Loading...
Home / സാഹിത്യം / പുതിയവ / കോളേജ് ഡിജിറ്റൈസേഷന്‍ / ശ്രീകേരളവര്‍മ്മ കോളേജ് തൃശൂര്‍ / രാമാനുചരിതം
Author: കുഞ്ചന്‍ നമ്പ്യാര്‍

രാമാനുചരിതം - കുഞ്ചന്‍ നമ്പ്യാര്‍

കാരണപൂരുഷനാകിയഭഗവാൻ 
വാരണവദനൻവാരിജനയൻ
ദ്വാരാവതിപുരിതന്നിലുദാരം
ദാരങ്ങളുടെസമൂഹത്തോടും
സ്വൈരംവാണരുളീടിനകാലം
നാരദമുനിവരനൊരുദിനമമ്പൊടു 
നാരായണനെക്കാണ്മതിനവിടെ-
പ്പാരാതങ്ങഴുനള്ളിനിഗൂഢം 
“പതിനാറായിരമെട്ടുംസ്ത്രീകടെ 
പതിയാകുന്നപരമ്പുരുഷൻതാൻ 
അതിമാനുഷനിവനെങ്കിലുമനവധി 
മതിമുഖിമാരൊടുകൂടിരമിപ്പാൻ 
മതിയായ്വരുമോതാനൊരുവൻപുന-
രതിനുടെകൗശലമുണ്ടറിയേണം 
പ്രതിദിനമോരോനാരികളോടും
 രതിസുഖമനുഭവമെന്നുവരുമ്പോൾ
 ഉഴവില്ലാതൊരുപുല്ലുകിളർത്തൊരു
 പഴനിലമെന്നകണക്കേസ്ത്രീകൾ-
 ക്കൂഴംവരുവാൻവളരെക്കാലം 
പാഴിലിരുന്നേസംഗതികൂടൂ 
മുപ്പതുമെട്ടുമൊരഞ്ചുംവർഷം
 മാസംപത്തുദിവസമൊരെട്ടും 
അങ്ങുകഴിഞ്ഞാലൊരുദിനമവനൊടു 
സംഗമമംഗനമാക്കലഭിക്കും 
രണ്ടാംകുറിവരുമളവേനാരികൾ 
കണ്ടാലാകാതായ്‌വരുമപ്പോൾ
തണ്ടാർമാതിൻകണവനുമായവൾ 
വേണ്ടാതായ്‌വരുമക്കാലത്ത്
തലമുടിയൊക്കെവെളുത്തുനരച്ചും
 മുലയിണതുങ്ങിയുലഞ്ഞുച്ചമഞ്ഞും 
ചിലപല്ലിന്നുമിളക്കംവരുമൊരു 
വിലപിടിയാത്തവളായ് വരുമപ്പോൾ 
ആയവൾപെറ്റതുപെണ്ണെന്നാൽപുന–
രവളും പെറ്റുതുടങ്ങുമതങ്ങനെ
 മകളും മകനും മരുമകൾ മകനും
 വകപലതിങ്ങനെ തീർന്നാലവിടെ 
സുഖമില്ലെന്നും വന്നുഭവിക്കും 
കാളിയമഥനൻവളരെ സ്ത്രീകളെ
വേളികഴിച്ചതുചിതമായില്ല;
കേളിക്കും സുഖമില്ലിസ്ത്രീകളെ 
ലാളിക്കുന്നതുമെങ്ങനെകൃഷ്ണൻ
മുറ്റുമൊരുത്തിയെലാളിക്കുമ്പോൾ 
മറ്റേപ്പെണ്ണിനുമുഞ്ഞികറുക്കും 
തെറ്റെന്നവളെസ്സമ്മാനിച്ചാൽ 
കുററം മറ്റവളൊന്നുണ്ടാക്കും
 അറ്റമതില്ലാതംഗനമാർക്കിഹ 
കൊറ്റുകൊടുത്തും കോപ്പുകൾതീർത്തും
പേറ്റിനുകടുകും മഞ്ഞളുമുള്ളിയു–
മോറംപലവകചിലവുകളിട്ടും
വളരെ സ്ത്രീകളെവെച്ചുപുലർത്തും
ജളപുരുഷൻമുതലുള്ളതശേഷം 
കളവാനുള്ളൊരുസംഗതിയാകും
കളവാണികളിൽകാംക്ഷമുഴുത്താൽ
നളിനവിലോചനനാകിയകൃഷ്ണനു 
നാരികളനവധിയുണ്ടായതിനാൽ 
കളിപറകല്ലൊരുനേരവുമുള്ളിൽ 
തെളിവില്ലെന്നും വന്നുഭവിക്കും 
വാശ്ശതുമസ്തുനമുക്കെന്തതിനാൽ
ഈശ്വരവിലസിതമാർക്കറിയാവൂ!
നന്ദകുമാരൻബോധിക്കാതേ
ചെന്നുപതുക്കെയൊളിച്ചൊരുദിക്കിൽ 
നിന്നുടനൊന്നുവിശേഷമറിഞ്ഞ-.
ങ്ങിന്നുനമുക്കുഗമിച്ചീടേണം.’’ 
ഇത്ഥം നാരദമാമുനിതന്നുടെ 
ചിത്തംതന്നിൽവിചാരിച്ചങ്ങൊരു 
പുത്തൻമണിമാളികമുകളേറി 
പുരുഷോത്തമനുടെശയനഗൃഹത്തിൻ-
ജാലകവാതിൽപഴുതിൽകൂടെ 
ചാലെയൊളിച്ചഥനോക്കുന്നേരം
ഉത്തമപുരുഷൻ വെറ്റിലയുംതി-
ന്നുത്തമകാമിനിമണിയൊടുചേർന്നഥ
മെത്തകരേറിമനോഭവലീലകൾ 
ചിത്തസുഖേനകഴിപ്പതുകണ്ടു. 
ഇന്നുമുരാന്തകനിവളൊടുകൂടി-
ച്ചേർന്നുശയിക്കും ദിവസമതല്ലൊ 
എന്നതറിഞ്ഞുമുനീന്ദ്രൻമറ്റൊരു 
മന്ദിരസീമനിചെല്ലുന്നേരം 
അവിടത്തിൽ പുനരംബുജനേത്രനു-
മവികലസുന്ദരിയായൊരുപെണ്ണും 
പകിടകളിച്ചുംകൊണ്ടുരസിച്ചും 
വികടവിനോദംവാണരുളുന്നു. 
മറ്റൊരുഭവനേചെന്നുമുനീന്ദ്രൻ
പറ്റിയൊളിച്ചഥനോക്കുന്നേരം 
കറ്റക്കുഴൽമണിയൊരുവൾമുകുന്ദനു
വെറ്റതെറുത്തു കൊടുപ്പതുകണ്ടു. 
എതിർഗേഹാന്തേചെന്നുമുനീന്ദ്രൻ
കതകിൻനികടേനോക്കുന്നേരം 
ചതുരൻകൃഷ്ണനുമൊരുസുന്ദരിയും 
ചതുരംഗംവയ്ക്കുന്നതുകണ്ടു. 
വീണാധരമുനിമറെറാരുഭവനേ 
കാണാതവിടെയൊളിച്ചഥനോക്കി 
ചേണാർന്നീടിനമധുസൂദനനും 
ഏണായതമിഴിയാകിനപെണ്ണും 
വീണാവേണുവിനോദത്തോടെ 
കാണായവിടെമിക്കുന്നതുമഥ 
പരഭവനാന്തേചെന്നുമുനീന്ദ്രൻ 
പരമപുമാനെയുമവിടെക്കണ്ടു. 
പരിമളമിളകിനമലയജമൊഴുകും 
പരഭൂതമൊഴിയുടെകുചഭരയുഗളം 
പരിചൊടുതിരുമാർവിടമിടചേർത്തഥ 
പരമസുഖേനപുണന്നീടുന്നു. 
പ്രാണാധിപനാംമാധവനിങ്ങനെ
ഏണമിഴിയുടെപാദസരോജേ
വീണാശുവണങ്ങീടുന്നതുമഥ 
കാണായ്‌വന്നിതുമറെറാരുഭവനേ 
നലമൊടുമറ്റൊരുഗേഹേകൃഷ്ണൻ 
ചലമിഴിയേനിജമടിയിലിരുത്തി
 തലമുടിചിക്കിവിടർത്തീടുന്നതു 
സുലളിതമവിടെക്കാണായ്‌വന്നു 
കലിതകുതൂഹലമന്യഗൃഹത്തിൽ 
കലിമുനിചെന്നുകരേറുംനേരം 
ജലജദലേക്ഷണനേവംനല്ലൊരു 
ചലമിഴിയേനിജമടിയിലിരുത്തി 
മലയജപങ്കിലകുംകുമകളഭം 
മുലകളിലണിയിക്കുന്നതുകണ്ടു.
കലഹപ്രിയമുനിതാനഥമറെറാരു 
നിലയംതന്നിൽചെല്ലുന്നേരം 
വലരിപുസഹജനൊരംഗനതന്നുടെ 
മുലയിണമെല്ലെത്തൊട്ടുതലോടി 
“കലഹിക്കരുതേകാമിനി! നിന്നുടെ 
മുലയിണയാണ മറ്റൊരുനാരിയെ 
ബലനംചെയ്തില്ലാശുസുശീലേ!
കലുഷതകളകള കളമൊഴിമൗലേ! 
കുലദൈവതമേവരികസമീപേ” 
ബലഭദ്രാനുജനിങ്ങനെയവളൊടു 
പലമൊഴിഹന്തകനിഞ്ഞുപറഞ്ഞു
കലഹംതീർത്തുടനവടെലലാടേ 
തിലകക്കുറിചേർക്കുന്നതുകണ്ടു. 
തദ്ദിശിമറ്റൊരുഗേഹേകൃഷ്ണൻ 
മദ്ദളമൊത്തിപ്പദവുംപാടി 
പദ്യംചൊല്ലിപ്പൊരുളരുളീടിന
വിദ്യാവിനോദവിലീനനുകണ്ടാൻ. 
ദോഷമകന്നഥമറെറാരുഭവനവി-
ശേഷമതറിവാൻചെല്ലുന്നേരം
  
മല്ലാരിദേവനൊരുമല്ലാക്ഷിയോടുംകൂടി
 മുല്ലായുധകേളിയിലുല്ലാസത്തോടുംകൂടി
 “മെല്ലെവരികതടവില്ലേതുമിന്നുമലർ
 വില്ലേന്തിവരുന്നൊരുമല്ലൻമദനനെന്നെ
 കൊല്ലുന്നതിനുമുമ്പേതെല്ലുംമടികൂടാതെ
 വെല്ലംപഞ്ചസാരയുംവെല്ലുമധരമതും
 മെല്ലെന്നുതരികനീകില്ലൊന്നുമിന്നുവേണ്ടാ
 നല്ലന്തിനേരമൊരുവല്ലന്തിയുണ്ടാക്കാതെ
 നില്ലന്തികേമനസികില്ലേന്തിയുഴലുന്നു?
 മുല്ലവിശിഖനുടെമല്ലാട്ടത്തിനുകാമ-
വല്ലീ! നീയെന്യേഗതിയില്ലല്ലോനമുക്കിന്നു.’’

ഇങ്ങനെയൊരുപുരിതന്നിൽമുകുന്ദനൊ-
രംഗനയോടരുൾചെയ്തതുകേട്ടഥ 
തിങ്ങിനമോദാൽനാരദമാമുനി- 
യെങ്ങുമൊരേടമിളച്ചീടാതെ 
ഊക്കേറുംഹരിചരിതംകണ്ടഥ 
മൂക്കേൽവിരലുംവച്ചുനടന്നു.
നിരക്കെപ്പതിനാറായിരമെട്ടു-
മിതൊക്കെക്കണ്ടുസുവർണ്ണഗൃഹത്തിൽ 
എല്ലാശയനഗൃഹങ്ങളിലുംബത
മല്ലാന്തകനുംമഹിഷിയുമായി 
സല്ലാപാദിസുഖേനശയിപ്പതു-
മുല്ലാസാലിഹകണ്ടുമുനീന്ദ്രൻ 
കൃഷ്ണ! ഹരേ! മധുസൂദന! മാധവ! 
വൃഷ്ണികുലേശ്വര! വിശ്വംഭര! ജയ 
വിസ്മയമീശ്വര! തവമറിമായം 
തസ്മിൻസ്വാമിൻനാഥ! നമസ്തേ 
സുസ്മിതനാകിയനാരദനിങ്ങനെ 
വിസ്മിതനായിവണങ്ങീട്ടുടനേ 
രുക്മിണിതാനഥവാണരുളീടിന 
രുക്മനികേതെചെന്നുമുനീന്ദ്രൻ
ഒട്ടുംമടിയാതേഷണിപറവാൻ 
വട്ടംകൂട്ടിവസിച്ചതൾചെയ്തു: 
“വരികവിരവൊടുവിദർഭതനൂജേ! 
വരഗുണശാലിനി! വാരണഗമനേ! 
ഹരിവല്ലഭമാർപതിനായിര-
മരുണാധരിമാരതിസുന്ദരിമാർ 
അതിലധികംപുനരെട്ടുനതാംഗിക-
ളതിലുംസുന്ദരിനീയും ഭാമയും 
അതിശയമാകിനഹരികാമിനിമാ-
രതിനൊരുസംശയമില്ല സുശീലേ! 
അതിലും ഹന്തനിനക്കുവിശേഷി-
ച്ചതിസൌഭാഗ്യമിതെന്നുപ്രസിദ്ധം 
എന്നിഹപലരുംപറയുന്നതുകേട്ട-
ങ്ങിനെതന്നെനമുക്കും ബോധം.

സത്യഭാഷിണിരുക്മിണിനീയും 
സത്യഭാമയും സംപ്രതിതുല്യം 
സത്യസന്ധനാം കൃഷ്ണനുനിങ്ങളിൽ 
നിത്യരാഗമൊരുനീക്കവുമില്ല; 
എങ്കിലും കിമപിസംശയമിപ്പോ-
ളെങ്കലുള്ളതിഹ ഞാനുരചെയ്യാം: 
മങ്കമാർമണേ! നിങ്കലുറച്ചൊരു 
പങ്കജാക്ഷനെത്തങ്കലതാക്കാൻ 
സത്യഭാമതാനൊന്നുമുതിർന്നതു 
സത്യബുദ്ധിയാം നീയറിയുന്നോ? 
ഗൂഢമന്ത്രമോ കിമപിയവൾക്കൊരു 
ഗൂഢതന്ത്രമോ ഉണ്ടതുനൂനം; 
പ്രൌഢനാകിയ ഹരിക്കവൾ തങ്കൽ 
ഗാഢരാഗമുളവായിതുകാലം 
പാരിനീശനമരേന്ദ്രബലത്തെ-
പ്പോരിലൻപൊടുജയിച്ചമുകുന്ദൻ 
പാരിജാതമപിഹന്തഹരിച്ച 
പാരിടത്തിലതുകൊണ്ടിഹപോന്നു 
ആരുമാരുമറിയാതൊരുദിക്കിൽ 
പേരുമാറ്റിവിധമൊന്നുപകർത്തി 
തത്രനട്ടുവളമിട്ടുനനച്ച 
ചിത്രരത്നശിലകൊണ്ടുപടുത്തു 
പത്മരാഗതണുവുംമണവുംബഹു 
പത്മനാഭനുടെഭാമിനിയാകും 
സത്യഭാമയുടെമന്ദിരമിപ്പോൾ 
സത്യലോകസുരലോകസമാനം

ഇരക്കുന്നജനങ്ങൾക്കു 
നിരക്കുന്നദ്രവ്യമെല്ലാം 
തെരിക്കെന്നുദാനംചെയ്‌വാ-
നൊരിക്കലും കുറവില്ലാ 
ഉരിക്കഞ്ഞിരണ്ടുവറ്റു–
മൊരിക്കൽഭുജിച്ചുകൊണ്ടു 
മരിപ്പാറായ്ക്കിടക്കുന്നോ
രിരപ്പാളിക്കൂട്ടമെല്ലാം 
നിരപ്പോടെപാരിജാത-
ത്തരുപ്രൌഢനോടുചെന്ന-
ങ്ങിരക്കുന്നേരമേതന്റെ
പരക്കുന്നകൊമ്പുകളി 
ലിരിക്കുന്നപട്ടുംപൊന്നും 
പെരുക്കുന്നനെല്ലുംവിത്തും 
കൊതിക്കുന്നതെല്ലാംതാഴെ 
പതിക്കുന്നതാശുകാണാം 
ഉടുപ്പാനില്ലാത്തവൻപ-
ട്ടുടുത്തുകങ്കണം കയ്യിൽ 
തൊടുത്തുകാതുരണ്ടിലും 
കടുക്കൻപോട്ടുകൊണ്ടാരോ 
മിടുക്കന്മാർനെല്ലരിയും 
പൊടുക്കെന്നുചാക്കിൽകെട്ടി 
നടക്കുന്നുവീട്ടിൽക്കൊണ്ടെ 
കിടക്കുന്നനാരിമാർക്കും 
കൊടുക്കുന്നുവേണ്ടതെല്ലാം.
കടക്കാരുംപോന്നുവന്നു
തടുക്കാതെദ്രവ്യംവാങ്ങി 
അടക്കംപൂണ്ടങ്ങുമാറി 
നടക്കുന്നുസന്തോഷിച്ചു 
കൊടുക്കുന്നവേലയെല്ലാ-
മെടുക്കുന്നവർക്കുകൂലി-
കൊടുക്കുന്നതിന്നുമേതും
മടിക്കുന്നോരില്ലിക്കാലം.

തരുണീകുലമണിഭാമവസിക്കും
പുരമതിൽമരുവിനൊരുരുതരസുരതരു 
ധനവസനാദികളെല്ലാംകരുതും 
തെരുതെരെയങ്ങുകൊടുക്കുംതാനും 
തെരുവുകൾവീടുകൾനാടുകളെല്ലാം
പെരുകിനധനധാന്യാദികൾകൊണ്ടിഹ 
പരിപൂർണ്ണാമൃതമായ്‌വന്നിതുബത 
നരവരസുന്ദരിരുക്മിണിബാലേ! 
ഇത്തരമുരുതരസുരവൃക്ഷത്തെ 
സത്വരമിങ്ങിഹകൊണ്ട്വന്നിപ്പോൾ
പത്തുസഹസ്രവുമാരസഹസ്രവു-
മുത്തമകാമിനിമണികളിലാർക്കും 
ഉത്തമപുരുഷൻദാനംചെയ്തി-
ല്ലത്തൊഴിൽകൊള്ളാമായതുപോട്ടെ; 
എട്ടുവധുക്കളിലേറ്റംമുരഹര-
നിഷ്ടയതായൊരുരുക്മിണിനിന്നുടെ 
വീട്ടിലെമുറ്റത്തമരദ്രുമമതു 
നട്ടുനനപ്പാൻനിന്നുടെവല്ലഭ-
നൊട്ടുംകനിവില്ലാഞ്ഞതുകഷ്ടം!
ഹന്തനിനക്കുതരാഞ്ഞതിനേക്കാ-
ളന്തസ്താപമവൾക്കുകൊടുത്തതു് 
കൊന്നതിനേക്കാൾ കോതചിറക്കൽ 
ചെന്നുവിളിക്കുന്നതുബഹുദുഃഖം. 
ഇത്തരമേഷണികൂട്ടിമുനീന്ദ്രൻ 
സത്വരമങ്ങുഗമിച്ചൊരുശേഷം 
ബുദ്ധിക്ഷയവുംപൂണ്ടഥരുക്മിണി 
ക്രുദ്ധിച്ചവിടെത്തന്നുടെഭവനേ 
കതകുമടച്ചുകിടക്കുന്നേരം
കടൽനിറമുടയവനങ്ങെഴുനള്ളി.
                              (പദം)
“ബന്ധുകാധരിമാർകൂപ്പുംബന്ധുരാംഗി! വാതിൽ
ബന്ധിച്ചുകിടപ്പാനെന്തൊരുബന്ധംബാലേ! 
അന്തിനേരവുമിരുട്ടുംവന്നുകൂടിനിന്റെ 
അന്തികേശയിപ്പാനല്ലോവന്നുഞാനും
എന്തിനുകലഹിക്കുന്നുകല്യാണാംഗി! കൃഷ്ണൻ 
എന്തൊരുപിഴചെയ്തിപ്പോളെന്നുചൊൽക 
മാരന്റെശരങ്ങളേറ്റുമാഴ്‌കുന്നെന്റെചിത്തം
ആരെന്റെമാലറിയുന്നുനീയല്ലാതെ
പന്തിടഞ്ഞപോർമുലകൾ പുല്കാനല്ലോവന്നു
ദന്തിഗാമിനി! നിൻകാന്തൻവാസുദേവൻ
മറ്റുള്ളമാനിനിമാരെക്കൈവടിഞ്ഞുഞാനും 
മുറ്റുംനിന്നോടുരമിപ്പാനല്ലോവന്നു 
കുറ്റമെന്തെനിക്കുബാലേ! കൂറില്ലാതായ്‌വന്നു 
തെറ്റെന്നുകതകടപ്പാനെന്തുമൂലം? 
പാരമുണ്ടുപരിതാപം പങ്കജാക്ഷിബാലേ!
പാരാതെവാതിൽ തുറക്കരുക്മിണീനീ’’

ഇങ്ങനെമധുരിപുതന്നുടെവചനം 
തിങ്ങിനകലഹത്തോടെകേട്ടഥ 
മങ്ങിനമുഖവുംതാഴ്ത്തിയിരുന്നുക-
ലങ്ങിനവചസാരുക്മിണിചൊന്നാൾ.
                                  (പദം)
“വണ്ടാർകുഴലിമാരെക്കൊണ്ടാടിവിനോദിപ്പാൻ”
പണ്ടാരുമേവമില്ലല്ലോ 
വേദാന്തമൂർത്തേ! പണ്ടാരുമേവമില്ലല്ലോ 
അംബുജമധുപാനമാദരിക്കുന്നഭൃംഗം
നിംബത്തെകാംക്ഷിച്ചീടുമോ?
നിർമ്മലാകാര! നിംബത്തെകാംക്ഷിച്ചീടുമോ? 
പാരാതെതന്നെപതിനാറായിരംനാരിമാർ 
വേറായ്നിനക്കുമുണ്ടല്ലോ
വേദാന്തമൂർത്തേ! വേറായ് നിനക്കുമുണ്ടല്ലോ 
പാരിജാതത്തെനൽകിപ്പാലിച്ചുവെച്ചിരിക്കും
വാരിജാക്ഷി ഞാനല്ലല്ലോ
വാരിധിവർണ്ണ! വാരിജാക്ഷിഞാനല്ലല്ലോ 
ദിവ്യസ്ത്രീയോടുകൂടി ദിവ്യകുസുമംചൂടി 
നിർവ്യാജക്രീഡചെയ്താലും നീരജനേത്ര! 
നിർവ്യാജക്രീഡചെയ്താലും 
സാരങ്ങളായുള്ളൊരുദാരങ്ങൾനിൻവരവും 
പാരം കൊതിച്ചുമേവുന്നു.
പാരാതെ പോകു! പാരം കൊതിച്ചുമേവുന്നു

ഭീഷ്മകമകളുടെവചനമതിങ്ങനെ 
ഊഷ്മളതരമഥകേട്ടുമുകുന്ദൻ 
ശാന്തിദവാക്കരുൾചെയ്തുപതുക്കെ 
ശാന്തതകിമപിവരുത്തിക്കൊണ്ടഥ
വാതിൽതുറപ്പിച്ചാശുഗൃഹംപു- 
ക്കാധിപറഞ്ഞുകളഞ്ഞുതെളിഞ്ഞൊരു-
ഭാവമിയന്നൊരുഭാമിനിയോടും 
ഭഗവാനത്രശയിച്ചുരമിച്ചു.

അവശതകൾപറഞ്ഞുകളഞ്ഞു 
അവളുടെമുഖമാശുതെളിഞ്ഞു 
കുളുർമുലകളണച്ചുപുണർന്നു
 ഇതിപലവിധലീലതുടർന്നു
രതിരമണൻബാണമിണങ്ങി 
മതിമുഖിയുടെകോപമടങ്ങി 
മധുമലർഗണമാശുപൊടിഞ്ഞു 
തലമുടിവടിവോടുമഴിഞ്ഞു 
പരിചോടുടനെവീടിനുകർന്നു
രജനിയതുകഴിഞ്ഞുപുലർന്നു

രജനികഴിഞ്ഞുപുലർന്നൊരുസമയേ 
രുചിരസുഖേനമുകുന്ദൻഭഗവാൻ 
നിജകൃത്യങ്ങൾകഴിച്ചുഭുജിച്ചഥ
നിജമണിഭവനേചെന്നു വസിച്ചു.
“ഉള്ളിൽ നിനച്ചിതുരുക്മിണിദേവി-
ക്കുള്ളിലഹമ്മതികൊണ്ടിഹകിഞ്ചിൽ 
ഉള്ളനതാംഗിജനങ്ങളിലതിശയ–
മുള്ളവൾ ഞാനെന്നുണ്ടൊരുഭാവം 
എങ്കിലതൊട്ടുശമിപ്പിക്കാഞ്ഞാ 
ലെങ്കലൊരൂനതവരുമിനിമേലിൽ”
എന്നുമനസ്സിലുറച്ചുമുകുന്ദൻ 
തന്നുടെവാഹനമാകിയഗരുഡനെ
വിരവൊടുചിന്തിച്ചീടിനസമയേ  
ഗരുഡനുമമ്പൊടുവണങ്ങി  
അരുളിച്ചെയ്തുമുകുന്ദൻഭഗവാൻ: 
“ഗരുഡാ! വരികസമീപേസുമതേ! 
കദളിവനത്തിലിരിക്കുന്നുണ്ടിഹ 
കദനവിചക്ഷണനാകിയഹനുമാൻ 
മദനാന്തകനുടെബീജമവൻദശ-
വദനപുരത്തെദഹിപ്പിച്ചൊരുവൻ 
രഘുനായകനുടെഭക്തൻമാരുതി 
ലഘുതരലംഘിതലവണസമുദ്രൻ
സുഗ്രീവപ്രിയനംഗദസേവ്യൻദ-
ശഗ്രീവന്റെകപോലസ്ഥലമതി-
ലുഗ്രനഖാവലികുലിശകരാളക-
രാഗ്രംകൊണ്ടടികൂട്ടിയവീരൻ 
അഞ്ജനതന്നുടെതനയൻനിശിചര- 
ഭാഞ്ജനമമ്പൊടുചെയ്തൊരുവീരൻ 
അക്ഷകുമാരനെവിരവൊടുതന്നുടെ
കക്ഷംതന്നിലമർത്തിഞെരിച്ചുവ-
ധിച്ചവിചക്ഷണനായ്മരുവീടിന-
മാരുതസുതനുടെവീക്ഷണമായതു 
പാരാതിങ്ങുലഭിച്ചീടേണം;
ദക്ഷനതായഭവാനതിനധുനാ
പക്ഷികുലോത്തമ! പോയ്‌വരവേണം.

“ഗന്ധമാദനമഹാഗിരിമുകളിൽ 
ഗന്ധവാഹനതനൂജനിരിക്കു-
ന്നൈന്ദ്രവാഹനസഹസ്രബലന്മമ 
ബന്ധുവാകുമവനാശുവരേണം 
മർക്കടാധിപനെയിങ്ങുവരുത്താൻ
ദുർഘടംതവഭവിക്കയുമില്ല 
മല്ക്കടാക്ഷമവനാഗ്രഹമുണ്ടതു 
നീക്കമില്ലവരുമിങ്ങുനിനച്ചാൽ;
പണ്ടുരാമനുടെചാരുകടാക്ഷം-
കൊണ്ടുമൽപ്രിയനതാംഹനുമാനെ-
കണ്ടുകൊൾവതിനു കൌതുകമിപ്പോ-
ഉണ്ടുമേ മനസിപക്ഷികുലേന്ദ്ര! 
രണ്ടുനാലുദിവസത്തിനകംനീ 
കൊണ്ടുവന്നുമമകാട്ടുകവേണം 
രണ്ടുപക്ഷമതിനില്ലഭവാനെ-
കണ്ടുവെങ്കിലവനിങ്ങിഹപോരും.” 

അരുളപ്പാടതുകേട്ടുഗരുഡൻ മുകുന്ദൻ തന്റെ
തിരുപ്പാദേ വീണുകുപ്പിസ്തുതിച്ചുസന്തോഷത്തോടെ 
 ചിറകുംപരത്തിക്കൊണ്ടങ്ങുയന്നുമാരുതവേഗ 
 മിയന്നുഗഗനത്തിങ്കൽപരന്നുവടക്കുനോക്കി-
 പ്പറന്നുനാടുകൾകാടുംകടന്നുഗന്ധമാദന-
 മണഞ്ഞു കീഴ്പോട്ടുനോക്കിയറിഞ്ഞു മാരുതിവീര-
നിരിക്കുംകദളികൊണ്ടുല്ലസിക്കുംപ്രദേശത്തുചെ-
നിറങ്ങിയരികേയങ്ങുനിറഞ്ഞ വാഴക്കൂട്ടത്തിൽ 
നിറഞ്ചേരും മണ്ഡപത്തിലിരിക്കും ശ്രീഹനുമാനെ 
സ്മരിക്കുംമാനുഷക്കുള്ളിലിരിക്കുംപാപങ്ങളെല്ലാം
 തെരിക്കെന്നുനഷ്ട്രമാക്കും ഒരിക്കലേതന്നെനൂനം

ഇങ്ങിനെയുള്ളൊരുശ്രീഹനുമാനെ
തിങ്ങിനമോദാൽകണ്ടൊരുനേരം 
പതംഗപുംഗവനാകിയഗരുഡൻ 
കപികുലപുംഗവനോടരുൾചെയ്തു: 
ജനകസുതാപതിദൂതസഖേമണി-
കനകസുകുണ്ഡലമണ്ഡിതഗണ്ഡ! 
അനഘമതേശൃണുമാമകവചനം 
വിനതാസുതനഹമണ്ഡജവീരൻ 
അരുണസഹോദരനധികവിനീതൻ 
കരുണാകരനുടെവാഹനഭൂതൻ 
അരുണാംബുജദളലോചനനാകിയ 
ഹരിയുടെദൂതൻഞാനിഹവന്നു 
അരുളിച്ചെയ്തുനിയോഗിച്ചിതുമാം
കളരിൽകനിവൊടുകാർമുകിൽവർണ്ണൻ 
സുരപുരിസമമാംദ്വാരകതന്നിൽ 
സുരുചിരവാസംചെയ്തരുളുന്ന 
യദുകുലനാഥൻകൃഷ്ണൻതിരുവടി 
സദുവാം ശ്രീമൃദുചരണസരോജൻ 
അഞ്ജനതന്നുടെമകനാകുന്നനി-
രഞ്ജനഹൃദയനതായഭവാനെ, 
അഞ്ജനവർണ്ണനുകാണ്മാനാഗ്രഹ-
 മധികമതുണ്ടെന്നറികയിദാനീം
 തൻതിരുവടിതാനെന്നെയയച്ചു 
ചിന്തിതമെന്തെന്നാർക്കറിയാവൂ;
 പംക്തിമുഖാലയദാഹകനെദ്രുത-
മന്തികസീമിനികൂട്ടിക്കൊണ്ടിഹ 
വരികെന്നെന്നെനിയോഗിച്ചിതുഹരി 
പെരികെക്കൗതുകമോടിതുകാലം. 
വിരവൊടുപോന്നീടുകനീകപിവര
 ഹരിവരമരുളുംന്തനിനക്കം’’ 

അരുണനുടെസജനുടെവചനമതു കേട്ടുടൻ
ആഞ്ജനേയൻകപിശ്രേഷ്ഠൻപറഞ്ഞിതു
“പശുപകുലമതിൽമരുവുമശുഭമണിയാമവൻ 
പാത്ഥനുതേർതെളിപ്പാനിരിക്കുന്നവൻ 
തെളിവുമൊരുവെളിവുമവനകമലരിലില്ലെടോ!
വെണ്ണയുംപാലുംകവർന്നുഭുജിപ്പവൻ 
അവനുടയഭവനമതിൽവരികചിതമല്ലെടോ!
അഞ്ജനാപുത്രനാമിക്കപിശ്രേഷ്ഠനു്
വൃഷലികടെവികൃതിബതശിവശിവനമുക്കഹോ
വീക്ഷണം ചെയ്യാൻ മനസ്സില്ലതെല്ലുമേ 
ചടുലമിഴിപടലികടെവിടുപണികൾചെയ്യുമ-
ചങ്ങാതിയെച്ചെന്നുകാണ്മാൻചിതംനഹി 
രഘുനൃപതികുലതിലകനലഘുഭുജവിക്രമൻ 
രാമഭദ്രസ്വാമിദേവൻസദൈവതം 
അവനുടയചരണമൃദുകമലയുഗമാശ്രയം 
അന്യനെസ്സേവിക്കയില്ലഞാനണ്ഡജാ.’’

മർക്കടവരനുടെവാക്കുകൾകേട്ടുട- 
നുൽക്കടരോഷമിയന്നഥഗരുഡൻ
“നോക്കെടമൂത്തകുരങ്ങച്ചാരേ
ധിക്കാരം മമകേൾക്കരുതിപ്പോൾ 
ശക്രാദികളുംവന്നുവണങ്ങും 
ചക്രായുധനെക്കൊണ്ടുദുഷിക്കം
വക്രാത്മാവേനിന്നൊടുകിഞ്ചന
വക്കാണിച്ചേമതിയാവിപ്പോൾ. 
അർക്കനുതുല്യമശേഷജഗത്തിലി-
തൊക്കെപ്പൊലിമവരുത്തിയിരിക്കും 
വിക്രമജലനിധിവിശ്വജനേശ്വര-
നക്കടൽവർണ്ണൻകർണ്ണാരിസഖി 
മൽകുലദൈവതമദ്ദേഹത്തെനി-
നക്കുദുഷിപ്പാൻയോഗ്യതയുണ്ടോ?
മർക്കടകീടാനില്ലെടനിന്നുടെ
മസ്തകമിന്നുതകർത്തേപോകൂ 
ഉളളമരങ്ങടെകായുംകനിയും 
തൊള്ളയിലിട്ടുകടിച്ചുഭുജിച്ചഥ 
പള്ളനിറച്ചുമരത്തേലേറി 
പല്ലുമിളിച്ചുപുളച്ചുനടക്കും 
കള്ളക്കൂട്ടംകപിചപലന്മാർ
മുള്ളുപറഞ്ഞാലതുപൊഴുതുടനടി-
കൊള്ളുമെടാമതികലഹംനിന്റെ 
തള്ളലുമുടനേതീരുമശേഷം 
കൊള്ളിവലിച്ചുതലയ്ക്കിട്ടുടനടി 
കൊള്ളിക്കും ഞാൻവാലുപിടിച്ചിഹ 
തുള്ളിക്കുന്നുണ്ടത്രയുമല്ലിനി
വള്ളികൾകൊണ്ടുവരിഞ്ഞുകിണറ്റിൽ 
തള്ളിമറിച്ചൊരുതടികൊണ്ടുടലുകൾ 
തല്ലിഞെരിച്ചുതടിച്ചകുരങ്ങിനെ- 
യെള്ളിനുതുല്യംപൊടിയാക്കാതെ- 
ന്നുള്ളിൽക്കോപമടങ്ങുകയില്ല; 
തന്നെത്താനറിയാതെദുഷിക്കം 
നിന്നെത്താമസിയാതെവധിച്ചേ 
പന്നഗരിപുവിനുമതിയാകുള്ളു 
പന്നഗഭൂഷണപാദത്താണ’’. 
എന്നതുകേട്ടരുൾചെയ്തുഹനൂമാ-
“നെന്നുടെനിധനംചെയ്‌വതിനിപ്പോൾ 
മന്നിലൊരുത്തരുമില്ലിഹപിന്നെ 
പന്നഗലോകംതന്നിലുമില്ലാ
വിണ്ണിലുമില്ലെന്നറിയാമെന്നുടെ 
ഉണ്ണികയർക്കുന്നെന്തിനുപഴുതേ? 
കണ്ണനുവേണ്ടിക്കലഹിച്ചാൽനി-
ന്റണ്ണനുതുല്യമതാകുംനീയും 
അണ്ഡജമൂഢാനിന്നുടെജ്യേഷ്ഠനൊ-
രണ്ഡജനല്ലേ സൂര്യനുസാരഥി? 
പൊണ്ണനുതുടയിണയിലകൾമുറിച്ചൊരു 
വണ്ണൻവാഴകണക്കേരവിയുടെ 
തേരുതെളിച്ചുനടക്കുന്നിപ്പോ- 
ളാരുമിതറിയാതില്ലിഹഗരുഡാ! 
ഊരുവിഹീനൻതന്നുടെ തമ്പി-
ക്കൂരുമുറിഞ്ഞുനടപ്പാറായി 
മാരുതിയോടുമറുത്തുവരുന്നവ- 
രാരുംതോറ്റുമടങ്ങാതില്ലാ 
പോരുംനിന്നുടെപൗരുഷവാക്കുകൾ
ചേരുന്നില്ലിഹ ചെറ്റുമിദാനീം 
പോരുതുടർന്നുജയിപ്പാൻമാത്രം 
പോരുംഞാനെന്നാഗ്രഹമെങ്കിൽ 
ആരംഭിക്കണമാഹവമെന്നൊടു 
സാരംവെച്ചുപറഞ്ഞതുമതിമതി 
കൊക്കംമുഖവുംനഖവുംചിറകുമി-
നിക്കുണ്ടായുധമമർചെയ്‌വതിനെ- 
ന്നുൾക്കമലത്തിൽ നിനക്കൊരുഹുംകൃതി 
നില്ക്കുംരണ്ടടികൊള്ളുന്നേരം 
മുഷ്കുശമിച്ചുടനിയ്യൽകണക്കെ
പറക്കും നീപടയേറ്റെന്നാകിൽ
ദിക്കുജയിച്ചൊരുരാവണവീര-
നിരിക്കുംലങ്കാനഗരംചുട്ടു 
കരിച്ചൊരുകരുമനകേട്ടവരാരും
ഇക്കപിവീരമെതിർക്കയുമില്ലാ 
ഒക്കെയറിഞ്ഞൊരുപക്ഷിക്കെന്നെയ- 
മർക്കാമെന്നുമുതിർന്നതുകൊള്ളാം.
നിന്നെക്കൊല്ലുകയില്ലേഹനൂമാൻ
പിന്നെദ്ദോഷംവരുമതുമൂലം 
കിന്നരചാരണസന്നതനീശ്വര-
നെന്നുടെനാഥൻശ്രീനാരായണ-
ദേവൻതന്നുടെവാഹനമാകിയ 
ത്വദ്ദേഹത്തെനശിപ്പിച്ചെന്നാ- 
ലദ്ദോഷംമമതീരുകയില്ലെ- 
ന്നുദ്ദേശിച്ചുപറഞ്ഞിതുഞാനും. 
സർപ്പാശനനായുള്ളൊരുനിന്നുടെ 
ദർപ്പമടക്കിയയപ്പാനല്പം
സംഗരമിവിടെച്ചെയ്യാംപുന-
രങ്ങപ്പുറമേതുംഭാവവുമില്ലാ” 
ഇങ്ങനെയുള്ളൊരുപവനാത്മജനുടെ 
ഭംഗികലർന്നൊരുമൊഴികേട്ടിട്ടും 
സംഗരമെളുതല്ലെന്നതുഹന്തവി-
ഹംഗമരാജനുതോന്നീലേതും, 
“കരുതിക്കൊള്ളെടകപികുലകീടാ! 
പൊരുതിക്കൊള്ളടപൊണ്ണത്തടിയാ
തരുമൃഗമാകിയനിന്നുടെതടിയൊരു 
പെരുമലപോലെതടിച്ചുതുടിച്ച–
തടിച്ചുതുലച്ചുപിടിച്ചുമിഴച്ചുമെ-
തിർത്തുവരുന്നസമത്ഥൻഗരുഡൻ 
ധൂർത്തുപെരുത്തകുരങ്ങച്ചാരെ 
കൂർത്തുവളഞ്ഞൊരുകൊക്കിൻമുകളിൽ
കോർത്തും കൊണ്ടുപറന്നുതിരിച്ച- 
ക്കാത്യായനിയുടെസോദരനാകിയ 
കീർത്ത്യാവിലസിനസുലളിതകോമള 
മൂർത്ത്യാനന്ദജനാർത്ത്യാദിഹരൻ 
മുരരിപുഭഗവാൻവാണരുളുന്ന 
പുരത്തിൽകൊണ്ടേതാഴ്ചവരാതിഹ 
തൻതിരുമുമ്പിൽകാഴ്ചയതായ്‌വ-
ചന്തരമെന്യേതൊഴുതീടുന്നേൻ’.

ഇത്ഥംപറഞ്ഞുചെന്നുയുദ്ധംതുടങ്ങിപാരം 
ക്രൂദ്ധൻഗരുഡനതിശുദ്ധൻതാനൊന്നേവേണ്ടു
ശക്തന്മാരായുള്ളോരുനക്തഞ്ചരേന്ദ്രന്മാരെ
കുത്തിക്കൊലചെയ്തൊരുശക്തിയിൽ പാതിവേണ്ടാ
 മരുത്തിന്റെപുത്രനാകുംകരുത്തൻഹനുമാനെന്നു
 പരമാർത്ഥമറിയാതെഗരുഡൻപടതുടങ്ങി 
ചൊടിച്ചുംചിറകുകൾകൊണ്ടടിച്ചും 
കൊക്കുകൾകൊണ്ടുകടിച്ചും 
വട്ടത്തിൽപാർത്തങ്ങണഞ്ഞും 
വല്ലാത്തവാക്കുപറഞ്ഞും 
തങ്ങളിൽകെട്ടിപ്പിണഞ്ഞും
ദൂഷണംചൊല്ലിപ്പഴിച്ചും
ഘോഷിച്ചുശുണ്ഠികടിച്ചും 
പോരാടുന്നേരംകുലുങ്ങി 
ഗന്ധമാദനം, കലങ്ങി 
വാരിധിനാലും, മുടങ്ങി 
മൃഗസഞ്ചാരം, നടുങ്ങി 
ഭൂചക്രവാളം, മടങ്ങീടാതെ 
തങ്ങളിൽ തുടങ്ങി മുഷ്ടിയുദ്ധങ്ങൾ.

അടികളുമിടികളുമുടനുടനെ
കടിപിടികലശലുമിഹഘടനെ
വടിതടിയൊക്കെയുമടവുകളും-
പൊടുപൊടെരടിതവുംവിരുതുകളും
കദനവിധങ്ങളൊന്നുപകർന്നീടുന്നു
കദളിവിപിനമൊക്കെത്തകർന്നീടുന്നു
മലകടെഗുഹകളുംമുഴങ്ങീടുന്നു
കലപുലികളുമേറ്റംകുഴങ്ങീടുന്നു
കലഹരസികൻമുനിരസിച്ചീടുന്നു
കലിതകുതുകമിഹവസിച്ചീടുന്നു
ഭയമുടയവരൊക്കെത്തിരിച്ചീടുന്നു
ഭയമില്ലാത്തവർകണ്ടുരസിച്ചീടുന്നു
വരഗിരിസമമൊന്നുവളർന്നീടുന്നു
പരിചൊടുകയ്യുംകാലുംതളർന്നീടുന്നു
ഗരുഡനുമദമൊന്നുകുറഞ്ഞീടുന്നു
ഗഹനഭൂവതിൽനിന്നുപറന്നീടുന്നു 

തെല്ലുകയർത്തൊരുമാരുതസുതനുടെ 
തല്ലുകൾകൊണ്ടുതളർന്നുശരീരം 
അല്ലൽമുഴുത്തുടനരുണസഹോദര-
നാശുപറന്നുതിരിച്ചുതുടങ്ങി 
ഒന്നുവിളിച്ചരുൾചെയ്തുഹനൂമാ- 
“നെന്നുടെഗരുഡൻഖേദിക്കേണ്ടാ
 എന്നെപ്പൊരുതുജയിപ്പാനിപ്പോൾ
 മന്നിലൊരുത്തരുമതിയാകില്ലാ 
എന്നതുകാരണമെന്നൊടുതോറ്റതി-
നെന്നുടെഗരുഡനൊരവമതിവേണ്ടാ 
അങ്ങുപരാക്രമമില്ലാഞ്ഞല്ലിഹ 
ഭംഗംവന്നുഭവിച്ചുസഖേ! തവ 
തുംഗപരാക്രമനാകിയമനുകുല-
പുംഗവരാമസ്വാമികടാക്ഷം–
കൊണ്ടുനമുക്കുവിശേഷതയുള്ളതു-
കൊണ്ടുഭവാനുമറിഞ്ഞീടേണം 
രണ്ടുവിധംവാക്കില്ലനമുക്കു 
പണ്ടുമിദാനീമപിനഹിഭേദം 
ഗുരുവാമെന്നുടെരഘുകുലനാഥൻ 
ഒരുവാക്കിപ്പോൾചൊല്ലിയയച്ചാൽ 
വരുവാൻസംശയമില്ലിങ്ങാവതു-
മൊരുവാക്കങ്ങുധരിപ്പിക്കണം 
സജ്ജനസഭയിലിരുന്നരുളുകിലും 
ദുർജ്ജനസഭയിലിരുന്നരുളുകിലും 
അജ്ജനകസുതാപതിയരുൾചെയ്താ-
ലവിടെനമുക്കുവരാൻകുറവില്ലാ” 
ഇത്തരമുള്ളൊരുമാരുതിവചനം
ചിത്തരസത്തൊടുകേട്ടഥഗരുഡൻ 
സത്വരമങ്ങുപറന്നുതിരിച്ച-
ങ്ങുത്തരമുരിയാടാതെഗമിച്ചു; 
കാരണപുരുഷൻവാണരുളീടിന 
ദ്വാരാവതിപുരിപുക്കഥഗരുഡൻ 
വന്ദനചെയ്തിഹനിന്നൊരുസമയേ 
നന്ദകുമാരൻചോദ്യംചെയ്തു: 
“എന്നുടെഗരുഡൻവന്നോബതപുന-
രെങ്ങുഹനുമാൻപിറകെവരുന്നോ? 
നിന്നൊടുകൂടിവരാതെയിരിപ്പാൻ
സംഗതിയില്ലവനെന്തിഹവൈകി? 
മർക്കടവരനിഹഗോപുരസീമനി 
പാർക്കുന്നെന്തിനുപഴുതിലിദാനീം; 
വെക്കംവരുവാൻചൊല്ലീടവനെ 
അക്കപിവരനവസരമറിയേണ്ടാ”
അർജ്ജുനസഖിയുടെവചനംകേട്ടിഹ 
ലജ്ജിതനാകിയവിനതാതനയൻ 
അഞ്ജലിക്രപ്പിയുണർത്തിച്ചാനുട- 
നഞ്ജനതന്നുടെമകനുടെവചനം: 
“ഉല്പലലോചനനിന്തിരുവടിയുടെ 
കല്പനഞാൻചെന്നവനൊടുചൊന്നേൻ
അല്പംബഹുമാനിച്ചീലെന്ന- 
ല്ലപ്രിയവചനമുരച്ചൂഹനൂമാൻ 
നിന്തിരുവടിയെക്കൊണ്ടുദുഷിച്ചതു 
ചിന്തിച്ചാലതികഠിനംകഠിനം 
ഹന്തനമുക്കതുണർത്തിപ്പാനെളു- 
തല്ലമുകുന്ദമുകുന്ദനമസ്തേ! 
ഇടയില്ലാത്തഭടന്മാരാകുമൊ-
രിടയന്മാരുടെനടുവിൽവസിക്കും 
മുടിയൻചൊല്ലിയയച്ചിഹവന്നൊരു 
തടിയൻനീയെന്തറിയുംമൂഢാ! 
മടവാർചൊല്ലിയവിടുപണിയെല്ലാം 
മടികൂടാതെയെടുത്തുപൊറുക്കും
പിടിയാത്തവരൊടുപരിയപ്പെട്ടോ-
രടിയാനല്ലിക്കപികുലവീരൻ 
കടിയാപ്പട്ടികുരയ്ക്കുമ്പോളൊരു 
വടിയാൽനിൽക്കുമതല്ലാതെന്തിഹ 
വടുവാമവനെപ്പേടിയുമില്ലി-
പ്പടുവാംപവനതനൂജനുമിപ്പോൾ 
കടുതായ്ശബ്ദിക്കുംകുറുനരിയെ-
ക്കടുവായുണ്ടോപേടിക്കുന്നു? 
ചൊല്ലേറുംരഘുനായകനല്ലാ–
തില്ലൊരുദൈവമെനിക്കിഹഭുവനേ 
കല്യാണാകൃതിസീതാരമണൻ 
ചൊല്ലിയയച്ചെന്നാലവിടത്തിൽ 
ചെല്ലുവതിന്നൊരുസംശയവുംപുന–
രില്ലനമുക്കതുബോധിച്ചാലും! 
വല്ലതുമെങ്കിലുമസ്തുനമുക്കൊരു 
വല്ലവശിശുവെശ്ശങ്കയുമില്ല.
പുല്ലുംനിന്നുടെസ്വാമിയുമൊക്കും 
ചൊല്ലുകനീചെന്നവനൊടിതെല്ലാം
വെണ്ണകവർന്നുഭുജിച്ചുനടക്കും 
കണ്ണൻചൊല്ലിയയച്ചവിശേഷം 
കർണ്ണംകൊണ്ടുശ്രവിക്കയുമില്ലീ-
യർണ്ണവതരണംചെയ്തൊരുഹനുമാൻ 
അക്കപിയിങ്ങനെനിന്തിരുവടിയെ-
ദ്ധിക്കാരേണപറഞ്ഞൊരുവാക്കുസ-
ഹിക്കാഞ്ഞടിയൻതടിയൻകപിയൊടു 
വക്കാണത്തിനുവട്ടംകൂട്ടി 
കൊക്കുംചിറകുമുയർത്തിച്ചെന്നഥ 
കൊത്തുംതള്ളലുമടികളുമിടികളു-
മിത്തരമഖിലവിധങ്ങളിലവനൊടു 
യുദ്ധംചെയ്തുകുറഞ്ഞൊരുനേരം 
ഉദ്ധതനാകിയമാരുതസുതനുടെ 
കുത്തുംതള്ളലുമിടിയുംകടിയും 
തൊഴിയുംപൊഴിയുംകൊണ്ടുടനടിയൻ
മണ്ടിപ്പോന്നിഹഭവനംപുക്കാൻ. 
പണ്ടൊരുനാളുമിവണ്ണമൊരവമതി-
യുണ്ടായിട്ടറിവില്ലടിയന്നു് 
പണ്ടാരമുതൽതിന്നുമുടിക്കും 
പണ്ടങ്ങൾക്കിതുകേട്ടാൽപരിഭവ-
മുണ്ടെന്നാകിൽതഴയുംകയ്യിൽ 
കൊണ്ടുപുറപ്പെട്ടീടുകവേണം 
യജമാനന്മാരെങ്ങു?നിന്നുടെ 
യജമാനത്വമിതെന്തിനുകൊള്ളാം? 
തങ്ങടെസ്വാമിയെയിന്നൊരുമൂത്ത 
കുരങ്ങച്ചൻദുഷിവാക്കുപറഞ്ഞാൽ 
എങ്ങനെകേട്ടുപൊറുത്തീടുന്നു? 
ചങ്ങാതിക്കതുചിതമായരുമോ? 
ലന്തക്കുഴലുംവില്ലുംകണയും 
കുന്തവുമേന്തിനടക്കുംനിങ്ങടെ 
ചന്തംകാണ്മാനല്ലെജമാനൻ 
ചോറുംതന്നുപൊറുപ്പിക്കുന്നു? 
എന്തെങ്കിലുമൊരുപടയിൽചെന്നുട-
നന്തംവരികിലതല്ലേനല്ലൂ
അന്തരമില്ലജനിച്ചപ്പോഴേ 
അന്തവുമുണ്ടുധരിച്ചീടേണം 
കർക്കടശൂലമുസൃണ്ഠികളെന്നിവ 
യൊക്കെയെടുത്തുപടയ്ക്കുപുറപ്പെ-
ട്ടുൽക്കടരോഷംമലമുകളേറി 
ദിക്കുകളൊക്കെമുഴക്കിച്ചെന്നാൽ 
അക്കപിയെങ്ങനെനിന്നുപൊറുപ്പൂ? 
ചുറ്റുംനിന്നുശരങ്ങളയയ്ക്കാം 
എറ്റുംപിടിയുംകലശലുകൂട്ടാം 
കൊട്ടുകൊടുക്കാംകൊറ്റുമുടക്കാം 
മുറ്റുമവന്റെപരാക്രമമപ്പോൾ
തെറ്റുംസംശയമതിനിന്നിപ്പോൾ 
കുറ്റംകൂടാതവനെച്ചെന്നിഹ 
കുത്തിക്കൊന്നുനമുക്കിഹപോരാം.

ഗരുഡനുടെഭാഷിതംകേട്ടുമന്ദസ്മിതം 
മൃദുവദനപങ്കജേജാതമായീമുദാ 
മുരമഥനമൂചിവാ“നെന്തെടോനിന്നുടെ
കരളിലൊരുസാഹസമിങ്ങനെതോന്നുവാൻ? 
അസുരസുരസംഘവുംമത്ത്യസംഘങ്ങളും 
അഖിലമൊരുമിച്ചുചെന്നാഹവംചെയ്കിലും
അഖിലബലവീര്യനാമാഞ്ജനാപുത്രന്റെ 
വധമിതെളുതല്ലെടോ! വൈനതേയംസഖേ! 
മതിമതിമനോഹരമെന്മൊഴികേൾക്കനീ 
മതിവിഭവശാലിയാംമാരുതീവാനരൻ 
രജനിചരഭഞ്ജനൻരാമചന്ദ്രപ്രിയൻ 
സലിലനിധിലംഘനൻസാരതേജോമയൻ 
സുഖഗതവിഭീഷണൻസൂക്തിസംഭാഷണൻ
അവനോടുമറുത്തുനീയാഹവംചെയ്തതും 
അധികമവിവേകമെന്നോർത്തുകൊൾകസഖേ
ഇനിയുമൊരെടുപ്പുനീചെന്നുപോന്നീടണം 
വിരവിനൊടുവീരനെക്കണ്ടുചൊല്ലീടണം 
രജനിചരവൈരിയാംരാമചന്ദ്രൻമുദാ 
രജിതസുഖമെന്നോടുചൊല്ലിവിട്ടൂഹിതം 
ജനഹൃദയരഞ്ജനൻ ജാനകീവല്ലഭൻ 
മനസിജമനോഹരൻമാനഗാംഭീര്യവാൻ 
ദശവദനഖണ്ഡനൻദ്വാരകാമന്ദിരേ 
വിശദമെഴുനള്ളിമേവുന്നുഹേമാരുതെ! 
ഇതികിമപിചൊല്ലിയാലിന്നുതന്നേവരും 
മതിഗുണമനോഹരൻമാരുതന്റെമകൻ”. 

ഏവംകനിഞ്ഞുവാസുദേവനരുളിച്ചെയ്തു
ഭാവംതെളിഞ്ഞുവൈനതേയൻവണങ്ങിമെല്ലേ
പക്ഷിപറന്നുപലവൃക്ഷത്തിന്മീതേകൂടി 
വിക്ഷിപ്തവേഗമോടെവീരൻഗമനംചെയ്തു 
മാരുതിവസിക്കുന്നചാരുകദളിക്കാട്ടിൽ 
പാരാതിറങ്ങിച്ചെന്നുപാരംകനിവിനോടെ 
ശ്രീരാമഭക്തൻ തന്റെശ്രീപാദസന്നിധിയി-
ലാരോമൽഭക്തിയോടെനിന്നുപാഞ്ഞീവണ്ണം 
“വീരവിജയഗുണധീരപവനസുത! 
ശ്രീരാമദേവനുണ്ടുദ്വാരാവതീപുരിയിൽ 
വീരാവസിച്ചീടുന്നുപാരാതെഴുനള്ളണം’! 

എന്നതുകേട്ടരുൾചെയ്തൂഹനൂമാ–
“നെന്നുടെനാഥൻരഘുകുലവരനെ 
നിന്നുടെകൺകൊണ്ടീക്ഷിതനായോ? 
മുന്നമയോദ്ധ്യയിൽവാണൊരുനാഥൻ 
പിന്നെയുമിങ്ങവതീർണ്ണനതായോ? 
ലക്ഷ്മണനുണ്ടോഭരതനുമുണ്ടോ? 
ലക്ഷണനാംശത്രുഘ്നൻമുണ്ടോ? 
ലക്ഷ്മീഭഗവതിയാകിയസീതയു-
മക്ഷിതിപന്റെസമീപത്തുണ്ടോ?’’ 
പക്ഷികുലോത്തമനിദമരുൾചെയ്തൂ: 
“ലക്ഷ്മണനില്ലാഭരതനുമില്ലാ 
ലക്ഷണനാംശത്രുഘ്നനുമില്ലാ 
ലക്ഷ്മീഭഗവതിയാകിയസീതയു-
മക്ഷിതിപന്റെസമീപത്തില്ലാ” 
“ജാനകിയില്ലസമീപത്തെങ്കിൽ 
ഞാനങ്ങോട്ടുവരത്തില്ലിപ്പോൾ
നീയങ്ങോട്ടുനടന്നാലുംഹനു- 
മാനങ്ങോട്ടുവരത്തില്ലുണ്ണീ!” 
ഹനുമാനിങ്ങനെയുരചെയ്തെന്നതു 
മനുകുലവരനോടറിയിച്ചാലും” 
എന്നതുകേട്ടഥഗരുഡൻതാനും 
പോന്നുപറന്നുതിരിച്ചവിടുന്നു് 
കാരണപുരുഷൻവാണരുളീടിന 
ദ്വാരാവതിപുരിപുക്കഥമെല്ലെ 
വന്ദനചെയ്തിഹനിന്നൊരുസമയേ
നന്ദകുമാരൻചോദ്യംചെയ്തു:-
“ഹനൂമാനെങ്ങുവിഹംഗമവീരാ?’’
“ഹന്ത്രമാനങ്ങുമഹാഗിരിമുകളിൽ ‘
“ഇങ്ങോട്ടെന്തുവരാഞ്ഞുഹനുമാൻ’’?
“ഇങ്ങോട്ടുവരത്തില്ലഹനൂമാൻ;”
“എന്തൊരു സംഗതിയിങ്ങനെപറവാൻ?’’
“എന്തെന്നടിയനറിഞ്ഞതുമില്ല”
“പരമാർത്ഥംനീയറിയിച്ചില്ലേ?’’
“പരമാർത്ഥം ഞാനറിയിച്ചത്രേ”
“രഘുപതിയെബ്ബഹുമാനമതില്ലേ?’’
“രഘുപതിയെബ്ബഹുമാനമതുണ്ട്”
“കല്പിച്ചാലതുകേൾക്കരുതായോ?”
 കല്പിച്ചാലതുകേൾക്കുംതാനും 
അതിനെന്തൊരുവൈഷമ്യമിദാനീം 
അതിനൊരുവൈഷമ്യംകുറെയുണ്ടു് 
ആയതുമെന്നോടറിയിച്ചാലും 
ആയതുമടിയനുണർത്തിച്ചീടാം 
ആയതമിഴിയാളാകിയജാനകി 
ലക്ഷ്മീഭഗവതിയാകിയസീതാ 
രക്ഷോവരരിപുവാകിയനൃപനുടെ 
അന്തികഭാഗത്തില്ലെന്നാകിൽ 
നിന്തിരുവടിയെക്കാണുകയില്ലെ-
ന്നന്തരഹീനമുരച്ചിതുഹനുമാൻ’’ 
എന്നതുകേട്ടുമുകുന്ദൻതാനും 
“നന്നിതുകൊള്ളാമവനുടെഭാവം, 
എന്നാലിനിയുമൊരിക്കൽകൂടെ 
ചെന്നുവരേണംഭാനുകുലേന്ദ്രാ!
ചാരുതയാജനകാത്മജയോടും 
ദ്വാരകതന്നിൽവസിച്ചീടുന്നു 
ശ്രീരഘുനായകനെന്നതുനമ്മുടെ 
മാരുതിയോടുപറഞ്ഞീടുകപോയ്”
“കല്പനകേൾക്കാൻമടിയില്ലടിയനു 
ചിൽപുരുഷോത്തമ! കൃഷ്ണമുരാരേ!
ത്വൽപദപങ്കജമല്ലാതൊരുഗതി 
യിപ്പരിഷയ്ക്കില്ലഖിലജനേശ” 
എന്നുപറഞ്ഞുപറന്നുതിരിച്ചു 
പന്നഗഭൂഷണപക്ഷിശ്രേഷ്ഠൻ.

പങ്കജാക്ഷനതുനേരംതന്നുടെ 
മങ്കമാർകളെവിളിച്ചരുൾചെയ്തു: 
“ലങ്കചുട്ടുപൊടിയാക്കിനിശാചര-
സംഘമമ്പൊടുമുടിച്ചൊരുഹനുമാൻ 
ശങ്കരപ്രിയനശേഷജനങ്ങടെ
സങ്കടങ്ങളൊഴിച്ചുസുഖത്തെ-
സ്സംഘടിപ്പതിനുനല്ലസമർത്ഥൻ 
ശങ്കവേണ്ടശശിനേർമുഖിമാരേ! 
കല്യനാമവനെയിങ്ങുവരുത്താൻ 
ചൊല്ലിവിട്ടുവിനതാത്മജനേഞാൻ 
നല്ലവിര്യബലശാലിഹനൂമാ- 
നില്ലകില്ലിഹവരുംവിരവോടെ 
രാമഭദ്രനുടെനല്ലൊരുമേഘ-
ശ്യാമകോമളമുരദാരശരീരം 
ഞാനുമൻപൊടുധരിച്ചീടുന്നേൻ 
ഭാഗ്യമുള്ളപതിനാറുസഹസ്രം 
ഭാര്യമാരിലൊരുപങ്കജഗാത്രി 
വേഗമിന്നുജനകാത്മജതന്നുടെ 
വേഷമൻപൊടുധരിക്കണമിപ്പോൾ” 

നാരായണനുടെകല്പനകേട്ടഥ 
നാരികൾപതിനാറായിരമുള്ളതി-
ലൊരുനാരിക്കുംജനകാത്മജയുടെ 
തിരുമേനിക്കുസമാനശരീരം 
വിരവൊടുഹന്തധരിപ്പാൻകൌശല-
മൊരുതെല്ലുംപുനരുണ്ടായില്ലാ; 
പരവശമവരുടെഭാവമതിങ്ങനെ 
മുരരിപുഭഗവാൻകണ്ടുചിരിച്ചു 
എട്ടുനതാംഗികൾപിന്നെവിശേഷി-
ച്ചൊട്ടുമവർക്കൊരുതാഴ്ചയുമില്ലാ 
എന്നതിലാറുവിലാസിനിമാരൊടു 
നന്ദകുമാരനുമരുളിച്ചെയ്തു:

“കാളിന്ദീജാംബവതീസത്യേ 
കേളിയേറിനഭാമേരുക്മിണീ 
മിത്രവിന്ദയെന്നുള്ളൊരുഭാര്യമാർ 
തത്രവന്നുവണങ്ങുവിനേവരും 
നേത്രരാഗമെനിക്കിഹനിങ്ങടെ 
ഗാത്രരത്നമതുകണ്ടുസുഖിപ്പാൻ 
ജാനകിതന്നുടെവേഷമെടുപ്പാൻ 
മാനിനിമാർക്കിഹകൌശലമുണ്ടോ? 
ഞാനതുകാരണമിക്കുവിളിച്ചു 
ആനനമെന്ത്യേതാഴ്ത്തീടുന്നു?” 
അംഗനമാരവരാറുംചൊന്നാർ 
“ഞങ്ങൾനിനച്ചാലിന്നിതുമാത്രം 
സാധിപ്പാനെളുതല്ലമുകുന്ദ! 
ബോധിച്ചീടുകതിരുമനതാരിൽ.
മന്ദസ്മിതവുംചെയ്തഥഭീഷ്മക- 
നന്ദിനിയോടരുൾചെയ്തുമുകുന്ദൻ: 
“രുഗ്മിണിബാലേ! മൈഥിലിതന്നുടെ 
വേഷമതാശുധരിക്കണമിപ്പോൾ 
രഘുനായകനുടെവേഷംഞാനും 
ലഘുതരമങ്ങുധരിച്ചീടുന്നേൻ
വൈദർഭീ! ശൃണുനീയുംവിരവൊടു 
വൈദേഹീവടിവാശുധരിക്ക 
ഹന്ത്രമാനിങ്ങുവരുന്നതിനുള്ളിൽ 
തനുമാറിസ്ഥിതിചെയ്യണമിപ്പോൾ 
എന്നതുകേട്ടുപുരമുറിതന്നിൽ
ചെന്നുകരേറിയിരുന്നുപതുക്കെ 
കതകുമടച്ചൂകണ്ണുമടച്ചൂ 
മാനമിയന്നുമനസ്സുമുറച്ചു 
ജാനകിതന്നുടെതടമുലതുടയിണ 
കടിതടമൃദുലസ്ഫുടതരമുടലുടെ 
ഗുണഗണമഹിമാവതുമുടനോർത്തും 
പേർത്തുശരീരംപാർത്തുതരത്തിൽ 
പണിപലതുംചെയ്താശുകരാഗ്രേ 
മണിദർപ്പണവുമെടുത്തഥനോക്കി 
കുനിഞ്ഞുനിവർന്നുപിരിഞ്ഞുവലഞ്ഞും 
എളുതല്ലെന്നുമനസ്സിലുറച്ചു 
കളമൊഴിരുക്മിണികതകുതുറന്നു 
വെളിയിൽപോന്നുമുകുന്ദസമീപേ 
തെളിവില്ലാതവൾമഖവുംതാഴ്ത്തി 
ക്ഷീണമിയന്നുവണങ്ങിച്ചൊന്നാൾ 
“നാണക്കേടുനമുക്കുഭവിച്ചു 
രാമൻതന്റെകളത്രമതാകിയ 
കാമിനിമണിയുടെവേഷമെടുപ്പാൻ 
പലപലയത്നംചെയ്തനതിനൊരു 
ഫലമുണ്ടായതുമില്ലമുരാരേ! 
അണുമാത്രംകൃപയുണ്ടെന്നാകിൽ 
ഇതുമാത്രംകല്പിച്ചീടരുതേ.’’ 
രുക്മിണിയിങ്ങനെചൊന്നതുകേട്ടൊരു 
വിശ്വംഭരനാമംബുജനേത്രൻ 
സത്യഭാമയെവിളിച്ചരുൾചെയ്തു
സത്യഭാഷിണി! നിനക്കുനിനച്ചാൽ 
ജാനകിതന്നുടെവേഷമെടുപ്പാൻ 
മാനിനീ! തവഹികൌശലമുണ്ടോ? 
ആമിതെങ്കിലതിസുന്ദരിതെല്ലും 
താമസിക്കരുതുകാമിനിമൌലേ! 
സത്യഭാമയതുകേട്ടൊരുനേരം 
സത്യസന്ധനെവണങ്ങിനടന്നു 
അങ്ങുചെന്നുജനകാത്മജതന്നുടെ 
അംഗഭംഗിവഴിപോലെചമഞ്ഞു 
അങ്ങുചെന്നുമുകിൽവർണ്ണസമീപേ 
ഇന്ദുബിംബമുഖിനിന്നുവണങ്ങി. 
കാർമുകിൽവർണ്ണനുമപ്പോൾതന്നെ 
കാർമുകവുംതൃക്കൈയ്യിലെടുത്തു 
അമ്പുമെടുത്തുപിടിച്ചുകരാഗ്രേ 
വമ്പുപെരുത്തദശാനനവീരനെ 
അന്തകപുരിയിലയച്ചപുമാനുടെ 
ചന്തമിയന്നശരീരവുമപ്പോൾ

പക്ഷീന്ദ്രനങ്ങുചെന്നുപവനാത്മജനെക്കണ്ടു
പക്ഷമിളക്കിക്കൊണ്ടുപറഞ്ഞുസന്തോഷത്തോടെ
ശ്രീരാമദേവനുണ്ടുസീതാദേവിയുംകൂടി 
വീരാവസിച്ചീടുന്നുദ്വാരാവതീപുരിയിൽ
പാരാതെപോകനമുക്കാരോമൽഭക്തിയോടെ
നാരായണവാഹനനേവംപറഞ്ഞനേരം
പാരംപ്രസാദിച്ചരുൾചെയ്തുഹനൂമാനപ്പോൾ 
“പോരുന്നതുണ്ടുഞാനുമേതുംസംശയംവേണ്ടാ 
അഗ്രേനടന്നാലുംനീയധുനാപക്ഷികുലേന്ദ്രാ! 
വ്യഗ്രേതരംഞാനഥപിറകേവരുന്നുണ്ടല്ലോ
ചിറകുള്ളനിനക്കങ്ങുപറന്നുഗമിക്കാമല്ലോ 
ചിറകില്ലാത്തഞാനങ്ങുനടന്നുനടന്നുബഹു-
കാടുംമലയുംകുന്നുംതോടുംകടന്നുദേഹം 
വാടിവലഞ്ഞുബഹുനേരംകൂടിയേപറ്റൂ 
മുന്നേനീയങ്ങുചെന്നുരാമനോടറിയിക്ക 
പിന്നാലെവരുന്നുണ്ടുപിംഗാക്ഷനെന്നീവണ്ണം

ഹനുമാൻതന്നുടെവാക്കുകൾകേട്ടു
വിഹംഗമരാജൻപോന്നൊരുശേഷം 
ശ്രീഹനുമാനൊരുനൊടിനേരംകൊ 
ണ്ടതിവേഗാലദ്ദ്വാരകപറ്റി
സീതാസഹിതനതാകിയരഘുകുല- 
നാഥൻതന്നുടെചരണസരോജേ 
വീണുനമസ്കൃതിചെയ്തുപതുക്കെ 
പാണികൾമൗലിയിൽവെച്ചഥകുപ്പി 
വാണികൾകൊണ്ടുബഹുസ്തുതിചെയ്തു 
നാണമൊഴിച്ചിതിമാരുതപുത്രൻ 
“രാമഹരേജയർഘുകുലനായക! 
രാവണനാശന! രാഘവജയജയ 
ജനകതനൂജേദേവിനമസ്തേ 
കനകമനോഹരകോമളകായേ! 
മനുകുലപുംഗവമാനിനിമാനേ!’’ 
ഇത്തരമനവധിനുതിഗിരമോതി 
ചിത്രവിചിത്രചരിത്രനതാകിയ 
സീതാപതിയൊടുയാത്രയുമോതി 
പ്രീത്യായാതനതായ് ഹനുമാനും 
പവനജനങ്ങുഗമിച്ചൊരുശേഷം 
പതഗകുലേന്ദ്രൻവന്നുവണങ്ങി 
“ഹനുമാനെങ്ങുവിഹംഗമവീരം”
“ഹനുമാനുണ്ടിഹപിറകെവരുന്നു”
“അയ്യേ ഭോഷാനീയറിയാതി-
ങ്ങഞ്ജനതന്നുടെതനയനിദാനീം 
കണ്ടുപറഞ്ഞുമറഞ്ഞിട്ടിപ്പോൾ 
രണ്ടരനാഴികയങ്ങുകഴിഞ്ഞു. 
മാരുതനേക്കാൾവേഗമതുള്ളൊരു 
മാരുതസുതനെജയിപ്പാനിപ്പോൾ 
പാരിലൊരുത്തരുമതിയാകില്ലാ 
പോരുംനിന്നുടെഗർവുകളെല്ലാം”
എന്നരുൾചെയ്തുമുകുന്ദൻഭഗവാൻ 
രാഘവരൂപമുപേക്ഷിച്ചുടനേ 
ഉന്നതമായൊരുമണിഭവനാന്തേ 
ചെന്നുവസിച്ചിതുവാസവസഹജൻ 
ഗരുഡനുമേറ്റംവിസ്മയമോടെ 
മാരുതസുതനബ്ബഹുമാനിച്ചു 
ഹരിഹരമുരഹരചരണംകുപ്പി 
തിരുവൈകുണ്ഠത്തങ്ങുഗമിച്ചു.

രാമാനുചരിതം ഓട്ടൻതുള്ളൽ സമാപ്തം


തയ്യാറാക്കിയത്:


ആതിര എം.എസ്.
എം എ മലയാളം


സംശോധനം:


ഡോ. ആദർശ് സി.
അസോ.പ്രൊഫസർ