പാത്രവിവരം (01)
പാത്രവിവരം
കുമാരൻനായർ - ഒരു ഡാക്ടർ, നായകൻ
പാച്ചൻ - കുമാരൻനായരുടെ ഭൃത്യൻ
അച്യുതമേനോന്‍- കുമാരൻനായരുടെ സ്നേഹിതന്‍
ശങ്കരപ്പിള്ള - കുമാരൻനായരുടെ സ്നേഹിതന്‍
രാജശേഖരൻപിള്ള - ഒരു പെൻഷൻ ഉദ്യോഗസ്ഥൻ
അയ്യൻപിള്ള - ഒരു മദ്യപൻ
ലക്ഷ്മിഅമ്മ - രാജശേഖരൻപിള്ളയുടെ ഭാര്യ
വിമലമ്മ - ടിയാരുടെ മകൾ, നായിക
കുഞ്ഞുലക്ഷ്മി - പാച്ചന്റെ ഭാര്യ
ഉമ്മിട്ടിക്കുറുപ്പു്, കൃഷ്ണൻ, മാതു, ഗോപാലൻ - ഭൃത്യന്മാർ
ഒരു വഴിപോക്കൻ.
1093-ാമാണ്ട് കന്നിമാസം 3-ാംതീയതി (1917 സെപ്തംബർ 19) ശ്രീമൂലം ഷഷിപുത്തി തിരുനാൾ മഹോത്സവം സംബന്ധിച്ചും തിരുവനന്തപുരം ജൂബിലി ടൗൺഹാളിൽവെച്ച് അഭിനയിക്കുന്നതിനായി 'നാഷനൽ ക്ലബ്ബ്' എന്ന സംഘടനക്കാരുടെ അപേക്ഷപ്രകാരം ഉണ്ടാക്കപ്പെട്ടതു്.
രംഗം ഒന്നു് (02-05)
രംഗം ഒന്നു്
[ഡാക്ടർ കുമാരൻനായരുടെ ഭവനത്തിലെ പ്രധാന മുറി. യജമാനൻ ഉടുപ്പുകളും ധരിച്ച് പാച്ചൻ പ്രവേശിക്കുന്നു.]
പാച്ചൻ: (തന്റെ വേഷം നോക്കി രസിച്ചുകൊണ്ട്) നാം ഇപ്പോൾ സാക്ഷാൽ ആരെപ്പോലെയിരിക്കുന്നു! പണ്ടു് കണ്ടവരെ കിഴുക്കും കോമയുംകൊണ്ടും ആര്‍ക്കും വേണ്ടാണ്ടു നടന്ന പാച്ചനല്ല. (ഒന്നു ചുറ്റി നടന്നു) അഴകിരാവണനോ, വിക്രമാധിത്യനോ? ചൊക്കും ചവിണിയും അങ്ങുന്നമ്മാരു് കുമ്പിടട്ടെ. (പിന്നെയും ചുറ്റി നടന്നു്) എന്നും കളി കരയിച്ചൂട്ടാലോ? ഇല്ലെ, കൊച്ചൻപിള്ളങ്ങത്തെ പീസ് രൂപാ മുന്നൂറാണു്. കിഴട്ടുപോത്തൻ ഉമ്മിട്ടിക്കുറുപ്പ്, ഇവിടെ കിടന്നും ക്നാവും കണ്ടു് കൊതുകിനു ചെമ്പടതാളവും പിടിച്ചു, വീടു സൂക്ഷിക്കട്ടെ. (ചുറ്റിനടന്നും കണ്ണാടിയിൽ നോക്കി) കുഞ്ഞുലക്ഷ്മി ഈ വേഷം കാണുമ്പോൾ കറങ്ങിവീഴും. 'ഝലം ഝലപധം ഝലപധാ' എന്ന മട്ടു ചെല്ലുമ്പം എന്തു കോലാഹലം? - തൊണ്ടിയോടെ കള്ളം പിടിച്ചാലും ഡാക്കിട്ടരങ്ങുന്നു എന്തു കരുണാപ്യൂഷം? ഭാഗ്യംചെയ്യണം ഈ സ്ഥിതി കിട്ടാൻ. സേവിച്ചാൽ ഡാഗു ധൊരമാരെ സേവിക്കണം. അവരും, അങ്ങ് കാലന്റെ പുറകെ ഓടിനടക്കുമ്പോ, നമുക്കും ഇവിടെക്കെടന്നു് അനച്ചച്ചോറു്; ഉലാസാൻ പെരിയ സാബകാശവും. കൊച്ചമ്മ എന്നൊരു പ്രധിഷ്ടമാത്രമുണ്ടാകാഞ്ഞാ, ഐഹോ എല്ലാം ലഘോമ്മാർ! (ചിന്തയോടു നിന്നിട്ടു്) 'പെട്ടി ആഫീസർ-ഫെറുപ്പീ പതിന്യായർ' എന്നു കൊണ്ടു കൊള്ളിച്ചിരിക്കുന്ന മന്ത്രത്തിന്റെ പൂച്ച് പുടകൊടക്കു മുൻപു തെളിഞ്ഞു്, നമ്മു ടെ മേനക ശൂപ്രണവേഷത്തിൽ ഉലക്കയും എടുത്തു് കൊലവാസത്തിനു വന്നൂട്ടാലോ? ശ്ശേ-ഇല്ലില്ലാ. കുഞ്ഞുലക്ഷ്മി മാൻകിടാവു പോലെ സ്വാദു. (വാതുക്കലോട്ടു നോക്കീട്ട്) ആരടാ അതു്! തുറന്നുകിടക്കണ കതവിനു കണ്ണുകൊണ്ടു തുരങ്കംവയ്ക്കിണതു്? ഠ്യാം ഫൂൾ!
(അണിയറയിൽ) മേസ്തർ കൃഷ്ണപിള്ളായ്!-
പാച്ചൻ: ഗമ്മടാ, ചക്കൊലക്കേ, ഗം; അകത്തു ഗം.
കൃഷ്ണൻ: (പ്രവേശിച്ച്) സബാസെടാ ശിങ്കം! സബാഷ്, ഒരുക്കം തമാസ്. ഇന്നു മുട്ടിങ്ങ് എവിടേടെ? നമുക്കു നോട്ടീസില്ലാത്തതെന്തു്?
പാച്ചൻ: (സ്വകാര്യമായി) മൂറ്റിങ്ങും കീറ്റിങ്ങും ഇന്നു നഃ.
കൃഷ്ണൻ: ഓ ഹോ! അപ്പോപ്പിന്നെ ഇതു 'മുന്നമങ്ങു ദമയന്തിയെ വേൾക്കാൻ, ചെന്നു ദിക്‌പതികൾ വേഷം മാറി' എന്നു നാടകത്തിൽ പറയുമ്പോലെ എടാ ലോകം പെരട്ടി പാച്ചൻപിള്ള പെണ്ണുകൊള്ളാൻ പോണ അടവോ? പോയി, ' 'അവിഘന വസ്തു" എന്നു ജയിച്ചോണ്ടു വാ-രണ്ടു് അവിട്ടുകൂടി തിന്നോണ്ടു. പോയാൽ 'അധികസ്യ ശുഭസ്യ' എന്നുമൊണ്ടു്.
പാച്ചൻ: പോടാ പ്രാന്തു പറയാറുണ്ടു്. ഒരു ബ്രിസ്ക്രിപ്‌ഷൻ-എന്നുവച്ചാൽ ഡാപ്പ്- എജമാൻ കുറിച്ചു തന്നതു്, ലബടെ ഒരു ഗൊരസ്സായിപ്പിനു കൊണ്ടു കൊടുത്തേച്ചു ദോ വന്നൂട്ടു.
കൃഷ്ണൻ: എടാ കന്ന! കൊല്ലക്കുടിയിലോ തൂശിവിക്കാൻ വരണതു്? പോ. പെണ്ണു കണ്ടാൽ കറുപ്പെങ്കിലും, തള്ളയ്ക്ക് ഒരു തളി ഒണ്ട്. ചൊതുങ്ങിക്കിടപ്പാൻ ഒരു ചെറു കൂരയും. ആകപ്പാടെ പാച്ചൻ പിള്ളസ്സാർ അവർകൾ പൊങ്ങുണൂ. നമുക്കുമെന്റിഷ്ടാ, ഒരു താവളമുണ്ടാക്കിത്താ-നമ്മുടെ അങ്ങത്തെ അവടെ നിത്തപ്പത്ഥ്യമെടാ. വെഞ്ചോറുണ്ടു കരളു വറണ്ടു. കാശെറക്കാത്ത ചുക്കുച്ചെട്ടി.
പാച്ചൻ : എടാ കൊലമാടാ! ശമ്പളം കണിശത്തിനു വാങ്ങിച്ചു നീ മുന്തിയിൽ മുടിയുണില്ലയോ? പോ. ശകുനപ്പിഴയ്ക്ക് നിയ്ക്കാണ്ടു കെമ്പുടു്.
കൃഷ്ണൻ: വരട്ടെ സാറെ. അത്ര ഝലുത്തിയിൽ വേണ്ട. പറഞ്ഞ ഡാപ്പൊന്നു കാണട്ടെ.
പാച്ചൻ: യോ! അതു വെറും ബാഷാ സംസ്കൃതമെടേ. നാക്കിൽ പടച്ചതിനെ പറണ്ടിയെന്നേയുള്ളു.
കൃഷ്ണൻ : അതല്ലിയോ മനോധർമ്മമെന്നു പറയിണതു്. പാച്ചുപിള്ളയാന്റെ കാവ്യരസം മറ്റുള്ളവരും ഇത്തിരി ആശ്വദിച്ചോട്ടെ.
പാച്ചൻ: (ചിരിച്ചുകൊണ്ട്) നാമെവിടെ, കവിതയെവിടെടാ? അതിനൊക്കെ വരഫലം വേണ്ടയോ? അങ്ങുനിന്നു് തലയിൽ വരച്ചു വിട്ടാലല്ലാണ്ടും കവിതയും കിവിതയും വിളങ്ങുമോ?
കൃഷ്ണൻ: അതെന്തെങ്കിലുമാകട്ടെ. ഇങ്ങോട്ടെടു്-
പാച്ചൻ: 'ശൃംഗാരശകടം - ശ്രീമാൻ മല്ലമ്പിള്ള ആയാനാൽ രചിതം-വില ചക്രം ഒന്dനു - ഭാസുരാസുരപ്രെസ്സ്' എന്ന പുസ്തകമില്യോ? അതീന്നെടുത്തതാണെടേ.
കൃഷ്ണന്‍: ഏതു് അടുപ്പിൽ കരിച്ചതെങ്കിലുമാകട്ടെ ഒന്നിത്തിരി ശ്ലോഹത്തിൽ മുളിവിട്ടുടു്
പാച്ചൻ: (ചേപ്പിൽനിന്നൊരു കടലാസെടുത്തു്) 'ഓമൽ തിങ്ക കിടാവിൻ പനിമതിയൊളിവും-'
കൃഷ്ണൻ: എടെടാ നിറുത്ത്. പച്ചപെനസ്സിരുട്ടി തട്ടിവിട്ടാൽ നിക്കിണെടം പാതാളം പാഞ്ഞുപോകും. 'തിങ്കൾക്കിടാവോ'ടാ? എരുമക്കിടാവെന്നു ചാര്‍ത്ത്.
(പാച്ചൻ കൃഷ്ണനെ തല്ലുന്നു.)
കൊല്ലാതെ മഹാപാപി! ശേഷവും കേൾക്കട്ടെ.
പാച്ചൻ: 'തവ സവുധമതിൽ നിന്നന്നു പോന്നേന്റെശേഷം-'
കൃഷ്ണൻ: എടാ, ഇത് വെറും ഭാഷാസംസ്‌ഘൃതമല്ല. കൊമ്പിച്ച കാവ്യം. കാളിദാസനും കൂട്ടവും കൊടികുത്തിപ്പോവുലോ!
പാച്ചൻ: ഛെ-അങ്ങനെ ഒന്നുമല്ല. മല്ലമ്പിള്ള ആയാൻ എന്നും മറ്റും പറഞ്ഞതും ഒരു പൊടിക്കൈ. എടയ്ക്കു കേറി തടുക്കാണ്ടു മുഴവനും കേള്. വ്യാഖ്യാനങ്ങളും മറ്റും ഒടുക്കം മതി- 'ഓമൽ തിങ്കൾക്കിടാവിൻ പനിമതിയൊളിവും ചേർന്ന'ഇവിടെ എന്തോ ചേരാനൊണ്ടു്- അതു പോട്ടു്- 'അയ്യോ പൊയ്യല്ല ചൊല്ലാം തവ സവുധമതിൽനിന്നന്നു പോന്നേന്റെശേഷം- കൊല്ലുന്നേ കാമനാരാംഖലമതി അലസമിഴിത്തയ്യലാൾ തങ്കനൂലേ-പൊന്നാണെന്നാണെ നിന്നാണൊരു പൊഴുതിലഹോ നിദ്രചെയ്തീലഹം ഞാൻ- നിന്നെത്തന്നെ നിനച്ചു കഴിയൂണു പകലും രാത്രിയും കാതരാക്ഷീ ത്രിശൂലേ'
കൃഷ്ണൻ: ഭേപ്പെടാ-ആ 'അഫം ഞാൻ' എന്ന പ്രയോഘവും അഞ്ചുവരിയും കൊണ്ടുപിടിച്ചു. കണ്ടുപിടിക്കട്ടെ കവിതക്കൊമ്പന്മാർ. പാച്ചുപിള്ളണ്ണൻ ഇരുട്ടത്തെ വിളക്കുപോലല്ലിയോ കവിതയിൽ തെളിയുന്നു!
പാച്ചൻ: (ലജ്ജാഭാവത്തിൽ) അഞ്ചു വരിയെങ്കിൽ മോശമല്യോ? അതൊന്നു തിരുത്തണം. അല്ലെങ്കിൽ കിടക്കട്ടെ. പഞ്ചഭാണക്കാര്യമാണല്ലോ- കാവ്യത്തിലും പുത്തൻവഴികളിടുണ കാലവുമല്യോ? (ചെവികൊടുത്തിട്ടു്) അയ്യെടാ ആ കൊച്ചൻപിള്ളങ്ങത്തേക്കു് ഒടുക്കലത്തെ ശ്വാസംകൊണ്ടു് ആ ശ്വാസം കിട്ടിയിരിക്കാം. കെടമുറ തീര്‍ന്നു് അങ്ങുന്നു വരുന്നു- ഇതാ, ഇങ്ങനെ പെരുക്കൂടു്.
(കൃഷ്ണൻ ഒരു വാതലിൽക്കൂടി മറയുന്നു. പാച്ചൻ അല്പനേരം സംഭ്രമത്തോടെ നിന്നിട്ട് വീണുകിടന്നുകളയുന്നു. ഡാക്ടർ കുമാരൻനായർ പ്രവേശിച്ച് ചുറ്റും നോക്കി പാച്ചനെ കണ്ട് അത്ഭുതം നടിക്കുന്നു.)
കുമാരൻനായർ: ഇവിടെ ആരോ സംസാരിച്ചതുപോലെ തോന്നി, ഇവനിതാ ബോധം കെട്ടും കിടക്കുന്നു. ഇതെന്തു കഥ? എന്റെ ഉടുപ്പാണല്ലോ ഇവൻ ഇട്ടിരിക്കുന്നതു്. ഇവൻ പണ്ടേ അപകടക്കാരൻ എന്നു ഞാൻ കേട്ടിട്ടുണ്ട്. ഇത്രത്തോളം വഷളത്വമുണ്ടെന്നു വിചാരിച്ചില്ല. ഈ കപടം കണ്ട് മറ്റുള്ളവർ വിശ്വസിക്കുമെന്നു ഇവൻ വിചാരിക്കുന്നല്ലോ.
പാച്ചൻ: (നല്ല ഉറക്കത്തിലെന്ന നാട്യത്തിൽ) അയ്യോ! ഉടുപ്പിട്ടങ്ങുന്നേ--ഈ വേഷം കണ്ടല്ലോ. പൊന്നങ്ങുന്നേ, നാടകമാടാനും മറ്റും ബുദ്ധിമുട്ടിക്കരുതേ. പാച്ചൻ അഗതി, അങ്ങുന്നല്യോ തുണ!
കുമാരൻനായർ: ഇവൻ പറയുന്നതിന്റെ സാരമെന്തു്? ഉറക്കത്തിൽ പുലമ്പുകയാണു്. വിളിച്ചുണർത്താം. എടാ, പാച്ചാ!
രംഗം ഒന്നു് (06-09)
പാച്ചൻ: (കീത്തനരാഗത്തിൽ) 'പിൻകാലിന്മേൽ കടിച്ചമ്മുതല കടിവിടാഞ്ഞായിരത്താണ്ടുഴന്നൂ നാരായണ നാരായണ ശംഭോ'' (പ്രാര്‍ത്ഥനക്രിയയായി തൊഴുന്നു.)
കുമാരൻനായർ: എന്തോന്നെടാ ഈ ഭ്രാന്തു്? എണീക്കു്.
പാച്ചൻ: (ഉറങ്ങിയുണരുന്ന നാട്യം അഭിനയിച്ചു എഴുന്നേറ്റിരുന്നു) അയ്യോ-അയ്യോ-- (ഉടുപ്പും മറ്റും നോക്കീട്ട്) ഇതെന്തൊരു ശനിയൻ! ആരു പറ്റിച്ച ശതിവു്? അയ്യോ അയ്യോ ഇതെവിടം?
കുമാരൻനായർ: എന്തോന്നെടാ ഈ ഭ്രാന്തു്? എണീക്കു്.
പാച്ചൻ: (പരവശഭാവത്തിൽ) അയ്യോ-അയ്യോ-
കുമാരൻനായർ: നിന്റെ സംഗീതം നിറുത്തീട്ടു കഥയെന്താണെന്നു പറ
പാച്ചൻ: എനിക്കൊന്നുമറിഞ്ഞുകൂടാ. ഉറക്കത്തിലു്- അങ്ങുവന്നു് ഒരു നാടകമുണ്ടെന്നുത്തരവായി. വേഷത്തിനു് ഉടുപ്പിടുവിച്ചുന്നു തോന്നി. അപ്പോ ഇതു യൂബിലി ആളല്ല്യോ? (കണ്ണും മുഖവും തടവിക്കൊണ്ടു്) നേരം വെളുത്തോ പൊന്നങ്ങന്നേ. കൊച്ചൻപിള്ളങ്ങുന്നു പാവത്തിനെങ്ങനെയിരിക്കുന്നു?
കുമാരൻനായർ: എന്തോന്നെടാ നീ സ്വപ്നം കണ്ട കഥ പറയുന്നതു്? നിന്നെ ഉടുപ്പിടുവിച്ചുവെന്നോ? ആരിടുവിച്ചു? എണീറ്റുനില്ക്ക്. നീ എവിടെയോ പോകാൻ തുടങ്ങുകയായിരുന്നു. നിങ്ങൾ വേലക്കാരുടെ പിത്തലാട്ടങ്ങൾ എനിക്കറിഞ്ഞുകൂടെന്നും അഹങ്കരിക്കാതെ.
പാച്ചൻ: അയ്യോ പൊന്നങ്ങുന്നേ! നേരസ്ഥന്മാരു് അന്യായം ഉത്തരവാകരുതു്. വയറുപിഴയ്ക്കാൻ വന്നു കിടക്കുന്നുവെച്ച് ക്നാവു കണ്ടുകൂടെന്നും മറ്റും ചട്ടം വെച്ചാ-
കുമാരൻനായർ: (ദേഷ്യഭാവത്തിൽ) ഛട്ട് എഴുന്നേറ്റുനിന്നു സംസാരിക്കു്.
(പാച്ചൻ സംഭ്രമത്തോടെ ചാടി എഴുന്നേല്ക്കുന്നു. ചേപ്പിൽ ഒളിച്ചിരുന്ന എഴുത്തു താഴെ വീഴുന്നു. രണ്ടുപേരുമായി എഴുത്തെടുക്കാൻ മത്സരിച്ച് ഒടുവിൽ ഡാക്ടർ അതു കൈവശമാക്കുന്നു.)
(എഴുത്തു വായിച്ചുനോക്കീട്ട്) എന്തോന്നെടാ ഇതു്? ഇതിന്റെ പേരെന്തു്!
പാച്ചൻ: (എഴുത്തിൽ എത്തിനോക്കീട്ട്) ഇതോ-ഏ! (കൈ ചൊറിയുന്നു.)
(ഡാക്ടർ അടിക്കുന്നു.)
(പാച്ചൻ തടുക്കുന്നു.) കൊല്ലരുതങ്ങുന്നേ. അങ്ങതിലെ കിട്ടുപിള്ള ഇവിടെ വന്നിരുന്നപ്പം, അയാൾ കൊണ്ടിട്ടേച്ചുപോയ എന്തോന്നോ ആണു്.
കുമാരൻനായർ: കളവു പറഞ്ഞാൽ അനുഭവമുണ്ട്. ഇതു നിന്റെ കയ്യക്ഷരമല്ലേ? നീ കണക്കുകൾ കുറിച്ചുവെയ്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്.
പാച്ചൻ: (ഒന്നുകൂടി എത്തി സൂക്ഷിച്ചുനോക്കീട്ട്) ഇതോ? ഇതെന്റെ കയ്പടതന്നെ പൊന്നങ്ങുന്നേ. എഴുതി കൈയക്ഷരം തെളിച്ചോണ്ടു ചെന്നാൽ ബോലീസിലെടുക്കാമെന്നും ഹെട്ടുകോട്ടു യജമാൻ ഉത്തരവായിട്ടുണ്ട്.
കുമാരൻനായർ: ഛേ മുട്ടാ ! നീ ഏതോ പെണ്ണിനും എഴുതിയ എഴുത്തല്ലേ? ഇവിടെ താമസിക്കുമ്പോൾ ഈ കച്ചവടം പാടില്ല.
പാച്ചൻ: (ശാന്തസ്വരത്തിൽ) മനുഷ്യരല്ലയോ അങ്ങുന്നേ?
കുമാരൻനായർ: പോടാ. നിനക്കു നിന്നെത്തന്നെ രക്ഷിപ്പാൻ ഗതിയില്ല. വല്ലതുമൊന്നിനു മുണ്ടുകൊടുത്താൽ അതു നാളെ തുരുതുരെ പ്രസവിച്ചുതുടങ്ങും. ലോകത്തിൽ നിര്‍ദ്ധനത്വം വര്‍ദ്ധിക്കും. അങ്ങ നെ വരുന്ന ഒരു വ്യാപാരം നാം അനുവദിച്ചു നടന്നുകൂടാ. ഒരു സമുദായത്തിൽ എല്ലാവരും വിവാഹം ചെയ്തുകൂടെടാ. ഈ പ്രമാണം അനുസരിക്കകൊണ്ടാണ് പാശ്ചാത്യസമുദായങ്ങൾക്കു് ഐശ്വര്യവും പ്രാബല്യവും വര്‍ദ്ധിക്കുന്നതു്. ആ സമുദായങ്ങളിൽ എത്ര വൃദ്ധബ്രഹ്മചാരികൾ, മുതുക്കിക്കന്യകകൾ ഉണ്ടെന്നും മറ്റും നീ അറിഞ്ഞിട്ടില്ല. നോക്കു്, എന്റെ വൃത്തി നീ അറിഞ്ഞിട്ടുണ്ടല്ലോ. സ്ത്രീനിമിത്തമാണ് ഈ ലോകത്തിൽ ദുരിതങ്ങൾ വര്‍ദ്ധിക്കുന്നതു്. ഇനി ഇങ്ങനെയൊന്നും വരരുതു കേട്ടോ. സൂക്ഷിച്ചു നടക്കണം.
പാച്ചൻ: ഇല്ലില്ലാ. പൊന്നെജമാൻ എല്ലാം ക്ഷമിക്കണം. ഇതൊക്കെ എന്തരോ ഒരു കനാ്വിന്റെ-
കുമാരൻനായർ: കിനാവിന്റെ, ഭൂകമ്പത്തിന്റെ! പോടാ കള്ളക്കുരങ്ങാ. നാലുമണിക്കു കൊച്ചൻപിള്ളയെ ഒന്നുകൂടി പോയി നോക്കണം. അപ്പോൾ കാപ്പി വേണമെന്നും ഉമ്മിട്ടിക്കുറുപ്പിനോടു പറഞ്ഞിട്ടു പോയി കിടന്നുറങ്ങു്.
(പാച്ചൻ ഉടുപ്പ് ഊരാൻ ബദ്ധപ്പെടുന്നു.)
പറയാതെ ഇനിയും കിനാവിൽ ചാടിപ്പോകരുതു്. (പോകുന്നു.)
പാച്ചൻ: (പൂർവസ്ഥിതിയിൽ ഉടുപ്പിന്റെ ബട്ടനിട്ടുകൊണ്ടു്) ഭാര്യയും ഭർത്താവും പാടില്ലപോലും. എവരെ കാലത്തു് ഇനി അങ്ങനെയൊക്കെ ഒരു വില്ലും വന്നേക്കും. എന്തൊരു പ്രമാധം! അല്ലേ.. അങ്ങുന്നും ശിഷ്യനും വേണോ? എന്നാപ്പിന്നെ ആണിനൊരു പെണ്ണും. യേസ്, അതുകൊണ്ട് ഏമാന്റെ പ്രസംഗവും പ്രമാണവും പാച്ചനു വേണ്ട.
കുമാരൻനായർ: (അകത്തുനിന്നു്) വിളക്കണച്ചിട്ടുവേണം ഉറങ്ങാൻ പോകുന്നതു്.
പാച്ചൻ: ഉത്തരവു്. ഉറങ്ങിത്തുടങ്ങിയേ.
കുമാരൻനായർ: (അകത്തുനിന്നു) കാപ്പി നാലുമണിക്കു്.
പാച്ചൻ: കാപ്പി നാലുമണിക്കു്.
കുമാരൻനായർ: (അകത്തുനിന്നു്) ചത്തുകിടന്നുറങ്ങിക്കളയരുത്.
പാച്ചൻ: ഉറങ്ങിണേയില്ലേ. (കുറച്ചുനേരം ചെവിയോർത്തുനിന്നിട്ടു ഞൊടിച്ചും കൊണ്ടു്) ഇതാ ഒരോട്ടത്തിനു വന്നൂട്ടു. (പോകുന്നു.)
(കർട്ടൻ)
രംഗം രണ്ടു് (10-15)
രംഗം രണ്ടു്
[കുമാരൻനായരുടെ ആഫീസുമുറി. പാച്ചൻ, കൃഷ്ണൻ, ഗോപാലൻ, മാതു എന്നിവർ മേശകളിന്മേലും ചാരുകസാലയുടെ കൈകളിന്മേലും ഇരിക്കുന്നു.]
മാതു: എടേ! പെട്ടിആഫീസരങ്ങത്തെ പെടകൊട ഉണ്ടതിനു പകരം ആ കൊച്ചങ്ങത്തെ നമുക്കു രണ്ടു പേസൂടാം.
ഗോപാലൻ: എടേ ! ചൊക്കന്മാരെപ്പോലെയല്ലാണ്ടു് അങ്ങന്മാരെപ്പോലെ ഈ കസേരകളിൽ നേരെ ഇരുന്നൂട്ടാലോ?
മാതു: അതിൽ മുള്ളകമ്പിയൊണ്ടെടാ. അതു കൊള്ളുമ്പോ, കാര്യമെല്ലാം നസ്മിറുതി എന്നു വന്നൂടും.
കൃഷ്ണൻ: എടേ, പാച്ചൻചട്ടമ്പിയെപ്പോലെ നീയും ഗീർബാണം ചപ്പിത്തൊടങ്ങിയോ?
പാച്ചൻ: എടാ ഹന്തകാന്തന്മാരേ! പെട്ടിയും ചെല്ലവും തൊറക്കാണ്ടു്, അവിടെ ശമ്മണം പോട്ടി ശീട്ടു വെളമ്പിൻ.
ഗോപാലൻ: വരട്ടേ. തന്റെ അങ്ങത്തേക്കു ഈയിടെ ഒരു ചടപ്പെന്തടോ? നടക്കുമ്പോ മിഴാഞ്ചുണു. ഇല്ലപ്പള്ളിക്കൂടത്തിന്റെ മൂലയിലും മറ്റും ചെന്നു, ചൂണ്ടയിട്ടു കയം നോക്കി നില്ക്കുമ്പോലെ ഒരു മട്ടും കാണുന്നു. അതെന്തരെടേ? കോതമ്പുണ്ടുതുടങ്ങിയോ?
മാതു: ഡിക്ക്റി എത്രാന്നു കേളെടാ.
പാച്ചൻ: അക്കണക്കിക്കേറിയാൽ പെട്ടി അങ്ങത്തന്മാര്‍ക്കും കൊള്ളും.
പാച്ചൻ: ചലമ്പാണ്ടു് ഇരിക്കാൻ വയ്യെങ്കി നിങ്ങളു തൊലഞ്ഞു പോവിൻ. അങ്ങു് ആശുപത്രീന്നു പോയി അലങ്കാരങ്ങളെല്ലാം ഒന്നു നോക്കീട്ടു് വന്നൂടും. രണ്ടു കയ്യിടണെങ്കി ഇടിൻ. എടാ, അങ്ങത്തെ മര്യാദ വേദവ്യാസന്റെ അച്ഛൻകൂടെയും കണ്ടിട്ടില്ലെടാ. പാച്ചനെപ്പോലെയും, നിങ്ങടെ അപ്പാപ്പന്മാരെപ്പോലെയും പെണ്ണെന്നുവച്ച് തിണ്ടാടിപ്പോണവനല്ല.
കൃഷ്ണൻ: അങ്ങനെയെടാ ശട്ടമ്പീ! നാക്കു കള്ളം പറയൂല്ല. നിന്റ വ്യാസസ്വാമിയാരുടെ തന്ത്യാനലോ പണ്ടു്,
'മത്സ്യഗന്ധിയൊരുകാലം മാനമോടേയിരുന്നനാൾ'
ഗോപാലൻ: അടിയെടാ. 'മൽസ്യ... .മാനമോടെ' യെന്തോന്നെടേ?
കൃഷ്ണൻ: 'മാനമോടേയിരുന്നനാൾ വിസ്മയിച്ചു പരാശരൻ കണ്ടു കാമിച്ചു.''
(പാച്ചനൊഴികെ എല്ലാവരും കൂടി: 'വിസ്മയിച്ചു പരാശരൻ കണ്ടു കാമിച്ചു.' ആവർത്തിച്ചു ചൊല്ലി തിത്തിത്തൈവട്ടം പ്രയോഗിക്കുന്നതിനിടയിൽ ഉമ്മിട്ടിക്കുറുപ്പ് ഒരു അരിവാളുമായി പ്രവേശിക്കുന്നു.)
ഉമ്മിട്ടിക്കുറുപ്പു: ഇതു ചോറുണ്ണാനുള്ള വഴിതന്നെ, കൊച്ചുങ്ങളേ. നിങ്ങടെ കാട്ടുപിള്ളേരുടെ മട്ടെടുക്കാനുള്ള ഇടം ഇതല്ല.
പാച്ചൻ: അമ്മാച്ചാ! അമ്മാച്ചാ! മിണ്ടരുതു്. അങ്ങത്തെ ഉത്തരവനുസരിച്ചു്, മറ്റന്നാളത്തെ നാടകത്തിനു ഞങ്ങൾ വള്ളപ്പാട്ട് റിവർസ് ചെയ്കയാണു്. എന്നുവച്ചാൽ ചൊല്ലിയ. ടണന്നേ.
ഗോപാലൻ: അതുകൊണ്ടമ്മാച്ചാ അനന്തരത്തമ്മാരു് ക്ഷീണിക്കാതിരിപ്പാൻ കൊട്ടു കാപ്പി കൊണ്ടന്നൂടണം.
മാതു: തലയ്ക്ക് കൊഞ്ചം കൊഞ്ചം ഉപ്പുമാവും -
കൃഷ്ണൻ: പൊന്നമ്മാച്ചാ, ഓരോ കൈ 'ഓമനത്തിങ്കൾ കിടാവും.'
(ഉമ്മിട്ടിക്കുറുപ്പു കയര്‍ത്തും ഓരോരുത്തനേയും ശിക്ഷിപ്പാൻ വട്ടമിട്ടോടിക്കുന്നു.)
അമ്മാച്ചാ ! പാച്ചൻപിള്ളേടെ ബഹുലംഭയെക്കുറിച്ച് ഒരു ശ്ലോഹം പിടിച്ചോണം! ചുമ്മാ അടിച്ചെല്ലു ഞെരിക്കാണ്ടിരിക്കണം. (കണ്ഠം തെളിച്ച്) 'അഞ്ജവശൈലാകാരം - കഞ്ജരജംഘം കനത്ത മുകിൾവണ്ണം.'
(പാച്ചൻ കൃഷ്ണനെ തല്ലാൻ പിടികൂടുന്നു.)
എടടേ! ആരോ വരുന്നു; അങ്ങുന്നായിരിക്കാം.
ഗോപാലൻ: അങ്ങുന്നല്ല. വണ്ടി വന്നില്ല; ബൂട്ടീസും കേക്കണില്ലാ. അതുകൊണ്ടു് ഞാനുമിത്തിരി പാച്ചൻപിള്ളയണ്ണന്റെ മതാമ്മയെ സ്തോത്രിച്ചോട്ടെ- മേഘമണ്ഡലമുയര്‍ന്നൊരു പ്രഭയോ?
(പാച്ചൻ ഗോപാലനേയും എതിര്‍ക്കുന്നു; എല്ലാവരും കൂടി ഒരു കുലശൽ ഉണ്ടാക്കുന്നു.)
ഉമ്മിട്ടിക്കുറുപ്പു്: ഛേ! ഇതിവിടെ കേപ്പാനും കേൾവിയുമില്ലെന്നോ?
(അയ്യൻപിള്ള കുറുവടിയുമായി പ്രവേശിക്കുന്നു.)
അയ്യൻപിള്ള: (പ്രസാദഭാവത്തിൽ) ഹയ്യെടാ! അങ്ങനെ വരട്ടെ. ചുമ്മാതല്ല. കൂട്ടമിതല്യോ? ചെറും ഡാക്കിട്ടരെന്നും പറഞ്ഞു് കണ്ടവന്റെ പണം പറിക്കിണ കന്നക്കോലുകാരും അവന്മാരുടെ ഇപ്പോലുള്ള കിങ്കരക്കൂട്ടവുംകൊണ്ടു് രാജ്യം മുടിഞ്ഞു. (മറ്റുള്ളവർ ശണ്ഠനിർത്തി ആശ്ചര്യത്തോടെ ആഗതനെ നോക്കുന്നു.)
കൃഷ്ണൻ: 'ദണ്ഡകവനം തന്നിലാരഹോ?'
അയ്യൻപിള്ള: എടാ, നിന്റെ കന്നം തിരിവു കൊണ്ടരണതും കാട്ടുമാക്കൻ അയ്യൻപിള്ളേടെ അടുത്തല്ല.
പാച്ചൻ: ഏതു വീട്ടുമാക്കനായാലും ആരാൻ വീട്ടിലല്ലാ അമ്മാച്ചൻ കുറതീരണതു്.
അയ്യൻപിള്ള: എടാ, മൊട്ടയിന്നു വിരിയാത്ത ചൊക്കിട്ടപ്പിള്ളേരുടെ തരവഴി അങ്ങു ദൂരത്തു വച്ചേക്കു്.
പാച്ചൻ: ഇങ്ങനെ തരവഴി ഇപ്പിള്ളരോടും എടുക്കണ്ടാ.
അയ്യൻപിള്ള: അകത്തെ പൂഞ്ചിനു പുറത്തെ മുള്ളു്. നിങ്ങടെ അങ്ങത്തേടെ അടുത്തു പറഞ്ഞേക്കണമെടാ, വഴിയേപോണ കൊച്ചുങ്ങളെ തടുത്തുനിറുത്തി അവടെ വീടേതു്, ഇവടെ പേരെന്തു്, മറ്റവടെ നാളെന്തു്, മറിച്ചവളുടെ കൂറെന്തു് എന്നു കേപ്പാൻ നിന്നാൽ (ഉമ്മിട്ടിക്കുറുപ്പിനോടു്) നോക്കു കൂവാ മൂത്താൻ, ഇങ്ങിട്ടൂടെന്നു് വായും തുറന്നു നിയ്ക്കാണ്ടും ചോറുകൊണ്ടു് അയാടെ തലയിൽ തട്ടുമ്പോ, ഇപ്പറഞ്ഞതു് അക്ഷരം വിടാണ്ടു് പറഞ്ഞോളു. നോക്കു, കാട്ടുമാക്കൻ അയ്യൻപിള്ള സലാം പറഞ്ഞൂന്നു് പറഞ്ഞേക്കു.
ഗോപാലൻ: എടേ പാച്ചുഅണ്ണ, ഇക്കതയെന്ത്, ഇങ്ങേരെ വേഷമെന്തു്? 'പാടച്ചരകീടാ' എന്നു വയ്ക്കണ ഇങ്ങേരടെ അടവിന്റെ രാഗമെന്തു്? സാരമെന്തു്?
കൃഷ്ണൻ: എടാ അങ്ങേരെ വയറ്റി കിടക്കുന്നതു് വാവഴി ചാടണതിനും നിങ്ങൾക്കെന്തു്? മൂക്കും പിടിച്ചു മിണ്ടാണ്ടിരിപ്പിൻ. ചെവിയ്ക്കെന്തുചേതം? ചെവിത്തയ്ക്കെന്തു ചേതം?
അയ്യൻപിള്ള: എടാ, ഒരു ഞോടിനില്ലാത്ത കൂറപ്പേൻകൂട്ടം. ച്ഛി! ഇതിനെല്ലാം അയ്യൻപിള്ള ആണുങ്ങളെക്കൊണ്ടു കാര്യം കേൾപ്പിച്ചില്ലെങ്കി, നോക്കിൻ, ചെവിക്കു പിടിച്ചോളിൻ. ഹും (സ്വഗതം) ഇനി പെണ്ണിന്റെ എട്ടാവട്ടത്തു ചെല്ലട്ടെ. തല മണ്ണുതിന്നുന്നതു് ചത്ത തടി അറിയും. അവന്റെ മണ്ട രണ്ടാക്കീട്ടു മേൽകാര്യം
(നടന്നുകളയുന്നു).
ഉമ്മിട്ടിക്കുറുപ്പു്:ച്ഛി! എല്ലാംകൂടെ വരുത്തിവയ്ക്കുന്ന കൊറച്ചിലുകളു്! പെണ്ണുപോലും ആണുപോലും! മാനമുള്ളവര്‍ക്കു കെടന്നു പെഴയ്ക്കാൻ പാടില്ലാത്ത കാലവും കോലങ്ങളും. ഹും! (മൂക്കുപിടിച്ചു) അടുപ്പിക്കെടന്നതെന്തരോ കരിഞ്ഞു നാറുന്നു. (പോകുന്നു.)
കൃഷ്ണൻ: എടേ ഈ മാടന്റെ കഥ അങ്ങു കെടക്കട്ടെ. നമുക്കു് എലിയെപ്പിടിപ്പാനെന്നും പറഞ്ഞു രണ്ടു മൊളവെങ്കിലും പാച്ചുഅണ്ണന്റെ അടുത്തുവന്നു കേട്ടു വാങ്ങിക്കാം . ആ തരം തൊലവാൻ പോണ കോളല്യോ കാണുന്നതു്?
പാച്ചൻ: (താൻ എല്ലാം അറിഞ്ഞിട്ടുള്ളതുപോലെ നടിച്ചു്) എടാ അങ്ങുന്നും മനുഷ്യനല്യോ? പ്രായവും ചെന്നു് പണവും ചൊരിയുമ്പോ വീട്ടിനൊരു പെണ്ണും ചേരണ്ടയോ? എവനെ എന്തും പറയട്ടെ. അങ്ങുന്നു് അങ്ങത്തേടെ ഇഷ്ടം പോലെ നടക്കും.
മാതു: എന്നാൽപ്പിന്നെ കഥ മുഴുവൻ കവുട്ടൂട്. ഞങ്ങളുണ്ണാൻ വയറൊഴിക്കട്ടു്.
പാച്ചൻ: (പ്രാധാന്യം നടിച്ച്) നിങ്ങൾ പോയിനെടാ നിങ്ങടെ പാട്ടിനു്.
കൃഷ്ണൻ: ഹേ ഞങ്ങടെ ചെങ്ങാതിയല്യോ?
'അവളേതൊരു കമനീ? -ഹേ ബാഹുകാ!
തവയങ്ങുന്നിൻ ധൃതിശമനീ.'
ഗോപാലൻ: അയ്യോടാ രസം, രസം, എന്റെ ഗന്ധര്‍വ്വാ! (വണ്ടി വന്നു നിന്ന ശബ്ദം കേട്ടിട്ട് നിർത്തുന്നു.)
പാച്ചൻ : എടേ ഇങ്ങനെ ഒന്നും തട്ടിമറിക്കാതിൻ. ച്ശും. ചത്തം, ശത്തം, തൊലവിൻ.
(എല്ലാവരും പോയപ്പോൾ പാച്ചൻ മുറി വെടിപ്പാക്കുന്ന പണിയിൽ ശ്രദ്ധാലുവെന്നപോലെ ഒരു മുലയിൽ നീങ്ങി ചുവരിലെ പൊടിതുടച്ച് നില കൊള്ളുന്നു. കുമാരൻനായർ പ്രവേശിച്ച് ദീര്‍ഘശ്വാസം വിട്ടു ക്ഷീണഭാവത്തിൽ ഒരു കസാലയിൽ വീഴുന്നു.)
രംഗം രണ്ടു് (16-21)
കുമാരൻനായർ: ഹേ കഴിയില്ല. ഇഷ്ടന്മാരോടെങ്കിലും പരമാര്‍ത്ഥം പറഞ്ഞു കാര്യം നിവര്‍ത്തിക്കണം. അന്തശ്ശതം മറച്ചുവെച്ചുകൊണ്ടു നടന്നാൽ മനസ്സു വ്രണപ്പെടുകമാത്രം ഫലം. ഷഷ്ടിപൂര്‍ത്തി മഹോത്സവത്തിന്റെ സാമീപ്യം എല്ലാവരേയും ആമോദപുജന്മാരാക്കുന്നു. നഗരം തന്നെ സാക്ഷാൽ കദംബവാടിപോലെ പ്രശോഭിക്കുന്നു. എന്റെ ഹൃദയം മാത്രം ഒരു ആശാതിമിരത്താൽ അന്ധകാരമയമായിരിക്കുന്നു. എന്തൊരു കഥയാണിതു്? വിവാഹമെന്ന ക്രിയ ബഹുകോടികളായി ലോകത്തിൽ നടന്നിട്ടുണ്ടു്? സ്ത്രീപുരുഷസംഘടന ലോകത്തിന്റെ നാനാഭാഗങ്ങളിലും ദിവസേന നടന്നു വരുന്നുണ്ട്. അങ്ങനെ ഒരു കര്‍മ്മത്തിനു് ആദ്യമായി വട്ടം കൂട്ടുന്നവനെപ്പോലെ ഞാൻ ബുദ്ധികഴങ്ങി ഭ്രാന്തനെന്നപോലെ വട്ടംതിരിയുന്നു. വിവാഹകർമ്മത്തെ ഞാൻ അപഹസിച്ചിട്ടില്ല. കുടുംബം രക്ഷിക്കാൻ മുതലില്ലാത്തവൻ പരിഗ്രഹിക്കുവാൻ വട്ടം കൂട്ടുന്നതു സമുദായദ്രോഹമാണെന്നു ഞാൻ വാദിച്ചിട്ടുണ്ടു്. വഴിയിൽ കാത്തുനിന്നു് ആ മനോഹരസ്വരൂപം കണ്ടു ജന്മം കഴിക്കുന്നതു മഹാജളത. പേരുതന്നെ എന്നെ എങ്ങനെ ആകര്‍ഷിച്ചു! 'വിമല'-ആ പേരിനെ സാര്‍ത്ഥമാക്കുന്ന ഒരു ആത്മാവിന്റെ നികേതനം തന്നെയാണു് ആ മനോഹരശരീരം. സഹചാരിണികളെ അനുഗ്രഹിക്കുന്ന അവളുടെ മന്ദസ്മേരങ്ങൾ ഒരു മഹതീകിശോരത്തിന്റെ ആത്മപ്രഭാവിലാസമായി എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. എത്ര ദിവസമായി കേവലം ഒരു കുരങ്ങനെപ്പോലെ ഞാൻ ചാഞ്ചാടി നടന്നിരിക്കുന്നു ! കാമുകന്റെ വിഭ്രമത്തിളപ്പുകൊണ്ടല്ലേ ഇന്നും അനദ്ധ്യായദിവസമാണെന്നുകൂടി മറന്നു കാളേജിൽനിന്നും ഉള്ള അവളുടെ വരവു കാത്തു ആ ഷാപ്പിലും ഈ ഷാപ്പിലും കയറി വൃഥാ മനഃക്ഷീണം വർദ്ധിപ്പിച്ചിങ്ങോട്ടു പോന്നതു്!- അങ്ങോട്ടു നേരേ ചെന്നു അഭിലാഷം പറഞ്ഞാലോ? അബദ്ധൻ എന്ന പട്ടം പക്ഷേ, കിട്ടിയേക്കാം. മാനമായുള്ള വിവാഹത്തിനാണല്ലോ ഞാനൊരുങ്ങുന്നതു്. അങ്ങോട്ടു കടന്നു തടുത്തുനിറുത്തി രണ്ടു വാക്കു സംസാരിച്ചാൽ അവൾക്കാകട്ടേ, എനിക്കാകട്ടേ എന്തു മാനക്ഷയം വരുവാനുണ്ടു്? മറ്റൊരാൾക്കു വാഗ്ദത്തം ചെയ്യപ്പെട്ടവളാണെങ്കിലോ?-
പാച്ചൻ: (സ്ഥലകാലങ്ങൾ മറന്ന നാട്യത്തിൽ ഗാനം ചെയ്യുന്നു.)
'മല്ലാക്ഷീമണി വല്ലനോട്ടമതിലും സസ്നേഹമീക്ഷിച്ചതും-
സോല്ലാസം ശനകൈര്‍ന്നിതംബഗുരുതാമൂലം നടന്നെന്നതും-'
കുമാരൻനായർ : (പെട്ടെന്നു തിരിഞ്ഞുനോക്കി, ആത്മഗതം) ഈ ശനിയനിവിടെ നിന്നിരുന്നോ? നമ്മുടെ അനുരാഗത്തിന്റെ രഹസ്യസ്ഥിതി ഇതാ അവസാനിച്ചു. ഇവന്റെ കയ്യിൽ കിട്ടുന്ന വര്‍ത്തമാനം ബാണക്കുറ്റിപോലെ പൊട്ടി എങ്ങോട്ടെല്ലാം തെറിക്കുമെന്നു ഭഗവാനേ രൂപമുള്ള . അബദ്ധമായി! (ദേഷ്യഭാവത്തിൽ) എന്തോന്നെടാ തലമറന്ന് എണ്ണതേക്കുന്നതു്? ആകപ്പാടെതന്നെ ഈയിട നിന്റെ നിലയൊന്നു മാറിയിട്ടുണ്ട്. എങ്ങും ചേരാത്ത നീ പകലും സ്വപ്നം കണ്ടുതുടങ്ങിയോ?
പാച്ചൻ: അതല്ലങ്ങുന്നേ പതിവിമ്പടി ബൂട്ടീസൂരട്ടയോ എന്ന ചോദിക്കാൻ ഭാവിച്ചപ്പം-ലാ 'വീശട്ടയോ?' എന്ന ശ്ലോകം മനസ്സിക്കേറിത്തോന്നി. ചൊല്ലിയപ്പോ 'മല്ലാക്ഷീമണി' എന്നായിപ്പോയി.
കുമാരൻനായർ: നിന്റെ അധികപ്രസംഗം സഹിച്ചുകൂടാ.
പാച്ചൻ: പൊന്നങ്ങത്തേക്കു സഹിച്ചുകൂടാത്തതിനെക്കുറിച്ച്, പിഴപ്പു വിചാരിച്ചു, ഇത്തിരിയൊന്നു ഭോദിപ്പിച്ചോട്ടേ.
കുമാരൻനായർ: നീ പിഴപ്പല്ലാതെ ശരിയായ വഴി എന്നെവിടെ കണ്ടു?
പാച്ചൻ: എവൻ ഏതു കണ്ടില്ലെങ്കിലും ഉരുണ്ടു വീഴട്ടെ. പൊന്നങ്ങുന്നു വല്ല വൈദ്യന്റെയും രണ്ടു തുള്ളി കഷായം തൊട്ടുതെറിച്ചാൽ- ഒരവലിയാരമ്മാച്ചൻ കൂടെയും ഇവിടെവന്നു പറഞ്ഞേച്ചുപോയി.
കുമാരൻനായർ: കണ്ടവന്റെ ഉപദേശം നമുക്കു വേണ്ടാ. ആട്ടെ നീ ഇങ്ങോട്ടു നില്ക്ക്.
പാച്ചൻ: (മുഖം ചുളിപ്പിച്ച്) മുതുവിലൊരു വാതക്കൊളുത്തു പൊന്നങ്ങുന്നേ! വല്ലോം കൊണ്ടാൽ ഇപ്പമിവിടെ ചത്തു വീഴും.
കുമാരൻനായർ: ജന്തു! തല്ലാനല്ലാ. നീ ആ പ്ലാന്തോട്ടത്തു വീടറിയുമോ?
പാച്ചൻ: (ആലോചിച്ചിട്ടു്) കോട്ടയത്തു്; ആ തോട്ടിന്റെ-
കുമാരൻനായർ : മരമണ്ടാ! അവിടെയെങ്ങുമല്ലാ. ഇവിടെ ബി. ഏ. ക്ലാസ്സിൽ പഠിക്കുന്നില്ലേ; ഒരു ചെറിയ ലേഡി?
പാച്ചൻ: (വേഗത്തിൽ) പൊന്നങ്ങുന്നേ! (തലകുലുക്കി) പൊന്നങ്ങുന്നേ! ഇല്ല റൊട്ടിക്കിടങ്ങിലെ അവുസേപ്പിന്റെ കെട്ടിയവടെ പെങ്ങടെ മകളു്.
കുമാരൻനായർ: ഏഭ്യാ! കഴുതേ ! ഭ്രാന്താ! നീ എവിടംകൊണ്ടു കാര്യങ്ങൾ കേൾക്കുന്നുവെടാ?
പാച്ചൻ: എന്തോന്നോ തലയ്ക്കു മന്തം തന്നങ്ങുന്നേ! വഴിയിൽ പോണവനെല്ലാം അങ്ങത്തെ ചൂണ്ടി പലവട്ടം പറയുമ്പോ, ചോറുതിന്നുന്ന ഇവന്റെ തലയിലലോ കൊള്ളണതു്?
കുമാരൻനായർ: (ആത്മഗതം) മനുഷ്യര്‍ക്കു മനസ്സുകൊണ്ടുള്ള വ്യാപാരവും പാടില്ലെന്നാണ് ആളുകളെക്കൊണ്ടു വന്നിരിക്കുന്നതു്. ഇവനും കാര്യം ഗ്രഹിച്ചിട്ടുണ്ടു്. ഒരു നിര്‍ദ്ദേശം കൊടുത്തയയ്ക്കാമെന്നു. വിചാരിച്ചപ്പോൾ, അവൻ മത്സ്യംപോലെ പിടിതരാതെ വഴുതിക്കളയുന്നു. (പ്രകാശം) എടാ ! നിന്റെ തല എന്തും താങ്ങുന്നതാണല്ലോ. വികടസരസ്വതിയുടെ കുടിയിരിപ്പുതന്നെയും ആ കൽക്കുടത്തിലല്ലേ?
പാച്ചൻ: കിട്ടുപ്പണിക്കരായാന്റെ യോസ്യവും അതു കണ്ടുപിടിച്ചു കളഞ്ഞങ്ങുന്നേ. ഇപ്പപ്പിന്നെ പാച്ചൻ എന്തുചെയ്യണമെന്നു ചുമ്മാ ഉത്തരവാകണം . പാച്ചന്റെ ബുദ്ധിക്കും ഒരു പഴക്കവും തഴക്കവും ഒക്കെ വന്നിട്ടുണ്ട്.
കുമാരൻനായർ: ശരി ഇങ്ങോട്ടു നീങ്ങി നിൽക്കു്. (ആത്മഗതം) ഈ അപകടക്കാരനെ ആ വേദവതിയുടെ അടുത്തയയ്ക്കുന്നതു വല്ല തകരാറിലും കലാശിച്ചേക്കാം- പരമാര്‍ത്ഥമൊന്നും പറയേണ്ടാ. സമ്പ്രദായത്തിൽ അടിയിടാം. (പ്രകാശം) വക്കീൽ മിസ്റ്റർ മല്ലൻപിള്ളയുടെ വീടു നീ കണ്ടിട്ടില്ലേ?
പാച്ചൻ: ഒണ്ടൊണ്ട്. ലങ്ങ് പേരുക്കടപ്പോണ വഴിയിലും, ആ കുന്നിന്റെ ചരിവിലു്, ഒരു വല്യ തൊഴുത്തും -
കുമാരൻനായർ: നീയും ആ തൊഴുത്തിലുള്ള വര്‍ഗ്ഗത്തിൽ ചേർന്നതു തന്നേയാണു്! അതു് അദ്ദേഹത്തിന്റെ തറവാട്ടുഭവനമല്ലേ? ഇവിടെ കാളേജിന്റെ അടുത്തു് -
പാച്ചൻ: ഏ. ഏ. അതെന്നും പാച്ചൻ കാണണതല്യോ? രണ്ടുനില മാളികേം, നടയിൽ ചായത്തിലച്ചടിച്ച ഒരു പലകേം. അവുടല്ലോ നമ്മുടെ കുഞ്ഞുപിള്ള ജഡ്മിഅങ്ങത്തെ മകൻ ഉച്ചത്തീൻ കഴീക്കിണതു്?
കുമാരൻനായർ: അവിടെ ഒരു പെൺകുട്ടി ഉണ്ണുന്നില്ലേ?
പാച്ചൻ : അമ്പാ പൊന്നങ്ങത്തേക്കണ്ണു്! അതൊരു സൊരഗംഗ. ഉണ്ണുന്നവരെ ചെങ്ങാത്തം എന്തെന്നലോ അങ്ങത്തേയ്ക്കറിയേണ്ടതു്?
കുമാരൻനായർ: എടാ സാമദ്രോഹീ! ആ കട്ടിയെക്കുറിച്ചു ദുശ്ശങ്കയോന്നും തോന്നരുതു്. അവൾക്കു ഒരെഴുത്തു കൊണ്ടുക്കൊടുക്കേണ്ടതുണ്ടു്.
പാച്ചൻ: (ആത്മഗതം) അതാ! ശ്ലോഹമാണു് എഴുതിത്തരാൻപോകുന്നതു്. ഒന്നു പകത്തിയെടുത്തു കുഞ്ഞുലക്ഷ്മീടെ അടുത്തും പ്രയോഗിച്ചൂടാം (പ്രകാശം) അങ്ങുന്നേ, കറുപ്പിലും വെളുപ്പിലും അഴകുണ്ടു്. എങ്കിലും അങ്ങത്തേക്കു കിട്ടുന്നതു പൊന്നും ചെന്താമര.
കുമാരൻനായർ: ഛേ, നിന്റ സർട്ടിഫിക്കേറ്റു കൊണ്ടുപോയി ചുട്ടുകരിക്കു്. ആ കുട്ടി ശരീരശാസ്ത്രം പഠിക്കുന്നു. ചോദിച്ച ഒരു സംശയത്തെക്കുറിച്ചുള്ള വ്യാഖ്യാനമാണു കൊണ്ടുക്കൊടുക്കേണ്ടതു്.
പാച്ചൻ: ആ ശാസ്ത്രത്തിനെപ്പറ്റി ആയതുകൊണ്ടു മറുവടിക്കു കാത്തു നില്ക്കെണ്ടയോ യജമാനനേ? അതില്ലെങ്കിൽ പിന്നെ ഇക്കഷ്ടപ്പാടെല്ലാമെന്തിനു്?
കുമാരൻനായർ: (ഇരുന്നെഴുതി ലേഖനം ലക്കോട്ടിലാക്കി പാച്ചന്റെ കൈയിൽ കൊടുത്തിട്ടു്) എടാ, നിന്റെ മനോധർമ്മങ്ങളൊന്നും പ്രയോഗിക്കരുതു്. മര്യാദയ്ക്കിതിനെ അവിടെക്കൊണ്ടുപോയി രഹസ്യമായി അവളുടെ കൈയിൽ കൊടുത്തിട്ടു് ഓടിപ്പോന്നേയ്ക്കു്.
പാച്ചൻ: (ആത്മഗതം) അവനോന്റെ കാര്യത്തിനും അവനോൻ തന്നെ എഴുത്തുകൊണ്ടു പെയ്യപ്പം, പാച്ചന്റെ കാര്യം എത്ര സബാഷെന്നു നടന്നു. (പ്രകാശം) ഭാവങ്ങളുമെല്ലാം നോക്കിക്കൊണ്ടു പോരണ്ടയോ അങ്ങുന്നേ?
കുമാരൻനായർ: ആ കുട്ടിയെ നിന്റെ അധികപ്രസംഗങ്ങൾകൊണ്ടു ഉപദ്രവിക്കാതെ പോന്നേച്ചാൽ മതി.
പാച്ചൻ: അപ്പോ, ഇവിടെ കുറേദ്ദിവസമായി അങ്ങത്തേയ്ക്കെന്തരോ മനസ്സിനു വാട്ടം വന്നു്- അങ്ങത്തേ-
കുമാരൻനായർ: പോടാ- പോടാ- ഒരു വാട്ടവുമില്ല കോട്ടവുമില്ല. കഴിയുന്നതും വേഗം മടങ്ങിവന്നേക്കണം. വയ്യിട്ടത്തേ മഹാജനയോഗം കഴിഞ്ഞിട്ടു ഞാൻ വരുമ്പഴേക്കു നീ മടങ്ങിവന്നിരിക്കണം.
പാച്ചൻ: മടങ്ങിയോ അങ്ങുന്നേ? പാച്ചൻ ജയിച്ചോണ്ടല്ലാതെ വരുമോ? ഇതാ കമ്പിപോലെ വന്നൂട്ടു കണ്ണടച്ചുതുറക്കും മുമ്പെ. പക്ഷേ, മറുവടിക്കോ മറ്റോ നില്ക്കാൻ പറഞ്ഞാലോ?
കുമാരൻനായർ: പറഞ്ഞാൽ, സാവകാശം നോക്കിനിന്നു വാങ്ങിക്കൊണ്ടു വരണം. അല്ലാതെ മര്യാദയില്ലാത്തിടത്തു സേവിക്കുന്ന ലക്ഷണം കാണിക്കരുതു്.
പാച്ചൻ: എന്നാൽ പിന്നെ-
കുമാരൻനായർ: എന്തോന്നാടാ എന്നാൽ പിന്നെ?
പാച്ചൻ: എന്നാൽ പിന്നെ... തെയ്തി നിശ്ചയിച്ചുകൊണ്ടുടയോ?
(ഡാക്ടർ സന്തോഷം കൊണ്ടു പാച്ചനെ പ്രഹരിക്കാൻ ഓങ്ങിയടുക്കുന്നു. പാച്ചൻ വാപൊത്തി കുനിഞ്ഞ് ഓടിക്കളയുന്നു.)
(കർട്ടൻ)
രംഗം മൂന്നു് (22-25)
രംഗം മൂന്നു്
[ചമ്പകവിലാസം എന്നു വിളിക്കപ്പെട്ട ബംഗ്ലാവ്. ലക്ഷ്മിഅമ്മയും മകൾ വിമലമ്മയും പ്രവേശിക്കുന്നു.]
ലക്ഷ്മിഅമ്മ: ഇതെന്തു കൂത്താണു്? ഞാനും സ്കൂളിനകം കണ്ടിട്ടുണ്ടു്. എന്നാൽ സൂര്യരശ്മി എണ്ണുന്ന പണി ഞങ്ങൾക്കു ഗൃഹപാഠമായി നിശ്ചയിക്കപ്പെട്ടുവന്നില്ല. നീ പുസ്തകവും കൈയിൽവച്ചു ദേവവിമാനം കാണാൻ ആകാശം നോക്കി ഇരുന്നാൽ അനുഭവമെന്താണെന്നോ! യൂനിവർസിറ്റിക്കാക്കു് ഒരു രഹസ്യവിദ്യയുണ്ടു്. അവരുടെ പുട്ടറയ്ക്കകത്തു രണ്ടു കൂട്ടം സാധനം കുമിച്ചിട്ടുണ്ടു്. ഒന്നു വിജയമുദ്ര; രണ്ടാമത്തതു നെടുംഗോപി. ആകാശത്തിന്റെ ദൂരത്തെ അളക്കുന്ന എന്റെ വിമലക്കുട്ടിയെപ്പോലുള്ള കൂട്ടക്കാരെ അണിയിക്കുന്നതു രണ്ടാമത്തെ വകയാണു്.
വിമലമ്മ: ഞാൻ പഠിച്ചതിനെ മനസ്സുകൊണ്ടു പുതുക്കിക്കൊണ്ടിരിക്കയാണല്ലോ. അതിനു ശാസിക്കാറുണ്ടോ?
ലക്ഷ്മിഅമ്മ: നിന്നിൽ കാണുന്ന പുതുമകളാണു് എന്നെക്കൊണ്ടു ശാസിപ്പിക്കുന്നതു്. അതാണ്ടെ, അടഞ്ഞുപോകുന്ന കണ്ണും, വാടിയ മുഖവും, വിളറിയ ചുണ്ടും, ഒടിഞ്ഞ ഇരിപ്പും, കാണുമ്പോൾ- ഹൃദിസ്ഥമാക്കുന്ന വിഷയം അവിടെങ്ങാണ്ടോ സംബന്ധിച്ചതു തന്നെയെന്നും ഏതു പടുവിഡ്ഡിക്കും മനസ്സിലാകും.
വിമലമ്മ: (അമ്മയെ സൂക്ഷിച്ചുനോക്കീട്ട്) എന്റമ്മേ, അച്ഛൻ എല്ലായ്പോഴും ലൈബ്രറിയിൽ ഒളിച്ചിരുന്നുപോകുന്ന കാര്യം-
ലക്ഷ്മിഅമ്മ: ഫൂ അസത്തേ! അച്ഛൻ അവിടത്തെ വാതൽ അടച്ചോണ്ടിരിക്കയല്ല. നിന്റെ ഈ മുറുത്തസ്വഭാവവും കൊണ്ടുള്ള പൊറുതി വരുമ്പോൾ ഒരാൾ കാശിയാത്ര ചെയ്യേണ്ടിയും വന്നേക്കാം. എന്തായാലും തൽക്കാലം എന്നെ ഒരിഷ്ടത്തി ആയി വിചാരിച്ചു പരമാർത്ഥം പറഞ്ഞേക്കു്. ലോകപരിചയം എനിക്കും കൂടും. എന്റെ സഹായമുണ്ടായാൽ-
വിമലമ്മ : (നീരസഭാവത്തിൽ) അമ്മ അറിയേണ്ട കാര്യമൊന്നുമല്ല.
ലക്ഷ്മിഅമ്മ: അപ്പോൾ കാര്യമെന്തോ ഉണ്ടു്. ഞാൻ അറിയാതെ നടക്കേണ്ട കാര്യമാണെങ്കിൽ ശരി; അച്ഛനും അറിയേണ്ടല്ലോ. (പുത്രിയുടെ സമീപത്തേക്കു നീങ്ങി) വല്ല 'ഗോപകുമാര'നോടും കൂടി ചാടിപ്പോകാൻ ഭാവമുണ്ടെങ്കിൽ മുമ്പിൽക്കൂട്ടി നോട്ടീസു തന്നേക്കു്. ഞങ്ങൾ വൃഥാ വ്യസനിക്കയും നിന്നെ തിരവാൻ ആളോടിക്കയും ചെയ്യേണ്ടല്ലോ. ദേഷ്യം വരാതെ തുറിച്ചുനോക്കീട്ടു ഫലമെന്തു ?
വിമലമ്മ: കുറ്റക്കാരോടു ദേഷ്യപ്പെടണം അമ്മ. ഞാനൊന്നും പിഴച്ചിട്ടില്ല.
ലക്ഷ്മി അമ്മ : നീ പ്രതി അല്ലെങ്കിൽ വാദിയുടെ നിലയിൽ അപര്‍ഹത്താവിന്റെ പേരു പറഞ്ഞേക്കു്. പിടികിട്ടുമെങ്കിൽ ഞങ്ങൾ ബന്ധനത്തിലാക്കിക്കളയാം . നോക്കു്, അച്ഛൻ പറഞ്ഞിട്ടാണു ഞാൻ നിന്നോടു നിബ്ബന്ധിക്കുന്നതു്.
വിമലമ്മ: (ലജ്ജയോടെ) ഒരാൾ-
ലക്ഷ്മിഅമ്മ: ശ്രമം അധികം വേണ്ട. ആളൊന്നല്ലേ ഉള്ളു. നീ നാടകങ്ങളിലെ നായികമാരെപ്പോലെ അര്‍ദ്ധോക്തിയിൽ വിരമിക്കുന്നതെന്തിനു്? ശേഷവും പറഞ്ഞേക്കു.
വിമലമ്മ: അദ്ദേഹ- (പിന്നെയും അര്‍ദ്ധോക്തിയിൽ വിരമിക്കുന്നു.)
ലക്ഷ്മിഅമ്മ: ശരി ശരി. ആ ആൾ 'അദ്ദേഹ' സ്ഥാനത്തിലായിപ്പോയിരിക്കുന്ന സ്ഥിതിക്കു്, ഇനി അച്ഛനെ വിളിച്ചു വിവരം പറഞ്ഞു ദിവസം നിശ്ചയിപ്പിക്കുകയാണ് ഉത്തമം.
വിമലമ്മ: (ഝടിതിയിൽ) അച്ഛനോടു പറവാൻ വരട്ടമ്മ. അപ്പപ്പോൾ വഴിയിൽവെച്ച് എന്നെ കണ്ടിട്ടുണ്ടു്. ഒരു ദിവസം എന്റെ പുറകിൽവന്ന കുട്ടികളോടു് എന്റെ പേരും വീട്ടുപേരും ചോദിച്ചു.
ലക്ഷ്മിഅമ്മ : ഇത്രേയുള്ളോ? എങ്കിലും, എന്റെ മകൾക്കു കണ്ണുപെട്ടിട്ടുണ്ടു്. അതാണ് ഈ മൗനവും യക്ഷിത്വവും. ആളിന്റെ സ്ഥിതി എന്തു കുഞ്ഞേ? അങ്ങോട്ടും കണ്ണുപെടാൻ തക്കവനോ?
വിമലമ്മ: (പരിഭവഭാവത്തിൽ) എനിക്കൊന്നുമറിഞ്ഞുകൂടാ.
ലക്ഷ്മിഅമ്മ: അതു് സമ്മതിക്കയില്ല. വിരഹം അഭിനയിക്കുന്ന വിഷയത്തിൽ നീ ശിരോമണിപരീക്ഷ ജയിച്ചിട്ടുണ്ട്.
വിമലമ്മ: (വെറുപ്പോടെ) അമ്മ നാക്കിനു ഞരമ്പില്ലാത്ത കൂട്ടത്തിലാണു്.
ലക്ഷ്മിഅമ്മ: അതെ അതെ. നാണമില്ലാത്ത പെണ്ണ്. ഒരുത്തൻ ഒന്നു നോക്കി, അല്ല രണ്ടു വാക്കുതന്നെ പറഞ്ഞു; എങ്കിൽത്തന്നെ അതിനെ ഇങ്ങനെ വിളിച്ചു പറയാറുണ്ടോ? പെണ്ണുങ്ങടെ വില കെട്ടുപോകൂല്യോ?
വിമലമ്മ: അദ്ദേഹം അന്തസ്സുള്ള മഹാനുഭാവനാണു്.
ലക്ഷ്മി അമ്മ: എന്നിട്ട് ഇങ്ങോട്ടെങ്ങും കണ്ടില്ല. പൊന്നുതമ്പുരാന്റെ ഷഷ്ടിപൂര്‍ത്തിക്കാലമല്ലേ. വണ്ടിക്കു വാടകകൂടിയിരിക്കാം.
വിമലമ്മ: അദ്ദേഹത്തിനു സ്വന്തമായി ഒന്നാംതരം വിക്ടോറിയായും കൂറ്റൻ കുതിരയുമുണ്ടു്.
ലക്ഷ്മി അമ്മ: എന്നാൽ കുറ്റമല്ല, വിമലക്കുട്ടി 'പഞ്ചബാണൻ തന്നുടേയ വഞ്ചനയെ സഹിയാഞ്ഞു- നെഞ്ചകം വെന്തുരുകുന്നു' എന്നാടിത്തുടങ്ങിയിരിക്കുന്നത്.
(അയ്യൻപിള്ള പ്രവേശിക്കുന്നു.)
അയ്യൻപിള്ള: എല്ലാടത്തും പാട്ടും കൂത്തും തന്നെ. പക്ഷേ, ആളു പെരുകി ഒരു ഇലക്കണ്ടം പോലും ചന്തയിൽ ശേഷിക്കുന്നില്ല. സാമാനങ്ങൾക്കു പിടിവലി.
ലക്ഷ്മി അമ്മ: അതെ. അതെല്ലാം തിരുമനസ്സിലെ ഭാഗ്യവിശേഷത്തിന്റെ ലക്ഷണമാണ്. സാമാനങ്ങൾ വന്നു ചൊരിയുന്നു. ആളകൾ വന്നു പെരുകുന്നു. എല്ലാം തൃപ്പാദമഹിമ-
അയ്യൻപിള്ള: ആ മയിമേടെ എടയ്ക്ക്, എന്റപ്പീ, ചെലരു കാണിക്കിണ പോക്കിറിത്തനത്തിന്റെ മട്ടു പറവാനൊണ്ടോ? അങ്ങുന്നൊണ്ടോ?
ലക്ഷ്മിഅമ്മ: അകത്തുണ്ടു്. അങ്ങോട്ടു ചെല്ലണം.
അയ്യൻപിള്ള: ഇങ്ങോട്ടു വിളിക്കണം. എല്ലാരും കേക്കെ ചിലതു പറഞ്ഞേച്ചു പോട്ടെ.
ലക്ഷ്മി അമ്മ: മറ്റന്നാളത്തേക്കുള്ള ഒരു മംഗളപത്രം നോക്കി ശരിയാക്കുകയാണു്. ഇപ്പോൾ ഉപദ്രവിക്കേണ്ട. ഇവിടെ പറഞ്ഞേക്കണം.
രംഗം മൂന്നു് (26-28)
അയ്യൻപിള്ള: എന്തോന്നു പറയുന്നതെന്നേ! അയ്യൻപിള്ള മുട്ടാളൻ തന്നെ; ഒരുവിധക്കാറനുംതന്നെ; എന്നാലും ഈ കൊച്ചിനെ ഇനി പള്ളിക്കൊടത്തിലയച്ചാൽ മാനം കെട്ടുപോകുമെന്നു പറയുന്നു.
ലക്ഷ്മിഅമ്മ: വിമലേ! നീ ഇതു കേട്ടിലോ?
അയ്യൻപിള്ള: ഗോഹസ്തിക്കാറനു് ബ്രഹ്മഹസ്തിക്കാറനോ സാക്ഷി? പണ്ടത്തെ മട്ടിൽ, എന്നുവച്ചാൽ നമ്മുടെ കാലത്തേ- ഒരു കയ്യാലയ്ക്കൽ ഇത്തി എത്തിപ്പാക്കും . ഒരു പാട്ടോ ശ്ലോഹമോ പറണ്ടി അയയ്ക്കും. അതെല്ലാം തന്നുക്കുള്ളിക്കിടക്കും. ഇപ്പോ ഫബ്ലിക്കാറോട്ടും ഐങ്കണ്ടറ ജാതിയിടെ എടയ്ക്കും ഈ പുത്തന മട്ടുകാറരു് ചുമ്മാ പിടിച്ചുതിന്നാൻ നടക്ക അല്യോ ചെയ്യിണതു്? നമ്മുടെ ആ കൊച്ചുപെണ്ണേ, അവളെ പിടിച്ചുനിർത്തി ഒരു വാങ്കുപിടിച്ച വേതാളത്താൻ എന്തു പാടുപെടുത്തീന്നോ?
ലക്ഷ്മിഅമ്മ: അണ്ണന്റെ മകൾ ഒരു ശ്രീയുള്ളകൂട്ടത്തിലാണു്, കണ്ടിട്ടു സംസാരിപ്പാൻ തോന്നിയതായിരിക്കാം.
അയ്യൻപിള്ള: അയ്യയ്യാ, അതല്ല. കണ്ണുവച്ചതു വിമലക്കുട്ടിയെയാണു്. കഴുത്തിലും മറ്റും ചില പൊൻപൊടി കിടന്നു. എള്ളോളം തൊലിമിനുക്കവും കണ്ടു. അതുകൊണ്ടു് കഞ്ഞികുടിച്ചു കിടക്കുന്നേടമാണെന്നു തോന്നി ഇങ്ങോട്ടടവു പിടിപ്പാൻ തക്കം നോക്കി, പിള്ളേ.
ലക്ഷ്മി അമ്മ: അതെല്ലാം നാം അന്വേഷിക്കാറുണ്ടോ? ലോകത്തിൽ ഓരോരുത്തരുടെ മട്ട് ഓരോവിധം, ഒരുത്തൻ നോക്കി, പല്ലിളിച്ചു ചിരിച്ചു, എന്നാൽ തന്നെയെന്തു? നടക്കട്ടെ. അതിനെയെല്ലാം കുറിച്ചു കണക്കുവെച്ച്, കാര്യം കേൾക്കാൻ നിന്നാൽ, വേറെ തൊഴിലിനു സമയം കിട്ടല്ല.
അയ്യൻപിള്ള: പിള്ളേടെ തത്വങ്ങളു് പിള്ളേടെയടുത്തിരിക്കട്ടെ. അയ്യൻപിള്ള ആൺതത്വം എടുത്തു് അങ്ങോട്ടുചെന്നുതന്നെ എതത്തിനു് എടത്തും വലത്തും കൊടുത്തു. വെച്ചനത്തട്ടെ. വര്‍മ്മത്തിനു കൊണ്ടെന്നു മാത്രമോ? അയാടെ അടവു വേറെ ഒരിടത്തോട്ടു മാറ്റിപ്പോയി എങ്കിലും സൂക്ഷിക്കണമെന്നു പറവാൻ വന്നതാണു്.
ലക്ഷ്മിഅമ്മ: ( ഇച്ഛാഭംഗനാട്യത്തിൽ) വിമലേ, നീ അകത്തു പോ.
വിമലമ്മ: (ദീനസ്വരത്തിൽ) ഞാൻ എന്തിനകത്തു പോകുന്നു? ഇതിൽ രഹസ്യമായി ചോദിപ്പാനും അറിവാനുമൊന്നുമില്ല.
ലക്ഷിഅമ്മ: പിന്നെ, അണ്ണാ, ആൾ ആരാണു്?
അയ്യൻപിള്ള: ആ ധമ്മാശുപത്രിയിലെ ഒരു കമ്പൗണ്ടർ ചെറുക്കനേ
വിമലമ്മ: (ആത്മഗതം) നാരായണ! ഇതെന്തൊരു കളവാണു്? ആ മുഖത്തിലെയും ഭാവനയിലെയും തേജസ്സ് ഒരു കമ്പൗണ്ടര്‍ക്കു തപസ്സുചെയ്താലുമുണ്ടാകയില്ല. എന്നു മാത്രമല്ല, അദ്ദേഹം ഈ സ്ഥലത്ത്, എത്രപേരുടെ ജീവനെ രക്ഷിക്കുന്ന ഒരു പ്രസിദ്ധനുമാണു്. (പ്രകാശം) ആരെങ്കിലുമാകട്ടമ്മാ, നമുക്കതെല്ലാം അന്വേഷിച്ചിട്ട് ആവശ്യമില്ലല്ലോ.
അയ്യൻപിള്ള: അതുതന്നല്യോ ഞാനും പറയുന്നത്. ഇപ്പോഴത്തെ കൊജ്ഞാണന്മാരു് മാക്രിയെ പിടിച്ചു് ഗണപതിക്കു വെച്ചപോലെയാണു്. ഇന്നിവിടെ, നാളെ അവിടെ, മറ്റന്നാൾ വല്ല എച്ചിക്കുഴിയിലും. ആദ്യമൊക്കെ, ആ പെണ്ണ് കൊച്ചുപാറുവില്യോ, നമ്മുടെ മകളേ, അവടെ പിറകേ തെങ്കടി പുളിയട്ന്നു. വിമലക്കുട്ടി അപ്പീടെ പാവാടയും സാരിയും കണ്ടില്യോ അപ്പം ആദ്യത്തെ പറ്റീന്നു ധൂമി ! ഇന്നു് ആ പെണ്ണിന്റെ വെമ്പലു വിചാരിച്ചാൽ, എന്റെ പിള്ളേ, ഈ കാലന്മാരെ തലയിൽ ഇടിവീഴുന്നു. പോട്ടെ! അവൻ ഇപ്പോ ഒരെഴുത്തയച്ചിരിക്കുന്നു. അവനെ ചൊക്കൻ കളിപ്പിക്കുന്ന ഒരു ചലിപ്പൻ പാച്ചൻ എന്ന ഒരു അറുകൊലയുണ്ടു്. അവൻ കൊണ്ടാടി അവന്റെ അച്ചീടെ അടുത്തും മറ്റും കങ്കാച്ച കാട്ടുണു, അവനേയും പിടിപ്പിപ്പാൻ അയ്യൻപിള്ള തക്ക അടവെടുത്തു.
ലക്ഷ്മി അമ്മ: (ആത്മഗതം) ഇതിപ്പോൾ അനര്‍ത്ഥമായി - ആൾ കമ്പൗണ്ടർ ആയിരിക്കയില്ല. ഇവടെ മനസ്സ് അങ്ങോട്ടു പൊയ്പ്പോയിട്ടുണ്ട്. ശാഠ്യക്കാര്യത്തിൽ ഇവൾ അച്ഛനേയും ജയിക്കും. ഇതിന്റെ പേരാണ് വഴിയേപോണ വയ്യാവേലി. രാജ്യമെല്ലാം സന്തോഷിക്കുമ്പോൾ ദുഃഖത്തിനും ഒതുങ്ങാനും ഒരു സ്ഥലം വേണ്ടേ? അതിവിടം ആകട്ടെ. (പ്രകാശം) (ഭർത്താവിനെ ഉദ്ദേശിച്ചു ഉറക്കെ) ഇതാ, കേട്ടോ?
വിമലമ്മ: ഈ ഭ്രാന്തുകഥകൾ കേൾക്കാൻ അച്ഛനെ വിളിക്കണ്ട.
(അകത്തുനിന്ന്)- 'കേട്ടോശ്ശാരു'ടെ ജോലി ഇവിടെ തീര്‍ന്നിട്ടില്ല
അയ്യൻപിള്ള: ഹ- ഹ- ഹ! നിങ്ങടെ ദൊരയും ദോരശ്ശാണിയും മട്ടു കണ്ടല്യോ കൊച്ചുങ്ങളു് പഠിച്ചുപോണതു്?
ലക്ഷ്മി അമ്മ : നമുക്ക് അങ്ങോട്ടു ചെല്ലാം.
(അയ്യൻപിള്ളയും ലക്ഷ്മി അമ്മയും പോകുന്നു.)
വിമലമ്മ: (ആത്മഗതം) രാജ്യം ഉന്മേഷലക്ഷ്മിയുടെ നൃത്തരംഗമായിരിക്കുന്നു. ജനങ്ങൾക്കും ഉന്നതാര്‍ദശങ്ങൾ സിദ്ധിക്കുമാറ് വിദ്യാധനം വാരിക്കോരി ചൊരിയുന്ന ശ്രീമൂലം തിരുനാൾ അജാതശത്രു മഹാരാജാവു തിരുമനസ്സുകൊണ്ടു് ബഹുദശവര്‍ഷം ദീഘായുഷ്മാനായി രാജ്യലക്ഷ്മിയെ പരിലാളിച്ചു വാഴട്ടെ. ഇവൾക്കു് അപ്രതീക്ഷിതമായുണ്ടായ ഒരു വിഭൂതിയുടെ സമാഗമം നഷ്ടമാകുന്നു. എന്റെ ഹൃദയചാപല്യം കൊണ്ടു് ഒരു വൃഥാമോഹത്തെ ഉല്പാദിപ്പിച്ചതിനു് ഈ ശിക്ഷ കിട്ടേണ്ടതാണു്. അദ്ദേഹം കമ്പൗണ്ടരാണെന്നും മറ്റും ഈ മനസ്സ് അഗാധമായി ചിന്തിച്ചിട്ടും വിശ്വസിക്കുന്നില്ല. മനസ്സിനു മനസ്സു സാക്ഷി. ആത്മാവ് ആത്മാവെ ആകര്‍ഷിക്കും. അദ്ദേഹത്തിന്റെ ആർദ്രമായ നോക്കിൽ വിശ്വം നിറഞ്ഞുള്ള അനുരാഗം അന്തർഭവിച്ചിരുന്നു. വിദ്വാനും മഹാത്മാവുമായ പുരുഷനു മാത്രമല്ലാതെ വിദ്യാഭ്യാസസംസ്കൃതി കിട്ടീട്ടുള്ള ഈ ഹൃദയത്തെ ആകഷിക്കുന്നതിനു സാധിക്കുന്നതല്ല. പ്രണയകഥകളിലെ സ്ത്രീപുരുഷന്മാർ ഇങ്ങനെയുള്ള സമാധാനങ്ങളെ ചിലപ്പോൾ അവലംബിക്കുന്നുണ്ടെങ്കിലും അവരുടെ മോഹങ്ങൾ വ്യാമോഹങ്ങളായി പലപ്പോഴും ദുഃഖത്തിൽ പര്യവസാനിക്കുന്നു. എങ്കിലും ഒട്ടും വ്യസനിക്കേണ്ടതില്ലെന്നു് ഒരു ഭൂതോദയം അറിവു തരുന്നു. ദൈവം രക്ഷിക്കട്ടെ. കഠിനഹൃദയനല്ലെങ്കിൽ എന്റെ അഭീഷ്ടസിദ്ധി വരുത്തി അദ്ദേഹം എന്നെ അനുഗ്രഹിക്കും. (പോകുന്നു.)
(കർട്ടൻ)
രംഗം നാലു് (29-34)
രംഗം നാലു്
(കുഞ്ഞുലിയുടെ ഭവനം. കുഞ്ഞുലക്ഷ്മി ദേഷ്യത്തോടെ പ്രവേശിക്കുന്നു.]
കുഞ്ഞുലക്ഷ്മി: ഇനിക്കിനി നായരും വേണ്ട, നാച്ചിയം വേണ്ട. അയ്യൻപിള്ള അമ്മാച്ചൻ വന്നു പറഞ്ഞില്ലെങ്കിൽ നേരു് ആരറിയും? ഇന്നലെ ഉച്ചയ്ക്കു പേനായെപ്പോലെ എരച്ചുകൊണ്ടും ഓടി വന്നു. മൂക്കുപിടിച്ചിരുന്നു് ഉണ്ണാൻ എവളു വിളമ്പിക്കൊടുക്കുമ്പോ, പ്ലാംതോട്ടത്തു വീടേതുപോലും! നന്മയ്ക്കും തിന്മയ്ക്കും വന്നവനെന്നുവച്ചു് ആ വീടെവിടേന്നു ചൊല്ലിക്കൊടുത്തപ്പം എടുത്താ നോട്ടം. ആ പോയപോക്കിനു പോട്ടു്. നേരില്ലാത്ത പരിഷ വന്നു് കണ്ണിപ്പൊടിയിട്ടു് പാംകിണറിലല്യോ വീഴാൻ തുടങ്ങി. നാലുചക്രം അരിച്ചുപിറക്കി അമ്മ വച്ചിരുന്നത് പൊടവകൊട തിന്നു. ഇനി അങ്ങുന്നെന്നു വിളിക്കുന്നത് കൂത്തിപ്പട്ടി. രണ്ടു തുണി കൊണ്ടുതന്നതു് അലക്കാനുമിട്ടു. വെളുത്തേടൻ കഴുവു് മുടിവിനാശവര്‍ഗ്ഗം ഇനി മുവാണ്ടു കഴിഞ്ഞേ വരൂ. എഴുന്നെള്ളത്തും മറ്റും കാണാൻ- ആ മറവൻ പൊറുപ്പിച്ചു- ഞാൻ തൊലി ഉരിച്ചു മടിച്ചിട്ടോണ്ടു വേണ്ടിയോ പോവാൻ! പെട്ടിആപ്പീസരു പോലും! ഇങ്ങു വരട്ടു്. കണ്ടവനു കൊടപിടിക്കണ എന്തരുത്തൻ! (വ്യസനഭാവത്തിൽ) കൊടും പാവി തെരുവിലല്യോ ആക്കിയൂട്ടു. മുന്തിഅറുക്കണ മട്ടു് ഏറെ മൂത്താലും ഇമ്മട്ടാകാമോ? (ഒരു വശത്തോട്ടു നോക്കി ആക്ഷേപവും ദേഷ്യവും ഇടകലർന്ന സ്വരത്തിൽ) അയ്യ! ചരതം തന്നെ! പിന്നേ കട്ടിച്ചാത്തനേപ്പോലെ പച്ചച്ചിരിയും ചിരിച്ചു് ഇങ്ങു കേറി വരാൻ ചങ്കയില്ലല്ലൊ! ഇങ്ങു കേറണ്ടാ. നൊട്ടിആപ്പീസരും തൊറപ്പ ആപ്പീസരും ! സ്ഫൂ! (വെട്ടിത്തിരിഞ്ഞുകളയുന്നു.)
(പാച്ചൻ പ്രവേശിക്കുന്നു.)
പാച്ചൻ: എന്താണെന്റെ ഓമൽക്കുഞ്ഞുലക്ഷ്മി അമ്മ കയര്‍ത്തുനില്ക്കണതു്? ഇന്നലെ രാത്രി കണ്ട രാമനാട്ടത്തിനെക്കാൾ അതിമനമനോ ഹരം. ആ ചഞ്ചലാക്ഷങ്ങൾകൊണ്ടു് എന്നെ വഞ്ചയസിക്കരുതെ. ആ കോമളാധരത്താൽ എന്റെ മനക്കുഞ്ഞരത്തെ സിഞ്ചിതം ചെയ്തു് സര്‍വവും ക്ഷമതു.
കുഞ്ഞുലക്ഷ്മി: അയ്യയ്യ! നാണം പടയ്ക്കും മുമ്പെ പിറന്ന കീശകന്മാരു മോട്ടിപ്പാനും നടന്നാൽ രാജ്യത്തിനു കിട്ടുണ പേരു് ചുമ്മായോ? കട്ടംതറയിൽ മുക്കളിയിടുണ കരളുറുപ്പന്മാര്‍ക്കു് കൂട് പൂയപ്പുരയിലു്. (കോപഹാസമായി) പെട്ടിയും പത്തായവും ആപ്പീസരു്! കണ്ടവന്റെ വിഴുപ്പേറുണവൻ പൊന്നുതമ്പുരാന്റെ ചേവുകൻ പോലും! (വ്യസനാരംഭം) ആകപ്പാടെ ഇനി എന്തരു ചൊല്ലണേ (വ്യസനത്താൽ ഉച്ഛ്വസിച്ചുകൊണ്ടു്) അസോഘതിയല്യോ ആക്കിക്കളഞ്ഞു!
പാച്ചൻ: (ഗാനം) 'മഞ്ജുളബാഷിണിമാർ കുലമാലേ- മദനമനോമോഹനതിരശീലേ- കണ്ണിണ കലുഷം ചെയ്യായ്കമലേ-'
കുഞ്ഞുലക്ഷ്മി: എനിക്കു പാട്ടും കേക്കണ്ട, കൂത്തും കേക്കണ്ട. വയറ്റിപ്പാട്ടിനുള്ള വഴിയും മുട്ടിച്ചു, പേരും കെടുത്തു്, നേരം വെളുക്കുംമുമ്പെ വന്നു കൊഴയാൻ നിക്കണ കണ്ടില്യോ! (ഉറക്കെ വാവിട്ടു കരഞ്ഞു്) എഴുന്നള്ളത്തുകളു് കാണാൻ ഞാനെങ്ങനെ കഴുകഴാപ്പോവും! വ. ഹ! ഹ- ഹാ!
പാച്ചൻ: പ്രിയേ! ഈ കാഴ്ചയിൽ ഇവൻ മനം ഉരിഞ്ഞു് അലിഞ്ഞുപോകും; കാലുകൾ ഭൂമിയിൽ താഴുണു; ആട്ടംകാണാൻ ഇളച്ച ഉറക്കം ആകാശം നോക്കിപ്പറക്കുണു. കൊല്ലാക്കുല ചെയ്യരുതേ! സമസ്താപരാധമെല്ലാം ക്ഷമിച്ചു് പരിപാഹി! പ്രണയനിമിത്തം ബഹുഘൃതവേഷം, പെട്ടിആഫീസർ അല്ലെന്നും നമ്മുടെ പ്രിയയുടെ അടുത്തു് ആർ കപടംകൊള്ളിച്ചു? അങ്ങത്തെ ഇരുമ്പുപെട്ടി സൂക്ഷിപ്പെല്ലാം കുഞ്ഞുലക്ഷ്മിക്കുഞ്ഞിന്റെ കണവനു തന്നെ; തരിമ്പും കപടമില്ലിതിൽ. ന്യൂർ, ഇരുന്യൂർ, നമ്മുടെ മധുരക്കുഴമ്പേ... അയിന്യൂർ, അയിറോം, എന്നു് അവിടെ ബന്നു ബന്നു കുമിയുണു. അദെല്ലാം പാച്ചൻപിള്ള അവർകളുടെ പൂട്ടിലും കെട്ടിലും. ഗബര്‍മ്മേന്റു ദാസ്യം-ഹായ്, ഫുൽ ! നമ്മുടെ അങ്ങത്തെ സംസ്ഥാനം ശെല്ലം നിറഞ്ഞതു്. ഐമ്പതു്, എയ്പിതു് എന്നു ഈ മധുരാക്ഷീമണിയുടെ കാന്തൻ പാച്ചൻപിള്ളസ്സാറിന്റെ കൈ വഴിച്ചിലവു്.
കുഞ്ഞുലക്ഷ്മി: ആയിരവും രണ്ടായിരവും കണ്ടവര്‍ക്കുണ്ടെന്നുവച്ചു് ഇങ്ങേര്‍ക്കെന്തു്, ഇവൾക്കെന്തു്? പെണ്ണുങ്ങളും ആണുങ്ങളും എല്ലാം നാളെ തിരുവോണം പോലെ കൊണ്ടാടാൻ പട്ടുക്കരയും അണിക്കരയും ഒക്കെ നൂത്തുനോക്കി മടക്കിമടക്കി വെയ്ക്കണതു ചെല്ലുന്നെടത്തെല്ലാം ഞാനല്യോ കണ്ടതു്. പൊന്നുതമ്പുരാൻ തങ്കക്കൊടി പള്ളിയേന്തിലാവിൽ തെളുതെളാന്നു് എഴുന്നെള്ളുമ്പോ നാലു പെണ്ണുങ്ങടെ കൂട്ടത്തിൽച്ചെന്നു് ഒരു കൊരവകൂടിയും ഇടാൻ വയ്യല്ലൊ. (ഏങ്ങി എങ്ങി കരയുന്നു.)
പാച്ചൻ: അയ്യ! ഇന്നലത്തെ ആട്ടത്തിലും ഇങ്ങനെതന്നെ ആയിരുന്നു. അപ്പഴലോ സുന്നരബ്രാഹ്മണൻ ആടിയതു്. (പാച്ചൻ ആടുന്നു) 'ചിത്തതാപം അരുതേ ചില ജീവിമത്തവാരഗജേ!'- ഹഹഹ! ഒത്തില്യോ പൊന്നുംകൊടി! ഇതു കണ്ടാൽ വിജാരിപ്പുകാറങ്ങുന്നെവിടെ എന്നു കേപ്പാനൊണ്ടോ?
കുഞ്ഞുലക്ഷ്മി: മറ്റുള്ളവരു് എഴവു കൊണ്ടാടുണ്, അങ്ങേരു പിള്ളരു കളിക്കുണു.
പാച്ചൻ: എന്റെ കിസലയാംഗി പറഞ്ഞുതന്ന പിളാംതോട്ടത്തു ചെന്നപ്പോ അവിടെ വിമലമ്മ നാസ്ഥി! അപ്പോൾ തോന്നി, ഹ- ഹ- ഹ-
കുഞ്ഞുലക്ഷ്മി: ഇതെന്തോന്നു് അറുവല തുള്ളണതു്. അവനവന്റെ എണയെന്നു് എമ്മാണി എങ്കിലും ദശാവു് വേണ്ട്യോ? രോഹി കാര്‍ക്കോടനെപ്പോലെ കേറിനിന്നു രമിക്കണ കണ്ടില്യോ! രോഹിക്കെങ്ങാണ്ടോ ഒണ്ടു്. അതാണിത്ര മിറുന്നുപോയതു്. എവളിനി ഇരുന്നിട്ടു കാര്യമെന്തരു്? ഇപ്പച്ചെന്നു ചാടുലോ പാത്രക്കുളത്തിൽ.
പാച്ചൻ : (പരിരംഭണത്താൽ തടഞ്ഞുകൊണ്ടു്) അയ്യോ കെടുക്കല്ലേ, എന്റെ പൊന്നേ, തങ്കമേ, ചെല്ലമേ! വല്ലോരും കണ്ടാലും കേട്ടാലും എന്തു മാനഭംഗം.
കുഞ്ഞുലക്ഷ്മി: (കരഞ്ഞുകൊണ്ടു്) കേക്കട്ടു്. പോലീസുകാരും ഗോട്ടുകാരും കേക്കട്ടു്. ഇതിനൊരു ചട്ടവും ഞായവുമില്ലെങ്കി കിടന്നു പൊറുതിയെങ്ങനെ? അങ്ങേയറ്റംവരെ കേക്കട്ടെ.
പാച്ചൻ: ശ്ശശ്ല്യേ, കുഞ്ഞുലക്ഷ്മി, എന്റെ ജീവനാഥ അടങ്ങു്. ആരും കേൾക്കാനൊന്നുമില്ല. നമ്മുടെ ഓമനയുടെ ഈ പാച്ചൻപിള്ള എന്തു പുരുഷമാണിക്കമെന്നോ! ഇവൻ ഒന്നു കണ്ണടച്ചു തൊറന്നാൽ റവുക്കയെന്തു്, പട്ടക്കരയെന്തു്, പുടവഎന്തു്, ഇതെല്ലാം ശറശറേന്നുവരാൻ എന്തുലസൽ? ഒരുച്ചാൺ വീതി കസവുള്ള കവണി, രണ്ടുവിരൽ വീതി കിന്നരിവെച്ച റവുക്ക, എല്ലാം-
അഞ്ചാതെ രാത്രിയിരുട്ടീട്ടഞ്ചുനാഴികചെല്ലുമ്പോൾ
ചഞ്ചലാക്ഷീമൗലിമണേയിങ്ങു ചേർത്തിടാം.
നാളത്തെ എഴുന്നള്ളത്തിൽ നമ്മുടെ കുഞ്ഞുലക്ഷ്മിക്കുട്ടിയെ കാണുന്ന ആളുകൾക്കു അവൾ ഉര്‍വ്വശി പണ്ടു ഗുണുഗുണമൊതലാളി പറഞ്ഞവണ്ണം, ബിലാക്കു് ബിലാക്കുപോലെ പുറകാശിക്കും.
കുഞ്ഞുലക്ഷ്മി: എന്നാപ്പിന്നെ, ഇപ്പക്കൊണ്ടുവന്നൂടയോ?
പാച്ചൻ : ആ ഷഡങ്ങു് അങ്ങനെയല്ല. പ്രിയതമകൾ തൻ കാന്തന്മാരും (ശ്ലോകമട്ടിൽ) കയര്‍ത്തും കോപിച്ചും, എന്നല്ല കരഞ്ഞും ഭത്സിച്ചും, അഥ നിരന്നും കനിഞ്ഞും ഇരന്നും, ശാടിക്കളിയെടാ ഉണ്ണിരാമാ എന്നു് ആടിച്ചും, -
കുഞ്ഞുലക്ഷ്മി: അയ്യാ! ഈ പഞ്ചാരച്ചളുവാകൊണ്ടു് ആടിക്കാൻ മിടുക്കൻ തന്നെ.
പാച്ചൻ: നമ്മുടെ വെരിഗുഡെസ്റ്റ് പല്ലവാംഗി ഇണങ്ങിപ്പോയി, ആ ഉൾക്കുരുന്നിൽ അധിവസിക്കുന്ന ഈ ദാസപ്രിയനെ ഒരു ആലോകകിസ്സുകൊണ്ടു മൂർദ്ധാഭിഷേകം ചെയ്തരുളു.
കുഞ്ഞുലക്ഷ്മി: അതിനു വേറെ ആളുണ്ടല്ലോ. ഇവൾക്കു അറിഞ്ഞുടെന്നോ കച്ചവടങ്ങളു്. ഇവിടെ കൊണ്ടെന്ന സ്ലോഹങ്ങൾ പോലല്യോ എന്തരോ എഴുതി പതുക്കിവെച്ചോണ്ടു് ഇന്നലെ വന്നു പ്ലാന്തോട്ടം എവിടേന്നു കേട്ടതു്. കൊണ്ടുപോയിക്കൊടുത്തു സൊര്‍ഗ്ഗം പിടിക്കണം. കന്യാവഴിക്കാൻ നടക്കണ കാട്ടാളക്കൂട്ടം!
പാച്ചൻ: (ഗൗരവമായി കുമാരൻനായരുടെ എഴുത്തെടുത്തു കാട്ടിക്കൊണ്ടു്) എജമാനന്റെ എഴുത്താണു്. എന്തോ വെപ്രാളിച്ചു് വിമലമ്മ എന്നു് എഴുതിപ്പോയി. തിരുത്തിക്കാൻ നടന്നപ്പോ ആട്ടപ്രാന്തു് അങ്ങോട്ടിഴിത്തു. ഇതാ ഇപ്പോ ഒരു കൊച്ചുമിടുക്കനെക്കൊണ്ടു തിരുത്തിച്ചു. കൊണ്ടുകൊടുത്തു്, മറുപടിയും വാങ്ങിച്ചു, താമസിച്ചതിനു തലയിൽ തീകോരിയിടാനിരിക്കുന്ന അങ്ങത്തേയ്ക്കു കൊണ്ടുകൊടുത്തു പ്രസാദിപ്പിച്ചു്, മുമ്പറഞ്ഞില്യോ, അവ്വകയെല്ലാംകൊണ്ടു് ഝം ഝം എന്നു വന്നൂട്ടു.
കുഞ്ഞുലക്ഷ്മി: അപ്പഴേ അങ്ങുന്നേ, ഇപ്പഴത്തെ ഈ കമലമ്മയും വിമലമ്മയും ഒക്കെ സ്ലോഹത്തിനു സ്ലോഹമെഴുതുമോ?
പാച്ചൻ: ശ്ശി ശ്ശി, ഇതിലടങ്ങിയിരിക്കുന്നതു് ഒരു ശരീരശാസ്ത്രക്കുറിപ്പാണു്.
കുഞ്ഞുലക്ഷ്മി: ഈ പെണ്ണിന്റെ നുയ്മ്പിനിന്നു വെളയരുതേ പറഞ്ഞേക്കാം.
പാച്ചൻ: ഇല്ലില്ലാ, മധുരരസീഭവിച്ചു് ഉരുകുന്നതേയുള്ള. പരിഭവം നീങ്ങി വീണ്ടും പാട്ടിലായിരിക്കുന്ന ജീവനായികയുടെ (ആലിംഗനത്തിനു ഭാവിച്ചു്) കനിവിൽ ത്രിലോകസ്വര്‍ഗ്ഗം ഒന്നോടെ കാണുന്നു. ഇവ്വണ്ണമുള്ള അവസ്ഥയിൽ കണ്ണുനീർ ദൂരെ നീങ്ങി നില്ക്കട്ടെ. ഈ എഴുത്തു കൊണ്ടുപോവാൻ സന്തോഷപൂർവ്വം അനുമതി തന്നല്ലേ?
കുഞ്ഞുലക്ഷ്മി: (കൈ തിരുമ്മിക്കൊണ്ടു്) അപ്പോലതെല്ലാം-
പാച്ചൻ: റൊക്കം റൊക്കം (ഗാനം) ചഞ്ചലമെന്നിയേ നല്ല പുഞ്ചേലമേൽ പുടവയും അഞ്ചംഭാസ്സുചേര്‍ന്ന സഞ്ചാവൂരു റൗക്കയും- വഞ്ചനയിലെന്നു ചൊല്ലാം കൊഞ്ചും മൊഴിയാളെ ലോകം- വഞ്ചിച്ചെന്നാകിലും ചേലിൽ കൊണ്ടുവന്നീടാം. (പോകുന്നു)
കുഞ്ഞുലക്ഷ്മി: (സ്വഗതം) എന്തെതത്തിനു കണ്ണീരു വന്നു! ഉദ്യോഗമില്ലെങ്കിലെന്തു്, അവനവന്റെതെന്നും ഒരരിമമതി അതൊണ്ടു് തിട്ടം. ആ അയ്യൻപിള്ളമ്മാച്ചന്റെ മോക്കു കിട്ടാത്തതുകൊണ്ടു അയാൾ അദൂശയം കൊണ്ടു നടക്കയാണു്. കൊണ്ടരും കൊണ്ടരും, എല്ലാം കൊണ്ടരും. അമ്മ പാവം വേവലാതിപ്പെടണ്ടാന്നു ചെന്നു ചൊല്ലട്ടിനി (പോകുന്നു.)
(കർട്ടൻ)
രംഗം അഞ്ചു് (35-39)
രംഗം അഞ്ചു്
[പ്രധാന റോഡിലെ ഒരു നാലുമുക്കു്. അച്യുതമേനോനും ശങ്കരപ്പിള്ളയും പ്രവേശിക്കുന്നു.]
അച്യുതമേനോൻ: ഇന്നത്തെ മഹായോഗവും ഇന്നലത്തേതുപോലെ തന്നെ കേമമായി. ഈ ഭക്തിയുടെ സൂക്ഷ്മപരിമിതി അങ്ങറിയുമോ?
ശങ്കരപ്പിള്ള: നമ്മുടെ കർത്തവ്യം നാം നിറവേറ്റുന്നു. അവിടുത്തെ രക്ഷാനയം ഇതിലധികം അവകാശപ്പെടുന്നു. ഇന്നത്തെ യോഗത്തിൽ ഒരു സംഗതി നിങ്ങൾ സൂക്ഷിച്ചുവോ? നമ്മുടെ ഒരു ഇഷ്ടന്റെ മുഖചന്ദ്രൻ അവിടെ ഉദിച്ചിട്ടില്ലായിരുന്നു.
അച്യുതമേനോൻ: എന്താ ഹെ ആ വസ്തുത പറഞ്ഞപ്പോൾ, മുഖം അതിയായി, അര്‍ത്ഥവത്തായി, പല രസങ്ങളും സ്ഫുരിപ്പിച്ചതു്?
ശങ്കരപ്പിള്ള: എന്നേ സൂക്ഷ്മദര്‍ശീ! തക്ക സന്ദർഭം വരുമ്പോൾ കഥ മുഴുവൻ കേൾപ്പിക്കാം. ഈ ആൾത്തിരക്കിനിടയിൽവച്ചു കാമുകകഥകളും, കലിദ്വാപരപ്രയോഗങ്ങളും വര്‍ണ്ണിക്കുന്നതു് മദനദേവദ്രോഹമാകും.
അച്യുതമേനോൻ: ഡാക്ടർ കുമാരൻനായക്കും എന്താണു ഹേ സുഖക്കേടു്?
ശങ്കരപ്പിള്ള: കുന്നത്വം അങ്ങു ദൂരെ വച്ചേക്കു. കൗശലത്തിലുള്ള ഈ താക്കോൽ പ്രയോഗം കൊണ്ടു് ഇവന്റെ ഹൃദയവാതിൽ തുറക്കാൻ സാധിക്കുമെന്നു വിചാരിക്കേണ്ട.
അച്യുതമേനോൻ: മതിമതി നിങ്ങടെ കഥയിലെ കലിസ്സ്വാമിയാർ ആ സാധു ഡാക്ടരാണെന്നു വെളിപ്പെട്ടു. അദ്ദേഹത്തെക്കുറിച്ചുള്ള ബഹുജനവാദത്തിൽ, വല്ല പൊടിപ്പോ തൊങ്ങലോ ചേര്‍ക്കാനുണ്ടെങ്കിൽ ഉപേക്ഷ കാട്ടേണ്ട
ശങ്കരപ്പിള്ള: നിറുത്തു! ഇതാ ഒരു പുറപ്പാടുണ്ടാകുന്നു. നാല്ക്കൊമ്പൻ നല്ല പമ്പിരികൊണ്ടു പാതാളമിളക്കി വരുമ്പോലെ-കണ്ടു കൊൾക. അപൂർവ്വമായ കാഴ്ച! എന്തോ പ്രസംഗിക്കുന്നുമുണ്ട്. വിജ്ഞാനവജ്രശലാകകൾ ആയിരിക്കാം. സംഭരിച്ചു സമ്പന്നനാകൂ.
അച്യുതമേനോൻ: (ശങ്കരപ്പിള്ള ചുണ്ടിക്കാട്ടിയ ദിക്കിലോട്ടു നോക്കിയിട്ടു്) എനിക്കു കിട്ടിയതുപോലെ അയാൾക്കും ഒരു ശങ്കരപ്പിള്ള കൂട്ടുണ്ടു്. അതിലെന്താ വിശേഷം?
(രണ്ടുപേരും വഴിയരികിലുള്ള ഒരു വാതിൽക്കെട്ടിനോടു ചേർന്നു മറഞ്ഞു നിൽക്കുന്നു. അയ്യൻപിള്ള പ്രവേശിക്കുന്നു.)
അയ്യൻപിള്ള: (ഒരു കോണിൽ നിലപിടിച്ചുകൊണ്ടു്) വിരുന്തുമ്മാൻ കേറുമ്പോലല്ലോ ആളുകൾ ശെവിത്തയും ശെമ്മണ്ടയും കെട്ടു വന്നുമോതുന്നതു്. മറിയാസ് ചട്ടമ്പി പൊന്നുംഗുഡം ! അവർതന്നെ എന്റെ പെറ്റമ്മയും മരിയാധക്കാഴൻ എന്നു പഴയണെങ്കിൽ, ആ ശീമാളനെ പഴയണം. മരുന്തു വിയ്ക്കണവനായാലെന്തു്, മായം വിയ്ക്കണവനായാലെന്തു്? പിന്ന്യോ! കുടിച്ചാൽ വയറ്റിക്കിടക്കണം. തുള്ളൂം ആടൂം ശെയ്യണവൻ ചുത്ത ഏയ്ച്ചും പേയ്ച്ചും കെട്ട ചാവിള്ള
അച്യുതമേനോൻ: എന്റെ രസികാ !
ശങ്കരപ്പിള്ള: മിണ്ടാതിരുന്നു രാഗരസം മാത്രം ആസ്വദിക്കൂ.
അയ്യൻപിള്ള: ഹരിശ്രീ തൊണ! അയ്യൻപിള്ള മോന്തീന്നു പഴയിണവന്റെ തലയിൽ ഇടി! പ്രാപഞ്ച്യംതന്നെ മായാമായം. (ഗാനം) 'നേത്തിരുന്തായിന്നേക്കില്ലൈ. ശിവതായെ, മഴുതായെ, തായെ'- മയ്യാസ് ചട്ടമ്പിതന്നെ അന്നധാതാവും നമശ്ശിവായവും! എടാടാ! അങ്ങു വച്ചിരിക്കണത് എടുക്കാൻ പോവുമ്പോലെ തുരുതുരാ ഓടുണ മോന്മാരേ ! വള്ളക്കടവുരുണ്ടു് ഘോപുരത്തിൽ കേറൂട്ടാപ്പിന്നെ, ശട്ടമേതു്, തമ്പേഴടി ഏതു്? ഹ, ഹ, ഹ, എടാ ശങ്കഴപ്പിള്ളേ! (നെഞ്ചത്തടിച്ചുകൊണ്ടു്) ആ ശങ്കഴപ്പിള്ളങ്ങുന്നു പത്തഴമാറ്റുകൊണ്ടു് പച്ചക്കൽപ്പൂരം . മറ്റവൻ- അവനു്, ആളെക്കൊന്നു ശക്കറമൊണ്ടെങ്കിൽ അവിടെ വച്ചോണ്ടിരിക്കാൻ പഴ. അണ്ണൻതമ്പിക്കു കണ്ട പെണ്ണെപ്പിടിച്ചുപറിക്കാൻ പോണവനും, നടുമണ്ടയിൽ മടലടി! (മടലടിക്കുന്ന നാട്യവും ഒരു കുരവയും.)
അച്യുതമേനോൻ: എന്തേന്നേ ഹേ ഇയ്യാൾ ശണ്ഠകൂടുന്നതു്?
ശങ്കരപ്പിള്ള: ക്ഷമിക്കുക. മുഴുവനും കേട്ടിട്ടു പക്ഷേ, പറയാം.
അയ്യൻപിള്ള: മനുഷ്യരെല്ലാം ഇനി പെണ്ണുപെറ്റാൽ കമലാന്നും തിമിലാന്നും പേരിടീൻ. എന്നാൽ ആനകേഴാം, തേരുകേഴാം, അമ്പാരികേഴാം, പാറുവും കീറുവും എല്ലാം ഇനി കൈവഴിച്ച മണ്ണു്. ഛേ, നായ്ക്കു വേണം. എടാ, ശിമക്കാഴൻ ഡാക്ടഴ് പിള്ളയാണ്ടാ! കാട്ടുമാക്കാന്റെ കൊച്ചിനു കണ്ണില്യോടാ, മൂക്കില്യോടാ? നിന്റെ (കരയാൻ തുടങ്ങുന്നു.) എവനിനി പെറന്നിട്ടും ഇരുന്നിട്ടും കാര്യമെന്തരു്? (കരഞ്ഞു മൂക്കുപിഴിഞ്ഞെറിഞ്ഞിട്ടു്) അങ്ങു മോളിരിക്കണവൻ കണ്ണുംചത്തോ ഇരിക്കണതു്? (ഒരുവശത്തോട്ടു നോക്കി സന്തോഷിച്ചു്) പാലാഴീലെ തമുക്കപോലെ, അങ്ങനെ ചാടിവീഴെടാ, കാട്ടുമാക്കാന്റെ വായിലു്. മുകത്തു രണ്ടീച്ചരം പല്ലു കുരുക്കുമ്പം. പിള്ളേരെല്ലാം തന്തയ്ക്കു പാലം വലിക്കാൻ നിവിരുണു. വാടാ വാ. (മപ്പടിക്കുന്നു.)
(രംഗത്തിന്റെ ഒരുവശത്ത് പാച്ചൻ പ്രവേശിക്കുന്നു.)
ശങ്കരപ്പിള്ള: മിസ്റ്റർ! ഇതാ രംഗത്തിന്റെ രസപുഷ്ടി വർദ്ധിക്കുന്നു.
അച്യുതമേനോൻ: അത് ആ പാച്ചൻ-നമ്മുടെ ഡാക്ടരുടെ ശിഷ്യനല്ലേ? നിങ്ങളെല്ലാവരും കൂടി എന്തോ ഒരു കൂടിക്കലാശത്തിനു വട്ടംകൂട്ടുകയാണു്.
പാച്ചൻ: (സ്വഗതം) അയ്യോ അയ്യോ! ഇനി എങ്ങനെ അങ്ങോട്ടു ചെല്ലും? കമലം മിസ്സി കനിഞ്ഞുതന്ന എഴുത്തു രക്ഷിക്കട്ടെ- അതു് കാലത്തു കിട്ടിയപ്പംതന്നെ കൊണ്ടുപെയ്യെങ്കിൽ, ഒരു നെലയുണ്ടായിരുന്നു. ഈ കൺകാഴ്ചകളാണു് പാച്ചനു" ഏഴരശ്ശനി പിടിപ്പിച്ചതു്. കുഞ്ഞുലക്ഷ്മീടെ അടുത്തിനി ചെല്ലുമ്പം ഒരു നരകാസുരവധമുണ്ടു്. ഈ സഭകളും മറ്റും കാണാഞ്ഞാൽ ജന്മമെന്തിനു്? പ്രസംഗങ്ങൾ കേട്ടാൽ പിന്നെ ഊണെന്തിനു്, ഉറക്കമെന്തിനു്? അയ്യട! ഇതാ ഒരു ഉപദേശി പ്രസംഗിക്കുന്നു. അല്ല- കറുത്ത വാവ് ഈ കോലാഹലങ്ങൾ കണ്ടു മിരണ്ട്, സ്തോത്രം ചെയ്യുന്നതാണു്. (മുമ്പോട്ടു സൂക്ഷിച്ചുനോക്കി ഭയാതുരനായി) അയ്യന്റമ്മോ! ലവുരു പറയുമ്പോലെ, പടച്ചതമ്പുരാനേ ഇതു കാട്ടുമാക്കൻ കാലമാടനല്യോ?
അയ്യൻപിള്ള: (ചാഞ്ചാടി മുന്നോട്ടു നീങ്ങി) നില്ലെടാ അവിടെ നില്ല്- ടേൻഷ്യൻ! അവിടേന്നു പറഞ്ഞാൽ അവിടെ. ഐസ് ഫ്രാണ്ട് ആർ പറയുണു കബാത്തെന്നു നോക്കു്- അയ്യപ്പന്റെ ഒരു കിഴുക്കിനു ശിഷ്ടം വെയ്ക്കാത്ത ചുങ്കിലേ!
പാച്ചൻ: ചുമ്മാ ഇരിക്കണം, അണ്ണാ- ഈ ആൾക്കൂട്ടത്തിൽ, പെരുവഴിയിൽവച്ച്, കൊലപാതത്തിനോ ഭാവം?
അയ്യൻപിള്ള: എടാ, തോവാളയിൽ നട്ടാൽ വെട്ടിയകോട്ടയിൽ കുരുക്കിണ അസുരവിത്തേ! പ്ലാന്തോട്ടത്തെ കമലക്കുട്ടി തന്ന അമ്മാവിസ്ലോഹം ഇങ്ങെടുത്തൂട്, അയ്യപ്പൻചട്ടമ്പി തമുക്കടിച്ചു്, അതൊന്നു പാടി, പുത്തൻ പടിപ്പിന്റെ സുമാറൊന്നു പട്ടണമറിയിക്കട്ടെ.
(പാച്ചന്റെ കൈയ്ക്കു പിടിക്കുന്നു. രംഗത്തിന്റെ മറ്റൊരു ഭാഗത്ത് രാജശേഖരൻപിള്ളയും വിമലമ്മയും പ്രവേശിക്കുന്നു.)
വിമലമ്മ: അച്ഛാ! പ്രസംഗങ്ങൾ എല്ലാവർക്കും രസിച്ചതും ആശ്ചര്യമല്ല. രാജഭക്തി എന്ന കാര്യത്തിൽ ഈ നാട്ടുകാരെ പിന്നിലാക്കാൻ ഏതു രാജ്യക്കാര്‍ക്കു സാധിക്കും? പ്രകൃതിദേവിതന്നെ എന്ത് ഉന്മേഷം അവലംബിച്ച് നൃത്തം ചെയ്യുന്നു! മുകളിൽ കാണുന്ന ചന്ദ്രക്കല സാക്ഷാൽ ശിവസാന്നിദ്ധ്യത്തെത്തന്നെ സൂചിപ്പിക്കുന്നില്ലേ?
രാജശേഖരൻപിള്ള: വിക്ടോറിയാ മഹാരാജ്ഞി തിരുമനസ്സിലെ കനകജൂബിലി ഈ തിരുമേനിതന്നെ ആഘോഷിച്ചു. അന്നത്തെ അവസ്ഥയോടു ഇപ്പോഴത്തെ ബഹുജനാമോദസ്ഥിതി കൊണ്ടു പിടിച്ചു മല്ലിടുന്നു. ആ ആഘോഷത്തിന്റെ സ്മാരകമായ മന്ദിരം എത്രത്തോളം ഉപകാരപ്രദമായിരിക്കുന്നു എന്നു് അനന്തരപരമ്പരക്കാരിയായ നീയും കണ്ടുവല്ലോ. ഈ മഹാമഹത്തിന്റെ സ്മാരകമായി ഏർപ്പെടുത്താൻപോകുന്ന സാങ്കേതികസ്ഥാപനം രാജ്യത്തിനൊക്കപ്പാടെതന്നെ അനുഗ്രഹഭൂയിഷ്ഠമായിത്തീരും.
പാച്ചൻ: ഇതാ ഈ കള്ളുകുടിയൻ അടിച്ചുകൊല്ലാൻ തുടങ്ങണേ!
അയ്യൻപിള്ള: എടാ ! പേശിയാൽ ശുട്ടുകളയും; വച്ചൂട് എഴുത്തിനെ-
വിമലമ്മ: അയ്യൻപിള്ള നിന്നു് എന്തോ തകര്‍ക്കുന്നു!
അയ്യൻപിള്ള: എടാ, നിന്റെ തകര്‍പ്പൻ ഡാക്ടനു കൊണ്ടു പോണ എഴുത്തു് അവിടെവച്ചു ഏത്തമിട്ടൂടെടാ -
വിമലമ്മ: (ഭാവഭേദത്തോടെ) അച്ഛാ! അയാടെ അക്രമം ഒന്നു തടുക്കണേ-
അച്യുതമേനോൻ: ഹേ! ഇവിടെ നില്ക്കേണ്ട. വല്ല തകരാറിനും സാക്ഷി ആയി കോടതി കയറേണ്ടിവരും.
പാച്ചൻ: ചുമ്മാ ഇരിക്കണം അണ്ണാ! മര്യാദയ്ക്കു സംസാരിക്കാഞ്ഞാൽ-
(രണ്ടുപേരുമായി പിടിയിട്ടു് കലശൽ തുടങ്ങുന്നു.)
വിമലമ്മ : വലിയ കൊറച്ചിലാകും. ഇങ്ങേർ എന്തായാലും നമ്മുടെ അയൽപക്കക്കൊറനല്ലയോ?
രംഗം അഞ്ചു് (40-42)
രാജശേഖരൻപിള്ള : (ആത്മഗതം) ഡാക്ടരെന്ന പേരു കേട്ടപ്പോൾ ഇവൾ തുള്ളിത്തുടങ്ങിയിരിക്കുന്നു. വരട്ടെ; അത്ര ലഘുവായി വിട്ടുകൂടാ. (പ്രകാശം) ഇനിക്കെന്തോ അകത്തൊരു വേദന തുടങ്ങിയിരിക്കുന്നു.
(അയ്യൻപിള്ള പാച്ചന്റെ കൈയിൽനിന്നും ഒരെഴുത്തു പിടിച്ചുപറിക്കുന്നു. പാച്ചൻ ആ മദ്യപനെ ഉരുട്ടിയിട്ട് എഴുത്തു വീണ്ടും കൈക്കലാക്കാൻ നോക്കിയതിൽ അതു രണ്ടായി കീറിപ്പോകുന്നു. തന്റെ കൈയിൽ കിട്ടിയ ഭാഗവും കൊണ്ടു പാച്ചൻ ഓടുന്നു. ആളു കൂടുന്നു.)
അയ്യൻപിള്ള: (നിലത്തു കിടന്നു കൈകാലറഞ്ഞു്) അയ്യോ തലച്ചോറടിച്ചു കഞ്ഞിപ്പശ ആക്കിക്കളഞ്ഞേ! പിടിപ്പിനവനെ, പിടിപ്പിന്‍-
കൃഷ്ണൻ: (കൂട്ടത്തിൽ മുമ്പോട്ടുനീങ്ങി) ഇതിനൊക്കെ കാര്യമെന്തമ്മാച്ചാ?
ഒരു വഴിപോക്കൻ: ഇയ്യാൾ ഇപ്പോൾ കാര്യം കേൾക്കണ്ട. അങ്ങേരെ ഒന്നു പിടിച്ചെഴിപ്പിച്ചൂടു്-
അയ്യൻപിള്ള: (ആര്‍ത്തസ്വരത്തിൽ) എവൻ മറ്റവന്റെ എണ്. എവനെ എങ്കിലും അമുക്കിക്കൊള്ളിൻ. കൊച്ചുങ്ങടെ കുലം കെടുക്കണ ഡാക്കിട്ടൻ കൊമരൻനായരിരിക്കണടം വെട്ടതൊറന്നു പോണേ ഭഹവാനേ!
(വഴിപോക്കർ അയ്യൻപിള്ളയെ പിടിച്ചു താങ്ങി എഴുന്നേല്പിക്കാൻ ശ്രമിക്കുന്നു.)
(എഴുന്നേല്പിക്കുന്നതിനിടയിൽ) അയ്യോ! കാലന്റെ ധൂതാക്കളേ! അവൻ ഇടിച്ചു ചതച്ചതിനെ നിങ്ങൾ കയക്കി പിഴിയാതിൻ. ഇവൻ ഇവിടെ കിടന്നു ചത്തു്, അവന്റെ തലയിൽകൊലവസം കേറട്ടെ.
കൃഷ്ണൻ: (അയ്യൻപിള്ളയെ തടവിനോക്കീട്ട്) അണ്ണനും ഒരലുക്കുലുക്കും പറ്റിയിട്ടില്ലല്ലോ.
അയ്യൻപിള്ള: നീ പാച്ചൻ കഴുവന്റെ കൂറ്റാൻ അങ്ങനെ അല്ലാണ്ടു പറയുമോ? ആ ഡാക്കിട്ടന്റെ കമലയും ചമലയും കൊണ്ടു നമുക്കല്ലയോ ചമ്മല പിടിച്ചത്-
വിമലമ്മ: അച്ഛാ! വല്യ പോരായ്മ. കമല എന്നു പറയുന്നതു നമ്മുടെ കമലമ്മയെ ആണു്.
രാജശേഖരൻപിള്ള : (മുമ്പോട്ടുനീങ്ങി) എടോ അയ്യൻപിള്ളേ-
അയ്യൻപിള്ള: (തിരിഞ്ഞുനോക്കി രാജശേഖരൻപിള്ളയുടെ കാല്ക്കൽ നമസ്കരിച്ചു്) ഇനി അയ്യൻപിള്ള ഏതു് കിയ്യൻപിള്ള ഏതു ? ആ തൂണനെ പൊന്നുതമ്പുരാന്റെ പെരുവഴിയിലിട്ടു കണ്ട പരിഷ ഇടിച്ചു പിഴിഞ്ഞു് ഒടലും ഉയിരും രണ്ടാക്കിക്കളഞ്ഞ പൊന്നുടയതേ, പൊന്നുടയതേ,-
രാജശേഖരൻപിള്ള: നിലവിളിക്കാതിരിക്കു. എല്ലാത്തിനും നിവൃത്തിയുണ്ടാക്കാം-
അയ്യൻപിള്ള: എല്ലും കോലും ഒടിഞ്ഞു കെപ്പുകെട്ടുപോയാ ഒട്ടിക്കാനും ആ കാലന്റടുത്തല്ലയോ ചെല്ലണം. നടപ്പാനും വയ്യ, നാക്കെടുപ്പാനും വയ്യ.
രാജശേഖരൻപിള്ള: ഏ. അവിടെങ്ങും പോകേണ്ടടോ. അല്ലാതെ നല്ല സിദ്ധൗഷധശാലയുണ്ടു്. (ചേപ്പിൽനിന്നും രണ്ടുരൂപ എടുത്തു കിലുക്കി നീട്ടുന്നു.)
അയ്യൻപിള്ള: (തെളിഞ്ഞു ഞെളിഞ്ഞു്) പൊന്നും ചീമാളന്മാരു് ഉത്തരവായാൽ ചാക്കേതു കെട്ടിയെടുപ്പേതു്? (രൂപ വാങ്ങിച്ചു ശബ്ദിപ്പിച്ചുകൊണ്ടു്) ഈ മന്ത്രത്തിനും പൊറുക്കാത്ത നോവേതു പൊന്നങ്ങുന്നേ? അയ്യൻപിള്ള ആഭാസനും മറ്റുമല്ല. ആളും തരവും അറിയാവുന്ന വീട്ടുകാറൻ. സലാം സലാം. പെരുത്തു സലാം.
(രാജശേഖരൻപിള്ളയും മകളും പോകുന്നു.)
പൊന്നങ്ങുന്നു് ഏഴകൾക്കു കാമദേവൻ- കയ്പവൃക്ഷം- (ചുററിനടന്നു്) എടാ ആരെങ്കിലും വന്നെങ്കി കൂടി വരിൻ. മയ്യാസ് ശട്ടമ്പിയുടെ മരുന്തു മൂക്കിന്റടുത്തു ചെന്നാ, കട്ടയിപ്പോയവനും എഴിച്ചോടും. അയ്യൻപിള്ള ആഭാസനും മറ്റുമല്ല. (പോകുന്നു.)
ശങ്കരപ്പിള്ള: (വഴിയിലോട്ടു നീങ്ങി) നമുക്കു പാച്ചന്റെ പുറകേതന്നെ ചെല്ലാം. ഇയ്യാൾ പറഞ്ഞതെല്ലാം കേട്ടില്ലേ?
അച്യുതമേനോൻ: ഹേ, സാധുവെ ഭ്രാന്തുപിടിപ്പിക്കാൻ നാം കൂടി ചെല്ലേണ്ട-
ശങ്കരപ്പിള്ള: ഉത്സവകാലമല്ലേ! കുറച്ചു കളിയാക്കാം. തരമുണ്ടെങ്കിൽ നല്ലോണം ഒന്നു സാപ്പിടുകയും ചെയ്യാം.
അച്യുതമേനോൻ: നിങ്ങടെ ഇഷ്ടം പോലെ ആകട്ടെ. നടക്കൂ
(രണ്ടുപേരും പോകുന്നു.)
കൃഷ്ണൻ: (വഴിയിലോട്ടു നീങ്ങി) പാച്ചൻ പോയവഴിയിൽ പുല്ല പോലും കാണാനില്ല. അവനെ കണ്ടുപിടിക്കാൻ ഡാക്ടരദ്യം ഭൂമിയിൽ ഒള്ള ആളെ എല്ലാം ഓടിച്ചിട്ടുണ്ടു് - ഇതാ കിടക്കുന്നു ഒരെഴുത്തിന്റെ പാതി (എടുത്തിട്ടു്) വല്ല വാംകുനോട്ടോറ്റോ ഒണ്ടങ്കിൽ; പിന്നെ കൊച്ചുകൃഷ്ണപിള്ള പുത്തനുമല്ലാ- പഴയതുമല്ലാ- അടിച്ചാംഭാതർ കൊണ്ടുപിടിച്ച ശിംകം ! (പോകുന്നു.)
(കർട്ടൻ)
രംഗം ആറു് (43-45)
രംഗം ആറു്
[ഡാക്ടർ കുമാരൻനായരുടെ സല്ക്കാരഹാൾ. നടക്കുന്നു. കുമാരൻനായർ ചിന്തയോടെ നടക്കുന്നു.]
കുമാരൻനായർ: ജീവനില്ലാത്ത രാമശരം മടങ്ങി ആവനാഴിയിൽ എത്തി. ശ്രീ ഹനൂമാൻ ചൂഡാരത്നം വാങ്ങി ലങ്കയും ചുട്ടുപൊടിച്ചു. നമ്മുടെ ദൂതനോ? പോയവഴി ഒരുപ്പോക്കേ പോയ്ത്തുലഞ്ഞു. ദിവസം രണ്ടെന്നെണ്ണി. ആ വികൃതി പ്ലാവുമാത്രമുള്ള തോട്ടം ആരാഞ്ഞു നടക്കയായിരിക്കാം. (അല്പം നടന്നു്, വിരൽ കടിച്ചു കുടഞ്ഞുകൊണ്ടു്) ഗ്രഹപ്പിഴയായി! ഈ കുരങ്ങനെ പ്രേമദൗത്യം ഏല്പിച്ച ഞാൻ അബദ്ധകുലത്തിൽ ഉത്തംസം തന്നെയാണു്. പ്രണയശ്രമം മനുഷ്യരെ നിശ്ചേഷ്ടന്മാരാക്കും. അവൻ ആ ശ്രീമതിയെ തേടി ഭൂപ്രദക്ഷിണം ചെയ്തയായിരിക്കാം. എന്നാലും ഇത്ര താമസിക്കാനുണ്ടോ? തിരുവനന്തപുരം ലണ്ടൻനഗരമല്ലല്ലോ. ഇന്നത്തെ മഹായോഗത്തിനു പോകാത്തതും വലിയ നീചത്വമായി. ജനങ്ങളുടെ മഹാരവം അത്യുച്ചഝംകാരമായി ഇവിടെയും എത്തുന്നു. ആരോ പുറത്തു സംസാരിക്കുന്നു. ഉപദ്രവിക്കാൻവരുന്ന കൂട്ട ക്കാറല്ലെങ്കിൽ ഭാഗ്യമായി. സ്നേഹിതന്മാരാരോ ആണു്- സ്നേഹമല്ലല്ലോ എനിക്കിപ്പോൾ വേണ്ടതു്. ലോകപരിത്യാഗിക്കു പാൽപ്പായസം കൊണ്ടെന്തു ഫലം? ഇപ്പഴത്തെ കാമിതാം- നാശം! ആ വലിയ വെടിയൻ ശങ്കരപ്പിള്ളകൂടിയുണ്ടു്.
(അച്യുതമേനവനും ശങ്കരപ്പിള്ളയും പ്രവേശിക്കുന്നു.)
അച്യുതമേനോൻ: ഹേ ഡാക്ടർ സായ്‍വേ! അപരാധം പലതും നിങ്ങടെ തലയിന്മേൽ ചുമലുന്നു. സ്നേഹിതദ്രോഹം, വിദ്വജ്ജനദ്രോഹം, പിന്നെ മറ്റുള്ള ദ്രോഹങ്ങൾ സമുച്ചയത്തോടെയും- മുഖം മരങ്ങിച്ചു നില്ക്കാതെ ഞങ്ങൾക്കു് സ്വാഗതം പറയൂ- പീസു വരാഞ്ഞിട്ടായിരിക്കാം ഇന്നത്തെ മീറ്റിംഗിനും എത്താത്തതു്.
ശങ്കരപ്പിള്ള: മനസ്സിനു പീസ് ഇല്ലാഞ്ഞിട്ടാണു 'തരത്തിലശ്ശരമഞ്ചും കരത്തിൽ ഏന്തിയമ്പോടെ - ഹരനോടേറ്റെറിഞ്ഞാരാ' ക്കുണ്ടാമണ്ടി ഡാക്ടരന്മാരോടും 'ഉന്നൈ നാൻ വിടുവേന' എന്നു നില്ക്കയാണു്-
അച്യുതമേനോൻ: ഞാൻ നടന്നു തളർന്നിരിക്കയാണു്- സൽക്കാരമില്ലെങ്കിലും ഇതാ ഇരിക്കുന്നു-
ശങ്കരപ്പിള്ള: ഹേ, മിസ്റ്റർ അച്യുതമേനോൻ! നാം ഇപ്പോൾ ഇവിടെ സ്വര്‍ഗ്ഗത്തു കട്ടുറുമ്പുപോലെയാണു്. ഇവിടെ ഇപ്പോൾ എത്തേണ്ടതു് 'മാകന്ദേന്ദീവരം നൽ പരിമളബഹുലസ്യന്ദിയാം മന്ദവാതം-പിന്നെപ്പൂര്‍ണ്ണേന്ദുമന്ദസ്മിതരുചികലരും-'
കുമാരൻനായർ: മോങ്ങാതെ മനസ്സാണെങ്കിൽ അവിടെ ഇരിക്കു- ആരെയെങ്കിലും കളിയാക്കിക്കൊല്ലാൻ പ്രതിജ്ഞചെയ്തു പോന്നിരിക്കയാണെങ്കിൽ, വല്ല പ്രമത്തന്മാരെയും പിടികൂടി ഹിംസിക്കൂ
ശങ്കുപ്പിള്ള: ഹെ! നിങ്ങൾ എന്തു കയ്പും എരിപ്പും ചവർപ്പും മറ്റുള്ളവരെ സേവിപ്പിച്ചു്, കരളും കുടലും തുകലാക്കി, വൈശ്രവണനാകുന്നു! ഞങ്ങൾ കളിവാക്കുകൊണ്ടെങ്കിലും നിങ്ങളെ അല്പം ചികിത്സിച്ചുകൊള്ളട്ടെ. (ഒരു കസേര വലിച്ചിട്ടിരുന്നുകൊണ്ടു്) ദീനം അന്വേഷിച്ചു വന്നവരോട് എന്തെങ്കിലും മര്യാദ കാട്ടുക -
കുമാരൻനായർ: രോഗീടെ ഭവനം ഇതല്ല. നിങ്ങൾക്കു തെറ്റിപ്പോയിട്ടുണ്ടു്. ഞാൻ ഇതാ തടിപോലെ നില്ക്കുന്നില്ലേ? നിങ്ങടെ മര്‍ദ്ദനം ഏൾപ്പാൻ ഇതാ ഇരിക്കയും ചെയ്യുന്നില്ലേ? (ഇരിക്കുന്നു.)
അച്യുതമേനോൻ : ചികിത്സയിൽ ഞാൻ പരിസേവിയല്ല. ശങ്കരപിള്ളതന്നെ ഡാക്ടറും, കൈയാളും, സ്ഥാനങ്ങൾ വഹിക്കൂ, ഹെ!
കുമാരൻനായർ: പിന്നെ എന്റെ രോഗമെന്തെന്നു ഞാൻതന്നെ കംഭസാരിച്ചേക്കാം. ആ വിഷയത്തിൽ കളിവാക്കുകൾ ചേരുന്നതല്ല താനും, സ്നേഹമെല്ലാം സ്നേഹം തന്നെ. ലവ് എന്നതിനെ ഒരു ആത്മീയകാര്യമായിട്ടാണു് ഞാൻ ഗണിക്കുന്നത്. ആ നിലയെ ആരും ആക്ഷേപിക്കുന്നുമില്ല. എന്നാൽ ദമയന്തീനളന്മാരുടെ ചിത്തഘടനകഥ കേട്ടിരിക്കുമല്ലോ- ആ പ്രണയം പരിണയത്തിൽ പര്യവസാനിക്കയും ചെയ്തു -
അച്യുതമേനോൻ: നിങ്ങടെ സംഗതിയും അങ്ങനെ കലാശിക്കാൻ ഞാൻ പ്രാര്‍ത്ഥിക്കുന്നു. പക്ഷേ -
കുമാരൻനായർ: എന്നുവെച്ചാൽ എന്താണു ചേട്ടാ. പറയൂ -
ശങ്കരപ്പിള്ള: അതു പറയേണ്ട ആൾ ഞാനാണു്. നളന്റെ പ്രേമശ്രമത്തെ ഭംഗപ്പെടുത്താൻ ചിലർ ഇടയ്ക്കു ചാടിയില്ലേ?
കുമാരൻനായർ: അതുപോലെ ആരെങ്കിലും എന്റെ സംഗതിയിൽ പുറപ്പെട്ടാൽ, അവസാനത്തിൽ അവർ എന്നെ അനുഗ്രഹിക്കും.
അച്യുതമേനോൻ: നല്ലവണ്ണം ആലോചിച്ചു സംസാരിക്കുക.
(കൃഷ്ണൻ പ്രവേശിക്കുന്നു.)
കുമാരൻനായർ: എന്തെടാ! മുൻകൂട്ടി അറിയിക്കാതെ അകത്തുകടക്കാൻ സ്വാതന്ത്ര്യം തോന്നിയതു്?
കൃഷ്ണൻ: ഒരു പ്രിവേട്ടുകാര്യമങ്ങുന്നേ; ഇവർകൂടി കേൾക്കാമെങ്കിൽ-
കുമാരൻനായർ: വല്ല രോഗിയുടേയും സംഗതിയാണോ?
കൃഷ്ണൻ: വ്വൊ. അതല്യോ ഇവരു കേട്ടുടാത്തതു്. എന്നാലും, അങ്ങാടിയിൽ പരസ്യത്തിനു പിന്നെ രഹസ്യമേതങ്ങുന്നേ? ഇതാണ്ടെ ഒരു തുണ്ടെഴുത്ത്.
രംഗം ആറു് (46-50)
കുമാരൻനായർ: ഒരു തുണ്ടെഴുത്തോ! കൊണ്ടുപോ- ഇവിടെ വേണ്ട.
ശങ്കരപ്പിള്ള: വാങ്ങിക്കൊൾക- നിങ്ങൾക്കു് മേൽവിലാസം വെച്ചതാണെന്നു തോന്നുന്നു.
കൃഷ്ണൻ: അങ്ങനെ ഉത്തരവാകണം അങ്ങുന്നേ! പെണ്ണുങ്ങടെ മറുപടി കൊണ്ടരുന്നവരും മറ്റും ആണുങ്ങളായിരിക്കണം. പിന്നെ, പേരു നാറ്റണതും-
അച്യുതമേനോൻ: മിണ്ടാതെ പോടാ-
കൃഷ്ണൻ: മിണ്ടിപ്പോയവരെ തല എന്നാൽ വീശിക്കളയണം. പേരെന്നുപറഞ്ഞതു് വെഹുലേസ്സാണു- തൊട്ടാൽ കീറിപ്പോകും- രാജശേഖരൻപിള്ളങ്ങുന്നു- പെൻഷൻ ഭേഷ്കാരങ്ങുന്നേ- ആ പൊന്നരശനും കേട്ടോണ്ടു നിന്നു. അതെല്ലാം പറഞ്ഞുടെങ്കിൽ ഹെന്റെ പാട്ടിനു ഞാനിതാ പോണു -
(അച്യുതമേനോനും ശങ്കരപ്പിള്ളയും പരസ്പരം ആംഗ്യത്താൽ സംഭാഷണം ചെയ്യുന്നു. കൃഷ്ണൻ ഒരു ലക്കോട്ടുതുണ്ടത്തെ കുമാരൻനായരുടെ മടിയിൽ ഇട്ടിട്ടു പോകുന്നു.)
അച്യുതമേനോൻ: ഞങ്ങളും പോയിവരാം . പ്രണയം കൊണ്ടും അവിവേകമോ അപമര്യാദയോ പ്രവർത്തിക്കരുത്. ശങ്കരപ്പിള്ളയ്ക്ക് അല്പം ഒരു സങ്കടമുണ്ട്. പ്ലാന്തോട്ടത്തു നടത്തണമെന്നു് നിങ്ങൾ വിചാരിക്കുന്ന വിവാഹം ആഗ്രഹത്തോടുമാത്രം അവസാനിക്കട്ടെ-
കുമാരൻനായർ: പറയുക- പറയുക. സംഗതി മുഴുവൻ വ്യക്തമാക്കി പറയുക.
ശങ്കരപ്പിള്ള: (മേനോനോടു രഹസ്യമായി) കള്ളി ഇപ്പോൾ വിട്ടു കൊടുക്കരുതു്. നാളത്തെ ആഘോഷത്തിൽ ഈ വിദ്വാനെ സ്വര്‍ഗ്ഗം കാണിക്കുക എന്നതു് ഒരു അങ്കം ആക്കിക്കളയാം. ശണ്ഠ ഉണ്ടാകില്ലെന്നു ധൈര്യപ്പെട്ടുകൊൾക.
അച്യുതമേനോൻ: ഇപ്പോൾ ഇവിടെ ഒന്നും പന്തിയല്ല. ഒരു കിണ്ണം തേയിലയ്ക്കു പോലും തരമില്ലെന്നാണ് ഗ്രഹനിലയും ഗൃഹസ്ഥിതിയും കൊണ്ടു കാണുന്നതു്.
(ശങ്കരപ്പിള്ളയും അച്യുതമേനോനും പോകുന്നു.)
കുമാരൻനായർ: (സ്വഗതം) ഇവർ മുഷിഞ്ഞാണു പോകുന്നതു്. പ്ലാന്തോട്ടത്തെ പാർലിമെന്റ് അധികാരം ഇവര്‍ക്കാണെന്നു നടിക്കുന്നു. ഇതുകൊണ്ടു് ആരിളകും? എന്തായാലും ലോകരുടെ അപഹാസം തലയിൽ പതിച്ചുകഴിഞ്ഞു എന്നാണു് ശകുനങ്ങളാൽ കാണുന്നതു്. കൈയിൽ കിട്ടിയിരിക്കുന്ന പിടിപാടും കൊണ്ടു എവിടെപ്പോയാലും കഷ്ടതകൂടാതെ കാലം കഴിക്കാം. ഈ എഴുത്തുകഷണം വായിക്കട്ടെ. എന്റീശ്വരാ! - ഇതു് ഇങ്ങോട്ടയച്ചതു തന്നെ. മേൽവിലാസം മുക്കാലുമുണ്ടു് - നമ്മുടെപേര്‍ക്കുതന്നെ. (അകത്തെ കടലാസെടുത്തു നോക്കീട്ടു്) പാന്തോട്ടത്തുനിന്നുതന്നെ; വീട്ടുപേരു തെറ്റീട്ടില്ല. (സൂക്ഷിച്ചുനോക്കീട്ട്) ഇതിനെ കീറാൻ കൊടുത്ത മഹാപാപി നശിച്ചുപോട്ടെ! 'എന്റെ ജീവിതം'... 'പണയപ്പെട്ടുപോ...' എന്നു കാണുന്നു; നമുക്കു പണയപ്പെട്ടു പോയിരിക്കുന്നു എന്നാണു്. പിന്നെ, 'അവിടുത്തെ പ്രേമം' എന്നും, 'എന്നെ ഭാഗ്യവതി' എന്നും കൂടിയുണ്ടു്. ഭാഗ്യവതിയോ? എന്റെ സർവസ്വവും പ്രിയതമതന്നെയല്ലേ? 'ഇതിലധികം ഞാനെന്തു പറയുന്നു?' എന്നൊരു ചോദ്യവുമുണ്ട് . ഒന്നും പറയേണ്ടാ- പ്രിയതമേ! ഇതാ ഇവൻ സുകൃതികളിൽവച്ച് ഒന്നാമനായി. എന്റെ 'വിമലമ്മാൾ' എന്നും പേരും ചാർത്തീട്ടുണ്ടു്. പേരിലെ ആദ്യക്ഷരം മറ്റേ കഷണത്തിൽ പൊയ്പോയി! കഷ്ടമേ ഇതാണു് ലോകനിയന്താവിന്റെ കൃത്രിമബുദ്ധിയുടെ വിശേഷം! സുഖങ്ങൾ എല്ലാപ്പോഴും ദുഃഖസമ്മിശ്രം! ആ എഴുത്തു മുഴുവൻ ഇവിടെ കിട്ടിയിരുന്നു എങ്കിൽ ഇവന്റെ ബാല്യം ഒന്നാവർത്തിച്ചു് എന്തു പരമോത്സവം ആകുമായിരുന്നു ! എങ്കിലും, പട്ടിണി കിടക്കുന്ന യാചകനു് ഒരു മുഷ്ടി അരി സമ്പത്താണല്ലോ- ആ പാച്ചൻ വന്നെങ്കിൽ, വസ്തുത മുഴുവൻ അറിയാമായിരുന്നു. (ഉറക്കെ) എടാ- രാമ- കുറുപ്പേ- കേശവാ- നാശം! അവര്‍ക്കെന്താണെന്നു്! ഇവൻ അല്ലെങ്കിൽ മറ്റൊരിടം . (ദേഷ്യത്തോടെ) ആരാടാ എത്തി നോക്കുന്നതു്?
(അണിയറയിൽ) ഞ- ഞാം- ഞാന്തന്നെ-
കുമാരൻനായർ: അവിടെനിന്നും കൊഞ്ഞനം കാണിക്കാതെ രംഗത്തു പ്രവേശിക്കു്. നിന്റെ തിരനോക്കിനിടയിൽ യുഗം മൂന്നു കഴിയും.
(പാച്ചൻ പ്രാകൃതവേഷത്തിൽ ക്ഷീണവും ലജ്ജയും ഭയവും അഭിനയിച്ച് ഒതുങ്ങി പതുങ്ങി പ്രവേശിക്കുന്നു.)
ദക്ഷിണധ്രുവം കണ്ടുപിടിച്ചുവോ, മഹാപാപീ! മഞ്ഞക്കട്ടിയിൽ നിന്നു് നിന്റെ കപ്പൽ ഇളകിയോ? അടുത്തുവരാതെ- നിന്നെ ഞാൻ കൊന്നുപോകും.
പാച്ചൻ: (കഴുത്തു കുനിച്ചുകൊണ്ടു്) എന്നാൽ ധുരിതങ്ങൾ തീരും പൊന്നങ്ങുന്നേ -
കുമാരൻനായർ: ഛീ! ഭ്രാന്താ! വിഡ്ഢീ! ഇതിന്റെ ശിഷ്ടമെവിടെ? എവിടെപ്പോയി ചത്തുകിടന്നിരുന്നു? മറ്റുള്ളവരുടെ മാനം പണയത്തിലാക്കാൻ, വിചാരബുദ്ധിയില്ലാതെ എന്തെല്ലാം പ്രവർത്തിച്ചു? കണ്ണും തുറിച്ചും അവിടെനിന്നു് കോലം തുള്ളാതെ പറ.
പാച്ചൻ: ഇതെല്ലാം കൂടി ഒന്നിച്ചു കേട്ടു, ഇവന്റെ തലയൊരു- (വിരൽ മേല്പോട്ടു ചൂണ്ടിക്കറക്കുന്നു.)
കുമാരൻനായർ: (എഴുത്തുകഷണം വീണ്ടും കാട്ടിക്കൊണ്ടു്) ഇതിന്റെ പാതി എവിടെ?
പാച്ചൻ: (കാര്യഗൗരവം നടിച്ചു) ഇതെവിടുന്നു വന്നങ്ങുന്നേ?
കുമാരൻനായർ: എന്നാൽ, നീ ഇരിക്കു് ആ കസേരയിൽ. ഞാൻ കാര്യങ്ങൾ ബോധിപ്പിക്കാം.
പാച്ചൻ: (ആത്മഗതം) കണ്ടോ കണ്ടോ. എവന്റെ ജാതകം എവനെ തുല്ലല്യോ ഇടുവിക്കുന്നു. ഇത്തിക്കളിച്ചെങ്കിലും, ഒരു കാര്യവും സാധിച്ചു വന്നപ്പം ആ കാട്ടാളൻ കേറി വഴിയിൽനിന്നു പെയ്പെയ്യല്ലോ. താമസിച്ചതിനുള്ള മാപ്പും കുഞ്ഞുലക്ഷ്മിക്കുവേണ്ടി കേൾപ്പാൻ വിചാരിച്ചിരുന്ന കോപ്പും! ഈ കുപ്പായം പോട്ട കുഞ്ചുങ്ങളെ കാര്യത്തിൽ ഇങ്ങനെഒക്കെത്തന്നെ വരും. നോക്കണേ! അതു പറന്നല്യോ ഇങ്ങ് വന്നൂട്ടു. ഇനി പെട്ടതു ചട്ടിയിലു് (മടിയിൽ നിന്നും എഴുത്തിന്റെ പൊതി എടുത്തു കൊടുക്കുന്നു.)
കുമാരൻനായർ: (അത്യാകാംക്ഷയോടെ അതു വാങ്ങി രണ്ടു കഷണവും ചേർത്തു വിളക്കത്തുവെച്ചു വായിക്കുന്നു.)
പ്ലാന്തോട്ടം
93 കന്നി 7-ാ൲
ശ്രീ
'ലെററർ കിട്ടി. എന്റെ ജീവിതം' (ശ്വാസവേഗത്തോടെ) 'മറ്റൊരാൾക്കു്-' ഈശ്വരാ! (ഉറക്കെ ഉച്ഛ്വസിച്ചു) 'പണയപ്പെട്ടുപോയിരിക്കുന്നു. ആ പ്രേമബന്ധത്തെ സര്‍വാത്മനാ രക്ഷിക്കേണ്ടതു് എന്റെ കർത്തവ്യമല്ലേ?' എസ്സെസ്, കർത്തവ്യം നശിച്ചുപോട്ടെ! 'അവിടുത്തെ പ്രേമമല്ല, സ്നേഹം സുസ്ഥിരമായി എന്നെ ഭാഗ്യവതിയാക്കട്ടെ. ഇതിലധികം ഞാൻ എന്തു പറയുന്നു?' സ്ത്രീകൾ പരമദുഷ്ടകൾ ! മറുപടിയില്ലെന്നു പറഞ്ഞയച്ചു മാട്ടിക്കൂടായിരുന്നോ? രാക്ഷസി! 'അങ്ങേടെ ഉത്തരോത്തരം വര്‍ദ്ധിക്കുന്ന ശ്രേയസ്സിൽ ഭാഗഭാക്കാകുന്നതിനും ദൈവം ഞങ്ങൾക്കു സംഗതി വരുത്തട്ടെ.
എന്നു് അവിടുത്തെ സഹോദരി
കമലമ്മാ..'
(കോപാന്ധനായി പാച്ചനെ പിടികൂടി) ആരടാ ഈ കമലമ്മാൾ? ഏഭ്യരാശി! എന്റെ ആരു്, നിന്റെ ആരു്? എടാ പ്രേതമേ, ആരു്? പോ പോ പുറത്തു്. അച്യുതമേനോനും ശങ്കരപ്പിള്ളയും വന്നതിന്റെ താൽപര്യം ഇപ്പോൾ എനിക്കു മനസ്സിലാകുന്നു. അവർ എന്നെ ആഭാസനെന്നു വിചാരിക്കുന്നെങ്കിൽ അതെത്ര ന്യായം! ലോകർ പരിഹസിക്കുന്നെങ്കിൽ അതും ഇവനു കിട്ടേണ്ടതുതന്നെ. എടാ, ഞാൻ വിമലയ്ക്കല്ലേ എഴുത്തു തന്നതു്?
പാച്ചൻ: (ഉജാറായി നിന്നുകൊണ്ടു്) അങ്ങുന്നേ- വീട്ടിൽ ചോറ്റിനു മുട്ടി ഇങ്ങുവന്നു് കാലുപിടിച്ചുകിടക്കുന്നൂന്നുവെച്ചു, വഴിയേ പോണ വീഴ്ചയൊക്കെ ഇവന്റെ തലയിൽ തട്ടരുതു്. ഒരു ശാസ്ത്രക്കുറിപ്പിനു ഇത്രയൊക്കെ വേവലാതിപ്പെടാനെന്തോന്നു! (ലോകത്തോടു്) എന്തരോ വിചാരിച്ചു, ആര്‍ക്കോ എഴുതി- അതിനെ ശരിയാക്കിക്കൊണ്ടു കൊടുത്തതിനും ഇതോ വിരേങ്ങല? ഇതെവിടെ കേട്ട ഞായം?
കുമാരൻനായർ: (ശാന്തനായി) നിന്നോടു സംസാരിപ്പാൻ ഞാൻ ആളല്ല. പൊയ്ക്കോ- നിന്റെ ശമ്പളം കണക്കുനോക്കി താഴത്തയച്ചേക്കാം
പാച്ചൻ: അയ്യോ പൊന്നങ്ങുന്നേ ! ഇതൊക്കെ ചിരിക്കും. ലോകരു കേട്ടാ ചിരിക്കും
കുമാരൻനായർ: (ദേഷ്യം അതിക്രമിച്ച്) അത്ര മുതിര്‍ന്നു പോകുന്നോ? (വടിയെടുക്കുന്നു.)
(പാച്ചൻ ചാടി ഓടുന്നു. കുമാരൻനായർ പിൻതുടരുന്നു.)
(കർട്ടൻ)
രംഗം ഏഴ് (51-56)
രംഗം ഏഴ്
[കുമാരൻനായരുടെ സല്ക്കാരഹാൾ. കുമാരൻനായർ പ്രവേശിക്കുന്നു.]
കുമാരൻനായർ: (സ്വഗതം) ഉണ്ണാനിരുന്നിട്ടു്, ഒരു രുചിയും ഉണ്ടായില്ല. മിസ്റ്റർ ശങ്കരപ്പിള്ള എന്തു വിചാരിക്കും? അദ്ദേഹത്തിന്റെ പ്രണയിനി ശ്രീമതി കമലമ്മ എന്തുവിചാരിക്കും? ഞാൻ വിമലമ്മ എന്നും ഇംഗ്ലീഷിലെഴുതിയതും 'വി' യും 'ഐ'- യും ചേർന്നപ്പോൾ 'കെ' ആക്കി, 'കമലമ്മ' എന്നും ആ കുട്ടി വായിച്ചുപോയതായിരിക്കാം. ഇതെല്ലാം ഇനി വ്യാഖ്യാനിച്ച്, അവരവരെ ധരിപ്പിക്കണമല്ലൊ. പക്ഷേ, വീണ്ടും വീണ്ടും വിചാരിച്ചതിൽ, 'വിമലമ്മ' എന്നു വ്യക്തമായി എഴുതിയതായിട്ടാണു് ഓര്‍ക്കുന്നതു്. സ്കൂൾകുട്ടികൾ 'കമലമ്മ' എന്നു പറഞ്ഞതു് ഞാൻ 'വിമലമ്മ' എന്നു തെറ്റി കേട്ടതായിരിക്കാം. എന്തായാലും, ഇങ്ങനെ നമ്മുടെ ആദ്യത്തെ പ്രേമം ഇച്ഛാഭംഗത്തിൽ കലാശിച്ചു. എന്റെ ഈയിടയിലെ ക്ഷീണഭാവങ്ങളും, ആ വികൃതീടെ ദുസ്സാമർത്ഥ്യവും ചേര്‍ന്നു്, വേണ്ട ദുഷ്പ്രവാദങ്ങൾ പരക്കാൻ തരം ഉണ്ടാക്കി. ഇനി എങ്ങനെയാണ് ഈ സ്ഥലത്തും ആളുകളുടെ ഇടയിലും സഞ്ചരിക്കുന്നതു്? ആ ബാലികയെ ഒരു സ്നേഹിതന്റെ ഭാര്യയായി പലപ്പോഴും കാണേണ്ടതായും വരും. അതെല്ലാം, അനുഭവിക്കുക വലിയ സങ്കടമാണു്. ഞാൻ തിരുവിതാംകൂർകാരനായി ജനിച്ചുപോയല്ലോ. അതുകൊണ്ടു ഷഷ്ടിപൂർത്തിസംബന്ധിച്ചുള്ള ആഘോഷങ്ങൾ തീരുന്നതുവരെ ഇവിടെ താമസിക്കാം. അതു കഴിഞ്ഞാലുടൻ ദേശാന്തരവാസം കൊണ്ടു സ്വന്തം ജളത്വത്തെ ശിക്ഷിക്കാം. എന്തായാലും ഇവിടത്തെ ഉദ്യോഗവും പ്രാക്ടീസും ഇതോടെ കെട്ടിവയ്ക്കുന്നു. നിദ്രാദേവിയെങ്കിലും സ്വാധീനമായി അനുഗ്രഹിക്കുമോ എന്നു പരീക്ഷിക്കട്ടെ. (ഉറക്കമുറിയിലേക്കു പോകുന്നു.)
പാച്ചൻ: (അകത്തോട്ടു തല നീട്ടീട്ടു്) അങ്ങുന്നു് ഉറങ്ങാൻ പോയി. (പ്രവേശിച്ചിട്ടു്) 'ഛീ' എന്നും ആട്ടൂട്ട ഉടനെ ഭാണ്ഡംകെട്ടി. പറന്നുകളയാൻ പാച്ചൻ അത്ര പോഴനല്ല. ഈ അങ്ങുന്നു് ലക്ഷത്തിലൊന്നു്. പിന്നല്യോ? ഓരോടത്തെ തറ പഞ്ചാരയോ പരുമ്പാറയോന്നു്, ചെന്നുകണ്ടാൽത്തന്നെ അറിയാം. ഇവിടെ ഒട്ടിക്കിടന്നോണ്ടില്ലെങ്കിൽ തിണ്ടാടിപ്പോകും. (ഞെട്ടി ഒരുവശത്തോട്ടു നോക്കീട്ട്) വേലമാറ്റിയിരിക്കുമ്പോ, ഒരു സവാരിശയ്തു കളയാമെന്നും വച്ചു വെളിയിലോട്ടിറങ്ങിയപ്പം, ആ കടംപിരിപ്പുകാരി നടയിൽ കാവലും. ഇന്നത്തെ പറ്റൊന്നും, ആദിതൊട്ടന്തംവരെ, പറവാനില്ല. അവൾക്കിനി നേധിക്കാൻ റട്ടിനും പട്ടുറുമാലിനും എവൻ ഏതു ഭവഹന്റടത്തു വരം കേക്കും? അകത്തു കേറിയപ്പം പുറകേപുറകേ എത്തുന്നു- അങ്ങുന്നിരിക്കണ ഇവിടെ വരൂല്ല. എങ്കിലും വന്നു് എത്തിനോക്കി കണ്ടുപിടിച്ചൂട്ടാലോ? (ഒരു കസേരയുടെ ഇടയിൽ മറഞ്ഞുകിടക്കുന്നു.)
(കുഞ്ഞുലക്ഷ്മി പ്രവേശിക്കുന്നു.)
കുഞ്ഞുലക്ഷ്മി: പൂരായം പറഞ്ഞുപറ്റിപ്പാൻ നോക്കിയാ, എവളു വിട്ടുടുമോ? ഇവിടം പണം ചൊരിയുണിടം തന്നെ! അങ്ങേരു വിചാരിച്ചാ, പറഞ്ഞതും അപ്പറവും ഒടനെ കിട്ടും . അശ്ശോ! മേയകളും മറ്റും വെഹുമോടി! കടകളെപ്പോലല്യോ എല്ലാം ഒരുക്കീരിക്കിണതു്! ചാലയിലെ കടകളും അടച്ചിട്ടില്ല. നിയ്മ്പേറു ശമ്പളമെങ്കിലും കേട്ടുവാങ്ങിച്ചോണ്ടു്, കൂടിവന്നു് എല്ലാം വാങ്ങിച്ചുതരട്ടെ- ചുമ്മായാണോ- നാലുപേരിരിക്കെ തൊഴുതു തുണി വാങ്ങിച്ചിട്ടല്യോ? കൂടിവരൂല്ലെങ്കി, ഇപ്പം ഇവിടെ രണ്ടിലൊന്നു്. വിഛ്‍വാതത്തിനെ വഞ്ചിച്ചാ, എവടെ തരക്കാര്‍ക്കും അറിയാം, എങ്ങനെ പിടിപ്പിക്കണമെന്നു്. അടവുകളെല്ലാം ആണുങ്ങൾക്കു കുത്തകയല്ല. അന്നന്നു കാച്ചിക്കുടിക്കിണവര്‍ക്കും ഹൈമാന്യം വലുത്! (മുറിക്കകത്ത് തേടുന്നു. കണ്ടുപിടിച്ചിട്ടു്) പെരിച്ചാഴിയെപ്പോലെ അവിടെക്കേറി ചൊതുങ്ങാണ്ടു് ഇങ്ങ വെളീലിറങ്ങൂടണം പിന്നെ.
പാച്ചൻ: (ദേഹത്തെ കഴിയുന്നതും സങ്കോചിപ്പിച്ചുകൊണ്ടു ആംഗ്യം) സംസാരിക്കരുതു്.
കുഞ്ഞുലക്ഷ്മി: മിണ്ടാതിരിക്കാൻ, ഇങ്ങു വെളിയിലിറങ്ങി, കൂടിവരണം
(പാച്ചനെ കസേരയുടെ ഇടയിൽ നിന്നും വലിച്ചിഴച്ച് വെളിയിൽ കൊണ്ടുവന്നു് എഴുന്നേൽപ്പിച്ചു നിറുത്തുന്നു)
('കശകൂട്ടരുതേ' എന്നും പാച്ചന്റെ ആംഗ്യം. കുഞ്ഞുലക്ഷ്മി പാച്ചന്റെ ബീഭത്സഭാവത്തെ അഭിനയിച്ചുകാട്ടുന്നു. രണ്ടുപേരും ചിരിച്ചുപോകയാൽ പരസ്പരം വാപൊത്തുന്നു. കുഞ്ഞുലക്ഷ്മി പരിഭവചേഷ്ടകൾ കാട്ടിക്കൊണ്ടു നിൽക്കേ, കുമാരൻനായർ ഉറക്കവേഷത്തിൽ പ്രവേശിക്കുന്നു. പാച്ചൻ മറഞ്ഞുകളയുന്നു.)
കുമാരൻനായർ: (അത്ഭുതവശനായി) ഇത്രത്തോളമായോ? ഇവിടം ആ അസത്ത്, ആഭാസൻ! അവൻ എങ്ങോട്ടു പോയി? നീ ആരു്? ഇവിടെക്കാര്യമെന്തു്?
കുഞ്ഞുലക്ഷ്മി: (ശൃംഗാരമര്യാദനാട്യങ്ങളോടെ ഒതുങ്ങിനിന്നും മുഖം താഴ്ത്തി) ഞ്യാങ്, (ചാഞ്ചാട്ടം.) ഇവിടത്തെ പാച്ചമ്പിള്ളണ്ണന്റെ-
കുമാരൻനായർ: ആ കിണ്ണന്റെ-
കുഞ്ഞുലക്ഷ്മി: (ചിരിച്ചു പ്രാധാന്യം നടിച്ചുകൊണ്ടു്) ലെഹുലേഴപ്പടിയൊള്ള ഭാര്യ!
കുമാരൻനായർ: എന്തോന്നു്? എന്തൊരു ഭാര്യ?
കുഞ്ഞുലക്ഷ്മി: (മേൽമുണ്ടുകൊണ്ടു മുഖം പാതി മറച്ചു്) ഇപ്പഴത്തെ ചട്ടമൊണ്ടല്ലോ. അതനുധരിച്ചു മുണ്ടുതന്നു വാങ്ങിച്ച പെണ്ണു്-
കുമാരൻനായർ: അഹാ! അതും കഴിഞ്ഞുവോ അപ്പോൾ? ഇപ്പോൾ മനസ്സിലായി, തൽക്കാലത്തെ അവസ്ഥാഭേദങ്ങളുടെ കാരണം. എന്നാൽപ്പിന്നെ, ഭർത്താവിന്റെ പുറകേ നടകൊള്ളുകയല്ലേ ഭാര്യയുടെ ധര്‍മ്മം?
കുഞ്ഞുലക്ഷ്മി: ഇതെന്തോന്നങ്ങുന്നേ, വീടുകേറിവന്ന പെമ്പറന്നവളെ എറങ്ങിപ്പോവാൻ പറയണതു്? അങ്ങേരു് അസ്യപ്രസങ്ങം വല്ലതും കാമ്പിച്ചെങ്കി, എവളോ പിഴച്ചതു്? പൊന്നങ്ങത്തെ പെട്ടിസൂക്ഷിപ്പെന്നും മറ്റും പറഞ്ഞല്യോ ഇവക്കു മുണ്ടുതന്നതു്? ഇപ്പപ്പിന്നെ, അങ്ങുന്നു കണ്ടതുമല്ലാ കേട്ടതുമല്ലാ എന്നു മലന്നൂട്ടാ, ഇവള് തെരുവാതാരമായി പോവൂല്യോ?
കുമാരൻനായർ: നിന്റെ ലായ്ക്ക് ഉത്തരം പറവാൻ ഞാനാളല്ല- പോ- പോ. പോയി, നാളെ പകൽസമയം വന്നാൽ വല്ലതും സഹായം ചെയ്യാം.
കുഞ്ഞുലക്ഷ്മി: നാളേം മറ്റന്നാളും വരാൻ ഞാൻ പിച്ചയ്ക്കു വന്നവളോ? ഹും! ഇതിനൊരു നീതിയും നിഥാനവും ഇല്ലെങ്കിപ്പിന്നെ, പൊറുതികളും മുട്ടിപ്പോവൂല്യോ? അങ്ങുന്നല്യോ കുമാരൻനായരു ഡാക്കുട്ടരങ്ങുന്നു്?
കുമാരൻനായർ: നോക്കു | ഞാൻ ഭാര്യയില്ലാതെ പ്രത്യേകം താമസിക്കുന്ന ഒരുത്തനാണു്- ഇങ്ങനെയുള്ളിടത്തു പെണ്ണുങ്ങൾ വന്നുകൂടാ.
കുഞ്ഞുലക്ഷ്മി: അല്ലേ! ഇഞ്ഞായം മാളവരു് കേക്കേണ്ടതുതന്നെ. ഒറ്റയ്ക്കു പാര്‍പ്പാൻ ഇവളോ പറഞ്ഞതു്? ഒരു കൊച്ചമ്മയെക്കൂടി കൊണ്ടരണം. അതിനും, ഇവിടെന്തരു കൊറ? ആ രായശേകരമ്പിള്ളങ്ങത്തേ മോള്. നല്ല മേനഹയെപ്പോലത്തെ ഒരു കൊച്ചു, അതാണ്ടെ പിടിച്ചു്, ഏതു കണ്ണിനും എണങ്ങുമ്പടി ഇരിക്കിണല്ലോ അതിന്റെ നുയ്മ്പി, ഇന്നങ്ങുന്നു് എഴുത്തയച്ചില്ലിയോ, ആ കമലക്കുട്ടിയും മറ്റും കിന്നരം പാടൂല്ലിയോ?
കുമാരൻനായർ: (ആത്മഗതം) ഞാൻ സംശയിച്ചതുപോലെതന്നെ ആ ദ്രോഹിയെ രക്ഷിച്ചതിനുള്ള പ്രത്യപകാരമായി ഇവന്റെ പേരിന്മേൽ അവൻ വേണ്ട കരിതേച്ചിട്ടുണ്ടു്. ഇനി എന്തുചെയ്യും? (പ്രകാശം) ആട്ടെ നീ ഇപ്പോൾ പോണം. ഇവിടെ താമസിക്കുന്നതു ശരിയല്ല.
കുഞ്ഞുലക്ഷ്മി: അങ്ങത്തേടെ ചിഷ്യനെ വരുത്തി കാര്യം പറഞ്ഞു ഒതുക്കാഞ്ഞാ ഇവളെവിടെ പോവും? (കരഞ്ഞുതുടങ്ങുന്നു.)
കുമാരൻനായർ: (സ്വഗതം) ഇപ്പോഴെ കഥയുടെ മുത്തായിപ്പിലെത്തിയൊള്ളു. (പ്രകാശം) കരയാതെ. നിന്റെ പേരെന്തു്? വീടെവിടെ? നീയെന്തിനു രക്ഷിപ്പാൻ ഗതിയില്ലാത്തവനെ സ്വീകരിച്ചു?
കുഞ്ഞുലക്ഷ്മി: (ഏങ്ങലോടെ) ഇപ്പോ കെടുത്തുകളഞ്ഞതു് അങ്ങുന്നല്യോ? ഘെതിയും ഘെതികേടും തൂക്കിനോക്കി ആരു പൊറുക്കണു, പൊറുപ്പിക്കുണു? (പിന്നെയും കരയുന്നു) ഇവളും - ഹു! ഇവളും ഉഹു! പെഞ്ചാതിയല്യോ? എല്ലാരുക്കൊപ്പം- മനുഷ്യപ്പറ്റില്ലാത്തവരോട് അതൊക്കെ എന്തിനു പറയുണു? (കരയുന്നു.)
കുമാരൻനായർ: (ആത്മഗതം) ഇതു കഷ്ടമായി! ഇതാണു് ഇരുന്നും ചത്തും കെടുത്തു എന്നു പറഞ്ഞതിന്റെ ശരിയായ ദൃഷ്ടാന്തം- അവനെ തുലച്ചിട്ടും, ആ ശനീടെ ക്രിയാഫലം ഇവനെ തുടരുന്നു- (പ്രകാശം) നീ എന്തിനായിട്ട് ഈ രാത്രി ഇങ്ങോട്ടു വന്നു?
കുഞ്ഞുലക്ഷ്മി: (ഏങ്ങി) വെളുക്കുമ്പഴു് എഴുന്നള്ളത്തല്യോ! ഒരു പഴഞ്ചീലപോലും ഉടുതുണിക്കില്ല. (കരയുന്നു.)
(കുമാരൻനായർ അല്പം ചിന്തിച്ചിട്ട് അകത്തുപോയി വസ്ത്രങ്ങളും രൂപയും കൊണ്ടുവന്നു സമ്മാനിക്കുന്നു.)
പൊന്നങ്ങുന്നു് ശെൽവക്കൊടത്തങ്ങുന്നെന്നു ചുമ്മാഅല്ല അങ്ങേരു് എപ്പോം പറയണത്. കൊച്ചമ്മെ കൊണ്ടെന്നാ, എവളുകൂടി ഒത്താശയ്ക്കു്-
കുമാരൻനായർ: അതു പിന്നീടാവാം. ഇപ്പോൾ പോകൂ, (പോകുന്നു.)
(പാച്ചൻ പ്രവേശിക്കുന്നു.)
പാച്ചൻ: (മൂകഭാഷയിൽ) കിട്ടിയ വകകൾ എന്തു?
(കുഞ്ഞുലക്ഷ്മി ഉലക്ക കാട്ടുന്നു.)
പാച്ചൻ: (പതുക്കെ) വലതുകാലു വച്ചുതന്നെ എന്റോമനക്കുട്ടി ഇറങ്ങിയതു്.
കുഞ്ഞുലക്ഷ്മി: അമ്മേ ! നേരും നെറിയും കെട്ടവൻ നിന്നു ഞെളിയണതു കണ്ടില്യോ! പൊന്നങ്ങുന്നു മാനം പിടിച്ചില്ലെങ്കി ഇങ്ങേരു നാളത്തെ കോലാലം കാണുന്നതു മുതുവിൻപുറം കൊണ്ടു് ആയിരിക്കൂല്ലായിരുന്നോ? ഇപ്പൊന്നങ്ങുന്നെഴുതിയ എഴുത്തിന്റെ മേൽ വിലാസമല്ലിയോ പഞ്ചപാവി ആരെക്കൊണ്ടോ-
(പാച്ചൻ കുഞ്ഞുലക്ഷ്മിയുടെ വായ്പൊത്തിപ്പിടിച്ചുകൊണ്ടു് രണ്ടുപേരുമായി പോകുന്നു.)
(കർട്ടൻ)
രംഗം എട്ടു് (57-60)
രംഗം എട്ടു്
[കുമാരൻനായരുടെ ഭവനത്തിൽ ഒരു മുറി. പുരുഷന്മാരുടെ ഇരട്ടമുണ്ടും തുപ്പട്ടാവും ധരിച്ചും, ചന്ദനവും പല വണ്ണങ്ങളിലുള്ള സിന്ദൂരങ്ങളും അണിഞ്ഞും കുഞ്ഞുലക്ഷ്മിയും സന്തുഷ്ടനായി പാച്ചനും പ്രവേശിക്കുന്നു.]
പാച്ചൻ: പ്രിയതമേ! ഈ കണ്ടതെല്ലാം ഭൂമിയോ സ്വര്‍ഗ്ഗമോ?
കുഞ്ഞുലക്ഷ്മി: ശ്രീരാമായണത്തിലെ പട്ടാവിഷേകം! എന്തരു ഭ്രളയം! ഒരറ്റത്തുനിന്നു നോക്കിയാ കറുകറുത്ത തലമുടി കടലുകടലുപോലെ അറ്റമില്ലാണ്ടു്!
പാച്ചൻ: ഹാ! ഇഹത്തിലെ കചപടലം കണ്ടാണു മുകളിലത്തെ മേഘവാഹനങ്ങൾ സംഭിച്ച് അമ്പമ്പോ ചൊല്ലി നിന്നുപോയതു്.
കുഞ്ഞുലക്ഷ്മി: ആളുകളും അതുപോലെ മൂച്ചിവിടാണ്ടല്ലിയോ ഞെക്കിഞെരുക്കിയെങ്കിലും നിന്നുപെയ്യു? പൊന്നുതമ്പുരാനെ പച്ചപ്പല്ലക്കിൽ നീരാളക്കൊടിപോലെ ഥളഥളാന്നു കണ്ടപ്പം, ആളുകടെ കണ്ണു നിറഞ്ഞുപോയ് - പെരുമ്പുണ്യവാളൻ!
പാച്ചൻ: പുണ്യശ്ലോഹൻ! ആ തിരുമെയപ്രഭകൊണ്ടു് അഞ്ചിതനായല്ലയോ പാച്ചനു നാക്കെടുക്കാൻ വയ്യാണ്ടു്, ഇതാ തരളവിധനായി തളര്‍ന്നു വിരളുന്നതു്. നമ്മുടെ സൊരവല്ലി ഇന്നലെ നേര്‍ന്നപോലെ കൊരവയിട്ട മഹുളാസംഘങ്ങളിൽ ഒരു ഭൂഷയമാണയായി ചേർന്നില്ലല്ലോ!
കുഞ്ഞുലക്ഷ്മി: (പരിഭവിച്ച്) തൂണുപോലെ കെട്ടിപ്പിടിച്ചുനിന്നു കൊണ്ടാ മറ്റൊള്ളവരു് എന്തരു ചെയ്യും? അതെല്ലാം ചെരി! ചൊല്ലിത്തരണതെല്ലാം അങ്ങുന്നു വരുമ്പം വായ്പാടം പോലെ ചൊല്ലണം കേട്ടോ.
പാച്ചൻ: അയ്യോ നമ്മുടെ ശൃംഗാരമഞ്ജരീ! നമ്മുടെ സരസതീവിലാസം മൃദുസ്വനാംഗി കുഞ്ഞുലക്ഷ്മി ഇന്നു കണ്ടുകൊണ്ടാടു.
കുഞ്ഞുലക്ഷ്മി: അതേതെ- അങ്ങത്തെ കാണുമ്പം ഈ ഇന്തുസ്താരങ്ങളും മറ്റും പൊഴിക്കു് അക്കരെ.
പാച്ചൻ : ഇതാ പ്രിയധീരെ ! നമ്മെ ഇന്നു പരീക്ഷിച്ചുകൊൾക. ചൊല്ലിത്തന്നതെല്ലാം കുഞ്ഞുലക്ഷ്മിആയാന്റെ ഗുണപാടപ്പടി വരിപിഴയാതെ അക്ഷരംപ്രതി ഭോതിപ്പിച്ചുടാം- നമ്മടെ കണ്ണിനുണ്ണി ആജ്ഞാപിച്ചാൽ-
കുഞ്ഞുലക്ഷ്മി: അയ്യയ്യ! ചമച്ചൻതന്നെ. ഇന്നലെ ഒരിന്ത്രശിത്തു നച്ചും കൊച്ചുമടച്ചു നടുവഴിയിൽനിന്നു നാപോലെ വിറച്ചപ്പം-
(പാച്ചൻ കുഞ്ഞലക്ഷ്മിയുടെ പരിഹാസത്തെ ആലിംഗനത്താൽ ശിക്ഷിപ്പാൻ യത്നിക്കുന്നു. അവൾ തടഞ്ഞുതള്ളുകയാൽ പാച്ചൻ ഉരുണ്ടുവീഴുന്നു. കുമാരൻനായർ എഴുന്നള്ളത്തിനു പോയിരുന്ന വേഷത്തിൽ പ്രവേശിക്കുന്നു.)
കുമാരൻനായർ: (സ്വഗതം) തിരുമനസ്സുകൊണ്ടു് ഇനിയും നൂറാണ്ടു വാഴട്ടെ. അവിടുത്തെ പുണ്യപൂരപ്രഭാവം ബഹുജനഹൃദയത്തെ എങ്ങനെ ദ്രവിപ്പിക്കുന്നു! സാമാന്യപുരുഷന്റെ പരിമിതിയിലുള്ള ആ തിരുമേനിയിൽ കുടികൊള്ളുന്ന കൃപാവാത്സല്യം മുപ്പതുലക്ഷത്തിൽപ്പരമുള്ള പ്രജകളായ മഹാവിസ്തൃതിയെ പരിപൂര്‍ണ്ണമായി വേഷ്ടനം ചെയ്തു രക്ഷിക്കുന്നില്ലേ? അവിടുത്തെ സാന്ദ്രമായുള്ള രാജധര്‍മ്മാനുരക്തി തന്നതല്ലേ. ഈ രാജ്യത്തേയും പരിഷ്കാരത്തിന്റെ പരമസാനുവിൽ എത്തിയിരിക്കുന്ന മഹാസാമ്രാജ്യങ്ങളോടു കിടയാക്കിത്തീര്‍ക്കുന്നതു്? ആ ദൈവാനുഗൃഹീതമായുള്ള സന്നിധിയെ സേവിച്ചു നടന്നപ്പോൾ എന്റെ ഇച്ഛാഭംഗവും വൈരാഗ്യത്താലുള്ള നിശ്ചയങ്ങളും ഞാൻ മറന്നിരുന്നു- ഇതിനകത്തു തകര്‍ക്കുന്നതാരാണു്? (സാമാനങ്ങൾ ബദ്ധശ്രദ്ധനായി തുടയ്ക്കുന്ന പാച്ചനെക്കണ്ടു്) എടാ-പാച്ചാ!
പാച്ചൻ: (തിരിഞ്ഞുനോക്കാതെ) ഉത്തരവു്.
കുമാരൻനായർ: നിന്നെ പുറത്താക്കി അടിച്ചുതളിച്ചില്ലേ? പിന്നെ ഇതിനകത്തു നിനക്കെന്തു കാര്യം?
പാച്ചൻ: (തിരിഞ്ഞുനോക്കാതെ) അല്ലേ! ഇവിടുത്തെ കൈയും കണക്കും തീർത്തു് ജാര്‍ജ്ജും ഏയ്പിക്കാണ്ടു പോയാ ജേലിപ്പോവുമ്പം കൂടിയാരു വരും?
കുഞ്ഞുലക്ഷ്മി: (പാച്ചനെ മാന്തീട്ടു സ്വകാര്യമായി) ചെവിത്തകെട്ട എന്തൊരുത്തൻ! മറ്റതു പറയാണ്ടു -
കുമാരൻനായർ: എന്തോന്നെടി? ഇവനെ ഇങ്ങോട്ടെന്തിനിഴുത്തു കൊണ്ടുവന്നു?
കുഞ്ഞുലക്ഷ്മി: വെള്ളം കുടിയാണ്ടു ചത്തുപെയ്യാപ്പിന്നെ വെള്ളം തളിപ്പിച്ചു എഴുപ്പിക്കാൻ വല്ല പ്രെഹ്മാവും വേണ്ടയോ?
കുമാരൻനായർ: (ആത്മഗതം) ഇന്നലെവരെ സൊല്ല ഒന്നായിരുന്നു ഇപ്പോൾ ഈ ജന്തുകൂടി ഒന്നുചേർന്നു. അനര്‍ത്ഥം രണ്ടായി. (പ്ര കാശം) എന്തോന്നെടി വെള്ളം തളിക്കുന്ന കാര്യം? പട്ടിണി കിടന്നു ചാകുന്നതാരു്?
കുഞ്ഞുലക്ഷ്മി: അതോ-ചത്താപ്പിഴയ്ക്കുല്ലന്നേ- പെരമാവും മറ്റുമിപ്പോഴൊക്കെ ഇങ്ങു വരുമോ? (സ്വപാണ്ഡിത്യത്തെക്കുറിച്ചു സന്തുഷ്ടി നടിച്ചു്) ഇതൊക്കെ എള്ളോളമൊക്കെ അറിയാവുന്നതുകൊണ്ടല്യോ അങ്ങുന്നേ, ഇദ്യത്തിനു കുഞ്ഞുലക്ഷ്മിപ്പെണ്ണിനെ ലസിച്ചതു്? (ഗാനം)
'ഉഗ്രതപസ്സുമരിച്ചു ബുവി
വ്യഗ്രസയോടെ പധിച്ചു- വെള്ളമെടുത്തുതളിച്ചു-
പിന്നെ അവിടെ ഒരു മൊഴി തോന്നുണില്ലങ്ങുന്നേ !
-അന്നേരം കണ്ണു തുറന്നു - ചത്തു
വീണൊരു മാമുനിജ്ജേഷ്ഷൻ. ''
പാച്ചൻ: (കുഞ്ഞുലക്ഷ്മിയോടു്) ഛീ നീയല്ലിയോ ഇപ്പം ചലമ്പണതു്? (കുമാരൻനായരോടു്) അയ്യോ കഷ്ടമങ്ങുന്നേ! രാജശേകരൻപിള്ളങ്ങുന്നു ചാവാൻ കിടക്കണു- പൊന്നങ്ങുന്നു ഷെണമങ്ങോട്ടു ചെല്ലണമെന്നു് ഒരാളു വന്നേച്ചുപോയി.
കുഞ്ഞുലക്ഷ്മി: കൊടുമ്പിച്ച ജെന്നിപോലും- ഇപ്പ ജീവനെടുത്തു പോവുമെന്നു ചൊല്ലീച്ച് അയ്യാളോടി- ആയുസവും മറ്റും കൊണ്ടു അങ്ങുന്നു് ഓടിച്ചെന്നാ പുണ്യമുണ്ടുപോലും. കട്‌ഠം! പൊന്നങ്ങുന്നേ! എന്തരു കടഠം !
പാച്ചൻ: എഴുത്തെഴുതാനും മറ്റും അവിടെ എല്ലാക്കും ഒരു വേവലാതിപോലും- നല്ലൊരങ്ങുന്നാണു്- പൊയ്പ്പോയാൽ.
കുമാരൻനായർ: ഏതു രാജശേഖരൻപിള്ളങ്ങുന്നെടാ? പെൻഷൻ പേഷ്കാരദ്ദേഹമാണെങ്കിൽ, എഴുന്നള്ളത്തിനു വന്നിരുന്നല്ലോ.
(പാച്ചൻ തലചൊറിഞ്ഞു കുഞ്ഞുലക്ഷ്മിയെ നോക്കുന്നു.)
കുഞ്ഞുലക്ഷ്മി: (പാച്ചനെ ആട്ടീട്ടു്) അതല്യോ അങ്ങുന്നേ! കാലത്തെ എളവെയിലു കൊണ്ടപ്പം- പെരുന്തെരക്കിലു്- മൂച്ചുമുട്ടി- തണുപ്പും എല്ലാം തൊടങ്ങീന്നല്യോ ചൊല്ലിയതു്. പാച്ചുഅണ്ണാ! അല്ല! പിന്നെ (വാക്കുമുട്ടി) നോക്കണം-
കുമാരൻനായർ: ഞാനിപ്പോളെങ്ങോട്ടുമില്ല- ആ വ്യാപാരമേ ഈ സ്ഥലം സംബന്ധിച്ചിടത്തോളം നിറുത്തിവെച്ചുപോയി.
പാച്ചൻ: അയ്യോ! എല്ലാര്‍ക്കും വേണ്ട അങ്ങുന്നല്യോ?
രംഗം എട്ടു് (61-63)
കുമാരൻനായർ: എനിക്കു വേണ്ട ഒരു അങ്ങുന്നുമില്ല- പോ- ഞാനെങ്ങോട്ടുമില്ല. അത്ര താൽപര്യമാണെങ്കിൽ, നീ പോയി ചികിത്സിച്ചു രക്ഷിക്കു്.
കുഞ്ഞുലക്ഷ്മി: വന്നവൻ വയിസിക്കിളവണ്ടിയി ഓടി, നെഞ്ചുമടച്ചു, കരഞ്ഞു് ഇവിടെ ചാവാൻ തൊടങ്ങി. പൊന്നങ്ങുന്നു യിങ്ങനെ ശിദ്ധാംഗം പിടിക്കരുതു്. പണം കിട്ടുന്നതങ്ങത്തേക്കു വേണ്ടങ്കി ഈ പാവങ്ങൾ വാങ്ങിച്ചു പിഴച്ചുകൊള്ളാം. മോക്ഷം അങ്ങത്തേക്കുമിരിക്കും.
കുമാരൻനായർ: (അതികണിശഭാവത്തിൽ) ചുരുക്കി പറഞ്ഞേക്കാം. നിങ്ങൾക്കിവിടെ കാര്യമില്ല. ആരെങ്കിലും പ്രസവിക്കട്ടെ, ചാകട്ടെ. എല്ലാ നാശവും വരുത്തിവച്ച ഈ പന്ത്രണ്ടാം ശനിക്കാറൻ-
പാച്ചൻ : (മുമ്പോട്ടുനീങ്ങി) അതു കിടക്കട്ടങ്ങുന്നേ- എവൾ പറയണതു മുഴുവൻ കേക്കണം-
കുഞ്ഞുലക്ഷ്മി: എനത്തിനെനം - അവിടത്തെ അപ്പി ചൊല്ലി അയച്ചതുകൊണ്ടാണു എവളിങ്ങു കേറി ഭോസിപ്പിക്കണതു്. അങ്ങുന്നു് ദര്‍മ്മപുത്രരല്യോ? എവളെക്കുറിച്ചു കാമ്പിച്ച ദശാവിനു്, ആ അപ്പീടെ അപേക്ഷയ്ക്കു് -
കുമാരൻനായർ: ആരുടെ അപേക്ഷയും ഇവിടെ ഗൗനിക്കുന്നില്ല. പൊയ്ക്കൊള്ളിൻ- (ആലോചിക്കുന്ന ഭാവത്തിൽ നില്ക്കുന്നു.)
പാച്ചൻ: (അണിയറയിലോട്ടു കടന്നു) കുറുപ്പേട്ടാ, അങ്ങുന്നുത്തരവായി വണ്ടികെട്ടാൻ-
കുമാരൻനായർ: ആക്കാണു വണ്ടി? ഇതെന്തു കളി?
(കുഞ്ഞുലകളി ഉടുപ്പും മറ്റും എടുത്തുവച്ചിട്ടു് പുറത്തേക്കു നടന്നുകളയുന്നു.)
ഈ അന്ധവര്‍ഗ്ഗം ഇത്ര ദയ കാണിക്കുമ്പോൾ നാം ആസുരമായ സിദ്ധാന്തത്തിൽ നിലകൊള്ളുന്നതു് ധര്‍മ്മവിരുദ്ധമാണു്. ഒരു സ്ത്രീക്കുവേണ്ടി ഈ പെണ്ണുതന്നെ എത്ര ശുഷ്കാന്തിയോടെ വാദിച്ചു. അദ്ദേഹം സമുദായത്തിൽ ഒരു രത്നമല്ലേ? ഈ കാര്യത്തിൽ പീസും വേണ്ട, പ്രസന്റും വേണ്ട. ഒരു സൽക്കര്‍മ്മം ചെയ്തിട്ടു് ഈ ദുരുദ്ദേശം വിട്ട് ഇവിടത്തെ അനുഭവങ്ങൾ സംബന്ധിച്ചുള്ള സ്മൃതികൾ മറക്കാനായി പ്രവാസമനുഷ്ഠിക്കാം. (ഉടുപ്പിട്ടും ആയുധസഞ്ചി എടുത്തും യാത്രയ്ക്കു തയാറായി നില്ക്കുന്നു.)
കുഞ്ഞുലക്ഷ്മി: (പ്രവേശിച്ചു്) ഇപ്പോ അങ്ങുന്നു പൊന്നങ്ങുന്നതന്നെ. അവരെ ഭാഗ്യം കൊണ്ടു് ഒരു തലച്ചുറ്റല്യോ, അതു തീര്‍ന്നു പോയുമിരിക്കാം. ചക്രം തരാമ്മടിച്ച് ദീനക്കാരനങ്ങുന്നു് പതു ങ്ങിക്കളഞ്ഞൂന്നുംവരാം. അങ്ങുന്നു ചുമ്മാ അൻവേഴിക്കാൻ ചെല്ലുപ്പോലെ ചെന്നാമതി-
കുമാരൻനായർ: എന്തു പറയുന്നു നീ? മരിക്കാൻ കിടക്കുന്നുവെന്നു വന്നയാൾ പറഞ്ഞുവെന്നല്ലേ പറഞ്ഞതു്?
കുഞ്ഞുലക്ഷ്മി: അതതെ. പെരുവെരലീന്നെടുത്തു മേപ്പോട്ട് ഉച്ചിവരെ വലിക്കുന്നൂന്നും വന്നേച്ചുപെയ്യവൻ പറഞ്ഞു.
(കുമാരൻനായർ നടക്കുന്നു.)
(പുറകെ നടന്നു) അവിടത്തെ അപ്പിയെക്കൂടെ കണ്ടേച്ചേ പോരാവേ. ദീനങ്ങളെല്ലാം അപ്പം-
കുമാരൻനായർ: ദീനങ്ങൾ! -
കുഞ്ഞുലക്ഷ്മി: കുറവേന്നൊന്നും പറഞ്ഞൂടങ്ങുന്നേ.
(കുമാരൻനായർ പോകുന്നു. പാച്ചൻ പ്രവേശിച്ചു ഭായിയുമൊന്നിച്ച് ഒരു നൃത്തം തുള്ളുന്നു. ഒടുവിൽ -)
പാച്ചൻ: എടീ കാലത്തീ! ഇതൊക്കെ-
കുഞ്ഞുലക്ഷ്മി: എവളല്യോ മന്ത്രവാസി? എല്ലാം ഇപ്പം എങ്ങനെ പട്ടും കത്രീം പോലെ ഒത്തിരിക്കുമെന്നു നോക്കിക്കൊള്ളണം-
പാച്ചൻ: എന്നാൽ നമുക്കും പുറകെ ഓടാം.
കുഞ്ഞുലക്ഷ്മി: എല്ലാം ഇന്നു കൊണ്ടുപിടിച്ച ഘോഴം! ഓടുവോ ചാടുവോ ചെയ്യാം.
(രണ്ടുപേരും ഓടി മറയുന്നു.)
(കർട്ടൻ)
രംഗം ഒൻപതു് (64-69)
രംഗം ഒൻപതു്
[രാജശേഖരൻപിള്ളയുടെ ഭവനം. വിമലമ്മ വിചാരമഗ്നയായി ചുറ്റിനടക്കുന്നു.]
വിമലമ്മ: അമ്പോ! വയസ്സു കൂടുമ്പോൾ മനുഷ്യര്‍ക്കു ദയ കുറഞ്ഞുപോകും. കണ്ടില്യോ, എന്നെ ഇട്ടിട്ടും ഒരു വിചാരവും കൂടാതെ എഴുന്നള്ളത്തു കാണാൻ പോയതു്. ചെറിയ തമ്പുരാനായി കണ്ടിട്ടുള്ള തിരുമേനിയെ ഷഷ്ടിപൂർത്തിദിവസത്തിൽ രാജഷിയായി കണ്ടു കൊള്ളട്ടെടി എന്നു് പണ്ഡിതയായി പറഞ്ഞുകൊണ്ടാണു പോയിരിക്കുന്നതു്. കോട്ടയ്ക്കകത്തു് എത്തുന്നതുവരെ കൂട്ടുണ്ടായിരിക്കാനായി അച്ഛൻ കൊണ്ടുപോകയും ചെയ്തു. അവരുടെ സന്തോഷം അങ്ങനെ അവിഘ്നമായി നിറവേറിക്കഴിയട്ടെ. ഞാനും കുറയ്ക്കുന്നില്ലല്ലോ. എന്റെ ഇഷ്ടസിദ്ധി വരാത്തതുകൊണ്ടാണല്ലോ, ലോകത്തോടും നീരസക്കാരിയായി ഞാൻ ഇങ്ങു വീട്ടിലിരുന്നുകൊണ്ടതു്. അവിടെ രണ്ടാവര്‍ത്തി ഇരുപത്തൊന്നു പീരങ്കിയും മൂന്നണി വെടിയും തകര്‍ത്തുവെങ്കിൽ, ഇരുപത്തോരായിരം പ്രാര്‍ത്ഥന, രക്ഷിതാവായ തിരുമേനിയുടെ വിദ്യാഭ്യാസത്തിന്റെ ഫലമായി ബുദ്ധിക്കു പ്രകാശവും വികാസവും അല്പമായിട്ടെങ്കിലും കിട്ടീട്ടുള്ള ഇവൾ, സര്‍വസാക്ഷിയായ ഭഗവാന്റെ രക്ഷാനിപുണങ്ങളായ തൃപ്പാദങ്ങളിൽ സമർപ്പിച്ചിരിക്കുന്നു. (കുറച്ചുനേരം ചിന്തയോടിരുന്നിട്ടു്) ആ കമലമ്മയുടെ അധികപ്രസംഗത്തിനു് രണ്ടു കൊടുക്കാൻ തിടുക്കമായി. യോഗ്യനായ ഒരു ഭർത്താവു കിട്ടിയതിനെക്കുറിച്ചു മംഗളാശംസചെയ്യുന്നുപോലും! പുടവകൊട രണ്ടും ഒരുദിവസംതന്നെ ആക്കരുതെന്നും അറിവു തരികയും ചെയ്യുന്നു. ഇതെന്തു കഥകൾ ! അയ്യൻപിള്ള ഗുണദോഷിക്കുന്നു; അമ്മ തുല്യവയസ്സുകാരിയായി കളിയാക്കുന്നു; അച്ഛൻ കാണുമ്പോൾ കണ്ണിറുക്കി ചിരിക്കുന്നു; ഇഷ്ടത്തികൾ പരിഹസിക്കുന്നു. എനിക്കും എന്തിനാണു ഭർത്താവും കിര്‍ത്താവും? ദാസ്യം! അച്ഛൻ തന്ന മുതലുകൊണ്ടു സ്വാതന്ത്ര്യമായി കഴിക്കുന്നതാണു സുഖം . അമ്മയുടെ കുത്തുവാക്കുകൾ കേൾക്കാൻ എനിക്കു കഴികയില്ല. അച്ഛന്റെ വണ്ടി തിരിച്ചെത്തി എന്നു തോന്നുന്നു. കള്ളനാട്യങ്ങൾ അഭിനയിക്കാൻ എനിക്കു കഴികയില്ല. അച്ഛനും അമ്മയും വന്നു എന്തെങ്കിലും പറയട്ടെ.
ലക്ഷ്മിഅമ്മ: (അണിയറയിൽനിന്നു്) കൊഴുന്തു്- മതിക്കൊഴുന്തു്-
വിമലമ്മ: ഇവിടെ ഇപ്പോൾ ആര്‍ക്കും വേണ്ട. അമ്മതന്നെ ചൂടിനടന്നു്, തോന്നുന്നെങ്കിൽ സ്കൂകൂളിലും പോണം.
(ലക്ഷ്മിഅമ്മ പ്രവേശിക്കുന്നു.)
ലക്ഷ്മിഅമ്മ: വിമലാദേവിയുടെ വിഷമജ്വരം ഇപ്പോഴും ഉജ്ജ്വലിച്ചിരിക്കുന്നോ?
വിമലമ്മ: ഇതെന്തോന്നമ്മ? എനിക്കും അമ്മേടടുത്തു് ഒപ്പത്തിനൊപ്പം പറഞ്ഞുകൂടായ്മ കൊണ്ടല്യോ ഇങ്ങനെ പരിഹസിക്കുന്നതു്?
ലക്ഷ്മിഅമ്മ: മതിമയങ്ങി ചപലയാടുന്ന നിന്റടുത്തു് ഞാനെന്തു പറയുന്നു? ഇന്നു പച്ചപ്പള്ളിപ്പല്ലക്കിൽത്തന്നെ എഴുന്നള്ളിയെങ്കിലും കണ്ടാനന്ദിച്ച ജനങ്ങളുടെ മനസ്സുക- അയ്യാ- രാഗവും ശരിയായി വരുന്നില്ലല്ലൊ- 'കനകമയമായീടും കമലവാഹനമതിൽക്കയറി- കനക്കെ കാന്തിയോടും ഗമിക്കുന്നതാരവനൗ?' എന്നു വര്‍ണ്ണിച്ചിട്ടുള്ള ശ്രീപത്മനാഭvdറെ എഴുന്നള്ളത്തു കണ്ടുതുപോലെതന്നെ കാണുന്നുവോ എന്നു ചോദ്യം ചെയ്തുപോയി.
വിമലമ്മ: ആ ഭാഗ്യം അമ്മയ്ക്കുണ്ടായെങ്കിൽ ശതാഭിഷേകമഹാമഹത്തിൽ, കിഴവിയായി അന്നു വീട്ടിൽ കിടക്കുന്ന അമ്മയുടെ സ്ഥാനം ഞാൻ വഹിക്കും. 120-ാം തിരുവയസ്സിലെ മഹാഘോഷം കൂടി കാണ്മാൻ പ്രജകൾക്കു ഭാഗ്യമുണ്ടാകട്ടെ.
ലക്ഷ്മി അമ്മ: അതെ. ഇങ്ങനെ ഇരുണ്ടു കരണ്ട മുഖത്തോടു പറയാറുണ്ടു്, വണ്ടിയിൽ കേറി ചുറ്റിസ്സഞ്ചരിച്ച്, ആൾക്കൂട്ടമെങ്കിലും കണ്ടിട്ടു വാ. രാത്രിയിലെ ആട്ടമോ നാടകമോ ഏതാണു കാണണമെന്നുവച്ചാൽ അതിനും അച്ഛൻകൂടി കൂട്ടുവരും. വേണമെങ്കിൽ ഞാനും വരാം. ഇന്നത്തെ നാടകത്തിന്റെ പേരെന്തോന്നു്?
വിമലമ്മ : അമ്മതന്നെ കൺകാഴ്ചക്കാളിയായി നടക്കണം.
ലക്ഷ്മി അമ്മ: എന്നാൽ, എൻറെ മകൾ ഹിടുംബിയായിച്ചെന്നു്, ആ നാടകത്തിനു കൂടുന്ന ആളുകളിൽ കണ്ണിനിണങ്ങുന്ന വലിയുണ്ണിയെ റാഞ്ചിയിങ്ങു കൊണ്ടുപോന്നാൽ, ഉദിക്കുമ്മുമ്പുതന്നെ വിവാഹം നടത്തിക്കളയാം.
(വിമലമ്മ കയര്‍ത്തു തൂമിച്ചുകൊണ്ടു് പൊയ്കളയുന്നു. പാച്ചൻ ധൃതിയിൽ പ്രവേശിക്കുന്നു.)
ഇതാരെടാ മതിൽ ചാടി വരുന്നതു്? പട്ടാപ്പകൽ തന്നെ അക്രമങ്ങൾ ആവാമെന്നായോ?
പാച്ചൻ: കൊച്ചമ്മ കേട്ടിട്ടില്യോ, വിക്രമീ ബത മന്മഥൻ എന്നു്? അതിന്റെ ഒരു ചടങ്ങായി പെണ്ണുകാണാൻ ആളു വരുന്നു.
ലക്ഷ്മിഅമ്മ: പെണ്ണുകാണാൻ ആളു വരുന്നോ?
പാച്ചൻ: ഇതാ വന്നുപോയ്! വണ്ടിവന്നു നിന്നതു കേട്ടില്യോ? (മറഞ്ഞുകളയുന്നു.)
ലക്ഷ്മിഅമ്മ: ഇതെന്തൊരു വിശേഷം! ആരോ വണ്ടിയിൽ വന്നിറങ്ങി. അദ്ദേഹവുമില്ലിവിടെ. ഞാൻ തന്നെ സല്ക്കരിക്കാം.
(ഡാക്ടർ കുമാരൻനായർ പ്രവേശിക്കുന്നു.)
ലക്ഷ്മിഅമ്മ: ഇതു ഡാക്ടർ കമാരൻനായരാണെന്നു തോന്നുന്നല്ലോ. മരുന്നുപെട്ടിയുമായിട്ട് ഡാക്ടർവേഷത്തിൽത്തന്നെ വരുന്നു. കണ്ടിട്ടു മഹാമൂർഖൻ ! (ഒതുങ്ങിനില്ക്കുന്നു.)
കുമാരൻനായർ: (ആദരത്തോടെ നിന്നും ആത്മഗതം) ഇവർ ഉത്സവവേഷത്തിൽ നില്ക്കുന്നല്ലോ! കാലത്തിന്റെ വിശേഷം കൊണ്ടായിരിക്കാം. ഇക്കാലത്ത് മരിച്ച വീടുകളിലാണ് അധികമായി ആഭരണപ്രഭകൾ കാണുന്നത്. ദുഃഖം പോക്കാൻ കമ്മലുകളും കങ്കണങ്ങളും കണ്ഠനൂലുകളും നല്ലോണം സഹായിക്കും. ഇവിടെ മരണത്തിന്റയല്ലാ രോഗത്തിന്റെ ശകലം ലക്ഷണം പോലും കാണ്മാനില്ല.
ലക്ഷ്മിഅമ്മ: ദൂരത്തുവെച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ അടുത്തു പരിചയമില്ല. ഡാക്ടർ കുമാരൻനായരാണെന്നു്-
കുമാരൻനായർ: ആയാൾതന്നെ ഞാൻ- അദ്ദേഹം-?
ലക്ഷ്മിഅമ്മ: അല്പം ഇരുന്നാൽ കാണാം. ഇങ്ങോട്ടൊരു പരിചയമുണ്ടാകാൻ ആഗ്രഹിച്ചത് വലിയ സന്തോഷമായി. ഇതും ഇന്നത്തെ മഹാദിവസത്തിന്റെ ഒരു ശുഭാംശമാണു്.
കുമാരൻനായർ: (ആത്മഗതം) ഇവർ സരസത്തി- മധുരവാക്കുകാരി. മുഖത്തു നോക്കാൻ എനിക്കും എന്തോ സങ്കോചം തോന്നുന്നു. എന്റെ വിമലക്കുട്ടിയോടു രൂപസാദൃശ്യം തോന്നിക്കുന്നതു് എന്റെ മോഹത്തിന്റെ ജളതകൊണ്ടായിരിക്കാം-(പ്രകാശം) രാജശേഖരൻപിള്ളയദ്ദേഹം അപ്പോൾ-
ലക്ഷ്മിഅമ്മ: എഴുന്നള്ളത്തു കാണാൻ പോയിരിക്കുന്നു. ഇപ്പോൾ വരും. വന്നിട്ടേ പോകാവൂ.
കുമാരൻനായർ: (ലജ്ജിതനായി ആത്മഗതം) ആ തിരുവികൃതികൾ ഇവനെ വഴിയേ പറ്റിച്ചു. അവനെ പുറത്താക്കിയതിനുള്ള ശിക്ഷയാണിതു്. കൈയിൽ കിട്ടട്ടെ; രണ്ടിനെയും കൊന്നുകളയുന്നുണ്ടു്. (പ്രകാശം) അടുത്ത് ഒരു രോഗിയെ കാണ്മാൻ പോയേച്ചു വരികയാണു്. അദ്ദേഹമില്ലാത്ത സ്ഥിതിക്കു് പോയിട്ടു പിന്നീടു വരാം.
ലക്ഷ്മിഅമ്മ: (ആത്മഗതം) ആരുടേയും രോഗമല്ലാ, അവനോന്റ രാഗമാണു ഇങ്ങോട്ടു വരുത്തിയതെന്നാ മുഖം പറയുന്നു. ഇവിടെ ചാടിക്കടന്നവൻ തന്ന അറിവും ഇദ്ദേഹത്തെക്കുറിച്ചാണു്. (പ്രകാശം) ഞാൻ ഇതാ വന്നേച്ചു. എഴുന്നള്ളത്തു കണ്ടിട്ടു മടങ്ങി വന്നു ഇങ്ങോട്ടു കേറിയതേയുള്ള. ഇന്നലത്തെ പേപ്പർകൾ ഇങ്ങോട്ടയയ്ക്കാം. (പോകുന്നു.)
കുമാരൻനായർ: വലിയ പോരായ്മയായി. അദ്ദേഹമിനി എപ്പോൾ വരുന്നോ? ഇവർ ഒരു മാന്യസ്ത്രീയാണു്. അനാദരിച്ചു പൊയ്കളയാനും പാടില്ല. വേഷം മാറ്റാൻ പോയിരിക്കയാണു്. വീട്ടുകാരിയായി വന്നു സംഭാഷണം തുടങ്ങിയാൽ-
(പാച്ചൻ വര്‍ത്തമാനക്കടലാസുകളും പച്ചച്ചിരിയും ആയി പ്രവേശിക്കുന്നു.)
കുമാരൻനായർ: എടാ! സൊല്ലേ! ഇവിടെ വരാൻ ആരുപറഞ്ഞു? സൂക്ഷിച്ചിരിക്കു-
പാച്ചൻ: കണക്കുതീർത്തില്ലെന്നു പറഞ്ഞപ്പം അങ്ങുന്നു സമ്മതിച്ചില്ലോ. അപ്പപ്പിന്നെ അങ്ങുന്നു പോന്നപ്പ എവനും സുഖക്കേടല്യോ?
കുമാരൻനായർ: (ദേഷ്യത്തോടെ പാച്ചൻ ചെവിക്കുപിടിച്ച്, രഹസ്യസ്വരത്തിൽ) ഇവിടെ ആരു ചാകാൻ കിടക്കുന്നെടാ? പറഞ്ഞതു ശരിയാകാൻ നീയെങ്കിലും ചാകൂ-
പാച്ചൻ: ഞാനല്ലല്ലോ പറഞ്ഞതങ്ങുന്നേ. ആ തോമ്പറക്കാളിയല്യോ? അവളു പറഞ്ഞത് ഞാനും പറഞ്ഞു. അല്ലാണ്ട് പാച്ചനെന്തരു കുറ്റം?
കുഞ്ഞുലക്ഷ്മി: (പ്രവേശിച്ചു) ച്ശു! എന്തരു കൂവാ ഇവിടെ ഇല്ലാത്തവരെ ചുമ്മ പഴിപറയണതു്. ആരാണ്ടോ വന്നു എന്തരോ ഒക്കെ പറഞ്ഞതിനെ, എവളു വിഛ്വതിച്ചുപോയതിനു് തലവീയണെങ്കി വീയട്ടെ. ഭൂലോകം പൊടിച്ചു നടക്കണ വക്കീൽസാരന്മാരു് ചത്തുപെയ്യൂന്നു പറയണ ആളുകൾക്കു് എന്തരുതന്നെ പറഞ്ഞുണ്ടാക്കിക്കൂടാ? അതിനു പെണ്ണുങ്ങൾക്കോ കുറ്റം? അങ്ങത്തെ കൂറ്റായ്മക്കാരാരോ പറ്റിച്ചതാണു്. അങ്ങുന്നു നാലു കാര്യമറിഞ്ഞ ആളല്യോ? വന്നു പറഞ്ഞവന്റെ വാക്കു വിഛ്വതിച്ചല്ലോ, തീനമന്വേഴിപ്പാൻ ഞാനും കൂടി വന്നതു്? എന്റെ പാട്ടിനു ഞാനിതാ അകത്തു പോണു. (പോകുന്നു.)
പാച്ചൻ: അങ്ങുന്നേ! വേണ്ടെന്നു പറയണവരെ സേവിപ്പാൻ എവൻ ആണല്ലോ. ഇത്രയൊക്കെ വന്നസ്സിതിക്കും എവനും ഇതാ- (പോകുന്നു.)
കുമാരൻനായർ: ഞാനും ഇവിടെ ഇരിക്കുന്നില്ല. പുറത്തു വല്ലേടത്തും ഇറങ്ങി നില്ക്കാം. (പോകുന്നു.)
(വിമലമ്മ പ്രവേശിച്ചു് എത്തിനോക്കുന്നു.)
രംഗം ഒൻപതു് (70-74)
വിമലമ്മ: അദ്ദേഹം പോയെന്നു തോന്നുന്നു. ഇതിനകത്തുണ്ടായ ശണ്ഠ എന്തായിരുന്നു? അഭീഷ്ടം സാധിച്ചു എന്നു് ഞാൻ അല്പനേരം സന്തോഷിച്ചു. അതും കുടിക്കാനെടുത്ത വെള്ളം ചിന്തിയതുപോലെ ആയിത്തീരുകയും ചെയ്തു. ഞാൻ നിന്നിരുന്നിടത്തു കടന്നുവന്നവൻ അദ്ദേഹത്തിന്റെ ശിഷ്യനെന്നാണു് ഞാൻ വിചാരിച്ചതു്. അവനും ആ കുഞ്ഞുലക്ഷ്മിക്കും കണക്കിനു കിട്ടി. ഇദ്ദേഹം വലിയ ദേഷ്യക്കാരനാണെന്നു തോന്നുന്നു. ശുദ്ധഗതിയുടെ ലക്ഷണമായിരിക്കാം. ഇതാ അദ്ദേഹം മടങ്ങിവരുന്നു. ഒരു യോഗ്യൻ വരുമ്പോൾ ഓടിക്കളയുന്നത് വിഹിതമല്ല-
കുമാരൻനായർ: (അകത്തോട്ടു കാൽ വെച്ചിട്ടു്) ഇതെന്താശ്ചര്യം! എന്റെ ഹൃദയസ്ഥമായ വിഗ്രഹം ഇതാ ദിവ്യഭാസ്സോടെ നില്ക്കുന്നു. (പ്രകാശം) ഞാൻ ഇൻട്രൂഡ് ചെയ്യുന്നില്ല; പിൻവാങ്ങിക്കൊള്ളാം.
വിമലമ്മ: അതുവേണ്ട; അകത്തുകടന്നിരിക്കണം. ഇതാ പത്രങ്ങൾ കിടക്കുന്നു. അമ്മയെ ഇങ്ങോട്ട പറഞ്ഞയയ്ക്കാം.
കുമാരൻനായർ: അതുവേണ്ട- വേണ്ടാ. കിട്ടിയ അവസരത്തിനിടയിൽ ഒരു പരമാര്‍ത്ഥം പറഞ്ഞുകൊള്ളട്ടെ. പ്രണയോക്തികൊണ്ടു ഉപദ്രവിക്കയില്ല. ഇഷ്ടം എന്തെന്നറിയാതെ അങ്ങനെയുള്ള സ്വാതന്ത്ര്യം എടുത്തുകൂടെന്നാണ് ഇവന്റെ പ്രമാണം.
വിമലമ്മ: അതു സ്ത്രീകൾക്കു വലിയ രക്ഷതന്നെ. (സ്വഗതം) ഈയുള്ളവക്കു് വളരെ അസുഖകരവും.
കുമാരൻനായർ: ഞാൻ വഴിയിൽവെച്ചു പലപ്പോഴും കണ്ടിട്ടുണ്ട്.
വിമലമ്മ: ഇംഗ്ലണ്ടും മറ്റും കണ്ടിട്ടുള്ള ആൾക്കു് ഇവിടെ വിശേഷക്കാഴ്ച ഒന്നും ഉണ്ടാവാനില്ലല്ലൊ.
കുമാരൻനായർ: നേരിട്ടുള്ള പരിചയത്തിന്റെ ആരംഭത്തിൽത്തന്നെ, 'അതു തെറ്റു' എന്നു പറയുന്നത് ക്ഷമിക്കണം. വിശേഷവസ്തു എന്നു പറയുന്നതു് അവനവന്റെയും ദര്‍ശനത്തിൻറയും വിശേഷഗതി അനുസരിച്ചിരിക്കും.
വിമലമ്മ: അതു ശരി, അച്ഛൻ വരാൻ പക്ഷേ, കുറച്ചു താമസിച്ചേക്കും.
കുമാരൻനായർ: താമസിക്കട്ടെ. (ആത്മഗതം) വൈകുന്നതുവരെ താമസിക്കട്ടെ. (പ്രകാശം) ഞാൻ ശത്രുസംസ്ഥാനത്തിലല്ലല്ലൊ. അല്ല, പോകണമെന്നു നിര്‍ബ്ബന്ധമാണെങ്കിൽ, ഇതാ ഒരു ചെറിയ അപകടകഥ പറഞ്ഞിട്ടു പൊയ്ക്കൊള്ളാം.
വിമലമ്മ: അമ്മയെക്കൂടി വിളിക്കാം.
കുമാരൻനായർ: സ്വകാര്യക്കഥയാണ്. എത്രയും അടുത്ത ഒരു ഇഷ്ടത്തിയുടെ കാര്യവുമാണു്. ഞാൻ അവലംബിക്കുന്ന പ്രമാണം മുമ്പിൽ പറഞ്ഞുവല്ലൊ. അതനുസരിച്ച്, ഒരാളിന്റെ അന്തര്‍ഗ്ഗതം അറിവാൻ ഞാൻ ഇന്നലെ ഒരു ലററർ അയച്ചു. അതു് ഇവിടെ വന്നിട്ടില്ലെങ്കിൽ അകത്തോട്ടു പോയ കുരങ്ങന്റെ അതിസാമര്‍ത്ഥ്യത്താലാണു്. അവൻ, ഭ്രാന്തൻ, സാഹസകാരൻ- അതിനെ ഒരു സ്നേഹിതന്റെ പ്രണയദേവിക്കു കൊണ്ടു കൊടുത്തു.
വിമലമ്മ: (ആത്മഗതം) കമലം അയച്ച എഴുത്തിന്റെ സാരം ഇതാ പുറത്തായി. (പ്രകാശം) ഇവിടുത്തെ വിവാഹവാഗ്ദാനത്തെ അവർ സ്വീകരിച്ചില്ലേ?'
കുമാരൻനായർ: (ലജ്ജയോടെ) ഈ വീട്ടിന്റെ പേരെന്താണാവോ?
വിമലമ്മ: ഇതും അച്ഛന്റെ വക ചമ്പകവിലാസം ബംഗ്ലാവാണു്. ഞങ്ങളും പ്ലാന്തോട്ടത്തു വീട്ടുകാരാണ്.
കുമാരൻനായർ: (സന്തോഷത്തോടും ഒരു സ്വാതന്ത്ര്യഭാവത്തോടും) എന്നാൽ ഞാൻ ഇന്നലത്തെ ലെറ്റർ ഒന്നു മാറിയെഴുതി അയച്ചു കൊള്ളട്ടെ.
വിമലമ്മ: മറുപടിക്കും അച്ഛനോടും അമ്മയോടും ചോദിക്കയാണു മര്യാദ.
(പോകാൻ തുടങ്ങുന്നു.)
ലക്ഷ്മി അമ്മ: (പ്രവേശിച്ച് രണ്ടുപേരുടെയും മുഖത്തു നോക്കീട്ട്) ഹെ! ഇവിടെ ചിലരുടെ പനികളും പിത്തങ്ങളും നീങ്ങി. എല്ലാം ഉത്സവലക്ഷണമായി കാണുന്നല്ലോ. ഷഷ്ടിപൂര്‍ത്തിമഹോത്സവത്തിന്റെ സമ്മോദകശക്തികൊണ്ടായിരിക്കാം.
കുമാരൻനായർ: ഗുരുജനങ്ങളുടെ അനുഗ്രഹമുണ്ടായാൽ, ഈ ഉത്സവപ്രകാശം ഈശ്വരപ്രസാദത്താൽ ഒരിക്കലും മങ്ങിപ്പോകാതെ നിലനില്ക്കും.
ലക്ഷ്മിഅമ്മ: വല്ലോരും ദേഷ്യപ്പെട്ടാലും ഞാൻ ചില പരമാര്‍ത്ഥങ്ങൾ പുറത്തുവിട്ടേക്കാം. ഇവള്‍ നാലഞ്ചുദിവസമായി ഇവിടെ കിടന്നു ലോകം ദഹിപ്പിച്ചു താനും ദഹിപ്പാൻ തുടങ്ങുകയായിരുന്നു.
പാച്ചൻ: (പ്രവേശിച്ചു”) കൊച്ചമ്മേ, അങ്ങുന്നും അവിടെ കിടന്നു പനിപിടിച്ച് ഇവനെ കൊല്ലാതെ കൊല്ലുകയായിരുന്നു.
കുഞ്ഞുലക്ഷ്മി: (പ്രവേശിച്ചു്) ആരും ചാവാണ്ടു പിഴപ്പിച്ചതു് കുഞ്ഞുലക്ഷ്മി അല്ലെങ്കിൽ ആരെന്നു പറയട്ടെ.
രാജശേഖരൻപിള്ള : (പ്രവേശിച്ചിട്ട്) ഡാക്ടർ കാൾ കൂടാതെതന്നെ രോഗിയെ കണ്ടു ചികിത്സയും കഴിച്ചുവെന്നു തോന്നുന്നല്ലൊ. ഇങ്ങനെ ഒക്കെ ആയാൽ എന്നും മംഗളമായിരിക്കും. അപ്പോൾ ലക്ഷ്മിക്കുട്ടി, ഡാക്ടര്‍ക്ക് എന്താ പീസു നിശ്ചയിച്ചിരിക്കുന്നതു്?
കുഞ്ഞുലക്ഷ്മി: കൊച്ചമ്മാ, ഞാൻ പറയാം പീസെന്തരെന്ന്.
ലക്ഷ്മിഅമ്മ: മനസ്സിലായി. (ഭർത്താവോടു്) മനസ്സുപോലെ കൊടുത്തു എല്ലാരുടേയും ഇഷ്ടപൂർത്തിവരുത്തണം.
(അച്യുതമേനോനും ശങ്കരപ്പിള്ളയും പ്രവേശിക്കുന്നു.)
ശങ്കരപ്പിള്ള: അടെടാ! ഞങ്ങടെ ദയാസൗഹാർദ്ദങ്ങൾ കൂടാതെ കാര്യങ്ങൾ ഇവിടെ കലാശിക്കുന്നല്ലൊ.
അച്യുതമേനോൻ: നിങ്ങളുടെ ഇന്നലത്തെ സൗഹാർദ്ദം ഓർക്കുമ്പോൾ നിങ്ങളേയും നിങ്ങടെ ദമയന്തിയേയും കാടുകയറ്റിക്കളയാൻ തോന്നുന്നു.
രാജശേഖരൻപിള്ള: ഇതൊരു കന്യകാദാനമുഹൂര്‍ത്തമാണു്. ലക്ഷ്മിക്കുട്ടി ഗൃഹധർമ്മം ഉപദേശിക്കുമ്പോൾ നിങ്ങൾ ശണ്ഠയ്ക്കു വട്ടംകൂട്ടാതിൻ-
അച്യുതമേനോൻ: സമ്മതിച്ചു, എന്നാൽ സദ്യയ്ക്കു വട്ടം കൂട്ടുക.
രാജശേഖരൻപിള്ള: എനിക്കു് അതിലൊന്നും അധികാരമില്ല. നിങ്ങടെ ഇഷ്ടം പോലെ നടത്തിക്കൊള്ളിൻ. ഇതാ, ഡാക്ടർ, ഇവളല്ലാതെ മറ്റൊരു പീസും നിങ്ങളുടെ വിദ്യയ്ക്കും യോഗ്യതയ്ക്കും അനുസരണമായി തരുവാൻ ഞാൻ കാണുന്നില്ല.
അച്യുതമേനോനും ശങ്കരപ്പിള്ളയും: ഇദ്ദേഹം ഞങ്ങൾക്കു മാപ്പുതരുമെന്നു് ആദ്യമായി സത്യം ചെയ്യട്ടെ.
കുമാരൻനായർ: എല്ലാം മംഗളകരമായി പര്യവസാനിക്കുമ്പോൾ പിഴയേതു്? ക്ഷമയെന്തിനു്?
പാച്ചൻ: ഇവന്റെ ഡിസ്‌മിസ്സോ?
കുഞ്ഞുലക്ഷ്മി: ചെവിത്തകെട്ടവനെ! മിസ്സിയമ്മയെ അവിടെ കിട്ടുമ്പം ഇങ്ങേരിതെന്തരു് ചെവിത്തകെട്ടുപോണതു്? താനും ഞാനുമില്ലെങ്കിൽ അങ്ങുന്നേതു്, കൊച്ചമ്മയേതു്, എന്നു പറഞ്ഞോണ്ടിരുന്നില്യോ?
രാജശേഖരൻപിള്ള: ശ്രീമൂലംതിരുനാൾ തിരുമേനിയും രാജ്യലക്ഷ്മിയും എങ്ങനെ പരസ്പരം ചേര്‍ന്നിണങ്ങുന്നുവെന്നു് ഇന്നത്തെ മഹാമഹഘോഷം ഗ്രഹിപ്പിച്ചു- അതുതന്നെ നമുക്കും നാടൊട്ടുക്കും ശുഭപാഠമായി ഭവിക്കട്ടെ.
(കർട്ടൻ)