ഒന്നാംസര്ഗ്ഗം
നാരായണത്രിണയനാദിസമസ്തദേവ-
താരാധനങ്ങളിലുമാദിയിലാദരേണ
ആരാലുമാത്മവിഭവാനുഗുണം പ്രപൂജ്യൻ
പേരാളുമേകരദൻ തുണയാകണം മേ.
തന്മെയ്യകത്തഖിലകാലമനന്തകോടി-
ബ്രഹ്മാണ്ഡഭാണ്ഡനിവഹത്തെ വഹിച്ചുകൊണ്ട്
ഉന്മേഷമോടു പരമാണുവിലും വിളങ്ങും
വന്മായയായ ഭുവനേശ്വരി! വന്ദനം തേ.
കുറ്റങ്ങളേറ്റമെഴുമെൻകൃതി കേട്ടിടുമ്പോൾ
നെറ്റിച്ചുളിച്ചിൽ വിബുധര്ക്കണയാതിരിപ്പാൻ
ചെറ്റംഗഭൂഷണമണിഞ്ഞഖിലാഗമാനാം
പെറ്റമ്മയാം വിധിവധൂടി വസിയ്ക്ക നാവിൽ.
ആരാകിലും ഗുരുവരന്റെ കൃപാവിലാസം
ചേരായ്കിലോ ബധിര, നന്ധ, നവൻ വിമൂഢൻ;
ആരാധയാമി സതതം ദിവിഷദ്രുമത്തിൻ
വേരായിടുന്ന ഗുരുപാദപയോജയുഗ്മം.
ശ്രീനാരദാഖ്യമുനി കാമിനിയായ വൃത്തം
ഞാനാദരേണ പറയാമറിവുള്ള വണ്ണം;
നാനാരസം കലരുമിച്ചരിതം വിശേഷ-
ജ്ഞാനാതിരേകജനകം ജനകന്മഷഘ്നം.
ഭോഷ്കോതിയും സുകൃതരാശികളെദൂഷിച്ചും
മൂക്കോളമുണ്ടു ദുരിതം മമ വാക്കിനിപ്പോൾ;
ഢീക്കോടു ഞാൻ കവിതയൊന്നു ചമച്ചുരച്ചാ_
ലാര്ക്കോ രസം? ത്രിപുരസുന്ദരിയേ സഹായം.
വ്യാസാനനേന്ദുസൃതശക്തിചരിത്രപീയൂ-
ഷാസാരസാരമിതു ഭാഷയിലാക്കിടുന്നേൻ,
പ്രാസാദിഭംഗികുറവെങ്കിലുമസ്യ പാനാൽ
ത്രാസാവകാശമമരും യമരാട്ടിൽനിന്നും.
സത്സങ്കടക്കടുകടൽക്കലശീകുമാരൻ,
നിസ്സംഗരിൽ പ്രഥമ, നംബുജസംഭവന്റെ
ഉത്സംഗമദ്ധ്യമതിൽനിന്നു പുരാ ജനിച്ച
വത്സൻ ജഗത്തിലെവനശ്രുതനശ്രമേണ.
ഉണ്ടോ പുരാണകഥ, നാരദനുണ്ടതിങ്കൽ-
ത്തണ്ടാർദളാക്ഷികളിലംഗജനെന്നപോലെ;
തണ്ടേറിടും സുജനവൈരികളെക്കുടുക്കിൽ-
ക്കൊണ്ടേറ്റുമേതുവിധവും വിധിജൻ വിധിജ്ഞൻ.
ഭൂതാനുകമ്പി ഭുവനേശ്വരിയായ പൂർവ്വ-
മാതാവുതന്റെ കൃപയാലഖിലാഗമജ്ഞൻ
ഭൂതാധിനാഥനുടെ കുന്നിലുമാപ്തനേറ്റം
ധാതാവുതന്റെ പുരിയിൽപ്പറയേണ്ടതുണ്ടോ?
യോഗീന്ദ്രനായ മുനിതാൻ കടലിൽക്കിടക്കും
ഭോഗീന്ദ്രശായിയുടെ പാദപയോജഭക്തൻ;
രാഗം വിമോഹമരിശം മുതലായ ഘോര-
രോഗങ്ങൾ നാടുവിടുമായവനെ ശ്രവിച്ചാൽ.
മുക്കാലവേദിമുനി, വാസവനെപ്പിടിച്ചു
മുഷ്കാലെ കെട്ടിയൊരു കൌണപനായകന്നു്
മുക്കാലുവട്ടമൊരു വാനരപുച്ഛമെന്ന-
ദിക്കാക്കി വിട്ടു ദുരഹംകൃതി ദൂരെയാക്കി.
ആ യാതുധാനപതി ഹേഹയമന്നവന്റെ
ജായാദികൾക്കു കളിവാനരമായ്ക്കിടന്നു;
പേയാദനായുടൽ മെലിഞ്ഞു വലഞ്ഞു വേധോ-
ദായാദനീ മുനി തിരിച്ച തിരിപ്പുമൂലം.
താതാങ്കവാസപരമോത്സവഹാനിമൂല-
മാതങ്കമാണ്ടു കരയും ധ്രുവനാം കിശോരൻ
ശ്രീതങ്കുമുന്നതപദം ത്രിജഗൽക്കിരീടി-
ദൂതൻ കരേറിയതു നാരദവൈഭവത്താൽ.
സംഗീതരാഗമസദാമനനപ്രവീണൻ,
സംഗീതരാഗമധുരസ്വകരസ്ഥവീണൻ,
അംഗികൃതാവിരതയാന, നുദാരകീർത്തി-
രംഗീകൃതത്രിഭുവനൻ ഗഗനേ നടന്നാൻ.
കാളീനൃസിംഹലളിതാദിമഹാവതാര-
പാളീനിദാന, മമരാമയവൈദ്യരത്നം,
നാളീകസംഭവസുതൻ നരകാരിലോകം
കാളീടുമഗ്നി തഴുകും മലപോലെ കണ്ടു.
ബ്രഹ്മണ്യനായ ഹരി പത്മയൊടൊത്തു നിത്യം
ബ്രഹ്മാണ്ഡരക്ഷായതു തന്തനുരക്ഷപോലെ
ചെമ്മേനടത്തി മരുവും പുരിതന്നിലേയ്ക്കാ-
യുന്മേഷശാലി കരകേറുവതിന്നുറച്ചു.
മീനാമപന്നിനരകേസരിവാമനാദി-
നാനാകൃതേ! ഭൂവനപാലക! മാധവേതി
ആ നാരദന്റെ കരരാജിതമഞ്ജു വീണാ-
ഗാനാമൃതം ദിവി പരന്നു പരം തദാനീം.
പ്രീതാന്തരംഗനമരര്ഷി നടന്നു പിന്നെ
ശ്വേതാന്തരീപമണവാനണു വൈകിടാതെ
വീതാന്തരായമുടനേ മനമെന്നപോലെ
പീതാന്തരീയനഗരത്തിലണഞ്ഞു യോഗി.
കോടിക്ഷപാകരദിവാകരരശ്മിപൂരം
കൂടിക്കലർന്നു വിലസും പടി ചിൽപ്രകാശം
തേടിപ്പുകഴ്ന്ന ഹരിതൻ പുരി കാൺകമൂലം
ചാടിത്തുടങ്ങി മുനിചിത്തമമന്ദഹര്ഷാൽ.
ചിത്തിന്റെ ഭിത്തപരമാണു ജനത്തിനിന്നു
ചിത്തത്തിലുള്ള വെളിവെന്നു പറഞ്ഞിടുന്നു;
മിത്രൻ മിഴിയ്ക്കിവിടെയെങ്ങിനെയപ്രകാരം
വസ്തുസ്വരൂപമതു നമ്മളിലേകിടുന്നു.
അച്ചൊന്ന ചിൽപ്രഭ പരന്നു മുകുന്ദലോകേ
വിച്ഛിന്നമായി വിലസുന്നു സമസ്തകാലം;
സ്വച്ഛന്ദമാപ്പുരിയിൽ വാഴുമവര്ക്കവിദ്യാ-
പ്രച്ഛന്നമായി വരുമോ ഹൃദയാന്തരാളം?
ആനന്ദമാമമൃതസാഗരമാ സ്ഥലത്തിൽ
സ്ഥാനം പിടിച്ചു തിരതള്ളിയലച്ചിടുന്നു
താ,നന്യ,നിഷ്ട, നഹിതൻ, രിപു, മിത്രമെന്നീ-
ജ്ഞാനം പെടാതവിടെ ലോകർ വിളങ്ങിടുന്നു.
കേടറ്റ കോട്ടകൾ കിടങ്ങുകൾ ഗോപുരങ്ങൾ
മേടസ്ഥലങ്ങളിവ ഹേമമണീമയങ്ങൾ;
മാടൊക്കെയും സുരഭി; വീടുകളമ്പലങ്ങൾ;
കാടൊക്കെയും തുളസിയിപ്പടി തൽപ്രദേശം.
വപ്രാന്തരാളനികരങ്ങളിലാ മുകുന്ദ-
തൃപ്പാദപാഷദരെഴും മണിമന്ദിരങ്ങൾ;
അപ്പത്തനങ്ങൾ മുഴുവൻ ഭുജഗാധിനാഥ-
തല്പസ്തുതിപ്രവരഘോഷണഭൂഷണങ്ങൾ.
ഗ്രാമങ്ങൾതോറുമവനീസുരപംക്തി സാള-
ഗ്രാമങ്ങൾവെച്ചു സതതം പരിശുദ്ധരായി
പൂമങ്കയൊത്ത പുരുഷോത്തമനെപ്പുകഴ്ത്തി-
പ്പൂജിച്ചിടുന്നു പുരുഭക്തിപുരസ്സരന്മാർ.
അംഭോധിപുത്രിയുടെ ദാസികളായസംഖ്യ-
മംഭോരുഹാക്ഷികളുമായവിടത്തിലുണ്ടു്;
രംഭോര്വ്വശീപ്രമുഖദേവവധൂസമൂഹ-
ഡംഭോടു,മാത്തരുണിമാരുടെ മേനി കണ്ടാൽ.
ധാരാധരദ്യുതി, ഝഷാകൃതികുണ്ഡലം, ര-
മ്യോരസ്ഥവത്സമറു, കൌസ്തുഭദിവ്യരത്നം,
ഹാരിദ്രവര്ണ്ണവസനം, വനമാല, വിഷ്ണു-
സാരൂപ്യമിങ്ങനെ വഹിച്ചവർ കോടിലക്ഷം.
മുക്തിപ്രദൻറെ ചരണദ്വിതയം സ്മരിച്ചും,
ഭക്തിപ്രഹര്ഷജനിതാശ്രു ജലം പൊഴിച്ചും,
ഉൾക്കമ്പഹീനമനിശം പുളകം വഹിച്ചും,
ചിക്കെന്നു കല്പശതകം ചിലർ പോക്കിടുന്നു.
നര്മ്മങ്ങളായവിടെ വിഷ്ണുകഥാപ്രസംഗം;
കര്മ്മങ്ങളൊക്കെയുമനന്തസമര്ച്ചനങ്ങൾ;
ജന്മം ജരാമരണമീവകയെന്നു വേണ്ടാ
ബ്രഹ്മാവിനും യമനുമങ്ങധികാരമില്ല.
വാപീജലങ്ങളമൃതങ്ങ,ളതിങ്കലെല്ലാ-
മാപീനനാള കമലങ്ങളസംഖ്യമല്ലോ;
പാപീതരക്കിളികളു,ണ്ടവയിൽക്കുളിച്ചു
ഗോപീവിടന്റെ ചരിതാവലി പാടിടുന്നു.
മീനാദികല്ക്കിവരെയുള്ളവതാരതേജ -
സ്ഥാനങ്ങളാണവിടെ വപ്രകുലാന്തരങ്ങൾ;
ശൂനാഭരാകുമവരെപ്പരിപൂജനം ചെ-
യ്വാനായസംഖ്യജനമുണ്ടവിടത്തിലെല്ലാം.
ക്രോധാഭിമാനമദമത്സരലോഭമോഹ-
ബാധാഭിഭൂതഹൃദയര്ക്കൊരു തക്കമില്ല,
സാധാരണപ്രഭുസമീപമണഞ്ഞുകൂടാ;
രാധാവിടന്റെ ഭവനേ പറയേണ്ടതുണ്ടോ?
ഘോരാസുരാസൃഗവഗാഹനനിര്മ്മലാംഗം,
നാരായണായതകരാഞ്ചലപത്മരംഗം,
ധാരാസഹസ്രധരമായ സുദര്ശനാസ്ത്ര-
മാരാൽ വിളങ്ങുമൊരു ശാല വിശാലയത്രേ.
ലക്ഷ്മീമണാളമുഖവായുസുഗന്ധധന്യ-
മക്ഷീണചന്ദ്രധവളദ്യുതിപാഞ്ചജന്യം
രക്ഷോഹൃദന്തരദുരന്തബലാവലേപ-
പ്രക്ഷോഭദം വിലസിടും നിലയം മനോജ്ഞം.
കൌമോദകീകമലശാർങ്ഗമുഖങ്ങളാകും
ദാമോദരായുധഗണം പരിവാരയുക്തം
ആമോദമോടവിരതം വിലസുന്ന ദിവ്യ-
ധാമോദരങ്ങളിലൊതുങ്ങുമശേഷവിശ്വം.
തേ,രാന, വാജി, ശിബികാദികളെണ്ണിയാലും
തീരാതെയുള്ള വരവാഹനസഞ്ചയങ്ങൾ
ഹാരാദിഭൂഷണഗണങ്ങളണിഞ്ഞുകൊണ്ടാ
നാരായണന്റെ നഗരത്തിൽ വിളങ്ങിടുന്നു.
നീരാളകഞ്ചുകമണിഞ്ഞു ശിരസ്ത്രമേന്തി-
ദ്ധാരാധരാദികൾ വഹിച്ചു മനസ്സു നിര്ത്തി
ദ്വാരായാന്തരമണഞ്ഞമരുന്നു കാവൽ -
ക്കാരായ പാര്ഷദസഹസ്രമജസ്രബോധം.
ഉത്തുംഗരത്നകനകദ്ധ്വജമസ്തകത്തിൽ
സത്വം പെരുത്ത ഖഗസഞ്ചയചക്രവര്ത്തി,
സത്യസ്വരൂപനുടെ തൃക്കഴലോര്ത്തുകൊണ്ടു
വര്ത്തിച്ചിടുന്നു കനകാചലതുല്യകായൻ.
ഉത്തുംഗരത്നപരിഖാപ്രചയത്തിനുള്ളിൽ
ക്കത്തും ഗഭസ്തിചയമാം മലയെന്നപോലെ,
തൃത്താരുകൊണ്ടു പരിവേഷ്ടിതമായ ലോക -
കര്ത്താവുതന്നുടെ വിചിത്രപവിത്രഹര്മ്മ്യം.
മാലിന്യഹീനജലപൂരിതവാപിതോറും
നൂലിന്നുമില്ലനിയെങ്കിലു,മംബുവിങ്കൽ
ആലിംഗമില്ല മിഴികൊണ്ടറിയാൻ; തൊടുമ്പോൾ
തോലിൻ തണുപ്പു ജലമെന്നറിയിച്ചിടുന്നു.
വണ്ടാർ നിരന്നു വരവാപികതന്നിൽ വന്നു
തണ്ടാർമരന്ദമപരന്നു കൊടുത്തിടാതെ
ഉണ്ടാര്ത്തിടുന്നു; ചെറുകാറ്റുകൾ തത്സുഗന്ധം
കൊണ്ടാളുകൾക്കതു പകുത്തു കൊടുത്തിടുന്നു.
വാപീജലത്തിലടിയോളമസംഖ്യരത്ന-
സോപനമുണ്ടതു സമസ്തവുമെന്നുവേണ്ട,
ആപാദചൂഡമവിടെ സ്ഥലമെന്നപോലെ
ദീപിച്ചിടുന്നു കമലങ്ങളൊഴിഞ്ഞ ദിക്കിൽ.
ത്രൈലോക്യനാഥനുടെ സന്തതസന്നികര്ഷ-
സാലോക്യമുഖ്യവരമുക്തി ലഭിച്ചുകൊണ്ടു്
കോലത്തിലും മമതവിട്ടു മുകുന്ദപാദ-
മൂലത്തിലാത്മലയമാര്ന്നവരുണ്ടസംഖ്യം.
മാണിക്യരത്നമയമണ്ഡപമൊന്നു തത്ര,
വാണിയ്ക്കഗോചരമതിന്റെ വിശേഷമെല്ലാം;
ചാണയ്ക്കു വെച്ച നവഭാസ്കരമണ്ഡലംകൊ-
ണ്ടാണക്കളപ്രഭപെടും സ്ഥലമെന്നു തോന്നും.
ഓരോ വകയ്ക്കു പലമാതിരി തീര്ത്ത രത്ന-
സാരോപഹര്മ്മ്യനിര രമ്യതരം നിതാന്തം;
ആരോ ചമച്ചതിതു, നിര്ജ്ജരദൈത്യശില്പി-
മാരോ സരോജഗൃഹനോ കഥയാരറിഞ്ഞു?
ആ മണ്ഡപത്തിനുടെ തൂണുകളിന്ദ്രനീല-
സ്തോമങ്ങൾകൊണ്ടു പണിചെയ്തവയാകമൂലം,
ശ്രീമൽക്കദംബവിപിനത്തിനു ചെമ്പരുത്തി-
പ്പൂമണ്ഡലം സമുദിതം പരമെന്നു തോന്നും.
വിദ്യാധരീനിരകൾ നിന്നഥ പാടിടുന്നൂ,
ഹൃദ്യാധരീപടലി നര്ത്തനമാടിടുന്നൂ,
ഉദ്യോഗമോടവിടെയാളുകൾ കൂടിടുന്നൂ,
സദ്യോരസോത്ഥപുളകാലുടൽ മൂടിടുന്നൂ.
മാണിക്യകങ്കണമണിഞ്ഞ കരത്തിനാലേ
വീണയ്ക്കൊരുത്തി മധുരം ശ്രുതികൂട്ടിടുന്നു;
പാണിയ്ക്കെഴുന്ന പരിശുദ്ധത മദ്ദളത്തിൽ
ക്കാണിയ്ക്കുമന്യയുടെ ധന്യതയെന്തു ചൊല്ലാം?
പൊൻകൈമണിദ്വിതയമേന്തിയലങ്കരിച്ച
തൻകൈകൾകൊണ്ടൊരു ഘനസ്തനി കൊട്ടിടുന്നു;
കൊങ്കത്തടങ്ങളുലയുംപടി മറ്റൊരോമൽ -
ത്തങ്കത്തളക്കുഴലിരട്ടി ചവുട്ടിടുന്നു.
കൂത്താടിടുന്നു കുസുമാംഗികളിപ്രകാര-
മത്താമരാക്ഷനുടെ നാടകശാലതന്നിൽ;
ഓത്തോതിടുന്നു ചില വൈദികരന്യദിക്കിൽ;
സ്തോത്രാനുവാദമൊരു ദിക്കിൽ മുഴക്കിടുന്നു.
ഏവം വിളങ്ങുമസുരാന്തകമന്ദിരത്തിൽ-
ദ്ദേവര്ഷി ചെന്നു കരകേറി ദിവാകരാഭൻ;
കാവൽസ്ഥലത്തമരുമാളുകൾ മാറിനിന്നൂ
ശ്രീവല്ലഭപ്രിയസമാഗമദശനേന.
സമ്പൂര്ണ്ണരത്നകലശങ്ങൾ നിരന്നു മുക്താ-
സമ്പന്നതോരണഗണങ്ങളെഴും പ്രദേശം
പിമ്പിട്ടു പീതവസനപ്രമദാവിലാസ-
സമ്പുഷ്ടമാം നിലയമാ മുനിയാശ്രയിച്ചാൻ.
കസ്തൂരികാഗരുപടീരജകുങ്കുമാദി-
വസ്തൂദയാൽപ്പരിമളപ്രസരം പ്രദേശം,
വിസ്താരമേറുമവിടെഗ്ഗരുഡദ്ധ്വജന്റെ
ഭൃത്യാളി കൃഷ്ണജയഘോഷണ ചെയ്തിടുന്നു.
ഭൂരിപ്രഭാപടലതാഡിതനേത്രനായി,-
ച്ചാരുസ്യമന്തകമഹാമണിമാടമേറി,
ദ്വാരസ്ഥലോകബഹുമാനവുമേറ്റവിദ്യാ-
ദൂരസ്ഥനെത്തി മധുമർദ്ദനസന്നിധാനേ.
അന്നേരമീശനുടെ മാമലയിൽപ്പുതുക്കാ-
റെന്നോണമാദിപുരുഷൻ ഭുജഗേന്ദ്രതല്പേ
നന്ദ്യാ ശയിപ്പതു മഹാമുനി കണ്ടു ചിത്താ-
നാദാമൃതാംബുധിയിലാശു മറിഞ്ഞുവീണു.
പിലിച്ഛടാഞ്ചിതകിരീട, മരാളകാള-
ലോലാളകം മലയജാഞ്ചിതഫാലദേശം,
ലീലാലവേന ഭുവനത്രയസൃഷ്ടിരക്ഷാ-
ശീലം കലർന്ന കുടിലദ്രുകുടീതരംഗം;
ഉന്നിദ്രചാരുകമലോദരപത്രനേത്ര-
ദ്വന്ദ്വം, കൃപാരസനിമഗ്നകടാക്ഷജാലം,
ഉന്നമ്രയായ വരനാസിക, വിദ്രുമശ്രീ-
മന്ദാക്ഷദാനനിപുണാധരചാരുഹാസം;
മാസങ്ങളാറു വിളവേന്തിയ മുത്തുപോലേ
ഭാസിച്ചിടുന്നു രദനപ്രകരം നിതാന്തം,
ഹാസപ്രഭാമൃതതരംഗമടിച്ചടിച്ചാ
പ്രാസാദഭാഗജഠരം ധവളം സമസ്തം;
സമ്പൂര്ണ്ണശാരദസ്സുധാകരസര്വ്വലക്ഷ്മീ-
സമ്പന്നമായ മുഖ, മഞ്ചിതകണ്ഠനാളം,
വമ്പേരിടുന്ന കവിശിഷ്യകുലത്തിനന്തഃ-
കമ്പപ്രദാനകരദീര്ഘകരോരഗങ്ങൾ;
പാലാഴിമങ്ക പതിവായമരുന്ന മൂല-
നാലാമിടം, ഭൃശവിശാലമുരഃപ്രാദശം,
സ്ഥൂലാഭവത്സമറു, കൌസ്തുഭഹാരവന്യ-
മാലാദികൊണ്ടലമലംകൃതമായിടുന്നു;
ആലിൻപലാശസദൃശാകൃതി വിശ്വപാളി-
യ്ക്കാലംബഭൂതജഠരം വിലസുന്ന മദ്ധ്യം,
മാലെന്നിയേ ഭുവനസന്ധികളെ ഗ്രഹിപ്പാൻ
മേലേ തെളിഞ്ഞു വലി മൂന്നു വിളങ്ങിടുന്നു;
ഗംഭീരനാഭികുഹരം, ചപലാസഹസ്ര-
സംഭ്രാജമാനവസനാവൃതമൂരുയുഗ്മം,
അംബോധിജാമൃദുലപാണിപയോജയുഗ്മ-
സംഭാവിതം ചരണചാരുസരോജയുഗ്മം;
മന്ദാരമാല്യമകരാകൃതികര്ണ്ണപൂര-
ദ്വന്ദ്വാംഗുലീയമണിനൂപുരകങ്കണാദ്യം
നന്നായണിഞ്ഞ നവയൌവനഭാജനത്തെ-
യൊന്നാകമാനമതിഹര്ഷി മഹര്ഷി കണ്ടാൻ. (കുളകം)
കന്ദര്പ്പകോടിസുഭഗൻ, കമലാസമേതൻ,
മന്ദസ്മിതാതിമധുരാസ്യ,നനന്തശായി,
വൃന്ദാരകര്ഷിവരനെത്തെളിവോടു കണ്ടാ; -
നന്നാഴിനന്ദിനി ഗമിച്ചു ഗൃഹാന്തരത്തിൽ.
കല്യാണരാശി കമലാപതി, സാധുമൌലി-
ക്കല്ലായ നാരദനു നല്ലൊരു പീഠമേകി,
ഉല്ലാസമോടതിഥിസൽക്രിയചെയ്തു രമ്യ-
സല്ലാപമിങ്ങിനെ തുടങ്ങി ഗഭീരവാചാ
"ഹേ മാമുനേ! തവ സമാഗമമസ്മദീയ-
ധാമാവിനെപ്പരമപാവനമാക്കിടുന്നു;
ഈമാതിരി പ്രയതഭാവമെഴും ജനത്തെ-
ക്കാണ്മാനിടയ്ക്കിട വരും പുരുഷൻ കൃതാര്ത്ഥൻ.
ലോകങ്ങളിൽപ്പെരുകിടുന്ന തമസ്സൊഴിപ്പാ-
നാകുന്നു രണ്ടണിമഹസ്സുകൾ സഞ്ചരിപ്പൂ;
ഏകം പതംഗ,നപരം നളിനാസനന്റെ
തോകം ഭവാനുമിതി സര്വ്വജഗൽപ്രസിദ്ധം.
അര്ക്കൻ കളഞ്ഞ തിമിരം പുമാരാഗമിക്കും
ചിക്കെന്നു ലാജസുഹിതന്നു വിശപ്പുപോലെ;
ത്വൽക്കൃത്തമാമിരുളുദിക്കുകയില്ല, വേണ്ടാ
തര്ക്കം, വയോഗളിതശൈശവമെന്നപോലെ.
ലോകത്തിലുള്ള കുശലാകുശലങ്ങളമ്പോ-
ടാകത്തിരക്കി മരുവുന്ന നമുക്കിദാനീം
പാകത്തിലായി ഭവദാഗമനം; വിശേഷം
നാകത്തിലെ,ന്തതറിയാനധികം തിടുക്കം.
സാധുക്കളാം വിബുധരെക്കവിശിഷ്യരെന്നും
ബാധിക്കുവാൻ പഴതുനോക്കി നടന്നിടുന്നൂ:
ആധിക്കുമൂല, മദിതിക്കു വരുന്നതെല്ലാം
വേധിക്കുവേണ്ടിവരുമിജ്ജനമെന്നു നൂനം.
ഗോത്രാതലത്തിലമരും ജനമാത്മകൃത്യം
ഗോത്രാനുസാരമിഹ ചെയ്തുവരുന്നതില്ലേ?
ശ്രോത്രാഭിരാമചരിതൻ നിഖിലക്ഷിതീശൻ
ക്ഷാത്രാപനീതകുനയം വിജയിപ്പതില്ലേ?
ഭൂതാനുകമ്പിക,ളനുഗ്രഹനിഗ്രഹാദി-
ഖ്യാതാപദാനരതിദൈവതശക്തിമാന്മാർ,
പൂതാടവീപുരികൾ മാമുനിനായകന്മാർ
വീതാമയം തപസി നിഷ്ഠ വഹിപ്പതില്ലേ?
പാതാളവാസികളടങ്ങിയിരിപ്പതില്ലേ
ഭൂതാളിനായകനെഴും ഭുജവൈഭവത്താൽ?
ഓതാവതെങ്കിലിതുമന്യവിശേഷവാര്ത്താ-
ജാതങ്ങളും പറക സർവ്വചരിത്രവേദിൻ!''
ഏവം മുകുന്ദമൊഴി കേട്ടുരചെയ്തുകൊണ്ടാൻ
ദേവര്ഷിവര്യ, "നനിശം ജഗദേകസാക്ഷിൻ!
ഈ വിശ്വവാര്ത്തയറിയാൻ തവ ഞാൻ പറഞ്ഞി-
ട്ടാവശ്യമി,ല്ലുലകിനോ സുഖമാണുതാനും.
ആസ്താമതാസകല,മെന്നുടെ സംശയത്ത
ത്തീർത്താലു''മെന്നു മുനി, "ചൊല്ലുക?"യെന്നു ദേ വന്
"നീര്ത്താരിലംബിക മമാഗമനേ ഭവാനെ-
ത്തീര്ത്ഥാകൃതേ! ബത പിരിഞ്ഞതിനെന്തു മൂലം?"
"ഹേ! മാമുനീന്ദ്ര! പരപൂരുഷർ വന്നിടുമ്പോൾ
കാണ്മാനിരിയ്ക്ക കുലനാരികൾ ചട്ടമല്ല;
ഈ മാനനീയതരമാകിയ ധര്മ്മമോര്ത്തു
പൂമാതു നിൻവരവിലെന്നെവെടിഞ്ഞുപോയാള്.'’
"ജായാസുതദ്രവിണമിത്രഗൃഹാദി വിട്ടു
മായാമയക്കടൽ കടന്ന തപോധനൻ ഞാൻ
ആയാതനായിടുകയോ, മലർമങ്കയാളീ
പ്രേയാനെ വേർപിരിയുവാൻ മതിയായമൂലം?"
"അത്യത്ഭുതം! വിജിതയോ വിരവിൽ ഭവാനാ-
ലുത്തുംഗശക്തിമയിയാം മഹനീയമായി
മൃത്യഞ്ജയൻ വിധി തുടങ്ങിയ യോഗ്യരും ത-
ത്തത്വം ഗ്രഹിപ്പതിനുമിന്നു പരുങ്ങിടുന്നു.
മായാനധീനനൊരു ദേഹി ജഗത്തിലാരെ-
നായാസമോടു പല ദിക്കിലുമന്വെഷിച്ചേൻ;
ആയാളിതേവരെയുമെന്മിഴികൾക്കു ലക്ഷ്യ-
നായീല താവകഗിരാ പരിതൃപ്തനായേൻ.
സ്വാതന്ത്ര്യമിന്നു സകലത്തിനുമെങ്കലാണെ-
ന്നോതുന്നു സത്യമറിയാതെ മഹാജനങ്ങൾ;
ജാതവ്യഥം ഭവസമുദ്രനിമജ്ജനത്താൽ
ജ്ഞാതവ്യമേതവനുമെൻപരതന്ത്രഭാവം.
ഗംഭീരമായധികദാരുണമായിരിക്കും
കുംഭീവിപാകനരകം പരതന്ത്രനെന്യേ,
സംഭൂതമായി വരുമോ സകലസ്വതന്ത്ര;-
നംഭോജയോനിജ! നിനയ്ക്കിലറിഞ്ഞുകൂടേ?
ദിക്കാലരൂപിണി, ഗുണത്രയമൂര്ത്തി, ഘോര-
വിക്രാന്തിഭൂമി, ഭുവനേശ്വരിയെന്നൊരുത്തി
ഉൽക്കര്ഷമേറുമവൾ കെട്ടിയ കെട്ടഴിപ്പാ-
നിക്കണ്ട ദേഹികളിലാരിഹ? നാരദര്ഷേ!
യോഗം തപസ്സധികവിജ്ഞതയെന്നിവറ്റിൻ
യോഗം തികഞ്ഞ സനകാദിമഹര്ഷിമാര്ക്കും
പ്രാഗത്ഭ്യമാര്ക്കുമറിയാൻ കഴിയാത്ത മായാ-
വേഗം തടുക്കരുതു, വാക്കിതു സാഹസം തേ.
"ജന്മാദി മൂന്നു ദശകൾക്കുമധീശരാകും
ബ്രഹ്മാദിമുവ്വരെവൾതന്നുടെ കിങ്കരന്മാർ:
അമ്മായയെക്കിമപി കാണ്മതിനാശ തെല്ല-
ല്ലെന്മാനസത്തിലിതി" നാരദനന്നു ചൊന്നാൻ.
രമയുടെ കമിതാവും നാരദൻതാനുമായി
പ്രമദഭരിതമേവം സംവദിക്കും ദശായാം
അമിതബലനമന്ദം കാദ്രവേയാശനൻതാ-
നമരശരണപാദേ വന്നു വന്ദിച്ചു നിന്നാൻ.
"എന്നാലോ മായയെക്കാണ്മതിനു കുതുകമു-
ണ്ടെങ്കിലെൻ നാരദര്ഷേ!
വന്നാലും കന്യകുബ്ജാഭിധനഗരമതി-
നായി ഞാൻ പോയിടുന്നേൻ"
എന്നീവണ്ണം ത്രിധാമാവഴകിക്കൊടരുളി-
ക്കൈപിടിച്ചാ മുനീന്ദ്രൻ-
തന്നേയും മന്ദമേറ്റിഗ്ഗരുഡനുടെ പുറ-
ത്തേയ്ക്കു താനും കരേറി.
രണ്ടാംസര്ഗ്ഗം
അരിയ മിനുമിനുപ്പം മെയ്നിരപ്പും പരപ്പും
പെരിയ പതുപതുപ്പം പെട്ട തൽപൃഷ്ഠദേശേ
ഹരി പരിചിലിരുത്തീ താപസപ്രൌഢനെത്ത-
ന്നരികി;-ലൂടനിരുന്നൂ താനുമന്യൂനമോദം.
ഭുവനപതി വിളങ്ങും ഭൂതിസമ്പൂര്ണ്ണമാകും
ഭവനമുകളിൽനിന്നാപ്പക്ഷിരാജൻ പറന്നാൻ;
പവനഭുജഗനാഥസ്പര്ദ്ധയാ മേരുശൃംഗം
ലവണജലധിമദ്ധ്യത്തിങ്കലേയ്ക്കെന്നപോലെ.
ദനുതനയനിഹന്താവേതു കാ,ലത്തനന്താ-
സനമകലെ വെടിഞ്ഞോ, തൽക്ഷണം പക്ഷിരാജൻ
വിനയയുതമനന്താരൂഢനായ് വിഷ്ണുതാനെ-
ന്നനുഭവമഖിലര്ക്കും വന്നിടാനെന്നപോലെ.
പതഗപതി പറക്കും കാറ്റു വന്നേറ്റു പുഷ്പം
വിതറി മരമസംഖ്യം ഭൂതലത്തിൽപ്പതിച്ചൂ;
ശതമഖസഹജാപ്തൌ സജ്ജനൌഘം കണക്കേ
ലതകൾ നടികൾപോലേ കൂടിയാടിത്തുടങ്ങീ.
പരിഖകൾ പതിനാറും പത്മനാഭന്റെ ഭക്ത-
പ്പരിഷകൾ പെരുമാറും ഭൂമിയും ഭൂരിയാറും
പരിമളഭരമേറും പഞ്ചദേവദ്രുവാടീ-
പരിസരഗതിതേറും പത്മിനിക്കുള്ള ജോറും.
സുരപതിമുതലായുള്ളഷ്ടലോകാധിപന്മാർ
നിരവധി പരിവാരസ്വാസ്ത്രജാലങ്ങളോടും
മരുവുമമരഹർമ്യക്കൂട്ടവും, നിര്ജ്ജരപ്പെൺ-
തെരുവുമിരുപുറത്തായേകവീഥീതലത്തിൽ.
ധരണിയിലെഴുമോരോ ഭക്തരെക്കൊണ്ടുപോരും
വരവുമൊരെതിരേല്പും വീര്പ്പുവിട്ടാര്ക്കുമാര്പ്പും
പുരതരുണികൾ ചെയ്യും പുഷ്പവര്ഷങ്ങളും പെൺ-
നിരയുടെ കുഴലൂത്തും മേളവും നല്ല കൂത്തും.
കനകമയവിമാനവ്രാതവും പ്രാതരുദ്യ-
ദിനകരരുചിചേരും നൂറുവട്ടുള്ള തേരും,
പുനരപി പലമട്ടുള്ളോരു വൈകുണ്ഠഭൂതി -
ക്കനമമരമഹര്ഷിക്കക്ഷിലക്ഷീഭവിച്ചു. (കുളകം)
നാരായണത്രിണയനാദിസമസ്തദേവ-
താരാധനങ്ങളിലുമാദിയിലാദരേണ
ആരാലുമാത്മവിഭവാനുഗുണം പ്രപൂജ്യൻ
പേരാളുമേകരദൻ തുണയാകണം മേ.
തന്മെയ്യകത്തഖിലകാലമനന്തകോടി-
ബ്രഹ്മാണ്ഡഭാണ്ഡനിവഹത്തെ വഹിച്ചുകൊണ്ട്
ഉന്മേഷമോടു പരമാണുവിലും വിളങ്ങും
വന്മായയായ ഭുവനേശ്വരി! വന്ദനം തേ.
കുറ്റങ്ങളേറ്റമെഴുമെൻകൃതി കേട്ടിടുമ്പോൾ
നെറ്റിച്ചുളിച്ചിൽ വിബുധര്ക്കണയാതിരിപ്പാൻ
ചെറ്റംഗഭൂഷണമണിഞ്ഞഖിലാഗമാനാം
പെറ്റമ്മയാം വിധിവധൂടി വസിയ്ക്ക നാവിൽ.
ആരാകിലും ഗുരുവരന്റെ കൃപാവിലാസം
ചേരായ്കിലോ ബധിര, നന്ധ, നവൻ വിമൂഢൻ;
ആരാധയാമി സതതം ദിവിഷദ്രുമത്തിൻ
വേരായിടുന്ന ഗുരുപാദപയോജയുഗ്മം.
ശ്രീനാരദാഖ്യമുനി കാമിനിയായ വൃത്തം
ഞാനാദരേണ പറയാമറിവുള്ള വണ്ണം;
നാനാരസം കലരുമിച്ചരിതം വിശേഷ-
ജ്ഞാനാതിരേകജനകം ജനകന്മഷഘ്നം.
ഭോഷ്കോതിയും സുകൃതരാശികളെദൂഷിച്ചും
മൂക്കോളമുണ്ടു ദുരിതം മമ വാക്കിനിപ്പോൾ;
ഢീക്കോടു ഞാൻ കവിതയൊന്നു ചമച്ചുരച്ചാ_
ലാര്ക്കോ രസം? ത്രിപുരസുന്ദരിയേ സഹായം.
വ്യാസാനനേന്ദുസൃതശക്തിചരിത്രപീയൂ-
ഷാസാരസാരമിതു ഭാഷയിലാക്കിടുന്നേൻ,
പ്രാസാദിഭംഗികുറവെങ്കിലുമസ്യ പാനാൽ
ത്രാസാവകാശമമരും യമരാട്ടിൽനിന്നും.
സത്സങ്കടക്കടുകടൽക്കലശീകുമാരൻ,
നിസ്സംഗരിൽ പ്രഥമ, നംബുജസംഭവന്റെ
ഉത്സംഗമദ്ധ്യമതിൽനിന്നു പുരാ ജനിച്ച
വത്സൻ ജഗത്തിലെവനശ്രുതനശ്രമേണ.
ഉണ്ടോ പുരാണകഥ, നാരദനുണ്ടതിങ്കൽ-
ത്തണ്ടാർദളാക്ഷികളിലംഗജനെന്നപോലെ;
തണ്ടേറിടും സുജനവൈരികളെക്കുടുക്കിൽ-
ക്കൊണ്ടേറ്റുമേതുവിധവും വിധിജൻ വിധിജ്ഞൻ.
ഭൂതാനുകമ്പി ഭുവനേശ്വരിയായ പൂർവ്വ-
മാതാവുതന്റെ കൃപയാലഖിലാഗമജ്ഞൻ
ഭൂതാധിനാഥനുടെ കുന്നിലുമാപ്തനേറ്റം
ധാതാവുതന്റെ പുരിയിൽപ്പറയേണ്ടതുണ്ടോ?
യോഗീന്ദ്രനായ മുനിതാൻ കടലിൽക്കിടക്കും
ഭോഗീന്ദ്രശായിയുടെ പാദപയോജഭക്തൻ;
രാഗം വിമോഹമരിശം മുതലായ ഘോര-
രോഗങ്ങൾ നാടുവിടുമായവനെ ശ്രവിച്ചാൽ.
മുക്കാലവേദിമുനി, വാസവനെപ്പിടിച്ചു
മുഷ്കാലെ കെട്ടിയൊരു കൌണപനായകന്നു്
മുക്കാലുവട്ടമൊരു വാനരപുച്ഛമെന്ന-
ദിക്കാക്കി വിട്ടു ദുരഹംകൃതി ദൂരെയാക്കി.
ആ യാതുധാനപതി ഹേഹയമന്നവന്റെ
ജായാദികൾക്കു കളിവാനരമായ്ക്കിടന്നു;
പേയാദനായുടൽ മെലിഞ്ഞു വലഞ്ഞു വേധോ-
ദായാദനീ മുനി തിരിച്ച തിരിപ്പുമൂലം.
താതാങ്കവാസപരമോത്സവഹാനിമൂല-
മാതങ്കമാണ്ടു കരയും ധ്രുവനാം കിശോരൻ
ശ്രീതങ്കുമുന്നതപദം ത്രിജഗൽക്കിരീടി-
ദൂതൻ കരേറിയതു നാരദവൈഭവത്താൽ.
സംഗീതരാഗമസദാമനനപ്രവീണൻ,
സംഗീതരാഗമധുരസ്വകരസ്ഥവീണൻ,
അംഗികൃതാവിരതയാന, നുദാരകീർത്തി-
രംഗീകൃതത്രിഭുവനൻ ഗഗനേ നടന്നാൻ.
കാളീനൃസിംഹലളിതാദിമഹാവതാര-
പാളീനിദാന, മമരാമയവൈദ്യരത്നം,
നാളീകസംഭവസുതൻ നരകാരിലോകം
കാളീടുമഗ്നി തഴുകും മലപോലെ കണ്ടു.
ബ്രഹ്മണ്യനായ ഹരി പത്മയൊടൊത്തു നിത്യം
ബ്രഹ്മാണ്ഡരക്ഷായതു തന്തനുരക്ഷപോലെ
ചെമ്മേനടത്തി മരുവും പുരിതന്നിലേയ്ക്കാ-
യുന്മേഷശാലി കരകേറുവതിന്നുറച്ചു.
മീനാമപന്നിനരകേസരിവാമനാദി-
നാനാകൃതേ! ഭൂവനപാലക! മാധവേതി
ആ നാരദന്റെ കരരാജിതമഞ്ജു വീണാ-
ഗാനാമൃതം ദിവി പരന്നു പരം തദാനീം.
പ്രീതാന്തരംഗനമരര്ഷി നടന്നു പിന്നെ
ശ്വേതാന്തരീപമണവാനണു വൈകിടാതെ
വീതാന്തരായമുടനേ മനമെന്നപോലെ
പീതാന്തരീയനഗരത്തിലണഞ്ഞു യോഗി.
കോടിക്ഷപാകരദിവാകരരശ്മിപൂരം
കൂടിക്കലർന്നു വിലസും പടി ചിൽപ്രകാശം
തേടിപ്പുകഴ്ന്ന ഹരിതൻ പുരി കാൺകമൂലം
ചാടിത്തുടങ്ങി മുനിചിത്തമമന്ദഹര്ഷാൽ.
ചിത്തിന്റെ ഭിത്തപരമാണു ജനത്തിനിന്നു
ചിത്തത്തിലുള്ള വെളിവെന്നു പറഞ്ഞിടുന്നു;
മിത്രൻ മിഴിയ്ക്കിവിടെയെങ്ങിനെയപ്രകാരം
വസ്തുസ്വരൂപമതു നമ്മളിലേകിടുന്നു.
അച്ചൊന്ന ചിൽപ്രഭ പരന്നു മുകുന്ദലോകേ
വിച്ഛിന്നമായി വിലസുന്നു സമസ്തകാലം;
സ്വച്ഛന്ദമാപ്പുരിയിൽ വാഴുമവര്ക്കവിദ്യാ-
പ്രച്ഛന്നമായി വരുമോ ഹൃദയാന്തരാളം?
ആനന്ദമാമമൃതസാഗരമാ സ്ഥലത്തിൽ
സ്ഥാനം പിടിച്ചു തിരതള്ളിയലച്ചിടുന്നു
താ,നന്യ,നിഷ്ട, നഹിതൻ, രിപു, മിത്രമെന്നീ-
ജ്ഞാനം പെടാതവിടെ ലോകർ വിളങ്ങിടുന്നു.
കേടറ്റ കോട്ടകൾ കിടങ്ങുകൾ ഗോപുരങ്ങൾ
മേടസ്ഥലങ്ങളിവ ഹേമമണീമയങ്ങൾ;
മാടൊക്കെയും സുരഭി; വീടുകളമ്പലങ്ങൾ;
കാടൊക്കെയും തുളസിയിപ്പടി തൽപ്രദേശം.
വപ്രാന്തരാളനികരങ്ങളിലാ മുകുന്ദ-
തൃപ്പാദപാഷദരെഴും മണിമന്ദിരങ്ങൾ;
അപ്പത്തനങ്ങൾ മുഴുവൻ ഭുജഗാധിനാഥ-
തല്പസ്തുതിപ്രവരഘോഷണഭൂഷണങ്ങൾ.
ഗ്രാമങ്ങൾതോറുമവനീസുരപംക്തി സാള-
ഗ്രാമങ്ങൾവെച്ചു സതതം പരിശുദ്ധരായി
പൂമങ്കയൊത്ത പുരുഷോത്തമനെപ്പുകഴ്ത്തി-
പ്പൂജിച്ചിടുന്നു പുരുഭക്തിപുരസ്സരന്മാർ.
അംഭോധിപുത്രിയുടെ ദാസികളായസംഖ്യ-
മംഭോരുഹാക്ഷികളുമായവിടത്തിലുണ്ടു്;
രംഭോര്വ്വശീപ്രമുഖദേവവധൂസമൂഹ-
ഡംഭോടു,മാത്തരുണിമാരുടെ മേനി കണ്ടാൽ.
ധാരാധരദ്യുതി, ഝഷാകൃതികുണ്ഡലം, ര-
മ്യോരസ്ഥവത്സമറു, കൌസ്തുഭദിവ്യരത്നം,
ഹാരിദ്രവര്ണ്ണവസനം, വനമാല, വിഷ്ണു-
സാരൂപ്യമിങ്ങനെ വഹിച്ചവർ കോടിലക്ഷം.
മുക്തിപ്രദൻറെ ചരണദ്വിതയം സ്മരിച്ചും,
ഭക്തിപ്രഹര്ഷജനിതാശ്രു ജലം പൊഴിച്ചും,
ഉൾക്കമ്പഹീനമനിശം പുളകം വഹിച്ചും,
ചിക്കെന്നു കല്പശതകം ചിലർ പോക്കിടുന്നു.
നര്മ്മങ്ങളായവിടെ വിഷ്ണുകഥാപ്രസംഗം;
കര്മ്മങ്ങളൊക്കെയുമനന്തസമര്ച്ചനങ്ങൾ;
ജന്മം ജരാമരണമീവകയെന്നു വേണ്ടാ
ബ്രഹ്മാവിനും യമനുമങ്ങധികാരമില്ല.
വാപീജലങ്ങളമൃതങ്ങ,ളതിങ്കലെല്ലാ-
മാപീനനാള കമലങ്ങളസംഖ്യമല്ലോ;
പാപീതരക്കിളികളു,ണ്ടവയിൽക്കുളിച്ചു
ഗോപീവിടന്റെ ചരിതാവലി പാടിടുന്നു.
മീനാദികല്ക്കിവരെയുള്ളവതാരതേജ -
സ്ഥാനങ്ങളാണവിടെ വപ്രകുലാന്തരങ്ങൾ;
ശൂനാഭരാകുമവരെപ്പരിപൂജനം ചെ-
യ്വാനായസംഖ്യജനമുണ്ടവിടത്തിലെല്ലാം.
ക്രോധാഭിമാനമദമത്സരലോഭമോഹ-
ബാധാഭിഭൂതഹൃദയര്ക്കൊരു തക്കമില്ല,
സാധാരണപ്രഭുസമീപമണഞ്ഞുകൂടാ;
രാധാവിടന്റെ ഭവനേ പറയേണ്ടതുണ്ടോ?
ഘോരാസുരാസൃഗവഗാഹനനിര്മ്മലാംഗം,
നാരായണായതകരാഞ്ചലപത്മരംഗം,
ധാരാസഹസ്രധരമായ സുദര്ശനാസ്ത്ര-
മാരാൽ വിളങ്ങുമൊരു ശാല വിശാലയത്രേ.
ലക്ഷ്മീമണാളമുഖവായുസുഗന്ധധന്യ-
മക്ഷീണചന്ദ്രധവളദ്യുതിപാഞ്ചജന്യം
രക്ഷോഹൃദന്തരദുരന്തബലാവലേപ-
പ്രക്ഷോഭദം വിലസിടും നിലയം മനോജ്ഞം.
കൌമോദകീകമലശാർങ്ഗമുഖങ്ങളാകും
ദാമോദരായുധഗണം പരിവാരയുക്തം
ആമോദമോടവിരതം വിലസുന്ന ദിവ്യ-
ധാമോദരങ്ങളിലൊതുങ്ങുമശേഷവിശ്വം.
തേ,രാന, വാജി, ശിബികാദികളെണ്ണിയാലും
തീരാതെയുള്ള വരവാഹനസഞ്ചയങ്ങൾ
ഹാരാദിഭൂഷണഗണങ്ങളണിഞ്ഞുകൊണ്ടാ
നാരായണന്റെ നഗരത്തിൽ വിളങ്ങിടുന്നു.
നീരാളകഞ്ചുകമണിഞ്ഞു ശിരസ്ത്രമേന്തി-
ദ്ധാരാധരാദികൾ വഹിച്ചു മനസ്സു നിര്ത്തി
ദ്വാരായാന്തരമണഞ്ഞമരുന്നു കാവൽ -
ക്കാരായ പാര്ഷദസഹസ്രമജസ്രബോധം.
ഉത്തുംഗരത്നകനകദ്ധ്വജമസ്തകത്തിൽ
സത്വം പെരുത്ത ഖഗസഞ്ചയചക്രവര്ത്തി,
സത്യസ്വരൂപനുടെ തൃക്കഴലോര്ത്തുകൊണ്ടു
വര്ത്തിച്ചിടുന്നു കനകാചലതുല്യകായൻ.
ഉത്തുംഗരത്നപരിഖാപ്രചയത്തിനുള്ളിൽ
ക്കത്തും ഗഭസ്തിചയമാം മലയെന്നപോലെ,
തൃത്താരുകൊണ്ടു പരിവേഷ്ടിതമായ ലോക -
കര്ത്താവുതന്നുടെ വിചിത്രപവിത്രഹര്മ്മ്യം.
മാലിന്യഹീനജലപൂരിതവാപിതോറും
നൂലിന്നുമില്ലനിയെങ്കിലു,മംബുവിങ്കൽ
ആലിംഗമില്ല മിഴികൊണ്ടറിയാൻ; തൊടുമ്പോൾ
തോലിൻ തണുപ്പു ജലമെന്നറിയിച്ചിടുന്നു.
വണ്ടാർ നിരന്നു വരവാപികതന്നിൽ വന്നു
തണ്ടാർമരന്ദമപരന്നു കൊടുത്തിടാതെ
ഉണ്ടാര്ത്തിടുന്നു; ചെറുകാറ്റുകൾ തത്സുഗന്ധം
കൊണ്ടാളുകൾക്കതു പകുത്തു കൊടുത്തിടുന്നു.
വാപീജലത്തിലടിയോളമസംഖ്യരത്ന-
സോപനമുണ്ടതു സമസ്തവുമെന്നുവേണ്ട,
ആപാദചൂഡമവിടെ സ്ഥലമെന്നപോലെ
ദീപിച്ചിടുന്നു കമലങ്ങളൊഴിഞ്ഞ ദിക്കിൽ.
ത്രൈലോക്യനാഥനുടെ സന്തതസന്നികര്ഷ-
സാലോക്യമുഖ്യവരമുക്തി ലഭിച്ചുകൊണ്ടു്
കോലത്തിലും മമതവിട്ടു മുകുന്ദപാദ-
മൂലത്തിലാത്മലയമാര്ന്നവരുണ്ടസംഖ്യം.
മാണിക്യരത്നമയമണ്ഡപമൊന്നു തത്ര,
വാണിയ്ക്കഗോചരമതിന്റെ വിശേഷമെല്ലാം;
ചാണയ്ക്കു വെച്ച നവഭാസ്കരമണ്ഡലംകൊ-
ണ്ടാണക്കളപ്രഭപെടും സ്ഥലമെന്നു തോന്നും.
ഓരോ വകയ്ക്കു പലമാതിരി തീര്ത്ത രത്ന-
സാരോപഹര്മ്മ്യനിര രമ്യതരം നിതാന്തം;
ആരോ ചമച്ചതിതു, നിര്ജ്ജരദൈത്യശില്പി-
മാരോ സരോജഗൃഹനോ കഥയാരറിഞ്ഞു?
ആ മണ്ഡപത്തിനുടെ തൂണുകളിന്ദ്രനീല-
സ്തോമങ്ങൾകൊണ്ടു പണിചെയ്തവയാകമൂലം,
ശ്രീമൽക്കദംബവിപിനത്തിനു ചെമ്പരുത്തി-
പ്പൂമണ്ഡലം സമുദിതം പരമെന്നു തോന്നും.
വിദ്യാധരീനിരകൾ നിന്നഥ പാടിടുന്നൂ,
ഹൃദ്യാധരീപടലി നര്ത്തനമാടിടുന്നൂ,
ഉദ്യോഗമോടവിടെയാളുകൾ കൂടിടുന്നൂ,
സദ്യോരസോത്ഥപുളകാലുടൽ മൂടിടുന്നൂ.
മാണിക്യകങ്കണമണിഞ്ഞ കരത്തിനാലേ
വീണയ്ക്കൊരുത്തി മധുരം ശ്രുതികൂട്ടിടുന്നു;
പാണിയ്ക്കെഴുന്ന പരിശുദ്ധത മദ്ദളത്തിൽ
ക്കാണിയ്ക്കുമന്യയുടെ ധന്യതയെന്തു ചൊല്ലാം?
പൊൻകൈമണിദ്വിതയമേന്തിയലങ്കരിച്ച
തൻകൈകൾകൊണ്ടൊരു ഘനസ്തനി കൊട്ടിടുന്നു;
കൊങ്കത്തടങ്ങളുലയുംപടി മറ്റൊരോമൽ -
ത്തങ്കത്തളക്കുഴലിരട്ടി ചവുട്ടിടുന്നു.
കൂത്താടിടുന്നു കുസുമാംഗികളിപ്രകാര-
മത്താമരാക്ഷനുടെ നാടകശാലതന്നിൽ;
ഓത്തോതിടുന്നു ചില വൈദികരന്യദിക്കിൽ;
സ്തോത്രാനുവാദമൊരു ദിക്കിൽ മുഴക്കിടുന്നു.
ഏവം വിളങ്ങുമസുരാന്തകമന്ദിരത്തിൽ-
ദ്ദേവര്ഷി ചെന്നു കരകേറി ദിവാകരാഭൻ;
കാവൽസ്ഥലത്തമരുമാളുകൾ മാറിനിന്നൂ
ശ്രീവല്ലഭപ്രിയസമാഗമദശനേന.
സമ്പൂര്ണ്ണരത്നകലശങ്ങൾ നിരന്നു മുക്താ-
സമ്പന്നതോരണഗണങ്ങളെഴും പ്രദേശം
പിമ്പിട്ടു പീതവസനപ്രമദാവിലാസ-
സമ്പുഷ്ടമാം നിലയമാ മുനിയാശ്രയിച്ചാൻ.
കസ്തൂരികാഗരുപടീരജകുങ്കുമാദി-
വസ്തൂദയാൽപ്പരിമളപ്രസരം പ്രദേശം,
വിസ്താരമേറുമവിടെഗ്ഗരുഡദ്ധ്വജന്റെ
ഭൃത്യാളി കൃഷ്ണജയഘോഷണ ചെയ്തിടുന്നു.
ഭൂരിപ്രഭാപടലതാഡിതനേത്രനായി,-
ച്ചാരുസ്യമന്തകമഹാമണിമാടമേറി,
ദ്വാരസ്ഥലോകബഹുമാനവുമേറ്റവിദ്യാ-
ദൂരസ്ഥനെത്തി മധുമർദ്ദനസന്നിധാനേ.
അന്നേരമീശനുടെ മാമലയിൽപ്പുതുക്കാ-
റെന്നോണമാദിപുരുഷൻ ഭുജഗേന്ദ്രതല്പേ
നന്ദ്യാ ശയിപ്പതു മഹാമുനി കണ്ടു ചിത്താ-
നാദാമൃതാംബുധിയിലാശു മറിഞ്ഞുവീണു.
പിലിച്ഛടാഞ്ചിതകിരീട, മരാളകാള-
ലോലാളകം മലയജാഞ്ചിതഫാലദേശം,
ലീലാലവേന ഭുവനത്രയസൃഷ്ടിരക്ഷാ-
ശീലം കലർന്ന കുടിലദ്രുകുടീതരംഗം;
ഉന്നിദ്രചാരുകമലോദരപത്രനേത്ര-
ദ്വന്ദ്വം, കൃപാരസനിമഗ്നകടാക്ഷജാലം,
ഉന്നമ്രയായ വരനാസിക, വിദ്രുമശ്രീ-
മന്ദാക്ഷദാനനിപുണാധരചാരുഹാസം;
മാസങ്ങളാറു വിളവേന്തിയ മുത്തുപോലേ
ഭാസിച്ചിടുന്നു രദനപ്രകരം നിതാന്തം,
ഹാസപ്രഭാമൃതതരംഗമടിച്ചടിച്ചാ
പ്രാസാദഭാഗജഠരം ധവളം സമസ്തം;
സമ്പൂര്ണ്ണശാരദസ്സുധാകരസര്വ്വലക്ഷ്മീ-
സമ്പന്നമായ മുഖ, മഞ്ചിതകണ്ഠനാളം,
വമ്പേരിടുന്ന കവിശിഷ്യകുലത്തിനന്തഃ-
കമ്പപ്രദാനകരദീര്ഘകരോരഗങ്ങൾ;
പാലാഴിമങ്ക പതിവായമരുന്ന മൂല-
നാലാമിടം, ഭൃശവിശാലമുരഃപ്രാദശം,
സ്ഥൂലാഭവത്സമറു, കൌസ്തുഭഹാരവന്യ-
മാലാദികൊണ്ടലമലംകൃതമായിടുന്നു;
ആലിൻപലാശസദൃശാകൃതി വിശ്വപാളി-
യ്ക്കാലംബഭൂതജഠരം വിലസുന്ന മദ്ധ്യം,
മാലെന്നിയേ ഭുവനസന്ധികളെ ഗ്രഹിപ്പാൻ
മേലേ തെളിഞ്ഞു വലി മൂന്നു വിളങ്ങിടുന്നു;
ഗംഭീരനാഭികുഹരം, ചപലാസഹസ്ര-
സംഭ്രാജമാനവസനാവൃതമൂരുയുഗ്മം,
അംബോധിജാമൃദുലപാണിപയോജയുഗ്മ-
സംഭാവിതം ചരണചാരുസരോജയുഗ്മം;
മന്ദാരമാല്യമകരാകൃതികര്ണ്ണപൂര-
ദ്വന്ദ്വാംഗുലീയമണിനൂപുരകങ്കണാദ്യം
നന്നായണിഞ്ഞ നവയൌവനഭാജനത്തെ-
യൊന്നാകമാനമതിഹര്ഷി മഹര്ഷി കണ്ടാൻ. (കുളകം)
കന്ദര്പ്പകോടിസുഭഗൻ, കമലാസമേതൻ,
മന്ദസ്മിതാതിമധുരാസ്യ,നനന്തശായി,
വൃന്ദാരകര്ഷിവരനെത്തെളിവോടു കണ്ടാ; -
നന്നാഴിനന്ദിനി ഗമിച്ചു ഗൃഹാന്തരത്തിൽ.
കല്യാണരാശി കമലാപതി, സാധുമൌലി-
ക്കല്ലായ നാരദനു നല്ലൊരു പീഠമേകി,
ഉല്ലാസമോടതിഥിസൽക്രിയചെയ്തു രമ്യ-
സല്ലാപമിങ്ങിനെ തുടങ്ങി ഗഭീരവാചാ
"ഹേ മാമുനേ! തവ സമാഗമമസ്മദീയ-
ധാമാവിനെപ്പരമപാവനമാക്കിടുന്നു;
ഈമാതിരി പ്രയതഭാവമെഴും ജനത്തെ-
ക്കാണ്മാനിടയ്ക്കിട വരും പുരുഷൻ കൃതാര്ത്ഥൻ.
ലോകങ്ങളിൽപ്പെരുകിടുന്ന തമസ്സൊഴിപ്പാ-
നാകുന്നു രണ്ടണിമഹസ്സുകൾ സഞ്ചരിപ്പൂ;
ഏകം പതംഗ,നപരം നളിനാസനന്റെ
തോകം ഭവാനുമിതി സര്വ്വജഗൽപ്രസിദ്ധം.
അര്ക്കൻ കളഞ്ഞ തിമിരം പുമാരാഗമിക്കും
ചിക്കെന്നു ലാജസുഹിതന്നു വിശപ്പുപോലെ;
ത്വൽക്കൃത്തമാമിരുളുദിക്കുകയില്ല, വേണ്ടാ
തര്ക്കം, വയോഗളിതശൈശവമെന്നപോലെ.
ലോകത്തിലുള്ള കുശലാകുശലങ്ങളമ്പോ-
ടാകത്തിരക്കി മരുവുന്ന നമുക്കിദാനീം
പാകത്തിലായി ഭവദാഗമനം; വിശേഷം
നാകത്തിലെ,ന്തതറിയാനധികം തിടുക്കം.
സാധുക്കളാം വിബുധരെക്കവിശിഷ്യരെന്നും
ബാധിക്കുവാൻ പഴതുനോക്കി നടന്നിടുന്നൂ:
ആധിക്കുമൂല, മദിതിക്കു വരുന്നതെല്ലാം
വേധിക്കുവേണ്ടിവരുമിജ്ജനമെന്നു നൂനം.
ഗോത്രാതലത്തിലമരും ജനമാത്മകൃത്യം
ഗോത്രാനുസാരമിഹ ചെയ്തുവരുന്നതില്ലേ?
ശ്രോത്രാഭിരാമചരിതൻ നിഖിലക്ഷിതീശൻ
ക്ഷാത്രാപനീതകുനയം വിജയിപ്പതില്ലേ?
ഭൂതാനുകമ്പിക,ളനുഗ്രഹനിഗ്രഹാദി-
ഖ്യാതാപദാനരതിദൈവതശക്തിമാന്മാർ,
പൂതാടവീപുരികൾ മാമുനിനായകന്മാർ
വീതാമയം തപസി നിഷ്ഠ വഹിപ്പതില്ലേ?
പാതാളവാസികളടങ്ങിയിരിപ്പതില്ലേ
ഭൂതാളിനായകനെഴും ഭുജവൈഭവത്താൽ?
ഓതാവതെങ്കിലിതുമന്യവിശേഷവാര്ത്താ-
ജാതങ്ങളും പറക സർവ്വചരിത്രവേദിൻ!''
ഏവം മുകുന്ദമൊഴി കേട്ടുരചെയ്തുകൊണ്ടാൻ
ദേവര്ഷിവര്യ, "നനിശം ജഗദേകസാക്ഷിൻ!
ഈ വിശ്വവാര്ത്തയറിയാൻ തവ ഞാൻ പറഞ്ഞി-
ട്ടാവശ്യമി,ല്ലുലകിനോ സുഖമാണുതാനും.
ആസ്താമതാസകല,മെന്നുടെ സംശയത്ത
ത്തീർത്താലു''മെന്നു മുനി, "ചൊല്ലുക?"യെന്നു ദേ വന്
"നീര്ത്താരിലംബിക മമാഗമനേ ഭവാനെ-
ത്തീര്ത്ഥാകൃതേ! ബത പിരിഞ്ഞതിനെന്തു മൂലം?"
"ഹേ! മാമുനീന്ദ്ര! പരപൂരുഷർ വന്നിടുമ്പോൾ
കാണ്മാനിരിയ്ക്ക കുലനാരികൾ ചട്ടമല്ല;
ഈ മാനനീയതരമാകിയ ധര്മ്മമോര്ത്തു
പൂമാതു നിൻവരവിലെന്നെവെടിഞ്ഞുപോയാള്.'’
"ജായാസുതദ്രവിണമിത്രഗൃഹാദി വിട്ടു
മായാമയക്കടൽ കടന്ന തപോധനൻ ഞാൻ
ആയാതനായിടുകയോ, മലർമങ്കയാളീ
പ്രേയാനെ വേർപിരിയുവാൻ മതിയായമൂലം?"
"അത്യത്ഭുതം! വിജിതയോ വിരവിൽ ഭവാനാ-
ലുത്തുംഗശക്തിമയിയാം മഹനീയമായി
മൃത്യഞ്ജയൻ വിധി തുടങ്ങിയ യോഗ്യരും ത-
ത്തത്വം ഗ്രഹിപ്പതിനുമിന്നു പരുങ്ങിടുന്നു.
മായാനധീനനൊരു ദേഹി ജഗത്തിലാരെ-
നായാസമോടു പല ദിക്കിലുമന്വെഷിച്ചേൻ;
ആയാളിതേവരെയുമെന്മിഴികൾക്കു ലക്ഷ്യ-
നായീല താവകഗിരാ പരിതൃപ്തനായേൻ.
സ്വാതന്ത്ര്യമിന്നു സകലത്തിനുമെങ്കലാണെ-
ന്നോതുന്നു സത്യമറിയാതെ മഹാജനങ്ങൾ;
ജാതവ്യഥം ഭവസമുദ്രനിമജ്ജനത്താൽ
ജ്ഞാതവ്യമേതവനുമെൻപരതന്ത്രഭാവം.
ഗംഭീരമായധികദാരുണമായിരിക്കും
കുംഭീവിപാകനരകം പരതന്ത്രനെന്യേ,
സംഭൂതമായി വരുമോ സകലസ്വതന്ത്ര;-
നംഭോജയോനിജ! നിനയ്ക്കിലറിഞ്ഞുകൂടേ?
ദിക്കാലരൂപിണി, ഗുണത്രയമൂര്ത്തി, ഘോര-
വിക്രാന്തിഭൂമി, ഭുവനേശ്വരിയെന്നൊരുത്തി
ഉൽക്കര്ഷമേറുമവൾ കെട്ടിയ കെട്ടഴിപ്പാ-
നിക്കണ്ട ദേഹികളിലാരിഹ? നാരദര്ഷേ!
യോഗം തപസ്സധികവിജ്ഞതയെന്നിവറ്റിൻ
യോഗം തികഞ്ഞ സനകാദിമഹര്ഷിമാര്ക്കും
പ്രാഗത്ഭ്യമാര്ക്കുമറിയാൻ കഴിയാത്ത മായാ-
വേഗം തടുക്കരുതു, വാക്കിതു സാഹസം തേ.
"ജന്മാദി മൂന്നു ദശകൾക്കുമധീശരാകും
ബ്രഹ്മാദിമുവ്വരെവൾതന്നുടെ കിങ്കരന്മാർ:
അമ്മായയെക്കിമപി കാണ്മതിനാശ തെല്ല-
ല്ലെന്മാനസത്തിലിതി" നാരദനന്നു ചൊന്നാൻ.
രമയുടെ കമിതാവും നാരദൻതാനുമായി
പ്രമദഭരിതമേവം സംവദിക്കും ദശായാം
അമിതബലനമന്ദം കാദ്രവേയാശനൻതാ-
നമരശരണപാദേ വന്നു വന്ദിച്ചു നിന്നാൻ.
"എന്നാലോ മായയെക്കാണ്മതിനു കുതുകമു-
ണ്ടെങ്കിലെൻ നാരദര്ഷേ!
വന്നാലും കന്യകുബ്ജാഭിധനഗരമതി-
നായി ഞാൻ പോയിടുന്നേൻ"
എന്നീവണ്ണം ത്രിധാമാവഴകിക്കൊടരുളി-
ക്കൈപിടിച്ചാ മുനീന്ദ്രൻ-
തന്നേയും മന്ദമേറ്റിഗ്ഗരുഡനുടെ പുറ-
ത്തേയ്ക്കു താനും കരേറി.
രണ്ടാംസര്ഗ്ഗം
അരിയ മിനുമിനുപ്പം മെയ്നിരപ്പും പരപ്പും
പെരിയ പതുപതുപ്പം പെട്ട തൽപൃഷ്ഠദേശേ
ഹരി പരിചിലിരുത്തീ താപസപ്രൌഢനെത്ത-
ന്നരികി;-ലൂടനിരുന്നൂ താനുമന്യൂനമോദം.
ഭുവനപതി വിളങ്ങും ഭൂതിസമ്പൂര്ണ്ണമാകും
ഭവനമുകളിൽനിന്നാപ്പക്ഷിരാജൻ പറന്നാൻ;
പവനഭുജഗനാഥസ്പര്ദ്ധയാ മേരുശൃംഗം
ലവണജലധിമദ്ധ്യത്തിങ്കലേയ്ക്കെന്നപോലെ.
ദനുതനയനിഹന്താവേതു കാ,ലത്തനന്താ-
സനമകലെ വെടിഞ്ഞോ, തൽക്ഷണം പക്ഷിരാജൻ
വിനയയുതമനന്താരൂഢനായ് വിഷ്ണുതാനെ-
ന്നനുഭവമഖിലര്ക്കും വന്നിടാനെന്നപോലെ.
പതഗപതി പറക്കും കാറ്റു വന്നേറ്റു പുഷ്പം
വിതറി മരമസംഖ്യം ഭൂതലത്തിൽപ്പതിച്ചൂ;
ശതമഖസഹജാപ്തൌ സജ്ജനൌഘം കണക്കേ
ലതകൾ നടികൾപോലേ കൂടിയാടിത്തുടങ്ങീ.
പരിഖകൾ പതിനാറും പത്മനാഭന്റെ ഭക്ത-
പ്പരിഷകൾ പെരുമാറും ഭൂമിയും ഭൂരിയാറും
പരിമളഭരമേറും പഞ്ചദേവദ്രുവാടീ-
പരിസരഗതിതേറും പത്മിനിക്കുള്ള ജോറും.
സുരപതിമുതലായുള്ളഷ്ടലോകാധിപന്മാർ
നിരവധി പരിവാരസ്വാസ്ത്രജാലങ്ങളോടും
മരുവുമമരഹർമ്യക്കൂട്ടവും, നിര്ജ്ജരപ്പെൺ-
തെരുവുമിരുപുറത്തായേകവീഥീതലത്തിൽ.
ധരണിയിലെഴുമോരോ ഭക്തരെക്കൊണ്ടുപോരും
വരവുമൊരെതിരേല്പും വീര്പ്പുവിട്ടാര്ക്കുമാര്പ്പും
പുരതരുണികൾ ചെയ്യും പുഷ്പവര്ഷങ്ങളും പെൺ-
നിരയുടെ കുഴലൂത്തും മേളവും നല്ല കൂത്തും.
കനകമയവിമാനവ്രാതവും പ്രാതരുദ്യ-
ദിനകരരുചിചേരും നൂറുവട്ടുള്ള തേരും,
പുനരപി പലമട്ടുള്ളോരു വൈകുണ്ഠഭൂതി -
ക്കനമമരമഹര്ഷിക്കക്ഷിലക്ഷീഭവിച്ചു. (കുളകം)