സമ്പാദകൻ - പനച്ചിക്കൽ എൻ. രാമൻപിള്ള അയിരൂർ
സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1113 മകരം
-Page 158-
കണ്ടിടേണമിന്നുള്ളിലെപ്പൊഴും
മണ്ടി മണ്ടി നടക്കുന്ന കൃഷ്ണനെ
രണ്ടുകൈയിലും വെണ്ണയും കൈക്കൊണ്ടു
കൊണ്ടൽനേര്‍വ്വര്‍ണ്ണ കൃഷ്ണാ നമോസ്തുതേ.
കാളമേഘനിറംകലര്‍ന്നീടുന്ന
കോമളാകൃതി പൂണ്ട തിരുമേനി
മേളമോടെന്റെ മുമ്പിൽ വിളങ്ങണം
കേളീനായകാ കൃഷ്ണാ നമോസ്തുതേ.
കിങ്ങിണിവളയെന്നിവ ചാര്‍ത്തീട്ടു
ചങ്ങാതിമാരോടൊന്നിച്ചുമേളിച്ചു്
ഇങ്ങുവന്നെന്നരികത്തു കാണണം
കഞ്ജലോചന കൃഷ്ണാ നമോസ്തുതേ.
കീഴിലുള്ള ദുരിതങ്ങൾ നീങ്ങവാൻ
കോഴകൂടാതെ കൃഷ്ണൻ തിരുവടി
ആഴിമാതിനോടൊന്നിച്ചുകാണണം
നാഴികതോറും കൃഷ്ണാ നമോ
കുന്നു പണ്ടു കുടയായ്‌പിടിച്ചതും
കന്നുകാളയും ഗോപശിശുക്കളും
നന്നായ്‍രക്ഷിച്ചുനില്പതും കാണണം
നന്ദനന്ദനാ കൃഷ്ണാ നമോസ്തുതേ.
കൂട്ടമേറുന്ന ഗോക്കളോടൊന്നിച്ചു
വാട്ടമെന്നിയേ ഗോപീജനത്തൊടും
കാട്ടിലാശു നടപ്പതും കാണണം
കോട്ടമെന്നിയെ കൃഷ്ണാ നമോസ്തുതേ.
കെല്പേറുന്നൊരു കാളിയൻ തന്നുടെ
ദര്‍പ്പമെല്ലാമടക്കിക്കളവാനായ്
ചില്പമായ് ചെയ്ത നൃത്തത്തെക്കാണണം
ചില്പുരുഷനാം കൃഷ്ണാ നമോസ്തുതേ.
കേളികൈക്കൊണ്ടു പൂതനതന്നുടെ
കാളകൂടം പുരണ്ട മുലരണ്ടും
മേളമോടേ കുടിപ്പതും കാണണം
കേളിനായകാ കൃഷ്ണാ നമോസ്തുതേ.
കൈടഭാരേ! നീ ഗോപീഗൃഹങ്ങളിൽ
പേടമാൻ മിഴിമാരറിയാതുടൻ
പാടവെണ്ണ കവര്‍ന്നതും കാണണം
ആടൽ കൂടാതെ കൃഷ്ണാ നമോസ്തുതേ.
കൊഞ്ചലോടെ നിൻ മാതാവു തന്നേയും
വഞ്ചനചെയ്തു ഗോരസമൊക്കെയും
വഞ്ചിച്ചാശു ഭൂജിപ്പതുംകാണണം
പുഞ്ചിരിതൂകും കൃഷ്ണാ നമോസ്തുതേ.
കോലും കൈക്കൊണ്ടു ഗോക്കളോടൊന്നിച്ചു
നീലക്കണ്ണ! നീ കാനനംതന്നിലെ
ലീലയോടേ നടപ്പതും കാണണം
നീലക്കാര്‍വ്വര്‍ണ്ണ കൃഷ്ണാ നമോസ്തുതേ.
-Page 159-
കൗരവകുലമൊക്കെ മുടിപ്പാനായ്
കാരുണ്യത്തോടു വന്നുപിറന്നൊരു
കാരുണ്യത്തോടു വന്നുപിറന്നൊരു
കാരണഭൂതനാം കൃഷ്ണനെക്കാണണം
നേരെയെൻമുമ്പിൽ കൃഷ്ണാ നമോസ്തുതേ.
കംസനെക്കൊന്നു ലോകത്തെ രക്ഷിപ്പാൻ
വാസുദേവൻ യദുകുലം തന്നിലെ
കൃഷ്ണനായിപ്പിറന്നതു കാണണം
ജിഷ്ണുസേവിതാ കൃഷ്ണാ നമോസ്തുതേ.
കണ്ടു കൊള്ളണം നന്ദതനൂജനെ
ഇങ്ങനെതന്നെ പ്രാണാവസാനത്തിൽ
തൃക്കാൽ രണ്ടുമൊഴിഞ്ഞില്ലൊരാശ്രയം
അക്രുരപ്രിയ നിത്യം നമോസ്തുതേ
ചക്രപാണിയൊളശയിൽമേവിടും
ശത്രുസംഹാരമൂത്തേ! ജഗന്നാഥ!
സത്യസന്ധസനൽകുമാരപ്രിയ
നിത്യം പാലിക്ക കൃഷ്ണാ നമോസ്തുതേ.