Loading...
Home / 2026 / ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ / ഉള്ളൂര്‍ കാവ്യം / ഉള്ളൂര്‍ കവിതാസമാഹാരം / തരംഗിണി / അന്നും ഇന്നും ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അന്നും ഇന്നും

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഭൂതകാലമഹാമേരു-
പുണ്യശൃംഗത്തിൽനിന്നു നാം
പതിച്ചുപോയ് വർത്തമാന-
പാഴ്കുണ്ടിൽ ഭാരതീയരേ!


അശിക്ഷിതരനുദ്യോഗ-
രാധിവ്യാധിശതാകുലർ
അനൈകമത്യവിദ്ധ്വസ്ത-
രസ്വതന്ത്രരകിഞ്ചനർ;


അനാഥരസ്ഥിരപ്രജ്ഞ-
രസ്വര്‍ഗ്ഗപഥചാരികൾ
അശേഷജനവിക്രൂഷ്ട-
രസ്തഭവ്യരധഃകൃതർ:-


ഇതെന്തു കഥ? നിന്മക്കൾ-
ഇൻഡ്യേ! തനയവത്സലേ!-
ഇമ്മട്ടിലെത്രനാൾ പോക്കു-
മിഹാമുത്രബഹിഷകൃതർ?


അമ്മയ്ക്കു ഹാ ഹാ! മിഴിയി-
ലശ്രുബിന്ദു നിറഞ്ഞുപോയ്!
അതാകട്ടെ കിടാങ്ങൾക്കു
ഹസ്താമലകമിദ്ദിനം.


തായേ! സകലലോകൈക-
തത്വജ്ഞാനപ്രദീപികേ!
മറന്നുപോയ് മക്കളങ്ങേ-
മാഹാത്മ്യം മന്ദബുദ്ധികൾ!


കലികാലമരുപ്രഖ്യ
കൈവന്ന തവ മേനിയിൽ
മിന്നി പോലൊരു കാലത്തു
മൃതസഞ്ജീവനൌഷധി.


സച്ചിദാനന്ദസാമ്രാജ്യ-
ചക്രവർത്തികൾ താപസർ
അന്നനുഷ്ഠിച്ചു വാണാർ പോ-
ലഖിലാനുഗ്രഹവ്രതം.


സാമഗാനങ്ങളെക്കേട്ടും
ഹോമധൂമത്തെ നോക്കിയും
ആടിയന്നേകിപോൽ പ്രീതി-
യന്യോന്യമഹികേകികൾ.


അരയ്ക്കാൽക്കാശിനിന്നുള്ള-
രാത്മവിക്രയലാലസർ;
അന്നവര്‍ക്കതിതുച്ഛങ്ങ-
ളണിമാദ്യഷ്ടസിദ്ധികൾ.


കുടവഡ്ഢിഗ്ഗർദ്ദഭങ്ങൾ
കലാങ്കാരങ്ങൾ മാദൃശർ;
അവാപ്തബ്രഹ്മസാമീപ്യ-
രവരോ ഹംസസത്തമർ.


നാശൈകധർമ്മമീമൂര്‍ത്തി
ഞങ്ങൾക്കു പരദൈവതം;
ജീവന്മുക്തരവര്‍ക്കോ ഹാ!
നിരയത്തീക്കു മേലരി-


സുവര്‍ണ്ണകാലമോര്‍ക്കുന്നേൻ
ത്വദീയം ദേവി! താദൃശം:-
ക്ഷിതിപോയ് വിണ്ണിനെത്തൊട്ട
ദിക്ചക്രം ദര്‍ശനപ്രിയം,


ആയില്ലധികനാളൊന്നു-
മസ്മൽ പരമദേശികൻ
പാരിൽനിന്നു മറഞ്ഞിട്ടു
ഭഗവാൻ പാര്‍ത്ഥസാരഥി.


കാളിന്ദിയാറ്റിൻ കരയിൽ
കണ്ണിന്നമൃതധാരയായ്
പരപ്പിലുണ്ടാരാരോമൽ -
പച്ചപ്പുൽത്തകടിപ്പുറം.


അനന്തമഹിമാവേന്തു-
മാവൃന്ദാവനഭൂമിയിൽ
മാടുമേച്ചുകളിച്ചാൻ പോൽ
മായാമാനുഷനെൻപുരാൻ,


കോടക്കാർ കൊമ്പുകുത്തുന്ന
കോമളത്തിരുമേനിയിൽ
മഴമിന്നൽ തൊഴും മട്ടിൽ
മഞ്ഞപ്പട്ടാട ചാത്തിയോൻ;


മനോജ്ഞമാം മയിൽപീലി
മകുടം വിട്ടു നീങ്ങവേ;
മാൺപെഴും കവിളിൽത്തട്ടി
മണികുണ്ഡലമാടവേ;


കുഞ്ഞിളങ്കാറ്റിലങ്ങിങ്ങു
കുനുകൂന്തൽ പറക്കവേ;
ഗോപിക്കുറി വിയർപ്പുറ്റ
കളൂർനെറ്റിയിൽ മായവേ;


കനിവാറ്റിൻ തിരക്കോളിൽ
കടക്കൺകോൺ കളിക്കവേ;
തൂവെൺചെറു ചിരിപ്പൈമ്പാൽ
സുന്ദരാസ്യേന്ദു തൂകവേ;


ഓടക്കുഴലണച്ചാൻ പോ-
ലോമൽത്തേൻചോരിവായ്ക്കുമേൽ;
ഊതിനാൻപോ, ലാടിനാൻ പോ-
ലോങ്കാരപ്പൊരുളെൻ പുരാൻ.


പാലാഴി വാഴ്‌വോനാവത്സൻ-
പാലും പ്രാണനുമൊത്തവൻ-
ഭാരതാംബ! ഭവൽസ്തന്യ-
പാനത്താൽ തൃപ്തനായി പോൽ.


കൽത്തുറുങ്കിനകത്തമ്മ
കണി കണ്ട ദിനംമുതൽ
കാട്ടാളനെയ്ത കണയാൽ
കാൽത്താർ വിണ്ട ദിനംവരെ


കണ്ണൻ കപടഗോപാലൻ,
കൈവല്യാംബുഘനാഘനം,
ചെയ്ത കാര്യം സകലവും
ജഗന്മോഹനമോഹനം


പാഞ്ചാലിക്കു ഞൊടിക്കുള്ളിൽ
പട്ടുചേലകൾ നെയ്തയ്യം;
സുദാമാവിന്റെ പത്നിക്കു
തുംഗസൌധങ്ങൾ തീര്‍ത്തതും;


താനുണ്ട ചീരയിലയാൽ
ദാന്തന്നുള്‍ തൃപ്തി ചേർത്തതും;
വിദുരന്റെ ഗൃഹത്തിങ്കൽ
വിരുന്നിന്നു ഗമിച്ചതും;


ആയുധം കൈയിലേന്താതെ-
യടര്‍ക്കളമണഞ്ഞതും;
ചമ്മട്ടിപൂണ്ടു തങ്കത്തേർ
ചങ്ങാതിക്കു തെളിച്ചതും;


അത്തേർത്തടത്തിൽനിന്നുംകൊ-
ണ്ടതിമഞ്ജുളരീതിയിൽ
അഖിലോപനിഷൽസാര-
മ“ന്നര”ന്നരുൾചെയ്തതും;-


ആരാരു? മാറിടത്തിങ്ക
ലലർമാതമരുന്നവൻ-
അങ്ങേ കുഞ്ഞോമനപ്പൈത-
ലാര്യാവര്‍ത്തവസുന്ധരേ |


പരീക്ഷിത്തിന്റെ കാര്യത്തിൽ
സ്പഷ്ടദൃഷ്ടപ്രഭാവമായ്
വിളങ്ങിപോലും മേന്മേലാ
വിശ്വ സഞ്ജീവനൌഷധി.


അദ്വാപരയുഗത്തിന്റെ
യന്ത്യഘട്ടമനുക്ഷണം
മൂവന്തിപോലെ വിലസീ
മുറ്റും ജനമനോഹരം


തനിയേ ജന്മമാര്‍ന്നീല
ധര്‍മ്മസംസ്ഥാപകൻ വിഭു;
ഉഡുക്കൾ ചൂഴും വാനിൽത്താ-
നുദിപ്പു കളർവെണ്മതി.


അനേകസുതരക്കാല-
മങ്ങയെദ്ധന്യയാക്കി പോൽ;
മാതാവേ! കൃഷ്ണനാ മുത്തു-
മാലയ്ക്കു നടുനായകം.


ധർമ്മജൻ ധർമ്മമർമ്മങ്ങൾ
സാങ്ഗോപാങ്ഗം ധരിച്ചവൻ
ശ്വാവിനെത്തള്ളി നേടേണ്ടും
സ്വര്‍ഗ്ഗത്തിൽ കൊതിയറ്റവൻ;


പാര്‍ത്ഥൻ? ദൈവത്തെ മുൻനിർത്തി-
പൌരുഷത്തിൽച്ചരിച്ചവൻ
മായാകിരാതനോടേറ്റു
മഹാസ്ത്രത്തെ ലഭിച്ചവൻ;


പാഞ്ചാലി ഭഗവൽഭക്ത-
ഭർതൃസത്വപ്രദായിനി
അഴിച്ച കൈശികം കെട്ടാ-
നരാതിമൃതികാത്തവൾ;


കുന്തി, ദുഃഖത്തിലുൾത്തട്ടു
കലുങ്ങാത്ത മനസ്വിനി,
സുതരെത്തള്ളി വൻകാട്ടിൽ
സ്വയാതാവൊത്തുപോയവൾ;


വിദുരൻ വൃത്തസമ്പന്നൻ
വിശ്വാനുഗ്രഹകൌതുകി
സന്മാർഗ്ഗദര്‍ശി സർവർക്കും
ജ്ഞാനവിജ്ഞാനഭാനുമാൻ;


വ്യാസൻ വരിഷ്ഠബ്രഹ്മര്‍ഷി
വസുധാശ്രോത്രജാനുജൻ
മത്സ്യപുണ്യപരിപാകം
മഹാഭാരതഗായകൻ;


അക്കര്‍ണ്ണനും-അതേ കര്‍ണ്ണൻ,
അഭൌമം തന്റെ കുണ്ഡലം
അറുത്തര്‍ത്ഥിക്കരുളിയോ-
രവനീഹരിചന്ദനം ;


അവര്‍ക്കു നടുവിൽ തന്റെ-
യമ്മയെപ്പോലെ പാവനൻ
അശേഷലോകൈകാചാര്യ-
നസ്മദീയപിതാമഹൻ;


തൻ പിതാവിൻ ഹിതത്തിന്നായ്
ത്യാഗിയാം വര്‍ണ്ണിയേവനോ
വിളങ്ങി വീതസാപത്ന്യ-
വീരശ്രീഗൃഹമേധിയായ്;-


ശരീരസാദമോര്‍ക്കാതെ
ശയ്യാശരണനേവനോ
യുധിഷ്ഠിരനൃപന്നൂട്ടീ
യോഗക്ഷേമസുധാരസം:-


പൂമാൻ മഹാത്മാവബ്ഭീഷ്മർ
പൂരുവംശശിഖാമണി;
ഭാരതീയാഭിമാനത്തിൻ
ഭാണ്ഡം, ഭാഗീരഥീസുതൻ;


അമ്മട്ടുള്ളോര്‍ക്കിനിയുമെ-
ന്നമ്മയെന്നമ്മയാകുമോ
അവതീര്‍ണ്ണത്വമന്നാളു-
മവര്‍ക്കിടയിലച്യുതൻ.


ഇതെന്തു നിദ്രാവൈഷമ്യ,-
മിതെന്താലസ്യവൈകൃതം,
ഇതെന്തുമോഹവൈവശ്യ,-
മിന്നമ്മൾക്കൃഷിപുത്രരേ?


കണ്മിഴിക്കാ, മെഴുന്നേല്ക്കാം,
കതകിന്‍ സാക്ഷ നീക്കിടാം,
കടക്കാം തെല്ലു വെളിയിൽ-
കാലമെന്തെന്നു നോക്കിടാം.


അതീതപ്രായയായ് കാണ്മി-
നമാവാസ്യാനിശീഥിനി;
നവീനോഷസ്സു നല്കാറായ്
നമ്മൾക്കു നയനോത്സവം.


പൂങ്കോഴികൾ നിരന്നെങ്ങും
പുലരിപ്പുകൾ വാഴ്ത്തവേ
പഞ്ചാമൃതം ചെവിക്കുള്ളിൽ-
പച്ചക്കിളികൾ തൂകവേ;


ചെന്താർമണം നീളെനീളെ-
ച്ചെറുതെന്നലുതിര്‍ക്കവേ;
ഉദാത്തശംഖനാദത്താ-
ലൂഴി മാറ്റൊലി കൊള്ളവേ;


പ്രാചിരുന്നുത്തമാങ്ഗത്തിൽ
ഭാസ്വന്മുകുടതല്ലജം
വെയ്ക്കുവാനെഴുനള്ളുന്നു
വീണ്ടും കല്യപുരോഹിതൻ,


കറവിട്ടു കരൾത്തട്ടിൽ
കണ്ണന്റെകഴലൂന്നി നാം
കല്യാണമേകുമിക്കാഴ്ച
കണ്ടാവൂ കൺകുളുര്‍ക്കവേ!


ബാഹ്യാന്തശ്ശുദ്ധർ നാം നമ്മെ
പ്രയത്നം പൂണ്ടുയര്‍ത്തുകിൽ
പണ്ടത്തെ സ്വർഗ്ഗമാം വീണ്ടും
ഭാരതം ഭാരതീയരേ!