പാത്രവിവരം (01)
പാത്രവിവരം
മാധവൻ- വാസുദേവൻപിള്ളയുടെ മകൻ
ഇന്ദുശേഖരൻ- ഒരു യുവപരീക്ഷാവിജയി
വാസുദേവൻപിള്ള - ഇന്ദുശേഖരന്റെ അമ്മാവൻ
ഗോവിന്ദമേനോൻ- ഒരു ബാരിസ്റ്റർ
ശങ്കശ്ശാർ— ഇന്ദുശേഖരന്റെ ഭൃത്യൻ
ഭഗവതിപ്പിള്ളഅമ്മ - വാസുദേവൻപിള്ളയുടെ ഭാര്യ
ശാരദ- ടിയാരുടെ മകൾ
ശങ്കുണ്ണിമേനോൻ- ഇന്ദുശേഖരന്റെ സ്നേഹിതൻ
തിരുവനന്തപുരം രാജകീയകാളേജിൽ 1917-ലെ 'കാളേജ് ഡേ' ആഘോഷാവസരത്തിൽ അഭിനയിക്കുന്നതിനായി കാളേജ് ഡേ കമ്മറ്റിക്കാരുടെ അപേക്ഷപ്രകാരം ഉണ്ടാക്കപ്പെട്ടതു്.
രംഗം ഒന്നു് (02-05)
രംഗം ഒന്നു്
[മദ്രാസിൽ ഇന്ദുശേഖരൻ താമസിക്കുന്ന ഭവനം . വാസുദേവൻപിള്ള ചിന്താമഗ്നനായി പ്രവേശിക്കുന്നു.]
വാസുദേവൻപിള്ള : (ആത്മഗതം) നാലഞ്ചു കൊല്ലം കൊണ്ടു കുട്ടികൾ എങ്ങനെ മാറിപ്പോകുന്നു! വിദ്യാഭ്യാസത്തിന്റെ- അല്ലാ, കാലത്തിന്റെ- ലക്ഷണമാണു്. ഈ ഇന്ദുശേഖരൻതന്നെ- പേർ വാശിയെന്നുണ്ടല്ലൊ; ഒക്കെ ബംഗാൾരീതിയാകുന്നു- അങ്ങോട്ടു വല്ലതും ഒന്നു പറയുമ്പോൾ എന്തോ അകത്തുള്ള നിധി കാക്കുന്ന പാമ്പുപോലെ പ്രമാണങ്ങളാകുന്ന വിഷപ്പല്ലുകൾ കാട്ടിക്കൊണ്ടു അവൻ ചീറുണു. ഇവര്‍ക്കു് തറവാടെന്ന സ്ഥാപനങ്ങളുടെ മഹത്വത്തെക്കുറിച്ചു ഒരു രൂപവുമില്ല. അവർ 'ക്യാപ്പിറ്റൽ' 'ക്യാപ്പിറ്റൽ' എന്നു കൊട്ടിഗ് ഘോഷിക്കും. അതിന്റെ സത്വസ്വരൂപം, ജീവച്ഛക്തി-ഇവകൾ എന്തെന്നു ഗ്രഹിപ്പാൻ തലയോടിനെപ്പോ ലും ക്ലേശിപ്പിച്ചിട്ടില്ല. ക്യാപ്പിറ്റൽതന്നെ തറവാടു്. മലയാളപ്പേരാകുമ്പോൾ അതിന്റെ മഹനീയത പൊളിഞ്ഞു - ഒരു വാക്കു പറവാൻ സമ്മതിക്കണ്ടേ! അമ്മാവനെ താണുതൊഴുന്നു. കേമമായി വിരുന്നൂട്ടുന്നു. സ്പ്രിംഗ്‌കട്ടിലിൽ കിടത്തി ഉറക്കുന്നു. നമ്മുടെ ഉപദേശം വല്ലതും പൊട്ടിക്കാൻ ലാക്കുനോക്കുമ്പോൾ ഇങ്ങോട്ടു പ്രസംഗിക്കുന്നതു് മാക്സിം ഗൺസ്! മിണ്ടാതെ ഭാണ്ഡം കെട്ടിക്കളയുകയാണു മാനം. ഉദ്ദേശ്യം പറയാതെ അവിടുന്നു പോന്നു. അതു സാധിക്കാതെ അങ്ങോട്ടു മടങ്ങുന്നു. ആകപ്പാടെ നായ് ചന്തയിൽ പോയതുപോലെ പരിണാമം ശ്രീകൃഷ്ണന്റെ ദൗത്യം പിടിച്ചുകെട്ടട്ടെ എന്നൊരു കല്പന പുറപ്പെടുവിച്ചു- അതിൽ ഭേദം തന്നെ ഈ യാത്ര. (പ്രകാശം) എടാ !
(ശങ്കുശ്ശാർ പ്രവേശിക്കുന്നു.)
തന്നെ അല്ലെടോ വിളിച്ചതു്. ആട്ടെ- താൻ കടന്നുവന്നുവല്ലൊ. കൂടിവന്നിട്ടുള്ളവരെയാണു്. ആട്ടെ- അവരോടു പറയൂ, വൈകുന്നേരത്തെ വണ്ടികേറാൻ സാമാനങ്ങൾ ഒരുക്കണമെന്നു്.
ശങ്കുശ്ശാർ: കാശിയിലേക്കോ രാമേശ്വരത്തേക്കോ-
വാസുദേവൻപിള്ള: എന്തു ചോദ്യമാണെടോ അതു്?
ശങ്കുശ്ശാർ : അച്ഛനെ സേവിച്ചു; മകനെയും സേവിച്ചു. ഇപ്പോൾ ലോകം കണ്ടു നിറഞ്ഞു. ഇനി തപസ്സുമതിയങ്ങുന്നേ. അയ്യമ്പോ! നിങ്ങളെ ഒക്കെ വിചാരിച്ചാണു് ഇവിടെ കിടക്കുന്നതു് - ചീത്തയൊന്നുമില്ല- എങ്കിലും ഇവനെ തലകറക്കിക്കളയുന്നു. പകലെല്ലാം സഭകൂടലുകളും, ചാക്യാരുകൂത്തുകളും, കൂട്ടപ്പടകളും ; രാത്രി മുഴുവൻ പുസ്തകം ചവച്ച് കണ്ണുകളഞ്ഞും ഇരിക്കുന്നതു കണ്ടില്ലേ? നേരം പരപരാ വെളുക്കുമ്പോൾ തീനും വേണ്ട, കീനും വേണ്ട, കണ്ട കാര്യങ്ങൾക്കെല്ലാം പടത്തലവൻ. ഇവൻ പൊതിയും കെട്ടി കിഴട്ടുക്കൂത്താടാൻ പുറകേ ഓടി, പിടിച്ചിരുത്തി, വായുടെ മൂക്കൂടെ വല്ലതും ചെലുത്തി, ചാകാതെ കിടക്കുണു്.
വാസുദേവൻപിള്ള: അപ്പോൾ തന്റെ യജമാനൻ ഈ സ്ഥലത്തു് ഒരു കുലകൊമ്പൻതന്നല്ലൊ.
ശങ്കുശ്ശാർ: അതതേ-പക്ഷേ, ശാരദക്കുട്ടിക്കുഞ്ഞിനെക്കുറിച്ചു വല്ല ആലോചനയോ മറ്റോ ഉണ്ടെങ്കിൽ, എന്റെ പൊന്നങ്ങുന്നേ, അതിനു് ഏഴരാണ്ടൻ പിടിപ്പിക്കരുതേ. ഈ കൊച്ചങ്ങടെ മേലിൽ മനുഷ്യഗുണം തൊട്ടുതെറിച്ചിട്ടില്ല. നാളെക്കാലത്ത് അങ്ങ നടക്കുന്ന പടയ്ക്കതന്നെ പോകൂലോ എന്നു സംശയമുണ്ട്. (ഇന്ദുശേഖരൻ പൊടുന്നനവേ പ്രവേശിക്കുന്നു.)
ഇന്ദുശേഖരൻ: എടോ ശ്ശാരെ ! ആ വിധവാവിവാഹസംഘം മെമ്പറന്മാരിൽ നാലഞ്ചുപേർ വരുന്നു- അമ്മാവൻ ഇരുന്നു വല്ലതും വായിക്കാത്തതെന്തു്? (വര്‍ത്തമാനക്കടലാസുകൾ നീക്കിവയ്ക്കുന്നു.) മൂത്താനെന്തെടോ കണ്ണുംപട്ടു നില്ക്കുന്നതു്? കഷ്ടമല്ലേ അമ്മാവാ! - ആ ദിവാൻ ബഹദൂർ വെങ്കലപ്പാരായർ മഹാധീരൻ- ധീരോദാത്തൻ! പരീക്ഷാഫലം ഒരാഴ്ചയ്ക്കകം അറിയാം. വയസ്സ് മുപ്പത്തിനാലേയുള്ളു- പോകുവെടോ.
ശങ്കുശ്ശാർ: ഞാൻ എന്തുവേണം കുഞ്ഞേ? അതു പറയാതെ ഞാൻ എങ്ങനെ പോകും?
ഇന്ദുശേഖരൻ: താഴത്തെ മുറി മീറ്റിങ്ങിനായി ഒരുക്കൂ. ഇത്ര കാപ്പിയും-
(ശങ്കശ്ശാർ പോകാൻതുടങ്ങുന്നു.)
നിൽക്കൂടൊ, മീറ്റിങ്ങ് വയ്യിട്ടാണു്.
ശങ്കുശ്ശാർ: വയ്യിട്ടും വലിയങ്ങുന്നു പോകുന്നു. അതു് അന്വേഷിക്കുമോ, നിങ്ങടെ പടേനിക്കു് ഒരുക്കുമോ?
ഇന്ദുശേഖരൻ: ഇന്നു പോകയേ അമ്മാവാ?
ശങ്കുശ്ശാർ: (ആത്മഗതം) ഇവരിപ്പോൾ ഇനി പടവെട്ടു തുടങ്ങും. മറ്റുള്ളവൻ കാണണ്ട. (പോകുന്നു.)
ഇന്ദുശേഖരൻ: എന്താ അമ്മാവാ, ദിവാൻ ബഹദൂർ രായരെ കാണേണ്ടയോ? ബാരിസ്റ്റർ ഗോന്ദുക്കാരണവർ എന്തു ചാണക്യൻ!- ബിസ്മാര്‍ക്ക്. അദ്ദേഹം ഇന്നത്തെ മീറ്റിങ്ങിനെത്തും .
വാസുദേവൻപിള്ള: നിങ്ങടെ കൂട്ടത്തിലൊന്നും ഞാനില്ല. നമ്മുടെ ആദർശങ്ങൾ ഭിന്നമാറ്റങ്ങളിലാണു്.
ഇന്ദുശേഖരൻ: (ആത്മഗതം) അമ്മാവൻ പോർവിളിക്കുള്ള തീട്ടൂരം തയ്യാറാക്കിത്തുടങ്ങി. ഇനി പുത്തൻപഠിപ്പുകാരെ ശപിച്ചുതുടങ്ങും.
വാസുദേവൻപിള്ള : ഞാൻ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. തന്നുള്ളിലെ വിവാഹത്തിന്റെ ഗുണം നീ മനസ്സിലാക്കുന്നില്ല. അമ്മാവന്റെ മകൾ അനന്തരവന്റെ 'മുറഭാര്യ' എന്നു് -
ഇന്ദുശേഖരൻ: വര്‍ഷകാലത്തെ ഗംഗാപ്രവാഹം പോലുള്ള കാലഗതി ആ ആചാരങ്ങളെയെല്ലാം റദ്ദാക്കിക്കളഞ്ഞു.
വാസുദേവൻപിള്ള: ശരി അപ്പനേ! നിന്റെ കാലത്തു് കണ്ണാടിക്കാർ വദ്ധിക്കുന്നു. തറവാട്ടുപുഷ്ടിയെ സംരക്ഷിക്കുന്നതുകൊണ്ടു് അവനവനും സമുദായത്തിനുമുള്ള ഗുണം കാണ്മാനും ഗ്രഹിപ്പാനും നിങ്ങൾക്കു സാധിക്കയില്ല.
ഇന്ദുശേഖരൻ: അമ്മാവന്റെ പൂവ്വികന്മാർ അമ്മാവൻകൂട്ടരെക്കുറിച്ചും ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കാം.
വാസുദേവൻപിള്ള : മുറണ്ടിനു മരുന്നില്ല; മന്ത്രവുമില്ല.
ഇന്ദുശേഖരൻ: ആദർശവികാസത്തെ ഇങ്ങനെ ഭർത്സിക്കരുതു്.
വാസുദേവൻപിള്ള: അതുപോകട്ടെ. നീ നിന്റെ അച്ഛനോടൊന്നിച്ച് ഈ സ്ഥലത്തു പോന്നു; അമ്മ മരിച്ചു; അദ്ദേഹവും മരിച്ചു. കൊല്ലവും നാലഞ്ചായി. ഇനിയെങ്കിലും നീ അങ്ങോട്ടു പോന്നു് സ്വജനങ്ങളെ കാണുക. ഇതല്ലല്ലൊ നിന്റെ ജന്മഭൂമി.
ഇന്ദുശേഖരൻ : എന്റെ സ്വജനമെന്നതിന്റെ സംഖ്യ അമ്മാവൻ എന്ന ആദ്യസംഖ്യയിൽ അവസാനിക്കുന്നല്ലൊ. അവിടുത്തെ കാണുകയും ചെയ്തു.
വാസുദേവൻപിള്ള: ശീലവതി, രൂപവതി, കുലവതി, ഈ ലക്ഷണങ്ങൾ ചേര്‍ന്ന ഒരു കന്യകയുടെ ഭർത്താവാകുന്ന ഭാഗ്യവാൻ, സുകൃതി-
ഇന്ദുശേഖരൻ : അമ്മാവൻ ഉദ്ദേശിക്കുന്ന ഭാഗ്യനില കിട്ടാൻ ഞാനൊഴികെയുള്ള യുവലോകം തിരുവിതാംകൂറിൽ നഷ്ടമായിപ്പോയോ?
വാസുദേവൻപിള്ള: നല്ല വിവേകമുള്ള ഒരു അനന്തരവന്റെ നഷ്ടം മാത്രം ഞാനിപ്പോൾ കാണുന്നു.
ഇന്ദുശേഖരൻ: അമ്മാവന്റെ ഇഷ്ടമനുസരിക്കയാണ് വിവേകത്തിന്റെ തോതെന്നുവരികിൽ-
വാസുദേവൻപിള്ള: നില്ക്കു്. നീ അങ്ങോട്ടു പോരുന്നോ?
രംഗം ഒന്നു് (06-08)
ഇന്ദുശേഖരൻ: ഞാൻ ഒരു ജീവിതശ്രമം വരിച്ചുപോയി. അതിനെ ഉപേക്ഷിച്ചു എങ്ങോട്ടും പോരാൻ-
വാസുദേവൻ പിള്ള: (ചെവി പൊത്തിക്കൊണ്ടു്) നീ ഭൂമിയെ എടുത്തു പന്താടു്. സമുദ്രം കുടിച്ചു വറ്റിക്കും. ആ അത്ഭുതകര്‍മ്മങ്ങളിൽ കാഴ്ചക്കാരനാകാൻ ഞാൻ ആളല്ല. ശാരദയെ ഞാൻ നിനക്കായി ഉദ്ദേശിച്ചു വിദ്യാഭ്യാസത്തിൽ വേണ്ട പണവും ചെലവു ചെയ്തു-
ഇന്ദുശേഖരൻ: അവള്‍ക്കു നല്ല സുഭഗൻ ഭർത്താവു കിട്ടട്ടെ. അമ്മാവൻ ഒരു പതിനായിരം കൊടുക്കുക, സ്ത്രീധനമായി. ഞാനും അത്രയും സംഖ്യയുടെ സമ്മാനം കൊണ്ടു് അവളെ ആകർഷണീയ ആക്കാം. എന്നാലും ബാലവിവാഹം എന്തു പരമാസുരം! സമുദായത്തിലെ പരിഷ്കാരരാഘവന്മാർ ആ ആചാരത്തിന്റെ മൂലച്ഛേദം വരുത്താൻ ജടാവല്ക്കലം ധരിച്ചിരിക്കുന്നു. കാലചിഹ്നങ്ങൾ അമ്മാവൻ സൂക്ഷിക്കുന്നില്ല. ഹിന്ദുക്കളുടെ തമശ്ശീലം അതീതകാലത്തെ പുരാണശകലം ആയിപ്പോയിരിക്കുന്നു.
വാസുദേവൻപിള്ള : ശാരദയ്ക്കു വയസ്സു പതിനേഴായി-
ഇന്ദുശേഖരൻ: എന്റെ മതം ഖണ്ഡിച്ചു പറഞ്ഞേക്കാം. അമ്മാവാ, ഭാര്യാഭർത്താക്കന്മാർ തുല്യവയസ്സരായിരിക്കണം. ഭാര്യാസ്ഥാനം ദാസ്യമായിക്കൂടാ. ലോകദൃഷ്ടികൾ നല്ലവണ്ണം തുറന്നുവരുന്നു. സ്ത്രീപുരുഷന്മാർ തമ്മിലുള്ള സ്ഥാനവ്യത്യാസം എന്തു പരമാന്ധ്യം! പഞ്ചമത്വം എന്നുള്ള നൈകൃഷ്ട്യം ശ്രേഷ്ഠജാതികളിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുവർത്തിക്കപ്പെടുന്നു. ഈ നീചാചാരത്തെ ധ്വംസിപ്പാൻ സാധിക്കുമോ എന്നു നോക്കട്ടെ.
വാസുദേവൻപിള്ള: വയസ്സിലോ ശരീരസ്ഥിതിയിലോ തുല്യത വേണ്ടതു്? നീ ഈ പരിഷ്കാരജ്വരം കൊണ്ടോ, ശങ്കുശ്ശാരുടെ പരിചരണക്രമത്താലോ, ശരീരസ്ഥിതിയിൽ ശാരദയെക്കാൾ താഴ്ന്ന റാങ്കുകാരനായി കാണുന്നു.
ഇന്ദുശേഖരൻ: എന്നാൽത്തന്നെയോ? പ്രണയം കരകൗശലം കൊണ്ടോ ലൗകികമന്ത്രം കൊണ്ടോ നിമ്മിക്കാവുന്നതല്ല-
വാസുദേവൻപിള്ള: നിന്റെ പഴം പാട്ടുകൾ പുകയത്തു കെട്ടിവച്ചേക്കു്.
ഇന്ദുശേഖരൻ: നാം രണ്ടുപേരുടേയും ആംഗിൾ ആഫ് വിഷ്യൻ ഒന്നല്ല -
വാസുദേവൻപിള്ള : (ഹാസ്യമായി) ശരിതന്നെ ഹേ! തന്റെതു് ത്രികോണേന്നാണു്! വെച്ചു ത്ര്യംബകപൂജ ചെയ്തുകൊണ്ടിരിക്കൂ. വര്‍ഗ്ഗമിതുതന്നെയെങ്കിലും, എന്റെ മാധവൻ എത്ര ഭേദം! 'നയ്യർ' എന്നൊരു പുത്തൻ സ്ഥാനം അവന്റെ മനോധര്‍മ്മം കണ്ടുപിടിച്ചിരിക്കുന്നു. താൻ 'ശചീശനാഥബാനർജി'യാണെന്നു പറഞ്ഞു പ്രസംഗിച്ചോണ്ടു നടക്കയും ചെയ്യുന്നു. എങ്കിലും കാര്യംവിട്ടു കളിക്കുകയില്ല.
ഇന്ദുശേഖരൻ: ആ കുട്ടിബര്‍ക്കിനെ ഇങ്ങോട്ടു വിട്ടേക്കണം. ഞാൻ എന്റെ സ്വന്ത ചെലവിന്മേൽ ശീമയിൽ കൊണ്ടുപോയി പഠിപ്പിച്ചു വിട്ടേക്കാം. ശാരദാപരിഗ്രഹണത്താൽ മറ്റേതൊരു യുവാവെങ്കിലും അനുഗൃഹീതനാകട്ടെ.
വാസുദേവൻപിള്ള : സ്വത്തുക്കൾ ഇങ്ങനെ ശകലിച്ചുപോകാൻ വഴികൾ കരുതരുതു്. നിന്റെ അച്ഛൻ തന്നതും നമ്മുടെ തറവാട്ടുവകയും എൻെറ സമ്പാദ്യവും ചേര്‍ന്നു് നിന്റെ അധീനത്തിലായി, പരിപൂര്‍ത്തിയായ നിന്റെ വിദ്യാഭ്യാസത്തോടുകൂടി, നീ തിരുവിതാംകൂറിൽ താമസിച്ചു തുടങ്ങുമ്പോൾ, എന്ത് ഇന്ദ്രപ്രഭാവത്തോടും പ്രതാപത്തോടും നിന്റെ പരിഷകാരാഗ്രഹങ്ങളെ ജന്മഭൂമിക്കും ഉപകരിക്കുമാറും വിജയാപ്തിയോടും പ്രയോഗിക്കാമെന്നോ?
ഇന്ദുശേഖരൻ: മനുഷ്യർ സ്വതഃസൃഷ്ടമായ പൗരുഷത്തോടുകൂടിയവരായിരിക്കണം. അമ്മാവൻ സമ്പാദ്യങ്ങളിൽ സ്ത്രീധനസംഖ്യ നീക്കിയുള്ളതു കൊടുത്ത് മാധവനെ ഒരു മുതലാളനാക്കുക. ശാരദയെ അവൾക്കു കിട്ടുന്ന ഭർത്താവും രക്ഷിക്കണം.
(ശങ്കുശ്ശാർ ചുമച്ചുകൊണ്ട്, സ്ഥിതിഗതികൾ നോക്കി പ്രവേശിക്കുന്നു.)
വാസുദേവൻപിള്ള: എന്തോന്നാ കൂവേ, മദ്രാസിലെ കാറ്റും തന്നെ ചെറുപ്പമാക്കുന്നല്ലൊ!
ശങ്കുശ്ശാർ: ഒന്നുമില്ലേ-
വാസുദേവൻപിള്ള: പിന്നെന്താണിത്ര ജലദോഷച്ചുമ?
ശങ്കുശ്ശാർ: കുശിനിപ്പുരയിലെ പൊക കൊണ്ടിട്ടായിരിക്കാം. (ഇന്ദുശേഖരനോട്) മേനോനദ്ദേഹം വന്നു -
വാസുദേവൻപിള്ള : ഏതു മേനോൻ?
ശങ്കുശ്ശാർ : ശീമയിപ്പോയി പാറക്കോലായിട്ടു് എല്ലാം പൊളിക്കാൻ വന്നിരിക്കുന്ന ഒരു ബലഭദ്രരു്.
ഇന്ദുശേഖരൻ: ഹൈ, അടുക്കളത്തൂണാ! (വാസുദേവൻപിള്ളയോട്) ഞാൻ മുമ്പു പറഞ്ഞ മിസ്റ്റർ ഗോവിന്ദമേനോൻ ബാരിസ്റ്റർ- അറ്റ്-ലായാണു്. ഞങ്ങളെല്ലാം റെക്കഗനൈസ് ചെയ്തിരിക്കുന്ന ഒരു ലീഡർ- വിശാലഹൃദയൻ - എന്തു് ഗ്രന്ഥപരിചയക്കാരൻ ! (ശങ്കുശ്ശാരോട്) അവിടെ തറഞ്ഞുനില്ക്കാതെ വേഗം പോയി അദ്ദേഹത്തെ ഇങ്ങോട്ടുതന്നെ വരാൻ പറയൂ.
ശങ്കുശ്ശാർ: അദ്ദേഹം എപ്പഴേ പോയി.
ഇന്ദുശേഖരൻ: ഇയ്യാളുടെ വങ്കത്തനം കൊണ്ടു് പൊറുതിയില്ല--
ശങ്കുശ്ശാർ: ഇവിടുത്തെ കുരുത്തക്കേടൊന്നും അന്യോരു കേൾക്കണ്ടാ എന്നുവച്ചു് ചറുക്കുവെച്ചതിനു്, ഇതാണോ സമ്മാനം? ഇനി ഞാനും വങ്കാളത്തനം പടിക്കണമെന്നോ?
ഇന്ദുശേഖരൻ: താൻ കാര്യസ്ഥൻതന്നെ കൂവേ- ഒന്നും പഠിക്കേണ്ട.
വാസുദേവൻപിള്ള: നീതന്നെ ഓടിപ്പോയി അദ്ദേഹത്തെ വിളിക്കു്. ഞാൻ പരിചയപ്പെട്ടുകൊള്ളട്ടെ.
ശങ്കുശ്ശാർ: ഞാൻ വിളിക്കാം. (പോകുന്നു.)
വാസുദേവൻപിള്ള: നീകൂടി ചെല്ല്-അതാണു മര്യാദ.
(ഇന്ദുശേഖരൻ പോകുന്നു.)
(ആത്മഗതം) ആ പുള്ളിയുടെ മാറ്റും ഒന്നുരച്ചുനോക്കട്ടെ. തോറ്റു മടങ്ങുന്നതു വിചാരിക്കുമ്പോൾ അകം പോലും വിയര്‍ക്കുന്നു. ഹാ! തറവാടു്, കുടുംബസ്വത്ത്, സ്വരാജ്യം, സ്വസമുദായനില, ഇതെല്ലാം കരുതാണ്ടു് വെറും ആകാശപ്രകാശത്തെ കുപ്പിയിലാക്കാൻ സാഹസപ്പെടുന്ന ഈ കുട്ടികളുടെ കഥ- കഷ്ടം !
(കർട്ടൻ)
രംഗം രണ്ടു് (09-12)
രംഗം രണ്ടു്
(തിരുവനന്തപുരത്തു വാസുദേവൻപിള്ളയുടെ ഭവനത്തിൽ ശാരദയുടെ മുറി. ശാരദ മുഖക്ഷീണത്തോടിരിക്കുന്നു. മാധവൻ ഞെളിഞ്ഞ് ഒരുവശത്തോട്ടു ചെരിഞ്ഞു്, ധ്വരമട്ടിൽ നോക്കി പ്രവേശിക്കുന്നു.]
മാധവൻ: (ഇംഗ്ലീഷ് മട്ടിൽ ഗാനം)- ഓ- ഹൊ- ഹൊഹോ !
ശാരദ: എന്താ മാധവൻകുട്ടി ഈ ലഹള? അച്ഛൻ കേട്ടാൽ നയ്യരെ നെയ്യാക്കും.
മാധവൻ: (ഇംഗ്ലീഷ് സ്വരത്തിൽ) വ്ഹ്യു! ഐ തയാറിങ് മദ്രാസ് രംഗാര്‍ത്ഥം- മദ്രാസിലേക്കു് തെയ്യാർ ചെയ്യുന്നു. അവിടത്തെ മഹിലാസമുദായം, അംഭോനിധി സ്ഥിതികൾ ആയ, തിമിംഗലഗ്രാഹ, ഇത്യാദി വര്‍ഗ്ഗേ ശാരദാദേവി-
ശാരദ: എൻ വാനവർജി! മിണ്ടാതിരുന്നില്ലെങ്കിൽ നയ്യർ പരീക്ഷയിൽ തോറ്റുപോട്ടെ എന്നു ഞാൻ വഴിവാടു നേരും.
മാധവൻ: (ഇംഗ്ലീഷ് മട്ടിൽ ഗാനം) ഐ വെരി ഗുഡ്ബായി -വെരിഗുഡ് വെരിഗ്രഡ് അച്ഛാ ബറാബർബായി-
ശാരദ: (എഴുനേറു്) ഞാനിതാ പോകുന്നു. ഈ താളമില്ലാ തമ്പേറു കേൾക്കാൻ ഒരു സുഖവുമില്ല.
മാധവൻ: അപവാദം പറയരുതു്. മയി മറിയാദറാം ഹയെ! അപ്പഴേ അക്കാ (ഗാനം) 'ഇന്ദുകലോജ്ജ്വലമണിയാം- ഇന്ദ്രസുതൻ മാധവിയാം- സുന്ദരിയിൽ കൊതി പെരുകി- ചൂതശരാര്‍ത്തിയിൽ മുഴുകി' മദ്രാസിൽ പാര്‍ക്കുന്ന സന്യാസി, ഇന്ദുശേഖർ ചേട്ടനോ ഗോവിന്ദമേനോൻ ബാരിസ്റ്റർ അവർകളോ?
ശാരദ: ഇതെന്തരനര്‍ത്ഥമായി!
മാധവൻ: (ഗാനം) 'മല്ലാരിസഖി മാധവൻ- അല്ലൽ തീർത്തിടാൻ- മല്ലൻ- വല്ലഭൻ- കല്ല്യൻ.' അതുകൊണ്ടു് ഈ ബാനർജിയെക്കൂടി മദ്രാസിലേക്കു കൊണ്ടുപോകാൻ എന്റെ സിസ്റ്റർ ശുപാശചെയ്യൂ. അവിടുത്തെ പ്രസംഗരംഗങ്ങളെല്ലാം ഇവന്റെ വാഗ്ദ്ധാടികൊണ്ടു് പൊടിപെടുത്തു് കരിങ്കടലിലാക്കുന്നുണ്ടു്.
ശാരദ: ഞാൻ അമ്മയെ വിളിക്കും.
മാധവൻ: ആ കക്ഷിയുടെ അനുകൂലാഗ്രഹങ്ങൾക്കായി ഇവനും പ്രാര്‍ത്ഥിക്കാം. വഴിച്ചിലവിനായൊരുക്കിയിട്ടുള്ള ലാഡുഗോളങ്ങൾ ഇവന്റെ നേത്രചക്രത്തിൽ ചരിച്ചു തുടങ്ങാത്തത് ലോകസ്തംഭനത്തിനു സംഗതിയായേക്കാം. വധൂലോകത്തിനു് പാചകശാലാ മണ്ഡലത്തിൽ കിട്ടിയിട്ടുള്ള സമ്രാട്‌പദം 'സ്വഹഃ' എന്നും പുരുഷശാപത്തീയിൽ ദഹിച്ചല്ലാതെ ഭൂമിയിൽ മത്സരകലാപങ്ങൾ, നിഷ്കൃതിനികരങ്ങൾ, ദുർമ്മദപ്രമത്തതകൾ എന്നിവ അവസാനിക്കുകയില്ല.
ശാരദ: ഇതു ആ കടപ്പുറത്തെങ്ങാനും ചെന്നു പ്രയോഗിച്ചെങ്കിൽ സമുദ്രത്തിന്റെ തിരമുഴക്കപ്പണിക്കും സഹായമായിത്തീരുമായിരുന്നു..
മാധവൻ: ഏറ്റവും ശരി. ശാരദയക്കനിലും സഹജന്റെ വാഗ്മിത്വം പ്രകാശിച്ചു തുടങ്ങുന്നു. എന്നാൽ ഒരു ഗുണപാഠശകലംകൂടി അഭ്യസിച്ചിരിക്കുക. 'മധുരം ചേർന്നതാം ദ്രവ്യം- കഫഘ്നം സര്‍വതോമതം."
ശാരദ: അയ്യോ! ഇതെല്ലാം കേട്ട് തല പൊളിയുന്നു.
മാധവൻ: അയ്യോ! സഹോദരി! ! സഹോദരി! സഹപരീക്ഷക്ലാസ്സിനി! ഇവനെ ബന്ധുവായി വരിച്ചുകൊള്ളു. എന്നാൽ - (ഗാനം) 'ജഗൽപതിയും രതിപതിയും തവ കൊതിയുള്ളൊരു പതിവരുമേ.' മോഹാലസ്യപ്പെടരുതു്. അതിനെ ആധുനികഭിഷക്കുകൾ അപസ്മാരമെന്നു് അപഹസിക്കും. അച്ഛന്റെയും അമ്മയുടേയും കാൺസ്പിറസിയുടെ സാരമെന്തെന്നു് ഞാൻകൂടി അറിയട്ടെ. മഹാഭാഗധേയനായുള്ള നമ്മുടെ അച്ഛൻ ഈര്‍ഷ്യാകലുഷനായി, സങ്കുചിതമുഖനായി മദ്രാസിൽനിന്നു മടങ്ങുവാൻ എന്തു ബന്ധം? അമ്മയോടൊന്നിച്ചു അഹോരാത്രഗുഢാലോചന തുടരുന്നതിൽ എന്തു സാരം? മദ്രാസിലേക്കുള്ള യാത്രയിൽ ഈ വാഗ്മീശതിലകത്തിന്റെ സഹഗമനത്തെ പ്രാത്ഥിക്കാതിരിപ്പാനെന്തു ബന്ധം?
ശാരദ: കുട്ടികളായാൽ ലജ്ജിക്കുന്നത് കുറേശ്ശ അറിയണം.
മാധവൻ: ഷ്യൂ! ശാരദജ്യേഷ്ഠത്തിക്കു് വയസ്സ് പതിനേഴെന്നു വിളികൊള്ളുന്നെങ്കിൽ, മാസ്റ്റർ നയ്യർ ബുദ്ധിവികാസവും, പ്രതിഭാവിശേഷവും കൊണ്ടു പൗരുഷവേദിയിലേക്കുള്ള നെടും കുപ്പായം ധരിപ്പാൻ അവകാശിയായിരിക്കുന്നു. പിന്നെയോ, ലോകസ്മൃതി എങ്ങനെ എന്നു കേൾക്കു. 'ന്യായക്കേടു വിധിച്ചീടും അച്ഛനാചാര്യനല്ലെടോ തുച്ഛകര്‍മ്മം തുടങ്ങുന്നോരച്ഛനും ശാസ്യനായ്‍വരും.' ഈ ബുദ്ധിചാതുര്യത്തിനു് ഹീയർ! ഹീയർ പറയാണ്ടു ഇരിക്കുന്നല്ലൊ. 'തോട്ടിൻകരയ്ക്കു സൗഭാഗ്യം- കൂട്ടു. മൃദുലവല്ലികേ!'' റൈറ്റ്! റൈറ്റ്! അങ്ങനെ ദന്തമുകുളവെണ്മ പ്രദര്‍ശിപ്പിച്ചാലും.
ശാരദ: ഇവിടെ നിന്നും ഇങ്ങനെ വിടുവാപറയരുതു് എനിക്കെന്തോ സുഖക്കേടിന്റെ ആരംഭമുണ്ടെന്നു വിചാരിച്ചു', അച്ഛൻ മദ്രാസിലേക്കു കൊണ്ടുപോകുന്നതാണെന്നു തോന്നുന്നു.
മാധവൻ: ഡോക്ടർ നയ്യർ ഇവിടെയല്ലേ ഇപ്പോൾ ഇരിക്കുന്നതു്? ഓ! സ്പെഷ്യലിസ്റ്റ് ഇന്ദുശേഖരദേവൻ ആയിരിക്കാം. അഥവാ, മദ്രാസിലെ പ്രസിദ്ധ ബാരിസ്റ്റർ മിസ്റ്റർ ഗോവിന്ദമേനോൻ-
ശാരദ: എന്തോന്നു മാധവാ! ഇതു്, നിലയും മര്യാദയും കെട്ട് സംസാരിക്കുന്നതു്? വല്ലോരും കേട്ടാൽ നമ്മുടെ പഠിപ്പിനെക്കുറിച്ചു് എന്തു വിചാരിക്കും?
മാധവൻ: ഞങ്ങളുടെ ഗുരുനാഥന്മാർ മദയാമകളല്ല. ഘോരസമരത്തിനും ക്ഷണിക്കപ്പെടുന്ന വിശാലവക്ഷസ്തന്മാരാണ്. ആരു കേട്ടാലും മിസ്റ്റർ മാധവൻനായർ, ജെന്റിൽമാൻ, പണ്ഡിതപടു എന്നു വിധിക്കും.
ശാരദ: എത്ര നേരമായി എന്റെ അടുത്തു് ഭീരു ആട്ടം ആടി എന്നെ വിഷമിപ്പിക്കുന്നു!-ആട്ടെ, അധികപ്രസംഗത്തിനു് ചോദ്യം ചെയ്‍വാൻ ആളുണ്ടോ എന്നു നോക്കട്ടെ. അമ്മേ!
മാധവൻ: (ഗാനം) 'കിട്ടിപ്പോയ്, കിട്ടിപ്പോയ്, ലാഡുകൾരണ്ടും കിട്ടിപ്പോയ്- തോട്ടിൻകരയുടെ സൗഭാഗ്യം കൂട്ടും നല്ലൊരു മധുവല്ലി! - കൂട്ടും നല്ലൊരു മധുവല്ലി!'
(അമർത്തിയ ചിരിയോടെ ഭഗവതിപ്പിള്ളഅമ്മ പ്രവേശിക്കുന്നു.)
ഭഗവതിപ്പിള്ള അമ്മ : എന്റെ മാധവാ! നിനക്കു് രണ്ടു കിട്ടേണ്ടതു തന്നെ. പക്ഷേ, ലാഡുവല്ല. നിങ്ങളുടെ സ്കൂളിൽ അഭ്യസിക്കുന്ന ഒതുക്കവും വണക്കവും ഇതാണോ?
മാധവൻ: അമ്മേ! ഈ ലഹളക്കാരിയെ മദ്രാസിലേക്കു കൊണ്ടുപോകേണ്ട. പുകവണ്ടികൾ പൊടിഞ്ഞുപോകും. രണ്ടാമതൊരു 'എംഡൻ' ചെല്ലുന്നൂ എന്നും മദ്രാസ് നഗരവാസികൾ ഓടിക്കളയും. അധികൃതന്മാർ നിങ്ങളെ പിടികൂടി ഇങ്ങോട്ടു തിരികെ ഭാണ്ഡം കെട്ടിക്കും. ചികിത്സിപ്പിക്കണമെങ്കില്‍ എന്നെ കൊണ്ടു പോകണം. വഴിയിൽ നല്ലൊരു വിദഗ്ദ്ധൻ വക്കീലുമായിരിക്കും. എന്നു മാത്രമല്ലാ, അഭീഷ്ടങ്ങളെല്ലാം കൈവരികയും ചെയ്യും.
ഭഗവതിപ്പിള്ള അമ്മ: ഈ അധികപ്രസംഗം അവിടെച്ചിലവാകുകയില്ല.
മാധവൻ: മകളുടെ 'കുസുമേ കുസുമോൽപ്പത്തി' പ്രഭാവമോ?
(ഭഗവതിപ്പിള്ളഅമ്മ മകനെ അടിക്കുവാൻ വട്ടമിട്ട് ഓടിക്കുന്നു.)
(ചുറ്റി ഓടുന്നതിനിടയിൽ) അമ്മേ! കൊല്ലരുതേ. മറവർശല്യം തിരുവനന്തപുരത്തു തുടങ്ങിയിട്ടുണ്ടു്.
രംഗം രണ്ടു് (13-15)
ഭഗവതിപ്പിള്ളഅമ്മ: (ഓടുന്നതിനിടയിൽ) നില്ക്കു് അവിടെ.
മാധവൻ: പോർട്ട് മാന്റോവിലെ മധുരദ്രവ്യങ്ങൾ ചോർന്നുപോകും.
ഭഗവതിപ്പിള്ളഅമ്മ: ശാരദേ ! ഇങ്ങോട്ടു പിടിക്കു്.
മാധവൻ: അയ്യോ! 'വന്ദേമാതരം.' ഏകച്ഛത്രാധിപത്യത്തെ അവസാനിപ്പിപ്പാൻ 'ഹോംറൂൾക്കൊടി' ഉയര്‍ത്തി. 'വിശ്വാന്തമ്മ' ലോകവിഭ്രമണം ചെയ്തിയങ്ങുമ്പോൾ, അമ്മ അടുപ്പുംകെട പ്രമാണക്കാരിയായി ഇങ്ങനെ 'ഡീമോസ് മൂര്‍ത്തി'യെ ധ്വംസിക്കുന്നതു് പരിഷ്‌കാരദ്രോഹമല്ലേ?
ഭഗവതിപ്പിള്ളഅമ്മ: (മാധവനെ പിടിപ്പാനുള്ള ശ്രമത്തിൽനിന്നു വിരമിച്ചു്, ആട്ടെ. ഈ അഹങ്കാരം നിന്റെ അച്ഛൻ അറിയട്ടെ. അദ്ദേഹത്തിന്റെ ആജ്ഞ നമുക്കെല്ലാം നിയമം അല്ലെന്നു നീ വിചാരിക്കുന്നെങ്കിൽ അങ്ങോട്ടുതന്നെ പറഞ്ഞേക്കു്. (പോകാൻ തുടങ്ങുന്നു)
ശാരദ: ഇപ്പോൾ ഒരാൾക്കു കിട്ടുവാനുള്ള പ്രസന്റ് കിട്ടും. അമ്പോ!
മാധവൻ: (അമ്മയെത്തടഞ്ഞിട്ട്) ഭൂസഞ്ചാരം ചെയ്ത് ബുദ്ധിക്കു പരിഷ്കൃതി വരേണ്ടത് പുരുഷന്മാര്‍ക്കല്ലയോ? ശാരദജ്യേഷ്ഠത്തിയെ എന്തിനു കൊണ്ടുപോകുന്നു? ആര്‍ക്കു വില്പാൻ? ഇന്ദുച്ചേട്ടൻ അച്ഛന്റെകൂടെ ഇങ്ങോട്ടു വരാഞ്ഞതെന്തു്?
ഭഗവതിപ്പിള്ളഅമ്മ : അമ്പോ! ഇതെന്തെടുത്തുചാട്ടം? മറ്റുള്ളവരുടെ മുച്ചു മുട്ടിപ്പോയി. നിനക്കു വല്ലതും അറിയണമെങ്കിൽ പെണ്ണങ്ങളെ ഉപദ്രവിക്കാതെ ആണെപ്പോലെ അച്ഛന്റെ അടുത്തുപോയി ചോദിക്കു്.
(വാസുദേവൻപിള്ള പ്രവേശിക്കുന്നു.)
വാസുദേവൻപിള്ള : ഞാൻ ഇതാ വന്നുവല്ലൊ. ബാനർജിയുടെ പ്രസംഗവിഷയം എന്താണു? ശാരദയുടെ മുഖം കറുപ്പിച്ചതു് മദറോ, കൊച്ചു ബ്രദറോ?
മാധവൻ: (മര്യാദക്കാരനായി) എത്ര ദിവസത്തെ താമസമുണ്ടച്ഛാ മദ്രാസിൽ?
വാസുദേവൻപിള്ള: അതല്ല പോയിന്റെന്നു് നിങ്ങളുടെ മൂന്നുപേരുടെ മുഖവും പറയുന്നു.
മാധവൻ: ശാരദജ്യേഷ്ഠത്തി എന്നെക്കൂടി മദ്രാസിനു ക്ഷണിച്ചു. അച്ഛനോടു പറയുവാൻ ഞാൻ പറഞ്ഞപ്പോൾ എന്നെ ആണല്ലെന്നും-
ശാരദ: എൻറെ ഭഗവാനേ! അച്ഛാ! ഇതൊന്നും വിശ്വസിക്കരുതു്.
ഭഗവതിപ്പിള്ളഅമ്മ: എന്റെ സർവ്വേശ്വരാ! നിന്നിടത്തുനിന്നു ഇവൻ വേഷം മാറുന്നതു കണ്ടില്ലേ? ഇതുവരെ ഉദ്ദണ്ഡശാസ്ത്രികൾ, ഇപ്പോൾ മര്യാദരാമൻ.
ശാരദ: അച്ഛാ! ഞാനൊന്നു പറയാം. അങ്ങോട്ടുകൂടി കൊണ്ടുപോകുന്നില്ലെങ്കിൽ-(മാധവനോട്) എന്നെ നോക്കി ദഹിപ്പിക്കേണ്ട. (അച്ഛനോടു്) നാം തിരിച്ചുവരുമ്പോൾ ഈ വീടുണ്ടായിരിക്കയില്ല.
മാധവൻ: ശാരദയുടെ സ്കൂളിൽ അതിശയോക്തിയാണോ നിർബ്ബന്ധവിഷയം?
ശാരദ: പരിഹാസവും പരോപദ്രവവുമല്ല.
വാസുദേവൻപിള്ള : ബാനർജി ശാരദയ്ക്ക് സഹിച്ചുകൂടാത്തതു് എന്തോ ഇന്നു പ്രവര്‍ത്തിച്ചു. (ആത്മഗതം) മിസ്റ്റർ ഗോവിന്ദമേനോന്റ ഉപദേശം സഫലമാക്കാൻ ഇവൻ ഉപയോഗപ്പെട്ടേക്കാം. അദ്ദേഹം ഒരുക്കുന്ന രംഗത്തിന്റെ പുഷ്ടിക്കും ഇവൻ ഒരു നല്ല പാത്രമായിത്തീരും. അവിടെ കൊണ്ടുചെന്നു് എല്ലാവരേയും അങ്ങോട്ടു വിട്ടേക്കാം. ഇന്ദു സാധുവാണ്. അവന്റെ ഇഷ്ടപ്രകാരം പോകട്ടേ എന്നു വിട്ടുകളഞ്ഞാൽ അതു് കൃത്യവിലോപമായി ഞാൻ വ്യസനിക്കേണ്ടിവരും. (പ്രകാശം) ആലോചിച്ച് നിന്നേക്കൂടി കൊണ്ടുപോകുന്ന കാര്യം തീർച്ചയാക്കാം. നിന്റെ ഡ്രസ്സെല്ലാം തയ്യാറാക്കിക്കൊൾക. (പോകുന്നു.)
മാധവൻ: (വിളംബരം വായിക്കുന്ന മട്ടിൽ) തിരുവിതാംകൂർ, തിരുനൽവേലി, മധുര, തഞ്ചാവൂർ, ചെങ്കൽപേട്ട എന്നീ ജില്ലകളിലെ സകലമാനപേരും അറിയുവാൻ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാൽ തിരുവിതാംകൂറിലെ വിശ്വവിഖ്യാതവാഗീശ്വരപ്രധാനൻ മഹാരാജരാജശ്രീ ശ്രീമാൻ മാധവൻനയ്യർ അവർകൾ തന്റെ പിതൃമാതൃസഹോദരീസമേതം-
ഭഗവതിപ്പിള്ളഅമ്മ: ഇനി ഇപ്പോൾ ഭൂമി പൊടിക്കും. ഞാൻ പോകുന്നു എന്റെ പാട്ടിനു് - (പോകുന്നു)
മാധവൻ: അക്കാ! അക്കന്റെ വേഷം ഞാൻ കെട്ടിക്കൊള്ളാം. അക്കൻ ഞാൻ ആയിട്ടൊന്നു പുറപ്പെടുക. അപ്പോൾ മദ്രാസിലുള്ള ഇന്ദുച്ചേട്ടൻകൂട്ടർ എങ്ങനെ ഇളിഭ്യരാശികളാകുമെന്നോ! അതാ അച്ഛൻ വിളിക്കുന്നു - വരുന്നേ - വരുന്നേ - (ഓടുന്നു.)
ശാരദ: എന്തെല്ലാമോ? അച്ഛൻ ധര്‍മ്മം അനുസരിക്കുന്നതിൽ സ്ഥിരനിഷ്ഠനാണു്. അപമാനത്തിൽ കലാശിക്കുന്ന ഒരു കര്‍മ്മം അദ്ദേ ഹം അനുഷ്ഠിക്കുകയില്ല.
(കർട്ടൻ)
രംഗം മൂന്നു് (16-21)
രംഗം മൂന്നു്
[ഇന്ദുശേഖരൻ പഠിപ്പുമുറി. ഇന്ദുശേഖരൻ പുസ്തകവുമായിരുന്നു ആത്മഗതം.] 'യുവവിവാഹം ശ്രേയോഹരം'' എന്നാണു് അഭിജ്ഞവചനം. എന്നാലും എത്രപേർ വിവാഹവലയിൽ ചാടി കുടുങ്ങിക്കൊള്ളുന്നു! എന്റെ മുമ്പിൽ ഉര്‍വശിതന്നെ പാര്‍വണേന്ദുമുഖിയായി വന്നാലും, നമ്മുടെ അര്‍ജ്ജുനത്വം കൊണ്ടു്, അല്ലാ- ശുകര്‍ഷിത്വംകൊണ്ടു് ആ അഭിസാരികയെ പാറ്റപറപ്പിച്ചുകളയും. വിവാഹം അവനവന്റെ ഫ്രീ ചോയിസ്സ് അനുസരിച്ചു നടക്കണം- അമ്മാവൻ എങ്ങോട്ടു പോയി മറഞ്ഞു? തൃപ്പതിയിൽചെന്ന് ഒന്നു തൊഴുതു വന്നേക്കാമെന്നു പറഞ്ഞു പോയിട്ടു ദിവസം പത്തായി. പരീക്ഷാഫലത്തെക്കുറിച്ചു കമ്പി അയച്ചിട്ടു് 'അമ്മാവൻ മദ്രാസിലുണ്ടല്ലൊ' എന്നു് അമ്മാവിയുടെ മറുപടി കമ്പിയും, ഇന്നിതാ എഴുത്തും, വന്നിരിക്കുന്നു. എന്നോടുള്ള ദേഷ്യം കൊണ്ടു കാശിക്കോ മറ്റോ പുറപ്പെട്ടുപോയോ എന്തോ? (പുരികം ചുളിച്ചു) എന്തായാലും അമ്മാവന്റെ മകളെ പരിഗ്രഹിക്കുക വിഷമം! അമ്മാവനോടു കണക്കു ചോദിച്ചുകൂടാ; അമ്മാവിയെ വണങ്ങണം; ഭാര്യയെ പ്രത്യേകിച്ചു താലോലിക്കണം. എന്നല്ല അതിലെന്തു നോവൽറ്റി ഉണ്ടു്? അങ്ങനെയുള്ള ഹൈമീനൽ ബാൺഡിൽ സെലസ്റ്റിയൽ ഗ്രേ. ഷൂ! അല്ലേ? ഞങ്ങളുടെ ഈ ന്യൂസ്പിരിറ്റ് എന്നതു് എന്താണെന്നു് അമ്മാവൻ അറിയുന്നില്ല. ബെജോവ്! ശാരദയെ വേട്ടു എന്നു വയ്ക്കുക. ഇംഗ്ലണ്ടിൽ ചെല്ലുമ്പോൾ ഐഡിയാസ് എക്സ്പാൻഡ് ചെയ്യും. അപ്പോൾ ഒരു യൂറോപ്യൻ ലേഡി നമ്മുടെ ചിത്തത്തെ ആകര്‍ഷിച്ചാൽ? ഷൂ! അങ്ങനെയുള്ള അബദ്ധങ്ങൾ നോവൽസിൽ വായിച്ചിട്ടില്ലേ? ഈ ട്രാമൽ ഇവിടെ കിടന്നിഴക്കും. നമ്മുടെ ബ്രോഡൻഡ് വിഷൻ മറ്റൊരുവിധമായ കോൺജ്യുഗൽ ആനന്ദത്തെ കാംക്ഷിക്കും. വരട്ടെ, എന്തായാലും വരട്ടെ. രണത്തിലും വരണത്തിലും തിടുക്കം പ്രയോഗിച്ചാൽ അതു മരണത്തിൽ പരിണമിക്കും. അന്നു അമ്മാവൻ പോയ ദിവസം മിസ്റ്റർ ഗോവിന്ദമേനവനോടു നാലഞ്ചു നാഴിക സംസാരിച്ചുകൊണ്ടിരുന്നുവെന്നു ശങ്കുശ്ശാരു പറഞ്ഞു. അദ്ദേഹത്തിനു വശമല്ലാത്ത യന്ത്രത്തിരിപ്പു ഭൂലോകം കണ്ടിട്ടില്ല. ഈ കിഴട്ടുകഴുവൻ ശങ്കുശ്ശാരു് കാണാത്തതും ചിലപ്പോൾ കാണും.
(ശങ്കശ്ശാർ അകത്തോട്ടു കാലുവയ്ക്കുന്നു.)
(അക്ഷമനായി) എന്തൊന്നാ ഭാവം? ഈ വേഷപ്രവേശം ഇപ്പോൾ ഇവിടെ ആവശ്യമില്ല.
ശങ്കുശ്ശാർ: പേരു പറഞ്ഞു വിളിച്ചുന്നു തോന്നി. അതുകൊണ്ടു വന്നതാണേ-
ഇന്ദുശേഖരൻ: ഇങ്ങടുത്തു വരൂ.
(ശങ്കുശ്ശാർ മുന്നോട്ടു നീങ്ങിനില്ക്കുന്നു.)
ആ ഗോവിന്ദമേനവനദ്ദേഹം-
ശങ്കുശ്ശാർ: (ഞെട്ടി) അയ്യോ പൊന്നുകൊച്ചങ്ങുന്നേ! കൊല്ലിക്കരുതേ! അദ്ദേഹം, മിണ്ടിപ്പോകരുതെന്നു സത്യത്തിന്മേൽ സത്യം ചെയ്യിച്ചു പ്രത്യേകം ഉത്തരവായിട്ടുണ്ടു്. നമുക്കെന്തു വേണമെന്നേ? അവർ ഏതു് എച്ചിക്കുഴിയിലെങ്കിലും ചാടി ഇലച്ചീന്തു നക്കിക്കൊള്ളട്ടെ. നല്ല ചെറുപ്പം; ചോരക്കൊഴുപ്പു; ജയിക്കേണ്ട പരീക്ഷകൾ ജയിച്ചു; ചക്രം തെരുതെരെച്ചെന്നു ചൊരിയുന്നു. തോന്നുംപടി നടക്കട്ടും. ചങ്കച്ചാരും കൊച്ചങ്ങുന്നും ഒക്കെ ഒന്നും അറിഞ്ഞിട്ടില്ലെന്നു ഭാവിച്ചുകളയണം.
ഇന്ദുശേഖരൻ: (ആത്മഗതം) ഇയ്യാൾ ഇപ്പോൾപ്പറയുന്നത് അമ്മാവനോടു സംസാരിച്ചതിനെപ്പറ്റിയല്ലാ; മിസ്റ്റർ ഗോവിന്ദമേനോൻ എന്തോ പോരാത്ത കച്ചവടത്തിൽ പ്രവേശിച്ചു- അതെന്തോ ഇയ്യാൾ അറിഞ്ഞിട്ടുണ്ടു്. ഇയ്യാളെക്കൊണ്ടു സമ്പ്രദായത്തിൽ പരമാര്‍ത്ഥം ഛദ്ദിപ്പിക്കണം. (ഗൗരവഭാവത്തിൽ പ്രകാശം) ശങ്കുശ്ശാരേ! അദ്ദേഹം വലിയ ആളാണ്. പക്ഷേ, സമ്പ്രദായങ്ങൾ ഒരു- ഒരു ഒരു വിധത്തിൽ - ചിലതെല്ലാം ഞാനും കുറേശ്ശ അറിഞ്ഞിട്ടുണ്ടു്. അമ്മാവൻ തൃപ്പതിയിൽനിന്നു വരുമ്പോൾ, ഇതും മറ്റുമൊന്നും പറഞ്ഞുകളയരുതു്. ബാരിസ്റ്റരദ്ദേഹം ഒരു ജ്യേഷ്ഠന്റെ സ്ഥാനത്തു് എന്നെത്താങ്ങി നടത്തുന്നു. ഞങ്ങൾ പരസ്പരം ഒളിച്ച് ഒരു കാര്യവുമില്ല.
ശങ്കുശ്ശാർ: അമ്പേ! എന്തൊരു വങ്കാളക്കന്നൻ! ഇവിടെങ്ങും മിണ്ടിപ്പോകരുതെന്നു് എത്ര സത്യവും ആണയും ഇടീച്ചു! അപ്പോൾ ആ ചിന്താദ്രിപ്പേട്ടയിലെ കച്ചവടത്തിൽ കൊച്ചങ്ങുന്നും പങ്കുകാരൻ തന്നെയോ?
ഇന്ദുശേഖരൻ: (ശ്വാസവേഗത്തോടെ ആത്മഗതം) ചിന്താദ്രിയോ? ഇപ്പോൾ ചിന്താപാതാളമാണു് ഇയ്യാൾ കാട്ടുന്നത്. ഞാൻ പങ്കുകാരനോ? (പ്രകാശം) ച! ച്ച! ച്ഛ! പങ്കുകാരനും മറ്റുമല്ല. നടക്കട്ടേന്നു്. നമുക്കെന്ത്?
ശങ്കുശ്ശാർ: അവിടുത്തെ പട്ടാളക്കാരികളു്, കൊച്ചും വലുതും (നെഞ്ചത്തടിച്ചിട്ടു്) അമ്പടിയോ! നിങ്ങളുടെ കണ്ണിനിണങ്ങണതു് -ചങ്കച്ചാരു പോണു. ഛേ, ശ്ശേ, ശ്ശേ! അവിടെ എഴുതിവച്ചിരിക്കുന്നു ഇന്നലെ മുതൽ, 'പെണ്ണുങ്ങടെ അഴിച്ചുവിടലു് കവാത്തുശാല' എന്നു് .
ഇന്ദുശേഖരൻ: (ആത്മഗതം) ഇയ്യാൾ പറയുന്നതെന്തോന്നു്? ഞാൻ ആ വഴിക്കു ദം പോയിട്ട് ഒരാഴ്ചയോളമായി. ചിന്താദ്രിപ്പേട്ടയിൽ ഒരു ശാല സ്ഥാപിച്ചിട്ടുണ്ട്, സ്ത്രീകളെ സംബന്ധിച്ചിട്ടുള്ളതാണ്. അതിലെ മെംബേഴ്‌സ് ഇയ്യാടെ കണ്ണിനു പിടിക്കാത്തവരാണു- 'അഴിച്ചുവിടൽ' നോക്കട്ടെ- 'അഴിച്ചുവിടൽ' ലൂസനിംഗ്, അല്ലാ -ഇമാൻസിപ്പേഷൻ-റൈറ്റ്! 'കവാത്തു'-പരേഡ്-അല്ലാ- മൂവ്മെന്റ്-ഓഹോ! വിമെൻസ് ഇമാൻസിപ്പേഷൻ മൂവ്മെന്റ്! ഈശ്വരൻ അതിനു സകല വിജയവും നൽകട്ടെ! (പ്രകാശം) എടോ! അതു്, സ്ത്രീകൾ ആണുങ്ങളിൽനിന്നും താഴ്ന്ന വഗ്ഗക്കാരായി വിചാരിക്കപ്പെടുന്നില്ലേ? ആ സ്ഥി തിയിൽനിന്നു് നിവൃത്തിയുണ്ടാകുന്നതിനു് ഏർപ്പെടുത്തീട്ടുള്ള ഒരു മഹാസഭയാണു്. ആഭാസശാലയല്ലാ. മഹാഗംഭീരന്മാർ അതിനെ പ്രോത്സാഹിപ്പിക്കുന്നവരായി ഉണ്ടു്.
ശങ്കുശ്ശാർ: അതേ, അതേ. അതൊണ്ട്, അതൊണ്ടു്. കൊച്ചങ്ങുന്നും അവിടെപ്പോകുന്നിലോ? അതുകൊണ്ടു് ആഭാസത്തിനിടയില്ലല്ലോ. ഇനി ശാരദക്കുഞ്ഞിനു് എഴുതുമ്പോൾ കൊച്ചങ്ങുന്നു ആ പെണ്ണുങ്ങടെ കവാത്തുകച്ചവടത്തിൽ ഇല്ലെന്നു് എഴുതിയേക്കാം - പെണ്ണുങ്ങൾ ആണുങ്ങളെ പെറുന്നവരല്ലയോ? മുന്നിട്ടു വരണം.
ഇന്ദുശേഖരൻ: എന്റെ മൂത്താനേ! താൻ വെറുതെ സ്വസ്ഥ്വമായിരിക്കുന്ന കണ്ണിൽ ചുണ്ണാമ്പിട്ടു നീറ്റരുത്. ശാരദക്കുട്ടി എന്റെ കാര്യമൊന്നും അറിയണമെന്നില്ല. അങ്ങേ ട്ടു വല്ലതും പിണയ്പിക്കണമെന്നു് താൻകൂടി വിചാരിക്കുന്നെങ്കിൽ, അതിനിട്ട അസ്തിവാരം പൊളിച്ചുകളയൂ. .
(ഗോവിന്ദമേനോൻ പ്രവേശിക്കുന്നു.)
ഗോവിന്ദമേനോൻ: (ആംഗ്യം) രഹസ്യം പുറത്തു വിട്ടുവോ?
(ശങ്കുശ്ശാർ 'ഇല്ല' എന്നു തലകുലുക്കൽ. ഗോവിന്ദമേനോൻ 'മിടുക്കൻ' എന്ന വിരലാട്ടുന്നു. ശങ്കുശ്ശാർ മുണ്ടിന്റെ പുറത്തു ചൊറിഞ്ഞുകൊണ്ട് പതുക്കെ നടക്കുന്നു.)
ഇന്ദുശേഖരൻ: ശങ്കുശ്ശാരെ! ഞങ്ങൾക്കിത്ര ചായ.
(ശങ്കശ്ശാർ പോകുന്നു. ഇന്ദുശേഖരൻ എഴുന്നേറ്റു ബാരിസ്റ്റരെ യഥോചിതം സല്ക്കരിച്ചിരുത്തുന്നു.)
ഗോവിന്ദമേനോൻ: എന്താ മിസ്റ്റർ ! മുഖം ഡെത്ത്സ് ഹെഡ്പോലെ ഭയാനകമായിരിക്കുന്നുവല്ലോ.
ഇന്ദുശേഖരൻ: അങ്ങനെ തോന്നും . ബന്ധുചക്രത്തിൽ നിങ്ങൾ സൂര്യസ്ഥാനം വഹിക്കുന്നതുകൊണ്ടുണ്ടാകുന്ന രക്തശുഷ്ണത ഇവന്റെ മുഖമാംസത്തെ വരട്ടിയിരിക്കാം.
ഗോവിന്ദമേനോൻ: അല്ലാ! ഇന്നത്തെ രസം രൗദ്രപ്രധാനം തന്നെ. കാര്യം? അമ്മാവന്റെ എഴുത്തുവല്ലതും വന്നുവോ?
ഇന്ദുശേഖരൻ: അദ്ദേഹത്തെ ചെണ്ടകൊട്ടിക്കാൻ നിങ്ങൾ എന്തെല്ലാം ഗുണദോഷിച്ചു? അതു കേൾക്കട്ടെ.
ഗോവിന്ദമേനോൻ: എന്റെ കുട്ടാ, എന്താണീ ചോദ്യത്തിന്റെ സാരം? നമ്മെ ഇലൿട്രോക്യൂട്ട് ചെയ്‍വാൻ ഭാവമുണ്ടെങ്കിൽ, അതു ക്ഷണത്തിൽ കഴിയട്ടെ. നിങ്ങളുടെ അമ്മാവനെ ചെണ്ടകൊട്ടിക്കുക ബ്രഹ്മമാരാര്‍ക്കുതന്നെ സാധിക്കുമോ?
ഇന്ദുശേഖരൻ: യെസ്. 'ചെണ്ടകൊട്ടിക്കുക'-ആ വാക്കുതന്നെ ഞാൻ സധൈര്യം പ്രയോഗിക്കുന്നു. നിങ്ങളുടെ സ്ഥാനമഹിമകളും മറ്റും അങ്ങിരിക്കട്ടെ. അമ്മാവൻ എങ്ങോട്ടു പോയി എന്നെങ്കിലും പറഞ്ഞുതരിക.
ഗോവിന്ദമേനോൻ: നിങ്ങളുടെ അമ്മാവൻ, മിസ്റ്റർ വാസുദേവൻ പിള്ള ബി. എ. ബി. എൽ. അല്ലേ? എന്റെ കുട്ടീ! താൻ ഒരു ടൺ തൂങ്ങുമെങ്കിൽ, അദ്ദേഹം ഒരായിരം തൂങ്ങും. രണ്ടു മണിക്കൂറു തികച്ചും ഗോവിന്ദൻ കശക്കിനോക്കി. ആ ഇരുമ്പുകൂശ്മാണ്ഡത്തിൽനിന്നും ഒരു തുള്ളി രസം പുറപ്പെടേണ്ടേ? കുടുംബസ്ഥിതിയെപ്പറ്റി ചോദിച്ചപ്പോൾ എല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധ പുൽപറിക്കാൻ പോയിരുന്നു. ഞങ്ങൾ ഈ പുത്തൻ ബാരിസ്റ്ററന്മാരു് പഴയ ലായറന്മാരെ നമസ്കരിക്കണം.
ഇന്ദുശേഖരൻ : നിങ്ങളുടെ ഈ പ്രസംഗം എവിടുന്നു പുറപ്പെടുന്നു? നാവിന്റെ മുനക്കാമ്പിൽനിന്നു മാത്രമല്ലേ? ഞാൻ ഒരക്ഷരം വിശ്വസിക്കുന്നില്ല.
ഗോവിന്ദമേനോൻ: വേണ്ട- ആ യമധർമ്മൻ ഇവനെ എന്തു വട്ടം കറക്കിയെന്നോ? ജ്യോഗ്രഫിയും ഹിസ്റ്ററിയും, ഒന്നും കണ്ടിട്ടില്ലാത്ത ആളെപ്പോലെ, 'ലണ്ടനിൽ എത്ര അഗ്രഹാരങ്ങൾ, എത്ര ശിവപ്രതിഷ്ഠകൾ, എത്ര കാളീക്ഷേത്രങ്ങൾ ഉണ്ടു്?' എന്നൊരു ചോദ്യം. ഉത്തരമായി അശ്രദ്ധത നടിച്ചപ്പോൾ, 'തെങ്ങുകൾ കേരളത്തിലെപ്പോലെതന്നെ ഫലപ്രദങ്ങളോ' 'നല്ല കൂറ്റൻ കൊമ്പനാനകളുള്ള ഗൃഹസ്ഥന്മാർ എത്ര പേരുണ്ടു്?' എന്നു മുഖം ചലിപ്പിക്കാതെ രണ്ടു ചോദ്യായുധം. ഇവൻ ഉടൻ എണീറ്റോടിയിട്ടു പിന്നിതാ ഇന്നിങ്ങോട്ടു പ്രവേശിച്ചു. അദ്ദേഹത്തിന്റെ-എന്തോന്നെന്നു വര്‍ണ്ണിക്കുന്നു? - അതു സ്മരിക്കുമ്പോളുണ്ടാകുന്ന വിറയലോടെ-
ഇന്ദുശേഖരൻ: (ഹാസ്യമായി) ശുദ്ധകപടക്കാരൻ !
ഗോവിന്ദമേനോൻ: ആരഹേ? കാരണവരോ, ഞാനോ? അതെല്ലാം കളയൂ. ഇന്നു അമേരിക്കൻ ഹാളിൽ ഒരു നല്ല കോൺസർട്ടുണ്ട്. കൂടിവരുന്നെങ്കിൽ മോട്ടോറുംകൊണ്ടു് ഞാൻ എത്തിക്കൊള്ളാം.
ഇന്ദുശേഖരൻ: ഞാനില്ല-
ഗോവിന്ദമേനോൻ: പൊടിപൊടിച്ച ഗാനമാണു്. (ഗാനം) 'ശാരദേ! സകലാഗമശ്രുതിശാസ്ത്രകാവ്യസ്വരൂപിണീ!' എന്നു കേട്ടു അവിടെയിരുന്നു പല സ്വപ്നങ്ങളും കണ്ട് ആനന്ദിക്കാം.
ഇന്ദുശേഖരൻ: ഇപ്പോൾ കപടസ്ഥാനം എവിടെയാണെന്നും വെളിപ്പെട്ടു. ആ പേർ നിങ്ങൾക്കും എവിടെനിന്നു കിട്ടി?
ഗോവിന്ദമേനോൻ: നോക്കട്ടേ. ഒന്നാമതു അമരസിംഹൻ; രണ്ടാമതു മിസ്റ്റർ ചന്തുമേനവൻ; പിന്നെ, എത്രാമതെങ്കിലും ആട്ടെ, നിങ്ങളും പറഞ്ഞു
ഇന്ദുശേഖരൻ: പേർ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അമ്മാവനെ നിങ്ങളെങ്ങോട്ടയച്ചുവെന്നു് പരമാര്‍ത്ഥം പറയുക. അദ്ദേഹത്തെ നിശ്ചയമായും നിങ്ങൾ എങ്ങോട്ടോ ഓടിച്ചിരിക്കുന്നു.
ഗോവിന്ദമേനോൻ: റിസൾട്ട് അറിഞ്ഞു് ശീമയിൽ പോകണമെന്നു തീച്ചയാക്കിയപ്പോൾ, എന്താ ബുദ്ധിക്കു് ഒരു ചാഞ്ചാട്ടം തുടങ്ങിയോ?
ഇന്ദുശേഖരൻ: ചാഞ്ചാട്ടം തുടങ്ങിയതും ചിന്താദ്രിപ്പേട്ടയിലോട്ടു സഞ്ചാരമാക്കീട്ടുള്ളവരാണു്.
ഗോവിന്ദമേനോൻ: (ദേഷ്യഭാവത്തിൽ) അബദ്ധം ക്ഷണിക്കുന്നതിൽ ഒരതിരുവേണം-
ഇന്ദുശേഖരൻ: (ദേഷ്യത്തോടെ) അപകടം പ്രവർത്തിക്കുന്നതിലും.
ഗോവിന്ദമേനോൻ: തല ചൂടുപിടിക്കുന്നതിലും.
ഇന്ദുശേഖരൻ: നോൺസൻസ്!
ഗോവിന്ദമേനോൻ: മാഡ് നെസ്സ്!
ഇന്ദുശേഖരൻ: ഷെയിം !
(കാപ്പിപ്പാത്രവും കൊണ്ടു ശങ്കുശ്ശാർ പ്രവേശിച്ച് കലശൽ കണ്ടു പാത്രം ഇട്ടു പൊട്ടിക്കുന്നു.)
(കർട്ടൻ)
രംഗം നാലു് (22-26)
രംഗം നാലു്
(ചിന്താദ്രിപ്പേട്ടയിൽ ഒരു മൂന്നുനിലമന്ദിരത്തിലെ അലങ്കരിച്ചുള്ള പ്രവേശന ഹാൾ. വാസുദേവൻപിള്ളയും ഗോവിന്ദമേനോനും പ്രവേശിക്കുന്നു.]
ഗോവിന്ദമേനോൻ: നിങ്ങളുടെ അഭിപ്രായങ്ങൾ ഫിസ് ഈ സൂത്രധാരൻ നേത്രഗോചരവിശ്വത്തിനെല്ലാം കൈസർ! രണാന്തംവരെ, മൂന്നാം നിലയിൽ പതുങ്ങി പാര്‍ക്കുക. മൂക്കിന്റെ മുനയെങ്കിലും പുറത്തു കണ്ടുപോയാൽ ഈ ഗോവിന്ദസാരഥ്യം അക്ഷണം രാജി; എന്നല്ലാ ആജ്ഞാധ്വംസകനു കോർട്ട് മാർഷ്യലും!
വാസുദേവൻപിള്ള: മാധവൻ അതി സാമര്‍ത്ഥ്യം കാട്ടി ശ്രമധ്വംസം വരുത്തിയാലോ?
ഗോവിന്ദമേനോൻ : ആ അഭിമന്യു വ്യൂഹം ഭേദിക്കുന്ന ദീഘായുഷ്മാൻ.
വാസുദേവൻപിള്ള: സാധുശാരദയെ രംഗത്തിൽ പ്രവേശിപ്പിക്കണമോ?
ഗോവിന്ദമേനോൻ: സമയം വ്യര്‍ത്ഥമാക്കലിനു് ഇരട്ടിപ്പീസാണു്. കൊഞ്ഞനം കാട്ടാൻ അഡ്വാൻസു വാങ്ങീട്ട് മുഖം വക്രിപ്പിക്ക സങ്കടമെന്നോ? പിഴമൂളുക! നടക്കുക. (ഒരു വശത്തോട്ടു നോക്കീട്ടു്) കാ ലുകൾ മുതുകത്തറഞ്ഞു പറക്കുക, ഇതാ സന്ധ്യാപ്രകാശം മങ്ങി ഇന്ദുദേവൻ ചിന്താദ്രിതടപ്രശോഭനാര്‍ത്ഥം പ്രതിഷ്ഠനാകുന്നു. (വാസുദേവൻപിള്ളയെ അകത്തോട്ടു പിടിച്ചു തള്ളുന്നു. അണിയറയിലോട്ടു നോക്കീട്ടും) നടന്മാർ ഭദ്രം ! പൊടികൾകണക്കെ ചാത്തിക്കൊൾവിൻ! (വീണ്ടും മുമ്പിൽ നോക്കിയ വശത്തോട്ടു മുഖം തിരിച്ചിട്ടു്) ഹരേ! ഹൊ! ഇന്നത്തെ ഉദയം 'പ്രപഞ്ചകാരി വി രിഞ്ചനേഷ ഞാൻ' എന്നു ചുകന്ന തേയ്പ്പിലാണു സ്ത്രീ പുരുഷഭേദം നശിച്ചു. ലോകത്തിൽ ശിഖണ്ഡികൾ നിറഞ്ഞു. രംഗംഭരിപ്പൻ ഇതാ പടുതായ്ക്കിടയിൽ മറഞ്ഞു. (പോകുന്നു.)
(മറുവശത്തുനിന്നും ഇന്ദുശേഖരൻ പ്രവേശിക്കുന്നു.)
ഇന്ദുശേഖരൻ: (ചുറ്റിനോക്കീട്ട്) ഈ സ്ഥലം വിജനമായിരിക്കുന്നല്ലൊ- എന്ത്! പ്രസംഗവേദിയിലെ മേഘനാദന്മാർ ഇവിടെ ഇടതിങ്ങി കാണേണ്ടതല്ലേ? നമ്മുടെ സഭാവീരന്മാർ മായാമയന്മാർ ! ഇൻഡ്യാജനനിയുടെ ദുര്‍വിധിവിശേഷം! ആരു വരട്ടെ. പിൻമാറട്ടെ, ഞാൻ എന്തിനു കൂസുന്നു? - ശാശ്വത്തായ പ്രമാണം തുണയ്ക്കട്ടെ. (മണി അടിക്കുന്നു.) (അകത്തുനിന്നും) 'യസ്.' കമിങ്!
ഇന്ദുശേഖരൻ: തളരേണ്ട. ആ സ്വരത്തിൽ പുരുഷകണ്ഠത്തിന്റെ രൂക്ഷതയും ധ്വനിക്കുന്നു. ശുഭസൂചകം ! സ്ത്രീകൾ പുരുഷന്മാരോടു തുല്യകളാകണമെങ്കിൽ അവരുടെ പികസ്വരമുരളികൾ മാറി ജീവിതരണയോഗ്യമായ ട്രമ്പെറ്റുകൾ ആകണം ഇതാ ഒരു ലേഡി വരുന്നു. നല്ല ഒരു ക്യാപ്റ്റന്റെ ഉദ്ധതത്വം ഇവരിൽ കാണുന്നു-രണ്ടാം ശകുനവും ശുഭം.
(ബംഗാളിസ്ത്രീയുടെ വേഷത്തിൽ ഒരുത്തി പ്രവേശിക്കുന്നു.)
സ്ത്രീ: സ്വാഗതം! ഇരിക്യുക-മനോഹരസന്ധ്യ! എന്തു ചിന്ത?
ഇന്ദുശേഖരൻ : (ആത്മഗതം) ഭാഷയും സ്വരവും കൈരളമായി കാണുന്നു. അത്ഭുതം! ആ- കാലഭൂകമ്പം അങ്ങോട്ടും കടന്നിട്ടുണ്ടല്ലൊ.
സ്ത്രീ: ഒരു നായർ ഇങ്ങോട്ടു പോന്നതു് ഞങ്ങൾക്കു വലിയ 'എൻകറേജ്മെന്റ്' അത്രേ.
ഇന്ദുശേഖരൻ: (ഉറക്കത്തിൽനിന്നുണന്നപോലെ) ഏ- എസ്സ് ഓ സ്വാഗതവാക്കിനു വന്ദനം! ബാരിസ്റ്റർ ഗോവിന്ദമേനോൻ ഈ ഉദ്യമത്തിൽ ഒരു 'പേറ്റ്ൺ' അല്ലേ?
സ്ത്രീ: (ആലോചിച്ച്) ബാരിസ്റ്റർ മേസ്റ്റർ ഗോപ്ലമെന്നോ?
ഇന്ദുശേഖരൻ: അല്ലല്ലാ-മിസ്റ്റർ ഗോവിന്ദമേനോൻ-
സ്ത്രീ: ഓ ബ്രദർ ! പെണ്ണുങ്ങടെ പേരോട് ആ സൊള്ളന്റെ പേർ ഘടിപ്പിക്കേ? ഇവിടുത്തെ പേരു?
ഇന്ദുശേഖരൻ: ഇന്ദുശേഖരൻ പിള്ള.
സ്ത്രീ: (സന്തോഷത്തോടെ) ജേ! മാതരം ! ഞങ്ങടെ 'കാസ്' ഇപ്പോൾ സബലം. ഭാരതീയ മഹിളാലോകം വിജയവിഭൂതി ഈ മുഹൂർത്തത്തിൽ സന്ദശിക്കുന്നു. ഇരിക്ക്യ-ഇരിക്ക്യ.
(രണ്ടുപേരും ഇരിക്കുന്നു.)
(കസേരസഹിതം ഇന്ദുശേഖരന്റെ അടുക്കലോട്ടു നീങ്ങി)
സ്വാതന്ത്രോദ്യാനത്തിലെ ദിവ്യസൗരഭ്യം ഈ ജീവി ഈ സംഘടനയിൽ ശ്വസിക്കുന്നു.
ഇന്ദുശേഖരൻ: (കസേരയോടെ ദൂരത്തു നീങ്ങീട്ടു്) പ്രാര്‍ത്ഥിതാര്‍ത്ഥലബ്ലിയിലെ ആനന്ദം ഇവന്റെ ഹൃദയത്തെ മൃദുമദ്ദനം ചെയ്ത് ആശ്വസിപ്പിക്കുന്നു-
സ്ത്രീ: (തെളിഞ്ഞു കസേരയെ വീണ്ടും അടുപ്പിച്ചിട്ടു്) ഒരു സഹോദരീ സാന്നിദ്ധ്യത്തിന്റെ രസപുഷ്ടി ഞാൻ ഇപ്പോൾ ആസ്വദിക്കുന്നു-
ഇന്ദുശേഖരൻ : (കസേരയെ നീക്കാൻ ആരംഭിച്ചതിൽ സ്ത്രീയാൽ പ്രതിരോധിക്കപ്പെട്ട് ശ്വാസവേഗത്തോടെ) ഞാൻ- എന്തു പറയുന്നു- ഒരു സഹോദരന്റെ സാന്നിധ്യം നിങ്ങളിൽ കണ്ട് സ്ത്രീകൾക്കു സാധിക്കാവുന്ന-
സ്ത്രീ: (ഇന്ദുശേഖരന്റെ കൈയിൽ പ്രഹരിച്ചുകൊണ്ടു്) എന്തായിതു ഞാൻ, 'ഞാൻ സഹോദരീ'ന്നു പറഞ്ഞപ്പോൾ അവിടുന്നു സഹോദരൻ എന്നു ലിംഗഭേദം പുറപ്പെടിക്കുന്നതു്? അതൊക്കെ മനുഷ്യന്റെ മൃഗത്വം കല്പിച്ച സ്മൃതികളുടെ ആസുരീഭാവങ്ങൾ അല്ലേ? എന്തു്! ഇതേ! മാധ്വി! സരോജം! എന്റെ വാർഷ്ണേയജീവലകളാണു് - മാധവീ! - കണ്ടറിഞ്ഞുകൊള്ളു- (ഉറക്കെ) ഇതേ, മാധവി! -മിടുമിടുക്കത്തി. ദീപാരാധനമണിപോലെ കിണുകിണെ പ്രസംഗിപ്പാൻ കോപ്പുണ്ടു്. (കുറച്ചുകൂടി ഉറക്കെ) മാധവീ
ഇന്ദുശേഖരൻ: (കുഴങ്ങി) വേണ്ടാ വേണ്ടാ, വിളിക്കണ്ടാ - ഞാൻ ശീമയ്ക്കു പോവാൻ നിശ്ചയിച്ചിരിക്കയാണു്-
സ്ത്രീ: എന്നാൽ മഹാഭാഗ്യായീലൊ. സിസ്റ്റർ സരോജത്തെ അങ്ങോട്ടയയ്ക്കാൻ കൂട്ടില്ലാണ്ടു് കുഴങ്ങുകയായിരുന്നു. നല്ല വീരൻ, സമചിത്തൻ, പരിഷ്കൃതാശയൻ, സ്വജനാഭിമാനി ആയ ഒരു ബന്ധുവെ കിട്ടിയതും ദൈവാനുഗ്രഹം! (ഉറക്കെ) മാധവീ! സ്ത്രീപുരുഷഭേദം പരമാന്ധ്യം! പുരുഷദുര്‍മ്മത്തിൻറെ കൃത്രിമം! അതെല്ലാം നശിക്കണം- തന്റേടക്കാരികൾ വര്‍ദ്ധിക്കണം. പുരുഷലോകം വഴികൊടുത്തു നീങ്ങിനില്ക്കട്ടെ-
(ഇന്ദുശേഖരൻ പതുങ്ങുന്നു.)
ശ്യായ്! നിങ്ങടെ സംഹാരേച്ഛ ശാന്തഗതിയിൽ പ്രയോഗിപ്പാൻ സന്നദ്ധമാക്കൂ. പരശു ഏന്താൻ വരട്ടെ.
ഇന്ദുശേഖരൻ : (ആത്മഗതം) ഞാൻ കുഴങ്ങുന്നു. ഈ ഭയങ്കരി അതിനെ തെറ്റിഗ്രഹിക്കുന്നു. (പ്രകാശം) സ്ത്രീകളുടെ നില- സ്ഥിതി- എന്താ അവര്‍ക്കു ഇക്വാളിററി?
സ്ത്രീ: (ഇന്ദുശേഖരന്റെ കൈകൾ രണ്ടും പിടിച്ചു കലുക്കിക്കൊണ്ട്) നോക്കൂ, മിസ്റ്റർ, ഈ വിവാഹമെന്നു പറയുന്ന സ്ലേവറിയെക്കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?
ഇന്ദുശേഖരൻ: (വീരനായി) ഞാനോ? മനസ്സുള്ളവർ കെട്ടുപെട്ടുകൊള്ളട്ടെ. എന്നാൽ വിവാഹവ്യവസായം മനുഷ്യാവസ്ഥാസ്വരൂപണത്തിലെ അതിനീചമായുള്ള ഒരു വൈരൂപ്യാംശമാണ്.
സ്ത്രീ: അങ്ങനെ പറയൂ - സഹൃദയന്മാരെ കാണുമ്പോൾ ഞാൻ സമ്മതിച്ചുപോകുന്നു.
ഇന്ദുശേഖരൻ: നിങ്ങടെ ഈ മൂവ്മെന്റിലേക്കു് എന്റെ ജീവനെ ദത്തം ചെയ്തിരിക്കുന്നു. സ്ത്രീകടെ അഡ്വാൻസ്മെന്റിനെ നിരോധിച്ചുകൂടാ. ഒരു ധനശേഖരം ആരംഭിക്കുക. ഞാൻ രണ്ടായിരം സബ്സ്ക്രൈബ് ചെയ്യാം.
(മാധവൻ സ്ത്രീവേഷത്തിൽ പ്രവേശിക്കുന്നു.)
സ്ത്രീ: എല്ലാ ശകുനങ്ങളും നന്നു! മാധവിയുടെ വരവിൽത്തന്നെ ഈ ശ്രമത്തിലേക്കും 2000 രൂപാ വരവായി.
മാധവൻ: (പുറകിൽ കൈകെട്ടി നിവര്‍ന്നുനിന്നും മുന്നോട്ടും പിന്നോട്ടും ആഞ്ഞു്) ഓ വെരിഗ്ലാഡ്. എന്താ കഥ?
സ്ത്രീ: വന്ദനം പറയൂ, പറയൂ. പ്ലീസ്, പറയൂ. നമ്മുടെ മൂവ്മെന്റിലേക്കു് ഈ മഹാനുഭാവൻ 2000 രൂപാ സമ്മാനിക്കുന്നു.
(മാധവൻ ഇംഗ്ലീഷ്‌രീതിയിലുള്ള ഒരു ചെറുനൃത്തത്തോടെ തലകുനിച്ചു അഭിവാദ്യം ചെയ്യുന്നു. ഇന്ദുശേഖരൻ എഴുന്നേറ്റുനില്ക്കുന്നു.)
രംഗം നാലു് (27-31)
മാധവൻ: അല്ലേ, നിധീശാ! നിങ്ങൾ സ്ത്രീപരിഷ്കാരത്തിന്റെ ജീവൻ ഗ്രഹിച്ചിട്ടുള്ള ഒരു നേതാവുതന്നെ. നിങ്ങളെപ്പോലുള്ള ഉദാരമതികൾതന്നെയാണു സമുദായോദ്ധാരണത്തിനുതകുന്ന യന്ത്രങ്ങൾ:-സംഖ്യയല്ല. ദത്തം ചെയ്യുന്നതിനും പ്രേരിപ്പിച്ച ആത്മമഹത്വം, ഞങ്ങളെ വശീകരിച്ച് അങ്ങേടെ ദാസികളാക്കുന്നു. ധനംതന്നെയാണു് ലോകത്തെ നിയന്ത്രണം ചെയ്യുന്ന ഇലൿട്രിക് പൗവർ. ധനസമ്പന്നന്മാർ ശക്തികേന്ദ്രങ്ങള്‍! വാൻഡർബിൽറ്റ് റാൿഫെല്ലർ, റാത്സ് ചൈൻഡ്, -ഹ- ഹ- ഹ- എന്താ പുഞ്ചിരിക്കൊള്ളുന്നതു ? ഈ വര്‍ഗ്ഗത്തിനു് ചരിത്രഗ്രഹണം പാടില്ലെന്നോ? അല്ലേ, മഹാബഡോ! ചെറുപ്പം കൊണ്ട് വല്ലതും തെറ്റു കാണുന്നെങ്കിൽ ക്ഷമിക്കുക. ഞങ്ങൾ സഹോദരികൾ അല്ലേ?
ഇന്ദുശേഖരൻ: (ആത്മഗതം) നാശമായി! ഇവൾ യൂറോപ്പിലെ ഘോരസമരത്തിൽ ഉപയോഗപ്പെടാം. ഇവളുടെ വാക്കുകൾ ഞരമ്പുകളെ കിടുക്കുന്നു. (പ്രകാശം) ഈ പരിചയം കിട്ടിയതും വലിയ സന്തോഷമായി. ഇരിക്കുക.
സ്ത്രീ: മാധവീ, ഇദ്ദേഹം ശാന്തധീയാണു്. വൈഷ്ണവശക്തിയുടെ മഹത്വം ഗ്രഹിച്ചിട്ടില്ലേ? ആ ശക്തി നമുക്കും ഇപ്പോൾ പാട്ടിലായി. ഇരുന്നു സംസാരിക്കൂ. അദ്ദേഹവും ഇരുന്നുകൊള്ളട്ടെ.
മാധവൻ: സേനാനികൾ ക്ഷീണിക്കാത്ത കായമനശ്ശക്തികൾ സമ്പാദിക്കണം.
സ്ത്രീ: ഹീയർ! ഹീയർ! മാധവി എല്ലായ്പോഴും 'സെൻസിബിൾ' ആയി സംസാരിക്കും.
മാധവൻ: (ചാഞ്ചാടി) മുഖസ്തുതി പാര്‍ത്ഥകളേയും പരിചയദോഷത്താൽ കണ്ണുകളാക്കും.
ഇന്ദുശേഖരൻ: (പുഞ്ചിരിയോടെ) ആകപ്പാടെ സന്തോഷമായി. ഞാൻ പോയിവരാം
സ്ത്രീ: ഏയ്, എയ്- സരോജത്തെക്കൂടി കണ്ടിട്ടു പോവുക. (അത്യുച്ചത്തിൽ) സരോജം, മാധവി ഇങ്ങോട്ടു പോന്നിട്ടും എന്താ അങ്ങു പതുങ്ങിനില്ക്കുന്നതു്?
മാധവൻ: ഇംഗ്ലണ്ടിൽ അയയ്ക്കുന്നത് എന്നെ ആക്കുക. സങ്കോജം എല്ലാനേരത്തും അന്തിനേരത്തെ പങ്കജം ആണു്. ബഹുശതവര്‍ഷങ്ങൾകൊണ്ടു അടിഞ്ഞിട്ടുള്ള ദുശ്ശീലങ്ങൾ നീങ്ങാൻ കുറെ സാഹസപ്പെടണം. ഇതേ, 'ഒബീഡിയൻസ്' അഭ്യസിക്കാൻ ഞാൻ തന്നെ പോയേക്കാം.
(മാധവൻ അകത്തേക്കു പോയി ശാരദയെ പിടികൂടി ബലാൽക്കാരേണ രംഗത്തു പ്രവേശിപ്പിക്കുന്നു.)
ഇന്ദുശേഖരൻ: (പൊടുന്നനവെ) അരുതരുതു്. ഫോഴ്സ് പ്രയോഗിക്കരുതു്. സ്ത്രീകളല്ലേ? - അല്ലല്ലാ- ഏതു നിലയിലും കഠിന ബലപ്രയോഗം വിഹിതമല്ല.
സ്ത്രീ: സരോജം! ഇദ്ദേഹം മിസ്റ്റർ ഇന്ദുശേഖർപിള്ളയാണു്. കേട്ടിട്ടിട്ടില്ലേ? ബിലാത്തിക്കു പോകാൻ പാക്ക് ചെയ്യുന്നു. എന്താ, സഹയാത്രയ്ക്കു സന്നദ്ധയോ?
(ശാരദ രംഗത്തിന്റെ ഒരുഭാഗത്തേക്കു നീങ്ങി നമ്രമുഖിയായി നിൽക്കുന്നു.)
മാധവൻ: ഇതാ മിസ്റ്റർ ! കണ്ടില്ലേ? ഈ തരളതരശരീരക്കാരിയെ, ഖിന്നതരമാനസയെ, സഹഗമനത്തിനോ മറ്റെന്തെങ്കിലിനുമോ-ഷേയിം ! ഓ ഫൈ! മിസ്, സരോജം !
ഇന്ദുശേഖരൻ: (ആത്മഗതം) എന്താ ഈ ഹൃദയത്തുടിപ്പും? ഈ സരോജം ആ കുസുമമല്ല, അതിനെ അതിമൃദുദലമാണു്. ഈ കുട്ടിത്രിജട ഈ വല്ലികയെ തളര്‍ത്തി ഇപ്പോൾ വീഴ്ത്തും.
മാധവൻ: ആല്‍ത്തറകളിൽനിന്നു മന്ദഹാസം തൂകി പുരുഷസമുദായത്തെ പാവയാടിക്കണമെങ്കിൽ സരോജമദാമ്മ സേറാ ബർൺഹാർട്ട് (ഗാനം) 'കുന്തളബന്ധമഴിഞ്ഞതിടങ്കൈകൊണ്ടു താങ്ങിക്കൊണ്ടും പന്തണിമുലയാൾ പന്തു വലങ്കൈകൊണ്ടടിച്ചു-'
സ്ത്രീ: മിണ്ടാതിരിക്കൂ മാധവ! തുള്ളാൻ തുടങ്ങുന്നവളെ ഭ്രാന്തുപിടിപ്പിക്കരുതു്. സരോജം ഇങ്ങട്ടു നീങ്ങി മിസ്റ്റർ ഇന്ദുകുമാര്‍ക്കു കൈ കൊടുക്കൂ.
ഇന്ദുശേഖരൻ: എനിക്കും നിങ്ങളെ- അല്ല- എല്ലാരെയും കണ്ടിട്ടു എന്തോ- ജന്മസാഫല്യം- സ്ത്രീസമുദായ പരിഷ്കാരം- അയ്യോ കഷ്ടം! മിസ് സരോജിനിക്കുട്ടി പരുങ്ങി നില്ക്കുന്നല്ലൊ, ഞാൻ പോയി നാളെ വരാം.
സ്ത്രീ: ഹെയ് ! പടുത്തുകളയുന്ന മൂരിയെ അങ്ങനെ വിട്ടുകൂടാ. വീരനായ അങ്ങും വിയര്‍ത്തുതുടങ്ങിയിരിക്കുന്നല്ലൊ! അങ്ങട്ട് എന്തെങ്കിലും ക്വസ്റ്റ്യൻ ചെയ്യുക. സരോജം ഉത്തരം പറഞ്ഞു് അങ്ങനെ സങ്കോചം തീരട്ടെ.
ഇന്ദുശേഖരൻ: എന്തായാലും ഞാൻ അന്യനല്ലേ? കുട്ടികളാകുമ്പോൾ -
മാധവൻ: കുട്ടിയോ? കൂറ്റത്തിയായില്ലേ?
സ്ത്രീ: എന്താ സരോജം ഈ ചാപല്യം? നമ്മുടെ വ്രതം സ്മരിക്കൂ. ഒരു ധനികൻചെറുപ്പക്കാരനായ സുന്ദരനെ കണ്ട് കിടുങ്ങിപ്പോകുന്ന സത്യഭാമ ഭൗമസമരത്തിനും സമര്‍ത്ഥയാകുമോ?
മാധവൻ: ശ്ലോകരീതിയിൽ ' സഭാകമ്പാദാകമ്പിതശിര'-
സ്ത്രീ: (മാധവനെ പിടിച്ചു ദൂരത്തു തള്ളീട്ട്) സരോജം! സാമാന്യ മര്യാദയും മറന്നു ഇങ്ങനെ നിശ്ചഷ്ടയായി നില്ക്കുന്നതു് നമ്മുടെ ശ്രമത്തെ തോല്പിക്കും. നല്ലോണം കാര്യങ്ങൾ ചിന്തിച്ചു പ്രവര്‍ത്തിക്കൂ.
മാധവൻ: ദാറ്റ്സ് റൈറ്റ് പ്രഹരം നമുക്കും പ്രാര്‍ത്ഥന അങ്ങോട്ടും. സമുദായോൽകർഷം സാധിക്കുന്നതും വീര്യവതികളാണെന്നുള്ള തത്വത്തെ വിസ്മരിച്ച് പ്രവത്തിച്ചാൽ-
സ്ത്രീ: മിണ്ടാതിരിക്കൂ മാധവാ! സരോജം മുമ്പോട്ടു നീങ്ങിനിന്നു പോകാൻ തുടങ്ങുന്ന മിസ്റ്റർ പില്ലെക്കു് കൈകൊടുക്കൂ.
ഇന്ദുശേഖരൻ: (ആത്മഗതം) ഈ കമനീകുസുമത്തെ സ്പർശിച്ചുവെങ്കിൽ ഇവൻ ഇപ്പോൾ നിലത്തുവീഴും. (പ്രകാശം) നിങ്ങൾക്കു സകല മംഗളങ്ങളും ഞാൻ ആശംസിക്കുന്നു. (പോകാൻ തുടങ്ങുന്നു.)
മാധവൻ: വകതിരുവുള്ളവര്‍ക്കെങ്കിലും കൈതന്നു പിരിയുക. (കൈ കൊടുക്കുന്നു.)
(സ്ത്രീ ഇന്ദുശേഖരനെ തള്ളി ശാരദയുടെ സമീപത്താക്കി കൈകൊടുപ്പിക്കുന്നു.)
(അനുഗ്രഹഭാവത്തിൽ കൈകളുയര്‍ത്തി) നന്മയ്ക്കും തിന്മയ്ക്കും ഏകീഭവിക്കുക! ഭഗവൽസൃഷ്ടമായ ഈ ബന്ധം യാതൊരു മനുഷ്യനാലും ഖണ്ഡിക്കപ്പെടാതെ വര്‍ത്തിക്കട്ടെ!
(സ്ത്രീ മാധവനെ പ്രഹരിക്കുന്നു. മാധവൻ ഒഴിഞ്ഞു തുള്ളിയാടുന്നതിനിടയിൽ ശങ്കുശ്ശാർ പ്രവേശിക്കുന്നു.)
ശങ്കുശ്ശാർ: ഇതു കൊള്ളാം കളി! വീടുപോലും കാണണ്ടാത്തവന്റെ കച്ചവടം ഇതാണോ? ഇതു കവാത്തുശാലയോ? കരളറുപ്പുശാലയല്ലിയോ!
ഇന്ദുശേഖരൻ: തടിയാ, സഭ നോക്കി സംസാരിക്കൂ.
ശങ്കുശ്ശാർ : (സ്ത്രീകളെ നോക്കീട്ടും) അമ്പമ്പ ! തരത്തിനു തരമല്ലിയോ കവാത്തിനു നിരന്നു നിക്കുന്നു.
ഇന്ദുശേഖരൻ: വകതിരിവില്ലാതെ സംസാരിക്കരുത്.
ശങ്കുശ്ശാർ: നിറുത്തിക്കളയണം കുഞ്ചേ! ഈ ദൊരശ്ശ്യാണിയാട്ടത്തിനു് കൈ പിടിച്ചതു -
(ഇന്ദുശേഖരൻ ശങ്കുശ്ശാരെ അടിക്കാൻ കൈ ഓങ്ങുന്നു. സ്ത്രീ തടുക്കുന്നു.) നിങ്ങളൊണ്ടല്ലൊ, കൊച്ചങ്ങത്തേ പഞ്ചാരകക്കണ്ടം വിളമ്പു കേട്ടു ഇളകരുതു്. വലിയങ്ങത്തെ മകളും എബ്രേവരെ ജയിച്ച ഒരു കൊച്ചു തങ്കക്കിളി അങ്ങൊണ്ടു് - ചുമ്മായിരിക്കണം കൊച്ചങ്ങുന്നേ. ചോറൊക്കെ നിങ്ങടെതന്നെയെങ്കിലും നാക്കും പണയം വെച്ചിട്ടില്ല. ഈ പട്ടും പകിട്ടും ശാരദക്കുഞ്ഞിന്റെ മുമ്പി ചെല്ലുമോ!
സ്ത്രീ: എടോ, കൂറുള്ള ഒരു ശിഷ്യനെ കണ്ടിട്ടു് ഞങ്ങൾക്കു വലിയ സന്തോഷം.
ശങ്കുശ്ശാർ: കൂറും തറയുമൊക്കെ ഇപ്പോ പവൻ കൊടുത്താലും കിട്ടുമോ? നിങ്ങടെ ഈ ഷാപ്പൊണ്ടല്ലൊ-
(ഇന്ദുശേഖരൻ പുറത്തേക്കും സ്ത്രീകൾ അകത്തേക്കും ഝടിതിയിൽ പൊയ്ക്കളയുന്നു.)
കലി മൂത്താൽ ഇതൊക്കെത്തന്നെ കച്ചവടം. ഇപ്പോ കൊട്ടൂടുണേ വലിയങ്ങത്തേക്കു കമ്പി- അപ്പോ കാണാം പിള്ളയാണ്ട എന്റെ കൂത്താട്ടം. (പോകുന്നു.)
(കർട്ടൻ)
രംഗം അഞ്ചു് (32-35)
രംഗം അഞ്ചു്
(നാലാംരംഗത്തിലെ പ്രവേശനമുറി. ശാരദയും, സ്ത്രീവേഷത്തിൽ മാധവനും പ്രവേശിക്കുന്നു.]
ശാരദ: കെട്ടേണ്ടവൻ തന്നെ അഴിച്ചുവിട്ടാൽ കന്നുകാലികൾ വിള അഴിക്കും. ഈ തോന്ന്യാസത്തകൃതി കാണുമ്പോൾ എനിക്കന്റെ -
മാധവൻ: തുന്തിരി വരുന്നായിരിക്കാം. ഇട്ടിരാരിശ്ശമേൻ 'കഞ്ജദളം' കാണുമ്പോഴോ?
ശാരദ: അധികപ്രസംഗീ! അധികപ്രസംഗീ!
മാധവൻ: ആ പ്രസംഗംകൊണ്ടു് ഒരു സർ റെഡി ലവ് ചന്ദ്രകാന്തനെ വിപരീതപ്പെടുത്തീല്ലെങ്കിൽ, അദ്ദേഹത്തിന്റെ വെദർകാക്ക് ഹൃദയം ഇങ്ങോട്ടു തിരിഞ്ഞുപോയേനേ. അത്രയ്ക്കിത്രേം സമ്മാനമായപ്പോൾ മിസ് അക്കക്കുട്ടി മിസ്സസ് ഇന്ദ്വംബ ആകുമ്പോൾ-എന്തെല്ലാമോ കഥ? ആട്ടെ, വര്‍ഷിക്കുക, ചൊരിയുക-ഞാൻ സഹിക്കും, ക്ഷമിക്കും. സാംബനു കിട്ടിയ ശാപം മാത്രം ഈ വേഷധാരിയിൽ പതിക്കാതെ കഴിയണേ അംബരാശികളെ!
ശാരദ: എന്തായാലും അദ്ദേഹം ഇനി വരുമ്പോൾ അധികം കളിയാക്കരുതെ. എന്റെ മാധവൻകട്ടിയല്ലേ?
മാധവൻ: നല്ല ഗുണദോഷം ! കൂട്ടുവേഷത്തോടുചേര്‍ന്നാടിയില്ലെങ്കിൽ നട്ടുവന്റെ മുഷ്ടിപ്രതാപം ഏല്ക്കേണ്ട തല ഇതാണു്. ആട്ടെ, പകലത്തെ വിസിറ്ററിൽ ഞങ്ങൾ എവിടെ എന്നു ചോദിച്ചാൽ മിസ് സരോജക്കാൾ എന്തു കളവുകൾ പറയും?
ശാരദ: നിങ്ങളെക്കുറിച്ചു ചോദ്യമേ ഇല്ല.
മാധവൻ: അങ്ങനെ എങ്കിൽ ചേട്ടൻ വല്ലാത്ത കാര്യസ്ഥൻതന്നെ-അതുകൊണ്ടു് ഈ മാധവൻനയ്യർ- അതാ, അതാ- അതാ വരുന്നു. (മറഞ്ഞുകളയുന്നു.)
(ഇന്ദുശേഖരൻ പ്രവേശിക്കുന്നു. ശാരദ എഴുന്നേറ്റുനില്ക്കുന്നു.)
ഇന്ദുശേഖരൻ: ഇന്നത്തെ നില ഭംഗി! അതിലജ്ജ കപടത്തിന്റെ ഒരു വകഭേദമെന്നേയുള്ള. ഞാൻ ഇന്നും ഇങ്ങോട്ടു വന്നതു്, ഒന്നി ച്ചു കപ്പൽ യാത്രചെയ്യേണ്ടവരല്ലേ? അതുകൊണ്ടു്-
ശാരദ: വരട്ടെ. ഞാൻ വീട്ടിലേക്കാണു്. മറ്റെങ്ങോട്ടും യാത്രയ്ക്കു ഭാവമില്ല.
ഇന്ദുശേഖരൻ: (അപേക്ഷക്കാരന്റെ വിനയത്തോടെ) ഒരു ചെറുസ്വകാര്യം പറവാൻ, പ്രി-ഡിയർ മിസ് സരോജമ്മ അനുവദിക്കണം- പ്ലീസ്. പിന്നെ- ക്ഷമിക്കുമല്ലോ-ആ വീടേ - പോകാൻ നിശ്ചയിച്ചിരിക്കുന്നെടം - കൃപയോടെ കേൾക്ക എന്റേതാക്കരുതേ?
ശാരദ: ഞാൻ ഇവിടുത്തെ പരിഷ്കാരശ്രമത്തിൽനിന്നും ഒഴിയുകയാണു്-
ഇന്ദുശേഖരൻ: (തലകലക്കി) എനിക്കും കുറച്ചു സ്വൈരം വേണമെന്നുണ്ടു്. സരോജക്കുട്ടിയോടു കിട്ടിയ പരിചയം സ്ത്രീജീവിതത്തെക്കുറിച്ചും എനിക്കുണ്ടായിരുന്ന അഭിപ്രായങ്ങളെ ഏതാണ്ടൊക്കെ പരിഷ്കരിക്കയോ പൃഥക്കരിക്കയോ ചെയ്തുകളഞ്ഞു. (മൃദുവായി) ഹ! ഹ! ഹ! അത്ഭുതമല്ലേ?
ശാരദ: അപ്പോൾ അവിടുന്നു വാഗ്ദത്തം ചെയ്തിട്ടുള്ള സംഭാവനയോ?
ഇന്ദുശേഖരൻ: (അലക്ഷ്യഭാവത്തിൽ) അതു് ഇരട്ടിച്ചുകളയാം. പ്രീത്യര്‍ത്ഥം നാം എന്തു ബലികൾ കഴിക്കുന്നു! വൈ, എസ്! പരിഷ്കാരം വേണ്ടതുതന്നെ - എന്നാൽ, 'സാവധാനെ ദാർഢ്യം'-എല്ലാം പടിപടി ആയി സാധിക്കേണ്ടതാണു ഇങ്ങനെ ഈ സ്വഭാവശാന്തത മനസ്സിൽ വേരൂന്നിച്ചിരിക്കുന്നു-
ശാരദ: നല്ല സ്ഥിരചിത്തം ! ഒരു ഭാര്യയുണ്ടായാലപ്പോൾ-
ഇന്ദുശേഖരൻ: ഒരു ഭാര്യയോ?
ശാരദ: അല്ലാ! ശ്രീകൃഷ്ണനാവാൻ ഭാവമുണ്ടോ?
ഇന്ദുശേഖരൻ: മിസ് സരോജം ആ കടുമധ്വീടെ സഹോദരിതന്നെയാണു്- വക്രോക്തിയിൽ ഇത്ര മിടുക്കത്തിയാണെന്നു ഞാൻ വിചാരിച്ചില്ല. (ഗൗരവസ്വരത്തിൽ) എന്റെ ചോദ്യത്തിനുത്തരം പറയൂ - എന്റെ (വിഷമിച്ച്) ചെ- റു- തേനല്ലേ?
ശാരദ: (പിന്നാക്കം ഞെട്ടി) എന്തോന്നു്?
ഇന്ദുശേഖരൻ: (കൈ കുടഞ്ഞുകൊണ്ടു്) 'സ്വീറ്റ്'- 'ഹണി' എന്നതെല്ലാം പ്രണയത്തിൽ ക്ഷന്തവ്യപദങ്ങളല്ലേ?
ശാരദ: (തലതിരിച്ചു", വാപൊത്തി നിശ്ശബ്ദച്ചിരിയോടെ) അച്ഛനമ്മമാർ ഒരു ചായിസ് മേക്ക് ചെയ്തിരിക്കുന്നു. എനിക്കും അദ്ദേഹത്തെ കുറച്ചു കാര്യമാണു
ഇന്ദുശേഖരൻ: (നീരസത്തോടെ) മനസ്സിലായി- എന്നാൽ, അതു കാലേകൂട്ടി പറഞ്ഞുകൂടായിരുന്നോ?
ശാരദ: സ്ത്രീസമുദായ പരിഷ്കാരത്തിനും സ്വാത്മബലിചെയ്വാൻ പുറപ്പെട്ട ആൾ വരണമാല വഹിക്കുന്നു എന്നു ഞങ്ങൾ എങ്ങനെ ഊഹിക്കും?
ഇന്ദുശേഖരൻ: നാരായണാ! സരോജമ്മ ഇങ്ങനെ പറയ രുതു്. കണ്ടപ്പോൾ മുതൽ കാട്ടിയ കനിവും-
ശാരദ: അവിടുന്നു വിവാഹദ്വേഷി ആണെന്നു ലോകപ്രസിദ്ധം-
ഇന്ദുശേഖരൻ: (രൂക്ഷസ്വരത്തിൽ) എല്ലാം കബളിപ്പും ദുഷ്പ്രേരണകളുടെ ഉല്പത്തിസ്ഥാനം ഇവനറിയാം. ആ ശങ്കുണ്ണിമേനോൻ ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ടു് .
ശാരദ: അദ്ദേഹത്തിനു് ഇവിടുത്തോടു വലിയ സ്നേഹവും ബഹുമാനവുമാണു്.
ഇന്ദുശേഖരൻ: അതൊന്നും പറയണ്ടാ. സരോജത്തിന്റെ പ്രേമം അപഹരിച്ചവനെ ഞാൻ ഹനിക്കും. ജയിലാകട്ടെ, തൂക്കുമരം ആകട്ടെ-(വ്യസനത്തോടെ) സഹിച്ചുകൂടാ
(മാധവൻ പ്രവേശിക്കുന്നു.)
മാധവൻ: എന്തോന്നാ ചേട്ടാ, അല്ലാ - മിസ്റ്റർ പ്ലേ! തൂക്കുമരത്തിന്റേയും മറ്റും കഥ പറയുന്നതു്? യുദ്ധത്തിൽ എൻലിസ്റ്റ് ചെയ്യാനാണെങ്കിൽ ഞാൻകൂടി ചേരാം.
ഇന്ദുശേഖരൻ: (കോപിച്ചും) മിണ്ടാതിരിക്കൂ-എതു നരകത്തിലോട്ടെങ്കിലും നിങ്ങൾ പാഞ്ഞുകൊൾക-ഈ ഭവനം തന്നെ യമമണ്ഡലം! ദുര്‍ന്നയങ്ങളുടെ വിളനിലം!
മാധവൻ: നന്നു സാർ ശാപവചനം ! ചിത്രഗുപ്തന്റെ ഗ്രന്ഥവരിയിൽ അതു് ഉല്ലേഖ്യമായി. ഇനി അടങ്ങുക- സ്ത്രീസഭാസമക്ഷം പ്രയോഗിക്കേണ്ട ആചാരപദ്ധതി കുറച്ചുകാലമെങ്കിലും വല്ല മൂഷികമെന്ററി സ്കൂളിലെങ്കിലും അഭ്യസിച്ചിട്ടു വരിക. അതുവരെയ്ക്കും ഗുഡ്‌ബൈ! ശുഭം തേ!
ശാരദ: (മാധവനോടു്) ക്രമക്കേടു സംസാരിക്കരുത്. എളുപ്പം കണ്ടു തലയിൽ കേറിയാൽ-
മാധവൻ: അവിടം പൊട്ടി പാട്ടുചൊരിയും- (ഗാനം) 'യോഗിനാഥ രൂപലാവണ്യം കാൺകയാലെ- നാഗേന്ദ്രഗാമിനിയാം മാധവിക്കു- മീനകേതനൻതന്റെ ബാണങ്ങൾ ഏല്കയാലെ'
ശാരദ: ഛെ ഛെ! ഇത് അതിരുകടന്നുപോണു - (ഇന്ദുശേഖരനോടു്) അവിടുന്നു ക്ഷമിക്കണം. എല്ലാം ഈശ്വരേച്ഛപോലെ പരിണമിക്കും. (സ്ത്രീ പ്രവേശിക്കുന്ന)
രംഗം അഞ്ചു് (36-38)
സ്ത്രീ: എന്താ മാധവീ, സന്ധ്യാസമയത്ത് പ്രയോഗിക്കേണ്ടതു ശങ്കരാഭരണരാഗമല്ലെ? ഈ ശൃംഗാരസ്വരം ഇവിടെ ചേരുന്നതല്ലല്ലൊ! (ഇന്ദുശേഖരന്റെ നേക്കു തിരിഞ്ഞു്) ഹെ മിസ്റ്റർ പില്ലേ! സന്ധ്യയിലെ വന്ദനം. (മാധവനോടു്) നമ്മുടെ ബന്ധു നംബർ ഒണ്ണിനെ രമിപ്പിക്കാനാണെങ്കിൽ, ഗാനം നടക്കട്ടെ. കേട്ടോ മിസ്റ്റർ ! നിങ്ങടെ സംഭാവനസംഖ്യയെ ഞങ്ങൾ എല്ലായിടത്തും നല്ലപോലെ അഡ്‌വെർടൈസ് ചെയ്തു നിങ്ങടെ പേർപ്രയോഗിച്ചു എത്ര സഹായികളെ സമ്പാദിച്ചു! സർ കൂവംദാസ് ഗട്ടർദാസ് പതിനായിരം പ്രാമിസ് ചെയ്തു. മിസ്റ്റർ ഇന്ദുശേഖരൻ പില്ലെ, ബീ. ഏ. ഓണേർസ് എന്ന പേർ എന്തു ദിവ്യമന്ത്രമായി ഉപയോഗപ്പെടുന്നുവെന്നോ?
ഇന്ദുശേഖരൻ: (നമ്രമുഖനായി തലചൊറിഞ്ഞു്) എന്റെ ആയുഷ് പ്രോഗ്രാം അല്പമൊന്നു മാറ്റാൻ തീച്ചയാക്കിയിരിക്കുന്നു.
സ്ത്രീ: ഈ! യേ! യെന്ത്? ഇത് അസ്തമയസന്ധ്യയോ പ്രഭാതസമയമോ?
മാധവൻ: അതു രണ്ടുമല്ല 'ഇന്നു ഭവാൻ സന്യാസം എന്തിനു കൈക്കൊണ്ടു സഖേ!' എന്നു ചോദിക്കേണ്ട സന്ദഭമാണു.
സ്ത്രീ: (അതിഗൗരവത്തോടെ ശാരദയുടെ മുഖത്തു നോക്കീട്ട്) ഓഹോ അങ്ങനെ വരട്ടെ കഷ്ടം ! ഇതെന്തു്? വിശ്വാസധ്വംസനം അല്ലേ? ഭജനവ്യാജത്തിൽ ഊരായ്മ അപഹരിക്കുന്ന വഞ്ചനതന്നെയാണു് ഇവിടെ അനുഭവമായിത്തീർന്നതു്. മിസ്റ്റർ ഇന്ദുശേഖരപില്ലേ ! നിങ്ങടെ സംഭാവനയെ ഞങ്ങൾ സവന്ദനം ഉപേക്ഷിക്കുന്നു. സന്മുഖവും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ ഉദ്യമമഹത്വം ഞങ്ങൾക്കു വിജയാപ്തിയുണ്ടാക്കും. ഇംഗ്ലീഷ് രീതിയിൽ 'ബി ഗോൺ' എന്നു ഞാൻ ആജ്ഞാപിക്കുന്നില്ല. എങ്കിലും, ഇംഗിതം സ്പഷ്ടമാക്കീല്ലേ?
ഇന്ദുശേഖരൻ : ഇത്രയൊക്കെത്തകര്‍പ്പാൻ ഇവിടെ എന്തു സംഭവിച്ചു? ധര്‍മ്മനിലയിൽനിന്നുള്ള വ്യതിയാനമായി എന്തു ക്രിയ അനുഷ്ഠിക്കപ്പെട്ടു?
മാധവൻ: ശ്രീമാൻ ! മാന്യനായുള്ളോവെ! അങ്ങയുടെ ധര്‍മ്മവീക്ഷ 'ചഞ്ചൽചില്ലീലതാഗ്ര' ക്രമത്തിൽ 'ചലൽചാരു' ആണു സംഭവങ്ങൾ ബഹുരൂപങ്ങളിലുണ്ടു് - കര്‍മ്മണാ വചസാ- മനസാ- വെൻ സർ! ഈ ഭേദത്രീത്വം മഹാത്മാവായുള്ള അവിടുന്നു ഗ്രഹിക്കുന്നു?
സ്ത്രീ: സരോജം! അകത്തുപോവുക - എസ് - ചിലതു പറഞ്ഞാട്ടെ, നിഷ്കൗശലക്കാരികൾ കേൾക്കേണ്ട.
(ശാരദ വൈമനസ്യത്തോടെ പോകുന്നു.)
(ഇന്ദുശേഖരനോടു്) എന്തു മിസ്റ്റർ, നിങ്ങൾ ഇവിടെ സ്റ്റാറ്റ്യൂപോലെ നിലകൊള്ളുന്നതു്? നിങ്ങടെ മുഖം തുറന്ന ഗ്രന്ഥം പോലെ അന്തർഗതങ്ങളെ അക്ഷരംപ്രതി വിശദപ്പെടുത്തുന്നു. ഞങ്ങള്‍ ഒരു ചേടീസംഘമെന്നു നിങ്ങൾ വിഭ്രമിക്കുന്നെങ്കിൽ നിങ്ങടെ വിദ്വത്വത്തെ ഹസിക്കുന്നില്ലാ, ജന്മവാസന വിഷമയമെന്നുമാത്രം ഞങ്ങൾ സമാധാനപ്പെടുന്നു. മാധവീ! വഴികാട്ടു, ഇദ്ദേഹത്തിനു്.
ഇന്ദുശേഖരൻ: വരട്ടെ. അധികാരപ്രയോഗത്തിനും ചില സീമകളുണ്ടു്. അതുകളെ അതിലംഘിക്കുന്നതു്-
സ്ത്രീ: നിങ്ങടെ പ്രസംഗപാടവംകണ്ടു തലകുലുക്കിക്കുണുങ്ങുന്ന സംഘം ഇവിടില്ല. പോവുക പോവുക. സ്വന്തം കാർണോരെയും ബന്ധുജനങ്ങളെയും ദ്രോഹിക്കുന്ന കഥ ഞങ്ങളറിഞ്ഞു. നിങ്ങടെ ആഭിചാരത്താൽ സരോജത്തിന്റെ മൃദുഹൃദയം വശീകരിച്ചുകളയാമെന്നു ഭ്രമിച്ചു. എങ്കിൽ- ഉചിതമായുള്ള പദത്തെ, നിങ്ങൾക്കു കിട്ടിയിരിക്കുന്ന വിദ്വൽസ്ഥാനത്തെ ഓർത്തു, പ്രയോഗിക്കുന്നില്ല. ഞങ്ങൾക്കു പണിയുണ്ടു്.
ഇന്ദുശേഖരൻ: കോപപ്രകടനം ഭംഗിയായി. മുതുകിൽ പുണ്ണുണ്ടെങ്കിലേ വേലിനൂരാൻ പേടിക്കേണ്ടു. മനുഷ്യജീവിതത്തിൽ പരിചയം ബുദ്ധിയെ പരിഷ്ക്കരിക്കുന്നു. പ്രപഞ്ചത്തിൽ സ്വസ്ഥനില എന്നുള്ളത് അസംഭവ്യം, സപ്തൗഷിമണ്ഡലം പോലും ആകാശവീഥിയിൽ ഏതാനും ഡിഗ്രി നീങ്ങീട്ടുണ്ട്. മനുഷ്യബുദ്ധി അഹർന്നിശമായുള്ള സ്വയം പ്രവൗത്തനം കൊണ്ടും വികാസസങ്കോചങ്ങൾ എന്ന അവസ്ഥകളെ തരണം ചെയ്യുന്നു.
സ്ത്രീ: ഹേ! ഇത്രത്തോളമൊക്കെ ഈ മാധവിക്കുട്ടിപോലും ഗ്രഹിച്ചിട്ടുണ്ടു്. അതിശയിക്കത്തക്ക ഒരു യുക്തിവാദവും നിങ്ങളിൽനിന്നു പുറപ്പെട്ടിട്ടില്ല. പുതിയ സാമാൻ വല്ലതുമുണ്ടെങ്കിൽ അതെടുത്തു നിരത്തൂ. ക്ഷമിച്ചുനിന്നു കണ്ടുകളയാം. ഇവിടെനിന്നും ഇപ്പോൾ പോയില്ലേ, ആ കന്യകയെ വിവാഹം ചെയ്യുന്നതു് ആ ശ്രീമതിയുടെ മഹാനുഭാവനായ അച്ഛന്റെ വാത്സല്യഭാജനം ഒരു ശ്രീമാൻ ഭാഗിനേയനാണു- ഇനി യാത്ര ആവരുതേ?
ഇന്ദുശേഖരൻ: ഓഹോ! ആവാം. സൂക്ഷ്മം മനസ്സിലായി. അത്രയും കപടം! സ്ത്രീലോകം ആകപ്പാടെ വന്ധ്യാത്വം അവലംബിച്ചു പോകട്ടെ! ഇവനു് എന്താ? പണ്ടത്തെ അമ്പത്താറിനു പുറമേ രാജ്യങ്ങളില്ലെന്നോ? ഛ്യു! ഞാൻ പുരുഷനാണു് - (പോകുന്നു.)
(സ്ത്രീയും മാധവനും കൂടി പുറകേചെന്നു നോക്കീട്ടു് മടങ്ങുന്നു.)
സ്ത്രീ: എന്താ മിസ്റ്റർ നയ്യർ?
മാധവൻ: (രണ്ടു തുടകളിലും കൈയറഞ്ഞു നൃത്തം ചെയ്തുകൊണ്ടു്) എന്റെ ശങ്കുണ്ണിച്ചേട്ടാ! കൊരിയോലാനസ് റോം മഹാനഗരിയെ നാടുകടത്തിയ വീരഭാഷണം ഇപ്പോൾ ഇവിടെ കേട്ടതാണു്. എന്തുരസം ! ചേട്ടനെ ഇത്ര കഷായിപ്പിച്ചുകൂടാ- അച്ഛനിപ്പോള്‍
(ഗോവിന്ദമേനോൻ പ്രവേശിക്കുന്നു.)
ഗോവിന്ദമേനോൻ: വികൃതീ! ഗോവിന്ദഗുരുവിന്റെ ഉപായോപദേശത്തെ ലംഘിക്കേ! എന്റെ ശങ്കുണ്ണീ! തന്റെ ഹാസ്യരസപ്രകടനംകേട്ടു ഞാൻ അകത്തുനിന്നു നടുങ്ങിപ്പോയി. (രഹസ്യസ്വരത്തിൽ) ശാരദക്കുട്ടി ഒരു കസാലപിടിച്ചിരുന്നു കരയുന്നു. ഇനി കഥ ദീർഘിപ്പിച്ചുകൂടാ.
മാധവൻ: (പരുഷമുഖത്തോടെ) ഞാൻ മദ്രാസ് മുഴുവൻ കണ്ടില്ലാ-
ഗോവിന്ദമേനോൻ: എടോ കുട്ടിഗാറിക്ക്! താൻ കുറച്ചു പാകം വരേണ്ടതുണ്ട്. ലണ്ഡൻ മഹാനഗരം കണ്ടു കുറച്ചു കഷായിച്ചു്, പൂൗവ്വകാലത്തിലെ ഒരു പ്രസിദ്ധനടൻ നമ്മുടെ അനന്തരഗാമിയായി വന്നെങ്കിലേ, തന്നെക്കൊണ്ടു ജന്മരാജ്യത്തിനുപയോഗമുണ്ടാകൂ. എന്താ തലകുലുക്കൂ.
മാധവൻ: (ഗോവിന്ദമേനോനെ പുണർന്നു നടനം) 'തെംസ്‍നദി തീരേ ലണ്ഡന്നൽപുരിവിശ്രുതനഗരീ ബലേ ബലേ! ഹംസിഗമനകൾ, റോസീഗണ്ഡകൾ, ആസ്ക്മീ, ടേക്‌മീ, സുമാഴ് സുമാഴ്!'
ഗോവിന്ദമേനോൻ: മതി, മതി കുട്ടാ. ഈ പാട്ടും കൊണ്ടു് അങ്ങ ചെന്നാൽ, എല്ലുകൾ അവിടെ സ്ഥാപിച്ചിട്ടു പോരാം. എന്തായാ ലും ഇഷ്ടം സാധിച്ചു എന്നുറച്ചുകൊള്ള. ഗോവിന്ദൻ്റെ വാക്കാണു -മാധവൻ: മഹാരാജ രാജേന്ദ്രശ്രീ ശ്രീമാൻ ഗോവിന്ദമേനവൻ മതി
മാൻ, മഹോപദേഷ്ടാ, എറ്റസെട്രാ എറ്റ്സെട്രാ, ദീർഘായഷാൻ ഭൗ!
സ്ത്രീ: ഈ സൊല്ലയൊഴിച്ചാൽ -ദീർഘ ദീഘ ദീർഘായുഷ്മാൻ ഭം !
ഗോവിന്ദമേനോൻ: ശങ്കുണ്ണിക്കും വേഗത്തിൽ കിട്ടട്ടേ ഒരു രം- ഭാ.
(കർട്ടൻ)
രംഗം ആറു് (39-44)
രംഗം ആറു്
(ചിന്താദ്രിപ്പേട്ട-മാര്‍ക്കറ്റ് റോഡ്. ശങ്കുശ്ശാരും പുറകേ ഗോവിന്ദമേനോനും പ്രവേശിക്കുന്നു.)
ഗോവിന്ദമേനോൻ: എടോ ശങ്കരപ്പിള്ളേ! നിൽക്കൂ (ശങ്കശ്ശാർ തിരിഞ്ഞു നോക്കാത്തതിനാൽ) ഏഹേ, മൂസ് ! വല്ലടത്തും തീപിടിക്കുന്നോ? മുതുകത്തു കാലറഞ്ഞു് ഓടി ശ്വാസസ്സഞ്ചി ചിന്തിക്കുന്നതെന്തിനെടോ? (എന്നിട്ടും തിരിഞ്ഞു നോക്കാത്തതിനാൽ) ആ ലെറ്റർ ഇങ്ങു കാണട്ടെ- കൊള്ളാമെടോ കൊള്ളാമെടോ- ആദായമുണ്ടു് - കൊണ്ടുകൊടുക്കൂ.
ശങ്കുശ്ശാർ: (തിരിഞ്ഞുനിന്നു്) കൊല്ലത്തൊരച്ചിക്കു മീശവന്നു- പാല്ക്കടലോടി പരമ്പിൽക്കേറി- കണ്ണേറ്റിപ്പാലം വിരുന്തൊരുക്കി- കണ്ണൻചിരട്ട ഇരട്ടപെറ്റു.
ഗോവിന്ദമേനോൻ: ഹേ ! ശങ്കുശ്ശാർ വിരുതൻ- പൊരുൾകൂടിപ്പറയൂ.
ശങ്കുശ്ശാർ: പിച്ചും പ്രാന്തും നിങ്ങൾക്കു കുത്തകയോ?
ഗോവിന്ദമേനോൻ: എന്റെ മൂസ്സേ- താൻ ഈ വഴിക്കു നടക്കരുതു്. പലരും പലതും പറയുന്നു.
ശങ്കുശ്ശാർ: (ദേഷ്യത്തോടെ) വല്ലതും വാങ്ങിച്ചോണ്ടോടിച്ചെല്ലാൻ നടന്നാൽ അതിനും കുറ്റമുണ്ടോ?
ഗോവിന്ദമേനോൻ: താൻ കടിക്കാൻ ചാടിയാൽ ഞാൻ കുഴങ്ങി. ദേഹോപദ്രവത്തിനു ശിക്ഷയുണ്ടു്-
ശങ്കശ്ശാർ: ഇരുട്ടടിക്കോ കുരുട്ടുവഞ്ചനയ്ക്കോ? ഭഃ! നിങ്ങടെ കൂട്ടുകെട്ടുകൊണ്ടു്, ഇന്ദുക്കുട്ടിപ്പിള്ളയ്ക്ക് എന്തെല്ലാം വരുന്നോ? ലവിടുത്തെ പെണ്ണുങ്ങളു്- അയ്യ! നല്ല ആളു്! ആ തള്ളയും മക്കളും കുലം കെടുക്കണകൂട്ടം !
ഗോവിന്ദമേനോൻ: എതു പെണ്ണുങ്ങളെടോ?
ശങ്കശ്ശാർ: അമ്പേ! മുടിക്കണവിദ്യ 'കാട്ടിക്കൊടു്, കൂട്ടിക്കൊടു് മണ്ടിക്കള' എന്നോ? ആണയും ഇടുവിച്ചേച്ചു, എല്ലാം തന്നത്താൻ തന്നെ തവ്വിനു കൊളുത്തിക്കൊടുത്തു- പാവത്താൻ അക്കുഞ്ഞു് കുഴിയിലും! ഇങ്ങിതാ നവാഭ്-
ഗോവിന്ദമേനോൻ: തള്ളയും മക്കളും അല്ലെടോ അതു്-
ശങ്കശ്ശാർ: (ചിരിച്ചു തുള്ളിച്ചാടി) അതാ പുറത്തു ചാടി ഒള്ളതു് - അവിടെങ്ങും തൊട്ടിട്ടുമില്ല തൊടക്കീട്ടുമില്ല. പക്ഷേ, അവിടുത്തെ ചൂതാട്ടമെല്ലാം ഇവിടുത്തെ താക്കോലിലെന്നും അതാ അച്ചിരി വിളിച്ചുപറയുന്നു- നിങ്ങടെ തരക്കാർ കന്നക്കോലെടുത്താൽ അടിമകളും കൊച്ചുണ്ണികളും തലയിൽ കൈവച്ച് 'അയ്യോ'ന്നു നിലവിളിച്ചുപോവും- അങ്ങുന്നേ! അപ്പോ- ആ കൂട്ടത്തിലെ ഈനാമിണുങ്ങി ബറാബറെങ്കിലും, ശാരദക്കുഞ്ഞിന്റെ കാര്യം എങ്ങനെ?
ഗോവിന്ദമേനോൻ: എന്റെ ശങ്കശ്ശാരേ! ആകാശം തകർന്നു കീഴോട്ടു വരുമ്പോൾ സൂര്യരശ്മി താങ്ങാകുമോ? തന്റെ കൊച്ചങ്ങുന്നു അവിടെ അടവുപിടിച്ചുപോയി- മധുവും മധുമൊഴികളും ജോയിൻറ് സ്റ്റാക്ക് കമ്പനികളുടെ സിമെന്റാണു്. പഞ്ചതന്ത്രത്തിലും മെച്ചമായ ഒരു തന്ത്രം കേൾക്കൂ - അവരെ സ്തുതിച്ചുകൊണ്ടാൽ തനിക്കു സ്വൈരം. ശീമയിൽ പോകുന്നതു തനിച്ചാവുല്ല. തന്നെക്കൂടി കൊണ്ടുപോവും- ഞാൻ കണ്ടിട്ടുള്ള രാജ്യങ്ങളും വിശേഷ ങ്ങളും തനിക്കും കാണാം. വല്ല വനത്തിനോ പുനത്തിനോ വേണ്ട യോഗ്യതയും നേടിക്കൊണ്ടു പോരാം. ഏജ് ലിമിറ്റെക്കൊണ്ടു ചുടൂ. ആ കുട്ടിയെ വന്ദിക്കൂ. പൊടിക്കയ്യെല്ലാം പ്രയോഗിക്കു. എന്തു സുഖങ്ങൾ വരുമെന്നോ, ഇല്ലെങ്കിൽ, അന്നെന്നോടു ചോദിക്കൂ.
ശങ്കുശ്ശാർ: വേണ്ട വേണ്ടാ! കരളറുത്താലും ശങ്കുച്ചാരു് തന്തയില്ലാത്തരവഴിക്കു വഴങ്ങല്ല. അവരെന്തു ജാതി, ഏതു മലയരോ അരയരോ?
ഗോവിന്ദമേനോൻ: തലയും വയറും കൊണ്ടു ഗാഢമായി ചിന്തിച്ചു പറയൂ. വഴങ്ങൂല്ല. ഇല്ലേ? നല്ല ഉറപ്പോ?
ശങ്കശ്ശാർ: എന്റെ കാട്ടാമ്മായ്ക്കൽ ചാത്താവാണെ, ചത്തുപോയവരാണെ-
ഗോവിന്ദമേനോൻ: കുട്ടി ഓമനച്ചന്ദ്രവല്ലികയെടോ! സ്ഫുരത് സ്ഫുരല്ക്കാന്തി!
ശങ്കശ്ശാർ : ഏതു് ഒയ്യാരവല്ലിയായാലും ശരി; എന്തരു് ചൊരക്ക മാന്തിയായാലും ശരി.
ഗോവിന്ദമേനോൻ: എന്നാൽ അടുത്തുവരൂ. ഒരു രഹസ്യം പറയട്ടെ (ശങ്കുശ്ശാരുടെ ചെവിയിൽ മന്ത്രിക്കുന്നു.)
ശങ്കുശ്ശാർ: (ഞെട്ടിച്ചാടി) ഹൊള്ളതോ? (അവിശ്വാസസ്വരത്തിൽ) എന്തോ, എന്തോ, നിങ്ങളൊക്കെ വായ്ക്കാലന്മാരല്ലയോ?
ഗോവിന്ദമേനോൻ: എടോ മണ്ടാ ! മരങ്ങാ! തന്റെ വലിയങ്ങുന്നു അവിടെയുണ്ട്.
ശങ്കുശ്ശാർ: (കോപഹാസമായി) അയ്യയ്യയ്യ! ഇപ്പോൾ ഹരിച്ചന്ദ്രൻ തന്നെ. വലിയങ്ങുന്നതാ, അങ്ങു വന്നിട്ടുണ്ട്.
ഗോവിന്ദമേനോൻ: ശരി ! ആ എടത്തര സ്ത്രീവേഷം മാധവൻകുട്ടിയാണു്.
ശങ്കുശ്ശാർ: (തലകുനിച്ചുനിന്നു' ഓർത്തും) അയ്യമ്പാട തകഥോ! എവനെന്തു ചെകിട്ടുശ്ശവം- അയ്യോ! അങ്ങുന്നേ. ബലേ സുവേഷ്, പമ്പിരിക്കൊണ്ട് ബലേഭേഷ്!
ഗോവിന്ദമേനോൻ: തുള്ളാതിരിക്കൂ. ശേഷവും കേൾക്കൂ. (പിന്നെയും മന്ത്രിക്കുന്നു.)
ശങ്കശ്ശാർ : (വ്യസനത്താൽ മാറത്തടിച്ച്) അശ്ശശ്ശശ്രോ! ചണ്ടയും പിടിച്ചോ? (മുക്കിൽ വിരൽവെച്ച്) എന്തെല്ലാം മായങ്ങള്! എടുത്തുചാട്ടങ്ങൾക്കു് അത്രയും വേണം. ഇനി ഇന്നിതാ, ഇപ്പം എല്ലാം പറ്റിച്ചൂടണേ - അതാ അതാ, നടന്നൂടണം- നിലാവുദിക്കുന്നതു കാണാൻ തിരിച്ചിരിക്കുന്നു.
(ഗോവിന്ദമേനോൻ തിരിഞ്ഞുനോക്കി ഝടുതിയിൽ പോകുന്നു.)
(ആത്മഗതം) ഇന്നും രണ്ടും രണ്ടു പാത്രം. പിന്നെ ശീമയിൽപ്പോയി നമുക്കും ഒരു ധ്വരച്ചക്കിയെ കക്ഷത്തിലാക്കിക്കൊണ്ടു പോന്നൂടാം- അപ്പോൾ പിന്നെ, ' 'സലാം സാർ" പറയാത്ത പേരാരു്?
ഇന്ദുശേഖരൻ: (പ്രവേശിച്ചു്) കിനാവുകണ്ടു നടക്കാതെ വേഗം പോകൂ. അമ്മാവനെ വിശപ്പിച്ചിരുത്തിക്കൂടാ- ഓടിപ്പോകൂ- ഞാനിതാ ശകലം കാറ്റുകൊണ്ടിട്ടു വന്നേച്ചു-
ശങ്കുശ്ശാർ: (ആത്മഗതം) ചങ്ങാതി അങ്ങത്തെ മണിമന്ത്രം ഒന്ന് അഴിച്ചൂടട്ടെ, അപ്പോൾ കാറ്റിന്റെ ഊറ്റം കാണാം. (പ്രകാശം) അതല്ല കുഞ്ഞേ! ഒരു കടുംകഷ്ടം വിചാരിച്ചു കാലു കുഴഞ്ഞു നടന്നുപോയി. കൊച്ചങ്ങുന്നു ഈ പാപം കയ്യേല്ക്കാൻ എന്തിനു പോയി?
ഇന്ദുശേഖരൻ: (നടന്നും) തന്റെ ആചാര്യത്വം ഇനി കെട്ടിവെച്ചേക്കൂ. പാപസുകൃതങ്ങൾക്കും അധികാരി താനാണോ?
ശങ്കുശ്ശാർ: ഓ, ഒരു ആധിക്കാര്യം തന്നെ പറയുന്നതു്. അങ്ങത്തെക്കണ്ടപ്പം മുതൽ ആ കൊച്ചു ഏക്കം പിടിച്ചു, ഇന്നലെത്തൊട്ടു പനിയും പായുമായി
ഇന്ദുശേഖരൻ: (ആധിയോടെ) എന്തോന്നെടോ ദ്രോഹീ?
ശങ്കുശ്ശാർ: ദ്രോഹീന്നൊ? ദ്രോഹി ഞാനല്ല. ഒരു കിളിപ്പിള്ളേടെ കഴുത്തും ഞെക്കി ദൂരെച്ചപ്പീട്ടു, മറ്റൊള്ളവൻ ദ്രോഹിപോലും! ആ പട്ടം പിടിക്കുന്നതും കൊച്ചങ്ങുന്നമ്മാരു തന്നെ. ചങ്കുച്ചാരെ തരക്കാര്‍ക്കു് അതിനുള്ള പടനവും പൗരുവുമില്ല. ചക്രവും, ചന്തവും, ചെറുപ്പവും എല്ലാം കൂടിക്കൊണ്ടുചെന്നു തട്ടൂട്ടാൽ, ഏതു കൊച്ചുതന്നെ തുമ്പിയാടിപ്പോവുല്ല? കഷ്ടം ! കഷ്ടം! നാരായണ! നാരായണ! പൊന്നിട്ടു കമ്പി അടിച്ചപോലത്തെ തങ്കക്കുടം! കൊച്ചങ്ങത്തെ മനസ്സു കാരിരുമ്പു്, കരിങ്കല്ലു്! (അപവാര്യ) അതിന്റെ തലയിലെഴുത്തിനും ഈയൊള്ളവൻ എന്തിനു പ്നാറ്റുണു, പഴിക്കുന്നു?
ഇന്ദുശേഖരൻ : താൻ അനാവശ്യങ്ങൾ മനസ്സിലാക്കി വല്ലതും ഗ്രഹപ്പിഴ വരുത്തരുതു്. ഈ ഭ്രാന്തെല്ലാം ആർപറഞ്ഞു തന്നോടു്? അവർ വലിയ ഒരു ബ്രഹ്മസാഹസത്തിനു മഹാത്മാക്കളായി പുറപ്പെട്ടിരിക്കയാണു്. തനിക്കും എനിക്കും ഒന്നും അവിടെ കാര്യമില്ല. അവർ എന്തു പ്രസിദ്ധകളാകുമെന്നോ? ആ കട്ടീടെ കാര്യം പക്ഷേ, വേറെയാണെങ്കിലും, അതിനെ- (ദീര്‍ഘശ്വാസത്തോടെ വിരമിക്കുന്നു.)
ശങ്കുശ്ശാർ: അതതെ. അതു വേറെ. ഇപ്പഴത്തെ മട്ടിനു് അതിനും എന്തരോ ഒരു സിദ്ധി വേഗത്തിൽത്തന്നെ വരും- എന്തു ചൊൽവാനെന്നോ? അഴിച്ചുവിട്ടാലും, കെട്ടിയിട്ടാലും ആണുങ്ങള് ആണുങ്ങളു്, പെണ്ണുങ്ങളു് പെണ്ണുങ്ങളു്. രണ്ടും സരിഗമപാന്നുതന്നെ- കേട്ടോ കുഞ്ഞേ! അവര്‍ക്കും വേലക്കാരു പെണ്ണുങ്ങളും മറ്റുമുണ്ടു്. അതിലൊരു കോത - ചങ്കുച്ചാരു മമതയ്ക്കു ചെന്നതല്ലാ- എന്തെല്ലാമൊ ഒക്കെ പറഞ്ഞു് അശ്ശവപ്പേച്ചിയും എന്റെ കുഞ്ഞിനെ ഞെരിച്ചിട്ടു് പ്രാവുണു- അങ്ങുന്നു ശീമയിൽ പോണെങ്കിൽ ചങ്കച്ചാരും കൂടിത്തന്നെ- പിന്നല്ലാണ്ടു്? വയറ്റിപ്പാട്ടിനു് ഒരു വഴിയൊണ്ടാക്കിത്തരാൻ കുഞ്ഞിനല്ലോ കടമ?
ഇന്ദുശേഖരൻ: ഭക്തിയോടെ സേവിക്കുന്നവരെ ഞാൻ ഉപേക്ഷിക്കയില്ല. തന്റെയടുക്കൽ അമ്മാവൻ വല്ലതും ചോദിച്ചാൽ, അബദ്ധം ഒന്നും മിണ്ടിപ്പോകരുതു്. എനിക്കവിടെ ബന്ധമൊന്നുമില്ലെന്റെ മൂത്താനെ-
ശങ്കുശ്ശാർ: ഇല്ലില്ല. ഇവിടുത്തെ ശട്ടവട്ടങ്ങൾ മറ്റൊള്ളടത്തെയല്ലല്ലോ.
ഇന്ദുശേഖരൻ: ശീമയിലെ പരീക്ഷകൂടി കഴിഞ്ഞ്, കാലക്ഷേപത്തിനു സ്വാതന്ത്ര്യമായ വഴിയുണ്ടാക്കീട്ട്, വേണമെങ്കിൽ പക്ഷേ, തക്കടത്തു് വല്ലതും ആലോചിക്കാം. അങ്ങനെ അല്ലേഹേ?
ശങ്കുശ്ശാർ: എന്നാലുമൊണ്ടല്ലോ, ആ കൊച്ചിനെ പനി കൊല്ലാനും മറ്റും വിട്ടുടാ. ആരാന്റെ മകളാണെങ്കിലും, പെൺകുരുന്നല്ലയോ? വല്ലോന്റെയും കന്ന്യാളെ അന്യായമായി കാലനു കൊടുത്തുകൂടാ. അതു മോശം. കൊടുനരകം ! ഇതാ ചങ്കുച്ചാരു് വേണമെങ്കിൽ പതിനായിരം 'കൊച്ചമ്മ' വിളിച്ചൂടാം. ഇപ്പഴേ വിളിച്ചൂടാം. ഒരു തുണി കൊടുക്കേണ്ടിവന്നാലും, ചാക്കിനു വിട്ടുകൊടുത്തൂടാ-
ഇന്ദുശേഖരൻ: പോവൂ പോവൂ, അസംബന്ധങ്ങൾ പറയാതെ. ഞാനിതേ വന്നേച്ചു. ക്ഷണം ഊണു കാലമാകണം. (പോകുന്നു )
ശങ്കുശ്ശർ: (സ്വഗതം) അങ്ങനെ കൊണ്ടുചെല്ലട്ടെ. ചങ്കച്ചാര്‍ക്കും അടവും തടയും അറിയാം. ഗോവിന്ദമേനോനങ്ങുന്നു് കന്നനെന്നു മുമ്പേ പറഞ്ഞില്ലയോ? അദ്യം വെച്ചുതന്ന കോളിനെ ചങ്കു എങ്ങനെ ഇരട്ടിയോടെ കൊണ്ടു കൊള്ളിച്ചുട്ടു. പച്ചപ്പിള്ള തിണ്ടാടിപ്പോയി. പനിയെന്നു കേട്ടപ്പോൾത്തന്നെ പുള്ളിക്കാരന്റെ മുഖം കരിഞ്ഞുപോയി! ചങ്കച്ചാരെ ഇനി വിടൂല്ലാ. ശാരദക്കുട്ടിയപ്പിയും ഉള്ളങ്കയ്യിലു്- അപ്പോൾ, ശീമയിക്കൂടി പോയേച്ചുവന്നാൽ, ഒരു ലസ്ത്രാംഗ് എങ്കിലും ഇടാം- കട്ടിലേസ്സ്, മട്ടൺസായ്പ്, കാളസ്റ്റൂൾ എന്നെല്ലാം വെച്ചുതാങ്ങി ചട്ടീലും വട്ടുപാത്രത്തിലും വിളമ്പി, നാലു കപ്പി നാടൻ മട്ടംതരങ്ങൾ ശീമക്കടലാസുകളും ഒട്ടിച്ചു വിസ്തി സെവറായിസ്സ്, റിൿഷാനംബർ ഒൺ എന്നൊക്കെ പറഞ്ഞു മോന്തിച്ചട്ടാൽ അങ്ങുന്നന്മാരുടേയും ഇമ്പോറ്റിമാരുടേയും ശക്രം ശറശറാന്നിറങ്ങി, ചങ്കു മെസ്സേഴ്‌സ് ശങ്കരൻനായർ അമ്മാവൻ ആൻകോ ആവൂടൂല്ലയോ? അന്നു, അങ്ങനെ നാൾവഴിയും ഏറടവും വച്ചു്, കൊടുത്തും പിരിച്ചും ആളെപ്പിഴിഞ്ഞു്, എരട്ടക്കുതിര ഝടുക്കായും വെച്ചു 'ഡീ-ഡീ' എന്നു കൊണ്ടു പിടിക്കുമ്പം - അയ്യടാ - നേരം - കേറി ഇരുട്ടുകയും ചെയ്യണല്ലൊ! അതാണു ശനിയൻ! (പോകുന്നു.)
(കർട്ടൻ)
രംഗം ഏഴു് (45-50)
രംഗം ഏഴു്
(നാലാംരംഗത്തിലെ പ്രവേശനമുറി. സ്ത്രീയും മാധവനും നില്ക്കുന്നു. ഗോവിന്ദമേനോൻ അകത്തോട്ടു പ്രവേശിക്കുന്നു.]
ഗോവിന്ദമേനോൻ: കഥകളിക്കാർ നിങ്ങളെക്കണ്ടു് ഒരു പഠിക്കട്ടെ. വേഷങ്ങൾ കാലേകൂട്ടി തയ്യാർ.
മാധവൻ: കിതയ്ക്കുന്നല്ലൊ! ചിന്താദ്രിപ്പൊടി ഉണ്ടു നിറഞ്ഞിട്ടോ-
ഗോവിന്ദമേനോൻ : അല്ല, ചിന്താബ്ധിത്തിര നീന്തീട്ട്! ഇക്കണക്കുള്ള മനോധർമ്മത്തെ പ്രസ്രവിപ്പിക്കുന്ന ശിരഃഘടത്തെ ഒരുദിവസം തvdറെ അളിയശ്ശാർ തച്ചുതകര്‍ക്കും.
മാധവൻ: അതെന്തു തത്വാമൃതപൂര്‍ണ്ണമെന്നോ? ഒരു അമൂല്യതത്വം വിസ്രാണിച്ചേക്കാം.
(ഊഞ്ഞാൽപ്പാട്ടു രീതിയിൽ)
'മാറ്റാന്റെ വാളും കഴുത്തു ചീന്തും-
കൂറ്റാന്റെ വെട്ടു മുതുകിന്മേലു്
മൂരീടെ കൊമ്പു കുടലിൻ നേര്‍ക്കു്
നാരീന്റെയൻപു നരകം കാട്ടും.'
ഗോവിന്ദമേനോൻ: വികൃതീശാ! ഈ ദുരാശയങ്ങൾ മനസ്സിൽ സംഗ്രഹിക്കരുതു്.
സ്ത്രീ: അങ്ങനെ ഭർത്സിച്ചു തള്ളിക്കളഞ്ഞുകൂടാ. മാസ്റ്റർ നയ്യർ ഈ ഇരുപതാം നൂറ്റാണ്ടിലെ പട്ടണത്തുപിള്ള! അവിടുന്നു് വേണ്ടപോലെ താക്കോൽ കൊടുത്തിട്ടു വരികയല്ലേ?
ഗോവിന്ദമേനോൻ: അലാറം താക്കോൽ ആണു് ഏല്പിച്ചിരിക്കുന്നതു് ശങ്കുശ്ശാരെയും. പ്രയോഗത്തിന്റെ ഔചിത്യത്തിൽ ഇരിക്കുന്നു ഫലസിദ്ധി. യജമാനനും ശിഷ്യനും തമ്മിൽ ദേവാസുരസമരം ഉണ്ടായി, താക്കോൽ തകര്‍ന്നുപോയാൽ-
മാധവൻ: ബിസ്മാര്‍ക്കിന്റെ കഴിതുരപ്പുകൾ അധികം തോലിയിൽ അവസാനിച്ചിട്ടില്ല.
ഗോവിന്ദമേനോൻ: എന്റെ കുട്ടാ! അഭിനന്ദിക്കുന്നതും ശങ്കുണ്ണീടെ ഈ സ്ത്രീവേഷകേശഭാരത്തെ ആകട്ടെ. അതിലെ ഓരോ ഇഴയ്ക്കും ലക്ഷം വീതം സമ്മാനിപ്പാൻ ഞാൻ ഒരു ഭോജനല്ലല്ലൊ ശിവനേ!
സ്ത്രീ: ദേവലോകവിധാനത്തിന്റെ വൈചിത്ര്യത്തിനുള്ള സംഭാവന വിശ്വകർമ്മാവിനു് കിട്ടണം.
ഗോവിന്ദമേനോൻ: ഇന്ദുശേഖരൻപിള്ളയോടു മത്സരിയാകാതെ ഇവിടെ പെരുമാറിയില്ലേ, വിദഗ്ദ്ധനും കിട്ടണം ഒന്നാം പ്രൈസു്.
സ്ത്രീ: അക്കഥയൊന്നും മിണ്ടരുത്. നമ്മുടെ ഉഗ്ര ശ്രീമതി ജ്വാലാമുഖിയാകും.
മാധവൻ: (ക്ലേശസ്വരത്തിൽ ) ശ്രീമജ്ജ്വാലാമുഖി ലാഡുവെല്ലാം ഭസ്മീകരിച്ചു. നമ്മുടെ പങ്കു ചോദിക്കുമ്പോൾ ഉലക്കക്കൈക്കാരിയായി എന്തെല്ലാം തകര്‍ക്കുന്നു. അകത്തു കിടന്നു, അതാ 'കണ്മണി കഴിയുതേ, മാരനെ കാണാമൽ - വെണ്മതി കനൽപോലെ നിനവു കൊള്ളാച്ചേ- നന്മണിമാലകളിഴിതു വീഴുറതേ' എന്നു കരയുന്നു.
സ്ത്രീ: മിണ്ടാതിരിക്കൂ ! നമ്മുടെ മദനദാസൻ മേഘപടലത്തിൽനിന്നു്, ചന്ദ്രകിരണംവഴി കീഴ്പ്‌പോട്ടിഴഞ്ഞ്, ഭൂമുഖസ്പർശം ചെയ്യാതെ, എന്തോ മഹായോഗവിദ്യയാൽ ഇങ്ങോട്ടു നീതനാകുന്നു.
മാധവൻ: അപ്പോൾ അലാറം താക്കോൽ ശരിക്കു ശരിയെ ഘിടുഘിടുപ്പിച്ചു.
ഗോവിന്ദമേനോൻ : (മാധവനോടു്) അകത്തു പോരൂ ശങ്കുണ്ണീ! ഓങ്ങുകേ ആവൂ. വെച്ചു താക്കരുതു്. (മാധവനെ പിടിച്ചുകൊണ്ടു അകത്തു പോകുന്നു.)
(ഇന്ദുശേഖരൻ പ്രവേശിക്കുന്നു.)
സ്ത്രീ: വരിക വരിക- മുഖം എന്തേ വിശേഷാൽ ക്ഷീണംകൊണ്ടു ഇന്നു കടുതായി വാടിക്കാണുന്നു? ഞങ്ങടെ ഇന്നലത്തെ സാഹസം ക്ഷമിച്ചു, ഇന്നിങ്ങട്ടുപോന്നതു്, ഞങ്ങളെക്കൊണ്ടും വഴിയേ 'റിപ്പെന്റ്' ചെയ്യിക്കുന്നു. ഇതു തന്നെയാണു്, 'ദോഷകര്‍മ്മത്തിനു് ഗുണദാനത്താൽ പ്രതീകാരം' എന്നുള്ള സജ്ജനന്യായം. യൂസീ ഹ്യേ?
ഇന്ദുശേഖരൻ: അമ്മാവൻ എങ്ങാട്ടൊക്കെ സഞ്ചരിച്ചിട്ടു വന്നിരിക്കുന്നു-
സ്ത്രീ: അമ്മാവൻ വന്നാൽ സന്തോഷിക്കല്ലേ വേണ്ടതു്? മുഖം വികസിച്ച്, തോഷസ്ഫുരണം ചെയ്യണ്ടേ?
ഇന്ദുശേഖരൻ: ഇന്നലത്തെ സംഭവകാരണത്തെ സംബന്ധിച്ച് ഒന്നു കൂടി സംസാരിച്ചിട്ട്, അവസാനമായി പിരിയാമെന്നുവെച്ചു പോന്നു -
സ്ത്രീ: ഓയി! അതിലെന്താ ഇനി പർവാനുള്ളതു്? നിങ്ങൾ പുരുഷനാണെന്നു ഘോഷിച്ചു കാലിലെ പൊടിതട്ടി പിരിഞ്ഞില്ലേ?
ഇന്ദുശേഖരൻ: എന്നാലും മനുഷ്യനാണല്ലൊ- നിര്‍വികാരത്വത്തിൽ എത്തീട്ടില്ല-സരോജമ്മയ്ക്ക്, എന്തോ സുഖക്കേടാണെന്നു കേട്ടു-
സ്ത്രീ: യേയ്! സുഖക്കേടോ? ഏതു പേപ്പർ 'അനൗൺസ്' ചെയ്യുന്നു? ഒ- ഉണ്ടെങ്കിൽത്തന്നെ ശുശ്രൂഷിക്കാൻ ഞ്യങ്ങൾ ഉണ്ടു്-
ഇന്ദുശേഖരൻ: അതെന്തെങ്കിലും ആകട്ടെ. ആ കുട്ടിയോടും ഞാൻ ഒരു അപേക്ഷ ചെയ്തു. അതിനു കിട്ടേണ്ട ജീവമൃതികൾ രണ്ടിലൊന്നു ആ മുഖത്തുനിന്നുതന്നെ കേട്ടാൽ, എന്നെക്കൊണ്ടു് നിങ്ങൾക്കുള്ള ബാധ ഉടനെ ഒഴിയും.
സ്ത്രീ: സരോജത്തിന്റെ അച്ഛൻ ആണു് അക്കാര്യത്തിലെ വിധി കര്‍ത്താ. കാരണവർ മിസ്റ്റർ വാസുദേവൻപിള്ള അവർകളുടെ ഹിതം നിങ്ങൾക്കു് ലാ അല്ലെങ്കിലും, മറ്റുള്ളോർ 'കിങ്കുടുംബന്മാർ' ആയിട്ടില്ല. ഞങ്ങടെ ഉദ്യമം നിറവേറുകയും വേണ്ടേ?
ഇന്ദുശേഖരൻ : (അക്ഷമനായി) നിങ്ങളുടെ ഉദ്യമത്തെ നിങ്ങൾ ഏതു മേൽസ്ട്രാമിലെങ്കിലും കൊണ്ടു താഴ്ത്തിൻ. ജീവനോടു മൃത്യുഭൂതം ഇടയുമ്പോഴാണു് സദ്യകളും നിറപറകളും! കേൾക്കൂ! സ്വാര്‍ത്ഥം എന്നതിനു് ജീവവ്യവസ്ഥിതികളിൽ വാചാമഗോചരമായ ഒരു പ്രാധാന്യമുണ്ടു് - അതു ഗ്രഹിച്ചു സംസാരിക്കൂ-
സ്ത്രീ: എന്നേ! വൃത്തിശാസ്ത്രജ്ഞാ! സ്വാര്‍ത്ഥം എന്നതു ലോകസ്വത്തല്ലേ? നിങ്ങൾ അതിനെ മൂവടി അളന്നു് സ്വന്തമാക്കിക്കളഞ്ഞുവോ?
ഇന്ദുശേഖരൻ : ഇതു പണ്ടത്തെക്കാലമല്ലമ്മേ! സരോജമ്മയ്ക്കു വയസ്സ പതിനെട്ടായിട്ടുണ്ടു് - സ്ഥലം നാം പാര്‍ക്കുന്നതും മദ്രാസ്‍നഗരവുമാണു്. വിഷയം കോടതികളിൽ ഊജ്ജിതപ്പെടുത്താവുന്ന ഒരു കരാറുമാണു്.
സ്ത്രീ: ആ ചതുശ്ശൂലത്തിനു് ഞാൻ തല നമിക്കുന്നു- ഇത്രത്തോളം പറവാൻ പരസ്പരം അന്തര്‍ഗ്ഗതം സയ്യോഗം വന്നിട്ടുണ്ടെങ്കിൽ, ഇഷ്ടനിര്‍വഹണത്തെ ഞാൻ നിരോധിച്ചാലും ഫലമെന്ത്? (ഉറക്കെ) മാധവീ! സരോജത്തെ ഇങ്ങട്ടു കൂട്ടിക്കൊണ്ടരൂ. (രാഗം മുളിക്കൊണ്ടു ചുറ്റിനടക്കുന്നു.) (മാധവനും ശാരദയും പ്രവേശിക്കുന്നു.)
ഇന്ദുശേഖരൻ: (ശാരദയോടു്) ഈ സാധ്വിയുടെ മുമ്പിൽവെച്ചു ഞാൻ ഇന്നലത്തെ അപേക്ഷയെ ആവർത്തിക്കുന്നു.
ശാരദ: (മിണ്ടാതെ ദുരത്തുവാങ്ങി നിന്നുകൊണ്ട് പുലമ്പുന്നു.) എനിക്കിതു മുഷിയുന്നു-മനുഷ്യരെ അപമാനിക്കുന്നതു്, അസഹ്യപ്പെടുത്തുന്നത്, എന്തു പോരായ്മ!
സ്ത്രീ: (ആത്മഗതം) ശുഭമായ ഭരതവാക്യത്തോട് അടുക്കും മുമ്പേ, പ്രബന്ധച്ചരടിനെ ഇവളുടെ അകൃത്രിമത്വം ഖണ്ഡിച്ചേക്കും. അതുകൊണ്ടു് സംവാദം തുടരുന്നത് ഞാൻതന്നെ ആയേക്കാം. (പ്രകാശം) മറ്റുള്ള അവസ്ഥകൾ ഇരിക്കട്ടെ. സരോജത്തിന്റെ അച്ഛൻ ആരെന്നും മറ്റും അറിയുമ്പോൾ നിങ്ങടെ ആഫറിനെ പിൻവലിച്ചാലോ?
മാധവൻ: ഇതാ ചേട്ടാ!-
സ്ത്രീ: (മാധവനെ പ്രഹരിച്ച് തടഞ്ഞിട്ട്) ഈ അവിവേകിപ്പണ്ണെ വകവെക്കേണ്ട. അങ്ങേക്ക് സ്ത്രീകളുടെ ഉന്നമനത്തിൽ ഉണ്ടായിരുന്ന അത്ഭുതപ്രതിപത്തി അസ്തമിച്ചുപോയതിനെ അവൾ സൂചിപ്പിക്കാൻ തുടങ്ങി. അതുപോകട്ടെ. നിങ്ങടെ കാരണവരുടെ മകൾ ശാരദയെന്നൊരു ചെറുവിദുഷി ഇല്ലേ?
ഇന്ദുശേഖരൻ: അവളെ ഞാൻ സ്വീകരിക്കയില്ലെന്നും അമ്മാവനോടുതന്നെ ഫൈനലായി പറഞ്ഞിട്ടുണ്ടു്. ഭാര്യാസ്വീകാര്യം പരഹിതമനുസരിച്ചല്ല.
മാധവൻ: ദൃൿസിദ്ധം അനുസരിച്ചുതന്നെങ്കിലും മമതയേറുന്ന ഒരു മാതുലിയോടു്, 'മറിമാൻകണ്ണിമാർമണി ആയുള്ള ചെറിയ പാറു- അറിയാതെ മനോധൈര്യക്കുറവിനു ഹേതുവായി' എന്നു ഒരു സരസൻ നവരസത്തിൽ ക്ലേശബോധനം ചെയ്തതായി കേട്ടിട്ടുണ്ടു്. അങ്ങനെയുള്ള ഒരു സംഭവത്തിന്റെ ആവർത്തനം ലോകത്തിൽ നടന്നുകൂടേ?
സ്ത്രീ: ഫൂ! ഫൂ! ഗുരുലഘുത്വങ്ങൾ വിവേചിച്ചു് പ്രസംഗിക്കൂ മാധ്വീ! (ഇന്ദുശേഖരന്റെ നേര്‍ക്കു തിരിഞ്ഞു് പ്രൗഢഗൗരവത്തോടെ) മിസ്റ്റഴ് ഇന്ദുശേഖപില്ലേ! ഞ്യാൻ വാദിക്കുന്നതു് നിങ്ങൾ സരോജാംബയെ ഉത്തമാര്‍ദ്ധമായി വരിച്ചുകൊണ്ടുപോയി എന്നിരിക്കട്ടെ-യെന്നിട്ട്, ഇവടെ സൗശീല്യം, സൗന്ദര്യം, സ്കോളർഷിപ്പ് ഇവറ്റെയെല്ലാം തുല്യസ്ഥിതിയിൽ നിങ്ങടെ മാതുലപുത്രി ശാരദാംബ- ദിവ്യമായുള്ള നാമധേയം - ആ സൗഭാഗ്യപുഞ്ജത്തിൽ കണ്ടൂ എങ്കിൽ, 'കാൻസിക്വൻസ്' എന്തായിരിക്കും.
ഇന്ദുശേഖരൻ: എന്റെ കണ്ണുകൾ പാവനസത്വങ്ങടെ ദര്‍ശനത്തിൽ ഡെസൽട്ടറിയല്ല.
സ്ത്രീ: ഹെയ്! നിങ്ങൾ ഒരു സൈക്കളാജിക്കൽ 'പ്രാബ്ലം' ഞങ്ങടെ ബുദ്ധിസമക്ഷം വിധികല്പിക്കാൻ സമർപ്പിക്കുന്നു. തുല്യവസ്തുക്കൾ തുല്യനിലയിൽ, ഒരേ മനസ്സിനെ ആകഷിക്കുകയില്ലേ?
ഇന്ദുശേഖരൻ: അങ്ങനെയുള്ള തുല്യത പ്രകൃതിയിൽ കാണുകയില്ലെന്നുള്ളതും ഒരു 'സൈക്കളാജിക്കൽ' ഫാക്ട് അല്ലേ? സരോജത്തോടു ഒത്ത കിടയായി ഒരു ശാരദ ഉണ്ടാകില്ലെന്നു ഞാൻ ശപഥം ചെയ്യാം.
(ശങ്കുശ്ശാർ പ്രവേശിച്ചു ചുറ്റിനോക്കുന്നു.)
ശങ്കുശ്ശാർ: (ഇന്ദുശേഖരനോട്) അങ്ങനെ ഒക്കെ ഊറ്റം പറവാൻ വരട്ട് കൊച്ചങ്ങുന്നേ. ഇതാ വലിയങ്ങുന്നു വന്നൂട്ടു്. (മാധവനെ സൂക്ഷിച്ചു നോക്കീട്ട്) അമ്പൊ ! കുഞ്ചിലേതന്നെ നഞ്ചത്താൻ! തറയിന്നെഴുന്നപ്പം പിന്നെ-ഇം! കളിപ്പീൻ കളിപ്പീൻ! ആട്ടങ്ങളാടീൻ! പക്ഷേ, കളിയിൽ കൊതിപെടരുത്. (ശാരദയെ നോക്കി) അയ്യോ! ആ മന്ത്രിമൂര്‍ത്തി പനിയെന്നും മറ്റും പറഞ്ഞതു് പെരട്ടോ? അബ്ഭോ! എന്തു മനുഷ്യരു്, എന്തു കാലങ്ങളു്?
രംഗം ഏഴു് (51-54)
ഇന്ദുശേഖരൻ: ഏതു മന്ത്രമൂർത്തിയെടോ? അധികപ്രസംഗവും കൊണ്ടു്, ഇവിടെ കടക്കാൻ തന്നോട് ആരു പറഞ്ഞു?
ശങ്കുശ്ശാർ: അങ്ങുന്നു പോണടത്തു് ശിഷ്യനും എന്നലോ ചട്ടവും നടപ്പും. (കൃപയോടെ) എന്റെ കുഞ്ഞേ-
സ്ത്രീ: (തടഞ്ഞു്) ആട്ടെ ഈയാൾ നിങ്ങടെ പക്ഷക്കാരൻ- അയാൾ ന്യായം പറയട്ടെ. (അര്‍ത്ഥവത്തായി ശങ്കുശ്ശാരെ നോക്കി) സരോജമ്മയും ശാരദക്കുട്ടിയമ്മയും തമ്മിൽ എന്തന്തരമുണ്ടു് ഹേ? ധര്‍മ്മപുത്രരായി, പരമാര്‍ത്ഥം പറയൂ
ശങ്കുശ്ശാർ: (വിഷമനാട്യങ്ങളോടെ) ചങ്കുച്ചാരും ഇതിലിത്തിരി കുഷങ്ങും. (ശാരദയെ നോക്കി കണ്ണിറുക്കീട്ട്) വലിയങ്ങത്തെ ശാരദക്കുഞ്ഞു് എന്റെ ഇളിക്കളവേ വരൂ. മുഖം ചട്ടിപ്പിഞ്ഞാണം പോലെ പരന്നു, ചട്ടുവംപോലെ മൂക്കും-
ഇന്ദുശേഖരൻ: ഈ വിചാരണകൾ എന്തിനു്? എന്റെയും സരോജമ്മയുടേയും ഹൃദയങ്ങളാണു് വിധിക്കേണ്ടതു്.
ശങ്കുശ്ശാർ: ഓഹ് ഹോ! എന്നാലിതാ വലിയങ്ങുന്നെത്തി; കാണട്ടെ കുശാലുകളു്!
(വാസുദേവൻപിള്ള ഒരുവശത്തു പ്രവേശിക്കുന്നു. ഇന്ദുശേഖരൻ സംഭ്രമിച്ചും പൗരുഷത്തോടും മറുവശത്തോട്ടു കടക്കാൻ നോക്കുന്നു. ആ വശത്തുനിന്നു ഗോവിന്ദമേനോൻ പ്രവേശിച്ച് തടഞ്ഞുനിന്നു.)
ഇന്ദുശേഖരൻ: (നടുക്കു നിലകൊണ്ടു്) രാവണൻ കൈലാസം ഇളക്കി- എന്നാൽ അവിടെത്തന്നെ വെച്ചതേയുള്ള. നിങ്ങൾ കൗൺസിൽ കൂടിയാൽ ഇത്രയല്ലേ വരൂ? (ശാരദയുടെ സമീപത്തോട്ടു നീങ്ങി) സരോജം മറുപടി പറയൂ. അമ്മാവൻ നില്ക്കട്ടെ. ഈ കൃത്രിമക്കാരൻ നില്ക്കട്ടെ.
ശാരദ: (വാസുദേവൻപിള്ളയെ ചൂണ്ടിക്കാട്ടി) അങ്ങോട്ടു ചോദിക്കണം.
ഇന്ദുശേഖരൻ: എങ്ങോട്ടും ചോദിക്കേണ്ട.
ശാരദ: (വ്യസനത്തോടെ) ഇതെന്തബദ്ധമാണ്!
മാധവൻ: സുബദ്ധം കാണാൻ നല്ല രത്നാദി പ്രയോഗിച്ചു നേത്രപ്രകാശമുണ്ടാകണം. ഫ്രീചായിസുകാർ സ്ത്രീകളെ ഇമാൻസിപ്പെറ്റ് ചെയ്‍വാൻ കപ്പലോടുമ്പോൾ, ബ്ളൈൻഡ് ക്യുപ്പിഡ് അമരം തെറ്റിക്കും.
ഇന്ദുശേഖരൻ: (മാധവനെ നോക്കി) ഈ വിടുവായ്ക്കാറരു് സ്ത്രീസമുദായക്കപ്പലിനെ ഏതു പാറക്കൂട്ടത്തിൽ കയറ്റിത്തകര്‍ക്കുന്നോ? (ശാരദയോടു്) സരോജം നിഷ്കളങ്കമനസ്വിനിയല്ലേ? രണ്ടിലൊന്നു് ഖണ്ഡിച്ചു പറയൂ - അമ്മാവൻ കേവലം പ്രാചീനനല്ല. വിദ്യാഭ്യാസദീപം അദ്ദേഹത്തിന്റെ ബുദ്ധിയേയും പ്രകാശമാനമാക്കീട്ടുണ്ടു്. വിപരീതശ്രമത്തിൽ പരാജിതൻ ആയാലും, ന്യായമായ പരിണാമത്തിനും അമര്‍ന്നുകൊള്ളും.
ഗോവിന്ദമേനോൻ: സ്നേഹിതാ! ഈ പതനത്തിലെങ്കിലും ഒരു പരമാര്‍ത്ഥമിത്രത്തിന്റെ ഗുണദോഷം സ്വീകരിക്കൂ. അമ്മാവനോടു അപേക്ഷിക്കുക. അഭിലാഷം ന്യായമാര്‍ഗ്ഗത്തിൽ സിദ്ധിക്കും.
ഇന്ദുശേഖരൻ: (ശത്രുഭാവത്തിൽ) വേണ്ടാ, വേണ്ടാ. ഇക്കാലത്തും ശകുനികൾ, നാശപ്രചാരകന്മാർ ഉണ്ടെന്നു ബോധ്യപ്പെട്ടു.
വാസുദേവൻപിള്ള : ഇന്ദുശേഖരാ! അദ്ദേഹത്തെ അപമാനിക്കരുത്. ദ്രോഹമാണു്. നീ വിഷമിക്കേണ്ടാ, നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. എന്നാൽ ചില പരമാര്‍ത്ഥങ്ങൾ അറിയുമ്പോൾ പിടഞ്ഞു ചാടി, എല്ലും തലയും തകർക്കരുതു്. ഇനിയെങ്കിലും ശാന്തമനസ്കനായി ആലോചിച്ച് നിശ്ചയം ചെയ്ക. ഈ കുട്ടിയോടു തോന്നുന്ന നിന്റെ അനുരാഗത്തിനു് ഒരിക്കലും ഭേദം വരൂല്ലേ?
ഇന്ദുശേഖരൻ: എന്റെ പഠിപ്പിനും സ്ഥിതിക്കും ആ ചോദ്യം ആവശ്യമില്ല. അമ്മാവൻ മനുഷ്യസ്വഭാവം അറിയുന്ന ആളല്ലേ?
വാസുദേവൻപിള്ള: എന്റെ ഗുണദോഷം കേട്ടു നടന്നിരുന്നു എങ്കിൽ എത്ര ഉപദ്രവം ഒഴിഞ്ഞും, ചാപല്യങ്ങൾ കാട്ടാതെയും എന്തു് അന്തസ്സോടും കഴിയുമായിരുന്നു!
ഇന്ദുശേഖരൻ: ഇപ്പോൾ അന്തസ്സിനും അവസ്ഥയ്ക്കും കുറവൊന്നും വന്നിട്ടില്ല. ചാപല്യങ്ങള്‍ ഒന്നും കാട്ടീട്ടില്ല. (സ്ത്രീയെ ചൂണ്ടിക്കാട്ടി) ഈ മഹതി-
സ്ത്രീ: (സ്ത്രീവേഷം അഴിച്ചിട്ടു്) എന്റെ സ്നേഹിതാ! നിങ്ങടെ വരശാപശക്തികൊണ്ടു് എന്നെ ബൃഹന്നളയാക്കിക്കളയരുതു്.
ഇന്ദുശേഖരൻ : (ശങ്കുണ്ണിമേനവനെ ആപാദസ്തകം ദേഷ്യത്തോടെ നോക്കീട്ട്) അങ്ങനെ വരട്ടെ! ഈ (ഗോവിന്ദമേനവനെ ചൂണ്ടിക്കാട്ടി) ജാൺസന്റെ ബാസ്‍വെൽ അദ്ദേഹത്തിന്റെ ദുര്‍ന്നയച്ചരടിനു് ആടുന്നതു്, ആശ്ചര്യമല്ല. ശുദ്ധഗതിയാൽ വിശ്വസിച്ചു പോയ സ്നേഹിതനെ ഭ്രാന്താസ്പത്രിക്കയച്ചിട്ട് രസിപ്പിൻ! അമ്മാവനും ഈ കുലംകുത്തികളോടു ചേര്‍ന്നല്ലോ (പോകാൻ തുടങ്ങുന്നു.)
മാധവൻ: (വേഷം അഴിച്ചിട്ടു്) നില്ക്കണേ ചേട്ടാ. മാധവൻനയ്യരുടെ അഭിനയചാതുര്യത്തിനും വേഷസൗഭാഗ്യത്തിനും ഒരു പ്രശംസാപത്രം തന്നിട്ടു പോവുക.
ഇന്ദുശേഖരൻ: (പല്ലുകടിച്ചു കോപരൂക്ഷതയോടെ മാധവനെ നോക്കീട്ട്) ഓഹോ! കേട്ടിട്ടുണ്ടു് തന്റെ അധികപ്രസംഗസാമര്‍ത്ഥ്യങ്ങൾ. (ശാരദയെ ചൂണ്ടിക്കാട്ടീട്ടു്) ഈ വേഷം കൂടി അഴിച്ചുകണ്ടു എങ്കിൽ പൂര്‍ണ്ണസന്തുഷ്ടിയോടെ പോകാമായിരുന്നു.
ഗോവിന്ദമേനോൻ: ആ വേഷത്തിനു ഭംഗം വന്നാൽ ഇവിടൊരു ആത്മഹത്യ ഇപ്പോൾ സംഭവിക്കും. നിങ്ങടെ ഫ്രീചായിസ് എന്ന നിർബന്ധം നിറവേറുന്നു. സ്ത്രീദാസ്യമോചനശ്രമം തല്ക്കാലം അവിടെ നില്ക്കട്ടെ. ഈ നില്ക്കുന്ന നിങ്ങളുടെ അമ്മാവന്റെ മകൾ ശാരദക്കുട്ടിയമ്മയെ കിട്ടാൻ അച്ഛനോടു ഭാഗിനേയഭക്തിയോടെ പ്രാര്‍ത്ഥിക്കൂ.
ഇന്ദുശേഖരൻ: (ശാരദയേയും മാധവനേയും നോക്കി ലജ്ജാധീനനായി ക്ഷീണിച്ചു) നിങ്ങളെല്ലാം കൂട്ടത്തോടെ വഞ്ചകന്മാരാണു്!
വാസുദേവൻപിള്ള: നീ ആ കൂട്ടത്തിലല്ലെന്നു നടിക്കേണ്ട.
ശങ്കുശ്ശാർ: അതു് പിന്നല്ലിയോ? എത്തും പിടിയും കൊടുക്കാണ്ടു ഇളകിയതിനു് ഇത്രയും കിട്ടിയതു് കുഞ്ഞേ ദൈവത്തിന്റെ ഒരു കൈ!
മാധവൻ: (ഇന്ദുശേഖരനെ പുണര്‍ന്നുകൊണ്ടു്) ദേഷ്യപ്പെടരുത് ചേട്ടാ. ഈ കൂടീരിക്കുന്ന എല്ലാവരും ഉത്തമമിത്രങ്ങളാണു്. കുഴങ്ങേണ്ട.
ഗോവിന്ദമേനോൻ: (വാസുദേവൻപിള്ളയോടു്) അനന്തിരവന്റെ സുസ്ഥിരതയ്ക്ക് കോപ്ലിമെന്റ് ഇല്ലേ?
ഇന്ദുശേഖരൻ: (മറ്റെങ്ങോട്ടും നോക്കാതെ ശാരദയോടു്) അമ്മ വന്നിട്ടില്ലേ?
ശാരദ: അകത്തുണ്ടു്. അച്ഛന്റെ വാത്സല്യത്തിരക്കിനാൽ വന്നുപോയതെല്ലാം ക്ഷമിക്കണം.
(ഇന്ദുശേഖരൻ ശാരദയെ പിടിച്ചുകൊണ്ടു നടക്കുന്നു. വാസുദേവൻപിള്ള പിൻതുടരുന്നു.)
ഗോവിന്ദമേനോനും ശങ്കുണ്ണിമേനോനും: ഞങ്ങൾക്കു താങ്ക്സ് എങ്കിലും ഇല്ലേ?
(ഇന്ദുശേഖരനും ശാരദയും തിരിഞ്ഞുനിന്നും വിനയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.)
ശങ്കുണ്ണിമേനോൻ: ശങ്കുശ്ശാര്‍ക്കും ഒരു തങ്കും ചിങ്കുമില്ലയോ കുഞ്ഞുങ്ങളേ?
ഇന്ദുശേഖരൻ: തനിക്കും ഞങ്ങളും ഞങ്ങളുടെ ഗൃഹസര്‍വാധിപത്യവും.
മാധവൻ: (ഗോവിന്ദമേനവനേയും ശങ്കുണ്ണിമേനവനേയും നോക്കി) ക്രിസ്ത്വബ്ദം 1493-ൽ കൊളംബസ് അമേരിക്ക എന്ന വങ്കരയെ 'ഡിസ്കവർ' ചെയ്തു കോളംബാബ്ദം ചെന്ന 1092-ലെ നേര്‍ത്തേ ദിനശുഭമുഹൂര്‍ത്തത്തിൽ ഇന്ദുദേവൻ 'ചെറുതേൻകുഴമ്പിനേ'യും കണ്ടുപിടിച്ചു. ഹുറേ! നമുക്കിനി ലാഡു ബ്രൈബുകൾ കുന്തത്തിലെങ്കിലും, 'ചെറുതേൻ കൊളംബസ്' നമ്മുടെ യുവലോകത്തിനൊരിന്ദുവായി വിലസട്ടെ!
ഗോവിന്ദമേനോനും ശങ്കുണ്ണിമേനോനും: 'നയ്യർ 'കുലം പെരുകി കേരളകീർത്തി ഭൂമിയിലെങ്ങും പരത്തട്ടെ.
(കർട്ടൻ)