1065 ഇടവത്തില്‍ നാടകനിര്‍മ്മാണം (രണ്ടാമത്തെ നാന്ദിശ്ലോകത്തില്‍ കാണുന്ന കലിദിനസംഖ്യ), മിഥുനം 13ന് കൊട്ടാരത്തില്‍ ശങ്കുണ്ണിക്കയച്ചു, 1066 തുലാം 19 നാടകം അച്ചടിക്കാന്‍ ശ്രമം (നടുവത്തച്ഛന് അയച്ച കത്ത്). ഒന്നാം പതിപ്പ് 1066ല്‍ തൃശൂര്‍ കേരളകല്പദ്രുമത്തില്‍ സിപി അച്യുതമോനോന്‍ വിദ്യാവിനോദിനി വകയായി 41 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചു. 1067ല്‍ കോട്ടയം മലയാളമനോരമ രണ്ടാം പതിപ്പ് പുറത്തിറക്കി.
ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമയ്തു
സന്ധിക്കും ലക്ഷണാസംഗമതഴകൊടുതാൻ
ചേര്‍ത്തു സാംബന്നുമൊന്നായ്
ബന്ധിക്കും ചെഞ്ചിടക്കൂടിനുമിളകുകിലും
ഗംഗയാൽ ഭംഗിയാക്കി
എന്തൊക്കെക്കാട്ടിയെന്നാലതു മുഴുവനുമേ
വെണ്മയാം രേവതീശൻ
തൻതൽക്കാലപ്പകിട്ടാലരുണിതകിരണം
നിങ്ങളെക്കാത്തിടട്ടെ.
(നാന്ദി കഴിഞ്ഞിട്ടു സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ- (തൊഴുതുകൊണ്ടു്)
മോദമോടിഭമുഖൻ ഭവപ്പനി-
ക്കാദിവൈദ്യനറുവിഘ്നവായുവാൽ
ഖേദദോരുരുജയെങ്കലിന്നു തൊ-
ട്ടാദരത്തൊടണയാതെയാക്കണം.
(അണിയറയിലേക്കു നോക്കീട്ട്)
മതിയൈ, ഇങ്ങോട്ടു വരൂ.
മോടിത്തട്ടിപ്പുകൂടും മൃദകസവുകര -
പ്പട്ടു കൈമോതിരം മെയ്
മൂടിത്തേച്ചോരു നൽച്ചന്ദനമരിയൊരു നൽ-
ച്ചുട്ടി പൊട്ടെന്നിതെല്ലാം
കൂടാത്തച്ചാരുവേഷത്തിനുമയി തവ തെ -
റ്റില്ലെടോ തീർച്ച ചൊല്ലാ-
മാടാത്തച്ചാക്കിയാര്‍ക്കാനാണിയലമധികം
ധീപ്രധാനപ്രധാനം. 3
നടൻ- (വന്നീട്ട്.) ഏയ്, അതല്ല കുറച്ചമാന്തമായിപ്പോയതു്. അവിടെ ആട്ടക്കാരു തമ്മിൽ ഒരു തര്‍ക്കമായിരുന്നു.
സൂത്രധാരൻ- എന്താണതു"?
നടൻ- ഈ മലയാളഭാഷയിൽ നാടകമുണ്ടാക്കുന്നത് അത്ര രസമില്ല, അതാടുന്നതും അത്ര രസം കൊള്ളുന്നതല്ല എന്നും, അങ്ങിനെയല്ല ഭാഷയേതായാലും വേണ്ടില്ല അതാതുരസം പുറപ്പെട്ടാൽ മതി എന്നും, എന്നാലും മലയാളത്തിൽ നാടകങ്ങൾ അധികം മുമ്പില്ലായ്കകൊണ്ട് ആളുകൾ അത്ര മനസ്സവെച്ചു രസിക്കയില്ല എന്നും, അതുകൊണ്ടുതന്നെയാണു് അറിവുള്ളാളുകൾ അധികം മനസ്സുവെച്ചു രസിക്കുക എന്നും മറ്റുമായിരുന്നു. ഈ വ്യവഹാരം കേട്ടുനിന്നുപോയതാണു്. എന്നാൽ ഇതിൽ ഇവിടത്തെ പക്ഷവുംകൂടി ഒന്നു കേട്ടാൽ കൊള്ളാം.
സൂത്രധാരൻ- ഞാനീ ഒടുക്കത്തെപ്പക്ഷക്കാരനാണു്. എന്താണെന്നല്ലെ?
പാരിൽ ഗ്രാമ്യരസങ്ങൾ മാത്രമറിയു-
ന്നോര്‍ക്കും രസിക്കാമിതിൽ
ഭൂരിഗ്രന്ഥഗുണങ്ങൾ കണ്ടൊരു ഗുണ-
ജ്ഞന്മാർ ഗുണം കണ്ടിടും
സാരഗ്രാഹികൾ സത്തെടുക്കുമിവരി-
ബ്ഭാഷാവിശേഷത്തിലും
സൂരിഗ്രാഹ്യരസാർദ്രനാടകമഹോ
കാണ്ടാശു കൊണ്ടാടിടും.
എന്നുതന്നെയല്ല,
പുത്തനാമിതിലെന്തെന്തു
ചിത്തധര്‍മ്മങ്ങളെന്നതും
ബുദ്ധിമാന്മാർ വിശേഷിച്ചും
ബുദ്ധിവെക്കാതിരിക്കുമൊ?
അതുകൊണ്ടു് ഇന്നുതന്നെ നമുക്കു്,
ചൊൽക്കൊള്ളും കുലശേഖരാലയമതെ -
ന്നുള്ളോരു നല്ലോരിടം
കൈക്കൊള്ളുന്ന മുകുന്ദദേവനുടെയോ -
രീയുൽസവം കാണുവാൻ
ഉൾക്കൊള്ളും രസമോടു വന്നു നിറയും
മാലോകരെസ്സേവ -
യ്തിക്കൊള്ളുന്ന നടിപ്പുവിദ്യയെ വെടി-
പ്പോടൊന്നെടുപ്പിക്കണം.
നടൻ- ഏതു നാടകമാണ് ഇവിടുന്നും ഇവിടെ പ്രയോഗിപ്പാൻ വിചാരിക്കുന്നതു്?
സൂത്രധാരൻ- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനുണ്ടാക്കിയ ലക്ഷണാസംഗമാണ് നല്ലതെന്നാണു് ഞാൻ വിചാരിച്ചതു്. ഇനി തന്റെ പക്ഷവും കൂടി കേൾക്കട്ടെ .
നടൻ- എന്റെ പക്ഷവും അതുതന്നെയാണു്.
നരപതി കുഞ്ഞിക്കുട്ടൻ
സരസദ്രുതകവികിരീടമണിയല്ലോ
പറയും കഥയും നന്നീ
നിറയും സഭയും രസജ്ഞയതിഭാഗ്യം. 7
സൂത്രധാരൻ- എന്നാലീ വിവരം ആട്ടക്കാരെ ധരിപ്പിക്കു.
നടൻ- ഇവിടുത്തെ കല്പനപോലെ (എന്നുപോയി)
സൂത്രധാരൻ- (നാലുപുറത്തും നോക്കീട്ട്) അമ്പ! വസന്തകാലത്തിന്റെ ഒരു ഭംഗി കേമം തന്നെ. ഇപ്പോൾ,
സ്മരശരമേറ്റുദ്യാനാ-
ന്തരമതിലുഴലുന്ന തരുണലോകത്തിൽ
പൊരുതു ജയിച്ചവരിൽപോ-
ലുരുമലർ പെയ്യുന്നിതാ മരക്കൂട്ടം 8
(അണിയറയിൽ ) അല്ല, യുദ്ധം കഴിഞ്ഞുവോ?
ചത്തും ചാകാതെയും വീണനവധി മുറിപെ -
ട്ടാനയാളശ്വമെല്ലാം
പൃഥ്വീഭാഗത്തു ചോരപ്പുഴയിൽ മുഴുകിയി-
ട്ടുണ്ടിതാ കണ്ടിടുന്നു
മൂത്തീടും സിംഹനാദം പടുപടഹരവം
ഞാണൊലിക്കുത്തിതെല്ലാം
നേര്‍ത്തീമട്ടായി കഷ്ടേ നഭസി സുരവിമാ-
നങ്ങൾ നീങ്ങിത്തുടങ്ങി.
സൂത്രധാരൻ- ഓ ലക്ഷണയേ അപഹരിച്ചുംകൊണ്ടു പോകുന്ന സാംബനും ദുര്യോധനാദികളും കൂടിയുണ്ടായ യുദ്ധം കാണ്മാൻ വരുന്ന വിജയപ്രിയൻ എന്ന ഗന്ധർവ്വന്റെ വേഷം കെട്ടി പ്രവേശിക്കുന്ന നമ്മുടെ കളകണ്ഠന്റെ ഒച്ചയാണിതു്. ഇനി പോകതന്നെ. (എന്നുപോയി)
പ്രസ്താവന കഴിഞ്ഞു
(അനന്തരം വിമാനത്തിൽ കയറി പരിഭ്രമിച്ചും കൊണ്ടു വിജയപ്രിയൻ പ്രവേശിക്കുന്നു )
വിജയപ്രിയൻ- അല്ല, യുദ്ധം കഴിഞ്ഞുവോ?
ചത്തും ചാകാതെയും വീണനവധി മുറിപെ -
ട്ടാനയാളശ്വമെല്ലാം
പൃഥ്വീഭാഗത്തു ചോരപ്പുഴയിൽ മുഴുകിയി-
ട്ടുണ്ടിതാ കണ്ടിടുന്നു
മൂത്തീടും സിംഹനാദം പടുപടഹരവം
ഞാണൊലിക്കുത്തിതെല്ലാം
നേര്‍ത്തീമട്ടായി കഷ്ടേ നഭസി സുരവിമാ-
നങ്ങൾ നീങ്ങിത്തുടങ്ങി.
എന്തിനു പറയുന്നു?
കണ്ണൻതന്നുടെ മക്കളിൽ ചതുരനാം
സാംബന്നു ദുര്യോധനൻ
കർണ്ണർ ഭീഷ്മർ ഭയം വെടിഞ്ഞൊരു ശലൻ-
താൻ ഭൂരി യജ്ഞദ്ധ്വജൻ
തിണ്ണെന്നിങ്ങിനെയാറുപേരൊടുളവാ -
യോരീ രണം കാണുവാൻ
കണ്ണിന്നില്ലിഫ പുണ്യം
(വിചാരിച്ചിട്ടു)
ആട്ടെയിതിനി-
ക്കേട്ടാദരിക്കട്ടെ ഞാൻ. 10
ആരോടാണീ വിവരം ചോദിക്കേണ്ടതു്? (വലത്തു പുറത്ത് നോക്കീട്ട്.)
അഃ, ഈ പോകുവാൻ ഭാവിക്കുന്ന രണപ്രിയനെന്ന വിദ്യാധരനെ വിളിച്ചുനിർത്തി ചോദിക്കതന്നെ. ഇയ്യാൾക്കും രസം തന്നെ ആവും. രണപ്രിയനല്ലെ? (കുറച്ചൊറക്കെ)
ഹേ ഹേ രണപ്രിയ, എന്താണിക്കാണാത്ത പോലെ പോകുന്നതു്?
രണപ്രിയൻ- ഏയ് വിജയപ്രിയനൊ? കാണാത്തപോലെയെന്നല്ല, വസ്തുതയായിട്ടും ഞാൻ കണ്ടില്ല. ഈ യുദ്ധത്തിന്റെ ഓരോരോ അവസ്ഥകളും വിചാരിച്ചു രസിച്ചുംകൊണ്ടു പോകയായിരുന്നു.
വിജയപ്രിയൻ- ആട്ടെ. ഞാനൊന്നുചോദിക്കട്ടെ. എന്നെ പരിഹസിക്കരുതു്.
രണപ്രിയൻ- ഇല്ല ചോദിച്ചോളു.
വിജയപ്രിയൻ- എങ്ങിനെയെല്ലാമാണ് ഇവിടെ യുദ്ധം ഉണ്ടായതു്? എങ്ങിനെയാണവസാനം?
രണപ്രിയൻ- അല്ല. അങ്ങിതു കണ്ടില്ലെ?
വിജയപ്രിയൻ- ഇല്ലല്ലൊ. എന്തുപറയേണ്ടു, കഷ്ടകാലം. ഞാനിപ്പോൾ വന്നേയുള്ളു.
രണപ്രിയൻ- ആട്ടെ. ഞാൻ ചുരുക്കിപ്പറയാം. കേൾക്കു. ഇവിടെ സ്വയംവരത്തിൽ അനവധി രാജാക്കന്മാരെ ക്ഷണിച്ചു വരുത്തി.
ഹർമ്മ്യംപോലെ വിളങ്ങിടും പലതരം
മഞ്ചങ്ങളിൽ ഭൂപരെ -
ദ്ധർമ്മംപോലെ സുയോധനൻ സുഖമൊടും
മാനിച്ചിരുത്തീടിനാൻ
സൌമ്യശ്രീസുമുഹൂര്‍ത്തമോടുമവിടെ -
ച്ചെല്ലും വിധൌ കാർഷ്ണിയാം
സാംബൻ ലക്ഷണയെ ക്ഷണത്തൊടു ബലാൽ
തേരേറ്റിനാൻ നിര്‍ഭയം 11
വിജയപ്രിയൻ- ഇദ്ദേഹത്തിന്റെ അവസ്ഥയ്ക്കിതൊരത്ഭുതമല്ല. രുഗ്മിണിയെ അപഹരിച്ച ഹരിയുടെ പുത്രനല്ലെ?
രണപ്രിയൻ-
മാങ്കൂട്ടത്തിങ്കൽ നേരിട്ടൊരു ഹരി തരസാ
ചെന്നു മാമ്പേടയെപ്പോ-
ലാങ്കൂട്ടത്തിൽ കടന്നാ ഹരിസുതനവളെ -
ക്കൊണ്ടുപോരുന്നനേരം
തങ്കൂട്ടം കൂടിയെന്താണിതിനൊരു വഴിയെ -
ന്നോത്തുടൻ ധാർത്തരാഷ്ട്രൻ
പിങ്കൂട്ടാമഞ്ചുതേരാളികളൊടുമിടചേര്‍-
ന്നീട്ടു നില്കെന്നു ചൊന്നാൻ. 12
കര്‍ണ്ണൻ, ശലൻ, ഭൂരി, ഭൂരിശ്രവസ്സ്, ഭീഷ്മൻ ഇവരായിരുന്നു അഞ്ചു തേരാളികൾ. പിന്നെ വളരെ പടജ്ജനങ്ങളുമുണ്ടായിരുന്നു.
വിജയപ്രിയൻ- ഇതു ഞാൻ തുംബുരുവും ചിത്രരഥനും കൂടിപ്പറഞ്ഞുകൊണ്ടു പോകുമ്പോൾ കേട്ടു. ആട്ടെ പിന്നെ?
രണപ്രിയൻ-
ആറാളിൽനിന്നും കുറയാതൊരൊറ്റ-
ത്തേരാളി സാംബൻ പടവെട്ടിനിന്നു
പാരാളിടും മാറിഹ ധൂളി പൊങ്ങി
നേരാളെ നേരാളറിയാതെയായി. 13
പിന്നെ സാംബൻ മുറിച്ചു വീഴിച്ച സൈന്യങ്ങളുടെ ചോര കൊണ്ട് ആ പൊടിനിന്നുള്ളു.
വിജയപ്രിയൻ - ഓഹോ മഹാകേമം തന്നെ. കഷ്ടേ ഞാനിതു കണ്ടില്ലല്ലൊ. ആട്ടെ പറയു കേൾക്കട്ടെ.
രണപ്രിയൻ- അപ്പോൾ ഞങ്ങളെല്ലാവരും സാംബനെ പുഷ്പവൃഷ്ടി ചെയ്തു. പിന്നെ ആറുപേരോടും ആ കുട്ടി തന്നെ എതിർത്തുനിന്നു യുദ്ധം ചെയ്യുന്നതിനിടയൊരാളു വില്ലു മുറിച്ചു. ആത്തരത്തിൽ മറ്റൊരാളു സാരഥിയെ കൊന്നു. ശേഷം നാലുപേരും നാലു കുതിരകളേയും കൊന്നു. എന്തിനു പറയുന്നു? എന്നിട്ടു ഞെരുങ്ങിപ്പിടിച്ച് അവരാറുപേരും കൂടി അദ്ദേഹത്തിനെപ്പിടിച്ചുകെട്ടി.
വിജയപ്രിയൻ- അയ്യൊ ഇതു വലിയ പോരായ്മയായി കൌരവന്മാരുടെ അവസ്ഥയ്ക്ക്.
രണപ്രിയൻ- നന്നെ സാമര്‍ത്ഥ്യമായി എന്നാണെനിക്കു തോന്നുന്നതു്.
വിജയപ്രിയൻ- എങ്ങിനെയെങ്കിലും ഇദ്ദേഹത്തിനോടിടയുകയല്ലായിരുന്നു അവര്‍ക്കു ഗുണം. എന്താണെന്നല്ലേ?
പുത്രിക്കുത്തമസൽഗുണങ്ങൾ തികയു-
ന്നാളായവരും വല്ലഭൻ,
പുത്രന്മാർ വഴിയായ് പുരാണപുരുഷൻ
താൻതന്നെ തൽബന്ധുവാം,
ചിത്തത്തിൽ ബലഭദ്രനാം ഗുരുവിനും
സന്തോഷമേന്തീടു,മെ -
ന്നിത്തത്വം കരുതീല കശ്മലതയാൽ
ദുര്യോഗി ദുര്യോധനൻ. 14
രണപ്രിയൻ- ആട്ടെ നമുക്കു തരം തന്നെ.
വിജയപ്രിയൻ- ഉം- എന്താണതു്?
ഒന്നാമങ്കം (പേജ് 06 - 10)
രണപ്രിയൻ- ഈ കാരണംകൊണ്ടു കൌരവന്മാരും യാദവന്മാരുമായിട്ടു വലുതായ യുദ്ധമുണ്ടാകുമല്ലൊ, അതു തന്നെ. ശ്രീകൃഷ്ണാദികളും മറ്റും ഇതു കേട്ടാൽ യുദ്ധത്തിനു പുറപ്പെടാതിരിക്കുന്ന കാലമുണ്ടോ?
വിജയപ്രിയൻ- വരട്ടെ. ഉറയ്ക്കാറായില്ല. നോക്കു.
കര്‍ണ്ണൻ പ്രദ്യുമ്നനസ്സാത്യകിയിവർമുതലാം
യാദവശ്രേഷ്ഠരോടും
കര്‍ണ്ണൻ പിന്നുള്ള ദുര്യോധനനൃപതിയൊടാ-
യ്പോരിനുള്ളൂന്നിയാലും
അണ്ണൻ സാക്ഷാൽകൃപാവാരിധി ബലനിതിനെ -
സ്സമ്മതിക്കില്ല, വേണ്ടും-
വണ്ണം സന്ധിക്കു നോക്കും, കുരുപതിയവിടെ -
ക്കിഷ്ടനാം ശിഷ്യനല്ലേ? 15
രണപ്രിയൻ- അങ്ങിനെയൊരു ദുര്‍ഘടമുണ്ടു്.
വിജയപ്രിയൻ- ആട്ടെ യാദവന്മാരീ വിവരം ധരിച്ചുവൊ?
രണപ്രിയൻ- ഓഹോ.
പോരിൽ പെരുത്തു വിഷമിച്ചു ജയിച്ചൊടുക്കം
പാരാതെ സാംബനെയരാതികൾ കെട്ടിടുമ്പോൾ
പാരം തെളിഞ്ഞു മുനിയൊന്നു ചിരിച്ചു വീണ-
ക്കാരൻ തിരിച്ചു കുതുകേന കുശസ്ഥലിക്ക്. 16
ആട്ടെ. നമുക്കിനി ദ്വാരകയിലെ വര്‍ത്തമാനം അറിയാൻ പോക.
വിജയപ്രിയൻ- അങ്ങിനെ തന്നേ.
(എന്നു രണ്ടാളും പോയി)
വിഷ്കംഭം കഴിഞ്ഞു.
(അനന്തരം നാരദനും ശ്രീകൃഷ്ണാദികളും പ്രവേശിക്കുന്നു.)
ശ്രീകൃഷ്ണൻ- പിന്നെ പിന്നെ?
നാരദൻ- അപ്പോൾ സാംബൻ
നിങ്ങൾക്കുള്ളൊരു വീര്യമെന്നൊടെതിരിട-
ട്ടൊറ്റയും കാണിക്കുകിൽ
ഭംഗം ഭീഷ്മ വരും ഭവാനു കുമതേ,
നീ കര്‍ണ്ണ കര്‍ണ്ണത്തിലാം
മങ്ങും കൌരവമന്ന, നീ ശല, ഭയം
തേടും ഭവാൻ ഭൂരി പിൻ
വാങ്ങും പ്രാജ്ഞത യജ്ഞകേതു ശതയ -
ജ്ഞാര്‍ദ്ധാസനേ കാട്ടിടും. 17
എന്നു പറഞ്ഞു.
സാത്യകി- നന്നായി വാക്ക്.
നാരദൻ- അപ്പോൾ കര്‍ണ്ണൻ പറഞ്ഞു.
"മടങ്ങിടും നിന്നുടെ വീര്യവാദ -
മടങ്ങിടട്ടേ ഫലമെന്തെടോ നീ
കുടുങ്ങി കാരാഗൃഹമുക്കിൽ മുള്ളൻ
കിടങ്ങിൽ വാണീടുക ചാകുവോളം."
പ്രദ്യുമ്നൻ- (ദേഷ്യത്തോടുകൂടി ആകാശത്തിൽ ലക്ഷം വച്ചിട്ട്) അല്ലേ, അർജ്ജുനാ,
അങ്ങേക്കായിട്ടുഴിഞ്ഞിട്ടൊരു ഖലമതിയാം
കണ്ണനെക്കൊല്ലുവാനായ്
തിങ്ങും കോപാലെടുക്കും ശരമിതിവിടെ ഞാൻ
പിൻവലിക്കുന്നതല്ല
ഭംഗംകൂടാതെ സത്യം സകലനയനിധേ
കാക്കുവാനുള്ളുപായം
മങ്ങീടാതൊത്തു ചിന്തിക്കുക നിജഹിതനാ-
കുന്ന ഗോവിന്ദനോടും 19
നാരദൻ- (വിചാരം) ഒട്ടു ഫലിച്ചുതുടങ്ങി എന്റെ മനോരാജ്യം. (പ്രകാശം) അപ്പോൾ സാംബൻ കണ്ണീരൊലിപ്പിച്ചുംകൊണ്ടു നോക്കുന്ന ലക്ഷണയെ നോക്കി പുഞ്ചിരിയിട്ടിട്ടു്,
അച്ഛനാകിയ മുകന്ദനഗ്രജൻ
സ്വച്ഛനായ ബലഭദ്രനെന്നിവർ
ഇച്ഛയോടു ഭുവി വാണിടുമ്പൊളി-
ത്തുച്ഛസങ്കടമെനിക്കിരിക്കുമോ? 20
എന്നു പറഞ്ഞു.
ശ്രീകൃഷ്ണൻ- (ചാിരിച്ചുംകൊണ്ട്) പിന്നെ പിന്നെ
നാരദൻ- അപ്പോൾ ദുര്യോധനൻ.
ഗുരുവാം ബലഭദ്രപാദപത്മം
ഗുരുഭക്ത്യാ നിരുപിക്കകൊണ്ടു നിന്നെ
പെരുതായൊരു തെറ്റു കാൺകിലും ഞാ-
നുരുശിക്ഷയ്ക്കിരയാക്കിടുന്നതില്ല. 21
എന്നു പറഞ്ഞു. അതുകേട്ടു സാംബൻ ചിരിച്ചും കൊണ്ടു ഓഹോ എന്തെങ്കിലും ചെയ്തോളു.
എന്നെക്കൊന്നെങ്കിലും നന്നിഹ ചെറുതുടനേ
സജ്ജനം മാഴ്‌കിലും മേൽ
നന്ദിക്കും നന്മയുണ്ടാം സപദി പെരുതു പാ -
രിന്നു ഭാരം നശിക്കും
ഇന്നിക്കാണുന്ന ദുഷ്ടസ്ഥിതിപർ മുഴുവനും
വാസുദേവന്റെ കയ്യാൽ
മിന്നിക്കൊള്ളുന്ന ചക്രായുധമതിനിരയായ്
വെന്തു വെണ്ണീറടിക്കും. 22
എന്നു പറഞ്ഞു.
സാത്യകി- നോക്കു ആപത്തിങ്കലുമുള്ള ധൈര്യത്തിന്റെ ഒരുറപ്പു്.
നാരദൻ- (വിചാരം) ഈ വിദ്വാനെ ഒന്നു ദേഷ്യപ്പെടീക്കട്ടെ. (പ്രകാശം) അപ്പോൾ ഭൂരിശ്രവസ്സു ചിരിച്ചും കൊണ്ടു്.
സാത്യകി പ്രമുഖരായ യാദവര്‍ -
ക്കാര്‍ത്തി ചേരുമിഹ സാംബബന്ധനാൽ,
എന്നുപറഞ്ഞു.
സാത്യകി- (ദേഷ്യത്തോടുകൂടി) അഹാ ഞങ്ങൾ സങ്കടപ്പെടുന്നതുകൊണ്ടോ ആ മഹാനുഭാവൻ സന്തോഷിക്കുന്നതു്? (നേരിട്ടു പറയുന്നതുപോലെ)
ഒട്ടും കൂസാതെ പോരിൽ പുരുശരനികരം
തൂകി നിൻ വില്ലുമത്തേര്‍ -
ത്തട്ടും യൂപദ്ധ്വജം തന്നെയുമഥ കുതിര -
ക്കൂട്ടവും സൂതനേയും
തട്ടിക്കൈവാളുമേന്തിത്തവ ഗളമതിലാ-
യിട്ടു ഭൂരിശ്രവസ്സേ
വെട്ടിക്ഖണ്ഡിച്ച മൂര്‍ദ്ധാവൊടു കടു കളിയാ-
ടാതടങ്ങില്ലെടോ ഞാൻ. 24
നാരദൻ- അപ്പോൾ കർണ്ണൻ
മൂര്‍ത്തി മൂന്നിനുടയോരു കണ്ണനാം
മൂര്‍ത്തിയും ചെറുതു സങ്കടപ്പെടും.
എന്നു പറഞ്ഞു.
ശ്രീകൃഷ്ണൻ- (ചിരിച്ചും കൊണ്ടു്) ആട്ടെ സങ്കടമോ സന്തോഷമോ എന്നു ക്രമത്തിലറിയാറാവും. പിന്നെ?
നാരദൻ- എന്നിട്ടവർ സാംബനെപ്പിടിച്ചു കെട്ടിക്കൊണ്ടു പോകുംവഴി കണ്ട സജ്ജനങ്ങളൊക്കെ വളരെ സങ്കടപ്പെട്ടു.
കഷ്ടംവെച്ചങ്ങുനിന്നൂ പിതൃപതിതനയൻ
വായുജൻ കൈകുടഞ്ഞു
ധൃഷ്ടൻ പാർത്ഥൻ സകോപം ധൃതിയൊടുടനുടൻ
കയ്യുതമ്മിൽ തിരുമ്മീ
ഒട്ടും നന്നല്ലിതെന്നാ യമജർ ബഹുവിധം
ഭാവഭേദം നടിച്ചൂ
പെട്ടെന്നിങ്ങോട്ടു ഞാനും തവ കഴലിണ ക-
ണ്ടീടുവാൻ വെച്ചടിച്ചു. 25
ശ്രീകൃഷ്ണൻ- എന്നാൽ നമുക്കൊന്നാലോചിക്കേണ്ട ദിക്കായി.
എന്തോക്കിലും കുരുയദൂത്ഭവർ പണ്ടുപണ്ടേ
ബന്ധുക്കളാണിതു മനസ്സിൽ നിനച്ചിടാതെ
എന്തക്രമം സമിതി സമ്പ്രതി സാംബനെത്താൻ
ബന്ധിക്കയെന്നതു കുരുക്കൾ കഴിച്ചുവെച്ചു?
ഇനി നമ്മളെന്താണ് ചെയ്യണ്ടതു?
സാത്യകി- എന്താണു സംശയിക്കാൻ?
ചാര്‍ച്ചക്കാരിൽ ചിലപേർ
ചേര്‍ച്ചയ്ക്കായ് ചെയ്തപോലെ മറ്റവരും
വേഴ്ചയൊടു ചെയ്തീടാഞ്ഞാൽ
വീഴ്ചവരും ലൌകികത്തിനെന്നില്ലേ?
അതുകൊണ്ടു കൌരവന്മാർ ചെയ്തപോലെയൊ അതിലധികമൊ നമ്മളങ്ങോട്ടും ചെയ്യണം.
പ്രദ്യുമ്നൻ- എന്നാൽ,
വാര്‍ദ്ധിക്കൊത്ത ഗഭീരഭാവമൊടഹോ
വിദ്യാവയോവൃത്തിയാൽ
വാര്‍ദ്ധക്യംപെടുമുഗ്രസേനനൃപനെ-
ക്കെൽപ്പോടു കേൾപ്പിച്ചുടൻ
ഹാര്‍ദ്ദിക്യന്മുതലായ യാദവചമു-
പാലര്‍ക്കൊരുങ്ങീടുവാ-
നാദ്യംതന്നെ മുറയ്ക്കു കല്പനയയ -
പ്പിപ്പാൻ ശ്രമിക്കേണമേ. 28
ശ്രീകൃഷ്ണൻ- ജ്യേഷ്ഠൻ ബലഭദ്രരുടെ തിരുമനസ്സുകൂടി അറിഞ്ഞിട്ടു വേണ്ടേ?
നാരദൻ- അതങ്ങിനെവേണം. സംശയമില്ല.
ശ്രീകൃഷ്ണൻ- എന്നാൽ ഇവിടുന്നുതന്നെ ഈ വിവരം അവിടെദ്ധരിപ്പിച്ചെങ്കിലൊ?
നാരദൻ- അങ്ങിനെ തന്നെ. (എഴുന്നീറ്റു് വിചാരം) അദ്ദേഹം ക്ഷണത്തിൽ ദേഷ്യപ്പെട്ടോളും. അതു പിന്നെ ശമിക്കാതെകണ്ടിരുന്നാൽ മതി. കാര്യം ഭദ്രമായി. (എന്നു പോയി)
(ബലഭദ്രൻ ദേഷ്യത്തോടുകൂടി പ്രവേശിച്ചിട്ടു്)
ആറാളൊത്തു കുരുപ്രവീരരൊരുപോ-
ലെൻപൈതലാം സാംബനെ -
പോരാടിക്കഷണിച്ചനീതിയിൽ ബലാൽ-
ക്കാരേണ ബന്ധിച്ചതും
നേരോടോര്‍ക്കുമെനിക്കുദിച്ചൊരു കടും
ക്രോധക്കനൽക്കട്ടയ -
ക്രൂരന്മാരുടെ കണ്ഠഖണ്ഡരുധിരം
തട്ടാതെ കെട്ടീടുമോ?
(എന്നു ചുററിനടക്കുന്നു)
സാത്യകി- ഇതാ ബലദേവനെഴുന്നെള്ളുന്നുണ്ടു്. അവിടുത്തെ മുഖരസം ഭയങ്കരമായിരിക്കുന്നു. നമ്മുടെ അഭിപ്രായത്തോടു കൂടിച്ചേരും, അവിടുത്തെ അഭിപ്രായവുമെന്നാണ് തോന്നുന്നതു്.
ബലഭദ്രൻ- (വിചാരിച്ചിട്ട്)
കഷ്ടം നമ്മുടെ ശിഷ്യനായിടുമൊര -
ദ്ദുര്യോധനൻ കേവലം
ദുഷ്ടന്മാരുടെ പോലെ ബാലനെ ബലാൽ
ബന്ധിച്ചതെന്തിങ്ങിനേ?
(ദയയോടുകൂടി)
വിഡ്ഢിത്തം പിണയാത്തതാര്‍ക്കൊരുപിഴ -
യ്ക്കൊക്കെ ക്ഷമിക്കേണമേ
(പ്രസാദത്തോടുകൂടി)
പുഷ്ടശ്രീ വിനയാദി നൽഗുണമവ -
ന്നോര്‍ത്തൊട്ടടങ്ങട്ടെ ഞാൻ. 30
[എന്നു് അടുത്തുചെല്ലുന്നു. എല്ലാവരും എഴുനീറ്റാചാരോപചാരങ്ങൾ ചെയ്യുന്നു. ബലഭദ്രൻ പ്രത്യുപചാരം ചെയ്തു സിംഹാസനത്തിന്മേൽ ഇരിക്കുന്നു. പിന്നെ എല്ലാവരും യഥാസ്ഥാനം ഇരിക്കുന്നു.]
ശ്രീകൃഷ്ണൻ- ഇവിടുന്നു വിവരമൊക്കെ കേട്ടിരിക്കുമല്ലോ.
ബലഭദ്രൻ- ഉവ്വ്, കേട്ടു.
പ്രദ്യുമ്നൻ- (ശൌര്യത്തോടുകൂടീട്ടു്)
ഉള്ളിൽ കണ്ണാകുമുഴീപതിയുടെ ചിലപേർ
മക്കളും കൂട്ടുകാരും
വെള്ളത്തിൻ പുത്രനും മറ്റഖിലകുരുനൃപ-
ന്മാരുമിന്നാരുമേ മേ
തള്ളിക്കേറുന്ന ശൌര്യപ്രസരമതിനിര -
യ്ക്കാകയില്ലാകുലം വി-
ട്ടുള്ളിൽക്കൊള്ളും കൃപാഭാവമൊടുടനിവിടു-
ന്നൊന്നു കണ്ണിട്ടുവെന്നാൽ. 31
ഒന്നാമങ്കം (പേജ് 11 - 13)
സാത്യകി- സജ്ജനങ്ങളുടെയും ദുര്‍ജ്ജനങ്ങളുടെയും ബുദ്ധിയും വൃത്തിയും മറ്റുമൊക്കെ പരസ്പരം വിരുദ്ധമായിട്ടാണു്. എന്നാൽ ചില ദുർജ്ജനങ്ങളുണ്ടു സജ്ജനങ്ങളുടെ നാട്യം നടിക്കുന്നവരായിട്ടു്. അവരുടെ അവസ്ഥയെങ്ങിനെയാണെന്നു വെച്ചാൽ,
സത്തന്മാരെന്ന നാട്യം സരസത പരമി-
സ്സംപ്രദായങ്ങളാലേ
ചിത്തം മാറിദ്ധരിപ്പിച്ചൊരു കുടിലഖല -
ന്മാരഹോ മാറിടാതെ
ശുദ്ധന്മാരെ ഭ്രമിപ്പിച്ചിടുമൊടുവവര -
ങ്ങാത്മദോഷം നിമിത്തം
ക്രുദ്ധന്മാരാം മഹാന്മാരുടെ മഹിതമഹാ-
രോഷവെന്തീയിൽ വേവും 32
ആക്കൂട്ടത്തിലാണീ ദുര്യോധനാദികളുടെ അവസാനം.
ബലഭദ്രൻ- (വിചാരം) ഓ, ഇവർ നന്നായി ദേഷ്യപ്പെട്ടു വശായിട്ടുണ്ട്. എങ്ങിനെയാണിവരെ സമാധാനപ്പെടുത്തേണ്ടതു്?
സാത്യകി- അതുകൊണ്ടു ഇവിടുത്തെ കല്പന കിട്ടിയാൽ ഞങ്ങളിന്നുതന്നെ ഹസ്തിനപുരത്തു ചെന്നു,
കടുപടുപടവെട്ടിക്കൌരവന്മാരെയെല്ലാ-
മിടിപൊടി തവിടാക്കിത്താമസിക്കാതെകണ്ടു്
വടിവൊടവിടെനിന്നസ്സാംബനെബ്ഭാര്യയോടും
തടവിനിടപെടാതേ കൊണ്ടുപോരുന്നതുണ്ടു്. 33
ബലഭദ്രൻ- (വിചാരം) നന്നെ പരിഭ്രമിച്ചു തുടങ്ങിയല്ലൊ.
ശ്രീകൃഷ്ണൻ- ഇവിടുന്നെന്താണിതിനൊരു പ്രതിവിധി വിചാരിക്കുന്നതു്?
ബലഭദ്രൻ- പറയുമ്പോൾ ശരിയാണു്. മഹാ അക്രമമാണവർ ചെയ്തിരിക്കുന്നതു്. എങ്കിലും ഒരിക്കലൊക്കെ ക്ഷമിക്കണമെന്നാണെന്റെ പക്ഷം.
സാത്യകി- ഇവിടുന്നീക്കുറ്റവും ക്ഷമിക്കുന്നപക്ഷം സാംബൻ അവിടെ കാരാഗൃഹത്തിൽ തന്നെ കിടന്നോട്ടെ എന്നോ?
ബലഭദ്രൻ- ഏയ് അങ്ങിനെയല്ല. സാംബനെ എങ്ങനെയെങ്കിലും വിടുവിക്കാമല്ലൊ.
സാത്യകി- കുറ്റം ചെയ്താളുകൾ ഇങ്ങോട്ടപേക്ഷിച്ചാലല്ലേ ക്ഷമിക്കേണ്ട കാര്യം വിചാരിപ്പാൻ തന്നെ പാടുള്ളു ? ഇവിടെ അതുതന്നെ ഇല്ലല്ലൊ.
ശ്രീകൃഷ്ണൻ- അതു ശരി തന്നെ.
ബലഭദ്രൻ- എങ്കിലും സാഹസം ഒന്നിനും അരുതെന്നല്ലേ അറിവുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നതു്?
സാത്യകി- എന്നാൽ കാര്യം ദുര്‍ഘടമായി. നമുക്കങ്ങോട്ടൊന്നും ചെയ്‍വാനും പാടില്ല. അവരു സാംബനെ വിട്ടയയ്ക്കുകയുമില്ല.
ബലഭദ്രൻ- നിവൃത്തിയുണ്ട്.
സാത്യകി- എന്താണതു്?
ബലഭദ്രൻ- ഉഗ്രസേനമഹാരാജാവിനെക്കൊണ്ടു ധൃതരാഷ്ട്രനു് ഒരെഴുത്തയപ്പിക്കണം, സാമപൂർവ്വമായി സാംബനെ വിട്ടയപ്പാനായിട്ടു്.
സാത്യകി- എഴുത്തുകൊണ്ടും വിട്ടയച്ചില്ലെങ്കിലോ?
ബലഭദ്രൻ- എന്നാൽ നമുക്കു വേറേ വഴി ആലോചിക്കാം.
പോരാടുന്നോരു പക്ഷം പരമിവിടെ ജയം
കയ്യിലാണെന്നിരിക്കെ -
പോരായ്മയ്ക്കുള്ളൊരുള്ളാം ശമവഴി നിനയാ-
തക്രമം വിക്രമത്താൽ
ഏറീടും മട്ടു നോക്കും ശമവിധി ഫലിയാ-
തുള്ളൊരേടത്തു പിന്നെ-
ക്കേറീടുന്നോരുപായം ചരമമതു മതം
മാന്യരാം മാനികൾക്കും 34
ശ്രീകൃഷ്ണൻ- ശരിയാണതു്. അതുകൊണ്ടല്ലേ ശ്രീരാമൻ ലങ്കയിൽ ചെന്നിട്ടു പിന്നെയും അംഗദനെ ദൂതിനയച്ചതു്? എന്നാൽ എഴുത്തിലെന്താണു വാചകമെഴുതേണ്ടതു? അതിവിടുന്നു തന്നെ എഴുതിയുണ്ടാക്കിയാൽ ഉഗ്രസേനമഹാരാജാവിനെക്കൊണ്ടു രാജമുദ്ര പതിപ്പിച്ചയച്ചാൽ മതിയല്ലൊ.
ബലഭദ്രൻ- അങ്ങിനെതന്നെ. കടലാസും മഷിയും തൂവലും എവിടെ?
പ്രദ്യുമ്നൻ- ഇതാ. (എന്നു എടുത്തുകൊടുക്കുന്നു.)
ബലഭദ്രൻ- (എഴുതി വായിക്കുന്നു.)
സ്വസ്തിശ്രീമൻ കുരുകല-
വൃദ്ധൻ ധൃതരാഷ്ട്രനെ പ്രിയത്തോടെ
ചേര്‍ത്തു പുണര്‍ന്നഥ യാദവ-
പാര്‍ത്ഥിവനാമുഗ്രസേനനെഴുതുന്നു. 35
പണ്ടുള്ളോരു യദുക്കളും കുരുനൃപ-
ന്മാരും പരം തമ്മിലാ
വേണ്ടും വേഴ്ച നിനച്ചിടാതെ വെറുതേ
മൽബാലനാം സാംബനെ
കുണ്ടാമണ്ടി പിണച്ചു നിങ്ങൾ കഷണി-
ച്ചീമട്ടു ബന്ധിക്കുവാൻ
കണ്ടില്ലിന്നൊരു കാരണം കഠിനമാ-
യെന്നേ കഥിക്കേണ്ടു ഞാൻ. 36
എന്തിനു കഴിഞ്ഞ കാര്യം
ചിന്തന ചെയ്യുന്നു പറ്റിയതും പറ്റി
ഞാൻ തന്നു മാപ്പിതിന്നി-
ന്നെന്തെന്നാലൊരു പിഴയ്ക്കൊരൊഴിവുചിതം. 37
ശോചിഷ്കേശനെതിർപ്രതാപമൊടഹോ
യുദ്ധത്തിലസ്ത്രം നദീ-
വീചിക്കൊത്തു ചൊരിഞ്ഞിടും യദുഭട-
ന്മാരെത്തടഞ്ഞങ്ങിനെ
യാചിക്കുന്നു യഥാക്രമം പ്രിയയൊടും
മൽസാംബനേ നീ മുദാ
മോചിക്കെന്നു ഭവാനൊടെന്നുടെയൊരീ
നിതൈകമത്യാഗ്രഹം. 38
ശ്രീകൃഷ്ണൻ- (വിചാരം) ഇതുകൊണ്ടവർ സാംബനെ വിട്ടയയ്ക്കില്ല നിശ്ചയം തന്നെ.
പ്രദ്യുമ്നൻ- (സാത്യകിയോടു സ്വകാര്യമായിട്ടു്) ഈ എഴുത്തു കണ്ടു പേടിച്ചു അവർ സാംബനെ വിട്ടയച്ചെന്നു വരുമൊ? ഇല്ല. അത്ര ഗര്‍വ്വിഷ്ഠന്മാരാണവര്.
സാത്യകി- ഈ എഴുത്തു കണ്ടാൽ വിട്ടയയ്ക്കുന്നവരാ ണെങ്കിൽ മുമ്പെ പിടിച്ചുകെട്ടുകതന്നെ ചെയ്യില്ലായിരുന്നു.
ബലഭദ്രൻ- ഈ എഴുത്തുകൊണ്ടുതന്നെ അവരു സാംബനെ വിട്ടയച്ചില്ലെന്നും വരാം. (വിചാരം) ഞാൻ തന്നെ ചെന്നൊന്നു പറഞ്ഞാൽ കാര്യം നേരെയാവും നിശ്ചയം തന്നെ. (സ്പഷ്ടം) എങ്കിലും സാമപൂർവ്വമായിത്തന്നെയിരിക്കട്ടെ.
ശ്രീകൃഷ്ണൻ- എന്നാൽ ഉഗ്രസേനസഭയിലേക്കു പോവുകയല്ലെ?
ബലഭദ്രൻ- അങ്ങിനെതന്നെ. (എന്നു എല്ലാവരും പോയി.)
ഒന്നാമങ്കം കഴിഞ്ഞു
.