Loading...
Home / സാഹിത്യം / പുതിയവ / കോളേജ് ഡിജിറ്റൈസേഷന്‍ / ശ്രീകേരളവര്‍മ്മ കോളേജ് തൃശൂര്‍ / സ്യമന്തകം തുള്ളല്‍
Author: കുഞ്ചന്‍ നമ്പ്യാര്‍

സ്യമന്തകം - കുഞ്ചന്‍ നമ്പ്യാര്‍

വാരണമദഹരനന്ദനനാകിയ
വാരണവദനൻനിഖിലജനാശുഭ-
വാരണനിപുണൻ സമദാസുരരിപു 
വാരണസേവിതചരണസരോജൻ 
കാരണഭൂതൻവിമലസരോജദ-
ളാരുണനയനൻചാരണനമിതൻ 
പ്രണതജനാഭയദാനവിധാനൻ 
പ്രണതപരായണനാകിയ ദേവൻ 
ഗുണഗണനിലയൻ നിത്യവുമെന്നെ 
ഗ്ഗണപതിഭഗവാൻ കാത്തരുളേണം 
വേണീവിജിതകളേണീ നതജന 
വേണീചടുലയതാകിയ ഭഗവതി 
വാണീദേവി മനോഹരയാകിയ 
വാണിജനിപ്പാനെന്നുടെ നാവിൽ 
വാണീടേണം സന്തതവും കള-
വാണീമണിയാം ദേവി നമസ്തേ.
വീണാപാണേ നിൻ പദകമലേ
വീണോരടിയനു വരമരുളേണം
ഏണീശാബ വിലോചനയാളേ! 
വീണാലാപിനി! നിൻ കൃപയാലേ 
വാണീഭംഗിതരംഗിണിതന്നുടെ 
വേണീമധുരതയാൽ മധുവോലും 
കേണിടേണമതിന്നായടിയൻ
ക്ഷോണീതലമതിൽ വീണതിവേലം 
പാണികൾ കൂപ്പി വണങ്ങീടുന്നേൻ.

“സംഗീതമപിസാഹിത്യം 
സരസ്വത്യാസ്തനദ്വയം 
ഏകമാപാദമധുരം
അന്യദാലോചനാമൃതം.”

മംഗലയാകിയഭാരതിതന്നുടെ 
തുംഗകുചങ്ങളിലൊന്നിൽ നിറഞ്ഞൊരു 
സംഗീതാമൃതസാരംതന്നെ 
ഭംഗിയൊടങ്ങുവിളങ്ങീടുന്നു; 
മറ്റതിലൻപൊടുസാഹിത്യാമൃത- 
മറ്റമകന്നു വസിച്ചീടുന്നു; 
മുറ്റും കേൾക്കുന്നേരംതന്നെ 
പറ്റുന്നൂരസമൊന്നിലമന്ദം; 
മറ്റതുപിന്നെവിചാരിക്കുമ്പോ-
ളേറ്റം തെളിവുവരുത്തീടുന്നു; 
എന്നതുകൊണ്ടീരണ്ടുകുചങ്ങളിൽ 
നിന്നുഗളിക്കും പീയൂഷത്തെ 
ഇന്നടിയത്തിനുബുദ്ധികുളുർപ്പാൻ 
തന്നരുളേണമൊരല്പം പോലും.

വൃന്ദാരകകുലവന്ദിതനാകിന
നന്ദതനൂജൻസുന്ദരവദനൻ 
വൃന്ദാവനതലലീലാലോലൻ
മന്ദാരകകുസുമാഞ്ചിതമാലൻ 
വന്ദേയിരുൾരുചിമാലതമാലം 
വൃന്ദാരകപശുപാലനശീലൻ 
മന്ദേതരമദദാനവകാലൻ 
ഇന്ദീവരദളലോചനനീലൻ 
ഇന്ദ്രോപമകലിതാചലലീലൻ 
നന്ദിതപശുപവധൂജനജാലൻ 
നന്ദജനനുപമപീതദുകൂലൻ 
പാർത്ഥനുസാരഥിയായിക്കനിവൊടു 
തേർത്തടമേറിപ്പടകളിലുടനേ 
പാർത്ഥിവരാമരിജാലമൊടുക്കി 
പാർത്തലമങ്ങുകവിഞ്ഞുവിളങ്ങിന 
കീർത്തിനടത്തീട്ടഖിലജനാനാം 
ആർത്തികളെല്ലാംതീർത്തരുളീടിന 
മൂർത്തിനമുക്കിഹകീർത്തിവരുത്താൻ 
തീർത്തൊരുകരുണവരുത്തീടേണം. 
ധൂർത്തുപെരുത്തൊരു കരുകുലമെല്ലാം 
പാർത്തിരിയാതെയമർത്തതുപോലെ 
നമ്മുടെവൈരിസമൂഹമമർത്താൻ 
അംബരതടിനീപുരവരമമരും 
കംബുകരോപരിശോഭിതകരനാം 
അംബുജനയനൻകനിവൊടുനമ്മെ
കൺമുനകൊണ്ടുകടാക്ഷിക്കേണം.

കാട്ടിലണഞ്ഞൊരുവേട്ടയ്ക്കായി 
പാട്ടിലിണങ്ങിനപടയൊടുകൂടി 
ചട്ടയുമിട്ടൊരു വേലുമെടുത്തഥ 
ചട്ടറ്റീടിനപച്ചപ്പട്ടും 
കെട്ടിയുടുത്തൊരു വാലുംതൂക്കി 
ചട്ടറ്റീടിനകുതിരയുമേറി 
കാട്ടുമൃഗങ്ങടെ കൂട്ടമശേഷം 
വെട്ടിവധിച്ചു വിശിഷ്ടതയോടെ 
വാട്ടമകന്നിഹതകഴിയിൽമരുവും 
വിഷ്ടപനായകനാകിയ ശാസ്താ-
വിഷ്ടംനൽകിപ്പുഷ്ടിവരുത്തി 
ദുഷ്ടവിനാശനനാകിയദേവൻ 
തുഷ്ടിനമുക്കുവരുത്തീടേണം.

ജംഭാരിപുരത്തിന്റെസംഭോഗകരമായ 
സംഭാരമെല്ലാം കൂട്ടി സമ്പാദിച്ചുണ്ടായൊരു 
ചെമ്പകശ്ശേരി നാട്ടിലിയമായ് വാണരുളും 
തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ 
കെല്പോടുകരുണയാലെപ്പേരുംകാത്തിടേണ-
മിപ്പാരിലശുഭങ്ങളെപ്പേരുംകളഞ്ഞെന്നെ 
സല്പാത്രമാക്കിപ്പരിപാലിക്ക! വണങ്ങുന്നേൻ.

അംഭോജാലയനായവിരിഞ്ചനു-
മംഭോജായതനയനൻ വിഷ്ണുവു 
മംഭോജാകരബന്ധുദിനേശനു-
മംഭോജാകരവൈരിശശാങ്കനും 
അംഭോജാത്മജയാകിയലക്ഷ്മിയു-
മംഭോവായുമഹീദഹനൻബത 
സംഭാവിതമാംഭൂതമശേഷം 
ജംഭാരാതിയുമമരന്മാരും
കുംഭജനാദിമഹാമുനിവരരും 
കുംഭിവരാനനനാമവനുംശര-
സംഭവനായകുമാരൻ താനും; 
കുംഭോദരമുഖഭൂതഗണങ്ങളു-
മമ്പൊടുനമ്മുടെകവിഗുംഫത്തെ
സംഭാവിച്ചുതുണച്ചിടേണം.

ഗുരുചരണാംബുജയുഗളം നമ്മുടെ 
കരളിൽപരിചൊടുമരുവീടേണം 
ഗുരുവരചരണംകൊണ്ടുലഭിക്കാം 
സുരവരമന്ദിരവാസംപോലും 
ധരണിസുരന്മാർമകുടമഹാമണി-
വരനല്ലോമമഗുരുവായ് വന്നതു 
സരസഗുണാകരനഖിലനരാണാം 
ദുരിതനിവാരണകാരണഭൂതൻ 
തന്തിരുവടിയുടെകൃപയുണ്ടെന്നാൽ 
എന്തുനമുക്കിഹവശമല്ലാത്തു? 
അന്തണരെല്ലാം സന്തതമെന്നെ 
ചിന്തതെളിഞ്ഞിഹകാത്തീടേണം 
ചെന്തളിരടികളിലടിയൻവിരവൊടു 
ശാന്തന്മാരെവണങ്ങീടുന്നേൻ. 
മന്ദേതരഗുണമന്ദിരനെൻഗുരു 
നന്ദിതനാകിയബാലരവിക്കു 
നന്ദിവരുത്തും പരദൈവതമേ! 
സുന്ദരികണ്ടംകരിപുരമമരും 
വൃന്ദാരകകുലവന്ദിത ചരണേ! 
വന്ദേഭഗവതിനന്ദിത ഭുവനേ! 
മന്ദാശയനാമടിയനെവിരവൊടു
നന്ദിച്ചാശുതുണച്ചീടേണം. 

“ചീയതേ ബാലിശസ്യാപി 
സുക്ഷേത്രപതിതാ കൃഷിഃ 
ന ശാലേഃ സ്തംബകരിതാ 
വപ്‌തുർഗുണമപേക്ഷതേ.”

കുറവില്ലാതുള്ളക്ഷരവിദ്യക-
ളറിവാന്മാത്രംബുദ്ധിയുമില്ല 
അറിവുള്ളതിനെസ്സഭയിൽ ചെന്നാൽ 
പറവാൻ വാക്കിനുകൌശലമില്ല; 
ചിലവകനാടകകാവ്യാദികളിൽ 
ചിലവും കവിതാമാർഗ്ഗവുമില്ല 
ചിലവസ്തുക്കൾ ചമയ്ക്കാമതിനൊരു 
വിലപിടിയാചിലർകേൾക്കുന്നേരം 
അങ്ങനെയുള്ളൊരു മാനുഷനാകിലു-
മിങ്ങിനെയുള്ളമഹാജനസഭയിൽ 
ചെന്നൊരുവിദ്യപ്രയോഗിച്ചാലതു
നന്നെന്നുള്ളതുവന്നുഭവിപ്പതു 
സജ്ജനസഭയുടെ സൽഗുണഗണ്യത 
ഇജ്ജനമതിനാളായിട്ടല്ല; 
വളമേറിനകണ്ടത്തിൽവിതച്ചാൽ 
വിളവൊരുപത്തിനുസംശയമില്ല 
വളമില്ലാത്തപറമ്പിൽ വിതച്ചാൽ 
അളവേവിത്തും കിട്ടുകയില്ല; 
കണ്ടത്തിന്റെ ഗുണംകൊണ്ടേവിള-
വുണ്ടാവുള്ളു വിതച്ചതിലധികം 
കൊണ്ടിഹചെന്നുവിതയ്ക്കുന്നവനെ-
ക്കൊണ്ടൊരുകാര്യം വരുവാനില്ല; 
നല്ലകൃഷിക്കാരൻതാൻവിത്തൊരു 
കല്ലിൽ വിതച്ചാൽകരികേയുള്ളു; 
നല്ലൊരുവയലിലതുഴതുവിതച്ചാൽ 
നെല്ലൊരുനാഴിക്കൊരുപറവിളയും, 
എന്നകണക്കേകേൾക്കുന്നവരറി-
യുന്ന ജനങ്ങൾ മഹത്തുകളെങ്കിൽ 
ഇന്നവനെന്നില്ലവനുടെവാക്കുകൾ 
നന്നെന്നും വരുമിതിനുടെയർത്ഥം, 
അക്ഷരമെന്നാലമ്പതുമൊന്നുമ-
തിൽപരമെങ്ങാൻ കേൾപ്പാനുണ്ടോ 
പ്രാകൃതമെന്നും സംസ്കൃതമെന്നും 
വ്യാകരണംപതിനെട്ടുപുരാണം 
സൂത്രം നാടകകാവ്യശ്ലോകം 
ശാസ്ത്രം പലവകചംബുബൃഹൽക്കഥ 
ഗദ്യഗ്രന്ഥം പദ്യഗ്രന്ഥം 
ഗണിതംവൈദ്യംവൈദികതന്ത്രം 
ഇത്തരമനവധി പുസ്തകജാല-
സമസ്തവുമമ്പത്തൊന്നിലടങ്ങും 
അക്ഷരമീവകകൂട്ടിച്ചേർത്തതി-
ലക്ഷതമാകിയരസമുളവാക്കി 
പ്രാസവുമർത്ഥവുമിടചേർത്തതിലു-
ള്ളാസ്യരസങ്ങളുമങ്ങുളവാക്കി 
തീർക്കുംനല്ലൊരുകവിയുടെകവിതകൾ 
കേൾക്കുംപരിഷകളെത്രരസിക്കും 
കർണ്ണങ്ങൾക്കുസഹിക്കാതുള്ളൊരു 
വണ്ണമാക്കിച്ചൊല്ലും ദുഷ്കവി. 
ഇത്ഥം സൽക്കവിദുഷ്ക്കവിഭേദം 
സിദ്ധമതായ് വരുമെന്നിതിനർത്ഥം. 
ശിക്ഷയിലൊരു സാദൃശ്യം ചൊല്ലി 
തൽക്ഷണമിഹഞാൻ ബോധിപ്പിക്കാം 
പൃഥ്വിയുമപ്പുംവഹ്നിമരുത്തും 
പ്രഭയാമാകാശവുമിവയഞ്ചും 
സാധനമഖിലശരീരം തീർപ്പാൻ 
സാധുവതാകിയബ്രഹ്മാവിന്നും 
ചട്ടികലംകുടമെന്നിവയെല്ലാം 
കൊട്ടിത്തീർക്കും കുശവന്മാർക്കും 
ചട്ടമിതെല്ലാമൊരുപോലിരുവരു-
മൊട്ടുംഭേദവുമില്ലനിനച്ചാൽ 
മണ്ണുംവേണം ജലവുംവേണം 
മണ്ണതുചുടുവാൻ തീയും വേണം 
ആയതുതീർത്താൽവെള്ളംവലിവാൻ 
വായുവുമതിലുള്ളാകാശവുമാം 
ഭൂതമതഞ്ചുംകുശവനുവേണം 
ബ്രഹ്മാവിനുമതുതന്നേ സാധനം 
ഇന്ദ്രാദികളാമമരന്മാരും 
ചന്ദ്രദിവാകരചാരണഗണവും 
മനുജന്മാരുംദനുജന്മാരും 
മനുമുതലായമഹീശന്മാരും
ഫണികളുമനവധിപലപലഭൂവനേ 
പണികൂടാതെചമയ്ക്കും ബ്രഹ്മൻ 
ആയതുപോലേവരുമോകുശവൻ-
നായർചമയ്ക്കും കലവുംകുടവും 
സാധനമൊന്നെന്നാലുമതിങ്ങനെ 
ഭേദവിശേഷംവരുവാൻസംഗതി, 
ഇത്ഥം സൽക്കവിദുഷ്ക്കവിഭേദം 
സിദ്ധമതായ്‌ വരുമെന്നിതിനർത്ഥം.

പണ്ടുസ്യമന്തകമെന്നതുകാരണ-
മുണ്ടായോരപവാദകളങ്കം 
പണിപലചെയ്തു സമസ്തമൊഴിച്ചു 
കരുണാകരനതുകേട്ടിട്ടില്ലേ? 
അരുളിച്ചെയ്താനുലകുടെപെരുമാ-
ളതുഞാനേതും കേട്ടിട്ടില്ല, 
അക്കഥനമ്മോടറിയിക്കേണം 
സൽക്കഥകേട്ടാൽ ദുരിതംനീങ്ങും; 
എന്നതു കേട്ടുതെളിഞ്ഞാസചിവൻ 
വന്ദിച്ചങ്ങുപറഞ്ഞുതുടങ്ങി:--
ലക്ഷ്മീകുചതടകുംകുമരേഖാ-
ലക്ഷ്മീലുളിതഭുജാന്തരനാകിയ 
ലക്ഷ്മീപതിനിജഭക്തജനാനാം 
ലക്ഷ്മീവിതരണശീലൻഭഗവാൻ 
ലക്ഷ്മീഭഗവതിരുക്മിണിയോടും 
ലക്ഷ്മീവരനൊരുമിച്ചുവസിച്ചു; 
മന്ദിരപൂർത്തികൾകീർത്തിപ്പാൻമമ 
മന്ദതകൊണ്ടതിദുർഘടമല്ലോ 
മന്ദരശൈലമഹാശിഖരങ്ങളു-
മന്നതിനോടെതിരാകരുതേതും; 
ചന്ദനവാടിയിലിടചേർന്നീടിന 
സാന്ദ്രാലയശതമുണ്ടൊരുഭാഗേ 
ചന്ദ്രികതട്ടിയലിഞ്ഞൊഴുകീടിന 
ചന്ദ്രോപലപലമതിലുകളതുലം 
ചന്ദ്രാനനമാർ പതിനാറായിര-
മിന്ദ്രാവരജമനോഹാരിണിമാർ 
സാന്ദ്രമനോഹരഗാനാരംഭേ 
മന്ദമണഞ്ഞുപുണർന്നുപുണർന്നും 
കുന്ദകുരണ്ഡകമാലകൾചൂടി 
കന്ദുകതാഡനലീലകളാടി 
ഇന്ദിശമലഹരിബലഹരിപാടി 
ഇന്ദളമെന്നിവസരസംപാടി.

അങ്ങാടിയതുതന്നിലെങ്ങാനുമൊരുദിശി 
പാടേകനകപ്പൊടികൂടെയിടകലർന്നു 
മുത്തുമണി പലതുമുത്തുംഗകാന്തിയോടെ 
വിങ്ങുന്ന പാതിരാവിലെങ്ങും നടക്കുന്നേരം 
കണ്ടാലതിങ്കലൊട്ടുമുണ്ടാകയില്ലരുചി; 
കാണാതപഹരിക്കകാണിപോലുമില്ലെന്നു 
പ്രാണികൾക്കെല്ലാമുണ്ടുപ്രാണാപായത്തിൽ ഭയം
നാടുമകന്നു നിശികാടുകൾതോറും നല്ല 
ചോടുമിറക്കിച്ചിലകേഴമിഴിമാർ താനേ 
പേടിയുംവെടിഞ്ഞങ്ങുതാനേകിടക്കുന്നേരം
വേടക്കുലങ്ങളെല്ലാമോടിയകന്നീടുന്നു 
അത്രയുമല്ലതിലും ചിത്രമിതെത്രപാരം 
പെട്ടെന്നുറങ്ങുന്നേരം ചട്ടറ്റവായുതാനും 
പെട്ടെന്നിളക്കുന്നില്ലതട്ടാതെപോയീടുന്നു 
ഏവം നിജപുരിയിൽ ദേവൻസുഖിച്ചുബല-
ദേവൻതന്നോടുകൂടെമേവുന്നകാലമങ്ങു 
വൃത്രാരിസഹജന്നുമിത്രമായ്‌വസിക്കുന്ന
സത്രാജിത്തൊരുദിനംമിത്രനെസ്സേവിപ്പാനായ്
കാലേകുളിച്ചുചിതമൂലമന്ത്രംജപിച്ചു 
ചാലേസമുദ്രം തന്റെ കൂലേവസിച്ചുരവി 
തന്നെസ്തുതിച്ചാനവനന്നേരമാടലോടെ.

“അംഭോജാകരതോഷണം ത്രിജഗതാ-
മാനന്ദസംപോഷണം 
ഗംഭീരാമയശോഷണം രിപുവര-
ശ്രീമന്മഹാഭീഷണം 
ഡംഭാഹമ്മതിദൂഷണം സുരഗിരേ-
രേകം മഹാഭൂഷണം 
തം ഭിന്നാരിഷു രോഷണം പ്രതിദിനം 
വന്ദാമഹേ പൂഷണം” 

“അംബരചാരിൻ! അംബുജധാരിൻ 
ഉരുതരദുരിതമഹാമയഹാരിൻ! 
മണ്ഡനധാരിൻ! ഖണ്ഡിതവൈരിൻ! 
ദിനമനുനിഖിലചരാചരഹാരിൻ! 
കാമവിസാരിൻ! കോമളധാരിൻ! 
ജയജയ ദിനകരവാതാഹാരിൻ! 
ഒട്ടൊഴിയാതെ ചരാചരമെല്ലാം 
ഒട്ടുപുലർച്ച തുടങ്ങുന്നേരം 
ഒട്ടുംതാഴ്ച വരാതെഗമിച്ചുട-
നോട്ടംതേടിനടന്നിടുകയും 
വാട്ടമകന്നുപിടിച്ചുകളിച്ചും 
വേട്ടകളാടിനടന്നുരസിച്ചും 
പാട്ടിലിരുന്നുരസിച്ചുമുടിച്ചും 
തണ്ടാർമലർശരമേറ്റുവലഞ്ഞും 
തണ്ടാർമിഴികളെയങ്ങുതിരഞ്ഞും 
തേടിനടന്നുനടന്നുവലഞ്ഞും 
തണ്ടിലിരുന്നുശരീരമുലഞ്ഞും 
ഭക്ഷണമാശുകഴിച്ചുകിടന്നും 
ഭിക്ഷകളേറ്റു വിശന്നുതളർന്നും 
രക്ഷകൾചെയ്‌വതിനങ്ങുതുനിഞ്ഞും 
രൂക്ഷതമാംചിലകുന്നുകടന്നും 
ദുഷ്ടവിചേഷ്ടിതമൊക്കെലഭിച്ചും 
ശിഷ്ഠജനത്തെയടിച്ചുപിടിച്ചും 
കഷ്ടമഹോചിലർകള്ളുകുടിച്ചും 
പുഷ്ടമിറച്ചിയെടുത്തു കടിച്ചും 
നിന്തിരുവടിയുടെ ചരിതമിതെല്ലാം 
സന്തതമഖിലംകാണാകുന്നു 
സൃഷ്ടിക്കുന്നുഭവാനിഹലോകേ 
പുഷ്കൃതയാപരിപാലിക്കുന്നു 
ദുഷ്ടരെയൊക്കെയൊടുക്കീടുന്നു 
വിഷ്ടപമൊക്കെ ഹനിച്ചീടുന്നു 
ജനനംചെയ്‌വതുമവനംചെയ്‌വതു-
മഖിലചരാചരഹനനംചെയ്‌വതു-
മനവരതംദിനനാഥ! കൃപാലോ 
നനുകലയാമിഭവാനിഹനൂനം; 
ശങ്കരനായതുനിന്തിരുവടിതാൻ 
ശങ്കയെനിക്കിഹതോന്നുന്നില്ല; 
പങ്കജനാഭൻ നിന്തിരുവടിതാൻ 
പങ്കജഭവനുംനിന്തിരുവടിതാൻ 
വൃന്ദാരകപതിയാദിയതാംസുര-
വൃന്ദമശേഷം നിന്തിരുവടിതാൻ. 
നിൻകഴലിന്നിഹ കൂപ്പീടുന്നേൻ 
നിൻകൃപയെങ്കലുദിച്ചീടേണം”
എന്നിവ പലവക ചൊല്ലിനമിച്ചും 
ഇന്ദ്രിയമഖിലമടക്കിയജിച്ചും 
ഘോരമതായ തപസ്സിലുറച്ചും 
വാരിജബന്ധുമനസ്സിലുറച്ചും 
പഞ്ചപാവകമദ്ധ്യഗനിന്ദ്രിയ-
പഞ്ചകത്തെജയിച്ചുനിതാന്തം 
ചഞ്ചലത്തെവെടിഞ്ഞൊരുനേരം 
നെഞ്ചകത്തുമുദിച്ചുദിനേശൻ; 
അഞ്ചിതായതലോചനനാമവ-
നഞ്ചുനാളിനകത്തൊരുഭേദം 
തഞ്ചിനാനൊരുകാന്തിവിശേഷം 
പഞ്ചസായകനോടുസമാനൻ, 
നെഞ്ചിലെപ്പൊഴുമഞ്ചിതമാകിന 
വാഞ്ഛിതംമമനൽകണമിപ്പോൾ 
കന്ദമൂലഫലങ്ങൾദലങ്ങളി-
ലൊന്നിലും രുചിയില്ലവനന്നു 
മന്ദവാതമതെന്നിയെ മറ്റവ-
യൊന്നുംവേണ്ടഭുജിപ്പതിനായി; 
ഡംബരങ്ങളകന്നിതുദേവാ-
ലംബനംരവിയെന്നുമുറച്ചു 

“ദേവദേവദിവാകര! പാലയ 
കേവലാഗമമാകിയ മൂർത്തേ! 
ദേവസേവിതനായഭവാനുടെ 
സേവചെയ്തതിനാരിഹപോരും” 
ഇത്തരം പലവാക്കു പറഞ്ഞതി-
ഭക്തിയോടെവണങ്ങിവണങ്ങി 
ആർത്തമോദം തപസ്സതുടങ്ങിനാ-
നാർത്തിതീർക്കണമെന്നവനപ്പോൾ.

അന്നേരംദിനനാഥമവന്റെ 
മുന്നിൽപ്പരിചൊടു കാണായ് വന്നു 
മന്ദസ്മിതവും തൂകിനികാമം 
മന്ദമൊരക്ഷരമരുളിച്ചെയ്തൂ: 
“ഹന്തകുമാരക! ചൊല്ലേണം നീ 
ചിന്തയിലെന്തുനിനക്കഭിലാഷം? 
സന്താപങ്ങളകന്നീടേണം 
സന്തതമോദംവന്നീടേണം 
ആർത്തികളൊക്കെയകറ്റിടേണം 
കീർത്തിനിനക്കുനടന്നീടേണം 
ചിത്തഗുണങ്ങളിണങ്ങീടേണം 
പൂർത്തികളാശുവിളങ്ങീടേണം”

ഇത്തരമുള്ള ദിവാകരവചനം 
സത്വരമവിടെക്കേട്ടദശായാം 
അത്തലകന്നിഹസത്രാജിത്തും 
ഉത്തരമിത്ഥമുണർത്തിച്ചൂമുദാ:-
“ദുർഗ്ഗതികൊണ്ടുഗൃഹത്തിലിരിപ്പാൻ 
ദുർഘടമെന്നതറിഞ്ഞീടേണം 
സർവമറിഞ്ഞൊരു നിന്തിരുവടിയൊടു
സാംപ്രതമെന്തിനുണർത്തിക്കുന്നു 
പാരിടമൊക്കെയടഞ്ഞുനിറഞ്ഞൊരു 
കൂരിരുളൊക്കെയടക്കിക്കളവാൻ 
കാരണമായൊരു തേജസ്സുണ്ട് 
ചാരുതരം ത്വയികാണാകുന്നു; 
അടിയനുമൊന്നതുതന്നരുളേണം 
മടിയരുതേതുംകരുണാസിന്ധോ? 
അടിമലർകൂപ്പുന്നോർക്കഭിലാഷം 
വടിവൊടുനിന്തിരുവടിനൽകുന്നു” 
ഇത്തരമുള്ളൊരു സത്രാജിത്തിൻ 
ചിത്തമനോരഥസാരമറിഞ്ഞു 
ഉത്തമനാകിയ സൂര്യൻഭഗവാൻ 
ഉത്തരമൊന്നിദമരുളിച്ചെയ്തു:
“ഭോ! ഭോ! സത്രാജ ദത്രാജിതപദകമലാ-
ലംബനം സംപ്രതം തേ 
ദാതും ചേതോനുകൂലം കിമപി പടുതരം 
നൈവ ലോകേ വിലോകേ 
കാമം കാമപ്രദായി വപുഷി വിജയതേ 
കോപി ചിന്താമണിർമ്മേ 
സ്വർണ്ണാനാമഷ്ടഭാരം ദിനമനുജനയേ-
ദേഷ ദസ്യാമി ചൈനം” 

ഇത്തരമുള്ളൊരുപദ്യം ചൊന്നാ-
നുത്തമനാകിയസൂര്യൻഭഗവാൻ; 
അർത്ഥമിതിന്നറിയാൻപണിയെങ്കിൽ 
അർത്ഥം ഭാഷയിലിങ്ങറിയിക്കാം. 
കൈകൊണ്ടൊട്ടറിയിച്ചീടേണം 
മെയ്കൊണ്ടൊട്ടുനടിക്കേം വേണം 
എന്നതുകൊണ്ടുമറിഞ്ഞില്ലെങ്കിൽ 
ചൊന്നതിനർത്ഥം ചൊല്ലുന്നുണ്ട് 
സത്രാജിത്തേ കേട്ടാലും നീ 
ചിത്രംചിത്രം! നിന്നുടെധൈര്യം 
വല്ലവിമാരുടെവല്ലഭനാകിയ 
മല്ലവിലോചനനുല്ലാസേന 
വാണീടുമ്പോൾ നിങ്ങൾക്കെല്ലാം 
കാണിപോലും ഖേദവുമില്ല;
എന്നതിലേറ്റവുമൊന്നുതരുന്നതി-
നെന്തിഹവേണ്ടിതിചിന്തിതമിങ്ങു 
പണ്ടേയുണ്ടെന്റംഗംതന്നിൽ 
കണ്ടാലും നീകുണ്ഠതയെന്യേ 
ഹന്ത സ്യമന്തകമെന്നമഹാമണി 
കാന്തികൾകൊണ്ടതികാന്തമിതെല്ലാ 
നിത്യംനിത്യം പൂജിക്കേണം 
ചിത്താനന്ദംസേവിക്കേണം
എട്ടെട്ടുഭരംപൊന്നുദിനംപ്രതി
മുട്ടാതേതരുമിമ്മണിരാജൻ 
എന്നാലിതുനീമേടിച്ചാലും!
തന്നീടുന്നേനിന്നിതുതന്നെ 
ശിക്ഷയിലിന്നിതുസൂക്ഷിച്ചങ്ങിനെ 
രക്ഷിക്കേണമിതെന്നരുൾചെയ്തു:

സ്യമന്തകംമണികൊടുത്തുസൂര്യൻ 
സമന്ത്രമങ്ങിനെമറഞ്ഞനേരം 
അമന്ദവേഗമൊടവൻ നടന്നു 
ക്രമേണകാനനതലംകടന്നു 
ഗളത്തിലമ്മണിവിളങ്ങിയപ്പോൾ 
കുളുർത്തശോഭകൾനിറഞ്ഞുകണ്ടു; 
പുരത്തിലങ്ങവനടുക്കുമപ്പോൾ 
കടുക്കനേചിലരകന്നുനിന്നു 
തെരുക്കനേചിലരൊരുക്കിയെല്ലാ-
മുരത്തിരിപ്പിന്നൊരുമ്പെടുന്നു; 
ദിനേശനുണ്ടിഹവരുന്നുതാനേ 
ജനേശനെപ്പുനരണഞ്ഞുകാണാൻ 
ജനങ്ങളിങ്ങനെ നിനച്ചു തൽക്ഷണ-
മനേകസംഭ്രമമകന്നു നിന്നു. 
അർക്കനെഴുന്നള്ളുന്നതുകാണ്മാൻ 
വെക്കംചെന്നുനിറഞ്ഞു ജനങ്ങൾ 
ദിക്കുകളിൽ ചിലതിക്കുതുടങ്ങി 
പൊക്കത്തിൽചിലരേറിനിരന്നു 
അച്ചികളെല്ലാംകാഴ്ചയിതെന്നി-
ട്ടുച്ചത്തിൽ ചിലവാക്കുതുടങ്ങി:-
“ഇച്ചിരിയമ്മേ! നിച്ചിരിയത്തീ 
ഇച്ചിരിയൊട്ടും നന്നല്ലേടീ? 
കൊച്ചുകളോടുകളിച്ചിരിയാമൽ 
കാഴ്ചയിലിച്ഛ നിനക്കുണ്ടെങ്കിൽ 
കാച്ചിയപുടവയുടുക്കരുതായോ 
പച്ചപ്പുഴുവും തേക്കരുതായോ 
കുഞ്ഞിപ്പെണ്ണിനുകഞ്ഞികുടിപ്പാൻ 
കുഞ്ഞുകരഞ്ഞിട്ടാവതുമില്ല; 
മഞ്ഞത്തുകിലുംകഞ്ഞിപ്പുടവയു-
മാഞ്ഞുപിടിച്ചൊരു കുഞ്ഞച്ചാരും 
കുഞ്ഞിക്കാവും അവളുടെമകളും 
പാഞ്ഞിതു പോണൂകാഴ്ചകൾ കാണ്മാൻ; 
മായച്ചിക്കൊരു നായർവരാനു-
ണ്ടായതുകൊണ്ടവൾ പോരുന്നില്ലാ 
മായംവേണ്ടയിതേറെമദിച്ചാൽ 
തായം തെററുമതോർത്തീടേണം 
ചക്കിക്കുണ്ടൊരുചക്കരവായൻ 
ചക്കച്ചാരെന്നക്കരവീടൻ 
തക്കംനോക്കിയടുക്കന്നേരം 
വെക്കമൊടവനെപ്പോക്കണമെന്നു 
നീലിപ്പെണ്ണവൾ താലിയണിഞ്ഞും 
ചേലഞൊറിഞ്ഞും മാലയണിഞ്ഞും 
കേളച്ചാരുടെ കോലം കണ്ടും 
കാലം പോയതറിഞ്ഞില്ലവളും” 
ഇങ്ങിനെയോരോവാക്കുകളോരോ-
ന്നംഗനമാരുപറഞ്ഞുതുടങ്ങി.
തെക്കൻകത്തിയെടുത്തൊരുതോളിൽ
തൂക്കിക്കൊണ്ടൊരു കൂക്കുവിളിച്ചു
ചെക്കനെയങ്ങുമറിഞ്ഞഥനോക്കി-
ച്ചിക്കെന്നങ്ങു നടന്നുതുടങ്ങി.
പൌരന്മാരതുനേരമതെല്ലാം
നാരായണനോടറിയിപ്പാനായ്
ദ്വാരകതന്നിൽ ചെന്നൊരുസമയേ
നാരായണനെക്കാണാറായി
വൃഷ്ണികുലത്തിൻമകുടമഹാമണി
കൃഷ്ണൻതിരുവടിതാനതുനേരം
വല്ലഭയാകിയ രുക്മിണിയോടും
നല്ലവിശേഷം ചൊല്ലിരസിച്ചു
ശീതളമായൊരു മണിയറതന്നിൽ
ചൂതും പടവുമെടുത്തുനിരത്തി
ചൂതായുധസമനാകിയഭഗവാൻ
ചൂതും പൊരുതുകളിച്ചുരസിച്ചു
ഇരുമൂന്നാറുകളിച്ചാലിന്നി-
ക്കരുവതിനിക്കിഹവെട്ടാമെന്നും
പെട്ടെന്നിപ്പൊളൊരെട്ടുകളിച്ചാൽ
പെട്ടപിരിച്ചതുവെട്ടാമെന്നും
പകിടകളിച്ചതുകപടം തന്നെ
പകിടകളെന്നൊടുകൂടായെന്നും
തോലിപിണഞ്ഞു നമുക്കെന്നാലെൻ
താലിയിലൊന്നു തരുന്നേൻപണയം
കൊങ്കകൾരണ്ടും പണയം തന്നാ-
ലെങ്കിലൊരിക്കൽപൊരുതാമെന്നും
ഇത്തരമോരോവാക്കരുൾചെയ്തു
ചിത്തവിനോദത്തോടുവസിക്കം
പുരുഷോത്തമനെച്ചെന്നുവണങ്ങി
പുരജനമേവമുണർത്തിച്ചുമുദാ:

“രാകാശശിവദന! ദേവശൌരേ! ജയ 
ലോകാഭിരാമഗുണ! ദേവശൌരേ! 
ലക്ഷ്മീരമണ! ജയദേവശൌരേ! 
അക്ഷീണഭുജബലദേവശൗരേ! 
ലീലാരസികതനോ! ദേവശൌരേ! വന-
മാലാവലിഭൂഷണദേവശൗരേ! 
ആദിത്യദേവനിങ്ങെഴുന്നരുളിതാനേ 
മോദേനഗോപുരത്തിൽപാർത്തീടുന്നു; 
കാന്തിപടലം കൊണ്ടീരാജധാനിയിലുള്ള 
കാന്താരമഖിലം വിളങ്ങീടുന്നു, 
നിന്നടിമലർവന്നുകൂപ്പുവാനായവ-
നിന്നിഹവന്നീടുന്നുമോദമോടെ, 
എന്നാലവനെയിന്നുകാണിക്കേണം 
നന്നായിട്ടൊരു ദിക്കിൽ പാർപ്പിക്കേണം”

എന്നീവാക്കുകൾകേട്ടുമുകുന്ദൻ 
മന്ദസ്മിതമൊടുമൊന്നരുൾചെയ്തു:
 “എന്നും ദിനകരനല്ലവരുന്നതു 
മന്ദന്മാരതുബോധിച്ചാലും 
അംബരമാർഗ്ഗം തന്നിൽവിളങ്ങുമൊ-
രംബരമണിയുടെ ബിംബമൊരുന്നാൾ 
അവനിതലത്തിലിറങ്ങുകയില്ലെ-
ന്നറിയരുതായോ ഭോഷന്മാരേ!
സത്രാജിത്തു തപസ്സുതുടങ്ങി-
ത്തത്രവസിക്കുന്നെന്നതുകേട്ടു 
മിത്രവരംകൊണ്ടവനുടെ കാന്തികൾ 
ഇത്രവിളങ്ങിയതെന്നറിയേണം. 
ഇത്തരമൊന്നരുൾചെയ്തദശായാം 
സത്രാജിത്തുമണഞ്ഞുവണങ്ങി 
വൃത്രാരാതിസഹോദരനോടാ-
വൃത്താന്തങ്ങളുണർത്തിച്ചുമുദാ; 
ചെന്താർമാനിനിതന്നുടെകണവൻ 
ചിന്തതെളിഞ്ഞൊന്നരുളിച്ചെയ്തു:-
“യാദവനിന്നുടെഭാഗ്യംകൊണ്ടു 
സാദരമാശുലഭിച്ചിതുമണിയും 
ഭൂമിയിലുള്ള ജനങ്ങൾക്കിമ്മണി 
കാണ്മാൻപോലും പണിയാകുന്നു 
അർക്കനുനിങ്കലുദിച്ചൊരുകരുണയ-
തോർക്കുംതോറും ചിത്രം! ചിത്രം! 
പരമമഹാധനമാകിയരത്നം 
പരിപാലിപ്പാനെളുതല്ലേതും 
ചോരന്മാരുണ്ടനവധിപാർത്താ-
ലാരെന്നാലും സൂക്ഷിക്കേണം; 
നിങ്കലൊരമളിവരാതെയിരിപ്പാ-
നെങ്കിലിതെങ്കലിരുന്നീടട്ടേ! 
ആശയതിങ്കൽ നമുക്കില്ലേതും 
നാശംവരുമതുകൊണ്ടുപറഞ്ഞു. 
ചിത്താനന്ദം മണിയിൽ വിളഞ്ഞൊരു 
വിത്തമതൊക്കെനിനക്കു തരുന്നേൻ” 
ഇത്തരമൊന്നരുൾചെയ്തതുകേട്ടതി-
നുത്തരമൊന്നവനുരിയാടാതെ 
ചിത്തംകൊണ്ടുചിരിച്ചുതുടങ്ങി 
സത്വരമങ്ങുനടന്നുതുടങ്ങി. 
“ദ്രവൃത്തിങ്കലെയാഗ്രഹമെന്നതു 
ഭവ്യന്മാർക്കുമിളയ്ക്കരുതേതും 
വിത്തത്തിൽകൊതിയുണ്ടാമെന്നാൽ 
ഇത്രയതെന്നൊരുനിയമംവേണം; 
കാററും മഴയും വെയിലും മഞ്ഞും 
ഏറ്റുംകൊണ്ടുടനാടലിനോടേ 
ഏറ്റമുറക്കം മാറ്റിപ്പരിചൊടു 
നോററുകിടന്നുടനേറ്റമിരന്നും 
പണിപെട്ടിങ്ങുനമുക്കുലഭിച്ചൊരു 
മണിപെട്ടെന്നുപിടിച്ചുപറിപ്പാൻ 
മടികൂടാതരുൾചെയ്തൊരു വചനം 
കടുതായ് വന്നുടനോർക്കുന്തോറും 
സ്വർണ്ണമശേഷം തരുവനിതെന്നൊരു 
കർണ്ണാനന്ദം ചൊല്ലുകയത്രേ, 
പാട്ടിലണഞ്ഞധനത്തിലൊരല്പം 
കാട്ടുകയില്ലീയജമാനന്മാർ; 
പെട്ടിതുറപ്പാനിന്നെളുതല്ലാ 
പൂട്ടിയപുരുഷൻ വീട്ടിൽപോയി 
നാളെവരേണംവേണമതെങ്കിലൊ-
രാളെയയച്ചാലതുമതിതാനും,
ഇങ്ങിനെയുള്ളൊരു ശഠതപറഞ്ഞി-
ട്ടിങ്ങുലഭിപ്പാൻ കൂടുകയില്ല” 
ഇത്ഥംമനസിനിനച്ചുംകൊണ്ടു 
സത്രാജിത്തും ഭവനം പൂക്കാൻ. 
നിത്യവുമമ്മണിവച്ചൊരു പീഠേ
ഭക്തിമുഴുത്തഥപൂജകൾചെയ്തൂ 
ചിത്താനന്ദം മണിയിൽ വിളഞ്ഞൊരു 
വിത്തമെടുത്തുസുഖിച്ചുവസിച്ചു.

പ്രസേനനെന്നൊരു സഹോദരന്താൻ 
പ്രസാദമോടവനടുത്തുവന്നു 
വണങ്ങിയമ്മണിഗുണങ്ങൾകൊണ്ടവ-
നിണങ്ങിനിന്നഥപറഞ്ഞുകിഞ്ചന: 
“കനത്തകൌതുകമെനിക്കുചേതസി 
ജനിക്കകൊണ്ടിതുനിനച്ചിടുന്നു 
മനക്കുരുന്നതിലനുഗ്രഹം മയി 
നിനക്കുകിഞ്ചനജനിച്ചിടേണം 
നിരാകുലം മമതരേണമിമ്മണി 
ചിരേണവാഞ്ഛിതമെനിക്കുചേതസി 
സരോജവല്ലഭവരേണവന്നതു 
കരേണഞാനതുധരിക്കണം 
ഗളത്തിലമ്മണിവിളങ്ങണംമമ 
കുളുർത്ത ശോഭകൾനിറയ്ക്കണം 
നെടുത്തകാനനമടക്കിവാഴുന്ന 
മൃഗങ്ങളെപ്പലതൊടുക്കണം 
മുടക്കിയമ്പുകൾതൊടുക്കണം മൃഗ 
നടിപ്പതുംചിലതൊടുക്കണം”

സാദരമിങ്ങനെസോദരവചനം 
യാദവനമ്പൊടുകേട്ടദശായാം 
ഖേദംമനസിജനിച്ചതടക്കി-
സോദരനമ്മണിയുടനേ നൽകി; 
അപ്പോഴമ്മണിമേടിച്ചവനും 
ശില്പമെടുത്തു കഴുത്തിലണിഞ്ഞു; 
പച്ചവിളങ്ങിന കച്ചമുറുക്കി 
പച്ചപ്പട്ടുമുടുത്തഥകെട്ടി 
പച്ചപ്പരിചയുമസിയുമെടുത്തൊരു 
പച്ചക്കുതിരമെലേറിനടന്നു; 
വേട്ടയ്ക്കിളമയെഴുന്നള്ളുന്നതു 
കേട്ടതുനേരം നായന്മാരൊരു 
കൂട്ടമിരുന്നുപറഞ്ഞുതുടങ്ങി 
കൂട്ടിവിളിച്ചുപറഞ്ഞുതുടങ്ങി:-
“നായാട്ടെന്നതുകേൾക്കുന്നേരം 
നായന്മാർക്കതൊരുത്സവമല്ലോ 
മായം ചിലവകബോധിക്കേണം 
തായംകൊണ്ടതുസാധിക്കേണം 
നായ്കളനേകംകൂട്ടംവേണം 
നായാടികളിലുമൊരുവകവേണം 
വലയുംകെട്ടിയുറപ്പിക്കേണം 
മലയുംകാടുമിളക്കീടേണം 
കലഹിക്കുന്നമൃഗങ്ങളെയൊക്കെ 
ക്കൊലചെയ്താനൊരു വിരുതുംവേണം 
കണ്ടച്ചാരുമരിച്ചേപ്പിന്നെ
തെണ്ടിപ്പെല്ലാംകൂടെമറന്നു 
വേട്ടക്കളരിയിലെത്തുംപോഴും 
കോട്ടമിതൊന്നും നമ്മുടെകണ്ട-
ജ്യേഷ്ഠനിരുന്നന്നുണ്ടായില്ല. 
നമ്പൻനായെക്കൊണ്ടൊരുകൂട്ടം 
വമ്പെന്നാലതുമതിയായില്ല 
വമ്പടയൊക്കെക്കൂട്ടിക്കൊണ്ടു 
മുമ്പിൽ നടപ്പാൻ പോരാതാനും 
പണ്ടുപടയ്ക്കുമുറിഞ്ഞേപ്പിന്നെ 
തിണ്ടലിനിക്കോനേരായില്ല, 
കേളച്ചാരുകൊടുത്തുവളർത്തൊരു 
കാളൻനായവനെങ്ങു തിരിച്ചു 
ചീളെന്നെത്തിപ്പന്നിത്തടിയൻ 
വേളകടിച്ചുപൊളിക്കാൻ പോയി! 
കേളച്ചാരുടെ കാളൻനായുടെ 
ശീലം നിങ്ങളറിഞ്ഞിട്ടില്ല, 
ചാലേപന്നികൾകോലംകണ്ടാൽ 
വാലുംതററുപറക്കുംകള്ളൻ.

കരിമ്പന്നെന്നൊരു നായുണ്ടവനൊരു 
തരിമ്പുപേടിയുമില്ലൊരുനേരവും 
ഉരമ്പിനല്ലൊരുവരമ്പുപറ്റി 
തരംവരുമ്പോൾകടിയുംകൂട്ടും 
വെളുമ്പനൻപൊടുമൃഗങ്ങളോടെ 
കലമ്പുവാൻ മതിബലംകൊടാതെ 
പെരുത്തവൻപുലിയുരത്തുവന്നാൽ 
കഴുത്തറുപ്പാൻകരുത്തുപോരും 
കടുവായോടൊരുകടികൊണ്ടന്നേ 
നെടുവാലൻ തന്നുടലുമുറിഞ്ഞു 
അടവിയിലിന്നുരു നടനംചെയ്‌വാൻ 
ഉടനേനിന്നാപടുവല്ലേതും 
ചാത്തച്ചാരുടെചാത്തൻ നായും 
തൊമ്മച്ചാരുടെതൊമ്മൻനായും 
കണ്ടച്ചാരുടെകണ്ടൻനായും 
കോരച്ചാരുടെവീരൻനായും 
എന്നിവനായ്ക്കളനേകംവേണം 
നിന്നുപിണങ്ങുമിണങ്ങരുവേണം. 
പടയ്ക്കു നല്ലവനിടയ്ക്കുമാകാ 
യിടയ്ക്കു നല്ലവൻ പടയ്ക്കുമാകാ 
പടയ്ക്കടുക്കും കണക്കുതന്നെ 
കടുത്തവേട്ടയ്ക്കൊരുമ്പെടേണം 
വെളുക്കുമപ്പോൾ കളിച്ചുനല്ല 
വെളുത്തമുണ്ടും ഞൊറിഞ്ഞുടുത്തു 
വെളുത്തവെണ്ണീറെടുത്തണിഞ്ഞു 
കുളുർത്തചോറും ചെലുത്തിനന്നായ് 
തളത്തിലേറിച്ചരിഞ്ഞുറങ്ങും 
ജളത്വമേറിനതനിച്ചനായർ 
പടയ്ക്കു ചെന്നങ്ങടുക്കുമപ്പോൾ 
പടയും കുടയും വടിയുംപൊടിയും 
പൊടുപൊടെ വെടിയുംചാക്കുംമുറിവും 
വാക്കും തെറിയും ചോരപ്പുഴയും 
തീരാപ്പഴിയും കണ്ടൊരുനേരം
തൊണ്ടനവന്റെ തുടകളുരണ്ടും
കിടുകിടനെന്നുവിറച്ചുവിറച്ചും 
ഉടലുതളർന്നും പേടിവളർന്നും 
പടലുതടഞ്ഞിട്ടവിടെമറിഞ്ഞും 
വെക്കം വീട്ടിലടുക്കളതന്നിൽ 
പുക്കൊരു വമ്പൻ കതകുമടച്ചു 
കഴലപനിച്ചുകിടക്കേയുള്ളു 
കിട്ടച്ചാരൊരുവേട്ടയ്ക്കിടയിൽ 
കാട്ടിൽചെന്നൊരു കോട്ടിലുറച്ചു 
കൂട്ടംപന്നികൾചാട്ടംകണ്ടി- 
ട്ടോട്ടംകൊണ്ടിഹവീട്ടിൽപോന്നു 
അഷ്ടികൊതിച്ചുവസിച്ചീടുന്നോ
രെഷ്ടിയുമെന്തിനുപോന്നീടുന്നു. 
കണ്ണൻപഴവും ചോറും കറിയും 
പൊണ്ണത്തടിയാകാട്ടിൽ കിട്ടാ 
സുന്ദരനെന്നൊരുഭാവത്തോടെ 
സിന്ദൂരക്കുറിയിട്ടും കൊണ്ടു് 
വേട്ടയ്ക്കെന്തിനു താൻപോരുന്നു 
കാട്ടിലിരിപ്പതു വേശ്യകളെന്നോ?
കള്ളാ! ചെന്നുകളത്രം തന്നുടെ 
പിള്ളയെടുത്തുകളിപ്പിച്ചാലും 
തുള്ളിവരുന്ന കുരങ്ങുകണക്കെ 
തുള്ളിവരുന്നൊരു കോന്തച്ചാരുടെ 
പിള്ളേരുടെയൊരു നായാട്ടങ്ങിനെ 
വള്ളികളേറിയിരുന്നുവിറയ്ക്കും 
തള്ളപിരിഞ്ഞൊരു കുഞ്ഞുകളൊന്നിനു 
കൊള്ളരുതെന്നതുകേട്ടിട്ടില്ലേ 
ചേന്നച്ചാർക്കു തിടുക്കംവന്നു 
തന്നുടെമകളവൾപെറ്റതുകൊണ്ടു 
ഉള്ളിയരച്ചും മുക്കുടിവച്ചും 
വെള്ളംവെച്ചുംകൊള്ളിപിടിച്ചും 
ഉള്ളൊരുനേരമടങ്ങിയിരിപ്പാൻ 
കള്ളപ്പാഴന്നെളുതല്ലേതും 
കൊട്ടാരത്തിൽകൊച്ചുപണിക്കരു 
വേട്ടയ്ക്കായിപ്പോകണമെന്നാൽ 
മുമ്പിലൊരൻപതകമ്പടിവേണം 
പിന്നെച്ചിലവകവേറേ വേണം 
പെട്ടിയെടുപ്പാൻപട്ടരുവേണം 
കാലുതിരുമ്മാൻനായരുവേണം 
വേലുക്കോരനുമരികേവേണം 
സഞ്ചിയെടുപ്പാൻപൊതുവാൾവേണം 
ചന്തം കൂട്ടിവനത്തിൽചെന്നാൽ 
എന്തൊരുകാര്യം ചിന്തിക്കുന്നു 
കാട്ടിൽചെന്നുമഹാഷ്ട്രം പറവാൻ 
കൂട്ടിക്കൊണ്ടിഹപോകയുമല്ല 
കല്പിക്കുന്നതുമെന്തിനുപാഴിൽ 
കല്പനവന്നതുബോധിച്ചില്ലേ 
തങ്ങളിലിങ്ങനെയോരോവാക്കുകൾ 
അങ്ങുപറഞ്ഞുനിറഞ്ഞാപ്പടയിട 
തിങ്ങിയിടഞ്ഞുനടന്നുതുടങ്ങി 
ഭംഗിയിണങ്ങിനകോപ്പം കൂട്ടി
തപ്പുമദ്ദളമിടയ്ക്കയുടുക്കുകൾ 
തിത്തിവീണമുഖവീണമുരശും 
ചേങ്ങിലതിമിലനല്ലമൃദംഗം 
ചെണ്ടകടുന്തുടിവണ്ണംജാലം 
ഡണ്ഡിമമംക്യമിടക്കയുടുക്കുകൾ 
മഡ്ഡുഝല്ലരികൾഝർഝരവാദ്യം
ഇത്തരം വിവിധവാദ്യസമൂഹം 
പത്തുലക്ഷമിവയൊക്കെമുഴക്കി 
തിത്തിമത്തരുതരികിടകിടതക 
തികധകിടധിമിതത്തധരികിട 
കിടതകിജംഝോംകിടതകിധോം 
ധിത്താംഝഝനകിടതകിധത്തിം 
കക്കധരിക്കുധരിക്കുധകഝണ 
കഝണതക്കതിക്കുതക്കുട്ടേതക്കിടകിടതികിതാം
ഇത്തരമുള്ളൊരു ഘോഷംപലവക 
സത്വരമങ്ങുതുടങ്ങീടുന്നു.

വില്ലും നല്ലശരങ്ങളും ചുരികയും 
ചക്രങ്ങൾ ശൂലങ്ങളും 
ചൊല്ലേറും ചിലകുത്തിവാളു ചവളം 
തോക്കും മുനക്കത്തിയും 
രസത്തൊടെടുത്തടുത്തിതുടനേ 
മെല്ലേ പടക്കൂട്ടമ-
ങ്ങെല്ലാം കൂക്കിവിളിച്ചു കാട്ടിനരികേ 
വേട്ടയ്ക്കൊരുമ്പെട്ടുതേ.

പടയിളകീടിനസമയേശിവശിവ 
ഭടജനമുടനേഝടിതിചവിട്ടി 
ധരണിതലങ്ങളിടിഞ്ഞുപൊടിഞ്ഞും 
പൊടിപടലങ്ങളുമവിടെ നിറഞ്ഞു 
അഖിലമെഴുന്നുനിരന്നുപരന്ന 
ങ്ങംബരസീമനിരവികിരണങ്ങളു-
മൊക്കെമറച്ചുടനവിടെയടങ്ങാ-
ഞ്ഞമരപുരത്തിനകത്തുകടന്നാ-
ഗംഗാജലവും ചെന്നുകലക്കി 
വട്ടപ്പരിചതുടുക്കിടുമപ്പോൾ 
ചടുപടനെന്നൊരു കടുതരഘോരം 
എട്ടുദിഗന്തംപൊട്ടിച്ചീടിന 
കൊട്ടുംവെടികളുമൊട്ടൊഴിയാതെ 
കേട്ടദശായാമഷ്ടമഹാഗജ-
കൂട്ടവുമുടനേഞെട്ടീടുന്നു, 
മലകളുമാശുകുലുങ്ങീടുന്നു 
ജലധികളാശുകലങ്ങീടുന്നു 
വിടപികളൊക്കെയുലഞ്ഞീടുന്നു, 
തടിനികളൊക്കെയലഞ്ഞീടുന്നു,
ധരണിധരിപ്പാനെളുതല്ലാഞ്ഞി-
ട്ടുരഗാധിപതിവലഞ്ഞീടുന്നു 
കമഠാധീശൻതന്നുടെയുടലും 
ചടുചടനെന്നുതകർന്നീടുന്നു 
ചാടിച്ചിലരുപിടിച്ചുകളിച്ചും 
കൂടെച്ചിലരുപിടിച്ചു തടുത്തും 
വടികൾ വലിച്ചാതടികളൊടിച്ചും
പടലിലടിച്ചും പൊടികൾതുടച്ചും 
ശിലകൾപൊടിച്ചും വലകൾപടുത്തും 
വഴികൾതടുത്തുംവികടമടുത്തും 
നായാട്ടിന്നിഹനായന്മാരവർ 
കാട്ടിൽചെന്നുനിറഞ്ഞൊരു സമയേ
നായാടികളും കാടുമിളക്കി 
ദിക്കുകളിൽചിലവലയുംകെട്ടി 
തക്കമറിഞ്ഞുതിരഞ്ഞുമൃഗങ്ങളെ 
വക്കാണത്തിനടുത്തൊരുസമയേ 
സത്രാജിത്തിന്റനുജനുമപ്പോൾ 
തത്രജനത്തോടൊന്നരുൾചെയ്തു: 
“വേടന്മാരിതുബോധിക്കേണം 
കാടുകളൊക്കെയുറപ്പിക്കേണം 
കാട്ടീന്നൊരുമൃഗമോടിപ്പോയാൽ 
കോട്ടംനിങ്ങൾക്കെന്നറിയേണം 
പേടികുറഞ്ഞഭടന്മാരിൽ ചില-
രോടിയണഞ്ഞുപിണങ്ങീടേണം 
വേടന്മാരൊടുകൂടിനടക്കണ-
മാടൽ മനസ്സതിലുള്ളവരെല്ലാം 
അമ്പൊടുകുന്തക്കാരൊരുമിച്ചു 
മുമ്പിൽ നടന്നു പിണങ്ങീടേണം
വമ്പടയെക്കെയുറപ്പിക്കേണം 
വമ്പുപറഞ്ഞാലെളുതാകില്ല 
വമ്പുലിവന്നിഹചാടീടുന്നതു 
മമ്പൊടുകരുതിനടന്നീടേണം. 

പ്രസേനനിങ്ങിനെഗഭീരമായി 
സ്വസേനയോടഥപറഞ്ഞനേരം 
പടജ്ജനങ്ങൾവനത്തിലപ്പോൾ 
അടുത്തുകാടുകളിളക്കിമെല്ലേ 
തുടങ്ങിനായാട്ടനേകമപ്പോൾ 
ഒടുക്കമില്ലാമൃഗങ്ങളപ്പോൾ 
പൊടുക്കനേചിലർ പരിഭ്രമിച്ചും 
കടുക്കനെച്ചിലർ തിരഞ്ഞുറച്ചും 
നടുക്കമോടുടനൊളിച്ചൊളിച്ചും 
നെടുത്തപല്ലുകളിളിച്ചിളിച്ചും 
കടുത്തമാനുകളകന്നകന്നും 
തടിച്ച പന്നികളകന്നകന്നും 
തനിച്ചുകാട്ടിൽ ജനിച്ചഘോഷം 
നിനപ്പതിന്നുംപ്രയാസമല്ലോ 
കൊമ്പിന്മേൽചിലകൊമ്പുകളുള്ളൊരു 
അമ്പതുലക്ഷംകലകളണഞ്ഞു 
ഒന്നിച്ചനവധിപന്നിക്കൂട്ടം 
തിന്നുപിണഞ്ഞുചെന്നായ്ക്കൂട്ടം 
കടമാനും ചിലമറിമാനും പല 
നെടുമാനുംചിലകുറുമാനുകളും 
പുള്ളിപ്പുലിയും വമ്പുലിചെമ്പുലി 
വള്ളിപ്പുലിയുംവരിയൻപുലിയും 
ഘനതരമാകിന വനമഹിഷങ്ങളു 
മെട്ടടിമാൻപലകേഴക്കൂട്ടം 
ന്യംകുകൾരംകുകൾ ഗന്ധമൃഗങ്ങളും
മളവില്ലാതൊരു കടമാനുകളും
ചമരിമൃഗങ്ങളനേകക്കൂട്ടം 
കടുവാകരടികൾകേഴക്കൂട്ടം 
ഋക്ഷതരക്ഷുകൾ ഭല്ലുകങ്ങളു-
മക്ഷതബലമാർന്നാനക്കൂട്ടം 
സിംഹംപലവകവികടകരാളം 
വ്യാളസമൂഹംനരകരടികളും 
മുയലുകളും ചിലമയിലുകളും ബഹു 
കുറുനരിയെന്നിവജന്തുസമൂഹം 
ഒക്കെച്ചാടിക്കാടുകൾതോറും 
തക്കത്തിൽചിലപോട്ടിലൊളിച്ചും 
വെക്കം ചിലവകയോടിയണഞ്ഞും 
നായ്ക്കളടുത്തു കടിച്ചുപൊളിച്ചും 
വെട്ടുകൾകുത്തുകൾ നീട്ടുകളെന്നിവ 
വക്കാണങ്ങളനേകവിധങ്ങൾ 
വെടികൊണ്ടങ്ങുമൃഗങ്ങൾമുറിഞ്ഞും 
കടികൊണ്ടങ്ങുജനങ്ങൾമുറിഞ്ഞും 
കരടികളെത്തിയടിച്ചുകടിച്ചും 
കടുവക്കൂട്ടമടുത്തു പിടിച്ചും 
വ്യാഘ്രങ്ങളുമതിശീഘ്രമടുത്തും 
ഊറാത്തിൽ ചിലർപന്നികൾതന്നുടെ 
തേറ്റകളേറ്റുമരിച്ചുതുടങ്ങി 
ഏറ്റമടുത്തഭടന്മാരെല്ലാം 
തോററുമടങ്ങിനടന്നുതുടങ്ങി 
അപ്പോളതിബലനാംയദുബാലൻ 
കെല്പൊടണഞ്ഞഥവില്ലുമെടുത്തു 
അത്ഭുതമായ് ശരമാരിചൊരിഞ്ഞു 
ഉദ്ഭടവേഗമശേഷമൃഗങ്ങടെ 
ദർപ്പമടക്കിമുടക്കിച്ചിലവഴി 
ചാപമെടുത്തുതൊടുത്തഥവേഗാൽ 
കോപമൊടാശുകടന്നുവനാന്തേ 
മത്തഗജങ്ങടെ മസ്തകസീമനി 
പത്തും മുപ്പതുമമ്പുകളുടനേ 
ഒത്തുതറച്ചാനുത്തമവീരൻ 
ഇത്തരമുള്ള ഗജങ്ങളുമെല്ലാം 
അത്തൽപിണഞ്ഞിഹചത്തുമറിഞ്ഞും 
ശരമേറ്റൻപൊടുശരഭസമൂഹം 
പരവശമായി മരിച്ചീടുന്നു 
പന്നിക്കൂട്ടമതൊന്നിച്ചനവധി 
വന്നതശേഷം കൊന്നീടുന്നു; 
കലവന്നിങ്ങൊരുവലയിൽചാടി 
പലരും കൂടിക്കൊലചെയ്യേണം 
പന്നിക്കുന്തമെനിക്കണ്ടെന്നാൽ 
പന്നികളെച്ചിലകൊന്നീടുന്നേൻ 
കുന്തമെനിക്കുമുറിഞ്ഞതുകൊണ്ടുട-
നന്തരമിപ്പോളുണ്ടായ്‌വന്നു 
മെല്ലെക്കരടിവരുന്നതുകണ്ടി-
ട്ടല്ലലൊടുംപുനരോടുന്നേരം 
കല്ലുതടഞ്ഞുമറിഞ്ഞുടനെന്നുടെ 
പല്ലുകളൊട്ടുകൊഴിഞ്ഞുംപോയി 
കടുവായെന്നതുകേട്ടൊരുനേരം 
ഝടിതിനടന്നിതുഞാനും പരിചൊടു
പടലിൽപോന്നു കടന്നുകിടന്നു
കടുവായച്ചതികണ്ടതുമില്ല
ഇങ്ങനെയോരോ ജളതപറഞ്ഞും 
തങ്ങളിലൊട്ടുവിളിച്ചുതെളിച്ചും 
നായന്മാരിഹകാടുകൾതോറും 
നായാട്ടാടിനടക്കുന്നേരം 
കൊമ്പുകൾകൊണ്ടുശിലാതലമെല്ലാം 
അമ്പൊടുകുത്തിയടർത്തുപൊടിച്ചും 
തുമ്പിക്കൈകൊണ്ടഖിലമരങ്ങടെ 
കൊമ്പുകളാശുപിടിച്ചുമൊടിച്ചും 
സംഭ്രമമോടുവനത്തിൽ നടക്കും 
കുംഭികൾതന്നുടെകുംഭതടങ്ങളി-
ലുടനേചാടിയടുത്തു കടിച്ചും 
തുടുതുടെയുള്ളാരുചോരകുടിച്ചും 
കഠിനരവംകൊണ്ടടവികളെല്ലാം 
കിടുകിടനെന്നു കുലുക്കിനടന്നും 
വികടതടാകുലകടുതരമാകിന 
മുഖമതുയർത്തിയെടുത്തൊരുനോക്കും 
കടുതരമാകിനകണ്ണിലുദിച്ചൊരു 
തീക്കനലുകളുടെകൂട്ടംകൊണ്ടും 
കാടുംപടലുകളൊക്കെദഹിച്ചും 
കുടിലനഖങ്ങളിലുടനേ ചിലവക 
കടുവാകരടികളെന്നിവകോർത്തും 
സംഹാരാനലഭീഷണനാമൊരു 
സിംഹത്തടിയൻഝടിതിയടുത്താൻ.

രുണ്ഠം രുണ്ഠം കഠോരാരവപരകരിണോ 
മണ്ഠകോ മണ്ഠമാനോ
ലുണ്ഠം ലണ്ഠഞ്ച കണ്ഠദ്ധ്വനി കഠിനതയാ 
കുണ്ഠതാം ഭൂമിമുണ്ഠൻ 
ശൂണ്ഠം ശൂണ്ഠഞ്ച കുണ്ഠേതരമടനിലയോ 
ഹന്ത കണ്ഠീരവോസൗ 
വാനണ്ഠേമണ്ഠതാരീൻ വികടഹടശനൈ- 
വണ്ഠയൻ കണ്ഠനാളം

കല്ലുകടിച്ചുപൊടിച്ചീടുന്നൊരു 
പല്ലുകളൊക്കെ വളഞ്ഞുപിരിഞ്ഞും 
സ്ഫുടതരമാകിനസടകൾകുടഞ്ഞും 
വിടപികളോടഥഝടിതിതടഞ്ഞും 
കൊടിമരമോടിഹ പടപൊരുതീടിന 
നെടിയൊരുവാലുമുയർത്തിക്കൊണ്ടും 
അടവിതകർത്തുതിമർത്തുനടന്നും 
മൃഗപടലത്തെയമർത്തുപിടിച്ചും 
മൃഗയജനത്തെയെടുത്തുപിടിച്ചും 
തുടുതുടെയുള്ളൊരു ചോരയണിഞ്ഞും 
യദുസുതനോടതിഘോരമണഞ്ഞാൻ 
ഭാസുരനാമൊരുകേസരിവീരൻ. 
പഞ്ചാനനനെക്കണ്ടൊരുനേരം 
നെഞ്ചിനകത്തൊരു ഭീതിവളർന്നു; 
ചഞ്ചലമാകിനഭടജനമെല്ലാം 
തഞ്ചമിളച്ചവർ പാഞ്ഞുതുടങ്ങി!

വാളും പരിചകടുത്തില‌തോക്കുക-
ളാദികളാകുമൊരായുധമെല്ലാം 
കൈകളിൽനിന്നുകളഞ്ഞുകളഞ്ഞും 
കാടുകളിൽ ചിലരോടിയൊളിച്ചും 
യജമാനനെയുമുപേക്ഷിച്ചവരും 
അളവേപുരിപുക്കങ്ങുവസിച്ചാർ.
സിംഹംഝടിതിയടുത്തുപിടിച്ചു 
പ്രസേനനേയുംകുതിരയുമെല്ലാം 
കഠോരമാകിനകരയുഗളംകൊ-
ണ്ടടിച്ചുകൊന്നങ്ങവനിയിലിട്ടാൻ 
സ്യമന്തകം മണിപറിച്ചുകൊണ്ടുട 
നമന്ദസാഹസമവൻനടന്നു 
പെരുത്തകാനനതലത്തിലമ്പൊടു 
കരുത്തനങ്ങനെചരിക്കുമപ്പോൾ 

സകലകപികുലതിലകഭൂപനാം ജാംബവാൻ
സപദിനിജഗുഹയിൽ നിന്നിങ്ങുപോന്നേകദാ
വനഭൂവിഫലങ്ങളെത്തെണ്ടിമേവുംവിധൗ 
ഘനകുതുകമോടവൻകണ്ടു മൃഗേന്ദ്രനെ 
വികടമണിഘൃണിപടലവിലസിതശരീരനാം 
മൃഗപതിയോടെത്തിനേർത്തീടിനാൻ ജാംബവാൻ
കുതുകമൊടുടൻകളിച്ചൊന്നടിച്ചീടിനാൻ 
അതുപൊഴുതുതവിടുപൊടിയായിസിംഹേന്ദ്രനും
മണിയതുമെടുത്തുടൻപുക്കുഗുഹാന്തരേ
മഹിതഗുണശാലിയാം വാനരാധീശനും 
ഉചിതതരകാന്തിയുള്ളോരുരത്നമതും 
കൊച്ചിനുകളിപ്പതിന്നായിനൽകീടിനാൻ; 
എട്ടെട്ടുഭാരംധനം വിളഞ്ഞീടുന്ന 
ചട്ടറ്റരത്നത്തിനൊട്ടല്ല സങ്കടം 
പെട്ടെന്നു കുഞ്ഞുങ്ങളങ്ങുമിങ്ങും വലി-
ച്ചിട്ടുംവലിച്ചും കളിക്കുമാറാകയാൽ.

സത്രാജിത്തതുനേരം സോദര-
നത്രവരാഞ്ഞതുകൊണ്ടകതാരിൽ 
ചിത്തവിഷാദംപൂണ്ടുടനവനുടെ 
വൃത്താന്തങ്ങൾതിരഞ്ഞൊരുസമയേ 
സത്യമൊരുത്തരുമുരചെയ്യാഞ്ഞി-
ട്ടത്തൽ മുഴുത്തുവനത്തിൽനടന്നു. 
കാട്ടിൽ നടന്നുതിരഞ്ഞുതിരഞ്ഞൊരു 
കോട്ടിലുമവനെക്കാണാഞ്ഞിട്ടു 
പെട്ടെന്നുടലുതളർന്നുമനസ്സും-
കെട്ടുകരഞ്ഞുപുരംപുക്കു ചിരാൽ; 
ഉദകക്രിയകൾ കഴിച്ചൊരുവിജനേ 
വദനം താഴ്ത്തിവസിക്കുന്നേരം 
ബന്ധുജനങ്ങളുമളവേചെന്നവ-
നന്തികസീമനിനിന്നുപറഞ്ഞു:
“സന്താപിച്ചുകരഞ്ഞുവിരഞ്ഞാ-
ലെന്തൊരുഫലമിനിവരുവാനുള്ളു 
ചിന്തിച്ചാലതുഞങ്ങൾക്കേററമൊ-
രന്തരമിന്നിഹതോന്നുന്നില്ല;
ഈശ്വരകല്പിതമെന്നതു പാർത്താൽ 
വിശ്വജനത്തിനൊഴിക്കാവൊന്നോ? 
കർമ്മത്താലെവരുന്നതുമെല്ലാം 
ശബ്ദമിതെന്നുനിനച്ചീടേണം; 
ജനനമിതെന്നും മരണമിതെന്നും 
മനുജന്മാർക്കു വിധിച്ചതിതെല്ലാം 
അനുജവിനാശംകല്പിതമെന്നാൽ 
അനുഭവിയാതെയിരുന്നിടാമോ? 
വീരനിവണ്ണംവരുവാനെന്തൊരു 
കാരണമെന്നതുതോന്നീലേതും 
ക്ലേശിച്ചാലിതുതുമ്പുണ്ടാമെ- 
ന്നാശനമുക്കു വളർന്നിടുന്നു” 
ഇത്തരമുള്ളൊരുബന്ധുജനാനാം 
ചിത്തശ്രമഹരവചനംകേട്ടഥ 
നേത്രജലങ്ങളടക്കിക്കഥമപി 
സത്രാജിത്തു പറഞ്ഞുതുടങ്ങി:-
“എല്ലാമെന്നുടെദുരിതംതന്നേ 
വല്ലാതുള്ളൊരവസ്ഥഭവിച്ചു 
നല്ലജനത്തോടുകൂടിവസിപ്പാൻ 
ഇല്ലനമുക്കൊരുഭാഗ്യമതോർത്താൽ 
ബാലനെയങ്ങു വനത്തിലയച്ചതു 
മൂലമെനിക്കിതുവന്നുഭവിച്ചു 
കാലമടുത്താലെവിടെയിരുന്നെ-
ന്നാലുംവരുവതുവന്നേപോവൂ 
എന്നുമനസ്സിലുറച്ചെന്നാകിലു-
മിന്നിതുകൊണ്ടാന്നോർപ്പാനുണ്ട്. 
വന്നതുവന്നു നമുക്കിനിമേലിൽ 
നിന്നുപൊറുപ്പാനെളുതല്ലേതും 
സഹജവിനാശമതിന്നൊരു തുമ്പു-
ണ്ടിന്നതുചൊന്നാൽ തലപോയേക്കും. 
എന്തിനതെല്ലാംശങ്കിക്കുന്നു? 
എന്നുടെകർമ്മമിതെന്നേവേണ്ടൂ?” 
“ചൊല്ലുകചൊല്ലുകസത്രാജിത്തേ! 
ഖിന്നതയേതുംവേണ്ടമനസ്സിൽ 
തുമ്പുള്ളതിനെമറച്ചിടേണ്ടാ 
വമ്പില്ലാഞ്ഞാൽ പിന്നെയടങ്ങാം 
ജീവസമന്മാരാകിയഞങ്ങളൊ-
ടീവകപറവാൻ മടിയെന്തയ്യോ” 
ഇത്തരമുള്ളൊരു ബന്ധുജനങ്ങടെ 
നിർബ്ബന്ധംകൊണ്ടവനുരചെയ്തു:-
“ചൊല്ലരുതെന്നതുകൊണ്ടല്ലേതും 
ചൊന്നതുകൊണ്ടിനിയെന്തൊരു കാര്യം 
പെട്ടെന്നൊരു വകബോധിക്കേണം 
പെട്ടതിതെല്ലാം മണിയുടെമൂലം 
മൂഢതകൊണ്ടുപറഞ്ഞീടുന്നു 
ഗൂഢമിതെന്നുധരിച്ചീടേണം 
കൃഷ്ണനൊരുന്നാളിമ്മണിമേലൊരു 
തൃഷ്ണഭവിച്ചുകുറഞ്ഞൊരുനേരം 
ഇപ്പോൾ നമുക്കുതരേണമിതെന്നൊരു 
കല്പനഞാനതുകൂട്ടാക്കിലാ 
ഊണുമുറക്കമിളച്ചുലഭിച്ചതു
വേണമെനിക്കെന്നോതീടാമോ? 
തട്ടുംകൊട്ടുംചെണ്ടയ്ക്കത്രേ 
കിട്ടുംപണമതുമാരാന്മാർക്കും 
വെട്ടും കുത്തും പരിശയ്ക്കത്രേ 
കിട്ടുംവിരുതുപണിക്കർക്കെന്നും 
ഇത്തരമുള്ളപഴഞ്ചൊല്ലോട-
ങ്ങൊത്തീടുന്ന വാർത്തകളെല്ലാം 
വിത്തത്തിൽകൊതിയുണ്ടാമെന്നാൽ 
ഇത്രയതെന്നൊരുനിയമംവേണ്ടേ! 
എന്നതുകൊണ്ടിഹശങ്കിക്കാൻ വഴി 
വന്നുനമുക്കുടനെന്നേവേണ്ടു 
വന്ദിക്കേണ്ടജനങ്ങളെയെല്ലാം 
നിന്ദിക്കുന്നതുകഷ്ടംതന്നെ
സുകൃതമശേഷമൊടുങ്ങുകകൊണ്ടീ-
പ്രകൃതികളൊക്കെനമുക്കു വരുന്നു 
സുകൃതികളെക്കൊണ്ടരുതരുതേതും 
സുകൃതവിനിന്ദകളെന്നറിയേണം.'' 
ഇത്ഥം കിമപി പറഞ്ഞുവിശേഷം 
സത്രാജിത്തുവസിച്ചൊരു സമയേ 
മിത്രജനങ്ങളുമാദരവോടെ 
യാത്രപറഞ്ഞുതിരിച്ചുനടന്നു 
അവരതിഗൂഢം ചിലരൊടുചൊല്ലി 
അവരും ചിലരൊടു ചെന്നുപറഞ്ഞു 
അവരപ്പോളതുപലരൊടുചൊല്ലി 
അവരതുമൊക്കെ നടന്നുപറഞ്ഞു 
ഇരുവരുകൂടിനടക്കുന്നേരം 
ചരിതമിതൊന്നേകേൾപ്പാനുള്ളു. 
കുരളപറഞ്ഞുനടന്നുവരുന്നൊരു 
വിരുതന്മാർക്കൊരുവകയുണ്ടായി 
ചെവിയിൽ ചിലരുപറഞ്ഞുതുടങ്ങി 
ചിലരതുകേൾപ്പാൻ ചെന്നുതുടങ്ങി 
ചെവിപൊത്തിച്ചിലർനിന്നുതുടങ്ങി 
ചിലരതുകേട്ടു ചിരിച്ചുതുടങ്ങി 
ബാലന്മാരും വൃദ്ധന്മാരും 
യൌവനമുള്ളൊരുഭവ്യന്മാരും 
കളമൊഴിമാരും കന്യകമാരും 
വൃഷലികളും ചിലവിഷരൂപികളും 
ചിത്തഗുണത്തിന്നൊത്തതുപോലെ 
തത്വമിളച്ചുപറഞ്ഞുതുടങ്ങി 
കാലത്തിന്റെപകർച്ചനിനച്ചാൽ 
മാലോകർക്കുപൊറുക്കാൻ മേലാ 
വേലികൾതന്നെവിളവുമുടിച്ചാൽ 
കാലികളെന്തു നടന്നീടുന്നു 
കപ്പലകത്തൊരുകള്ളനിരുന്നാൽ 
എപ്പൊഴുമില്ലൊരു സുഖമറിയേണം 
വീട്ടിലിരിപ്പാൻ തരമില്ലാഞ്ഞാൽ 
കാട്ടിലിരിക്കാംപണ്ടാരുകാലം 
കാട്ടിൽചെന്നും കൊന്നുപറിക്കും 
കൂട്ടമതിപ്പോളുണ്ടായ്വന്നു. 
നാലുപണത്തിനുമുതലുണ്ടെന്നാൽ  
നാട്ടിലിരിപ്പാനെളുതല്ലേതും
നല്ലമനോഗുണമുള്ളജനത്തെ-
ക്കൊല്ലാനിന്നൊരു മടിയില്ലേതും 
പത്തമ്പതുപറനെല്ലുണ്ടെന്നുടെ 
പത്തായങ്ങളിലളവേകണ്ടതെ-
ടുത്തുകൊടുത്തെൻ വിത്തും കൂലിയു-
മെത്താനൊരുവഴികണ്ടതുമില്ല 
പത്തായത്തിനുറപ്പും പോരാ 
കാത്തുകിടപ്പാനാളും പോരാ, 
കട്ടുനടക്കുംദുഷ്ടജനത്തിനു 
കിട്ടിയതെല്ലാംകൊള്ളാന്താനും 
തൂമ്പകിളച്ചും ചേമ്പുകൾനട്ടും 
തുവരകൾവഴുതുംവാഴകൾവച്ചും 
നംപൂരാരുടെ പുറകെനടന്നി-
ട്ടിമ്മിണിമുതലുനമുക്കുണ്ടായതു 
പാടേകട്ടുമുടിച്ചെന്നാകിൽ 
പാളപിടിച്ചുനടക്കേയുള്ളു. 
നെല്ലേതാനുംപൊലികടമുള്ളതു-
മെല്ലാമിങ്ങുവശത്തായില്ല 
ഒരുമേനികളും പലമേനികളും 
സ്വരുപ്പിച്ചൊട്ടുകളത്തിലുമായി 
പലിശകൊടുപ്പാനുള്ളൊരുനെല്ലും 
പലതരമാക്കിയളന്നുംവച്ചു 
ഇപ്പോൾ നമ്മുടെ വീട്ടിൽ കള്ളനു 
കപ്പാൻ നല്ലൊരുതരമായ് വന്നു
ഏതാനും ചില കാളകളുള്ളതു
മേതൊരുദിക്കിൽ സൂക്ഷിക്കേണ്ടു
കാളകളേയും മൂരികളേയും 
കള്ളനുകപ്പാൻ വിരുതേറീടും 
എള്ളുവിതച്ചിട്ടുള്ളതുമെല്ലാം 
കള്ളന്മാരുടെ വായിൽതന്നെ 
കള്ളന്മാരതുകട്ടുഭുജിച്ചാൽ 
പള്ളപൊറുപ്പാനാവതുമില്ല 
മംഗലഗുണനാം ഭഗവാനെക്കൊ-
ണ്ടിങ്ങനെചിലരു ദുഷിച്ചീടുന്നു 
ഉള്ളിലസൂയമുഴുത്തിട്ടുള്ളവർ 
ഭള്ളുനടിച്ചുദുഷിച്ചതുടങ്ങി: 
“സത്രാജിത്തൊരുമണിയുംകൊണ്ടതി-
ശുദ്ധതയാഹരിമുമ്പിൽചെന്നു 
കൃഷ്ണനവറ്റിൽതൃഷ്ണയുമുണ്ടായ് 
സത്രാജിത്തു കൊടുത്തതുമില്ല 
പെട്ടെന്നനുജൻ മണിയുംകൊണ്ടൊരു
കാട്ടിൽചെന്നുമരിച്ചുംപോയി 
ചിത്തംകൊണ്ടു വിചാരിക്കുമ്പോൾ 
കൊത്തുംകോളുമതൊത്തുചമഞ്ഞു 
ശൈശവകാലത്തുണ്ടായീടിന 
കൈതവമുണ്ടോ മാറീടുന്നു? 
ആയിരവർഷംകുഴലിലിരുന്നൊരു 
നായുടെ വാലുവളഞ്ഞേ തീരു 
കൊച്ചുകളോടുപിടിച്ചുപറിച്ചും 
മച്ചിലൊളിച്ചഥപാലുകുടിച്ചും
അച്ചികളങ്ങുകുളിക്കുന്നേരം
കച്ചകളൊക്കെയെടുത്തുമറച്ചും 
പച്ചപ്പാലും മോരുംതൈരും 
നിത്യവുമങ്ങനെകട്ടുഭുജിച്ചും 
പൂച്ചയ്ക്കൊട്ടുകൊടുത്തും പലവക 
പിച്ചകളിച്ചുനടന്നവനല്ലോ 
കണ്ണൻകണ്ണനിതെന്നെല്ലാർക്കും 
തിണ്ണംതേടിനഭക്തിയുമോർത്താൽ 
വെണ്ണകൾകട്ടുനടന്നപ്പോഴേ 
കണ്ണനിതെന്നൊരുപേരവനുണ്ട് 
മത്തുവലിച്ചക്കുംഭത്തേലൊരു 
കുത്തുകൊടുത്താപ്പാലുകുടിച്ചും 
ഇത്തരമുള്ളൊരുകള്ളംകാട്ടീ-
ട്ടുത്തമയാകിയജനനിയൊരുന്നാൾ
സത്വരമവനെയണഞ്ഞുപിടിച്ചവ-
ളുരലൊടുകൂടിക്കെട്ടീട്ടില്ലേ? 
പൂതനയെന്നൊരുപെണ്ണിനെയും കൊല 
ചെയ്തതുനിങ്ങൾ ധരിച്ചിട്ടില്ലേ? 
മാതുലനായൊരുകംസനെവെന്നൊരു 
കൈതവമെല്ലാംബോധിച്ചില്ലേ? 
കാടുകൾതോറും കാലികൾമേപ്പാൻ 
ആടലകന്നുകടന്നുനടന്നു. 
പേടമൃഗംക്ഷികളോടിടകൂടി 
കൂടുന്നവരെത്തന്നെചതിച്ചും 
കൂട്ടരുമായിക്കൂടിനടക്കും 
കാടുകൾപലതുംകാട്ടീടുന്നൊരു 
കടുതരനാകിയകണ്ണൻതന്നുടെ 
നാടകമെല്ലാംകേട്ടിട്ടില്ലേ? 
എടയന്മാരുടെ ജാതിക്കുണ്ടോ 
എടഎന്നുള്ളതുമുണ്ടാകുന്നു? 
തടിയുമെടുത്തു ഞെളിഞ്ഞുനടക്കും 
തടിയന്മാരവർ കാടുകൾതോറും 
എടയാ!നില്ലെന്നോതുന്നേരം 
തുടയുംതുള്ളിഝടിതിപറക്കും 
കപ്പാനുള്ളൊരു തക്കംനോക്കീ-
ട്ടെപ്പോഴും പണിചെയ്കേയുള്ളു; 
പെണ്ണുങ്ങൾക്കിഹകണ്ണനെയോർത്താൽ 
ഉണ്ണണമെന്നുമുറങ്ങണമെന്നും 
തങ്ങടെതങ്ങടെ വീടുകളെന്നും 
ചങ്ങാതികളെക്കാണണമെന്നും 
അമ്മപറഞ്ഞാൽ കേൾക്കണമെന്നും 
നമ്മെച്ചിലരെപ്പേടിയതെന്നും 
നാണമിതെന്നുമടക്കുമിതെന്നും 
കാണിക്കൊരു കുറികാണാനില്ല; 
രാവെന്നുണ്ടോപകലെന്നുണ്ടോ 
കാടെന്നുണ്ടോവിടെന്നുണ്ടോ 
കയ്യേച്ചെന്നുപിടിക്കുമൊരുത്തി 
മെയ്യിൽച്ചെന്നുവസിക്കുമൊരുത്തി 
മടിയിൽച്ചെന്നുമലയ്ക്കുമൊരുത്തി 
അടിയിൽചെന്നുകിടക്കുമൊരുത്തി
മെല്ലെയിരുന്നുകളിച്ചുചിരിച്ചാ-
വല്ലവിമാരെപ്പാട്ടിലണപ്പാൻ
നല്ലതിനല്ലതുനിഞ്ഞീടുന്നു 
മെല്ലെക്കൊന്നുകഴുത്തുപറിക്കും; 
മല്ലാക്ഷികളെക്കൊല്ലരുതെന്നാ-
മല്ലാരാതിക്കില്ലവിചാരം; 
ഇത്തരമോരോദുർവാക്കുകളെ 
ചിലരുപറഞ്ഞുദുഷിച്ചുതുടങ്ങി 
അച്ചികളും ചിലരങ്ങുവിളിച്ച-
ക്കൊച്ചുകളോടുപറഞ്ഞുതുടങ്ങി:-
“ഉണ്ണികളൊന്നുധരിച്ചീടേണം-
കണ്ണനനേകം വിദ്യകളുണ്ട് 
എന്നതുകൊണ്ടവനന്തികസീമനി 
നിന്നുകളിക്കരുതെന്നറിയേണം 
കാലേലുള്ള ചിലമ്പുംമണിയും 
ചാലേവന്നുപിടിച്ചുപഠിക്കും 
കണ്ഠത്തിൽ ചിലമോതിരമുണ്ടതു 
കൊണ്ടു നടപ്പാനെളുതല്ലേതും; 
കണ്ടവരോടുപിടിച്ചുപറിപ്പാൻ 
ഉണ്ടൊരു വിരുതക്കൃഷ്ണനുപാർത്താൽ 
സത്രാജിത്തിന്റനുജനെയെത്തി-
ക്കുത്തിക്കൊന്നാൻ മണിയുടെമൂലം; 
അരയിൽകെട്ടിയമണികൾപറിപ്പാൻ 
പരിചൊടു നിങ്ങളെയങ്ങുവിളിക്കും 
അപ്പവുമടയും പഴവുംകാട്ടി 
ശില്പമണച്ചുമയക്കിക്കൊള്ളും; 
അച്ചതികണ്ടാൽപോന്നീടേണം 
അച്ഛൻവേണ്ടതുതരുമിഹവന്നാൽ.” 
അച്ചികൾതമ്മിൽപേരുവിളിച്ചി-
ട്ടിച്ഛയ്ക്കൊത്തുപറഞ്ഞുതുടങ്ങി: 
ചിരുതപ്പെണ്ണേകരുതിക്കോനീ 
ചരിതംനിന്നുടെ കോപ്പുകളെല്ലാം
എന്തൊരുകഷ്ടമിടക്കാത്താലി 
കഴുത്തിൽനിന്നതഴിപ്പാൻ മേലാ; 
കള്ളന്മാരവർരാവും പകലും 
ഭള്ളുപറഞ്ഞുനടന്നീടുന്നു 
എളയച്ചിക്കൊരിളക്കുവുമില്ല 
കയ്യതിലുള്ളതുകളയാറായി 
കേളച്ചാരു നിനക്കുണ്ടാക്കിയ 
താലികളെല്ലാമെങ്ങെടിപെണ്ണേ? 
കാലികൾമേച്ചുനടക്കംകൂട്ടം 
തോലിപിണയ്ക്കു മതോർത്തീടേണം 
കുമ്മിണിയമ്മേ! നമ്മുടെനാട്ടിൽ 
പൊൻമണികെട്ടിനടപ്പാൻമേലാ 
മണികണ്ടാലും തുണികണ്ടാലും 
മടികൂടാതെ പിടിച്ചുപറിക്കും 
യജമാനന്മാർകട്ടുതുടർന്നാൽ 
മറ്റുജനത്തിനുമടിയുണ്ടാമോ? 
നിന്നോതിക്കോൻമുള്ളുന്നേരം 
ഉണ്ണികൾകരമേറീട്ടുംമുള്ളും 
എമ്പ്രാനപ്പം കട്ടുഭുജിച്ചാ-
ലമ്പലവാസികളൊക്കെക്കക്കും 
ഇട്ടിപ്പെണ്ണേകേട്ടായോനീ
കഷ്ടംകഷ്ടമിതോക്കുംതോറും 
കലിയുഗമെന്നതുതന്നെമുഴുത്തു 
കപടമിതൊന്നേകേൾപ്പാനുള്ളൂ” 
ഇങ്ങനെപലരും പലവിധമായി 
ത്തങ്ങളിലിതുകൊണ്ടാനകളിച്ചും 
അംഗനമാരുടെ കോപ്പുകളെല്ലാം 
അങ്ങൊരുദിക്കിൽ ഗൂഢമൊളിച്ചും 
വളയുംതളയും മണിമോതിരവു 
മിടയ്ക്കാത്താലിമടക്കാത്താലികൾ 
പൂത്താലികളും മാലകൾനൂലുകൾ 
മിടുകും കുഴലുംകടകംകാതില 
തൂക്കം മണികൾപതക്കം തോൾവള 
തുടലും കൂട്ടമരഞ്ഞാണുകളും 
അരമണികൂട്ടംമണികിങ്ങിണിപൊൻ-
മണിയും മിന്നുമിരട്ടക്കുഴലും 
പവിഴക്കുഴലുംമുത്തുക്കുലയും 
കുരലാരം പലകാശ് താലികളും 
മാറും പലപലകോപ്പുകളെല്ലാം 
പെട്ടിയിലിട്ടവർ പൂട്ടിക്കെട്ടി 
പ്പെട്ടെന്നുടനേനാടുകടത്തി 
പാട്ടിലുറപ്പിച്ചാനതുകാലം 
ഭവനങ്ങളിലും നഗരങ്ങളിലും 
മാടപ്പുരയിലുമങ്ങാടിയിലും 
മാളികകളിലും മച്ചിട്ടറയിലു-
മാനക്കൊട്ടിലിലണിയറകളിലും 
നെൽപുരകളിലുമറപ്പുരകളിലും 
നാടകശാലകൾ നടുമുറ്റത്തും 
പെരുവഴികളിലും തെരുവിലുമെല്ലാ-
ഭുവനങ്ങളിലും ഗഗനങ്ങളിലും 
ഇക്കഥതന്നേകേൾപ്പാനുള്ളു 
വിപ്രന്മാരുകുളപ്പുരതന്നിൽ 
സന്ധ്യാവന്ദനസമയത്തിങ്കൽ 
സംസ്കൃതമായിട്ടിക്കഥതന്നെ 
തങ്ങളിലങ്ങു പറഞ്ഞുതുടങ്ങി:-
“സത്രാജിത്കിലമിത്രവരാദതി-
ചിത്രതരം മണിമത്രസലേഭേ 
യത്രഗൃഹീതേ പുത്രഫലഞ്ചക-
ളത്രഫലഞ്ചസുമിത്രഫലഞ്ചപ 
വിത്രഫലഞ്ചജഗത്ത്രയമംഗല-
പാത്രമയംഖലുതത്രസുഖാദതി-
മാത്രമുവാച ചരിത്രമുദാരം 
കഷ്ടതരംകിലശിഷ്ടതരം പരി-
പുഷ്ടഗുണം ശിശുശിഷ്ടതരാന്മണി 
ഘൃഷ്ടിസമൂഹവിശിഷ്ടരുചോഘന-
കഷ്ടനികാരണമിഷ്ടതരം ഹരി 
ശിഷ്ടഗുണോവതിദിഷ്ടപരാജം 
സത്യംകിമിദമസത്യം വാകിമു 
സത്യധനോനനുനിത്യമിഹാസൌ 
ബഹുലഗുണേഭ്യോബഹുകരണേഭ്യോ 
വിഗതഭയേഭ്യോമനുജഹിതേഭ്യോ 
നിപുണതരേഭ്യോലളിതപദേഭ്യോ
ലപിതതമേഭ്യോജഗതിഹിതേഭ്യോ 
ദനുജഹരേഭ്യോദലിതപരേഭ്യോ 
പരപുരുഷേഭ്യോഹന്തനമോസ്തു” 
ചരിതമഹായജനേഭ്യോനിതരാം
സംസ്കൃതമായിച്ചൊല്ലുകകൊണ്ടതു 
പലരുമറിഞ്ഞതുമില്ലന്നേരം 
പങ്കജനയനൻതങ്കലിവണ്ണം 
ശങ്കപലർക്കുമതുണ്ടാകുന്നു 
അച്യുതനെക്കാണുന്നതുനേരം 
കൊച്ചുകളോടിയൊളിച്ചുതുടങ്ങി, 
അണയത്തങ്ങുവിളിക്കുന്നേരം 
മണിയും പൊത്തിപ്പാഞ്ഞുതുടങ്ങി 
കയ്യേച്ചെന്നുപിടിക്കുന്നേരം 
അയ്യോ!യെന്നുകരഞ്ഞുതുടങ്ങി 
തിമ്മാനായിട്ടടയും പഴവും 
സമ്മാനിപ്പാൻ തുനിയുന്നേരം 
അമ്മകലമ്പും മേടിച്ചാലെ-
ന്നാകുഞ്ഞുങ്ങൾ പറഞ്ഞുതുടങ്ങി 
എന്തിഹനമ്മെശ്ശങ്കിപ്പാനൊരു 
ബന്ധമിതെന്നരുൾചെയ്യുന്നേരം 
പ്രസേനനെത്താൻകൊലചെയ്തില്ലേ 
സ്യമന്തകം മണിമോഷ്ടിച്ചീലേ? 
ഞങ്ങടെമണിയും മോതിരമെല്ലാ-
മങ്ങുപറിപ്പാൻ കൂടുകയില്ലാ, 
അച്ഛനുമമ്മയുമൊന്നുപറഞ്ഞു 
അച്യുതനരികേചെല്ലുന്നാകിൽ 
തച്ചുപറിക്കും കോപ്പുകളെല്ലാം 
കൊച്ചുകളറിയണമെന്നീവണ്ണം 
മണിപോയാലതുമുണ്ടാക്കിടാം 
തുണിപോയാലതുമുണ്ടാക്കീടാം 
പ്രാണൻപോയാലുണ്ണികളേ! പുന-
രുണ്ടാകില്ലെന്നമ്മപറഞ്ഞു 
പണ്ടേതന്നേപാലുംതൈരും 
വെണ്ണയുമെല്ലാംകക്കുമ്പോൽ നീ 
എന്നീവണ്ണം പലരും പലവക 
നിന്നെക്കൊണ്ടുദുഷിച്ചീടുന്നു” 
ഇത്തരമെല്ലാംബാലന്മാരുടെ 
വാക്കുകൾകേട്ടൊരുനേരംകൃഷ്ണൻ 
ചിത്തംകൊണ്ടുവിചാരിച്ചരുളി 
സത്രാജിത്തിൻകപടമിതെല്ലാം 
പാപികളോടഹിതത്തെച്ചൊന്നാൽ 
ആപത്തായിത്തന്നേതീരും, 
പാമ്പിനു പാലുകൊടുത്തെന്നാകിൽ 
കമ്പിരിയേറിവരാറേയുള്ളൂ 
പരമാർത്ഥത്തെവിചാരിക്കാതെ 
പരിഹാസത്തെനടത്തീടരുത്; 
പരിചൊടു സർവജനങ്ങളുമിപ്പോൾ 
പരിപന്ഥികളുമതായിത്തീർന്നു 
നമ്മെക്കൊണ്ടും ദൂഷണമിങ്ങനെ 
നിർമ്മിച്ചോബതപലരുംകൂടി 
കർമ്മഫലങ്ങളൊഴിക്കാവല്ല
ഇമ്മണിമൂലമെനിക്കും വന്നു.

രണ്ടാം കളം

എന്നാലമ്മണിപോയതുകാരണ-
മൊന്നുതിരഞ്ഞേമതിയാവുള്ളു 
മന്ദന്മാരിതുബോധിക്കാഞ്ഞാ-
ലെന്നും തീരാദുഷ്കീർത്തികളും 
ഇത്തരമൊക്കെ മനസ്സിൽനിരൂപി-
ച്ചുത്തമപുരുഷൻ ഭഗവാനൊരുനാൾ 
പത്തമ്പതുയദുവീരന്മാരൊടു 
മൊത്തു പുറപ്പെട്ടടവികൾതോറും 
സത്വരമാരാഞ്ഞങ്ങെഴുനള്ളി 
സ്വസ്ഥതയോടുനടക്കുംകാലം 
ചത്തുകിടക്കും കുതിരയുമവിടെ-
സ്സത്രാജിത്തിന്റനുജൻ തന്നെയു-
മംഗംതന്നിൽകേസരിതന്നുടെ 
തുംഗനഖങ്ങൾ പതിഞ്ഞുകലങ്ങി 
തിങ്ങിവരുന്നൊരുചോരയണിഞ്ഞും 
കണ്ണുതുറിച്ചു മരിച്ചുകിടപ്പതു 
കണ്ണൻ തിരുവടികണ്ടാനപ്പോൾ. 
കാടുകൾതോറും കേസരിതന്നുടെ 
ചോടുകൾനോക്കിഗമിച്ചാൻപിന്നെ 
അവിടെച്ചത്തുമറിഞ്ഞുകിടക്കും 
സിംഹത്താനെകണ്ടാനുടനെ; 
വാനരവരനുടെചുവടുകൾ നോക്കി
കാനനഭാഗേചെല്ലുന്നേരം 
പാതാളത്തൊടുസദൃശമതായി 
ഭീതിക്കങ്ങൊരുഭാജനമായി 
കൂരിരുളിന്നൊരു കുലഗൃഹമായി 
ക്രൂരമൃഗങ്ങൾക്കാലയമായി 
കുലഗിരിരന്ധ്രപ്രതിനിധിയായി 
ചടുചടെപടുതരഭീഷണമായി 
കണ്ടാനൊരു ഗുഹകാട്ടിൻനടുവിൽ 
യാദവവീരന്മാരൊടുമെല്ലാം 
സാദരമരുളിച്ചെയ്തുമുകുന്ദൻ: 
“നിങ്ങളുമെല്ലാമിവിടെവസിപ്പിൻ 
അങ്ങുകടപ്പാൻഞാനേവേണ്ടു
ഘോരമതായ ഗുഹാന്തരമെല്ലാം 
ആരാഞ്ഞിങ്ങുവരുന്നേനുടനേ 
ദിവസം പലതുകഴിഞ്ഞെന്നാലും 
അതുകൊണ്ടൊന്നു കുഴങ്ങീടേണ്ട” 
എന്നരുൾചെയ്താഗുഹയുടെയുള്ളിൽ 
ചെന്നുകടന്നുനടന്നുതുടങ്ങി 
മുന്നിൽ പരിചൊടുകാണായ്‌വന്നു 
മിന്നിവിളങ്ങും മണിഗോപുരവും 
ഉന്നതമാകിനമതിലുകൾപലവക 
തന്നിൽചേർന്നമഹാമണികിരണം 
കൊണ്ടാക്കൂരിരുളോടിയൊളിക്കും 
ഘണ്ടാപഥമതിനുള്ളൊരു ദൈർഗ്ഘ്യം 
കണ്ടാലധികമനോഹരമല്ലോ.
ഇത്ഥം വിലസിനമണിഗോപുരമതി-
ലുത്തമപുരുഷൻ ചെന്നുകടന്നു
തത്രവലത്തേഭിത്തിതലത്തിൽ 
ചിത്രമെഴുത്തുകൾ കണ്ടാൻ ദേവൻ 
ചിത്രം തത്രവിചിത്രാകാരം 
ചിത്തവിനോദംരാമചരിത്രം. 
പൂർവചരിത്രംകണ്ടുമുകുന്ദനു-
പൂർവസ്മരണയുമുണ്ടായ്‌വന്നു; 
ചിത്രംകണ്ടുരസിച്ചതിമന്ദം 
സുന്ദരവദനനെഴുന്നള്ളുമ്പോൾ 
കുണ്ഠതതിർന്നുപിണങ്ങീടും ദശ-
കണ്ഠൻ തന്നുടെനിധനംകണ്ടാൻ 
കണ്ഠംപലകുറിനിശിതശരൌഘം 
കൊണ്ടുമുറിച്ചങ്ങിടണതുകണ്ടാൻ 
ഇന്ദ്രതുല്യനഥലക്ഷ്മണനപ്പോ-
ളിന്ദ്രജിത്തിനെവധിക്കിണകണ്ടാൻ 
ജൃംഭമാനഗുണനാകിയരാമൻ 
കുംഭകർണ്ണനെവധിപ്പതുകണ്ടാൻ 
കുംഭനികുംഭാദികളെയുമെല്ലാം 
അമ്പുകൾകൊണ്ടു വധിക്കിണകണ്ടാൻ 
രാക്ഷസരും പലകപികളുമായി 
രൂക്ഷതപെരുകിനയുദ്ധംകണ്ടാൻ 
സുഗ്രീവൻ ദശകണ്ഠൻതന്നുടെ 
മകുടം തച്ചുപറിക്കണകണ്ടാൻ 
നീലൻചെന്നാശുകസാരണരെ 
ചാലേകെട്ടിമുറുക്കണകണ്ടാൻ 
ഝടിതികുരങ്ങുകൾലങ്കാപുരിയിൽ 
പടവീടുകളും കെട്ടണകണ്ടാൻ 
നിറയുംഗിരികളെടുത്തുസമുദ്രേ 
ചിറയുംകെട്ടിമുറുക്കണകണ്ടാൻ 
വരുണൻവന്നിഹചരണാം ഭോജേ
ശരണംചൊല്ലിനമിക്കണകണ്ടാൻ 
ആഗ്നേയാസ്ത്രമെടുത്തുതൊടുത്തഥ 
സാഗരശോഷണഘോഷംകണ്ടാൻ 
ദർഭകൾകൊണ്ടുപരത്തിവിരിച്ചതി-
ലത്ഭുതമാകിനശയനംകണ്ടാൻ
രാവണസോദരനായവിഭീഷണ-
നാവൊളമങ്ങുനമിക്കണകണ്ടാൻ 
ഹനുമാൻ വന്നാചൂഡാമണിയും 
മനുകുലവരനുകൊടുക്കണകണ്ടാൻ 
ധൃഷ്ടതയോടേലങ്കാനഗരം 
ചുട്ടുപൊടിക്കണഘോഷംകണ്ടാൻ 
അക്ഷകുമാരകനിധനംകണ്ടാൻ 
വൃക്ഷലതാദികൾനാശംകണ്ടാൻ
ചൂഡാമണിമേടിപ്പതുകണ്ടാൻ
മോതിരമങ്ങുകൊടുപ്പതുകണ്ടാൻ 
സിംഹികയെക്കൊലചെയ്യണകണ്ടാൻ 
മൈനാകത്തെയമർപ്പതുകണ്ടാൻ 
പർവതമുകളീന്നാശുകപീന്ദ്രൻ 
ഉർവികുലുക്കിയുയർന്നതുകണ്ടാൻ 
ഗുഹയിൽചെന്നുകടപ്പതുകണ്ടാൻ 
സീതാദേവിയെയാരാഞ്ഞക്കപി 
ഖേദത്തോടുനടപ്പതുകണ്ടാൻ
ദിക്കുകൾ നാലിലുമക്കപിവീരരെ-
യർക്കകുലേശനയപ്പതുകണ്ടാൻ 
ചാതുർമാസ്യമ്മിരുന്നതുകണ്ടാൻ 
സുഗ്രീവനെവാഴിപ്പതുകണ്ടാൻ 
ബാലിയെയുംകൊലചെയ്യണകണ്ടാൻ 
സാലച്ഛേദവുമുടനേകണ്ടാൻ 
ദുന്ദുഭിഗാത്രമിളക്കണകണ്ടാൻ 
സുഗ്രീവനുമായ് ‌സഖ്യംകണ്ടാൻ 
ഹനുമാനൊന്നുതൊഴുന്നതുകണ്ടാൻ 
അനുജനുമായിനടപ്പതുകണ്ടാൻ 
പമ്പയുമുടനെകടന്നതുകണ്ടാൻ 
അമ്പൊടു ശബരീമോക്ഷംകണ്ടാൻ 
അരുണകബന്ധവിനാശംകണ്ടാൻ 
അരുണജസഹജവിനാശംകണ്ടാൻ 
മാരീചാദികൾ നിധനംകണ്ടാൻ 
രൂക്ഷത പെരുകിനരാക്ഷസരാജൻ 
പക്ഷിയെവെട്ടിമുറിക്കണകണ്ടാൻ 
ഭിക്ഷുശരീരംപൂണ്ടവനുടനെ 
ഭിക്ഷയെടുപ്പാൻചെല്ലണകണ്ടാൻ 
സീതാലക്ഷ്മണസഹിതൻരാമൻ 
വീതായാസമിരുന്നതുകണ്ടാൻ 
വിരവൊടുഖരനെക്കൊല്ലണകണ്ടാൻ 
അവനുടെപടയുമൊടുക്കണകണ്ടാൻ 
രാവണസോദരിതന്നുടെമൂക്കും 
മുലയുംചെത്തിയയപ്പതുകണ്ടാൻ 
ലളിതാകൃതിയാമവളെക്കൊണ്ടൊരു-
കളിയാടുന്നതുമവിടെക്കണ്ടാൻ 
ഗോദാവരിയുടെതീരേരാമൻ 
മോദതയോടുവസിപ്പതുകണ്ടാൻ 
പക്ഷിശ്വരനൊടുസഖ്യം കണ്ടാൻ 
രാക്ഷസനിഗ്രഹസമയം കണ്ടാൻ 
കുംഭജമുനിയെവണങ്ങണകണ്ടാൻ 
അമ്പിൽവിരാധവധത്തെക്കണ്ടാൻ 
ശരഭംഗാശ്രമവാസംകണ്ടാൻ
ഓരോമുനിപദനമനംകണ്ടാൻ
അത്രിമഹാമുനിനമനംകണ്ടാൻ
ചിത്രകൂടാചലവാസം കണ്ടാൻ
ദശരഥമരണം കേട്ടുകുളിച്ചവ-
നുദകക്രിയയും ചെയ്യണകണ്ടാൻ 
ഭരതൻപോന്നുതൊഴുന്നതുകണ്ടാൻ 
തരസാഗംഗകടന്നതുകണ്ടാൻ
വിരവൊടുചെന്നുഗുഹാശ്രമസവിധേ
ജടകൾധരിച്ചവിശേഷംകണ്ടാൻ 
സരയുകടന്നുനടന്നതുകണ്ടാൻ 
പുരിയിലിരുന്നരുളുന്നതുകണ്ടാൻ 
അഭിഷേകത്തെമുടക്കണകണ്ടാൻ 
മന്ഥരയോടിനടക്കണകണ്ടാൻ 
നാൽവരുമവിടെബ്‌ഭാര്യകളോടും 
ചാലെസുഖിച്ചുവസിക്കണകണ്ടാൻ 
മാർഗ്ഗേഭാർഗ്ഗവജയവുംകണ്ടാൻ 
സീതാപാണിഗ്രഹണംകണ്ടാൻ
ഹരനുടെവില്ലുമുറിക്കണകണ്ടാൻ 
ത്വരിതമഹല്യാമോക്ഷംകണ്ടാൻ 
മുനിവരയാഗത്രാണംകണ്ടാൻ 
മാരീചാദികൾ നിധനംകണ്ടാൻ 
താടകയെക്കൊലചെയ്യണകണ്ടാൻ 
കാടകമേറിനടപ്പതുകണ്ടാൻ 
വിശ്വാമിത്രമഹാമുനിയോടും 
വിശ്വാസത്തൊടുചെന്നതുകണ്ടാൻ 
വിശ്വനൃപാധിപദശരഥനോടും
വിശ്വാമിത്രനിരുന്നതുകണ്ടാൻ 
നാൽവരുമവിടെയയോദ്ധ്യാപുരിയിൽ 
ബാലതയോടുവളർന്നതുകണ്ടാൻ 
ശത്രുഘ്നനുടെജനനംകണ്ടാൻ 
ലക്ഷ്മണനുടെയും ജനനംകണ്ടാൻ 
ഭരതൻതന്നുടെ ജനനംകണ്ടാൻ 
രഘുപതിതന്നുടെജനനംകണ്ടാൻ 
രാമായണമതനുക്രമമായി 
ദാമോദരനഥകണ്ടുനടന്നു 
ചാലയങ്ങെഴുനള്ളിനനേരം 
ബാലകരങ്ങളിൽ മണിയുംകണ്ടു 
മണിമേടിപ്പാനുടനേമാധവ-
നണയുന്നേരം പേടിയൊടവനും 
അച്ഛനെയങ്ങുവിളിച്ചുകരഞ്ഞു 
അച്യുതനതുമേടിച്ചതുമില്ല, 
ബ്രഹ്മപ്രളയമടുക്കുന്നേരം 
ബ്രഹ്മാണ്ഡത്തെമുടിപ്പാനായി 
സാഹസമോടുനടക്കും പുരഹര-
വാഹനമാകിയവൃഷഭേന്ദ്രൻറ 
കണ്ഠദ്ധ്വനിയെക്കണ്ഠിതമാക്കും 
കണ്ഠദ്ധ്വനിയതുകേൾക്കായ്‌വന്നു 
ഇഹകളിലൊക്കെ നിറഞ്ഞുകവിഞ്ഞൊരു 
ഘുമുഘുമുഘോഷം പെരുതായ്‌വന്നു.

ഘനതരഭുജദണ്ഡം ഗാത്രമത്യന്തചണ്ഡം 
പ്രചലിതജഗദണ്ഡം ഖണ്ഡിതാരാതിഷണ്ഡം 
ഹൃദി നിശിചരമുണ്ഡം ബിംബിതാലോലഗണ്ഡം 
വികടകഠിനതുണ്ഡം ജാംബവാനാജിഹിണ്ഡേ. 

ഉറച്ച കോപമൊടകത്തുനിന്നഥ 
പുറത്തുവന്നുടനെതിർത്തുജാംബവാൻ 
അടച്ചകണ്ണിണതുറന്നതില്ലവ-
നുരച്ച വാക്കുകൾപറഞ്ഞുകൊണ്ടുട 
നടുത്തുകണ്ണനെത്തടുത്തുതേമൽ-
പുരത്തിലെന്നൊടുവരുന്നതാരിഹ?
കരുത്തനെന്നതുവരുത്തുവാനൊരു 
ജളത്വമിങ്ങനെനടിക്കയോമമ 
കരങ്ങടേപുരുതരിപ്പുതീതിർപ്പ-
നൊരുത്തരില്ലിഹജഗത്ത്രയേജള!
 പൊടുക്കനെപ്പുനരടുത്തുവന്നിഹ
അടിച്ചുനിന്മദമടക്കുവാൻതവ 
നടിപ്പുഞാനിഹമുടക്കുവൻഭുവി 
പടയ്ക്കു നല്ലൊരു പടുത്വമുള്ളൊരു 
കുരങ്ങുഞാനതുധരിക്കനീ 
കുരങ്ങനെന്നതുനിനയ്ക്കു കൊണ്ടൊട്ടും 
കുറച്ചുകാണരുതൊരിക്കലും നടേ 
പെരുത്തരാവണപുരത്തിലുള്ളൊരു 
പരാക്രമങ്ങളെ നിനയ്ക്കനീ 
തടിച്ചരാക്ഷസരടുത്തുനിന്നിഹ 
തൊടുത്തൊരമ്പുകൾതടുത്തതും ചില 
തടിച്ച വീരരെയടിച്ചതും തല-
കടിച്ചതുംമലപൊടിച്ചതും ചില 
പിടിച്ചതും ചിലപുരങ്ങളെപ്പൊടി-
പൊടിച്ചതും പലതരത്തിലങ്ങടി-
കൊടുത്തതുംകപിബലേനകൊന്നിഹ
കളിച്ചതും പുനരരക്കരൊക്കെയു-
മൊളിച്ചതും പടവിളിച്ചതുംമുറ-
വിളിച്ചതും നിലവിളിച്ചതും 
അതൊക്കെയങ്ങനെനിനയ്ക്കനീതവ 
മനക്കരുത്തുനിലയ്ക്കുയില്ലതു 
ധരിക്കനീയിഹതിരിക്കിനി;
അടക്കമെന്നിയേകടന്നുവന്നൊരു 
മിടുക്കുകാട്ടിയാലടങ്ങുമോ? 
മിടുക്കനെന്നൊരുനടിപ്പുതാൻ മണി-
യടക്കുവാനിഹതുടർന്നിതോ 
ശിശുക്കളൻപൊടുകളിക്കമമ്മണി 
പിടിപ്പതിന്നുടനടുക്കയാൽ 
അടുത്തുനിന്നുടലൊടുക്കുമെന്നതു 
ധരിക്കനീലഘുനടക്കെടോ!

മനുജനെന്നാകിലും ദനുജനെന്നാകിലും 
മദമൊടുടനിവിടെ വരുമമരനെന്നാകിലും 
യക്ഷിയെന്നാകിലും പക്ഷിയെന്നാകിലും 
യമവരുണനിരൃതിപുരവൈരിയെന്നാകിലും 
കാലനെന്നാകിലും ബാലനെന്നാകിലും 
കാലനെന്നാകിലും ബാലനെന്നാകിലും 
കടുതകളൊടിടപെടു മരക്കനെന്നാകിലും 
വീരരെന്നാകിലും ശൂരരെന്നാകിലും 
വിരവിലിഹ വരുമളവു ഝടിതിപൊടിയാക്കുവൻ
ഋക്ഷനെന്നാകിലും യക്ഷനെന്നാകിലും 
പടയിടയിലടൽകരുതുമേവനെന്നാകിലും 
ഇന്ദ്രനെന്നാകിലും ചന്ദ്രനെന്നാകിലും 
ചതിയുടയഭൂതവേതാളമെന്നാകിലും 
വൃദ്ധനെന്നാകിലും ക്രുദ്ധനെന്നാകിലും 
കുടിലഗതികലരുമുരഗേശനെന്നാകിലും 
പേടികൂടാതെ നീ ചാടിവന്നീടിനാ-
നിഹസപദി ജാംബവാനെന്നു കേളായ്കയോ
സൂര്യവംശേപണ്ടു ജാതനായുള്ളൊരു 
ശ്രീരാമഭദ്രനെന്നങ്ങുകേൾപ്പില്ലയോ”

ഇത്തരമുള്ളൊരു വാക്കുപറഞ്ഞവ-
നുത്തമപുരുഷൻ തന്നുടെനേരേ 
സത്വരമലറിയണഞ്ഞതിഘോരാൽ
മുഷ്ടിമടക്കിത്തിരുമാറിൽ ചില-
കുത്തുകൾകുത്തിയമർത്തുപിടിച്ചു. 
മങ്കകൾ തന്നുടെ കൊങ്കയിലിഴകും 
കുംകുമമതുകൊണ്ടങ്കിതമാകിന 
പങ്കജനയനൻതന്നുടെമാർവിൽ 
തൻകൈകൊണ്ടവനാരെന്നുള്ളൊരു 
ശങ്കവെടിഞ്ഞുടനടിതട്ടീടിന 
ഹുംകൃതിയോർത്താലത്ഭുതമത്രേ! 
ഗോപീനായകനതുകൊണ്ടേതും 
കോപം മനസിജനിച്ചതുമില്ല; 
നമ്മുടെ ഭക്തൻ നമ്മെച്ചൊല്ലി 
പലകുറിപലരോടേറ്റു പിണങ്ങി 
കുലപെട്ടീടിനഗാത്രത്തോടെ 
കലഹത്തിന്നണയുന്നൊരുനേരം 
കലഹിക്കുന്നതുചിതമല്ലെന്നി-
ട്ടവനുടെയിടിയും കടിയും പിടിയും 
തൃക്കൈകൊണ്ടുതടുത്തുതടുത്താ-
വൻകരുമനകളടക്കാനുള്ളൊരു 
വക്കാണത്തിനുഭാവിച്ചില്ലാ. 
ഉല്ക്കടനാകിയമർക്കടനപ്പോൾ 
ധിക്കാരത്തെയകത്തുനിറച്ചു 
ഇക്കുഴിയന്മമതല്ലും കുത്തും 
വെക്കമടുത്തു തടുപ്പാറായോ? 
നോക്കെടപാഴാ! നിന്നുടെയുടലുക 
ടിച്ചുപൊളിച്ചുവരുന്നൊരു ചോരക-
ടിച്ചുകളിച്ചീടുന്നേനെന്നവ-
നിടയിടഘോഷിച്ചുംകൊണ്ടുടനേ 
അടലിലണഞ്ഞുപിണങ്ങുന്നേരം 
പുരുഷോത്തമനുംമനസികുരുത്തൊരു 
കോപത്തോടെയടിച്ചുതുടങ്ങി; 
യദുനായകനും കപിനായകനും 
ഘനതരമാകിനയുദ്ധം ചെയ്തതു 
ഫണിനായകനും വർണ്ണിപ്പാനതി
പണിയെന്നത്രേതോന്നീടുന്നു. 

തടിച്ചമരശതമൊടിച്ചുകരമതിൽ 
പിടിച്ചുമുടനുടനടിച്ചുമുടലുകൾ 
കടിച്ചും ഇടയിടെപിടിച്ചും കടുഞ്ചോര 
തുടച്ചുംഗിരികളുമുടച്ചുപലവിധ-
മുരച്ചുതരംനോക്കിച്ചിരിച്ചുമിരുവരു-
മുറച്ചുപിണങ്ങുമ്പോൾ വിറച്ചുധരണിയി-
ലുറച്ച ഗിരികളും നിറച്ച ഭയമുള്ളി-
ലുറച്ചുദിഗ്ഗജങ്ങൾവിറച്ചുതാപമോടേകറച്ചുമതുനേരം 

നരവരവാനരവീരന്മാരവ-
രുരുതരയുദ്ധംചെയ്തുതുടങ്ങി; 
കടുതരകഠിനമരങ്ങളു തങ്ങളി-
ലുടനുടനവിടെയടിഞ്ഞുതടഞ്ഞും 
ദൃഢതരമുടലിലടിച്ചുഞെരിച്ചും 
ചടചടരവമൊടുതമ്മിലടിച്ചും 
തക്കം നോക്കിച്ചാടിയടിച്ചും 
വെക്കംചെന്നൊരു കുത്തുകൊടുത്തും 
മുട്ടുതകർത്തുംമുഷ്ടിയടിച്ചും 
കാട്ടിലടുത്തു മരങ്ങൾ പറിച്ചും 
കോട്ടിലടുത്തുപിടിച്ചുപറിച്ചും 
പർവതശിഖരമെടുത്തുപിടിച്ചും 
ഗർവൊടുധരണിചവിട്ടിയിടിച്ചും 
വട്ടത്തിൽ പലമട്ടുമണഞ്ഞും 
കെട്ടിത്തങ്ങളിലൊട്ടുപിണഞ്ഞും 
കാലൊടുകാലും കയ്യൊടുകയ്യും 
മുട്ടൊടുമുട്ടുംതട്ടൊടുതട്ടും 
തല്ലൊടുതല്ലും പല്ലൊടുപല്ലും 
മാറൊടുമാറും തലയൊടുതലയും 
മലയൊടുമലയും മരമൊടുമരവും 
തങ്ങളിലവിടെയിടഞ്ഞുതുടർന്നൊരു 
ചടചടരടിതം ഝടിതി നിറഞ്ഞൊരു 
ഭൂവനകടാഹമുടഞ്ഞീടുന്നു.
ജലധികളങ്ങുകലങ്ങിമറിഞ്ഞും 
ജലമതുപൊങ്ങിമരങ്ങൾ മറിഞ്ഞും 
ജലജകുലങ്ങളൊടിഞ്ഞു നിറഞ്ഞും 
ജലമതിൽമുങ്ങിഭംഗികുറഞ്ഞും 
മലകൾ കുലുങ്ങിയലഞ്ഞു പതിഞ്ഞും 
മലയാചലവും പേടിപിടിച്ചും 
മലജലവൃക്ഷമശേഷമൊടിച്ചും 
മലനദിയങ്ങുകലങ്ങിമറിഞ്ഞും 
ഭൂമിനടുങ്ങീ ഭൂതിമുടങ്ങീ 
ഭൂതമടങ്ങീ ഭീതിതുടങ്ങീ 
രവമതുപൊങ്ങീ രവിരുചിമങ്ങീ 
രഭസമടങ്ങീരാഗമിണങ്ങീ
ഗോപീനായകനാകിയദേവൻ 
കോപംകൊണ്ടു മഹാകപിതന്നുടെ 
കവിളിലടിച്ചു പിടിച്ചുപറിച്ചും 
മാർവിലണഞ്ഞു നഖങ്ങൾ തറച്ചും 
മാറരുതെന്നൊരു സമരമുറച്ചും 
വാലുപിടിച്ചുവലിച്ചുമുലച്ചും 
കാലുപിടിച്ചുമലച്ചുപതിച്ചും 
ചാട്ടുതുടർന്നും ചാടിയകന്നും 
നിഖിലചരാചരനാഥൻതന്നൊടു 
നിജഭാവത്തെനടിച്ചുഭവിച്ചൊരു 
നിഖിലഭയങ്കരമാകിയയുദ്ധം 
ദിവസംതോറുംവർദ്ധിക്കുന്നു
ഋക്ഷേശ്വരനും തൽക്ഷണമങ്ങഥ
ലക്ഷ്മീപതിയുടെവക്ഷോഭാഗേ 
വൃക്ഷം കൊണ്ടഥ രൂക്ഷമടിച്ചും 
ദക്ഷതതേടിനദക്ഷിണപാണിയി-
ലക്ഷതമാകിനവൃക്ഷമെടുത്തു 
ഇക്ഷുകണക്കേ തൽക്ഷണമോടവ-
നൃക്ഷാധിപനാമക്ഷയസാരൻ 
ശിക്ഷയിലങ്ങുപൊടിച്ചുതകർത്തും 
സാക്ഷാൽ ഭൂവനംരക്ഷിച്ചീടിന 
പക്ഷിവരാസനനിക്ഷിതിതന്നിൽ 
ദുഃക്ഷിതിപാലകശിക്ഷയ്ക്കായി 
തൽക്ഷണമങ്ങുസമക്ഷേവന്നതു-
മൃക്ഷകുലാധിപനോർത്തീലേതും.
തിരുമാറിടമതിലിരു മാറുള്ളൊരു 
വനമാലകളഥ മണിമാലകളും 
കഷ്ടമവൻ ചില മുഷ്ടികൾകൊണ്ടതി-
ധൃഷ്ടതയോടുടനെത്തിപ്പലവക 
കുത്തുന്നേരമലഞ്ഞുപിരിഞ്ഞു 
പൊട്ടിച്ചിതറിവിതറീടുന്നു; 
ഉദ്ധതരാമവരിദ്ധാടോപം 
ബദ്ധരസം ബഹുയുദ്ധം ചെയ്തു.
വൃദ്ധകപീന്ദ്രൻ ക്രുദ്ധതയോടെ 
ബുദ്ധികുലുങ്ങി സിദ്ധമടങ്ങി 
ബദ്ധവിമഥനക്ഷുബ്ധമതാകിന 
ദുഗ്ദ്ധാംബുധിതന്നുദ്ധതനാദമ-
നുദ്ധതമാകിനഹിക്കാനാദമിടിച്ചുമുഴുക്കി 
ധിക്കൃതനിഖിലചരാചരനാകിന 
മർക്കടമകുടശിരോമണിതന്നുടെ 
ഉൽക്കടകഠിനനഖാഗ്രമുദാരം 
സുന്ദരനാകിയനന്ദസുതന്റെ 
സുന്ദരിമാരുടെ കോമളമാം നഖ- 
രേഖകൾതട്ടുന്നേരംകീറിന 
സരസശരീരം തന്നിലുറച്ചു 
തറയ്ക്കുന്നളവു മുറിഞ്ഞുമുറിഞ്ഞു തെറിച്ചീടുന്നു 
“നോക്കെടഭോഷാ! ദിക്കറിയാതെ 
കൊക്കുമുണങ്ങി നരച്ചു.കുരച്ചൊരു 
മർക്കടനെന്നുനിനച്ചിഹനമ്മോ-
ടിക്കളിയൊക്കെയിളക്കാറായോ? 
ഗിരികടകങ്ങളടിച്ചുപൊളിപ്പാൻ 
വിരുതുനടിച്ചുതടിച്ചകരംകൊ-
ണ്ടടികൊണ്ടുടനേ ചെകിടുടയുമ്പോ-
ളിടയുണ്ടാകുമതെന്നേവേണ്ടൂ 
ഇക്കണ്ടതുകൊണ്ടറിയാറായി-
ല്ലിക്കപിതന്റെ പരാക്രമമെല്ലാം 
അർക്കനുദിക്കുംനേരംവെയിലിനു 
രൂക്ഷതയില്ലസഹിക്കാം താനും 
ഉച്ചയ്ക്കുള്ള പകർച്ച നിനച്ചാൽ 
പിച്ചയിലല്ലെന്നോർത്തീടേണം”. 
നന്നുകുരങ്ങേ നമ്മൊടുനേർത്തിഹ 
നിന്നുപിണങ്ങാമെന്നൊരു മോഹം 
നിന്നുടെശക്തികളൊക്കെയെടുത്തി-
ട്ടിങ്ങിഹവന്നാലെന്തൊരുചേതം! 
ഭല്ലൂകങ്ങടെമല്ലുനിലപ്പാൻ 
മെല്ലെയെടുത്തൊരു തല്ലേ വേണ്ടൂ 
എല്ലുഞെരിഞ്ഞും പല്ലുപൊടിഞ്ഞും 
കൊല്ലാക്കൊലതാൻ ചെയ്യാവല്ലാ.
ഗർവ്വുകൾമതിമതി പൊണ്ണത്തടിയാ! 
ദുർവിധവചനം കൊണ്ടെന്തുഫലം? 
സർവമഹീതലവാസികൾചരിതം 
സർവ്വമെനിക്കു മനസ്സിലുദിക്കും 
ദുർവഹമായീദ്ദിക്കുകളെന്നും 
സർവശിവങ്കരമംബരമെന്നും 
ഭേദമെനിക്കൊരുനേരവുമില്ലാ 
മോദമിതൊന്നേസന്തതമുള്ളു”
തങ്ങളിലിങ്ങനെയോരോവചനം 
തിങ്ങിന മദമൊടുരുമ്മിലുരച്ചും 
ഭംഗിയിൽമാറിയൊരടവുപിടിച്ചും 
തുംഗമരാംമരശിഖരമൊടിച്ചും 
ജലധികലക്കിദ്ധരണികുലുക്കി 
ഭുവനമിളക്കി ഗുഹകളിളക്കി 
ത്രിഭുവനമാടിമുഖമതുവാടി 
ഭയമതുതേടി രസമതുമോടി 
മലകളുമാടി ജലമതുചാടി 
കലുഷതതേടി ബഹുരണമാടി 
ഭരമിഹകൂടി സുരജനമാടി 
യുവതികൾപാടി കപികുലമോടി 
മനമതുപേടീരസമതുതേടി 
ഹരിവരചേടീജനമപികോടി 
കലുഷതതേടി സരഭസമോടി 
മലകളുമാടി ഭരമതുകൂടി 
ഹരിവരമാടി ബഹുരണധാടി; 
ഇരവും പകലും പലതുകഴിഞ്ഞതു- 
മിരുവരുമേതും ബോധിച്ചില്ലാ.
മാറൊടുമാറിട പായുന്നേരം 
മാധവനുടെ തിരുമാറിൽ വിളങ്ങിന-
തുളസീമാലയിലുളവാംപരിമളം 
തെളുതെളയോടഥ കളകളലളിതം 
വിളയാടീടുമൊരളിനിറമളവേ 
ചിതറിച്ചിതറിപ്പൊടിയാകുന്നു 
കപടനരന്റേ കടകംമകുടവു-
മുടഞാണും ചില പടിയരഞാണും 
കപിയുടെയുടലിൽപൊടുപൊടെവികട-
മിടഞ്ഞുതടഞ്ഞു പൊടിഞ്ഞുകുടഞ്ഞും 
പൊടിപടലങ്ങളുമടവിയിലങ്ങുട-
നുടനേയിളകിപ്പൊടിയാകുന്നു. 
ദിവസംദിവസം ചെല്ലുന്തോറും 
രണമതിദാരുണമായിവരുന്നു 
ഒരുദിവസത്തിലെടുത്തവിധങ്ങൾ 
കുറിനാളിലുമതുകാണുന്നില്ലാ, 
ഇരുവരുമിങ്ങനെയുദ്ധംചെയ്തി-
ട്ടിരുപത്തെട്ടുകഴിഞ്ഞുദിനങ്ങൾ 
പുരുഷോത്തമനിനി മതിയാക്കേണം 
വിരവൊടു സംഗരമെന്നു മുറച്ചു
നിത്യവുമിങ്ങനെ നിന്നുപിണങ്ങാൻ 
മൂത്തകരങ്ങിനുദീനവുമില്ലാ 
തല്ലിനുപകരം തല്ലീടുന്നു 
കുത്തിനുപകരം കുത്തീടുന്നു 
മല്ലിനുപകരം മല്ലുംകാട്ടും 
കല്ലിനുപകരം കല്ലുമെടുക്കും 
എന്നാലിന്നുതടുപ്പാനാള-
ല്ലെന്നുവരുന്നുപ്രയോഗംകൊണ്ടു 
ഇന്നിവനുള്ളിൽ തള്ളിവരുന്നൊരു 
ദുർവഹമായൊരുഗർവുശമിപ്പാൻ 
ചിത്തംതന്നിൽ ചൂടുപിടിച്ചേ 
മൂത്തകുരങ്ങൻ കണ്ണുതുറക്കു
ഇത്ഥംമനസിനിനച്ചു കൊണ്ടുട-
നുത്തമപുരുഷൻഝടിതിയടുത്താൻ 
അഷ്ടകുലാചലമൊത്തു തടുപ്പാൻ 
നിഷ്ടുരമാംചിലമുഷ്ടിമടക്കി 
ശിഷ്ടശിഖാമണിയാം കപിരാജൻ 
ഞെട്ടണമെന്നിട്ടുദ്ധതമാംചില 
കുത്തുകൾകുത്തിയമർത്തുപിടിച്ചാൻ 
തട്ടുകൾമുട്ടുകൾ നീട്ടുചവിട്ടുകൾ 
തള്ളുകൾകിള്ളുകളെറ്റുകളേറുക- 
ളെന്നിവകൊണ്ടു തളർച്ചവരുത്തി-
ച്ചെന്നിഹവാലുംകാലും കരവു-
മൊന്നിച്ചുടനേകുത്തിയമർത്തൊരു 
പിണ്ഡംപോലെയുരുട്ടിദ്ധരണിയി-
ലിട്ടാനവനെക്കൈടഭമഥനൻ;
മന്ദസ്മിതവും തുകി നികാമം 
സുന്ദരവദനൻ നിന്നാനരികെ; 
അന്നേരംകപിരാജനുമുള്ളിൽ 
സന്താപം പെരുതായ് വർദ്ധിച്ചു 
ചിന്തതുടങ്ങീ“യെന്തീവണ്ണം 
ഹന്തനമുക്കുവരാനൊരുകാരണ-
മെന്തൊരുദുരിതംചെയ്തിതുനാമിവ-
നെന്തൊരു സുകൃതംചെയ്തവനെന്നും 
ധീരതയോടേ വന്നീവണ്ണം 
നമ്മെക്കുത്തിയമർത്തുചമച്ചവ-
നാരെന്നുള്ളതറിഞ്ഞില്ലെന്റെ 
വീരശിഖാമണിതന്നെ നൂനം.” 
ഇത്ഥംമനസിവിഷാദംപൂണ്ടു 
കുത്തുകൾകൊണ്ടു തളർന്നുകിടക്കും 
ഗാത്രമൊരേടമിളക്കാൻ മേലാ-
ഞ്ഞത്ര കിടക്കുന്നേരം തന്നെ 
നേത്രങ്ങളുടെ പോളകളളവേ 
കരയുഗളംകൊണ്ടറ്റമുയർത്തി 
പാർത്തീടുമ്പോൾ കാണായ്വന്നു 
വിശ്വങ്ങൾക്കൊരു കാരണഭൂതം 
വിശ്വഗുണങ്ങൾക്കുത്തമഭൂതം 
വിശ്വജനങ്ങൾക്കയനീഭൂതം 
വിശ്വാനന്ദം വിശ്വമനോജ്ഞം 
വൈഷ്ണവമാകിനരൂപമുദാരം 
കൃഷ്ണനിതെന്നൊരുനാമത്തോടെ 
വൃഷ്ണികുലത്തിൽ വളർന്നുണ്ടാകിയ 
തേജഃപുഞ്ജമിതെന്നേവേണ്ടു 

അഞ്ചൽ കാഞ്ചനകാഞ്ചിമഞ്ജനനിഭം ആലംബപീതാംബരം 
ചഞ്ചൽ കേകിശിഖണ്ഡമണ്ഡലമിളദ്ധമ്മില്ലവല്ലീഭരം 
കിഞ്ചിശ്ഛിഞ്ജിതകങ്കണാങ്കിതകരം സാനന്ദമന്ദസ്മിതം 
ജ്യോത്സ്നാനന്ദമുഖേന്ദുസുന്ദരമമും സംദൃഷ്ടവാൻ ജാംബവാൻ.

നീലപയോധരജാലംപോലെ 
വിലസിതമായിപ്പലനിറമായി
പീലിയണിഞ്ഞും മാലയണിഞ്ഞും 
തണ്ടാർമണമതു തെണ്ടിയണഞ്ഞൊരു 
വണ്ടുകൾ മണ്ടിമുരണ്ടു നടന്നും 
കണ്ടാലധികമനോഹരമാകിയ 
തണ്ടാർമാനിനികാന്തൻതന്നുടെ 
കൊണ്ടയുമവിടെക്കുണ്ടാനുടനേ
സുലളിതമാകിന കുവലയകലിതം 
ഭംഗികലർന്നു വിടർന്നു വിളങ്ങും 
തിരുമിഴിരണ്ടും സുഖമേകണ്ടാൻ 
തിലകുസുമത്തിനു കലഹംതേടും 
തിരുനാസികയുമുദാരം കണ്ടാൻ 
തുടുതുടെയങ്ങുവിളങ്ങീടുന്നൊരു 
ചൊടികളുരണ്ടും കണ്ടാനുടനെ 
ഗണ്ഡസ്ഥലമതിലൊളിമിന്നീടിന 
കുണ്ഡലയുഗളവുമളവേ കണ്ടാൻ 
മധുരസുധാകരബിംബത്തിന്നൊരു 
വിധുരതനൽകും മുഖവുംകണ്ടാൻ 
ശംഖിനുതോലിവളർത്തീടുന്നൊരു 
ശങ്കവളർക്കും ഗളവുംകണ്ടാൻ 
ലക്ഷ്മീകുചതടകുംകുമരേഖാ-
ലക്ഷിതമാകിന വക്ഷോഭാഗേ 
ശ്രീവത്സംബതകൗസ്തഭരത്നം 
വനമാലയുമവനെല്ലാംകണ്ടാൻ 
ഭുജഗശരീരവിരാജിതമാകിന 
ഭുജയുഗളത്തെയുമളവേകണ്ടാൻ 
കൃശതരമാകുമൊരുദരം കണ്ടാ-
നതിഘനമാകിനജഘനംകണ്ടാൻ 
പീതദുകൂലമുടഞ്ഞാണുകളും 
ജാതകുതൂഹലമഖിലംകണ്ടാൻ 
കുംഭികരത്തിനുഡംഭമടക്കും 
കെല്പേറുന്നമുഴങ്കാൽകണ്ടാൻ 
ശക്രാദികളാലർച്ചിതമാകിന 
തൃക്കാലടിമലരിണയും കണ്ടാൻ; 
അടിമലർതൊട്ടത്തിരുമുടിയോളം 
തിരുമുടിതൊട്ടങ്ങടിമലരോളം 
തിരുവുടൽകണ്ടകതാരിലുദിച്ചൊരു 
കരുണാലേശംകൊണ്ടു ഹരീശൻ 
കണ്ണിണതന്നിൽ നിറഞ്ഞുപൊഴിഞ്ഞതി- 
തിണ്ണംവഴിയും കണ്ണീർകൊണ്ടു 
കുളിച്ചുകുളുർത്തശരീരത്തോടും 
വിണ്ണോർപതികളിലുത്തമനാകിയ 
കണ്ണൻ തിരുവടിതന്നുടെചേവടി 
പുണ്യം കൊണ്ടുലഭിച്ചതുമൂലം 
പൂർണ്ണാനന്ദപയോനിധിസലിലേ 
മുങ്ങിപ്പൊങ്ങിത്തിരകൾകുളിച്ചൊരു 
പുളകപ്പാളികളിച്ചുവിളങ്ങും 
വെളുവെളെയുള്ളൊരുദേഹത്തോടും 
ധരണിയിൽ നിന്നെഴുനേറ്റൊരുവണ്ണം 
കരുണാകരനുടെയടിമലർതാഴെ 
വടിവൊടുവീണുവണങ്ങിവണങ്ങി 
സ്തുതിവചനങ്ങളുമങ്ങുതുടങ്ങി:


“നന്ദനന്ദന! സുന്ദരാനന! നന്ദനീയഗുണാംബുധേ!
കുന്ദസുന്ദരമന്ദഹാസമുകുന്ദമാധവ പാഹി മാം 
ചഞ്ചലായതചാരുലോചന! പഞ്ചബാണസമാകൃതേ!
ചഞ്ചലാമലനീലകുന്തള! മഞ്ജുളാനന! പാഹി മാം 
ഗോകുലേശ! നമോസ്തുതേജയ ഗോപബാലനമോസ്തുതേ! 
ഗോപികേശ! നമോസ്തുതേ ജയ ഗോധനായനമോസ്തുതേ! 
സാധുലോകശിഖാമണേ! പരമാർത്ഥമൊക്കെയുമിങ്ങനേ
ബോധിയാഞ്ഞടിയൻ പിഴച്ചപിഴയ്ക്കൊടുക്കവുമില്ലഹോ
മുഷ്ടികൊണ്ടു ഹനിച്ചതും ബഹുകഷ്ടമായ് വിടകൊണ്ടതും
നിഷ്ഠുരം പിടിപെട്ടതും ചിലതട്ടുമുട്ടുകൾചെയ്തതും 
വാലുകൊണ്ടടിയിട്ടതും മമ കാലുകൊണ്ടിഹതൊട്ടതും 
പീലിജാലമൊടിച്ചതും വനമാലവന്നുപിടിച്ചതും 
എന്നുവേണ്ട മമാപരാധമിതൊക്കെയിന്നതിദാരുണം
എന്നെനിക്കുശമിക്കുമീ ദുരിതങ്ങളൊക്കെ ദയാനിധേ! 
കണ്ട ഗോഷ്ഠികൾ കാട്ടുവാൻ മികവുള്ളകൂട്ടമിതെന്നതും 
കൊണ്ടൽവർണ്ണനറിഞ്ഞുകൊണ്ടു സഹിക്കിലേഗതിയുള്ളുമേ 
പണ്ടു നിൻകൃപകൊണ്ടുതന്നെ ജഗത്തിൽ നിന്നുപൊറുത്തതും 
കണ്ടധീരതയും നടിച്ചു രിപുക്കളോടു മറുത്തതും 
രാക്ഷസപ്പടയിൽ കടന്നതിരൂക്ഷമായി നടന്നതും
വൃക്ഷപടലിതകർത്തതും ചിലരാക്ഷസൗഘമമർത്തതും 
വൈരിയോടടിയിട്ടതും പിടിപെട്ടതും കടിപെട്ടതും 
വീരരെക്കൊലചെയ്തതും ചിലരെയ്തതും പലചെയ്തതും
നിൻപദാംബുജസേവനായി നടന്നു ഞാൻ മുതുവാനരൻ
സാമ്പ്രതം പരമാർത്ഥബോധമശേഷവും മമ ജൃംഭതേ
പണ്ടുനിന്നവതാരമൊക്കെയുമോർക്കിലെത്ര മനോഹരം 
കണ്ടുനിന്നടിയൻ സുഖിച്ചതുമുണ്ടുചേതസിയൊക്കവേ 
മത്സ്യമായിജനിച്ചതും മനുകൂർമ്മമായി ജനിച്ചതും 
മത്സരിച്ചരിഖണ്ഡനായവരാഹമായി ജനിച്ചതും 
ഭീമവിക്രമമോടുടൻ നരസിംഹമായി ജനിച്ചതും
വാമനാകൃതിപൂണ്ടുകൊണ്ടഥവിഷ്ഠപങ്ങളെ വീണ്ടതും
ഭാർഗ്ഗവാകൃതി പൂണ്ടശേഷനരേന്ദ്രവൃന്ദമമർത്തതും
ഭാർഗ്ഗവീപതിരാമനായ് ദശകണ്ഠനെക്കൊല ചെയ്തതും
വൃഷ്ണിവംശശിഖാമണേ! ബലഭദ്രനഗ്രജനായതും 
കൃഷ്ണനാകിയ നീയൊരുത്തനിതൊക്കെ ഞാനറിയുന്നിതേ 
പുത്രമിത്രകളത്രമെന്ന വലയ്ക്കകത്തു വലയ്ക്കയാൽ
ഇത്രതത്ത്വമറിഞ്ഞിടാതെ പിണഞ്ഞുമേ ബഹുസാഹസം 
ഇത്തൊടുത്തപണിക്കു ഹേതു സ്യമന്തകംമണികാരണം 
ഇപ്പോഴേയ്ക്കു നമുക്കു ബോധമകുത്തുറച്ചു വിരാജതേ
ദുര്യശസ്സുകൾ പോക്കുവാനെഴുനള്ളിയെന്നതറിഞ്ഞു ഞാൻ
കർമ്മദോഷമതെന്നിയേ ചിലരുണ്ടു കണ്ടതു ചൊല്ലുവാൻ 
കഷ്ടമെന്നടിയത്തിനും തവ തത്ത്വമൊക്കെ മറന്നുടൻ 
ദുഷ്ടകർമ്മമകപ്പെടാനിഹ കാരണം കരുണാനിധേ!”

ഭക്തിയോടിസ്ഥിതി ചൊല്ലി വണങ്ങും 
ഭക്തശിരോമണിയാംകപിരാജനെ 
ഉത്തമപുരുഷൻതൃക്കൈകൊണ്ടു 
തൊട്ടുതലോടിത്തടവിത്തന്നുടെ-
യുടലിൽ ചേർത്തുടനമിതാനന്ദം 
തടവുന്നേരംകപിയുടെകണ്ണീ-
ന്നൊഴുകീടുന്നൊരു വിമലജലങ്ങളിൽ 
മുഴുകിമുകുന്ദൻ ചന്ദനപങ്കം 
കഴകിയൊഴിച്ചുടനവനീതലവും 
മെഴുകിപ്പൊടികളുമടിമലർതന്നി-
ലിഴുകിപ്പരിചൊടു കാണായ്‌വന്നു 
ഗോപീനായകനരുളിച്ചെയ്തു: 
“കോപം മനസിനമുക്കില്ലേതും 
ഗോപികളോടുകളിച്ചുനടക്കും 
ഗോപാലാകൃതിനിന്നെക്കാട്ടാൻ 
എന്തൊരുപായമിതെന്നീവണ്ണം
ചിന്തിച്ചങ്ങനെ മരുവുന്നേരം
സത്രാജിത്തൊരു മണിയുംകൊണ്ടു 
തത്രവരുന്നതുകാണായ്‌വന്നു
വേട്ടയ്ക്കായിട്ടവനുടെ സഹജൻ 
കാട്ടിൽച്ചെന്നു മരിച്ചുംപോയി; 
മണിയും സഹജനുമിങ്ങു വരാഞ്ഞി-
ട്ടത്തൽ മുഴുത്തൊരു സത്രാജിത്തും 
ഇഷ്ടജനങ്ങളുമൊക്കെക്കൂടി-
ക്കെട്ടിത്തീർത്തുനമുക്കപരാധം: 
‘കൃഷ്ണ‌ൻതന്നേ മണികട്ടെന്നും 
തൃഷ്ണയവറ്റിലവന്നുണ്ടെന്നും 
പണ്ടേതന്നെകട്ടുമുടിക്കും 
പണ്ടമിതെന്നും പലവിധമിങ്ങനെ 
നമ്മെക്കൊണ്ടു ചമച്ചപരാധം 
തീർപ്പതിനെന്നൊരു ഭാവത്തോടേ 
നമ്മുടെ ഭക്തരിലഗ്രേസരനാം 
നിന്നെക്കാണ്മാനിന്നിഹ വന്നേൻ.’ 
ഇത്തരമരുളിച്ചെയ്തതുനേരം 
ചിത്താനന്ദം പൂണ്ടു കപീന്ദ്രൻ 
അംബുജമുഖിയാം ജാംബവതിക്കി-
ന്നംബുജനാഭൻ പതിയാകേണം.
അംബരചരപുരസുന്ദരിമാരുടെ 
ഡംബരമൊന്നു നിലപ്പിക്കേണം 
എന്നു മനസ്സിലുറച്ചുടനേനിജ 
നന്ദിനിതന്നെ വിളിച്ചുവരുത്തി 
നന്ദതനൂജനു നൽകിപ്പരിചൊടു 
വന്ദിച്ചമ്പൊടു മണിയും നൽകി: 
“നിന്തിരുവടിയുടെ കൃപയെന്നുള്ളതു 
സന്തതമെങ്കലുറച്ചീടേണം; 
സുന്ദരിമാർ തവപലരുണ്ടിപ്പോ-
ളെന്നതുമടിയൻ ബോധിക്കുന്നു 
എന്നതിലൊന്നായ് വെച്ചീടേണം 
നമ്മുടെ മകളെയുമെന്നേവേണ്ടു.” 
എന്നുപറഞ്ഞു വലത്തുകൾവച്ചു 
നന്നായ്‌ത്തൊഴുതു പദാന്തേവീണു 
തൃക്കാലടിമേൽ പരിചൊടു വിലസും 
പൊടികളെടുത്തു ശിരസ്സിലണിഞ്ഞു 
നിന്നീടുന്നൊരു വാനരപതിയൊടു 
നന്ദതനൂജൻ യാത്രയുമരുളി 
തൃക്കൈകൊണ്ടഥ ജാംബവതീകര-
കമലംതാങ്ങിയെഴുന്നള്ളിമുദാ. 
ഗുഹയിൽനിന്നു പുറത്തുമിറങ്ങി 
സ്വജനത്തോടുംകൂടി മുകുന്ദൻ 
ഝടിതി മഹാവനമങ്ങുകടന്നു 
ഭഗവാൻ ദ്വാരകതന്നിൽ പുക്കു 
മിത്രജനത്തൊടുകൂടി മുകുന്ദൻ 
സത്രാജിത്തിൻ ഭവനംപുക്കു 
സത്രാജിത്തതുനേരംവിരവൊടു 
വൃത്രാരാതിസഹോദരനെക്ക-
ണ്ടുൾത്രാസത്തൊടുകൂടെച്ചെന്നു 
സത്രപമങ്ങു വണങ്ങുന്നേരം 
നന്ദതനൂജൻ സുന്ദരവദനൻ 
മന്ദസ്മിതരുചിവൃന്ദംകൊണ്ടു 
മന്ദിരമൊക്കെ വെളുപ്പിച്ചുടനെ 
സാന്ദ്രകുതൂഹലമരുളിച്ചെയ്തു: 
“സത്രാജിത്തിതു ബോധിച്ചാലും! 
ചിത്രമിതെല്ലാം വിധിയുടെ ചരിതം; 
സോദരമരണംകൊണ്ടുളവാകിയ 
ഖേദം മനസിചുരുക്കീടേണം 
സാദരമെന്മൊഴി കേട്ടീടേണം 
മോദം മനസിവളർന്നീടേണം 
നിന്നുടെ സഹജൻ ഗഹനം തന്നിൽ 
ചെന്നൊരു കോട്ടിലണഞ്ഞൊരുനേരം 
വന്നൊരു സിംഹമടിച്ചു ഹനിച്ചു പി-
ടിച്ചുപറിച്ചാൻ മണിയെയുമുടനേ;
അവനെക്കൊന്നു പിടിച്ചാനമ്മണി 
ജാംബവനെന്നൊരു വാനരരാജൻ 
കുഞ്ജരബലനാമവനും തന്നുടെ 
കുഞ്ഞിനുമങ്ങു കളിപ്പാൻ നൽകി. 
എന്തിതു വരുവാനെന്നു നമുക്കോ
രന്തസ്ത‌ാപംപൂണ്ടൊരു ദിവസം 
കാന്താരങ്ങളിലെങ്ങും ചെന്നുതി-
രഞ്ഞുവിരഞ്ഞുനടക്കുന്നേരം 
വാനരവരനുടെ ഗുഹയിൽ കണ്ടേൻ 
ഭാനുകരേണ ലഭിച്ചൊരുമണിയെ 
മാനിച്ചവനൊരു തരുണീമണിയും 
മണിയും കൂടെത്തന്നാനുടനെ; 
എന്നാലിതു നീ മേടിച്ചാലും 
നന്നായ്‌വരു”മെന്നരുളിച്ചെയ്തതു 
കേട്ടൊരുനേരം തലയും താഴ്ത്തി-
പ്പെട്ടെന്നവിടെ വസിച്ചുനിനച്ചു.
കഷ്ടമിതെന്നുടെ സാഹസമെല്ലാം 
ദുഷ്ടതകൊണ്ടിതു ശങ്കിച്ചേൻ ഞാൻ 
ഇഷ്ടജനത്തെക്കൊണ്ടൊരുനാളും 
നിഷ്ഠുരമായി നിനയ്ക്കരുതല്ലോ; 
വിഷ്ടപപതിയാം നന്ദസുതന്റെ 
തുഷ്ടിവരുത്താനെന്തൊരുപായം? 
ഇഷ്ടക്കേടുമിവന്നുണ്ടായാൽ 
നഷ്ടമിതല്ലോ നമ്മുടെവംശം; 
വിഷ്ടപവാസികളൊക്കെയിവന്റെ 
തുഷ്ടിവരുത്താനായിപ്പലതര-
മിഷ്ടികൾകൊണ്ടു വിശിഷ്ടതയോടെ 
തുഷ്ടിവരുത്തി വസിച്ചീടുന്നു. 
യഷ്ടി ജനങ്ങളിൽ മൂത്തവനാം ഞാൻ
ദുഷ്ടതതന്നെ നിനച്ചേയുള്ളു; 
സകലമഹാജനഭൂഷണനായി-
സ്സകലനിശാചരശോഷണനാകിയ 
യദുനായകനെക്കൊണ്ടിഹ ഞാനും 
മോഷണമെന്നൊരു ദൂഷണമെല്ലാം 
ശങ്കിച്ചേനതി കഷ്ടം കഷ്ടം!
ഇത്ഥം മനസിവിഷാദം പൂണ്ടതി-
പശ്ചാത്താപവിഷണ്ണതയോടെ 
സത്രാജിത്തു വണങ്ങി വണങ്ങിയു-
ണർത്തിച്ചാനിതു ഭഗവാനോടെ 
“അടിയൻ ചെയ്തപരാധമിതെല്ലാം 
വടിവൊടു പോറ്റി! സഹിച്ചീടേണം “
അടിമലരെന്നിയെ മറ്റുമൊരാശ്രയ-
മടിയന്നില്ലതുണർത്തിക്കുന്നേൻ;
അനുജവിനാശവിഷാദംകൊണ്ടുട- 
നനുചിതമായി നിനച്ചുംപോയി 
അനുഗുണമാകിന ചിലരുടെ വാക്കുക-
ളനുമതമെന്നു നടിച്ചുംപോയി”
ഇത്തരമുള്ളൊരു വചനംകേട്ടി-
ട്ടുത്തരമരുളിച്ചെയ്തു മുകുന്ദൻ: 
“അത്തൽ കളഞ്ഞുതെളിഞ്ഞാലും നീ 
ചിത്തവിഷാദമിതൊട്ടും വേണ്ടാ; 
തത്ത്വമറിഞ്ഞീടാഞ്ഞാലനുദിന-
മിത്തരമെല്ലാമുണ്ടായീടും; 
ചിത്തവികാരമെനിക്കില്ലേതും 
സത്യംതന്നെ പറഞ്ഞീടുന്നു. 
യത്നം വളരെച്ചെയ്തു ലഭിച്ചൊരു 
രത്നം പോയതിളച്ചീടാമോ?” 
എന്നരുൾചെയ്തു കൊടുത്തൊരു രത്നം 
വാങ്ങിവണങ്ങിസ്സത്രാജിത്തും 
ദാനവസൂദനനായിക്കൊണ്ടു 
ദാനം ചെയ്താൻ തന്നുടെ മകളെ.

കല്യാണഗുണമേറും നല്ല സത്യഭാമയെ-
ന്നല്ലോയിവൾക്കു നാമം ഉല്ലാസത്തോടേ കണ്ടു 
മല്ലാരി മനതാരിൽ നല്ലൊരു മോദംപൂണ്ടു 
മെല്ലെ നിരൂപിക്കുന്നുനല്ലാരിൽ മണിയോടു 
തുല്യമായ് പാരിലെങ്ങും ഇല്ലൊരു തരുണികൾ 
കില്ലേതുമില്ലതിനു അല്ലിത്താർബാണനുടെ 
വില്ലിനുമിനിമേലിൽ മുല്ലവിശിഖങ്ങൾക്കു-
മില്ലൊരുനേരംപോലും നല്ലൊരുവിശ്രമമെ-
ന്നല്ലോ മമ തോന്നുന്നു, വില്ലുംകുലച്ചുകൊണ്ടു 
മല്ലീശരം തൊടുത്തു കൊല്ലാനണഞ്ഞീടുന്നു 
മെല്ലേ മലർവിശിഖൻ, നല്ലൊരുവദനവും 
ചില്ലീലതകൾ രണ്ടും, ഫുല്ലാരവിന്ദത്തേയും 
വെല്ലും നയനങ്ങളും ചൊല്ലേറുമധരവും 
പല്ലും മന്ദസ്മ‌ിതവും മെല്ലെയഴിഞ്ഞുലഞ്ഞ 
നല്ല തലമുടിയും പങ്കജമുകുളത്തോ-
ടങ്കം പൊരുതീടുന്നകൊങ്കയുഗളമതും 
കങ്കേളിദളങ്ങളോടൊത്ത കൈവിരലുകൾ 
കാഞ്ചീഗുണങ്ങളെക്കൊണ്ടഞ്ചിതമായീടുന്ന 
കാഞ്ചീസദനം മമ നെഞ്ചിൽ വിളയാടുന്നു. 
നാട്ടിൽ മികവേറീടും മട്ടലർമിഴിയാളെ
കിട്ടും മമ സുകൃതമൊട്ടല്ല നിനയ്ക്കുമ്പോൾ 
ഏവം നിരൂപിക്കുന്ന ദേവേശനായിക്കൊണ്ടു 
സത്രാജിത്തതുനേരം സത്യഭാമയെ നൽകി. 
പിന്നെ സ്യമന്തകവും കന്യാദാനമായ് നൽകി.
“ബാലജനങ്ങളുടെ ശീലക്കേടുകളെല്ലാം 
ചാലേ സഹിച്ചീടേണം നീലനയനാ പോറ്റീ!”

ഇത്തരമുരചെയ്തതങ്ങുവണങ്ങും 
സത്രാജിത്തിൻ പാണിപിടിച്ചു 
ഗാത്രത്തേലുമണച്ചു മുകുന്ദൻ; 
ചിത്താനന്ദം തടവിക്കനിവൊടു 
ചിത്രതരം മണിയവനായ്തന്നെ 
സത്വരമങ്ങു കൊടുത്തുമുകുന്ദൻ; 
യാത്രയുമുരചെയ്തവനൊടുമുടനേ 
മിത്രജനങ്ങളുമായെഴുനള്ളി; 
കളമൊഴിമാരുടെ കരതലയുഗളം 
കനിവൊടു കോർത്തുപിടിച്ചെഴുനള്ളീ. 
കളികളുമരുളിച്ചെയ്തതിമധുരം 
കളിയൊളിവിലസും ലളിതകടാക്ഷം 
യദുവരനളവേതൂകീട്ടവരുടെ 
കരളിൽ തെളിവു വരുത്താനായി 
തെളുതെളെ വിലസും മന്ദസ്മിതമാം 
കുളുർചന്ദ്രികയെക്കൊണ്ടടവിതലം 
വെളുവെളെയാക്കിനടന്നാൻ കൃഷ്ണൻ 
ലളിതവധൂജനലീലാതൃഷ്ണൻ. 
അപ്പോഴങ്ങദ്ദ്വാരകതന്നിൽ 
കെല്പോടുടനേ പൗരന്മാരും 
ചിൽപുരുഷോത്തമനെഴുനള്ളത്തു-
ണ്ടിപ്പോഴെന്നതു കേട്ടൊരുനേരം 
തൽപുരമൊക്കെയടിച്ചു കുടഞ്ഞുട-
നത്ഭുതമായൊരലങ്കാരത്തിനു 
കോപ്പുകൾ കൂട്ടിപ്പാർത്തുതുടങ്ങീ 
കല്പന ചിലരുപറഞ്ഞുതുടങ്ങി: 
“നമ്മുടെ ഭഗവാനെഴുനള്ളുന്നു 
പെണ്മണിമാരുണ്ടിരുവരുപോലും 
വെണ്മയിലിവിടെ വിവാഹോത്സവമതി-
രമ്യമതായിഗ്‌ഘോഷിക്കേണം 
പൊന്മയമാം ചില മണിമാളികയും 
വെൺമാടങ്ങളുമുളവാക്കേണം 
ഹർമ്മ്യങ്ങളുമഥ മണിഭവനങ്ങളു-
മിനിയും പലതു ചമച്ചീടേണം 
പന്തലുമുയരെത്തീർത്തീടേണം 
ചന്തത്തോടുവിതാനിക്കേണം 
രണ്ടതുവേണം മുല്ലപ്പന്തലു 
രണ്ടുവിവാഹം കൂടീട്ടല്ലോ; 
കാഴ്ചക്കാർക്കുവസിപ്പാൻ ചുറ്റും 
കാഴ്ച‌ത്തട്ടുകളിട്ടീടേണം 
തട്ടുകളെല്ലാമൊട്ടൊഴിയാതെ 
പട്ടുകൾകൊണ്ടു വിതാനിക്കേണം
കെട്ടീടേണം പല കുടിലുകളും 
വെട്ടീടേണം കാടുകളെല്ലാം; 
നാട്ടീടേണം കൊടിമരനീകരം 
കൂട്ടീടേണം കൊടിയടയാളം 
കൂറകൾ പലതും തൂക്കീടേണം 
കൂറുണ്ടെങ്കിലതിപ്പോൾ വേണം 
അങ്ങാടികളതു പലവക വേണം 
ചങ്ങാതികളേ! കാലം പോയി 
കോടിസഹസ്രം പീടികവേണം 
കോടികളിൽ ചില തൂണുകൾവേണം 
കോടികൾ പട്ടുകൾ തൂക്കീടുമ്പോൾ 
കോടിപ്പോമിഹ തൂണില്ലാഞ്ഞാൽ 
കോടുകളിന്നു ജനങ്ങൾനിറഞ്ഞഴ-
കോടു ചമഞ്ഞു വരുന്നൊരുനേരം 
കോടരുതേതും സ്ഥലമില്ലാതെ 
കോടുകളധികം കരുതീടേണം 
കൊട്ടിലുപലതും കെട്ടീടേണം 
കൊട്ടത്തളവും തീർത്തീടേണം; 
കൊട്ടകൾ വട്ടികൾ തൊട്ടികളെല്ലാം 
കോട്ടമകന്നു ചമച്ചീടേണം 
കലവറയിൽ ചില നിലവറ വേണം 
പന്തിപ്പലകകൾ പലതും വേണം 
മന്തും കുഴലമരക്കോരികയും 
കലവറ വേണം നിലവറ വേണം 
എല കണ്ടിപ്പാൻ പലരും വേണം 
കുലകണ്ടിപ്പാനങ്ങനെതന്നെ 
പാലും തൈരും നെയ്യും മോരും 
ചാലേപെരികെ വരുത്തീടേണം 
അരിയും പെരികെ വരുത്തീടേണം 
പൊരിയും മലരവലിവയും വേണം 
ചന്ത്രക്കാരനുമൂഴൃക്കാരും 
ചന്തം നോക്കി നടന്നാൽ പോരാ 
സന്തതമോരോ കോപ്പുകൾ കൂട്ടാ-
നന്തരമാർന്നു നിവർന്നീടേണം; 
അന്തണരനവധി വരുമെന്നാലവർ 
ചെന്തളിരടിമലരുടനേ കൂപ്പി 
പന്തി നിരത്തിയിരുത്തീട്ടവരെ-
ച്ചിന്തതെളിഞ്ഞു ഭുജിപ്പിക്കേണം; 
എന്തിനു പലതു പറഞ്ഞീടുന്നു? 
ചെന്താർമാനിനിവല്ലഭനാകിയ 
തന്തിരുവടിയുടെ വേളിയിതെന്നതു 
ചിന്തിച്ചെല്ലാമുത്സാഹിപ്പിൻ” 
ഇത്തരമോരോ വാക്കു പറഞ്ഞും 
സത്വരമവിടെ നടന്നു ശ്രമിച്ചും 
ചിത്താനന്ദത്തോടേ പുരജന-
മൊത്തു സമസ്തം കോപ്പുകൾ കൂട്ടി.

അനവധിജനമഥകുതുകമോടേ 
ദനുജമഥനപുരമണഞ്ഞു പാടേ 
പുനരപി പുനരപി ജലധിതടേ 
ഘനരസമോടുടൻ നിറഞ്ഞവിടേ 
ചിറതന്നിലിടഞ്ഞിടഞ്ഞുടൻ നടന്നു 
പിറകിൽനിന്നുന്തിത്തള്ളിച്ചിലർ കടന്നു 
പുരങ്ങളിലകം പുക്കു ചിലരിരുന്നു 
പരിചൊടു കുടിലുകളൊക്കെപ്പരന്നു 
ഭടജനമൊരുവക നടന്നീടുന്നു 
ചടചടപരിചകൾ തുടക്കീടുന്നു 
പൊടുപൊടെ വെടി ചിലർ മുഴക്കീടുന്നു 
ഒരു ദിശി മുനിജനമെഴുന്നള്ളുന്നു 
പരിഹാസം പറഞ്ഞങ്ങു ചിരിച്ചീടുന്നു 
പരിചൊടവരെച്ചിലർ വണങ്ങീടുന്നു 
ഒരുദിശി വിപ്രന്മാരും വസിച്ചീടുന്നു: 
പരമപൂരുഷനുടെ വരവുകാണ്മാൻ 
തരുണികളൊരുമിച്ചു പുറപ്പെടുന്നു. 
തരിവളകടകങ്ങൾ ഉടഞ്ഞാണുകൾ 
തരമായ കുരലാരമരഞ്ഞാണുകൾ 
കരയുള്ള പുടവകൾ കുറിമുണ്ടുകൾ 
തെരുതെരെയെടുത്തുടനണിഞ്ഞീടുന്നു 
തിലകങ്ങൾ പലതരം ചമച്ചീടുന്നു 
തലമുടി വടിവൊടു തിരുകീടുന്നു 
വിലസിന മധുഗണം പൊഴിഞ്ഞീടുന്നു 
മലർശരനവരോടു പിണങ്ങീടുന്നു 
കളമൊഴിജനങ്ങളും തെളിവിനോടേ 
കളികളും പറഞ്ഞങ്ങു കളിച്ചു മെല്ലേ 
വളഭികൾ മുകളേറിയിരുന്നീടുന്നു 
കളകളമോരോ വാക്കുപറഞ്ഞീടുന്നു.

“പെണ്ണായിട്ടു പിറന്നവരാരും 
പെണ്ണെന്നേതും ഭാവിക്കേണ്ടാ 
കണ്ണൻ തിരുവടിതന്നൊടു ചേരും 
പെണ്ണത്രേയൊരു പെണ്ണായുള്ളു 
എണ്ണില്ലാത്ത ഗുണങ്ങളിണങ്ങും 
കണ്ണൻ തിരുവടിതന്നൊടു ചേരാൻ 
പുണ്യംകൂടാതിങ്ങനെ നമ്മെ-
ത്തിണ്ണംതീർത്തവനെന്തൊരുപാഴൻ? 
നന്ദാത്മജനുടെ രണ്ടുവശത്തും 
സുന്ദരിമാരെക്കാണാകുന്നു; 
ധന്യകളാമക്കന്യകമാരെ-
ത്തന്നേ മന്നിലിവണ്ണം കാണും
അന്യജനത്തിനു ഭാഗ്യം പോരാ 
ധന്യജനത്തോടുകൂടി വസിപ്പാൻ
മുന്നം ചെയ്തൊരു സുകൃതംകൊണ്ടേ 
നന്നായിട്ടൊരു വരനുണ്ടാവൂ; 
നോക്കുണ്ടങ്ങൊരുനായരവന്റെ
വാക്കുകൾ കേട്ടാലെന്തൊരു കഷ്ടം! 
മൂക്കോളം ബതകള്ളുകുടിച്ചി- 
ട്ടൂക്കുകൾ കാട്ടണമത്രേ വേണ്ടു 
ചേന്നന്നായരു വന്നാനിന്നലെ 
നമ്മുടെ വീട്ടിൽച്ചെരിവാനായി-
ട്ടെന്നാറക്കൽ ഞാനുമവന്നൊരു 
പായുമെടുത്തു പുറത്തുകൊടുത്തു; 
ആയതുനേരം നമ്മുടെനായരു 
വന്നിട്ടെന്നോടൊന്നു കലമ്പി 
“കള്ളച്ചെറുമീയാരാണിന്നീ 
കള്ളപ്പാഴനുപാനൽകിയത്? 
കൊള്ളാമെന്നു പറഞ്ഞുംകൊണ്ടവ-
നുള്ളകലങ്ങളശേഷമുടച്ചു 
കൊച്ചിനെവന്നു പിടിച്ചുപറിച്ചാ-
ദുഷ്ടനിനിക്കിട്ടൊന്നുമടിച്ചു 
ഇങ്ങിനെയുള്ളൊരു കള്ളന്മാരേ
ഇങ്ങുനമുക്കുണ്ടാകത്തുള്ളു;” 
മറ്റൊരു നാരി പറഞ്ഞാളപ്പോൾ: 
“ഉറ്റവരെങ്കിലിവണ്ണം വേണം. 
വല്ലവിമാരെപ്പരിപാലിപ്പാൻ 
മല്ലാരിക്കൊരു കൗശലമേറും. 
നല്ലജനത്തൊടുകൂടി വസിപ്പാൻ 
നല്ലൊരു ഭാഗ്യം വേണം തോഴീ! 
അണ്ണൻ പട്ടരുകൂടിനടന്നാൽ
എണ്ണയ്ക്കേതും ഞാനറിയേണ്ടാ 
കാഴ്ചകൾ കാണ്മാൻ കൊണ്ടുനടപ്പാൻ 
കൊച്ചുപണിക്കരുതാനേ പോരും 
താച്ചൻനായരു കച്ചയെടുത്തേ
ഇച്ഛയ്ക്കൊക്കൂ പണ്ടൊരുകാലം 
പണ്ടുസുഖിച്ചു വളർന്നവൾ ഞാനെ-
ന്നുണ്ടാകേണം മാനിനിമാരേ!” 
തരുണികളിത്തരമുരചെയ്തുടനേ 
പരിചൊടു കണ്ടു രസിക്കുന്നേരം 
സരസിജനയനനകം പുക്കുടനേ 
സരസമൊരാലയമതിലെഴുനള്ളീ. 

വിവാഹമാകിയ മഹോത്സവത്തിനു 
മുഹൂർത്തമമ്പൊടു വിധിച്ചനേരം 
മഹാജനങ്ങളുമണഞ്ഞു പാരം 
മഹാപുരങ്ങളിൽ നിറഞ്ഞിരുന്നു 
മഹീതലങ്ങളിൽ വിളങ്ങിമേവും 
മഹീസുരേശ്വരരശേഷമപ്പോൾ
വിഹീനസംഭ്രമമകന്നു യാദവ-
മഹീശമന്ദിരമലങ്കരിച്ചു 
തനിച്ചമാനുഷജനത്തിനപ്പോൾ 
അനേകമുണ്ടേ മനോരഥങ്ങൾ 
വിനോദങ്ങളെ നിനയ്ക്കയാലഥ 
മനസ്സിലുണ്ടതി കുതൂഹലങ്ങൾ 
മുരാരിതൻ പദസരോരുഹങ്ങളെ 
നിരാകുലം കിലവണങ്ങുവാനായ് 
തരം വരേണമതിരുന്നുകാണണ-
മതൊക്കെയെന്നവർ നിനച്ചിടുന്നു.

കെട്ടുകൾ പലതുണ്ടതിനുടെ ചുറ്റും 
കൊട്ടിലുപലതും കെട്ടിത്തീർത്തു 
ഒട്ടല്ലുയരം മാനത്തമ്പൊടു 
മുട്ടുമതെന്നേ കണ്ടാൽ തോന്നു; 
ചന്ദനവിടപികൾകൊണ്ടു ചമച്ചോ-
രുന്നതമാകിന തൂണുകളെല്ലാം; 
അകിലുമരംകൊണ്ടഖിലം തീർത്തു 
അകലം നീളവുമളവില്ലേതും; 
അപ്പോളങ്ങൊരു മന്ത്രിപ്രവരൻ 
കല്പനകൊണ്ടു പറഞ്ഞുതുടങ്ങീ: 
“പത്തും രണ്ടും മന്ത്രികളുള്ളവ-
രൊത്തുപ്രയത്നം ചെയ്തീടേണം 
ഉത്തമമാം ജനമിവിടെപ്പലവക-
യെത്തുമതെന്നതു ബോധിച്ചാലും! 
സത്രത്തിന്നുകുഴുപ്പുവരാതെ 
ചിത്തമുറച്ചു ശ്രമിച്ചീടേണം, 
മറുനാട്ടീന്നുവരുന്ന ജനത്തെ
പരിപാലിപ്പാൻ പലരും വേണം; 
നരവരമന്ത്രികൾ വന്നാലവരെ-
പ്പുരമുറിതന്നിൽപ്പാർപ്പിക്കേണം.
മേളംകൂടി നൃപന്മാർ വന്നാൽ 
മാളികതന്നിലിരുത്തീടേണം; 
അക്കിത്തിരിമാർ ചോമാതിരിമാർ 
ചൊൽക്കൊണ്ടീടിനഭട്ടേരികളും 
ആഢ്യന്മാരും മന്ത്രികൾ തന്ത്രികൾ 
മൗഢ്യമിയന്നൊരുനംപൂരാരും 
സകലരുമങ്ങെഴുനള്ളുന്നേരം 
തേവാരികൾ പരിപാലിക്കേണം; 
വൈദ്യക്കാരും ഗണിതക്കാരും 
വന്നാലവരെപ്പാർപ്പിക്കേണം; 
ആട്ടക്കാരുടെ പെട്ടികൾ വയ്പാൻ 
കൊട്ടിലുവേറെകെട്ടീടേണം;
ശാസ്ത്രപ്പിള്ളേർക്കരിയും കോപ്പും 
പാത്രവുമങ്ങു കൊടുത്തീടേണം
കള്ളുകുടിക്കും കള്ളന്മാരുടെ 
തൊള്ളയിലുടനേ മുള്ളീടേണം 
വാടയ്ക്കുള്ളിൽ കാടുകൾ കാട്ടും 
ചേടന്മാരെത്താഡിക്കേണം 
ഒട്ടൊട്ടസ്തമയത്തിനടുത്താൽ 
വെട്ടം നീളെ നിരത്തീടേണം; 
വാടയ്ക്കകമേ മുള്ളുന്നവരെ 
വടിയിട്ടങ്ങു മറിച്ചീടേണം; 
കല്പന കേൾപ്പാനെളുതല്ലെന്നാൽ 
കല്പ‌ിതമാർക്കുമൊഴിക്കാവല്ലാ 
കൃഷ്ണൻ തിരുവടിശാസനമെന്നതു. 
വൃഷ്ണികളെല്ലാം ബോധിക്കേണം.”

ഗഭീരമിങ്ങനെ പറഞ്ഞനേരം 
സഭാജനങ്ങടെ മനംതെളിഞ്ഞു 
മഹോത്സവങ്ങളുമുടൻ തുടങ്ങി 
മുഹൂർത്തവും പുനരടുത്തുവന്നു; 
കുമാരിമാരെയുമലങ്കരിപ്പാൻ 
പ്രമോദമോടിഹ മൃഗാക്ഷിമാരും 
കുളിച്ചുവന്നുടനിളച്ചിടാതെ 
കളിച്ചു കൈകളിൽ പിടിച്ചുമന്ദം 
ഇരുണ്ടുനീണ്ടതിചുരുണ്ടതലമുടി 
കരങ്ങൾകൊണ്ടവർ വിടിർത്തുതിരുകി 
കുരണ്ഡമാലകളണിഞ്ഞു മെല്ലെ
പരന്നകുറുനിരനിരക്കെവെട്ടി 
തരത്തിൽ നല്ലൊരു തിലകംചേർത്തു 
വിലോലപങ്കജദളങ്ങൾപോലെ 
വിലാസമുള്ളൊരു വിലോചനങ്ങളിൽ 
വിലാസമാകിന ശലാകചേർത്തു 
വിലാസിനീജനമുദാരഭാവം 
തെളിഞ്ഞ കുണ്ഡലമണിഞ്ഞു കാതിൽ 
ഗളത്തിൽ മാലകളെടുത്തണിഞ്ഞു 
കരങ്ങളിൽ തരിവളകളുമിട്ടു 
വിരൽക്കു മോതിരനികരമണിഞ്ഞു 
അവർണ്ണ്യമാകിന പദതളിരുകളിൽ 
സുവർണ്ണനൂപുരനികരമണിഞ്ഞു 
സുവർണ്ണകൗതുകമവരു ചമഞ്ഞു 
കുമാരിമാരൊടുമിട ചേർന്നങ്ങനെ 
പ്രമോദമോടിഹ സഖികളുമെല്ലാം.

മല്ലവിലോചനനായ മുകുന്ദൻ 
മുല്ലപ്പന്തലിലങ്ങെഴുനള്ളി
കല്യാണികളാം കന്യകമാരുടെ 
കല്യാണോത്സവസമയത്തിങ്കൽ 
ഉല്ലാസത്തൊടു വേണ്ടും വിധികളു-
മെല്ലാമങ്ങു കഴിഞ്ഞദശായാം 
ഭൂമിസുരന്മാർക്കനവധിധനവും 
കാർമുകിൽവർണ്ണൻ ദാനംചെയ്തു; 
ആമോദത്തൊടു മംഗലസമയേ 
ഭാമാപാണിഗ്രഹണം ചെയ്തു‌; 
ജാംബൂനദവും പട്ടുംവളയും 
താംബൂലങ്ങളുമവനിസുരന്മാർ-
ക്കംബുജനയനൻ ദാനംചെയ്തു 
ജാംബവതിയെയും വേട്ടാനുടനേ; 
പാവകസാക്ഷികമാകിയ കർമ്മം 
പാവനമാശു കഴിച്ചുമുകുന്ദൻ 
ദേവകിവസുദേവാദികളോടും 
ദേവിയതാകിയ രുക്മിണിയോടും 
സേവകരാകിയ വൃഷ്ണികളോടും 
കേവലമൊരുമിച്ചങ്ങെഴുനള്ളി 
പള്ളിമഹാമണിസൗധംപുക്കതി-
നുള്ളിൽ പരിചൊടുവാണീടുന്നു 
സൂര്യനുദിച്ചു വെളുക്കുന്നേരം 
കാര്യക്കാർ പലരെണ്ണയെടുപ്പാൻ 
എണ്ണത്തട്ടേലേറിയിരുന്നു 
എണ്ണയെടുത്തു കൊടുത്തുതുടങ്ങി; 
കെട്ടൊരുദിക്കിലിറക്കീട്ടനവധി 
പട്ടന്മാർ വന്നാർത്തുവിളിച്ചു 
തട്ടിനുതാഴേനിന്നു ശിരസ്സുകൾ 
കാട്ടിപ്പരിചൊടു തേച്ചുതുടങ്ങി; 
ചടപടനെന്നവർ മുടിയിലടിച്ചും 
വടിവൊടു തേച്ചങ്ങടിയിലൊലിച്ചും 
താളിത്തട്ടിനു താഴെച്ചെന്ന-
ത്താളിക്കാരൊടു മുള്ളുപറഞ്ഞും 
താളിപിഴിഞ്ഞവർ കണ്ണിലൊഴിച്ചും 
താളിച്ചെളിയിൽ തെറ്റിവിയച്ചും 
ഇഞ്ചകളൊട്ടു പിടിച്ചുപറിച്ചും 
സഞ്ചികളിൽ ചിലരാക്കിയൊളിച്ചും 
വഞ്ചിച്ചവരുടെ സഞ്ചിപിടിച്ചും 
വഞ്ചിയിലേറ്റിക്കരപറ്റിച്ചും 
കടവിലിടഞ്ഞു തടഞ്ഞുകുടഞ്ഞും 
ചിലരവതേച്ചും ചിലരുകുളിച്ചും 
സോമൻപുടവകൾ നാർപ്പട്ടുകളും 
കെട്ടിയുടുത്തൊരു പാളത്താറും 
കൂട്ടിത്തെരുതെരെയോടിയടുക്കും 
കൊട്ടിലുപുക്കുംരെട്ടുപിരിച്ചും
വട്ടംകൂട്ടം പട്ടന്മാരുടെ 
ചട്ടം കണ്ടാലെത്ര വിചിത്രം!
അപ്പൊളടുക്കളതന്നിൽ വിളങ്ങുമൊ-
രത്ഭുതമെങ്ങനെ വാഴ്ത്തീടേണ്ടു 
കൊള്ളിയടുപ്പിൽ തള്ളുന്നൂ ചിലർ 
വെള്ളംകോരി നിറയ്ക്കുന്നൂചിലർ 
ഭള്ളുനടിച്ചു നടക്കുന്നൂചിലർ 
പൊള്ളുപറഞ്ഞു ചിരിക്കുന്നൂചിലർ; 
“ആത്രശ്യേരി! ചിത്രമ്പള്ളീ!
പാത്രമെടുത്തിതു വാർപ്പാറായി 
പാത്രത്തണ്ടു പിടിപ്പാൻ നല്ലൊരു 
പാത്രംതന്നേ നിങ്ങളിതെന്നും 
തൊട്ടാശ്യേരി എരിശ്യേരിക്കു 
ചട്ടുകമായിക്കൂടീടേണം 
കടുകുശ്യേരികടുകുവറുക്കാ
വേങ്ങിശ്യേരി തേങ്ങവറുക്കാ 
ചക്കപ്രഥമൻ വയ്ക്കണമെന്നാൽ 
തെക്കത്തിന്നൊരു തക്കവുമേറും 
ചീരക്കാടിനു സരസതയേറും 
ചീരക്കറികൾ ചമപ്പാനെന്നും 
വഴുതക്കാടും വഴുതിപ്പോമേ 
വഴുതിനങ്ങാക്കറി വെക്കുന്നേരം 
നെല്ലിക്കാടു മഹൻ മൂന്നാമൻ 
നെല്ലിക്കാക്കറിവയ്ക്കാൻ കൊള്ളാം; 
ഉപ്പുകൾനോക്കാനഫൻ വേണം 
വമ്പൻമാരിൽ മികച്ചൊരു വമ്പൻ 
ഉപ്പേരികളുടെ പാകം നോക്കാൻ 
കൊയ്പള്ളിക്കു ശരിയല്ലാരും 
വെള്ളംപോരാ വെള്ളമൊഴിപ്പാൻ 
കള്ളന്മാരവരെങ്ങിഹ പോയി? 
ചെമ്പുകളിനിയുമൊരമ്പതു വേണം 
ചെമ്പുകിടാരം മുമ്പിൽ വരേണം 
ഊഴക്കാരേ! പാഴന്മാരേ! 
വാഴയ്ക്കായിതു മതിയാകില്ല 
മുപ്പറകൊള്ളും കൊട്ടനിറച്ചിനി 
ഉപ്പേരിക്കു നുറുക്കീടേണം; 
മാങ്ങാക്കാടി ചമയ്ക്കണമെന്നാൽ 
തേങ്ങയരച്ചതു മതിയായില്ല.” 
ഇങ്ങനെ പലതു പറഞ്ഞുംകൊണ്ടഥ 
ഭംഗിയൊടങ്ങുപചിച്ചുതുടങ്ങി 
അഞ്ചെട്ടാളുകൾ കൂടീട്ടങ്ങൊരു 
സഞ്ചിയഴിച്ചു മുറുക്കുതുടങ്ങി;
“തൂക്കുപുകേല തരിമ്പില്ലാഞ്ഞാൽ 
നമുക്കുമുറുക്കിനു സുഖമില്ലേതും 
പാക്കും വെറ്റിലയുണ്ടെന്നാകിൽ 
തൂക്കംനോക്കണമെന്നുടെ കുഴലിൽ” 
“തന്നുടെ കുഴലിൽ പുകയിലയെന്നതു 
മുന്നം ഞാനോകണ്ടിട്ടില്ല 
വെറ്റില പറ്റാനുള്ളൊരുപായം 
മുറ്റുമതേതും നമ്മൊടുകൂടാ.” 
തന്നെപ്പോലേ കണ്ടതുപറ്റി 
തിന്നുമുടിക്ക നമുക്കില്ലേതും 
തിന്നുമുടിക്കും ഞാനെന്നിങ്ങനെ 
വന്നു പറഞ്ഞാലടിയുംകൊള്ളും 
“അച്ചികൾമുമ്പിൽ പിച്ചകളിച്ചും 
കച്ചകൊടുത്തും മച്ചിലൊളിച്ചും 
നായന്മാരോടടിയും കൊണ്ടിഹ
പായും നീയോ നമ്മെയടിപ്പാൻ?” 
“നിന്നെയടിച്ചാലാരു തടുപ്പാ-
നെന്നുടെ മുമ്പിൽ വരുന്നവനെന്നും” 
കന്നത്തോടേ ഞാനടികൊണ്ടാൽ 
നിന്നെക്കൂടെയതൊപ്പിക്കണമോ 
നില്ലെടപാഴാ നില്ലെടപാഴാ 
നല്ലതിനല്ല തുനിഞ്ഞീടുന്നു 
എല്ലുകളെല്ലാം തല്ലിയൊടിപ്പൻ 
വല്ലതുകൊണ്ടും പല്ലുകൊഴിപ്പൻ 
ഇത്തരമോരോ വാക്കുപറഞ്ഞും 
ശാസ്ത്രമഹീസുരരിരുവരുതമ്മിൽ 
സത്വരമുടനെയടിപ്പതിനായി
പലകവലിച്ചു പിടിച്ചതിഘോരാൽ 
വഡ്ഢികളിൽ കുറിമുണ്ടുമുറുക്കി 
വിഡ്ഢിത്തങ്ങൾ നടിച്ചുതുടങ്ങി; 
കിടുകിടെ മേനിവിറച്ചുതുടങ്ങി 
കുടുകുടെയുടലുവിയർത്തുവിയർത്തും 
വടിവൊടു തങ്ങളിൽ മുണ്ടുപിടിച്ചും 
തണ്ടുതടഞ്ഞവർ മണ്ടിനടന്നൊരു 
രണ്ടുംകൂടെ മറിഞ്ഞഥവീണു; 
കണ്ടുവസിക്കുന്നാളുകളെല്ലാം 
കൈ കൊട്ടിക്കൊണ്ടാർത്തു വിളിച്ചു. 
എലവെപ്പാനുമടുത്തൊരുനേരം 
പലരും വന്നു ശ്രമിച്ചുതുടങ്ങി 
സ്‌ഥലവുംവച്ചുവസിക്കുന്നാളുകൾ 
കലഹിച്ചങ്ങു പറഞ്ഞുതുടങ്ങി 
“ഞാൻ വച്ചോരു നിലത്തു വസിപ്പാൻ 
താനോ വേണ്ടതു കശ്മ‌ലചിത്താ!”
“തന്നുടെ നിലമല്ലേതുമതോർത്താൽ 
മുന്നം ഞാനൊരു മുണ്ടു വിരിച്ചു.” 
“മുണ്ടു വിരിക്കുംമുമ്പേ ഞാനും 
രണ്ടുവരച്ചതു കണ്ടില്ലേതാൻ?” 
“രണ്ടുവരച്ചതു പണ്ടെങ്ങാനും 
കണ്ടില്ലാ ഞാ”നെന്നൊരുഘോഷം. 
കൊട്ടിലിലിങ്ങനെ സർവ്വജനങ്ങളു 
മൂട്ടിനുവന്നുനിരന്നൊരുസമയേ 
കൂട്ടുകുറിക്കാർ വരവുതുടങ്ങി; 
കൊട്ടവുമകിലും മുരളും മാഞ്ചിയു-
മൊട്ടൊഴിയാതെ പൊടിച്ചുകലക്കി 
തട്ടുപുഴുപ്പൊടി പച്ചകൊഴുന്നും 
വാട്ടമകന്നൊരു പച്ചപ്പുഴുകും 
രാമച്ചപ്പൊടി പിച്ചകമലരും 
ചട്ടറ്റീടിന ചെമ്പകമൊട്ടും 
മട്ടലർപലതും പനിനീരെന്നിവ 
കൂട്ടിയിളക്കിപ്പരിമളമോടിട-
കൂട്ടിന ചന്ദനപങ്കം പരിചൊടു 
തട്ടുകലത്തിലെടുത്തുംകൊണ്ടൊരു
കൂട്ടമെടുത്തുകൊടുത്തുതുടങ്ങി; 
ചാന്തും മലയജകുങ്കുമമെല്ലാ-
മന്തണർപന്തിയിൽ വന്നുതുടങ്ങി
എലവച്ചങ്ങു നിരന്നുതുടങ്ങി 
ജലവുമെടുത്തു കൊടുത്തുതുടങ്ങി; 
മലരതുപോലെ വെളുത്തൊരു ചോറു 
വിളമ്പിവിളമ്പിയടുത്തുതുടങ്ങി; 
ഉപ്പേരികളും പലവകയുണ്ടതു 
കെല്പോടങ്ങു വിളമ്പീടുന്നു.
പപ്പടമെന്നതു പത്തുംമുപ്പതു-
മൊപ്പിച്ചങ്ങു വിളമ്പീടുന്നു; 
ആനച്ചുവടൻ പപ്പടമൊരുവക 
മാനിച്ചങ്ങു വിളമ്പീടുന്നു. 
ചക്കപ്രഥമനുമമൃതും കൂടി
തൂക്കിക്കണ്ടാലമൃതേപൊങ്ങു
പ്രഥമന്മാരിലടപ്രഥമൻപോൽ 
പ്രഥമനിതെന്നൊരു ധൂളിപറഞ്ഞു 
വച്ചുണ്ടാക്കിയ കറികിറിയൊന്നിലു-
മിച്ഛയെനിക്കില്ലെന്നുടെ ഘടുവാ
പച്ചടിസാറുപരിപ്പുണ്ടാനാ-
ലാച്ചിതുസാപ്പാടെന്നാനൊരുവൻ 
അടനംപൂതിരി പീത്തായോളീ 
റമ്പംപോടു പുളിശ്ശാങ്കറിയെ 
ഒന്നുടെ മുതലോ സാമ്പ്രതമായി
സാപ്പാട്ടുക്കായ്‌വന്തേനിന്നും
“പഞ്ചാരപ്പൊടിപോട്ടതുപോരും 
വേപ്പില ചെത്തപ്പോടെട ഘടുവാ” 
“ചാറും കീറും പച്ചടി കിച്ചടി
പളവും കിളവും പോടെ”ന്നൊരുവൻ
“കത്തിരിക്കാക്കറിയുണ്ടെന്നാനാൽ 
ചെത്തെവിളമ്പണമെന്നാനൊരുവൻ; 
ഹടനാഹണ്ണാ മണിയാസ്വാമീ 
അബ്ബാസുബ്ബാ വെങ്കിട്രാമാ 
സീതാരാമാ കുളത്തൂരാനും 
ആനപിടുങ്കൻ മണിയൻ ഞാഞ്ഞാൻ' 
അപ്പപ്പാ ചിലമുഷ്കുകളെന്നും 
അപ്പന്മാരുടെ മുതലോയെന്നും 
പോടിങ്കില പോടിങ്കിലപോടു 
ചോറൊരിടങ്കഴിയിങ്കപ്പോടു്
ഇത്തരമോരോ വിപ്രന്മാരുടെ 
ഭുക്തിമഹോത്സവമെത്ര വിചിത്രം 
പാലു കുറുക്കിയെടുക്കുന്നൂ ചിലർ 
വാരിച്ചങ്ങു നടക്കുന്നുചിലർ 
നാരങ്ങാക്കറി മാങ്ങാക്കറിയും 
മോരുംതൈരുമെടുക്കുന്നൂ ചിലർ 
വെല്ലപ്പായസമുണ്ടുവരുന്നു 
മെല്ലെയിരുന്നു ചെലുത്തണമെന്നും 
കന്നും തൈരുകുടിപ്പതിനിന്നീ 
വന്ന ജനങ്ങളിൽ മുമ്പിങ്ങെന്നും 
കൊണ്ടാരണ്ടുകുലപ്പഴമെന്നും 
കൊണ്ടാപപ്പടമിവിടേക്കെന്നും 
കൊണ്ടാടുന്ന ജനങ്ങളിൽനിന്ന- 
ങ്ങുണ്ടായീടിന കൗതുകമോർത്താൽ 
കണ്ടാലെത്ര മനോഹരമതിനെ-
ക്കൊണ്ടുപുകഴ്ത്താനെളുതല്ലേതും 
ഗോസായികളുണ്ടങ്ങൊരുദിക്കിൽ 
തങ്ങളിലോരോന്നുരചെയ്യുന്നു.
വമ്പന്മാരെ വിളിക്കയുമുണ്ടവ-
രൊപ്പമിരുന്നു ഭുജിക്കുന്നേരം 
“ജേജേ റാമ്രാം സീതാറാമ്രാം 
ജേജേ റാമ്രാം കോദണ്ഡാമ്രാം 
തുമാറമുലുക്കുകോനുമുലുക്കു 
അമാറമുലുക്കു കാശിമുലുക്കു 
തുമാറട്ടിക്കാണികാഹറെ ബാവാ 
അമാറട്ടിക്കാണി സീതാറാമ്രാം 
ബ്രഹ്മാദേവോ ദാവൻ ദാറോ 
അഛാ പാനീ ഡാലോ ഡാലോ 
പത്താലാവോർക്കാരീ ലാവോ 
മെസ്‌തു ലാവോ കേലീ ലാവോ
തുഹീ ലാവോ ദുറുദേ ലാവോ 
സുപാരി ലാവോ സക്കരി ലാവോ 
പൂരീ ധാറെ ദസ്തു ലാവോ 
ധിക്രാധാറോ തമാക്ക ധാറോ
സുണ്ടെ ധാറൊ കഘാ ലാവോ 
റേപോധാറൊ ഭാജിക്കറാബ് 
പാനീ പീയോ മേരാ പെട്ബ്രം 
ഊട്ടുറുമായി കുംകുറുകുംകുറു 
ജാറെ ഹറാജാ മുറജാ ഹറജാറെ.”

ഇത്തരമോരോ കോലഹലമു- 
ണ്ടുത്തമപുരുഷപുരങ്ങളിലെല്ലാം; 
വാണിയർ ഗോംകണി ചെട്ടികളൊരുവക 
വാണിഭവും വച്ചങ്ങുവസിച്ചു 
വാണീടുന്നതു വാഴ്ത്താൻ നമ്മുടെ 
വാണിക്കേതും പ്രൗഢത പോരാ.
ഇത്തരമോരോ ഘോഷത്തോടേ 
രാത്രികഴിച്ചും പകലുകഴിച്ചും 
മികവേറുന്ന വിവാഹമഹോത്സവ-
മഴകോടങ്ങു കഴിഞ്ഞദശായാം 
വന്ന മഹാജനമൊക്കെയുമുടനെ 
നന്ദികലർന്നവർ ഗമനംചെയ്തു.
നന്ദതനൂജൻ സുന്ദരവദനൻ 
സുന്ദരിമാരൊടുകൂടിസ്സുഖമേ 
കന്ദർപ്പോത്സവകേളികളാടി 
നന്ദികലർന്നു സുഖിച്ചുവസിച്ചു. 
എന്നതുകൊണ്ടു പറഞ്ഞിതു ഞാനും 
യത്നം ചെയ്തു വരുത്താമെല്ലാം. 
ഇക്കഥ കേൾക്കണമെന്നരുൾ ചെയ്തു 
മിക്കതുമടിയനുണർത്തിച്ചേനേ 
ഉലകുടെപെരുമാളോടൊരു സചിവൻ 
പലതുമുണർത്തിച്ചവിടെവസിച്ചു.


തയ്യാറാക്കിയത്:


വിസ്മയ വി.കെ.
എം എ മലയാളം


സംശോധനം:


ഡോ. ആദർശ് സി.
അസോ.പ്രൊഫസർ