മത്തഗജാസുരവീരൻതന്നുടെ
മസ്തകമാശുപിളർന്നമഹേശൻ
മത്തഗജംകൃതിപൂണ്ടുടനേമദ-
മത്തവിലാസരസേനവനാന്തേ
തത്തനുസദൃശകളേബരയാകിയ
തത്തരുണീമണിമലമകളോടെ
തത്തദുദാരവിഹാരപരൻമധു-
മത്തമധുവ്രതകോകിലവിലസിത
തത്തദ്ദിശിവിലസുന്ന ദശായാം
തത്തരുണാകൃതികണ്ടുരസിച്ചൊരു
ചിത്തജനവനുടെ പുറകേകൂടി
ചിത്തമിളക്കിമറിച്ചുടനുടനേ-
ന്നത്തൽവരുത്തുവനിതുസമയേഞാൻ
ഇത്തരമുള്ളിലുറച്ചുശരാവലി
സത്വരമനവധിചൊരിയും നേരം
സത്വഗുണത്തെ മറന്നുമഹേശൻ
ഉത്തമഗുണയാമുമയുംകൂടി
ചിത്തസുഖേനപുണർന്നുരമിച്ചുമ-
ഹത്തരവിഹരണവിലസിതസമയേ
തത്രജനിച്ചൊരു തരുണമഹാകരി
മസ്തകനാകിയഗണപതിഭഗവാൻ
മത്തനുതാപമശേഷമൊഴിച്ചുസ-
മസ്തസമൃദ്ധിവരുത്തിയിരുത്തിവി-
പത്തുമകത്തിവിശുദ്ധിവരുത്തിവി-
മുക്തി നമുക്കുലഭിപ്പതിനുള്ളപ-
വിത്രവിചിത്രചരിത്രമമുത്രക-
മിത്രലഘുത്വസുമിത്രബഹുത്വസു-
പുത്രകളത്രസുഖിത്വമിതൊക്കെവ-
രുത്തുകസത്വരമത്തലകത്തുക
മാത്തൂരമരും ഭഗവതിഭദ്രേ!
കാത്തരുളീടുകകഥകൾകഥിപ്പാൻ
മാസ്ത്രവിവാദം മനസിമഹേശ്വരി!
മദകളകരിവരകാമിനിവന്ദേ.
മംഗല്യാലയമമ്പലപ്പുഴെ വിളങ്ങീടുന്ന ഗോവിന്ദനും
ഭംഗ്യാ നല്ലൊരു“കളർകോട”മരുമദ്ദേവൻ മഹാദേവനും
തുംഗപ്രാഭവശോഭയാ വിലസുമെൻ മാത്തൂർമഹാദേവിയും
രംഗത്തിൽ വിലസേണമെങ്കിലടിയൻ തുള്ളൽക്കുകൊള്ളായ്‌വരും.
തുള്ളലിനാശുതുടങ്ങുമ്പോളൊരു
തെള്ളലുമുള്ളിലുദിച്ചീടേണം
ഉള്ള ജനങ്ങൾക്കെല്ലാമിതുകൊ-
ണ്ടുള്ളംഝടുതികുളിർത്തീടേണം
വെള്ളസ്ഫടികവിശുദ്ധസരസ്വതി
വെള്ളത്തിൽശശിബിംബംപോലെ
ഉള്ളത്തിൽ പരിചോടുവിളങ്ങുകി-
ലുള്ളവിധങ്ങളശേഷംതോന്നും
കള്ളമകന്നുകവിത്വവിശേഷം
തള്ളിത്തള്ളിവരുന്നദശായാം
ഉള്ളിൽകപടതയുള്ള ജനങ്ങടെ
ഭള്ളും വിരുതും നിഷ്ഫലമാക്കാം
കൊള്ളാമിവനുടെവിദ്യകളെന്നൊരു
കോലടിവാർത്തനടത്തുന്നേരം
കള്ളന്മാരുടെകുസൃതികൾകൊണ്ടുമൊ-
രെള്ളാളം ഫലമില്ലെന്നറിവിൻ
ഉലകുടപെരുമാളുത്സവഘോഷം
നലമൊടുകാണ്മതിനാദരവോടെ
വലിയൊരുകരിവരഗളമതിലേറി
കലിതകുതൂഹലമാമ്പടിയോടെ
നിലവിളികൊട്ടും കൊമ്പും കുഴലും
പലപലമേളം കൂട്ടിനടന്ന-
മ്പലമതിലമ്പൊടുചെന്നുകരേറി
പുലരുന്നേരം ഗോപുരസീമനി
പലരും കൂടിവസിക്കുംദിക്കിൽ
കലരും കാഴ്ചകൾകണ്ടുരസിച്ചഥ
പലരസമവിടെപ്പലജാതികളുടെ
കലശലുകണ്ടുരസിച്ചു നരേന്ദ്രൻ.
കോട്ടംകൂടാതെ ചിലർഓട്ടം തുടങ്ങിചിലർ
കൂട്ടം തിരക്കെ നിന്നു ചാട്ടം തുടങ്ങിചിലർ
വാട്ടംവരാതെ ചിലരോട്ടം തുള്ളലുനല്ല
പാട്ടുംകവികൾ വിളയാട്ടം പ്രകടിക്കുന്നു
കൊട്ടും കുഴൽവിളികൾക്കൊട്ടംകുറവുമില്ല
തട്ടുമ്മുകളിൽചിലകൊട്ടുതപ്പിന്റെഘോഷം
വട്ടംകളികൾ പലവട്ടം സുവർണ്ണംകൊണ്ടു
പട്ടംകെട്ടിയവാളും വട്ടപ്പരിശകളും
വട്ടം കൂട്ടിക്കൊണ്ടൊരുകൂട്ടം ദണ്ഡിപ്പുകാരും
ആട്ടംഞാണിന്മേലേറിച്ചാട്ടം നല്ലൊരമ്മാന-
യാട്ടം നാരിമാർവിളയാട്ടങ്ങളും തുടങ്ങി
ചരിക്കുന്നു ചിലർയന്നങ്ങിരിക്കുന്നുചിലർകണ്ടു
ചിരിക്കുന്നു ചിലർകൂട്ടം ഭരിക്കുന്നുചിലരഹ-
ങ്കരിക്കുന്നു ചിലരപ്പോൾതിരിക്കുന്നുചിലർമിണ്ടാ
തിരിക്കുന്നു ചിലരങ്ങുവരിക്കുന്നുവിരവോടെ
തുടിപടഹമടിച്ചുതുടങ്ങി
കിടുപിടികൾതകർത്തുതുടങ്ങി
കുടതഴകളെടുത്തുതുടങ്ങി
ഭടപടലമടുത്തുതുടങ്ങി
കൊടികൾവിളങ്ങീപൊടികളടങ്ങി
ചലമിഴികളടുത്തുതുടങ്ങി
തലമുടികൾവിടർത്തുതുടങ്ങി
പലപരിഷകയർത്തുതുടങ്ങി
മലകൾ കുലുങ്ങിനിലകൾ കലങ്ങി
പലരുമിണങ്ങികലശലുപൊങ്ങി
പലപരിഷകൾതമ്മിലടിച്ചും
തലമുടിയിലണഞ്ഞുപിടിച്ചും
ചിലരിടയിടെകള്ളുകുടിച്ചും
പലപൊടികളിൽ വീണുപിടിച്ചും
കണ്ണുമടച്ചും മണ്ണുതുടച്ചും
കൈകൾ പിടിച്ചും കാലുപിടിച്ചും
ബഹുവികൃതികളങ്ങൊരുദിക്കിൽ
ബഹുസുകൃതികളിങ്ങൊരുദിക്കിൽ
ബഹുസുലളിതമാരുദിക്കിൽ
ബഹുവിലസിതമിങ്ങൊരുദിക്കിൽ
ബഹുവിധവാക്കുംബഹളതവായ്ക്കും
മദമുളവാക്കുംവിധമതിലോഷം
ഉത്സവമത്ഭുതമുലകുടെപെരുമാൾ
ഉൽസുകമനസാകണ്ടുരസിച്ചഥ
തൽസഭതന്നിൽവസിക്കുന്നേരം
തൽസവിധത്തൊരുപാഠകവിപ്രൻ
സരസിജനേത്രൻ സത്യയെവേട്ടൊരു
സരസകഥാമൃതമങ്ങുരചെയ്താൻ
നരപരിനഗ്നജിദാഖ്യൻകോസല-
പുരപതിവിരവൊടുസുഖമേവാണു
ചിത്തംതെളിഞ്ഞുനഗ്നജിത്തെന്നുപേരായുള്ളി-
ശ്ശക്തൻ നൃപതിഗുണയുക്തൻ നാടുവാഴുന്നാൾ
നെല്ലും പണവും പൊന്നും തെല്ലും കുറവുമില്ല
പുല്ലും തനിക്കുരത്നക്കല്ലുംഭേദമില്ലൊരു
വല്ലന്തിയെന്നുള്ളതുമില്ലന്തിനേരമായാൽ
നല്ലപരമാനന്ദം എല്ലാപ്പരിഷകൾക്കും
രമിച്ചുമനോരാജ്യങ്ങൾ ലഭിച്ചുകാലങ്ങളാശു
ഗമിച്ചീടുന്നതുമാരും ഗണിച്ചീടുന്നതുമില്ല
സുഖിച്ചുപ്രജകളെല്ലാം വസിച്ചുകോസലരാജ്യം
ലഭിച്ചുസർവസമ്പത്തും ജ്വലിച്ചുവിളങ്ങും കാലം
നഗ്നജിദരചനുനല്ലൊരുശുഭഗുണ-
ലഗ്നവിശേഷേമകളുണ്ടായി
നല്ലൊരുരൂപം നല്ലവിലാസം
നല്ലസ്വഭാവം നല്ലവികാസം
മുല്ലായുധപടവില്ലിനെമെല്ലും
ചില്ലീവല്ലിമതല്ലീയുഗവും
കല്ലോലിത പടുകുടിലകടാക്ഷം
സല്ലാപാമൃതമതിരമണീയം
പല്ലവകോമളപാണിപദങ്ങളു-
മുല്ലസിതാനനശശധരബിംബം
കാണുന്നവരുടെ കണ്ണിനുരണ്ടിനു-
മാനന്ദാമൃതമുളവാക്കീടിന
കന്യകതന്നുടെയെ യൗവ്വനകാലം
ധന്യതയാസഹവന്നുഭവിച്ചു.
സത്യയെന്നവൾക്കു പേരത്യന്തം പ്രസിദ്ധമായ്
സത്യപ്രതിജ്ഞനായപൃത്ഥിശനതുകാലം
ഭൃത്യന്മാരോടും തന്നമാത്യന്മാരോടും കൂടി
കൃത്യത്തെവിചാരിച്ചു സത്യപ്രതിജ്ഞചെയ്തു
ഊറ്റംപിണക്കമുള്ള കൂറ്റന്മാരേഴിനേയും
തെറ്റെന്നുപിടിച്ചാശു കെട്ടുന്നപുരുഷനു
കറ്റക്കുഴൽമണിയാം കന്യകയെക്കൊടുക്കാം
മുറ്റും പണയമിതുകുറ്റമില്ലെന്നുചൊല്ലി
നീളെ പ്രസിദ്ധമാക്കിനാളെ സ്വയംവരമെ-
ന്നാളെയയച്ചങ്ങേഴുകാളയെക്കൊണ്ടുവന്നു
കൂടുകളേഴുണ്ടാക്ക കൂറ്റന്മാരേഴിനേയും
കൂടുകളിലടച്ചുകോലാഹലം തുടങ്ങി
കൊട്ടിലും പലപലകോട്ടിലുമുളവാക്കി
കട്ടിലും പതിനെട്ടുകെട്ടിലും നിറച്ചിട്ടു
തട്ടുകൾതോറും ചീനപ്പട്ടുകൾവിതാനിച്ചു
പെട്ടികൾപെട്ടകങ്ങൾ പെട്ടെന്നുകൊണ്ടുവന്നു
ചട്ടം പൊന്നിന്മണിക്കൂട്ടങ്ങൾ സ്വരൂപിച്ചു
പട്ടന്മാർ നമ്പൂരിമാർഭട്ടേരിമാരും വന്നു
വട്ടങ്ങളോരോദിക്കിൽ കൂട്ടിത്തുടങ്ങിവെക്കം
ഇലകുലചേനകിഴങ്ങിത്യാദികൾ
പലപലസാധനമവിടെവരുത്തി
കലവറയൊക്കെനിറച്ചുതുടങ്ങി
നിലവറകെട്ടിമറച്ചതുടങ്ങി
ചന്ത്രക്കാരുടെ പുരമുറിയെല്ലാം
നേന്ത്രക്കാക്കുലവന്നു നിറഞ്ഞു
മന്ത്രികളും യജമാനന്മാരും
യന്ത്രികളാകിയമേനോന്മാരും
കുന്തക്കാരുമകമ്പടികൂടിന
ചന്തക്കാരും ചവളക്കാരും
ലന്തക്കുഴലുകളേന്തിനടക്കും
തന്തപ്പടിപലനായന്മാരും
ബന്ധുപ്പടകളുമാനകൾകുതിരകൾ
സിന്ധുകണക്കെ പരന്നദശായാം
സത്യാപാണിഗ്രഹണമഹോത്സവ-
മത്യാഘോഷമതാരംഭിച്ചു
സദ്യയ്ക്കുള്ളപദാത്ഥമശേഷം
സദ്യോബഹുവിധമത്രവരുത്തി
ഉദ്യോഗിപ്പാനാളുകളനവധി
സദ്യോഗേന നടന്നുതുടങ്ങി
വിദ്യകളവിടെക്കാട്ടണമെന്നു
വിദ്വാന്മാരും വരവുതുടങ്ങി
ആട്ടക്കാർചില പാവകളിക്കാർ
ചാട്ടക്കാർചിലകൂത്താടികളും
കൂട്ടക്കാർ പലവകപുനരമ്മാ-
നാട്ടക്കാർ പലവീണക്കാരും
തപ്പടിവിരുതന്മാർ ചെണ്ടക്കാർ
ചെപ്പടിവിദ്യക്കാർ തിമിലക്കാർ
കൊമ്പന്മാർ ചിലർകുഴലുവിളിപ്പതിൽ
മുമ്പന്മാർ ചിലതാളക്കാരും
വമ്പേറീടിനമദ്ദളവിദ്യയിൽ
വമ്പന്മാരുമിടയ്ക്കക്കാരും
ഗ്രന്ഥികളും ചിലഗണിതക്കാരും
ബന്ധുതപെരുകിനവൈദ്യക്കാരും
അഭ്യാസികളും കവിതക്കാരും
സഭ്യന്മാരാം ശാസ്ത്രദ്ദ്വിജരും
പാഠകരും ചിലമാരാന്മാരും
നാടകവേദികൾനടഭടവിടരും
പാടവമോടും കോസലനൃപനുടെ
നാടകമൊക്കെ നിറഞ്ഞുകവിഞ്ഞു
മഗധമഹീപതിനിഷധമഹീപതി
കോങ്കണഭൂപതികേകയയഭൂപതി
അങ്കണഭൂപതിമാളവഭൂപതി
കർണ്ണാടാധിപനർണ്ണവഭൂപതി
പാണ്ഡ്യകഭൂപതിച്ഛേദിമഹീപതി
വത്സമഹീപതികാശ്യമഹീപതി
അശ്മകഭൂപതിസാല്വമഹീപതി
കാശ്മീരംപതികാഞ്ചനഭൂപതി
നേപാളക്ഷിതിപാലനുമെന്നിഹ
ഭൂപാലന്മാർവന്നിതസംഖ്യം
വിപ്രന്മാരുടെവൃന്ദവുമവിടെ
ക്ഷിപ്രംവന്നുനിറഞ്ഞുതുടങ്ങി
താനിതുകേട്ടോവിസ്മയമിങ്ങനെ
ഞാനിതിൽമുന്നംകേട്ടിട്ടില്ല
കാളകളെക്കെട്ടുന്നവനെന്യേ
കന്യകയെക്കെട്ടാനെളുതല്ല
ഗോഷ്ഠികളിങ്ങനെ മറൊരു നാട്ടിൽ
കേട്ടറിവില്ല നമുക്കിഹവിപ്രാ!
കന്യാവിന്റെസ്വയംവരമെന്നോ
കാളകൾതന്റെ സ്വയംവരമെന്നോ
എന്തൊരു പേരിതിനുണ്ടാക്കേണ്ടി
എന്തൊരു മോഹമിതാരുടെ സൃഷ്ടി
മിണ്ടരുതീവകവാശ്ശതുമായതു
കണ്ടുരസിച്ചു നമുക്കുവസിക്കാം
കണ്ടാൽ പറവാൻകുറവില്ലെന്നുടെ
കണ്ടമിവർക്കു വിലക്കിക്കൂടാ
കണ്ടമതുഴുവാൻ പൂട്ടിക്കെട്ടി-
ക്കണ്ഠേവലിയൊരുനുകവും വച്ചിഹ
കൊണ്ടുനടന്നു കലപ്പ വലിപ്പാൻ
കൊള്ളാംകാളകളതുകൂടാതെ
വേളികഴിപ്പാൻവന്നനൃപന്മാർ
കാളയെമുന്നംകെട്ടണമെന്നൊരു
കേളിനടത്തിയദേഹം നല്ലവ-
താളിയതല്ലാതെന്തുരചെയ്യാം
കാളകൃഷിക്കാരന്മാരിൽ ചില-
രാളായ്‌വരുമേകാളകൾകെട്ടാൻ
കാളക്കാരനുകന്യാദാനം
കോളായിവരുമോകോസലനൃപനും
വമ്പേറീടിനകൂറ്റന്മാരുടെ
കൊമ്പേലറി മരിപ്പാനിപ്പോൾ
അമ്പതിനായിരമരചന്മാരവ-
രമ്പൊടുവന്നാർപെൺകൊതിയന്മാർ
ഊട്ടിനുമുമ്പേകാളകളേഴും
കൂട്ടിക്കെട്ടാൻ ഭാവിച്ചെന്നാൽ
ഊട്ടുമുടങ്ങും പണവുംകിടയാ
നൂനമെനിക്കതുകൊണ്ടുവിഷാദം
സദ്യകഴിഞ്ഞുപ്രതിഗ്രഹവും പുന-
രദ്യനമുക്കുലഭിച്ചെന്നാകിൽ
സത്യയെവേൾപ്പാൻവന്നനൃപന്മാർ
ചത്തെങ്കിലുമിങ്ങില്ലൊരുഖേദം.
നടക്കവിപ്ര! താൻ ചെന്നുകടക്കരാജധാനിയിൽ
അടക്കംകൂടാത്തഭാവം എടുക്കാതിരിക്കനല്ല
മുടക്കം വേളിക്കുവന്നാലൊടുക്കം ഭാഷിച്ചുകൊള്ളാം
കൊടുക്കും പ്രതിഗ്രഹവും കടുക്കെന്നുവാങ്ങികൊണ്ടു
നടക്കുന്നദേഹമിപ്പോൾ മിടുക്കനെന്നുവന്നീടും
പൊടുക്കെന്നു കാളകുത്തിക്കിടക്കുന്നഭോഷന്മാരേ
പടിക്കൽചെന്നുനിന്നുവാൽ എടുക്കാമാകുന്നവണ്ണം
പടിക്കൽ കാവൽക്കാർവന്നു തടുക്കുമ്പോൾതടികൊണ്ടു
കൊടുക്കും താഡനമിങ്ങു മടുക്കാൻ തരിമ്പുമില്ലാ
ധരണിസുരന്മാരിങ്ങനെതങ്ങളി-
ലുരചെയ്തുംകൊണ്ടുപചിതഘോഷം
നരവരസഭയിൽചെന്നുസ്വയംവര-
സരസാരംഭംകണ്ടുവസിച്ചാർ
കോസലനൃപനുടെകല്പനകൊണ്ടൊരു
കൂസലുകൂടാതൊരു നരപാലൻ
വൃഷഭന്മാരെപ്പൂട്ടിക്കെട്ടാൻ
വിഷമമെനിക്കില്ലെന്നു നടിച്ചു
ഏറ്റു പുറപ്പെട്ടരയും തലയും
കെട്ടിമുറുക്കിത്താണുകളിച്ചഥ
കൂറ്റന്മാരുടെ കൂടുകളേയും
ചുറ്റിവലം വച്ചൊന്നുവണങ്ങി
ഇടയന്മാരതുനേരംകൂടുക-
ളുടനേ ചെന്നുതുറന്നതുനേരം
തടിയന്മാരാംകാളകളേഴും
ഝടിതിപുറത്തുമിറങ്ങിച്ചാടി
മുക്കറയിട്ടഥകൊമ്പുമുയർത്തി-
ത്തീക്കനൽനിറമാംകണ്ണുതുറിച്ചു
വക്കാണത്തിനുവട്ടംകൂട്ടിനി-
രക്കേവന്നതുകണ്ടൊരുനരപതി
പേടിമുഴുത്തുവിറച്ചുവിയർത്തുട-
നോടിത്തന്നുടെമഞ്ചംകേറി
മറെറാരു നരപതിചാടിയടുത്തു
കൂറ്റന്മാരിലൊരുത്തനു നേരേ
കയറുമെടുത്തണയുമ്പോളവനുടെ
വയറുപിളർന്നുകിളർന്നാൻകൂറ്റൻ
പാശമെടുത്താൻ മറെറാരു നരപതി
നാശമടുത്തതുകാരണമുടനേ
തുള്ളിവരുന്നമഹാവൃഷഭത്ത
തള്ളി മറിക്കാമെന്നൊരു മോഹം
ഭള്ളുനടിച്ചുതടിച്ചൊരുമന്നൻ
വള്ളിയെടുത്തുവലത്തുതിരിഞ്ഞു
പുള്ളിക്കൂറ്റനെ ബന്ധിപ്പാനായ്
ഉള്ളിലുറച്ചുവരുന്നനൃപന്റെ
പള്ളയ്ക്കിട്ടുതൊഴിച്ചാൻകൂററൻ
തൊള്ളയ്ക്കിട്ടൊരുകുത്തും കുത്തി
കൂറ്റന്മാരുടെ കുത്തുമേറ്റ നരാധിപന്മാർ
തോറ്റു തിരിഞ്ഞുചിലർ ഏറ്റുനടന്നുചിലർ
കുത്തുകൾകൊണ്ടപ്പൊഴേചത്തു മറിഞ്ഞുചിലർ
പെണ്ണിന്റെമൂലം തന്റെ കണ്ണിന്റെ ഭംഗംവന്നു
മൂക്കുന്നമോഹംകൊണ്ടു മൂക്കും ചിലർക്കു പോയി
നാക്കും കണ്ടിച്ചുവന്നുവാക്കും പുറപ്പെടാതായ്
ചാക്കം ചിലർക്കു വന്നു കാൽക്കുമുടക്കംചിലർ-
ക്കാർക്കും വശമില്ലിനിപാർക്കുന്നതെന്തേപാഴിൽ
നേർക്കുന്നവരെക്കൊമ്പാൽക്കോർക്കും വൃഷഭങ്ങളെ
ഓർക്കുമ്പോൾ തന്നെ പേടിവായ്ക്കുന്നു വമ്പന്മാരെ
പൊയ്കൊൾകനല്ലൂ നല്ലമൈക്കണ്ണിയാളെ നിങ്ങൾ-
ക്കാർക്കും ലഭിക്കയില്ലെന്നിത്ഥംപരിഹാസത്തി-
നെത്തുംദ്വിജന്മാരുടെ നിന്ദാവചനം കേട്ടു
മന്ദാക്ഷവും വഹിച്ചുവന്നനൃപന്മാരെല്ലാം
ചെന്നുഭവനംപുക്കുനഗ്നജിന്നരേന്ദ്രന്റെ
നന്ദിനിയുടെ വേളിഭഗ്നമായ് വന്നുലോക-
ഭാഷണമായിത്തീർന്നു കന്യകാകുലമണി-
തന്നുടെതോഴിമാരുംഖിന്നത ഭാവത്തോടെ
അന്യോന്യമുരചെയ്തു:
മൂപ്പിലെപക്ഷമെന്തെന്നാരാനും കേട്ടോ നിങ്ങൾ
പാർപ്പിച്ചാലെത്രനാളു പാർപ്പിക്കാം കന്യാവിനെ
വേൾപ്പിപ്പാൻവൈകിയെന്നുകേൾപ്പിപ്പാനാരുമില്ല
തോല്പിപ്പാൻ തുടങ്ങുന്നുതാല്പര്യമില്ലാതവർ
കെട്ടാതെതന്നെ പെണ്ണുതിരണ്ടെന്നു വരുമെന്നാൽ
ഒട്ടല്ലപരിഹാസം ഒരുനാളും തീർച്ചയില്ലാ
കണ്ടാലും കർമ്മദോഷം കനിവില്ലതമ്പുരാനും
പണ്ടാരും പറയാത്ത പണയത്തെപ്പറകയാൽ
കണ്ടിവാർകുഴലിക്കകണവനായിട്ടൊരുത്ത-
നുണ്ടാകയില്ലകഷ്ടം ഒരുബന്ധുക്കളുമില്ല
വല്ലാത്തനേരം വന്നുപിറന്നോരുപെൺകിടാവേ-
കൊല്ലാതെ കൊല്ലാനിപ്പോൾ തുടങ്ങുന്നു തമ്പുരാന്മാർ
വല്ലാത്തപണയവും വലിച്ചിട്ടുതമ്പുരാനി-
ന്നെല്ലാർക്കും ശകാരിപ്പാൻ വഴിവീണുവഴിപോലെ
എന്നെവേണങ്കിലെൻകുന്തംവിഴുങ്ങണം താൻ
എന്നുള്ള സംസാരമായ് വന്നല്ലോതോഴിമാരേ
പെണ്ണിനെകൂറില്ലാത്തകൂട്ടത്തിൽ വന്നുചാടി
ഖണ്ഡിച്ചുപറഞ്ഞിടാം കളിയല്ലകണ്ടുകൊൾവിൻ
ഇങ്ങനെതന്നിരുന്നു നരക്കേയുള്ളിക്കന്യക
എങ്ങനെഭർത്താവുണ്ടായ് വരവേണ്ടുനാരിമാരേ
കാളകളേഴും കൂട്ടികയർകൊണ്ടുബന്ധിപ്പാനി-
ന്നാളുണ്ടായ് വരത്തില്ലെന്നറിഞ്ഞാലും പെണ്ണുങ്ങളേ
താളം പിഴച്ചുപോയാൽതരമാകയില്ലപിന്നെ
കോളല്ലാതുള്ള മാർഗ്ഗംകൊടുതായിവന്നുചേർന്നു.
മതികെട്ടിങ്ങനെ മരുവുംനേരം
മതിമുഖിവാശ്ശതുമൊരുദേഹത്ത
പതിയാക്കീടുകതാനേയായതു
ഗതികെട്ടാൽ പുലിപുല്ലും തിന്നും
ചതിപെട്ടാലതൊഴിപ്പാൻ മറെറാരു
ഗതിയെന്തെന്നതുതോന്നുന്നീല
അതിയായിട്ടൊരു സങ്കടമിങ്ങനെ
മതിയാംവണ്ണമിവൾക്കുലഭിച്ചു
വിധിയുടെ കല്പന നീക്കാവതിനി-
ക്ഷിതിയിലൊരുത്തൻമതിയായ്‌വരുമോ?
പെണ്ണിനുപത്തുവയസ്സതികഞ്ഞു
കണ്ണിനുവിരിവും വന്നുതുടങ്ങി
തലമുടിവടിവിലിരുണ്ടുചുരുണ്ടു
മുലയുംവന്നുകുരുത്തുതുടങ്ങി
അരുവയറങ്ങു ചുരുണ്ടക്കടിതട-
മുരുതരമൊന്നു കനത്തുതുടങ്ങി
തുടകളുരുണ്ടു തടിച്ചുപതുത്തു
അടിമലരിണതുടുതുടെ വിലസുന്നു
രണ്ടുകരങ്ങളുമതിമൃദുസരസം
പണ്ടിവളെപ്പോൽ മറെറാരു കന്യക-
യുണ്ടായീലധരിത്രിയിലെങ്ങും
കണ്ടും കേട്ടും കാമശരംഹൃദി-
കൊണ്ടുതറച്ചുവിറച്ചുനൃപന്മാർ
മണ്ടിവരുമ്പോൾ കൂററന്മാർ നില-
കണ്ടുവിരണ്ടുവിഷണ്ണതയോടെ
കുണ്ഡിതരാം, ചിലകൂറ്റന്മാരൊടു
ശുണ്ഠികടിച്ചുപിടിച്ചിഹകെട്ടാൻ
ഇത്തിരി ഭാവിച്ചുടനങ്ങവയുടെ
കുത്തുംകൊണ്ടുമയങ്ങിപ്പോയി
ഇത്തരമാപത്തുണ്ടാകുന്നൊരു
ദുഃസ്ഥിതിസൃഷ്ടിച്ചതുബഹുകഷ്ടം
ഊറ്റക്കാരുടെ കല്പനകടുതെ-
ന്നുരിയാടുകിലിഹകുറ്റവുമുണ്ടാം
കൂറ്റന്മാരുടെ കുത്തുകൾകൊണ്ടവർ
കുറവുപറഞ്ഞാലുത്തരമുണ്ടോ.
ചമ്പതാളം
തരുണികുലമഖിലമിതിപരവശതകാരണം
തങ്ങളിൽത്തങ്ങളിൽ ചൊല്ലിനില്ക്കും വിധൗ
സരസിരുഹനയനനഥസകലപതിമാധവൻ
സത്യാസ്വയംവരാഡംബരം കേൾക്കയാൽ
പരിചിനൊടുതിരുമനസികുതുകമുളവാകയാൽ
പാർത്ഥനും താനും പുറപ്പെട്ടുമെല്ലവെ
തെളിവിനൊടുവിജയനുടെ കരമതുപിടിച്ചുടൻ
തേരിൽ കരേറിത്തിരിച്ചുനാരായണൻ
കൊടികൾകുടതഴകളിടകലരുമൊരുഘോഷേണ
കോസലാധീശന്റെരാജ്യം പ്രവേശിച്ചു
നരകരിപുവരവുമഥവിരവൊടുധരിച്ചുടൻ
നഗ്നജിൻമന്നവൻ നന്നായ് പ്രസാദിച്ചു
പുരിയുടയനികടഭുവിമരുവുമഖിലേശനെ
പൂജിച്ചുവന്ദിച്ചുകൊണ്ടുപോന്നാദരാൽ
മണികനകഘൃണിപടലവിലസിതമതായൊരു
മഞ്ചേവസിപ്പിച്ചുകൂപ്പിനിന്നീടിനാൻ
വിരവിനൊടുവിജയനഥനരപതിയെവന്ദിച്ചു
വില്ലും നിലത്തൂന്നിനിന്നാൻ മഹാരഥൻ
കുതുകമൊടുമുരമഥനചരണയുഗളത്തിനെ
കൂപ്പിപ്പറഞ്ഞിതുകോസലാധീശ്വരൻ
മമസുകൃതമധികമിഹഫലിതമധുനാ വിഭോ!
മാധവ! നിൻ പാദപത്മസന്ദർശനാൽ
ദുരിതശതമഖിലമപിമമഖലുരമാപതേ
ദൂരവേ നീങ്ങിവിശുദ്ധനായേഷ ഞാൻ
അടിയനൊരുപണയമിഹപഴുതിലുര ചെയ്കയാൽ
ആധിമാത്രം ഫലം സാധിക്കദുർഘടം
മകളുടയപരിണയനമതിവിഷമമായ്‌വന്നു
മന്നവന്മാരൊക്കെമാറിത്തിരിച്ചിതു
പുരുഷവരനികരമതിലൊരുവനുമഹോ! നാസ്തി
പുംഗവന്മാരെപ്പിടിച്ചുകെട്ടീടുവാൻ
വരദജയമുരമഥനവരമരുൾകഹന്ത! ഞാൻ
വന്ധ്യപ്രതിജ്ഞനായെല്ലോരമാപതേ!
സരസിരുഹനയനതവകരുണയരുളീടിനാൽ
സാധിക്കുമിന്നുടൻ സത്യാസ്വയംവരം
പരിചിനൊടുതവകരുണപരിണതിലഭിക്കയാൽ
പാഞ്ചാലിയെപ്പണ്ടിവൻവേട്ടു ഫൽഗുണൻ
മന്ദസ്മിതവും തൂകിമാധവനരുൾചെയ്തു:
മന്നവ! നിന്റെ കാര്യംവന്നീടുമിന്നുതന്നെ
സപ്തവൃഷഭങ്ങളെ സത്വരം പൂട്ടിക്കെട്ടി
സത്യയെവേൾപ്പാൻ തന്നെ സത്യം ഞാനിഹവന്നു
കൂറ്റന്മാരോടുനേർത്തുതോററുമടങ്ങിപ്പോയോ-
രൂറ്റക്കാരെല്ലാം വന്നുചുറ്റും നിൽക്കവേതന്നെ
ചെറ്റും ശങ്കകൂടാതെതെറ്റന്നുകാളകളെ
ചുററിപ്പിടിച്ചുകെട്ടിമുറ്റത്തുകളിപ്പിക്കാം
മാറ്റികൾ വന്നു പടയേറ്റെന്നാലവരെയീ-
കാറ്റിൻമകന്റെതയിപാറ്റപോൽപറപ്പിക്കും
നീറ്റിൽകിടക്കും നക്രം ചീറ്റിയടുക്കുംനേരം
ആറ്റിലെകഴുനായ്ക്കൾ മാറ്റുവാൻ മതിയാമോ
തടിച്ചകാളകളെച്ചെന്നടിച്ചുകൊണ്ടുവരുവാൻ
മടിച്ചുനിൽക്കേണ്ടഞാൻ പിടിച്ചുകെട്ടുന്നതുണ്ടു്
മിടുക്കുംശൗര്യവുമേറ്റം നടിച്ചുശത്രുക്കൾ വന്ന-
ങ്ങടുക്കുന്നനേരമേററംചൊടിക്കും നമ്മുടെപാർത്തൻ
കടുക്കും വക്കാണത്തിന്നായെടുക്കുംഗാണ്ഡീവംകയ്യിൽ
തൊടുക്കും ബാണങ്ങൾ പാഞ്ഞടുക്കും വൈരികളെക്കൊ-
ന്നൊടുക്കും വിശ്വങ്ങളെല്ലാം ഞെടുക്കം നാടുകൾവെട്ടി-
യടക്കും ഇവനെ ആരും മടക്കുവാൻ ഭാവിക്കണ്ടാ
ഇത്തരമരുളപ്പാടതുകേട്ടു
സത്വരമരചർകുലോത്തമനേററം
ചിത്തമതാശുകളുർത്തസുഖത്തോടെ
കൈത്തളിർകൂപ്പിവണങ്ങിച്ചെന്നഥ
മുന്നേക്കാളതിക്ഷോലാഹലമൊടു
സന്നാഹങ്ങൾ തുടങ്ങിപുരങ്ങളിൽ
നിറപറമലരവലടകളപൂപം
തറകളിലറകളിലണിമണിദീപം
നിറമെഴു മലർകുലമൊരു മണികുംഭം
തിറവിയഘനതരകനകസ്തംഭം
കിടുപിടിതുടികടെ ചടചടരടിതം
നടഭടവിടരുടെ നടനസുഘടിതം
പൊട്ടുപൊടെ വെടികളുമിടിയൊടുതുലിതം
തടമുലതടവിനനടികടെലളിതം
അരുവയർമണികടെകുരവകളൊരുദിശി
നരവരപടകടെവിരുതുകളൊരുദിശി
ധരണിസുരനികരവരവുകളൊരുദിശി
തരുണിപുരുഷർകുലവിലസിതമൊരുദിശി
കുട്ടികളൊരുദിശിമുട്ടികളൊരുദിശി
ചെട്ടികളൊരുദിശിപട്ടികളൊരുദിശി
തട്ടുകളൊരുദിശികൊട്ടുകളൊരുദിശി
കൊട്ടിലുമഥകാട്ടിലുമൊരു കലശലു
നാട്ടിലുമഥവീട്ടിലുമഥകലശലു
പുഷ്ടിബഹളതുഷ്ടിഭവതുശിവശിവ!
വിപ്രന്മാരുടെ വരവുതുടങ്ങി
വിരവൊടുതമ്മിലുരത്തുതുടങ്ങി
“ഓടുന്നെന്തിനുതാനിഹവിപ്രാ
കൂടെവരുന്നൂഞങ്ങളുമെല്ലാം
സത്രം വളരെവരുന്നതിൽമുമ്പെ
തത്രകടന്നൊരുദിക്കിലിരിപ്പാൻ
ഓരോരാശിപ്രതിഗ്രഹമുണ്ടാം”
ആരതറിഞ്ഞൂകണ്ടാലറിയാം
ആരാകുന്നതുകാളകൾകെട്ടാൻ
നാരായണനെന്നുണ്ടിഹകേൾപ്പാൻ
മറ്റുള്ളരചന്മാരെപ്പോലെ
മാറ്റിത്തം മുകിൽവർണ്ണനുവരുമോ?
ശിവ ശിവ! താനതു ശങ്കിക്കേണ്ടാ
ഭുവനപതിക്കൊന്നരുതാതുണ്ടാ
കൊച്ചായന്നേകണ്ണൻകുന്നിനെ
മേച്ചിട്ടുള്ളൊരു പരിചയമേറും
ആയതുകൊള്ളാമിക്കാളകളുടെ
വക്കാണങ്ങൾ സഹിക്കായ്‌വരുമോ
കൂറ്റന്മാരുടെ കരുമനയോർത്താൽ
ഊറ്റക്കാർക്കുമൊരമളിഭവിക്കും
നമ്മുടെനിർഭാഗ്യതയോർത്തെന്നാൽ
അംബുജനേത്രനുമമളിവരേണം
ഇപ്പെണ്ണിന്റെവിവാഹം മൂലം
വിപ്രന്മാരു നടന്നുവലഞ്ഞു
ഇപ്പോൾ കിട്ടും പണമെന്നിട്ടൊരു
മുപ്പതെടുപ്പിഹവന്നിതു ഞാനും
എപ്പൊഴുമിങ്ങനെമണ്ടിനടപ്പാൻ-
കെൽപു നമുക്കു കുറഞ്ഞു ധരിപ്പിൻ
മുതുവിപ്രന്മാർ പണമെന്നോർത്താൽ
പുതുവിപ്രൻ താനെന്നൊരുഭാവം
കാശിക്കപ്പുറമെങ്കിലുമിന്നൊരു
കാശിനുവകയുണ്ടെന്നാൽ മണ്ടും
എഴുപത്തെട്ടുവയസ്സുതികഞ്ഞൊരു
കിഴവബ്രാഹ്മണനിതപോകുന്നു
കൊടുവെയിൽ തട്ടിച്ചുട്ടകഷണ്ടിയിൽ
ഒരു പിടിനെല്ലാൽ മലരുപൊരിക്കാം
കുടയും നാസ്തി ചുമച്ചുചുമച്ചൊരു
വടിയും കുത്തിക്കൂന്നു കുനിഞ്ഞിഹ
പൊടിയുമണിഞ്ഞഥവന്നാലിങ്ങൊരു
കാശും കിട്ടാതങ്ങഗമിച്ചാൽ
മുടിയും ചുട്ടവനൊന്നു ശപിച്ചാൽ
മുടിയും കോസലരാജ്യവുമതിനാൽ
അപ്പൻനമ്പൂരിക്കുപണത്തിനൊ-
രല്പവുമാശകുറഞ്ഞില്ലേതും
ഇപ്പൊഴുമൊരു പുത്തൻപണമോർത്താൽ
മുപ്പതുവഴിമണ്ടാൻ തടവില്ല
കീഴാണ്ടത്തേധനുമാസംപതി-
നേഴാം തീയതിതിരുവാതിരനാൾ
വേളിമഹോത്സവമുണ്ടെന്നിങ്ങനെ
കേളിനടത്തുന്നതുകേട്ടപ്പൊഴെ
ഞാനും മൂസ്സതുമവിടേക്കെത്തി
സ്നാനവുമർഗ്ഘ്യവുമാശുകഴിച്ചഥ
കൊട്ടിലിൽ വന്നു സ്ഥലംവച്ചപ്പോൾ
കേട്ടുപുറത്തൊരു കോലാഹലവും
മാളവരാജകുമാരനെനമ്മുടെ
കാളകൾകുത്തിക്കാലുമുടക്കി
വേളിയുമില്ലപ്രതിഗ്രഹമൂർദ്ധ്വം
വേഗം പൊയ്ക്കൊൾകവനിസുരന്മാർ
അങ്ങനെകേട്ടുഭയപ്പെട്ടോടി-
ത്തങ്ങടെയില്ലം പുക്കുദ്വിജന്മാർ
അന്നുഗമിച്ചൊരുഞാനും മൂസ്സതു–
മിന്നും വന്നുപണംമോഹിച്ചു
ഇന്നത്തെത്തൊഴിലെന്താകുന്നു
ഒന്നുഗ്രഹിച്ചെന്നാക്കിൽകൊള്ളാം
ഇന്നുവിവാഹംനിശ്ചയമെന്നതു
സന്ദേഹം മമതോന്നുന്നില്ല
നന്ദകുമാരനുമർജ്ജുനനും പുന-
രൊന്നിച്ചിവിടെപ്പണിചെയ്തെന്നാൽ
പടുകൂറ്റന്മാരായിരമെങ്കിലു-
മുടനേബന്ധിപ്പാൻ തടവില്ല
അഷ്ടികഴിക്കാൻ പണവും കിട്ടും
യഷ്ടികളെന്തിന്നമളിക്കുന്നു?
വൃഷ്ഠികണക്കിനുരാശിപണം ചില-
വിട്ടീടുന്നതിനില്ലവിവാദം
കോസലമന്നനു ചിലവിടുവാനൊരു
കൂസൽ തരിമ്പും കേൾക്കുന്നില്ല
നമ്മുടെ മാറ്റിത്തം കൊണ്ടരചനു
ധർമ്മം ചെയ്യാൻ മടിതുടരേണം
പെൺമകളിനിയൊന്നില്ലല്ലോയിതു
വെൺമയിലൊന്നുകഴിച്ചേ പോവും.
ഇത്ഥം പറഞ്ഞുകൊണ്ടു പൃത്ഥ്വീസുരന്മാരല്ലാം
എത്തിത്തികഞ്ഞിരുന്നുവൃത്ഥ്വീശന്മാരും വന്നു
കൂറ്റന്മാർവസിക്കുന്ന കൂടുകളേഴും തത്ര
തെറ്റെന്നുകൊണ്ടുവന്നുമുറ്റത്തുറപ്പിച്ചപ്പോൾ
ചിക്കെന്നു കാളക്കാൾ ചെന്നൊക്കവേ തുറന്നിട്ടു
അക്കൂറ്റന്മാരുമപ്പോൾ പൊക്കത്തിൽ ചാടിവന്നു
വക്കാണത്തിന്നു പാഞ്ഞെടുക്കുന്നനേരംകൃഷ്ണൻ
സപ്തവൃഷഭങ്ങളെസത്വരംബന്ധിപ്പാനായ്
സപ്തവിഗ്രഹം പൂണ്ടുസത്വരമെഴുന്നള്ളി
കൂറ്റന്മാരേഴിനേയും കൂട്ടിബ്ബന്ധിച്ചുനിത്തി
മറ്റാരും ഗ്രഹിച്ചീലാമായാപ്രയോഗമൊന്നും
ഏകസ്വരൂപനായിനിന്നരുളിനാൻ പിന്നെ
ലോകനാഥന്റെ മായലോകർക്കറിഞ്ഞീടാമൊ
ഗോപാലകൃഷ്ണൻ തന്റെരൂപസൗന്ദര്യം കണ്ടു
ഭൂപാലപുത്രിക്കുള്ളിലുണ്ടായ സന്തോഷങ്ങൾ
വർണ്ണിപ്പാനനന്തനും വൈഷമ്യമെന്നേവേണ്ടൂ
കണ്ണിന്റെഫലം വന്നുകന്യകാരത്നത്തിനും.
പീലിക്കാറണികൂന്തലുമഴകിന-
നീലാംബുജരുചിതിരുനയനങ്ങളു-
മാലോലാമലചില്ലീലതകളു-
മളികതടേഗോരോചനതിലകവു-
മിളകിനമകരാകൃതിമണികുണ്ഡല-
കുസുമോപമതിരുനാസികയും മൃദു-
സുലളിതബിംബഫലാധരവടിവും
ദന്തമണിദ്യുതിമന്ദസ്മിതവും
ചന്തമെഴുന്നമുഖേന്ദുവിലാസവു-
മുരുഘനനിറമാം തിരുമാറിടമതി-
ലരുണമഹാമണികൗസ്തുഭവും മൃദു-
കരലളിതംവനമാലാഹാരവു-
മരമണികിങ്ങിണിപൊന്നുടഞാണും
അരയാലിലപോലുദരപ്രഭയും
തരളിതകങ്കണകരകമലാഞ്ചിത-
മുരളീശംഖവിശംകടരുചിയും
കടിതടസീമനിപീതാംബരമ-
ങ്ങടിയോളോമവലംബിതമങ്ങനെ
പടുമൃദുതൃത്തുടജംഘായുഗളവു-
മടിമലർവടിവും മണിനൂപുരവും
തിരുമുടിതൊട്ടങ്ങടിമലരോളം
തിരുവുടൽകണ്ടഥനരവരനന്ദിനി
മനസിജശരശതമേറ്റുമയങ്ങി
കനിവൊടു സഖിമാരോടിടകൂടി
കനകാംബുജമലർമാലയുമായി
കഥമപിചെന്നുമുകുന്ദസമീപേ
പൃഥുകടിതടമുടയോരുവിലാസിനി
ലളിതമനോഹരനാകിന വരനുടെ
ഗളമതിൽ മാലയുമിട്ടുവണങ്ങി
പുളകിതതനുലതയാമവൾനിന്നാൾ
അളികുലകളകളസുലളിതവേണി
കിളിമൊഴിമണിയുടെ കരകമലത്തെ
തെളിവൊടുസപദിപിടിച്ചുമുകുന്ദൻ
കുളിർമൃദുപുഞ്ചിരിതൂകിപ്പരിചൊടു
വടിവിലെഴുന്നരുളീടിനസമയേ
പൃഥയുടെ നന്ദനാകിനവീരൻ
രഥവുംകൊണ്ടഥചെന്നുവണങ്ങി
മധുമുഖിയോടുസമേ തൻമാധവ-
നതികുതുകേനരഥത്തേലേറി
കോസലനൃപനൊടുയാത്രയുമരുളി
ഭൂസുരവരനികരത്തോടുകൂടി
ഭാസുരവേഷവിശേഷമനോഹര-
നാം സുരകുലപതിയാത്രതുടങ്ങി
കുടയും തഴയുംകൊടിചാമരവും
പടയും കുതിരകളാനകളനവധി
കടകാംഗദമണിഹാരകിരീടം
കുടർമണിതുടർമണികനകാദികളും
പുടവകൾ പട്ടും മണിമെത്തകളും
തടമുലതടവിനതരുണീകുലവും
പടുതരമാകിന കോസലമന്നവ-
നുടനേകൃഷ്ണനുനൽകിവണങ്ങി
സ്ത്രീധനമിങ്ങിനെപലവകവാങ്ങി
മാധവനൻപൊടുപാർത്ഥസമേതൻ
സാധുമഹോത്സവഘോഷത്തോടെ
സപദിയെഴുന്നരുളുന്നദശായാം
പട്ടുകൾ പൊന്നും പണവുമിതെല്ലാം
രെട്ടുകൾകൊണ്ടങ്ങിരുമുടിയാക്കി
കെട്ടിത്തലയിലെടുത്തും കൊണ്ടൊരു
കൂട്ടം പെരുവഴിപോക്കബ്രാഹ്മണർ
നാട്ടിൽ നടന്നുപ്രശംസിക്കുന്നതു
കേട്ടുനൃപന്മാർ സഹിയാഞ്ഞനവധി
കൂട്ടംകൂടി കോസലനൃപനുടെ
കോട്ടപ്പുറമേ ചെന്നുനിറഞ്ഞൂ
തങ്ങളിലങ്ങുപറഞ്ഞുതുടങ്ങി:
നിങ്ങളിതൊന്നും കേൾക്കുന്നില്ലേ
എങ്ങിഹ നമ്മുടെവംഗമഹീശനു-
മംഗാധിപതികലിംഗനരേന്ദ്രൻ
കുന്തളഭൂപൻകുരുനരപാലൻ
കുന്തിനരേന്ദ്രനവന്തിമഹീപതി
എന്തിഹനിങ്ങളുറങ്ങുന്നോ ഒരു
പന്തിക്കാർക്കൊരു നാണവുമില്ലാ
കേട്ടുവിശേഷമൊരുത്തൻ സത്യയെ
വേട്ടുഗമിച്ചുതുടർന്നിതുപോലും
ആരാണവളെ വിവാഹം ചെയ്തതു
നാരായണനെന്നൊരു വഴികേട്ടു
നേരായതുപറവാൻ മടിയുണ്ടാം
പേരായതുപലതുണ്ടിഹകേൾപ്പാൻ
പലപേരുള്ളതുകൊള്ളാമവനുടെ
കുലമേതെന്നിഹകേട്ടോതാനിഹ
കുലമേതെന്നതുക്ലേശിച്ചെന്നാൽ
കലവും തവിയും കളകേവേണ്ടു
അത്രകിഴിഞ്ഞവനെന്നാൽ നൃപനുടെ
പുത്രിയെവേൾപ്പാനർഹതയുണ്ടോ?
എത്രപകർന്നൂകാലവിശേഷമ-
തത്രഭവാന്മാരറിയുന്നില്ലെ
ആചാരത്തിനുതാഴ്ച വരുമ്പോൾ
നീചപ്പരിഷകൾ തലയിൽ കേറും
ഊണിനുവകയില്ലെന്നാൽ ശൂദ്രൻ
പൂണൂലൊന്നു കഴുത്തേൽപോടും
എമ്പ്രാന്തിരിയായ് മറുനാട്ടിൽചെ-
ന്നമ്പലമേറിശ്ശാന്തിതുടങ്ങും
അക്കിത്തിരിമാർ ചോമാതിരിമാർ
ഒക്കെയുമൊന്നിച്ചഷ്ടിതുടങ്ങും
ഇക്കാലങ്ങളിലുരിയാടാതൊരു
ദിക്കിലിരിക്കിലനർത്ഥമതില്ല
വാശ്ശതുമിക്കഥമതിയാക്കാമതി-
നീശ്വരനെന്യേശാസനയുണ്ടാ
അപ്പോഴൊരുപനൃപനുരചെയ്താനിഹ
കേൾപ്പാനുണ്ടതുകേട്ടാലറിയാം.
ഇടയന്മാരിലൊരുത്തൻകരിവര-
നടയാൾമണിയുടെ വേളികഴിച്ചു
പടയും കുടയുംകൊണ്ടുതിരിച്ചെ-
ന്നുടനൊരുവാർത്തനടക്കുന്നുണ്ടു്
ഓഹോ! മാതുലനെക്കൊലചെയ്തൊരു
ദേഹം താനവനെന്നതുചേരും
മോഹമവന്നുപെരുത്തതുമൂലം
സാഹസമെന്നതുവർദ്ധിക്കുന്നു
എന്നാലവനുടെപടയുംകുടയും
ചെന്നുപിടിച്ചുപൊടിച്ചുതകർത്തഥ
കന്യാമണിയെഹരിപ്പതിനിപ്പോൾ
സന്നാഹേന നടപ്പിനശേഷം
ഭൂപാലകനുടെ മകളായുള്ളവൾ
ഗോപാലന്നുകളത്രമതാമോ?
മെച്ചമിയന്നൊരുമണിമാണിക്യം
പിച്ചളവളമേൽപ്പതുമുണ്ടോ?
കാഞ്ചനമാലധരിപ്പാനിന്നുമ-
രഞ്ചാടിക്കിഹസംഗതിവരുമോ
കല്പകലതയൊടുകൂടിവസിപ്പാൻ
കാഞ്ഞിരമരമതുതരമായ് വരുമോ?
കെല്പാടുചെന്നു ഹരിപ്പതിനിന്നുവി-
കല്പമൊരല്പമെനിക്കില്ലറിവിൻ.
ഇങ്ങനെവീരവാദം തങ്ങളിലുരചെയ്തു
തിങ്ങിനപടകളും തങ്ങളിൽ വട്ടംകൂട്ടി
വില്ലും കുലച്ചും കൊണ്ടുതെല്ലും മടികൂടാതെ
പല്ലുംകടിച്ചുപലമല്ലും നടിച്ചുപുന-
രൊട്ടും കുറകൂടാതെ കൊട്ടുംവെടിയുമുല-
കെട്ടും മുഴക്കിത്തുടങ്ങീട്ടുപരിചപല-
കൂട്ടം നൃപന്മാർ വന്നുകോട്ടപ്പുറം നിറഞ്ഞു
കടുത്തുള്ള കോപത്തോടങ്ങടുത്തു കൃഷ്ണനെച്ചെന്നു
തടുത്തുദുർഭാഷണങ്ങളെടുത്തുതൂകിത്തുടങ്ങി.
നില്ലെട! കൃഷ്ണാ നിന്നുടെകുസൃതികൾ
നല്ലടവല്ലിതുവല്ലവനാകിലു-
മില്ലൊരുകില്ലിഹവല്ലവ! നിന്നുടെ
വല്ലഭയല്ലിവളെന്നുധരിക്ക
നല്ലൊരുവംശേവന്നുപിറന്നൊരു
നല്ലാർകുലമണിരാജകുമാരിയെ
വല്ലാതൊരു കുടിലൻ വന്നിങ്ങനെ
കല്യാണത്തിനുകാംക്ഷിച്ചതിനാൽ
പല്ലുകളിരുപതുമെട്ടും നാലും
എല്ലാമിന്നുതകാത്തീടും തട
വില്ലാതുള്ളൊരു വിരുതന്മാർ പല
വില്ലാളികളൊരുമിച്ചുവരുമ്പോൾ
മല്ലാദികളെക്കൊന്നപരാക്രമ-
മല്ലാതൊരുവിരുതില്ലനിനക്കതു-
മെല്ലാമറിയാമമ്മാവനെയും
കൊല്ലാൻ മടിയില്ലാത്തൊരു മൂഢ!
ചൊല്ലാമിനിയും പൂതനയെന്നൊരു
മല്ലാക്ഷിയെയും വധചെയ്തൊരുനീ
നല്ലവനോശിവ! നരപതിസഭയിൽ
ചെല്ലാനൊരുചിതമില്ലനിനക്കെട,
നോക്കെട നീപുനരടവികൾതോറും
ഗോക്കളെ മേച്ചുനടന്നവനല്ലേ
ശ്വാക്കടെകൂട്ടുകലങ്ങളുടച്ചും
പാൽക്കൊതിയൻനീപാഞ്ഞുനടന്നും
വെണ്ണകവർന്നുമൊളിച്ചുതിരിച്ചും
പെണ്ണുങ്ങടെ മുണ്ടുകൾമോഷ്ടിച്ചും
കണ്ണിൽ കണ്ടതുകട്ടുമുടിച്ചൊരു
കണ്ണം! നിന്നുടെ കപടമിതെല്ലാം
കണ്ടും കേട്ടും പെരുവഴിനിന്നെ-
ക്കൊണ്ടുദുഷിക്കുംജനമേയുള്ളു
ചെണ്ടക്കാരൊരു കൂട്ടംയഷ്ടികൾ
ഉണ്ടിഹനിന്നെബ്ബഹുമാനിപ്പാൻ
അണ്ടികൾചപ്പിയഹസ്സുകഴിക്കും
ചണ്ടികളൊരുവകഗോപാലന്മാർ
പണ്ടിവനെപ്പോൽ മറെറാരു മാനുഷ-
നുണ്ടായീലെന്നിങ്ങനെവാഴ്ത്തി-
ക്കൊണ്ടാടുന്നോരിടയന്മാരെ-
ക്കണ്ടാലുടനടികൂട്ടാൻ തോന്നും
വേണ്ടാസനമെന്നൊരുതൊഴിലേയിവ-
നുണ്ടായന്നേയറിയുന്നുള്ളു
ഏതൊരുജാതിയിലുള്ളവരെന്നതു-
മേതുമൊരുത്തനു പിടിപാടില്ല
ആയുധവിദ്യയുമഭ്യാസങ്ങളു-
മായതിവക്കറിവാൻവശമില്ല
വീര്യവുമില്ലൊരുശൗര്യവുമില്ലൊരു
കാര്യാകാര്യവിചാരവുമില്ല
ധനവുമില്ലജനവുമില്ലിവക്കൊരു
ഘനവുമില്ലനിനവുമില്ലനല്ലൊരു
ഗുണവുമില്ലപണവുമില്ലബാന്ധവ-
ഗണവുമില്ലതൃണസമാനമിങ്ങനെ.
സമർത്ഥനെന്നൊരു നടിപ്പുമുണ്ടതി-
ലനർത്ഥമെന്യേവരുത്തുമില്ലിഹ
കിമർത്ഥമിങ്ങനെതിമിർത്തുവമ്പട
തകർത്തുവന്നതുതടുപ്പതിന്നൊരു
മിടുക്കുമില്ലിങ്ങുനടപ്പിനമ്പൊടു
പടുക്കളേ നല്ലകരുത്തനായവ-
നൊരുത്തനില്ലതിനുരത്തുവന്നൊരു
മരത്തിനല്ലലുവരുത്തുവാനൊരു
പരുത്തിപോരുമോ മരുത്തുതന്മക-
നടുത്തു സോദരനടുത്തഫൽഗുന-
നടുത്തുവാപുനരുരത്തുനിന്നുടെ
പടുത്വഭാവവുമെടുത്തവില്ലിനു
കൊടുത്ത നിൻകണമടുത്തുപോവതിനടുത്തു രണഭൂവി
ഇത്ഥം പറഞ്ഞും കൊണ്ടുയുദ്ധം തുടങ്ങീടുവാൻ
നേർത്തനൃപന്മാരെത്തടുത്തുഗാണ്ഡീവവുമെ-
ടുത്തുകോപവുമുള്ളിലടുത്തുവിരവിനോട-
ടുത്തുചെന്നുരത്തു പടുത്വമുള്ള ഫൽഗുനൻ
കുടിലന്മാരേ! മതിമതിനിങ്ങടെ
ചടുലതപെരുകിനചാപലവാക്കുകൾ
പിടിപിടിപിടിയെന്നെത്തിക്കൊണ്ടാൽ
വിടുമുടനിവരിക്കന്ന്യകയെപ്പുന-
രെന്നൊരുമോഹംകൊണ്ടുജളന്മാർ
വന്നു ഞെളിഞ്ഞുവളഞ്ഞതുകൊള്ളാം
നന്നിതുനിങ്ങടെദുരഹങ്കാരമ-
തിന്നുശമിക്കുമതോർത്തീടേണം
കൂറ്റന്മാരുടെ കുത്തുകൾകൊണ്ടഥ
തോറ്റുഗമിച്ച സമർത്ഥന്മാരുടെ
മാറ്റിത്തം പുനരേവനുമോർത്താൽ
മാറ്റിക്കൊൾവാനെളുതല്ലേതും
കുറുനരിലക്ഷംവന്നാലിന്നൊരു
ചെറുപുലിയോടു പിണങ്ങാനെളുതോ?
മുടിമഞ്ചന്മാരാകിന നിങ്ങടെ
മറിമായംകൊണ്ടെന്തുഫലിക്കും?
പൊറുതികെടുപ്പാൻ മോഹിച്ചവരുടെ
അരതിപെടുപ്പാനർജ്ജുനനിഹഞാൻ
തുരുതുരെബാണമയയ്ക്കുന്നേരം
തെരുതെരെമണ്ടിയൊളിക്കും നിങ്ങൾ
കർണ്ണൻശകുനിസുയോധനനുംപുന-
രർണ്ണവമിവബഹുസഹജന്മാരും
കർണ്ണാടാദികളാകിന പലപല
കർണ്ണേജപരാമരചന്മാരും
ദുർജ്ജനവൃന്ദമശേഷമണഞ്ഞിഹ
ഗർജ്ജനഘോഷംചെയ്കനിമിത്തം
അർജ്ജുനനുടെശരവഹ്നിയിൽവീണിഹ
ഭഞ്ജനമിന്നുഭവിപ്പാറായി
ഇജ്ജനമാരെന്നുള്ളവിചാരവു-
മിജ്ജളരാകിനനിങ്ങൾക്കില്ല
ലജ്ജയുമില്ലലഘുത്വവുമില്ല
സജ്ജനദുർജ്ജനഭേദവുമില്ല
പിടിയാത്തവരുടെവികൃതികൾകണ്ടാൽ
മടിയാതവരുടെതലമുടി ചുററി-
പ്പിടിയാത്തവനതിഭോഷൻവടികൊ-
ണ്ടടിയാത്തവനതിനേക്കാൾഭോഷൻ,
മുടിയാനൊരുവകനോക്കിട്ടൊരുവക
തടിയന്മാരിവർവന്നിഹചാടി
കടിയാപ്പട്ടികൾ നിന്നു കുരച്ചാൽ
വടിയാലൊന്നുതിരിച്ചാൽ മണ്ടും
ചതിയന്മാരിവർകന്യാമണിയെ
ക്കൊതിയന്മാരായ് വന്നതുമൂലം
മതിയാംവണ്ണം മാനക്കേടുക-
ളതിയായിട്ടുലഭിച്ചേ പോവൂ
ഋഷിജനവന്ദിതനാം ഭഗവാനെ
ദുഷിവാക്യങ്ങൾ പറഞ്ഞശഠന്മാർ
കൃഷിയിൽകെടുകാര്യങ്ങൾപിണഞ്ഞൊരു
കൃഷികാരന്മാരെന്നതുപോലെ
കഞ്ഞികുടിപ്പാൻ വകയില്ലാഞ്ഞവർ
മുഞ്ഞിമയങ്ങിമുടങ്ങിയടങ്ങി
പഞ്ഞികൾ പോലൊരു പശയില്ലാതെ
പാഞ്ഞുതളർന്നുനടന്നീടേണം
ആർക്കും പറവാൻചിതമല്ലാത്തൊരു
വാക്കുകൾ വന്നു പറഞ്ഞൊരുനിങ്ങടെ
നാക്കുകൾകണ്ടിച്ചതുപുനരഗ്നിയി-
ലാക്കിയെരിച്ചേ മതിയാവുള്ളു.
ലാക്കുമുറിച്ചതുപോലെനിങ്ങടെ
മൂക്കുമുറിപ്പാനിന്നിഹഫൽഗുന-
നൂക്കുണ്ടെങ്കിലതുംവരുമെന്നു
മൂർഖന്മാര! ബോധിക്കേണം
ആർക്കുപിറന്നവർനിങ്ങളഹോകുല-
മോർക്കുമ്പൊഴുതുകുഴപ്പമിതെല്ലാം
പോർക്കുവിളിച്ചുരിപുക്കൾ വരുമ്പോൾ
പോർക്കുകണക്കിനെ ഓടിയൊളിക്കും
ഉശിരുള്ളാക്കു പിറന്നേമക്കളു-
മുചിതസ്ഥാനേചെന്നുരമിപ്പു
അശുഭന്മാർക്കു പിറക്കനിമിത്തം
പശുവേപ്പോലൊരു വസ്തുതിരിയാ
കിട്ടിയതെല്ലാം ഭക്ഷിക്കാമൊരു
പട്ടിക്കുംബഹുമാനവുമില്ലാ
നാടുമുടിപ്പാൻവന്നുജനിച്ചവർ
നാലഞ്ചല്ലൊരു നാല്പതുലക്ഷം
കാടുമുടിക്കും കപികൾകണക്കെ
നാടുകളൊക്കെ നിറഞ്ഞുചമഞ്ഞു
ഇത്തരമർജ്ജുന വചനമിതെല്ലാം
സത്വരമൻപൊടുകേട്ടുകയർത്തഥ
പാർത്ഥിവ വീരന്മാർവിരവോടെ
പാർത്ഥനെനേർത്തുരചെയ്തുതുടങ്ങി
ആർക്കുപിറന്നവരെന്നുപറഞ്ഞൊരു
വാക്കു നിനക്കുപിഴച്ചിതുപാർത്ഥാ!
നിങ്ങടെ കൂട്ടുപലർക്കുപിറന്നവർ
ഞങ്ങടെ കുലമതിലില്ലിഹമൂഢം
കന്യകപെറ്റൊരു ദേഹംതന്നുടെ
തമ്പിവിവാഹം ചെയ്തൊരു സുന്ദരി
തന്നെപ്പുണ്ടവനെന്നുജനിച്ചൊരു
തനയൻനിന്നുടെ താതൻപാണ്ഡു
ചേട്ടൻ കുരുടനവന്നുസുതന്മാർ
ചിലരുണ്ടായതുമിങ്ങിനെകൊള്ളാം
അനുജൻ പിന്നെവിവാഹംചെയ്തി-
ട്ടതിലുണ്ടായവരൈവർഭവാന്മാർ
നിങ്ങടെതാതൻ നല്ലൊരുസുഭഗൻ
നിങ്ങടെ ജനനിയുമങ്ങനെതന്നെ
വേളികഴിഞ്ഞേല്പിന്നവർ തങ്ങളിൽ
മേളിച്ചൊരു സുഖമുണ്ടായില്ല
ഭർത്താവവളെത്തൊട്ടിട്ടില്ലവൾ
ഭർത്താവിനെയും തൊട്ടിട്ടില്ല
മക്കളവൾക്കൊരുനാലഞ്ചുളവായ്
ആർക്കുപിറന്നെന്നാരറിയുന്നു?
കാട്ടാളന്മാരെ മറ്റൊരു-
കൂട്ടക്കാറരുമില്ലാതുള്ളൊരു
കാട്ടിലിരിക്കും കാലത്തവളുടെ
ഗോഷ്ടികളാരാനറിയുന്നുണ്ടോ;
അന്നുപിറന്നവരൈവരുമായതി-
ലന്നൊരുതടിയനൊരാനകണക്കെ
അങ്ങനെയുള്ളവരഞ്ചുജനങ്ങളു-
മിങ്ങനെവന്നുവളർന്നൊരുശേഷം
വേളികഴിച്ചാരൈവരുമായൊരു
ധൂളിപ്പെണ്ണിനെമടികൂടാതെ
ചേട്ടനുമനുജന്മാർകളുമവളുടെ
പാട്ടിലൊതുങ്ങിവസിക്കുന്നിപ്പോൾ
ചേട്ടയ്ക്കും പുനരില്ലൊരുനാണം
ചേട്ടനുമനുജനുമെല്ലാമൊക്കും
ഇങ്ങനെയുള്ളൊരുവിജയാ നീയിഹ
ഞങ്ങടെദോഷം ഘോഷിക്കുന്നോ?
തന്റെപെരുക്കാൽ മണ്ണിലൊളിച്ച-
പരന്റെപെരുക്കാൽകണ്ടു ചിരിക്കും
ദുർജ്ജനപടുവാമർജ്ജുനനിന്നുടെ
ഗർജ്ജനമിതുമതിപോരും നന്ന്;
തന്നത്താനറിയാത്തജളന്മാർ
തന്നുടെഘനമതുതാനേകളയും.
കഃ കാലഃ കാനി മിത്രാണി
കോ ദേശഃ കൌ വ്യയാഗമൌ
കശ്ചാഹം കാചമേ ശക്തി-
രിതി ചിന്ത്യം മുഹുർമ്മുഹുഃ
കാലമ്മമശുഭമോ നമ്മുടെ
മൂലംഭൂവിഗുണമോ സാംപ്രത-
മാലംബനമുളവാമോ അനു-
കൂലംപരദൈവമെനിക്കുപ-
ദേശം ഫലസിദ്ധിവരാനിതു
ദേശംചിതമായിതുകൊണ്ടൊരു
നാശംലഭിയാതെവരാനവ-
കാശംവരുമോ പുനരിന്നൊരു
കാശുംകിടയാതെനമുക്കൊരു
മോശംവരുമോ ഇനി നല്ലപ്ര-
കാശം ഫലമോ ധനധാന്യവി-
നാശംബലമോശിവശങ്കര!
ആയതു ഞാനും നമ്മുടെ-
രായതുമെന്തയ്യോ ഒരുപേ-
രായതുമാരാകുന്നതുപേ-
രായിരമുള്ളോനെന്നുടെനാ-
രായണനല്ലാ തിങ്ങൊരുപാ-
രായണമെന്നുള്ളതുപാ-
രാത്തവനാരാകുംബഹുപോ-
രാത്തവനെന്നല്ലോപരനേ-
രായവഴിക്കൊണ്ടിന്നഥ
ചേരാത്തവഴിക്കോ വന്നിഹ
പാരാതെ സമസ്തം സന്തത-
മോരാതെ നടക്കുംയഷ്ടികൾ
തീരാത്തൊരു ദുർഘടസങ്കട
വാരാന്നിധിതന്നിലുഴന്നിടു-
മാരെങ്കിലുമിങ്ങനെയിതിനുടെ
സാരംപൊരുളെന്നുധരിപ്പിൻ.
ഇത്തരമൊരു പരിഭവവചനമുരത്തുമടുത്തുതടുത്തും
സത്വരമഥസകലമഹീപതിചംക്രമവിക്രമമോടെ
ഉദ്ധതശരനികരമുതിർത്തുമുതിർത്തുതകർത്തുതിമിർത്തു
യുദ്ധമധികമഖിലഭയങ്കരകളകളമത്രതുടങ്ങി
കൊട്ടുകൾപലകുഴൽവിളി നിലവിളിശണ്ഠകളുണ്ടൊരുദിക്കിൽ
വെട്ടുകൾചിലതട്ടുകൾമുട്ടുകൾ തടവുകൾ മറെറാരുദിക്കിൽ
അടികളുമഥപിടികളുമിടികളുമിളകിന പൊടികളുമുടനെ
അടിമുടിതടിപൊടിയുമൊരടവുകളുടനുടനങ്ങൊരുദിക്കിൽ
വില്ലുകളുടെ വിളയാട്ടം പടുതല്ലുകളെല്ലുതകർത്തും
കല്ലുകൾമരമൊരുവകമല്ലുകൾപല്ലുകടിച്ചുപൊടിച്ചും
പരിചകളുടെചടചടപടുരവമൊരുദിശി പൊടുപൊടെവെടിയും
കരികടെകടുരടിതവുമടലതിലിടിപൊടിഘടഘടഘോഷം
ചന്തമടയകുന്തമെടുത്തുപിടിച്ചുകളിച്ചു പുളച്ചും
ദന്തികളുടെദന്തമണച്ചുപിടിച്ചുമടിച്ചു മൊടിച്ചും
തുരുതുരെവരുമുരു നരവരശരനിരകളുമൊരുദിശിബഹളം
നരവരകുലവിരുതുകൾചിലരതുകരുതിന പാണ്ഡുതനൂജൻ
ഗാണ്ഡിവമഥവില്ലുമെടുത്തു കുലച്ചുവലിച്ചുപിടിച്ചു;
“പാണ്ഡവനൊടുപടപൊരുവാൻവിരുതുള്ളവരൊക്കെവരേണം
ഖാണ്ഡവവനമമ്പൊടുചുട്ടുപൊടിച്ചമിടുക്കനെടുക്കും
താണ്ഡവമിഹരണഭുവിവിരവൊടുകാണുവിനരചന്മാരെ
കുംഭതാളം
പലപലവിരുതുകൾ പറകയും ചിലരുറകയും
ബഹുദൂഷണഭാഷണവും പിന്നെ
പരിഭവമുടയൊരു പടകളും പലകുടകളും
കൊടിയും പടവില്ലുകളുംതേരും
കുതിരകളനവധികരികളും പുനരരികളും
നിജപൌരുഷവിരുതുകളും എല്ലാം
മതിമുഖിയുടെകൊതികളും ചിലചതികളും
ഇദമൊക്കെയുമിഹവിഫലം
പോരിനുവരികരിഖേടരെ! അതിമൂഢരെ!
അവിവേകികളായവരെ ഇനി
പാരിടമതിലതിവീര്യവും ഭുജശൗര്യവും
രിപുനരചംക്രമവിക്രമവും ഇപ്പോൾ
മാരുതിസഹജനിലേല്ക്കുമോ
ദാരുണശരവരകൊടിയും പരിപാടിയും
പരിചോടിഹകാണ്മതുമൂലം
ഇത്തരമതികടുഭാഷണവും
ഇടിയൊടുസമമഗ്ഘോഷണവും
സത്വരമതുമൊരുവകദൂഷണവും
സകലമിളകിമണിഭൂഷണവും
ഉദ്ധതമൊരുദിശിവെട്ടുകളും
ഉരുതരമൊരു വകകൊട്ടുകളും
ഉദ്ധതപെരുകിനമുട്ടുകളും
മുഹുരപികരതലതട്ടുകളും
തങ്ങളിലൊരുദിശിതല്ലുകളും
തടവുകളടവുകളള്ളുകളും
തിങ്ങിനശംപടവില്ലുകളും
തെരുതെരെയൊരുവഴികല്ലുകളും
കുത്രചിദരികടെചാക്കുകളും
കുഹചനപലപലവാക്കുകളും
ക്ഷത്രിയവരരുടെനോക്കകളും
ക്ഷണമുടനൊരുദിശിനീക്കുകളും
വിക്രമമൊടുപടകൂടുകയും
വിരവൊടു ചിലരുടനോടുകയും
അക്രമമൊരുവകപാടുകയും
അതിശയമൊടുചിലർചാടുകയും
താഡനമൊരുവകകൊള്ളുകയും
തടിമുടിപിടിയൊടുതള്ളുകയും
പാടവമൊടുചിലർതുള്ളുകയും
കടുക്കനെച്ചിലരടുക്കയും
കരത്തിലായുധമെടുക്കയും
കടന്നുവെട്ടുകൾകൊടുക്കയും
കരങ്ങൾകൊണ്ടതുതടുക്കയും
ഇടയ്ക്കിടെച്ചിലർ നടക്കയും
ചിലരിരിക്കയും ചിലർതിരിക്കയും
ചിലർ മരിക്കയും ചിലരുരയ്ക്കയും
കളിക്കയും ചിലരൊളിക്കയും
ചിലരിളിക്കയും ചിലർപുളയ്ക്കയും
ചിലർതെളയ്ക്കയും ചിലർതുളുക്കയും
ചിലർതളിക്കയുംചിലരടിക്കയും
ചിലർപിടിക്കയും ചിലർപൊടിക്കയും.
ചിലർകടിക്കയും ചിലർ മടിക്കയും
ചിലർമുടിക്കയും മധുകുടിക്കയും
ചിലർ മരിക്കയും ചിലർതിരിക്കയും
വമ്പുകൊണ്ടുനേർത്തടുത്തുവന്നവ-
നമ്പുകൊണ്ടുകോർത്തുവീർത്തുവീഴുക
തമ്പുരാനകമ്പടിക്കുവന്നവർ
മുമ്പിൽവീണുരുണ്ടുമണ്ണുകപ്പുക
രണ്ടുകാലുരണ്ടുകൈകളും കണ-
കൊണ്ടുകോർത്തുവണ്ടുപോലുഴന്നൊരു
തണ്ടുതപ്പിരണ്ടുനാലുനാഴിക
കൊണ്ടുകണ്ടുകുണ്ടിൽവന്നുചാടുക
വില്ലുകൊണ്ടുതല്ലുകൊണ്ടൊരുത്തനു
പല്ലുമെല്ലുമൊക്കവേതകർന്നിതു
കല്ലുകൊണ്ടെറിഞ്ഞെറിഞ്ഞുകൊല്ലുക
കില്ലകന്നുമുഷ്ടികൊണ്ടുകുത്തുക
മുട്ടുകൊണ്ടുമൂക്കുപോയിവീഴുക
വെട്ടുകൊണ്ടുവേഗമോടുമണ്ടുക
പെട്ടുപോയഭൂമിപാലരെച്ചിലർ
പട്ടുകൊണ്ടുമൂടിയങ്ങെടുത്തൊരു
കട്ടിന്മീതിലിട്ടുകൊണ്ടുകെട്ടുക
വട്ടമിട്ടടുത്തുവന്നുകുത്തുക
വാട്ടമറ്റുവാളെടുത്തുവെട്ടുക
കൂട്ടമോടണഞ്ഞുടൻ പിണങ്ങുക.
ഇങ്ങനെയുള്ളൊരു സമരാരംഭേ
തിങ്ങിനകോപമിയന്നൊരു പാർത്ഥൻ
തുംഗമതാകിനഗാണ്ഡിവചാപം
ഭംഗിയിലാശുകുലച്ചുവലിച്ചഥ
ബാണമെടുത്തുതൊടുത്തുടനേതിരു-
വാണയുമിട്ടുരണങ്ങൾതുടങ്ങി
സായകനികരം കൊണ്ടൊരുനൃപനുടെ
ആയുധമമ്പതുനൂറുനുറുങ്ങി
കായത്താലൊരുമുറിവെന്നുള്ളതു-
മായവനെങ്ങുമതുണ്ടായില്ല
നായന്മാരുടെ ചട്ടകൾതൊപ്പികൾ
ആയിരശകലമതാക്കിമുറിച്ചു
കാതിലണിഞ്ഞകടുക്കൻ പോയി
കാതിനുഹാനിഭവിച്ചതുമില്ല
കടകംപോയി കരംപോയില്ല
കടിസൂത്രങ്ങളശേഷം പോയി
കടിതടഭംഗം വന്നതുമില്ല
ഉടലിലൊരമ്പുതറച്ചതുമില്ല
വെൺമയിലവരുടെ കോപ്പുകളെല്ലാം
എൺമണിപോലെനുറുങ്ങിപ്പോയി
അസ്ത്രസമൂഹംകൊണ്ടങ്ങവരുടെ
വസ്ത്രമശേഷവുമാശുതകർന്നു
ഭഗ്നരഥന്മാരവനീശന്മാർ
നഗ്നന്മാരായ് നാണംകെട്ടഥ
ഭാവക്ഷയവും പൂണ്ടുടനഖിലം
ധാവതിചെയ്തുധരണിതലാന്തേ.
നഗ്നജിൽ പുത്രിതന്നിൽ മഗ്നന്മാരായിവന്നു
ഭഗ്നന്മാരായെന്നല്ലനഗ്നന്മാരായിനിങ്ങൾ
നാണയക്കേടും വന്നുനാണവും കെട്ടുനല്ലോ-
രാണിനുപുറന്നവരല്ലെന്നുംവന്നുനിങ്ങൾ
ഊണിനുമാത്രംകൊള്ളാമൂഴിക്കു നാഥന്മാരായ്
വാണീടുന്നെന്തിനായ്യോ വല്ലാത്തഭോഷന്മാരെ
പാണിയിലുള്ള വില്ലുംബാണവും കളഞ്ഞോരോ
കോണിലൊളിച്ചുകൊണ്ടുവാണീടാമിനിമേലിൽ
പ്രാണങ്ങൾ പോയെങ്കിലോ പ്രാഭവം പോകയില്ല
ആണല്ലാതവർക്കുണ്ടോ ആയതുസാധിക്കുന്നു
കാളകളെ ബന്ധിപ്പാനെളുതല്ലാതായനിങ്ങൾ
കോളല്ലാതെകണ്ടോരോഗോഷ്ഠികൾഭാവിച്ചതു
താളമതില്ലാതൊരു മേളക്കാരനെപ്പോലെ
നാളേക്കുമാകാനിങ്ങൾ നീളേക്കുമാകാനിങ്ങൾ
വാശിക്കു വന്നുയുദ്ധം ഭാവിച്ചുതോറ്റനിങ്ങൾ
കാശിക്കുപൊയ്ക്കൊണ്ടാലും കശ്മലപ്പാഴന്മാരെ!
ക്ലേശിക്കുന്നെന്തേ നല്ലരാശിക്കുപിറക്കാഞ്ഞാൽ
മീശയ്ക്കു വീര്യമൊരുവീശത്തിനില്ലാതാകും
പെണ്ണിന്റെരൂപംകണ്ടുകാംക്ഷിച്ചനിങ്ങൾക്കിപ്പോൾ
കണ്ണന്റെമാറ്റിത്തത്താൽ കാണ്മാനും കൂടെക്കിട്ടം
പൊണ്ണന്മാരെന്തുമൂലംപോരിന്നുവന്നതിന്നു
കണ്ണന്റെ വൈരിയുടെ കാഠിന്യമറിവാനോ?
ഖാണ്ഡവം ചുട്ടെരിച്ചപാണ്ഡവവീരൻതന്റെ
ഗാണ്ഡീവചാപത്തിന്റെ താണ്ഡവം ഗ്രഹിപ്പാനോ?
അയ്യയ്യോഭോഷന്മാരേ! അയ്യയ്യേ മൂഢന്മാരെ
പൊയ്യല്ലനിങ്ങളുടെമയ്യങ്ങളൊന്നുംകൂടാ
ഇത്തരമുള്ളൊരു വിപ്രന്മാരുടെ
സത്വരപരിഹാസോക്തികൾകേട്ടഥ
ക്ഷത്രിയരെല്ലാംചെവിയും പൊത്തി
ക്ഷണമിഹധാവതിചെയ്തൊരുശേഷം
ഭീമസഹോദരനാകിയവിജയൻ
രാമസഹോദരസവിധേചെന്നഥ
താമസരഹിതംതാണുവണങ്ങി
താമരസേക്ഷണനോടുരചെയ്താൻ:-
“ദേവമുകുന്ദ! ജയജയദേവമുകുന്ദ!
കേവലപുരുഷാ! കേട്ടരുളീടുക
കേവലമെൻമൊഴികേശവശൌരേ! (ദേവമുകുന്ദ)
പങ്കജനയനഭവാനുടെകിങ്കരനടിയൻ
ശങ്കവിട്ടുവരുന്നനരപതിസംഘമാശുജയിച്ചുരണളവി
നിൻകടാക്ഷബലേനവിജയനു സങ്കടാ-
ദികൾകിമപിനഹിനഹി- (ദേവമുകുന്ദ)
അസ്ത്രങ്ങൾപോയി അവർക്കങ്ങു ശസ്ത്രങ്ങൾ പോയി
അത്രയല്ലുടുക്കുന്നവസ്ത്രങ്ങളതും പോയി
ഗാത്രങ്ങൾ മുടങ്ങീലതുമാത്രമുള്ളൊരുലാഭം (ദേവമുകുന്ദ)
സരസഘനാഭസനാതനസരസിജനാഭ
ചരമവാരിധിതന്നിൽ പരിചൊടേവിളങ്ങുന്ന
പുരിതന്നിലകം പുക്കു മരുവുക (ദേവമുകുന്ദ)
സത്യാവിവാഹംകാണാൻ നമുക്കത്യന്തം മോഹം
സത്യസാഗരനാഥ! നിത്യനിർമ്മലാകാരാ
നരകമോചനനളിനലോചന
നന്ദനന്ദനസുന്ദരം നന (ദേവമുകുന്ദ)
വിരതസന്ദേഹം ഹരേ! കൃഷ്ണാ!
വരദ! വന്ദേഹം തരുണമേഘസമാകൃതേ! തവ
കരുണവേണമനാരതംമയി
ചരണപങ്കജമേവതേമമ
ശരണമതുമമവരണമഴകൊടു (ദേവമുകുന്ദ)
ദ്വാരാവതിപുരിതന്നിൽ വസിക്കും
പൌരജനങ്ങളുമംഗനമാരും
സീരവരായുധനാംബലദേവനു-
മാരണവൃന്ദവുമെന്നിവരെല്ലാം
കേളിപരായണനാകിന കൃഷ്ണൻ
വേളികഴിച്ചൊരു സുന്ദരിയോടെ
മേളിതനായിയെഴുന്നരുളുന്നൊരു
കേളിനടന്നതുകേട്ടതിമോദാൽ
മാളികമണിഗൃഹവാടികൾമേടകൾ
കേളിമഹാമണിമണ്ഡപവീഥികൾ
കാളിനികേതനമങ്ങാടികളുടെ
പാളികളെന്നിവമന്ദിരമെല്ലാം
വെള്ളികൾകൊണ്ടും കനകം കൊണ്ടും
വെള്ളപ്പുടവകൾ പട്ടുകൾകൊണ്ടും
വെള്ളരിമലരവലെന്നിവകൊണ്ടും
വെള്ളക്കുടകൊടിക്കോടികൾകൊണ്ടും
സ്ഫുടതരമഖിലമലംകൃതമാക്കി
പടുപടഹങ്ങളടിച്ചുമുഴക്കി
ഭടജനപടകളുമിടചേർന്നൻപൊടു
കടലുടെതടമതിൽ വന്നുനിറഞ്ഞു
പടവുകൾവഞ്ചികൾവള്ളംതോണികൾ
പടവേറും ചിലകപ്പലുമെന്നിവ
കടലിലിറക്കിപ്പായുംകെട്ടി
അടനമ്പുകളും തണ്ടുകളുംപുന-
രിടയിൽനെടുത്ത കഴുക്കോലുകളും
വടിവിലെടുത്തുതുഴഞ്ഞും കൊണ്ടഥ
ഭടജനമനവധികടലുടെനടുവേ
കടൽ നിറമുടയൊരുപുരുഷനകമ്പടി
കൂടുവതിന്നുടനക്കര പറ്റി
കാടുകൾവെട്ടിവെളിപ്പിച്ചുടനേ
കോടുകളൊക്കെ നിറഞ്ഞഥനിന്നാർ
പാടവമോടുയദുപ്രവരന്മാർ
കോടക്കാർമുകിൽവർണ്ണൻമാധവ-
നതികുതുകേനരഥത്തേലേറി
കോസലനൃപനൊടുയാത്രയുമരുളി
ഭൂസുരവരനികരത്തോടുകൂടി
ഭാസുരവേഷവിശേഷമനോഹര-
നാസുരകലരിപുയാത്രതുടങ്ങി
കോടക്കാർമുകിൽ വർണ്ണൻതന്നുടെ
കൂടിവരുന്നൊരുകന്യാമണിയുടെ
മോടികൾകാണാൻപൗരസ്ത്രീകളു-
മോടിവിയർത്തഥവരവുതുടങ്ങി
മാടണിമുലമാരുടനേവെൺകളി-
മാടങ്ങളിലും മണിമേടകളിലു-
മാടലകന്നുകരേറിയിരുന്നിതു
പേടമൃഗീമിഴിമണിയെക്കാണ്മാൻ
താച്ചപ്പെൺകൊടിമാരവരപ്പോൾ-
പൂച്ചക്കതകുതുറന്നഥനോക്കി
ചേർച്ചക്കാരൊടുമല്ലാതുള്ളൊരു
ചാർച്ചക്കാരൊടുമുരചെയ്യുന്നു
നല്ലൊരുപെണ്ണിവൾകൊച്ചനുജത്തി
തെല്ലൊരുദോഷം പറവാനില്ലാ
പല്ലുംചൊടിയും കണ്ണും മുഖവും
എല്ലാമെത്രയുമതിരമണീയം
കാതുകൾ തലമുടിമുലയിണയും പുന-
രേതുമവൾക്കൊരുകുറവില്ലറിവിൻ
കാതിലമോതിരമാമത്താലികൾ
ആദരവോടിഹകോപ്പുകളെല്ലാം
കൌതുകമുണ്ടിതുകണ്ടാൽ നല്ലൊരു
ജാതകമെന്നേ പറവാനുള്ളു
മാധവദേവനുമഹിഷിയതാവാ-
നേതും കുറവില്ലെന്നു ധരിപ്പിൻ
തണ്ടാർശരനുംരതിയും തങ്ങളി-
ലുണ്ടായന്നൊരുചേർച്ചകണക്കിനെ
വണ്ടാർകുഴൽ മണിയാളാമിവളെ-
ക്കൊണ്ടാടീടിനമധുസൂദനനെ-
ക്കണ്ടാൽ നല്ലൊരു പരമാനന്ദമ-
തുണ്ടാമഖിലജനത്തിനുമിപ്പോൾ
പണ്ടുള്ളവരിലൊരുത്തനുമിക്കഥ
കണ്ടുസുഖിപ്പാൻ കഴിവന്നീല
തലയിലെഴുത്തിനുഗുണമുണ്ടെങ്കിൽ
തരമായുള്ളൊരുപുരുഷനുമുണ്ടാം
തലയും മുലയും നന്നെങ്കിലുമൊരു
വിലപിടിയാത്തവർനാമെല്ലാരും
നമ്മുടെ നായർക്കൊരുതെളിവില്ല
ദുർമ്മുഖമല്ലാതില്ലൊരുനേരം
മറെറാരു പുരുഷൻവീട്ടിൽവരുമ്പോൾ
നെറ്റിചുളിച്ചുവിളിച്ചുതുടങ്ങും
കുററംവരുമതുപേടിച്ചവനഥ
വെറ്റകൊടുപ്പാനിങ്ങെളുതല്ല
കള്ളനവൻ മുതലുള്ളതശേഷം
കള്ളുകുടിച്ചുകുടിച്ചുമുടിച്ചു
പള്ളപൊറുപ്പാനില്ലാഞ്ഞവനുടെ
തള്ളയിരന്നുനടന്നീടുന്നു
കാളകൃഷിക്കുവനാളല്ലേതും
വാളെല്ലാംപണയത്തിലുമാക്കി
പാളപിടിച്ചുനടക്കെന്ന്യേയിനി
നാളേക്കൊരു വഴികാണുന്നില്ല
എന്നതു കേട്ടുപറഞ്ഞൊരുനാരി
എന്നുടെ സങ്കടമാരറിയുന്നു
ഇയ്യിടനമ്മുടെനായർപിണച്ചൊരു
വയ്യാവേലികൾ വളരെവിശേഷം
അങ്ങേനിപ്പോളെന്നൊടുതെല്ലും
ചങ്ങാതിത്തമതില്ലെന്നല്ല
എങ്ങനും ഞാൻപോയിമുടിഞ്ഞാൽ
മംഗലമെന്നൊരുഭാവവുമായി
നിച്ചിരിയച്ചാരിന്നാളെന്നുടെ
മച്ചിനകത്തുകടന്നഥവന്നു
കച്ചവലിച്ചതുതീയിലെരിച്ചും
കൈക്കുപിടിച്ചും തമ്മിലടിച്ചുമ-
ടുക്കളപുക്കു കലങ്ങളുടച്ചും
തക്കത്തിൽചിലകടിപിടികൂടി
ഒച്ചത്തിൽ ചിലർകൂക്കുവിളിച്ചും
കോയിക്കൽചെന്നങ്ങറിയിച്ചും
സ്ഥായിക്കാർ ചിലരെന്യേവേണ്ടും
കാര്യക്കാരതുകേട്ടുടനേനാ-
ലാര്യപ്പട്ടന്മാരെയയച്ചു
പട്ടന്മാർ വന്നെന്നുടെ വീട്ടിൽ
തൊട്ടതശേഷം തച്ചുമുടക്കി
അമ്മാവന്മാർതൂമ്പകിളച്ചി-
ട്ടമ്മാത്രം മുതലുള്ളതശേഷം
അമ്മാപാപികൾ കൊണ്ടുതിരിച്ചു
ഉമ്മാനില്ലാതായിനമുക്കും
ഊറ്റക്കാരവരെങ്കിലുമങ്ങേ-
കൂറ്റുള്ളോർക്കൊരബദ്ധം വന്നു
ചിരികണ്ടച്ചാർ ചെയ്തതുകേട്ടാൽ
ചിരിയാമെന്നേ പറവാനുള്ളു
അങ്ങേക്കൂറ്റെക്കൊച്ചിളയച്ചി-
ക്കങ്ങേൻ പാതിപ്പുടവകൊടുത്തു
തിങ്ങളിലെട്ടോപത്തോപുത്തനു-
മങ്ങേനവിടെച്ചിലവുമിടിക്കും
അങ്ങനെവാഴുംകാലംനായർ-
ക്കങ്ങൊരുകാര്യം ക്ലേശമതായി
ട്ടിങ്ങുവരാറില്ലെന്നതുകേട്ടി-
ട്ടിന്നലെരായൊരുമോടിക്കാരൻ
പൊളിയല്ലിതുമിളയച്ചിപ്പെണ്ണിനു
ഒളിശയനത്തിനുവട്ടംകൂട്ടി
കതകുമടച്ചവരിരുവരുമായി
പ്പുരയിൽ പുക്കുവിനോദിക്കുമ്പോൾ
ചിരികണ്ടച്ചാർ ചുരികയുമായി
പുരവാതുക്കൽചെന്നുകരേറി
ആയതുകേട്ടുരഹസ്യക്കാരൻ-
നായർ കിടന്നു വിറച്ചുതുടങ്ങി
പുരമുറിതന്നുടെകോണിൽകാണാം
പെരുതായുള്ളൊരു മങ്ങലിയപ്പോൾ
നായരെയങ്ങുപിടിച്ചുവലിച്ചവ-
ളായതിനുള്ളിലൊതുക്കിയിരുത്തി
പായും തുണിയും കൊണ്ടഥമൂടി
പ്പരവശഭാവമടക്കിക്കൊണ്ടവൾ
കതകുതുറന്നാൾ പെൺകൊടിതാനു-
മകത്തുകരേറിവെട്ടമെരിച്ചവർ
വെറ്റിലതിന്മാൻവട്ടംകൂട്ടി
വസിക്കുന്നേരം മങ്ങലിതന്നിൽ
മടിഞ്ഞുകിടക്കും ചങ്ങാതിയ്ക്കു
വലഞ്ഞുതുടങ്ങിവീർപ്പുമടങ്ങി
വിയർത്തതിനുള്ളിൽ പാർപ്പാൻവശമ-
ല്ലാഞ്ഞുപതുക്കെ തലപൊക്കുമ്പോൾ
ഇളയച്ചീഎടിമങ്ങലിയിളകാ-
നെന്തൊരുകാരണമെന്നതുചിരികണ്ടൻചോദിച്ചു.
കാടൻപൂച്ചകലങ്ങളുടച്ചു
പാടുപെടുത്തീടുന്നതുതീർപ്പാൻ
കൊതിയൻപൂച്ചത്തടിയനെഞാനൊരു
ചതിയാലിന്നുപിടിച്ചതിലാക്കി
എന്നാലവനെക്കാണണമിന്നെ-
നന്നായർക്കുമനസ്സിലുറച്ചൊരു
തിരിയും കത്തിച്ചരികേചെന്നുട-
നൊരുകൈകൊണ്ടുതുറന്നഥനോക്കി
പൂച്ചക്കാടനുതലമുടിയുണ്ടോ?
പുതുമലർചൂടിനമോടിയുമുണ്ടോ?
വാശ്ശതുമെന്നത്തലമുടിച്ചുറ്റി
വലിച്ചുപുറത്തുമറിച്ചുടനവനുടെ
മാറത്തൊന്നുതൊഴിച്ചതുകൊണ്ടും
മാറീലവനുടെ കോപംപിന്നെ-
ത്തിരികൊണ്ടവനുടെമീശകരിച്ചു
ചിരികണ്ടച്ചാരെന്നതുകണ്ട-
ങ്ങച്ചികയർത്തങ്ങിടിയിൽചാടി
കച്ചവലിച്ചുകഴുത്തിൽകെട്ടി
അച്ചിരികണ്ടനെയവിടെയിഴച്ചുമ-
റിച്ചുമുടിയ്ക്കുപിടിച്ചുമടിച്ചും
അങ്ങനെയുള്ളൊരുകലശലുകൂട്ടി-
ട്ടങ്ങനെയവിടെപ്പാകംവന്നു
ഇളയച്ചി നീചൊന്നതുകേൾക്കാം
പൊളിയല്ലെന്നെക്കൊല്ലരുതിതിനുടെ
പരമാർത്ഥത്തെച്ചൊല്ലുകയെന്ന-
ച്ചിരികണ്ടച്ചാരഭയംപുക്കാൻ
ചൊല്ലാമിതിനുടെ പരമാർത്ഥം ഞാൻ
വല്ലാതുള്ളൊരു പൂച്ചത്തടിയനെ
വല്ലകണക്കും കെണിയിൽപെടുവാ-
നുള്ളൊരുകൌശലമിന്നുണ്ടാക്കി
മങ്ങലിതന്നിൽകെണിയും വച്ചേ-
ചങ്ങുകുളിപ്പാൻ പോയിതു ഞാനും
ഇങ്ങുവരുമ്പോൾകെണിയിൽപെട്ടോ-
നെങ്ങനെയെന്നതറിഞ്ഞതുമില്ല
മങ്ങലിതന്നിലനക്കംകേട്ടി-
ട്ടപ്പോളതു ഞാൻ മൂടിക്കെട്ടി
ഇങ്ങനെയിതിനുടെസംഗതിയെന്നവൾ
ഭംഗിപാഞ്ഞറിയിച്ചതുകേട്ടഥ
പരമാർത്ഥം താനെന്നക്കൊതിയൻ-
ചിരികണ്ടച്ചാർക്കുംബോധിച്ചു.
എങ്ങനെകൂവാതാനുംവന്നീ
മങ്ങലിതന്നിൽസംഗതിവന്നു
നായർ പറഞ്ഞറിയിച്ചാനപ്പോൾ
മായമെനിക്കില്ലെന്നുടെ ചേട്ടാ
മൂന്നംഞാനൊരുമുനിയുടെമുന്നിൽ
ചെന്നൊരു മാനിനെവെട്ടിക്കൊന്നേൻ
“വേടന്മാരെപ്പോലെനമ്മുടെ
പേടമൃഗത്തെക്കൊന്നതുമൂലം
കാടൻപൂച്ചയതായിപ്പോം നീ
മൂഢാ” എന്നു ശപിച്ചുമുനീന്ദ്രൻ.
താപസേന്ദ്രനൊടുഞാനുമിരന്നു
കോപമമ്പൊടുകളഞ്ഞരുളേണം
ശാപമോക്ഷമടിയന്നുതരേണം
പാപമൂലമിഹവന്നുഭവിച്ചു
ചിരികണ്ടച്ചാരെന്നൊരു സുന്ദര-
പുരുഷൻഭൂമിയിലുളവാമിനിമേൽ
കൊച്ചിളയച്ചിയുമദ്ദേഹത്തി-
ന്നച്ചിയതായ്‌വരുമായതുകാലം
പൂച്ചത്തടിയൻ നീയങ്ങവളുടെ
മച്ചിലിരിക്കും മങ്ങലിതന്നിൽ
എന്നൊരുനാളിൽചെന്നുപതിക്കും
അന്നുനിനക്കുശമിക്കുംശാപം
തന്നുടെവേഷവുമന്നുലഭിക്കും
എന്നുമുനീശ്വരനരുളിച്ചെയ്തു
എന്നൊരു മാർഗ്ഗവുമരുളിമുനീന്ദ്രൻ
വന്നതുകൊള്ളാമിന്നു നമുക്കും
ചിരികണ്ടച്ചാരായതു കേട്ടു
ചിരിച്ചുപിടിച്ചുപുണന്നുരചെയ്തു:
“മുനിവരനിങ്ങനെ അരുളിച്ചെയ്താ-
ലിനിയെന്തിങ്ങൊരു സംശയമിപ്പോൾ
അനുജാനീയും ഞാനും കൂടി-
ട്ടവളൊടുമേലിൽ കൂടിനടക്കാം”
ഇങ്ങനെ തമ്മിൽ സമയം ചെയ്തവർ
തങ്ങളിലിവിടെച്ചേർന്നുപിരിഞ്ഞു.
ഇത്തരമോരോകഥകൾപറഞ്ഞും
ചിത്തരസേനമുകുന്ദാഗമനം
കണ്ടുസുഖിച്ചാരംഗനമാരവർ
രണ്ടുവശത്തും മാളികമീതെ.
സത്യാസ്വയംവരം ഓട്ടൻതുള്ളൽ സമാപ്തം.

ശില്പ എം.എസ്.
എം എ മലയാളം

ഡോ. ആദർശ് സി.
അസോ.പ്രൊഫസർ