1098 തൃശൂര്‍ വാണീകളേബരം പ്രസ്സ്.
ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാം രംഗം
ശ്രീഭഗവതൈനമ:സുകൃതിജനമനസ്സിൽ സൂക്ഷ്മമാം ജ്ഞാനമായും
വികൃതികളുടെ ചിത്തേ ശുദ്ധമേ മായയായും
അകൃതകമഹിമാവോടുജ്വലിക്കുന്ന സാക്ഷാൽ
പ്രകൃതിയുടെ വിലാസം നിങ്ങളെ കാത്തിടട്ടേ.
(നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിച്ചു മുൻഭാഗത്തേയ്ക്കു നോക്കി തൊഴുതുകൊണ്ട്)
ചാണയ്ക്കിട്ടുവിളങ്ങിടും വിമലമാം
മാണിക്യമെന്നാവിധം
ഹൂണശ്രീ പടുഭാഷകൊണ്ടു മതിയെ
ശുദ്ധീകരിച്ചേറ്റവും
കാണപ്പെട്ടിടു മീസ്സദസ്യരഖിലം
സാരജ്ഞരാണായത്തോര്‍ -
ത്തോണത്തിൻ വരവിൽ കിടാങ്ങളുടെ മ-
ട്ടുള്ളിൽ തുള്ളുന്നുമേ.
ഇത്രയും യോഗ്യന്മാർ നിറഞ്ഞ സദസ്സു കാണുവാൻ പ്രയാസമാണ്. അതിനാൽ ഈ അവസരത്ത വെറുതെ കളയാതെ നമ്മുടെ വിദ്യയെ അല്പം പ്രകടിപ്പിക്കുകതന്നെ.
(അണിയറയിലെക്കു നോക്കി)
ആര്യേ! ഇവിടെ വരു.
നടി- (പ്രവേശിച്ച്) ആര്യൻ എന്താണാജ്ഞാപിക്കുന്നത്.
സൂത്ര- ആര്യേ! ഗുണാഗുണനിരൂപണത്തിൽ അതിസമര്‍ത്ഥന്മാരായ മഹാന്മാർ നിറഞ്ഞുള്ള ഈ സഭയെ നാം നമ്മുടെ നാട്ട്യവിദ്യയാൽ അഭിനന്ദിക്കേണം.
നടി- അതിന്നെന്താണ് പ്രയാസം? ശാകുന്തളം, ഉത്തരരാമചരിതം, ആശ്ചര്യചൂഡാമണി മുതലായ തര്‍ജ്ജമനാടകങ്ങളും ഭഗവദൂത്, ഉമാവിവാഹം, ലക്ഷണാസംഗം മുതലായ കല്പിതനാടകങ്ങളും അഭ്യാസിച്ചവരല്ലേ നമ്മുടെ നടന്മാർ? അതിൽ ഏതാണ് വേണ്ടതെന്ന് ആര്യൻ നിയോഗിച്ചാലും.
സൂത്ര- ആര്യേ! ആവക നാടകങ്ങളെല്ലാം പ്രൌഢങ്ങളും സരസങ്ങളുമായിരുന്നാലും പരിഷ്ക്കാരപ്രിയന്മാരായ നമ്മുടെ സദസ്യന്മാര്‍ക്കു ചര്‍വ്വിതചവ്വണമെന്നപോലെ വീണ്ടും വീണ്ടും അതുകളെത്തന്നെ അഭിനയിച്ചാൽ രുചിക്കുമെന്നു തോന്നുന്നില്ല. എന്നു മാത്രവുമല്ല അതെല്ലാം ഒരു രാത്രികൊണ്ട് ആടി തീര്‍ക്കുവാൻ ഞരുക്കവുമാണ്. അതുകൊണ് ഈയിടെ ഉണ്ടാക്കീട്ടുള്ള 'കല്യാണികല്യാണം' എന്ന രൂപകം അഭിനയിക്കുന്നതുകൊള്ളാമെന്നു തോന്നുന്നു.
നടി- ആര്യ! ആരാണിതിന്റെ കര്‍ത്താവ്?
സൂത്ര- ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ എന്ന ആളാണ്.
നടി- ആര്യ! എന്നാൽ വരട്ടെ. മറ്റെല്ലാ കവികളുടേയും കൃതികൾ ആടിക്കഴിഞ്ഞതിനു ശേഷം ഒടുവിൽ ഇതെടുക്കേണ്ടതാണ്.
സൂത്ര- ആര്യേ! അങ്ങിനെയല്ല. വെള്ളിക്കോൽ എന്നത് ഒരു വെറും ഇരുമ്പു കോലായും "കടലാടി” എന്നു പറയുന്നതു കരയിൽ മാത്രം വളരുന്നതായും ഭവതി കാണുന്നില്ലേ? അതുകൊണ്ടു നാമമാത്രത്താൽ ഭ്രമിച്ചുപോകേണ്ട. എന്നു മാത്രമല്ല അദ്ദേഹം ഒരു ബി. ഏക്കാരനാകയാൽ നമ്മുടെ സദസ്യര്‍ക്ക് അദ്ദേഹത്തിന്റെ കൃതി യിൽ പ്രത്യേകതാല്പര്യമുണ്ടാകുവാനും ഇടയുണ്ട്. അതുകൊണ്ട് അതുതന്നെയാകട്ടെ. ഭവതി; ഋതുവര്‍ണ്ണന ചെയ്ത് അല്പം പാടുക
നടി- ഏത് ഋതുവിനെയാണ് വര്‍ണ്ണിക്കേണ്ടത്?
സൂത്ര- സംശയിപ്പാനുണ്ടോ? ഈ വര്‍ഷത്തുവിനെത്തന്നെ. ഇതു കാണുന്നില്ലേ?
ആകാശത്തിലിരുട്ടടച്ചു, മുകിലിൻ
കൂട്ടം നിരന്നൊത്തുതൻ
പ്രാകാശ്യം വെളിവാക്കുവാനനുവദി-
ക്കുന്നില്ല മാര്‍ത്താണ്ഡനെ
കൈകകാര്യത്തിനു കേസ്സു നൽകുക വശാൽ
ക്രൂദ്ധിച്ച മൂത്താർ, സുഖ-
ക്കൈകാട്ടാതെ വിശിഷ്ടനാം മരുമകൻ
തന്നെ കുഴക്കുംവിധം.
നടി- (പാടുന്നു)
ഞടുഞടയിടിപെട്ടാമട്ടഹാസം മുഴക്കി -
ച്ചടുലതരതടിത്താം ദംഷ്ട്രയൊട്ടൊട്ടു കാട്ടി
കടുജലദശരീരം പൂണ്ടു ലോകം വിറപ്പി-
ച്ചിടുവതിനു വരുന്നു വര്‍ഷയാം രാക്ഷസസ്ത്രീ.
(അണിയറയിൽ) ഒരുമ്പെട്ട കഴുവേറി.
നടി- (പരിഭ്രമിച്ച് അങ്ങുമിങ്ങും നോക്കുന്നു)
സൂത്ര- ആര്യേ! പരിഭ്രമിക്കേണ്ട. ചാത്തുമൂത്താരുടെ വേഷംകെട്ടി അരങ്ങത്തയ്ക്കു വരുന്ന നടന്റെ ഒച്ചയാണിത്. അവരെല്ലാം തയ്യാറായെന്നു തോന്നുന്നു. നമുക്കും അങ്ങോട്ടു ചെല്ലുക.
(രണ്ടാളും പോയി)
(പ്രസ്താവന കഴിഞ്ഞു)
ഒന്നാം രംഗം
(അനന്തരം ക്രോധവിഹ്വലനായ ചാത്തുമൂത്താരും, കരുണാകരക്കുറുപ്പും, ഗോവിന്ദക്കയ്കളും പ്രവേശിക്കുന്നു)
മൂത്താർ- ഒരുമ്പെട്ട കഴുവേറി. അവന്നിത്രയായോ?
കയ്മൾ- എത്രയാണായത്?
മൂത്താർ- എത്രെ ആയതെന്നോ? മേലും കീഴും ആലോചിക്കാതെ നമ്പ്രകൊണ്ടു കൊടുത്തില്ലേ?
കയ്മൾ- കീഴാലോചിക്കാതിരിക്കുന്നത് ഇവിടുന്നല്ലേ? മേലാലോചിക്കാതെ എന്നു കഷ്ടിച്ചു പറയാം . അതും അദ്ദേഹത്തിന്റെ കാര്യത്തിൽ വയ്യാ.
കുറുപ്പു- അതു ശരിയാണ് വൃവഹാരം കൂടാതെ കഴിക്കണമെന്നു വിചാരിച്ചു പല വഴിയും ശ്രമിച്ചു നോക്കി. ശാഠ്യം വിടാതെ പിടിച്ചത് ഇവിടുന്നു തന്നെയാണ്.
മൂത്താർ- 'വ്യവഹാരം' എന്നുള്ള ശബ്ദത്തോടു കൂടീട്ടല്ലേ സന്ധു സംസാരിക്കാൻ തുടങ്ങിയത്. ആ ശബ്ദം പുറപ്പെടോ? അതിലാണ് എനിക്കു ദേഷ്യം കലശലായത്.
കയ്മൾ- അതേ, ഒരു ശബ്ദത്തിൽ ഇത്ര വളരെത്തോന്നിയാൽ അനേകപ്രവൃത്തികളിൽ അവക്കെത്ര ദേഷ്യം തോന്നണം?
മൂത്താർ- ഞാൻ കാരണവനും അവൻ അനന്തിരവനുമല്ലേ?
കയ്മൾ- അതേ. അല്ലെങ്കിൽ ഇവിടുന്നല്ലെ കൈകാര്യ നമ്പ്ര് കൊടുക്കുക?
മൂത്താർ- അതല്ല, ദേഷ്യം ഒപ്പം വരോ?
കയ്മൾ- 'ദ്വേഷ്യം' എന്നു പറയുന്നത് എങ്ങിനെയാണ് വയസ്സോടുകൂടി വളര്‍ന്നുവരുന്ന ഒരു സാധനമാണോ?
കറുപ്പു- മറ്റാളെന്താണ് ദ്വേഷ്യം കാണിച്ചത്?
മൂത്താർ- വ്യവഹാരം കൊടുത്തില്ലേ? ദേഷ്യം വന്നില്ലെങ്കിൽ വ്യവഹാരമുണ്ടോ?
കയ്മൾ- അതു ശരിയാണ് ഇവിടുത്തെ ദേഷ്യമാണ് ഈ വ്യവഹാരത്തിന്നു കാരണം.
മൂത്താർ- ഞാൻ അവനെ ബി. എവരെ പടിപ്പിച്ചില്ലെ, അതിന്നു ചുരുങ്ങിയത് ഒരു പതിനാറായിരം ഉറുപ്പിക ചിലവില്ലേ?
കുറുപ്പു- ഇത്ര വളരെ ചിലവുണ്ടോ?
കയ്മൾ- അത്ര വളരെ ചിലവുണ്ടായീട്ടല്ല. കൈകാര്യം തുടങ്ങിയതു മുതൽ അനാവശ്യമായി ചിലവായ സംഖ്യ മുഴുവൻ പഠിപ്പിന്റെ വകയ്ക്ക്. അങ്ങിനെയല്ലേ കണക്ക്
മൂത്താർ- ചാപ്പമ്മാൻ പറയും, പിള്ളരെ ഇംഗിരീസ്സു പടിപ്പിക്കരുതെന്ന്. അഥവാൽ പടിപ്പിക്ക്യാണങ്കിൽ മട്ടിക്ലാസ്സുവരെ.
കയ്മൾ- അപ്പോൾ ദീര്‍ഘം കുറച്ച ചാപ്പനായി ഇവിടുന്ന് അല്ലേ?
മൂത്താർ- ചപ്പൻ, ചപ്പൻ, സംശയമില്ല! ഞാൻ സമ്മതിക്കാം. പടിപ്പിച്ചതുകൊണ്ടുള്ള ദൂഷ്യമാണിത്.
കയ്മൾ- അദ്ദേഹം പഠിച്ചതുകൊണ്ടല്ല, ഇവിടുന്നു പഠി ക്കാത്തതു കൊണ്ടാണ് വൈഷമ്യം.
മൂത്താർ- ഹ, ഹ, ഞാൻ കൂടെ പടിക്യ അല്ലേ? എന്നാൽ അവൻ കൈകാര്യമൊഴിപ്പിപ്പാൻ നമ്പ്ര് കൊടുത്തതോടുകൂടി, ഒഴിപ്പിക്കാതിരിക്കാൻ ഒരു നമ്പ്ര് ഞാനും കൂടി കൊടുക്കുമായിരുന്നു. അല്ലേ? എനിയ്ക്കും തന്റെ വാക്കു കേൾക്കുമ്പോൾ ദേഷ്യവും വരുന്നുണ്ട് സന്തോഷവും വരുന്നുണ്ട്.
കയ്മൾ- അപ്പോൾ എന്റെ വാക്കു "വിരോധാഭാസ" മാണ്.
മൂത്താർ- വിരോധമല്ല, ആഭാസംതന്നെ.
കയ്മൾ- ആഭാസത്തിൽ സന്തോഷം ആര്‍ക്കാണാവോ?
മൂത്താർ- അധികം പറയിക്കല്ലെ.
കയ്മൾ- എന്താണ് പറയിച്ചാൽ?
“അമ്മായിയ്ക്കൊക്കവേണം, കൃഷി, പുര പണവും
പണ്ടവും പാത്രവും കേ-
ളുമ്മാനുംനൽകിടാതേപകലിരവുശകാ-
രിച്ചിടും വീട്ടുകാരെ
അമ്മാമൻ കാട്ടുമീപ്പേകുളികളനുവദി-
ച്ചീടുകിൽപിള്ളർകൊള്ളാം
തെമ്മാടിക്കൂട്ടരായ ചെറുത്തതിനുചെറു-
ത്തൊന്നുചൊല്ലുന്നതായാൽ.
"പാട്ടംവാങ്ങിക്കുഡുംബച്ചിലവുകൾശരിയായ്
നിർവ്വഹിക്കേണമല്പം
നേട്ടംകണ്ടാലതാട്ടത്തിനുമതിനിതിനും
ദുര്‍വ്യയം ചെയ്തുകൂടാ
കോട്ടംകൂടാതെ കാൽവെയ്ക്കുക പഴയ-
വഴിക്കൊന്നു താളം പിഴച്ചാൽ
കൂട്ടംകൂടിക്കലാശക്കളിഝടുതികളി-
പ്പിച്ചിടുംകോട്ടരങ്ങിൽ,
മൂത്താർ- തന്റെ ഉദ്ദേശമെന്താ? എനിക്കു ബുദ്ധി ഉപദേശിക്കാനോ? എന്നെ പേടിപ്പിക്കാനൊ?
കയ്മൾ- ഇതുരണ്ടുമല്ല. ഉള്ളതുപറയാനാണ്.
മൂത്താർ- ആട്ടെ തോന്നിയതു പറയൂ. അവന്റെ ഒരൂറ്റം ഞാൻ നിർത്താം. അതു ഞാൻ വിചാരിച്ചാൽ കഴിയും.
കയ്മൾ- അതെന്താണ് കേൾക്കട്ടെ പറയൂ.
മൂത്താർ- മനസ്സില്ലെങ്കിലൊ?
കയ്മൾ- മനസ്സില്ലെങ്കിലും പറയൂ.
മൂത്താർ- പറയാൻ മനസ്സില്ലെങ്കിലോ?
കയ്മൾ- കേൾക്കാൻ മനസ്സുണ്ടെങ്കിലൊ?
കുറുപ്പ്- എന്നോടു പറവാൻ വിരോധമുണ്ടൊ ആവൊ?
മൂത്താർ- കുറുപ്പിനോടു സ്വകാര്യമായി പറയാം. (ചെകിട്ടിൽ സ്വകാര്യം പറയുന്നതായി നടിക്കുന്നു)
കുറുപ്പ്- ഛേ! അതു സാഹസമാണ്. ഈ നിസ്സാരകാരണത്താൽ അവര്‍ക്കു മേലാലുണ്ടാകാൻ പോകുന്ന അഭ്യുദയത്തെ തടയുകയോ?
മൂത്താർ- എന്തഭ്യുയമാണ് ഈ തെമ്മാടികളെക്കൊണ്ടു ഉണ്ടാവാൻ പോണത്? ഞാൻ തീര്‍ച്ചയാക്കി. ഞാൻ ജീവനോടു കൂടിയിരിക്കുമ്പോൾ സമ്മതിക്കില്ല.
കയ്മൾ- (ആത്മഗതം)
ഈവാക്കെൻ കര്‍ണ്ണരന്ധ്രങ്ങളിൽ വലിയൊരെഴു-
ത്താണിയായികടന്നൂ
ശ്രീവായ്ക്കുംസ്നേഹിതന്നിക്കടുമൊഴിയൊരിടി-
ത്തിയ്യുമായിബ്ഭവിക്കും
ദൈവാജ്ഞയ്ക്കില്ലനീക്കം, ദൃഢതയെഴുമതി-
പ്രേമവായ്പാൽകുഴങ്ങി-
ച്ചാവാതെചാവുമക്കൂട്ടരിൽമലമകളേ!
നീകനിഞ്ഞീടവേണം.
(അണിയറയിൽ) പഴയരി തയ്യാറായി. നേരവും ക റെയായി.
മൂത്താർ- ഞാനിതാവരുന്നു. (മറ്റവരോട്) എന്നാൽ പിന്നെക്കാണാം.
കുറുപ്പും കയ്മളും- അങ്ങിനെതന്നെ.
എല്ലാവരും പോയി.
ഒന്നാം രംഗം കഴിഞ്ഞു
.