Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / 09. തിരുവാറന്മുളേശസ്തവം

തിരുവാറന്മുളേശസ്തവം


സമ്പാദകൻ - പനച്ചിക്കൽ എൻ. രാമൻപിള്ള അയിരൂർ

 

സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1113 മകരം

-Page 159-
അറിവാനരുതേ മറിമായം പൊരുവാനരുതേ രിപുവോടും
കരുണാകരനാം നിൻകൃപയെന്യേ ശരണം നഹി മമ നാരായണ ജയ.

ആരോടും ഞാനപരാധം കാരണപൂരുഷ ചെയ്തില്ലേ
മാരണമാദികളാകിയ ദോഷം തീരണമധുനാ നാരായണ ജയ.

ഇങ്ങനെ വരുമെന്നൊരു നാളും എൻ മനതാരിൽ നിനച്ചില്ലേ
മംഗലമാശു ഭവിപ്പതിനരുളുക നന്ദതനൂജാ! നാരായണ ജയ.

ഈവണ്ണം വരുമാപത്തും രോഗവുമൊക്കെയൊഴിപ്പാനായ്
നീയേ ഗതിയെന്നല്ലാതെ മറ്റില്ലാധാരം നാരായണ ജയ.

ഉറ്റവരായിട്ടുള്ളോരും മറ്റു സുഹൃത്തുകളായോരും
ചുറ്റുമിരിക്കിലുമെന്നുടെ ദുരിതം മാറ്റാമോ? ഹരി നാരായണ ജയ.

ഊറ്റമതായൊരു രിപുദോഷം മാറ്റാവല്ലിതു കരുണാബ്ധേ!
പോറ്റീ നിൻകൃപകൊണ്ടിതു മാറ്റിപ്പോറ്റേണം ഹരിനാരായണ ജയ

എള്ളിലെയെണ്ണകണക്കേതാനുള്ള ചരാചരജന്തുക്കൾ
ഉള്ളിൽ വിളങ്ങുക നാഥനതെങ്കിൽ ഉള്ളിൽ വിളങ്ങുക നാരായണ ജയ

ഏതാനും ഞാനപരാധം ചേരാതേ ചെയ്തോനെങ്കിൽ
പാദാദികളാൽ രോഗമകറ്റുക നാഥ നമസ്തേ നാരായണ ജയ.

ഐയമെനിക്കു വരുത്താതേ ഐഹികസുഖമരുളഖിലേശ!
കൈവല്യമിനിദ്ദേഹവിനാശേ കൈവരണം മമ നാരായണ ജയ.

ഒമ്പതു ശേവധിയുള്ളവനും പങ്കജസംഭവനാദികളും
തൻകൃപയുണ്ടെന്നാകിലവര്‍ക്കൊരു സങ്കടമെന്തിനു നാരായണ ജയ.

-Page 160-
ഓതാവല്ലിതു നിൻചരിതം വേധാവിന്നും വഴിപോലേ
ദേഹവിനാശേ തവ നാമങ്ങളെയോതാകേണം നാരായണ ജയ

ഔഷധവീര്യമിതോര്‍ക്കുമ്പോളൗഷധിയായതു താൻതന്നെ
ഔഷധിയെന്തിനു കരുണസുധാമൗഷധിയാക്കുക നാരായണ ജയ.

അംഭോജായതലോചനനേ! അംബുജസംഭവവന്ദിതനേ
നിൻകൃപകൊണ്ടിനിയെന്നുടെ രിപുജനസംഗമകറ്റുക നാരായണ ജയ.

അരുണാരുണസമചരണയുഗം താനേ മറ്റൊരു ഗതിയില്ലേ
തിരുവാറന്മുളെ വാഴും നാഥാ! നാഥ നമസ്തേ നാരായണ ജയ.