരൿബർതന്നാര്‍ജ്ജിതസർവസ്വം
ചേറിൽ സിതപോലെ ചിന്തിച്ചിന്തി,
ഇപ്പാപമൊന്നാൽ സ്വവംശത്തിന്നങ്ങുന്നൊ-
രുൽപാതകേതുവായ്ത്തീര്‍ന്നുവല്ലോ.
ഏകച്ഛത്രാധിപന,ങ്ങീ ഹരത്ത-
നേകൻ,വരാകൻ, ചെറും കിശോരൻ;
എന്നാലെന്തങ്ങയേ നാണിപ്പിക്കുന്നില്ലേ
സുന്ദരമാകും തന്മഹാസം ?
ഭൌതികശക്തി തൊലിപ്പുറത്തേക്കുട്ടി;
കാതലങ്ങേപ്പുറമാത്മവീര്യം
ഭൂകമ്പം കേട്ടാൽ കുലുങ്ങീടുമാറില്ല
നാകത്തെ നാല്ക്കൊമ്പനെന്നപോലെ,
കണ്ണുതുറിക്കട്ടെ; കൈവാളുലയട്ടെ;
ദണ്ഡമറ്റത്തരം ഗോഷ്ടിയെല്ലാം
പോക്കുററ കൊഞ്ഞനം കാട്ടലായോർപ്പു ന-
ല്ലൂക്കുള്ളിലാര്‍ന്നിടും ധർമ്മവീരൻ,
IV
കാണായി തൂക്കുമരത്തിൻ ചുവട്ടിലൊ-
രേണാക്ഷിത്തയ്യലാൾ നില്പതപ്പോൾ.
വൈധവ്യദുഃഖമാമന്ധുവിൽ ദാമ്പത്യ-
സൌധത്തിൽ നിന്നുമധഃപതിച്ചോൾ;
താരുണ്യത്തിൽ തന്നേ വാർദ്ധക്യം കൈവന്നോൾ
വാരുറ്റ ചൈത്രത്തിൽ ഗ്രീഷ്മം പോലെ;
പുത്തനാം സന്താപഘാതകനേവനോ
ചിത്രവധം ചെയ്യും ചേതസ്സോടേ
പാരം മിഴിനീർ കൊലയലങ്കാരമാം
ഹാരമണിയിക്കും വക്ഷസ്സോടേ,
പാവമവളെ ഞാൻ കണ്ടതിരിക്കട്ടെ!
ദൈവമേ! കാട്ടൊല്ലേ മറെറാരാൾക്കും!!
ആരവളെന്നോ? ഹരദത്തശർമ്മാവിൻ
വീരമാതാവാം സുനിതിദേവി;
ആറ്റുനോറ്റമ്മട്ടൊരുണ്ണി പിറന്നവള്‍;
പോറ്റുവാൻ മറ്റൊരു ഭൂതരറ്റോൾ ;-
പാങ്ങും പഴുതുമില്ലാത്ത തനിക്കൊരു
താങ്ങും തണലുമായ് മേലേക്കാലം
നില്ക്കണ്ടോൻ, തന്മനോരാജ്യലോകങ്ങളെ-
യൊക്കേച്ചുമക്കേണ്ടോരൊറ്റക്കൂർമ്മം;
ഹാ! മൊട്ടിൽത്തന്നെ മഴുവൻ വിരിവാര്‍ന്ന
തൂമലരിൻ മണമേന്തിക്കൊൾവോൻ;-
കാലം!-അക്കണ്മണിതൻ കഴുത്തിങ്കലോ
കാലൻ കടന്നു കയറിടുന്നു?
എല്ലുകൾ പോലുമിബ്ബാലന്നു താമര-
യല്ലികൾപോലെ മൃദുക്കളല്ലേ?
ഇയ്യോമൽക്കുഞ്ഞിനോ ശൂലാഗ്രാരോപണം?
അയ്യോ? ഭഗവാനേ! അബ്രഹ്മണ്യം
അത്യാഹിതമിതിലപ്പുറമെ,ന്തര്‍ക്ക-
മദ്ധ്യാഹ്നകാലനിശീഥോദയം?
പാടില്ല, പാടില്ല, തെന്നോർത്തു പുത്രനെ-
ത്തേടിത്തടഞ്ഞു കൊണ്ടാ വധൂടി
നിൽക്കുന്നു പാതയി, ലാറ്റിൻ പ്രവാഹത്തെ-
ദ്ദുര്‍ഗ്ഗമമായൊരു സേതുപോലെ,
V
ഊർദ്ധ്വക്ഷണത്തിൽക്കുണപമായ്ത്തീരേണ്ടോ-
രാത്തൻ മകനെക്കണ്ടന്തികത്തിൽ.-
ഓതിനാളാസ്സാധു തൊണ്ടയിര്‍ടച്ചയിൽ-
പാതി തടഞ്ഞ വചസ്സീവണ്ണം:-
"അയ്യോ! കുമാര! ചതിക്കൊല്ലേ! നീയെന്റെ
തയ്യോമൽക്കുഞ്ഞല്ലേ? തങ്കമല്ലേ?
ആഹന്ത! വേർപെട്ടുപോകയോ? നീയുമീ-
സ്സാഹസത്തിന്നു മുതിരുകയോ ?
എന്തൊരസംബന്ധ, മെന്തൊരന്തർഭ്രമ-
മെന്തൊരാത്മഘ്നതാപാരവശ്യം?
അക്രമമല്ലാതെ മറ്റെന്തെന്നുണ്ണി നിൻ
ചക്രവത്ത്യാജ്ഞാപ്രതീപാചാരം?
ആര്‍ക്കുനിരക്കു വാനമ്മയെത്തള്ളി നീ-
യീക്കഴുവേറ്റത്തിലിച്ഛകൊൾവൂ?
അന്യായ, മസ്വര്‍ഗ്ഗ്യ,മത്യന്തഗർഹിതം,
നിന്നാണേ ചെയ്യൊല്ലേ നീയിക്കാര്യം!"
എന്നോതും മാതാവിൻ ബാഷ്പാർദ്രമാം മുഖ-
മൊന്നോടിച്ചൊറ്റ നിമിഷം നോക്കി
ധീരനവൻ ചൊന്നാൻ:- "അമ്മേ! ഭവതിയെ-
യാരെന്നറിയുവോനല്ലല്ലോ ഞാൻ!
അമ്മയെനിക്കുണ്ടപത്യൈകവാത്സല്യ-
മർമ്മമറിഞ്ഞ മനസ്വിനിയാൾ;
കായാധവാദ്യരാം കർമ്മയോഗീന്ദ്രര്‍ക്കു
തായായ ധർമ്മസ്വരൂപിണിയാൾ;
തന്മക്കൾക്കക്ഷയമാരോഗ്യം നല്കിടും
ബ്രഹ്മ വിദ്യാസ്തന്യമൂട്ടിടുന്നാൾ;
അഞ്ചു വയസ്സിൽ ധ്രുവന്നു ഭഗവാനെ-
പിഞ്ചുകൈനെല്ലിക്കയാക്കിത്തീര്‍ത്തോൾ;
കാമം ജഗൽഗുരുഭൂതരെപ്പെറ്റു ത-
ദാമനസ്യാമലകാസ്വാദത്താൽ
ചേതസ്സു തര്‍പ്പിപ്പോൾ; സംസാരകാന്താര-
പാഥേയദാനപരായണയാൾ;
ഉത്തുംഗനീഹാരശൈലകിരീടവും
സ്വർദ്ധനീമുക്താസരവും ചാർത്തി
മിന്നീടും നിശ്ശേഷനീവൃദധീശിത്രി!
മന്നിനു കല്യാണകാമധേനു:-
അമ്മേ! മറപ്പതെന്തമ്മ, യദ്ദേവിയെ-
യമ്മയ്ക്കുമമ്മയായുള്ളവളെ?
ചാരുകാരത്തിലഭയമാം മുദ്രയ-
ബ്ഭാരതക്ഷോണീഭഗവതിയാൾ
പേറുന്നതെന്മിഴി കാണുന്നു; താങ്ങൊന്നു
വേറിട്ടെനിക്കെന്തു വേണ്ടതിപ്പോൾ?
നാണകാചാര്യൻ നടാടെ തെളിച്ചതാ
മാ നല്ല ഘണ്ടാപഥം കിടക്കേ
എൻ പിതൃഭൂതർ പുറകിൽ ഞാൻ പോരാതെ-
യൻപിലതിങ്കൽ തിരിഞ്ഞുനില്കെ-
സ്വന്തം കുലത്തിൻ മുഖത്തിൽ കരിതേച്ചു-
മന്തഃകരണത്തെദ്ധിക്കരിച്ചും,
മറ്റൊരു മാര്‍ഗ്ഗം ഞാൻ കൈക്കൊൾകയോ? കൊണ്ടാൽ
മുറ്റുമെനിക്കതു മുക്തിക്കുമോ?
ഒൻപതു ദിക്കിലുടഞ്ഞതാമിച്ചെറു-
മൺപിണ്ഡമാത്മൈകവിക്രയത്താൽ -
ആത്മൈകദ്രോഹത്താൽ -ആത്മൈകഘാതത്താൽ-
ജാല്ല്മനെന്നാലും ഞാൻ വാങ്ങിപ്പീല!
പ്രാണനിലന്നു ഞാനാവില കാണ്മീല!
നീണാളതാരെത്ര സൂക്ഷിച്ചാലും,
കാലസ്വരൂപനുഴിഞ്ഞിട്ടതല്ലയോ
കാലപാശോരഗപാരണയ്ക്കായ്?
എന്നു പോയാലതെന്തങ്ങനെ പോയാലെ-
ന്തെന്നു മനസ്സിൽ വിവേകമാര്‍ന്നാൽ,
പേർത്തും നമുക്കു കൊലമരം കൂടിയും
കീത്തിദ്ധ്വജമായ്ച്ചമഞ്ഞുകൊള്ളും.
ഹാ! നിർവ്വികാരമാം ധർമ്മജ്യോതിസ്സിന്നു
ഹാനി പിണയ്ക്കുവാനാര്‍ക്കു പറ്റും?
ധ്വംസത്തിന്നോങ്ങുമരിക്കതു മാതാവേ!
കംസന്റെ കൈയിലെക്കാത്യായനി
എന്തിച്ചപലോക്തിധോരണികൊണ്ടെന്നെ-
പിന്തിരിപ്പിക്കുവാനുദ്യമിപ്പൂ?
ഹാ! കാണ്ഡപൃഷ്ഠനായൂഴിയിൽ വാഴ്‌കയോ
ലോകാന്തരത്തിൽ സുഖിക്കയോ ഞാൻ-
ഏതാണു വേണ്ടതെന്നെന്നമ്മ ചൊന്നാലും;
മാതാവിൻ കല്പന കേൾക്കും ദത്തൻ“
VI
ആ വചസ്സിന്നു മറുപടിയൊന്നുമ-
പാവത്തിന്നോതുവാൻ തോന്നിയില്ല.
താരാമന്ദോദരീസോദരിയല്ലയോ
ഭാരതഭൂപുത്രിയാമസ്സാധ്വി?
ഓരോ പുരാതനവീരമാതാക്കൾ ത-
ന്നാരോമൽ ചിത്രങ്ങളല്പനേരം
ഹൃന്മകരത്തിൽ പ്രതിഫലിക്കുന്നതു
ചെമ്മേ നിരീക്ഷിച്ചു നിർവൃതയായ്
എന്നുദരം നിനക്കർഹമല്ലെന്നുണ്ണി."
യെന്നു പതുക്കെയൊന്നുച്ചരിപ്പാൻ
പോലുമശക്തിയായ് നിന്നാളവൾ മൊഴി
താലുവിൽത്തട്ടിത്തടയുകയാൽ.
തന്നാത്മയാജിയാം പുത്രനെച്ചേതസ്സാൽ
നന്നായനുഗ്രഹിച്ചാമഹതി
ബാഷ്പപ്പനിനീർ തളിച്ചര്‍ക്കതപ്തമാ-
മാപ്പാതയ്ക്കൻപിൽ ത്തണുപ്പു നല്കി-
തായതന്നാ നില കണ്ടു കൃതകൃത്യ-
നായ ഹരദത്തൻ ധർമ്മധീരൻ
നാകത്തെയ്ക്കുള്ളേരു കോണിയിൽ പോലവേ
വേഗം കരേറ്റിനാൻ ശൂലത്തിങ്കൽ.
“മാപാപ' മെന്നോതി മാറത്തു കൈവച്ചാ-
രാബാലവൃദ്ധമടുത്തുനിന്നാർ.
കെട്ടുതുടങ്ങീടും മുൻപുള്ളോരഗ്നിതൻ
മട്ടുല്ലസിച്ചാൻ കുമാരകനും.
യന്ത്രം തിരിക്കയായ് ഘാതകരപ്പോഴെ-
ക്കെന്തപ്പുറം! ഹരേ! രാമ രാമ!
ശാശ്വതജ്യോതിസ്സുയരെപ്പറന്നുപോയ്,
നശ്വരഭാണ്ഡമധഃപതിച്ചു.
അസ്താദ്രി വിട്ടര്‍ക്കനബ്ധിയിൽ വീഴവേ
ധ്വസ്തപ്രഭമായ്ച്ചമഞ്ഞ ലോകം.
അങ്ങതിശോച്യയായ് ഭാരതഭൂദേവി
മംഗല്യമറ്റ ഗൃഹിണിപോലെ.
മുറ്റുമാബ്ബാലഗളകന്ദളത്തിൽനി-
ന്നിറ്റിറ്റു വീഴുമിളന്നിണത്താൽ
ആ ലാക്കിൽ നെറ്റിമേൽ സിന്ദൂരപ്പൊട്ടിട്ടും
കാലിലലക്ചകച്ചാറണിഞ്ഞും,
തൻജയബീഭത്സനര്‍ത്തനനൈപഥ്യ-
രഞ്ജനമാ മരുഭൂപിശാചി
ആരംഭിക്കുന്നു; നമുക്കെൻ സഹജരേ!
ദൂരത്തൊരേടംപോയ്‍ക്കണ്ണുപൊത്താം.
ദുഃസ്ഥാനസ്ഥന്മാരാം രാഹുകേതുക്കളെ
സൃഷ്ടിപ്പൂ മന്നനിബ്ബാലഘാതം.
ആ രാജാവിന്നൊരു കാലത്തും ലഭ്യമ-
ല്ലീരാഹുവക്ത്രഗ്രഹണമോക്ഷം.
ഇപ്പാ്ഴനിണമഴ തദ്വിഷയത്തിന്നൊ-
രുല്പാതവര്‍ഷമായ് തീർന്നുപോയി.
അഞ്ചായ്‍വിനീ നിണം ദൈവത്തിൻ ദൃഷ്ടിയിൽ
ചെഞ്ചായം തേച്ചല്ലോ താഴെ വീഴ്‍വൂ.
അഞ്ജസാ ചെന്നിതു ചേരും പ്രകൃതിതൻ
കൺചോരത്തുള്ളികളോടുകൂടി
തൽപ്രവാഹത്തിൽ സമൂലമടിപെട്ടി-
ദുഷ്പ്രഭുവംശം തുലഞ്ഞുപോകും
അങ്ങഖിലമതസ്വാതന്ത്ര്യദേവതാ-
മംഗലാരാത്രികവാരിയായി
തങ്കുമീ രക്തമൊടുവിൽ ധരണിതൻ
പങ്കപ്രക്ഷാളനമാചരിക്കും-
നിശ്ചയമേതു ധർമ്മാധ്വാവിൽ കൂടിയും
വിശ്വേശസന്നിധിയിങ്കലെത്താം;
ചേലറ്റോരദ്ദിവ്യക്ഷേത്രകവാടങ്ങൾ
നാലുവഴിക്കും തുറന്നതല്ലോ!
ഹിന്ദുവും ക്രിസ്ത്യനുമിസ്ലാമും ബൌദ്ധനു-
മൊന്നു; പൃഥക്കല്ലൊരുത്തൻപോലും;
ധർമ്മാഹങ്കാരവിയുക്തരായേവരും
ബ്രഹ്മാനന്ദാമൃതമാസ്വദിപ്പിൻ!