Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / ചന്ദ്രിക (ഭാഷാനാടിക)
Author: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

ചന്ദ്രിക (ഭാഷാനാടിക)

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

1066 മേടം 01നു നാടിക ആരംഭിച്ചുവെന്നും 29നു അവസാനിച്ചുവെന്നും മടവൂര്‍ നാരായണപിള്ളയ്ക്കും കൊട്ടാരത്തിന്‍ ശങ്കുണ്ണിയ്ക്കും അയച്ച കത്തുകളിലൂടെ മനസ്സിലാക്കാം. രചയിതാവിന്റെ ശൃംഗാരരസപ്രധാനമായ സ്വതന്ത്രകൃതി ഇതൊന്നുമാത്രമാണ്. അത് അധികം വിവരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് ഇടവം 29നു നടുവത്തച്ഛന്‍ നമ്പൂതിരിക്കയച്ച കത്തില്‍നിന്നും വ്യക്തമാകുന്നു.

വിപ്രവര്യ, ഭവദുക്തിപോലെ ഞാന്‍
വിപ്രലംഭവിഷയം മഹാമതേ,
കെല്പിലിട്ടിഹ പരത്തിയില്ല, മല്‍-
കല്പിതപ്രകൃതഭംഗരീതിയാല്‍

ഒന്നാമങ്കം (പേജ് 01 - 05)

 

-01-


ഒന്നാമങ്കം


നാന്ദി



സര്‍വോവ്വീധരരാജപുത്രിയെ മുദ്രാ
മാനിച്ചുകൊണ്ടെപ്പൊഴും
സർവ്വേശ്വരിയാക്കിവെച്ചു മടിയിൽ
താന്താനിരുന്നീടിലും
ഭവ്യത്വം കലരും ഭവാനിയറിയാ -
തേകണ്ടു കൊണ്ടാടിയാ-
ദ്ദിവ്യശ്രീ സുരഗംഗയെപ്പുണരുമ -
ച്ചന്ദ്രാങ്കുരാങ്കം ഭജേ. 1


അത്രതന്നെയല്ല,

മഞ്ജുശ്രീമലർമങ്കയാളൊരു പുറ-
ത്തങ്ങേപ്പുറത്തെപ്പൊഴും
മഞ്ഞാലും മലമങ്കയാളിവരിണ -
ങ്ങിച്ചെന്നു ചേരുംവിധൗ
രഞ്ജിപ്പോടിരുപേരെയും പുണരുവാ -
നീരണ്ടുകൈ നീട്ടിടും
കഞ്ജത്താർദളനേത്രനാം ഹരിഹരൻ -
തന്നെ സ്മരിക്കുന്നു ഞാൻ. 2


പിന്നെയും,

മന്ദാക്ഷം പിന്നിൽനിന്നിട്ടിടയിടയിൽ വലി-
ച്ചാലുമൊന്നങ്ങടുക്കൽ
ചെന്നേയ്ക്കൂ എന്നു രാഗം പലപടി പറയു -
ന്നോരു നിർബ്ബന്ധമൂലം
തന്നെക്കാണാത്തനേരം തരമൊടു ഹരനിൽ -
ച്ചെന്നു നോക്കുമ്പോൾ വേഗം
പിന്നോക്കംതന്നെ പോരും ഗിരിജയുടെ കട-
ക്കണ്ണിനെക്കൈതൊഴുന്നേൻ. 3


(നാന്ദികഴിഞ്ഞിട്ട് സൂത്രധാരൻ പ്രവേശിക്കുന്നു.)

സൂത്രധാരൻ - മതിമതി. വേഗം വരു. എത്രയായാലും അരങ്ങത്തു വരാറാവില്ലെന്നോ?

നടൻ - (പ്രവേശിച്ചിട്ട്) ഇതാ, ഞാൻ വന്നുവല്ലോ. എന്താണു വേണ്ടതാവോ?

സൂത്രധാരൻ - എന്താണെന്നു സംശയിപ്പാനുണ്ടോ? ഈ തൃക്കുലശേഖരപുരത്തു് ഉത്സവത്തിനുവന്നിരിക്കുന്ന സജ്ജനങ്ങളുടെ സഭയിൽ നമ്മുടെ പതിവിൻപ്രകാരം ഏതെങ്കിലും ഒരു രൂപകം അഭിനയിക്കണം.

നടൻ - ഏതു രൂപകമാണാടേണ്ടതു്?

സൂത്രധാരൻ - നമ്മുടെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഉണ്ടാക്കിയ ചന്ദ്രികയെന്ന നാടികയായാൽ സഭക്കാര്‍ക്കൊക്കെ നന്നേ രസംപിടിക്കുമെന്നാണെനിക്കു തോന്നുന്നതു്.

-02-


നടൻ - അവിടുന്നു ഈവക ഗ്രന്ഥങ്ങളുണ്ടാക്കിയാൽ അത്ര വെടിപ്പാകുമോ?

സുത്രധാരൻ - എടോ വിഡ്ഢീ! അവിടുന്നു് ഇന്ന വിഷയത്തിൽ കവിതയുണ്ടാക്കിയാൽ നന്നാവില്ല, ഇന്ന വിഷയത്തിലുണ്ടാക്കിയാലേ നന്നാവു, അങ്ങിനെയുണ്ടോ?

മഞ്ജുശ്രീ കവി വെണ്മണിക്ഷിതിസുരൻ
വാത്സല്യഭാരത്തിനാൽ
ഭഞ്ജിക്കാതെ തനിയ്ക്കെഴുന്ന കവിതാ-
ചാതുര്യമർപ്പിക്കയാൽ
രഞ്ജിക്കും രസമുള്ളനേകകവിതാ-
ഗ്രന്ഥങ്ങൾ നിര്‍മ്മിച്ചൊരി-
ക്കുഞ്ഞിക്കുട്ടനൃപൻ കൃതിച്ച കൃതി ന-
ന്നാകാതെയാകാ ദൃഢം. 4


നടൻ - അയ്യോ! അവിടുത്തെ കവിത നന്നെല്ലെന്നല്ല ഞാൻ പറഞ്ഞതു്. പക്ഷേ വീരരസത്തിലെപ്പോലെ ശൃംഗാരത്തിലങ്ങിനെ ഒരു ഗ്രന്ഥവും കാണാഞ്ഞിട്ടിങ്ങിനെ ശങ്കിച്ചുപോയതാണു്.

സൂത്രധാരൻ - അങ്ങിനെ വരുമോ?

അംഗേശൻ മുതലായനേകമരിവീ-
രന്മാരടുത്താലെടു-
ത്തങ്ങേശും ഭുജശക്തിയാലെയവരെ -
ത്തട്ടിപ്പറപ്പിക്കിലും
തുംഗശ്രീ വിജയന്നു കൃഷ്ണസഹജാ-
കൃഷ്ണാദിസംഗങ്ങളിൽ
ശൃംഗാരക്കുറവുണ്ടതെന്നു വരുമോ?
കാര്യം വിചാരിക്കെടോ. 5


എന്നാൽ വിദ്യാത്ഥികളുടെ ബുദ്ധി തന്റെ ഗ്രന്ഥങ്ങൾ വായിച്ചാൽ കാര്യംവിട്ടു കളിയിലായിപ്പോയി എന്നു വന്നുപോകരുതന്നുള്ള ആലോചനകൊണ്ടു് അവിടുന്നിതുവരെ ഈ രസത്തിലൊരു ഗ്രന്ഥവുമുണ്ടാക്കിയില്ലെന്നേയുള്ളു.

നടൻ - എന്നാൽ എന്തുകൊണ്ടാണ് അവിടുന്നു ഈ ആലോചനയ്ക്കും വിരോധമായിട്ടീ നാടികയുണ്ടാക്കിതു്?

സൂത്രധാരൻ - തന്റെ കവിതയ്ക്കു ശൃംഗാരത്തിൽ പ്രവേശമില്ലെന്നുള്ള ദുര്യശസ്സു കളവാൻതന്നെയായിരിക്കും. എങ്ങിനെയെങ്കിലുമാകട്ടെ. വേഷക്കാരെയൊക്കെ ഉത്സാഹിപ്പിക്കു. ഒന്നുകൂടി അവരോടു പറയണം.

ആടുന്നതോ പുതിയ നാടികയാണു, കാണ്മാൻ
കൂടുന്നതേറ്റമറിവുള്ള ജനങ്ങളത്രെ;
കേടെന്നിയേ സരസമാടുവിനിങ്ങ; മാന-
ക്കേടിന്നു കാരണമതാക്കരുതീ പ്രയോഗം. 6


എന്നാലിനി വേഗം ചെല്ലു.

നടൻ - കല്പനപോലെ (എന്നു പോയി)

സൂത്രധാരൻ - (നാലു പുറത്തും നോക്കീട്ടും) അമ്പാ! ഈ വസന്തകാലത്തിൻെറ ഒരു ഭംഗി!

-03-


ബാലസ്ത്രീകുളുർകൊങ്ക മന്നിൽ മുഴുവൻ
ധാരാളമാക്കീടുവാ-
നാലോചിച്ചലരമ്പനാത്മസഖിയാ-
യോരീ വസന്തത്തിനെ
മാലേലാതെ വരുത്തിടുന്നിതവനും
മാമ്പൂക്കുലക്കൈതവ -
ത്താലേ പോർമുലമാല നാട്ടിലധികം
കൂട്ടുന്നതീക്കാട്ടിലും. 7


എന്നുതന്നെയല്ല,

കുട്ടിക്കാറ്റുകൾകൊണ്ടിളക്കി മധുവീ-
മാമ്പൂക്കളെക്കെല്പിനോ -
ടിഷ്ടം പോലെ പറിച്ചെടുക്കുവിനിതിൽ
ബോധിച്ചതെന്നിങ്ങിനെ
കാട്ടീടുന്നിതു കാറണിക്കുഴലിമാര്‍-
ക്കിക്കാലമിക്കാന്തമാർ
പൊട്ടിക്കുന്നു നിജപ്രിയന്റെ ഹിതവും
നോക്കിക്കളിച്ചങ്ങിനെ. 8


(അണിയറയിൽ)

ശരിയാണു് അങ്ങീപ്പറഞ്ഞതു്. ഇതാ കാമിജനാനന്ദകമായ വസന്തമഹോത്സവത്തിൽ,

ഉദ്യാനത്തിലുണര്‍ന്നിണങ്ങിടുമിളം-
കാറ്റേറ്റുകൊണ്ടിഷ്ടയാം
ഹൃദ്യശ്രീകലയോടു ചേര്‍ന്നു വിരഹാ-
തങ്കം കളഞ്ഞങ്ങനെ
അദ്യ ശ്രീശശകേതു സഞ്ചിതരസം
സല്ലാപവും ചെയ്തുകൊ-
ണ്ടുദ്യൽഭംഗി വിളങ്ങിടുന്നു ശശി കാ-
ന്തശ്രീമണിക്കട്ടിലിൽ. 9


ഏയ്! ഇത്രവേഗം ഇവർ വേഷം കെട്ടിപ്പുറപ്പെട്ടുകഴിഞ്ഞുവോ? ഇനി വേണ്ട കാര്യം നടത്തുവാൻ പോക തന്നെ.

(എന്നു പോയി)

പ്രസ്താവന കഴിഞ്ഞു.



[അനന്തരം പറഞ്ഞപോലെ ശശകേതുവും കലയും പ്രവേശിക്കുന്നു.]

കല - ഈ പുഷ്കരാവര്‍ത്തരാജ്യംവിട്ടു ശത്രുനഗരിയായ പുണ്ഡരികാവതിയിലേക്കു് ഇവിടുന്നു പോയതിന്റെ ശേഷം പല കഷ്ട്രവര്‍ത്തമാനങ്ങളും കേട്ടു ഞങ്ങളൊക്കെ എത്ര വളരെ വ്യസനിച്ചു?

-04-


ശശകേതു - അങ്ങിനെ വരാം. പല വൈഷമ്യങ്ങളും വരുവാനിടയുള്ള വിഷയമാണല്ലോ ഇതു്. പത്തുപതിനാറുകൊല്ലം മുമ്പു വിജയസേനമഹാരാജാവു ശത്രുവായ ഈ മാർത്താണ്ഡസേനനായിട്ടു നടത്തിയ യുദ്ധത്തിന്റെ ലഹളയിലല്ലേ നമ്മുടെ ചന്ദ്രവര്‍മ്മ മഹാരാജാവിന്റെ പട്ടമഹിഷി കാന്തീദേവിയുടെ അമ്മാമൻ പുഷ്കരവര്‍മ്മാവു നശിച്ചുപോയതു്. അദ്ദേഹത്തിന്റെ കഥയോ അങ്ങിനെ ആയി. അദ്ദേഹത്തിനൊരു പുത്രി മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനെയും കാണാതെയായിപ്പോയി. ഇങ്ങിനെ പടകളിൽ പലക്കും പല ആപത്തുകളും വന്നു കാണാറുണ്ടു്. ഈ വിജയസേനമഹാരാജാവു നാടു നീങ്ങിയതിന്റെശേഷം ചന്ദ്രവര്‍മ്മമഹാരാജാവായിട്ടു നടത്തിയ യുദ്ധത്തിലും പല കഷ്ടങ്ങളും പറ്റി. എന്നെത്തന്നെ ഈ മാര്‍ത്താണ്ഡസേനൻ പിടിച്ചു കെട്ടി കാരാഗൃഹത്തിൽ കൊണ്ടിട്ടു.

കല - അതു കേട്ടിട്ടെനിക്കുണ്ടായ വ്യസനം വിചാരിക്കുമ്പോൾ ഇപ്പോഴും കണ്ണീരു വരുന്നു. (വാക്കിടറക്കൊണ്ട്) തൊണ്ട കിടുകിടുത്തിട്ടു് അക്ഷരമൊന്നും പുറപ്പെടുന്നില്ല.

കയ്യൂക്കു കൂടുമരിവീരധരാവരന്റെ
കയ്യിൽക്കുടുങ്ങിയ നിലയ്ക്കവനക്രമത്താൽ
അയ്യോ ഭവാനതിവിപത്തു പിണച്ചുപോയാ -
ലിയ്യുള്ളൊരെന്റെ കഥയെന്തു പറഞ്ഞിടേണ്ടു? 10


(എന്നു കണ്ണനീരു തുടയ്ക്കുന്നു.)

ശശകേതു - വിഡ്ഢി! ഇപ്പോൾ എന്തിനാണ് കരയുന്നതു്? കാര്യമൊക്കെയും നേരെയായില്ലേ? (എന്നു കരയുന്ന മുഖം പിടിച്ചു പൊക്കീട്ട്) ആയി! ആയി! ഇങ്ങിനെ കരയെ?

എന്നെശ്ശത്രുക്കൾ ബന്ധിയ്ക്കിലുമകമലരിൽ -
പ്പേടിതോന്നീല മന്നോർ -
മ്മന്നശ്രീചന്ദ്രവര്‍മ്മപ്രഭു വിഭുതയൊടും
കാക്കുമെന്നോര്‍ക്കമൂലം
എന്നാലോ നിൻവിയോഗാനലനുടെ പുറമേ
നീ വിഷാദിക്കുമെന്നീ-
യൊന്നാലോചിച്ചഹോ ഞാൻ ചിരതരമതിയാ-
യന്തരാ വെന്തിരുന്നു. 11


കല - ആട്ടെ, പിന്നെയെങ്ങിനെയാണീശ്ശത്രുക്കളുടെ ക യ്യിൽ നിന്നു വിട്ടുപോന്നതു്?

ശശകേതു - എങ്ങിനെയെന്നു ചോദിപ്പാനുണ്ടോ?

എന്നെ വൈരികൾ പിടിച്ചുവെന്നു കേ-
ട്ടന്നു വൈരതരു വേരറുക്കുവാൻ
ചന്ദ്രരമ്യമുഖി, വന്നു പോരിനായ്
ചന്ദ്രവർമ്മ ധരണീതലേശ്വരൻ. 12


പിന്നെ ക്ഷണം കൊണ്ടു ശത്രുസൈന്യമൊക്കെയൊടുക്കിയെന്നു തന്നെയല്ല, മാര്‍ത്താണ്ഡസേനനേയും കൊന്നു. പത്തു പതിമൂന്നു കൊല്ലത്തെ പഴക്കമുള്ള വൈരവും തീര്‍ന്നു. ഇങ്ങിനെ ആ രാജ്യം മുഴുവനും തനിക്കു കീഴടങ്ങിയതിന്റെ ശേഷം,

-05-


ഏന്തും നന്ദിയൊടേറെയാ പ്രജകളെ
പ്രീതിപ്പെടുത്തീടുവാൻ
താന്താനാ നഗരത്തിലല്പദിവസം
വാഴേണമെന്നാശയാ
കാന്തീദേവിയുമൊത്തു കാഞ്ചനമണി-
ത്തേരേറി രാജാലയേ
കാന്തശ്രീനിധി ചന്ദ്രവര്‍മ്മധരണീ-
പാലൻ പ്രവേശിച്ചുതേ. 13


കല - പിന്നെ?

ശശകേതു - പിന്നെ, അന്നുതന്നെ അവിടെ ചുരുക്കത്തിലൊരു സഭകൂടി പ്രജാക്ഷേമാഭിവൃദ്ധികളെക്കുറിച്ചാലോചിച്ചുകൊള്ളുന്നതിനുള്ള പ്രധാനമായ ഭാരം പ്രജകൾക്കുതന്നെയാണെന്നു മഹാരാജാവു് അഭിപ്രായപ്പെട്ടു. അന്നത്തെ മഹാരാജാവിന്റെ ഉചിതമായ പ്രസംഗംകൊണ്ടുതന്നെ പ്രജകളൊക്കെ വളരെ സന്തോഷിച്ചു.

കല - എന്താണാ പ്രഥമപ്രസംഗം?

ശശകേതു - പറയാം: മഹാരാജാവു സഭയെ വന്ദിച്ചു - "അല്ലേ മഹാജനങ്ങളേ, നിങ്ങളെല്ലാവരും കേൾക്കണം.

പാരെല്ലാം പറയുമ്പൊളീ പ്രജകളാം
നിങ്ങൾക്കെഴും സ്വത്തതിൻ -
ഭാരം നോക്കുവതിന്നു നിങ്ങൾ നിയമി-
ച്ചാളാണിളാനായകൻ;
വേറിട്ടെന്തധികാരമുള്ളതിവനീ
നാട്ടാരു കൂടിക്കഥി-
പ്പോരാ വേല നടത്തുകെന്നിയെ, യതൊ-
ന്നാദ്യം കഥിയ്ക്കുന്നു ഞാൻ. 14


എന്നാൽ, നിങ്ങൾക്കു ഗുണം വരുന്നവിധത്തിലെന്തെങ്കിലും നിങ്ങളഭിപ്രായപ്പെട്ടാൽ അതുപോലെ നടത്തുന്നതിന്നു വേണ്ടി മുമ്പെ വെച്ചിരുന്നാളെ മാററി നിങ്ങളിപ്പോളെന്നെ വെച്ചിരിക്കുന്നതു കൊണ്ടു് ആ വേലയ്ക്കു ഞാനെല്ലായ്പോഴും ജാഗരൂകനായിരിക്കുന്നു എന്നു മാത്രം ഇപ്പോൾ ഇവിടെ പറഞ്ഞു വിരമിയ്ക്കുന്നു." എന്നാണു് ആദ്യം പ്രസംഗിച്ചതു്.

കല - ഇത്ര ഭംഗിയിൽ പ്രസംഗിച്ചാൽ പ്രജകളൊക്കെ സന്തോഷിയ്ക്കുന്നതൊട്ടും അത്ഭുതമല്ല.

ശശകേതു -

കാര്യസ്വഭാവമറിയും കളവാണി പിന്നെ-
യാര്യസ്വഭാവശുഭനാകിയ ചന്ദ്രദേവൻ
മര്യാദപോലെ നവരക്ഷണയാൽ ക്രമത്തിൽ
പയ്യാപ്തയാകുമഭിവൃദ്ധി വരുത്തി നാട്ടിൽ. 15


വിദ്യാശാലകൾ വൈദ്യശാലകൾ സഭാ-
ജാലങ്ങൾ ബാലാംഗനാ-
വിദ്യാഭ്യാസവിശാലശാല പല കൈ -
വേലപ്രയോഗസ്ഥലം
ഹൃദ്യശ്രീ പുകവണ്ടി കമ്പികൾ തപാ-
ലാപ്പീസ്സിതെന്നേവമാ-
യുദ്യൽ പ്രാഭവമാര്‍ന്നിടും പല പരി-
ഷ്കാരം വരുത്തീടിനാൻ. 16



 

ഒന്നാമങ്കം (പേജ് 06 - 10)

 

-06-


ഇങ്ങിനെ ആ നാടു പരിഷ്ക്കാരപ്പെടുത്തിക്കൊണ്ടു രണ്ടുമൂന്നു കൊല്ലം അവിടെത്തന്നെ എഴുന്നള്ളിത്താമസിക്കുന്നതിന്നിടയിൽ പല സഭകളിലും അഗ്രാസനാധിപത്യം വഹിച്ച് വിശേഷപ്പെട്ട പ്രസംഗങ്ങൾ ചെയ്കയും, വിദ്യാശാലകളിൽപോയി വിദ്യാര്‍ത്ഥികൾക്കു സമ്മാനങ്ങളും മറ്റും കൊടുത്തു പഠിപ്പാനുത്സാഹം വര്‍ദ്ധിപ്പിക്കുകയും, പഠിച്ചു പരീക്ഷ ജയിച്ചുവരുന്ന വിദഗ്ദ്ധയുവാക്കൾക്കു തക്കതായ ഉദ്യോഗങ്ങൾ കൊടുക്കുകയും, നേരുകേടു ചെയ്യുന്നവര്‍ക്കു മതിയായ ശിക്ഷ ചെയ്യിക്കുകയും മറ്റും പല രാജ്യകൃത്യങ്ങൾ ചെയ്തു ജനങ്ങളെ വളരെ രഞ്ജിപ്പിച്ചു.

കല - നമ്മുടെ മഹാരാജാവിനു് ജനരഞ്ജനയ്ക്കുള്ള സാമര്‍ത്ഥ്യം അന്യാദൃശമാണല്ലൊ.

ശശകേതു - എന്തിനു വളരെപ്പറയുന്നു? മഹാരാജാവു രാജധാനിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ,

കാണുന്ന കാണികൾ കരാംബുരുഹങ്ങൾ കൂപ്പി-
ത്താണന്നു ചന്ദ്രനൃപചന്ദ്രമുഖത്തെ നോക്കി
ചേണാര്‍ന്നിടുന്നൊരു ചകോരകുലവ്രതത്തെ -
ക്കാണിച്ചിരുന്നു കരുണാമൃതമാസ്വദിച്ച്. 17


പുഷ്പവൃഷ്ടി, മലർ വിതറുക എന്നതുകളുടെ പുറമേ,

മാര്‍ഗ്ഗം തോറും മഹാമാളിക മുകളുകളിൽ
കേറിനിന്നേറെ നന്ദ്യാ
ലാക്കിൽ മിന്നുന്ന മന്ദസ്മിതമണിമലർ മാ-
ല്യങ്ങളും ഭംഗിയോടേ
നോക്കും നോട്ടങ്ങളാകും കുവലയ കുസുമ -
ക്കൂട്ടവും കോട്ടമെന്ന്യേ
വായ്ക്കും മോദേന വാരാംഗനകളവനിപൻ -
തന്നിൽ വര്‍ഷിച്ചിരുന്നു. 18


കല - ആട്ടെ, ആ രാജ്യവും അവിടെയ്ക് ഈ രാജ്യം പോലെ തന്നെ ഇഷ്ടമായ്ത്തീര്‍ന്നുവോ?

ശശകേതു - ഈ രാജ്യത്തിനേക്കാളധികം ഇഷ്ടായ്ത്തീര്‍ന്നു. (എന്നു പുഞ്ചിരിയിടുന്നു.)

കല - (ചിരിച്ചുംകൊണ്ടു്) എന്താണിവിടുന്നു ചിരിച്ചതു്?

ശശകേതു - അങ്ങിനെ പറയത്തക്കവണ്ണമൊന്നുമില്ല. എന്നാൽ, ഇങ്ങോട്ടെഴുന്നള്ളത്തു പുറപ്പെടുന്നതിന്റെ തലേദിവസം പകലേ സവാരി ചെയ്യുമ്പോൾ അവിടുന്നു വഴിയിൽവെച്ചൊരു സുന്ദരിയെ കണ്ടു. സാമാന്യം മനസ്സിളകിവശായി. അതുകൊണ്ടു ആ നാടുവിട്ടുപോരുന്നതു വളരെസ്സങ്കടമായിരുന്നു മഹാരാജാവിനു്.

കല - ഏയ്, അസംബന്ധം പറയേ!

അന്യസ്ത്രീകളെ നോക്കുകി,ല്ലഴകെഴു -
ന്നെൻ തോഴിയാം കാന്തിയോ-
ന്നെന്ന്യേ സുന്ദരിയാരുമില്ല പരമെ-
ന്നുള്ളോരുറപ്പുള്ളവൻ
ധന്യൻ നമ്മുടെ ചന്ദ്രദേവനകതാ-
രാകാത്ത ദിക്കിൽ കൊടു -
ത്തന്യായങ്ങൾ തുടങ്ങുമെന്ന മൊഴിയെൻ
ബുദ്ധിക്കു ബോധിക്കുമോ? 19



-07-


ശശകേതു - ശരിയാണു് നീ പറയുന്നതു്. അനർഹസ്ത്രീകളിൽ ചന്ദ്രവർമ്മരാജാവിന്റെ മനസ്സുചെല്ലില്ല. എന്നാൽ അവിടുന്നു കണ്ടുഭ്രമിച്ചത് ഒരു കന്യകയേയാണു്. എന്നാൽ തരക്കേടുണ്ടോ?

കല - എന്നാലോ? ഒരു ഭാര്യയുള്ള പുരുഷൻ വേറിട്ടൊരു പെണ്ണിനെ കാംക്ഷിച്ചാൽത്തന്നെ അന്യായമായില്ലേ? വിചാരിച്ചുനോക്കു.

പരതരുണിജനത്തിനോര്‍ത്തിടുമ്പോൾ
പരപുരുഷാഗ്രഹമെത്രയോ നികൃഷ്ടം!
അറിവുടയ പുമാനുമാവിധം താ-
നരുതു ദൃഢം പരനാരിമാരിലാശ. 20


ശശകേതു - അങ്ങിനെപറയാൻ പാടുണ്ടോ? എത്ര പുരുഷന്മാരുണ്ടു രണ്ടും മൂന്നും ഭാര്യമാരുള്ളവരായിട്ടു? അവരൊക്കെ അനീതിക്കാരാണെന്നോ?

കല - ശരി, ഈ യുക്തി വേണ്ടില്ല. ഇതു സ്ത്രീകളേയും ബാധിക്കില്ലേ? എത്ര സ്ത്രീകളുണ്ടു് രണ്ടും നാലും അഞ്ചും ഭർത്താക്കന്മാരുള്ളവരായിട്ടു്? അതുകൊണ്ടു് ഈവകയൊന്നും നടപ്പുണ്ടെന്നും മറ്റും പറഞ്ഞാൽപ്പോരാ. അപമര്യാദയ്ക്കെന്തു കീഴ്മര്യാദ?

ശശകേതു - ആട്ടെ, ഞാൻ വേറെ ഒരു യുക്തിപറയാം. പുരാണപ്രസിദ്ധന്മാരായി ധര്‍മ്മപ്രവര്‍ത്തകന്മാരായിരിക്കുന്ന യയാതി, പാണ്ഡവന്മാർ, സാക്ഷാൽ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരപുരുഷനായ ശ്രീകൃഷ്ണൻ തുടങ്ങിയ മഹാരാജാക്കന്മാരൊക്കെ ബഹുഭാര്യന്മാരല്ലേ? അതുകൊണ്ട്, ഒരു പുരുഷനിഷ്ടംപോലെ എത്രയെങ്കിലും ഭാര്യമാരെ ഉണ്ടാക്കാമെന്നുള്ളതിനു ശ്രുതികൾ, സ്മൃതികൾ, പുരാണങ്ങൾ ഇതൊക്കെയും അനുവദിച്ചിട്ടുണ്ടെന്നു കാണുന്നില്ലേ?

ആര്യേ, ശ്രുതിസ്മൃതി പുരാണനിഷിദ്ധമായ
കാര്യം തുടങ്ങരുതിതിൽ പറയുന്നപോലെ
മര്യാദയെന്നു കരുതീടണമായതെന്ന്യേ
നീയെന്തിനിന്നിതിലെതിർത്തു പറഞ്ഞിടുന്നു? 21


കല - ശ്രുതിസ്മൃതിപുരാണങ്ങളിൽ പറയുന്നപോലേയും അവതാരപുരുഷന്മാർ പ്രവത്തിച്ചതുപോലേയും ആക്കെങ്കിലും ചെയ്യാമെന്നുവന്നാൽ നാട്ടിൽ അനീ തിയേ ഉണ്ടാവുള്ളു.

ഇന്ദ്രൻ ഗൗതമപത്നിയൊത്തു സുരതം
ചെയ്തെന്നു വേദം സ്തുതി-
ക്കുന്നില്ലേ? സ്‌മൃതിയിൽ സഹോദരവധൂ-
സംഗം വിധിച്ചില്ലയോ?
എന്നല്ലോര്‍ക്ക, പുരാണമോതിയ പുമാൻ -
കൂടിപ്പരസ്ത്രീരതം
തന്നത്താനെ നടത്തി, യായതു പുരാ-
ണത്തിൽ പുകഴ്ത്തീലയോ? 22


എന്നുതന്നെയല്ല,

ധര്‍മ്മജ്ഞനാകിയൊരു മന്നവനാം യയാതി
ബ്രഹ്മർഷി നന്ദിനിയെ നന്ദിയിൽ വേട്ടതില്ലേ?
ധര്‍മ്മാത്മജാദി നൃപരൈവരുമൊത്തൊരുത്തി-
യ്ക്കമ്മാര്‍ഗ്ഗമാര്‍ന്നു ബത വല്ലഭരായതില്ലേ? 23


അയ്യേ, ശ്രീകൃഷ്ണന്റെ കഥ പറയേണ്ട.

-08-


ബാല്യത്തിൽത്തന്നെ ഗോപീജനമൊടുമൊരുമി-
ച്ചീശ്വരൻ വാസുദേവൻ
വല്ലാത്താ ദുഷ്പ്രവൃത്തിക്കൊരു കുലഗുരുവായ്
കാനനേ വാണതില്ലേ?
എല്ലാംകൊണ്ടും നമുക്കീപ്പഴയ കഥകളെ-
ക്കൊണ്ടു ദൃഷ്ടാന്തമാക്കി-
ച്ചൊല്ലാൻ നന്നല്ലതെന്നേ വരു പുതിയ പരി-
ഷ്കാരമായ" ചേരുകില്ല. 24


അതുകൊണ്ടു പുരാണാദികഥകളിൽ പറയുന്ന നല്ല ഭാഗങ്ങളേ എടുക്കാവു. ഈശ്വരാവതാരപുരുഷന്മാരുടെ പ്രവൃത്തികളെപ്പോലെയൊക്കെ നമുക്കു പ്രവര്‍ത്തിച്ചുകൂടാ എന്നു പുരാണങ്ങളിൽത്തന്നെ പലേടത്തും കൊട്ടിഘോഷിച്ചിട്ടില്ലേ? വിചാരിക്കൂ. അതുകൊണ്ടു വേണ്ടാത്ത ദുർയുക്തിയൊന്നും പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. എന്തിനു വളരെപ്പറയുന്നു?

ക്ഷിതിതലപതിവീരനേകപത്നീ-
വ്രതധരനാകിന രാമചന്ദ്രദേവൻ
മതിയിലറിവൊടാചരിച്ച സാക്ഷാൽ
മതമതുതാൻ മമ സമ്മതം മനസ്സാൽ. 25


ശശകേതു - (വിചാരം ) ഇവൾ പറയുന്നതും നല്ല യുക്തിയാണു്. എങ്ങിനെയാണവളെസ്സമ്മതിപ്പിക്കേണ്ടതു്? (ആലോചിച്ചിട്ടു്) ആട്ടെ, ഇങ്ങിനെ പറയുക തന്നെ. (സ്പഷ്ടം) കഷ്ടം! സ്ത്രീകൾതന്നെ സ്ത്രീകളെ ദ്രോഹിച്ചാലോ? വിചാരിച്ചുനോക്കു.

ലോകത്തിൽ ജനസംഖ്യ നോക്കിടുകിലി-
ന്നാണുങ്ങളേക്കാൾ വധൂ-
ലോകം കൂടുമസംഖ്യ, മിത്തരുണികൾ -
ക്കോരോ പുമാന്മാർകളെ
പാകംപോലെ തിരഞ്ഞെടുക്കുകിലനേ-
കം നാരിമാർ മന്മഥ-
ക്കൈ കാണാതെ നരച്ചിരുന്നു മരണം
പ്രാപിക്കുകെന്നേ വരൂ. 26


എന്നുതന്നെയല്ല, ശ്രുതിസ്മൃതിവിഹിതവും നാട്ടിലൊക്കെ നടപ്പുള്ളതുമായ വിഷയമല്ലേ ഇതു്?

കല - ആട്ടെ, ആ പ്രകൃതം പോട്ടെ. മഹാരാജാവിനൊരു സുന്ദരിയിലഭിലാഷം ജനിച്ചു എന്നുള്ളതിനെന്താണിവിടെക്കു നിശ്ചയം ? അതു കേൾക്കട്ടെ.

ശശകേതു - അതും പറയാം. മഹാരാജാവു് അന്നു സവാരിചെയ്യുമ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. രാജമാര്‍ഗ്ഗത്തിൽക്കൂടി വണ്ടിയോടിച്ചുപോകുംവഴി ബാലികാ പാഠശാലയുടെ അരികിൽക്കൂടിയാണു പുറപ്പെട്ടതു്.

പാഠം കഴിഞ്ഞു പല ബാലികമാരിറങ്ങി-
ക്കൂടുന്നൊരാ സമയമാണു മഹീമണാളൻ
ഓടുന്ന വണ്ടിയതിലേറിയതിന്നടുക്കൽ -
ക്കൂടിക്കടന്നു നടകൊണ്ടതു കൊണ്ടൽവേണി! 27


അപ്പോൾ അവിടെവെച്ചു,

-09-


നീരിത്താർനടുവിൽ കിടന്നു വിലസും
ഹംസാംഗനയ്ക്കും മണീ-
ഹാരത്തിന്നിടചേര്‍ത്തു കോര്‍ത്തൊരു മുഴു -
പ്പേറുന്ന വെണ്മുത്തിനും
താരാമധ്യമതിൽ തിരിഞ്ഞു തെളിയും
തിങ്കൾക്കലയ്ക്കും സമം
നാരീസംഘമതിങ്കൽ വെച്ചൊരുവളെ -
ക്കണ്ടെത്തി ധാത്രീശ്വരൻ. 28


അത്രതന്നെയല്ല,

പുണ്യം പുകഴ്ത്തുന്നവനാശ വെച്ചു
പെണ്ണുങ്ങളിൽ ദൃഷ്ടി പതിപ്പതുണ്ടോ?

അവിടെയെല്ലാം ആ വ്രതമൊക്കെ ദൂരെത്തെറിച്ചു പോയി.

വര്‍ണ്ണിച്ചു വീണ്ടും നൃപനന്നു കണ്ണു
കര്‍ണ്ണാന്തദീര്‍ഘാക്ഷിയിലേയ്ക്കയച്ചു. 29


പിന്നെ രാജധാനിയിൽച്ചെന്നിട്ടും എന്നോടു ഗൂഢമായി കല്പിച്ചു ചോദിച്ചു.

കല - എന്താണ് ചോദിച്ചതു?

ശശകേതു -

"താരേശാസ്യത്തിലോമന്മുകിൽ മുടി ചെറു കാ-
റ്റേറ്റു ചിന്നിക്കരത്തിൽ-
ച്ചേരും നല്പുസ്തകത്തെച്ചെറു മുലകളണി-
ച്ചട്ടമേൽ ചേര്‍ത്തുവെച്ചു്
നേരേ നോക്കുന്ന ബാലത്തരുണികൾ നടുവിൽ
ബാലികാപാഠശാലാ-
ദ്വാരേ നാണിച്ചുനിന്നോരഴകൊഴുകിന പെൺ -
പൈതലേതായിരിക്കും?" 30


എന്നു്. പിന്നെ ഞാനന്വേഷിച്ചിട്ടും ആ കന്യകയുടെ വിവരമൊന്നുമുണ്ടായില്ല. പിറ്റേന്നാളിങ്ങോട്ടു പോരുകയുംചെയ്തു.

കല - അതു പന്തിയായില്ല. കുറച്ചെങ്കിലും വിവരം അറിഞ്ഞുവെക്കേണ്ടതായിരുന്നു.

ശശകേതു - നീ വിചാരിച്ചാലറിയാൻ വഴിയുണ്ടാവുമെന്നാണ് തോന്നുന്നതു്.

കല - (ചിരിച്ചുകൊണ്ടു്) അതെങ്ങിനെയാണു ?

ശശകേതു - അതു പറയാം.

ദേവിയെഴുന്നള്ളി തദാ
സ്ത്രീവിദ്യാഭ്യാസശാലയിൽ പലനാൾ
ആവഴിയവളുടെ വിവരം
നീ വഴിയേ തിരയുമെങ്കിലുണ്ടാവും. 31


ഇതു നല്ലവണ്ണം വിചാരിക്കേണ്ടതാണ്.

-10-


മാരൻ ദുസ്സഹനെന്നുമീ ക്ഷിതിപതി-
യീപ്പെൺകിടാവിൻ വഴി-
യ്ക്കേറും ദുര്‍ദ്ദശ പോക്കുകെന്നതു നമു-
ക്കാവശ്യമെന്നുള്ളതും
ഓരോ ബുദ്ധിയെടുത്തു വല്ലവിധവും
ചേരുന്നൊരിസ്ത്രീപുമാ-
ന്മാരെച്ചേര്‍ക്കണമെന്നും (പുഞ്ചിരിയിട്ടു്) അല്ലെങ്കിൽ
ഇന്നിതു പറ-
ഞ്ഞീടാതറിഞ്ഞീടുമേ. 32


കല - (വിചാരിച്ചിട്ടു്) ഒരു ദുഘടമുണ്ടല്ലോ.

സ്ത്രീവൈഭവപ്രൗഢിമയുള്ള കാന്തീ-
ദേവിക്കിതത്യപ്രിയമാകുമല്ലോ
ആവശ്യമില്ലാത്തതിനെന്തിനീ ഞാൻ
പോവുന്നു? വേണ്ടാത്തതു ചൊല്ലിടോല്ലേ. 33


ശശകേതു - നമ്മളിങ്ങിനെ ഈ കാര്യത്തിൽ പിൻവലിച്ചാൽ മഹാരാജാവിന് ആരാണവലംബം? കാമദേവൻ നിഷ്കണ്ടകനാണു്.

കാന്തന്നു പറ്റുന്ന വിപത്തു ദേവി
കാന്തിക്കുമൊട്ടും ഹിതമായ്‍വരില്ല;
എന്തെങ്കിലും ഭൂപതിയെത്തുണപ്പാൻ
നോംതന്നെ നോക്കിത്തുനിയേണ്ടതാണു്. 34


അതൊടുക്കം ദേവിക്കും രസമായിക്കൊള്ളും.

കല - ആട്ടെ, എന്നാലങ്ങിനെയാവാം.

കാവൽക്കാരത്തി - (പ്രവേശിച്ചിട്ടു") എന്താണ് ഇവിടുന്നു് ഇവിടെ ഇരിക്കുന്നതു്? തമ്പുരാനു നല്ല സുഖമില്ല. അങ്ങോട്ടു പോവുക.

കല - എന്താണ് അവിടുത്തെ സുഖക്കേടിന്റെ സ്വഭാവം? കേൾക്കട്ടേ.

കാവൽക്കാരത്തി - പറയാം.

ഒന്നും മിണ്ടാതിരിക്കും, ചില പൊഴുതരുൾചെ-
യുന്ന വാക്കും പിഴയ്ക്കും,
പിന്നെത്തൂകും വിലക്ഷ്മസ്മിത,മഥ നെടുവീര്‍-
പ്പിട്ടു മേല്പട്ടുനോക്കും,
എന്നുള്ളീമട്ടിലിപ്പോൾ ക്ഷിതിപതി കഷണി-
ക്കുന്നു വല്ലാതെ, ചൊല്ലാ-
നൊന്നും കണ്ടീല ഞാൻ കാരണ,മിനിയിവിടു-
ന്നാണതിങ്കൽ പ്രമാണം. 35


കല - (വിചാരം) ഈ ഉപശ്രുതികൊണ്ടും ഞാൻതന്നെ പ്രമാണമെന്നാണ് കണ്ടതു്. അതുകൊണ്ടു അങ്ങിനെ ശ്രമിക്കുകതന്നെ. (സ്പഷ്ടമായി ചിരിച്ചുകൊണ്ടു്) എന്നാൽ താമസിക്കണ്ട, ഇവിടുന്നു മഹാരാജാവിന്റെ അടുക്കലേയ്ക്കു പോവാൻ. ഞാനും ദേവിയെക്കാണാൻ പോട്ടെ.

ശശകേതു - (ചിരിച്ചുകൊണ്ടു്) അങ്ങിനെയാവട്ടെ. ഞാൻ ഇതാ പോകുന്നു.

(എന്നു എല്ലാവരും പോയി.)

[ഒന്നാമങ്കം കഴി‍ഞ്ഞു‍]