Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / ഇന്ദുമതീസ്വയംവരം
Author: വിസി ബാലകൃഷ്ണപ്പണിക്കര്‍

ഇന്ദുമതീസ്വയംവരം

വിസി ബാലകൃഷ്ണപ്പണിക്കര്‍

നാഗാനന്ദവും ഇന്ദുമതീസ്വയംവരവും ശ്രീവാസുദേവാഷ്ടകം എന്ന കൃതിയും കവനോദയത്തില്‍ തന്നെ പ്രസിദ്ധപ്പെടുത്തീട്ടുള്ളതാണ്.
- പിവി കൃഷ്ണവാര്യര്‍

ഒന്നാമങ്കം (പേജ് 01 - 05)

 

-01-

ഒന്നാമങ്കം

ധാരാളം ബുദ്ധിമുട്ടൊക്കെയുമണയുകിലും
ദൈവയോഗത്തി നാല-
പ്പാരാവാരം കടന്നിട്ടതിലഘു വലുതാം
ലങ്കയിൽ ചേന്നശേഷം
പോരാടിക്കാന്തയെത്തൻ കരതലഗതയാ-
ക്കീട്ടു രത്നപ്രഭാത്മാ-
വാരാണിപ്പാരു കാത്തോൻ പുരുസുഖമരുളും
പാര്‍ക്കിലാ രാമഭദ്രൻ.


അത്രയുമല്ല,

മിന്നും ശുദ്ധാക്ഷമാല്യം തിരളുമൊരു കരം,
പുസ്തകാഭീതി യുഗ്മം
ചിന്നും കൈ രണ്ടു, വേറിട്ടൊരു കരമിവയാം
നാലു തൃക്കൈകളോടും
എന്നും കൽഹാരപുഷ്പത്തിനു നടുവണിയി-
ച്ചാദരാലര്‍ക്കതേജ-
സ്സിന്നും നാണംകൊടുക്കും പ്രഭയൊടു വിലസും
കാന്തി കാമം തരട്ടെ.


(നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു)

സൂത്രധാരൻ- (അണിയറയ്ക്കു നേരെ നോക്കിക്കൊണ്ടു്) വേഷധാരണം കഴിഞ്ഞുവെങ്കിൽ ഇങ്ങോട്ടു വരികതന്നെ,

നടി- (പ്രവേശിച്ച്) ഇതാ ഞാൻ എത്തിപ്പോയി. ഇനി എന്തു ചെയ്യേണമെന്നു ആര്യൻ കല്പിക്കുക.

സൂത്രാധരൻ- അതികീര്‍ത്തിമാനും അത്യൗദാര്യവാരാശിയുമായ വിദ്വാൻ മാനവിക്രമ ഏട്ടൻ തമ്പുരാൻ തിരുമനസ്സിലെ ക്ഷണപ്രകാരം ഇന്നു ഇവിടെ കൂടിയിരിക്കുന്ന ഈ സാമാജികന്മാരെ ഭവതി കാണുന്നില്ലേ? ഈ അവസരത്തിൽ നാം സഹൃദയന്മാരായ ഇവരുടെ വിനോദത്തിന്നു് ഒരു നൂതന നാടകം അഭിനയിക്കുന്നതു തന്നെ ഉചിതമായ കൃത്യം.

നടി- എന്നാൽ ഏതു നാടകമാണ് വേണ്ടതു്?

-02-

ഗുട്ടും വേണ്ട മിടുക്കു കാട്ടുവതിനായ്
പോരുന്നമട്ടിൽ കഥ-
ക്കെട്ടും ലക്ഷണവും തികഞ്ഞു വിലസും
നാട്യം നടിച്ചിടണം
ഒട്ടും സംശയമില്ലതി,ന്നിതുമറി-
ച്ചെന്നാകിലിന്നാം പണി.
പ്പെട്ടുണ്ടാക്കിയ കീർത്തി പോകുമതിനാ-
ലിക്കാര്യമോര്‍ത്തോതണം.


സൂത്രാധരൻ- അതിനെന്താണ് ഇത്ര ആലോചിപ്പാനുള്ളതു്? നാം കുറച്ചുകാലം മുമ്പു അഭ്യസിച്ചു തീർന്നതും വിദ്വാൻ മാനവിക്രമ നടത്രാൾപാടു തമ്പുരാൻ തിരുമനസ്സിലെ ശിഷ്യനും ബാലകവിയുമായ വി. സി. ബാലകൃഷ്ണപ്പണിക്കരാൽ ഉണ്ടാക്കപ്പെട്ടതുമായ "ഇന്ദുമതീസ്വയംവരം" എന്ന നവീന നാടകംതന്നെയാവട്ടെ. പക്ഷെ, ഭവതി ചിലപ്പോൾ ചോദിച്ചിട്ടുള്ളമാതിരിയിൽ ഇയാൾ കുട്ടിയല്ലേ? മറ്റു പ്രൌഢനാടകങ്ങളുള്ളപ്പോൾ ഇതെന്തിനാണ് അഭിനയിക്കുന്നതു് എന്നും മറ്റുമുള്ള കുതര്‍ക്കങ്ങളെക്കൊണ്ടു അരങ്ങു മുഷിപ്പിക്കുവാൻ പുറപ്പെട്ടാൽ ഞാൻ ഉത്തരം പറകയില്ല.

നടി- ഈ നാടകവിഷയത്തിൽ ഞാൻ അങ്ങിനെ ചോദിപ്പാനേ വിചാരിച്ചിട്ടില്ല. ഏതായാലും ഇതായതു് വളരെ നന്നായി.

പുതിയൊരുവിധമിച്ചരിതം
മതിമാൻ നേതാവു വത്സയുവരാജൻ;
കൃതിമണി വിക്രമഭൂമീ-
പതിശിഷ്യൻ കവിയുമൊത്തു ഗുണമഖിലം.


ആകയാൽ അനന്തരകരണീയത്തെ ആര്യൻ ആജ്ഞാപിച്ചാലും.

സൂത്രധാരൻ- ഇനി കര്‍ണ്ണാനന്ദകരമായ ഭവതിയുടെ ഗാനം തന്നെയാകട്ടെ.

നടി - എന്നാൽ ഏതു ഋതുവിനെയാണു് ഞാൻ വർണ്ണിക്കേണ്ടതു്?

സൂത്രധാരൻ - അതിനെന്താണ് സംശയം? ഈ വസന്ത ഋതുവിനെത്തന്നെ- ഇപ്പോളിതാ ഭവതി കാണുന്നില്ലേ?

-03-

ഒന്നായ് ശോഭിച്ച മല്ലീലതകളുടെ നറും-
പൂങ്കുലക്കൊങ്കയുഗ്മ -
ക്കുന്നാകെത്താനുലച്ചും ബത! പുതുതളിരാ-
മോഷ്ഠമൂനപ്പെടുത്തും
നന്നായ് തെക്കായ ദിക്കീന്നൊരു പടുവിടനെ-
പ്പോലെ മാരപ്രസംഗ-
ത്തിന്നായിച്ചുറ്റിയെത്തുന്നിതു മൃദുപവനൻ
കണ്ടിതോ കൊണ്ടൽവേണീ?


നടി- ശരിതന്നെ (എന്നു പാടുന്നു)

മാമ്പൂമഞ്ജരിയായിടും മുല കുലു-
ക്കിക്കൊണ്ടു നൽതാമര-
പ്പൊമ്പൂവാം മുഖമങ്ങുയര്‍ത്തി ലതയാം
തങ്കയ്യിളക്കിത്തഥാ
വമ്പാളുന്ന വസന്തലക്ഷ്മി കുയിലിൻ
പാട്ടായ സംഗീതമി-
ട്ടെമ്പാടും പൊടി പാറ്റിയിങ്ങിനെ മിര-
ട്ടീടുന്നു നാടൊക്കെയും.


സൂത്രധാരൻ- ആര്യേ! ഗാനം വളരെ വിശേഷമായി.

എന്തെന്നാൽ,

നൂതനസ്വഭാവമിയലുന്നൊരു നിന്റെഗാനം
യത്നംവെടിഞ്ഞു സഭതൻ ഹൃദയം ഹരിച്ചു!
പ്രത്നപ്രഭാവമിയലുന്നൊരു നിഷ്കുടം സ-
ദ്രത്നപ്രഭപ്രഭുവരന്റെ മനസ്സിനെപ്പോൽ.


ആകട്ടെ, ഇനി നമുക്കു പോവുക (എന്നു രണ്ടാളും പോയി)

(പ്രസ്താവന കഴിഞ്ഞു)



-04-

രംഗം 1


(അനന്തരം രത്നപ്രഭനും സുകുമാരനും പ്രവേശിക്കുന്നു)

രത്നപ്രഭൻ - ഹേ! വയസ്യ ഈ ഉദ്യാനത്തിന്റെ ഒരു ഭംഗി നോക്കു ഹാ!

ചീരത്തയ്യുകളിങ്ങു വെട്ടി വളരെ-
ബ്ഭേഷാക്കിയോരോതരം
സരസ്യത്തൊടു വെച്ചമട്ടു പുതുതാ-
ക്കീടുന്നിതുൾപ്രീതി മേ
വാരസ്ത്രീവരദേഹവര്‍ണ്ണമിയലു-
ന്നോരിപ്പനീർച്ചെമ്പക-
ത്താരത്യന്ത സുഗന്ധമേകിയിവനെ
സ്വാധീനമാക്കുന്നുതേ!


അത്രതന്നെയുമല്ല,

ഒന്നായിട്ടൊരു വത്സരം വിരഹമാര്‍-
ന്നീടും വസന്തപ്രിയൻ
വന്നാനെന്നു നിനച്ചമൂലമുളവാ-
യീടും പ്രമോദത്തിനാൽ
നന്നായ് പുഞ്ചിരിതൂകിടുന്നൊരു വന
ശ്രീ തൻ ദന്തങ്ങളാ-
ണ്ടെന്നായിപ്പതു മുല്ലമൊട്ടുകളെനി-
ക്കേകുന്നു ചിത്തഭ്രമം


സുകുമാരൻ - ഇവിടുന്നു കല്പിച്ചതു ശരിതന്നെ. ഇതാ ഇവിടെ,

തത്തിക്കളിച്ച ചില പൂവിലെഴും നറുന്തേൻ
കൊത്തിക്കുടിച്ചു കളനാദമുതിർത്തു പാരം
എത്തിപ്പറന്നിഹ വരും പ്രിയമാരൊടൊത്തു
മുത്തിൽപെടും കളികളിങ്ങൊരു കാഴ്ചയത്രേ.


രത്നപ്രഭൻ - സഖേ! സുകുമാര! ഈ കൃത്രിമതടാകം നോക്കൂ.

-05-

തിങ്ങിക്കരയ്ക്കു വരെയെത്തിവിളങ്ങിടുംനീ-
രിങ്ങിത്തരം വലിയ ശോഭ വഹിച്ചിടുന്നു;
പൊങ്ങിത്തെറിച്ചുടനെ വീണു ജലം കുടിച്ചു
മുങ്ങിക്കളിക്കുന്നതിലെജ്ഝഷജാതി നോക്കൂ.


സുകുമാരൻ- ഓ! ഞാൻ കാണുന്നുണ്ട്. ഇന്നു വസന്തകാലം ആരംഭിച്ചിരിക്കയാൽ ഉദ്യാനം വളരെ മോടിയായിരിക്കുന്നു. എന്നാൽ ഇവിടെ പണ്ടു പണ്ടേ നടത്തിവന്നിരുന്ന വസന്തോത്സവം എന്താണിന്നുമുതൽക്കു് ആരംഭിക്കാത്തത് ?

രത്നപ്രഭൻ - സഖേ! അതു പറയാം.

ഉണ്ടുഗുണം പരമെന്നാൽ
പണ്ടുള്ളൊരു ചട്ടമാദരിക്കണം;
കണ്ടു വിനാശം താനതു
കൊണ്ടുടണെന്നാൽ ത്യജിക്കയും വേണം.


ആകയാൽ "ഉദയനൻ" മുതലായ പുരാതനന്മാർ ചെയ്തുവന്നിരുന്ന ഈ ഉത്സവം കൊണ്ടു ഭണ്ഡാരത്തിലെ മുതൽ ചിലവാക്കുകയെന്നല്ലാതെ യാതൊരു പ്രയോജനവുമില്ലെന്നുള്ള എന്റെ അഭിപ്രായത്തോടു അച്ഛനും യോജിച്ചിരിക്കയാൽ ഇത് ഈ കൊല്ലംമുതല്ക്കു വേണ്ടെന്നുവെച്ചതു താനറിഞ്ഞില്ലേ?

സുകുമാരൻ - അങ്ങിനൊയൊക്കെ ചിലർ ഇവിടേക്കും മനസ്സിനു് എന്തോ ഒരു അസ്വാസ്ഥ്യം ബാധിച്ചിരിക്കുന്നതിനാലാണ് ഈ കൊല്ലം ഇ തു നിര്‍ത്തൽ ചെയ്തതെന്നും പ്രസ്താവിക്കുന്നതു കേട്ടു.

രത്നപ്രഭൻ - (സ്വഗതം) എന്റെ എത്രയും വിശ്വാസപാത്രമായ ഇദ്ദേഹത്തേയും കൂടി മറച്ചുവെച്ചിരുന്ന ഈ കഥ ലോകപ്രസിദ്ധമായിപ്പോയോ? എങ്കിലും എനിക്കതു പറവാൻ ലജ്ജകൊണ്ടു അസാദ്ധ്യമാകയാൽ ഇങ്ങിനെ പറകതന്നെ.

(പ്രകാശം)

നിയതസൌഖ്യമെനിക്കൊരു ദുഃഖമെ-
ന്തുയരുവാനിവിടത്തിലുരയ്ക്ക നീ;
പ്രിയവയസ്യ! ഭവാൻ ചിലരോതിടും
പ്രിയവചസ്സു മനസ്സിലുറയ്ക്കാലാ.



 

ഒന്നാമങ്കം (പേജ് 06 - 10)

 

-06-

സുകുമാരൻ- ഇവിടുന്നെന്തിനാണീ ധീരോദാത്തനായിട്ടുകൂടി കളവു പറയുന്നതു് ? ഇവിടുത്തെ സ്വഭാവമാറ്റംതന്നെ ഇതിനെ എനിക്കു ദൃഢമാക്കി ചെയ്യുന്നു. എന്തെന്നാൽ -

ഉത്സാഹക്കുറവുണ്ടു് കാണ്മതയി തേ
കൃത്യങ്ങളിൽ സര്‍വ്വവും;
സത്സാരസ്യമെഴുന്ന വാക്കുമരുളി-
ച്ചെയ്യുന്നതില്ലൊന്നുമേ;
ചിത്സാരൂപ്യമെഴാൻ കൊതിപ്പൊരു ജന-
ത്തെപ്പോലെയെല്ലായ്പോഴും
വത്സാധീശ്വര! ചിന്തകൊണ്ടു ദിവസം
പോക്കുന്നു കഷ്ടം ഭവാൻ.


രത്നപ്രഭൻ- (സ്വഗതം) ഇയ്യാൾക്ക് എന്റെ മാതിരിയെല്ലാം നല്ലവണ്ണം മനസ്സിലായിരിക്കകൊണ്ടു സുഖക്കേടുണ്ടെന്നു നിവൃത്തിയില്ല

(പ്രകാശം) സഖേ

ഇച്ഛപോലെ വേണ്ട വസ്തു തന്നു രക്ഷചെയ്യുവാ-
നച്ഛനുണ്ടു വമ്പനാം സുഹൃത്തു നീയുമുണ്ടു മേ,
പുച്ഛ മറ്റു കീഴടങ്ങിടുന്നു ശത്രുഭൂപരും
തുച്ഛ ദുഃഖമെങ്കിലും നമുക്കെഴേണ്ടതല്ലയോ?


എന്നാലും മമ മിത്ര! രണ്ടു ദിനമാ-
യീയുള്ളവൻ തന്മ
സ്സൊന്നാം മാതിരിയുള്ളൊരാധി പിടിപെ-
ട്ടേറ്റം വ്യഥിക്കുന്നുതേ;
എന്നാലായതിനുള്ള ഹേതു പറവാൻ
സാധിക്കുവോളം ഭവാൻ
നിന്നാണീ വിരഹം പരസ്യനിലയിൽ
പാരിൽ പരത്തീടൊലാ.


സുകുമാരൻ- കഷ്ടമേ കഷ്ടം! ഇതുവരെ വിശ്വാസപാത്രമാണെന്നു അഭിമാനിച്ചിരുന്ന എന്നെപ്പറ്റിയും ഇവിടേക്കു ഈവിധമാണോ അഭിപ്രായം! തരക്കേടില്ല.

രത്നപ്രഭൻ- സഖേ! താൻ അങ്ങിനെ ശങ്കിക്കരുതു്. എന്റെ അഭിപ്രായംകൊണ്ടല്ല ഞാൻ അങ്ങിനെ പറഞ്ഞതു്.

-07-

സുകുമാരൻ- അതിരിക്കട്ടെ, മനുഷ്യന്നു താൻ അറിയാതെ യാതൊരു ദുഃഖകാരണങ്ങളും ഉണ്ടാകുന്നതല്ല. ആകയാൽ ഇവിടുത്തെ ദുഃഖത്തിന്റെ അല്ലെങ്കിൽ അസ്വാസ്ഥ്യത്തിന്റെ ഹേതു ഇവിടേക്കുതന്നെ അറിവുണ്ടായിരിക്കണം. മഹാനുഭാവനും തന്റെ സുഹൃത്തുക്കളോടു സുഖക്കേടു പറകയും, അവരിൽനിന്നു അതിന്റെ പ്രതികാരത്തെ കിട്ടുന്നതിന്നു ആഗ്രഹിക്കുകയും ചെയ്യുമാറുണ്ട്. അതിനാൽ അവിടുന്നു എന്നേയും അവിടുത്തെ സുഹൃൽക്കോടിയിൽ ഉൾപ്പെടുത്തി വിചാരിക്കുന്നുണ്ടെങ്കിൽ ഈ അസ്വാസ്ഥ്യത്തിന്റെ കാരണം എന്നോട്ട് പറയേണ്ടതാണ്. ഇനി അവിടുത്തെ ഇഷ്ടംപോലെ.

രത്നപ്രഭൻ- സഖേ! എനിക്കു ഹേതു അറിവുണ്ടെങ്കിലും വെളിവായി പറയുന്നതിന്നു ലജ്ജ അനുവദിക്കുന്നില്ല. എങ്കിലും പ്രിയ സുഹൃത്തായ തന്നോടു ഞാൻ എങ്ങിനെ മറച്ചു വെക്കുന്നു? അതുകൊണ്ടു സത്യം പറയാം.

ഇന്നാളല്ലിലുറങ്ങി ഞാനുണരവേ
തല്പത്തിലൊപ്പം കിട-
ന്നെന്നാത്മപ്രിയപോലുറങ്ങിടുമൊര-
പ്പെൺകുട്ടിയെക്കണ്ടു ഞാൻ;
നിന്നേനെന്തിദ മെന്നതോർത്തുമതുപോ-
തെങ്ങാനുമേ കണ്ടതി-
ല്ലന്നേരം മുതലീവിധത്തിലഴലും
വന്നെത്തിയുള്ളത്തിലും.


ഇതെന്താണെന്നുവെച്ചു ഞാൻ വല്ലാതെ പരിഭ്രമിച്ചു. ഒടുവിൽ ഇത് ആരേയും അറിയിക്കേണ്ടെന്നും വെച്ചു, ഞാൻ അവിടെ കിടന്നുറങ്ങുകയും ചെയ്തു. ഇതെന്തു് അസംഭവമാണ് ?

സുകുമാരൻ - തിരുമേനീ! ഒരസംഭവവുമില്ല. ഞാൻ കുറച്ചു ദിവസംമുമ്പ് കൊട്ടാരത്തിൽ പടിക്കലുള്ള ആൽത്തറയിൽ കാറ്റുകൊണ്ടിരിക്കയായിരുന്നു, നല്ല ചന്ദ്രികയുമുണ്ട്. അപ്പോൾ അതിന്റെ മുകളിൽനിന്ന് ഒരു യക്ഷനും യക്ഷിയും തമ്മിൽ ഇങ്ങിനെ ഒരു സംഭാഷണമുണ്ടായി.

യക്ഷൻ - പ്രിയേ!

-08-

എന്നീരജാക്ഷിമണി! നമ്മളിലുള്ള വേര്‍വ്വാ-
ടിന്നീയിവന്റെ മനതാരു കരിച്ചിടുന്നൂ;
അന്യായമട്ടിലുരചെയ്കിലുമോര്‍ത്തു കണ്ടാൽ
സന്യാസിമാരുടെ വചസ്സുമസത്യമാമോ?


ആകയാൽ കുറേക്കാലത്തേക്കു നാം തമ്മിൽ പിരിഞ്ഞിരിക്കേണ്ടിവരുന്ന ദുഃഖം സഹിപ്പാനും സഹാക്കാതെയിരിപ്പാനും കഴിയുന്നില്ല. എന്തു ചെയ്യുന്നു?

യക്ഷി- പ്രാണപ്രിയാ! ഭ്രാന്തനായ ഒരു രാജാവിനെ കാണുന്ന സമയം അങ്ങേക്കു ശാപമോക്ഷം വരുമെന്നല്ല ആ സന്യാസി പറഞ്ഞതു് ?

യക്ഷൻ - അതേ, ഞാൻ ഇപ്പോൾ തന്നെ പാർസി രാജധാനിയിൽ ഒരു കുതിരയായി ജനിക്കുന്നുണ്ടു്. നീ എന്റെ ശാപമോക്ഷത്തിന്നു വേണ്ടതു ശ്രമിച്ചുകൊൾക.

യക്ഷി- അങ്ങിനെതന്നെ. ഞാൻ അതിന്നു ഒന്നാമതായി ഇവിടുത്തെ രാജകുമാരന്നും ഒരു കന്യകയില്‍ അനുരാഗം ജനിപ്പിച്ചു ആ കന്യകയെ സ്വാധീനപ്പെടുത്തിയതിനുശേഷം എങ്ങിനെയെങ്കിലും ആ കുമാരനെക്കൊണ്ടു ഇവിടുത്തേക്കു ശാപമോക്ഷം വരുത്തുന്നുണ്ട്. ഇങ്ങിനെ അവർ തമ്മിൽ നിശ്ചയം ചെയ്തു അവിടുന്നു പോയി. അതുകൊണ്ടു് ഇതു് ആ യക്ഷിയുടെ വിദ്യയായിരിക്കണം. ഇവിടേക്കു അനുരൂപയായ കന്യക ഏതാണെന്നറിയുവാൻ ആ യക്ഷി പലകന്യകമാരെയും ഇവിടുത്തെ ശയ്യയിൽ കൊണ്ടുവന്നു കിടത്തിനോക്കീട്ടുണ്ടായിരിക്കാം, അതിൽ ഇവിടുന്നു കണ്ട കന്യകയാണ് അനുരൂപയെന്നു കണ്ടു അവിടെത്തന്നെ കിടത്തിയിരിക്കണം. അതിനുശേഷം ഇവിടുന്നു് ഉണര്‍ന്നു് അവളെ കാണുന്നവരെ കാത്തിരുന്നു. പിന്നെ അവളെ യഥാസ്ഥാനത്തു കൊണ്ടുപോയിരിക്കണം. അതാണ് ഇങ്ങിനെ അസംഭവമായി കാണുവാൻ കാരണം.

രത്നപ്രഭൻ-

ശരിയായിട്ടിരിക്കുന്നി-
തുരീയാടിയ വാക്കു നീ;
തെരിക്കെന്നവളെക്കൊണ്ടു
തിരിക്കാനെന്തു വേണ്ടതും?


(ഒരു ശിപായി പ്രവേശിക്കുന്നു)

-09-

ശിപായി- യുവരാജാവു സര്‍വ്വോല്ക്കര്‍ഷേണ വര്‍ത്തിക്കട്ടെ! കൊട്ടാരത്തിലേക്കെഴുന്നള്ളുന്നതിന്നു മഹാരാജാവ് അരുളിച്ചെയ്തിരിക്കുന്നു.

രത്നപ്രഭൻ - സഖേ! സുകുമാര! ഇക്കാര്യത്തെപ്പററി നമുക്കു കുറച്ചുകൂടി സ്വൈരസല്ലാപം ആവശ്യമായിരിക്കുന്നു. എങ്കിലും താതാജ്ഞകൊണ്ട് അതിനു തടസ്ഥം വന്നിരിക്കുന്നുവല്ലോ. (ശിപായിയോടു്) എടോ കൊട്ടാരത്തിലേക്കു വഴികാണിക്കു,

ശിപായി- ഇതിലെ; ഇതിലെ. (എന്നു മൂന്നുപേരും ചുറ്റിനടക്കുന്നു)

സുകുമാരൻ- മഹാരാജാവ് ആ സ്ഥാനത്തുനിന്നു ആലോചനാശാലയിലേക്കു എഴുന്നെള്ളുവാൻ പുറപ്പെട്ടിരിക്കുന്നു.

പൊന്നിൻചൂരലെടുത്തിടാമിവ, നിവൻ
കൈവാളെടുക്കാ, മിവൻ
മുന്നിൽ ഛത്രമുടൻ പിടിക്കുവ, നിവൻ
രത്നച്ചെരുപ്പേറ്റിടാം;
എന്നിത്ഥം പലതും പറഞ്ഞു പലരും
പായുന്നു തന്മൂലമീ-
മന്നിൻനാഥ! ഭവൽ പിതാവു മണിപീ-
ഠത്തീന്നെഴുന്നേററുപോയ്.


രത്നപ്രഭൻ - നാദസ്വരത്തിന്റെ ശബ്ദം ഏകദേശം അവസാനിച്ചതുകൊണ്ട് അച്ഛനും പരിവാരങ്ങളും ആലോചനാശാലയിൽ എത്തിയെന്നു അനുമാനിക്കാം.

സുകുമാരൻ - ഓഹോ! അതാ ഇരിക്കുന്നു; കാണുന്നില്ലേ?

സ്വര്‍ണ്ണത്തൊപ്പി ധരിച്ചു തന്റെ തലയിൽ
തങ്കാഭയും തോറ്റിടും
വര്‍ണ്ണം ചേര്‍ന്നൊരു കോട്ടുമിട്ടതിനുമേൽ
പട്ടാംബരം കെട്ടിയും
പൂര്‍ണ്ണപ്പൊങ്കരപൂണ്ട വേഷ്ടികളുടു-
ത്തഗ്രാസനാരൂഢനായ്
കര്‍ണ്ണം മന്ത്രി വചസ്സിനേകി വിലസി-
ച്ചീടുന്നിതിത്തമ്പുരാൻ.


(അനന്തരം യഥോക്തവേഷനായ രാജാവും മന്ത്രിമാരും പ്രവേശിക്കുന്നു)

(രത്നപ്രഭനും സുകുമാരനും നമസ്കരിക്കുന്നു. രാജാവു പിടിച്ചെഴുനേൽപ്പിക്കുന്നു)

-10-

രത്നപ്രഭൻ- ഞങ്ങളോടു വരുവാൻ ആജ്ഞാപിച്ചതു എന്തിനാണ് ?

രാജാവ് - ഉണ്ണി രത്നപ്രഭ!

പണ്ടേ നമ്മുടെ പൂർവ്വഭൂപനൊരുവൻ
ചെയ്തുള്ളതാം ബാന്ധവം
കൊണ്ട് നമ്മുടെ മിത്രമായി മരുവും
ശ്രീസിംഹളാധീശ്വരൻ
തണ്ടേറീട്ടിവിടെത്തരേണ്ട വലുതാം
കപ്പം തരാതുള്‍മദം
കൊണ്ടേറ്റം രിപുവെന്നപോലെ നിവസി-
ച്ചീടുന്നു കൂടും മുദാ.


അല്ല! മന്ത്രിപുംഗവ! ഇതിനെപ്പറ്റി നാം എഴുതിയതിന്നു മറുപടി അയച്ചത് ഒന്നു വായിക്കു.

മന്ത്രി- (വായിക്കുന്നു)

കിട്ടീ തീട്ടിവിടുന്നയച്ചതഖിലം
വായിച്ചു കപ്പം തരും
മട്ടീഞാൻ പുതുതാക്കയില്ലതു പുരാ
വേണ്ടെന്നു വെച്ചുള്ളതാം;
തട്ടീ തന്നുടെയാജ്ഞയെന്നുകരുതി-
പ്പാരിന്നു പോരിന്നൊരു-
ക്കൂട്ടീട്ടെത്തുകയെങ്കിലായതിനിവന്‍
പൊയ്യല്ല തയ്യാറുതാൻ.


രാജാവ് - എത്ര അധികപ്രസംഗമാണു് ആ എഴുതിയിരിക്കുന്നതു ? അതുകൊണ്ട് ഇനി എന്താണ് ചെയ്യേണ്ടതെന്നാലോചിക്കുവാനാണ് അയച്ചു വരുത്തിയതു്

രത്നപ്രഭൻ- അതിനെന്താണിത്ര ആലോചിക്കാനുള്ളത്? പൂർവ്വബന്ധുവായതുകൊണ്ട് മയ്യാദക്കു ഒരാൾ പോയിത്തന്നെ ചോദിക്കുക. അതിന്നുശേഷവും തരുവാൻ ഭാവമില്ലെങ്കിൽ ആ രാജ്യം യുദ്ധംചെയ്തു കീഴടക്കിക്കളകതന്നെ.

മന്ത്രി- ഞങ്ങളുടെ എല്ലാവരുടേയും അഭിപ്രായം ഈ വഴിക്കു തന്നെയാണ് പോയിരിക്കുന്നതു്. പക്ഷെ മര്യാദക്കു ചോദിക്കാൻ പോകുമ്പോൾതന്നെ യുദ്ധത്തിനൊരുങ്ങിപ്പോകയല്ലേ നല്ലതെന്നുകൂടി അഭിപ്രായമുണ്ട്.

രാജാവ് - അതു് ശരിതന്നെ. അങ്ങിനെയാണ് നല്ലതു്. അല്ലേ! ഉണ്ണി സുകുമാരാ?

 

ഒന്നാമങ്കം (പേജ് 11 - 12)

 

-11-

സുകുമാരൻ - കല്പനപോലെ.

രത്നപ്രഭൻ - അതാണ് ഉചിതം.

മന്ത്രി- പക്ഷെ, അതിനുള്ള ഭാരം യുവരാജാവിനേയും സുകുമാരനേയും ഏല്പിക്കുന്നതു് നല്ലതെന്നാണ് എന്റെ പക്ഷം,

രാജാവ് - എന്റെ പക്ഷവും അങ്ങിനെതന്നെ. എന്നാൽ, അല്ലേ! ഉണ്ണി രത്നപ്രഭാ! സുകുമാരനോടും കൂടി പോയി കാര്യം സാധിച്ചു ശുഭമായി വരിക.

(എന്നു അനുഗ്രഹിക്കുന്നു)

മന്ത്രി- ഇപ്പോൾ കാര്യം വെടിപ്പായി, എന്തെന്നാൽ

കൃത്യമൊന്നിഹ നടത്തിയെത്തിടാൻ
ഭൃത്യവർഗ്ഗമൊരു നൂറു പോകുകിൽ
സത്യമാണറിക താൻ ഗമിക്കുകിൽ
സ്തുത്യമായി വരുമില്ല സംശയം.


രത്നപ്രഭനും സുകുമാരനും- അവിടുത്തെ കല്പനയെ ഞങ്ങൾ ശിരസാ വഹിക്കുന്നു.

(അണിയറയിൽ )

ശ്രീകാന്തന്നൊത്ത രത്നപ്രഭയുവനൃവരൻ
സിംഹളാദ്വീപിനായി-
പ്പോകാൻ പോകുന്നു പോതം പരിചൊടു കടൽവ-
ക്കത്തു തെയ്യാറുവേണം;
ലോകാലോകം നടക്കും പടി നളികമുതൽ
ക്കുള്ള ശസ്ത്രങ്ങളേന്തി-
ശ്രീകാളും മട്ടിലേറെ ദ്‍ധൃതിയൊടു ശരിയായ്
നില്ക്ക പട്ടാളമെല്ലാം.


രാജാവ് - (കേട്ടിട്ട്) നമ്മുടെ പടനായകനായ രാജവീരദത്തൻ ഇത്രവേഗം പുറപ്പാടിന്നു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്തുതുടങ്ങിയോ? വേണ്ടതുതന്നെ. ഇവിടുന്നു ഇപ്പോൾ ആജ്ഞാപിച്ചെങ്കിലേ സുന്ദരപുരം കടൽപുറത്തു ചെല്ലുമ്പോഴേക്കു തോണിയും കപ്പലും തയ്യാറായിരിക്കയുള്ളു.

മന്ത്രി- ഇവിടുന്നു കുറച്ചു ദൂരമുണ്ടല്ലോ.

-12-

രാജാവ്- ഉണ്ണീ രത്നപ്രഭാ! നീയും സുകുമാരനുംകൂടി ഭക്ഷണാദികൾ കഴിഞ്ഞു അമ്മ മുതലായവരോടു യാത്രയും പറഞ്ഞു കുറച്ചു നേരത്തെ പുറപ്പെടണം.

രത്നപ്രഭനും സുകുമാരനും- അങ്ങിനെതന്നെ. (എന്നു പോയി)

(അണിയറയിൽ)

കൂടുന്നൂ വഴി പോക്കരൊത്തു തണലും
വൃക്ഷച്ചുവട്ടിൽ, കിട-
ന്നോടുന്നു ഝഷവൃന്ദമൊത്തടിയിലേ-
ക്കാറ്റിൻ തണുപ്പാകവേ;
തേടുന്നു ജലമേവരും, വഴിയഹോ!
സദ്വീദ്രുമഛായമാ-
യീടുന്നു തരുണീവരാധര സമം
മദ്ധ്യാഹ്നകാലത്തി താ


രാജാവ് - ഓ! നേരം മദ്ധ്യാഹ്നമായോ? നമുക്കു മദ്ധ്യാഹ്നകൃത്യത്തിന്നു പോവുക,

(എന്നു എല്ലാവരും പോയി)