"നാടകാന്തം കവിത്വം" എന്നുള്ളതിനാൽ ഒരു നാടകം ഉണ്ടാക്കാൻ യോഗ്യത എനിക്കുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. എന്നാൽ ഈയിടെ ഇഷ്ടനായ ഒരാളിന്റെ നിബ്ബന്ധത്താൽ 'രാഘവമാധവം' എന്ന ഈ ചെറിയ നാടകം എഴുതുന്നതിനു് ഇടയായി.
- കേസി കേശവപിള്ള പരവൂർ 1067
ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
നാന്ദി
കല്യാണശ്രീ വിളങ്ങുന്നൊരു മൃദുലപദ-
ത്താമരത്താർ ഭജിക്കും
കല്യന്മാരിൽ കിളിര്‍ക്കും മദദുരിതലതാ-
ഖണ്ഡനേ ഖഡ്ഗമായി,
ഉല്ലാസം തേറുമൻപാമമൃതമഴ പൊഴി-
ക്കും നവീനാഭ്രമാകും
മല്ലാരാതിക്കെഴും നൽക്കടമിഴിയിണ ഞാൻ
സാദരം കൈതൊഴുന്നേൻ. 1
(നാന്ദിയുടെ അവസാനത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ: (മുൻഭാഗത്തു നോക്കീട്ടു്) അല്ലയോ മാന്യ സദസ്യരേ! ഖേചരൻ എന്നു പ്രസിദ്ധനായിരിക്കുന്ന ഒരു നടൻ തന്റെ സ്വാമിനിയായ പത്മിനിയോടു കൂടി ദുരഹങ്കാരഭൂയിഷ്ഠങ്ങളായ ചില നാട്യപ്രയോഗങ്ങൾകൊണ്ടു ഇവിടെ മഹാജനങ്ങൾക്കു് വൈമനസ്യത്തെ ജനിപ്പിച്ചിരിക്കുന്നതായി അറിയുന്നു. അതിനാൽ സരസമായിരിക്കുന്ന ഒരു പ്രബന്ധത്തെ യഥോചിതം പ്രയോഗിക്കുന്നതിനായി ആജ്ഞാപി ച്ചു ഭവാന്മാർ എന്നെ അനുഗ്രഹിക്കണമെന്നു അപേക്ഷിക്കുന്നു. എന്തുകൊണ്ടെന്നാൽ,
സജ്ജനരോഷവുമധികം
ലജ്ജയുമേകുന്ന ഗര്‍വ്വമാം ദോഷം
ഇജ്ജനമുടനടി തീർത്തു സ-
മുജ്ജ്വല മോദാകുലത്വമേകീടാം. 2
(ആകാശത്തിൽ ചെവികൊടുത്തിട്ടു് ) നിങ്ങൾ എന്തു പറയുന്നു? “ഇപ്രകാരമുള്ള കര്‍മ്മത്തിൽ വേണ്ടുന്ന സാമഗ്രിയോടുകൂടാത്ത ഭവാൻ എങ്ങനെ സമര്‍ത്ഥനായി ബ്ഭവിക്കുന്നു?" എന്നോ? (മന്ദഹാസത്തോടും വിനയത്തോടുംകൂടി) ആശ്ചര്യം! ആശ്ചര്യ്യം! നിങ്ങളെന്താണു് ഇങ്ങനെ ആജ്ഞാപിക്കുന്നതു്? നിങ്ങളെപ്പോലുള്ള മഹാന്മാരുടെ കൃപാതിശയംതന്നെ സര്‍വ്വസാധകമാണല്ലോ. അതിനാൽ,
സംബന്ധം തെല്ലുമില്ലെങ്കിലുമലിവിനൊടെൻ
വാസനാവൈഭവത്താൽ
സമ്മാനിച്ചിന്നിതിങ്കൽ സഫലതയണവാ-
നക്ഷദുർവീര്യഗവ്യം
സമ്മോദാൽ സംഹരിച്ചും സവിനയമിഹ സര്‍-
വ്വേശനെസ്സംസ്മരിച്ചും
സന്മാര്‍ഗ്ഗത്തിൽ സുഖിക്കും സുമതികൾ സുസഹാ-
യങ്ങളായിങ്ങളാകും. 3
അതുതന്നെയുമല്ല
ഞാനെന്നുള്ളൊരു ഭാവമുള്ളിലുളവാ-
യെന്നാകിൽ നന്നായവൻ
നൂനം നിന്ദിതനായ്ത്തനിക്കു തുണയൊ-
ന്നില്ലാതെ വല്ലാതെയാം,
മാനം നോക്കി വിനീതനാകിലതിയാ-
മാനന്ദമാകുന്നൊര-
ന്യൂനം നൂതനമായ വേഷമണിയു-
ന്നെന്നാലുമൊന്നാമതാം. 4
(പിന്നെയും ആകാശത്തെ ലക്ഷ്യമാക്കി) എന്താണാജ്ഞാപിക്കുന്നതു? "എന്നാൽ ഭവാൻ,
അര്‍ത്ഥരസം സരളത്വമ-
നര്‍ത്ഥമൊഴിച്ചീടുവാൻ സദുപദേശം
ഇത്ഥം ഗുണമിയലുന്നൊരു
പുത്തനതാം നാടകം പ്രയോഗിക്ക" 5
എന്നോ? വളരെ നന്നായി. (അണിയറയിലേക്കു നോക്കീട്ടു) അല്ല, ഇതെന്തു താമസമാണു?
കാര്യാകാര്യവിവേകവും പരഗുണ-
ത്തിങ്കൽ പരം തോഷവും
ചേരുന്നാര്യജനങ്ങളിങ്ങിഹ വിള-
ങ്ങീടുന്നു രംഗസ്ഥലേ
സാരം വാദ്യകലാവിലാസവിലസൽ
സംഗീതവും ഭംഗിചേര്‍-
ന്നാര്യേ ഹന്ത! മുഴങ്ങിടുന്നു വരുവാൻ
വാർകേശി! വൈകിക്കൊലാ. 6
നടി: (പ്രവേശിച്ചിട്ടു്)
കേളിയുള്ള ജനമിസ്സദസ്സിലതി
മേളമാണിഹ നിറഞ്ഞതും
കാളുമുന്നതരസം കലര്‍ന്നവർ പ-
റഞ്ഞ വാക്യവുമറിഞ്ഞു ഞാൻ,
താള മേളനമനോജ്ഞഗാനമതു-
മങ്ങു കേട്ടിവയിലെന്മന-
സ്സോള തുല്യമിളകിത്തളർന്നിതുവ-
രെയ്ക്കുളായിതു വിളംബവും. 7
എന്നാൽ ഇവിടെ ഏതു നാടകമാണു് അഭിനയിക്കേ ണ്ടതു്?
സൂത്രധാരൻ: നമ്മുടെ പരവൂർ കേശവപിള്ള ഉണ്ടാക്കിയ 'രാഘവമാധവം' എന്ന നാടകം ആയാൽ നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു.
നടി: ഓഹോ, മനസ്സിലായി. ആ നാടകംതന്നെ വേണമെന്നാണു് എന്റെയും അഭിപ്രായം.
സൂത്രധാരൻ: എന്നാൽ ഭവതി മധുരതരമായ സംഗീതം കൊണ്ടു ഈ സദസ്സിനെ സന്തോഷിപ്പിക്കുകതന്നെ.
(നടി ആലോചിക്കുന്നു.)
ഇത്ര ആലോചിക്കാനൊന്നുമില്ല. ഈ വസന്തകാലത്തെക്കുറിച്ചുതന്നെ പാടിയാലും. ഇപ്പോൾ,
പേരാളുന്ന പലാശകാന്തിയധികം
കാളുന്ന മേളം നിറ-
ഞ്ഞാരാൽ നിര്‍മ്മലനാം സദാഗതിയുമു-
ണ്ടേറ്റം ലസിക്കുന്നഹോ!
സാരാധിക്യവിലാസമാര്‍ന്നൊരു സുപര്‍-
ണ്ണാശോകസംവര്‍ദ്ധിത-
ക്രൂരാത്ത്യാ വലയുന്നു പാന്ഥരുമിതാ
ണ്ടീടു തണ്ടാർമിഴി! 8
അത്രതന്നെയുമല്ല,
ഈടേറുന്നതിസൗരഭം ചെറുമലർ-
ക്കൂട്ടങ്ങൾ തന്നിൽ കലര്‍-
ന്നീടും സദ്രസമോദിതാളിവചന-
ശ്രുത്യാ സമസ്താദൃതാ
കൂടും മാധവസംഗമാലതിമദം
ചിത്താംബുജത്തിൽ ഭരി-
ച്ചീടും കോകിലവാണി താനിഹ വിള-
ങ്ങീടുന്നു കേടെന്നിയേ. 9
അങ്ങനെതന്നെ. (പാടുന്നു)
നടി:
ഭൈരവി -രൂപകം
പല്ലവി: മധുരാഭമിഹ ഭാതി കേളിവനമതി ചാരു മധുരാഭം.
അനു: അധരീകൃതസമയാന്തര-
ഗഡോജ്ജ്വലമധുസംഗതി (മധുരാ)
ചരണം: പേശലപവമാനോത്ഭവ-
ഹുങ്കാരമനോജ്ഞം പര -
മാശാകരമാപ്താഗമ-
സാധുദ്വിജലപിതാന്വിത-
മാഹതമദമുനീമാനസ
മോഹനകാരണമനുപമ-
മധിഗതമാനമനോഹര
യുവതിമണീമതിശാന്തിദ. (മധുര)
(സംഭ്രമിച്ചു എഴുനേല്ക്കാൻ ഭാവിക്കുന്നു.)
സൂത്രധാരൻ:
മാകന്ദവൃന്ദമധുവുണ്ടു മദിച്ചു മോദാൽ
കൂകുന്ന പെൺകുയിലുതന്റെ മനസ്സനല്പം
വേകുന്നവണ്ണമതിമാധുരി ചേന്ന ഗാന-
മാകും നറും സുധ നുകര്‍ന്നു തെളിഞ്ഞു രംഗം. 10
അതിനാൽ സന്തുഷ്ടയാകേണ്ട ഭവതി എന്താണിങ്ങനെ ബദ്ധപ്പെട്ടെഴുനേല്ക്കാൻ ഭാവിക്കുന്നതു്?
നടി: ഇതാ, ഭവാൻ കാണുന്നില്ലയോ? ആരോ അതി ദിവ്യന്മാരായ രണ്ടു പുരുഷന്മാർ ഇങ്ങോട്ടുതന്നെ വരുന്നു. ഇവരെ നാം ഉപചരിക്കേണ്ടതാണല്ലോ.
സൂത്രധാരൻ: (നോക്കീട്ട്) ആര്യേ! സംഭ്രമിക്കേണ്ട. നമ്മുടെ സംഘത്തിലുള്ള നടന്മാർതന്നെ ശ്രീകൃഷ്ണന്റെയും നാരദന്റെയും വേഷം ധരിച്ച് രംഗത്തിലേക്കു വരികയാണു അതുകൊണ്ടു് നമുക്കു മേൽ വേണ്ട കാര്യം നടത്തുവാനായി പോകതന്നെ. (രണ്ടുപേരും പോയി.)
പ്രസ്താവന കഴിഞ്ഞു
(അനന്തരം ശ്രീകൃഷ്ണനും നാരദമഹർഷിയും പ്രവേശിക്കുന്നു.)
നാരദൻ: അല്ലയോ ജഗദീശ്വരാ!
എന്തിനു ലൗകികവചസ്സുകളേവമോതി-
ച്ചിന്തുന്ന മോഹമകതാരിൽ വളര്‍ത്തിടുന്നു?
ചെന്താർ തൊഴുന്ന ഭവദീയപദങ്ങൾ ക്രുപ്പി-
സ്സന്താപമാശു കളവാനിഹ വന്നു ഞാനും. 11
ശ്രീകൃഷ്ണൻ: മഹാനുഭാവനായ മഹര്‍ഷേ! അങ്ങ് ഇപ്പോൾ അരുളിച്ചെയ്തതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലാകുന്നില്ല. ഞാൻ എന്തുകൊണ്ടാണ് അങ്ങേയ്ക്കും മോഹം വളര്‍ത്തുന്നതു്?
നാരദൻ: ആശ്ചര്യം! സര്‍വ്വജ്ഞനായ അവിടന്നു ഇപ്രകാരം പറയുന്നതു് യുക്തമല്ല. എങ്കിലും എന്നെക്കൊണ്ടു പറയിക്കണമെന്നാണല്ലോ അവിടത്തെ അഭിപ്രായം. എന്നാൽ ഞാൻ പറയാം.
കല്യശ്രീ കലരുന്ന കാലിണയതാം
ബാലാര്‍ക്കനോലുനാ നൽ-
ക്കല്യാണപ്രഭകൊണ്ടു കല്മഷതമസ് -
ക്കാണ്ഡങ്ങൾ ഖണ്ഡിച്ചിടും
മല്ലാരേ! തവ ഭക്തനാകുമിവനെ-
ക്കണ്ടോരു നേരം ഭവാ-
നില്ലാതായ് ദുരിതങ്ങളെന്നമല! നീ
ചൊല്ലുന്നതും നല്ലതോ? 12
അതുകൊണ്ടുതന്നെയാണു മോഹം വളർത്തുന്നു എന്നു ഞാൻ പറഞ്ഞതു്
ശ്രീകൃഷ്ണൻ: എന്നാൽ എന്റെ വാക്യം അയഥാര്‍ത്ഥമായി വരുന്നതല്ല.
നാരദൻ: (ആത്മഗതം) അതിനു സംശയമുണ്ടോ?
ശ്രീകൃഷ്ണൻ: എന്തുകൊണ്ടെന്നാൽ,
നന്മയൊടൊത്തു വസിക്കും
നിര്‍മ്മലജനമോടു ചേര്‍ന്നുവെന്നാകിൽ
കല്മഷമഖിലവുമതിജവ-
മുന്മൂലിതമാകുമില്ല കില്ലേതും 13
നാരദൻ: ഐ: അങ്ങനെയാണു്? എന്നാൽ ഇതും എന്റെ മനസ്സിലുള്ളതാണു്:
യാതൊന്നില്ലെന്നു വന്നാൽ ഭുവനമഖിലമീ-
മട്ടിൽ നില്ക്കില്ലയെന്ന-
ല്ലാതങ്കം സൗഖ്യമെന്നുള്ളതുമിഹ സമമായ്
കാണുവാനും പ്രയാസം
ഭൂതങ്ങൾക്കൊക്കെയുള്ളിൽ ബഹിരപി വിലസീ-
ടുന്നതായിന്നപോലെ-
ന്നോതാവല്ലാത്തൊരശ്ശക്തിയുമയി ജഗതീ-
നാഥ! ചിൽക്കാതലാം നീ. 14
ശ്രീകൃഷ്ണൻ: എന്റെ സര്‍വ്വവ്യാപിത്വത്തെക്കുറിച്ചു അങ്ങേയ്ക്കു നല്ലവണ്ണം അറിവുണ്ടു് അല്ലേ? എന്നാൽ ഈ വിചാരം ഇപ്പോൾ ഉണ്ടായതാണെന്നു തോന്നുന്നു.
നാരദൻ: അല്ല. ഈ വിചാരം എനിക്കു് എല്ലായ്പോഴും ഉള്ളതുതന്നെയാണു്.
ശ്രീകൃഷ്ണൻ: (മന്ദഹാസത്തോടുകൂടി) അങ്ങ് ഇപ്പോൾ ആലോചനാപൂർവ്വകമാണു് എന്നോടു സംസാരിക്കുന്നതെന്നു ഞാൻ വിചാരിക്കുന്നില്ല. 'എല്ലായ്പോഴും' എന്നു പറഞ്ഞതിൽ എനിക്കു വളരെ സംശയമുണ്ടു്. വ്യാപാരവും വചനവും ഭിന്നങ്ങളായിവരാമോ?
നാരദൻ: (ആത്മഗതം) ഇദ്ദേഹം എന്താണ് ഇങ്ങനെ പറയുന്നതു്? ഓഹോ! മന്ദനായ ഞാൻ ഭാര്യാഭവനങ്ങളിലൊക്കെ പരീക്ഷിക്കാൻ നടന്ന വിവരം ഇദ്ദേഹം ധരിച്ചുകൊണ്ടു് എന്നോടിങ്ങനെ ചോദിക്കയാണു്; ആകട്ടെ. (പ്രകാശം)
ഒന്നാമങ്കം (പേജ് 06 - 08)
മായാപതേ! ബത ഭവാനൊടു ചൊൽവതെന്തീ
മായാനുസാരമൊടു മാനസശാന്തിയെന്യേ
പേയായലഞ്ഞനിശമിങ്ങ വലഞ്ഞിടുന്നോ-
രീയുള്ള ഞങ്ങൾ കരുണാവരുണാധിവാസ! 15
(അണിയറയിൽ)
കണ്ടാൽ കണ്ണിനു രമ്യഭാവമിയലും
രമ്യങ്ങൾ ഹര്‍മ്മ്യങ്ങളി-
ങ്ങുണ്ടാകാശതലം കടന്നു ദിവി നോ-
ക്കീടുന്ന വെണ്മാടവും
രണ്ടാമത്തെയമര്‍ത്ത്യമന്ദിരമിതെ-
ന്നുണ്ടായ്‍വരും ചിന്തയും
കണ്ടാലും കമനീയകല്പതരുവും
നന്നായ് വിളങ്ങുന്നിതാ. 16
ശ്രീകൃഷ്ണൻ: ആരാണു് ഇങ്ങനെ പുരവര്‍ണ്ണനം ചെയ്യുന്നതു്?
(വീണ്ടും അണിയറയിൽ)
ഏഴാം മാളികമേലുറങ്ങുവതിനു-
ണ്ടേറെസ്സുഖം കൂറെഴും
കേഴക്കണ്ണികൾ മൗലിമാരുമതിയാ-
യുണ്ടിങ്ങ കൊണ്ടാടുവാൻ
ആഴിക്കുള്ള നിറം കലര്‍ന്നവനിവ-
ണ്ണം ദണ്ഡമേൽക്കുന്നൊരി-
പാഴന്മാരുടെ പീഡ തീര്‍ത്തരുളുവാൻ
കാരുണ്യമുണ്ടാകുമോ? 17
ശ്രീകൃഷ്ണൻ: കഷ്ടം! ആരാണിവിടെ പീഡ അനുഭവിക്കുന്നതു്? (ആലോചിച്ചിട്ട്)
സ്വര്‍ഗ്ഗാതിശായി സുഖമോടിഹ വാണിടുമ്പോൾ
ദുര്‍ഗ്ഗര്‍വ്വമാര്‍ക്കുമെളുതായുളവാകുമല്ലോ,
സര്‍ഗ്ഗം പിഴച്ചു പരിപീഡകൾ ഹന്ത! സാധു-
വര്‍ഗ്ഗത്തിൽ വല്ലവരുമിങ്ങു വളര്‍ത്തിടുന്നോ? 18
നാരദൻ: (ആത്മഗതം) എന്തെങ്കിലും ഒരു കലഹം ഉണ്ടായെങ്കിൽ മനസ്സിനെ ഒന്നു വിനോദിപ്പിക്കാമായിരുന്നു. (പ്രകാശം) ആരെങ്കിലും ദുസ്സാമര്‍ത്ഥ്യം നന്നായി പ്രകടിപ്പിച്ചിട്ടുണ്ടു് നിശ്ചയംതന്നെ.
കഞ്ചുകി: (പ്രവേശിച്ചിട്ടു്) സ്വാമി വിജയിയായി ഭവിച്ചാലും. രണ്ടു ബ്രാഹ്മണർ സ്വാമിയെ കാണ്മാനായി വന്നിരിക്കുന്നു.
ശ്രീകൃഷ്ണൻ: എന്നാൽ അവരെ വേഗത്തിൽ കൂട്ടിക്കൊണ്ടു വരൂ.
(കഞ്ചുകി പോയി.)
(അനന്തരം രണ്ടു ബ്രാഹ്മണർ പ്രവേശിക്കുന്നു.)
ശ്രീകൃഷ്ണൻ: (എഴുനേറ്റിട്ടു്) ഇതാ ഞാൻ വന്ദിക്കുന്നു. ഭവാന്മാർ ഇവിടെ ഇരിക്കാം.
(എല്ലാവരും ആചാരോപചാരങ്ങൾ ചെയ്തും ഇരിക്കുന്നു.)
ഒന്നാം ബ്രാഹ്മണൻ: ഈ ആചാരങ്ങളൊന്നും ഇല്ലെങ്കിലും അത്ര തരക്കേടില്ലായിരുന്നു!
ശ്രീകൃഷ്ണൻ: എന്താണു് ഭവാന്മാര്‍ക്കും ഇവിടെ വല്ലതും പീഡ സംഭവിച്ചോ?
ഒന്നാം ബ്രാഹ്മണൻ:
വന്ദിച്ചതില്ലതിനു സങ്കടമില്ല തെല്ലും
നന്ദിച്ചതില്ലതിനുമെന്തൊരു ദോഷമുള്ള ?
ശ്രീകൃഷ്ണൻ: പിന്നെയോ?
ഒന്നാം ബ്രാഹ്മണൻ:
നിന്ദിച്ചു ചൊന്ന വചനങ്ങൾ നിനച്ചു ചിത്തേ
കുന്നിച്ചിടുന്നു പരിതാപഭരം മുരാരേ! 19
ശ്രീകൃഷ്ണൻ: ആരാണ് ഇപ്രകാരം ചെയ്തതു്?
രണ്ടാം ബ്രാഹ്മണൻ:
നേരോതീടുവനീശ! ഞങ്ങൾ സരസം
സാപ്പാടുമിപ്പോൾ കഴി-
ച്ചോരോരോ വെടിയും പറഞ്ഞു പരമാ-
നന്ദിച്ചു വന്നേവരും
ശ്രീകൃഷ്ണൻ: എന്നിട്ടു ?
രണ്ടാം ബ്രാഹ്മണൻ:
ക്രൂരൻ ഞങ്ങടെ വാക്കിലല്പവിരസം
തോന്നീട്ടധിക്ഷേപവാ-
ക്കോരോന്നേറ്റമുരച്ചു ദുര്‍മ്മദഭരം
തിങ്ങും വിഹംഗാധിപൻ. 20
ശ്രീകൃഷ്ണൻ: ഗരുഡന്റെ സ്ഥിതി ഇപ്രകാരമാണോ?
നാരദൻ : ഞങ്ങൾക്കു ഇതിൽ യാതൊരാശ്ചര്യവുമില്ല.
ഒന്നാം ബ്രാഹ്മണൻ: "സാക്ഷാൽ ലക്ഷ്മീവരന്റെ ഗതിക്കുപോലും അവലംബം ഞാനാകുന്നു. എന്റെ പരാക്രമത്തിലുള്ള ഭയം ആ ദേവേന്ദ്രന്റെ മനസ്സിൽനിന്നു ഇന്നും വേർപെട്ടിട്ടില്ല. ത്രൈലോക്യത്തിങ്കൽ ഏക വീരൻ ഞാനല്ലാതെ വേറെ ആരാണ്? എനിക്കു് നിങ്ങളെ ഒട്ടും ഭയപ്പെടാനില്ല," എന്നും മറ്റുമായിരുന്നു ഗരുഡന്റെ വാക്കുകൾ.
ശ്രീകൃഷ്ണൻ: ആകട്ടെ, ഭവാന്മാർ ഇപ്പോൾ പോകാം. ഇനിമേൽ ഈവിധം വരാതെ സൂക്ഷിച്ചുകൊള്ളാം.
ഒന്നാം ബ്രാഹ്മണൻ : അവിടത്തെ അഭീഷ്ടം സിദ്ധിക്കട്ടെ.
(ബ്രാഹ്മണർ പോകുന്നു.)
ശ്രീകൃഷ്ണൻ: ഇതിനു് ഒരു നിവൃത്തിയുണ്ടാക്കാതിരുന്നാൽ നന്നാണോ?
നാരദൻ: നന്നല്ലെന്നു മാത്രമല്ല, വളരെ കഷ്ടവുമാണു്.
ശ്രീകൃഷ്ണൻ: ശരിതന്നെ,
വലിപ്പം വന്നീടുന്നതിനു കൊതിയുള്ളോരു പുരുഷൻ
കുലുക്കം കൈവിട്ടിട്ടധികമനിശം താഴണമഹോ!
വലയ്ക്കും ദുര്‍വാരം മദഭരമണഞ്ഞെങ്ങനെ സമു-
ജ്ജ്വലിക്കുന്നെന്നാകിൽക്കളയണമതല്ലെങ്കിൽ വിഷമം 21
നാരദൻ: അങ്ങനെതന്നെ.
(രണ്ടുപേരും പോയി.)
[ഒന്നാമങ്കം കഴിഞ്ഞു]
രണ്ടാമങ്കം (പേജ് 09 - 10)
രണ്ടാമങ്കം
(ഒരു ചേടി പ്രവേശിക്കുന്നു.)ചേടി: “നാരദമഹഷി രുഗ്മിണീദേവിയുടെ ഗൃഹത്തിൽ എഴുന്നള്ളിയതായി അറിയുന്നു. വല്ലതും വിശേഷമുണ്ടോ എന്നു തിരക്കി അറിയണം." എന്നു സത്യഭാമാദേവി എന്നോട് കല്പിച്ചയച്ചിരിക്കുന്നു. ഇനി ആരോടു ചോദിച്ചാണ് ഇതറിയേണ്ടതു്? ആകട്ടെ, രുഗ്മിണീദേവിയുടെ ദാസിയായ ലക്ഷ്മിയോടുതന്നെ ചോദിച്ചറിയാം. അങ്ങോട്ടു പോകതന്നെ. (അല്പം നടന്നു അണിയറയിലേക്കു നോക്കീട്ടു്) തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ! ഇതാ ലക്ഷ്മി ഇങ്ങോട്ടുതന്നെ വരുന്നു.
(അനന്തരം ലക്ഷ്മി പ്രവേശിക്കുന്നു.)
ലക്ഷ്മി: അല്ല, കല്യാണിയോ? നീ എങ്ങോട്ടാണ് പുറപ്പെട്ടതു്?
കല്യാണി: അങ്ങോട്ടുതന്നെ. നാരദമഹര്‍ഷി ഇന്നു രുഗ്മിണീദേവിയുടെ ഗൃഹത്തിൽ എഴുന്നള്ളിയെന്നു കേട്ടു. വിശേഷം വല്ലതുമുണ്ടെങ്കിൽ അറിയാമല്ലൊ എന്നു വിചാരിച്ചു പുറപ്പെട്ടു. അത്രേ ഉള്ളു. എന്തെല്ലാമാണു് വര്‍ത്തമാനം?
ലക്ഷ്മി: അതു പറയണമെങ്കിൽ അധികമുണ്ടു്.
കല്യാണി: എനിക്കു് അതു കേൾപ്പാൻ വളരെ കൗതുകം തോന്നുന്നു. നമുക്കു് ഇവിടെ ഇരിക്കാം.
(രണ്ടുപേരും ഇരിക്കുന്നു.)
ലക്ഷ്മി: നാരദമഹര്‍ഷി ദേവിയുടെ ഗൃഹത്തിൽ എഴുന്നള്ളി പൂജാദികളെ ഗ്രഹിച്ചു സുഖമായി സിംഹാസനത്തിൽ ഇരുന്നതിന്റെ ശേഷം ദേവിയോടു് ഇപ്രകാരം അരുളിച്ചെയ്തു:
"കല്യേ! രുഗ്മിണിദേവി നിൻഗുണഗണം
വാഴ്ത്തീടുവാൻ ശക്തിയി-
ങ്ങില്ലേതും, സുരലോകസുന്ദരികളും
ബാലേ! പികാലാപിനി!
ചൊല്ലേറും തവ വൈഭവങ്ങളമലം
കൈവന്ന ലാവണ്യവും
മെല്ലെന്നോര്‍ത്തു മനസ്സിലത്ഭുതഭരം
തേടുന്നു വാടുന്നെടോ. 1
എന്നുതന്നെയുമല്ല,
മുന്നം വേളികഴിച്ചു നിന്നെയമലൻ
ഗോവിന്ദനെന്നല്ല കേൾ
മിന്നീടുന്ന ഗുണങ്ങളോര്‍ക്കിലുമയേ!
നീതന്നെയൊന്നാമവൾ,
എന്നാൽ നിന്നുടെ വല്ലഭന്നു ഹൃദയ-
പ്രേമാതിരേകം പരം
നിന്നിൽ സമ്പ്രതി മുന്നിലെന്നതു കണ-
ക്കില്ലെന്നു തോന്നുന്നു മേ." 2
കല്യാണി: ഇതു് കേൾക്കാൻ രസമുണ്ടല്ലൊ! പിന്നെ?
ലക്ഷ്മി: ഉടനേ ദേവി, “അവിടുന്നു” ഇങ്ങനെ അരുളിച്ചെയ്യുന്നതിന്റെ കാരണമെന്താണെന്നുകൂടി അറിയുന്നതിനു് ആഗ്രഹമുണ്ടു്?” എന്നു കല്പിച്ചു.
കല്യാണി: എന്നിട്ട് മഹര്‍ഷി എന്തുപറഞ്ഞു?
ലക്ഷ്മി: അപ്പോൾ,
"എന്താണെന്നതുമോതുവൻ കമനിമാർ
മൗലേ! മനസ്സിങ്കൽ നീ
ചിന്തിച്ചീടുക പങ്കജാക്ഷനധുനാ
ഗാഢാനുരാഗോദയം
ചെന്താർ നേർമുഖി ഭാമതന്നിലതിയാ-
യിട്ടുണ്ടു പിട്ടല്ല നൽ
ചന്തം ചേര്‍ന്നൊരു പാരിജാതമവൾതൻ-
ഗേഹത്തിലെത്തീലയോ?" 3
എന്നു മഹര്‍ഷി പറഞ്ഞു.
കല്യാണി: മഹര്‍ഷിയുടെ വാക്കു മതിയായ കാരണത്തോടുകൂടിയിരിക്കുന്നുവല്ലൊ. പിന്നീടു് ദേവി എന്തു കല്പിച്ചു?
ലക്ഷ്മി: ദേവിയാകട്ടെ, "ഇതിനെക്കുറിച്ച് ആലോചിക്കേണ്ടതാണു'' എന്നു കല്പിച്ചു. ഉടൻ തന്നെ മഹര്‍ഷി:
"ഭാമാദേവിയിലാണു കൃഷ്ണനധികം
പ്രേമം മനക്കാമ്പിലെ-
ന്നാമോദത്തൊടു ലോകരൊക്കെയുരചെ-
യ്തീടുന്നു ഗൂഢം പരം
നാമന്വേഷണമാശു ചെയ്തതിലതും
നേരെന്നു നേരേ ധരി-
ച്ചോമൽപ്പെൺമണി! നീയിതൊന്നുമറിയു-
ന്നില്ലേ ഗുണോല്ലാസിനി! 4
മനോഹരമായ പരിമളത്തോടുകൂടി വിലസുന്ന അനവധി പുഷ്പങ്ങൾകൊണ്ടും ഫലങ്ങൾകൊണ്ടും കണ്ണുകൾക്കു പരമാനന്ദം ജനിപ്പിക്കുന്ന ശ്രീകരമായ ആ പാരിജാതം ഉള്ളതുകൊണ്ടു് ഇപ്പോൾ സത്യഭാമയുടെ ഗൃഹം സാക്ഷാൽ സ്വര്‍ഗ്ഗലോകത്തോടു സദൃശം തന്നെ എന്നുള്ളതിനു് യാതൊരു സംശയവുമില്ല. അതിനാൽ ഭവതി ഇനിയും ഇതിനെക്കുറിച്ചു ഒന്നും അന്വേഷിക്കാതെ ഇരിക്കുന്നുവെങ്കിൽ അതു വളരെ കഷ്ടമാണു് എനിക്കു സത്യലോകത്തേക്കു പോകാൻ വൈകി" എന്നരുളിച്ചെയ്ത് എഴുന്നള്ളുകയുംചെയ്തു. അതിൽപ്പിന്നെ ദേവിക്ക് മനസ്സിൽ വളരെ വല്ലായ്മയുള്ളതുപോലെ തോന്നുന്നുണ്ടു്
കല്യാണി: ഈ വല്ലായ്മ ഇനി എങ്ങനെയെല്ലാമാണു് അവസാനിക്കുന്നതെന്ന് അറിയുന്നില്ല.
ലക്ഷ്മി: എല്ലാം ക്രമംകൊണ്ടു് അറിയാമല്ലോ. എനിക്കു കൊട്ടാരത്തിൽ പോകാൻ നേരമായി. ഞാൻ പോകട്ടെ. വന്നിട്ടു കണ്ടുകൊള്ളാം. ഞാൻ ഇപ്പറഞ്ഞതെല്ലാം നിന്റെ മനസ്സിൽമാത്രം ഇരുന്നാൽ മതി.
കല്യാണി: അതു്. എന്നോട് വിശേഷിച്ചു പറയണമെന്നുണ്ടോ?
(രണ്ടുപേരും പോയി.)
[പൂര്‍വ്വാംഗം കഴിഞ്ഞു]
രണ്ടാമങ്കം (പേജ് 11 - 16)
(അനന്തരം നവമാലിക, വിലാസിനി എന്നീ സഖിമാരോടുകൂടി രുഗ്മിണീദേവി പ്രവേശിക്കുന്നു.)
നവമാലിക: അദ്ദേഹത്തിന്റെ വാക്കു് യഥാശ്രുതം വിശ്വസിക്കപ്പെടാവുന്നതാണെന്നു ഞാൻ വിചാരിക്കുന്നില്ല.
രുഗ്മിണി: അതെന്താണു്?
നവമാലിക: കലഹപ്രിയൻ എന്നുള്ള ജനശ്രുതി തോഴി ഇതേവരെ കേട്ടിട്ടില്ലയോ?
വിലാസിനി: എന്നാൽ അദ്ദേഹം ഒരു കാരണവുംകൂടാതെ അപ്രകാരം അരുളിച്ചെയ്യുമോ എന്നാണ് ഞാൻ സംശയിക്കുന്നതു്.
നവമാലിക: അകൃത്രിമമായ അനുരാഗത്തോടുകൂടി ഒന്നാമതായി വേൾക്കപ്പെട്ടവളും, അനിതരനാരീസാധാരണങ്ങളായ അംഗലാവണ്യം, ഭര്‍ത്തൃശുശ്രൂഷാസാമര്‍ത്ഥ്യം, ധൈര്യം, ധര്‍മ്മനിഷ്ഠ മുതലായ ഗുണങ്ങൾക്കു നിവാസഭൂമിയുമായ ഭവതിയിൽ ശ്രീകൃഷ്ണസ്വാമിക്കും ഒരിക്കലും അനുരാഗത്തിനു് കുറവുണ്ടാകയില്ലെന്നാണു് എന്റെ ദൃഢവിശ്വാസം.
വിലാസിനി: നവമാലികേ, നീ ഇപ്പോൾ പറഞ്ഞ അ ഭിപ്രായത്തോട് ഞാൻ അത്ര യോജിക്കുന്നില്ല. എന്തു കൊണ്ടെന്നാൽ ചില പുരുഷന്മാര്‍ക്ക് ആദ്യകാലം ഭാര്യമാരിൽ ഉണ്ടാകുന്ന പ്രണയാതിശയം ക്രമേണ കുറഞ്ഞു വന്നിട്ടുള്ളതായും എനിക്കറിവുണ്ടു് എത്രയോ പരമദിവ്യമായിരിക്കുന്ന വസ്തുവിലും പരിചയം അനാസ്ഥയെ ജനിപ്പിക്ക പതിവാണല്ലോ!
രുഗ്മിണി: വിലാസിനി പറഞ്ഞതു ശരിതന്നെയാണു്:
അതിപരിചയമൂലം ഹന്ത! വൈരാഗ്യമാര്‍ക്കും
മതിയതിലുളവാകും സംശയം ലേശമില്ല!
മതിമുഖി! മൃഗനാഭിക്കുള്ള സൗരഭ്യമേല്ക്കാൻ
കൊതിയതു പെരുമാറും വാണിജന്നോര്‍ക്കിലുണ്ടോ? 5
നവമാലിക: ഉത്തമജനങ്ങൾക്കു് ഒരു വസ്തുവിൽ താല്പര്യമുണ്ടായാൽ അത് യഥോചിതം എന്നും ഏകരൂപമായിത്തന്നെ ഇരിക്കും എന്നാണു് ഞാൻ ധരിച്ചിട്ടുള്ളതു് എന്നുമാത്രമല്ല, മഹാന്മാരുടെ സ്നേഹം ആദിയിൽ അല്പമായും ക്രമേണ വര്‍ദ്ധിച്ചുകൊണ്ടും ഇരിക്കുന്നതാണു്. ആദ്യ കാലത്തിൽ അപാരമായ സ്നേഹം ഉണ്ടാകുന്നതും ക്രമേണ അതു നാമാവശേഷമായിത്തീരുന്നതും ദുഷ്ടന്മാരിലാകുന്നു. എന്നാൽ വേറെ ഭാര്യമാർ എത്രതന്നെ ഉണ്ടായിരുന്നാലും അമാനുഷമഹിമാവായ ശ്രീകൃഷ്ണസ്വാമിയിൽ ഈ ഒടുവിൽ പറഞ്ഞ സ്ഥിതി സംഭവിക്കുമോ എന്നുള്ളതു വളരെ ആലോചിച്ചതിനുമേൽ യാണ്. തീർച്ചപ്പെടുത്തേണ്ട സംഗതിയാണു്.
വിലാസിനി: ഇതിൽ അത്ര അധികമായി ആലോചിപ്പാനൊന്നുമില്ല. മനുഷ്യക്കു സാധാരണമായി കാണ്മാൻ അസാധ്യമായ സ്വര്‍ഗ്ഗലോകത്തിൽ സ്വാമി പോയിരുന്നപ്പോൾ കൂടെ കൊണ്ടുപോയത് ആരെയാണെന്നും നവമാലിക ഓര്‍ക്കുന്നുണ്ടോ? ദിവ്യമായ പാരിജാതവൃക്ഷം കൊണ്ടുവന്നിട്ടു് അതെവിടെയാണ് സ്ഥാപിച്ചതു്?
രുഗ്മിണി: വാസ്തവമാണു്. ഈയിടെ അദ്ദേഹത്തിനു എന്നിൽ മുൻപിലത്തെപ്പോലെ അത്ര രസമുള്ളതായി തോന്നുന്നില്ല. ഈ പുരുഷന്മാരുടെ കൗടില്യമൊന്നും ശുദ്ധയായ നവമാലികയ്ക്കു അറിഞ്ഞുകൂടാ. ഇനി ഇതിനു ഞാനെന്താണു ചെയ്യേണ്ടതു്? വിലാസിനി ആലോചിച്ചു പറയൂ.
വിലാസിനി: ഇതിനു് വേഗം ഒരു നിവൃത്തിയുണ്ടാക്കാതിരുന്നാൽ പോരാ. അതിനാൽ ഭവതി ഈ മാളികയുടെ വാതിൽ അടച്ചു ശയിച്ചുകൊള്ളു കതന്നെ. സ്വാമി വന്നാൽ ഈ സംഗതിയെക്കുറിച്ച് ഒന്നു സംസാരിച്ചതിനുമേൽ മാത്രം വാതിൽ തുറന്നാൽ മതി.
രുഗ്മിണി: അങ്ങനെതന്നെ.
കഞ്ചുകി: (പ്രവേശിച്ചിട്ടു്) ഇതാ സ്വാമി എഴുനള്ളുന്നു.
രുഗ്മിണി: എന്നാൽ സഖിമാരേ! നിങ്ങൾ പൊയ്ക്കൊൾവിൻ. ഞാൻ വാതിലടച്ചു ഇവിടെ ശയിക്കട്ടെ.
നവമാലിക വിലാസിനി: അങ്ങനെതന്നെ. (പോകുന്നു.)
(അനന്തരം ശ്രീകൃഷ്ണൻ പ്രവേശിക്കുന്നു.)
ശ്രീകൃഷ്ണൻ: എന്താണ് ഈ മാളിക നിശ്ശബ്ദമായിരിക്കുന്നതു്? നേരം അധികമായിപ്പോയെന്നുണ്ടോ? ഇല്ല, ഈ താമരപ്പൊയ്കയിലുള്ള പുഷ്പങ്ങളെല്ലാം ഇനിയും മുകുളീഭവിച്ചില്ലല്ലോ. (കുറേക്കൂടി മുൻപോട്ടു നടന്നിട്ടു്) അല്ല, മാളികയുടെ വാതിലുകളെല്ലാം അടച്ചിരിക്കയാണു്. ഇതിനു് എന്താണാവോ കാരണം? ആകട്ടെ, വിളിക്കതന്നെ:
ബാലേ! രുഗ്മിണി! കമനികൾ-
മാലേ! കതകങ്ങടച്ചു വാഴുന്നോ?
ചാലേ വരിക ജവാൽ ശുഭ-
ശീലേ! നൽകീടമന്ദമോദം മേ. 6
(അല്പനേരം ചെവിയോര്‍ത്തിട്ട് ആത്മഗതം) ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ. ഉറങ്ങിപ്പോയെന്നു വരുമോ? (പ്രകാശം)
ആളീജനത്തോടൊരുമിച്ചു പാരം
കേളീവിലാസങ്ങൾ കലര്‍ന്നമൂലം
ലാളിത്യമേറുന്നൊരു മെയ് തളര്‍ന്നെൻ
നാളീകരമ്യാക്ഷിയുറങ്ങിടുന്നോ? 7
(ആത്മഗതം) എന്താണ് ഒന്നും മിണ്ടാത്തത്? ആകട്ടെ ഒന്നുകൂടി വിളിക്കതന്നെ. (പ്രകാശം)
നീലപ്പൂമുടിയായ ഭംഗനിരയും
വാർകൊങ്കയാകുന്ന നൽ-
ബാലപ്പൂംകുലയും മനോജ്ഞകരമാ-
യീടുന്നിളംശാഖയും
ചേലിൽ പൂണ്ടു വിളങ്ങിടും ഭവതിയാം
സന്താനവല്ലിക്കു വൻ-
മാലിപ്പൂര്‍ണ്ണമുദാ വിളിക്കുമിവനേ-
കീടുന്നതും നന്നിതോ? 8
രുഗ്മിണി: (അന്തർഗൃഹത്തിൽനിന്നു) ശരി! സന്താനവല്ലിക്ക് ദുഃഖത്തെ കൊടുക്കണമെന്നാരു പറഞ്ഞു?
ശ്രീകൃഷ്ണൻ: (ആത്മഗതം) എന്തോ ഈര്‍ഷ്യാകലഹം കലശലായിട്ടുണ്ട് അതിനാലാണു് അര്‍ത്ഥത്തെ വിപരീതമാക്കിപ്പറയുന്നതു് (പ്രകാശം) ഭദ്രേ! അങ്ങനെയല്ല ഞാൻ പറഞ്ഞതു്? ഇവനു് ദുഃഖം നൽകുന്നതു് സന്താനവല്ലിക്കു നന്നോ എന്നാണു്.
രുഗ്മിണി: ചൈതന്യമില്ലാത്ത സന്താനവല്ലിക്കു് മറ്റുള്ളവരിൽ ദുഃഖം ജനിപ്പിക്കുന്നതിനു സാമത്ഥ്യമുണ്ടോ? ആരാണു് ഈ അസംബന്ധം പറയുന്നതു്?
ശ്രീകൃഷ്ണൻ: (ആത്മഗതം) ഓഹോ! ആളറികയില്ലെന്നുമായോ? (പ്രകാശം)
ലക്ഷ്മീവല്ലഭനാണു ഞാനയി ധരി-
ച്ചീടേണമെന്നോമലേ!
രുഗ്മിണി:
ലക്ഷ്മീഗേഹമിതല്ല രാത്രിയിൽ വഴി-
ത്തെറ്റിങ്ങു പറ്റീ ദൃഢം.
ശ്രീകൃഷ്ണൻ:
ലക്ഷ്മീ ചാരുവിലാസശാലിനി ശുഭേ!
പാര്‍ത്തീടു ദൈത്യാരി ഞാൻ.
രുഗ്മിണി:
ലക്ഷ്മീവാൻ സുരനാഥനിപ്പൊഴിവിടെ-
യ്ക്കെന്താണു ബന്ധം വരാൻ? 9
ശ്രീകൃഷ്ണൻ:
രാമൻതന്നുടെ സോദരൻ കമനിമാ-
രേന്തുന്ന പൂന്തൊങ്ങലേ!
ധീമാനാകിയ ലക്ഷ്മണൻ നിശയിൽ വ-
ന്നീടുന്നതിങ്ങെങ്ങനെ?
ശ്രീകൃഷ്ണൻ:
വാമേ! ഞാൻ ശിശുപാലവൈരി-
രുഗ്മിണി:
ശിശുവെ-പ്പാലിച്ചിടും ധന്യരിൽ-
ക്കാമം വൈരമെഴുന്ന ദുര്‍മ്മതിഭവാ-
നാരെന്നറിഞ്ഞീല ഞാൻ. 10
ശ്രീകൃഷ്ണൻ: അല്ലയോ കുടിലേ! ഞാൻ അബദ്ധനായല്ലൊ.
രുഗ്മിണി: എവിടെയോചെന്നു കയറുകയാൽ ആരോ പിടിച്ചുകെട്ടുകയും പിന്നീട് ആളറിഞ്ഞപ്പോൾ അഴിച്ചുവിടുകയും ചെയ്തതായിരിക്കാം. അതിനാലല്ലയോ ഇപ്പോൾ ബദ്ധനല്ലാതായതു്?
ശ്രീകൃഷ്ണൻ: (ആത്മഗതം) ഉത്തരം നല്ല കണക്കിനുപറ്റി. (പ്രകാശം) അല്ലയോ സുന്ദരി! ഞാൻ ഭവതിയുടെ പ്രാണവല്ലഭനായ വാസുദേവനാണു്. ഭവതി ഇങ്ങനെയുള്ള വക്രോക്തികൾകൊണ്ടുതന്നെ രാത്രി കഴിച്ചുകൂട്ടാമെന്നു വിചാരിക്കയാണെന്നു തോന്നുന്നു. എന്നാൽ ഇതു് ഒട്ടും ഉചിതമായിട്ടുള്ളതല്ല, ഇപ്പോൾ ഇതാ
"ആരിന്നീ വീരനാമെന്നലർശരനികരം
കൊണ്ടുകൊണ്ടിണ്ടൽപൂണ്ടി-
ട്ടാരാധിക്കുന്നതില്ലിപ്പൊഴുതിലതിരസാ-
ലെന്നെ”യെന്നുന്നിയേറ്റം
ആരൂഢാഹന്തയാര്‍ന്നീടിന മദനനെഴു-
ന്നട്ടഹാസാഭയെന്നി-
ങ്ങാരും ശങ്കിച്ചിടും നൽക്കുളുർമതി ചൊരിയും
പൂനിലാവോമലാളേ! 11
അത്രതന്നെയുമല്ല,
സ്വല്പം സ്വല്പം വിടര്‍ന്നങ്ങനെ വിലസിന നൽ-
പിച്ചകപ്പൂവിലെല്ലാ-
മുൽപന്നാമോദമാടീട്ടരികിലണയുമി-
ക്കാറ്റിനുള്ളൂറ്റമോര്‍ത്താൽ
നൽപ്പീയൂഷാധരീ കേൾ നലമൊടു കലഹം
ചെയ്കയാൽ മെയ്കളെല്ലാ-
മൊപ്പം വാടിത്തളര്‍ന്നോരലർശരനുടെ നി-
ശ്വാസമോ എന്നു തോന്നും. 12
രുഗ്മിണി: ഇത്ര മനോഹരമായ സമയത്തെ എന്തിനു വ്യര്‍ത്ഥമാക്കുന്നു? സഫലമാക്കാൻ ഉപായം പലതുമുണ്ടല്ലൊ.
ശ്രീകൃഷ്ണൻ: (ആത്മഗതം) ആരോ നിശ്ചയമായി ഏതെങ്കിലും ഏഷണി ഉണ്ടാക്കീട്ടുണ്ടു്. അല്ലെങ്കിൽ ഇങ്ങനെ സംഭവിപ്പാൻ ഇടയില്ല. (പ്രകാശം)
പ്രേമം ചെറ്റു കുറഞ്ഞിടുന്നതിനു വ-
ല്ലോരും പറഞ്ഞോരു വാ-
ക്കോമൽപ്രേയസി! വിശ്വസിക്കരുതു ഞാൻ
ചൊല്ലാമതെല്ലാം പ്രിയേ!
ശ്രീമെത്തും മുഖമായിടും മുഴുമതി-
ക്കേന്തുന്ന കാന്ത്യാ രസം
നീ മദ്ദൃഷ്ടിയതാം ചകോരമതിനി-
ന്നേകീടു വൈകീടൊലാ. 13
എന്നുതന്നെയുമല്ല,
അഹിവരവിഷവീര്യം ചേര്‍ന്നു പാരം ജ്വലിക്കും
ദഹനനു സമമേറ്റം ദുഃഖമേകുന്നതായി,
ഇഹ വിലസിന ചന്ദ്രോദ്യൽപ്രഭാ മാമലയ്ക്കു -
ന്നഹഹ! ബഹുവിചിത്രം നിന്മനം നിഷ്ഠരം താൻ 14
രുഗ്മിണി: ഇവിടെയും ആ ഭാമാമുല (വേഗത്തിൽ വാതിൽ തുറന്നു പ്രവേശിക്കുന്നു.)
ശ്രീകൃഷ്ണൻ: (മന്ദഹാസത്തോടെ) എന്താണു് ഭവതി പറവാൻ ഭാവിച്ചു നിർത്തിക്കളഞ്ഞതു്?
രുഗ്മിണി: (കോപത്തോടെ) ഞാനൊന്നും പറവാൻ ഭാവിച്ചില്ല.
ശ്രീകൃഷ്ണൻ: അല്ലയോ ജീവനായികേ! ഭവതിക്കും എന്നിൽ എന്തോ വൈരസ്യം ജനിച്ചിരിക്കുന്നതുപോലെ തോന്നുന്നുവല്ലൊ. അത് എന്തുകൊണ്ടാണെന്നറിവാൻ എനിക്കു വളരെ ആഗ്രഹമുണ്ടു്
പൂവേണിമാർതിലകമേ! ഭവതിക്കു നിത്യം
മേവുന്നതിന്നു പരമാസനമെന്റെ ചിത്തം
ഈ വന്ന ചിന്തനമഹാഗ്നിയിൽ വീണു പാരം
വേവുന്നതിന്നുചിതമോ ബത! മോഹനാംഗി! 15
രുഗ്മിണി: എന്നെക്കുറിച്ചു അവിടുത്തേക്കു അത്ര വേകാനൊന്നും ഇല്ല. അസംഖ്യം ആളുകളുള്ളപ്പോൾ ഈ ഞാൻ മാത്രം എന്തിനാണു അവിടുത്തെ അടുക്കൽ വിരസയായിരിക്കുന്നതു്! അഥവാ അപ്രകാരമായാൽ തന്നെ അവിടുത്തേക്ക് ഇതിൽ എന്തു സംഭവിക്കാൻ പോകുന്നു?
ശ്രീകൃഷ്ണൻ: അല്ലയോ സുശീലേ! ഇങ്ങനെയുള്ള ഓരോ വചനങ്ങളെക്കൊണ്ടു സമയം കഴിച്ചുകൂട്ടുന്നതിൽ എന്തൊരു പ്രയോജനമാണുള്ളതു്? മനസ്സിൽ ധരിച്ചിരിക്കുന്ന സംഗതിതന്നെ നിശ്ശങ്കം വെളിക്കു പറയൂ.
രുഗ്മിണി: ഞാൻ ഇനി വിശേഷിച്ചു വല്ലതും പറയണമെന്നുണ്ടോ? അവിടുത്തേയ്ക്കു തന്നെ വിചാരിച്ചാൽ എല്ലാം ബോധപ്പെടുന്നതാണല്ലൊ -
ശ്രീകൃഷ്ണൻ: എനിക്കു് വിചാരിച്ചതിൽ ഒന്നും ബോധപ്പെടുന്നില്ല.
രുഗ്മിണി: അതാണു വിഷമം! മുൻപിൽ അവിടുത്തേയും എന്റെയും മനോഗതങ്ങൾക്കുണ്ടായിരുന്ന ഐക്യം ഇപ്പോൾ നാമാവശേഷമായിത്തീർന്നിരിക്കുന്നു എന്നുള്ളതിനു അവിടുത്തെ ഈ വാക്കുതന്നെ ദൃഷ്ടാന്തമായിരിക്കുന്നല്ലൊ. ആ സ്ഥിതിക്കു് ഞാൻ ഇനി എന്താണു് പറവാനുള്ളതു്?
ശ്രീകൃഷ്ണൻ: എന്റെ നിർവ്യാജമായ പ്രേമത്തിനു പാത്രമായിരിക്കുന്ന ഭവതി ഇനിയെങ്കിലും ഇങ്ങനെയുള്ള വ്യര്‍ത്ഥവാദങ്ങൾ വിട്ട് കലഹത്തിന്റെ കാരണം ഇന്നതാണെന്നു പറയുന്നതായാൽ എനിക്കു വളരെ സന്തോഷമാണു്.
രുഗ്മിണി: അവിടുത്തേക്കു് എന്നിൽ നിവ്യാജമായ പ്രേമം ഉണ്ടെന്നു പറഞ്ഞത് യഥാര്‍ത്ഥംതന്നെയാണു്. അതിനാൽ അല്ലയോ എന്റെ ഗൃഹം ദിവ്യമായ പരിമളംകൊണ്ടു നിറഞ്ഞിരിക്കുന്നതു്!
ശ്രീകൃഷ്ണൻ: (ആത്മഗതം) ഓഹോ! ഇവൾ പറയുന്നതു് പാരിജാതത്തിന്റെ സംഗതിയാണു് ഇരിക്കട്ടെ. (പ്രകാശം) കഷ്ടം! ഒരുവൻ ഏതോ ഒരുദ്ദേശ്യത്തിന്മേൽ ഒരു പ്രവൃത്തി ചെയ്യുമ്പോൾ അന്യൻ അതിന്റെ യഥാര്‍ത്ഥം മനസ്സിലാക്കിയിരുന്നാലും തമ്മിൽ വിഘടിപ്പിക്കണമെന്നുള്ള വിചാരത്തോടുകൂടിയോ അല്ലെങ്കിൽ വിചാരശൈഥില്യത്താൽ അതിനെ അന്യഥാ വിശ്വസിച്ചുകൊണ്ടോ ചെയ്യുന്ന ഏഷണിയാൽ ലോകത്തിൽ അല്പബുദ്ധികൾ ഭ്രമിച്ചുപോകുന്നതു് വളരെ ശോചനീയം തന്നെ. എന്നാൽ ഭവതിയിൽ എനിക്കു അന്യാദൃശമായ അനുരാഗാതിശയം സ്വാഭാവികമായിത്തന്നെ ഉള്ളതാണ് അതിൽ നിന്നും ഭാമയ്ക്കോ അന്യജനങ്ങൾക്കോ ദുർബുദ്ധിയുണ്ടാകരുതല്ലോ എന്നുള്ള വിചാരത്താലാകുന്നു ആ പാരിജാതത്തെ അവിടെ സ്ഥാപിച്ചത്
രുഗ്മിണി: എന്നെക്കാൾ അവൾക്കു് ഏതെങ്കിലും വിശേഷഗുണം ഉള്ളതുകൊണ്ടാണെന്നാകുന്നു എന്റെ വിശ്വാസം.
ശ്രീകൃഷ്ണൻ: എന്നാൽ വസ്തുഗത്യാ ഭവതിക്കാണ് അവളെക്കാൾ വിശേഷഗുണമുള്ളത് അതുതന്നെയാണു പാരിജാതത്തെ ഇവിടെ സ്ഥാപിക്കാതിരുന്നതിനുള്ള മുഖ്യകാരണം. എന്തെന്നാൽ,
ഇന്നിപ്പൂമധുവാണിയാൾ ഭവതിയായീടും
സചൈതന്യമായ് -
നന്ദിപ്പുള്ളാരു ചാരുകല്പകലത -
യ്ക്കാസ്ഥാനമാമിസ്ഥലേ
കന്നൽപ്പൂമിഴി! പാരിജാതമതിനു-
ണ്ടായില്ല മാഹാത്മ്യമാ-
ക്കൊന്നപ്പൂവിനു കാന്തിയെങ്ങനെ വരും
പൊന്നിൽ പതിച്ചീടുകിൽ? 16
രുഗ്മിണി: (മന്ദഹാസത്തോടുകൂടി) അവിടുത്തെ വാക്ചാതുര്യം എനിക്കു് നല്ലവണ്ണം അറിവുള്ളതാണു്.
ശ്രീകൃഷ്ണൻ: ചാടുവാക്കല്ല, സത്യമാണു ഞാൻ പറഞ്ഞതു്. ഭവതി ഇതിൽ യാതൊന്നും മറിച്ചു വിചാരിക്കരുതു്.
രുഗ്മിണി: ഞാൻ എല്ലാം നേരേതന്നെയാണു വിചാരിച്ചുവരുന്നതു്.
ശ്രീകൃഷ്ണൻ: ഞാനും അത്രേ പറഞ്ഞുള്ളു. വാസ്തവം അറിഞ്ഞാലും ഭവതിയുടെ മനസ്സിൽ ദയയുണ്ടാകാത്തതു കഷ്ടം തന്നെ. നേരവും ഇപ്പോൾ അതിക്രമിച്ചിരിക്കുന്നു. അതിനാൽ,
അല്ലണികുഴലികൾമകുട-
ക്കല്ലായീടുന്ന നിൻ്റെ കാരുണ്യം
അല്ലാതൊരു ഗതിയിവനി-
ങ്ങില്ലെന്നോര്‍ത്തീടണം മനക്കാമ്പിൽ. 17
രുഗ്മിണി: അല്ലയോ പ്രാണവല്ലഭ! വാസ്തവം ഇങ്ങനെയാണെങ്കിൽ എനിക്കും കലഹം യാതൊന്നുമില്ല.
ശ്രീകൃഷ്ണൻ: എന്നാൽ ഇപ്പോൾ,
ഉല്ലാസംപൂണ്ടു നാനാകുസുമപരിമളം
ചേര്‍ന്നു വീശുന്നിളം കാ-
റ്റുല്ലാഘം വാഹമാക്കിസ്സുമശരനിവിടെ-
ക്കേളിയാടുന്നു കാണ്മാൻ
എല്ലാരും വേഗമെത്തീടണമതിരസമോ-
ടെന്നു ചൊല്ലുന്നവണ്ണം
ല്ലാക്ഷീ! കൂകിടുന്നിക്കുയിൽ നിരയിനി നാം
പോക പൂങ്കാവിൽ മോദാൽ. 18
രുഗ്മിണി: അങ്ങനെതന്നെ.
(രണ്ടുപേരും പോയി.)
[രണ്ടാമങ്കം കഴിഞ്ഞു]
മൂന്നാമങ്കം (പേജ് 17 - 22)
മൂന്നാമങ്കം
കഞ്ചുകി: (പ്രവേശിച്ചിട്ട് ആത്മഗതം)എല്ലായ്പോഴും നിയതമുള്ളൊരു ജോലിമൂല-
മില്ലിങ്ങ് തെല്ലവസരം ബത! വിശ്രമിപ്പാൻ
മല്ലാരിദേവനിഹ ചെയ്തൊരു കൃത്യജാല-
മെല്ലാം നിനയ്ക്കിലതിവിസ്മയമേവ നൂനം. 1
എന്നാൽ വിശ്രമിക്കുന്നതിനു് അല്പവും അവസരം ഉണ്ടാകുന്നില്ലെങ്കിലും സ്വാമിയുടെ സന്നിധിയിൽ നില്ക്കുമ്പോൾ മനസ്സിനു് അന്യാദൃശമായ ആനന്ദം ഉണ്ടാകുന്നു. അനേകം ജോലികൾ നിർവ്വഹിച്ച് തളര്‍ന്നിരിക്കുമ്പോഴും, സ്വാമി പിന്നെയും വല്ലതും കല്പിച്ചെങ്കിൽ അതും ഉത്സാഹപൂർവ്വം നടത്താമല്ലോ എന്നാണു് എനിക്കു് ഒരു ഉൽക്കണ്ഠയുള്ളതു്. ആശ്രിതന്മാരെ ദുര്‍മ്മാഗ്ഗത്തിൽനിന്നും വേർപെടുത്തി സന്മാന്മാർഗ്ഗത്തിൽ പ്രവർത്തിപ്പിക്കുന്നതിനു സ്വാമിയോളം സാമര്‍ത്ഥ്യമുള്ള വേറെ ഒരു പുരുഷരത്നത്തെ ഞാൻ കണ്ടിട്ടില്ല. (അല്പം ആലോചിച്ചിട്ട്) ഓഹോ! ഇന്നു രാവിലെ സ്വാമി ഗരുഡനെ വിളിച്ച് ഹനൂമാൻ എന്നൊരു ഭക്തനെ വിളിച്ചുകൊണ്ടുവരണമെന്നും ആജ്ഞാപിച്ചിട്ടുണ്ടു്. ഇതു് എന്തിനാണെന്നറിയുന്നില്ല. ആകട്ടെ, അതിനെക്കുറിച്ച് അത്രവളരെ ആലോചിക്കാനൊന്നും ഇല്ല. സ്വാമിയുടെ സന്നിധിയിൽ നിന്നുതന്നെ സർവും സാവധാനമായി ഗ്രഹിക്കാമല്ലോ. എന്നാൽ അങ്ങോട്ടു പോകതന്നെ. (പോയി.)
[പൂർവ്വാംഗം കഴിഞ്ഞു.]
(അനന്തരം ഹനൂമാൻ പ്രവേശിക്കുന്നു.)
ഹനൂമാൻ: (ആത്മഗതം)
വീക്ഷാമാത്രത്തിനാലേ സകലഭുവനമു-
ണ്ടാക്കിയും ഭക്തരക്ഷാ-
ദീക്ഷാമോദം കലര്‍ന്നും സതതമഖിലഭൂ-
തങ്ങളിൽ തിങ്ങിയും താൻ
മോക്ഷാനന്ദപ്രകാശത്തൊടു വിലസിടുമെൻ
ജാനകീജാനിയാകും
സാക്ഷാൽ ശ്രീരാമദേവൻതിരുവടിചരണ-
ത്താരിണയ്ക്കായ്ത്തൊഴുന്നേൻ. 2
ആ ഭക്തവാത്സല്യശാലിയായ ഭഗവാന്റെ പാദാരവിന്ദങ്ങളെ നിരന്തരമായി ധ്യാനിച്ചുകൊണ്ടിരിക്കുന്നതിനാൽ ഉണ്ടാകുന്ന പരമാനന്ദം അനിർവചനീയം തന്നെ.
(അണിയറയിൽ)
ശ്രീവാസുദേവ രമണീയ രമേശ രാമ!
ശ്രീവാസവാദി സുരസേവിത! സാരസാക്ഷ!
ശ്രീവത്സലാഞ്ചന വിഭോ! കമലാധിവാസ!
ശ്രീവത്സ! വത്സലതയാ പരിപാഹി ശൗരേ! 3
ഹനൂമാൻ: ഹാഹാ! ഈ വചനങ്ങൾ കര്‍ണ്ണപീയൂഷമായിരിക്കുന്നു. ഏതൊരു ഭക്തശിരോമണിയാണിങ്ങനെ ഭഗവന്നാമങ്ങളെ കീർത്തിക്കുന്നത്? (അനന്തരം നാരദൻ പ്രവേശിക്കുന്നു.)
ഹനൂമാൻ: (എഴുനേറ്റിട്ടു്) മാമുനേ! നമസ്കാരം. ഇരുന്നരുളിയാലും.
നാരദൻ: (ഇരുന്നിട്ടു്) ഭവാനു ശുഭം ഭവിക്കട്ടെ.
ഹനൂമാൻ: മഹര്‍ഷേ! അവിടുന്ന് ഇങ്ങോട്ടെഴുന്നള്ളിയതിൽ എനിക്കു അത്യന്തം കൃതാത്ഥതയുണ്ടു്. സൽസംഗം സകലദോഷഹരമെന്നാണല്ലോ സജ്ജനങ്ങൾ ഉൽഘോഷിക്കുന്നതു്. ദിവ്യനായ അവിടുത്തെ ആജ്ഞയെ അനുഷ്ഠിക്കാൻ ഉൽക്കണ്ഠയോടുകൂടിയിരി കകുന്ന മനസ്സ് അതിനെ അറിവാൻ ആഗ്രഹിക്കുന്നു.
നാരദൻ: ഭവാനെപ്പോലെയുള്ള നിമ്മലന്മാരായ ഭക്തന്മാരുടെ ദര്‍ശനം തന്നെയാണ് എന്റെ കൃത്യമായിട്ടുള്ളതു്. അതിനാൽ ഞാൻ വരുന്നതിനും വിശേഷകാരണമൊന്നും വേണമെന്നില്ല. ഇരിക്കുക.
ഹനൂമാൻ : (വണക്കത്തോടുകൂടി ഇരുന്നിട്ടു്) ഇപ്പോൾ പാദസംഗമംകൊണ്ടു ശുദ്ധമായിത്തീര്‍ന്ന് ഏതു സ്ഥലത്തുനിന്നാണു ഇങ്ങോട്ടെഴുന്നള്ളിയതു്?
നാരദൻ: ഞാൻ ദ്വാരകയിൽനിന്നും വരികയാണു്.
ഹനൂമാൻ: അവിടെ സ്വാധീനകുശലനായിരിക്കുന്ന ശ്രീകൃഷ്ണസ്വാമിക്കും മറ്റും സുഖമാണോ എന്നു പ്രത്യേകം ചോദിക്കണമെന്നില്ലല്ലോ. വിശേഷം വല്ലതും ഉണ്ടോ?
നാരദൻ: വിശേഷം അധികമായി ഒന്നുമില്ല.
ഹനൂമാൻ: എന്നാൽ അല്പമായി എന്തോ ഉണ്ടെന്നുതോന്നുന്നു. അതെന്താണു്?
നാരദൻ: ഈയിടെ ഗരുഡന്റെ അഹങ്കാരം വളരെ കലശലായിരിക്കുന്നു. ഞാൻ സ്വാമിയുടെ സന്നിധിയിൽ ഇരിക്കുമ്പോൾ രണ്ടു ബ്രാഹ്മണർ വന്നു ഗരുഡന്റെ ഉപദ്രവത്തെക്കുറിച്ചു സങ്കടം പറയുന്നതു കേട്ടു.
ഹനൂമാൻ: എന്നാൽ അത് വര്‍ദ്ധിപ്പാൻ ഇടയില്ല.
നാരദൻ: ഇല്ല. സ്വാമിയുടെ സ്വഭാവം അറിഞ്ഞിട്ടുള്ളതല്ലേ? പരാക്രമത്തിനു് ഇന്നു ത്രൈലോക്യത്തിൽ താൻ അദ്വിതീയനാണെന്നാകുന്നു ഗരുഡന്റെ പൂര്‍ണ്ണവിശ്വാസം!
ഹനൂമാൻ: ഈ വിശ്വാസത്തിനും ഒട്ടും തരക്കേടില്ല.
നാരദൻ: ഇതാ ആരോ ആകാശമാര്‍ഗ്ഗേണ ഇങ്ങോട്ടുതന്നെ വരുന്നുണ്ടു് (സൂക്ഷിച്ചുനോക്കീട്ടു്) ഓഹോ, ഗരുഡൻ തന്നെയാണു്. സ്വാമി കല്പിച്ചയച്ചിട്ടു വരികയായിരിക്കണം. ഞാൻ പറഞ്ഞതു് ശരിയാണോ എന്നു് ഭവാനു ഇപ്പോൾത്തന്നെ മനസ്സിലാകും. എന്നാൽ ഞാൻ ഇപ്പോൾ പോകുന്നു. ഭവാനു കുശലം ഭവിക്കട്ടെ. (പോയി.)
ഹനൂമാൻ: (ആത്മഗതം) ആ ഭക്തവത്സലൻ എന്തിനാണാവോ ഇപ്പോൾ ഗരുഡനെ ഇങ്ങോട്ടയച്ചിരിക്കുന്നതു്? എന്തെങ്കിലും താമസിയാതെ അറിയാമല്ലോ. (അനന്തരം ഗരുഡൻ പ്രവേശിക്കുന്നു. രണ്ടുപേരും ആചാരോപചാരം ചെയ്ത് ഇരിക്കുന്നു.)
ഗരുഡൻ: അല്ലയോ വാനരേന്ദ്രാ കേട്ടാലും:
പോരാടിവന്ന സുരനാഥനെ വെന്നമന്ദ-
ശ്രീരാജമാനതരമാകിയ പാരിജാതം
നേരായ് നയിച്ച നരകാരി പരം വിളങ്ങു-
ന്നാരാൽ സഖേ! ജലധിമധ്യഗമാം പുരത്തിൽ 4
ഹനൂമാൻ: കേട്ടിട്ടുണ്ടു്
ഗരുഡൻ:
നിന്നെക്കാണുവതിന്നു മോദമതിയാ-
യുൾത്താരിൽ വര്‍ദ്ധിക്കയാ-
ലെന്നെത്തന്നെയയച്ചു നാഥനിവിടെ-
ക്കൊണ്ടങ്ങു ചെന്നീടുവാൻ
ധന്യൻ മുന്നിൽ നടന്നുകൊള്ളുക ഭവാ-
നെന്നാലുമങ്ങെത്രയും
മുന്നേ തന്നെ പറന്നു ഞാൻ സപദി വ-
ന്നീടും ധരിച്ചീടുക. 5
ധരണീവല്ലഭനാകും
തരുണാംബുജലോചനന്റെ പാദങ്ങൾ
ശരണം പ്രാപിച്ചെന്നാൽ
കരുണയൊടരുളും നിനക്കനുഗ്രഹവും. 6
ഹനൂമാൻ: കാണ്മാൻ ഇവിടെ എല്ലായ്പോഴും നല്ല സമയമാണു്.
ഗരുഡൻ: എന്നാൽ എന്തിനു താമസിക്കുന്നു?
ഹനൂമാൻ: താമസിക്കണമെന്നില്ല, വേഗം പൊയ്ക്കൊള്ളു.
ഗരുഡൻ: അങ്ങ് പിറകേ വരാമെന്നോ?
ഹനൂമാൻ: അല്ല, ഞാൻ പറഞ്ഞതിന്റെ അത്ഥം നേരെ വിപരീതമായിട്ടാണു് ധരിച്ചതെന്നു തോന്നുന്നു. "ഇവിടെ എല്ലായ്പോഴും നല്ല സമയമാണു്?" എന്നാൽ ഭവാന്റെ സ്വാമിയായ കൃഷ്ണൻ എന്നെ കാണ്മാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ വന്നു കാണുന്നതിനു യാതൊരു വിരോധവുമില്ല, ഇങ്ങനെയുള്ളവർ വന്നാൽ എന്റെ സമയം നോക്കണമെന്നില്ല എന്നാണു്.
ഗരുഡൻ: (ആശ്ചര്യത്തോടും മന്ദഹാസത്തോടുംകൂടി) എന്തു പറഞ്ഞു? ശ്രീകൃഷ്ണസ്വാമി അങ്ങേ കാണുന്നതിനു് ഇവിടെ എഴുന്നള്ളണമെന്നോ?
ഹനൂമാൻ: അങ്ങനെതന്നെ.
ഗരുഡൻ: ശ്രീകൃഷ്ണസ്വാമിയുടെ ഭൃത്യനായ ഞാൻ വന്നു വിളിച്ചാൽ എന്നോടുകൂടി വരുന്നതു് കുറെപ്പോരാ എന്നുണ്ടു് അല്ലേ?
ഹന്തമാൻ: സംശയമെന്താണു്? കേൾക്കു, കൊള്ളാം
ഗോപാലവംശേ കപടമൊടു വളര്‍-
ന്നൊട്ടുനാൾ കഷ്ടമോതാൻ
കൊള്ളാവോനല്ല പെണ്ണുങ്ങടെയുടുതുണിയും
കട്ടുവെന്നല്ല ചിത്തേ
കൊള്ളാതേറും മദംപൂണ്ടവരുടയ ശകാ-
രങ്ങൾ കേട്ടേവമുള്ള -
ക്കള്ളക്കൃഷ്ണൻ വിളിച്ചാൽ വരുവതിനിവിടെ-
ക്കേവലം ഭാവമില്ല. 7
എള്ളോളം വെണ്ണയുണ്ണുന്നതിനതികൊതിയാൽ
കണ്ട പെണ്ണുങ്ങൾമുൻപിൽ
തുള്ളാനും പാട്ടുപാടുന്നതിനുമിഹ മടി-
ക്കില്ലവൻ തെല്ലുപോലും
ഉള്ളത്തിൽ പേടിയില്ലൊന്നിലുമവനതിദുർ-
ഭാവമാര്‍ന്നേവമുള്ള -
ക്കള്ളക്കൃഷ്ണൻ വിളിച്ചാൽ വരുവതിനിവിടെ-
ക്കേവലം ഭാവമില്ല. 8
അത്രതന്നെയുമല്ല,
എണ്ണം വിട്ടുള്ള പെണ്ണുങ്ങടെ വിടുപണിചെ-
യ്തുണ്ണുമപ്പൊണ്ണനാകും
കണ്ണൻതൻ മേനി കാണുന്നതിനു കരുതുകിൽ-
ക്കണ്ണുകൾക്കാവതല്ല
പെണ്ണിൻ കൂത്താട്ടമാകും വലയതിൽ വലയാ-
തുള്ളുറപ്പോടെഴും ന-
ല്ലണ്ണന്മാരുണ്ടിതെന്നാലവരുടെയരികേ
വന്നിടാമിന്നെടോ ഞാൻ. 9
എന്നല്ലെൻ സ്വാമിയാകുന്നതു രഘവരവം-
ശത്തിനുത്തംസമുത്തായ്
നന്നല്ലാതുള്ള കര്‍മ്മങ്ങളിൽ വിമുഖനതായ്
ദുഷ്ടരെപ്പുഷ്ടവീര്യാല്‍
വെന്നുല്ലാസം കലര്‍ന്നോരതിശുഭചരിതൻ
കോമളൻ രാമദേവൻ
ചെന്നെല്ലാമേവമോതീടുക തവ ഗുരുവാം
കണ്ണനോടണ്ഡജാ നീ. 10
എന്നാൽ,
ജനകനൃപതിപുണ്യോൽക്കര്‍ഷസന്താനവല്ലി-
ക്കനിയൊടുമൊരുമിച്ചെൻ സ്വാമിയാം രാമദേവൻ
കനിവൊടരുളിയെന്നാൽ കണ്ടു വന്ദിപ്പതിന്നായ്
വിനയമൊടു ഗമിപ്പാൻ കില്ലെനിക്കില്ല തെല്ലും. 11
ഗരുഡൻ: (കോപാധിക്യത്തോടുകൂടി ചെവി പൊത്തീട്ട്)
കഷ്ടം കഷ്ടം ശ്രവിച്ചീടരുതിതു ദുരിതം
മൂഢ! നീ രൂഢഗര്‍വ്വാൽ
ദുഷ്ടാത്മാവേ! കഥിച്ചുള്ളൊരു മൊഴി കഠിനം-
തന്നെ സന്ദേഹമില്ല,
അഷ്ടാശാപാലർ പോലും പദതളിരിൽ വണ-
ങ്ങുന്ന ഗോവിന്ദനെത്ത-
ന്നിഷ്ടംപോൽ നിന്ദ ചെയ്യും തവ മദമമരാ-
നില്ല തെല്ലും വിളംബം. 12
ഹനൂമാൻ: മദം അമരാൻ ഇനി തീരെ താമസമില്ല.
ഗരുഡൻ:
അത്യുഗ്രക്രോധഭാരത്തൊടു നിടിലകടാ-
ഹേക്ഷണത്തിൽ ക്ഷണത്തിൽ
കത്തിക്കാളുന്ന ഘോരാനലബഹുലശിഖാ-
മാല പൂണ്ടിട്ടടുക്കും
മൃത്യദ്വേഷിക്കുപോലും പടനടുവിൽ മടു-
പ്പങ്ങനല്പം കൊടുത്തോ-
രുത്തുംഗാഭോഗവീര്യാംബുധി ഹരിചരിതം
ഹന്ത! നീയെന്തറിഞ്ഞു! 13
എന്നാൽ ഇതു ഒട്ടും ആശ്ചര്യമാണെന്നു തോന്നുന്നില്ല.
കാട്ടിൽക്കിട്ടുന്ന കായും കനിയുമിഹ ഭുജി-
ച്ചിട്ടു വൃക്ഷങ്ങൾതോറും
പാട്ടിൽ ചാട്ടം കലര്‍ന്നങ്ങനെ ചപലതരം
ഗോഷ്ടി കാട്ടുന്ന കൂട്ടം
നാട്ടിൽ ചേരും മഹാന്മാരുടെ മഹിമ ധരി-
ക്കില്ല തെല്ലും നിനച്ചാ-
ലാട്ടിൻകൂട്ടത്തെ മേയ്ക്കുന്നവനറിയുവതോ
ഹന്ത! സാരഥ്യസാരം? 14
അതിനാൽ,
കല്പകാലമതിലുത്ഭവിക്കുമൊര-
നല്പവായുനിരയിൽ പതി-
ച്ചല്പതുലഗണമഭ്രവീഥിയതി-
ലുൽഭ്രമിപ്പതു കണക്കു നീ
കെല്ലെഴുന്ന രിപുദര്‍പ്പമുൽക്കടത-
രപ്രഭാവമൊടടുക്കുമെൻ
സൽപരാക്രമലസൽപതത്രയുഗ-
ളപ്രഭഞ്ജനവിധൂതനാം. 15
ഹനൂമാൻ: (ചിരിച്ചുകൊണ്ടു്)
അയ്യോ! സാധുമതേയെൻ
കൈയാലടിയൊന്നണഞ്ഞുവെന്നാകിൽ
വയ്യാതായുടനേ നീ-
യീയ്യൽ കണക്കങ്ങഹോ! പറന്നീടും 16
എന്നുതന്നെയുമല്ല ശ്രീരാമാവതാരത്തിൽ:
എട്ടാശത്തട്ടു ഞെട്ടുംപടി കടുതരമാ-
യിട്ടെഴുന്നട്ടഹാസാ-
ലൊട്ടേറും ദുഷ്ടരക്ഷസ്സുകളെയടലിൽ മര്‍-
ദ്ദിച്ചു മട്ടാർവനത്തെ
തട്ടിപ്പൊട്ടിച്ചു ലങ്കാനഗരിയതിരുഷാ
ചുട്ടിടംപെട്ടൊരാഴി-
ക്കെട്ടും പെട്ടെന്നു ലംഘിച്ചൊരു മമ കഥ നീ-
യൊട്ടുമേ കേട്ടതില്ലേ? 17
ഗരുഡൻ:
കടുത്ത വചനങ്ങളെന്തൊരു ഫലം വരുത്തുന്നു വ-
ന്നടുത്തു രണമാടുവാൻ പ്ലവഗകീട! വൈകീടൊലാ
പടുത്വമൊടു നിന്നെ ഞാൻ ഝടിതി കൊക്കിലാക്കിബ്ബലാ-
ലെടുത്തു മുരവൈരി തന്നുടെ പുരത്തിലാക്കീടുവൻ. 18
(അടുക്കുന്നു.)
[മൂന്നാമങ്കം കഴിഞ്ഞു]