Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകാവ്യങ്ങള്‍ / ഉത്തരാചന്ദ്രിക

ഉത്തരാചന്ദ്രിക

ഉത്തരാചന്ദ്രിക ഓടനാട് (കായംകുളം) ചിറവായില്ലത്തെ ദേവദാസിയാണ്. 14-ആം ശതകത്തിന്റെ അവസാനമായിരിക്കണം കൃതിയുടെ കാലം‍
 
ഭക്ത്യാ കൈക്കൊണ്ടു മുല്‌പാടരിയ ഗുരുപദം
വാരണാസ്യം വണങ്ങി-
ച്ചിത്താനന്ദായ വന്ദിച്ചുടനിനിയ വചോ-
നായികാമായവണ്ണം
പത്താശാന്തേ പരക്കുംപടി പുകഴ് പുകഴ്‍വാ-
നോടനാടീടുലാവും
മുഗ്ദ്ധേ! കേ, ളുത്തരാചന്ദ്രികമയമയി, തേ
നൽകിനേൻ നാമധേയം. 1

ഉല്പ്‌പന്നോദയമോടനാട്ടു ചിറവാ-
യില്ലത്തൊരേണാക്ഷിയു-
ണ്ടിപ്പോളുത്തരചന്ദ്രികേതി നിറമാ-
ർന്നസ്ത്രം മലർച്ചെഞ്ചരാ!
തൽപ്പൂമെയ് സുഭഗം; മധൂളി തടവും
വാണീ വിലാസോദയം
മുപ്പാരും മുഴുവൻ നിനക്കിഹ നിന-
യ്ക്കുമ്പോൾ ജയിക്കായ് വരും. 2

പ്രതഃസ്ന‌ാനാദിനിദ്രാവധി നിയമവിശേ-
ഷങ്ങളോരോന്റിലെന്റും
പ്രീതിസ്തോമം വരാ നിർമ്മലഗുണനിവഹാ-
വാസമേ, മാനസേ മേ
ആധിവ്രാതം മദീയം ബത! വിധിവിഹിതം
മാറ്റുവാൻ വേലയല്ലോ
മേതിന്മേലുത്തരാചന്ദ്രികമലർവനിതേ
മറ്റൊരോ മാനിനീനാം. 3

പാഥോജന്മാക്ഷി പൂമെയ് തവ പുകിലിയല-
ക്കണ്ടിരുന്നിങ്ങെനിക്കോ
മീതേ മീതേ തഴയ്ക്കിന്റിതു മദനതുരാൽ
മിനിനീമൗലിമാലേ!
ഏതേനും വന്നതെല്ലാം വരിക, പുനരണ-
ഞ്ഞങ്ങു പുൽകേണമത്രേ
വാർതേടും കൊങ്ക പങ്കേരുഹമുഖി നിതരാ-
മുത്തരാചന്ദ്രികേ! മേ 4

ചാരത്താമ്മാറു വന്നിച്ചരണതളിർ വണ-
ങ്ങ്യുള്ളഴിഞ്ഞോമലംഗം
വാരെത്തും പദ്യജാലൈരഴകൊടുപുകഴും
നേരവും നീലനേത്രേ!
തേറിക്കൊള്ളിന്റിതുള്ളിൽക്കനിവിവനു കല-
ർന്നില്ലയെന്റില്ല സൗഖ്യം
പേറിക്കൊൾകുൾക്കുരുന്നിൽ പ്രതിദിനമിനിമേ-
ലുത്തരാചന്ദ്രികേ! തേ. 5.

ഈവണ്ണം വാഴ്ത്തി നിത്യം കനിവിനൊടരികേ
ഹന്ത! മേവേണമെന്റും
പൂവേണീ! പൂണ്മനോ ഞാ, നൊരു സുകൃതഫലം
പോലുമേശായ്കയെന്റും
പൂവമ്പോ! പോകജീവൻ പുനരിവനിനിമേ-
ലെന്റുമീ മൂന്റുമച്ചോ!
ദൈവംതാനേ ചമച്ചാറഴലിതു നിതരാ-
മുത്തരാചന്ദ്രികേ! മേ. 6.

നഖത്തൊടും കൂന്തലൊടംഗമെങ്ങും
പകുത്തുപാർക്കുമ്പൊഴുതംഗനാനാം
മികച്ചതെല്ലായിലുമുത്തരാച-
ന്ദ്രികച്ചകോരാക്ഷി വസുന്ധരായാം 7

അകൃതിമം കേവലമുത്തരാച-
ന്ദ്രികയക്കു നമ്മെപ്രതി പക്ഷപാതം
സുഖിപ്പനോ മറ്റലസേക്ഷണാനാം
പകൽപ്രഭാവേന മരിപ്പളം ഞാൻ? 8

മന്ദഗാമിനി, നിനച്ചതെന്തു നീ
ഹന്ത! മാം പ്രതി പയോജലോചനേ!
അന്തികേ വരികശങ്കമുത്തരാ-
ചന്ദ്രികേ! യുവചകോരചന്ദ്രികേ. 9

'ഉണ്ണീ! രാമൻ വരുമ്പോന്നയി, തവ തിരുമെയ്
വാഴ്ത്തുവാനാസ്ഥ കൈക്കൊ-
ണ്ടന്യൂനം താൻ മറന്നീലൊരു പൊഴുതുമേടോ!
താവകം പൂവലംഗം'
എന്നെല്ലാമുത്തരാചന്ദ്രികമലർമകളോ-
ടംഗനാമൗലിതന്നോ-
ടിന്റേവം ചൊല്ലു തോഴാ! കനിവു മയി കലർ-
ന്നീടുവാനൂഢമോദം. 10.

വർണ്ണിച്ചേനുത്തരാചന്ദ്രികമലർമകളെ-
ന്നോടനാടീടുലാവും
കന്നൽക്കണ്ണാളെ ഞാനങ്ങമിതരസമിട-
പ്പള്ളി നിന്നൂഢമോദം;
പിന്നെക്കണ്ടീല ചേർന്നത്തരുണിയെ നിതരാം
വാഴ്ത്തു പൂണ്ടങ്ങിരുന്നും
വിണ്ണിൽപ്പോരുംവരയ്ക്കും, വടിവുകൾ നിതരാം
തോഴ! തേറീടിതെല്ലോ! 11.