നീരലർമങ്കതൻ നർത്തനശാലയാം
കേരള മേദിനീദേവിയാളേ
മാതാവെന്നോതുവാൻ ഭാഗ്യം ലഭിച്ചോരെൻ
ഭ്രാതാക്കന്മാരേ! ഭഗിനിമാരേ!
എങ്ങുമേ ർനീക്കുടപ്പൊൻമുടി ചൂടുന്ന
തെങ്ങുകൾ-തന്നോമൽസന്താനങ്ങൾ.
വീഥിയിൽ റാന്തലിൻ രീതിയിൽ വെച്ചമ്മ-
യാദർശം കാട്ടുവോരല്ലീ നമ്മൾ?
ചൊട്ടയിൽനിന്നു ചുടലവരയ്ക്കും നാം
പൊട്ടജ്ജഠരമാം ഭാണ്ഡം ഭേസി
പോകുമിപ്പോക്കിനാൽ നമ്മെച്ചുമക്കുന്ന
ലോകത്തിന്നെന്തൊരു ലാഭമുള്ളൂ?
സ്വച്ഛന്ദമീയന്നപൂർണ്ണേശ്വരിയാൾ താൻ
പച്ചവില്ലീസണിപ്പൊന്മടിയിൽ,
പോറ്റുന്ന നമ്മിൽനിന്നൊറ്റപ്രതിഫല-
മീറ്റുനോവിന്നെന്തു നേടിടുന്നു?,
വെണ്മയും ശൈത്യവും മാധുര്യവുമാർന്നോ-
രമ്മിഞ്ഞപ്പാലു കൊണ്ടമ്മ മേന്മേൽ
ക്ഷാളിച്ച നമ്മുടെയുള്ളിലതിൻഗുണം
മേളിച്ചീടുന്നുണ്ടോ ലേശം പോലും?
നൂനമൊന്നില്ലയോ കർത്തവ്യം? നമ്മൾക്കീ-
മാനുഷജന്മം നിരർത്ഥകമോ?
കാലമാം വില്ലാളി ലാക്കൊന്നും കാണാതെ
ലീലയിലെയ്ത കണകളോ നാം?
രാമപരശു വനത്തിൽ വിഹരിച്ചീ-
യോമനയൂഴിയുദിച്ചിരിക്ക
മാതാവിവൾക്കയ്യോ! യൌവനപ്പൂവന-
ച്ഛേദകുഠാരങ്ങളാകയോ നാം ?
നല്പാതായമ്മയ്ക്കു നാൾതോറുമീശ്വരൻ
പുഷ്പവദുല്കൾ വീശി വീശി
കാട്ടുമ്പോളങ്ങുള്ള വിഘ്നദ്രുമങ്ങൾതൻ
പോട്ടിൽ പതിക്കണ്ട ചെന്നിതുകൾ?
കേൾക്കുവിനാമെങ്കിൽ - അങ്ങൊരു മുക്കിൽനി-
ന്നാക്രന്ദ മത്യന്തം ദീന ദീനം
ഹാ! കഷ്ടമേതോ ഹതാശയാം സാധ്വിതൻ
കോകിലകണ്ഠം വിട്ടുൽഗളിപ്പൂ.
ചേതസ്സു പാറയ്ക്കും നീരാക്കുമിസ്വരം
നൂതനമല്ലല്ലോ നമ്മൾക്കേതും
ആരിക്കരവതു? നമ്മുടെ പെറ്റമ്മ
കേരളഭൂലക്ഷ്മീദേവിയല്ലോ?
ഓതാനെന്തുള്ളതു? ഹാ നമുക്കിതിസ്സതി
മാതാ,വിവൾക്കു നാം മക്കൾ പോലും!
ലജ്ജയിലാഴ്ത്തുവിനാനനം! ബാഷ്പത്തിൽ
മജ്ജനം ചെയ്യുവിൻ ദഗ്ദ്ധദേഹം!!
വന്ദ്യയാമമ്മതൻ വാക്കിലനാദര-
മന്വഹമാർന്നിടും നമ്മെ നോക്കി
വന്ധ്യയാകാത്തതോർത്തശ്രുവാർത്താദ്ദേവി
സിന്ധുവിൽ മുങ്ങുമാറായി വീണ്ടും.
അമ്മതൻ വാക്കു് -അതേ! കൊച്ചു കിടാങ്ങളാ-
യമ്മിഞ്ഞമുട്ടിക്കുടിച്ചിടുമ്പോൾ
'അമ്മ' യെന്നോതുവാൻ നമ്മൾ പഠിച്ചതാ-
മമ്മനോമോഹനവാക്കൊന്നില്ലേ?-
കൈരളി കല്യാണി ഭാർഗ്ഗവക്ഷേത്രജർ
കൈരണ്ടും കൂപ്പിത്തൊഴുതിടേണ്ടോള്‍; -
നാമക്കളകണ്ഠകണ്ഠിതന്നോമന-
നാമവും കൂടിമറന്നുവല്ലോ!
ആശ്ചര്യം-അഞ്ചുവയസ്സിലേ തായ്മുല-
പ്പാൽച്ചുവ മാറാത്ത പിഞ്ചുനാവാൽ
കാസുപീസോതുന്നുണ്ടാൺകുഞ്ഞും പെൺകുഞ്ഞും:-
ആസുരമിന്നത്തേപ്പാഠരീതി!
പിന്നേടം മാതാവിൻ വാക്കെന്നു കേൾക്കുമ്പോൾ
തന്നേചുളിഞ്ഞുപോം നെറ്റിയോടും
പുഞ്ചിരിച്ഛർദ്ദികൊണ്ടാമുലപ്പാലിനെ
കൊഞ്ഞനം കാട്ടുന്നുണ്ടിക്കിടാങ്ങൾ.
ശീമമട്ടെപ്പോഴും ശീലിച്ചു കാർകൂന്തൽ
ചാമരം പോലെ ചമഞ്ഞിടാതെ
വാർദ്ധകം ശീഘ്രമായ് വന്നിടാൻ യത്നിപ്പൂ
പേർത്തും തരുണിമാർ മാഴ്‌കി മാഴ്‌കി.
ഭാഷയും വേഷവും മാറ്റുന്ന കൂട്ടരെ
ദൂഷണം ചെയ്തതിന്നെന്നപോലെ
ബ്രഹ്മാവു മേനിയിൽ തേച്ചതാം താർമഷി
കുമ്മായമാകുന്നീലെന്നേയുള്ളൂ!
ചോടു മറിഞ്ഞുപോയ് കാലത്തിന്നത്രമേൽ;
നാടൻ ചരക്കെന്നാൽ നഞ്ഞതാർക്കും;
സങ്കടമമ്മട്ടിൽ കൈരളിക്കും വന്നു
ലങ്കയിൽ വൈദേഹിക്കെന്നപോലെ.
സ്വച്ഛന്ദം കോദണ്ഡബ്രഹ്മദണ്ഡങ്ങൾ ത-
ന്നച്ഛനാം ഭാർഗ്ഗവന്നെന്നപോലെ
ദ്രാവിഡസംസ്കൃതവാണികൾ സൗഭാഗ്യം
കൈവളർത്തീടുവോൾ കൈരളിയാള്‍.
സൈരന്ധ്രിമാരിവർ -തങ്ങളിൽ ചേരാത്തോർ
ഭാരതീലക്ഷ്മിമാരെന്നപോലെ-
സാമരസ്യത്തിൽ ഭജിപ്പതു'ണ്ടാര്യ'യാ-
മീ 'മലയാളി' തൻ ദേവിയാളെ.
സുന്ദരീമൌലിയാമേതൊരുദേവിയേ-
മുന്നം ചെറുശ്ശേരി സൽക്കവീന്ദ്രൻ
വിശ്രുതാലങ്കാരശ്രേണിയണിയിച്ചു
വിശ്വവിമോഹിനിയാക്കിത്തീർത്തു;
കിന്നരകണ്ഠിയാമേതൊരുദേവിയെ-
ധന്യനാം തുഞ്ചത്തെഗ്ഗന്ധർവേശൻ
വാണിതൻ കൈയിലെത്തമ്മ പാടുന്ന
ഗാനം പഠിപ്പിച്ചു കൈവല്യാഢ്യം;
സാരസ്യമൂർത്തിയാമേതൊരുദേവിയെ-
ച്ചാതുര്യമാർമ്മികൻ നമ്പ്യാരാശാൻ
നർമ്മോക്തിസിന്ധുവിൽത്തുള്ളിക്കളിപ്പിച്ചു
ജന്മഭാരായാസം തീരെനീക്കി;-
പേർത്തും വിബുധർക്കു പീയൂഷദാത്രിയാ-
മാദ്ദിവ്യമോഹിനിയിദ്ദിനത്തിൽ
വാസ്തവമോർക്കിൽ വലഞ്ഞിടുമ്പോളല്ലീ-
വാക്‍സ്തംഭബാധയാലെന്ന പോലെ?
ഭ്രാതാക്കന്മാരേ! ഭഗിനിമാരേ| നമ്മൾ
ജാതിയിൽ തിര്യക്കിൻ മീതേയെന്നാൽ
ഒത്തിനിയെങ്കിലും ശ്രദ്ധവെച്ചമ്മയ്ക്കീ-
ദുഃസ്ഥിതിവന്നതു ദൂരെ നീക്കാം.
പെൺമലയാളമാമിക്കേരളത്തിങ്ക-
ലമ്മതാൻ പ്രത്യക്ഷദൈവമാർക്കും;
അമ്മതൻ വാക്കു താനാമ്നായ സർവസ്വ-
മമ്മയിൽ ഭക്തിതാൻ മുക്തിമാർഗ്ഗം.
ചേണിയന്നീടിന വാണികൾക്കാകവേ
റാണിയായ് വാഴേണ്ട കൈരളിയേ
വീണയും കൈയുമായ് വീണ്ടുമെഴുനേറ്റു
ഗാനൈകതാനയായ്‍ക്കണ്ടാവു നാം!
കാഞ്ചീനിനാദവും കാൽച്ചിലമ്പൊച്ചയും
കാഞ്ചനകങ്കണനിക്വണവും
മഞ്ജീരശിഞ്ജയും വായ്ക്കുമിദ്ദേവിതൻ
മഞ്ജുളനർത്തനം വെൽവതാക!!