Loading...
Home / സാഹിത്യം / പുതിയവ / കോളേജ് ഡിജിറ്റൈസേഷന്‍ / ശ്രീകേരളവര്‍മ്മ കോളേജ് തൃശൂര്‍ / ബാണയുദ്ധം
Author: കുഞ്ചന്‍ നമ്പ്യാര്‍

ബാണയുദ്ധം - കുഞ്ചന്‍ നമ്പ്യാര്‍

പണ്ടുമഹാബലിതന്നുടെസുതരാ-
യുണ്ടായ് നൂറുകുമാരന്മാരിൽ 
കണ്ടാലധികഭയങ്കരഗാത്രൻ 
കണ്ഠൻബാണാസുരനെന്നൊരുവൻ 
കണ്ടകനെങ്കിലുമതിശക്തൻതാൻ 
കുണ്ഠേതരഭുജബാഹുസഹസ്രൻ 
കണ്ഠീരവമൃഗപടലികൾപോലും 
രണ്ടടികൊൾവാൻമതിയാകില്ല, 
അണ്ടർവരൻമുതലഖിലജനങ്ങളു-
മിണ്ടലൊടവനെവണങ്ങീടുന്നു; 
അത്രമഹാഭുജവിക്രമമുള്ളവ-
നത്തൽവെടിഞ്ഞുമഹേശ്വരനൃത്തേ
ചിത്തകുതൂഹലമോടുമിഴാവും 
ശക്തിനടിച്ചുസഹസ്രകരത്താൽ 
മുല്ലശരാന്തകനുള്ളുതെളിഞ്ഞി-
ട്ടുല്ലാസേനപറഞ്ഞീവണ്ണം 
“നല്ലസമർത്ഥനഹോനീയതിനൊരു 
തെല്ലും സംശയമില്ലനിനച്ചാൽ 
ചൊല്ലിക്കൊൾകവരംവേണ്ടുന്നതു 
കില്ലില്ലതിനുതരുന്നുണ്ടിഹഞാൻ!’’ 
എന്നതുകേട്ടുതെളിഞ്ഞഥബാണൻ 
മന്ദസ്മിതവും തൂകിച്ചൊന്നാൻ 
എന്നേവിസ്മയമെന്തൊരു വരമിതു 
നിന്നോടിങ്ങുവരിച്ചീടേണ്ടു 
മുന്നം ഞാനോകരുതിയതില്ലേ 
നിന്നോടൊന്നുവരിക്കണമെന്നും 
ഇംഗിതമിങ്ങുവരേണ്ടതുചൊല്ലാം 
ഇന്നുഭവാനും പാർവതിതാനും 
ഭംഗിയൊടെൻ ഗോപുരവാതുക്കൽ 
പുംഗവവാഹന! പുത്രരുമൊത്തു 
പേർത്തു നിതാന്തമുറക്കമിളച്ചിഹ 
പാർത്തീടേണമിതെല്ലാനാളും 
ശങ്കവെടിഞ്ഞതുനേരംബാണൻ 
ഹുംകൃതിയോടീവണ്ണം ചൊന്നതു 
പങ്കജശരരിപുകേട്ടിവനുള്ളി-
ലഹങ്കാരം പൊരുതുണ്ടതിനിപ്പോൾ 
നീക്കുവതിന്നൊരു കഴിവുണ്ടാമതു 
നീങ്ങുകയും പുനരില്ലനിനച്ചാൽ 
നീരജശരരിപുതാനുമിവണ്ണം 
നീതിയൊടും മനതാരിൽ കരുതി 
നീരജരിപുധരനുള്ളിൽ വളന്നൊരു 
നീരസമേതുംകാട്ടീടാതെ 
ശങ്കരശങ്കരിമാർസുതരോടും 
ശങ്കവെടിഞ്ഞഥബാണാസുരനുടെ 
കിങ്കരഭാവമിയന്നുനടന്നു
ഭയങ്കരമാകിനഗോപുരവാതിൽ 
ശങ്കാഹീനം കാത്തുനിതാന്തം
തിങ്കൾധരാദികൾവാണിതുപലനാൾ 
പലദിനമിങ്ങിനെ ചെന്നൊരുകാലം 
നലമൊടുബാണാസുരനുമതപ്പോൾ 
കലിത കുതൂഹലമോടുംശിവപദ-
കമലംകൂപ്പിയുണർത്തിച്ചിങ്ങനെ:-
“പാണിസഹസ്രമെനിക്കുണ്ടതിനാൽ 
കാണിയുമില്ലുപകാരം പാർത്താൽ 
ബാണനു സമരമൊഴിഞ്ഞാലുള്ളൊരു 
നാണക്കേടെന്തുരചെയ്യുന്നു.
ചീർത്തമഹാഭുജവിക്രമനൊരുവൻ 
നേർത്തുവരുന്നീലെന്തൊരുകഷ്ടം? 
പാർത്താലെന്നൊടു തുല്യനൊരുത്തൻ 
പാർത്തലമതിലില്ലാഞ്ഞോമാമക-
ധൂർത്തുകളോർത്തു ഭയപ്പെട്ടൊരുദിശി 
പാർത്തുവിറച്ചുവസിച്ചീടുകയോ? 
നേർത്തൊരുവിക്രമനോടുരണത്തിനു 
പാത്തുകൊതിച്ചുവസിക്കുന്നിഹഞാൻ 
നേർത്തിനിനമ്മിലുമിത്തിരിനേരം 
കൂർത്തശരേണകളിച്ചീടേണം’’ 
എന്നീവചനം കേട്ടുമഹേശ്വര-
നുന്നതമാകിനകോപമടക്കി 
പന്നഗഭൂഷണനന്നവനോടഥ 
നന്നായിട്ടരുൾചെയ്തീവണ്ണം: 
“ഉന്നതമാകിയകേതുവിതൊരുനാൾ 
ഖണ്ഡിച്ചാശുനിലത്തുപതിക്കും 
അന്നൊരു പൂരുഷമകുടമഹാമണി 
വന്നിഹ നിന്നൊടുസമരം ചെയ്യും 
എന്നല്ലവനിഹനിന്നുടെഹുംകൃതി 
നന്നായിട്ടുശമിപ്പിച്ചീടും 
എന്നതുകേട്ടുതെളിഞ്ഞിതുബാണൻ 
തന്നുടെ പുരമതുപുക്കുവസിച്ചാൻ 
കൊടിമരമെന്തുമുറിഞ്ഞീടാത്തു 
കൊടിയരണത്തിനുവൈകുന്നല്ലോ 
ഝടിതിയടിച്ചുമുറിച്ചീടുകയോ 
പൊടുപൊടെയങ്ങുപൊടിച്ചീടുകയോ 
കടുതായുള്ളൊരു സംഗരമതിനിഹ 
കടുവാം പൂരുഷനെന്തുവരാത്തു? 
വിരുതേറുന്നവിരോചനപൗത്രൻ 
തെരുതെരെയീവകയുള്ളിൽ നിനച്ചു 
മരുവും കാലത്തൊരു നാളവനുടെ 
മകളായുഷയെന്നുള്ളൊരു തരുണി 
ശീതളമായൊരുമാളികമുകളിൽ 
കോമളയാമവളാളികളോടും
കേളിവിനോദം ചെയ്തു സുഖിച്ചവർ 
മേളമിയന്നൊരു നിദ്രാവേളയിൽ 
നാളീകായുധനോടുസമാനൻ 
കോമളരൂപൻശ്യാമളവണ്ണൻ 
നാളീകായതലോചനയാമവ-
ളോടിടചേർന്നുശയിച്ചൊരുപുരുഷൻ 
ചലമിഴിതന്നെയണച്ചഥമാർവിൽ 
നലമൊടുഗാഢാശ്ലേഷംചെയ്തു 
കലിതസുഖേനമുകർന്നധരാമൃത-
രസമവളുടെഹൃദയത്തിനുനൽകി 
അരുണാധരിയുമുണർന്നതുനേരം 
കണവനെയാലിംഗനമിച്ഛിച്ചു, 
അണയുന്നേരം കാണാഞ്ഞവളും 
അണയത്തെങ്ങും തപ്പികരത്താൽ 
ഗുണവാനാമവനണയത്തില്ലാ- 
ഞ്ഞകമതിലെല്ലാമാരാഞ്ഞുടനേ 
തരുണീമണിയാമവളുടെയുള്ളിൽ 
ക്ഷണനേരംകൊണ്ടുളവാമഴലതു 
ഫണമായിരമുള്ളവനുമിതോർത്താൽ 
പണിപണിപറവാനെന്നേവേണ്ടു 
സരസിജശരനഥ മുഹുരപി മുഹുരപി 
ശരനികരങ്ങൾ പൊഴിച്ചുതുടങ്ങി 
പരഭൂതമൊഴിയതുകൊണ്ടു മയങ്ങി 
പരവശഭാവമിയന്നുതളർന്നു 
പരിചൊടുതല്പേ വീണുകരഞ്ഞി-
ട്ടരുവയർമണിയാമുഷയതുനേരം,
“എന്തയ്യോചെയ്തുദോഷം ഞാൻ 
ചിന്തിക്കിലീവണ്ണമാർക്കും 
സന്താപമുണ്ടായിട്ടുണ്ടോ 
ഹന്ത കഷ്ടമെന്തിവണ്ണമനുഭവം 
ബന്ധമിന്നിനിക്കുവന്നു ശിവ! ശിവ!     (എ)
എന്തെന്റെകാന്താ! നീയെന്നെ 
സന്താപിപ്പിച്ചീടുന്നേവം 
കാര്യമെന്തു ന്യായമെന്തു നിന്നുടെ 
മോഹമെന്തു സാഹസങ്ങളീദൃശം         (എ)
മായകൊണ്ടു മറഞ്ഞേവം 
ന്യായമോദുഃഖിപ്പിപ്പതും?
ന്യായമാശുകൈവെടിഞ്ഞുമാമക-
കായമാശു പുൽവതിന്നുവരികിഹ         (എ)
യോഗ്യനാം ഭവാനീവണ്ണം 
യോഗ്യമോചെയ്തീടുന്നതും 
യോഗ്യമിന്നു മാരതാപമെന്നൊടു 
തീർപ്പതിന്നുഭാഗ്യവാരിധേശൃണു         (എ)
ദുഷ്ടതയോടെന്തീവണ്ണം 
കഷ്ടമിന്നുചെയ്തീടുന്നു 
ദുഷ്ടനായീടുന്നനിന്റെ 
ചേഷ്ടിതമെന്തിതെത്രകഷ്ടം 
കേൾക്കെടോ കുസുമേഷോനീ 
വീരനെന്നഭാവം കൊണ്ടോ 
നാരിയാമെന്നെയെയ്യുന്നു
വീരനാകിൽ നേരേവന്നുമാനസ-
ചോരനോടുബാണമെയ്തുകൊൾകിഹ 
നാണമില്ലേനാരിതന്നെ 
ബാണമെയ്തീടുവാനിപ്പോൾ 
കാണവേണമിന്നുഞാനതും തവ 
പാണിവിക്രമങ്ങളൊക്കെവിരവൊടു”    (എ)
അംഭോരുഹദളലോചനയാമവൾ 
ജംഭിച്ചീടിന താപത്തോടെ 
സംഭോഗാദിനിനച്ചുകരഞ്ഞതു 
കുംഭാണ്ഡാത്മജകേട്ടുടനപ്പോൾ 
തെരുതെരെയവിടെ സമീപേചെന്നി-
ട്ടരുവയർമണിയുമിവണ്ണം ചൊന്നാൾ: 
“എന്തൊരുകാരണമിന്നീവണ്ണം 
സന്താപത്തിനുസംഗതിയെന്നും? 
എന്തെങ്കിലുമുരചെയ്യണമെന്നൊടു 
ചെന്താമരദളലോചനയാളെ! 
ചിന്തിതമെന്തുനിനക്കെന്നാലതി-
നന്തരമില്ലതുസാധിപ്പിപ്പൻ 
ഉണ്ടാകണ്ടുകിനാവിൽ പുരുഷനെ 
ഉണ്ടെന്നാലതു പറകസുശീലേ! 
വേണ്ടവിഷാദം ചെറ്റുമിദാനീം 
ഉണ്ടാക്കാമതിനുള്ളൊരുപായം 
കുണ്ഠിതമെല്ലാമകലെവെടിഞ്ഞി-
ട്ടുണ്ടായൊരുവൃത്താന്തമശേഷം 
വണ്ടാർകുഴലാളെ പറകെന്നോ-
ടുണ്ടാകരുതേമടിയതിനേതും 
കുന്ദശരക്ഷതമാനസയാകും 
സുന്ദരിയാമുഷതാനതുനേരം 
ഇന്ദുമുഖീഗിരമേയംകേട്ടു 
മന്ദാക്ഷിണിമന്ദാക്ഷരമൂചേ.
“ചിത്രലേഖേ! സഖീകേൾക്ക 
അത്ര എൻ ദുഃഖകാരണം 
എത്ര ചിത്രമൊരുസ്വപ്നം കണ്ടു ഞാനിപ്പോൾ 
സുന്ദരപൂരുഷനേകൻവന്നിവിടെയെന്നരികിൽ 
മന്ദമന്ദം തല്പം തന്നിൽ ചേന്നുകൊണ്ടവൻ 
ഗാഢഗാഢം പുണർന്നിതുരൂഢമോദമവനെന്നെ 
പ്രൌഢനാകുമവൻ പിന്നെഗൂഢനായ്‌വന്നു 
പാരമുണ്ടു പരിതാപം മാരബാണശരമേറ്റു 
നാരിമൌലേ സഖീ! ഞാനും എന്തഹോ ചെയ്‌വൂ
ദേഹമെല്ലാം തളരുന്നു മോഹമുള്ളിൽ വളരുന്നു 
ദാഹവും വളർന്നീടുന്നു ആഹന്ത! കഷ്ടം! 
എന്തുവേണ്ടെന്നറിഞ്ഞീല ചിന്തകൊണ്ടുവലഞ്ഞു ഞാൻ 
സിന്ധുരഗമനേ! തോഴി ബന്ധുരഗാത്രീ!’’ 
ഇത്തരം പറയുന്നതിനുത്തരമായ് ചിത്രലേഖാ 
സത്വരം ചൊന്നതുകേട്ടാലെത്രയും ചിത്രം.
“കളകവിഷാദം കളമൊഴി മൌലേ! 
കഴിവുണ്ടാക്കുവനഹമിതിനിപ്പോൾ
കളിയല്ലിഹനിൻ വരനെയിദാനീം 
ഒളിവിൽ വരുത്തുവനരികേ ഞാനും
 കളഭാഷിണി നീ ദുഃഖിക്കരുതേ 
കളകളമോഹനകുന്തള ജാലേ!” 
തെളിവിനൊടിങ്ങനെ ചൊന്നുടനവളും 
കളിപറകല്ലേതൂലികകൊണ്ട് 
സുലളിതകോമളനാം സുരവരനെ 
സരസിജലോചനയെഴുതുന്നേരം 
ഇന്ദ്രാകൃതികണ്ടുടനേ സുന്ദരി 
നിന്ദിച്ചവനല്ലെന്നുരചെയ്താൾ, 
ചന്ദ്രനെയെഴുതിയതല്ലെന്നപ്പോൾ 
സുന്ദരനാകും വരുണനെയെഴുതി;
ഭാവംകൊണ്ടല്ലെന്നവൾകാട്ടി 
ഭാമിനിയുടനേ നിരൃതിയെയെഴുതി 
ഭാസുരഗാത്രിയതല്ലെന്നപ്പോൾ, 
ഭാനുവിനെദ്രുതമെഴുതിമനോഹരി 
സരസിജസംഭവനെപ്പുനരെഴുതി 
സരസിജമിഴിയാളതുമല്ലെന്നാൾ, 
സുരലോകത്തെയശേഷവുമുപ്പാൾ 
സരസപ്പെൺകൊടിയാളെഴുതീട്ടും 
അനുസരണം പുനരില്ലാഞ്ഞുടനെ 
സുരരിപുവരരെയശേഷവുമെഴുതി 
ബുദ്ധിയവൾക്കവരാരിലുമപ്പോൾ 
ബദ്ധതയല്ലാഞ്ഞുടനേതന്നെ 
സിദ്ധന്മാരെവരച്ചുകിന്നര-
കിമ്പുരുഷന്മാരെയുമതുനേരം 
ഗന്ധവന്മാർ പലരെയുമപ്പോൾ 
ബന്ധുരഗാത്രിയുമെഴുതീട്ടുടനെ 
സിന്ധുരഗമനയ്ക്കതുകൊണ്ടുള്ളിൽ 
അന്ധതതീർന്നില്ലെന്നതുകണ്ടു 
ബന്ധുരഗാത്രിയുമുടനേമാനുഷ-
വരരെവരച്ചുതുടങ്ങിതദാനീം 
കുന്തളാഖ്യനൃപവീരനുടേയുട-
ലന്തരംഗ കുതുകേനവരച്ചു; 
ദന്തിവാജികൾപെരുത്തൊരു മാഗധ-
ഭൂമിപാലനെവരച്ചഥകാട്ടി 
ചന്തമേറെയുളവായൊരുചോളൻ 
കേരളൻഗുണമിയന്നകലിംഗൻ 
കൊങ്കണേശനെവരച്ചഥകാട്ടി 
വങ്കണേശനയുമങ്ങനെതന്നെ 
പാണ്ഡ്യഭൂപനെവരച്ചുമനോഹരി 
പാണ്ഡപുത്രനെയുമാശുവരച്ചു. 
കുണ്ഡിനാഖ്യനൃപവീരശരീരം 
ദണ്ഡമെന്നിയെ വരച്ചഥകാട്ടി 
ഒന്നുകൊണ്ടുമവൾതന്നുടെതാപം 
തീർന്നതില്ലപുനരെന്നതുകൊണ്ടു 
സുന്ദരാംഗിയവൾ തൂലികകൊണ്ടു് 
തീത്തുമെല്ലെയദുവംശമതപ്പോൾ 
കൃഷ്ണമായമഷികൊണ്ടതിവേഗാൽ 
വൃഷ്ണിവംശകുലനായ കനാകും 
ജിഷ്ണുതന്റെ സഖികൃഷ്ണനുടേയുടൽ
തൃഷ്ണയോടവൾവരച്ചുമനോഹരി 
ചേർച്ചയുണ്ടിവനുമാകൃതികിഞ്ചിൽ 
തീത്തുരയ്ക്കിലവനല്ലിതുനൂനം 
ഓർത്തിവണ്ണമിനിയും ചിലരൂപം 
തീർക്കപാർക്കരുതുശീഘ്രമിദാനീം; 
എന്നുകേട്ടപ്രദ്യുമ്നനുടേതനു-
സുന്ദരാകൃതിവരച്ചുമനോഹരി; 
ഇന്ദുബിംബമുഖിയാളാമുഷയും 
സുന്ദരാംഗമതുപാത്തു പറഞ്ഞു: 
“കുന്ദബാണനിവനെന്നതുചൊല്ലാം 
ഇന്നതിന്നുവിവദില്ലനിനച്ചാൽ 
കാന്തിയേറെയുളവാമിവനെന്നുടെ 
കാന്തനോടുസമനാകിലുമിപ്പോൾ 
ഭ്രാന്തുകൊണ്ടുപറകല്ലൊരുകിഞ്ചന 
പ്രാപ്തിഭേദമവനുണ്ടതുനൂനം,’’ 
ബുദ്ധിശാലിയതുകേട്ടുടനേയനി-
രുദ്ധനെഝടിതിതീർത്തതുകണ്ടു 
ബുദ്ധിതന്നിലുടനേയുളവായൊരു 
ലജ്ജകാരണമധോമുഖിയായി-
ഭൂത്രനിന്നുവിരൽകൊണ്ടുവരച്ചു 
ചിത്രമെന്നതുമറന്നുടനേമദ-
നാർത്തികൊണ്ടവൾമതിഭ്രമമോടെ 
ചിത്രമായ പതിതന്നുടെരൂപം 
ചിത്രമൻപിനൊടടുത്തിതു പുൽകാൻ, 
ചിത്രലേഖയുടനേയുരചെയ്താൾ 
ചിത്രമെന്നതുധരിക്കമനോജ്ഞേ 
രാഗതോതിപരിതാപമതപ്പോൾ 
നാരിമാർമണിതനിക്കളവായി 
ഭോഗവാരയിലഴിഞ്ഞമനസ്സൊടു
ഭാസുരാംഗിമരുവുന്നതുകണ്ടു 
ചിത്രലേഖയുരചെയ്യൂ സഖീതവ 
ദുഃഖമൊക്കെയകലത്തുകളഞ്ഞതി-
സൗഖ്യമോടുമരുവീടാൻ സംഗതി-
കൂട്ടുവൻ ധ്രുവമഹോ ശൃണുബാലേ! 
എന്നുചൊല്ലിയവൾമന്ദതയെന്യേ 
സുന്ദരാംഗിനടകൊണ്ടതിവേഗാൽ 
ഉന്നതാഗ്രികൾകടന്നിതുകാടും 
നാടുതോടുകൾ മഠങ്ങളിടങ്ങൾ 
ദ്വാരകാനഗരികണ്ടുതെളിഞ്ഞവ 
ളാരുമാരുമറിയാതതുനേരം 
ആദരേണഭവനങ്ങളുടേയിട-
കൂടിയമ്പൊടുനടന്നതിവേഗം 
ബദ്ധമോദമനിരുദ്ധനുറങ്ങും 
ശൂദ്ധമായപുരിപുക്കു പതുക്കെ 
ബുദ്ധിതന്നിലതികൌതുകമോടനി-
രുദ്ധനെഝടിതികൈക്കലതാക്കി 
സിന്ധുരേന്ദ്രവരഗാമിനിയാകും 
ബന്ധുരാധരി നടന്നതിവേഗം 
സിന്ധുശായിയുടെ പൌത്രനെയപ്പോൾ 
ബന്ധുരാംഗിയുഷയോടിടചേർത്തു. 

കരുണാനിധിമാധവപൌത്രൻ
അരുണാക്ഷിയൊടും ഇടകൂടി 
അരുണാധരമാശുനുകർന്നു 
പരിണയവുമേറ്റമിയന്നു 
വിരവോടുകളിച്ചുപുളച്ചു 
രസിച്ചുമദിച്ചുവസിച്ചുതദാ; 
കളഭാഷിണിതാനതുനേരം 
തെളിവോടുപുണർന്നതിവേഗം 
കുളുർകോമളമാം കുചഭാരേ 
തെളിവോടുടൽചേർത്തതുനേരം 
കളഭങ്ങളണിഞ്ഞുതെളിഞ്ഞു 
കുസുമങ്ങളണിഞ്ഞുവിളങ്ങിധ്രുവം; 
കളിവാക്കു പറഞ്ഞുരസിച്ചും 
കളിയല്ലപദങ്ങളുരച്ചും 
തെളിവോടുസുമങ്ങൾ ധരിച്ചും 
ഒളിവാക്കു പാഞ്ഞുചിരിച്ചും 
പരിഹസിച്ചുവസിച്ചുസുഖിച്ചുതദാനീം; 
നല്ലവീടികമെല്ലെനുകർന്നും 
പല്ലവാധരമിടയ്ക്കുനുകർന്നും 
രതികലകളിടയ്ക്കു തുടർന്നും 
മതിമറന്നു തളന്നുകുളുർന്നുവളർന്നുഭൃശം; 
മലർബാണനണഞ്ഞുതുടങ്ങി 
മലർകണകൾപൊഴിഞ്ഞുതുടങ്ങി 
രതികണവനുകണകളൊടുങ്ങി 
അതിവിവശതപൂണ്ടുമയങ്ങി 
രതിമുതിർന്നുകിളർന്നുതളർന്നുഭൃശം;

ചൊല്ലേറുമുഷതന്നോടെല്ലാമീവണ്ണമോരോ
നല്ലവിലാസമാടിമെല്ലെരസിച്ചുകള- 
വല്ലവലഞ്ഞിതിക്ഷുവില്ലന്റെനന്ദനൻ താൻ 
നല്ലമണിയറയിൽ മല്ലാക്ഷിയോടുംകൂടി 
മല്ലായുധവിലാസമെല്ലാം നടിച്ചതത്ര 
കല്യൻകമലബാണതുല്യൻമദനകണ 
ശല്യം തറച്ചിട്ടുള്ളാരല്ലൽകെടുത്തുരതി 
വല്ലിയാമുഷയോടുമെല്ലവേദാരങ്ങളെ-
ന്നെല്ലാം പറഞ്ഞുകൊണ്ടു നല്ലപോലെസുഖിച്ചു 
നല്ലാർമണിയാമുഷതാനുംകണവനുമായ്.

ഇങ്ങനെപലദിനമങ്ങുകഴിഞ്ഞു 
മംഗലരൂപികളാം സഖിവൃന്ദം 
ഒന്നൊഴിയാതെയടുത്തു പതുക്കെ- 
ത്തങ്ങളിലിങ്ങനെചൊന്നുതുടങ്ങി.:
“ബാലികയാമുഷതന്റെവാർത്ത 
ചാലേധരിപ്പിനെല്ലാരും 
ബാലിക തന്നുടെയാനനപങ്കജം 
മെല്ലെത്തെളിഞ്ഞുവരുന്നുദിനം പ്രതി     (ബാലിക) 
പങ്കജകോരകം പമ്പരം വെല്ലുന്ന 
കൊങ്കകൾചാരത്തുമൌവ്വണ്ണംകാണുന്നു     (ബാലിക)
പണ്ടൊന്നും കാണാത്തഭൂഷണമൊണ്ടിന്നു 
കുണ്ഠേതരമവൾകണ്ഠത്തിൽ കാണുന്നു     (ബാലിക) 
ലീലകൾകോലുവാൻ കാലം പുലരുമ്പോൾ 
ചാലേനാമങ്ങുചെല്ലുമതുനേരം         (ബാലിക)
കട്ടകം തന്നിൽ നാമൊട്ടേടം ചെല്ലുമ്പോൾ 
പെട്ടെന്നു പെട്ടകം പൂട്ടിപ്പോരുന്നു         (ബാലിക)
മങ്ങിമയങ്ങിച്ചമഞ്ഞുകാണാമപ്പോൾ 
ചങ്ങാതിതന്നുടെകണ്ണുകൾരണ്ടും             (ബാലിക)
രോഗമെന്നിങ്ങനെചൊല്ലുമാറുണ്ടവൾ 
രോഗമല്ലേയതു രാഗമത്രേനൂനം             (ബാലിക)
തേമ്പാതെയുള്ളൊരുദന്താംബരങ്ങളും 
തെളിഞ്ഞല്ലേകാണുന്നുതേന്മൊഴിതന്നുടെ         (ബാലിക)
ഇങ്ങനെയുള്ളൊരുലാഞ്ഛനംകാണുമ്പോൾ 
എങ്ങിനെകന്യകയെന്നുപറയുന്നു         (ബാലിക)

ഇന്നിവൾതന്നുടെ കാമുകനായി-
ട്ടന്യനൊരുത്തനകത്തുണ്ടിപ്പോൾ; 
എന്നേവിസ്മയമെങ്ങനെവന്നിവ-
നുന്നതമതിലുകടന്നിതിനുള്ളിൽ? 
നമ്മളിതൊരുവരൊടും പറയാഞ്ഞാൽ 
ചെമ്മേവന്നുഭവിക്കുമബദ്ധം; 
പക്ഷ്മളലോചനമാരീവണ്ണം 
ലക്ഷണമോർത്തു നിരൂപിച്ചിട്ടു് 
അക്ഷതരാകിയരക്ഷികളോടേ 
തൽക്ഷണമങ്ങുരചെയ്തതുനേരം 
രക്ഷികളീവകബാണനൊടപ്പോൾ 
ശിക്ഷയിലങ്ങുപറഞ്ഞാരേവം: 
“കന്യകദൂഷകനായൊരു കാമുക-
നന്യനൊരുത്തനകത്തുണ്ടിപ്പോൾ 
ധന്യൻകേട്ടുകയർത്തതിവേഗം 
കന്യാഭവനേചെന്നുകരേറി 
ചൂതേലും മുലയാളതുനേരം 
ചൂതും പടവുമെടുത്തു നിരത്തി 
ചൂതായുധസുതനോടുംകൂടി 
ചൂതും പൊരുതുവസിച്ചീടുന്നു;
കണ്ടുകയർത്തിതുബാണൻ സ്മരജനൊ-
ടുണ്ടായൊരു കോപത്തോടപ്പോൾ 
ശുണ്ഠിച്ചുടനെശരങ്ങൾ പൊഴിച്ചിതു 
കണ്ടുകയർത്തു മനോഭവപുത്രൻ 
നന്നായിട്ടുശരങ്ങൾ പൊഴിച്ചവ- 
രൊന്നിഴിയാതെ കുറഞ്ഞൊരുനേരം; 
പന്നഗപാശംകൊണ്ടുമുറുക്കി 
ഖിന്നതനാമനിരുദ്ധനെയപ്പോൾ 
അന്നൊരുപുര മുറിതന്നിലടച്ചു 
ഉന്നതബാഹുസഹസ്രൻപോന്നാൻ 
തന്നുടെഭവനേപുക്കതിവേഗം 
നന്നായിട്ടുസുഖിച്ചുവസിച്ചാൻ.
ബദ്ധനായുള്ളോരനിരുദ്ധനെക്കണ്ടനേരം 
മുഗ്ദ്ധവിലോചനയാൾ ഭൂതലത്തിൽ 
വീണുമുരുണ്ടും പാണിമാറത്തുചേർത്തിട്ടു 
ഏണവിലോചനയാളാശുകേണതുനേരം 
തൈലത്തിൽ കത്തിടുന്നവഹ്നിതന്നിലല്പം 
സലിലം തളിക്കുംപോലെ വന്നിതപ്പോൾ 
ചലനലോചനതന്റെ ഖേദം മാറ്റീടുവാൻ 
പലപലവാക്കു ചൊന്നതെല്ലാമപ്പോൾ
ഫലമില്ലാതായിവന്നുവാരിധിയിൽമേഘം 
വരിഷിക്കും മാരിപോലെ എന്നേവേണ്ടു 
നാണിച്ചുമാറാതവൾപിന്നെയുമങ്ങോരോരോ 
വാണീവിശേഷങ്ങളോതിയോതി 
ഏണാങ്കാനനതന്റെ ഖേദവുമൊട്ടുമാറ്റി 
വാണോരുകോണിൽ നാണിച്ചേണനത്ര 
പഞ്ജരം തന്നിൽ അനിരുദ്ധനായൊരു നല്ല 
കുഞ്ജരവൈരി എന്നപോലെതന്നെ 
അന്ധകനായുള്ളോരനിരുദ്ധൻകോപിച്ചഥ 
ബന്ധുവിരോധിയായ് നിന്നകാലം 
ഭോജന്മാരെല്ലാവരും നിദ്രവെടിഞ്ഞുകൊണ്ടു 
രാജകുമാരൻ തന്നെക്കാണാഞ്ഞിട്ടു 
എങ്ങു പോൽഗമിച്ചവനെത്രകഷ്ടമാരു-
മെങ്ങുംഗ്രഹിച്ചീടാതെ പോവാനെന്തു? 
ഇന്നുവന്നീടുമവനിന്നുവരുമുണ്ണി 
ഇന്നുവരുമെന്നേവം ചിന്തചെയ്തു 
സുന്ദരനാമവനെക്കാണാഞ്ഞിട്ടുനല്ല 
സുന്ദരിമാരും ദുഃഖസാഗരത്തിൽ 
മങ്ങിമയങ്ങിപൊങ്ങിവീണുംകൊണ്ട് 
തുംഗസ്തനങ്ങൾനോക്കി സന്താപിച്ചും 
നാലുമാസമീവണ്ണം ചെന്നാറെയുമെങ്ങും 
ബാലകനെക്കാണാഞ്ഞങ്ങുലോകരെല്ലാം 
മാലുമുഴുത്തു മധുദേഷിയൊടങ്ങുചെന്നു 
ബാലന്റെവാർത്ത ചൊല്ലിവാഴും കാലം

നാരദമാമുനിവീണയുമായി 
ദ്വാരകതന്നിൽ പുക്കൊരുനാളിൽ 
നാരായണനുംവന്നുവണങ്ങി 
സാദരമർഘ്യാദികളും ചെയ്തു 
ദ്വാരകവാസികളെല്ലാം നാരദ-
പാദസരോജേവീണുവണങ്ങി; 
ശ്രീനാരദമുനിയപ്പോൾ തന്നെ 
ശ്രീമാധവനൊടുകല്പിച്ചേവം: 
ശ്രീപതിനിന്തിരുവടിയുടെപൌത്രൻ 
ശ്രീമദ്ദ്വാരകയതിലില്ലാഞ്ഞെല്ലീ 
ഖേദംപൂണ്ടുജഗദ്വാസികളതി 
മോദം കൂടാതെ മരുവുന്നു? 
ബാണൻ സമരാങ്കണമതിലവനെ 
നാണക്കേടുഭവിപ്പിച്ചനവധി 
ക്ഷീണിപ്പിച്ചൊരുകോണിലിരുത്തി 
പ്രാണൻ പോകാഞ്ഞതുതൽഭാഗ്യം; 
ആദ്യമതായുള്ളക്ഷരഹീനന-
താക്കികുമാരം സമരേബാണൻ; 
അപ്പുരികാത്തുവസിച്ചീടുന്നതു 
മുപ്പുരവൈരിയതെന്നറിയേണം 
നാരദനിങ്ങനെകല്പിച്ചുടനേ- 
യാദരവോടെവീണതെറിച്ചു 
നാരായണശിവയെന്നുജപിച്ചു 
നേരേമീതെകിളർന്നു നടന്നു 
വൃഷ്ണികളെല്ലാവരുമൊരുമിച്ചു 
കൃഷ്ണൻ തിരുവടിയോടും കൂടി
ഉഷ്ണിച്ചസുരനെവെല്‌വാനായി 
കൃഷ്ണൻ തിരുവടിയാത്രതുടങ്ങി

നരകരിപുനളിനദളലോചനൻമാധവൻ 
നരകദുരിതൌഘകാന്തിപ്രദൻകേശവൻ 
നരജരകളാദിമദ്ധ്യാന്തമില്ലാത്തവൻ 
കരിമുകിലൊടിടയുമൊരു ചികുരമൊരുമിച്ചുടൻ 
വിരവിനൊടുനെറുകയിൽ കൂട്ടിബന്ധിച്ചുടൻ 
സരസമൊടുനിറമധികമുള്ള പീലിത്തരം 
സരസിജവിലോചനൻചേത്തുചിലപുഷ്പം 
മധുമഥനനതുപൊഴുതുനെറ്റിത്തടമതിൽ 
മഹിമയോടുഗോപിയും ചേർത്തുതിലകവും 
ഗളമതിലണിഞ്ഞുതൻ മാലഹാരങ്ങളും 
തുളസികൃതമാലജാലങ്ങളണിഞ്ഞുടൻ 
കരമതിലെടുത്തുശരചാപഖഡ്ഗാദിയും 
കരുണകരനമിതകുതുകേനപീതാംബരം 
തിരുവുടയുമരയിലതികുതുകമൊടുത്തുടൻ 
പരിചിനൊടുപൊന്നരഞ്ഞാണമിട്ടഞ്ജസാ 
അരുണനൊടുസഹതരുണതരണിയുയരുന്നപോൽ 
കരുണനിധിമാധവൻ തേരിൽ കരേറിനാൻ 
മുനികളുടെ മനമതിലും വനിതകടെമാർവിലും 
കനിവിനൊടുമമമതിയിലും വിളങ്ങീടുന്ന 
ആനന്ദമൂർത്തിയെക്കണ്ടുയദുവീരരും 
ആനന്ദമോടുകൊണ്ടാടിപ്പുറപ്പെട്ടു 
ആനതേർകാലാൾകുതിരപ്പടകളും 
അമിതകരബലമുടയയദുവരരുമൊക്കെയും 
മാനം നടിച്ചവർതേരിൽ കാരേറിനാർ 
മഹിമകളൊടതുപൊഴുതുതെരുതെരെമദിച്ചുടൻ
ആലവട്ടങ്ങളുംവെൺചാമരങ്ങളും
അഴകിനൊടുകൊടിതഴകൾപടലമിവയൊക്കെയും
ചുററും പിടിപ്പിച്ചുകുറ്റങ്ങൾ കൂടാതെ 
പറ്റലരൊടേറ്റുപടവെട്ടുവതിനായിട്ടു 
കോട്ടങ്ങൾ കൂടാതെകണ്ടങ്ങതുനേരം 
എട്ടുദിശിപൊട്ടുമളവിട്ടുചെറുഞാണൊലികൾ 
ആരവാരങ്ങളും സിംഹനാദങ്ങളും 
അമിതകരബലമുടയയദുവരനിനാദവും 
മറ്റുശൃംഗങ്ങൾചക്രങ്ങൾ തമ്മിട്ടവും 
മധുരതരമൃദുലരസപൂംകുഴൽകാഹളം 
പെയ്തമദത്തൊടുകുംഭികൾ നാദവും 
പെരിയരഥമലറിയുടനിളകുമതിഘോഷവും 
നാരദവീണാമനോഹരനാദവും 
നരകരിപുകരഗളിതഗുണനിനദഘോഷവും 
അങ്ങോട്ടുമിങ്ങോട്ടുമുന്തിയും തള്ളിയും 
ഹരിയുടയപടകളുടെ പടുതര നിനാദവും 

അംബുധിശയനോത്തമപുരുഷൻ അഖിലജനേശൻ കൃഷ്ണൻ
തുംബുരു സനകാദികൾ സേവിതനമിതനനന്തൻതാനും
പടുതപെരുത്തൊരു പടനായകരുടെ പടവന്നിങ്ങറിയേണം പടയതിനൊരുകുറവുവരാതെഭരിച്ചു വഹിച്ചീടേണം 
നെടുതാകിനകൊടിമരമുകളിൽ കൊടികളുശോഭിക്കണം 
പടഹങ്ങളടിപ്പിക്കേണം മതിപടുതകൾ കാട്ടീടേണം 
പടയുടെയിടകണ്ടഥഘാടകപാളിനിരത്തീടേണം 
കല്ലുകൾകവിണത്തരമെന്നിവ കയ്യിലെടുത്തൊരു കാലാൾ 
തെല്ലും ഭയമില്ലാതനവധിവന്നു പരന്നീടേണം 
വെള്ളത്തിരതള്ളിവരുന്നതുപോലെ പരക്കണമിപ്പോൾ
കള്ളമൊഴിഞ്ഞുള്ളാരുവെള്ളക്കുതിരകളുള്ളതശ്ശേഷം 
കൊള്ളരുതാതുള്ളൊരു ധൂളിപ്പടകളകറ്റീടേണം 
കള്ളുകുടിച്ചാനകളിക്കും പൊണ്ണന്മാരിവരാരും 
കൊള്ളരുതുപടയ്ക്കിന്നിവരുടെ ചെള്ളയ്ക്കടികൊള്ളേണം
ഇത്തരമഖിലേശൻതന്നുടെ കല്പനകേട്ടവരെല്ലാം 
സത്വരമവ്വണ്ണം പലപലകോപ്പുകൾ കൂട്ടിതദാനീം. 

തിത്തിയിടക്കയുടുക്കുംതിമിലകൾ
ഒത്തും മദ്ദളമെത്രവിധത്തിൽ 
കാളം ചേങ്കില ചെണ്ടകൾ തിമിലകൾ 
നീളം കുറയും കൊമ്പും കുഴലും 
അമ്പിളിവളയും തമ്പേറെന്നിവ 
മേളംകൊണ്ടുജഗത്തുമുഴങ്ങി 
ശക്തിപെരുത്തജനങ്ങളെടുക്കം 
ശക്തികടുത്തിലമുൾത്തടിവാളും 
വേലുംവെൺമഴു ഗദയും കുന്തം 
ശൂലംപരശുപരശ്വഥവട്ടക 
ചക്രം നല്ലശതഘ്നികളനവധി 
വക്രതരംചിലശസ്ത്രസമൂഹം 
ചൊട്ടുകൾ നല്ല കടുത്തില ചുരികക-
ളീട്ടികളോട്ടുളിചാട്ടുളിയെന്നിവ
യൊക്കെയെടുത്തുതിരിച്ചവർ തന്നുടെ 
ചെക്കൻമാരൊടുകൂടീട്ടൊരുവക 
വെക്കംദ്വാരകനഗരിയിൽനിന്നഥ 
ചിക്കെന്നങ്ങുകടന്നുനടന്നു 
പൊടിപടലങ്ങൾകിളന്നുദിഗന്തം 
പൊടിപെടുമാറുടനാർത്തുവിളിച്ചു 
വട്ടപ്പരിശതുടയ്ക്കിടുമപ്പോൾ 
പൊട്ടി ജഗത്തുകൾഞെട്ടീടുന്നു
വെട്ടുമിടിക്കു സമാനം ഘോരം 
നിഷ്ടുരരാർത്തുകളിച്ചുപുളച്ചും 
ധൃഷ്ടന്മാരു നടന്നീടുമ്പോൾ 
ഒട്ടും പൊളിയല്ലവനികുലുങ്ങും 
അഷ്ടഗജങ്ങടെ ചെവികളശേഷം 
പൊട്ടിയണഞ്ഞുവലഞ്ഞുചമഞ്ഞു 

കളിച്ചും വീരവാദമുരച്ചുമോരോജനം 
വിളിച്ചും പുളച്ചഹംകരിച്ചുമദിച്ചുടൻ 
കഥിച്ചുമോരോകഥരസിച്ചുമതുകേട്ടു 
ഭ്രമിച്ചുചിലർ പടഭരിച്ചു സന്തോഷിച്ചും 
തടിച്ച ഗജത്തിന്റെ കഴുത്തിൽകരയേറി 
ചൊടിച്ചുവില്ലുമമ്പും ധരിച്ചുവിരുതന്മാർ 
ചിരിച്ചുരാഗദ്വേഷം ജ്വലിച്ചുമനതാരിൽ 
സ്മരിച്ചുമുകുന്ദനെകഴിച്ചുബാണയുദ്ധം 
തരത്തിലോരോവാജിവരുത്തിത്തരംകണ്ടു 
പരത്തിക്കരുത്തന്മാരൊരുത്തരൊഴിയാതെ 
തരത്തിൽ വില്ലുമമ്പും കരത്തിലെടുത്തോരോ 
രഥത്തിൽ കരയേറിയുരത്തിലാവനാഴി 
ധരിച്ചു വിരുതന്മാർ മരിക്കാൻ മടിയെന്യേ 
തരക്കേടായുള്ളാരെതിരിച്ചുനിർത്തിപ്പട
തിരിച്ചനേരംബാണനിരിക്കും രാജ്യമെല്ലാം 
വിറച്ചുപടകണ്ടുഭ്രമിച്ചു നാടുവാസികൾ 
തിരിച്ചും സംഗരമുള്ളിൽ കൊതിച്ചും ചിലർ 
വിളിച്ചും കാടുകൾ തേടിച്ചരിച്ചും കാട്ടിൽ കരേറി
ഒളിച്ചും കൂട്ടുപിരിഞ്ഞുവിളിച്ചും കൂട്ടുകാർ ചിലർ 
ചൊരിച്ചും കഷ്ടമിതെന്നുവദിച്ചും ഒട്ടേടമോടി 
തിരിച്ചുംകട്ടകൾതട്ടിപ്പതിച്ചും കട്ടകാരങ്ങൾ 
തറച്ചും ഒട്ടുപേർകണ്ടുചിരിച്ചും തുഷ്ടന്മാർശൗര്യ- 
മുജ്വലിച്ചു ഒട്ടല്ലഹോജനങ്ങൾ വലഞ്ഞിതോർത്താൽ.

പടവന്നിങ്ങുകരേറീ നമ്മുടെ 
വടിയിങ്ങോട്ടെടുകുഞ്ഞിപ്പെണ്ണേ 
വടിഞാനിവിടെക്കണ്ടില്ലെന്നും 
പിടലിക്കൊന്നുതരുന്നുണ്ടെന്നും 
പുടവയുടുത്തുഞെളിഞ്ഞുനടന്നാ
ലുടലുമുറിഞ്ഞുമരിക്കുമിതെന്നും 
പാളയമവിടെക്കണ്ടൊരു തടിയൻ 
വാളുകളഞ്ഞുതിരിച്ചുനടന്നു
കേളച്ചാരതുനേരം നമ്മുടെ 
കാളിപ്പെണ്ണുംകൂടിനടന്നു 
ഇട്ടിക്കാളിയുമിട്ടീശ്വരനും 
പെട്ടെന്നൊരുദിശിനോക്കിനടന്നു 
കഷ്ടമിതെന്നുപറഞ്ഞും കൊണ്ടു 
മട്ടോലും മൊഴിമാർചിലരപ്പോൾ 
കെട്ടിയപുരുഷം കാണാഞ്ഞിട്ടു 
ഒട്ടുവിളിച്ചുകരഞ്ഞുവലഞ്ഞും 
കുട്ടികളെച്ചിലരെളിയിലെടുത്തും 
കുട്ടിപ്പെണ്ണേ! വാപറയട്ടെ 
കുട്ടച്ചാരയാളെങ്ങുഗമിച്ചു?
ഒട്ടല്ലവളുടെതാന്തോന്നിത്തം
കഷ്ടമിതെന്നേ പറവാനുള്ളൂ
കൊച്ചിളയച്ചീ! കേട്ടില്ലേനീ
അച്ചുതനുടെപടവന്നുകരേറി
കൊച്ചുകളോടുകളിക്കാംപിന്നെ
നിച്ചിരിയത്തീവെക്കംവാനീ
കുഞ്ഞച്ചാരെക്കണ്ടില്ലല്ലോ
പങ്ങച്ചാരയാളെങ്ങുഗമിച്ചു
കുഞ്ഞിപ്പെണ്ണിന്നുള്ള രഹസ്യം
പെണ്ണിനെയന്വേഷിച്ചുനടന്നു
നിത്യവുമിങ്ങനെയിവിടെച്ചെന്നു
നിച്ചിരിയത്വം പുണരാമെന്നും
കൊച്ചുക്കാളിപറഞ്ഞതുനമ്മോ- 
ടിച്ഛയതില്ലെന്നിപ്പോൾ തോന്നി
മാടച്ചാരെന്നുള്ളൊരു വിരുതൻ
മാടണിമുലമാരോടുംകൂടി
പടിമേലേറിപ്പായുന്നേരം
പടയുടെ വിരുതേകേൾപ്പാനുള്ളു
പടവന്നപ്പോളോടിയൊളിച്ചൊരു
വിടുഭോഷച്ചാരെന്നേവേണ്ടു
കുടിലാപാംഗികൾതന്നുടെ വീട്ടിൽ
വിടുപണിചെയ്തുവസിപ്പാനല്ലാ
തൊരുഫലമില്ലാത്തടിയന്മാരുടെ
തടികൊണ്ടെന്നുധരിക്കേവേണ്ടു
കെട്ടിയപന്തലിൽവന്നൊരുദുഷ്ടൻ
കട്ടിക്കവണിമുറിച്ചുനമുക്കു
കഷ്ടമൊരുത്തനൊടൊന്നുപറഞ്ഞാൽ
പെട്ടെന്നടികൂട്ടീടും തടിയൻ
വീട്ടിനകത്തൊരു പുരുഷൻ വന്നാൽ
വെട്ടുവതിന്നും മടിയില്ലെന്നും
ഒട്ടല്ലിങ്ങനെപാടുപെടുന്നതി-
നറ്റമതില്ലപറഞ്ഞെന്നാകിൽ
കുട്ടികൾനാലഞ്ചുണ്ടായിട്ടും
ഒട്ടുംമറുമുഖമറിയുന്നില്ല
അങ്ങനെയുള്ളൊരുസമർത്ഥനിതാപട
വന്നെന്നുള്ളതുകേട്ടൊരുനേരം
തിങ്ങിനഭീത്യാതെരുതെരെമണ്ടീ-
ട്ടെങ്ങാൻപോയതുകണ്ടോനിങ്ങൾ
കൊച്ചുകിടങ്ങൾ നാലഞ്ചുണ്ടതി-
ലയ്യോകൊച്ചുകരഞ്ഞീടുന്നു
ഒന്നിനെകൈക്കുപിടിച്ചുനടത്താം
പിന്നുള്ളതിനെക്കൊണ്ടൊരുപായം
ഇങ്ങനെ പലപലതുംഗസ്തനിമാ-
രങ്ങുപറഞ്ഞുനടന്നുതുടങ്ങി,
മങ്ങാടാതാനെവിടെപ്പോണു
ഇങ്ങോട്ടേക്കുനടന്നീടുകെടോ!
അങ്ങോട്ടീവഴി ഓടിച്ചെന്നാൽ
തിങ്ങിനപടയിൽ പെട്ടുമരിക്കാം
കാലിനൊരേന്തുനമുക്കുണ്ടതിനാൽ
ഓടുവതിന്നുംവശമില്ലാതായ്
പീലിക്കുന്തമെടുത്തൊരുവൻഗുരു-
കാലിണവന്ദിച്ചങ്ങുനടന്നു
തെക്കൻകത്തിയെടുത്തൊരുവിദ്വാൻ
വെക്കംതോളിലതേറ്റിക്കൊണ്ടു
ചെക്കനെയങ്ങുമറിഞ്ഞഥനോക്കി
ചിക്കനെയങ്ങുനടന്നുകടന്നു
വില്ലുംശരവുമെടുത്തവരരിയെ
ക്കൊല്ലാമെന്നുനിനച്ചിരട്ടൊരുവൻ
നല്ലൊരുവിരുതുകൾ പലതുചൊല്ലി
ച്ചെല്ലുന്നേരം പടകണ്ടായാൾ
വില്ലൊരുകാട്ടിലെറിഞ്ഞൊരുവണ്ണം
മല്ലെപ്പോന്നിഹഭവനംപുക്കു.
നാരായണനുംപടകളുമല്ലാം
പാരാതവിടെച്ചെന്നുനിറഞ്ഞു
ധീരന്മാരവർ ബാണപുരത്തിൻ
ഗോപുരസീമനിചെന്നുകരേറി
കണ്ണൻതിരുവടിയൊരുബാണംകൊ-
ണ്ടുന്നതമാകിനകൊടിമരമെയ്തു
മണ്ണിൽമുറിച്ചുമറിച്ചതുനേരം
പൊണ്ണൻബാണനുമൊന്നുവിറച്ചു
മതിലുകൾഗോപുരമെന്നിവയെല്ലാ-
മതിബലവാന്മാർകുത്തിയിടിച്ചതു
മതിലകചൂടുമരൻകണ്ടുടനേ
മകനാംശരജന്മാവൊടുചൊന്നാൻ
“ഒട്ടുദിനംനാമിവിടെപ്പാർത്തതി-
മൃഷ്ടതയോടുഭുജിച്ചീടുന്നു
ദുഷ്ടന്മാരാംവൃഷ്ണികൾമൂലം
കഷ്ടംചേറുമുടങ്ങേയുള്ളൂ
യോഗ്യതയല്ലിനിനോക്കിയിരിപ്പതു-
മാക്കമൊടേറ്റുപിണങ്ങീടേണം
ഇങ്ങനെകല്പിച്ചുടനേതന്നുടെ
പുംഗവകണ്ഠേകേറിശിവൻഹരി-
തന്നൊടുചെന്നുപിണങ്ങിത്തങ്ങളിൽ
അങ്ങിനെനിന്നുകുറഞ്ഞൊരുനേരം
ആൺമയിലേറിഷൺമുഖനുംപ്ര-
ദ്യുമ്നനൊടേറ്റുശരങ്ങൾപൊഴിച്ചു
ചെറ്റുവലഞ്ഞിതുരുക്മിണിനന്ദന-
നേറ്റുതുണച്ചാരുദ്ധവരപ്പോൾ
സിന്ധുരദാനവരിപുവായുള്ളോ-
രന്ധകവൈരിയുമന്ധകനാഥനു-
മന്ധതകൈവിട്ടുടനേതന്നെ
ബന്ധുരമോദമിയന്നതുനേരം
അസ്ത്രംകൊണ്ടുകളിച്ചുംതങ്ങളി-
ലസ്ത്രവിശാരദരാമവർതമ്മിൽ
ഈരേഴുലകിനുകാരണരാകും
വീരന്മാരവർനേരിട്ടപ്പോ-
ളീരേഴുലകം ഞെട്ടിവിറച്ചു
വാരിധിപൂരവുമൊന്നുകലങ്ങി

ബാണനണഞ്ഞുടൻ സാത്യകിതന്നൊടു
ബാണഗണം പൊഴിച്ചും ഒരു


ക്ഷീണം കൂടാതവൻതാനുമതുനേരം 
പ്രത്യസ്ത്രമെയ്തുനിന്നു
ചൊല്ലിനാൻബാണനോടുല്ലാസമോടവൻ
നല്ലസമർത്ഥനെടാ, തട-
വില്ലാതടിതകർത്തീടുന്നതുണ്ടതി-
നില്ലവികല്പമേതും
നില്ലെടാവില്ലെടുത്താഹവംചെയ്കിൽനീ
ഇല്ലെന്നുവന്നുകൂടും ദൃഢ-
മില്ലതിനിങ്ങൊരുവല്ലന്തിതെല്ലുമേ-
കല്യ! കഠോരശഠ 
മുല്ലബാണാരിതൻ ഭക്തനെന്നുള്ളൊരു
ഡംഭുകൊണ്ടല്ലേഭവാനമമ
മല്ലവിലോചനൻതന്നുടെ പുത്രന്റെ
പുത്രനെബന്ധിച്ചതും
 ചൊല്ലിയന്നോരനിരുദ്ധനെയിന്നുനീ 
മല്ലാക്ഷിമൌലിയോടുംകൂടെ 
മല്ലാരിതൻ മുമ്പിൽ വച്ചുവണങ്ങുകിൽ 
കൊല്ലാതയയ്ക്കും നിന്നെ 
ഇപ്രകാരം പറയുന്നൊരു സാത്യകി 
തന്നോടതിരോഷത്താൽബാണൻ 
ക്ഷിപ്രംശരങ്ങൾ പൊഴിച്ചതുകണ്ടവ-
നപ്രിയംപൂണ്ടതിനാൽ 
ബന്ധരോഷത്തോടുരണ്ടുപരിഷയും 
ക്രുദ്ധരായ് നിന്നുകൊണ്ടു് 
ബുദ്ധിമാന്മാരവർതങ്ങളിലുണ്ടായ-
യുദ്ധമതെത്രചിത്രം 
പലരും പലവിധത്തിൽ രണംതുടങ്ങി 
മലയ്ക്കുന്നുചത്തുരണ്ടുപുറത്തുമുള്ളോർ 
ചലിക്കുന്നു ചിത്തംകാണുംജനങ്ങൾക്കെല്ലാം
ഒലിക്കുന്നു ചോരപ്പുഴ പലവഴിക്കും 
കരുത്തന്മാർഗദകയ്യിലെടുത്തുകൊണ്ടു് 
കരുത്തേറും കരികളെപൊടിച്ചീടുന്നു 
കരത്തിൽവാളിളക്കിക്കൊണ്ടടുത്തീടുന്നു ചിലർ 
കഴുത്തുമുറിച്ചകലെക്കളഞ്ഞീടുന്നു
ശരങ്ങൾഗളങ്ങളൂടേനടന്നീടുന്നു ചില-
രൊതുക്കം നോക്കിപ്പോരിൽ കയർത്തീടുന്നു 
സമരേവീണുമരിക്കും ജനങ്ങളെല്ലാ-
മമരസ്ത്രീകളോടൊത്തുരസിച്ചീടുന്നു 
കലഹം ഭയങ്കരമായ് ‌ചമഞ്ഞിതപ്പോൾ 
കലഹപ്രിയൻമുനിയുംരസിച്ചീടുന്നു 
മലകളുലഞ്ഞിളകിച്ചമഞ്ഞീടുന്നു
കടൽകലങ്ങീടുന്നുപാരുകുലുങ്ങീടുന്നു
ചിലർചിലരോടോറുപിണങ്ങീടുന്നു 
ചിലരൊഴിച്ചീടുന്നുചിലർ മരിച്ചീടുന്നു 
കുടകൊടിതഴകളും മുറിച്ചീടുന്നു 
താഴെപ്പതിച്ചീടുന്നുരക്തേകുഴച്ചീടുന്നു 
കാളികൂളിരക്തംകുണ്ടുമദിച്ചീടുന്നു 
ചോരകുടിച്ചീടുന്നു അഹങ്കരിച്ചീടുന്നു 
ഭയമുടയവരോടിത്തിരിച്ചീടുന്നു 
പാരംഭയമില്ലാത്തവർകണ്ടുരസിച്ചീടുന്നു
മിടുക്കുള്ളവർകൾപാഞ്ഞങ്ങടുത്തീടുന്നു
ബാണം പൊഴിച്ചീടുന്നുകാണക്കഴിച്ചീടുന്നു 

വേലായുധനും പ്രദ്യുമ്നനുമായ് 
കോലാഹലമൊടുസംഗരമുണ്ടായ് 
വേലുമുറിഞ്ഞതുനേരംസരസം 
മേലാസംഗരമെന്നഥവാങ്ങി 
ചോറ്റനുവേലയെടുത്തിതുഞാനും 
കൂറ്റാനല്ലിവനെന്നതുതന്നെ 
കൂറ്റാനാംശ്രീനാരായണനോ-
ടേറ്റുപിണങ്ങാനെന്താവശ്യം? 
അച്ഛനുമാനസതാരതിലിപ്പോ-
ളിച്ഛാഭംഗംവന്നിട്ടെന്നെ 
സ്വച്ഛമതാംമമദേഹം കീറീ-
ട്ടയ്യോവേദനസഹിയായല്ലോ 
എന്നുനിനച്ചഥസുന്ദരഗാത്രൻ 
പോന്നൊരുദിക്കിലിരിക്കുന്നേരം 

കുടവയറേന്തിനഗണനായകനും 
കുടവയറും കൊണ്ടോടിയണഞ്ഞു 
അടലിടപുക്കുശരങ്ങൾതറച്ചി-
ട്ടരുതരുതെന്നുതിരിച്ചുനടന്നു 
കളിക്കയും ചിലരൊളിക്കയും ചിലർ 
വിളിക്കയുംചിലർപുളയ്ക്കയും 
ചിലർവരിക്കയുംമോദമിളയ്ക്കയും 
ഖേദം പെരുക്കയും പാരംഹസിക്കയും 
അട്ടഹസിക്കയും രണം സ്തുതിക്കയും 
ചിലരൊഴിക്കയും ചിലർപഴിക്കയും 
പടുത്വമുള്ളവർപിടിക്കയും പട-
ഭരിക്കയുംഭേരി അടിക്കയും 
അടൽക്കളമൊക്കെപ്പൊടിക്കയും വെട്ടി- 
നടുക്കയും ചിലർതിരിക്കയും 
കടുത്തകരിഘടമുടയ്ക്കയുംവടി-
യെടുത്തുചിലർതച്ചുതകർക്കയും 
ശരങ്ങൾപലവിധമയയ്ക്കയും 
തലതെറിക്കയും ഉടൽമുറിക്കയും, 
പരന്നപടകേട്ടുതിരിക്കയും ചോര 
പരന്നുപലവഴിയൊലിക്കയും 
പരന്നകുതിരകൾമരിക്കയും ശരം 
നിരന്നുജനമൊക്കെമറയ്ക്കുയും വില്ല 
മുറിച്ചുരഥികളും മദിക്കയും 

പടയ്ക്കു നാശം കണ്ടുകടുത്തകോപംപൂണ്ടു 
മിടുക്കനെന്നുബാണനടുത്തു കൃഷ്ണനോടു 
കടക്കണ്ണും ചുവത്തിക്കൊണ്ടടുത്തുദാമോദരൻ 
എടുത്തുശരംവില്ലിൽ തൊടുത്തുപ്രയോഗിച്ചു 
കടുത്തമാർവിടത്തിൽകൊടുത്താനതുനേരം 
തൊടുത്തു ചിലബാണംതടുത്തിതസുരരും 
മടുത്താരമ്പൻ തന്നെക്കെടുത്തദേവന്റെ ഭക്തൻ
തടിച്ചബാണനെന്നു നിനച്ചീടാതെകൃഷ്ണൻ
ചൊടിച്ചുബാണങ്ങളെപ്പൊടുക്കെന്നയയ്ക്കുമ്പോൾ
പടയ്ക്കുമിടുക്കനെന്നടുത്തസുരനും 
കടുത്തുരോഷത്തോടും മടിക്കാതെയ്തുബാണം
തടിച്ചവൃത്രൻതാനുമമർത്യനാഥൻതാനും 
നടിച്ചുപണ്ടുണ്ടായ സമരംകണക്കെയും 
ശ്രീപതിനാരായണൻ ശ്രീദശരഥപുത്രൻ 
ശ്രീരാമദേവൻതാനുംവീരനാംരാവണനും 
ദാരുണതരം നേർത്തു തമ്മിൽപൊരുമ്പോലെയും 
ഘോരതരം സമരമുണ്ടായിതതുനേരം 
ചൊല്ലേറുംപുരവൈരിചൊല്ലിക്കൊണ്ടങ്ങയച്ചു 

ശരനികരംമുൾത്തടിവാൾ 
കുന്തങ്ങൾകർക്കടപരശ്വഥവിശിഖം 
ഒക്കെയെടുത്തതുനേരം 
തക്കംനോക്കിച്ചൊരിഞ്ഞസുരേശ്വരൻ 
ബാണങ്ങൾവർഷിച്ചു 
നാരായണനും പുനരതുഖണ്ഡിച്ചു 
ഖണ്ഡിച്ചുഖണ്ഡിച്ചാ- 
ഖണ്ഡലസഹജൻ അടുത്തിതതുനേരം 
തേരെയ്തുപൊടിയാക്കി 
വാരിജനയനൻസനാതനൻകൃഷ്ണൻ 
അശ്വങ്ങൾകൊലചെയ്തു 
വിശ്വപ്പെരുമാളമേയനവ്യക്തൻ 
ചൊല്ലിക്കൊണ്ടതു നേരം 
വില്ലും കുടയും മുറിച്ചുതഴപലതും 
കൊല്ലാനായതുനേരം 
വില്ലും കുഴിയെക്കുലച്ചുമല്ലാരി 
ചെല്ലുമ്പോൾബാണന്റെ 
മാതാവതിഭീതിപൂണ്ടുവന്നോടി 

അംബുജനയനൻതന്നുടെമുമ്പിൽ 
അംബരമംബരമാക്കീട്ടവളും 
നിന്നതുകണ്ടുമുകുന്ദൻതിരുവടി 
നിന്ദിച്ചുടനേ പിമ്പുതിരിഞ്ഞു 
അന്നേരത്തുടനോടിച്ചാടി-
ച്ചെന്നൊരു മുറിയിലൊളിച്ചിതുബാണൻ 
പുരനാശനഭഗവാനതുനേരം 
പരിചൊടുടൻപനിനിർമ്മിച്ചുടനേ 
തെരുതെരെവീണുവിറച്ചുതുടങ്ങി 
കരികാലാൾകുതിരപ്പടയെല്ലാം 
വൃഷ്ണികളെല്ലാംപനിപൂണ്ടുടനെ 
വീണുവിറച്ചീടുന്നതുകണ്ടു 
ഉഷ്ണിച്ചുടനേവൻപനിതന്നെ 
കൃഷ്ണൻ തിരുവടിയും നിർമ്മിച്ചു 
വിഷ്ണുജ്വരമതുവന്നുതുടങ്ങി 
വൻപനിതന്നൊടുസംഗരമപ്പോൾ 
തോറ്റുതുടങ്ങിശിവജ്വരമപ്പോ-
ളേറ്റുതടുപ്പതിനെളുതല്ലാഞ്ഞു 
പോറ്റുവതിന്നൊരുവരുമില്ലാഞ്ഞു 
പോറ്റിവിളിച്ചുകരഞ്ഞതിവേഗം 
നാരായണനുടെപാദസരോജേ
അതിനുതിചെയ്തങ്ങതിഭയമോടെ 

നാഥാമുകുന്ദശൗരേ! പരിപാഹിനാഥ 
മുകുന്ദശൗരേനാഥാ നീയല്ലാതില്ലേ
പരാശ്രയംപാഥോജനേത്ര!ഭവാൻ 
ഭീതിയൊഴിച്ചുപരിപാലിച്ചീടണം
ഭൂമീപതേപുരുഷോത്തമകൃഷ്ണാ     (നാഥാ)
അച്യുതാനന്ദജയജയജയ! 
സരസിരുഹലോചനസച്ചിൽ സ്വരൂപ 
സനാതനാകൃഷ്ണാ 
സത്യസ്വരൂപാ വിഭോ!         (നാഥാ)
താവകപാദയുഗംഗതിമമ 
പാവനശീല! വിഭോമാധവ! 
നിൻകൃപാവൈഭവംകൊണ്ടെന്റെ 
ആധിയും വ്യാധിയും നീക്കിരക്ഷിക്കണം 
സർവലോകേശാപരാപരവരദ 
ദർവീകരശയന സർവസ്ഥിതികരാ 
സർവഭൂതാത്മക! സർവദ! പാഹിമാം 
പാഹിദയാലോ             (നാഥാ)

ഇങ്ങനെയുള്ളൊരുനുതികേട്ടുടനേ
മംലഗമൂത്തിമധുരിപുഭഗവാൻ 
തിങ്ങിനപരവശഭാവമിയന്നൊരു 
വൻപനിതന്നഭയത്തെയുമരുളി; 
നിന്നീടുന്നതുനേരത്തിങ്കൽ 
വന്നിതുപോരിനുവീണ്ടഥബാണൻ 
നീണ്ടു തടിച്ചഭുജങ്ങളൊരായിര-
മുള്ളതിൽവില്ലുംശരവുമെടുത്തു 
കുണ്ഠതയെന്യേദശകണ്ഠൻവൈ-
കുണ്ഠൻ തന്നൊടുനേർത്തതുപോലെ 
ആർത്തുതിമർത്തുകളിച്ചുപുളച്ചുട-
നാർത്തിവെടിഞ്ഞുപടജ്ജനമോടും
നേർത്തിതുപടുവാക്യങ്ങൾ പറഞ്ഞതി 
ധൂർത്തൻപേർത്തുമടുത്തതുനേരം 
‌രേരേഗോകുലചോരാനില്ലെട 
നേരേനമ്മൊടുവാടാപോരിനു 
കൂടാനിന്നുടെവികൃതികളെന്നൊടു 
രൂഢാമോദം പോരാടീടുക 
നരകനല്ലമുരനുമല്ലവാരണ- 
മുഖതമല്ലകംസനല്ലിതതിബലാ 
വേറെയുള്ളവീരനെന്നുകരുതുക 
വിരുതുകളൊരുവകതെരുതെരെവളരുമ-
തഖിലമൊഴിപ്പാൻശരനിരതുരുതുരെ 
വരുമതുവീരനെങ്കിൽ നേരേനിന്നുസംഗര 
ശൂരനാകുമെന്നൊടെയ്‌ വിക്രമ-
മൊക്കെയിന്നുനിങ്കലെങ്കിലച്യുത! 
കരുതിനിന്നുപൊരുതുകൊൾകമാധവ! 
കൊടിയും കുടയുംവിരുതുകൾവടിവിലെടുത്തു 
നിന്നുടലടലിൽപൊടിപെടുത്തു 
നിന്നുടെതടിതകർത്തുനിന്നമർത്തി 
വെക്കമിഹഝടിതികുഴച്ചൊരു 
പിണ്ഡമതാക്കിവയ്ക്കുമീഞാനൊരു 
ദണ്ഡമെന്നിയെവെണ്ണമിന്നു 
പൊണ്ണനായനിന്നുടെചണ്ഡ-
ബാഹുവിക്രമങ്ങളൊക്കെയും 
മുന്നിൽ നിൽക്കിലോർക്കയിന്നു സങ്കടം 
വന്നുകൂടുമെന്നുധൂത്തയാദവ!

എന്നുപറഞ്ഞുടനെയ്തിതുബാണൻ
കുന്നിന്മേൽ മഴപെയ്യും പോലെ 
പന്നഗശായിയുമതുകണ്ടപ്പോൾ 
സന്നാഹത്തോടടുത്തസുരൻമെ-
യ്യൊന്നൊഴിയാതെ തറച്ചിതുബാണം 
വന്നൊരു കോപം സഹിയാഞ്ഞപ്പോൾ 
പേരാൽ തന്നുടെവേടുകൾപോലെ 
പെരുതായുള്ളകരങ്ങളശേഷം 
നാരായണനഖിലേശൻകൃഷ്ണൻ 
നേരേ നിന്നുമുറിച്ചുതുടങ്ങി 
പുരരിപുഭഗവാനതുകണ്ടുടനെ 
മുരരിപുതന്റെസമീപംപുക്കു 
അരുതരുതിവനെക്കൊല്ലരുതെന്നും 
തെരുതെരെയരുളിച്ചെയ്താനപ്പോൾ 
കരുണാകരനുടെപാദസരോജേ 
ശരണംചൊല്ലിവണങ്ങിമഹാഗുണ-
നിധിയായീടിനഭഗവാൻഗണപതി-
ജനകൻസ്തുതിചെയ്തിദമതുനേരം. 
“കൃഷ്ണമുകുന്ദ!മുരാന്തക!മാധവ 
ജിഷ്ണുമുഖാമരവന്ദിതകേശവ! 
ജിഷ്ണുസഖേ! ജഗദീശമനോഹര! 
വൃഷ്ണികലോത്തമ!വിശ്വംഭരജയ 
കൃഷ്ണപയോദനിഭാബ്ജവിലോചന! 
തൃഷ്ണാതരളിതചിത്തമുനീനാം 
തൃഷ്ണാശാന്തിദവിഗ്രഹഭഗവൻ 
വിഷ്ണോജയജയ! വിശ്വസ്ഥിതികര!
ത്വച്ചരണാംബുജചിന്താപരിവൃത 
നിശ്ചലബുദ്ധിമഹാബലിതനയൻ 
മച്ചരണാർച്ചനകാരണതോഹൃദി 
തൽകൃതദോഷമശേഷമിദാനീം 
വിസ്മരണംചെയ്തിപ്പുരിപാലയ 
ഭക്തപരായണദീനദയാലോ?’’ 
കാലാന്തകനുടെ കല്പനയിങ്ങനെ 
കോലാഹലമൊടുകേട്ടുടനപ്പോൾ 
നീലക്കാർനിറമൊത്തമുകുന്ദൻ 
കാലോചിതതരമരുളിച്ചെയ്തു: 
“ത്വൽഭക്തനതാമിവനിനിമേലിൽ 
മൽഭക്തനതായ് വന്നീടട്ടെ! 
മിഞ്ചിനപാണികൾ നാലും കൊണ്ടഥ
നിൻചരണങ്ങൾ പണിഞ്ഞിഹപാർശ്വേ 
കിഞ്ചനഭീതിഭവിക്കാതനിശം 
സഞ്ചിതമോദം വാണീടട്ടെ.’’ 
നാരായണനുടെ കല്പനയിങ്ങനെ 
മാരാന്തകനും കേട്ടുതെളിഞ്ഞു 
പാരാതടിമലർവീണുവണങ്ങി 
നേരേപുരിപുക്കുടനേവാണു.
ശുദ്ധനതാമനിരുദ്ധൻതന്നെ 
ബദ്ധാനന്ദം ഉഷയൊടുകൂടി 
മുഗ്ദ്ധവിലോചനഹസ്തേനൽകി 
ബുദ്ധിയിൽമോദമിയന്നുവണങ്ങി 

ദേവദേവദയാനിധോദനുജാന്തകാ പരിപാഹിമാം
വേദസാരമനോഹരാനന! മോദശീല നമോസ്തുതേ 
­ആദിയിൽ മകരാകൃതീമഴകോടുപൂണ്ടുനിരാമയം
ചാരുകൂമ്മകളേബര! ധര! ലോകനാഥ! നമോസ്തുതേ 
കോലകോലമിയന്നകേശവനീലലോല വിലോചന 
മാലശേഷമൊഴിച്ചു പാലയ! പത്മനാഭ! നമോസ്തുതേ 
നൗകനാശനദുരിതഹരമൃതിഭവഹരാകരുണാനിധേ 
നാരസിംഹമാഹാകൃതിധര! ദേവപാഹി നമോസ്തുതേ
പണ്ടുമൂവടിയായളന്നുഭയങ്കരം ഭുവനത്രയം 
ഭൂമികാന്തമനോഹര! ഭൂവനൈക നാഥ നമോസ്തുതേ 
പരശുധരവടിവായതുംദശരഥനു നന്ദനനായതും
പരമപുരുഷനതായതുംബലദേവനായുളവായതും 
വൃഷ്ണിവംശകുലോത്തമ! പുരുഷോത്തമായ നമോസ്തുതേ
ദുഷ്ടകർമ്മമഹോഭവാനൊടുദുഷ്ടനായിഹ ചെയ്തതും
കഷ്ടവാക്കു പറഞ്ഞതുംശരമിട്ടടക്കിയയച്ചതും 
ഒക്കെനിന്തിരുമേനിതന്നെക്ഷമിക്കിലേ ഗതിയുള്ളുമേ 
നിഷ്ക്കളങ്കനിരാമയ! നിഖിലേശനിർമ്മമനിർമ്മല 
നാളിൽനാളിൽ വരുംവിപത്തുകളൊക്കെയങ്ങുകളഞ്ഞുടൻ
നാളികേക്ഷണനിത്യവും വരമേകണംകരുണാനിധേ 
നിസ്സ്വരിൽപ്രിയ നീരജാനന സത്യരൂപ നമോസ്തുതേ
മാധവാമധുരാധരാമധുകൈടഭോന്മഥനം വിഭോ 

ഈവണ്ണം സ്തുതിചെയ്തബാണനോടതുനേരം 
ഈരേഴുലകിന്നീശൻകാർവണ്ണനരുൾചെയ്തു:
“ബാണാ! വരികനല്ലവണ്ണം വരും നിനക്കു 
പൊണ്ണന്മാർവൈരികളാൽ ദണ്ഡമുണ്ടാകയില്ല 
ശ്രീമഹാദേവൻതന്റെ ശ്രീപാദങ്ങളുംകൂപ്പി 
ശ്രീമാനായിവിടത്തിൽ ശോഭയിൽ വാഴ്കനീയും 
ശ്രീപതിയേവം കല്പിച്ചാമോദത്തോടുകൂടെ
ശ്രീസുതാത്മജനോടും ശ്രീസമയുഷനെയോടും 
ശ്രീമദ്ദ്വാരകപുക്കനേരം ജനങ്ങൾ ജയ 
ശ്രീയോടുമൊരുമിച്ചുവാണുസുഖിച്ചിതപ്പോൾ.

ബാണയുദ്ധം സമാപ്തം.


തയ്യാറാക്കിയതും സംശോധനം നടത്തിയതും:


ഡോ. ആദർശ് സി.
അസോ.പ്രൊഫസർ