ഉഡുനികരമെഴുത്തായ്, പത്രമായ് മാന, മൊപ്പായ്
മുഴുമതി, മദനൻതീട്ടിങ്ങു സന്ധ്യോപനീതം
അയി ബത! ചെറിയച്ചീ കാണ്മിതസ്യാം രജന്യാം
തവ വിരഹിണമെന്നത്തന്വി! കൊൽകെന്റ പോലെ 1
മുഴുമതി, മദനൻതീട്ടിങ്ങു സന്ധ്യോപനീതം
അയി ബത! ചെറിയച്ചീ കാണ്മിതസ്യാം രജന്യാം
തവ വിരഹിണമെന്നത്തന്വി! കൊൽകെന്റ പോലെ 1
പരിചുപട നിരത്തിപ്പശ്ചിമാശാചുവപ്പാം
പുതിയ തളിരതിന്മേൽ വെണ്ണിലാപ്പൂവു തൂവി
രചയതി ചെറിയച്ചീവിപ്രയോഗോചിതം മേ
ശയനമിവ ശാശാങ്ക ശർവരീപൂർവ്വയാമം(മേ) 2
പ്രിയസഖ! ചെറിയച്ചീവിപ്രയോഗജ്വരാർത്തം
കുറവുയിരപി തീർപ്പാൻ നൂനമിന്ദുച്ഛലേന
മദനനുദയശൈലപ്പള്ളിവിൽമേൽ തൊടുത്താൻ
പഥികരുധിരധാരാപാടലം പള്ളിയമ്പ്. 3
അസിതതിമിരപിഞ്ഛൈരന്തിയാം തീയെരിച്ച-
ത്തരളതരമെഴിന്റത്താരകാമുത്തണിഞ്ഞ്
അയി ബത! ചെറിയിച്ചീ വാസരാന്താഖ്യനാകും
ക്ഷപണകനിത കാണാ വിച്ച കാട്ടിന്റ വാറ്. 4
രവിരമണവിയോഗേ രാത്രിയാകിന്റ ധാത്രീ
വികിരതി പനിനീരും ചന്ദ്രികാചന്ദനം ച
പുനരപി നവിബുദ്ധാം പത്മിനീം കണ്ടവാറേ
മമ ബത! ചെറിയച്ചീവാർത്തയിൽപ്പേടിയുണ്ട്. 5
ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പിൽ
പരമപി രവിബിംബം ചെന്റിതസ്തം പ്രയാതി
ഉഭയമിദമുരുമ്മിക്കൂടുകിൽ കുങ്കുമാർദ്രം
കുചയുഗമുപമിക്കാം നൂനമച്ചീസുതായാഃ 6
ചരതി കൊതി കുളുർത്തിപ്പത്രിണാം മുന്നിൽ മുല്ല-
പ്പൊടിയിൽ മുടിയമുഴ്ത്തിപ്പൊൻനിറംകൊണ്ട ഭൃംഗഃ
ഉദയനഗരിയൂനാം ചിത്തമുൽക്കണ്‌ഠയൻ പ-
ണ്ടഹമിവ ചെറിയച്ചീ! മഞ്ഞൾമേയ്പ്പൂച്ചണിഞ്ഞ്. 7
പരിപതതി തുഷാരശ്രേണിവെൺമുത്തണിഞ്ഞ-
ത്തിമിരനിചയമെന്നും മാന്തളിർപ്പട്ടു ചാർത്തി
കമലമുകുളമന്തിക്കാറ്റിലാടിന്റെ വാറൊ-
ട്ടഴകിതു കുചലീലാനാട്യമച്ചീസുതായാഃ 8.
മമ ബത! മതിസീതാമച്ചിപുത്രീവിയോഗ-
വ്യസനജലധിമദ്ധ്യേ കൊണ്ടുപോയ് വെച്ചുകൊണ്ട്
തെളുതെളെ വിലസിച്ചച്ചന്ദ്രനാം ചന്ദ്രഹാസം
കുസുമശരദശാസ്യഃ കൊൽവനെന്റഭ്യുപൈതി 9.
പ്രിയസഖ! ചെറിയച്ചീകാന്തിരാജ്യാധിപത്യേ
മനസിജമഭിഷേക്തും നൂനമാഡംബരേണ
ശശിശകലനാഥേ ശാരദവ്യോമനീല-
ത്തറനടുവിലിടിന്റത്താരകാമുത്തു പന്തൽ. 10
തൊഴുതിഹ വിടകൊൾവാൻ തൻകരം കൂപ്പിനില്ക്കി-
ന്റഹിമകരനെ നോക്കിത്താമരപ്പൊയ്ക പിന്നെ
മധുകരമറുമാറ്റം വാതുറന്നൊന്റു മിണ്ടീ-
ലപഗതരുചിരസ്മാനച്ചിതൻ നന്ദിനീവ. 11.
മദനവിജയകീർത്തിം മൽകൃതേ പാടുവാനെ-
ന്റഹിമകിരണചന്ദ്രൌ താളമാമ്മാറുകൊണ്ട്
അതിലളിതമവറ്റാലൊന്റയർത്തൊന്റു താഴ്ത്തീ-
ട്ടഹമിവ ചെറിയച്ചീ ! നൂനമേഷഃ പ്രദോഷഃ 12.
അണയുമപരസന്ധ്യാരാഗമെയ് ഞങ്ങൾ കണ്ടാൽ
ധ്രുവമഭിനവകാന്താ രോഹിണീ ചീറുമെന്റ്
അപനയതി നിലാവാകിന്റ മേൽക്കൂറ വാങ്ങീ-
ട്ടഹമിവ ചെറിയച്ചീ കോപഭീരുഃ ശശാങ്കഃ 13
ഇരുളുമിളനിലാവും കാന്തമന്തിച്ചുവപ്പും
വിരവിൽ വിലസതീദം വ്യോമ നിർവ്യാജരമ്യം
കുരുളിവ കുവളപ്പൂ മല്ലികാചമ്പകാനാ-
മിട വിരവിന മാലാകാരമച്ചീസുതായാഃ 14
മധുപമധുരവാചാ വപ്പുറുത്തിന്റിതൊന്റിൽ
ചിതറിന മധുബാഷ്‌പം മുല്ലകേഴിന്റിതൊന്റിൽ
ഹസതി കുസുമഹാസൈരൊന്റിലേതാദൃശം മാം
വിരഹിണമിടയിട്ടേ നൂനമച്ചീസുതായാഃ 15.
അയമുദയപുരേ ചെന്റച്ചിപുത്രീമണേ, ഞാൻ
കുചകളഭമഴിച്ചാഞ്ഞോമൽ വക്തം ചുചുംബ;
ഇദമനുചിതമന്തിത്തെന്റൽ ചെയ്യിന്റതിത്ഥം
വദതി പരിമളോ മേ വണ്ടിനത്തിൻ വചോഭിഃ 16.
ചലതി ജലധിവീചികൈത്തലംകൊണ്ടു തട്ടി-
ത്തരളശശിമണിപ്പന്തൂൽക്ഷിപന്തീവ സന്ധ്യാ
വിലുളിതമിരുളെന്നും കൂന്തൽവന്നിട്ടു താരാ-
ശ്രമജലവുമണിഞ്ഞാളച്ചിതൻ നന്ദിനീവ 17
കുറളയുളർ പറഞ്ഞാർ, ചാലവും കോപതാമ്രം
മുഖമിതി കൃതമൌനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതുവീഴ്‍വോം തോഴരേ!ഹന്ത! കൂഴ്ത്തേൻ
ശിവശിവ! നവസന്ധ്യാപാടലം ചന്ദ്രബിംബം. 18.
കമലവലയമെന്നും തമ്പലം നൽകി നൽകി-
ത്തഴുകി വിരഹകാലേ വല്ലഭം ചക്രവാകീ
ചെറുതിടയിഹ താനേ ചക്ഷുഷാന്വേതി പിന്നെ-
ത്തദനു ച മനസാ മാമച്ചിതൻ നന്ദിനീവ 19
പ്രിയസഖ! ചെറിയച്ചീദേവസേനയ്ക്കു പാങ്ങാ-
യരുണദിതിജസൈന്യം വെന്റ വിഖ്യാതകീർത്തേഃ
കുസുമശരമുരാരേഃ ശംഖചക്രങ്ങളെന്റേ
കരുതുവനുദയാസ്‌തവ്യാപൃതൌ ചന്ദ്രസൂര്യൗ 20.
പ്രിയസഖ! ചെറിയച്ചീമൈഥിലീമൂലമെങ്ങും
തരുണഹൃദയലങ്കാം ചുട്ട ചന്ദ്രോ ഹനൂമാൻ
അപരജലധിമദ്ധ്യേ വ്യോമലാംഗുലലഗ്നം
പരിപതതി നിലാവാം തീ കെടുപ്പാനിദാനീം. 21
ജയതി മദനമാഹാരാജ്യസർവാധികാരീ
മണിമുടിരുദയാദ്രേരേഷ താരാമണാളഃ
അനുനയവിഷമാം മാറാക്കു മച്ചീസുതാം മേ
വപുഷി വിഗതരോഷം വീഴ്ത്തുവോരാപ്ത്തബന്ധു. 22
പുലരുമിതുമലർന്നാലെന്റു മത്വാ മലർത്തും
മുകുളിതമരവിന്ദം മുഗ്ദ്ധികാ ചക്രവാകീ
മമബത! കുറിനാളെന്റുള്ള ലീലാരവിന്ദം
മുകുളയതി നിശാർദ്ധം മുറ്റുമച്ചീസുതേവ. 23
നിജ മുകുളപുടംകൊണ്ടഞ്ജലിം കല്‌പയിത്വാ
തൊഴുതിഹ ചെറിയച്ചീവക്തചന്ദ്രന്നു തോറ്റ്
കമലമടിമപൂകക്കണ്ടു വിങ്ങിച്ചിരിച്ച-
ങ്ങളികുലകളനാദൈരാർത്തിതാമ്പൽപ്രസൂനം. 24
ഉദയപുരവിലാസോത്തംസമച്ചീസുതായാ
ഭവനമവനിസാരം കാൺമുതെന്റാസ്ഥയേവ
ഉദയഗിരിശിഖാഗ്രാൽ പാദമൊട്ടേറെ വെച്ചി-
ട്ടഴകൊടു ഗഗനം ചെന്റേറിനാനേഷ ചന്ദ്രഃ. 25
പ്രിയസഖ! ചെരികീലാഞ്ഞച്ചിതൻ നന്ദനായാ
മുറുവലൊളിവിലാസൈസ്ത്രായതാം മുല്ലയെല്ലാം
അറിവതറിയവേണം മൂടി വണ്ടിണ്ടയാൽ കൊ-
ണ്ടിരിളിടയിലൊളിച്ചിട്ടന്തിയോടുല്ലസന്തീ. 26.
സ്വയമിഹ മുഖലീലാമച്ചിതൻ നന്ദനായാഃ
കുചയുഗമിവ കൂമ്പിച്ചംബുജംകൊണ്ടുകാട്ടി
പുനരിഹ വിരഹേഽസ്‌മിൻ നമ്മെ രക്ഷിച്ച ചന്ദ്രൻ
ഗ്രഹണജമപമൃത്യും കെട്ടു നൂറ്റാണ്ടു വാഴ്ക! 27.