Loading...
Home / 2026 / 26നാടകം / തെന്തനാംകോട്ടു് ഹരിശ്ചന്ദ്രൻ
Author: സിവി രാമന്‍പിള്ള

സിവി രാമന്‍പിള്ള

തെന്തനാംകോട്ടു് ഹരിശ്ചന്ദ്രൻ

പാത്രവിവരം (01)

 

-01-


പാത്രവിവരം


ജനാദ്ദനൻതമ്പി-ഒരു വൃദ്ധൻ, നായികയുടെ അച്ഛൻ

മല്ലു-വൃദ്ധന്റെ ഭൃത്യൻ

ആർട്ടിസ്റ്റ് -കഥാനായകൻ

കരുണാകരൻപിള്ള -ഒരു നാടകക്കാരൻ

കല്യാണിക്കുട്ടി-ജനാദ്ദനൻതമ്പിയുടെ മകൾ, നായിക

കുട്ടി-നായകന്റെ ഭൃത്യ

മാതിയച്ചി-ഒരു വൃദ്ധ, നായികയ്ക്ക് അരിവെച്ചു കൊടുക്കുന്നവൾ


1089-ാമാണ്ടത്തെ (1913) കാളേജ് ഓണം ഡേയ്ക്കു കളിക്കാനായി ഓണം ഡേ കമ്മറ്റിക്കാരുടെ അപേക്ഷപ്രകാരം എഴുതിയതു്.

 

രംഗം ഒന്നു (02-05)

 

-02-


രംഗം ഒന്നു


(തിരുവനന്തപുരത്ത് ഒരു സാമാന്യഭവനത്തിലെ അറപ്പുര. കണ്ണിനു സൂക്ഷ്മം കുറഞ്ഞ വൃദ്ധൻ ജനാദനൻതമ്പി പ്രവേശിക്കുന്നു.)

തമ്പി: (ചിന്താകുലനായി നടന്നും ആത്മഗതം) ഛീ! ഛീ! നമുക്കും ഇതൊന്നും പിടിക്കിണില്ല. പെണ്ണെ തിടിനെന്നും ഇവിടെ നിന്നു മാറ്റൂടണം. കനകം ദുക്ഷിക്കണതും കള്ളന്റെ വായ്ക്കുകത്തോ? ദളവാഅമ്മാവന്മാരുടെ കാലത്തെങ്കി തെന്തനാംകോട്ടു് കൊച്ചിങ്ങടെ എട്ടാവെട്ടത്തു് ഏശുമോ ഒരു പ്രാണി? ഇപ്പം ഇതാ ഗോഡും ലവിലേഷങ്ങളും വന്നു തമ്പിയും നമ്പിയുമൊക്കെ മൂലയിൽ കുശവരായി തെണ്ടാടണാ. (കസേര നീക്കിയിട്ടിരുന്നു) എന്തരായാലും പെണ്ണ് അറപ്പുരയിലും ആ പൂകൊമരൻ പടിപ്പുരയിലും ആയി താമസിക്കണത് നല്ലതല്ല. ലോകരു പഴിക്കും. അതു വന്നുകൂടാ! മാതിയച്ചീ! പൊട്ടിച്ചവം ! അതിന്റെ ചെവി തുറക്കണമെങ്കി കന്നക്കോലുതന്നെ വേണം. എടാ മല്ലൂ! മല്ലൂ!

(മല്ലു പ്രവേശിക്കുന്നു.)

തമ്പി: എന്തരടാ ! നീയും ചെവിത്തൂമയാകൂട്ടോ. വിളിച്ചാകൊണ്ടു ഒന്നു കേട്ടുകളഞ്ഞൂടിയോട?

മല്ലു: കേട്ടപ്പം അല്ലിയോ വന്നിരിക്കണതു്. സ്രിപപ്പനാപന്റെ രാച്യമല്ലിയോ. പിത്തപ്പൂമി. പിടിച്ചൂടണാ വാതൂക്കം. തന്നറിയാണ്ടു വരണതിനു് എന്തരു ചെയ്‍വാൻ. പപ്പനാവനെ നിനച്ചോണ്ടിരിക്കുമ്പം അങ്ങു തൂങ്ങി സ്വര്‍ക്കവും കയിലാഷവും കണ്ടു പോണു.

തമ്പി: തവസ്തും മറ്റും പിന്നെയാവാം. നീ കണ്ടതു് കവിതയോ കിനാവോ?

-03-


മല്ലു: (ആത്മഗതം) എടാ ശനിയാ, അതൊരു ഗേസ്സായിട്ടലോ എടുത്തിരിക്കണതു്. (പ്രകാശം) ഇങ്കിരീസമട്ടുകള്. നമുക്കെന്തരങ്ങുന്നേ! വള്ളിനാടകം അങ്ങന്നു കണ്ടിട്ടില്ലോ? സുപ്രമാണിയസായ്പ്, അല്ലേ-സ്വാമി-; വള്ളിയമ്മയെ കണ്ടപ്പം ചുമ്മാ മിണ്ടാണ്ടു പെയ്യോ? അങ്ങേര കേറി നിന്നില്യോ-

''വാറയോടീ പെണ്ണെ വള്ളീ വാഴ്‍വരശേ തിരിച്ചന്തൂര്‍ക്കു് തേരു മുണ്ടു തിരുനാളുണ്ടു..."

തമ്പി: (ഗൗരവത്തോടെ) ഛീ! എന്തരടാ നിന്റെ പാട്ടും കൂത്താട്ടവും ?

മല്ലു: എന്തരങ്ങുന്നേ! - എന്തെരെന്തരെന്നു കേക്കുണതു്. എന്തരെന്നു വച്ചാ-ചൊല്ലിയതുതന്നെ. എല്ലാം വള്ളിനാടകം "മാനേ തേനേ മയിലേ കുയിലേ'' എന്നു ചിങ്കാരം കൊണ്ടുപിടിക്കുമ്പം-

തമ്പി: ഛു! തടിയാ! അക്കാനിമാടാ! കൊച്ചിന്റടുത്തു് ചിങ്കാരം കൊണ്ടാടാൻ അവനാരടാ- കേസെങ്കിക്കേസ്, വഴക്കെങ്കി വഴക്കു്. പോലീസോ ജീവിലോ എന്തരായാലും ചക്രവും വക്കീലും ചേരുമ്പം ഗോഡും ചട്ടവും ഒക്കെ തിരികടധൊമി. വിളി ഇങ്ങോട്ടവനെ-ഉത്തരം പറയണതു - തെന്തനാംകോട്ടു തമ്പി.

(മല്ല പടിപ്പുരയിലേക്കു പോകാൻ തുടങ്ങുന്നു.)

(ആലോചിച്ചു) അവനെയല്ലടാ. ആ പറക്കീടെ അടുത്തു നമുക്കെന്തൊര കാര്യം. ആ കിഴട്ടുകിഴവിയെ വിളി.

-04-


മല്ലു: (ഉറക്കെ) മാതീച്യെ! മാതീച്യെ!

തമ്പി: ഇവിടന്നു തൊറപ്പാനോ പറഞ്ഞത്? പോ, പോ, നിന്റെ പാട്ടിക്കു് (മല്ലുവിനെ പിടിച്ചു പുറത്തു തള്ളുന്നു.) മാതിയച്ചീ! (ഉറക്കെ) പൊട്ടിച്ചവമേ! (കുറേക്കൂടി ഉറക്കെ) എന്നേ കാലത്തി മാടച്ചീ! (അത്യുച്ചത്തിൽ) നിന്റെ തല തെറിച്ചുപോവാനക്കൊണ്ടു -മാതീ!

(മാതിയച്ചി പ്രവേശിക്കുന്നു.)

മാതിയച്ചി: എന്തിനിങ്ങനെ ഈ നിലവിളികളു്. തവപ്പൻ വന്നൂന്നു വച്ചു് അടുപ്പിത്തീ ഇടാഞ്ഞു് അരിവേവുമോ? കൊച്ചിനിന്നു വല്യ പരീക്ഷ. വെറുവയറോടെ പെയ്യാ തളച്ചയോ കിളച്ചയോ വന്നൂടില്യോ?

തമ്പി: (ദേഷ്യത്തോടെ) നമ്മുടെ അടുത്തു് നിങ്ങള ലാവും വകുപ്പുകളും കൊണ്ടരാതിൻ. വിളിച്ചാ കേപ്പാതിരിപ്പാൻ കാതിലാപ്പോ അറഞ്ഞു കേറ്റീരിക്കണതു്?

മാതിയച്ചി: ആപ്പവും കീപ്പവും കൊറിച്ചോണ്ടു പെയ്യാ നട്ടുച്ചവരെ വയറു കേക്കൂല്ല. ഉണ്ടവനേ ഊക്കംചെയ്യൂ

തമ്പി: മടലേ! ആപ്പവും കീപ്പവും എന്നു് ആരുപറഞ്ഞു? (രഹസ്യഭാവത്തിൽ) നിങ്ങളെ ഇവിടുത്തെ വിടുതിയെ-

മാതിയച്ചി: അയ്യോ! വീടു തീവച്ചാ പിന്നെ കേറിക്കെടപ്പാടം വേണ്ടിയോ?

-05-


തമ്പി: (അക്ഷമനായി) കുരു കെട്ടി എടുക്കട്ടെ. (സ്ത്രീയുടെ അടുത്തു ചെന്നു് താഴ്ന്ന സ്വരത്തിലും ആംഗ്യത്തോടും) നിങ്ങടെ-

(മാതിയച്ചി തലകുലുക്കുന്നു.)

പടിപ്പൊരയിലെ-

മാതിയച്ചി: യാ.

തമ്പി: യാ!-ഛീ! തൊറപ്പാക്കുറ്റി! (ചുണ്ടുകൊണ്ടു പദത്തെ വ്യക്തമാക്കി) പ-ടി-പ്പു-ര-യി-ലെ.

മാതിയച്ചി: പടിപ്പൊരേലോ?

തമ്പി: അമ്മേ ! പാറക്കോലുകൊണ്ടു് അടിച്ചു കേറ്യപ്പോ മണ്ടയിലെത്തി. ചെക്കൊലക്കപോലെ ദൃഷ്ടിച്ചൂട്ടല്ലോ!

മാതിയച്ചി: പടിപ്പൊരയിലെന്തരു്?

(ആരു പാര്‍ക്കണു എന്നുള്ള ചോദ്യത്തെ തമ്പി കൈകൊണ്ടു് അഭിനയിക്കുന്നു)

 

രംഗം ഒന്നു (06-09)

 

-06-


അവിടെയൊരു പടമെഴുത്തു പിള്ള - മനയണവേല-കൊത്തണവേല-പിന്നെയുമെന്തനെല്ലാത്തിലുമൊക്കെ എല്ലലൊടി പരീക്ഷകൊടുത്തു. നാലു കൈയും പെറക്കെ തഞ്ചിയും പിടിച്ച ഒരു തങ്കക്കൊടം.

തമ്പി: (പല്ലു കിറിച്ച് ചട്ടുകം കാണിച്ചുകൊണ്ടു്) എല്ലൊലൊടി ആകുന്നതിനുതന്നെ നിങ്ങളു നോക്കണു. 'എന്തരെല്ലാമൊക്കെ' എന്നുവച്ചാ കൊശവനോ? കമ്മാളനോ?

മാതിയച്ചി: കേശവനെന്നല്ല പേരു്. എല്ലാവരും വിളിക്കണതും കുട്ടൻപിള്ള എന്നാണു്. ഇട്ട പേരും എന്തരോ ഒണ്ടു്.

തമ്പി: നിങ്ങടെ കുട്ടയും വല്ലവും എന്തരു ജാതീന്നു് ചൊല്ലിനു്. അതാണു കേട്ടതു്.

മാതിയച്ചി: (രഹസ്യമായി) ഇതുതാനോ പൂലോകം എന്നല്യോ അങ്ങുന്നു തൊടങ്ങിയിരിക്കണു. ആഞ്ചാതി പെഞ്ചാതി എന്നല്ലാണ്ടു് ഇപ്പോഴൊക്കെ മൂന്നാം ചാതി ഏതങ്ങുന്നേ?

തമ്പി: എന്തരു കിഴുക്കാൻചാതിയായാലും നമ്മുടെ കൊച്ചു പാര്‍ക്കണേടത്തു് അന്യാലൊരുത്തനെ എങ്ങനെ കൊണ്ടു പാർപ്പിച്ചു? പണ്ടു് ആ ചെറുക്കൻ നാണു നൊട്ടിക്ലേസവും ജയിച്ചു് പെണ്ണിനു കേറിവന്നപ്പം നാം ചെയ്ത ചെയ്തി നിങ്ങക്കറിഞ്ഞുടയോ. അവൻ പെയ്യവഴിക്കും ഇന്നും കുരുത്തോ പുല്ല്. അവന്റപ്പൻ മാതേവൻപിള്ള പിലത്തീട്ട് ഏതു കോട്ട പിടിച്ചു? അവന്റെ നാല്പതിലും കൊടുക്കൂല്ല പെണ്ണിനെയെന്നു ദളവാമ്മാവന്മാരെ തൊണ്ണൂറ്റിരുക്കോൽ ഇലങ്കപ്പടിയിലിരുന്നു വാശിവാക്കും കൂറി. പെണ്ണിനെ പടിക്കാനും വിട്ടു. അവനോ അവളോ മീതിവരണതെന്നു പാപ്പാൻ നോക്കിയപ്പം കണ്ടില്യോ, ഒരു മൊടക്ടാവു ചാടീരിക്കണതു്. അവനാരു്? കുലം എന്തു്? ചൊല്ലിൻ. മണ്ണാനോ, മറവനോ?

മാതിയച്ചി: യാ.

തമ്പി: പിന്നെയും നിന്റെ യാ! ആ മേനിപ്പുതുച്ചരക്കിനെ ഒന്നിങ്ങു വിളി.

-07-


മാതിയച്ചി: അങ്ങത്തെ മേന്മകൾ അവരു കണ്ടതോ കേട്ടതോ ! ഇവിട കൊണ്ടെന്നാ അങ്ങുന്നു് ഒന്നു ചൊല്ലുമ്പം അവരു രണ്ടു ചൊടിക്കും. വിളിച്ചേ തീരുവെങ്കി കുഞ്ഞിനെ ഒന്നയച്ചൂട്ടാ-വാലുമാട്ടിക്കൊണ്ടു്...

തമ്പി: (സ്ത്രീയുടെ നേര്‍ക്കു കൈയുമോങ്ങിക്കൊണ്ടു്) മൂത്തുമൊരക്കടിച്ച കിഴവീ, കുറെ അപ്രപ്പെട്ടുപോണു.

മാതിയച്ചി: അതല്ലങ്ങുന്നേ! അവരക്കൊക്കെ പടിത്തവഴികളും മറ്റുമൊണ്ടു്. അമ്മാറക്കൊക്കെ കുഞ്ഞോതിയൊഴിഞ്ഞിഞ്ഞോട്ടയക്കുമ്പം -

(തമ്പി കോപിച്ചു വൃദ്ധയെ തല്ലുന്നു. മാതിയച്ചി പോയി.)

തമ്പി: (ആത്മഗതം) ങ് ഹ! ദളവാമ്മാവന്മാരെ തറവാട്ടിന്റെ പേരു നാമായി നാറ്റിച്ചുകൂടാ. ലോഹര പഴി എങ്ങയും കിടക്കട്ടെ. അവരു കാടോ മേടോ കേറട്ടു്. നമുക്കും എല്ലാത്തിനും ഒരു മനയും വേലിയുമൊക്കെയുണ്ടു്. അതൊക്കെ ഞെരിച്ചിട്ടോണ്ടൊരു പുതുമ ഏയ്-നമുക്കു വേണ്ട.

(രംഗത്തിന്റെ ഒരറ്റത്തു് ആർട്ടിസ്റ്റ് പ്രവേശിക്കുന്നു.)

ആര്‍ട്ടിസ്റ്റ്: (ആത്മഗതം) എങ്ങനെയാണ് ഇവിടെ വേണ്ടതു്. അച്ഛൻ വിളിക്കുന്നു എന്നു മാത്രം പറഞ്ഞു് കല്യാണിക്കുട്ടി ഓടിക്കളഞ്ഞു. ഇദ്ദേഹം എത്ര മാറിയിരിക്കുന്നു. കല്യാണിക്കുട്ടിയുടെ വാഗ്ദത്തം ഒന്നു വാങ്ങിക്കുന്നതിനു മുമ്പു് ഇദ്ദേഹം വന്നു ചാടിയതും രണ്ടാമതും ഏഴരശ്ശനി ഉദയം ചെയ്തതുപോലെ ഇരിക്കുന്നു. ഇതിന്റെ പരമാത്ഥം അറിഞ്ഞാൽ ഇദ്ദേഹം തന്റെ സത്യത്തെ ഊര്‍ജ്ജിതപ്പെടുത്തും. ആ സ്ഥിതിയിൽ നിവൃത്തിയെന്തു്? ആട്ടെ കൗശലക്കാരനു് കാമദേവൻ അനുകൂലിയെന്നൊരു ചൊല്ലുണ്ടു്. ക്ഷീണോത്സാഹന്നു് സുന്ദരീലാഭം, കുന്തം എന്നാണു് ഇംഗ്ലീഷിലെ പഴമൊഴി. ദമയന്തിയെ കിട്ടുന്നതിനു് ശ്രീനാരദന്‍ നളനുപദേശിച്ച മന്ത്രം യത്നമാണു്. (മുമ്പോട്ടു ചെന്നു തമ്പിയെ തൊഴുന്നു.)

(തമ്പി കാലിന്മേൽ കാലും വച്ചു കസേരയിൽ ഇരിക്കുന്നു.)

-08-


തമ്പി: (ആത്മഗതം) അങ്ങനെ! ഏതു ശീമക്കൊമ്പയാനാലും തെന്തനാംകോട്ടു പുറവടിക്കു കുമ്പിട്ടുപോകും. (തെളിഞ്ഞു ഗൗരവത്തോടുകൂടി പ്രകാശം) പടിപ്പുരക്കാരൻ താനാണോ?

ആര്‍ട്ടിസ്റ്റ്: പടിപ്പുര മാതീച്ചിയുടെ വകയാണു്.

തമ്പി: (ആത്മഗതം) എവൻ വലിയ ചട്ടമ്പി. മല്ലടിപ്പാൻ നാം ആളല്ല. എങ്കിലും വിട്ടുടാ. (പ്രകാശം) നിനക്കിവിടെ കാര്യമെന്തടാ?

ആര്‍ട്ടിസ്റ്റ്: കല്ല്യാണിക്കുട്ടിയമ്മയുടെ കാര്യംതന്നെ.

തമ്പി: (കോപിച്ചു) മറ്റെ അമ്മയും മറിച്ച അമ്മയും! എവിടുന്നു വന്നു ഈ അമ്മത്താനങ്ങളും കലയപ്പാനകളും? കല്ല്യാണിക്കുട്ടിയെന്നു വിളിപ്പാൻ നിന്റെ മടിയിലോ വെച്ചു് പേരിട്ടതു്? ലോഹമറിയാത്ത കൊച്ചു് അമ്മയാവണതു്? എവിടുത്തെ ചട്ടമെടാ? ആയതു നീളം അറിഞ്ഞതു വണ്ണത്തിൽ കേറിനിന്നോണ്ടു് ആളും തരവും കേട്ട് പേശാൻ നിന്റെ തരക്കാരനോടാ ഞാൻ? തെന്തനാങ്കോട്ടു തമ്പിമാരെ അടുത്തു് തെറിച്ചാ അറിയാമോ ബൗഷ്യത്തു്? നിങ്ങൾ പുത്തൻമട്ടുകാര്‍ക്കു് ഏട്ടിൽ കുരുത്വമെന്നൊന്നു് ചുഴിച്ചിട്ടില്ല. ഒന്നു ചൊല്ലിയേക്കാം. കേട്ടോ, നിനക്കു പാര്‍ക്കാൻ ഇടം ഇതല്ല.

ആര്‍ട്ടിസ്റ്റ്: (ആത്മഗതം) ഞങ്ങൾ തമ്മിലുള്ള ജാതകപ്പൊരുത്തം അത്യാശ്ചര്യം. ദേവാസുരമെന്നുള്ള ഗണവൈപരീത്യം ഇതുതന്നെ. (പ്രകാശം) പാര്‍ത്തുകൂടെന്നും വിരോധിക്കുന്നതും മാതിയമ്മയോ അമ്മാവനോ?

തമ്പി: അതാരുകൂവാ അമ്മാവൻ? ബഹുമോടി! അടുത്ത മൊറയ്ക്കിനി മച്ചമ്പി എന്നുമാവും ! എടേ, നീ ഏതു് ഉമ്പ്രകോനായാലും ശരി, സമ്മന്തങ്ങളൊക്കെ അങ്ങു ദൂരെ വച്ചേക്കു്. ബേഷ്കാരുസ്വാമികൂടി അങ്ങുന്നെന്നാണ് ഉത്തരവാണതു്. അമ്മാവൻ കൊണ്ടാടാൻ വന്ന നിന്റെ തല കഴുത്തിലോ ഇളിയിലോ?

ആര്‍ട്ടിസ്റ്റ്: (ആത്മഗതം) ആട്ടെ, ഈ ദേഷ്യത്തിനു മരുന്നുണ്ടു്. (പ്ര കാശം) അമ്മാവൻ എന്നു വിളിച്ചത് അധികം ബഹുമാനംകൊണ്ടാണ്. അങ്ങുന്ന്, സാർ ഈ പദങ്ങൾക്കു ഇക്കാലത്ത് ഒരര്‍ത്ഥവുമില്ല.

തമ്പി: ശുക്കു്! ശുക്കു്! നിന്റെ കാവ്യങ്ങളെക്കൊണ്ടു് അടുപ്പിൽ പൊത്തു്. ഇവിടെങ്ങാനും മാറി പാര്‍ക്കാമെങ്കി അക്കാളെന്നോ തങ്കയെന്നോ വിളിച്ചോ.

ആര്‍ട്ടിസ്റ്റ്: അവിടുത്തെ ഇഷ്ടം പോലെ ചെയ്യാൻ വിഷമമില്ല. എന്റെ സ്റ്റൂഡിയോ-

-09-


തമ്പി: എന്തരെന്തരു - ആരു ചൂടിയതു്? എന്തരു ചൂടിയതു്?

ആര്‍ട്ടിസ്റ്റ്: സ്റ്റൂഡിയോ- ശാല.

തമ്പി: നിനക്കപ്പം വ്യാഭാരം ചാലയിക്കടയിലോ?

ആര്‍ട്ടിസ്റ്റ്: ശാല എന്നുവെച്ചാൽ എന്റെ തൊഴിലിനുള്ള കെട്ടിടം.

തമ്പി: ഓഹോ! തൊഴിലെല്ലാം മേല്പടി മേല്പടി എന്നു കേട്ടേ- കേട്ടു

ആര്‍ട്ടിസ്റ്റ്: (ആത്മഗതം) ഇദ്ദേഹത്തെ വഴിയെ ഒന്നുരുട്ടി മറിക്കണം. അപ്പോൾ മേല്പടി പോയി മേല്പടിയിൽത്തന്നെ ഞാനാകുന്നതു കാണാം. വേഴ്ചശ്രമത്തിലും യുദ്ധത്തിലും കള്ളം അനുവദിക്കപ്പെട്ടിട്ടുണ്ടു്. സ്വത്തു് അച്ഛൻ തന്നതാണെങ്കിലും സ്വന്തനേട്ടമെന്നു നടിച്ചേക്കാം. കുറച്ചൊന്നിരട്ടിക്കയോ? അങ്ങനെ ചില പൊടിക്കൈകളും പ്രയോഗിച്ചേക്കാം. (പ്രകാശം) എനിക്കെങ്ങോട്ടും മാറുന്നതിനു പ്രയാസമൊന്നുമില്ല. ഒരൊറ്റത്തടിയാണു്. അങ്ങോട്ടുമിങ്ങോട്ടും നോക്കാൻ വേറെ ആൾ ഇല്ല. സ്വത്ത് ലക്ഷം എന്നൊക്കെ അരിച്ചു പിറക്കി എടുക്കാനുണ്ടു്. എല്ലാംകൊണ്ടും വലിയ പരുങ്ങലിനൊന്നിനും ഇടയില്ല.

തമ്പി: (ആശ്ചര്യഭാവത്തിൽ) എന്താണു ചൊല്ലിയതു്? നീ ഒന്നു കൂടി ചൊല്ല്, കേൾക്കട്ടെ.

ആര്‍ട്ടിസ്റ്റ്: തെന്തനാംകോട്ടെ മുതലു നോക്കുമ്പോൾ-

തമ്പി: (ഉന്മേഷത്തോടെ) എടാ മല്ലോ!

(മല്ലു പ്രവേശിക്കുന്നു.)

എടാ, നമ്മുടെ പിള്ളയെ അറിയുമോ? പിടിപ്പതു മൊതലുമൊക്കെയുണ്ടു്. നല്ല വഴിമാര്‍ക്കവും.

മല്ലു: നുമ്പേതന്നെ ഞാൻ ഭോതിപ്പിച്ചിലോ കരുവുള്ള പുള്ളിയാണെന്നു്.

 

രംഗം രണ്ടു് (10-14)

 

-10-


തമ്പി: അല്ലേ, ഇതെന്തുമാതിരി? ആ പാ നീക്കീട്ടെങ്കിലുമിരുപ്പിൻ. നിന്നാ കാലു കഴയ്ക്കുക്കൂല്യോ?

ആര്‍ട്ടിസ്റ്റ്: അമ്മാവൻ ഇരുന്നാൽ മതി.

മല്ലു: കണ്ടിലോ മര്യാധ?

തമ്പി: അപ്പം ലക്ഷം എന്നു ചൊല്ലിയതു് പണപ്പടിയോ ചക്രപ്പടിയോ?

(ആര്‍ട്ടിസ്റ്റ് രൂപാ തട്ടുന്ന ഭാവം കൈവിരലുകൾകൊണ്ടു കാട്ടുന്നു.)

(എഴുനേററു ചാടിനടന്നു് ആത്മഗതം) ആളും പേരും ഇല്ലെന്നു ചൊല്ലി പുത്തൻ ലാവിന്റെ പോക്ക് എങ്ങനെ? അറ്റാലട ക്കം മക്കക്കും പെണ്ടാട്ടിക്കും. അവിടെ കിടക്കുന്നു കരുവു്. ആ വാക്കെ ഈ കൊച്ചുമിടുക്കനെ വിട്ടൂടാ-പത്ത് ആയിരം-പതിനായിരം -ലക്ഷം ഒന്നു നിരത്തൂട്ടാ - ഇവിടുന്നു ലങ്ങുവരെ-അടടാ-ആള് ചില്ലറക്കാരനല്ലാ. കണ്ണിനുമുണ്ടൊരാനച്ചന്തം. ലക്ഷം എന്നു ചൊല്ലിയതു് കൊച്ചുതുകയോ? വയറിനും കൊടുത്തു്, കൊള്ളയുമിടാഞ്ഞാൽ ഒരു ഭേഷ്കാരു നേടുല്ലെല്ലോ അതിൽ പാതി. ജാതിയും കുലവും ഇപ്പം തേങ്ങാക്കുല. (ആലോചിച്ചും ചിലതു നിശ്ചയിച്ച നാട്യത്തിൽ യുവാവിന്റെ അടുത്തു ചെന്നു തലോടി ക്കൊണ്ടു്) എന്റെ പിള്ള ഇരിപ്പിൻ.

ആര്‍ട്ടിസ്റ്റ്: എല്ലാംകൊണ്ടും ഞാൻ നില്ക്കേണ്ടവനാണു്.

തമ്പി: (ആത്മഗതം) കണ്ണിവെച്ചിരിക്കണതു പെണ്ണിനാണു്. കള്ളൻ. നമുക്കും പുള്ളിയെ അമുക്കണം. തുരത്തിക്കൂടാ- എന്നു വെച്ച് വാ തുറന്നപ്പം മാങ്ങാ വിഴുന്നൂട്ടു എന്നു വരുത്തിയും കൂടാ. എല്ലാം അടവിനു പോണം. വരട്ടെ, വരട്ടെ. ആ ചെറുക്കൻ എവിടെനിന്നെങ്കിലും തിരിച്ചുവന്നൂട്ടാ കൊലവാസത്തിനു നിക്കും. നമുക്കു പണ്ടത്തെ ചീത്തവും ഇല്ല. പെണ്ണിന്റെ മനവുമറിഞ്ഞു കൂടാ. അങ്ങനെ വല്ലതും കൊഴാമറിച്ചിൽ വരുന്നതിനുനുമ്പു് തക്കവൻ തലയിൽ കെട്ടിവച്ചുടണം അതാണു് കണ്ണി. ലക്ഷം എവിടെ കിടക്കുണു? അതും പോരെങ്കി എത്തും എതിരും നോക്കാൻ ആളുമില്ല. പുത്തൻചട്ടം പൊന്നുകെട്ടി വാഴട്ടെ. ഇരയിട്ടാൽ ഈ കന്നൻ നമ്മുടെ ചൂണ്ടയിലു് -(പ്രകാശം) പിള്ള, അപ്പോ പടമെഴുത്തും കൊത്തുവേലയുമല്ലായോ?

-11-


ആര്‍ട്ടിസ്റ്റ്: അതേ, അതേ. മഹാരാജാക്കന്മാക്കു വല്ല വേലകളും ചെയ്താൻ ആയിരം-

(തമ്പി ഉമിനീരിറക്കുന്നു.)

മല്ലു: ഹടീ ബലേ!

ആര്‍ട്ടിസ്റ്റ്: രണ്ടായിരം-

(തമ്പി വീണ്ടും കുറേക്കൂടി ഉമിനീരിറക്കുന്നു.)

മല്ലു: കൊണ്ടുചെല്ല്.

ആര്‍ട്ടിസ്റ്റ്: ചിലപ്പോൾ പതിനായിരം.

(തമ്പി അതിദീർഘമായി ഉമിനീരിറക്കുന്നു.)

മല്ലു: എന്നെപ്പെറ്റ അമ്മച്ചിയോ!

ആര്‍ട്ടിസ്റ്റ്: അങ്ങനെയൊക്കെ സംഭാവനകളും സമ്മാനങ്ങളുമുണ്ടാകും.

(തമ്പി ഭാഗഭാക്കെന്നെ നാട്യത്തിൽ ചാഞ്ചാടുന്നു. മല്ലു കൈ നൊടിച്ചു രാഗം മുളുന്നു.)

ചിലവും ഒരുപാടുണ്ട്.

-12-


(തമ്പി ഇച്ഛാഭംഗം നടിക്കുന്നു. മല്ലു കൈ കുടയുന്നു.)

ആര്‍ട്ടിസ്റ്റ്: കാലത്തിനും കാലക്ഷേപമാര്‍ഗ്ഗത്തിനും ചേര്‍ന്നവണ്ണം ഇരിക്കേണ്ടയോ?

മല്ലു: പിന്നെ വേണ്ടെന്നോ?

തമ്പി: അതൊക്കെ ശരിതന്നെ. എന്നാലും മോടിവട്ടങ്ങൾ അവനോനറിയാതെ കാശുതിന്നും. ദളവാ അമ്മാവന്മാരെ കാലത്തു ഐമ്പറ ചെമ്പുകളിലാണ് നിത്തം മൂന്നുനേരം വച്ച് തട്ടുന്നതു്. അതുകൊണ്ടു് ഇപ്പം എന്തരു്? ഇങ്ങടുത്തു വരിൻ ! (ആർട്ടിസ്റ്റിന്റെ കൈയ്ക്കു പിടിച്ചുകൊണ്ടു്) നമുക്കൊരു കൊച്ചുകാര്യം ചെയ്തുതരണം പിള്ള. പെണ്ണിവിടെ പാര്‍ക്കുന്നില്ല്യോ? അവളെ വഴിമാര്‍ക്കങ്ങൾക്കു വിടാതെ എന്റെ അപ്പന്റെ സൃഷ്ടി കുറച്ചിത്തിരിയൊക്കെയിരിക്കണം.

മല്ലു: (അപവാര്യ) അക്കാര്യം എന്നേ തുടങ്ങി.

തമ്പി: പിള്ള കണ്ടെടുത്ത് ഓടി നടക്കണ്ടാ. മാതീച്ചി നല്ലൊരു മാധാവാണു്. നമുക്കു് ഇപ്പം വേണ്ടതു ദളവാ അമ്മാവന്മാരു പണി ചെയ്ത എലങ്കമൊണ്ടല്ലൊ, അതിലും മാസം പുറന്നു് അനന്തരവളു് കൊച്ചിന്റെ പുറന്നാളിനു് ഒരു ഉരുവം വയ്പ്. ഉരുവം എന്നുവെച്ചാലറിഞ്ഞൂടിയോ? വിംബമെ, ഭൂദഷ്ടിക്കണ വിംബം. ആ മാതിരീലും നീലിയുടെ വിംബം- ഉരുവം മനഞ്ഞു് ഒരുക്കി കുറേ ചായില്യവും തങ്കരേക്കുമൊക്കെത്തേച്ചു മോടിപിടിപ്പിച്ചു തരണം.

ആർട്ടിസ്റ്റ്: (ആത്മഗതം) നല്ല ജോലി കിട്ടി. കൊശപ്പണിതന്നെ. കല്യാണിക്കുട്ടിയെ മാതൃകയാക്കി ഒരു അപ്സരസ്ത്രീയെ നിര്‍മ്മിച്ചേക്കാം. അപ്പോൾ പണിയിലുള്ള അസ്വാരസ്യം മനസ്സിനെ വലയ്ക്കയില്ല.

തമ്പി: ആലോചിക്കാനെന്തോന്നപ്പനേ! പത്തോ അമ്പതോ ചെലവാക്കാനും നാം ആൾതന്നെ. കൊച്ചിനും നെല്ലയക്കുമ്പം കൂടി അയച്ചേക്കാം. അങ്ങനെയായാൽ വണ്ടിക്കൂലി പിള്ളയ്ക്കു ലാഭമുണ്ട്. ഇവിടത്തെ മുദ്രയൊപ്പിച്ചു അളവു തന്നൂടാം.

ആർട്ടിസ്റ്റ്: അതൊക്കെ അമ്മാവന്റെ ഇഷ്ടംപോലെ. എപ്പോഴേയ്ക്കാണു് ഉരുവം വേണ്ടതു്?

-13-


തമ്പി: മാസം പുറന്നു് ഒടുക്കലത്തെ വെള്ളിയാഴ്ചയ്ക്ക്-

മല്ലു: അടിയന്തിരത്തിനു വരികയും വേണം. അപ്പിയും അങ്ങു വരും. ഊട്ടും പാട്ടുമൊക്കെ കോലാഹലം.

ആർട്ടിസ്റ്റ്: വേണ്ടയിടയുണ്ടു്. ഭംഗിയായി തീര്‍ക്കാം.

തമ്പി: തീര്‍ക്കാമെന്നു പറഞ്ഞാലും - അതിൽ വല്ലഭക്കേടുകളൊന്നും വരരുതു്.

മല്ലു: അങ്ങത്തേയ്ക്കും ഇതിൽ നല്ല നോട്ടങ്ങൾ ഉണ്ട്.

തമ്പി: (തെളിഞ്ഞു്) എന്തരു് അതൊക്കെ-കണ്ടോണ്ടാള്ള തഴക്കം കൊണ്ടു ദേവിയുടെ ചൂലം, -ചിലമ്പു്, -കടഹം, -പാമ്പുമുടി, -ദമട്രം, വട്ടവയറു്, -ഒടയാട, -ചവിട്ടിപ്പിടിക്കിണ ബാലിഹ കൊടർമാല ഒക്കെ ഒത്തിരിക്കണം. ഒരു ഇരുപതാം തീയതി വാക്കിനു്, ചൂടിയോ പുരയില് ഒന്നു വന്നേയ്ക്കാം. വല്ല അഭംഗിക്കുറവുമോ മറ്റോ ഉണ്ടെങ്കിലും അതൊക്കെ നോക്കി ചെല്ലിപ്പറഞ്ഞു തീര്‍പ്പിച്ചേയ്ക്കാം.

മല്ലു: കൊറവേല അങ്ങു കൊണ്ടുചെന്നാ കൊച്ചിന്റെ തന്തയാണു ഊട്ടും പാട്ടും നടത്തുന്നതു്. അദ്യേം കൊലയ്ക്കു നിക്കും.

തമ്പി: അതൊക്കെ പോകാൻ പറ. (ആർട്ടിസ്റ്റിനോടു്) -ഈ പെണ്ണുങ്ങളുണ്ടല്ലോ, പേപിടിച്ച വകയാണു്. അലവലാതിക്കൊന്നും ഇടവരരുത്. ഇരുപതാം തീയതിവാക്കിനെന്നു വയ്ക്കണ്ടാ. അന്നുതന്നെ എത്തൂടാം. (ആത്മഗതം) തെന്തനാംകോട്ടു തമ്പിമാരുടെ ഒരു കൊച്ചിനെ കൊത്താളിക്കും മനയക്കാരനും കൊടുത്താലോ--കൊടുത്താ കൊടുത്തതു്- പെണ്ണിനു് ആണു വേണ്ടയോ? ധേശത്തോടെ ഖരിപറന്നു പിള്ളേരിൽ ഒന്നെങ്കിലും ഉണ്ടോ മേക്കേറിവരുന്നു വിരലു മടക്കാൻപോലും? ഏങ്ഹേ! അതുകൊണ്ടു കിടച്ചതേ ശരണം. എല്ലാക്കുറവും പണം തീര്‍ക്കും. അരശിലും അരശു പണം. കുറവേതു്, കുന്തമേതു്? (പ്രകാശം) പെണ്ണേ!

(മാതിയച്ചി പ്രവേശിക്കുന്നു.)

മാതിയച്ചി: പെണ്ണും കുറുണുമൊക്കെ പള്ളിയിൽപ്പോയി നാഴികയും രണ്ടായി. (എല്ലാരെയും നോക്കി പുഞ്ചിരിയോടുകൂടി) അങ്ങുന്നും പിള്ളയും, മാമനാരും മരുമോനും പോലല്ലയോ ഇരിക്കണം.

-14-


തമ്പി: ഹ ഹ ഹ! പെമ്പിറന്നവര്‍ക്കു് എന്തെല്ലാം തോന്നുന്നു!

മാതിയച്ചി: കുറെ കാലത്തു് കൊല്ലാനും കുലക്കാനും നിന്ന അങ്ങുന്നാണോ ഇത്?

തമ്പി: (ആട്ടിസ്റ്റിനോടു്) പിള്ളയെന്നാ ചെല്ലിനു-നേരം എന്നു വച്ചാൽ പണമാണു്. മേനകെട്ടാ പെരുമനയും കെടും. 20-ാം തീയതി അന്നുതന്നെ കണക്കമ്പതും. തെന്തനാംകോട്ടു ദളവാമ്മാവന്മാരെ ചേഴക്കാര്‍ക്കു രണ്ടു വാക്കില്ല പിള്ളേ!

മല്ലു: തെന്തിനാംകോട്ടു് ഹരിച്ചന്ദ്രനെന്നു കേട്ടിട്ടില്ലയോ?

ആർട്ടിസ്റ്റ്: (ആത്മഗതം) അതുകൊണ്ടുതന്നെയാണു് ഇവനു സ്വല്പം മനശ്ചാഞ്ചല്യമുള്ളത്. കള്ളി പുറത്താകുമ്പോൾ ഹരിശ്ചന്ദ്രത്വത്തിൽ കേറി നിലകൊണ്ടോണ്ടാൽ നാം തോറ്റു. (പ്രകാശം) ഇരുപതാം തീയതി ഞാൻ കാത്തിരിക്കും.

തമ്പി: അങ്ങനെതന്നെ. പിന്നെയും ചില വലിയ കാര്യങ്ങളെന്തരോ പറവാനുണ്ടു്. വയ്യട്ടോറ്റോ നേരം പറ്റി ഇങ്ങു കേറിനു്.

ആർട്ടിസ്റ്റ്: എല്ലാം അവിടുത്തെ ഇഷ്ടം പോലെ.

തമ്പി: എന്നാൽ ചെല്ലിൻ. (ആർട്ടിസ്റ്റ് തൊഴുതു പോകുന്നു.)

മാതിയച്ചി: അതെന്തരങ്ങുന്നെ! വലിയ കാര്യങ്ങളുണ്ടു്?

തമ്പി: എന്തരെന്നോ? ഇയാളു പറഞ്ഞതെല്ലാം പെരുക്കമോ പൂരായമോ? അതു കേക്കട്ട്. മുത- മുത - പതിനായിരമെന്നും ലക്ഷമെന്നും കണക്കുകൾ പറഞ്ഞതു്? ആരു കണ്ട കിനാവുകളു്?

 

രംഗം രണ്ടു് (15-18)

 

-15-


മാതിയച്ചി: ഹ! (കൈകൊട്ടി ആശ്ചര്യം നടിച്ചു താടിക്കു കൈയും കൊടുത്തുകൊണ്ടു്) ലക്ഷമോ? ഛീ! ഛീ ഇതാരു പറഞ്ഞതു്?

തമ്പി: (കോപാന്ധനായി) ആ പിച്ചലാട്ടപ്പെരട്ടനെ ഇങ്ങു വിളിപ്പിനെ-ഉരുവവും വേണ്ട, തേങ്ങാക്കുലയും വേണ്ട. എന്തരു ചെന്നപട്ടണപ്പെരട്ടു്! വിളിപ്പിൻ വിളിപ്പിനെന്നെ.

മാതിയച്ചി: ലക്ഷവുമല്ല, രണ്ടുലക്ഷവുമല്ലങ്ങുന്നെ. അയ്യ! കനപണമാണു് കൈയിലിരിക്കണതു്. കരുവൊന്നും വെളിയിൽ വിടൂല്ല. ചിലവാവാണ്ടിരിപ്പാനല്ലിയോ ഇവിടെ കേറി താവളം പിടിച്ചിരിക്കണതു്. വയ്ക്കാനും വിളമ്പാനും ആളു നിറുത്തണമെങ്കി തിമ്മാനും ഉടുപ്പാനും വഴികൊടുക്കണ്ടയോ? (തമ്പിയുടെ മുഖത്തു സൂക്ഷിച്ചുനോക്കിക്കൊണ്ടു്) അടിച്ചിറക്കിക്കൂടങ്ങുന്നേ! നന്മ വരും വഴിയടച്ചൂടാ.

മല്ലു: തേങ്ങാമുറി കണ്ടാൽ കാരപ്പെടാരോ?

മാതിയച്ചി: എന്തോന്നെടാ ശിനിശിനിക്കണതു്?

തമ്പി: (തലചൊറിഞ്ഞുകൊണ്ടു്) ഈ പുത്തൻ പടിത്തക്കാരു് പെണ്ണെയും ആണെയും കുടിക്കണവെള്ളത്തിലും കൂടി വിച്വസിച്ചു കൂടാ. പെണ്ണുകേറി തിരിഞ്ഞോണ്ടാലോ എന്നേ-?

മാതിയച്ചി: (പ്രമാണിഭാവത്തിലും ആക്ഷേപസ്വരത്തിലും) മാന മിടിഞ്ഞു വിഴുന്നൂട്ടാലൊ? അങ്ങത്തെ പാട്ടിക്കു ചുമ്മാതിരി ക്കണം.

തമ്പി: ഹ-ഹ-ഹ!

മാതിയച്ചി: ഹു-ഹ-ഹ!

മല്ലു: ഖുങ്-ഖുങ്-ഖുങ്!

(ഒരേസമയത്തു ചിരി.)

(കർട്ടൻ)



-16-


രംഗം രണ്ടു


[ആർട്ടിസ്റ്റിന്റെ സ്റ്റുഡിയോവിൽ ഒരു മുറി.]

ആർട്ടിസ്റ്റ്: നാശമായി. ഈ വാല്യക്കാരെകൊണ്ടു പൊറുതിയുമില്ല. ചോറും സകല ചിലവും മാസപ്പടിയും കൊടുത്താലും ശുശ്രൂഷ അവരുടെ ഇഷ്ടംപോലെ. കണ്ണിൽ കാണുന്നതും കൈയിൽ കിട്ടുന്നതും പൊട്ടിക്ക അവരുടെ വ്രതം. ഇതാ ഇവിടത്തെ ഒരു പെണ്ണു ചെയ്തിരിക്കുന്നതു് എന്തു സങ്കടം . ഇപ്പോൾ ഞാൻ എന്തുചെയ്യും? (ക്ഷീണിച്ചു ചാരുകസേരയിൽ വീഴുന്നു.) കാമദേവനെ കുരുടനെന്നും പാശ്ചാത്യന്മാർ സങ്കല്പിക്കുന്നതു് എത്ര സുക്ഷ്മം. ആ മൂര്‍ത്തിയെ ചുട്ടുകരിച്ച ഹിന്ദു സാഹിത്യക്കാർ എന്ത് ഉചിതജ്ഞന്മാർ. കാമദേവൻ മാത്രമല്ല, വിധിയും കുരുടനാണു്; രണ്ടും അസൂയാകുക്ഷികൾ. നശിച്ചുപോകട്ടേ. (എഴുനേറ്റു്) അങ്ങോട്ടു പോയി നോക്കിയാൽ ആ പെണ്ണിനെ ഞാൻ തല്ലിക്കൊന്നുപോകും. കാളിയുടെ വിഗ്രഹത്തെയല്ല, എന്റെ മനോഹരമായ മാനരാജ്യസൗധത്തെയാണു അവൾ തകർത്തിരിക്കുന്നത്. ആ മര്‍ക്കടത്തിനെ ഞാൻ ഇപ്പോൾ തീട്ടിക്കളയുന്നുണ്ടു്. അമ്മാവൻ ഇപ്പോൾ എത്തും. ഞാൻ എന്തുപറയും? അനര്‍ത്ഥക്കാരി ആ പെൺപിശാചിനെ അതിനകത്തു് അടിച്ചുവാരാൻ വിട്ടതാണ് അപകടമായിത്തീർന്നതു്. ആ വിഗ്രഹത്തിൽ എന്റെ മനോധർമ്മം എത്രത്തോളം ഞാൻ പ്രയോഗിച്ചു! എന്റെ നട്ടെല്ലും എത്ര വേദനപ്പെട്ടു! കണ്ണു് എത്ര നൊന്തു ! ശ്വാസം വിടുന്നതിനുപോലും സാവകാശം എടുക്കാതെ എത്ര രാപ്പകൽ ഞാൻ ഉഴച്ചു! ഇതെല്ലാത്തെയും ആ രാക്ഷസിപ്പെണ്ണ് അരനിമിഷം കൊണ്ടും പാഴാക്കിത്തീർത്തല്ലോ. അവളെ മര്‍ദ്ദിച്ചു പൊടിച്ചു കാളിയുടെ ശകലങ്ങളോട് അനുയാത്ര ചെയ്യിച്ചാലും എന്റെ ദേഷ്യം ശമിക്കയില്ല. അമ്മാവൻ വരുമ്പോൾ എന്തു സമാധാനം പറയും? വേലക്കാരിപ്പെണ്ണ് അടിച്ചുവാരാൻ കയറി വിഗ്രഹത്തെ തള്ളിയിട്ടു പൊട്ടിച്ചു, പൊടിപോലും വാരി ചവറ്റുകുട്ടയിൽ ഇട്ടു, എന്നു ബോധിപ്പിച്ചാൽ -ഹാ-ഈ കാലത്തിനും പരിഷ്കാരത്തിനും സകല കലകൾക്കും പ്രത്യേകിച്ചു, പുത്തൻ കൂറ്റുകാര്‍ക്കും കിട്ടുന്ന സംഭാവനകൾ വിചാരിക്കുമ്പോൾത്തന്നെ-അയ്യോ! തൊലിവെന്തു ദ്രവിച്ചുപോകുന്നു! (വീണ്ടും കസേരയിൽ ഇരുന്നു് ആലോചിച്ചു് മുഖപ്രസാദത്തോടെ എണീറ്റു്) എന്തെങ്കിലും ഞങ്ങളും ഒരുവക വിധാതാക്കന്മാർതന്നെ. സൃഷ്ടിപ്പാനുള്ള യുക്തി ഇതാ അങ്ങനെ വികസിക്കുന്നു. മനോധർമ്മം തന്നെയാണു മനുഷ്യരെ വിജയികളാക്കുന്നതു്. ആഹാ! അമ്മാവനെ ബ്രഹ്മാവു് നയനരോഗിയാക്കിത്തീർത്തതും ഇങ്ങനെയുള്ള ഘട്ടത്തെ ദീര്‍ഘദര്‍ശനം ചെയ്തുകൊണ്ടായിരിക്കുമോ? ഇനി താമസിച്ചുകൂടാ. പെണ്ണേ! ആരവിടെ? കുട്ടീ!

(കുട്ടി എന്ന വേലക്കാരി പേടിച്ചു വിറച്ചു പ്രവേശിക്കുന്നു.)

ആർട്ടിസ്റ്റ്: എന്തിനാണ് ഈ ജ്വരഗോഷ്ഠികൾ?

കുട്ടി: (ആത്മഗതം) ഇതിനുമുമ്പിൽത്തന്നെ ഇദ്ദേഹം എന്നെ കൊല്ലാത്തതു ഭാഗ്യമായി. ഇദ്ദേഹം സാധുവായതുകൊണ്ടു ക്ഷമിക്കുന്നു. എങ്കിലും അധികം താഴ്ന്നാൽ രണ്ടു കിട്ടിയേക്കാം. അതിനാൽ നാട്യം വിട്ടുകൂടാ. (വ്യസനത്തോടെ പ്രകാശം) ഒരിക്കൽ എല്ലാക്കാര്യവും ചോദിച്ചു തീർത്തില്ലിയോ? ഞാൻ മനഃപൂർവം ചെയ്തതാണോ പൊന്നങ്ങുന്നേ?

ആർട്ടിസ്റ്റ്: ഞാൻ ശാന്തസ്വഭാവനായതു നിന്റെ ഭാഗ്യം.

-17-


കുട്ടി: എന്തോന്നങ്ങുന്നേ! എളിയവരെ എന്തും പറഞ്ഞേക്കാമെന്നോ? ആ പെരയിലെ കൂരിരുട്ടത്ത് മനുഷ്യർക്കു കണ്ണുകാണുമോ? മണ്ണും പിണ്ണാക്കും കൊണ്ടു മനഞ്ഞതു തട്ടും മുട്ടും ചെയ്താൽ ഉടഞ്ഞുപോകൂല്ലിയോ?

ആർട്ടിസ്റ്റ്: അല്ല, വീഴ്ച ഇങ്ങോട്ടായോ?

കുട്ടി: പെണ്ണുങ്ങളെ വിളിച്ചുനിറുത്തി ഇങ്ങനെ ശകാരിക്കുന്നതു കല്യാണിക്കുട്ടിക്കുഞ്ഞ് അറിഞ്ഞാ-

ആർട്ടിസ്റ്റ്: (ആത്മഗതം) ഇവളും കഥ മനസ്സിലാക്കീട്ടുണ്ട് അനര്‍ത്ഥമായി. (പ്രകാശം) നീ കല്യാണിക്കുട്ടിയോടോ കാമോദരിക്കുട്ടിയോടോ സങ്കടം ബോധിപ്പിക്കു്. ദേവിയുടെ വിഗ്രഹം പൊട്ടിച്ചതു് നിനക്കു എന്തോ ദുഷ്കാലം വരുന്നതിന്റെ ദുശ്ശകുനമാണു്. ഇങ്ങനെയൊന്നും ഇനി സംഭവിക്കരുത് കേട്ടോ.

കുട്ടി: ഇല്ല. ഒരിക്കലൊക്കെ ആര്‍ക്കും കയ്പിഴവരൂല്ലിയോ?

ആർട്ടിസ്റ്റ്: കയ്പിഴയും, കാരാപ്പുഴയും! പോ- പോ-താഴെ ആരെല്ലാം ഉത്സാഹിക്കാനുണ്ടു്?

കുട്ടി: മാതിഅമ്മയും ഇവിടുത്തെ പപ്പുപിള്ളയും പിന്നെ കേശവമേനോനും എല്ലാവരുമുണ്ട്.

ആർട്ടിസ്റ്റ്: അടുത്ത വീട്ടിലെ കരുണാകരൻപിള്ളയെ നീ അറി യുമോ?

കുട്ടി: (ലജ്ജയോടെ) അങ്ങുന്നു അതൊക്കെ എന്തിനും അന്വേഷിക്കുന്നു? ഞാൻ ഒരു വീട്ടുകാരിയാണ്. ആ ആട്ടക്കാരന്റെ വിധങ്ങളു് നായ്ക്കും പേയ്ക്കും നിരക്കൂല്ല.

ആർട്ടിസ്റ്റ്: നീ ആ രണ്ടുകൂട്ടത്തിലുമല്ലല്ലോ. അതുകൊണ്ട് അയാൾ അവിടെ ഉണ്ടെങ്കിൽ ഇത്രേടം വന്നേച്ചു പോകാൻ പറ.

(കുട്ടി ലജ്ജയും പരിഭ്രമവും നടിച്ചു നില്ക്കുന്നു.)

എന്റെ ഒരു വലിയ ആവശ്യത്തിനാണു്. നീ നവരസങ്ങൾ അഭിനയിക്കേണ്ട.

-18-


കുട്ടി: അങ്ങേരു് അവിടെ ഇല്ലെങ്കിലോ?

ആർട്ടിസ്റ്റ്: അവശകുനക്കേതു. അയാളതാ ശ്ലോകം ചൊല്ലുന്നു. പോയി വേഗം കൊണ്ടുവരിക. അല്ലെങ്കിൽ കാളിയെ പൊട്ടിച്ചതിനുള്ള കൂലികൂടിയുണ്ടു".

(കുട്ടി സാവധാനത്തിൽ പോകുന്നു.)

അടി അളക്കുന്നതിനു കാലം വന്നില്ല. (കുട്ടി വേഗം നടക്കാൻ തുടങ്ങുന്നു.)

ഇതാ കാളിവിഗ്രഹത്തെപ്പോലെ അയാളെയും പൊട്ടിച്ചിട്ടു കൈതപ്പുഴയെന്നും മറ്റും വാദിച്ചുകൊള്ളരുതു്. മറ്റാരും അറിയരുതു്, കേട്ടോ? കണ്ണിമയ്ക്കുന്നതിനുമുമ്പിൽ മടങ്ങി എത്തണം.

(കുട്ടി തലയാട്ടിക്കൊണ്ടു പോകുന്നു.)

ഈയാളോടു പരിചയം കൂടാതെ കഴിക്കാൻനോക്കുകയായിരുന്നു. വലിയ വിടൻ-കുടിയൻ-സൊള്ളൻ - ആൾ സമര്‍ത്ഥനും. ആവശ്യക്കാരൻ ആയുധത്തിന്റെ ആനുകൂല്യത്തെ മാത്രമേ നോക്കേണ്ടു. ഈയാളെക്കൊണ്ടു കാളിവേഷം കെട്ടിനിറുത്തിയാൽ ഇന്നത്തെ ആവശ്യം നിറവേറും. 'വല്ലഭനു പുല്ലുമായുധം' അമ്മാവനു കാഴ്ചക്കുറവുമുണ്ടു്. കല്യാണിക്കുട്ടികൂടി വന്നാലൊ? നമ്മുടെ ഹൃദയക്ഷേത്രത്തിലെ ദേവത നമ്മെ കൈവിടുകയില്ല. ഭാഗ്യം നമ്മ അനുഗ്രഹിക്കട്ടെ. ഭാഗ്യമോ? ആ മൂര്‍ത്തിയും കുരുട്ടുമൂര്‍ത്തിയാണു്. പോരെങ്കിൽ അദ്ദേഹത്തിന്റെ പ്രസാദം മൂഢരെ അന്ധരാക്കുന്നുവെന്നുള്ള സാംക്രമികദോഷം കൂടിയുണ്ടു്. എങ്ങനെ പരിണമിക്കുന്നോ എന്തോ?

(കരുണാകരൻപിള്ള പ്രവേശിക്കുന്നു.)

ആർട്ടിസ്റ്റ്: വരിക, വരിക, ഭാഗ്യദേവനോ! കാമദേവനോ! ഉയര്‍ന്ന ക്ലാസ്സു കുരുടൻ എന്നാലോചിക്കുകയാണു്.

 

രംഗം രണ്ടു് (19-23)

 

-19-


കരുണാകരൻപിള്ള: രണ്ടും അവിടത്തെ സവിശേഷം അനുഗ്രഹിച്ചിരിക്കുന്ന സ്ഥിതിക്കും പ്രസ്തുത വിഷയത്തിൽ ഇവൻ മനത്ര സിനെ പ്രയോഗിക്കുന്നത് പാഷണ്ഡത്വമായിരിക്കും.

ആർട്ടിസ്റ്റ്: എന്നാൽ ഞാൻ ഒരു തരംതിരിപ്പിനു ധൈര്യപ്പെടുന്നു. സ്ഫുടദൃഷ്ടി പരീക്ഷയിൽ ഒന്നാം ജയക്കാരൻ നടന്മാരുടെ മണ്ഡലത്തിൽ സാർവഭൗമനായി പ്രകാശിക്കുന്നതിനും കരുണാകരൻപിള്ളയെ അനുഗ്രഹിച്ചത് സരസ്വതിതന്നെയാണു്.

കരുണാകരൻപിള്ള : അവിടത്തെ കവിയായി സങ്കല്പിച്ചു സൃഷ്ടിച്ചിട്ടു്, കരകൗശലങ്ങൾക്കായി വിനിയോഗിച്ച പരമാന്ധൻ ആ ദേവിയുടെ ഭർത്താവായല്ലോ എന്നു ഞാൻ ആശ്ചര്യപ്പെടുന്നു.

ആർട്ടിസ്റ്റ്: ഹെ, സരസാ!

കരുണാകരൻപിള്ള: സ്തുതിക്കരുതു്. രംഗവാസികളുടെ ഹസ്തതാഡനംകൊണ്ടു പ്രമത്തരായിപ്പോകുന്ന വര്‍ഗ്ഗമാണു നടന്മാർ. അവിടുന്നാരംഭിച്ച പ്രശംസയെ തുടരുന്നുവെങ്കിൽ കരുണാകരൻ ഈ മാളികയുടെ മച്ചും കൂടവും തകർത്തു ആകാശമൂർദ്ധാവിലേക്കു ആരോഹണം ചെയ്തുകളയും.

ആർട്ടിസ്റ്റ്: ഹേ, അതരുതു്. എനിക്കും ഒരു കാര്യം നിവർത്തിച്ചു തരേണ്ടതുണ്ടു്. അതിലേക്കായിട്ടെങ്കിലും ഭൂമിയിൽ ശേഷിക്കൂ.

കരുണാകരൻപിള്ള : ആര്യനായ അവിടുത്തെ എന്തു നിയോഗത്തെയാണു് ഞാൻ അനുഷ്ഠിക്കേണ്ടതു്?

'എന്തെന്നു ചിന്തിച്ചു ബന്ധം കഥിച്ചാലും
ചിന്തിതചിന്താമണേ!'

ആർട്ടിസ്റ്റ്: എന്റെ അപേക്ഷയെ ധരിച്ചിരിക്കുന്നതായി നിങ്ങളുടെ വാക്കിൽ സ്ഫുരിച്ചിരിക്കുന്നു.

കരുണാകരൻപിള്ള : ഭാഗ്യവാന്മാരുടെ കാരുണ്യാനുഗ്രഹങ്ങൾ അസ്മാദൃശന്മാരുടെ രസനാരംഗങ്ങളിൽ സന്ദർഭപ്രയുക്തങ്ങളായ ഉക്തങ്ങളെ ഉല്പാദിപ്പിക്കുന്ന ഭരതശാസ്ത്രത്തിന്റെ അഭ്യസനവും അഭിനയവിദ്യയുടെ പരിശീലനവും ഞങ്ങളെ സഭകളിൽ പ്രിയംവദരാക്കുന്നു. അവിടത്തെ വിധേയൻ ഇതാ ആജ്ഞയെ പ്രതീക്ഷിച്ചു അക്ഷമനായി നില്ക്കുന്നു.

'പ്രിയമാനസാ നീ പോയ‌വരേണം
പ്രിയയോടെന്റെ വാത്തകൾ ചൊൽവാൻ.'


-20-


എന്നാണു നിയോഗിക്കുന്നതെങ്കിൽ അങ്ങോട്ടു പറക്കുന്നതിനു്,

'വന്നതു കാണ്മിൻ ചിറകുകൾ പുത്തനാ-
യെന്നേ വിചിത്രമേ നന്നു നന്നെത്രയും'


ആർട്ടിസ്റ്റ്: രണ്ടു മാസത്തിനു മുമ്പെ കരുണാകരൻപിള്ളയുടെ ഒരു ലങ്കാലക്ഷ്മിയെ ഞാൻ കാണുകയുണ്ടായി.

(കരുണാകരൻപിള്ള കണ്ണു തുറിച്ചു ദംഷ്ട്രം കടിച്ചു അലറുന്ന ഭാവം കാണിക്കുന്നു.)

അതു നന്നു്. ഇന്നും ആ ലക്ഷ്മിയെ ഒന്നുകൂടി അണിഞ്ഞുകാണേണ്ട ആവശ്യം നേരിട്ടിരിക്കുന്നു.

കരുണാകരൻപിള്ള: അതു സാരമില്ല. ഹനൂമാൻ കെട്ടിയാൽ രംഗത്തെ പൊടി ഭസ്മമാക്കാം. രാമസമുദ്രം ജമിന്ദാർ എന്നു കേട്ടിട്ടുണ്ടോ?

ആർട്ടിസ്റ്റ്: വരട്ടെ. താമസിക്കാനിടയില്ല. ഉടനെ ചമയണം.

കരുണാകരൻപിള്ള: ആ ജമിന്ദാർ ധൂമ്രാക്ഷൻ അശോകവനഭഞ്ജനം കണ്ടു നടുങ്ങി ഭൂമിച്ചു് അന്ധാളിച്ച് പരവശനായി. ഹാവൂ! 'വര്‍ണ്ണിപ്പാനാവതില്ല കുണ്ഡലീശനുപോലും' ഇതു സത്യം. സത്യം.

ആർട്ടിസ്റ്റ്: (ആത്മഗതം) താടിക്കു തീപിടിക്കുമ്പോൾ ചുരുട്ടു കത്തിക്കാൻ നോക്കുന്ന യോഗ്യനാണു ഇയാൾ. (പ്രകാശം) ക്ഷമിക്കണേ! എന്റെ കഥ കേൾക്കു.

കരുണാകരൻപിള്ള: 'അരേ രാവണാലുച്ച' (എന്നു ഗാനം ചെയ്തു ചവിട്ടിച്ചാടി മുന്നോട്ടു കുതിച്ചപ്പോൾ)

ആർട്ടിസ്റ്റ്: നേരമാകുന്നു ഹേ!

കരുണാകരൻപിള്ള: ബ്രഹ്മാണ്ഡകടാഹം തന്നെ പൊടിഞ്ഞുപോംവണ്ണം രംഗത്തിന്റെ സമസ്തഭാഗങ്ങളിൽനിന്നും ഡൽഹി കൂടിക്കാഴ്ചയിലെ അണിവെടിരവം പോലെ ചീയേഴ്‌സ് നിരകൾ.

-21-


ആർട്ടിസ്റ്റ്: ശിവനെ.

കരുണാകരൻപിള്ള: അതെ. ശിവനെ എന്നുതന്നെ രംഗവാസികൾ ഐകകണ്ഠേന ആര്‍ത്തുകൊണ്ടു കരുണാകരനു് ആശിസ്സുകൾ നൽകി. ജമിന്ദാർ 'കത്രാ മമ ചന്ദ്രഹാസ' മാടാനെന്നവണ്ണം ചാടി എഴുന്നേറ്റു രണ്ടു കൈയ്ക്കും വജ്രരചിതമായുള്ള ഹസ്തകടകങ്ങള്‍-

ആർട്ടിസ്റ്റ്: (അതിഭീതനായി) ക്ഷമിക്കു ഹേ! എന്റെ സംഗതി ഞാൻ പറഞ്ഞുകൊള്ളട്ടെ. അതു സാധിച്ചുതന്നാൽ ഒരു മണ്ഡലകാലം മുഴുവൻ നിങ്ങളുടെ പരാക്രമകഥ കേൾപ്പാൻ നോൻപിരുന്നേയ്ക്കാം.

കരുണാകരൻപിള്ള : അല്ല, വര്‍ണ്ണനകൊണ്ട് ഇവിടുന്നു് ഇത്രത്തോളം ആകൃഷ്ടനായെങ്കിൽ-

ആർട്ടിസ്റ്റ്: (ഗൗരവത്തോടെ) നിങ്ങളെക്കൊണ്ടു സ്വല്പം ഒരു പണി എടുപ്പിക്കാനാണു ഞാൻ വരുത്തിയതു്. ഞാൻ മുമ്പു പറഞ്ഞില്ലേ, അതുപോലെ ഒരു വേഷം അണിവാൻ തയാറുണ്ടോ? ഇല്ലെങ്കിൽ തല്ക്കാലം പിരിയാം.

കരുണാകരൻപിള്ള: (ആത്മഗതം) വെറുതേ അല്ല ഉള്ളംകൈ കുറച്ചു മുമ്പു ചൊറിഞ്ഞതു്. കണ്ടവന്റെ പണസഞ്ചിയഴിവാൻ പോകുന്നതിന്റെ ലാഞ്ചനയായിരുന്നു. നമ്മുടെ കോട്ടിന്റെ കീശകൾ വിടുര്‍ത്തിക്കാട്ടേണ്ട താമസം. (പ്രകാശം) അവിടുന്നരുളിച്ചെയ്താൽ, 'ഏതെന്നാലതു കേൾക്കുമിന്ദ്രനിഹ മറ്റെന്തിത്ര യോഗ്യൻ പ്രഭു.' പിന്നെ ഈ ഭിക്ഷാംദേഹിയായ നരകീടത്തിന്റെ കഥ പറവാനുണ്ടോ? 'എങ്കിലമുണ്ടൊരു വിഷമം ചൊല്ലാം' അതെന്താണെടോ എന്നു ചോദിച്ചരുളിയാൽ, എരുതീക്കൂടക്കാറൻ ആദിത്യന്റെ കിരണങ്ങൾ നാടകക്കാരന്റെ വര്‍ണ്ണപ്പൊടികളുമായിട്ടു സ്വരച്ചേർച്ചനഃ എന്നാണു ജാതകാലും ഗോചരാലും കണ്ടിരിക്കുന്നതു്. അവിടുത്തെ ചില കൃതികൾക്കു ലൈറ്റും ഷെയിഡും തമ്മിൽ തന്മയത്വമുണ്ടാകുന്നതുപോലെതന്നെ ഞങ്ങളുടെ ചമയങ്ങൾക്കു രാത്രിയിലെ ദീപപ്രഭ വേഷപ്പകർച്ച എന്നുള്ള അവസ്ഥാഭേദം തരാനുണ്ടു്. തേച്ചുമിനുക്കി പകൽ പുറപ്പെട്ടാൽ തൊണ്ണൂറാംപനി പിടിച്ചപോലെ വിളറി പിത്തപീഡിതനെപ്പോലെ ഇരിക്കും.

ആർട്ടിസ്റ്റ്: ഹേ! ഇരുട്ടും വെളിച്ചവുമൊക്കെ ഞാൻ ഉണ്ടാക്കിത്തരാം. വേഷത്തിനുള്ള സാമാനങ്ങളും തയാറുണ്ടു്.

കരുണാകരൻപള്ള: മനയോല - ചായില്യം - മഷി- പൊടി- അഭ്രം

ആർട്ടിസ്റ്റ്: എല്ലാം ഫ്രഞ്ചുസാമാനങ്ങളായി അസ്സത്തരങ്ങളും തരാം.

കരുണാകരൻപിള്ള: (ദീനഭാവത്തിൽ) എന്നാലും അങ്ങുന്നേ!

-22-


കാലത്തെണീറ്റിട്ടൊരു തുള്ളിവെള്ളം
ചാലത്തിളച്ചു മുഖശുദ്ധിവരുത്തിടും മുൻ-


ആർട്ടിസ്റ്റ്: എന്തോന്നാ? പറയൂ'.

കരുണാകരൻപിള്ള: ആലസ്യഹാരിമധു-

ആർട്ടിസ്റ്റ്: ഹേ! പ്രാണാപായമെന്നപോലെ ഒരു ഘട്ടം നേരിട്ടിരിക്കുന്നു. ഒന്നു സഹായിക്കൂ. ഞാൻ നിങ്ങളെ വഴിപോലെ സന്തോഷിപ്പിക്കാം.

കരുണാകരൻപിള്ള: "ആലസ്യഹാരിമധു'' എന്ന മുദ്രാപദം വദിച്ചു കഴിഞ്ഞു. ശേഷം ചിന്ത്യം. (ആത്മഗതം) ഇദ്ദേഹത്തിന്റെ ഈ മരമോറത്വം നമ്മുടെ മോഹത്തിനും ഒരു വിഘാതശകുനമായി പശ്യതെ-പശ്യതോ-പശ്യാമി. (പ്രകാശം) അവിടുത്തെപ്പോലുള്ള പുത്തൻ പഠിത്തക്കാര്‍ക്കും ആ -പല-ചില- പരിഷ്കാര- ബ

ആർട്ടിസ്റ്റ്: ഭ്രാന്തുകളുമുണ്ടെന്നു് ധൈര്യത്തോടെ പറഞ്ഞുകൊള്ളു.

കരുണാകരൻപിള്ള: അയ്യോ! എന്റെ തൃച്ചംബരത്തപ്പൻ സാക്ഷി. ശരിയായ വാക്കു കിട്ടാഞ്ഞാണു് ഒന്നു കുഴങ്ങിയത്. കരുണാകരന്റെ വിഷമം മറ്റൊന്നുമല്ല. അവിടുന്നു ബുദ്ധിമാൻ-ബ- എന്നാണു പറവാൻ തുടങ്ങിയതു്. (തല രണ്ടു കൈയും കൊണ്ടും തടവി പുരികം ചുളിച്ചു ദേഹം പുളപ്പിച്ചു അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു.)

ആർട്ടിസ്റ്റ്: എന്താ- എന്താഹേ-പറയൂ. ഒന്നും ഒളിക്കണ്ടാ. ബ എന്നുവെച്ചാലെന്ത്?

കരുണാകരൻപിള്ള: (ലജ്ജാഭാവത്തിൽ) ആ ശനിപിടിച്ച ഗംഗാറാം സെറ്റിൽ കഷ്ടകാലത്തിനു് കുട്ടിത്തരം സ്ത്രീവേഷം കെട്ടി നടക്കുന്ന കാലത്തുതന്നെ ഒരു ദുശ്ശീലം ആരുടെ പാപപരിപാകത്താലോ അഭ്യസിച്ചുപോയി. ഇപ്പോൾ മുഖത്ത് മനയോല കേറണമെങ്കിൽ ചില്ലറയ്ക്കിത്ര. (വയറു തടവുന്നു.)

-23-


ആർട്ടിസ്റ്റ്: വിശക്കട്ടെ. നല്ല സദ്യ ഒന്നു തയാറാവുന്നു.

കരുണാകരൻപിള്ള: അതല്ലുടയതെ. സദ്യയേക്കാൾ ആലസ്യംതീര്‍ക്കുന്ന മൃതസഞ്ജീവനി ഒന്നുണ്ട്. പദാര്‍ത്ഥങ്ങളുടെ മഹത്വഗ്രഹണമില്ലാത്ത മൂഢലോകം അതിനെ സംഭാരമെന്നും-

ആർട്ടിസ്റ്റ്: നല്ല ഉറത്തൈരുണ്ടു്. ഹേ, സംഭാരമാക്കേണ്ട.

കരുണാകരൻപിള്ള: ചപലമണികൾ പറയുമ്പോലെ മനസ്സിലാകാത്തതു മനസ്സിലായി എന്നു നടിച്ചാൽ മസ്സിലായതും- അതു കിടക്കട്ടെ. സംഭാരമെന്നും ബ. ബ-ബ. ബാട്ടിൽ എന്നും.

ആർട്ടിസ്റ്റ്: ശരി, ശരി, ഹേ, മനസ്സിലായി. അതു വരുത്തിക്കളയാം.

കരുണാകരൻപിള്ള : എന്താണുത്തരവാകുന്നതു്? 'മുഞ്ച മുഞ്ചമാം ചഞ്ചലാക്ഷി നീ പശ്ചയസി കിമു കപടം ചൊല്ലി.' കപടം അപൗരുഷലക്ഷണം. കഷ്ടമേ, ഏവംവിധമായ ഇശ്ചാഭംഗം ഉത്സാഹത്തെ ഉന്മൂലനം ചെയ്തുകളയും. വരുത്താം എന്നും കല്പിക്കുന്നതു കേട്ടപ്പോൾ എന്തോ ഝൽ ഝൽ എന്നും ചഞ്ചലയസി- പുത്തൻ പഠിത്തക്കാരുടെ സ്നാനവും പാനവും ധ്യാനവും ആ സരസ്സിൽ എന്നാണല്ലോ ലോകം ഗ്രഹിച്ചിരിക്കുന്നതു്. അവസ്ഥകൾ അവ്വണ്ണം ഇരിക്കെ അലമാര തുറന്നു- ഇതേ ഹോമദ്രവ്യം കരുണാകര- എന്നു പ്രീണിപ്പിക്കാതെ-

ആർട്ടിസ്റ്റ്: ചപലസംഗതികളിൽ ലോകത്തെ ഗ്രഹണതിമിരം തന്നെ ബാധിക്കുന്നു. അതിനെക്കുറിച്ച് പിന്നീടാകാം. നമുക്കിപ്പോൾ ക്രിയയിലേക്കു പ്രവേശിക്കാം.

കരുണാകരൻപിള്ള: പ്രസീദ- പ്രസീദപ്രഭോ! ഒരിറ്റു് തൊട്ടുതെറിക്കാനെങ്കിലും കടാക്ഷിക്കണേ!

(ആർട്ടിസ്റ്റ് കരുണാകരൻപിള്ളയെ ഒരു പക്കമുറിയിലേക്കു പിടിച്ചു തള്ളുന്നു.)

(കർട്ടൻ)

 

രംഗം മൂന്നു് (24-25)

 

-24-


രംഗം മൂന്നു്


[സ്റ്റുഡിയോയിൽ ചേര്‍ന്ന നാലുകെട്ട്. കുട്ടി പ്രവേശിക്കുന്നു.]

കുട്ടി: ഭദ്രകാളിയമ്മയെ ചവററുകുഴിയിൽ പടുപ്പിച്ച പാവത്തിനു് പ്രാച്ചിത്തം മൂന്നു താറ്റും രണ്ടു് ആട്ടം ഒരുപദേശവും അരനടയും കൊണ്ടു കഴിഞ്ഞു. അങ്ങത്തെ വാതന്നെ കഴച്ചു. കട്ടിപ്പെണ്ണിന്റെ ശുക്രനു കണ്ണുരണ്ടും തുറന്ന കാലം തന്നെ. അങ്ങേര്‍ക്കു് ഒറ്റക്കണ്ണെന്നു പറഞ്ഞ മടയരാരു്? (ഒരുവശത്തേക്കു നോക്കി ഹാസ്യം അഭിനയിച്ചു്) അതാണ്ട് വന്നൂട്ടു. വിരുന്തരു് പഴഞ്ചൻ അങ്ങുന്നു് ഇന്നിപ്പം കപ്പലീന്നിറങ്ങിയ വാറിസ്റ്റരായിട്ടാണു വരവു്. സഞ്ചിയിക്കേറി ചുമ്മാടും വച്ച് ചെരുത്തുകേറ്റി വരുന്ന വരവുകണ്ടാൽ കട്ടിയക്കാറവേലക്കു ഡേമണിയുംവച്ചു് വരുന്നോയെന്നു തോന്നും. ഓഹോ! മകളും ചെട്ടിമേത്ത ത്വരശ്ശാണിവേഷത്തിൽ കൂടിയുണ്ടു. പുറകെ എല്ലാ കുറയും തീര്‍ക്കാൻ മല്ലു അമ്മാച്ചന്റെ പുറപ്പാടും കാണുന്നാ--അങ്ങേരതാ ആ മംകളാവും നോക്കി വായും പൊളിച്ചു നില്ക്കുന്നു. ഇവർ വരുന്നുവെന്നും അങ്ങത്തോടു പറയട്ടെ. അല്ലെങ്കിൽ വേണ്ട. ആ കൊഞ്ഞനംകുത്തി വളവായൻ മേനോച്ചൻ മോളിലുണ്ട്. അയാളുടെ ആട്ടങ്ങൾ അങ്ങത്തെ മുൻപിൽവച്ചു പക്ഷേ, എടുത്തൂടും. (ഒരുവശത്തേക്കു മാറിനില്ക്കുന്നു.)

(തമ്പിയും കല്യാണിക്കുട്ടിയും പ്രവേശിക്കുന്നു.)

തമ്പി: (ചുറ്റും നോക്കി ആശ്ചര്യത്തോടെ) ഇതെവിടം അപ്പോ-കൊട്ടാരമോ എറികൊണ്ടിന്റെ മങ്കളാവോ? (ചുറ്റും ഒന്നുകൂടി നോക്കി) അയ്യ! അയ്യ! അമ്മച്ചോ. ഇതൊക്കെ മുടിവിനാശത്തിനുള്ള പെരുവഴികളല്ലയോ?

കല്യാണിക്കുട്ടി: വേറെ ആൾ നില്ക്കുന്നു അച്ഛാ-

തമ്പി: അവിടെ നില്ക്കട്ടെ. നീ ചെന്നു അങ്ങ് മോതൂടാതെ. നോക്കു നീ ഈ പേവട്ടങ്ങൾക്കൊന്നിനും ഇയാളെ വിടരുതു്. മൂക്കണ ഉണ്ടല്ലോ മൂക്കണ, അതു മുറുക്കിപ്പിടിച്ചു -

കല്യാണിക്കുട്ടി: ആരാണ്ടെയും കാര്യത്തിൽ എനിക്കു് എന്തോന്നു ?

തമ്പി: പെണ്ണേ! പേവെറികൊണ്ടു് തിന്തനംവഴിക്കു നിന്നാലൊണ്ടല്ലോ?

കല്യാണിക്കുട്ടി: നടക്കണം അച്ചാ!

തമ്പി: എങ്ങോട്ടെടീ? മുപ്പത്താറുവഴി കിടക്കണല്ലോ. ഇയാക്കു ഇവിടെ ഒളിച്ചുകളിയോ വേല? (ഒരു വിഗ്രഹം ചൂണ്ടിക്കാണിച്ചു്) ഇതെന്തരു്?

കല്യാണിക്കുട്ടി: ഇതൊരു ബസ്റ്റ്.

-25-


തമ്പി: വസ്തുവുമല്ല; വകയുമല്ല. (സൂക്ഷിച്ചുനോക്കി) ചൊക്കന്റെ മിഞ്ഞിപോലല്ലയോ കാണുന്നു.

കല്യാണിക്കുട്ടി: ഒരു വലിയ സേനാനായകന്റെ വിഗ്രഹമാണു്.

തമ്പി: ചേനയും കാച്ചിലും, പോടീ-പോ, ഇപ്പം ഏതു ചേനാവതി, ഏതു പടത്തലവൻ? (ചൂണ്ടിക്കാണിച്ച്) അതാണ്ടെ ആരോ ചിലർ നില്ക്കുന്നു.

കല്യാണിക്കുട്ടി: അതു നിലക്കണ്ണാടിയിൽ നമ്മുടെ രൂപങ്ങൾ പ്രതിബിംബിക്കയാണു്.

തമ്പി: (മകളുടെ കൈവിട്ടും നിവന്നുനിന്നു ഗൗരവത്തിൽ) ലക്ഷം എന്നും മറ്റും ചൊല്ലിയതും പണയം വയ്ക്കാൻപോലും കൊള്ളാത്ത ഈ വകകൾതന്നിയോടീ!

കല്യാണിക്കുട്ടി: അല്ലച്ഛാ!

തമ്പി: (സന്തോഷഭാവത്തിൽ മകളുടെ ചെകിട്ടത്തു കത്തീട്ടു്) കള്ള പോളീമ്മോള്. അതൊക്കെ തിട്ടപ്പെടുത്തി വച്ചിരിക്കയാണു്. കുഞ്ചെലിയും നെല്ല കൊറിക്കും. (കുട്ടിയുടെ അടുത്തുചെന്നു സൂക്ഷിച്ചുനോക്കിക്കൊണ്ടു്) ഇതും ചേനാപതിതന്നോ?

കുട്ടി: (ചിരിച്ചുകൊണ്ടു്) കണ്ണു കത്തിപ്പൊടിച്ചാൽ പിഴപ്പു മുട്ടുമല്ലോ ഈശ്വരാ!

കല്യാണിക്കുട്ടി: ഇവിടത്തെ ഒരു ശിഷ്യത്തിയാണു്.

തമ്പി: (കുട്ടിയുടെ മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുനോക്കീട്ടു കുറെ ദൂരെ മാറി മകളോടു സ്വകാര്യമായി) അതു ശിഷ്യത്തിയോ ആശാത്തിയോ! നോക്കു, കാര്യമിതു വെടിപ്പല്ല.

കല്യാണിക്കുട്ടി: ഇവിടെ അടിച്ചുവാരാൻ മാതിയച്ചി കൊണ്ടാക്കീട്ടുള്ള ഒരു പെണ്ണാണു്.

തമ്പി: ആ കിഴവിയുടെ സർവാധിത്വം ഇന്നു തീര്‍ത്തേക്കാം. വാ-വാ- എങ്ങോട്ടു പോകണതു്? കാര്യങ്ങളൊന്നും ചൊവ്വല്ല (കല്യാണിക്കുട്ടി തമ്പിയുടെ കൈയ്ക്കു പിടിച്ചുകൊണ്ടു പോകുന്നു.)

കുട്ടി: (ചിരിക്കുന്നു.) ഓഹോ ഈ വരവു വിചാരിച്ചാണ് അങ്ങുന്നു പാൽപായസം പോലെ ഇനിവുകൊണ്ടിരുന്നതു്. അയ്യോ! ഇംഗ്ലീകാറിയുടെ ഒരുക്കം . പെണ്ണുങ്ങളുടെ വടിവൊ ഇല്ല. അതിൽക്കൂടെ പാവക്കൂത്തിനുള്ള ഒരുക്കവും . അമ്പ! അങ്ങത്തെക്കണ്ണിൽ അമ്പഴങ്ങയോ? ഈ ഉണ്ണിമാണിക്കത്തിനു് എഴുതിയ ശ്ലോഹം ഒന്നെൻെറ മടിയിൽ ഉണ്ടു്. അമ്മാവിശ്ലോഹം എന്ന എന്നു കേട്ടാൽ ഛർദ്ദിക്കുന്ന ലോകരെ നടപടിമോടി (മടിയിൽനിന്നു് ഒരു കടലാസ് എടുത്തു ആട്ടിക്കൊണ്ടു്) ഇതാണ്. അങ്ങത്തെ ജേസ്പ്പീന്നു ഉച്ചൂട്ടു. അതൊരു വിദ്യ. (അങ്ങോട്ടുമിങ്ങോട്ടും നോക്കീട്ട്) അമ്മെ ഇതിനകത്തു എന്തും ആരാവാരം. വല്ലതും ഇത്ര പുകച്ചുകരിക്കാൻ വായ്പടയും ചെണ്ടപ്പടയും വേണോ?

(കർട്ടൻ)

 

രംഗം നാലു് (26-30)

 

-26-


രംഗം നാലു്


[സ്റ്റുഡിയോവിലെ വേറൊരു മുറി. തമ്പിയും കല്യാണിക്കുട്ടിയും പ്രവേശിക്കുന്നു.]

തമ്പി: (ഓരോ സാമാനങ്ങളേയും തൊട്ടും തലോടിയും നോക്കിക്കൊണ്ടു്) അപ്പീ, എല്ലാം മേത്തരം. പണം തിന്നുന്ന വകകളാണു്. പൊന്നിട്ടും വൈരമിട്ടും പുളിച്ചേരി വയ്ക്കാൻ നീ വിടരുതേ.

കല്യാണിക്കുട്ടി: അല്ലേ വിടാനും വിടാതിരിക്കാനും എനിക്കു കാര്യമെന്ത്?

തമ്പി: നോക്കു. പെണ്ണുങ്ങളുടെ പുത്തനടവൊന്നും എന്റടുത്ത് എടുക്കാതെ. നിനക്കും അയാക്കും ഉള്ളില്ലെങ്കിൽ അയാൾ അവിടെ പാര്‍ക്കാൻ വന്നപ്പം മാതിയച്ചിയെ നീ കൊല്ലൂല്ലാഞ്ഞോ? അതുമല്ലാതെ നീകൂടി ഇപ്പം ഇവിടെ വന്നത് ഏതു ചരടിന്റെ വിദ്യ?

കല്യാണിക്കുട്ടി: അച്ഛൻ വിളിച്ചതുകൊണ്ടു വീടു കാണിക്കാൻ വന്നു.

തമ്പി: വീടു കാണിക്കാൻ നീ അകത്തു കേറണോ? ഈ ഒരുക്കം ഒക്കെ ഒരുങ്ങണോ?

കല്യാണിക്കുട്ടി: അതൊക്കെ അച്ഛന്റെ നിബ്ബന്ധം കൊണ്ടല്ലായിരുന്നോ?

തമ്പി: അച്ഛനും നീയും അയാളും എല്ലാപേരും കൊള്ളാം. ഇന്നാരു ലക്ഷമോ കോടിയോ കുമിച്ചിരിക്കട്ടെ. കുലനിലകെട്ടും ആടൂടാതെ. ഈ മോടിവട്ടങ്ങൾ കാണ്മാൻ കൊച്ചല്ലിയോ, നിനക്കു കൊതികാണും എന്നും വച്ചു കൊണ്ടുവന്നു എന്റെകൂടി. അതുകൊണ്ടു ആരും പഴിപ്പാനില്ല.

കല്യാണിക്കുട്ടി: അച്ഛൻ ഇത്രയൊക്കെ പ്രസംഗിക്കേണ്ട. ജീവിത മത്സരത്തിലെ ബ്രഹ്മാസ്ത്രം പണമാണ്. അതു നേടുന്നതിൽ അദ്ദേഹം സമര്‍ത്ഥൻ. എന്നാൽ പരവഞ്ചന എന്ന ആയുധം അദ്ദേഹത്തിന്റെ കൈക്കൽ ഇല്ല. ഇതോടുകൂടി അദ്ദേഹം വലിയ മര്യാദയും പ്രഭുബുദ്ധിയും ഉള്ള ആളാണു്. അതുകൊണ്ടും എനിക്കും അദ്ദേഹത്തിനെക്കുറിച്ച് ബഹുമാനമുണ്ട്. എനിക്കു കിട്ടുന്ന വിദ്യ നല്ല മാര്‍ഗ്ഗത്തിൽ നടക്കുന്നതിനും എന്റെ ബുദ്ധിയെ സംസ്കരിക്കുന്നു.

തമ്പി: (വാപൊളിച്ചുനിന്നിട്ടു്) തംസ്കൃതങ്ങളും മറ്റും കൊണ്ടു കണ്ണിൽ മണ്ണിടാതെ - പെണ്ണേ പരിഷ്കാരവും എന്തൊരു മത്സരവും ഒക്കെ പണമുണ്ടെങ്കിൽ എല്ലാം ശരിതന്നെ. നമുക്കൊ ഈ പൊട്ടക്കണ്ണുകൾ കാണുന്നത് ഒരു വിരളിലോകം. അതിന്റെ ഇടയിൽ വീട്ടിച്ചരക്കു ചന്തയിൽ കേറൂട്ടാൽ വിലയിടിയും. അതുവിചാരിച്ച് ഒരമിളി. അയാൾ നമ്മുടെ അടുത്തുവന്നു മുറയ്ക്കു കേൾക്കണം? അപ്പം വേണ്ടത്തക്കവരോട് ആലോചിച്ചു്-

കല്യാണിക്കുട്ടി: എന്താണച്ഛാ! കേൾപ്പാനും ആലോചിക്കാനും?

-27-


തമ്പി: മടലും, പഠിച്ച മടലു്. ആ നാണു വന്നാലും പെയ്യാലും അവന്റെ കാര്യം നിനയാതെ. അവന്റെ അപ്പൻ വന്ന് ഓതണ മന്ത്ര മൊന്നും ഉറവായിക്കൊള്ളാതെ. നമുക്കു പിടിച്ചോ നിനക്കു പിടിക്കണം. ചാഞ്ഞും പിരിഞ്ഞും ഒന്നും പറയാതെ. ചൊല്ലിയേക്കാം. ധളവഅമ്മാവന്മാരുടെ മഹത്വം നാം വിടൂല്ല. ഇയാള് വലിയ തമ്പുരാനോ മറ്റോ ആണോ? എത്രനേരമായി നാം വന്നിട്ടു്?

കല്യാണിക്കുട്ടി: അകത്താരും പോയി പറഞ്ഞില്ല. അതാണു. ഇപ്പോൾ പതിനൊന്നടിക്കും . അപ്പോൾ അന്വേഷിക്കും.

തമ്പി: ഓ അയാണ്ട് പടിപ്പും പടിത്തരവും നിന്റെ കൈക്കണക്കിലാണോ? ഇങ്ങനെ രണ്ടും പറയിക്കുമ്പോഴാണ് നമുക്കു നമ്മുടെ വീട്ടുക്കുണം ഉണന്നൂടണതു്.

കല്യാണിക്കുട്ടി: (ആത്മഗതം) കാര്യം കുഴക്കുതന്നെ. ഇവിടെ ഇപ്പോൾ എന്തെല്ലാം ഉണ്ടാകുമോ? മാതേവൻപിള്ളഅമ്മാവൻ പറയുന്നതൊന്നു്. ഇദ്ദേഹത്തിന്റെ പണത്തിനെ ഉദ്ദേശിച്ചു് അച്ഛൻ ഇവിടെ വലിച്ചുകൊണ്ടു വന്നതാണു്.

(ആർട്ടിസ്റ്റ് പ്രവേശിക്കുന്നു.)

(പ്രകാശം) ഇതാ അദ്ദേഹം വരുന്നു.

ആർട്ടിസ്റ്റ്: (ഘടികാരം നോക്കി) ഹാ-എന്തു കണിശം. 20-ാം തീയതി മണി 11-കൃത്യം.

തമ്പി: ഇംക്രീസും മറ്റും പടിച്ചിട്ടില്ലെങ്കിലും നമുക്കും ചില കണിശങ്ങളും മറ്റുമുണ്ടു്. വാക്കു് ഒന്നു പിള്ളേ ഒന്നു്. പറഞ്ഞ നെല്ലും കൈയോടെതന്നെ കൊണ്ടു പോന്നേച്ചു. മാതിയച്ചിയെ അളവു ഏല്പിച്ചേക്കാം. ഇതൊക്കെ കൊണ്ടാണു തെന്തനാംകോട്ടു അരിച്ഛന്ദ്രൻ എന്നും ആളുകൾ പഴിക്കുന്നത്. പഴിച്ചാലെന്ത്? പെണ്ണേ നീ അങ്ങു മാതിയച്ചിയുടെ അടുത്തു പോ.

കല്യാണിക്കുട്ടി: (ആത്മഗതം) ഇദ്ദേഹത്തെ എനിക്കു സ്നേഹമുണ്ട്. അദ്ദേഹം അനുരാഗചേഷ്ടകൾ പ്രത്യക്ഷമായി കാണിക്കുന്നു. (പ്രകാശം) അച്ഛാ! ഞാൻ കൂടി ഉരുവം ഒന്നു കാണട്ടെ. വേല കൂടി കാണാൻ എനിക്കും ആഗ്രഹമുണ്ട്

ആർട്ടിസ്റ്റ്: (ആത്മഗതം) വിഗ്രഹത്തിന്റെ സ്ഥിതിക്കു് ഇവൾ പോകാത്തതു് നമുക്കു രസിച്ചില്ല. വരവിന്റെ കാരണം പറഞ്ഞതും അങ്ങനെതന്നെ. (പ്രകാശം) ഊണു കഴിഞ്ഞിട്ടു് ഉരുവം കാണുന്നതല്ലേ നല്ലതു്? വല്ലതും ആറിപ്പോയാൽ മാതിയച്ചി ശണ്ഠകൂട്ടും. അവരാണു വയ്പ്. മകൾക്കുമുണ്ണാം.

തമ്പി: അപ്പീ ഉണ്ടേച്ചു കാണണോ കണ്ടേച്ചുണ്ണണോ? ഉരുവം നീ കൂടി കാണണം. നമ്മുടെ ഹരിപ്രായപ്പടിയിൽ തീർന്നതാണ്. (ആർട്ടിസ്റ്റിനോടു്) നാം ഇപ്പോൾ വെള്ളക്കാരുടെ മട്ടൊക്കെത്തന്നെ പിള്ളേ. പെണ്ണുങ്ങൾക്കു വിട്ടിരിക്കുന്നു മുപ്പും മുറയും.

-28-


കല്യാണിക്കുട്ടി: അച്ഛന്റെ മനസ്സുപോലെ.

തമ്പി: (മൂക്കുകൊണ്ടു ഗന്ധം ഗ്രഹിച്ചു. ആത്മഗതം) തക! തക! പൊരിച്ചതും കരിച്ചതും തോനെയുണ്ട്. പെണ്ണു കിട്ടാൻ കൈക്കൂലികളാണു്. അല്ലാണ്ടു മോക്ഷത്തിനോ? എടാ കൊമ്പിച്ച കൊതിയാ! ഉണ്ടേച്ചു കാണണമെന്നു ചൊല്ലിയാ നമ്മെ കൊതിയനെന്നു കരുതും. അങ്ങനെ വന്നാൽ ദളവഅമ്മാവന്മാരുടെ പിതൃക്കളു് അടുത്ത വെലിക്കു ചോറു് എടുക്കൂല്ല. (പ്രകാശം) ഒന്നു മുഴുമേനിക്കു നോക്കിക്കൊണ്ടു് പിന്നെ ഉണ്ണാൻ പോകാം. എന്തു്?

ആർട്ടിസ്റ്റ്: ഇതെല്ലാം സരസകലാവിദ്യകളാണു്. ലൈററും ഷെയിഡും അനുകൂലമായ വേളയിൽ കണ്ടാൽ കുറച്ചുകൂടെ സന്തോഷം തോന്നും. മകൾക്കും അതൊക്കെ അറിയാം.

തമ്പി: ഇങ്ങോട്ട് ഒതുങ്ങി നിക്കാതെ അങ്ങോട്ടു മാറിനിക്കെടി പെണ്ണെ. നമ്മുടെ പിള്ള പിലിയോ കടുവായൊ ആണോ? (കല്യാണിക്കുട്ടി പിറകെ ഉള്ള കർട്ടന്റെ അടുത്തു മാറിനില്ക്കുന്നു.) എന്തായാലും കാര്യം കഴിഞ്ഞു കളി-അതാണു കാര്യസ്ഥന്മാരുടെ ലക്ഷണം. എവിടെയാണു് ഉരുവം?

ആര്‍ട്ടിസ്റ്റ്: ഈ മുറിയിൽത്തന്നെയുണ്ട്.

തമ്പി: (അങ്ങോട്ടും ഇങ്ങോട്ടും നോക്കി കല്യാണിക്കുട്ടിയുടെ നേക്കു ദൃഷ്ടിയുറപ്പിച്ചു പരിഭവത്തോടെ) അയ്യ! ആ നിക്കണ ഉരുവം പട്ടു ചുറ്റിയ പുത്തൻകലം പോലെ ഇരിക്കണു.

ആര്‍ട്ടിസ്റ്റ്: ക്ഷമിക്കണേ! അതു് എന്റെ സൃഷ്ടിയല്ല. കലം പോലെയുമല്ല (ആത്മഗതം) നല്ല തരംകിട്ടി. അന്തര്‍ഗ്ഗതം ഒന്നു പറഞ്ഞേക്കാം. (പ്രകാശം) കവികളായാൽ പുത്തൻ കുവലയങ്ങളോട് ഉപമിക്കും. കൃത്രിമമല്ലാത്ത തേജസ്സോടുകൂടി ആ വിഗ്രഹം ശോഭിക്കുന്നു. തലമുടിയുടെ നിബിഡതയും.

തമ്പി: (സൂക്ഷിച്ചുനോക്കിച്ചിരിച്ച്) വേണ്ട വേണ്ട പിള്ളേ! പെണ്ണിനെ അമ്മാവിശ്ലോകങ്ങൾ പടിപ്പിക്കാതിനു്. കണ്ണു കണ്ടൂടാഞ്ഞാൽ ഇങ്ങനെ ഒക്കെത്തന്നെ. ഉരുവം എങ്ങു്?

ആര്‍ട്ടിസ്റ്റ്: (ഇടകർട്ടൻ പിടിച്ചുകാണിച്ചു) ഇവിടെയുണ്ട്. (കർട്ടൻ ഒട്ടു പൊക്കി അകത്തോട്ടുനോക്കി വിഗ്രഹം നിൽക്കേണ്ടതെങ്ങനെയെന്നു സൂക്ഷിച്ചു ചില ആംഗ്യങ്ങൾ കൊടുത്ത് അകത്തെ നില കണ്ടു തൃപ്തിപ്പെടാതെ ശാസിക്കുന്ന നില കാണിക്കുന്നു. ഒടുവിൽ ഒരുവിധം തൃപ്തിപ്പെട്ട് തമ്പിയെ രംഗത്തിന്റെ ഒരു ഭാഗത്തു നീക്കിനിറുത്തുന്നു. (പിന്നീടു കട്ടൻ നീക്കി കാളിവിഗ്രഹത്തെ കാട്ടുന്നു.)

-29-


(തമ്പി അഭിജ്ഞൻ നിലയിൽ വിഗ്രഹം നോക്കുന്നതിനിടയിൽ കല്യാണിക്കുട്ടി പരമാർത്ഥം ധരിച്ചു പുഞ്ചിരിയോടുകൂടി മുക്കിൽ വിരൽവെച്ചു നില്ക്കുന്നു. കള്ളി പുറത്താക്കരുതെന്ന് ആര്‍ട്ടിസ്റ്റ് കൈകൂപ്പി യാചിക്കുന്നു. തമ്പി മുമ്പോട്ടു നീങ്ങി ഒന്നുകൂടി നോക്കുന്നു. പിന്നീട് ഒടുവിൽ അടുത്തു ചെന്ന വിഗ്രഹം തൊട്ടുനോക്കുവാൻ ശ്രമിക്കുന്നു.)

ആര്‍ട്ടിസ്റ്റ്: അരുതരുതു്. വലിയ ഇംഗ്ലീഷു വിഷച്ചായങ്ങളാണു തേച്ചിരിക്കുന്നതു്. വിദ്യുച്ഛക്തികൂടി മഷിപോലെ അരച്ചുചേത്തിട്ടുണ്ട്. ഉണങ്ങും മുമ്പു തൊട്ടാൽ എട്ടടിവീരന്റേതിലും ഉഗ്രമായ വിഷമുണ്ട്.

തമ്പി: അതെയതെ. ഇപ്പഴത്തെ പരിഷ്കാരവിഷങ്ങളെയാണു വിശ്വസിച്ചുകൂടാത്തതു്.

(തമ്പിയും മകളും പോകുന്നു. കാളി മുന്നോട്ടുവരാൻ ഭാവിക്കുന്നു.)

ആര്‍ട്ടിസ്റ്റ്: വിശേഷണവിനോദങ്ങൾ പിന്നെയാകാം ഹേ!

കാളി: എസ്സ് എസ്സ്-വിനോദവികടത്വപ്രകാശനം സ്വഭാവസിദ്ധമഹാദോഷ-ഓ! തെറ്റി. അവിടത്തെ താല്ക്കാലികവിനോദംസ്യാൽ എങ്കിലും (വയറ്റിൽ തട്ടിക്കൊണ്ടു്) 'ഉദരം കരയുന്നേരം രോദനം- തീർത്ത പാലയാ.'

ആര്‍ട്ടിസ്റ്റ്: ചാകണ്ട ഹേ! എല്ലാം ഞാൻ ഒന്നൊഴിയാതെ അയച്ചേക്കാം.

കാളി:

'അജമാംസസൂപ്പല്പം ചുടുചുടെ
എജമാനക്കറി മററും പലവക
ചിക്കൻ ഗോളാ കുക്കുടറോസ്റ്റും
വെക്കം വരണം പന്നിസ്റ്റൂവും-
ഋഷഭത്തിനുടെ ലാംഗുലാഗ്രം
ഭക്ഷ്യങ്ങളിലതി രാജസഗുണവാൻ-
പശുവിൻനാവതു പാല്പായസമാം'-


ആര്‍ട്ടിസ്റ്റ്: കിടന്നു കൂപ്പിടാതിരിക്കു ഹേ! ഈ ശബ്ദം അവരെ ഇങ്ങോട്ട് ആകര്‍ഷിക്കും. വേണ്ടതെല്ലാം അയച്ചേക്കാം.

-30-


കാളി: ആദ്യത്തെ അവതാരസ്മാരകം ചതുർപാകം പ്രഥമാചഃഭരത വാക്യത്തിനും സര്‍വേഷ്യാന്നി ഹോതാ-

(പാടുന്നു)

കുങ്കുമനിറം തങ്കും ഇങ്കിരീസ് മധുവതു
സങ്കടഹരം തസ്മാദ് ആങ്കോറെന്നഭിധാനം.


ആർട്ടിസ്റ്റ്: നല്ല കല്ലടപ്പുള്ളതായി അയച്ചേക്കാം. സ്വര്‍ഗ്ഗവും നരകവും ഒന്നിച്ചു കാണും.

കാളി: അസ്തു ഭഗവാനന്തം ശ്രീമൽ ഭൂലോകവിശ്വകര്‍മ്മൻ എ- ബി- സി- ഡി ഇത്യാദി.

ആര്‍ട്ടിസ്റ്റ്: ഡിന്നർ ഇങ്ങു വന്നാലും തമ്പി അദ്ദേഹം പോയിട്ടേ കഴിക്കാവൂ. അല്ലെങ്കിൽ എല്ലാം തിരുതകടമായിപ്പോകും. ഇത്രയ്ക്ക് ഇത്രയാകുമ്പോൾ അത്രയ്ക്ക് അത്രയാകുമല്ലൊ? ആംകോർ അകത്തു കേറുമ്പോൾ കാര്യവും കഥയുമെല്ലാം മറന്നുപോകും.

കാളി: നഹി നഹി! നോ! നോ! ഇല്ലില്ല. മദ്യസേവനേ സാക്ഷാൽ കുംഭസംഭവോഹം മറക്കെ. 'ഉറച്ചു നാവാലുരചെയ്ത കാര്യം മറക്കുമോ 'ബിസ്കി' അകത്തു ചെല്ലിലും. 'മുഷിയേണ്ട മുഷിയേണ്ട. കൃതാത്ഥോസ്മ്യഹമെന്നേ വദിക്കുന്നുള്ളു. അത്ര ഭവാൻ കന്ദര്‍പ്പൻ ആഗമിച്ചു തത്ര കനകരുചിരാംഗി - സമം- സരസമധുര സല്ലാപസാരസ്യഹ- ഹ! ഹ!

ആര്‍ട്ടിസ്റ്റ്: (ഇടക്കർട്ടനിട്ടു പോകുന്നു. പോകുംവഴി) ഒന്നും തെറ്റിക്കരുതേ-ഒന്നാം തരം പ്രസന്റും റഡി.

കാളി: (ഇടക്കർട്ടൻ നീക്കി) കുലുങ്ങേണ്ട; കുലുങ്ങേണ്ട കരുണാകരൻ വെരിഗുഡ് ബായി

(തലകുലുക്കിച്ചാഞ്ചാടി ഇരിപ്പുപിടിച്ച് ഇടക്കർട്ടൻ ഇട്ടുകൊള്ളുന്നു.)

(കർട്ടൻ)

 

രംഗം അഞ്ച് (31-35)

 

-31-


രംഗം അഞ്ച്


[സ്റ്റുഡിയോവിൽ കാളി നില്ക്കുന്ന മുറി]

കാളി: (ഇടക്കർട്ടൻ നീക്കി പീഠത്തിന്മേലിരുന്നു്) ഉദരം നിമിത്തം ബഹുകൃതവേഷക്കാര്‍ക്കു് ഒരു സമ്മാനം നിശ്ചയിച്ചു വിളംബരമുണ്ടായാൽ ഒന്നാംനമ്പ്ര ഇനാത്തിനു് കരുണാകരൻ പ്രസന്റു പറയും. ഈ നടുനട്ടുച്ചനേരത്തു വിശന്നു തളർന്നു കുപ്പായങ്ങളും കീറാമുട്ടികളും അണിഞ്ഞ് ഒരു ഇരുട്ടറയ്ക്കുള്ളിൽ കുത്തിയിരുന്നു കൊഞ്ഞനംകുത്താൻ ആര്‍ക്കു വിധിയുണ്ടായിട്ടുണ്ടു്. (മണം പിടിച്ചു) ഹാ! ഹ! താഴത്തുള്ളവർ പരിപ്പ്, പപ്പടം, നൈ കഴിഞ്ഞ് ഇപ്പോൾ സാമ്പാറിൽ എത്തീട്ടുണ്ട്. അടുത്ത വിളമ്പു്, മധുരക്കറിവകകൾ, കേസരിബാത്ത് (എഴുന്നേറ്റു് മുമ്പോട്ടുനടന്നു്) സഹിക്കവഹിയാ (മുമ്പോട്ടു ചോടുവച്ചു പാടുന്നു.)

'മുറുകുതേ മോഹം തളരുതേ-ദേഹം ഞെരിയുതേ-
പൊടിയുതേ- യുദരപ്രകാരം - മുറുകുതേ.
വരുകിതേ ആഹാ-പെരുകിതേ ഓഹോ! നിറയുതേ
ഉറയുതേ-കൊല്ലുറതേ കൊതി - മുറുകുതേ.
വരുകിതേ ആഹാ- പെരുകിതേ ഓഹോ! നിറയുതേ
ഉറയുതേ-കൊല്ലുറതേ കൊതി - മുറുകുതേ.


ഷബാഷ് ഗാനം - കീശവീര്‍പ്പൻ സംഭാവനയുടെ ലാഭം ഏതു ദേഹത്തിനെന്നൊരു ചോദ്യം ഉളാകുന്നു എന്നപ്പനെ. (ചെവികൊടുത്തു) ഓ! ആരോ വന്നുതുടങ്ങി. ആർട്ടിസ്റ്റ് അവർകൾ തന്നെയോ? അല്ല ഏണിപ്പടി തകർത്തുകൊണ്ടുള്ള ഒരു വരവാണ്. തമ്പി ശുക്രാചാര്യരുടെ രണ്ടാമാഗമനം ആയിരിക്കാം. എന്നാൽ ഭാഗ്യം. അതുകഴിഞ്ഞാൽ കിട്ടുന്നതിനെ ഉടനെ സാപ്പിട്ടുകൊള്ളാൻ അനുവാദമുണ്ടു്. പെരിയ പെരിയ ഭാഗ്യം. ഓ ആളിങ്ങെത്തിപ്പോയി. (എത്തിനോക്കി) നമതുകുട്ടി കുട്ടി അമ്മാൾ കൈലാസോദ്ധാരണം ആടിവരുകിറാൾ-നാശം. ഓ ! (ബദ്ധപ്പെട്ട് ഇടക്കർട്ടനിട്ടു് അതിനിടയിൽ മറയുന്നു.)

(ഒരു വലിയ ചുമയോടുകൂടി കട്ടി പ്രവേശിക്കുന്നു.)

കുട്ടി: (ചുമടിറക്കി ദീർഘശ്വാസം വിട്ടു കൈകാൽ കുഴഞ്ഞ്) അമ്പോ! കഴുത്തും പിടലിയും അമങ്ങിപ്പോയി.

കാളി: (എത്തിനോക്കി-ആത്മഗതം) അമ്മിണി അമൃതവാഹിനി

കുട്ടി: അങ്ങുന്നു് ഒരാൾക്കു തിന്നാൻ ഈ മലപ്രമാണം ഒക്കെ വേണമോ? എല്ലെല്ലാം ഞെരിഞ്ഞുപോയി.

-32-


കാളി: (എത്തിനോക്കി-ആത്മഗതം) ആ മൃദുമേനിയെ തലോടി ആശ്വസിപ്പിപ്പാൻ ധന്വന്തരിയായി ഭവതിയുടെ ദാസൻ സമീപത്തുണ്ടല്ലോ?

കുട്ടി: അങ്ങത്തേക്കു മേശയുള്ളത് ഞാൻ അറിഞ്ഞിരുന്നില്ല. ചൂന്നു നോക്കുമ്പോഴെ ആളുകളുടെ ഉള്ളറിയാവൂ. ഇതെല്ലാം അലമാരിയ്ക്കകത്തു വെച്ചേക്കണം. (സാമാനങ്ങൾ എടുത്തു നോക്കുന്നു.)

കാളി: (എത്തിനോക്കി പരവശതയോടെ ആത്മഗതം) നാശം! നമുക്കുള്ള ഉച്ചിഷ്ടമെങ്കിലും വച്ചേച്ചില്ലെങ്കിൽ ഹതിയാണ് എന്റെ പ്രിയതമയ്ക്ക് അനുഭവം.

കുട്ടി: കഴുവങ്ങൾ കേറി മൂക്കിൽ കമയ്ക്കുന്നു. ചിലരൊക്കെ ശീമപ്പെരുക്കാരു്. ഇതാ ഇതൊക്കെ ശൂല് ശാശു പൊടിയങ്ങളു്. പിന്നെ നമ്മുടെ നാടൻ പ്രഥമങ്ങളു്- (എല്ലാം ഒതുക്കിവച്ചിട്ട് കുപ്പി കൈയിൽ എടുത്തിട്ടു്) ഇതു ചൂലും പ്ലാച്ചും പ്രസമങ്ങളും ചാമ്പലാക്കാനുള്ള കല്പം. ഇതു ചെല്ലുമ്പോളാണു പൊന്നുംകുടത്തേമാന്മാരും കൊച്ചമ്മമാരും ശ്രീലോകപാതാളം ഒന്നോടെ കാണണത്.

കാളി: (ആത്മഗതം) ഇവൾ ഇപ്പോളിതു തട്ടും . അതിനു വിട്ടുകൂട.
(ഇടക്കർട്ടന്റെ അകത്തുനിന്നും മൃദുവായ അലർച്ച)

കുട്ടി: (അത്ഭുതപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കീട്ട് കുപ്പിയോടു്) അല്ലേ കണ്ടാലും മണ്ടയിൽ കേറൂടുമോ? (കുലുക്കിനോക്കി) ശന്നങ്ങൾപോലെ തെളുതെള പിലുപിലാ തുള്ളുന്നു. വാ വാ -എന്നു വിളിക്കുന്നോ? ഞാൻ ആളല്ല.

(കുറച്ചുകൂടി ഉറച്ചു് അലര്‍ച്ച)

(നടുങ്ങി പരക്കെ നോക്കുന്നു ) എന്റെ അമ്മ! ഇതെന്തു മായം? ചെവി കൊട്ടി അടയ്ക്കുന്നോ?

(വീണ്ടും അലര്‍ച്ച)

(നടുങ്ങി) എന്തൊ ചത്തങ്ങൾ ചെവിയിൽ മുഴങ്ങുന്നു.

-33-


(പിന്നെയും അലര്‍ച്ച)

(ചാടി എഴുന്നേറ്റു്) അയ്യോ! അയ്യോ! (പരിഭ്രമത്തോടു്) കാലുറയ്ക്കുന്നില്ല. ഉടലുരുകന്നു. നാക്കു തളരുന്നു. താഴുന്നു. അയ്യോ! ആരുമില്ലെ സഹായം?

കാളി: (അകത്തുനിന്നു്) ആരാരാ ഹന്തകല്പാന്തകഭ്രമണകരീഘോരസംഹാരരൗദ്രീ!

കുട്ടി: അയ്യോ ഇതിനകത്തീന്നാണു്. (തിരിഞ്ഞുനോക്കി) ദുരിതം ചെയ്താൽ ഇപ്പം കൈയോടയോ? അയ്യോ! അയ്യോ! അയ്യോ! (താടി താഴ്ന്നു) ചത്തുപോമേ.

(കാളി ശൂലം കൊണ്ട് ഇടക്കർട്ടൻ നീക്കി ചലനം കൂടാതെ പീഠത്തിൽ നില്ക്കുന്നു. കുട്ടി ഭയപ്പെട്ടു വീഴുന്നു.)

കാളി: ഭദ്രേ! ഭയപ്പെടേണ്ട.

കുട്ടി: (കിടന്നിടത്തുനിന്നു കാളിയെ നോക്കി) അയ്യോ ഞാൻ കാലത്തുടച്ച ദേവിതന്നെ. എന്നെ ഇപ്പോൾ കൊന്നുകളയും. ഞാൻ അറിയാതെ ചെയ്ത പിഴ അല്ലിയോ പൊന്നു ദേവീ! ക്ഷമിച്ചു രക്ഷിക്കണേ!-രക്ഷിക്കണേ!

കാളി: (ഇറങ്ങി) ഉത്തിഷ്ഠ―ഉത്തിഷ്ഠ - എഴുനേല്ക്കു.

കുട്ടി: (വിറച്ചു) എന്റെ പൊന്നു ദേവീ രക്ഷിക്കണെ. ഇരുട്ടത്തു കണ്ണു കണ്ടുകൂടാഞ്ഞു്.

കാളി: വത്സ! മോഹനതരശുഭഗ്രാത്രേ! ഉത്ഥാനം ചെയ്തു് നമ്മുടെ പാദസരോജാഗ്രങ്ങളിൽ നമസ്കാർ കറോ. (കട്ടിയെ എഴുനേല്പിച്ചു നിറുത്തുന്നു.) നമസ്സാർ കറോ.

(കുട്ടി മനസ്സിലായില്ല എന്നു തലകുലുക്കുന്നു).

-34-


തൊപ്പക്കണം കറോ.

കുട്ടി: കല്പിക്കുന്നതു മനസ്സിലായില്ല.

കാളി: നമസ്സാർ കറോ (തോപ്പക്കണം). മറ്റു വചനേന ഏത്തം ഇട്ടാലും. കരവല്ലികളെ പിണച്ചു കര്‍ണ്ണങ്ങളിലെ ലംബദളങ്ങളെ ഇദമേവ ഗ്രഹിച്ചു് രംഭോപമങ്ങളായ ജംഘകളെക്കൊണ്ടു - ഇങ്ങനെ ഗുണചിഹ്നം ചമച്ചു ആ മൃദുകളേബരത്തെ നമ്രീകരിക്ക. അനന്തരവിധേയം അഞ്ചാംചന്ദ്രനെ അഞ്ചിക്കുന്ന ലലാടദേശം കൊണ്ടു് ഭൂമിയിൽ ഏകതാളം പിടിക്ക. ആയ് - ആയ് - അങ്ങനെതന്നെ. ഘോവാൺ.

(കുട്ടി ഏത്തമിടുന്നു.)

ഒൺ, ടൂ, ത്രീ, ഫോർ, ഫൈവ്, എസ്, ഘോവാൺ. (എട്ടുപത്തു ഏത്തമായപ്പോൾ) ബസ്-ബസ്-സുഭഗെ! ചന്ദനതനുവല്ലി തളരുന്നു. അനന്തരം സ്തോത്രം കറോ-ഇദം സമ്പ്രദായേന 'മാണിക്കവീണാം.'

കുട്ടി: വരൂല്ല.

കാളി: മോശം, മോശം. ശ്രമം വിജയവാഹനം. 'മാണിക്കവീണാം'-

കുട്ടി: (കരഞ്ഞു താഴ്ന്ന സ്വരത്തിൽ) മാണിക്കവീണാ-

കാളി: വീണനോ-അങ്ങനെയല്ല. ബാലേ-അങ്ങനെയല്ല. ബാലേ! ബാലതരേന്ദുകോമളമുഖേ! അങ്ങനെയല്ല. ഭവതി രക്തബീജന്മാരെന്നു ശ്രവണം ചെയ്തിട്ടുണ്ടോ?

കുട്ടി: ഞാൻ ഒരു ചരണവും ചൊല്ലീട്ടില്ലെന്റെ ഉലകാളുമമ്മേ!

കാളി: ആരേ ചരണം ചൊല്ലീട്ടുണ്ടോ എന്നല്ല. ശ്രവണം ചെയ്തിട്ടുണ്ടോ? ശ്രവിച്ചിട്ടുണ്ടോ- കേട്ടിട്ടുണ്ടോ എന്നാണു പ്രശ്നം.

കുട്ടി: (തൊണ്ടയിടറി) എന്തോന്നു കേട്ടിട്ടുണ്ടോ എന്നു്.

-35-


കാളി: ഭാര്യേ!

കുട്ടി: അ-അ-അങ്ങനെ വിളിച്ചുകൂടാ- അത് അമ്മയും മറ്റും അറിഞ്ഞു വിളിക്കണം.

കാളി: (ചിരിച്ചും കൊണ്ടു്) ആനന്ദവത്സായനമേ! കേൾക്കു ഭദ്രേ! സുഭഗേ! ആര്യേ! ഭാര്യേ! എന്നിങ്ങനെ ഓരോ പടികളിലായി സ്നേഹം മൊട്ടിട്ടു വിടുര്‍ന്നു് ഫലിച്ചു മൂത്തു പക്വമാകുന്നു. സൂക്ഷ്മം നിനയ്ക്കുമ്പോൾ നീ നമ്മാൽ ഭരണീയ. രക്ഷിക്കപ്പെടുന്നവളല്ലേ? നാം ശങ്കരാര്‍ദ്ധശരീരിണി.

കുട്ടി: കല്പന-കല്പന.

കാളി: തൽക്കാരണത്താൽ ഭവതി അസ്മത് ഭാര്യാപദം വിവന്തി. കഥ നടക്കട്ടെ-രക്തബീജരെന്നു കേട്ടിട്ടില്ലേ?

(കുട്ടി കേട്ടിട്ടില്ല എന്നു തലകുലുക്കുന്നു.)

എന്നാൽ ശ്രവണഝഷകത്തെ കാട്ടുക. ആ വൃത്താന്തത്തെ അതിൽ പകർന്നുതരാം. രക്തബീജന്മാർ നമ്മുടെ വിസര്‍പ്പസന്താനങ്ങൾ-അവരുടെ ബീജപരമ്പരയിൽ - പുരാ വിശ്രവസപ്പുത്രോ രാവണോനാമ രാക്ഷസ ആസീത് തസ്യ വംശശാഖാപരമ്പരാ സംഭൂത ആസീത് പുരാ പരമപാവനകീർത്തിഭൂമാ- തൽ സുതാ വിഖ്യാതനഗരേ രമ്യേ നളനുണ്ണിതാമസഞ്ജമനഃ തസ്യ പൗത്രസ്യ പ്രപൗത്രസ്യ പ്ര- പ്ര— പ്രപൗത്രപുത്രഃ ശ്രീമദനന്തനഗരെ ദധികം ഭദേശേ തൽക്കാലവാസി- നാട്യാകാശ ഭാസ്കരഃ ശ്രീമൽ കരുണാകരനാമഃ മധുരശീല രസികാഗ്രേസരഃ- മനസ്സിലായോ? കളഭാഷിണിമുടിമാലേ! അളകാഞ്ചിതഫാലവിശാലെ.

കുട്ടി: ദേവീ! അവിടത്തെ അരുളപ്പാടു് ഈ അഗതിക്കു മനസ്സിലാകത്തക്കവിധത്തിൽ കല്പിച്ചാൽ

കാളി: ആഹാ! വത്സേ! നമ്മുടെ പ്രിയസന്താനമാണു് അടുത്ത തെക്കു വീട്ടിലെ കരുണാകരബാലൻ എന്ന നടപ്രവീണൻ.

കുട്ടി: ആ ആട്ടക്കാരവീണൻ ദേവീടെ-

കാളി: വിരമിക്ക. മഹേന്ദ്രകാളി നിന്നെ ശപിച്ചു പൊടിച്ചുര്‍ണ്ണമാക്കും.

 

രംഗം അഞ്ച് (36-39)

 

-36-


കുട്ടി: അയ്യോ എന്നു വിളിച്ചുപോമെ-

കാളി: (ചിരിച്ചുകൊണ്ടു്) കണ്ടില്ലേ ത്രീശാഖയായ ഈ ശൂലം. അതു നിന്റെ രക്തതടാകത്തിൽ സ്നാനം ചെയ്യാൻ അത്യുത്സാഹനായി നമ്മുടെ ഹസ്തകല്യത്തിൽനിന്നും കുതിക്കുന്നു.

കുട്ടി: (നോക്കിവിറച്ചു) കല്പിക്കണെ.

കാളി: നമ്മുടെ പ്രീത്യർത്ഥം ആ ബാലനെ സര്‍വപ്രകാരേണയും സന്തോഷിപ്പിക്ക.

കുട്ടി: ദേവീ!

കാളി: ആ കവലയാംഗനെ അനുസരിച്ച് ജന്മാന്തരം ശുശ്രൂഷിക്ക.

കുട്ടി: തിരുവുള്ളം (ഓടാൻ തക്കം നോക്കുന്നു.)

കാളി: അയാൾ ഒരു ചുംബനം അപേക്ഷിച്ചാൽ ദത്തം ചെയ്യുക.

കുട്ടി: അതു കല്പിക്കരുതെ-

(കാളി ശൂലം ഓങ്ങുന്നു.)

അതെങ്ങനെ ദേവീ!

കാളി: ഏഭ്യാംഗനാമകുടമേ! ചുംബനം പ്രേമമുദ്രാസ്തു എന്നു നീ അറിയുന്നില്ലേ? ഈദൃശമേവ (ഓടാൻ തുടങ്ങിയ കുട്ടിയെ തടുക്കുന്നു.)

-37-


(ആർട്ടിസ്റ്റ് പ്രവേശിക്കുന്നു.)

ആര്‍ട്ടിസ്റ്റ്: (ആശ്ചര്യവും നീരസവും സംഭ്രമവും നടിച്ചു) അനര്‍ത്ഥം! ഇതെന്തു കളി! പോ അവിടുന്നു.

(കുട്ടി സംഭ്രമിച്ചു പേടിച്ചു നോക്കി തിരിഞ്ഞുനില്ക്കുന്നു.)

അസത്തു വര്‍ഗ്ഗം. കടക്കൂ. മിഴിച്ചുനോക്കിക്കൊണ്ടിവിടെ നില്ക്കാതെ. കാര്യമെല്ലാം പിന്നീടു ചോദിച്ചുകൊള്ളാം. ഫുൾ- പോകാതെ-

(കുട്ടി പോകുന്നു.)

(കാളിയോട്) പീഠത്തിൽ കയറുക. ദയവുണ്ടായി കേറുക.

കാളി: ആ ദുശ്ശാഠ്യക്കാരി പെണ്ണിനെ ഞാൻ ശിക്ഷിക്കയായിരുന്നു. കാളിയെ ഉരുട്ടിയിട്ടു പൊട്ടിച്ചില്ലേ! അതിന്നും.

ആട്ടിസ്റ്റ്: (തിടുക്കപ്പെട്ടു്) എല്ലാം ശിക്ഷതന്നെ- പ്രസംഗിക്കാൻ തുടങ്ങണ്ട അമ്മാവൻ അല്ലല്ല-തമ്പി അദ്ദേഹം ഇതാ വന്നുകഴിഞ്ഞു. പീഠത്തിലേക്കു പോവുക. (കാളിയെ തടഞ്ഞുപിടിച്ചും വീഴ്ത്തിയും നിവർത്തിയും നടത്തി പീഠത്തിൽ ആക്കി ശരിയാക്കി നിറുത്തുന്നു.)

(തമ്പി പ്രവേശിക്കുന്നു. ആർട്ടിസ്റ്റ് ഇടക്കർട്ടൻ ഇട്ടു ഒരുവശത്തേക്കു മറയുന്നു.)

തമ്പി: പറ്റിപ്പാനും മറ്റും നമ്മുടെ അടുത്ത് ഒക്കൂല്ല. പത്തും അമ്പതും കൊടുക്കണമെങ്കി ഒത്തചരക്കു വരണം . പെണ്ണുകൊടുക്കണതും കൊള്ളണതും കാര്യം അതു വേറെ. (ചുറ്റിനോക്കീട്ട്) ഈ തുണിയുടെ അപ്പുറത്താണ് ഉരുവം. തൊട്ടുനോക്കാൻ തമ്മതിച്ചില്ല. എന്തരോ കുറവേലയോ പെരട്ടോ ഉണ്ട്. അതാണ്. ഇപ്പം അറിയാം. (കർട്ടൻ നീക്കി നല്ലവണ്ണം നോക്കി) എടാ ഇതു ഭേഷ് ! ഭേഷ്- ബഹുഭേഷ്-ഒന്നാംതരം ഭേഷ്-പക്കെ (അടുത്തു ചെന്നു വിസ്ത രിച്ചു നോക്കീട്ടു്) ആ മുളംകാലു് എന്ന് ഇട-വളകാലുപോലെ കോന്തിരിഞ്ഞു പെയ്യ്- മുട്ടിനു താപ്പാടെ, ഇത്തിരി ചീവിക്കുറ ചൂട്ടാൽ (പിശാത്തി ഊരിക്കൊണ്ടു് അടുക്കുന്നു )

-38-


കാളി: (കാൽ പതുക്കെ ഒതുക്കുന്നതിനിടയിൽ) അയ്യോ! രാമ! രാമ!

തമ്പി: ഛെ ഛേ! ഈ പിള്ളയ്ക്കു മൂക്കിനെ എള്ളും പൂപോലെ ആക്കാനറിഞ്ഞുകൂടാ. പുത്തൻകയ്യല്യേ? മൂക്കിന്റെ അറ്റം ഇത്തറ ചെത്തിവളച്ചു മുനപ്പിച്ചുടണം.

കാളി: (വേഗം കൈകൊണ്ടു മൂക്കിനെ പൊത്തിക്കൊണ്ടു") നാരായണാ! അയാൾ ഇപ്പോൾത്തന്നെ പണിയും കഴിച്ചാലോ?

തമ്പി: (ഹാസ്യമായി) ആര്യ! ശൂലംപിടിച്ചിരിക്കണ ചെവ്വു്. നീലിക്കയ്യുകളും മറ്റും ഇയിത്തങ്ങളു കണ്ടതോ കേട്ടതോ? കയ്യോ! അതേ പിടിച്ചു ഇങ്ങനെ ഒന്നു തിരിച്ചു വച്ചൂടണം. അപ്പം നേരേ ഇരിക്കും. ഇതൊക്കെ നമുക്കും ഒട്ടൊട്ടൊരു നോട്ടമുള്ളതും ഇയാൾക്കും അറിഞ്ഞുകൂടന്നെ. (കൈയ്ക്കു കടന്നുപിടിക്കുന്നു.)

കാളി: അയ്യോ മഹാപാവീ (കൈ മാറ്റിക്കൊണ്ടു്) കൈ ഇപ്പോൾ പോയേനേ.

തമ്പി: (ആലോചിച്ച്) ഇലങ്കത്തിൽ പ്രതിഷ്ഠിച്ചൂട്ടാലോ? അകം പൊള്ള ഉടഞ്ഞുടും. അതിനുണ്ടു വിദ്യ. ഉച്ചി ഒന്നു തുരന്നു് -

കാളി: (ദീഘവീര്‍പ്പോടെ) അമ്മോ!

തമ്പി: അതെന്തു ചത്തം? പ്രസവങ്ങളും തലയിൽ പിടിക്കുന്നു. (നാലുപാടും നോക്കീട്ട്) നട്ടുച്ചി കറകറാന്നും ഒന്നു തുരന്നു്-

കാളി: ഹരഹരം മഹാദേവ!'

തമ്പി: ഹെ! (മേലും കീഴു നോക്കി) മത്താപ്പടിച്ചു തിന്നാലിങ്ങനെതന്നെ. മയക്കങ്ങളും വന്നൂടും . അതോ ഇവിടത്തെ മുഴക്കമോ? ഒരു രണ്ടു തുലാം ഈയം ഉരുക്കി. പിന്നെ-

-39-


കാളി: എന്തു വരുന്നോ ഇനി? -

തമ്പി: കുടുകുടാന്നു അത് ഉച്ചിയിൽക്കൂടി ഒഴിച്ചുട്ടാ

കാളി: അയ്യയ്യ! മൂത്താന്റെ തല പൊളിഞ്ഞു പോ൦.

തമ്പി: അ ആ- എന്തരു പൊളിഞ്ഞുപോയെന്നു, ആരു ചൊല്ലിയതു. (ചുറ്റിനോക്കി) ആരുമില്ല. വെക്കമിറങ്ങണമിനി-ശരി-ശരി-അങ്ങനെയൊക്കെ ചെയ്തു് ഒരു എട്ടോ പത്തോ നെടിയ ഇസ്ക്കൂറും കാലിൽ വച്ച് മുറുകൂടണം.

കാളി: അയ്യ സുഖം! (ആത്മഗതം) ആ പെണ്ണിനെ കവളിച്ചതിനുള്ള ശിക്ഷയാണിതു്. (തമ്പിയെ നോക്കി ഗോഷ്ടി കാണിക്കുന്നു.) (തമ്പി കാളിയുടെ അടുത്തുചെന്നു വസ്ത്രാഭരങ്ങളെ പരിശോധിക്കുന്നു. കാളി ശൂലം കൊണ്ടു് ഒരു കുത്തുകൊടുക്കുന്നു.)

തമ്പി: (വേദനപ്പെട്ട അമ്പരക്കുന്നു) ഇതെന്തൊരു കൂത്ത്, മുഴക്കങ്ങള് - ഹ്യേമങ്ങള്. (കാളിയെ നോക്കീട്ട്) മന്ത്രമോ മായമോ കൊണ്ടു് ഇപ്പഴേ വെന്നികൊടുത്തുട്ടോ. തൂണുപോലെ നില്ക്കുന്നു. അതാ ഉലയണാ-അയ്യാ ! വെളിപ്പെട്ടൂട്ടാ കാര്യം വിന. ഇനി ഇവിടെ തനിച്ചു നിന്നൂടാ- ദേവീ-രക്ഷിക്കണേ (തൊഴുതുകൊണ്ടു പോകുന്നു).

കാളി: (ചലനം കൂടാതെ പുലമ്പുന്നു) (ഇറങ്ങി) രണ്ടാം സന്ദർശനം കഴിഞ്ഞു. ശമ്മലയും ഒഴിഞ്ഞു. ഇനി ദാഹവും വിശപ്പും ഒന്നോടെ ശമിപ്പിച്ചുകളയാം (മുമ്പോട്ടു വന്നു) കൊള്ളാം. വേഷം അഴിക്കുന്നതു് ഇനി ഒരു കല്പനയുണ്ടായിട്ടു്. ചുമക്കാം. അങ്ങേഅറ്റത്തു കാണുന്നതു പൈസയാണു്. ആ താമ്രശകലങ്ങൾ കുമിച്ചുകൂട്ടുമ്പോൾ വെള്ളിമലയും മഹാമേരുവും കാണുമാറാകും. അപ്പോൾ (പ്രതാപം നടിച്ച്) വരില്ലേ? 'ആര്യത്വം, കുലശുദ്ധി, ബുദ്ധിമഹിമാ, ജ്ഞാനം, പ്രതാപം, പരം (ചാഞ്ചാടി) കാര്യസ്തത്വവുമെന്നുവേണ്ട- ചുളിവിൽ സര്‍വത്ര രാജത്വവും' എസ്സ് - എസ്സ് -ഹരിയോ ഹരി!

(കർട്ടൻ)

 

രംഗം ആറു് (40-45)

 

-40-


രംഗം ആറു്


[കാളിവിഗ്രഹത്തിന്റെ മുമ്പിൽ കല്യാണിക്കുട്ടി പ്രവേശിക്കുന്നു.]

കല്യാണിക്കുട്ടി: അച്ഛൻ തനിച്ചിവിടെ വന്നിരുന്നു. വേഷക്കാരനെക്കണ്ടു പരമാത്ഥം മനസ്സിലായോ എന്തോ? (കർട്ടൻ പൊക്കി അകത്തുപോയി മടങ്ങിവന്നു) കാളി തെക്കേമുറിക്കകത്തു ഊണു കഴിക്കുന്നു. കുട്ടൻപിള്ള അദ്ദേഹത്തിന്റെ അനുരാഗനാട്യം മുറുക്കത്തിലായിരിക്കുന്നു. അദ്ദേഹത്തെ മരുമകനായി കിട്ടിക്കഴിഞ്ഞതുപോലെ അച്ഛൻ പ്രസാദിച്ചു എനിക്കും അനുഗ്രഹങ്ങളും ഉപദേശങ്ങളും തരുന്നു. ഈ സ്ഥിതിയിൽ ഞാൻ എന്തു ചെയ്യും ! ഇതാ അദ്ദേഹം വരുന്നു.

ആര്‍ട്ടിസ്റ്റ്: (പ്രവേശിച്ചു് ആത്മഗതം) കിട്ടിയ അവസരത്തെ കളഞ്ഞുകൂടാ. ഫലിച്ചില്ലെങ്കിലും അന്തര്‍ഗ്ഗതം എന്തെന്നും തീര്‍ച്ചയാക്കിക്കളയാം. സംശയഗ്രസ്തമായ ഈ ത്രിശങ്കുസ്വര്‍ഗ്ഗസ്ഥിതി മനസ്സിനെ വളരെ വലയ്ക്കുന്നു. (മുമ്പോട്ടു ചെന്നു പ്രകാശം) മര്യാദകേടെന്നു തോന്നരുത് . ഒരു പരമാർത്ഥം പറഞ്ഞുകൊള്ളട്ടെ. കല്യാണിക്കുട്ടിയെ കൂടാതെയുള്ള എന്റെ ജീവിതം-

കല്യാണിക്കുട്ടി: നില്ക്കണേ! അവിടുത്തെ ജീവിതം സുഖമായി കഴിയട്ടെ. എന്നെ അതിൽ സംബന്ധിപ്പിക്കാൻ അവകാശമില്ല.

ആര്‍ട്ടിസ്റ്റ്: എന്തു? ഇതേവരെ കാണിച്ച ഔദാര്യങ്ങളെല്ലാം വഞ്ചനയോ? എന്റെ പ്രണയത്തിന്റെ അഗാധതയെ ഓര്‍ത്തു് ഉത്തരമുണ്ടാകണം.

കല്യാണിക്കുട്ടി: ഇതു ന്യായം മറന്നുള്ള അപേക്ഷയാണു്. അവിടുത്തെ നേര്‍ക്കു് എനിക്കു വലിയ ബഹുമാനാദരങ്ങളുണ്ട്. അവ നിര്‍വ്യാജങ്ങളുമാണു്. അങ്ങേക്കും എന്നോടു തോന്നുന്നതുപോലെയുള്ള പ്രണയം കൊണ്ടും ഞാൻ മറ്റൊരാളോടു് ബന്ധിക്കപ്പെട്ടുപോയിട്ടുണ്ടെന്നു് വന്നുകൂടേ?

-41-


ആര്‍ട്ടിസ്റ്റ്: കേട്ടതു മതി. ഇവൻ ചപലനല്ലെന്നും കല്യാണിക്കുട്ടിഅമ്മയ്ക്കും ബോദ്ധ്യമുണ്ടു് എന്റെ സ്വഭാവത്തെ നല്ലതിന്മണ്ണം ചിന്തിച്ചിട്ടു് മറുപടി പറയണം. ഒന്നുകൂടി ഞാൻ ചോദിച്ച കൊള്ളുന്നു.

കല്യാണിക്കുട്ടി: ചോദിക്കേണ്ട. അവിടുത്തെ അനുരാഗത്തിന്റെ ശക്തി എത്രയുണ്ടെന്നു് എനിക്കു് അനുമാനിക്കാം. അത്യുത്തമനായ അവിടുത്തെ അപ്രീതി എന്നിൽ ഉണ്ടാകരുതു്. എന്റെ പരമാര്‍ത്ഥം പറഞ്ഞേക്കാം. അച്ഛന്റെ അനന്തിരവൻ നാരായണൻ തമ്പി എന്നൊരാളുണ്ടു്.

ആർട്ടിസ്റ്റ്: (ആത്മഗതം) ഇത്രേ അറിയേണ്ടതുള്ളു. (പ്രകാശ.) അയാൾ നാടുവിട്ടു മരിച്ചുപോയി എന്നു കേൾക്കുന്നല്ലോ.

കല്യാണിക്കുട്ടി: അദ്ദേഹം കരകൗശലപരീക്ഷകളിൽ ജയിച്ചുവരുന്നു. എന്നെ അദ്ദേഹത്തിനായി എന്റെ മരിച്ചുപോയ അമ്മ ദത്തം ചെയ്തുപോയി.

ആർട്ടിസ്റ്റ്: (തെളിഞ്ഞു്) ഈ സ്ഥിരപ്രതിജ്ഞയോ അച്ഛൻറ സത്യമോ ജയിക്കുന്നതു്?

കല്യാണിക്കുട്ടി: അതവിടുന്നു അന്വേഷിക്കേണ്ട. ഒരേ വിദ്യാഭ്യാസപരിഷ്കൃതിതന്നെയാണു് അവിടുത്തേക്കും എനിക്കും മാര്‍ഗ്ഗോപദേഷ്ടാവായിരിക്കുന്നതു്. ഇത്രയേ ഞാൻ പറയുന്നുള്ളു.

ആർട്ടിസ്റ്റ്: ആട്ടെ, അച്ഛന്റെ അനന്തിരവന്റെ രൂപം ഓര്‍മ്മയുണ്ടോ?

കല്യാണിക്കുട്ടി: എന്റെ 10-ാം വയസ്സുവരെ കണ്ടു് ഒരുവിധം ഓർമ്മയുണ്ടു്. പക്ഷേ, ഇപ്പോൾ യൗവനപുഷ്ടിയും വേഷവ്യത്യാസവു കൊണ്ടു് ആകൃതി വളരെ ഭേദപ്പെട്ടിരിക്കും.

ആര്‍ട്ടിസ്റ്റ്: ശരിയാണു്. കല്യാണിക്കുട്ടിക്കുണ്ടായിരിക്കുന്ന ഭേദമോ?

-42-


കല്യാണിക്കുട്ടി: (ആത്മഗതം) എന്തു പറയുന്നതു ? കല്യാണിക്കുട്ടി എന്നോ?

ആർട്ടിസ്റ്റ്: ആട്ടെ, അങ്ങനെ ഭേദപ്പെട്ട യോഗ്യൻ ഇയാൾ തന്നെങ്കിലോ?

കല്യാണിക്കുട്ടി: (സൂക്ഷിച്ചുനോക്കി സംശയഗ്രസ്തയായി) മാധവൻപിള്ളഅമ്മാവനും മാതിയമ്മയും എല്ലാരും കൂടി ചേര്‍ന്നു് എന്നെ കവളിപ്പിക്കയായിരുന്നോ?

മാതിയച്ചി: (പ്രവേശിച്ചു) നിങ്ങൾ ഇവിടെ അടക്കം പറഞ്ഞാണ്ടു നില്പിനു്. അങ്ങുന്നു് അതാണ്ടെ ഉടവാളും എടുത്തോണ്ടു വരുന്നു. കഴുത്തു പൊയ്പോണ കൂത്താണിതു്. ഈയുള്ളവർ കണ്ടോണ്ടിരിക്കണമെന്നു വെച്ചാ.

(ആർട്ടിസ്റ്റ് പോകുന്നു.)

എന്റെ അപ്പീടെ മിഞ്ഞി എന്തു പനിപിടിച്ചപോലെ ആയ്തു? നമ്മുടെ പിള്ള വല്ല കൊടൂരങ്ങളും ചൊല്ലൂട്ടോ?

കല്യാണിക്കുട്ടി: (പരിഭവത്തോടെ) അതേ--അതേ. നേരുകേടുകൊണ്ടു കൈകഴുകാൻ നല്ല മിടുക്കു്. ദീനവും ദുഃഖവും ഒന്നും അന്വേഷിപ്പാൻ പുറപ്പെടേണ്ടാ അവരോരെ കാര്യം അവരോര്‍ക്കു്.

മാതിയച്ചി: എന്റെ ചെല്ലപ്പിള്ളേ!

തമ്പി: (പ്രവേശിച്ചു്) ചെല്ലപ്പിള്ളയും ചെരവക്കുറ്റിയും.

-43-


മാതിയച്ചി: എ, ഏ, അങ്ങുന്നു എന്താണു് ഈ ചമ്മലയൊക്കെ വലിച്ചിട്ടതു്? ഉരുവം അങ്ങെങ്ങും കിട്ടുകയില്ലയോ? ഈ ചീമച്ചരക്കിനു വന്നു, അല്ലേ? മൂത്തോരും കേറി ധ്വര ചമഞ്ഞാ- ഇങ്ങനെയൊക്കെത്തന്നെ-

തമ്പി: നിങ്ങടെ പാട്ടിനു് നിങ്ങൾ പോയിനു്. നമ്മയും തിമ്മയും അറിഞ്ഞുകൂടാത്ത ഈ മടലിനു് ചിലതു ചൊല്ലിക്കൊടുക്കട്ടെ. (മാതിയച്ചിയെ ബലേന യാത്രയാക്കുന്നു.)

തമ്പി: എന്തൽ പെണ്ണേ! നീ ആ കീചകന്റെ അടുത്തു സൈരന്ധ്രിയാടിയതു്?

കല്യാണിക്കുട്ടി: വിശേഷിച്ചൊന്നുമല്ല. ഞാൻ ആ വിഗ്രഹം ഒന്നു കൂടി കാണാൻ വന്നു. അപ്പോൾ അദ്ദേഹവും വന്നു.

തമ്പി: വിക്കിരമോ- ആക്കിരമോ-നിന്നെ ഇങ്ങിഴുത്തതു്? എന്റെ അടുത്തു പെനത്തിരുട്ടി പറയാതെ. അയാളെന്തു പറഞ്ഞു? നീയെന്തു പറഞ്ഞു? അമ്മംതുള്ളാണ്ടു് ഒള്ളതു പറ

കല്യാണിക്കുട്ടി: എന്നെ വിവാഹം ചെയ്തുകൊള്ളട്ടോ എന്നദ്ദേഹം ചോദിച്ചു.

തമ്പി: അതിനെന്തോന്നു് -നീ ചെനക്കാനും ചെറഞ്ഞുനോക്കാനും പെണ്ണുങ്ങൾക്കു വേണ്ടതല്യോ അതു്? നമ്മുടെ അനുവാസം കേട്ടോണ്ടാണു് അയാളു നിന്റെ അടുത്തു കേൾപ്പാൻ വന്നതു്.

കല്യാണിക്കുട്ടി: (ആത്മഗതം) അദ്ദേഹം പറഞ്ഞതു സത്യമാണെങ്കിൽ അച്ഛൻ പുറകോട്ടു മാറും . ഛായ ഇപ്പോൾ കുറേശ്ശേ ഓര്‍മ്മവരുന്നു. ദൈവം എങ്ങനെയെല്ലാം സംഗതികളെ തിരിച്ചു കൊണ്ടു പോകുന്നു! (പ്രകാശം) അച്ഛന്റെ അനുവാദമുണ്ടെന്നു പറഞ്ഞില്ല.

-44-


തമ്പി: അതേ, അതേ. പൂവും നുള്ളിയിട്ടു തൊഴുതു നിന്നെ ഇപ്പൊഴേ തൊഴണം. എടീ, പെണ്ണെന്നുവച്ചു ഏറ്റപ്പറ്റിനു കേറാതെ. ഛീ! പോ, മടലേ! ഏതരശൻ വരാനാണു് നീ തപസ്സിരിക്കണതു്? പെണ്ണേ, അങ്ങെല്ലാം കരി പറന്നു് എരപ്പോടും എടുക്കുണു. എത്രപേരുണ്ടെടീ നിനക്കു വരാൻതക്കവരു്? മടക്കു്. വെരള മടക്കു്. നാലക്ഷരം പഠിച്ചു നാലവന്റെ മുമ്പിൽ ചെല്ലാൻതക്കവൻ ഒന്നൊണ്ടോ? ആ നാണു കഴുവിനെ കൊതിച്ചു -

ആര്‍ട്ടിസ്റ്റ്: (പ്രവേശിച്ചു) മകളെ ശാസിക്കരുതു്. വീഴ്ചയെല്ലാം ഞാനേറ്റു.

തമ്പി: (ജ്വലിച്ച കോപത്തോടുകൂടി രണ്ടുപേരേയും നോക്കീട്ട്) എന്തോന്നു പിള്ളേ ! നേരത്തിനു നേരത്തിനു നിറം മാറണ വട്ടം. ആൺതത്വമെന്നും ഒന്നില്ലയോ? ദളവാ അമ്മാവന്മാരെങ്കി ഇതിനൊണ്ടു - പിള്ളരുകളിപ്പാനൊരാളെക്കണ്ടതു് - (തമ്പി തിരിഞ്ഞു നടന്നുകളയുന്നു.)

ആര്‍ട്ടിസ്റ്റ്: ഞാൻ പറഞ്ഞതു സത്യമാണു്. കല്യാണിക്കുട്ടിയുടെ മനോഗതി അറിയാതെ ഇതുവരെ വിഷമിച്ചു. ഇനി അമ്മാവനെ ശരിക്കു വരുത്താൻ മാര്‍ഗ്ഗമെന്തു്?

കല്യാണിക്കുട്ടി: എനിക്കറിഞ്ഞുകൂടാ. അവിടുന്നു ഈ വിഗ്രഹവിദ്യ അനുഷ്ഠിച്ചതെന്തിനു്?

മാതിയച്ചി: (പ്രവേശിച്ചു") അതാ, അങ്ങുന്നു തൂങ്ങിച്ചാവാൻ നിക്കണാ-ചെല്ലീനു് - പോവാൻ വിളിയോടു വിളി-

കുട്ടി: (പ്രവേശിച്ചു) അങ്ങുന്നു പോവാനിറങ്ങി. വേഗം ചെല്ലാൻ.

(മദ്യം കൊണ്ടു കഴങ്ങിയ സ്വരത്തിൽ കാളി ഗാനം തുടങ്ങുന്നു. ആട്ടിസ്റ്റും കല്യാണിക്കുട്ടിയും രംഗത്തിന്റെ ഒരുവശത്തും മാതിയച്ചിയും കുട്ടിയും മറുവശത്തും മാറിനില്ക്കുന്നു.)

(പാട്ട്)

കാളി:

-45-


കുടിലനയന - ചടുലവചന
ബാറോഖുഹു-ബാറോ
വാറോ വാ വിസ്കിലഹരി വിസ്കിലഹരി
എല്ലിലേറവെ -


(ആവർത്തിച്ചു പാടിക്കൊണ്ടു കർട്ടൻ നീക്കി ഉലഞ്ഞ വേഷത്തിൽ കൈയിൽ മദ്യക്കുപ്പിയുമായി ചാഞ്ചാടി പ്രവേശിക്കുന്നു.) കുടിക്കൊല്ലെ മദ്യം കുടിച്ചാലുച്ചിയിൽ കേറും. കുടികെട്ടുപോകും- കുടിക്കല്ലേ മദ്യം. (മദ്യം കുടിക്കുന്നു.)

ആര്‍ട്ടിസ്റ്റ്: (മുമ്പോട്ടു കാൽവച്ചു) ഇയാളെ ഇപ്പോൾ പുറത്താക്കണം.

കല്യാണിക്കുട്ടി: അരുതരുതു് . വീഴ്ച ഇങ്ങേ ഭാഗത്താണു്. അപമാനിച്ചുകൂടാ.

കാളി: മര്യാദക്കാര്‍ക്കു ശേരുമോ ശേരൂല്ലയോ- ഖു! അങ്ങനെയൊരു സ്പായിന്റ്-ബ്രഹ്മമെന്നതു തുര്യം ഉള്ളപടി ആറും ഈ മധുര മധുരാക്ഷരരസാസവ ഏവ-എങ്കിലും- 'കുടിക്കല്ലേ മദ്യം.' (കുടിക്കുന്നു.) 'കുടിച്ചല്ലൊ-നെറികെട്ടു മണിമേടയ്ക്കുടയോരും -പെരുവഴിപ്പുഴ നീന്തി-നെടുംചാടായി പടുപ്പതും കുടിക്കല്ലേ മദ്യം.' (കുടിക്കുന്നു. തമ്പിയുടെ വരവു കണ്ടു്) ഇതാ വരുന്നു തെന്തിരനാം തെരുതെരിനാം-ഗോഷ്ഠെ വല്യങ്ങുന്നു. ഒന്നു് ഇത്തിരി മോന്തണോ? -ശ്രീമൽക്കൈലാസമേ ശാങ്കിതവദന രുചിപ്രോല്ലസൽപ്രോഢമൂര്‍ത്തേ- വഞ്ചിച്ച കുടിയാനവന്മാരില്ലെങ്കിൽ പണ്ടാരവക ഏത്? പടഭണ്ഡാരമേതു്? 'കുടിക്കൊല്ലെ മദ്യം'. (കാളി ഒരു കോണിൽ മാറിനില്ക്കുന്നു.)

കുട്ടി: അമ്മോ! എന്തു നേരം പോക്കിത്. ഇങ്ങേരു് എന്നെ എന്തെല്ലാം ആട്ടമാടിച്ചു!

മാതിയച്ചി: മിണ്ടാണ്ടിരി. അതു നമ്മുടെ പിള്ളേടെ തക്കിടി അല്ലിയോ?

കല്യാണിക്കുട്ടി: ഇയാളിപ്പോൾ അച്ഛനെ ഉപദ്രവിക്കും. തരിമ്പും വെളിവില്ല.

 

രംഗം ആറു് (46-50)

 

-46-


ആര്‍ട്ടിസ്റ്റ്: പേടിക്കേണ്ട. ഭൂമി കുലുങ്ങിയാലും കേളൻ കുലുങ്ങൂല്ലാ എന്നു കേട്ടിട്ടില്ലയോ?

തമ്പി: (പ്രവേശിച്ചു -ആത്മഗതം) വേണമെന്നയാളും-വേണ്ടാന്നവള് . ഉടനെ അയാളും വേണ്ടേ വേണ്ട എന്നു്. അങ്ങനെ മനം കൊണ്ടു നാം മെനഞ്ഞ കോട്ട പൊളിഞ്ഞു. ഛീ, ഛീ! ഇനി ഇവിടെ നിന്നൂടാ-പെണ്ണിനെ വിളിച്ചപ്പ -അവളേം കണ്ടില്ല. ആ കാളിച്ചരക്കിനെ ഒന്നു ചെവ്വാക്കൂടാം. ഇവിടെ അതു വച്ചേച്ചൂടാ-

കല്യാണിക്കുട്ടി: നോക്കണേ-ഇപ്പോൾ എന്തെങ്കിലും പറ്റും.

ആര്‍ട്ടിസ്റ്റ്: അയാൾക്കും ഒന്നും തെററൂല്ല. കവനങ്ങളും ഗാനങ്ങളും സ്വയം കൃതികളായി ചാടുന്നതു കണ്ടില്ലേ? മനോധര്‍മ്മവും രചനാ രസികത്വവും ഇല്ലെങ്കിലും ബുദ്ധിവിലോപം കാണുന്നില്ല.

കുട്ടി: ഇപ്പോൾ ഒരു അടിപിടി ഉണ്ടാകും. നമുക്കു പൊയ്ക്കളയാം അമ്മ.

മാതിയച്ചി: ഇതെന്തരു പെണ്ണ്. നിന്റെ പാട്ടിക്കു നില്ല്. അങ്ങത്തെ മുമ്പിച്ചാടാതെ.

തമ്പി: (ദേഷ്യം മുറുകി) അവൻ പരക്കഴി! എങ്ങാണ്ടോ കിടന്നു ചാക്കും പോക്കും കെട്ട എരപ്പാളി. നമ്മെ നിറച്ചൂട്ടിയേച്ചു പേരു കെടുംപടിക്കും ഊട്ടാനല്ലിയോ നിക്കണു്. (ഇടക്കർട്ടൻ പൊക്കുന്നു.)

(കാളി പിറകെ ചെന്നു അരയ്ക്കു പിടിക്കുന്നു. തമ്പി അവസ്ഥ വിടാതെ സംഭൂമിക്കുന്നു.)

കാളി: ശത്തോം- ശത്തോം- 'കുടിക്കല്ലേ മദ്യം.' മിണ്ടിയാൽ-പച്ചപ്പച്ചയായി ദംഷ്ട്രപങ്ക്തികൾകൊണ്ടു് ദംശിച്ച് അശിച്ചുകളയും. ഏവം വിധം- ഇതാ ഇങ്ങനെ (ഭാവം കാട്ടുന്നു.)

ആർട്ടിസ്റ്റ്: കണ്ടില്ലേ, അയാൾ മര്യാദവിടുന്നില്ല.

-47-


കാളി: രണ്ടെന്നും മൂന്നെന്നും നാസ്തി - സുന്ദരീപരിണയം പോലെ പൊടിപൊടി ധൂളിയായി ഒരു സ്വയംവരം ആഘോഷയ-നാം പരമാര്‍ത്ഥമെല്ലാം സര്‍വാന്തര്യാമിയെപ്പോലെ ഗ്രഹിച്ചിരിക്കുന്നു.

തമ്പി: മാപാപീ, കൊല്ലൊല്ലെ. ഞാൻ ആരെ സ്വയംവരിക്കണം?

കാളി: ഹൈ. മീനകേതന കുരുന്നേ - ഭവാന്റെ സ്വയംവരം അല്ല. അതു ചിരായ കരകൗശലക്കലയതിൽ ചതുരനാം വരാശയസ്വസൃജൻ ഗൃഹസ്തനിലയേൽക്കുവാൻ കാലമായി. അന്നു യഥാവിധി-ചൂതവൃക്ഷക്കതിർ മണ്ഠപാന്തര്‍ഭാഗത്ത്. ഛീ ഛീ! എങ്കിലും 'കുടിക്കൊല്ലെ മദ്യം കുടിച്ചാൽ കാലിടറിപ്പോം-ഉലകം പമ്പരം ചുറ്റും. കുടിക്കൊല്ലെ മദ്യം.'

ആർട്ടിസ്റ്റ്: ദാരിദ്ര്യവാസി മരണത്തെ സൂചിപ്പിച്ചപ്പോൾ അയാൾക്കുതന്നെ കഷ്ടം തോന്നി. ഗുണാംശം ബുദ്ധിയിൽനിന്നും തീരെ മാഞ്ഞുപോയിട്ടില്ല.

കല്യാണിക്കുട്ടി: അതു ഞാനും സൂക്ഷിച്ചു.

മാതിയച്ചി: ഇയാളീ പാടണതെന്തോന്നു്?

കുട്ടി: (ചെവിയിൽ) -അതല്ലിയോ ഇതിലെ രസം. അമ്മ മിണ്ടാതിരിക്കണം.

മാതിയച്ചി: ചവമേ!

തമ്പി: അയ്യോ! ഇതെവിടെ കിടന്ന കാട്ടുപൂതം ? ഞാൻ എന്തു വേണം. ഉരുവം ഉടയ്ക്കുക്കൂല്ലിനി. പ്രാശ്ചിത്തത്തിനും ഇരട്ട ഉരുവം വച്ച്, പാട്ടുകഴിച്ചേക്കാം.

കാളി: (തുള്ളി) പോരാ പോരാ.

തമ്പി: പിന്നെന്തുവേണം? എന്തരന്നങ്ങു ചൊല്ലി മാട്ടിയേക്കരുതോ?

-48-


കാളി: (തുള്ളി) കൈനീട്ടണം - രണ്ടു കൈയും- ഹു- നീട്ടണം-ഇങ്ങോട്ട്. അങ്ങനെ. ഇങ്ങനെ - അടിക്കണം. (കൈ പിടിച്ചടുപ്പിച്ചുകൊണ്ടു്) സര്‍വവിജയിയായ സ്വര്‍ണ്ണത്താണെ-

തമ്പി: പൊന്നാണെ- മറ്റെന്തെരാണെ-

കാളി: സര്‍വം ഭക്ഷ്യയായ അഗ്നി- അഗ്നി എരിവിളക്കാണെ-

തമ്പി: ഓ! അതുതന്നെ - ഉരുവവും വേണ്ടാ വേൾക്കയും വേണ്ടാ. ഇവിടെ വന്നു് മാനവും അവിമാനവും കെട്ടു. ചൊല്ലിയാക്കേക്കണ പെണ്ണുകൂടിയും തിരിഞ്ഞോണ്ടു. വിളിച്ചാക്കൂടിയും കേക്കിണില്ല.

കാളി: എല്ലാവരും കേൾക്കും. ഹു- ഹു- ചൊല്ലണം. സര്‍വവ്യാപി ആകാശത്താണെ- ആദിത്യചന്ദ്രതാരങ്ങളാണെ- ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരാണെ- മുപ്പത്തിമുക്കോടിദേവന്മാരാണെ- പുല്ലാണെ- പുഴുവാണെ ഈ ഉദരാന്തര്‍ഭാഗത്തു വാസം ചെയ്യുന്ന പരാപരാശക്തിയാണെ-

തമ്പി: എല്ലാവരുമാണെ- എന്തരെന്നു് പറയാതെ ചുമ്മാ നിന്നു വെളിപ്പെട്ടാലോ?

കാളി: നമ്മുടെ പുത്രിയെന്നുവച്ചാൽ-അവിടുത്തെ പുത്രി-ശ്രീമതി സൗഭാഗ്യക്കാതൽ - കാതരാക്ഷി- നാമ്നാകല്യാണി-ആ ബാലികാകുലശിരോരത്നത്തെ, കരകൗശലസഹസ്രപത്രോത്ഭവൻ, ശ്രീമാൻ മഹാമഹിമശ്രീ-എല്ലാ ശ്രീ കുട്ടൻപിള്ളയെന്നു തല്ക്കാലനാമധാരി അവർകൾക്കും നീർവാർത്തും കന്യകാദാനമായി സമ്പ്രദാനോസ്മി എന്നു ചെയ്ത സത്യം.

ആർട്ടിസ്റ്റ്: മിടുക്കൻ - നമ്മെ വലയ്ക്കുന്ന ദുഘടം ഇപ്പോൾ നീങ്ങും.

കല്യാണിക്കുട്ടി: പരമാര്‍ത്ഥം അറിയാതെ സത്യം ചെയ്താലെന്തു ഫലം?

ആർട്ടിസ്റ്റ്: ഒക്കെ നേരേവരും . ഇയാളെ നാം ശരിയാക്കണം.

-49-


മാതിയച്ചി: എന്തരെല്ലാമെടി ചൊല്ലുന്നതു?

കുട്ടി: ആരെയോ മുണ്ടുകൊടുക്കണ കാര്യം. അമ്മയെ തന്നെയോ എന്തോ? (മാതിയച്ചി കട്ടിയെ പ്രഹരിക്കുന്നു.)

തമ്പി: സമ്പ്രദായം ഒന്നും വേണ്ട കൊടുത്തപ്പം പെണ്ണല്യോ തിരിഞ്ഞു നിക്കണതു്.

കാളി: കൊടുത്തുകഴിഞ്ഞെങ്കിൽ സത്യം ചെയ്യാൻ എന്തിനു സംശയിക്കുന്നു.

തമ്പി: തെന്തനാംകോട്ടുകാര്‍ക്കു രണ്ടു വാക്കില്ല.

കാളി: സത്യം - ആർട്ടിസ്റ്റ് ശ്രീമാനെ അറിയുമോ?

തമ്പി: നൂറുവട്ടം കൊടുത്തു. കൊമ്പിച്ച കുറുപ്പോ- കൊശവനോ ആകട്ടെ.

കാളി: (സന്തോഷിച്ച് ആർട്ടിസ്റ്റിന്റെ നേരെ നോക്കി) കുടിക്കല്ലേ മദ്യം- കുടിച്ചാൽ കാര്യസാദ്ധ്യം സ്യാൽ- എസ്- എസ്- അപ്പോൾ-

തമ്പി: അപ്പോഴും കിപ്പോഴും കളവാനെ. കൊടുത്തു. കൊടുത്തു. നൂറായിരം വട്ടം കൊടുത്തു.

(കല്യാണിക്കുട്ടി മുമ്പോട്ടുചെന്നു തമ്പിയെ ആലിംഗനം ചെയ്യുന്നു. കാളി അനുഗ്രഹിച്ചു മാറിനില്ക്കുന്നു.)

എന്തു മകളെ... എന്തു മകളെ? പേടിക്കാതെ.

-50-


കല്യാണിക്കുട്ടി: അച്ഛാ-അച്ഛൻ ദേഷ്യപ്പെടരുത്. കഠിനം കാണിക്കരുതു്. (തലോടിക്കൊണ്ടു്) എല്ലാം ക്ഷമിക്കണം.

കാളി: സ്വസ്ത്യസ്തു. ക്ഷമിക്ക നമ്പറോൺ ധര്‍മ്മം.

(കല്യാണിക്കുട്ടി തിരിഞ്ഞുനോക്കി മിണ്ടാതിരിക്കണമെന്നും ആംഗ്യം.)

ഹാ ഹാ! ദാസോഹം (പാടുന്നു) പക്ഷേ കടിക്കല്ലേ മദ്യം.

തമ്പി: നിന്റെ അടുത്തു ഞാൻ ക്ഷമിക്കാനുമില്ല, പൊറുക്കാനുമില്ല. ആ മായംപെരട്ടി കുട്ടൻപിള്ളയ്ക്ക് നിന്നെ കൊടുത്തു എന്നും സത്യവും ചെയ്തുപെയ്യു്. അയാളു കടുവായും പുലിയുമല്ല. നിന്റെ പഠിത്തങ്ങളെക്കൊണ്ടു കരിപറത്തു്. അയാടെ പഠിത്തമെന്ത്? എടീ ചക്രമെന്നു പറയണതു് മിറ്റത്തു കുരുക്കണില്ല.

കാളി: (മുമ്പോട്ടുവന്നു പൊട്ടിച്ചിരിച്ചുകൊണ്ടു്) യഥാര്‍ത്ഥം! യഥാര്‍ത്ഥം! ഓം നമോ നാരായണ. ലോകഗതിക്കു വേരായ തത്വം

(ആർട്ടിസ്റ്റും മാതിയച്ചിയും കുട്ടിയും മുമ്പോട്ടുവരുന്നു.)

തമ്പി: (ഗൗരവഭാവത്തിൽ, ആർട്ടിസ്റ്റിന്റെ കൈയിൽ കല്യാണിക്കുട്ടിയെ കൊടുത്തു്) താൻ തന്നെ ഏറ്റു ഭരിക്കു കൂവാ! നുമ്പത്തെ ചിണുങ്ങാട്ടങ്ങളെങ്ങുപെയ്യ്! - ഇങ്ങോട്ടുവന്നുക്കൊണ്ടു ചുണയും നാണവും കെട്ടു് ഇതാണ്ടെ വീറും കിറിച്ചു നിക്കണ ഈ അറവലയുടെ തൊണ്ടയിലും വന്നുചാടി.

കാളി: അഹാ- എന്തു സൗഭാഗ്യമെന്നും അരുളിച്ചെയ്യണം.

മാതിയച്ചി: ഒന്നും കെട്ടും മറ്റും പെയ്യില്ല. അങ്ങുന്നേ ചെക്കിനു വെച്ചതു ചെക്കിനുതന്നെ കൊണ്ടന്നേയുള്ള എന്റെ ചെല്ലപ്പിള്ള കൊച്ചുനാരായണൻതമ്പി തൊഴാൻ കയ്യെടുക്കണതു കണ്ടില്യോ. നമ്മുടെ നാണുക്കുട്ടിത്തമ്പി കൊച്ചങ്ങുന്നാണു അങ്ങത്തെ മുമ്പി നിക്കണതു്.

 

രംഗം ആറു് (51-54)

 

-51-


ആർട്ടിസ്റ്റ്: അമ്മാവൻ എല്ലാം ക്ഷമിക്കണം. അന്നത്തെ ദേഷ്യം കൊണ്ടു നാടുവിട്ടു. എങ്കിലും തറവാട്ടിനു ചേര്‍ന്ന ഉത്സാഹശ്രമങ്ങൾ ചെയ്ത് ഈ സ്ഥിതിയിൽ എത്തി. അമ്മാവന്റെ ശപഥത്തെ ഭയന്നാണു കൃത്രിമം അനുഷ്ഠിച്ചുപോയതു്. (എന്നു പാദത്തിൽ വീണു നമസ്കരിക്കുന്നു.)

തമ്പി: ഇതെന്തു കിനാവുകള്, ഈ പടുപേയെ കണ്ടതിന്റെ ഫലമോ?

കാളി: (മുമ്പോട്ടുകടന്നു)

കുടിക്കല്ലേ മദ്യം
കുടിച്ചാൽ ക്നാവുകൾ കാണും.
മേന്മേൽ നന്മകൾ കൂടും.
കടിക്കല്ലേ മദ്യം.


(ആർട്ടിസ്റ്റ് എഴുനേറ്റു തടയുന്നു.)

മാതിയച്ചി: ക്നാവുമല്ല, പൈത്യവുമല്ല. ചെല്ലക്കുട്ടിയെ പിടി ച്ചു ഒന്നു തൊട്ടുതടവി അനുക്കരിച്ചൂടിയോ?

തമ്പി: നിലവെള്ളത്തിനെ പെരുവെള്ളം കൊണ്ടുപോണു- പോട്ടു്. അതുപോലെതന്നെ പഴയ തത്യത്തിനു പുത്തൻ തത്യം, ആം- ഹും- എടാ കൊച്ചപ്പാ- എടീ കുഞ്ഞേ- നിങ്ങൾ നന്നായിരിപ്പിൻ!- പറ്റിച്ചതെല്ലാം ഈ ചുടലമാടൻ പേച്ചി. (ആർട്ടിസ്റ്റിനെ ഒരു കൈയാൽ തലോടിയും കല്യാണിക്കുട്ടിയെ ഒരു കൈയാൽ ഗ്രഹിച്ചും സന്തോഷിച്ചും ഞെളിഞ്ഞും) പണ്ടത്തെ ദളവാഅമ്മാവന്മാരുടെ കാലത്തും ഇങ്ങനെ ഒരു പുതുമയും പ്രമാസവും കേട്ടിട്ടില്ല. കൊച്ചുങ്ങളെ എല്ലാം മനംപോലെ ഒത്തു. പറ്റിയതൊക്കെ തന്നുക്കുള്ളെ ഇരിക്കട്ടെ കുരുത്തം കെട്ട ഈ കിഴവിയും കൂടിക്കൊണ്ടല്യോ ഈ ചതിവുകളൊക്കെ ചെയ്തതു്.

-52-


മാതിയച്ചി: എന്തായാലും എല്ലാം ഓണമായില്യോ?

കാളി: കുട്ടീ! സരസിജാക്ഷീ, കഥാബന്ധം എങ്ങനെ അവസാനിക്കേണ്ടൂ. ഓണമായിത്തന്നെ അല്ലേ വേണ്ടതു്? തൽഫലം ദ്വിഗുണീകൃതകല്യാണമാകും.

മാതിയച്ചി: വേണ്ട- വേണ്ട. അവൾക്കു കേൾപ്പാനാണും പെണ്ണുമുണ്ടു്.

കരുണാകരൻപിള്ള: നമ്മുടെ നടത്തവും വിടത്തവും ശേഷം കാണുന്ന സരസത്വവും വിട്ടുകളഞ്ഞാലോ?

ആർട്ടിസ്റ്റ്: എന്നാൽ ശേഷം അമ്മാവൻ നോക്കിക്കൊള്ളും. നിങ്ങളുടെ കാര്യമെല്ലാം അവിടെ ഏല്പിച്ചേക്കുക.

തമ്പി: (കാളിയെ നോക്കി പൊട്ടിച്ചിരി പൊട്ടിച്ചിരിച്ചുകൊണ്ടു്) ഏറ്റു. ഏറ്റു. അങ്ങുതന്നെ കൊണ്ടുപോയി, തെന്തനാങ്കോട്ടുതന്നെ കുടിയിരുത്തിക്കളയാം.

കാളി:

വാഴ്കീ തിരുവോണസമിതിയാചന്ദ്രാര്‍ക്കം
വാഴ്ക കരുണവാര്‍ന്നരുമി ബുധജനം
വാഴ്കാംഗലവിദ്യാഹൃദമാമീ നിലയനം
വാഴ്ക മംഗലകീര്‍ത്ത്യാ ശ്രീവഞ്ചിമണാളനും.


(കർട്ടൻ)