Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകാവ്യങ്ങള്‍ / ഇളയച്ചി

ഇളയച്ചി

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള 1950-ൽ പദ്യരത്നം എന്നപേരിൽ പ്രസിദ്ധീകരിച്ചു. തയ്യിൽ വീട്ടിലെ ഇളയച്ചിയെ വർണ്ണിക്കുന്നു. രണ്ടു ഭാഗങ്ങള്‍.

-ഭാഗം ഒന്ന്-
വന്ദിച്ചുംകൊണ്ടു ദന്താവളവരവദനം
ദൈവതം, വാഗധീശം
ചിന്തിച്ചുംകൊണ്ടു, കുമ്പിട്ടഖിലഗുരുജനാൻ
പ്രേമവേഗാകുലാത്മാ
കന്ദർപ്പോല്ലാസി തയ്യിത്തലമെഴുമിളയ-
ച്ചീ തവാംഗം ഗുണശ്രീ
സന്തതൈ ദേവനാരായണഗുരുകൃപയാ
വാഴ്ത്തുവാനുദ്യതോ ഞാൻ 1

നാഥേ! നിങ്കൽക്കളിച്ചീടുക നളിനമലർ-
ത്തന്വി നീണാ, ളനംഗ-
പ്രാധാന്യം ചേർക്ക ചേൽക്കണ്മുന, വലക തുലോം
മൈന്തർ വന്നന്തികേ തേ
ചേതോരമ്യാംഗി തയ്യിത്തലമെഴുമിളയ-
ച്ചീ യശഃശ്രീവിലാസം
മീതേ മീതേ തഴച്ചീടുക, വിലസുക നീ
നീളെനാളിക്ഷമായാം. 2

ചൊല്ലേണ്ടാ വീരവാദം ഭൂവി മഹിതധിയാ-
മെങ്കിലും പ്രത്യയം ചെ-
റ്റെല്ലാർക്കും ചേർപ്പതിന്നിന്നൊരു വിരുതു പറ-
ഞ്ഞീടുവൻ പ്രാണനാഥേ!
മെല്ലേ നിൻ കീർത്തി തയ്യിത്തലമെഴുമിളയച്ചീ
കളിച്ചിന്റുനാളെ
സ്സ്വർലോകേ ചേർന്നമർത്ത്യാധിപകുതുകമിയ-
റ്റേണമിഞ്ഞാൻ പുകണ്ണാൽ. 3

വാളും വേലും തൊഴേണം തിരുമിഴിയുഗള-
ത്തിന്നു, പൂഞ്ചായൽ കാൽത്താ-
രോളം നീളം കലർന്നൊന്റ, ണിമതി കൊതികൊ-
ള്ളും മുഖശ്രീവിലാസം
കേളയ്യോ!ഹന്ത! തയ്യിത്തലമെഴുമിളയ-
ച്ചീ! മനോജാസി കത്തി-
ക്കാളുംമാറിങ്ങു യൂനാമൊരു സരണി വളർ-
ത്തു വിധാതാ താവാംഗേ. 4

അയ്ന്താർവാണെന്നു സന്ധ്യാപവനനു മധുപ-
ങ്ങൾക്കു തിങ്കൾക്കൊരോരോ
പൈന്തേനി, അംബുജങ്ങൾക്കിനിയ പരഭൃത-
ങ്ങൾക്കുമെല്ലാർക്കുമേ ഞാൻ
സന്താപാലെത്ര നാളേയ്ക്കടിമയിലടിമ-
പ്പെട്ടുപോരേണമാധി-
ച്ചെന്തീ കത്തിച്ചു തയ്യിത്തലമെഴുമിളയ-
ച്ചീ വലച്ചീടിനാ മാം. 5

പയ്യെ നിന്റു പുനരെന്നൊടു നൂറ-
മ്പെയ്യു, മെന്തൊരു ഫലം തവ പാർത്താൽ?
തയ്യിലിട്ടിയിളയച്ചിയെനോക്കീ-
ട്ടെയ്യിരണ്ടുശരമെൻ മലർവാണാ! 6

പൊളിപറവരശേഷം തോഴിമാർ, തയ്യിൽമേവും
കളമൊഴി, മികവുണ്ടിപ്പാഴ്‌മ കേൾക്കും ദശായാം
എളിയവരൊടുവേണ്ടാ കോപവും മാനവും, പാഴ്-
ക്കളവുകളിളയച്ചീ ! ഞാൻ പയറ്റീലയല്ലോ! 7.

ക്രൂരജാതികളിൽ മുമ്പു സമ്പ്രതി ശ-
ശാങ്കനും കുയിൽനിനാദവും,
ഘോരഘോരമനലന്നുമൻപിലനി-
ലന്നുമെങ്കലവിശേഷമോ?
മാരനോ പെരികെ വൈരമെന്നൊ,ടിതു
ചെന്നു തയ്യിലിളയച്ചിയോ-
ടാരുമേ പറകയില്ല കാണൊരു വി-
ഷാദസങ്കടദശാ സഖേ! 8

പാലാഴിത്തയ്യലാളിച്ചരുളുക ഭവതീ-
മന്വഹം, വെൺനിലാവെ
പ്പോലേ മേതിങ്കലെങ്ങും തവ പുകൾനികരം
മേവുകെൻ ജീവനാഥേ!
ലോലാപാംഗങ്ങൾകൊണ്ടേ മദനനു വിജയം
നൽക; പേർത്തും വധൂനാം
മേലാളായ് വാഴ്ക തയ്യിത്തലമെഴുമിളയ-
ച്ചീ, ചിരം കാലമിന്നീ. 9

വക്ത്രം കണ്ടാൽ വണങ്ങും വളർമതി പുരതോ
വന്നു നിന്റെന്തു ചൊല്ലൂ
പുത്തൻ തേഞ്ചാറിലാറാടിന വചനവിലാ-
സങ്ങൾ മാതംഗയാനേ!
അത്യന്തം മോഹനം നിന്നധരകിസലയം
കേളിപെട്ടോരു വട്ടോ-
ടെത്തും പോർകൊങ്ക തയ്യിത്തലമെഴുമിളയ-
ച്ചീ നയശ്രീനിധേ! തേ. 10

ശയ്യാസീമിനി ചേർത്തുകൊണ്ടു ഭവതീ-
മയ്യായിരം വട്ടമ-
ല്ലയ്യാ! പൂണ്ടതു തയ്യിലിട്ടിയിളയ-
ച്ചീ! പോയ രാവേഷ ഞാൻ
പെയ്യാംവണ്ണമടച്ചുപെയ്തിതു തദാ
പേമാരിയും മേല്ക്കുമേ-
ലയ്യോ! പാവമശേഷമത്തൊഴിൽ കനാ-
വായ് പോയിതെന്നോമലേ! 11

തയ്യിൽവാഴുമിളയച്ചി നൽകിനാൾ
മെയ്യിൽ വീണു മമ ചോരിവാ സഖേ!
പയ്യെ വന്നിതു കനാവതെന്റു ഹാ!
കയ്യിലായതു കളഞ്ഞുപോയിതോ! 12

മറഞ്ഞൂതോ മുഗ്ദ്ധേ! മുറുവലൊളി, വൻകോപകലിവ-
ന്നറഞ്ഞൂതോ ചിത്തേ തവ മഹിതമത്തേഭഗമനേ!
എരിഞ്ഞീടിന്റേൻ ഞാ, നെളിയ മുല താ, ചേടി പൊളിയേ
പറഞ്ഞീടൂ, തയ്യിൽക്കലരുമിളയച്ചീ, കഴൽ തൊഴാം. 13.

"ഏതുമരുതേതുമരുതേ മലർചരാനേ-
റ്റാധിപെരുതാധി പെരുതാതുരതരോ ഞാൻ.”
“മാതർമണി തയ്യിലിളയച്ചി പുണരാഞ്ഞോ
ചേതസി സഖേ! കൊടിയ വേദന വരിന്റൂ?" 14

കലുഷതയൊടടുത്തും ചൊല്‌പെടും കോപ്പെടുത്തും
പലവഴി ശരമെയ്തും കണ്ണുനീർ പെയ്തുപെയ്തും
മലർചരനുമെനിയ്ക്കും നിദ്ര ചെറ്റില്ല, തയ്യി-
ത്തലമെഴുമിളയച്ചീ! ഹന്ത! കേളന്തിയായാൽ. 15.

മലർവാണശരാർത്തി പൊറാഞ്ഞു സദാ
തളരാവതു ഹാ! തളരിന്റിതു ഞാൻ
കിളിയേ! തവ ചെന്റയി, തയ്യിലമർ-
ന്നിളയച്ചിയൊടെന്നഴൽ ചൊല്ലരുതോ! 16

ലക്ഷ്‌മീദേവി കുളിർക്കെ നോക്കുക നിതാ-
ന്തം നിന്നെ നിൻ കീർത്തികൊ-
ണ്ടിക്ഷ്‌മാമണ്ഡലസീമ്‌നി നിർമ്മലനിലാ-
വീടേല്ക്ക നീലേക്ഷണേ!
മുഖ്യ! നീ ഭൂവിവാഴ്‌ക തയ്യിൽമരുവും
കല്ല്യാണി! നല്ലാരിൽ വാൾ-
തിക്കീടും പരിവട്ടമിട്ടിയിളയ-
ച്ചീ, പൂണ്ടു പൂർണ്ണാദരം. 17

എന്നേ! ശൃംഗാരവായ്പേ പരമൊരു തരുണീ-
രൂപമാണ്ടാ ജനാനാ-
മന്യൂനം നേത്രസൌഖ്യം പരിചിനൊടരുളും
മാറു നന്റായ് ചമഞ്ഞാ
മന്യേ ഞാൻ നിന്നെ രണ്ടാമതുമഴകൊടലർ-
ത്തയ്യൽ തയ്യിൽപ്പിറന്നാ-
ളെന്റേവം പൂണ്ടു നാനാഗുണഗണമിളയ-
ച്ചീതി നാമാഭിരാമാ. 18

കളിയിൽച്ചിലനോക്കുകൊണ്ടു യൂനാ-
മലിയിച്ചമ്മനകാമ്പനംഗലോലം
ഇളയിൽ ചിതമാർന്നു തയ്യിലിൽച്ചേർ-
ന്നിളയച്ചീ മരുവീടു മാന്യശീലേ! 19

തീ തൂകിന്റിതു തിങ്കളെങ്കൽ നിതരാ-
മയ്യോ!; വിഷജ്വാലകൊ-
ണ്ടൂതീടിന്റിതു വെണ്ണിലാവു സഹിയാ
ഹാ! ഞാൻ മുടിഞ്ഞീടിനേൻ
ചേർത്തു മന്മഥനായ മന്മഥനിത-
ല്ലോ ദുർമ്മദേ തന്വി! വാങ്-
മാത്രംകൊണ്ടിഹ തയ്യിലിട്ടിയിളയ-
ച്ചീ മാലിളച്ചീടുമോ? 20

ദിവ്യോ ഞാനിതിനില്ല കില്ലയിസഖേ!
പോർകൊങ്കയിൽ ചേർത്തു മാ-
മൂർവ്വീമാനിനിമാർ മുടിക്കലണിയും
പൂണാരമന്റഞ്ജസാ
ദുർവ്വാരാംഗജമാലശേഷമകലെ-
പ്പോംമാറു നിർമ്മായമ-
ചൊവ്വാത്തേൻ മമ തയ്യിലിട്ടിയിളയ-
ച്ചിപ്പെൺ വിളിച്ചേകിനാൾ. 21

ഉദിച്ചു പൂർവ്വാദ്രേരുപരി മുഴുവെൺതിങ്കൾ, കുമുദം
മദിച്ചു പൂവാണൻപടവരവിതാ ഹന്ത ദമരം (?)
ചതിച്ചീടാതേ മാമിതമൊടു സുനാഥേ! വിതര നീ
മദിച്ഛാം തയ്യിച്ചേർന്നമരുമിളയച്ചീ! കഴൽ തൊഴാം. 22.

തിരുവുരു തവ കാണ്മാൻ പോന്നുവന്നീടുവാനായ്
വിരവിനൊടയി! പോവാനമ്പിനോടാരഭേ ഞാൻ;
ഇരുൾമിഴിമുന തയ്യിത്തന്വി, പാഥേയമായ് നീ-
യരുളുടനിളയച്ചി ! വിശ്വരമ്യാനനേ! മേ 23


-ഭാഗം രണ്ട്-

ചേലാർന്നീടിന്റ ചെന്താർചരജയവിരുതേ,
നിന്നെ ഞാൻ വാഴ്ത്തിനാൽ കേൾ
പാലാഴിപ്രായമാക്കീടുവനവനിതലം
കീർത്തികൊണ്ടോമലേ, തേ
നാളീകത്തയ്യൽ തയ്യിത്തലമെഴുമിളയ-
ച്ചീ, കളിക്കേണമിന്നും
ബാലേ! നിന്മെയ്യി,ലോരോ തരുണർ പരിസരേ
വന്നു മാഴ്കേണമിന്റേ. 1

കാർക്കാലം വന്നടുത്തൂ, സുമുഖി ! മയിൽനിനാ-
ദങ്ങളെല്ലാമിതല്ലോ
കേൾക്കാകിന്റൂ മടുത്താർവിശിഖനുമിത വി-
ല്ലും കുലച്ചിങ്ങണഞ്ഞൂ,
പോക്കേണം മൽപ്രിയേ! നിൻകലഹമിതു, തൊഴാം
ചേടിമാർ ചൊന്നതെല്ലാം
കേൾക്കേണ്ടാ തയ്യിൽവീടാർന്നിതമെഴുമിളയ-
ച്ചീ, വരാമോ? തൊടാമോ? 2.

അല്ലേ വാർതെന്റലേ, മന്മഥമണിരഥമേ,
ഞാൻ പറഞ്ഞാലതെല്ലാം
ചൊല്ലാമോ ചെന്റു ഞാൻ താനവശതയിലിരു-
ന്നങ്ങുചൊല്ലിന്റപോലെ?
ചൊല്ലാമീവണ്ണമെങ്കിൽ പ്രിയസഖ! വരുവാൻ
ഞായമുണ്ടുൾക്കുരുന്നിൽ
ക്കല്യാണാംഗിയ്ക്കു തയ്യിത്തലമെഴുമിളയ-
ച്ചിക്കു കാരുണ്യലേശം. 3

അർണ്ണോജം കണ്ണിനയ്യോ! മതിമുഖി, സഹിയാ;
ഹന്ത! വെൺതിങ്കൾ ചെന്തീ
തന്നേ തൂകീടു; മയ്യോ! കുയിൽനിനദമഹോ!
കർണ്ണശൂലായതേ മേ
നിന്നാണാ നിൻവിയോഗേ വരുമെരിപൊരി, കേ-
ളൊന്റിനൊപ്പിച്ചുകൂടാ
ധന്യേ! തയ്യിത്തലം വാണിതമെഴുമിളയച്ചീ
നിനച്ചെൻ പ്രമാദം! 4.

കോടരുതു കോടരുതു നിൻ പുരികമയ്യോ
വാടരുതു വാടരുതു കോമളമുഖാബ്ജം
ചേടി പറയിന്റതിനുമോടരുതു, കോപം
തേടരുതു തയ്യിലിളയച്ചിമലർമാതേ! 5

അലഘുജഘനഭാരേ! പോവതിന്നാരഭേ ഞാൻ
അലസനയനകോൺകൊണ്ടൊന്നു പുൽകീടിദാനീം
കലിതരുചി വരിന്റുണ്ടിന്നിയും തന്വി, തയ്യി-
ത്തലമെഴുമിളയച്ചീ! പോന്നു വൈകാതവണ്ണം. 6