Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / 11. ഒരു അദ്വൈതകീർത്തനം

ഒരു അദ്വൈതകീർത്തനം


സമ്പാദകൻ - പനച്ചിക്കൽ എൻ. രാമൻപിള്ള അയിരൂർ

 

സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1113 മകരം

-Page 161-
നിഷ്കള നിശ്ചല നിര്‍മ്മമ നിരുപമ നിഷ്ക്രിയ നിരഹങ്കാര നിരാശ്രയ
നിര്‍ഗുണ നിത്യ നിരാകുലമരുളുക നിത്യം മമ ഹൃദി നാരായണ ജയ.

സ്തോതൃസ്തുത്യ സ്തോത്രസ്തുതിമയ നാഥ പരാപര പരമവിഭോ ജയ
ചേതോവാരിധിമദ്ധ്യേ വിലസുക നാദാംബുജമിഹ നാരായണ ജയ.

നിൻ മറിമായം തെരിയാഞ്ഞനിശം ബ്രാഹ്മാദികളുമുഴന്നീടുന്നു
തന്മയ ചിന്മയ നാഥ ജഗന്മയ നന്മവരുത്തുക നാരായണ ജയ.

അദ്വൈതം പുനരേകമനേകം തത്വജ്ഞാനമനന്താനന്തം
സത്താമാത്രമഗൂഢമബോധം ഭക്ത്യാ വന്ദേ നാരായണ ജയ.

പ്രകൃതിവിലാസംകൊണ്ടു ജനൗഘം വികൃതികലര്‍ന്നു വലഞ്ഞീടുന്നു
സുകൃതികളുള്ളിലുണര്‍ന്നു വിളങ്ങിയ സുഖമയ വന്ദേ നാരായണ ജയ.

ഗൂഢംതത്ത്വമിതറിവതിനേതും മൂഢത്വംകൊണ്ടെളുതല്ലാ മേ
കൂടസ്ഥാനേ വിലസീടുന്നിതു നാഡിസ്ഥിത! ഹരിനാരായണ ജയ.

കായാപായം വരുമൊരുനേരം മായാമോഹംകൊണ്ടുഴലാതെ
നീയാകേണം ഞാനഖിലേശ്വര മായാബാധം നാരായണ ജയ.

ഞാനെന്നും ബത നീയെന്നും താൻ ജ്ഞാനവിഹീനം പറയുന്നതിനാൽ
നാനാജനപരിഹാസ്യനുമായേനാനന്ദാകര! നാരായണ ജയ.

രണ്ടായ് നിന്നെക്കൊണ്ടു പകുത്തതുകൊണ്ടത്രെ ഞാനെന്നു പറഞ്ഞു;
കണ്ടെത്താതോന്നൊന്നതിലതിനെക്കണ്ടാവൂ ഞാൻ നാരായണ ജയ.

ആറായീടും നിലകൾ കടന്നാൽ വേറേ പന്ത്രണ്ടാം നിലതന്നിൽ
സാധാരണമായ് നിന്നീടും നീയാധാരപ്പൊരുൾ നാരായണ ജയ.

തൽപദപൊരുളും ത്വൽപദപൊരുളും വ്യുൽപന്നന്മാര്‍ക്കറിയരുതേതും
ത്വൽപദമോര്‍ത്താലെപ്രായം ഞാൻ കല്പിക്കേണ്ടൂ നാരായണ ജയ.

നേദം നേദമിതെന്നു കഴിഞ്ഞിട്ടേതെന്നേതുമറിഞ്ഞീടാതെ
ഓതീടുന്നൂ മുനികളുമനിശം നാദാന്തസ്ഥിതി നാരായണ ജയ.

ആറുജനങ്ങളുമാരാഞ്ഞാർപോലാരും കണ്ടീലമ്പൊടു മുഴുവൻ
ഓരോന്നേകണ്ടവരവർ മൗഢ്യാലോരോന്നോര്‍ത്താർ നാരായണ ജയ.


-Page 162-
അഞ്ചെന്നും ചിലരാറെന്നും ചിലരഞ്ചും കേവലമില്ലെന്നും
ചിലർ അഞ്ചിന്നേകമധിഷ്ഠാനം നീ നെഞ്ചിൽ വസിപ്പതു നാരായണ ജയ.

ഉള്ളോന്നല്ലിവയൊന്നും പാര്‍ത്താലില്ലാതൊന്നല്ലെന്നും നൂനം
ചൊല്ലാവൊന്നല്ലിതു പുനരെന്നേ ചൊല്ലാവു മമ നാരായണ ജയ.

ഊന്നായീടിന വേദം നാലും മൂന്നക്ഷരമിതിനുള്ളിലൊളിച്ചതു
മൂന്നുംകൂടീട്ടൊന്നായ്നിന്നതു തോന്നാകേണം നാരായണ ജയ.

എള്ളിൽ നിറഞ്ഞഴുമെണ്ണകണക്കേയുള്ളിൽനിറഞ്ഞജഗത്തുവിശേഷാൽ
കളമൊഴിഞ്ഞു വിളങ്ങിന നീതാനുള്ളിലുണര്‍ന്നരുൾ നാരായണ ജയ.

അവ്യക്തം പരമവ്യയമമലം സുവ്യക്തം സുഖബോധമഗാധം
നിർവ്വ്യാപാരമപാരം പരമിദമവ്യാദനിശം നാരായണ ജയ.

തത്ത്വമറിഞ്ഞുപദേശംചെയ്‍വാനുത്തമനായൊരു ദേശികനൊരുനാൾ
എത്തീടുകിലതു തിരുവടിയത്രേ തത്വനിധേ ഹരി നാരായണ ജയ.

പശുവിനെയുങ്കൊന്നഴകിയകർമ്മംനിശിനിശിയായ്ചെയ്കെന്നൊരുപൊരുളും
പശുസമമായ് മായത്തിനുചൊന്നോരശനാർത്ഥം ഹരി നാരായണ ജയ.

ഇരുപത്തഞ്ചോ മുപ്പത്താറോ കരുതീടുമ്പോൾ തൊണ്ണൂറ്റാറോ
ഉരചെയ്യുന്നു നിന്നെക്കൊണ്ടതു തിരിയാ മമഹൃദി നാരായണ ജയ.

നാരബ്രഹ്മാദ്യഖിലപ്രാണികളയനമതേ പുനരെന്നിട്ടത്രെ
നാരായണനെന്നുള്ളൊരു നാമം നാരദനാദികൾ നാരായണ ജയ.

കര്‍മ്മാകർമ്മവികർമ്മവുമോരോ ധര്‍മ്മാധർമ്മവുമറിയരുതേതും
ജന്മവിനാശമെനിക്കരുളേണം കന്മഷനാശന, നാരായണ ജയ.

സ്ഥാവരജംഗമജാതികളകമേ വാരുഷദിനകരബിംബംപോലെ
കേവലനായി വിളങ്ങിന നിന്നെക്കാണാകേണം നാരായണ ജയ.

പ്രകൃതിയുമഴകിയ പുരുഷനുമുള്ളൊരു വകഭേദം പുനരില്ലെന്നത്രേ
ഭഗവൽപ്രിയജനമുരചെയ്യുന്നോരകമേ വിലസുക നാരായണ ജയ.

പരമാത്മാവു പരബ്രഹ്മം ഖലു പരമാനന്ദമനന്തമരൂപം
ഉരചെയ്യുന്നൂ നിന്നെക്കൊണ്ടിതി തിരിയാ മമഹൃദി നാരായണ ജയ.

അകവും പുറവും മേലും കീഴം പകലും രാവും ബഹുവിധമത്രേ
ഭഗവന്മയമിദമപരം പാർത്താലവകാശം നഹി നാരായണ ജയ.

വിശ്വനാഥ പരാപരാ പരമാത്മനാഥ നമോ നമഃ
ആദിനാഥ നമോനമോ ഹരിശങ്കരായ നമോ നമഃ

ദേവദേവ നമോ നമോ ഹരിശങ്കരായ നമോ നമഃ
പാർവ്വതീശ പരാപരാ പരമേശ്വരായ നമോ നമഃ.