സമ്പാദകൻ - പനച്ചിക്കൽ എൻ. രാമൻപിള്ള അയിരൂർ
സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1113 മകരം
-Page 156-
ആദിത്യമണ്ഡലംപോലേ വിളങ്ങുന്ന
പൊന്നിൻ കിരീടവും കാണാകേണം കൃഷ്ണ.
വണ്ടിൻകൂട്ടത്തെപ്പേലേ വിളങ്ങുന്ന
കാർകൂന്തൽഭംഗിയും കാണാകേണം കൃഷ്ണ.
ഏററവും നീലമായുള്ള കുറുനിര-
ക്കൂട്ടത്തിന്റെഭംഗിയും കാണാകേണം കൃഷ്ണ.
പഞ്ചമിച്ചന്ദ്രനോടൊത്തുള്ള നെറ്റിയിൽ
ഗോപിത്തൊടുകുറി കാണാകേണം കൃഷ്ണ.
കാമന്റെ വില്ലിനോരല്ലലുണ്ടാക്കുന്ന
ചില്ലീവിലാസവും കാണാകേണം കൃഷ്ണ.
താമരപ്പൂവിന്റെ പത്രത്തോടൊത്തുള്ള
നേത്രങ്ങൾ നേത്രത്തിൽ കാണാകേണം കൃഷ്ണ.
ഭക്തന്മാര്‍ക്കൊക്കയുമിഷ്ടത്തെ നല്കുന്ന
നോട്ടവും നോട്ടത്തിൽ കാണാകേണം കൃഷ്ണ.
കാതിലെക്കുണ്ഡലശോഭകൊണ്ടേറ്റവും
ശോഭിച്ച ഗണ്ഡങ്ങൾ കാണാകേണം കൃഷ്ണ.
-Page 157-
എള്ളിന്റെ പൂവിന്റെയാകാരമായുള്ള
നാസികാഭംഗിയും കാണാകേണം കൃഷ്ണ.
നാസികാഭംഗിയും കാണാകേണം കൃഷ്ണ.
തൊണ്ടിപ്പഴത്തിനൊരിണ്ടലുണ്ടാക്കുന്ന
ചുണ്ടുകൾ രണ്ടുമേ കാണാകേണം കൃഷ്ണ.
മുല്ലപ്പൂ മൊട്ടിനോടൊത്തുള്ള ദന്തങ്ങൾ
ഭംഗിയായങ്ങനെ കാണാകേണം കൃഷ്ണ.
ചന്ദ്രന്റെ ചന്ദ്രികപോലേ വിളങ്ങുന്ന
മന്ദസ്മിതത്തെയും കാണാകേണം കൃഷ്ണ.
ശംഖെന്നു തോന്നുന്ന കണ്ഠപ്രദേശത്തെ
ഭംഗിയായങ്ങനെ കാണാകേണം കൃഷ്ണ.
ഭൂഷണഭൂഷിതകൈകളിൽ നാലിലു-
മായുധശ്രേഷ്ഠങ്ങൾ കാണാകേണം കൃഷ്ണ.
വിസ്തൃതമായുള്ള മാറത്തെ വത്സവും
ലക്ഷ്മീനിവാസവും കാണാകേണം കൃഷ്ണ.
മുത്തു പവിഴങ്ങളെന്നിവകൊണ്ടുള്ള
മാലേടെ ഭംഗിയും കാണാകേണം കൃഷ്ണ.
ആലിലയ്ക്കൊത്തോരുദരത്തിലുള്ളോരു
രോമാളി ഭംഗിയും കാണാകേണം കൃഷ്ണ.
പീതമാം പട്ടുടുത്തെത്രയും ഭംഗിയിൽ
കാഞ്ചിയും കെട്ടീട്ടു കാണാകേണം കൃഷ്ണ.
ആനേടെ തുമ്പിയെപ്പോലിരിക്കുന്നൊരു
ഊരുക്കൾ ശോഭയും കാണാകേണം കൃഷ്ണ.
ചെപ്പെന്നുതോന്നുന്ന ജാനുക്കൾ ജംഘയും
കണ്ണിന്നുനേരിട്ടു കാണാകേണം കൃഷ്ണ.
ചിത്തത്തിനാനന്ദം നല്ലന്നൊരൊച്ചയാം
കാൽച്ചിലമ്പങ്ങനെ കാണാകേണം കൃഷ്ണ.
ആമപ്പുറത്തൊടങ്ങൊത്തുള്ള പാദങ്ങൾ
ഭംഗിയായങ്ങനെ കാണാകേണം കൃഷ്ണ.
ചന്ദ്രികയായുള്ള രത്നനഖങ്ങളെ
അംഗുലി പത്തിലും കാണാകേണം കൃഷ്ണ.
ഭക്തന്മാരര്‍പ്പിച്ച പുഷ്പങ്ങൾ കൊണ്ടേറ്റം
ശോഭിച്ച പാദങ്ങൾ കാണാകേണം കൃഷ്ണ.
-Page 158-
കാർകൊണ്ട മേഘത്തിൻ വര്‍ണ്ണമായുള്ളോരു
മൂര്‍ത്തിയേയെപ്പൊഴും കാണാകേണം കൃഷ്ണ.
മൂര്‍ത്തിയേയെപ്പൊഴും കാണാകേണം കൃഷ്ണ.
കേശാദിപാദവും പാദാദികേശവും
ചിത്തത്തിലെപ്പൊഴും കാണാകേണം കൃഷ്ണ.
ചിത്തത്തിലെപ്പൊഴും കാണാകേണം കൃഷ്ണ.