I
അനര്ഘദിവ്യാഞ്ജനസന്നിഭാഭം
ധനഞ്ജയസ്യന്ദനഭൂഷണം ധനം
അനശ്വരം കൈവശമുള്ളകാല-
ത്തനര്ത്ഥമാം മറ്റുധനം സമസ്തവും.
ഭവാമയക്കാര്ക്കുയരുന്നശല്യ-
നിവാരണം ചെയ്യുമൊരുത്തമൌഷധം
ദിവാനിശം കൈവശമുള്ളവൻപോയ്
ജവാൽ നിരാതങ്കപദത്തിലെത്തിടും.
കുശേശയപ്പെൺകൊടിയാൾക്കുപുണ്യ-
വശേന കൈവന്ന കുചേലകാഞ്ചനം
വിശേഷമാണായതണിഞ്ഞവര്ക്കി-
ല്ലശേഷവും സംസൃതികൊണ്ടു സങ്കടം.
നിരാശയന്മാർ നിഗമത്തിനുള്ളിൽ-
പ്പരാവരം കണ്ടുവരുന്ന ദൈവതം
നിരാമയം പാട്ടിലെഴുന്നവര്ക്കു
ദുരാശ തൊട്ടുള്ള ഗദങ്ങൾ നീങ്ങിടും.
ചിരന്തനം ചീരജടാധരന്മാർ
ചിരന്തപിക്കുന്ന സനാതനം പദം
നിരന്തരം നോക്കു ലഭിക്കിലെത്ര-
തരം തരക്കേടുവരില്ലൊരിക്കലും.
നലം നിറഞ്ഞാവസുദേവപുണ്യ-
ഫലം പരം നിത്യനിദാനമംഗളം
സ്ഥലംപിടിക്കട്ടെ മനസ്സിലെന്നാ-
ലലം പരബ്രഹ്മപദത്തിലെത്തിടാം.
അപാരസംസാരനിവാരണം സൽ-
കൃപാനടീനൃത്തകലാനികേതനം
സുപാവനം സങ്കടദുര്വ്വിഷദ്രു-
കൃപാണമാണേവനുമുള്ളിലോര്ര്ക്കുകിൽ.
ജിതേന്ദ്രിയോപാജ്ജിതഭാഗ്യജാതം
സ്വതേ ജഗൽക്കാരണമായ ദൈവതം
അതേ നമുക്കാശ്രയമാധിനീങ്ങാ-
നിതേവമെന്നേവനുമോര്മ്മവെയ്ക്കണം.
പ്രവൃത്തിമാറ്റത്തിനുമപ്രകാരം
നിവൃത്തിമാറ്റത്തിനുമാദികാരണം
പ്രവൃത്തിചെയ്യുമ്പൊഴതുള്ളിലോര്ത്തേ
നിവൃത്തിയുള്ളൂ നിലനില്പിനേവനും.
ദിനങ്ങൾതോറും മുനിമാർനിനയ്ക്കു-
മനന്തമെത്തപ്പുറമാര്ന്ന ദൈവതം
മനസ്സുവെച്ചാൽബ്ഭവഭാരഭാണ്ഡം
കനത്തിടാതൊട്ടു ചുമന്നിറക്കിടാം.
വിരിഞ്ചിമുഖ്യര്ക്കു ജഗത്സ്വഭാവം
തിരിഞ്ഞുകാണുന്നതിനുള്ള ദര്‍പ്പണം
ഒരിക്കലീക്ഷിക്കണമെന്നിരുന്നു
മരിക്കിലും കണ്ടഫലംകിടച്ചിടും.
മറയ്ക്കു മൂലം മുനിമാര്‍ക്കു മായാ-
മറയ്ക്കു നാശത്തിനു മുഖ്യകാരണം
മറന്നിടൊല്ലായതിനാൽ പ്രപഞ്ചം
മറന്നിടാൻ സംഗതി സംഭവിച്ചിടും.
കളങ്കപങ്കങ്ങളണഞ്ഞിടാതുൾ-
ക്കളത്തിലായോഗികളോര്ക്കുമീശ്വരൻ
ഇളക്കമില്ലാതെ മനസ്സിൽവന്നു
വിളങ്ങണം നാമതിനാഗ്രഫിയ്ക്കണം.
വിളങ്ങുകജ്ഞാനതമസ്സൊഴിച്ചുൾ-
ക്കളത്തിലാനന്ദദനായ് നിരഞ്ജനൻ
തളര്ന്നുതാപ്പൂട്ടിയ താമരയ്ക്കു
വെളുപ്പിനാദിത്യനുദിച്ച മാതിരി.
എരിഞ്ഞുകത്തുന്ന ഭവാതപത്താൽ
ക്കരിഞ്ഞ ചിത്തം പെടുമെങ്കലച്യുതാ!
ചൊരിഞ്ഞിടേണം കരുണാമൃതം ഹാ!
പൊരിഞ്ഞവേഴാമ്പലിലംബുദംവിധം.
ജനിയ്ക്കലും ചാകലുമെന്ന തുള്ള-
പ്പനിയ്ക്കു പറ്റുന്നൊരു ചിദ്രസായനം
എനിക്കു തന്നീടണമാദിവൈദ്യ-
ജനിക്കു നീ മൂലമിവൻ ജ്വരാതുരൻ,
ചരാചരാലംകൃതമിജ്ജഗത്തു-
ചിരാൽച്ചമച്ചായതു കാത്തഴിപ്പു നീ
ശരിക്കു കുട്ടിപ്പുരവെച്ചുകെട്ടി-
ബ്ഭരിച്ചഴിക്കും മമ പൈതൽ പോലവേ.
നടാമിവൻ ഭക്തിലതാമതല്ലി-
യുടൻ മനസ്സിൽക്കരുണാമൃതത്തിനാൽ
പൊടിക്കണംതാനതു പൂത്തുകാച്ചു-
കിടയ്ക്കണം ചിദ്രസപൂര്ണ്ണമാം ഫലം.
വളര്‍ന്നിടും നിൻ കരുണാംബുവന്നുൾ-
ക്കളത്തിൽ വായ്ക്കും വിഷയക്കൃഷിത്തരം
കളഞ്ഞിടേണം; മലവെള്ളമെങ്ങും
വിളഞ്ഞ കന്നിക്കൃഷിയെക്കണക്കിനെ.
പുകൾന്നു ലോകങ്ങളിലങ്ങുമിങ്ങും
പകർന്നു കാണാതെ കളിച്ചിടുന്നു നീ
അകല്മഷാരാധിത! ബാലകന്മാർ
തകത്തൊ'ളിച്ചോപ്പി'കളിച്ചിടുംവിധം.
എടുത്തു കാലച്ചെറുചെപ്പുമായാ-
പടം നിവര്ത്തിബ്ഭുവനങ്ങൾ പന്തുമായ്
അടുക്കിലാടും തവ ചെപ്പടിക്ക-
യ്യടക്കമത്യത്ഭുതമാദിപൂരുഷാ!
തളര്‍ന്നു താന്നെപ്പൊഴുമീബ്ഭവാനെ
വിളിച്ചു വാവിട്ടു തൊഴിച്ചിടുന്നു ഞാൻ
ഇളക്കമെന്താകിലുമില്ലയോ ഹാ!
വെളിപ്പെടുത്തിത്തരണേ പരംപദം.
ഇതേവമോരോന്നു നിനച്ചു രാധാ-
പതേ! വസിക്കാമടിയൻ മരിക്കുകിൽ
സ്വതേ വിളങ്ങും വിമലം വിശിഷ്ടം
ജിതേന്ദ്രിയ സ്ഥാനമണയൂണം ക്ഷണം.
ആരെന്തു ചോദിക്കുകിലും കൊടുക്കും
പേരാര്ന്ന നാരായണനെന്നിവണ്ണം
ആരും പുകൾത്തുന്നതു പാഴിലായാൽ
പോരായ്മ ലോകേശ! ഭവാനുതന്നെ!
ചൊല്ലാനില്ലാത്തതായിച്ചിലചെറുപിഴ ഞാൻ
ചെയ്തതാച്ചിത്രഗുപ്തൻ
മല്ലാരേ! ചേർത്തിരിക്കാമവനെഴുതിവരും
നാൾവഴിബ്ബുക്കിലെങ്ങാൻ
നില്ലാതബ്ബുക്കുവാങ്ങീട്ടലിവിനൊടവിടു-
ന്നൊക്കെ നോക്കിപ്പിടിച്ചി-
ട്ടെല്ലാം വെട്ടിക്കളഞ്ഞീടുക വികൃതിയെടു-
'ത്തേറിടും' മുമ്പുതന്നെ.
II
ശ്രീകാമ,മീയവനിയിൽ ബഹുസക്തി ദിവ്യ
ശ്രീകാളുവാൻ കൊതിയിനിക്കിവയാണു ദുഃഖം
ആകാത്തതല്ലടിയനീദ്ദിവ്യമൂര്ത്തേ!
ശ്രീകാന്ത! ഭൂരമണ! നിൻ കൃപയുള്ള പക്ഷം
ജീവിച്ചിരിയ്ക്കുമിവനീവിധമെന്നുതന്നെ
ഭാവിച്ചിരുന്നുദിവസംകളയുന്നൊരെന്നെ
വേവിച്ചിടൊല്ല കരുണാകര! പാദപത്മം
സേവിച്ചിരിപ്പതിനു സംഗതിയാക്കിടേണം.
ചെന്താർശരന്റെനിഗമക്കടലിൽജനിച്ച
സന്താനവല്ലിദയിതാവനിതാവിലാസം
എന്താവതെന്നെയിവിടെത്തകരാറിലാക്കു-
മെന്താമരാക്ഷ! തുണചെയ്യുക, ഞാൻ വലഞ്ഞു.
സംസാരവൃക്ഷഫലമായ കിടാങ്ങൾ തൂകും
സംസാരവും വിവിധകമ്രവിലാസവായ്പും
കിംസാര?മായതിലലിഞ്ഞടിയൻ വലഞ്ഞു
കംസാരി കാത്തരുളണം കലിബാധ നീക്കി.
സന്താപസന്തതികളാം നിജപുത്രമിത്ര
കാന്താദുരന്തദുരിതക്കടലിൽ കളിച്ചാൽ
എന്താണൊരന്ത; മടിയത്തിനൊരാധിവല്ലാ-
തെ;ന്താമരാക്ഷ! വലയാനിടയാക്കിടൊല്ലേ.
ഇല്ലാ ശരീരസുഖമിന്ന,ളിവര്ണ്ണ! നാളെ-
ച്ചൊല്ലാവതല്ലധൃതി, നമ്പരടുത്ത പിറ്റെ;
എല്ലാദ്ദിനത്തിലുമിതേനില; നാലു നാമം
ചൊല്ലാൻനിനയ്ക്കിലിടയില്ലടിയൻ വലഞ്ഞു.
മല്ലാസുരാന്തക! മരിപ്പളവന്നു ഭാഗം-
ചൊല്ലാനിനിക്കിവിടെയുള്ളവരാരുമില്ല.
എല്ലാം ഭവൽക്കരുണയാണവലംബമേവ-
മെല്ലാമിരിക്കെ, മതിമായയിൽ മങ്ങിടുന്നു.
വല്ലാതെകണ്ടുവലയുന്ന ജനത്തിനങ്ങു-
ന്നല്ലാതെകണ്ടു ഗതിയില്ലതിനില്ല വാദം
ചൊല്ലാതെകണ്ടതറിയാമവിടേക്കു പിന്നെ
വല്ലായ്മ കണ്ടതിവനെന്തിനുരച്ചിടുന്നു?
ക്ഷീണിക്കുമപ്പൊഴുതിലന്തകദൂതർ മുഷ്കു-
കാണിക്കുമാഗ്ഗഡുവിലെന്നവലച്ചിടാതെ
കാണിക്കണം കരുണ, യക്പലരോടുടൻവ-
ക്കാണിക്കണം മുദിരവര്ണ്ണ! മുദം തരേണം.
ഈരേഴുലോകമഴകിൽപ്പരിരക്ഷചെയ്തു
പോരേണ്ടഭാരമളിവര്ണ്ണ! ഭവാനിരിയ്ക്കെ
നേരേ കിടന്നു തലതല്ലുമിവന്റെ ദുഃഖം
തീരേണ്ടതായ വഴി കണ്ടരുളാത്തതെന്തേ!
വേദാര്ത്ഥമുള്ളിലറിയും കുറവറ്റ ശുദ്ധം
വേദാന്തികൾക്കുമറിയാനരുതാത്ത തത്വം
പാദാരവിന്ദമയി!തേ ഗതിയെന്നിരിക്കു-
മീദാസനായരുളണം പരതത്വമൂര്ത്തേ!
നന്ദാലയത്തിലലിവോടിടയക്കിടാവാ-
യ്ക്കന്നാലിമേച്ച കടൽവര്‍ണ്ണ! കൃപാവലേശം
പിന്നാലെവന്നടിതൊഴുന്നടിയത്തിനെത്ര
ചൊന്നാലുമേകിടുകയില്ലതു സങ്കടം താൻ
ആട്ടിപ്പിടിച്ച ബലമാർ തിരുമേനി കൊട്ട-
യാട്ടിക്കളിച്ചു, വിജയന്റെ രഥം നടത്താൻ
ചാട്ടിന്മലും കയറി,യെന്തിതെനിക്കു മാത്രം
പാട്ടില്പെടില്ലടിയനും തവ ഭക്തനല്ലെ?
ദീനത്തിലോതിയൊരു പേമൊഴി നാമമാക്കി-
ദ്ധ്യാനിച്ചജാമിളനു മുക്തി കൊടുത്തതില്ലെ?
ആനന്ദവിഗ്രഹ! ദിനംപ്രതി ദിവ്യനാമ-
ഗാനം നടത്തുമിവ,നായതിനൊന്നുമില്ലെ?
വൃത്രാരിപൂജ്യനയി! നീയലിവോടുധര്മ്മ-
പുത്രാര്‍ത്തി തീര്‍പ്പതിനു ദൂതിന്നു പോയിയില്ലെ?
മിത്രാപദുദ്ധരണദക്ഷ! ഭവാനിദാനീം
കുത്രാദ്രമാം ഹൃദയമെന്നെ വലച്ചിടൊല്ലെ.
കില്ലില്ല പാര്‍ഷതി വിളിച്ച വിളിപ്പുറത്തു
ചെല്ലില്ലയോ കപടഗോപകുമാര! ശൗരേ!
ഇല്ലല്ലയോ കരുണയാശ്രിതനായൊരെന്നിൽ
തെല്ലല്ലലാണിത;രുതേ തവ പക്ഷപാതം.
തെണ്ടിക്കിടച്ചൊരുരി നെല്ലു വറുത്തിടിച്ചു
കൊണ്ടിത്തിരിക്കവിലുതന്നവനെപ്പുലർത്താം
വേണ്ടില്ല മട്ടയി! വിഭോ! പരമാന്നദാനം-
കൊണ്ടില്ലപോലുമലിവെങ്കലിതെന്തു ഞായം?
നേരിട്ടു നിൻ കരുണ ഭക്തജനത്തിനായി-
ക്കൂറിട്ട മാത്രയിലെനിയ്ക്കു തരാഞ്ഞതെന്തേ?
വേറിട്ടൊരാൾ ശരണമില്ല വിടില്ല പാദ-
ത്താരിട്ടലട്ടുമലിവുള്ളിൽ വരും വരയ്ക്കും.
ഞാനെന്നുമെന്നുടെയതെന്നുമകക്കുരുന്നിൽ
തോനുന്നതോര്ത്തിടുകിൽ മായയതെന്നറിഞ്ഞു
ആനന്ദവിഗ്രഹ! ഭവൽകൃപകൊണ്ടു തത്വ-
ജ്ഞാനം ലഭിയ്ക്കിലടിയൻ കൃതകൃത്യനായി.
കാറോടിടഞ്ഞ വളർകൂന്തൽ, വിരിഞ്ഞൊരല്ലി-
ത്താരൊട്ടു തോറ്റ വദനം, മൃദു മന്ദഹാസം,
മാറോടിണങ്ങിയൊരു കൌസ്തുഭ,മര്ക്കപുത്രീ
നീരോടിടഞ്ഞ നിറമെന്നിവയെത്തൊഴുന്നേൻ
താരോമയങ്ങുമടിയും കുറവറ്റ ഭക്ത-
ന്മാരോമനിയ്ക്കുമതിലെപ്പൊടിയും മുരാരേ!
നീരോമമാം തുടയുമിബ്ഭുവനങ്ങൾ തിങ്ങ -
ന്നാരോമകൂപനിരയും തവ കൈതൊഴുന്നേൻ
ഏറെപ്പുകൾന്ന പുരികങ്ങളുമിഷ്ട ഭക്ത-
ന്മാരെപ്പൂണര്ന്നു നിവരുന്ന കരങ്ങളുംതേ.
കൂറെപ്പൊഴും പൊഴിയുമാ മൊഴിയും ദുരാശ
തീരെപ്പൊരിപ്പൊരളകങ്ങളുമോര്ത്തിടുന്നേൻ
ആര്‍ക്കും മനസ്സലിയുമാമിഴിയും, പരേത-
ന്മാര്‍ക്കും വിചിത്രമുയിരേകുമപാംഗവുംതേ
ഓര്‍ക്കും മനുഷ്യനു വരുന്ന വിപത്തുവേഗം
തീര്‍ക്കും മനസ്സുമലിവും, കരുതിത്തൊഴുന്നേൻ.
ചില്‍ക്കാതലേ! സകലമായ ചരാചരങ്ങൾ
തിക്കാതകണ്ടമരുമീയുദരത്തിനും ഞാൻ
നില്‍ക്കാതെ താണു തൊഴുതേൻ മമതാവശക്കേ-
ടൊക്കാതെ കാത്തരുളിടാതെ നിവൃത്തിയില്ല.
ഇക്കാണുന്ന ചരാചരം മുഴുവനും
കായ്ക്കുന്ന കാലാഖ്യമാ-
യെക്കാലത്തുമെഴുന്ന ദിവ്യതരുതൻ
വേരായ നാരായണൻ
നില്ക്കട്ടേ തുണയായ് ദുരന്തദുരിതാ-
ഗാരത്തിലാപ്പെട്ടിനി-
ച്ചക്കിട്ടം തിരിയാതെനിയ്ക്കു പരമാ-
നന്ദം പുലര്‍ന്നീടുവാൻ.
III
കാറണിയും തിരുമുടിയിൽ
താരണിയും ഭംഗിയും കലേശന്റെ
കീറണിയും നിടിലവുമുൾ-
ക്കൂറണയും മട്ടു ഞാൻ നിനയ്ക്കുന്നേൻ.
അളകം സന്തതമിളകി-
ക്കളിയാടും നെറ്റിമേലെഴും
പൊട്ടും കളിയല്ല മാനസം ചെ-
റ്റിളകാതുള്ളത്തിലോര്ത്തുകൊണ്ടാലും.
തല്ലും നല്ലൊരു തിര തല
തല്ലും ചില്ലിദ്വയം പരം ഭക്ത്യാ
അല്ലും പകലും കരുതുക
തെല്ലും കില്ലെന്നിയേ സുഖം കിട്ടും.
കരിമീനിൻ കരൾ കരിയും
തിരുമിഴിയും തൃക്കടാക്ഷവും മൊഴിയും
വരുമല്ലലൊക്കെയൊഴിയും
പരമൊര്ന്നോത്താലുമപ്പൊഴുള്ളലിയും.
മൂക്കും സകല ജനത്തിനു-
മൂക്കു കൊടുക്കുന്ന നല്ല പുഞ്ചിരിയും
ചോക്കും മധുരാധരമതു-
മോര്‍ക്കുക ദുഃഖങ്ങൾ നീങ്ങുവാൻ നിത്യം.
കമലാചുംബനകലകൊ-
ണ്ട മലം സുകപോലമുള്ളിലോര്ക്കുന്നേൻ
കമലജമുഖസുഖനിര്ഗ്ഗത
വിമലശ്രുതിപൂര്ണ്ണകര്ണ്ണവും നിയതം.
തിങ്കളുമപ്പങ്കജവും
ശങ്കിക്കും രമ്യമായ തിരുവദനം
പങ്കമകന്നു നിനയ്ക്കുക
സങ്കടമാക്കെടും പെടും സൌഖ്യം.
നിസ്തുലയാം കാന്തിയെഴും
കൌസ്തുഭമണിയുന്ന കംബുകണ്ഠം ഞാൻ
വസ്തുത കരുതീടുന്നേ-
നസ്തു സദാനേരവും ചിദാനന്ദം.
ഭക്തനിടഞ്ഞു ചവിട്ടിയൊ-
രക്കലയും നല്ല താരിലെത്തയ്യും
തക്കമൊടരുളും തിരുമാ-
റുൾക്കളമതിലോര്ക്കുകിൽ ശുഭം കിട്ടും.
ഭുവനമശേഷം പ്രളയോൽ-
ഭവസമയത്തിച്ഛപോലമര്ന്നീടാൻ
ഭവനമതാമുദരതലം
ഭവശമനത്തിന്നു നിത്യമോക്കുര്ന്നേൻ.
കടിയും നാഭിയുമിന്നൊരു-
പിടിയിലൊതുങ്ങുന്ന മദ്ധ്യവും
നിത്യം അടിയോളം മുട്ടി നില-
ത്തടിയും മഞ്ഞച്ചുപട്ടുമോര്ക്കുന്നേൻ.
ശ്രീകൊണ്ടു കാന്തിയേന്തും
ശ്രീകണ്ടാനന്ദമാർന്നിടുന്നൊരിടം
ആകപ്പാടെയതിന്നക -
മാക നമിക്കാമെനിക്കതേ പററൂ.
മടിയിൽ ശ്രീയ്യാദേവകൾ
മുടിയിൽ സ്സത്തുകൾ ചിത്തതാരിങ്കൽ
മടി വിട്ടു വെച്ചു വാഴ്ത്തു-
ന്നടിമലരല്ലോ നമുക്കൊരവലംബം.
മറയവരനുവാരം ദുഃഖശാന്തിയ്ക്കുഹൃത്താ-
മറയിലധിവസിപ്പിച്ചോര്ക്കുമാദ്യന്തഹീനൻ;
മറയുടെ മുരടായോ; നോര്ക്കുവോര്ക്കൊക്കെ മായാ-
മറയിലൊളിവിൽനില്പോൻകാണുമാറായ്വരട്ടെ