പാത്രവിവരം (01)
പാത്രവിവരം
വേലായുധക്കയ്മൾ - ഹജൂരാഫീസിൽ ഒരു സൂപ്രണ്ട്
ഗോവിന്ദപ്പിള്ള- ടിയിൽ ഒരു ക്ലാര്‍ക്കു്
മധുസൂദനൻപിള്ള - ഹൈക്കോർട്ടിൽ ഒരു ക്ലാര്‍ക്കു്
ഗോപാലക്കുറുപ്പു് - സ്ഥലം മുൻസിഫ്
മല്ലൻപിള്ള - ഒരു ശിപായി
കുട്ടപ്പൻ- ഗോപാലക്കുറുപ്പിന്റെ മകൻ
കുഞ്ഞിപ്പിള്ള അമ്മ- ഗോപാലക്കുറുപ്പിന്റെ ഭാര്യ
ലക്ഷ്മിക്കുട്ടി- ടിയാരുടെ മകൾ
ഒരു പോലീസ് ഇൻസ്പെക്ടർ
ഒരു ജട്കാക്കാരൻ
ഗോവിന്ദപ്പിള്ളയുടെ സഹജോലിക്കാർ
ക്ലബ്ബു മെമ്പറന്മാർ
തിരുവനന്തപുരം രാജകീയകാളേജിൽ 1090-ൽ (1914) നടന്ന തിരുവോണം ആഘോഷത്തിലേക്കായി എഴുതിയതു്.
രംഗം ഒന്നു് (02-05)
രംഗം ഒന്നു്
[തിരുവനന്തപുരം കാഴ്ചബംഗ്ലാവുതോട്ടം . മധുസുദനൻപിള്ള പ്രവേശിക്കുന്നു.]
മധുസൂദനൻപിള്ള: ഇത് ഒരു മനോഹരനന്ദനംതന്നെ. പാരിജാതചമ്പകകദംബങ്ങൾ പൂച്ചാരിഞ്ഞ്, വായുഭഗവാനെ മകരന്ദവാഹി ആക്കുന്നില്ലെങ്കിലും, ബഹുവിധപുഷ്പസഞ്ചയങ്ങളുടെ മന്ദസൗരഭ്യം ഈ ആരാമത്തെ ഒരു സുഖമയസങ്കേതം ആക്കുന്നു. (ഒരു ഭാഗത്തോട്ടു നോക്കീട്ട്) ഓഹോ! നായർസ്ത്രീകളും ഈ സ്ഥലത്തു സുഖമെടുപ്പാൻ വന്നുകൂടിത്തുടങ്ങി. ഏകാകിനിയായ ഒരു ബാലിക ചന്ദ്രബിംബം പോലെ അതാ, ആ പുഷ്പവാടിയോടണഞ്ഞു, സന്ധ്യാഗമനത്താലുള്ള മന്ദപ്രഭയെ ജാജ്വല്യമാക്കുന്നു. (ഒരു വരവു് കാണുകയാൽ) എന്നെ! കാലചക്രഭ്രമണത്തിന്റെ അപ്രമേയത്വമെ! മനുഷ്യചരിത്രം രേഖപ്പെടുത്തീട്ടില്ലാത്ത ഒരു ആശ്ചര്യം ഇതാ സംഭവിക്കുന്നു! സ്ത്രീദ്വേഷി, ലോകവിദ്വേഷി, മിസ്റ്റർ വേലായുധക്കയ്മൾപ്രഭുവിന്റെ പുറപ്പാടു്, ഇതാ ഈ രസികമണ്ഡലത്തിന്റെ സഞ്ചാരദേശത്തോടു് ഉണ്ടാകുന്നു. ഇന്നേ ഈ തോട്ടത്തിന്റെ ജന്മം സഫലമാകുന്നുള്ളു. കഷ്ടമേ! ദുരുദുരിതമേ! കൂട്ടുകാർ ആരെയും കാണുന്നില്ലല്ലൊ. ഈ വിദ്വേഷഭണ്ഡാരം ഇവിടെനിന്നു് അന്ധകാരത്തിന്റെ ഇഴ എണ്ണുന്നത് ഞാൻ തനിച്ചു കണ്ടു രസിക്കേണ്ടിവരുന്നല്ലൊ! (ചൂളം ഇടുന്നു.) പണപ്പത്തായക്കാര്‍ക്കുണ്ടോ കണ്ണും ചെവിയും? അതാ! അതാ! രസം പെരുകുന്നു. ആ ജട്കായിൽ വന്നിറങ്ങി പുഷ്പവാടിയെ പ്രശോഭിപ്പിച്ചു, അന്ന നട പഠിക്കുന്ന ബാലികയെ കണ്ട്, തത്വീക്കയ്മളശ്ശൻ കന്ദര്‍പ്പവശനായി സ്തബ്ധനാകുന്നു. ഏലഃ ! ഏലഃ ! അതേ ഇളകുന്നു- എന്റ കുറ്റമറ്റ കുണ്ഡലീശാ! താങ്കടെ സന്ന്യാസിത്വമെല്ലാം പ്രസംഗവേദിയിലെ ധാർഷ്ട്യമാത്രമോ? ഇന്നാൾ ഗോവിന്ദപ്പിള്ളയുമായുണ്ടായ ശണ്ഠകണ്ടിട്ടു്, സാക്ഷാൽ ധര്‍മ്മാവതീര്‍ണ്ണൻതന്നെ ഇദ്ദേഹം എന്നു തോന്നിച്ചു. മറ്റുള്ളവർ തടസ്സം പറഞ്ഞില്ലെങ്കിൽ അന്നൊരു ദ്വന്ദ്വയുദ്ധം ഉണ്ടായേനെ. ലോകത്തിലെ മറ്റു ഭാഗങ്ങളെല്ലാം സ്വര്‍ഗ്ഗവും, കേരളം നരകവുമാണെന്നുള്ള ചിലരുടെ സിദ്ധാന്തത്തെ കയ്മളശ്ശൻ ഖണ്ഡിച്ചു്-ഭ്രാന്തശ്ശാർ എന്തു കുഴിയിൽ ചെന്നു ചാടുന്നോ? പുഡുകാശികളുടെ ലോകജ്ഞാനം തുച്ഛം! എന്തെങ്കിലും ആകട്ടെ, അങ്ങോട്ടു ചെല്ലുകതന്നെ. അയാൾ ഫണം വിടുര്‍ത്തി ചീറുന്നതു കാണാൻ രസമുണ്ട്.
(വേലായുധക്കയ്മൾ പ്രവേശിക്കുന്നു.)
മധുസൂദനൻപിള്ള: (അടുത്തുചെന്നു്) ഗുഡ്ഡീവിനിംഗ് !
വേലായുധക്കയ്മൾ: (എങ്ങാനും നോക്കി) ഗുഡ്ഡീ- ഈ- ഏ- എസ്!
മധുസൂദനൻപിള്ള: എന്തു ഭാഷയാണിതു സാർ ! മുല്ലവിശിഖരാഷ്ട്രത്തിലെ ഭല്ലൂകശീരോ, തളിങ്കാട്ടു വിദ്വാൻകുട്ടീടെ നവമായ ഒരു സൃഷ്ടി ?
വേലായുധക്കയ്മൾ: ദയവുചെയ്തു മാപ്പുതരണേ. ഏകാന്തത തരുന്ന സ്വരത്തെ ഭംഗപ്പെടുത്തരുതു്.
മധുസുദനൻപിള്ള: ഒന്നു പരിഗ്രഹിക്കണം! അങ്ങനെ ഒരു പെൻഡ്യുലം ഉണ്ടാകുമ്പോൾ വ്യവസ്ഥകൂടാതെ ചലിക്കുന്ന മനസ്സിനു് ഒരു നിയതഗതി വന്നുകൂടും . പരിണയം ഒരു മഹാ സേക്രമന്റാണു്. ആകാശചാരികളെ നിലത്താക്കി, ലോകസമ്മതമായ നിലയിൽ ചരിപ്പിക്കും.
വേലായുധക്കയ്മൾ : എന്താണിതു്? നിങ്ങളും ഗോവിന്ദപ്പിള്ളയെപ്പോലെ ശണ്ഠയ്ക്കു കോപ്പിടുന്നോ? കൂട്ടര്‍ക്കൊക്കെ ഞാനൊരു കളി പണ്ടമാകണമല്ലേ? കഥ നന്നു് -ഞാൻ നടക്കുന്നു.
മധുസൂദനൻപിള്ള: കയ്മളശ്ശാ! കാര്യമായി ഞാൻ അല്പം ഗുണദോഷിക്കാം. ആയുസ്സിനെ നിഷ്ഫലമാക്കരുതു്. വമ്പിച്ച ഗൃഹസ്ഥനാണു്; നല്ല മാസപ്പടിയുണ്ട്. സൗന്ദര്യം അംഗശഃ എന്നുതന്നെ വര്‍ണ്ണിക്കാം; സ്വഭാവഗുണമോ- ഏതാണ്ടു് ചില മുനകളുള്ളവ മഴങ്ങിയാൽ- ഇതാ- ഇച്ചൊന്ന ഗുണങ്ങളെല്ലാം പാഴാക്കുക എന്നു വെച്ചാൽ പാതകമാണു് - വലിയ മഹാപാതകമാണു്.
വേലായുധക്കയ്മൾ: ഗുണദോഷം ആവശ്യപ്പെടുമ്പോൾ ഫീസുതന്നു അപേക്ഷിച്ചു വാങ്ങിക്കൊള്ളാം.
മധുസൂദനൻപിള്ള: പ്രതിഫലം ആഗ്രഹിക്കുന്നില്ലാ. അമ്മാവന്റെ മക്കൾ, അച്ഛന്റെ അനന്തിരത്തികൾ അയൽപക്കക്കാരുടെ ആ രണ്ടുവക കിശോരികളും കൂടി ബറ്റാലിയൻ നമ്പർ എത്രയെങ്കിലും ചേര്‍ക്കാനുണ്ടല്ലോ.
'കമലാ വിമലാ കാമാ
കാവിക്കാവു സുഭദ്രയും
മീനാക്ഷി മാധവീ ഭാമാ
പങ്കജാക്ഷീ ച പങ്കിയും
ഓമനക്കുട്ടി ശിന്ന്വമ്മ
തങ്കം ഭാര്‍ഗ്ഗവി ഭാരതി
അമ്മുവും പിന്നെ അമ്മാളു
ഭായി രുഗ്മിണി ശാരദാ.'
ഇപ്പൈങ്കിളിപ്പേരുകൾ സ്മരിച്ചും ജപിച്ചും മാത്രം നടന്നാൽ. ഇഹത്തിലും പരത്തിലും 'മോക്ഷം നാസ്തി ശുഭം നാസ്തി-നാസ്തി ജന്മപ്രയോഗവും-'
വേലായുധക്കയ്കൾ: നിങ്ങൾ തോന്നിയതെല്ലാം ചിലയ്ക്കൂ. ഞാൻ ഒന്നു ചുറ്റി നടക്കട്ടെ, ദേഹത്തിനും എന്തോ സ്വാസ്ഥ്യമില്ലഹേ- (പോകാൻ തുടങ്ങുന്നു).
മധുസൂദനൻപിള്ള: അതാ സമ്മതിച്ചുവല്ലൊ- സ്വാസ്ഥ്യം നാസ്തി, സുഖം നാസ്തി- ദേഷ്യപ്പെടേണ്ട. ഞാൻ പോവുകയാണു്- വിശന്നു തുടങ്ങി- ഞങ്ങൾ അന്നന്നുവച്ചു സാപ്പിടുന്ന എരപ്ഫന്മാറാണു്. ഗുഡ് നൈറ്റ്! നല്ല പരിമളം കലർന്ന സ്വപ്നങ്ങളും!
(മധുസുദനൻപിള്ളയും കയ്യളും രണ്ടുവഴിക്കു തിരിഞ്ഞു്, കയ്യൾ രംഗത്തിൽ നിന്നും പോകുന്നു.)
മധുസൂദനൻപിള്ള: ഞാനിവിടെ പതുങ്ങിനില്ക്കാനാണു് ഭാവം. ഈ മാരാമയനെഞ്ചൊടിവും, ' എങ്ങോട്ടുപോയി മമ' എന്ന തിരനോട്ടവും, ഹൃദ്യതരനടനവും എന്തോ ഉണ്ടാകുന്നതിന്റെ തമുക്കടിപ്പാണു്. അതുകൊണ്ട്, വ്യാപാരം എന്തെന്നും കണ്ടുവയ്ക്കട്ടെ. ആഫീസിൽ ചെന്നാൽ നേരം കൊല്ലുന്നതിനും കോപ്പും സമ്പാദിക്കേണ്ടേ? ''
(രംഗത്തിന്റെ മറെറാരുഭാഗത്തുനിന്നും ഗോവിന്ദപ്പിള്ള പ്രവേശിക്കുന്നു.)
ഗോവിന്ദപ്പിള്ള: ഷ്യ! ഷ്യു!
(മധുസൂദനൻപിള്ള തിരിഞ്ഞുനോക്കുന്നു.)
(ഉറക്കെ സംസാരിക്കരുതെന്നു് ആംഗ്യം കാണിച്ചുകൊണ്ടു അടുത്തു ചെന്നു) ഒരു കാൺസ്‌പിറസിയിൽ ചേരുന്നോ?
മധുസൂദനൻപിള്ള: നേരംപോക്കിനോ സാപ്പാടിനോ വകയുണ്ടെങ്കിൽ, ഒന്നിലും രണ്ടിലുമല്ല, ഒരു നൂറിലുമാകാം.
ഗോവിന്ദപ്പിള്ള: ആദ്യത്തേതു നിശ്ചയം. മറ്റതിനു് അവനവൻതന്നെ വഴിയുണ്ടാക്കണം. ഈ പുറപ്പാടിൽ ജയം ഉണ്ടായാൽ ഒരു ടീപാർട്ടി എന്റെ കണക്കു്. കേട്ടില്ലേ! കയ്മൾവിദ്വാനുമായി ഒരു ശണ്ഠ ഉണ്ടായെന്നു്, ഉണ്ടായിരുന്നല്ലൊ. ഒന്നു പഠിപ്പിക്കാൻ ഞങ്ങൾ തീർച്ചയാക്കിയിരിക്കുന്നു. നിങ്ങളും ചേരൂ കൂട്ടത്തിൽ.
(ഒരു ബാലിക രംഗത്തിന്റെ ഒരു ഭാഗത്തു പ്രത്യക്ഷയാകുന്നു.)
മധുസൂദനൻപിള്ള: ഇതാരാഹേ? വിദൽശിഖയോ, മൈനാകക്കുരുന്നോ? സ്നേഹിതാ, നോക്കൂ: 'കണ്ടാലത്ഭുതമായ ചിത്രമെഴുതിച്ചായം പിടിപ്പിച്ചപോൽ-'
ഗോവിന്ദപ്പിള്ള: അബദ്ധം! ഈ ഉദ്യാനം രക്ഷിക്കുന്ന യക്ഷിയാണിവൾ! ആ ചവറിനെ കണ്ടിട്ടു്, നിങ്ങളും ഭൂമിക്കുന്നോ?
മധുസൂദനൻപിള്ള: ഛേ മഹാപാപീ! ആ കബരീഭാരം നോക്കൂ. ആ പ്രൗഢനടയും, പുരികക്രസന്റുകളും- എൻെറ സഹദുഷ്ഷന്തൻ ആരാണു സ്നേഹിതാ?
ഗോവിന്ദപ്പിള്ള: കയ്മളശ്ശനോടു ചോദിക്കൂ. ഇതാ ഇതാ ഇങ്ങോട്ടു മറഞ്ഞുകൊള്ള. ചെടിക്കിടയിൽ നല്ലതിന്മണ്ണം മറഞ്ഞുനിൽക്കൂ. മിണ്ടല്ലെ! കഥയെല്ലാം പിന്നീടു പറയാം. (ആത്മഗതം) കുട്ടനു എന്തു കൊടുത്താൽ മതിയാകും? മഹിഷമംഗലം ചത്തുപോയല്ലൊ! ഇല്ലെങ്കിൽ, എത്ര നല്ല ഒരു ചമ്പുവിനു പ്രമേയമുണ്ടാകുന്നു! (പ്രകാശം) മിണ്ടരുത്. അതാ പെണ്ണിന്റെ പുറകെ സന്യാസിക്കയ്മൾ കടാക്ഷകാന്തത്താൽ ആകൃഷ്ടനായപോലെ എത്തുന്നു. പെണ്ണുങ്ങളുടെ പേരുപറഞ്ഞാൽ ഛർദ്ദിക്കുന്ന ദുവാസർഷി അതാ അതാ 'ചരണനളിന ദാസോസ്മ്യഹം' ചുവടുവെച്ച് എത്തുന്നു.
(ഗോവിന്ദപ്പിള്ളയും മധുസുദനൻപിള്ളയും മറയുന്നു. വേലായുധക്കയ്മൾ പ്ര വേശിച്ചു, ബാലിക ചുറ്റിനടക്കുന്നതിനിടയിൽ, പുറകേ ചെല്ലുന്നു. അവളുടെ കൈയിൽനിന്നും ഒരു ലേസ് താഴെവീഴുന്നു. അതിനെ കയ്മൾ എടുത്തു കൊടുക്കുന്നു.)
ബാലിക: സ്റ്റ്യൂപ്പീഡ്!
വേലായുധക്കയ്മൾ: ക്ഷമിക്കണേ സ്വീറ്റ് ലിററിൽ-
ബാലിക: ലേസ് അവിടെ ഇടുക-
വേലായുധക്കയ്മൾ: ഇങ്ങനെ എടുത്തുതരുന്നത് ഇംഗ്ലീഷ് മര്യാദയാണു്.
ബാലിക: ഞാൻ പറയുന്നതു് നാട്ടുമര്യാദ. പുത്തൻ മര്യാദയൊന്നും നിങ്ങൾ പഠിപ്പിക്കേണ്ട-
വേലായുധക്കയ്മൾ: കഠിനമാണിതു -
ബാലിക: എന്നാൽ, താഴത്തു് പോടുക. എടുക്കാൻ ഞാൻ അപേക്ഷിച്ചോ?
രംഗം ഒന്നു് (06-09)
വേലായുധക്കയ്മൾ: ലേസല്ല കഠിനം; കട്ടിയുടെ തേനോലുന്ന വാക്കുകളാണു്.
ബാലിക: ചാലയിൽ കൊണ്ടുപോയി വിൽക്കൂ ഹേ, നിങ്ങടെ ഈ അസംബന്ധച്ചരക്കു്; വല്ലതും കിട്ടും . തേനിന്റെ കാഠിന്യം കണ്ടുപിടിച്ച നിങ്ങൾ മനുഷ്യനോ?
വേലായുധക്കയ്മൾ: ഇത്ര നിഷ്ക്കരുണമായി സംസാരിക്കുന്നതിനു് ഞാൻ എന്തപരാധം ചെയ്തു?
ബാലിക: അപരാധമോ? എൻറെ സ്വൈരത്തിന്റെ നിരോധനം തന്നെ-ഇംഗ്ലീഷ് എറ്റിക്കെറ്റ് എന്നുപറഞ്ഞു് ഉന്തിക്കേറുന്നതും ശിക്ഷായോഗ്യമല്ല. അല്ലേ? കരുണയും നിഷ്കരുണയും കാട്ടാൻ നാം തമ്മിൽ എന്തുബന്ധം?
വേലായുധക്കയ്മൾ: ബന്ധമോ, നാരായണ! അങ്ങോട്ടു പോന്ന ഹൃദയത്തെ ഞാനെന്തു ചെയ്യേണ്ടു?
ബാലിക: (ചിരിച്ചുകൊണ്ടു്) പോരാനും വരാനും ഹൃദയമെന്നൊരു സാധനം അങ്ങേടെ ശരീരക്കെട്ടിൽ ഉണ്ടോ?
വേലായുധക്കയ്മൾ: അയ്യോ! ഇവിടത്തെ തുടിപ്പു് ഒന്നു നോക്കണേ-
ബാലിക: എന്നാൽ അത് അവിടെത്തന്നെ ഉണ്ടല്ലോ. ഇങ്ങോട്ടു പോന്നിട്ടില്ല. വല്ല ഡാക്ടരോടും ആലോചിച്ച്, അതിന്റെ തുടിപ്പിനും ചികിത്സിക്കുക- (പൊട്ടിച്ചിരിച്ചു കൊണ്ടു പോകുന്നു.)
വേലായുധക്കയ്മൾ: ഇന്നാളത്തെ നാടകത്തിൽവെച്ചാണു് ഈ ആനന്ദസ്തോമത്തെ ഞാൻ ആദ്യമായി കണ്ടതു്. റിസർവ്ഡ് സീറ്റിൽ ഒന്നാംവരിയെ ഇവൾ പൂര്‍ണ്ണപ്രഭമാക്കിയിരുന്നു. എങ്ങനെയൊ നമ്മുടെ മനസ്സിനെ ഒന്നിളക്കീട്ടു് പോകയും ചെയ്തു. ഇന്നിതാ കവര്‍ന്നു, കവര്‍ന്നു, കവര്‍ന്നു. എന്താ കാട്ടുക? ഗോവിന്ദപ്പിള്ളയോടു ശണ്ഠകൂടേണ്ടതല്ലായിരുന്നു. മനുഷ്യരെ സൗജന്യശീലന്മാരാക്കുന്നതിനു് അപ്രമേയശക്തിയുള്ള ഒരു സൃഷ്ടിതന്നെയാണു് അബലാവര്‍ഗ്ഗം. ഈ തത്വം ഞാനറിഞ്ഞിരുന്നില്ല; ഇവൾ ചെറിയ കട്ടി- സ്കൂൾസ്വഭാവം ഓരോ വാക്കിലും വൃത്തിയിലും സ്ഫുരിക്കുന്നു- ശുദ്ധസാധനം- അതുകൊണ്ടാണ് നമ്മോടു ശണ്ഠയ്ക്കു നിന്നതു്. എന്തു ചൊടി! ആളെ അറിയുമ്പോൾ വഴിപ്പെട്ടു വരും. ഇതാ അവളുടെ ജട്കാക്കാരൻ വരുന്നു. അയാളോടു ചോദിച്ചാൽ വസ്തുതയെല്ലാം അറിയാം . എടോ! (ജട്കാക്കാരൻ പ്രവേശിക്കുന്നു.)
ജട്കാക്കാരൻ: എന്തെജമാനേ?
വേലായുധക്കയ്മൾ: ആരാണതു്?
ജട്കാക്കാരൻ: പന്നക്കുന്നിലെ മിസ്സി.
വേലായുധക്കയ്മൾ: ഛീ അതല്ലെടോ! അതാ പോകുന്നില്ലേ?-
ജട്കാക്കാരൻ: അതോ? കമാനാപ്സരും മധാമ്മയും.
വേലായുധക്കയ്മൾ: ബ്ലഡി ആസ്സ്!
ജട്കാക്കാരൻ: ആസ്സും കുലാനും ഒക്കെ നന്നാ പഠിപ്പിക്കണത് ഞങ്ങടെ പള്ളീലാണു്.
വേലായുധക്കയ്മൾ: ക്ഷമിക്കൂ. (ഒരു സമ്മാനം കൊടുക്കുന്നു) പറയൂ പരമാര്‍ത്ഥം.
ജട്കാക്കാരൻ: ഏമാനന്മാർ ഉത്തരവായാൽ പരമാസ്ത്രമല്ലാണ്ട് പറയുമോ? ഇപ്പം ആരെ ആരെന്നറിയണം?
വേലായുധക്കയ്മൾ: തന്റെ ജട്കായിൽ വന്നില്ലേ? ആ കുട്ടി ആരെന്നു പറയൂ.
ജട്കാക്കാരൻ: അതു നമ്മുടെ- ലോ- അങ്ങ് കോട്ടയ്ക്കകത്തുകൂടി പൂജപ്പുരയോട്ടു പോണവഴി, അവിടെച്ചെന്നും നേരെ പടിഞ്ഞാറോട്ടു പോമ്പം -
വേലായുധക്കയ്മൾ: ഛേ! എന്തു വർത്തമാനമാണിതു്? ലക്കില്ലാതെ സംസാരിക്കുന്നോ?
ജട്കാക്കാരൻ: അതുതന്നെ യജമാനേ, ശോദ്യത്തിനൊത്ത ഉത്തരം. ലക്കും ലിക്കും ചെല്ലുന്നതിന്റെ തരമ്പോലിരിക്കും. ഞങ്ങൾക്കു കിട്ടുന്നതു് നാറവെള്ളം-
വേലായുധക്കയ്മൾ: ആരെന്നു പറഞ്ഞാൽ നല്ല സമ്മാനത്തിനു വഴിയുണ്ടു്.
ജട്കാക്കാരൻ: വേണ്ട വേണ്ട. ഒപ്പിപ്പാൻ വരട്ടെ. ഏമാന്റെ വീട്ടിലെ കൊച്ചുതന്നെങ്കിലോ?
വേലായുധക്കയ്മൾ: അല്ല. സത്യമായിട്ടല്ല. (പിന്നെയും ഒരു സമ്മാനം കൊടുക്കുന്നു.)
ജട്കാക്കാരൻ: ഇതൊക്കെ എന്തിനേമാനേ. ആ കൊച്ചും നമ്മുടെ ഗോപാലക്കുറുപ്പു് മുൻസീപ്പേമാന്റെ രണ്ടാമത്തെ മോള്. മൂത്തതിനെ ആരോ കൊണ്ടുപോയോ പോയില്ലയോ. ഇതു ചുത്ത ചൂട്ടിത്തല. വണ്ടികേറിയപ്പം തൊട്ടു ഇതുവരെ ലോട്ടു -
(വേലായുധക്കയ്മൾ ജഡ്‌കാക്കാരനെ പ്രഹരിക്കുന്നു.)
വേലായുധക്കയ്മൾ: ഛെ! എന്തു പറഞ്ഞെടോ? എന്റെ സ്നേഹിതന്റെ സഹോദരിയാണത്.
ജട്കാക്കാരൻ: എന്നിട്ടാണോ 'ഛപ്പീട്ടു്' എന്നു കൊണ്ടതും ആരെന്നറിയാൻ കൂലി തന്നതും?
വേലായുധക്കയ്മൾ: പോകൂ- പോകൂ- ആ കുട്ടിയെ അസഹ്യപ്പെടുത്തിയാൽ തൂക്കിക്കൊല്ലും.
ജട്കാക്കാരൻ: എന്നാൽ ചിലരൊക്കെ ഇതിനു മുമ്പുതന്നെ പരലോകം കാണുമായിരുന്നു. (പോകുന്നു.)
വേലായുധക്കയ്മൾ: ഗോവിന്ദപ്പിള്ളയുടെ ഇളയമ്മയുടെ മകളാണു്. അനര്‍ത്ഥമായി! ഇനി തൂങ്ങിച്ചാവുകയാണു് ഉത്തമം! ( പോകുന്നു.)
(മധുസുദനൻപിള്ളയും ഗോവിന്ദപ്പിള്ളയും പ്രവേശിച്ചു പൊട്ടിച്ചിരിക്കുന്നു.)
മധുസൂദനൻപിള്ള: നമ്മുടെ സന്യാസി അര്‍ജ്ജുനസന്യാസിതന്നെ 'കന്യകമാരിലഭിലാഷമുള്ളവർ എന്നാൽ-വേഗേന സന്യസിപ്പിൻ.'
ഗോവിന്ദപ്പിള്ള: കിടന്നു വിളിക്കരുതിഷ്ടാ. അദ്ദേഹത്തിന്റെ ഞാൻ താന്മയും ഫിലാസഫിയും ഇപ്പോൾ ബോദ്ധ്യപ്പെട്ടില്ലയോ?
മധുസൂദനൻപിള്ള : കട്ടി ആരാണു് ഹേ?
ഗോവിന്ദപ്പിള്ള: നിങ്ങളും പ്രേമക്കുണ്ടിൽ പതിച്ചുവോ?
മധുസൂദനൻപിള്ള: മിണ്ടാതിരിക്കൂ- സ്വഭാവത്തിമിര്‍പ്പു് അല്പം കുറഞ്ഞിരുന്നു എങ്കിൽ, ഞാൻ ഇക്ഷണത്തിൽ കോർട്ട് ചെയ്തുകളയുമായിരുന്നു.
ഗോവിന്ദപ്പിള്ള: കയ്മളച്ഛനോടു മത്സരിച്ചുകൊളളൂ. പോരിടൂ- രസം കൊണ്ടുപിടിച്ച രസം! തമ്മിൽത്തല്ലൂ. തലപൊളിക്കൂ- അതാണു നല്ലതു്. ഞാൻ പോകുന്നു. (പോകുന്നു.)
മധുസൂദനൻപിള്ള: മിസ്റ്റർ കയ്യളെ കുറ്റം പറഞ്ഞുകൂടാ. ഈ ഗോവിന്ദപ്പിള്ള മരഹൃദയൻ. ആ കുട്ടീടെ പ്രസരിപ്പു കണ്ടാൽ ആരും കൊതിച്ചുപോകും. ഒന്നു മത്സരിക്കതന്നെ. അയാൾ പണക്കാരനെങ്കിലും പിച്ചൻ, കാശിക്കപ്പുറത്തുകാരൻ! (പോകുന്നു.)
(കർട്ടൻ)
രംഗം രണ്ടു് (10-14)
രംഗം രണ്ടു്
[മുൻസിഫ് ഗോപാലക്കുറുപ്പിന്റെ വീട് . ഗോപാലക്കുറുപ്പ് പണിത്തിരക്കിൽ ഇരിക്കുന്നു.]
ഗോപാലക്കുറുപ്പു്: ഒരു ഡിസ്ട്രിക്ട് ജഡ്ജ് ആയെങ്കിൽ കുറച്ച് ആശ്വാസം ഉണ്ട്. ഇതിൽ കുറച്ചുകാലം കൂടി കിടക്കുകയാണെങ്കിൽ പ്രമേഹവാഹനം കയറി മേഘവാഹനസ്വാമിയെ കണ്ടുപോകും. പണിയെടുത്തു എല്ലും തോലും പൊളിഞ്ഞുപോകുന്നു. ആവോ! എന്താ വേണ്ടതു് ഈ കേസിൽ? -വിവാഹബന്ധം മോചിപ്പാൻ പുരുഷന്റെ അപേക്ഷ- വലിയ ഗൃഹസ്ഥൻ- മൂർഖൻ- ഇടവഴി ഭൃംഗം! നശിച്ച ക്ഷാമഗ്രാമത്തിനു ചേര്‍ന്ന വിവാഹനിയമം ! ഇരുപതിനായിരത്തിൽ ഒരു കാശു കുറയാതെവെച്ചു താങ്ങേണ്ട കേസ്! (ശിപായി പ്രവേശിക്കുന്നു.)
ഗോപാലക്കുറുപ്പു്: എന്തെടോ?
ശിപായി: ഹയഗ്ഗോട്ടു ഗൊമസ്തൻ മധുസൂദനമ്പിള്ള-
ഗോപാലക്കുറുപ്പു്: വരാൻ പറ.
(ശിപായി പോകുന്നു. അല്പം കഴിഞ്ഞ് മധുസൂദനൻപിള്ള പ്രവേശിക്കുന്നു. കശലപ്രശ്നങ്ങൾക്കുശേഷം രണ്ടുപേരും ഇരിക്കുന്നു.)
ഗോപാലക്കുറുപ്പ്: എന്തോ ആവശ്യം പ്രമാണിച്ചാണു പോന്നതു്. അല്ലെങ്കിൽ നാകലോകക്കാർ ഭൂവാസികളുടെ ഗുണദോഷം അന്വേഷിക്കാറില്ലല്ലൊ.
മധുസൂദനൻപിള്ള: ( 'ശരി' പറയുന്ന ഭാവത്തിൽ പുളഞ്ഞു്) ഒരു ചെറിയ- (തലചൊറിഞ്ഞു്) അനുവാദം ഉണ്ടെങ്കിൽ- (തൊപ്പി എടുത്തു് മൂദ്ധാവു തലോടി) ഊഹം തെറ്റീട്ടില്ല. ഒരു ചെറിയ അപേക്ഷ-
ഗോപാലക്കുറുപ്പു്: (ആത്മഗതം) അന്തര്‍ഗ്ഗതം എന്തെന്നറിഞ്ഞുകൂടാ. പക്ഷേ ലക്ഷ്മിക്കുട്ടിയുടെ ജാതകം തെളിയുന്നായിരിക്കാം. ഒളിച്ചു കളിക്കുന്ന ഈ കൂട്ടം തനിയേ വരുന്നതു് മഹാഭാഗ്യത്തിന്റെ ലക്ഷണമാണു്. (പ്രകാശം) അല്ലേ! എന്തായാലും പറയാമല്ലൊ. നിങ്ങളൊക്കെ സ്വന്തം കുട്ടികൾ. ഒന്നു കുറിച്ചയച്ചാൽ മതിയായിരുന്നു.
മധുസൂദനൻപിള്ള: ഇങ്ങനെയുള്ള സ്നേഹത്തെ ഉറപ്പിക്കാൻ ഒരാലോചനയുണ്ട്. അവിടത്തെ അനുവാദമുണ്ടെങ്കിൽ-
ഗോപാലക്കുറുപ്പു്: പറയാം . പറയാം എയ്! ലോഹ്യത്തിൽ കയറി പതങ്ങണ്ട സ്വാതന്ത്ര്യത്തോടെ പറയാം . അതിനല്ലേ ബന്ധുബന്ധങ്ങൾ? നല്ലകളി! മടിക്കെ? ഊം?
മധുസൂദനൻപിള്ള: (ആത്മഗതം) സൂക്ഷ്മം അന്വേഷിച്ചിട്ടു വരേണ്ടതായിരുന്നു. ജട്കാക്കാരൻ തെറിച്ചതാണെങ്കിലോ? പക്ഷേ, കയ്മളോടു പറഞ്ഞതും അങ്ങനെയാണു്. (പ്രകാശം) അവിടത്തെ മകൾ-
ഗോപാലക്കുറുപ്പ്: എസ്സെസ്. ഗൊ ആൺ. നാമൊക്കെ പഠിച്ചവരല്ലേ?
മധുസൂദനൻപിള്ള: ഞാൻ ബാച്ചലർ ആണു്.
ഗോപാലക്കുറുപ്പു്: ഏസ്. വിവാഹങ്ങൾ കാലവും കര്‍മ്മവും ഒക്കുമ്പോൾ നടക്കുന്നു.
മധുസൂദനൻപിള്ള: ആ കുട്ടിയുടെ ജാതകം വാങ്ങാൻ വരുന്നതിനും അനുവാദമുണ്ടെങ്കിൽ അച്ഛനു് എഴുതി അയയ്ക്കാമെന്നു വിചാരിക്കുന്നു.
ഗോപാലക്കുറുപ്പ്: സന്തോഷം ! സന്തോഷം! വീടും കൊട്ടാരക്കരയല്ലേ? ഞാൻ അവിടെയും ഇരുന്നിട്ടുണ്ടു്. ഞങ്ങൾക്കെന്താണു്, പഠിപ്പുള്ള ഒരു സ്വജാതിക്കാരൻ കിട്ടണം- അത്രയല്ലാണ്ടു- ശേഷം ഭാഗ്യംപോലെ. എഴുതി അയച്ചുകൊള്ളുക. അവൾക്കു വയസ്സു പതിനേഴുകഴിഞ്ഞു. ചില പരീക്ഷകളും ജയിച്ചിട്ടുണ്ട്. നല്ല ഒതുക്കവും വണക്കവും- ഗൃഹഭരണത്തിൽ നല്ല സാമര്‍ത്ഥ്യക്കാരിയും- മുമ്പിൽ പറഞ്ഞില്ലേ പഠിപ്പുള്ളവരെന്നു്. അതുകൊണ്ടു മകളുടെ പരമാത്മസ്ഥിതി അച്ഛൻതന്നെ വര്‍ണ്ണിക്കുന്നു.
മധുസൂദനൻപിള്ള: (ആത്മഗതം) പതിനേഴു വയസ്സോ? ഒതുക്കക്കാരിയോ? ഇതെന്തും ആകാശപ്പിളർപ്പു്! പതിന്നാലിൽ ഒരു മിന്നിട്ടു കൂടാനിടയില്ല. ഒതുക്കക്കഥ അച്ഛന്റെ സ്നേഹകൃതി. എന്തായാലും കുറച്ചുകൂടി അന്വേഷിച്ചു തീച്ചയാക്കാം. (പ്രകാശം) അച്ഛനു എഴുതി അയച്ചു മറുപടി വരുന്നതുവരെ ഒന്നും ആലോചിച്ചതായി പോലും വരേണ്ട. അങ്ങനെ അല്ലയോ?
ഗോപാലക്കുറുപ്പു്: (ആത്മഗതം) ചുവടു പുറകോട്ടും- എന്നേ കേമാ. (പ്രകാശം) അതാണു മര്യാദ. രണ്ടുകൂട്ടരുടെ സ്ഥിതിക്കും അങ്ങനെതന്നെ വേണ്ടത്.
മധുസൂദനൻപിള്ള: എന്നാൽ ഞാൻ പോയി വരാം.
ഗോപാലക്കുറുപ്പു്: എന്തായാലും നേരിട്ടു പരിചയപ്പെട്ടതു സന്തോഷം. വീടിതു നിങ്ങളുടേതുതന്നെ. ഇടയ്ക്കിടെ വരിക. ഗുഡ്ബൈ.
(മധുസൂദനൻപിള്ള പോകുന്നു. ഗോപാലക്കുറുപ്പു് റിക്കാർഡ് വായന തുടങ്ങി കുറച്ചു കഴിഞ്ഞു ശിപായി വീണ്ടും പ്രവേശിക്കുന്നു.)
ഗോപാലക്കുറുപ്പ്: എന്തോന്നെടോ ഇന്നു ? മധുസൂദനൻപിള്ള പിന്നെയും വരുന്നോ? കുളിക്കാനിറങ്ങിയെന്നു പറ. (ആത്മഗതം) വയസ്സു പതിനേഴ് എന്നു പറഞ്ഞപ്പോൾ പുള്ളിക്കാരന്റെ മുഖഭാവം ഒന്നു പകർന്നു. ഇനി ദൂരെ നിറുത്തണം. അല്ലെങ്കിൽ വില ഇടിഞ്ഞുപോകും. (പ്രകാശം) മനസ്സിലായോ എന്തു പറയണമെന്നു്?
ശിപായി: ഇതു് അയാളല്ലങ്ങുന്നേ. ഒരു ഗാഡു്.
ഗോപാലക്കുറുപ്പു്: ഗാഡും ഡെവിളും ! ആരായാലും പോയി വരാൻ പറ.
ശിപായി: (ഒരു കാഡ് നീട്ടിക്കൊണ്ടു്) ഇതിനെ എന്തരു ചെയ്യണം?
ഗോപാലക്കുറുപ്പു് : (വാങ്ങി വായിക്കുന്നു) 'ടി. എസ്. വേലായുധക്കയ്മൾ ബി. ഏ., ബി. എൽ.' (ആത്മഗതം) ഇതു ചട്ടമ്പി മൂത്ത ആശാനാണു്. ഈയാളും പെണ്ണിനു വരുന്നതായിരിക്കാം. (പ്രകാശം) ആരാണെടോ ഇയ്യാൾ ? എന്തിനു വരുന്നു?
ശിപായി: ഒരു പച്ചസുന്ദരൻ.
ഗോപാലക്കുറുപ്പും: സൗന്ദര്യമാണോ ഞാൻ ചോദിച്ചത്! ആളാരു്? എന്തിനും ഉന്തിക്കേറി വരുന്നു?
ശിപായി: ഏതൊ ഒരു ഡാഗ്ഗുധൊരയാണു്.
ഗോപാലക്കുറുപ്പ്: ബി. എ., ബി. എൽ. ഡാക്ടരാകുവാൻ കാലം അത്ര മറിഞ്ഞോ?
ശിപായി: ഇന്നലെ കുഞ്ഞിനു മരുന്നിനു പെയ്യപ്പം അവിടെവെച്ചു കണ്ടു.
ഗോപാലക്കുറുപ്പ്: എന്നാൽ അയാൾ നിന്നെയും ഒരു ഡാക്ടർ എന്നു പറഞ്ഞേക്കാം. (ചിന്തിക്കുന്നു) ടി. എസ്. വേലായുധക്കയ്മൾ- ഓഹൊ! തളിയങ്കാട്ടു ശങ്കരക്കയ്മളുടെ അനന്തിരവൻ. നല്ല പ്രായം. ജാതി അന്വേഷിക്കേണ്ട; ശുപാര്‍ശചെയ്തു മേൽകൊണ്ടുപോകാനുള്ള കഷ്ടപ്പാടും ഏണ്ട്. എടോ! ഹജൂർകച്ചേരിയിലെ ഒരു സൂപ്രണ്ടല്ലേ?
ശിപായി: അതുതന്നങ്ങുന്നേ! അതുതന്നെ. ഏൽസൂപ്രണ്ടു് തന്നെ.
ഗോപാലക്കുറുപ്പു : ഛേ മണ്ടാ! എന്തായാലും വിളിക്കൂ.
ശിപായി: (കോര്‍ട്ടിലെ നിയമമനുസരിച്ച് ഉറക്കെ) വേലായുധക്കയ്മള്‍
ഗോപാലക്കുറുപ്പു്: (ചാടി എഴുന്നേറ്റ തടസ്സം ചെയ്തു്) വിഡ്ഢി! അങ്ങ് പോയി വിളിക്കാൻ പറഞ്ഞാൽ, ഇവിടെക്കിടന്നു ചങ്കു പൊളിക്കുകയാണോ?
(ശിപായി പിഴ ഏറ്റ ഭാവത്തിൽ ഓടുന്നു.)
അനര്‍ത്ഥം! വിഡ്ഢികളെക്കൊണ്ടു് എന്താ ചെയ്ക? സാധു! അയാൾക്കും കാലം കഴിയണ്ടേ?
(വേലായുധക്കയ്മൾ പ്രവേശിക്കുന്നു. കുറുപ്പ് ഷേക്ക് ഹാൻഡ് ചെയ്ത് ഇരുത്തുന്നു.)
വേലായുധക്കയ്മൾ: ഞാൻ തളിയങ്കാട്ടെ ആണു്. ഹജൂരാഫീസിൽ-
ഗോപാലക്കുറുപ്പും: മനസ്സിലായി. പരിചയം കിട്ടിയതു് ഒരു ഭാഗ്യം. അപ്പോൾ തിരുവിതാംകോട്ടു സര്‍വ്വീസിൽത്തന്നെ ഏപ്പെട്ടു ഇല്ലേ?
വേലായുധക്കയ്മൾ: എന്തെങ്കിലും ഒരു പണി വേണ്ടേ?
ഗോപാലക്കുറുപ്പും: ഇന്നാളൊരു പ്രസംഗം ചെയ്തതു്? ആ- ഊഹം ശരി. 'സ്ത്രീ-അവളുടെ സമുദായനില' എന്ന വിഷയത്തെക്കുറിച്ചു -കേമമായി! പത്രങ്ങളിൽ ഞാൻ വായിച്ചു. പക്ഷേ, ആശയങ്ങൾ കുറച്ചു്-
വേലായുധക്കയ്മൾ: ചില കാലങ്ങളിൽ അങ്ങനെ ഒക്കെ തോന്നും. ആദർശങ്ങൾ ഭിന്നങ്ങളുമാണു്. അതുകൾക്കു പരിവർത്തനങ്ങൾ ഉണ്ടാകുന്നതു സഹജം. ഞാൻ പോന്നതു -
ഗോപാലക്കുറുപ്പു് : ഉണ്ടാകും; ഉണ്ടാകും.
വേലായുധക്കയ്മൾ: ഞാൻ വന്നതു്-
ഗോപാലക്കുറുപ്പു് : ലോകപരിചയം വര്‍ദ്ധിക്കുന്തോറും അഭിപ്രായങ്ങൾ രൂപാന്തരപ്പെടും.
വേലായുധക്കയ്മൾ: ഞാൻ ഒരു-
ഗോപാലക്കുറുപ്പു്: പറക, പറക. നിങ്ങൾ സമ്പന്നൻ, സദ്വൃത്തൻ,
വേലായുധക്കയ്മൾ: (ആത്മഗതം) ഉം! - ജാമാതാവായിക്കഴിഞ്ഞു എന്നുതന്നെ വയ്ക്കാം. എങ്കിലും ഘനം വിട്ടുകൂടാ. (പ്രകാശം) ഞാൻ ഒരു ഡെലിക്കെറ്റ് മാറ്ററെക്കുറിച്ചു സംസാരിക്കാനാണു വന്നതു്.
ഗോപാലക്കുറുപ്പു്: (കുറച്ചാലോചിച്ചിട്ടു) പറയാം. പക്ഷേ, -
രംഗം രണ്ടു് (15-18)
വേലായുധക്കയ്മൾ: 'പക്ഷേ' പക്ഷേ, എന്നു പീഠിക ഇടരുത്. ഒരു വിവാഹകാര്യം സംബന്ധിച്ചു്- അവിടുന്നു തീച്ചയാക്കേണ്ടതാണു്. തുറന്നു പറഞ്ഞേക്കാം. പിന്നെ, അവിടുത്തെ ഇഷ്ടം പോലെ.
ഗോപാലക്കുറുപ്പു്: (ആത്മഗതം) ഈ കേസിൽ ശുപാര്‍ശയ്ക്കാണു യോഗ്യൻ വന്നിരിക്കുന്നതു് - ഭംഗിയായി ! (എഴുന്നേറ്റു, പ്രകാശം) എനിക്കു കുറച്ചു പണിത്തിരക്കുണ്ട്. കോടതിയുള്ള ദിവസമാണു്. ക്വാട്ടർ അവസാനവും . പിന്നീടു കണ്ടു സംസാരിക്കാം. ഞാൻ അങ്ങോട്ടു വന്നേക്കാം റിട്ടേൺ വിസിറ്റായിട്ടു്.
വേലായുധക്കയ്മൾ: (ആത്മഗതം) ഇദ്ദേഹം ആ കുട്ടിയുടെ അച്ഛൻ തന്നെ. മുഖത്തെ മൂർഖത കണ്ടില്ലേ? (പ്രകാശം) നാം രണ്ടുപേരും തനിച്ചല്ലേ ഉളളൂ? ചുരുക്കത്തിൽ പറഞ്ഞുകളയാം. അരനിമിഷം മതി.
ഗോപാലക്കുറുപ്പ്: ജുഡീഷ്യൽ സംഗതികളെപ്പറ്റി തുറന്ന കോര്‍ട്ടിൽ വെച്ചു കക്ഷികളോ, വക്കീലോ സംസാരിക്കയാണു് ഉത്തമം എന്നു നിങ്ങൾതന്നെ ഗുണദോഷിക്കയില്ലേ?
വേലായുധക്കയ്മൾ: ഞാൻ അവിടുത്തെ ഗൃഹം സംബന്ധിച്ച ഒരു സംഗതി പറയാനാണ് വന്നത്.
ഗോപാലക്കുറുപ്പു : (ആത്മഗതം) അബദ്ധം! തിരുവങ്കത്വം! ബുദ്ധി നേരെ, നില്ക്കുന്നില്ല. ആ മധുസൂദനൻപിള്ള മനസ്സിന്റെ യഥാസ്ഥിതിയെ മറിച്ചുകളഞ്ഞു. (പ്രകാശം) ക്ഷമിക്കണേ. എനിക്കും എന്തോ അന്ധാളിപ്പു വന്നു പോയി. ക്ഷമിക്കണേ ക്ഷമിക്കണേ. ഞാൻ ന്യൂസ്കൂളുകാരൻ അല്ലാത്തതിനാൽ വഴികൾ ഒരുവിധം കാര്യം എന്താണു്? കേൾക്കട്ടേ.
വേലായുധക്കയ്മൾ: ഞാൻ സ്ത്രീദ്വേഷി അല്ലാ. പ്രസംഗം അങ്ങനെ ആയെന്നേ ഉള്ള.
ഗോപാലക്കുറുപ്പു്: ഞാനും മറിച്ചു മനസ്സിലാക്കീട്ടില്ലാ-ഇല്ലില്ലാ.
വേലായുധക്കയ്മൾ: പ്രസംഗത്തിലെ അഭിപ്രായനില മാറുന്നതിനു കാരണഭൂതയായ-
ഗോപാലക്കുറുപ്പു: ആയ-? എന്താ പറക.
വേലായുധക്കയ്മൾ: (ലജ്ജാഭാവത്തിൽ) അവിടുത്തെ
ഗോപാലക്കുറുപ്പ്: (ആത്മഗതം) കാരണഭൂതയെന്നാണു് പറഞ്ഞതു- വലിയ സമ്പന്നൻ- നാം കുറച്ചൊക്കെ ക്ഷമിക്കണം. വല വീശണം. അപമാനം ഫൂ! (പ്രകാശം) ഞാൻ കുറച്ചുമുമ്പു് പറഞ്ഞതിനെ അത്ര സാരമാക്കേണ്ടാ. പ്രസംഗംകൊണ്ടു് അങ്ങേടെ പാണ്ഡിത്യം വെളിപ്പെട്ടു. അതു വായിച്ചപ്പോൾത്തന്നെ നാം തമ്മിൽ പരിചയമുണ്ടാകണമെന്നും മറ്റും മോഹം എനിക്കുണ്ടായി.
വേലായുധക്കയ്മൾ: (ആത്മഗതം) ആ 'മറ്റും' നമ്മെ ധൈര്യപ്പെടുത്തുന്നു. തളിയങ്കാട്ടു മുതലിനുള്ള ശക്തി ചില്ലറയല്ലാ. ഇനി പറഞ്ഞുകളയാം (പ്രകാശം) അവിടുത്തെ കുട്ടി-
ഗോപാലക്കുറുപ്പു : അവൾ സാധുവാണു്. എന്തു കാട്ടി?
വേലായുധക്കയം : (ആത്മഗതം) സാധുവോ? അച്ഛന്മാര്‍ക്കു് അങ്ങനെ തോന്നുമായിരിക്കാം. എങ്കിലും ആളെ ഒന്നു വ്യക്തപ്പെടുത്തിക്കളയാം. (പ്രകാശം) രണ്ടാമത്തേ-
ഗോപാലക്കുറുപ്പ്: രണ്ടാമത്തേയോ?
വേലായുധക്കയ്മൾ: പരിഭ്രമിക്കണ്ടാ. മര്യാദകേടൊന്നും പ്രവർത്തിച്ചിട്ടില്ല. എനിക്കു വളരെ കൗതുകമായിത്തോന്നി. എന്നാൽ അവിടുത്തെ അനുവാദം വാങ്ങി കാരണോരെ ധരിപ്പിക്കാമെന്നു വിചാരിച്ചു.
ഗോപാലക്കുറുപ്പു: (ആത്മഗതം) ഇതെന്തു കഥയോ ഭഗവാനേ! എനിക്കു് ആകപ്പാടെ ഒരു മകളേ ഉള്ളൂ. രണ്ടാമത്തെ ജഡജം കുട്ടപ്പൻ- മഹാവികൃതി - (പ്രകാശം) മിസ്റ്റർ കയ്മൾ ! നിങ്ങൾ കുറച്ചുകൂടി അന്വേഷിക്കുക. അതു കഴിഞ്ഞിട്ട് ഈ അപേക്ഷ കൊണ്ടുവരാൻ തോന്നിയാൽ-
വേലായുധക്കയ്മൾ: മകളെ ഞാൻ കണ്ടു; സംസാരിച്ചു; എനിക്കു നല്ലവണ്ണം ബോധിച്ചു രൂപവും ശീലവും.
ഗോപാലക്കുറുപ്പു്: (അത്യാശ്ചര്യത്തോടെ) കണ്ടുവോ?
വേലായുധക്കയ്മൾ: (പരവശനായി) എന്നെ ഇങ്ങനെ ചുറ്റിക്കരുതു്. നിങ്ങൾ ഓൾഡ് സ്കൂൾകാരനെങ്കിലും, എഡ്യൂക്കേറ്റഡ് ജെന്റിൽമാൻ ആണ്. അതുകൊണ്ടു ഫ്രീ ആയിട്ടു സംസാരിക്കുന്നതാണു്. ആ കുട്ടിയെ കിട്ടിയില്ലെങ്കിൽ ഞാൻ മരിക്കും; എന്റെ ഇഷ്ടന്മാർ പലരും എന്നെ വട്ടത്തിലാക്കും; ഞാൻ ഈ നാടു വിടും. അങ്ങും അവരോടും ചേരരുത്.
ഗോപാലക്കുറുപ്പു : (ആത്മഗതം) ഉള്ളവൾക്കു ആരും വരുന്നില്ല. ഇല്ലാത്തവൾക്കു ഞാൻ ഞാൻ എന്നും ആളുകൾ മേക്കിട്ടു കേറുന്നു. (പ്രകാശം) ഞാൻ ഒരു കൂട്ടത്തിലും ചേരുന്നില്ല. ചുറ്റുപാടുകളെല്ലാം നിങ്ങൾ തിരക്കീട്ടുവരിക. അപ്പോൾ--
വേലായുധക്കയ്മൾ: 'അപ്പോൾ' എന്നാക്കണ്ടാ. ഇപ്പോൾത്തന്നെ വാക്കുതന്നേക്കാം. ആ ഡ്രാമാരാത്രിയിൽ ഫ്രണ്ട് സീറ്റിൽവെച്ചു ഞാൻ ആദ്യം കണ്ടു. ഇന്നലെ പബ്ലിൿ പാര്‍ക്കിൽ വന്നപ്പോൾ രണ്ടു വാക്കു സംസാരിപ്പാനും ഭാഗ്യമുണ്ടായി.
ഗോപാലക്കുറുപ്പു: (ആത്മഗതം) ലക്ഷ്മിക്കുട്ടി ഞാനറിയാതെ സവാരികൾക്കു പുറപ്പെടുന്നുണ്ടോ എന്തോ? രണ്ടാമത്തതു് എന്നു പറയുന്നതു തെറ്റായിരിക്കാം. ഏതായാലും സ്ഥിതികൾ പറവാൻ വരട്ടെ. കിട്ടാൻ തരമുള്ള നല്ല പുള്ളിയെ വിട്ടും കൂടാ. (പ്രകാശം) നിങ്ങൾ കണ്ടതും മറ്റാരെയെങ്കിലും ആയിരിക്കാം.
വേലായുധക്കയ്മൾ: അല്ലെന്നു ഞാൻ സത്യം ചെയ്യാം. ഈ ഭാവചേഷ്ടകൾ ആ കട്ടിയിലും ഞാൻ കണ്ടു.
ഗോപാലക്കുറുപ്പു്: (ആത്മഗതം) ഇക്കഥ എന്തായാലും രസംപിടിച്ചതുതന്നെ. ഈ 'തനിക്കാംപോന്ന' പുള്ളിക്കും അങ്ങനെ ഇങ്ങനെ വലിയ തെറ്റൊന്നും ഉണ്ടാകയില്ല. രണ്ടുപേരുടെ ചേഷ്ടകളേയും സൂക്ഷിച്ചിരിക്കുന്നു. എന്തായാലും ഇങ്ങനെ പറയാം. (പ്രകാശം) കച്ചേരിക്കു നേരമാകുന്നു. വൈകിട്ടും ഇങ്ങോട്ടു വരിക. അപ്പോൾ ഇതിനെപ്പറ്റി സംസാരിച്ചു തീച്ചയാക്കാം.
വേലായുധക്കയ്മൾ: അങ്ങനെ ആവാം. സംഗതീടെ ഛായപോലും പുറത്തു വരരുത്.
ഗോപാലക്കുറുപ്പു : അതു പറയണമോ? സ്ത്രീഗൃഹക്കാരൻ ഞാനല്ലേ?
(കയ്മൾ യാത്രപറഞ്ഞു തിരിക്കുന്നു.)
(ചിന്തയോടിരുന്നിട്ടു്) എടോ! (ശിപായി പ്രവേശിക്കുന്നു.)
ശിപായി: ഉത്തരവു്. സഭാന്നും കിഭാന്നും പറഞ്ഞു് മാനവും മര്യാസയും മറിക്കണവരാണിവരും.
ഗോപാലക്കുറുപ്പു്: പോടോ തൂണാ! ഇവിടുന്നു പോയില്ലേ-
ശിപായി: തൂണനും, ഊണനുമൊക്കെ ചെരിതന്നെ. ദൂക്ഷിച്ചോണ്ടില്ലെങ്കി—
ഗോപാലക്കുറുപ്പു്: മനസ്സിലായെടോ-മനസ്സിലായി. ആയാളോടു്-
ശിപായി: പോയ-
ഗോപാലക്കുറുപ്പു്: ബുദ്ധിമാനേ! പോയ ആളോടുതന്നെ, താനും ഒന്നു പോണം. പോയി, പറയണം, വയ്യിട്ട് ആറുമണിയോടെ വരേണ്ടൂ എന്നു്.
ശിപായി: ഉത്തരവും ('ആറു്' 'ആറു്' എന്നുരുക്കഴിച്ചുകൊണ്ടു പോകുന്നു.)
(കുറുപ്പ് ഗൗരവത്തോടെ വീണ്ടും പണിയിൽ പ്രവേശിക്കുന്നു.)
(കർട്ടൻ)
രംഗം മൂന്നു് (19-23)
രംഗം മൂന്നു്
[ഗോപാലക്കുറുപ്പിന്റെ ഭവനത്തിൽ അകത്തേക്കെട്ട്. കുഞ്ഞിപ്പിള്ളയമ്മ കറിക്കുനുറുക്കുസാമാനങ്ങളും ആയുധങ്ങളുമായി ഇരിക്കുന്നു. മകൾ ലക്ഷ്മിക്കുട്ടി ശുണ്ഠിയോടെ അടുത്തുനില്ക്കുന്നു.]
കുഞ്ഞിപ്പിള്ള അമ്മ: പുറത്തൊരു ബഹളം; അകത്തൊരു ബഹളം. ദിക്കു് ശുഷ്കംപിടിച്ചതും. പടവലങ്ങാ മുരിങ്ങക്കാപോലെ ഉണങ്ങിയതു്. ഈ ഏത്തക്കാ വെണ്ടക്കായോ? പച്ചമുളകു് പാവട്ടക്കാ. വടക്കെങ്ങാനുമിരുന്നെങ്കിൽ-
ലക്ഷ്മിക്കുട്ടി: വടക്കത്തെ പാർപ്പു അവിടെ കിടക്കട്ടെ. ഒന്നിങ്ങോട്ടു വിളിക്കണം അച്ഛനെ. വന്നവർ പോയി.
കുഞ്ഞിപ്പിള്ളഅമ്മ: അയ്യ ! വല്ലതും പൊരിച്ചു കരിച്ചു കൊടുക്കാൻ സാമാനവുമില്ല, പെണ്ണു സമ്മതിക്കുകയുമില്ല.
ലക്ഷ്മിക്കുട്ടി: അമ്മ വിളമ്പുമ്പോൾ എല്ലാം മധുരക്കറിയാകും. ചെന്നു പറയണം. അല്ലെങ്കിലിങ്ങോട്ടു വിളിക്കണം.
കുഞ്ഞിപ്പിള്ള അമ്മ: എനിക്കൊന്നിനും നേരമില്ല.
ലക്ഷ്മിക്കുട്ടി: ഇതെന്തോന്നമ്മ ! അവിടുന്നിത്ര ഇളകണം.
കുഞ്ഞിപ്പിള്ളഅമ്മ: നിന്റെ തുമിപ്പും ചീറ്റുംകൊണ്ടും അവിയലും സാമ്പാറും ഒരുങ്ങൂല്ലാ.
ലക്ഷ്മിക്കുട്ടി: അമ്മയുടെ ദേഷ്യംകൊണ്ടു് ഏതു കൂട്ടാനെല്ലാം പാകമാക്കും?
കുഞ്ഞിപ്പിള്ളഅമ്മ: അരനാഴിക കഴിയുമ്പോൾ നീതന്നെ ഇവിടെ ചമ്മണം പൂട്ടിരുന്നു, സാമ്പാറു്, രസം, വിമാനം എന്നു വിളിക്കും. അപ്പോൾ അടുക്കളയിലെ ബാഹുകനു് കണ്ണുതള്ളിപ്പോകും.
ലക്ഷ്മിക്കുട്ടി: അര മിനിട്ടല്ലേ വേണ്ടൂ അമ്മാ ! ഒന്നു ചെന്നുപറയണം.
കുഞ്ഞിപ്പിള്ളഅമ്മ: നോക്കു്! ഞങ്ങളു പഠിച്ചത് കൈലേസും വീശി ഗജട്ടും വായിച്ചു നടപ്പാനല്ലാ. കണ്ടവനെക്കൊണ്ടും അരി വെയ്പിച്ചു അവന്റെ എച്ചിലു തീറ്റിക്കുന്ന പരിഷ്കാരം ഞാൻ പഠിച്ചിട്ടില്ലാ. അപ്പക്കൊത്ത മകൾ നീ. മകൾക്കൊത്ത അപ്പൻ അങ്ങുന്നും. നീതന്നെ അങ്ങു ചെന്നു പറഞ്ഞാൽ ഉടനെ എല്ലാത്തിനും 'എസ്' പറയും.
ലക്ഷ്മിക്കുട്ടി: അമ്മാ 'കുക്കറി' ഗ്രന്ഥം ഒന്നു പരിഭാഷപ്പെടുത്തി പറഞ്ഞുതരാം. അതു പഠിച്ചാൽ-
കുഞ്ഞിപ്പിള്ള അമ്മ: നീ പോടീ ! നിന്റെ കൊക്കു പിടിക്കുന്നടത്തേ യോഗ്യന്മാർ എന്നും ഷഷ്ടിനുയമ്പു് നോക്കുണു. നീയിപ്പോൾ എങ്ങും പോയി പ്രസംഗം പഠിച്ചിട്ട് ഞങ്ങൾക്കൊരു നേട്ടവും വേണ്ടാ.
ലക്ഷ്മിക്കുട്ടി: (ഒരു വശത്തു നോക്കി) കട്ടപ്പാ ! കുട്ടപ്പാ !
കുഞ്ഞിപ്പിള്ള അമ്മ: വട്ടപ്പൻ കഴുത്തേലയും തൂക്കി എപ്പഴേ പെറക്കാൻ പോയീ.
ലക്ഷ്മിക്കുട്ടി: (അണിയറയിലോട്ടു നോക്കി, കൈഞൊടിച്ചു) ക്യൂ! മല്ല്യമ്മാവാ!
(ശിപായി മല്ലൻപിള്ള പ്രവേശിക്കുന്നു.)
അവിടെ വന്നതെല്ലാം ആരമ്മാച്ചാ?
കുഞ്ഞിപ്പിള്ളഅമ്മ: ഈ ഉരുക്കുമണിയെക്കൊണ്ടുപോവാൻ വന്ന കിശുപാലന്മാരു്.
മല്ലൻപിള്ള: ഓ! അങ്ങനെ എന്തരോ ഒക്കെത്തന്നെ എന്നും തോന്നുന്നു. ഒരു പട്ടരും, ഒരു തുളു നമ്പൂരി- അവരൊക്കെ എന്തരോ ഗേസുകടെ കാര്യം പറവാൻ വന്നപ്പോ, അങ്ങുന്നലോ പുള്ളീ!
ലക്ഷ്മിക്കുട്ടി: അച്ഛൻ എഴുതിക്കൊണ്ടിരിക്കുന്നോ?-
മല്ലൻപിള്ള: കസേരയിൽ ചാരി തീർപ്പെഴുതാൻ 'രാമ രാമ' എന്നു ജപിച്ചോണ്ടിരിക്കുന്നു.
ലക്ഷ്മിക്കുട്ടി: എന്നാൽ ഒന്നു ചെല്ലണമമ്മാ !
കുഞ്ഞിപ്പിള്ളഅമ്മ: നിനക്കും ചെല്ലപ്പിള്ള ആടണമെങ്കിൽ, നീ തന്നെ ചെല്ലും.
ലക്ഷ്മിക്കുട്ടി: ഇതെന്തു നശുവുപിടിച്ച അമ്മ ! (മല്ലൻപിള്ളയോടു്) അപ്പോൾ അവിടെ വന്നതാരെല്ലാം?
മല്ലൻപിള്ള: ഹൈഗ്ഗോട്ടിലെ മധുസൂതനക്കമ്മത്തിയും, പിന്നെ ഒരു പൂയപ്പുരയില്യോ, അതിലെ ഒരു സൂപ്രേണ്ടും.
കുഞ്ഞിപ്പിള്ളഅമ്മ: (ഉറക്കെ) ഇതാ ലക്ഷ്മിക്കുട്ടിയെ അങ്ങോട്ടൊന്നു വിളിക്കണേ.
ലക്ഷ്മിക്കുട്ടി: (ഉറക്കെ) വേണ്ടച്ഛാ, വേണ്ടാ!
മല്ലൻപിള്ള : ഞാൻ പോയി വിളിക്കാം, കാര്യം പറഞ്ഞാലും. അങ്ങന്നെഴുതുന്ന ധിറുതി. രണ്ടുപേരും കൂടി ഇഴുവലിച്ചാൽ ഗ്ഗോട ലക്ഷ്യമാവും.
കുഞ്ഞിപ്പിള്ളഅമ്മ : ച്ഛഃ പോടോ!
(ഗോപാലക്കുറുപ്പു് പ്രസന്നമുഖനായി പ്രവേശിക്കുന്നു. മല്ലൻപിള്ള പൊയ്ക്കളയുന്നു.)
ഗോപാലക്കുറുപ്പ്: എന്തോന്നാ ലക്ഷ്മിപ്പിള്ള കുട്ടൻസാറെ അനേഷിച്ചതെന്തിനു്?
ലക്ഷ്മിക്കുട്ടി: അച്ഛനിന്നും ലൈറ്റ് വര്‍ക്കാണെന്നു മുഖം പറയുന്നു.
ഗോപാലക്കുറുപ്പു്: ഒ. ഏതാണ്ടോ ലൈറ്റ് കണ്ടുതുടങ്ങുന്നൂ എന്നു തോന്നുന്നു. പിന്നെപ്പണിയുടെ കാര്യം. അതിൽ എന്റെ കൂട്ടര്‍ക്കു സ്വൈരമുണ്ടാകുന്നത് ലോകമൊടുങ്ങുന്ന കാലത്തു്.
ലക്ഷ്മിക്കുട്ടി: രണ്ടുമാസത്തെ അവധി എടുക്കണം അച്ഛാ!
ഗോപാലക്കുറുപ്പു : എടുക്കാം. പക്ഷേ അതിനിടയിൽ ചില സംഗതികൾ സംഭവിക്കുന്നെങ്കിലോ?
കുഞ്ഞിപ്പിള്ളഅമ്മ: കിംഭവിക്കുന്നു! വല്ലതും ഒരു വവുസ്സോ വകതിരിവോ ഒള്ള കൊച്ചുങ്ങളുള്ളടത്തല്ലാണ്ട് എന്തോന്നു സംഭവിക്കുന്നു?
ഗോപാലക്കുറുപ്പു്: ഒരു ദമയന്തിക്കുട്ടിയെ പ്രസവിച്ചുകൂടായിരുന്നോ? എന്നാൽ ദേവനൈഷധമത്സരം, പഞ്ചനളപരീക്ഷ- ഇതെല്ലാം കാണാമായിരുന്നു. അയ്യോ! പിശ്ശാത്തി ചുഴറ്റരുതേ; ആ മദ്ദളാംഗുലികൾക്കു മുറിവേറ്റും.
കുഞ്ഞിപ്പിള്ളഅമ്മ: അയ്യ! മകൾ ജഗൽക്കാരു പ്രസവിക്കാറായി; ഉച്ചിയിൽ പൂവും കരുത്തു. എന്നിട്ടാണു് ഈ കുഞ്ഞുകളി. പിള്ളര്‍ക്കൊക്കെ എളുപ്പം കൊടുത്തു കാടും മേടും കേറ്റി എല്ലാം മോടിയെന്നു നടിക്കുന്നു. മകൾ ഇവിടെനിന്നു റാത്തമിടുന്നത് എന്തിനെന്നു ചോദിക്കണം.
ഗോപാലക്കുറുപ്പു്: ഇല്ലാത്തത് സൃഷ്ടിക്കാൻ മാത്രം അപേക്ഷിക്കരുതേ ലക്ഷ്മിക്കുട്ടി.
ലക്ഷ്മിക്കുട്ടി: ഉള്ളതു കിട്ടിയാൽ മതി.
കുഞ്ഞിപ്പിള്ളഅമ്മ: നിനക്കു കിട്ടേണ്ടതെന്തെന്നു് എനിക്കറിയാം. (ഭര്‍ത്താവെ നോക്കിയിട്ടു്) എന്തുചെയ്യാം! ഞങ്ങടെ കാലത്തൊന്നും അച്ഛന്മാരു് മക്കളെ ഇങ്ങനെ ഒന്നും പൂത്താനിച്ചിട്ടില്ലാ.
ഗോപാലക്കുറുപ്പ്: ഇല്ല! ആറാട്ടുപെരുവഴിയിലെ മേടകൾ വിതാനിക്കാൻ പൂവലങ്കരിച്ചിട്ടേ ഉള്ളു. ആ സ്വര്‍ഗ്ഗക്കാലം പൊയ്പോയതു ശുഭം! (മകളോടു്) ഇനി തന്റെ സങ്കടത്തിനുത്തരവുചെയ്യാം. അതെന്തെന്നു കേൾക്കട്ടെ.
ലക്ഷ്മിക്കുട്ടി: ഇന്നൊരു മീറ്റിംഗ്. നാലരമണിക്കു് അച്ഛന്റെ-
ഗോപാലക്കുറുപ്പു് : ഏഹേ! പെൺകൂട്ടത്തിൽ ഞാനില്ലാ.
ലക്ഷ്മിക്കുട്ടി: അയ്യേ! അച്ഛാ, അതല്ല. സ്കൂൾമീറ്റിംഗാണു്. നാലു മണിക്കു് അച്ഛൻ തിരിച്ചുവന്നാൽ. നാലരമണിക്കു് അവിടെ എത്താൻ എനിക്കു വണ്ടി കിട്ടും.
ഗോപാലക്കുറുപ്പു്: ഇതാണപ്പോൾ ഇന്നത്തെ വര്‍ക്ക് ലൈറ്റായിത്തീർന്നതു്? ആട്ടേ, എന്തായാലും ഹർജി അനുവദിച്ചു: എന്നുവെച്ചാൽ സാരാംശത്തിൽ. വണ്ടി നാലുമണിക്കെത്തും. ഞാൻ, സൗകര്യം പോലെ (ആത്മഗതം) മൂന്നരമണിക്കുതന്നെ മടങ്ങിയെത്തണം. ഇവള്‍ വല്ല വേഷത്തിലും പോയ്ക്കുക്കൂടാ. ഇന്നു വന്ന യോഗ്യന്മാരുടെ ദൃഷ്ടി ഇവളിലുണ്ട്. അതുകൊണ്ടു ഒരു ക്രമനിലയ്ക്കൊക്കെ ഒരുങ്ങിപ്പോകണം. നമുക്കു വരാൻ തരപ്പെട്ടില്ലെങ്കിലോ അമ്മയെ ഭരമേൾപ്പിച്ചേക്കാം. വേണ്ട കണക്കിൽ ഒപ്പിച്ചയയ്ക്കും. (പ്രകാശം) കുഞ്ഞിപ്പിള്ളേ! ഇന്നേ, ലക്ഷ്മിക്കുട്ടിയെ ഫുൾവാർപെയിന്റിൽ അയയ്ക്കണം കേട്ടോ?
കുഞ്ഞിപ്പിള്ളഅമ്മ: വാറും കീറും ഇട്ടു പൂട്ടണമെങ്കിൽ തന്നത്താനായിക്കൊള്ളട്ടെ.
ലക്ഷ്മിക്കുട്ടി: വലിയ ഒരുക്കമൊന്നും വേണ്ടച്ഛാ! ഇന്നൊരു സാമാന്യ മീറ്റിംഗാണു്.
ഗോപാലക്കുറുപ്പ് : വണ്ടി കിട്ടണമെങ്കിൽ അതിനു ചേർന്ന അലങ്കാരത്തിൽ പോണം.
ലക്ഷ്മിക്കുട്ടി: എന്തിനു് അച്ഛാ?
ഗോപാലക്കുറുപ്പ്: മക്കൾ ഒരുങ്ങിനില്ക്കുന്നതും അച്ഛനമ്മമാരുടെ കണ്ണുകൾക്കു സന്തോഷപ്രദമാണു്. ഓരോന്നുണ്ടാക്കിത്തരുന്നതു് സമ്പാദിപ്പാനല്ല; അണിവാനാണു്.
കുഞ്ഞിപ്പിള്ളഅമ്മ: വേണ്ടെടീ പെണ്ണേ! ഇനി നിനക്കൊരുത്തൻ വരുമ്പോൾ, സഭക്കോതയെന്നും മറ്റും പറഞ്ഞു നിന്നെ അവൻ ആക്ഷേപിക്കും.
ഗോപാലക്കുറുപ്പു : (ഗൗരവസ്വരത്തിൽ മകളോട്) നീ ഡീസന്റായി പോണം. (മുൻപോട്ടു നോക്കി) കോടും, നാടും ഭരിക്കാം. അന്തഃഗൃഹം ഭരിക്കുന്നതു വിഷമമയം.
(കർട്ടൻ)
രംഗം നാലു് (24-28)
രംഗം നാലു്
[ഹജൂർ കച്ചേരിയിലെ ഒരു മുറി. ഗോവിന്ദപ്പിള്ളയും മറ്റു ക്ലാര്‍ക്കുകളും ആഫീസ് മുറയ്ക്ക് ഇരിക്കുന്നു.]
ക്ലാക്ക് നംബർ 1: സൂപ്രണ്ടച്ചനെ കാണുന്നില്ലല്ലോ. ഫിലാസഫീ ധൂമത്തോടുകൂടി ആകാശത്തിൽ അന്തര്‍ദ്ധാനം ചെയ്തുപോയോ?
നംബർ 2: മനുഷ്യവിദ്വേഷം ശരീരത്തെ ദഹ്യമാനമാക്കിയിരിക്കാം.
നംബർ 1: അഥവാ. ഗോവിന്ദപ്പിള്ളയുടെനേര്‍ക്കു് ഒരു സംഗ്രാമത്തിനായി ആയുധസേനാദികൾ സംഭരിക്കുന്നായിരിക്കാം.
നംബർ 3: അങ്ങനെ ഒന്നുമല്ലാ. ഗോവിന്ദപ്പിള്ള പറഞ്ഞ കഥ കേട്ടില്ലേ? ആ പ്രേമസരസ്സിൽ മറുകരയണയാതെ നീന്തി അവശപ്പെടുന്നായിരിക്കാം.
ഗോവിന്ദപ്പിള്ള: ഇഷ്! അതാ വരുന്നു ഇടവപ്പാതിയിലെ കറുത്തവാവുപോലെ.
(എല്ലാവരും പണിയിൽ ജാഗ്രത കാണിക്കുന്നു. കയ്മൾ പ്രവേശിക്കുന്നു.)
വേലായുധക്കൾ: ഇങ്ങോട്ടു തിരിക്കാൻ തുടങ്ങിയപ്പോൾ അമ്മാവൻ വടക്കുനിന്നെത്തി. സമയം കുറച്ച് വൈകിപ്പോയി ഇല്ലേ?
നംബർ 1: (മെല്ലെ) ഇല്ലില്ലാ. മണിയും അവിടുത്തെ ഒരു സബോർഡിനേറ്റില്ലേ? പേടിച്ച് നീങ്ങാതെ നിലകൊണ്ടിരിക്കുന്നു.
നംബർ 2: താമസം ഞങ്ങൾക്കനുകൂലമായി. ആ കട്ടി നന്നായിരിക്കട്ടെ.
വേലായുധക്ക്ൾ: കുട്ടിയോ? ഏതു കുട്ടി?
നംബർ 1: ഞങ്ങളൊന്നുമറിഞ്ഞില്ലേ നൗമി നാരായണാ!
നംബർ 2: 'ഇതാണോ ഇംഗ്ലീഷ് എറ്റിക്കെറ്റ്' എന്നു ചോദിക്കൂ.
നംബർ 3: 'ഇത്ര കരുണയില്ലാതായല്ലൊ' എന്നു ഖേദിക്കൂ.
നംബർ 1: (പതുക്കെ) മുഖം പത്മദളാകാരം-
നംബർ 2: ചീ! നല്ല കൊട്ടേഷൻ പ്രയോഗിക്കൂ. 'അംഗാനി ചമ്പകദളൈസ്സവിധാത ധാതാ.'
നംബർ 1: അതിനുള്ള സ്ഥലമിതല്ലാ. ആഭാസത്തനം !
നംബർ 2: ആഭാസൻ കവിയാണു്.
നംബർ 3: 'സ്റ്റുപ്പിഡ്' എന്നു കോട്ട് ചെയ്യൂ ഹേ!
നംബർ 1: 'അതു വലിയ കഠിനം' ആകും.
നംബർ 2: എന്തു കഥയാണിതു്? 'മിസ്സാന്ത്രോപ്‌സിനു' ഭാര്യയേ ഉണ്ടായിക്കൂടെന്നോ?
നംബർ 3: ശരിയാണു് ഹേ! എന്റെ ബുദ്ധി ആ വഴിക്കു പോയില്ലാ. സ്റ്റ്യുപ്പീഡ് എന്നും മറ്റും സംഭാവനകൾ കൊള്ളുകയും വാങ്ങുകയും ചെയ്യുന്നതു്, പ്രേമസരണിയിലെ വ്യാപാരങ്ങളാണെന്നു ഞാൻ അറിഞ്ഞില്ലാ.
ഗോവിന്ദപ്പിള്ള: നിങ്ങളിങ്ങനെ കഥകൾ കെട്ടിച്ചമച്ചു കേളിക്കു കൊട്ടുന്നതു ചോറു തുലവാനാണു്.
വേലായുധക്കയ്മൾ: അവിടുന്നു വലിയ മര്യാദക്കാരൻതന്നെ ഹേ! (ആത്മഗതം) അവളുടെ സഹോദരസ്ഥാനം ഉണ്ട്. അതുകൊണ്ടു കടുത്തൊന്നും പറഞ്ഞുകൂടാ. (പ്രകാശം) നിങ്ങളാണു് ഈ അനാവശ്യങ്ങളൊക്കെ ഉണ്ടാക്കുന്നതു്.
ഗോവിന്ദപ്പിള്ള: എന്റെ സാറേ! ഞായം പറഞ്ഞാലും പിഴ കിട്ടുന്നതു കഷ്ടകാലം! തിരുവനന്തപുരമോ, അല്ലെങ്കിൽ ലോകമോ, അവിടുത്തെ അഭിപ്രായപ്രകാരം പാപവിഷങ്ങൾ നിറഞ്ഞുള്ള-
വേലായുധക്കയ്മമൾ: ഞാൻ നിങ്ങളോടു മിണ്ടുന്നില്ലാ. ദയവുചെയ്ത് പണിനോക്കിൻ.
നംബർ 1-ഉം, 2 -ഉം, 3 -ഉം.: 'സ്റ്റ്യുപ്പീഡ്, സ്റ്റ്യുപ്പീഡ് (എന്നു ജപക്രമത്തിൽ)
വേലായുധക്കയ്മൾ: നിങ്ങളുടെ ഈ മര്യാദകേടും ഞാൻ റിപ്പോർട്ട് ചെയ്യും. (മേശപ്പുറത്തു കിടന്ന ഒരെഴുത്തെടുത്ത് മേൽവിലാസം നോക്കി) റിപ്പോർട്ടു ചെയ്യും . വരുന്നതു വരട്ടെ; റിപ്പോർട്ടുചെയ്യും. എസ്സെസ്സ് (എഴുത്തെടുത്ത് ദുരത്തുവാങ്ങിനിന്നും പൊട്ടിച്ചു വായിക്കുന്നു.) 'ശ്രീമാനായ അല്ലയോ മഹാനുഭാവൻ! ഞാൻ ചെറിയനാളിൽ തങ്ങുന്ന ഒരു ബാലികയാണു്, 'മമകൃതപരാധം ശൈശവം' എന്നും ക്ഷമസ്വ ' -ഏ-' അവിടുത്തെ മഹാമനസ്കത എന്റെ അപരാധങ്ങളെ ക്ഷമിക്കാൻ പ്രേരിപ്പിക്കുമെന്നു' -ഇതു മര്യാദ 'ചില വികൃതികൾ പതുങ്ങിനിന്നു നാം തമ്മിലുണ്ടായ സംഭാഷണം കേട്ട് ഏതാണ്ടു് ചില സംഗതികൾ വീട്ടിലെത്തിച്ചിരിക്കുന്നു.'- ഡെവിൾസ് - ' അച്ഛനമ്മമാർ എന്നെ ശിക്ഷിപ്പാനായി ബന്ധനത്തിലാക്കിയിരിക്കുന്നു. ജ്യേഷ്ഠത്തി സ്വൈരമായി എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്നു'- കഷ്ടം! സാധു! എന്നേ മുൻസിപ്പങ്ങന്നേ! നിങ്ങടെ അടവിനെ കാമദേവൻ തോല്പിക്കുന്നു. അങ്ങയുടെ സമ്പ്രദായപ്രകടനത്തിൽ രണ്ടാംമകൾ എന്നുള്ള ഒരു എലിമെന്റിനെ മറന്നുകളഞ്ഞു-' അവസ്ഥകൾ ഞാൻ അവിടെ ധരിപ്പിച്ചുകൊള്ളുന്നു. ഈ ബന്ധനശിക്ഷകൊണ്ടും മറ്റും എനിക്കത്ര മനസ്താപം ഇല്ലാ. അവിടുത്തെ അവമാനിച്ചോ എന്നുള്ള സംശയം എന്റെ മനസ്സിനെ കഠിനമായി തപിപ്പിക്കുന്നു.'- ഏയ് ദുരിതം! ജ്യേഷ്ഠത്തിക്കു് ഭർത്താവു കിട്ടുംമുമ്പു് അനുജത്തിയെ ആര്‍ക്കും കൊടുക്കയില്ലെന്നു് അച്ഛൻ ശഠിക്കുന്നായിരിക്കാം. അക്കഥ പരിണമിക്കുന്ന വിധം ഞാൻ കാട്ടിക്കൊടുക്കാം. അമ്മാവൻ എത്തിയത് എന്ത് മഹാരാജയോഗം! 'ഇനി ഒരു സന്ദർശനമുണ്ടാകാൻ ദൈവം സംഗതി വരുത്തുമ്പോൾ അഭിമുഖമായി ക്ഷമായാചനം ചെയ്തുകൊള്ളാം. അവിടുത്തെ പ്രിയം കൊണ്ടു്' - ഹേ, ഹേ, ശേഷം വെട്ടിയിരിക്കുകയാണു്; എങ്കിലും വായിക്കാം- 'അനുഗൃഹീതയായ' - അവിടെ മഷികോരിച്ചൊരിഞ്ഞു വായിക്കാൻ പാടില്ലാതെയാക്കി കുസൃതി. (അങ്ങോട്ടുമിങ്ങോട്ടും നോക്കി എഴുത്തിനെ ചുംബനം ചെയ്തുകൊണ്ടു്) ഈ വിഡ്ഡികൾ ചിലയ്ക്കട്ടെ. ഇവരെ കുറുക്കുപുളിശ്ശേരി കുടിപ്പിച്ചില്ലെങ്കിൽ ഈ വേലായുധൻ പുരുഷനല്ലാ. സാധുവെ ദ്രോഹിച്ച് ദുഷ്ടന്മാർ നശിച്ചുപോകട്ടെ! പരമസാധു! ഇന്നലത്തെ ചേഷ്ടകൾ ബാല്യത്തിന്റെ തിരകളിപ്പായിരുന്നു.
നംബർ 1: (ഗാനം)
വഞ്ചിവാസവപുരത്തെ
കാഞ്ചനപൂണ്ണമാക്കുവാൻ
നംബർ 2: ഹേ! വീട്ടിൽപ്പോയി പാടു ഹേ! ശൃംഗാരമാണെങ്കിൽ കടപ്പുറം തേടൂ.
നംബർ 1: ഹേ! 'കവിതാവനിതാ ചൈവ' എന്നല്ലേഹേ? തനിയേ വരുമ്പോ- തന്നെ കാമിക്കുന്നവളെ ഉപേക്ഷിച്ചുകൂടെന്നു വേദവ്യാസസ്മൃതി വിധിക്കുന്നു. പോവ്യൂഹേ
വഞ്ചിവാസവപുരത്തെക്കാഞ്ചനപൂര്‍ണ്ണമാക്കുവാൻ
അഞ്ചും നാലും നിധിക്കാരനിങ്ങു പോന്നിതാ!
കിഞ്ചിൽപ്പോലും മനുഷ്യരിലമ്പുകൂടാതുള്ള ധീമാൻ
പഞ്ചബാണാരാധനത്തെത്തുടങ്ങിപോലും.
വേലായുധക്കയ്മൾ: ഈ വികൃതികളെക്കൊണ്ടു് പൊറുതിയില്ലാതായി. (ആത്മഗതം) കാര്യം സെൻസേഷണൽ ആക്കിക്കൂടാ.
നംബർ 1: ഗാനം തുടരുന്നു.
ആരോമൽതസ്കരിതന്റെ നേരറിയാഞ്ഞാതുരനായ്
മാരോപമൻ ചാരുഗാത്രൻ സൂപ്പിടേണ്ടേമാൻ
മേദുരതയേറും ജട്കാസാരഥിയോടടുത്തിട്ടു
സാരമാം പരമാര്‍ത്ഥങ്ങൾ നേരേയാരാഞ്ഞു.
നംബർ 2: മങ്കമാരിൽ മണിയാളേ! കൊങ്കരണ്ടും-
നംബർ 1: എടോ! അതും സഭ്യമല്ലാ. ആവാമെങ്കിൽ തൈ തൈ പിടിച്ചോളൂ.
നംബർ 3: ഇത് അപകീർത്തിയും, അടികലശലും കൈയക്രമണവും ആണു് (ഗോവിന്ദപ്പിള്ളയോടു്) 'ശകുനിയെന്തു മുളാഞ്ഞു? ശകുനം സമ്മതമല്ലേ?'
ഗോവിന്ദപ്പിള്ള: ഞാൻ പണ്ട് അദ്ദേഹത്തിന്റെ ശത്രുവാണു്. വല്ലതുമൊന്നു വായ്ക്കകത്തുനിന്നും പൊഴിഞ്ഞു പോയാൽ അതു റിപ്പോര്‍ട്ടിനും, വിചാരണയ്ക്കും, പ്രായശ്ചിത്തത്തിനും ഇടയാക്കും.
വേലായുധക്കയ്മൾ: ഏ, മിസ്റ്റർ ഗോവിന്ദപ്പിള്ള! ഇത്ര ഒക്കെ കളിയാക്കാൻ ഞാനെന്തു ചെയ്തു? എന്റെ പ്രസംഗത്തിന്റെ മര്‍മ്മാഭിപ്രായങ്ങളെ നിങ്ങടെ ഈ അപമര്യാദ സ്ഥിരപ്പെടുത്തുന്നത് നിങ്ങൾ മറക്കുന്നുവല്ലോ? ഞാൻ നിങ്ങളെ കൂട്ടത്തിലൊന്നാണു്. ഭീരുവാണെന്നു തോന്നിയിട്ടുണ്ടെങ്കിൽ അതബദ്ധം.
നംബർ 3: ശരിതന്നെ സാർ. അവിടുന്നു വല്യ അഭിജ്ഞൻ. ഹരിശ്ചന്ദ്രതുല്യനായ സത്യസന്ധൻ. എന്നാൽ, ഒന്നു സത്യം ചെയ്ത് മൊഴികൊടുക്കുക. കോടതിയിൽനിന്നുമുണ്ടാകുന്ന പ്രഥമചോ ദ്യം-തിരുവനന്തപുരം കാഴ്ചബംഗ്ലാവ് രമണീയമല്ലേ? അവരുടെ വാഹനസാരഥികളായുള്ള ജട്കാക്കാർ സമ്മാന്യരല്ലേ? ആ സങ്കേതത്തിൽവെച്ച് ഉദിതമാകുന്ന അനുരാഗം സാമ്രാജ്യസന്ദായകമല്ലേ?
(കയ്മൾ പിണങ്ങിപ്പോകുന്നു. എല്ലാവരും 'സ്റ്റ്യുപ്പിഡ്' എന്ന് പല സ്വരങ്ങളിലും വിളിക്കുന്നു.)
നമ്പർ 1: ഹേ! ഗോവിന്ദപ്പിള്ളയുടെ പ്രേമസന്ദേശലേഖനത്തിലെ പടുത്വം കയ്മളശ്ശന്റെ തലയ്ക്ക് മത്തുകൊള്ളിച്ചിരിക്കുന്നു. ഒരിക്കൽ വായിച്ചിട്ട് തൃപ്തിയായില്ല. സ്വൈരപാരായണത്തിനായി വല്ല ഒഴിഞ്ഞ മൂലയും നോക്കി പോയിരിക്കയാണ്. അക്ഷരം പ്രതി വായിച്ചു, ആ കടലാസ്‌ചീന്തിനെ ആനന്ദക്കണ്ണുനീർ കൊണ്ടു് അഭിഷേകം ചെയ്യും. ആ കാഴ്ചയും ഒന്നു കാണണ്ടേ?
മറ്റുള്ളവർ: വേണം. വേണം. മധുസൂദനൻപിള്ളയുടെ 'സ്മരശരപാഹി' പ്രലാപവും അനുഭാവ്യമാണു്.
(കർട്ടൻ)
രംഗം അഞ്ചു് (29-32)
രംഗം അഞ്ചു്
[ഗോപാലക്കുറുപ്പിന്റെ ഭവനത്തിലെ ആഫീസ്‌മുറി. ഗോപാലക്കുറുപ്പും ശിപായിയും പ്രവേശിക്കുന്നു.]
ഗോപാലക്കുറുപ്പു്: നീ കയ്മളെക്കണ്ടു് ഞാൻ പറഞ്ഞതു് പറഞ്ഞുവോ?
ശിപായി: ഓ ഹോ! വാറണ്ടിപ്പിടിക്കുമ്പോലെ, തടഞ്ഞു നിറുത്തി, ഉത്തരവിൻപടി ഒരനക്കു തെറ്റാതെ പറഞ്ഞു.
ഗോപാലക്കുറുപ്പ്: മിടുക്കൻ മല്ലൻപിള്ളയും ചിലപ്പോഴൊക്കെ അടവൊപ്പിച്ചു് കാലുവെയ്ക്കുമേ. ഉം! ആട്ടെ, എന്തുപറഞ്ഞു മറുപടി?
ശിപായി: കുണ്ടിട്ട് നാഴികചെല്ലുമ്പോ എത്തിക്കൊള്ളാമെന്നു്.
ഗോപാലക്കുറുപ്പ്: എടോ! എന്നാണോ ഞാൻ സമയം കുറിച്ചതു്?
ശിപായി: ചുമ്മാ മല്ലനെ ഉരുട്ടല്ലേ പൊന്നങ്ങുന്നേ. ആറു്. 'ആറു' എന്നും നെഞ്ചിലിടിച്ചോണ്ടലോ ഞാൻ പെയ്യതു്? കണ്ടിട്ടു് നാഴിക ചെല്ലുമ്പോ, ആറുനാഴികയല്ലാതെ പിന്നെ അയ്മ്പതു നാഴികയോ?
ഗോപാലക്കുറുപ്പു്: എടോ ! തന്നെ കുറ്റം പറയണ്ടാ. ഈ ഏഭ്യരാശിയെ വെച്ചു നടത്തുന്ന ഞാനാണു് വങ്കപ്പെരുമാൾ. ആറു മണിയെന്നു ഞാൻ പറഞ്ഞതിനെ താൻ ആറുനാഴിക ഇരുട്ടിയിട്ടാക്കി. ഈവിധമുള്ള യുക്തി ചുമക്കുന്ന തന്റെ തല ഞെരിഞ്ഞുപോകാത്തത് ആരുടെ ഭാഗ്യമോ?
ശിപായി: ഇവിടിപ്പോ എന്തരു തെറ്റിയങ്ങുന്നേ! 'ഓടിപ്പോണ പട്ടിക്കു് ഒരു മുളം കൂട്ടി' എന്നലോ ചൊല്ല്? ഏറിപ്പോയാൽ കൊറയ്ക്കാം. കൊറഞ്ഞുപോയാൽ ഏയ്ക്കണ്ട്യോ? അപ്പം മൊഴച്ചിരിക്കും.
ഗോപാലക്കുറുപ്പു്: അക്കാര്യം അറ്റുപോകട്ടെ, നീ എവിടെവെച്ചു അദ്ദേഹത്തെ കണ്ടു?
ശിപായി: ഏ അവടം വല്ല കാശിയോ മറ്റോ ആണോ? ഹയഗ്ഗോഡ് എവൻ കണ്ടിട്ടില്ലാത്തടമോ?
ഗോപാലക്കുറുപ്പ്: നാശം! ഈ കൊടുമണ്ടൻ എന്തെല്ലാം കാട്ടിക്കൂട്ടിയോ? തന്നോടു ഞാൻ കയ്മളോടു പറവാനല്ലേ പറഞ്ഞതു്? പാറത്തലയൻ! ഹൈക്കോർട്ടിൽ പോവാൻ കാര്യമെന്ത്?
ശിപായി: പെയ്ത ആളിന്റെ അടുത്ത് പറവാൻ ഉത്തരവായി. അപ്പപ്പിന്നെ മുന്നിൽ പെയ്യവന്റെ അടുത്തല്ലോ ചൊല്ലാൻ ഞായം?
ഗോപാലക്കുറുപ്പ്: തോറ്റെടോ തോറ്റു. ആരെങ്കിലും വരട്ടെ. താൻ സര്‍ക്കാരിൽനിന്നും ധർമ്മവും വാങ്ങി, ഇവിടെ തിന്നു മുടിച്ച്, വേണ്ടാത്ത കൊനഷ്ടെല്ലാം ഉണ്ടാക്കി, ഇങ്ങോട്ടു കൊല്ലാനും നില്ക്കും. ഇവിടുത്തെ മീറ്റിംഗ്കാരി എവിടെടോ?
ശിപായി: കൂറ്റുംവകക്കാരാരും വന്നില്ലാ. കൊച്ചമ്മയും അപ്പിയുമേയുള്ളു.
ഗോപാലക്കുറുപ്പു്: (ദേഷ്യത്തോടെ) ആ കുഞ്ഞിപ്പിള്ളയെ ഇങ്ങു പറഞ്ഞയയ്ക്കുക്കൂ.
(ശിപായി പോകുന്നു.)
ലക്ഷ്മിക്കുട്ടിയെ ശുചിയായി ഒരുക്കി അയയ്ക്കണമെന്നും ഞാൻ പറഞ്ഞുംവച്ചാണു് പോയതു്. ബംഗാളി സമ്പ്രദായം ആണു ഇപ്പഴത്തെ ഫാഷൻ. വെളുത്തേടന്മാരും, അനാവൃഷ്ടിനിമിത്തം വെള്ളവും, കുറഞ്ഞുവരുന്ന ഈ കാലത്തു് അലക്കേണ്ടാത്ത വസ്ത്രങ്ങൾതന്നെയാണ് നല്ലതു്. മണി നാലായി. ആരെയും പുറത്തുകാണുന്നില്ലാ. പെണ്ണുപെറ്റ വീടുപോലെ എല്ലാം നിശ്ശബ്ദവും. ഒരുങ്ങിത്തീർന്നില്ലായിരിക്കാം. മല്ലൻ വഹിച്ച പ്രാസസ്സിനു് വഴങ്ങുന്നില്ലാ. ഭവനരാജ്ഞി ഗൃഹനിയമത്തിന്നു് അധീനയല്ലല്ലൊ. ഒന്നു വിളിച്ചുകളയാം. (ഉറക്കെ) നോക്കു! (കുറച്ചുകഴിഞ്ഞിട്ട്) പിന്നേ!
(കുഞ്ഞിപ്പിള്ളഅമ്മ പരിഭ്രമവും പരിതാപവും നടിച്ച് പ്രവേശിക്കുന്നു.)
കുഞ്ഞിപ്പിള്ളഅമ്മ : അല്ലേ, 'നോക്കു്', 'പിന്നെ' എന്നു വിളിച്ചാൽ-മറ്റൊള്ളോരു് ചത്ത ശവങ്ങളായിരിക്കുന്നു! എന്തോന്നു പറയുണു? കൂടിരിക്കെ ഉയിർ കൊണ്ടുപോകും പോലലോ പറ്റിച്ചിരിക്കുണു?
ഗോപാലക്കുറുപ്പ്: 'പറ്റിച്ചിരി'ക്കുന്നോ? പശവെച്ചോ? ലക്ഷ്മിക്കുട്ടിയെവിടെ? അല്ലേ! നീ ഈ പല്ലുകടിക്കുന്നതും, മുഖം കറുപ്പിക്കുന്നതും എന്തിനു? 'പറ്റിച്ചു' എന്നു പറയുന്നതു് എന്തോന്നു്? ആരു? അവളെ ഒരുക്കിയോ?
കുഞ്ഞിപ്പിള്ളഅമ്മ : എന്തെടുത്തു ഒരുക്കുണു? പാവാടയ്ക്കും സാരിക്കും കുപ്പായത്തിനും എന്റെ തൊലിയുരിച്ചു കൊടുക്കട്ടോ?
ഗോപാലക്കുറുപ്പു്: എന്നാൽ ഈ യുക്തി ലോകരറിഞ്ഞില്ലാ. നല്ല ലാഭമുള്ള ഉപായം! നിന്നു് കൃത്യകലാശംതുള്ളാതെ കാര്യമെന്തെന്നു പറയൂ.
കഞ്ഞിപ്പിള്ള അമ്മ : പറവാനൊന്നുമില്ലാ. ആട്ടെപ്പിടിച്ചു, മാട്ടെപ്പിടിച്ചു്, ഉടയനെപ്പിടിച്ചെന്നില്യോ? അതുപോലല്യോ കള്ളന്മാർ തുടങ്ങിയിരിക്കുന്നതു്! ച്ഛഃ ഒരൊറ്റത്തുണി- ഒരു നല്ല തുണ്ടെങ്കിലും- ഇട്ടേക്കണ്ടയോ? എല്ലാം അരിച്ചു പെറുക്കിക്കൊണ്ടു പൊയ്കളഞ്ഞു. പൂട്ടു പൂട്ടായിരിക്കുണു. അകത്തുള്ളതു് ഒരുവക കാണണ്ടേ? മോടി വിദ്യയോ ഭഗവാനേ!
ഗോപാലക്കുറുപ്പു്: എല്ലാം എങ്ങോട്ടു പോയി പിന്നെ? ഭഗവാൻ ഉണ്ടുകളഞ്ഞോ?
കഞ്ഞിപ്പിള്ളഅമ്മ : ഇങ്ങനെതന്നെയോ കച്ചേരിയിലും കാര്യങ്ങൾ ഭരിക്കണതു്? എങ്ങോട്ടു പോയിപോലും ! ആ ഇൻസ്പെക്ട്രര്‍ക്കോ മറ്റോ ആളയയ്ക്കണം. അല്ലെങ്കിലിനി ഊട്ടിയറുത്തോണ്ടും പോകും.
(ലക്ഷ്മിക്കുട്ടി വ്യസനാക്രാന്തയായി പ്രവേശിക്കുന്നു.)
ലക്ഷ്മിക്കുട്ടി: അച്ഛാ, മഹാകഷ്ടം! അന്യായം! എന്റെ ഉരുപ്പടികളും കാണ്മാനില്ല. നല്ലതിൽ ഒരെണ്ണമെങ്കിലും ആ ഇരുമ്പുപെട്ടിയിൽ കാണണ്ടേ? ഇതെന്തു കവര്‍ച്ച
കുഞ്ഞിപ്പിള്ളഅമ്മ: (നെഞ്ചത്തടിച്ച്) എന്തോന്നെടീ പെണ്ണേ? ഉരുപ്പടികളും തൊലഞ്ഞെന്നോ? മഹാപാപികൾ വെട്ടമേ വായിൽ മണ്ണടിച്ചു! ജന്തുവിന്റെ-
ഗോപാലക്കുറുപ്പു്: നീ അവളെ കൊല്ലാൻ ചാടാതെ. നിങ്ങൾ പെട്ടി മാറിവച്ചിരിക്കാം.
ലക്ഷ്മിക്കുട്ടി: ഞാൻ എല്ലായിടത്തും നോക്കി അച്ഛാ. അമ്മയുടെ ആഭരണങ്ങളും മുണ്ടുകളുമെല്ലാം ഉണ്ട്. ആരോ എന്നെ ദ്രോഹിക്കാൻ ലാക്കുവെച്ചു ചെയ്തതാണു്.
ഗോപാലക്കുറുപ്പു്: (കുഞ്ഞിപ്പിള്ളയോടു്) മകൾ പരിഷ്കാരിയാകന്നതുകൊണ്ടു് അമ്മയുടെ തിരുമുഖസ്ഥാനം കഴന്നുപോകുമെന്നു പേടിക്കുന്നോ?
ലക്ഷ്മിക്കുട്ടി: അതൊന്നും പറയണ്ടാ അച്ഛാ! അമ്മ വല്ലതും ചൊടി പറഞ്ഞു് അച്ഛനെ അസ്വാസ്ഥ്യപ്പെടുത്തും.
ഗോപാലക്കുറുപ്പു്: (ചിരിച്ചുകൊണ്ടു കുഞ്ഞിപ്പിള്ളയോടു്) മര്‍മ്മത്തു കൊണ്ടു ഇല്ലേ? (മകളോടു്) പഠിച്ച നിന്റെ കാലം വരുമ്പോൾ ഇതിലധികം ശണ്ഠകൂടും.
(ശിപായി പ്രവേശിക്കുന്നു.)
ശിപായി: കരളുപെയ്യ കാര്യത്തിലോ കിന്നാരം പറയണതു്?
ലക്ഷ്മിക്കുട്ടി: അച്ഛൻ സംശയിക്കുന്നതുപോലെയല്ലാ. പോലീസുകാര്‍ക്കു് ആളയയ്ക്കണം.
കുഞ്ഞിപ്പിള്ളഅമ്മ: വേണ്ടാ വേണ്ടാ. ഇവിടെയാര്‍ക്കുംവേണ്ടി ഒന്നും ചെയ്യണ്ടാ. തന്നതുവെച്ചു വാഴാൻ ഈയുള്ളവര്‍ക്കു യോഗമില്ലാ. (കരയാൻ തുടങ്ങുന്നു.)
രംഗം അഞ്ചു് (33-35)
(ലക്ഷ്മിക്കുട്ടി പോകുന്നു.)
ശിപായി: ഇതെന്തോന്നങ്ങുന്നേ? മൊതലു പോവുമ്പം ആര്‍ക്കും നോവും. കള്ളനെ പിടിക്കാഞ്ഞ് കൊച്ചമ്മയെ ഇട്ടു വാട്ടുന്നതെന്തിനു്?
ഗോപാലക്കുറുപ്പു്: (ആത്മാം) ഞാൻ സംശയിച്ചതുപോലെയല്ല. (പ്രകാശം-ശിപായിയോടു്) എടോ! താൻ നില്ക്കുമ്പോൾ ഏതു ശണ്ഠയിലും കൊച്ചമ്മ ജയിക്കും. ഞാനും ഇത്തിരി ഒന്നു ജയിച്ചു കൊള്ളട്ടെ. അതുകൊണ്ടും താൻ പോയി വണ്ടി കെട്ടാൻ പറയൂ.
(ശിപായി പോകുന്നു.)
ഒന്നു സൂചിപ്പിച്ചേക്കാം. അപ്പോൾ എല്ലാം സുമാറാകും. പരമാര്‍ത്ഥങ്ങളും വെളിപ്പെടും. ഈ മണ്ടശ്ശാർ കയ്മളും മറ്റും വന്ന കഥ പൊട്ടിച്ചു. അതു പറയാത്തതിനാൽ പരിഭവമുണ്ടായിരിക്കാം. അതിന്റെ ലക്ഷണങ്ങളല്ലേ ഇതെല്ലാമെന്നു തീര്‍ച്ചയാക്കിക്കളയാം. (പ്രകാശം) അടുത്തു വരൂ.
കുഞ്ഞിപ്പിള്ളഅമ്മ : വേണ്ട വേണ്ട; ദൂരെനിന്നു കേട്ടാൽമതി. ഏറെച്ചിത്രം ഓട്ടപ്പാത്രം. ഏറെക്കൊണ്ടാട്ടം ഉരുട്ടിയിടും.
ഗോപാലക്കുറുപ്പു്: ഒരു നല്ല സ്വകാര്യമാണു്.
കുഞ്ഞിപ്പിള്ളഅമ്മ: അങ്ങിരിക്കട്ടെ അതു്. ഞാൻ ആരു്? അയലുവക്കത്തുകാരി.
ഗോപാലക്കുറുപ്പു്: അതു പണ്ട്. ഇപ്പോൾ നമ്മുടെ ഗുണദോഷങ്ങൾക്കെല്ലാം തുല്യപങ്കുകാരി- എന്നല്ല ചുമതലക്കാരി.
കുഞ്ഞിപ്പിള്ളഅമ്മ: അല്ല, അല്ല! ഒന്നുമല്ല. എങ്ങാനും നിന്നു വന്നു ചതിക്കാൻ പാര്‍ക്കുന്നവൾ. അറിഞ്ഞതും അറിയാത്തതുമെല്ലാം അങ്ങു തന്നെ ഇരിക്കട്ടെ.
ഗോപാലക്കുറുപ്പ്: താൻകൂടി അറിഞ്ഞു്, അനുവദിച്ച്, കാര്യങ്ങൾ നടത്തേണ്ട സംഗതിയാണു്.
കുഞ്ഞിപ്പിള്ളഅമ്മ: ആ പടിയിന്നെല്ലാം എപ്പഴേ താഴ്ന്നുപോയി!
ഗോപാലക്കുറുപ്പ്: ശുദ്ധഗതിക്കാരി! ഇന്നു ചിലരിവിടെ വന്നിരുന്നു. ലക്ഷ്മിക്കുട്ടി കൂടിയുണ്ടായിരുന്നതുകൊണ്ടും, രണ്ടിലൊന്നു് ഒരുവിധം തീര്‍ച്ചയാകട്ടെ എന്നുവെച്ചും, ഇതുവരെ പറയാത്തതാണു്. സര്‍ക്കാർജോലികൂടെയും വിട്ടേച്ച് ഇത്രനേരത്തേ ഓടിപ്പോന്നതു കാര്യങ്ങൾ വിസ്തരിച്ചു പറവാനല്ലേ?
കുഞ്ഞിപ്പിള്ള അമ്മ: (ആത്മഗതം) ലക്ഷ്മിക്കുട്ടിയെക്കുറിച്ചെന്തോ ആലോചനയുണ്ട്. ഇന്നു വന്നതിൽ ആരോ ഗുണത്തിനുള്ള വഴി തുറക്കുന്ന ആളാണ്, സംശയമില്ല. നമുക്കു് അപ്പം തിന്നാൽ മതി, കുഴി എണ്ണണ്ടാ. (പ്രകാശം) അവിടെ തോന്നുമ്പോൾ പറഞ്ഞാൽ മതി. ഇവിടെ ഒരു സാദ്ധ്യവുമില്ലാ; പറഞ്ഞതു കേൾക്കുന്നവളല്ല എന്നു ഭാവിച്ചതുമാത്രം പുതുമക്കാരന്റെ ലക്ഷണമായിപ്പോയി. ഇൻസ്പിക്ടറെ കണ്ടുപിടിച്ചോണ്ട് ഇരുട്ടും മുമ്പെ തിരിച്ചുവരണം. ചീത്തക്കാലം. (പോകുന്നു.)
ഗോപാലക്കുറുപ്പ്: ഇതാണു വിദ്യ. എന്താശ്വാസമായി! നമുക്കു നഷ്ടം വന്നെങ്കിൽ കള്ളന്മാര്‍ക്കു നല്ല നിധി കിട്ടി. ഏ! മല്ലൻപിള്ള!
(ശിപായി വീണ്ടും പ്രവേശിക്കുന്നു.)
ശിപായി: വണ്ടികെട്ടി. പക്ഷേ, കള്ളനെ പിടിക്കണമെങ്കിൽ ഇങ്ങിരുന്നാൽ മതി. ലവരാരോ ഒരു കന്നന്തിരിവു കാട്ടൂട്ടതാണന്നു്, മല്ലൻ ഏതു നടയി വേണെങ്കിലും സത്യം ചെയ്യാം.
ഗോപാലക്കുറുപ്പു്: ഭ്രാന്താ! അങ്ങനെ ഒന്നും മിണ്ടിപ്പോവരുത്. ഞാൻ ഇതാ വന്നേച്ചു. മോഷണം നടന്ന കഥയൊന്നും ഒരു പ്രാണിയോടും-
ശിപായി: ഉരിയാട്ടൂല്ലങ്ങുന്നേ! ഉരിയാടൂല്ല. അതാണു നല്ല ഉഭായം. കഴുവുങ്ങളെ തൊണ്ടിയോടെ അമുക്കണം.
ഗോപാലക്കുറുപ്പ്: താൻ ഇവിടെത്തന്നെ നില്ക്കണം. കശയൊന്നും ഉണ്ടാക്കരുതു്.
ശിപായി: ഉത്തരവു് , ഉത്തരവു്. എല്ലാം ഇനി ഉജാർ.
ഗോപാലക്കുറുപ്പു് : ആരുവന്നാലും തൻറെ ഗ്രന്ഥമഴിച്ചിടരുത്.
ശിപായി: അയ്യോ മല്ലനോ?
(കർട്ടൻ)
രംഗം ആറു് (36-40)
രംഗം ആറു്
[ഗോപാലക്കുറുപ്പിന്റെ ഭവനപ്പടിവാതിലിനോടു ചേന്നുള്ള പെരുവഴി. മധുസൂദനൻപിള്ളയും ജട്‌കാക്കാരനും പ്രവേശിക്കുന്നു.]
മധുസൂദനൻപിള്ള : താൻ ഇവിടെ നില്ക്കണം. ഞാൻ അകത്തു കയറീട്ടു ഇതാ വന്നേച്ചു. വീടു് ഇതുതന്നല്ലോ?
ജട്കാക്കാരൻ: ഇതാരുടെ വീടങ്ങുന്നേ?
മധുസൂദനൻപിള്ള: 'ഇതാരുടെ വീടങ്ങുന്നേ' എന്നോ? താൻ ഭ്രാന്തനോ കള്ളുകുടിച്ചിരിക്കുന്നോ? ഗോപാലക്കുറുപ്പു മുൻസിപ്പങ്ങത്തെ മകളെ ഇന്നലെ സവാരികൊണ്ടു പോയവൻ, ഇന്നും അദ്ദേഹത്തിന്റെ വീടു മറന്നു പോയിരിക്കുന്നു! എടോ! പിത്തിലാട്ടം മൂത്താലും കരിങ്കളവാകരുതു്.
ജട്കാക്കാരൻ: (ആത്മഗതം) ഇതു വല്ലാണ്ടൊള്ള ഒരു തിരിവുതന്നെ. ഇന്നലെ, ലഭ്യത്തിന്റെ വഴിവാടിനു വായിവന്നതു പറഞ്ഞു. ഇങ്ങേരെ ഇന്നത്തെ പീസിനും അതുതന്നെ വെളമ്പി. എന്തോ സാക്ഷിയാക്കാനാണു കൊണ്ടുവന്നിരിക്കണത്. അകത്തു കേറട്ടു്; കെമ്പെടാം. (പ്രകാശം) ചെല്ലണം, മുൻസിപ്പങ്ങന്നു പാര്‍ക്കണത ഇതീത്തന്നെ. കൊച്ചിനെ ഇന്നലെ വണ്ടിയേക്കേറ്റിയതു് ഇവിടേന്നല്ലാ.
മധുസൂദനൻപിള്ള: പിന്നെ ജന്നപട്ടണത്തു നിന്നോ കൂവാ?
ജട്കാക്കാരൻ: അയ്യോ! ഇവര്‍ക്കെത്ര വീടുണ്ടെന്നോ? പൂയപ്പിരയ്ക്കടത്തു വല്യമംകളാവൊണ്ടെന്നു മുമ്പേ പറഞ്ഞില്യോ? ഓ! അതു്, മറ്റേ അദ്യത്തിന്റടുത്തു്.
മധുസൂദനൻപിള്ള: നോക്കുവെടോ. താൻ പറഞ്ഞത് സത്യമാണോ? കള്ളമെങ്കിൽ അതു സമ്മതിച്ചേക്കൂ.
ജട്കാക്കാരൻ: ഏ. ഇതെന്തരങ്ങുന്നേ! കള്ളം കൊണ്ടു പെഴപ്പാനോ എവൻ നടക്കണതു്? അങ്ങത്തയ്ക്കു വിശ്വാസമില്ലെങ്കി, ഇങ്ങ വെളിയീ നിക്കണം. ഞാൻ അകത്തു ചെന്നു അങ്ങുന്നു വന്നിരിക്കുണു എന്നു പറയാം . ആ കൊച്ചൊണ്ടെങ്കി, അതിനേം വിളിച്ചോണ്ടുവരാം.
മധുസൂദനൻപിള്ള: താൻ വയ്യാവേലിയൊന്നും വലിച്ചുവെയ്ക്കുണ്ടാ.
(ശിപായി വാതുക്കലെത്തി പുറത്തോട്ട് എത്തിനോക്കുന്നു.)
ശിപായി: (ആത്മഗതം) ഇതാ പിടികിട്ടി ഒരു പുള്ളിയെ. ഏഴുനാഴികാന്നു പറഞ്ഞേച്ചു്, വെളക്കു വെക്കുമ്മുമ്പേ എത്തിയതു്, കരിപ്പെട്ടിയിൽ ഈച്ച നൊച്ചു പോലല്യോ? മൊതലോ കൊണ്ടുപോയി. അത്ഥിതിക്കു് പെണ്ണിനേം എടുത്തോട്ട്. അല്ലെങ്കി, മൊതലെത്തിരുമ്പി വെച്ചേച്ച് ഏത്തമിട്ടോണ്ടു തൊങ്കട്ട്. എവടത്തെ കൊമസ്തനായാലെന്ത് ! (പ്രകാശം) അങ്ങുന്നേ! അകത്തുകേറണം. എല്ലാരും ഒണ്ട്. നല്ല തൂക്കം. അങ്ങുന്നു്- ( 'ഇല്ലാ' എന്ന നാട്യ ത്തിൽ കണ്ണിറുക്കുന്നു.)
മധുസൂദനൻപിള്ള: ഞാൻ കുറച്ചുനേരത്തേ വന്നേച്ചു മല്ലൻപിള്ളേ! (ആത്മഗതം) ഇയ്യാളോടു ചോദിച്ച് പെൺമക്കളെത്രയുണ്ടെന്നു തീര്‍ച്ചയാക്കിക്കളയാം. രണ്ടു കുട്ടികളുണ്ടെന്നു ഗോവിന്ദപ്പിള്ളപോലും പറഞ്ഞു. രാവിലെ പറഞ്ഞതു് എന്നെ പരീക്ഷിക്കാനാണു്. ആളയയ്ക്കാൻ തോന്നിയതും ഈ അഭിപ്രായത്തെ സ്ഥിരപ്പെടുത്തുന്നു. (പ്രകാശം) എടോ ജട്കാക്കാരാ ഇങ്ങോട്ടുവരൂ. ഇന്നലെ താൻ ആരെയാണ് ഈ വണ്ടിയിൽ കൊണ്ടുപോയതു്?
ജട്കാക്കാരൻ: ഞാൻ ദിവസംപ്രതി എത്രപേരെ കൊണ്ടുപോകുന്നു; ഇറക്കുന്നു? അതിനൊക്കെ കണക്കും റെക്കാർട്ടും വെച്ചിട്ടുണ്ടോ?
മധുസൂദനൻപിള്ള: അധികപ്രസംഗീ! ഇവിടുത്തെ യജമാനന്റെ രണ്ടാമത്തെ മകളെ കൊണ്ടു പോയി എന്നല്ലേ താൻ പറഞ്ഞതു്?
ജട്കാക്കാരൻ: ചെറുപ്പക്കാരടെ പുത്തിക്കു് എന്തെല്ലാം തോന്നും !
മധുസൂദനൻപിള്ള: ചീ തെമ്മാടീ! പിരട്ടു പറഞ്ഞേച്ചു ഇങ്ങോട്ടാക്ഷേപവും തുടങ്ങിയോ?
ജട്കാക്കാരൻ: അങ്ങുന്നേ! ക്രമംകെട്ടു സംസാരിക്കരുത്. എന്റ വാടക തരണം. 'ഉമ്മാച്ചീ'ന്നും മറ്റും വിളിച്ചാ നിങ്ങടെ ചട്ടങ്ങളുതന്നെ ഒണ്ടു.
മധുസൂദനൻപിള്ള: മല്ലൻപിള്ളേ ! ശ്രീപത്മനാഭനാണെ സത്യം. വൈരക്കമ്മലു്, വൈരം വെച്ച മൂക്കുത്തി, നല്ല പട്ടം തേച്ച ചുവപ്പു കല്ലുവച്ച അഡ്യൽ, അതുപോലത്തെ വളകൾ, വക്കിൽ കസവുവച്ച പട്ടുപാവാട, അതുപോലത്തെ നെടുസാരി - ഇതെല്ലാം ഇട്ട ഒരു കുട്ടിയെ ഇന്നലെ ഇയ്യാൾ കാഴ്ചബംഗ്ലാവിൽ കൊണ്ടുവന്നിരുന്നു.
മല്ലൻപിള്ള: (ആത്മഗതം) ആ: അതതാ ചാടുന്നു, കത്രിപ്പുള്ളിയെടെ മുന, ഉരുപ്പടിയെല്ലാം ഇവിടുത്തെ ഇന്നലെ, കാഴ്ച മംഗ്ലാവി, അപ്പി പോയോന്നു് ഒന്നു ചോദിച്ചോണ്ടു വന്നിട്ടു മേലത്തെക്കൈ എവനെ വിട്ടുകൂടാ. (പ്രകാശം) അങ്ങുന്നേ! എവനെ ദൂക്ഷിച്ചുകൊള്ളണേ. ഞാൻ അകത്തു കേറിയേച്ചു് ഇതാ വന്നൂട്ട്. അല്ലെങ്കിലതെന്തിനു? എവനെ ഇപ്പം ബോലീസിലേൾപ്പിക്കണം. (മധുസൂദനൻപിള്ളയുടെ ചെവിയിൽ മന്ത്രിക്കുന്നു.)
മധുസൂദനൻപിള്ള: ഞാൻ സൂക്ഷിച്ചുകൊള്ളാം; പോയി വേഗം വരൂ.
മല്ലൻപിള്ള: (പോകുംവഴി) വെളിയിപ്പറയരുതെന്നാണെന്റെ അടുത്തുത്തരവു്. അയ്യോ! കുടി കെടുത്തുടല്ലേ. ഏമാൻ ഇൻസ് വക്റ്റരങ്ങത്തേയും കൊണ്ടു് ഇപ്പോൾ വന്നൂടും. (പോകുന്നു).
മധുസൂദനൻപിള്ള: എടാ അഹങ്കാരീ, നിനക്കു കാലിൽ തണ്ടയിടുവാൻ കാലമായി. കള്ളക്കച്ചവടവും കൈയിലുണ്ട്. എന്നിട്ടു മര്യാദക്കാരെ പൊട്ടൻ തട്ടിക്കുകയും.
ജട്കാക്കാരൻ: (ആത്മഗതം) ശഹുനങ്ങൾ നല്ല കോളിലല്ലാ. പെരുക്കൂടാം. ഇവിടെയെന്തൊ കുശാണ്ടം പെണഞ്ഞിട്ടൊണ്ടു്. പോലീസുകാലന്മാരുടെ കൈയിലമുങ്ങിപ്പെയ്യി ചംകും കൊടലും വെള്ളം. വാടക പിന്നെ വാങ്ങിച്ചുകൊള്ളാം. (ഓടാൻ തുടങ്ങുന്നു.)
(മധുസുദനൻപിള്ള തടുക്കുന്നു. ജട്കാക്കാരൻ ജയിച്ചു ഓടുന്നു. വേലായുധക്കയ്മൾ പ്രവേശിച്ചു തടഞ്ഞു നിറുത്തുന്നു.)
വേലായുധക്കൾ: ഇതാരു്? എന്തു്? താനോ? നന്നു ! കൂടിവാ! പക്ഷേ, തെളിവിനുപയോഗപ്പെടും. അല്ലാ, മിസ്റ്റർ മധുസുദനൻപിള്ളയോ? നിങ്ങളെന്തിനു വന്നൂ?
ജട്കാക്കാരൻ: വിടണമെജമാനേ! വെട്ടിയൊതുക്കി വേഷവും കെട്ടി നടക്കണ നിങ്ങക്കു് വേറേ വേലയൊന്നുമില്ലെങ്കി കടപ്പൊറത്തു ചെന്നു തെരയെണ്ണിൻ. (പിടയുന്നു).
വേലായുധക്കയ്മള്‍ : എന്തെടോ ഇത്ര പരിഭ്രമം? തന്റെ വണ്ടി കണ്ടു എനിക്കു് സന്തോഷമായി. തിരിച്ചു പോവാൻ തന്റെ വണ്ടി കിട്ടിയതും അതിലുമധികം സന്തോഷം! നല്ല വാടക തരാം. കുറച്ചു നിൽക്കൂ. മുൻസിഫദ്ദേഹത്തിന്റെ മകളെ ഞാൻ കണ്ടപ്പോൾ താൻ കൂടിയുണ്ടായിരുന്നു എന്നു്, വേണ്ടിവന്നാൽ ബോദ്ധ്യപ്പെടുത്തണം. അത്രേയുള്ളു.
മധുസൂദനൻപിള്ള: നിങ്ങൾ പോവൂ ഹേ! ഇവന്റെ നംബർ ഞാൻ കുറിച്ചിട്ടുണ്ട്. എങ്ങോട്ടു പോകുന്നു എന്നും നോക്കട്ടെ.
വേലായുധക്കയ്കൾ: മിസ്റ്റർ മധുസൂദനൻപിള്ളേ! എന്നോടു പോകാൻ പറയുന്ന കാര്യം പന്തിയല്ലാ കേട്ടോ.
ജട്കാക്കാരൻ: നിങ്ങടെ കൂത്താട്ടത്തിനൊന്നും ഞാൻ ആളല്ലാ.
മധുസൂദനൻ പിള്ള: അവനെ വിടരുത്. ഇവിടെ ഒരു കാര്യം നടന്നിട്ടുണ്ടു്.
വേലായുധക്കയ്മൾ: ഇവിടത്തെ കാര്യങ്ങൾക്കു് അധികൃതൻ നിങ്ങളാണോ?
മധുസൂദനൻപിള്ള: ആ ചോദ്യത്തിനുള്ള അധികാരം എവിടുന്നു കിട്ടീ?
(ജട്കാക്കാരൻ ഓടാൻ തുടങ്ങുന്നു.)
മധുസൂദനൻപിള്ള: കയ്മൾ ചേട്ടാ ! ഇവിടെ വലിയൊരു മോഷണം നടന്നു. സഹായിക്കൂ പിടിച്ചുകൊള്ളാൻ. മറ്റെല്ലാം എങ്ങനെയുമാകട്ടെ.
രംഗം ആറു് (41-45)
(രണ്ടുപേരുമായി ജട്കാക്കാരനെ പിടിക്കുന്നു.)
ജട്കാക്കാരൻ : (നിലവിളിക്കുന്നു) ഇതാ പെരുവഴിയിലിട്ടു് അടിച്ചു കൊല്ലണോ! അയ്യോ! കൊല്ലുണോ! അയ്യോ! വെട്ടിക്കൊല്ലണോ!
(ശിപായിയും കുഞ്ഞിപ്പിള്ള അമ്മയും ലക്ഷ്മിക്കുട്ടിയും പ്രവേശിക്കുന്നു.)
മല്ലൻപിള്ള: (സമതനായി) മുന്തിയറുപ്പനെ വിടരുതു്. വിടരുതു്. ആഹാ! ഇവിടുത്തെ സാമാനങ്ങൾക്കൊക്കെ എവൻ ഉത്തരം പറയണം. എടാ മല്ലമ്പിള്ള ഉപ്പുകൂട്ടി ചോറുതിന്നുന്നവനാണു്.
കുഞ്ഞിപ്പിള്ളഅമ്മ: (ശിപായിയോട്) ച്ഛഃ ഏതു സാമാനങ്ങളെടോ? താൻ മിടുക്കൻ തന്നെ. ഇങ്ങനെയാണോ ഉത്തരവനുസരിക്കുന്നതു്?
വേലായുധക്കയ്മൾ: (ആത്മഗതം) ഇതാ ഇന്നലെ കണ്ട കുട്ടി. അല്ലാ ഇവൾ ഭേദം. രണ്ടും ഛായ ഒന്നുതന്നെ. ഇവൾ ശാന്തസ്വഭാവക്കാരി. എന്നേ മൂപ്പരേ! ഇങ്ങനേയും ഒരു സമ്പത്തും കൈവശമുണ്ടു് ഇല്ലേ?
മധുസൂദനൻപിള്ള: (ആത്മഗതം) ഒരു മകളേ ഉള്ളൂ. മറ്റത് ഇതിനേക്കാൾ വികൃതി; അതുകൊണ്ടും ഇപ്പോൾ ഒന്നാമത്തവളായി പുറത്തു ചാടുമായിരുന്നു. ഇത് നമുക്കും കുറച്ചു മുതിര്‍ന്നുപോയി. മറ്റൊന്നുണ്ടെങ്കിൽ, കയ്മളശ്ശനോട് ഒരു കൈ നോക്കണം.
മല്ലൻപിള്ള: കൊച്ചമ്മ ഇതെന്തോന്നു? ഞാനെന്തരു പിഴച്ചു? എന്റടുത്തിദ്ദേഹമാണു പറഞ്ഞതു്, 'ഇവൻ കള്ളൻ, മോട്ടിച്ചു' എന്നു്.
മധുസൂദനൻപിള്ള: എന്നു ഞാൻ പറഞ്ഞില്ലാ. താൻതന്നെയാണു ഇവിടെയെന്തോ വെളിവാടുകൊണ്ടതു്.
ജട്കാക്കാരൻ: എല്ലാവരും കൂടി എന്റെ എല്ലെല്ലാം പൊളിച്ചു. ഗോടും കച്ചേരിയുമുണ്ടെങ്കി, കമസ്തനങ്ങുന്നമ്മാരും കൊച്ചമ്മമാരും-വരീൻ ഉത്തരം പറവാൻ.
വേലായുധക്കയ്മൾ: താനെന്തിനെടോ ഈ അനര്‍ത്ഥത്തിൽ വന്നു ചാടിയതു്?
ജട്കാക്കാരൻ: അവിടുത്തേ കൂട്ടുകാരനെ ഇങ്ങോട്ടെഴുനെള്ളിപ്പാൻ.
വേലായുധക്കയ്മൾ: (മധുസൂദനൻപിള്ളയുടെ അടുത്തു നീങ്ങിനിന്നും) എന്താണിഷ്ടാ നിങ്ങടെ 'മിഷൻ? ' നേരേ പറഞ്ഞേക്കൂ.
മധുസൂദനൻപിള്ള: നിങ്ങടേതോ? അതു പറഞ്ഞാൽ, എന്റെ ഉദ്ദേശം ഞാനും പറയാം.
വേലായുധക്കയ്മൾ: നിങ്ങടേതു കേൾക്കട്ടെ.
മധുസൂദനൻപിള്ള: മറ്റതെന്താ അകത്തമ്മയോ?
വേലായുധക്കയ്മൾ: ആദ്യം ചോദിച്ചതു ഞാനല്ലേ ഹേ!
മധുസൂദനൻപിള്ള: ഇളയവനുള്ള അവകാശം എനിക്കല്ലേ സാർ!
ജട്കാക്കാരൻ: ആരെങ്കിലും വണ്ടി കേറുണെങ്കി, കേറിൻ ഞാനിതാ പോണു.
മല്ലൻപിള്ള: ആരും പെയ്ക്കുക്കൂടെന്നു ഞാൻ പറയുന്നു. തിരുവാണപ്പടിയാണെ എന്റെ വില്ലയാണെ! കാര്യം കളിയല്ലേ.
കുഞ്ഞിപ്പിള്ളഅമ്മ: താൻ അനാവശ്യത്തിനു് നിക്കരുതു്. ഇങ്ങു പോരൂ.
ലക്ഷ്മിക്കുട്ടി: അമ്മേ ! ഞാൻ അകത്തുപോണു. ഇവരെ ഇയ്യാൾ അവമാനിക്കാതെ സൂക്ഷിച്ചുകൊള്ളണം. (പോകുന്നു.)
വേലായുധക്കയ്മൾ: (ആത്മഗതം) കണ്ടില്ലേ പൊയ്ക്കളഞ്ഞതു്? മാഗ്നെറ്റിക് റെസ്പോൺസ്- എന്നൊന്നുണ്ടു്. അതു് തോന്നാഞ്ഞിട്ടാണു്.
മല്ലൻപിള്ള: എടാ ! ഇവിടേന്നു നീങ്ങിയാലൊണ്ടല്ലോ.
(ജട്കാക്കാരനെ മല്ലൻപിള്ള പിടിച്ചിടുന്നു. മറ്റു രണ്ടുപേരും സഹായിക്കുന്നു. ഈ കലാപം നടക്കുന്നതിനിടയിൽ മുൻസിഫും പോലീസ് ഇൻസ്പെക്ടരും പ്രവേശിക്കുന്നു.)
മോട്ടിച്ച പുള്ളിയും സാക്ഷികളും, പിടിച്ച കയ്യേ ഇതാ. ചുമ്മായോ പൊന്നുതമ്പുരാന്റെ മുദ്ര ചൊമക്കണതു്?
ഇൻസ്പെക്ടർ: രഹസ്യം സൂക്ഷിച്ചത് അതിശയമായി.
ഗോപാലക്കുറുപ്പു്: എന്തുചെയ്യാം. ഇയ്യാളെ വേണമെങ്കിൽ തല്ലിക്കൊല്ലണം.
ഇൻസ്പെക്ടർ: (സൂക്ഷിച്ചു നോക്കീട്ട്) ഇതാരെല്ലാം? മിസ്റ്റർ വേലായുധക്കയ്മൾ -
ഗോപാലക്കുറുപ്പു്: (ഭാര്യയോടു്) വെളിക്കു് നില്ലേണ്ടാ. അകത്തു പോവുക. ഒന്നും വ്യസനിപ്പാനില്ലാ. (കുഞ്ഞിപ്പിള്ളഅമ്മ പോകുന്നു.)
ഇൻസ്പെക്ടർ: (ഗോപാലക്കുറുപ്പിനോട്) അവിടുന്നും അകത്തു പോകണം. ഞാൻ പുറകേ വന്നേക്കാം.
(ഗോപാലക്കുറുപ്പു പോകുന്നു.)
(മധുസൂദനൻപിള്ളയോട്) മിസ്റ്റർ മധുസൂദനൻപിള്ളേ! അന്യായം വന്നു് കേസ് ഞാൻ ഫയലിലെടുത്തു. അതെങ്ങിനെ തിരിയുന്നൂ എന്നറിഞ്ഞുകൂടാ. സ്നേഹമെല്ലാം സ്നേഹംതന്നെ. അവനവന്റെ മാനം അവനവൻ സൂക്ഷിച്ചുകൊള്ളണം. ഗുഡ് നൈറ്റ്.
(കൈകൊടുത്തു് മധുസൂദനൻപിള്ളയെ അയയ്ക്കുന്നു.)
(ജട്കാക്കാരനോടു്) എടാ ! നീ എങ്ങനെയാണിതിൽ സംബന്ധിച്ചതു്? സത്യം പറ. പോലീസുകാർ കല്ലുകൊണ്ടുള്ള ബിംബങ്ങളല്ലാ. നിന്റെ ജട്കായിലെ ജനലകളെല്ലാം അടച്ചു് ആരെയോ കയറ്റി ഇന്നലെ ഒരു സവാരി ചെയ്തില്ലേ വയ്യുന്നേരം?
ജട്കാക്കാരൻ: ഉത്തരവു് പൊന്നെജമാനേ! അഗതിയാണു്. കുടികെടുത്തരുതു്.
ഇൻസ്പെക്ടർ: വണ്ടിക്കകത്ത് ഇരുന്നതാരു്?
ജട്കാക്കാരൻ: ഒരു ചെറിയ ചിരിക്കാരി കൊച്ചമ്മ. വഴിനീളെ സംസാരിച്ചു എന്നെ ഇട്ട് ലോട്ടടിച്ചു.
ഇൻസ്പെക്ടർ: ആട്ടെ. ഡൗൺറെറ്റ് ഡബിൾ ഗുസ് (ഒരടി അടിക്കുന്നു) പോ നടാ. നിമേറെ കാലിൽ വിലങ്ങ് എന്നു വിചാരിച്ചു കൊണ്ടിറങ്ങും. ആൾ വരുമ്പോൾ സ്റ്റേഷനിൽ ഹാജർകൊടുക്കണം. എന്തെങ്കിലും പുറത്തുവന്നാൽ - ഏയ്! ജൽത്തി ജാവ്.
(ജട്കാക്കാരൻ തൊഴുതുകൊണ്ടു് ഓടിക്കളയുന്നു.)
മിസ്റ്റർ കയ്മൾ ! ആ വണ്ടിയിൽ വന്ന ആളോടു് നിങ്ങൾ സംസാരിച്ചില്ലേ?
വേലായുധക്കയ്മൾ: അങ്ങനെ എങ്കിൽ അതുകൊണ്ടു നിങ്ങൾ എന്തു സാധിക്കുന്നു?
ഇൻസ്പെക്ടർ: ഞങ്ങൾക്കു് വിവരമായ റിപ്പോർട്ടുണ്ട്. സത്യമൊന്നും മറയ്ക്കരുതു്. നിങ്ങൾ വല്യ സ്ഥിതിമാൻ. അവമാനത്തെ പേടിക്കണം.
വേലായുധക്കയ്മൾ: പ്രസംഗിക്കണ്ടാ മിസ്റ്റർ ഇൻസ്പെക്ടർ! കർത്തവ്യങ്ങളും ചുമതലകളും മറ്റുള്ളവര്‍ക്കും അറിയാം.
ഇൻസ്പെക്ടർ: ആ കുട്ടി നാലയ്യായിരം രൂപായുടെ ആഭരണം ധരിച്ചിരുന്നതു നിങ്ങൾ അറിയുന്നോ?
വേലായുധക്കയ്മ : ഖജനാവിൽ കോടിയുണ്ടായിരിക്കാം. അതുകൊണ്ടെനിക്കെന്തു? നിങ്ങൾക്കെന്തു്?
ഇൻസ്പെക്ടർ: ശരി. എന്നാൽ ആ കുട്ടി ആരെന്നു പറഞ്ഞേക്കണം.
വേലായുധക്കയ്മൾ: നിങ്ങൾ പറയുക. ബിംബം പോലെയല്ലാതെ നല്ല ബോധത്തോടെ പണിചെയ്യുന്നതു നിങ്ങളല്ലേ? പറഞ്ഞാൽ എനിക്കും ഉപകാരമാവും. മുൻസിഫ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളാണെന്നു് ഈ ജട്‌കാക്കാരൻ പറഞ്ഞു. ഇപ്പോൾ ഇവിടെയൊരു കുട്ടിയെ കണ്ടു. രണ്ടുപേരും ഛായ ഒന്നുതന്നെ. പക്ഷേ, ഇവൾ ഒരു ഗൃഹത്തിനു് അലങ്കാരമായിരിക്കും.
ഇൻസ്പെക്ടർ: നിങ്ങടെ വിവാഹശ്രമത്തിൽ വിജയമുണ്ടാകട്ടെ. ഇപ്പോൾ കണ്ട കുട്ടിയെ കിട്ടുന്ന ആളോളം ഭാഗ്യവാൻ ആരുമില്ല.
വേലായുധക്കയ്മൾ: അപ്പോൾ മറ്റേ കുട്ടി ആരാണു് ഹേ?
ഇൻസ്പെക്ടർ: പറയാം, നാളെ ആകട്ടെ. അതിനെ ഭാര്യയായി കിട്ടുന്നതു്, ബ്രഹ്മദേവനൊഴികെ ആരു വിചാരിച്ചാലും അസാദ്ധ്യം. എന്തു മിസ്റ്റർ കയ്മൾ ! ചിലർ ചില പരിഹാസങ്ങൾ ചെയ്യുന്നു?
വേലായുധക്കയ്മൾ: മിണ്ടാതിരിക്കൂ ഹേ! അതിനെല്ലാം 'ക്രിയാകേവലമുത്തരം'
(കർട്ടൻ)
രംഗം ഏഴു് (46-50)
രംഗം ഏഴു്
[ക്ലബ്ബു് കെട്ടണം. ഗോവിന്ദപ്പിള്ളയും, മൂന്നുനാലു മെമ്പർമാരും അദ്ധസ്ത്രീവേഷത്തിൽ കുട്ടപ്പനും ഇരിക്കുന്നു.]
മെംബർ നംബർ 1: ഇന്നത്തെ പുറപ്പാടു് നിഷ്ഫലമായേക്കാം. അദ്ദേ ഹം ഇന്നു് കാഴ്ചബംഗ്ലാവിൽ വരുന്ന കാര്യം 'പുത്രോ ന പുത്രി' എന്ന സന്ദിഗ്ദ്ധാവസ്ഥയിലാണു്.
ഗോവിന്ദപ്പിള്ള: എന്റെ മൂങ്ങാത്താനേ! ദുശ്ശകുനം ചിലയ്ക്കാതിരിക്കൂ. ആഫീസിൽനിന്നു നേരത്തെ പോയി കാരണവന്റടുത്തു ഹാജർ കൊടുത്തിട്ട് പാര്‍ക്കിലേക്കു സവാരിയുണ്ടെന്നു പറഞ്ഞു. ധ്വരയാണല്ലോ. പറഞ്ഞാൽ ഭേദമില്ല. കിറുകൃത്യമാണു് വാക്കിൽ.
കുട്ടപ്പൻ: എനിക്കു വയ്യ ഇതൊക്കെ ഇടാൻ. എത്രതവണ വേഷം കെട്ടണം? ഞാൻ അരുണനായിപ്പോകും, പിടികൂടുമ്പോൾ, കുളം തോണ്ടിപ്പോകുന്നതു് എന്റെ മുതുകുമാത്രം.
ഗോവിന്ദപ്പിള്ള: ഇന്നുകൂടി മതി. റാബർട്ട് ബ്രൂസിന്റെ പരിശ്രമ ശൗര്യം ഓർക്കൂ.
മെംബർ 2: 'ഒന്നരമൈൽ, ഒന്നരമൈൽ, ഒന്നരമൈൽ മുന്നോട്ടു' നടന്ന 'ലൈറ്റ് ബ്രിഗേഡ് കുട്ടപ്പാ' അതെന്തു വീരധർമ്മം!
ഗോവിന്ദപ്പിള്ള: എന്റപ്പനല്ലയോ? കയ്മളശ്ശനെ ഒന്നു കമ്പിളി ആക്കിക്കോട്ടേ. എന്റെ അനുജൻ വിരുതൻ പരീക്ഷയിൽ ഒന്നാം ക്ലാസ്സിൽ ഏലാൻ. അരേ ഗ്രാൻഡ്!
മെംബർ 1: പാര്‍ക്കിൽനിന്നു പിരിഞ്ഞ് ഒരു ചാപ്പാടു പാര്‍ട്ടി നായർ ഹോട്ടലിൽ. മിസ്റ്റർ അരുണനല്ലാ, വിരുണാജി കട്ടപ്പ്ജിക്കു എല്ലാം, ഇരട്ടിപ്പങ്കു്! ഹൈസഭാഷ് ! കൊഞ്ചം പോക്കറ്റിൽ പോട്ടുകൊണ്ടുപോകാനും.
എല്ലാവരും: അങ്ങനെതന്നെ. ഐകകണ്ഠ്യമായ നിശ്ചയം. അനുമതിച്ചു.
മെംബർ 3: ചിന്നബ്രദർ പടിക്കലോളം ചുമന്നിട്ടു കുടമിട്ടുടയ്ക്കുന്ന സമ്പ്രദായം അനുഷ്ഠിക്കൂല്ലാ. മിടുമിടുക്കനല്ലേ? ആ 'സ്‌റ്റുപ്പീഡ്' ഞങ്ങൾക്കാര്‍ക്കും വരൂല്ല.
മെംബർ 2: ലേസിന്റെ യുക്തിയൊ? ഹേ! മനോധർമ്മം വിലയ്ക്കും കടത്തിനും കിട്ടൂല്ലാ.
മെംബർ 1: കേമം! അതികേമം! പരീക്ഷാഫലമറിയുന്നന്നു എന്റെ കണക്കൊരു മട്ടൻ സദ്യ.
മെംബർ 2: കയ്മളശ്ശന്റെ 'അംഭോബിന്ദു തുഷാരമന്ദമരുതാ'-നടനം എന്തു സാഹിതീരസദ്യോതകം!
മെംബർ 1: അതെക്കൊണ്ടു ചുടു്! കുട്ടപ്പൻ 'നെറ്റിത്തടത്തിനു ശേഷം, കുറ്റമില്ലായതുശേഷം- ഉള്ള! കറ്റക്കുഴലീമാര്‍ക്കുള്ളിലസൂയ ജനിപ്പിക്കുമത്രവിശേഷം- ഓമനച്ചില്ലികൾ കാണുംനേരം കാമന്റെ വില്ലുമൊളിക്കും.' ആ രൂപസൗഭാഗ്യത്തെ വര്‍ണ്ണിക്കൂ.
കുട്ടപ്പൻ: കൊമ കിട്ടുന്നെങ്കിൽ എനിക്കാണല്ലൊ. വെച്ചനത്തിൽ പങ്കുകാരെ കാണൂല്ലാ.
മെംബർ 2: എന്റെ ചിത്രസേനാ! നാകലോകനാടകാചാര്യരെ മണ്ടിക്കുന്ന തനിക്കെന്തു നോവു്? ഭിസ്!
ഗോവിന്ദപ്പിള്ള: ഹേ! ആരു കൊമയ്ക്കുന്നു! ചെറിയച്ഛൻ അറിഞ്ഞാൽ ചിരിച്ചുകളയും.
കുട്ടപ്പൻ: ഈ ആഭരണങ്ങളും മറ്റും അവിടെ ആവശ്യപ്പെടുന്നെങ്കിൽ എന്തു ലഹളയാകും?
ഗോവിന്ദപ്പിള്ള: ഇന്നു് തിരിച്ചുവെച്ചേക്കാം. കയ്മളശ്ശനെ കുട്ടപ്പൻ കണ്ടില്ലല്ലൊ. എന്തു വലിയ നീരസഭാവം! തോറ്റു, സംശയമില്ല. ഒന്നുകൂടി കഴുവിൽ കയറീട്ടു- ഹോ, എന്തു വിക്ടറി! നാം നായന്മാരല്ലയോ? വെച്ച അടി മടക്കിയാൽ, ഉടൻ കുത്തിച്ചാവണം. എന്താ ഇഷ്ടാ?
മെംബർ 1: പിന്നെയോ? ആ ഡംബഹിഡുംബൻ- നമ്മെ കാണുമ്പോൾ കടാക്ഷിക്കപോലും ചെയ്യാത്ത ജരാസന്ധൻ- അയാടെ വക്ഷസ്സു താനെ പിളര്‍ക്കുംപടി പറ്റിപ്പാൻ നമ്മുടെ കുട്ടപ്പനുണ്ണി തന്നെ അനുഗ്രഹിക്കണം.
മെംബർ 3: ഇന്നും ആ വേദാന്തസാഗരഗ്രാഹത്തിന്റെ പ്രണയസ്വപ്നം ഭിന്നമാകുമ്പോൾ, അതു കണ്ടു രസിപ്പാൻ (ദണ്ഡകമട്ടിൽ) 'ദേവാധിരാജനഥ സ്വവാരനാരികളുമിന്ദ്രാണി ദേവിയോടുമൊത്തു, അവിടെ നിലകൊണ്ടു; അതുലരസമാണ്ടു; രസികവരതിലകമണിമകുടരവിചന്ദ്രനിതി കുട്ടപ്പനേ നുതികൾ ചെയ്തു.' (എല്ലാവരും പൊട്ടിച്ചിരിച്ചു കൈ കൊട്ടുന്നു.)
മെംബർ 2: കുട്ടപ്പനെ പരിഗ്രഹിച്ചുകളയട്ടെ. പണമുണ്ടല്ലൊ. ഒരു സദ്യയും തരട്ടെ. ഹെ! കവി! ആ കല്യാണത്തെ ഒന്നു വര്‍ണ്ണിക്കൂ..
മെംബർ 1: ഗദ്യം പോരേ?
''ഹര! ഹര! ശിവ, ശിവ ചിത്രം ചിത്രം,
കയ്മള്‍കുലത്തിൽ മകുടീരത്നം,
മാനുഷവംശ പരിഷ്കൃതിയായൊരു
പാരാവാരം മറുകരകണ്ടൊരു
ധീമാൻ, ശ്രീമാൻ, ഹൈമൻ ദ്വേഷികളിൽ
മുമ്പാര്‍ന്നുള്ളൊരു ഫയൽമാൻ പിന്നെ
ഓരോരുത്തൻ: ദേവകവേ! കവികുലഭൂഷാ! കവിരാജ രാജേന്ദ്രൻ!
എല്ലാവരും ചേർന്നു: കലികാല കവീന്ദ്രപ്പെരുമാൾക്കു് ഉച്ചെസ്തരം മൂന്നു ചീയറാട്ടഹാസങ്ങൾ - ഹൗവുറേ ഹേ!
മെംബർ 1: ആരെങ്കിലും ഒരാൾ കയ്യളശ്ശൻ പുറപ്പെടുക. അദ്ദേഹം ഇളിഭ്യനായി നില്ക്കുന്ന ആ നില അഡ്വാൻസായിത്തന്നെ ഒന്നു കാണാൻ രസമുണ്ടു്.
(ഒരാൾ എഴുന്നേറ്റ് അതു് അഭിനയിക്കുന്നു.)
മെംബർ 3: നേരം വൈകുന്നു. ചമയിക്കുക, കഴിയട്ടെ.
കുട്ടപ്പൻ: എനിക്കു വയ്യാന്നു പറഞ്ഞില്യോ? ഞാനിതെല്ലാം വലിച്ചുപറിച്ചു കളയും.
മെംബർ 1: കുട്ടപ്പാ ! ഇന്നു കെങ്കേമൻ റബ്ബർ പട്ട ഇട്ട ഫീറ്റൻ സാറട്ടാണു്. ജട്കയല്ല. എത്ര വലിയ രാജസമായുള്ള പുറപ്പാടു്! പാവാട എടുത്തുകെട്ടു. കോട്ടിട്ടു പൂട്ടു. ഉഡ്യാണമിട്ടു മുറുക്കൂ. അഡ്യൽ കണ്ഠത്തിൽ ആക്കൂ.
(മധുസൂദനൻപിള്ള പ്രവേശിക്കുന്നു.)
മധുസൂദനൻപിള്ള: കള്ളന്മാരേ! മറക്കൂറ്റന്മാരേ! നിങ്ങൾ എന്നെ എന്തു പറ്റിച്ചു പറ്റിച്ചൂ! ഇതാണല്ലേ കച്ചവടം? കുട്ടപ്പാ! നിന്നെ കണ്ടിട്ടു ഭൂതിയോ, ഭീതിയോ അവതീയായ ഈശ്വരി എന്ന പോലെ കൗതുകം തോന്നിക്കുന്നു. എങ്കിലും ഈ നാഗകന്യാവേഷത്തിലാണു് ഇന്നു പോകേണ്ടതു്. പാവാട കെട്ടണ്ടാ. എന്നെക്കുഴിയിൽ ചാടിച്ച നിങ്ങൾക്കൊക്കെ കണക്കിനു കിട്ടണം. കരുകരുത്തംകെട്ട ഗോവിന്ദനും വിശേഷിച്ചു വെച്ചിട്ടുണ്ടു്. നേർവഴി പിണക്കീ.
ഗോവിന്ദപ്പിള്ള: അതുകൊണ്ടു് എന്തബദ്ധം പറ്റീ? നിങ്ങൾ അവിഞ്ഞും പുകഞ്ഞും പോയില്ലല്ലൊ.
മധുസുദനൻപിള്ള : പറ്റിയില്ല ഇല്ലയോ? ഭംഗി! മുൻസിഫദ്ദേഹം അന്തസ്സുള്ള ആളാകകൊണ്ട്, ഒന്നും പേടിക്കാനില്ലാ. അദ്ദേഹത്തെ ഞാനിനി എങ്ങനെ കാണും? ഹേ! കഴുത്തറപ്പാ! ശകുനീ! മാരീചാ! മാൺസ്റ്റർ ! വച്ചിരിക്കുന്നതു വാങ്ങാൻ ഒരുങ്ങിക്കൊളളൂ.
ഗോവിന്ദപ്പിള്ള: ഇപ്പോൾത്തന്നെ തന്നേക്കൂ. ഈ കാൺസ്പിറസിയിൽ സഹൃദയനായി ചേരുക. കയ്മൾനിധനം കാണാൻ ഞങ്ങളോടു പോരൂ.
മെംബർ 1: കയ്യൾ യജമാനൻ തീക്കുണ്ഡം ചമച്ച് ആ വിപുലക്കുഴിയിൽ പള്ളിച്ചാട്ടം കഴിക്കുന്നത് അത്ഭുതതരമായ കാഴ്ച! ഢം, ഢം, ഢം, ഢം.
മെംബർ 3: രാജ്യം വിട്ടു 'നിശ്വസിച്ചും ക്ഷണമപി നിന്നും, നടന്നും തളർന്നും' സാവധാനധാവനം ചെയ്യുന്നതു പോനാൽ കിടയാത്ത വിശേഷതരമായ കാഴ്ച ! ഢം, ഢം ഢം, ഢം.
മെംബർ 2: പൊടി കാണില്ലിനി. അയാളുടെ പ്രമാണവാദങ്ങളും തത്വപ്രസംഗങ്ങളും, സിദ്ധാന്തകൽഹാരങ്ങളുംകൊണ്ടു പറക്കൂല്ലേ ഇന്നു്!
ഗോവിന്ദപ്പിള്ള: ഇക്കള്ളക്കുട്ടനെ ഉടുപ്പിച്ചു തീര്‍ക്കിൻ.
(എല്ലാവരും കൂടെ കുട്ടപ്പന്റെ വേഷം പൂർത്തിയാക്കാൻ യത്നിക്കുന്നു. ഇൻസ്പെക്ടർ പ്രവേശിക്കുന്നു.)
എല്ലാവരും: (ഇച്ഛാഭംഗത്തോടെ) ഗുഡ് ഈവിനിംഗ് ഹേ സമാധാന വൈകുണ്ഠാ!
ഇൻസ്പെക്ടർ: (ചുററ്റിനോക്കീട്ട്) ഇന്നിവിടെ എന്തോ ഫാഴ്സുണ്ട്. നല്ല സമയത്തു വന്നെത്തി.
ഗോവിന്ദപ്പിള്ള: ചെറിയൊരു നേരമ്പോക്കും. ഒരു ഏകരംഗപ്രഹസനം.
മെംബർ 2: (ഇൻസ്പെക്ടരെ തെറ്റിക്കാൻ) ബഞ്ചെല്ലാം പിടിച്ചിടീൻ. മധുസൂദനൻപിള്ളയും വേഷം കെട്ടു ഹേ! പോലീസ് തലപ്പാവാൽ ഹതപ്രജ്ഞനാകാതെ.
ഇൻസ്പെക്ടർ: എന്നാൽ എനിക്കും ഒരു പാർട്ടു തരിക.
രംഗം ഏഴു് (51-54)
ഗോവിന്ദപ്പിള്ള: നിങ്ങടെ വഴിക്കു പോയി വല്ലടത്തും തുരംകം വയ്ക്കു ഹേ! ഈ യൂണിഫാറം കാണുമ്പോൾത്തന്നെ ഞങ്ങടെ ഉത്സാഹം ചോർന്നുപോകുന്നു.
ഇൻസ്പെക്ടർ: ഛേ! ഛേ! അവസാനത്തിലെ വഞ്ചിപ്പാട്ടു ഞാൻ പാടാം. നിങ്ങളിലൊന്നല്ലേ ഞാനും? ഒരു കളരിയിൽ കച്ചകെട്ടിയവർതമ്മിൽ രഹസ്യങ്ങളുണ്ടോ? എനിക്കെന്തു പാർട്ടു തരുന്നു മിസ്റ്റർ ഗോവിൻഡ്?
ഗോവിന്ദപ്പിള്ള: നിങ്ങൾ സൂത്രധാരൻ ആകൂ. പരീക്ഷയ്ക്ക് ഒരു നാന്ദി ചൊൽക.
(ഇൻസ്പെക്ടരെ പിടിച്ചുതള്ളി പുറത്തുകൊണ്ടു പോകുന്നു. വാതുക്കൽ ചെന്നപ്പോൾ സങ്കോചപ്പെട്ടു പിൻമാറുന്നു. പുറകെ ഗോപാലക്കുറുപ്പു പ്രവേശിക്കുന്നു.)
ഗോപാലക്കുറുപ്പു : ഞാൻ നിങ്ങളെ അസ്വാസ്ഥ്യപ്പെടുത്തുന്നോ?
മധുസൂദനൻപിള്ള: ഇല്ലില്ലാ അഃ, അഃ.
ഇൻസ്പെക്ടർ: എന്താ സാർ? ഞാൻ പറഞ്ഞില്ലേ? ഇങ്ങനെയാണു മോഷണമുണ്ടായതു്.
(എല്ലാവരും ലജ്ജിച്ച് ഓരോ മൂലയിൽ ഒതുങ്ങുന്നു.)
വയറ്റിപ്പാടിനുള്ള വഴി തിരഞ്ഞുപോയകൊണ്ടു കൂട്ടം പിരിഞ്ഞു. അല്ലെങ്കിൽ ഈ കൃത്യത്തിൽ ഞാനും ഉൾപ്പെട്ടുപോകുമായിരുന്നു.
ഗോപാലക്കുറുപ്പു: കുണ്ടാമണ്ടിക്കുട്ടികളും! ഇനി എന്തെങ്കിലുമാകട്ടെ. വലിയൊരു ക്ലേശം നീങ്ങി. ഗോവിന്ദാ!
ഇൻസ്പെക്ടർ: വരട്ടെ, സാർ ഞാൻ ഇവരെ വിടില്ലാ. എല്ലാറ്റേയും അറസ്റ്റ് ചെയ്ത് ഇഴുത്തു കൊണ്ടുപോയി പട്ടിണിയും മുഷികളും ഊട്ടിയേക്കാം. കുട്ടപ്പൻ മുൻപോട്ടു നീങ്ങിനിൽക്കൂ. സ്ഥാവരജംഗമനിയമാനുസരണം താങ്കളെ ഞാൻ അറസ്റ്റ് ചെയ്യുന്നു.
കുട്ടപ്പൻ: (വിങ്ങി) ഞാനല്ലാ. എല്ലാം ഗോവിന്ദൻചേട്ടനാണു ചെയ്തതു്.
ഇൻസ്പെക്ടർ: ഇതെല്ലാം മോഷ്ടിച്ചതാർ? പറയൂ. ഛാർജ് 'ഫെലണീ മാക്സിമസ്' -ഹും ! പറയൂ.
കട്ടപ്പൻ: ഞങ്ങൾ രണ്ടുപേരും കൂടി.
ഇൻസ്പെക്ടർ: എന്നാൽ ചേട്ടനും അനുജനും രണ്ടുപേരും 'മാര്‍ച്ച്' ചെയ്യിൻ സ്റ്റേഷനിലേക്കു്. ഉറങ്ങാൻ ഉറുമ്പു ശുശ്രൂഷയുള്ള സ്വര്‍ഗ്ഗം. കയ്മൾ വധം അവിടെക്കിടന്നു ക്നാവുകാണാം.
കുട്ടപ്പൻ: അച്ഛാ!
(ഗോപാലക്കുറുപ്പു് ചിരിച്ചുകൊണ്ടു പോകുന്നു.)
അച്ഛാ! എന്നേക്കൂടെ കൊണ്ടുപോണേ.
ഗോവിന്ദപ്പിള്ള: മിണ്ടാതിരിക്കൂ കുട്ടപ്പാ! നമ്മുടെ ഉരുപ്പടികളെ നാം കളിക്കായി എടുത്താൽ മോഷണമാകുമോ? ഇൻസ്പെക്ടർ നേരമ്പോക്കു പറകയല്ലേ? ചെറിയച്ഛൻ പോയി കിട്ടുന്നതു പിന്നെ വാങ്ങിക്കൊള്ളാം. കയ്മളെ ജയിക്കാൻ വിട്ടുകൂടാ. (ഇൻസ്പെക്ടരെ ദൂരെ കൊണ്ടുപോയി ഗോവിന്ദപ്പിള്ള മന്ത്രിക്കുന്നു).
ഇൻസ്പെക്ടർ: അതു രസം ! ഞാനും കൂടിച്ചേരാം. കയ്മൾക്കും എന്തെങ്കിലും കണക്കിനു സമ്മാനിക്കാൻ തരമുണ്ടു്. അതു കൊടുക്കേണ്ടതു നിങ്ങൾതന്നെ. ഹോട്ടലിലേക്കു് എനിക്കും ക്ഷണമില്ലേ?
എല്ലാവരും കൂടി: ഹേ! സംശയമോ? ചൗര്യസംഹാരിക്കു മൂന്നു കണ്ഠം ചീന്തി ആർപ്പ് -ഹേ; ഹേ, ഹീയോ, ഹീയോ, ഹിയ്യോ!
ഇൻസ്പെക്ടർ: അയ്യ! ഒടുക്കത്തെ ഇളിപ്പു കാണാൻ രസമുണ്ടു്. ഇങ്ങോട്ട പോന്നതു വലതുകാൽവച്ചുതന്നെ.
മെംബർ 1: റിഹഴ്‌സൽ അഭിനയം ഒന്നു കാണണമോ? (എല്ലാവരും കയ്മളുടെ ഇളിഭ്യം ഓരോവിധം അഭിനയിച്ചിട്ടും പൊട്ടിച്ചിരിക്കുന്നു. ശിപായി പ്രവേശിച്ച് ഗോവിന്ദപ്പിള്ളയ്ക്ക് ഒരെഴുത്തു കൊടുക്കുന്നു. )
ഗോവിന്ദപ്പിള്ള: ആരുടേതെടോ?
ശിപായി: ആ ശുപ്രേണ്ടങ്ങത്തെ. അല്ലെങ്കിൽ അങ്ങു ചെല്ലുമ്പം കൊച്ചമ്മ ചൊല്ലിത്തരും. അമ്പേ!
ഗോവിന്ദപ്പിള്ള: (പൊട്ടിച്ചു വായിക്കുന്നു.)
ഈ മാസം 27-ാം തീയതി അസ്തമിച്ചും ഏഴുനാഴിക മീനം രാശി ശുഭമുഹൂർത്തത്തിൽ, എന്റെ അനന്തരവൻ വേലായുധക്കയ്മൾ മ-രാ-രാ ഗോപാലക്കുറുപ്പു മുൻസിഫ് അവർകളുടെ പുത്രി ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയെ, അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ചു വിവാഹം ചെയ്യുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാൽ, ആ മംഗളാവസരത്തിൽ താംകൾ കൂടി വന്നിരുന്നു ദംപതിമാരെ അനുഗ്രഹിക്കണമെന്നു് അപേക്ഷിക്കുന്നു.
എന്നു സ്വന്തം തളിയങ്കാട്ടു ശങ്കരക്കയ്മൾ.
ഗോവിന്ദപ്പിള്ള: കയ്മളശ്ശന്റെ ഒരു കന്നന്തിരിവാണിത്.
ശിപായി: പന്തിയിൽ പക്ഷം കാണിച്ചൂടാ. ഇതാ നിങ്ങൾക്കുമുണ്ടു്. (മേൽവിലാസം നോക്കി ഓരോരുത്തര്‍ക്കും കൊടുക്കുന്നു.)
മധുസുദനൻപിള്ള: (വായിച്ചു) അയാളുടെ ചുണ്ടയിൽ പെടാനുള്ള മണ്ടന്മാർ നാമല്ലാ.
മെംബർ 1: ഇതാണു് ഇന്നത്തെ ജോലി എന്നു പറഞ്ഞതു്.
ഗോവിന്ദപ്പിള്ള: അതേടോ. അയാൾ പറ്റിക്കാൻ നോക്കുകയാണു്. ഇന്നത്തെ യാത്ര വേണ്ടാ. വേറെ നല്ലൊരു കുഴി തോണ്ടണം.
ഇൻസ്പെക്ടർ: വേണം വേണം. ഇന്നുച്ചയ്ക്ക് ജാതകം കൊടുത്തപ്പോൾ ഗോവിൻഡൂസ് ഫാദറും ഞാനും കൂടി ഉണ്ടായിരുന്നു. കാരണവർ ശങ്കരക്കയ്മൾ കണ്ടാൽ മഹാപ്രഭു. നിങ്ങളുടെ വിദ്യയ്ക്ക് ഇതാണു കയ്യളശ്ശന്റെ കടശിക്കൈ.
മറ്റുള്ളവർ: (ഓരോവിധത്തിൽ ലജ്ജ അഭിനയിച്ചിട്ടു്) തിരുവനന്തപുരം സ്വര്‍ഗ്ഗം ആയല്ലൊ. അതുമതി.
ഇൻസ്പെക്ടർ: ഇതാ അദ്ദേഹം വരുന്നു. അപകടങ്ങളൊന്നും കാട്ടരുതേ. (വേലായുധക്കയ്മൾ പ്രവേശിക്കുന്നു.)
വേലായുധക്കയ്മൾ: ഇന്നു പാര്‍ക്കിലേക്കില്ലാ. നിങ്ങടെ കമ്പനിയാണു സുഖപ്രദം. എന്റെ കുട്ടപ്പാ। അതുപോട്ടെ. നാം തമ്മിൽ ഇനി-
(കുട്ടപ്പനെ ആശ്ലേഷം ചെയ്തു നില്ക്കുന്നു.)
മറ്റുള്ളവർ: (ഇരുഭാഗവുമായി നിന്നു) 'ഇനിവരും കുശലങ്ങൾ മേൽക്കുമേലേ.' അതുകൊണ്ടും ദമ്പതിമാക്കും ത്രീ ചീയേഴ്‌സ്- ഹിപ്പ് ഹിപ്പ് ഹുറേ! ഹുറേ! ഹുറേ ! ഒരാവര്‍ത്തി ഹിപ്പ്, ഹിപ്പ് ഹുറേ! ഹുറേ! ഹുറേ!
(കർട്ടൻ)