കടപ്പാട്: സായാഹ്ന ഫൌണ്ടേഷൻ (ആർ നാരായണപ്പണിക്കർ: കേരള ഭാഷാസാഹിത്യചരിത്രം)
വിഷയവിവരം
പ്രസ്താവന
ജീവചരിത്രസംക്ഷേപം
ഭാഗം ഒന്നു്
ഭാഷയും സാഹിത്യവും
കേരളവും കൈരളിയും
ആദി കേരളീയചരിതം
ഭാഷയുടെ വികാസം
സാഹിത്യോപക്രമണം
കേരളീയചരിതം (തുടർച്ച)
ശങ്കരാചാര്യരും അനാചാരങ്ങളും
ദ്രാവിഡപ്രഭാവകാലം
കേരളീയചരിതം (1400–1600)
സംസ്കൃതപ്രഭാവകാലത്തെ സാഹിത്യം
ഭാഗം രണ്ടു്
സംസ്കൃത പ്രഭാവകാലസാഹിത്യം
സംസ്കൃത പ്രഭാവകാലസാഹിത്യം (തുടർച്ച)
ശ്രീ രാമാനുജൻ എഴുത്തച്ഛൻ
ഭാഗം മൂന്നു്
ആധുനികകാലം
കഥകളിപ്രസ്ഥാനം
ഭാഗം നാലു്
കുഞ്ചൻ നമ്പിയാർ
വിവിധഗാനങ്ങൾ
അദ്ധ്യായം 4.3
ഭാഗം അഞ്ചു്
അദ്ധ്യായം 5.1
ഭാഗം ആറു്
അദ്ധ്യായം 6.1
അധുനാതനകാലം
ഗദ്യസാഹിത്യം
പ്രസ്താവന
ഏതാനും വർഷങ്ങൾക്കു മുമ്പു്, ഞാൻ ഇംഗ്ലീഷ് സ്ക്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന കാലത്തു്, മുഖ്യപരീക്ഷാവിജിഗീഷുക്കളായ ചില അദ്ധ്യാപകശിഷ്യന്മാർ എന്നും വൈകുന്നേരത്തു് പള്ളിക്കൂടത്തിൽ വന്നുകൂടുക പതിവായിരുന്നു. അവരുടെ ആവശ്യത്തിലേക്കു് അപ്പൊഴപ്പോൾ പറഞ്ഞുകൊടുത്തിരുന്ന നോട്ടുകളെ “സാഹിത്യചരിത്രസംഗ്രഹം” എന്ന പേരിൽ പ്രസിദ്ധീകരിച്ചാൽ കൊള്ളാമെന്നു് ആ ശിഷ്യന്മാരിൽ ഒരാൾ എന്നോടു് അപേക്ഷിച്ചുവെങ്കിലും, എന്റെ ഗുരുജനങ്ങളിൽ ചിലർ സാഹിത്യചരിത്രം എഴുതിവരുന്നുണ്ടെന്നു് അറിവുകിട്ടിയതിനാൽ ഞാൻ ആ അപേക്ഷയെ തിരസ്കരിക്കയാണു ചെയ്തതു്. പണ്ഡിതകേസരികൾക്കു സ്വച്ഛന്ദം വിഹരിക്കാനുള്ള പുണ്യഭൂമിയിൽ കാലെടുത്തു വെയ്ക്കുന്നതിനു് അസ്മാദൃശന്മാർക്കു് ഒരു അവകാശവുമില്ലല്ലോ. എന്നാൽ മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം തീർന്നുപോകയും തൽസ്ഥാനത്തു് ഇതേവരെ വേറൊരു പുസ്തകവും ഇല്ലാതെ വരികയും ചെയ്തതു നിമിത്തം ഒരു സാഹിത്യചരിത്രം എഴുതിക്കണമെന്നു് “വിദ്യാവിലാസിനി ബുക്ക്ഡിപ്പോ” ഉടമസ്ഥനു ആഗ്രഹമുണ്ടായതിന്റെ ഫലമായിട്ടാണു് ഞാൻ ഈ സാഹസത്തിനായി ഒരുമ്പെടേണ്ടിവന്നതു്. ഇതിന് ആവശ്യമുള്ള ഒട്ടു വളരെ ഗ്രന്ഥങ്ങൾ തന്നു് അദ്ദേഹം വളരെ സഹായിച്ചിട്ടുമുണ്ടു്.
സാഹിത്യചരിത്രസംഗ്രഹം നേരത്തേ ഞാൻ എഴുതിവെച്ചിരുന്നതുകൊണ്ടു്, അതിനെ അങ്ങനെതന്നെ പകർത്തിക്കൊടുക്കാമെന്നു വിചാരിച്ചു് ഞാൻ അദ്ദേഹവുമായി ഒരു കരാറും എഴുതി. എന്നാൽ സംഗ്രഹം പോരെന്നും, ദേശചരിത്രവും ഭാഷാചരിത്രവുംകൂടി ചേർത്തു് അതിനെ ഒന്നു വികസിപ്പിക്കണമെന്നും അദ്ദേഹം പിന്നീടു നിർബന്ധിക്കയാൽ ഞാൻ അനല്പം ബുദ്ധമുട്ടേണ്ടതായി വന്നു. ആറു മാസങ്ങൾകൊണ്ടു് എഴുത്തും അച്ചടിവേലയും സമവേഗത്തിൽ നടന്നതുകൊണ്ടു് ഇപ്പോൾ ഇതാ ഈ ഒന്നാം പുസ്തകത്തെ സജ്ജനസമക്ഷം സമർപ്പിക്കുന്നതിനു സാധിച്ചിരിക്കുന്നു. കേരളത്തിന്റേയും കേരളഭാഷയുടേയും ചരിത്രം ഏറെക്കുറെ ഇതിൽ സ്പർശിച്ചിട്ടുള്ളതിനാലാണു് കേരളഭാഷാസാഹിത്യചരിത്രം എന്ന വ്യാപകമായ പേരു് നല്കിയിരിക്കുന്നതെന്നു കൂടി ഈ അവസരത്തിൽ വായനക്കാരെ അറിയിച്ചുകൊള്ളുന്നു.
വിഷയത്തിന്റെ സ്വഭാവം കൊണ്ടും ഗ്രന്ഥകാരന്റെ പാണ്ഡിത്യക്കുറവുകൊണ്ടും ഈ ഗ്രന്ഥം അസമഗ്രമായേ ഇരിക്കുകയുള്ളൂ; എന്നു വരികിലും പണ്ഡിതന്മാരായ ഗുരുജനങ്ങളിൽ നിന്നു് കരുണാകടാക്ഷത്തിനല്ലാതെ സാചീവിലോകത്തിനു ഇതു് ഒരിക്കലും പാത്രമാവുകയില്ലെന്നു് എനിക്കു ധൈര്യമുണ്ടു്. നേരെമറിച്ചു് ‘കുറവും കുറ്റവും നോക്കിപ്പറവാ’നായി ‘തുറുകണ്ണു മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്ന’ ജ്ഞാനലവദുർ വിദഗ്ദ്ധന്മാർ എന്തുതന്നെ പറഞ്ഞാലും ഒരു ചേതവും വരാനില്ലതാനും. അവർ തങ്ങളുടെ ധർമ്മം നിറവേറ്റി കൃതകൃത്യരാവുന്നതു കണ്ടു് സന്തോഷിക്കാനേ ഈയുള്ളവനു് അവകാശമുള്ളു.
ഗ്രന്ഥകർത്താ
ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംക്ഷേപം
പ്രൌഢങ്ങളായ പ്രസംഗങ്ങൾകൊണ്ടും സരസതരങ്ങളായ ഗദ്യപ്രബന്ധങ്ങൾകൊണ്ടും കൈരളീദേവിയുടെ നിരന്തരോപാസകനും ഇന്നത്തെ ഗ്രന്ഥനിരൂപകന്മാരിൽ എല്ലാത്തരത്തിലും അഗ്രഗണ്യനുമായ ശ്രീമാൻ ആർ. നാരായണപ്പണിക്കർ ബി. ഏ. എൽ. റ്റി.-യുടെ ഒരു ജീവചരിത്രസംഗ്രഹം എഴുതിത്തരണമെന്നു് “കേരളഭാഷാ സാഹിത്യചരിത്രം” ഒന്നാംഭാഗം അച്ചടിച്ചുതുടങ്ങിയ കാലത്തു തന്നെ തൽ പ്രകാശകനും വിദ്യാവിലാസിനി ബുക്കു്ഡിപ്പോ ഉടമസ്ഥനുമായ ശ്രീമാൻ, പി. ഗോവിന്ദപ്പിള്ള അവർകൾ, മിസ്റ്റർ പണിക്കരുടെ ഒരു സ്നേഹിതനെന്ന നിലയിൽ, എന്നോടു് പലകുറി ആവശ്യപ്പെടുകയും, അതിനുവേണ്ടുന്ന കരുക്കൾ ഒരുക്കിത്തരാമെങ്കിൽ ഒന്നു ശ്രമിക്കാമെന്നു് ഞാൻ വാഗ്ദത്തംചെയ്കയും ചെയ്തിട്ടു വർഷം രണ്ടുതികഞ്ഞു. ഈയിടയ്ക്കു് മി. പിള്ള അതിനു വേണ്ടുന്ന കുറിപ്പുകൾ അന്വേഷിച്ചുവരുന്നതായി എന്നെ അറിയിക്കയും ‘സാഹിത്യചരിത്ര’ത്തിന്റെ രണ്ടാം ഭാഗത്തിലെങ്കിലും ചേർക്കത്തക്കവണ്ണം മി. പണിക്കരുടെ ഒരു ജീവചരിത്രം രൂപവൽകരിച്ചു തരണമെന്നു് വീണ്ടും ആവശ്യപ്പെടുകയും ചെയ്തതനുസരിച്ചു് വല്ലതുമൊന്നു എഴുതിച്ചേർക്കാമെന്നു വിചാരിച്ചു. പുരാതന സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളോ നമുക്കു് ഒരുവിധത്തിലും കണ്ടുപിടിയ്ക്കാൻ കഴിയാത്ത നിലയിലാണല്ലോ സ്ഥിതിചെയ്യുന്നതു്. അതിനാൽ അശ്മാനാതന സാഹിത്യകാരന്മാരുടെ ചരിത്രങ്ങൾ എങ്കിലും ഇനിയുള്ള കാലം അത്തരത്തിലായിത്തീരാൻ ഇടവരുത്തുന്നതു് അനുചിതമാണു് എന്നുകൂടി എനിക്കു തോന്നിയതും ഇതെഴുതുന്നതിനു് എനിക്കു പ്രേരകമായി ഭവിച്ചു എന്നുള്ള രഹസ്യത്തേയും മുൻകൂട്ടി അറിയിച്ചുകൊള്ളട്ടെ.
കൈരളീസാഹിത്യ മലർക്കാവിൽ സ്പൃഹണീയതരകാന്തിയോടുകൂടി വികസിച്ചു് കേരളഭൂമണ്ഡലമൊട്ടാകെ ആത്മസൌരഭ്യധോരണികൊണ്ടു് സുരഭീകരിച്ചു് അനേകശതവർഷകാലംമുതൽക്കു ഒരു വാട്ടവും കോട്ടവും തട്ടാതെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന അനവധി കാവ്യകുസുമങ്ങളിലെ അനവദ്യവും ഹൃദ്യവുമായ മകരന്ദരസം ശേഖരിച്ചു വച്ചിട്ടുള്ള ഒരു സാഹിത്യചരിത്രത്തിന്റെ രചയിതാവു് എന്ന നിലയിൽ പരിലസിക്കുന്ന ശ്രീമാൻ ആർ. നാരായണപ്പണിക്കർ അവർകൾ പ്രസിദ്ധനായ ഒരു നാവലെഴുത്തുകാരനായിട്ടും ഒരുത്തമചരിത്രകാരനായിട്ടും ഒരു ഒന്നാന്തരം പ്രാസംഗികനായിട്ടും ഒരു മാതൃകാദ്ധ്യാപകനായിട്ടും കൂടി നമ്മുടെ ദൃഷ്ടിപഥത്തിലും കർണ്ണപഥത്തിലും എത്തുന്നു. ഈ മാന്യദേഹം വിവിധഭാഷകളുടെ ഒരു സജീവകോശമെന്ന നിലയിലും ഇന്നത്തെ ഭാഷാപോഷണ വിചക്ഷണന്മാരിൽ അഗ്രിമസ്ഥാനത്തിനു അവകാശിയാവാൻ സന്നദ്ധനായിരിക്കുന്ന ഒരു യുവസാഹിത്യരസികനാകുന്നു.
ഇദ്ദേഹത്തിന്റെ അവതാരംകൊണ്ടു ചാരിതാർത്ഥ്യം അടഞ്ഞ പവിത്രദേശം പ്രാചീനകാലം മുതല്ക്കേ സുപ്രസിദ്ധ കവികളുടേയും ശാസ്ത്രജ്ഞന്മാരുടേയും അധിഷ്ഠാന ഭൂമിയായി പരിശോഭിക്കുന്ന ചെമ്പകശ്ശേരിനാടുതന്നെയാണു്. കൊല്ലവർഷം 1064 മകരം 14-നു വിശാഖനക്ഷത്രംകൊണ്ടു കിരിയത്തു നായർകുലത്തിൽ ഈ മാന്യൻ ഭൂജാതനായി. ഇദ്ദേഹത്തിന്റെ പൂർവകുടുംബക്കാർ ബ്രിട്ടീഷുമലബാറിൽ നിന്നു് ആയിരത്തിൽപരം വർഷങ്ങൾക്കു മുൻപു് വടക്കൻ പറവൂരിൽ വന്നു കുടിപാർത്തവരും കയ്മൾസ്ഥാനീയരുമായിരുന്നു. അവിടെനിന്നു് അഞ്ഞൂറുകൊല്ലങ്ങൾക്കുമുൻപു് ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണം അനുസരിച്ചു് അവർ അമ്പലപ്പുഴ വന്നു് താമസം തുടങ്ങി. ആശ്രിതജനങ്ങൾക്കു കല്പതരുവായിരുന്ന ആ രാജാവു് അവർക്കു് ഒരു സേനാവിഭാഗത്തിന്റെ ആധിപത്യവും വസ്തുവകകളും നല്കി. ‘കോവിലിടം’ എന്നായിരുന്നു ഈ പുതിയകുടുംബത്തിന്റെ പേരു്. അതിന്റെ രണ്ടുശാഖക്കാർ രണ്ടുകരകളുടെ കരനാഥസ്ഥാനം ഇപ്പോഴും വഹിച്ചുവരുന്നു. ഇങ്ങനെ പല ശാഖകളായിത്തീർന്ന കോവിലിടത്തു കുടംബത്തിന്റെ ഒരുപശാഖയാണു് മി. പണിക്കരുടെ ജനനത്താൽ ചരിതാർത്ഥത അടഞ്ഞതു്. സ്വകുടുംബത്തിനു സിദ്ധമായ ആ പോരാളിത്വം ഈ ചരിത്രനായകനിൽ രൂപാന്തരപ്പെട്ടു് സാഹിത്യവിമർശകപ്പോരാളിയായിരിക്കുന്നുമുണ്ടല്ലോ.
ശൈശവലീലകൾ കഴിഞ്ഞു് അടുത്തപടിയിൽതന്നെ മി. പണിക്കർ ജീവിതത്തിലെ ആദ്യഘട്ടമായ വിദ്യാഭ്യാസത്തിൽ പ്രവേശിച്ചു. അചിരേണ ഈ ബാലൻ, ഗുരുജനങ്ങളുടെ വാത്സല്യത്തിനും സബ്രഹ്മചാരികളുടെ ബഹുമാനാദരങ്ങൾക്കും പാത്രീഭൂതനായി. നാട്ടുഭാഷയിൽ ഒന്നു മുതൽ എലിമെന്ററി ക്ലാസ്സുവരെ ഒന്നിലും തോൽവി എന്നുള്ളതറിയാതെ ഒന്നാമതായി പടിപടിയായിട്ടു ജയിച്ചുവന്നു. ഇദ്ദേഹത്തിന്റെ പഠിത്തത്തെപ്പറ്റി അക്കാലത്തു വളരെ പുകഴ്ത്തിയിരുന്നവനും സന്തോഷിച്ചിരുന്നവനും ആയ പ്രധാനാദ്ധ്യാപകൻ ബ്രഹ്മശ്രീ വി. ശിവരാമകൃഷ്ണയ്യർ അവർകൾ, സ്വശിഷ്യാഗ്രണിയുടെ ക്രമപ്രവൃദ്ധമായ അഭ്യുന്നതിയിൽ സന്തുഷ്ടനായി ഇന്നും ജീവിച്ചിരിപ്പുണ്ടു്.
ഇങ്ങനെ ഏറ്റവും പ്രശംസനീയമാംവണ്ണം മാതൃഭാഷാഭ്യസനം കഴിഞ്ഞു് ക്രമേണ 11-ാമത്തെ വയസ്സിൽ ആംഗലഭാഷാപഠനത്തിനിറങ്ങി. ഈ മാന്യനുണ്ടായിരുന്ന ദുശ്ശാഠ്യങ്ങളിൽ പ്രധാനമായ ഒന്നു് എല്ലാക്ലാസ്സിലും ഒന്നാമതായി പാസ്സാകണമെന്നുള്ളതായിരുന്നു. അക്കാലത്തു് ഇദ്ദേഹത്തിനു് ഏറ്റവും പിടിച്ചതും വാസനയുള്ളതും ആയ വിഷയം കണക്കും ഇംഗ്ലീഷും ആയിരുന്നു എന്നാണു് ഞാൻ അറിഞ്ഞിട്ടുള്ളതു്. എന്നാൽ മാതൃഭാഷയിൽ ഒരുമാതിരി മോശവുമായിരുന്നു. ഒരു മലയാളി മലയാളഭാഷയിൽ മോശമാണെന്നുവരുന്നതു് പോരായ്മയെന്നുള്ള ബോധം മി. പണിക്കരുടെ അന്തരംഗത്തിൽ കടന്നുകൂടുകയാൽ തൽഫലം ഇപ്പോൾ നമുക്കൊക്കെ പ്രത്യക്ഷത്തിൽ അനുഭവിക്കാറായിട്ടുണ്ടു്. ഇതോർക്കുമ്പോൾ സകലവിധ ഉന്നതിയ്ക്കും യശസ്സിനും മുഖ്യനിദാനം ഒരുവന്റെ വാശിയോടുകൂടിയ സ്ഥിരപ്രയത്നം തന്നെയെന്നുള്ള തത്വം ഹൃദയത്തിൽ ഉൽബുദ്ധമാകുന്നുണ്ടു്. നമ്മുടെ പണിക്കർ മൂന്നാം ഫാറത്തിൽ പഠിക്കുന്ന അവസരത്തിൽ ഇംഗ്ലീഷിൽ എഴുതിയ ഒരുപന്യാസത്തെക്കുറിച്ചു് അന്നത്തെ ഹെഡ്മാസ്റ്റർ അവർകളുടെ നിർവ്യാജമായ പ്രശംസാവാക്യംതന്നെ ഇദ്ദേഹത്തിന്റെ പ്രതിഭാശക്തിയെ പ്രസ്ഫുടമാക്കുന്നുണ്ടു്. ഒഴിവുദിവസങ്ങളെ വന്ധ്യമാക്കാതെ ഇംഗ്ലീഷിലുള്ള പലേ നോവലുകളും ഇക്കാലത്തിനു മുമ്പുതന്നെ വായിച്ചുതീർത്തു. പ്രായേണ വിദ്യാർത്ഥികൾക്കു തിക്തത കഷായമായി തോന്നാറുള്ള വ്യാകരണം മി. പണിക്കർക്കു് കദളീരസായനമായിട്ടാണു് തോന്നിയിരുന്നതു്. സാധാരണ വ്യാകരണവിഷയം മനസ്സിലാക്കാനും അതിൽ രസിക്കാനും കെൽപ്പുള്ള ഒരുവനു് ഭാഷാജ്ഞാനം സ്വയമേ കൂടിയിരിക്കുമെന്നുള്ളതു് വിദ്വൽ സമ്മതമായിട്ടുള്ളതാണല്ലോ.
ഈ ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കവേ വിദ്യാർത്ഥിയായ മി. പണിക്കരുടെ ഹൃദയം തകർന്നുപോകത്തക്കവണ്ണം ഒരു പരിതാപകരമായ സംഭവം നടന്നു. അതായതു് ഇദ്ദേഹത്തിന്റെ പ്രിയജനനി സ്വപുത്രന്റെ ഭാവി യശഃകുസുമസൗരഭ്യം ആഘ്രാണിക്കുന്നതിനിടയാകാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എന്നുള്ളതാണു്. അടുത്ത കൊല്ലത്തിൽ അദ്ദേഹത്തിന്റെ ഗുരുവരനും പ്രധാനാദ്ധ്യാപകനും ആയ മി. സുബ്ബയ്യർ അവർകളും ദിവംഗതനായി. ഈ രണ്ടു് അകാലനിര്യാണങ്ങളും നമ്മുടെ യുവവിദ്യാർത്ഥിയായ പണിക്കരുടെ ഹൃദയകവാടത്തെ വിപാടനംചെയ്കയും അദ്ദേഹത്തിനെ ഏറെക്കുറെ അന്തർമുഖനാക്കുകയും ചെയ്തു.
4-ാം ഫാറത്തിൽ പഠിത്തം ആരംഭിച്ചതോടുകൂടി സംസ്കൃതഭാഷയും അഭ്യസിച്ചുതുടങ്ങി. ആശാന്മാരുടെ എഴുത്തുപള്ളിയിലെ കറിക്കുലമനുസരിച്ചു് ആദ്യമേതന്നെ അമരകോശവും സിദ്ധരൂപവും ശ്രീരാമോദന്താദി ലഘുകാവ്യങ്ങളും പഠിച്ചിരുന്നതുകൊണ്ടു് ആ വിഷയത്തിൽ അധികം തോൽവിക്കിട പറ്റിയില്ല. കൂടാതെ ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധയും അദ്ദേഹം പതിപ്പിച്ചു. ഇതിനൊരു പ്രത്യേക കാരണവുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹപാഠികളായി പ്രാഥമികപരീക്ഷാ വിജയികളായ കുറെ വിദ്യാർത്ഥികളുണ്ടായിരുന്നു. അവരൊക്കെ മലയാളത്തിൽ മിടുക്കന്മാരുമായിരുന്നു. പണിക്കർ മാത്രം അക്കൂട്ടത്തിൽ വളരെ പിന്നോക്കമായിരുന്നു. ഈ വഴിയ്ക്കു യാത്രചെയ്താൽ സ്വസഹപാഠികൾക്കൊപ്പമോ മുന്നണിയിലോ എത്തിച്ചേരുന്നതു് അസാദ്ധ്യമെന്നു കരുതി മാർഗ്ഗാന്തരത്തിൽ പ്രവേശിച്ചു് ശുഷ്കാന്തി കാണിക്കുന്നപക്ഷം തന്റെ ഉദ്ദിഷ്ടകാര്യം സാധിതപ്രായമാകുമെന്നു കാൺകയാലും തന്നെ പിന്നിലാക്കിയ കൂട്ടർ തന്നെ ഒരു സമസ്യാ പൂരണത്തിനു് മറ്റുള്ളവരോടൊപ്പം തന്നോടു് ആവശ്യപ്പെടുകയും അതിനു തനിക്കു് ശേഷിയില്ലാതായിത്തീരുകയും ചെയ്കയാൽ പണിക്കരെ അവർ ഒക്കെ കൃതഹസ്തതാളം പരിഹസിക്കയും അതുകൊണ്ടു് ലജ്ജിതനായി ഭവിക്കയും ചെയ്തതിനാലുമാണു് സംസ്കൃതം പഠിച്ചുതുടങ്ങിയതും അതിൽ അശ്രാന്ത പരിശ്രമം ചെയ്തതും. “സ്പർദ്ധയാ വർദ്ധതേ വിദ്യാ” എന്നുണ്ടല്ലോ. കവിത എഴുതാൻ പലവട്ടം പ്രയത്നിച്ചിട്ടുണ്ടായിരുന്നു. അതു മുഴുവനും അക്കാലത്തു നിഷ്ഫലമായതേയുള്ളൂ. എങ്കിലും ആ വിഷയത്തിൽ തുടർന്നു പ്രയത്നിച്ചു. അചിരേണ ആ കവിതാകാമിനിയ്ക്കും നമ്മുടെ പണിക്കരോടു അനുകമ്പയുണ്ടായി സാവധാനം കടാക്ഷിച്ചുതുടങ്ങി. അദ്ദേഹം രചിച്ചിട്ടുള്ള അസംഖ്യം ഗാനങ്ങൾ ഇപ്പോൾ കേരളമൊട്ടുക്കു് പ്രചരിച്ചിട്ടുണ്ടു്.
പുസ്തകപാരായണം എന്നുള്ളതു് നിത്യാനുഷ്ഠാനങ്ങളിൽ ഒന്നാമതായിട്ടാണു് പണിക്കർ കരുതിപ്പോന്നിരുന്നതു്. എന്നാൽ ആ വ്രതം നിർവിഘ്നമായി പരിസമാപിക്കണമെങ്കിൽ ഗ്രന്ഥസാമഗ്രി അത്യാവശ്യമാണല്ലോ. പിന്നത്തേ ശ്രമം അതിലേയ്ക്കായി. അല്പകാലത്തിനുള്ളിൽ സഹസ്രാധികം ഗ്രന്ഥങ്ങൾ ശേഖരിക്കുകയും അവയൊക്കെ യഥാ സൌകര്യം പല ആവർത്തി വായിച്ചു തീർക്കുകയും ചെയ്തു. ഇപ്പോൾ ഒന്നാംകിടയിലുള്ള ഒരു ഗ്രന്ഥസമുച്ചയം അദ്ദേഹത്തിന്റെ കൈവശമുണ്ടു്.
അഞ്ചാം ഫാറത്തിൽ ഉത്സാഹിയായി പഠിച്ചുവരവേ അതികഠിനമായ രോഗം പിടിപെട്ടു് കാലന്റെ പടിവാതുക്കലോളം എത്തി. ഭാവിയെപ്പറ്റി പലരും സംശയഗ്രസ്തരായിരുന്നു. പരീക്ഷ അടുത്തപ്പോൾ രോഗത്തിനു അല്പമൊരു ശമനം കാണുകയും ഉടൻ അക്കൊല്ലത്തെ പരീക്ഷയ്ക്കു കൂടുകയും ക്ലാസ്സിൽ ഒന്നാമതായി പാസ്സാകുകയും ചെയ്തു. അതു കഴിഞ്ഞ ഉടൻ പൂർണ്ണശമനംപ്രാപിക്കാത്ത ആ രോഗം തന്നെ വീണ്ടും തലപൊക്കി. അതു കുറേ നാളത്തേയ്ക്കു നിലനിന്നു. പല ഭിഷക്പ്രവരന്മാരും ചികിത്സിച്ചുനോക്കി. അതിലൊന്നിലും ഫലപ്പെടാതെ ഒടുവിൽ ഒരു ചിന്താമണിവൈദ്യന്റെ കൂടെ കഴിച്ചു കൂട്ടിവരവേ രോഗിയ്ക്കു് ആ വൈദ്യൻ വെറും വൈദ്യംമന്യനാണെന്നു് അയാളുമായുള്ള അഭിമുഖ സംഭാഷണത്തിൽ കാണുകയാൽ അയാളുടെ ചികിത്സയുംമതിയാക്കിയിട്ടു്, പുണ്യശ്ലോകനായ തലവടി ചന്ദ്രശേഖരൻപിള്ള വൈദ്യനെ കണ്ടു് അദ്ദേഹത്തിന്റെ ഔഷധങ്ങൾ സേവിച്ചുതുടങ്ങുകയും അതിന്റെ ഫലം പെട്ടെന്നു് അനുഭവപ്പെടുകയും ചെയ്തു. അന്നുമുതൽക്കു് മി. പണിക്കർക്കു് അഷ്ടാംഗവൈദ്യത്തിൽ നിരതിശയമായ ബഹുമാനം തോന്നിയതിനാൽ തഛാസ്ത്രാഭ്യസനവിഷയത്തിൽ കൂടുതൽ പ്രതിപത്തി കാട്ടിത്തുടങ്ങി. ഈയിടയ്ക്കു എഴുതി പ്രസിദ്ധപ്പെടുത്തീട്ടുള്ള “ആയുർവേദചരിത്രം” തൽഫലമായിട്ടുള്ളതാകുന്നു. ഈ ഗ്രന്ഥരത്നം പല മാന്യ മഹാശയന്മാരുടേയും പ്രശംസയ്ക്കു പാത്രമായിത്തീർന്നിട്ടുള്ള ഒരു സർവതന്ത്ര സ്വതന്ത്രമായ പ്രൌഢ കൃതിയാണു്. തീവ്രമായ അന്വേഷണബുദ്ധി സ്ഥിരവും സ്വതന്ത്രവുംആയ അഭിപ്രായസ്ഥാപനം മുതലായി പല ശക്തിമത്തുകളായ സംഗതികൾ പ്രസ്തുത ചരിത്രത്തിൽ അടങ്ങിയിരിക്ക കൊണ്ടാണു് പണ്ഡിതജനങ്ങളുടെയിടയിൽ അതിനു് അത്രത്തോളം മാഹാത്മ്യം കൂടിയതു്.
ഇദ്ദേഹം മട്രിക്കുലേഷൻക്ലാസ്സിൽ പഠിക്കുന്ന കാലത്തു് നേരം പോക്കായി “ഭാനുമതി” എന്നൊരു നോവൽ എഴുതീട്ടുണ്ടായിരുന്നു. അതു് അച്ചടിച്ചിട്ടില്ല. ഇങ്ങനെ സാഹിത്യ പരിശ്രമങ്ങളിൽ നക്തംദിവം കഴിച്ചുകൂട്ടിയെങ്കിലും അദ്ധ്യായനവിഷയത്തിൽ ഒട്ടും പിന്നോക്കം പോകാതെ സർവകലാശാലാ പരീക്ഷയിലും ക്ലാസ്സിൽ ഒന്നാമനായിത്തന്നെ പാസ്സായി. ഉടനെ എറണാകുളം കാളേജിൽ ചേർന്നു് എഫ്. ഏ. യ്ക്കു പഠിച്ചുതുടങ്ങി. ആ കാളേജിൽ നടത്താറുണ്ടായിരുന്ന പലേ മലയാള സമാജങ്ങളിലും അദ്ധ്യക്ഷം വഹിക്കുക ഉണ്ടായിട്ടുണ്ടു്. പുത്തേഴത്തു മി. രാമൻമേനോൻ പണിക്കരുടെ ജൂനിയർ ആയിരുന്നു എഫ്. ഏ. യിലും പ്രശംസാർഹമായ വിധത്തിൽ തന്നെ പാസ്സായി. ഉപരിവിദ്യാഭ്യാസത്തിനു് തിരുവനന്തപുരം രാജകീയ കാളേജിൽ വന്നുചേർന്നു. ബി. ഏ. ക്ലാസ്സിൽ ഒരുകൊല്ലം പഠിച്ചു. സീനിയർ ക്ലാസ്സിൽ പഠിക്കുന്ന കാലത്തു് പ്രൊഫ്സറന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ അഭിമാനത്തിനു് ക്ഷയം വരത്തക്കവണ്ണം പെരുമാറിയതിനാൽ പഠിത്തം നിർത്തീട്ടു് സ്വദേശത്തേയ്ക്കു പൊയ്ക്കളഞ്ഞു. ഒരു കൊല്ലത്തോളം ഒരു മലയാം സ്ക്കൂളിലെ ഒന്നാംവാദ്ധ്യാരായി കഴിച്ചുകൂട്ടി. ഇദ്ദേഹം ആ സ്ക്കൂൾ ഭരണം ഏറ്റതിന്റെ ഫലമായി അക്കൊല്ലത്തെ സ്ക്കൂൾലീവിംഗ് പരീക്ഷയ്ക്കു ൧൩ വിദ്യാർത്ഥികളെ അയച്ചതിൽ ൧൨ പേർ പാസ്സായി. അത്തരത്തിലുള്ള ഒരു വിജയഫലം അതിനു മുൻപൊരിക്കലും ആ സ്ക്കൂളിലുണ്ടായിട്ടേയില്ലായിരുന്നു. അന്നു് ഡയറക്റ്റരായിരുന്ന ഡാക്ടർ ബിഷപ്പു് അവർകൾ യാദൃഛികമായി വന്നു് സ്ക്കൂൾ പരിശോധിച്ചതിൽ വളരെ പ്രശംസിക്കയുണ്ടായിട്ടുണ്ട്. ൨൩ വയസ്സു തികയുന്നവർക്കു് ബി. ഏ-യ്ക്കു പ്രൈവറ്റായി ചേരാമെന്നു് യൂണിവേൾസിറ്റിക്കാർ അക്കൊല്ലം അനുവദിച്ചതിനാൽ അദ്ദേഹം അതിനുചേർന്നു് ചരിത്രത്തിലും മലയാളത്തിലും പാസ്സായി. അടുത്ത കൊല്ലം ഇംഗ്ലീഷിലും വിജയം നേടി.
ബീ. ഏ. ക്ലാസ്സിൽ പഠിക്കുന്ന അവസരത്തിൽ “ഡാവിൽ” “ഹക്സിലി” മുതലായവരുടെ പ്രാണിവിജ്ഞാനീയ ഗ്രന്ഥങ്ങളും “പരിണാമവാദവും” നല്ലപോലെ പഠിച്ചു. തത്വദർശനപരങ്ങളും തർക്കശാസ്ത്രപരങ്ങളും ആയ ഗ്രന്ഥങ്ങളിലെ സാരതരങ്ങളായ വിഷയങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. എന്നാൽ അതിനോടുകൂടി അദ്ദേഹം ഒരു നിരീശ്വരവാദിയായിത്തീർന്നു വെങ്കിലും ഹക്സിലി എൻസൈക്ലോപീഡയാ ബ്രിട്ടാനിക്കയിൽ എഴുതിയിരുന്ന പ്രാണിവിജ്ഞാനീയലേഖനം മി. പണിക്കരുടെ ചിന്തയെ ഉദ്ദീപിപ്പിച്ചു. അന്നുമുതല്ക്കു് ഗീത, ഉപനിഷത്തുകൾ വിവേകാനന്ദന്റെ പ്രസംഗങ്ങൾ ഇവ പാരായണം തുടങ്ങി. അങ്ങനെയാണു് അദ്ദേഹം ഒരു മതവിശ്വാസിയായിത്തീർന്നതു്. പൌരസ്ത്യപരിഷ്ക്കാരത്തിലും അദ്ദേഹത്തിനു പ്രതിപത്തി വർദ്ധിച്ചു. അതോടുകൂടി ഇദ്ദേഹത്തിന്റെ പഠിത്തകാലത്തു് എഴുതിവായിച്ച “ഹൈന്ദവനാടകങ്ങൾ” എന്ന ലേഖനത്തിനു് ‘ഭാഷാപോഷിണി’ അഗ്രിമസ്ഥാനം നൾകീട്ടുള്ളതിനെ ഓർക്കുമ്പോൾ ടി ലേഖനത്തിനു എത്രകണ്ടു യോഗ്യതയുണ്ടെന്നു് നമുക്കു മനസ്സിലാക്കാവുന്നതാണു്. B. A. ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ, അമ്പലപ്പുഴ താലൂക്കിൽനിന്നു് പ്രജാസഭ മെമ്പറായിരുന്ന ആളും സുപ്രസിദ്ധനും ആയ വക്കീൽ കെ. നാണുപിള്ള അവർകളുടെ ഭാഗിനേയി ശ്രീമതി ജാനകിഅമ്മ എന്ന ബാലികയെ പാണിഗ്രഹണം ചെയ്തു് മി. പണിക്കർ ഗൃഹസ്ഥാശ്രമത്തിൽ പ്രവിഷ്ടനായിക്കഴിഞ്ഞിരുന്നു. അധികകാലതാമസം കൂടാതെ ‘കാർത്യായണി’ എന്ന ഒരു ഓമന മകളും ജനിച്ചു.
ബീ. ഏ. പാസ്സായതിനു ശേഷം എടത്വാ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഒരദ്ധ്യാപകനായി ജീവിതം നയിച്ചുതുടങ്ങി. മി. പണിക്കർ അവിടുത്തെ വിദ്യാർത്ഥികളുടെ ഇടയിൽ ഒരുപാസനാവിഗ്രഹമായിട്ടാണു് പരിലസിച്ചിരുന്നതു്. അക്കാലത്തു് എഴുതീട്ടുള്ളതാണു് ‘അശോകൻ’ എന്ന ചെറുകൃതി.
അനന്തരം ബന്ധുക്കളുടെ നിർബന്ധപ്രകാരം ‘ലാകാളേജി’ൽ ചേർന്നു. അക്കാലത്തു നമ്മുടെ സ്നേഹിതനു് പല കഷ്ടനഷ്ടങ്ങൾ സംഭവിച്ചു. ആ ദുഃഖത്തെ പ്രമാർജനം ചെയ്യാൻ എന്ന വണ്ണം ഒരു പുത്രനിധിയും കരസ്ഥമായി. പിന്നീടു കുറെക്കാലം ‘ദക്ഷിണദീപം’ എന്ന മാസികയുടെ പരിപോഷണാർത്ഥം ഉത്സാഹിയായി നടന്നു. ആ മാസികയിൽ കാണുന്ന പലേ ലേഖനങ്ങളുടേയും പ്രണേതാവു് നമ്മുടെ പണിക്കർ തന്നെയാണു്. ആ ലേഖനങ്ങളൊക്കെയും പല മാന്യജനങ്ങളുടേയും പല പത്രങ്ങളുടേയും നിർവ്യാജമായ പ്രശംസാദരങ്ങൾക്കു് വിഷയീഭവിച്ചിട്ടുണ്ടു്. ഗ്രന്ഥനിർമ്മാണവിഷയത്തിലും അക്കാലത്തു് ഇദ്ദേഹം ഉദാസീനനായിരുന്നില്ല.
അടുത്തതായ ജീവിതഘട്ടം പരവൂർ ഇംഗ്ലീഷ് സ്ക്കൂൾ ഹെഡ്മാസ്റ്റരുടെ നിലയിലാണു് തുടരുന്നതു്. ഏറ്റവും അധഃപതനാവസ്ഥയിൽ ഇരുന്നിരുന്ന ആ സ്ക്കൂളിനു് അക്കാലം ശുക്രദശയായിരുന്നു. അധികകാലവിളംബമെന്യേ പ്രസ്തുതസ്ക്കൂൾ ഒരു മാതൃകാസ്ക്കൂൾ എന്ന പ്രഖ്യാതിക്കു അർഹമായിഭവിച്ചു. ജാതിസ്പർദ്ധാപിശാചികാവേശമില്ലാതിരുന്നതിനാൽ എല്ലാ ജാതിമതസ്ഥന്മാരുടേയും പ്രീതിബഹുമാനാദരങ്ങൾക്കു് പണിക്കർ പ്രത്യേകം പാത്രമായിരുന്നു. ഈ ഘട്ടത്തിൽ നമ്മുടെ കഥാനായകന്റെ ഹൃദയനാഡി തകർന്നുപോകത്തക്കവണ്ണം ഒന്നു രണ്ടു ഘോരസംഭവങ്ങൾ നടന്നു. അതായതു് ഇദ്ദേഹത്തിന്റേ ഭാര്യയുടേയും പ്രിയപുത്രിയുടേയും അകാലമരണം തന്നെയായിരുന്നു. ശ്രീമതി ജാനകിഅമ്മ പുരാണവനിതകളെപ്പോലെ ഭർതൃഗതപ്രാണനായ ഒരു സതീരത്നമായിരുന്നു. ഈ മരണം നമ്മുടെ യുവാവിനെ ഏറെക്കുറെ വിരക്തനാക്കിത്തീർത്തു എന്നു പറയാം. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും തനിക്കു വാസനാസിദ്ധമായ ലേഖനവിഷയത്തിലും അധ്യയനാധ്യാപനങ്ങളിലും നിരന്തരം പ്രയത്നിച്ചും കൊണ്ടേയിരുന്നു. അക്കാലത്തു് “വേദാന്തം” അഥവാ “സാർവജനീനമായമതം” എന്നൊരുഗാംഭീര്യമായ വിഷയത്തെഅധികരിച്ചു് ആത്മപോഷിണിയിൽ തുടരെ തുടരെ പ്രസിദ്ധീകരിച്ചുംകൊണ്ടിരുന്ന ദീർഘലേഖനം കൊട്ടാരക്കരവച്ചു നടന്ന ഒരു മഹായോഗത്തിൽ വായിച്ചതാണു്. പരവൂർ വച്ചു് ഉള്ളൂർ മി. പരമേശ്വരയ്യർ അവർകളുടെ ആദ്ധ്യക്ഷത്തിൽ നടന്ന ഒരു മഹായോഗത്തിൽ എഴുതി വായിച്ച “ജീവിതോദ്ദേശ്യം” എന്ന വേദാന്തപരമായ പ്രസംഗം കഴിഞ്ഞ ഉടനേ അദ്ധ്യക്ഷൻ എഴുന്നേറ്റു് കൈ കൊടുത്തു് ബഹുമാനിച്ചു. ‘പ്രസംഗം ഉടനടി പ്രസിദ്ധീകരിക്കണ’മെന്നു് സസന്തോഷം ബാഹ്യമായി പ്രസ്താവിക്കയും ചെയ്തതു് പ്രത്യേകം ബഹുമാനിക്കത്തക്കതാണു്.
ഇക്കാലത്തിനിടയിൽ സംസ്കൃതത്തിൽ കൂടുതൽ പാണ്ഡിത്യം സമ്പാദിക്കുന്നതിനു കൊതുകം ഉണ്ടാകയും അതിനായി വ്യാകരണം, അലങ്കാരം, ജ്യോതിഷം, ന്യായം തുടങ്ങിയവ പഠിച്ചുതുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ സമ്പാദിച്ച അറിവിന്റെ ഫലമായി പണിക്കരുടെ ലേഖനിയിൽനിന്നും “ഹൈന്ദവനാട്യശാസ്ത്രം” എന്ന പേരിൽ ഒരുത്തമ ഗ്രന്ഥം ഉൽഭൂതമായി. ഈ സാഹിത്യചരിത്രത്തിനു് അടിസ്ഥാനമായിട്ടുള്ളതു് മേൽപറഞ്ഞ ഗ്രന്ഥവും മലയാംസ്ക്കൂളിലെ ഏതാനും ചില അദ്ധ്യാപകന്മാർക്കുവേണ്ടി നടത്തിയ ഹയർക്ലാസ്സിൽ പറഞ്ഞുകൊടുത്ത നോട്ടുകളുമാണു്. അത്തരത്തിലുള്ള അന്നത്തെ ചെറുപരിശ്രമങ്ങൾ ഇന്നു് ഈ നിലയിൽ ഒരു ‘കേരളഭാഷാസാഹിത്യചരിത്ര’മായി പരിണമിച്ചതിൽ നാം ആജീവം ചാരിതാർത്ഥ്യപ്പെടേണ്ടിയിരിക്കുന്നു.
൧൦൯൩-ൽ രണ്ടാമതൊരു വിവാഹംചെയ്തു. പക്ഷേ ആ ദാമ്പത്യവും ഏറെക്കാലം നിലനിന്നില്ല. ൧൦൯൬-ാമാണ്ടു് പ്രസിദ്ധമഹാകവിയായ കെ. സി. കേശവപിള്ളയുടെ ഏകപുത്രിയായി ശ്രീമതി കെ. എൻ. തങ്കമ്മ എന്ന സുശീലയെ സഹധർമ്മചാരിണിയായി സ്വീകരിച്ചു. ആ വിവാഹത്തിൽ രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇപ്പോഴും ഉണ്ടു്.
മൂന്നാമത്തെ കാലഘട്ടത്തിൽ മി. പണിക്കരെ നാം കാണുന്നതു് ഒരു സർക്കാർ ഉദ്യോഗസ്ഥനായിട്ടാണു്. ൧൦൯൮-മുതൽക്കു് ഹിന്ദി, ഉർദു, ബംഗാളി, കന്നടം, തമിഴു് എന്നീ ഭാഷകളിൽ പരിജ്ഞാനം സമ്പാദിച്ചുതുടങ്ങി. ഹിന്ദി പഠിച്ചതിന്റെ ഫലമായിട്ടു് മലയാളത്തിനു പല പല നല്ല ഗ്രന്ഥമാലകൾ ലഭിച്ചിട്ടുണ്ടു്. ഈ മാന്യനിൽ നിന്നും മലയാള ഭാഷയ്ക്കും തൽ ഭാഷാഭിമാനികൾക്കും അനർഘങ്ങളായി ലഭിച്ച ഗ്രന്ഥസമ്പത്തുകൾ താഴെ പറയുന്നവയാണു്.
വിവിധ വിഷയങ്ങളെ അധികരിച്ചു രചിച്ചിട്ടുള്ള നാല്പതിൽപരം പ്രസംഗങ്ങൾ, ആര്യചരിതം, അശോകൻ, ഹനൂമാൻ ഹൈന്ദവ നാട്യശാസ്ത്രം, പ്രേമോല്ക്കർഷം, (നാടകം) അമൃതവല്ലി, (നോവൽ) അന്നപൂർണ്ണാലയം, (നോവൽ) മേവാർപതനം, (അച്ചടിച്ചിട്ടില്ല) ഭീഷ്മർ (നാടകം, അച്ചടിച്ചിട്ടില്ല) പല ആട്ടക്കഥകളുടേയും സാരഗർഭമായ വ്യാഖ്യാനങ്ങൾ, മുതലായവ. ദേശീയഗാനമഞ്ജരി, ശ്രീരാമകൃഷ്ണകർണ്ണാമൃതം, തുളസീദാസരാമായണം ഗദ്യവിവർത്തനം ‘ആംഗലഭാഷബൃഹൽകോശം’ എന്നൊരു ഇംഗ്ലീഷ് മലയാള നിഘണ്ടുവും വിപുലമായ ഒരു തിരുവിതാംകൂർ ചരിത്രവും ഭാഷാചരിത്രവും അദ്ദേഹം എഴുതി തയ്യാറാക്കിവരുന്നുണ്ടു്.
ഇനി നമ്മുടെ പണിക്കരുടെ സ്വഭാവഗുണത്തെപ്പറ്റി എനിക്കറിയാവുന്നിടത്തോളം പറഞ്ഞു് ഈ ലഘുചരിത്രത്തെ അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. മി. പണിക്കർ ഒരു ഒന്നാന്തരം സ്വദേശാഭിമാനിയും ജാത്യഭിമാനിയുമാണു്. എന്നാൽ നിരഭിമാനികളും അകൈതവമതിമാന്മാരും ആയ വിദ്വാന്മാരെക്കുറിച്ചു് അദ്ദേഹത്തിനുള്ള അഭിമാനവും സ്നേഹവും അന്യാദൃശമാണെന്നു് പറയുന്നതിൽ അത്യുക്തിയില്ല. പിന്നെയൊരു വിശിഷ്ടഗുണമുള്ളതു്–
“ഒരുവനുടനൊരാളിൽ സ്നേഹമായാലവന്നു-
ള്ളൊരു നിരുപമ സൗഖ്യദ്രവ്യമായാളുതന്നെ.”
എന്നൊരു കവിപണ്ഡിതൻ പാടീട്ടുള്ള വചനത്തെ അക്ഷരംപ്രതി അനുവർത്തിച്ചുവരുന്നു എന്നുള്ളതാണു്. മി. പണിക്കർക്കു്, അഹങ്കാരവിജൃംഭണംകൊണ്ടു് ഞെളിഞ്ഞുനടക്കുന്ന ഒരുകൂട്ടം പണ്ഡിതംമന്യരോടുള്ള വെറുപ്പും അന്യാദൃശംതന്നെയാകുന്നു. അദ്ദേഹം,
“എന്തെന്നാലും മനമതിലുദിക്കുന്നപോലേ കഥിക്കാ-
മെന്തായാലും ജനമതിനുരയ്ക്കാതിരിയ്ക്കില്ലദോഷം.”
എന്ന വചനത്തെ സർവാത്മനാ അനുഷ്ഠിച്ചും,
“യേനാമകേചിദിഹനഃ പൃഥയന്ത്യവജ്ഞാം
ജാനന്തിതേകിമപി താൻപ്രതിനൈഷയത്നഃ”
എന്ന വാക്യത്തെ മുദ്രാവാക്യമായിക്കരുതിയും സദാ പോരാടുന്ന ഒരു ധീരപുരുഷനാണു് എന്നുള്ളതിനു പക്ഷാന്തരമില്ല. സ്വാഭിപ്രായത്തെ തുറന്നുപറയുന്ന കാര്യത്തിൽ യാതൊരു സങ്കോചവും അദ്ദേഹത്തിനില്ലെങ്കിലും, വിനയം അദ്ദേഹത്തിന്റെ ‘കൂടപ്പിറപ്പാണു്’.
ആഢംബര വിവർജ്ജിതമായ ജീവിതം, ധനത്തിലും യശസ്സിലും കാംക്ഷയില്ലായ്മ, വിപുലമായ പരഹൃദയജ്ഞാനം, ഫലിതഭാഷണത്തിലുള്ള ചാതുര്യം, അനാചാരങ്ങളോടുള്ള വിദ്വേഷം, സാധുജനങ്ങളോടുള്ള അനുകമ്പ, തീവ്രമായ ഭഗവദ്ഭക്തി ഇവയൊക്കെ മിസ്റ്റർ പണിക്കർക്കുള്ള വിശിഷ്ടഗുണങ്ങളാണെന്നു് അദ്ദേഹത്തിനോടു് അടുത്ത പരിചയമുള്ളവർക്കൊക്കെ അറിയാം. സകല ശാസ്ത്രങ്ങളിലും അദ്ദേഹം സാമാന്യത്തിൽകവിഞ്ഞ ജ്ഞാനം സമ്പാദിച്ചിട്ടുള്ളതിനാൽ, ഏതു വിഷയത്തെപ്പറ്റിയെങ്കിലും ഒരു സംശയം ആർക്കെങ്കിലും ഉണ്ടായാൽ, അതിനെ ക്ഷണത്തിൽ അദ്ദേഹം പരിഹരിക്കുമെന്നു പരിചിതന്മാർക്കു മാത്രമേ അറിവുള്ളു. അദ്ദേഹത്തിനുള്ള ഒരു വലിയ ദൂഷ്യം ശ്രദ്ധക്കുറവാണു്. എന്തെങ്കിലും എഴുതിയാൽ രണ്ടാമതു് ഒന്നു വായിച്ചുനോക്കുകയോ പകർത്തുകയോ ചെയ്കയില്ലെന്നുള്ള കാര്യം തീർച്ചയാണു്. ഈ അശ്രദ്ധ ഊണിലും, വസ്ത്രധാരണത്തിലും, കത്തെടപാടുകളിലുമൊക്കെ കാണാം. ചുരുക്കിപ്പറഞ്ഞാൽ മി. പണിക്കരുടെ അജ്ഞാതമഹിമയുടെ യഥാർത്ഥ രൂപം കാലക്രമത്തിലേ കേരളം അറിയൂ. അദ്ദേഹം ആയുരാരോഗ്യ സമ്പദ്വിഭവങ്ങളോടുകൂടി ദീർഘകാലം ജീവിച്ചിരുന്നു് കൈരളിയേയും കേരളത്തേയും ഉപാസിക്കാൻ ജഗദീശ്വരൻ കടാക്ഷിക്കട്ടെ.
മഹോപാദ്ധ്യായ വിദ്വാൻ എൽ. രാമശാസ്ത്രി
തിരുവനന്തപുരം
കൊല്ലവർഷം 5-5-1104 ഗ്രന്ഥകർത്താ
ഭാഗം ഒന്ന്
അധ്യായം 1
1. ഭാഷയും സാഹിത്യവും
ഭാഷാസാഹിത്യചരിത്രത്തെ വിഷയീകരിച്ചു് നിർമ്മിക്കുന്നതായ ഒരു ഗ്രന്ഥത്തിൽ, ഭാഷയും സാഹിത്യവും തമ്മിലുള്ള ദൃഢബന്ധത്തേയും, സാഹിത്യത്തിന്റെ സ്വഭാവം, ധർമ്മം, പ്രയോജനം മുതലായവയേയും പറ്റി, സംക്ഷിപ്തമായിട്ടെങ്കിലും വിവരിക്കാതെ തരമില്ല. അതിനാൽ ആദ്യമായി ഭാഷ എന്നാൽ എന്തു് എന്നുള്ളതിനെപ്പറ്റി അല്പം ചിന്തിക്കാം. മനുഷ്യർ തങ്ങളുടെ അന്തർഗ്ഗതങ്ങളെ ബുദ്ധിപൂർവ്വകമായ വിധത്തിൽ പരന്മാരെ ധരിപ്പിക്കുന്നതിനു് ഉപയോഗിക്കുന്ന ഉപായമെന്നു് ഭാഷയെ വ്യാപകാർത്ഥത്തിൽ നിർവചിക്കാവുന്നതാണു്. ഈ അർത്ഥത്തിൽ ഭാഷയ്ക്കു വിവിധരൂപങ്ങൾ ഉണ്ടു്.
ആംഗ്യഭാഷ: മൂകന്മാരും, ശ്രോതാവിന്റെ ഭാഷ പരിചയമില്ലാത്തവരും ആംഗ്യങ്ങളെക്കൊണ്ടാണു് തങ്ങളുടെ വിചാരങ്ങളെ അന്യന്മാരെ ധരിപ്പിക്കുന്നതു്.
ചിത്രഭാഷ: ചിത്രങ്ങളുടെ സഹായത്താലും നാം ഇംഗിതങ്ങളെ മറ്റുള്ളവരെ ധരിപ്പിക്കാറുണ്ടു്.
സാഹിത്യചരിത്രകാരന്മാരോ ഭാഷാശാസ്ത്രജ്ഞന്മാരോ ഈ അർത്ഥങ്ങളിൽ ഭാഷാശബ്ദത്തെ പ്രയോഗിക്കാറില്ല. അവരുടെ ഭാഷ കേവലം വാചികമാകുന്നു. വെളിയിൽ എത്ര പ്രാവശ്യമെങ്കിലും യഥേച്ഛം പ്രകാശിപ്പിക്കാവുന്ന വികാരങ്ങളുടേയും വിചാരങ്ങളുടേയും സങ്കേതങ്ങളായ പദസമൂഹങ്ങളാണു് അവരെ സംബന്ധിച്ചിടത്തോളം ഭാഷയുടെ പ്രധാന കരുക്കൾ. മറ്റു രണ്ടു വിധ ഭാഷകളും വാചികമായ ഭാഷയെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങൾ മാത്രമാണു്.
ഭാഷയെപ്പറ്റി പ്രതിപാദിക്കുന്ന അനേകം മാതിരി ഗ്രന്ഥങ്ങളുണ്ടു്. ഐന്ദ്രികമായോ ബൗദ്ധമായോ ഉള്ള വിവിധാനുഭൂതികളുടെ സമീചീനമായ സമ്മേളനത്തിന്റെ ഫലമായുണ്ടാകുന്ന രൂപങ്ങളേയും ഭാവങ്ങളേയും കുറിക്കുന്നതിനായി ഓരോ ദേശക്കാർ ഉപയോഗിക്കുന്ന ശബ്ദങ്ങളെ ഏതെങ്കിലും ക്രമമനുസരിച്ച് അടുക്കി അർത്ഥഗ്രഹമുണ്ടാകത്തക്കവണ്ണം വിവരിക്കുന്ന ഗ്രന്ഥങ്ങൾക്കു കോശങ്ങൾ എന്നോ നിഘണ്ടുക്കൾ എന്നോ പേർ പറയുന്നു. ഭാഷയെ ശാസ്ത്രദൃഷ്ട്യാ പരിശോധിക്കുന്ന ഗ്രന്ഥത്തിനു വ്യാകരണമെന്നു പേർ. അക്ഷരങ്ങളെ അവയുടെ സ്വഭാവമനുസരിച്ചു് വേർതിരിക്കൂ, ശബ്ദങ്ങളെ ചില ഉപാധികൾ അനുസരിച്ചു് വിഭജിക്കുക, പദങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണവികാരങ്ങൾ, പ്രക്രിയകൾ, വാക്യഘടന ഇത്യാദി പലേ സംഗതികൾ സാധാരണ വ്യാകരണത്തിന്റെ അധികാരസീമയിൽപ്പെടുന്നവയാണു്. ഓരോ ഭാഷയിലും ഉല്പത്തിമുതൽ ഏതല്ക്കാലപര്യന്തം ഉണ്ടായിട്ടുള്ള ഭേദഗതികളെ സയുക്തികം പ്രതിപാദിക്കുന്ന ഭാഷാചരിത്രവും, ഒരേ കുടുംബത്തിൽപ്പെട്ട ഭാഷകളെ താരതമ്യംചെയ്തു്, എന്തെങ്കിലും സാദൃശ്യ വൈസാദൃശ്യങ്ങൾ ഉണ്ടെന്നു കണ്ടുപിടിക്കുന്ന ഭാഷാതാരതമ്യശാസ്ത്രവും (comparative philosophy) വാസ്തവത്തിൽ വ്യാകരണത്തിന്റെ ശാഖകൾ മാത്രമാണു്. സാഹിത്യചരിത്രത്തിൽ ഇവയൊന്നും ഉൾപ്പെടുന്നില്ല.
1.1 സാഹിത്യം
വിഷയവിശേഷംകൊണ്ടും പ്രതിപാദനരീതികൊണ്ടും ജനസാമാന്യത്തിനു രോചകമായും രൂപവിശിഷ്ടത, തജ്ജന്യമായ ആഹ്ലാദജനകത്വം എന്നീ ധർമ്മങ്ങളോടു കൂടിയതായും ഇരിക്കുന്ന ഗ്രന്ഥങ്ങൾ മാത്രമേ സാഹിത്യത്തിൽ ഉൾപ്പെടുന്നുള്ളു. സാഹിത്യം മനുഷ്യാത്മാവിന്റെ ചരിത്രമാണു്. ഒരു ഉത്തമ സാഹിത്യഗ്രന്ഥം മനുഷ്യജീവിതത്തിൽ നിന്നും നേരേ അങ്കുരിക്കുന്നു. അതു വായിക്കുന്നതിനാൽ നമുക്കു് ജീവിതത്തോടു വിശാലവും, ദൃഢവും, നവ്യവുമായ വേഴ്ചയുണ്ടാകുന്നു. മനുഷ്യർ ജീവിതത്തിൽ എന്തെല്ലാം കണ്ടിട്ടുണ്ടോ, എന്തെല്ലാം അനുഭവിച്ചിട്ടുണ്ടോ, പൊതുവെ നമുക്കെല്ലാം സ്ഥായിയായ ഒരു രസം തോന്നത്തക്കവണ്ണമുള്ള അതിന്റെ അവസ്ഥാവിശേഷങ്ങളെപ്പറ്റി എന്തെല്ലാം ചിന്തിച്ചിട്ടുണ്ടോ, അവയുടെ ഒക്കെ സജീവമായ ഒരു രേഖാപ്രമാണമാണു് സാഹിത്യം.
1.2 സാഹിത്യത്തിന്റെ ഉല്പത്തിക്കു കാരണമായ പ്രേരകശക്തികൾ
1. ആത്മാവിഷ്കരണേച്ഛ: ഇതിൽ നിന്നാണു് ഗ്രന്ഥകാരന്റെ ചിന്തകളേയും വികാരങ്ങളേയും നേരെ പ്രകാശിപ്പിക്കുന്ന ഖണ്ഡകാവ്യങ്ങളുടെ ഉല്പത്തി. സ്വസ്വവികാരങ്ങളേയും വിചാരങ്ങളേയും ഉള്ളിൽ ഒതുക്കിവെച്ചുകൊണ്ടിരിക്കുന്നതിനു് മനുഷ്യർ സ്വഭാവേന അസമർത്ഥന്മാരാകുന്നു. ആ സ്ഥിതിക്കു് ബൗദ്ധമായും മാനസികമായും ഉള്ള വിശിഷ്ടാനുഭവങ്ങളുടെ സ്ഥിതി പറവാനുണ്ടോ?
2. ജനങ്ങളിലും അവരുടെ പ്രവൃത്തികളിലും നമുക്കു സഹജമായുള്ള കൗതുകം: സ്ത്രീപുരുഷന്മാരിലും, അവരുടെ കായികമായും മാനസികമായും ഉള്ള വ്യാപാരങ്ങളിലും, അവർ തമ്മിലുള്ള വിവിധ വേഴ്ചകളിലും നാം പ്രകൃത്യാ കുതുകികളാണു്. ആ കൗതുകത്തിന്റെ ഫലമാണു് മനുഷ്യജീവിതമാകുന്ന—മഹാനാടകത്തേ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ ആവിർഭാവം.
3. നാം അധിവസിക്കുന്ന വാസ്തവികലോകത്തിലും മനസ്സൃഷ്ടമായ സങ്കല്പലോകത്തിലും നമുക്കുള്ള കൗതുകം: നാം മാംസചക്ഷുസ്സുകൊണ്ടോ സങ്കല്പദൃഷ്ടികൊണ്ടോ കണ്ടിട്ടുള്ള വസ്തുക്കളേപ്പറ്റി അന്യന്മാരോടു പറയുന്നതിനു് സ്വയം പ്രേരിതരായി ഭവിക്കുന്നു. ആ പ്രേരണയിൽനിന്നാണു് വർണ്ണനാപരങ്ങളായ സാഹിത്യഗ്രന്ഥങ്ങൾ ഉത്ഭവിക്കുന്നതു്.
4. രൂപവിശേഷങ്ങളിൽ നമുക്കുള്ള പ്രതിപത്തി: രാമണീയകവിശേഷങ്ങളെക്കണ്ടു് ആസ്വദിക്കുന്നതിനു ശക്തിയുള്ളവർ തങ്ങളുടെ ആശയങ്ങൾക്കു് ചമൽക്കാരകാരകമാകുംവണ്ണം വിചിത്രവേഷങ്ങൾ നൽകുന്നതിനു പ്രേരിതരായി ഭവിക്കുന്നു. അതുകൊണ്ടാണ് സാഹിത്യം ഒരു കലയായിത്തീർന്നതു്.
1.3 സാഹിത്യത്തിന്റെ വിശിഷ്ടഗുണങ്ങൾ
ഒന്നാമതായി സാഹിത്യം സുകുമാരകലകളിൽവെച്ചു് ഏറ്റവും ഉൽകൃഷ്ടമാകുന്നു. കേവലം ലൗകികമെങ്കിലും, ശീഘ്രഗ്രാഹിയായ ഒരുവന്റെ ശ്രദ്ധയ്ക്കു വിഷയീഭവിക്കുന്നതുവരെ മറഞ്ഞുകിടക്കുന്ന ഏതെങ്കിലും പരമാർത്ഥ തത്വത്തിന്റേയും രാമണീയകവിശേഷത്തിന്റേയും പ്രതിഫലനത്തേയാണു് നാം കവിത എന്നു പറയുന്നതു്. കൊയ്ത്തുകഴിഞ്ഞു പാടത്തുനിന്നു ചേറുപുരണ്ടുവരുന്ന കൃഷിവലകന്യകയെ എത്രയോപേർ കണ്ടിരിക്കും. പക്ഷേ, കവിയും ചിത്രകാരനും മാത്രമേ ആ വികൃതരൂപത്തിൽ മറഞ്ഞുകിടക്കുന്ന രാമണീയകവിശേഷത്തേയും സത്യത്തേയും കാണുന്നുള്ളു. കവിയുടെ ഹൃദയത്തിൽ ആ കന്യക എങ്ങനെ പ്രതിഫലിച്ചിരിക്കുന്നുവെന്നു നോക്കുക.
മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വൻ കറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകീ പ്രാഞ്ചിക്കിതച്ചങ്ങനെ
നാടൻ കച്ചയുടുത്തു മേനി മുഴുവൻ ചേറും പുരണ്ടിപ്പൊഴീ-
പാടത്തുന്നു വരുന്ന നിൻ വരവുകണ്ടേറെക്കൊതിക്കുന്നു ഞാൻ.
ആയിരത്തിൽ ഒരാൾ എങ്കിലും ആ സാധുസ്ത്രീയുടെ ഹൃദയത്തിൽ നിഷ്കപടമായ അദ്ധ്വാനത്തിന്റെയും, ആ വഴിക്കു ലഭിച്ച ജീവിതോപായത്തിന്റേയും ഫലമായി അങ്കുരിച്ച അലംഭാവത്തേയോ, ആനന്ദത്തേയോ, അവളിൽ നിന്നു സ്ഫുരിക്കുന്ന നിർവ്യാജമായ അദ്ധ്വാനമഹിമയേയോ കണ്ടിരിക്കുമോ?
സാഹിത്യത്തിന്റെ രണ്ടാമത്തേഗുണം അതിന്റെ വ്യഞ്ജകത്വം ആകുന്നു. “ഇവളാണോ ആ കണ്വപുത്രിയായ ശകുന്തള?” കാളിദാസൻ ഈ ചൂർണ്ണികയാൽ നമ്മുടെ കല്പനാശക്തിക്കു പുതുതായ ഒരു ലോകത്തിലേക്കു പ്രവേശിപ്പാനുള്ള ഒരു കവാടം തുറന്നുതരുന്നു.
സാർവകാലികത്വമാണു് സാഹിത്യത്തിന്റെ മൂന്നാമത്തെ ഗുണം. മനുഷ്യർ ജീവിതമത്സരത്തിൽ കുടുങ്ങി, ഭൗതികസുഖോപകരണ സമ്പാദനശ്രമത്തിൽ എത്രതന്നെ മുഴുകിയിരുന്നാലും രമണീയമായ വസ്തുക്കളേ നശിച്ചുപോവാൻ ഒരു കാലത്തും സമ്മതിക്കയില്ല. ഓരോ ഭാഷയിൽ അസംഖ്യം പുസ്തകങ്ങളും മാസികകളും അനുക്ഷണം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടു്. അവയിൽ സൗന്ദര്യാവബോധത്തിനു് ഉതകുന്ന ഉത്തമഗ്രന്ഥങ്ങളോ ലേഖനങ്ങളോ നശിച്ചുപോകുന്നതായി കാണുന്നില്ല. ഈ വിഷയത്തിൽ സാഹിത്യത്തെ കൂലങ്ങൾ കുത്തിമറിയുന്ന ഒരു നദിയിലെ ജലത്തോടു താരതമ്യപ്പെടുത്താം. ഒഴുക്കിനു ശക്തിയുള്ളപ്പോൾ ജലം കലങ്ങിപ്പോകുന്നുവെങ്കിലും, അല്പകാലത്തിനുള്ളിൽ മാലിന്യം നിശ്ശേഷം നീങ്ങി, വീണ്ടും അച്ഛസ്ഫടികസങ്കാശമായിത്തീരുന്നു. അന്തസ്സാരവിഹീനമായ ക്ഷുദ്രവസ്തുക്കൾ ഏതാനും ദിവസത്തേയ്ക്ക് പൊന്തിക്കിടന്നശേഷം എവിടയോ ചെന്നു് അടിയുന്നു. ചെളി അടിയിൽ ചെന്നു് ഉറഞ്ഞുപോകുകയും ചെയ്യുന്നു.
സാഹിത്യത്തിന്റെ നാലാമത്തെ ഗുണം സാർവ്വജനീനത്വമാണു്. നാം സംസ്കൃതസാഹിത്യം, തമിൾസാഹിത്യം എന്നിങ്ങനെ വേർതിരിച്ചു പറയാറുണ്ടെങ്കിലും നല്ല സാഹിത്യഗ്രന്ഥങ്ങൾക്കു് എല്ലാ ദേശക്കാരുടെയും ഹൃദയത്തെ ആവർജ്ജിക്കാനുള്ള ശക്തിയുണ്ടു്. ഉത്തമസാഹിത്യം നാലു എലുകകൾക്കുള്ളിൽ ഒതുങ്ങിരിക്കയില്ല; അതിനു് ജാതിഭേദമോ വർഗ്ഗഭേദമോ ഇല്ല. അത് സർവ്വലോകസാധാരണമായ രതി, ഉത്സാഹം, ശോകം ഇത്യാദി ഭാവങ്ങളെക്കൊണ്ടു് ഉപജീവിക്കുന്നതിനാൽ സർവ്വജനങ്ങളുടേയും ഹൃദയത്തിൽ അതിനു പ്രവേശമുണ്ടു്.
1.4 സാഹിത്യത്തിന്റെ പ്രയോജനം
സാഹിത്യം സുകുുമാരകലയാണെന്നു പറഞ്ഞതുകൊണ്ടു തന്നേ അതിന്റെ പരമമായ പ്രയോജനം ഹൃദയോല്ലാസമാണെന്നു് ഊഹിക്കാം. സൗന്ദര്യാവബോധത്തെ ഉത്തേജിപ്പിക്കുന്ന സകല വസ്തുക്കളും ഹൃദയാനന്ദകരങ്ങളാണു്. സാഹിത്യം നമ്മേ പുതുതായ ഒരു ലോകത്തിൽ പ്രവേശിപ്പിച്ചു് സങ്കല്പശക്തിക്കു് ഉന്മേഷം നൽകുന്നതിനാൽ അതിനു് സംസ്കാരകാരകത്വം എന്നൊരു പ്രയോജനം കൂടിയുണ്ടു്. കാന്താസമ്മിതത്വേന ഉപദേശിച്ചു് അതു നമുക്കു ധർമ്മാധർമ്മവിവേകവും നൽകുന്നു. അതിനുംപുറമേ സാഹിത്യത്തിലാണു് ഒരു ജനമണ്ഡലത്തിന്റെ ആദർശങ്ങളേയും ചിന്താവികാരാദികളേയും സൂക്ഷ്മമായി രേഖപ്പെടുത്തിക്കാണുന്നതു്. ചരിത്രത്തിൽ അവരുടെ ബാഹ്യവ്യാപാരങ്ങളെ മാത്രമേ വിവരിച്ചുകാണുകയുള്ളു. കേരളീയരുടെ ആദിമചരിത്രം വായിച്ചാൽ അവർ പരസ്പരം മത്സരിച്ചു് സ്വാധികാരസ്ഥാപനത്തിനായി ശണ്ഠ കൂടിക്കൊണ്ടിരുന്ന ഒരുകൂട്ടം സ്വാർത്ഥപരന്മാരാണെന്നു മാത്രം മനസ്സിലാക്കാം. അവരെപ്പറ്റി യഥാർത്ഥ വിവരങ്ങൾ അറിയേണമെങ്കിൽ വടക്കൻപാട്ടുകളോ, നമ്പ്യാരുടെ കൃതികളോ വായിക്കണം. അവയിൽ കേരളീയജീവിതത്തിന്റെ നാനാമുഖങ്ങളും വിശദമായി പ്രതിഫലിച്ചുകാണും. അതുകൊണ്ടാണു് സാഹിത്യം ചരിത്രത്തേക്കാൾ ഗൗരവമുള്ളതും വിജ്ഞാനപ്രദവുമാണെന്നു് “അരിസ്റ്റോട്ടൽ” എന്ന മഹാൻ അഭിപ്രായപ്പെട്ടിരിക്കുന്നതു്.
കാവ്യം യശസേഽർത്ഥകൃതേവ്യവഹാരവിദേശിവേദരക്ഷതയേ
സദ്യഃ പരനിർവൃതയേ കാന്താസമ്മിതദയോപദേശയുജേ.
എന്നിങ്ങനെ മമ്മടാചാര്യർ കാവ്യപ്രയോജനങ്ങളേ വിവരിക്കുന്നു. ഇവയിൽ യശസ്സും അർത്ഥവും കാവ്യകൃത്തുക്കളെ സംബന്ധിക്കുന്നതാണു്. ശിവേതരക്ഷതി വായനക്കാർക്കും ഉണ്ടാകാവുന്നതുതന്നെ. എന്നാൽ ലോകവ്യവഹാരജ്ഞാനവും, പരനിർവൃതിയും, ചിത്തസംസ്കാരവും ആണു് വായനക്കാർക്കുള്ള പ്രധാന പ്രയോജനങ്ങൾ. ആചാര്യർതന്നെ മുകളിൽ ഉദ്ധരിച്ചിട്ടുള്ള പദ്യത്തിന്റെ വൃത്തിയിൽ പറഞ്ഞിരിക്കുന്നതു് ഇങ്ങനെയാണു്. ‘സകല പ്രയോജന മൗലിഭൂദം സമനന്തരമേവ രസാസ്വാദനസമുൽഭൂതം വിഗളിത വേദ്യാനന്തരമാനന്ദം…’
ഇതിൽനിന്നും, കാവ്യത്തിന്റെ പരമമായ പ്രയോജനം തഛ്ശ്രവണാനന്തരമുണ്ടാകുന്ന പരമാനന്ദമാണെന്നു വ്യക്തമാകുന്നു.
1.5 സാഹിത്യത്തിന്റെ വിഷയങ്ങൾ
സാഹിത്യവിഭാഗത്തെപ്പറ്റി ആലോചിക്കുന്നതിനുമുമ്പായി അതിന്റെ വിഷയങ്ങളെപ്പറ്റി അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
1. വ്യക്തിഗതമായ അനുഭവങ്ങൾ:അതായതു് ഒരുവന്റെ ആന്തരവും ബാഹ്യവും ആയ ജീവിതവൃത്തികളുടെ സമവായം.
2. മനുഷ്യൻ എന്ന നിലയിൽ മനുഷ്യന്നുണ്ടാകുന്ന അനുഭവങ്ങൾ:അതായതു് ജനനമരണാദികൾ, സുകൃതദുഷ്കൃങ്ങൾ, വിധിനിശ്ചയങ്ങൾ, ഈശ്വരൻ, ഈശ്വരനുമായുള്ള ബന്ധം, ഇത്യാദി വിഷയങ്ങളേ സംബന്ധിക്കുന്ന മഹത്തരങ്ങളായ പ്രമേയങ്ങൾ.
3. മനുഷ്യന്റെ സാമുദായികബന്ധങ്ങൾ:സമുദായാംഗമെന്നുള്ള നിലയിൽ ചെയ്യുന്ന കർമ്മങ്ങൾ മുതലായവ.
4. ബഹിർല്ലോകവും മനുഷ്യനു് അതിനോടുള്ള ബന്ധവും.
5. കലാനിർമ്മാണത്തിനായി മനുഷ്യൻ ചെയ്യുന്ന പ്രയത്നങ്ങൾ. ഇവയഞ്ചുമാണു് സാഹിത്യത്തിന്റെ പ്രധാനവിഷയങ്ങൾ.
1.6 സാഹിത്യവിഭാവങ്ങൾ
സാഹിത്യത്തെ രൂപമനുസരിച്ചു് ഗദ്യം, പദ്യം, മിശ്രം എന്നു് പൊതുവേ മൂന്നായി വിഭജിക്കാം. ഛന്ദോനിബദ്ധവും ചമല്ക്കാരകാരകവുമായിട്ടുള്ളതു് പദ്യസാഹിത്യം.
ഛന്ദോരഹിതവും ചമൽക്കാരകാരകവുമായ സാഹിത്യം ഗദ്യസാഹിത്യം.
ഇതു രണ്ടും കലർന്നതു് മിശ്രം.
1.7 സാഹിത്യത്തെ സ്വഭാവമനുസരിച്ചും വേർതിരിക്കാം.
ആത്മാവിഷ്കാരകമായ സാഹിത്യം: ഗാനാത്മകഖണ്ഡകാവ്യങ്ങൾ (Lyrics), വിലാപകാവ്യങ്ങൾ (Elegies), ഉപന്യാസങ്ങൾ, കലാനിരൂപണങ്ങൾ ഇവയിൽനിന്നാണു് ഗ്രന്ഥകാരന്റെ സ്വാഭിപ്രായങ്ങളും വികാരങ്ങളും തെളിഞ്ഞുകാണുന്നതു്. അതായതു് അയാൾ ഇത്തരം കൃതികളിൽ ഏറെക്കുറെ അന്തർമ്മുഖനായി കാണപ്പെടുന്നു.
ഗ്രന്ഥകാരൻ അന്തർമുഖനാവാതെ ബാഹ്യമായ മനുഷ്യലോകത്തേക്കു് മനസ്സിനെ വ്യാപരിപ്പിക്കുമ്പോൾ ഉണ്ടാവുന്ന സാഹിത്യം: ചരിത്രം, ജീവനവൃത്താന്തം, ഉപാഖ്യാനം, ഇതിഹാസം, ആഖ്യായികകൾ മുതലായവ ഈ ഇനത്തിൽപ്പെടുന്നു.
വർണ്ണനാപരമായ സാഹിത്യം.
1.8 സാഹിത്യത്തിന്റെ പ്രധാന അംശങ്ങൾ നാലാണു്
1. ബൗദ്ധാംശം (ഒരു വിഷയത്തെ പ്രതിപാദിക്കുന്നതിനിടയിൽ ഗ്രന്ഥകാരൻ ചെയ്യുന്ന വിമർശനങ്ങൾ)
2. ഭാവവിശിഷ്ടമായ അംശം. ഇതാണു് രസരൂപത്തിൽ വായനക്കാർക്കു് അനുഭവപ്പെടുന്നതു്. കവി സമാധിയിൽ ഉദ്ദീപ്തമാകുന്ന രതിശോകാദിഭാവങ്ങളത്രേ വാങ്മുഖേന ബഹിർഗ്ഗമിച്ചു് ശ്രോതാക്കളുടേയോ പാഠകന്മാരുടേയോ ഹൃദയത്തിൽ ശൃംഗാരാദിരസങ്ങളായി അനുഭവപ്പെടുന്നതു്.
3. സാങ്കല്പികം: ഇതിനേയാണു് നാം ഭാവനാശക്തിയെന്നു വ്യവഹരിക്കുന്നതു്.
4. സാങ്കേതികം: രചനാസാമർത്ഥ്യം, രീതി, ഗുണം ഇവയെല്ലാം സാങ്കേതികാംശങ്ങളാകുന്നു. സാങ്കേതികാംശത്തിൽ ന്യൂനത വന്നാൽ കാവ്യത്തിനു് ദോഷം സംഭവിക്കും. സന്ദേശകാവ്യത്തിനു് മന്ദാക്രാന്തവൃത്തം തിരഞ്ഞെടുത്ത കവി, ശാകുന്തളത്തിൽ, ദുഷ്യന്തൻ ആശ്രമമൃഗങ്ങളുടെ നേർക്കു ശരം പ്രയോഗിക്കുന്നതിനു് ഒരുമ്പെടുന്നതിനെ തടയാനായി വന്ന ഋഷികളെക്കൊണ്ടു പറയിക്കുന്നതു് “നഖലു നഖലു” ഇത്യാദി ദ്രുതഗതിയായ ഒരു വൃത്തത്തിലാണു്. അതിനെ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് “അതിക്രൂരം ബാണം” എന്നിങ്ങനെ ഇഴഞ്ഞവൃത്തത്തിൽ തർജ്ജിമചെയ്തിട്ടുള്ളതു് അനുചിതമായിപ്പോയി എന്നു് ചിലർ ആക്ഷേപിക്കുന്നതും പ്രസ്താവയോഗ്യമത്രേ.
മമ്മടാചാര്യർ കവിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ ഇപ്രകാരം പരിഗണിച്ചിരിക്കുന്നു.
“ശക്തിർന്നിപുണതാ ലോകശാസ്ത്രകാവ്യോദ്യവേക്ഷണാൽ
കാവ്യജ്ഞശിക്ഷയാഭ്യാസ ഇതി ഹേതുസ്തദുത്ഭവേ.”
ശക്തി, ലോകശാസ്ത്രകാവ്യാദികളുടെ അവേക്ഷണംകൊണ്ടു സിദ്ധിക്കുന്ന നിപുണത, കാവ്യജ്ഞന്മാരുടെ ഉപദേശത്താലുണ്ടാവുന്ന അഭ്യാസം ഇവ മൂന്നും കാവ്യത്തിന്റെ ഉല്പത്തിക്കുള്ള ഹേതുക്കളാണു്. ഇതിൽ ശക്തിയെന്നു പറയുന്നതു് പ്രതിഭാ വിലാസത്തെയാകുന്നു. ലോചനകാരൻ പ്രതിഭയേ,
“പ്രതിഭാ അപൂർവവസ്തുനിർമ്മാണക്ഷമാ പ്രജ്ഞ” എന്നു നിർവ്വചിച്ചിരിക്കുന്നു. ഇങ്ങനെ നോക്കിയാൽ കാവ്യകാരനു് വാസനാരൂപമായ ശക്തിയും വ്യുല്പത്തിദാർഢ്യവും അവശ്യമുണ്ടായിരിക്കേണ്ടതാണു്. ബൗദ്ധവും സാങ്കേതികവും ആയ അംശങ്ങൾ വ്യുല്പത്തിയുടെ ഫലങ്ങളാകുന്നു. ബാക്കിയുള്ളവ ശക്തിജന്യങ്ങളത്രേ. സർ വില്യം ടെമ്പിൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു:
“കാവ്യം പ്രതിഭാശക്തിയുടെ സന്താനമാണെന്നുവരികിലും, അതിനു് പരിപുഷ്ടിയും അവയവസന്നിവേശത്താലുണ്ടാകുന്ന സൗന്ദര്യവും വരേണമെങ്കിൽ അഭ്യാസത്താൽ നിയന്ത്രിക്കാതെ തരമില്ല.”
1.9 സാഹിത്യചരിത്രം
നാം ഒരു പുസ്തകം എടുത്താൽ, അതിന്റെ ഗ്രന്ഥകർത്താവിനെപ്പറ്റി ചിന്തിക്കുക സാധാരണമാണല്ലോ. അതുപോലെതന്നെ ഒരു ഗ്രന്ഥകർത്താവിനെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ വിചാരഗതി അയാൾ ജീവിച്ചിരിക്കുന്ന കാലത്തിലേക്കും, അയാൾ ഉൾപ്പെട്ട ജനമണ്ഡലത്തിലേക്കും കടക്കുന്നു. ഏതെങ്കിലും ഒരു ഭാഷയിലെ സാഹിത്യമെന്നു പറയുന്നതു്, അതു സംസാരിച്ചുവരുന്ന ജനതയുടെ മനോഗതികളുടേയും സ്വഭാവത്തിന്റേയും കാലന്തോറും ഉത്തരോത്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ആവിഷ്ക്കരണത്തേയാണു്. അതുകൊണ്ടു് സാഹിത്യപഠനം ഒരുമാതിരി ലോകസഞ്ചാരമാണെന്നുപറയാം. അതു ഭിന്നജനതകളുടെ മനസ്സഞ്ചയങ്ങളിൽക്കൂടി യഥേച്ഛം സഞ്ചരിക്കുന്നതിനു നമ്മെ സമർത്ഥന്മാരാക്കിത്തീർക്കുന്നു. അതുകൊണ്ടു് സാഹിത്യം ചരിത്രത്തിന്റെ ഒരു അനുബന്ധവും വ്യാഖ്യാനവുമാണെന്നു സിദ്ധിക്കുന്നു.
അധ്യായം 2
2. കേരളവും കൈരളിയും
സാഹിത്യത്തിനു ഭാഷയോടും അതു സംസാരിച്ചുവരുന്ന ജനമണ്ഡലത്തോടും അഭേദ്യമായ ഒരു സംബന്ധമുണ്ടെന്നു് ഒന്നാം അദ്ധ്യായത്തിൽനിന്നു വിശദമാകുന്നു. ആ സ്ഥിതിക്കു് കേരളത്തിന്റേയും കൈരളിയുടേയും ചരിത്രത്തെപ്പറ്റിയും ഇവിടെ അല്പം പ്രസ്താവിക്കാതെ തരമില്ല.
‘കേരള’ശബ്ദത്തെ കേരളൻ എന്ന ചേരരാജാവിന്റെ പേരിൽനിന്നു ചിലർ വ്യുല്പാദിപ്പിക്കുന്നു. പ്രാചീനകാലങ്ങളിൽ രാജ്യത്തിന്റെ പേരുചൊല്ലി രാജാവിനെ വിളിക്കുക പതിവായിരുന്നതല്ലാതെ [1] മറിച്ചുകണ്ടിട്ടില്ലാത്തതുകൊണ്ടു് ഈ വ്യുല്പത്തി ശരിയാണെന്നു തോന്നുന്നില്ല. കേരവൃക്ഷം ധാരാളം ഉള്ള ദേശമായതുകൊണ്ടു് കേരളമെന്നുപേർ സിദ്ധിച്ചുവെന്നാണു് ചില പണ്ഡിതന്മാരുടെ മതം.
ഏതു ശബ്ദത്തേയും സംസ്കൃതത്തിൽനിന്നു് വ്യുല്പാദിപ്പിക്കുന്നതിനു് അവർക്കു പൊതുവേ ഒരു പ്രവണതയുള്ള സ്ഥിതിക്കു് ഇതിനെപ്പറ്റി അത്ഭുതപ്പെടാനില്ല. പക്ഷേ, ചരിത്രം ഈ വ്യുല്പത്തിയെ ലേശംപോലും അനുകൂലിക്കുന്നില്ലെന്നു വ്യസനപൂർവ്വം പറയേണ്ടിയിരിക്കുന്നു. കേരവൃക്ഷം ഇവിടെ കൊണ്ടുവന്നതു് ഈഴവരാണെന്നാണു് ഐതിഹ്യം. അവർ കേരളത്തിൽ പ്രവേശിച്ചതു് ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്നു വിചാരിക്കുന്നതിനു മതിയായ ലക്ഷ്യങ്ങളുണ്ടു്. അവർക്കു് തീയ്യർ, ഈഴവർ, ചോവർ എന്നു പലേ പേരുകൾ കാണുന്നു. അവയിൽ ‘ഈഴവ’ശബ്ദം ‘സിംഹള’പദത്തിന്റെ, തത്ഭവമാണെന്നു് എല്ലാവരും സമ്മതിക്കുന്നുണ്ടു്. തീയശബ്ദം ‘ദ്വീപർ’ എന്നതിന്റെ തത്ഭവമാണെന്നു ചിലർ പറയുന്നു. ഈ വ്യുല്പത്തി ശരിയാണെങ്കിൽ, രണ്ടു ശബ്ദങ്ങളും സംസ്കൃതത്തിൽനിന്നു നേരെ വന്നതാണെന്നു വിചാരിക്കുന്നതിനേക്കാൾ പാലിയിൽക്കൂടി കടന്നുവന്നതാണെന്നു വിചാരിക്കുന്നതാണു് അധികം യുക്തിയുക്തമെന്നുതോന്നുന്നു. ഈഴവർ ആദ്യകാലത്തു് ബുദ്ധമതാനുയായികളായിരുന്നുവെന്നാണു് ഊഹിക്കപ്പെട്ടിരിക്കുന്നതു്. ‘ചോവ’ ശബ്ദംതന്നെ ആ ഊഹത്തെ ബലപ്പെടുത്തുന്നു. ചോവൻ (ചേവൻ) എന്നതു് സേവകൻ എന്ന പദത്തിൽനിന്നും ഉത്ഭവിച്ചതായിരിക്കണം. എങ്ങനെ ആയാലും, ക്രിസ്ത്വബ്ദം ഒന്നാംനൂറ്റാണ്ടിൽ കേരളത്തിൽ കേരവൃക്ഷങ്ങൾ കണികാണ്മാൻപോലും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഗ്രീക്കുഭാഷയിൽ എഴുതപ്പെട്ട ‘പെരിപ്ലസ്’ എന്ന ഗ്രന്ഥത്തിൽ കേരളത്തെപ്പറ്റി പലേ വിവരങ്ങൾ ചേർത്തിട്ടുണ്ടു്. ഈ നാട്ടിലെ ‘കല്പവൃക്ഷ’മെന്നു സുവിഖ്യാതമായ (?) ‘കേരളത്തെ’പ്പറ്റിമാത്രം ഒന്നും പറഞ്ഞുകാണാത്തതു് എന്തുകൊണ്ടു്? ഇതുപോലെതന്നെ മറ്റുചില പാശ്ചാത്യഭൂസഞ്ചാരികളും കേരളത്തെപ്പറ്റി ഒന്നും മിണ്ടീട്ടില്ല. ആറാംശതവർഷത്തിൽ കേരളം സന്ദർശിച്ച ഒരു സഞ്ചാരി അതിനെ ‘ആർശില്യ’എന്നപേരിൽ ഭംഗിയായി വിവരിച്ചുകാണുന്നുമുണ്ടു്. കേരളോല്പത്തിയിൽ പറഞ്ഞിരിക്കുന്ന കഥ വിശ്വസിക്കാമെങ്കിൽ ഭാസ്കരരവിവർമ്മപ്പെരുമാളുടെ കാലത്തായിരിക്കണം ഈഴവർ കേരളത്തിൽ കടന്നുകൂടിയതു്. പക്ഷേ സ്ഥാണുരവിഗുപ്തപ്പെരുമാളുടെ ഒരു താമ്രശാസനത്തിൽ ഈഴവരുടെ ഒരു യോഗത്തെപ്പറ്റിയും അവരുടെ ചില അവകാശങ്ങളെപ്പറ്റിയും പ്രസ്താവിച്ചുകാണുന്നതുകൊണ്ടു്, അക്കാലത്തിനുമുമ്പുതന്നെ അവർക്കു പറയത്തക്ക പ്രാബല്യം കേരളത്തെപ്പറ്റി (???) അശോകന്റെ ലേഖനങ്ങൾ മുതലായവയിലും പ്രസ്താവങ്ങൾ കാണുന്നസ്ഥിതിക്കു് കേരശബ്ദത്തേക്കാൾ കേരളശബ്ദത്തിനു പഴക്കമുണ്ടെന്നു നിശ്ശംശയം പറയാം. കേരത്തിനു ചേരരാജ്യത്തെ മരമെന്നേ അർത്ഥമുള്ളു. ഈ ആഗമത്തെ ചെരട്ട, കരിക്കു്, ചകിരി ഇത്യാദി കേരസംബന്ധമായ പദങ്ങൾ അനുകൂലിക്കുന്നുമുണ്ടു്. മലയാളത്തിലെ ചകാരം കർണ്ണാടകത്തിലും വിരളമായി തമിഴിലും ‘ക’ കാരരൂപത്തിൽ കാണാറുമുണ്ടു്. ചീര, കീര; ചില, കെലവു; ചെറു, കെറു ഇത്യാദി ഉദാഹരണങ്ങൾ കാണുക. ഇങ്ങനെ നോക്കിയാൽ ചേരക്കായു്, കരിക്കായും; ചേരച്ചട്ട, ചെരട്ടയായും; ചേരി ചകിരിയായും പിന്നീടു കയറായും പരിണമിച്ചതാണെന്നു വിചാരിക്കുന്നതിൽ അസാംഗത്യമില്ല. തേങ്ങ എന്ന പദത്തിനു തെൻകായു് എന്നാണർത്ഥം. പ്രസ്തുതപദം തെങ്ങിന്റെ ഉല്പത്തിസ്ഥാനത്തേയാണു കാണിക്കുന്നതു്.
ഭാരതത്തിലും അശോകന്റെ ശാസനങ്ങളിലും മറ്റും കേരളശബ്ദം കണ്ടുവരാറുള്ളതുകൊണ്ടും ഈ നാടിനെ സ്ഥാണുരവിഗുപ്തപ്പെരുമാളിന്റെ കാലംവരെ ‘അളതേയം’ എന്നുവിളിച്ചുവന്നതുകൊണ്ടും ചേരദേശത്തിന്റെ അളം എന്നു് ഈ പദത്തെ വിശേഷിപ്പിക്കുന്നതാണു് യുക്തം. അളം എന്നാൽ അനൂപപ്രദേശം എന്നത്രേ അർത്ഥം. ഗുണ്ടർട്ടുസായ്പു് ചേരളം എന്നൊരുപദം തന്റെ അകാരാദിയിൽചേർത്തിട്ടുമുണ്ടു്. ചോളരാജാവായ രാജകേസരിവർമ്മൻ ‘വീരപാണ്ഡ്യ ചേരള ചോള ലങ്കാ’ദി ദേശങ്ങളെ പിടിച്ചടക്കിയതായി തഞ്ചാവൂർ ജില്ലയിൽനിന്നും കിട്ടിയ ഒരു താമ്രശാസനത്തിൽ പറഞ്ഞിരിക്കയും ചെയ്യുന്നു.
കേരളം പരശുരാമനിർമ്മിതമാണെന്നു പറയുന്ന ഐതിഹ്യത്തിൽ വല്ല സത്യവും ഉണ്ടെങ്കിൽ അതു് ഇത്രമാത്രമേയുള്ളൂ. അദ്ദേഹം ആയിരിക്കാം കേരളത്തിൽ ആര്യബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതു്. അദ്ദേഹം കൊണ്ടുവന്ന ബ്രാഹ്മണർ നാഗങ്ങളെക്കണ്ടു തിരിച്ചുപോയെന്നും, പിന്നീടു കൊണ്ടുവന്നവരും ഓടിക്കളയാതിരിപ്പാനായി അവർക്കു മുൻകുടുമവെച്ചുവെന്നും ഒരു ഐതിഹ്യമുണ്ടു്. നാഗങ്ങൾ ഇന്ത്യയുടെ എല്ലാഭാഗങ്ങളിലും വിശേഷിച്ചു് ആര്യന്മാരുടെ ആദ്യനിവേശസ്ഥാനങ്ങളിലും ഉണ്ടായിരുന്നസ്ഥിതിക്കു് അവർ പാമ്പുകളെക്കണ്ടു് ഭയപരവശരായിച്ചമഞ്ഞുവെന്നു വിചാരിക്കുന്നതിനേക്കാൾ അക്കാലത്തെ നാടുവാഴികളും, (???) പ്രബലന്മാരായിരുന്ന നായന്മാരെപേടിച്ചു് ഓടിപ്പോയതാണെന്നു പറയുന്നതാണു് യുക്തിക്കു് അധികംയോജിച്ചതു്. അല്ലാത്തപക്ഷം മുൻകുടുമവെച്ചതുകൊണ്ടുമാത്രം അവർക്കു തിരിച്ചുപോകാൻ സാധിക്കാതെ വന്നു എന്നുവരണം. വീണ്ടും മുൻകുടുമമാറ്റി പിൻകുടുമയാക്കുന്നതിനു സാധിക്കാത്തവണ്ണം അത്ര ബാലിശന്മാരായിരുന്നുവെന്നു് നമ്പൂതിരിബ്രാഹ്മണരെപ്പറ്റി അറിവുള്ളവരാരും സമ്മതിക്കയില്ല. ഇന്നും അവരുടെ ബുദ്ധിശക്തിയെ കേരളീയർ വാഴ്ത്തിക്കൊണ്ടുതന്നെ ഇരിക്കുന്നു. സംഖ്യാബലം ഇല്ലാതിരുന്ന മലയാളബ്രാഹ്മണർ ഇന്നാട്ടുകാരുടെ വേഷവിശേഷങ്ങളും ആചാരങ്ങളും സ്വീകരിച്ചതു മുതൽക്കു് അവർക്കു് ഇവിടെ താമസം സുകരമായെന്നുമാത്രമെ ആ ‘കുടുമമാറ്റ’ക്കഥകൊണ്ടു മനസ്സിലാക്കേണ്ടതായുള്ളു.
നായന്മാരെ പൂർവ്വകാലങ്ങളിൽ നാഗന്മാരെന്നു വിളിച്ചുവന്നുവെന്നു വിചാരിക്കുന്നതിലും ചില ലക്ഷ്യങ്ങളുണ്ടു്. തെക്കൻദിക്കുകളിൽ പ്രചാരമുണ്ടായിരുന്ന ചില പാട്ടുകളിൽ ‘നാകന്മാ’രുടെ രൂപം, വേഷം, ആചാരമര്യാദകൾ മുതലായവയെപ്പറ്റി വിവരിച്ചിട്ടുണ്ടു്.
“നെടുമീശൈ വിരിമാറു തിടമേനി പടവാള
നീറണി നെറ്റി നേർന്തകോളരിമേത്തടം
പൊടിച്ചിതറി വമർത്തും നെടും തിടക്കൈ”
അതുപോലെതന്നെ ഒരു പഴയ വഞ്ചിപ്പാട്ടിൽ,
“അന്തിമന്തിരമോതും വേതിയോൻ
അന്തികാലേ കുളിച്ചകംപുക്കു്
അണിന്തപൂവാരിയഭിഷേകം ചെയ്തി-
ട്ടരളിപ്പുമാലചാർത്തവേ
തിത്തിമിം തിമിനെന്നു മുത്തളം
തിമിലച്ചെണ്ടയുംകൈമണി
തിമൃത്തക വിമൃതക്കൊമ്പൊടു
വീരാളൻ കുഴലൂതവേ.
കൊടികുടതഴയെടുത്തുശീവേലി
നടത്തവേ കോവിലകം പുക്കു
ഇരുകരങ്ങളും കവിച്ചു നാകന്മാര
തെരുതെരെത്തുതിമുഴക്കവേ
തെളുതെളെ നെറ്റിത്തടത്തിൽ നീറിട്ടു
നറുമലർ വാരിച്ചൊരിയവേ” ഇത്യാദി [2]
പക്ഷേ, ഈ നാഗന്മാർ ഉത്തരഭാരതത്തിൽനിന്നു് ഉപനിവേശിച്ചവരോ, അതോ അവരുടെ വീര്യപരാക്രമങ്ങളോർത്തു് നാഗന്മാരെന്നപേരു നമ്പൂതിരിമാർ നൽകിയതോ എന്നു തീർച്ചപ്പെടുത്തുന്നതു് ഇപ്പോൾ വിഷമമായിരിക്കുന്നു. ഇതിൽ രണ്ടാമത്തെ ഊഹമാണ് കുറെക്കൂടെ സംഗതമായിട്ടുള്ളതു്.
കേരളത്തിന്റെ എലുകകളേ സംബന്ധിച്ചും പലേ അഭിപ്രായവ്യത്യാസങ്ങൾ കാണുന്നുണ്ടു്. ഒരു കേരളോൽപത്തിയിൽ ഇപ്രകാരമാണു് പറഞ്ഞിരിക്കുന്നതു്:
“കന്യാകുമാരി ഗോകർണ്ണത്തിനിട നൂറ്റിഅറുപതുകാതം വഴി മലയാളം എന്ന ഭൂമി ചമച്ചു. അതു നാലു ഖണ്ഡമാക്കി. അതിൽ ഗോകർണ്ണത്തിൽനിന്നു തുടങ്ങി തുളുനാട്ടു പെരുമ്പുഴയോളം തുളുരാജ്യം; തുളുനാട്ടുപെരുമ്പുഴയ്ക്കു തെക്കു് പുതുപ്പട്ടണത്തോളം കൂപദേശം; പുതുപ്പട്ടണത്തിനുതെക്കു് കനാറ്റിപ്പാലത്തോളം കേരളം; കന്നറ്റിയിന്നു തെക്കു് കന്യാകുമാരിയോളം മൂഷികദേശമെന്നും ചൊല്ലുന്നു.” കാളിദാസൻ വേത്രവതി, ശരാവതി, കാളിനദി എന്നീ മൂന്നുനദികൾ കേരളത്തിലുള്ളതായി വർണ്ണിച്ചിരിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ കാലത്തു് കേരളത്തിൽ തെക്കെ കന്നടയും മലയാളജില്ലയിൽ ഒരംശവും ഉൾപ്പെട്ടിരിക്കണം. മഹാകൂടശിലാലേഖനത്തിൽ, കേരളത്തെ മൂഷികദേശത്തിൽനിന്നു വേർതിരിച്ചും പറഞ്ഞുകാണുന്നു. കൈവല്യനവനീതം എന്ന പഴയഗ്രന്ഥത്തിൽ മാത്രം ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള പ്രദേശത്തിനു് കേരളം എന്ന പേർ നൽകിയിട്ടുണ്ടു്. ഈ അർത്ഥത്തിലാണു് ഇപ്പോൾ ഈ പദത്തെ ഉപയോഗിക്കാറുള്ളതും.
ആദിമകേരളീയർ ദക്ഷിണ പഥത്തിൽനിന്നും കേരളത്തിലിറങ്ങി കുടിപാർത്തവരാണ് എന്നാണു കരുതുന്നതു്. ‘നായർ’ ശബ്ദത്തെ ‘നാഗ’ ശബ്ദത്തിൽനിന്നോ ‘നായക’ ശബ്ദത്തിൽനിന്നോ വ്യുല്പാദിപ്പിക്കുന്നതു് ശരിയായിരിക്കുമോ എന്നു സംശയമാണു്. ‘നായർ’ ശബ്ദത്തിനു് ‘എജമാനൻ’ എന്നർത്ഥമേ ഉള്ളു. ഏതാണ്ടു് ഇതേ അർത്ഥം തന്നെയാണു് തമിൾ നാടുകളിലേ ‘നായ്ക്കനും’ തെലുങ്കുദേശത്തിലെ ‘നായിഡു’വിനും ഉള്ളതു്. ആര്യോപനിവേശത്തിനുമുമ്പു് നാടുവാണിരുന്നതു് ഇവരായിരുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചതായിരിക്കണം. പേരിൽ കാണുന്ന ഈ സാദൃശ്യം അവർ ഒരുകാലത്തു് ഒരേവർഗ്ഗത്തിൽപ്പെട്ടവരായിരുന്നുവെന്നു കാണിക്കുന്നു. ഇതിനും പുറമേ മലയാളികൾ ‘കീഴു്’ ‘മേക്കു്’ എന്നീ പദങ്ങൾ ഉപയോഗിക്കുന്നതുനോക്കിയാൽ, അവർ സഹ്യാദ്രിക്കു അപ്പുറത്തുനിന്നു വന്നവരാണെന്നു കാണാം. ഇതിനും പുറമേ വേറൊരു ലക്ഷ്യമുള്ളതും പ്രസ്താവയോഗ്യമാണു്. ആര്യന്മാർ ‘അസുരന്മാരെന്നു’ ഗണിച്ചു വന്നവരുടെ കൂട്ടത്തിൽ ദ്രാവിഡരും ഉൾപ്പെടുന്നുണ്ടെന്നു് ആധുനികചരിത്രകന്മാർ സമ്മതിക്കുന്നുണ്ടു്. ദ്രാവിഡരിൽ പലരും അസുരരാജാക്കന്മാരുടെ പേരുകൾ സ്വീകരിച്ചുവരാറുള്ളതും, കേരളത്തിൽ ‘മഹാബലി’ യെ ആരാധിക്കുന്നതും ഈ ഊഹത്തിനു് അവഷ്ടാഭകമായിരിക്കുന്നുണ്ടു്. കേരളീയരാജാക്കന്മാർ മഹാബലി വംശക്കാരെന്നും ബാണവംശക്കാരെന്നും രണ്ടുതരത്തിൽപ്പെട്ടവരായിരുന്നുതാനും. മഹാബലിയേ-സത്യസന്ധത, ദാതൃത്വം ഈ സൽഗുണങ്ങൾക്കു് വിളനിലമായിരുന്ന മഹാബലിയേ- ആര്യന്മാർ വഞ്ചിച്ച് ഓടിച്ചതിന്റെ ശേഷം കേരളത്തിൽ വന്ന പുണ്യദിനത്തിന്റെ സ്മാരകമല്ലയോ ചിങ്ങമാസത്തിൽ തിരുവോണം എന്നു ശങ്കിപ്പാനും വഴിയുണ്ടു്. മഹാബലി ഉത്രാടംനാൾ രാത്രിയിൽ വരുമെന്നാണു് എല്ലാ പഴമക്കാരായ മലയാളികളുടേയും വിശ്വാസം. അതിനായി അവർ തൂത്തുതളിച്ചു് ഗൃഹം ശുചിയാക്കിവെയ്ക്കുന്നതു് ഇന്നും നടന്നുവരുന്നതാണല്ലോ.
കേരളത്തിനു് മലയാളം എന്ന പേരാണു് ഇന്നുള്ളവർക്കു് അധികംപത്ഥ്യമായിട്ടുള്ളതു്. അവരുടെ ഭാഷയ്ക്കു് മലയായ്മ, മലയാർമ, മലയാണ്മ എന്നിങ്ങനെയൊക്കെ പേരുകളുണ്ടായിരുന്നു.‘മലനാട്ടിനെ ആളുന്ന’വരുടെ ഭാഷയായതിനാൽ ഈ പേരു് വന്നുകൂടിയതായിരിക്കണം. ഇപ്പോൾ ‘പ്രാചീന’ഭാഷയെക്കുറിക്കുന്നതിനു മാത്രമേ ‘മലയാണ്മ’ എന്ന പേരു്, അറബികളിൽനിന്നു സിദ്ധിച്ചതാണെന്നാണു് കാൽഡ്വൽ സായ്പിന്റെ മതം.
‘മലയാളഭാഷ’യുടെ ഉൽപത്തിയെപ്പറ്റിയാണു് ഇനി ചിന്തിക്കേണ്ടതു്. കോവുണ്ണിനെടുങ്ങാടി കേരളകൗമുദിയിലെ മംഗളപദ്യത്തിൽ,
“സംസ്കൃതഹിമഗിരി ഗളിതാ
ദ്രാവിഡ വാണികളിന്ദജാമിളിതാ
കേരള ഭാഷാഗംഗാ
വിഹാതുമേ ഹൃത്സരസ്വദാസംഗാ”
എന്നു പറഞ്ഞിരിക്കുന്നു: ഈ പദ്യത്തിനെ അദ്ദേഹം ഇങ്ങനെയാണു് വ്യാഖ്യാനിക്കുന്നതു്:
“സാക്ഷാൽ സംസ്കൃതമാകുന്നൊരു ഹിമവാങ്കൽനിന്നു് പുറപ്പെട്ടും, ദ്രാവിഡവാണി (എന്നാൽ, തമിഴു്, തെലുങ്കു്, കന്നടം,തുളു, മഹാരാഷ്ട്രാ ഈ പഞ്ചഭാഷകളിൽ പ്രധാനമായ തമിഴു്) ആകുന്ന കാളിന്ദിയോടും വാണിയാകുന്ന വാണി എന്നു് അന്തർഭവിച്ചിരിക്കുന്നതിനാൽ അന്തർവാഹിനിയായി മറ്റൊരു ദ്രാവിഡമാകുന്ന സരസ്വതീനദിയോടും ചേർന്നു ഇരിക്കുന്ന മലയാളഭാഷയാകുന്നൊരു ഗംഗ എന്റെ ഹൃദയമാകുന്ന സമുദ്രത്തിൽ നിരന്തരം പ്രവഹിച്ചുവിളയാടണം എന്നർത്ഥം.”
വീണ്ടും—
“ആര്യദ്രാവിഡവാഗ്ജാതാകേരളീയോക്തി കന്യകാ
ഏതൽസൂത്രവരാരോഹാ പ്രസൂതാ പ്രൗഢസമ്മതം”
എന്നു ഭാഷാഗമത്തെപ്പറ്റി ഒരു പദ്യം ചേർത്തിട്ടു് ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
“ആര്യവ്യവഹാരമെന്ന സംസ്കൃതത്തിന്റേയും ദ്രാവിഡവാക്കെന്ന തമിഴിന്റേയും കലർപ്പിൽനിന്നുണ്ടായ ഈ ദ്രാവിഡവാക്കെന്ന തമിഴിന്റേയും കലർപ്പിൽനിന്നുണ്ടായ ഈ കേരളഭാഷയാകുന്ന കന്യക ഈ വ്യാകരണമാകുന്നൊരു നേതാവിനോടുചേർന്നു് പ്രൗഢയായി മേലാൽ വിദ്വാന്മാരുടെ സന്തോഷമാകുന്നൊരു സന്തതിയെ പ്രസവിക്കേണമേ എന്നു താല്പര്യം.
ഇങ്ങനെ മലയാളഭാഷയുടെ പിതൃഭാവം സംസ്കൃതത്തിനും, മാതൃഭാവം ദ്രമിളത്തിനും അദ്ദേഹം നൽകിയിരിക്കുന്നു. ഈ അഭിപ്രായം മണിപ്രവാളത്തെ സംബന്ധിച്ചിടത്തോളം ശരിയാണെന്നല്ലാതെ ഭാഷയുടെ ഉൽപ്പത്തിയെ വിശദീകരിക്കുന്നതിനു് പര്യാപ്തമല്ല. ഗുണ്ടർട്ടുസായ്പു മലയാളഭാഷാവ്യാകരണത്തിന്റെ മുഖവുരയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിന്റെ ഒരു ശാഖയാകുന്നു. അതു് തെലുങ്കു്, കർണ്ണാടകം, തുളു, കുടകു് മുതലായ ശാഖകളേക്കാൾ അധികം തമിഴരുടെ സൂത്രങ്ങളോടു് ഒത്തുവരികയാൽ ഉപഭാഷയത്രേ.” ഏകദേശം ഈ മതത്തെത്തന്നെ ഭാഷാപരികർത്താവും സ്വീകരിക്കുന്നു.
മലയാളം സംസ്കൃതത്തിൽനിന്ന് ഉത്ഭവിച്ചതാണെന്നു വിശ്വസിക്കുന്നവർ ഇന്നു് അപൂർവ്വമാണെങ്കിലും അങ്ങനെയും ചിലരുണ്ടെന്നു പറയാതെ തരമില്ല. രണ്ടുഭാഷകളുടെ ജന്യജനകഭാവം നിർണ്ണയിക്കുന്നതിനു് ഭാഷാശാസ്ത്രജ്ഞന്മാർ നിശ്ചയിച്ചിട്ടുള്ള ഏതു തോതുകൾവെച്ചു നോക്കിയാലും ഈ വാദം നില്ക്കയില്ല. “ആദിയിൽ വാക്കുമുണ്ടായി (പ്രണവ)” എന്നിങ്ങനെ ക്രൈസ്തവവേദപുസ്തകത്തിൽ കാണുംപോലെ ‘ആദിയിൽ സംസ്കൃതമുണ്ടായി’ എന്നിങ്ങനെ ഒരു ചൂർണ്ണിക എല്ലാ ഭാഷകളുടേയും ചരിത്രത്തിന്റെ ആദിയിൽ ചേർത്തുകാണാനാഗ്രഹിക്കുന്ന ഗീർവാണീഭക്തന്മാരിൽ യുക്തിയേക്കാൾ ഭക്തിയാണു് പ്രബലമായി കാണുന്നതു്.
1. ശരീരാവയവങ്ങളേയും, അവയുടെ വ്യാപാരങ്ങളേയും കുറിക്കുന്ന പദങ്ങൾ (കണ്ണു, ചെവി, നാക്കു്, മൂക്കു്, കാണുക, കേൾക്കു, തിന്നുക, മണക്കുക, ഇത്യാദി).
2.നമ്മുടെ ജീവിതോപകരണങ്ങളെക്കുറിക്കുന്ന പദങ്ങൾ (വീടു്, മുറ്റം, പുര, തീയു്, അരി, ചോറു്, നെല്ലു്, ഇത്യാദി).
3.നിത്യോപയോഗമുള്ള ജന്തുക്കളുടെ പേരുകൾ (നായ, ആടു്, മാടു്, കാള, കുതിര ഇത്യാദി).
4. ;ബന്ധുനാമങ്ങൾ (അമ്മ, മകൾ, തന്ത ഇത്യാദി).
5.സർവ്വനാമങ്ങളും അക്കങ്ങളും.
6. ;സാധാരണ ക്രിയകളെ കുറിക്കുന്ന ശബ്ദങ്ങൾ.
ഇവയെല്ലാം ദ്രാവിഡ സാധാരണങ്ങളാണു്.
വ്യാകരണസംബന്ധമായി നോക്കിയാലും സംസ്കൃതത്തിനും മലയാളത്തിനും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നു.
1. മലയാളത്തിൽ ലിംഗഭേദം അർത്ഥാനുരൂപമായിട്ടാണു് ചെയ്തിരിക്കുന്നതു്. സംസ്കൃതത്തിൽ അങ്ങനെയല്ല. സംസ്കൃതത്തിൽ ‘അസി’ശബ്ദാപുല്ലിംഗം. മലയാളത്തിലൊ ‘വാൾ’ നപുംസകമാണു്. ‘ദാരാഃ’ എന്ന ശബ്ദം സംസ്കൃതത്തിൽ പുല്ലിംഗമാണെങ്കിലും ‘ഭാര്യ’ എന്നാണർത്ഥം. അതേ അർത്ഥത്തിലുള്ള കളത്രം നപുംസകവുമാണു്.
2. സംസ്കൃതത്തിലെപ്പോലെ മലയാളത്തിൽ ദ്വിവചനം ഇല്ല.
3. മലയാളത്തിൽ വിശേഷണവിശേഷങ്ങൾക്കു് സംസ്കൃതത്തിലെപ്പോലെ ലിംഗവിവേചനപ്പൊരുത്തമില്ല.
‘സത്യവാൻബാലകഃ; സത്യവതിബാലികഃ; സത്യവസന്തഃ ബാലകാഃ’ ഇങ്ങനെയാണു് സംസ്കൃതത്തിൽ. മലയാളത്തിലോ ‘നേരുള്ള കുട്ടി, നേരുള്ള പെണ്ണു് ഇങ്ങനെ മതി’.
പക്ഷേ, ക്രിയയോടു് ലിംഗപ്രത്യയം ചേർക്കുന്ന പതിവു് സംസ്കൃതത്തിലില്ലെങ്കിലും മലയാളത്തിലുണ്ടു്.
‘അറിവേനഹമാർഷമാം പ്രഭാവം’ ഇത്യാദി ഉദാഹരണങ്ങൾ നോക്കുക.
1. മലയാളത്തിൽ, ക്രിയാശബ്ദങ്ങൾക്കു സംസ്കൃതത്തിലുള്ള പദവ്യവസ്ഥയില്ല.
2. ധാതുവിനോടു് പ്രത്യയം ചേർക്കുമ്പോൾ വികരണം ചേർക്കുന്ന സമ്പ്രദായവും സംസ്കൃതത്തിലേ ഉള്ളു.
3. ഭാഷയിൽ കർമ്മണിപ്രയോഗവും ഭാവേപ്രയോഗവും ഇല്ല.
4. വ്യപേക്ഷകസർവ്വനാമങ്ങളും ആര്യഭാഷയിലേ കാണ്മാനുള്ളു. ഇങ്ങനെ നോക്കിയാൽ മലയാളം സംസ്കൃതഭാഷയിൽനിന്നു് ഉത്ഭവിച്ചതല്ലെന്നു കാണാം.
ഇനി ആലോചിക്കാനുള്ളതു് അതിനു് ചെന്തമിഴുമായുള്ള വേഴ്ച ഏതു തരത്തിലാണെന്നുള്ളതാണു്.
ആദ്യമായി ചെന്തമിഴിനു മാതൃസ്ഥാനം കല്പിക്കുന്നവരുടെ യുക്തിയേപ്പറ്റി ചിന്തിക്കാം. (ഒന്നാമതായി മലയാളത്തിനു സ്വന്തമായി ഒരു വ്യാകരണമില്ലെന്നു പറയുന്നു. അതായത് മലയാളത്തിന്റെയും ചെന്തമിഴിന്റെയും വ്യാകരണനിയമങ്ങൾ ഒന്നുതന്നെയാണെന്നർത്ഥം.) രണ്ടാമതായി മലയാളത്തിലെ രൂഢിശബ്ദങ്ങളെല്ലാം ചെന്തമിഴിലുള്ളവതന്നെ.
ഈ രണ്ടുയുക്തികളും സാധുവല്ല. വ്യാകരണനിയമങ്ങളെ സംബന്ധിച്ചിടത്തോളം മലയാളത്തിനു് ചെന്തമിഴിനോടുമാത്രമല്ല, കർണ്ണാടകം തുടങ്ങിയ മറ്റു ഭാഷകളോടും സാദൃശ്യമുണ്ടു്. നോക്കുക.
കർണ്ണാടകം.
സിംഹവു മൃഗരാജനൊദു കരയല്പടുത്തദെ. പൂർവ്വകാലദല്ലി അനേകദേശഗളല്ലി സിംഹഹളു ഇദ്ദവു.
മലയാളം.
സിംഹം മൃഗരാജനെന്നു പറയപ്പെടുന്നു. പൂർവ്വകാലത്തിൽ അനേകദേശങ്ങളിൽ സിംഹങ്ങൾ ഉണ്ടായിരുന്നു.
ഈ രണ്ടുവാക്യങ്ങളെ പരിശോധിച്ചാൽ കർണ്ണാടകത്തിന്റെയും മലയാളത്തിന്റെയും വാക്യബന്ധങ്ങൾക്കും പ്രത്യയങ്ങൾക്കും ധാതുക്കൾക്കും അത്യന്തം സാദൃശ്യമുണ്ടെന്നു കാണാം. ചെന്തമിഴിൽ ‘എൻറു’ കർണ്ണാടകത്തിൽ ‘എംദു’ മലയാളത്തിൽ ‘എന്നു’.
‘കര’ ധാതു എല്ലാ ദ്രാവിഡഭാഷകൾക്കും സാധാരണമാണു്. പക്ഷേ മലയാളത്തിൽ അല്പം അർത്ഥം ഭേദിച്ചിട്ടുണ്ടെന്നുമാത്രമേ വ്യത്യാസമുള്ളു. ‘പെടു’ ധാതുവിന്റെ രൂപങ്ങൾ ചേർത്താണ് മലയാളത്തിലും കണ്ണാടകത്തിലും കർമ്മണിപ്രയോഗം സാധിക്കുന്നതും.
കർണ്ണാടകത്തിൽ ‘പടു’ തമിഴിൽ ‘പടു’ മലയാളത്തിൽ ‘പെടു’. വർത്തമാനകാലത്തെ കുറിക്കുന്ന സമ്പ്രദായവും ഈ ഭാഷകളിൽ തുല്യമാണു്.
ഉദാ: (ക) ‘നാനു ഹോഗുത്തേനേ’. (ത) നാൻ പോകിന്റേൻ. (മ) ഞാൻ പോകുന്നേൻ. സപ്തമീവിഭക്തിയുടെ പ്രത്യയം നോക്കുക.
കർണ്ണാടകത്തിൽ ‘അല്ലി’ മലയാളത്തിൽ ‘ഇൽ’.
ഇനി ഹിന്ദിഭാഷയോടോ, മഹാരാഷ്ട്രഭാഷയോടോ, വംഗഭാഷയോടോ ഒന്നു സാദൃശ്യപ്പെടുത്തി നോക്കുക. ആ ഭാഷകൾക്കുതമ്മിൽ സാദൃശ്യം കാണുമെങ്കിലും അവയ്ക്കു മലയാളത്തിനോടോ കർണ്ണാടകത്തിനോടോ ലേശംപോലും സാമ്യം കാണുകയില്ല. നോക്കുക:
മറാട്ടി
ശിഷ്യ:
മഹാരാജ, ഹേ ആപ്മി തയാർ അഹോംത.
കശ്യപ:
ആപല്യാ ബഹിണീ ലാ മാർഗ്ഗദാഖ്വാ.
ഹിന്ദി
ശിഷ്യ:
മഹാരാജ! ഹം തയ്യാർ ഹൈം.
കശ്യപ:
അപനി ബഹൻകോ മാർഗ്ഗദിഖാവോ.
മലയാളം
ശിഷ്യൻ:
ഗുരോ, ഞങ്ങൾ തയ്യാറായിരിക്കുന്നു.
കശ്യപൻ:
നിങ്ങളുടെ സഹോദരിക്കു വഴി കാണിക്കു.
മലയാളഭാഷയിലുള്ള രൂഢശബ്ദങ്ങളെല്ലാം ചെന്തമിഴാണെന്നു പറയുന്നതും ശരിയല്ല. അവ ചെന്തമിഴായിരിക്കുന്നിടത്തോളം കർണ്ണാടകവും തെലുങ്കുമാണെന്നും പറയാം. ലീലാതിലകത്തിന്റെ വൃത്തികാരൻ മലയാളം ചെന്തമിഴിന്റെ സന്തതിയാണെന്നുള്ള മതത്തെ നിശ്ശേഷം ഖണ്ഡിച്ചിട്ടുണ്ടു്.
“മൂന്നാമതായി സംസ്കൃതസമ്പർക്കം ഉണ്ടാകുന്നതിനു മുമ്പുണ്ടായിട്ടുള്ള ഭാഷാ കൃതികൾ എല്ലാം തമിഴിൽനിന്നു ഭിന്നമല്ല.”
“നാലാമതായി മലയാളത്തിനു് തമിൾ എന്നുകൂടി പേർ പറഞ്ഞുകാണുന്നു. തമിഴു് രാമായണം, തമിഴു് ഭാരതം ഇത്യാദി നോക്കുക.”
ഈ യുക്തികളും നിൽക്കുകയില്ല. രാമചരിതം മുതലായ കൃതികളിലേയും പട്ടയങ്ങളിൽ കാണുന്ന ഭാഷയേയും അടിസ്ഥാനപ്പെടുത്തിയാണു് ഇങ്ങനെ ഒരു അഭിപ്രായം പുറപ്പെടുവിക്കുന്നതു്. സംസ്കൃതസമ്പർക്കം ഭാഷയെ തമിഴിൽനിന്നും പൂർവ്വാധികം അകറ്റുന്നതിനു സഹായിച്ചിട്ടുണ്ടെന്നു സമ്മതിക്കാമെങ്കിലും അതിനുമുമ്പുതന്നെ മലയാളം ഒരു സ്വതന്ത്രഭാഷയായി തീർന്നിരുന്നുവെന്നു സ്ഥാപിക്കുന്നതിനു പര്യാപ്തമായ ലക്ഷ്യങ്ങളുണ്ടു്. ആധാരങ്ങൾ, പട്ടയങ്ങൾ മുതലായ പ്രാചീനരേഖകൾ ചെന്തമിഴിൽ ആയിരിക്കുന്നതിനു് പ്രത്യേക കാരണമുണ്ടു്. ഒന്നാമതായി ചെന്തമിഴു് അക്കാലത്തെ വിദ്വജ്ജനഭാഷയായിരുന്നു. ഇതിനും പുറമേ ചോളപാണ്ഡ്യരാജാക്കന്മാർ പലപ്പോഴും കേരളത്തെ ആക്രമിച്ചു കീഴടക്കിയശേഷം രക്ഷാപുരുഷന്മാരെ നിയമിച്ചിട്ടു് മടങ്ങിപ്പോയിട്ടുണ്ടു്. എഴുത്തുകുത്തുകളെല്ലാം ചെന്തമിഴിൽ ആയിരിക്കണമെന്നു് അവർ വ്യവസ്ഥചെയ്തും കാണണം. മലയാളബ്രാഹ്മണരുടെ പ്രാബല്യകാലത്തും പെരുമാക്കന്മാരായി വാഴിക്കപ്പെട്ടവർ പരദേശികളായിരുന്നതിനാൽ, ചെന്തമിഴിന്റെ പ്രാബല്യം കുറയാൻ ഇടവന്നിട്ടില്ല. മൂവരശരുടെ വാഴ്ച അസ്തമിച്ചതിനുശേഷമേ കേരളത്തിനു പറയത്തക്ക പാർത്ഥക്യം സംഭവിച്ചിട്ടുള്ളു. അതിനുമുമ്പു് വിവാഹം, യുദ്ധം മുതലായ പല കാരണങ്ങളാൽ കേരളത്തിനും ചോളപാണ്ഡ്യദേശങ്ങൾക്കും തമ്മിൽ പലപ്പോഴും അടുക്കേണ്ടതായി വന്നിട്ടുണ്ടു്. രാമചരിതത്തിൽ കാണുന്നഭാഷ മലയാളവും ചെന്തമിഴും കലർന്ന ഒരുതരം മണിപ്രവാളമാണു്. അതിന്റെ ഉല്പത്തിസ്ഥാനം തമിഴു് ദേശങ്ങളോടു് വളരെ അടുത്തിരുന്നതിനാൽ അതിൽ ചെന്തമിഴു് പ്രയോഗങ്ങൾ വളരെ അധികമായി കടന്നുകൂടിയതാണെന്നു വിചാരിക്കാനേ മാർഗ്ഗമുള്ളു.
‘തമിഴു്’ ശബ്ദത്തിന്റെ വ്യാപകമായ അർത്ഥത്തിൽ മലയാളവും കർണ്ണാടകവും തമിഴുതന്നെയാണു്. സംസ്കൃതത്തിലെ ദ്രാവിഡശബ്ദം ‘തമിഴു്’ എന്നതിന്റെ തത്ഭവമാകുന്നു. അതിനു് ‘ഭാഷാ’ എന്നേ അർത്ഥമുള്ളു. ഇപ്പോഴത്തെ സാഹിത്യഭാഷയായ ചെന്തമിഴു് ചോളനാട്ടുതമിഴിന്റെ സംസ്കരിക്കപ്പെട്ട രൂപമാണു്. ‘ചൊ’ ധാതുവിനു് നന്നാക്കുക, പരിഷ്കരിക്കുക എന്നത്രേ അർത്ഥം. ‘ചെമ്മേ’ എന്ന ഭാഷാപദത്തിൽ കാണുന്നതു് ആ ‘ചെം’ എന്ന ധാതുതന്നെയാണു്. അതുകൊണ്ടു് ചെന്തമിഴിനെ സംസ്കരിക്കപ്പെട്ട ഭാഷ എന്നർത്ഥം വന്നുകൂടുന്നു. സംസ്കൃതശബ്ദത്തിനും അതുതന്നെ അർത്ഥം. സംസ്കൃതം സംസ്കരിക്കപ്പെട്ട ആര്യഭാഷ; ചെന്തമിഴു് സംസ്കരിക്കപ്പെട്ട തമിഴുഭാഷ. ഇതാണു് അവതമ്മിലുള്ള വ്യത്യാസം. ഈ ആദിമദ്രാവിഡത്തിൽനിന്നും തെലുങ്കുഭാഷ വളരെ നേരത്തെ പിരിഞ്ഞുപോയതിനാൽ അതിനു മറ്റു ദ്രാവിഡഭാഷകളിൽനിന്നു കൂടുതൽ അകൽച്ച കാണുന്നു. കരിനാട്ടുതമിഴു് കർണ്ണാടകമായും മലൈനാട്ടുതമിഴു് മലയാളമായും വേർപിരിഞ്ഞതു് ചെന്തമിഴുഭാഷ സ്വരൂപപ്പെടുന്നതിനു വളരെ മുമ്പുതന്നെയാണെന്നു് കാൽഡ്വെൽസായ്പും കേരളപാണിനിയും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഇപ്രകാരം പാർത്ഥക്യം സമ്പാദിച്ച മറ്റു തമിഴുകളെ, ചെന്തമിഴ് വൈയ്യാകരണന്മാർ ‘കൊടുന്തമിഴ്’ ശബ്ദത്താൽ നിർദ്ദേശിച്ചതു്, അവ മുത്തമിഴ്ശാഖകളാണെന്നുള്ള സൂക്ഷ്മബോധംകൊണ്ടോ അഥവാ സ്വഭാഷാഭിമാനവിജൃംഭണത്താലോ ആയിരിക്കാം. പ്രാകൃതികളും രാഷ്ട്രീയങ്ങളുമായ കാരണങ്ങളാൽ ദ്രാവിഡജനങ്ങൾക്കു പരസ്പരസഹവാസത്തിനുള്ള സൗകര്യങ്ങൾ നശിച്ചുപോയപ്പോഴാണു് അവരുടെ ഭാഷകൾക്കു് ഈ സ്വാതന്ത്ര്യം പ്രകടമായിത്തുടങ്ങിയതു്.
ലീലാതിലകത്തിന്റെ വൃത്തികാരൻ ആരായിരുന്നാലും അദ്ദേഹം ദ്രാവിഡഭാഷാപണ്ഡിതനാണെന്നും കേരളഭാഷയിൽ അക്കാലംവരെയുണ്ടായിട്ടുള്ള ഗ്രന്ഥങ്ങളെ പരിശോധിച്ചിട്ടുള്ളവനാണെന്നും വ്യക്തമാണു്. അദ്ദേഹം കേരളഭാഷയുടെ സ്വതന്ത്രനിലയെപ്പറ്റി ദീർഘമായി ഉപന്യസിച്ചിട്ടുള്ളതിനു പുറമേ ഇങ്ങനെ ചോദിക്കുന്നു. പഴയതോ പുതിയതോ നിങ്ങൾതന്നെ ഉണ്ടാക്കിയതോ ആയ മണിപ്രവാളത്തിൽ ഏതെങ്കിലും ‘വന്താൻ’ ‘ഇരുന്താൻ’ എന്നാണോ കണ്ടിട്ടുള്ളതു്? ‘വന്നാൻ’ ‘ഇരുന്നാൻ’ എന്നല്ലേ? തേങ്ക, മാങ്ക, കഞ്ചി, പഞ്ചി എന്നൊക്കെയോ കണ്ടിരിക്കുന്നതു്? അതോ തേങ്ങ, മാങ്ങ, കഞ്ഞി, പഞ്ഞി എന്നൊക്കെയോ? ‘യാൻ’ ‘ആന’ എന്നോ ‘ഞാൻ’ ‘യാനൈ’ എന്നോ? അതനൈ, ഇതിനൈ… എന്നോ?… അതിനെ, ഇതിനേ… എന്നോ? ഉണ്ടനർ, നിന്റനർ എന്നോ?… ഉണ്ടാർ, നിന്നാർ എന്നെല്ലാമോ? ഇതിൽനിന്നു് ഒരു സംഗതി വെളിവാകുന്നുണ്ടു്.
ലീലാതിലകവൃത്തകാരന്റെ കാലത്തിനു വളരെ മുമ്പുതന്നെ കേരളഭാഷ സ്വതന്ത്രമായിത്തീർന്നിരിക്കുന്നു. എന്നിട്ടും കണ്ണശ്ശകൃതികളിൽ ചോളഭാഷാരൂപങ്ങൾ കാണുന്നതു് വിദ്യാഭ്യാസം ചെന്തമിഴു് ഭാഷവഴിക്കായിരുന്നതുകൊണ്ടും ആ ഭാഷയോടുള്ള പക്ഷപാതാതിരേകംകൊണ്ടുമാണെന്നോ ഊഹിപ്പാൻ വഴികാണുന്നുള്ളു. ചോളന്മാർ, കേരളന്മാർ, പാണ്ടിക്കാർ ഇവരെല്ലാം ദ്രാവിഡരാകയാൽ തമിഴരായിരിക്കാമെന്നും, കർണ്ണാടകരും തെലുങ്കരും ദ്രാവിഡവേദത്തിൽ പെട്ടവരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നതിനാൽ മലയാളത്തിനു് ചോളത്തമിഴിനോടു കർണ്ണാടകത്തേക്കാളും തെലുങ്കിനെക്കാളും അടുപ്പം അക്കാലത്തുണ്ടായിരുന്നുവെന്നു വിചാരിക്കാം. വാസ്തവത്തിൽ തെലുങ്കും പിന്നീടു് കർണ്ണാടകവും ദ്രാവിഡജനനിയിൽ നിന്നു വേർപിരിഞ്ഞശേഷവും മലയാളം പല കാരണത്താൽ ചോളത്തമിഴിനോടു ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു് തമിഴെന്നപേരും അതിനു കുറേക്കാലത്തേക്കുകൂടി നിലനിന്നതായിരിക്കണം. പക്ഷേ “സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും” ഇത്യാദി പദ്യത്തിലും, “തമിഴായിക്കൊണ്ടറിയിക്കിന്നേൻ” എന്ന സ്ഥലത്തും തമിൾശബ്ദത്തിനു് ശുദ്ധഭാഷ എന്നല്ലാതെ വേറൊരർത്ഥവും വിവക്ഷിച്ചിട്ടില്ലെന്നുള്ളതു സംശയമറ്റ സംഗതിയാകുന്നു. ചോളത്തമിഴിനെ ആ നാട്ടുകാർ എന്നപോലെ, മലൈനാട്ടുതമിഴിനെ ഇന്നാട്ടുകാരും നറ്റമിഴായി വിചാരിച്ചു വന്നിരിക്കാം. രണ്ടും ഒരേ മൂലഭാഷയുടെ ശാഖകളായിരുന്നതിനാൽ ഇരുകൂട്ടർക്കും ആ അഭിമാനത്തിനു വഴിയുണ്ടായിരുന്നുതാനും. ഇനി കുറേക്കൂടി പുറകോട്ടു കടന്നുനോക്കാം. രാമചരിതം വളരെ പുരാതനമായ ഒരു ഗ്രന്ഥമാണെന്നു് എല്ലാവരും സമ്മതിക്കുന്നുണ്ടല്ലോ. അതു വെറും തമിഴു് ഗ്രന്ഥമാണെന്നു് മിസ്റ്റർ ഗോപിനാഥറാവു തുടങ്ങിയ ചില തമിഴർ ശഠിക്കത്തക്കവണ്ണം അതിൽ ചെന്തമിഴുരൂപങ്ങൾ കാണുന്നുമുണ്ടു്. മലയാളികളിൽ ചിലരാകട്ടെ, അതിൽ കാണുന്ന ഭാഷ കൈരളിയുടെ പൂർവ്വരൂപമാണെന്നും വാദിക്കുന്നു. ഏതെങ്കിലും ഗ്രന്ഥത്തിൽ തമിഴിന്റെ കലർപ്പു് അധികംകണ്ടാൽ, ആ ഗ്രന്ഥം അതിപ്രാചീനമാണെന്നാണു് ഇക്കൂട്ടരുടെ അഭിപ്രായം. പരമാർത്ഥത്തിൽ രാമചരിതം മലയാളഗ്രന്ഥംതന്നെയെന്നു് അതിൽകാണുന്ന നിരവധി മലയാളപ്രയോഗങ്ങൾ നോക്കിയാൽ അറിയാം. എന്നാൽ മലയാളത്തിന്റെ പൂർവ്വരൂപം അതിൽ കാണുന്ന ഭാഷതന്നെയോ എന്നു വളരെ ആലോചിച്ചേ തീർച്ചപ്പെടുത്താൻ സാധിക്കയുള്ളു. എഴുത്തച്ഛന്റെ കാലത്തിനപ്പുറം ദക്ഷിണതിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ള കൃതികളിൽപോലും ചെന്തമിഴുരൂപങ്ങളുടെ പ്രാചുര്യം കാണ്മാനുണ്ടെന്നു് കുഞ്ചുത്തമ്പിക്കഥ മുതലായ പാട്ടുകളിൽ നിന്നുകാണാം. അങ്ങിനെ വന്നുചേരാനുള്ള ഹേതു ദക്ഷിണതിരുവിതാംകൂറിനു് തമിഴ്‌നാട്ടുകളോടുണ്ടായിരുന്ന സാമീപ്യം മാത്രമാണു്. കൊല്ലത്തിനു തെക്കുവശത്തുള്ള ദേശങ്ങളിൽ തമിഴരുടെ ആക്രമണം കൂടെക്കൂടെ ഉണ്ടായിട്ടുണ്ടെന്നുള്ള സംഗതിയും തമിഴ് പ്രചാരത്തിനെ സഹായിച്ചിട്ടുണ്ടു്. കൊല്ലത്തിനു തെക്കുമുതല്ക്കു് കന്യാകുമാരിക്കിപ്പുറം പാണ്ടിക്കരയിൽ ‘കോൾക്ക’ എന്ന ദിക്കുവരെയുള്ള ദേശത്തിനു പേർ ‘പറേയില’ എന്നായിരുന്നുവെന്നും ആ ദേശം പാണ്ഡ്യരാജാവിനു് അധീനമായിരുന്നെന്നും ടോളമിയും പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവും പറഞ്ഞിട്ടുണ്ടു്. കൊല്ലവർഷാരംഭത്തിനുമുമ്പു് മാരൻ ചടയൻ എന്ന പാണ്ഡ്യരാജാവിനാൽ തോല്പിക്കപ്പെട്ട കരുനന്ദനെന്ന യദുവംശ രാജാവാണു് ആദ്യമായി വിഴിഞ്ഞത്തു വന്നു് യദുവംശത്തിന്റെ സ്ഥാനം ഉറപ്പിച്ചതു്. ഇതും ക്രിസ്ത്വബ്ദം എട്ടാംശതകത്തിലായിരുന്നു. ക്രിസ്ത്വബ്ദം പത്താംശതകത്തിന്റെ അന്ത്യത്തിൽ, രണ്ടാംപരാന്തകചടയൻ തെക്കൻതിരുവിതാംകൂർ മുഴുവനും കൈവശപ്പെടുത്തി, യദുവംശരാജാവിനെ വിഴിഞ്ഞത്തുനിന്നു് ഓടിച്ചു. അങ്ങനെ വിഴിഞ്ഞത്തുനിന്നും ഓടിപ്പോവാനിടവന്ന യദുവംശരാജാവാണു് ചിറവായു് സ്വരൂപം സ്ഥാപിച്ചതു്. അക്കാലത്തും പിന്നീടും കൊല്ലം രാജാക്കന്മാർക്കു പാണ്ഡ്യരാജവംശത്തോടു വേൾച്ചയുണ്ടായിരുന്നുവെന്നു കാണുന്നു. ക്രിസ്ത്വബ്ദം പതിന്നാലാം ശതകത്തിന്റെ ആരംഭത്തിൽ, കൊല്ലം ചക്രവർത്തിയായ രവിവർമ്മ പാണ്ഡ്യചോളരാജ്യങ്ങളെ ജയിച്ചു് പാണ്ഡ്യപുത്രിയെ വിവാഹം ചെയ്തുവെന്നു് അദ്ദേഹത്തിന്റെ ഒരു ശാസനത്തിൽ പറഞ്ഞിട്ടുമുണ്ടു്.
“ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാൻ
ജയശ്രീവൽ കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം
ത്രയസ്ത്രിംശദ്ദ്വർഷോ യശ ഇവ യയൌ കേരളപദം
രരക്ഷ സ്വം രാഷ്ട്രം നഗരമിവ കോളംബമധിപഃ”
ഈ രവിവർമ്മയുടെ കിരീടധാരണം ക്രിസ്തുവർഷം 1313-ൽ ആയിരുന്നെന്നു്
“ഷട്ചത്വാരിംശദബ്ദസ്തടഭുവി മകുടം ധാരയൻ വേഗവത്യാഃ
ക്രീഡാംസിംഹാസനസ്ഥശ്ചിരമകൃതമഹീകീർത്തിവാണീരമാഭീഃ”
എന്ന കാഞ്ചീപുരശാസനത്തിൽനിന്നു് ഖണ്ഡിതമായി നമുക്കു് അറിയാം. പന്തളം രാജാക്കന്മാരുടെ ആവിർഭാവവും തമിഴിന്റെ പ്രാബല്യത്തിനു കാരണമായിത്തീരുന്നു. അവർ തമിഴ്ദേശത്തുനിന്നു വന്നവരാണെന്നു ചരിത്രപ്രസിദ്ധമാണല്ലോ. വടക്കൻദിക്കുകളിലും തമിഴു് രാജഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നു. പെരുമാക്കന്മാരെല്ലാരും ചോളപാണ്ഡ്യാദിദേശങ്ങളിൽനിന്നു വന്നവരായതുകൊണ്ടും, പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചശേഷവും, ചില രാജകുടുംബങ്ങൾക്കു പാണ്ഡ്യരാജകുടുംബവുമായി വേഴ്ചയുണ്ടായിരുന്നതുകൊണ്ടും തമിഴ് സാഹിത്യം ഇതിനിടയ്ക്കു് ഒരു ഉത്തമസാഹിത്യഭാഷയായി പരിണമിച്ചുകഴിഞ്ഞിരുന്നതുകൊണ്ടും, ചെന്തമിഴിനു് ഇങ്ങനെയൊരു മാന്യപദവി ലഭിച്ചതിൽ അത്ഭുതപ്പെടാനില്ല. ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശം എന്ന കാവ്യത്തിന്റെ 46-ാം ശ്ലോകത്തെ വ്യാഖ്യാനിക്കുന്നിടത്തു് വ്യാഖ്യാതാവു് ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“അവർ മക്കത്തായാവലംബികളായി കുറെക്കാലം ഇരുന്നിരുന്നു. എന്നാൽ ഇപ്പോൾ ഏറിയകാലമായി അവർ മരുമക്കത്തായത്തെ പിന്തുടരുന്നു. കോട്ടയം രാജവംശത്തിലേക്കു് തൃപ്പൂണിത്തുറയിൽനിന്നു് ദത്തെടുത്തിട്ടുണ്ടു്…
… പണ്ടു് ആ സ്വരൂപത്തിലുള്ളവർ പരദേശത്തുനിന്നാണു് വിവാഹം കഴിച്ചുവന്നതു്.”
ഇങ്ങനെ [3] രാഷ്ട്രീയവും സാമുദായികവുമായ പല സംഗതികൾ ഒന്നിച്ചു് ഒരേ കാലത്തു പ്രവർത്തിച്ചതിനാൽ മലയാളഭാഷയിലേക്കു ചെന്തമിഴ് രൂപങ്ങൾ തെരുതെരെക്കടന്നുകൂടാൻ ഇടയായി. ചമ്പൂകാരന്മാരുടെ ഭാഷകണ്ടു് ചില പണ്ഡിതന്മാർ മലയാളം സംസ്കൃതത്തിൽ നിന്നുത്ഭവിച്ചതാണെന്നു സിദ്ധിച്ചതുപോലെ രാമചരിതാദി ഗ്രന്ഥങ്ങളിലും പല ശാസനങ്ങളിലും ചെന്തമിഴ് പ്രയോഗങ്ങളുടെ പ്രാചുര്യം കണ്ടു്, ചിലർ മലയാളഭാഷയുടെ ജനയിത്രിപദം തമിഴിനു നൽകാൻ പ്രേരിതരായെന്നേ ഉള്ളു. പിൽക്കാലത്തു സംസ്കൃതത്തിൽ നിന്നെന്നപോലെ പൂർവ്വകാലങ്ങളിൽ, അതായതു് ചെന്തമിഴ് രാജഭാഷയായിരുന്ന കാലങ്ങളിൽ, ചെന്തമിഴിൽ നിന്നു് പദങ്ങളേയും ക്രിയാരൂപങ്ങളേയും തത്തൽഭാഷാപക്ഷപാതികൾ മലയാളത്തിലേക്കു് കടത്തിവിട്ടുകാണണം. ലീലാതിലകത്തിൽനിന്നു് ഈ സംഗതി വ്യക്തമായി ഗ്രഹിക്കാം. പാട്ടിന്റെ ഉദാഹരണമായി.
“തരതലന്താനളന്തവിളന്തപൊന്നന്റരിക ചെന്താർവിരീന്തമൽവാണൻതന്നെ
കുരമരിന്തപെരുന്താനവന്മാരുടെ കരളരിന്ത പുരാനേ പുരാനേ
മുരാരികണാ ഒരു വരന്താപരന്താമാമേ… ”
ഇത്യാദി പാട്ടിനെ ചേർത്തിട്ടു്, വൃത്തികാരൻ പറഞ്ഞിരിക്കുന്നതു നോക്കുക.
“ഓ,ഉ എന്നതു രണ്ടും ഓഷ്ഠ്യമാകകൊണ്ടു് അവയ്ക്കു സാമ്യമുണ്ടു്. ചി,തി ഇതുകൾക്കു സാമ്യം അനുഭവസിദ്ധമാണു്. തര,താനവ, താമ, ഉരക, ചായീ, ആനന്ത ഇവ പാണ്ഡ്യസംസർഗ്ഗംകൊണ്ടു് ദുഷിച്ച സംസ്കൃതശബ്ദങ്ങളാകുന്നു.
ഈ കാണിച്ച പാട്ടിൽ മിക്കതും സംസർഗ്ഗംകൊണ്ടു് പാണ്ഡ്യഭാഷയോടു തുല്യമായിത്തീർന്ന കേരളഭാഷയാണു്. അതാണു് ‘അളന്ന’ ‘വിളഞ്ഞ’ എന്നല്ലാതെ ‘അളന്ത’ ‘വിളന്ത’ എന്നൊക്കെ കാണുന്നതു്.”
ഈ കാരണങ്ങളാൽ രാമചരിതത്തിലും മറ്റും കാണുന്നഭാഷ അന്നത്തെ കേരളഭാഷയാണെന്നു പറയാവുന്നതല്ല. അതിപുരാതനകാലത്തുതന്നെ നല്ല ഭാഷാഗദ്യങ്ങളും പദ്യങ്ങളും ഉണ്ടായിരുന്നുവെന്നുള്ളതിനു് പല ലക്ഷ്യങ്ങൾ ഉണ്ടു്. ഭാസ്കരരവിപ്പെരുമാളിന്റെ ദാസനായിരുന്ന തോലകവിയും യുധിഷ്ഠിരവിജയകർത്താവായിരുന്ന പട്ടത്തു വാസുദേവൻ നമ്പൂതിരിപ്പാടും നല്ല മലയാളത്തിൽ പല പദ്യങ്ങൾ രചിച്ചിരുന്നതായി ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. പുരാതന ശാസനങ്ങളിൽതന്നെ ചിലതു് നല്ല ഭാഷയിലാണു് കാണുന്നതു്.
കറുത്തുമില്ലന്നിറമെങ്കിലേറ്റം
വെളുത്തുനല്ലമ്മുലചാഞ്ഞുമില്ല
വെറുപ്പുമാകാ പടവാർത്ത കേട്ടാ-
ലൊരുത്തി പോനാളവളാകിലോതാൻ.
കുളിച്ചു കൂന്തൽപ്പുറവും തുവർത്തി-
ക്കുളുർക്കനോക്കിപ്പുനരെന്മളാരേ
ഒരുത്തി പോനാളധുനാമണന്മേ-
ലവൾക്കുപോലങ്ങിനിയെങ്ങൾ ചേതഃ
എന്നിങ്ങനെ ലീലാതിലകത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പദ്യങ്ങളിൽ പലതും ശുദ്ധകേരളഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളവയാണു്.
“കൊല്ലം 565-ാമതു മീനഞായറ്റിൽ എഴുതിയ വപ്പനോലക്കരണമാവിതു്. ചെങ്ങനാഴി നാരണി ചങ്കരനും തമ്പിമാരും കയ്യാൽ ആറ അച്ചുകൊണ്ട മണിമയിലിരവിക്കുമരനും തമ്പിമാരും കൊണ്ടാർകൊണ്ട പരിചാവിതു്. ഇക്കൊണ്ട അച്ചആറിനും കാരിയം തന്റെ വെങ്ങിലിച്ചേരി തേചത്തു മടപ്പാട എന്ന പറമ്പ. അതിലെ മേപ്പലവും കീൾപ്പലവും കൂടി ആറു അച്ചും കൊടുത്തു വെയ്പിച്ചുകൊണ്ടാൻ. ചെങ്ങനാഴി നാരണി ചങ്കരനും തമ്പിമാരും അമ്മാക്കമേ. ഇതറിയും താക്കി മണിമലേ വിളഞ്ഞൂരചക്കൻ പൊന്നനറിക.”
ഈ പുരാതനലേഖനത്തിലും ചെന്തമിൾ അധികമായി കലർന്നുകാണുന്നില്ല. ഭാഷാരീതി കാലന്തോറും മാറിമാറിക്കൊണ്ടിരിക്കുമെങ്കിലും, പെട്ടെന്നു് ഒരു രീതി മറഞ്ഞിട്ടു് അതിന്റെ സ്ഥാനത്തു മറ്റൊന്നു ആവിർഭവിക്കയില്ലെന്നു ഭാഷാശാസ്ത്രജ്ഞന്മാരെല്ലാവരും സമ്മതിക്കും. കണ്ണശ്ശന്റെ കാലത്തിനിപ്പുറംവരെ, എന്നുവേണ്ട, എട്ടാംശതകത്തിൽ പോലും ചോളഭാഷാരൂപങ്ങളെക്കൊണ്ടു് മലയാളം നിറഞ്ഞിരുന്ന സ്ഥിതിക്കു് ചെറിശ്ശേരി നമ്പൂതിരിയുടെ കൃതി ശുദ്ധമലയാളമായിത്തീർന്നതു് എങ്ങനെ? അദ്ദേഹം പുതുതായി ഒരു മലയാളം കണ്ടുപിടിച്ചതായി വരാൻ തരമില്ലല്ലോ. ഭാഷാഭിമാനിയായിരുന്ന ചെറുശ്ശേരി അന്നത്തെ മലയാളത്തിലും, കണ്ണശ്ശന്മാരും മറ്റും ചോളഭാഷാസങ്കലിതമായ തെക്കൻഭാഷയിലും അവരുടെ കൃതികൾ രചിച്ചതായിരിക്കാനേ തരമുള്ളു. പ്രാചീനതമിൾ ഗ്രന്ഥകാരന്മാരും ഏറെക്കുറെ മലയാളഭാഷയുടെ സ്വതന്ത്രനിലയെ അംഗീകരിച്ചിട്ടുണ്ടു്. തൊൽകാപ്പിയമുനി മലനാടായ കേരളത്തിലെ ഭാഷ ചെന്തമിഴിൽ നിന്നു് വ്യതിരിക്തമായ ഒരു ദ്രമിളശാഖാഭാഷയാണെന്നു വ്യക്തമായിപ്പറഞ്ഞിരിക്കുന്നു. അദ്ദേഹം ചെന്തമിൾഗ്രന്ഥങ്ങളിൽ കാണുന്ന വാക്കുകളെ ഇയർച്ചൊൽ (ശുദ്ധ ചെന്തമിൾ പദങ്ങൾ) തിരിച്ചൊൽ, (പര്യായപദങ്ങളും നാനാർത്ഥപദങ്ങളും) വടചൊൽ, (ആര്യഭാഷാശബ്ദങ്ങൾ) തിലൈച്ചൊൽ (കൊടുന്തമിൾ നാടുകളിൽ മാത്രം പ്രചാരമുള്ള പദങ്ങൾ) എന്നു് നാലായി വിഭജിച്ചിട്ടുണ്ടു്. കൊടുന്തമിൾ നാടുകളേതെല്ലാമെന്നു പറഞ്ഞിരിക്കുന്നു [4] കേരളീയനായിരുന്ന ചിലപ്പതികാരകർത്താവു്,
കുമരിവെങ്കടംകുണകുടകടലാ
മങ്ങിണിമരങ്കിറ്റന്റമിൾവരൈപ്പി-
ർച്ചെന്തമിൾ കൊടുന്തമിഴെന്റിരുപകുതിയി-
നൈന്തിണൈ മരുങ്കിനിറം പൊരുളിമ്പ.
എന്നിങ്ങനെ കന്യാകുമാരി, വെങ്കടം, പൂർവപശ്ചിമസമുദ്രങ്ങൾ, ഈ നാലു എലുകകൾക്കിടയിലുള്ള ദേശങ്ങളിൽ, ചെന്തമിൾ, കൊടുന്തമിൾ എന്നു രണ്ടു ദ്രാവിഡഭാഷകൾ സംസാരിച്ചുവന്നതായി പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ കാണുന്ന തമിൾ ശബ്ദം കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നതു് മലയാളഭാഷയെ ആയിരിക്കാനേ തരമുള്ളു. ശരി. അങ്ങനെ ആയാലും മലയാളം തമിഴിൽനിന്നു് ഉണ്ടായതുതന്നെ ആയിരിക്കണമല്ലോ എന്നു ചിലർ വാദിച്ചേക്കാം. അതിനും സമാധാനമുണ്ടു്. എന്തുകൊണ്ടെന്നാൽ കന്നടം, തെലുങ്കു്, ചെന്തമിൾ, മലയാളം ഇവയൊക്കെ മൂലദ്രാവിഡമായ തമിഴിന്റെ ശാഖകളെന്നല്ലാതെ, മലയാളം ചെന്തമിഴിൽനിന്നു് ഉണ്ടായതായി വരുന്നില്ല. കരിനാട്ടുതമിൾ കർണ്ണാടകമായും ആന്ധ്രദേശത്തമിൾ തെലുങ്കായും പരിണമിച്ചതുപോലെ, മലനാട്ടുതമിൾ മലയാളമായി രൂപാന്തരപ്പെട്ടുവെന്നേ ഉള്ളു. തമിൾ വ്യാകരണന്മാർ ചെന്തമിൾ സംസാരിച്ചുവരുന്ന ദേശങ്ങളെ ചെന്തമിൾനാടായും മൂലദ്രാവിഡശാഖകളായ കന്നടം, മലയാളം, തെലുങ്കു് മുതലായ ഭാഷകൾ സംസാരിച്ചുവരുന്ന ദിക്കുകളെ കൊടുന്തമിൾനാടുകളായും പറഞ്ഞിരിക്കുന്നതാണു്. ചെന്തമിഴു് വ്യാകരണം വ്യവസ്ഥപ്പെടുന്നതിനു മുമ്പുതന്നെ തെലുങ്കു്, കർണ്ണാടകം, മലയാളം മുതലായവ സ്വതന്ത്രങ്ങളായിത്തീർന്നു കഴിഞ്ഞിരുന്നുവെന്നും മുമ്പുദ്ധരിച്ചിട്ടുള്ള സൂത്രങ്ങളിൽ നിന്നു ഗ്രഹിക്കാം. ഒരു നിലയിൽ നോക്കിയാൽ ചെന്തമിഴിന്റെ ജനനിസ്ഥാനം പോലും കൊടുന്തമിഴുകൾക്കാണു്. ചെമ്മാക്കിയ (സംസ്കരിക്കപ്പെട്ട) കൊടുന്തമിൾ തന്നെയാണല്ലോ ചെന്തമിൾ.
ഇത്രയും പറഞ്ഞതുകൊണ്ടു് മലയാളം മൂലദ്രാവിഡത്തിന്റെ ഒരു സ്വതന്ത്രശാഖയും കന്നടം, ചെന്തമിൾ, തെലുങ്കു തുടങ്ങിയ ഭാഷകളുടെ സഹോദരിയും ആണെന്നു വ്യക്തമായിട്ടുണ്ടെന്നു വിശ്വസിക്കുന്നു. വാസ്തവത്തിൽ പ്രസ്തുത വാദത്തിനു് ഭാഷാചരിത്രത്തിലല്ലാതെ സാഹിത്യചരിത്രത്തിൽ പ്രവേശനമില്ലാത്തതിനാൽ, ഇതിൽകൂടുതലായി ഒന്നും പറയണമെന്നു് ഉദ്ദേശിക്കുന്നില്ല.
കുറിപ്പുകൾ
[1] മാഗധൻ, ചൈദ്യൻ, നൈഷധൻ, ചോളൻ, പാണ്ഡ്യൻ ഇത്യാദി നോക്കുക.
[2] നാകാസ്സവേ സമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപേ ചതുഷഷ്ടിതമാ നാകാ വയമേവ ന സംശയഃ വരുണസ്തു പുരാസ്മാകം ദത്തവാൻ ദ്വിജസത്തമാഃ കേഃമാഃ അസിഹസ്തൈഃ രക്ഷിതത്വാൽ പ്രഭുഭിന്നാകനാമകൈഃ —മലയാദ്രിമാഹാത്മ്യം നായകാഖ്യായത്ര ശൂദ്രാരാജനസ്സന്തി —സഹ്യാദ്രിഖണ്ഡം
[3] കേരളരാജാക്കന്മാരുടെ സദസ്സുകളിൽ കപീലർ, ചാത്തനാർ തുടങ്ങി ചെന്തമിൾപണ്ഡിതന്മാർ അംഗങ്ങളായിരുന്നു.
[4] “ചെന്തമിൾനിലത്തു വഴക്കൊടു ചിവണി- ത്തമ്പൊരുൾവാഴാമൈയിയർക്കും ചൊല്ലേ” “ഒരുപൊരുൾകുറിത്തവേറുചൊല്ലാകിനും വേറുപൊരുൾകുറിത്തവൊരു ചൊല്ലാകിനും ഇരുപാറ്റെമ്പ തിരി ചൊർക്കിളവി”
അധ്യായം 3
3. ആദി കേരളീയചരിതം
ഏതെങ്കിലും ഒരു സാഹിത്യത്തിന്റെ ചരിത്രം നല്ലപോലെ ഗ്രഹിക്കണമെങ്കിൽ, ആ സാഹിത്യത്തിനു് ആധാരമായിരിക്കുന്ന ഭാഷ സംസാരിച്ചുവരുന്ന ജനമണ്ഡലത്തിന്റെ ചരിത്രം അവശ്യം അറിഞ്ഞിരിക്കണം. എന്തുകൊണ്ടെന്നാൽ സാഹിത്യം മനുഷ്യജീവിതത്തിന്റെ വാങ്മുഖേനയുള്ള ബഹിഃപ്രകാശനം മാത്രമാകുന്നു. മലയാളസാഹിത്യം സ്മരണാർഹങ്ങളായ ഗദ്യപദ്യങ്ങൾവഴിക്കു് മലയാളികളുടെ ജീവിതരീതികളേയും സ്വഭാവത്തേയും നല്ലപോലെ പ്രകാശിപ്പിക്കുന്നു. കേരളീയജനമണ്ഡലത്തിനു് എന്തെല്ലാം ദശാപരിണതികൾ സംഭവിച്ചിട്ടുണ്ടോ അവയൊക്കെ അതിന്റെ സാഹിത്യത്തേയും സാരമായ വിധത്തിൽ സ്പർശിച്ചിട്ടുണ്ടു്. തന്മൂലം കേരളീയരുടെ ചരിത്രത്തെ ദിങ്മാത്രമായിട്ടെങ്കിലും ഇവിടെ വിവരിക്കാതെ തരമില്ല.
കേരളം ചേരദേശത്തിന്റെ അളമാണെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു് അവിടെ ആദ്യമായി കുടിപ്പാർത്തവർ ചേരളന്മാർ അഥവാ കേരളന്മാർ ആയിരിക്കണം. ആ കേരളന്മാർ ആരു്? ഒരു പുരാതന കേരളോല്പത്തിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“എങ്കിലോ പണ്ടു് ബ്രഹ്മനരുളാൻ അലകടലടിച്ചുകൊള്ളും എണ്ണംകൊണ്ടടങ്ങാക്കൈകളെല്ലാം പൊലിവുവിട്ടപ്പിൻ വാങ്ങിക്കൊൾവൂതാകവേ, സമുദ്രരാജനായിരിപ്പൊരു വരുണരാജൻ മകിൾവുറ്റു താനേതാൻ പെറ്റുകൊൾവൂതും ചെയ്തു.”
ഈ വാക്യങ്ങളിൽനിന്നും സമുദ്രം ഈശ്വരജ്ഞയാ താനേ പിൻവാങ്ങിയതാണെന്നു വ്യക്തമാകുന്നു. പിന്നെയും പറയുന്നു:
“എങ്കിലോ അക്കടലുടയവർ നാകത്താന്മാരെല്ലോ ആകുന്നത്. അവർക്കല്ലോ ആദികാലത്തെ വരുണൻ ഒരു നൂറ്റെട്ടുക്കാതം കൊണ്ട തറമുഴുവതും കൊടുത്തു എന്നു ചൊല്ലിയതു്” ഈ ഭാഗത്തിൽനിന്നു് ആദ്യമായി കേരളത്തിൽ കുടിപാർത്തവർ ‘നാകന്മാർ’ ആണെന്നു തെളിയുന്നു. മഹാഭാരതത്തിൽ കേരളീയരുടെ യുദ്ധസാമർത്ഥ്യത്തെ വർണ്ണിച്ചിട്ടുണ്ടെങ്കിലും അവരുടെ വിലക്ഷണാചാരങ്ങളെ, വിശേഷിച്ച് മരുമക്കത്തായത്തെ ആക്ഷേപിച്ചിരിക്കുന്നതു നോക്കുമ്പോൾ, മഹാഭാരതകാലത്തു് കേരളത്തിൽ ‘നാക’ന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു് ഊഹിക്കാം.
മലയാളബ്രഹ്മണർ പിന്നീടു വന്നവരാണെന്നും, അവർക്കു് ആദ്യകാലത്തു് നാകന്മാരെപ്പറ്റി വലിയ ഭയം ഉണ്ടായിരുന്നെന്നും താഴെ ചേർക്കുന്ന ഖണ്ഡികയിൽനിന്നു കാണാം.
“… നാകരോചീറും പടിയാക മഹാബ്രാഹ്മണർക്കു വശമില്ലാഞ്ഞു; കാറിടിയൊത്തുച്ചീറിമിഴിക്കപ്പേടിമുഴുത്തുക്കൈകളൊതുക്കിക്കൂറുചുരുക്കിത്തലയതു താഴ്ത്തിക്കാതംവിട്ടുക്കണിയംവിട്ടുത്താനംവിട്ടു,ഇരവിൽ താനേ മൂട്ടുവിടാതപ്പാറപ്പറ്റപ്പലവഴി പോയാർ.”
ബ്രാഹ്മണനിർമ്മിതങ്ങളായ ചില പുരാണങ്ങളും ഈ കേരളോല്പത്തികഥയെ സ്ഥിരീകരിക്കുന്നുണ്ടു് (രണ്ടാം അദ്ധ്യായം നോക്കുക.).
വരുണൻ കേരളൻ എന്ന രാജാവിനു് തന്റെ പുത്രിയെ ദാനം ചെയ്തതായി പറയുന്ന കഥ സർവഥാ വിശ്വാസയോഗ്യമാണു്. കേരളരാജാവിന്റെ നേതൃത്വത്തിൽ കേരളീയർ, സമുദ്രം പിൻവാങ്ങിയ ഈ ഭൂപ്രദേശത്തു കുടിയേറിപ്പാർത്ത കഥയെ ആണു് അതു് ഉപലക്ഷിക്കുന്നതു്.
ക്രൈസ്തവവേദപ്രഖ്യാതനായ സോളമന്റെ കാലത്തുപോലും, കേരളീയർക്കു യവനദേശങ്ങളുമായി കച്ചവടമുണ്ടായിരുന്നുവെന്നു് ഇപ്പോൾ ചരിത്രകാരന്മാർ സമ്മതിക്കുന്നുണ്ടു്. അങ്ങനെ വിദേശീയരുമായി കച്ചവടം നടക്കണമെങ്കിൽ, തീർച്ചയായും അക്കാലത്തു് നല്ലനല്ല തുറമുഖങ്ങൾ ഉണ്ടായിരുന്നുവെന്നുവരണം. ‘കുരുവൂർ’ എന്നൊരു പട്ടണത്തെപ്പറ്റി ടോളമി മുതലായ പല യവനന്മാർ പറഞ്ഞുകാണുന്നുമുണ്ടു്.
ഒരു കാലത്തു് ചേരരാജാക്കന്മാരുടെ തലസ്ഥാനം ഈ കരുവൂർ പട്ടണമായിരുന്നുവെന്നു് ‘പുറനാനൂർ’ തുടങ്ങിയ പുരാതന ചെന്തമിൾ ഗ്രന്ഥങ്ങളിൽ നിന്നു തെളിയുന്നു. ‘കുരുവൂർ’ കൊടുങ്ങല്ലൂർ തന്നെയാണെന്നു തോന്നുന്നു. ‘കൊടുംകോരൂർ’ ശബ്ദം ആയിരിക്കാം കൊടുംകൊലൂർ ആയും പിന്നീടു കൊടുങ്ങല്ലൂരായും [1] പരിണമിച്ചതു്. കൊടുങ്ങല്ലൂരിനു സമീപത്തു് കരുപ്പടന്ന എന്നൊരു പ്രദേശമുള്ളതും ഈ ഊഹത്തെ ബലപ്പെടുത്തുന്നു.
“മന്നർകോൻചേരൻ വളവഞ്ചിനാൾ വേന്തൻ” എന്നു് ചിലപ്പതികാരത്തിലും
“തൺപൊരുനൈപ്പുനൽപായും, വിൺപൊരുപുകൾ വിറൽവഞ്ചി” എന്നു പുറനാനൂറിലും, പറഞ്ഞിരിക്കുന്ന വഞ്ചി അഥവാ [2] തിരുവഞ്ചിക്കുളത്തിന്റെ മറ്റൊരു പേരായിരിക്കും കോരൂർ. വാല്മീകിരാമായണത്തിലും രഘുവംശത്തിലും ‘മരുചി’ [3] എന്നൊരു പട്ടണത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടു്. അതിനെ പ്രാചീന പാശ്ചാത്യ ഭൂസഞ്ചാരികൾ മുസ്സിരിസു് എന്നു വിളിച്ചുവന്നിരുന്നു. ഈ മുരചീപത്തനവും കൊടുങ്ങല്ലൂർ തന്നെയാണെന്നാണു് പലരുടേയും അഭിപ്രായം.
ക്രിസ്ത്വബ്ദം ആരംഭിക്കുന്നതിനു് അനേകശതവർഷങ്ങൾക്കുമുമ്പു്, കേരളൻ അഥവാ ചേരരാജാവിനാൽ ആനീതരായ നാകന്മാർ കേരളത്തിൽ സ്ഥിരവാസം തുടങ്ങിയെന്നും, സോളമന്റെ കാലത്തുപോലും കേരളം സർവസമ്പത്സമൃദ്ധമായും പരിഷ്കൃതാവസ്ഥയിലും ഇരുന്നിരുന്നുവെന്നും വിചാരിക്കുന്നതിനു മതിയായ ലക്ഷ്യങ്ങൾ ഉണ്ടു്.
ക്രിസ്തുവർഷാരംഭത്തിൽപോലും നാകന്മാരുടെ ഇടയ്ക്കു് ജാതിവ്യത്യാസം ആരംഭിച്ചിട്ടില്ലായിരുന്നുവെന്നു് തൊൽകാപ്പിയം, ചിലപ്പതികാരം മുതലായ ഗ്രന്ഥങ്ങളിൽ നിന്നു കാണാവുന്നതാണു്. കാഞ്ചീപുരത്തെ ഒരു രാജാവു് ഒരു നാകകന്യകയെ വിവാഹം ചെയ്തുവെന്നും, ആ സ്ത്രീയിൽ നിന്നു ജാതനായ ഇളന്തിരയൻ ആ രാജാവിന്റെ കാലത്തുതന്നെ രാജ്യാഭിഷിക്തനായെന്നും പെരുപാണാറ്റുപ്പടയിലും, ‘കിള്ളിവളവൻ’ എന്ന ചോളരാജാവു് നാകലോകത്തെ ചാവകനാടു ഭരിച്ചുവന്ന വളവണനെന്ന നാകരാജാവിന്റെ പുത്രിയായ പീലിവളയെ വിവാഹം ചെയ്തുവെന്നു് മണിമേഖലയിലും പറഞ്ഞിരിക്കുന്നതിനാൽ, അന്നത്തെ കേരളീയരാജാക്കന്മാരും നാകവംശജന്മാരായിരുന്നുവെന്നു തെളിയുന്നു. പ്രധാനമായി യുദ്ധവൃത്തി അവലംബിച്ചുവന്നു എന്നല്ലാതെ അവർ ചതുർവർണ്ണവിഭാഗത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. നാകന്മാരിൽ ചിലർ സർവസംഗപരിത്യാഗിയായ ജ്ഞാനികളായിരുന്നുവെന്നു്,
“പുല്ലനെവെല്ലാം തുറക്കും നാകത്താരേ”
“ചുട്ടറവേവെട്ട വെളിതനിയായേങ്കി
മട്ടറവേ യടഞ്ഞ നില നില താനാകം
അന്നിലതാനഴിയാതൊരറവായൊരു
വിണ്ണിലൈയെന്നമതാകൻ വിളമ്പിനാരേ”
ഇത്യാദി പല പാട്ടുകളിൽനിന്നു വെളിപ്പെടുന്നു. ചിലപ്പതികാരം രചിച്ച കാലത്തു്, മലയാളബ്രഹ്മണരേക്കാൾ നാകവംശജരായ ‘തുറവരും’ (ത്യാഗികളും) അറവരും (ധർമ്മനിഷ്ഠരും) പൂജാർഹരായിരുന്നു എന്നുള്ളതിനു് അതിലെ ചില ഗാനങ്ങൾ സാക്ഷ്യം വഹിക്കുന്നു.
ക്രിസ്തുവർഷാരംഭത്തിനു മൂന്നു നാലു ശതകങ്ങൾക്കു മുമ്പുതന്നെ മലയാളബ്രാഹ്മണർ കേരളത്തിൽ പ്രവേശിച്ചുകാണണം. ആദ്യം വന്നവർ കേരളീയാചാരങ്ങളിൽ പലതും, മരുമക്കത്തായംപോലും സ്വീകരിച്ചു. രണ്ടാമതു വന്നവരും ഏറെക്കുറെ അവയ്ക്കു കീഴടങ്ങേണ്ടതായി വന്നു. ചിലർ തങ്ങളുടെ സമുദായ രക്ഷയ്ക്കുവേണ്ടി ആയുധവിദ്യ അഭ്യസിക്കുകയും, കളരികളും സംഘങ്ങളും സ്ഥാപിക്കുകയും ചെയ്തു; കാലക്രമേണ അവരുടെ സംഘങ്ങൾ പ്രബലാവസ്ഥയെ പ്രാപിച്ചു. നാകന്മാരുടെ അനൈകമത്യവും, താൻ താൻ വലിയവനെന്ന ഔദ്ധത്യാപരപര്യായമായ ദുരഭിമാനവും ഒരുവഴിക്കു ബ്രാഹ്മണശക്തി വർദ്ധിപ്പിക്കുന്നതിനു സഹായിച്ചുകൊണ്ടിരുന്നു. എന്നാൽ ക്ഷേത്രങ്ങൾ വഴിക്കാണു് അവരുടെ പ്രാബല്യം പ്രധാനമായി വർദ്ധിച്ചുവന്നതു്. ഇതിനിടയ്ക്കു് ഇടപ്രഭുക്കന്മാരുടേയും രാജാക്കന്മാരുടേയും അധ്യാത്മഗുരുക്കന്മാരെന്ന നില സമ്പാദിച്ച് ഒട്ടുവളരെ ഭൂസ്വത്തുക്കൾ കരസ്ഥമാക്കുന്നതിനും അവർക്കുസാധിച്ചു. എല്ലാംകൊണ്ടും കേരളീയരുടെ രാഷ്ട്രീയകാര്യങ്ങളിൽ കാര്യക്ഷമമാകുംവണ്ണം തലയിടുന്നതിനു് പര്യാപ്തമായ ശക്തി അവർക്കു വേണ്ടുവോളം ഉണ്ടായി. ചേരരാജാക്കന്മാരുടെ ഭരണദശ എന്തു കാരണവശാലോ അവസാനിച്ചപ്പോൾ, മലയാളബ്രാഹ്മണരെ നാം മുന്നണിയിൽ കണ്ടുതുടങ്ങി. ബ്രാഹ്മണരും നാകന്മാരും യോഗംകൂടി കേരളത്തെ നാലു തളികളായി വിഭജിച്ചു്, ഓരോ തളിയുടേയും രക്ഷാധികാരിയായി അതാതു തളിയിൽ നിന്നു് ഒരാളെ തിരഞ്ഞെടുത്തു് അവരോധിച്ചു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഹ്മണനു് തളിയാതിരി എന്നായിരുന്നു പേർ. ഈ അവസരത്തിലും തളിയാതിരിമാരുടെ മന്ത്രിപദം അലങ്കരിച്ചിരുന്നതു് നാകന്മാർ തന്നെയായിരുന്നു. അവരെ നിശ്ശേഷം അകറ്റിനിറുത്തുന്നതിനുള്ള പ്രാബല്യം അവർക്കു സിദ്ധിച്ചിരുന്നില്ലെന്നു് ഇതിൽനിന്നു നമുക്കു ഗ്രഹിക്കാം. തളിയാതിരിമാരുടെ വാഴ്ചക്കാലം മുമ്മൂന്നു് കൊല്ലത്തേയ്ക്കേ ഉണ്ടായിരുന്നുള്ളു. ഇങ്ങനെ ചേരരാജാക്കന്മാരുടെ കാലത്തിനുശേഷവും ജനാധിപത്യഭരണം നിലനിന്നുപോന്നു. ഈ കാലത്തായിരിക്കണം നാകന്മാരുടെ ഇടയ്ക്കും ജാതിവ്യത്യാസം ഏർപ്പെട്ടുതുടങ്ങിയതു്. ആദ്യമായി ക്ഷേത്രവൃത്തിയെ അവലംബിച്ചു സ്വതന്ത്രരായി ജീവിച്ചുവന്നവർ കിരിയത്തു നായന്മാരെന്ന നിലയിൽ മറ്റുള്ളവരിൽ നിന്നു് അകന്നുകാണണം. മലയാളബ്രാഹ്മണരുടെ ദാസ്യം കൈക്കൊണ്ടു് ജീവിച്ചവർ ‘ശൂദ്രനായ’ന്മാരായി പിരിഞ്ഞു. അവരോടു മറ്റുള്ളവർ വിവാഹബന്ധത്തിൽ ഏർപ്പെടാതായി. പക്ഷേ ബ്രാഹ്മണശക്തി അപ്രതിഹതമാകുംവണ്ണം സ്ഥാപിതമായപ്പോൾ ഈ ശൂദ്രനായന്മാർക്കും പ്രാമാണ്യം സിദ്ധിച്ചതിനാൽ, കിരിയത്തു നായന്മാരിൽ പലരും പിന്നീടു് ഓരോ ഇല്ലങ്ങളിൽ പര്യപ്പെട്ടു്, ശുദ്രനായന്മാർ അഥവാ ഇല്ലക്കാരായിത്തീർന്നുതുടങ്ങി. നായന്മാർക്കു പൊതുവെ ശൂദ്രരെന്നു പേരു വന്നുകൂടാൻ ഇടയാക്കിയതു്, ഈ ശൂദ്രനായന്മാരാണു്. ക്ഷേത്രപരികർമ്മങ്ങൾ ചെയ്തു ജീവിക്കാൻ തുടങ്ങിയ നാകന്മാർ അമ്പലവാസികളായിത്തീർന്നു. ഇങ്ങനെ വലിയവലിയ പരിവർത്തനങ്ങൾ ഇക്കാലത്തു് നാകന്മാരുടെ ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ടു്.
മലയാളബ്രാഹ്മണരുടെ ഇടയ്ക്കും വിവിധ വിഭാഗങ്ങൾ ഇക്കാലത്തു തന്നെ ഉണ്ടാവാനിടയായി. രക്ഷാപുരുഷന്മാരുടെ വംശപരമ്പരയിൽപ്പെട്ടവരായിരിക്കണം അഷ്ടഗൃഹത്തിലാഢ്യന്മാർ. മലയാളബ്രാഹ്മണരുടെ ആധിപത്യസ്ഥാപനാർത്ഥം ആയുധം ധരിച്ചു് പതിനെട്ടു കളരികൾ സ്ഥാപിച്ച ശാസ്ത്രനമ്പൂരിമാർ കാലക്രമേണ ആഭിജാത്യം കുറഞ്ഞവരായി ഗണിക്കപ്പെട്ടുതുടങ്ങി. വേറെയും പല വിഭാഗങ്ങൾ വിവിധകാരണങ്ങളാൽ അവരുടെ കൂട്ടത്തിൽ ഉണ്ടാവാൻ ഇടയായിട്ടുണ്ടു്. അവയെപ്പറ്റി സവിസ്തരം പ്രതിപാദിക്കേണ്ട ആവശ്യം ഇവിടെ ഇല്ലാത്തതിനാൽ കഴിയുന്നത്ര ചുരുക്കുന്നു.
തളിയാതിരിമാർ, അധികാരഭ്രമത്താലും ധനതൃഷ്ണയാലും ജനങ്ങളെ പീഡിപ്പിച്ചുതുടങ്ങിയപ്പോഴാണു്, വേദോച്ചാരണ ചെയ്തു ജീവിക്കേണ്ടവർക്കു് രാജ്യശാസനം നടത്താൻ സാധിക്കയില്ലെന്നു പ്രത്യക്ഷപ്പെട്ടതു്. തളിയാതിരിമാർ അവരോധാവസരത്തിൽ ചെയ്തിട്ടുള്ള ശപഥത്തേ ലംഘിച്ചു മൂന്നു കൊല്ലം കഴിഞ്ഞിട്ടും സ്വാധികാരം അന്യനു വിട്ടുകൊടുക്കാതെ ആയി. രക്ഷാപുരുഷന്മാർക്കു ഭൂസ്വത്തുക്കൾ സമ്പാദിക്കാൻ പാടില്ലെന്നു ചെയ്തിരിക്കുന്ന വ്യവസ്ഥയ്ക്കു വിപരീതമായി അവർ, കഴിയുന്നത്ര സ്വത്തുക്കൾ തേടിവെയ്ക്കാൻ ശ്രമിച്ചു. അതിന്റെ ഒക്കെ ഫലമായി തളിയാതിരിമാരും മന്ത്രിയായ നായർപ്രഭുവും ഒരുവശത്തും, ബ്രാഹ്മണജന്മികളും നാകപ്രഭുക്കന്മാരും മറുഭാഗത്തും ആയി ഒരു ഘോരസമരം ആരംഭിച്ചു. [4] ആ സമരം കൊണ്ടു രാജ്യാധിപതിയുടെ നയവൈദഗ്ദ്ധ്യത്താൽ ഒട്ടു വളരെക്കാലത്തേയ്ക്കു നീണ്ടുനിന്നു. രണ്ടുകൂട്ടരും ജയിക്കയില്ലെന്ന മട്ടിലായപ്പോൾ, അവർ കൊങ്ങുരാജാവിന്റെ മാദ്ധ്യസ്ഥം സ്വീകരിച്ചു്, അദ്ദേഹത്തിന്റെ ഉപദേശാനുസരണം ഒരു രാജവംശത്തെ രക്ഷാധികാരത്തോടു കൂടി വാഴിക്കാൻ തീർച്ചപ്പെടുത്തി. അവർ ‘ബാണവർമ്മൻ ഉദയൻ’ എന്ന ആ രാജാവിനെത്തന്നെ ആദ്യത്തെ പെരുമാളായി അഭിഷേകം ചെയ്തു. അദ്ദേഹത്തിനെ ആണത്രേ, മുരിങ്ങൂർ മുടിനാഗരാജൻ എന്ന കവി ഇപ്രകാരം വർണ്ണിച്ചിരിക്കുന്നതു്:
“നിൻ കടർ പിറന്ത ഞായിറുപേയർത്തു നിൻ
വെണ്ടലൈപ്പുണരിക്കുട കടർകളിക്കും
യാണർവൈപ്പി നിന്നാട്ടുപൊരുന
വാണവരമ്മെനൈ, നീയെ പെരുമ
വലം കളൈപ്പുരവി യൈവരോടു ചിനൈയി-
നിലന്തലൈക്കൈണ്ടു പൊലമ്പൂന്തുമ്പൈ
യിരെമ്പതിമ്മരും പൊരുതുകളൊത്തൊഴിയ-
പ്പെരുഞ്ചോറ്റു മികുപതംവരൈ യാതു കൊടുത്തോയ്”
ഈ സംഭവം ക്രിസ്തുവർഷാരംഭത്തിനു് 100-ൽപരം വർഷങ്ങൾക്കു മുമ്പായിരുന്നുവെന്നു ചെന്തമിഴു് ഗ്രന്ഥങ്ങളുടെ പരിശോധനയിൽ നിന്നു വെളിപ്പെടുന്നു. കേരളത്തിലെ ഐതിഹ്യപ്രകാരവും ആദ്യത്തെ പെരുമാളിന്റെ വാഴ്ച ആരംഭിച്ചതു് ‘ദദുർദ്ധരാം’ എന്ന കലിവത്സരത്തിൽ (ക്രി-മു-113) ആയിരുന്നു. പെരുമാക്കന്മാരുടെ വാഴ്ച ഏഴെട്ടു ശതവർഷകാലം നിലനിന്നു. ആ കാലം കേരളത്തിനു് പല വിധത്തിലുള്ള അഭിവൃദ്ധികൾ ഉണ്ടായിട്ടുണ്ടു്. കേരളീയചരിത്രത്തിലെ സുവർണ്ണകാലം അതുതന്നെ ആയിരുന്നുവെന്നു നിസ്സംശയം പറയാം. [5]
ആദ്യത്തെ പെരുമാളായ ഉദയനൻ നിമിത്തമായിരിക്കാം, തിരുവഞ്ചിപത്തനത്തിനു് മഹോദയപുരം (മാകോതയർ പത്തനം) എന്ന പേരു കൂടി സിദ്ധിച്ചതു്. ഈ നയവിദഗ്ദ്ധനായ പെരുമാൾ, പ്രജാധിപത്യഭരണത്തെ നശിപ്പിക്കാതെ, കീഴ്‌നടപ്പുകളിൽ ചിലതിനെ പുതുക്കിയും ചില പുതിയ വ്യവസ്ഥകൾ നടപ്പിൽ വരുത്തുകയും ചെയ്തു. തളികളിൽ ഓരോന്നിലും അദ്ദേഹം പഴയപോലെ ഓരോ തളിയാതിരിമാരെ മുമ്മൂന്നു കൊല്ലത്തേക്കു് സമ്യങ്നിയന്ത്രിതമായ അധികാരങ്ങളോടുകൂടി നിയമിക്കയും അവർ തലസ്ഥാനനഗരിക്കു സമീപംതന്നെ താമസിക്കണമെന്നു നിർബന്ധിക്കുകയും ചെയ്തതായി കേരളോല്പത്തിയിൽ നിന്നു ഗ്രഹിക്കാം. ഇതു ബ്രാഹ്മണരെ പിണക്കാതിരിക്കാനായി പ്രയോഗിച്ച കൗശലമായിരിക്കണം. പ്രജകളുടെ അഭാവാഭിയോഗങ്ങളെ യഥാകാലം അറിഞ്ഞു്, അവരുടെ ഇംഗിതാനുസരണം രാജ്യകാര്യങ്ങൾ നിർവഹിക്കുന്നതിനായി ജനപ്രതിനിധിസഭ, മന്ത്രിസഭ, വൈദികസഭ, വൈദ്യസഭ, ജൗതിഷികസഭ എന്നു് അഞ്ചു മഹാ സഭകളും അദ്ദേഹം സ്ഥാപിച്ചു. ഈ ഭരണപടുവായ രാജാവിന്റെ കാലത്തു് അദ്ദേഹത്തിന്റെ മന്ത്രിമാരും മറ്റു ഭരണകർത്താക്കന്മാരും,
“പാൽപുളിപ്പിനും പകലിരുളിനും നാൽവേതനെറിതിരിയിനും, തിരിയാച്ചുറ്റമൊടുമുഴുതുചെൺവിളങ്കി” അത്രേ. അദ്ദേഹത്തിന്റെ പുത്രനും അടുത്ത പെരുമാളുമായ ഇവയവർമ്മൻ നെടുചേരനാഥൻ, ഇന്ത്യയുടെ വടക്കേ അറ്റംവരേ ജൈത്രയാത്ര ചെയ്തതായി പതിറ്റിപ്പത്തു്, ചിലപ്പതികാരം മുതലായ കൃതികളിൽ പറഞ്ഞിരിക്കുന്നു.
“വൻ ചൊൽയവനർ വളനാടാണ്ടു
പൊൻപടനെടുവരൈ പുകന്തോനായിനും”
“വൻചൊൽ യവനർ വളനാടുവൻ പെരുങ്ക
റ്റെങ്കുമരിയാണ്ടചെറുവിർക്കയർ പുലിയാൻ.” (ചില. 28-29)
ഇക്കാലത്തിനുമുമ്പുതന്നെ കേരളത്തിൽ ബുദ്ധമതം പ്രചരിച്ചുതുടങ്ങിയിരിക്കണം. എന്നാൽ നെടുഞ്ചോരനാഥന്റെ കാലത്തു് ഒരു ചരിത്രപ്രധാനമായ സംഭവം നടന്നു. അദ്ദേഹത്തിന്റെ മിത്രവും ബുദ്ധമതപ്രചരണാർത്ഥം ലങ്കയിൽനിന്നു വന്ന ധർമ്മശാസനന്റെ ഉപദേശാനുസാരം ആ മതം അംഗീകരിച്ച ആളുമായ കോവലൻ തിരുവഞ്ചിനഗരത്തിൽ ഒരു ബുദ്ധചൈത്യം പണികഴിപ്പിച്ചു. നാലാമത്തെ പെരുമാളായ ബാണവർമ്മൻ നാർമുടിച്ചേരനാഥന്റെ മൂത്ത പുത്രൻ പോലും ബുദ്ധമതം സ്വീകരിച്ചു് വിഷയസംഗപരിത്യാഗം ചെയ്തുവത്രേ. ഇങ്ങനെ രാജകുടുംബാംഗങ്ങൾ പോലും സ്വീകരിക്കാൻ പ്രേരിതമായ ബുദ്ധമതത്തോടു് അക്കാലത്തു് ആർക്കും ബഹുമതിക്കുറവില്ലായിരുന്നുവെന്നു്, രാജസഭയിലും മറ്റും ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിൽ നിന്നു് ഊഹിക്കാം. ധർമ്മശാസനന്റെ കൂടെ ബുദ്ധമതപ്രചരണാർത്ഥം വന്ന സിംഹളരുടെ സന്താനങ്ങളായിരിക്കാം ഇന്നത്തെ ഈഴവർ. ചേരൻ ചെങ്കുട്ടുവന്റെ കാലത്തു് കേരളത്തിലെ ഫലവർഗ്ഗങ്ങളുടെ കൂട്ടത്തിൽ ‘തെങ്കിൽപഴനും തേമാങ്കനിയും’ ഉൾപ്പെടുത്തിയിരുന്നതിനാൽ, അദ്ദേഹത്തിന്റെ കാലത്തിനു മുമ്പേതന്നെ ഈഴവർ തീർച്ചയായും കേരളത്തിൽ വന്നു കാണണം. ചെങ്കുട്ടുവന്റെ കാലം ക്രിസ്തുവർഷം രണ്ടാം ശതകമായിരുന്നു.
ഇമയവർമ്മൻ ചെങ്കുട്ടുവൻ പതിമൂന്നാമത്തെ പെരുമാളായിരുന്നത്രെ. അദ്ദേഹത്തിന്റെ അപദാനങ്ങളെ അന്നത്തെ അനേകകവികൾ കീർത്തിച്ചുകാണുന്നുണ്ടു്. വിദ്യാപ്രചാരണവിഷയത്തിൽ അദ്ദേഹം അത്യുൽസുകനായിരുന്നു. ചിലപ്പതികാരകർത്താവായ ഇളംകൂറടികൾ ചെങ്കുട്ടുവന്റെ അനുജനായിരുന്നുവെന്നാണു് ഐതിഹ്യം. പ്രസ്തുതകാവ്യത്തിൽ നിന്നും കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളതു് ഈ പെരുമാളായിരുന്നുവെന്നു് തീർച്ചപ്പെടുത്താം. “പടുകടലോട്ടിയവെൻപുകൾക്കുട്ടുവൻ” എന്നു പതിറ്റുപത്തിലും, “പൊങ്കിരുമ്പരപ്പിൽ കടൽ പിറകോട്ടിയ” കുട്ടുവനെന്നു് ചിലപ്പതികാരത്തിലും, അദ്ദേഹത്തിനെ വർണ്ണിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ കാലത്തു് ഒരു കടൽക്ഷോഭം ഉണ്ടായെന്നും തൽഫലമായി കേരളത്തിന്റെ ഒരു ഭാഗത്തു് കടൽവെച്ചു് കരയുണ്ടായെന്നും ഊഹിക്കാം. കരപ്പുറം ഇങ്ങനെ കടൽ പിൻവാങ്ങിയതിന്റെ ഫലമായുണ്ടായ ഭൂഭാഗമായിരിക്കാൻ ഇടയുണ്ടു്. ടോളമിയുടെ കാലത്തു് സമുദ്രം വേമ്പനാട്ടുകായലിന്റെ കിഴക്കേതീരംവരെ വ്യാപിച്ചിരുന്നതായി അദ്ദേഹത്തിന്റെ ലിഖിതങ്ങളിൽ നിന്നു കാണുന്നതും, ആധുനികഭൂഗർഭശാസ്ത്രജ്ഞരുടെ അന്വേഷണങ്ങളും ഈ ഊഹത്തിനു് അവഷ്ടംഭകമായിരിക്കുന്നു.
ആദിപെരുമാക്കന്മാരുടെ കാലം കേരളത്തിന്റെ സൗവർണ്ണദശയായിരുന്നുവെന്നു പറവാൻ പല കാരണങ്ങളുണ്ടു്. യവനന്മാരെപ്പോലും ആകർഷിക്കത്തക്കവണ്ണം ഉണ്ടായിരുന്ന സമ്പത്സമൃദ്ധിയോ പോകട്ടെ. ജനങ്ങൾ വളരെ ഐക്യമത്യത്തോടുകൂടിയാണു ജീവിച്ചുവന്നതു്. തീണ്ടൽ, തൊടീൽ ഇവയൊന്നും അക്കാലത്തു് അറിയപ്പെട്ടിരുന്നതേ ഇല്ല. പരമതാസഹിഷ്ണുത കേരളീയർക്കു കണികാണ്മാൻ പോലും ഇല്ലായിരുന്നു. ഒരേ കുടുംമ്പത്തിൽ തന്നെ വൈദികന്മാരോടുകൂടി ബുദ്ധമതക്കാരും ജൈനന്മാരും ജീവിക്കുന്നതിൽ യാതൊരു പ്രതിബന്ധവും ഉണ്ടായിരുന്നില്ലെന്നു് ചിലപ്പതികാരം വായിച്ചാൽ അറിയാം. അവർക്കു തമ്മിൽ വിവാഹബന്ധംപോലും നിഷേധിക്കപ്പെട്ടിരുന്നില്ല. ഇന്നു് നാം നിർദ്ദയം ആട്ടിയോടിക്കുന്ന കാണിക്കാർ, [6]
1. കാണിക്കാർ ഇവർ പശ്ചിമഘട്ടത്തിനു് അപ്പുറം വാണിരുന്ന ശ്രീരംഗൻ, വീരപ്പൻ എന്നീ രണ്ടു മലയരയന്മാരുടെ സന്താനങ്ങളെന്നു് ഇപ്പോഴും അഭിമാനിച്ചുവരുന്നു. ഭാഷയ്ക്കും തമിഴിനോടാണു് അധികം അടുപ്പം, ദായക്രമം മക്കത്തായമാണു്.
2. മുതുവർ ഇവർ പൂഞ്ഞാറ്റു തമ്പുരാനു വേണ്ടി മധുരയിൽ നിന്നു് മീനാക്ഷിയുടെ വിഗ്രഹം മുതുകത്തു വഹിച്ചുകൊണ്ടു വന്നവരുടെ സന്താനങ്ങളത്രെ.
3. ഊരാളികൾ ഇവരും മധുരരാജാക്കന്മാരുടെ ആശ്രിതന്മാരായിരുന്നവരാണു്. തൊടുപുഴത്താലൂക്കിന്റെ ഒരു ഭാഗം ഒരു കാലത്തു് മധുരരാജ്യത്തോടു ചേർന്നിരുന്നു. അന്നു് മധുരരാജാക്കന്മാർ തൊടുപുഴയിലേക്കു ഘോഷയാത്ര പുറപ്പെടാറുണ്ടായിരുന്നു. ആ അവസരങ്ങളിൽ കുട പിടിക്കുന്ന ജോലി ഊരാളിമാർക്കായിരുന്നുവത്രെ. ആ ഊരാളിമാരിൽ ഒരുവനെ ആ ഊരിനെ ആളുന്നതിനായി മധുരരാജാവു വിട്ടും വെച്ചുപോയതായി ഒരു ഐതിഹ്യമുണ്ടു്.
4. ചെറുമന്മാരിൽ പുലയർ, പറയർ, പള്ളർ എന്ന മൂന്നു വർഗ്ഗക്കാർ ഉൾപ്പെടുന്നുണ്ടു്. ഇവരെ ആദിചേരന്മാരെന്നു് സാധാരണ പറയാറുണ്ടെങ്കിലും ഇവർ പില്ക്കാലത്തു കേരളത്തിൽ വന്നവരാണെന്നുള്ളതിനു പല ലക്ഷ്യങ്ങൾ കാണുന്നു. മലയർ, കുറിച്ചിയർ തുടങ്ങിയവർക്കും അന്നു് പൊതു ജനതയുടെ ഇടയിൽ സ്വൈരമായി സഞ്ചരിക്കാമായിരുന്നു.
പെരുമാക്കന്മാരുടെ വാഴ്ചക്കാലത്താണു് ജൂതന്മാരും ക്രിസ്ത്യാനികളും മുഹമ്മദീയരും കേരളത്തിൽ ആദ്യമായി പ്രവേശിച്ചതു്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ സെന്റ് തോമസ് ഏ. ഡി. ഒന്നാം ശതകത്തിൽ മലയാളത്തിൽ വന്നു് നിരണം, ചായൽ, കൊല്ലം, പാലൂർ, കൊടുങ്ങല്ലൂർ, കോട്ടയ്ക്കായൽ ഇങ്ങനെ ഏഴുദിക്കുകളിൽനിന്നു് കേരളീയരിൽ പലരേയും ക്രിസ്തുമതം സ്വീകരിപ്പിച്ചതായി ഭാഷാചരിത്രകർത്താവു പറയുന്നു. അങ്ങനെ ക്രിസ്തുമാർഗ്ഗം സ്വീകരിച്ചവരിൽ കള്ളി, കാളിയാങ്ക, ശങ്കുപുരി, പകലോമറ്റം എന്നു നാലു കുടുംബക്കാർ ആഢ്യബ്രാഹ്മണരായിരുന്നത്രേ. സെന്റ് തോമസ്സിന്റെ കാലശേഷം ഒന്നുരണ്ടു ശതവർഷക്കാലത്തേയ്ക്കു് ക്രിസ്തുമതപ്രചരണാർത്ഥം, ഇവിടെ ആരും വന്നതായി അറിവില്ല. ഏ. ഡി. 345-ൽ തോമാക്കാനായുടെ നേതൃത്വത്തിൽ ബാഗ്ഡാഡ്, നിനീവ, ജറുസലേം എന്നീ പ്രദേശങ്ങളിൽ നിന്നു് ഏതാനും അർമ്മീനിയർ കേരളത്തിൽ മഹോദയപുരത്തു കുടിയേറി. തോമാക്കാനാ മലബാർതീരങ്ങളുമായി വാണിജ്യം നടത്തിക്കൊണ്ടിരുന്ന ഒരു കച്ചവടക്കാരനായിരുന്നു. അന്നത്തെ പെരുമാൾ അവർക്കു വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തുകൊടുത്തുവെന്നു മാത്രമല്ല, ജൂതന്മാർക്കെന്നപോലെ അവർക്കും മാന്യപദവികളും സ്ഥാനമാനങ്ങളും നൽകുകയും ചെയ്തു. അതിനുശേഷം ആണു് ക്രിസ്തുമതത്തിനു് ഉത്തരോത്തരം പ്രചാരം ഉണ്ടായിത്തുടങ്ങിയതു്.
ഭാസ്കരരവിവർമ്മ വെളുത്ത ജൂതന്മാർക്കു കൊടുത്ത ഒരു താമ്രശാസനവും, സ്താണുരവി ഗുപ്തപ്പെരുമാൾ സെന്റ് തെറിസ പള്ളിയിലേക്കു് കുറെ ഭൂമി അട്ടിപ്പേറായി കൊടുത്ത ഒരു ആധാരവും വീരരാഘവ ചക്രവർത്തി ക്രിസ്ത്യാനികൾക്കു നൽകിയ ഒരു താമ്രശാസനവും ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ടു്. ഇവയിൽ ഭാസ്കരരവിവർമ്മ ജൂതന്മാർക്കു നൽകിയ ശാസനം എട്ടാം ശതകത്തിനപ്പുറം ആവാൻ തരമില്ലെന്നു് ബർണ്ണലും, ഏ. ഡി. 192-ൽ ആണെന്നു് കനകസഭാപിള്ളയും പറയുന്നു. ആ കാരണത്താൽ ചക്രവർത്തി, പകൽ വിളക്കു്, നട, പല്ലക്കു്, കുട, കൊട്ടും കുഴലും എന്നീ പദവികൾ ജോസഫ് റബ്ബിനു നൽകിയതായി കാണുന്നു. വീരരാഘവ ചക്രവർത്തിയുടെ ശാസനം ഏ. ഡി. 774-ൽ ആണെന്നു് ഡാക്ടർ ബർണ്ണലും, 1320 മാർച്ച് 15-ാനു ആണെന്നു് ഡാക്ടർ കെയിൽ ഹോർണ്ണും വാദിക്കുന്നു. എന്നാൽ വി. നാഗമയ്യാ തിരുവിതാംകൂർ സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുന്നതു് ഏ. ഡി. 230-ൽ ആണെന്നത്രേ.
കേരളത്തിൽ ആദ്യമായി ഒരു പള്ളി സ്ഥാപിക്കുന്നതിനു് അനുവാദം കിട്ടിയ മഹമ്മദീയൻ അറേബിയായിൽനിന്നു് വന്ന ഷെയികു് ഇബിൻദീനാർ ആണെന്നു പറഞ്ഞുവരുന്നു. അദ്ദേഹം കൊടുങ്ങല്ലൂരിൽ ഒരു പള്ളി സ്ഥാപിച്ചുവത്രേ. പിന്നീടു് അദ്ദേഹത്തിന്റെ ഉപദേശാനുസൃതം മാലികു് ഇബിൻ ഹബീബ് തന്റെ കുടുംബസമേതം കൊല്ലത്തുവന്നു് അവിടെയും ഒരു പള്ളി പണിയിച്ചു. അചിരേണ മഹമ്മദീയരുടെ സംഖ്യയും വർദ്ധിച്ചുവന്നു. പോർത്തുഗീസുകാരുടെ വരവുവരെ കേരളവുമായുള്ള കച്ചവടം മുഴുവനും അറബികളുടെ കൈവശമായിരുന്നു.
ഒടുവിലത്തെ പെരുമാൾ കപ്പൽ വഴി കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ചില മഹമ്മദീയരുടെ ഉപദേശപ്രകാരം ഇസ്ലാംമതം സ്വീകരിച്ചു് മക്കത്തേയ്ക്കു പോയതായി ഒരു കഥയുണ്ടു്. അദ്ദേഹം അതിനുമുമ്പായി രാജ്യത്തെ ഉറ്റ ബന്ധുക്കൾക്കും ആശ്രിതന്മാർക്കും പ്രഭുക്കന്മാർക്കും ആയി പങ്കിട്ടു കൊടുത്തുവത്രേ. ഈ കഥ വിശ്വാസയോഗ്യമല്ല. അതിനെപ്പറ്റി ആദ്യമായി പറഞ്ഞുകാണുന്നതു് കമോയൻസ് എന്ന പോർത്തുഗീസുകാരൻ എഴുതിയ ലൂസിയഡ് എന്ന കാവ്യത്തിലും 16-ാം ശതകത്തിൽ ഷെയികു് സെയിനുഡീൻ എഴുതിയ ചരിത്രത്തിലും ആകുന്നു. ഷെയികു് സെയിനുഡീൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രധാനമായി വിവരിച്ചിരിക്കുന്നതു് തഹാഫുടു് ഉൾമുജാഹുദീൻ എന്നു പേരായ അറബികൾ കേരളത്തിൽ കുടിപാർത്ത കഥയേയാണു്. മലയാളികൾ പെരുമാളിന്റെ മതംമാറ്റത്തെപ്പറ്റിപ്പറഞ്ഞുവരുന്ന കഥ [7] വിശ്വാസാർഹമല്ലെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽതന്നെ നബിയുടെ സ്വർഗ്ഗാരോഹണാനന്തരം രണ്ടുശതവർഷം കഴിഞ്ഞായിരിക്കാനേ തരമുള്ളുവെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. ക്രിസ്താബ്ദം ഒൻപതാം ശതകം മുതല്ക്കു് പതിനഞ്ചാംശതകം വരെ ഉണ്ടായിട്ടുള്ള പാശ്ചാത്യരേഖകളിലൊന്നിലും ഈ സംഭവത്തെപ്പറ്റി ഒന്നും പറഞ്ഞു കാണുന്നില്ലതാനും. നേരേമറിച്ചു് അറബിവ്യാപാരിയായ സുലൈമാൻ (851–852) ഇങ്ങനെ എഴുതിയിരിക്കയും ചെയ്യുന്നു.
“ഇൻഡ്യാക്കാരിലോ ചീനക്കാരിലോ ഇസ്ലാംമതം അംഗീകരിച്ചവരോ അറബിഭാഷ സംസാരിക്കുന്നവരോ ആയി ആരെങ്കിലും ഉള്ളതായി അറിയുന്നില്ല.”
ഒടുവിലത്തെ പെരുമാൾ എഴുപത്തിമൂന്നു കൊല്ലത്തെ ഭരണശേഷം തിരുവഞ്ചിക്കുളത്തുവച്ചു് നൂറാമത്തെ വയസ്സിൽ ചരമഗതിയേ പ്രാപിച്ചതായിട്ടാണു് ഹിന്ദുക്കൾ രേഖപ്പെടുത്തിക്കാണുന്നതു്. പതിനൊന്നും പതിമൂന്നും ശതകങ്ങൾക്കു മദ്ധ്യേ ഉണ്ടായിട്ടുള്ള തമിൾഗ്രന്ഥങ്ങളിൽ പെരുമാൾ സുന്ദരമൂർത്തി സ്വാമിയോടൊന്നിച്ചു് ഉടലോടെ സ്വർഗ്ഗത്തു പോയതായി വിവരിക്കയും ചെയ്തിരിക്കുന്നു. തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ അദ്ദേഹത്തിന്റേയും, ഗുരുവായിരുന്ന സുന്ദരമൂർത്തിയുടേയും പ്രതിമകൾ ഇപ്പോഴും കാണ്മാനുണ്ടു്. അദ്ദേഹം 352-ാം ആണ്ടുവരെ കൊച്ചിയിലുള്ള ഒരു ദേവാലയത്തിൽ ഏകാന്തവാസം ചെയ്തിരുന്നുവെന്നാണു് മേജർ ഡ്രൂറിയുടെ അഭിപ്രായം.
കേരളരാജാക്കന്മാർക്കു രാജസ്ഥാനം ലഭിച്ചതു് പെരുമാൾ വഴിക്കാണെന്നും പറയാവുന്നതല്ല. എന്തുകൊണ്ടെന്നാൽ ജൂതന്മാർക്കു പെരുമാൾ നൽകിയ താമ്രശാസനത്തിൽ “വേണാടുടയ ഗോവർദ്ധനൻ മാർത്താണ്ഡനും” “ഏർ നാടുടയ മാനവപാലമാനവീയനും” “വള്ളുവനാടുടയ രായിരൻ ചാത്തനും” “നെടുമ്പറയൂർ നാടുടയ കോതെ ഇരവിയും” ഒപ്പിട്ടുകാണുന്നു. വീരരാഘവചക്രവർത്തിയുടെ ചെമ്പുപട്ടയത്തിലും വേണാടു്, ഓടനാടു്, ഏർനാടു്, വള്ളുവനാടു് എന്നീ ദേശങ്ങളിലെ രാജാക്കന്മാർ സാക്ഷി നിന്നിരിക്കുന്നു. അതിനാൽ ആ രാജ്യങ്ങളും രാജാക്കന്മാരും പെരുമാക്കന്മാരുടെ കാലത്തുതന്നെ ഉണ്ടായിരുന്നുവന്നു തീർച്ചയാണല്ലോ.
കുറിപ്പുകൾ
[1] കൊടുംകൊയിലരായിരിക്കാനും മതി.
[2] ഈ ശബ്ദം “തിരു + അഞ്ചൈ + കലം” (തിരുഅഞ്ചൈക്കുളം) എന്നതിന്റെ രൂപഭേദമാണെന്നു ചിലർ പറയുന്നു. “അഞ്ച” പദത്തിനു് അമ്മ എന്നർത്ഥം. എന്നാൽ ദേവീക്ഷേത്രം പണികഴിക്കുന്നതിനു മുമ്പുണ്ടായിട്ടുള്ള തമിൾഗ്രന്ഥങ്ങളിൽപോലും “വഞ്ചി” ശബ്ദപ്രയോഗം കാണ്മാനുണ്ടു്.
[3] മുരചീമാരുതോദ്ധ തമഗമൽകൈതകം രജഃ (രഘുവംശം) മുരചീപത്തനം ചൈവരമും ചൈവജടാപുരം (വാ. രാ.).
[4] മുടിനാഗരാജൻ തുടങ്ങിയ തമിഴ് കവികൾ വർണ്ണിച്ചിരിക്കുന്ന ഈ യുദ്ധത്തെ ചിലർ കുരുപാണ്ഡവയുദ്ധമായി വ്യാഖ്യാനിച്ചിരിക്കുന്നതു ശരിയല്ല.
[5] For much of what I have said in the latter part of this chapter, I am indebted to Mr. A. Krishna Pisharody, my revered Gurw.
[6] കാണിക്കാർ, മലയർ, മുതുവർ, ഊരാളികൾ, കുറവർ, വേലന്മാർ, ചെറുമികൾ, പുലയർ, പറയർ ഇത്യാദി വർഗ്ഗക്കാർ കേരളത്തിലെ ആദിമനിവാസികളായിരുന്നെന്നാണു് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. എന്നാൽ അവർ പിന്നീടു കേരളത്തിൽ വന്നു കുടിപാർത്തവരാണെന്നു് അവരുടെ ഭാഷ, ആചാരങ്ങൾ, ദായക്രമങ്ങൾ, ഐതിഹ്യങ്ങൾ മുതലായവ നോക്കിയാൽ അറിയാം.
[7] കൊച്ചി ചരിത്രം നോക്കുക.
അധ്യായം 4
4 ഭാഷയുടെ വികാസം
കഴിഞ്ഞ അദ്ധ്യായത്തിൽ ഭാഷാസാഹിത്യപിപഠിഷുക്കൾ അവശ്യം അറിഞ്ഞിരിക്കേണ്ട ആദികേരളചരിത്രസംഭവങ്ങളെ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു. ആ സംഭവങ്ങൾ ഭാഷാകോശത്തെ എത്രമാത്രം സ്പർശിച്ചിട്ടുണ്ടെന്നു് ഇനി നമുക്കു ചിന്തിക്കാം. ക്രിസ്തുവർഷാരംഭത്തിനു് അനേക ശതവർഷങ്ങൾക്കുമുമ്പു മുതല്ക്കേ കേരളത്തിനു് ഫിനിഷ്യന്മാരോടും ഗ്രീക്കുകാരോടും മിശ്രദേശീയരോടും വാണിജ്യസംബന്ധമുണ്ടായിരുന്നതിനാൽ, അവരുടെ ഭാഷകളിൽ നിന്നു് ചില ശബ്ദങ്ങൾ കൈരളിയിലേക്കു സംക്രമിച്ചുകാണുമെങ്കിലും, അതുകൊണ്ടു പറയത്തക്ക വികാസമൊന്നും ഭാഷയ്ക്കു സിദ്ധിച്ചുകാണുകയില്ല. അകാരാദിയേയും സാഹിത്യത്തേയും സാരമായ വിധത്തിൽ സ്പർശിച്ചിട്ടുള്ള ഭാഷകൾ ചെന്തമിഴും സംസ്കൃതവുമാകുന്നു. അതിപുരാതനകാലത്തു തന്നെ ചെന്തമിൾസാഹിത്യത്തിനു് അത്ഭുതാവഹമായ അഭിവൃദ്ധിയുണ്ടായതിനാൽ, അതു കേരളത്തിലും വിദ്വജ്ജനഭാഷയായിത്തീർന്നു. ചോളപാണ്ഡ്യദേശങ്ങളോടു് രാഷ്ട്രീയമായുണ്ടായ വേഴ്ചയും ഈ രണ്ടു ഭാഷകൾ തമ്മിലുള്ള ബന്ധത്തെ ദൃഢീകരിക്കുന്നതിനു് അത്യന്തം ഉപകരിച്ചു. തന്മൂലം വളരെക്കാലത്തേക്കു് മലയാളഭാഷയ്ക്കു് സാഹിത്യാദർശങ്ങൾ നൽകിക്കൊണ്ടിരുന്നതു് ചെന്തമിഴായിരുന്നുവെന്നു് നിസ്സംശയം പറയാം.
മലയാളഭാഷയോടു് ആദ്യകാലത്തു് കേരളബ്രാഹ്മണർക്കു് ലേശംപോലും ബഹുമാനമുണ്ടായിരുന്നില്ലെങ്കിലും, മലയാളികളോടു് പല സംഗതികളിൽ അടുത്തു പെരുമാറേണ്ട ആവശ്യം വന്നിരുന്നതിനാൽ, അവർ മലയാളം പഠിക്കുന്നതിനു് നിർബന്ധിതരായി. കാലക്രമേണ രാഷ്ട്രീയവും സാമുദായികവും പ്രകൃതികവും ആയ ഹേതുക്കളാൽ അവർക്കു കേരളത്തിനുവെളിയിലേ ബ്രാഹ്മണരോടുണ്ടായിരുന്ന ബന്ധം അറ്റുപോകുന്നതിനും കേരളത്തിൽ നേരേമറിച്ചു്, അധികാരശക്തി വർദ്ധിക്കുന്നതിനും ഇടയായതിനാൽ അവർ കേരളീയ ജനമണ്ഡലത്തിന്റെ അഗ്രസ്ഥാനത്തിൽ പ്രതിഷ്ഠിതരാവുകയും മലയാളഭാഷയെ വ്യവഹാരഭാഷയായി സ്വീകരിക്കുകയും ചെയ്തു. ഇങ്ങനെ കേരളീയരായിത്തീർന്ന മലയാളബ്രാഹ്മണരിൽ നിന്നു് ഭാഷയ്ക്കും സാഹിത്യത്തിനും ഉണ്ടായിട്ടുള്ള ഗുണഗണങ്ങളെ എത്ര വർണ്ണിച്ചാലും ഒടുങ്ങുകയില്ല. അവർനിമിത്തം ഭാഷാകോശം സമ്പുഷ്ടമാവുകയും ഗദ്യപദ്യാത്മകങ്ങളായ നവ്യസാഹിത്യമാതൃകകളാൽ സാഹിത്യം വികസിച്ചുതുടങ്ങുകയും ചെയ്തു. മലയാളഭാഷ ക്രിയാശബ്ദങ്ങൾക്കുള്ള പുരുഷപ്രത്യയങ്ങളെ നിരസിച്ചുതുടങ്ങിയതു് ആര്യഭാഷാസമ്പർക്കത്തിന്റെ ഫലമായിട്ടായിരിക്കണം. ഈ വിഷയത്തെപ്പറ്റി അന്യത്ര പറയേണ്ടിയിരിക്കുന്നതുകൊണ്ടു് ഇവിടെ തല്ക്കാലം ചുരുക്കുന്നു.
ബുദ്ധമതപ്രചാരവും ഭാഷാഭിധാനത്തിന്റെ അഭിവൃദ്ധിക്കു സഹായിച്ചിട്ടുണ്ടു്. കേരളീയരിൽ ഒരു വലിയവിഭാഗം, ആദികാലത്തു ബുദ്ധമതം അവലംബിച്ചിരുന്നതിലാൽ പാലിഭാഷാശബ്ദങ്ങളിൽ പലതും ഭാഷയിലേയ്ക്കു കടന്നുകൂടിയതിൽ അത്ഭുതപ്പെടാനില്ല. ഇതുകൂടാതെ ഹീബ്രു, അറബി, സുറിയാനി മുതലായ ഭാഷകളിൽനിന്നും മലയാളത്തിനു് പലേ ശബ്ദങ്ങൾ ലഭിച്ചിട്ടുണ്ടു്.
പെരുമാൾവാഴ്ചയുടെ അവസാനഘട്ടംവരെ മലയാളഭാഷയിൽ കടന്നുകൂടീട്ടുള്ള ചില വിദേശപദങ്ങളെ മാത്രം താഴെ ചേർക്കുന്നു.
അറബി:
ഇനാം, ഉമ്മ, ഉൽവ, കത്തു്, കറാർ, തകരാർ, ദീൻ, പക്കീർ, ബദൽ, ബദാം, മസ്സാല, റാത്തൽ, സലാം. ഇപ്പോൾ ഇരുന്നൂറോളം അറബിശബ്ദങ്ങൾ ഭാഷയിലുണ്ടെങ്കിലും, അവ പിന്നീടു് ഹിന്ദുസ്ഥാനിവഴിക്കു സംക്രമിച്ചവയായിരിക്കണം.
സിറിയൻ:
കപ്പിയാർ, കവർ, കശീശ, കുർബാന, കൂദാശ, നസ്രാണി, മശീഹ, മാമോദീസ.
ഹീബ്രുപദങ്ങൾ:
ഹോശാനാ, ഏബ്രായം.
പാലി:
അച്ഛൻ, പള്ളി.
എല്ലാ ജീവൽഭാഷകളും, അവയെ സംസാരിച്ചുകൊണ്ടിരിക്കുന്ന ജനമണ്ഡലങ്ങളെപ്പോലെ തന്നെ, കാലദേശാദിഭേദങ്ങൾക്കു വഴിപ്പെട്ടു് പരിണാമോന്മുഖമായിരിക്കുന്നു. കാലഭേദംകൊണ്ടു് ഭാഷയ്ക്കുണ്ടായിട്ടുള്ള മാറ്റങ്ങളിൽ പ്രധാനമായവ അക്ഷരലോപം, ഉച്ചാരണഭേദം, പര്യായവിസർജ്ജനം, അർത്ഥവ്യത്യാസം, പ്രത്യയനിരാസം, വിദേശശബ്ദസ്വീകരണം, നൂതനപദസൃഷ്ടി എന്നീ കാരണങ്ങളാലാണു് സംഭവിച്ചിട്ടുള്ളതു്.
ദേശഭേദത്താൽ മലയാളത്തിനു് വടക്കൻഭാഷ, മദ്ധ്യഭാഷ, തെക്കൻ ഭാഷ എന്നു് മൂന്നുവിധരൂപങ്ങൾ ഏർപ്പെട്ടു. കർണ്ണാടകം, തുളു എന്നീഭാഷകളോടുള്ള സമ്പർക്കം നിമിത്തം വടക്കൻമലയാളത്തിനു് ചില വിശിഷ്ടലക്ഷണങ്ങൾ കാണുന്നു. വ്യഞ്ജനത്തിന്റെ പിന്നിലുള്ള സ്വരത്തെ ലോപിപ്പിക്കുന്ന സമ്പ്രദായം കർണ്ണാടകത്തിനും തുളുവിനും സാധാരണമാണു്. മലയാളത്തിലെ ‘എരുതു്’ തുളുവിൽ എരുവും കന്നടത്തിൽ എർദുവും, മലയാളത്തിലെ ‘എരുമ’ തുളുവിൽ എർമ്മേയും കന്നടത്തിൽ എമ്മെയും ആകുന്നു. തുളുവിൽ ‘ഒടേഗ് പോപ്പർ’ എന്നുപറഞ്ഞാൽ, എവിടെയ്ക്കുപോകുന്നു എന്നാണർത്ഥം. ‘ഒടേഗ്’ എന്ന പദത്തിൽ വകാരം കാണുന്നേയില്ല. വടക്കൻ മലയാളത്തിലും ഈമാതിരി അക്ഷരലോപം സാമാന്യേന കാണുന്നു. ചുരുക്കിപ്പറഞ്ഞാൽ വടക്കൻമലയാളത്തിലെ മിക്ക ശബ്ദങ്ങളും തീരെ സങ്കുചിതങ്ങളായിത്തീർന്നിട്ടുണ്ടു്. ഇതിനുപുറമെ വടക്കൻ ഭാഷയിൽ അനേകം കർണ്ണാടകശബ്ദങ്ങളും തുളുശബ്ദങ്ങളും തത്സമങ്ങളായിട്ടു തന്നെ സ്ഥലം പിടിച്ചിട്ടുമുണ്ടു്.
തെക്കൻഭാഷ നേരേമറിച്ചു് തമിൾഭാഷാസാങ്കര്യത്താൽ മലിനമായിരിക്കുന്നു. തനി വടക്കൻഭാഷ സംസാരിച്ചാൽ തെക്കർക്കും, തെക്കൻഭാഷ സംസാരിച്ചാൽ വടക്കർക്കും സുഗമായിരിക്കയില്ല. ഈ രണ്ടു കൂട്ടരുടേയും ഇടയ്ക്കു ജീവിക്കുന്നവരുടെ ഭാഷ ഏറെക്കുറെ ശുദ്ധമായിരിക്കും. അതുകൊണ്ടു് മദ്ധ്യകേരളഭാഷയാണു് സാഹിത്യഭാഷയായി പരിണമിച്ചതു്.
മദ്ധ്യകേരളം എവിടംമുതൽ എവിടംവരെ എന്നുള്ളതിനെപ്പറ്റി പണ്ഡിതന്മാരുടെ ഇടയ്ക്കു് വലുതായ അഭിപ്രായഭേദം കാണുന്നുണ്ടു്. എന്റെ അഭിപ്രായത്തിൽ ചെമ്പകശ്ശേരിരാജ്യം മുതല്ക്കു് വെട്ടത്തുനാടുവരേയുള്ള ഭാഗമാണ് മദ്ധ്യകേരളം.
വിദേശീയസമ്പർക്കം കൊണ്ടു് മലയാളഭാഷയ്ക്കു ലഭിച്ചിട്ടുള്ള സമ്പാദ്യങ്ങളിൽ പ്രധാനമായിട്ടുള്ളതു് വട്ടെഴുത്തു് എന്നുപറയപ്പെടുന്ന ലിപിവിന്യാസമാകുന്നു. കേരളത്തിലും മധുര, തിരുനൽവേലി മുതലായ പൂർവദേശങ്ങളിലും അതിപുരാതനകാലം മുതല്ക്കേ വട്ടെഴുത്തു നടപ്പിലിരുന്നതായി ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.
വട്ടെഴുത്തു് തമിഴക്ഷരമാലയെക്കാൾ പ്രാകൃതമാണെന്നും, അതിനു് കേരളത്തിലെന്നപോലെ മറ്റെങ്ങും പ്രചാരമുണ്ടായിട്ടില്ലെന്നും, കുറൾ, ചിലപ്പതികാരം, തൊൽകാപ്പിയം മുതലായ പുരാതന തമിൾ ഗ്രന്ഥങ്ങളെല്ലാം ആദ്യം എഴുതിയിരുന്നതു് വട്ടെഴുത്തിലായിരിക്കണമെന്നും, ഈ അക്ഷരമാല ലഭിച്ചതു് അർമ്മിയക്കു് അക്ഷരമാലയിൽനിന്നോ ഫിനിഷ്യന്മാരിൽനിന്നോ ആയിരിക്കണമെന്നും ഡാക്ടർ ബർണ്ണൽ ഊഹിക്കുന്നു. ഗോപിനാഥറാവുമുതൽപേരുടെ അഭിപ്രായത്തിൽ വട്ടെഴുത്തിന്റെ ഉല്പത്തി അശോകന്റെ ബ്രാഹ്മിഅക്ഷരമാലയിൽ നിന്നാണു്. ഈ അഭിപ്രായം തീരെ അസംഗതമാണെന്നു് ബർണ്ണൽ സായ്പു് തെളിയിച്ചിട്ടുണ്ടു്. ഡാക്ടർ ബൂഹ്ലരാകട്ടേ, അതു തമിഴക്ഷരമാലയിൽ നിന്നുണ്ടായതാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഈ അഭിപ്രായവും സാധുവല്ലെന്നു് ഈ രണ്ടു അക്ഷരമാലകളുടേയും ചരിത്രം പരിശോധിക്കുന്നവർക്കു് എളുപ്പത്തിൽ കാണാൻകഴിയും.
പതിമൂന്നാം ശതകത്തിൽ കേരളം സന്ദർശിച്ച മാർക്കോപ്പോളോ മലയാളികൾക്കു് പ്രത്യേക ഭാഷയും അക്ഷരമാലയും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതിൽനിന്നു് തമിൾദേശങ്ങളിൽ അക്കാലത്തു് വട്ടെഴുത്തിന്റെ പ്രചാരം കുറഞ്ഞുതുടങ്ങിയെന്നു ഗ്രഹിക്കാം. തിരുക്കുളമെന്ന സ്ഥലത്തുള്ള കുറ്റാലനാഥസ്വാമിക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്ത അവസരത്തിൽ, വട്ടെഴുത്തു് ഒഴിച്ചുള്ള അവിടത്തെ രേഖകളെല്ലാം തമിഴക്ഷരമാലയിൽ പുതുക്കി എഴുതിച്ചുവെന്നും, എന്നാൽ തിരിച്ചറിവാനുള്ള ബുദ്ധിമുട്ടുകൊണ്ടു് വട്ടെഴുത്തു ലേഖനങ്ങൾ മാത്രം വിട്ടുകളഞ്ഞുവെന്നും രേഖപ്പെടുത്തീട്ടുള്ളതിനാൽ പതിനഞ്ചാം ശതകത്തിൽ വട്ടെഴുത്തു് തമിൾദേശങ്ങളിൽ തീരെ വിസ്മൃതപ്രായമായെന്നു തെളിയുന്നു. കേരളത്തിലാകട്ടെ, വട്ടെഴുത്തു് അടുത്ത കാലംവരെ നിലനിന്നു. [1] പതിനേഴാം ശതകത്തിലെ, ഈടു വായ്പകളിൽപോലും വട്ടെഴുത്തുതന്നെ ഉപയോഗിച്ചുകാണുന്നു.
അക്ഷരങ്ങളുടെ ഉരുണ്ട വടിവുനിമിത്തം ആയിരിക്കണം വട്ടെഴുത്തു് എന്ന പേരു് അതിനു സിദ്ധിച്ചതു്. അതിനു കാലക്രമേണ തെക്കൻ എന്നും വടക്കൻ എന്നും രണ്ടു സമ്പ്രദായഭേദങ്ങൾ ഏർപ്പെട്ടു. സംസ്കൃതലിപികളെല്ലാം വട്ടെഴുത്തിൽ ഇല്ലാതിരുന്നതുകൊണ്ടു് ആ ലിപികളെ കുറിക്കുന്നതിനു് തമിഴരും കേരളീയരും ഗ്രന്ഥാക്ഷരങ്ങൾ കടംവാങ്ങുന്ന പതിവായിരുന്നു വെന്നു് വീരരാഘവചക്രവർത്തി ഇരവികോർത്തനു കൊടുത്ത ചെമ്പുപട്ടയത്തിൽ നിന്നു മനസ്സിലാക്കാം. എന്നാൽ മലയാളികൾ ഈ ദോഷത്തെ പരിഹരിക്കുന്നതിനു് പ്രായേണ തുളുമലയാളമാണു് ഉപയോഗിച്ചുവന്നതു്. എഴുത്തച്ഛൻ നടപ്പിൽവരുത്തിയ ആര്യലിപികൾതന്നെ തുളുമലയാളത്തിന്റെ ഒരു വകഭേദമാണത്രേ.
മലയാളസാഹിത്യചരിത്രത്തെ സൗകര്യാർത്ഥം നാലു കാലഘട്ടങ്ങളായി വേർതിരിക്കാം.
1. അതിപ്രാചീനകാലം മുതല്ക്കു് പെരുമാൾ വാഴ്ചയുടെ അവസാനഘട്ടംവരെ സാഹിത്യോപക്രമണകാലം.
2. ക്രിസ്ത്വബ്ദം എട്ടാം ശതകം മുതല്ക്കു് ക്രിസ്ത്വബ്ദം പതിനാലാം ശതകം വരെ ദ്രാവിഡപ്രഭാവകാലം.
3. പതിനാലാം ശതകം മുതല്ക്കു് ആധുനികകാലം. സാഹിത്യചരിത്രത്തെ ചില ഉപാധികളനുസരിച്ചു് ഇങ്ങനെ നാലു കാലഘട്ടങ്ങളായി വിഭജിക്കാമെങ്കിലും, അവയെ പ്രത്യേകം അതിരിട്ടു് വേലികെട്ടി വേർതിരിക്കാൻ സാധിക്കയില്ല. യൗവനമാരംഭിച്ച ശേഷവും ചിലർക്കു് ബാല്യത്തിന്റെ ലക്ഷണങ്ങൾ കാണാറുള്ളതുപോലെ സാഹിത്യചരിത്രത്തിലെ ഒരു കാലഘട്ടം അവസാനിച്ചശേഷവും അതിന്റെ വിശിഷ്ടലക്ഷണങ്ങളിൽ പലതും അടുത്ത കാലഘട്ടങ്ങളിലെ സാഹിത്യത്തിൽ കണ്ടുവെന്നു വരാം. അതുകൊണ്ടു് നിഷ്കൃഷ്ടമായ ഒരു വിഭാഗം ദുസ്സാധ്യമെന്നല്ല, അസാധ്യം തന്നെയാണെന്നു നിസ്സംശയം പറയാം. എന്നുവരികിലും ചരിത്രകാരന്മാർ വിമർശനസൗകര്യാർത്ഥം ചില സാമാന്യലക്ഷണങ്ങളെ ആസ്പദമാക്കി കാലവിഭാഗം ചെയ്തുവരുന്നു.
കുറിപ്പുകൾ
[1] ഇടയ്ക്കു വട്ടെഴുത്തിന്റെ രൂപഭേദമായ കോലെഴുത്തും നടപ്പിൽ വന്നു.
അധ്യായം 5
5. സാഹിത്യോപക്രമണം
പെരുമാൾ ഭാഷയുടെ അവസാനഘട്ടംവരെ ഭാഷയിൽ ഉണ്ടായിട്ടുള്ള കൃതികൾ മിക്കവയും നശിച്ചിരിക്കുന്നു. പല മാതിരി സ്തോത്രങ്ങൾ, ഉത്സവാവസരങ്ങളിൽ ഉപയോഗിക്കാനായി ചമച്ചിട്ടുള്ള വിവിധഗാനങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന കഥകൾ, പഴഞ്ചൊല്ലുകൾ മുതലായവയായിരിക്കണം മലയാളഭാഷയുടെ ആദിമസാഹിത്യസമ്പത്തു്. ഇപ്പോൾ നടപ്പിലിരിക്കുന്ന പഴഞ്ചൊല്ലുകളിൽ പലതും അതിപുരാതനങ്ങളാണു്. പാട്ടുകളിൽ മിക്കവയും രൂപാന്തരപ്പെട്ടുപോയിട്ടുണ്ടു്. അവയിൽ തമിൾ പ്രാചുര്യം കാണുന്നതുകൊണ്ടുമാത്രം അക്കാലത്തെ ഭാഷയുടെ രൂപം അതായിരുന്നുവെന്നു വിചാരിക്കാവുന്നതല്ല. തമിൾ രൂപങ്ങൾ പിന്നീടു കടന്നുകൂടിയതായി വരാം. തമിൾ വിദ്വൽഭാഷയായിത്തർന്ന കാലത്തു് പാട്ടുകളിൽ ചിലതിനെ മാറ്റി എഴുതിക്കാണണം. ഈയിടയ്ക്കു് ഒരാൾ എന്റെ ഒരു മാന്യസ്നേഹിതനോടു് തമ്പുരാൻ പാട്ടിനെ ഒന്നു പുതുക്കിക്കൊടുക്കണമെന്നും എന്നാൽ ഇടയ്ക്കിടയ്ക്ക് തമിൾ പദങ്ങൾ കൂടി ഉപയോഗിക്കാൽ വിട്ടുപോകരുതെന്നും പറയുകയുണ്ടായി. തെക്കൻദിക്കുകളിൽ തമിൾ പക്ഷപാതം ഇപ്പോഴും നശിച്ചിട്ടില്ലെന്നു് ഇതിൽ നിന്നു വ്യക്തമാകുന്നു. മധുരയിൽ പോയി പട വെട്ടി, ആത്മബലി ചെയ്ത ‘ഉലകുടയപെരുമാളി’ന്റെ വീരകൃത്യങ്ങളെ ആണു് തമ്പുരാൻപാട്ടു കീർത്തിക്കുന്നതു്. സാഹിത്യഗുണം തികഞ്ഞ പല ഭാഗങ്ങൾ അതിലുണ്ടു്. ഭാഷ ഏറെക്കുറെ ശുദ്ധമായുമിരിക്കന്നു.
5.1 ഭദ്രകാളിപ്പാട്ടു്
ഈ പേരോടുകൂടി പലതരം പാട്ടുകൾ കേരളത്തിൽ പ്രചരിച്ചിട്ടുണ്ടു്. ‘വായ്പാഠ’മായി പഠിക്കയല്ലാതെ ഇത്തരം കൃതികളെ എഴുതിവയ്ക്കുക പതിവില്ലാത്തതിനാൽ, ഭാഷയിൽ വലിയ മാറ്റങ്ങൾ വന്നുകൂടീട്ടുണ്ട്. ചിറയിൻകീഴ് മുതലായ ദിക്കുകളിൽ ഈഴവരുടെ ഇടയ്ക്കു് ഇന്നും ഉപയോഗിച്ചുവരുന്ന ഭദ്രകാളിപ്പാട്ടിലെ ഭാഷയിൽ അധികം തമിൾ കലർന്നുകാണുന്നില്ല. ചില സവർണ്ണക്ഷേത്രങ്ങളിൽ കുറുപ്പന്മാർ എന്നൊരു വകക്കാർ ആണു് ഈ പാട്ടു പാടിവരുന്നതു്. ഭദ്രകാളിയുടെ കളമെഴുതി ഇത്തരം പാട്ടുകൾ പാടുന്നതു് ദേവിക്കു് അത്യന്തം പ്രീതികരമായി വിശ്വസിക്കപ്പെട്ടിരിക്കുന്നു. ഇതു് എഴുതിവെയ്ക്കുന്നതു് മഹാപാപമാണെന്നാണു് പരക്കെ വിശ്വാസം. ചില ഗൃഹങ്ങലും പാനയോടുകൂടി ഭദ്രകാളിപ്പാട്ടു നടത്താറുണ്ടു്.
തെക്കൻദിക്കുകളിലെ ഭദ്രകാളിപ്പാട്ടിനു വിഷയം കോവിലൻചരിത്രമാകുന്നു.
“സുന്ദരമായി രണ്ടു ചിലമ്പുങ്കൊണ്ടു്
ഒരുത്തനുണ്ടോടി പെണ്ണേ ഇതിലേ പോയി”
ഈ വരികൾ ദേവിയുടെ അവതാരമായി ഗണിക്കപ്പെട്ടുവരുന്ന കർണ്ണകി കോവിലനെ അന്വേഷിച്ചു പുറപ്പെടുന്ന ഘട്ടത്തെ വർണ്ണിക്കുന്നവയാണു്.
വടക്കൻദിക്കുകളിൽ നടപ്പുള്ള ഭദ്രകാളിപ്പാട്ടിന്റെ ഒന്നുരണ്ടു വരികൾ മാതൃകയ്ക്കായി താഴെച്ചേർക്കുന്നു.
“കണ്ടചുരൻതല തുണ്ടമിടുന്നവൾ
ചാമുണ്ടിയെന്നുള്ള നാമം തരിപ്പവൾ
കുണ്ടലം കാതിന്നു വാരണം പൂണ്ടവൾ
കൂളിപ്പെരുമ്പട ചൂഴത്തടുപ്പവൾ”
ഭദ്രകാളിപ്പാട്ടുകളിൽ ചിലതിനു് പത്തുപതിനാറു വർഷശതകങ്ങളുടെ പഴക്കം കാണണം. ദാരുകവധമാണു് കവിതയുടെ വിഷയം. ഇതിനു തോറ്റൻപാട്ടെന്നും പേരുണ്ടു്.
5.2 ബ്രാഹ്മണിപ്പാട്ടു്
ഇതു ഭദ്രകാളിക്ഷേത്രങ്ങളിലും നായന്മാരുടെ കെട്ടുകല്യാണാവസരങ്ങളിലും പാടാറുണ്ടായിരുന്ന ഒരുതരം പ്രാചീനഗാനമാകുന്നു. ബ്രാഹ്മണികൾ പാടിവന്നതുകൊണ്ടു്, ഇതിനു് ബ്രാഹ്മണിപ്പാട്ടു് എന്ന പേർ സിദ്ധിച്ചു. ബ്രാഹ്മണപ്പാട്ടിനെ ഋഗ്വേദസ്വരത്തിൽ ചൊല്ലണമെന്നായിരുന്നു വിധി. കല്യാണാവസരങ്ങളിൽ ചൊല്ലുന്നതിലേയ്ക്കു് പൗരാണികസ്വയംവരകഥകളെ വിഷയീകരിച്ചു് അനേകം ബ്രാഹ്മണിപ്പാട്ടുകൾ രചിച്ചിരുന്നു. അവയിൽ ചിലതിനുമാത്രമേ പഴക്കമുള്ളു. ക്ഷേത്രങ്ങളിൽ പാടാറുണ്ടായിരുന്ന മിക്ക ബ്രാഹ്മിണിപ്പാട്ടുകളും കാളീപരങ്ങളും പുരാതനങ്ങളുമാകുന്നു.
“ആനരൻ വടിവാർന്നരൻപിള്ളയ്ക്കു്
ആന തൻ മുഖമായ് വരുവാനെന്തു്?
ആനയും പിടിയുമായവരൊന്നിച്ചു
കാനനത്തിൽ പണ്ടുനിന്നു കളിച്ചനാൾ
ഉത്തമമാം കെർപ്പമുണ്ടായി മങ്കയ്ക്കു
അത്തവ്വിൽ വന്നു പിറന്നു ഗണപതി.”
5.3 തീയാട്ടുപാട്ടു്
തീയാട്ടും, കളമെഴുത്തും, പാട്ടും ഭദ്രകാളിക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും വളരെ പ്രാചീനകാലം മുതല്ക്കേ നടപ്പുണ്ടായിരുന്നു. ഈ വൃത്തിയിൽ ഏർപ്പെട്ടിരുന്ന ജാതിക്കാരെ തീയ്യാട്ടുണ്ണികൾ എന്നു വിളിച്ചുവന്നു. ഇക്കാലത്തും തീയാട്ടു് നാട്ടുംപുറങ്ങളിൽ നടക്കാറുണ്ടു്.
5.4 പുള്ളുവൻപാട്ടു്
ഇതിനു സർപ്പപ്പാട്ടെന്നും പേരുണ്ടു്. സർപ്പപ്രീതിക്കായി കാവുകളിൽ ഈ പാട്ടു് ഇപ്പോഴും നടത്തിവരുന്നു. പുള്ളോന്മാർ ഒരുതരം ക്ഷുദ്രമായ വീണവായിച്ചു പാടുകയും സ്ത്രീകൾ താളമൊപ്പിച്ചു് പാന കൊട്ടിക്കൊണ്ടു് ഏറ്റു പാടുകയും ചെയ്യുന്നു. ഇതുകൂടാതെ പുള്ളുവൻ വീടുതോറും നടന്നു് വീണ വായിച്ചു പാടാറുണ്ടു്. സർപ്പപ്പാട്ടുകൾക്കു മറ്റു ജാതിപ്പാട്ടുകളെക്കാൾ പഴക്കം കൂടും. അക്ഷരജ്ഞാനമില്ലാത്തവർ പാരമ്പര്യമനുസരിച്ചു് പാടിവരുന്ന പാട്ടായതുകൊണ്ടു്, ഇതു് തീരെ ദുഷിച്ചുപോയിരിക്കുന്നു.
“അയ്യായെങ്ങുന്നു പോരുന്നെൻ കാളിസർപ്പമേ?”
“മുട്ട വിരിഞ്ഞിട്ടു പോരുന്നതാണത്രേ”
“അയ്യോ കാളിയമ്മേയൊരു കല്ലളയില്ലല്ലോ
കാക്കത്തൊള്ളായിരം മുട്ടയുമിട്ടു
നാങ്കു നൂറായിരം കുഞ്ചു വിരിയുന്നു
അയ്യോയിക്കണ്ട മുട്ടയൊക്കെ വിരിഞ്ഞാലു്
ഇച്ചെറുമനുഷ്യർക്കു പൊറുതി ഇല്ലല്ലോ”<
5.5 നിഴൽക്കുത്തുപാട്ടു്
ശത്രുസംഹാരത്തിനായി വേലന്മാരെക്കൊണ്ടു പാടിക്കുന്ന ഒരുതരം പാട്ടാണു് നിഴല്ക്കുത്തുപാട്ടു്. ദുര്യോധനൻ പാണ്ഡവന്മാരുടെ അഭ്യുദയം കണ്ടു് അവരെ ആഭിചാരപ്രയോഗത്താൽ നശിപ്പിക്കുന്നതിനു് ഒരു വേലനെ നിയോഗിച്ചുവത്രേ. അവൻ ആദ്യം അതിനു വിസമ്മതം പറഞ്ഞുവെങ്കിലും ഒടുവിൽ അങ്ങനെ ചെയ്യേണ്ടിവന്നു. അവന്റെ നിഴൽക്കുത്തുപ്രയോഗത്താൽ പാണ്ഡവന്മാരെല്ലാം അസ്തപ്രാണന്മാരായി നിലംപതിച്ചതു കണ്ടു്, കുന്തീദേവി അത്യന്തം വിലപിച്ചു. ആ വേലന്റെ ഭാര്യ പാണ്ഡവപക്ഷപാതിയായിരുന്നു. അവളുടെ ഭർത്താവു് ദുര്യോധനൻ നൽകിയ സമ്മാനങ്ങളോടുകൂടി ഗൃഹത്തിൽ ചെന്നപ്പോൾ, നിഴൽക്കുത്തുസമയത്തു ധരിക്കാറുള്ള പൊട്ടു് അയാളുടെ നെറ്റിയിൽ കണ്ടു്, അവൾ വിവരങ്ങൾ ഓരോന്നു ചോദിച്ചുതുടങ്ങി. എന്നാൽ അയാൾ മറുപടി ഒന്നും പറഞ്ഞതേ ഇല്ല. വേലത്തി കാര്യം ഏതാണ്ടു് ഊഹിച്ചു് അറിയുകയാൽ നേരേ പാണ്ഡവന്മാരുടെ വാസസ്ഥലത്തേയ്ക്കു തിരിച്ചു. അവളുടെ പ്രതിമന്ത്രപ്രയോഗത്താൽ പാണ്ഡവന്മാർ ജീവിച്ചെഴുന്നേറ്റു. ഇതാണു് നിഴൽക്കുത്തുപാട്ടിലെക്കഥ. ഇതിനു് തോറ്റൻപാട്ടെന്നും പേരുണ്ടു്.
“നാടു പാതിയടക്കി പാണ്ഡവർ വാണിടുന്നതു കാരണം
നാമുമിനിന്നതിനെന്തുവേണ്ടതുമെന്നു ചൊല്ലു നിയെന്നൊടു്”
ഇത്യാദി പാട്ടിൽ കാണുന്ന വൃത്തം പിൽക്കാലത്തു് ഇരുപത്തിനാലു വൃത്തത്തിലും മറ്റും സ്ഥലം പിടിച്ചിരിക്കുന്നു. കരുണരസപ്രചുരമായ പല ഘട്ടങ്ങൾ ഈ പാട്ടിലുണ്ടെങ്കിലും ഭാഷ അത്യന്തം ദുഷിച്ചുപോയിട്ടുണ്ടു്. പ്രാചീനങ്ങളായ ചമ്പൂഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചുകാണുന്ന മാവാരതംപാട്ടു് ഈ നിഴൽക്കുത്തുപാട്ടായിരിക്കുമോ എന്തോ? മാവാരതംപാട്ടെന്ന പേരിൽ വേറൊരു പാട്ടും കാണുന്നുണ്ടു്.
ഈ മാവാരതം പാട്ടു് സാമാന്യം വലിയ ഒരു കൃതിയാണു്. നല്ല പഴക്കവും തോന്നിക്കുന്നു. ഒരു ഭാഗം താഴെ ചേർക്കുന്നു.
“തലമുടിയും വിരിച്ചു കുഞ്ചുതേവി
മക്കളെ മൂടിയിട്ടങ്ങിരിക്കുന്നേരം
വന്നു വീഴുന്തീയിൻപൊരികളെല്ലാം
പൂക്കളായ് പൊഴിയുന്നു പൂമിയിങ്കൽ
അപ്പോൾ തീയടിച്ചു കെടുത്തു പീമൻ
മാതാവിനെച്ചെന്നു തൊഴുതു നിന്നു
ഓടി വനത്തിനുള്ളിലാക്കിയവരെ
നനകിഴങ്ങും നല്ലകിഴങ്ങും തിന്നി-
ട്ടവിടെ കുഞ്ചുതേവിയും മക്കളും പാർത്തു.”
ഇതുകൂടാതെ കോളേരിപ്പാട്ടു്, പടപ്പാട്ടു്, ഓണപ്പാട്ടു്, കൃഷിപ്പാട്ടു് മുതലായി പലതരം പാട്ടുകൾ പൂർവകാലങ്ങളിൽ നടപ്പുണ്ടായിരുന്നു. അവയെല്ലാം അന്നു നടപ്പിലിരുന്ന ശുദ്ധ കേരളവൃത്തങ്ങളിൽ രചിക്കപ്പെട്ടവയായതുകൊണ്ടു്, അവയെ ശേഖരിച്ചുവെയ്ക്കുന്നതു് ഭാഷാചരിത്രകാരന്മാർക്കു് അത്യന്തം ഉപകാരപ്രദമായിരിക്കും.
ഇതുവരെ പ്രസ്താവിച്ച പാട്ടുകൾക്കു് മതത്തോടുള്ള ബന്ധം പ്രകടമാണല്ലോ. ഇതുകൂടാതെ വിവിധജാതി വിനോദങ്ങൾക്കു് ഉപയോഗപ്പെടുത്താനായി രചിക്കപ്പെട്ട ചില പാട്ടുകളും ദേശം തോറും നടപ്പുണ്ടായിരുന്നു. പാലക്കാട്ടുശ്ശേരിയിൽ ഇന്നും നടപ്പുള്ളതും പുണ്യശ്ലോകനായ ഭാഷാചരിത്രകർത്താവു് ശേഖരിച്ചിട്ടുള്ളതുമായ തേയത്തു കളിയുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു.
തേയത്തു കളി മൂന്നു ദിവസംകൊണ്ടേ അവസാനിക്കൂ. ഒന്നാം ദിവസത്തെ കളിക്കു് ആണ്ടിക്കൂത്തെന്നാണു് പേരു്.
കുഞ്ചിടയുള്ളോരാണ്ടി–നാങ്കൾ
കൂടക്കുട വന്തു കൂത്താടുമാണ്ടി.
പൊക്കണവും പുലിത്തോലും–നല്ല-
പൊന്നും ചിലങ്കയും മാത്തിരക്കോലും
അപ്പാ കൊരണനാത–ഉമ–
ക്കൊപ്പരയുണ്ടോ പുലിത്തോലുക്കുള്ളേ.”
ഈ പാട്ടിനെ നൊണ്ടിച്ചിന്തിന്റെ മട്ടിൽ പാടാവുന്നതാണു്.
രണ്ടാം ദിവസത്തെ പാട്ടിനെ വള്ളോൻപാട്ടെന്നു പറഞ്ഞുവരുന്നു.
“ഹരിനമോ നമോ നാരായണ നമഃ
ഹരിയെന്നമ്പത്തോരക്ഷരം വാഴ്ക
മൂവേഴിരുപത്തൊന്നു ഗുരുക്കന്മാർ വാഴ്ക.
എൻ ദൈവം വാഴ്ക പൊന്നവ്വയും വാഴ്ക.”
“മൂലം പോയ് മൂലം പോയ് മൂലമ്പോയവ്വേ
മൂലക്കിഴങ്ങിന്നു മൂന്നല്ലോ വള്ളി
മൂന്നായ വള്ളിക്കു മൂലമൊന്നല്ലോ
മേലും പടർന്നങ്ങു കീഴും പടർന്നു.
ഈ പാട്ടിനു് തിരുവള്ളുവരുടേയും സഹോദരിയായ അവ്വ [1] യാരുടേയും ചരിത്രത്തോടുള്ള ബന്ധം സുവ്യക്തമാണെല്ലോ. മിയ്ക്ക പാട്ടുകളിലും വേദാന്തതത്വങ്ങൾ അന്തർഭവിച്ചിരിക്കുന്നു.
മൂന്നാം ദിവസത്തെ പാട്ടിനു് ‘ശലമ’ പാട്ടെന്നത്രേ പേരു്.
“ലാ ലാ ലാ–ലാ ലാ ലാ ലാ ലാ.
ലേ ലേ ലേ–ലേ ലേ ലേ ലേ ലേ
പാരിൽ പെരിയമന്നാ
പഞ്ചബാണ നികരാ
ചേരമാന്നാടരചാ
ശേഖരികേർമ്മാ മന്നാ
ആരിന്ന പൂരിരുന്നവർ?
തെലുങ്കരോ കന്നടികൾ ചെട്ടികളോ?
അവർകളുമല്ലൈ-
ഉത്തര പൂമിയിലേ ഇരുന്തു വന്ത ലാടരോ,
പിലാടരോ, യോഗികളോ?
അവർകളുമല്ലൈ.”
5.6 തുമ്പിപ്പാട്ടു്
ഇതു് ഓണക്കാലത്തു് സ്ത്രീകളുടെ തുമ്പിതുള്ളലിനു് ഉപയോഗിക്കുന്ന ഒരു പാട്ടാണു്.
ഒന്നാം കുന്നമ്മ ഒന്നര കുന്നമ്മ
ഒന്നല്ലോ മങ്കമാർ പാല നട്ടു.
പാലയ്ക്കില വന്നു, പൂവന്നു, കാവന്നു,
പാലയ്ക്കു പാൽകൊടു് പാർവതിയേ.
ഞാനല്ല പൈങ്കിളി, താമരപ്പൈങ്കിളി
ഞാനിരുന്നാടുന്ന പൊന്നൂയൽ കിളി
ചുണ്ടു കറുപ്പനും തൂവൽ ചുവപ്പനും
മഞ്ഞച്ചിറക്കിളി കൂടറിഞ്ഞു.
അത്തത്തണയിട്ടു താമരണയിട്ടു
എങ്ങനെ കൊത്തിയിണ പിരിക്കാം.
തന്റെ കുലം ചൊല്ലിത്തായാർകുലം ചൊല്ലി-
ത്തങ്ങളിൽക്കൊത്തിയിണ പിരിക്കാം.”
5.7 ഞാറ്റുപ്പാട്ടു്
ഞാറ്റുവേലക്കാലത്തു് ചെറുമികൾ പാടുന്നതാണു് ഈ പാട്ടു്.
“തത്തയ്യാ തത്തയ്യാ താനേ
തത്തയ്യം താതയ്യം താനേ.
തിന്തിനാ തിന്നായി താനേ–തിമി
തിന്തിന്നാ തിന്നായി താനേ.
മാരി മലർ ചൊരിഞ്ചേ
വയലൊക്കെ വെള്ളം നിറഞ്ചേ
പൂട്ടി ഒരുക്കപ്പറഞ്ചേ
ഞാറുകൾ കെട്ടി എറിഞ്ചേ–ഇത്യാദി.
5.8 വഞ്ചിപ്പാട്ടു്
കേരളത്തിൽ അതിപുരാതനകാലം മുതല്ക്കേ വഞ്ചിപ്പാട്ടുകൾ നടപ്പുണ്ടായിരുന്നു. പന്ത്രണ്ടാം വശത്തു ചേർത്തിട്ടുള്ളതു് ഒരുതരം വഞ്ചിപ്പാട്ടാണു്.
“അമ്പനുക്കം ഏലേലം
അമ്പനടി ഏലലലാം.
അമ്പനുക്കും അൻപനെടി ഏലേല ഏലലലാം
ആറുമുഖൻ ഏലേലം.
വേൽക്കുമാരൻ ഏലലലാം [2] ഇത്യാദി.”
5.9 ശാസ്ത്രക്കളി (യാത്രക്കളി)[3]
ശാസ്ത്രാഭ്യാസം ചെയ്തിട്ടുള്ള ‘ചാത്തിര’ നമ്പൂരിമാരേപ്പറ്റി മുമ്പൊരിക്കൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ, ശാസ്താവിനെ പരദൈവതമായി കല്പിച്ചു, ആ ദേവന്റെ പ്രീതിക്കായി നടത്തിവരുന്ന കളിയായതിനാൽ ശാസ്ത്രക്കളി എന്ന പേർ അന്വർത്ഥമായിരിക്കുന്നു. ശാസ്ത്രക്കളിക്കു പതിനെട്ടു സംഘക്കാരുണ്ടു്. പലരും സംഘമായിച്ചേർന്നു നടത്തിവരുന്ന കളിയായതുകൊണ്ടു് അതിനു് സംഘക്കളി എന്ന പേരു കൂടി സിദ്ധിച്ചു. യാത്രക്കളി എന്നാണു് ഇതിനെ സാധാരണ വിളിക്കാറുള്ളതു്. ഭട്ടാചാര്യൻ, ഭട്ടബാണൻ, ഭട്ടവിജയൻ, ഭട്ടമയൂഘൻ, ഭട്ടഗോപാലൻ, ഭട്ടനാരായണൻ എന്ന ഭീമാംസകന്മാർ ബൗദ്ധരെ തോല്പിക്കാനായി പെരുമാളിന്റെ അടുക്കലേയ്ക്കു പുറപ്പെട്ട ഘോഷയാത്രേയേ ആസ്പദമാക്കി നടത്തിവരുന്ന കളിയായതുകൊണ്ടു് വന്നുചേർന്ന പേരായിരിക്കാം ഇതു്.
“അടിക്കൊല്ല, തളിക്കൊല്ല, അടുപ്പിൽ തീയെരിക്കൊല്ല, ഉറങ്ങൊല്ല, ഉറങ്ങിയാൽ പിന്നെ ഉണരൊല്ല;–ഉദിക്കൊല്ല, അസ്തമിക്കൊല്ല ഭഗവാൻപോലും” എന്നിങ്ങനെ ആക്ഷേപിക്കുന്നതു് ഏതോ ബുദ്ധമതാവലംബിയായ ദുഷ്പ്രഭുവിനെ ഉദ്ദേശിച്ചായിരിക്കണം. യാത്രക്കളിയുടെ ആഗമത്തേപ്പറ്റിയുള്ള ഐതിഹ്യം രസാവഹമാണു്.
പള്ളിബാണപ്പെരുമാൾ നാടുവാണിരുന്ന കാലത്തു് കപ്പൽമാർഗ്ഗം ഏതാനും ബൗദ്ധ്യസന്യാസിമാർ കേരളത്തിൽ വന്നെത്തി. അവർ തങ്ങളുടെ മതത്തിന്റെ ഉൽക്കർഷത്തെപ്പറ്റി രാജസദസ്സിൽ വാദിച്ചു. അനേകം ശാസ്ത്രിമാർ ആ വാദത്തിൽ പങ്കുകൊണ്ടു. തോൽക്കുന്ന കക്ഷി ജയിക്കുന്ന കക്ഷിയുടെ മതത്തെ അംഗീകരിക്കണമെന്നായിരുന്നു കരാറു്. അവിടെകൂടിയിരുന്ന ബ്രാഹ്മണർക്കാർക്കും ബൗദ്ധന്മാരെ ജയിക്കുന്നതിനു ത്രാണിയില്ലാതിരുന്നതിനാൽ, അവർ ദുഃഖിതരായി ഈശ്വരസേവ തുടങ്ങി. നാല്പതു ദിവസം തൃക്കാരിയൂർ ക്ഷേത്രത്തിൽ ‘മുട്ടുമറിപ്പാടു’ കിടന്നിട്ടും ഫലമുണ്ടായില്ലെങ്കിലും നാല്പത്തിഒന്നാംദിവസം ഒരു പരദേശബ്രാഹ്മണൻ അവരുടെ മുമ്പിൽ ആവിർഭവിച്ചു അവരുടെ സങ്കടം അന്വേഷിച്ചറികയും തന്നിവാരണാർത്ഥം ഒരു ഗാനം ഉപദേശിക്കുകയും ചെയ്തു. സൂര്യാസ്തമനത്തിനു ശേഷം ഒരു വിളക്കു കത്തിച്ചുവെച്ചിട്ടു് നാലു ബ്രാഹ്മണർ, ഈ ഗാനം ചൊല്ലിക്കൊണ്ടു് അതിനെ പ്രദക്ഷിണം ചെയ്യണമെന്നായിരുന്ന ആ ബ്രാഹ്മണൻ ഉപദേശിച്ചതു്. അതു കേട്ടു് അവർ ഒരു മണ്ഡലകാലം പ്രസ്തുതഗാനം ചൊല്ലി തൃക്കാരിയൂരപ്പനെ ഭജിച്ചുവത്രെ. നാല്പത്തിഒന്നാംദിവസം ആറു മീമാംസകന്മാർ പരദേശത്തുനിന്നും അവരുടെ മുമ്പിൽ ആവിർഭവിക്കുകയും, ആ ശാസ്ത്രിമാർ പെരുമാളുടെ മുമ്പിൽ വെച്ചു് ബൗദ്ധന്മാരെ വാദിച്ചുതോല്പിക്കുകയും ചെയ്തു. അന്നുമുതൽക്കു് ഈ ഗാനം ചെയ്തുകൊണ്ടു് ദീപപ്രദക്ഷിണം നടത്തുന്നതു് കേരളത്തിൽ ഒരു പതിവായിത്തീർന്നുവെന്നാണു് ഐതിഹ്യം.
ഏതാണ്ടു് ഇതിനോടു സദൃശമായ ഒരു സംഭവം പാണ്ടിയിലും നടന്നതായി ഹാലാസ്യമാഹാത്മ്യത്തിൽനിന്നു കാണാം. സംഘകാലത്തു ശാപാനുഗ്രഹകാരന്മാരായ ഏതാനും ബൗദ്ധന്മാർ ദീപാന്തരത്തിൽനിന്നു വന്നു്, വൈദികധർമ്മത്തെ ഖണ്ഡിച്ചു്, സ്വമതം സ്ഥാപിച്ചുവെന്നും, അതു കണ്ടു് ചിദംബരനിവാസികളും ശിവഭക്തന്മാരും ആയ സംഘക്കാർ അവരോടു് വാദത്തിനു പുറപ്പെട്ടുവെന്നും, അവരെ ജയിക്കുന്നതിനു നിവൃത്തി ഇല്ലായ്കയാൽ അവർ ആറാംദിവസം സുന്ദരേശ്വരന്റെ പാദാംബുജത്തിൽ വീണു് പ്രാർത്ഥിച്ചുവെന്നും, ശിവൻ അവർക്കു സ്വപ്നത്തിൽ പ്രത്യക്ഷീഭവിച്ചിട്ടു് “തില്ലാവനത്തിൽ ഒരു ദ്രാവിഡകവി ഉണ്ടു്. അദ്ദേഹത്തിനെ കണ്ടു കാര്യം പറഞ്ഞാൽ നിങ്ങളുടെ ഉദ്ദേശം ഫലിക്കും” എന്നു് ഉപദേശിച്ചുവെന്നും, അവർ അതനുസരിച്ചു് വാതപുരേശാഖ്യാനായ ആ ദ്രാവിഡകവീന്ദ്രനെ കണ്ടു്, തങ്ങളുടെ സങ്കടം അറിവിച്ചപ്പോൾ, അദ്ദേഹം അതു കേട്ടതായി ഭാവിക്കപോലും ചെയ്യാതെ നടന്നുകളഞ്ഞുവെന്നും, ആ സാധുബ്രാഹ്മണർ വീണ്ടും നടേശനെ ഭജിച്ചപ്പോൾ “നിങ്ങൾ ദുഃഖിച്ചിട്ടാവശ്യമില്ല; ഞാൻ പണ്ടു് വാതപുരേശ്വരന്നു് ദിവ്യമന്ത്രോപദേശം ചെയ്ത അവസരത്തിൽ, മാണിക്യവാചകൻ എന്ന ദീക്ഷാനാമം നൽകിയിരുന്നു. ആ പേരുചൊല്ലി വിളിച്ചാൽ അദ്ദേഹം വന്നു് നിങ്ങളുടെ സങ്കടത്തെ നിറവേറ്റിത്തരും” എന്നു് ആകാശത്തിൽ ഒരു അശരീരി കേട്ടുവെന്നും, അവർ പിന്നെയും ആ കവീന്ദ്രനെ കണ്ടു് മാണിക്യവാചകരെന്നു വിളിക്കയാൽ, അദ്ദേഹം അവരോടുകൂടി പുറപ്പെട്ടുവെന്നും ഏതാനും ദിവസത്തേ വാദത്തിനു ശേഷവും ബൗദ്ധന്മാർ പരാജയം സമ്മതിയ്ക്കായ്കയാൽ, രാജാവിന്റെ മാദ്ധ്യസ്ഥം സ്വീകരിക്കാൻ ഉറച്ചുവെന്നും, രാജാവാകട്ടെ, ജന്മനാ മൂകയായ തന്റെ പുത്രിക്കു വാക്പാടവം വരുത്തുന്നതു് ഏതു കക്ഷിയോ അക്കക്ഷി ജയിച്ചതായി സമ്മതിക്കാമെന്നു് കല്പിച്ചുവെന്നും, ബുദ്ധസന്യാസികൾ എത്രതന്നേ ശ്രമിച്ചിട്ടും അതിനു സാധിക്കാതെവരികയും മാണിക്യവാചകർ നിഷ്പ്രയാസം സാധിക്കയും ചെയ്കയാൽ, രാജാവു് ബൗദ്ധന്മാരെ കൊല്ലാൻ ആജ്ഞാപിച്ചുവെന്നുമാണു് ഹാലാസ്യത്തിലേ കഥ. ഈ കഥകൾക്കു തമ്മിലുള്ള സാഹോദര്യം പ്രകടമാണല്ലോ. ഈ ഐതിഹ്യങ്ങളിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ, യാത്രക്കളി ധർമപാലന്റെ ആഗമനത്തിനു ശേഷം ആയിരിക്കണം ഉത്ഭവിച്ചതു്. ബൗദ്ധസന്യാസികളേ തോല്പിക്കാൻ പുറപ്പെട്ടവർ കുമാരിലഭട്ടന്റെ അടുത്ത ശിഷ്യന്മാരാണെന്നു വിചാരിക്കുന്നതിനും ന്യായമുണ്ടു്. കുമാരിലഭട്ടന്റെ കാലം ക്രിസ്ത്വബ്ദം 700-ാമാണ്ടിടയ്ക്കാകയാൽ ശാസ്ത്രക്കളി ഉണ്ടായതു് എട്ടാംശതകത്തിലായിരിക്കണം. ജംഗമമഹർഷി ബ്രാഹ്മണർക്കായി ഉപദേശിച്ച മന്ത്രം ദ്രാവിഡവൃത്തത്തിൽ ആണെന്ന ഐതിഹ്യം ഹാലാസ്യത്തിലേ കഥയോടു് അനുയോജിച്ചുമിരിക്കുന്നു.
യാത്രക്കളിക്കു് നാലു പാദം, പാന, ആംഗ്യങ്ങൾ, ഹാസ്യങ്ങൾ എന്നു് പ്രധാനമായി നാലു് അംഗങ്ങൾ ഉണ്ടു്. അവയിൽ ആദ്യമായുണ്ടായതു് നാലു പാദവും പാനയും ആയിരിക്കണം.
“കണ്ടമിരണ്ടു നടം ചെയ്യിന്നോൻ ചേവടിയേ
എന്നു മരങ്ങൽ നില്ക്ക വിണ്ണോർനായകനെ
വഞ്ചനചെയ്യെമ ഭൂതകൾ വന്തണയും മാലൊഴിയ്ക്ക
കേണികൾ ചൂഴും തിരുക്കാരിയൂർ വാണമുക്കണ്ണരേ”
ഇതാണു് നാലുപാദം. ഒരു നിലവിളക്കു കത്തിച്ചു വെച്ചിട്ടു് അതിനെ പ്രദക്ഷിണം ചെയ്തുകൊണ്ടു് ബ്രാഹ്മണർ ഈ ഗാനത്തെ വേദസ്വരത്തിൽ ചൊല്ലി, തൃക്കാരിയൂർ അപ്പനെ ഉപാസിക്കുകയാണു് ഈ കളിയുടെ ആദ്യത്തേ ചടങ്ങു്. ചതുർവേദങ്ങളിൽ നിന്നു് ഓരോ ഭാഗം സംഗ്രഹിച്ചു രചിച്ചിട്ടുള്ളതാണത്രേ ഈ പാട്ടു്. [4]
“ഗണപതി ഭഗവാനേ നന്മ ഞാനൊന്നിരപ്പൻ
തുണപെടു ശിവപുത്തിരാ തുയപാച്ചോറു തന്തേൻ.
പണമുടയരവു തന്മേൽ പള്ളികൊള്ളുന്ന മായനേ-
യിണയടി തൊഴുതിരന്നേൻ ഇമ്പമായി നൽകിനില്ക്ക
ആർമ്മതി ചൂടുമീശനാനയായ് വേഷം പൂണ്ടാ-
നന്നുടനുമയാൾ താനു മന്നിളം പിടിയുമായി.
ആദരാൽ നവം പുകന്തു ക്രീഡിച്ചു നടന്നകാലം
അമ്പൊടു പിറന്ത പിള്ളയഴകെഴും വിനായകൻ താൻ.
അന്തരമെന്റി വന്തെന്നന്തരംഗം പുകുന്തു്
ചിന്തയിൽ മലമചാത്തിരം പന്തിയിലുരചെയ്യിപ്പാൻ
ചന്തമായൊറ്റക്കൊമ്പൻ വന്തുളനാക മുമ്പിൽ
അന്തരിയാതാദിയുമന്തവും തോന്നിച്ചിപ്പോൾ.
വന്ത മാലോകർ മുമ്പിൽ സന്തതം തുണയ്ക്കുനില്ക്ക”
ഈ പാന ചൊല്ലിത്തീർന്നിട്ടു് നംപൂരിമാർ വിളക്കിന്റെ ചുറ്റും ഇരുന്നു് ഗണപതി പാടുന്നു.
“വറുത്തരിയോ മലരുമെള്ളോ?
മാമ്പഴം തേൻ വളർകനിയോ?
വിരിപ്പവിലോ ഞെരിപ്പടയോ?
ചെറുനാരകപ്പഴമിളനീർ
കുറുക്കിന ശർക്കരയുരുള
കുടവയറാലമൃതു ചെയ്തെൻ
ഗണപതിയേ വരമരുളു്”
ഇതാണു് ഗണപതി. ഗണപതിക്കുശേഷം രണ്ടു നംപൂരിമാർ എഴുന്നേറ്റുനിന്നു് ചില കൈകൾ കാണിക്കയും മറ്റുള്ളവർ ഒരു പാന കമഴ്ത്തിയിട്ടു് അതിന്മേൽ താളംപിടിച്ചുകൊണ്ടു്, “പൂവാതെ മുല്ലേ മുല്ലേ” ഇത്യാദി ഗാനം പാടുകയും ചെയ്യുന്നു.
ഒടുവിലാണു് ഹാസ്യം. അതിനായി അനേകം ഗാനങ്ങളും ഗദ്യങ്ങളും രചിച്ചിട്ടുണ്ടു്. ഒരു ഗാനം താഴെ ചേർക്കുന്നു.
“മൂട്ട കടിച്ചല്ലോ വലിയാനത്തലവൻ ചത്തു;
മൂട്ടിൽക്കിടന്നൊരു മുതുകയ്യൻ പറന്നേപോയി;
കാട്ടിൽ കിടന്ന രണ്ടെലികൂടി കടലുഴുതു;
കാലത്തിളവിത്തു വിതച്ചപ്പോഴടയ്ക്കാകാച്ചൂ.”
5.10 ബ്രാഹ്മണിപ്പാട്ടു്
നമ്പ്യാർപാട്ടു് (ശാസ്താംപാട്ടു്)
ഇതും വളരെ പുരാതനമാണു്. അയ്യപ്പൻകാവുകളിൽ സാധാരണ പാടുന്നതിനു് ഈ പാട്ടു് ഇന്നും ഉപയോഗിച്ചുവരുന്നു.
“ദേവലോകത്തു നേർ നടയിൽ
ചെന്നങ്ങനെ നിലത്തു നിന്നു
ദേവലോകത്തെ ദേവാശാനും
ദേവകളും കാൺക ചെയ്തു.”
5.11 കൂടിയാട്ടവും ചാക്യാർകൂത്തും [5]
പെരുമാൾ വാഴ്ചക്കാലത്തുണ്ടായിട്ടുള്ള സാഹിത്യവിഷയകമായ സംഭവങ്ങളിൽ എല്ലാ വിധത്തിലും പ്രധാനമായിട്ടുള്ളതു് കൂടിയാട്ടത്തിന്റേയും ചാക്യാർകൂത്തിന്റെയും പ്രചാരമാകുന്നു. ചാക്യാന്മാരുടെ നാടകാഭിനയം എത്ര എത്ര മനോഹരങ്ങളായ കാവ്യതല്ലജങ്ങളുടെ ആവിർഭാവത്തിനു പ്രേരകമായി ഭവിച്ചുവെന്നു് അടുത്ത അദ്ധ്യായങ്ങളിൽ നിന്നു ഗ്രഹിക്കാം.
ചാക്യാന്മാർ പരശുരാമനോടു കൂടിവന്ന സൂതന്മാരുടെ കുലത്തിൽനിന്നു ജനിച്ചവരാണെന്നാണു് ഐതിഹ്യം. വ്യഭിചാരം നിമിത്തം “കൈകൊട്ടിപ്പുറത്താക്ക”പ്പെടുന്ന ബ്രാഹ്മണസ്ത്രീകളുടെ സന്താനങ്ങളേയും പരശുരാമൻ ഇവരോടു ചേർത്തു് അവരുടെ സംഖ്യ വർദ്ധിപ്പിച്ചുവെന്നും, “ശ്ലാഘ്യകുല” ജാതന്മാരായിരുന്നതിനാൽ അവരെ ചാക്യാന്മാരെന്നു വിളിച്ചുവെന്നും ഉള്ള കഥയേ വിശ്വസിക്കാൻ യാതൊരു നിവൃത്തിയും ഇല്ല. വ്യഭിചാരം കൊണ്ടു ദുഷിച്ചവരുടെ സന്താനങ്ങൾ ശ്ലാഘ്യരാണെന്നു വരുന്നതെങ്ങനെ? ഇതിനും പുറമേ പരശുരാമൻ കൊണ്ടുവന്ന ഏതാനും ബ്രാഹ്മണകുടുംബങ്ങളിൽ നിന്നു്, സൂതകുലജാതന്മാരുടെ സംഖ്യ വർദ്ധിപ്പിക്കാൻ ഉതകത്തക്കവണ്ണം അത്ര വളരെ വ്യഭിചാരിണികളെ കിട്ടിയെങ്കിൽ, ആ ബ്രാഹ്മണരുടെ അന്നത്തേ സ്ഥിതി എത്ര കഷ്ടമായിരുന്നിരിക്കണം. അതു വിശ്വസിക്കാൻ നിവൃത്തിയില്ല. ചാക്യാന്മാർ ശുദ്ധ കേരളീയർതന്നെയായിരിക്കാനാണു് ഇടയുള്ളതു്. അവരുടെ അഭിനയക്രമവും കേരളീയം തന്നെ. എന്നാൽ കാലക്രമേണ കേരളീയബ്രാഹ്മണർക്കു പ്രാബല്യം സിദ്ധിച്ചതിനോടുകൂടി സംസ്കൃതനാട്യാഭിനയരീതികളും മലയാളത്തിൽ നടപ്പിൽവന്നു.
കൂടിയാട്ടം നടത്തി വന്നതു് ചാക്യാന്മാരും അവരുടെ സ്ത്രീകളായ നങ്ങിയാന്മാരും നമ്പിയാന്മാരും ചേർന്നാണു്. അവരിൽ നമ്പിയാന്മാരുടെ ചുമതല മിഴാവു കൊട്ടുക, രംഗപ്രസാധനവും നാന്ദിയും നിർവഹിക്കുക മുതലായവയായിരുന്നു. ചാക്യാന്മാർ പുരുഷവേഷവും നങ്ങിയാന്മാർ സ്ത്രീവേഷവും കെട്ടി ആടുകയാണു് പതിവു്. മിയ്ക്ക ക്ഷേത്രങ്ങളിലും കൂത്തു നടത്തുന്നതിനായി കൂത്തമ്പലങ്ങൾ കാണുന്നുണ്ടു്.
പെരുമാൾവാഴ്ചയുടെ അന്ത്യഘട്ടത്തിൽ പ്രസ്തുത നാടകാഭിനയത്തിനു് പൂർവാധികം വികാസമുണ്ടായി. തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കർത്താവുതന്നെ ഒരു പെരുമാളായിരുന്നുവെന്നു് ആ ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാം. തപസീസംവരണത്തിന്റെ പ്രസ്താവനയിൽ ഇപ്രകാരം കാണുന്നു.
സൂത്ര:
ആര്യേ! മാമൈവം–യസ്യ പരമഹംസപാദപങ്കേരുഹപാംസുപടലപവിത്രീകൃതമകുടതടസ്യ വസുധാവിബുധധനായാന്ധകാര മിഹിരായമാണകരകമലസ്യ, മുഖകമലാദഗളദാശ്ചര്യമഞ്ജരീ കഥാമധുദ്രവഃ.
അപി ച–
ഉത്തുംഗഘോണമുരുകന്ധരമുന്നതാംസ-
മംസാവലംബി മണികർണ്ണികകർണ്ണപാശം
ആജാനുലംബിഭുജമഞ്ചിതകാഞ്ചനാഭ-
മായാമി യസ്യ വപുരാർത്തിഹരം പ്രജാനാം.
തസ്യ രാജ്ഞഃ കേരളകല ചൂഡാമണേഃ മഹോദയപുര പരമേശ്വരസ്യ ശ്രീ
കുലശേഖരവർമ്മണഃ കൃതിരയമധുനാ പ്രയോഗവിഷയമവതരതി.
ഈ കുലശേഖര മഹാരാജാവു് തമിഴ് ഭാഷയിലും അനേകം ഗ്രന്ഥങ്ങൾ നിർമ്മിച്ചു കാണണം. ശ്രീവൈഷ്ണവ തമിൾ സാഹിത്യത്തിൽ ‘കുലശേഖര ആൾവാർ’ എന്നു പ്രഖ്യാതനായിത്തീർന്നിട്ടുള്ളതു് ഈ മഹാനുഭാവനായിരിക്കാൻ ഇടയുണ്ടു്. വേദാന്തദേശികരുടെ പ്രബന്ധസാരത്തിൽ കുലശേഖരാൾവാരെപ്പറ്റിപ്പറഞ്ഞിട്ടുള്ള ഭാഗം ശ്രദ്ധാർഹമാകുന്നു.
‘പെൻ പുരൈയും വേർ കുലചേകരനേ മാചിപ്പുനർപൂചത്തെഴിൽ വഞ്ചിക്കുളത്തിറ്റോന്റി അൻപുടനേ നംപെരുമാൾ ചെമ്പൊർ കോയിലനൈത്തുലകിൻ പെരുവാഴവുമടിയാർ തങ്കൾ ഇൻപമികുപെരുംകുഴു ഉങ് കാണമണ്മേലിരുളിരിയവെന്റെടുത്ത വിചൈയാർ ചൊന്ന നൻപൊരുൾ ചേർത്തിരുമൊഴി നൂറ്റെന്തു പാട്ടുനന്റാക വെനക്കരുൾ ചെയ്, നൽകിനീയേ’
‘ഗ്രന്ഥകാലസമകാലഭവ’നായ വ്യംഗ്യവ്യാഖ്യാകാരൻ ഇദ്ദേഹത്തിനെ പരമ ഭാഗവതനായി പറഞ്ഞിട്ടുള്ളതും ഈ ഊഹത്തെ ബലപ്പെടുത്തുന്നു. [6]
ഈ കുലശേഖര കവിയുടെ കാലം ഖണ്ഡിതമായി കണ്ടുപിടിച്ചിട്ടില്ല. തപതീസംവരണത്തിൽ ‘ശൂദ്രകകാളിദാസഹർഷദണ്ഡിപ്രമുഖാണാം മഹാകവീനാമന്യതമസ്യ കസ്യകവേരിദം നിബന്ധനം, യേനാര്യ മിശ്രാണാമേതാവൽ കൗതുകം വർദ്ധയതി’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു് പ്രസ്തുത കവി ശ്രീഹർഷമഹാരാജാവിന്റെ കാലത്തിനു ശേഷം ജീവിച്ചിരുന്ന ആളായിരിക്കണമെന്നു തീർച്ചയാണു്. ആൾവാരന്മാരുടെ കാലം വൈഷ്ണവാചാര്യനായ ശ്രീരാമാനുജന്റെ കാലത്തിനു മുമ്പാണെന്നുള്ള വിഷയത്തിൽ ആർക്കും വിപ്രതിപത്തിയുമില്ല. അതുകൊണ്ടു് കുലശേഖരാൾവാരുടെ കാലം ഹർഷവർദ്ധനന്റേയും രാമാനുജാചാര്യരുടേയും കാലങ്ങൾക്കിടയിലാണെന്നു് ഖണ്ഡിതമായിപ്പറയാം. ദണ്ഡിഹർഷന്റെ കാലത്തിനുശേഷമാണു ജീവിച്ചിരുന്നതെന്നു് പാശ്ചാത്യ പണ്ഡിതന്മാരിൽ ചിലർ വാദിക്കാറുണ്ടെങ്കിലും വാസ്തവം മറിച്ചായിരിക്കാനാണു് സാംഗത്യം. ക്രിസ്ത്വബ്ദം 779-നും 819-നും മദ്ധ്യേ ജീവിച്ചിരുന്ന ജയാപീഡന്റെ സദസ്യരിൽ ഒരുവനായ വാമനൻ കാവ്യാലങ്കാരസൂത്രവൃത്തിയിൽ ഭാമഹന്റെ അഭിപ്രായത്തെ നിരസിച്ചുകൊണ്ടുള്ള കാവ്യദർശസിദ്ധാന്തത്തെ ഖണ്ഡിച്ചു കാണുന്നു. പത്താംശതകത്തിൽ ജീവിച്ചിരുന്നതായി നിർവിശങ്കം പറയാവുന്ന അഭിനവഗുപ്തൻ വാമനെ ഉദ്ധരിച്ചു കാണുന്നതിനാൽ, വാമനന്റെ കാലം അതിനു മുമ്പാണെന്നു തീർച്ചയുമാണു്. ഈ വാമനൻ കാശികാവൃത്തിയുടെ കർത്താവാണെങ്കിൽ, ദണ്ഡിയുടെ കാലം ആറാം ശതകത്തിലേക്കു തള്ളേണ്ടതായി വരും. എന്തുകൊണ്ടെന്നാൽ പ്രസ്തുത വ്യാകരണഗ്രന്ഥത്തിന്റെ നിർമ്മിതി 630-നും 650-നും മദ്ധ്യേ ആയിരുന്നുവെന്നു് ഇറ്റ്സിംഗ് എന്ന ചീനദേശീയന്റെ ലേഖനങ്ങളിൽനിന്നു തെളിയുന്നു. എന്നാൽ കാശികാവൃത്തികാരനായ വാമനൻ കാവ്യാലങ്കാരവൃത്തികാരനിൽനിന്നു ഭിന്നനാണെന്നു് ആ അലങ്കാരഗ്രന്ഥത്തിൽ, സഹോക്തിക്കു് ഉദാഹരണമായി വേണീസംഹാരശ്ലോകം ഉദ്ധരിച്ചിരിക്കുന്നതിൽനിന്നു മനസ്സിലാക്കാം. വേണീസംഹാരകർത്താവായ ഭട്ടനാരായണൻ ജീവിച്ചിരുന്ന കാലം 8-ാം ശതകത്തിന്റെ അവസാന ഘട്ടമായിരുന്നുവെന്നു് ഇപ്പോൾ പൂർണ്ണമായി തെളിഞ്ഞിട്ടുണ്ടുതാനും. പണ്ഡിതമോരേശ്വരകാളേ, ദണ്ഡി ബാണനേക്കാൾ പ്രാചീനനാണെന്നു സ്ഥാപിക്കുന്നതിനു പര്യാപ്തമായ പല തെളിവുകളെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ടു്. സംസ്കൃത സാഹിത്യചരിത്രകാരനായ മാക് ഡോണാൾഡ് സായ്പും, ഈ അഭിപ്രായത്തോടു യോജിക്കുന്നു. അതുകൊണ്ടു് ദണ്ഡിയുടെ കാലം ക്രിസ്ത്വബ്ദം ഏഴാം ശതകത്തിന്റെ ആരംഭത്തിലോ അതിനു് അല്പം മുമ്പോ ആയിരിക്കണം. രാമാനുജാചാര്യരുടെ ജീവിതകാലം 1017-നും 1137-നും മദ്ധ്യേആയിരുന്നു. അദ്ദേഹം, നമ്മാൾവാർ തൊട്ടു് തുടങ്ങിയ വൈഷ്ണവാചാര്യപരമ്പരയിൽ ഏഴാമത്തെ ആളിയിരുന്നുവെന്നും കാണുന്നു. രാമാനുജാചാര്യരുടെ ഗുരുവായിരുന്ന യമുനാചാര്യർ ജനിച്ചതു് 916-ൽ ആയിരുന്നതിനാൽ അതിനു് ഒട്ടു വളരെ കാലത്തിനു മുമ്പുതന്നെ കുലശേഖരാഴ്‌വാർ സ്വർഗ്ഗാരോഹണം ചെയ്തുകാണണം. ഏതായാലും അദ്ദേഹത്തിന്റെ കാലം പത്താം ശതകത്തിനും 7-ാം ശതകത്തിനും മദ്ധ്യേ ആയിരിക്കണം എന്നുള്ളതു് തീർച്ചയാണു്. കൊല്ലവർഷം ഈ മഹാനുഭാവന്റെ സ്വർഗ്ഗാരോഹണ സ്മാരകമായി ആരംഭിച്ചതാണെന്നുള്ള ചിലരുടെ ഊഹം സംഗതമാണെങ്കിൽ, കുലശേഖരപ്പെരുമാളിന്റെ മരണം ഏ. ഡി. 825- ൽ ആണെന്നു പറയാം. എന്നാൽ ആ ഊഹം ശരിയല്ലെന്നു പറയേണ്ടിയിരിക്കുന്നു. അങ്ങിനെ ആണെങ്കിൽ കൊല്ലവർഷം എന്നു പേരുവരാൻ ഇടയില്ല. മഹോദയപുരത്തു വാണിരുന്ന ഒരു രാജാവു് പാണ്ടിയിൽവെച്ചു സ്വർഗ്ഗാരോഹണം ചെയ്തതിനു് സ്മാരകമായി കൊല്ലത്തുവെച്ചു് ഒരു പുതിയ വർഷം ആരംഭിച്ചു എന്നു് എങ്ങനെ വിചാരിക്കാം? കുലശേഖരപ്പെരുമാളും കുലശേഖരാഴ്‌വാറും ഒന്നല്ലെന്നും പെരുമാൾ ക്രിസ്തുവർഷം 825-ൽ പരലോകം പ്രാപിച്ചതായി ഒരു കേരളോല്പത്തിയിൽ താൻ കാണുകയുണ്ടായെന്നും ശ്രീനിവാസയ്യങ്കാർ പറയുന്നു. അങ്ങിനെ ആയിരുന്നാലും നമ്മുടെ അഭ്യൂഹത്തിനു് ബലമേ സിദ്ധിക്കുന്നുള്ളു. ആൾവാറും പെരുമാളും ഒരാളല്ലെന്നു വരുന്നതുകൊണ്ടു് നമുക്ക് ഒരു ദൂഷ്യവും നേരിടാനില്ലല്ലോ. എന്നാൽ പരമാർത്ഥത്തിൽ അവർ വിഭിന്നരല്ലെന്നു വേദാന്തദേശികരുടെ തെളിവിനു പുറമേ വേറെയും ചില ലക്ഷ്യങ്ങളുണ്ട്.
ഈ കുലശേഖരപ്പെരുമാളിന്റെ കാലത്തിനു മുമ്പേതന്നെ കേരളത്തിൽ ചാക്യാർകൂത്തും നാടകവും ഉണ്ടായിരുന്നെങ്കിലും, പെരുമാൾ അതിനെ ഒന്നു പരിഷ്കരിച്ചുകാണണം. അദ്ദേഹത്തിന്റെ സദസ്യനും ഹാസ്യകവനചതുരനും ആയ തോലകവി സംസ്കൃതനാടകാഭിനയത്തിന്റെ ചടങ്ങുകളെ ഗദ്യരുപത്തിൽ എഴുതിവെച്ചിരുന്നു. അതിനുപുറമേ അസംഖ്യം വിദൂഷകശ്ലോകങ്ങളും അദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്. ഈ തോലകവി എഴുതിയതായി വിശ്വസിക്കപ്പെടുന്ന ഗ്രന്ഥങ്ങളിൽ പ്രധാനമായുള്ളവ ആട്ടപ്രകാരവും ക്രമദീപികയുമാണു്. നാടകത്തിലെ ഓരോ ശ്ലോകവും ചൊല്ലി അഭിനയിക്കേണ്ടതു് എങ്ങനെ എന്നു് ആട്ടപ്രകാരത്തിൽ വിവരിച്ചിരിക്കുന്നു്. ഒരു ഉദാഹരണം താഴെ ചേർക്കുന്നു. [7]
‘യസ്യാം ന പ്രിയമണ്ഡനാപി മഹിഷീ
ദേവസ്യ മന്ദോദരീ
സ്നേഹാല്ലുമ്പതി പല്ലവാൻ ന ച പുന-
വീജന്തീ യസ്യാം ഭയാൽ
വീജന്തീ മലയാനിലാ രവികരൈ-
രസ്പൃഷ്ട ബാലദ്രുമാ
സേയം ശക്രരിപോരശോകവനികാ
ഭഗ്നേതി വിജ്ഞാപ്യതാം’
എന്നേടത്തു്, ‘കുതഃ, എന്നു ചൊല്ലി ഈ ഉദ്യാനം എങ്ങനെയുള്ളു എന്നു കാട്ടി, രണ്ടാമതും ചൊല്ലി, യസ്യാ, ന പ്രിയമണ്ഡനാപി, എന്നു തുടങ്ങി, അസ്പൃഷ്ടബാലദ്രുമാ, എന്നേടത്തോളം ശ്ലോകംചൊല്ലി, ചൊല്ലാതെ കാട്ടി അന്വയിച്ചിട്ടു്, ദേവസ്യ മഹിഷീ മന്ദോദരീ യസ്യാം പല്ലവാൻ ന ലുമ്പതി’ എന്നു ചൊല്ലി. അർത്ഥം–ദേവന്റെ മഹിഷിയായിരിപ്പോരു മന്ദോദരി യാതൊരു ഉദ്യാനത്തിലുള്ള പല്ലവങ്ങളെപ്പോലും പറിക്കുന്നില്ല. എന്നാൽ അതിനു സംഗതി എന്തു്?–എന്നുകാട്ടി, സ്നേഹാൽ എന്നു ചൊല്ലി, ഏറ്റവും സ്നേഹം ഹേതുവായിട്ടുതന്നെ എന്നു കാട്ടൂ. പിന്നെ മന്ദോദരി എങ്ങനെ എന്നു കാട്ടി, പ്രിയമണ്ഡനാ അപി എന്നു ചൊല്ലി, അർത്ഥം–അലങ്കാരത്തിൽ വളരെ താല്പര്യത്തോടുകൂടിയവളാണു് എങ്കിലും ഈ ഉദ്യാനത്തിങ്കലേ ചെറുതായിട്ടുള്ള വൃക്ഷങ്ങളുടെ തളിരുകളേപ്പോലും പറിക്കുന്നില്ല–എന്നു് അന്വയിച്ചാടി, അതു് എങ്ങനെ എന്നു കാട്ടി, സഖിമാരുടെ സ്തോഭത്തിൽനിന്നു്, അങ്ങനെതന്നെ എന്നു കാട്ടി, മന്ദോദരിയായിട്ടു് സഖിമാരുടെ കൈയ്യും ചൊല്ലിയുന്തിനടന്നു്, ഇങ്ങനെ ഉദ്യാനത്തിങ്കൽ ചെന്നു് എന്നുകാട്ടി, സഖിമാരിൽ ഓരോരുവളായിട്ടു് അന്യോന്യം നോക്കി, അല്ലേ, നമ്മൾക്കിവളെ അലങ്കരിപ്പിക്കുക എന്നും അങ്ങനെതന്നെ എന്നും കാട്ടി, ഒരുത്തിയായിട്ടു് തലമുടി വിടർത്തിക്കെട്ടിവെച്ചു് സീമന്തരേഖയിൽ സിന്ദൂരപ്പൊട്ടുമിട്ടു മാറി നിന്നു് മറ്റവളുടെ നേരെ നോക്കി ‘നന്നായോ എന്നു നോക്കു്’ എന്നു കണ്ണുകൊണ്ടു കാട്ടി, ഇങ്ങനെ ക്രമത്തിൽ ഓരോന്നു് അലങ്കരിപ്പിച്ചു് അന്യോന്യം നോക്കി, പിന്നെ ഒരുത്തിയായിട്ടു്, അവളുടെ കേശാദിപാദം നോക്കി, അല്ലേ അവളുടെ മുഖം വേണ്ടുംവണ്ണം ശോഭിച്ചില്ല, എന്താണു് നോക്കു് എന്നു കാട്ടി, മറ്റവളായിട്ടു് സൂക്ഷിച്ചുനോക്കി, മനസ്സിലായി എന്നു നടിച്ചു ലജ്ജിച്ചു്, മറന്നുപോയി എന്നു കാട്ടി, അല്ലേ സഖി, കാതിൽ കർണ്ണപൂരം ഉണ്ടാക്കി അലങ്കരിച്ചില്ല; എന്നാൽ ഈ വൃക്ഷങ്ങളുടെ തളിരു പറിച്ചു് കർണ്ണപൂരം ഉണ്ടാക്കി അലങ്കരിച്ചാൽ ഏറ്റവും ശോഭയുണ്ടാകും എന്നു കാട്ടി, മറ്റവളായിട്ടു് ‘അല്ലേ സഖി, ഞാൻ പറിക്കയില്ല. ഈ തളിരുകൾ പറിച്ചാൽ സ്വാമി കോപിക്കും’ എന്നാടി, അല്ലേ ദേവി, ഈ ചെറുതായിട്ടുള്ള വൃക്ഷങ്ങളുടെ പല്ലവങ്ങളെ പറിച്ചു് അലങ്കരിച്ചാൽ വളരെ ശോഭയുണ്ടാകും എന്നാടിയാൽ, മന്ദോദരീസ്തോഭത്തിൽനിന്നു് തളിരു പറിക്കാനായി ഭാവിച്ചു്, വഹിയാ എന്നു കാട്ടി, ഇതു പറിച്ചാൽ വാടിപ്പോവും ഇങ്ങനെ ഓരോ തളിരുനോക്കി രണ്ടു മൂന്നു തവണ പറിക്കാനായി ഭാവിച്ചു് വഹിയാ എന്നു കാട്ടുക. പിന്നെ ഈവണ്ണം ഭാര്യയായ മന്ദോദരി കർണ്ണപൂരത്തിനു് അലങ്കരിക്കാനായിട്ടുപോലും യാതൊരുദ്യാനത്തിങ്കലുള്ള തളിരുകളെ പറിക്കുന്നില്ല എന്നുകാട്ടി പിന്നെ ‘മലയാനിലാഃ യസ്യാം ന വീജന്തീ’ എന്നുചൊല്ലുക. (അഭിഷേകനാടകം, തോരണയുദ്ധാങ്കം.)
ഇങ്ങനെ പത്തു പതിനഞ്ചു നാടകങ്ങളിലെ ഓരോ ഭാഗത്തേയും അഭിനയിക്കേണ്ട വിധത്തെ ഈ ഗ്രന്ഥത്തിൽ വിവരിച്ചുകാണുന്നു. ക്രമദീപികയിൽ, സന്ദർഭാനുസാരം ചേർക്കേണ്ട അവതാരിക, നടൻ രംഗാദികളിൽ അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ, വിദൂഷകന്റെ വിവിധ ചടങ്ങുകൾ മുതലായവയേ ആണു് പ്രതിപാദിച്ചിരിക്കുന്നതു്.
വിദൂഷകന്റെ ശ്ലോകത്തിനു് ഒരു ഉദാഹരണം ചേർക്കുന്നു. തപതീസംവരണം രണ്ടാമങ്കത്തിൽ.
നൈപഥ്യേ, അബ്രാഹ്മണ്യം എന്നേടത്തു്,
‘ബ്രഹ്മാ വേദം പഠിക്കും ജനമിഹ ജഗതി
ബ്രാഹ്മണന്മാരമീഷാം
ബ്രഹ്മസ്വം കൈയ്ക്കലാക്കും നരനൊരു
നരകക്കൂണ്ടു കൂപേ പതിക്കും
നമ്മേ ദ്വേഷിക്ക നന്നല്ലൊരുവനുമനഘ
ബ്രാഹ്മണൻ ഞാൻ വിശുദ്ധൻ
നിർമ്മര്യാദങ്ങൾ നമ്മോടരുതരുതു മഹാ
ലോകരേ കേട്ടുകൊൾവിൻ.’
സ്വപ്നവാസവദത്തത്തിൽ, രാജാവു് വാസവദത്തയേപ്പറ്റി പശ്ചാത്തപിക്കുന്ന ഘട്ടം.
നായകൻ ബഹുശോപ്യുപദേശേഷു യയാ മാം വീക്ഷമാണയാ–ഇത്യാദി ശ്ലോകം ചൊല്ലുന്നിടത്തു്, വിദൂഷകൻ ചൊല്ലുന്ന പ്രതിശ്ലോകം
‘ബഹുശോപാമിചേറുമ്പോൾ
യയാ മാം നോക്കമാണയാ
ഹസ്തേന സ്രസ്തശൂർപ്പേണ
കൃതമാകാശപേരിതം.’
ചാക്യാർകൂത്തു് ഈ അടുത്ത കാലംവരെ മലയാളികളുടെ ഒരു മുഖ്യ വിനോദമായിരുന്നു. ഇക്കാലത്തും അതു് തീരെ നശിച്ചുപോയിട്ടില്ലെങ്കിലും ഏറെക്കുറെ ദുഷിച്ചുവശായിട്ടുണ്ടെന്നു് എല്ലാരും സമ്മതിക്കും. പഴയ കാലങ്ങളിൽ ചാക്യാന്മാർക്കു് രാജാക്കന്മാരുടെ ന്യൂനതകളെപ്പോലും ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഈ സ്വതന്ത്ര്യത്തെ പാഠകം പറയുന്ന അവസരങ്ങളിൽ, അവർ ദുർവിനിയോഗം ചെയ്തുതുടങ്ങിയതു നിമിത്തമാണു്, കൂത്തിനു് ഈ ശോച്യാവസ്ഥ നേരിട്ടതു്. ഈശ്വരകഥാപ്രസംഗത്താൽ മനുഷ്യരിൽ ധർമ്മബോധവും ഭക്തിയും അങ്കുരിപ്പിക്കയാണു് കൂത്തിന്റെ പ്രധാനോദ്ദേശ്യം. സമുദായ ശരീരത്തിൽ കടന്നുകൂടുന്ന ദൂഷ്യങ്ങളെ ഭംഗിയായും സരസമായും, എന്നാൽ പരുഷമല്ലാത്ത വിധത്തിലും, ചൂണ്ടിക്കാണിച്ചു് അവയേ പരിഹരിക്കുന്നതിനും കൂത്തുകൾ ആദ്യകാലത്തു് വളരെ സഹായിച്ചിരുന്നു. എന്നാൽ കാലക്രമേണ ചാക്യാർ ബീഭത്സങ്ങളും സഭ്യേതരങ്ങളും രംഗസ്ഥിതന്മാർക്കു് അത്യന്തം ഹൃദയോദ്വേജകങ്ങളും ആയ വിധത്തിൽ കഥാപ്രസംഗങ്ങൾ നടത്തിത്തുടങ്ങി. കൂത്തു കാണാൻ വരുന്നവരിൽ, ചാക്യാരുടെ ശകാരം ഏൽക്കാതെ തിരിച്ചുപോകുന്നവർ ദുർലഭമായിത്തീർന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും പുരാതനകാലത്തെ ചാക്യാന്മാർക്കുണ്ടായിരുന്ന വാക്പാടവവും വർണ്ണനാചാതുരിയും, അവസരോചിതമായി സംസാരിക്കുന്നതിനുള്ള സാമർത്ഥ്യവും വാചാമഗോചരമായിരുന്നു. നാട്യകലയേ അതിന്റെ പരമകാഷ്ഠയിൽ എത്തിച്ചതു് ചാക്യാന്മാരാണെന്നു നിസ്സംശയം പറയാം. ഈ കലയുടെ അധോമുഖമായ ഗതി അത്യന്തം ശോച്യവും സാഹിത്യാഭിവൃദ്ധിക്കു് പ്രതിബന്ധകവുമായിരിക്കുന്നു.
ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാമായണം, ഭാരതം, ഭാഗവതം ഇവയൊക്കെ ഗദ്യപ്രബന്ധങ്ങളായി എഴുതിവെച്ചിരുന്നു. അവയിൽ അധികഭാഗവും കൊല്ലവർഷാരംഭത്തിനു ശേഷം ഉണ്ടായവയായതുകൊണ്ടു് അവയെപ്പറ്റി ഇതിൽ കൂടുതലായി ഇവയെ ഒന്നും പറയുന്നില്ല. എന്നാൽ കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഭാഷയിൽ ഗദ്യം എഴുതിത്തുടങ്ങിയെന്നുള്ളതിനു ലക്ഷമായി, ഒരു പ്രാചീനഗദ്യഗ്രന്ഥത്തിന്റെ അല്പം ഭാഗം ഇവിടെ ചേർക്കുന്നു.
“മാറ്റലർ കൊടുങ്കോളൊന്നു മേശാമൽ മുത്തറയ്ക്കപ്പാൽ മപ്പടിച്ചു്, കാലൂന്നി, വട്ടക്കാൽ വീശി, മാറ്റലർ കന്നം തെറിക്ക, കൊടും കാലടിക്കും ആൾ, പടക്കാല മാടപ്പെരുന്തലവരയ്യായിരവും കോടരണിവേന്തർ, മയ്ക്കേയ്മ [8] മുഴുക്കയ്മ, കോയിക്കയ്മ, കോയിക്കപ്പെരുംകയ്മ, കയ്മചെളുവെണ്ണൂറു്, നമ്പുകൊണ്ടതാനി [9] നാലായിരിവും, എമ്പുകൊണ്ടതാനി [10] എണ്ണായിരിവും തമ്പുകൊണ്ടു താനിമുല്ലച്ചേരിപ്പിരാൻ, നാരങ്ങൊലിപ്പിരാൻ, ചെങ്ങേലി വട്ടത്തറപ്പിരാൻ, മാമാത്തൻചേരി വട്ടപ്പൂർ പെരമ്പിരാൻ നാല്പത്തിഎട്ടും, പരുവാവണിവട്ടം ഒരു കോവണിപ്പടക്കണക്കു് എണ്ണത്തിച്ചേന്നോരരും, കിരിയത്തു നാകർ കിഴാവൈച്ചെകണുറ്റചേരരോ, എന്നാൽ, എങ്കിലോ, അച്ചേരവേന്തൻ, തിടിനെഴുന്തു്, ചൈംകൈക്കവിത്തു് പരത്തിനീട്ടി, യുശത്തി, പേരുതവിക്കുള്ളിരങ്കിയിമ്പുറ്റുനേരാക വഴിചെപ്പിനാർ. എന്നാൽ തിങ്കൾപതിനി കതിത്തോങ്കമണ്ണുവിണ്ണഞ്ചുംപേരുതവി കനിത്തോങ്കിത്തോങ്കുനാളെല്ലാം ചെമ്മൈച്ചെൽവം, ചെഴുഞ്ചെൽവം, ചേർന്തുവാഴും ശിവച്ചെൽവം, പെമ്മൈച്ചെൽവം, പെരുഞ്ചെൽവം, പേശാവുമൈമപ്പെരുഞ്ചെൽവ മണികളുറ്റുവാഴ്‌വൂതാക. നീട്ടൂഴിവാഴ്‌വൂതാക, നെടുനാൾ വാഴ്‌വൂതാക, തലയേങ്കി വാഴ്‌വൂതാക, പുകഴോങ്കി വെനവൊക്കെനിന്നാർകൂവിനാർ.”
ഒരു പെരുമാളിനെ അവരോധിച്ച അവസരത്തിൽ ഉണ്ടായതാണു് ഈ ഗ്രന്ഥം. കൊല്ലവർഷാരംഭത്തിനു മുമ്പേ പെരുമാൾവാഴ്ച അവസാനിച്ച സ്ഥിതിക്കു്, ഇതിന്റെ പഴക്കത്തേപ്പറ്റി സംശയിക്കാനില്ല. എന്നാൽ ഇനി തമിൾ രൂപങ്ങൾ കാണുന്നതുകൊണ്ടു മാത്രം, അക്കാലത്തെ ഗദ്യത്തിൽ തമിൾ ധാരാളം കലർന്നിരുന്നുവെന്നു വിചാരിക്കാവുന്നതല്ല.
5.12 തോലകവി
സുഭദ്രാധനഞ്ജയ നാടകത്തിന്റെ കർത്താവു് തോലകവി ആയിരിക്കണമെന്നു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഊഹിക്കുന്നു. അങ്ങനെ ഒരു ഐതിഹ്യവും ഉണ്ടത്രേ. ഈ അഭ്യൂഹം ശരിയാണെങ്കിൽ അദ്ദേഹം പെരിയാറ്റിന്റെ തീരത്തു പരമേശ്വരമംഗലത്തു ജനിച്ച ഒരു നമ്പൂരിയായിരിക്കണം. അദ്ദേഹം കുലശേഖരവംശത്തെ കീർത്തിക്കുന്നതായ ഒരു കാവ്യവും എഴുതിയിട്ടുള്ളതായി പറയപ്പെടുന്നു. എന്നാൽ ആ ഗ്രന്ഥം ഇതേവരെ കണ്ടുകിട്ടിയിട്ടില്ല. തോലകവിയുടേതാണെന്നു് പറയപ്പെടുന്ന ഒട്ടുവളരെ ശ്ലോകങ്ങൾ ഇപ്പോൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ അവയൊക്കെ അദ്ദേഹത്തിന്റേതാണോ എന്നു സംശയമുണ്ടു്. വാസുഭട്ടതിരിയുടെ ‘യുധിഷ്ഠിരവിജയം’ എന്ന യമകകാവ്യത്തേയും അക്കാലത്തേ സംസ്കൃതകവികളുടെ കൃതികളിൽ കാണാറുള്ള ദൂരാന്വയം, നിരർത്ഥകപദപ്രയോഗം മുതലായവയേയും ഉപഹസിച്ചു് തോലകവി രചിച്ചിട്ടുള്ള രണ്ടു പദ്യങ്ങൾ സുപ്രസിദ്ധങ്ങളാണു്.
‘ഥ പ്രഥനന്ദാനന്ദം
പദദ്വയം നാത്ര, കലിത നന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയദളിതദാനവന്ദേവക്യാഃ [11]
‘ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ
ഏഷ ആഹ്വയതേ കുക്കു
ചവൈതു ഹി ചവൈതു ഹി.’
എന്തോ കാരണവശാൽ, പെരുമാൾ തോലകവിയേ പുറത്താക്കിയത്രേ. പിന്നീടു് ഒരു ദിവസം രാജാവു് ഈ വികടകവിയെ കാണാൻ ഇട വന്നപ്പോൾ, അയാൾ ചൊല്ലിയതായി പറയുന്ന ശ്ലോകം താഴെ ചേർക്കുന്നു.
“ഉപദംശപദേയോയം
പുരാസീച്ഛിഗ്രുപല്ലവഃ;
ഇദാനീമോദനസ്യാപി
പദമാഹർത്തുമിച്ഛതി”
തോലകവി രചിച്ചിട്ടുള്ള ഭാഷാപദ്യങ്ങളും ഒട്ടു വളരെ കാണണം.
“മാടിൻ കൊടിമടവാരേ
കാടും പടലും പിടിച്ച മുടിയോന്റെ;
ഊടുക്ക ടപ്പാനൊരുവഴി
യടിപിടിയോ പേരുചൊല്ലി മുറവിളിയോ”
എന്ന പദ്യം തോലകവിയുടേതാണെന്നാണു് പരക്കേ വിശ്വാസം
കിടപ്പവറ്റൈക്കിടയാതവറ്റോ-
ടണച്ചുകൊണ്ടേവമനന്വിതാനി;
പദാനിതാൻ മൂരികളെക്കണക്കേ-
ക്കവിക്കരിങ്കയ്യർ ചമയ്ക്കയന്തി.
ഇതു് ദുഷ്കവികളെ ആക്ഷേപിച്ചു് തോലകവി രചിച്ച ഒരു സരസപദ്യമാകുന്നു.
സുഭദ്രാധനഞ്ജയത്തിൽ തോലകവി എഴുതിച്ചേർത്തിട്ടുള്ള ഏതാനും ശ്ലോകങ്ങളെക്കൂടി ഉദ്ധരിക്കാം.
“ഞരമ്പു കൊത്തുന്ന ഭിക്ഷക്കുപോലേ
തരിമ്പു കാരുണ്യമിവൾക്കു നാസ്തി
ഉറച്ചു വസ്ത്രേണ വരിഞ്ഞു കണ്ഠം
പുറപ്പെടുന്നില്ലൊരു വാക്കെനിക്കു്.
ഭൂവനൈകമനോഹരാംഗിയാളാ-
മിവൾതാനേവ സുഭദ്രയെങ്കിലിപ്പോൾ
മമ തോഴരുടെ മനോഭിലാഷം
രമണീയം രസികാഗ്രഗണ്യബുദ്ധേ.
മുലപ്പടം കട്ടൊരു കള്ളനെങ്കിലും
മുനീശ്വരൻതന്നുടെ ശിഷ്യനേഷഞാൻ
കുലോത്തമബ്രാഹ്മണവാര്യനാകുമീ
പുമാനഹം പൂജനയോഗ്യനല്ലയോ?”
“അടുത്തു മദ്ധ്യാഹ്നം തവ മദനസന്താപമധികം
കടുത്ത കാന്താരേ തരുലതകൾ വാടീതു തരസാ
തുടങ്ങേണം മദ്ധ്യന്ദിനസവനകർമ്മാദിഭഗവാ-
നടങ്ങേണം മറ്റുള്ളഭിമതവിനോദാദി സകലം.”
ഈ മാതിരി നല്ല ഭാഷാപദ്യങ്ങൾ കണ്ടാൽ തോലകവി ആധുനികനാണെന്നും കുലശേഖരകവിയുടെ സമകാലികനല്ലെന്നും തോന്നിപ്പോകും. എന്നാൽ മലയാളം കുറേക്കാലത്തേക്കു് തമിഴിന്റേയും പിന്നീടു് സംസ്കൃതത്തിന്റേയും ആക്രമണത്താൽ വിപഥസഞ്ചാരം ചെയ്തുപോയതാണെന്നു വന്നുകൂടായ്കയില്ല.
തോലകവിയേപ്പറ്റി കേട്ടിട്ടുള്ള ഒന്നു രണ്ടു് ഐതിഹ്യങ്ങൾകൂടി ഇവിടെ ചേർക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു.
ഒടുവിലത്തെ പെരുമാളായ ചേരമാൻപെരുമാൾ സുഭദ്രാധനഞ്ജയം രചിച്ചു്, അതിനു വിദ്വത്സമ്മതി വരുത്താൻ വേണ്ടി ഏതാനും വിദ്വാന്മാരെ വരുത്തി വായിച്ചുകേൾപ്പിക്കവേ, അക്കൂട്ടത്തിൽ ഉണ്ടായിരുന്ന തോലകവി ചാടി എഴുന്നേറ്റു് ‘അയ്യോ! എന്റെ അംഗങ്ങളെച്ഛേദിച്ചു് മറ്റൊരു ശരീരത്തിൽ അനുബന്ധിച്ചിരിക്കുന്നതു് എനിക്കു ദുസ്സഹമാണേ’ എന്നു് കാളിദാസൻ വെളിച്ചപ്പെട്ടു പറയുന്ന മട്ടിൽ നിലവിളിച്ചുവത്രേ. ഇവിടെ തോലകവി സൂചിപ്പിച്ചതു്, കുലശേഖരകവി ശാകുന്തളാദി നാടകങ്ങളിൽനിന്നു് ഛായാപഹരണം ചെയ്തിട്ടുണ്ടെന്നു മാത്രമായിരുന്നു. ഈ സംഭവം രാജാവിനു വളരെ കുണ്ഠിതമുണ്ടാക്കി. അതുകൊണ്ടു് അദ്ദേഹം തോലനെ വിളിച്ചുവരുത്തിയിട്ടു് ഇങ്ങനെ പറഞ്ഞു: “അങ്ങു് വിനോദാർത്ഥം പറഞ്ഞതു് എനിക്കു വലിയ ഇടിവിനു കാരണമായിരിക്കുന്നു. എന്റെ നാടകത്തിനു് തീരെ പ്രാചാരം കുറഞ്ഞുതുടങ്ങി. അതുകൊണ്ടു് ഇതിനു് ഏതെങ്കിലും പ്രതിവിധി അങ്ങുതന്നെ ചെയ്തുതരണം. എന്നു മാത്രമല്ല ഇന്നുമുതല്ക്കു് എന്റെ കൂടെത്തന്നെ താമസിക്കയും ചെയ്യണം.” രാജാവിന്റെ ഈ അപേക്ഷ അനുസരിച്ചു് തോലൻ ആ കൊട്ടാരത്തിൽ വിദൂഷകനെന്ന നിലയിൽ വാസമുറപ്പിക്കയും സൂഭദ്രാധനഞ്ജയത്തിൽ ഒട്ടു വളരെ വിദൂഷകശ്ലോകങ്ങളും പ്രതിശ്ലോകങ്ങളും എഴുതിച്ചേർത്തു് വിജയപൂർവ്വകം അഭിനയിപ്പിക്കയും ചെയ്തുവെന്നാണു് ഒരു ഐതിഹ്യം.
തോലകവി ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അച്ഛൻ മരിച്ചുപോയി. ഇല്ലത്തു് അമ്മയും ചക്കിയെന്ന ഒരു ദാസിയും മാത്രമേ ഉണ്ടായിരുന്നൊള്ളു. ഒരു ദിവസം ഈ ഉണ്ണിനമ്പൂതിരി ഊണുകഴിച്ചുകൊണ്ടിരുന്ന തക്കം നോക്കി ചക്കി നെല്ലു മോഷ്ടിക്കാനായി പത്തായത്തിൽ കേറി. അതു് യദൃച്ഛയാ ഉണ്ണി കാണാനിടയായി. എന്നാൽ ഊണു കഴിച്ചുകൊണ്ടിരിക്കെ ബ്രഹ്മചാരികൾ ഒന്നും മിണ്ടിക്കൂടെന്നും അഥവാ മിണ്ടിയേ കഴിയൂ എന്നുണ്ടെങ്കിൽ, സംസ്കൃതത്തിലേ പാടുള്ളൂവെന്നും നിയമമുണ്ടായിരുന്നതിനാൽ, അദ്ദേഹം ‘പനസി ദശായാം പാശി’ [12] എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മാതാവു് ബുദ്ധിമതി ആയിരുന്നതിനാൽ കാര്യം മനസ്സിലാക്കുകയും ചക്കിയുടെ കള്ളം കണ്ടുപിടിക്കയും ചെയ്തുവത്രേ.
സമാവർത്തനം കഴിയുന്നതിനു മുമ്പുതന്നേ ഈ ബാലൻ ചക്കിയുടെ വലയിൽപ്പെട്ടു് ബ്രഹ്മചര്യവ്രതഭംഗം വരുത്തിയതിനാൽ തക്കതായ പ്രായശ്ചിത്തം കഴിപ്പിച്ച് അദ്ദേഹത്തിനു് സമാവർത്തനം നടത്തുന്നതിനു് ആരും ഇല്ലാതെ വന്നുവെന്നും, തന്നിമിത്തം സമാവർത്തനകാലം കഴിഞ്ഞിട്ടും തോൽ ധരിച്ചുകൊണ്ടുനടക്കേണ്ടതായി വന്നുവെന്നും, അതുകൊണ്ടു് മറ്റുള്ളവർ പരിഹാസമായി തോലൻ എന്നു വിളിച്ചുതുടങ്ങിയെന്നുമാണു് ഇപ്പേരിനെപ്പറ്റിയുള്ള ഐതിഹ്യം. പിന്നീടു് തോൽ അദ്ദേഹം സ്വയം പൊട്ടിച്ചു കളഞ്ഞുവത്രേ. സുഭദ്രാധനഞ്ജയത്തിൽ ചക്കിയേപ്പറ്റി രണ്ടു ശ്ലോകങ്ങളും കാണുന്നുണ്ടു്.
“വാ നാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
വാക്കുംനോക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേഷചക്കീഗുണാൻ
ഇച്ചക്യാമുപയുജ്യ പത്മജനഹോ ചക്യാണചക്യന്തരം
സൃഷ്ടിപ്പാനവവേണമിങ്കിലിഹവന്നെല്ലാമിരന്നീടണം.
അപി ച,
നാഴീഭിരുരിഭീരുഴഗ്ഭി
പാതിമണൽഭിസ്തഥൈവചാവലരിഭിഃ
യത്ര മനോരഥമുടനേ
സിദ്ധ്യതിതസൈനമോനമശ്ചകൈ.
5.13 വാസുഭട്ടതിരി
ഈ കവിയെപ്പറ്റി വിവരമായി യാതൊന്നും അറിയുന്നില്ല. യുധിഷ്ഠിരവിജയം കാവ്യത്തിൽ, [13] അസ്തി സഗജരാജഗതീ രാജവരോയേനഗതശുഗജരാജഗതീ; ഭീഷണമധികം കവയഃസ്തുവന്തിജന്യംയദീയമധികം കവയഃ
വസ്യ ച വസുധാമവതഃ
കാലേ കുലശേഖരസ്യ വസുധാമതഃ;
വേദാനാമദ്ധ്യായീ
ഭാരതഗുരുരഭവദദ്യനാമധ്യായി.
യാ പ്രാപ രമാചാര്യം;
ദേവീ ച ഗിരാം പുരാണ പരമാചാര്യം;
യമശുഭസന്തോദാന്തം
പരമേശ്വരമുപദിശന്തി സന്തോദാന്തം.
സമജനികശ്ചിത്തസ്യ
പ്രവണശിഷ്യോനുവർത്തകശ്ചിത്തസ്യ,
കാവ്യാനാമാലോകേ
പടുമനസോ വാസുദേവനാമാലോകേ.”
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രാചീനസംസ്കൃതടീകയിൽ കുലശേഖരൻ മഹോദയപുരത്തിൽ വാണിരുന്ന ഒരു പെരുമാളാണെന്നും അദ്ദേഹത്തിന്റെ പേരു രാമവർമ്മാവെന്നാണെന്നും പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് അദ്ദേഹം കൊല്ലവർഷാരംഭത്തിനുമുമ്പ് പെരുമാളിനെ ആശ്രയിച്ചു് കൊടുങ്ങല്ലൂർ അധിവസിച്ചിരുന്ന ആളാണെന്നു പറയാം. ഭട്ടതിരിയുടെ ഗുരു പരമേശ്വരനാമാവായിരുന്നുവെന്നും ഊഹിക്കാവുന്നതാണു്. പ്രക്രിയാകാവ്യമായ വാസുദേവവിജയത്തിന്റേയും ഭ്രമരസന്ദേശത്തിന്റേയും കർത്താക്കന്മാരായി വേറെയും രണ്ടു വാസുദേവന്മാരെ കാണുന്നുണ്ടു്. ഇവർ മൂന്നുപേരും മൂന്നുകാലത്തു ജീവിച്ചിരുന്നവരെന്നാണു് പരേതനായ വലിയകോയിത്തമ്പുരാൻ തിരുമനസ്സിന്റെ അഭിപ്രായം. ഇവരിൽ പ്രാക്തനനായ യുധിഷ്ഠിരവിജയകർത്താവിനെപ്പറ്റി പല കഥകൾ ഉണ്ടു്. അവയെ സംക്ഷേപിച്ചു് ഇവിടെ ചേർക്കുന്നു.
ഗതശുക ഗതമായ ശുക്കോടുകൂടിയതു്. ശുകു് ശോകം. അജരാ യൗവനക്ഷയം വരാത്ത. അതികങ്കവയസ്സു് അധിഗതമായ (പ്രാപിച്ച) കങ്ക പക്ഷി (കഴുകൻ) കളോടുകൂടിയതു്.
വാസുധാമവാനായി (വസ്തുക്കളോടും പുരങ്ങളോടും കൂടിയവനായി) വസുധയെ അവന്നായി (രക്ഷിച്ചിയങ്ങുന്നവനായി ഇരിക്കുന്ന) ആ കുലശേഖരന്റെ കാലത്തു് വേദാധ്യായിയായും ആദ്യന്റെ (ഈശ്വരന്റെ) നാമത്തെ ധ്യാനിക്കുന്നവനായും ഇരിക്കുന്ന ഭാരതഗുരു ഭവിച്ചു.
അദ്ദേഹം ബാല്യദശയിൽ വിദ്യ അഭ്യസിക്കാതെ ഒരു ഓതിക്കോന്റെ ദാസ്യം വഹിച്ച് ജീവിച്ചുവന്നു. അദ്ദേഹത്തിന്റെ അക്ഷരജ്ഞാനവിഹീനത നിമിത്തം, സമവയസ്തന്മാർ ‘വാതു’ എന്നാണു് വിളിക്കാറുണ്ടായിരുന്നതു്. വേദവും മറ്റും പഠിച്ചിട്ടില്ലെങ്കിലും പുരാണശ്രവണത്തിൽ അദ്ദേഹത്തിനു വളരെ ജാഗ്രത ഉണ്ടായിരുന്നു. തിരുവിളക്കാവു ശാസ്താൻകോവിലിനു സമീപത്തായിരുന്നു ‘വതു’വിന്റെ ഇല്ലം. ആ കോവിലിൽ പോയി ദേവദർശനം നടത്തുന്ന വിഷയത്തിൽ അദ്ദേഹത്തിനു വലിയ നിഷ്ഠയായിരുന്നു. ഒരു ദിവസം മഴയുടെ കാഠിന്യംകൊണ്ടു് കോവിലിൽ പോകുന്നതിനു താമസം നേരിട്ടു. ദർശനം കഴിഞ്ഞു് തിരിച്ചു വന്നപ്പോൾ, തോണി അക്കരെക്കിടക്കുന്നതു കണ്ടു് ‘ഇന്നു് ശാസ്താവുതന്നെ ഗതി’ എന്നുള്ള വിചാരത്തോടുകൂടി തിരിച്ചു നടന്നു് നാലമ്പലത്തിൽ കേറിക്കിടന്നു. മഴനനഞ്ഞ് മുണ്ടു് ഈറനായിരുന്നതിനാൽ “ശാസ്താവേ ഞാൻ എന്തുചെയ്യേണ്ടു” എന്നു ദീനസ്വരത്തിൽ വിലപിച്ചു. അപ്പോൾ, ‘ നീ എന്തിനു വ്യസനിക്കുന്നു? ഇതാ തടപ്പള്ളിയിൽ വിറകും തീയും ഇരിക്കുന്നു. കത്തിച്ചു തീ കാഞ്ഞുകൊള്ളരുതോ?’ എന്നു് ഒരു അശരീരിയുണ്ടായി. കുളിരു മാറിയപ്പോൾ വിശപ്പു സഹിക്കാതെയായി. ക്ഷുൽബാധ ശമിപ്പിക്കുന്നതിനു് ഒരു മാർഗ്ഗവും ഇല്ലല്ലോ എന്നു വിചാരിച്ചുകൊണ്ടിരിക്കേ, ‘മൂലയിൽ ഒരു കദളിപ്പഴക്കുല ഇരിപ്പുണ്ടു്; എടുത്തു തിന്നുകൊള്ളുക’ എന്നു് വീണ്ടും ഒരു അശരീരി കേട്ടു് ചെന്നു നോക്കിയപ്പോൾ, അവിടെ പഴം ഇരിക്കുന്നതായി കണ്ടു. പഴം മുഴുവനും തിന്നു തീർന്നിട്ടു് തൊലി അവിടെ ഇട്ടിരുന്നു. പിറ്റേദിവസം വാരസ്യാരു വന്നുനോക്കിയപ്പോൾ വിറകു കാണായ്കയാൽ, ‘ആരു വിറകെടുത്തു’ എന്നു ചോദിച്ചു. അതിനു്,
“വിറ കെടുപ്പാൻ വിറകെടുത്തു
വിറകെടുത്തു വിറ,കെടുത്തു.”
എന്നു പദ്യരൂപമായിട്ടാണു് മറുപടി പുറപ്പെട്ടതു്. നിരക്ഷരകുക്ഷിയായിരുന്ന ഭട്ടതിരിയിൽ ഈ മാറ്റം കണ്ടപ്പോൾ, ബുദ്ധിശാലിനിയായ വാരസ്യാർക്കു് അതിൽ എന്തോരഹസ്യമുണ്ടെന്നു മനസ്സിലായി. അവൾ ഭട്ടതിരിയോടു് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. പഴത്തിനു് ഇത്രമാത്രം ശക്തിയുണ്ടായാൽ, അതിന്റെ തൊലിക്കും അല്പമെങ്കിലും ശക്തി കാണാതിരിക്കയില്ലെന്നു വിചാരിച്ചു് ആ വാരസ്യാരും ഒരു എഴുത്തച്ഛനും അവയെ പറക്കി തിന്നുകയും അപ്പോൾ മുതല്ക്കു കവികളായിത്തീരുകയും ചെയ്തുവത്രേ. [14]
നാഴികമണിയാറായി
നാരീണാം ഭൂഷണൗഘമണിയാറായി;
വാസരമണയാറായി
കോകീനാമശ്രജാലമണയാറായി.
എന്ന പദ്യം ഈ വാരസ്യാരുടേതാണെന്നാണു് കേൾവി. ഇതു കൂടാതെ സുകുമാരകൃതമെന്നു പറഞ്ഞുവരുന്ന ശ്രീകൃഷ്ണവിജയം കാവ്യം ഈ വാരസ്യാരുടേതാണെന്നു ചിലരും, ശ്രീരാമോദന്തം അവരുടേതാണെന്നു മറ്റുചിലരും പറയുന്നു. കാളിദാസന്റെ രഘുവംശത്തിനു് അണ്ണാമല എന്നൊരു വ്യാഖ്യാനം കൂടി ഈ വാരസ്യാർ എഴുതിവെച്ചിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പ്രസ്താവിച്ചുകാണുന്നു. എന്നാൽ അണ്ണാമല എന്നതു് അരുണാചലം എന്നതിന്റെ തത്ഭവമാണെന്നും തൽക്കർത്താവു് ‘കാളീപുത്ര’നായ ഒരു അരുണാചലനാഥനായിരുന്നുവെന്നും വ്യാഖ്യാനത്തിൽ നിന്നു ഗ്രഹിക്കാം.
‘അരുണാചല നാഥനേ, ദ്വിജ പാദാബ്ജസേവിനാ,
ശിവദാസാപരാഖ്യേന മയാ ടീകാ വിതന്യതേ.’
എന്നു വ്യാഖ്യാന പ്രാരംഭത്തിൽ പറഞ്ഞിട്ടുണ്ടു്.
ഏതായാലും പഴവും തൊലിയും തിന്നു് കവിത്വം സമ്പാദിച്ചവരായ ഒന്നിലധികം ആളുകളേപ്പറ്റി ഭാഷാചരിത്രത്തിൽ പ്രാസ്താവിച്ചിട്ടുണ്ടു്. ഇക്കാലത്തു് അങ്ങനെ ഒന്നും സംഭവിക്കാത്തതു് വലിയ ഉപകാരമായെന്നേ പറയേണ്ടൂ. യുധിഷ്ഠിരവിജയംപോലെ ഏതാനും കവിതകൾ കൂടി ഉണ്ടാവാനിടവന്നിരുന്നെങ്കിൽ വായനക്കാരുടെ സ്ഥിതി എത്ര പരുങ്ങലിൽ ആവുമായിരുന്നു.
“കീർത്തിമദഭ്രാം തേന
സ്മരതാം ഭാരതസുധാമദഭ്രന്തേന;
ജഗദപഹാസായ മിതാ
പാർത്ഥകഥാ കന്മഷാപഹാ യമിതം.”
എന്നിങ്ങനെ അദഭ്രകീർത്തിയേ സ്മരിച്ചിയങ്ങുന്നവനായ പ്രസ്തുത കവിയാൽ രചിക്കപ്പെട്ട ഈ കാവ്യം ജഗദപഹാസത്തിനു പാത്രീഭവിക്കാതിരുന്നില്ലെന്നു് തോലകവി അതിനെ,
‘ഥ പ്രഥനന്ദാനന്ദം’ ഇത്യാദി പദ്യത്താൽ സല്ക്കരിച്ചതിൽനിന്നു. പ്രസ്തുതകാവ്യം പദങ്ങൾകൊണ്ടുള്ള ഒരു വെറും ചെപ്പിടിക്കളിയാണു്. നളോദയകാവ്യവും, ചിലർ പറയുംപോലെ ഭട്ടതിരിയുടെ കൃതിയാണെന്നുവരികിൽ, അദ്ദേഹത്തിന്റെ ജീവിതം, അത്യന്തം അധന്യമായ ഒരു വ്യവസായത്തിനു വേണ്ടി വ്യർത്ഥമായി ബലി കഴിക്കപ്പെട്ടുപോയല്ലോ എന്നു വ്യസനിക്കയേ നിവൃത്തിയുള്ളു.
5.14 ഉപസംഹാരം
പലതരം പാട്ടുകളുടെ മാതൃകകൾ [15] ഈ അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ടല്ലോ. അനന്തരകാലത്തുണ്ടായിട്ടുള്ള ഭാഷാവൃത്തങ്ങളിൽ മിക്കവയും പഴയ പാട്ടുകൾക്കു കടപ്പെട്ടിരിക്കുന്നു. വിസ്താരഭയത്താൽ രണ്ടു മൂന്നു ഉദാഹരണങ്ങൾ മാത്രമേ ഇവിടെ ചേർക്കുന്നുള്ളു.
“മുപ്പത്തിമൂന്നുമരം നട്ടകാലം
മൂന്നു മരമൽ താനേ മുളച്ചു;
ആ മരം പൂത്തൊരു പൂവുണ്ടേ എങ്കയ്യിൽ
ആർക്കാർക്കു ഇപ്പൂവു ചൂടാംപോൽ മാമ.”
എന്ന വള്ളോൻപാട്ടിലെ വൃത്തം പൂന്താനത്തിന്റേയും മറ്റും പാനകളിലും ഇരുപത്തിനാലുവൃത്തത്തിലും ജീവിക്കുന്നു.
“അമളിയോടു പിരമിച്ച പൂകുറ പൈതലൊന്നറിവിച്ചുടൻ”
എന്ന തോറ്റൻ പാട്ടിലെ വൃത്തം ഇരുപത്തിനാലുവൃത്തത്തിലും തുള്ളൽപാട്ടുകളിലും കാണുന്നുണ്ടു്.
“നന്തിയാർവട്ടപ്പൂവും, നടുമലർ വിളക്കും ചാന്തും
അന്തിയും പകലുമെല്ലാം അർച്ചിച്ചേൻ അടിമപുക്കേ.”
“കണ്ട ചുരൻ തല തുണ്ടമിടുന്നവൾ
ചാമുണ്ടിയെന്നുള്ള നാമം തരിപ്പവൾ”
ഈ വൃത്തങ്ങൾ അല്പം രൂപാന്തരപ്പെട്ടു് നമ്പ്യാരുടെ തുള്ളൽ പാട്ടുകളിൽ സ്ഥലം പിടിച്ചിരിക്കുന്നു.
ഇത്തരം പാട്ടുകളിലെല്ലാറ്റിലും കാവ്യരസം വിരളമാണെങ്കിലും അന്നത്തേ മലയാളികളുടെ സ്വഭാവഗതികൾ അവയിൽ ഏറെക്കുറെ പ്രതിഫലിച്ചിരിക്കുന്നു. ഒന്നാമതായി മലയാളികൾ പൊതുവേ ശൈവന്മാരായിരുന്നെന്നും ശിവൻ, ശാസ്താ, കാളി മുതലായ ദേവതകളേയാണു് അവർ ഉപാസിച്ചുവന്നതെന്നും അതിപുരാതനങ്ങളായ ഗാനങ്ങൾ വായിച്ചുനോക്കിയാൽ അറിയാം. കാലക്രമേണ വൈഷ്ണവമത തത്വങ്ങളും അവരുടെ ഇടയ്ക്കു് പ്രചരിച്ചുതുടങ്ങി. ഭൂതപ്രേതപിശാചാദികളിലും മറ്റും അവർക്കു് അതിരറ്റ വിശ്വാസമുണ്ടായിരുന്നു. ഭൂതങ്ങളുടെ പ്രീതിക്കായും മറ്റും ചില പാട്ടുകളും തുള്ളലുകളും [16] വീടുതോറും അവർ നടത്തിവന്നു. സർപ്പാരാധന ഇന്നും അസ്തമിച്ചിട്ടില്ല. പ്രാചീനകാലത്തു് സർപ്പപ്പാട്ടു് ഓരോ വീട്ടിലും നടത്താറുണ്ടായിരുന്നു.
അക്ഷരജ്ഞാനം ഇല്ലാത്ത കേരളീയർ ചുരുക്കമായിരുന്നു. ‘ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവർജ്ജയേൽ’ എന്ന നീതി സാരവാക്യത്തേ ആധാരമാക്കി കേരളീയർക്കു് ആദികാലത്തു് അക്ഷര ജ്ഞാനമില്ലായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ അഭ്യൂഹിക്കുന്നു. എന്നാൽ ആ വാക്യം തന്നെ വിപരീതാർത്ഥത്തേയാണു് ദ്യോതിപ്പിക്കുന്നതു്. കേരളീയർ എല്ലാവരും ശൂദ്രരല്ലെന്നും, അഭ്യസ്തവിദ്യനായ ഒരുവനെ ശൂദ്രവൃത്തിയ്ക്കു്, അതായതു് ദാസ്യത്തിനു നിയമിക്കുന്നതു് ഉചിതമല്ലെന്നും മാത്രമേ ആ നീതിവാക്യത്തിൽനിന്നു ഗ്രഹിക്കേണ്ടതായിട്ടുള്ളു. ആദികാലങ്ങളിൽ കൃഷ്ണ, രാമ, ഗോവിന്ദ ഇത്യാദി നാമങ്ങളെ കേരളീയർ സ്വീകരിക്കാതിരിപ്പാൻവേണ്ടി, അവരുടെ ഇടയിൽ ഉമ്മിണി, കഞ്ചാളമ്പി, കുഞ്ചുമാടൻ, ചിരുത, ചക്കി, വള്ളി എന്നീ നികൃഷ്ടപ്പേരുകൾ നമ്പൂതിരിമാർ നടപ്പാക്കി എന്നു് അദ്ദേഹം പറഞ്ഞിട്ടുള്ളതും വാസ്തവവിരുദ്ധവുമാകുന്നു. എന്തുകൊണ്ടെന്നാൽ മാടൻ, വള്ളി ഇവ രണ്ടും ദ്രാവിഡ ദേവതകളുടെ പേരുകളായതിനാൽ, അവയേ നമ്പൂതിരിമാർ വരുന്നതിനുമുമ്പും പിമ്പും കേരളീയർ ഉപയോഗിച്ചുവന്നു. ചിരുത ശ്രീദേവിയുടേയും, ചക്കി ശക്തിയുടേയും തത്ഭവങ്ങളാകുന്നു. തത്ഭവനാമങ്ങൾ നമ്പൂതിരിമാരും ധാരാളം സ്വീകരിക്കാരുണ്ടായിരുന്നു. ഇന്നും ‘തുപ്പൻ’ നമ്പൂതിരിമാർ അപൂർവമല്ല. രാജാക്കന്മാർക്കുപോലും ആതിച്ചൻ, ചാത്തൻ, കോത മുതലായ പേരുകൾ ആക്ഷേപാർഹമായി തോന്നിയിരുന്നില്ല. ആ സ്ഥിതിക്കു് ഭാഷാഭിമാനികളായിരുന്ന കേരളീയർ ദ്രാവിഡനാമങ്ങൾ ഉപേക്ഷിച്ചു് സംസ്കൃതനാമങ്ങൾ കൈക്കൊള്ളാതിരുന്നതിനു് ബ്രാഹ്മണരെ അപരാധികളാക്കേണ്ട ആവശ്യമില്ല. ഇക്കാലത്തു് രാമൻ, കൃഷ്ണൻ മുതലായ പേരുകൾപോലും പരിഷ്കാരത്തിനു യോജിക്കുന്നില്ലെന്നു വിചാരിച്ചു് ആളുകൾ നല്ല നല്ല പേരുകൾക്കായി വംഗഭാഷാഖ്യായികകൾ പരിശോധിച്ചുതുടങ്ങിയിരിക്കുന്നതു് അവരുടെ ജാതീയബോധം (nationalism) നശിച്ചുപോയതുകൊണ്ടുമാത്രമാണു്. നമ്പൂരിമാർ എത്രതന്നെ പ്രബലന്മാരായിരുന്നെങ്കിലും, ക്ഷത്രവൃത്തി അവലംബിച്ചിരുന്ന നായന്മാരെ ചവുട്ടിത്താഴ്ത്തത്തക്ക ശക്തി അവർക്കു് ഒരു കാലത്തും സിദ്ധിച്ചിരുന്നില്ല. എന്നുമാത്രമല്ല, നമ്പൂരിമാരുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരുന്നാലും, ‘വസുധൈവ കുടുംബക’ന്മാരായ ശങ്കരാചാര്യപ്രഭൃതികളുടെ ജനനം അവരുടെ കുലത്തിൽ ആയിരുന്നെന്നും, അവരുടെ മനസ്ഥിതി അത്ര വളരെ ഇടുങ്ങിയതായിരുന്നില്ലെന്നും വിചാരിക്കുന്നതിൽ വലിയ പിശകുണ്ടെന്നു തോന്നുന്നില്ല. പല അനാചാരങ്ങൾ അവർ പിൽക്കാലങ്ങളിൽ ഏർപ്പെടുത്തിയെന്നുള്ളതു പരമാർത്ഥംതന്നെ. എന്നാൽ അക്കാലംമുതല്ക്കു് അവരുടെ ആദ്ധ്യാത്മികനിലയ്ക്കു് ഇടിവു തുടങ്ങിയെന്നും ഓർക്കേണ്ടതാണു്.
നായന്മാരുടെ ഇടയ്ക്കു് അതിപുരാതനകാലം മുതല്ക്കു് എഴുത്താശാന്മാരുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നതിനു് മതിയായ ലക്ഷ്യങ്ങളുണ്ടു്. ഒരു ക്ലിപ്തസമയം നിർബന്ധമുണ്ടായിരുന്നതിനാൽ, അവർക്കു സാഹിത്യക്കളരിയിൽ ഏറിയകാലം പയറ്റുന്നതിനു സാധിക്കാറില്ലായിരുന്നുവെന്നേയുള്ളു. ആയുധാഭ്യാസത്തിനു പ്രത്യേകം കളരികൾ ഉണ്ടായിരുന്നു. അവിടെ പതിനെട്ടു് അടവുകൾ ഓരോരുത്തനും ശീലിക്കേണമെന്നായിരുന്നു അന്നത്തേ ഏർപ്പാടു്. ഇങ്ങനെ ശാസ്ത്രാഭ്യാസം സിദ്ധിച്ച അടവിൽ–ജനങ്ങളായിരുന്നു അതാതു നാടുകളെ സംരക്ഷിച്ചു വന്നതു്. ഓരോ അടവിലും ഇരുന്നൂറുപേർ വിതം അനേകം അടവുകൾ ഓരോ ദേശത്തും കാണാറുണ്ടായിരുന്നു. ഇപ്രകാരം ആയുധവിദ്യാസമ്പന്നരായി, ക്ഷത്രവൃത്തി അവലംബിച്ചു ജീവിക്കുന്നവർക്കു്, എഴുത്താണിയേ ഏകജീവികാവലംബമായി ഗണിച്ചുവരുന്നവരോടു് അതിരറ്റ ബഹുമാനം കാണുമോ എന്നു സന്ദിഗ്ദ്ധമാണു്. അതുകൊണ്ടു് അക്കാലത്തു് എഴുത്താശാന്മാരുടെ സ്ഥിതി വളരെ ശോഭനമായിരുന്നു എന്നു വിചാരിക്കാൻ നിവൃത്തിയില്ല.
ഉള്ളതിനേ പൊതിഞ്ഞുവയ്ക്കാതെ തുറന്നു പറയുന്ന സ്വഭാവവും, അതിരറ്റ ആത്മാഭിമാനവും കേരളീയജനതയുടെ വ്യവച്ഛേദകധർമ്മങ്ങളാകുന്നു. ആ ഗുണങ്ങൾ അവരുടെ കവിതകളിലും പ്രതിഫലിച്ചു കാണാം. വിവിധങ്ങളായ കേരളീയ വിനോദങ്ങളിലും, അവയുടെ ഉപയോഗത്തിനായിട്ടു രചിക്കപ്പെട്ടിട്ടുള്ള പാട്ടുകളിലും നിന്നു് അവരുടെ ജീവിതക്രമങ്ങൾ, സ്വഭാവം, നടപടികൾ മുതലായവയെപ്പറ്റി നമുക്കു ഗ്രഹിക്കാം.
“എങ്കൾകുഴാം നല്ലറവർകുഴാമേ
ചൊല്ലുവോം മെയ്ചൊൽതഴപ്പു്
കള്ളരുന്തിടുവതുമില്ലോം
കൊണ്ടറപ്പറണവകൈ
യോരുവകയുമുൺപതില്ലോം.”
ഇത്യാദി പാട്ടിൽനിന്നു് അന്നത്തെ നാകന്മാർ ജ്ഞാനികളും ധർമ്മനിഷ്ഠന്മാരും, മദ്യം മാസം മുതലായവ ഭക്ഷിക്കാത്തവരും, പരസ്ത്രീകളെ ദർശിക്കപോലും ചെയ്യാത്തവരും, ചോദിച്ചാലില്ലെന്നു പറയാൻ സംഗതി വന്നാൽ പ്രാണത്യാഗം ചെയ്യുന്നവരും ആയിരുന്നുവെന്നു കാണുന്നു. ഇതു് യുധിഷ്ഠിരന്റെ അശ്വമേധത്തെ അധികരിച്ചു രചിക്കപ്പെട്ടിട്ടുള്ള ഒരു പ്രാചീനഗാനത്തിന്റെ അംശമാണു്. തിറ വാങ്ങാനായി തെക്കൻ ദിക്കുകളിലെക്കു പുറപ്പെട്ട അർജ്ജുനന്റെ അടവുകളൊന്നും നാകന്മാരുടെ അടുക്കൽ പറ്റാതിരുന്നതുനിമിത്തം വിമനസ്തരായി ധർമ്മപുത്രരുടെ അടുക്കൽ ചെന്നു്, അവരോടു് യുദ്ധം ചെയ്വാൻ അനുവാദം ചോദിച്ചപ്പോൾ, അദ്ദേഹം അതിനു സമ്മതിച്ചില്ല. ധർമ്മിഷ്ഠന്മാരും സത്യവാദികളും ശൂരന്മാരുമായ നാകന്മാരോടു പടവെട്ടാൻ ഒരുമ്പെടുന്നതു വിഹിതമല്ലെന്നു് അദ്ദേഹം ഉപദേശിച്ചുവത്രേ. നാകന്മാർ അർജ്ജുനനോടു പറഞ്ഞ വാക്കുകളിൽ ചിലതിനേയാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്.
“അറന്താനേ യുരുവാന നാകത്താരേ
അറന്താനേ കരുവി [17] യാന നാകത്താരേ
അറന്താനേ ഉള്ളമാന നാകത്താരേ
അറന്താനേ കടവുളാന നാകത്താരേ
അറന്താനേ ഉലകമാന നാകത്താരേ
അറന്താനേ എവൈയുമാന നാകത്താരേ
ഉൾത്തിടമേ യുരുവാന നാകത്താരേ
കൈത്തിട [18] മേ കരുവാന നാകത്താരേ
മെയ്ത്തിടമേ മേനി [19] യാന നാകത്താരേ
പൊയ്ത്തിടരേ [20] പൊടിയാക്കും നാകത്താരേ
എത്തിശൈയും പുകൾക്കൊണ്ടു് നാകത്താരേ
ചിത്തി [21] മുത്തി [22] കൈകണ്ട നാകത്താരേ
വില്ലാളി വീരനാന നാകത്താരേ
വിരുതുകെട്ടി പടൈ വെല്ലും നാകത്താരേ
പുല്ലെന [23] വെല്ലാം തുറക്കും [24] നാകത്താരേ”
ഈ ഗാനത്തിൽ നാകന്മാരെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതെല്ലാം അക്ഷരംപ്രതി ശരിയാണെന്നു്, അവരെപ്പറ്റി പിൽക്കാലങ്ങളിൽ പാശ്ചാത്യന്മാർ പറഞ്ഞിട്ടുള്ളതിൽ നിന്നു തെളിയുന്നു. [25]
കുട്ടികളുടെ വിനോദഗാനങ്ങൾ പോലും കേരളീയരുടെ സത്യനിഷ്ഠയ്ക്കു് ഉപലക്ഷകമായിരിക്കുന്നു. ഈക്കീക്കിത്തമ്പലം എന്നൊരു വിനോദം അതിപുരാതനകാലം മുതല്ക്കേ കേരളത്തിൽ നടപ്പുണ്ടു്. കുറേ മണൽ കൂട്ടി അതിൽ ഒരു ചെറിയ ഈർക്കിൽ മുറി ഒളിച്ചുവെയ്ക്കുന്നു. മറ്റൊരു കുട്ടി അതിനെ കണ്ടുപിടിക്കാൻ നോക്കീട്ട് ഫലിക്കാത്ത പക്ഷം ആദ്യത്തെ കുട്ടി അവനെ കണ്ണുപൊത്തി ദൂരത്തു് ഒരു സ്ഥലത്തു കൊണ്ടുപോയി വിടുന്നു. സമാധാനരക്ഷ പഴയ കാലങ്ങളിൽ നായന്മാരുടെ ജോലി ആയിരുന്നതിനാൽ, അവരുടെ കുട്ടികൾ കള്ളം തെളിയിക്കുന്നതിനു ബാല്യദശയിലെ ശീലിച്ചുവന്നതു സ്വാഭാവികമായിരുന്നു. ആ വിഷയത്തിൽ പരാജിതന്മാരാകുന്നതു വലിയ കുറവാണെന്നു സൂചിപ്പിച്ചു്, ഈ കളി അവർക്കു് ഉന്മേഷവും നൽകിവന്നു.
മോഷണം ഒരു വലിയ പാതകമായി ഗണിക്കപ്പെട്ടിരുന്നുവെന്നു്, അറുപ്പൊത്തിറുപ്പോത്തിക്കളിയിൽനിന്നു് മനസ്സിലാക്കാം.
“അറുപ്പോത്തിറുപ്പോത്തി, തൊങ്ങലം മങ്ങലം [26]
അറുപ്പാൻ പന്തലിൽ പന്ത്രണ്ടാന പടി കടന്നു
ചീപ്പു കണ്ടില്ല, ചിറ്റാട കണ്ടില്ല,
കോതിമുടിഞ്ഞ തലമുടി കണ്ടില്ല
ആരെടുത്തു? കോതയെടുത്തു. കോതേടെ കയ്യീന്നു തട്ടിപ്പറിച്ചു.
പണ്ടാരത്തോക്കും പടയും വരുമ്മുമ്പേ എന്റെ
കുഞ്ഞിന്റെ കാലോ കയ്യോ ഒന്നു കള.”
കേരളീയർ പൊതുവെ ശൈവന്മാരായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മിക്ക ഗാനങ്ങളിലും ശിവസ്തുതിയാണു് ആദ്യമായി കാണുന്നതു്. വേദാന്ത തത്വങ്ങൾ കേരളീയരുടെ ഇടയ്ക്കു പ്രചരിപ്പിച്ചതു് കേരളീയബ്രാഹ്മമരാണെന്നു പലരും വിശ്വസിച്ചുപോരുന്നുണ്ടു്. എന്നാൽ സംഘകാലത്തിനു മുമ്പും പിമ്പും ഉണ്ടായ ദ്രാവിഡകവികളാണു് ഈ സംഗതിയിൽ കേരളീയർക്കു് മാർഗ്ഗദർശികളായിരുന്നതെന്നു തീർച്ച പറയാവുന്നതാണു്. വെറും വിനോദങ്ങൾക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഗാനങ്ങളിൽപോലും വേദാന്തതത്വങ്ങൾ അന്തർഭവിച്ചിരിക്കുന്നു. ഒന്നുരണ്ടു ഉദാഹരണങ്ങൾ മാത്രം എടുത്തുകാണിക്കാം.
5.15 കോളരിപ്പാട്ടു്
“കോളരിയേ [27] കോളരിയേ, കോലമിയന്തൊരു കോളരിയേ,
കണ്ടാരുൾവെളികോളരിയേ, കാണാതോർക്കിരുൾ കോളരിയേ
ഒമ്പതു വായ്ക്കൂട്ടിൽ മുകടുള്ളത്തുറ്റുവിളങ്കിയ കോളരിയേ,
ആറും താണ്ട ച്ചെന്നാലക്കരെയരൺമനൈമേവിന കോളരിയേ”
വള്ളുവൻപാട്ടു വേദാന്തപരമാണെന്നു് മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. ഇനി കോനാർപാട്ടു് ഒന്നു നോക്കുക.
“കോനാരേ, കൈകൊട്ടിപ്പാടുവീരേ!
കൊണ്ടു നടിച്ചു കൂത്താടുവീരേ!
മാനമെനക്കോട്ട പോടു വീരേ!
മാലറ്റു മാവിൻപം കൂടുവീരേ!
തീയും പുനലും വളി വീശുമ്പം
മണ്ണും കലർന്തു മടമ്പിക്കെട്ടി
വീട്ടിലിരിക്കും നർപ്പേരനാരേ
പാടുവീർ, പാടുവീർ, പാവലരേ.”
ഇതും വേദാന്തപരം തന്നെ. താഴെ ഉദ്ധരിച്ചിരിക്കുന്ന പെരുമ്പെട്ടിപ്പാട്ടും അങ്ങിനെതന്നെ.
“തിങ്കൾ പരിതി തിരിന്തൊടുങ്കം പെരുമ്പെട്ടി,
തേനൂറിവന്തു തെളിന്തിരുക്കും പെരുമ്പെട്ടി,
മാനമറ്റത്തുയർക്കുമാളാപ്പെരുമ്പെട്ടി,
മണ്ണു വിണ്ണു മറ്റനൈത്തു മടംകും പെരുമ്പെട്ടി.”
വേദാന്തതത്വങ്ങൾ അതിപുരാതനകാലത്തേ കേരളീയരുടെ ഇടയ്ക്കു് പ്രചരിച്ചുവെങ്കിലും, മായാവാദത്തിനു് അടിമപ്പെട്ടു് അവർ ജീവിതത്തെ വലിയ ഭാരമായി ഗണിച്ചിരുന്നില്ല. അവർ സദാ ഉത്സാഹശീലന്മാരും പ്രസന്നരും ആയിരുന്നു. പോരിനു പുറപ്പെടുന്ന അവസരത്തിൽപ്പോലും, അവർ വെടി പറഞ്ഞുവന്നു. ഉത്സവം കാണാൻ പോകുംപോലെയായിരുന്നു യുദ്ധത്തിനുള്ള ഒരുക്കവും പുറപ്പാടും.
പഴയപാട്ടുകളെ സ്വയം ശേഖരിച്ചു വെയ്ക്കുന്നതിനോ, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനോ ഇന്നത്തെ കേരളീയർ ശ്രമിക്കാത്തതു വലിയ കഷ്ടമാണു്. ഈ വിഷയത്തിൽ സരസഗദ്യകാരനായ മിസ്റ്റർ സി. പി. ഗോവിന്ദപ്പിള്ള ചെയ്തിട്ടുള്ള ശ്രമം സർവഥാശ്ലാഘാർഹമാകുന്നു. കേരളീയചരിത്രത്തിന്റെ ഇരുളടഞ്ഞമൂലകളിൽ വെളിച്ചം പതിപ്പിക്കുന്ന ഇത്തരം ഗാനങ്ങൾ സാഹിത്യരസം കുറഞ്ഞവയാണെന്നിരുന്നാലും ചരിത്രകാരന്റെ ദൃഷ്ടിയിൽ അമൂല്യസമ്പത്തുകൾ തന്നെയാണു്.
5.16 കുറിപ്പുകൾ
[1] ‘അവ്വ’ എന്നു പറഞ്ഞിരിക്കുന്നതു് സരസ്വതിയെ ഉദ്ദേശിച്ചാണെന്നു് ഭാഷാചരിത്രകാരൻ പ്രസ്താവിച്ചിരിക്കുന്നതു് ശരിയല്ല.
[2] ഇത്യാദി വേറൊരു ജാതി വഞ്ചിപ്പാട്ടാകുന്നു.
[3] അനുബന്ധം“എ” നോക്കുക.
[4] ഈ സാഹിത്യവും ഹാലസ്യകഥയോടു യോജിച്ചിരിക്കുന്നു.
[5] അനുബന്ധം “ബി” നോക്കുക.
[6] വ്യംഗ്യവ്യാഖ്യാകാരൻ പെരിയാറ്റിന്റെകരയിൽ പരമേശ്വരമംഗലം എന്ന സ്ഥലത്തുള്ള ഒരു നമ്പൂരിയാകുന്നു. ‘കാലേഽഥേതി വർത്തമാനേ കസ്മിംശ്ചിദഹ്നി പ്രാതരുർത്ഥായ ദൃഷ്ടപരമേശ്വരമംഗലസ്ഥ പരമപുരുഷേണ പ്രാപ്താത്മ മന്ദീരാളീന്ദദേശപ്രക്ഷാളിതകരചരണേന… … മയം കേരളേശ്വര വചനകാരീകശ്ചിൽ ബ്രഹ്മബന്ധൂ സരലക്ഷ്യത മയാമുനാസഹ… … നാവാ ചൂർണ്ണികാസരിദ്വാഹ്യമാനയാ സത്വരം മഹോദയപുരം ഗമ്യതേസ്മ.
[7] Taken from the appendix to Bhasa’s works, a criticism by Mr. A. Krishna Pisharody.
[8] കയ്മൾ.
[9] നംപൂരി.
[10] എമ്പ്രാൻ.
[11] ഥ പ്രഥനം ദാനന്ദം ഈ രണ്ടു വാക്കുകളും ഈ പദ്യത്തിൽ ഇല്ലെന്നു വിചാരിച്ചുകൊള്ളണം; “വക്യാ” നിരന്വയമാണു്. ബാക്കി എടുത്താൽ ദളിതദാനവും കലിതനന്ദാനന്ദം ദേവക്യാഃ തനയം വന്ദേ” എന്നു കിട്ടും.
[12] പനസം=ചക്ക. പനസി=ചക്കി. ദശം=പത്തു്. ദശയാം=പത്തായത്തിൽ. പാശം=കയറു്. പാശി=കയറി.
[13] യാവനൊരുത്തനാൽ ജഗതി ഗതശുക്കായും അജരയായും ഭവിക്കുന്നു. കവികൾ യാവനൊരുവന്റെ ഭീഷണമായും അധീകങ്കവയസ്സായും ഇരിക്കുന്ന ജന്യത്തെ സ്തുതിക്കുന്നു. ആ ഗജരാജഗതിയായ രാജവരൻ ഭവിക്കുന്നു.
[14] ഭട്ടതിരിയുടെ ജനനസ്ഥലം തിരുനാവായിൽ ആയിരുന്നെന്നും, ചെമ്രവട്ടത്തു ശാസ്താവിനെ മുടങ്ങാതെ ഭജിച്ചുകൊണ്ടു വരവേ, ഒരു ദിവസം ക്ഷേത്രദർശനത്തിനു് സമയം വൈകിപ്പോയതിനാൽ, മാർഗ്ഗമദ്ധ്യേ ശാന്തിക്കാരനെ കണ്ടുവെന്നും “നട അടച്ചിട്ടില്ല; മലരും പഴവും നിവേദിച്ചുവെച്ചിട്ടുണ്ടു്” എന്നു ശാന്തിക്കാരൻ പറഞ്ഞതനുസരിച്ചു് അദ്ദേഹം ദർശനം നടത്തിയിട്ടു് മലരും പഴവും തിന്നുവെന്നും, തിരിച്ചു പോരുംവഴി ശാന്തിക്കാരന്റെ ഭാര്യാഗൃഹമായ വാര്യത്തു കേറി അല്പം വിറകെടുത്തപ്പോൾ, അതു് വാരസ്യാർ യദൃച്ഛയാ കണ്ടു്, എന്തിനു് വിറകെടുത്തു? എന്നു ചോദിച്ചുവെന്നും, മറ്റും ഈഷൽ ഭേദത്തോടുകൂടിയും ഈ കഥ ചില ദിക്കുകളിൽ പ്രചരിച്ചിട്ടുണ്ടു്. ശാന്തിക്കാരന്റെ രൂപത്തിൽ വഴിയിൽ കണ്ടതു് സാക്ഷാൽ ശാസ്താവണത്രേ.
[15] അനുബന്ധം ‘സി’ നോക്കുക. അവിടെ കല്യാണക്കളി, കയ്യാങ്കളി, കൈകൊട്ടിക്കളി, കമ്പടിക്കളി ഇവയെപ്പറ്റി സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ടു്.
[16] കണിതുള്ളൽ, ഗന്ധർവൻപാട്ടു് മുതലായവ.
[17] ഇന്ദ്രീയം.
[18] കൈയൂക്കു്.
[19] അഴകു്.
[20] കള്ളന്മാർ.
[21] സിദ്ധി.
[22] മുക്തി.
[23] പുല്ലെന്നപോലെ.
[24] ത്യജിക്കും.
[25] കൊച്ചിരാജാവിന്റെ കീഴിൽ അമ്മാച്ചി എന്നും നായർ എന്നും വിളിക്കപ്പെടുന്ന ഒട്ടു വളരെ പ്രമാണികൾ ഉണ്ടെന്നും അവർ രാജാവിന്റെ മാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രാണൻ പോലും ബലികഴിക്കുന്നുവെന്നും പർച്ചാസ് പറഞ്ഞിരിക്കുന്നു.
[26] ഈ പാട്ടു് വളരെ പുരാതനമാണെന്നു് അഭിപ്രായമില്ല.
[27] സിംഹമേ.
അധ്യായം 6
6. കേരളീയചരിതം (തുടർച്ച)
പെരുമാക്കന്മാരുടെ വാഴ്ച ക്രിസ്തുവർഷം എട്ടാം ശതകത്തോടുകൂടി അവസാനിച്ചുവെന്നു് വിചാരിക്കാനാണു് ന്യായം. ഒടുവിലത്തെ പെരുമാൾ ഭാസ്കരരവിവർമ്മയായിരുന്നുവെന്നും അദ്ദേഹം ക്രിസ്തുവർഷം 345-ൽ രാജ്യഭാരം തുടങ്ങിയെന്നും പന്ത്രണ്ടുകൊല്ലം വളരെ ശോഭനമായ വിധത്തിൽ നാടുവാണശേഷം തിരിച്ചുപോകാൻ ഭാവിച്ചപ്പോൾ, ബ്രാഹ്മണർ തടഞ്ഞതിനാൽ ക്രിസ്തുവർഷം 428-വരെ രാജ്യം ഭരിച്ചുവെന്നും, അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സുന്ദരസ്വാമി എന്നു് ഒരു കവിയുണ്ടായിരുന്നെന്നും ഭാഷാചരിത്രകർത്താവു് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ഈ കാലഗണന ശരിയാവാൻ തരമില്ലെന്നു് തപതീസംവരണാദി നാടകങ്ങളുടെ കർത്താവായ കുലശേഖരപ്പെരുമാളെപ്പറ്റി പറഞ്ഞിട്ടുള്ളതിൽനിന്നും തെളിയുന്നു. ‘ഭൂമം ഭുപോയം പ്രാപ്യ’ എന്ന ഒരു കലിദിനം കേരളപ്പഴമകളിൽ കാണുന്നുണ്ടു്. എന്നാൽ കേരളമാഹാത്മ്യത്തേയും കേരളോല്പത്തിയേയും നമുക്കു് പ്രമാണഗ്രന്ഥങ്ങളായി അംഗീകരിക്കാൻ നിവൃത്തിയില്ല. ഒടുവിലത്തേ പെരുമാൾ മഹമ്മദുമതം സ്വീകരിച്ചതായി പറഞ്ഞിടുള്ളതുതന്നെ അതിന്റെ അവിശ്വാസ്യതയ്ക്കു നിദർശകമായിരിക്കുന്നു. ക്രിസ്തുവർഷം നാലാം ശതകത്തിൽ മഹമ്മദു നബി ജനിക്കാൻ ഭാവിക്കപോലും ചെയ്തിട്ടില്ലല്ലോ.
ഇക്കാലത്തിനിടയ്ക്കു് കേരളത്തിൽ വലിയ മാറ്റങ്ങൾ പലതും സംഭവിച്ചുകഴിഞ്ഞിരുന്നു. ബ്രാഹ്മണർ ക്ഷേത്രങ്ങൾ സ്ഥാപിച്ചും നയവൈദഗ്ദ്ധ്യം കൊണ്ടും ക്ഷത്രതേജസ്വികളായിരുന്ന നായന്മാരെ കീഴടക്കുകയും ജാതിക്കോട്ട അല്പാല്പമായി കെട്ടിയുറപ്പിച്ചു തുടങ്ങുകയും ചെയ്തു. ഇപ്പോൾ കിട്ടീട്ടുള്ളതും മുമ്പു സൂചിപ്പിക്കപ്പെട്ടിട്ടുള്ളതുമായ മൂന്നു ലേഖനങ്ങളിൽനിന്നും ജാതിവ്യത്യാസം ഉറച്ചുതുടങ്ങിയെന്നു് നമുക്കു് നിഷ്പ്രയാസം ഗ്രഹിക്കാം. ചരിത്രപിപഠിഷുക്കൾക്കു് അത്യന്തം ഉപയോഗപ്രദമായതുകൊണ്ടു് ആ താമ്രശാസനങ്ങളെ ഇവിടെ ഉദ്ധരിക്കുന്നു.
6.ഒന്നാം ശാസനം
സ്വസ്തിശ്രീ കോ(ഗോ)ണ്മൈക്കൊണ്ടാൻ കോശ്രീപാർക്കര ഇരവിവർമ്മൻ തിരുവഡി പലനൂറായിരത്താണ്ടും ചെംകോൽ നടത്തിയാളാനിന്റയാണ്ടു ഇരണ്ടാമാണ്ടേക്കു് എതിർ മുപ്പത്താറാമാണ്ടു മുയിരിക്കോടു ഇരുന്തരുളിയ നാൾ പിരശാദിച്ചു അരുളിയ പിരശാതം ആവതു്. ഇസൂപ്പ ഇരുപ്പാനുക്കു് അഞ്ചുവണ്ണം പിടിയാളും വായനത്താളും പകുതമും അഞ്ചുവണ്ണപ്പേരും പകൽ വിളക്കും പാവാടയും അയ്ന്തോളകമും മകകലമും, അയ്ക്കൊളമും കുടയും വടുകപ്പറയും മലകലമും ഇടുപിടിയും തോരണവും തോരണവിദാനമും സർവം മിക്കും എഴുപത്തിരണ്ടു വീടുപേരും, കൂടെ കുടുത്തോം. ഉലകിൽ തല കൂലിയും വിടോം. മറ്റും നഗരത്തിൽ കുടികൾ കോയിൽക്ക് ഇറക്കുമതു ഇവൻ ഇരമെയും പെറുമതുപെറുവും ആക ചെപ്പേടു ചെയ്തു കുടുത്തോം. അഞ്ചുവണ്ണമുടയ ഇസൂപ്പ ഇറുപ്പാനുക്കും പെൺമക്കളെക്കൊണ്ടു മരുമക്കൾക്കും സന്തിതിപിരകിരിതി ഉലകം ശന്തിരനും ഉള്ള അളവും അഞ്ചുവണ്ണം സന്തിതിപ്പിരകിരിതി (ശ്രീ) ഇപ്പരി അറിവേൻ വേണാടുടയകോവർത്തനമാർത്താണ്ഡൻ. ഇപ്പരി അറിവേൻ പെൺപലിനാടുടയ കോതൈ ശിതികണ്ടൻ. ഇപ്പരി അറിവേൻ എറളനാടുടയ ഇരായിരൻ ശാത്തൻ. ഇപ്പരി അറിവേൻ കീഴ്ചണ്ടിനായകം ശെയ്യിന്റെ മൂർക്കൻ ശാത്തൻ വന്റലശേരിക്കണ്ടൻ കുന്റപ്പൊഴനായ കീഴ്‌വായിക്കേളപ്പനെഴുത്തു.
6.2 രണ്ടാം ശാസനം
ഹരിശ്രീമഹാഗണപതയേ നമഃ ശ്രീഭൂപാല നരപതി വീരകേരളചക്രവർത്തി ആതിയായി മുറമുറൈയേ പല നൂറായിരത്താണ്ടു ചെങ്കോൽ നടത്തായിനിന്റ ശ്രീ വീരരാഘവശക്രവർത്തി തിരുവിരാജ്യം ചൊല്ലായിന്റെ മകരത്തുൾവിയാഴം മീനഞായറ്റു ഇരുപത്തൊന്റു ചെന്റ ശനിരോഹണിനാൾ പെരിൻകോയിലകത്തിരുന്നരുളെ മകോതൈയർ പടണത്തു ഇരവികോർത്തനാന ചേരമാൻ ലോകപെരുംചെടിക്കു് മണക്കിരാമപ്പടം കുടുത്തോം. വിളാപാടയും പവനത്താങ്കും വെറുപേരും കടത്തുവളെഞ്ചിയവും വളഞ്ചിയത്തിൽ തനിച്ചെടും, മു(ൻ)ച്ചൊല്ലും, മുന്നടൈയും, പഞ്ചവാദ്യമും ശംഖും, പകൽവിളക്കും, പാവാടായും, അയ്ന്തോളവും കൊറ്റക്കുടയും, വടുകപ്പറയും, ഇടുപിടിത്തോരണവും, നാലുചേരിക്കും തനിച്ചെടും കുടുത്തോം. വാണിയരേയും, കമ്മാളരേയും അടിമ കുടുത്തോം. നഗരക്കൂത്തു കർത്താവായ ഇരവി കൊർത്തനുക്കു് പറകൊണ്ടളന്തു നിറകൊണ്ടു തൂക്കി നൂൽകൊണ്ടു പാകിയെണ്ണിന്റതിലും ഉവി(പ്പി)നോടു ശർക്കരയോടു കസ്തൂരിയോടു വിളക്കെണ്ണയോടു ഇടയിൽ ഉള്ളതു് എപ്പേർപെട്ടതിനും തരകും അതിനടുത്ത ചുങ്കവും കൂട കൊടുങ്കല്ലൂർ അഴിവിയോടു, ഗോപുരത്തോടു, വിശേഷാൽ നാലുതളിയും തളിക്കടുത്ത കിരാമത്തോടിടയിൽ നീർമുതലായി ചെപ്പേടു എഴുതിക്കുടുത്തോം. ചേരമാൻ ലോകപ്പെരുംചെടിയാന ഇരവി കൊർത്തനുക്കു് ഇവൻ മക്കൾ മക്കൾക്കെ വഴിവഴിയെ വേറാക കുടുത്തോം. ഇതറിയും പൻറിയൂർ കിരാതമും ചൊകിരകിരമമും അറിയ കുടുത്തോം. ഏറനാടും പുള്ളുവനാടുമറിയക്കുടുത്തോം. ചന്ദ്രാദിത്യകളുള്ള നാളെക്കു കുടുത്തോം. ഇവർകൾ അറിയെ ചെപ്പേടെഴുതിയ ചെരമാൻ ലോകപ്പെരുന്തടാൻ നമ്പിച്ചടയൻ കയ്യെഴുത്തു്.
6.3 മൂന്നാം ശാസനം
സ്വസ്തി കൊത്താണു ഇരവികുത്താൻ പല നൂറായിരത്താണ്ടും മമകുതലൈ ശിറന്തടിപ്പടുത്താളാ നിന്റയാണ്ടുൾ ശെല്ലാനിന്റെയാണ്ടൈന്തുളർവാണ്ടു വേണാടു വാഴ്കിന്റ അയ്യനടികടിരുവടിയുമതികാരരും പിരകിരുതിയുമഞ്ചൈ വർണ്ണവും പുന്നൈത്തലേപ്പതിയുമുൾവൈത്തുക്കുരക്കേണിക്കൊല്ലത്തുഈശോ തവിരായിശെയവിത്ത തരുസാപ്പള്ളിക്കു അയ്യനടി കടിരുവടി കുടുത്തവിടുപെറാവതു. നാങ്കുടി ഈഴവരും മയ്ക്കുടിക്കെറുമിഴകൈയരെത്തമരും ഇവ(ർ)കൾ വന്നിരുപമൊരു വണ്ണാക്കുടിയും മിവ്വതിനവർക്കുന്തളൈക്കാണമുമേണിക്കാണമുമാനൈമേയിപ്പാൻ കൊള്ളുമിറൈയുഞ്ചാൻറാൻ ചാടുമെരി പൊന്നുംപൊലിപൊന്നുമിരപുശോഭങ്കെ ള്ളപ്പെരാർ വാരക്കൊലുങ്കുവ്വാനും പൈഞ്ചക കണ്ടിയും മുന്നമ് പെറ്റുടൈയൻ താനുമ്വിടുപെറാക അട്ടികുടുത്തെൻ. ഇന്നംക്കുടി ഈഴവരുമൊരുക്കുടിവണ്ണാരു(മ്) ഇരണ്ടു കുടിയരും ഒ(ഇ)രുക്കടി തച്ചരുമടൈ(പൈ)യപൂമിയ്ക്കു് കാരാഴർ നാങ്കുടി വെള്ളാളരും ഇവ്വനൈവരും തേവർക്കു നടുവൻനടു ഇടുവൻ ഇട്ടുപള്ളിയ്ക്ക് എണ്ണൈയ്ക്കും മറ്റുമ്ചെണ്ടുഞ്ചടങ്കറവു പാരാതെയ് ശെയ്യക്കടവരാക ശമൈച്ചു ഇന്നകരമ്കണ്ട നീരെറ്റമരുവാൻ സവിരീശോശെയ്വിത്തു് തരിസാപ്പള്ളിക്കുക്കുടുത്ത ഭൂമിയാവതു്. കോയിലതികാരികൾ വിജയരാകുതേവർ ഉൾപ്പട ഇരുന്തരുളി പിടിനടത്തി നീർത്തുള്ളിയൊടുകൂട അയ്യനടികൾ തിരുവടിയും, ഇളംകൂർവാഴിന്റെ രാമതിരുവടിയും അതികാരരും, പ്രകൃതിയും, അറുനൂറ്റുവരും, പുന്നൈത്തലൈപ്പതിയും, പൂളൈക്കുടിപ്പതിയും, ഉൾപ്പടവച്ചു ഇപ്പൂമിക്കെല്ലൈ കിഴക്കു വയലു് കാടെയെല്ലൈയാകവും കോവലുൾപ്പെടത്തെൻകിഴക്കു ശിറുവാതിൽക്കാൽ മതിലെയെല്ലൈയാകവും പടിഞ്ഞാറു കടലെയെല്ലൈയാകവും വടക്കുത്തൊരണത്തൊടുമെയെല്ലൈയാകവും വടകിഴക്കുപുന്നൈത്തലൈ അണ്ടിലൻ തൊടുമെയെല്ലയാകവുമ്-ഇന്നാൻ കെല്ലൈക്കുമ് അകപ്പെട്ട ഭൂമിപിടിനടത്തി ഉലകും ശന്തിരാതിത്തിയരും ഒള്ളനാളെല്ലാഞ്ചെപ്പു പത്തിരാശെയിതു കുടുത്തേൻ അയ്യനടികൾ തിരുവടിയും ഇരാമതിരുവടിയും കൊയിലതികാരികളും പടമൈ(വ)ത്തരുളി ഇപ്പൂമിയിൽ കുടികളയും എപ്പിഴൈശൊല്ലിയും പള്ളിയാരെയിപ്പിഴൈയുമയഴിയും തലൈവിലൈയും മുലൈവിലയും പള്ളിയാരെ കൊള്ളപ്പെറുവാർ-നന്തമർ എപ്പേർപെട്ടോരും എപ്പിഴൈശൊല്ലിയും പൂമിത്തലൈയും കുടികൾ പാടഞ്ചൊല്ലപ്പെറാർ. അറുന്നൂറ്റുവരും അഞ്ചുവർണ്ണമും മണിക്കിരാമമും ഇരക്ഷിക്കടവർ പള്ളിയൈയും ഭൂമിയും ഉലകുശന്തിരാതിത്തിയരുമ് ഒള്ള നാളെല്ലാഞ്ചെപ്പുപത്തിരത്തിൽപ്പട വണ്ണഞ്ചെയ്തു കൊള്ളക്കടവർ. അഞ്ചുവണ്ണമും മണിക്കിരാമമുമ് ഇവ(ർ)കൾക്കു് കൊയിലതികാരികൾ വിയരാകു(ശ?) തേവരുൾപ്പട്ട ഇരുന്തരുളി ഇവ(ർ)കൾക്കു കുടുത്ത വിടുപൊറാവതു അറുപതിനൊൻറുലകങ്കൾ പ(വ)പരത്തിലുലകിലൈയാകവും അഴിവുലകില്ലൈയാകവും ഇവ(ർ)കൾ കൊള്ളുമ് അടിമൈക്കു ആൾകാശുകൊള്ളപ്പെറാരാകവും പായിനമ് വരുമതിൽ വരത്തിലും പോക്കിലും എടുകാശുകൊള്ളക്കടവാരാകവും- പെടിയിലും പടകിലും പോകിലും വരത്തിലുന്നാലുകാശു കൊള്ളകടവരാകവും ഉലകുപടുഞ്ചരക്കു ഇവ(ർ)കളൈ കൂടവച്ചു ഉലകുവിടുപ്പതാകുമുമ് ശരക്കുമിലൈ യിടുമിടത്തും മറ്റുമേ സാമികാരിയം എക്കാരിയമുമ് ഇവ(ർ)കളെ കൂടിയെ ശെഴ്‌വതാകുവുമ്-അന്റന്റു പടുമുലകു അഞ്ചുവണ്ണവുമ് മണിക്കിരാമവും ഇലച്ചിച്ചു വൈയ്യതാകവുമ് നാലുവാതിലകത്തുമ് വിളക്കും പൂമിയാക കാരാൺമൈ കൊടുക്കുമെടുത്തും കൊപ്പതവാരം കോയിൽ കൊണ്ടുപതിപ്പതവാരം അഞ്ചുവണ്ണവും മണിക്കിരാമവുങ്കൊൾ വതാക-ഇവ(ർ)കൾക്ക് മങ്കലത്തുക്ക് ആനൈമൈൽ മണ്ണുനീർ മുതലാക എഴുപത്തിരണ്ടു വിടപെറും വച്ചുകുടുത്താർ.–കോയിലതികാരികൾ വിയരാക തേവർ ഉൾപ്പട്ട ഇരുന്തരുളി അയ്യനടികൾ തിരുവടിയും രാമതിരുവടിയും, പ്രകൃതിയും, അതികാരരും, അറുന്നൂറ്റുവരും പുന്നൈത്തലൈപ്പതിയും പൂളൈക്കുടിപ്പതിയും ഉൾപ്പെട വൈത്തു ഉലകം ശന്തിരാതിത്തിയരും ഒള്ള നാളെല്ലാവും ഇപ്പടിപേറെല്ലാഞ്ചെപ്പു പത്തിരത്തിൽപ്പടവണ്ണഞ്ചെയ്തുകൊള്ളപ്പെറുവർ. അഞ്ചു വർണ്ണമുമ് മണിക്കിരാമവുമ് ഇവ(ർ)കൾക്കു് അന്നിയായം ഒണ്ടായാൽ ഉലകു തുലാക്കൂലി തടുത്തുന്തങ്കൾ അഞ്ഞ്യായം തീത്തുകൊള്ളക്കടവർ താങ്കൾ ചെയ്യും പിഴെയുണ്ടാകിറ്റങ്കളൈക്കൊണ്ടെയാരാഞ്ഞു കൊള്ളക്കടവരാകവും ഇന്നരകത്തുക്കു കാരാളരാകന്നീരേറ്റാർ അഞ്ചുവണ്ണവും മണിക്കിരാമവും ഇവകളി രണ്ടുതലൈയാരുംകൂടി ചെയ്വതെയ് കരുമമാകവും ഇന്നകരം കണ്ടു നീരെറ്റാർ മരുമാൻ സവിരീശോ മുന്നം പള്ളിയാർ പെറ്റുടൈയവാരക്കൊലുർവ്വഞ്ചക്കണ്ടിയും മറൈവാനസപിരീശൊ പെറുത്തു നിറൈക്കൂലി പള്ളിക്കു കുടുക്കക്കടവർ. ഇതുവുമ് അടിവപ്പെറാക കൊടുത്തേൻ- ഉലകുശന്തിരാതിത്തിയരും ഉള്ളനാളെല്ലാം മെവ്വക്കൈപ്പട ഇറൈയുന്തിരിസാപ്പള്ളിയാർക്കു വിടുപെറാകശെപ്പുപ്പത്തിരഞ്ചെയ്തടിക്കുടുത്തെൻ-ഇപ്പിഴവർ തമപ(വ)ണ്ടികുണന്തങ്കാടിയിലും മതിലിലും വിയാപരിക്കപ്പെറുവർവണ്ണാനും വന്തങ്കാടിയിലും മതിലിലും വന്തു തൻ പണിചെയ്തു കൊള്ളപ്പെറുന്തീയവാൾ വാനും മതിനായകനും മറ്റു മെർവ്വകൈപ്പടാരും മെപ്പിഴൈ ശൊല്ലിയുമിവ(ർ)കളെ തടുമാറുപ്പേറാർ-ഇവ(ർ)കളൈപ്പിഴൈ ശെയ്യിലും പള്ളിയാരെയി ആരാന്തു കൊള്ളപ്പെറുവർ ഉലകും ശന്തിരാതിത്തരും ഉള്ള നാളെല്ലാം ചെപ്പുപ്പത്തിരത്തിൽ പടവരിതു വീടുപേരു ആടിപ്പേറാക അടിക്കുടുത്തേൻ-ഇപ്പരിതു വീടുപെറു അടിപ്പേറാകു അയ്യനടി കടിരുവടിയാൽ തരിസാപള്ളിക്കു അടുപിടുത്തുക്കുടുത്തു മരുവാന് സപീരിശോ ഇതുകാലത്തില(ച്ചി)ക്കിൽ കെതിക്കും മവർകുത്തെവരൈയനക്കിരാമഞ്ചൈയ്വാറാക അയനെഴുത്തു–വെൾക്കുലശൂന്തരനുക്കുമൊക്കും വിശൈയ.
ഈ ലേഖനങ്ങളിൻനിന്നു് ജാതിവ്യത്യാസം കേരളത്തിൽ ഏറെക്കുറെ പ്രബലപ്പെടുതുടങ്ങി എന്നു വ്യക്തമാകുന്നു.
ഇവയുടെ കാലംനിർണ്ണയിക്കുന്ന കാര്യം വളരെ വിഷമമായിടാണു് ഇരിക്കുന്നതു്. ശ്രീ. വീരരാഘവപ്പെരുമാളിന്റെ കാലം ഏ. ഡി.230 ആണെന്നു് മിസ്റ്റർ ശങ്കുണ്ണിമേനോൻ പറയുന്നു. മകരവ്യാഴം, മീനഞായർ 21-ാനു-രോഹിണി നക്ഷത്രം ഇവയൊക്കെ ശരിയായിഒക്കുന്ന ഒരു വർഷമാണെന്നു മാത്രമേ ഈ ലേഖനത്തിൽനിന്നും ഗ്രഹിക്കാവു. സ്ഥാണുരവിഗുപ്തപെരുമാളിന്റെ ശാസനം 280-ലും ഭാസ്കരരവിവർമ്മയുടേതു് 381-ലും ആയിരുന്നുവെന്നാണു് ഭാഷാചരിത്രകാരൻ പറയുന്നതു്. ഈ കാലഗണനങ്ങൾ ശരിയാണെങ്കിൽ ഒടുവിലത്തെപെരുമാൾ ഭാസ്കരരവിവർമ്മ ആയിരിക്കാൻ ഇടയില്ലെന്നുമാത്രമേ തല്ക്കാലം പറയാൻ നിവൃത്തിയുള്ളു. പ്രസ്തുത ശാസനങ്ങൾ കൊല്ലവർഷാരംഭത്തിൽ ഉണ്ടായതാണെന്നാണു് ബർണ്ണലിന്റെ അഭിപ്രായം.
6.4 കൊല്ലവർഷാരംഭം
കലിവർഷം 3926-നു് ക്രിസ്ത്വബ്ദം 825-ൽ തിരുവിതാംകൂർ രാജ്യഭാരം ചെയ്തിരുന്ന ഉദയമാർത്താണ്ഡവർമ്മ മഹാരാജാവു് കൊല്ലത്തു് എഴുന്നള്ളി കേരളത്തിലെ സകല വിദ്വാന്മാരേയും വരുത്തി സൂര്യന്റെ ഗതി കണക്കുകൂടി നോക്കി ചിങ്ങമാസം ഒന്നാംതിയതി മുതൽക്കു് ഒരു പുതിയ വർഷം നിശ്ചയിച്ചു. അതിനു് കൊല്ലവർഷമെന്ന പേർ വിളിച്ചു. കേരളത്തിലെ സകല ജനങ്ങളും അതിനെ സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ ഭാഷാചരിത്രകർത്താവു പ്രസ്താവിച്ചിരുക്കുന്നു. കൊല്ലവർഷം ആരംഭിച്ചതു് ഉദയമാർത്താണ്ഡവർമ്മരാജാവായിരുന്നുവെന്നു നിസ്സംശയം പറയാം. ഒന്നാം കൊല്ലവർഷം അഞ്ചാം തീയതി വേണാടിലെ അഞ്ചുശാഖകളിലേയും മൂത്തരാജാക്കന്മാരും സ്വാമിയാരും മാടമ്പിമാരും പത്മനാഭക്ഷേത്രത്തിൽ കൂടി ക്ഷേത്രത്തിലെ പൂജാദികളെ സംബന്ധിച്ച ചില നിശ്ചയങ്ങൾ ചെയ്തതായി ക്ഷേത്രഗ്രന്ഥവരിയിൽ കാണുന്നു. [1] അഞ്ചാമാണ്ടു് ഈ വീരഉദയമാർത്താണ്ഡവർമ്മ നാടുനീങ്ങി.
കോളംബാബ്ദം തുടങ്ങിയതു് ഉദയമാർത്താണ്ഡവർമ്മ ആയിരുന്നതാനാൽ അതിനെ ഉദയവർഷാബ്ദം എന്നുകൂടി പറഞ്ഞുവന്നു. ഇപ്പോൾ കേരളത്തിൽ മാത്രമേ ഈ കാലഗണനഉപയോഗിച്ചുവരുന്നുള്ളുവെങ്കിലും, ഒരു കാലത്തു് ചേരരാജ്യത്തിലുൾപ്പെട എല്ലാ ദിക്കുകളിലും കോയമ്പത്തുർ, തിരുനൽവേലി, മധുര മുതലായ പ്രദേശങ്ങളിലും ഉപയോഗിച്ചു വന്നതായി ലക്ഷ്യങ്ങളുണ്ടു്.
ഇങ്ങനെ ഇരിക്കേ പ്രസ്തുാബ്ദത്തെ ശങ്കരാചാര്യരുടെ പേരിനോടു ചിലർ ഘടിപ്പിക്കാൻ ശ്രമിക്കുന്നതും യുക്തിയ്ക്കും പ്രമാണങ്ങൾക്കും പ്രതികൂലമായിരിക്കുന്നു. ശങ്കരാചാര്യർ ‘ആചാര്യവാഗഭേദ്യാ’ എന്ന കലിദിനത്തിൽ, കൊല്ലത്തുവച്ചു് എല്ലാ രാജാക്കന്മാരേയും വിളിച്ചുകൂടി കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു പുതിയ ആചാരപദ്ധതി പ്രസിദ്ധീകരിച്ചുവെന്നാണു് ഐതിഹ്യം. ഈ ഐതിഹ്യത്തെ വിശ്വസിക്കാൻ ഒരു നിവൃത്തിയും ഇല്ല. ആചാര്യർ ഏർപ്പെടുത്തിയതായി പറയപ്പെടുന്ന അറുപത്തിനാലു അനാചാരങ്ങൾ നോക്കിയാൽ തന്നെ അതിന്റെ യുക്തിഹീനത പ്രസ്പഷ്ടമാകുന്നതാണു്. കേവലം ഒരു സന്യാസിയുടെ–അതും കേരളബ്രാഹ്മണരുടെ പ്രീതിബഹുമാനങ്ങൾക്കു് അക്കാലത്തു് പാത്രീഭവിക്കാതിരുന്ന ഒരു സന്യാസിയുടെ–ആജ്ഞ അനുസരിച്ചു് എല്ലാ രാജാക്കന്മാരും കൊല്ലത്തുവന്നുകൂടുക എന്നുള്ളതു് തീരെ സംഭാവ്യവുമല്ല. ‘ശിവോ ഹം’ ‘ശിവോ ഹം’ എന്നു പാടിക്കൊണ്ടു നടന്നിരുന്ന ഒരു സർവ്വസംഗപരിത്യാഗിയും അദ്വൈതവാദിയും ആയിരുന്ന ശങ്കരാചാര്യർ, ഒരു തൊഴിലും ഇല്ലാത്തവനെപ്പോലെ നിരർത്ഥങ്ങളായ ആചാരങ്ങളെ ഉദ്ഘോഷിച്ചുകൊണ്ടു് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ നടന്നു എന്നുവിചാരിക്കുന്ന കാര്യം തന്നെ വിഷമമായിരിക്കുന്നു. അതിനും പുറമേ, കൊല്ലവർഷാരംഭത്തിൽ, കൊല്ലത്തുവച്ചു് അനാചാരങ്ങളെ പ്രഖ്യാപനം ചെയ്തിട്ടു് ഉടനേതന്നെ വടക്കോട്ടു തിരിച്ചുവെന്നു വരണം. അല്ലാത്തപക്ഷം, പത്മനാഭസ്വാമിക്ഷേത്രത്തിലെ പൂജയെ സംബന്ധിച്ചും മറ്റും ആലോചിക്കാനായി കൊല്ലവർഷം ഒന്നാമാണ്ടു ചിങ്ങമാസം അഞ്ചാംതീയതി കൂടിയ മഹായോഗത്തിലേയ്ക്കു അധികാരികൾ ഈ പുണ്യപുരുഷനെക്കൂടി ക്ഷണിക്കുമായിരുന്നു. അങ്ങനെ ചെയ്തു കാണുന്നുമില്ല. അതിനും പുറമെ കേരളത്തിന്റെ ഒരു പകുതിയിൽ ചിങ്ങം ഒന്നാംതിയതി മുതല്ക്കും, മറ്റേ പകുതിയിൽ കന്നി ഒന്നാംതിയതി മുതൽക്കും നവവത്സരാരംഭം തുടങ്ങുന്നതിനും കാരണം കാണുന്നുമില്ല. ശങ്കരാചാര്യർ ആചാരങ്ങളെ നാടുതോറും പ്രഖ്യാപനം ചെയ്തുചെയ്തു് ഉത്തരകേരളത്തിൽ എത്തിയപ്പോൾ കന്നി ഒന്നാംതിയ്യതി ആയിപ്പോയതുകൊണ്ടു് അന്നുമുതൽ അവിടെ പുതുവത്സരം തുടങ്ങിയെന്ന പറയുന്നതു് ഒരു മുടന്തൻ സമാധാനമാകുന്നു. ഒരു പുതിയ അബ്ദം തുടങ്ങണമെണമെങ്കിൽ അതിനു മതിയായ കാരണം കൂടിയേ മതിയാവു. പരശുരാമൻ ഏർപ്പെടുത്തിയ ആചാരങ്ങളെ താൻ പുതുക്കുകമാത്രമേ ചെയ്തിടുള്ളു എന്നു് ശങ്കരാചാര്യരെക്കൊണ്ടു ശങ്കരസ്മൃതികാരൻതന്നെ പറയിച്ചിടുമുണ്ടു്.
ശങ്കരാചാര്യരുടെ ജീവിതകാലം ഏതെന്നു ഖണ്ഡിതമായി ഇതേവരെ നിർണ്ണയിച്ചിടുമില്ല. ആദിമശങ്കരന്റെ കാലത്തിനുശേഷം എത്ര ശങ്കരാചാര്യന്മാർ ഉണ്ടായിരിക്കുന്നു. അദ്ദേഹം സ്ഥാപിച്ചിടുള്ള മഠങ്ങൾ ഭാരതഖണ്ഡത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടെന്നുമാത്രമല്ല, അദ്ദേഹത്തിനെ സർവ്വാത്മനാ പൂജിച്ചുവരുന്നതു് വിദേശീയരുമാകുന്നു. കേരളീയർ അദ്ദേഹത്തിനെ അനാചാരക്കോടയുടെ പിതാവായിടല്ലാതെ അറിയുന്നുണ്ടോ എന്നു സംശയമാണു്. എല്ലാ മഠങ്ങളിലും ഓരോ ഗ്രന്ഥവരി സൂക്ഷിച്ചുവരുന്നുണ്ടെങ്കിലും മിക്കവയും ഭാഗ്യദോഷത്താൽ അസമ്പൂർണ്ണമായിടാണിരിക്കുന്നതു്. അതുകൊണ്ടു് ഓരോരോ ദേശക്കാർ അവരവരുടെ മനോധർമ്മംപോലെ ശങ്കരാചാര്യചരിതം നിർമ്മിച്ചുവരുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമി കേരളമല്ലെന്നു പറയുന്നവരും ധാരാളമുണ്ടു്. ഈയിടെ സിൻഡിലോ മറ്റോ ഉള്ള ഒരു ശങ്കരാചാര്യമഠത്തിലെ ഗ്രന്ഥവരി പരിശോധിച്ചതിൽനിന്നു് അദ്ദേഹം ക്രിസ്തുവർഷാരംഭത്തിനു് അടുത്താണു ജീവിച്ചിരുന്നതെന്നു തെളിഞ്ഞിരിക്കുന്നതായി ഒരു ശങ്കരാചാര്യചരിതത്തിൽ വായിക്കാനും ഇടയായി. അതെങ്ങനെയും ഇരിക്കടെ. മറ്റു രാജ്യങ്ങളിൽ മതസ്ഥാപകന്മാരുടെ ആവിർഭാവത്തെ അടിസ്ഥാനപ്പെടുത്തി നവ്യകാലഗണന ആരംഭിച്ചുകാണുന്നുണ്ടെങ്കിലും ഭാരതഖണ്ഡത്തിലെ അബ്ദങ്ങൾ എല്ലാം രാഷ്രീയസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു് സമാരംഭിച്ചിടുള്ളതു്. താഴെ ചേർത്തിരിക്കുന്ന പടിക നോക്കുക.
വിക്രമാബ്ദം ബി. സി. 58
ശകാബ്ദം ഏ. ഡി. 78
ചേദ്യബ്ദം ഏ. ഡി. 249
ഹർഷാബ്ദം ഏ. ഡി. 605
നേവാരാബ്ദം ഏ. ഡി. 879
ലക്ഷ്മണസേനാബ്ദം ഏ. ഡി. 1119
ഇവയിലൊന്നെങ്കിലും മതസംബന്ധമായോ സാമുദായികമായോ ഉള്ള സംഭവങ്ങളെ അവലംബിച്ചു് ഉണ്ടായിടുള്ളതല്ല. അഥവാ അങ്ങനെയും സംഭവിക്കാമെന്നു വന്നാൽതന്നെയും ശ്രീ ശങ്കരാചാര്യർ ഒരു പുതിയ മതത്തെ സ്ഥാപിച്ചുവെന്നു് എങ്ങനെ പറയാം? വിശുദ്ധദ്വൈതമതസ്ഥാപകനെന്നു് അദ്ദേഹത്തിനെ ഔപചാരികമായി പറഞ്ഞുവരാറുണ്ടെങ്കിലും വാസ്തവത്തിൽ മാധ്യമികസമ്പ്രദായത്തെ ഒന്നു പുതുക്കി ബൗദ്ധന്മാർക്കും ഹിന്ദുക്കൾക്കും ഒരുപോലെ രോചകമായ വിധത്തിൽ പ്രകാശിപ്പിക്കമാത്രമേ അദ്ദേഹം ചെയ്തിടുള്ളു. അതുകൊണ്ടാണു് പ്രച്ഛന്നബുദ്ധൻ എന്നു പ്രതിപക്ഷികൾ അദ്ദേഹത്തിനെ ആക്ഷേപിക്കാൻ ഇടവന്നതും. ശങ്കരാചാര്യർ ലോകത്തിൽ ഇതേവരെ ഉണ്ടായിടുള്ള തത്വചിന്തകന്മാരിൽവച്ചു് അഗ്രഗണ്യനാണെന്നു നിസ്സംശയം പറയാം. എന്നാൽ അതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ നാമത്തെ ഒരു പുതിയ അബ്ദത്തോടു ഘടിപ്പിക്കേണ്ട ആവശ്യം ഒന്നുമില്ല.
ഈ കാരണങ്ങളാൽ കൊല്ലവർഷാരംഭത്തിനു് വേറെ ഹേതുതേടിപ്പിടിക്കയേ നിവൃത്തിയുള്ളു.
പെരുമാക്കന്മാരുടെ വാഴ്ച അവസാനിക്കുന്നതിനു മുമ്പുതന്നെ സാമന്തന്മാരായും കോവിലധികാരികളായും ഇരുന്ന പലരും ഏറെക്കുറെ സ്വതന്ത്രനിലയെ പ്രാപിച്ചുകഴിഞ്ഞിരുന്നു. ഒടുവിലത്തെ പെരുമാൾ സ്വർഗ്ഗാരോഹണം പ്രാപിച്ചശേഷം ആദിചേരവംശജനായ വേണാടു തിരുവടികൾ, ചേരമാൻപെരുമാൾ എന്ന സ്ഥാനംകൈയേറ്റു് തന്റെ അധികാരശക്തിയെ വ്യാപിപ്പിച്ചുവെന്നു് ഊഹിക്കുന്നതിനു് മതിയായ ലക്ഷ്യങ്ങൾ ഉണ്ടു്. ഇങ്ങനെ അന്നത്തെ വേണാടു തിരുവടികളായ ഉദയമാർത്താണ്ഡവർമ്മ കൊല്ലത്തുവച്ചു് കുലശേഖരപ്പെരുമാൾപടം കൈക്കൊണ്ട ദിനത്തിന്റെ സ്മാരകമായി കൊല്ലവർഷം ആരംഭിച്ചതായി വരാം. കൊല്ലവർഷം ഒന്നാമാണ്ടു് അഞ്ചാംതിയ്യതി തിരുവനന്തപുരത്തുവച്ചു കൂടിയ യോഗത്തിൽ അഞ്ചു തായ്വഴിയിലെ രാജാക്കന്മാരും സന്നിഹികരായിരുന്നതു നോക്കുമ്പോൾ, ഉദയമാർത്താണ്ഡവർമ്മയുടെ നേതൃത്വം എല്ലാവരും അംഗീകരിച്ചതായി വിചാരിക്കാവുന്നതാണു്. മൂപ്പുമുറയ്ക്കു്, ഓരോ ശാഖയിലേയും രാജാക്കന്മാർക്കു്, ഈ സ്ഥാനം ലഭിച്ചുവന്നതായിരിക്കണം. തിരുവിതാംകോടു്, വേണാടു്, തൃപ്പാപ്പൂർ, ദേശിങ്ങനാടു്, ചിറവായി ഇവ അഞ്ചും ആയിരുന്നു ആ അഞ്ചു ശാഖകൾ.
ഭാസ്കരരവിവർമ്മപ്പെരുമാളിന്റെ ചെമ്പുപടയത്തിൽ ഒന്നാം സാക്ഷിയായി നിന്നുകാണുന്നതു് വേണാടുടയഅയ്യനടികൾ തിരുവടികളായതുകൊണ്ടും സ്താണുരവിഗുപ്തപ്പെരുമാൾ വേണാടുതിരുവടികളുടെ അനുവാദത്തോടുകൂടി പടയം കൊടുത്തതായി തെളിയുന്നതുകൊണ്ടും അക്കാലങ്ങളിൽപോലും വേണാടധിപതിക്കു് ഒരു മാന്യസ്ഥാനം പെരുമാൾ കല്പിച്ചുവന്നതായി ഊഹിക്കാം. അതിനും പുറമേ, തിരുവിതാംകൂർ രാജാക്കന്മാർ, വഞ്ചീശൻ, ചേരമാൻപെരുമാൾ, കുലശേഖരൻ ഇത്യാദി സ്ഥാനങ്ങൾ പരമ്പരയായി സ്വീകരിച്ചു കാണുന്നസ്ഥിതിക്കു് പെരുമാക്കന്മാരുടെ കാലശേഷം അവരുടെ സ്ഥാനം വേണാടടികൾക്കു കരസ്ഥമായെന്നു ന്യായമായി വിചാരിക്കാവുന്നതുമാണു്. ഏ. ഡി. 1170-ൽ പന്തളത്തേയ്ക്കും, 1189-ൽ പൂഞ്ഞാറ്റിലേയ്ക്കും തിരുവിതാംകൂർ രാജാവു് ഓരോ ദേശംവിടുകൊടുത്തതായി കാണുന്നതിനാൽ അക്കാലത്തു് വേണാടിന്റെ അധികാരം ആ ദിക്കുകളിൽ വ്യാപിച്ചിരുന്നുവെന്നു തീർച്ചയാണല്ലോ. കൊല്ലവർഷം ആറാംശതകത്തിന്റെ ആരംഭത്തിൽ ആദിത്യവർമ്മ എന്ന വേണാടർകോൻ വൈക്കംക്ഷേത്രത്തിൽ അധികാരം നടത്തിയതായും രേഖകൾ കാണുന്നു. കൊല്ലവർഷം 79 പൂരുടാശിമാസം 11-ാം തിയ്യതി ഉണ്ടായ ഒരു താമ്രശാസനവും ഈ അഭ്യൂഹത്തിനു് അനുകൂലമായിരിക്കുന്നു.
കേരളം അഥവാ ചേരരാജ്യത്തിന്റെ അതിർത്തികൾ മാറിമാറിക്കൊണ്ടേ ഇരുന്നിരുന്നു എന്നു് പുരാതന രേഖകൾ നോക്കിയാൽ അറിയാം. എന്നാൽ കമ്പരുടെ കാലത്തു് അതിന്റെ അതിർത്തികൾ എന്തായിരുന്നുവെന്നു് അദ്ദേഹം വ്യക്തമായി പറഞ്ഞിടുണ്ടു്.
“വടക്കുത്തലം പഴനി വാൻ കിഴക്കുത്തെൻകാശി
കുടതിശൈ കോഴിക്കോടാകും കടർ കരയിതോരമതു
തെർക്കാകുമോരെൺപതിൻകാതം
ചേരനാടെൽകൈയെനുവ്വെപ്പു”
ഇതിൽനിന്നു് ഈ നാടുമുഴുവൻ ഒരു രാജാവിന്റെ അധികാരത്തിൻകീഴിൽ ഇരുന്നകന്നു എന്നൊരു അഭ്യൂഹത്തിനു വഴിയും കാണുന്നു. ആ ഊഹം ശരിയാണെന്നു വിചാരിക്കാൻ വേറെ ചില ലക്ഷ്യങ്ങൾ ഇല്ലാതെയുമില്ല. ഒടുവിലത്തെ പെരുമാൾ രാജ്യത്തെ മക്കൾക്കായും മരുമക്കൾക്കായും പങ്കിടു കൊടുത്തിടു മക്കത്തുപോയതായിടാണല്ലോ കേരളോല്പത്തിയിൽ കാണുന്നതു്. കേരളമാഹാത്മ്യത്തിലാകടെ രാജ്യം പകുത്ത കഥയേ കാണുന്നില്ല. പരശുരാമൻ ഉത്തരകേരളത്തിലും ഓരോ രാജകുടുംബങ്ങളെ പ്രതിഷ്ഠിച്ചുവെന്നേ അതിൽ പറയുന്നുള്ളു. ആ കുടുംബങ്ങൾ കോലത്തിരിയും വേണാടും ആണു്. തൃപ്പൂണിത്തുറ ഗ്രന്ഥവരിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“പെരുമ്പടപ്പു സ്വരൂപത്തിൽ ഇളയ താവഴി പ്രമാണമായി വന്നതു് “ഷോഡശാംഗം സുരാജ്യം” എന്ന കലിയുഗ ദിവസത്തുനാൾ ചേരമാൻ പെരുമാൻ പെരുമാൾ രാജ്യം പകുതി ചെയ്തു് നീലേശ്വരത്തിനു വടക്കു പതിനേഴംശവും അതിനു തെക്കുപതിനേഴംശവും ഇങ്ങനെ മുപ്പത്തിനാലായി അംശിച്ചു് എല്ലാർക്കും പടും വാളും കൊടുത്തതു മുതല്ക്കാകുന്നു. നെടുവിരിപ്പു സ്വരൂപത്തിലേക്ക് വാളും പുടവയും കൊടുത്തു. തന്റെ മരുമക്കൾ അഞ്ചു പെൺവഴിത്തമ്പുരാക്കന്മാർ ഉണ്ടായിരുന്നതിൽ ഇളയതമ്പുരാന്റെ തിരുവയറു ഒഴിഞ്ഞുണ്ടായിരുന്ന തമ്പുരാനു് കന്യാകുമാരി ഗോകർണ്ണത്തിനകത്തു് മുപ്പത്തിനാലു രാജ്യത്തിനുംമേൽക്കോയ്മയായി രക്ഷിക്കത്തക്കവണ്ണം അന്യം വന്നുപോയാൽ വേറെ ദത്തുവേണമെങ്കിൽ പടും വാളും കൊടുത്തു കല്പിക്കത്തക്കവണ്ണവും മുപ്പത്തിനാലു സ്ഥാനത്തുനിന്നും ആണ്ടിനാൽ തിരുവഞ്ചിക്കുളത്തു ശിവരാത്രി അഹസ്സിൽ തങ്ങൾ തന്നെ എത്തീടും തങ്ങളുടെ തേവാരിയുടെ പക്കൽ കൊടുത്തയച്ചിടും 360 അച്ചുരാശി മുതൽ 510 അച്ചുരാശിവരെ രക്ഷാഭോഗം ദേവന്റെ തൃപ്പടിമേൽ വെയ്ക്കത്തക്കവണ്ണവും നിശ്ചിയിക്കയും ചെയ്തു. ശേഷം താവഴി നാലിനും ആൺവഴിത്തമ്പുരാക്കന്മാർ അന്നു് ഉണ്ടായിടുമില്ല.”
കൊച്ചി രാജ്യത്തിന്റെ അതിർത്തി പിൽക്കാലത്തു് തെക്കോടു് തിരുവല്ലവരെയും വടക്കോടു് പൂക്കൈതക്കൽവരെയും വ്യാപിക്കാൻ ഇടയായെങ്കിലും ഈ ഗ്രന്ഥവരിയിൽ പറഞ്ഞിടുള്ളതുപോലെ യാതൊന്നും യാതൊരുകാലത്തും സംഭവിച്ചിടില്ല. കന്യാകുമാരി മുതൽ ഗോകർണ്ണംവരെ കൊച്ചി അധികാരം നടത്തിയ കാലം ഒരിക്കലെങ്കിലും ഉണ്ടായിടുണ്ടെന്നു് തെളിവുകിടുന്നപക്ഷം ഈ ഗ്രന്ഥവരിയെ വിശ്വസിക്കാമായിരുന്നു. കേരളോല്പത്തികഥയേ അവർ പകർത്തിവെച്ചിരിക്കുന്നുവെന്നേയുള്ളു. ഒടുവിലത്തെപ്പെരുമാൾ മക്കത്തു പോയകഥയും ഗ്രന്ഥവരിയിൽ പകർത്തിയിടുണ്ടു്. ‘ഷോഡശാംഗം സുരാജ്യം’ എന്ന കലിദിനത്തിൽ മഹമ്മദുമതം ഉണ്ടായിടേ ഇല്ല. അതാണു് ഈ കഥ വിശ്വസിക്കുന്ന വിഷയത്തിൽ മറ്റൊരു വൈഷമ്യം.
ഗോകർണ്ണം മുതൽക്കു് കന്യാകുമാരിവരെയുള്ള സ്ഥലങ്ങളുടെ മേൽക്കോയ്മ കൊച്ചിയിലേക്കായിരുന്നുവെങ്കിൽ അതേ കാലത്തുതന്നെ വേണാടുതിരുവടികൾ വഞ്ചീശപടവും, കുലശേഖരപ്പെരുമാൾ സ്ഥാനവും കൈക്കൊണ്ടതെങ്ങനെ? അങ്ങനെ ആണെങ്കിൽ ഈ രണ്ടു രാജകുടുംബങ്ങൾ തമ്മിൽ ശത്രുത്വത്തിനായിരുന്നല്ലോ അവകാശം. നേരെ മറിച്ചു് തിരുവിതാംകൂർ രാജാവു് കൊ. വ. 938-ാമാണ്ടുവരെ കൊച്ചി രാജാവിനു പിന്തുണയായി നിന്നുവെന്നാണു് ചരിത്രത്തിൽ കാണുന്നതു്. കോഴിക്കോടേ ഓരോ രാജാവും സിംഹാസനാരൂഢനായാലുടനേ കൊച്ചിയെ ആക്രമിച്ചു്, കീഴടക്കി, കപ്പം വാങ്ങിയതിന്റെ ശേഷമേ വാൾ ഉറയിൽ ഇടാറുണ്ടായിരുന്നുള്ളു. പുറത്തു കാൽ കൊച്ചിയിൽ കച്ചവടത്തിനായി വന്നു ചേർന്നതുവരെ തിരുവിതാംകൂറിന്റെ സഹായത്തോടുകൂടിയായിരുന്നു കൊച്ചി കോഴിക്കോടിനെ അകറ്റി നിർത്തിക്കൊണ്ടിരുന്നതു്.
പാശ്ചാത്യസഞ്ചാരികളും കൊച്ചിയുടെ അന്നത്തെ ദയനീയസ്ഥിതിയെ രേഖപ്പെടുത്തീടുണ്ടു്. അതു വളരെ ചെറിയ രാജ്യമായിരുന്നെന്നും സ്വന്തമായ ഒരു നാണയംപോലും അതിനു് ഉണ്ടായിരുന്നില്ലെന്നും അവരുടെ ലേഖനങ്ങളിൽ നിന്നു ഗ്രഹിക്കാം.
ഈ കാരണങ്ങളാൽ പ്രബലനായിരുന്ന ഒരു വഞ്ചിരാജാവു് സമാരംഭിച്ചതായ കൊല്ലവർഷത്തെ മറ്റു കേരളരാജാക്കന്മാരും സ്വീകരിച്ചതിൽ അത്ഭുതപ്പെടാനില്ല. കോരപ്പുഴയ്ക്കു് അപ്പുറത്തു് ഗോകർണ്ണംവരെ വഞ്ചിരാജവംശത്തിന്റെ ഒരു അകന്ന ശാഖക്കാരായ കോലത്തിരി രാജാക്കന്മാർ ഭരിച്ചു വന്നതിനാലും ഈ രണ്ടു രാജവംശങ്ങൾ തമ്മിൽ [2] ദത്തുസംബന്ധവും മറ്റു ഉണ്ടായിക്കൊണ്ടിരുന്നതിനാലും ഉത്തരകേരളവും കോളംബാബ്ദത്തെ സ്വീകരിക്കാനിടവന്നതായിരിക്കണം.
ഇനി കേരളത്തിലെ പ്രധാന രാജകുടുംബങ്ങളെപ്പറ്റി ചിന്തിക്കാം.
6.5 വേണാടു്
തിരുവിതാംകൂർ രാജ്യത്തിന്റെ പുരാതനനാമം വേണാടെന്നായിരുന്നുവെന്നു് നിസ്സംശയം പറയാം. കൊല്ലവർഷം ആറാം ശതകംവരെ ഉണ്ടായിടുള്ള എല്ലാ രേഖകളിലും വേണാടടികൾ എന്നാണു കാണുന്നതു്. ഭാസ്കരരവിവർമ്മയുടെ നാലു ശാസനങ്ങളിലും സ്താണുരവിഗുപ്തന്റെ ചെപ്പേടിലും വേണാടടികളെപ്പറ്റി പ്രസ്താവിച്ചിടുള്ളതിനു പുറമേ കൊ. വ. 343-ാമാണ്ടുണ്ടായ കൊല്ലം ശാസനത്തിലും, 368-ലെ വീരകേരളക്ഷേത്രരേഖയിലും, 389-ലെ കഠിനങ്കുളം മഹാദേവക്ഷേത്രരേഖയിലും, ‘വേണാടുവാഴ്‍ന്തരുളിന്റെ തിരുവടി’കളെ കാണുന്നു. കണ്ടിയൂർരേഖയിൽ (393) “വേണാടുടയകീഴ്പേരൂർ തൃപ്പാപ്പൂർ മൂപ്പു വാഴ്‌ന്തരുളിന്റെ ഇരവികേരളവർമ്മ” എന്നു വിശദമായി പറഞ്ഞിടുമുണ്ടു്.
വേണാടു് എന്ന പദത്തിന്റെ ഉത്ഭവത്തെപ്പറ്റി പലരും പലവിധം പറയുന്നു. അതു് വാനവനാടിന്റെ തത്ഭവമാണെന്നാണു് തിരുവിതാംകൂർചരിത്രകാരനായ മിസ്റ്റർ ശങ്കുണ്ണിമേനോന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പുത്രനും കേരളചരിത്രകാരനുമായ മിസ്റ്റർ കെ. പി. പത്മനാഭമേനോനാകട്ടെ മിസ്റ്റർ ഗോപിനാഥറാവുവിന്റെ ഊഹത്തെ അടിസ്ഥാനപ്പെടുത്തി അതിനെ വേൾനാടെന്നു വ്യാഖ്യാനിക്കുന്നു. ‘വേൾനാടു്’ എന്ന പദത്തിനു് കീഴടങ്ങിയ രാജ്യമെന്നർത്ഥം. ദ്രാവിഡദേശത്തു് ചേരചോളപാണ്ഡ്യരാജാക്കന്മാർ, അഥവാ മൂവരശർ മാത്രമേ മുടിയുടയമന്നരായിടുണ്ടായിരുന്നുള്ളുവെന്നും, അഗസ്ത്യമഹർഷിയോടുകൂടി ദ്വാരകയിൽനിന്നു ദ്രാവിഡത്തിൽ വന്നു് അവിടവിടെയായി താമസിച്ചിരുന്ന പതിനെട്ടു വൃഷ്ണിവംശജരേയാണു് വേളായർകുലം എന്നു വിളിച്ചുവന്നതെന്നും ആണു് ശ്രീമാൻ ഗോപിനാഥറാവു സ്ഥാപിക്കുൻ ശ്രമിച്ചിട്ടുള്ളതു്. ഈ വേൾനാട്ടു അരചന്മാരിൽ ചിലരുടെ പേരുകൾ ദക്ഷിണതിരുവിതാംകൂറിലെ രേഖകളിൽ കാണുന്നുണ്ടെങ്കിലും, വേണാടു അവർ സ്ഥാപിച്ചതായിരിക്കാൻ ഇടയില്ല. വേൾനാടു ആദ്യം വേണ്ണാടായും പിന്നീടു വേണാടായും പരിണമിക്കാമെങ്കിലും തൊൽകാപ്പിയക്കാരനും നന്നൂൽകാരനും ഈ രാജ്യത്തിനെ വേണു എന്നാണു പറഞ്ഞിടുള്ളതു്. വേൾ എന്നല്ല, അതിനുംപുറമേ കുരുനന്തൻ വിഴിഞ്ഞത്തുവന്നു് യദുവംശത്തിന്റെ സ്ഥാനമുറപ്പിച്ചതു് ക്രിസ്ത്വബ്ദം എട്ടാംശതകത്തിന്റെ അന്ത്യപാദത്തിലായിരുന്നു. ഏറെക്കാലം കഴിയുന്നതിനു മുമ്പേ, ആ വംശക്കാർക്കു് അവിടംവിട്ടു പോകേണ്ടതായും വന്നു. ഈ ചെറിയ രാജവംശത്തിനു് 825-ൽ തിരുവനന്തപുരത്തുവച്ചു് പത്മനാഭസ്വാമിക്ഷേത്രത്തിലെ കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി അഞ്ചു തായ്വഴിത്തമ്പുരാക്കന്മാർ കൂടിയിരുന്നല്ലോ. ഇങ്ങനെയും വേറെയും അനേക ശാസനങ്ങളിൽ കാണുന്നുണ്ടു്.
വേണാട്ടുരാജകുടുംബം അന്നും മരുമക്കവഴിയായിരുന്നുവെന്നു് [3] പുരാതനരേഖകളിൽനിന്നും നിഷ്പ്രയാസം ഗ്രഹിക്കാം. മുമ്പു് ഉദ്ധരിച്ച ഒരു താമ്രശാസനത്തിൽ വേണാടടികളും ഇളമുറ വാഴുന്ന രാമതിരുവടികളും സാക്ഷ്യം വഹിച്ചിരിക്കുന്നതു നോക്കുക. എന്നാൽ വിഴിഞ്ഞത്തു വന്നു് ആയർവംശം സ്ഥാപിച്ച കുരുനന്തന്റെ ദായക്രമം മക്കവഴിയായിരുന്നെന്നു കാണുന്നു. കാലക്രമംകൊണ്ടു് യദുവംശക്കാരും മരുമക്കവഴിക്കാരായിത്തീരുകയും ആഭിജാത്യമുള്ളവരായിരുന്നതിനാൽ വേണാടുമായി സംബന്ധപ്പെടുകയും ചെയ്തിരിക്കാം. അങ്ങനെ ആയിരിക്കണം വേണാടുരാജാക്കന്മാരും യദുവംശക്കാരായിത്തീർന്നതു്. ആദ്യമായി വേണാടന്റെ ഒരു ശാഖയായിരുന്ന ഓടനാടു രാജകുടുംബവും പിന്നീടു ദേശിങ്ങനാടും യദുവംശക്കാരായി. കേരളം ഒട്ടുക്കു കീഴടക്കി ഭരിച്ച രവിവർമ്മചക്രവർത്തിയുടെ പിതാവു് യദുവംശജനായ ജയസിംഹനായിരുന്നു. ആ ജയസിംഹൻ കൊല്ലം രാജാവായി വാണിട്ടുണ്ടെന്നും അതുകൊണ്ടു് അക്കാലത്തു് കൊല്ലം രാജാക്കന്മാർ മക്കത്തായികളായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. എന്നാൽ ജയസിംഹൻ രാജാവായതു് ഉമാദേവിയുടെ ഭർത്താവെന്ന നിലയിൽ മാത്രമേ ആയിരുന്നുള്ളു. പെരുമാക്കന്മാരുടെ കാലത്തു് അങ്ങനെ സംഭവിച്ചിട്ടുണ്ടു്. പാണ്ടിരാജാക്കന്മാർ പെരുമാക്കന്മാരുടെ കുടുംബത്തിൽ വിവാഹം കഴിക്കാറുണ്ടായിരുന്നുവെന്നു് തമിഴു സാഹിത്യത്തിൽ നിന്നു മനസ്സിലാക്കാം. ആ വഴിക്കായിരിക്കണം ഒരു പാണ്ടിപ്പെരുമാൾ കേരളത്തിലുണ്ടാവാൻ ഇടയായതു്.
വേണാടടികൾ ചേരവംശജരായിരുന്നതിനാൽ അവർ മുടിയുടയവർ തന്നെ ആയിരുന്നു. അവരുടെ രാജ്യത്തിനു് വേണാടെന്നും തിരുവടിദേശം എന്നും പേരുകൾ പറഞ്ഞുവന്നു. കുലശേഖരപടവും ചേരമാൻപെരുമാൾസ്ഥാനവും രവിവർമ്മചക്രവർത്തിയുടെ കാലശേഷമാണു സ്വീകരിച്ചുതുടങ്ങിയതെന്നു് ശ്രീപത്മനാഭമോഹൻ പറഞ്ഞിരിക്കുന്നതു് ശരിയാവാൻ തരമില്ല. കലിവർഷം 3412 ൽ ഒരു വീരകേരളകുലശേഖരപ്പെരുമാൾ ഉണ്ടായിരുന്നതായി ചരിത്രത്തിൽ പറഞ്ഞിട്ടുള്ളതു് കേവലം ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നാലും 278-ലെ കൊല്ലംരേഖയിൽ ഒരു കുലചേകിര ചക്രവർത്തിയെ കാണുന്നു.
വേണാടിനു് അഞ്ചുശാഖകൾ ഉണ്ടായിരുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവയിൽ ഓരോന്നിനെപ്പറ്റിയും സംക്ഷിപ്തമായി ഇവിടെ വിവരിക്കാം.
6.6 തൃപ്പാപ്പൂർ
തൃപ്പാപ്പൂർ സ്വരൂപം തിരുവനന്തപുരത്തുനിന്നും ഏഴു മൈൽ വടക്കാണു് സ്ഥിതിചെയ്യുന്നതു്. തിരുവടിദേശം, ശ്രീപാദം, തൃപ്പാദപുരം (തൃപ്പാപ്പൂരു്) ഈ ശബ്ദങ്ങളെല്ലാം ഏകാർത്ഥങ്ങളായിരിക്കയും, നാടുവാഴുന്ന വഞ്ചിരാജാക്കന്മാർ ഇന്നും അവിടെ എഴുന്നരുളീ അരിയിട്ടുവാഴ്ച നടത്തുകയും ചെയ്യുന്നതിനാൽ തൃപ്പാപ്പൂർസ്വരൂപത്തിന്റെ പ്രാധാന്യം വെളിപ്പെടുന്നു. അതിനും പുറമേ ആ പ്രദേശം വഞ്ചിശവംശസംവർദ്ധിനികളായ ആറ്റുങ്ങൽ തമ്പുരാടിമാരുടെ കൈവശം ഏറിയ കാലം ഇരുന്നിട്ടുള്ളതും പ്രത്യേകം സ്മരണീയമാണു്. ഇന്നും ആറ്റുങ്ങൽ തമ്പുരാടിമാരുടെ പ്രത്യേക സ്വത്തിന് ശ്രീപാദംസ്വത്തുക്കൾ എന്നാണു പറയാറുള്ളതും.
തൃപ്പാദസ്വരൂപം പരശുരാമമഹർഷി ദക്ഷിണകേരളത്തിൽ സ്ഥാപിച്ചതാണെന്നാണു് കേരളമാഹാത്മ്യത്തിൽ കാണുന്നതു്. കോരളോല്പത്തിയിലും ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“തെക്കു (കുലശേഖരന്റെ സ്വരൂപമായ) വേണാടടികൾക്കു് 350000 നായന്മാരെ ഓമന പുതിയകോവിലിനകത്തു ചുരികകെടി ചേകിപ്പാൻ തക്കവണ്ണം നാട്ടുകോയ്മസ്ഥാനവും ഓണനാട്ടും വേണനാടോടുചേർത്തും കല്പിച്ചു കൊടുത്തു. കൂവളരാജ്യത്തു വാഴുവാൻ കല്പനയും ചെയ്തു.”
കൂവളരാജ്യം കോലരാജ്യമാണെന്നു ചിലരും കൂപകരാജ്യമാണെന്നു മറ്റുചിലരും അഭിപ്രായപ്പെടുന്നുണ്ടു്. കോലത്തിരിവംശത്തിനും വേണാട്ടു രാജവംശത്തിനും തമ്മിൽ പുലസംബന്ധം കാണുന്നതിനാൽ, ഇവിടെ വിവക്ഷിക്കപ്പെടിരിക്കുന്നതു് കോലത്തിരിവംശം ആയിരിക്കണമെന്നാണു് ആദ്യത്തെകൂടർ പറയുന്നതു്. എന്നാൽ ശ്രീമാൻ സുന്ദരൻപിള്ള, പല രേഖകളേയും പരിശോധിച്ചിട്ടു്, കൂവളം കൂപകം തന്നെയെന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തോടു യോജിക്കാനേ ഇവിടെ തരം കാണുന്നുള്ളു. ഒരു പെരുമാളിന്റെ വിഭജനം അനുസരിച്ചു് തെക്കുംകൂറിന്റെ വടക്കേ അതിർത്തി മുതൽക്കു് കന്യാകുമാരിവരെയുള്ള ദേശത്തെ കൂപകം എന്നു വിളിച്ചുവന്നതായി കേരളോല്പത്തി പറയുന്നുണ്ടു്. പ്രമാണങ്ങളും ആ വിഭജനത്തെ അനുകൂലിക്കുന്നു. ആറ്റുങ്ങൽ ഉള്ള ആവണീശ്വരം കോവിലിനെ ജീർണ്ണോദ്ധാരണം ചെയ്തതു് ഒരു കൂപക രാജ്ഞിയാണെന്നു് 751-ലെ ശിലാരേഖയിൽ കാണുന്നു. അതിനു് ഒരു ശതവർഷത്തിനു മുമ്പു് അതായതു് കൊ. വ. 643-ൽ കുലശേഖരത്തമ്പുരാടി എന്ന കൂപകരാജ്ഞി അഗസ്തീശ്വരം താലൂക്കിൽ എംപെരുമാൾകോവിൽ പണിയിച്ചതായി രേഖയുണ്ടു്. അതിന്റെ ജീർണ്ണോദ്ധാരണം ചെയ്തതും കൂപകരാജ്ഞിയത്രേ. പക്ഷേ, ആവണീശ്വരം ക്ഷേത്രത്തേയും എംപെരുമാൾ ക്ഷേത്രത്തേയും പുതുക്കിയതു് ഒരേ രാജ്ഞിതന്നെയായിരിക്കാം. കൊല്ലവർഷം 292-ാമാണ്ടു് ചിങ്ങം 11-ാംനു ഒരു കൂപകരാജാവു് പാണ്ഡ്യരാജാവായ രാജസിംഹനെ തോല്പിച്ചു് നാഞ്ചിനാടു കൈവശപ്പെടുത്തുകയുണ്ടായി. ഈ മാതിരി ലക്ഷ്യങ്ങൾ നോക്കിയാൽ വേണാട്ടു രാജവംശത്തിന്റെ പ്രധാനസ്ഥാനം തൃപ്പപ്പൂരായിരുന്നുവെന്നും, ‘വേണാട്ടു രാജാക്കന്മാർക്കു’ കൂപകരാജാക്കന്മാർ എന്നു പേരുണ്ടായിരുന്നുവെന്നും ഊഹിക്കാം. ഈ രാജാക്കന്മാർ തലസ്ഥാനം കൊല്ലത്തേക്കു മാറ്റിയതിനുശേഷം, തൃപ്പാപ്പൂർ വേണാടിന്റെ ഒരു ശാഖയായി ഗണിക്കപ്പെട്ടുപോന്നു. കൊല്ലം 480-ൽ കോയത്തുനാടിൽനിന്നും വേണാടിലേയ്ക്കു് രണ്ടു റാണിമാരെ ദത്തെടുത്തുവെന്നും, അവർക്കായി ആറ്റുങ്ങൽ ഒരു കൊടാരം പണികഴിപ്പിച്ചുവെന്നും അതിനു ചുറ്റുമുള്ള ദേശം അവർക്കായി വിട്ടുകൊടുത്തുവെന്നും ചരിത്രകാരന്മാർ പറയുന്നതിൽ വാസ്തവം ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാൽ കൊല്ലം അഞ്ചാംശതകത്തിനുശേഷം കൂപകരാജ്ഞിമാരെയല്ലാതെ കൂപകരാജാക്കന്മാരെ ഒരു രേഖകളിലും കാണുന്നില്ല.
6.7 ദേശിങ്ങനാടു്
ഇതു് കൊല്ലത്തിനുള്ള മറ്റൊരു പേരാകുന്നു. ഈ ശാഖയുടെ സ്ഥാപകൻ രവിവർമ്മചക്രവർത്തിയുടെ പിതാവായ ജയസിംഹനായിരുന്നുവെന്നു ചിലർ ഊഹിക്കുന്നു. എന്നാൽ ഈ ഊഹം ശരിയാവാൻ ഇടയില്ല. ദേശിങ്ങനാടു് എന്ന പദത്തിന്റെ അർത്ഥം ജയസിംഹന്റെ നാടെന്നു തന്നെ. എന്നാൽ ആ ജയസിംഹൻ, ഉമയമ്മറാണിയുടെ ഭർത്താവും രവിവർമ്മ ചക്രവർത്തിയുടെ പിതാവും ആയിരുന്നോ എന്നുള്ള കാര്യമേ സന്ദിഗ്ദ്ധമായിരിക്കുന്നുള്ളു. രവിവർമ്മ ചക്രവർത്തിയേ പിന്തുടർന്നതു് അദ്ദേഹത്തിന്റെ അനുജനായ ആദിത്യവർമ്മ ആയിരുന്നതുകൊണ്ടു തന്നേ, അന്നും വേണാട്ടുരാജാക്കന്മാർ മരുമക്കത്തായികളായിരുന്നുവെന്നു തീർച്ചപ്പെടുത്താം. ജയസിംഹൻ രാജ്യം വാണതു് ഉമാദേവിയുടെ ഭർത്താവെന്ന നിലയിൽ മാത്രമേ ആയിരുന്നുള്ളു. എന്നാൽ ദേശിങ്ങനാടു സ്വരൂപത്തിന്റെ സ്ഥാപകനായ ജയസിംഹൻ ആ പേരു് വെറും ബിരുദനാമം ആയിരുന്നു.
‘സ്വസ്ത്യസ്തു ജയസിംഹസ്യ വീരകേരളവർമ്മണഃ’
എന്നു് കൊല്ലത്തെ ഗണപതികോവിലിൽ കാണുന്നതും കൊ. വ. 671-ൽ ഉണ്ടായതും ആയ രേഖയിലും ജയസിംഹബിരുദുധാരിയായ ഒരു രാജാവിനെ കാണ്മാനുണ്ടു്. രവിവർമ്മ ചക്രവർത്തിയുടെ രേഖകളിലാകടെ,
“സ്വസ്തി ശ്രീജയസിംഹ ഇത്യഭിഹിതസ്സോമാന്വയോത്താസകോ
രാജാസീദിഹ കേരളേഷു വിഷയേ നാഥോ യദുക്ഷ്മാഭൃതാം”
എന്നു മാത്രമല്ലാതെ, ജയസിംഹൻ ദേശിങ്ങാനാടുസ്വരൂപത്തിന്റെ സ്ഥാപകനാണെന്നു് എടുത്തുപറഞ്ഞിടേ ഇല്ല. അദ്ദേഹം ഒരു പുതിയ വംശത്തിന്റെ സ്ഥാപകനായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ പുത്രൻ ആ വിഷയത്തെപ്പറ്റി മൗനം അവലംബിക്കുമായിരുന്നോ?
ഏതായിരുന്നാലും കേരളം ഒട്ടുക്കു കീഴടക്കിയതിനുപുറമേ, പാണ്ടിരാജാവിനേ തോല്പിച്ചു്, അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം കഴിച്ചുകൊണ്ടുവന്ന ആ ദക്ഷിണഭോജരാജാവിനെപ്പോലെ വേറൊരു രാജാവു് തിരുവിതാംകൂറിൽ മാത്രമല്ല മലനാടിലൊരേടത്തും പിന്നീടുണ്ടായിടില്ല. അദ്ദേഹത്തിന്റെ ശാസനങ്ങളിൽ ഇങ്ങനെ കാണുന്നു.
“സ്വസ്തി ശ്രീജയസിംഹ ഇത്യഭിഹിതസ്സോമാന്വയോത്താസകോ
രാജാസീദിഹ കേരളേഷു വിഷയേ നാഥോ യദുക്ഷ്മാഭൃതാം,
ജാതോസ്മാദ്രവിവർമ്മഭൂപതിരുമാദേവ്യാം കുമാരശ്ശിവാ-
‘ദ്ദേഹവ്യാപ്യ’ ശകാബ്ദഭാജിസമയേ ദേഹീവ വീരോ രസഃ”
ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാൻ
ജയശ്രീവത് കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം;
ത്രയത്രിംശദ്വർഷോ യശ ഇവ യയൗ കേരളപദം
രരക്ഷ സ്വം രാഷ്രം നഗരമിവ കോളംബാധിപഃ.”
കാഞ്ചീപുരത്തേ ശാസനത്തിൽനിന്നു് അദ്ദേഹത്തിന്റെ പടാഭിഷേകം വേഗവതീതീരത്തുവച്ചു് നാല്പത്തിയാറാമത്തെ വയസ്സിലായിരുന്നുവെന്നും മനസ്സിലാക്കാം.
“ഷചത്വാരിംശദബ്ദസ്തടഭൂവി മകുടം ധാരയൻ വേഗവത്യാഃ
ക്രീഡാം സിംഹാസനസ്ഥശ്ചിരമകൃതമഹീകീർത്തിവാണീ രമാഭിഃ”
കേരളചോളപാണ്ഡ്യന്മാരെ ജയിച്ചശേഷം അദ്ദേഹം കൊങ്കണരാജ്യത്തെ കീഴടക്കിയെന്നു് അതേ ശാസനത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടു്.
“കൃത്വാ കേരളചോളപാണ്ഡ്യവിജയം ക്ലിപ്താഭിഷേകോത്സവ-
സ്സംഗ്രാമാപജയേന കൊങ്കണഗതം തം പാണ്ഡ്യവീരം നൃപം;
നീത്വാ സ്ഫീതബലംതതോപി വിപിനം ജിത്വാദിശാമുത്തരാം
കാഞ്ച്യാമത്ര ചതുർത്ഥമബ്ദമലിഖത്സംഗ്രാമധീരോ നൃപഃ”
ആ രേഖയിൽ താഴെ പറയുന്ന ബിരുദനാമങ്ങളെല്ലാം പ്രയോഗിച്ചുകാണുന്നു.
‘സ്വസ്തിശ്രീ, ചന്ദ്രകുലമംഗളപ്രദീപ, യാദവനാരായണ, കേരളദേശപുണ്യപരിണാമ, നാമാന്തരകർണ്ണ, കൂപകസാർവഭൗമ, കുലശേഖരപ്രതിഷ്ഠാപിതഗരുഡദ്ധ്വജ, കോളംബപുരാധീശ്വം, ശ്രീപത്മനാഭ പദകമല പരമാരാധകപ്രണത രാജപ്രതിഷ്ഠാചാര്യ, വിമതരാജബന്ദീകര, ധർമ്മതരുമൂലകന്ദ സദ്ഗുണാലങ്കാര, ചതുഷ് ഷഷ്ടികലാവല്ലഭ, ദക്ഷിണഭോജരാജ, സംഗ്രാമധീര, മഹാരാജാധിരാജ, പരമേശ്വര, ജയസിംഹദേവനന്ദന, രവിവർമ്മരാജകുലശേഖരദേവ, ത്രിഭുവനചക്രവർത്തീ’-ഇത്യാദി.
അദ്ദേഹം ഒരു മഹാകവിയായിരുന്നുവെന്നും പ്രദ്യുമ്നാഭ്യുദയം തുടങ്ങിയ ഉത്തമകൃതികൾ രചിച്ചിട്ടുണ്ടെന്നും കൂടി ഓർക്കുമ്പോൾ നമുക്കു് അദ്ദേഹത്തിനോടു് തോന്നുന്ന ബഹുമാനം ശതഗുണീഭവിക്കുന്നു.
6.8 ഓണനാ (ഓടനാ)ടു്
ഈ രാജവംശവും വേണാടിന്റെ ഒരു ശാഖയായിരുന്നു. ദത്തുവഴിയ്ക്കു് ചിറവാസ്വരൂപവും ഓണാടും ഒന്നാകയും പിന്നീടു് രണ്ടിനും കൂടി ചിറവാസ്വരൂപം എന്നു പേർ വന്നുകൂടുകയും ചെയ്തു. ചിറവായി മന്നന്റെ മകപ്പടയെപ്പറ്റി ഓണാട്ടുകരെ ഒരു ചോല്ലുള്ളതിനു പുറമേ അവിടെവച്ചു നടത്താറുള്ള ഓണത്തല്ലിനെപ്പറ്റി ‘ഹര്യക്ഷമസമരോത്സവം’ എന്നൊരു പടപ്പാട്ടും ഉണ്ടായിട്ടുണ്ടു്. കണ്ടിയൂർക്ഷേത്രത്തിൽ കൊത്തട്ടുള്ള ഒരു ശിലാശാസനത്തിൽ (കൊ.393) “ഓടൈനാട്ടു വാഴ്‌ന്തരുളിന്റെ ഉതൈചിറമംഗലത്തിൽ സ്രവിരപെരുമറ്റത്തു കോതവർമ്മൻ തിരുവടി” എന്നു കാണുന്നു. ഓടനാട്ടു രാജാവിന്റെ പേരു് ഭാസ്കരരവിവർമ്മപ്പെരുമാളിന്റേയും വീരരാഘവചക്രവർത്തിയുടെയും ശാസനങ്ങളിൽ കാണുന്നതിനാൽ ആ രാജവംശം അതിപുരാതനമാണെന്നു തെളിയുന്നു. തൃക്കണങ്കുടിക്ഷേത്രത്തിൽ മണിതൂക്കിയ ആദിത്യവർമ്മ രാജാവിനെ ചിറവാങ്മണ്ഡലേന്ദ്രൻ എന്നുകൂടി വിവരിച്ചിരിക്കുന്നതാനാൽ, അക്കാലത്തോ അതിനുമുമ്പോ വേണാട്ടും ഓടനാട്ടും സംബന്ധപ്പെട്ടു കഴിഞ്ഞുവെന്നു് ഊഹിക്കാം. എന്നാൽ ഈ രാജകുടുംബങ്ങൾ അതിപുരാതനകാലത്തേ വേർപിരിഞ്ഞ രണ്ടു ശാഖകളായിരുന്നിരിക്കാനാണു് അധികം സാംഗത്യം.
6.9 തിരുവാംകോടു്
ഈ ശബ്ദത്തെ ശ്രീവാഴുംകോടെന്നു വ്യാഖ്യാനിച്ചുവരുന്നു. എന്നാൽ ഇതു തിരുആയൻകോടായി വരരുതോ എന്നു സംശയിക്കുന്നു. തെക്കു് തിരുവാംകോടെന്നു് ഒരു സ്ഥലം ഇപ്പോഴും ഉണ്ടു്. ആ സ്ഥലത്തിനടുത്താണു് പാണ്ഡ്യരാജ്യത്തുനിന്നുവന്ന യദുവംശജർ അഥവാ വേൾകുലത്തരചർ സ്ഥാനം ഉറപ്പിച്ചതും. ആയക്കുടി എന്ന സ്ഥലത്തിരുന്നു് ദക്ഷിണതിരുവിതാംകൂറിനെ ഭരിച്ചിരുന്ന ആയി ആന്തിരവൻ എന്നൊരാളിനേപ്പറ്റി ശ്രീമാൻ കെ. പി. പത്മനാഭമേനോൻ പറയുന്നു. ആയി എന്നൊരു ദിക്കിനെപ്പറ്റി ഗ്രീക്കുകാർ പ്രസ്താവിച്ചിട്ടുള്ളതും ഈ രാജ്യഖണ്ഡത്തെപ്പറ്റി ആയിരിക്കാൻ ഇടയുണ്ടു്. എന്നാൽ തിരുവിതാംകൂർ രാജവംശം മിസ്റ്റർ പത്മനാഭമേനോനും മിസ്റ്റർ ഗോപിനാഥറാവുവും ഊഹിക്കുന്നതുപോലെ ഈ ആയകുലമല്ല. ചോരാജവംശം തന്നെയാണു്. കാലക്രമേണ ഈ ആയകുലം മരുമക്കത്തായം സ്വീകരിച്ചു് വേണാട്ടുരാജവംശത്തിൽ ദത്തുവഴിക്കോ മറ്റോ അന്തർഭവിച്ചിരിക്കാം. അതോ വേണാട്ടു രാജാക്കന്മാർ അവരേയടക്കി അവിടെയൊരു പുതിയ രാജവംശം സ്ഥാപിച്ചതോ എന്നും നിശ്ചയമില്ല. ഏതായിരുന്നാലും ശ്രീവാഴുമകോടിന്റെ ഇടത്തുവശത്തു് സ്ഥിതിചെയ്യുന്ന വീരകേരളപുരം ഒരു കാലത്തു് തിരുവിതാംകൂറിന്റെ തലസ്ഥാനനഗരിയായിരുന്നു. തിരുവിതാംകോടിനു അടുത്തുള്ള ശ്രീവർദ്ധനപുരിയും പുരാണപ്രസിദ്ധമാകുന്നു. അതിനെപ്പറ്റി കേരളമഹാത്മ്യത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ഇത്യേവം കല്പിയത്വാഥ ജഗാമ ജമദഗ്നിഭൂഃ;
ശ്രീവർദ്ധനപുരീം തത്ര കാരയാമസ ശോഭനാം.
നാനാജാതിനിവേശ്യാഥ പണ്യവീഥിഷു വർത്തകാൻ
നാനാവർണ്ണോത്ഭവാംശ്ചൈവ സ്ഥാപയാമാസ ഭാർഗ്ഗവഃ.
കശ്ചിന്മൂഷക സാമന്ത ആഹൂതസ്തൽപുരേ വസൻ;
സോമവംശേത ജാതായാംകന്യായാംബ്രാഹ്മണോത്തമാൽ.
ചത്വാരോ ജജ്ഞിരേ വീരസ്സാമന്താസ്സാമതേജസഃ;
യോനുഷു ക്ഷത്രിയസ്ത്രീണാമേവം ബ്രാഹ്മണവീര്യതഃ.
ജായന്തേ താംസ്തു ഭുവനേ സാമന്താൻ വിബുധാ വിദുഃ;
ഭാനു വിക്രമസാമന്തസ്തതശ്ചരണവിക്രമഃ.
തയോരനുജസാമന്തഃ കുലശേഖരനാമകഃ
തത്സോദര്യസ്സുതഃ കശ്ചിൽ ബാലവീംഃ പ്രതാപവാൻ.”
(വീര) കേരളപുരം എന്നൊരു നഗരി ഇപ്പോഴും ഉണ്ടെന്നും അതിന്റെ സ്ഥാപകൻ ആദ്യത്തെ കേരളചക്രവർത്തിയായിരുന്ന വീരകേരളചക്രവർത്തിയായിരുന്നെന്നും മി: ശങ്കുണ്ണിമേനോൻ തിരുവിതാംകൂർചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. പ്രസ്തുത നഗരത്തിന്റെ അവശേഷങ്ങൾ ഇപ്പോഴും കാണ്മാനുണ്ടത്രെ.
തിരുവിതാംകൂർ രാജവംശത്തിന്റെ ഈ ശാഖകളിലെ മൂത്ത തമ്പുരാക്കന്മാർ വേണാടു ഭരിച്ചുവന്നു. കാലക്രമേണ ഓരോ ശാഖക്കാരും സ്വതന്ത്രരാകയും ഒടുവിൽ മാർത്താണ്ഡവർമ്മ മഹാരാജാവു് അവരെ എല്ലാം കീഴടക്കി തിരുവിതാംകൂർ രാജ്യം സ്ഥാപിക്കയും ചെയ്തു.
6.10 കൊച്ചി രാജവംശം
കൊച്ചിയുടെ ഉല്പത്തിയെപ്പറ്റി പറയുന്ന കഥയും വളരെ രസാവഹമാണു്. പരശുരാമൻ ലവപുത്രനെ അവിടെ കൊണ്ടുവന്നു വാഴിച്ചുവെന്നും വൈശ്രവണപുത്രിയായ ബാല തന്റെ പേരിനു് അനുസാരമായി ഒരു സ്ഥലം ഉണ്ടാക്കിക്കൊടുക്കണമെന്നു് അപേക്ഷിച്ചതനുസരിച്ചു്, പരശുരാമൻ സമുദ്രക്കരയിൽ ഉദ്ധരിച്ച സ്ഥലമായതുകൊണ്ടു് കൊച്ചി എന്നു പേരുവന്നുവെന്നുമാണു് കഥ. പെരുമാക്കന്മാരുടെ ശാസനകളിലെല്ലാം അവരുടെ പേരിനു മുമ്പിൽ ഗോശ്രീ എന്നതിന്റെ തത്ഭവമായ കൊച്ചിരി എന്ന പദം കാണുന്നുണ്ടു്. കൊച്ചി എന്ന പേരിനു് അതിനോടു് വല്ല സംബന്ധവും ഉണ്ടോ എന്തോ? ഇതുപോലെ തന്നെ പെരുമ്പടപ്പു്, മാടസ്വരൂപം ഈ പേരകൾക്കും രസാവഹങ്ങളായ ഉപപത്തികൾ പറഞ്ഞുകാണുന്നു. പെരുമ്പടപ്പുനമ്പൂതിരി തൃത്താലി ചാർത്തിയതിനുശേഷം ഉണ്ടായതായ തമ്പുരാനായതുകൊണ്ടും ആ നമ്പൂതിരിക്കു സന്താനമില്ലാതെ വരികയാൽ അദ്ദേഹത്തിന്റെ വസ്തുവകകൾ തമ്പുരാൻ അടങ്ങിയതുകൊണ്ടും പെരുമ്പടപ്പുസ്വരൂപമെന്നു് പേർ സിദ്ധിച്ചുപോലും. മാടത്തുംകീഴ്സ്വരൂപം ക്ഷയിച്ചുപൊയപ്പോൾ കൊച്ചിയിലെ എളയ താവഴിയിൽനിന്നു ദത്തുകേറ്റി; അതിന്റെ മേൽക്കോയ്മസ്ഥാനം രാജാവു കൈയേറ്റതുമുതല്ക്കു് അദ്ദേഹത്തിനു് മാടഭൂപതി എന്ന പേരും വന്നുകൂടിയത്രേ.
ചേരമാൻപെരുമാൾ രാജ്യം പകുത്തുകൊടുത്ത കഥ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ കഥയെ അതേവിധത്തിൽ വിശ്വസിക്കാൻ നിവൃത്തി ഇല്ലെങ്കിലും, കൊച്ചീ രാജകുടുംബം എന്നാൽ പരശുരാമൻ അനേകം ക്ഷേത്രങ്ങൾ നിർമ്മിച്ചു്, ഓരോന്നിലും ഓരോ കോവിലധികാരിയെ നിയമിച്ചിരുന്നെന്നും ആ കോവിലധികാരികൾ ക്രമേണ പ്രബലന്മാരായിത്തീർന്നുവെന്നും അങ്ങനെ പ്രബലനായ ഒരു കോവിലധികാരി സ്ഥാപിച്ച ഒരു രാജ്യമാണു് കൊച്ചിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. ഗംഗാധര കോവിലധികാരികൾ എന്നൊരു സ്ഥാനം കൊച്ചി രാജാക്കന്മാർക്കു് ഇപ്പോഴും ഉണ്ടത്രേ. കേരളത്തിലെ മിക്ക രാജാക്കന്മാരെയും കോവിലധികാരികളായി പുരാതന രേഖകളിൽ പറഞ്ഞുകാണുന്നുണ്ടു്. എന്നാൽ കോവിൽശബ്ദത്തിനു് ക്ഷേത്രം എന്ന അർത്ഥം കല്പിക്കാമോ എന്നു സംശയമായിരിക്കുന്നു. കോവിൽ, കോയിൽ ഈ പദങ്ങൾക്കു് കൊടാരം എന്ന അർത്ഥം കൂടി ഉണ്ടല്ലോ. പെരുമാൾ ജൂതന്മാർക്കു നൽകിയ ചെപ്പേടിൽ വേണാട്ടുടയ ഗോവർദ്ധൻമാർത്താണ്ഡനെയും പെൺപലനാട്ടുടയ കോതൈ ശ്രീകണ്ടനേയും ഏർനാട്ടുടയ മാനവപാലമാനവീയനേയും വള്ളുവനാട്ടുടയ ഇരായിൻ ചാത്തനേയും നെടുമ്പറയൂർ നാട്ടുടയ കോതൈ ഇരവിയേയും സാക്ഷികളാക്കിയിരിക്കെ, കൊച്ചീ രാജാവിനെപ്പറ്റി ഒന്നും മിണ്ടീടില്ലാത്തതു് അർത്ഥവത്താകുന്നു. പെരുമ്പടപ്പു രാജകുടുംബം പെരുമാളിന്റെ അവകാശികളാകയാൽ സാക്ഷിവർഗ്ഗത്തിൽ ചേർക്കാതിരുന്നതാണെന്നുകൂടി ആ പടയത്തിന്റെ അവസാനത്തിൽ ചേർത്തിട്ടുണ്ടെന്നു് ഡോക്ടർ.ഗുണ്ടർ പറഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക്, ഒടുവിലത്തെ പെരുമാളിനു് അഞ്ചു സഹോദരിമാരുണ്ടായിരുന്നെന്നും, അവരിൽ ഏറ്റവും ഇളയ തമ്പുരാടിക്കു മാത്രമേ പുരുഷസന്താനം ഉണ്ടായിരുന്നുള്ളുവെന്നും തൃപ്പൂണിത്തുറ ഗ്രന്ഥവരിയിൽ കാണുന്നഭാഗം വിശ്വസിക്കാവുന്നതാണു്. മൂത്തതാവഴി, ഇളയ താവഴി, മുരിഞ്ഞൂർ താവഴി, ചാഴിയൂർ താവഴി, പള്ളുരുത്തി താവഴി ഈ അഞ്ചുതാവഴികളും ആ സഹോദരിമാരിൽ നിന്നും ഉണ്ടായവയാണ്. പെരുമാൾവാഴ്ച അവസാനിച്ച കാലത്തു് ഇളയ താവഴിയിൽ മാത്രം സന്താനമുണ്ടായിരുന്നതുകൊണ്ടു് അവർ പ്രബലന്മാരായിത്തീരുകയും ശാഖകൾ തമ്മിൽ കൂടെക്കൂടെ ശണ്ഠകൾ ഉണ്ടാകാൻ ഇടവരികയും ചെയ്തു.
ഡച്ചുകാരുടെ കാലത്തു് പുറക്കാ, പറവൂർ, തെക്കുംകൂർ, വടക്കൻകൂർ, മങ്ങാ ഈ അഞ്ചുസ്വരൂപങ്ങളും കൊച്ചിയുടെ മേൽക്കോയ്മയെ സ്വീകരിച്ചിരുന്ന ഖണ്ഡാധിപതികളായിരുന്നെന്നു് ജേക്കബ് കാന്റർ, വിഷ്ഷർ തുടങ്ങിയ പശ്ചാത്യന്മാരുടെ രേഖകളിൽ കാണുന്നു.
6.11 വടക്കുംകൂർ
വടക്കൂംകൂർ സ്വരൂപത്തിന്റെ പുരാതനനാമധേയം വെൺപലനാടെന്നായിരുന്നു. ജൂതന്മാർക്കുകൊടുത്ത താമ്രശാസനത്തിൽ വെൺപലനാട്ടുടയ കോതൈ ശീകണ്ടനും സാക്ഷ്യം വഹിച്ചിരുന്നതിൽ അവർ അക്കാലത്തും ഏറെക്കുറെ പ്രബലന്മാലരായിരുന്നെന്നു ഊഹിക്കാം. വെൺപലനാട്ടുശബ്ദത്തിന്റെ ആഗമത്തെപ്പറ്റി പണ്ഡിതന്മാർ മനോധർമ്മംപോലെ ഓരോവിധം പറഞ്ഞുവരുന്നു. വെണ്മലനാട്ടു് പിന്നീടു് വെൺപലനാടായും ഒടുവിൽ വേമ്പനാടായും പരിണമിച്ചതാണെന്നാണ് പ്രസിദ്ധ പണ്ഡിതനായ മി: പി. കെ. നാരായണപിള്ളയുടെ അഭിപ്രായം. എന്നാൽ ‘മ്പ’ ‘ംബ’ മുതലായവ മലയാളത്തിൽ ‘മ്മ’ യായി മാറുന്നതല്ലാതെ മറിച്ചുകാണാറില്ല. ‘അംബുജാക്ഷി’ ശബ്ദത്തെ ‘അമ്മുജാക്ഷി’ എന്നും വേമ്പനാടിനെ വേമ്മനാ എന്നുമാണു് മലയാളികൾ സാധാരണ ഉച്ചരിക്കാറുള്ളതു്. അതുകൊണ്ടു് വെണ്പലനാ വെണ്മലനാടായി രൂപാന്തരപ്പെടതാണെന്നു വിചാരിക്കുന്നതു് ഭാഷാനയത്തിനു കുറേക്കൂടി അനുയോജിച്ചിരിക്കുന്നുവെന്നു് പറയാം. വെപ്പിൻ നാടു് വേമ്പനാടായതാണെന്നു് വേറെ ചിലർ പറയുന്നു. വെപ്പിൻമകൾ (പാർവ്വതി) എന്നുംമറ്റും രാമചരിതത്തിൽ പ്രയോഗം കാണുന്നുമുണ്ടു്. ഇരുമ്പു്, കറുമ്പൻ, ഇത്യാദി പദങ്ങളിൽ ‘പ്പ’ ‘മ്പ’ ആയി മാറിക്കാണാറുള്ളതിനെ അവർ ഒരു പ്രമാണമായി ഉദ്ധരിക്കുയും ചെയ്യുന്നു. എന്നാൽ വെൺപുലിനാ, വെൺപലനാടായതാണെന്നും, വ്യാഘ്രാലയം എന്നു് വൈക്കത്തിനു് ഒരു പേരുള്ളതുതന്നെ അതിനു് ഒരു ലക്ഷ്യമാണെന്നും ആരും പറഞ്ഞുകാണാത്തതു് എന്തുകൊണ്ടാണാവോ?
വെൺപലശബ്ദത്തിന്റെ സംസ്കൃതരൂപമാണു് ബിംബിലീശബ്ദം. വടക്കുംകൂർശബ്ദം കൊ. വ. ഏഴാം ശതകത്തിനുശേഷം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംവരെ കൊച്ചിയുടെ കീഴിലായിരുന്നു.
6.12 ചെമ്പകശ്ശേരി
ഈ രാജ്യം കൊല്ലവർഷം അഞ്ഞൂറാമാണ്ടിനിടയ്ക്കാണു് ഉത്ഭവിച്ചതു്. അതിന്റെ ഉത്ഭവത്തെപ്പറ്റി പല കഥകളുമുണ്ടു്. സാഹിത്യചരിത്രത്തിൽ ഈ രാജ്യത്തിനുള്ള സ്ഥാനം അദ്വിതീയമാകുന്നു. ചെമ്പകനാടിലെ ദേവനാരായണന്മാർ കവികുലത്തിനു കല്പവൃക്ഷങ്ങളായിരുന്നുവെന്നു് എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ, നാരായണ ഭടതിരി മുതലായ മഹാകവികൾ അവരെ ആശ്രയിച്ചു ജീവിച്ചിരിക്കുന്നതിൽനിന്നു വ്യക്തമാകുന്നു. ഈ രാജ്യവും കൊച്ചിയുടെ മേൽക്കോയ്മയെ സ്വീകരിച്ചിരുന്നു.
എടപ്പിള്ളി, ആലങ്ങാ, പറവൂർ എന്നീ ദേശങ്ങളിലെ രാജാക്കന്മാരും കൊച്ചീരാജ്യത്തിന്റെ കീഴിലുള്ള ഖണ്ഡാധിപതികൾ ആയിരുന്നെന്നു് താഴെ ഉദ്ധരിച്ചിരിക്കുന്ന പടപ്പാടിൽ നിന്നു് അറിയാം.
“ചേതോമോഹനരൂപൻ ബിംബിലീശചന്ദ്രനും
വൻപെഴും നെടുംതളിവാഴും വിണ്ടണിക്കോട- [4]
ത്തമ്പെഴും മഹീസുരമന്നനും തെളിഞ്ഞിതു.
ചെമ്പകച്ചേരിവാഴും ദേവനാരായണർക്കു-
മിമ്പം വന്നിതു മാടമന്നവരുണ്ടാകയാൽ.
മങ്ങാടു പടിഞ്ഞാറ്റു കൂറുവാഴുന്ന വീര-
നങ്ങനെ നിരന്നു സന്തോഷവുമുണ്ടായ് വന്നു.”
6.13 പൂഞ്ഞാറു്
ഈ രാജകുടുംബം മധുരരാജാക്കന്മാരുടെ വംശത്തിൽപ്പെടതാകുന്നു. ഈ സ്വരൂപത്തിൽ ഉൾപ്പെട ദേശങ്ങൾ പണ്ടു് തെക്കുംകൂർ, വടക്കുംകൂർ എന്നീ രാജാക്കന്മാരുടെ അടുക്കൽനിന്നു സമ്പാദിച്ചവയാണു്. കണ്ണൻതേവന്മല കൊ. വ. 427-ൽ കീഴ്മലനാടിലെ അധിപതിയും മഞ്ഞമല കൊ. വ. 594-ൽ വെൺമലനാട്ടു ഗോദവർമ്മരും പൂഞ്ഞാറ്റിലേക്കു നൽകിയതായി രേഖകളുണ്ടു്. കൊല്ലവർഷം 364-ാമാണ്ടിടയ്ക്കു് ആദിത്യവർമ്മ എന്ന തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്തു് ഈ രാജകുടുംബം കുടിയേറിയതായും ആ മഹാരാജാവു് ഒരു സ്ഥലം നൽകിയതായും തിരുവിതാംകൂർ ചരിത്രത്തിൽ പ്രസ്താവിച്ചിരുക്കുന്നതു വാസ്തവമാണെങ്കിൽ അക്കാലത്തു്, തിരുവിതാംകൂറിന്റെ ആധിപത്യം വടക്കൻദിക്കുകളിലും വ്യാപിച്ചിരുന്നിരിക്കണം.
6.14 പന്തളം
കൊ. വ. 79 പൂരുടാശി 11-ാംതിയതിയിലെ ഒരു ശിലാശാസനത്തിൽനിന്നു് പാണ്ഡ്യരാജാവിന്റെ കീഴിലിരുന്ന ഒരു രാജാവു് തിരുവിതാംകൂറിൽ കുടിപാർത്തതായി കാണുന്നു.
6.15 കോഴിക്കോടു്
കോഴിക്കോടു രാജവംശത്തിന്റെ ഉല്പത്തിയേ പറ്റിയും ചില ഐതിഹ്യങ്ങളുണ്ടു്. മലയാളചരിത്രം ഒന്നാം ഭാഗത്തിൽ കാണുന്ന ഒരു ഐതിഹ്യത്തെ അതേവിധത്തിൽതന്നെ ഇവിടെ പകർത്തുന്നു.
“ഒരു ദിവസം ചേരമാൻപെരുമാൾ ഉറങ്ങാൻ പോയിക്കിടന്ന ശേഷം എന്തോ ആലോചന നിമിത്തം ലേശംപോലും ഉറക്കമുണ്ടായില്ല. പിന്നെ അദ്ദേഹം കിടന്ന ദിക്കിൽനിന്ന് എഴുന്നേറ്റു് മുറ്റത്തുപോയി അങ്ങോട്ടുമിങ്ങോട്ടും നടന്നുതുടങ്ങി. അപ്പോൾ കിഴക്കും പടിഞ്ഞാറും രണ്ടു പൂർണ്ണചന്ദ്രന്മാർ ഉദിച്ചുയരുന്നതും ക്രമേണ അവ രണ്ടും ഒന്നിച്ചുകൂടി പതിവുപോലെ പടിഞ്ഞാറു് അസ്തമിക്കുന്നതും രാജാവിനു കാണ്മാൻ സംഗതിയായി. ഇതുകണ്ടു് രാജാവു് ഏറ്റവും ആശ്ചര്യപ്പെടുകയും പിറ്റേദിവസം രാവിലെ യോഗ്യന്മാരായ പല വിദ്വാന്മാരെയും വരുത്തി വിവരം അറിയിക്കുകയും ചെയ്തു. അവരിൽ യാതൊരാൾക്കും ഇങ്ങനെ സംഭവിച്ചതിനു് യാതൊരു കാരണവും പറവാൻ കഴിയാഞ്ഞതിനാൽ രാജാവു് ഏറ്റവും ചിന്താകുലനായിത്തീർന്നു. കച്ചവടത്തിനായി കേരളത്തിൽ വന്നവരോടെല്ലാം അടുത്തകാലത്തു് അവരുടെ രാജ്യത്തിൽ വല്ല സവിശേഷസംഭവവും ഉണ്ടായിട്ടുണ്ടോ എന്നു് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. ആ അവസരത്തിൽ അറബിക്കാരായ ഒരു കൂടം കച്ചവടക്കാർ കേരളത്തിൽ വന്നിരുന്നു. അവരുടെ തലവൻ തങ്ങളുടെ രാജ്യത്തിൽ പുതിയ മതസിദ്ധാന്തത്തെപ്പറ്റി പ്രസംഗിച്ചുവരുന്ന മഹാനായ മുഹമ്മദുനബി അവിശ്വാസികളെ വിശ്വസിപ്പിക്കാൻ വേണ്ടി ചന്ദ്രനെ രണ്ടായി ഉദിപ്പിച്ചു കാണിച്ചിരുന്നുവെന്നും മറ്റും രാജാവിനോടറിയിച്ചു. രാജാവു് അങ്ങനെ സംഭവിച്ച കാലത്തേയും സംഭവത്തേയും പറ്റി വീണ്ടും അന്വേഷിച്ചതിൽ സംഭവം നടന്നതായി അവർ പറഞ്ഞ സമയവും താൻ (സ്വപ്നം) കണ്ട സമയവും ഒന്നുതന്നെയാണെന്നു തീർച്ചപ്പെടുത്തുകയും അവരുടെകൂടെ അറബി രാജ്യത്തിലേക്കുപോയി മുഹമ്മദുനബിയെ കാണണമെന്നു് ഉറയ്ക്കുകയും ചെയ്തു. കുറേ കാലത്തോളം തന്റെ നിശ്ചയത്തെ ആരെയും അറിയിച്ചില്ല. രാജ്യത്തെ പ്രധാന നാടുവാഴികൾക്കും ക്ഷത്രിയവംശക്കാർക്കും സാമന്തന്മാർക്കും യഥായോഗ്യം ഭാഗിച്ചുകൊണ്ടു് ഒരു നിശ്ചയപത്രം എഴുതിയുണ്ടാക്കയും തനിക്കു പുറപ്പെടേണ്ട ദിവസം അടുത്തപ്പോൾ മന്ത്രിസഭയേയും പ്രധാന ഉദ്യോഗസ്ഥന്മാരേയും നാട്ടുപ്രമാണികളേയും വരുത്തി നിശ്ചയപത്രം വായിച്ചുകേൾപ്പിക്കയും ചെയ്തു. രാജാവു് തന്റെ ഉദ്ദേശം സാധിക്കുന്നതിനുവേണ്ടി രാജ്യഭാരം ഒഴിഞ്ഞു് മെക്കയിലേക്കു പോവാൻ വിചാരിക്കയാണെന്നു് അപ്പോൾ മാത്രമേ ജനങ്ങൾ അറിഞ്ഞുള്ളു. പിന്നെ സഭയുടെ മുമ്പാകെ രാജ്യഭാരം പ്രധാനമന്ത്രിയെ ഏല്പിച്ചു് യാത്രയ്ക്കു് ആവശ്യമായ ധനവും എടുത്തുകൊണ്ടു് അറബിക്കാരുടെ കൂടത്തിൽ കൊടുങ്ങല്ലൂരിൽനിന്നു് കപ്പൽ കയറുകയും ചെയ്തു.”
ഇങ്ങനെ പെരുമാൾ രാജ്യം പങ്കിട്ടു കൊടുത്ത സമയത്തു് അദ്ദേഹത്തിന്റെ സേനാധിപന്മാരായ മാനിച്ചനും വിക്രമനും പാലക്കാട്ടു താഴ്‌വരയിൽ ശത്രുക്കളോടു യുദ്ധം ചെയ്തുകൊണ്ടിരിക്കയായിരുന്നതിനാൽ അവർക്ക് ഒരു ഓഹരി നൽകുന്നതിനു വിസ്മരിച്ചുപോയി. പെരുമാൾ തങ്ങളെ ഏല്പിച്ചിരുന്ന കാര്യം സാധിച്ചിട്ടു് അവർ മടങ്ങിവന്നപ്പോൾ ആണു് രാജ്യം ഭാഗിച്ച കഥ അറിഞ്ഞതു്. അവർ വേഗത്തിൽ രാജസന്നിധിയിൽ എത്തി. അപ്പോഴും രാജസഭ പിരിഞ്ഞിട്ടില്ലായിരുന്നു. പെരുമാൾ ഈ സഹോദരന്മാരെ അടുക്കെ വിളിച്ചുവരുത്തിയിട്ടു രാജ്യം ഭാഗിച്ചുകൊടുത്തുപോയെന്നു പറഞ്ഞപ്പോൾ അതുകൊണ്ടു തങ്ങൾക്കു യാതൊരു വിരോധവുമില്ലെന്നും രാജകീയഖഡ്ഗം മാത്രം കിട്ടിയാൽ മതിയെന്നും അവർ മറുപടി പറഞ്ഞു. പെരുമാൾ പൊൻവിളക്കു കത്തിച്ചു വച്ചു് പൊൻ കിണ്ടിയിൽ നീരും പകർന്നു് “ചുള്ളിക്കാടും കോഴിക്കോടും സമുദ്രവീഥിയിൽ കോഴി കൂകിയാൽ കേൾക്കുന്നിടത്തോളം സ്ഥലവും നിങ്ങൾക്കു തന്നിരിക്കുന്നു” എന്നു പറഞ്ഞു. ‘പെണ്ണുപിള്ളയും പശുവും രക്ഷിച്ചു് ബ്രാഹ്മണരെ ആനന്ദിപ്പിച്ചു് മക്കത്തു കപ്പൽ വെപ്പിച്ചു മാമാങ്കം രക്ഷിച്ചു നാടടക്കി സകല രാജാലങ്കാരങ്ങളോടും കൂടി ഏകച്ഛത്രാധിപതിയായി ആഴിചൂടും ഊഴിയിങ്കൽ കന്യാകുമാരി ഗോകർണ്ണപര്യന്തം അടക്കി വാഴുക’ എന്ന ആജ്ഞയും അനുജ്ഞയും കൊടുത്തു. മലനാടിൽ കുന്നലക്കോനാതിരി രാജാവു് എന്നു തിരുനാവു് ഒഴിഞ്ഞു. ‘ചത്തും കൊന്നും അടക്കികൊൾക’ എന്നു പറഞ്ഞു് വാളും വാളിന്മേൽ നീരും കൂടി കൊടുത്തു. ‘വള്ളുവക്കോനാതിരി രാജാവിന്നു തടുത്തു നിന്നു കൊൾക’ എന്നു പറഞ്ഞു നീർ പകർന്നു പരിശയും കൊടുത്തു.
പെരുമാൾ ജൂതന്മാർക്കു നൽകിയ ചെമ്പുപട്ടയത്തിൽ ‘ഏർനാടുടയ മാനവ പാലമാനവീയനെ’ സാക്ഷിയാക്കിയിരിക്കുന്നതിനാൽ ഈ ഐതിഹ്യത്തിൽ സത്യത്തിന്റെ കണിക പോലും ഇല്ലെന്നു പ്രത്യക്ഷമാണു്. കോഴിക്കോട്ടുരാജാക്കന്മാർക്കു് മാനവിക്രമൻ എന്ന മാറാപ്പേരു കാണുന്നതിനു പറഞ്ഞുവന്ന കാരണവും വിശ്വാസയോഗ്യമല്ല. മാനിച്ചൻ, വിക്രമൻ എന്നീ പേരുകളെ രണ്ടിനേയും കൂടിച്ചേർത്തു നിർമ്മിച്ച പേരാണത്രേ മാനവിക്രമൻ. ഏർനാടു ഉടയവർ, ഏറനാടിൽ പുലിക്കാവുദേശത്തു് നെടിയിരുപ്പു് എന്ന സ്ഥലത്തായിരുന്നതിനാൽ, അവരുടെ സ്വരൂപത്തിനു് നെടിയിരിപ്പുസ്വരൂപം എന്ന പേരു കൂടി സിദ്ധിച്ചു. കോഴിക്കോടു് രാജാവിനെ സാമൂതിരി എന്നാണു വിളിക്കാറുള്ളതു്. ആ പദത്തിന്റെ അർത്ഥം സാമന്തന്മാരിൽവെച്ചു് ശ്രേഷ്ഠൻ എന്നാണെന്നു ചിലർ പറയുന്നു. [5]
6.16 വള്ളുവനാടു്
ഭാസ്ക്കരരവിവർമ്മപ്പെരുമാളിന്റെ ശാസനത്തിൽ ഇരായിരൻ പാത്തൻ എന്ന വള്ളുവനാടു രാജാവിന്റെ പേർ പറഞ്ഞിട്ടുണ്ടു്. തിരുമാന്ധങ്കുന്നു ഭഗവതിയായിരുന്നു വള്ളുവനാട്ടു രാജാക്കന്മാരുടെ കുലദേവത. ഈ ദേശം ഇപ്പോൾ തെക്കെ മലയാളത്തിലെ ഒരു താലൂക്കാകുന്നു.
6.17 വെട്ടത്തുനാടു്
ഇതു് പൊന്നാനിത്താലൂക്കിലെ വടക്കുകിഴക്കെ അംശമാകുന്നു. ഈ രാജവംശം 18-ാം ശതകത്തിൽ സന്താനമില്ലാതെ നിശ്ശേഷം അറ്റുപോയി.
6.18 പോർളാതിരിനാടു്
ഇപ്പോഴത്തെ കോഴിക്കോടിനു സമീപമായിരുന്നു പോർളാതിരിനാടു്. കൊ. വ. 230-ാമാണ്ടിടയ്ക്കു് ഈ രാജ്യത്തെ സാമൂതിരി പിടിച്ചടക്കി.
6.19 പാലക്കാടു്
ഈ രാജ്യം മലയാളജില്ലയുടെ ഏറ്റവും തെക്കുകിഴക്കേ അറ്റത്തു സ്ഥിതിചെയ്യുന്നു. അതിപുരാതനകാലം മുതല്ക്കേ ഇതു് ചേരരാജാക്കന്മാരുടെ അധീനത്തിലായിരുന്നു. പാലക്കാടു രാജവംശം ചേരവംശത്തോടു ബന്ധപ്പെടിരുന്നുവെന്നു വിചാരിക്കാനും അവകാശം ഇല്ലാതില്ല. കാലക്രമേണ ഈ വംശം രണ്ടു ശാഖകളായിപ്പിരിഞ്ഞു് ഒന്നു് അകത്തേത്തറ എന്ന ദിക്കിലും മറ്റൊന്നു് വടക്കുഞ്ചേരിയിലും താമസമുറപ്പിച്ചു. ഇപ്പോൾ അതിനു് വേറെയും അനേക ഉപശാഖകൾ ഉണ്ടായിടുണ്ടു്. കൊല്ലവർഷാരംഭം മുതൽക്കു് ഒരു നൂറു കൊല്ലത്തോളം പാലക്കാടു് കൊങ്ങരുടെ ആക്രമണത്തിനു വഴിപ്പെടുകൊണ്ടിരുന്നു. ക്രി. വ. 916-ാമാണ്ടിടയ്ക്കു് രാജ്യം ഭരിച്ചുകൊണ്ടിരുന്ന ശേഖരവർമ്മ എന്ന രാജാവു് കൊച്ചി, കോഴിക്കോടു്, വള്ളുവനാടു് എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരുടെ സഹായത്തോടുകൂടി ചിറ്റൂരിൽ വെച്ചു്, കൊങ്ങരെ നിശ്ശേഷം തോല്പിച്ചുവെന്നും തനിക്കുവേണ്ടി കൊച്ചീരാജാവു ചെയ്ത സഹായത്തിനു പ്രത്യുപകാരമായി ചിറ്റൂർ, അദ്ദേഹത്തിനു വിടുകൊടുത്തുവെന്നും മലയാളചരിത്രത്തിൽ പറഞ്ഞിരിക്കുന്നു. പിന്നീടു് കൊങ്ങരുടെ ഉപദ്രവം ഏറിയകാലത്തേയ്ക്കു് ഉണ്ടായിട്ടില്ലത്രേ. ഇപ്പോൾ പാലക്കാടു രാജ്യത്തിൽ തെമ്മലപ്പുറം, വടുവടം, വടമലപ്പുറം എന്നീ മൂന്നു നാടുകൾ ഉൾപ്പെടിരിക്കുന്നു. എന്നാൽ ഒരു കാലത്തു് വടമലപ്പുറം വേങ്ങനാടുനമ്പിയുടെ അധീനത്തിലാണിരുന്നതു്. ആ വംശത്തിൽപ്പെടവരാണു് ഇപ്പോഴത്തെ കൊല്ലംകോട്ടു രാജാക്കന്മാർ. വേങ്ങനാടിന്റെ തലസ്ഥാനമായിരുന്നു കൊല്ലംകോടു്.
6.20 കോലത്തിരി
ഈ രാജവംശം തിരുവിതാംകൂർ രാജകുടുംബംപോലെ ആദിചേരരാജാക്കന്മാരുടെ പരമ്പരയിൽ പെട്ടതാണു്. പെരുമാക്കന്മാരുടെ ശാസനങ്ങളിൽ കോലത്തിരി രാജാവിനെ സാക്ഷിയാക്കിയിട്ടില്ലാത്തതു് അക്കാലത്തു് കോലത്തുനാടു സ്വതന്ത്രമായിരുന്നതുകൊണ്ടായിരിക്കാം. ബ്രഹ്മാണ്ഡപുരാണത്തിൽ ഈ രാജ്യത്തെ കേരളത്തിൽ ഉൾപ്പെടുത്താതെ പ്രധാനപ്പെട നാലു ദാക്ഷിണാത്യരാജകുടുംബങ്ങളിൽ ഒന്നായി പറഞ്ഞിരിക്കുന്നതു നോക്കുക.
“പാണ്ഡ്യാശ്ച കേരളാശ്ചൈവ
ചോളാഃ കുല്യസ്തഥൈവ ച”
‘കൂവള’ശബ്ദത്തിന്റെ സങ്കുചിതരൂപമാണു് കോലം. തിരുവിതാംകൂർരാജകുടുംബത്തിനും കൂവളശബ്ദം ഉപയോഗിച്ചുവന്നിരിക്കുന്നുവെന്നുള്ള സംഗതിയും, വടക്കേ മലയാളത്തിൽ കോലത്തുനാടിനെ വടക്കൻകോലത്തിരി എന്നും, വേണാടിനെ തെക്കൻ കോലത്തിരി എന്നും വിളിക്കാറുണ്ടെന്നുള്ള വസ്തുതയും നോക്കുമ്പോൾ ഈ രണ്ടു രാജകുടുംബങ്ങൾക്കും തമ്മിലുള്ള വേഴ്ച കേവലം ദത്തുസംബന്ധംകൊണ്ടുണ്ടായതല്ലെന്നു കാണാം. കേരളത്തിലെ രാജാക്കന്മാരിൽ ഈ രണ്ടു കുടുംബങ്ങളോളം പുരാതനത്വം മറ്റൊരു രാജകുടുംബത്തിനും ഇല്ലെന്നു് മിസ്റ്റർ ശങ്കുണ്ണിമേനോൻ അഭിപ്രായപ്പെടിടുള്ളതു് ശരിയല്ലെന്നു പറവാൻ സാധിക്കയില്ല. വടക്കൻ കോലത്തിരി വംശത്തിലും ചിലർ തുലാഭാരം, ഹിരണ്യഗർഭം മുതലായ വൈദികക്രിയകൾ കഴിച്ചു് ചേരമാൻ പെരുമാൾസ്ഥാനം വഹിച്ചിരുന്നു. വടക്കേ മലയാളത്തിലേ ഏറ്റവും പ്രധാനപ്പെട രാജകുടുംബം കോലത്തിരിവംശമായിരുന്നെന്നു നിസ്സംശയം പറയാം. വടക്കൻ കൊല്ലംമുതൽ പെരുമ്പുഴവരെയുള്ള സ്ഥലം മുഴുവനും പണ്ടു് കോലത്തിരിക്കായിരുന്നു. അവരുടെ ആദ്യത്തെ തലസ്ഥാനം കരിപ്പത്തു് എന്ന സ്ഥലത്തായിരുന്നു. ക്രിസ്ത്വാബ്ദം ഒൻപതാംശതകത്തിൽ അവർ തലസ്ഥാനത്തെ ഏഴിമലയ്ക്കു മാറ്റുകയാൽ അവർക്കു് ഏഴിഭൂപന്മാർ എന്ന പേർ കൂടി സിദ്ധിച്ചു. [6]
കോലത്തിരി രാജാക്കന്മാരുടെ കാലത്തു് ഏകദേശം ഇരുനൂറ്റിഅമ്പതോളം തൗളവബ്രാഹ്മണർ, ആ നാടിൽകുടിയേറി. അവർ പിൻകുടുമ വെയ്ക്കയും മലയാളാചാരാങ്ങൾ സ്വീകരിക്കയും ചെയ്തു. അവരുടെ വംശക്കാരെയാണു് എമ്പ്രാന്മാർ എന്നു വിളിച്ചുവരുന്നതു്.
6.21 നീലേശ്വരം
ഇത് കോലത്തുനാടിന്റെ വടക്കേ ഖണ്ഡമാകുന്നു. കൊ. വ. 117-ാമാണ്ടിടയ്ക്കു് ഒരു കോലത്തിരി രാജാവു് തന്റെ പുത്രനെ അവിടത്തെ രാജാവായി വാഴിച്ചു. നീലേശ്വരംരാജാക്കന്മാർ തെക്കെളംകൂർ വംശക്കാരാണെന്നു പറയപ്പെടുന്നു. തെക്കളംകൂർ എവിടെ ആണോ ആവോ?
6.22 കോട്ടയം
ഈ രാജവംശത്തെപ്പറ്റി ഉദ്ദണ്ഡശാസ്ത്രികൾ.
“യേഷാം വംശേ സമജനി ഹരിശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ്ര! യദുപജ്ഞശ്ച കൗമാരിലാനാം”
എന്നു പറഞ്ഞിരിക്കുന്നു. കോട്ടയം രാജവംശം തിരുവിതാംകൂറിന്റെ ദക്ഷിണഖണ്ഡത്തിൽ കൂടിപാർത്തവരും ഒടുവിൽ വേണാടു രാജവംശത്തിൽ ലയിച്ചവരും ആയ യദുവംശ രാജാക്കന്മാരുടെ ഒരു ശാഖയായിരിക്കാൻ ഇടയുണ്ടു്. കോട്ടയം പുരളീ [7]
എന്നീ പേരുകൾ ഈ ഊഹത്തെ ബലപ്പെടുത്തുന്നു. പെരിപ്ലസ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവും ടോളമിയും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറെക്കരയിൽ പറേലിയ എന്നൊരു രാജ്യമുണ്ടെന്നും, അതു കോളംബപുരംമുതല്ക്കു് കന്യാകുമാരിക്കും അപ്പുറം കോൾക്ക എന്ന പാണ്ടിക്കരവരെ വ്യാപിച്ചു കിടക്കുന്നുവെന്നും രേഖപ്പെടുത്തീടുണ്ടു്. ഈ പറേലിയയുടെ തലസ്ഥാനം കൊടിയാറാ ആണെന്നും അവർ പറഞ്ഞിരിക്കുന്നു. പ്രസ്തുത നഗരം കോടാറായിരിക്കണമെന്നുള്ള കാൽഡ്വൽ സായ്പിന്റെ അഭിപ്രായം ശരിയായിരിക്കാനേ തരമുള്ളു. ഈ ലക്ഷ്യങ്ങളാൽ കോട്ടയം രാജാക്കന്മാരുടെ പൂർവ്വകുടുംബം തിരുവിതാംകൂറിലായിരുന്നെന്നു പറയാവുന്നതാണു്. കോട്ടയം കേരളവർമ്മരാജാ കുറെക്കാലം തിരുവിതാംകൂർ ഭരിക്കയും ചെയ്തിടുണ്ടല്ലോ.
6.23 കടത്തനാടു്
സാമൂതിരി പോർളാതിരിനാടു പിടിച്ചടക്കിയപ്പോൾ ആ രാജകുടുംബത്തിലെ ചില അംഗങ്ങൾ കോലത്തിരിയെ അഭയം പ്രാപിച്ചു. കോലത്തിരിയാകടെ അവരെ ബഹുമാനപൂർവ്വം സ്വീകരിച്ചു് അഭയം നല്കി. അങ്ങിനെ അവിടെ വന്നു ചേർന്നവരുടെ കൂട്ടത്തിൽ ഒരു രാജകന്യകയും ഉൾപ്പെടിരുന്നു. ആ കന്യകയെ കോലത്തിരി വടക്കെളംകൂർരാജാവു് വിവാഹം കഴിക്കയും അവരിൽനിന്നുണ്ടായ സന്താനങ്ങൾക്കായി കോലത്തുനാടിന്റെ തെക്കെ അംശമായ കടത്തനാടു ദാനം ചെയ്കയും ചെയ്തു. ഈ വിധത്തിലാണു് കടത്തനാട്ടു പോർളാതരിവംശത്തിന്റെ ഉത്ഭവം.
6.24 അറയ്ക്കൽ രാജവംശം
ഈ രാജവംശത്തിന്റെ ഉത്ഭവം ക്രിസ്ത്വാബ്ദം പന്ത്രണ്ടാം ശതകത്തിലായിരുന്നു. അരയൻകുളങ്ങര നായർ എന്ന ഒരു വിശ്വസ്തമന്ത്രി കോലത്തിരി രാജാവിനുണ്ടായിരുന്നു. അദ്ദേഹം മഹമ്മതുമതം സ്വീകരിച്ചു. എന്നിടും രാജാവു് അദ്ദേഹത്തിനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയില്ലെന്നു മാത്രമല്ല, വളരെക്കാലത്തേക്കു് അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുതന്നെ മന്ത്രിമാരെ നിയമിച്ചുവരികയും ചെയ്തു. അഞ്ചാമത്തെ തലമുറക്കാരനായ ആലിമൂസ കോലത്തിരിയുടെ ആവശ്യമനുസരിച്ചു് ലക്ഷദ്വീപും മാലദ്വീപും പിടിച്ചുകൊടുത്തുകൊണ്ടു്, അദ്ദേഹത്തിനായി രാജാവു് കണ്ണൂർതുറയും ഏതാനും ദേശങ്ങളും വിടുകൊടുത്തു. ഇങ്ങനെയാണു് അറയ്ക്കൽ ആലിരാജകുടുംബത്തിന്റെ ഉത്ഭവം.
വേറെയും ചില രാജകുടുംബങ്ങൾ ഉണ്ടായിരുന്നു. ഗ്രന്ഥവിസ്തരഭയത്താൽ, അവയെപ്പറ്റി യാതൊന്നും പ്രസ്താവിക്കുന്നില്ല.
കോലത്തിരി രാജാക്കന്മാർ പെരുമാക്കന്മാരുടെ കാലത്തും സ്വതന്ത്രന്മാരായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചല്ലോ. മറ്റു രാജാക്കന്മാരും പെരുമാൾവാഴ്ച അവസാനിച്ചതിനോടു കൂടി സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാൽ പോർട്ടുഗീസുകാരുടെ ആഗമനംവരേയുള്ള കേരളചരിത്രം മിക്കവാറും അജ്ഞാതമായിരിക്കുന്നേ ഉള്ളു. പുരാതന വസ്തുസംരക്ഷകഡിപ്പാർടുമെന്റുകാരുടെ പരിശ്രമഫലമായി നമുക്കു് ഈയിടെ വിശ്വാസയോഗ്യമായ പല രേഖകൾ കിടീടുണ്ടെങ്കിലും സമ്പൂർണ്ണമായ ഒരു കേരളചരിത്രം ഇനിയും എഴുതേണ്ടതായിത്തന്നെ ഇരിക്കുന്നു. ചരിത്രം എന്ന നാമധേയത്തിൽ ഇപ്പോൾ പ്രചരിച്ചിടുള്ള ഗ്രന്ഥങ്ങൾ മിക്കവയും പ്രമാദജടിലങ്ങളും അസത്യപ്രസ്താവങ്ങൾകൊണ്ടു നിർഭരങ്ങളുമാകുന്നു. ഈ വിഷയത്തിൽ ശ്രീമാൻ ശങ്കുണ്ണിമേനോനും അദ്ദേഹത്തിന്റെ പുത്രനായ മി: കെ. പി. പത്മനാഭമേനോനും ചെയ്തിടുള്ള പ്രയത്നങ്ങൾ അത്യന്തം സ്തുത്യർഹങ്ങളാണെങ്കിലും, അവരെ പിന്തുടരുന്നതിനു് ആരും ഇല്ലാതെ പോയതു് പരിതാപകരമായിരിക്കുന്നു.
ക്രിസ്ത്വബ്ദം ഒൻപതാം ശതകം അവസാനിച്ചപ്പോൾ, ചോളരാജാക്കന്മാർ പ്രബലന്മാരായിത്തുടങ്ങുകയും അവർ കൂടക്കൂടെ കേരളത്തെ ആക്രമിക്കയും ചെയ്തിടുണ്ടു്. ക്രി. പി. 985-ൽ രാജരാജദേവചോളനും ക്രി. പി. 1070-നും 1118-നും മദ്ധ്യേ ഒന്നാമത്തെ കുലോത്തുംഗചോളനുംരാജാവു് 1118-നും 1127-നും ഇടയ്ക്കു് വിക്രമചോളനും കേരളത്തെ കീഴടക്കിയതായി കാണുന്നു. ഇവരിൽ വിക്രമചോളൻ തോല്പിച്ച എടു രാജാക്കന്മാരുടെ കൂടത്തിൽ വേണാട്ടുരാജാവും ഉൾപ്പെടിരുന്നത്രേ. കേരളരാജാക്കന്മാർ തമ്മിലുണ്ടായ ശണ്ഠകളും കേരളത്തിന്റെ ശക്തിയെ ഏറെക്കുറെ ക്ഷീണിപ്പിച്ചു. ഈ ക്ഷീണം മലയാളബ്രാഹ്മണരുടേയും ഇടപ്രഭുക്കന്മാരുടേയും ശക്തിയെ വർദ്ധിപ്പിക്കുന്നതിനു സഹായ്യകമായും തീർന്നു. താവഴികൾ തമ്മിലും മത്സരങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. തിരുവിതാംകൂറിൽ ആ വഴക്കു് യോഗക്കാരുടേയും എടുവീട്ടിൽപിള്ളമാരുടേയും ശക്തി വർദ്ധിപ്പിച്ചതുപോലെ കൊച്ചിയിലെ മത്സരം സാമൂതിരിപ്പാടിന്റെ ആക്രമണത്തിനു പലപ്പോഴും ഇടയാക്കി.
സാമൂതിരി, കോലത്തുനാടു് ഒഴിച്ചുള്ള രാജാക്കന്മാരെ ഓരോന്നായി തോല്പിച്ചു. തന്റെ രാജ്യത്തിന്റെ അതിർത്തികളെ വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. കൊ. വ. ഇരുന്നൂറാമാണ്ടിനു മുമ്പേ തന്നെ സാമൂതിരി ഏറനാടിനോടുകൂടി പൊലനാടു്, നെടുങ്ങനാടു് ഈ രണ്ടു ദേശങ്ങളേയും ചേർത്തു. ഇരുന്നൂറാമാണ്ടു മുതല്ക്കു് രണ്ടു വർഷശതകാലത്തോളം സാമൂതിരിമാർ വള്ളുവനാടുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെടിരുന്നു. തൽഫലമായി ആ ദേശത്തിന്റെ ചില അംശങ്ങൾ സാമൂതിരിക്ക് അടങ്ങുകയുംചെയ്തു. കുറുമ്പ്രനാടും വാളനാടും സാമൂതിരിയുടെ മേൽക്കോയ്മ സ്വീകരിക്കേണ്ടതായി വന്നു. വടക്കേ മലയാളത്തിൽ കോലത്തിരിയും തെക്കേ മലയാളത്തിൽ വള്ളുവനാടു്, പാലക്കാടു്, വേങ്ങനാടു് എന്നീ നാടുകളും മാത്രമേ കോഴിക്കോടിന്റെ മേൽക്കോയ്മ സ്വീകരിക്കാതെ ഇരുന്നുള്ളു.
കോലത്തിരിയുടെ ശക്തിയും ഉത്തരോത്തരം വർദ്ധിച്ചുകൊണ്ടേ ഇരുന്നു. കൊല്ലവർഷം നാലാം ശതകത്തിന്റെ അവസാനത്തോടുകൂടി കോലസ്വരൂപം അത്യുന്നതാവസ്ഥയെ പ്രാപിച്ചു. എന്നാൽ ഇതിനിടയ്ക്ക് അവിടത്തെ കോലത്തിരി, തെക്കേ ഇളംകൂർ, വടക്കേ ഇളംകൂർ, നാലാംകൂർ, അഞ്ചാംകൂർ എന്നിങ്ങനെ വയഃക്രമം അനുസരിച്ചു ചെയ്ത സ്ഥാനവിഭാഗം പില്ക്കാലത്തു് പല ശണ്ഠകൾക്കു് ഇടവരുത്തുകയും ഒടുവിൽ രാജവംശത്തിന്റെ അധഃപതനത്തിനു കാരണമാകയും ചെയ്തു.
6.25 രാജ്യഭരണക്രമം
രാജാവു്, സ്വരൂപികൾ, ലോകർ ഇവ മൂന്നും ആയിരുന്നു രാജ്യഭരണയന്ത്രത്തിന്റെ പ്രധാനാംഗങ്ങൾ. സ്വരൂപികളുടെ കൂടത്തിൽ സാമന്തന്മാരും, ഇടപ്രഭുക്കന്മാരും, മാടമ്പികളും ഉൾപ്പെടിരുന്നു. മേൽക്കോയ്മയ്ക്കു് ശത്രുബാധ നേരിടുന്ന അവസരങ്ങളിൽ, അവരെ ആളുകൊണ്ടും ധനം കൊണ്ടും രക്ഷിക്കേണ്ട ചുമതല സ്വരൂപികളായ ദേശവാഴികൾക്കുണ്ടായിരുന്നു. എന്നാൽ ആ ദേശവാഴികളുടെ കീഴിലുള്ള നാടുകളെ ഭരിക്കുന്ന വിഷയത്തിൽ, മേൽക്കോയ്മയ്ക്കു കൈകടത്താൻ അവകാശമുണ്ടായിരുന്നില്ല.
ലോകരിൽ പ്രധാനികൾ നായന്മാരായിരുന്നു. [8] രാജാക്കന്മാർ മാലോകരുടെ അഭിപ്രായംകൂടി മുൻകൂടി അറിഞ്ഞേ രാജ്യത്തിനു പൊതുവേ സംബന്ധിക്കുന്ന കാര്യങ്ങളിൽ പ്രവേശിക്കാറുണ്ടായിരുന്നുള്ളു. കൊല്ലവർഷം 410-ാമാണ്ടു മേടമാസം 28-ാനു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീവീര ഇരവികേരളവർമ്മൻ തിരുവടി കൃഷിപ്പിഴ വരുന്ന കാലത്തു് നികുതി പിരിച്ചെടുക്കേണ്ടവിധത്തെപ്പറ്റി ചില തീരുമാനങ്ങൾ ചെയ്തതു് സ്വരൂപികളേയും കോതനല്ലൂർ സഭാവാസികളേയും ഗ്രാമക്കാരേയും വരുത്തി ആലോചിച്ചതിന്റെ ശേഷമായിരുന്നുവെന്നു് അന്നുണ്ടായ തിരുവെഴുത്തുവിളംബരത്തിൽ കാണുന്നു. മധുര നായ്ക്കന്മാരുടെ ആക്രമണകാലത്തു് പുതിയ ചില കരങ്ങൾ ഏർപ്പെടുത്തുന്നതിനു് മഹാരാജാവു് നിർബന്ധിതനായി. എടുവീട്ടിൽ പിള്ളമാരും യോഗത്തിൽ പോറ്റിമാരും നികുതി പിരിക്കുന്നു എന്ന വ്യാജേന ജനങ്ങളെ അത്യന്തം പീഡിപ്പിക്കയാൽ 878 അല്പശി 1-ാനു വടശ്ശേരിയിലെ നാടാർ യോഗം കൂടി നിശ്ചയങ്ങൾ പാസ്സാക്കിയത്രേ. മാർകഴിമാസം അശ്രാമത്തുവച്ചും ഒരു യോഗം നടന്നു. രാജസ്ഥാനത്തെപ്പറ്റി തങ്ങൾക്കുള്ള ഭക്തിയെ പ്രദർശിപ്പിക്കുന്നതോടുകൂടി കീഴ്‌നടപ്പനുസരിച്ചു് അഞ്ജലിമേൽവാരം മാത്രം കൊടുക്കുമെന്നും പതിവില്ലാത്ത കോടപ്പണം കൊടുക്കുന്നതല്ലെന്നും തങ്ങളുടെ പൂർവ്വികന്മാർ അനുഭവിച്ചു വന്ന അവകാശങ്ങളേയും നടത്തിവന്ന അധികാരങ്ങളേയും സംരക്ഷിക്കേണ്ടതാണെന്നും, അങ്ങനെ ചെയ്യുന്നതിനാൽ കോയ്മയിലെ ഉദ്യോഗം കൊണ്ടു കാലയാപനം ചെയ്യുന്നവർക്കു വല്ല നഷ്ടവും നേരിടുന്ന പക്ഷം ആ നഷ്ടത്തേ കൂടസ്വത്തിൽനിന്നും പരിഹരിക്കേണ്ടതാണെന്നും ആ യോഗത്തിൽ തീർച്ചയാക്കി. [9]
ഭടജനങ്ങളിൽ അധികഭാഗവും നായന്മാരായിരുന്നു. ശത്രുബാധ ഉണ്ടാവുന്ന അവസരങ്ങളിൽ സൈന്യശേഖരം സുകരമാക്കുന്നതിലേക്കു്, രാജ്യത്തെ നാടുകളായും, നാടുകളെ പകുതികളായും, പകുതികളെ കരകളായും വിഭജിച്ചിട്ടു് കരതോറും കരനാഥന്മാരേയും, പകുതി (ദേശം) തോറും ദേശവാഴികളോടും, നാടുതോറും നാടുവാഴികളെന്ന പേരോടുകൂടി ഇടപ്രഭുക്കന്മാരെയും നിശ്ചയിച്ചിരുന്നു. രാജാവു് ആവശ്യപ്പെടുന്ന അവസരത്തിൽ ദേശവാഴികൾ നായന്മാരോടുകൂടി യുദ്ധസന്നദ്ധരായി പുറപ്പെടണമെന്നായിരുന്നു വ്യവസ്ഥ. അങ്ങിനെ യുദ്ധം ചെയ്യുന്ന കാലത്തു് രാജാവു് ഭടന്മാരുടെ ചെലവുകൾ നടത്തി വന്നു. അല്ലാതെ അവർക്കു മാസപ്പടി കൊടുക്കുക പതിവില്ലായിരുന്നു. ഓരോ ദേശവഴിക്കും ‘ചാർന്ന’വരായി നൂറുവരെ നായന്മാരുണ്ടായിരിക്കും. എന്നാൽ നാടുവാഴിക്കു് മൂവായിരത്തോളം നായന്മാർ കാണുമായിരുന്നു. കയ്മൾ, കർത്താ ഇത്യാദിയായിരുന്നു നാടുവാഴികളുടേയും ദേശവാഴികളുടേയും സ്ഥാനങ്ങൾ.
കേരളമാഹാത്മ്യകർത്താവു് വർഗ്ഗീയസ്പർദ്ധ, കുറുമ്പു്, കൃതഘ്നത ഇത്യാദി ദുർഗ്ഗുണങ്ങളുടെ വാസഭൂമിയായിരുന്നിടും ഇത്തരം സ്ഥാനികളെ അപമാനിക്കാൻ ഒരുമ്പെടാതിരുന്നതു്, അവരുടെ കൈയൂക്കിനെ ഭയപ്പെടിടായിരിക്കുമോ എന്തോ? എഴുപത്തിഏഴുവരേയുള്ള അദ്ധ്യായങ്ങൾ വായിച്ചാൽ കേരളമാഹാത്മ്യകർത്താവു് നായന്മാരെ ശൂദ്രരായി ഗണിച്ചട്ടില്ലായിരുന്നുവെന്നുപോലും ഊഹിക്കാം. ആയുധാഭ്യാസശാലകല്പനാദ്ധ്യായത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
“അഷ്ടാദശവിധം പ്രോക്തമായുധാഭ്യാസശാസ്ത്രകം പതിനെട്ടു് അടവുകൾ
ദീർഘഞ്ച കടകഞ്ചൈവ ചടുലം മണ്ഡലം തഥാ
വൃത്തചക്രം സുകങ്കാളം വിജയം വിശ്വമോഹനം
തിര്യങ മണ്ഡലമന്യോന്യം ഗദയാ ഖേടഗഹ്വരം
ശത്രുഞ്ജയഞ്ച സൌഭദ്രം പടലഞ്ച പുരഞ്ജയം
കായവൃദ്ധിശ്ശിലാഖണ്ഡം ഗദാശാസ്ത്രമനുത്തമം.”
ഇങ്ങനെ പതിനെട്ടു് അടവുകളെ വിവരിച്ചിട്ടു് ആയുധം അഭ്യസിക്കുന്നതിനു് ശസ്ത്രാഭ്യാസശാലയിൽ ഒരു ‘നായകനെ’ നിയമിച്ചതായി പറയുന്നു.
“നിത്യാഭ്യാസായ തത്രാഥ
ഗവാക്ഷനാമനായകം
ഭാർഗ്ഗവഃ കല്പയിത്വാഥ
വേഷ്ടനഞ്ച ഗദാം ദദൗ”
പരശുരാമൻ പിന്നീടു് അവിടെനിന്നു് നായന്മാരോടു കൂടി ലക്ഷ്മീപുരത്തു ചെന്നു് അവിടെ ഒരു കളരി പണിയിച്ചു് അവിടെയും ഒരു നായകനെ ഗുരുവായി കല്പിച്ചിടു് അദ്ദേഹം നേരേ അംബികാപുരത്തേയ്ക്കു പുറപ്പെട്ടു. അവിടെ ആയുധഗുരുവായി നിശ്ചയിച്ചതു് ‘ക്രപനായക’നെ ആയിരുന്നു. അനന്തരം തിരുനാവായിൽ എത്തിയിട്ടു്, ഛത്രാലയനായകനെ നിയമിച്ചു.
നായകാനാം ഗുരുർഭൂത്വാ
തിഷ്ഠത്വം ഛത്രനായക
ഗദാഞ്ച വേഷ്ടനം ദത്വാ
ബാലപൂര്യാം യയൗ പ്രഭുഃ.
ബാലപുരി എന്നു് ഇവിടെ പറഞ്ഞിരിക്കുന്നതു് കൊച്ചിയേയാണു്. അവിടെ പാലിയാലയസംസ്ഥനായ നായകന്നായിരുന്നു ആ മാന്യപദവി സിദ്ധിച്ചതു്. പാലിയാലയ നായകൻ പാലിയത്തുമേനോൻ ആണെന്നു് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അവിടെനിന്നു് ഭാർഗ്ഗവരാമൻ ശ്രീവർദ്ധനപുരത്തു വന്നു് ‘അർക്കാലയനായക’നെ ‘ത്രിശതാർദ്ധസഹസ്രാണാം നായക’ (350,000നായ)ന്മാരുടേയും ഭൂപതിയുടേയും ഗുരുവായി കല്പിച്ചുവത്രേ. ഇങ്ങനെ അദ്ദേഹം ദേശംതോറും നടന്നു് കളരികളെ സ്ഥാപിച്ച് ആയുധഗുരുക്കന്മാരായി നായന്മാരെ നിയമിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ മൂന്നു് അദ്ധ്യായങ്ങളിൽ ഒരിടത്തും നായന്മാർ ശൂദ്രരാണെന്നു പറഞ്ഞിട്ടേ ഇല്ല. ആയുധഗുരുക്കന്മാർക്കു് പണിക്കർ, കുറുപ്പു് എന്നീ സ്ഥാനങ്ങളാണു് ഉണ്ടായിരുന്നതു്. ഒരു നായർകുടി ജനിച്ചാലുടനെ, വെടി വെയ്ക്കുക പതിവായിരുന്നെന്നും, അങ്ങനെ ചെയ്തുവന്നതു്, അവർക്കു മേലിൽ ഭയം എന്നൊരു ചേതോവികാരം ഉണ്ടാകാതിരിക്കാൻ വേണ്ടി ആയിരുന്നെന്നും തച്ചോളിപ്പാട്ടുകളിൽ പ്രസ്താവിച്ചിടുണ്ടു്. ഇപ്പോഴും മടലടിച്ച ശബ്ദം ഉണ്ടാക്കാറുണ്ടെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കീട്ടുള്ളവർ വളരെ ചുരുക്കമാകുന്നു ഓരോ കുടിയേയും മൂന്നു വയസ്സിൽ മുടി കളഞ്ഞ്, അഞ്ചു വയസ്സിൽ എഴുത്തിനിരുത്തണമെന്നായിരുന്നു പഴയ കാലത്തേ വ്യവസ്ഥ. മൂന്നു കൊല്ലംവരെ എഴുത്തു പഠിച്ചതിനുശേഷമേ ആയുധവിദ്യ അഭ്യസിച്ചു തുടങ്ങൂ. ശരീരത്തിനെ എണ്ണ തേച്ച് ഉഴിഞ്ഞ് നല്ലപോലെ വശപ്പെടുത്തിയതിനുശേഷം ഓടം, ചാടം, മറിച്ചിൽ മുതലായ അഭ്യാസങ്ങളും വിവിധങ്ങളായ ആയുധങ്ങളെക്കൊണ്ടുള്ള പ്രയോഗങ്ങളും ആശാന്മാർ അവരെ പഠിപ്പിച്ചുവന്നു. ‘പടിച്ചാലേ പണിക്കാരാവു’ എന്നൊരു പഴഞ്ചൊല്ലു കേരളത്തിലുണ്ടല്ലോ. പതിനെട്ടു് അടവുകളും പഠിക്കാത്തവൻ പണിക്കർസ്ഥാനത്തിനു് അർഹനായിരുന്നില്ല.
ഇക്കാലത്തു് ‘നായർ’ എന്ന പേരു് എല്ലാവരും ഉപയോഗിക്കാറുണ്ടെങ്കിലും, പുരാതനകാലത്തു് അങ്ങനെ പതിവില്ലായിരുന്നെന്നു് തച്ചോളിപ്പാട്ടുകൾ സാക്ഷ്യം വഹിക്കുന്നതിനു പുറമേ, വിദേശിയരും രേഖപ്പെടുത്തീടുണ്ടു്.
ആയുധവിദ്യ സിദ്ധിച്ചിടുള്ളവർക്കു് നായർ എന്ന സ്ഥാനപ്പേരു വിശേഷാൽ നൽകിവന്നുവെന്നു് പർച്ചാസും പറഞ്ഞിട്ടുണ്ടു്. ഈ സ്ഥാനത്തിനു് അർഹതയുള്ളവനെ വാൾ ധരിപ്പിച്ചിട്ടു് രാജാവു് അയാളുടെ ശിരസ്സിൽ കൈവച്ചു് മന്ത്രോച്ചാരണപുരസ്സരം ‘ബ്രാഹ്മണരേയും പശുക്കളേയും രക്ഷിക്കുക’ എന്നു കല്പിക്കുന്നു. ഇങ്ങനെ ആയിരുന്നുവത്രേ പണ്ടു് നായർപദത്തിൽ ആളുകളെ അവരോധിച്ചുവന്നതു്. യൂറോപ്പിൽ നൈറ്റ് സ്ഥാനം നൾകി വന്നതുപോലെ ആയിരുന്നു കേരളത്തിൽ നായർസ്ഥാനം കല്പിച്ചുവന്നതും. [10]
കേരളോല്പത്തി എഴുതിയ വിദ്വാനാണു് നായന്മാരെ പൊതുവെ ശൂദ്രവർഗ്ഗത്തിൽപ്പെടുത്തിയതു്. (1) കിരിയത്തു നായർ. (2) ഇല്ലത്തുനായർ. (3) സ്വരൂപത്തിൽ നായർ. (4) മേനോക്കി. (5) പട്ടോല മേനോൻ. (6) മാരാരു്. (7) പാദമംഗലം. (8) പള്ളിച്ചാൻ. (9) ചെമ്പുകൊടി നായർ. (10) ഓടത്തു നായർ. (11) എടച്ചേരി നായർ. (12) വടക്കാട്ടു നായർ (13) ആത്തൂർ നായർ. (14) അസ്തിക്കുറിച്ചി നായർ. ഇങ്ങനെ പതിന്നാലു വർഗ്ഗക്കാരായ നായന്മാരെ ആയുധാഭ്യാസം ചെയ്തു യുദ്ധത്തിനു പോവാൻ അനുവദിച്ചിരുന്നതായി കേരളോല്പത്തിയിൽ പ്രസ്താവിച്ചു കാണുന്നു. ആകെ പതിനെട്ടു ജാതിക്കാർ ഉണ്ടായിരുന്നതിൽ ബാക്കി നാലു ജാതിക്കാർക്കു് താളി പിഴിഞ്ഞു കുളിപ്പിക്ക, തണ്ടെടുക്ക, ചുമടു കെടുക, എള്ളിടുക, പൂഞ്ചേല മുക്കുക മുതലായ കൂലിച്ചേവുകങ്ങളാണത്രേ കല്പിച്ചിരുന്നതു്. ഇപ്രകാരം നായന്മാർ പിൽക്കാലത്തു് ‘ശൂദ്രരായി’ എണ്ണപ്പെട്ടു തുടങ്ങിയെങ്കിലും കേരളക്ഷിതിരത്നമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവു് ഇപ്രകാരം വിധിച്ചിരിക്കുന്നു. [11]
“കേവിച്ഛസ്ത്രഭൃതാം വര്യാസ്സർവശാസ്ത്രഭൃതാം വരാഃ;
തേഷാം വൈ ശസ്ത്രശാലാസു വർത്തന്തേഖിലദേവതാഃ”
“വിപ്രൈരപി ച തേ മാന്യാഃ പാണിപാദഭവാ അപി;
ഉത്ഥാനമാചരേത്തേഭ്യസ്സാർവഭൗമോപ്യസംശയഃ.
ശസ്ത്രിണാം ഗുരവസ്തേസ്വുഃപ്രാണശ്ശസ്ത്രേ ഫി ഭൂഭുജാം.”
ഇങ്ങനെ ചില വിധികൾ കാണുന്നതിനാൽ ക്ഷാത്രതേജസ്വികളായ നായന്മാരെ ബ്രാഹ്മണർ പൂജിച്ചുവന്നുവെന്നു് ഊഹിക്കാം. ജാതിവ്യത്യാസം ഉറച്ചശേഷവും, ആയുധം എടുക്കാനായി തലയിൽ കെടിക്കഴിഞ്ഞാൽ തിരികെ അതു് അഴിക്കുന്നതുവരെ മറ്റു ജാതിക്കാരെ തൊട്ടാൽ അശുദ്ധിയില്ലെന്നു് ഒരു നിയമവുമുണ്ടായിരുന്നു.
ഭടന്മാർ യുദ്ധത്തിനു പുറപ്പെടുമ്പോൾ ഉടുത്തുകെടുന്നതല്ലാതെ വിശേഷവസ്ത്രങ്ങളൊന്നും ധരിക്കാറുണ്ടായിരുന്നില്ല. അമ്പലപ്പുഴ വേലകളിക്കാരുടെ ഉടുത്തുകെട്ടു് കണ്ടിട്ടുള്ളവർക്കു് അതിന്റെ രീതി ഏതാണ്ടു് ഊഹിച്ചറിയാം. തച്ചോളി കുഞ്ഞിച്ചന്തു അങ്കം പൊരുതുന്നതിനു പുറപ്പെടുന്നതു് എങ്ങനെ എന്നു നോക്കുക.
“……………ചന്തു
നിലയറവാതിൽ തുറക്കുന്നുണ്ടു്
മെയ്യാഭരണപ്പെടി വലിച്ചുവച്ചു
ചമയങ്ങളൊക്കെയെടുത്തു ചന്തു
അങ്കപട്ടാട എടുക്കുന്നുണ്ടു്
പട്ടുതെറുത്തങ്ങുടുക്കുന്നുണ്ടു്”
നാല്പത്തിരുമുഴം പുള്ളിക്കച്ച
കുഴലീന്നു കച്ച വലിച്ചെടുത്തു
പന്തുകണക്കിൽ ചുരുട്ടികച്ച
ആകാശം ചൂണ്ടി എറിഞ്ഞു കച്ച
കച്ചേടെ വാലും പിടിച്ചു ചന്തു
അയ്യാളെകരം വരുന്ന മുമ്പിൽ
പകിരി തിരിഞ്ഞങ്ങു കെടുന്നുണ്ടേ
വടക്കൻ ഞെറിവെച്ചു ഞായംവെച്ചും
തെക്കൻ ഞെറിവെച്ചു കൂന്തൽവെച്ചും
ആനമുഖംവെച്ചും കെട്ടുന്നുണ്ടു്
കുതിരമുഖംവെച്ചും കെട്ടുന്നുണ്ടു്
ചന്തംപെരുമയിൽ കെട്ടുന്നുണ്ടു്
അങ്കപുലിവാലുഴിഞ്ഞു കെട്ടി
കച്ചചമയങ്ങൾ ചമഞ്ഞൊരുങ്ങി
ഏലസ്സരഞ്ഞാൺ അരമുറുക്കി
നാടു് വാഴികൊടുത്തൊരു പൊന്നുംതൊപ്പി
തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു
… … …
ചന്ദനപ്പരിശ പൊടിതുടച്ചു
ഉറുമിപ്പരിശ തൊഴുതെടുത്തു
വേഗത്തിൽ തന്നെയും പുറപ്പാടായി”
യൂറോപ്യൻ യുദ്ധസമ്പ്രദായം നടപ്പിൽ വരുന്നതിനു മുമ്പു് നായന്മാർ യുദ്ധം ചെയ്യാറുണ്ടായിരുന്നതെങ്ങനെ എന്നു് അറിയുന്നതിനു് വർത്തിമയുടെ ഒരു വിവരണം ഇവിടെ ഉദ്ധരിക്കാം. [12] സാധാരണയായി അവർ ദിവസംപ്രതി വാൾ, പരിച, കുന്തം ഇവയെ പയറ്റി ശീലിക്കുന്നു. കോഴിക്കോട്ടുരാജാവു് യുദ്ധത്തിനു പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ കീഴിൽ ലക്ഷത്തിൽ കുറയാതെ കാലാൾ ഉണ്ടായിരിക്കും. കുതിരകളെ ഉപയോഗിക്കാറില്ല. എന്നാൽ രാജാക്കന്മാർ ആനപ്പുറത്തു കയറിപ്പോകുന്നു. എല്ലാവരും കടുംചുവപ്പുനിറത്തിലുള്ള പട്ടു തലയിൽ കെട്ടിയിരിക്കും. അവരുടെ ആയുധങ്ങൾ വാളു്, പരിച, കുന്തം, വില്ലു് ഇതുകളാകുന്നു. കൊടിയുടെ സ്ഥാനത്തു് രാജാവു് ഒരു കുട പിടിക്കുന്നു.
“പടനിലത്തു് എത്തി ഇരുഭാഗക്കാരും തമ്മിൽ രണ്ടമ്പു് എയ്ത്തിന്റെ ദൂരത്തിലാകുമ്പോൾ രാജാവു് ഒരു ബ്രാഹ്മണനെ വിളിച്ചു് ഇപ്രകാരം പറയുന്നു. ‘ശത്രുവിന്റെ കൈനിലയിൽ പോയി ശത്രുരാജാവോടു് അദ്ദേഹത്തിന്റെ ആളുകളായ നൂറു നായന്മാരെ അയയ്ക്കാൻ പറയൂ. ഞാൻ എന്റെ ആളുകളായ നൂറു നായന്മാരോടു കൂടി വരാം.” ഇങ്ങനെ ഓരോ ഭാഗത്തെ നൂറു നൂറു ആളുകൾ വീതം പടനിലത്തിന്റെ നടുവിൽവന്നു് യുദ്ധം ആരംഭിക്കുന്നു. മൂന്നു ദിവസംവരെ ഇങ്ങനെ നിന്നു പൊരുതിയാലും അവർ ഒരിക്കൽ തലയ്ക്കു നേരെ രണ്ടും കാലിന്മേൽ ഒന്നും വീതം അടിക്കയോ ഇടിക്കയോ കുത്തുകയോ ചെയ്യുന്നതല്ലാതെ ഒന്നും പ്രവർത്തിക്കയില്ല. ഓരോ ഭാഗത്തും നാലോ ആറോ ആൾ മരിച്ചാൽ ഉടനെ പൊരുതി നിൽക്കുന്നവരുടെ ഇടയിൽ ബ്രാഹ്മണർ വന്നു് അവരെ വേർപെടുത്തി അവരുടെ കൈനിലയിൽ അയയ്ക്കും. എന്നിടു് ഈ ബ്രാഹ്മണർ ഇരുഭാഗത്തെയും സൈന്യത്തിൽ പോയി, ഇനിയും യുദ്ധം വേണോ എന്നു ചോദിക്കും. വേണ്ട എന്നു രാജാക്കന്മാർ മറുപടിയും പറയും. ഇങ്ങനെ ഓരോ ഭാഗത്തുനിന്നു് നൂറു നൂറു നായന്മാർ വീതം വന്നു യുദ്ധം ചെയ്യുന്നു.
“അവർ പടവെടിയതു് ഇപ്രകാരമാണു്. രണ്ടു മൂവായിരം നായന്മാർ വാദ്യഘോഷത്തോടും വെടിക്കെട്ടുകളോടും ഓരോ മുക്കിലായി പാഞ്ഞു നേരിട്ടു് ഓടിവന്നു. അവർ പാച്ചിലിന്റെ ഊക്കുകൊണ്ടു് പതിനായിരം ആളുകളെക്കൂടി ഭയപ്പെടുത്തിക്കളയും.” വേറെയും പല പാശ്ചാത്യന്മാർ നായർഭടന്മാരുടെ ധൈര്യപരാക്രമങ്ങളേയും സത്യനിഷ്ഠയേയും മറ്റും പറ്റി രേഖപ്പെടുത്തീടുണ്ടു്.
രാത്രികാലത്തോ ഒളിവിൽ പതുങ്ങിയിരുന്നോ അവർ ഒരു കാലത്തും യുദ്ധം ചെയ്യാറുണ്ടായിരുന്നില്ല. “സൂര്യൻ ഉദിച്ചു പൊങ്ങിയതിന്റെ ശേഷം പകൽ സമയത്തു മാത്രമേ അവർ പട വെട്ടുകയുള്ളു. ഇരുഭാഗക്കാരുടേയും കൈനിലകൾ അടുത്തിരിക്കും. രാത്രി മുഴുവനും രണ്ടു ഭാഗക്കാരും അല്ലൽ കൂടാതെ സുഖമായി ഉറങ്ങുന്നു. നേരം പുലർന്നു് സൂര്യോദയമായാൽ രണ്ടു കൂടരും കുളത്തിങ്കൽ കൂടി, കുളി മുതലായ [13]
നിത്യവൃത്തികളും സാപ്പാടും കഴിച്ചു്, ചട കുപ്പായം മുതലായതു ധരിച്ചു്, മുറുക്കി വെടിയും നേരമ്പോക്കും പറഞ്ഞുകൊണ്ടിരിക്കും. പടഹദ്ധ്വനി കേട ഉടനെ അവരവരുടെ കൈനിലയിലേക്കു പോന്നു് അണി നിരക്കുന്നു. ആദ്യമായി പടഹമടിക്കുന്നതു മിടുക്കായി വിചാരിച്ചുവന്നുവെങ്കിലും മറുഭാഗത്തെ പടഹദ്ധ്വനി കേൾക്കുന്നതിനു മുമ്പു് പട തുടങ്ങിക്കൂട. ആദ്യത്തേ അണിയിൽ വാൾക്കാർ നിൽക്കുന്നു. അവരുടെ പരിചകൾ തമ്മിൽത്തമ്മിൽ തൊട്ടു് നിലത്തോടു ചേർത്തു പിടിച്ചുംകൊണ്ടു് കുനിഞ്ഞു താണു് പദം പദമായി ചുവടുവെച്ചു് എത്രയും സാവധാനത്തിൽ മുമ്പോക്കം വന്നുതുടങ്ങും. അതിന്റെ പിന്നാലെ വില്ലുകാർ ശത്രുസൈന്യത്തിന്റെ കാലുകളിന്മേൽ കൊള്ളത്തക്കവണ്ണം നിലത്തോടു ചേർത്തു് അമ്പുപൊഴിക്കും. അവരുടെ കൂടത്തിൽ കരിമരംകൊണ്ടുണ്ടാക്കപ്പെട്ട ഘനമുള്ള ഗദകളോ മൂർച്ചയുള്ള ഇരിമ്പുചക്രങ്ങളോ നിലത്തോടു അടുപ്പിച്ചു് ശക്തിയോടെ എറിയുന്നവരും ഉണ്ടാകും. ഈ വക ആയുധങ്ങൾ വല്ല എല്ലിന്മേലും കൊണ്ടാൽ ആ എല്ലു് തകർന്നുപോകും.
“എല്ലാത്തിനും പിന്നിലായി ഈടിക്കാരും കുന്തക്കാരും വരും. തമ്മിൽ ശണ്ഠ പിടിക്കുന്നതു് എപ്പോഴും മൈതാനമായ സ്ഥലത്തുവെച്ചാണു്. മുമ്പോടുള്ള എല്ലാവരുടേയും ഗതി കുനിഞ്ഞും വളരെ സാവധാനത്തിലും ആണു്. ചുവടുവെച്ചു് മുമ്പോടു കടന്നു് പിന്നോക്കം മാറിയും, പിന്നെയും മുമ്പോടുവന്നും പിന്നെയും പിന്നോക്കം ചെന്നും ഇങ്ങനെ ചില സമയം ഒരു ദിവസം മുഴുവനും കഴിച്ചുകൂടി എന്നുവരും. പടഹദ്ധ്വനി കേട്ടാൽ എല്ലാവരും ശണ്ഠമതിയാക്കി അന്നത്തേ പടനിർത്തുന്നു. എന്നാൽ ഇരുഭാഗക്കാരുടേയും മുമ്പോക്കമോ പിന്നോക്കമോ ഉള്ള ഗതി നിൽക്കുമ്പോൾ മാത്രമേ പടഹമടിക്കാൻ പാടുള്ളു.”
“പടഹദ്ധ്വനി കേട്ടാൽ ഉടനെ പട പിരിഞ്ഞു് അതു വരെ തമ്മിൽ ശണ്ഠയിടിരുന്നവർ ഒന്നായിക്കൂടി ഉല്ലസിക്കുന്നു. ജ്യേഷ്ഠാനുജന്മാരെ ധർമ്മയുദ്ധത്തിൽ കൊലപ്പെടുത്തിയവരുടെ മേൽപ്പോലും മുഷിച്ചലും ദ്വേഷവും വിചാരിക്കയില്ല.” [14]
നായന്മാരുടെ ഇടയിൽ അക്കാലത്തു നടപ്പുണ്ടായിരുന്ന ചില ആചാരങ്ങളേയും ഈ സന്ദർഭത്തിൽ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ടു്. ആയുധം കൂടാതെ ഒരു നായരും പുറത്തു സഞ്ചരിക്ക പതിവില്ലായിരുന്നു. [15] ആരെങ്കിലും ഒരു നായരെ അവമാനിക്കയോ ഉപദ്രവിക്കയോ ചെയ്താൽ അവർ ഉടനെ അയാളുടെ വാളിനു് ഇരയാകും. പതിനെട്ടാം ശതകം വരെയും അതിനിപ്പുറവും കേരളത്തെ സന്ദർശിച്ചിടുള്ളവരെല്ലാം ഈ വിഷയത്തിൽ സാക്ഷ്യം വഹിക്കുന്നുണ്ടു്. റോമിലും മറ്റും പണ്ടു നടപ്പുണ്ടായിരുന്ന രീതിയിൽ കുടിപ്പക എന്നൊന്നു് ഇവിടെയും ഉണ്ടായിരുന്നു. തന്റെ കുടുംബത്തിൽ ആരെയെങ്കിലും അവമാനിക്കയോ വഞ്ചിക്കയോ ഉപദ്രവിക്കയോ ചെയ്ത ഒരുവനോടോ, അവൻ മരിച്ചുപോയാൽ അവന്റെ കുടുംബത്തോടോ പക വീടാതെ ഒരു കേരളീയൻ അടങ്ങാറില്ലായിരുന്നു. ഒരു നായരെ ഒരാൾ കൊലപ്പെടുത്തി എന്നിരിക്കടെ. മരിച്ച ആളുടെ അടുത്ത ചാർച്ചക്കാർ അയാളുടെ രക്തത്തിൽ ഒരു തുണി മുക്കിയെടുത്തിടു്, ആ കുടിപ്പക തീർക്കുന്നതുവരെ, അതിനെ സൂക്ഷിച്ചുകൊള്ളാമെന്നു് ശപഥം ചെയ്യും. മൃതശരീരത്തെ ഘാതകന്റെ ഗൃഹത്തിൽ കൊണ്ടുചെന്നിട്ടു് വീടോടുകൂടി ദഹിപ്പിക്ക പതിവായിരുന്നെന്നു് മിസ്റ്റർ ലോഗൻ പറയുന്നു. ഒരു നായർസ്ത്രീയെ താഴ്‌ന്ന ജാതിക്കാരിലാരെങ്കിലും തൊടുപോയാൽ അവനേ അവിടെവെച്ചുതന്നെ കൊല്ലുകയും അവൾക്കു ഭ്രഷ്ടുകല്പിക്കയും ചെയ്തുവന്നു.
അങ്കം പൊരുതുക എന്നൊരു സമ്പ്രദായം കേരളത്തിൽ പ്രചരിച്ചിരുന്നു. അന്യൻ ദുഷിക്കയോ മറ്റേതെങ്കിലും വിധത്തിൽ അവമാനിക്കയോ ചെയ്താൽ അവർ തമ്മിലോ അവരുടെ പ്രതിനിധികൾ തമ്മിലോ അങ്കംപൊരുതു വന്നു. ഇതിനു് യൂറോപ്പിലെ മല്ലയുദ്ധത്തിനോടു duelling സാദൃശ്യമുണ്ടായിരുന്നു. ഈ വിഷയത്തിൽ നാടുവാഴിയാണു് മാദ്ധ്യസ്ഥ്യം വഹിച്ചുവന്നതു്. എന്നാൽ അപ്രകാരം മാദ്ധ്യസ്ഥ്യം വഹിക്കുന്നവകയ്ക്ക് ഒരു നിശ്ചിതസംഖ്യ കെട്ടിവയ്ക്കണമെന്നായിരുന്നു നിയമം. അവകാശത്തർക്കം തീർക്കുന്നതിനും അങ്കംപൊരുതാറുണ്ടായിരുന്നുവെന്നു് തച്ചോളിപ്പാടുകളിൽ നിന്നു ഗ്രഹിക്കും. ‘ആരോമൽ ചേകവർ അങ്കം പൊരുതുന്ന പാട്ടു്’ ഈ മാതിരിയിലുള്ള ഒരു ദ്വന്ദ്വയുദ്ധത്തിനെ സംബന്ധിച്ചാണു്.
പടക്കളി അഥവാ ഓണത്തല്ലു് എന്നൊരു കാര്യമായ വിനോദം ഈ അടുത്തകാലം വരെ നിലനിന്നു. ഒരു ദേശത്തുള്ളവർ രണ്ടു സംഘക്കാരായി പിരിഞ്ഞു് ഓണത്തുന്നാൾ ഊണുകഴിഞ്ഞു് രാജാക്കന്മാരുടേയും നാടുവാഴികളുടേയും സ്ത്രീജനങ്ങളുടേയും മുമ്പിൽവെച്ചു് യുദ്ധം നടത്തുകയാണു് ഓണത്തല്ലിന്റെ പ്രധാന ചടങ്ങു്. ഇപ്രകാരമുള്ള ഒരു യുദ്ധത്തെ ആണു് ഹര്യക്ഷസമരോത്സവം എന്നു ഗാനത്തിൽ വർണ്ണിച്ചിരിക്കുന്നത്.
6.26 രാജഭോഗം
അക്കാലത്തു നടപ്പിലിരുന്ന പലമാതിരി നികുതികളിൽ ചിലതിനെപ്പറ്റി താഴെ ഉദ്ധരിച്ചിരിക്കുന്ന ശിലാലേഖനത്തിൽ നിന്നു ഗ്രഹിക്കാം.
“സ്വസ്തി ശ്രീകോനേർ ഇൽമൈകൊണ്ടാൻ യാണ്ടു നാലുനാൾ നൂറ്റൈമ്പത്തുനാലിനാൽ ഇരട്ടൈ പാടി ഏഴരൈ ഇലക്കമു കൊണ്ടു പേരാറ്റംകരൈയ്ക്കൊപ്പത്തു ആഹവ മല്ലനൈ അഞ്ചുവിത്തു ആനൈയും കുതിരയും പെണ്ടീർ പണ്ടാരമും കൈക്കൊണ്ടു വിജയ അപിഷേകം ചെയ്തു വീരസിഹാസനത്തു വീറ്റിരുന്തരുളിന കോപ്പറകേചരി ന്മാരായ ഉടൈയാർ ശ്രീരാജേന്തിരതേവരകം കൈക്കൊണ്ടു ചോഴപുരത്തു നാം കേരളൻ മാളികൈയിൽ (തേവാതാന)ത്തു കാടുവെടിയിൽ എഴുത്തി(ൽ വരിയിലിട്ടിരു)ന്ത രാജരാജപാണ്ടിനാടു ഉത്തമചോഴവളനാട്ടുപ്പുറത്തായ നാടുക്കുമരിയാനകം (കൈകൊ)ണ്ട ചേരഴപുരത്തു കന്നിപ്പിടാരിയാർ തേവതാനമാന വിടക്കടവ ഊർക്കഴഞ്ചു (1) കുമരിക്കച്ചാണമു (2) മീൻപാടമും (3) തറിപ്പുടൈവൈയും (4) തട്ടാരപ്പാടമും (5) ഉള്ളിട്ട കീഴിരൈപാടമും മേരമുംതിങ്കൾ കരമേ കാലളവു പാട്ടമും (6) കാവൽക്കൂലിയും (7) കോൽക്കൂലിയും (8) ആട്ടുപ്പാട്ടമും (9) പേർമുതലായമും (10) തരകുകൂലിയും (11) അന്തരായങ്കൾ കരൈക്കുടലായ് വരുകിറൈ പടിയാണ്ടു നാലിൽ പലമുതൽ തവിർന്തരുളിന (കടമൈവേ)ണ്ടും നിവന്തങ്കളുക്കു ഇരുപ്പതാകവും ഇവ്വൂർ രാജരാജേശ്വരമുടൈയ തേവതാനമാന ഊർകൾ, കടവ ഊർക്കഴഞ്ചു കുമരിക്കച്ചാണവും, മീൻപാടമും, തറിഇരൈ തടാരമും ഉള്ളിടകീഴിരൈപ്പാടം മുതലാന പാടവും പാടികാവർകൂലിയും ആട്ടുപ്പാട്ടമും (12) കാലളവുപാട്ടമും പാടികാവർകൂലിയും ആട്ടുപ്പാട്ടമും പേർ മുതലായമും തരകുകൂലിയും ഉള്ളിട അന്തരായങ്കൾ കരൈക്കടലായ് വരുകിന്റ പടിയാണ്ടു നാലവതു മുതൽ തവിർന്തു ഇത്തേവർക്കുവേണ്ടി നിവന്തങ്കളുക്കു ഇറപ്പതാകവും ഇവ്വൂർ രാജനരാജൻ ചാലൈക്കുപോകമാന ഊർകൾ കടവ ഊർക്കഴഞ്ചു കുമരിക്കച്ചാണമും മീൻപാട്ടമും ഇലൈവാണിയപ്പാട്ടമും കാലളവു പാട്ടമും പാടുകാവർകൂലിയും ആട്ടുപ്പാട്ടമും നേർ മുതലായമും തരകുകൂലിയും ഉള്ളിട അന്തരായങ്കൾ കരൈക്കുടലായ് വരുകിൻറ പടിയാണ്ടു നാലാവതു മുതൽ തവിർന്തുവേണ്ടു നിവർന്തങ്കളക്കു ഇരുപ്പതാകവും. [16]
ഇപ്പടിയാണ്ടു നാലാവതുമുതൽ ഇരയിലിയാകവരിയിലത്തിരുവായ് മൊഴിന്തരുളിനാർ എൻറു തിരുമന്തിരവോലൈ ജയം കൊണ്ടു ചോഴമകാരാജൻ എഴുപത്തിനാലും തിരുമന്തിരവോലൈ നായകം ഉത്തമചോഴകോനും രാജരാജ ബ്രഹ്മരായനും കാലിങ്കരാജനും തൊണ്ടൈമാനും തിരുപുവനപ്പല്ലവൻ നാടുടൈയോനും പൂപേന്തിരചോഴ കകന തിരുവപ്പോരയനും ഒപ്പിട്ടുപ്പുകന്ത കേൾവി വരിയിട്ടുകൊൾക എൻറു ചില്ലവരാജരും കാടുവെട്ടികളും ഏവ ഇവർകൾ ഏവിനപടി ഉടൻ കൂടത്തു അധികാരികൾ,
രാജരാജമഴവരായരും
രാജരാജ ചോഴബ്രഹ്മരായരും–
491 കുംഭം 21-ാംതീയതിയിലെ കേരളപുരം രേഖയിൽ ഓതിരൈ, അഴകെരുതു, പനക്കരം, കരൈപ്പാട്ടം, ആനൈവരി മുതലായ മറ്റു ചില കരങ്ങളേയും പ്രസ്താവിച്ചിടുണ്ടു്.
ഏതൽക്കാലസ്ഥിതിഗതികളെ രാമവർമ്മ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് ഭൂതരായർ എന്ന ആഖ്യായികയിൽ ഇങ്ങനെ സരസമായി വർണ്ണിച്ചിരിക്കുന്നു. [17]
“കൂരോടു മേഞ്ഞ പുരകൾ കേരളത്തിൽ അന്നുണ്ടായിരുന്നില്ല. ഓലമേഞ്ഞ അരമനകൾ അരചരുടെ അവസ്ഥയ്ക്കൊരു കുറവും വരുത്തിയിരുന്നില്ല. വയ്ക്കോൽപ്പുരയിൽ പാർത്തിരുന്ന വലിയവരെക്കുറിച്ചു കുറ്റവും കുറവും ആരും പറഞ്ഞിരുന്നതും ഇല്ല. എട്ടുകെടും നടപ്പുരയും തെക്കേക്കെട്ടുമാളികയും ആയാൽ നാടിന്നുടയവന്റെ പെരുമയ്ക്കു പോന്നതായി. നാലുകെട്ടും പുരയും നാലുപേർ കേടാൽ നിരക്കാതിരുന്നില്ല. പദവിയില്ലാത്തവർ പടിപ്പുര പണിതാൽ നാട്ടിലൊക്കെ കൂട്ടവും കുറിയുമായി. പാമ്പിൻകാവും മുല്ലത്തറയ്ക്കൽ ഭഗവതിയും നടുമുറ്റത്തു തുളസിത്തറയും വടക്കിനിയിലോ പടിഞ്ഞാറ്റയിലോ പരദേവതയും ഇല്ലാത്ത തറവാടുകൾ തറവാടുകളായിരുന്നില്ല. നാല്പത്തീരടി നിലം വീതം നാടുതോറും കേരളത്തിൽ കളരികൾക്കായി ഉഴിഞ്ഞിട്ടിരുന്നു. നൂറ്റെട്ടു നാല്പത്തീരടി നിലങ്ങൾക്കു് ആശായ്മസ്ഥാനം വഹിച്ചിരുന്ന പണിക്കന്മാരും കുറുപ്പന്മാരും കുടിവെച്ചിരുന്ന കാരണവന്മാർക്കും കുലദൈവങ്ങൾക്കും കണക്കിൽ കവിഞ്ഞുകുടിയിരുപ്പുകൾ ഏർപ്പെടുത്തിയിരുന്നു. മാലോകർ കുടിപാർത്തിരുന്ന ഇടങ്ങളിൽ അമ്പലങ്ങളും കുളങ്ങളും ചിറകളും ചാലുകളും പുഴകളും പാടങ്ങളും അടിപരന്ന അരയാലുകളും മുടി കുളുർത്ത മുല്ലമലർക്കാവുകളും ഒത്തിണങ്ങി ജലസൗഖ്യത്തേയും ലോഭം കൂടാതെ നൽകിയിരുന്നു. ഒരിടത്തു പടനിലം, മറ്റൊരിടത്തു കൈനിലം. കോട, കൊത്തളം, കഴുനിലം, കൂത്തുപറമ്പു്, നിലവാട്ടുതറ, പട്ടിണിപ്പുര മുതലായി രക്ഷയ്ക്കും ശിക്ഷയ്ക്കും വിനോദത്തിനും വിരോധത്തിനും ഉതകുന്ന സങ്കേതസ്ഥാനങ്ങൾ അന്നത്തെ നാട്ടുനടപടികളെ പ്രത്യക്ഷപ്പെടുത്തുന്ന ലക്ഷ്യങ്ങളായിരുന്നു.
“ഗ്രാമസങ്കേതങ്ങൾ വിട്ടാൽ പിന്നെ ഉൾനാടെന്നും പുറനാടെന്നും ഉള്ള വ്യത്യാസം അത്ര കാര്യമായിരുന്നില്ല. അവിടങ്ങൾ ആൾ പെരുമാറ്റം കുറഞ്ഞും കാടു തോടു്, കുണ്ടു കുഴി, കല്ലു കരടു കാഞ്ഞിരക്കുറ്റി, മുള്ളു മുരട്ടു മൂർക്കൻപാമ്പു മുതലായി വിജനസ്ഥലങ്ങൾക്കു സഹജങ്ങളായ സാമഗ്രികളെക്കൊണ്ടു നിറഞ്ഞും കിടന്നിരുന്നു. മുന്നൂറ്റവർ, അഞ്ഞൂറ്റവർ, അറുന്നൂറ്റവർ, ഒന്നുകുറഞ്ഞ് ആയിരത്തവർ, അയ്യായിരത്തവർ എന്നു തുടങ്ങിയ നാടുവാഴിത്തലവന്മാരുടേയും തളിയാതിരിമാരുടേയും ചേവകം ഏറ്റുകൊണ്ടും നായാട്ടു നടത്തിക്കൊണ്ടും കാലക്ഷേപം കഴിച്ചപോന്നകാവൽച്ചെങ്ങ തികളുടെ കുടിയിടങ്ങളും അവർ വില്ലു കുത്തി കണ്ണുറപ്പിച്ചു നിൽക്കുന്ന മാടുകളും മേടുകളും ഈ വിജനപ്രദേശങ്ങളിൽ അവിടവിടെ ചിന്നിച്ചിതറിക്കിടക്കുന്നതു കാണാമായിരുന്നു. ഓരോരോ ചേരിക്കാർ പടയാളികളെ പാർപ്പിച്ചിരുന്നതും, കുറ്റിയും വാടയും തീർത്തുറപ്പിച്ചിരുന്നതും ആയ ചേറ്റിൽ കൊടിലുകളെന്നും പടക്കൊടിലുകളെന്നും പറഞ്ഞുവന്നിരുന്ന സങ്കേതങ്ങളും എതിരാളികളുടെ കയ്യേറ്റങ്ങളുണ്ടാവുന്ന അതിരുകളിൽ അങ്ങുമിങ്ങും കണ്ടിരുന്നു.”
***
“ദേശസഞ്ചാരത്തിനെന്നല്ല ദേശം പകരുവാൻ തന്നെ, ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഇട്ടുപടി ചാടിക്കടക്കണം, കടമ്പ കേറിക്കടക്കണം, കല്ലും മുള്ളും നോക്കിച്ചവുടണം, കുണ്ടനിടവഴിയിൽ കുനിഞ്ഞുനടക്കണം, വരമ്പത്തു വഴുക്കാതെ നോക്കണം. വരുന്നവർക്കൊക്കെ വഴി മാറിക്കൊടുക്കണം, തോടു കവച്ചു കടക്കണം, ചാലു ചാടിക്കടക്കണം, പുഴ നീന്തിക്കടക്കണം, കുണ്ടിറങ്ങിക്കയറണം, കുന്നുകേറി മറിയണം. ഇങ്ങനെയുള്ള യാത്രയ്ക്കു് ഏകദേശം ഒത്തതുതന്നെ ആയിരുന്നു അന്നത്തെ വാഹനങ്ങളും. തണ്ടിൽ കേറി മലർന്നുകിടന്നാൽ, തണ്ടെല്ലു നിവർത്തുവാൻ അമാലന്മാരുടെ അനുവാദം വേണം. മഴ പെയ്താൽ മുക്കാലും കൊള്ളാം. തണ്ടെടുത്തു മൂളിക്കുന്നവരുടെ കാലിടറാതെയിരുന്നാൽ വീഴാതെയും കഴിക്കാം. കുതിരയെ നടത്തുന്നതല്ലാതെ ഓടിക്കുവാൻ അഭ്യാസികൾക്കൊഴികെ സാധാരണക്കാർക്കു സാധിച്ചിരുന്നില്ല. അപൂർവ്വം ചിലർക്കുമാത്രമേ ആനപ്പുറത്തു കയറി നടക്കുവാൻ അധികാരമുണ്ടായിരുന്നുള്ളു. പടയ്ക്കുപോകുന്ന പ്രമാണികളും കിടാങ്ങളും ഒഴികെ ആരും ആൾക്കഴുത്തിൽ കയറുക പതിവു് ഉണ്ടായിരുന്നില്ല.”
“വിനോദങ്ങൾക്കുള്ള വഴികൾ മലർക്കേ തുറന്നുതന്നെ കിടന്നിരുന്നു. ആചാരനിഷ്ഠയ്ക്കും മതവിശ്വാസത്തിനും ഉറപ്പും പരപ്പും കൂടിയിരുന്നു. വീര്യവും ശൗര്യവും കൂറുമത്സരവും സ്ഥാനവഴക്കും മുഴുത്തിരുന്ന കാലമായിരുന്നതുകൊണ്ടു് കാലക്ഷേപത്തിന്നു കഷ്ടപ്പാടൊട്ടുമുണ്ടായിരുന്നില്ല. അങ്കംവെട്ടു്, പടകളി, ഓണത്തല്ലു തുടങ്ങിയ വീരപരീക്ഷകളും ചൂതുകളി, ചതുരംഗം, തലപ്പന്തു മുതലായ വീട്ടുവിനോദങ്ങളും, കാരം, കടുന്തുടി തൊടുള്ള കുടിക്കളികളും, കൈകൊട്ടിക്കളി, ഉഴിഞ്ഞാൽ എന്നു തുടങ്ങിയ അബലാലീലകളും കൂത്തുംപാട്ടും, കൊട്ടും വേലയും മറ്റുമായി നാനാജാതികൾക്കും പല പ്രായങ്ങൾക്കും, അനേക രുചിഭേദങ്ങൾക്കും, എല്ലാ സ്ഥാനങ്ങൾക്കും, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും, പാകത്തിനുള്ള വിവിധ വിനോദങ്ങൾ കാണ്മാനും കേൾപ്പാനും അനുഭവിപ്പാനും ഒത്തവണ്ണം വേണ്ടുവോളമുണ്ടായിരുന്നു.”
“കലക്കമില്ലാത്ത കല്യാണപ്പന്തൽ മലനാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. കൂറു ചൊല്ലിയും സ്ഥാനം പിടിച്ചും വഴക്കില്ലാത്ത വീടുകളില്ല. അടിപിടിയില്ലാത്ത അടിയന്തിരങ്ങൾ ഇല്ല. പേരുകേട്ടോരു പൊങ്കൊടിയാൾക്കു വേണ്ടി പ്രാണൻ കളവാൻ മടിച്ചിരുന്നവരില്ല. തന്നതും തിന്നതും മറക്കുന്നവരില്ല. നാണം കെട്ട നായരില്ല. മാനംകെട്ട മനുഷ്യനില്ല. നേരില്ലാത്തവരാരുമില്ല. കോണവും കുടുമയും നേരും നെറിയും വിടുള്ള മര്യാദകളും അന്നൊന്നുമുണ്ടായിരുന്നില്ല.”
“കൊടുക്കേണ്ടും പണം കൊടുക്കാതിരുന്നാൽ പട്ടിണിപ്പുരയിലോ പടിപ്പുരയിലോ കുളപ്പുരയിലോ പട്ടിണികിടന്നു കടക്കാരന്റെ കുടി കെടുത്തോ, കള്ളക്കുറ്റി പിരിച്ചോ അല്ലാതെ പിന്തിരികയില്ല. തറവാടുകൾ തമ്മിൽ വൈരമുണ്ടായാൽ വാളെടുത്തു കുടിപ്പക വീടും. ‘ഇണങ്ങീടെങ്കിൽ പൊട്ടു്, പിണങ്ങീടെങ്കിൽ വെട്ടു്,’ എന്നായിരുന്നു അക്കാലത്തെ ന്യായം. കൂറുചൊല്ലി വഴക്കടിച്ചാൽ പടവെടി കാര്യം തീർക്കും. ഇരുപേർ തമ്മിൽ മത്സരിച്ചു മരണം വന്നു സംഭവിച്ചാൽ കൊന്നവനെയും കൊന്നു്, ചത്തവന്റെ ശവം മാറ്റാന്റെ മുറ്റത്തു വെടിക്കൂടി ദഹിപ്പിച്ചു് കത്തുന്ന ചിതയിൽ കാളുന്ന കൊള്ളിയെടുത്തു് പുര ചുട്ടുകരിച്ചില്ലെങ്കിൽ, മറുവീട്ടുകാരുടെ തല പിന്നെ താഴ്ത്തീടല്ലാതെ കാണുകയില്ല. നാലാൾ കൂടുന്ന കൂടുന്ന ദിക്കിൽ അവരെ നോക്കീടും ആവശ്യമില്ല. യജമാനന്മാരെ പ്രാണനിൽ പരം സ്നേഹിച്ചിരുന്ന ചാവേർ എന്നു കേളി കേട്ടു കൂടക്കാർ മലനാടിലെ മാന്യകുടുംബങ്ങളിൽപ്പെട്ട പ്രധാനികളായിരുന്നു. അവർ ആശ്രയിച്ചു നിൽക്കുന്ന സ്ഥാനികളുടെ മാനവും ജീവനും കാക്കുവാൻ വേണ്ടി വാളെടുത്താൽ പിന്നെ ഉയിരറ്റുവീഴുന്നതുവരെ ഒഴിക്കുന്നതല്ല.”
“പങ്ങച്ചാരു, കേളച്ചാരു, ഇടിണിക്കണ്ടൻ, കുഞ്ഞിടുണ്ണാൻ തൊട പുരുഷനാമങ്ങൾ പെണ്ണുങ്ങൾക്കൊടും പിടിക്കായ്കയില്ല. ആട്ടി, ഇടാട്ടി, ഇട്ടിച്ചിരി, ചക്കി, ചിരുത, നങ്ങ തുടങ്ങിയ കാമിനീമണികൾക്കിട്ടിരുന്ന ഓമനപ്പേരുകൾ ആണുങ്ങൾക്കു മധുരങ്ങളായിത്തന്നെയാണ് തോന്നിയിരുന്നത്. മൃദുളങ്ങളും സരളങ്ങളും ആയ വർണ്ണങ്ങൾ ചേർത്തു കോർത്തു കർണ്ണാനന്ദമുളവാക്കത്തക്കവണ്ണം ഉണ്ടാക്കിയിടുള്ള നാമധേയങ്ങളിൽ പഴകീട്ടുള്ള ഇപ്പോഴത്തെ പരിഷ്കൃതലോകം പണ്ടത്തെ പേരുകൾകേടു് പരിഭ്രമിക്കുന്നുവെങ്കിൽ കാലം പോയ പോക്കും, രുചി മാറുന്ന മടും, സമുദായമര്യാദയുടെ നീക്കുപോക്കും വഴിപോലെ വിചാരിച്ചു് പണ്ടത്തെപേരുകളുടെ സ്വരസം അനുഭവിക്കാൻ ഒരുങ്ങുക തന്നെ വേണം.”
***
“ഇന്നലെക്കണ്ടവസ്ത്രങ്ങളും ഭൂഷണങ്ങളും ഇന്നേക്കു മാറിമാറി കാണുന്നതോർത്താൽ ആയിരത്തെണ്ണൂറുകാലം മുമ്പുള്ള ആടകളും ആഭരണങ്ങളും എങ്ങനെ ആയിരുന്നു എന്നുചോദിച്ചാൽ അങ്ങനെതന്നെ എന്നേ മറുപടി പറവാൻ കാണുന്നുള്ളു. അണിയുന്ന ഇനത്തിൽ ആണും പെണ്ണും എന്ന ഭേദം അക്കാലങ്ങളിൽ അത്ര കണക്കാക്കിയിരുന്നില്ല. കാതിലോല, മണിക്കാതില, താലി, തണ്ടും മോതിരം, തൂക്കുംകുഴലു്, കുഴൽമോതിരം, തരിവള, നാഗപൊന്മണി മോതിരം, അരഞ്ഞാൺ, ചിലമ്പുതൊടുള്ള പണ്ടങ്ങൾ അണിഞ്ഞ പൊന്മകൾക്കെതിരായിട്ടു്, പൊന്മകനാകടെ, നെറുകയ്ക്കു് നീർപ്പൂവും നെറ്റിക്കു നെറ്റിപ്പട്ടം, കഴുത്തിനു കൊരലാരം, മാറിന്നു മാർത്താലി, വയറിന്നു ഉദരബന്ധം, അരയ്ക്കു അല്ലിചൊട, കാലിന്നു കാൽചിലമ്പു്, കൈരണ്ടിനും കനകവള, വിരൽ പത്തിനും മണിമോതിരങ്ങളും ചേർത്തണിഞ്ഞല്ലാതെ പുറത്തിറങ്ങാറില്ല. മുടിപ്പടം കെടാവുന്ന പുരുഷന്മാർക്കേ മുട്ടിനു താഴെ മുണ്ടു ചുറ്റിക്കൂടൂ. മടിക്കുത്തുരണ്ടും മുയൽച്ചെവിയാക്കി, മടക്കിക്കുത്തി, കോന്തല രണ്ടും കേറ്റിയുടുക്കും. പ്രായം കവിഞ്ഞ പെണ്ണുങ്ങളാരും ഞാത്തിയുടുത്തു നടക്കാറില്ല. പ്രായം ചെന്ന പെൺകിടാങ്ങൾമാത്രം മുണ്ടു മടക്കി മാറു മറയ്ക്കും. ഇടക്കര, തുടക്കര, പട്ടുക്കര തൊടുള്ള കരമുണ്ടുകളായിരുന്നു പണ്ടു നടപ്പുണ്ടായിരുന്നതു്.”
6.27 അന്യമതക്കാർ
ബുദ്ധമതവും ജൈനമതവും കേരളത്തിൽനിന്നു് നിശ്ശേഷം മാഞ്ഞുപോയിരുന്നില്ല. നാഗർകോവിലിലേ നാഗരാജക്ഷേത്രത്തൂണുകളിൽ എഴുതിയിരിക്കുന്ന രണ്ടു ലേഖനങ്ങളിൽ [18] ഗുരുവീരപണ്ഡിതനെന്നും, കമലവാഹന പണ്ഡിതനെന്നും രണ്ടു ജൈനപുരോഹിതന്മാർക്കു ഭൂദാനം ചെയ്തിരിക്കുന്നതിനെ വിവരിച്ചിരിക്കുന്നതിനാൽ ഏകദേശം എഴുനൂറാമാണ്ടുവരെ ജൈനമതം കേരളത്തിൽ പ്രചരിച്ചിരുന്നുവെന്നു കാണാം.
മഹമ്മദുമതവും ക്രിസ്തുമതവും ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടിരുന്നു. കേരളരാജാക്കന്മാർ അവർക്കു വേണ്ടുന്ന സൗകര്യങ്ങൾ എല്ലാം ചെയ്തുകൊടുത്തു. 696 ചിത്തിര 15-നു കുമരിമുടത്തു കരിങ്കൽത്തൂണിൽ, കുമരിമുടത്തു റോമൻ കത്തോലിക്കർക്കു കുമരിമുടത്തേയും ചുങ്കത്തീരുവകൾ വിടുകൊടുത്തതിനെ പ്രസ്താവിച്ചുകാണുന്നു.
6.28 കുറിപ്പുകൾ
[1] അനുബന്ധം ‘ഡി’ നോക്കുക
[2] ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടോടുകൂടി കദംബചൗലുക്യ രാജവംശക്കാർ മലയാളത്തിൽ പ്രവേശിച്ചു. അപ്പോൾ തിരുവിതാംകൂർ രാജാവും കോലത്തിരിയും യോജിച്ചു് അവരെ കേരളത്തിൽനിന്നു് ഓടിച്ചുകളഞ്ഞ (മി) സ്റ്റേറ്റുമാനുവൽ കൊല്ലവർഷം 540-ൽ രണ്ടു റാണിമാരെ കോലത്തുനാടിൽനിന്നു വേണാടിലേക്കു ദത്തെടുത്തു.
[3] യദുവംശക്കാർ വിഴിഞ്ഞത്തുനിന്നും കൊല്ലത്തേക്കുമാറി ആ നഗരത്തെ ഉദ്ധരിച്ചതിന്റെ സ്മാരകമായി കൊല്ലവർഷം ആരംഭിച്ചതാണെന്നാണു് മിസ്റ്റർ പത്മനാഭമേനോന്റെ ഊഹം. ഈ ഊഹം ശിരിയാവാൻ തരമില്ല. രണ്ടാം പരാന്തകചടയനാണു് യദുവംശത്തെ വിഴിഞ്ഞത്തു നിന്നും ഓടിച്ചതു്. അതു് ഏ. ഡി. പത്താംശതകത്തിലുമായിരുന്നു. എന്നു മാത്രവുമല്ല, പത്താംശതകത്തിനിടയ്ക്കു് അവരുടെ കുടുംബത്തിൽ ഒരു ഉദയമാർത്താണ്ഡവർമ്മ ഉണ്ടായിരുന്നതായി ലക്ഷ്യവുമില്ല.
[4] പറവൂർ
[5] കോഴിക്കോടു്, ഏറനാടു്, വള്ളുവനാടു്, പൊന്നാനി, പാലക്കാടു് മുതലായ താലൂക്കുകൾ അടങ്ങിയ സ്ഥലത്തിനെ തെക്കെ മലയാളമെന്നും ചിറക്കൽ, കോടയം, കുറവനാടു്, വയനാടു് ഈ താലൂക്കുകൾ ഉൾപ്പെട ദേശത്തിനു് വടക്കേ മലയാളമെന്നും പേർ.
[6] കോലത്തിരി രാജാക്കന്മാരെപ്പറ്റി പല ഐതിഹ്യങ്ങൾ കേടിടുണ്ടു്. പരശുരാമ മഹർഷിയാൽ നൽകപ്പെടിരുന്ന അവരുടെ അധികാരങ്ങളും പെരുമാക്കന്മാർ അപഹരിച്ചില്ലെന്നും ഭാസ്കരരവിവർമ്മപ്പെരുമാളിന്റെ നായർപത്നിയിൽ ഉണ്ടായ രണ്ടു പുത്രന്മാരെയും ഒരു കോലത്തിരി ക്ഷണിച്ചുവരുത്തി ചൂളിയിൽനായർ നീപ്പറ്റ നായർ എന്നിങ്ങനെ പ്രത്യേക സ്ഥാനങ്ങളോടുകൂടിയ ദേശവാഴികളാക്കിയെന്നും ആണു് ഒരു ഐതിഹ്യം. കോലത്തിരി തളിപ്പറമ്പിൽ കരിപ്പത്തു വാണിരുന്ന കാലത്തു് പെരിഞ്ചലൂർ ഗ്രാമക്കാരായ നമ്പൂതിരിമാരോടു പിണങ്ങാൻ ഇടയായെന്നും അവർ ക്ഷേത്രത്തിൽ കടക്കാതായതുകൊണ്ടു് പൂജ മുടങ്ങുന്നതായാൽ അദ്ദേഹം ഏഴിമലയിലേക്കു താമസം മാറ്റീടു് തുളുനാടിൽ നിന്നും കുറെ ബ്രാഹ്മണരെ കൊണ്ടുവന്നു് അഞ്ചു ദേശങ്ങളിലായി താമസിപ്പിച്ചുവെന്നും അവർ കാലക്രമേണ മലയാളാചാരങ്ങൾ സ്വീകരിച്ചുവെന്നും അഞ്ചുദേശികൾ എന്നു പറഞ്ഞുവരുന്നതു് അവരെ ആണെന്നും വേറൊരു ഐതിഹ്യം.
[7] പുരളീ വരവഞ്ചികേരളനരപാലൻ കരളീലിരുന്നരുളീടുക വാണിമാതേ —വൈരാഗ്യ ചന്ദ്രോദയം.
[8] ഇന്നും നായന്മാരെ ചില വർഗ്ഗക്കാർ മാളോരെ എന്നു വിളിക്കാറുണ്ടല്ലോ.
[9] കൊ. ച.
[10] “പുലസ്യം അണിഞ്ഞാലേ നായരാവൂ പൂണൂലുമിട്ടാലേ നമ്പൂരിയാവൂ മംഗല്യമണിഞ്ഞാലേ നാരിയാവൂ” —എന്നിങ്ങനെ തച്ചോളിപ്പാടിൽ പറഞ്ഞിരിക്കുന്നതു നോക്കുക.
[11] ചിലർ സർവശാസ്ത്രഭൃത്തുകളിൽ വെച്ചു് ശ്രേഷ്ഠന്മാരും ആയുധപാണികളിൽ വെച്ചു് ഉത്തമന്മാരുമാകുന്നു. അവരുടെ കളരികളിൽ അഖില ദേവതകളും വർത്തിക്കുന്നു. ആയുധപാണികൾ പാണീപാദഭവന്മാരായിരുന്നാലും വിപ്രന്മാരാൽപ്പോലും മാന്യന്മാരാണു്. സാർവ്വഭൗമന്മാർകൂടി അവരെ കണ്ടാൽ എഴുന്നേല്ക്കണം. എന്തുകൊണ്ടെന്നാൽ രാജാക്കന്മാരുടെ പ്രാണൻ ആയുധത്തിലാണിരിക്കുന്നതു്. അവരോ രാജാവിന്റെ ശാസ്ത്രഗുരുക്കന്മാരാകുന്നു.
[12] കൊ. ച. ഒന്നാംഭാഗം.
[13] അതിരാവിലെ ഗംഗയുണർത്തിക്കുളിച്ചു് കടവിൽ തേവാരം നടത്തിയ ശേഷമേ ഓരോ നായരും അവനവന്റെ ജോലിക്കു പോകാറുണ്ടായിരുന്നുള്ളു.
“അരയോളം വെള്ളത്തിലിറങ്ങിനിന്നു
ഗംഗയുണർത്തിക്കുളിച്ചിതല്ലോ
കുളിയും കഴിഞ്ഞു കയറിവേഗം
കടവത്തു മന്ത്രവും ചൊല്ലീടുന്നു
കല്ലിന്മേൽ കർമ്മവും കുഴിച്ചിടുന്നു
സൂര്യന്നു വെള്ളം ജപിച്ചെറിഞ്ഞു
കൈരണ്ടും കൂപ്പിത്തൊഴുതുനിന്നു.”
(തച്ചൊളിപ്പാട്ടുകൾ)
[14] കൊ. ച. ഒന്നാംഭാഗം വശം 81–82.
[15] Camoens.
[16] (1) Village tithes. (2)(11) Tax Marriage dues. (3) Fishery Tax. (4) Tax on looms. (5) Tax on Goldsmith. (6, 7, 8) Taxes on measure & measurements and protection dues. (9) Cattle Tax. (10) Tax on title deeds. on commissions. (12)Tax on oil merchants
[17] ഗ്രന്ഥകാരൻ പെരുമാക്കന്മാരുടെ കാലത്തെ ഉദ്ദേശിച്ചാണു് എഴുതിയിരിക്കുന്നതു്. എന്നാൽ ഈ വിവരണം പെരുമാൾവാഴ്ച അവസാനിച്ച ശേഷമുള്ള കാലഘട്ടത്തിന്നാണു് അധികം യോജിച്ചിരിക്കുന്നതെന്നു തോന്നുന്നു. തച്ചൊളിപ്പാട്ടുകളെപ്പറ്റി ഈ ഗ്രന്ഥത്തിൽ ചെയ്തിരിക്കുന്ന വിമർശം വായിച്ചുനോക്കുക.
[18] ഒന്നു് 681 അല്പശി 21-ാം തിയതിയും മറ്റൊന്നു് 692 പൂരുടാശി 29-ാം തീയതിയും ഉണ്ടായതായിരുന്നു.
അധ്യായം 7
7. ശങ്കരാചാര്യരും അനാചാരങ്ങളും
യഥാർത്ഥ മഹത്വത്തിന്റെ ചരമാദർശത്തെ ഉദാഹരിക്കുന്ന ശ്രീമഛങ്കരാചാര്യ ഭഗവൽപാദപൂജ്യപാദരുടെ തിരുവവതാരം പോലെ ലോകഗതിയെ സാരമായ വിധത്തിൽ സ്പർശിച്ചിട്ടുള്ള സംഭവങ്ങൾ വളരെ ചുരുക്കമാകുന്നു. അദ്ദേഹത്തിന്റെ ജനനി ആയ ആര്യാദേവിയെപ്പോലെ തന്നെ ജന്മഭൂമിയായ കേരളക്ഷിതിയും ധന്യയാണെന്നു നിസ്സംശയം പറയാം. തത്വദർശകന്മാർ മുമ്പും പിമ്പും ഉണ്ടായിട്ടുണ്ടു്. “എന്നാൽ ഊർജ്ജസ്വലവും സൂക്ഷ്മതത്വപ്രവിഷ്ടവുമായ ജഗദ്ഗുരുവിന്റെ ദർശനം ഒന്നുകൊണ്ടു മാത്രമാണു് നമ്മുടെ ജ്ഞാനശാസ്ത്രം അഭേദ്യവും സർവോൽകൃഷ്ടവുമായിരിക്കുന്നതു്. കലങ്ങി മറിഞ്ഞു് കുത്തിയൊലിച്ചു് തട്ടിത്തകർന്നൊഴുകുന്ന വെള്ളം നിരപ്പിലെത്തി നിലനിൽക്കുമ്പോൾ നിറഞ്ഞും തെളിഞ്ഞും അഗാധമായി അനക്കം കൂടാതെ ഇരിക്കുന്ന സമ്പ്രദായം ലോകത്തിലുള്ളിടത്തോളം കാലം ആ പൂജ്യപാദർ പ്രപഞ്ചകോലാഹലത്തിൽനിന്നു് മോക്ഷസ്ഥിതിയിലേക്കു കാണിച്ചുതന്നിട്ടുള്ള വഴിക്കും യാതൊരു നീക്കുപോക്കും വരുന്നതല്ല.” [1]
കേരളത്തിനു വെളിയിലുള്ളവരെല്ലാം ഈ ലോകഗുരുവിന്റെ ചരിത്രത്തെ അറിഞ്ഞും ആദരിച്ചും വരവേ, ദൈവദുർനിയോഗം കൊണ്ടായിരിക്കാം, കേരളീയർ അദ്ദേഹത്തിനെ അറുപത്തിനാലു അനാചാരങ്ങളുടെ പ്രതിഷ്ഠാപകൻ എന്ന നിലയിൽ മാത്രമേ അറിയുന്നുള്ളു. തങ്ങളുടെ നാടിനേയും വംശത്തേയും കളങ്കപ്പെടുത്താൻ യാതൊരു മടിയുമില്ലാതിരുന്ന ചില ക്ഷുദ്രബുദ്ധികൾ, കപടപ്രമാണങ്ങൾ ചമച്ചു്, അദ്ദേഹത്തിന്റെ തലയിൽ വെച്ചുകെട്ടിയതു നിമിത്തമാണു് ഇങ്ങനെ ഒരു വിശ്വാസം മലയാളനാടൊട്ടുക്കു പ്രചരിക്കാൻ ഇടയായതു്. ആചാര്യരുടെ യശശ്ചന്ദ്രനെ മറയ്ക്കുന്ന ഈ അപവാദധൂമികയെ അകറ്റുന്നതിനു് ഓരോ മലയാളിയും മനസ്സുറ്റു ശ്രമിക്കേണ്ടതാകുന്നു.
ശങ്കരാചാര്യരുടെ ജീവിതകാലം ഇന്നും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു.
“ദുഷ്ടാചാരവിനാശായ
പ്രാദുർഭൂതോ മഹീതലേ;
സ ഏവ ശങ്കരാചാര്യഃ
സാക്ഷാൽ കൈവല്യനായകഃ
നിധിനാഗേ ഭവാന്യബ്ദേ (3889)
വിഭവേ ശങ്കരോദയഃ,
അഷ്ടവർഷേ ചതുർവേദാൻ
ദ്വാദശേ സർവശാസ്ത്രകൃൽ.
ഷോഡശേ കൃതവാൻ ഭാഷ്യം
ദ്വാത്രിംശേ മുനിരഭ്യഗാൽ;
കല്യബ്ദേ ചന്ദ്രനേത്രാങ്ക
വഹ്ന്യബ്ദേ തു ഗുഹാവശഃ (3922)
വൈശാഖേ പൂർണ്ണിമായാം തു
ശങ്കരഃ ശിവതാമഗാൽ.”
ഇത്യാദി പദ്യങ്ങളെ ആധാരമാക്കി മാക്സ്മുള്ളർ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരും മി: സുന്ദരൻപിള്ള, മി: സീ. എൻ. കൃഷ്ണസ്വാമി അയ്യർ മുതലായ പൌരസ്ത്യന്മാരും, ആചാര്യരുടെ ജീവിതകാലം ക്രി. വ. 788 മുതല്ക്കു് 820–വരെ ആയിരുന്നു എന്നു പറയുന്നു. പ്രൊഫസർ സുന്ദരമയ്യർ ആകട്ടേ ഈ അഭിപ്രായത്തോടു വിയോജിച്ചു്, ആചാര്യരുടെ ജീവിതകാലം ബി. സി. ഒന്നാംശതകത്തിന്റെ അന്ത്യഘട്ടത്തിലായിരുന്നിരിക്കണമെന്നു് അഭിപ്രായപ്പെട്ടുകാണുന്നു. പ്രസിദ്ധ പണ്ഡിതനായ മി: ടി. സുബ്ബറാവു അദ്ദേഹത്തിനെ കൂറേക്കൂടി പ്രാചീനനാക്കിയിരിക്കുന്നു. ബുദ്ധമതക്കാരുടെ രേഖകൾ നോക്കിയാൽ, ആചാര്യർ ജനിച്ചതു് ബി. സി. 510–ആണെന്നു കാണാം. സുധന്വഭൂപതി ആചാര്യർക്കു നല്കിയ ഒരു താമ്രശാസനപട്ടം ഇപ്പോഴും ഉണ്ടെന്നും, അതിൽ 2663 എന്ന യൌധിഷ്ഠിരശകം ഉട്ടങ്കിതമായി കാണപ്പെടുന്നുവെന്നും ഒരു വിദ്വാൻ വിജ്ഞാനചിന്താമണി എന്ന സംസ്കൃതമാസികയുടെ ഒരു ലക്കത്തിൽ എഴുതിയിരിക്കുന്നതും ഇവിടെ പ്രസ്താവയോഗ്യമാണു്. ഈ വാദകോലാഹലങ്ങൾക്കിടയിൽ നമുക്കു് എന്താണ് ഗതി? ഈ അഭിപ്രായങ്ങൾ എല്ലാം ശരിയാവാൻ തരമില്ലല്ലോ.
ശങ്കരാചാര്യരുടെ ചരിത്രം നിർമ്മിക്കുന്നതിനു് ഉപകരിക്കുന്ന സാമഗ്രികൾ ഒട്ടു വളരെയുണ്ടു്. മാധവീയ ശങ്കരവിജയാദികൾ [2] നിഷ്പ്രയോജകങ്ങളാണെങ്കിലും, കാഞ്ചീശങ്കരാചാര്യമഠത്തിന്റെ അധ്യക്ഷന്മാരായിരുന്ന സർവ്വജ്ഞസദാശിവബോധൻ, ആത്മബോധൻ തുടങ്ങിയ ആചാര്യന്മാർ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളും വ്യാഖ്യകളും വിലയേറിയ പ്രമാണങ്ങളാകുന്നു. സദാശിവബോധന്റെ പുണ്യശ്ലോകമഞ്ജരിയിൽ നിന്നു് അദ്ദേഹത്തിന്റെ പൂർവ്വികന്മാരായിരുന്ന മഠാധിപതികളെപ്പറ്റി പല വിവരങ്ങൾ ഗ്രഹിക്കാം. ആത്മബോധൻ ആ ഗ്രന്ഥത്തിനു് ഒരു പരിശിഷ്ടം രചിച്ച് അദ്ദേഹത്തിന്റെ കാലംവരെയുള്ള ഗുരുപരമ്പരയെ പൂർത്തിയാക്കിയിട്ടുമുണ്ടു്. അറുപതാമത്തെ മഠാധിപതിയായിരുന്ന പരമശിവേന്ദ്രസരസ്വതിയുടെ ശിഷ്യനായ സദാശിവബ്രഹ്മേന്ദ്രന്റെ ഗുരുരത്നമാലയും അതിനു് ആത്മബോധൻ രചിച്ചിട്ടുള്ള സുഷമാവ്യാഖ്യയും ആചാര്യരുടെ കാലനിർണ്ണയത്തിനു് അത്യന്തം ഉപകരിക്കുന്നു. ഈ രേഖകൾ കൂടാതെ ഓരോ മഠങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥവരികളും സമകാലികകവിതകളുടെ പ്രസ്താവങ്ങളും ആചാര്യകൃതികളിൽ കാണുന്ന ആഭ്യന്തരലക്ഷ്യങ്ങളും ചേർത്തുവെച്ചു് പരിശോധിക്കാതെ ആദിശങ്കരനെപ്പറ്റി ഖണ്ഡിതമായി ഒന്നും നിർണ്ണയിക്കാവുന്നതല്ല.
ആദ്യമായി നമുക്കു് പ്രധാനപ്പെട്ട ശങ്കരാചാര്യമഠങ്ങളിൽനിന്നു ലഭിക്കുന്ന രേഖകളെ കൂലംകഷമായി പരിശോധിച്ചുനോക്കാം. ഈ മഠത്തിന്റെ സ്ഥാപകൻ ആദിശങ്കരൻ തന്നെ ആയിരിക്കണം.
7.1 ഗുരുപരമ്പര - ആദിശങ്കരൻ (ബി. സി. 44–12)
1. സുരേശ്വരാചാര്യർ. 2. നിത്യബോധഘനൻ. 3. തത്വബോധഘനൻ 4. ജ്ഞാനോത്തമൻ. 5. ജ്ഞാനഗിരി. 6. സിംഹഗിരീന്ദ്രൻ. 7. ഈശ്വരതീർത്ഥൻ. 8. നൃസിംസതീർത്ഥൻ. (1) 9. വിദ്യാശങ്കരതീർത്ഥൻ (1228–1331). 10. ഭാരതീകൃഷ്ണൻ (1331–1380). 11. വിദ്യാരണ്യൻ (1331–1386) 12. വിദ്യാചാര്യർ. 13. ശ്രീചന്ദ്രശേഖരഭാരതി (1). 14. നൃസിംഹഭാരതി (2). 15. ശങ്കരാചാര്യർ (2). 16. പുരുഷോത്തമഭാരതി (1). 17. ചന്ദ്രശേഖരഭാരതി (2). 18. നരസിംഹഭാരതി (3). 19. പുരുഷോത്തമഭാരതി (2). 20. രാമചന്ദ്രഭാരതി. 21. നരസിംഹഭാരതി (4). 22. നരസിംഹഭാരതി (5). 23. നൃസിംഹാഭിനവഭാരതി (6). 24. സച്ചിദാനന്ദൻ. 25. നരസിംഹഭാരതി (7). 26. സച്ചിദാനന്ദഭാരതി (2). 27. അഭിനവസച്ചിദാനന്ദഭാരതി (3). 28. അഭിനവനൃസിംഹഭാരതി (8). 29. സച്ചിദാനന്ദഭാരതി (4). 30. അഭിനവ സച്ചിദാനന്ദഭാരതി (5). 31. നൃസിംഹഭാരതി (9).
ഈ ഗ്രന്ഥവരിയെ മുഴുവനും വിശ്വസിക്കാൻ പാടില്ലെങ്കിലും വിദ്യാരണ്യരുടെ കാലം മുതല്ക്കുള്ള ചരിത്രം വിശ്വാസയോഗ്യമാണു്. വിദ്യാരണ്യൻ വിദ്യാതീർത്ഥന്റെ ശിഷ്യനും വിജയനഗരത്തിലെ ബുക്കരാജാവിന്റെ മന്ത്രിയും ആയിരുന്നു. ബുക്കന്റെ [3] കാലം സ്വതന്ത്രമായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ടു്. ആ കാലവും ശൃംഗേരി ഗ്രന്ഥവരിയിൽ വിദ്യാരണ്യർക്കു പറഞ്ഞിരിക്കുന്ന കാലവും യോജിക്കുന്നതുകൊണ്ടു് ഈ സംഗതിയിൽ ഗ്രന്ഥവരിയെ വിശ്വസിക്കാം. വിദ്യാതീർത്ഥൻ കാഞ്ചിയിലെ കാമകോടിപീഠത്തിലെ 49-ാമത്തെ അധ്യക്ഷനായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചകാലം 1297-മുതൽ 1385–വരെ ആയിരുന്നുവെന്നു് അവിടുത്തെ ഗ്രന്ഥവരിയിലും കാണുന്നുണ്ടു്. മാധ്വമതപ്രചാരത്തെയും വിദേശീയർ കൊണ്ടുവരുന്ന റോമൻകത്തോലിക്കമതത്തിന്റെ പ്രചാരത്തേയും തടഞ്ഞുനിർത്തുന്നതിനു വേണ്ടി വിദ്യാതീർത്ഥൻ കന്നടദേശത്തിന്റെ പല ഭാഗങ്ങളിലായി എട്ടു മഠങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്, അവയിൽ ഒന്നായ വിരൂപാക്ഷമഠത്തിൽ തന്റെ പ്രധാനശിഷ്യനായ വിദ്യാരണ്യമാധവനെ [4] അവരോധിച്ചു. ശൃംഗേരി മഠത്തിലെ പരമ്പരയിലും ഈ വിദ്യാരണ്യന്റെ പേരു കൊള്ളിച്ചിട്ടുള്ളതു് ആ മഠത്തിന്റെ പുനരുദ്ധാരകൻ എന്ന നിലയിൽ മാത്രമായിരുന്നുവെന്നു്, അതേ കാലത്തു തന്നെ ഭാരതീകൃഷ്ണൻ വാണിരുന്നതായി പറഞ്ഞിട്ടുള്ളതിൽ നിന്നു് ഊഹിക്കാം. ശൃംഗേരി മഠം എട്ടു വർഷ ശതകാലങ്ങളോളം പൂട്ടിയിട്ടിരുന്നതായി ആത്മബോധൻ പ്രസ്താവിച്ചിട്ടുള്ളതു ശരിയാണെന്നു് ശൃംഗേരിയിലെ ഗ്രന്ഥവരിയിൽനിന്നു നിഷ്പ്രയാസം തെളിയുന്നു. എന്തുകൊണ്ടെന്നാൽ വിദ്യാതീർത്ഥന്റെ ശിഷ്യനായ ഭാരതീകൃഷ്ണന്റെ പൂർവ്വികനായി അതിൽ കൊള്ളിച്ചിരിക്കുന്നതു് വിദ്യാശങ്കരനെയാണു്. ഈ വിദ്യാശങ്കരൻ ജീവിച്ചിരുന്നതോ എ. ഡി. ആറാം ശതകത്തിലുമായിരുന്നു. അദ്ദേഹം ബാംബെ നഗരത്തിന്റെ സമീപത്തു സ്ഥിതിചെയ്യുന്ന ‘നിർമ്മല’ എന്ന ദിക്കിൽ വെച്ചാണു് അന്ത്യസമാധി അടഞ്ഞതു്. ആ ദിനത്തെ അന്നാട്ടുകാർ ഇന്നും കൊണ്ടാടിവരുന്നുണ്ടു്. ആ ദിക്കിൽ നിന്നും കിട്ടീട്ടുള്ള രേഖകളാൽ, വിദ്യാശങ്കരന്റെ നിര്യാണകാലം എ. ഡി. 569 ആണെന്നു നിർണ്ണയിക്കാം. എന്നിട്ടും ശൃംഗേരി ഗ്രന്ഥവരിയിൽ വിദ്യാശങ്കരന്റെ നിര്യാണകാലം 1333–ൽ ആയിരുന്നുവെന്നു പറഞ്ഞിരിക്കുന്നതു് എന്തുകൊണ്ടു്? 764 വർഷകാലത്തെ അന്തരം എങ്ങനെ വന്നുകൂടി? മുടങ്ങിക്കിടന്നിരുന്ന ആ മഠത്തെ വിദ്യാരണ്യർ പുനരുദ്ധരിച്ചതിനു ശേഷം, ആരോ ഗുരുപരമ്പരയെ പൂർത്തിയാക്കിക്കാണണം. ഓരോ ആചാര്യന്മാരുടേയും പേരുകളും വാഴ്ചക്കാലവും അവിടെത്തന്നെ ഉണ്ടായിരുന്നതു് എടുത്തുവെച്ചുകൊണ്ടു്, അയാൾ പുറകോട്ടു ഗണിച്ചു. ഒടുവിൽ വന്ന 764 കൊല്ലങ്ങളെ സുരേശ്വരന്റെ തലയിൽ വെച്ചുകെട്ടിയതായിരിക്കാം. [5] ആദിശങ്കരൻ മുപ്പത്തിരണ്ടു കൊല്ലമേ ജീവിച്ചിരുന്നുള്ളു എന്നു് എല്ലാവർക്കും അറിയാമായിരുന്നതിനാൽ ആയിരിക്കണം സുരേശ്വരാചാര്യർക്കു് ഇത്ര ദീർഘകാലത്തേ വാഴ്ച കല്പിക്കാൻ അയാൾ നിർബന്ധിതനായതു്. ആധുനിക പണ്ഡിതന്മാർ ആകട്ടെ, ഈ വസ്തുത ഗ്രഹിക്കാതെ, ശൃംഗേരിമഠം ഗ്രന്ഥവരിയിൽ ആദിശങ്കരാചാര്യർക്കു പറഞ്ഞിരിക്കുന്ന കാലത്തോടു ഈ ഏഴിൽ പരം ശതവർഷങ്ങളെ കൂട്ടിയിട്ടു് അദ്ദേഹം എട്ടാം ശതകത്തിൽ ജീവിച്ചിരുന്നതായി തീർച്ചപ്പെടുത്തിയിരിക്കുന്നു. അവരുടെ ഈ അഭിപ്രായത്തിനു് ഉപോദ്ബലകമായി മുമ്പു് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും മാധവാചാര്യരുടെ ഒരു പ്രമാദത്തിന്റെ ഫലകവുമായ പദ്യങ്ങൾ കിട്ടിയപ്പോൾ, അവർ ചരിതാർത്ഥരാവുകയും ചെയ്തു. എന്നാൽ ശൃംഗേരിയിൽ ഗ്രന്ഥവരി മാത്രം പരിശോധിച്ചിട്ടു്, ശങ്കരാചാര്യരുടെ കാലം നിർണ്ണയിക്കുന്നതിൽപരം അബദ്ധം മറ്റൊന്നുമില്ല. അതിനാൽ നമ്മുടെ ഊഹം ശരിയാണോ എന്നു് മറ്റു തെളിവുകളെ ആസ്പദമാക്കി ഒന്നു പരിശോധിച്ചുനോക്കുക.
[6] കാഞ്ചീപുരത്തെ ആചാര്യപരമ്പര താഴെ ചേർക്കുന്നു.
ആദിശങ്കരൻ (508 ബി. സി.–476 ബി. സി.) സുരേശ്വരൻ (476 ബി. സി.–406 ബി. സി.)
1. സർവ്വജ്ഞാത്മൻ 2. സത്യബോധൻ 3. ജ്ഞാനനന്ദൻ 4. ശുദ്ധാനന്ദൻ 5. ആനന്ദജ്ഞാനൻ 6. കൈവല്ല്യാനന്ദൻ (28–69) 7. കൃപാശങ്കരൻ (എ. ഡി. 28–68) 8. സുരേശ്വരൻ (69–127) 9. ചിദഘ്നൻ 10. ചന്ദ്രശേഖരൻ 11. സച്ചിദഘ്നൻ 12. വിദ്യാഘ്നൻ (1) 13. ഗംഗാധരൻ (1) 14. ഉജ്ജ്വലശങ്കരൻ (329–367) 15. സദാശിവൻ 16. സുരേന്ദ്രൻ 17. വിദ്യാഘനൻ 18. മൂകശങ്കരൻ (3) (398–437) 19. ചന്ദ്രചൂഡൻ (1) 20. പരിപൂർണ്ണബോധൻ 21. സച്ചിൽസുഖൻ 22. ചിൽസുഖൻ (1) 23. സച്ചിദാനന്ദഘനൻ (1) 24. പ്രജ്ഞാഘനൻ 25. ചിദ്വിലാസൻ 26. മഹാദേവൻ (1) 27. പൂർണ്ണബോധൻ 28. ബോധൻ 29. ബ്രഹ്മാനന്ദഘൻ (1) 30. ചിദാനന്ദഘനൻ 31. സച്ചിദാനന്ദഘനൻ (2) 32. ചന്ദ്രശേഖരൻ (2) 33. ചിൽസുഖൻ 34. ചിൽസുഖാനന്ദൻ 35. വിദ്യാഘനൻ (3) 36. അഭിനവശങ്കരൻ (4) (788–840) 37. സച്ചിദ്വലാസൻ 38. മഹാദേവൻ (2) 39. ഗംഗാധരൻ (2) 40. ബ്രഹ്മാനന്ദഘൻ (2) 41. ആനന്ദഘനൻ 42. പൂർണ്ണബോധൻ ബോധൻ (2) 43. പരമശിവൻ (1) 44. ബോധൻ (2) 45. ചന്ദ്രശേഖരൻ (3) 46. അദ്വൈതാനന്ദബോധൻ 47. മഹാദേവൻ (3) 48. ചന്ദ്രചൂഡൻ (2) (1247–99) 49. വിദ്യാതീർത്ഥൻ (1297–95) 50. ശങ്കരാനന്ദൻ (1385–1417) 51. പൂർണ്ണാനന്ദസദാശിവൻ 52. മഹാദേവൻ (5) 53. ചന്ദ്രചൂഡൻ (3) 54. സർവജ്ഞസദാശിവബോധൻ 55. പരമശിവൻ (2) 56. ആത്മബോധൻ 57. ബോധൻ (3) 58. അധ്യാത്മപ്രകാശൻ 59. മഹാദേവൻ (5) 60. ചന്ദ്രശേഖരൻ (1) 61. മഹാദേവൻ (6) 62. ചന്ദ്രശേഖരൻ (5) 63. മഹാദേവൻ (7) 64. ചന്ദ്രശേഖരൻ (6) 65. മഹാദേവൻ (8) (1428–1507) 66. ചന്ദ്രശേഖരേന്ദു സരസ്വതി. ഇനി ഈ പട്ടികയെ നമുക്കു് എത്രത്തോളം വിശ്വസിക്കാമെന്നു നോക്കാം.
മഹാദേവചതുർത്ഥന്റെ കാലം 1498–1507 ആണെന്നു് പട്ടികയിൽ കാണുന്നു. അതു ശരിയാണെന്നുള്ളതിനു് താൽക്കാലികചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ടു്. 1495–1509-വരെ വിജയനഗരം ഭരിച്ച നൃസിംഹദേവരായനും അദ്ദേഹത്തിനുശേഷം 1530 വരെ നാടു വാണ കൃഷ്ണദേവരായനും ഈ മഹാദേവനും അടുത്ത രണ്ടു ആചാര്യന്മാർക്കും താമ്രശാസന പട്ടയങ്ങൾ നൽകീട്ടുണ്ടു്. [7] വിദ്യാതീർത്ഥന്റെ വാഴ്ച 1297-നും 1385നും മദ്ധ്യേ ആണെന്നു പറഞ്ഞിരിക്കുന്നതു് തെറ്റാൻ ഇടയില്ലെന്നു്, അദ്ദേഹത്തിന്റെ ശിഷ്യനായ മാധവാചാര്യർ 1354 മുതല്ക്കു് 23 കൊല്ലം വിജയനഗരാധിപതിയായിരുന്ന വീരബുക്കന്റെ മന്ത്രിയായിരുന്നതിൽനിന്നു തെളിയുന്നു.
“ഇത്യുക്തോ മാധവര്യേണ വീരബുക്കമഹീപതിഃ”
(തൈത്തരീയ സംഹിതഭാഷ്യം.)
ശങ്കരാനന്ദനും (1385–1417) മാധവാചാര്യരും സതീർത്ഥ്യന്മാരായിരുന്നു. അവർ രണ്ടുപേരും ചേർന്നു് അനേകം മഠങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. ബൃഹദാരണ്യകോപനിഷദ്ദീപികയിൽ ശങ്കരാനന്ദൻ ഗുരുവായ വിദ്യാതീർത്ഥനെ ഇങ്ങനെ സ്തുതിച്ചിരിക്കുന്നു.
“കാഞ്ചീപീഠജൂഷഃ കഠോരധിഷണാനിർദ്ധൂത ദുർദ്ധൂ വർഹ-
ദ്വൈതിവ്രാതദുരാഗ്രഹഗ്രഹഭയാൻ മായാവിദൂരക്രിയാൻ
ആചാര്യൻ മമ ചന്ദ്രമൌലിചാണധ്വാനൈകതാനാശയാൻ
വിദ്യാതീർത്ഥമഹേശ്വരാൻ ഹൃദിസദാ വിദ്യോതമാനാൻഭജേ.”
ഇത്രയും ലക്ഷ്യങ്ങൾ ഇരിക്കുന്നതുകൊണ്ടു് വിദ്യാതീർത്ഥൻ, വിദ്യാരണ്യൻ, ശങ്കരാനന്ദൻ ഇവരുടെ കാലത്തെപ്പറ്റിയുള്ള സംശയങ്ങൾ എല്ലാം നീങ്ങുന്നു.
7.2 ചന്ദ്രചൂഡദ്വിതീയൻ
രഘുവംശകുമാരസംഭവാദി കാവ്യങ്ങളുടെ വ്യാഖ്യാതാവും, ഒരു ശാക്തേയനും ആയിരുന്ന അരുണഗിരിയുടെ പുത്രനായിരുന്നു. അദ്ദേഹത്തിനു് ‘വിജയഗണ്ഡഗോപാലദേവൻ’ എന്ന ചോളരാജാവ് 1291–ൽ നൽകിയ ഒരു താമ്രശാസനം കണ്ടുകിട്ടീട്ടുണ്ടു്. അതിനാൽ ഈ ആചാര്യരെ സംബന്ധിച്ചും മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയെ വിശ്വസിക്കാം.
ചന്ദ്രശേഖര തൃതീയൻ (ചന്ദ്രചൂഢൻ എന്നും പേരുണ്ടു്) ശ്രീകണ്ഠചരിതകർത്താവായ മങ്ഖന്റേയും പ്രബോധ ചന്ദ്രോദയകർത്താവായ കൃഷ്ണമിശ്രന്റേയും, വൈദ്യാഭിധാനചിന്താമണികാരനായ സുഹലന്റേയും, പ്രസന്നരാഘവം ചന്ദ്രലോകം മുതലായവയുടെ കർത്താവായ ജയദേവന്റേയും സമകാലികനായിരുന്നു. അദ്ദേഹം വിദ്യാലോലകുമാരപാലന്റെ രാജസദസ്സിലെ അംഗവും കുമാരപാലചരിതത്തിന്റെ രചയിതാവും ആയ [8] ഹേമചന്ദ്രനെ തോല്പിക്കുകയും കാശ്മീരത്തിലെ ജയസിംഹന്റെ കൊട്ടാരത്തിൽ കുറേക്കാലം പാർക്കയും ചെയ്തിട്ടുണ്ടു്. ജയസിംഹൻ സിംഹാസനാരോഹണം ചെയ്തതു് എ. ഡി. 1128-ൽ ആയിരുന്നു എന്നു് കൽഹണൻ പറയുന്നു. ഈ രാജാവ്, കൽഹണന്റെ സമകാലികനായിരുന്നതിനാൽ ഈ വിഷയത്തിൽ രാജതരംഗിണിയെ നമുക്കു പൂർണ്ണമായി വിശ്വസിക്കാം. ജയദേവന്റെ പീയൂഷവർഷത്തിൽ,
“ശ്രീചന്ദ്രചൂഡചരണാൻ ശ്രിതകാഞ്ചിപീഠാൻ
സർവ്വജ്ഞശേഖരമണീൻ സതതം ശ്രയാമഃ”
എന്നും സുഹലൻ, വൈദ്യാഭിധാനചിന്താമണിയിൽ,
“ദ്വാത്രിംശൽകവിരത്നമധ്യതരളശ്രീമംഖരാജാനക
പ്രേങ്ഖോലജ്ജയസിംഹകാഞ്ചനഗുണോദ്ദാമ പ്രഭാഭാസ്വരം;
കാശ്മീരേന്ദ്രസഭാവരോരുഹൃദയം ഗോശീർഷചര്യാരസൈ-
ശ്ചക്രേയഃ ശിശിരം ചകാസ്തു സ മമ ശ്രീചന്ദ്രചൂഡോ ഹൃദി”
എന്നും സ്തുതിച്ചു കാണുന്നു. [9] കൃഷ്ണമിശ്രൻ ഗുരുവിജയം എന്നൊരു ഗ്രന്ഥം ആ ആചാര്യരെപ്പറ്റി രചിച്ചിട്ടുള്ളതിൽ, അദ്ദേഹം ഹേമചന്ദ്രനെ തോല്പിച്ച സംഗതി ഇപ്രകാരം സൂചിപ്പിച്ചിരിക്കുന്നു.
ബോധദ്വിതീയൻ (1061–1098) കഥാസരിത്സാഗര കർത്താവായ സോമദേവനാകുന്നു. അദ്ദേഹത്തിനു് ധാരാധിപതിയായ ഭോജൻ മുത്തുപ്പല്ലക്കു സമ്മാനിക്കയുണ്ടായിട്ടുണ്ടു്. ഭോജരാജാവിന്റെ കാലം ഇപ്പോൾ നിർണ്ണയിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ.
7.3 ഗംഗാധരദ്വിതീയൻ (915–950)
രാജശേഖരകവിക്കു് നഷ്ടപ്പെട്ടുപോയ കാഴ്ച വീണ്ടും വരുത്തിക്കൊടുത്തതായി പറയുന്നു. ഈ രാജശേഖരൻ ബാലരാമായണം, പ്രചണ്ഡപാണ്ഡവം, കർപ്പൂരമഞ്ജരി, വിദ്ധസാലഭഞ്ജിക എന്നീ കൃതികളുടെ കർത്താവാണു്. അദ്ദേഹത്തിനെ മാധവാചാര്യർ ശങ്കരാചാര്യരുടെ സമകാലികനാക്കിയിരിക്കുന്നതു പിശകാകുന്നു. യായാവര കുടുംബത്തിൽപെട്ട രാജശേഖരകവി കനൗജിലെ രാജാക്കന്മാരായ മഹേന്ദ്രപാലന്റെയും മഹപാലന്റെയും കാലത്തു ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടു്. [10]
7.4 അഭിനവശങ്കരൻ
ഇദ്ദേഹമാണു് 788 മുതൽ 840 വരെ ജീവിച്ചിരുന്ന ശങ്കരാചാര്യർ. ഈ ആചാര്യർ ആദിശങ്കരനെപ്പോലെ ദ്വിഗ്വിജയം നടത്തുകയും കാശ്മീരത്തുവെച്ചു് സർവ്വജ്ഞപീഠം കയറുകയും ചെയ്തിട്ടുണ്ടെന്നു് അദ്ദേഹത്തിന്റെ ശിഷ്യനായ വാക്പതിഭട്ടൻ നിർമ്മിച്ചിട്ടുള്ള ശങ്കരേന്ദ്രവിലാസത്തിൽ നിന്നു ഗ്രഹിക്കാം. വിധവാപുത്രൻ എന്നു് ആദിശങ്കരാചാര്യരെ ഉദ്ദേശിച്ചു് മാദ്ധ്വന്മാർ പറയാറുള്ള അപവാദം ചെന്നു പറ്റുന്നതു് അഭിനവശങ്കരനിലാണു്. മാധവാചാര്യർ ഈ വസ്തുത ഗ്രഹിക്കാതെ പ്രസ്തുത കളങ്കത്തെ ആദിശങ്കരനിലേക്കു പകർത്തുകയും മറ്റുള്ളവർ [11] അദ്ദേഹത്തിനെ അന്ധമായി പിന്തുടരുകയും ചെയ്തു. കേരളീയരുടെ ശങ്കരാചാര്യചരിതത്തിൽ അങ്ങനെ ഒരു കളങ്കം അദ്ദേഹത്തിൽ ആരോപിച്ചിട്ടില്ലെന്നുള്ളതും ഈ അവസരത്തിൽ സ്മർത്തവ്യമാണു്. അഭിനവശങ്കരനേയും മഹാദേവന്റെ അവതാരമായിട്ടാണു് ഗണിച്ചുവന്നതു്.
“ഹായനേഥ വിഭവേ വൃഷമാസേ
ശുക്ലപക്ഷദശമീദിനമധ്യേ
ശേവധിദ്വിപദിശാനലവർഷേ
തിഷ്യ ഏനമുദസോഷ്ടവിശിഷ്ടം”
എന്ന പദ്യം ആദ്യമായി കണ്ടുകിട്ടിയപ്പോൾ അതിൽ പറഞ്ഞിരിക്കുന്നതു് ആദിശങ്കരന്റെ ജനനകാലമാണെന്നു് പാശ്ചാത്യന്മാർ ഭ്രമിച്ചുപോയി. വാസ്തവത്തിൽ അഭിനവശങ്കരന്റെ ജനനത്തേയാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതെന്നു് ഗുരുരത്നമാല തുടങ്ങിയ ഗ്രന്ഥങ്ങളിൽനിന്നും കാഞ്ചീപുരത്തിലെ ഗ്രന്ഥവരിയിൽനിന്നും ആർക്കും നിഷ്പ്രയാസം ഗ്രഹിക്കാം. മീ. പഥക് കണ്ടുപിടിച്ചതും ഈ പ്രകരണത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ചതുമായ പദ്യങ്ങളും അതുപോലെതന്നെ ഈ അഭിനവശങ്കരനെപ്പറ്റി രചിക്കപ്പെട്ടിട്ടുള്ളവയാണു്.
വാക്പതിഭട്ടൻ, ക്ഷീരസ്വാമി, ചടകൻ, മനോരഥേശൻ, സന്ധിമാൻ, ശംഖകൻ, ദാമോദരൻ, ഥക്യൻ, വാമന മഹോപാദ്ധ്യായൻ എന്നിവരെല്ലാം ഏ. ഡി. 780 മുതല്ക്കു് 810–വരെ കാശ്മീരം ഭരിച്ച ജയാപീഡവിനയാദിത്യന്റെ സദസ്യരായിരുന്നെന്നും അവരുടെ എല്ലാം അഗ്ര്യസ്ഥാനം വാക്പതി ഭട്ടനായിരുന്നെന്നും സദ്ഗുരുസന്താനപരിമളത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“ക്ഷീരസ്വാമിമനോരഥേരശചടകശ്രീസന്ധിമച്ഛംഖക
ശ്രീദാമോദരഥക്യവാമനമഹോപാദ്ധ്യായമുഖ്യാൻകവീൻ;
അഷ്ടാവപ്യഭിഭൂയ ദുർജയതയാഭട്ടോൽഭടഃ പ്രത്യഹം
യോദീനാരകലക്ഷവേതനവഹഃ കോസ്യാഗ്രതഃസോപ്യഭൂൽ”
ഈ വാക്പതിഭട്ടനേയാണു് അഭിനവശങ്കരൻ ജയിച്ചു സർവ്വജ്ഞപീഠം കയറിയതെന്നു്.
‘ദേദീധ്യച്ശുക്രദത്തോത്ഭടനവഭടവാഗ്ബദ്ധബുദ്ധാധ്വമധ്വ
സ്വാദപ്രോദസ്ത വദാദൃതിരഥ സ ജയാപീഠസമ്രാഡപിദ്രാക്
യദ്വാഗുദ്ഭൂത ബാധശ്രുതിമഥവപുഷഃശാരദായാഃപുരസ്താൽ
പീഠേസർവജ്ഞയോഗ്യേനിദധദധിപദച്ഛായമാർച്ചീദ്യമർച്യം’
എന്ന പദത്തിൽനിന്നും വ്യക്തമാകുന്നു.
ഈ ശങ്കരാചാര്യരുടെ കാലത്തെപ്പറ്റി യാതൊരു ശങ്കയ്ക്കും അവകാശമില്ല. ഇനി കുറേക്കൂടി പുറകോട്ടു കടന്നുനോക്കാം.
7.5 ബ്രഹ്മാനന്ദഘനൻ (1) (655–688)
ഈ ആചാര്യർ കാശ്മീരാധിപതിയായ ലളിതാദിത്യമുക്താപീഠന്റേയും ഭവഭൂതിയുടേയും പൂജയ്ക്കു പാത്രീഭവിച്ച ഒരു മഹാനായിരുന്നു. ഭവഭൂതിയുടെ കാലം ഇപ്പോൾ സുനിർണ്ണീതമായിട്ടുണ്ടു്. അതുപോലെ തന്നെ, യശോവർമ്മനെ തോല്പിച്ചശേഷം ദക്ഷിണേന്ത്യയെ ആക്രമിച്ച ലളിതാദിത്യന്റെ കാലവും ചരിത്രകാരന്മാർ നിർണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു. കാഞ്ചീഗ്രന്ഥവരിയിൽ ബ്രഹ്മാനന്ദഘനനു പറഞ്ഞിരിക്കുന്ന കാലവും ചരിത്രകാരന്മാർ ലളിതാദിത്യനു [12] പറഞ്ഞിരിക്കുന്ന കാലവും പരസ്പരം യോജിക്കുന്നുണ്ടു്.
7.6 സച്ചിൽസുഖൻ (481–512)
സച്ചിൽസുഖൻ ആര്യഭട്ടന്റെ സമകാലികനായിരുന്നതിനാൽ, അദ്ദേഹത്തിന്റെ കാലം ഇവിടെ പറഞ്ഞിരിക്കുന്നതു് ശരിയാണോ അല്ലയോ എന്നു നിർണ്ണയിക്കുന്നതിനു പ്രയാസമില്ല. ആര്യഭട്ടൻ ഒരു സൂര്യഗ്രഹണം നോക്കുന്നതിനായി ഒരിക്കൽ കപ്പൽ കയറി എവിടെയോ പോവാൻ ഇടയായി. സച്ചിൽസുഖൻ ഈ വിവരം അറിഞ്ഞു് അദ്ദേഹത്തിനെ ശാസിക്കയും ശുദ്ധികർമ്മം നടത്തുകയും ചെയ്തുവത്രേ. അവിശ്വാസിയായിരുന്ന ആ ജ്യോതിശ്ശാസ്ത്രജ്ഞനെ വൈദികധർമ്മ വിശ്വാസിയാക്കിതീർത്തതും ഈ സന്യാസിയായിരുന്നു. ആര്യഭട്ടൻ ഏ. ഡി. 499–ൽ ജീവിച്ചിരുന്നതായി ചരിത്രകാരന്മാർ തീർച്ചപ്പെടുത്തീട്ടുള്ളതിനാൽ, ഈ സംഗതിയിലും നമുക്കു് കാഞ്ചീപുരത്തെ ഗ്രന്ഥവരിയെ വിശ്വസിക്കാം.
7.7 മൂകശങ്കരാചാര്യർ. (398–437)
ഇദ്ദേഹമാണു് മൂകപഞ്ചാശതിയുടെ കർത്താവു്. ആദിശങ്കരാചാര്യർ എട്ടാം ശതകത്തിനുമുമ്പു ജീവിച്ചിരുന്നു എന്നുള്ളതിനു് മൂകശങ്കരാചാര്യരുടെ പ്രാചീനശങ്കരവിജയം സാക്ഷ്യം വഹിക്കുന്നു. ഈ ഗ്രന്ഥത്തിൽ നിന്നു് ആത്മബോധൻ അനേകം പദ്യങ്ങൾ ഉദ്ധരിച്ചിട്ടുമുണ്ടു്. അതിൽനിന്നു് മൂകശങ്കരന്റെ കാലത്തും കാഞ്ചീമഠം സുസംഘടിതമായ ഒരു ഉത്തമസ്ഥാപനമായി വർത്തിച്ചിരുന്നുവെന്നു് ഊഹിക്കാം. ആദിശങ്കരന്റെ കാലം കലിവർഷം 2593 ആയിരുന്നുവെന്നു് അതിൽ പ്രസ്താവിച്ചിട്ടുള്ളതും പ്രത്യേകം സ്മരണീയമാകുന്നു.
മൂകശങ്കരാചാര്യരുടെ കാലം സ്വതന്ത്രമായി നിർണ്ണയിക്കുന്നതിനു മാർഗ്ഗമുണ്ടു്.
മാതൃഗുപ്തൻ, രാമിലൻ, മേണ്ഠൻ, പ്രവരസേനൻ മുതലായ കവികളെല്ലാം മൂകശങ്കരാചാര്യരുടെ സമകാലികന്മാരായിരുന്നു. അന്നത്തെ ഭാരതചക്രവർത്തി ഹർഷാപര നാമധേയനായ വിക്രമാദിത്യശകാരിയായിരുന്നു എന്നു കാണുന്നു. എന്നാൽ ചിലർ, ഹർഷശബ്ദം കണ്ടു ഭ്രമിച്ചു് ആ രാജാവു് പില്ക്കാലത്തു ജീവിച്ചിരുന്ന സാക്ഷാൽ ശ്രീഹർഷനാണെന്നു് അഭിപ്രായപ്പെടുന്നുണ്ടു്. ആ അഭിപ്രായം സാധുവല്ലെന്നു് രാമിലകൃതമായ മണിപ്രഭയിലെ പ്രസ്താവന നോക്കിയാൽ അറിയാം.
സൂതഃ–ന ജാനാസി?–
ആചാര്യേശദ്വിജന്മാർഥ്യതിഥിഷുവിനതോവൈനതേയഃശകാ
കാശ്മീരാനേവ കാവ്യംകിമപികവയിതുദ്ദത്തവാനപ്രമത്തം(ഹേഃ
രക്ഷാദത്തപ്രഹർഷപ്രകൃതികൃതിശരുാധ്മാതഹർഷഃ സഹർഷഃ
കർണ്ണാഭ്യർണ്ണാവതീർണ്ണഃ കഥമഥതവ നോ വിക്രമീ”വക്രമാർക്കഃ
ഈ വിവരണം ഉജ്ജയിനിയിലെ വിക്രമാദിത്യശകാരിക്കല്ലാതെ സാക്ഷാൽ ശ്രീഹർഷനു് തീരെ യോജിക്കുന്നില്ലെന്നു് വിൻസന്റ് ഏ സ്മിത്തു തുടങ്ങിയ ചരിത്രകാരന്മാർ ഗുപ്തവംശജനായ ചന്ദ്രഗുപ്തവിക്രമാദിത്യനെപ്പറ്റിയും ശ്രീഹർഷനെപ്പറ്റിയും പറഞ്ഞിട്ടുള്ള ഭാഗങ്ങളിൽനിന്നു് നിഷ്പ്രയാസം ഗ്രഹിക്കാം. മാതൃഗുപ്തൻ വിക്രമാദിത്യശകാരിയെ ആശ്രയിച്ചുജീവിച്ച ഒരു കവിയായിരുന്നു. അദ്ദേഹത്തിന്റെ കവിത കണ്ടു സന്തോഷിച്ചു്, ചക്രവർത്തി കാശ്മീരരാജ്യം ദാനം ചെയ്തതിനെയാണു് മുകളിൽ ഉദ്ദരിച്ച ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നതു്. ഏ. ഡി. 413–ൽ വിക്രമാദിത്യൻ പരലോകം പ്രാപിച്ചപ്പോൾ മാതൃഗുപ്തൻ രാജ്യമുപേക്ഷിച്ചിട്ടു് സന്യസിച്ചു. പിന്നീടു് യഥാർത്ഥാവകാശിയായ പ്രവരസേനദ്വിതീയൻ രാജാവായി. എന്നിട്ടും നികുതി പിരിഞ്ഞു കിട്ടിയ തുകയേ അദ്ദേഹം സന്യാസിയായി കാശിയിൽ താമസിച്ചിരുന്ന മാതൃഗുപ്തനു് അയച്ചുകൊടുത്തുകൊണ്ടിരുന്നു.
മേണ്ഠകൃതിയായ ഹയഗ്രീവവധത്തിൽ ശങ്കരാചാര്യരേയും ഈ കവികളേയും ചേർത്തു് ഒരു പദ്യം കാണുന്നു.
“ഖ്യാതശ്രീ ശംകരേന്ദ്രപ്രചുരതരകൃപാലബ്ധസാഹിത്യവിദ്യഃ
സദ്യഃസാധൂക്തിസമ്മോദ്യപിപരകവിതാമർഷിണോമാതൃഗുപ്താൽ
പ്രൌഢാഃപ്രൌഢോക്തിരൂഢൈർനിബിഡരസഭരെർഗ്ഗുംഫനൈര്യത്രമേദു-
മ്മേർദുർമ്മോഹാദനാദീദ്ധയവദനവധം വാഗ്മ്യകുണ്ഠഃ സമേണ്ഠ”
നാലാം ശതകത്തിനു് അപ്പുറം ഉള്ള പതിനെട്ടു ആചാര്യന്മാരുടെ കാലം വിശ്വാസയോഗ്യമായിരിക്കുന്നില്ല. [13] അതുകൊണ്ടു് ശരാശരി ഇരുപത്തഞ്ചു കൊല്ലം വീതം തള്ളിയാൽ ആദിശങ്കരന്റെ ജീവിതകാലം ബി. സി. ഒന്നാംശതകത്തിൽ വരും. അതിനപ്പുറമായിരിക്കാൻ ഇടയില്ല. എന്തുകൊണ്ടെന്നാൽ ശങ്കരാചാര്യർക്കു മഹാഭാഷ്യകർത്താവായ പതഞ്ജലിയെക്കാൾ പ്രാചീനത്വം കല്പിക്കുന്നതു സാഹസമാണു്. ആചാര്യരുടെ ഗുരുവായിരുന്ന ഗോവിന്ദഭഗവൽപാദർ ആണു് കാശ്മീരത്തിൽ ഇദം പ്രഥമമായി മഹാഭാഷ്യത്തെ പ്രചരിപ്പിക്കുന്നതെന്നു് രാജതരംഗിണിയിൽ കാണുന്നതിനെ അവിശ്വസിക്കാൻ ന്യായവുമില്ല. ഗോവിന്ദഭഗവൽപാദർ ഗൌഡപാദാചാര്യരുടെ ശിഷ്യനായിരുന്നുവെന്നു്, ശങ്കരാചാര്യർ അദ്ദേഹത്തിനെ പലേ സ്ഥലങ്ങളിൽ പരമഗുരുവായി വർണ്ണിച്ചിട്ടുള്ളതിൽ നിന്നും ഊഹിക്കാം. ഗൌഡപാദർ ജീവിച്ചിരുന്നതു് ബി. സി. ഒന്നാംശതകത്തിലായിരുന്നു. ഏ. ഡി. രണ്ടും മൂന്നും ശതകങ്ങളിൽ ജീവിച്ചിരുന്ന തമിൾ കവികളിൽ ശാങ്കരമതം പ്രതിഫലിച്ചുകാണുന്നതും നമ്മുടെ ഊഹത്തിനു് അവഷ്ഠാഭകമായിരിക്കുന്നു. ഏതൽക്കാരണങ്ങളാൽ ആചാര്യരുടെ കാലം ബി. സി. ഒന്നാംശതകത്തിലായിരുന്നുവെന്നു തീർച്ചപ്പെടുത്താം.
7.8 ആചാര്യരുടെ ജീവിതചരിത്രസംക്ഷേപം
അദ്ദേഹം കുന്നത്തുനാടു താലൂക്കിൽ മഞ്ഞപ്രപ്രവൃത്തിയിൽ കാലടി എന്ന ദേശത്തു ജനിച്ചു. പിതാവായ ശിവഗുരുവും മാതാവായ ആര്യാംബയും സന്താനമില്ലാതെ ദുഃഖിച്ചു വളരെക്കാലം ശിവനേ ഭജിച്ചുവെന്നും ഒടുവിൽ ശിവൻ പ്രസന്നനായിട്ടു് താൻ അവരുടെ സന്താനമായി ജനിക്കാൻ പോകുന്നുവെന്നു് സ്വപ്നത്തിൽ അവരെ അറിയിച്ചുവെന്നുമാണു് ഐതിഹ്യം. [14] അഞ്ചാമത്തെ വയസ്സിൽ പിതാവു മരിച്ചു. ആര്യാംബ അമ്മാത്തുള്ളവരുടെ സഹായത്തോടുകൂടി ഉപനയനം നടത്തി. പതിനാറു വയസ്സുവരേയുള്ള വിദ്യഭ്യാസം വൈക്കത്തു മാതൃഗൃഹത്തിൽ വച്ചാണു് നടന്നതു്. കാവ്യനാടകാലങ്കാരാദികളും ഇതിഹാസപുരാണങ്ങളും ദർശനങ്ങളും അദ്ദേഹം അതിനിടയ്ക്കു വേണ്ടപോലെ പഠിച്ചുകഴിഞ്ഞു.
പ്രകൃത്യാ വിചിന്തനശീലനായ ഈ ബാലനിൽ വൈരാഗ്യം അതിബാല്യത്തിലേ ഉദിച്ചു. അതിനാൽ പതിനാറാമത്തെ വയസ്സിൽ അദ്ദേഹം പ്രിയമാതാവിന്റെ അനുവാദത്തോടുകൂടി ഒരു ഗുരുവിനെ തേടി പുറപ്പെട്ടു. കാശിയിൽ ചെന്നു് ഗോവിന്ദഭഗവൽപാദരുടെ കീഴിൽ വേദാന്തം അഭ്യസിച്ചു് തിരിയിൽനിന്നു കൊളുത്തിയ പന്തംപോലെ പ്രകാശിച്ചു. അവിടെവെച്ചാണു അദ്ദേഹം വേദാന്തസൂത്രഭാഷ്യവും ഗീതാഭാഷ്യവും ഉപനിഷദ്ഭാഷ്യങ്ങളും രചിച്ചതു്.
അനന്തരം അദ്വൈതമതസ്ഥാപനത്തിനും പാഷണ്ഡമതഖണ്ഡനത്തിനുമായി അദ്ദേഹം ഭാരതഖണ്ഡം ഒട്ടുക്കു് സഞ്ചരിക്കാൻ തീർച്ചപ്പെടുത്തി. ആദ്യമായി മഗധയിലേയ്ക്കു പുറപ്പെട്ടു. ആ രാജ്യം ഭരിച്ചിരുന്നതു് ഹാലൻ എന്ന ആന്ധ്രാരാജാവായിരുന്നു. അവിടെ താമസിക്കവേ, പ്രസിദ്ധ മീമാംസകനായ കുമാരിലഭട്ടന്റെ അന്ത്യദശ ആസന്നമായിരുന്നുവെന്നാണു് പരക്കേ വിശ്വസിക്കപ്പെട്ടിരുന്നതു്. അദ്ദേഹത്തിനെ ജയിക്കാൻ അക്കാലംവരെ ആർക്കും സാധിച്ചിരുന്നില്ല. ഉത്തരമീമാംസയെ ഖണ്ഡിച്ചു് പൂർവ്വമീമാംസയുടെ അധികാരത്തെ പുനഃസ്ഥാപിക്കണമെന്നുള്ള തന്റെ ഉദ്ദേശ്യസിദ്ധിക്കു്, കുമാരിലനെ ജയിക്കാതെ നിവൃത്തിയില്ലെന്നു കണ്ടിട്ടു് അദ്ദേഹവുമായി വാദത്തിൽ ഏർപ്പെട്ടു. തൽഫലമായി കുമാരിലൻ പരാജിതനാവുകയും ശങ്കരന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
അതിനുശേഷം കർമ്മമാർഗ്ഗക്കാരുടെ പ്രധാന മല്ലനെന്നു സുവിഖ്യാതനായിരുന്ന മണ്ഡനമിശ്രനെ കാണുന്നതിനായി പ്രയാഗയിലേക്കു തിരിച്ചു. പത്മവനത്തിൽവെച്ചു് രണ്ടു പേരുമായി ഒരു വാതം നടക്കുകയും മണ്ഡനമിശ്രൻ പരാജയം സമ്മതിച്ചു് ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ മണ്ഡനമിശ്രനായിരുന്നു ആചാര്യരുടെ പ്രധാന ശിഷ്യനായ സുരേശ്വരാചാര്യർ. അദ്ദേഹം നൈഷ്കർമ്മ്യസിദ്ധി മുതലായ ഒട്ടു വളരെ അദ്വൈതഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ടു്.
പ്രയാഗയിൽനിന്നു് ആചാര്യർ നേരെ ബദരികാശ്രമത്തിലേക്കാണു തിരിച്ചതു്. അവിടെ വെച്ചു് അദ്ദേഹത്തിനു തന്റെ പരമഗുരുവായ ഗൌഡപാദാചാര്യനെ കാണ്മാനുള്ള ഭാഗ്യം സിദ്ധിച്ചു. [15]
ബദര്യാശ്രമത്തിൽനിന്നു് ശങ്കരൻ കൈലാസത്തിലേയ്ക്കു പോയി അഞ്ചുശിവലിംഗങ്ങൾ കൊണ്ടുവന്നു. ആ ശിവലിംഗങ്ങളേയാണു് അദ്ദേഹം സ്ഥാപിച്ച മഠങ്ങളിൽ പ്രതിഷ്ഠിച്ചതു്. പിന്നീട് ഉത്തര ഇൻഡ്യയിലുള്ള അനേക പുണ്യസ്ഥലങ്ങളെ സന്ദർശിച്ചശേഷം ദ്രാവിഡദേശത്തേക്കു പുറപ്പെട്ടു. [16] പോയ ദിക്കിലൊക്കെ, വിജയലക്ഷ്മി അദ്ദേഹത്തിനു് അനുകൂലമായിരുന്നു. എല്ലായിടത്തും ശിഷ്യന്മാരുമുണ്ടായി. കാഞ്ചീപുരത്തുനിന്നു തിരിച്ചു് കന്യാകുമാരി, തൃച്ചംതൂർ, രാമേശ്വരം മുതലായ ദിക്കുകളൊക്കെ സന്ദർശിച്ചിട്ടു്, വീണ്ടും കാഞ്ചിയിലെത്തി. കാഞ്ചീപുരത്തു് അദ്ദേഹം ഒട്ടു വളരെക്കാലം പാർത്തുവെന്നു തോന്നുന്നു. തുംഗഭദ്രാതീരത്തു്, ഇപ്പോൾ ശൃംഗേരിമഠം ഇരിക്കുന്ന സ്ഥലത്തു് അദ്ദേഹം ഒരു ശാരദാക്ഷേത്രം പണിയിച്ചു്, വേദാന്തസൂത്രങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്നു. അങ്ങിനെ അവിടെ താമസിക്കവേ, തന്റെ മാതാവിന്റെ മരണം സന്നിഹിതമായിരിക്കുന്നുവെന്നു് ദിവ്യദൃഷ്ട്യാ അറിഞ്ഞു് സ്വഗൃഹത്തിൽ എത്തുകയും യഥോചിതം അന്ത്യശുശ്രൂഷകൾ നടത്തുകയും ചെയ്തു. എന്നാൽ സന്യാസിക്കു അപരക്രിയകൾ ചെയ്യുന്നതിനു് അധികാരമില്ലെന്നു നമ്പൂതിരിമാർ ശഠിച്ചു് ബന്ധുകൃത്യം ചെയ്യാതെ മാറിക്കളഞ്ഞതിനാൽ, അദ്ദേഹം നായന്മാരുടെ സഹായത്തോടുകൂടി ഹോമാഗ്നി ജ്വലിപ്പിച്ചു്, മൃതശരീരത്തെ ദഹിപ്പിക്കുകയും ആ നാട്ടിലെ ബ്രാഹ്മണർക്കു് വേദാധ്യയനം ചെയ്‍വാൻ അനധികാരികളായിപ്പോകട്ടേ എന്നു ശപിക്കുകയും ചെയ്തുവെന്നാണു് ഐതിഹ്യം. അതിനു ശേഷം കാഞ്ചീപുരത്തുവെച്ചാണു് ആചാര്യർ സർവജ്ഞപീഠം കയറിയതു്.
ആചാര്യരുടെ അന്ത്യദശയെ കേരളീയ ശങ്കരാചാര്യചരിതത്തിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“തതഃ ക്ഷേത്രാണി പുണ്യാനി തീർത്ഥാനി ച നിഷേവ്യ സഃ;
ക്രമേണ ശിഷ്യസംയുക്തോ വൃഷാചല [17] മവാപ്തവാൻ.
തത്ര ദക്ഷിണകൈലാസേ [18]
ജ്ഞാത്വാ നിജ ശരീരാന്തം സഹശിഷ്യൈഃപ്രസന്നധീ;
കാസാരേ പശ്ചിമേ സ്നാത്വാ നത്വാ തത്രസ്ഥമീശ്വരം;
ശ്രീമൂലസ്ഥാനമാസാദ്യ ചക്രേ തസ്യ പ്രദക്ഷിണം.”
ശങ്കരാചാര്യരെ വടക്കുന്നാഥക്ഷേത്രവളപ്പിൽ സമാധിയിരുത്തിയതായിട്ടാണു് ഈ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതു്. [19]
ശങ്കരാചാര്യർ കാഞ്ചി [20] ബദരി, ദ്വാരക, ശൃംഗേരി, പുരി എന്നീ സ്ഥലങ്ങളിൽ ഓരോ മഠങ്ങൾ സ്ഥാപിച്ചു. കാമകോടിപീഠത്തിൽ ആചാര്യർതന്നെ അദ്ധ്യക്ഷം വഹിച്ചു. മറ്റു ശാരദാമഠങ്ങളിൽ യഥാക്രമം തോടകൻ, പത്മപാദൻ, പൃഥ്വീമാധവൻ, ഹസ്താമലകൻ എന്നീ പ്രധാന ശിഷ്യന്മാരെ അദ്ധ്യക്ഷന്മാരായി അവരോധിച്ചിട്ടു്, അവയുടെ ഭരണത്തെ നിയന്ത്രിക്കാനായി മഠാമ്നായം എന്നൊരു ഗ്രന്ഥവും അദ്ദേഹം നിർമ്മിച്ചുവത്രേ.
അദ്ദേഹത്തിന്റെ പ്രധാന കൃതികൾ മുമ്പു പ്രസ്താവിച്ച ഭാഷ്യങ്ങളും, വിവേകചൂഡാമണി, വേദാന്തസിദ്ധാന്തസംഗ്രഹം, ദശശ്ലോകീ, പഞ്ചീകരണം, അപരോക്ഷാനുഭൂതി, മുതലായ കൃതികളും ആകുന്നു. സൌന്ദര്യലഹരി, ആനന്ദലഹരി, ശവഭുജംഗം മുതലായ അഭിനവ ശങ്കരന്റെയോ ഉജ്വലമൂകാശങ്കരന്മാരുടേയോ കൃതികളാണെന്നു തോന്നുന്നു.
“തവ സ്ഥാനം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃപാരാവാരഃ പരിവഹതി സാരസ്വതമിവ;
ദയാവത്യാ ദത്തം ദ്രവിഡശിശുരാസാദ്യ തവ യൽ
കവീനാം പ്രൗഢാനാമജനി കമനീയഃ കവയിതാ.”
എന്ന സൗന്ദര്യലഹരീപദ്യത്തിൽ ജ്ഞാനസംബന്ധരെന്ന ദ്രാവിഡകവിയെപ്പറ്റിയും,
മാർഗ്ഗാവർത്തിതപാദുകാ പശുപതേരംഗസ്യ കൂർച്ചായതേ
ഗണ്ഡൂഷാംബു നിഷേചനം പുരരിപോർദ്ദിവ്യാഭിഷേകായതേ;
കിഞ്ചിദ്ഭക്ഷിതമാംസശോഷകബളം നവ്യോപഹാരായതേ
ഭക്തിഃകിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ.
എന്ന ആനന്ദലഹരീപദ്യത്തിൽ കണ്ണപ്പനായനാരേയും, ശിവഭുജംഗത്തിൽ സുന്ദരൻ, ചിറുതൊണ്ടൻ തുടങ്ങിയവരേയും സൂചിപ്പിച്ചു കാണുന്നതിനാൽ ഈ കൃതികളുടെ കർത്താവു് ആദിശങ്കരനേക്കാൾ അർവാചീനനായിരിക്കാനേ മാർഗ്ഗമുള്ളു.
ഇനി ആദിശങ്കരാചാര്യർ അനാചാരങ്ങളുടെ സ്ഥാപകനായിരുന്നോ എന്നു പരിശോധിക്കാം.
ഒന്നാമതായി ഒരു ശങ്കരവിജയത്തിലും അദ്ദേഹം കേരളത്തിൽ അനാചാരങ്ങൾ നിർമ്മിച്ചതായി പറയുന്നില്ല. രണ്ടാമതായി, അദ്ദേഹത്തിന്റെ ജീവിതത്തിനും അനാചാരങ്ങൾക്കും തമ്മിൽ ഒരു പൊരുത്തവും ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു. ഭാരതഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിൽ സർവധർമ്മസമന്വയമായ അദ്വൈതത്തെ ഉപദേശിച്ചു് അനേക സഹസ്രം ജീവികൾക്കു നിത്യപ്രകാശം അരുളിക്കൊണ്ടു സഞ്ചരിച്ചിരുന്ന ആ പുണ്യശ്ലോകൻ സ്വമാതൃഭൂമിയായ കേരളത്തെ മാത്രം ഒരു ഭ്രാന്താലയമാക്കിത്തീർക്കുന്നതിനു ശ്രമിച്ചു എന്നു പറയുന്നതു് മഹാപാപമാണു്. എന്നുമാത്രമല്ല, അങ്ങനെ ഒരു അനാചാരാമ്നായം നിർമ്മിച്ചു് കേരളീയരെ ശിക്ഷിക്കാൻ അദ്ദേഹം ഒരുങ്ങിയെന്നു വന്നാൽ തന്നെയും, അതിനെ കേരളബ്രാഹ്മണർ സ്വീകരിക്കുമായിരുന്നോ എന്ന കാര്യം സന്നിഗ്ദ്ധവുമാണു്. ശങ്കരാചാര്യർക്കു കേരലീയനായ ഒറ്റ ശിഷ്യൻപോലും ഇല്ലായിരുന്നു എന്നുള്ള സംഗതിയും, ശങ്കരാചാര്യമഠങ്ങളിൽ പില്ക്കാലത്തു് ഒരു കേരളീയനും അധ്യക്ഷനാവാൻ സാധിച്ചിട്ടില്ലെന്നുള്ള കാര്യവും പ്രത്യേകം നാം ഓർക്കേണ്ടതാണു്. കർമ്മകാണ്ഡത്തെ മുറുകെപ്പിടിച്ചുകൊണ്ടിരുന്ന കേരളബ്രാഹ്മണരുണ്ടോ അദ്വൈതമതത്തേ സ്വീകരിക്കുന്നു? ഏതൽക്കാലപര്യന്തം പൂർവ്വമീമാംസയ്ക്കുള്ളിടത്തോളം പ്രാബല്യം അദ്വൈതത്തിനു് അവരുടെ ഇടയ്ക്കു ലഭിച്ചിട്ടുമില്ല. എല്ലാറ്റിനുംപുറമേ, ബി. സി. ഒന്നാം ശതകത്തിൽ, കേരളീയർ ചാതുർവർണ്ണ്യമാകുന്ന മഹാവാഗുരത്തിൽ കുടുങ്ങീട്ടുമില്ലായിരുന്നു. അക്കാലത്തുണ്ടായ തമിഴ്ഗ്രന്ഥങ്ങളിൽ കേരളീയാചാരങ്ങളെപ്പറ്റി ഭംഗിയായി വിവരിച്ചിട്ടുള്ളതിനാൽ ആ വിഷയത്തിൽ സന്ദേഹത്തിനൊന്നിനും വകയില്ലാതെയുമാണിരിക്കുന്നതു്. ശങ്കരസ്മൃതി എന്നൊന്നു് ഇപ്പോൾ കാണുന്നുണ്ടു്. അതു് ഏതോ ക്ഷുദ്രഹൃദയന്മാരുടെ കൂടലേഖനമാകുന്നു എന്നുള്ളതിനു് അതിൽതന്നെ ലക്ഷ്യങ്ങൾ കാണുന്നു.
നമുക്കു് ആദ്യമായി 64 അനാചാരങ്ങളേതെല്ലാമാണെന്നു നോക്കാം.
1. പല്ലു തേയ്ക്കുവാൻ കോൽ ഉപയോഗിക്കരുത്.
2. ഉടുത്ത വസ്ത്രത്തോടുകൂടി മുങ്ങരുത്.
3. കുളിക്കാൻ വരുമ്പോൾ ഉടുത്ത മുണ്ടു് തോർത്തുവാൻ ഉപയോഗിക്കരുത്.
4. പ്രാതസ്സന്ധ്യയ്ക്കുമുമ്പു കുളിക്കരുത്.
5. കുളിക്കാതെ ഭക്ഷണസാധനങ്ങൾ പാകം ചെയ്യരുത്.
6. ഇന്നലെ കോരിവെച്ച വെള്ളം ഇന്ന് ഉപയോഗിക്കരുത്.
7. നിഷ്കാമമായിട്ടേ കർമ്മം ചെയ്യാവൂ.
8. കാൽ കഴുകാനോ മറ്റോ എടുത്ത വെള്ളം പാത്രത്തിൽ ബാക്കിവന്നാൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
9. ബ്രാഹ്മണാദികൾ ശൂദ്രാദികളെ തൊട്ടാലും, കുളിക്കണം
10. താണജാതിക്കാരെ അടുത്താലും, കുളിക്കണം
11. താണ ജാതിക്കാർ തൊട്ട ജലാശയങ്ങൾ തൊട്ടാലും,
12. ചൂൽകൊണ്ട് അടിച്ചനിലത്തു തളിക്കാതെ ചവുട്ടിയാലും,
13. ഭസ്മം ആദ്യം മേല്പോട്ടു് ഒന്നും പിന്നെ വിലങ്ങത്തിൽ മൂന്നും വരിയായി കുറിയടണം.
14. ബ്രാഹ്മണർ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും വേണ്ടുന്ന മന്ത്രം കർമ്മം ചെയ്യുന്ന ബ്രാഹ്മണൻ തന്നെ ഉച്ചരിക്കണം.
15. തലേദിവസത്തെ ചോറും കറിയും ഉപയോഗിക്കരുതു്
16. കുട്ടികൾ ഭക്ഷിച്ച ബാക്കിയും ഉപയോഗിക്കരുതു്
17. ശിവന്നു നിവേദിച്ച സാധനവും ഉപയോഗിക്കരുതു്
18. കൈകൊണ്ടു വിളമ്പിയ ആഹാരദ്രവ്യവും, ഉപയോഗിക്കരുതു്
19. ഹോമാദികൾക്കു് എരുമയുടെ പാൽ മുതലായതും ഉപയോഗിക്കരുതു്
20. ചോറു് ഉരുട്ടാതെ വാരിത്തിന്നുകയോ, ഉരുട്ടിയ ഉരുള പകുതി ഉണ്ടിട്ടു് താഴെ വെയ്ക്കുകയോ ചെയ്യരുത്.
21. അശുദ്ധമായാൽ വെറ്റിലമുറുക്കുകകൂടി ചെയ്യരുത്.
22. ബ്രഹ്മചാരി നിഷ്ഠയേയും വ്രതത്തേയും അനുഷ്ഠിക്കണം.
23. പഠിപ്പു കഴിഞ്ഞാൽ ഗുരുദക്ഷിണ ചെയ്യണം.
24. പെരുവഴിയിൽ വെച്ചു് വേദം ഉച്ചരിക്കരുത്.
25. ഷോഡശകർമ്മങ്ങൾ യഥാകാലം യഥാവിധി ചെയ്യണം.
26. കന്യകയെ വില്ക്കരുത്.
27. ഫലത്തെ ആഗ്രഹിച്ചു് വ്രതത്തെ അനുഷ്ഠിക്കരുത്.
28. പുറത്തായ സ്ത്രീകളെ തൊട്ട സ്ത്രീകൾ കുളിച്ചിട്ടേ ഉണ്ണാവൂ.
29. കൈക്കോളന്റേയും വേലകൾ ബ്രാഹ്മണർ ചെയ്യരുതു്
30. വെളുത്തേടന്റേയും വേലകൾ ബ്രാഹ്മണർ ചെയ്യരുതു്
31. രുദ്രാക്ഷാദികളിൽ ബ്രാഹ്മണർ മാത്രമേ ശിവപൂജ ചെയ്യാവൂ.
32. ശൂദ്രന്റെ ശ്രാദ്ധത്തിനു് ബ്രാഹ്മണർ പ്രതിഗ്രഹം വാങ്ങരുത്.
33. പിതാമഹന്റെയും മാതാമഹന്റെയും അവരുടെ പത്നിമാരുടെയും ശ്രാദ്ധങ്ങൾ ഊട്ടണം.
34. എല്ലാ അമാവാസിക്കും ശ്രാദ്ധം ഊട്ടണം.
35. മാതാപിതാക്കന്മാർ മരിച്ച കൊല്ലം തികയുന്ന ദിവസം സപിണ്ഡി എന്ന ക്രിയ ചെയ്യണം.
36. മേല്പറഞ്ഞ സപിണ്ഡി തികയുന്ന ദിവസംവരെ ദീക്ഷയും വേണം.
37. ശ്രാദ്ധം ഊട്ടേണ്ടതു് നക്ഷത്രത്തിലാണ്.
38. സപിണ്ഡികാലത്തു പുല വന്നാൽ അതു കഴിഞ്ഞേ സപിണ്ഡി ചെയ്യാവൂ.
39. ദത്തെടുക്കപ്പെട്ട മക്കളും സ്വന്തം അച്ഛനമ്മമാരുടെ ശ്രാദ്ധം ഊട്ടണം.
40. സ്വന്തം ഭൂമിയിലേ ശവം ദഹിപ്പിക്കാവൂ.
41. സന്യാസി സ്ത്രീകളെ കാണരുത്.
42. സന്യാസി മരിച്ചാൽ യാതൊരു ക്രിയയും ചെയ്യരുത്.
43. സന്യാസിക്കായി ഗയാശ്രാദ്ധം പോലും ഊട്ടരുതു്.
44. ഭർത്താവിനെ ഒഴിച്ച് അന്യനെ കാണുകയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
45. ദാസിമാരോടുകൂടാതെ പുറത്തിറങ്ങുകയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
46. വെളുത്ത നിറത്തിലുള്ളതല്ലാത്ത വസ്ത്രം ധരിക്കുകയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
47. മൂക്കു കുത്തുകയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
48. മദ്യപിച്ചാലും ബ്രാഹ്മണൻ ഭ്രഷ്ടനാകും
49. മറ്റൊരു ബ്രാഹ്മണസ്ത്രീയിൽ പ്രവേശിച്ചാലും ബ്രാഹ്മണൻ ഭ്രഷ്ടനാകും
50. ദേവാലയങ്ങളിൽ പ്രേതപ്രതിഷ്ഠ ചെയ്യരുത്.
51. ദേവപ്രതിമയെ ശൂദ്രാദികൾ തൊട്ടുകൂട.
52. ഒരു ദേവന്നു നിവേദിച്ച സാധനം മറ്റൊരു ദേവന്നു നിവേദിക്കരുത്.
53. ഹോമം ചെയ്യാതെ വിവാഹാദികർമ്മങ്ങൾ ചെയ്യരുത്.
54. ആശീർവദിക്കുക ബ്രാഹ്മണർ അന്യോന്യം ചെയ്യരുതു്
55. നമസ്കരിക്കുക ബ്രാഹ്മണർ അന്യോന്യം ചെയ്യരുതു്
56. കൊല്ലംതോറുമുള്ള പശുമേധം ചെയ്യരുത്.
57. ശൈവവൈഷ്ണവാദി ഭേദങ്ങൾ അരുത്.
58. ഒരു പൂണുനൂൽ മാത്രമേ ധരിച്ചുകൂടൂ.
59. മൂത്ത മകനേ വേളികഴിക്കാവൂ.
60. ക്ഷത്രിയാദികൾ അന്നംകൊണ്ടാണു് ശ്രാദ്ധമൂട്ടേണ്ടത്.
61. അവർ അമ്മാവന്റെ ശ്രാദ്ധമൂട്ടണം.
62. അവരുടെ മുതൽ മരുമക്കൾക്കാണു്.
63. ഭർത്താവു മരിച്ച സ്ത്രീ സന്യസിക്കണം.
64. അവൾ ഉടന്തടി ചാടരുത്.
പരദേശത്തു നടപ്പില്ലാത്തതുകൊണ്ടാണത്രേ ഇവ അനാചാരങ്ങളായതു്. പ്രബലന്മാരായ രാജാക്കന്മാർ ചില ആചാരങ്ങൾ അവിടവിടെ നടപ്പിൽ വരുത്തിയതായി കേൾവിയുണ്ട്. എന്നാൽ ഇത്ര വളരെ ആചാരങ്ങൾ ഒരാൾ സൃഷ്ടിച്ച്, എല്ലാവരുടേയും തലയ്ക്കു മീതെ വെച്ചുകൊടുത്തതായി ലോകചരിത്രത്തിൽ ഒരിടത്തും കണ്ടിട്ടില്ല.
“ചതുഃഷഷ്ടിരനാചാരാൻ കേരളേഷു വദന്തി ഹി
അന്യത്രാചരണാഭാവദനാചാര ഇതീരിതഃ
ധർമ്മശാസ്ത്രാണി സകലാന്യാലോപഃ ശ്രേയസേ നൃണാം
ശ്രീശങ്കരാചാര്യപാദശ്ചക്രേ താൻ കൃപയാന്വിതഃ”
എന്നിങ്ങനെ ആചാരസംഗ്രഹം അഥവാ കേരളാചാരം എന്ന ഗ്രന്ഥത്തിൽ ഒരു പ്രസ്താവം കാണുന്നുണ്ടെങ്കിലും, ശങ്കരസ്മൃതിയിൽ പറഞ്ഞിരിക്കുന്നതു് ഇപ്രകാരമാണു്:
“അഥാതോ നു പ്രവക്ഷ്യാമി നൃണാം കേരളവാസിനാം
അനാചാരാൻ സമാസേന ഭാർഗ്ഗവേണ പ്രദർശിതാൻ
അന്യത്രാചരണാഭാവാദനാചാരാൻ ഭൃഗ്രുദ്വഹഃ
യാനാചഷ്ട ചതുഷ്ഷഷ്ടിമാഖ്യാസ്യേ തത്ര താനപി
ഏതാവന്തോഹ്യനാചാരാഃ പ്രാധാന്യപരിചിന്തയാ
ഭാഗ്ഗവേണ സമാമ്നാതാ യേചാന്യേ കിഞ്ചിദൂനതാം.”
ശാങ്കരസ്മൃതി ശങ്കരാചാര്യരുടേതാണെന്നു വാദിക്കുന്നവർക്കു്, അനാചാരങ്ങളുടെ കർത്താവു് അദ്ദേഹമായിരുന്നു എന്നു പറവാൻ നിവൃത്തിയില്ലാത്ത വിധത്തിലാണു് ഇതുകൊണ്ടു വന്നിരിക്കുന്നതു്. ഗ്രന്ഥകാരൻ ഭാർഗ്ഗവസ്മൃതിയിൽ നിർദ്ദേശിച്ചിരിക്കുന്ന ആചാരങ്ങളെയല്ലാതെ സ്വമേധയാ യാതൊന്നും പറയുന്നതായി അഭിമാനിക്കുന്നില്ലല്ലോ. അനാചാരങ്ങൾ ശങ്കരാചാര്യർതന്നെ നിർമ്മിച്ചതാണെന്നുവരികിൽ, ശാങ്കരസ്മൃതി വേറെ ആരോ എഴുതിയുണ്ടാക്കിയതാണെന്നു തീർച്ചയുമാണു്. അസത്യം പറഞ്ഞുണ്ടാക്കിയാൽ ഉള്ള ദുർഘടം നോക്കുക. പരമാർത്ഥം പറയുന്നതായാൽ ഈ രണ്ടു ഗ്രന്ഥങ്ങളും പ്രമാണഗ്രന്ഥങ്ങളേ അല്ല. ഭാർഗ്ഗവസ്മൃതി എന്നോ, ശാങ്കരസ്മൃതി എന്നോ ഒന്നുണ്ടായിരുന്നെങ്കിൽ, ശാങ്കരശിഷ്യപരമ്പരയിലുൾപ്പെട്ട വിശ്വരൂപാചാര്യൻ, മനുസ്മൃതിയുടെ വ്യാഖ്യാനത്തിൽ ധർമ്മശാസ്ത്രപ്രവർത്തികന്മാരുടെ പേരുകൾ പറയുന്നിടത്തു്
“മന്വത്രിവിഷ്ണുഹാരീതയാജ്ഞവല്ക്യേ ശനോംഗിരാ
യമാപസ്തംബസംവർത്താഃ കാത്യായന ബൃഹസ്പതീ
പരാശരവ്യാസശാഖ ലിഖിതാ ദക്ഷഗൗതമൗ
ശാതാതപോ വസിഷ്ഠശ്ച ധർമ്മശാസ്ത്രപ്രയോജകാഃ”
എന്ന യാജ്ഞവല്ക്യസ്മൃതിയിലെ പദ്യങ്ങളെ മാത്രം ഉദ്ധരിച്ചിട്ടു് ശങ്കരാചാര്യരെപ്പറ്റിയോ ഭാർഗ്ഗവനെപ്പറ്റിയോ ഒന്നും മിണ്ടാതിരിക്കുമായിരുന്നോ? ഈ വിശ്വരൂപാചാര്യരും സുരേശ്വരാചാര്യരും ഒന്നായിരുന്നുവെന്നു ശങ്കരവിജയങ്ങളിൽ കാണുന്നു. എന്നാൽ വാസ്തവം അങ്ങനെ അല്ല. വിശ്വരൂപാചാര്യർ കൃപാശങ്കരന്റെ ശിഷ്യനായിരുന്നു. അദ്ദേഹത്തിനെ ആചാര്യർ ശൃംഗേരിമഠത്തിന്റെ അദ്ധ്യക്ഷനായി വാഴിച്ചു. കൃപാശങ്കരന്റെ അനുഗാമിയും ഒരു സുരേശ്വരനായിരുന്നു. ആരോ ഒരാൾ തന്റെ കാലത്തു നടപ്പിലിരുന്ന കേരളീയാചാരങ്ങളെ ശേഖരിച്ചു് എഴുതിവെച്ചതായിരിക്കണം പ്രസ്തുതഗ്രന്ഥം. ഗ്രന്ഥകാരനായിരുന്നാലും, കേരളമാഹാത്മ്യകർത്താവിനെപ്പോലെതന്നെ കൃതഘ്നനും, സ്വാർത്ഥലാഭസിദ്ധിക്കു വേണ്ടി ജനനീജന്മഭൂമികളെ കളങ്കപ്പെടുത്താൻ മടിയില്ലാത്തവനും ആയിരുന്നു. കേരളമാഹാത്മ്യകർത്താവു്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനെ കേരളഭൂമിയുടെ ഉദ്ധാരകനായി മനഃപ്പൂർവം വിശ്വസിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ പേരു കേൾക്കുമ്പോൾതന്നെ വിഷൂചികയുടെ സർവലക്ഷണങ്ങളും ഉണ്ടാകത്തക്കവണ്ണം അദ്ദേഹത്തിനെക്കൊണ്ടു് ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുമായിരുന്നില്ല. അതുപോലെ തന്നെ, കേരളത്തിന്റെ യശസ്തംഭം നാട്ടിയ പുണ്യശ്ലോകനായ ശങ്കരാചാര്യരോടു് ശാങ്കരസ്മൃതികർത്താവിനു ബഹുമാനത്തിന്റെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിനെ ഈ അനാചാരങ്ങളുടെ കർത്താവായി ഉൽഘോഷിക്കയുമില്ലായിരുന്നു.
പരസ്ത്രീപ്രവേശനം നിന്ദ്യമാണെന്നു് ലോകമെല്ലാം വിധിച്ചിരിക്കേ, ബ്രാഹ്മണൻ വിപ്രപത്നിയിൽ പ്രവേശിച്ചാലേ ഭ്രഷ്ടനാവുവെന്നാണത്രേ ശങ്കരാചാര്യരുടെ മതം! തന്നെയും തന്റെ വംശത്തെയും തീറ്റിപ്പോറ്റി കൊഴുപ്പിച്ച മഹാരാജാക്കന്മാരുടെ സ്ത്രീകൾക്കുപോലും പാതിവ്രത്യം വേണ്ടെന്നു് എഴുതിവെച്ച പരമദുഷ്ടനോ ശങ്കരാചാര്യർ? ശാന്തം പാപം! അഹോ! മനുസ്മൃതിയിലും യാജ്ഞവല്ക്യസ്മൃതിയിലും [21] കാണുന്ന ആര്യപരിഷ്കാരത്തിനും ഈ വിലക്ഷണാചാരങ്ങളിൽ തെളിഞ്ഞുകാണുന്ന ചീഞ്ഞ ദുർഗ്ഗന്ധമലീമസമായ പരിഷ്കാരത്തിനും തമ്മിൽ എന്തു അന്തരം!
ശങ്കരാചാര്യർ കാഞ്ചീപുരത്തായിരുന്നു ജീവിതത്തിന്റെ അധികാംശവും കഴിച്ചുകൂട്ടിയതു്. അദ്ദേഹം ശിഷ്യന്മാരാരും അറിയാതെ കേരളത്തിൽ വന്നു് അനാചാരങ്ങളെ പ്രതിഷ്ഠിച്ചിട്ടു് കടന്നുകളഞ്ഞോ? ഒരു ശങ്കരവിജയത്തിലും, കേരളീയശങ്കരാചാര്യചരിതത്തിൽപോലും, അതിന്റെ കഥയേ പ്രസ്താവിച്ചിട്ടില്ലാത്തതിനു് എന്തു സമാധാനമാണുള്ളതു്? അദ്വൈതമതസ്ഥാപകനായ ശങ്കരാചാര്യർ എവിടെ? ശാങ്കരസ്മൃതികാരൻ എവിടെ? പിൽകാലങ്ങളിൽ എത്രയോ ശങ്കരാചാര്യന്മാർ ഉണ്ടായിരിക്കുന്നു! അവരിൽ ആരെങ്കിലുമാണു് ഈ അനാചാരങ്ങൾ ക്രോഡീകരിച്ചതെന്നു പറഞ്ഞാൽ ആർക്കും ഒരു വിരോധവുമില്ല. മതസ്ഥാപകന്മാരുടെ ഉദ്ദേശ്യങ്ങളിൽ നിന്നു് എല്ലാ മതങ്ങളും അകന്നകന്നു പൊയ്ക്കൊണ്ടാണിരിക്കുന്നതു്. അക്കൂട്ടത്തിൽ ശങ്കരാചാര്യമഠങ്ങളും കാലക്രമേണ ദുഷിച്ചുപോയെന്നു് ഒറ്റനോട്ടത്തിൽ നമുക്കു കാണാൻകഴിയും. അങ്ങനെ പാതാളത്തിനു് ഏതാണ്ടു് അടുത്തെത്തിയിട്ടുള്ള ഏതോ നാമമാത്രാദ്വൈതമഠത്തിന്റെ അധിപതിയായ ഒരു ശങ്കരാചാര്യർ വമിച്ച കാളകൂടത്തെ സാക്ഷാൽ ശങ്കരന്റെ കണ്ഠത്തിൽ തള്ളിക്കയറ്റിയിട്ടു് ഒരു കാര്യവുമില്ല. ഒരു സംഗതി തീർച്ചയാണു്. ഈശ്വരദത്തമായ വിശേഷബുദ്ധി ഇരിക്കുന്നിടത്തോളം കാലം മനുഷ്യൻ അനാചാരങ്ങളോടു മല്ലിട്ടു് ഒടുവിൽ വിജയം പ്രാപിക്കതന്നെ ചെയ്യും.
ഇത്രയും പറഞ്ഞതിൽനിന്നു് കേരളീയാചാരങ്ങൾ ആപാദചൂഢം നിന്ദ്യങ്ങളാണെന്നു് ആരും വിചാരിച്ചുപോകരുത്. ആചാരങ്ങൾ ശ്രുതിവിരുദ്ധമാകാതെയും ധർമ്മബുദ്ധിസമുത്തേജകമായും ഇരിക്കുന്നിടത്തോളംകാലം സ്വീകാര്യമാണു് “ആചാരം ധർമ്മ (മതം) ത്തിലേക്കുള്ള പ്രഥമസോപാനമാകുന്നു. അതിന്റെ പ്രധാനഘടകം ശരീരമനസ്സുകളുടെ ശുചിത്വമാണു്.” എന്നു് സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നു. ഈ വസ്തുതയെ സ്മൃതികാരന്മാരും നിഷേധിക്കുന്നില്ല.
“വേദോ ഖിലോ ധർമ്മമൂലം സ്മൃതിശീലേ ച തദ്വിദാം;
ആചാരശ്ചൈവ സാധൂനാമാത്മനസ്തുഷ്ടിരേവച” (മനു)
അതുകൊണ്ടത്രേ, ശ്രുതിസ്മൃതികൾ പരസ്പരം വിപരീതമായി വരുന്നിടത്തു്, ശ്രുതിയെത്തന്നെ സ്വീകരിക്കണമെന്നു് ആചാര്യന്മാർ വിധിച്ചിട്ടുള്ളതു്. ഈ തോതു വെച്ചു നോക്കിയാൽ, കേരളീയാചാരങ്ങളിൽ പലതും, പ്രത്യേകിച്ചു് സ്നാനാദികർമ്മങ്ങളേയും, ഭോജ്യാഭോജ്യാന്നങ്ങളേയും പറ്റി ചെയ്തിരിക്കുന്ന വ്യവസ്ഥകൾ ശ്ലാഘ്യങ്ങൾതന്നെയാണു്. സർവകർമ്മങ്ങളും സങ്കല്പവിവർജ്ജിതങ്ങളായിരിക്കണമെന്നു് വിധിച്ചിട്ടുള്ളതു തന്നെ ഉൽകൃഷ്ടമായ ഒരു മനഃസ്ഥിതിയേ ആണു് ഉപലക്ഷിക്കുന്നതു്. എന്നാൽ, ഇത്തരം സദാചാരങ്ങളുടെ കൂട്ടത്തിൽ ശ്രുതിവിരുദ്ധങ്ങളും കാമചാരിതയേ പ്രേരിപ്പിക്കന്നവയുമായ ചില ദുരാചാരങ്ങളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നതു് ആക്ഷേപാർഹമാകുന്നു.
ഈ അവസരത്തിൽ കേരളത്തിലേ ജാതിവ്യത്യാസത്തെപ്പറ്റിയും ഒന്നുരണ്ടു വാക്കു പറയാതെ കഴികയില്ല. മലയാളദേശത്തെ വാതുലാലയമെന്നു നാമകരണം ചെയ്യുന്നതിനു് വിശ്വസ്നേഹിയായ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിക്കത്തക്കവണ്ണം അത്ര വളരെജാതികൾ ഇവിടെ ഇപ്പോൾ കാണുന്നു. മനുഷ്യരെ മൃഗങ്ങളാക്കുന്ന ഇത്തരം ജാതിയേർപ്പാടുകൾ വരുത്തിവെച്ചതും ശ്രീമല്ശ്രീശങ്കരഭഗവൽപാദരാണെന്നാണു് ചിലർ പറയുന്നതു്. ഓരോ കാരണവശാൽ, ലോകത്തിൽ, ജാതിവ്യത്യാസം ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ, ഒരാൾ വന്നു് ജാതിവ്യവസ്ഥകൾ ഉണ്ടാക്കിവെച്ചാൽ, അയാളെ അനുസരിക്കാൻ അയാൾ മാത്രമേ കാണൂ. ശങ്കരഭഗവാനെപ്പോലെയുള്ള ഒരു മഹാൻ അതിനായി തുനിയുകയുമില്ല. വൈവിധ്യത്തിൽ ഏകത്വത്തേ ദർശിച്ച ഒരു യതീശ്വരൻ, മനുഷ്യസമുദായത്തെ അലങ്കോലപ്പെടുത്തുന്നതിനും, അവരിൽ ഒരു വലിയ ഭാഗത്തെ മൃഗങ്ങളാക്കി വിടുന്നതിനും ശ്രമിച്ചു എന്നു പറഞ്ഞാൽ ആരാണു് വിശ്വസിക്കുക! പരമാർത്ഥത്തിൽ ശാങ്കരസ്മൃതി എന്നൊരു കൂടപ്രമാണം സൃഷ്ടിച്ച ആൾ ആരായിരുന്നാലും അദ്ദേഹത്തിന്റെ പരമശത്രുക്കളിലൊരുവനായിരുന്നിരിക്കണം.
കേരളത്തിലെ ജാതികളുടെ പട്ടിക നോക്കിയാൽ ആർക്കും വിസ്മയം തോന്നും.
7.9 വിപ്രന്മാർ 8
1. തമ്പ്രാക്കൾ, 2. അഷ്ടഗൃഹത്തിലാഢ്യർ, 3. വിശിഷ്ടബ്രാഹ്മണർ (അക്കിത്തിരി, അടിതിരി, ചോമാതിരി, ഭട്ടതിരി മുതലായവർ), 4. സാമാന്യബ്രാഹ്മണർ, 5. ജാതിമാത്രന്മാർ, 6. സാങ്കേതികന്മാർ (പോറ്റിമാർ, എമ്പ്രാന്മാർ), 7. ശാപഗ്രസ്തന്മാർ, 8. പാപിഷ്ഠന്മാർ (പന്നിയൂർ ഗ്രാമക്കാർ, ഗ്രാമണികൾ മുതലായവർ).
7.10 ന്യൂനജാതിബ്രാഹ്മണർ 2
1. എളയന്മാർ, 2. മൂത്തതു്.
ശൂദ്രർ പതിനെട്ടു്. മുമ്പു വിവരിച്ചുകഴിഞ്ഞു.
7.11 അന്തരാളജാതികൾ 12
1. അടികൾ, 2. പുഷ്പകൻ, 3. പൂപ്പള്ളി, 4. പിഷാരൊടി, 5. വാരിയർ, 6. ചാക്യാർ, 7. നമ്പിയാർ, 8. തീയട്ടുണ്ണി, 9. പിടാരന്മാർ, 10. കുരുക്കൾ, 11. നാട്ടുപ്പട്ടൻ (പട്ടരുണ്ണി), 12. പൊതുവാൾ.
7.12 ശില്പികൾ 6
1. ആശാരി, 2. കല്ലാശാരി, 3. മൂശാരി, 4. തട്ടാൻ, 5. കൊല്ലൻ, 6. ഈർച്ചക്കൊല്ലൻ.
7.13 പതിതജാതി 10
1. കണിയാൻ, 2. വിൽകുറുപ്പു്, 3. വേലൻ, 4. കുറുപ്പു്, 5. തോൽകുറുപ്പു്, 6. പാണൻ, 7. പരവൻ, 8. ഈഴവൻ, 9. മുക്കുവൻ, 10. വാലൻ.
7.14 നീചജാതി 8
1. പറയൻ, 2. പുലയൻ, 3. നായാടി, 4. ഉള്ളാടൻ, 5. വേടൻ, 6. കാണിക്കാരു്, 7. കുറുമ്പൻ, 8. മലയരയർ.
ഈ ജാതിപ്പട്ടികയിലെങ്ങും തന്നെ ക്ഷത്രിയരേയും വൈശ്യരേയും കാണുന്നതേ ഇല്ല. ആ രണ്ടു കൂട്ടരും കേരളത്തിൽ ഇല്ലായിരുന്നോ? ലവപൌത്രനേ കൊച്ചിയിൽ കൊണ്ടുവന്നു വാഴിച്ചതായി കേരളമാഹാത്മത്തിൽ പറഞ്ഞിട്ടുള്ള കഥ ഗ്രന്ഥകാരൻ മറന്നുകളഞ്ഞോ? ഇങ്ങനെ വരാനുള്ള കാരണം ആരായുന്നതു് രസാവഹമാണു്. ദ്രാവിഡജനങ്ങളുടെ കൂട്ടത്തിലെങ്ങും ക്ഷത്രിയരേരും വൈശ്യരേയും കാണ്മാനില്ലെന്നു് വിൽസന്റ് എ. സ്മിത്തു് പ്രസ്താവിച്ചിട്ടുള്ളതും ഈ അവസരത്തിൽ ഓർമ്മയിൽ വരുന്നു. ദ്രാവിഡാദശങ്ങളിൽ രാജാക്കന്മാരില്ലായിരുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കയില്ല. നേരേമറിച്ചു് ദ്രാവിഡരാജാക്കന്മാരെപ്പോലെ, ലോകരാഞ്ജനവ്രതം അനുഷ്ഠിച്ചു ജീവിച്ച മഹാമനസ്തന്മാർ മറ്റെങ്ങും ഉണ്ടായിട്ടില്ല. വിശാലഹൃദയത്വം, ധർമ്മനിഷ്ഠ, സമഭാവന ഈ ഉൽകൃഷ്ട ഗുണങ്ങൾക്കു് അവർ വിളനിലമായിരുന്നു. വീര്യപരാക്രമങ്ങളിൽ അവരെ അതിശയിക്കത്തക്കവണ്ണം ഒരു രാജകുലവും ഉത്തരഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഭാരതഖണ്ഡത്തിലെ ക്ഷാത്രവർഗ്ഗക്കാരുടെ (military races) കൂട്ടത്തിൽ ഒരു പ്രധാന സ്ഥാനം ഇന്നും മലയാളികൾക്കു കല്പിച്ചു വരുന്നുണ്ടു്. ഭിന്നജാതിമതസ്ഥന്മാർ ഏതല്ക്കാലപര്യന്തം ഏകോദരസഹോദരങ്ങളെപ്പോലെ വർത്തിച്ചുവന്ന ഒരു നാടു് വല്ല ദിക്കിലുമുണ്ടെങ്കിൽ അതു് ദ്രാവിഡദേശം ഒന്നു മാത്രമാണ്. മഹമ്മദീയർ ഉത്തരഇൻഡ്യയിൽ ധാരാളമുണ്ടെങ്കിലും, അവർ വാളുകൊണ്ടാണു് അവിടെ തങ്ങളുടെ ശക്തി സ്ഥാപിച്ചതു്. കേരളത്തിലാകട്ടെ, രാജാക്കന്മാരുടെ സൌജന്യവും, സമഭാവനയും, മഹാമനസ്കതയും നിമിത്തം ഉണ്ടായ മഹമ്മദീയദേവാലയങ്ങൾ ഒട്ടുവളരെയുണ്ടു്. കൃസ്ത്യാനികൾക്കും മലയാളനാട്ടിലുള്ളതുപോലെ സംഖ്യാബലവും മറ്റു ഭാരതീയ രാജ്യങ്ങളിലൊരേടത്തും കാണുന്നില്ല. അവരുടെ ഈ അഭിവൃദ്ധിക്കു കാരണഭൂതന്മാരും കേരളീയരാജാക്കന്മാർ തന്നെയാണു്. അവർ തങ്ങളുടെ നാട്ടുകാരിൽ പ്രധാനികൾക്കു് എന്തെല്ലാം സ്ഥാനമാനങ്ങളും പദവികളും നൽകിവന്നോ അവയൊക്കെ ജൂതന്മാർ, കൃസ്ത്യാനികൾ, മഹമ്മദീയർ മുതലായ വിദേശീയർക്കും നൽകാതിരുന്നില്ല. ഈഴവർക്കു് ഇന്നു തീണ്ടൽ കല്പിച്ചുവരുന്നുണ്ടെങ്കിലും, അവരോടു് പെരുമാക്കന്മാർ വർത്തിച്ചതെങ്ങനെയെന്നു് വടക്കൻപാട്ടുകൾ വായിച്ചുനോക്കിയാൽ അറിയാം. അരോമൽ ചേകവർ അങ്കം പൊരുതുവാൻ പുറപ്പെട്ടപ്പോൾ അനുജനോടു് തന്റെ കുടുബചരിത്രത്തെ ഇങ്ങനെ വിവരിക്കുന്നു.
“നമ്മുടെ പണ്ടത്തേ കാരണോന്മാർ
ഇഴുവത്തുനാട്ടീന്നു വന്നോരാണേ.
ചേരമാൻപെരുമാളു തമ്പുരാനും
ഓല എഴുതി അയച്ചിതല്ലോ
ഇഴുവത്തുരാജാവിന്നു കത്തുകിട്ടി
കത്തങ്ങു വായിച്ചു നോക്കുന്നുണ്ടേ.
അപ്പോൾ പറയുന്നു രാജാവല്ലോ
‘ഇവിടിന്നിഴുവരെ അയക്കവേണം
മലയാളത്തേക്കങ്ങയക്കവേണം’
മലയാളപെരുമാളുടെ കല്പനയാൽ
പച്ചക്കുടയുമേ പച്ചപൊന്തീ
കുലവിരുതൊത്തൊരു ചേകവരും
മലയാളത്തേയ്ക്കങ്ങു യാത്രയായീ
***
തമ്പുരാൻ തിരുമുമ്പിൽ ചെന്നുനിന്നു
തൃക്കാലും കണ്ടു തൊഴുതുണർത്തി.”
പെരുമാൾ അവർക്കു താഴെപ്പറയുന്ന വിരുതുകൾ നൽകിയത്രേ.
“നെറ്റിപ്പടവും നെറുകപ്പൂവും
പാവാട താനും വകൽ വിളക്കും,
കുത്തുവിളക്കുമേ പന്തക്കുഴം,
ഏഴുക്കുകവുമേ തന്നിട്ടുണ്ടേ;
തോരണം നാലുമേ തന്നിട്ടുണ്ടേ;
പൊന്നുംപല്ലക്കുമേ തന്നിട്ടുണ്ടേ.
ഇരുപ്പും നടപ്പുമൊരാർപ്പുകളും
പഞ്ചവാദ്യവും നടവെടിയും
നാഗവർണ്ണത്തിനെ രക്ഷിപ്പാനും
കെട്ടും മാറാപ്പുമൊരെണ്ണക്കുറ്റി
ചെന്നാലവിടെയിരിപ്പാനായി
തണ്ടാര്യസ്ഥാനവും കീൾവാഴ്ചയും
വീട്ടായ്മസ്ഥാനവും ഉണ്ടു നോക്കേ.
***
പൂത്തൂരം വീടും കളരിതന്നു;
അട്ടിപ്പേരായി എഴുതിത്തന്നു.
പുത്തൂരം പാടത്തേക്കണ്ടം നാലും
നമ്മക്കു കഴിവാനായ്ത്തന്നിട്ടുണ്ടേ.
***
അങ്കക്കളരി ചെറുക്കളരി
തൊട്ടുവോർക്കളരി തൊടുക്കളരി,
നാല്പത്തുരണ്ടു കളരിപ്പാടെ
നാലുകളരിയും നോക്കുള്ളതേ.” [22]
ഇങ്ങനെ നോക്കിയാൽ കേരളരാജാക്കന്മാർ ക്ഷത്രിയധർമ്മത്തെ ശരിക്കു നിറവേറ്റിയവരാണെന്നു കാണാം.
വൈശ്യവൃത്തിയിൽ ഏർപ്പെട്ടിരുന്നവരും കേരളത്തിൽ അതിപുരാതനകാലം മുതല്ക്കേ ഉണ്ടായിരുന്നു. ചെട്ടി, വാണിയൻ എന്നീ ശബ്ദങ്ങൾ വൈശ്യപര്യായങ്ങളായിരുന്നിട്ടും, അവരെ കേരള ജാതിനിർണ്ണയകാരൻ ശൂദ്രരായിട്ടാണു് കല്പിച്ചിരിക്കുന്നതു്. ഉത്തമ ജീവിതവൃത്തികളെ അവലംബിച്ചു ജീവിച്ചവരെ ഇങ്ങനെ ശൂദ്രരായിട്ടും അതിലും താണവരായിട്ടും ഗണിച്ചിട്ടു് അവരുടെ മേൽ ആന്തരാളികവർഗ്ഗക്കാർ എന്നൊരു കൂട്ടരെ പ്രതിഷ്ഠിച്ചിരിക്കുന്നതാണു് ബഹുവിചിത്രം. അവരുടെ ഉല്പത്തിയെപ്പറ്റി പറഞ്ഞിട്ടുള്ള ഒന്നുരണ്ടു കഥകൾ ഇവിടെ ഉദ്ധരിക്കാം.
ശ്രീ പരശുരാമൻ ശ്രീമൂലസ്ഥാനത്തു താമസിക്കവേ,
“തസ്മ ൻ പുരവരേ രമ്യേ കശ്ചിൽ ബ്രാഹ്മണസത്തമഃ
വൃദ്ധോ മൂർഖഃസ്ഥിതസ്തസ്യ പത്നീ പതിഹിതേ രതാ.
പൂർണ്ണയൌവനസമ്പന്നാ പാതിവ്രത്യാഗ്നിസംഭവാ,
സഞ്ജാതാ ജാതഗർഭാ സാ വിപ്രപത്നീ പതിവ്രതാ.”
മൂർഖനായ വൃദ്ധബ്രാഹ്മണനു് അവളിൽ സംശയം ജനിക്കയാൽ യോഗസ്ഥന്മാരായ ഭൂസുരാശ്രേഷ്ഠന്മാരെ വിവരം ധരിപ്പിച്ചു. അവരാകട്ടെ, ആ സാധ്വിയെ ബഹിഷ്കരിച്ചു്, എക്സ് പാർട്ടി വിധികല്പിച്ചതിനാൽ, അവൾ എവിടെയോ പോയി താമസിക്കയും, യഥാകാലം ഒരു കന്യകയെ പ്രസവിക്കുകയും ചെയ്തു. അഹോ! എന്തൊരു നീതിനിഷ്ഠ! പരശുരാമനു് ആ കന്യകയെ കണ്ടപ്പോൾ ദുഃഖമുണ്ടായിപോലും. അതിനാൽ യോഗപട്ടദ്വിജേശ്വരനെ വിളിച്ചു് അവൾക്കു വല്ല ദോഷവും ഉണ്ടോ എന്നു ചോദിച്ചപ്പോൾ, അദ്ദേഹം നൽകിയ മറുപടിയാണു് ബഹുവിചിത്രം.
“ദോഷലേശോപി കന്യായാം ന മേ ഭാതി ഭൃഗ്രുത്തമഃ
തഥാപികിഞ്ചിദ്ദോഷോ സ്യാ വിപ്രോക്ത്യാ കല്പ്യതേ മയാ.”
“അവളിൽ ഞാനൊരു ദോഷവും കാണുന്നില്ല; എന്നാലും വിപ്രോക്ത്യാ അവൾക്കു് ഞാൻ അല്പം ദോഷം കല്പിക്കുന്നു.” ഇത്തരം ന്യായാധിപതിമാരെയും പഞ്ചായത്തുകാരെയും മഷിയിട്ടാൽപോലും കാണാതാക്കിയ ബ്രിട്ടീഷ് സിംഹത്തിനു് കോടി കോടി നമസ്കാരം!
ഭാർഗ്ഗവന്റെ സാത്വികതേജസ്സെല്ലാം രാമചന്ദ്രനിലേക്കു പകർന്നുപോയതുകൊണ്ടായിരിക്കാം–അതു കേട്ടിട്ടു്, അദ്ദേഹം ഒരക്ഷരംപോലും ഉരിയാടാതെ അവളെ ഒരു പ്രത്യേക ഗൃഹത്തിൽ പാർപ്പിച്ചു. കന്യകയ്ക്കു വയസ്സു പന്ത്രണ്ടായി. അവൾ ഒരുദിവസം ശിവക്ഷേത്രത്തിനു സമീപം പൂവിറുത്തുകൊണ്ടു് നില്ക്കുന്നതു് അദ്ദേഹം കാണാൻ ഇടയായി. ആ ക്ഷേത്രത്തിനുള്ളിൽ അദ്ദേഹം ചെന്നപ്പോൾ, വിഗ്രഹത്തിൽ ഒരു വിചിത്രമായ മാല ചാർത്തിയിരിക്കുന്നതു കണ്ടു്, അതു് ആരു ചാർത്തിയ മാലയാണെന്നു് പൂജാരിയോടു ചോദിച്ചതിൽ, അതു ചാർത്തിയതു് താനല്ലെന്നും ആരു ചാർത്തിയതാണെന്നു് തനിക്കു നിശ്ചയമില്ലെന്നും പൂജാരി പറഞ്ഞപ്പോൾ, അദ്ദേഹത്തിനു കാര്യം മനസ്സിലായി. ഉടൻതന്നെ അദ്ദേഹം അവളുടെ അടുത്തുചെന്നു്,
“ശിവാലയേ സുന്ദരീ ത്വം നിത്യം പ്രത്യഗ്രമാലയാ
ശിവസ്യ വിപുലം വക്ഷശ്ശോഭനം കുരു ശോഭനേ.
ശിവാലയസ്യ ശുശ്രൂഷാം കൃതാ ത്വം വസ കന്യകേ
പുത്രാർത്ഥം ബ്രാഹ്മണാന്നിത്യമംഗീകുരു യഥേഹിതം
ബ്രാഹ്മണാനാഞ്ച ശുശ്രൂഷാം അന്വഹം കുരു കന്യകേ.”
എന്നു് ആജ്ഞാപിച്ചുവത്രേ. അവളുടെ ദിവ്യത്വം ഇങ്ങനെ വെളിപ്പെട്ടിട്ടും, അവളെ ബ്രാഹ്മണരെക്കൊണ്ടു് സ്വീകരിപ്പിക്കാൻ പരശുരാമൻ ശ്രമിക്കാഞ്ഞതോ പോകട്ടെ; അവളുടെ അധഃപതനത്തിനു കാരണമാക്കിയ ബ്രാഹ്മണകുലത്തെ ശുശ്രൂഷിച്ചു വസിച്ചുകൊള്ളണമെന്നു് ആജ്ഞാപിക്കയും ചെയ്തതാണു് സാഹസമായിരിക്കുന്നതു്. ബ്രാഹ്മണി എന്നൊരു ജാതി ഉണ്ടായതിനു് ഒരു കാരണം കണ്ടുപിടിക്കാൻ കേരളമാഹാത്മ്യകർത്താവു് എത്ര ബുദ്ധിമുട്ടിയിരിക്കുന്നു എന്നു നോക്കുക. അതിനുവേണ്ടി പരശുരാമനെ തിരുമണ്ടനാക്കിയെന്നു മാത്രമല്ല, യോഗക്കാരെ കണ്ണിൽചോരയില്ലാത്ത കഠിനഹൃദയന്മാരാക്കി ജനസമക്ഷം നിർത്തുകയും ചെയ്തു. എന്നിട്ടും കേരളാചാരകർത്താവു് ഈ മാതിരി ‘കുരുത്തക്കേടി’നൊക്കെ കാരണഭൂതൻ ശങ്കരാചാര്യരാണെന്നു പറഞ്ഞിരിക്കുന്നതെന്താണാവോ?
(2) ഉത്തരദേശസ്ഥനായ ഒരു യതി സംഗമേശപുരത്തുവന്നു് തത്രസ്ഥനായ ഒരു ബ്രാഹ്മണന്റെ നവയൌവനവതിയായ ഒരു പത്നിയെ വശീകരിച്ചു രമിച്ചുകൊണ്ടിരുന്നു. കാലക്രമേണ അവൾ ജാതഗർഭയാകയും യഥാകാലം ഒരു പുത്രനെ പ്രസവിക്കയും ചെയ്തു. ഒടുവിൽ ഈ കുട്ടിയേയും യതിയേയും ബ്രാഹ്മണൻ ഒരുമിച്ചു് കാണാനിടയായി. അപ്പോഴാണു് സാധുവിനു് കഥ മനസ്സിലായതു്. ഉടനെതന്നെ അയാൾ പുത്രനെ ബഹിഷ്കരിച്ചു. ആ സ്ത്രീ മരിച്ചശേഷം, യതി പരശുരാമനോടു്,
“ശുശ്രൂഷാർത്ഥമിഹാലയേ കല്പയബ്രാഹ്മണീപുത്രം
മദിന്ദ്രിയസമുത്ഭവം”
എന്നു നിർലജ്ജം അപേക്ഷിക്കയാൽ, പരശുരാമൻ അവനെ വിളിച്ചു്,
“നിത്യഞ്ച കുർവന്നത്രൈവ വസത്വം യതിനന്ദന;
ബ്രാഹ്മണാനാഞ്ച ശുശ്രൂഷാം കുരു ഭക്ത്യാ ത്വമന്വഹം.”
എന്നു കല്പിച്ചു എന്നു മാത്രമല്ല, ദയാപൂർവം ഒരു ശൂദ്രകന്യകയെ അയാൾക്കു കൊടുത്തിട്ടു്, അവളെ സഹോദരിയായി ഗണിച്ചുകൊള്ളണമെന്നും പറഞ്ഞു. പരശുരാമനു് ഒരു കാര്യത്തിലായിരുന്നുവത്രേ വലിയ നിർബന്ധം. ബ്രാഹ്മണരുടെ തൃതീയപുരുഷാർത്ഥം സാധിപ്പിച്ചുകൊടുക്കുന്ന വിഷയത്തിൽ അദ്ദേഹം എന്തെല്ലാം ക്ലേശങ്ങൾ അനുഭവിച്ചിരിക്കുന്നു! അതിനായി,
“സാമന്താദ്യാ മദീയേത്ര കേരളേ നിത്യസംസ്ഥിതാഃ,
പാതിവ്രത്യം വിനൈവാത്ര നിവസന്തു മദാജ്ഞയാ”
എന്നൊരു രാജകീയവിളംബരം പോലും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. രേണുകയുടെ പാതിവ്രത്യഭംഗത്തെ ശങ്കിച്ചു് ജമദഗ്നിമഹർഷി അവളെ ഹനിക്കാൻ ആവശ്യപ്പെട്ടപ്പോൾ, യാതൊരു കൂസലുംകൂടാതെ അങ്ങനെ ചെയ്ത പരശുരാമൻ, സാക്ഷാൽ പാതിവ്രത്യാഗ്നിസംഭൂതയും നാമസ്മരണമാത്രത്താൽ സർവപാപങ്ങളേയും ദൂരീകരിക്കുന്ന മഹിളാകുലമണിഭൂഷയും ആയ സീതാദേവിയുടെ പൗത്രന്റെ [23] വംശത്തിലുള്ള സ്ത്രീജനങ്ങൾക്കു പോലും പാതിവ്രത്യം വേണ്ടെന്നു കല്പിച്ചുപോലും. ഇതൊക്കെ കാണുമ്പോൾ പരശുരാമൻ തന്നെ, ബ്രാഹ്മണരുടെ തൃതീയ പുരുഷാർത്ഥസാധനത്തിനായി, സ്വാത്മാവിനെ കോടിശഃവിഭജിച്ചു് അത്രയും സ്ത്രീജനങ്ങളായി കേരളത്തിൽ വന്നു ജനിച്ചു എന്നു് കേരളമാഹാത്മകർത്തവു പറഞ്ഞുകാണാത്തതിൽ അത്ഭുതം തോന്നുന്നു. ഒരു കാര്യം തീർച്ചയാണു്. കേരളീയരുടെ വാൾ തുരുമ്പു പിടിച്ചു തുടങ്ങുന്നതുവരെ ഈ ഗ്രന്ഥം ആരും വെളിയിൽ എടുത്തു കാണുകയില്ല.
ഈമാതിരി ഒട്ടു വളരെ കഥകൾ കേരളമാഹാത്മ്യത്തിൽ ഉണ്ടു്. അവയിൽ വെച്ചു് പരശുരാമൻ സ്വർഗ്ഗത്തു ചെന്നു സ്വർന്നാരികളെ കൊണ്ടുവന്ന കഥയാണു് ചിത്രാൽ ചിത്രതരമായിരിക്കുന്നതു്. പരശുരാമൻ, ബ്രാഹ്മണരുടെ രത്യർത്ഥം സ്ത്രീകളെ ആനയിക്കാനായി ദേവലോകത്തു ചെന്നു് “ഹേ, ദേവേന്ദ്ര, ഞാൻ കേരളം എന്നൊരു ഭൂമി സൃഷ്ടിച്ചു്, ഒട്ടുവളരെ ബ്രാഹ്മണരെക്കൊണ്ടുവന്നു പാർപ്പിച്ചിട്ടുണ്ടു്. അവർക്കു ജോലിയൊന്നുമില്ല. അവരെ രമിപ്പിക്കാനായി നിങ്ങളുടെ സ്ത്രീകളെ എന്റെ കൂടെ അയയ്ക്കണം എന്നു പറഞ്ഞപ്പോഴെ ഇന്ദ്രൻ ജയന്തന്റെ പുത്രി തുടങ്ങിയ ഏതാനുംപേരെ പരശുരാമന്റെ കൂടെ അയച്ചുവത്രേ. അവരും അവരുടെ സന്താനങ്ങളും ആണു് ദേവദാസിമാർ. ഇവിടെ ഒരു സംഗതി യുക്തിക്കു വിപരീതമായി കാണുന്നു. ബ്രാഹ്മണർ ഭൂമിക്കു മാത്രം സുരന്മാരാണു്. അവരെക്കാൾ സാക്ഷാൽ സുരന്മാർ എത്രയോ പൂജനീയന്മാരായിരിക്കണം. ആ സ്ഥിതിക്കു് ദേവേശന്റെ പൌത്രിയിലുണ്ടായ സന്താനങ്ങൾ ബ്രാഹ്മണരെക്കാൾ പൂജാർഹരായിരിക്കേണ്ടതല്ലേ? ബ്രാഹ്മണർ തങ്ങളുടെ കന്യകകളെ ആദ്യമായി ദേവന്മാർക്കായിട്ടു കല്പിക്ക പതിവാണു്. കേരളമാഹാത്മ്യകർത്താവിനു് അതു കണ്ടിട്ടു് അസൂയ തോന്നുകയാലായിരിക്കാം, ദേവകന്യകകളെ ഇങ്ങോട്ടു് ആനയിക്കണമെന്നു് ആഗ്രഹം ജനിച്ചതു്. ഇത്തരം കഥകൾ എഴുതിയുണ്ടാക്കിയ ആൾ ആരായിരുന്നാലും, അയാൾ കേരളീയർക്കു് ഒരു ഉപകാരം ചെയ്തിട്ടുണ്ട്. ഇന്ദ്രനെന്നും ദേവകളെന്നും പരശുരാമനെന്നും മറ്റും പറയപ്പെടുന്നവർ വെറും കല്പിതപാത്രങ്ങളാണെന്നു് അയാൾ ഈ ഗ്രന്ഥത്താൽ വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഇന്ദ്രനെക്കുറിച്ചു് ഭക്തിയുണ്ടായിരുന്നെങ്കിൽ, അയാളുടെ പൌത്രിയെ ഒരു ദാസിയാക്കാൻ ആവശ്യപ്പെടുമോ? രാമചന്ദ്രനെക്കുറിച്ചു് ഭക്തിയുണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ വംശത്തിൽ ഉത്ഭവിച്ച സ്ത്രീകൾക്ക് പാതിവ്രത്യം വേണ്ടെന്നു് ഒരു നിയമം പാസ്സാക്കുമായിരുന്നോ? പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നു് അയാൾക്കു വിശ്വാസമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിനെക്കൊണ്ടു് ഇത്രവളരെ ധർമ്മവിരുദ്ധമായ പ്രവൃത്തികൾ ചെയ്യിക്കുമായിരുന്നോ?
കേരളത്തിൽ ക്ഷത്രിയന്മാരില്ലെന്നു വരുത്തിയിരിക്കുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാൻ വിഷമമില്ല. രാജാക്കന്മാരെ ഹിരണ്യഗർഭാദി ക്രിയകളിൽ കുടുക്കി ബ്രാഹ്മണരുടെ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മാത്രമായിരുന്നു. ദ്രാവിഡർ ചാതുർവർണ്ണ്യത്തിൽ ഉൾപ്പെട്ടവരേ ആയിരുന്നില്ല. അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന യോഗികളേയും മറ്റും ബ്രാഹ്മണർ തങ്ങളുടെ വർഗ്ഗത്തിൽ ചേർത്തുകാണണമെന്നു് കേരളമാഹാത്മ്യത്തിൽ ശിവദ്വിജനെപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു് ഊഹിക്കാം. പരശുരാമൻ അസംഖ്യം പേർക്കു് ബ്രാഹ്മണ്യം നൽകിയതായി പുരാണങ്ങളിൽ പറഞ്ഞുകാണുന്നുമുണ്ടു്. രാമാനുജാചാര്യരും അപ്രകാരം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു. ബാക്കിയുള്ളവരിൽ, ക്ഷേത്രസംബന്ധമായ പരിചര്യകൾ ചെയ്തുവന്നവർ, കാലക്രമേണ അന്തരാളിക ജാതികളായിപ്പിരിഞ്ഞു. ചില കെട്ടുകഥകൾ മിടഞ്ഞുണ്ടാക്കി, ആ ജാതികളെ മലയാള ബ്രാഹ്മണർ നല്ലപോലെ ഉറപ്പിച്ചു. ശേഷിച്ച ദ്രാവിഡരെയെല്ലാം ശൂദ്രരായും ഗണിച്ചു. ഇങ്ങനെയാണു് ജാതിവ്യത്യാസം കേരളത്തിൽ ഉണ്ടാവാനിടയായതു്. അല്ലാതെ ശങ്കരാചാര്യർ ഈ വിഷയത്തിൽ യാതൊന്നും പ്രവർത്തിച്ചിട്ടില്ല.
7.15 കുറിപ്പുകൾ
[1] Professor A. R. Rajaraja Varma.
[2] മാധവീയശങ്കരവിജയം കാവ്യരീതിയിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു കൃതിയാണു്. പ്രമാദജടിലമായിരിക്കുന്നതിനാൽ, അതിനെ വിശ്വസിക്കാൻ തരമില്ല. ആനന്ദഗിരിയുടേതാണെന്നു പറഞ്ഞുവരുന്ന ശങ്കരവിജയമാകട്ടെ ഒരു കൂടപ്രമാണമാണു്. ആദിശങ്കരന്റെ ശിഷ്യനായിരുന്ന ആനന്ദഗിരി അദ്ദേഹത്തിന്റെ കാലശേഷം ജീവിച്ചിരുന്ന രാമാനുജാദികളെ പറ്റി അറിയാൻ ഇടയായില്ലല്ലോ.
[3] ഒന്നാം ബുക്കന്റെ കാലം 1354 മുതൽ 1374–വരെ ആയിരുന്നു എന്നു് ചരിത്രത്തിൽ കാണാം.
[4] വിദ്യാരണ്യനും സന്മേണനും ഒന്നാണെന്നു് ചിലർ വിചാരിക്കുന്നു. എന്നാൽ അതു ശരിയല്ലെന്നു് താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽനിന്നു ഗ്രഹിക്കാം.
ശ്രീമതി ജനനീ യസ്യ സുകിർത്തിരമ്മായണഃപിതാ;
സായണോ ഭോഗനാഥശ്ച മനോബുദ്ധി സഹോദരൌ
ബോധായനം യസ്യ സൂത്രാ ശാഖാ യസ്യ ച യാജൂഷീ;
ഭാരദ്വാജം കുലം യസ്യ സർവജ്ഞഃ സ ഹി മാധവഃ
(പരാശരമാധവീയം)
“ആദിശന്മാധവാചാര്യം വേദാർത്ഥന്യ പ്രകാശനേ;
സഹ്യാഹ നൃപതിം രാജൻ സായന്നായ്യോ മമാനുജഃ
സർവം വേത്ത്യേഷ വേദാനാം വ്യാഖ്യാതൃത്വേ നിയുജ്യതാം;
ഇത്യുക്തോ മാധവാര്യേണ വരബുക്കമഹീപതിഃ
അന്വശാസൽ സായണാര്യം വേദാർത്ഥസ്യ പ്രകാശനെ”
(തൈത്തിരീരയസംഹിതാഭാഷ്യേ)
[5] മാധവാചാര്യരുടെ കാലത്തു് ഇങ്ങനെ ഒരു ഗ്രന്ഥവരി പരിപൂർണ്ണരൂപത്തിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ശങ്കരവിജയത്തിൽ നിന്നു തെളിയുന്നുണ്ടു്.
[6] എല്ലാവരുടേയും കാലം ഇവിടെ ചേർക്കേണ്ട ആവശ്യമില്ലാത്തതിനാൽ വിട്ടുകളഞ്ഞിരിക്കുന്നു.
[7] നൃസിംഹദേവരായർ ശകാബ്ദം 1429-ൽ രണ്ടും കൃഷ്ണദേവരായർ 1444-ൽ ഒന്നും വീതം ശാസനങ്ങൾ മഹാദേവനു നൽകി.
[8] കുമാരപാലന്റെ (1143–1172) സദസ്യൻ, ഡഫ്.
[9] കീർത്തിവർമ്മന്റെ (1050–1100)സദസ്യൻ ബി. ഏ. സിമിത്ത്.
[10] “ന ഭയഗുരുർവ്യാധത്ത ച വാല്മീകികഥാം കിമധികൃത്യ” “ഫുല്ലാകീർത്തിർഭ്രമതി സുകുവേർദ്ദിഷ്ഠ യായാവരസ്യ” “മാപി ച കിം ന ശ്രുതം സഭീകസ്യ ശങ്കരവർമ്മണോവർണ്ണനം?” (ബാലരാമായണം) കൽഹണൻ ശങ്കരവർമ്മന്റെ ജീവിതകാലം 888 മുതല്ക്ക് 902–വരെ ആയിരുന്നു എന്നു പറഞ്ഞിരിക്കുന്നു. ആ കാലഗണന ഇവിടെ യോജിക്കുന്നുമുണ്ടു്.
[11] ചിദംബരത്തുകാരനായ വിശ്വജിത്തു് എന്ന ബ്രാഹ്മണൻ മരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ വിധവ ഉടന്തടി ചാടുവാൻ ഒരുങ്ങി. ആ സമയം അവർ ഗർഭിണിയായിരുന്നതിനാൽ ബന്ധുജനങ്ങൾ അവരെ ആ ഉദ്യമത്തിൽനിന്നു പിൻവലിപ്പിച്ചു് ഗൃഹത്തിലേക്കു് അയച്ചു. ക്രമേണ ഗർഭലക്ഷണങ്ങൾ മാഞ്ഞുപോയി. എന്നാൽ മൂന്നാം കൊല്ലത്തിൽ അവർ ഒരു പുരുഷപ്രജയെ പ്രസവിക്കുകയും അപവാദം ഭയപ്പെട്ടു അതിനെ കാട്ടിൽ തള്ളുകയും ചെയ്തു. അവിടെവച്ചു് വ്യാഘ്രപാദനെന്ന മഹർഷിയുടെ പത്നി എടുത്തു വളർത്തി. ഇങ്ങനെയാണ് കഥ.
[12] ലളിതാദിത്യൻ ബ്രഹ്മാനന്ദഘനന്റെ കാലത്തു് കാഞ്ചീപുരം സന്ദർശിച്ചു് അനേകായിരം സാധുക്കൾക്കു ഭക്ഷണം കൊടുത്തതായി രാജതരംഗിണിയിലും ഭവഭൂതിവിരചിതമായ മഹാപുരുഷവിലാസത്തിലും പുണ്യശ്ലോകമഞ്ജരിയിലും കാണുന്നു. “രട്ടാം കർണ്ണാടരാജ്ഞിം പ്രസഭമഭിഭവൻ കേരളീയാംശ്ചകീശ പ്രഖ്യാൻ പ്രഖ്യാപയിഷ്യന്നചലവദജഹാദ്ദീർഘകൌപീനപുച്ഛാൻ മ്ലേച്ഛാൻ മൂർദ്ധമുണ്ഡാനപി വിദധഥോ വിദ്രവഹ്രീഃ വിവൃത്യൈ ശ്രീകാഞ്ചീകാമകോടീമഠമസദദസൌശ്രീഗുരോഃ സേവനാപ്ത്യൈ ചോളാനഭ്യേത്യലീലാവലയിതവസുധാമദ്ധ്യകാഞ്ച്യാംസകാഞ്ച്യാ മസ്താചാര്യനു സപര്യാപ്രമുദിത ഹൃദയാദാദധാനഃ സ സമ്രാട് യത്സ്മൃത്യൈ ജേഷ്ഠരുദ്രാലയമപിവിദധേ സാധുസാഹസ്രഭക്തം നാമ്നാ ലക്ഷോത്തരാണാമപിരുദശനദം വേശ്മ കാശ്മീരദേശേ”
[13] ഏ. ഡി. 367-ൽ അന്ത്യസമാധി അടഞ്ഞ ഉജ്വല ശങ്കരന്റെ അനുഗ്രഹത്താൽ സ്യാനന്ദ രാധിപതിയായ ഒരു കുലശേഖരൻ കവിയായിത്തീർന്നുവെന്നു പറഞ്ഞിരിക്കുന്നു. അക്കാലത്തു് ഒരു വീരകേരളകുലശേഖരൻ തിരുവിതാംകൂർ ഭരിച്ചിരുന്നതായി ശങ്കുണ്ണിമേനോന്റെ ചരിത്രത്തിലും കാണുന്നു. ഈ ശങ്കരന്റെ ആദ്യത്തെ പേരു് അച്യുതകേശവൻ എന്നായിരുന്നു.
[14] കയ്പള്ളി എന്നായിരുന്നു ഇല്ലപ്പേരും.
[15] ബദരികാശ്രമത്തിൽ താമസിച്ചിരുന്ന ഈ ഗൗഡപാദാചാര്യർ തന്നെ ആയിരിക്കണം വേദാന്തസൂത്രകാരനായ ബാദരായണൻ. കേരളീയ ശങ്കരാചാര്യ ചരിതത്തിൽ ബദര്യാശ്രമത്തിൽവെച്ചു് അദ്ദേഹം വ്യാസനെ കണ്ടതായി പറഞ്ഞിട്ടുള്ളതും ഈ അവസരത്തിൽ സ്മരണീയമാകുന്നു. വ്യാസന്മാർ അനേകമുണ്ടെന്നുള്ളതു തർക്കമറ്റ ഒരു സംഗതിയാണ്.
[16] ആസ്സാമിൽവെച്ചു് ഉഗ്രഭൈരവൻ എന്ന കാപാലികൻ ഇദ്ദേഹത്തിനെ ഹനിക്കാൻ ശ്രമിച്ചുവെങ്കിലും ശിഷ്യനായ പത്മപാദന്റെ സഹായത്താൽ രക്ഷപ്പെട്ടുവത്രേ.
[17] തൃശ്ശിവപേരൂർ.
[18] വടക്കുന്നാഥക്ഷേത്രം.
[19] ഗ്രന്ഥകാരന്റെ പേരു ഗോവിന്ദയതി എന്നായിരുന്നു.
[20] കാമകോടിപീഠം.
[21] ഈ സ്മൃതികളേയും ആധുനികന്മാർ ഇടശ്ലോകങ്ങൾ തിരുകി ദുഷിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടു്.
[22] ഇരവിക്കത്താനു പെരുമാൾ കൊടുത്ത ചെപ്പേട്ടിനോടു സാദൃശ്യപ്പെടുത്തുക.
[23] കൊച്ചീരാജ്യത്തു് ലവപുത്രനെ പരശുരാമൻ രാജാവാക്കി വാഴിച്ചതായി പ്രസ്താവിച്ചിട്ടുള്ളതും കേരളമാഹാത്മ്യകർത്താവു തന്നെയാണല്ലോ.
അധ്യായം 8
8. ദ്രാവിഡപ്രഭാവകാലം (സാഹിത്യം)
ഈ കാലത്തിനിടയ്ക്കു് ഭാഷയിൽ ഉണ്ടായതായി ഭാഷാചരിത്രകർത്താവു പറഞ്ഞിരിക്കുന്ന പ്രധാന സാഹിത്യഗ്രന്ഥങ്ങൾ രാമചരിതം, രാമകഥപ്പാട്ടു്, തച്ചൊളിപ്പാട്ടുകൾ, കൃഷ്ണനാട്ടം ഇവയാകുന്നു. എന്നാൽ ഇവയിൽ ഒടുവിലത്തെ മൂന്നു ഗ്രന്ഥങ്ങളും കൊല്ലം ആറാംശതകത്തിനു ശേഷം രചിക്കപ്പെട്ടവയാണെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. രാമചരിതത്തെപ്പറ്റി അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:
“അഞ്ചാം ശതവർഷത്തിൽ,തിരുവിതാംകൂർരാജ്യം ഭരിച്ചിരുന്ന ഒരു മഹാരാജാവു് ഉണ്ടാക്കിയിട്ടുള്ള രാമചരിതം മലയാളത്തിന്റെ പൂർവ്വകൃതിക്കു് ലക്ഷ്യമാകുന്നു. ഈ ഗ്രന്ഥം ഇപ്പോൾ മലയാളത്തിൽ ഉള്ള എല്ലാ ഗ്രന്ഥങ്ങളെക്കാളും തുലോം പഴക്കമുള്ളതാകുന്നു. അതിൽ സംസ്കൃത വാക്കുകൾ വളരെ അപൂർവമാകയാൽ അതു് സംസ്കൃതം തെക്കൻകേരളത്തിൽ അധികം നടപ്പിൽ വരുന്നതിനു മുമ്പിൽ ഉണ്ടാക്കപ്പെട്ടതെന്നു നിശ്ചയിക്കാം. ആ ഗ്രന്ഥം ഇപ്പോൾ ഒരു നല്ല മലയാളി വായിച്ചാൽ മനസ്സിലാകുന്നതല്ല. എന്നാൽ ആ കാലത്തു് സാധാരണയായിരുന്ന ഭാഷയിൽ തന്നെ എഴുതി ഇരിക്കുന്നതെന്നു നിശ്ചയമാകുന്നു.”
ഈ അഭിപ്രായത്തിന്റെ സാധുത്വം ചിന്തനീയമാകുന്നു. ആദ്യമായി അതിന്റെ കർത്താവാരായിരുന്നു എന്നു ചിന്തിക്കാം. ഗ്രന്ഥാവസാനത്തിൽ,
“ആതിതേവനിലമഴ്‌ന്ത മനകാമ്പുടയ ചീ
രാമനൻപിനൊടിയമ്പിന തമിഴ്കവി ചൊൽവോ-
രോതിൻമാതിനിടയാവർ ഉടൽവീഴ്‌വളവു പിൻ
പോകിപോകചയനൻ ചരണതാരടവരേ.”
എന്നു കവിതന്നെ പ്രസ്താവിച്ചിട്ടുള്ളതിനാൽ, അദ്ദേഹത്തിന്റെ പേരിനെപ്പറ്റിയുള്ള സംശയം പാടേ നീങ്ങുന്നു. ആദിത്യവർമ്മയല്ലെന്നു തീർച്ചയാണു്. ഈ ചീരാമൻ ആരായിരുന്നു എന്നു മാത്രമേ ആലോചിക്കേണ്ടതായിട്ടുള്ളു. ഈ വിഷയത്തെപ്പറ്റി പണ്ഡിതാഗ്രണിയായ ഉള്ളൂർ എസ്. പരമേശ്വരയ്യർ പ്രാചീന മലയാളമാതൃകകൾ എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ പറഞ്ഞിട്ടുള്ള വാക്കുകൾ ഉദ്ധാരണയോഗ്യമാകുന്നു.
“രാമചരിതം ശ്രീരാമൻ (ചീരാമൻ) എന്ന ഒരു കവിയുടെ കൃതിയാണെന്നും ആ കവി ‘ആതിതേവനിലമഴ്‍ന്ത മനകാമ്പുടയവൻ’ അതായത് ഒരു പരമഭാഗവതനായിരുന്നു എന്നും, അദ്ദേഹത്തിന്റെ കൃതിയിൽ (വല്ലോർ) ജ്ഞാനമുള്ളവർ (പോതു് = പൂവു്) അവസാനത്തിൽ ലക്ഷ്മീദേവിയോടും ഭോഗിഭോഗശയനനായ ശ്രീപത്മനാഭനോടും ചേരുമെന്നും പറഞ്ഞുകാണുന്നു.
[1] …ശ്രീരാമൻ ആരാണെന്നു സൂക്ഷ്മമായി അറിവാൻ മാർഗ്ഗമില്ലെങ്കിലും, ഗ്രന്ഥത്തിന്റെ ആരംഭത്തിലും അവസാനത്തിലും അനന്തശായിയായ ശ്രീപത്മനാഭസ്വാമിയെ സ്തുതിച്ചും തന്റെ നാമത്തോടുകൂടി ‘ശ്രീ’ എന്ന പദം ചേർക്കയും ചെയ്തിരിക്കുന്നതിൽ നിന്നു് ഇദ്ദേഹം തിരുവിതാംകൂർ മഹാരാജവംശത്തിൽപ്പെട്ട ഒരാളായിരിക്കണമെന്നും ഈ ഗ്രന്ഥത്തിന്റെ കർതൃത്വത്തെപ്പറ്റി മുമ്പു് എഴുതിയ ഐതിഹ്യം കേവലം അവിശ്വസനീയമല്ലെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. ശ്രീവീരരാമവർമ്മാവെന്നൊരു രാജാവു് കൊല്ലം 371–ൽ വേണാടു ഭരിച്ചിരുന്നതായി ശിലാശാസനങ്ങളിൽ നിന്നു് അറിയുന്നു. അദ്ദേഹം ആയിരിക്കണം രാമചരിതകർത്താവു് എന്നു് തല്ക്കാലമനുമാനിക്കാം”
പ്രാചീനരേഖകൾ വേണ്ടുവോളം കിട്ടുന്നതുവരെ ഇങ്ങനെ ചില അഭ്യൂഹങ്ങൾക്കേ വഴിയുള്ളു. ഇവിടെ കവി ഒരു രാമവർമ്മരാജാവായിരിക്കണം എന്നൊരു അനുമാനത്തിന് ഇടവരുത്തിയ സംഗതികൾ പ്രധാനമായി മൂന്നാണു്.
1. ‘ശ്രീരാമൻ’ എന്നിങ്ങനെ തന്റെ പേരിനോടു് കവി ‘ശ്രീ’ പദം ചേർത്തിരിക്കുന്നതു്.
2. അനന്തശായിയായ പത്മനാഭനെ സ്തുതിച്ചിരിക്കുന്നതു്.
3. ഐതിഹ്യം.
ഇവയിൽ ഓരോന്നിനെപ്പറ്റിയും നമുക്കു് ഒരു വിചിന്തനം ചെയ്തു നോക്കാം.
1. ചീമാൻ, ചീമാട്ടി, ചിരുദേവി ഇത്യാദി പദങ്ങളെ പരിശോധിച്ചു നോക്കിയാൽ, ശ്രീ ശബ്ദം ചീ ആയും ‘ചിരു’ ആയും പരിണമിക്കാറുണ്ടെന്നു കാണാം. എന്നാൽ അതു പോലെതന്നെ ശിവശബ്ദവും ‘ചീ’ ആയി രൂപാന്തരപ്പെടാറുണ്ടു്. ‘ശിവരാമൻ’ എന്നു പറയുന്നതിനുപകരം ‘ചീരാമൻ’ എന്നാണു് പഠിപ്പില്ലാത്തവർ സാധാരണ പറയാറുള്ളതു്. ‘ചിവ’ ശബ്ദത്തിലെ വകാരം ലോപിക്കുമ്പോൾ അതിനുമുമ്പിലിരിക്കുന്ന ഇകാരത്തിനു് ദീർഘം വരുന്നു. നാടോടിഭാഷയിൽ, ഈ മാതിരി വ്യഞ്ജനലോപത്തിനും തൽഫലമായി പൂർവ്വസ്വരം ദീർഘിക്കുന്നതിനും എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ കിട്ടും. അതുകൊണ്ടു് കവി ഒരു ശിവരാമനായിക്കൂടെ? ഇനി ഒരു ശിവരാമനേ കണ്ടുപിടിക്കാനാണെങ്കിൽ, അതിനു വലിയ വിഷമവുമില്ല. തപതീസംവരണം തുടങ്ങിയ കേരളീയകൃതികളുടെ വ്യാഖ്യാതാവായ ഒരു ശിവരാമനുണ്ടുതാനും. അദ്ദേഹത്തിൽ ഇതിന്റെ കർതൃത്വം ആരോപിച്ചിട്ടു് ആവൂ എന്നു നെടുതായി ഒന്നു നിശ്വസിക്കാമല്ലോ. ഒന്നു പറഞ്ഞുകൊള്ളട്ടേ. ഈയിടെ ഒരു പ്രാചീനകൃതിയെ ഒരാൾ പ്രസാധനം ചെയ്കയുണ്ടായി. ആ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളിൽ ‘ശങ്കര’ ശബ്ദം പ്രയോഗിച്ചിരിക്കുന്നതു കണ്ടു്, കവി ഒരു ശങ്കരനായിരിക്കണമെന്നു് പ്രസാദകൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. സങ്കല്പശക്തിയുടെ ഉന്മേഷം നോക്കുക. അതുകൊണ്ടു് അവസാനിച്ചോ? ശങ്കരനാണു കവിയെങ്കിൽ, അതു തീർച്ചയായും മഴമംഗലംതന്നെ ആയിരിക്കണം. ഈ കേരളത്തിൽ വേറെ ആർക്കെങ്കിലും ശങ്കരനെന്നു പേരുണ്ടായിട്ടുണ്ടോ? പ്രസാധകൻ അതിന്റെ കർതൃത്വം തന്നിൽതന്നെ ആരോപിക്കാതിരുന്നതു് ചരിത്രദൃഷ്ടിയുടെ കൂർമ്മകൊണ്ടായിരിക്കാനേ തരമുള്ളു. പാർവതീപരിണയം ആണു് കഥ. പാർവതിയുടെ വിവാഹാനന്തരം ദേവിയെ കുടിയിരുത്തിയതായി പറഞ്ഞിരിക്കുന്നതിനാൽ ഗ്രന്ഥകാരൻ നമ്പൂതിരിയായിരിക്കണമെന്നും ദേവിയുടെ പല അലങ്കാരങ്ങളുടെ കൂട്ടത്തിൽ ‘തോട’ കൂടി പ്രസ്താവിച്ചു കണ്ടതിനാൽ, ആ നമ്പൂരിക്കു് ഒരു നായർഭാര്യ കൂടി ഉണ്ടായിരുന്നെന്നും തട്ടിവിട്ടതു കണ്ടപ്പോൾ, അഹോ! ഇങ്ങനെയുണ്ടോ ഒരു കുശാഗ്രബുദ്ധി? ചരിത്രകാരനായാൽ ഈമാതിരി കാര്യങ്ങളെ ചികഞ്ഞുനോക്കുന്ന ബുദ്ധി കൂടിയേ തീരൂ എന്നു് എനിക്കു തോന്നിപ്പോയി.
3. കവി കഥാവസാനത്തിൽ അനന്തശായിയെ സ്തുതിച്ചിരിക്കുന്നതുകൊണ്ടു്, അദ്ദേഹം രാജവംശത്തിൽപ്പെട്ട ആളായിരിക്കണമെന്നില്ല. ഏതു കവിയായിരുന്നാലും രാമായണത്തെ ഈ വിധത്തിലേ അവസാനിപ്പിക്കൂ. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ കഥ വായിക്കുന്നവർ മരണശേഷം വിഷ്ണുവിന്റെ പാദപത്മത്തിൽ ചേരുമെന്നല്ലാതെ പിന്നെ എന്താണു പറയുക?
3. ഐതിഹ്യത്തേയും ആധാരമാക്കി യാതൊന്നും പറയാവുന്നതല്ല. ഐതിഹ്യപ്രകാരം ഏതദ്ഗ്രന്ഥകർത്താവു് ആദിത്യവർമ്മ മഹാരാജാവാണല്ലോ. അദ്ദേഹമല്ലെന്നു വന്നാൽ, പിന്നെ ഏതെങ്കിലും ഒരു രാജാവായിരിക്കണമെന്നു് എന്തിനു വിശ്വസിക്കുന്നു? അഥവാ അങ്ങനെ വരാനേ തരമുള്ളു എന്നു ശഠിക്കുന്ന പക്ഷം, ഒരു ആദിത്യവർമ്മയോട് അടുത്തു ചാർച്ചയുള്ള ഒരു ശ്രീരാമനാവുന്നതല്ലേ ഭേദം? പക്ഷേ, കൊല്ലവർഷം നാലാംശതകത്തിൽ ആ മാതിരി ഒരു രാമവർമ്മരാജാവിനെ കാണുകയില്ലായിരിക്കാം. അതുകൊണ്ടു് എന്താണു ദോഷം?
“സ്വസ്തിശ്രി കലിയുഗസംവത്സരം നാലായിരത്തി അഞ്ഞൂറ്റെൺപത്തിനാലിൽ മേൽ ചെല്ലാനിന്റ കൊല്ലം അറുനൂറ്റിഅമ്പത്തിഒമ്പതു വർഷം മാശിമാസം പതിന്നാലാം തീയതി പൂർവ്വപക്ഷത്തു ത്രയോദശിയും സോമവാരവും പെറ്റപൂയത്തുന്നാൾ ആദിത്യവർമ്മരാന ജയതുംഗനാട്ടു മൂത്ത തിരുവടി ഇരുന്തരുളിയിടമും ഇവർ തിരുത്തമ്പിയാർ ഇരാമവർമ്മരാന ചിറവായി മൂത്ത തിരുവടി ഇരുന്തരുളിയിടമും ചെയ്തരുളിന തിരുമുകത്തിൻപടി അരുളിച്ചെയ്യൽ.” ഈ രേഖയിൽ കാണുന്ന ചിറവായി രാമവർമ്മ മൂത്ത തിരുവടി ആയിരുന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ കർത്താവെന്നു വരരുതോ? ഭാഷാരീതി നോക്കി ഒന്നും ഖണ്ഡിതമായി പറവാൻ നിവൃത്തിയില്ലെന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടല്ലോ.
“കമ്പർ കേരളത്തിൽവന്നു് അദ്ദേഹത്തിന്റെ കവിതയുടെ മാഹാത്മ്യം ശ്രീരാമകവി ധരിച്ചു് അതിന്റെ ചൂടാറുന്നതിനു മുമ്പാണു് രാമചരിതം ഉണ്ടാക്കിയതെന്നനുമാനിക്കാൻ ന്യായം കാണുന്നുണ്ടു്.” എന്നു് മി. പരമേശ്വരയ്യർ പറയുന്നു.
അതിനു ലക്ഷ്യമായി അദ്ദേഹം,
“പിന്നും വിടണനൈയ നിൻറമല പെരിയോർ
മുന്നൈനാളവൻ മുനിന്തിടക്കിളൈയോടു മുടിന്താർ
ഇന്നമുണ്ടിയാനിയം പൂവതിരണിയനെൻപാൻ
തന്നൈയുള്ളവാകേട്ടിയെൻറുരൈ ചെയ്യച്ചമൈന്താൻ”
എന്ന കമ്പരാമായണഗാനത്തേ ഉദ്ധരിച്ചിട്ടു്,
“അല്ലൽ ചെയ്തുലകുലയ്ക്കുമചുരരെയറുപ്പാൻ മുന്നം
നല്ലതോർ വരാകമാനാൻ; നരചിങ്കവടിവുമാനാൻ;
ചൊല്ലേറും കുറളായ്ത്തൂയമഴുവേന്തും മുനിയുമാനാൻ;
മെല്ലനം കുലം മുടിപ്പാനായ് പിറന്താനിപ്പോൾ”
എന്ന രാമചരിതഗാനം അതിന്റെ അനുകരണമാണെന്നു് സിദ്ധാന്തിച്ചിരിക്കുന്നു. ഇതു് കുറെ സാഹസമായിപ്പോയി. ഇവിടെ രാമചരിതകർത്താവു് രാമചന്ദ്രനു മുമ്പുണ്ടായ മഹാവിഷ്ണുവിന്റെ അവതാരങ്ങളെ എടുത്തുപറഞ്ഞിട്ടേ ഉള്ളു. രാമനെ മഹാവിഷ്ണുവിന്റെ അവതാരമായി വാത്മീകി ഗണിച്ചിരുന്നില്ലെന്നു വച്ചു് അങ്ങനെ ആദ്യമായിച്ചെയ്തതു് കമ്പരായിരിക്കണമെന്നില്ല.
ലീലാതിലകവൃത്തികാരൻ കൊല്ലവർഷം ആറാം ശതകത്തിനു ശേഷം ജീവിച്ചിരുന്ന ആളാണെന്നു് അതിലെ ആന്തരമായ ലക്ഷ്യങ്ങൾകൊണ്ടു തെളിയുന്നു. അദ്ദേഹത്തിനു് തെക്കൻ ദിക്കുകളുമായി ധാരാളം പരിചയവുമുണ്ടായിരുന്നു. എന്നിട്ടും പാട്ടിനു് ഉദാഹരണമായിട്ടോ, അല്ലാതെയോ രാമചരിതത്തെപ്പറ്റി ഒരിടത്തും പ്രസ്താവിച്ചു കാണാത്തതിനാൽ ഈ കൃതിക്കു് അത്ര വളരെ പ്രാചീനത്വം കല്പിക്കാമോ എന്നു സംശയവുമായിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, രാമചരിതകർത്താവു് ഒരു ചീരാമനാണെന്നല്ലാതെ, അദ്ദേഹം 389-ലെ കഠിനംകുളം രേഖയിൽ കാണുന്ന ‘ശ്രീവീരള’രാമനോ മുകളിൽ ഉദ്ധരിച്ചിരിക്കുന്ന രേഖയിലെ ചിറവായി മൂത്തതിരുവടിയായ ശ്രീരാമവർമ്മരോ അഥവാ ഒരു വെറും ശിവരാമനോ എന്നു നിർണയിക്കാൻ തരമില്ലാതെയാണു് ഇരിക്കുന്നതു്. അഥവാ തിരുവിതാംകൂർ രാജവംശത്തിലെ രാജാവായിരുന്നുവെന്നു വരികിൽ, അദ്ദേഹം ചിറവായി മൂത്ത തിരുവടി ആയിരിക്കാനാണു് അധികം സാംഗത്യം. ഏതായാലും ദ്രാവിഡപ്രഭാവകാലത്തേ പാട്ടുകളെ ഉദാഹരിക്കുന്നതിനു് ഈ കൃതിയെ ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ, ലീലാതിലകത്തിൽ പാട്ടിനു കൊടുത്തിരിക്കുന്ന ലക്ഷണം ഈ കൃതിക്കു പൂർണ്ണമായി യോജിച്ചുകാണുന്നുണ്ടു്. ഇക്കാലത്തുണ്ടായ പാട്ടുകളിൽ മിക്കവയും നഷ്ടപ്പെട്ടുപോയിരിക്കുന്നു.
“തരതലന്താനളന്തവിളന്തപൊന്നൻതനക ചെന്താർവിരിന്തമൽബാണൻ തന്നേ
കരമരിന്തപെരുന്താനവന്മാരുടെ കരളരിന്ത പുരാനേ, മുരാരീ, കണാ
ഒരുവരന്താ പരന്താമമേ നീ കുനിംതൂരകചായി പിണിപാർപ്പനിന്തവണ്ണം
ചിരതരം താൾപണിന്തേനായ്യാതാങ്കെന്നെത്തിരുവനന്തപുരംതങ്കുമാനന്താന”
എന്ന് ലീലാതിലകത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഗാനം ഏതു കൃതിയിൽനിന്നാണാവോ?
രാമചരിതത്തിലെ ഭാഷ അക്കാലത്തെ മലയാളഭാഷയെ ഉദാഹരിക്കുന്നില്ലെന്നും അതു് ചോളഭാഷയും മലയാളഭാഷയും കലർന്ന ഒരു മിശ്രഭാഷയാണെന്നും ഖണ്ഡിച്ചു പറയാവുന്നതാണു്. പത്താം ശതകത്തിനിപ്പുറം തെക്കൻതിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ള കൃതികളിൽപ്പോലും തമിഴിന്റെ കലർപ്പു ധാരാളം കാണുന്നുണ്ടു്. എന്നാൽ ഈ കൃതികളിലെല്ലാം ശുദ്ധ കേരളഭാഷാരൂപങ്ങൾ സുലഭങ്ങളായിരിക്കുന്നതിൽ നിന്നും അക്കാലത്തെ വ്യവഹാരഭാഷയുടെ സ്വഭാവം നമുക്കു് ഏതാണ്ടു് ഊഹിച്ചറിയാം. പ്രസ്തുത രൂപങ്ങൾ പണ്ഡിതസാർവഭൌമനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ചൂണ്ടിക്കാണിച്ചിട്ടുള്ള ആറു നയങ്ങളനുസരിച്ചു് തമിഴിൽനിന്നു സംക്രമിക്കപ്പെട്ടവയാണെന്നു വിചാരിക്കുന്നവർ പലരുമുണ്ടു്. എന്നാൽ വാസ്തവം മറിച്ചായിരുന്നു. ഭാഷാരൂപങ്ങളെ പരിഷ്കരിച്ചു തമിഴാക്കിയിരിക്കുകയാണു് ഗ്രന്ഥകാരന്മാർ ചെയ്തിട്ടുള്ളതു്. സംസ്കൃതപ്രഭാവകാലത്തു്, കോട്ടി, തടത്തം മുതലായ പദങ്ങളെ കവികൾ സംസ്കൃതവേഷം കെട്ടിച്ചു നിർത്തിയതുപോലെ, രാമചരിതകർത്താവു് മന്നു മുതലായ പദങ്ങളെ തമിൾവേഷം അണിയിക്കാൻ ശ്രമിച്ചു് ഒടുവിൽ അബദ്ധനായിത്തീർന്നതു നോക്കുക. മലയാളത്തിലും തമിഴിലും ‘മന്നു’ മന്നു തന്നെ എന്നു് ഓർക്കാതെ അദ്ദേഹം ‘മന്റാക്കി’ പ്രയോഗിച്ചിരിക്കുന്നു.
അക്കാലങ്ങളിൽ ഉണ്ടായ ശിലാശാസനങ്ങളിലും മറ്റും ഉപയോഗിച്ചുവന്ന ഭാഷ നോക്കീട്ടാണു് അന്നത്തെ ഭാഷാരീതി ഏറെക്കുറെ തമിഴായിരുന്നു എന്നൂഹിക്കുന്നതു്. എന്നാൽ ഈ അടുത്തകാലംവരെ, തിരുവിതാംകൂറിലെ കോർട്ടുഭാഷ തമിഴായിരുന്നതിനാൽ മാത്രമാണു്, കരണങ്ങളിലെല്ലാം തമിൾ കലർന്ന മലയാളം ഉപയോഗിച്ചുവന്നതു്. ഇന്നും പ്രാമിസ്സരി നോട്ടുകളിലും രസീതുകളിലും മറ്റും അപൂർവ്വം ചില തമിൾപദങ്ങൾ കടന്നുകൂടാറുണ്ടു്. ഏതാനും ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.
8.1 ക്രി. പി. എട്ടാംശതകത്തിലെ ഒരു വട്ടെഴുത്തുരേഖ
“ശ്രീ കോമാരൻ ചടൈയർക്കിരുപത്തേഴാമണ്ടു ചേരമാനാർ പടൈ വിഴഞ്ഞത്തു യൂത്തത്തു വിട്ടിഴക്ക കരൈക്കോട്ടൈ അഴിപ്പാൻവര പെരുമാനടികളുളൻ ഇരണകീർത്തിയും അമർക്കഴിയും ഉൾവീട്ടിനൊറൈറച്ചേവകർ കോട്ടൈ അഴിയാമൈ കത്തെതിർക്കപലരും പട്ടയിടത്തു ഇരണകീർത്തി ഉൾവീട്ടുച്ചേവകൻ കോഴുവൂക്കററത്തുപ്പെരുമൂർത്തി തംപെരുത്തിണൈ ആത്തിരത്താർ പലരോടും കുത്തിപ്പട്ടാൻ ഇരണതുങ്കമെള്ളി …”
8.2 കൊല്ലവർഷം 622-ലെ കോലെഴുത്തുരേഖ
“സ്വസ്തിശ്രീ കൊല്ലം 622-ാ-മാണ്ടു കുമ്പവിയാഴമിതുനനായററിൽ ചെങ്ങവനാട്ടു മനിപ്പനവമകരത്തിനു 116 പണം വൈച്ചു.”
8.3 കൊല്ലവർഷം 820-ലെ കോലെഴുത്തുരേഖ
“കൊല്ലവർഷം എണ്ണൂറാമാണ്ടു് ചിങ്ങമാസത്തിൽ പണിതുടങ്ങിച്ചു. എണ്ണൂറ്റി ഇരുപതാമാണ്ടു് മേടമാതത്തിൽ പണിതീർത്തു കലചം ആടിച്ചിതു.”
8.4 കൊല്ലവർഷം 1016-ൽ ഉണ്ടായ ഒരു കരണം
“കൊല്ലം 1016-മതു മീനഞായറ്റിൽ എഴുതിയ മറു പട്ടോലക്കരണമാവിത. ആരൂം അട്ടപ്പാടത്തെ പങ്കൻ ഇട്ടിയും തമ്പിമാരും കയ്യാൽ മുപ്പത്തൊന്നു പുതുപ്പണം കൊണ്ടാൻ. നാമങ്ങലത്തെ തുപ്പൻ നാരായണൻ കൊണ്ടാർകൊണ്ട പരിചാവിത. ഇക്കൊണ്ട പുതുപ്പണം 31-നും കാരിയം ഇതിന്ന പാട്ടം തന്റെ പാത്തിരമങ്ങലം തേചത്ത പരിയക്കിടത്ത തനിക്കുള്ള പടിഞ്ഞാറേ പുഞ്ച അഞ്ചുപങ്കു അഞ്ചുവടിപ്പൻ നെല്ലിന്നു പാട്ടമായി പാട്ടമാണ്ട പാട്ടനെല്ലിൽ തന്റെ പണത്തിനു പത്തിന്നരപ്പലിശയും പലിചപ്പണത്തിനു പറവിലയും കണ്ടുള്ള നെല്ല് 1 പറ അഞ്ചും കിഴിച്ച നീക്കി മിക്കുള്ള പാട്ടനെല്ലു 3 പറ 5-ാം ഓണവാഴക്കുലയും ആണ്ടുതോറും കൊടുക്കവും കൊള്ളവും കടവർ.”
ഇങ്ങനെ തെക്കൻദിക്കുകളിൽ അടുത്തകാലംവരെ തമിൾ കലർന്ന മലയാളം ഉപയോഗിച്ചുവന്നുവെങ്കിലും, ഉത്തരകേരളത്തിലെ സ്ഥിതി ഇതിൽനിന്നു് ഭിന്നമായിരുന്നുവെന്നു്, കൊല്ലവർഷം 25-ാമാണ്ടത്തെ ഒരു കോഴിക്കോടൻ ശിലാശാസനത്തിൽനിന്നു കാണാം.
“കുംഭവ്യാഴം കർക്കടകം ഞായർ 5-നു നമ്മുടയ കല്ലിക്കുളങ്ങര ഈമൂർ ഭഗവതി തിരുമുമ്പേ വടക്കേ നടയിൽ ശേഖരിവർമ്മ എന്ന തെക്കുന്നാഥൻ നാലുകൂർവാഴ്ചയും രണ്ടു തമ്പുരാട്ടിയും രണ്ടു പെൺവഴി അനന്തിരവന്മാരും കുറൂർ നമ്പൂരിപ്പാടും നാട്ടുകാരും …നഗരക്കാരും യോഗക്കാരും കൊവ്വക്കമന്നാടിയും രണ്ടു കോടക്കർത്താക്കന്മാരും അറിയിക്കന്നും പാറയുടെകീഴേ 14 ചേരിക്കൽ 242 കാലം (നെല്ലു വിതയ്ക്കാവുന്ന) കോട്ടപടി എന്ന നമ്മുടെ ഈമൂർ ഭഗവതിദേവസ്വം നിലവും ഉഭയവും പറമ്പും തൻകര (ക്കടുത്ത കുളങ്ങളും) 42 ചേരിക്കൽ മലയകം ചെമ്പനമുതൽ കാച്ചനടവരെയും മലയകം, അകമല, പുറമല, ചിറമല, കീഴ്മലവരെയും (ഉള്ള) 1200 കലം (നെല്ലു വിതയ്ക്കാവുന്ന) നിലവും ഉഭയവും കല്ലും കാവേരിയും പുല്ലും ഭൂമിയും ഉള്ള നാൾവരെ മാന്യം വിട്ടു (കൊടുത്തിരിക്കുന്നു. അതുകളിൽ നിന്നുള്ള) ചിലവുകൾ ഏറിവരികയും ഇല്ലാമൽ (നടത്തിക്കൊള്ളുകയും വേണം. ഇതുകൂടാതെ) 411 (നെല്ലു വിതയ്ക്കാവുന്ന നിലങ്ങളുടെ) പാട്ടംകൊണ്ടു വിശേഷ അടിയന്തിരം നടക്കും. (ഇവയ്ക്കു) ദോഷം ചെയ്യുന്നവൻ ഗംഗക്കരയിൽ ബ്രഹ്മഹത്തി ചെയ്യുന്ന ദോഷത്തിൽ പോകും. വടക്കുന്നാഥൻ, വില്വാദ്രിനാഥൻ ഈ സാക്ഷികൾ അറിയ.”
ഇതുപോലെ തന്നെ കൊല്ലവർഷം 450-ൽ ഉണ്ടായ ഒരു വടക്കൻ കോലെഴുത്തു കരണത്തിലെ ഭാഷയും നല്ല ‘ഭാഷ’യായിരിക്കുന്നു.
“കണ്ടൻ ദാമോദരൻ തീട്ട്. മങ്കാട്ടുമേനവൻ വായിച്ചു നമ്മുടെ പരദേവത തിരുവാലത്തൂർ ഭഗവതിയുടെ കാര്യാദികൾ നോക്കുന്ന തൃശ്ശൂർ നടുവിലേ മഠത്തിൽ കാക്കോട്ടു തിരുമനസ്സിലെ (തിരുമനസ്സുണർത്തിക്ക) – കാര്യം (എന്തെന്നാൽ) സങ്കേതത്തിൽനിന്നു ചൂപത്തു നമ്പൂരിക്കു നാം ചില കൈകാര്യം ചെയ്തതിനാൽ (ഉണ്ടായ) ഭഗവതിയുടെ തിരുവുള്ളക്കേടു് (നീങ്ങി) നമുക്കു് ശ്രേയസ്സു വരേണ്ടതിനു പ്രായശ്ചിത്തമായി.
***
പറമ്പുകളും ഓവൽകണ്ടത്തിൽ (നിന്നും നമുക്കുള്ള) മിച്ചവാരത്തിൽനിന്നു 20 പറ നെല്ലു മേൽവാരവും കോട്ടവഴി നമ്പൂരിക്കു ചാർത്തിയ 60 പറ നിലവും ദത്തം ചെയ്തു. ഇപ്പടിക്കു കാർത്തിക ഞായറ്റിൽ ബഹുധാന്യവർഷം കാർത്യായനി രക്ഷിക്ക. ഇതിനു സാക്ഷി തിരുവാലത്തൂർ പൊതുവാൾ ചൂതനാരായണൻ വാദമൂലക്കുമാരൻ അറിയ.”
കവികൾ പ്രായേണ യാഥാസ്ഥികന്മാരാണു്. പ്രയോഗ പ്രാചര്യമില്ലാത്ത രൂപങ്ങളെ, രാമചരിതംപോലെ ഗൌരവമേറിയ ഒരു കൃതിയിൽ, പ്രയോഗിക്കാൻ ഒരു കവിയും ഒരുമ്പെടുകയില്ല. അതുകൊണ്ടു് ഇത്തരം കൃതികളിൽ കാണുന്ന ശുദ്ധകേരളഭാഷാരൂപങ്ങൾ അക്കാലത്തു പ്രചുരപ്രയോഗമുള്ളവയായിരുന്നു എന്നു വേണം വിചാരിക്കാൻ.
രാമചരിതം ഭാഷാശാസ്ത്രപിപഠിഷുക്കൾക്കു് ഒരു അമൂല്യ സമ്പത്താണെന്നു് ആരും സമ്മതിക്കും. ഗുണ്ടർട്ടുസായ്പു് തന്റെ നിഘണ്ടുവിൽ ഈ ഗ്രന്ഥത്തിൽനിന്നു് പല ഭാഗങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്; എന്നു വരികിലും അതിനെ ഇദംപ്രഥമമായി അച്ചടിപ്പിച്ചു പ്രചരിപ്പിച്ചതു് ഇന്നത്തെ ഭാഷാസാഹിത്യകാരന്മാരുടെ ‘ഗണനാപ്രസംഗത്തിൽ കനിഷ്ഠികാധിഷ്ഠിത’നായ ഉള്ളൂർ മി: എസ്. പരമേശ്വരയ്യരാണ്. ഇത്തരം ഗ്രന്ഥങ്ങളെ പ്രസാധനം ചെയ്യുന്ന ജോലി അത്യന്തം ശ്രമസാദ്ധ്യമാണെന്നു് ആ വിഷയത്തിൽ പരിശ്രമിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. ഈ അദ്ധ്യായത്തിൽതന്നെ അന്യത്ര സൂചിപ്പിക്കപ്പെട്ടിട്ടുള്ള പുരാതന ഗ്രന്ഥപരിശോധകനെപ്പോലെ “വായിൽ തോന്നിയതു കോതയ്ക്കു പാട്ടു്” എന്ന മട്ടിൽ മുഹൂർത്തത്തെ മൂത്രമാക്കിയും. കഷണമില്ലാത്ത നീണ്ട നീണ്ട അവതാരികകൾ എഴുതിച്ചേർത്തു് തൊണ്ടാൻമാക്രിയുടെ രൂപത്തിൽ, പഴയ ഗ്രന്ഥങ്ങളെ അടിച്ചുവിടുന്ന സ്വഭാവം അദ്ദേഹത്തിനില്ലാത്തതിനാൽ, അദ്ദേഹം ഈ വിഷയത്തിൽ ചെയ്തിട്ടുള്ള ശ്രമങ്ങൾ സർവഥാ സ്തുത്യർഹമായിത്തീർന്നിട്ടുണ്ടു്.
8.5 കഥാവിഷയം
“ഊഴിയിൽ തചരതൻ തനയനായവതരി-
ത്താതികാലമുള്ളരും തൊഴിൽകൾ ചെയ്തവകഴി-
ഞ്ഞാതിമാനിനിയെമീണ്ടവഴി കൂറ”
ണമെന്നേ കവിയ്ക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു. അതിനാൽ രാമായണത്തിലെ യുദ്ധകാണ്ഡമാണു് പ്രതിപാദ്യവിഷയമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. രാമായണത്തിലെ സർവാംഗസുന്ദരമായ കാണ്ഡം സുന്ദരകാണ്ഡമായിരുന്നിട്ടും, നമ്മുടെ കവി യുദ്ധകാണ്ഡത്തെ തന്റെ കവിതാവിഷയമാക്കിയതു് എന്തുകൊണ്ടായിരിക്കാം എന്നൊരു സംശയം ആർക്കും ഉണ്ടാകാവുന്നതാണു്. [2] “ഇകലിൽ വെൻറി വിളയും” എന്നുള്ള ഫലശ്രുതിയിൽനിന്നു് ഈ കവിത ഭടജനങ്ങളുടെ ആവശ്യം പ്രമാണിച്ചു രചിക്കപ്പെട്ടതായിരിക്കണം എന്നു് ഊഹിക്കാം. അങ്ങനെ ആണു് ഐതിഹ്യവും.
8.6 പ്രതിപാദനരീതി
കവി വാല്മീകിയെ സർവത്ര അനുകരിച്ചുകാണുന്നു. ചില സ്ഥലങ്ങളിൽ നേർ തർജ്ജമ ചെയ്വാനും മടിച്ചിട്ടില്ല. ഒന്നു രണ്ടുദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കുന്നു.
8.7 മൂലം
“അയുതം രക്ഷസാമത്ര പൂർവ്വദ്വാരം സമാശ്രിതം;
ശൂലഹസ്താ ദുരാധർഷാഃ സർവേ ഖഡ്ഗാഗ്രയോധിനഃ
നിയുതം രക്ഷസാമത്ര ദക്ഷിണദ്വാരമാശ്രിതം;
ചതുരംഗേണ സൈന്യേന യോധാസ്തത്രാപ്യനുത്തമാഃ
പ്രയുതം രക്ഷസാമത്ര പശ്ചിമദ്വാരമാശ്രിതം;
ചർമ്മഖഡ്ഗധരാഃ സർവേ തഥാ സർവാസ്ത്രകോവിദാഃ
ന്യർബുദം രക്ഷസാമത്ര ഉത്തരദ്വാരമാശ്രിതം;
രഥിനശ്ചാശ്വവാഹാശ്ച കുലപുത്രാഃ സുപൂജിതാഃ
ശതശോഥ സഹസ്രാണി മധ്യമസ്ക്കന്ധമാശ്രിതാഃ”
8.8 തർജ്ജിമ
“കോഴയററതു കിഴക്കിൻ കോപുരം കാപ്പാൻ നില്പ-
തൂഴിയെക്കുലക്കാം വീരരൊരു പതിനായിരം കാൺ.
ഒരു പതിനായിരത്തോടൊരുത്തനേ പോർചെയ്യാവ-
തിരുപതിനായിരം തെക്കിരട്ടിയുണ്ടതൻവടക്കോ
മുരണൊടു കാപ്പാൻ ചെമ്മേ മുപ്പതിനായിരം വൻ
പരവയും കുലക്കാം വീരർ പച്ചിമതിചൈയുള്ളേതും
തിചകളിൽ പാതി തീണ്മചേർ നടവൂ കാപ്പാൻ
മചകറയതിലിരട്ടി മന്തിരചാല കാപ്പാൻ.”
ഈ ഭാഗങ്ങൾ മൂലത്തിന്റെ ഏറക്കുറെ സ്വതന്ത്രമായ തർജ്ജിമയാകുന്നു.
ലങ്കയുടെ വർണ്ണനയെ കവി,
“കുചൽമികും മയനാചാരി കുവരനു ചമൈത്ത കോയിൽ
തച മുകനിരപ്പതെൻറാൽ ചമയമാരതിനുരപ്പോർ?”
എന്നു ഭംഗിയായി ചുരുക്കിയിരിക്കുന്നു.
ശ്രീരാമന്റെ അപേക്ഷ അനുസരിച്ചു് ഹനുമാൻ ഇങ്ങനെ ലങ്കാനഗരിയുടെ വിശേഷങ്ങൾ എല്ലാം സംക്ഷിപ്തമായി പറഞ്ഞതിനു ശേഷം,
“നീചാചരർ പെരുപ്പം പിന്നെ ഉരക്കലാമവിടം മുന്നലുഴറിയൊൻറുരപ്പേൻ വീര” എന്നിങ്ങനെ ആരംഭിച്ചു് ദേവിയുടെ താല്ക്കാലികസ്ഥിതിയേ വിവരിക്കുന്നു. ഇവിടെ കവി ഒരു വലിയ മനോധർമ്മം ആണു് കാണിച്ചിരിക്കുന്നതു്. ശ്രീരാമൻ ദുഃഖത്തിൽ മുഴുകിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ കോപം ഉജ്ജ്വലിപ്പിക്കുന്നതിനു് ഈ ഒരു മാർഗ്ഗമേ ഉള്ളു. ഈ വർണ്ണന അത്യന്തം മനോഹരമായിട്ടുണ്ടു്.
“താരിടൈ മണം പുണർന്തു തരുനിര തടൈന്തു പായ്‍ന്ത
മാരുതതേവൻ വന്തു, വഴിയിതെൻറരുളിച്ചെയ്ത”
തനുസരിച്ച് ഹനൂമാൻ, ആ വഴിക്കു് ചെന്നു് അശോകവനികയേ പ്രാപിച്ചതും, രാവണൻ സീതയെ പ്രലോഭിപ്പിക്കുന്നതിനായി അവിടെ വന്നതു കണ്ടു് അദ്ദേഹം ‘കുളിരിളം തളിരിടൈപ്പോയി’ മറഞ്ഞതും, രാവണൻ ഒട്ടു വളരെ മിരട്ടിയിട്ടും ദേവി ഒരു ‘ചൊല്ലാൽ പഴിത്തു’ ചൊന്നതു കേട്ടു് ആ ദുഷ്ടൻ ആ സാധ്വിയേ കൊല്ലാൻ ഭാവിച്ചതും, അതുകണ്ടു് ധാന്യമാലിനി [3] എന്ന ‘കുളം കിണർ നിചാചരി’ തടഞ്ഞതും മറ്റും വളരെ ചുരുക്കിയിട്ടാണെങ്കിലും ഹൃദയംഗമമായി വർണ്ണിച്ചിരിക്കുന്നു.
രാവണൻ പോയതിനുശേഷം രാക്ഷസികൾ ദേവിയെ അയാൾക്കു വശപ്പെടുത്തിക്കൊടുക്കാൻ പ്രയത്നിക്കുന്നു. ഈ ഘട്ടത്തേ വിവരിക്കുന്ന ഭാഗം ചമൽക്കാരവിഷയത്തിൽ മൂലാതിശായിയായിരിക്കുന്നു. നോക്കുക.
8.9 മൂലം
“കിം ത്വമന്തഃപുരേ സീതേ സർവഭൂതമനോരമേ
മഹാർഹശയനോപേതേ ന വാസമനുമന്യസേ.
മാനുഷേ മാനുഷസ്യൈവ ഭാര്യാത്വം ബഹുമന്യസേ
പ്രത്യാഹര മനോരാമാന്നൈവം ജാതു ഭവിഷ്യതി
ത്രൈലോക്യവസുഭോക്താരം രാവണം രാക്ഷസേശ്വരം
ഭർത്താരമുപസംഗമ്യ വിഹരസ്വ യഥാസുഖം
മാനുഷീ മാനുഷം തം തു രാമമിച്ഛസി ശോഭനേ
രാജ്യാദ്ഭ്രഷ്ടമസിദ്ധാർത്ഥം വിക്ലവന്തമനിന്ദിതേ.”
ഇത്യാദി
8.10 തർജ്ജിമ
“എൻറുമിനി നിങ്ങളിലണഞ്ഞിണങ്ങിവാരാ
മൻറിലുയിരോടവനു വാഴുമില്ല നീണാൾ
വെൻറികിളർ നാടുവെറുതേ കളഞ്ഞുപോനാ
നെൻറുമെളിയോൻ പെരികേയിതിനുമൂലം
മൂലമില്ല മുന്നമന്നിചാചരരെയെല്ലാം
ചാലവെടിവാനവനതോചരതം? ഇന്നും
കാലമിടയിട്ടറിയലാം കഴിഞ്ഞവെല്ലാം
നീലനയനേ, നിലനിനക്കിതു ചൊല്ലിൻേറാം.
ഇന്നുമുതലായിനിയിരാകവനിൽ നിന്ന-
മ്പൊന്നു വളരാനാൻറതിങ്ങു രാവണനിലാനാൽ
വന്നപിഴയെന്ത്? വളർപള്ളിയറ പൂവാ-
നിന്നു തുനിഞ്ഞാലിടർ നിനക്കറ നിലയ്ക്കും.
നിലയ്ക്കയില്ല നിൻപെരുമയെങ്കിലതിനേതും
ചലിപ്പുവരൊല്ലാ തചമുകൻ പിറവി നണ്ണി;
പുലർത്തിയനുന്തനനു മൈന്തനിവനൊൻറാൽ
കുലത്തിനും നലത്തിനുമിവന്നു കുറവുണ്ടോ?
പിരിയരുതാതനീയിങ്ങനെ പിതാവു വെടിന്തു നാടും
പിഴകിയിരന്തു കാടുമുറന്തുപോന്നവനോടകൻറാൽ
ഉരുകുമല്ലീ നിനക്കുടനുൾക്കുരുന്ന്? വിരുന്നല്ലീവ
ന്നൊളിവിലലങ്കപുക്കതു? പോരുംനിന്തിറം നില്ക്കതെല്ലാം”
ഈ വരികളിൽ സ്ഫുരിക്കുന്ന ഹാസ്യാരസം അനപലപനീയമായിരിക്കുന്നു.
രാമലക്ഷ്മണന്മാരെ രാവണൻ കൊന്നിരിക്കും എന്നു വിചാരിച്ചു് സീത ആത്മഹത്യയ്ക്കു് ഒരുങ്ങവേ, ശുഭലക്ഷണങ്ങൾ കണ്ടിട്ടു് ആ ശ്രമത്തിൽനിന്നു വിരമിക്കുന്നുവെന്നാണു് മൂലം.
8.11 മൂലം
“ഉപസ്ഥിതാ സാ മൃദുസർവഗാത്രീ
ശാഖാം ഗൃഹീത്വാ ച നഗസ്യ തസ്യ
തസ്യാസ്തു രാമം പരിചിന്ത്യയന്ത്യാ
രാമാനുജം സ്വം ച കുലം ശുഭാംഗ്യാ”
രാമചരിതകർത്താവാകട്ടേ, അതിനെ [4]
ഉറങ്ങിനരന്നിചാചരിമാരെന്മേടമറിഞ്ഞു താന്മെ-
ല്ലൊരു തരുചാക താണ്ണുകിടന്നതും കരുതിക്കരത്താൽ
മുറമുറയായ് വിതുമ്പിവിതുമ്പിനിന്നതുകണ്ടണന്തേൻ
മുടിവുവന്നൊൻറിതെന്നു നിനന്തു വീഴ്‌ന്തുവണങ്ങിനേൻഞാൻ.
എന്നു മാറ്റിയിരിക്കുന്നത് അവസരോചിതമായിട്ടുണ്ടു്.
കവി നല്ല മനോധർമ്മമുള്ള ഒരു വശ്യവാക്കായിരുന്നുവെന്നു് ഇങ്ങനെ ഏതുഭാഗം വായിച്ചു നോക്കിയാലും അറിയാം. [5] പ്രായേണ മൂലത്തെ അനുസരിച്ചുകൊണ്ടുതന്നേ പോകുന്നുണ്ടെങ്കിലും അവിടവിടെ ചില സ്വാതന്ത്ര്യങ്ങൾ കാണിക്കാൻ, അദ്ദേഹം മടിച്ചിട്ടില്ല. “രാമചരിതകർത്താവു് വാല്മീകിമഹർഷിയുടെ ഒരു വെറും ഛായയോ ഛായാപഹാരിയോ മാത്രമല്ലെന്നും, പ്രത്യുത ഒരു പ്രകൃതിമാർമ്മികനും ഫലിതപ്രിയനും ആയ ഒരു മഹാകവിയാണെന്നും കാണാവുന്നതാണു്.” വശ്യവചസ്സായ അദ്ദേഹത്തിനു് ശബ്ദവും അർത്ഥവും ഒന്നുപോലെ അധീനമായിരുന്നു.
“താരിണങ്കിന തഴൈക്കുഴൽമലർ തയ്യൽ മുലൈ
ത്താവളത്തിലിളകൊള്ളുമരവിന്തനയന”
“താരിടൈ മണം പുണർന്തു തരുനിരതടൈന്തു പായ്‍ന്ത മാരുതദേവൻ.”
ഇത്യാദി ഗാനങ്ങളിൽ കാണുന്ന ശബ്ദഭംഗിയും,
“വിചയൻ വിൽത്തടിയിനാൽ
തിരുവുടമ്പുടയുമാററഞ്ഞവന്നപിമതം
തെളുതെളുപ്പിൽ വിളയിച്ച ചിവനേ”
“ഉയിരുണ്ടാകിൽ കണ്ടുകൊള്ളാമുലകത്തിൽ മറ്റുനല്ലവെല്ലാം
തുയരം വാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും
പയമെന്നൊട്ടും നീയറയാ പടയിൽ പിടിത്തണന്തു നിന്നെ-
ക്കയറും പൊട്ടും ചങ്ങലയും കനമിട്ടു കെട്ടിവെക്കിലും;
വൈക്കിന്റെനിച്ചാർച്ചയെല്ലാമിനി വമ്പനാമിരാകവനെ
കൈക്കൊണ്ടാലും നററുണയായ്ക്കനമുണ്ടിനിമ്മിൽ വേണ്ടുകയും,
തക്കംപെററൂനിൻ പേരച്ചനുതമ്പി നീയെന്മേടമെനിക്കൊക്കും നന്നായ്”
ഇത്യാദി പദ്യങ്ങളിൽ കാണുന്ന രസപുഷ്ടിയും അർത്ഥചമൽക്കാരവും നോക്കുക.
8.12 വൃത്തം
‘ദ്രവിഡസംഘാതാക്ഷരനിബന്ധനമെതുകമോനവൃത്തവിശേഷയുക്തം പാട്ടു്’ എന്നാണു് ലീലാതിലകത്തിൽ പാട്ടിന്റെ ലക്ഷണം കൊടുത്തിരിക്കുന്നതു്. അതായതു്, ഒരു കവിത പാട്ടാകണമെങ്കിൽ അതു് ഒന്നാമതായി ദ്രവിഡാക്ഷരമാലകൊണ്ടു നിർമ്മിക്കപ്പെട്ടതും, എതുക, മോന ഇവയോടു ചേർന്ന വൃത്തവിശേഷങ്ങളോടു കൂടിയതുമായിരിക്കണം. ഇവയിൽ ‘എതുക’ മലയാളികളുടെ ദ്വിതീയാക്ഷരപ്രാസം തന്നെയാകുന്നു. ഒരു പാദത്തിന്റെ രണ്ടു ഖണ്ഡങ്ങളിലേയും ആദ്യക്ഷരങ്ങൾക്കു തമ്മിലുള്ള സാമ്യമത്രേ മോന.
“ഉയിരുണ്ടെങ്കിൽ കണ്ടുകൊള്ളാം ഉലകത്തിൽ മററുനല്ലവെല്ലാം
തുയരാവാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും”
ഇത്യാദി ഗാനത്തിൽ, ഒന്നാമത്തേയും രണ്ടാമത്തേയും പാദങ്ങളിലെ രണ്ടാമത്തെ അക്ഷരം ‘യ’ ആണല്ലോ. ‘എതുക’ എന്ന പ്രാസവിശേഷവും ഈ ഗാനത്തിലുണ്ടു്. ഈ രണ്ടു പാദങ്ങളേയും,
1. ഉയിരു… … …
2. ഉലകുത്തി… … …
3. തുയരം… … …
4. തുയരാ… … …
ഇങ്ങനെ ഈ രണ്ടു ഖണ്ഡങ്ങളായി വിഭജിച്ചാൽ,
പൂർവാപരഖണ്ഡങ്ങളിലെ ആദ്യക്ഷരങ്ങൾക്കു സാമ്യമുണ്ടെന്നു കാണാം. ഒരിടത്തും അതിഖരമൃദുഘോഷങ്ങൾ ഇല്ലതാനും. അതുകൊണ്ടു് ഈ ഗാനത്തിനു് പാട്ടിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞിരിക്കുന്നു. രാമചരിതത്തിലെ എല്ലാ പദ്യങ്ങളിലും ഈ ലക്ഷണങ്ങൾ കാണുന്നതുകൊണ്ടു് ഈ കാവ്യം ഒരു പാട്ടാകുന്നു.
പ്രാചീനഭാഷാഗാനങ്ങൾക്കു വേറെ ഒരു വിശേഷം കൂടിയുണ്ടു്. ഒരു പാട്ടിന്റെ അന്ത്യഭാഗംകൊണ്ടേ അടുത്ത പാട്ടു് ആരംഭിക്കൂ. ഇതിനെ അന്താദിപ്രാസം എന്നു പറഞ്ഞുവരുന്നു.
രാമചരിതത്തിലെ വൃത്തങ്ങളൊന്നും മാത്രാവൃത്തങ്ങളല്ല. അവയിൽ മിക്കവയും ഈഷദീഷദ്വ്യത്യാസങ്ങളോടുകൂടി ഇന്നും ജീവിക്കുന്നു.
“മന്നവർ പിരാനൊടു വഴക്കിനു മുതിർന്നാൽ
എന്ന കരുമം വരുമതെന്നവിടമെല്ലാം”
ഈ വൃത്തം തന്നെയാണു് ഇരുപത്തിനാലുവൃത്തത്തിലും മറ്റും കാണുന്ന ഇന്ദുവദന.
‘താരിണങ്കിന തഴൈക്കുഴൽമലർതയ്യൽ മുലൈ-
ത്താവളത്തിലിളക്കൊള്ളുമരവിന്തനയന’.
ഈ വൃത്തത്തിലെ രണ്ടാം പാദത്തിലെ രണ്ടക്ഷരങ്ങൾ എടുത്തുകളഞ്ഞാൽ വഞ്ചിപ്പാട്ടിന്റെ വൃത്തമാകും.
‘നിചിചരനരക്കർകോ മാനുചൊന്നാൻതിറം
നിറയുമരിവീരർകോൻ ചൊന്നതക്കാലമേ’
എന്ന വൃത്തമാണു്,
‘ജലധിയിതു ചാടുവാൻ ലങ്ക പുക്കീടുവൻ
രഘുകുലവരപ്രിയദേവിയെത്തേടുവൻ’
എന്ന തുള്ളൽവൃത്തമായി പരിണമിച്ചതു്.
‘വേന്തർകോൻറനയനാകി വിണ്ണവർക്കമുതായുള്ളിൽ
ചാന്തിചേർ മുനിവർ തേടും തനിമറക്കാതലാകി’
എന്ന വൃത്തത്തിന്റെ പരിഷ്കൃതരൂപമത്രേ,
‘ഇപ്രകാരമിരിക്കുന്ന സുപ്രകാശസ്വരൂപിക്ക-
ങ്ങപ്രിയത്തെ വരുത്തുന്ന ദുഷ്പ്രഭുക്കൾക്കിന്നു തന്നേ’
എന്ന തുള്ളൽ വൃത്തത്തിലും,
‘ഹരിഹര സുതനെ കാണ്മാൻ,
മണ്ഡലം നോമ്പുനോറ്റു’
ഇത്യാദി കീർത്തനങ്ങളിലും കാണുന്നു.
രാമചരിതം പാട്ടു് സംസ്കൃതഭാഷ ഈ നാട്ടിൽ പ്രചരിക്കുന്നതിനുമുമ്പുണ്ടായതാണെന്നു് മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ നേരെ മറിച്ചു് സംസ്കൃതത്തിന്റെ അധികാരശക്തി ഈ കവിതയിൽ നല്ലപോലെ തെളിഞ്ഞു കാണ്മാനുണ്ടു്.
‘വയ്യവായ നമഃ’ ‘മലർവില്ലിയെയനങ്കനനേ’ ഇത്യാദി പലേ പ്രയോഗങ്ങൾ പ്രസ്തുതകൃതിയിൽ കാണുന്നു. സംസ്കൃതഭാഷയോടു മലയാളത്തിനുണ്ടായ വേൾച്ചനിമിത്തം അതിനു് ഒട്ടുവളരെ ഗുണങ്ങൾ സിദ്ധിച്ചിട്ടുണ്ടെങ്കിലും മറ്റുവിധത്തിൽ, പരിഹരിക്കാൻ നിവൃത്തിയില്ലാത്ത ചില ദോഷങ്ങളും സംഭവിച്ചിട്ടുണ്ടെന്നു് രാമചരിതം വായിച്ചാലറിയാം. ഒന്നാമതായി, ഒട്ടുവളരെ ഭാഷാശബ്ദങ്ങൾ ലോപിച്ചുപോയി; ഏതാനും ശബ്ദങ്ങൾക്കു് അപകർഷവും മറ്റു ചിലതിനു് അർത്ഥവ്യത്യാസവും വന്നുചേർന്നിരിക്കുന്നു. നാട്ടുഭാഷാശബ്ദങ്ങൾക്കുള്ള ശക്തി ഒരിക്കലും അവയുടെ സ്ഥാനത്തു വന്നുകേറിയിരിക്കുന്ന പരകീയ ശബ്ദങ്ങൾക്കു കിട്ടുകയില്ല. ഓമനപ്പൈതലിന്റെ കിളിക്കൊഞ്ചൽ കാണുമ്പോൾ തായാർക്കുണ്ടാകുന്ന മകിഴ്ച ഒന്നു വേറെ; പ്രിയശിശുവിന്റെ ലീലാവിലാസത്തെ ദർശിക്കുമ്പോൾ സഞ്ജാതമാകുന്ന ആനന്ദമൊന്നു വേറെ. ബാലക എന്ന വിളി കേൾക്കുമ്പോൾ യാതൊരു ഭാവഭേദവും ഉണ്ടാകാത്ത മുഖം, ഉണ്ണി എന്ന വിളി കേൾക്കുന്ന മാത്രയിൽത്തന്നെ വികസിക്കാതിരിക്കയില്ല. രണ്ടാമതായി, പുതിയ പുതിയ അർത്ഥങ്ങളെ കുറിക്കുന്നതിനു് പുതിയ പുതിയ പദങ്ങളെ സൃഷ്ടിക്കേണ്ടതായി വരുമ്പോഴൊക്കെ, അന്യഭാഷകളെ ആശ്രയിക്കേണ്ടതായി വന്നുകൂടിയിരിക്കുന്നു. മെയ്യറിവു്, നൂറ്റിക്കൊല്ലി, ഇത്യാദി പദങ്ങൾ കേൾക്കുന്ന നിമിഷത്തിൽത്തന്നെ അർത്ഥപ്രതീതിയുണ്ടാവും; നേരെ മറിച്ചു് പാരമാർത്ഥികജ്ഞാനം എന്നോ, ശതഘ്നി എന്നോ കേട്ടാൽ സാധാരണക്കാർക്കു് ഒന്നും മനസ്സിലാവുകയില്ല. സംസ്കൃതത്തിന്റെ ദുരധികാരംനിമിത്തം, മലയാളഭാഷയ്ക്കു് നവീനപദങ്ങളെ സൃഷ്ടിക്കാനുള്ള ശക്തിയേ നശിച്ചുപോയി. സംസ്കൃതവൃത്തങ്ങളെ ഉപേക്ഷിച്ചിട്ടു്, ഇന്നുള്ളവർ ദ്രാവിഡവൃത്തങ്ങളെ സ്വീകരിച്ചുതുടങ്ങിയതുപോലെ, കഴിവുള്ളിടത്തൊക്കെ സംസ്കൃതപദങ്ങളെ കൈവിട്ടിട്ടു് തനി ഭാഷാ ശബ്ദങ്ങളെ ഉപയോഗിക്കുന്നതു കൊള്ളാം.
രാമചരിതം ഭാഷാചരിത്രകാരന്മാർക്കു് ഒരു അമൂല്യസമ്പത്താണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ കൃതിയെ ഇതേവരെ പൂർണ്ണമായി അച്ചടിപ്പിക്കുന്നതിനു് തുനിഞ്ഞുകാണാത്തതു് മലയാളികൾക്കു് അഭിമാനകരമായിരിക്കുന്നില്ല. ഒരു തമിഴ് പണ്ഡിതനേ ഒന്നു രണ്ടു വർഷങ്ങൾക്കുമുമ്പു് തിരുവിതാംകൂർ സർക്കാർ ചുമതലപ്പെടുത്തുകയുണ്ടായെങ്കിലും ഇതേവരെ അദ്ദേഹത്തിനു് അതിനെ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മി: പരമേശ്വരയ്യരുടെ പ്രസിദ്ധീകരണം അസംപൂർണ്ണമാണെന്നു മാത്രമല്ല അശുദ്ധപാഠങ്ങൾ പലതും അതിൽ കടന്നുകൂടീട്ടുണ്ടു്. ഇതു് അദ്ദേഹത്തിന്റെ കുറ്റമല്ല; ജോലിത്തിരക്കിനിടയിൽ ഇത്രയും സാധിച്ചതുതന്നെ ഒരു വലിയ കാര്യമായി. പ്രാചീനമലയാളഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണവിഷയത്തിൽ അദ്ദേഹം ചെയ്തിട്ടുള്ളിടത്തോളം ശ്രമം ഇതേവരെ മറ്റാരും ചെയ്തിട്ടില്ല. അതിനാൽ മലയാളികൾ എന്നെന്നേയ്ക്കും അദ്ദേഹത്തിനോടു കൃതജ്ഞതയുള്ളവരായിരിക്കും.
8.13 ഉലകുടയപെരുമാൾ പാട്ട്
‘വയക്കരത്തായാരുടെ’ മകനായ ഉലകുടയ പെരുമാളിന്റെ കഥയാണു് ഇതിലെ വിഷയം ‘വയക്കരത്തായാർ’ മധുരമീനാക്ഷിയായിരിക്കണം. ദേവിയെ മാതാവെന്ന നിലയിൽ ഉപാസിച്ചുവന്ന ഒരു ഭക്തശിരോമണിയായ രാജാവായിരുന്നിരിക്കണം ഉലകുടയപെരുമാൾ. ഈ പാട്ടു മുഴുവനും എഴുതിച്ചു എടുക്കുന്നതിനു് കഴിയുന്നത്ര ശ്രമിച്ചിട്ടും ഇതേവരെ സാധിച്ചിട്ടില്ല. ശ്രീമാൻ സി. പി. ഗോവിന്ദപ്പിള്ള അവർകളുടെ കൈവശം അതു പൂർണ്ണരൂപത്തിൽ വന്നുചേർന്നിട്ടുള്ളതായി അറിയുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ‘പഴയ പാട്ടുകൾക്കു’ മലയാളികളിൽനിന്നു ലഭിച്ച പ്രോത്സാഹനം ഓർക്കുമ്പോൾ, അതിനെ പ്രസിദ്ധീകരിക്കാത്തതിനെപ്പറ്റി ആരും അദ്ദേഹത്തിനോടു പരിഭവിക്കയില്ല. പ്രസ്തുത ഗാനത്തിൽ നിന്നും ഏതാനും വരികൾ ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.
‘കരത്തിൽ മാനും മഴുവും തരിത്തയ്ങ്കരൻ
വനത്തിൽ കുളിർ തന്നുരുവ മാകവേ
കരുണയൊടു മലമകളും കരിണിയായ്
വടിവൊടു ചമഞ്ഞു വിളയാടുന്നാൾ
തിരിച്ച പഞ്ചശരത്താൽ കളിച്ച പോതുമയാൾ
തിരുവയററിലന്നു കന മുണരുററനാൾ
തിറമൊടരനരുളാലെ വനമതിൽ വ-
ന്നഴകൊടു പിറന്തൊരു ചെൽവനെ
കരിപോലെ മുകമഴകായവനേ.’
ഈ പാട്ടു് ഇന്നും തെക്കൻദിക്കുകളിൽ പാടിവരുന്നുണ്ടു്. അങ്ങുമിങ്ങായി ഏതാനും ഭാഗം എഴുതിച്ചുവരുത്തുന്നതിനേ എനിക്കു സാധിച്ചിട്ടുള്ളു. പാഠം ശുദ്ധമാണെന്നു തീരെ വിശ്വാസമില്ല. കവിതാരസം വഴിഞ്ഞൊഴുകുന്ന ചില ഘട്ടങ്ങൾ ഇടയ്ക്കിടയ്ക്കുണ്ടു്.
8.14 അഞ്ചുതമ്പുരാൻ പാട്ടു്
ഇതു് തിരുവിതാംകൂർ ചരിത്രകാരന്മാർക്കു വിലയേറിയ ഒരു രേഖയാകുന്നു. ശ്രീമാൻ സി. പി. ഗോവിന്ദപ്പിള്ളയുടെ ‘പഴയ പാട്ടുകൾ’ എന്ന ഗ്രന്ഥത്തിൽ, ഇതിലേ ഏതാനും ഭാഗങ്ങൾ എടുത്തുചേർത്തിട്ടുണ്ടു്. വേണാട്ടുരാജകുടുംബത്തിലെ അഞ്ചു തമ്പുരാക്കന്മാർ തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വന്നതു നിമിത്തം, രാജ്യത്തിൽ സമാധാനം അസ്തമിച്ചു. അവരെ തമ്മിൽ യോജിപ്പിക്കണമെന്നു് ആവശ്യപ്പെട്ടുകൊണ്ടു് മഹാരാജാവു് കഴക്കൂട്ടത്തുപിള്ളയ്ക്കു് ഒരു കത്തു കൊടുത്തയയ്ക്കുന്നു. ദുതൻ,
……ഉപ്പിടാകയും കടന്തു്,
ഓലയമ്പലം കടന്തു് ഉഴറിവഴി നടന്തു്,
പപ്പനാവാ ചരണമെന്നു പാതിരിക്കരി കടന്തു്,
പാതിരിക്കരികടന്തു പട്ടമേലായും കടന്തു്,
പാങ്ങപ്പാറ തന്നിൽ ചെന്നിട്ടു്, കണ്ടവരോടൊക്കെ,
“കലവറയാന വീടിനിച്ചെത്തത്തൂരമോ?”
എന്നു ചോദിക്കുന്നു.
“കണ്ടാൽ തിരിയാതൊടാ കൽക്കെട്ടും ചിറാമ്പികളും
കാലുകിളന്തന മേടകാണലാമേ”
എന്ന മറുപടി കേട്ടുകൊണ്ടു്, അവൻ നടന്നു് നേരേ പിള്ളയുടെ ഗൃഹത്തിൽ എത്തുന്നു. രാജദൂതൻ വന്നിരിക്കുന്നു എന്നു കേട്ട മാത്രയിൽ തന്നെ, കഴക്കൂട്ടത്തുപിള്ള ഞെട്ടി എഴുന്നേറ്റ്,
‘പെട്ടെന്തിരുകയ്യാൽ
മുന്തിവലിഞ്ഞല്ലൊ നീട്ടൈത്തനവാങ്കി’
ശ്രദ്ധാപൂർവ്വം വായിച്ചുനോക്കീട്ടു് അതിൽ പറഞ്ഞിരിക്കുന്നതുപോലെ ഒക്കെ ചെയ്തു. ഈ കഴക്കൂട്ടത്തുപിള്ളയുടെ വംശജന്മാരെ പില്ക്കാലത്തു രാജദ്രോഹികളാക്കിത്തീർത്ത മറിമായമെന്താണാവോ? എല്ലാ ദേശചരിത്രങ്ങളിലും ചില ‘ഇരുട്ടറവധ’ങ്ങൾ സങ്കല്പസൃഷ്ടങ്ങളായി കണ്ടേയ്ക്കും. എന്നാൽ പരമാർത്ഥം ഒരുകാലത്തു വെളിയിലാകാതിരിക്കയില്ല.
അക്കാലത്തു് കേരളത്തിൽ വീരരസപ്രധാനങ്ങളായ പലമാതിരി പാട്ടുകൾ ഉണ്ടായിക്കാണണം. ശരിയായ പ്രോത്സാഹനം മലയാളികളിൽനിന്നു ലഭിക്കുന്ന കാലത്തു് ഏതെങ്കിലും ഒരു ‘പെൾസി’ അവയെ ശേഖരിച്ചു പ്രസിദ്ധപ്പെടുത്താതിരിക്കയില്ല. “ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുമ്പോൾ വിറയ്ക്കും” എന്ന പഴമൊഴി അനുസരിച്ചു്, ഈ സദ്വ്യവസായത്തിൽ നിന്നു് തല്ക്കാലം വിരമിച്ചിരിക്കുന്ന മിസ്റ്റർ ഗോവിന്ദപ്പിള്ളതന്നെ, കാലം അനുകൂലമാകുമ്പോൾ അദ്ദേഹത്തിന്റെ കൈവശമുള്ള ഒട്ടു വളരെ പാട്ടുകളെ പ്രസിദ്ധീകരിക്കാതെ വരില്ലെന്നു വിശ്വസിക്കുന്നു.
ഓണം, തിരുവാതിര ഈ ആഘോഷങ്ങളും ഈ അടുത്തകാലം വരെ വിവിധഗാനോല്പാദകങ്ങളായ അവസരങ്ങളായിരുന്നു. ഇന്നും നാട്ടുമ്പുറങ്ങളിൽ പോയാൽ കേരളീയാഗനകളുടെ കാതും കരളും കവരുന്ന ശുദ്ധ നാടൻപാട്ടുകളെ കേൾക്കാവുന്നതാണു്. അനുകരണഭ്രമവും തജ്ജന്യമായ അടിമത്തനവും സൽക്കാവ്യങ്ങളുടെ ഉല്പത്തിക്കു ബാധകമാകുന്നു. എല്ലാ ദേശക്കാർക്കും അവരവർക്കു യോജിച്ച രീതികൾ ഉണ്ടു്. അവയെ വിട്ടിട്ടു്, പരദേശസമ്പ്രദായങ്ങളേ കൈക്കൊണ്ടു തുടങ്ങുമ്പോൾ, സമുദായത്തിന്റെ സങ്കല്പശക്തിക്കു ശൈഥില്യം സംഭവിക്കാതിരിക്കയില്ല. ‘തമിഴക’ത്തേ ചില പണ്ഡിതന്മാർ പുതിയതായി ‘മാർക്കം’ കൂടിയവർക്കു സഹജമായി കാണാറുള്ള അത്യുത്സാഹത്തോടുകൂടി, സംസ്കൃതവൃത്തങ്ങളേയും മറ്റും തമിഴിലേക്കു സംക്രമിപ്പിക്കാൻ നോക്കിയെങ്കിലും, അവരുടെ ശ്രമങ്ങൾ വന്ധ്യങ്ങളായിപ്പരിണമിച്ചേയുള്ളു. ഏതൽഫലമായി, അവരുടെ സാഹിത്യം സംസ്കൃതത്തിനോടു് ഏതാണ്ടു കിടപിടിക്കത്തക്കവണ്ണം അത്ര വിപുലമായിരിക്കുന്നു. ഹിന്ദി, ബംഗാളി, മഹാരാഷ്ട്ര എന്നീ ഭാഷകളിലും, സംസ്കൃതഛന്ദസ്സുകൾക്ക് ഇതേവരെ പ്രതിഷ്ഠ ലഭിച്ചിട്ടില്ല. ദ്രാവിഡരുടെ കൂട്ടത്തിൽ ‘കന്നടി’കളും മലയാളികളും ആണു് ആദ്യമായി മാർക്കം കൂടിയതു്. അതുകൊണ്ടു് അവരുടെ സാഹിത്യം ഏറെക്കുറെ നിർജ്ജീവമായിത്തീർന്നിട്ടുണ്ടു്. കുടിൽ മുതൽ കൊട്ടാരംവരെ പ്രചരിച്ചിട്ടുള്ള അപൂർവ്വം ചില ഗ്രന്ഥങ്ങൾ ഈ ഭാഷകളിലും ഉണ്ടെങ്കിലും, അവ ദ്രവിഡവൃത്തങ്ങളിൽ ബന്ധിക്കപ്പെട്ടിട്ടുള്ളവയാണു്. പാട്ടുകൾ ചൊല്ലുന്ന രീതിയും ദേശന്തോറും വ്യത്യാസപ്പെട്ടിരിക്കും. ഇക്കാലത്തു് കർണ്ണാടകസമ്പ്രദായത്തിന്റെ ആക്രമണത്താൽ കേരളീയരുടെ ഗാനകലയ്ക്കു് ഉടവു തട്ടിത്തുടങ്ങിയെങ്കിലും ഇന്നും യഥാർത്ഥ മലയാളിക്കു് കേരളീയസമ്പ്രദായമാണു് ഹൃദയാവർജ്ജകമായി തോന്നുന്നതു്. മലയാളികൾക്കും സംഗീതത്തിനും തമ്മിൽ പൊരുത്തമില്ലെന്നു് ആക്ഷേപിക്കുന്ന ചില പരദേശികളെ അവിടവിടെ കാണ്മാനുണ്ടു്. തെലുങ്കു്, കർണ്ണാടകം ഈ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള കീർത്തനങ്ങളേയും വർണ്ണങ്ങളേയും അലങ്കോലപ്പെടുത്തി തത്തൽ കർത്താക്കന്മാരുടേയും അവയാൽ സ്തുതിക്കപ്പെടുന്ന ദേവന്മാരുടേയും പാപത്തിനു പാത്രീഭവിക്കത്തക്കവണ്ണം പാടുന്നതിനു് മലയാളികൾ സമർത്ഥന്മരല്ലായിരിക്കാം. എന്നാൽ മലയാളികളുടെ സാഹിത്യത്തിൽ ഗാനകവനത്തിനു സങ്കല്പിച്ചിട്ടുള്ള മാന്യസ്ഥാനം നോക്കിയാൽ, അവർ സംഗീതത്തിൽ വിമുഖന്മാരല്ലായിരുന്നുവെന്നു കാണാം. സ്വാതിതിരുനാൾ മഹാരാജാവിനെ അതിശയിക്കുന്ന സംഗീതശാസ്ത്രജ്ഞന്മാരും, ഇരയിമ്മൻതമ്പിയെ കവിഞ്ഞു നിൽക്കുന്ന ഗാനകവികളും, ദക്ഷിണഭാരതഖണ്ഡത്തിൽ അധികമുണ്ടെന്നു തോന്നുന്നില്ല. സംഗീതപ്രയോഗത്തിലും ത്യാഗരാജനെ പുളകിതതനുവാക്കിത്തീർത്ത ഷട്കാലം ഗോവിന്ദമാരാരുടെ ജനയിത്രിപദം വഹിക്കുന്നതിനുള്ള ഭാഗ്യം കേരളത്തിനു് ഉണ്ടായിട്ടുണ്ടു്. വീണാവാദനത്തിൽ വിജയനഗരം, കേരളം എന്നീ രണ്ടു ദേശങ്ങളോടു കിടനില്ക്കത്തക്കവണ്ണം മറ്റൊരു ദ്രാവിഡരാജ്യവുമില്ലെന്നു് ആധുനിക സംഗീതവിദ്വാന്മാർ പോലും സമ്മതിക്കുന്നു.
കല്യാണക്കളി, കൈകൊട്ടിക്കളി ഇവയ്ക്കായി അനവധി ഗാനങ്ങൾ അതിപുരാതനകാലം മുതല്ക്കേ രചിക്കപ്പെട്ടുവരുന്നു. കല്യാണക്കളി പുരുഷന്മാർക്കുള്ള ഒരു വിനോദമാണു്. അതു് ഇപ്പോഴും പരവൂർ മുതലായ ദിക്കുകളിൽ ഓണക്കാലത്തു നടത്തിവരാറുണ്ടു്. എന്നാൽ ആദികാലങ്ങളിൽ കേരളത്തിലെല്ലായിടത്തും, താലികെട്ടുകല്യാണത്തിനു് കല്യാണക്കളി നടത്തിവന്നു.
“ [6] നായന്മാരുടെ ഇടയിൽ നടപ്പുണ്ടായിരുന്ന കളികൾ തന്നെയും അവർ മുൻകാലങ്ങളിൽ കായികാഭ്യാസങ്ങളിൽ അതിസമർത്ഥന്മാരായിരുന്നുവെന്നു കാണിക്കുന്നു. താലികെട്ടു കല്യാണപ്പന്തലിൽ വച്ചു നടത്തിവന്ന കളികൾ ഇപ്പോഴത്തെ സർക്കസ്സുകാർക്ക് പ്രത്യേകാഭ്യാസംകൂടാതെ സാധിക്കാവുന്നതല്ല. നായന്മാരാകട്ടെ ഈ കളികൾ അടുത്ത കാലംവരെ സർവസാധാരണമായി കളിച്ചുവന്നു. വലിയ വിളക്കിനു ചുറ്റും പത്തിരുപതു പേർ വളഞ്ഞുനിന്നു് കുത്തുകാലും കോതുകാലും വച്ചു് തൂശിയും വണ്ടിയുമിട്ടിരുന്നു കാണിക്കുന്ന വിദ്യകൾ കണ്ടല്ലയോ മാർത്താണ്ഡവർമ്മയിലെ ശങ്കുവാശാൻ “പഹവാന്റെ മായാവിലാധങ്ങളു്” എന്നു പറഞ്ഞുപോയതു്. കഥകളിക്കാർ ശൃംഗാരപദം പതിഞ്ഞാടാൻ വട്ടക്കാലിൽ നില്ക്കുന്നതുതന്നെ ആയിരുന്നു കല്യാണക്കളിക്കാർ ഗണപതിയെ വന്ദിക്കുന്ന ‘ആനമുകവൻ’ എന്ന പാട്ടിനായി സ്വീകരിച്ചിരുന്നതു്.”
“പാട്ടുകളെ ആധിമധ്യാന്തങ്ങളിലെ ‘അടവുചവിട്ടു്’ ഇതിലും കടന്ന വിദ്യതന്നെ. പേരു് ‘അടവുചവിട്ടു്’ എന്നാണെങ്കിലും, അടവു മാത്രംകൊണ്ടു് ഇതു ചവിട്ടാൻ ഒക്കുകയില്ല. പ്രത്യേകം പഠിക്കുകതന്നേ വേണം. ഈ അഭ്യാസവിധത്തിന്റെ മാഹാത്മ്യത്തിനു ലക്ഷ്യങ്ങളായ പാട്ടുകൾ എത്രയോ ഉണ്ടു്. കളിക്കു് ഉപയോഗപ്പെടുത്തുന്ന പാട്ടുകൾ തന്നെയും ഈശ്വരസ്തുതികളോ പുരാണകഥാവിവരണങ്ങളോ ആയിട്ടാണോ കാണപ്പെടുന്നതു്.”
8.15 അടവു ചവിട്ടു്
“ആനമുകൻ ഗണപതി വാഴ്ക
അൻപുറ്റന കളിമുറയടവുകളൻപൊടു
പലതരവും നൽകിയ
ആയാനും വാഴ്ക തൈവം വാഴ്ക. ഇന്തത്തൈ
ഊനമില്ലാതുള്ളൊരു നാടും വിളങ്ങുക
ഉള്ളിൽ നിനച്ചെപ്പൊഴുമൊരുപോൽ
വന്നിങ്ങനെയുതവിയരുളാൻ
ഉത്തമമായുള്ളൊരു തേവൻ വിളങ്ങുക
തേവനു പൂമലരിടുക കൈവണങ്ങുന്നോം
ദൈവം തുണ നമുക്കൊന്നേയ്ക്കുമേ. ഇന്തത്തൈ
തിത്തീക്ക തിമൃതക തിമിത്തകത
തക്കിട കൃതികതൈ
അനൈത്തുലകിനെ പടൈത്തലവൻ, ചിരത്തിനെ
മറിച്ചുടനൊരു കരന്തന്നിലേന്തി
അരനുടെ മുടി മേൽ നിന്നരവങ്ങൾ
പുനഞ്ഞിഴഞ്ഞീടവേ–ഇന്തത്തൈ.
കനത്തമത്തക മുരത്തിന്മേൽ തരിത്തിട്ട
ങ്ങുരത്തവൻപുലിത്തോലു മുടുത്തങ്ങനെ
ഹിമഗിരി സുത കണവനെ മനമൊടു
പുണരുകഹേ ഹാ മിന്തത്തൈ.”
കൈകൊട്ടിക്കളി സ്ത്രീകളുടെ വിനോദങ്ങളിൽ സർവ പ്രധാനമായിരുന്നു. ധനുമാസത്തിൽ തിരുവാതിര ആഘോഷിക്കാത്ത ഒരു നായർഗൃഹമോ ബ്രാഹ്മണഗൃഹമോ കേരളത്തിൽ മുമ്പുണ്ടായിരുന്നില്ല. ഈ ആഘോഷത്തിന്റെ ഒരു വിവരണം ഈയിടയ്ക്കു് ‘മഹിള’ എന്ന മാസികയിൽ ചേർത്തിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കുന്നു. [7]
“തിരുവാതിരപക്ഷം ആരംഭത്തോടു കൂടിയോ, അല്ലെങ്കിൽ അഷ്ടമി തുടങ്ങിയോ, പുലർച്ചക്കുളിയും കണ്ണെഴുത്തും ആരംഭിക്കുകയായിരുന്നു പതിവു്. ഏഴര നാഴികയ്ക്കു മുമ്പുതതന്നെ തുടിയും കുളിയും തുടങ്ങണമെന്നാണു് നിശ്ചയം. ഭദ്രകാളി സഞ്ചാരം കഴിഞ്ഞു് ശ്രീകോവിലിലേക്കു മടങ്ങുന്നതിനു മുമ്പു തന്നെ സ്ത്രീജനങ്ങൾ ഉണർന്നെഴുന്നേറ്റു് അയൽവീടുകളിലുള്ള സഖികളെയെല്ലാം വിളിച്ചുണർത്തി, വിളക്കും കൊളുത്തി തുണയ്ക്കായി ആൺകിടാങ്ങളേയും കൂട്ടിക്കൊണ്ടു് കുളക്കടവിലേക്കു പോകുന്ന കാഴ്ച ഒന്നു കാണേണ്ടതുതന്നെയാണു്. ശരീരത്തിനു നല്ല ഓജസ്സും ശക്തിയും ഉള്ളവർ ശൈത്യത്തെ തെല്ലും വകവയ്ക്കാതെ കടവിൽ എത്തിയ ഉടൻതന്നെ വെള്ളത്തിൽ ചാടി തുടിയും പാട്ടും ആരംഭിക്കുന്നു. ചിലർ അവരെ നോക്കി അസൂയപ്പെട്ടു് ദന്തങ്ങൾകൊണ്ടു താളവും പിടിച്ചു് കരയ്ക്കുതന്നെ നില്ക്കുന്നു. അവരുടെ കൂടെ വരുന്ന വൃദ്ധകൾ അടുത്തുള്ള കരിയില അടിച്ചുകൂട്ടി തീ കായുവാൻ ആരംഭിക്കുന്നു. മറ്റെങ്ങും നിശ്ശബ്ദമായിരിക്കുന്ന ഈ സമയത്തു് അവരുടെ പാട്ടും തുടിയും വളരെ ദൂരം കേൾക്കാവുന്നതാണു്. ഏകദേശം അരുണോദയത്തിനു മുമ്പുതന്നെ കുളി കഴിഞ്ഞു തണുത്തു വിറച്ചുകൊണ്ടു് അവർ വീട്ടിലേയ്ക്കു മടങ്ങുന്നു. പിന്നെ വളരെ ശുഷ്കാന്തിയോടു കൂടെ ഇലക്കുറിയും ചാന്തുപൊട്ടും തൊട്ടു് വിനോദങ്ങൾക്കായി ഒരുങ്ങുന്നു.
“ഷഷ്ടിനാൾ തുടങ്ങി എഴുത്തുപള്ളികളിൽ ഒഴിവായതുകൊണ്ടു് ബാലികമാർ ഉഴിഞ്ഞാലാട്ടവും പാട്ടുമായിട്ടാണു് ഈ കാലത്തു സമയം കഴിച്ചുവരുന്നതു്. വൃശ്ചികം, ധനുമാസങ്ങൾ വിശേഷിച്ചും ഉഴിഞ്ഞാലാട്ടത്തിന്റെ കാലമാണല്ലോ. അന്നൊക്കെ ഏതു ഭാഗത്തു തിരിഞ്ഞാലും ഉഴിഞ്ഞാൽ പാട്ടും, തിരുവാതിരപ്പാട്ടും മാത്രമേ കേൾക്കുവാൻ ഉണ്ടായിരുന്നുള്ളു. “കല്യാണി വാ വാ കിളിക്കിടാവേ” എന്നും, “കരിമുഖൻ കാർത്ത്യായനിയുമെന്റെ ഗുരുവരനും ഷൺമുഖദേവൻതാനും” എന്നും, “കളമൊഴിയെ നല്ല കിളിക്കിടാവേ” എന്നും മറ്റുമുള്ള മനോഹരഗാനങ്ങൾ പഴയ രീതിയിൽ ഈ കാലത്തു പാടി കേൾക്കണമെങ്കിൽ മുത്തശിമാരെ ശരണം പ്രാപിക്കയല്ലാതെ നിവൃത്തിയില്ല. അവരും ഇപ്പോൾ അവയിൽ ചിലതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. പ്രഭുകുടുംബങ്ങളിലെ പെൺകിടാങ്ങൾക്കു പ്രത്യേകമായി തിരുവാതിരപ്പാട്ടുകളും എഴുതിക്കൊണ്ടുവന്നു കൊടുത്തു് ആശാന്മാർ സമ്മാനം വാങ്ങുന്ന പതിവു് അക്കാലത്തുണ്ടായിരുന്നു. ഇങ്ങനെ ഓരോരുത്തർക്കു് സ്വന്തമായി കിട്ടിയ പാട്ടുകൾ പ്രത്യേകം കരുതലോടുകൂടി ഉരുവിട്ടു് ഓർമ്മയിൽ നിറുത്തുന്ന പതിവു് ഇപ്പോഴും ചില പഴയ തറവാടുകളിൽ കാണാവുന്നതാണു്.
“ഹേമന്തചന്ദ്രന്റെ തികവോടുകൂടി പക്ഷാവസാനത്തിൽ തിരുവാതിരയും എത്തുന്നു. പാലാഴിത്തൂവെള്ളംപോലെ മഞ്ഞുതൂവുകയാൽ ലോകമെല്ലാം ശുഭ്രമയമായിരിക്കുന്നു. ആണ്ടിൽ മറ്റുള്ള വിശേഷദിവസങ്ങളെല്ലാം പുരുഷന്മാർക്കും കൂടിയുള്ളതാണു്. ഇതൊന്നേ തങ്ങൾക്കു മാത്രമായിട്ടുള്ളു. അതുകൊണ്ടു് ആ ദിവസം കഴിയുന്നതും ഉല്ലാസപ്രദമാക്കുവാൻ യാതൊരു സ്ത്രീയും യത്നിക്കാതിരിക്കയില്ല. തിരുവാതിര ദിവസത്തെ ഓർത്തു് തലേനാൾ രാത്രി നല്ല ഉറക്കംതന്നെ വന്നിട്ടുണ്ടായിരിക്കയില്ല. തുടിയും, പാട്ടും, കുളിയും കഴിയുമ്പോഴേക്കു തന്നെ മിയ്ക്കവർക്കും തൊണ്ടയടഞ്ഞു ശബ്ദം പുറപ്പെടാതായിക്കഴിയും. വീട്ടിൽ മടങ്ങി എത്തിയാൽ വസ്ത്രാദ്യാലങ്കാരങ്ങളുടെ ചിന്തയായി. ഓണപ്പുടവയായി ലഭിച്ച നേരിയതു് അന്നേക്കു പ്രത്യേകമായി അലക്കിച്ചു തെയ്യാറാക്കി വച്ചിരിക്കും. ഈ ദിവസം ഭക്ഷണത്തിന്റെ കാര്യത്തിൽ ആരും ശ്രദ്ധ വെയ്ക്കുക പതിവില്ല. ഉപവാസമായിരിക്കണമെന്നു നിർബന്ധവുമുണ്ടു്. ഗുരുവായൂർ ഏകാദശിദിവസത്തെപ്പോലെ അന്നു് അന്നം കഴിക്കുവാൻ പാടില്ലെന്നാണു് നിശ്ചയം. കായ്കനികളും ഇളന്നീരുമാണു് അന്നത്തെ മുഖ്യഭക്ഷണം. മഞ്ഞപ്പതിറ്റടിക്കു മിക്കവരും ആർദ്രാ ദർശനത്തിനായി അടുത്തുള്ള ഭഗവതി ക്ഷേത്രത്തിലേയ്ക്കു പോകുന്നു. സന്ധ്യയ്ക്കു മുമ്പുതന്നെ സ്വഗൃഹങ്ങളിലേക്കു മടങ്ങി എത്തുകയും ചെയ്യും.
“അംഗശുദ്ധി ചെയ്തു് വല്ല പലഹാരവും കഴിച്ചാൽ ഉറക്കൊഴിച്ചിലിനുള്ള ഒരുക്കമായി. ആ രാത്രി കണ്ണു പൂട്ടിപ്പോയാൽ പകൽസമയത്തെ വ്രതമെല്ലാം നശിക്കുമെന്നു മാത്രമല്ല, ഭർത്താവിനു വലിയ ആപത്തുകൾ സംഭവിക്കുക കൂടി ചെയ്യുമത്രെ. ചിലരെല്ലാം ഉഴിഞ്ഞാലാട്ടംകൊണ്ടുതന്നെ രാവു കഴിച്ചുകൂട്ടുന്നു. പൂർണ്ണചന്ദ്രൻ സ്വച്ഛനീലിമയെ ആകാശത്തിൽ വിളങ്ങുമ്പോൾ കന്യകകളും പ്രായംചെന്നവരും ഒന്നിച്ചുചേർന്നു് ഉഴിഞ്ഞാലിട്ടു പുളിയുടേയോ പ്ലാവിന്റേയോ ചുവട്ടിൽ വന്നു കൂടിയിരിക്കും. യൌവനയുക്തകളായ സ്ത്രീകൾ ഉഴിഞ്ഞാൽ മുറുക്കി ഒരു പാട്ടു മുഴുവൻ ആ ഇഴഞ്ഞ രാഗത്തിൽ നീട്ടിപ്പാടി ആടിത്തീരുമ്പോഴേക്കു് മിയ്ക്കതും തളർന്നുകഴിഞ്ഞിരിക്കും. അവർ തമ്മിൽ മത്സരിച്ചു വിടുന്നതും, അന്യോന്യം മൃദുവായി സംഭാഷണം ചെയ്യുന്നതും, ഇടയ്ക്കിടെ അവരുടെ ഉള്ളിൽ സന്തോഷം നിറഞ്ഞുവഴിഞ്ഞു പുഞ്ചിരിയായി പുറപ്പെടുന്നതും, നാലുപാടും തിരശ്ശീലയിട്ടു മൂടിയപോലെയുള്ള മഞ്ഞും, എല്ലാറ്റിനും മീതെ പാൽക്കതിർ വീശിക്കൊണ്ടു നിൽക്കുന്ന കുളിരമ്പിളിയും–ഇതെല്ലാംകൂടിയുള്ള കാഴ്ച ഒരിക്കൽ കണ്ടാൽ ഒരാളും പിന്നെ മറക്കുന്നതല്ല. ഉഴിഞ്ഞാലാടി ക്ഷീണിച്ചാൽ കൈകൊട്ടിക്കളി, പല്ലാങ്കുഴി, മാണിക്കച്ചെമ്പഴുക്ക, താലി പീലി മുതലായ വിനോദങ്ങളിലേർപ്പെട്ടു് അവർ സമയം പോക്കുന്നു. അപ്പൊഴേക്കും പതിവുപോലെ പുറാട്ടുകാരന്റെ (വിദൂഷകൻ) വരവായി. തന്റെ പാട്ടും, കളികളും, ഫലിതങ്ങളുംകൊണ്ടു് സ്ത്രീകളെ സന്തോഷിപ്പിച്ചു് സമ്മാനം വാങ്ങി അയാൾ പോകുന്നു. ചിലപ്പോൾ ചെറുപ്പക്കാർ മാത്രമല്ല, പ്രായംചെന്നവരും കൂടി വേഷം കെട്ടി ഇത്തരം വിനോദങ്ങൾക്കായി ഒരുങ്ങാറുണ്ടു്. തഴച്ച തറവാടുകളിലെല്ലാം തിരുവാതിര പ്രമാണിച്ചു് കോലാട്ടമോ, ഓട്ടൻതുള്ളലോ, കഥകളിയോ ഉണ്ടായിരിക്കും. കഥകളിയോഗക്കാർക്കു് വിശേഷിച്ചും തിരുവാതിര വളരെ പ്രാധാന്യമുള്ളതാണു്. സാധാരണയായി അന്നായിരിക്കും അരങ്ങേറ്റം. വിഷുവിന്നു പെട്ടി വയ്ക്കുകയും ചെയ്യും. സ്വന്തമായി കഥകളി കഴിപ്പിക്കുവാൻ കോപ്പില്ലാത്തവർ അടുത്തുള്ള വല്ല തറവാട്ടിലും പോയി കളി കണ്ടു് ഉറക്കൊഴിയും. ദുഃഖപര്യവസായികളായ കഥകൾ അന്നു് ആടുക പതിവില്ല. വല്ല സ്വയംവരവുമാണത്രേ തിരുവാതിരദിവസത്തേയ്ക്കു് ഏറ്റവും യോജിച്ചതു്. മേളക്കൊട്ടും തിരപ്പുറപ്പാടും കഴിഞ്ഞു്, മൂന്നോ നാലോ വേഷങ്ങൾ കഴിയുമ്പോൾ പാതിരാപ്പൂ ചൂടേണ്ടതിന്നു സമയമാകും. അപ്പോൾ പ്രത്യേകം കുളിക്കണമെന്നു നിർബന്ധമാണു്. അർദ്ധരാത്രിക്കു ദുർഗ്ഗാദേവിയുടെ പൂജാസമർപ്പണം കഴിഞ്ഞു് ഭഗവതിപ്രസാദമായ പൂവു് കന്യകകളെ ചൂടിക്കുന്നതാണു് ഈ ക്രിയ. വിവാഹിതകളായ സ്ത്രീകളും പൂജിച്ച പുഷ്പം ചൂടുന്ന പതിവുണ്ടു്. ഭക്തിപൂർവ്വം ഈ ക്രിയ നടത്തുന്ന ബാലികമാർക്കു വർഷാവസാനത്തിനു മുമ്പു് ഉൽകൃഷ്ട വരലാഭമുണ്ടകുമെന്നാണു് വിശ്വസിച്ചുവരുന്നതു്. ഇതു കഴിഞ്ഞ ഉടനെ പന്തലിൽ പോയിരുന്നു് കുറേക്കൂടി കഥകളി കാണും. അതിനു ശേഷം പിന്നെയും ഉഴിഞ്ഞാലാടുകയായി. പ്രകാശത്തിനു മുമ്പു് തുടിയും, കളിയും കഴിയും. അതോടുകൂടി തിരുവാതിരഉത്സവവും അവസാനിക്കുന്നു.
“അനംഗോത്സവമെന്നോ, മദനസുദിനമെന്നോ ഈ ദിവസത്തെ നാമകരണം ചെയ്യുന്നതു് തീരെ അനുചിതമല്ലെന്നു് ഇപ്പോൾ പ്രത്യക്ഷമായിരിക്കുമല്ലോ. ദൂരദേശങ്ങളിൽ പോയി വളരെക്കാലം വിരഹം അനുഭവിച്ച ഭർത്താക്കന്മാർ അന്നേക്കു് എങ്ങനെയെങ്കിലും വീട്ടിൽ എത്തിച്ചേരണമെന്നാണു നിശ്ചയം. കാമിനീകാമുകന്മാർക്കും ഇതു വലിയ ഉത്സാഹമാണു്. സ്വൈരസല്ലാപങ്ങൾക്കും, ഗൂഢസമാഗമങ്ങൾക്കും ഉള്ള അവസരങ്ങൾ അവർ ഒന്നെങ്കിലും പാഴാക്കികളയാറില്ല. ഭഗവതി ക്ഷേത്രത്തിലും കഥകളിപ്പന്തലിലും, ഉഴിഞ്ഞാലിന്നടുത്തും ഇതിനു ധാരാളം തരമുണ്ടാകുമെന്നു് എടുത്തുപറയേണ്ടതില്ലല്ലോ. അഗാധതയും, ആവർത്തനങ്ങളുംകൊണ്ടു് ഭയങ്കരമായ ജീവിതനദിയുടെ തീരത്തുവന്നു് ഇദംപ്രഥമമായ പ്രേമസുരഭിയെ ആസ്വദിക്കുന്ന യുവജനങ്ങൾക്കു് ഈ കാലത്തു പ്രത്യേകം ഒരു കുതൂഹലം ജനിക്കുന്നതിൽ എന്താണു് അത്ഭുതപ്പെടുവാനുള്ളതു്. ലോകയാത്രയിൽ എല്ലാവരും ആ കാലം കടന്നു പോന്നിരിക്കണം. യുവാക്കൾ ഇപ്പോൾ മാത്രമേ അതിനു് ആരംഭിക്കുന്നുള്ളു. വൃദ്ധന്മാർ ആ ദശയെ മുമ്പുതന്നെ തരണം ചെയ്തുകഴിഞ്ഞിരിക്കുന്നു. ധനുമാസത്തിലെ ഈ പൂനിലാവു് ആനന്ദമയവും ആഹ്ലാദമധുരവും ആയ ഒരു കാലം കടന്നുപോകുന്നതു് അവരെ അനുസ്മരിപ്പിക്കുന്നതേയുള്ളു. യുവജനങ്ങൾ ഈ കാലത്തു് ആശാസമ്പൂർണ്ണങ്ങളായ നേത്രങ്ങളോടുകൂടി വൈവാഹികമണ്ഡപത്തിലേയ്ക്കു് എത്തിനോക്കുന്നു. തെല്ലൊന്നു പ്രായം ചെന്നവർ പരിചയംകൊണ്ടു് തെളിഞ്ഞുകഴിഞ്ഞ തങ്ങളുടെ നയനങ്ങളെ അതേസ്ഥാനത്തിലേയ്ക്കു തിരിച്ചുവിടുന്നു. ഇങ്ങനെ എല്ലാവർക്കും ഉല്ലാസപ്രദമായ തിരുവാതിരമഹോത്സവം കാലക്രമേണ ക്ഷയിച്ചുപോകുന്നതിനനുവദിക്കാതെ കേരളീയർ, വിശേഷിച്ചു കേരളത്തിലെ വനിതാജനങ്ങൾ കീഴ്‌നാളിലെന്നപോലെ മേൽക്കാലവും ആഘോഷപൂർവം കൊണ്ടാടേണ്ടതാണു്.”
കന്യകകളും ഉത്തമവരലാഭം ഉദ്ദേശിച്ച് ചില വ്രതങ്ങൾ അനുഷ്ഠിച്ചുവന്നു. അവയിൽ ഒന്നാണു് ‘പുനങ്കുളി’ [8] അഥവാ തുലാംകുളി. സൂര്യോദയത്തിനു മുമ്പേ ഒട്ടുവളരെ ബാലികമാർ ആടിപ്പാടി പുഞ്ചോലക്കാവിൽ പുനങ്കുളിപ്പാൻ പോകുന്ന മനോഹരമായ കാഴ്ച അല്പകാലം കൂടി കഴിഞ്ഞാൽ മഷിയിട്ടുനോക്കിയാൽപോലും കാണുകയില്ല. ഒരേകാലത്തു തന്നെ ആരോഗ്യവും ഹൃദയോല്ലാസവും നൽകുന്ന ഈ മാതിരി വ്രതങ്ങളെ പുനർജീവിപ്പിക്കുന്നതിനു് ഇനി ആരെങ്കിലും ഉദ്യമിച്ചാൽ, അയാളെ ഭ്രാന്തനെന്നു വിളിക്കാൻ ആളുകൾ അനവധിയുണ്ടാവും പുനങ്കുളിയുടെ അവസാനചടങ്ങാണു് കൂമ്പടോത്സവം. [9] “ഇതിലധികം ഉത്സാഹകരമായ ഒരവസരം കന്യകമാർക്കു പണ്ടില്ലായിരുന്നു. ഇതിനു് ആയിരം കന്യകമാർ ഒരുമിച്ചു ചേരണമെന്നാണു് ഏർപ്പാടു്. അവർ വസ്ത്രാഭരണവിഭൂഷിതകളായി അരി, പൂവു്, ചെപ്പു്, കണ്ണാടി മുതലായ അഷ്ടമംഗല്യസാധനങ്ങൾ നിറച്ച താലം ഇടത്തുകൈയിലും, ചങ്ങലവിളക്കു് വലത്തുകൈയിലും വഹിച്ചു് വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രത്തിലേയ്ക്കു ഘോഷയാത്ര ചെയ്യുന്നതു് ഈ കൂമ്പടോത്സവത്തിന്റെ പ്രധാന ചടങ്ങാണു്.”
8.16 പയ്യന്നൂർപാട്ടു്
ഇങ്ങനെ ഒരു പാട്ടുള്ളതായി ഡാക്ടർ ഗുണ്ടർട്ടു് പറഞ്ഞിട്ടുള്ളതല്ലാതെ, കൂടുതലായ വിവരങ്ങളൊന്നും ഇതേവരെ കിട്ടിയിട്ടില്ല. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. [10] “ഇതു് ഞാൻ കണ്ടിട്ടുള്ള മലയാളകവിതകളെ എല്ലാത്തിനേക്കാൾ പുരാതനമായിട്ടുള്ളതാകുന്നു. ഭാഷ വാക്കു പുഷ്ടിയുള്ളതായും ഗാംഭീര്യമുള്ളതായും ഇരിക്കുന്നു. അതിനാൽ ഇതു സംസ്കൃതത്തിൽനിന്നും നിരർത്ഥമായിട്ടുള്ള അവ്യയങ്ങളുടെ കൂട്ടം മലയാളഭാഷയിൽ ചെന്ന് ആ ഭാഷയുടെ ശക്തിയെ കുറയ്ക്കുന്നതിനുമുമ്പു് ഉണ്ടായിട്ടുള്ള കവിതയാണെന്നു സ്പഷ്ടമാകുന്നു.” ആ കാവ്യത്തിന്റെ കഥാസാരം ഭാഷാചരിത്രകർത്താവു് കൊടുത്തിട്ടുള്ളതു നോക്കിയാൽ, അതിനു വളരെ പഴക്കമുണ്ടെന്നു കാണാം. അതിനെ കണ്ടുപിടിക്കുന്നതിനു് ഭാഷാഭിമാനികൾ എല്ലാവരും ശ്രമിക്കേണ്ടതാണ്. അന്നത്തേ ഭാഷാരീതി അറിയുന്നതിനു് ആ ഗ്രന്ഥം വളരെ ഉപകരിക്കാതിരിക്കയില്ല.
8.17 കഥാസംക്ഷേപം
തൃശ്ശിവപേരൂർ നഗരത്തിലുള്ള ഒരു വർത്തകകുടുംബത്തിൽ നീലകേശി എന്നൊരു സ്ത്രീ ഉണ്ടായിരുന്നു. അവൾ പുത്രഹീനയായിത്തീർന്നതിനാൽ, വിരക്തയായിട്ടു് ഒരു ഭിക്ഷുകിയായി തീർത്ഥാടനം ചെയ്യാൻ തീർച്ചപ്പെടുത്തി. സഞ്ചാരമദ്ധ്യേ, അവൾ ഏഴിമലയ്ക്കു സമീപമുള്ള കാച്ചിൽ എന്ന കച്ചവടസ്ഥലത്തെത്തി. അവെടെവെച്ചു്, അവൾ നമ്പുച്ചെട്ടി എന്ന വർത്തകന്റെ ഭാര്യയായിത്തീർന്നു. ആ വിവാഹത്തിൽ നിന്നു്, അവൾക്കു് ഒരു പുത്രസന്താനം ലഭിക്കുകയും ചെയ്തു. പുത്രൻ ജനിച്ച നാല്പത്തിഒന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവെച്ചു് ഒരു മഹോത്സവം നടത്തി. തത്സമയം നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പലിൽ വന്നടുത്തു. വാദ്യഘോഷം കേട്ടു്, അവർ മതിലിൽ കയറി കളികാണാൻ ഭാവിക്കവേ, ചിലർ വിരോധം പറഞ്ഞു. അവർ വലിയ ചെട്ടിയോടു പരാതി ബോധിപ്പിച്ചപ്പോൾ അയാൾ ഒരു ചെട്ടിയുടെ തലയിൽ വടികൊണ്ടു് ഒന്നടിച്ചു. അതിൽ വെച്ചുണ്ടായ ലഹളയിൽ നീലകേശിയുടെ സഹോദരന്മാരെല്ലാം മരിക്കയാൽ, അവൾ ദുഃഖിച്ചു വീണ്ടും ഭിക്ഷുകിയായി നടന്നു. അവളുടെ പുത്രനു പ്രായമായപ്പോൾ, ചെട്ടി അവനെ കച്ചവടസമ്പ്രദായങ്ങളേയും മറ്റും ശ്രദ്ധാപൂർവം പഠിപ്പിച്ചു. യഥാകാലം അവൻ ഒരു കപ്പൽ പണികഴിപ്പിച്ചു്, കച്ചവടത്തിനായി വിദേശയാത്ര ചെയ്കയും നിറച്ചു സ്വർണ്ണവുമായി തിരിച്ചുവന്നു കപ്പലിലെ ജോലിക്കാരായ പാണ്ഡ്യജോനക ചോഴിയന്മാർക്കെല്ലാം യഥോചിതം സമ്മാനം നൽകയും ചെയ്തു. കപ്പൽ തുറമുഖത്തു നിർത്തീട്ടു്, സ്വർണ്ണമത്രയും ഇറക്കിയതിന്റെ ശേഷം അച്ഛനും മകനും കൂടി ചതുരംഗം വെച്ചുകൊണ്ടിരിക്കേ, അവിടെ ഒരു ഭിക്ഷുകി വന്നു് വർത്തകയുവാവിനെ ഒന്നു കാണണമെന്നു് ആവശ്യപ്പെട്ടു. അവർ തമ്മിൽ കുറേനേരം രഹസ്യസംഭാഷണം നടന്നു. പയ്യന്നൂരിൽ ഒരു സ്ത്രീ രാത്രിയിൽ ഒരു സദ്യ നടത്തുമെന്നും അതിൽ അവൻ കൂടിച്ചെന്നു ചേരണമെന്നും ഉപദേശിച്ചിട്ടു് അവൾ പോയി. യാത്രയിൽ ആപത്തൊന്നും വന്നുചേരാതിരിക്കാനായി, അഞ്ചു വർണ്ണത്തിൽ ഒരു ചെട്ടിയുടെ പുത്രന്മാരേയും മണിഗ്രാമത്തിലെ ഏതാനും ആളുകളേയും, നമ്മുടെ വർത്തകൻ അവന്റെകൂടെ അയച്ചു. ഇതാണു് ഭാഷാചരിത്രത്തിൽ കൊടുത്തിരിക്കുന്ന കഥാസംക്ഷേപം.
8.18 അയ്യടികൾ, കഴിനെടിലടികൾ
അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളെ അയ്യടിയെന്നും അതിൽ കൂടുതലുള്ളവയെ കഴിനെടിലടിയെന്നും വിളിച്ചുവന്നു. ഇത്തരം ഗാനങ്ങൾ മലയാളത്തിൽ ഒട്ടുവളരെ ഉണ്ടായിരുന്നു. കാഞ്ഞിരക്കാട്ടു് അഞ്ചടി, ചെല്ലൂർ അഞ്ചടി, തിരൂർ അഞ്ചടി, കണ്ണിപ്പറമ്പത്തു് അഞ്ചടി ഇങ്ങനെ ചില അഞ്ചടികളിൽ നിന്നു് ഡാക്ടർ ഗുണ്ടർട്ടു് ചില ഭാഗങ്ങളെ തന്റെ നിഘണ്ടുവിലും വ്യാകരണത്തിലും ഉദ്ധരിച്ചിട്ടുണ്ടു്. വടക്കൻദിക്കുകളിലുണ്ടായ ഇത്തരം കൃതികൾ നല്ല മലയാളത്തിലും തെക്കൻദിക്കുകളിലുള്ളവ തമിഴു് കലർന്ന ഭാഷയിലും കാണപ്പെടുന്നു.
“പപ്പും ചിറകും വെച്ചുകഴിഞ്ഞാൽ പറവകൾ വാനിൽപായുന്നു
കണ്ടും കേട്ടും കരളിലുറച്ചാൽ കല്ലിലെഴുത്തായ്ത്തീരുന്നു;
എട്ടും പൊട്ടുമതില്ലാതുള്ളോൻ എളിമയൊടെന്നും ചേരുന്നു;
കോപംപൂണ്ടു കലങ്ങിയ മന്തൻ കൊടുനരകത്തിൽ പോകുന്നു;
ഉയിർവതൈചെയ്തു നടന്നോൻ നിത്യമൊരിനരകത്തിൽ പൊരിയുന്നു.”
“പലരോടും നിനയാതങ്ങൊരു കാര്യം തുടങ്ങൊല്ലാ
പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ലാ
അറിവള്ള ജനങ്ങളോടെതിർപ്പാനും നിനയ്ക്കൊല്ലാ
അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ലാ
ഗുരുനാഥനരുൾചെയ്താൽ എതിൽവാക്കു പറകൊല്ലാ.”
8.19 മണിപ്രവാളകാവ്യങ്ങൾ
തമിൾപ്രാഭാവകാലത്തും വിവിധജാതി മണിപ്രവാളകൃതികൾ ഉണ്ടായിട്ടുണ്ടെന്നു് ലീലാതിലകം വായിച്ചുനോക്കിയാലറിയാം. അതിൽ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങൾ ഏതേതു ഗ്രന്ഥങ്ങളിൽനിന്നാണെന്നു് അറിയാൻ പോലും [11] ഇപ്പോൾ തരമില്ലാതായിരിക്കുന്നു.
“മുൾകിണ്ണേൻ ഞാനമൃതജലധൌ മുഗ്ദ്ധചന്ദ്രങ്കൽ വീണ്ണേൻ
താണ്ണേൻ ജ്യോൽസ്നാ സരസിപനിനീർതന്നിലാണ്ണേനമിണ്ണേൻ
അല്ലല്ലസ്മന്മനസിജദശാവേദനാം കണ്ടിദാനീ-
മമ്പപ്പുൽകീ തനു നവരസസ്നേഹമെന്നോമലെന്നേ.”
“ആമ്പൽപ്രിയാഭരണമുങ്കിന കാളകൂടം
കൂമ്പുംകുരാൾമിഴി തുളുമ്പിന ഗംഗവെള്ളം
ചാമ്പോഴുമെന്മനസി ചാമ്പലണിഞ്ഞകോലം
കാമ്പോടുകൂടി മരുവീടുക മന്മഥാരേ”
മണിപ്രവാളപ്രസ്ഥാനത്തിന്റെ ആഗമം, സ്വഭാവം മുതലായവയെപ്പറ്റി അന്യത്ര പ്രതിപാദിക്കേണ്ടിയിരിക്കുന്നതിനാൽ ഇവിടെ ഇതിൽ കൂടുതലായി ഒന്നും പറയുന്നില്ല.
8.20 ഗദ്യസാഹിത്യം
മലയാളഭാഷയിൽ അതിപുരാതനകാലം മുതല്ക്കേ, ഗദ്യപ്രബന്ധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലീലാതിലകത്തിൽ ‘അഭിമന്യുവധാധി’ പ്രബന്ധങ്ങളെപ്പറ്റി പ്രസ്താവിച്ചു കാണുന്നുണ്ടു്. ഇത്തരം പ്രബന്ധങ്ങളെ ‘നമ്പ്യാരുടെ തമിൾ’ എന്നാണു വിളിച്ചുവന്നതു്. എന്നാൽ ഇവിടെ തമിൾശബ്ദത്തിനു് ‘ഭാഷ’ എന്നേ അർത്ഥമുള്ളു.
[12] “കേരളാനാം ദ്രമിഡശബ്ദവാച്യത്വാദപഭ്രംശേന തദ്ഭാഷാ തമിഴിത്യുച്യതേ; ചോളകേരളപാണ്ഡ്യേഷു ദ്രവിഡശബ്ദസ്യവാ പ്രസിദ്ധ്യാ പ്രവൃത്തിഃ” (ലീലാതിലകം)
ഭാരതം, ഭാഗവതം, രാമായണം, ദേവീമാഹാത്മ്യം മുതലായ പുരാണേതിഹാസങ്ങളേ, പാഠകം പറയുന്നവരുടെ ആവശ്യത്തിലേക്കായി ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിരുന്നു. ജ്യോതിഷം, വൈദ്യം, അദ്ധ്യാത്മശാസ്ത്രം, ധർമ്മശാസ്ത്രങ്ങൾ ഇവയുടെ ഗദ്യപരിവർത്തനങ്ങളും ഒട്ടുവളരെ ഉണ്ടായിട്ടുണ്ടു്. ലീലാവതിഗദ്യം, ഭഗവത്ഗീതാഗദ്യം, ദ്വാദശവർണ്ണകം ഗദ്യം, മത്തവിലാസം കൂത്തു്, ബ്രഹ്മാനന്ദവിവേകസമുദ്രം, തമ്പ്രാക്കൾഭാഷ, ബാലശങ്കരീയം ഗദ്യം, വാസവദത്താഗദ്യം, ഗൗരികഥാ ഭാഷ, കേരളചരിത്രം ഗദ്യം, നളോപഖ്യാനം ഭാഷ, കയ്യാങ്കളി ഗദ്യം കൌഷീതകിഗൃഹം, രാമായണം തമിൾ, ഭാഗവതം തമിൾ എന്നിങ്ങനെ അനേകം ഗദ്യഗ്രന്ഥങ്ങൾ ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു. ഇവയെല്ലാം ഒരേകാലത്തു് ഉണ്ടായവയാണെന്നു് എനിക്കു് അഭിപ്രായമില്ല. കൊല്ലവർഷാരംഭം മുതല്ക്കു് ഈ അടുത്ത കാലംവരെ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ അവയിൽ കൊ. വ. എട്ടാംശതകത്തിനുമുമ്പുണ്ടായ ഗദ്യഗ്രന്ഥങ്ങളെ തിരിച്ചറിയാം. ഭാഗവതം തമിൾ പ്രസാധനംചെയ്ത കോളത്തേരി മി. ശങ്കരമേനോൻ അതിന്റെ അവതാരികയിൽ ഇപ്രകാരം പ്രസ്താവിച്ചുകാണുന്നു.
“ഗദ്യശൈലിയുടെ സമ്പ്രദായം, ഭാഷാപദപ്രയോഗങ്ങളുടെ പ്രാചുര്യം മുതലായ സംഗതികളെക്കൊണ്ടു് ഊഹിക്കുമ്പോൾ ഈ ഗ്രന്ഥം എഴുതിയതു് ഏതാണ്ടു കൊല്ലവർഷം എട്ടാം നൂറ്റാണ്ടിലായിരിക്കാമെന്നു തോന്നുന്നു.”
ഞാൻ ഒന്നു ചോദിച്ചുകൊള്ളട്ടെ. പ്രസാധകൻ എട്ടാം ശതകത്തിനു മുമ്പും പിമ്പും ഉണ്ടായിട്ടുള്ള ഗദ്യകൃതികളോടു് ഇതിനെ താരതമ്യപ്പെടുത്തീട്ടാണോ ഈ അഭിപ്രായം തട്ടിവിട്ടിരിക്കുന്നതു്? ഈ പ്രബന്ധത്തിലെ ഗദ്യത്തെ, ഈ അദ്ധ്യാത്തിൽതന്നെ അന്യത്ര ഉദ്ധരിച്ചിട്ടുള്ളതും, കൊല്ലവർഷാരംഭത്തിൽ ഉണ്ടായിട്ടുള്ളതുമായ ശിലാശാസനത്തിലെ ഗദ്യത്തിനോടൊന്നു താരതമ്യപ്പെടുത്തി നോക്കുക. ഏതിനാണു പഴക്കം തോന്നുന്നതു്? ചെന്തമിൾരൂപങ്ങൾ കണ്ടാലേ പഴക്കം കല്പിക്കാവൂ എന്നായിരിക്കുമോ പ്രസാധകന്റെ വിവക്ഷ? അങ്ങനെയാണെങ്കിൽ,
“നീരാടമ്മേ നിവസനമിദം ചാർത്തു ദേവാർച്ചനയാ-
മെപ്പൊഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ
എന്നീവണ്ണം നിജ പരിജനപ്രാർത്ഥനാം കർത്തുകാമാ
കേഴന്തീ വാ രഹസിവിരഹവ്യാകുലാ വല്ലഭാ മേ”
“ഉടനുടനലർബാണസ്തച്ചപിച്ചേറി നീറാ-
യുരുകിയിരവിലൊട്ടും കണ്ണടച്ചീല ഞാനോ;
കളഭമിടയുമോമൽകൊങ്കചീർത്താടിവാഴും
നടുവുതുടിയെ വെല്ലും നായികേ നീ പിരിഞ്ഞു്”
ഇത്യാദി പദ്യങ്ങൾ ഏതു കാലത്തുണ്ടായവ ആയിരിക്കണം. ഈ അടുത്ത കാലംവരെ തമിൾ വിദ്വജ്ജനഭാഷ ആയിരുന്നതിനാൽ പദ്യകൃതികളിൽ ചെന്തമിൾപ്രയോഗങ്ങൾ കടന്നുകൂടി എന്നു വിചാരിച്ചു്, അങ്ങനെയുള്ള പ്രയോഗങ്ങൾ കണ്ടാലേ ഒരു ഗ്രന്ഥത്തിനു പ്രാചീനത്വം കല്പിക്കാവൂ എന്നു ശഠിക്കാവുന്നതല്ല. വേറൊരു സംഗതി കൂടി ലീലാതിലകത്തിൽ നിന്നു വ്യക്തമാകുന്നുണ്ടു്. മദ്ധ്യോത്തരകേരളങ്ങളിൽ ഉണ്ടായതായി ശങ്കിക്കാവുന്ന കൃതികളിലൊന്നിലും, ചെന്തമിൾരൂപങ്ങൾ ആധിക്യേന കാണുന്നില്ല. വിശേഷിച്ചും, പദ്യഗ്രന്ഥങ്ങളിലെന്നപോലെ ഗദ്യത്തിലും തമിൾപ്രയോഗങ്ങൾ കാണണമെന്നുമില്ല. എന്തുകൊണ്ടെന്നാൽ സാഹിത്യഭാഷയ്ക്കു വ്യവഹാരഭാഷയോടു പദ്യസാഹിത്യത്തിലെ ഭാഷയ്ക്കുള്ളതിനെക്കാൾ അടുപ്പമുണ്ടായിരിക്കും. മുകളിൽ ഉദ്ധരിച്ചിരിക്കുന്ന പദ്യങ്ങളിലെ ഭാഷയ്ക്കം ഭാഗവതം ഗദ്യത്തിലെ ഭാഷയ്ക്കും തമ്മിൽ യാതൊരു വ്യത്യാസവും കാണുന്നില്ല. പ്രസ്തുത പദ്യങ്ങൾ കൊല്ലം ആറാം ശതകത്തിനു മുമ്പു രചിക്കപ്പെട്ടവയാണെന്നു നിസ്സംശയം പറയാം.
ഭാഷാപദപ്രാചുര്യംകൊണ്ടു്, ഭാഗവതം പ്രബന്ധം എട്ടാം ശതകത്തിലുണ്ടായതാണെന്നു് വിചാരിക്കാമെന്നു പറഞ്ഞിരിക്കുന്നതിന്റെ യുക്തി ദുരധിഗമമായിരിക്കുന്നു. പ്രാചീന കൃതികളിൽ ഭാഷാശബ്ദങ്ങൾ കുറഞ്ഞിരുന്നുവെന്നാണോ പ്രസാധകന്റെ അഭിപ്രായം? അങ്ങനെയാണെങ്കിൽ കഥ കുറെ കേമമായി. ഭാഷാസാഹിത്യത്തിന്റെ പ്രാരംഭകാലത്തു് പരകീയശബ്ദങ്ങൾ കൂടിയും, പിന്നീടു് കുറഞ്ഞു കുറഞ്ഞും വരുമെന്നുള്ള ഒരു പുതിയ തത്വത്തെ ആവിഷ്കരിച്ചതിനു് നാം മി. ശങ്കരമേനോനോടു് സവിശേഷം കടപ്പെട്ടിരിക്കുന്നു.
പരമാർത്ഥത്തിൽ, ഇത്തരം ഗ്രന്ഥങ്ങളുടെ ഭാഷാരീതി നോക്കി, അവയുടെ കാലം നിർണ്ണയിക്കുന്ന കാര്യം കുറെ വിഷമമാണു്. വാക്യരചനാവിചാരത്തിൽ അവയിലെ ഗദ്യത്തിനു് സംസ്കൃതഗദ്യത്തിനോടാണു് അധികം ചാർച്ച എന്നു കാണാം.
“യാതൊന്നു മഹാരാജാവിപ്പോൾ ചെല്ലിയതു്, അതെല്ലാം പട്ടാങ്ങാണു്.”
“അസുരശത്രവാകയുമുണ്ടു്. ദേവകൾക്കും ബ്രാഹ്മണനും മൂലമാകയുമുണ്ടു്. അതുകൊണ്ടു് ഋഷികളെയും കൂടി കൊല്ലുക നാം.”
“അതു കേട്ടു് ഇവൾ ഞാൻ പരുഷവ്യവഹാരം ചെയ്യുന്നവൾ”
“യാതൊരിടത്തു ധർമ്മമുള്ളു, അവിടത്തോൻ വിഷ്ണു.”
ഇത്തരം വാക്യബന്ധങ്ങൾ പണ്ഡിതകേസരിയായ കൈക്കുളങ്ങരെ രാമവാര്യരുടെ കൃതികളിലും കാണ്മാനുണ്ടു്.
“അറിവുള്ള ജനങ്ങളിൽ നിന്നു പരിഹാസത്തെ ഉത്ഭവിപ്പിക്കാനായിക്കൊണ്ടു്.”
“സന്ധ്യാസമയത്തിങ്കൽ ഉണ്ടായ ജനനം ഭാന്തത്തെ പ്രാപിച്ചിരിക്കുന്ന ചന്ദ്രൻ, ലഗ്നസ്ഫുടം, പാപന്മാർ ഇങ്ങനെ ഉള്ള മൂന്നു നിമിത്തങ്ങളോടു സഹിതമാകയാൽ അതു സദ്യോമരണത്തിനായിക്കൊണ്ടു ഭവിക്കുമെന്നർത്ഥം.”
ഇത്യാദി വാക്യങ്ങൾ നോക്കുക.
ഇങ്ങനെ സംസ്കൃതശൈലിയേ മുറുക്കിപ്പിടിച്ചുകൊണ്ടാണു് ഗ്രന്ഥകാരന്റെ പുറപ്പാടെങ്കിലും, തമിൾപ്രയോഗങ്ങളും അവിടവിടെ കാണ്മാനുണ്ടു്.
“ഒരിടത്തു ഉളനോ? എങ്കിൽ ഞങ്ങൾ ഉപായമുണ്ടാക്കുന്നുണ്ടു്.”
“ഇവൻ വിരയച്ചത്തുപോയാവൂവെന്നു് ദേവകൾക്കു നിനവു്.”
ചമ്പൂകാരന്മാരുടെ വൃത്തബന്ധത്തോടുകൂടിയ ഗദ്യത്തിൽ പുരുഷപ്രത്യയങ്ങൾ അധികമായി കാണാതിരിക്കയും, നേരേമറിച്ചു് യാതൊരു വൃത്തബന്ധവുമില്ലാത്ത സ്വാഭാവികമായ ഇത്തരം ഗദ്യങ്ങളിൽ, അവയെ സർവസാധാരണമായിട്ടില്ലെങ്കിലും, മിക്ക സ്ഥലങ്ങളിലും ഉപയോഗിച്ചുകാണുകയും ചെയ്യുന്നതിനാൽ, ഇവയ്ക്കു ചമ്പുക്കളേക്കാൾ പ്രാചീനത്വം കല്പിക്കുന്നല്ലേ സംഗതമായിട്ടുള്ളതു്.
‘പിന്നെ പശുക്കിടാങ്ങളും പശുക്കളും തങ്ങളിൽ ഗന്ധിച്ചു മുലയും കുടിപ്പിച്ചു് നക്കൂതും ചെയ്താർ’ എന്നിങ്ങനെ വേണ്ടാത്തിടത്തുകൂടി പുരുഷപ്രത്യയം ചേർത്തുകാണുന്നു.
ഉദാഹരണാർത്ഥം രണ്ടുമൂന്നു ഗദ്യപ്രബന്ധങ്ങളിൽനിന്നു് ഓരോ ഭാഗങ്ങളെ ഉദ്ധരിക്കുന്നു.
8.21 ഭാഗവതം ദശമസ്കന്ധം, എട്ടാം അദ്ധ്യായം
“ഇങ്ങനെ ചിലനാൾ ചെന്നവാറെ മുഴങ്കാൽമേൽ നടന്നു തുടങ്ങിയാർ. ഏതുമറിയുന്നീലെന്നുഭാവം. മെല്ലെ മെല്ലെ നടന്നുതുടങ്ങിയാർ. അപ്പോൾ ചിലമ്പും മണിയുമുണ്ടു്. അച്ചിലമ്പിന്റെ ഒച്ച കേട്ടും, മണിയുടെ ഒച്ച കേട്ടും ലോകരെല്ലാം സന്തുഷ്ടരായാർ. അക്കാലത്താരാനും പോകുമ്പോൾ അവരുടെ വഴിയെ കൂടപ്പോം അറിയുന്നീലെന്നു ഭാവം. മറിഞ്ഞു നോക്കും. അപ്പോൾ പേടിച്ചു വന്നു അമ്മമാരുടെ മടിയിൽ ചെന്നുവീഴും. അപ്പോൾ ചേറുപുരണ്ടിരിക്കിലും അവർ എടുത്തുതട്ടിക്കൊള്ളും. മുലയും കൊടുക്കും. ആ ഗോപസ്ത്രീകളും അങ്ങനെ ചെയ്താർ. ഇവരെല്ലാപേരുടേയും മടിയിൽ ചെന്നുവീഴും. അങ്ങനെയൊരുനാൾ അമ്മയുടെ മുലയും ഒട്ടൊട്ടുകുടിച്ചു് അവൻ മുഖത്തു നോക്കിയപ്പോൾ, അവനു പല്ലു വന്നുതുടങ്ങി. അതു കണ്ടെല്ലാവരും സന്തുഷ്ടരായാർ. പിന്നെ ഇച്ചെറിയവ രണ്ടും പശുക്കിടാങ്ങളുടെ വാൽ പിടിക്കും. അപ്പോഴവയങ്ങു പായും. അപ്പോഴിഴഞ്ഞിട്ടും കൂടെച്ചെല്ലും. അപ്പോഴെല്ലാവരുമെടുപ്പോർ. ഇങ്ങനെയവരുടെ ക്രീഡ കണ്ടു ഗോപസ്ത്രീകളെല്ലാം തങ്ങളുടെ ഗൃഹകൃത്യങ്ങൾ കുടെ മറന്നാർ.”
രാമായണം തമിഴിൽ, സംസ്കൃതത്തിന്റെ അധികാരം കുറേക്കുടെ പ്രബലപ്പെട്ടുകാണുന്നു.
8.22 സുന്ദരകാണ്ഡം
“ഏനേ! ആര്യപുത്രനെക്കുറിച്ച നിരാശയായേനേ ഞാൻ. പാപനിശാചരസ്പർശം ഹേതുവായിട്ടു്, അശുദ്ധയാകിയ ഞാൻ ശുദ്ധജലാവഗാഹങ്ങളേക്കൊണ്ടു ശുദ്ധയായി പ്രാണങ്ങളെ പരിത്യജിപ്പൂ എന്നു കല്പിച്ചു് പുഷ്കരണീതീരത്തെ പ്രാപിച്ചു ചെയ്തരുളുന്നവൾ. സകല കലാപരിപൂർണ്ണനാകിയ ചന്ദ്രദേവനെ നോക്കി അരുളിച്ചെയ്യുന്നവൾ. ‘ഭഗവാനെ, മൃഗലാഞ്ഛന, ചന്ദ്രരദേവ, നിന്തിരുവടി അനേകകാലം കൂടിയല്ലോ എന്നുടെ നയനഗോചരത്തെ പ്രാപിച്ചു. അതു ഹേതുവായിട്ടു് ഇവൾ ഞാൻ സ്വല്പം പരുഷവ്യവഹാരം ചെയ്യുന്നവൾ. നിന്തിരുവടിക്കു് ഇജ്ജനത്തെ ഇടയിട്ടു് സൂര്യവംശജാതരാകിന ക്ഷത്രിയർക്കു ബന്ധുഭാവമുണ്ടെന്നു ഞാൻ കേട്ടിരിപ്പു. അത്രയുമല്ല ആര്യപുത്രനോടു് സദൃശൻ ഭവാനെന്നിങ്ങനെ അഖില ജനങ്ങളുടെയും വ്യവഹാരം അല്ലല്ല; ഉന്മത്തയായേനേ ഞാൻ. നിന്തിരുവടിയോ ദിവസംപ്രതി ഭാര്യാവിശേഷവിശിഷ്ടങ്ങളാകിന സുഖങ്ങളെ അനുഭവിച്ചരുളുന്നോൻ. അതല്ല ആര്യപുത്രൻ. മന്ദഭാഗ്യയായ എന്നോടു വേർപ്പെടുകയാൽ ഭാര്യാവിയോഗവിധുരീകൃതമാനസനായി അധിവസിച്ചരുളുന്നോൻ. നിങ്ങളിലുള്ള സാദൃശ്യകഥ നിൽപൂതാക. അങ്ങൊരു ഭാഗത്തു ആര്യപുത്രനേയും ഇങ്ങൊരു ഭാഗത്തു എന്നേയും ഒരിടത്തു നിന്നല്ലേ കാണുന്നൂ ഭവാൻ. എന്നാൽ ആര്യപുത്രനുടെ വാർത്തയെ എനിക്കു താൻ, എന്നുടെ വാർത്തയെ അവൻ തിരുവടിക്കു താൻ, അറിയിക്കാതെ കണ്ടു് ഉദാസീനനെന്നപോലെ എഴുന്നരുളുന്നിതോ ഭഗവാനേ.”
8.23 ഭഗവദ്ഗീതാഗദ്യം [13]
“സഞ്ജയൻ:– ദയാവുകൊണ്ടു് വിഷണ്ണനായി കൈയിൽനിന്നു ആയുധം ഇട്ടുകളഞ്ഞിരിക്കുന്ന അർജ്ജുനനോടു ശ്രീകൃഷ്ണൻ അരുളിചെയ്തു. എടൊ അർജ്ജുന, ഈ അവസ്ഥ നിനക്കു എവിടെ നിന്നുണ്ടായി? അർജ്ജുന, ഇതു സജ്ജനമായിരിക്കുന്നവർ ചെയ്യോന്നല്ല. സ്വർഗ്ഗത്തിനു വിരുദ്ധം; കീർത്തി കേടായിരിപ്പൊന്നിതു ആണും പെണ്ണുമല്ലാത്തവണ്ണം കാട്ടായ്ക. ഈ അവസ്ഥ നിനക്കു യോഗ്യമല്ല.”
“അപ്പോൾ അർജ്ജുനൻ ശ്രീകൃഷ്ണനോടു ചൊല്ലിനാൻ. എങ്ങനെ ഞാൻ ഭീഷ്മരേയും ദ്രോണരേയും ശരങ്ങളെക്കൊണ്ടു പ്രയോഗിപ്പൂ.”
ലോകസംഭവം ഗദ്യത്തിനു കുറേക്കൂടി ആധുനികത്വം തോന്നിക്കുന്നു.
“ഭർത്താവേ, സർവലോകേശനായിരിക്കുന്ന ഭഗവാനല്ലോ നിന്തിരുവടി. എന്നാൽ ഈ ലോകസംഭവം നിന്തിരുവടി അറിയാതുണ്ടോ എന്നിങ്ങനെ ശ്രീപാർവതി ശ്രീമഹാദേവനോടു പറഞ്ഞവാറേ, എന്നാലോ ഈ സർവലോക സംഭവം നിനക്കു കേൾപ്പാൻ ആഗ്രഹമുണ്ടെന്നാകിൽ ഒട്ടൊട്ടു സംക്ഷേപിച്ചു ചൊല്ലാമെന്നു് ശ്രീമഹാദേവൻ അരുളിച്ചെയ്താൻ.”
ഈ ഗ്രന്ഥങ്ങൾ ഭിന്ന ഭിന്ന കാലഘട്ടങ്ങളിൽ ഉണ്ടായവയാണെങ്കിലും, അവയെല്ലാം ഒരു കരുവിൽ വാർത്തെടുക്കപ്പെട്ടവയാണെന്നു തോന്നുന്നു. ശൈലിക്കു വലിയ വ്യത്യാസമൊന്നുമില്ല. മി: ശങ്കരമേനോൻ പറയുന്നു “പൂർവികന്മാർക്കു ഗദ്യത്തിൽ അഭിരുചിയുണ്ടായിരുന്നു എന്നുള്ളതിനു് ഈ ഭാഗവതം തന്നെ ദൃഷ്ടാന്തം. ഇതിലെ (ഭാഗവതം ഭാഷയിലെ) മധുരമായ ശൈലി വിശേഷം അന്യാദൃശം തന്നെ. ലളിതകോമളമായ രീതിയിൽ ഗദ്യമെഴുതുവാൻ പൂർവികന്മാർക്കും സാധിച്ചിരുന്നു. അക്കാലങ്ങളിൽ സ്ഥിരമായ ഗദ്യരീതിയും ഉണ്ടായിരുന്നു. ആ നിസർഗ്ഗമധുരമായ ഗദ്യരീതിയിൽ കാര്യം പറഞ്ഞു, മറ്റുള്ളവരെ മനസ്സിലാക്കുവാൻ അവർക്കു നിഷ്പ്രയാസം സാധിച്ചിരുന്നു. എന്നുള്ളതിനു വേറെ തെളിവുകളൊന്നും വേണ്ടതില്ല.”
ഭാഗവതം ഭാഷ മറ്റു ‘ഭാഷകളെ’ അപേക്ഷിച്ചു ലളിതമായിട്ടുണ്ടെങ്കിലും, ഇത്തരത്തിലുള്ള എല്ലാ പ്രബന്ധങ്ങളും നിസർഗ്ഗസുന്ദരങ്ങളാണെന്നു സമ്മതിക്കാൻ നിവൃത്തിയില്ല. അതുപോലെതന്നെ നമ്മുടെ പൂർവികന്മാർക്കു് അക്കാലത്തു് ഒരു ഉത്തമഗദ്യരീതി ഏർപ്പെട്ടുകഴിഞ്ഞിരുന്നുവെന്നു വിചാരിക്കുന്ന കാര്യവും കുറെ വിഷമമാണു്. ഈ പ്രസ്ഥാനം സംസ്കൃതനാടകാഭിനയത്തിന്റെ ഒരു സന്താനമാകുന്നു. സംസ്കൃതഗദ്യത്തിന്റെ അനുകരണമായതിനാൽ ഈ രീതിക്കു് ഭാഷാസാഹിത്യത്തിൽ സ്ഥായിയായ ഒരു പ്രതിഷ്ഠ ഇതേവരെ ലഭിച്ചിട്ടുമില്ല. ആധുനിക ഗദ്യത്തിന്റെ വളർച്ച, ഈ പുരാതന ഗദ്യത്തിൽനിന്നല്ലെന്നു് ഈ രണ്ടു രീതികളേയും പരിശോധിച്ചു നോക്കിയാൽ കാണാം. എന്നാൽ ശ്രോതാക്കളേ വിനോദിപ്പിക്കുന്നതിനോടു കൂടി, അവർക്കു ഭക്തിയും പുരാണകഥാപരിചയവും നൽകത്തക്കവണ്ണം അനുഭവരസത്തോടുകൂടി സരസമായി കഥനം ചെയ്യുന്ന ഈ സമ്പ്രദായം ഇന്നും നശിച്ചിട്ടില്ലെന്നു നിസ്സംശയം പറയാം.
8.24 ശാസ്ത്രഗ്രന്ഥങ്ങൾ
ഗദ്യമായും പദ്യമായും അനേകം വൈദ്യഗ്രന്ഥങ്ങൾ ഈ കാലത്തു് ഉണ്ടായിട്ടുണ്ടു്. ഡാക്ടർ ഗുണ്ടർട്ട് ഇത്തരം ഗ്രന്ഥങ്ങളിൽ പലതും കണ്ടിട്ടുള്ളതായി അദ്ദേഹത്തിന്റെ വ്യാകരണത്തിൽനിന്നും നിഘണ്ടുവിൽനിന്നും നമുക്കു നിഷ്പ്രയാസം ഗ്രഹിക്കാം. ലീലാതിലകത്തിൽ തന്നെ ആലത്തൂർ മണിപ്രവാളത്തെപ്പറ്റി പറഞ്ഞുകാണുന്നു.
“നനു ആലത്തൂരാദീ മണിപ്രവാളേഷു ഭാഷാസംസ്കൃതയോർന്ന രസികജനരഞ്ജനസന്നാഹഃ. രസാഭാവാൽ. വ്യാധിചികിത്സാദി കഥനേ കോയം രസഃ” ഇത്യാദി ഭാഗം നോക്കുക.
യോഗാമൃതം എന്നൊരു പ്രാചീനഗ്രന്ഥം അച്ചടിപ്പിച്ചിട്ടുണ്ടു്. ഭാഷാരീതി നോക്കിയാൽ, പ്രസ്തുത ഗ്രന്ഥം അതിപുരാതനമാണെന്നു കാണാം.
“ചെല്ലൂരാവാസി ഭദ്രം പ്രദിശതു സശിവം ധാമമേ ഞാൻ ചുരുക്കി
ചൊല്ലീടുന്നേൻ ചികിത്സാസരണി ചിലർ ധരിപ്പാൻ ഭിഷഗ്ബാലകാനാം
കൊള്ളാമെന്നോർത്തു കൈക്കൊണ്ടരുളുക ഭിഷജോ വീക്ഷ്യ യോഗാമൃതം തൽ
കല്യാണമ്മൽ പ്രബന്ധം പുനരിഹതൊഴുതേനേഷ സത്ഭ്യോപി തേഭ്യഃ”
“പൂമാതൽ വീക്ഷ്യമാണം കലശജലനിധേർമ്മഥ്യമാനാല്പുറപ്പെ-
ട്ടാമോദോർല്ലോലകല്ലോലജ ജലകണമേറ്റേറ്റു വിഭ്രാജമാനം
ഹേമാലങ്കാരകാന്താരഗമിത തൊഴുതേന്ധാമധന്വന്തരന്തൽ
ക്ഷൌമാബദ്ധോത്തമാംഗം കരലസദരിശംഖാഗ്ര്യപീയൂഷകുംഭം”
“ആലത്തൂരാദിമണിപ്രവാള”ങ്ങളിൽ ഒന്നു് ഈ യോഗാമൃതമായിരിക്കണം. അതിന്റെ ഗ്രന്ഥകർത്താവു് പൊന്നാനിത്താലൂക്കിൽ ആലത്തൂർ നമ്പി എന്നു വിഖ്യാതനായ അഷ്ടവൈദ്യന്മാരിൽ ഒരാൾ ആണെന്നു് ‘ഹേമാലങ്കാരകാന്തരഗമിത തൊഴുതേൻ ധാമധാന്വന്തരം’ എന്ന സ്തുതിയിൽ നിന്നു ഗ്രഹിക്കാം. ഭാഷാചരിത്രകർത്താവു് ഒരു യോഗാമൃതത്തെപ്പറഞ്ഞു കാണുന്നുണ്ടു്. അതു ഏതു് ഗ്രന്ഥമാണെന്നു് അറിഞ്ഞുകൂട.
“യോഗാമൃതം എന്നൊരു വൈദ്യഗ്രന്ഥം ഉണ്ട്. ഇതിൽ ലോഹാദികളേയും രത്നങ്ങളേയും ഭസ്മിച്ച് എടുക്കുന്ന സമ്പ്രദായം പറയുന്നു. ഇതിൽ ചില ശ്ലോകങ്ങൾ സംസ്കൃതമായിട്ടും ചിലതു ഭാഷയായിട്ടും കാണുന്നു. ഗ്രന്ഥകർത്താവിനെ അറിയുന്നീല. തൃപ്പറയാറ്റുകാരൻ ഒരു നമ്പൂരിയാണെന്നു അറിയുന്നുണ്ടു്. ഇടയ്ക്കു ഗദ്യവുമുണ്ടു്.”–ഭാഷാചരിത്രം.
ആലത്തൂർ മണിപ്രവാളത്തിന്റെ സ്വഭാവം അറിവാനായി ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
“ഉണ്ടായാലൊട്ടുബോധംപരുകുക ചെറുതാംപഞ്ചമൂലീകഷായം
കൊള്ളൂ കമ്മേമ്പൊടീം ക്ഷീരബലപരുകുകനൽപാലക്കുറുന്തോട്ടിയൂഷം
രണ്ടുരക്വാഥയുക്തേ പയിസിതു നവിരച്ചോർക്കിഴിം മുക്കി മുക്കി
ക്കണ്ടേടം മെയ്യിലൊപ്പീടുക കരുതി മരുന്മർദ്ദനം തേക്കതൈലം”
“പാവട്ട തന്നിലയരിഞ്ഞു നിശാ കിഴിഭ്യാം
കാച്ചീടിൽ നന്നു ഗുദകീലകമായരോഗേ
ഹൈംഗ്വഷ്ടകം പൊടി ച പാതി ശിവാത്രിവൃൽക്കം
ചൂടുള്ള മോരോടു പിബേദപി ശുദ്ധിഹേതോഃ”
ഈ കൃതിയിൽ ‘സന്ദർഭേ സംസ്കൃതീകൃതാച’ എന്ന വിധിയനുസരിച്ചുള്ള പ്രയോഗങ്ങളും ഒട്ടു വളരെ പ്രാചീനപദങ്ങളും കാണുന്നുണ്ടു്. അന്നത്തേ ഗദ്യരീതി കാണിപ്പാനായി ഒന്നുരണ്ടു വരികൾകൂടി ചേർക്കുന്നു.
“ഏതാനുമൊന്നേറ്റു എല്ലു പൊളികതാൻ, ഒടികതാൻ ചെയ്താൽ എണ്ണ തട്ടായ്ക … … … ഇളഞ്ഞിൽ തൊലിയും നവരയരിയും വരട്ടുതേങ്ങാപ്പാലിലരച്ചു മരുന്നോളം വെണ്ണയിൽ ചാലിച്ചു തേക്കഃ സ്വല്പം പൊറുത്താൽ അമുക്കരവും ചെഞ്ചലീയവും പൊടിച്ചു കൂട്ടിക്കൊൾക.”
സഹസ്രയോഗത്തിനും ഗുണപാഠത്തിനും ഇത്രത്തോളം പഴക്കം ഇല്ല.
മറ്റു ശാസ്ത്രങ്ങളിലും അന്നത്തെ കേരളീയർ വിശാലമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. തൽഫലമായി അനേകം ഭാഷാശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ടായിട്ടുമുണ്ട്. അവയെപ്പറ്റി പ്രതിപാദിക്കേണ്ട ചുമതല സാഹിത്യചരിത്രകാരനു് ഇല്ലാത്തതിനാൽ, പ്രകരണാന്തരത്തിലേക്കു പ്രവേശിച്ചുകൊള്ളുന്നു.
8.25 ലീലാതിലകം
ഇതു് കേരളഭാഷാശാസ്ത്രവിഷയമായി സംസ്കൃതഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു പ്രചീനഗ്രന്ഥമാണു്. അതിനെ എട്ടു ശില്പങ്ങളായി വിഭജിച്ചു്, ഒന്നാമത്തതിൽ മണിപ്രവാളലക്ഷണം, മണിപ്രവാളവിഭാഗങ്ങൾ മുതലായവയേയും, രണ്ടാമത്തേയും മൂന്നാമത്തേയും ശില്പങ്ങളിൽ വ്യാകരണനിയമങ്ങളേയും, നാലാമത്തേതിൽ കാവ്യദോഷങ്ങളേയും, അഞ്ചാമത്തേതിൽ കാവ്യഗുണങ്ങളേയും, ആറാമത്തേതിൽ ശബ്ദാലങ്കാരങ്ങളേയും, ഏഴാമത്തേതിൽ അർത്ഥാലങ്കാരങ്ങളേയും, എട്ടാമത്തേതിൽ രസങ്ങളേയും വിവരിച്ചിരിക്കുന്നു.
ഈ ഗ്രന്ഥത്തേയും അതിന്റെ വൃത്തിയേയും ഒരു മനോഹരമായ ഭാഷാനുവാദത്തോടും പ്രൗഢമായ അവതാരികയോടും കൂടി ആറ്റൂർ കൃഷ്ണപ്പിഷാരടി അവർകൾ പ്രസാധനം ചെയ്തിട്ടുണ്ടു്. കേരളഭാഷയുടെ ഉല്പത്തിവികാസങ്ങളെപ്പറ്റി പരിചിന്തനം ചെയ്യുന്നവർക്കു് ലീലാതിലകം പോലെ വിലയേറിയതായ മറ്റൊരു ഗ്രന്ഥവും ഇല്ല.
8.26 ഗ്രന്ഥകാരൻ
ഗ്രന്ഥകാരനെപ്പറ്റി യാതൊരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു മികച്ച പണ്ഡിതനായിരുന്നു എന്നു നിസ്സംശയം പറയാം. സൂത്രകാരനും വൃത്തികാരനും ഒരാളാണെങ്കിൽ ചില അഭ്യൂഹങ്ങൾക്കു വഴിയുണ്ടു്. എന്നാൽ ആചാര്യൻ വൃത്തികാരനിൽനിന്നു ഭിന്നനായിരുന്നുവെന്നാണു് പ്രൊഫസ്സർ ഏ. ആർ രാജരാജവർമ്മകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്. “പാട്ടിന്റെ ലക്ഷണം കാണിക്കുന്ന സൂത്രത്തെ ‘അഥ പാട്ടപിഭാഷാസംസ്കൃതയോഗോ ഭവരീത്യാശംകായാം സൂത്രം’ എന്നാണു് മൂലത്തിൽ അവതരിപ്പിച്ചിട്ടുള്ളതു്. ഈ അവതാരികയുടെ സമ്പ്രദായം തന്നെ സൂത്രകാരൻ മറ്റൊരാചാര്യനാണെന്നു ധാരാളം കാണിക്കുന്നുണ്ടു്.” എന്നിങ്ങനെ ലീലാതിലകപ്രസാധകനും അദ്ദേഹത്തിന്റെ അഭിപ്രായത്തോടു ചാഞ്ഞുനില്ക്കുന്നു. ഇങ്ങനെ രണ്ടു വന്ദ്യഗുരുഭൂതന്മാർ ഒരേ അഭിപ്രായക്കാരായിരിക്കേ, അതിനെ അപ്പാടെ സ്വീകരിക്കാവുന്നതാണെങ്കിലും, അതിനു സാധകമായോ ബാധകമായോ വല്ല ലക്ഷ്യങ്ങളും ഈ ഗ്രന്ഥത്തിലുണ്ടോ എന്നു നോക്കാതെ വിടാൻ മനസ്സു് അനുവദിക്കുന്നില്ല.
“പാലോടുതുല്യരുചിമൌലിയിലുല്ലസിക്കും
ബാലേന്ദുമന്ദമൃദുലസ്മിതവെണ്ണിലാവു്
കോലിന്റെ പൂർണ്ണകരുണാകലദൃഷ്ടി വാചാ–
മൂലം തെളിഞ്ഞു മമ ചേതസി തോന്റവേണ്ടും”
എന്ന മംഗളാചരണപദ്യത്തോടുകൂടിയാണു് ആചാര്യൻ പ്രഥമസൂത്രത്തെ അവതരിപ്പിച്ചിരിക്കുന്നതു്. എന്നാൽ വൃത്തികാരനാകട്ടെ, മംഗളാചരണമോ ഗ്രന്ഥകൃൽപ്രശംസയോ ചെയ്യാതെ, നേരെ ‘ഭാഷാസംസ്കൃതയോഗാ മണിപ്രവാളം’ എന്ന സൂത്രത്തിന്റെ വൃത്തിയിലേക്കു കടക്കുന്നു. സൂത്രകാരനിൽ നിന്നു് വൃത്തികാരൻ ഭിന്നനായിരുന്നെങ്കിൽ, അങ്ങനെ വരുമായിരുന്നില്ല. പാണിനിമഹർഷിയെപ്പോലെ നമ്മുടെ ആചാര്യനും ഏതാനും സൂത്രങ്ങളെ നിർമ്മിച്ചിട്ടു് കൃതകൃത്യത പൂണ്ടു് സ്വസ്ഥമായിരുന്നുകളഞ്ഞുവെന്നു് വിചാരിക്കുന്ന കാര്യം കുറെ പ്രയാസവുമാകുന്നു. മലയാളത്തിന്റെയും സംസ്കൃതത്തിന്റെയും നില രണ്ടും രണ്ടാണല്ലോ. ലീലാതിലകത്തിലെ ചില സൂത്രങ്ങളെ അതു നിർമ്മിച്ച ആചാര്യർ തന്നെ സ്പഷ്ടമാക്കാതിരുന്നെങ്കിൽ, അതുകൊണ്ടു് പില്ക്കാലത്തുള്ളവർക്കു് വല്ല ഉപയോഗവും ഉണ്ടാകുമായിരുന്നോ എന്ന സംഗതി സംശയാസ്പദമാണു്. പാട്ടിന്റെ ലക്ഷണത്തെ അവതരിപ്പിച്ചിരിക്കുന്ന രീതികൊണ്ടു് ഗ്രന്ഥകാരനും വൃത്തികാരനും രണ്ടുപേരായിരിക്കണമെന്നില്ല. കാവ്യപ്രകാശം എന്ന അലങ്കാരഗ്രന്ഥത്തിന്റെ സൂത്രകാരനും വൃത്തികാരനും മമ്മടാചാര്യർ ആയിരുന്നിട്ടും ‘ഗ്രന്ഥാരംഭ വിഘ്നവിഘാതായ സമുചിതേഷ്ടദേവതാം ഗ്രന്ഥകൃൽ പരാമർശതി’ എന്നിങ്ങനെ ആണല്ലോ മംഗളാചരമരൂപമായ പ്രഥമശ്ലോകത്തെ അവതരിപ്പിച്ചിരിക്കുന്നതു്.
ഗ്രന്ഥകാരനു വിട്ടുപോയിട്ടുള്ള ഏതെങ്കിലും ഭാഗത്തെ പൂരിപ്പിക്കയോ ഭിന്നാഭിപ്രായങ്ങൾ ഏതെങ്കിലും ആവിഷ്കരിക്കയോ വൃത്തികാരൻ ചെയ്തിട്ടില്ലതാനും. ഏതൽക്കാരണങ്ങളാൽ, സൂത്രവും വൃത്തിയും ഒരാൾ തന്നെ രചിച്ചതായിരിക്കാനാണു് സാംഗത്യം.
ഈ അഭ്യൂഹം അസംഗതമല്ലെങ്കിൽ ഗ്രന്ഥകാരന്റെ കാലദേശാദികളെപ്പറ്റി ചില അനുമാനങ്ങൾക്കു വഴിയുണ്ടു്. അദ്ദേഹത്തിനു കേരളത്തിലെ മിക്ക ദേശങ്ങളും പരിചിതമായിരുന്നെങ്കിലും ഗ്രന്ഥത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പദ്യങ്ങളിൽ അധികഭാഗവും തെക്കൻദിക്കുകളിലുണ്ടായവയാണെന്നു തോന്നുന്നു. ഉദാത്തം മുതലായ അലങ്കാരങ്ങളേയും, വീരം മുതലായ രസങ്ങളേയും ഉദാഹരിക്കുന്ന ഘട്ടങ്ങളിൽ അലങ്കാരഗ്രന്ഥകൃത്തുകൾ തങ്ങളുടെ രാജാക്കന്മാരെയും രാജകുലത്തെയും പ്രശംസിക്കുകയാണു പതിവു്. ലീലാതിലകകാരൻ, ഗ്രന്ഥത്തിന്റെ പലേ ഭാഗങ്ങളിലായി കോളംബരാജവംശത്തേയും കോളംബാധിപതിയായിരുന്ന വീരമാർത്താണ്ഡനേയും ആണു് സ്തുതിച്ചുകാണുന്നതു്.
“എണ്ണിക്കൊൾവാനരിയഗുണവാനെണ്മർചാമന്തരെന്നും
താരാശ്രേണീനടുവിൽ മറവില്ലാതതാരാമണാളഃ
മാറ്റാരെന്നും കുഴമിയ പതംഗാനലോഭൂൽ പുരേസ്മിൻ
കോളംബാംഭോരുഹദിനമണിഃ കോതമാർത്താണ്ട പണ്ടു്”
എന്നിങ്ങനെ ഒരു പദ്യത്തിൽ, കൊല്ലം രാജവംശത്തെപ്പറ്റി കോതമാർത്താണ്ഡനോടു പറയുന്നു. ആ വീരമാർത്താണ്ടന്റെ ഔദാര്യാതിശയത്തെ,
“ഇഹ ജലനിധിയെ താൻ വിണ്ണിലാക്കീപ്സിതാർത്ഥം
സകലമപി കൊടുപ്പാനുള്ള ചാതുര്യശാലീ
ക്ഷിതിസുരനിവഹാനാം വീരമാർത്താണ്ഡ, നീയേ
പടുരഭിമതമെല്ലോ മറ്റു തോറ്റീടുവാനായ്”
എന്നും,
“ദാരും ഭവാനിരവലർക്കഭിവാഞ്ഛിതാനാം
മാർത്താണ്ഡവർമ്മ വെറുതേ ബഹുകല്പവൃക്ഷം
നിൻകീർത്തിപോന്നിഹ പരന്നിതു മന്നിലെങ്ങു–
മെന്തൊന്റു വേണ്ടിയിനിനാൾമതി വെണ്ണിലാവു്”
എന്നും,
“തസ്മിൻ കാലേ ഭുവി യദുശിശോർജന്മമാകിന്റ മാധ്വീം
പീത്വം മത്തോ ദ്വിജപരിഷദാമർത്ഥിനാം ചേതരേഷാം
കയ്നോവോളം കഥമപി ധനംകൊണ്ടു തർപ്പിച്ചു കാമം
കോരിക്കൊൾകെന്റുടനരുളിനാൻകോതമാർത്താണ്ഡവീരഃ”
എന്നും വർണ്ണിച്ചിരിക്കുന്നു.
രൌദ്രവീരഭയാനകാദിരസങ്ങൾക്കു് ഉദാഹരണങ്ങളായി ഉദ്ധരിച്ചിരിക്കുന്ന പദ്യങ്ങളും കൊല്ലം രാജാവായിരുന്ന രവിവർമ്മചക്രവർത്തിയേയും അദ്ദേഹത്തിന്റെ ശ്വശുരനായിരുന്ന വിക്രമപാണ്ഡ്യനേയും വർണ്ണിക്കുന്നവയാണു്. ഇക്കാരണങ്ങളാൽ കവി വിരമാർത്താണ്ഡവർമ്മ രാജാവിന്റെ സദസ്യനോ സമകാലികനോ ആയിരിക്കാമെന്നു് ഊഹിക്കാം.
കൊല്ലം രാജാവും കേരളചക്രവർത്തിയും ആയിരുന്ന രവിവർമ്മകുലശേഖരപ്പെരുമാളുടെ കാലശേഷം അദ്ദേഹത്തിന്റെ അനുജനായിരുന്ന ആദിത്യവർമ്മയും അതിനുശേഷം ശ്രീവീരമാർത്താണ്ഡവർമ്മയും ആണു് രാജ്യം ഭരിച്ചതു്. രവിവർമ്മ കുലശേഖരപ്പെരുമാളുടെ കാലം നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടു്. ആദിത്യവർമ്മ കൊ. വ. 508-മുതൽ 516-വരെ നാടു വാണതായി സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുന്നു. ശ്രീപത്മനാഭക്ഷേത്രക്കണക്കുകളിൽ കൊ. വ. 511-മകരം 7-ാനു ശ്രീവീരമാർത്താണ്ഡവർമ്മ ദേശിങ്ങനാടു മൂത്ത പണ്ടാരത്തിൽ പൂപ്പള്ളിസ്ഥാനത്തിനു നീട്ടു കൊടുത്തതിനെ രേഖപ്പെടുത്തീട്ടുമുണ്ടു്. രവിവർമ്മ ചക്രവർത്തിയുടെ കാലശേഷം, തൃപ്പാപ്പൂർ മൂപ്പായിയിരുന്ന ആദിത്യവർമ്മ രാജ്യഭാരം കൈയേറ്റപ്പോൾ, വീരമാർത്താണ്ഡവർമ്മയ്ക്കു് ദേശിങ്ങനാടു മൂപ്പുസ്ഥാനം ലഭിച്ചു. കൊല്ലവർഷം 516-ൽ ആദിത്യവർമ്മ നാടുനീങ്ങിയപ്പോൾ, മാർത്താണ്ഡവർമ്മ രാജാവു് വേണാടു മൂത്ത തിരുവടിയായി രാജ്യഭാരം തുടങ്ങി. അദ്ദേഹം പരമധർമ്മിഷ്ഠനായിരുന്നു എന്നു് പല ശാസനങ്ങളിൽനിന്നും തെളിയുന്നു. 518 മിഥുനം 23-ലെ കുരണ്ടിലേഖനത്തിൽനിന്നു്, വിദേശിയർ പോലും അദ്ദേഹത്തിന്റെ ഔദാര്യത്തെ പുകൾത്തിവന്നുവെന്നു കാണാം.
നമ്മുടെ ഗ്രന്ഥകാരൻ രവിവർമ്മ ചക്രവർത്തിയുടെ കാലം മുതല്ക്കു് കൊല്ലം രാജാക്കന്മാരെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു പണ്ഡിതാഗ്രണിയായിരിക്കണം. ഉണ്ണുനീലീസന്ദേശം എന്ന കാവ്യത്തിന്റെ കർത്താവും അദ്ദേഹമായിരുന്നു എന്നു വന്നുകൂടായ്കയില്ല.
ലീലാതിലകം തൽകർത്താവിന്റെ ബഹുമുഖമായ പാണ്ഡിത്യത്തിനു നിദർശകമായിരിക്കുന്നു. തമിഴിലും, സംസ്കൃതത്തിലും, കർണ്ണാടകം തെലുങ്കു തുടങ്ങിയ ഭാഷകളിലും അദ്ദേഹത്തിനു വിപുലമായ പരിജ്ഞാനമുണ്ടായിരുന്നു. ഒരു മികച്ച ദേശാഭിമാനി; ഭാഷാപ്രണയികളിൽ അഗ്രഗണ്യൻ; ഒന്നാംതരം താർക്കികൻ; സർവോപരി ഒരുത്തമ സാഹിത്യരസികൻ ഇങ്ങനേയാണു് പ്രസ്തുത ഗ്രന്ഥത്തിൽനിന്നും നാം അതിന്റെ കർത്താവിനെപ്പറ്റി അറിയുന്നതു്. [14]
ലീലാതിലകത്തിൽനിന്നു് അക്കാലത്തെ ഭാഷയെ സംബന്ധിച്ചു പലതും ഗ്രഹിക്കാനുണ്ടു്.
‘സന്ദർഭേ സംസ്കൃതീകൃതാച’ എന്ന സൂത്രത്തിൽനിന്നും അക്കാലത്തു് കാവ്യാദി സന്ദർഭങ്ങളിൽ സംസ്കൃതീകൃതമായ ഭാഷാപദങ്ങൾ പ്രയോഗിക്കാറുണ്ടായിരുന്നെന്നു വ്യക്തമാകുന്നു. കൊങ്കയാ, നാഴിഭിഃ ഇത്യാദി ഉദാഹരണങ്ങൾ നോക്കുക.
‘ആദിതോഃ കേവലയോർവഃ തസ്യ ദ്വിത്വം വാ.’
ചുട്ടെഴുത്തുകളായ അ, ഇ, ഇവയിൽനിന്നു സ്വരം പരമായാൽ, വകാരമേ ആഗമമായി വരൂ; യകാരമല്ല. ആ വകാരത്തിനു ദ്വിത്വവും വരാം. ഉം. അവഴകു്; അവ്വഴകു്.
ഓർന്നിത്യം.
ഉവർണ്ണത്തിൽനിന്നു സ്വരം പരമായാൽ നിയമേന വകാരമേ വരുള്ളു.
ലോപോസ്യ ച.
സംവൃതോകാരത്തിനു സ്വരം പരമായാൽ ലോപം വരും. ഉം. പൊകിൻറുതു്+അല്ലോ=പോകിൻറുതല്ലോ.
റുടോർദ്വിത്വം.
റു്, ടു്, എന്നീ അക്ഷരങ്ങളിലെ ഉകാരത്തിനു ശേഷം സ്വരം വരുന്നതായാൽ ആ റകാരടകാരങ്ങൾക്കു സന്ധിയിൽ ദ്വിത്വം വരും. ഉം. ആറു് + അകം = ആററകം. നാടു്+അകം=നാട്ടകം.
ഹലിനവിശേഷഃ
ഭാഷയിൽ, ങ, ട, ണ, ര, ല, ഴ, ള, റ, ണ ഈ ഒമ്പതു വ്യഞ്ജനങ്ങൾ പദത്തിന്റെ ആരംഭത്തിൽ വരികയില്ല. അതുകൊണ്ടു് ക, ച, ണ, ത, ന, പ, മ, യ, വ ഈ ഒൻപതു വ്യഞ്ജനങ്ങൾ മാത്രമേ പദാദിയിൽ വരികയുള്ളു. അവ സ്വരങ്ങൾക്കു പിന്നിൽ വന്നാൽ വിശേഷിച്ചു് ഒരു മാറ്റവും വരികയില്ല.
ഉം. ആന കാൺക
ഹ്രസ്വാദെതഃ കചതപാനാം ദ്വിത്വം.
എന്നാൽ, ഹ്രസ്വമായ എകാരത്തിനു പിന്നിൽ വരുന്ന കചതപങ്ങൾ ഇരട്ടിക്കും. ഉം. അതിനെ+കണ്ടു=അതിനെക്കണ്ടു.
കേവലാഞ്ഞനമവാനാം ച.
സംസ്കൃതത്തിലെ കിംശബ്ദത്തിനോടു തുല്യാർത്ഥങ്ങളായ എ, ഏ ഇവയേയാണു് ഇവടെ കേവലം എന്നു പറഞ്ഞിരിക്കുന്നതു്. ഹ്രസ്വമായ കേവലത്തിനു ശേഷം വരുന്ന ഞനമവങ്ങളും ഇരട്ടിക്കും. എഞ്ഞാൻ, എമ്മരം ഇത്യാദി
ഏഭ്യാം ച.
തച്ഛബ്ദാർത്ഥകങ്ങളായ അ, ള എന്നിവയ്ക്കു ശേഷം വരുന്ന കചതപങ്ങളും ഞനമവങ്ങളും ഇരട്ടിക്കും.
ഉം. ഇഞ്ഞാൻ, ഇക്കാടു്, അപ്പുലി.
സമാസേ ചാഞാദീനാം.
സമാസത്തിൽ കേവലമല്ലാത്ത സ്വരങ്ങൾക്കു ശേഷമായാലും ഞനമവങ്ങളല്ലാത്ത സ്വരങ്ങൾ ഇരട്ടിക്കും.
ഉം. ആനക്കാടു്, വാഴപ്പാടം.
ഞനമവങ്ങളാണെങ്കിൽ ഇരട്ടിക്കയില്ല.
ഉം. മുറിഞ്ഞാൺ, ആനമണി, കിളിവാൽ.
ക്വചിദദാദിദൂദ്ഭ്യഃ പഞ്ചമഃ
അ, ആ, ഇ, ഈ എന്നീ സ്വരങ്ങളാണെങ്കിൽ സമാസത്തിൽ ചിലപ്പോൾ കചതപയുടെ മുമ്പിൽ അതാതിന്റെ പഞ്ചമം ഇടയ്ക്കു വരും. ഉം. മാമ്പൂ, പുളിങ്കൊമ്പു്, പൂങ്കുല.
ണസ്തസ്യടഃ
ണകാരത്തിൽനിന്നു പരമായ തകാരം ടകാരമാകും. ഉം. മൺ + തീതു് = മണ്ടീതു്.
ളോ ണോ നേ, (15) ണോ നോ ണഃ
ഉകാരത്തിനു നകാരം പരമായാൽ ണകാരം ആദേശമായി വരും. ണകാരത്തിൽനിന്നു പരമായ നകാരത്തിന്നും ണകാരാദേശം വരും. മുൾ + നന്റ് എന്നതു് മുൺ + നന്റ് എന്നായിട്ടു് രണ്ടാമതു പറഞ്ഞിരിക്കുന്ന സൂത്രത്താൽ, മുൺ + ണന്റ് (മുണ്ണന്റ്) എന്നാകുന്നു.
ദീർഖാണ്ണോ ണേ ലോപഃ
ദീർഘത്തിനു ശേഷമുള്ള ണകാരത്തിനു ണകാരം പരമായാൽ ലോപം വരും. ഉം. വാൾ + നാൾ = വാൺ + നാൾ = വാൺ + ണാൾ = വാണാൾ. അതുപോലെതന്നെ താണു, നീണാൾ ഇത്യാദി.
അനേഭ്യശ്ച.
വകാരമല്ലാത്ത വ്യഞ്ജനങ്ങൾക്കുശേഷം സംവൃതം വരും.
ഉം. പാല് നന്റ്.
ഹ്രസ്വാല്ലളനണാനാം ദ്വിത്വം.
ഹ്രസ്വസ്വരത്തിൽനിന്നു പരമായ ലളനണങ്ങൾക്കു സംവൃതം പരമായ് വരും. അപ്പോൾ ലളനങ്ങൾ ഇരട്ടിക്കയും ചെയ്യും.
ഉം. കൽ + നാലു് = കല്ലു നാലു്; പൊന്നു കണ്ടു.
ഏഴു് ശബ്ദസ്യാദേഃ ഹ്രസ്വശ്ച.
ഏഴു് എന്ന ശബ്ദത്തിനു കാദികൾ പരമായാൽ ഏകാരം ഹ്രസ്വമാകും.
ഉം. ഏഴുകഴഞ്ചു്, എഴുനാഴി ഇത്യാദി.
ലണയോഃ കചപേഷു റഃ
ല, ണ ഇവയ്ക്കു കചപങ്ങൾ പരങ്ങളായ്വരുമ്പോൾ റകാരാദേശം വരും.
ഉം. കൽ + കുളം = കർക്കുളം.
പൊൻ + ചില = പൊർച്ചില
തേസ്യച.
ലണങ്ങൾക്കു തകാരം പരമായാൽ ആ തകാരവും ലണങ്ങളും റകാരമാകും.
ഉം. കാൽ + താളം = കാററാളം.
പൊൻ + താമര = പൊററാമര
ലോ ണഃ പഞ്ചമേഷു.
ലകാരത്തിനു പഞ്ചമങ്ങൾ പരമാവുമ്പോൾ ണകാരാദേശം വരും.
ഉം. കൽ + ഞെറി = കന്നെറി, വിന്നീളം, നെന്മുള.
ശേഷം പ്രയോഗാൽ ജ്ഞേയം.
പുതിയ ചൂതു് പുതച്ചൂതു്.
നെടിയ കമുകു് = നെട്ടക്കമുകു്. നെടുങ്കമുകു്.
മുൻറു് + ആറു് = മുവ്വാറു്.
പന്തിരണ്ടു് അടി = പന്തീരടി.
മുടന്ത + തേങ്ങ = മുടന്തേങ്ങ.
കന്നിൻ + കാൽ = കററുകാൽ.
ഇരുപതു് + അടി = ഇരുപതിററടി.
ഈ കാലങ്ങളിലെ വട്ടെഴുത്തുകോലെഴുത്തുകളുടെ ‘വടിവു’ കാണിക്കാനായി ഓരോ പുരാതനലേഖനങ്ങൾ കൂടി ഇവിടെ ചേർക്കുന്നു.
8.27 കുറിപ്പുകൾ
[1] എന്റെ കൈവശം വന്നുചേർന്ന ഒരു ഗ്രന്ഥത്തിൽ വല്ലോർ എന്ന സ്ഥാനത്തുചൊൽവോർ എന്നും, പോതിൽമാതു എന്നിടത്തു് ഓതിൽമാതു് എന്നും കാണുന്നു. വല്ലോർ എന്നതിനെക്കാൾ ചൊൽവോർ എന്ന പാഠം സ്വീകാര്യമായിത്തോന്നുന്നു. ഓതിൽമാതിനു്, (ഓത = സമുദ്രം) ലക്ഷ്മീ എന്നർത്ഥം കിട്ടുകയും ചെയ്യും.
[2] ഗ്രന്ഥകർത്താവു് ഒരു രാജാവായിരിക്കണമെന്നുള്ള ഊഹത്തിനു് ഈ സംഗതി അല്പം അനുകൂലമായിരിക്കുന്നു.
[3] രാമചരിത ടീകയിൽ കുണംകിളർ നിചാചരി ത്രിജടയാണെന്നു പറഞ്ഞിരിക്കുന്നതു പ്രമാദമാണു്.
[4] ഇവിടെയും രാമചരിതത്തിലെ ടിപ്പണി തെറ്റിപ്പോയിട്ടുണ്ടു്.
[5] രാമചരിതത്തിന്റെ ആമുഖം വായിക്കുക.
[6] മി: സി. പി. ഗോവിന്ദപ്പിള്ളയുടെ പഴയ പാട്ടുകൾ.
[7] മി. എം. എം. ഗോവിന്ദക്കുറുപ്പു്, കോഴിക്കോടു്.
[8] തുലാമാസം ഒന്നാംതീയതിക്കു തുടങ്ങി വൃശ്ചികമാസം ഒന്നാംതീയതിവരെയാണ് ഇതിന്റെ കാലം.
[9] മിസ്റ്റർ സി. പി. ഗോവിന്ദപ്പിള്ള.
[10] ഭാഷാചരിത്രത്തിൽ നിന്നും.
[11] കാകസന്ദേശം, ഉണ്ണുനീലീസന്ദേശം ഈ കൃതികളുടെ പേരുകൾ മാത്രമേ പറഞ്ഞിട്ടുള്ളു.
[12] “കേരളന്മാർ ദ്രമിഡന്മാരിൽ പെട്ടവരാകയാൽ ദ്രവിഡശബ്ദത്തിന്റെ അപഭ്രംശമായി തമിഴ് എന്നു കേരളഭാഷയ്ക്കു പറഞ്ഞുവരാറുണ്ടു്. ചോളന്മാർ, കേരളന്മാർ, പാണ്ടിക്കാർ ഇവരെല്ലാം ദ്രമിഡന്മാരാകയാൽ എല്ലാ ഭാഷകൾക്കും പൊതുവായിട്ടുള്ള പേരാണു് തമിഴെന്നു പറയാം.” മി: ഏ. കൃഷ്ണപ്പിഷാരടി.
[13] ഈ ഗ്രന്ഥത്തിനു് മറ്റു രണ്ടു ഗ്രന്ഥങ്ങളേക്കാളും പഴക്കം കുറവാണെന്നു തോന്നുന്നു.
[14] ഉണ്ണുനീലീസന്ദേശാദി മണിപ്രവാളകാവ്യങ്ങൾ ഇക്കാലത്തു് ആവിർഭവിച്ചതാണെങ്കിലും അത്തരം മറ്റു കാവ്യങ്ങളോടു ചേർത്തു് അവയെപ്പറ്റി അന്യത്ര പ്രതിപാദിച്ചിരിക്കുന്നു.
അധ്യായം 9
9. കേരളീയചരിതം (1400–1600) - (സാഹിത്യം)
പതിന്നാലാംശതകം മുതൽക്കുള്ള കേരളീയ ചരിത്രത്തെപ്പറ്റി പലതും വിദേശീയസഞ്ചാരികളുടെ സഞ്ചാരകഥകളിൽ നിന്നു നമുക്കു ഗ്രഹിക്കാം. 1324-ൽ കൊല്ലത്തുവന്നടുത്ത ജോർഡാനസ് എന്ന പാതിരി അന്നത്തെ മരുമക്കത്തായ നിയമത്തെപ്പറ്റി വിവരിച്ചിട്ടുണ്ടു്. അദ്ദേഹം, പിന്നീട് കൊല്ലത്തെ ബിഷപ്പായിത്തീർന്നു. കൊല്ലത്തെ രാജാവു് ഒരു നായർ ലിംഗായതനായിരുന്നെന്നും, കൊല്ലം നഗരത്തിലെ വാണിജ്യസമ്പത്തു് അദ്ദേഹത്തിനെ വളരെ പ്രബലനാക്കിത്തീർത്തുവെന്നും, ഈ പാതിരി രേഖപ്പെടുത്തിയിരിക്കുന്നു. മിറാബിലിയാ ഡിസ്ക്രിപ്ഷ്യാ, എന്ന ഗ്രന്ഥത്തിൽ അദ്ദേഹം, കേരളീയ രാജാക്കന്മാരുടെ സമഭാവനയേയും ശാന്തതയേയും നാട്ടുകാരുടെ സ്വഭാവഗുണങ്ങളേയും വാഴ്ത്തീട്ടുണ്ടു്. അദ്ദേഹം പറയുന്നു:–
“ജനങ്ങൾ ആഹാരത്തിൽ ശുചിയുള്ളവരും, സത്യവാദികളും, നീതിനിഷ്ഠന്മാരും, പുരാതനകാലം മുതല്ക്കേ ഓരോരുത്തനും അവനവന്റെ സാമുദായികസ്ഥിതിക്കനുരൂപമായി സിദ്ധിച്ചിട്ടുള്ള അവകാശങ്ങളെ ശ്രദ്ധാപൂർവ്വം പരിപാലിക്കുന്നവരും ആകുന്നു.”
മലയാളത്തിലെ വൈദ്യന്മാരെയും ജ്യോതിശ്ശാസ്ത്രജ്ഞന്മാരെയും അദ്ദേഹം വളരെ പ്രശംസിച്ചിട്ടുണ്ടു്. പോർത്തുഗീസ് ഇൻഡ്യയുടെ ചരിത്രകാരനായ ഗാസ്പർ കൊറിയ, പോർത്തുഗീസുകാരുടെ വരവിനു മുന്നൂറോ നാനൂറോ വർഷങ്ങൾക്കു മുമ്പുതന്നെ പാശ്ചാത്യരുടെ വരവിനെപ്പറ്റിയും അവർക്കു് ഇൻഡ്യയിലുണ്ടാവാനിരിക്കുന്ന ആധിപത്യത്തെപ്പറ്റിയും ദീർഘദർശനം ചെയ്തു് ഓലയിൽ എഴുതിവച്ചിരുന്ന ഒരു കണിയാനെപ്പറ്റി രേഖപ്പെടുത്തിക്കാണുന്നു. മുഹമ്മദു് ടാഗ്ലകു് എന്ന ഡൽഹി ചക്രവർത്തിയുടെ കൊട്ടാരത്തിലെ ന്യായാധിപതിയായിരുന്ന ഇബിൻ ബറ്റുറ്റ, സാമൂതിരിയുടെ അതിഥിയായി കോഴിക്കോട്ടു് അല്പകാലം താമസിച്ചിരുന്നു. അദ്ദേഹം കൊല്ലത്തെപ്പറ്റിയും, അന്നത്തെ രാജാവിന്റെ നീതിനിഷ്ഠയെപ്പറ്റിയും ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്.
“ഞാൻ കൊല്ലത്തു താമസിക്കുന്ന കാലത്തു്, ധനികനും പ്രബലനുമായ ഒരു പാരസികവില്ലാളി തന്റെ കൂട്ടുകാരിൽ ഒരുവനെ കൊന്നിട്ടു്, ഒരു ‘അലവഡ്ജി’യുടെ ഗൃഹത്തിൽ അഭയം പ്രാപിച്ചു. മൃതശരീരത്തെ സംസ്കരിക്കുന്നതിനായി മഹമ്മദീയർ ആവശ്യപ്പെട്ടു. എന്നാൽ കുറ്റക്കാരനെ കണ്ടുപിടിച്ചു് യഥോചിതം ശിക്ഷ നൽകുന്നതുവരെ അതിനു രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അനുവദിച്ചില്ല. അവർ ആ മൃതശരീരത്തെ കെട്ടിയെടുപ്പിച്ചു്, അലവെജ്ജിയുടെ വാതുക്കൽ ഇട്ടിരുന്നു. അതു ചീഞ്ഞു് ദുർഗന്ധം ദുസ്സഹമായിത്തീർന്നപ്പോൾ, അയാൾ അപരാധിയെ രാജഭൃത്യന്മാരുടെ പക്കൽ ഏല്പിച്ചു. ഒരു നല്ല തുക കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിട്ടും അതു സ്വീകരിക്കാതെ, അവർ മുറയ്ക്കു വിചാരണ നടത്തി, അവനു മരണശിക്ഷ നൽകി. മൃതശരീരത്തെ പിന്നീടു ദഹിപ്പിച്ചു.”
മലബാറിന്റെ ഒരു വിവരണം അദ്ദേഹം ചേർത്തിട്ടുള്ളതു രസാവഹമായിരിക്കുന്നു.
“ഞങ്ങൾ പിന്നീടു് കുരുമുളകുരാജ്യമായ മലബാറിന്റ തീരത്തിൽ വന്നുചേർന്നു സിന്ദബർമുതൽ കൌലംവരെ രണ്ടുമാസത്തെ യാത്രയുണ്ടു്. സ്ഥലമാർഗ്ഗം മുഴുവനും സാന്ദ്രവൃക്ഷ സച്ഛയമായിരിക്കുന്നു. അര മൈൽ ഇടവിട്ടു് മരംകൊണ്ടുണ്ടാക്കിയ ഓരോ അതിഥിമന്ദിരം കാണും. ഓരോ അതിഥിമന്ദിരത്തിലും മുസ്ലിങ്ങളോ അവിശ്വാസികളോ ആയ അതിഥികൾക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന അനേകം മുറികൾ ഉണ്ടായിരിക്കും. ഇത്തരം വഴിയമ്പലങ്ങളിലെല്ലാം, യാത്രക്കാരുടെ ഉപയോഗത്തിനായി കിണർകൾ കെട്ടിച്ചിട്ടുണ്ടു്. അവിശ്വാസികൾക്കു ജലം പാത്രത്തിലും മുസ്ലിങ്ങൾക്കു കൈയിലും ഒഴിച്ചുകൊടുക്കും. മുസ്ലിങ്ങളെ അവർ പാത്രം തൊടീക്കയോ ഗൃഹത്തിനുള്ളിൽ കയറാൻ അനുവദിക്കയോ ചെയ്കയില്ല. ആ പാത്രങ്ങളിൽ ഒന്നിൽനിന്നും ഏതെങ്കിലും മുഹമ്മദീയൻ ആഹാരം കഴിച്ചുപോയാൽ, അതിനെ അവർ ഉടച്ചുകളയും. മിക്കതറകളിലും മുസ്ലിംവ്യാപാരികളുണ്ടു്. അവരോട് ജനങ്ങൾക്കു ബഹുമാനവുമാണു്. മുസ്ലിങ്ങൾ ഉള്ള ദിക്കുകളിൽ വിദേശീയരായ മുസ്ലിം വ്യാപാരികൾക്കു് അവരോടുകൂടി പാർക്കാൻ സൗകര്യമുണ്ടു്. മഹമ്മദീയരില്ലാത്തിടത്തു് അവിശ്വാസികൾ ആഹാരം പാകംചെയ്തു് വാഴയിലയിൽ വിളമ്പിക്കൊടുക്കും. ഉച്ഛിഷ്ടത്തെ നായ്ക്കൾക്കു് എറിഞ്ഞുകൊടുക്കുന്നു. ഈ രണ്ടുമാസത്തെ സ്ഥലമാർഗ്ഗത്തിൽ കൃഷി ചെയ്യാതെ ഒരു ചാൺ ഭൂമിയില്ല. ഇവിടെ എല്ലാവർക്കും ഓരോ പുരയിടമെങ്കിലും ഉണ്ടായിരിക്കും. അതിന്റെ നടുക്കായിരിക്കും ഗൃഹം നില്ക്കുന്നതു്. പുരയിടങ്ങളെ മരവേലികൊണ്ടു വേർതിരിച്ചിരിക്കും. മൃഗങ്ങളുടെ പുറത്തുകേറി ഇവിടങ്ങളിൽ ആരും സഞ്ചരിക്കാറില്ല. ഒരിടത്തും കുതിരകളെ കാണ്മാനില്ല. രാജാക്കന്മാർ മാത്രം കുതിരപ്പുറത്തു സവാരി ചെയ്യുന്നു. കച്ചവടക്കാർ സാമാനങ്ങളെ കൂലിക്കാരെക്കൊണ്ടു ചുമപ്പിച്ചു കൊണ്ടുപോകുന്നു.”
“കള്ളന്മാരെ ഈ ദിക്കുകളിൽ എങ്ങും കാണാൻ കിട്ടുകയില്ല. മരത്തിൽനിന്നു് ഒരു കായ് വീണാൽ, ഉടമസ്ഥൻ വരുന്നതുവരെ അതു് അവിടെത്തന്നെ കിടക്കും. മറ്റാരും തൊടുകപോലും ചെയ്കയില്ല.”
“മലബാറിൽ പന്ത്രണ്ടു നാടുവാഴികളുണ്ടു്. അവർക്കു് അയ്യായിരം മുതൽ പതിനയ്യായിരംവരെ ഭടന്മാർ ഉണ്ടായിരിക്കും.”
“സഹോദരിയുടെ പുത്രന്മാർക്കാണു് രാജ്യാവകാശം.”
പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ, ചോളപാണ്ഡ്യരാജാക്കന്മാരുടെ ശക്തി, മഹമ്മദീയരുടെ ആക്രമണംനിമിത്തം ക്ഷയിച്ചു. എന്നാൽ വിജയനഗരം എന്നൊരു പുതിയ ഹിന്ദുരാജ്യം സ്ഥാപിക്കപ്പെട്ടു. അതു് ക്രമേണ അഭിവൃദ്ധിയെ പ്രാപിച്ചുവന്നു.
കേരളത്തിൽ, മഹമ്മദീയരുടെ ആക്രമണം പറയത്തക്കവണ്ണം ഒന്നും ഉണ്ടായില്ലെങ്കിലും, കച്ചവടം മുഴുവനും അവരുടെ കൈയിൽ അകപ്പെട്ടു. കോഴിക്കോടു സാമൂതിരിക്കു് മഹമ്മദീയ വ്യാപാരികളോടുണ്ടായിരുന്ന പക്ഷപാതം നിമിത്തം, ഏതൽകാലപര്യന്തം കേരളവുമായി കച്ചവടം നടത്തിക്കൊണ്ടിരുന്ന ചീനക്കാർ പിണങ്ങിപ്പിരിഞ്ഞു.
1409-ൽ കൊച്ചിയെ സന്ദർശിച്ച മാഹ്വാൻ എന്ന വിദേശസഞ്ചാരി ഇപ്രകാരം എഴുതിയിരിക്കുന്നു:-
“രാജാവു് സൂര്യവംശജാതനും ബുദ്ധമതവിശ്വാസിയും ആണു്. അദ്ദേഹം ആനകളേയും പശുക്കളേയും പൂജിക്കുന്നു. എന്നും അതിരാവിലെ ബുദ്ധന്റെ വിഗ്രഹത്തെ ദർശിച്ചിട്ടേ മറ്റു കാര്യങ്ങൾ നോക്കൂ.”
***
“ജനങ്ങൾ അഞ്ചു വർഗ്ഗക്കാരാണു്. നായന്മാർ രാജാക്കന്മാരുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്നു. ഒന്നാമത്തെ വർഗ്ഗക്കാർ താടി വളർത്തുകയില്ല. തോളിന്മേൽ ഒരു ചരടു ധരിച്ചിരിക്കും. അവർ ഉൽകൃഷ്ടകുലജാതന്മാരായി ഗണിക്കപ്പെടുന്നു. രണ്ടാമത്തെ വർഗക്കാർ മഹമ്മദീയരാണു്. മൂന്നാമത്തെ ഇനക്കാർ വലിയ മുതലാളികളായ ചെട്ടികളാകുന്നു. നാലാമത്തവർ തരകുജോലി നടത്തുന്ന ‘കൊളിങ്ങ’ന്മാരും അഞ്ചാമത്തെ കൂട്ടർ ഏറ്റവും ദരിദ്രരായ മുക്കുവരും ആണു്.”
1514-ൽ മലബാർ സന്ദർശിച്ച ഡൂവാർട്ട് ബാർബോസായിൽനിന്നും കൊല്ലം, പുറക്കാടു്, കായംകുളം, കൊച്ചി മുതലായ നഗരങ്ങളെപ്പറ്റി പല വിവരങ്ങൾ നമുക്കു ഗ്രഹിക്കാം. അന്നും തിരുവിതാംകൂർ രാജാവിനെ വേണാട്ടടികൾ എന്നു തന്നെയാണു് വിളിച്ചുവന്നതു്. കൊല്ലമായിരുന്നു രാജാവിന്റെ തലസ്ഥാനം. കൊല്ലത്തെ രാജാവിനെ ബോടെദെരി എന്നു വിളിച്ചുവന്നതായി ബാർബോസാ പറഞ്ഞിട്ടുണ്ടു്. ബാർബോസായുടെ അഭിപ്രായങ്ങളിൽ ചിലതു് ഭ്രാന്തിമൂലകങ്ങളാണെങ്കിലും, അദ്ദേഹത്തിനു് കേരളത്തെയും കേരളീയാചാരങ്ങളേയും പറ്റി വിപുലമായ ജ്ഞാനമുണ്ടായിരുന്നു എന്നു് നിസ്സംശയം പറയാം.
ഏതൽക്കാലിക കേരളചരിത്രത്തിൽ നാം പ്രധാനമായിക്കാണുന്നതു്, പുരോഹിതശക്തിയും രാജശക്തിയും തമ്മിലുള്ള ബലപരീക്ഷയാണു്. ഇങ്ങനെ ഒരു കാലഘട്ടം എല്ലാ പരിഷ്കൃതരാജ്യങ്ങളുടെ ചരിത്രങ്ങളിലും കാണുന്നുണ്ടു്. എല്ലായിടത്തും രാജശക്തിതന്നെ ജയിച്ചതായും നാം കാണുന്നു. കൊല്ലവർഷാരംഭം മുതല്ക്കേ രാജാക്കന്മാർ പൌരോഹിത്യമഹാവ്യാളത്തിന്റെ വദനഗഹ്വരത്തിലേക്കു് അറിയാതെ പാഞ്ഞുകൊണ്ടാണിരുന്നതു്. നാട്ടുകാരിൽ പലരും, രാജഭോഗം കൊടുക്കാനുള്ള മടികൊണ്ടു് വസ്തുക്കൾ, ഏതെങ്കിലും ബ്രാഹ്മണജന്മിയുടെ പേരിൽ പതിപ്പിച്ചിട്ടു്, അവരുടെ കൂടിയായ്മയാകുന്ന ദുർഭരശിലാപിണ്ഡത്തെ തങ്ങളുടെ കഴുത്തിൽ കെട്ടിത്തൂക്കിത്തുടങ്ങി. രാജാക്കന്മാരും വലിയ ഭൂദാനങ്ങൾ ചെയ്തു ബ്രാഹ്മണശക്തിയെ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ബുദ്ധിമാന്മാരായ ബ്രാഹ്മണരാകട്ടേ തങ്ങൾക്കു ലഭിച്ച ഈ സാമുദായികസ്ഥിതിയെ നല്ലപോലെ ഉറപ്പിക്കുന്നതിനു വേണ്ടി അതാതു സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിച്ചു് തങ്ങളുടെ സ്വത്തിന്റെ ഒരു ഗണ്യമായ ഓഹരി ഈ ക്ഷേത്രങ്ങളിലേക്കു വിട്ടുകൊടുത്തിട്ടു്, അവയുടെ ഊരായ്മസ്ഥാനം കൈയ്യേറ്റു. അതിനും പുറമേ, ക്ഷേത്രകാര്യങ്ങളുടെ നിർവ്വഹണത്തിനുവേണ്ടി ഓരോ യോഗവും സ്ഥാപിച്ചു. ഈ സ്ഥാപനം ബ്രാഹ്മണരുടെ ഏകയോഗക്ഷേമത്തിനു് അത്യന്തം സഹായിച്ചുവെന്നു പറയേണ്ടതില്ലല്ലോ. ഇതിലൊന്നിലും അല്ല അവരുടെ ബുദ്ധിഗുണം സവിശേഷം സ്ഫുരിക്കുന്നതു്. അവർ, ദേവസ്വം സ്വത്തുക്കളുടെ സംരക്ഷണാർത്ഥം രാജാക്കന്മാരെ രക്ഷാധികളായി നിയമിച്ചു് അവരുടെ മേലും ഒരു അധികാരം ഉണ്ടെന്നു വരുത്തിവെച്ചു. ഈ ഏക സംഗതിയാണു് അവരുടെ വിജയ ഹേതുക്കളിൽ പ്രധാനമായുള്ളതു്. രാജശക്തി ഇങ്ങനെ പുരോഹിതശക്തിക്കു കീഴടങ്ങിയതുമുതല്ക്കു് സങ്കേതാധികാരികൾ രാജാക്കന്മാരെപ്പോലും ഓരോരോ കുറ്റത്തിനു ശിക്ഷിച്ചു വന്നതായി ക്ഷേത്രവരികളിൽ നിന്നു ഗ്രഹിക്കാം.
“500 മിഥുനം 30-നു കുന്നിന്മേൽ ശ്രീവീരകേരളവർമ്മൻ തിരുവടി ദേശികളെ വെട്ടിക്കൊന്നതിനു് എളുവെള്ളനാട്ടു നിലമയും പുറക്കോട്ടു നിലമയും മൂത്തറചുറ്റിൽ നൂറ്ററുപത്തേഴു വിരപ്പാടു നിലവും വിട്ടുതന്നു. കരുവക്കേടിനു കെട്ടിവെച്ച പണം 30000” ശ്രീപത്മനാഭ ക്ഷേത്രവരി. [1] കൊ. വ. 13-നു എളങ്കുന്നപ്പുഴ ദേവസ്വം ഊരാളന്മാരും ദേശത്തു പ്രമാണികളും കൂടി ദേവസ്വം സങ്കേതത്തിലെ നടപടികളേയും മര്യാദകളേയും സംബന്ധിച്ചു വച്ചകച്ചീട്ടിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
“സങ്കേതത്തിൽ ഉൾപ്പട്ട ദേശങ്ങളിൽ ആരെങ്കിലും വല്ല കുറ്റവും ചെയ്തു സങ്കേതം പിഴച്ചാൽ പറവൂരു്, പെരിമ്പടപ്പു് എന്നീ രാജാക്കന്മാർ ഒരുമിച്ചു ക്ഷേത്രത്തിന്റെ വാതൽമാടത്തിങ്കൽ ചെന്നു് കുറ്റം ചെയ്തവനെ യഥാവിധി ശിക്ഷിപ്പിച്ചതിന്റെ ശേഷം കുറ്റക്കാരൻ ഏതു രാജാവിന്റെ പ്രജയാകുന്നുവോ ആ രാജാവു നടയിൽ ഒരു ആനയെ ഇരുത്തണം.” ഇങ്ങനെ വേറെയും അനേകം രേഖകൾ കാണുന്നു.
ഈ ബ്രഹ്മക്ഷാത്രസമരത്തിന്റെ സ്വഭാവമറിയണമെങ്കിൽ കൊല്ലവർഷം മുതൽക്കുള്ള കേരളചരിത്രത്തെ അവധാനപൂർവം പരിശോധിക്കണം. കൊ. വ. ഒന്നാം ശതകത്തിൽ, നാം രാജ്യത്തിൽ ത്രിവിധിശക്തികളെ കാണുന്നു. രാജാവു്; നാട്ടുകൂട്ടം; ബ്രാഹ്മണയോഗം. ആദ്യമായി വേണാട്ടിലെ സ്ഥിതി നോക്കാം. കൊല്ലം ഒന്നാമാണ്ടു ചിങ്ങമാസം 5-ാം തീയതി കൂടിയ യോഗത്തിൽ ഈ മൂന്നു കൂട്ടരും പങ്കുകൊണ്ടിരുന്നു. രാജാവിന്റെ ശക്തി നാട്ടുകൂട്ടത്താൽ നിയന്ത്രിതമായിരുന്നു. വേണാട്ടിലെ എട്ടു തറകളുടെ കരനാഥന്മാരായിരുന്നു എട്ടുവീടർ. ആ നിലയിൽ ആണു് അവർക്കു് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണനിർവ്വാഹകസംഘത്തിൽ ഒരു സ്ഥാനം ലഭിച്ചതു്. മി: നാഗമയ്യ സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുംപോലെ അവർ, തങ്ങളുടെ ജന്മികളെ ധ്വംസിച്ചു്, അവരുടെ സ്വത്തു് അപഹരിച്ച കൂട്ടരേ ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ, പ്രസ്തുത സ്ഥാനം അവർക്കു ലഭിക്കാൻ ഇടയുണ്ടാകുമായിരുന്നില്ല. പരശുരാമന്റെ ഭൂദാനസിദ്ധാന്തം രാജാവുപോലും അംഗീകരിച്ചു് ബ്രാഹ്മണശക്തിക്കു കീഴടങ്ങിത്തുടങ്ങിയകാലത്തു് ദേവസ്വംഭരണത്തിനു് ബ്രാഹ്മണഘാതകന്മാരെ ചുമതലപ്പെടുത്താൻ ആ മഹായോഗം തുനിഞ്ഞുകാണുമെന്നു വിചാരിക്കുന്നതെങ്ങനെ? എട്ടുവീട്ടിൽ പിള്ളമാരിൽ നന്മയുടെ കണികപോലും കാണ്മാൻ മനസ്സു വരാത്ത കപട രാജഭക്തന്മാർ വളരെയുണ്ടു്. പരമാർത്ഥത്തിൽ, അവർ രാജ്യദ്രോഹികളേ ആയിരുന്നില്ല. രാജ്യത്തേയും രാജാവിനേയും സ്നേഹപൂർവ്വം സേവിച്ച ആ വീരപുരുഷന്മാർ ഇന്നത്തെ ജനമണ്ഡലത്തിന്റെ ജുഗുപ്സയ്ക്കും, രാജസ്ഥാനത്തേ ധ്വംസിച്ചു് സ്വാർത്ഥലാഭം നേടാൻ ബദ്ധപരികരരായിരുന്ന കുടിലതന്ത്രജ്ഞന്മാർ സവിശേഷമായ പൂജയ്ക്കും പാത്രീഭവിച്ചതു് ഓർക്കുമ്പോൾ, അഹോ! കപടഭക്തി, സത്യത്തെ അസത്യത്തേക്കാളും അസത്യമായും, അസത്യത്തെ സത്യത്തേക്കാളും സത്യമായും പരിവർത്തനം ചെയ്യുന്നതിനു് നിനക്കുള്ള ശക്തി വിസ്മനീയംതന്നേ എന്നു് ആരും പറഞ്ഞുപോകും. തിരുവിതാംകൂറിന്റെ യഥാർത്ഥ ചരിത്രം ഇനിയും എഴുതേണ്ടതായിട്ടാണിരിക്കുന്നതു്. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങളെ നിർവഹിക്കുന്നതിനു നിയുക്തരായ യോഗക്കാർ കാലക്രമേണ, ഭജനം മൂത്തു് ഊരായ്മ എന്ന മട്ടിൽ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പറഞ്ഞുതുടങ്ങി. എട്ടുവീടരെ പിണക്കി നിർത്തുന്നതിനു് ആ പോറ്റിമാർക്കു സാധിക്കായ്കയാൽ, ദേവസ്വം വസ്തുക്കളുടെ ഭരണം അവരിൽ നിന്നു വിടുത്താതെ വച്ചുകൊണ്ടിരുന്നു. സ്തുതിപ്രിയന്മാരായ പിള്ളമാർ, യോഗക്കാരുടെ വശീകരണശക്തിക്കു വശപ്പെട്ടു്, വെറും എജമാനസ്ഥാനം കൊണ്ടു തൃപ്തി അടഞ്ഞുതുടങ്ങി. ക്ഷേത്രാധികാരത്തെപ്പറ്റി രാജാവും യോഗക്കാരും തമ്മിൽ ഇടഞ്ഞുതുടങ്ങിയപ്പോൾ, അവരുടെ ഇടയ്ക്കു നിന്നു് ഇരുകൂട്ടരേയും തടഞ്ഞു നിർത്താൻ ശ്രമിച്ച സാക്ഷാൽ ജനപ്രതിനിധികളായ എട്ടുവീടർ, ഇരുകൂട്ടരുടേയും ശത്രുക്കളായിത്തീർന്നു. എന്നാൽ തന്ത്രജ്ഞന്മാരായ യോഗക്കാർ, അവരുടെ വിരോധത്തെ മറച്ചുകൊണ്ടും അതേ സമയത്തുതന്നെ രാജവംശത്തിനു് അവരോടുള്ള വിദ്വേഷത്തെ വർദ്ധിപ്പിക്കുന്നതിനു് വേണ്ടതെല്ലാം ചെയ്തുകൊണ്ടും ഇരുന്നു. രാജമന്ദിരത്തെ അവർ ചുട്ടുപൊട്ടിച്ചപ്പോഴും, രാജാവിനെ വിഷം കൊടുത്തു കൊന്നപ്പോഴും, സംശയം ജനിച്ചതു് എട്ടുവീടരിൽ ആയിരുന്നു. കളിപ്പാൻകുളത്തിലെ വധം കൂടി ആയപ്പോൾ, ആ വിരോധം മൂർദ്ധന്യദശയെ പ്രാപിച്ചു. ഈ സംഗതികളെപ്പറ്റി തിരുവനന്തപുരം സെനാനാമിഷനിലെ ഒരു അംഗവും, ദീർഘകാലം ഇവിടെ താമസിച്ചു് ശിഷ്യസമൂഹത്തിന്റെ സ്നേഹബഹുമാനങ്ങൾക്കു സവിശേഷം പാത്രീഭവിച്ച ഒരു സ്ത്രീരത്നവും ആയ മിസ്സ് ബ്ലാൻഫോഡ് എഴുതീട്ടുള്ള ഒരു വിവരണം ഇവിടെ ഉദ്ധാരണയോഗ്യമാകുന്നു.
“അക്കാലത്തെ രാജാക്കന്മാരുടെ പ്രധാന വാസസ്ഥലം തിരുവനന്തപുരത്തുനിന്നും മുപ്പുതുമൈൽ അകലെ ആയിരുന്നു. എന്നാൽ 1335-ൽ തിരുവനന്തപുരത്തെ വലിയക്ഷേത്രത്തിന്റെ സമീപത്തു് ഒരു രാജമന്ദിരം പണി കഴിപ്പിച്ചു. ഈ രാജമന്ദിരവും ക്ഷേത്രവും ബലമുള്ളതും ഉയർന്നതും ആയ ഒരു കോട്ടയാൽ ചുറ്റപ്പെട്ടിരുന്നു. രാജാവു് താമസം ഈ പുതിയ കൊട്ടാരത്തിലേയ്ക്കു മാറ്റിയതു മുതല്ക്കു ബ്രാഹ്മണരുടെ നടവടികളെ പരിശോധിച്ചുതുടങ്ങുകയും ക്ഷേത്രത്തിലെ വരവു ചെലവു കണക്കുകളെ തന്നെ ബോദ്ധ്യപ്പെടുത്തണമെന്നു നിർബന്ധിക്കയും ചെയ്തു. ഇതു് അവർക്കു തീരെ രസിച്ചില്ല; എങ്കിലും ആ രാജാവിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളിൽ ചിലരുടേയും ഭരണകാലത്തു്, അവർ അടങ്ങിയിരുന്നു. ഒടുവിൽ, അതായതു് 1661-ൽ ഒതുങ്ങിയ ജീവിതത്തിൽ പ്രിയമുള്ള ഒരു ബലഹീനനായ രാജാവു് രാജ്യഭാരം ഏറ്റു. ഈ തക്കം നോക്കി ബ്രാഹ്മണർ വീണ്ടും യഥേച്ഛം പ്രവർത്തിച്ചു തുടങ്ങുകയും, ആ സാധുവായ രാജാവിനെ പല വിധത്തിൽ ഉപദ്രവിക്കയും ചെയ്തു. ഒരു രാത്രി, അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ തീ പിടിച്ചു. ബ്രാഹ്മണരുടെ പാർശ്വവർത്തികളല്ലാതെ വേറെ ആരും അവിടെ താമസമില്ലാതിരുന്നതിനാലും, അവരാരും തീ കെടുക്കുന്നതിനു ശ്രമിക്കാതിരുന്നതിനാലും, ആ രാജമന്ദിരം മുഴുവൻ ചാമ്പലായി. രാജാവും രാജകുടുംബവും അല്പം അകന്ന ഒരു മന്ദിരത്തിലേയ്ക്കു താമസം മാറ്റി. ക്ഷേത്രാധികാരികൾ–തീവെച്ച കൂട്ടർ തന്നെ ആയിരിക്കാം–അവിടെച്ചെന്നു് അനുശോചിച്ചതായി നടിച്ചു. ശങ്കാശീലം തീരെ ഇല്ലാതിരുന്ന രാജാവു് അവരെ കാരുണ്യപുരസ്സരം സ്വീകരിച്ചു. അന്നുമുതല്ക്കു് അവർ, മുറയ്ക്കു സന്ദർശനം നടത്തിക്കൊണ്ടിരുന്നു. അവർ കൊണ്ടുചെന്നു കാഴ്ച വെച്ചതായ മധുരദ്രവ്യങ്ങളെ രാജാവു് സ്വീകരിക്ക പതിവായി. പത്മനാഭസ്വാമിക്കു നിവേദിച്ച അന്നത്തെ ഉപേക്ഷിക്കാൻ ഭക്തനായ രാജാവിനു മനസ്സുവന്നില്ല. എന്നാൽ ഈ അനുവിധായകത്വം അദ്ദേഹത്തിന്റെ ജീവഹാനിക്കു് ഇടവരുത്തി. ഒരുദിവസം ശത്രുക്കൾ നിവേദ്യത്തിൽ വിഷം കലർത്തിക്കൊടുത്തു. പതിനാറു കൊല്ലത്തെ ഭരണശേഷം അദ്ദേഹം ഇങ്ങനെ മൃത്യുമുഖം പ്രാപിച്ചു. യോഗക്കാരുടെ ദ്രോഹബുദ്ധി ഇതുകൊണ്ടും അവസാനിച്ചില്ല; അവർ പരേതനായ രാജാവിന്റെ ഭാഗിനേയന്മാരായ ആറു കുമാരന്മാരുടെ ജീവഹാനി വരുത്തുന്നതിനു തീർച്ചപ്പെടുത്തി. ചന്ദ്രികാശീതളമായ ഒരു രാത്രി, ഏതാനും ബ്രാഹ്മണകുട്ടികൾ, കൊട്ടാരത്തിന്റെ തിരുമുറ്റത്തു്, അഞ്ചു കൊച്ചുതമ്പുരാക്കന്മാരുമായി കളിച്ചുകൊണ്ടിരുന്നു. അപ്പോൾ അവരിൽ ഒരു കുമാരൻ, ശത്രുക്കളാൽ പ്രേരിതനായിട്ടു്, അല്പദൂരത്തുള്ള ഒരു കുളത്തിൽ പോയി കുളിക്കാമെന്നു് അഭിപ്രായപ്പെട്ടു. മറ്റുള്ളവരും ആ അഭിപ്രായത്തോടു യോജിക്കയാൽ, സ്വമാതാവിനോട് ആലോചിക്കാതെ അവർ അവിടെച്ചെന്നു കുളിച്ചുകൊണ്ടിരിക്കേ ചിലർ വെള്ളത്തിൽ ചാടി അവരെ ഒക്കെ മുക്കിക്കൊന്നു.”
മി. നാഗമയ്യ ഈ വിവരണത്തെ ഉദ്ധരിച്ചിട്ടു്, ഇതെല്ലാം കള്ളമാണെന്നും, ബ്രാഹ്മണർ അതൊന്നും അറിഞ്ഞിരുന്നതേ ഇല്ലെന്നും അഭിപ്രായപ്പെട്ടു കാണുന്നു. യോഗക്കാരും അവരുടെ ഭൃത്യന്മാരും അപരാധികളായിരുന്നുവെന്നു വന്നാൽ, ബ്രാഹ്മണകുലത്തിനാകപ്പാടെ കളങ്കം വന്നുപോയേക്കുമെന്നു ശങ്കിച്ചിട്ടായിരിക്കുമോ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതു്? യോഗക്കാർ ബ്രാഹ്മണരുടെ പ്രതിനിധികളേ അല്ലായിരുന്നു. പൊതുവെ മലയാളബ്രാഹ്മണർ ഈമാതിരി ദുഷ്കൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായിരുന്നില്ല. അതൊക്കെ സമ്മതിക്കാം. എന്നാൽ യോഗക്കാർ നിരപരാധികളായിരുന്നു എന്നു പറയുന്നതു് യുക്തിക്കും പ്രമാണങ്ങൾക്കും വിപരീതമാണു്. ഒന്നാമതായി രാജകുടുംബം കോട്ടയ്ക്കകത്തു താമസമുറപ്പിക്കുന്നതുകൊണ്ടു് വല്ല ദോഷവും വരാനുണ്ടെങ്കിൽ, ക്ഷേത്രസിൽബന്തികൾക്കായിരുന്നു. പിള്ളമാർ മി. നാഗമയ്യായുടെ മതപ്രകാരം അവരുടെ ഭൃത്യന്മാർ മാത്രമേ ആയിരുന്നുള്ളു. അവരുടെ ഉദ്ദേശ്യം രാജകുലത്തെ ഉന്മൂലനം ചെയ്തു്, ഒരു ജനപ്രതിനിധിഭരണം സ്ഥാപിക്കണമെന്നായിരുന്നു എന്നു് അവരുമായി എഴുത്തുകുത്തു നടത്തിയ ഒരുവനെപ്പോലെ മി. നാഗമയ്യ ശപഥം ചെയ്യുന്നു. ഭാരതഖണ്ഡത്തിലൊരേടത്തും ‘Republic’ എന്നു പറയപ്പെടുന്ന പ്രജാസാമ്രാജ്യത്തെപ്പറ്റി കേട്ടിട്ടുപോലും ഇല്ല. ബ്രാഹ്മണപക്ഷപാതമാകുന്ന തിമിരം ബാധിച്ചപ്പോൾ ചരിത്രദൃഷ്ടിക്കു മ്ലാനത സംഭവിച്ചുപോയി. കേരളത്തിൽകൂടി ദ്രുതഗതിയിൽ ഒന്നു സഞ്ചരിച്ചിട്ടുപോയ വിദേശീയ സഞ്ചാരികളുടെ വാക്കുകളെ വേദവാക്യമായി സ്വീകരിപ്പാൻ ഒരുക്കമുള്ള മി. നാഗമയ്യ, തിരുവനന്തപുരത്തു ദീർഘകാലം താമസിച്ചു് എല്ലാവരുടേയും പ്രീതിബഹുമാനങ്ങൾക്കു പാത്രീഭവിച്ച ഒരു സ്ത്രീരത്നമെന്നു് അദ്ദേഹം തന്നെ സമ്മതിക്കുന്ന മിസ് ബ്ളാൻഡ്ഫോർഡ് പലേ പ്രമാണങ്ങൾ നോക്കിയതിനു ശേഷം എഴുതിയ വിവരണത്തിൽ പരമാർത്ഥമൊന്നുമില്ലെന്നു് അഭിപ്രായപ്പെട്ടിരിക്കുന്നതിന്റെ രഹസ്യം ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണു്. മിസ്സ്. ബ്ലാൻഡ്ഫോർഡിനു് ഈ കള്ളം എഴുതിവച്ചിട്ടു് എന്തു പ്രയോജനമാണുണ്ടായിരുന്നതു്? കണിതുള്ളലിൽ ‘പിള്ളതിന്നിക്കാളി’ എന്നൊരു വേഷമുണ്ടു്. അതിനെ ഒരു കുറി കണ്ടുപോയാൽ പിന്നെ കുട്ടികൾക്കു കുറേനാളത്തേയ്ക്കു രാത്രിയിൽ ഉറക്കം വരില്ല; എന്നാൽ റിക്കാർട്ടുതിന്നിപ്പിശാചുകളുടെ കഥ കേട്ടാൽ മതി, സത്യാന്വേഷണവിധുരന്മാരായ സജ്ജനങ്ങൾക്കു ജീവനൊടുങ്ങുംവരെയ്ക്കും ഉറക്കമുണ്ടാകുന്നതല്ല. ഇത്തരം റിക്കാർട്ടുതിന്നിപ്പിശാചുകൾ, ഈടുവയ്പുകളിലും മറ്റും കേറി ഇറങ്ങി എത്ര എത്ര പ്രമാണങ്ങളെ ആണു് നശിപ്പിച്ചിട്ടുള്ളതു്! ഇനി എത്ര എണ്ണം നശിപ്പിക്കാൻ പോകുന്നു!
ഭാഗ്യദോഷത്താൽ നാണുപിള്ള ദിവാൻജി പല റിക്കാർട്ടുകളെ അവധാനപൂർവ്വം പരിശോധിച്ചിട്ടു് എഴുതിവച്ചിരുന്ന തിരുവിതാംകൂർചരിത്രത്തിനു് ഇതേവരെ സൂര്യപ്രകാശം ലഭിക്കാതെ പോയി. ആ ചരിത്രത്തിന്റെ ചില ഭാഗങ്ങൾ വായിച്ചുനോക്കിയാൽ എട്ടുവീടർക്കു പറ്റിയ ദുരന്തത്തിന്റെ കാഠിന്യം സ്പഷ്ടമാകും. രാജാവിനെ വിഷം കൊടുത്തുകൊന്നതോ, ഉമയമ്മറാണിയുടെ അരുമക്കുഞ്ഞുങ്ങളെ മുക്കിക്കൊന്നതോ അവരായിരുന്നില്ല. സാക്ഷാൽ അപരാധികൾ നക്രബാഷ്പം പൊഴിച്ചു് ആ സാധ്വീരത്നത്തിനെ കബളിപ്പിച്ചതാണു്. ഇപ്പോൾ, മി. ശങ്കുണ്ണിമേനോന്റേയും മറ്റും ചരിത്രങ്ങളിൽ പറഞ്ഞിരിക്കുംപോലെയാണെങ്കിൽ, ആ സംഭവം തന്നെ വിശ്വാസാർഹമായിരിക്കുന്നില്ല. ശത്രുക്കൾ നിബിഡമായിരിക്കുന്ന സമയത്തു് റാണി ഒൻപതു വയസ്സു പ്രായമുള്ള മൂത്ത കുമാരനെ ഒഴിച്ചു് ബാക്കി അഞ്ചുപേരേയും രാത്രികാലത്തു് തിരുമുറ്റത്തു് കളിക്കാൻ വിട്ടു എന്നു പറഞ്ഞിരിക്കുന്നതോ പോട്ടെ. മൂത്ത കുമാരനു് ഒൻപതു വയസ്സായിരുന്നെങ്കിൽ, ഏറ്റവും ഇളയകുട്ടിക്കു് കൂടിയാൽ മൂന്നര വയസ്സേ കാണുമായിരുന്നുള്ളു. ആ ശിശു, മറ്റുള്ളവരോടൊപ്പം അര മൈൽ അകലെ നടന്നു പോയെന്നു പറഞ്ഞാൽ ആരാണു വിശ്വസിക്കുക. അതും കുളിക്കുന്നതിനു്. എന്തൊരു കഥ!!!
എട്ടുവീടർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം വരെ രാജപക്ഷത്തുനിന്നു പോരാടിയതായി അഞ്ചുതമ്പുരാൻ പാട്ടു്, ഇരവിക്കുട്ടിപ്പിള്ളയാർപാട്ടു മുതലായവയിൽനിന്നു തെളിയുന്നുമുണ്ടു്. അഞ്ചു താവഴിത്തമ്പുരാക്കന്മാർ തമ്മിൽ പിണങ്ങി, കൊല്ലും കൊലയും തുടങ്ങിയതു കണ്ടു്, അവരെ ഏതെങ്കിലും വിധത്തിൽ യോജിപ്പിക്കണമെന്നുള്ള അപേക്ഷയോടുകൂടി വേണാട്ടു മൂത്ത തിരുവടി, ഒരു തിരുവെഴുത്തു് കഴക്കൂട്ടത്തുപിള്ളയ്ക്കയക്കുന്നു. രാജദൂതൻ വന്നിരിക്കുന്നതായി കേട്ട ഉടനേ, പിള്ള,
“ഓട്ടൻ താനെന്നു കേട്ടപോതിലെ
ഞെട്ടി എഴുന്തല്ലോ പെട്ടെന്നിരുകയ്യാൽ
മുന്തിവലിത്തല്ലോ നീട്ടൈത്തനവാങ്കി”
ഉറ്റു പാർത്തിട്ടു് രാജാജ്ഞ അനുസരിച്ചു പ്രവർത്തിച്ചതായി തമ്പുരാൻപാട്ടിൽ പ്രസ്താവിച്ചിരിക്കുന്നു.
ഇരവിക്കുട്ടിപ്പിള്ളപ്പോരു് കൊ. വ. ഒൻപതാം ശതകത്തിൽ ഉണ്ടായതാണു്. അക്കാലത്തും കഴക്കൂട്ടത്തുപിള്ള മുതൽ പേർ മികച്ച ദേശഭക്തിയോടുകൂടി, വടുകപ്പടയുടെ നായകനായ രാമപ്പയ്യനെ എതിർത്തതായി കാണുന്നു. ഇക്കാലങ്ങളിൽ മധുരനായിക്കന്മാരുടെ ആക്രമണം കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നതിനാൽ, നികുതിഭാരം വർദ്ധിപ്പിക്കേണ്ടതായി വന്നുകൂടി. ഈ അവസരത്തിൽ നികുതി പിരിക്കാൻ ചുമതലപ്പെട്ടവരായ പിള്ളമാരിലായിരുന്നു, ജനവിദ്വേഷം കേന്ദ്രീഭവിച്ചതു്. നാട്ടുകാർ പല സ്ഥലങ്ങളിൽ യോഗം കൂടി നിശ്ചയങ്ങൾ പാസ്സാക്കി, രാജാവിനു് അയച്ചുകൊടുത്തു. ഇവിടെയും രാജാക്കന്മാർക്കുവേണ്ടി പ്രയത്നിച്ചതിനു് അവർക്കുലഭിച്ച പ്രതിഫലം പൊതുജനവൈരം മാത്രമായിരുന്നു.
ഈസ്റ്റിൻഡ്യാക്കമ്പനിക്കു് ആറ്റുങ്ങൽ റാണി അഞ്ചുതെങ്ങു വിട്ടുകൊടുത്തപ്പോൾ, പിള്ളമാർ എതിർത്തതും പരമാർത്ഥമാണു്. അതു രാജദ്രോഹമാണെന്നു് ഇനിയുള്ള ചരിത്രകാരന്മാരും പറയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവർക്കു് ഒരു ശത്രുകൂടി ഉണ്ടായി. ഇവരെല്ലാവരും പിള്ളമാരുടെ ശക്തിയെ നശിപ്പിക്കുന്നതിനു് അവസരം പാർത്തുകൊണ്ടുതന്നേ ഇരുന്നു. ഈ വിധത്തിൽ അവർ സർവജനങ്ങളുടേയും വിരോധം സമ്പാദിച്ചതു നിമിത്തം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പ്രതാപാനലനിൽ എളുപ്പത്തിൽ ശലഭപ്രായമായിച്ചമഞ്ഞു പോയി.
കളിപ്പാൻകുളത്തിലെ വധം തുടങ്ങിയ ഒട്ടു വളരെക്കഥകൾ എട്ടുവീട്ടിൽപിള്ളമാരെ ജനമണ്ഡലത്തിന്റെ ദൃഷ്ടിയിൽ അപരാധികളാക്കിത്തീർക്കാൻവേണ്ടി പില്ക്കാലത്തു കെട്ടിച്ചമച്ചവയാണെന്നു് അഭിപ്രായമുള്ളവരും ഇപ്പോൾ ഉണ്ടു്. ഏതായിരുന്നാലും, ഇക്കാലത്തെ ചരിത്രത്തെ കാടുവെട്ടിത്തെളിച്ചു് എടുക്കേണ്ടതായിട്ടാണിരിക്കുന്നതു്. ഇവിടെ ഒരു സംഗതി ഓർത്തിരിക്കേണ്ടതായിട്ടുണ്ടു്. എട്ടുവീടർ രാജദ്രോഹികളായിരുന്നു എന്നു സ്ഥാപിച്ചാൽ അതുകൊണ്ടു്, അവരുടെ പൂർവ്വികന്മാർക്കോ, അവരുടെ വംശജന്മാരായി ഇന്നു വല്ലവരും ഉണ്ടെങ്കിൽ അവർക്കോ യാതൊരു ആക്ഷേപവും വരാനില്ല. രാജദ്രോഹികളുടെ സന്താനങ്ങളിൽ എത്രയോ പേർ രാജഭക്തന്മാരിൽ അഗ്രഗണ്യന്മാരായിത്തീർന്നതായി നാം ചരിത്രത്തിൽ കാണുന്നു. അതുപോലെ തന്നെ രാജാവിനു വേണ്ടി സ്വാത്മാവിനെ ബലി കഴിച്ചിട്ടുള്ള വീരപുരുഷന്മാർക്കു രാജദ്രോഹികളായ സന്താനങ്ങൾ ഉണ്ടായതിനും ലോകചരിത്രത്തിൽ ലക്ഷ്യങ്ങളുണ്ടു്. ചരിത്രകാരനു് സത്യം വെളിപ്പെടുത്തണമെന്നല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരിക്കാൻ പാടില്ലാത്തതാണു്. ചാറത്സ് ഒന്നാമനു് നിർദ്ദയം വധശിക്ഷ നൽകിയ ന്യായാധിപതിമാരുടെ സന്താനങ്ങളെ ഇന്നു് ആരെങ്കിലും രാജദ്രോഹികളായി ഗണിച്ചു വെറുക്കുന്നുണ്ടോ? വ്യക്തികളുടെ അപരാധം അവരുടെ കുടുംബത്തേയും സമുദായത്തേയുും ബാധിക്കുന്നതല്ല. അതാതു കാലങ്ങളിലെ പ്രേരകശക്തികൾക്കു വശപ്പെട്ടു് ഓരോരുത്തർ ഓരോ കഠിനക്കൈകൾ പ്രവർത്തിച്ചുവെന്നു വരാം. അതിനു് അവരല്ലാതെ മറ്റുള്ളവർ ഉത്തരവാദികളാകുന്നതല്ല. അതുപോലെ തന്നെ എട്ടര യോഗക്കാർ രാജാവിനു വിപരീതമായി പ്രവർത്തിച്ചവരാണെന്നു പറഞ്ഞതുകൊണ്ടു്, അവരുടെ പിൻഗാമികൾക്കോ, ബ്രാഹ്മണസമുദായത്തിനോ ഒരു കളങ്കമുള്ളതായി ആരെങ്കിലും വിചാരിക്കുമോ? ഇനി വേറൊരു ശങ്കയുള്ളതുകൂടി ഇവിടെ പ്രസ്താവയോഗ്യമാകുന്നു. എട്ടുവീടർ നിരപരാധികളായിരുന്നുവെങ്കിൽ, അവരെ മാർത്താണ്ഡവർമ്മമഹാരാജാവു് ഒതുക്കിയതു് അന്യായമായിപ്പോയില്ലേ എന്നു ചിലർ ചോദിച്ചേയ്ക്കാം. ശരി. അദ്ദേഹം ചെയ്തതു് മഹാകഠിനമായ പ്രവൃത്തിയാണെന്നു പറയേണ്ടി വന്നാൽ തന്നെയും അതുകൊണ്ടു് ഒരുവൻ രാജഭക്തിയില്ലാത്തവനെന്നു വരുകയില്ല. മനസ്സിൽ ഒന്നു വെച്ചുകൊണ്ടു് മറിച്ചുപറയാൻ പ്രേരിപ്പിക്കുന്ന കപടഭക്തിയാണു് ആക്ഷേപാർഹമായിരിക്കുന്നതു്. ഇംഗ്ലണ്ടുചരിത്രത്തിൽ ഹെൻറി എട്ടാമൻ എന്തെല്ലാം നിഷ്ഠൂരകൃത്യങ്ങൾ ചെയ്തതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അവരൊക്കെ രാജഭക്തി ഇല്ലാത്തവരാകണ്ടേ? മാർത്താണ്ഡവർമ്മ മഹാരാജാവിനെ ഈ വിഷയത്തിൽ ആക്ഷേപിക്കാൻ ഒന്നുമില്ലതാനും. പ്രജകളുടെ ക്ഷേമം രാജാവിന്റെ ശക്തിയിലാണു് പ്രതിഷ്ഠിതമായിരിക്കുന്നതു്. അവർക്കു് ധർമ്മിഷ്ഠനെങ്കിലും ദുർബലനായ രാജാവിനേക്കാൾ ക്രൂരനെങ്കിലും ബലവാനായ രാജാവിനെയാണു് ആവശ്യം. ഇംഗ്ലണ്ടിലെ എഡ്വേർഡ് ദി കൺഫ്സ്സർ, പരമസാത്വികനും ധർമ്മനിഷ്ഠനും ആയിരുന്നു. എന്നാൽ പ്രജകൾക്കു് അക്കാലത്തു് എന്തെല്ലാം സങ്കടങ്ങൾ ഉണ്ടായെന്നു ചരിത്രം വായിച്ചുനോക്കിയാലറിയാം. നേരെമറിച്ചു്, ഹെൻറി ഏഴാമൻ നിഷ്ഠൂരനായിരുന്നെങ്കിലും ആംഗലജനതയുടെ ഭാവി ശ്രേയസ്സിന്റെ അസ്ഥിവാരം അദ്ദേഹമാണു് ഉറപ്പിച്ചതു്. തിരുവിതാംകൂറിൽ എട്ടര യോഗക്കാരുടേയും കൂട്ടരുടേയും അക്രമങ്ങള ഒതുക്കിയും, ഖണ്ഡരാജ്യാധിപതികളെ എല്ലാം അടക്കി ഏകീകൃതമായ വഞ്ചിരാജ്യത്തിന്റെ അടിവാരം ഉറപ്പിച്ചും, മാർത്താണ്ഡവർമ്മ മഹാരാജാവു് ഇന്നാട്ടുകാരെ അനുഗ്രഹിക്കയേ ചെയ്തിട്ടുള്ളു. തിരുവിതാംകൂറിനു പിന്നീടുണ്ടായിട്ടുള്ള ശ്രേയോഭിവൃദ്ധിക്കെല്ലാം ഹേതു മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നയമായിരുന്നു. ഈ വിഷയത്തെപ്പറ്റി ഇനി ഒരു ഘട്ടത്തിൽ പ്രതിപാദിക്കേണ്ടിയിരിക്കുന്നതിനാൽ ഇവിടെ ഇതിൽ കൂടുതലായി ഒന്നും പറയുന്നില്ല.
കൊച്ചിയിലും ഇതുപോലെതന്നെ യോഗക്കാരും രാജാവും തമ്മിലുള്ള മത്സരം മുറയ്ക്കു നടന്നുകൊണ്ടിരുന്നുവെന്നു് മി. പത്മനാഭമേനോന്റെ ചരിത്രത്തിൽനിന്നു കാണാം. അവിടെയും ബ്രാഹ്മണയോഗക്കാരെയും നായർ പ്രഭുക്കന്മാരെയും നശിപ്പിച്ചു് രാജശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മുറയ്ക്കു നടന്നുകൊണ്ടിരുന്നു.
“സാമൂതിരിയെ നാട്ടിൽനിന്നു് ഒഴിച്ചതിന്റെ ശേഷം കൊച്ചീരാജ്യത്തുള്ള പ്രഭുക്കൾ, മാടമ്പിമാർ മുതലായ സ്വരൂപികളുടെ അധികാരത്തെയും നായന്മാരുടെ സംഘബലത്തേയും ഉന്മൂലനം ചെയ്വാനും അവരെ രാജാവിന്റെ കീഴിൽ അമർത്തിനിർത്തുവാനുമായി തമ്പുരാൻ തിരുവിതാംകൂർ രാജാവുമായി യോജിച്ചു പ്രയത്നങ്ങൾ തുടങ്ങി. ആ പ്രയത്നത്തിന്റെ ഫലപ്രാപ്തി പൂർത്തിയായി സിദ്ധിക്കയും ചെയ്തു. അന്നു മുതൽ മുൻ പറഞ്ഞ കൂട്ടങ്ങൾ, സംഘങ്ങൾ, യോഗങ്ങൾ മുതലായവ രാജ്യകാര്യങ്ങളെ സംബന്ധിച്ചിടത്തോളം കൊച്ചീ രാജ്യത്തു് ഇല്ലാതായി.” [2]
കോഴിക്കോട്ടു്, കോലത്തുനാടു് എന്നീ മലബാർ രാജ്യങ്ങളിൽ മാത്രം നായർപ്രഭുക്കന്മാർക്കു് ഏറെക്കാലം സ്വസ്ഥമായി ജീവിക്കാൻ സാധിച്ചു. ഇന്നു് നായർ ജന്മിമാർ ആ ദിക്കുകളിലേ ആധിക്യേന ഉള്ളുതാനും. ഏതായിരുന്നാലും നായർ പ്രഭുക്കന്മാരുടേയും ബ്രാഹ്മണ ജന്മികളുടേയും അധഃപതനം ഒരേ കാലത്തു തന്നെയാണു് സമാരംഭിച്ചതു്.
9.1 പോർത്തുഗീസുകാർപാട്ട്
‘ഈ കാലത്തുണ്ടായ മറ്റൊരു സംഭവം പോർത്തുഗീസുകാരുടെ വരവാണു്.
“ചക്കപ്പഴം മുറിക്കുന്നിടത്തു് ഈച്ച കൂടുന്നു എന്നുള്ളതു സഹജമാണല്ലോ. ഇക്കൂട്ടത്തിലാണു് ഇൻഡ്യയിലെ വിലയേറിയതും പ്രിയമുള്ളതുമായ ചരക്കുകളേ കൊണ്ടു് കച്ചവടം നടത്തുവാൻ വേണ്ടി പാശ്ചാത്യന്മാർ തുടരെത്തുടരെ വന്നു് അടുത്തു കൂടിയതു്. പുരാതനകാലം മുതല്ക്കുതന്നെ ഫിനിഷ്യരും ഗ്രീക്കുകാരും റോമൻകാരും കടൽവഴിയായി കേരളത്തിൽവന്നു് കച്ചവടം ചെയ്തിരുന്നു എന്നു് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ കാലക്രമംകൊണ്ടു് ഹിപ്പാലോസ് എന്ന ആൾ കണ്ടുപിടിച്ചിരുന്ന കടൽവഴി വിട്ടുപോയതിനാൽ ആ കച്ചവടവും നിന്നുപോയി.” [3]
റോമാസാമ്രാജ്യത്തിന്റെ അധഃപതനാനന്തരം യൂറോപ്പുമായുള്ള കച്ചവടം അറബികളുടെ കൈവശം വന്നുചേർന്നു. അവരുടെ ആധിപത്യം സ്പെയിൻവരെ വ്യാപിച്ചു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ആ ആധിപത്യം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മഹമ്മദീയർക്കു നഷ്ടമായെങ്കിലും, സ്പെയിൻകാർക്കു് അറബികളോടുണ്ടായിരുന്ന മത്സരം നശിച്ചില്ല. അവരും പോർത്തുഗീസുകാരും ഇൻഡ്യയിലേക്കു് ഒരു ജലമാർഗ്ഗം കണ്ടുപിടിക്കാനായി ശ്രമം ചെയ്തുകൊണ്ടേ ഇരുന്നു. ഒടുവിൽ വാസ്കോഡിഗാമ എന്ന പോർത്തുഗീസുകാരൻ 1498 ആഗസ്റ്റ് മാസത്തിൽ മലയാളക്കരയിൽ വന്നടുത്തു. കോഴിക്കോട്ടു രാജാവിനു് ‘പുറത്തുകാൽ’ രാജാവു് ഒരു സന്ദേശവും ഗാമയുടെ കൈയിൽ കൊടുത്തയച്ചിട്ടുണ്ടായിരുന്നു. മാപ്പിളമാർ ഭയപരവശരായിട്ടു് സാമൂതിരിപ്പാട്ടിലെ സേവകന്മാരെ വശപ്പെടുത്തി, അവരുടെ സഹായത്തോടുകൂടി ഗാമയേയും കൂട്ടുകാരേയും നശിപ്പിക്കാനുള്ള പ്രയത്നങ്ങൾ തുടങ്ങി. ഗാമ, സാമൂതിരിപ്പാടിനെ കണ്ടു്, രാജസന്ദേശം ഏൾപ്പിച്ചിട്ടു്, താൻ കൊണ്ടുവന്നിരുന്ന ചരക്കുകളെ ഇറക്കാൻ അനുവാദം വാങ്ങി. രാജാവു് അയാൾക്കു് ഒരു പണ്ടകശാല കൊടുക്കുകയും ചെയ്തു. എന്നാൽ സാമൂതിരിയുടെ കാര്യസ്ഥന്മാർ മുഖേന, മാപ്പിളമാർ ഗാമയേയും കൂട്ടരേയും ഉപദ്രവിച്ചതിനാൽ അയാൾ നവംബർ നാലാം തീയതി തിരിച്ചുപോയി.
ഈ കാലം വിദേശീയർക്കു് ഇവിടെ അടിയുറപ്പിക്കാൻ നന്നേ ഉതകുന്ന ഒരു ഘട്ടം തന്നെ ആയിരുന്നു. കൊച്ചിയും കോഴിക്കോടും തമ്മിൽ ഇടവിടാതെ യുദ്ധം നടന്നുകൊണ്ടിരുന്നു. ഒന്നാമത്തെ പ്രധാനസമരം 1495 മുതൽ 1498 വരെ നിലനിന്നു. ആ യുദ്ധത്തിൽ സമൂതിരി, തൃശിവപേരൂർ പിടിച്ചടക്കി ആ നഗരത്തെ തലസ്ഥാനമാക്കുകയും കൊടുങ്ങല്ലൂർ കൈവശപ്പെടുത്തി അവിടുത്തെ ക്ഷേത്രം പുതുക്കുകയും ചെയ്തു. 1498-ൽ കൊടുങ്ങല്ലൂർവെച്ചു് സമാധാനമുണ്ടായെങ്കിലും ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വൈരം പിന്നെയും നിലനിന്നു. 1500 ആഗസ്റ്റ് 8-നു പീഡ്രോ ആൽവാൾസ് കാബ്രാൾ കോഴിക്കോടു വന്നടുത്തു് സാമൂതിരിക്കു് വിലപിടിച്ച സമ്മാനങ്ങളും മറ്റും കാഴ്ചവെച്ചു് അദ്ദേഹത്തിനോടു് ഒരു സഖ്യം ചെയ്തു. അങ്ങനെ ഇരിക്കെ കൊച്ചി വക ഒരു കപ്പൽ കോഴിക്കോട്ടിനരികെ കൂടി പോകുന്നതു കണ്ടു് സാമൂതിരിയുടെ ആളുകൾ അതിനെ പിടിച്ചെടുക്കാനായി കാബ്രാളിനോടു് ആവശ്യപ്പെട്ടു. നോക്കണേ! തന്നത്താൻ ആപത്തു തലയിൽ വലിച്ചുവെയ്ക്കുന്നതു്. കാബ്രാൾ കപ്പൽ പിടിച്ചെടുത്തുവെങ്കിലും കൊച്ചീരാജാവിനു തന്നെ തിരിച്ചുകൊടുത്തു. അതിനുശേഷം കോഴിക്കോട്ടു് ഒരു പണ്ടകശാല കെട്ടി അമ്പതോളം പോർത്തുഗീസുകാരെ അവിടെ പാർപ്പിച്ചു. മാപ്പിളമാരുടെ ഉപദ്രവം അവർക്കു കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. കൊട്ടാരത്തിൽ ആ മാപ്പിളമാർക്കു നല്ല പിടയുണ്ടായിരുന്നതിനാൽ, കാബ്രാൾ പല പ്രാവശ്യവും സാമൂതിരിയോടു പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. ഒടുവിൽ അയാൾ തുറമുഖത്തുകേറി മാപ്പിളമാരുടെ വക കപ്പൽ പിടിച്ചെടുത്തതിനാൽ കോപാകുലരായ മാപ്പിളമാർ, പോർത്തുഗീസുകാരുടെ പണ്ടകശാല വളഞ്ഞു നാല്പതു യൂറോപ്യന്മാരെ നിഗ്രഹിച്ചു. നായന്മാരും മാപ്പിളമാർക്കു പിന്തുണയായി നിന്നു. കാബ്രാൾ നഷ്ടം കിട്ടണമെന്നു് സാമൂതിരിയോടു് ആവശ്യപ്പെട്ടാറെ, യാതൊരു പ്രയോജനവും ഉണ്ടാകായ്കയാൽ കോഴിക്കോട്ടുനഗരത്തെ വലിയ തോക്കുകൊണ്ടു് വെടിവെച്ചു് തകർക്കയും, അറുന്നൂറോളം ആളുകളെ കൊല്ലുകയും, സാമൂതിരിപ്പാട്ടിലെ ചരക്കുകേറ്റിയിരുന്ന പത്തു കപ്പലുകളെ പിടിച്ചെടുക്കുകയും ചെയ്തുവത്രെ. അവയിൽ ഉണ്ടായിരുന്ന മൂന്നു ആനകളെയും കൊന്നു് ഉപ്പിട്ടുണക്കി യാത്രാകാലത്തേ ഭക്ഷണത്തിനായി കരുതിവച്ചിട്ടു് അയാൾ നേരേ കൊച്ചിയിലേക്കു പോയി.
സാമൂതിരിയുടെ ശത്രുവിനെ ഉണ്ടോ കൊച്ചീരാജാവു് സ്വീകരിക്കാതിരിക്കുന്നു! അദ്ദേഹം അവർക്കു് ഒരു പണ്ടകശാല നല്കി. അവർ മുറയ്ക്കു കച്ചവടവും തുടങ്ങി. അങ്ങനെയിരിക്കെ, ഒരു രാത്രി ആ പണ്ടകശാലയ്ക്കു തീ പിടിച്ചു. മാപ്പിളമാർ തീവെച്ചു എന്നൊരു കിംവദന്തിയും പൊങ്ങി.
ഇതിനിടയ്ക്കു കൊല്ലത്തുനിന്നും ഒരു ക്ഷണക്കത്തു് കാബ്രാളിനു കിട്ടിപോലും. പക്ഷേ കൊച്ചീരാജാവിനു രസിക്കയില്ലെന്നു വിചാരിച്ചു് ആ ക്ഷണത്തെ അയാൾ സ്വീകരിക്കുകയുണ്ടായില്ല. ഈയിടയ്ക്കു് ഒരു നേരംപോക്കുണ്ടായതുകൂടി ഇവിടെ പ്രസ്താവയോഗ്യമാണു്.
“കൊടുങ്ങല്ലൂർക്കാരായ രണ്ടു നസ്രാണികൾ കൊച്ചിയിൽ വന്നു് കാബ്രാളേ കണ്ടു്, തങ്ങൾ കൊടുങ്ങല്ലൂർ അധിവസിച്ചുവരുന്ന ഒരു വലിയ കൃസ്ത്യാനിസമുദായത്തിൽപെട്ടവരാണെന്നും, അവിടെ കുറേ ജുതന്മാരുകൂടി ഉണ്ടെന്നും, തങ്ങളെ കപ്പലിൽ കയറ്റി യൂറോപ്പിൽ കൊണ്ടുപോയാൽ കൊള്ളാമെന്നും അപേക്ഷിച്ചു. ഇവരുടെ പേർ യോസേഫ്, മത്തായി എന്നായിരുന്നു. കൊടുങ്ങല്ലൂരുണ്ടായിരുന്ന ക്രിസ്തീയസംഘത്തിന്റെ സ്ഥിതിയും മറ്റും കാബ്രാൾ ഇവരോടു് ചോദിച്ചപ്പോൾ ഇവർ ഇപ്രകാരം മറുപടി പറഞ്ഞു.”
‘തോമാശ്ലീഹാ ഈ രാജ്യത്തു വന്നു പള്ളികളെ ഉണ്ടാക്കി എന്നു കേട്ടിരുന്നു. പള്ളിയിൽ ഞങ്ങൾക്കു ബിംബം ഇല്ല; കുരിശേ ഉള്ളു. ഇപ്പോൾ ഞങ്ങൾക്കു മെത്രാന്മാരെ അയയ്ക്കുന്നതു് സുറിയായിൽ കത്തോലിക്കോസ്സാണു്. പട്ടക്കാർക്കു കുടുമ്മ തന്നെ പട്ടം ആകുന്നു. കുട്ടികളെ ജ്ഞാനസ്നാനം ചെയ്യിക്കുന്നതു് 40-ാം നാൾ വേണം. മരിച്ചാൽ എട്ടാം ദിവസം പുലനീക്കും. നുയമ്പു് വളരെ ഉണ്ടു്. ജൂലായി മാസം 1-ാനു ഉള്ള തോമാവിന്റെ പെരുനാൾ പ്രധാനമാണു്. വേദപുസ്തകങ്ങളും വ്യാഖ്യാനങ്ങളും വളരെ ഉണ്ടു്. ഞങ്ങളുടെ വിദ്വാന്മാർ അതുനോക്കി കുട്ടികളെ പഠിപ്പിക്കുന്നു. കൊടുങ്ങല്ലൂരിൽ തന്നെ ഞങ്ങൾ പണ്ടു് കുടിയേറിയിരിക്കുന്നു. യഹൂദരും, മിസ്രപാൾസി, അറബി മുതലായ കച്ചോടക്കാരും ഉണ്ടു്. ഞങ്ങൾക്കു കച്ചോടം തന്നെ വൃത്തി ആകുന്നു. അതിന്നു് കൊടുങ്ങല്ലൂർ രാജാവിന്നു കപ്പം കൊടുക്കുന്നു.’ എന്നിങ്ങനെ കേരള പഴമയിൽ കാണുന്നു. [4]
1501, കാബ്രാൾ യൂറോപ്പിലേക്കു തിരിച്ചുപോവാൻ ഒരുങ്ങിയിരിക്കവെ, സാമൂതിരിപ്പാട്ടിലെ ഒരു കപ്പൽകൂട്ടം തുറമുഖത്തിനെതിരെ വന്നുചേർന്നു. ആ അവസരത്തിൽ ശത്രുസൈന്യം അടുത്തുവന്നിരിക്കുന്നെന്നും, വേണ്ട സഹായം ചെയ്തുതരാൻ താൻ ഒരുക്കമാണെന്നും, പോർത്തുഗീസു കപ്പിത്താനെ അറിയിക്കാനായി കൊച്ചീരാജാവു് ആളയച്ചു. കാബ്രാൾ ആ കപ്പൽക്കൂട്ടത്തെ എതിർത്തു്, ഓടിച്ചുവെങ്കിലും, ഒരു വലിയ കൊടുങ്കാറ്റിളകിയതിനാൽ, തന്റെ കപ്പലിലുണ്ടായിരുന്ന കേളൻ, പറങ്ങോടൻ എന്ന രണ്ടു നായർ യുവാക്കളെ കരയ്ക്കിറക്കാൻ തരപ്പെടാതെ പോർത്തുഗലിലേക്കു തിരിച്ചു. ആ നായന്മാരായിരുന്നു യൂറോപ്പു സന്ദർശിച്ച ആദ്യത്തെ മലയാളികൾ. അവരിൽ പറങ്ങോടനു് ‘പുറത്തുകൽ’ രാജാവിന്റെ രാജധാനിയിൽ ഒരു പ്രഭുസ്ഥാനം ലഭിച്ചുവത്രേ.
പിന്നീടു് വന്നതു് ജോവാ ഡാ നോവാ എന്ന ഗാലീഷ്യൻ പ്രഭുവിനായിരുന്നു. അയാളും സാമൂതിരിക്കു കഴിയുന്നത്ര നാശം വരുത്താതിരുന്നില്ല. 1502-ൽ വാസ്കോഡിഗാമ, സാമൂതിരിയോടു പക വീട്ടാൻ ഒരുങ്ങിത്തന്നെയാണു് ഇങ്ങോട്ടു കപ്പൽ കയറിയതു്. അയാൾ ചെയ്ത ക്രൂര കൃത്യങ്ങൾ ശ്രോതാക്കളുടെ രക്തത്തെ ഘനീഭവിപ്പിക്കത്തക്കവണ്ണം ഭയങ്കരമായിരുന്നു. ഗാമ ഇത്തവണ കൊച്ചീരാജാവിനോടു്, ചില പുതിയ കരാറുകൾ ചെയ്യാൻ ആവശ്യപ്പെട്ടു.
(1) പോർത്തുഗീസുകാർക്കു് കുരുളമുളകു മുതലായ ചരക്കുകൾ എന്നും ഒരേ വിലയ്ക്കു കൊടുക്കണം.
(2) പണ്ടകശാല കെട്ടാൻ മറ്റാർക്കും അനുവാദം കൊടുക്കരുതു്.
അല്പം ആലോചിച്ചു മറുപടി പറയാമെന്നു് രാജാവു് അരുളിച്ചെയ്തപ്പോൾ, ഗാമയുടെ ഭാവം മാറി. അതു കണ്ടു് രാജാവു് ഭയപ്പെട്ടു് അയാൾ പറയുംപോലെ ഒക്കെ ചെയ്യാമെന്നു സമ്മതിച്ചുപോയി. കൊല്ലവുമായി ആദ്യം കച്ചവടം തുടങ്ങിയതും ഗാമയായിരുന്നു. അന്നത്തെ കൊല്ലംരാജ്ഞി ഗാമയെക്കാണാൻ ഒരു ദൂതനെ അയച്ചു. കൊച്ചീരാജാവിന്റെ സമ്മതം കൂടാതെ തനിക്കു് വരാൻ നിവൃത്തിയില്ലെന്നു് അയാൾ പറകയാൽ, രാജ്ഞി കൊച്ചീരാജാവിനു് എഴുതി അയച്ചു് സമ്മതം വാങ്ങിക്കൊടുത്തു.
ഇക്കാലത്തു് കൊച്ചീരാജാവും ഗാമയും ആയുണ്ടായ എഴുത്തുകുത്തുകളുടേയും സംഭാഷണങ്ങളുടേയും ചുരുക്കം കേരളപഴമയിൽ കൊടുത്തിട്ടുണ്ടു്. നായന്മാർ വിശ്വാസവഞ്ചന ചെയ്യാത്തവരാണെന്നു് പോർത്തുഗീസുകാരും ഡച്ചുകാരും പരന്ത്രീസുകാരും ഒക്കെ രേഖപ്പെടുത്തീട്ടുണ്ടെങ്കിലും, കൊച്ചീരാജാവു് ഗാമയോടു പറഞ്ഞിരിക്കുന്നതു് ഇങ്ങനെ ആണു്.
“നിങ്ങൾ എന്നെക്കുറിച്ചു സംശയിക്കുന്നതുകൊണ്ടു് ഞാൻ ഉണ്ടായിട്ടുള്ളതൊക്കെ വിട്ടു പറഞ്ഞില്ല. ഇപ്പോൾ പറയേണ്ടിയിരിക്കുന്നു. [5] സാമൂതിരി ഓരോരോ ബ്രാഹ്മണരെ അയച്ചു് പോർത്തുഗീസുകാർ ചതിയന്മാരാകകൊണ്ടു് അവരെ നിഗ്രഹിക്കണം എന്നു് ഉപദേശം അറിയിച്ചു. ഞാൻ വഴങ്ങായ്കയാൽ സാമൂതിരിയുടെ സ്നേഹമോ പോർത്തുഗലിന്റെ സ്നേഹമോ ഏതാണു വേണ്ടതെന്നു ചോദിച്ചതിനു് നയംകൊണ്ടു ചെയ്യാത്തതു് ഞാൻ ഭയം കൊണ്ടു ചെയ്കയില്ല എന്നുത്തരം പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ടു് നിങ്ങൾ പോയാൽ ഉടനെ സാമൂതിരി പടയോടുകൂടെ വന്നു് അതിക്രമിക്കും. ഇവിടെയുള്ള നായന്മാർ മാപ്പിളമാരോടു് കൈക്കൂലി വാങ്ങി മറുപക്ഷം നില്ക്കും എന്നു തോന്നുന്നു.”
നായന്മാർ കൈക്കൂലി വാങ്ങി മറുഭാഗം നില്ക്കുമെന്നു പറഞ്ഞതു്, പോർത്തുഗീസുകാരെക്കൊണ്ടു്, അവരെ ദ്രോഹിപ്പിക്കാൻതന്നെ ആയിരിക്കണം. കേരളത്തിലെ രാജാക്കന്മാർ വിദേശികളുടെ സഹായത്തോടുകൂടി രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനും രക്ഷയ്ക്കും ഉതകുന്നവരായ നായന്മാരെ നശിപ്പിക്കാൻ കാപ്പുകെട്ടി ഇറങ്ങിയ കാലം മുതൽക്കു് സ്വാതന്ത്ര്യം എന്നതു് പച്ച മരുന്നോ അങ്ങാടിമരുന്നോ എന്നു് തിരിച്ചറിഞ്ഞിട്ടില്ല. സാമൂതിരിയുടെ ശക്തി നശിപ്പിച്ചതും കേരളത്തിനു പിൽക്കാലത്തു ദോഷഹേതുകമായി ഭവിച്ചുവെന്നു് ഇനിയുള്ള ചരിത്രം കൊണ്ടു വ്യക്തമാകും. ഗാമയുടെ മൂക്കു് അല്പം വിറച്ച മാത്രയിൽ രാജ്യംപോലും തീറെഴുതിക്കാടുക്കാമെന്നു സമ്മതിച്ച രാജാവാണു്, ‘നയം കൊണ്ടു ചെയ്യാത്തതു് ഭയം കൊണ്ടു ചെയ്കയില്ല’ എന്നു പറഞ്ഞതു്. നായന്മാർ കൈക്കൂലി വാങ്ങി മറുഭാഗത്തു ചേർന്നുകളയും പോലും. [6] അവരെപ്പറ്റി പാശ്ചാത്യന്മാർ പറഞ്ഞിരിക്കന്നതു് എന്താണെന്നു നോക്കുക.
9-ാം ശതകത്തിൽ രണ്ടു മഹമ്മദീയ സഞ്ചാരികൾ എഴുതിയിരുന്നതിനെ റേനാട്ടു് എന്നയാൾ തർജ്ജമചെയ്തു് ലണ്ടനിൽ പ്രസിദ്ധീകരിച്ചിരുന്നതു് ഇങ്ങനെയാണു്.
“രാജാക്കന്മാരുടെ സിംഹാസനാരോഹണസമയത്തു് താഴെ പറയുംപ്രകാരം ഒരു ചടങ്ങു് അനുഷ്ഠിക്കാറുണ്ടു്. കുറേ ചോറു് രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നുവെയ്ക്കും. അദ്ദേഹം അല്പം ഭക്ഷിച്ചതിനു ശേഷം മുന്നൂറോ നാനൂറോ ആളുകൾ സ്വേച്ഛയാ അദ്ദേഹത്തിന്റെ കൈയിൽനിന്നു് ഓരോ ഉരുളച്ചോറു വാങ്ങി ഭക്ഷിക്കും. ഇങ്ങനെ ഭക്ഷിക്കുന്നതിനോടുകൂടി അവർ രാജാവു നാടുനീങ്ങുകയോ വധിക്കപ്പെടുകയോ ചെയ്യുന്ന സമയത്തു് അഗ്നിപ്രവേശം ചെയ്യുന്നതിനു് കടപ്പെട്ടവരായിത്തീരുകയും, അതിനെ നിഷ്ഠയോടുകൂടി അനുഷ്ഠിക്കുകയും ചെയ്യുന്നു.” ഈ കൂട്ടരെ ചാവർ എന്നാണു് വിളിച്ചുവന്നതു്.
പർച്ചാസ്, ബാർബോസാ എന്നീ പാശ്ചാത്യരും ഇങ്ങനെ തന്നെയാണു് പറഞ്ഞിട്ടുള്ളതും.
പർച്ചാസ് പറഞ്ഞിരിക്കുന്നതു നോക്കുക:
‘അമോച്ചി എന്നും നായറി എന്നും പേർ പറയുന്നതായ ഒട്ടു വളരെ പ്രമാണികൾ കൊച്ചീരാജാവിന്റെ കീഴിൽ ഉണ്ടു്. അവർ രാജാവിന്റെ മാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സ്വജീവനെപ്പോലും ബലി കഴിക്കാൻ സന്നദ്ധരാകുന്നു.’ ഇങ്ങനെ തങ്ങളുടെ ജീവനെ രാജാവിനു വേണ്ടി ബലി കഴിച്ചു വന്നതിനുള്ള പ്രതിഫലമായിരിക്കാം ഈ അപവാദം.
ഇവിടെ കൊച്ചീരാജാവു് പറഞ്ഞിരിക്കുന്നതിൽ അല്പം വാസ്തവമുണ്ടു്. നായന്മാർ മാപ്പിളമാർക്കു് അനുകൂലമായിരുന്നു. പക്ഷെ കൈക്കൂലി വാങ്ങിയതു നിമിത്തം ആ വശത്തോടു ചാഞ്ഞതാണെന്നു പറഞ്ഞിരിക്കുന്നതേ പിശകായിട്ടുള്ളു. ഇത്രയും കാലംകൊണ്ടു് മാപ്പിളമാർ കേരളീയരായിത്തീർന്നു കഴിഞ്ഞിരുന്ന സ്ഥിതിക്കു്, അവരെ ദ്രോഹിച്ചിട്ടു്, പോർത്തുഗീസുകാരെ സഹായിക്കാനുള്ള ശ്രമത്തെ അവർ തടയാൻ നോക്കിയതു് ആക്ഷേപാർഹമാണോ? [7] ഇങ്ങനെ ഒരു സംഭവം ആറ്റുങ്ങൽ വെച്ചും ഉണ്ടായിട്ടുണ്ടു്. അതിനെ വഴിയെ വിവരിക്കാം.
കാബ്രാളിന്റെ അടുക്കൽ എന്നപോലെ, ചില നസ്രാണികൾ വാസ്കോഡിഗാമയുടെ അടുക്കലും ചെന്നിരുന്നു. പക്ഷേ, ഇവരുടെ വരവു് ഒരു പുതിയ ചരക്കുംകൊണ്ടായിരുന്നുവെന്നേയുള്ളു.
“ഞങ്ങൾ ഒക്കെ അവിടുത്തെ വരവിനെ പ്രതീക്ഷിച്ചു സന്തോഷിച്ചിരിക്കയായിരുന്നു. പണ്ടു് ഞങ്ങളുടെ വംശത്തിലെ ഒരു രാജാവു് ഈ രാജ്യത്തുണ്ടായിരുന്നു. അദ്ദേഹത്തിനു് പണ്ടത്തെ പെരുമാക്കന്മാർ നൽകിയ ചെങ്കോലും രാജപട്ടവും ഞങ്ങൾ ഇതാ അവിടുത്തേയ്ക്കു കാഴ്ചവെയ്ക്കുന്നു. ഞങ്ങൾ മുപ്പതിനായിരം പേരോളം യോജിച്ചു് പുറത്തുകാലിന്റെ മേൽക്കോയ്മയെ സ്വീകരിച്ചിരിക്കുന്നു. അവിടുത്തെ നാമം ചൊല്ലിയല്ലാതെ ഇനിയൊരു കുറ്റക്കാരനേയും ഞങ്ങൾ വധിക്കയില്ല.… ഞങ്ങളുടെ വാസസ്ഥലത്തിനു സമീപം ഒരു കോട്ട കെട്ടുന്നപക്ഷം ഈ അവിശ്വാസികളുടെ രാജ്യം മുഴുവനും അവിടുത്തേയ്ക്കു കരസ്ഥമാകും.”
വാസ്കോഡിഗാമ അവരുടെ അപേക്ഷയെ കൈക്കൊള്ളാതെ “നിങ്ങൾ ഭയപ്പെട്ടിട്ടാവശ്യമില്ല. ദൈവം നല്ലതു വരുത്തും” [8] എന്നൊക്കെ അനുഗ്രഹിച്ചയച്ചതേ ഉള്ളു.
ഗാമ പോയതിനു ശേഷം സാമൂതിരി കൊച്ചിയെ ആക്രമിക്കാൻ വട്ടംകൂടി. പോർത്തുഗീസുകാരെ വിട്ടുകൊടുക്കാത്തപക്ഷം യുദ്ധത്തിനു തയ്യാറായിക്കൊള്ളണമെന്നു് ഒരു സന്ദേശം അദ്ദേഹം കൊച്ചീരാജാവിനു് അയച്ചു. കൊച്ചീരാജാവു് അതിനെ വകവെച്ചതേ ഇല്ല. സാമൂതിരി ഉടൻതന്നെ സൈന്യസമേതം പുറപ്പെട്ടു. ജാസ്പർ കൊറിയ എഴുതിയിരുന്ന വിവരണത്തിൽനിന്നും ഈ യുദ്ധത്തെപ്പറ്റി ചില വിവരങ്ങൾ ഗ്രഹിക്കാം. യുദ്ധം തുടങ്ങിയതു് മങ്ങാട്ടു കൈയ്മൾ അഥവാ ആലങ്ങാട്ടു രാജാവിന്റെ രാജ്യത്തുവെച്ചായിരുന്നു എന്നും, കൊച്ചീരാജാവിനോടുകൂടി നാല്പതിനായിരവും സാമൂതിരിയോടുകൂടി അറുപതിനായിരവും നായന്മാർവീതം ഉണ്ടായിരുന്നെന്നും ആ യുദ്ധത്തിൽ കൊച്ചിക്കുതന്നെ വിജയം ലഭിച്ചുവെന്നും ആണു് ഈ പാശ്ചാത്യൻ രേഖപ്പെടുത്തിയിരിക്കുന്നതു്.
സാമൂതിരി ഇതുകൊണ്ടു ഭഗ്നാശയനാകാതെ വീണ്ടും ആക്രമിച്ചു. അദ്ദേഹം ഒരു ബ്രാഹ്മണനെക്കൊണ്ടു് കൊച്ചീരാരജാവിന്റെ കോശാധികാരിയെ വശപ്പെടുത്തി. തന്നിമിത്തം പിന്നീടു യുദ്ധത്തിൽ കൊച്ചിയിലെ ‘മരുമഹൻ’ തമ്പുരാനും മറ്റു രണ്ടു ചെറിയ തമ്പുരാക്കന്മാരും ‘മരണം’ പ്രാപിച്ചുവത്രെ. ഇങ്ങനെ സാമൂതിരിക്കു ജയം സിദ്ധിച്ചു. കൊച്ചിക്കു ‘നിനക്കള്ളി’ ഇല്ലാതെയായി. കൊച്ചി കോവിലകവും നഗരവും സാമൂതിരി ചുട്ടുപൊടിച്ചു. എന്നാൽ വർഷാരംഭമായതിനാൽ തല്ക്കാലം യുദ്ധം നിറുത്തിവെയ്ക്കേണ്ടി വന്നു. ഈ അവസരത്തിലാണു് ആൽബുക്കർക്കു് ആറു കപ്പലുകളോടുകൂടി കൊച്ചിയിൽ വന്നടുത്തതു്. തമ്പുരാൻ അവരെ യഥോചിതം സല്ക്കരിച്ചു. പുറത്തുകാലിന്റെ സഹായത്തോടുകൂടി, സാമൂതിരിയുടെ മിത്രമായിരുന്ന കൊച്ചി ചെറുവെയ്പിൽ കയ്മൾ എന്ന പ്രഭുവിനെ നശിപ്പിച്ചിട്ടു്, ആ ദേശം മുഴുവനും കൊള്ളയടിച്ചു. സാമൂതിരിയ്ക്കു തോൽവി പറ്റിത്തുടങ്ങി. ഒടുവിൽ അദ്ദേഹത്തിനു് കൊച്ചീരാജാവുമായി ഉടമ്പടി ചെയ്യേണ്ടതായി വന്നു.
പിന്നീടു് ആൽബുക്കർക്കു തിരിഞ്ഞതു് എടപ്പള്ളിരാജാവിന്റെ നേർക്കായിരുന്നു. ഈ രാജാവും സാമൂതിരിയുടെ സഹായിയായിരുന്നുവത്രേ. എടപ്പള്ളിയുമായുള്ള യുദ്ധത്തിലും പുറത്തുകാലിന്നുതന്നേ വിജയം ലഭിച്ചു. ഈ സഹായങ്ങളുടെ ഒക്കെ ഫലമായി പോർത്തുഗീസുകാർക്കു കൊച്ചിയിൽ ഒരു കോട്ട കെട്ടാൻ അനുവാദം കിട്ടി. പാശ്ചാത്യർ ഭാരതഭൂമിയിൽ കെട്ടിച്ച ആദ്യത്തെ കോട്ട ഇതായിരുന്നു.
പിന്നെയും സാമൂതിരി യുദ്ധോദ്യമങ്ങൾ നിറുത്തിയില്ല. എന്നാൽ ഒരു യുദ്ധത്തിലും അദ്ദേഹത്തിനു വിജയം ലഭിക്കാതെ ആയി. 1513-ൽ കൊച്ചീരാജാവു് പോർത്തുഗീസു രാജാവിന്നു് അയച്ച ഒരു കത്തിൽ ഇപ്രകാരം എഴുതിക്കാണുന്നു. അടുത്ത വർഷത്തിൽ (1504-ൽ) സാമൂതിരി നമ്മുടെ രാജ്യം വീണ്ടും ആക്രമിച്ചു. എന്നാൽ നാം നമ്മുടെ ബന്ധുക്കളോടും പ്രജകളോടുംകൂടി, അവിടുത്തെ സഹായത്താൽ, ആ രാജാവിനെ എതിർത്തു തോല്പിച്ചു. ഇനി മേലാൽ നമ്മോടു് യുദ്ധത്തിനു പുറപ്പെടാൻ ഒരിക്കലും ധൈര്യപ്പെടാത്തവിധത്തിൽ, മാനഹാനിയോടും പരാജയത്തോടും കൂടി അദ്ദേഹം സ്വരാജ്യത്തിലേക്കു മടങ്ങി.”
കൊച്ചീരാജാവു് ഇക്കാലത്തിനിടയ്ക്കു് വിദേശീയശക്തിയ്ക്കു് എത്രത്തോളം അടിമപ്പെട്ടുവെന്നു് കേരളപഴമയിൽ പറഞ്ഞിരിക്കുന്ന ഒരു സംഭവത്തിൽനിന്നു് അറിയാം.
എടപ്പള്ളി രാജാവുമായുള്ള യുദ്ധത്തിനിടയ്ക്കു് ഏതാനും നായന്മാർ കടവു കടക്കാൻ ശ്രമിക്കവേ അവിടെ ജോലിചെയ്തു കൊണ്ടിരുന്ന പുലയർ അവരെ എതിർത്തുവത്രെ. പച്ചീക്കൊ ഈ വിവരം അറിഞ്ഞു. “ഇവർ ഇപ്പോൾ നായന്മാരായിപ്പോയി എന്നു വിളിച്ചുപറഞ്ഞു. അതു കേട്ടപ്പോൾ അവിടെ നിന്നിരുന്ന കണ്ടങ്കോരു എന്ന മന്ത്രി, പുലയനെ നായരാക്കാൻ രാജാവിനുപോലും സാധിക്കയില്ല” എന്നു പറഞ്ഞു. പച്ചീക്കോവിനു കോപം വന്നു. അവരെ ഒക്കെ നായന്മാരാക്കണമെന്നു് അയാൾ രാജാവിനോടു നിർബന്ധിച്ചു. “മറ്റേതു രാജാവെങ്കിലും ഹീനജാതിക്കാർക്കു് ആഭിജാത്യം വരുത്തിയാൽ ഞാനും അങ്ങനെ ചെയ്യാം. അല്ലാതെ ഞാൻ തനിച്ചു് അപ്രകാരം പ്രവർത്തിച്ചാൽ നായന്മാർ എന്നെ കൊല്ലും” എന്നു രാജാവു് അരുളിച്ചെയ്തുപോലും. എന്നിട്ടും പച്ചീക്കൊ അടങ്ങിയില്ല. ഒടുവിൽ രാജാവു് ഗത്യന്തരമില്ലാതെ, “അവർക്കു് ആയുധം ധരിച്ചു നടപ്പാനും, തലപ്പണം കൊടുക്കാതിരിപ്പാനും, നായന്മാർ സഞ്ചരിക്കുന്ന വഴികളിൽക്കൂടി നടപ്പാനും കല്പന കൊടുത്തുവത്രെ.” ഈ രാജാവു്, പുലയർ തുടങ്ങിയ സാധുക്കൾക്കു് എല്ലാ വഴികളിലും കൂടി സഞ്ചരിക്കുന്നതിനു സ്വയമേവ അനുവാദം നല്കിയിരുന്നെങ്കിൽ, അദ്ദേഹത്തിനെ സർവജനങ്ങളും വാഴ്ത്തുമായിരുന്നു. എന്നാൽ ഈ പ്രവൃത്തികൊണ്ടു് അദ്ദേഹം പോർത്തുഗീസുകാർക്കു് താൻ എത്രത്തോളം കീഴടങ്ങിക്കഴിഞ്ഞുവെന്നു് വെളിപ്പെടുത്തുകയാണു് ചെയ്തതു്. പച്ചീക്കോ പോർത്തുഗലിലേക്കു പോകാൻ ഭാവിച്ചപ്പോൾ തമ്പുരാൻ പറഞ്ഞ വാക്കുകൾ ഇതിലും കൌതുകാവഹമായിരിക്കുന്നു.
“താങ്കൾക്കു ഞാൻ എന്തു പ്രത്യുപകാരം ചെയ്യേണ്ടു. എന്റെ ദാരിദ്ര്യം അങ്ങേയ്ക്കു് അറിയാമല്ലോ. ഞാൻ പോർത്തുഗലിന്റെ ആശ്രിതനാണു്; അവിടുത്തെ അന്നം ഭക്ഷിക്കുന്നു. മനസ്സിൽ ഒരു ആഗ്രഹമേയുള്ളു. അതിനെ വെളിക്കു പറവാൻ മടിയുമുണ്ടു്. അങ്ങു് ഇവിടെത്തന്നെ ഇരുന്നാൽ കൊള്ളാം.”
സാമൂതിരിയുടെ സാമന്തനായിരിക്കാൻ ലജ്ജിച്ച രാജാവു് ഖണ്ഡുരാജ്യാധിപതികളേയും നായർപ്രഭുക്കന്മാരേയും നശിപ്പിച്ചിട്ടു് പോർത്തുഗലിന്റെ അന്നം ഭക്ഷിച്ചു ജീവിക്കുന്നതായി അഭിമാനിക്കുന്നതു നോക്കുക. ഇൻഡ്യാക്കാരുടെ അനൈകമത്യവും ദുരഭിമാനവും ആണു് അവരുടെ പാരതന്ത്ര്യത്തിനു് ഹേതുകമായിത്തീർന്നതെന്നു് ഇതിനിടയ്ക്കു് എല്ലാവരും ഗ്രഹിച്ചിട്ടുള്ള സംഗതിയാണല്ലോ.
പോർത്തുഗീസുകാരുടെ അടുത്ത ശ്രമം ഭാരതഖണ്ഡത്തെ, അല്പാല്പമായി അടക്കി, തങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കാനായിരുന്നു. വാസ്കോഡിഗാമ ഈ വിഷയത്തിൽ പുറത്തുകാൽ രാജാവിനെ നിർബന്ധിച്ചതിന്റെ ഫലമായി, അദ്ദേഹം സുവാറസ്സു് എന്ന കപ്പിത്താനെ ഒരു വലിയ സൈന്യത്തോടു കൂടി അയച്ചു. അയാൾ വന്നയുടനെ ചെയ്തതു്, കോഴിക്കോട്ടു നഗരത്തെ തീ വെച്ചു ചുടുക എന്ന സൽകൃത്യമായിരുന്നു.
“അന്നു രാത്രിയിലുണ്ടായ സങ്കടം പറഞ്ഞുകൂട. നസ്രാണികൾ വീടുകളിൽനിന്നു് ഓടിവന്നു് ഈശോ മിശിഹാ നാമത്തെ വിളിച്ചു് പ്രാണങ്ങളേയും കുഞ്ഞുകുട്ടികളേയും പള്ളികളേയും രക്ഷിക്കേണമേ! കാബ്രാളും ഗാമയും ഞങ്ങൾക്കു് അഭയം തന്നുവല്ലോ” എന്നിങ്ങനെ മുറയിട്ടപ്പോൾ, പോർത്തുഗീസുകാർ നായന്മാരെ പട്ടണത്തിൽ നിന്നു് ഓടിച്ചിട്ടു് സുറിയാനികളുടെ അങ്ങാടിയേയും പള്ളികളേയും തീ കെടുത്തിരക്ഷിപ്പാൻ നോക്കി. ഒടുവിൽ അയാൾ മാപ്പിളമാർക്കും ജൂതന്മാർക്കുമുള്ള വസ്തുക്കളെ ഒക്കെയും കുത്തിക്കവർന്നെടുത്തിട്ടു്, മഹാഘോഷത്തോടുകൂടി കൊച്ചിയിലേക്കു മടങ്ങിപ്പോകയും ചെയ്തു. അന്നു മുതൽ ജൂതന്മാർ തങ്ങളുടെ ജന്മഭൂമിയെ വിട്ടു് അടുക്കെയുള്ള ഊരുകളിൽ പോയി പാർത്തു് ‘ജറുസലേം നഗരനാശം പോലെ ഒരു കലാപം’ എന്നു മുറയിട്ടു. വല്ലവർ കൊടുല്ലൂരിൽ വന്നു കൂലിപ്പണി ചെയ്താലും അവിടെനിന്നു ഊണു കഴിക്കാതെ പുഴയുടെ അക്കരെ പോയിത്തന്നെ ഉണ്ണും. മരിച്ചാൽ അഞ്ചു വർണ്ണമെന്ന ജന്മഭൂമിയിൽനിന്നു് ഒരുപിടി മണ്ണു് എങ്കിലും കുഴിയിലിട്ടുവേണം മൂടുവാൻ എന്നു കേട്ടിരിക്കുന്നു. [9]
ഇനിയുള്ള ചരിത്രത്തെപ്പറ്റി അധികമായി ഒന്നും പറയാനില്ല. കൊച്ചീരാജാവു് പോർത്തുഗീസുകാരുടെ പിടിയിൽ ആയി. അവർ തങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കുന്നതിനു് ഉതകുന്ന എല്ലാ പ്രവൃത്തികളും മുറയ്ക്കു തുടങ്ങി. കിട്ടുന്നവരെയൊക്കെ ബലം പ്രയോഗിച്ചും അല്ലാതെയും ക്രിസ്തുമതത്തിൽ ചേർക്കാൻ അവർ തീർച്ചപ്പെടുത്തി. കോട്ടയ്ക്കുള്ളിൽ ക്രിസ്ത്യേതരന്മാർ കടന്നാൽ തല കൊയ്തുകളയുമെന്നൊരു വ്യവസ്ഥയും ചെയ്തു. ആ വ്യവസ്ഥ ചെയ്തതു് അൽബുക്കർക്കാകുന്നു. ഏതൽഫലമായി നാനൂറില്പരം ആളുകൾ ക്രിസ്ത്യാനിമാർഗ്ഗം സ്വീകരിക്കേണ്ടതായി വന്നു. അവർ അല്പകാലത്തിനുള്ളിൽ കേരളത്തിൽ വരുത്തിവച്ച നാശങ്ങളെ ആർക്കും വർണ്ണിക്കാവുന്നതല്ല. ആൽബുക്കർക്കിന്റെ ഉദ്ദേശ്യം ഏതാണ്ടു ഫലിച്ചപ്പോൾ, തലസ്ഥാനം ഗോവയിലേക്കു മാറ്റാൻ അദ്ദേഹം നിശ്ചയിച്ചു. ഇതു് കൊച്ചിരാജാവിനു രസിച്ചില്ല എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. 1513 ഡിസംബർ 11-നു കൊച്ചീരാജാവു് പോർത്തുഗൽ രാജാവിനു് അയച്ച കത്തു് അദ്ദേഹത്തിന്റെ താല്ക്കാലികസ്ഥിതിയെ നല്ലപോലെ വെളിപ്പെടുത്തുന്നു.
“ഇന്ത്യയിലെ പ്രധാന രാജാവായി നമ്മെ വാഴിക്കാമെന്നുള്ള കരാറോടുകൂടി അടുത്തല്ലോ അവിടുന്നു് ഒരു സ്വർണ്ണക്കിരീടം അയച്ചുതന്നതു്… അവിടുത്തെ പ്രതിനിധിയായ ഗവർണ്ണർ നമ്മെ ഇന്ത്യയിലെ പ്രധാന രാജാവാക്കിത്തരാമെന്നും നമ്മുടെ നേരെ വരുന്ന ശത്രുക്കളെ ഹനിക്കുന്ന വിഷയിൽ നമുക്കു പിന്തുണയായി നില്ക്കുമെന്നും… പള്ളിയിൽ വെച്ചു സത്യം ചെയ്തു. എന്നാൽ ഇപ്പോൾ ഡാംഗാർഷ്യാ മക്കത്തേക്കു പോകുന്ന കോഴിക്കോട്ടുകാരുടെ കച്ചവടക്കാർക്കു രഹദാരി കൊടുത്തിരിക്കുന്നു. [10]
“വിവിധജാതിമതക്കാർക്കു വലിയ സ്ഥാനമാനങ്ങളും, ഭൂസ്വത്തുക്കളും, ദേവാലയങ്ങൾ നിർമ്മിച്ചു് സ്വസ്വധർമ്മത്തെ യഥാവിധി അനുഷ്ഠിച്ചുകൊള്ളുന്നതിനു് അനുവാദവും നല്കിയ പെരുമാക്കന്മാരുടെ രാജ്യത്തു്, അന്നാട്ടുകാർക്കു മതം മാറാതെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ നിവൃത്തിയില്ലാതായി. കൊച്ചീ രാജാവിനു് അണിയാനുള്ള മകുടം പോർത്തുഗലിൽനിന്നു വരേണ്ടിവന്നു. ഈ വിഷയത്തിൽ പോർത്തുഗീസുകാരെ അധിക്ഷേപിക്കാനില്ല. അവർ തങ്ങളുടെ ധർമ്മത്തെ പ്രചരിപ്പിക്കുന്നതിനും, രാജ്യത്തിന്റെയും, രാജാവിന്റെയും ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നതിനും വേണ്ടി, അവരാൽ കഴിയുന്നതൊക്കെ ചെയ്തു. അന്നത്തെ കൊച്ചീരാജാക്കന്മാരാകട്ടെ, സ്വജനത്തെ ദ്വേഷിച്ചും പരധർമ്മത്തേയും പരദേശികളേയും നന്നാക്കാനാണു് ഒരുങ്ങിയതു്. രാജാവും പ്രജകളും ക്രിസ്തുമതത്തെ അവലംബിച്ചിരുന്നുവെങ്കിൽ ഈ അവമാനമെങ്കിലും വരുത്താതെ കഴിച്ചുകൂട്ടാമായിരുന്നു. കൊച്ചീരാജാവിനെ ക്രിസ്ത്യാനിമാർഗ്ഗത്തിൽ ചേർക്കാൻ കഴിയുന്നത്ര ശ്രമിക്കണമെന്നുള്ള ആജ്ഞ പോർത്തുഗൽ രാജാവു് ആൽബുക്കർക്കിനു നൽകീട്ടുമുണ്ടായിരുന്നു. അയാൾ ഡ്യൂവാർട്ടി ബാർബോസാവഴിക്കു് ഈ കാര്യത്തെപ്പറ്റി തമ്പുരാനുമായി സംസാരിക്കാതിരുന്നുമില്ല. പക്ഷേ ഉദ്ദേശ്യം ഫലിച്ചില്ലെന്നേ ഉള്ളു. രാജാവു മതഭ്രഷ്ടനായി, കൃസ്ത്യൻമാർഗ്ഗത്തെ സ്വീകരിച്ചുവെങ്കിൽ രാജാസ്ഥാനം വഹിക്കാൻ നായന്മാർ അദ്ദേഹത്തിനെ അനുവദിക്കുന്നതല്ലായിരുന്നു. അവരുടെമേൽ രാജാവിനുണ്ടായിരുന്ന അധികാരം അതോടുകൂടി അവസാനിക്കും. അതുകൊണ്ടു് ഇത്ര പ്രാധാന്യമേറിയ ഒരു സംഗതി തീർച്ചയാക്കേണ്ടതു് വളരെ ആലോചിച്ചിട്ടു വേണ്ടതാണെന്നു് തമ്പുരാൻ അരുളിച്ചെയ്തതുകേട്ടു് ആൽബുക്കർക്കു തൃപ്തിപ്പെട്ടു [11] വെറുതെയാണോ പോർത്തുഗീസുകാർക്കു രാജാവിനോടും നായന്മാരോടും വിരോധം തോന്നിയതു്. പോർത്തുഗീസുകാരുടെ അക്രമങ്ങളും മതപരിവർത്തനനയവും നമ്പൂതിരിമാരെയും വല്ലാതെ പരിഭ്രമിപ്പിച്ചു. ഹൂണന്മാരായ പോർത്തുഗീസുകാർക്കു് അഭയം കൊടുത്ത രാജ്യത്തിനു് ഒരുകാലത്തും ഗുണം വന്നുകൂടെന്നും സാമൂതിരി ജയിച്ചാൽ ഈ ഹൂണന്മാർ നാടുവിട്ടുപോകുമെന്നും പ്രധാനികളായ ചില നമ്പൂതിരിമാർ കൊച്ചീതമ്പുരാന്റെ ആളുകളെ ദുഷ്പ്രേരണ ചെയ്തു തിരിച്ചു സാമൂതിരിയുടെ പക്ഷത്തിലേക്കാക്കി. പിന്നെ ശേഷിച്ചവരെ തോല്പിക്കാൻ സാമൂതിരിക്കു പ്രയാസം ഉണ്ടായില്ല.
ഇതിനിടയ്ക്കു് പോർത്തുഗീസുകാർ ചെയ്തിട്ടുള്ള കടുംകൈകൾക്കു് അവസാനമില്ല. കൊച്ചീരാജാവിന്റെ സ്ഥിതി മി. പത്മനാഭമേനോൻ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
“കൊച്ചീത്തമ്പുരാനുമായി അടുത്തു മുമ്പിൽ ഇരുന്ന ഗവർണ്ണറന്മാർ നീരസമായിട്ടാണു കഴിഞ്ഞുവന്നതു്. ഡക്കൂഞ്ഞ ഗവർണ്ണരായി കൊച്ചിയിൽ എത്തിയപ്പോൾ, തമ്പുരാനെ പുറത്തിറങ്ങി സ്വതന്ത്രമായി സഞ്ചരിക്കാൻ കൂടി തരമില്ലാത്ത വിധത്തിൽ കോവിലകത്തിനകത്തു് ഇരുത്തിയിരിക്കയായിരുന്നു. അവിടുത്തെനേരെ അനേകം അനീതിയും അക്രമവും പ്രവർത്തിച്ചിരുന്നു. പോർത്തുഗീസുകാരുമായ് സഖ്യത്തിൽ ഇരുന്നിരുന്ന മറ്റു രാജാക്കന്മാരെയും ഉപദ്രവിക്കുന്നതിനു് അശേഷം കുറവില്ലായിരുന്നു.”
1542 മുതൽ 1547-വരെ ഗവർണ്ണരായിരുന്ന മാർട്ടി ആൽഫാൺസോ ഡിസൂസ ദേവാലയങ്ങളെ കൊള്ളയടിക്കാൻ സമർത്ഥൻ എന്ന പേരു സമ്പാദിച്ചിരുന്ന ഒരു മാന്യനായിരുന്നത്രെ. അയാൾ കാഞ്ചീപുരത്തെ ക്ഷേത്രം കോള്ളയടിക്കാൻ ഭാവിച്ചെങ്കിലും, വിജയനഗരം രാജാവിന്റെ സാമർത്ഥ്യത്താൽ അതിനു സാധിച്ചില്ല. അതുകൊണ്ടു് അയാൾ നേരെ കായംകുളത്തേക്കു തിരിച്ചു. തേവലക്കരക്ഷേത്രത്തിൽ ഒട്ടു വളരെ ധനം കെട്ടിയിരിപ്പുണ്ടെന്നു മനസ്സിലാക്കിക്കൊണ്ടു് അയാൾ, ക്ഷേത്രാധികാരികളും കാവൽച്ചങ്ങാതവും ഇല്ലാത്ത തക്കം നോക്കി ആ ദേവാലയത്തെ കൊള്ളയിട്ടു. ഇങ്ങനെ ഈ ഗവർണ്ണരുടെ അക്രമങ്ങൾ ദുസ്സഹമായിത്തീർന്നപ്പോൾ, ജനങ്ങൾ ഒത്തുചേർന്നു് അയാളെ ഉപദ്രവിച്ചുതുടങ്ങുകയും, ഒടുവിൽ ഇവിടെ കഴിച്ചുകൂട്ടാൻ നിവൃത്തിയില്ലാതെ, ഉദ്യോഗം രാജി വെച്ചിട്ടു് സ്വരാജ്യത്തേക്കു പോവുകയും ചെയ്തു.
പോർത്തുഗീസുകാർക്കു് മിത്രാമിത്രഭേദമൊന്നുമില്ലായിരുന്നു. 1549-ൽ അവർ കൊച്ചീത്തമ്പുരാന്റെ സ്വന്തമായ പള്ളുരുത്തിക്ഷേത്രം ഫ്രാൻസിസ് ഡി സിൽവയുടെ നേതൃത്വത്തിൽ കവർച്ചചെയ്യാൻ ഒരുമ്പെട്ടു. വിശ്വാസവഞ്ചകികളായ നായന്മാരുടെ സഹായമില്ലായിരുന്നെങ്കിൽ ആ ക്ഷേത്രത്തിൽ ഒരു കാശിന്റെ വകപോലും ബാക്കി കാണുമായിരുന്നില്ല. ഈ സംഭവത്തിനുശേഷം പുറത്തുകാലിനും കൊച്ചിക്കും തമ്മിൽ ഈർഷ്യ വർദ്ധിച്ചുവന്നുവത്രെ.
1583-ൽ ഡാം ഫ്രാൻസിസ്ക്കോ മാസ്ക്കേൺഹാസ് എന്ന ഗവർണ്ണർ കൊച്ചീ രാജാവിനെ നിർബന്ധിച്ചു് ആ രാജ്യത്തെ ചുങ്കം മുഴുവനും പോർട്ടുഗീസുകാർക്കു് ഒഴിഞ്ഞെഴുതിക്കൊടുപ്പിച്ചു. എന്നാൽ നാട്ടുകാർ ക്ഷോഭിച്ചു്, ജീവൻ കളഞ്ഞും തങ്ങളുടെ അവകാശങ്ങളെ സ്ഥാപിക്കണമെന്നു തീർച്ചപ്പെടുത്തിയതിനാൽ പോർത്തുഗീസുകാരുടെ ശ്രമം ഫലിച്ചില്ലെന്നേയുള്ളു.
9.2 നസ്രാണികളും പോർത്തുഗീസുകാരും
‘ക്രിസ്ത്യാനികൾ എന്ന നിലയിൽ ഈ രണ്ടുകൂട്ടർക്കുംതമ്മിൽ സ്നേഹബന്ധമുണ്ടായിരുന്നെങ്കിലും, നസ്രാണികളുടെ ഇടയ്ക്കും ഭിന്നിപ്പിനു് പോർത്തുഗീസുകാർ ഇടവരുത്തി. 1599 ജനുവരി മാസം അലക്സിസ് ഡി മെനസ്സസ് എന്ന ഗോവയിലെ ആർച്ചുബിഷപ്പ് കൊച്ചിയിൽ വന്നു. അദ്ദേഹത്തിനു് രണ്ടുദ്ദേശ്യങ്ങളാണുണ്ടായിരുന്നതു്. 1. കോട്ടയ്ക്കലെ മഹമ്മദീയക്കോട്ട പിടിച്ചടക്കുക. 2. നസ്രാണികളെ റോമിലേക്കു വശപ്പെടുത്തുക. ഇവയിൽ ആദ്യത്തെ ഉദ്ദേശ്യത്തിന്റെ സാഫല്യത്തിനുവേണ്ടി അദ്ദേഹം കൊച്ചീക്കോട്ടയിലെ ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി, ഒരു സൈന്യവിഭാഗം കോട്ടയ്ക്കലേയ്ക്കു് അയയ്ക്കാൻ ഏർപ്പാടുചെയ്തു.
അനന്തരം സുറിയാനിക്രിസ്ത്യാനികളുടെ മേലദ്ധ്യക്ഷനായ ആർച്ചു ഡീക്കനെ തനിക്കു വശപ്പെടുത്തിത്തരണമെന്നു് അദ്ദേഹം കൊച്ചീരാജാവിനോടു് അപേക്ഷിച്ചു. അതിനും പുറമേ അദ്ദേഹംതന്നെ പള്ളിതോറും നടന്നു പ്രസംഗങ്ങൾ നടത്തി. “അങ്ങനെ പള്ളികൾ സന്ദർശിച്ചുനടക്കുന്ന കൂട്ടത്തിൽ മുളന്തുരുത്തിൽനിന്നു് ഉദയമ്പേരൂർ ചെന്നു്, അവിടെവച്ചു് ആദ്യമായി കത്തനാരന്മാർക്കു് പട്ടം കൊടുക്കാൻ നിശ്ചയിച്ചു. ഈ സഞ്ചാരത്തിൽ ആർച്ചുബിഷപ്പിനു ചില അസഹ്യതകൾ നേരിടുകയുണ്ടായി. കൊച്ചീത്തമ്പുരാന്റെ മന്ത്രിയോടു് അവിടെ ചെല്ലാൻ മുൻകൂട്ടി ഏർപ്പാടു ചെയ്തിരുന്നു. അദ്ദേഹവും ആർച്ചുബിഷപ്പും തമ്മിൽ പള്ളിയുടെ പൂമുഖത്തുവച്ചു് കൂടിക്കാഴ്ചയുണ്ടായി. ഉദയമ്പേരൂരെ കാര്യക്കാരു തന്റെ ശ്രമങ്ങൾക്കു് എതിരായി പ്രവൃത്തിക്കുന്നതുകൂടാതെ ക്രിസ്ത്യാനികൾ തന്റെ സന്നിദ്ധിയിൽ വന്നുകൂട എന്നു വിരോധിക്കയും തമ്പുരാന്റെ പ്രജകളായ നായന്മാർ മുതല്ക്കുള്ള അവിശ്വാസികളെക്കൊണ്ട് തന്നെയും പരിവാരങ്ങളായ ക്രിസ്ത്യാനികളേയും അവമാനിപ്പിക്കയും ചെയ്യുന്നുവെന്നും ആക്ഷേപിച്ചു. സർവ്വാധികാര്യക്കാർ കാര്യക്കാർക്കുവേണ്ടി സമാധാനം പറവാൻ ആരംഭിച്ചയുടനെ സഹിക്കവയ്യാത്ത ശൂണ്ഠിയോടുകൂടി ആർച്ചുബിഷപ്പു് തന്റെ കൈയിൽ പിടിച്ചിരുന്ന ചൂരൽവടി കർശനമായി മൂന്നു പ്രാവശ്യം നിലത്തു കുത്തി ഒച്ച എടുപ്പിച്ചുംകൊണ്ടു് ഉച്ചത്തിൽ അലറിവിളിച്ചു് ഇപ്രകാരം പറഞ്ഞു:– എന്നോടു് ഒന്നും പറവാൻ തുടങ്ങേണ്ട. നിങ്ങളുടെ മനസ്സിലുള്ളതു് ഇനിക്കു നല്ലവണ്ണം അറിയാം. എന്നോടും ക്രിസ്ത്യവിഷയങ്ങളോടും നിങ്ങൾക്കു എത്രത്തോളം ദ്വേഷമുണ്ടെന്നും എനിക്കു് അറിവുണ്ടു്. എന്നാൽ നിങ്ങളേക്കാൾ ഞാൻ അധികം കുറ്റക്കാരനാക്കി പറയേണ്ടതു് വേറൊരാളെയാണു്. അതു് ആരെ എന്നാൽ നിങ്ങളുടെ രാജാവിനെത്തന്നെ. അദ്ദേഹം പോർട്ടുഗൽ മഹാരാജാവിന്റെ, സേനാസോദരനായിരുന്നുംകൊണ്ടു് അദ്ദേഹത്തിന്റെ രാജ്യത്തുവെച്ചു് എന്നെ ഇങ്ങനെയുള്ള സങ്കടങ്ങൾ അനുഭവിപ്പിക്കുന്നു. ആട്ടെ, എന്നാൽ ഞാൻ പറഞ്ഞതായി തമ്പുരാനെ അറിയിക്കൂ. എന്നെ എങ്ങനെയെല്ലാം അദ്ദേഹം ഉപദ്രവിച്ചിട്ടുണ്ടെന്നുള്ളതു് പോർട്ടുഗൽ രാജാവു് അറിയും. അധികം താമസത്തിനു് ഇടയാവാതെ തമ്പുരാൻ അതിനെക്കുറിച്ചു വ്യസനിക്കേണ്ടതായും വരും.”
സാധു സർവ്വാധികാര്യക്കാർ വല്ലാതെ പരിഭ്രാന്തചിത്തനായിട്ടു് കഴിയുന്ന സമാധാനങ്ങൾ ഒക്കെ പറഞ്ഞുനോക്കി. എന്നിട്ടും ആർച്ചുബിഷപ്പിന്റെ കോപാഗ്നി കുറേക്കൂടി ഉജ്വലിച്ചതേയുള്ളു. സർവാധികാര്യക്കാർ ‘സർവാധി’ കാര്യക്കാർ തന്നെ ആയി. അദ്ദേഹം ക്രിസ്ത്യാനികളെയെല്ലാം കീഴടക്കുന്ന വിഷയത്തിൽ തമ്പുരാന്റെ സഹകരണം പൂർണ്ണമായുണ്ടാകുമെന്നു പറഞ്ഞപ്പോൾ “ശരി, എനിക്കു് അതു് അചിരേണ അറിയാറാവും. നിങ്ങൾ നിഷ്ക്കളങ്കം പെരുമാറുന്നപക്ഷം ഉടൻതന്നെ എല്ലാ ക്രിസ്ത്യാനികളേയും വിളിച്ചുവരുത്തി, ഭൂമിയിൽ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ക്രൈസ്തവരെയെല്ലാവരും നമിക്കുന്നതും പോർത്തുഗൽ രാജാവു കീഴടങ്ങിയിരിക്കുന്നതുമായ റോമാപ്പള്ളിയോടു യോജിച്ചു് എന്നെ അവരുടെ മേൽപട്ടക്കാരനായി സ്വീകരിപ്പാൻ തമ്പുരാന്റെ തിരുനാമത്തിൽ അവർക്കു കല്പന കൊടുക്കുക. ആർച്ചുഡീക്കനെ അവർ എന്നേയ്ക്കും ത്യജിച്ചുകളയണം. എന്നുവേണ്ട ചുരുക്കിപ്പറയുന്നതായാൽ, ഞാൻ അവരോടു് എങ്ങനെ കല്പിക്കുന്നുവോ അപ്രകാരമെല്ലാം അവർ പ്രവർത്തിക്കണം.” കൊച്ചി രാജ്യചരിത്രം ഒന്നാംഭാഗം.
സർവാധികാര്യക്കാർ അങ്ങനെ ചെയ്യാമെന്നു സമ്മതിച്ചു. പക്ഷേ, ഇതുകൊണ്ടൊന്നും പെട്ടെന്നു വലിയ പ്രയോജനമുണ്ടായില്ല രാജാവും ആർച്ചുബിഷപ്പും തമ്മിൽ ഒരു വാക്സമരത്തിനുപോലും ഇടവന്നു.
“അജ്ഞാനിയെന്നു ജഗൽ പ്രസിദ്ധിയുള്ള തമ്പുരാനെ അറിയിച്ചു പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ആർച്ചുഡീക്കനെ ഒരു ശരിയായ ക്രിസ്ത്യാനിയെന്നു വിചാരിച്ചുകൂട” എന്നു ബിഷപ്പുപറഞ്ഞപ്പോൾ തമ്പുരാനും കോപം വന്നു. പക്ഷെ അസ്വാമി കോപിച്ചതുകൊണ്ടെന്തു പ്രയോജനം? അതിനാൽ അദ്ദേഹം വീണ്ടും ബിഷപ്പിനെ സമാധാനപ്പെടുത്താൻ നോക്കി.
“ആട്ടെ, അവർ (ക്രിസ്ത്യാനികൾ) നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യും. നിങ്ങളുടെ പ്രീതിയെ ഞാൻ എപ്പോഴും കാത്തിരിക്കുന്നു” എന്ന രാജോക്തി കേട്ടപ്പോൾ ബിഷപ്പ് ശാന്തനായി. ഈ സംഭവത്തെപ്പറ്റി റവറണ്ടു് ഹാഫ് ഇന്ത്യയിലെ ക്രൈസ്തവചരിത്രം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
“ഈ സംഭാഷണത്തിൽനിന്നു് ഹിന്തുമതവിശ്വസി ആകയാൽ അജ്ഞാനി എന്നു വിശ്വസിക്കപ്പെട്ട രാജാവു്, ജ്ഞാനത്തിന്റെ വിളനിലമായി സ്വയം ഗണിച്ച ക്രിസ്ത്യൻ ആർച്ചുബിഷപ്പിനെക്കാൾ ശാന്തതയും, മഹാമനസ്കതയും പ്രകാശിപ്പിച്ചതായി പ്രത്യക്ഷപ്പെടുന്നു.”
ഏതായിരുന്നാലും ബിഷപ്പിന്റെ ഉദ്ദേശ്യം സാധിച്ചു. അദ്ദേഹം പോകുംവഴിക്കൊക്കെ അവിശ്വാസികളെ ക്രൈസ്തുമാർഗ്ഗത്തിൽ ചേർത്തുകൊണ്ടു് വിജയപൂർവ്വം ഗോവയിലേക്കു തിരിച്ചു. അവിടെനിന്നു പോകുന്നതിനു മുമ്പായി അദ്ദേഹം രാജാവുമായി നടന്ന ഒരു സംഭാഷണത്തിന്റെ ഏതാനും ഭാഗം കൂട്ടിച്ചേർക്കാം. “തിരുമനസ്സുകൊണ്ടു ഇനി മുക്തി ലഭിക്കുന്നതിനുള്ള മാർഗ്ഗം ചിന്തിച്ചാൽ കൊള്ളാമെന്നു ഞാൻ കാംക്ഷിക്കുന്നു. അങ്ങു് ഇത്ര പ്രബലനും, ബുദ്ധിമാനും, വിവേകിയും, ബാല്യകാലം മുതല്ക്കേ പോർച്ചുഗീസുകാരുടെ മിത്രവും ആയിരുന്നിട്ടും, നിന്ദ്യമായ വിഗ്രഹാരാധനയ്ക്കു് അടിമപ്പെട്ടിരിക്കുന്നല്ലോ. ക്രിസ്ത്യാനികൾ വന്ദിക്കുന്ന ഏകനായ സത്യദൈവത്തെ അറിവാൻ അങ്ങു കാംക്ഷിക്കുന്നില്ലല്ലോ. കഷ്ടം! മനുഷ്യനു ഏക മുക്തിമാർഗ്ഗമായിരിക്കുന്ന യേശുക്രിസ്തുവിന്റെ തിരുമൊഴികളെ ഗ്രഹിക്കുന്നില്ലല്ലോ?”
രാജാവു്:
തങ്ങൾക്കു സത്യമെന്നും ഗുണമെന്നും ബോധംവന്നിട്ടുള്ള സംഗതികളെ തങ്ങളുടെ ഇഷ്ടന്മാരെ ധരിപ്പിക്കണമെന്നുള്ള ആഗ്രഹം മനുഷ്യർക്കു് സ്വാഭാവികമായുണ്ടാവുന്നതുതന്നെ. എന്നാൽ ക്രിസ്തുമാർഗ്ഗം ശരിയാണെന്നു എനിക്കു ബോധം വന്നിരുന്നെങ്കിൽ, ഞാൻ ഇതിനുമുമ്പേ അതു സ്വീകരിക്കുമായിരുന്നു.
ബിഷപ്പു്:
തിരുമേനി സ്വികരിക്കണമെന്നു് ഞാൻ ഉപദേശിക്കുന്ന ധർമ്മത്തെ അംഗീകരിക്കാത്തവർക്കു സ്വർഗ്ഗോപലബ്ധിയുണ്ടാകയില്ല. ഈശ്വരസൃഷ്ടിയുടെ മാഹാത്മ്യം അവർക്കു് ആസ്വദിച്ചറിവാൻ സാധിക്കയുമില്ല.
രാജാ:
സ്വർഗ്ഗം എന്നാൽ എന്താണു്? നിങ്ങൾ പ്രശംസിക്കുന്ന ആ ഈശ്വരമാഹാത്മ്യത്തിന്റെ സ്വഭാവവും എന്നോടൊന്നു വിവരിച്ചു പറയുക.
ബിഷപ്പു്:
സ്വർഗ്ഗമെന്നാൽ സർവസൗഭാഗ്യങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമാണു്. ഈശ്വരൻ തന്നിൽ വിശ്വസിച്ചു് ജ്ഞാനസ്നാനം ചെയ്തു്, തന്റെ ആജ്ഞയ്ക്കു വഴങ്ങിനിൽക്കുന്ന സ്വന്തമനുഷ്യർക്കു തന്റെ മാഹാത്മ്യം കാണിച്ചുകൊടുക്കാനായി ആ സ്ഥലത്തേ സൃഷ്ടിച്ചു.
രാജാ:
ഇതെല്ലാം നിങ്ങളെ പഠിപ്പിച്ചതാരാണു്? ഇതു പറഞ്ഞുതരുന്നതിനു് ആരാണു് ഇങ്ങോട്ടു വന്നതു്?
ബിഷപ്പു്:
ഇതു ഞങ്ങളുടെ വിശ്വാസമാണു്. സത്യമായ വിശ്വാസമാണെന്നു ലോകർക്കു വെളിപ്പെടുത്തിക്കൊടുക്കാനായി ഞങ്ങൾ ജീവനെക്കൂടി സസന്തോഷം ബലികഴിപ്പാൻ ഒരുക്കമാണു്; എന്നു മാത്രമല്ല സർവ്വസൃഷ്ടികർത്താവായ ദൈവത്തിന്റെ പുത്രൻ ഞങ്ങൾക്കുവേണ്ടി ഭൂമിയിൽ മനുഷ്യനായി അവതരിച്ചു് ഈ സംഗതികളെ എല്ലാം ഞങ്ങളെ അറിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സാക്ഷ്യം അസന്നിഗ്ദ്ധമായിട്ടുള്ളതാണു്. അദ്ദേഹം, തന്റെ പിതാവായ ഈശ്വരനോടു് ഞങ്ങളെ ചേർക്കാൻ വേണ്ടി കുരിശിൽ മരിച്ചു. ഉടൻതന്നെ യേശു, പുനരുത്ഥാനം ചെയ്തിട്ടു്, ശിഷ്യന്മാരെല്ലാം കാൺകെ പ്രഭാതരളിതാംഗനായി സ്വർഗ്ഗത്തിലേക്കു ഗമിക്കയും ചെയ്തു. അദ്ദേഹത്തിൽനിന്നു ലഭിച്ച ജ്ഞാനത്തെയാണു് ഞങ്ങൾ ലോകത്തിൽ പ്രചരിപ്പിക്കുന്നതു്.
രാജാവു്:
ഈ പറഞ്ഞതെല്ലാം നിങ്ങളെ പഠിപ്പിച്ചതാരാണു്?
ബിഷപ്പു്:
പരിശുദ്ധാത്മാവിന്റെ ആജ്ഞാനുസാരം യേശുക്രിസ്തു നടത്തിയ അത്ഭുതകൃത്യങ്ങളെ നാലു പുരാണലേഖകന്മാർ രേഖപ്പെടുത്തീട്ടുണ്ടു്. അവർ എഴുതിവെച്ചിട്ടുള്ളതിൽ പിശകുണ്ടാകാൻ തരമില്ല. അവരിൽ രണ്ടുപേർ അദ്ദേഹത്തിനോടുകൂടി ഇരുന്നു്, അഭിമുഖസംഭാഷണം ചെയ്തിട്ടുള്ളവരാണു്. അദ്ദേഹത്തിന്റെ അന്തേവാസികളായിരുന്ന അപ്പോസ്തലന്മാരും, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ശിഷ്യഗണവും ഈ സത്യാവസ്ഥകളെല്ലാം ഞങ്ങളുടെ പൂർവികന്മാരോടു പ്രസംഗിച്ചു; പാരമ്പര്യക്രമത്തിൽ അവ ഞങ്ങൾക്കും ലഭിച്ചു. എന്നു മാത്രമല്ല, ഞങ്ങളുടെ രക്ഷകൻ മനുഷ്യനായി ഭൂമിയിൽ അവതരിക്കുന്നതിനു മുമ്പേതന്നെ, ദീർഘദർശികൾ അദ്ദേഹത്തെപ്പറ്റിയും, അദ്ദേഹത്തിന്റെ ആഗമനത്തെപ്പറ്റിയും പ്രവചിച്ചിട്ടുമുണ്ടായിരുന്നു. അതുകൊണ്ടു്, അദ്ദേഹം അവതരിച്ചപ്പോൾ, അദ്ദേഹംവഴിക്കു മാത്രമേ മനുഷ്യർക്കു മുക്തി ലഭിയ്ക്കൂ എന്നു് എല്ലാവരും വിശ്വസിച്ചു.
രാജാ:
എന്നാൽ അവർ ഭൂമിയിൽ ഏതൊരു കാലത്തെങ്കിലും ജീവിച്ചിരുന്നുവെന്നോ, നിങ്ങൾ പറയുംപോലെ പ്രസംഗിച്ചുവെന്നോ ഞാൻ എങ്ങനെ വിശ്വസിക്കും?
ബിഷപ്പു്:
ആകട്ടേ; ഞാൻ ഒന്നു ചോദിച്ചുകൊള്ളട്ടെ. പോർത്തുഗീസുകാർ കൊച്ചിയിൽ വന്നപ്പോൾ, അവരെ പെരുമ്പടപ്പു തമ്പുരാക്കന്മാർ സ്നേഹപൂർവം സ്വീകരിച്ചുവെന്നും, അവരെ രക്ഷിക്കുന്നതിനുവേണ്ടി ഈ നാട്ടിലെ രണ്ടു പ്രഭുക്കന്മാർ പ്രാണനെക്കൂടി കളഞ്ഞുവെന്നും, തിരുമനസ്സുകൊണ്ടു് എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ.
രാജാ:
അന്നുണ്ടായിരുന്നവരായ ദൃക്സാക്ഷികൾ പറഞ്ഞറിഞ്ഞു. എന്നു മാത്രമല്ല, ഞങ്ങളുടേയും നിങ്ങളുടേയും ചരിത്രകാരന്മാർ ഈ സംഭവങ്ങളെപ്പറ്റി എഴുതിവെച്ചിട്ടുള്ള രേഖകൾക്കു യോജിപ്പുകാണുന്നുമുണ്ടു്. ആ സ്ഥിതിക്കു് അവയുടെ യാഥാർത്ഥ്യത്തെപ്പറ്റി സംശയിക്കാനില്ലല്ലോ.
ബിഷപ്പു്:
എന്നാൽ ഇതുതന്നെയാണു്, ഞാൻ ഇപ്പോൾ പറഞ്ഞ ഗ്രന്ഥകാരന്മാരുടെ സ്ഥിതിയും. അവർ ദൈവപുത്രന്റെ ദൃക്സാക്ഷികളായിരുന്നു. അവർ പറയുന്നതിനും നമ്മുടെ ചരിത്രകാരന്മാർ പറയുന്നതിനും തമ്മിൽ ഈ ഒരു അന്തരമേയുള്ളു. മനുഷ്യരായ ചരിത്രകാരന്മാർ പറയുന്നതിൽ അതിശയോക്തിയും കളവും കണ്ടേക്കാം. ദിവ്യചരിത്രകാരന്മാരുടെ പ്രമാണങ്ങളെ ആ ന്യൂനത ബാധിച്ചിട്ടേ ഇല്ല. അവരുടെ തൂലികയേ നയിച്ചതു് ഒരിക്കലും തെറ്റു വരാത്ത സാക്ഷാൽ ജഗദീശ്വരനാണു്.
രാജാ:
(സസ്മിതം) നിങ്ങൾ പറഞ്ഞ ന്യായങ്ങളൊന്നും എന്നെ ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമായിരിക്കുന്നില്ല. എന്നാലും അവയെ കേൾക്കുന്നതിൽ എനിക്കും സന്തോഷമുണ്ടു്. എന്തുകൊണ്ടെന്നാൽ, ക്രിസ്തുമതത്തിന്റെ അടിസ്ഥാനം എന്താണെന്നു് അവയിൽനിന്നു ഗ്രഹിക്കാമല്ലോ. വേണമെങ്കിൽ ഞാൻ ഈ നാട്ടിലുള്ള വിദ്വജ്ജനങ്ങളേയും മഹാബ്രാഹ്മണരേയും വിളിച്ചുവരുത്തി, ഒരു യോഗം നടത്താം. അവർ എന്റെ സന്നിധിയിൽവെച്ചു് നിങ്ങളുടെ യുക്തികൾക്കു ശരിയായ സമാധാനം പറയും.
ബിഷപ്പു്:
അങ്ങനെ ഒരു യോഗം ഉണ്ടായാൽ കൊള്ളാമെന്നു് ഞാനും ആഗ്രഹിച്ചിരിക്കയാണു്. ഞാൻ പല രാജാക്കന്മാരോടു് ആവശ്യപ്പെട്ടിട്ടും അവർ അങ്ങനെ ആവാമെന്നു സമ്മതിച്ചിട്ടുള്ളതല്ലാതെ ഇതുവരെ ഒന്നും സമ്മതിച്ചിട്ടില്ല. ബ്രാഹ്മണർ വാദം നടത്താൻ ഒരുമ്പെടുന്ന കാര്യം സംശയമാണു്. സത്യത്തിന്റെ സാരം ഗ്രഹിച്ചിട്ടില്ലാത്ത അജ്ഞാനികൾ സത്യത്തിനു വിപരീതമായേ വാദിക്കൂ.
രാജാ:
നിങ്ങൾക്കു തിടുക്കമായി ഗേവായ്ക്കു പോകേണ്ടിയിരിക്കുന്നല്ലോ. നമുക്കും അടിയന്തിരമായി ചില കാര്യങ്ങൾ നടത്തേണ്ടിയിരിക്കുന്നു. അതിനാൽ ബ്രാഹ്മണയോഗം ഇപ്പോൾ വിളിച്ചുകൂട്ടാൻ തരമില്ലാതെ വന്നതിൽ വ്യസനിക്കുന്നു.
ബിഷപ്പു്:
യോഗം വിളിച്ചുകൂട്ടാൻ തരമുള്ള പക്ഷം ഞാൻ യാത്ര തൽക്കാലം മാറ്റിവെയ്ക്കാം.
പക്ഷേ, രാജാവിനു് കൃത്യാന്തരബാഹുല്യം നിമിത്തം യോഗം വിളിച്ചുകൂട്ടാൻ അപ്പോൾ തരമില്ലായിരുന്നു. എന്നാൽ സാധു ബിഷപ്പിനു് അക്കാര്യത്തിൽ തിടുക്കമായി. പണ്ഡിതാഗ്രണികളായ മലയാളബ്രാഹ്മണരെ അര നിമിഷത്തിൽ തോല്പിച്ചു വിടാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. യോഗം അപ്പോൾ നടക്കയില്ലെന്നു കണ്ടപ്പോൾ, പാതിരി കോപാന്ധനായി ഇങ്ങനെ ശപിച്ചു.
“സത്യവചനങ്ങളെ എത്രതന്നെ ഉപദേശിച്ചിട്ടും അവയെ സ്വീകരിക്കാത്ത അവിടുത്തേക്കു് അന്ത്യവിധിദിവസത്തിൽ ലഭിക്കുന്ന ദണ്ഡവിധി ഭയങ്കരമായിരിക്കും.”
“ആകട്ടേ, ആ സംഗതിയെപ്പറ്റി നമുക്കു് അവിടെവെച്ചു സംസാരിക്കാം,”
കൊച്ചീരാജാവിന്റെ ഹാസ്യഗർഭിതമായ ഈ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാതെ പാതിരി പറഞ്ഞുതുടങ്ങി:–
“അതു പാടില്ല. അവിടം സംഭാഷണത്തിനുള്ള സ്ഥലമല്ല. അവിടെ വെച്ചു് ദൈവം അന്ത്യവിധി കല്പിക്കുന്നതു് എല്ലാവരും കേൾക്കേണ്ടിവരും. തിരുമനസ്സുകൊണ്ടു് അവിടുത്തേ ആരാധനയ്ക്കു വിഷയമായ പിശാചുക്കളുമായി നിത്യസഹവാസം ചെയ്യട്ടേ എന്നൊരു വിധി ഈശ്വരൻ നല്കും.
“ഈ മാതിരി സംഭാഷണം കുറേ കടന്നുപോകുന്നു” എന്നു പറഞ്ഞിട്ടു് രാജാവു് എഴുന്നേറ്റു പോയി. ഈ സംഭവം ഒരുവിധത്തിൽ രാജാവിന്നു വളരെ ഉപകരിച്ചു. അദ്ദേഹത്തിനു് സ്വധർമ്മത്തിലുള്ള നിഷ്ഠയെ അതു് അത്യന്തം വർദ്ധിപ്പിച്ചു. അദ്ദേഹം ഭാരതഖണ്ഡത്തിലെ മിയ്ക്ക പുണ്യസ്ഥലങ്ങളേയും സന്ദർശിച്ചും, നിരവധി പുണ്യകർമ്മങ്ങൾ ചെയ്തും, സ്വജീവിതത്തിന്റെ സായാഹ്നവേളയെ നയിക്കുന്നതിനു പ്രേരിതനായി.
ക്രിസ്തുമതപ്രചരണത്തിന്നുവേണ്ടിയും ധനാർജ്ജനത്തിനുവേണ്ടിയും ഏതു നിഷിദ്ധകർമ്മങ്ങളും ചെയ്യുന്നതിനു് പോർത്തുഗീസുകാർ മടിച്ചില്ല. സ്പെയിൻകാർ ഈ വിഷയത്തിൽ അമേരിക്കയിൽവെച്ചു ചെയ്തിട്ടുള്ള നിന്ദ്യവും നിഷ്ഠൂരവും ആയ കൃത്യങ്ങൾപോലും പോർത്തുഗീസുകാർ ഇന്ത്യയിൽ ചെയ്തതായ നീചകൃത്യങ്ങളോടുകൂടി കിടയാവുമോ എന്നു സംശയമാണു്. ഈ കടുംകൈകളുടെ ഫലമായി പറങ്കി എന്നു പേരുപോലും നീചാർത്ഥദ്യോതകമായി പരിണമിച്ചു.
1549-ൽ കാസ്മി ആന്നിസ് (Cosme Annes) എന്ന കൃസ്ത്യാനി പോർത്തുഗൽരാജാവിനു് അയച്ച ഒരു കത്തിൽ ഇപ്രകാരം വിലപിച്ചിരിക്കുന്നു.
“ഇന്ത്യയിൽ നീതിനിശ്ശേഷം അസ്തമിച്ചു. തിരുമേനിയുടെ വൈസ്രോയിയോടു് അപേക്ഷിച്ചാലും നീതി ലഭിക്കുന്നില്ല. ഏതുവിധത്തിലും പണം സമ്പാദിക്കണമെന്നു് ഒരൊറ്റ ആശ മാത്രമേ, തിരുമേനിയുടെ ഉദ്യോഗസ്ഥന്മാർക്കുള്ളു. പോർത്തുഗീസുകാരെ വിശ്വസിക്കുന്ന ഒരു മുസൽമാനെയും ഇവിടെ കാണുന്നില്ല. തിരുമേനിയുടെ കരുണാകടാക്ഷത്തെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തിരുമേനി കനിയേണമേ! കനിയേണമേ! കനിയേണമേ! ഞങ്ങളെ രക്ഷിക്കേണമേ! ഈ അന്ധകൂപത്തിൽ ആണ്ടുപോകുമ്മുമ്പേ ഞങ്ങളെ ഉദ്ധരിക്കേണമേ.”
കൊച്ചീരാജാവു് പോർത്തുഗീസുകാർക്കുവേണ്ടി എന്തെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നും അതിനു് അവരിൽ നിന്നു ലഭിച്ച പ്രതിഫലം എന്തായിരുന്നു എന്നും നാം കണ്ടു. ഇനി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെ സ്ഥിതി നോക്കാം.
1501-ൽ കൊല്ലത്തുനിന്നു് കാബ്രാളിനു് ഒരു ക്ഷണക്കത്തു കിട്ടിയതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഗാമയാണു് ആദ്യമായി ഏതാനും കപ്പലുകളെ തെക്കോട്ടയച്ചതു്. അവ കൊല്ലത്തുവന്നു് സാമാനങ്ങളും കയറ്റിക്കൊണ്ടു് കൊച്ചിയിലേക്കു് തിരിച്ചുപോയി. 1503-ാമാണ്ടിന്റെ അവസാനത്തിൽ, ആൽബുക്കർക്കു് കൊല്ലത്തു് അടുത്തു.
അദ്ദേഹം ദേശിങ്ങനാട്ടു രാജാവിനെപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
[12] “കൊല്ലത്തെ രാജാവു് സത്യവാനും ധീരനുമാകുന്നു. നരസിംഹരാജാവുമായുള്ള യുദ്ധത്തിൽ അദ്ദേഹം 60000 വില്ലാളികളോടുകൂടി ആ രാജാവിനെ എതിർത്തു തോല്പിച്ചു. പ്രധാനഗവർണ്ണരായ നമ്പിയാദ്രിമിനെ കൂടാതെ നാടുഭരിക്കാനായി ആ നഗരത്തിൽ മുപ്പത്തിആറു പ്രമാണികൾ ഉണ്ടായിരുന്നു. ഇത്രഭംഗിയായി ഭരണം നടത്തിവന്ന വേറൊരു നഗരവും ഈ ദിക്കിലെങ്ങും ഉണ്ടായിരുന്നില്ല.
[13] “നമ്പിയാദൊറ എന്ന രാജാവു് ഞങ്ങളെ വളരെ കരുണയോടും മഹാമനസ്കതയോടും സ്വീകരിച്ചു. ഞങ്ങൾക്കു കുരുമുളകു തരുമോ എന്നു ചോദിച്ചപ്പോൾ, ഇരുപതു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾക്കു് ഇഷ്ടമുള്ള എല്ലാമാതിരി ഏലവർഗ്ഗവും കപ്പൽനിറയേ കയറ്റിത്തരാമെന്നു് അദ്ദേഹം മറുപടി പറഞ്ഞു: … കപ്പലിൽ കൊള്ളാത്തിടത്തോളം ചരക്കുകൾ കിട്ടിയതിനാൽ ഏതാനുംഭാഗം അവിടെ ഇട്ടിട്ടു പോരേണ്ടതായി വന്നു.”
ആൽബുക്കർക്കു കൊല്ലത്തു് ഒരു പണ്ടകശാല സ്ഥാപിച്ചശേഷം 1504 ജനുവരി പന്ത്രണ്ടാം തിയതി കൊച്ചിയിലേക്കു തിരിച്ചുപോന്നു. അഞ്ചിദ്വീപം, കണ്ണൂർ, കൊച്ചി, കൊല്ലം എന്നീ സ്ഥലങ്ങളിൽ പണ്ടകശാലകൾ സ്ഥാപിക്കണമെന്നുള്ള രാജാജ്ഞയും വഹിച്ചുകൊണ്ടാണു് ആൽബുക്കർക്കിന്റെ പിൻഗാമിയായ ഫ്രാൻസിസ്കോ ഡാൽമേയ്‍ഡ 1505-ൽ ഇന്ത്യയിൽ വന്നതു്. ഡാൽമേയിഡ ഹോമം (Homem) എന്ന കപ്പിത്താനെ അക്കാര്യം സാധിക്കുന്നതിനുവേണ്ടി കൊല്ലത്തേക്കു് അയച്ചു. പോർത്തുഗീസുകാർ ഈ അവസരത്തിൽ കൊല്ലത്തുനിന്നും ചരക്കു കേറ്റിക്കൊണ്ടുപോയ മഹമ്മദീയ ബോട്ടുകളെ എതിർത്തു് അവയിലുണ്ടായിരുന്ന സാമാനങ്ങളെ കവർന്നെടുത്തു. അറബികൾ കൊല്ലം രാജാവിന്റെ മന്ത്രിമാരുടെ അടുക്കൽ സങ്കടം ബോധിപ്പിക്കയാൽ, അവർ പറങ്കികളുടെ പണ്ടകശാലയിൽ ചെന്നു്, ചരക്കുകൾ അറബികൾക്കു തിരിച്ചുകൊടുക്കാൻ ആജ്ഞാപിച്ചുവെങ്കിലും പണ്ടകശാലാധിപതിയായ ഡീസായും കൂട്ടരും വകവെച്ചില്ല. അതുകൊണ്ട് മന്ത്രിയുടെ ഭടന്മാരായ നായന്മാരും ജോനകരുംകൂടി അവരെ എതിർത്തു് അവിടെനിന്നു തുരത്തുകയും പണ്ടകശാല ചുട്ടുപൊടിക്കയും ചെയ്തു. വൈസറായിയായ ആൽമെയിഡ, ഹോമമിനെ സ്ഥാനഭ്രഷ്ടനാക്കീട്ടു് പകരം തന്റെ പുത്രനായ ലോറൺസാവിനെ നിയമിച്ചു. ലോറൺസാ കൊല്ലത്തു് അടുത്തു തുറമുഖമുണ്ടായിരുന്ന 27 ബോട്ടുകളെ നശിപ്പിക്കുകയും അറബികളുടെ ഓടങ്ങളെ പിടിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം, വിഴിഞ്ഞത്തുചെന്നു് അവിടെയുണ്ടായിരുന്ന മഹമ്മദീയവ്യാപാരികളേയും നശിപ്പിച്ചു.
1516-ൽ പോർത്തുഗീസു വൈസറായി ആയിരുന്ന സൂവാറസ കൊല്ലം രാജ്ഞായുമായി സന്ധിക്കരറു ചെയ്തു്, വീണ്ടും ആ നഗരവുമായി കച്ചവടം ആരംഭിച്ചു. കഴിഞ്ഞ ശണ്ഠയിൽ നശിപ്പിക്കപ്പെട്ട സെന്റു താമസു പള്ളിയെ രാജ്ഞിയും നാട്ടുകാരുംകൂടി വീണ്ടും പണിയിച്ചുകൊടുക്കുകയും പോർത്തുഗീസുകാരുമായല്ലാതെ മറ്റാരോടും വാണിജ്യം ചെയ്യുന്നതല്ലെന്നു കരാർ ചെയ്കയും ചെയ്തു.
1517-ൽ പണ്ടകശാലയുടെ അധിപതിയായി നിയമിക്കപ്പെട്ടു ഹെയ്റ്റർറൊഡ്റീഗസ് കൊല്ലത്തുവന്നു് രാജ്ഞിയെ കണ്ടപ്പോൾ, താൻ തിരുവിതാംകോടു് ആക്രമിക്കാനായി അടുത്തദിവസം പുറപ്പെടുന്നെന്നും, കണക്കപ്പിള്ളമാരും നായന്മാരുമെല്ലാം തന്റെ കൂടെ പോരുന്നതിനാൽ പള്ളിക്കു കൊടുക്കാമെന്നു പറഞ്ഞിട്ടുള്ള സഹായധനത്തെപ്പറ്റി താൻ തിരിച്ചുവന്നശേഷം തീർച്ചപ്പെടുത്താമെന്നും രാജ്ഞി അഭിപ്രായപ്പെട്ടു.
ഏറെത്താമസിയാതെ, കൊല്ലത്തു് ഒരു കോട്ട കെട്ടണമെന്നു് സൂവാറസ് തീർപ്പെടുത്തിയിട്ടു്, നാലായിരം പണം രാജ്ഞിക്കു കൊടുത്തു് അതിനായി അനുവാദം വാങ്ങി. അതിനും പുറമേ റൊഡ്റീഗസ് രാജ്ഞിയുടെ പ്രധാന ഉദ്യോഗസ്ഥന്മാരായിരുന്ന ഉമ്മിണിപ്പിള്ളയുടേയും ബാലൻപിള്ളയുടേയും കുറുപ്പിന്റേയും സഖ്യവും സമ്പാദിച്ചു. പോർത്തുഗീസുകാരുടെ ഈ ഉദ്യമം നാട്ടുകാർക്കും ജോനകർക്കും കൊച്ചുതമ്പുരാക്കന്മാർക്കും രസിച്ചില്ല. അതുകൊണ്ട് റൊഡ്രിഗസ് 27 പറങ്കികളുമായി കോട്ടയുടെ അടിസ്ഥാനക്കല്ലിടാൻ ഭവിച്ചപ്പോൾ, രണ്ടായിരം നായന്മാർ അവിടെ എത്തുകയും, അവരെ തടയുകയും ചെയ്തു. പക്ഷേ പറങ്കികളുടെ പീരങ്കിപ്രയോഗത്തെ തടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ, അവർ തിരിച്ചുപോരേണ്ടി വന്നു. എന്നാൽ നാട്ടുകാരുടേയും കൊച്ചുതമ്പുരാക്കന്മാരുടേയും അഭിപ്രായം ശരിയാണെന്നു് അചിരേണ രാജ്ഞിക്കു് മനസ്സിലാവുകയാൽ, അതിനെ ആക്രമിച്ചു നിരത്തുന്നതിനു് ബാലൻപിള്ള നിയുക്തനായി. അദ്ദേഹം 1500 നായന്മാരോടുകൂടി, കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചു്, ക്രിസ്ത്യാനികളെയെല്ലാം തടവുകാരാക്കി. ഈ ശണ്ഠയിൽ അനേകം നായന്മാർക്കു് ജീവനാശം സംഭിവിച്ചു.
1543-ൽ ഫ്രാൻസിസ് സാവിയർ തെക്കൻതിരുവിതാംകൂറിൽ വന്നു് പ്രചാരകവേല തുടങ്ങുകയും അനേകം മുക്കുവരെ ക്രിസ്തുമതത്തിൽ ചേർക്കയും ചെയ്തു. ഒരു കൊല്ലത്തിനുള്ളിൽ അദ്ദേഹം തിരുവിതാംകൂറിൽ 45 പള്ളികൾ പണിയിച്ചുവത്രെ. 1544-ൽ അദ്ദേഹം അയച്ച ഒരു കത്തിൽ തിരുവിതാംകൂറിലെ അന്നത്തെ രാജാവായിരുന്ന ദേശിങ്ങനാട്ടു ഭൂതലവീരകേരളവർമ്മയെ ദക്ഷിണേന്ത്യയുടെ അധിപതിയായ ഒരു മഹാരാജാവെന്നു വർണ്ണിച്ചുകാണുന്നു. വടുകപ്പടയുമായുള്ള യുദ്ധകാലത്തു് ഒരു അവസരത്തിൽ, അദ്ദേഹം മഹാരാജാവിനെ രക്ഷിച്ചതായും ഒരു ഐതിഹ്യമുണ്ടു്.
ഡീ സൂസാ എന്ന പറങ്കി തേവലക്കര തുടങ്ങിയ അനേകം ക്ഷേത്രങ്ങളെ നശിപ്പിച്ചതിന്റെ ഫലമായി ഫ്രാൻസിസിന്റെ പ്രചാരകജോലിക്കു വലിയ പ്രതിബന്ധങ്ങൾ നേരിട്ടുവെന്നു് അദ്ദേഹത്തിന്റെ കത്തുകളിൽ നിന്നു കാണാം. പോർത്തുഗീസുദ്യോഗസ്ഥന്മാരുടെ ദുഷ്കൃത്യങ്ങൾ നിമിത്തം മഹാരാജാവിനു ക്രിസ്ത്യാനികളോടു പൊതുവെ വിദ്വേഷം തോന്നിത്തുടങ്ങിയെന്നും തന്മൂലം തന്റെ ജോലിക്കു വിഘാതം നേരിട്ടിരിക്കുന്നു എന്നും അദ്ദേഹം 1554 മാർച്ച് 21-ാം തിയതിയിലെ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
മെനസ്സസ് ഉദയംപേരൂർസഭ കഴിഞ്ഞു് ദേശിങ്ങനാട്ടുചെന്നു് അവിടത്തെ രാജാവിനെ സന്ദർശിച്ച അവസരത്തിൽ നടന്ന സംഭാഷണത്തിൽനിന്നു്, അവർ തമ്മിലുള്ള വ്യത്യാസം പ്രത്യക്ഷപ്പെടുന്നു. മഹാരാജാവു് അരുളിച്ചെയ്യുന്നു:–
“നമ്മുടെ രാജ്യത്തു വസിക്കുന്ന ഹിന്തുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ, ജൂതന്മാർ മുതലായവരെല്ലാം അവരവരുടെ ധർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചു കാണ്മാനാണു് നമുക്കു് ആഗ്രഹം. എന്നാൽ ഇവിടെയുള്ള ക്രിസ്ത്യാനികളാരും അവരുടെ ആചാരങ്ങളെ അനുഷ്ഠിക്കുന്നതായി കാണുന്നില്ല. അവർ പള്ളിയിൽ പോകുന്നതിലും കുരിശിനെ വന്ദിക്കുന്നതിലും ഉപേക്ഷ കാണിക്കുന്നു; ഞായറാഴ്ച ദിവസം പണി എടുക്കുന്നു; പാതിരിമാരെ അറിവിക്കാതെ യഥേച്ഛം വിവാഹം നടത്തുന്നു. ഇതൊന്നും ശരിയല്ല. അതുകൊണ്ട് അവരെ യഥാർഹം ശിക്ഷിക്കണം. നമ്മുടെ പ്രജകൾ എല്ലാം ധർമ്മിഷ്ഠന്മാരായിരിക്കണമെന്നാണു് നമ്മുടെ ആഗ്രഹം.” ഇതു കേട്ടപ്പോൾ ബിഷപ്പു് പറഞ്ഞതാവിതു്:–
“തിരുമനസ്സിലേക്കു് ക്രിസ്തുമതത്തിൽ ഇത്ര പ്രതിപത്തിയുണ്ടെങ്കിൽ അതു സ്വീകരിക്കുന്നതല്ലേ നല്ലതു്.”
“നാം ഒരു ക്രിസ്ത്യാനിയാവണമെന്നു് ഈശ്വരേച്ഛയുണ്ടായിരുന്നെങ്കിൽ, ജനനാൽപ്രഭൃതി അങ്ങനെ ആയിരിക്കുമായിരുന്നു” എന്നു് അരുളിച്ചെയ്തിട്ടു് അദ്ദേഹം പെട്ടെന്നു് എഴുന്നേറ്റു പൊയ്ക്കളഞ്ഞു.
പോർത്തുഗീസുകാരുടെ സ്വഭാവഗുണങ്ങളുടെ ഒരു ഏകദേശജ്ഞാനം താഴെപ്പറയുന്ന സംഭവങ്ങളിൽനിന്നു ഗ്രഹിക്കാം.
വാസ്കോഡിഗാമയുടെ രണ്ടാമത്തെ വരവിൽ, കോഴിക്കോട്ടു രാജാവുമായി ഒരു നാവികയുദ്ധം ഉണ്ടായി. ആ അവസരത്തിൽ ഗാമ പിടിച്ചെടുത്ത കപ്പലുകളിൽ ഉണ്ടായിരുന്ന 800 നാവികന്മാരുടെ കൈകാലുകളും മൂക്കുകളും ഛേദിച്ചു കുറെ ഇലകളും ചേർത്തു കറിയുണ്ടാക്കി, ഉപദംശമാണെന്നുപറഞ്ഞു് സാമൂതിരിക്കു് അയച്ചുകൊടുത്തു. ആ കപ്പലിൽ ഉണ്ടായിരുന്ന ബ്രാഹ്മണന്റെ ചുണ്ടും ചെവികളും അറുത്തെടുത്തിട്ടു് ചെവിയുടെ സ്ഥാനത്തു് പട്ടിയുടെ ചെത്തിത്തുന്നിക്കുത്തിയത്രേ. എത്ര പരിഷ്കൃതന്മാർ! ഈ മാതിരി ഭയങ്കര കൃത്യങ്ങൾ ടൈമൂർപോലും ചെയ്തിട്ടില്ല. ഇക്കൂട്ടർ ക്രിസ്ത്യാനികളാണെന്നു് അഭിമാനിച്ചതാണു് ബഹുചിത്രം! ഈ ഭാരതഭൂമിയിൽ ജനിച്ചിട്ടുള്ള വെറും കാട്ടാളപ്പരിഷകൾ കൂടി ഇത്രയും കാലത്തിനിടയ്ക്കു് ഈ മാതിരി ഒന്നും പ്രവർത്തിച്ചു കാണുകയില്ല. [14]
അൽമെയിഡ ബ്രാമ എന്ന സ്ഥലം പിടിച്ചെടുത്തപ്പോൾ സ്ത്രീജനങ്ങളുടെ ആഭരണങ്ങളെ അപഹരിക്കാൻ എളുപ്പത്തിനുവേണ്ടി അവരുടെ കൈകളും ഛേദിച്ചുകളഞ്ഞുവത്രേ. [15] ഇന്ത്യയിലുള്ളവർ, അജ്ഞാനികളാണെങ്കിലും, അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതു്,
“സ്ത്രീയം ശതാപരാധാഞ്ചേൽ
പുഷ്പേണാപി ന താഡയേൽ”
കുളാർണ്ണവതന്ത്രം
എന്നാണു്. അതായതു് സ്ത്രീകൾ നൂറു കുറ്റങ്ങൾ ചെയ്തുപോയാലും, അവരെ പുഷ്പങ്ങൾകൊണ്ടുപോലും അടിച്ചുകൂട. ഭാരതീയരുടെ ചരിത്രത്തിൽ സ്ത്രീജനങ്ങളെ ഇത്ര നിർദ്ദയം പീഡിപ്പിച്ചതായി ഒരു ഒറ്റ ഉദാഹരണമെങ്കിലും എടുത്തു കാണിക്കാൻ സാധിക്കയുമില്ല.
1637-ൽ ഡ്യൂ എന്ന ദിക്കിനടുത്തുള്ള മെറ്റ എന്ന ദ്വീപു് പോർത്തുഗീസുകാർ ആക്രമിച്ചു് അവിടെ ഉണ്ടായിരുന്ന ജനങ്ങളെ ഒന്നൊഴിയാതെ കൊന്നുകളഞ്ഞു.
ഇങ്ങനെ പറഞ്ഞുതുടങ്ങിയാൽ അവസാനിക്കയില്ല. ഇനി ഇക്കാലത്തെ ഹിന്ദുരാജാക്കന്മാരെപ്പറ്റി വിദേശീയർ പറഞ്ഞിട്ടുള്ളതെന്താണെന്നു നോക്കുക.
ഹിന്ദുരാജാക്കന്മാർ പ്രജകളെ യാതൊരു വിധത്തിലും ഉപദ്രവിച്ചിരുന്നില്ലെന്നും, അവിശ്വാസികളായിരുന്നിട്ടും അവരും അവരുടെ ഭടന്മാരും മഹമ്മദീയ മതാചാരങ്ങളേയും നടവടികളേയും ബഹുമാനിച്ചിരുന്നുവെന്നും ടാഫ്ട്ടു് ആൾ മുജാവുഡിൻ എന്ന മഹമ്മദീയചരിത്രത്തിൽ പറഞ്ഞിരിക്കുന്നു.
വർത്തീമ സാമൂതിരിയുടെ സാമുദായിക സ്ഥിതിഗതികളെപ്പറ്റി പല വിവരങ്ങൾ വിദേശ സഞ്ചാരികളുടെ കുറിപ്പുകളിൽ നിന്നു ഗ്രഹിക്കാം. എന്നാൽ ആ കുറിപ്പുകളെ യഥാരൂപം വിശ്വസിക്കുന്നതിനു നിവൃത്തിയില്ലാത്ത വിധത്തിൽ, അവയിൽ അവിടവിടെ പലേ പ്രമാദങ്ങൾ കടന്നുകൂടീട്ടുണ്ടെന്നു പറയേണ്ടിയിരിക്കുന്നു.
9.3 രാജാക്കന്മാർ
രാജാക്കന്മാർ വെളുത്ത വസ്ത്രവും ചിലപ്പോൾ പട്ടും ധരിക്കുന്നു. ചില അവസരങ്ങളിൽ മാത്രം പട്ടുകൊണ്ടോ സൂര്യപടംകൊണ്ടോ ഉണ്ടാക്കിയതും മുട്ടിനു മേൽവരെ എത്തുന്നതുമായ ഉടുപ്പും ധരിക്കാറുണ്ടായിരുന്നു. നായന്മാരെപ്പോലെ അവർക്കും മുൻകുടുമ്മയാണു് ഉണ്ടായിരുന്നതു്. ചെരുപ്പു് ധരിക്കാറുണ്ടായിരുന്നുല്ല. തുർക്കികളെപ്പോലെ മേൽമീശ വളർത്തിവന്നു. കാതുകുത്തി രത്നഖചിതമായ കർണ്ണാഭരണങ്ങൾ അണിയാറുണ്ടായിരുന്നു. വലയാംഗദങ്ങളും മുത്തുമാലകളും എല്ലാ രാജാക്കന്മാരും ധരിച്ചുവന്നു. വസ്ത്രത്തിന്റെ മീതെ രത്നം പതിച്ചതും, മൂന്നുവിരൽ വീതി വരുന്നതുമായ സ്വർണ്ണമേഖല ബന്ധിക്ക പതിവായിരുന്നു. മാറിലും, നെറ്റിത്തടത്തിലും, തോളത്തും ഭസ്മക്കുറിയുണ്ടായിരിക്കും. ചിലർ ചന്ദനം, മഞ്ഞൾ, ചാന്തു് ഇവകൊണ്ടുള്ള തിലകങ്ങളും അണിഞ്ഞുവന്നു. മൃതശരീരത്തെ ഇന്നത്തെപ്പോലെ അന്നും ദഹിപ്പിക്കയായിരുന്നു പതിവു്.
കോവിലകങ്ങളിൽ രാജാക്കന്മാരിരിക്കുന്നതു് പൊക്കിക്കെട്ടീട്ടുള്ള തിണ്ണകളിലായിരുന്നു. നീരാളം, വില്ലൂസ്, പട്ടു് മുതലായവകൊണ്ടുണ്ടാക്കിയ ചാവട്ടകളിൽ ചാരിയാണു് അവർ ഇരിക്കാറുണ്ടായിരുന്നതു്. വെള്ളയും കരിമ്പടവും വിരിച്ചിരിക്കും. ചിലപ്പോൾ വെള്ളയും കരിമ്പടവും വിരിച്ച മഞ്ചത്തിൽ, മുൻപറഞ്ഞപോലെ, ചാവട്ടയിൽ ചാരിയും ഇരിക്കാറുണ്ടായിരുന്നു. സന്ദർശകന്മാർക്കു് ഇരിക്കാൻ ആട്ടിൻരോമംകൊണ്ടുള്ള തുണി വിരിച്ചുകൊടുക്കും. അവർ പോകുമ്പോൾ, ആ തുണിയും എടുത്തുകൊണ്ടു് ഒരാൾ മുമ്പേ നടന്നു വന്നു. രാജാവു് ഇരിക്കുന്നതിന്റെ സമീപത്തുതന്നെ വാൾവെച്ചിരിക്കും. വാളൂരിപ്പിടിച്ചുകൊണ്ടേ അവർ നടക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ പല സംഗതികൾ ബാർബോസയുടെ വിവരണത്തിൽനിന്നു ഗ്രഹിക്കാം. ആ ഗ്രന്ഥത്തിന്റെ 104 മുതല്ക്കു് 110-വരെയുള്ള വശങ്ങളിൽ, രാജാക്കന്മാരുടെ വിവാഹസമ്പ്രദായം, ദായക്രമം, പള്ളിക്കെട്ടു്, ശവദാഹം മുതലായവയെ ഏറെക്കുറെ ശരിയായി വർണ്ണിച്ചിട്ടുണ്ടു്.
നീതിപരിപാലനത്തിനായി ഏർപ്പെടുത്തിയിരുന്ന നിയമങ്ങൾ വളരെ നിഷ്ഠൂരങ്ങളായിരുന്നു. ജാതിഭേദം നോക്കിയാണു് ശിക്ഷ നൽകിവന്നതു്. ന്യായം നടത്തുന്നതിനു് പ്രത്യേകം ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. താണ ജാതിക്കാരിലൊരുവനെ തൊണ്ടിയോടുകൂടി പിടി കിട്ടുകയോ, അവൻ കുറ്റം സമ്മതിക്കുകയോ ചെയ്താൽ, അവന്റെ തല വെട്ടി മൃതശരീരത്തെ എല്ലാവരും കാൺകെ കഴുവിൽ കുത്തി നിറുത്തുകയായിരുന്നു പതിവു്. കുറ്റക്കാരൻ മാപ്പിളയായാൽ അവനെ കുത്തിക്കൊന്നുകളയും. തൊണ്ടി കിട്ടുകയും കള്ളനെ പിടികിട്ടാതെ വരികയും ചെയ്താൽ, അതിനെ കുറേക്കാലം സൂക്ഷിച്ചുവച്ചിരുന്നതിന്റെ ശേഷം ഉടമസ്ഥനു തിരിച്ചുകൊടുക്കും. എന്നാൽ അതിൽ നാലിലൊന്നുഭാഗം അവൻ കാര്യക്കാർക്കു കൊടുക്കണമെന്നായിരുന്നു അന്നത്തെ ഏർപ്പാടു്. കള്ളനാണെന്നു സംശയിച്ചു പിടിക്കപ്പെട്ടവൻ, കുറ്റം സമ്മതിക്കാത്തപക്ഷം, അവനെ എട്ടു ദിവസത്തോളം തടവിൽ പാർപ്പിച്ചു ബുദ്ധിമുട്ടിക്കും. എന്നിട്ടും കുറ്റം സമ്മതിച്ചില്ലെങ്കിൽ, കൈമുക്കു പരീക്ഷ നടത്തിനോക്കും. ശുചീന്ദ്രത്തു കൈമുക്കു വളരെ പ്രസിദ്ധമായിരുന്നു. അതിന്റെ ചടങ്ങുകൾ ഇങ്ങനെയാണു്. കുറ്റക്കാരനെ കുളിപ്പിച്ചു് ക്ഷേത്രത്തിലേക്കു കൊണ്ടുപോകും. അവിടെ ഒരു ചെമ്പുപാത്രത്തിൽ എണ്ണയൊഴിച്ചു് കുറെ പച്ചിലയും ഇട്ടു് നല്ലപോലെ തിളപ്പിക്കുന്നു. ഇല താഴുമ്പോൾ കുറ്റക്കാരന്റെ ശരീരത്തിൽ ചൊറിയോ മുറിവോ വല്ലതുമുണ്ടോ എന്നു് അന്യായക്കാരനെ ബോദ്ധ്യപ്പെടുത്തിയശേഷം, അവരെ വിഗ്രഹത്തിനു മുമ്പിൽ കൊണ്ടുചെന്നു നിർത്തീട്ടു് “എന്റെ മേൽ ആരോപിച്ചിരിക്കുന്ന കളവു് ഞാൻ ചെയ്തിട്ടില്ല; അതു ചെയ്തതു് ആരെന്നു് എനിക്കു നിശ്ചയവുമില്ല” എന്നു മൂന്നുവട്ടം പറയിച്ചിട്ടു് അവന്റെ വിരലുകളെ തിളച്ചിരിക്കുന്ന എണ്ണയിൽ മുക്കാൻ പറയും. അതിനുശേഷം കാര്യക്കാരും പിള്ളമാരും പരിശോധിച്ചു്, അവനെ വീണ്ടും ബന്ധനത്തിൽ പാർപ്പിക്കും. മൂന്നാം ദിവസം കാര്യക്കാരുടെ മുമ്പിൽ വെച്ചു്, കെട്ടഴിച്ചു നോക്കുമ്പോൾ, പൊള്ളിയിരിക്കുന്നതായി കണ്ടാൽ അവനെ കൊല്ലും; പൊള്ളീട്ടില്ലെങ്കിൽ വിട്ടയയ്ക്കും. കുറ്റക്കാരൻ മഹമ്മദീയനായാൽ കൈമുക്കിനുപകരം പഴുപ്പിച്ച ഇരുമ്പു് അവനെക്കൊണ്ടു നക്കിക്കയായിരുന്നു പതിവു്. പ്രഭുജനങ്ങളേയും ബ്രാഹ്മണരേയും പശുക്കളേയും ഹിംസിക്കുന്നവർക്കും മരണശിക്ഷയാണു് വിധിച്ചുവന്നതു്. മറ്റുള്ള കുറ്റങ്ങൾക്കു വെറും പിഴ മാത്രമായിരുന്നു ശിക്ഷ. എന്നാൽ പിഴവകയിൽ ഈടാക്കുന്ന പണം കാര്യക്കാർക്കായിരുന്നു.
പ്രഭുക്കന്മാരെ യാതൊരു കുറ്റത്തിനും ആമം വെച്ചുകൂടായിരുന്നു. കൊല്ലപാതകമോ, കവർച്ചയോ, രാജദൂഷണമോ ചെയ്താൽ കണ്ടുകിട്ടുന്നിടത്തുവെച്ചുതന്നെ അവരെ കൊന്നുകളയാൻ രാജാവു് മാന്യകുടുംബത്തിൽ പെട്ട രണ്ടു മൂന്നു നായന്മാർക്കു കല്പന നൽകും. അങ്ങനെ വധിക്കപ്പെടുന്നവരുടെ മൃതശരീരത്തെ പരസ്യമായി ഒരിടത്തു് ഇട്ടിട്ടു് അവരുടെ മാറത്തു് രാജകല്പന തറച്ചുനിർത്തും.
സ്ത്രീകൾക്കും മരണശിക്ഷ അനുവദിക്കപ്പെട്ടിരുന്നില്ല. ജാത്യാചാരങ്ങൾക്കു വിപരീതമായി ഒരു നായർസ്ത്രീ എന്തെങ്കിലും പ്രവർത്തിച്ചാൽ, രാജാവു് അവളെ ക്രിസ്ത്യാനികൾക്കോ മഹമ്മദീയർക്കോ വിറ്റുകളയും. എന്നാൽ അപരാധം രാജാവിന്റെ ചെവിയിൽ എത്തുന്നതിനു മുമ്പായി അവളുടെ ചാർച്ചക്കാർ അവളെ മുറിക്കകത്തടച്ചു് കുന്തംകൊണ്ടോ കഠാരകൊണ്ടോ കുത്തിക്കൊന്നുകളകയായിരുന്നു നടപ്പു്. [16] വടക്കൻ പാട്ടു വായിച്ചുനോക്കുക.
9.4 നമ്പൂതിരിമാർ
‘മലയാളബ്രാഹ്മണർ പൊതുവേ വളരെ ശുചിയുള്ളവരും നിഷ്കളങ്കഹൃദയന്മാരും പ്രാചീനാചാരങ്ങളിൽ വളരെ നിഷ്ഠയുള്ള യാഥാസ്ഥിതികന്മാരും കുശാഗ്രബുദ്ധികളും ആയിരുന്നു. സർവതോമുഖമായ ബുദ്ധിയും സുകുമാരകലകളിൽ എല്ലാം ഒരുപോലെ രസിക്കുന്ന സഹൃദയത്വവും അവർക്കുണ്ടായിരുന്ന വിശിഷ്ടഗുണങ്ങളത്രെ. കേരളമാഹാത്മാദി ഗ്രന്ഥങ്ങളുടെ കർത്താക്കന്മാരെപ്പറ്റിയും എട്ടരയോഗക്കാരെപ്പറ്റിയും പറഞ്ഞിട്ടുള്ളതു് മലയാളബ്രാഹ്മണരെ ഒട്ടുക്കു സംബന്ധിക്കുന്നില്ലെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ബാർബോസാ അവരെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു.
“ബ്രാഹ്മണരെല്ലാം ഒരേ വംശത്തിൽ പെട്ടവരാണു്; അവർക്കും അവരുടെ സന്താനങ്ങൾക്കും മാത്രമേ പുരോഹിതകൃത്യം അനുവദിക്കപ്പെട്ടിട്ടുള്ളു. ഏഴു വയസ്സാകുമ്പോൾ, അവർ കാട്ടുകഴുതയെപ്പോലിരിക്കുന്നതും ക്രയൻ മെർഗൻ (കൃഷ്ണമൃഗം) എന്നു വിളിച്ചുവരുന്നതുമായ ഒരു ജന്തുവിന്റെ തോൽരോമത്തോടുകൂടിത്തന്നെ രണ്ടു വിരൽ വീതിയിൽ വെട്ടി എടുത്തു്, കഴുത്തിനേ ചുറ്റി ഭുജത്തിനടിയിൽക്കൂടി ധരിക്കുന്നു. പിന്നീടു് ഏഴു കൊല്ലത്തേക്കു് താംബൂലചർവണം ചെയ്യാൻ പാടില്ല. ഈ കാലമൊക്കെ ഒരു ചർമ്മപട്ടം ധരിച്ചിരിക്കയും വേണം. പതിന്നാലു വയസ്സു പ്രായമാകുമ്പോൾ, അവർ അയാളെ ബ്രാഹ്മണനാക്കുന്നു. അപ്പോൾ ചർമ്മപട്ടം കളഞ്ഞിട്ടു് ബ്രാഹ്മണ്യ ചിഹ്നമായ മൂന്നു നൂൽ ധരിപ്പിക്കുന്നു. ഈ ദിക്കിൽ നാം മാസ്സിനെ എന്നപോലെ അവർ ഈ കർമ്മത്തേയും വളരെ ആഘോഷപൂർവമാണു് നടത്താറുള്ളതു്. അതിനുശേഷം അവർക്കു് വെറ്റില മുറുക്കുന്നതിനു വിരോധമില്ല. ബ്രാഹ്മണർ മത്സ്യമാംസങ്ങളൊന്നും ഭക്ഷിക്കയില്ല. നാട്ടുകാർക്കു് അവരെപ്പറ്റി ഭക്തിയും ബഹുമാനവും ഉണ്ടു്. എന്തു കുറ്റം ചെയ്താലും അവർക്കു് മരണശിക്ഷ വിധിക്കയില്ല. നമ്മുടെ ബിഷപ്പിന്റെ സ്ഥാനത്തു് അവർക്കു ഉള്ളതായ പ്രധാനി കുറ്റക്കാർക്കു് മിതമായ ശിക്ഷ നൽകിവരുന്നു. ഒരിക്കലേ അവർ വിവാഹം ചെയ്യു. അതും മൂത്തപുത്രൻ മാത്രം. വിവാഹാനന്തരം അയാളെ ക്രമാഗമനവിധിപ്രകാരം സ്വത്തിന്റെ പൂർണ്ണാവകാശിയാക്കുന്നു. മറ്റുള്ളവർ ഒരിക്കലും വിവാഹം ചെയ്യുന്നില്ല. ജ്യേഷ്ഠസഹോദരന്മാരായ ബ്രാഹ്മണർ അവരുടെ പത്നിയെ ഭദ്രമായും ബഹുമാനത്തോടും കൂടി സൂക്ഷിക്കുന്നു. ആർക്കും അവരെ സമീപിച്ചുകൂട. വിവാഹിതനായ ഒരുവൻ മരിച്ചാൽ, വിധവ പുനർവിവാഹം ചെയ്യുന്നില്ല. ഭാര്യ വ്യഭിചരിക്കുന്നപക്ഷം ഭർത്താവു് അവളെ വിഷംകൊടുത്തു കൊന്നുകളയുന്നു.” അവരുടെ ജീവിതരീതി, ആരാധനാക്രമം, ക്ഷേത്രങ്ങൾ ഇവയെപ്പറ്റിയും ബാർബോസ വിവരിച്ചിട്ടുണ്ടു്.
അവർ ‘ബർമ്മ’ ‘ബെസ്നു’ ‘മയ്സെരേണി’ (മഹേശ്വരൻ) എന്നു ത്രിവിധഭാവങ്ങളോടുകൂടിയ ഏക ദൈവത്തെ ആരാധിക്കുന്നു. ഈശ്വരൻ ലോകാരംഭം മുതല്ക്കേ ഉള്ളവനാണെന്നു് അവരും സമ്മതിക്കുന്നുണ്ടു്. യേശുക്രിസ്തുവിന്റെ ആഗമനത്തെപ്പറ്റി യാതൊരു ജ്ഞാനവും അവർക്കില്ല.
***
മരണശേഷം തങ്ങൾ ചാമ്പലായിത്തീരുമെന്നുള്ളതിന്റെ ചിഹ്നമായി അവർ, കുളിക്കുമ്പോഴൊക്കെ, തലയിലും നെറ്റിയിലും ഭസ്മം ധരിക്കുന്നു. മൃതശരീരത്തെ അവർ ദഹിപ്പിക്കുകയാണു് പതിവു്. ഒരു ബ്രാഹ്മണൻ തന്റെ പത്നി ഗർഭം ധരിച്ചിരിക്കുന്നു എന്നറിഞ്ഞ ഉടനേ പല്ലു ശുചിയാക്കുന്നു; പിന്നീടു് മുറുക്കുകയോ ക്ഷൗരം ചെയ്കയോ ചെയ്യുന്നില്ല. അതുവരെ അയാൾ ഉപവാസവ്രതവും അനുഷ്ഠിക്കുന്നു. രാജാക്കന്മാർ ഈ ബ്രാഹ്മണരെ യുദ്ധമൊഴിച്ചു് പലേ സംഗതികൾക്കും നിയോഗിച്ചുവരുന്നു. ബ്രാഹ്മണർക്കോ രാജകുലത്തിൽ ജനിച്ചവർക്കോ മാത്രമേ, രാജാവിനു പാചകം ചെയ്തു കൊടുക്കാവൂ. അതുകൊണ്ട് രാജാവിന്റെ ബന്ധുക്കളും ബ്രാഹ്മണരെക്കൊണ്ടാണു് പാചകം ചെയ്യിക്കുന്നതു്. ഒരു രാജ്യത്തുനിന്നു് മറ്റൊന്നിലേക്കു് എഴുത്തോ, പണമോ, കച്ചവടച്ചരക്കുകളോ കൊണ്ടുപോകുന്നവരും ബ്രാഹ്മണരാണു്.
അവർ വിഗ്രഹാരാധകന്മാരുടെ ധർമ്മത്തെപ്പറ്റി വിപുലമായ ജ്ഞാനമുള്ളവരും, വലിയ പണ്ഡിതന്മാരും വിവിധകലകളിൽ നൈപുണ്യം സമ്പാദിച്ചിട്ടുള്ളവരുമാകുന്നു. ആ നിലയിൽ രാജാവു് അവരെ വളരെ ബഹുമാനിക്കുന്നു.
9.5 നായന്മാർ
‘നായന്മാരുടെ സാമുദായികാചാരങ്ങളെപ്പറ്റി പാശ്ചാത്യസഞ്ചാരികൾ പറഞ്ഞിട്ടുള്ളതിലും മിഥ്യാജ്ഞാനത്തിന്റേയും അപൂർണ്ണജ്ഞാനത്തിന്റേയും ഫലമായി ചില പ്രമാദങ്ങൾ കടന്നുകൂടീട്ടുണ്ടെങ്കിലും ബാർബോസാമാത്രം ഏറെക്കുറെ ശരിയായ വിവരണം നൽകീട്ടുണ്ടു്.
“നായന്മാർ ഉൽകൃഷ്ടകുലജാതന്മാരാണു്. അവർക്കു നാടുവാഴിത്തമുണ്ടു്. കീഴ്ജാതിക്കാരുമായി അവർ കൂടിക്കഴിയില്ല. തങ്ങൾ ശ്രേഷ്ഠന്മാരാണെന്നുള്ള ഗർവും അവർക്കു ക്രമത്തിലധികമുണ്ടു്. അവർ എല്ലായ്പോഴും ആയുധപാണികളായ് നടക്കുന്നു.” [17]
“അവർ നഗരം വിട്ടു് ഉൾനാടുകളിലുള്ള തങ്ങളുടെ പുരയിടങ്ങളിൽ താമസിക്കുന്നു. ഈ പുരയിടങ്ങൾക്കു ചുറ്റും വേലികെട്ടിയിരിക്കും. വീടുകൾ മേയുന്നതു് ഓലകൊണ്ടാണു്.”
“ക്ഷേത്രങ്ങളും രാജഗൃഹങ്ങളും മാത്രമേ ഓടു മേയുവാൻ അനുവദിച്ചിരുന്നുള്ളു.” [18] “അവർ ദൃഢസംഹതകായന്മാരും സൗന്ദര്യശാലികളും ആകുന്നു. പുരുഷന്മാർക്കു സാമാന്യം ഉയരമുണ്ടായിരിക്കും.” [19]
“മുഖം, ശരീരം, അവയവങ്ങൾ മുതലായവയെ സംബന്ധിച്ചിടത്തോളം യൂറോപ്യന്മാർക്കും അവർക്കുമായി വലിയ വ്യത്യാസമൊന്നുമില്ല. നിറത്തിൽ മാത്രമേ വ്യത്യാസമുള്ളു. അവരെ ലോമശന്മാരെന്നു പറയാം. പുരുഷന്മാരുടെ മാറിടത്തിൽ രോമം കാടു പിടിച്ചിരിക്കും. പുരുഷന്മാർ കൈവിരലുകളിൽ നഖം നീട്ടി വളർത്തുന്നു. നികൃഷ്ടമായ തൊഴിലുകളിൽ പ്രവേശിക്കുന്നതിനു് ഈ നീണ്ട നഖങ്ങൾ ബാധകമായിരിക്കുമെന്നും, അത്തരം തൊഴിലുകളിൽ പ്രവേശിക്കുന്നതു് തങ്ങളുടെ കുലമഹിമയ്ക്കു പോരാത്തതാണെന്നും അവർ പറയുന്നു. നഖം വളർത്തുന്നതുകൊണ്ടു് വേറൊരു ആവശ്യംകൂടി നിറവേറുന്നുണ്ടു്; അതായതു്, വാൾ കൈയിൽ പിടിക്കുമ്പോൾ പിടി മുറുക്കുന്നതിനു് നഖങ്ങൾ വളരെ സഹായകമത്രെ.” തീണ്ടൽ തൊടീൽ എന്നീ അനാചാരങ്ങൾ അക്കാലത്തു് നന്നേ വർദ്ധിച്ചിരുന്നതായി ബാർബോസാ രേഖപ്പെടുത്തിയിട്ടുണ്ടു്.
“അവർ വെളിക്കു സഞ്ചരിക്കുമ്പോൾ ആരും വന്നു തീണ്ടിപ്പോവാതെ ഇരിക്കാനായി പോ! പോ! എന്നു ആട്ടിക്കൊണ്ടു നടക്കുന്നു. കീഴ്ജാതിക്കാർ വഴി മാറാതെ അടുത്തു ചെന്നു പോകുന്നപക്ഷം, അവർ ഉടനേതന്നെ കൊന്നുകളഞ്ഞാലും, അങ്ങനെ ചെയ്യുന്നു. നായർ ശിക്ഷാർഹനാകുന്നില്ല.”
“എന്തെങ്കിലും കാരണവശാൽ, തീണ്ടിപ്പോകയോ താണജാതിക്കാരെ തൊടുകയോ ചെയ്താൽ, തീണ്ടപ്പെട്ടവൻ പുരുഷനാണെങ്കിൽ കുളത്തിലോ നദിയിലോ പോയി മുങ്ങിക്കുളിക്കണം. അതിനുമുമ്പു് ജലപാനംകൂടി ചെയ്തുകൂട. കൃസ്ത്യാനികളേയും മറ്റു ജാതിക്കാരേയും തൊടുന്നപക്ഷവും അങ്ങനെതന്നെ ചെയ്യണം.”
നായന്മാർ ഇക്കാലത്തിനിടയ്ക്കു് ചാതുർവർണ്യത്തിൽ എത്രത്തോളം കുടുങ്ങിക്കഴിഞ്ഞുവെന്നു് ഇതിൽനിന്നു് മനസ്സിലാക്കാം.
[20] നായന്മാരുടെ തൊഴിൽ ആയുധഭ്യാസങ്ങളും യുദ്ധവും മാത്രമായിരുന്നു. അവർ ബഹുശൂരന്മാരായിരുന്നുവെന്നു ‘ലിൻഷോട്ടൻ പറഞ്ഞിരിക്കുന്നു. വാദഗ്രസ്തമായ വിഷയങ്ങൾ തീർച്ച ചെയ്തുവന്നതു് ദ്വന്ദ്വയുദ്ധംകൊണ്ടായിരുന്നു. ഇരുകൂട്ടരും ഓരോ ആളിനെ തിരഞ്ഞെടുക്കും. ദ്വന്ദയുദ്ധത്തിൽ ജയിക്കുന്നതു് ആരുടെ ആളോ അയാൾക്കനുകൂലമായിരിക്കും തീർച്ച. [21] പോർത്തുഗീസുകാർ വന്നപ്പോൾ, നായന്മാർ അവർക്കു മുൻനില നൽകിയില്ലെന്നു ശഠിച്ചുവത്രേ. കലഹത്തിനു് ഇടയുണ്ടാക്കരുതെന്നു വിചാരിച്ചു്, തങ്ങളിൽ മുൻനില ആർക്കാണു വേണ്ടതു് എന്നു നിർണ്ണയിപ്പാനായി കൊച്ചീരാജാവും ഗവർണ്ണരും ഓരോ നായന്മാരെ തിരഞ്ഞെടുത്തു് ദ്വന്ദ്വയുദ്ധം നടത്തി. ഭാഗ്യദോഷത്താൽ പോർത്തുഗീസുകാരാണു് ജയിച്ചതു്. അന്നു മുതൽ നായന്മാർ അവർക്കു് മുൻനില അനുവദിച്ചുവെന്നു് തേവനാട്ടിന്റെ സഞ്ചാരകഥകളിൽ കാണുന്നു.
നായന്മാർക്കു് അക്കാലത്തു് അക്ഷരാഭ്യാസം പാടില്ലായിരുന്നുവെന്നു പറയുന്ന ചിലർ ഉണ്ടു്. എന്നാൽ ബാർബോസാ തുടങ്ങിയ പാശ്ചാത്യന്മാർ അവരുടെ അക്ഷരാഭിജ്ഞതയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതിനാൽ, ആ വിഷയത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. ദർശനങ്ങൾ, ജ്യോതിഷം മുതലായ വിഷയങ്ങൾപോലും അവർ അഭ്യസിച്ചു വന്നതായി ന്യൂഹാഫ് വ്യക്തമായി പറഞ്ഞിരിക്കുന്നതു നോക്കുക. മന്ത്രവാദം, ആഭിചാരം എന്നീ വിഷയങ്ങളിലും അവർക്കു സാമർത്ഥ്യമുണ്ടായിരുന്നത്രേ.
കൈത്തൊഴിലുകളോടും വ്യവസായങ്ങളോടും അന്നുണ്ടായിരുന്ന വെറുപ്പു് ഇന്നും നായന്മാർക്കു് നീങ്ങിയിട്ടില്ല.
അവരുടെ ചെലവിനു് വളരെ അധികമൊന്നും ആവശ്യമില്ലായിരുന്നെന്നും, തങ്ങളുടെ യജമാനന്മാരെ കാത്തുരക്ഷിപ്പാൻവേണ്ടി അവർ ഊണും ഉറക്കവും ഉപേക്ഷിച്ചുവന്നുവെന്നും, മാസത്തിൽ ഒന്നേകാൽ ഉറുപ്പികകൊണ്ടു് ഒരാളുടെ ചെലവു നടക്കുമായിരുന്നെന്നും ബാർബോസാ പറഞ്ഞിരിക്കുന്നു.
‘കള്ളരുന്തിടുവതില്ലോം’ എന്നു പഴയ പാട്ടിൽ നാകന്മാർ അഭിമാനപൂർവം പറഞ്ഞതായി അവ്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ മദ്യപാനം ചെയ്യാത്തവരായിരുന്നെന്നു് ബാർബോസായും രേഖപ്പെടുത്തീട്ടുണ്ടു്. [22] പാശ്ചാത്യരുമായുള്ള സംസർഗ്ഗമാണു് അവരെ മദ്യപാനികളാക്കിയതെന്നു് നിസ്സംശയം പറയാം.
അവർ മാതാപിതാക്കന്മാരോടു് അതിരറ്റ ബഹുമാനവും സ്നേഹവും ഉള്ളവരാണെന്നും അവരെ സംരക്ഷിക്കുന്ന വിഷയത്തിൽ എന്തു കഷ്ടതകളും സഹിക്കുന്നതിനു് അവർ തയ്യാറായിരുന്നെന്നും മിക്ക പാശ്ചാത്യരും അഭിപ്രായപ്പെട്ടിട്ടുണ്ടു്.
[23] കരയ്ക്കോ വെള്ളത്തിലോ എവിടെവച്ചായിരുന്നാലും, അവരെ കുന്തമോ മറ്റോ പ്രയോഗിച്ചു വീഴ്ത്തുന്നപക്ഷം, അവർ വേദനകൊണ്ടു വെറുതേ കിടന്നുകളയാറില്ലായിരുന്നുവെന്നും നേരേ മറിച്ചു് ആ കുന്തത്തെ ഇരുകൈകളെക്കൊണ്ടും വലിച്ചെടുത്തു് വേദനയ്ക്കിടയിലും പ്രതിദ്വന്ദ്വിയുടെ നേർക്കു വലിച്ചെറിഞ്ഞു് തങ്ങളുടെ പക വീട്ടുമായിരുന്നെന്നും ലിൻഷേട്ടേന്റെ രേഖകളിൽ കാണുന്നു.
പടനിലത്തു മുറിവേറ്റു കിടക്കുന്നവരെ കൊള്ള ചെയ്യുന്നപതിവു് അവർക്കില്ലായിരുന്നു. അങ്ങനെ ചെയ്യുന്നതു് ലജ്ജാവഹമായിട്ടാണു് അവർ ഗണിച്ചുവന്നതു്. എന്നാൽ വിജയസൂചകമായി അവർ ശത്രുവിന്റെ ആയുധത്തെ എടുത്തുകൊണ്ടു പോകുമായിരുന്നു.
[24] “അവർ നന്നേ ആലോചിച്ചു് കാലോചിതമായേ പ്രവർത്തിക്കാറുണ്ടായിരുള്ളു. ദുർമ്മാർഗ്ഗങ്ങളിൽ അവരുടെ മനസ്സു പ്രവർത്തിക്കാറുമില്ലായിരുന്നു.… … മിക്കവാറും നഗ്നസ്ഥിതിയിൽ ആൺകുട്ടികളും പെൺകുട്ടികളും നടക്കയും, അടുത്തു പെരുമാറുകയും ചെയ്തുകൊണ്ടിരുന്നിട്ടും അവരുടെ പ്രവൃത്തികളിലൊന്നിലും യാതൊരുദോഷവും കാണാത്തതു് അത്യത്ഭുതമായിരിക്കുന്നു.”
9.6 സുറിയാനി ക്രിസ്ത്യാനികൾ
[25] ക്രിസ്ത്യാനികൾ തെക്കുംഭാഗക്കാരാണെന്നും വടക്കുംഭാഗക്കാരാണെന്നും രണ്ടായി തിരിഞ്ഞിരുന്നു. മാർത്തോമയുടെ പ്രഥമഭാര്യയിലുണ്ടായ സന്താനങ്ങളായതിനാൽ, തങ്ങൾക്കു് ഔൽകൃഷ്ട്യം കൂടുമെന്നായിരുന്നു തെക്കരുടെ അഭിമാനം. അവർ തന്നിമിത്തം വടക്കരുമായി കൂടിക്കഴിക പതിവല്ലായിരുന്നു. ഈഴവരെ ഒഴിച്ചാൽ അവരോളം പരിശ്രമശീലം കേരളത്തിൽ മറ്റാർക്കുമുണ്ടായിരുന്നില്ല. ഇന്നും ആ ഗുണം അവരിൽ കാണുന്നുണ്ടല്ലൊ. പൊതുവെ അവർ ശാന്തശീലന്മാരായിരുന്നത്രെ. അവരും ആയുധാഭ്യാസം ചെയ്യാറുണ്ടായിരുന്നു. എന്നാൽ കച്ചവടമായിരുന്നു അവരുടെ പ്രധാന തൊഴിൽ. വല്ലപ്പോഴുമല്ലാതെ അവർ മാംസം ഭക്ഷിക്കാറുണ്ടായിരുന്നില്ല.
മെനസ്സിസ്സിന്റെ കാലംവരെ നസ്രാണികളുടേയും ഹിന്ദുക്കളുടേയും ആചാരങ്ങൾക്കു തമ്മിൽ വലിയ സാദൃശ്യമുണ്ടായിരുന്നു. 1598-ൽ ആർച്ചുബിഷപ്പു് മെനസ്സസ് ഉദയംപേരൂർ വെച്ചു വിളിച്ചുകൂട്ടിയ യോഗത്തിൽ പല പുതിയ നിശ്ചയങ്ങൾ ചെയ്തു കാണുന്നു.
ശുദ്ധം മാറിയാൽ കുളിക്കുക, മൃതശരീരങ്ങളെ കുളിപ്പിക്കുക, വിവാഹത്തിനു് അരി വളച്ചു് ദമ്പതിമാരെ അതിനകത്തു് ഇരുത്തുക, മുണ്ടു മുറിക്കുമ്പോൾ അതിൽനിന്നും ഒരു നൂൽ എടുക്കുക, നെല്ലു് അളക്കുമ്പോൾ രണ്ടു് മണി നെല്ലു് അതിൽനിന്നും എടുത്തുവെയ്ക്കുക, ഈ ആചാരങ്ങളെ ഒന്നാമത്തെ കല്പനയാൽ അദ്ദേഹം വിരോധിച്ചു. [26]
പോർത്തുഗീസുകാരുടെ ഇടയ്ക്കോ, താണജാതിക്കാർ മാത്രമുള്ളിടത്തോ ജീവിക്കുന്നവർക്കു് താണജാതിക്കാരെ തൊടാമെങ്കിലും, ഉയർന്നജാതി ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന ദിക്കുകളിലെല്ലാം ക്രിസ്ത്യാനികളും തീണ്ടൽ ആചരിക്കണം. [27]
താണ ജാതിക്കാർ തൊട്ടുപോയ കുളങ്ങളേയും കിണറുകളേയും മറ്റും ശുദ്ധമാക്കുന്നതിനായി ചെയ്തുവന്ന ക്രിയകളെ ഉപേക്ഷിക്കണം. [28]
ഓണക്കാലത്തു് നായന്മാരുടെ പടകളികളിൽ പങ്കുകൊള്ളണം; എന്നാൽ അവരുടെ വക അടിയന്തിരങ്ങളിൽ പോയ്ക്കൂട. [29]
പ്രസവകാലത്തു്, പുരുഷപ്രജയായിരുന്നാൽ നാല്പതു ദിവസത്തേയും, സ്ത്രീപ്രജയായിരുന്നാൽ എമ്പതു ദിവസത്തേയും, വാലായ്മ ആചരിക്കുന്ന പതിവു നിർത്തണം. [30] ആഭിചാരം, ലക്ഷണം നോക്കി ഫലം പറയുന്ന ഏർപ്പാടു് മുതലായവയെ നിശ്ശേഷം വർജ്ജിക്കണം. ക്ഷേത്രങ്ങളിൽ വഴിവാടു കഴിക്കുക; നായ്ക്കളേയും മറ്റും കൊന്നു ബലി കൊടുക്കുക മുതലായവ ചെയ്യരുതു്. ദേഹരക്ഷയ്ക്കായി യന്ത്രാദികൾ ധരിക്കാൻ പാടില്ല. [31] പണത്തിനു് ക്രമപ്പലിശയേ വാങ്ങിയ്ക്കാവൂ. കൈമുക്കിയോ പഴുപ്പിച്ച ഇരുമ്പു പ്രയോഗിച്ചോ സത്യപരീക്ഷ നടത്തരുതു്. [32] [33] പുരുഷന്മാർ നായന്മാരെപ്പോലെ കാതു കുത്തി കടുക്കനിടരുതു്. ഈ കല്പനകളിൽനിന്നു് ക്രിസ്ത്യാനികളുടെ ആചാരങ്ങൾ നായന്മാരുടേതിൽനിന്നു് വ്യത്യാസപ്പെട്ടിരുന്നില്ലെന്നു കാണാം. സ്ത്രീകൾ മാറു മറച്ചു നടന്നുതുടങ്ങിയതും ഒരു പ്രത്യേക കല്പനയാലാണു്. ക്രിസ്ത്യാനികൾക്കു തമ്മിൽ വസ്തുസംബന്ധമായും മറ്റും തർക്കങ്ങളുണ്ടായാൽ ഇരുപാട്ടുകാരുടേയും വാദം കേട്ടു്, തീർച്ചചെയ്തുവന്നതു് ആർച്ചുഡീക്കനും മെത്രാനും കൂടിയായിരുന്നു. എന്നാൽ അപരാധികളെ ശിക്ഷിക്കാനുള്ള അധികാരം രാജാവിന്നേ ഉണ്ടായിരുന്നുള്ളു. ആയുധാഭ്യാസവും അവരുടെ ഇടയ്ക്കു നടപ്പുണ്ടായിരുന്നു. [34]
9.7 ഈഴവർ
ഈഴവർ ഉൽകൃഷ്ടകുലജാതന്മാരായിരുന്നുവെന്നു് വടക്കൻ പാട്ടുകളിൽ നിന്നും ഗ്രഹിക്കാം. എന്നാൽ പടച്ചേവുകം ചെയ്തു് ചേകോസ്ഥാനം വാങ്ങീട്ടുള്ളവർക്കായിരുന്നു അക്കാലത്തു പ്രാധാന്യം. അവർക്കു കളരികളും സ്ഥാനമാനങ്ങളും രാജാക്കന്മാർ നൽകിയിരുന്നു. നാടുവാഴികൾക്കും നായർപ്രഭുക്കൾക്കും വസ്തുതർക്കമോ മറ്റോ ഉണ്ടായാൽ അവർക്കു വേണ്ടി അങ്കം പൊരുതുന്നതു് ചേകോന്മാരായിരുന്നു. അസ്ത്രവിദ്യാഗുരുക്കന്മാരായ ചേകോന്മാരെ ബ്രാഹ്മണർപോലും ബഹുമാനിച്ചു വന്നു. മിക്ക നാടുവാഴികൾക്കും ചേകോപ്പട കൂടി ഉണ്ടായിരുന്നതായി കാണുന്നു.
9.8 കുറിപ്പുകൾ
[1] കൊ. രാ. ച. ഒന്നാം ഭാഗം 195-ാം വശം.
[2] കൊ. രാ. ച. ഒന്നാം ഭാഗം വശം 53.
[3] കൊ. രാ. ച. 1-ാം ഭാഗം വശം 227.
[4] ഈ ഗ്രന്ഥം പോർത്തുഗീസുകാരുടെ ഡയറിയിൽനിന്നും ശേഖരിച്ചിട്ടുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ളതാണു്.
[5] പോർത്തുഗീസുകാരുടെ സേവ പിടിക്കാനായി മാത്രം പറഞ്ഞ വാക്കുകളായിരുന്നു ഇവ.
[6] കൊച്ചിയിലെ നായന്മാർ വിശ്വാസവഞ്ചകികളായതുപോലെ തന്നെ ആയിരിക്കണം തിരുവിതാംകൂറിലെ എട്ടുവീടർ രാജദ്രോഹികളായതും.
[7] ചതിയന്മാർ അവരുടെ കൂട്ടത്തിൽ ഇല്ലായിരുന്നു എന്നു പറയുന്നില്ല. എക്കാലത്തും എല്ലാ സമുദായത്തിലും വഞ്ചകന്മാർ ഉണ്ടായിട്ടുണ്ടു്. ഇനി ഉണ്ടാകുകയും ചെയ്യും.
[8] Asia Portuguese–Fariay Sousa Vol (doubt) P. 67.
[9] കേരളപഴമ.
[10] കൊച്ചീചരിത്രം ഒന്നാം ഭാഗം.
[11] The Rise of Portugese Power in India queted from Cochin History Part I, Pages 357.
[12] The Commentaries of Alfonso Alboquerque. Vol. I, P. II.
[13] Collection of Early Voyages. Vol (doubt). Book (doubt).
[14] History of British India by Sir Willim Hunter, Vol (doubt) Page 184.
[15] Asia Portuguse Faria Y sousa Vol.doubt P. 116.
[16] Bsrbosa; The Discription of the coasts of East Africa and Malabar.
[17] Barbosa, Page 124, 129.
[18] Barbosa.
[19] Ralf Fitch, Barbosa & Linschoten.
[20] Linschoten.
[21] Barbosa Page 124.
[22] Landas da India.
[23] Nieuhoff.
[24] Landas da India.
[25] Session.
[26] Decree 1.
[27] Decree 2.
[28] Decree 3.
[29] Decree 4.
[30] Decree 5.
[31] Decree 6.
[32] Decree 7.
[33] Decree 8.
[34]Decree 14.
അധ്യായം 10
10. സംസ്കൃതപ്രഭാവകാലത്തെ സാഹിത്യം - (സാഹിത്യം)
ഈ അദ്ധ്യായത്തെ പാട്ടുകൾ, മണിപ്രവാളകൃതികൾ, ഗദ്യം, ശാസ്ത്രഗ്രന്ഥങ്ങൾ എന്നു നാലു ഖണ്ഡങ്ങളായി വിഭജിച്ചു്, ഓരോ വകുപ്പിലും അക്കാലത്തുണ്ടായ പ്രധാന കൃതികളെപ്പറ്റി ദിങ്മാത്രമായി വിമർശിക്കാമെന്നു വിചാരിക്കുന്നു.
10.1 പാട്ടുകൾ - വടക്കൻ പാട്ടുകൾ
മനുഷ്യർ സാമാന്യേന വീരപുരുഷാരാധകന്മാരാകുന്നു. ഏതൽഫലമായി എല്ലാ ഭാഷകളിലും വീരരസപ്രധാനങ്ങളായ ഒരുതരം ആഖ്യാനങ്ങൾ ആവിർഭവിച്ചിട്ടുണ്ടു്. മഹാകാവ്യങ്ങളെല്ലാം വീരാരാധനയിൽ നിന്നുത്ഭവിച്ചവയാണു്. അതുപോലെ തന്നെയാണു് ഇതിഹാസങ്ങളുടെയും കഥ. എന്നാൽ ഇതിഹാസങ്ങളേയും മഹാകാവ്യങ്ങളേയും അപേക്ഷിച്ചു് സംക്ഷിപ്തമായി വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഒരുമാതിരി കവിതകൾ ഉണ്ടു്. അവയ്ക്കു് ഇംഗ്ലീഷിൽ ballad എന്നു പേർ പറഞ്ഞുവരുന്നു. തച്ചോളിപ്പാട്ടുകൾ അഥവാ വടക്കൻപാട്ടുകൾ ഈ ഇനത്തിൽപ്പെടുന്നവയാണു്. മലയാളികളുടെ നാനാമുഖമായ ജീവിതം ഈ ഗാനങ്ങളിൽ നല്ലപോലെ പ്രതിഫലിച്ചുകാണുന്നു. അന്നത്തേ ജനമണ്ഡലത്തിന്റെ ജാത്യഭിമാനം, ദേശഭക്തി, സത്യനിഷ്ഠ, വീരപരാക്രമങ്ങൾ, സാഹസിക്യം, സ്ത്രീജനങ്ങളോടുള്ള ബഹുമാനം ഇത്യാദി ഗുണങ്ങൾ ഇന്നുള്ളവരിൽ കണികാണാൻപോലും ഇല്ലാതായിരിക്കുന്നു. കറുത്തനാട്ടു രാജാവിൽനിന്നു് കുറുപ്പുസ്ഥാനം സമ്പാദിച്ച കോമന്റെ അനുജനും അതിശൂരപരാക്രമിയും ആയിരുന്ന ഉദയനക്കുറുപ്പിന്റെ വീരകൃത്യങ്ങളെപ്പറ്റി ഇവിടെ അല്പം വിവരിക്കാം.
ഉദയനൻ തിരുനെല്ലിപ്പിണ്ഡത്തിനു പോവാനായി ഒരുങ്ങി,
“ഒന്നിണ്ടോ കേൾക്കണം കോമനേട്ട,
ഞാനൊരു കാര്യത്തിനു പോവ്വാണേട്ടാ”
എന്നു ജ്യേഷ്ഠനോടു് അനുവാദം ചോദിക്കുന്നു. അതുകേട്ടു്, കോമൻ തടസ്സം പറഞ്ഞപ്പോൾ,
“അപ്പോൾ പറയുന്നു കുഞ്ഞുതേനൻ
‘ആണും പെണ്ണുമല്ലാത്ത കോമനേട്ടൻ
വല്ല വഴിക്കോ പുറപ്പെട്ടാലു്’
ആ വഴി മുടക്കൂല്ലോ കോമനേട്ടൻ
വല്ലതും താനേ കിടയ്ക്കുന്നാകിൽ
കൈരണ്ടും കാട്ട്യങ്ങു വാങ്ങുമേട്ടൻ.”
ഈ അധിക്ഷേപ വചസ്സുകൾ കേട്ട മാത്രയിൽ കോമൻ അനുവാദം നൽകി. അനന്തരം ഉദേനൻ, അറയിൽ കടന്നിട്ടു്,
“എണ്ണഭരണി വലിച്ചുവെച്ചു്
ചിറ്റെള്ളിന്റെണ്ണ തിരുമുടിക്കു്
കാരെള്ളിന്റെണ്ണ തിരുമേനിക്കു്
താളിയും വാക പുളിച്ചീനിക്ക
ഈവക സാമാനമൊക്കയെടുത്തു
ആറ്റിൻ ചിറയ്ക്കൽ കുളിക്കാനായി”
പോകാൻ ഭാവിക്കവേ, കോമൻ പറയുന്നു:–
“ഒന്നിണ്ടേ, കേൾക്കണം കുഞ്ഞുതേന
അങ്കക്കുറിയും പടക്കുറിയും
തൊട്ടുകുറിയും തൊടുക്കുറിയും
ഇങ്ങനെ നാലു കുറിയരുതു്.
ആയുധമൊന്നുമെടുക്കരുതു്.
വയനാടൻ വടിയൊന്നെടുത്തോളേണ്ടു
തൊപ്പിക്കുടയൊന്നെടുത്തോളേണ്ടു.”
തേനൻ ജ്യേഷ്ഠൻ പറഞ്ഞതനുസരിച്ചു്, നാലു കുറികളിലൊന്നും ധരിക്കാതെ വയനാടൻവടി മാത്രം എടുത്തുകൊണ്ടു് പുറപ്പെട്ടു. കുടകുനാട്ടിലെ കുഞ്ഞിക്കണ്ണന്റെ വയലിൽ കൂടി മാത്രം പോകരുതെന്നു് കോമൻ ഉപദേശിച്ചിരുന്നു. എന്നാൽ തേനൻ ആ വഴിക്കുതന്നേയാണു് പുറപ്പെട്ടതു്. അദ്ദേഹം വയലിൽ ഇറങ്ങിയ മാത്രയിൽ കുടകു രാജാവു് കാണുകയും, മന്ത്രിയായ ചാത്തുനായരെ വിളിച്ചു് അയാളെ പിടിച്ചുകൊണ്ടുവരാൻ ആജ്ഞാപിക്കയും ചെയ്തു. പത്തു് ആളുകൾ ഉടനെ പുറപ്പെട്ടു്, അയാളെ പിടിക്കാനായി ഒരുങ്ങി.
‘പാഴിൽ മരിക്കേണ്ട നായന്മാരേ’
എന്നു പറഞ്ഞു് ഉദയനൻ പോവാനൊരുങ്ങുന്നതു കണ്ടു്, അവർ “രാജകല്പനയാണു് പോവരുതു്” എന്നു തടഞ്ഞു.
അതുകേട്ടു് തേനൻ
“രാജാവിനു ഞാനൊന്നും കൊടുക്കാനില്ല
എനിക്കു രാജാവൊന്നും തരുവാനുമില്ല
അങ്ങനെ ഏതാനും ഉണ്ടെങ്കിലു്
തിരുനെല്ലിപ്പിണ്ഡത്തിനു പോവ്വാണു ഞാൻ
പിണ്ഡം കഴിഞ്ഞു മടക്കത്തിനു
ഇതിക്കൂടി വരേണ്ടെന്നു പറഞ്ഞുംകൊള്ളു.”
എന്നു സമാധാനം പറഞ്ഞിട്ടും, അവർ കൂട്ടാക്കാതെ തടഞ്ഞു.
“അപ്പോൾ പറയുന്നു കുഞ്ഞുതേനൻ
‘പാഴിൽ മരിക്കേണ്ട നായന്മാരേ’
അതു പറഞ്ഞു വാമൊഴി തീരുംമുമ്പേ
വയനാടൻ വടിയൊന്നു തലമറിച്ചു
നായന്മാർ പത്താളുടെ തലയും പോയി”
കുഞ്ഞിക്കണ്ണൻ അതുകണ്ടിട്ടു്,
“ഊരാളിച്ചാത്തു കണക്കപ്പിള്ളേ
നായന്മാർ പത്താളുടെ തലയും പോയി
വെള്ളപ്പടയും വെടിയുംപോട്ടേ
വെള്ളപ്പടയും വെടിനിരന്നു.”
ഉദയനനാകട്ടെ, ഏഴടി മുമ്പോട്ടു വെച്ചു് വെള്ളപ്പടയുടെ നടുവിൽ ചാടിവീണതേ ഉള്ളു. അര നിമിഷത്തിനുള്ളിൽ വെള്ളപ്പടയും വെടിയും എല്ലാം നശിച്ചു. കണ്ണനിതെല്ലാം നോക്കിക്കൊണ്ടുതന്നെ നിന്നിരുന്നു.
“അതുതാനെ കാണുന്നു കണ്ണനല്ലോ
‘ഊരാളി ചാത്തു കണക്കപ്പിള്ളേ’
വെള്ളപ്പടയും മുടിച്ചോനാരു്?”
കണ്ണന്റെ ചോദ്യത്തിനു് ചാത്തു ഇങ്ങനെ മറുപടി പറഞ്ഞു.
“തച്ചൊള്ളിവീട്ടിലെ കുഞ്ഞുതേനൻ
പറക്കുന്ന പരന്തിനൊടു പടവെട്ട്വവൻ”
അതിനുശേഷം ഈഴവപ്പടയും വെടിയും നിരന്നു. ഉദയനനാകട്ടെ, കളരിപ്പരതേവരേയും കാരണോന്മാരേയും നന്നായി ധ്യാനിച്ചുകൊണ്ടു്,
“ഏഴടിമുമ്പാക്കം നിന്നു തേനൻ
പന്നിച്ചടക്കത്തിലൊന്നു പാഞ്ഞു
ഈഴുവപ്പടയും പേടി പിടിച്ചു
വയനാടൻവടിയുടെ തലമുറിഞ്ഞു
പാരംതളർന്നു കുഞ്ഞുതേനൻ”
അതിനുശേഷം കണ്ണൻ ‘തീപ്പട വരട്ടേ, വെടി വരട്ടേ’ എന്നു് ആജ്ഞാപിച്ചു.
“തീപ്പട നിരന്നു വെടിനിരന്നു
അതുതാനേ കാണുന്നു കുഞ്ഞുതേനൻ
കളരിപ്പരതേവതെ കാർന്നോന്മാരെ
എന്റെ വലംകൈക്കു തുണതരണേ”
എന്നു പ്രാർത്ഥിച്ചിട്ടു് ഉദയനൻ മൂന്നടി മുന്നോക്കം നിന്നു യുദ്ധം പൊടിതകൃതിയായി.
“തീപ്പടയുടെ ഇരവം കൊണ്ടു
ചെകിടൊട്ടു തേനനു കേൾക്കവല്ല.
തീപ്പടയടുത്തു; വെടിയടുത്തു.
‘തീയിന്റെ ചൂടു സഹിച്ചൂടല്ലോ’
എന്നും പറഞ്ഞങ്ങെണീറ്റു കണ്ണൻ
തീപ്പടയുടെ നടുക്കു ചാടി.
തീപ്പട മുടിച്ചു വെടി മുടിച്ചു.”
കണ്ണൻ വിഷമിച്ചു. ഉദയനൻ നേരെ അയാളുടെ സമീപത്തണഞ്ഞു് ഇങ്ങനെ പറഞ്ഞു:–
“ഒന്നിണ്ടോ കേൾക്കണം കുഞ്ഞിക്കണ്ണാ,
കൊടകിലേ രാജാവു കുഞ്ഞിക്കണ്ണാ,
എന്നോടരങ്കത്തിനിറങ്ങു നീയ്,
അല്ലെങ്കിൽ നിന്റെ തലയെടുക്കും.”
കണ്ണൻ അതുകേട്ടു് ‘ചാത്തു’നെ അങ്കത്തിനു വിട്ടു. അയാളുടെ തല ഉദയനൻ ക്ഷണത്തിൽ കൊയ്തിട്ടു്, കണ്ണനെ വീണ്ടും യുദ്ധത്തിനു ക്ഷണിച്ചു. കണ്ണൻ യുദ്ധത്തിനൊരുമ്പെട്ടു. കിഴക്കും തെക്കുമായി നിന്നു് അവർ പോരു തുടങ്ങി. ഒടുവിൽ കണ്ണന്റെ തലയരിഞ്ഞിട്ടു് അയാൾ,
“കരിയാന ഏഴിനെ അഴിച്ചവനും
ആനകളേഴിനെ കൊണ്ടുപോന്നു.
ഓട്ടുപാത്രങ്ങളൊക്കെത്തല്ലിയുടച്ചു;
കണ്ണന്റെ കോട്ട കുളം കുഴിച്ചു
തച്ചോളിവീട്ടിലും വന്നിരുന്നു”
ഉദയനനേപ്പറ്റി വേറെയും പല കഥകൾ ഉണ്ടു്. അതിൽ ഒന്നിന്റെ ചുരുക്കം താഴെ ചേർക്കുന്നു.
തച്ചോളി ഉദയനൻ തന്റെ ഉറ്റമിത്രമായ കണ്ടശ്ശേരിയോടുകൂടി ലോകനാർകാവിൽ കാവൂട്ടു കാണ്മാൻ പുറപ്പെട്ടു. താൻ തിരിച്ചുവരുന്നതുവരെ വെളിയിൽ ഇറങ്ങിപ്പോകരുതെന്നു് തന്റെ ഭാര്യയോടു് ആജ്ഞാപിച്ചാണു് അദ്ദേഹം പോയതു്. ഉദയനൻ കാവിൽ എത്തിയപ്പോൾ, നാലു കോവിലകത്തെ രാജാക്കന്മാർ പതിനായിരം നായന്മാരോടുകൂടി അവിടെ സന്നിഹിതരായിരുന്നു. ഉദയനൻ തന്റെ സ്ഥാനത്തു കേറി ഇരുന്നു് അല്പം കഴിഞ്ഞപ്പോൾ മതിലൂർ, കുരുക്കൾ ശിഷ്യനോടുകൂടി അവിടെ വന്നു് ആൽത്തറയിൽ കേറി ഇരിപ്പാൻ ഭാവിച്ചപ്പോൾ, ഉദയനൻ നിന്ദാഗർഭമായി തോക്കു കൊണ്ടുവരാൻ കണ്ടാശ്ശേരിയോടു പറഞ്ഞതുകേട്ടു് “ഉദയനാ കുംഭം 10-ം 11-ം തീയതികളിൽ പൊന്നിയാറ്റിന്റെ ആൽത്തറയിൽ വെച്ചു് നമ്മുടെ ബലം പരീക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞിട്ടു് തിരിച്ചു പോയി. ഉദയനന്റെ ജ്യേഷ്ഠനായ കോമപ്പൻ കുരുക്കളെ സമാധാനപ്പെടുത്തുന്നതിനു ശ്രമിച്ചപ്പോൾ, അയാൾ അദ്ദേഹത്തിന്റെ മുഖത്തു തുപ്പി. പിറ്റേ ദിവസം ഉദയനൻ ലോകനാർകാവിൽ ചെന്നു് ദേവിയെ ഭജിച്ചപ്പോൾ, ഒരു നമ്പൂരി വെളിച്ചപ്പെട്ടു് “നിനക്കു് ഇപ്പോൾ കാലക്കേടാണു്. ഞാൻ വിചാരിച്ചാൽ ഒരു സഹായവും ചെയ്വാൻ സാധിക്കയില്ല” എന്നു് അരുളിച്ചെയ്തു. ഉദയനൻ ദേവിയെ ഭക്തിപുരസ്സരം വീണ്ടും വീണ്ടും നമസ്കരിച്ചിട്ടു് തന്റെ തുണയായി നില്ക്കണമെന്നു പ്രാർത്ഥിച്ചു. ഒടുവിൽ ഒരു അശരീരിയുണ്ടായി. ദേവി ഒരു മഞ്ഞപ്പക്ഷിയുടെ രൂപത്തിൽ ശണ്ഠസ്ഥലത്തുണ്ടായിരിക്കുമെന്നും മദ്ധ്യാഹ്നത്തിനു ശേഷം അന്തർദ്ധാനം ചെയ്യുമെന്നും അപ്പോൾ ഉദയനൻ സ്ഥലം വിട്ടു പൊയ്ക്കൊള്ളണമെന്നും ആയിരുന്നു അശരീരിയുടെ ചുരുക്കം. അനന്തരം വീട്ടിൽ ചെന്നു് ജ്യേഷ്ഠനേയും ഭാര്യയേയും സമാധാനപ്പെടുത്തീട്ടു് അദ്ദേഹം ശണ്ഠയ്ക്കു പുറപ്പെട്ടു. ആൽത്തറയിൽ നേരത്തെ കുരുക്കളും കൂട്ടുകാരും സന്നദ്ധരായി നിന്നിരുന്നു. ഉദയനൻ അരയും തലയും മുറുക്കി, തന്റെ അരക്കെട്ടിന്റെ ഒരു അഗ്രം ഒരു മാവിന്റെ തായ്ത്തടിയിൽ തൊടുത്തി ഒന്നു വലിച്ചപ്പോൾ ഇലകളെല്ലാം പൊഴിഞ്ഞുപോലും. ഒന്നുകൂടി വലിച്ചപ്പോൾ ശാഖകളെല്ലാം മുറിഞ്ഞുവീണു. പിന്നീടു് വാളും പരിശയും ധരിച്ചു് നേരെ ആൽത്തറയിലേക്കു തന്നെ അദ്ദേഹം തിരിച്ചു. ശണ്ഠ ആരംഭിച്ചു. കുരുക്കളുടെ വാളിനെ ഉദയനൻ ഏഴുപ്രാവശ്യം പിടിച്ചെടുത്തു. ഇതിനിടയ്ക്കു് മഞ്ഞപ്പക്ഷി അന്തർദ്ധാനം ചെയ്തുകഴിഞ്ഞു. തന്മൂലം ഉദയനൻ വിജയഘോഷത്തോടു കൂടി തിരിച്ചുപോന്നു. എന്നാൽ തന്റെ കഠാരികളഞ്ഞുപോയതുകൊണ്ടു് അതിനെ തിരിച്ചെടുപ്പാനായി വീണ്ടും ശണ്ഠസ്ഥലത്തേയ്ക്കു പോകേണ്ടിവന്നു. ജ്യേഷ്ഠന്റെയും മറ്റും തടസ്സത്തെ വകവെയ്ക്കാതെ ഉദയനൻ, അങ്ങോട്ടു പുറപ്പെട്ടപ്പോൾ, കുരുക്കളുടെ കക്ഷിയിൽപ്പെട്ട പക്കി എന്നൊരുവൻ, മരത്തിന്റെ പുറകിൽ ഒളിച്ചു നിന്നുകൊണ്ടു് അദ്ദേഹത്തിനെ വെടിവച്ചു. ഉദയനൻ വെടിയേറ്റു വീണെങ്കിലും, തന്റെ വാളിനെ വെടിയുണ്ടായ സ്ഥലത്തിനുലാക്കാക്കി എറിഞ്ഞതിനാൽ, ആ മരവും അതിനു പുറകിൽ നിന്നിരുന്ന പക്കിയും ഈരണ്ടു ഖണ്ഡങ്ങളായി നിലംപതിച്ചുവത്രേ. പിന്നീടു് ഉദയനൻ തന്റെ ഉഷ്ണീഷത്തെ കീറി നെറ്റിത്തടത്തിൽ കെട്ടി, രക്തത്തെ തടഞ്ഞിട്ടു് ജ്യേഷ്ഠനോടും കൂട്ടകുകാരോടും കൂടി വീട്ടിലേയ്ക്കു തിരിച്ചു പോന്നു.
ഇതുപോലെ തന്നെ കണ്ണൻ, കോൻ, ചന്തു എന്നിങ്ങനെ പലേ മഹാരഥന്മാരെപ്പറ്റി അസംഖ്യം കഥകൾ നടപ്പുണ്ടു്. അവയെ ഒക്കെ വടക്കൻപാട്ടുകളെന്നാണു് സാധാരണ വിളിക്കാറുള്ളതു്. ‘കോമൻ’ തച്ചൊളി മേപ്പ വംശത്തിന്റെ സ്ഥാപകനാണെന്നു തോന്നുന്നു. ചന്തു ഉദയനക്കുറുപ്പിന്റെ ഭാഗിനേയനുമായിരുന്നു.
‘തച്ചോളിച്ചന്തു’ എന്ന പാട്ടിൽനിന്നു് അവരുടെ കുടുംബത്തേപ്പറ്റി അനേകം സംഗതികൾ അറിയാം. അന്നത്തെ സ്ഥാനമാനികളുടെ വസ്ത്രധാരണരീതി അറിയണമെങ്കിൽ, താഴെ ചേർത്തിരിക്കുന്ന ഭാഗം നോക്കുക:–
“നിലയറവാതിൽ തുറക്കുന്നുണ്ടു്.
മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ചു;
ചമയങ്ങളൊക്കെയെടുത്തു ചന്തു;
അങ്കപ്പട്ടോല എടുക്കുന്നുണ്ടു്;
പട്ടുതെറുത്തങ്ങുടുക്കുന്നുണ്ടു്;
നാല്പത്തിരുമുഴം പുള്ളിക്കച്ച;
കുഴലീന്നു കച്ച വലിച്ചെടുത്തു”
അന്നത്തെ നെയ്ത്തുകാരുടെ സാമർത്ഥ്യത്തിനു് ഇതിൽപ്പരം എന്തുദാഹരണമാണു് വേണ്ടതു്. നാല്പത്തിരണ്ടു മുഴം തുണി ഒരു കുഴലിൽ ഒതുക്കിവെയ്ക്കണമെങ്കിൽ അതിനു് എത്ര നേർമ്മ ഉണ്ടായിരിക്കണം!
“പന്തുകണക്കിൽച്ചുരുട്ടീ കച്ച;
ആകാശം ചൂണ്ടിയെറിഞ്ഞു കച്ച;
കച്ചേടെ വാലുപിടിച്ചു ചന്തു;
പകിരി തിരിഞ്ഞങ്ങു കെട്ടുന്നുണ്ടു്;
വടക്കൻ ഞെറിവെച്ചു ഞായംവെച്ചു;
തെക്കൻ ഞെറിവെച്ചു കൂന്തൽവെച്ചു;
ആനമുഖംവെച്ചു കെട്ടുന്നുണ്ടു്;
കുതിരമുഖം വെച്ചും കെട്ടുന്നുണ്ടു്;
ചന്തം പെരുമയിൽ കെട്ടുന്നുണ്ടു്;
അങ്കപ്പുലി വാലുഴിഞ്ഞു കെട്ടി;
കച്ചച്ചമയങ്ങൾ ചമഞ്ഞൊരുങ്ങി;
ഏലസ്സരിഞ്ഞാൺ അരമുറുക്കി;
നാടുവാഴി കൊടുത്തൊരു പൊന്നുംതൊപ്പി
തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു.
ചെപ്പുമരുന്നും എടുത്തു ചന്തു,
നാവിങ്കൽ തന്നെയും മാന്തുന്നുണ്ടു്.
ചന്ദനപ്പരിശ പൊടി തുടച്ചു.
ഉറുമിപ്പരിശ തൊഴുതെടുത്തു.”
അന്നുള്ളവരുടെ സ്വമിഭക്തി അത്ഭുതാവഹമായിരുന്നു. ഉദയനക്കുറുപ്പിന്റെ കാലശേഷം കുറേക്കാലത്തേയ്ക്കു് പ്രായപൂർത്തിയുള്ളവരാരും തച്ചൊളികൂടുംബത്തിൽ ഇല്ലാതിരുന്നതിനാൽ വഞ്ചകനായ വടകരവയ്യൻ അവരുടെ മുതലുകളിൽ ചിലതു സ്വാധീനമാക്കി. ചന്തു പ്രായമായ ഉടനെ ആധാരപ്പെട്ടികൾ പരിശോധിച്ചു് കാര്യം മനസ്സിലാക്കയും വടകരവയ്യനിൽനിന്നു് പാട്ടവും പലിശയും പിരിക്കാനായി അങ്ങോട്ടു പുറപ്പെടുകയും ചെയ്തു. വഴിമദ്ധ്യേ ഒരു ആൽത്തറയിൽ കേറി വിശ്രമിക്കുന്നതിനു് ഒരുങ്ങിയപ്പോൾ,
“അതുതാനെ കാണുന്നു ജോനകരും;
നാലുജാതിയുമേ ഒത്തുകൂടി,
നമ്മുടെ കുറുപ്പനോർ മരിച്ചേപ്പിന്നെ
ആൽത്തറ മുകളേറിയിരുന്നോരില്ല
അവരുടെ കുറുമ്പു കുറച്ചീടേണം”
എന്നു പറഞ്ഞു് ദണ്ഡും വടിയും ഉലക്കയുമായി ആൽത്തറ വളഞ്ഞു. എന്നാൽ ചന്തു ആരെന്നു മനസ്സിലാക്കിയ ഉടനേ ആയുധങ്ങൾ ദുരത്തെറിഞ്ഞുകളഞ്ഞിട്ടു് അവർ ചന്തുവിന്റെ പാദത്തിൽ വീണു് ക്ഷമായാചനം ചെയ്തുവത്രേ.
‘ചന്തു’വിലുള്ള ഒരു സ്ത്രീവർണ്ണന നോക്കുക:–
“മാനത്തുന്നെങ്ങാനും പൊട്ടി വീണോ?
ഭൂമിയിൽ എങ്ങാനും മുളച്ചു വന്നോ?
എന്തു നിറമെന്നു ചൊല്ലേണ്ടു ഞാൻ?
കുന്നത്തെ കൊന്നയും പൂത്തപോലെ
ആദിത്യചന്ദ്രരുദിച്ചപോലെ,
പൊൻവാളം തട്യങ്ങു നീട്യപോലെ,
വയനാടൻ മഞ്ഞൾ മുറിച്ചപോലെ,
കുന്നിക്കുരു നിറമെന്നും കണ്ടാൽ
കുരുത്തോല നിറമൊത്തപോലെ തോന്നും.”
ആധുനിക സംസ്കൃതസാഹിത്യം വായിച്ചു മനസ്സു കല്ലിച്ചുപോയവർക്കു് ഈ വർണ്ണന ഹൃദ്യമായി തോന്നുകയില്ലായിരിക്കും.
ശ്രീഭദ്രകാളിയേ സേവിച്ചു് ഭദ്രവാളു സമ്പാദിച്ചവളും അർക്കചന്ദ്രന്മാർ നേരിച്ചു നടക്കാതിരിക്കത്തക്കവണ്ണം അത്ര പ്രാബല്യമുള്ളവളും ആയ കുഞ്ഞിക്കൊങ്കി എന്ന ഒരു സ്ത്രീ അകമ്പടിക്കാരോടുകൂടി പോകുന്നതു കണ്ടു്, അവളെ തന്റെ ഭാര്യയാക്കണമെന്നു് ചന്തു നിശ്ചയിച്ചു. അവൾക്കു് കൊടമലയുടെ ആധിപത്യം ഉണ്ടായിരുന്നതിനു പുറമേ അവളുടെ ഭർത്താവു് വീരാഗ്രണിയായ ഒരു തുളുനാടൻ കണ്ണനുമായിരുന്നു. ചന്തു തന്റെ പരാക്രമത്താൽ കൊങ്കിയേ അപഹരിച്ചു. സ്വഗൃഹത്തിലേക്കു കൊണ്ടുപോന്നു. വിവാഹത്തിന്റെ ചടങ്ങുകൾ ഇങ്ങനെയാണു്:–
“അമ്മയ്ക്കു ശരിയൊത്ത മരുമകളും
നമ്മുടെ പടിപ്പുരയ്ക്കൽ നിൽപ്പുണ്ടല്ലോ.
അരിയുമെറിഞ്ഞകം കൊള്ളിക്കിൻ
ആ മൊഴികട്ടല്ലോ പെറ്റോരമ്മ
അരിയുമേ മഞ്ഞളും ചോപ്പിക്കുന്നു;
വിളക്കും നിറയുമേ പിടിപ്പിക്കുന്നു;
മുത്താപ്പു കെട്ടുന്നു അമ്മയല്ലോ
പടിപ്പുരതന്നിലും ചെന്നീതമ്മ,”
ചന്തുവും കണ്ണനും ആയുള്ള യുദ്ധത്തിൽ കൊങ്കി പ്രദർശിപ്പിച്ച യുദ്ധസാമർത്ഥ്യം അവർണ്ണ്യമാകുന്നു. ആ ഭാഗം വായിക്കുമ്പോൾ ആർക്കും ഹൃദയം തുടിക്കാതിരിക്കയില്ല. ഏഴു രാജാക്കന്മാരെ നിഗ്രഹിച്ചു് അവരുടെ സ്വത്തുക്കൾ അപഹരിച്ച പരാക്രമശാലിയായിരുന്നത്രേ ആ സ്ത്രീരത്നം.
വടക്കൻപാട്ടുകളിൽ നിന്നു് അന്നത്തെ മലയാളികളുടെ ദായക്രമം, സ്വഭാവം, കുടിപ്പക, അങ്കം, സ്നാനപാനാദികൾ, വിവാഹം, ശേഷക്രിയ ഇവയെപ്പറ്റി സൂക്ഷ്മമായ ജ്ഞാനം സമ്പാദിക്കാം. തച്ചൊള്ളിക്കുഞ്ഞിച്ചന്തു താഴത്തുമഠത്തിലെ മാതുവിന്നു് അമ്മാവന്റെയും മറ്റും അറിവു കൂടാതെ മുറി കൊടുത്തിട്ടു്,
“തച്ചോള്ളിവീട്ടിലെ ഈടുപ്പുകൾ
അമ്മാവനറിയാതെ കൊണ്ടുപോയി
താഴത്തുമഠത്തിൽമഠങ്ങൾതീർത്തു
പടിയും പടിപ്പുര കേമമാക്കി
കിണറും കുളങ്ങളും ഭംഗിയാക്കി”യത്രേ.
അങ്ങനെ ഇരിക്കുന്ന കാലത്തു് അയാളുടെ മാതുലപത്നിയായ ചീരു ഈ വിവരം അറിഞ്ഞു് ആ ബന്ധം ഉപേക്ഷിക്കണമെന്നു് ചന്തുവിനെ ഉപദേശിച്ചുവെങ്കിലും അതുകൊണ്ടു പ്രയോജനമുണ്ടായില്ല.
ഒരുദിവസം മാതുക്കുട്ടി പതിനാറു പിണാത്തിമാരോടുകൂടി ഓമല്ലൂർക്കാവിൽ കുളിക്കാൻ പുറപ്പെട്ടപ്പോൾ അവളുടെ അമ്മ,
“അവിടെ കുളിപ്പാനായി പോകവേണ്ട
നമ്മുടെ കുളത്തിൽ കുളിച്ചുകൊൾക”
എന്നു തടഞ്ഞു. വല്ല മാറ്റാനും ചെന്നു് അവളേ തട്ടിക്കൊണ്ടുപോയേക്കുമെന്നായിരുന്നു ആ സ്ത്രീയുടെ ഭയം.
“തച്ചൊള്ളി ചന്തുന്റെ ഭാര്യയെന്നേ
ആരും തൊടുകില്ല”
എന്നായിരുന്നു ആ വീരപത്നിയുടെ മറുപടി. മാതുവിന്റെ സ്നാനജപാദികളെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
‘പൂഞ്ചിറവക്കത്തു ചെന്നുനിന്നു
ചമയങ്ങളൊക്കയഴിച്ചുവെച്ചു
ആയതു കണ്ടപ്പോൾ പിണാത്തിമാരും
താളിക്കല്ലിന്മേലേറി നിന്നു
താളി പതച്ചു കുറുമ്പരിച്ചു’
കുലീനകളായ സ്ത്രീകളെ എണ്ണതേപ്പിക്കുന്നതിനും താളിപിഴിഞ്ഞു കൊടുക്കുന്നതിനും ആയി പിണാത്തിമാരെക്കൂടി അവർ കൊണ്ടുപോക പതിവായിരുന്നു.
മാതു കുളി കഴിഞ്ഞു് കല്ലിന്മേൽ തേവാരവും കടവത്തു മന്ത്രവും കഴിച്ചിട്ടു് സൂര്യനു വെള്ളം ജപിച്ചെറിഞ്ഞ ശേഷം കുറിയിടുന്നതിങ്ങനെയാണു്.
“ചന്ദനക്കല്ലിന്റെ യരികേ ചെന്നു
ഉയർന്ന പുറം നോക്കിക്കാൽ മടക്കി,
ചന്ദനമുരസിക്കുറി വരച്ചു;
എലക്കുറിയേഴും വരച്ചു മാതു
ചന്തക്കുറിയും വരച്ചു പെണ്ണും;
പൊൻകൊണ്ടരപ്പുതിലകം തൊട്ടു;
കുങ്കുമം കൊണ്ടങ്ങു പൊട്ടുകുത്തി;
അഞ്ജനമരച്ചിട്ടു കണ്ണെഴുതി;
ചന്ദനത്തൈലമെടുത്തവളും
കസ്തൂരി കളഭം പൂശുന്നുണ്ടു്.”
ഇന്നും നാട്ടുംപുറങ്ങളിൽ ബാലികമാർ ഈമാതിരി കുറികൾ ഇടാറുണ്ടു്. കുറിയിട്ടതിനു ശേഷം അവൾ,
നീലക്കവണി പുടവയെടുത്തു
പൂക്കുലഞൊറിയിട്ടുടുത്തു പെണ്ണും
മേൽമുണ്ടു നന്നായിച്ചുറ്റി മാതു
കൊട്ടം പടിവെച്ച പൊന്നരഞ്ഞാൾ
മീതേയഴകിന്നു പൂട്ടി മാതു”
ചന്തു കൊടുത്ത ചമയങ്ങളൊക്കെ അണിഞ്ഞുകൊണ്ടു് അവൾ ക്ഷേത്രത്തിൽ ചെന്നു് ഈശ്വരദർശനം നടത്തിക്കൊണ്ടിരിക്കവേ, അവിടെ കണ്ടൻമേനോൻ എന്നൊരു നായർപ്രഭു പൊന്നുംപല്ലക്കിൽ വന്നിറങ്ങുകയും, മാതുക്കുട്ടിയുടെ ‘കുന്നത്തുകൊന്ന പൂത്തപോലെ’യും, ‘വയനാടൻ മഞ്ഞൾ മുറിച്ച’പോലെയും ഇരിക്കുന്ന പൂമേനിയുടെ ശോഭ കണ്ടു് അവളെ പിടിച്ചു് പല്ലക്കിൽ കേറ്റിക്കൊണ്ടു് തുളുനാടൻ കോട്ടയിലേക്കു കൊണ്ടുപോകുവാൻ തന്റെ ഭൃത്യന്മാരോടു് ആജ്ഞാപിക്കയും ചെയ്തു. എന്നാൽ അവർക്കാർക്കും ചന്തുവിന്റെ ഭാര്യയെ തൊടാൻ ധൈര്യമുണ്ടായില്ല. അതുകണ്ടു് മേനോൻ ചെന്നു് അവളുടെ കൈയ്ക്കു പിടിച്ചപ്പോൾ,
“എടതുള്ളി വിറച്ചിതു മാതുപ്പെണ്ണും
ആണുമ്പെണ്ണ്വല്ലാത്ത വരുതിക്കയ്യ,
അമ്മപെങ്ങന്മാരും നിനക്കില്ലേട,
എന്നെനീയറിയോട വരുതിക്കയ്യ,
തച്ചോളിച്ചംതൂനെ അറിയോ നീയ്
അവനുടെ പെണ്ണായ മാതു ഞാനെ?
അവനീ സംഗതി അറിഞ്ഞിതെങ്കിൽ
കഴുവിനെക്കൊത്തുമ്പോൽ കൊത്തുന്നിന്നെ”
എന്നു് അവൾ ഭത്സിച്ചു. ഇത്തരം വീരവനിതകൾ അക്കാലങ്ങളിൽ ധാരാളമുണ്ടായിരുന്നു. മുതുകത്തു മുറിവേറ്റുവരുന്ന മക്കളെ പടിക്കകത്തു കയറ്റാതെ, രണഭൂമിയിൽച്ചെന്നു് തങ്ങളുടെ സ്തനങ്ങളെ അറുത്തുകളഞ്ഞിട്ടുള്ള എത്രയോ ജനനിമാർ അന്നു കേരളത്തിലുണ്ടായിരുന്നു. ഇന്നുള്ള സ്ത്രീകളാകട്ടെ, കുട്ടികളുടെ കരച്ചിലാറ്റുന്നതിനു വേണ്ടി ‘ഉമ്മാക്കി’യുടെ കഥപറഞ്ഞു് അവരെ ഭീരുക്കളാക്കി വിടുകയാണു് ചെയ്യുന്നതു്. ഉണ്ണിആർച്ച എന്ന ചേകോത്തിയുടെ വീരപരാക്രമങ്ങളെപ്പറ്റിയുള്ള പാട്ടു് ഒരു കുറി വായിച്ചാൽ, ആർക്കും അത്ഭുതം തോന്നാതിരിക്കയില്ല.
ചന്തു ഈ വിവരം അറിഞ്ഞു്, പക വീട്ടാൻ ഒരുമ്പെടുന്നു. അയാൾ അങ്കം പൊരുതി മേനോനെ നിഗ്രഹിച്ചിട്ടു് കോട്ട പിടിച്ചെടുത്തു കഴിഞ്ഞപ്പോൾ, നാടുവാഴി അവിടെ എത്തി, കോട്ടയിൽ ആരെടാ എന്നു ചോദിക്കയും,
“തച്ചൊള്ളി ഉതയോനെന്നു കേട്ടിട്ടുണ്ടോ?
അവനുടെ മരുമകൻ ചന്തു ഞാനും”
എന്നു് അയാൾ പറഞ്ഞതു കേട്ട മാത്രയിൽ ‘ഉള്ളകം തുള്ളി വിറച്ചുകൊണ്ടു്’ വന്ന വഴിയേ പോകയും ചെയ്തുവത്രേ. ഇതിനിടയ്ക്കു് ചന്തുവിനെ തിരക്കി ഉദയനനും വന്നെത്തി. തന്റെ ഭാഗിനേയന്റെ വീരകർമ്മങ്ങൾ കണ്ടു് അദ്ദേഹം ആനന്ദപരവശനായിച്ചമഞ്ഞു. ഉദയനൻ കാക്കൽ വീണു് ആചാരം ചെയ്ത ചന്തുവിനു് നെറുകയിൽ തൊട്ടു വരം കൊടുത്തിട്ടു്, അയാളെ വാരിയെടുത്തു് മാറോടണച്ചു. കോട്ടയ്ക്കു മുദ്ര വെച്ചു് പോവാൻ ആരംഭിച്ചപ്പോൾ ഉദയനൻ, കണക്കപ്പിള്ളമാരെ വിളിച്ചു്,
“ആളുമടിയാരേ വലപ്പിക്കെല്ലേ
കന്നുകാലികളെ രക്ഷിക്കേണം”
എന്നുകൂടി ഏർപ്പാടു ചെയ്യാതിരുന്നില്ല.
അക്കാലത്തെ മലയാളികളുടെ ദാനശീലം താഴെച്ചേർത്തിരിക്കുന്ന വരികളിൽനിന്നു വ്യക്തമായിക്കാണാം.
കുറുങ്ങാട്ടിടത്തിലെ ‘വാഴുന്നോർ’ ആരോമർ ചേകവരെ തേടിപ്പോകും വഴിക്കു് ഒരു പാണച്ചെറുക്കനെ കാണുന്നു. അവനോടു് അദ്ദേഹം ‘എവിടുന്നു വരുന്നെടാ പാണ നീയ്യേ’ എന്നു ചോദിച്ചതിനു് ‘ഊരിലിരപ്പിനായിപ്പോണടിയൻ’ എന്നു് അവൻ മറുപടി പറയുന്നു.
“ഊരിലിരന്നാലോ എന്തു കിട്ടും?”
എന്നു വീണ്ടും ചോദിച്ചപ്പോൾ, അവൻ പറഞ്ഞ മറുപടിയാവിതു്.
“ഉണ്ണുമ്പോൾ ചെന്നാലൊ ചോറു കിട്ടും
തേയ്ക്കുമ്പോൾ ചെന്നാലൊ എണ്ണ കിട്ടും
ചെത്തുമ്പോൾ ചെന്നാലൊ കള്ളു കിട്ടും
അത്താഴച്ചോറ്റിനു അരിയും കിട്ടും
സന്ധ്യവിളക്കിനു എണ്ണ കിട്ടും”
അതേ പാട്ടിൽതന്നെ ഒരു ചേകവപ്രഭുവിന്റെ ഗൃഹത്തെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“പുത്തനായിത്തീർത്ത പടിപ്പുരയും
കുമ്മായം തേച്ചതിൽ ചിത്രെഴുത്തേ
പടിപ്പുര കയറിക്കടന്നു ചെന്നാൽ
നാടകശാലയിൽ ചെന്നിറങ്ങാം.
നാടകശാലയിൽ ചെന്നിരുന്നാൽ കാണാം
പടല പഴുത്തുള്ള വാഴത്തോട്ടം
കുലയിലുണങ്ങിയ തെങ്ങിൻതോട്ടം
അടയ്ക്കാ പഴുത്തുള്ള കമുകിൻതോട്ടം
***
കിഴക്കുപുറത്തങ്ങു പൂത്തിലഞ്ഞി;
അതിനരികത്തുണ്ടേയന്തിമാടം;
അന്തിമാടത്തുമ്മേൽ അന്തിയാട്ടം;
തെക്കുപുറത്തുണ്ടു തേൻപുളിയും;
അതിനരികെയുണ്ടു കൂത്തുമാടം;
കൂത്തുമാടത്തുമ്മേൽ കൂത്താട്ടവും,
പടിഞ്ഞാറുപുറത്തുണ്ടു തൈവംപാല,
അതിനരികെയുണ്ടു മണ്ടകവും,
മണ്ടകം ചുറ്റും ഇളംപുലാവേ,
വടക്കേപ്പുറത്തുണ്ടു വളർമാവുംതയ്യേ,
അതിനരികെയുണ്ടുരപ്പുരയും,
ഈശാനത്തിന്മേൽ മണിക്കിണറേ,
കന്നിരാശിയിന്മേൽ തൊടുക്കുളവും,
കിഴക്കുപുറത്തുണ്ടു കരിമ്പനയും,
കാൽവച്ചു ചുറ്റും വളർത്തീട്ടുണ്ടേ.
വെള്ളക്കരിമ്പന മുകളിലല്ലോ
നാഗവും ഭൂതം ഇരുപ്പുണ്ടല്ലോ.
കിഴക്കുപുറത്തുണ്ടു മുല്ലത്തറ;
തെക്കുപുറത്തുണ്ടു നെടുംകളരി;
അങ്കക്കളരിയെന്ന കളരിയാണേ,
അങ്കക്കരുനാഗം ദൈവത്താണെ.”
ഈഴവരുടെ ഒരു വിവാഹാടിയന്തിരത്തെ കണ്ണപ്പൻ ചേകവരുടെ കഥയിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു. [1]
പുത്തൂരംവീട്ടിൽ മൂത്ത ചേകവർ തന്റെ പൊന്മകനായ കണ്ണപ്പനു പതിനാറു വയസ്സു തികഞ്ഞ ഉടനെ അവന്നു് ഒരു കന്യകയെ തേടിപ്പുറപ്പെട്ടു. പലേ സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും യോജിച്ച ഒരു കന്യകയെ കിട്ടായ്കയാൽ ഒടുവിൽ ‘അമ്പാടി വാഴുന്ന’ ചേകവരുടെ വീട്ടിൽ എത്തി. അവർക്കു മേനോസ്ഥാനവും മറ്റും ഉണ്ടായിരുന്നത്രേ. അമ്പാടിച്ചേകവർ നമ്മുടെ പുത്തൂരംവീടിനെ കണ്ടപ്പോഴേ,
“കാറ്റാടും നല്ല കളിത്തിണ്ണമേൽ
വീരാളിപ്പുൽപ്പായ വാരിയിട്ടല്ലോ.
വെറ്റിലച്ചെല്ലവും കോടന്നുവെച്ചു.”
അയാൾ മുറുക്കീട്ടു ഓരോ വിശേഷങ്ങളും പറഞ്ഞു കുറച്ചു നേരം ഇരുന്നശേഷം, വിവാഹത്തെപ്പറ്റി ആലോചിച്ചു. കന്യകയുടെ തങ്കവർണ്ണവും,
“തത്തമ്മച്ചുണ്ടും പവിഴപ്പല്ലും
മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും
ആലിലപോലെ വയറഴകും
കട്ടും കാൽക്കൊത്തൊരു മുട്ടും കാലും
പീലിയോടൊത്തുള്ള മുടിയഴകും”
കണ്ടപ്പോൾ വൃദ്ധനു തന്നേ ബോധിച്ചു. ഉടൻതന്നെ ജാതകം നോക്കി കല്യാണത്തിനു ദിവസവും തീർച്ചപ്പെടുത്തിയിട്ടു്, ബന്ധുക്കൾക്കൊക്കെ കുറി എഴുതി ആളയച്ചു.
വിവാഹദിവസം ചെറുക്കനെ ചമയിച്ചു് പുത്തൂരംവീട്ടിൽ നിന്നു ഘോഷയാത്ര പുറപ്പെട്ടു.
“പുത്തൂരംവീടും പടികടന്നു
ആനാടും വീടും കടന്നുപോയി
അമ്പാടി വീട്ടിൽ പടിക്കൽച്ചെന്നു.
ആർപ്പും നടയും നടവെടിയും
കോലാഹലത്തോടെ ചെന്നുകേറി.
വേണ്ടും ക്രിയകൾ കഴിക്കുന്നുണ്ടു്.
നൂറ്റൊന്നു അച്ചാരം ചൊല്യവിടെ
സ്ഥാനമാനങ്ങൾ കഴിക്കുന്നുണ്ടു്
കെട്ടിയ പന്തലിൽ പുടമുറിച്ചു
അന്നുനാൾ തൊട്ടിങ്ങുകൊണ്ടുപോന്നു.”
കുറുങ്ങാട്ടിടത്തിലെ മൂത്ത നായരുടെ ശേഷക്രിയയെ ഒരു പാട്ടിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:–
“അമ്മാവൻ തന്നെ മരിച്ചശേഷം
കട്ടിന്മേൽ നിന്നു എറക്കുന്നുണ്ടേ;
തെക്കുവടക്കായിക്കിടുത്തുന്നുണ്ടേ.
പട്ടുപുടകളുമിട്ടിതല്ലോ
പെങ്ങാമ്മാർ രണ്ടും മുറവിളിച്ചേ
ചത്തോരു വീടെന്നറിയിക്കുന്നു.
തെഞ്ഞത്തടിച്ചു തൊഴിച്ചുകൊണ്ടെ.
അതുതാനേ കേൾക്കുന്ന അയിലാളരും
ഓടീട്ടും മണ്ടീട്ടും വന്നൊടുങ്ങി.
നഗരങ്ങൾ നാലീന്നും വന്നിതല്ലോ
നാടുവാഴി ദേശവാഴി എത്ത്യവിടെ.
എണങ്ങും സത്തുക്കളും എത്തിയല്ലോ,
എണങ്ങിൻ ക്രിയകൾ കഴിക്കുന്നുണ്ടേ.
വിളക്കും നിറയുമേ വെക്കുന്നുണ്ടേ
നാളികേരമൊന്നുടച്ചുവച്ചു.
അപ്പോൾ പറയുന്നു നാടുവാഴി
‘ഒന്നുണ്ടു കേൾക്കണം ഉണിയ്ക്കോനാരേ
നമ്മുടെ ജാതിമരിയാതയ്ക്കു
ഒങ്കടലും ദഹനം കഴിക്കവേണം
വേണ്ടും ജനങ്ങളും വന്നിട്ടുണ്ടേ.”
ഇന്നും ചില ദിക്കുകളിൽ ഈ ചടങ്ങു് അനുഷ്ഠിക്കാറുണ്ടു്. പക്ഷെ നാടുവാഴിയുടെ സ്ഥാനത്തു് കരനാഥനാണെന്നേ ഭേദമുള്ളു. ഇന്നത്തെ കരനാഥന്മാർ പണ്ടു നാടുവാഴികളായിരുന്നവരുടെ സന്താനങ്ങളാണെന്നു തോന്നുന്നു.
“ചന്ദനം കൂവളം മുറിക്കുന്നുണ്ടേ
ചൊടല വിറകും കൂട്ടിക്കൊണ്ടേ
എണ്ണയും നെയ്യും ഒഴിക്കുന്നുണ്ടേ
അമ്മാവൻതന്നെ നെടുക്കുന്നുണ്ടേ
തലയും പിടിക്കുന്നു ഉണിക്കോനാരും
കാലും പിടിക്കുന്ന ഉണിച്ചന്ത്രോരും
പുറത്തേയ്ക്കു കൊണ്ടങ്ങു പോകുന്നുണ്ടേ
കട്ടിന്മേൽ തന്നെ കിടത്തിയല്ലോ
എണ്ണയും താളിയിടുത്തു കൊണ്ടേ
എണ്ണയും തേച്ചു കുളിപ്പിക്കുന്നു.
ചന്ദനം കളഭം ധരിപ്പിക്കുന്നു.
പനിനീരു തന്നെയും പൂശുന്നുണ്ടേ
വീരാളിപ്പട്ടിൽപ്പൊതിഞ്ഞു കെട്ടി
അരിയുമേനല്ക്കരമെടുത്തവരും
അമ്മാവനു മൂന്നു വലത്തുവെച്ചു.
അരിയും നെല്ലുമിട്ടു തൊഴുതവരും
പൊൻപണംതന്നെയുമൊന്നെടുത്തു
വീരാളിപ്പട്ടിൻതലയ്ക്കൽ കെട്ടി
അമ്മാവനെത്തന്നെയെടുത്തവരും
ചൊടലയിൽ മൂന്നു വലത്തുവെച്ചു
ചൊടലയിൽത്തന്നെയും വെക്കുന്നുണ്ടേ
അതു താനേ കണ്ടു മഹാജനങ്ങൾ
എണ്ണയും നെയ്യുമൊഴിച്ചവരും
ചൊടലയും കത്തി എരിഞ്ഞുപോയി.”
അന്നത്തേ കർമ്മം അങ്ങനെ അവസാനിച്ചു. ഏഴാംദിവസം തുടങ്ങി, സദ്യ പൊടിപൂരമായി നടന്നു. എന്നാൽ അസ്ഥി പെറുക്കുന്ന വിഷയത്തിൽ, ‘ഞാൽ മൂത്തു ഞാൻ മൂത്തു’ എന്നു് ഉണിയ്ക്കോനാരും ഉണ്ണിച്ചന്ത്രോരും തമ്മിൽ പിണങ്ങി. കരക്കാർ ‘മൂപ്പിളമ’ തീർച്ചപ്പെടുത്താനായി അവരുടെ അമ്മമാരെ വിളിച്ചു ചോദിച്ചു.
“നോവും വിളിയതും ഞങ്ങൾക്കല്ലോ
പ്രസവവേദനകൊണ്ടറിഞ്ഞുകൂട”
എന്നു് അവർ പറകയാൽ, മഹാജനങ്ങൾ വയറ്റാട്ടി ആർച്ചയെ വരുത്തിച്ചോദിച്ചു. അവളാകട്ടെ,
‘പാതിരായ്ക്കൊന്നും പുലർച്ചയ്ക്കൊന്നും
പുലർച്ചയ്ക്കു പെറ്റതുണിച്ചന്ത്രോരെ’
എന്നു പറഞ്ഞുവെങ്കിലും, ഉണിക്കോനാരു സമ്മതിച്ചില്ല. അതുകൊണ്ടു് മണ്ണാത്തിയെ വിളിച്ചു് അവളോടു ചോദിച്ചാറെ, അവൾ ഉണിക്കോനാർക്കു് അനുകൂലമായിട്ടാണു് പറഞ്ഞതു്. അതുകൊണ്ടു് ഒരു തീർച്ച ചെയ്യാൻ നിവൃത്തിയില്ലാതെ വരികയാൽ രണ്ടുപേരും ഒപ്പം അസ്ഥി പെറുക്കുകയും മറ്റു കർമ്മങ്ങൾ കുഴപ്പം കൂടാതെ നടത്തുകയും ചെയ്തു.
ഈ പാട്ടുകൾക്കു പറയത്തക്ക ശബ്ദശുദ്ധിയോ ശബ്ദാർത്ഥവൈചിത്ര്യങ്ങളോ കാണ്മാനില്ലെങ്കിലും, ആപാദചൂഡം വീരരസപ്രചുരമായിരിക്കുന്നു. ആർജ്ജവമാണു് അവയ്ക്കുള്ള പ്രധാന ഗുണം. എല്ലാ വടക്കൻപാട്ടുകളും ഒരേ കാലത്തുണ്ടായവയാണെന്നു തോന്നുന്നില്ല. എന്തെല്ലാം കാവ്യദോഷങ്ങൾ അവയ്ക്കുണ്ടായിരുന്നാലും, ചിത്രകാരൻ അവയെ അമൂല്യസമ്പത്തായി ഗണിക്കാതിരിക്കയില്ല. വടക്കൻഭാഷ എത്രത്തോളം കർണ്ണാടകം തുളു ഈ ഭാഷകൾക്കു വശപ്പെട്ടിട്ടുണ്ടെന്നു് അവയിൽ ഏതു ഭാഗം വായിച്ചുനോക്കിയാലും അറിയാം. പദമദ്ധ്യഗതമായ സ്വരത്തെ ലോപിപ്പിക്കുന്ന സമ്പ്രദായം തുളുവിനും കർണ്ണാടകത്തിനുമുണ്ടെന്നു് മുമ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ‘കൊണ്ടുവന്നു’ ‘ഈഴുവപ്പട’ ഇവയ്ക്കു വടക്കൻപാട്ടിൽ ‘കൊടന്നു, ഈഴ്‌വപ്പട’ എന്നൊക്കെയാണു കാണുന്നതു്. ശുദ്ധ കർണ്ണാടകശബ്ദങ്ങളും ധാരാളമുണ്ടു്. ‘നിനന്തു’ മുതലായ ചില ചെന്തമിൾ രൂപങ്ങളും ഇടയ്ക്കിടെ കാണുന്നു. ചെന്തമിഴിന്റെ അധികാരത്തിൽ പെടുന്നതിനുമുമ്പു്, ഭാഷയുടെ സ്വരൂപം എന്തായിരുന്നുവെന്നു ഗ്രഹിക്കുന്നതിനു് ഈ പാട്ടുകൾ വളരെ സഹായിക്കും. ഉദയനൻ തനിക്കും തന്റെ കൂട്ടുകാർക്കും വേണ്ട വസ്തുക്കളെ പരന്മാരിൽനിന്നു് അപഹരിച്ചെടുത്തുവന്നുവെന്നു് ഭാഷാചരിത്രകാരൻ അഭിപ്രായപ്പെട്ടിട്ടുള്ളതു ശരിയല്ല; ഉദയനക്കുറുപ്പോ അയാളുടെ വംശജന്മാരോ, അക്കാലത്തേ ദേശമര്യാദകളെ ലംഘിച്ചതായി ഒരു ലക്ഷ്യവും പാട്ടുകളിൽ ഇല്ല.
തച്ചൊള്ളിപ്പാട്ടുകളുടെ കാലം കൊല്ലവർഷം മുന്നൂറിനും അഞ്ഞൂറിനും ഇടയ്ക്കാണെന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നതും പിശകാണെന്നു തോന്നുന്നു. അവയിൽ തോക്കു്, പുകയില, കസാര മതിരാശിപ്പട്ടാളം ഇവയെപ്പറ്റി പ്രസ്താവങ്ങൽ കാണുന്നു. അതുകൊണ്ടു് മുന്നൂറ്റമ്പതു കൊല്ലത്തിൽ കൂടുതൽ പഴക്കം അവയിലൊന്നിന്നെങ്കിലും ഉണ്ടോ എന്നു സംശയമാണു്. പൊർത്തുഗീസുകാരുടെ പ്രവേശനത്തിനിപ്പുറം ഉണ്ടായവയായിരിക്കാനേ എല്ലാംകൊണ്ടും തരമുള്ളു.
10.2 കണ്ണശ്ശൻപാട്ടുകൾ
കണ്ണശ്ശന്മാർ അഥവാ നിരണത്തു കവികൾ ഭാഷാസാഹിത്യചരിത്രത്തിൽ അത്യുന്നതമായ ഒരു സ്ഥാനത്തെ സർവഥാ അർഹിക്കുന്നു. എന്നാൽ ഈ അടുത്ത കാലംവരെ അവരെപ്പറ്റി വളരെ കുറച്ചു മാത്രമേ ഇന്നാട്ടുകാർ അറിഞ്ഞിരുന്നുള്ളു എന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ വന്നുകൂടാനുള്ള പ്രധാന ഹേതു അവരുടെ കൃതികളിൽ കാണുന്ന മിശ്രഭാഷയാകുന്നു. പ്രസിദ്ധ ഭാഷാഭിമാനിയായിരുന്ന കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ ഉത്സാഹത്താൽ രാമായണത്തിന്റെ ഏറിയകൂറും പ്രസിദ്ധപ്പെടുത്തിയെങ്കിലും, അതിനു പറയത്തക്ക പ്രചാരമുണ്ടാകാത്തതിന്റെ ഹേതുവും അതുതന്നെ. മദ്രാസ് സർവകലാശാലക്കാർ അതിനെ ഒരു പാഠ്യപുസ്തകമായി സ്വീകരിക്കാതിരുന്നുവെങ്കിൽ, ഒരു പ്രതിയെങ്കിലും വില്ക്കാൻ സാധിക്കുമായിരുന്നോ എന്നു സംശയമാണു്. ഭാഷാപോഷണമാകുന്ന ഏക ജീവിതമഹാവ്രതത്തെ കൈക്കൊണ്ടിരിക്കുന്ന ഉള്ളൂർ മി. പരമേശ്വരയ്യർ ഭഗവദ്ഗീതയും രാമായണത്തിലെ ഏതാനും കാണ്ഡങ്ങളും പ്രൗഢമായ അവതാരികകളോടും സാരാർത്ഥദ്യോതകങ്ങളായ ടിപ്പണികളോടുംകൂടി പ്രസിദ്ധീകരിക്കയും, തിരുവിതാംകൂർ ടെക്സ്റ്റുപൂക്കുകമ്മറ്റിക്കാർ അവയെ മുഖ്യപരീക്ഷയ്ക്കു പാഠ്യപുസ്തകങ്ങളായി നിർദ്ദേശിക്കയും ചെയ്തതിനോടുകൂടി അവയ്ക്കു പ്രചുരപ്രചാരമുണ്ടാകയും നിരണത്തു കവികളുടെ കവിത്വശക്തി മലയാളികൾക്കു് അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു.
നിരണത്തുകവികൾ ആരെല്ലാമെന്നോ അവരുടെ കൃതികൾ ഏതൊക്കെയാണെന്നോ ഇനിയും പൂർണ്ണമായി അറിയാറായിട്ടില്ല. രാമായണം യുദ്ധകാണ്ഡത്തിന്റേയും ഉത്തരകാണ്ഡത്തിന്റേയും അവസാനത്തിൽ, തൽക്കർത്താവു തന്നെ ചിലതെല്ലാം പറഞ്ഞിട്ടുണ്ടു്. ഉത്തരകാണ്ഡത്തിന്റെ അവസാനത്തിൽ കാണുന്ന പദ്യങ്ങളെ ഇവിടെ ഉദ്ധരിക്കാം.
“വാനുലകിനുസമമാകിയനിരണമഹാദേശ വന്തുളനായാൻ
ഊനമിലാത മഹാഗുരുവരനായുഭയകവീശ്വരനായ മഹാത്മാ;
മാനിതനാകിയകരുണേശൻ പരമാത്മാവേ താനെന്നറിവുറ്റേ
ദീനതവാരാതമറ്റോരോദേഹികളെപ്പോൽവാണ്ണാൻപലനാൾ.
ആനവനിരുവർ തനുജന്മാരുളരായാരവരുടെ സോദരിമാരായ്
മാനിനിമാരൊരുമൂവർപിറന്നാർ; മറ്റതുകാലമവൻതിരുവടിയും
താനുടനേതന്നുടലൊടുവേറായ്ത്തനിയേപരമാത്മാവേയായാ
നാനവനോടെതിരായ് വിദ്യാധിപരായാർ പുനരവരുടെ തനയന്മാർ.
തനയന്മാരിരുവർക്കു സഹോദരിമാരാം മൂവർക്കും മകനാ-
യനുപമയായവൾ മൂവരിലിളയവളാകിയ മാനിനിപെറ്റുളനായാൻ
ഇനിയമഹാദേവാജ്ഞയിനാലേയിതമൊടുബാലകനാകിയരാമൻ
പുനരവനും നിജ പാപം കളവാൻ പുരുഷോത്തമകഥ ചൊൽകതുനിഞ്ഞാൻ.”
ഈ പ്രസ്താവത്തിൽനിന്നു്, പ്രസ്തുത കവികളുടെ സ്വദേശം നിരണത്തായിരുന്നെന്നും, അവരിൽ രാമായണം എഴുതിയ കവിയുടെ പേർ രാമനെന്നായിരുന്നെന്നും, അദ്ദേഹത്തിന്റെ മാതുലന്മാരായി രണ്ടു ‘വിദ്യാധിപന്മാർ’ ഉണ്ടായിരുന്നെന്നും, ആ ചെറിയ കുടുംബത്തിന്റെ കൂടസ്ഥൻ ഒരു ഉഭയകവീശ്വരനായിരുന്നെന്നും കാണുന്നു. മിസ്റ്റർ പരമേശ്വരയ്യർ, ഈ പ്രസ്താവത്തേയും, ഭഗവദ്ഗീത, ഭാരതമാല എന്നീ ഗ്രന്ഥങ്ങളിൽ കാണുന്ന പ്രസ്താവങ്ങളേയും ആധാരമാക്കി, ഉഭയകവീശ്വരൻ ഭഗവദ്ഗീതാർത്താവായ മാധവപ്പണിക്കരും [2] അദ്ദേഹത്തിന്റെ പുത്രന്മാരിലൊരാൾ ഭാരതമാലാകർത്താവായ ശങ്കരപ്പണിക്കരും ആയിരുന്നെന്നു് ഊഹിക്കുന്നു. എന്നാൽ ഈ ഊഹം ശരിയല്ലെന്നാണു തോന്നുന്നതു്. ഉഭയകവീശ്വരനെപ്പറ്റി പറയുന്നിടത്തെല്ലാം, കവി കരുണേശശബ്ദം പ്രയോഗിച്ചു കാണുന്നതിനാലും കണ്ണശ്ശശബ്ദം കരുണേശൻ എന്ന പദത്തിന്റെ തത്ഭവനായിരിക്കണമെന്നു പെട്ടന്നു് ഒരു പ്രതീതിയുണ്ടാവുന്നതിനാലും, സാക്ഷാൽ കണ്ണശ്ശൻ രാമപ്പണിക്കരുടെ മാതാമഹനായ കരുണേശനായിരിക്കാനാണു് സാംഗത്യം. രാമായണത്തെ കണ്ണശ്ശരാമായണം എന്നു വിളിച്ചുവരുന്നതുകൊണ്ടു്, സാക്ഷാൽ കണ്ണശ്ശൻ അദ്ദേഹമായിരിക്കണമെന്നില്ല. അഥവാ അദ്ദേഹത്തിനെ മാത്രമേ കണ്ണശ്ശപ്പണിക്കർ എന്ന പേരിൽ മലയാളികൾ അറിഞ്ഞിട്ടുള്ളു എന്നു വന്നാൽത്തന്നെയും, അതുകൊണ്ടു് നമ്മുടെ അഭ്യൂഹത്തിനു ദൗർബല്യം വരുന്നില്ലതാനും. തുഞ്ചൻപറമ്പിൽ അനേകം കവികൾ ഉണ്ടായിരുന്നെങ്കിലും സാക്ഷാൽ രാമാനുജനെ മാത്രമെ തുഞ്ചൻ എന്ന പേരിൽ നാം ഇപ്പോൾ അറിയുന്നുള്ളു. അതുപോലെ തന്നെ നിരണത്തുകവികളുടെ കൂട്ടത്തിൽ എല്ലാകൊണ്ടും പ്രധാന സ്ഥാനത്തിനെ അർഹിക്കുന്ന രാമപ്പണിക്കർ കണ്ണശ്ശപ്പണിക്കരെന്ന പേരിൽ സുപ്രസിദ്ധനായിത്തീർന്നുവെന്നു വരാവുന്നതാണു്.
കണ്ണശ്ശപ്പണിക്കരുടെ മൂലകുടുംബം തിരുവനന്തപുത്തിനു സമീപം മലയിൻകീഴിലായിരുന്നുവെന്നുള്ള ഐതിഹ്യത്തിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ ഭഗവദ്ഗീതാകർത്താവായ മാധവപ്പണിക്കരും നിരണകവികളിൽ ഒരാൾ ആയിരിക്കാൻ തരമുണ്ടു്. ഭഗവദ്ഗീതയിലേയും രാമായണാദി കൃതികളിലേയും ഭാഷാരീതികൾക്കും ശൈലികൾക്കും പരസ്പരം കാണുന്ന സാഹോദര്യവും ആ ഊഹത്തെ ബലപ്പെടുത്തുന്നു. മറ്റു് ആന്തരമായോ ബാഹ്യമായോ ഉള്ള ലക്ഷ്യങ്ങൾ ഒന്നും കാണുന്നില്ല.
നിരണത്തു ദേശക്കാരായ ചില പോറ്റിമാർക്കു് മലയിൻകീഴിലും വസ്തുക്കൾ ഉണ്ടായിരുന്നു. അവരുടെ കാര്യസ്ഥന്മാരിൽ ഒരാൾ ആയിരിക്കാം നമ്മുടെ കരുണേശൻ. അദ്ദേഹം നമ്മുടെ പണിക്കരുടെ കുടുംബത്തിലെ ഒരു സ്ത്രീയേ സംബന്ധം ചെയ്തു് നിരണത്തു കൊണ്ടുചെന്നുപാർപ്പിക്കയും അവർക്കു് ഒരു വീടും പുരയിടവും നൽകുകയും ആ വഴിക്കു് ആ പുരയിടത്തിനു് കണ്ണശ്ശൻപറമ്പു് എന്ന പേർ സിദ്ധിക്കയും ചെയ്തതായിരിക്കാം. ഉഭയകവീശ്വരനായിരുന്ന കരുണേശൻ സർവസംഗപരിത്യാഗം ചെയ്തു് യോഗീന്ദ്രപദവി സമ്പാദിച്ചതിനോടുകൂടി ആ വീട്ടിന്റെ പ്രശസ്തിയും വർദ്ധിച്ചുകാണണം. ഏതാണ്ടു് ഇതേ മാതിരി ഒരു ഐതിഹ്യവും കേട്ടിട്ടുണ്ടു്. [3] അതുകൊണ്ടു് മാധവപ്പണിക്കരും ശങ്കരപ്പണിക്കരും സാക്ഷാൽ കണ്ണശ്ശന്റെ സന്താനങ്ങളും, രാമപ്പണിക്കർ അദ്ദേഹത്തിന്റെ പൗത്രനും ആയിരുന്നിരിക്കണം. ഇങ്ങനെ കരുണേശനെ പ്രസ്തുത കുടുംബത്തിന്റെ സ്ഥാപകനായി സ്വീകരിക്കുന്നപക്ഷം, കണ്ണശ്ശശബ്ദത്തിനു ശരിയായ ഒരു നിഷ്പത്തി കിട്ടുന്നതിനു പുറമേ, നിരണത്തു കവികളിൽ ഒരാളെ കാണ്മാനില്ലെന്നുള്ള ദോഷം നിശ്ശേഷം നീങ്ങുകയും ചെയ്യുന്നു. കരുണേശശബ്ദത്തെ ഒരു ഭേദകമാക്കാതെ കഴിക്കയും ചെയ്യാം.
10.3 നിരണത്തു കവികളുടെ കാലം
ഇതും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു. എന്നാൽ അവരെല്ലാം ലീലാതിലകത്തിന്റെ കാലശേഷം ജീവിച്ചിരുന്നവരാണെന്നു സംശയം കൂടാതെ പറയാം. ലീലാതിലകകർത്താവു് കണ്ണശ്ശൻപാട്ടുകളേ കണ്ടിരുന്നെങ്കിൽ, പാട്ടിന്റെ ലക്ഷണം പാടേ മാറ്റിക്കളയുമായിരുന്നു. നേരേമറിച്ചു് രാമപ്പണിക്കർ ലീലാതിലകം കണ്ടുകാണണമെന്നു് ഊഹിപ്പാൻ മാർഗ്ഗവുമുണ്ടു്. അതുകൊണ്ടു് നിരണത്തുകവികളുടെ കാലം 550-നും 650-നും മദ്ധ്യേ ആയിരിക്കണം. എഴുന്നൂറ്റിരണ്ടിൽ പകർത്തിയെഴുതിയ ഒരു രാമായണം എന്റെ കൈവശമുള്ളതിനു പുറമേ, 614-ൽ പണിക്കരുടെ അനുവാദത്തോടുകൂടി പകർത്തി എഴുതിയതായി മിസ്റ്റർ ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ള ഗ്രന്ഥം ഞാൻ കാണുകയുമുണ്ടായിട്ടുണ്ടു്. അതുകൊണ്ടു് രാമായണം 600-ാമാണ്ടിടയ്ക്കു് ഉണ്ടായതായിരിക്കണം.
10.4 മാധവപ്പണിക്കർ
മാധവപ്പണിക്കരുടെ കൃതിയായി ഭഗവദ്ഗീത ഒന്നു മാത്രമേ ഇതേവരെ കിട്ടീട്ടുള്ളു. ഭഗവദ്ഗീതയെ മി. പരമേശ്വരയ്യർ പ്രസാധനം ചെയ്തിട്ടു് ഇപ്പോൾ ഒരു വ്യാഴവട്ടം തികഞ്ഞിരിക്കുന്നു. എന്നാൽ അദ്ദേഹത്തിനു കിട്ടിയ ഗ്രന്ഥത്തിൽ പലേ ഗാനങ്ങൾ അപൂർണ്ണങ്ങളായും ചില അധ്യായങ്ങൾ മാറിയും ഇരുന്നതിനാൽ, ആ വൈകല്യങ്ങൾ മുദ്രിതപുസ്തകത്തിലും കടന്നുകൂടിയതിൽ അത്ഭുതപ്പെടാനില്ലല്ലോ. പ്രസ്തുത ന്യൂനതകളെ എല്ലാം പരിഹരിച്ചു്, പണ്ഡിതശിരോമണിയായ നന്ത്യാരുവീട്ടിൽ മി: കെ. പരമേശ്വരൻപിള്ള ഈയിടയ്ക്കു് അതിനെ അഭിനവകല്പഗ്രന്ഥമാലയുടെ ഒന്നാം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. മി. പരമേശ്വരയ്യരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ടിപ്പണിയിലും നോട്ടക്കുറവു നിമിത്തം ഒട്ടുവളരെ പ്രമാദങ്ങൾ കടന്നുകൂടിയിരിക്കുന്നു.
ഉപനിഷത്സാരസർവസ്വമായ ഗീതയുടെ ഏറെക്കുറെ സ്വതന്ത്രവും അനതിസംക്ഷേപവിസ്തരവുമായ ഒരു വിവർത്തനമാണു് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീത. “അഹമിതു സംക്ഷേപിച്ചുരചെയ്തേൻ” എന്നു പണിക്കർതന്നെ പറഞ്ഞിട്ടുമുണ്ടു്. മൂലത്തിൽ ആവർത്തിച്ചുകാണുന്ന ആശയങ്ങളിൽ പലതും നമ്മുടെ കവി വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും ആശയവൈശദ്യത്തിനു വേണ്ടി ഇടയ്ക്കിടയ്ക്കു് ശാങ്കരഭാഷ്യത്തിൽ നിന്നു ചില ഭാഗങ്ങളെ ഭാഷാന്തരം ചെയ്തു ചേർത്തിരിക്കുന്നു. മിയ്ക്ക ഭാഗങ്ങളും കവിയുടെ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ സുവാസിതവുമായിരിക്കുന്നു.
“ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ;
സംഗാൽ സഞ്ജായതേ കാമഃ
കാമാൽ ക്രോധോഭിജായതേ.
ക്രോധാൽ ഭവതി സമ്മോഹഃ
സമ്മോഹാൽ സ്മൃതിവിഭ്രമഃ;
സ്മൃതിഭ്രംശാൽ ബുദ്ധിനാശോ
ബുദ്ധിനാശാൽ പ്രണശ്യതി”
ഈ ശ്ലോകങ്ങളുടെ നേർ തർജ്ജമയാണു്.
‘അടങ്ങായ്കിൽ പുനരതിലൊരു നിനവെഴു-
മന്നിനവാലേയുണ്ടാം സംഗവും
ഉടനഥ സംഗാലുണ്ടാം കാമവു-
മുണ്ടാകിയ കാമാൽ ക്രോധം വരും.
അടയും മഹാക്രോധാൽ മോഹവുമുട-
നതിനാലേയുണ്ടാം സ്മൃതിവിഭ്രമം
ആയതുകൊണ്ടുടനഴിയും ബുദ്ധിയു-
മതുകൊണ്ടഖിലവുമൊക്കെ നശിക്കും’
എന്ന പാട്ടു്. ഇങ്ങനെ ഒട്ടു വളരെ പദ്യങ്ങൾ വേറെയും ഉണ്ടു്.
“തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത,
സേനയോരുഭയോർമ്മധ്യേ വിഷീദന്തമിദം വചഃ”
എന്ന ശ്ലോകത്തിലെ ‘പ്രഹസന്നിവ’ എന്ന ഭാഗത്തെ നമ്മുടെ കവി എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നു എന്നു നോക്കുക.
“അഴുതളവേ കണ്ണീർ മെയ്മാർവി-
ലതിവ പൊഴിഞ്ഞുടനർജ്ജൂനഹൃദയേ
മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാഞ്ജനമേഘം തന്നിടയേ-
യഴകിയ മന്ദസ്മിതമിന്നൊടു-
മനന്തരമേ ചൊൽ ധാരകളോടും
വഴിയേയുണ്മജ്ഞാനാമഡതമഴ
വർഷിപ്പാൻ വടിവൊടു നിനവുറ്റാൻ.”
ഇത്തരം ചില ഘട്ടങ്ങൾ മാധവപ്പണിക്കരുടെ കവിത്വശക്തിയേ നല്ലപോലെ പ്രകാശിപ്പിക്കുന്നു.
“അന്തവന്ത ഇമേ ദേഹം നിത്യസ്യോക്താഃ ശരീരിണഃ;
അനാശിനോ പ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത;
യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം;
ഉഭൗ തൗ ന വിജാനീതോനായംഹന്തി ന ഹന്യതേ.
ന ജായതേ മ്രിയതേ വാ കദാചി-
ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ;
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ.
വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാർത്ഥ, കം ഘാതയന്തി ഹന്തി കം”
എന്നീ നാലു പദ്യങ്ങളെ കവി സംഗ്രഹിച്ചിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
“ഒരുനാൾ വന്നു പിറക്കും പിന്നെ-
യുടൽ വളരും ബാലപ്രായം പോം
തെരുതെരെ മുറ്റും തേയും മായും
തേറുകിലാറും ദേഹപ്രകൃതികൾ.
ഒരുകാലവുമൊരു നാശം വാരാ-
തുടലിലിറപ്പു പിറപ്പില്ലാതൊരു
പൊരുളതുനിത്യമരൂപമതിൻനില
പോർ വിജയാ കേളെന്നരുൾചെയ്താൻ.”
മൂലത്തിലെ ആശയങ്ങളെ തെല്ലുപോലും കളയാതെ ഈവിധം സംഗ്രഹിക്കുന്നതിനു് വശ്യവാക്കായ ഒരു മാഹാകവിക്കേ സാധിക്കൂ.
ഭാഷാരീതി കോമളവും പ്രസന്നവും ശലീനവുമായിരിക്കുന്നു. സന്ദർഭോചിതവും തത്തദ്രസാനുഗുണവുമായ പദപ്രയോഗത്തിൽ നിരണത്തു കവികളെല്ലാം ഒരുപോലെ ദൃഷ്ടി വെച്ചിട്ടുണ്ടു്. അതുപോലെ അവരെല്ലാവരും ഭക്തശിരോമണികളുമായിരുന്നു.
നമ്മുടെ കവിയ്ക്കു്, ‘അനന്തനനാദികൾ നാങ്കുമമന്തുണർവാലുമൊരുത്തനുമുള്ളിലശേഷം, നിനന്തറിവാനരുതാവടിവാകിയ നിരുപമശൗരി’ ‘പേയുയിർ മുലയൊടു മുണ്ടളയും തയിർ പിന്നെയുണ്ടമ്പൊടു ഗോപസ്ത്രീജനവായ് മലർ മധുവുണ്ടുലകമനത്തും വായാലുണ്ടാലിലയിൽ വളർന്നോൻ’ ‘നാരദവാണിയിലും, വീണയിലും നടമാടും പുകഴുടയ പുരാണൻ’ ‘ഉത്തമതുളസീപരിമളമെങ്ങും തടവീടിന തിരുവുടൽ മലർമാനിനി തഴുകീടിന പുരാണൻ’ ഇത്യാദി വിശേഷണങ്ങളെ ചേർക്കാതെ ശ്രീകൃഷ്ണനെപ്പറ്റി ഒന്നും പറവാൻ സാധിച്ചിട്ടില്ല.
10.5 ശങ്കരപ്പണിക്കർ
ശങ്കരപ്പണിക്കരും സാഹിത്യമർമ്മജ്ഞനായ ഒരു കവിയായിരുന്നു. ഭാരതമാലയുടെ കർത്താവു് അദ്ദേഹമായിരുന്നു എന്നു് ഗ്രന്ഥാവസാനത്തിൽ കാണുന്നു.
“താനുണർവേ സംസാരച്ഛേദ
സമർത്ഥവുമായേ കാലവുമെങ്ങും
തുന്നി നിറന്തഖിലത്തിനുമൊത്തു
തുരിയാതീതവുമായുണർവായേ
തന്നുണർവായുണർവേ വടിവാകിയ
മഹാഭാരതകഥ ശങ്കരൻപൊടു
ചൊന്നതുരയ്പവരെയ്തുവരെന്നും
ശോകമൊഴിന്തവനന്തസുഖത്തെ”
എന്ന ഫലശ്രുതിയിൽനിന്നു ഗ്രഹിക്കാം.
ശ്രീകൃഷ്ണവിജയത്തിന്റെ കർത്താവു് ഈ ശങ്കരൻ തന്നെയായിരുന്നുവെന്നു് മി. പരമേശ്വരയ്യർ ഭാഷാ ഭഗവദ്ഗീതയുടെ അവതാരികയിൽ പറഞ്ഞുകാണുന്നു. എന്നാൽ അദ്ദേഹം അതിനുള്ള തെളിവുകൾ ഒന്നും എടുത്തു കാണിക്കാത്തതു കഷ്ടമായിപ്പോയി. കേരളത്തിൽ ശങ്കരകവികൾ ഒട്ടുവളരെയുണ്ടായിരുന്നു. കഥകളികർത്താവായ കൊട്ടരക്കരത്തമ്പുരാന്റെ ഗുരു [4] ഒരു ശങ്കരകവിയായിരുന്നു. ചന്ദ്രോത്സവകർത്താവും ഉദ്ദണ്ഡശാസ്ത്രികളും ഓരോ ശങ്കരകവിയെപ്പറ്റി [5] പ്രസ്താവിച്ചിട്ടുണ്ടു്; മഹിഷമംഗലം [6] ഒരു ശങ്കരനായിരുന്നുവെന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇവരിൽ,
“ദൃഷ്ട്വാ ദേവം പരിസരജൂഷം ശംബരേ ബാലകൃഷ്ണം
ലോപാമുദ്രാസഖതിലകിതം ദിങ്മുഖം ഭൂഷയിഷ്യൻ;
കോലാനേലാവനസുരഭിലാൻ യാഹി യത്ര പ്രഥന്തേ
വേലാതീതപ്രഥിതവചസഃ ശങ്കരാദ്യാഃ കവീന്ദ്രാഃ”
എന്നിങ്ങനെ ഉദ്ദണ്ഡശാസ്ത്രികളാലും,
“ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേ-
നാനന്ദമന്ദഗതിനാ പുരതോ ഗതേന;
ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ
പദ്യൈരവദ്യരഹിതൈരനുവർണ്ണ്യമാനാ”
എന്നു് ചന്ദ്രോത്സവകർത്താവിനാലും സംസ്തുതനായ ശങ്കരൻ ശ്രീകൃഷ്ണവിജയത്തിന്റെ കർത്താവായിരുന്നു എന്നു ചിലർ പറയുന്നുണ്ടു്. തന്ത്രസമുച്ചയത്തിന്റെ വ്യാഖ്യാതാവും ഒരു ശങ്കരനാകുന്നു. ഇവയ്ക്കെല്ലാറ്റിനും പുറമേ എഴുത്തച്ഛന്റെ പേരും ശങ്കരനെന്നായിരുന്നെന്നു് ചിലർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടു് ശരിയായ തെളിവു കിട്ടുന്നതുവരെ, ഭാരതമാലാകർത്താവും, ശ്രീകൃഷ്ണവിജയകർത്താവും ഒരാളായിരുന്നുവെന്നു പറവാൻ നിവൃത്തിയില്ല.
10.6 രാമപ്പണിക്കർ
നിരണത്തു കവികളുടെ കൂട്ടത്തിൽ മാത്രമല്ല, കേരളത്തിലെ മഹാകവികളുടെ കൂട്ടത്തിലും ഒരു പൂജ്യസ്ഥാനം രാമപ്പണിക്കർക്കു കല്പിക്കാവുന്നതാണു്. അദ്ദേഹം രാമായണം, ഭാരതം, ബ്രഹ്മാണ്ഡപുരാണം, ശിവരാത്രിമാഹാത്മ്യം, ഭാഗവതം ദശമം എന്നിങ്ങനെ ഒട്ടു വളരെ ഭാഷാഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ഇവ കേവലം തർജ്ജമകളാണെന്നു പറയാവുന്നതല്ല. അപ്രതിഹതമായ പ്രതിഭാവിലാസവും അനുസ്യൂതമായ വാഗ്വൈഭവവും അസാമാന്യമായ പാണ്ഡിത്യവുംകൊണ്ടു് രാമപ്പണിക്കർ, കേരളസാഹിത്യനഭോമണ്ഡലത്തിലെ ഒരു അത്യുജ്വലതാരമായി ഇന്നും പ്രശോഭിക്കുന്നു. പദങ്ങൾകൊണ്ടുള്ള ചിത്രനിർമ്മാണത്തിലും ഔചിത്യപൂർവകവും രസാനുഗുണവും ആയ വർണ്ണനത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പാടവം പിൽക്കാലത്തെ അപൂർവം ചില കവികളിൽ മാത്രമേ കണ്ടിട്ടുള്ളു.
അദ്ദേഹത്തിനു് ശബ്ദാർത്ഥങ്ങളിൽ ഒരുപോലെ നിഷ്ഠയുണ്ടായിരുന്നെന്നു്, രാമായണാദിഗ്രന്ഥങ്ങളിൽ ഏതു ഭാഗം വായിച്ചുനോക്കിയാലും കാണാം.
10.7 രാമായണം
രാമപ്പണിക്കരുടെ പ്രധാനകൃതി രാമായണം തന്നെയാണു്. എന്നാൽ യുദ്ധകാണ്ഡത്തിന്റെ അവസാനഘട്ടം മുതല്ക്കേ രാമപ്പണിക്കർ എഴുതീട്ടുള്ളു എന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. ഈ അഭിപ്രായം അടിസ്ഥാനരഹിതമാകുന്നു. ‘രാമകഥായാമൊട്ടായപ്രകാരം ചൊന്നേൻ’ എന്ന വാക്യത്തിലെ ‘ഒട്ടി’നെ ഒട്ടിയാണു് ഈ അഭിപ്രായം നില്ക്കുന്നതു്. ഇവിടെ ഒട്ടിനു് ഏതാനും ഭാഗം എന്ന അർത്ഥം ലേശംപോലും ഘടിക്കുന്നില്ല. ‘യഥാശക്തി ഞാൻ രാമായണകഥയെ സംക്ഷേപിച്ചു പറഞ്ഞു’ എന്നേ കവി വിവക്ഷിച്ചിട്ടുള്ളു. ഉത്തരകാണ്ഡത്തിന്റെ അവസാനത്തിൽ അദ്ദേഹം,
“മാനിതമാകിയ ശ്രീരാമായണമാകിയ കാവ്യകഥാസംക്ഷേപം ദീനതയാ നിജ ഭാഷയിനാലേ നിതരാമേവം ചെയ്തു മുടിച്ചേൻ” എന്നു വ്യക്തമായി പറഞ്ഞിരിക്കയും ചെയ്യുന്നു. യുദ്ധകാണ്ഡംവരെയുള്ള ഭാഗം രചിച്ചതു് ശങ്കരപ്പണിക്കരോ, മാധവപ്പണിക്കരോ ആയിരുന്നെങ്കിൽ ആ സംഗതിയെ ഗുരുജനഭക്തനായ രാമപ്പണിക്കർ പ്രത്യകം എടുത്തു പറയാതെ വിടുമായിരുന്നില്ലതാനും. എന്നാൽ യുദ്ധകാണ്ഡാവസാനത്തിൽ അദ്ദേഹം എന്തിനു് തന്റെ പേരും കുടുംബപാരമ്പര്യവും മറ്റും പറഞ്ഞു എന്നു ചോദിക്കുന്നപക്ഷം അതിനും സമാധാനമുണ്ടു്. വാല്മീകി രാമായണത്തിനു് പരമാർത്ഥത്തിൽ ആറു കാണ്ഡമേയുണ്ടായിരുന്നുള്ളു. ഉത്തരരാമായണം വാല്മീകികൃതമാണോ എന്നുള്ള വിഷയത്തിൽ പണ്ഡിതന്മാർ ഇന്നും ഭിന്നാഭിപ്രായക്കാരാണു്. കവി ഷട്കാണ്ഡരാമായണത്തെ ഭാഷയിലേക്കു വിവർത്തനം ചെയ്തു തീർന്നപ്പോൾ ഗ്രന്ഥാവസാനത്തിൽ സാധാരണ പറയാറുള്ളതൊക്കെ പറഞ്ഞുവെന്നേയുള്ളു. ഉത്തരചിന്തയുടെ ഫലമായിട്ടായിരിക്കണം, അദ്ദേഹം ഉത്തരകാണ്ഡം കൂടി ഭാഷാന്തരം ചെയ്തതു്. എഴുത്തച്ഛനും കോട്ടയം കേരളവർമ്മയും യുദ്ധകാണ്ഡത്തിന്റെ അന്ത്യഭാഗം വരെയ്ക്കു മാത്രം എഴുതീട്ടു് ആ വ്യവസായത്തിൽ നിന്നു വിരമിച്ചുകളഞ്ഞതുകൊണ്ടു തന്നേ അന്നുള്ളവർ ഉത്തരരാമായണത്തിനു പ്രാധാന്യം കല്പിക്കാറുണ്ടായിരുന്നില്ലെന്നു തെളിയുന്നു.
രാമായണം രാമപ്പണിക്കരുടെ ബാല്യകൃതിയായിരുന്നുവെന്നു് മി. പരമേശ്വരയ്യർ പറഞ്ഞിട്ടുള്ളതും സ്വീകാര്യയോഗ്യമല്ല. ‘രാമദാസനതീവബാലൻ’ എന്ന കവിവാക്യത്തെ ആധാരമാക്കി അദ്ദേഹം ഒരു ബാലനായിരുന്നുവെന്നു വാദിക്കുന്ന പക്ഷം ഭാഗവതമെഴുതിയപ്പോഴും അദ്ദേഹം ബാലനായിരുന്നു എന്നു വരണം.
‘ശ്രീഭാഗവതമിഹ ഞാൻ ഏതുമറിഞ്ഞീടാതൊരു ബാലനെതിരായേ ചൊന്നേൻ’ എന്നു കവി അതിന്റെ അവസാനത്തിലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുപോലെ തന്നെ ഭാഷാ ഭഗവദ്ഗീതാപ്രണേതാവും രാമചരിതകർത്താവും വെറും ബാലന്മാരായിരുന്നുവെന്നു വരും. അതിനാൽ ‘ബാല’ശബ്ദത്തിനു് ഇവിടെ ബാലിശൻ എന്നു് അർത്ഥം കല്പിക്കുന്നതാണു് ഉചിതമായിരിക്കുന്നതു്.
രാമായണം വെറുമൊരു പദാനുപദവിവർത്തനമല്ലെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി ചില ഭാഗങ്ങളെ ഉദ്ധരിച്ചുകൊള്ളുന്നു.
മൂലം:–
“ന ലക്ഷ്മണാസ്മിന്മമ രാജ്യവിഘ്നേ
മാതാ യവീയസ്യഭിശംകിതവ്യ;
ദൈവാഭിപന്നാ ന പിതാ കഥഞ്ചി-
ജ്ജാനാസി ദൈവം ഹി തഥാ പ്രഭാവം”
തർജ്ജമ:–
“ഒരുനാളും മാതാ കൈകേയീ
യൊരുപിഴചെയ്തറിയേനെന്നാലിതു
വരുവാൻ ദൈവവിരോധമൊഴി
ച്ചൊരുവഴിയൊരുജാതിയുമില്ലനിനച്ചാൽ;
പരിഭവം വേണ്ട മാതാവൊടു
പരുഷവുമില്ലയെനിക്കതിനാലേ
വരുവിൻ കല്പിതമായവ
വരുവതു വാനവർകൾക്കുമൊഴിക്കരുതല്ലോ”
മൂലം:–
“കഥം ത്വം കർമ്മണാ ശക്തഃ
കൈകേയീ വശവർത്തിനാഃ;
കരിഷ്യസി പിതുർവാക്യ-
മധർമ്മിഷ്ഠവിഗർഹിതം.”
മൂലം:–
“കഥം ത്വം കർമ്മണാ ശക്തഃ
കൈകേയീ വശവർത്തിനാഃ;
കരിഷ്യസി പിതുർവാക്യ-
മധർമ്മിഷ്ഠവിഗർഹിതം.”
“താതനതീവ വയോധികനേതുംതാനറിയാതൊരു ഭാര്യാവശനായ്
തീതിതുചൊന്നതുകേട്ടു വനത്തിനുധീരതയെൻറിനടപ്പതുംപറ്റ”
ഈ ഭാഗങ്ങൾ എറെക്കുറെ തർജ്ജമയാണെങ്കിലും,
കണ്ടാർനീലമഹാമലപോലതുകാലമുദാരതമേവിയമേയമേ-
ലുണ്ടാകിയ രത്നാഭരണങ്ങളെയൊളിവൊടണിഞ്ഞു മനോഹരനായേ,
കണ്ടാലൊളികിളരും വെൺകുടതഴകബരികളോടും ഗോപുരമേതിൽമീ
തുണ്ടാമഴകൊടിരുന്ന ദശാസ്യനെയുടനെ വാനരരും നരവരരും”
എന്ന മട്ടിലുള്ള സ്വതന്ത്രവിവർത്തനങ്ങളാണു് ഏറിയ കൂറും. വാല്മീകിരാമായണത്തിലെ നീണ്ടു നീണ്ട വർണ്ണനങ്ങളിൽ മിക്കവയേയും വിട്ടുകളഞ്ഞിട്ടു് കഥാഭാഗത്തെ തുടർന്നുകൊണ്ടുപോകയത്രേ കവി ചെയ്തിട്ടുള്ളതു്. കഥാഭാഗത്തിലും നീരസജനകങ്ങളായ അംശങ്ങളെ യുക്തിപൂർവം നിരസിച്ചുകളഞ്ഞിരിക്കുന്നു.
ബാലകാണ്ഡത്തിൽ രംഭാശാപം എന്ന സർഗ്ഗത്തിലുള്ളതും താഴെ ചേർത്തിരിക്കുന്നതുമായ ഏതാനും പദ്യങ്ങളെ നമ്മുടെ കവി തർജ്ജമ ചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
മൂലം:–
“താമുവാച സഹസ്രാക്ഷോ വേപമാനാം കൃതാഞ്ജലിം
മാ ഭൈഷീ രംഭേ! ഭദ്രം തേ കുരുഷ്വ മമ ശാസനം.
കോകിലോ ഹൃദയഗ്രാഹീ മാധവീരുചിരദ്രുമേ;
അഹം കന്ദർപ്പസഹിതഃ സ്ഥാസ്യാമി തവ പാർശ്വതഃ
ത്വം ഹി രൂപം ബഹുഗുണം കൃത്വാ പരമഭാസ്വരം;
തമൃഷിം കൗശികം ഭദ്രേ! ഭേദയസ്വ തപസ്വിനം
സാ ശ്രുത്വാ വചനം തസ്യ കൃത്വാ രൂപമനുത്തമം;
ലോഭയാമാസ ലളിതാ വിശ്വാമിത്രം ശുചിസ്മിതാ.
കോകിലസ്യ തു ശ്രുശ്രാവ വൽഗുവ്യാഹരതഃ സ്വനം;
സംപ്രഹൃഷ്ടേന മനസാ സ ചൈനാമന്വവൈക്ഷത.”
തർജ്ജമ:–
“എന്നതു കേട്ടറിയിച്ചാനിന്ദ്രനുമിതു പണിയല്ലവസന്തവും ഞാനും
തെന്നലുമിനിമദനനുമുണ്ടവനുടെധീരതപോക്കുവതിന്നു സഹായം
നന്നതുചെയ്കെന്നതു കേട്ടവളും നടുത്തമൊടടവി പുകന്തതുകാലം.
ചെന്ന വസന്തത്താൽ വനമെങ്ങും ചേതോഹരമായിതു പുഷ്പിതമായി
പുഷ്പിതദിവ്യലതാദികൾതോറും പൊൻമധുപാന മഹോത്സവമീടിയ
ഷട്പദകോകിലകോലാഹലമൊടുസകലമനോഹരമായിതു വിപിനം
പുഷ്പശരൻതാനുംപുനരവിടെപ്പുക്കാൻ മുനിധൈര്യം കളവാനാ
യത്ഭുതമായൊരുകുയിലായിന്ദ്രനുമരിയതപോധനനരികുപുകുന്താൻ
അരിയജലാശയമതിൽ നീരാടിയനന്തരമേ പൂമ്പൊടിയു
പെരിയസുഗന്ധമദാശനനാകിയ ഭൃംഗമഹാഝങ്കാരത്തോടും
വരപൊരുവന്മരമൊക്കെയിളക്കിവരുന്നമഹാവനഗജസമമായേ
വിരവൊടുതെന്നലിയന്നഴകോടെ വീയിമുനിവരനരികതുകാലം
അതുകാലംഗാനം കേൾക്കായതീവമനോഹരമാധുരിയത്തൊടു
വിധിയാലേ നയനങ്ങൾ തുറന്നതിവിസ്മയമൊടു മുനികുലവരനും
ഗതധൈര്യം നോക്കുന്നതുകാലം ഗഗനേവരനാരീമണിരംഭയെ
അതിശയമാകിയ സൗന്ദര്യത്തോടടവി നടപ്പതു കണ്ടാൻ.
കണ്ടാൻ പുഷ്പാപചയംചെയ്വതു കരുതിനടന്നു വിലാസത്തോടെ
വണ്ടാർകുഴലമരാഗനതാനേവരുവതുമണയെ വരുന്നതിനാലേ
ഉണ്ടാകിയ ലജ്ജാഭാരത്തോടടുനെ ലതകൾ മറഞ്ഞു സമീപേ
കണ്ടാൻ നയനമനോഹരമാകിയ കടാക്ഷത്തോടവൾനിന്നതുമെല്ലാം
ഇതു് വെറും ഭാഷാന്തരീകരണമാണെന്നു് ആരും പറകയില്ലല്ലോ. [7]
മൂലത്തിൽ ഇല്ലാത്ത സ്വതന്ത്രകല്പനകളും രാമായണത്തിൽ ധാരാളമുണ്ടു്. വിശ്വാമിത്രമഹർഷി മഹേശ്വരചാപം വരുത്തുന്നതിനായി ജനകനോടു് ആജ്ഞാപിച്ചതു കേട്ടു്, അവിടെ കൂടിയിരുന്ന ജനങ്ങളിൽ ഓരോരുത്തർ ഇങ്ങനെ പറഞ്ഞുവത്രേ.
എന്നേ! കഷ്ടമിതാമോബാലകരിരുവരിലൊരുവന്നെന്നാർചിലർ
മുന്നേവന്നവർകളിലിവർകൾക്കൊരുമുഖ്യതയുണ്ടറികെന്നാർ ചിലരൊ.
ചിലയിതെടുത്തുവലിപ്പതുപണിയാവർചെറിയവർ നല്ലവരാകിലുമെന്നാർ.
അലകടലേ കൈകൊണ്ടുകുടിച്ചിതഗസ്ത്യമഹാമുനി എന്നാർ ചിലരോ.
നലമുനിവിശ്വാമിത്രൻചെയ്വതുനന്നായ്വരുമെന്നാരതിലെ ചിലർ
ചിലവുപിഴയ്ക്കുമെവർക്കുംബ്രഹ്മശിരോഹരണംപാർക്കെർ ചിലരോ. ഓർത്തുമഹാമുനിവിശ്വാമിത്രനുമുത്തമനായജനകനുംഒന്നായ്.
പേർത്തിതിന്നുതുടങ്ങിയതെന്നാൽപിഴവാരായെന്നാർ ചിലരവിടേ
പാർത്ഥിവർ പലരിലുമെന്തിവർകൾക്കു പരാക്രമ
മേറിയതെന്നതിലേ ചിലർ.
പോർത്തിറമുടെ മാരീചാദികളോടു പൊരുതു
ജയിച്ചതുമിവർപോലെന്നാർ.
ഇവരിലൊരുത്തൻ താടകതന്നെയെതിർത്തുയിർ
കൊണ്ടതു മെന്നാർ ചിലരോ.
ശിവനരുൾചെയ്തതുമൊരുപഴുതാമോ
ചിലയുമൊരുത്തർ മുറിപ്പോരെന്നാർ.
അവനിയിൽ വന്നൊരു കന്യാരത്ന-
മിതാരും കൊൾവവരില്ലാതൊഴിയാ-
ത്തവമൊടിരുന്നേ പോവതുമിന്നും
തകാതോർത്താലെന്നാർ ചിലരവിടെ.
ഏതാകിലുമാശ്ചരിയം മറ്റിനി
യില്ല നിരൂപിച്ചാലിതുപോലെ.
വേധാവിൻകല്പിതമാരറിവാൻ
വിരയനടപ്പോമെന്നുനടന്നാർ;
ഭൂതാധിപനഖിലേശനുമാപതി
പുരഹരനുടെ ചാപത്തെയെടുത്തവ
ആധാരം ഭുവനത്തിനായ് മഹാമേരുവുമിതനെതിരില്ലെന്നാർ.
ആരിതെടുത്തുവലിച്ചുമുറിപ്പവ
രഖിലേശ്വരനല്ലാലെന്നാർ ചിലർ.
പോരുമിതിനെയെടുത്തു നടപ്പാൻ
ബുദ്ധിയുറപ്പിക്കെന്നാർ ചിലർരോ” ഇത്യാദി.
ചാപഭഞ്ജത്തേയും ജാമദഗ്ന്യസമാഗമത്തേയും വർണ്ണിക്കുന്ന ഭാഗത്തു് പണിക്കരുടെ മനോധർമ്മം സവിശേഷം സ്ഫുരിക്കുന്നു.
ശ്രീരാമൻ ചാപം ഭഞ്ജിച്ചപ്പോൾ,
“നരപാലകർ ചിലരതിനു വിറച്ചാർ;
നലമൊടു ജാനകി സന്തോഷിച്ചാൾ;
അരവാദികൾ ഭയമീടുമിടിദ്ധ്വനിയാൽ
മയിലാനന്ദിപ്പതുപോലെ”
ഈ ആശയത്തെത്തന്നെയാണു് എഴുത്തച്ഛൻ,
“ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
ഞടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയിൽപേടപോലെ സന്തോഷം പൂണ്ടാൾ.”
എന്നാണു് ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നതു്. വാല്മീകിരാമായണത്തിലാകട്ടേ,
“രാമ, ദാശരഥേ വീര, വീര്യം തേ ശ്രൂയ തേത്ഭുതം;
ധനുഷോ ഭേദനം ചൈവ നിഖിലേന മയാ ശ്രുതം.
തദത്ഭുതമചിന്ത്യം ച ഭേദനം ധനുഷസ്തദാ;
തച്ശ്രുത്ത്വാഹമനുപ്രാപ്തോ ധനുർഗ്രാഹ്യം പരം ശുഭം
തദിദം ഘോരസംകാശം ജാമദഗ്ന്യം മഹദ്ധനുഃ;
പൂരയസ്വ ശരേണൈവ സ്വബലം ദർശനസ്വ ച
തദഹം തേ ബലം ദൃഷ്ട്വാ ധനുഷോപ്യസ്യ പൂരണേ;
ദ്വന്ദ്വയുദ്ധം പ്രദാസ്യാമി വീര്യശ്ലാഘ്യമഹം തവ.”
എന്നിങ്ങനെ പരശുരാമൻ പറഞ്ഞതു കേട്ടു് ദശരഥൻ അഭയപ്രാർത്ഥന ചെയ്യുന്നതായിട്ടാണു കാണുന്നതു്. നമ്മുടെ കവി ദശരഥനെ ഭീരുവാക്കാതെ “നീയോ കുലച്ചിതു വില്ലു്?” എന്ന ഭാർഗ്ഗവഗർജ്ജിതത്തിനു് ശ്രീരാമനെക്കൊണ്ടു് നിന്ദാഗർഭമായി ഇങ്ങനെ മറുപടി പറയിക്കുന്നു.
“വെന്നിയുടെ നിന്തിരുവടിയിതിനു
വെകുണ്ടിവിടെ വരുമെന്നറിയാതെ
അന്നതുചെയ്തതറിഞ്ഞു പൊറുത്തരുൾ.
അതിബാലകരപരാധംചെയ്താ
ലെന്നുമതിന്നറിവുള്ള മഹാജന
മില്ലല്ലോ കോപിപ്പതുമുറ്റും”
അവർ തമ്മിൽ പിന്നീടുണ്ടായ സംഭാഷണം മുഴുവനും കവിയുടെ ഭാവനാഫലങ്ങളാണു്. പരശുരാമന്നു രാമചന്ദ്രന്റെ വാക്കുകൾ നിന്ദാഗർഭങ്ങളാണെന്നു മനസ്സിലാകാതിരുന്നില്ല. അദ്ദേഹം കോപപാരവശ്യം പൂണ്ടു് ഇപ്രകാരം മറുപടി പറയുന്നു.
“മതി, ഗംഭീരാക്ഷേപം ചെയ്വതു,
വരുമതിനാലെ വംശവിരോധം
ചതികെടെ മൂവേഴുതുടിമുടിമന്നവർ
സമസ്തരെ കൊലചെയ്തകുഠാരമി-
തിതുപൊഴുതെ തവകണ്ഠച്ഛേദ-
മിയറ്റുവതേ കരുതുന്നേൻ.”
രാമചന്ദ്രൻ തന്റെ ഗാംഭീര്യത്തെ തെല്ലുപോലും വിടാതെ പറയുന്ന വാക്കുകൾ എത്ര നിശിതങ്ങളായിരിക്കുന്നുവെന്നു നോക്കുക.
“…… അരിയകുഠാരാവു
മൂനമൊഴിന്തൊരു രാമശരീരവു
മുണ്ടുഭവാനുവിധേയമതു്; എന്നാൽ
മാനമൊടിന്നിതു ചെയ്വതിനെളുതു
മഹാജനമാവർ പലരെയുമേതും
ദീനതയെന്നി വധം ചെയ്തരുളിയ
നിന്തിരുവടി കരുതീടുകിൽ”
ഇതുകൂടി കേട്ടപ്പോൾ, ഭാർഗ്ഗവന്റെ കോപം അതിരു കവിഞ്ഞു. “വാക്കുകൊണ്ടു ജയിച്ചാൽ പോരാ, വേഗം യുദ്ധത്തിനു് ഒരുങ്ങുക” എന്നു് അദ്ദേഹം അട്ടഹസിച്ചിട്ടും, രാമചന്ദ്രൻ തുടരുന്നു:–
“ഒരുജാതിയുമടിയനുജയവും പുന
രുണ്ടാകാ നിന്തിരുവടിയോടെ
പൊരുതാലരിമുനീന്ദ്ര”
ഈ മുനീന്ദ്രശബ്ദപ്രയോഗം നല്ല ലാക്കിനു പറ്റി. ഭാർഗ്ഗവൻ പിന്നെയും പറയുന്നു:–
“കേവല താപസനെന്നേ കൊള്ളായ്ക
ധരാപതി വംശവിനാശകരൻ ഞാൻ
നീ പൊരുതെന്നൊടു തോല്പതിലില്ല
നിനക്കൊരു പഴി; ചെറിയൊരരവത്തിനു
കോപമെഴും വിനതാസുതനോടമർ
കോഴമെഴും വിനതാസുതനോടമർ
കോഴപ്പെടുമതു പഴിയല്ലല്ലോ.
എല്ലാം ജാതിയുമെന്നുടെ വില്ലിനി
യിതു കൈക്കൊണ്ടവർ ചെയ്ക”
എന്നിട്ടും രാമചന്ദ്രൻ ഇളകുന്ന മട്ടു കാണുന്നില്ല. അദ്ദേഹം പറയുന്ന മറുപടി നോക്കുക.
“വല്ലാതവരതിഥികൾ ഗുരുഭൂത
ന്മാരതി ബാലകർ വയോധികരോടെ
ഒല്ലാപോലമർ ചെയ്വതുമെന്നാൽ
ഒഴികറിവുടയമുനീന്ദ്ര”
ഇതു കൂടി കേട്ടപ്പോൾ, മുനിയുടെ ഹൃദയത്തിൽ കോപാഗ്നിയെരിഞ്ഞു.
‘ഇനി മമ വില്ലിതുകൊണ്ടെന്നൊടെതിർത്തമർചെയ്വതിളയ്ക്കരുതു്’ എന്നു് അദ്ദേഹം അലറി. രാമചന്ദ്രനു് ഉള്ളിൽ കോപമുണ്ടായെങ്കിലും, അതിനെ ലേശംപോലും വെളിയിൽ പ്രകടിപ്പിക്കാതെ പറഞ്ഞ വാക്കുകൾ എത്ര ഗംഭീരവും നിശിതവുമായിരിക്കുന്നു.
“നന്നുരചെയ്തതു നിന്തിരുവടി;യിതു
ഞാനേ ചെയ്വതിനുണ്ടവകാശം.
വെന്നിമികും നൃപവംശത്തിനു
വിരോധം ചെയ്ത ഭവാനേക്കണ്ടാൽ,
ഇന്നമർചെയ്വതിളയ്ക്കിൽ നമുക്കോ
കില്ലിതു ചെയ്യുന്നേയിനി ഞാനേ”
ഈ സംഭാഷണം മൂലത്തിലുള്ളതല്ല. ഇങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ എടുത്തുപറവാൻ സാധിക്കും.
10.8 ഭാഗവതം ദശമം
ഈ കൃതിയും രാമപ്പണിക്കരുടേതാണെന്നു്,
‘ദേവകീമകനായേയവതാരം
ദേവകൾ വിധിയാലേ ചെയ്തീടിയ
പൂവിൽമടന്തമണാളൻതന്നുടെ
പുണ്യമതായീടും കഥ ചെമ്മേ
ആവിയിലുളവായീടും ദുരിത
മറും പടി രാമനുരത്തീടിയ കവി’
എന്നു് അതിന്റെ അവസാനത്തിൽ പറഞ്ഞിരിക്കുന്നതിൽ നിന്നു നമുക്കു ഗ്രഹിക്കാം. കാവ്യഗുണംകൊണ്ടു് ഈ കൃതി രാമായണത്തെപ്പോലും അതിശയിക്കുന്നു. മാതൃകയ്ക്കായി ഒരു പാട്ടു് ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.
“അളകാവൃതമാകിന കുണ്ഡുലമണ്ഡിത
മാകിയഗണ്ഡസ്ഥലമധരാമൃത
മൊളിവീടിയ നൽപ്പുഞ്ചിരിയോടു ചേ
ർന്നുളവാം നോക്കുമിതഭയപ്രദമായി
വളരായ്കിന്നു ഭുജങ്ങളുമാഴി
മടന്തകളിച്ചീടും മണിമാർവിട
മലിവിനൊടോർക്കുംതോറും ദാസക
ളാകെയൊള്ളിതു നിശ്ചയമല്ലോ.”
10.9 ഭാഷാഭാരതം
ഇതും രാമപ്പണിക്കരുടെ കൃതി തന്നെ. അതിന്റെ അവസാനത്തിൽ,
“കളവാൻ പാപം മുന്നേ രാമ
കഥാമൊട്ടായപ്രകാരം ചൊന്നേ
നിളയാതെ ശ്രീകൃഷ്ണാകഥയാ
മിനിയൊരു പടി ചൊൽക തുനിഞ്ഞേൻ”
എന്നു് കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
10.10 ശിവരാത്രി മാഹാത്മ്യം
“ശിവരാത്രൗവ്രതകഥയിതു തന്നാലായ പ്രകാരം
സാരതയിലംതകൃതി രാമൻ നിരണത്തു കപാലീശ്വരമേ
ചേരുമുമാപതിതന്നരുളാലേ ചെയ്താനേവം ഭാഷയിനാലേ”
എന്നു് ഈ കൃതിയുടെ അവസാനത്തിലും കാണുന്നതുകൊണ്ടു ഇതിന്റെ ഗ്രന്ഥകർത്തൃത്വത്തെപ്പറ്റിയും സംശയത്തിനു വഴിയില്ല. കവിത സാമാന്യം നന്നായിട്ടുണ്ടു്. 90 മുതല്ക്കു് 110-വരെയുള്ള പാട്ടുകൾ അതിമനോഹരമായിക്കുന്നു. അവയിൽ ഒരു പാട്ടിനെ ചേർക്കുന്നു.
“ആയതബാഹുചതുഷ്ടയശോഭിത
രായതിനിർമ്മലഭസ്മോദ്ധൂളിക
കായരുമായേ ചർമ്മാംബരരായ്
കാലാന്തകസമ വിക്രമരായേ
മായയെ നീക്കും ബ്രഹ്മശിരാവലി
മാലാധരരായ് ദുഷ്കരരായേ
തൂയഗണേശ്വരരെക്കണ്ടകമേ
സുഖമായിതു വൈവസ്വതനവിടേ.”
10.11 കണ്ണശ്ശന്മാരുടെ ഭാഷ
കണ്ണശ്ശന്മാർ അന്നത്തേ വ്യവഹാരഭാഷയിലല്ല കവിത രചിച്ചിട്ടുള്ളതു്. രാമായണാദി ഗ്രന്ഥങ്ങളിലെ ഭാഷ അന്നത്തെ ദേശഭാഷയുമായിരുന്നില്ല.
“ഭാഷാമിശ്രമിതെൻറികഴാതെ
പരമേശ്വരഭക്ത്യാവല്ലവരും
താഴാതഷ്ടമി മറ്റു ചതുർദ്ദശി…
ദോഷാപഹമഴകോടേ ചൊൽവവർ
മേവുവരന്തേ ശങ്കരലോകേ”
എന്ന പാട്ടിൽ, ഈ സംഗതി കവി തന്നെ വ്യക്തമാക്കീട്ടുണ്ടല്ലോ. ഇത്തരം ‘ഭാഷാമിശ്രത്തേയാണു് ലീലാതിലകകാരൻ’ ‘ഭാഷാമിശ്രം പൊഴുതു കഥയാമി’ എന്ന ദൃഷ്ടാന്തം വഴിക്കു നിർദ്ദേശിച്ചിരിക്കുന്നതും.
നിരണത്തു കവികളുടെ കാലമായപ്പോഴേക്കും സാഹിത്യഭാഷയ്ക്കു വലുതായ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു. അവരുടെ പദബന്ധക്രമം തന്നെ എഴുത്തച്ഛന്റേതിൽ നിന്നു വിഭിന്നമാണു്.
“ഞാനേവം കൈക്കൊണ്ടേൻ ജനകനരേന്ദ്ര
തനൂജയെയെങ്കിലുമിന്നിതു
താനേ കാരണമായപവാദം താപമെഴും പടി
വന്നിതെനിക്കോ.
നാനാസുഖമാരുയിരിവകളെയാർ നാടുവ
രപവാദം കളവാനായ്?
മാനേന്മിഴി മൈഥിലിയെക്കളവാൻ മടിയു-
ണ്ടോ മമ പഴി തീർപ്പാനായ്.”
ഇത്യാദി പാട്ടുകളിലെ പദയോജനക്രമം നോക്കുക. പാട്ടിൽ ദ്രവിഡാക്ഷരങ്ങളേ പാടുള്ളു എന്ന നിയമത്തെ ആദ്യമായി ലംഘിച്ചു കാണുന്നതും കണ്ണശകൃതികളിലാണു്. അതു പോലെ തന്നെ വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളേയും, സംസ്കൃതരീതിയിലുള്ള പ്രയോഗങ്ങളേയും പാട്ടിലേക്കു സംക്രമിപ്പിച്ചവരും അവരാണെന്നു തോന്നുന്നു.
“ഇഹ ങ, ട, ഞ, ണ, ര, ല, ഴ, ള, റ, ഹ ഇതി നവാക്ഷരാണി ന പദാദൗ ഭവന്തി. രായരൻ, ലാക്കു് ഇത്യാദയസ്സംസ്കൃതസ്യാപഭ്രംശാഃ സംസ്കൃതാപഭ്രംശാ ന ശുദ്ധഭാഷാഃ. ‘രണ്ടാലുമൊന്റുണ്ടു നമുക്കിദാനീ’ മിതിത്വപശബ്ദഃ. ഭാഷയാമപി വ്യവസ്ഥയാ ഭവിതവ്യം. ന തു സ്വേച്ഛയാ യഥാ തഥാ പ്രയോഗഃ.”
എന്നു ലീലാതിലകകാരൻ രകാരലകാരങ്ങൾ പദാദിയിൽ വന്നുകൂടെന്നു കർശനമായി വിധിച്ചിട്ടുണ്ടെങ്കിലും, നിരണത്തുകവികൾ ചില ദിക്കുകളിൽ അതിനെ ലംഘിച്ചു കാണുന്നുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവയോഗ്യമാകുന്നു.
നിരണത്തു കവികളുടെ ഭാഷാശൈലിക്കുള്ള ഒരു പ്രധാന വിശേഷം പാദപൂരണത്തിനായും മറ്റും ‘ഏ’ എന്ന നിപാതം ചേർക്കുന്ന സമ്പ്രദായമാണു്. എഴുത്തച്ഛനും ചില സ്ഥലങ്ങളിൽ അങ്ങനെ ‘ഏ’ ചേർത്തിട്ടുണ്ടെന്നു വരികിലും, അവരുടെ കൃതികളിലെന്നപോലെ സർവസാധാരണമായും, അവിരളമായും ആ പ്രയോഗം അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തിലും കാണുന്നില്ല. ഒരേ പദത്തെത്തന്നെ രണ്ടും മൂന്നും പ്രാവശ്യം ഒരേ പാട്ടിൽ പ്രയോഗിക്കുന്ന വിഷയത്തിലും അവർക്കു ലേശം കൂസലില്ലായിരുന്നു.
പ്രകൃതികളിൽ വിവർത്തനപ്രക്രിയ ചെയ്തു് പലേ നൂതനപദങ്ങളേ സൃഷ്ടിക്കുന്നതിനു് ഭാഷയ്ക്കുണ്ടായിരുന്ന ശക്തി നിരണത്തു കവികളുടെ കാലശേഷം നിശ്ശേഷം നശിച്ചുപോയി. ഇതു ഭാഷയ്ക്കു് അപരിഹാര്യമായ ഒരു നഷ്ടം തന്നെയാണു്.
10.12 നിരണവൃത്തം
നിരണത്തു കവികളുടെ കൃതികളിൽ ഉപയോഗിച്ചിരിക്കുന്ന വൃത്തങ്ങളെ നിരണവൃത്തമെന്നു സാധാരണ വിളിച്ചുവരുന്നെങ്കിലും അവയെ കണ്ടുപിടിച്ചതു് അവരാണോ എന്ന കാര്യം സംശയമാണു്.
“ഓടിയണഞ്ഞു മഹേശ്വരി പുൽകിയ-
തോർത്തനുരാഗവശേന ചിരിച്ചേ” 1
എന്ന നിരണവൃത്തം ലീലാതിലകത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള
സംസ്കൃതമാകിന ചെങ്ങഴിനീരും
നറ്റമിഴാകിന പിച്ചകമലരും
ഏകകലർന്നു കരമ്പകമാലാം
വൃത്തമനോജ്ഞം ഗ്രഥയിഷ്യാമി”
എന്ന പാട്ടിലും കാണുന്നു. മാത്രാവൃത്തങ്ങൾ കണ്ണശ്ശന്റെ കാലത്തിനു മുമ്പും നടപ്പുണ്ടായിരുന്നെന്നു് ഇതുകൊണ്ടു് ഊഹിക്കാം. നിരണവൃത്തങ്ങളിലൊന്നും നശിച്ചുപോയിട്ടില്ല, രൂപാന്തരപ്പെട്ടുപോയതേയുള്ളു. ഒരു പാട്ടിനു് നാലു പാദങ്ങളും ഓരോ പാദത്തിലും പതിനാറു മാത്രകളോടുകൂടിയ ഈരണ്ടു ഖണ്ഡങ്ങളുമുണ്ടു്. ഓരോ ഖണ്ഡവും ഒരേ സ്വരം കൊണ്ടു് ആരംഭിക്കണമെന്നായിരുന്നു വ്യവസ്ഥ. എഴുത്തച്ഛനും നമ്പ്യാരും ഈ വൃത്തത്തെ ഈരടിയാക്കി കിളിപ്പാട്ടിലും തുള്ളലിലും ഉപയോഗിച്ചിരിക്കുന്നു. പ്രാസനിയമത്തെ അവരും തീരെ ഉപേക്ഷിച്ചുവെന്നു പറഞ്ഞുകൂട.
“ദോഷഗ്രാഹികളല്ലാതുള്ളൊരു
ദോഷജ്ഞന്മാരുടെ സഭ തുച്ഛം”
എന്നു് തുള്ളൽപ്പാട്ടിലും,
“നീളത്തിൽ ചിലർ ചരടുപിടിച്ചും
നീളേ കതിചന കുററി തറച്ചും
വാലതുകൊണ്ടേ മലകൾ പറിച്ചു
നാലു ദിഗന്തേ നാരായണജയ”
എന്നു് ഇരുപത്തിനാലുവൃത്തത്തിലും, പ്രസ്തുത പ്രാസനിർബന്ധം കാണുന്നുണ്ടല്ലോ. യതിയുടെ കാര്യത്തിൽ നിരണത്തു കവികൾ നിഷ്കർഷിച്ചിരുന്നില്ലെന്നു മാത്രമല്ല, അവർ ഓരോ പാദാർദ്ധത്തെയും എട്ടെട്ടു ഗണങ്ങളായി ക്രമപ്പെടുത്തീട്ടുമില്ല.
“എയ്തിവിഷയാദികളിൽവീണുഴലുമപ്പ-
ഞ്ചേന്ദ്രിയമറിഞ്ഞറിവകന്നു പരമാന്തം” 2
എന്നു ഗീതയിൽ കാണുന്ന വൃത്തം രാമചരിതത്തിലും ഉപയോഗിച്ചിട്ടുണ്ടു്. ഇതു് ഇന്ദുവദന തന്നെയാണു് പക്ഷേ ചില സ്ഥലങ്ങളിൽ ഗുരുവിനെ ലഘുവാക്കിയും ലഘുവിനെ ഗുരുവാക്കിയും ഉച്ചരിക്കേണ്ടി വരുമെന്നേ വ്യത്യാസമുള്ളു.
‘മെയ്യറിവിലെയ്തുമകതാരുമതന്നേരം’
എന്ന പാദാർത്ഥത്തിൽ ‘ന്നേ’ എന്ന അക്ഷരത്തെ ഉറപ്പിച്ചു ഉച്ചരിക്കാൻ പാടില്ല. അല്ലെങ്കിൽ, അതിനു മുമ്പിലിരിക്കുന്ന ‘ത’കാരം ഗുരുവായിപ്പോകും.
‘വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി’
എന്ന ഇരുപത്തിനാലുവൃത്തപദ്യത്തിലും ഇതേ വിധത്തിൽ തന്നെ ‘ന്ന’യ്ക്കു മുമ്പിലിരിക്കുന്ന ‘ഴ’വിനെ ലഘുവാക്കിയിരിക്കയാണല്ലോ.
“ഇതമൊടുതെളിഞ്ഞുടൻതന്നെയെല്ലാവുയിർ-
ക്കിടയുമുയിരൊക്കെയും പാടു തന്നുള്ളിലും” 3
ഇതു് തുള്ളൽപ്പാട്ടുകളിലും മറ്റും കാണുന്ന മണികാഞ്ചിയെന്ന വൃത്തമാകുന്നു.
“കാൺകയനേകമായിരരൂപമെങ്കലതൊക്കെയും നീ
കാൺകവിധങ്ങളും പല ദിവ്യവർണ്ണങ്ങളുണ്ടനേകം” 4
ഈ വൃത്തത്തെ ലഘുപ്രചുരമാക്കിയാൽ,
“വർദ്ധിതതരധവളഹിമാചലസന്നിഭതുംഗശരീരൻ
നെടുതാകിനകൊടിമരമെന്നകണക്കു തടിച്ചൊരുവാലും”
എന്ന തുള്ളൽവൃത്തമാകും.
എതുക, മോന, അന്താദിപ്രാസം ഇവ നിരണത്തുകവികളുടെ പാട്ടിലും കാണുന്നുണ്ടു്.
10.13 കൃഷ്ണപ്പാട്ടു്
മലയാളഭാഷയിൽ ഇതേവരെ ഉണ്ടായിട്ടുള്ള അത്യുത്തമഗ്രന്ഥങ്ങളിൽ ഒന്നാണു് കൃഷ്ണപ്പാട്ടു്. അതിന്റെ കർത്താവു് ഏഴാംശതകത്തിൽ ജീവിച്ചിരുന്ന ഒരു ചെറുശ്ശേരിനമ്പൂരിയായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളെത്തന്നെ ഇവിടെ ഉദ്ധരിക്കാം.
“ഉത്തരകേരളത്തിൽ ഇപ്പോഴത്തെ കുറുമ്പ്രനാട്ടുതാലൂക്കിൽ വടകര എന്ന സ്ഥലത്തു് ചെറുശ്ശേരി എന്ന ഇല്ലപ്പേരോടുകൂടി ഒരു നമ്പൂരിയുണ്ടായിരുന്നു. ബാല്യകാലം കഴിഞ്ഞയുടനെ കോലസ്സനാട്ടിലെ രാജാക്കന്മാരെ ആശ്രയിച്ചുവന്ന പാർത്തുവന്നു എന്നു കാണുന്നു. അദ്ദേഹം ആശ്രയിച്ചുവന്ന രാജാവിന്റെ നാമധേയം ഉദയവർമ്മൻ എന്നായിരുന്നു. അക്കാലത്തു് രാജാക്കന്മാർ സ്വസ്ഥമായിരിക്കുന്ന സമയങ്ങളിൽ ചതുരംഗം വയ്ക്കുക പതിവായിരുന്നു. അങ്ങനെ ഉദയവർമ്മരാജാവും ചെറുശ്ശേരി നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുന്ന സമയം രാജാവിന്റെ ഭാര്യ തന്റെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി, താരാട്ടു പാടിക്കൊണ്ടിരിക്കയായിരുന്നു. ആ സ്ത്രീക്കു് ഇവർ ചതുരംഗം വയ്ക്കുന്ന സ്ഥലം കാണ്മാൻ തക്കവണ്ണമുള്ളതായിരുന്നു. അപ്പോൾ രാജാവു് തോല്ക്കാറായി എന്നു കണ്ടതിനാൽ, താരാട്ടു പാടുന്ന മട്ടിൽതന്നെ, രാജാവിനു മാത്രം അറിവാൻവേണ്ടി, ഉന്തുന്തു, ന്തുന്തുന്തു, ന്തുന്തുന്തു, ന്തുന്തുന്തു, ഉന്തുന്തു, ന്തുന്തുന്തു, ഉന്താളേ ഉന്തു്” എന്ന പാട്ടു പാടുകയും അതു കേട്ട ഉടൻതന്നെ രാജാവിനു കാര്യം മനസ്സിലായി, ആളെ ഉന്തിയ സമയം, ഉന്തിയരശു് അടിയറവാകയും ചെയ്കയാൽ രാജാവു് കളിയിൽ ജയിക്കയും, ഉടൻതന്നെ വളരെ സന്തോഷിച്ചു് ആ മട്ടിൽ ഭാഗവതം ദശമം ഒരു പാട്ടായിത്തീർക്കണമെന്നു് കല്പിക്കയും അതനുസരിച്ചു് ചെറുശ്ശേരിനമ്പൂതിരി കൃഷ്ണപ്പാട്ടു് അല്ലെങ്കിൽ കൃഷ്ണഗാഥ എന്ന ഗ്രന്ഥം ഉണ്ടാക്കയും ചെയ്തതായി പറയുന്നു.”
കൃഷ്ണപ്പാട്ടിന്റെ ഉല്പത്തിക്കു കാരണമായിപ്പറയുന്ന ഈ കഥ കെട്ടിയുണ്ടാക്കിയ ആളിന്റെ മനോധർമ്മത്തെ പ്രശംസിക്കാമെങ്കിലും അതിൽനിന്നു് കൃഷ്ണഗാഥയെപ്പറ്റിയോ തൽകർത്താവിനെപ്പറ്റിയോ, വിശേഷിച്ചു് യാതൊന്നും ഗ്രഹിക്കാനായിട്ടില്ല. കവി കോലത്തുനാട്ടു രാജാവായ ഉദയവർമ്മന്റെ ആശ്രിതനായിരുന്നുവെന്നു് കൃഷ്ണഗാഥയിൽനിന്നുതന്നെ അറിയാമെന്നുള്ളതാണു്. ആളുന്തിരാഗക്കഥയെ വിശ്വസിക്കുന്നവരായി ഇക്കാലത്തു് ആരെങ്കിലും ഉണ്ടോ എന്നു സംശയമാകുന്നു. മിസ്റ്റർ കുണ്ടൂർ നാരായണമേനോൻ പറയുന്നതു് ഇങ്ങനെയാണു്:-
“ചെറുശ്ശേരി എന്ന ഇല്ലപേർ ഉത്തരകേരളത്തിലല്ല, ദക്ഷിണകേരളത്തിലാണു് അധികം വ്യാപിച്ചുകാണുന്നതെന്നു് അവതാരികയിൽ പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ കവി ദക്ഷിണകേരളക്കാരനല്ലെന്നു് ‘ചാടുക’ ‘തള്ളുക’ മുതലായി പല പദങ്ങളും ദക്ഷിണകേരളക്കാർ വിചാരിക്കാത്ത വിധത്തിലുള്ള അർത്ഥത്തിൽ കൃഷ്ണഗാഥയിൽ ഉപയോഗിച്ചിട്ടുള്ളതുകൊണ്ടു തീർച്ചപ്പെടുത്താം. ഇതു നോക്കുമ്പോൾ ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെങ്കിൽ ഇങ്ങനെ കേരളത്തിൽ മുഴുവൻ വളരെ പ്രചാരമുള്ള ഒരു ഗ്രന്ഥത്തിന്റെ കർത്താവായ കവിയുടെ ഇല്ലത്തെപ്പറ്റി, ഇല്ലം അന്യം നിന്നാൽ കൂടി, വല്ല വിവരവും ജനങ്ങൾ പരമ്പരയായി പറഞ്ഞുപോന്നിട്ടെങ്കിലും, നിലനില്ക്കാൻ ഇടയുണ്ടു്. മഴമംഗലം എന്ന സ്ഥലത്തെന്നും മറ്റും ചില വിവരങ്ങൾ ഇപ്പോഴും പലർക്കും അറിവുണ്ടു്. അതുപോലെ, ചെറുശ്ശേരിയെപ്പറ്റി ഒരു വിവരവും ആർക്കും അറിവില്ലാത്തതെന്തുകൊണ്ടാണു്? കവി ഇത്ര പ്രസിദ്ധനായിരിക്കുന്ന സ്ഥിതിക്കും അദ്ദേഹത്തിന്റെ പേരോ, വേറെ എന്തെങ്കിലും വല്ല വിവരമോ അറിയുന്നില്ലെന്നുള്ള സംഗതി ചെറുശ്ശേരിയെപ്പറ്റി സംശയം ജനിപ്പിക്കാൻ മതിയാകുമെന്നാണു തോന്നുന്നതു്.”
ചെറുശ്ശേരി എന്ന പേർ കാവ്യത്തിനു വരാനുള്ള കാരണത്തേപ്പറ്റി അദ്ദേഹം പറയുന്ന ഭാഗം കുറേക്കൂടി രസാവഹമായിരിക്കുന്നു.
“ച” “ശ” എന്ന അക്ഷരങ്ങൾ ഭാഷയിൽ ഉച്ചാരണസൗകര്യത്തിനോ, ഭംഗിക്കോ മാറ്റിക്കാണുന്നതിനാൽ ചെറുശ്ശേരി എന്നതു് ചെറുച്ചേരി എന്നതിൽ നിന്നു് ഉണ്ടായതാണെന്നു് ഊഹിച്ചാൽ, അതിൽൽ വലിയ ആക്ഷേപം ഒന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ചെറുച്ചേരി എന്നതു് ‘ചെറു’ എന്നും ‘ചേരി’ എന്നും ഉള്ള രണ്ടു പദങ്ങൾ കൂടിച്ചേർന്നതാണല്ലോ. ഇവയിൽ ചെറു എന്നതിനു് ചെറിയ എന്ന അർത്ഥം പ്രസിദ്ധമാണു്. ചേരി എന്ന പദവും ഇപ്പോൾ ഉപയോഗിച്ചു വരുന്നതാണു്. ഓണക്കാലത്തു കയ്യാങ്കളിക്കു രണ്ടു ഭാഗമായി ആളുകൾ നിൽക്കുന്നതിനു് രണ്ടു ചേരിയെന്നാണു പറയുന്നതു്. അതുകൊണ്ടു് പണ്ടു് ആ ജാതിയിലുണ്ടായിരുന്ന അങ്കംവെട്ടലിന്നോ യുദ്ധത്തിന്നോ അണിയിട്ടു നിൽക്കുന്നതിനു് ഈ പദം ഉപയോഗിച്ചിരുന്നു എന്നു് നമുക്കു് ഊഹിക്കാം. വടക്കൻപാട്ടു് ഈ ചേരിക്കളിയിലും യുദ്ധയാത്രയിലും യുദ്ധസമയത്തും രണ്ടു ചേരിക്കാരും പാടുന്ന പാട്ടായിരുന്നു എന്നു വിചാരിപ്പാൻ ന്യായമുണ്ടു്. അതുകൊണ്ടു് അതിന്നു് ചേരിപ്പാട്ടു് എന്ന പേർ യോജിച്ചുള്ളതും ഉത്തരകേരളത്തിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തോളം ഉപയോഗിച്ചുവന്നിരിക്കാവുന്നതുമാണു്. കൃഷ്ണഗാഥയുടെ രീതി വടക്കൻപാട്ടിന്റെ രീതിയോടു വളരെ അടുപ്പമുള്ള ഒന്നാണെന്നു് രണ്ടിന്റേയും ഈരണ്ടു വരി താഴെ ചേർക്കുന്നതു നോക്കിയാലറിയാം.
10.14 വടക്കൻപാട്ടു്
തച്ചൊളിപ്പാലാട്ടെ കോമപ്പുണ്ണി
തച്ചൊളിപ്പാലാട്ടെ കോമപ്പുണ്ണി
10.15 കൃഷ്ണഗാഥമട്ടു്
തച്ചൊളിപ്പാലാട്ടെ–തച്ചൊളിപ്പാലാട്ടെ
തച്ചൊളിപ്പാലാട്ടെ –കോമപ്പുണ്ണി
വടക്കൻപാട്ടിന്റെ ആദ്യത്തെ പാദത്തെ ഒടുവിലത്തെ നാലക്ഷരം കളഞ്ഞു ചെറുതാക്കി അതു രണ്ടു പ്രാവശ്യം ഉപയോഗിച്ചു് പിന്നെ രണ്ടാംവരി യാതൊരു ഭേദവും കൂടാതെ ഉപയോഗിക്കുന്നതാണു് ചെറുശ്ശേരി രീതി. ആദ്യപാദം ചെറുതാക്കി രണ്ടു പ്രാവശ്യം ഉപയോഗിക്കുന്ന ചേരിപ്പാട്ടാകയാൽ അതിന്നു ചെറുച്ചേരിപ്പാട്ടു് എന്ന പേർ യോജിപ്പുള്ളതും ഇങ്ങനെ വന്നതാണെന്നു് ഊഹിപ്പാൻ ന്യായമുള്ളതുമാണു്. വേറെ ഒരു വിധത്തിലും ചെറുശ്ശേരി എന്ന പേർ യോജിപ്പുള്ളതായി കാണുന്നുണ്ടു്. കോവിലകത്തു വെച്ചു് ചതുരംഗം കളിക്കുമ്പോൾ, ആളുന്തി, ആളുന്തി, ആളുന്തി, ആളുന്തി’ എന്നൊരാൾ ചൊല്ലുകയും ആ രീതിയിൽ ഒരു പാട്ടുണ്ടാക്കാൻ തമ്പുരാൻകല്പിക്കയും ചെയ്തിട്ടുണ്ടാക്കിയതാണു് കൃഷ്ണഗാഥ എന്നൊരു ഐതിഹ്യമുണ്ടു്. ഇതിന്നു് വല്ല അടിസ്ഥാനവുമുണ്ടെങ്കിൽ ചെറിയ രണ്ടു ചേരിയായി സൈന്യം നിരത്തി പട വെട്ടുന്ന ജാതിയിലുള്ള ചതുരംഗായോധനത്തിൽനിന്നുത്ഭവിച്ചതാകയാൽ ‘ചെറുശ്ശേരി’ എന്ന പേർ ഉണ്ടായതാണെന്നാണു് തോന്നുന്നതു്. എന്നാൽ കാലംകൊണ്ടു കവിയുടെ ഇല്ലപ്പേരും പേരും നിശ്ചയമില്ലാതായിത്തുടങ്ങുകയും ചെറുശ്ശേരി എന്ന പേരിനു മാത്രം പ്രചാരം ഉണ്ടാകയും ചെയ്തപ്പോൾ, ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു തെറ്റിദ്ധരിച്ചിട്ടായിരിക്കണം ചെറുശ്ശേരി എന്നു കവിയെ ഉദ്ദേശിച്ചു ജനങ്ങൾ പറഞ്ഞുതുടങ്ങിയതു്.”
മനോധർമ്മംകൊണ്ടു് ഇതു് മുകളിൽ ഉദ്ധരിച്ച ഐതിഹ്യത്തയും ജയിക്കുന്നു എന്നു സമ്മതിക്കാമെങ്കിലും, ലേശംപോലും പ്രത്യയജനകമായിരിക്കുന്നില്ലെന്നു പറയാതെ തരമില്ല.
ചെറുശ്ശേരി എന്നൊരു ഇല്ലം ഇപ്പോൾ ഉത്തരകേരളത്തിലില്ലെന്നു വിചാരിച്ചു് ഒരു കാലത്തും ഇല്ലായിരുന്നുവെന്നു ശപഥം ചെയ്യാവുന്നതല്ല. ഇക്കാലത്തിനിടയ്ക്കു് എത്രയോ രാജ്യവിപ്ലവങ്ങൾ ഉണ്ടായിരിക്കുന്നു. മൈസൂർകടുവായെപ്പേടിച്ചുതന്നെ ഒട്ടു വളരെ തറവാട്ടുകാർ ദക്ഷിണകേരളത്തിൽ വന്നു കുടിപാർക്കാൻ ഇടവന്നിട്ടുണ്ടു്. അക്കൂട്ടത്തിൽ ചെറുശ്ശേരിവംശക്കാരും ദക്ഷിണകേരളത്തിൽ വന്നു വാസമുറപ്പിച്ചതായി വന്നു കൂടായ്കയില്ല. പുതുമന, ആറ്റുപുറം, മാത്തൂർ ഇത്യാദി പലേ ഇല്ലപ്പേരുകൾ തെക്കും വടക്കും കാണുന്നതിനിടവന്നതു് ഇങ്ങനെ ആയിരിക്കണം. ചെറുശ്ശേരി എന്നൊരു ഇല്ലം കോലത്തു നാട്ടിൽ ഉണ്ടായിരുന്നെന്നും അതു് പുനത്തിൽ ഒതുങ്ങുകയാണു ചെയ്തതെന്നും ഒരു കേൾവിയുണ്ടെന്നും അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് അഭിപ്രായപ്പെട്ടിട്ടുമുണ്ടു്. “പിന്നെ ഇല്ലപ്പേരാണെങ്കിൽ, ഇങ്ങനെ കേരളത്തിൽ മുഴുവൻ പ്രചാരമുള്ള ഒരു ഗ്രന്ഥത്തിന്റെ കർത്താവായ കവിയുടെ ഇല്ലത്തേപ്പറ്റി ജനങ്ങൾ പരമ്പരയായി പറഞ്ഞുവന്നിട്ടെങ്കിലും അതിന്റെ നിലനില്പിനു് ഇടയുണ്ടെന്നു് മി. മേനോൻ പറയുന്നു. അതേ, അങ്ങനെ ഒരു ഐതിഹ്യം ഇപ്പോഴും ഉണ്ടല്ലോ. ആ വഴിക്കാണല്ലോ ഗുണ്ടർട്ടു് മുതൽപ്പേരു് ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു ധരിച്ചതും. എന്നാൽ അദ്ദേഹത്തിനെപ്പറ്റിയോ ഇല്ലത്തേപ്പറ്റിയോ കൂടുതൽ വിവരങ്ങൾ അറിയുന്നില്ലെന്നുള്ള സംഗതി സംശയജനകമായിരിക്കുന്നു എന്നു പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല. മഴമംഗലം, പുനം, നിരണത്തു കവികൾ, എഴുത്തച്ഛൻ, ചന്ദ്രോത്സവകർത്താവു് എന്നിങ്ങനെ ഒട്ടു വളരെ കവികൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടല്ലോ. അവരെപ്പറ്റി നാം ഇതേവരെ എന്തെല്ലാം അറിഞ്ഞിട്ടുണ്ടു്. സർവലോകസംപൂജ്യനായ ശ്രീശങ്കര ഭഗവൽപാദരെപ്പറ്റി അനേകം കവിതകൾ ഓരോരുത്തർ രചിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്വദേശം കാഞ്ചീപുരത്തായിരുന്നുവെന്നു് ഒരു കൂട്ടരും അതല്ല കേരളത്തിലായിരുന്നുവെന്നു് മറ്റൊരു കൂട്ടരും ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നതേയുള്ളല്ലോ. മഴമംഗലത്തേയും കണ്ണശ്ശനേയും പറ്റി നാം വല്ലതും അറിഞ്ഞിട്ടുണ്ടെങ്കിൽ അതു് അവരുടെ കൃതികളിൽ നിന്നാകുന്നു. ചില ഐതിഹ്യങ്ങൾ മിക്ക കവികളേപ്പറ്റിയും കേട്ടിട്ടുണ്ടു്. അങ്ങനെ ഒരു ഐതിഹ്യത്തെ ആണു് മി. ഗോവിന്ദപ്പിള്ള ഭാഷാചരിത്രത്തിൽ ചേർത്തിരിക്കുന്നതും. അതിൽ ആളുന്തിരാഗത്തേപ്പറ്റിപ്പറയുന്ന ഭാഗത്തെ മാത്രം അഭ്യൂപഗമിച്ചിട്ടു്, ഇല്ലത്തെക്കുറിച്ചുള്ള ഐതിഹ്യത്തെ തള്ളിക്കളയുന്നതിന്റെ യുക്തി ദുരധിഗമമായിരിക്കുന്നു. എന്നാൽ ഈ മാതിരി ഒരു കവിയുടെ ഇല്ലപ്പേരു് പരമ്പരയാ ജനങ്ങൾ പറഞ്ഞുവന്നിട്ടെങ്കിലും നിലനില്പാനിടയുണ്ടെന്നു ശപഥം ചെയ്തിട്ടു്, ഉത്തരക്ഷണത്തിൽത്തന്നെ, അദ്ദേഹത്തിന്റെ പേരും ഇല്ലപ്പേരും കാലക്രമേണ മലയാളികളുടെ ഇടയ്ക്കു വിസ്മൃതപ്രായമായെന്നും തന്നിമിത്തം ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു തെറ്റിദ്ധരിപ്പാനിടയായെന്നും അഭിപ്രായപ്പെട്ടിരിക്കുന്നതാണു് ബഹുവിചിത്രമായിരിക്കുന്നതു്. ചെറുശ്ശേരിപദത്തിന്റെ ആഗമം പറഞ്ഞിരിക്കുന്നതും സ്വീകാരയോഗ്യമായി തോന്നുന്നില്ല. ചേരിശബ്ദത്തിന്റെ അർത്ഥം തെറ്റിദ്ധരിച്ചിരിക്കുന്നതോ പോകട്ടേ. വടക്കൻപാട്ടു ചേരിപ്പാട്ടാണെങ്കിൽ, കൃഷ്ണഗാഥ വഞ്ചേരിപ്പാട്ടാവുന്നതല്ലാതെ ചെറുശ്ശേരിയാവാൻ ഇടയില്ല. രണ്ടാംപാദത്തെ ഒന്നു കുറുക്കീട്ടുണ്ടെങ്കിൽ ആദ്യപാദത്തേ ഒന്നു നീട്ടീട്ടുമുണ്ടല്ലോ. അന്നുള്ളവർക്കു വലിപ്പച്ചെറുപ്പങ്ങളെ വിവേചിച്ചറിവാൻ ശക്തിയില്ലായിരുന്നിരിക്കുമോ? അതിനും പുറമേ, വടക്കൻപാട്ടുകൾക്കു ചേരിപ്പാട്ടെന്ന പേരു് ഇതേവരെ ആരും പറഞ്ഞുകേട്ടിട്ടുമില്ല. ചെറുശ്ശേരി നമ്പൂരിയുടെ വംശജനായ ഒരു നമ്പൂരി ഇപ്പോൾ വടക്കു് ചെറുകുന്നത്തുക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്നുണ്ടെന്നു് മി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതിനെ ഖണ്ഡിച്ചകൊണ്ടു് കവനോദയക്കാരും, അവരെ ഏറെക്കുറെ പിന്താങ്ങിക്കൊണ്ടു് അപ്പൻതമ്പുരാനും പുറപ്പെടുന്നു.
ഉത്തരകേരളത്തിൽ ചെറുശ്ശരി എന്നൊരില്ലം ഉണ്ടായിരുന്നില്ലെന്നും ചെറുശ്ശേരിവംശജനായ ഒരു നമ്പൂരി ശാന്തി ചെയ്യുന്നുണ്ടെന്നുപറയുന്നതു് അബദ്ധമാണെന്നും അങ്ങനെ ഒരു കവി ജീവിച്ചിരുന്നുവെങ്കിൽ ചന്ദ്രോത്സവകർത്താവു് ഗ്രന്ഥാരംഭത്തിൽ അദ്ദേഹത്തിനെ സ്മരിക്കാതിരിക്കുമായിരുന്നില്ലെന്നും ആണു് കവനോദയക്കാരുടെ അഭിപ്രായം. അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് വേറെ ചില വാദമുഖങ്ങളെക്കൂടി അവതരിപ്പിക്കുന്നു.
“കവിയാരെന്നു നിശ്ചയമില്ലാത്ത ചന്ദ്രോത്സവത്തിൽ, ഭാഷാകവികളിൽവെച്ചു് പുനത്തിനെയാണു് മുമ്പു പറഞ്ഞിട്ടുള്ളതു്. കൃഷ്ണഗാഥമുഖേനയല്ലാതെ ചെറുശ്ശേരിക്കു് പുനത്തിനെപ്പോലെ കവി എന്നു പ്രസിദ്ധിയുള്ളതായിട്ടും അറിവില്ല. ഭാഷാരീതി പുനത്തിന്റേതല്ലെന്നു ശങ്കിച്ചേയ്ക്കാം. എന്നാൽ ഈ കൃതി ‘ആളുന്തി’രാഗമെന്നു പറഞ്ഞതുകേട്ടു് വിശ്വസിക്കത്തക്കവണ്ണം മൂഢയായ ഒരു സ്ത്രീയ്ക്കു് മനസ്സിലാകുന്ന വിധത്തിൽ ഉണ്ടാക്കിയതാണെന്നും, മഹാകവികൾക്കു വാസനാബലംകൊണ്ടും ബുദ്ധിവൈഭവംകൊണ്ടും ഏതു വിധം വേണമെങ്കിലും ആ വിധം കൊണ്ടുകെട്ടുവാനുള്ള ശക്തിയുണ്ടെന്നും ആലോചിച്ചാൽ ആ ശങ്കയ്ക്കും സമാധാനമുണ്ടു്.”
ഉത്തരകേരളത്തിൽ ചെറുശ്ശേരിയെന്നും പുനമെന്നും രണ്ടു തറവാടുകൾ ഉണ്ടായിരുന്നതിൽ ഒന്നു മറ്റേതിലേക്കു് ഒതുങ്ങിപ്പോയെന്നു് ഒരു കേൾവിയുണ്ടെന്നും, അങ്ങനെ സംഭവിച്ചതു് കൃഷ്ണഗാഥയുടെ ആവിർഭാവത്തിനു മുമ്പായിരുന്നതു നിമിത്തം ചെറുശ്ശേരിശബ്ദം പുനത്തിന്റെ പര്യായമായി തീർന്നതായിരിക്കാമെന്നുള്ളതുമാണു് അദ്ദേഹം ഊഹിക്കുന്നതു്.
ചെറുശ്ശേരി എന്നൊരില്ലം ഉത്തരകേരളത്തിൽ ഇല്ലെന്നും, അദ്ദേഹത്തിന്റെ ഒരു വംശജൻ ചെറുകുന്നത്തു ക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്നില്ലെന്നും വന്നതുകൊണ്ടു് ചെറുശ്ശേരി എന്നൊരു ഇല്ലം ഒരിക്കലും ഇല്ലായിരുന്നു എന്നു വരികയില്ലല്ലോ. കവനോദയക്കാരുടെ അന്വേഷണത്തിൽ അങ്ങനെ ഒരില്ലം എത്തുപെടാതിരുന്നുവെന്നു് വരാവുന്നതാണു്. മി: ഗോവിന്ദപ്പിള്ള പ്രശ്നം വെച്ചു കണ്ടുപിടിച്ച പേരായിരിക്കയില്ലല്ലോ അതു്. അദ്ദേഹവും ചില അന്വേഷണങ്ങൾ നടത്തിയ ശേഷമാണു് ഇങ്ങനെ അഭിപ്രായപ്പെട്ടതു്. ചന്ദ്രോത്സവകർത്താവു് പുനത്തിനെ സ്മരിക്കയും ചെറുശ്ശേരിയെപ്പറ്റി മിണ്ടാതിരിക്കുകയും ചെയ്തുകാണുന്നു എന്നുള്ള യുക്തി നില്ക്കയില്ല. അദ്ദേഹം അക്കാലംവരെയുള്ള എല്ലാ കവികളേയും സ്മരിച്ചിരുന്നു എന്നു വരികിൽ, അങ്ങനെ ഒരു ശങ്കയ്ക്കു വഴിയുണ്ടാകുമായിരുന്നു. സംസ്കൃതകവികളുടെ കൂട്ടത്തിൽതന്നേ വാല്മീകി, വ്യാസൻ, കാളിദാസൻ, ഭാരവി, മുരാരി ബാണൻ എന്നിങ്ങനെ അദ്ദേഹം പലരേയും കീർത്തിക്കയും, ഭവഭൂതിപ്രഭൃതികളെക്കുറിച്ചു് ഒന്നും പറയാതിരിക്കയും ചെയ്തുകാണുന്നതിനാൽ, ഭവഭൂതി പ്രഭൃതികൾ ഇല്ലായിരുന്നുവെന്നോ അവർ മറ്റു കവികളിൽ ലയിച്ചുപോയെന്നോ വാദിക്കുമോ? അതു പോലെ തന്നെ മലയാളകവികളേ സംബന്ധിച്ചും പറയാവുന്നതാണു്. ചന്ദ്രോത്സവകർത്താവു് തനിക്കിഷ്ടമുള്ള ചില കവികളെ സ്തുതിച്ചുവെന്നല്ലാതെ, മലയാളത്തിലെ ഒരു കവിവിവരപ്പട്ടിക തന്റെ കാവ്യത്തിൽ ചേർക്കാമെന്നു് അദ്ദേഹത്തിനു് ഉദ്ദേശ്യമില്ലായിരുന്നു.
ഇവരെല്ലാവരും കൃഷ്ണഗാഥാകർത്താവു് ചന്ദ്രോത്സവകാരന്റെ കാലത്തിനു മുമ്പു ജീവിച്ചിരുന്നു എന്നു സിദ്ധവൽക്കരിച്ചുകൊണ്ടാണു് വാദിക്കുന്നതും. മറിച്ചു വന്നുകൂടെ? അങ്ങനെ ആണെങ്കിൽ ചെറുശ്ശേരിയുടെ പേരു് ചന്ദ്രോത്സവത്തിൽ സ്മരിക്കാഞ്ഞതിനു സമാധാനം പറയേണ്ട ആവശ്യം നേരിടുകയുമില്ലല്ലോ. ചന്ദ്രോത്സവകർത്താവു് പുനത്തിന്റെ സമകാലികനോ പശ്ചാൽകാലികനോ ആയിരിക്കണമെന്നു് നിസ്സംശയം പറയാം. പുനത്തിന്റെ കാലം നിർണ്ണയിക്കാൻ മാർഗ്ഗമുണ്ടു്. അദ്ദേഹം കോഴിക്കോട്ടു സാമൂതിരിയുടെ സദസ്സിൽ ഒരു അരക്കവിയായിരുന്നു എന്നാണല്ലോ ഐതിഹ്യം. അദ്ദേഹവും ഉദ്ദണ്ഡശാസ്ത്രികളും സമകാലികന്മാരായിരുന്നുവെന്നു സമ്മതിക്കാത്തവർ ഇപ്പോൾ ആരും ഇല്ലതാനും. ശാസ്ത്രികളുടെ അടുക്കൽ നിന്നു് പുനം,
“അധികേരളമഗ്ര്യഗിരഃ
കവയഃ കവയന്തു വയന്തു ന താൻ വിനുമഃ
പുളകോൽഗമകാരി വചഃ പ്രസരഃ
പുനമേവ പുനം പുരാസ്തുമഹേ”
എന്നൊരു സർട്ടിഫിക്കറ്റു് വാങ്ങീട്ടുള്ള കഥ പ്രസിദ്ധവുമാണല്ലോ. കൊല്ലം 600-നും 700-നും മദ്ധ്യേ ഒരു ശക്തൻ സാമൂതിരി ഉണ്ടായിരുന്നെന്നും, ഉദ്ദണ്ഡശാസ്ത്രി അദ്ദേഹത്തിന്റെ സദസ്യരിൽ ഒരാളായിരുന്നുവെന്നും മി. ഗോവിന്ദപ്പിള്ള സമ്മതിക്കുന്നുണ്ടു്. എന്നാൽ പുനത്തിന്റെ കാലത്തും ഒരു ഉദ്ദണ്ഡനുണ്ടായിരുന്നെന്നുള്ള സംഗതി സുപ്രസിദ്ധമായതുകൊണ്ടാണു്, അദ്ദേഹത്തിനു് രണ്ടു ഉദ്ദണ്ഡന്മാരെ കല്പിക്കേണ്ടതായി വന്നതു്. പുനത്തിന്റെ കാലം ഒമ്പതാംശതകത്തിലായിരുന്നുവെന്നുള്ള അദ്ദേഹത്തിന്റെ ഊഹം തെറ്റാണെന്നും, അദ്ദേഹം ജീവിച്ചിരുന്നതു് ഏഴാംശതകത്തിലായിരുന്നുവെന്നും വന്നാൽ, ഉദ്ദണ്ഡന്മാരെ രണ്ടാക്കേണ്ട ആവശ്യവും അതിനോടുകൂടി അസ്തമിക്കും. അതെങ്ങനെയും ഇരിക്കട്ടെ. ഉദ്ദണ്ഡനും, പുനവും, ചേന്നാസ്സു നമ്പൂരിപ്പാടും സഹജീവികളായിരുന്നുവെന്നു് അപ്പൻ തമ്പുരാൻരസികരഞ്ജിനി വഴിയ്ക്കു സമ്മതിച്ചിട്ടുമുണ്ടല്ലോ.
“പ്രക്രീഡൽ കാർത്തവീര്യാർജ്ജുനഭുജവിധൃതോ-
ന്മുക്തസോമോത്ഭവാംഭ-
സ്സംഭാരാഭോഗഡംഭപ്രശമനപടുവാ-
ഗ്ഗുംഭഗംഭീരിമശ്രീഃ
തുണ്ഡീരക്ഷോണിദേശാത്തവ ഖലുവിഷയേ
ഹിണ്ഡതോദ്ദണ്ഡസൂരി-
സ്സോയം തേ വിക്രമക്ഷ്മാവര ന കിമുഗത-
ശ്ശ്രോത്രിയഃ ശ്രോത്രദേശം”
എന്ന ശ്ലോകം ശാസ്ത്രികളെ രാജാവിനോടു പരിചയപ്പെടുത്താനായി ചേന്നാസ്സു നമ്പൂരിപ്പാടു ചൊല്ലിയതാണു്. പയ്യൂർ പട്ടേരിമാരിൽ ഒരാളുടേതാണെന്നു വിശ്വസിച്ചുവരുന്ന ഗൃധ്രസന്ദേശത്തിലും ശാസ്ത്രികളെപ്പറ്റി ഒരു ശ്ലോകം കാണുന്നു.
“ഉദ്ദണ്ഡാഖ്യഃസുരഭികവിതാസാഗരേന്ദുഃ കവീന്ദ്രഃ
സ്തുണ്ഡീരക്ഷ്മാവലയതിലകസ്തത്ര ചേത്സന്നിധത്തേ
ശ്രാവ്യയാമുഷ്യാത്രിദശതടിനീവേഗവൈലക്ഷ്യദോഗ്ധ്രീ
വാഗ്ധാടീ സാ വിജിതദരസംഫുല്ലമല്ലീമധൂളീ”
“ഭാഷാകവിനിവഹോയം
ദോഷാകരവദ്വിഭാതിഭുവനതലേ
പ്രായേണ വൃത്തവിഹീനഃ
സൂര്യാലോകേ നിരസ്തഗോപ്രസരഃ”
എന്ന പദ്യം
“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീഹ്യായാത്യുദ്ദണ്ഡകേസരീ”
എന്നു ഗർജ്ജിച്ചുകൊണ്ടു പുറപ്പെട്ട ഉദ്ദണ്ഡകേസരിയുടേതായിരിക്കാനേ തരമുള്ളു. അതു് മി. ഗോവിന്ദപ്പിള്ളയും സമ്മതിക്കുന്നു. ആ സ്ഥിതിക്കു്, പുനത്തിന്റെ ‘പുനഃ പുനമേവപുനരാസ്തുമഹേ’ എന്നു സ്തുതിച്ചതും അദ്ദേഹത്തിന്റെ താരിത്തന്വീത്യാദി പദ്യത്തിൽ കാണുന്ന ‘ഹന്തഹിന്ത’യ്ക്കായി ഒരു പട്ടു സമ്മാനിച്ചതും ഈ ഉദ്ദണ്ഡനായിരിക്കാനല്ലേ സാംഗത്യം? മി. ഗോവിന്ദപ്പിള്ള പുനത്തിനെ ഒൻപതാംശതകത്തിലേക്കു് ഇഴുത്തുകൊണ്ടുപോയി മാനവേദചമ്പുവിന്റെ കർത്താവായ സാമൂതിരിയുടെ സദസ്യനാക്കിയതിനു മതിയായ കാരണമൊന്നും കാണുന്നില്ല. പുനം രാമായണാദി ചമ്പുക്കൾ നിർമ്മിച്ചതു് മാനവേദചമ്പു കണ്ടിട്ടായിരിക്കണമെന്നുള്ള അഭ്യൂഹമായിരിക്കാം അദ്ദേഹത്തിനെ വഴിതെറ്റിച്ചതു്. പുനം സാമൂതിരിപ്പാട്ടിലെ പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ ഒരു അരക്കവിയേ ആയിരുന്നുള്ളു എന്നു് ഒരു ഐതിഹ്യം ഉള്ളതും ഇവിടെ പ്രസ്താവയോഗ്യമാകുന്നു. പയ്യൂർപ്പട്ടേരിമാർ ഒമ്പതു്, തിരുവേഗപ്പുഴ നമ്പൂരിമാർ അഞ്ചു്, മുല്ലപ്പിള്ളിപ്പട്ടേരി, ചേന്നാസ്സുനമ്പൂരി, കാക്കശ്ശേരിപ്പട്ടേരി, ഉദ്ദണ്ഡശാസ്ത്രികൾ ഇങ്ങനെ പതിനെട്ടും അരക്കവിയായ പുനവും കൂടിയാണു് പതിനെട്ടരക്കവികൾ. അതുകൊണ്ടു് പുനത്തിനെ ഒൻപതാംശതകത്തിലെ ശക്തൻ തമ്പുരാന്റെ അടുക്കലേക്കു കൊണ്ടുപോയാൽ, മറ്റു കവികളും അദ്ദേഹത്തിനു മുമ്പേ തന്നെ അവിടെ എത്തേണ്ടിവരും. എന്നാൽ ചേന്നാസ്സുനാരായണൻ നമ്പൂരിയുടെ കാലം നമുക്കു ഖണ്ഡിതമായി അറിവാൻ മാർഗ്ഗമുണ്ടു്. അദ്ദേഹത്തിന്റെ തന്ത്രസമുച്ചയത്തിൽ,
“കല്യബ്ദേഷ്വതിയൽസുനന്ദനയനേഷ്വംഭോദിസംഖ്യേഷുയഃ
സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ്മൂലേ സ വേദാന്വയഃ
പ്രാഹുര്യസ്യ ജയന്തമംഗലപദേദ്ധം ധാമ നാരായണഃ
സോയംതന്ത്രമിദംവ്യധാദ് ബഹുവിധാദുദ്ധ്യത്യതന്ത്രാർണ്ണവാത്”
എന്നൊരു പദ്യം ചേർത്തിട്ടുള്ളതിൽ നിന്നും അതിന്റെ നിർമ്മാണകാലം കലിവർഷം 4530-നു് കൊ. വ. 604 ആയിരുന്നെന്നു സിദ്ധിക്കുന്നു. അതുകൊണ്ടു് പുനവും ഏതാണ്ടു് അക്കാലത്തുതന്നെ ജീവിച്ചിരുന്നുവെന്നു വിചാരിക്കാം.
ചന്ദ്രേത്സവത്തിൽ സംസ്തുതമായ മറ്റൊരു നാമം ശങ്കരനാകുന്നു. ഈ ശങ്കരനെത്തന്നെയായിരിക്കുണം
“ദൃഷ്ട്വാദേവം പരിസരജൂഷാ ശംബരേ ബാലകൃഷ്ണം
ലോപാമുദ്രാസഖതിലകിതം ദിങ്മുഖം ഭൂഷയിഷ്യൻ
കോലാനേലാവന സുരഭിലാൻ യാഹി യത്ര പ്രഥന്തേ
വേലാതീതപ്രഥിതവചസഃ ശങ്കരാദ്യാഃ കവീന്ദ്രാഃ”
എന്നു് കോകിലസന്ദേശത്തിൽ, ഉദ്ദണ്ഡൻ സൂചിപ്പിച്ചിരിക്കുന്നതു്. അങ്ങനെയാണെങ്കിൽ ശങ്കരനും ഉദ്ദണ്ഡന്റെ സമകാലികനായിരുന്നുവെന്നു വരുന്നു.
“മധുമൊഴിപുനമെന്നാനൽകവീന്ദ്രേണസാര-
സ്വതപരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവു വളർത്തിസ്തൂയമാനാപദാനാ
മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ”
“മദയതി പുനമിന്നും ഭുരിഭൂ ചക്രവാളം.”
ഇത്യാദി ചന്ദ്രോത്സവശ്ലോകങ്ങളിൽ നിന്നു് അതിന്റെ നിർമ്മിതികാലത്തു് പുനം ജീവിച്ചിരുന്നു എന്നു് ഊഹിക്കാൻ വഴിയുമുണ്ടു്. അതിലെ ഭാഷാരീതിക്കു്, പുനത്തിന്റെ കാലത്തുണ്ടായിട്ടുള്ള മണിപ്രവാളത്തോടു് ഒരു സഗർഭ്യത കാണുന്നതും പ്രത്യേകം ആലോചിപ്പാനുള്ളതാകുന്നു. അതുകൊണ്ടു് ചന്ദ്രോത്സവത്തിന്റെ കാലം ഏഴാം ശതകത്തിന്റെ ഉത്തരർദ്ധത്തിലായിരുന്നു എന്നു വന്നുകൂടുന്നു. എന്നാൽ ചെറുശ്ശേരിയുടെ കാലം കൊ. വ 650-നും 750-നും മദ്ധ്യേ ആയിരുന്നുവെന്നാണല്ലോ മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളതു്. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ അഭിപ്രായം ഖണ്ഡിക്കുന്നതിനു് ചന്ദ്രേത്സവത്തിൽ, ചെറുശ്ശേരിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്ന യുക്തി പര്യാപ്തമാകുന്നില്ല.
“മദയതി പുനമിന്നും” എന്നതിലെ ഇന്നും എന്നതിനു് അർത്ഥാന്തരം കല്പിച്ചു്, ഇപ്പോഴും പുനത്തിന്റെ കവിതകൾ ജനങ്ങളെ മദിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു വ്യാഖ്യാനിക്കുന്നതായാലും, ചന്ദ്രോത്സവകർത്താവു പറഞ്ഞിരിക്കുന്ന ശങ്കരൻ, ചെറുശ്ശേരി ആയിക്കൂടെന്നുണ്ടോ?
“ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ
കരകിസലയസംമൃശ്രമസ്വേദജാലം
അഹമഹമികയാവന്നർത്ഥശബ്ദപ്രവാഹം
ഭവതു വദനബിംബം പ്രീതയേ ശാങ്കരമ്മേ”
“ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേ
നാനന്ദമന്ദഗതിനാ പുരതോഗതേന
ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ
പദ്യൈരവദ്യരഹിതൈരനുവർണ്ണ്യമാനാ.”
ഈ പദ്യങ്ങളിൽ രണ്ടാമത്തേതു് ‘ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ’ എന്ന വാക്കുകൾ വഴിയായി കൃഷ്ണപ്പാട്ടിനെ അഭിവ്യഞ്ജിപ്പിക്കുന്നതായും, വേണമെങ്കിൽ വിചാരിക്കാവുന്നതാണല്ലോ. [8]
പുനം നമ്പൂരി ‘ആളുന്തി രാഗ’മെന്നതു കേട്ടു വിശ്വസിക്കത്തക്കവണ്ണം മൂഢയായ ഒരു സ്ത്രീയ്ക്കു കൂടി മനസ്സിലാകുന്നതിനുവേണ്ടി തന്റെ ഭാഷാരീതി ഒന്നു മാറ്റിക്കളഞ്ഞതു നിമിത്തമായിരിക്കണം, ചെറുശ്ശേരിയിലേയും രാമായണചമ്പുവിലേയും ഭാഷയ്ക്കു വ്യത്യാസം കാണുന്നതെന്നുള്ള അഭിപ്രായം വിചാരസഹമേ അല്ല. കൃഷ്ണപ്പാട്ടു് വെറും പാമരജനങ്ങൾക്കു വേണ്ടി രചിച്ചിട്ടുള്ളതാണെങ്കിൽ, പ്രൗഢന്മാർക്കു വായിക്കാനുള്ള കവിതയുടെ സ്വരൂപം എന്തായിരിക്കുമെന്നു് ഒന്നറിഞ്ഞാൽ കൊള്ളാം. കൃഷ്ണഗാഥ ഒരു പ്രൗഢകാവ്യമാണെന്നാണു് ഈയുള്ളവർക്കു തോന്നുന്നതു്.
ഏതൽകാരണങ്ങളാൽ, പ്രസ്തുത ഗ്രന്ഥം, ഒരു ചെറുശ്ശേരി നമ്പൂരിയുടേയാണെന്നും അദ്ദേഹം ജീവിച്ചിരുന്നതു് 650-നും 750-നും മദ്ധ്യേ ആയിരുന്നെന്നും മി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതു് ‘തീരെ അബദ്ധമാണെന്നു് പറവാനുള്ള കാലം ആയിട്ടില്ല.’
കൃഷ്ണഗാഥാകർത്താവു് കോലത്തുനാടു രാജാവിന്റെ ആശ്രിതനായിരുന്നെന്നു്,
“ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയവർമ്മണഃ
കൃതയാം കൃഷ്ണഗാഥായാം”
ഇത്യാദി കവിവാക്കുകളിൽ നിന്നു ഗ്രഹിക്കാം.
10.16 കഥാവസ്തു
കൃഷ്ണഗാഥയിലെ കഥാവസ്തു ഭാഗവതം ദശമസ്കന്ധത്തിലെ കഥയാകുന്നു. എന്നാൽ ചെറുശ്ശേരിയ്ക്കും ഭാഗവതത്തിനും കഥാവിഷയത്തിൽ മാത്രമേ സാദൃശ്യമുള്ളു. ചില സ്ഥലങ്ങളിൽ കവി ഭാഗവതപദ്യങ്ങളെ, നേരെ തർജ്ജമ ചെയ്തും മറ്റു ചിലേടങ്ങളിൽ, ഭാഗവതാശയങ്ങളെ, മനോധർമ്മംകൊണ്ടു് പുതുക്കി മോടി പിടിപ്പിച്ചും ചേർത്തിട്ടുണ്ടെന്നു വരികിലും, കൃഷ്ണപ്പാട്ടു് സർവതന്ത്രസ്വതന്ത്രമായ ഒരു പ്രൗഢകൃതി തന്നെയാണു്. പുരാണത്തിലും കാവ്യത്തിലും തമ്മിലുള്ള അന്തരം ഭാഗവതത്തിനും കൃഷ്ണഗാഥയ്ക്കും തമ്മിലുണ്ടു്. കവി പരമഭക്തനായിരുന്നുവെന്നുള്ളതിനു്, ശ്രോതാക്കളെ രോമാഞ്ചകഞ്ചുകിതരാക്കിത്തീർക്കത്തക്കവണ്ണം കവിഹൃദയത്തിൽനിന്നു നേരെ പുറപ്പെട്ടിട്ടുള്ള ഒട്ടു വളരെ സ്തുതികൾ ഉത്തമലക്ഷ്യങ്ങളാകുന്നു.
“സംസാരമോക്ഷത്തിൻകാരണമായതു
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
എന്നതുതന്നെ വരുത്തി നിന്നീടുവാ-
നിന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു”
എന്നു് നമ്പൂരി ഗ്രന്ധാരംഭത്തിൽ തന്നേ തന്റെ കാവ്യോദ്ദേശത്തെ വെളിപ്പെടുത്തീട്ടുണ്ടു്. എല്ലാ രസങ്ങളേയും അദ്ദേഹം അന്യൂനമായ വിധത്തിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും, ശൃംഗാരത്തിലും ഹാസ്യത്തിലും ആണു് അതിശയിക്കുന്നതു്. അനവസരത്തിൽപോലും ശൃംഗാരത്തേയും ഹാസ്യത്തേയും കവി പ്രയോഗിച്ചുകാണുന്നു. ഒന്നു രണ്ടു ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.
“വൻകുന്നു ചൂടീട്ടു വന്മഴ പെയ്യുമ്പോൾ
തൻകുലം കാക്കുന്ന തമ്പുരാനെ
നിൻകനിവേകി നിന്നെങ്കൽ നീയെന്നുമേ
സങ്കടം പോക്കുവാൻ കുമ്പിടുന്നേൻ”
“കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
വെണ്ണ ചുമന്നിട്ടു ശീലിച്ച നീ?
വെണ്ണയെന്നോർത്തു നീ കുന്നിനെത്തന്നെയു-
മുണ്ണുവാൻ വായിലങ്ങാക്കൊല്ലാ തേ”
ഈ മാതിരി സന്ദർഭങ്ങളിൽ മറ്റു കവികൾ ഹാസ്യത്തിനിടം കൊടുക്കുമോ എന്നു സന്നിഗ്ദ്ധമാണു്.
നമ്പൂരിഫലിതമെന്നു പ്രസിദ്ധമാണല്ലോ. നമ്മുടെ കവിയും ഈ വിഷയത്തിൽ അദ്വിതീയനായിരുന്നു. ശ്രീകൃഷ്ണൻ സത്രാജിത്തിന്റെ രത്നം അപഹരിച്ചു എന്ന കേൾവി പരന്നപ്പോൾ, ആളുകൾ ഓരോന്നു പറഞ്ഞുതുടങ്ങി. അതുകൊണ്ടും തൃപ്തിപ്പെടാതെ, ശ്രീകൃഷ്ണൻ എഴുന്നുള്ളുന്ന അവസരത്തിൽ, അവർ ആ ഘോഷയാത്ര നോക്കിക്കൊണ്ടിരുന്ന കുട്ടികളോടു് ‘ചാരത്തു ചെല്ലൊല്ലാ’ എന്നു് ഉപദേശിച്ചതനുസരിച്ചു് ആ ബാലന്മാർ ഓടിത്തുടങ്ങിയത്രേ.
രുഗ്മിണിയുടെ രൂപലാവണ്യം കണ്ടു് മയ്ക്കണ്ണിമാരെല്ലാരും ‘ആണുങ്ങളായാവൂ നാം’ എന്നു് ആശിച്ചുപോലും. ശ്രീകൃഷ്ണനിൽ ലീനമായിരുന്ന അവളുടെ ചിത്തത്തെ അവിടെനിന്നു വിനിർത്തിപ്പിച്ചു് ചൈദ്യനിലാക്കാനായി രുക്മിയാൽ നിയുക്തരായ നാരിമാർ,
“ചൈദ്യനിലങ്ങവൾ മാനസം പൂകിപ്പാൻ
വൈദ്യം തുടങ്ങിനാർ വാക്കുകൊണ്ടേ
കീഴിപ്പെട്ടു ചാടുന്ന വൻനദീവെള്ളത്തേ
മേല്പോട്ടു പോക്കുവാനെന്നപോലെ”
കാർവർണ്ണനെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു് രുഗ്മിണിയുടെ ദേഹം നന്നേ ക്ഷീണിച്ചുവശായി. തോഴിമാർ ഖിന്നത പൂണ്ടു് അവളുടെ ഹൃദയം ഏതു ധന്യനിലാണു പതിഞ്ഞിരിക്കുന്നതെന്നു ചോദിച്ചപ്പോൾ, അവൾ,
“ഈശ്വരന്തന്നെയൊഴിഞ്ഞു മന്മാനസ-
മാശ്രയിച്ചില്ല മറ്റാരെയുംതാൻ
രാപ്പകലുള്ളോരു പാഴ്പനികൊണ്ടു ഞാൻ
വായ്പുകുറഞ്ഞു മെലിഞ്ഞതിപ്പോൾ”
എന്നു പറഞ്ഞു് ഒഴിവിൽ നോക്കി. അതേ സമയത്തു് പഞ്ജരസ്ഥമായ കിളി,
“ദൈവമേ നിങ്കഴൽ കൈതൊഴുതീടുന്നേൻ
കൈവെടിഞ്ഞീടൊല്ലായെന്നെയെന്നും
ദേവകീനന്ദനന്തന്നുടെ മെയ്യോടു
കേവലം ചേർക്കേണമെന്നെ നീയും”
എന്നു പാട്ടുതുടങ്ങി. അതുകേട്ടു്, തോഴിമാർ
“കേളാതതെല്ലാമെ ചൊല്ലിത്തുടങ്ങീതേ
മേളത്തി നമ്മുടെ ശാരികതാൻ
ശാരികപ്പൈതല്ക്കു കാർവർണ്ണൻതന്നിലേ
മാരമാലുണ്ടായീതെന്നേ വേണ്ടു.”
എന്നിങ്ങനെ ഉപഹസിച്ചപ്പോൾ,രുഗ്മിണി ആ ശാരികയെ കോപത്തോടുകൂടി ഒന്നു നോക്കിയത്രേ. അതു് വീണ്ടും ഇങ്ങനെ പാടിത്തുടങ്ങി:–
“കാണുന്നോർ കണ്ണിനു പീയൂഷമായോരു
കാർവർണ്ണൻതന്നുടെ മേനി തന്നെ
കൺകൊണ്ടു കണ്ടു ഞാനെന്നപോലെന്നുടേ
സങ്കടം പോക്കുന്ന തമ്പുരാനെ”
തോഴിമാർ, ഇതുകേട്ടു് ശാരികയെ ശാസിക്കുന്ന മട്ടിൽ രുഗ്മിണിയെ ഇങ്ങനെ ഉപഹസിച്ചു:–
“പാഴമപൂണ്ടൊരു ശാരികപ്പൈതലേ
പാരാതെ പോകണം ദൂരത്തിപ്പോൾ
എങ്ങാനും പോകുന്ന കാർവർണ്ണൻതന്നെക്കൊ-
ണ്ടിങ്ങനെ ചൊല്ലുവാനെന്തു ഞായം?
ഇല്ലാത്തതിങ്ങനെ ചൊല്ലിത്തുടങ്ങിയാ-
ലുള്ളതെന്നങ്ങനെ തോന്നുമല്ലോ’
കാർവർണ്ണശബ്ദം കേട്ട മാത്രയിൽ രുഗ്മിണിയുടെ ഭാവം ഒന്നു മാറി; അവളുടെ ശരീരം കണ്ടകിതമായി. തോഴിമാരുണ്ടോ വെരുതേ വിടുന്നു?
“പാഴ്പനി കൊണ്ടല്ലീ കോൾമയിർക്കൊള്ളുന്നു
വായ്പെഴുന്നീടുമീ മെയ്യിലിപ്പോൾ?
രോമങ്ങൾ തന്നോടു കോപിക്കവേണ്ടാതൊ
ശാരികപ്പൈതലോടെന്നപോലെ’
ഇവിടെയൊക്കെ ഊറിവരുന്ന പരിഹാസരസം അത്യന്തം ആസ്വാദ്യമായിരിക്കുന്നു.
കുചേലൻ ദ്വാരകാമന്ദിരത്തിന്റെ വാതുക്കൽ എത്തിയപ്പോൾ, തത്രസ്ഥന്മാർ ‘പണ്ടെങ്ങും കാണാതെയുള്ളോനെ’ കണ്ടിട്ടു്, അദ്ദേഹത്തിന്റെ സമീപത്തുകൂടി ഓരോന്നു പറഞ്ഞുപോലും.
“അസ്ഥികൾകൊണ്ടു ചമച്ചതിന്മൂലമെ-
ന്തബ്ജജൻ പണ്ടിവൻ രസത്തിനെക്കാട്ടുവാ-
നാബദ്ധലീലനായല്ലയല്ലീ?
പേശലമായൊരു കാശത്തോടേശീട്ടു്
പേശുവാൻ പോരുമീക്കേശമിപ്പോൾ.
പാങ്കുഴിയെന്നോർത്തോ നേത്രങ്ങൾ നിർമ്മിച്ചു
യോഗ്യതപോരുമതിന്നു പാർത്താൽ.
പാതാളലോകത്തിലൊന്നിങ്ങു പോന്നിവൻ
നാഭിതന്മീതേ പോയ്നിന്നിതോ ചൊൽ.
വിശ്വത്തിനായൊരു നൽത്തൂണു നിർമ്മിച്ചേ
വിശ്വസിച്ചീടാവു വീഴായിവ”
കാമത്തിനു കണ്ണില്ലെന്നു ഒരു പഴഞ്ചൊല്ലുണ്ടല്ലോ. കാമുകന്മാർക്കു തങ്ങളുടെ പ്രേമത്തിനു വിഷയമായിരിക്കുന്ന നായികമാരിൽ യാതൊരു ന്യൂനതയും കാൺമാൻ സാധിക്കയില്ല; നേരേമറിച്ചു് കാമ്യങ്ങളായ സർവവും അവരിൽ ഉണ്ടെന്നേ തോന്നൂ. നമ്മുടെ കവി, രുഗ്മിണീപാണിഗ്രഹണേച്ഛയോടു കൂടി വന്ന രാജാക്കന്മാരുടെ ഈ മനോഭാവത്തെ എങ്ങനെ ഹസിച്ചിരിക്കുന്നു എന്നു നോക്കുക.
“രാശികൾകൊണ്ടു തിരിഞ്ഞു ചമച്ചോന്നി-
പ്പേശലമേനി താനെന്നു തോന്നും.
ചാപമായുള്ളതിച്ചില്ലികൾ രണ്ടുമോ
ലോചനമായതോ മീനമല്ലോ
കൊങ്കകൾ രണ്ടുമേ കുംഭമെന്നിങ്ങനെ
ശങ്കയെക്കൈവിട്ടു ചൊല്ലാമല്ലോ.
മന്നവന്തന്നുടെ ബാലികയാമിവൾ
കന്നിയായല്ലോ താൻ പണ്ടേയുള്ളു.
സമ്മോദം പൂണ്ടു മിഥുനത്വം തന്നെയും
ചെമ്മു കലർന്നു ലഭിക്കുമിപ്പോൾ.”
ഇങ്ങനെ അവർ രുഗ്മിണിയുടെ ശരീരത്തെ ദ്വാദശരാശിമയമായി കണ്ടുവത്രേ. എന്നാൽ അത്രമാത്രംകൊണ്ടു് അവസാനിച്ചോ? പാവനങ്ങളായ സകല ദേശങ്ങളും തീർത്ഥങ്ങളും അവളുടെ ദേഹത്തിൽ സ്ഥിതിചെയ്യുന്നതായിട്ടാണു് അവർക്കു തോന്നിയതു്.
“ഹാരമായുള്ളൊരു ഗംഗയുമുണ്ടല്ലോ
രോമാളിയായൊരു കാളിന്ദിയും
മാലോകരുള്ളത്തിലാനന്ദംനൽകുന്ന
ബാലപ്പോർകൊങ്ക നൽകുംഭകോണം
കാഞ്ചനം വെല്ലുമാക്കാമിനിമേനിയിൽ
കാഞ്ചിയും കണ്ടാലും കാന്തിയോടെ”
രസചക്രവർത്തിയായ ശൃംഗാരത്തിന്റെ വിവിധഭാവങ്ങളെ ഇത്ര സരസമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു കവി മലയാളനാട്ടിൽ ഇതേവരെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്.
“കാലമോ പോകുന്നു യൗവനമങ്ങനെ
മാളെയുമില്ലെന്നതോർക്കേണമേ
മറ്റുള്ളതെല്ലാമെ വെച്ചുകളഞ്ഞിപ്പോൾ
ചുറ്റത്തിൽ ചേർന്നു കളിയ്ക്കണം നാം”
എന്നു പറഞ്ഞുംകൊണ്ടു് ഗോപികമാരെല്ലാം ചേർന്നു് ശ്രീകൃഷ്ണനുമായി കളിയാടിക്കൊണ്ടിരിക്കെ,
“വൃന്ദാവനംതന്റെ വെണ്മയെക്കാണ്മാനായ് മന്ദമായെങ്ങുംനടന്നാരപ്പോൾ
മുല്ലതുടങ്ങിനവല്ലരിജാലത്തെ മെല്ലവേചേർത്തുതന്മെയ്യിലെങ്ങും
ശാഖികളാകിനപാണികളെക്കൊണ്ടു ചാലേപ്പിടിച്ചുതഴുകുന്നേരം
മെയ്യിലെഴുന്നവിയർപ്പുകളെപ്പോലെ പയ്യവേ തേൻതുള്ളിതൂകിത്തൂകി,
ചാരുക്കളായങ്ങുചാലെനിരന്നുള്ള ദാരുക്കളോരോന്നോ കണ്ടുകണ്ടു്
പൂമണംതങ്ങിന തെന്നൽക്കിടാവിനെത്തൂമകലർന്നുള്ളിൽ കൊണ്ടുകൊണ്ടു്,
കോകപ്പിടകളും കേകിനിരകളും കൂകുന്നതെങ്ങുമേ കേട്ടുകേട്ടു്,
വണ്ടീണ്ടതങ്ങളിൽകൂടിക്കലർന്നുടൻ മണ്ടുന്നതെങ്ങുമേ നോക്കിനോക്കി,
കൂകുന്ന കോകിലം തന്നോടു നേരിട്ടു ഗീതികൾ നീതിയിൽ പാടിപ്പാടി,
തേനുറ്റപൂവുകൾമെല്ലെപ്പറിച്ചുടൻ മാനിച്ചു വേണിയിൽ ചൂടിച്ചൂടി,
നെഞ്ചിൽനിറഞ്ഞൊരുകൌതുകംതന്നാലെ പുഞ്ചിരിസന്തതം തൂകിത്തൂകി,
അന്നത്തിൻപേടയ്ക്കു മെല്ലെനടത്തംകൊണ്ടല്ലലേയുള്ളത്തിൽ നല്കിനല്കി,
മാരന്തൻവങ്കണമാറിൽതറച്ചങ്ങു പാരന്നൊന്തുള്ളത്തിൽ വീർത്തുവീർത്തു,
മത്തേഭസസ്തകമൊത്തമുലകനത്തത്തൽമുഴുത്തുള്ളിൽ ചീർത്തുവീർത്തു്,
മാധവൻതന്നുടെ മാറുതൻകൊങ്കയിൽമാനിച്ചുനിന്നുടൻ ചേർത്തുചീർത്തു്
കുന്തളംകൊണ്ടുതൽകൂട്ടരെനേർത്തിട്ടുമണ്ടിവരുന്നൊരു വണ്ടിനത്തെ
ലീലയ്ക്കുതങ്കൈയ്യാൽ ചേർത്തൊരു താമരപ്പൂവുകൊണ്ടങ്ങുടൻപോക്കിപ്പോക്കി,
ഹാരമായുള്ളൊരുനിർത്സരവാരിതൻ പൂരമിയന്നുള്ള കൊങ്കകളെ
കുന്നെന്നു നണ്ണീട്ടു ചെന്നങ്ങു ചാരത്തു നിന്നുടൻ നോക്കുന്നമാൻകുലംതാൻ
കൺമുനകൊണ്ടുതൻചങ്ങാതിയെന്നോർത്തു ചെമ്മെകളിച്ചുതുടങ്ങുംനേരം
ചേണറ്റപൈമ്പുല്ലുചാലപ്പറിച്ചുതൻ പാണിതലംകൊണ്ടു നല്കിനല്കി,
കാർമുകിൽവർണ്ണനോടൊത്തങ്ങുകൂടിനാർ കാർവേണിമാരെല്ലാം
മെല്ലെമെല്ലെ”
ഇത്തരം പത്തുവരികൾ തികച്ചു് എഴുതാൻ ശക്തിയുള്ള ഒരുവനു് മഹാകവിപട്ടത്തിനു വിശേഷിച്ചു വേറെ യോഗ്യതകളൊന്നും ആവശ്യമില്ല. ഭക്തശിരോമണിയും മഹാകവിയുമായിരുന്ന രാമപ്രസാദൻ വംഗഭാഷയിലും കൃഷ്ണമയജീവിതത്തിൽ രാധികാദേവിയെപ്പോലും അതിശയിച്ചിരുന്ന പരമസുകൃതിനിയായ മീരാബായി വ്രജഭാഷയിലും ഒട്ടു വളരെ ഗോപികാഗാനങ്ങൾ രചിച്ചിട്ടുണ്ടു്. ആനന്ദാശ്രുക്കൾ പൊഴിക്കാതേയും രോമാഞ്ചകഞ്ചുകം ധരിക്കാതേയും അവയിലൊന്നെങ്കിലും വായിക്കുന്നതിനു് ഹൃദയമുള്ളവർക്കാർക്കും സാധിക്കയില്ല. നമ്മുടെ ഭാഷയിൽ അവരോടു കിടയായി വല്ലതും ഒരു ഗാനമുണ്ടെങ്കിൽ കൃഷ്ണഗാഥയിലെ ഗോപികാദുഃഖകഥനമാണു്.
‘പെണ്ണുങ്ങളുള്ളിലേ മാനമടക്കാനാ’യി കണ്ണൻ, ‘നീളയായുള്ളൊരു നാരിയെ കൈക്കൊണ്ടു’ ആ കാടുതോറും നീളെ നടക്കുന്നു. ‘കൊണ്ടൽനേർവർണ്ണൻ മറഞ്ഞതു കണ്ടപ്പോൾ വല്ലവിമാരെല്ലാം ഒട്ടുനേരം; തങ്ങളിൽ നോക്കീട്ടു വല്ലാതെ’ നിന്നു പോകുന്നു.
“കണ്ണനായുള്ളൊരുനൽവിളക്കങ്ങനെ തിണ്ണംമറഞ്ഞങ്ങുപോയനേരം
ദുഃഖമായുള്ളൊരിരുട്ടുവന്നുള്ളത്തിൽ ഒക്കവെയങ്ങുപരന്നുതായി
പ്രേമമീയന്നൊരു കോപവുമുള്ളിലക്കാമിനിമാർക്കു നുറുങ്ങുണ്ടായി”
എന്നാൽ ‘ചാരത്തുനിന്നൊരു കാർമുകിൽവർണ്ണനെ വാർത്തുമെങ്ങുമേ’ കാണാതായപ്പോൾ, അവരുടെ ധീരതയൊക്കെ നശിക്കുന്നു. അവർ കണ്ണുനീർ വാർത്തുകൊണ്ടു് കാടുതോറും അദ്ദേഹത്തിനെ തേടി നടക്കുന്നു. മാർഗ്ഗമദ്ധ്യേ കാണുന്ന വൃക്ഷങ്ങളോടും, വല്ലികളോടും, പൂക്കളോടും, ഭൃംഗങ്ങളോടും, പക്ഷികളോടും ഒക്കെ കണ്ണനെപ്പറ്റി ചോദിക്കുന്നു.
“കൈതേ! ഞാൻനിന്നോടുതെല്ലൊന്നുചോദിച്ചാൽകൈതവംകൈവിട്ടു
ചൊല്ലേണം നീ
എങ്ങളുവന്നുള്ളൊരോമനക്കാന്തനെ ഇങ്ങുവരുന്നതു കണ്ടില്ലല്ലീ?
കാർമുകിൽപോലെയുവന്ന നിറംതാവും കാർകുഴലൊട്ടുണ്ടുകെട്ടിച്ചെമ്മേ
കയ്യിൽകുഴലുണ്ടു് കാലിൽചിലമ്പുണ്ടു് മെയ്യിലമ്മാൺപുറ്റപൂൺപുമുണ്ടേ
മഞ്ഞൾനിറം തോഞ്ഞ കൂറയുടുത്തുണ്ടു് മഞ്ജുളമായ മൊഴിയുമുണ്ടേ
നെറ്റിമേൽതാണകുറുനിരയുമുണ്ടു് നേരില്ലയാതൊരു കാന്തിയുണ്ടേ
കുംകുമംകൊണ്ടു തൊടുകുറിയിട്ടുണ്ടു് കങ്കണമുണ്ടു കരങ്ങളിലും
പെണ്ണുങ്ങൾനെഞ്ചകംതന്നെപ്പിളർക്കുന്ന പുഞ്ചിരിയുണ്ടുടൻ കൂടക്കൂടെ
ഉള്ളിലിണങ്ങിനേൻ എന്നങ്ങുനോക്കുന്ന കള്ളനെക്കണ്ടയ്യോമെല്ലെമെല്ലെ
കണ്ടതില്ലെങ്കിലും കണ്ടതില്ലെന്നതും മിണ്ടൊല്ല ഞങ്ങളോടിങ്ങനെ നീ
ഇണ്ടൽപൂണ്ടെങ്ങൾക്കു നെഞ്ചിൽവരുന്നല്ലൽ കണ്ടാൽനിനക്കു
പൊറുക്കരുതെ”
“കേകികളേ! നിങ്ങൾ ഞങ്ങളുവന്നൊരുകേശവൻതന്നെയിന്നുണ്ടോകണ്ടു?
പീലികൾ കോലുമായ് ചാലക്കളിച്ചവൻബാലകന്മാരുമായ് വന്നില്ലല്ലീ?
എങ്ങാനുമിങ്ങനെ കണ്ടാകിലിന്നിങ്ങൾഎങ്ങളോടമ്പൊടുചൊല്ലേണമേ
ഇണ്ടൽപൂണ്ടെങ്ങൾക്കു തെണ്ടിച്ചുകൊണ്ടെങ്ങും തെണ്ടിനടന്നതോ കണ്ടതല്ലോ
ഗോകുലനായകൻ പോകുന്നിതിന്നെങ്ങും കോകങ്ങളേ! നിങ്ങൾ കണ്ടില്ലല്ലീ?
ഖദിച്ചുപോയുടൻ നീളെ നടന്നെങ്ങും ചോദിച്ചിതെങ്ങുമേ കണ്ടതില്ല
കോഴപൂണ്ടിങ്ങനെ കേഴുന്നതെന്തിനു കേവലം കണ്ടില്ലയെന്നേ വേണ്ടൂ.”
ഇതിനിടെ ശ്രീകൃഷ്ണനുമായി രമിച്ചുകൊണ്ടിരുന്ന നീളയും,
“മറ്റുള്ളനാരിമാരെല്ലാരിലുംവച്ചു മുറ്റുമിവനെന്നേ വേണ്ടീതിപ്പോൾ
നാരിമാരായൊരു വാരിധിതോയത്തെ നേരെകടഞ്ഞു കടഞ്ഞുചെമ്മേ
നൂനമെടുത്തൊരു പീയൂഷമായിതേ ഞാനിന്നവനിപ്പോഴെന്നുവന്നു”
എന്നിങ്ങനെ ഗർവിതയായ് ചമയുന്നു.
“കല്ലിൽനടന്നിട്ടു കാലെല്ലാംനോകുന്നു മെല്ലെനീയെന്നെയെടുക്കവേണം
വേഗത്തിലിങ്ങനെ നീളനടപ്പതിനാകുന്നൂതില്ലെന്നു തേറിനാലും
കൈലാസവാസിയും കാമിനിതന്നെത്തൻമൗലിയിലല്ലയോ വച്ചുകൊൾവൂ?”
എന്നായി അവളുടെ നില,
“എങ്കഴുത്തിങ്ങനെ നില്ക്കുന്നുനിന്നുടെ
സങ്കടംപോക്കുവനല്ലയോ താൻ.”
എന്നു പറഞ്ഞിട്ടു് അദ്ദേഹം മെല്ലെക്കഴുത്തുയർത്തി നിലത്തു വണങ്ങിനില്ക്കവേ ‘നീള താൻ മുന്നേതിലേറ്റം ഞെളിഞ്ഞാളപ്പോൾ.’
എന്നാൽ,
“ചേലയുടുത്തതു ചാലച്ചുരുക്കീട്ടു കാലുംകവച്ചങ്ങു നിന്നു മെല്ലെ
മേളമായന്നു കഴുത്തിൽ കരേറുവാൻ തോളങ്ങുതപ്പീട്ടുകാണാഞ്ഞപ്പോൾ
തിണ്ണംമറിഞ്ഞങ്ങു നോക്കുന്നനേരത്തു കണ്ണനേയെങ്ങുമേ കണ്ടതില്ല”
അപ്പോൾ നീളയും മറ്റുള്ള ഗോപികമാരെപ്പോലെ വിലപിച്ചുതുടങ്ങി. അവളുടെ വിലാപം അവരും കേൾക്കുന്നു. അവരെല്ലാവരും കൂടി,
“നിർമ്മലേ മേന്മലുള്ളുർമ്മികളിൽപ്പാഞ്ഞു
നേർമ്മയിൽ വന്നൊരു തെന്നലേറ്റു”
തള്ളിയെഴുന്നൊരു ചൂടങ്ങു പോക്കാമെന്നു വിചാരിച്ചു് കാളിന്ദീതീരത്തിലേയ്ക്കു പോകുന്നു. നദീതീരത്തുള്ള പൂങ്കാവിൽ,
“മുല്ല തുടങ്ങിന വല്ലികളെക്കൊണ്ടു
നല്ലൊരു പന്തലായ് നിന്നുമീതെ
ഉല്ലസിച്ചുള്ളൊരു ഭൂതലം തന്നിലേ”
ചെന്നു് വട്ടത്തിലിരുന്നിട്ടു് വട്ടക്കണ്ണിട്ടു തുടങ്ങുന്നു.
“സ്വാമിയിമ്മാതിരിപോരുതുടങ്ങമ്പോൾ
നാമൊത്തുനില്ക്കണമെന്നപോലെ”
മന്ദസമീരണനാദിയായ് ചൊവ്വുള്ള വീരന്മാരെല്ലാം മാരദേവനോടൊന്നിച്ചു് അവിടെ എത്തുന്നു.
“നീടുറ്റചൂതങ്ങൾതോറുമിരുന്നുതൻ പേടകളോടു കലർന്നുചെമ്മേ
അഞ്ചിതമായൊരു പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങീതു കോകിലങ്ങൾ.
കൂകുന്നകേകികൾ കേകകളെക്കൊണ്ടു തൂകിത്തുടങ്ങീതക്കാവിലെങ്ങും.
പാരാവതങ്ങൾതൻ പേടകളോടൊത്തു നേരെ കളിച്ചുതുടങ്ങീതപ്പോൾ
വട്ടംതിരിഞ്ഞു തിരിഞ്ഞുമയങ്ങീടു പെട്ടെന്നുകാന്തതൻമുന്നിൽച്ചെന്നു
അഞ്ചിതമായൊരു ചഞ്ചുപുടംതന്നെയഞ്ചാതെമെല്ലവേ വായ്ക്കൊണ്ടുടൻ
ആനനംതാഴ്ത്തുമുയർത്തിയുമമ്പൊടു ദീനതകൈവിട്ടു കൂകിക്കൂകി,
ഏണങ്ങൾതങ്ങളിൽക്കൂടിക്കലർന്നുതൻപ്രാണങ്ങളാകിന കാന്തൻതന്നേ
കൊമ്പുകൊണ്ടമ്പിൽ കഴുത്തിലുരുമ്മീട്ടു ചുംബിച്ചുനിന്നുതുടങ്ങീതെങ്ങും.
വണ്ടിണ്ടതങ്ങളിൽ കൂടിക്കലർന്നുടൻ മണ്ടിനടന്നോരോ പൂവുതോറും
കാന്തനുംതാനുമായൊന്നൊത്തു നിന്നിട്ടു പൂന്തേൻനുകർന്നുതുടങ്ങീതെങ്ങും.
പക്ഷങ്ങളാലൊന്നു ചാലപ്പരത്തിത്തൻപക്ഷിയെ മെല്ലെത്തഴുകിനിന്നു.
നന്മധുവായ്ക്കൊണ്ടു മെല്ലവെ നിന്നവൻ നന്മുഖംതന്നിലേനൽകിനൽകി.
കാന്തൻകൊടുത്തതു താനും നുകർന്നിട്ടു കാന്തികലർന്നുകളിച്ചുപിന്നെ
മത്തങ്ങളായ്നിന്നു പാട്ടുതുടങ്ങീതെ ചിത്തമഴിഞ്ഞു കഴഞ്ഞുചെമ്മേ
കേതകിതന്നുടെ പൂമ്പൊടികൊണ്ടെങ്ങും മീതേവിതാനംചമച്ചുനിന്നു
നൂതനമായോരു വാരുവും വന്നപ്പോൾ വീതുതുടങ്ങീതെ മെല്ലെമെല്ലെ.
ഉൽക്കണ്ഠയാകിനോരിന്ധനംകൊണ്ടെങ്ങുംഒക്കെപൊതിഞ്ഞുപുകഞ്ഞുചെമ്മേ
ഉള്ളിലിരുന്നൊരു മന്മഥപാവകൻ തള്ളിയെഴുന്നുതുടങ്ങീതപ്പോൾ–”
ഗോപിമാർക്കു ശ്രീകൃഷ്ണവിഷയകമായുണ്ടായിരുന്ന രതി, ഈ മാതിരി പരിതസ്ഥിതികളാൽ ഉദ്ദീപിതമായി ഭവിക്കവേ,
“കാർവർണ്ണൻതന്നുടെ കാന്തികലർന്നൊരു കാർകുഴൽതോന്നുന്നൂതെന്നുള്ളിലെ
നാരികൾ മാനസമായി വിളങ്ങുന്നു വാരമംതന്നെത്തളപ്പതിനായ്
മംഗലവാസവനീലംകൊണ്ടുള്ളോരു ചങ്ങലതന്നെയായ് തോന്നുന്നുതേ
കാന്തയായുള്ളോരു കാളിന്ദിതന്നിലെ നീന്തുന്നവീചികൾ തോന്നുന്നുതേ.”
ഇങ്ങനെ ഓരോരുത്തർ അദ്ദേഹത്തിനെ സ്മരിക്കയും ഗുണപ്രശംസ ചെയ്കയും ചെയ്യുന്നു. കാമദേവൻ ഇതുതന്നെ നല്ല തരം എന്നു കരുതി നാലു ശരങ്ങൾ വമ്പുകലർന്നു വലിച്ചുവിടാൻ ഭാവിച്ചപ്പോൾ, മഹാപാപീ! കൊല്ലല്ലേ എന്നു് ആ താർത്തേന്മൊഴികൾ വിലപിക്കുന്നു. ഹൃദയത്തിൽ കൂർത്തു മൂർത്ത ശരങ്ങൾ ഏറ്റു് അവർ മൂർച്ഛിക്കുന്നു. ഈ അവസരത്തിൽ കാനനദേവതകൾ ദീനത പൂണ്ടു് വെളിച്ചപ്പെട്ടു്,
“ഓടിയണഞ്ഞവർനീടുറ്റമെയ്തന്നിൽ കേടുറ്റകൈകളെക്കൊണ്ടുചെമ്മേ
ചാലത്തണുത്തപനിനീരിൽ തോച്ചനീരോലത്തലോടിനാർ മെല്ലെമെല്ലെ
ചെന്തളിർതന്നെപ്പറിച്ചങ്ങു കൊണ്ടന്നു ചന്തത്തിൽനീളെവിരിച്ചതിന്മേൽ
അല്ലൽപിണഞ്ഞുള്ളവല്ലവിമാരെയും മെല്ലെന്നെടുത്തുകിടത്തിനന്നായ്
മാലേയംനല്ല കർപ്പൂരംതന്നെയും പ്രാലേയത്തോയത്തിലാക്കിച്ചെമ്മേ
മാഴ്കിത്തളർന്നമുഖങ്ങളിലെങ്ങുമേ മാനിച്ചുനിന്നു തളിച്ചാർ പിന്നെ.
മുത്തുകൾകൊണ്ടന്നുപുത്തൻമുലകൾതൻമദ്ധ്യത്തിലാക്കിനാരല്ലൽപോവാൻ
പുത്തൻമൃണാളങ്ങൾകൊണ്ടന്നമ്മാറിലെപൂരിച്ചുനിന്നാരെമെല്ലെമെല്ലെ
താമരതന്നിലകൊണ്ടന്നു മെല്ലവേ തൂമകലർന്നങ്ങു വീതുവീതേ”
‘ആശ്വസിപ്പിൻ നിങ്ങൾ എന്നങ്ങു ചൊല്ലിനിന്നു’ ആശ്വസിപ്പിച്ചു തുടങ്ങുന്നു.
‘ചന്ദനച്ചാറെല്ലാം മേനിയിലേല്ക്കവെ ചിന്തുന്ന ചൂടുകൊണ്ടു പൊരിഞ്ഞു്’ ഗോപിമാർ ചോദിക്കുന്നു.
‘തീക്കനൽകൊണ്ടെങ്ങൾ മേനിയിലെന്തിനി-
ന്നൂക്കുന്നു നിങ്ങളെന്നമ്മമാരേ?’
കാനനദേവതമാർ അതു കേട്ടു് മനസ്സലിഞ്ഞു് സസ്മിതം ഇങ്ങനെ മറുപടി പറയുന്നു.
“മന്മഥന്തന്നുടെ ബാണങ്ങളേറ്റുണ്ടു് തണ്മകളഞ്ഞൊരുനിങ്ങൾമെയ്യിൽ
ഇന്നവ വെന്തങ്ങു നീറായിപ്പോകണം എന്നതുകൊണ്ടെങ്ങൾ തീച്ചൊരിഞ്ഞു”
ഉന്മാദം പൂണ്ടിരുന്ന ആ ഗോപികമാർ, മന്മഥനെന്ന പേരു കേട്ടപ്പോഴെ അയാളെ വിളിച്ചു്,
“നിന്നുടെ ബാണങ്ങൾ മുന്നമേയിങ്ങനെതന്നെയോയുള്ളു ചോൽതാർശരാ നീ?
എന്നിയേ ഞങ്ങളെക്കൊന്നുമുടിപ്പാനായിന്നിതുനിർമ്മിച്ചങ്ങുണ്ടാക്കയോ?
താരമ്പനെന്നതു ചൊല്ലുന്നൂതെല്ലാരും താരമ്പനല്ലൊട്ടും കൂരമ്പൻ നീ
വജ്രങ്ങളല്ലനിൻബാണങ്ങൾ പൂവെങ്കിൽ നിശ്ചയമുണ്ടെങ്ങൾക്കൊന്നു ചൊല്ലാം
മുല്ലകൾ മല്ലികയെന്നുതുടങ്ങിന വല്ലികളൊന്നെന്റെ പൂവുമല്ലേ.
ഘോരങ്ങളായുള്ള ദാരുക്കളുണ്ടല്ലോ നേരേവിഷംതന്നേ തൂകിത്തൂകി
നൂനമിവറ്റിന്റെ പൂവുകൾ നിൻബാണം പ്രാണങ്ങൾപോക്കുവാൻ മറ്റൊന്നില്ലേ
പെൺപടയായുള്ള ഞങ്ങളോടെന്തിനിന്നൻപുവെടിഞ്ഞു കയർക്കുന്നുനീ?
വില്ലാളിമാരാരും പെൺകൊല ചെയ്വീലെന്നുള്ളതു നിന്നുള്ളിലില്ലയോതാൻ?”
എന്നു വിലപിക്കുന്നു. മുമ്പു് അത്യന്തം ഹൃദ്യമായി തോന്നിയിരുന്നവയെല്ലാം, ഈ വിരഹാവസ്ഥയിൽ അവർ മർമ്മഭേദകങ്ങളായിക്കാണുന്നു. നോക്കുക!
“മാകന്ദംതന്നുടെ തേനുണ്ടു മെല്ലവേ മാഴ്കാതേ കൂകുന്ന കോകിലമേ
കണ്ണനും ഞങ്ങളും കൂടിക്കലർന്നു പണ്ടുള്ളമിണങ്ങിക്കളിക്കുന്നേരം
പഞ്ചമരാഗത്തെപ്പാടുന്നനീയെന്തു നഞ്ചുനിറയ്ക്കുന്നൂതെൻചെവിയിൽ?”
‘തിങ്കളേ നോക്കുവിൻ കൺകുളുർത്തീടുമേ കാണുംതോറും’ എന്നു കാനനദേവതമാർ പറഞ്ഞപ്പോൾ,
“നട്ടുച്ചനേരത്തുപെട്ടോരുവെയ്ലേറ്റു ചുട്ടുപൊരിഞ്ഞങ്ങിരിക്കുന്നേരം
ചൂടുതളർത്തുവാൻ തീക്കുഴിതന്നിലേ ചാടിനാൽ ചൂടുതളർത്താമോ താൻ”
എന്നിങ്ങനെ ഗോപിമാർ ചന്ദ്രനെ ഭത്സിക്കയാണു ചെയ്യുന്നതു്. എന്തിനേറെപ്പറയുന്നു? അവരുടെ മദം ശമിച്ചു. അഭിലാഷാദി ഒൻപതവസ്ഥകളും കഴിഞ്ഞു് മരണം എന്ന പത്താമത്തെ ദശയിൽ അവർ എത്തിയിരിക്കുന്നു.
“ഇങ്ങനെനിന്നുടെ ലീലകളോർക്കുമ്പോൾ എങ്ങനെഞങ്ങൾ
പൊറുപ്പതിപ്പോൾ?
മേളമായന്തിക്കു കോലക്കുഴലൂതി കാലികൾപിന്നാലേ നീ വരുമ്പോൾ
മുട്ടേവരുന്നതുപാർക്കരുതാഞ്ഞിട്ടങ്ങോട്ടേടംവന്നല്ലോ ഞങ്ങൾ കണ്ടു.
ഇങ്ങനെ നിന്മുഖംകാണാതെയിന്നിപ്പോൾ എങ്ങൾ പൊറുക്കുമെ-
ന്നോർക്കവേണ്ട
വല്ലികൾ നല്ലവയുണ്ടിങ്ങു ചൂഴവും നല്ലമരങ്ങളുമുണ്ടരികേ
അല്ലലെ പോക്കുവാനാരാഞ്ഞുപോകേണ്ടതില്ലെങ്ങൾക്കെന്നതും
തേറിനാലും
ആരെ നിനച്ചെങ്ങൾ ജീവിച്ചുകൊൾവതെന്നാരോമൽകാന്താ നീ
കൈവെടിഞ്ഞാൽ
അച്ഛനുമമ്മയും കൂടിപ്പിറന്നൊരുമിച്ഛയിൽ മേവീന കാന്തന്മാരും,
മെച്ചമേ ഞങ്ങളെക്കൈവെടിഞ്ഞു ഞങ്ങൾ ഇച്ഛയല്ലാതതുചെയ്കയാലെ
അച്ഛനായ് നിന്നതുമമ്മയായ് നിന്നതും നിശ്ചലനാകിനനീതാനത്രേ
നീയിന്നുഞങ്ങളെക്കൈവെടിഞ്ഞാകിലോ പോരെല്ലായെന്നുമിക്കാലമിപ്പോൾ”
ഇത്യാദി വിലാപം കേട്ടപ്പോൾ, കപടനാടകസൂത്രധാരനായ ശ്രീകൃഷ്ണൻ, അവരുടെ മുമ്പിൽ പെട്ടെന്നു് ആവിർഭവിച്ചു് രാസക്രീഡയ്ക്കു് ഒരുങ്ങുന്നു. യോഗികൾക്കും ഭോഗികൾക്കും ഒരുപോലെ പരമനിർവൃതിയരുളുന്ന രാസക്രീഡയുടെ വർണ്ണനം അത്യന്തം രമണീയമായിട്ടുണ്ടു്.
കാവ്യജീവിതം വ്യംഗ്യമാകുന്നു; പ്രധാന വ്യംഗ്യമോ രസസ്വരൂപവുമാണു്. നവരസങ്ങളിൽ വെച്ചു് ഏറ്റവും പ്രധാനം ശൃംഗാരമാണെന്നു് ഏവരും സമ്മതിക്കും. “ശൃംഗാരമേവ രസനാദ്രസമാമനാമഃ” എന്നത്രേ പ്രാചീനപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നതു്. മറ്റൊരു രസവും ശൃംഗാരംപോലെ പണ്ഡിതപാമരസാധാരണമായിരിക്കുന്നില്ല. അതുകൊണ്ടത്രേ പൗരാണികന്മാർ ജീവാത്മാ പരമാത്മാക്കളുടെ പരസ്പരബന്ധത്തേ സമുദാഹരിക്കുന്നതിനായി ഗോപികാകൃഷ്ണസംബന്ധത്തെ ഭാഗവതത്തിൽ ഈ വിധം ശൃംഗാരമായി നിബന്ധിച്ചിരിക്കുന്നതു്. ഗോപിമാർക്കു ശ്രീകൃഷ്ണനോടുള്ള ഭക്തിമധുരിമയേക്കാൾ മധുരമായിരിക്കുന്നതിനാൽ, അതിനെ മധുരഭക്തി എന്നു വ്യവഹരിച്ചുവരുന്നു. ശ്രീകൃഷ്ണന്റെ ‘പതിനാറായിരവുമൊരെട്ടും’ ഗോപിമാർ അനന്തകോടി ജീവാത്മാക്കളേയും, അദ്ദേഹത്തിന്റെ സർവലോകമനോഹരിയായ മുരളീഗാനം വിശ്വപ്രേമത്തേയും ഉപലക്ഷിക്കുന്നു. ശ്രീകൃഷ്ണശബ്ദം തന്നെ പരമാത്മവാചകമാകുന്നു. ഒരു ഹിന്ദുവിനു് [9] ശ്രീകൃഷ്ണൻ, [10] രാധ, [11] വൃന്ദാവനം, [12] മുരളീ, [13] വ്രജം ഇത്യാദി ശബ്ദങ്ങളെപ്പോലെ മധുരമായി മറ്റൊന്നും ഇല്ല. ഇവയിൽ ഓരോന്നും ലോകോത്തരമായ ഓരോ ആശയസാമ്രാജ്യത്തെ ഉദ്ഘാടനം ചെയ്തുകൊടുക്കുന്നു. രാധയും, വൃന്ദാവനവും, മുരളിയും, വ്രജവും അന്നത്തെപ്പോലെ ഇന്നും സർവോല്ക്കർഷേണ വർത്തിക്കുന്നു. ഈ കാവ്യത്തിൽ നാം എന്താണു കാണുന്നതു്? ഗോപികമാർ, തങ്ങളുടെ മാതാപിതാക്കന്മാരേയും, ഭർത്താക്കന്മാരേയും, പുത്രമിത്രാദികളെയും എന്നുവേണ്ട തങ്ങളുടേതെന്നു സാധാരണ ജനങ്ങൾ അഭിമാനിക്കാറുള്ള സർവത്തെയും ഉപേക്ഷിച്ചിട്ടു്, ശ്രീകൃഷ്ണന്റെ പ്രോമമാകുന്ന അത്ഭുതവശ്യമന്ത്രത്തിനു് അടിമപ്പെട്ടു്, അദ്ദേഹത്തിനെ പിന്തുടരുന്നു. ഈശ്വരന്റെ ദിവ്യപ്രേമസുധയെ ഒരു ചെറുതുള്ളിയെങ്കിലും ആസ്വദിക്കുന്നതിനു് സുകൃതപരിപാകംകൊണ്ടേ സാധിക്കൂ. ഗോപികമാരെപ്പോലെ ഈശ്വരപ്രേമസുധാലഹരി പിടിപെട്ടിരിക്കുന്ന ഭാഗ്യവാരാശികൾക്കുണ്ടോ താനെന്നും തന്റേതെന്നും ഉള്ള ഭേദബുദ്ധിയുണ്ടാകുന്നു? എന്നാൽ ഗോപിമാർക്കു് അല്പം അഹങ്കാരമുണ്ടായി. അതിന്റെ സ്ഫുരണം അവരുടെ ഹൃദയത്തിലുണ്ടായ മാത്രയിൽ ശ്രീകൃഷ്ണൻ മറഞ്ഞുകളഞ്ഞു. അഹംകാരം നിലനില്ക്കുന്നിടത്തോളം കാലം ഈശ്വരോപലബ്ധിയുണ്ടാകുന്നതല്ലെന്നുള്ള ഒരുത്തമപാഠം ഈ സംഭവത്തിൽനിന്നു് നാം പഠിക്കുന്നു. ഭഗവാനെപ്പിരിഞ്ഞു് ഒരു കാണിനേരം പോലും ഇരിക്കാൻ സാധിക്കാത്ത ഗോപിമാരുടെ ദുർമ്മദം ശമിക്കുന്നതിനു് അധികസമയം വേണ്ടിവന്നില്ല. അവർ അത്യന്തവിനീതഭാവത്തിൽ, വാ! വാ! എന്നു നിലവിളിച്ചുകൊണ്ടു് സർവത്ര നടക്കുന്നു; കണ്ണനെ കാണാത്തപക്ഷം ജീവത്യാഗം [14] ചെയ്യണമെന്നുപോലും അവർ തീർച്ചപ്പെടുത്തുന്നു. അപ്പോഴത്രേ,
“ഞാനങ്ങു ചെന്നു വെളിച്ചത്തു പൂകുന്ന” കാലം വന്നു എന്നു മനസ്സിലാക്കീട്ടു്, ഭഗവാൻ അവർക്കു പ്രത്യക്ഷപ്പെടുന്നതു്. എത്ര ഗോപികമാരുണ്ടായിരുന്നോ അത്രയും കൃഷ്ണന്മാരുമുണ്ടായി. ഇന്നും ഓരോ ഭക്തന്റേയും ഹൃദയത്തിൽ ഭഗവാൻ വേണുഗാനമാകുന്ന പ്രേമത്തിന്റെ വശ്യമന്ത്രം പ്രയോഗിച്ചുകൊണ്ടു് രമിക്കതന്നേ ചെയ്യുന്നു. രാസക്രീഡയുടെ രഹസ്യം ഗ്രഹിക്കാൻ ശക്തിയില്ലാത്ത ഉപരിപ്ലവബുദ്ധികളാണു് അതിനെ അധിക്ഷേപിക്കുന്നതു്. ഇതുപോലെ തന്നെ ഗോപികാവസ്ത്രഹരണകഥയും വിലയേറിയ ഒരു വേദാന്തരഹസ്യത്തെ പ്രതിപാദിക്കുന്നു. തൽക്കഥാശ്രവണമാത്രത്താൽ, ശ്രീരാമകൃഷ്ണപരമഹംസൻ സമാധിയിൽ മുഴുകിപ്പോകാറുണ്ടായിരുന്നതു് അതുകൊണ്ടത്രേ. ഭക്തന്മാർക്കു് ഈശ്വരപ്രാപ്തിക്കു പ്രതിബന്ധകമായി വർത്തിക്കുന്നതു് അഭിമാനമാകുന്നു. ആ അഭിമാനം വേരോടെ അറ്റുപോയാലേ ഈശ്വരലാഭം ഉണ്ടാവുകയുള്ളു എന്നത്രേ ഈ കഥ നമ്മേ പഠിപ്പിക്കുന്നതു്. ഇങ്ങനെ നോക്കിയാൽ പ്രസ്തുത ഗ്രന്ഥത്തിലെ ഓരോ കഥയും അർത്ഥബഹുലമാണെന്നു് വായനക്കാർക്കു കാണാവുന്നതാണു്. തങ്ങളുടെ ബുദ്ധിക്കു വിഷയമാകാത്തതെല്ലാം അബദ്ധമാണെന്നു പറയുന്ന സ്വഭാവം ജ്ഞാനാഭിവൃദ്ധിക്കു ബാധകമാകുന്നു.
ചെറുശ്ശേരിനമ്പൂരി എഴുത്തച്ഛനെപ്പോലെ തന്നെ ഒരു പരമഭാഗവതനായിരുന്നു. നിമ്നലിഖിതങ്ങളായ ഏതാനും വരികൾ അദ്ദേഹത്തിന്റെ ഭക്തിപാരവശ്യത്തിനും ഭാവനാശക്തിയ്ക്കും മൂർദ്ധാഭിഷിക്തോദാഹരണമായിരിക്കുന്നു.
“അത്രയുമല്ലയെന്നുൾത്താരിൽ ചേരുന്ന വൃത്രാരിലോകം ഞാൻ പൂകുന്നേരം
മാധവൻ തന്നുടെ ഗാഥയെ നിർമ്മിച്ച മാനുഷൻവന്നുതായെന്നുചൊല്ലീ,
മാനിച്ചുനിന്നുള്ള മാമുനിമാരെല്ലാം ഗാനത്തെച്ചെയ്തിട്ടും കേൾക്കാകണം.
സ്വർഗ്ഗത്തിൽനിന്നു സുഖിച്ചങ്ങു നീളെ ഞാൻ നിർഗ്ഗമിച്ചീടുവാൻ കാലമായാൽ
തേടിവന്നീടുന്ന കൈടഭവൈരിതൻ കേടറ്റ ദൂതന്മാർ പിന്നാലേപോയ്
മൂലോകനായകൻ മേവിനിന്നീടുന്ന പാലാഴിതന്നിൽ ഞാൻ ചെല്ലുംനേരം
ഗാഥയെക്കൊണ്ടിവൻ പാതകം പൂണ്ടോരെപ്പൂതന്മാരാക്കി ഞാൻ നീതിയാലെ
നിർഗ്ഗതി പൂണ്ടുള്ള വൃക്ഷങ്ങൾക്കെല്ലാമെ സൽഗതി നൽകിനാൻ ഗാഥകൊണ്ടേ
ഭക്തന്മാരായുള്ളോരുത്തമന്മാരുടെ ചിത്തവും ചാലെക്കളിപ്പിച്ചുടൻ
മുക്തിയെത്തന്നെയും നൾകിനിന്നീടിനാൻ ഉത്തമഗാഥയെക്കൊണ്ടുതാനും
ചാരത്തുകൊള്ളണം പാരാതെയെന്നാലി ദ്വാരസ്ഥനാമവന്തന്നെയിപ്പോൾ
ദാസനായ്ക്കൊൾകയും വേണമെന്നിങ്ങനെ ദൂതരായുള്ളവർ ചൊന്നതെല്ലാം
അമ്പിനോടങ്ങനെ കേട്ടുകേട്ടേഷ ഞാൻ തമ്പുരാൻമുമ്പിലും ചെന്നു പിന്നെ
വേലപ്പെൺ തന്നുടെ ബാലപ്പോർ കൊങ്കതൻ മാലേയച്ചാറ്റും മാറുള്ളോനെ
പാലിച്ചുകൊള്ളേണം പാരാതെയെന്നെ നീ നീലക്കാർവർണ്ണരെ കൈതൊഴുന്നേൻ
എന്നതുചൊല്ലി വണങ്ങിനിന്നീടുന്നോരെന്നുടെ മേനിയിലെങ്ങുമപ്പോൾ
കാർവർണ്ണൻ തന്നുടെ കണ്ണിൽ നിറഞ്ഞോരു കാരുണ്യവാരിയെത്തൂകുകയാൽ
കോൾമയിർക്കോണ്ടൊരു മേനിയുമായി ഞാനാമോദം മേളിച്ചു മേവുംനേരം
ദാസനെന്നുള്ളതോവന്നുതായല്ലോനിൻഗാഥയെ നിർമ്മിക്കകൊണ്ടുതന്നെ
ഏതൊരു വേലയിലാക്കിനിന്നീടുന്നു നീതിയിലിന്നവൻതന്നെയിപ്പോൾ?
ദൂതന്മാരിങ്ങനെ ചോദിച്ചനേരത്തപ്പാതകവൈരിയായുള്ളവൻതാൻ
മെല്ലവെയെന്മുഖം നോക്കിനിന്നന്നേരം ചില്ലിതൻതല്ലാലെ കൊല്ലുകയാൽ
പ്രാഞ്ജലിയായ ഞാൻ പാഞ്ഞുചെന്നന്നേരം തോഞ്ഞുനിന്നീടുന്ന മോദത്താലെ
പാതകം വേരറ്റ പാണിയെക്കൊണ്ടവൻ പാദങ്ങൾമെല്ലെന്നെടുത്തുപിന്നെ
നോറ്റുനിന്നീടുമെന്മാറത്തു ചേർത്തുനിന്നേറ്റം തെളിഞ്ഞു പുണർന്നുമേന്മേൽ
വാരിജസംഭവൻ വാമനൻപാദത്തെ വാരിയെക്കൊണ്ടു പണ്ടെന്നപോലെ.
ആനന്ദലോചനവാരിതൻപൂരംകൊണ്ടാദരവോടു കളിപ്പിച്ചപ്പോൾ
ദുസ്സംഗംവേറിട്ടു സൽസംഗിയാകുമെന്നുത്സംഗം തന്നിലേ ചേർത്തു പിന്നെ
എമ്മനംതന്നിൽ പണ്ടുന്മാഷിച്ചുള്ളവ ഉണ്ടായൊയെന്നതു നിർണ്ണയിപ്പാൻ
ഗാഥയിൽചൊന്നുള്ള രേഖകളോരോന്നേ ബാധയെക്കൈവിട്ടു നോക്കിനോക്കി
മെല്ലെ മെല്ലെന്നു തലോടിനിന്നന്നേരം പല്ലവം വെല്ലുമപ്പാദങ്ങളെ
പാണികൾക്കീടുന്നോരാനന്ദം പൂരിച്ചു വാണിടവേണമേ ദൈവമേ ഞാൻ.”
ശബ്ദങ്ങളെക്കൊണ്ടുള്ള ചിത്രനിർമ്മാണത്തിലും ചെറുശ്ശേരിനമ്പൂരിക്കുള്ള ചാതുരി ഒന്നു പ്രത്യേകമാണു്. കംസൻ ദേവകിയെ വെട്ടുന്നതിനായി ഖഡ്ഗം ഓങ്ങുന്നു. ആ അവസരത്തിൽ അവിടെ നിന്നിരുന്ന ആളുകളുടെ അവസ്ഥയെ കവി വർണ്ണിക്കുന്നതെങ്ങനെയെന്നു നോക്കുക.
“കണ്ണടച്ചീടിനാർ, കണ്ണുനീർ തൂകിനാർ,
തിണ്ണമങ്ങോടിനാർ ഖിന്നരായി
കൈതിരുമ്മീടിനാർ, കൺചുവത്തീടിനാർ,
കൈചലിച്ചീടിനാർ മെയ്യിലെങ്ങും”
ഇങ്ങനെ മൂന്നു നാലു ചൂർണ്ണികകൾകൊണ്ടു് കവി അവരുടെ മനോഭാവങ്ങളെ ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു. പാദമദ്ധ്യത്തിലുള്ള നിർത്തുകൾ അവരുടെ ഹൃദയസ്തോഭനങ്ങളെ പരിപൂർണ്ണമായി അഭിവ്യഞ്ജിപ്പിക്കുന്നതിനു പര്യാപ്തമായിരിക്കുന്നു. ദേവകിയുടെ അപ്പോഴത്തെ അവസ്ഥ വർണ്ണിച്ചിരിക്കുന്നതും അത്യന്തം ഹൃദയസ്പർശകമായിട്ടുണ്ടു്.
“കേസരിവീരന്തന്നാനന്ദംതന്നിലായ് കേവലം കേഴുന്നോരേണംപോലെ
മേവിനിന്നീടുന്ന ദേവകീദേവിതാൻ ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി
ഘോരനായുള്ളൊരു കംസനെ നോക്കീട്ടു് കോഴപൂണ്ടേറ്റവും കേഴുംപിന്നെ
അച്ഛനേത്തന്നെയും മെച്ചമേനോക്കിനിന്നുച്ചത്തിൽ നീളേവിളിച്ചുകേഴും
നിമ്മായപ്രേമംപൂണ്ടമ്മാവൻതന്നെയും അമ്മയെത്തന്നെയുമവ്വണ്ണമേ
ആങ്ങളെത്തന്നെവിളിച്ചുനിന്നീടുവാൻ ഓങ്ങിനിന്നങ്ങു നടുങ്ങുംപിന്നെ
ആനകടുന്ദുഭിതന്നുടെയാനനം ദീനയായ് മെല്ലവേ നോക്കിവീണ്ടും”
ജാംബവാനും ശ്രീകൃഷ്ണനും തമ്മിലുണ്ടായ ദ്വന്ദ്വയുദ്ധത്തിന്റെ വർണ്ണന വാങ്മയചിത്രത്തിനു് ഒരു നല്ലദൃഷ്ടാന്തമാകുന്നു.
“രുഷ്ടനായ്നിന്നങ്ങു യുദ്ധം തുടങ്ങിനാർ
മുഷ്ടികൾകൊണ്ടുമങ്ങായവണ്ണം.”
ഇവിടെ ‘ഷ്ട’ എന്ന പരുഷാക്ഷരത്തിന്റെ ആവർത്തനം ഇടിയുടെ ഈക്കിനെ നല്ലപോലെ ഉൽബോധിപ്പിക്കുന്നു. എന്നാൽ ജാംബവാന്റെ ആ പ്രഹരങ്ങൾ കൃഷ്ണന്റെ ദേഹത്തിൽ യാതൊരു വേദനയും ഉണ്ടാക്കിയില്ലെന്നു കാണിക്കാനായി കവി അടുത്ത രണ്ടു വരികളിൽ,
“ഇന്ദിരതന്നുടെ ചെമ്പൊൽകരംകൊണ്ടു
മന്ദം തലോടുന്നാളെന്നു തോന്നി”
എന്നിങ്ങനെ മധുരാക്ഷരങ്ങളെക്കൊണ്ടു പെരുമാറിയിരിക്കുന്നു.
വർണ്ണനകളെ സംബന്ധിച്ചിടത്തോളം കവികളും ചിത്രകാരന്മാരെപ്പോലെ തന്നെയാണു്. ചിത്രകാരൻ ചിത്രമെഴുതിത്തീർത്തശേഷം ഒരു മിനുക്കുപണി ചെയ്യാറുണ്ടു്. കവിയും ആ പ്രയോഗത്തിലാണു് വർണ്ണനയ്ക്കു ജീവൻ കൊടുക്കുന്നതു്.
ഓമനയായിവളർന്നുനിന്നീടുന്ന രാമനും പിന്നെയക്കാർവർണ്ണനും
പല്ലവംപൂണ്ടൊരു മുല്ലയാംവല്ലിമേലുല്ലാസമൊട്ടുകളെന്നപോലെ
നന്മുലനൽകുവാനമ്മമാർചെന്നങ്ങു സമ്മോദംപൂണ്ടു വിളിക്കയാലേ
ചെഞ്ചമ്മേയുള്ളോരു പുഞ്ചിരിതൂകുമ്പോൾ കിഞ്ചനകാണായി വന്നുകൂടി
പാലുണ്ണുന്നേരമപ്പോർമുലരണ്ടിനും ചാലത്തെളിഞ്ഞങ്ങു കാണായ്വന്നു.”
ഈ ഭാഗത്തു് കവി സർവശിശുസാധാരണമായ ഒരു ദശ മാത്രമേ വർണ്ണിച്ചിട്ടുള്ളു. പല്ലുകൾ മുളയ്ക്കുന്നകാലത്തു ശിശുക്കൾക്കുള്ള വശീകരണശക്തി അനുഭവൈകവേദ്യമാണു്. എന്നാൽ രാമകൃഷ്ണന്മാരുടെ ലോകോത്തരഗുണോത്തരമായ സൗഭാഗ്യാതിശയത്തെ വിശദീകരിക്കുന്നതിനായി കവി ഒരു പൊടിക്കൈകൂടി പ്രയോഗിക്കുന്നു. നോക്കുക:–
“ദന്തങ്ങൾതന്നുടെയങ്കരംകണ്ടിട്ടു് സന്തോഷംപൂണ്ടുള്ള വല്ലവിമാർ,
വേഗത്തിൽ ചുംബിച്ച നേരത്തു തന്മുഖം വേർപെടുത്തീടുവാൻ വല്ലീലാരും
വന്നുവന്നങ്ങുകണ്ടുനിന്നീടുവോർ കണ്ണിണതന്നെയുമവ്വണ്ണമേ!”
അക്രൂരൻ കംസാജ്ഞ കൈക്കൊണ്ടു് ഭഗവാനേ കാണുന്നതിനായി പോയ അവസരത്തിൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ അങ്കുരിച്ച വിചാരങ്ങളെ വർണ്ണിക്കുന്നിടത്തും ഇതുപോലൊരു പൊടിക്കൈപ്രയോഗം കാണുന്നു.
“കണ്ണനെകാണ്മതിന്നായല്ലോപോകുന്നു പുണ്യവാനെന്നതു നിർണ്ണയം ഞാൻ
ആയർകോൺതന്നുടെ കാന്തിയായുള്ളൊരു പീയുഷവാരിതൻപൂരംതന്നെ
കോരിനിറച്ചുകൊണ്ടെന്നുടെകണ്ണിണ പാരം കുളുർപ്പിച്ചു നില്പതോഞാൻ
കാർവർണ്ണൻതന്നുടെ കൺമുനയായോരു കാർവണ്ടുവന്നിങ്ങു മെല്ലെമെല്ലെ
ദീനയായ്നിന്നൊരു ഞാനായപൂവിൽനിന്നാനന്ദമാടിക്കളിക്കുമോതാൻ?
കണ്ണന്റെതൂമൊഴിയായൊരുതേൻകൊണ്ടെൻ കർണ്ണങ്ങൾ രണ്ടും നിറച്ചുചെമ്മേ
പൂമാതുപൂണുന്നപൂമേനികണ്ടുകണ്ടാമോദംപൂണ്ടങ്ങു നില്പനോ ഞാൻ?
പുഞ്ചിരിയായൊരു തൂനിലാവേറ്റുനിന്നെഞ്ചിത്തമായുള്ളോരാമ്പൽ ചെമ്മേ
ഉല്ലസിച്ചാനന്ദമായോരുതേനും പൂണ്ടല്ലലെപ്പോക്കുമാറുണ്ടോ വന്നൂ?
വെണ്ണപിരണ്ടിട്ടു തിണ്ണംകളുർത്തുള്ളൊരുണ്ണിക്കൈയ്യൊന്നു മുകർന്നൂതാവൂ.
കണ്ടോരുനേരത്തു കാർമുകിൽവർണ്ണനേ മണ്ടിയണഞ്ഞൊന്നുപൂണ്ടുതാവൂ
ചേവടി രണ്ടുമെടുത്തുടൻ മെല്ലവേ ചെവ്വോടുമൊലിയിൽ ചേർത്തുതാവൂ”
ഇങ്ങനെ ഓരോന്നു ചിന്തിച്ചു ചിന്തിച്ചു സമയം പോയതറിയാതെ അയാൾ സായാഹ്നത്തിൽ ആയർകുലത്തിൽ എത്തി. അവിടെ ശ്രീകൃഷ്ണന്റെ ‘ചേവടിത്താരിണ’ മണ്ണിൽ പതിഞ്ഞു കിടക്കുന്നതു കണ്ടു്, അയാൾ,
“തേരിൽനിന്നന്നേരം പാരിലിറങ്ങീട്ടു്
പാരാതെ കുമ്പിട്ടു കൂപ്പിനിന്നാൻ.
ആഴംപൂണ്ടീടുന്നോരാമോദംതന്നാലേ
പൂഴിയിൽ വീണു പുരണ്ടാൻ ചെമ്മേ.”
ഇതില്പരം വിശദമായി ഒരാളുടെ ഭക്തിയെ എങ്ങിനെയാണു വർണ്ണിക്കുക?
വേറൊരു സംഗതിയിലും കവിക്കു് ചിത്രകാരനോടു സാദൃശ്യമുണ്ടു്. ചിത്രകാരന്മാർ തങ്ങളുടെ ചിത്രങ്ങൾക്കു് ഉചിതമായ ഒരു പശ്ചാൽഭൂമിയെ സൃഷ്ടിക്കുക പതിവാണു്. ആ പശ്ചാൽഭൂമി ചിത്രത്തിനു് തന്മയത്വവും ശോഭാതിശയവും നൽകുന്നു. കവികളും ആ സമ്പ്രദായം സ്വീകരിച്ചിട്ടുണ്ടു്. പൂതന ശ്രീകൃഷ്ണനെ നിഗ്രഹിപ്പാനായി മോഹിനീവേഷം പൂണ്ടു് പോർകൊങ്കകളിൽ കാകോളവും തേച്ചുകൊണ്ടു വരുന്നു. അവൾ ബാലഗൃഹത്തിനുള്ളിൽ കടന്നു നോക്കിയപ്പോൾ,
“ചോൽപ്പെറ്റുനിന്നൊരു ശില്പം കലർന്നതിസ്വല്പമായുള്ളൊരു
തല്പത്തിന്മേൽ ചാലെ കിടന്നങ്ങു കൺപൊലിഞ്ഞീടുന്ന”
ഈ ബാലകനെ കാണുന്നു. പ്രകൃത്യാ അതിനിഷ്ഠുരയും ഏതു സാഹസപ്രവൃത്തിക്കും ഒരുക്കമുള്ളവളും ആയ അവൾ പോലും ആ ശിശുവിന്റെ ‘ഓമനത്തൂമുഖം തന്നിലെ നോക്കിക്കൊണ്ടു്’ തെല്ലുനേരം നിന്നുപോകുന്നു. പല്ലവം വെല്ലുന്ന ആ പൂവൽമേനിയെ തൊട്ട മാത്രയിൽ അവൾക്കു രോമാഞ്ചമുണ്ടാകുന്നു; ‘കമ്രമായുള്ളൊരു നൻമുഖം തന്നിൽ’ അവൾ അറിയാതെ ഒന്നു ചുംബനം ചെയ്തുപോകുന്നു. ഇങ്ങനെ ശ്രീകൃഷ്ണന്റെ സർവാംഗീണമായ മനോഹാരിതയെ ഒന്നു വർണ്ണിച്ചതിന്റെ ശേഷമേ കവി പൂതനയെക്കൊണ്ടു് അവൾ ഉദ്ദേശിച്ചു വന്ന ക്രൂരകർമ്മം ചെയ്യിക്കുന്നുള്ളു.
ശ്രീകൃഷ്ണാവതാരഘട്ടത്തെ കവി വർണ്ണിച്ചിരിക്കുന്നതു് എങ്ങിനെ എന്നു നോക്കുക.
“മംഗലജാലങ്ങൾതിങ്ങിനിന്നെങ്ങുമേ പൊങ്ങിയെഴുന്നുതുടങ്ങീതപ്പോൾ
ആരണകുണ്ഡത്തിലഗ്നികളെല്ലാമേ പാരമെഴുന്നു വലംചുഴന്നു്
സ്വച്ഛങ്ങളായ്വന്നു തോയങ്ങളെല്ലാമേസജ്ജനമാനസമെന്നപോലെ
കാരങ്ങളായുള്ളഹാരങ്ങൾപൂണ്ടിട്ടുപാരംവിളങ്ങീവിയർത്തുമപ്പോൾ”
ഇത്യാദി.
അതിരറ്റ ശോകം, സന്തോഷം മുതലായ വികാരങ്ങൾ ഹൃദയത്തിൽ കടന്നുകൂടുമ്പോൾ പുറപ്പെടുന്ന വാക്കുകൾ ആഡംബരവിവർജ്ജിതങ്ങളായിരിക്കുകയാണല്ലോ പതിവു്. അതുകൊണ്ടു് അത്തരം ഘട്ടങ്ങളെ വർണ്ണിക്കുമ്പോൾ കവികൾ അതിരു കവിഞ്ഞു് അലങ്കാരങ്ങൾ ഉപയോഗിക്കാറില്ല. എന്നാൽ അലങ്കാരപ്രിയനായ ചെറുശ്ശേരി അങ്ങിനെയുള്ള ഘട്ടങ്ങളിലും രൂപകാദ്യർത്ഥാലങ്കാരങ്ങൾ പ്രയോഗിക്കാറുള്ളതുകൊണ്ടു് ചിലപ്പോൾ ഭാവങ്ങൾക്കു കൃത്രിമത്വം വന്നുപോയിട്ടുണ്ടു്. പക്ഷേ, ശ്രീകൃഷ്ണൻ സ്വമാതാവിനോടും മറ്റും യാത്ര പറഞ്ഞു വിദേശത്തേക്കു പോകാൻ ഭാവിക്കുന്ന ഘട്ടത്തിൽ പറയുന്ന വാക്കുകൾ ആപാദചൂഡം സ്വാഭാവികവും ഹൃദയസ്പർശകവും ആയിരിക്കുന്നു.
ഒരു സൂര്യോപരാഗകാലത്തു് ശ്രീകൃഷ്ണൻ ബലരാമനോടുകൂടി തീർത്ഥസ്നാനത്തിനായി ദ്വാരകാപുരിയിൽനിന്നു് ഭാർഗ്ഗവപുണ്യക്ഷേത്രത്തിൽ ചെന്നതായറിഞ്ഞു്, നന്ദാദികൾ അവിടെ എത്തുന്നു. യശോദാദേവി ശ്രീകൃഷ്ണനെ ‘ബാലനായുള്ള നാളെങ്ങനെയോ’ അതുപോലെ പുൽകിക്കൊണ്ടു പറഞ്ഞ വാക്കുകളുടെ ഹൃദയദ്രവീകരണശക്തി നോക്കുക.
“പാരിച്ചുനിന്നുള്ള പാഴായ്മചെയ്കയാൽ പാശത്തെക്കൊണ്ടുപിടിച്ചുകെട്ടി
തിണ്ണംവലിച്ചുമുറുക്കിഞാൻ നില്ക്കയാൽഉണ്ണിപ്പൂമേനിയിൽ പുണ്ണല്ലല്ലീ”
എന്നു പറഞ്ഞുകൊണ്ടു് ആ സുകൃതിനി കാർവർണ്ണന്റെ പൂവൽമേനിയിയെ പല പ്രാവശ്യം തഴുകുകയും,
“എന്മടിതന്നിൽഞാൻനന്നായിവച്ചുകൊണ്ടെന്മകൻവാഴ്കെന്നു ചൊല്ലുന്നേരം
എൻമുഖംനോക്കീട്ടു പുഞ്ചിരിതൂകുന്ന നൻമുഖം കാണട്ടേ”
എന്നു ചൊല്ലി, ആ മുഖത്തെ പലേ തവണ മുകരുകയും,
“നന്മധുതൂകിവന്നെന്മടിതന്നിലായ്നന്മുലയുണ്ടുചിരിക്കുന്നേരം
തിണ്ണമെന്മാറിലലച്ചുനിന്നീടുന്നോരുണ്ണിക്കാൽ കാണട്ടെ എന്നുചൊല്ലി”
പല്ലവം വെല്ലുന്ന ആ പാണിയെ വീണ്ടും വീണ്ടും തടവുകയും,
“എന്നുടെചേലയിൽചേറുതേച്ചീടിനോരുണ്ണിക്കാൽ കാണട്ടെ എന്നുചൊല്ലി”
ആ പോൽപ്പാദങ്ങളെ മുകരുകയും ചെയ്യുന്നു. ഇതിൽപ്പരം മെച്ചമായി ഒരു മാതൃഹൃദയത്തെ എങ്ങനെ വർണ്ണിക്കും? ഇവിടെയെങ്ങും കവി അലങ്കാരങ്ങളെ വാരിച്ചൊരിയാതിരുന്നതു് വളരെ ഉചിതമായിട്ടുണ്ടു്.
ചെറുശ്ശേരി ഒരു അലങ്കാരപ്രിയനാണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ കൈയിൽ ഒരു വർണ്യവസ്തു കിട്ടിയാൽ അലങ്കാരപേടകം ഒഴിഞ്ഞിട്ടേ, വർണ്ണനത്തിൽ നിന്നു വിരമിക്കൂ. അതും കുറെ വൈമനസ്യത്തോടുകൂടിയാണെന്നു വായനക്കാർക്കു തോന്നിപ്പോകുന്നു. ഈ വർണ്ണനകളിലൊക്കെ അദ്ദേഹത്തിന്റെ തീക്ഷണമായ നിരീക്ഷണശക്തിയും, കല്പനാവൈചിത്ര്യവും, അഗാധമായ മനുഷ്യഹൃദയജ്ഞാനവും നല്ലപോലെ വെളിപ്പെടുന്നുണ്ടു്. വർണ്ണ്യവസ്തുവിന്റെ പൂർണ്ണമായ പ്രതീതിക്കു കൂടുതൽ ഉപകരിക്കുന്നതു് ഔപമ്യമൂലകങ്ങളായ അലങ്കാരങ്ങളാണു്. അതുകൊണ്ടു് ചെറുശ്ശേരി നമ്പൂരിയും സാമ്യാലങ്കാരങ്ങളെക്കൊണ്ടാണു് അധികമായി പെരുമാറീട്ടുള്ളതു്.
“ശീതത്തെത്തൂകുന്ന ഹേമന്തകാലമാം
ഭൂതത്തിൻകോമരമെന്നപോലെ
ഭൂതലം തന്നിലേ മാലോകരെല്ലാരും
ചാലേവിറച്ചുതുടങ്ങീതപ്പോൾ
ദന്തങ്ങളേക്കൊണ്ടു താളംപിടിച്ചിട്ടു
സന്ധ്യയേവന്ദിച്ചാരന്തണരും”
ഇതിൽ പ്രയോഗിച്ചിരിക്കുന്ന ഉപമകൾ ഹേമന്തകാലത്തിലെ ശൈത്യാധിക്യത്തെ പ്രകാശിപ്പിക്കുന്നതിനു് എത്ര സമർത്ഥമായിരിക്കുന്നുവെന്നു നോക്കുക.
കൃഷ്ണഗാഥയിൽനിന്നു് മിയ്ക്ക അലങ്കാരങ്ങൾക്കും നല്ല നല്ല ഉദാഹരണങ്ങൾ എടുക്കാൻ സാധിക്കുമെങ്കിലും സാമ്യമൂലകങ്ങളായ അലങ്കാരങ്ങളോടു്, പ്രത്യേകിച്ചു് ഉൽപ്രേക്ഷയോടു് കവിക്കുള്ള പക്ഷപാതം പ്രകടമായിരിക്കുന്നു. കാളിദാസന്റെ ഉപമകൾപോലെ ചെറുശ്ശേരിയുടെ ഉൽപ്രേക്ഷകൾക്കും ഒരു പ്രത്യേകതയുണ്ടു്. ഈ ഉൽപ്രക്ഷകളിലാണു് കവിയുടെ സർവതന്ത്രസ്വതന്ത്രമായ ഉല്ലേഖനചാതുരിയും കല്പനാവൈദഗ്ധ്യവും പ്രത്യക്ഷപ്പെടുന്നതു്.
വസ്തുബോധത്തിനു് ഉതകുന്ന ശബ്ദപ്രയോഗത്തിലും കൃഷ്ണഗാഥാകർത്താവു് ചതുരനായിരുന്നു.
“കോമളച്ചുണ്ടു പിളുക്കിനിന്നീടുമ്പോ-
ളോമനിച്ചീടുവാൻ തോന്നുമത്രേ.”
ഇവിടെ ളകാരമകാരങ്ങളുടെ ആവർത്തനത്താൽ കവി കൃഷ്ണമുഖത്തിന്റെ കോമളിമയേ നല്ലപോലെ പ്രകാശിപ്പിച്ചിരിക്കുന്നു.
“ഇന്ദ്രനെക്കാണായി; ചന്ദ്രനെക്കാണായി
ഇന്ദ്രാണിതന്നെയും കാണായ്വന്നു.
രുദ്രനെക്കാണായി; ഭദ്രനെക്കാണായി
രുദ്രാണിതന്നെയും കാണായ്വന്നു.”
ഇവിടെ ഇഴഞ്ഞിഴഞ്ഞുപോകുന്ന ഗാഥാവൃത്തത്തിന്റെ ഗതിയെ, പാദാർദ്ധദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചു് ഒന്നു ത്വരിപ്പിച്ചിരിക്കുന്നതിനാൽ യശോദയുടെ മനസ്സിൽ പെട്ടെന്നുദിച്ച സ്തോഭങ്ങൾ ഈ വരികളിൽനിന്നു നല്ലപോലെ സ്ഫുരിക്കുന്നു.
കവി, ശൃംഗാരപ്രിയനാകയാൽ പൊതുവെ മധുരവാക്കായിട്ടാണു് കാണപ്പെടുന്നതു്. ചിലപ്പോൾ അസ്ഥാനത്തിൽപോലും മാധുര്യവ്യഞ്ജകങ്ങളായ ശബ്ദങ്ങൾ പ്രയോഗിച്ചുപോയിട്ടുണ്ടു്.
“കൺചുവന്നീടുന്നോരഞ്ജനവർണ്ണന്താൻ
ചെഞ്ചമ്മേ മല്ലനെ കൈപിടിച്ചു
അഞ്ചാതവണ്ണമക്കഞ്ചനു കാണുമാ-
റഞ്ചാറു നൂറു ചുഴറ്റിപ്പിന്നെ”
ഇവിടെ പരുഷാക്ഷരങ്ങൾ പ്രയോഗിച്ചിരുന്നെങ്കിൽ വർണ്ണനയ്ക്കു കുറേക്കൂടി ജീവൻ വരുമായിരുന്നു.
കഥാനായകന്റെ സ്വഭാവരചനയിലും ഗ്രന്ഥകർത്താവു് വളരെ നിഷ്കർഷിച്ചിട്ടുള്ളതായി തോന്നുന്നു. ഭാഗവതത്തിലേ കൃഷ്ണനോടു് നമുക്കു് ഭക്തിയും ബഹുമാനവും തോന്നിയേക്കാം. എന്നാൽ ഗാഥയിലേ കൃഷ്ണൻ ഒരു മനുഷ്യൻ കൂടി ആയതിനാൽ, അദ്ദേഹം നമ്മുടെ സവിശേഷമായ സ്നേഹത്തിനു പാത്രീഭവിക്കുന്നു. കേവലം അമാനുഷമായ ഒരു പാത്രത്തോടു് മനുഷ്യർക്കു് അനുകമ്പയുണ്ടാവുന്നതു സാധാരണമല്ല. അതുകൊണ്ടത്രേ ആദർശപാത്രങ്ങളെ സൃഷ്ടിക്കുന്ന അവസരത്തിൽ, കവികൾ അവയ്ക്കു് അല്പാല്പം മനുഷ്യത്വം കൂടി നൽകാൻ ശ്രമിച്ചുകാണുന്നതു്. വാല്മീകിയുടെ രാമചന്ദ്രനും, സീതയും, ഹനൂമാനും ആദർശപാത്രങ്ങളാണെങ്കിലും, അവർക്കു മനുഷ്യത്വം നൽകാൻ കവി വിസ്മരിച്ചിട്ടില്ല. രാമചന്ദ്രൻ പ്രാകൃതമനുഷ്യനെപ്പോലെ വിലപിക്കുന്നതും, സീത, ഒരു വെറും സാമാന്യസ്ത്രീയെപ്പോലെ ലക്ഷ്മണനോടു പരുഷവാക്യങ്ങൾ പറയുന്നതും, ഹനൂമാൻ ഒരു രാക്ഷസിയെക്കണ്ട് സീതയാണെന്നു തെറ്റിദ്ധരിച്ചു് വാനരസഹജമായ ചാപല്യങ്ങൾ കാണിക്കുന്നതും മറ്റും അതിനു ദൃഷ്ടാന്തങ്ങളാകുന്നു. കൃഷ്ണഗാഥയിൽ നായകൻ ബന്ധുമിത്രാദികളേ വിട്ടു് ദൂരദേശത്തു പാർക്കവേ, അദ്ദേഹത്തിനെക്കൊണ്ടു് പിതാവിനോടു് കവി എന്തെല്ലാം പറയിച്ചിരിക്കുന്നുവെന്നു് നോക്കുക.
“അമ്മയെക്കാണ്മാനായ് ഞാനും വരുന്നതുണ്ടാണ്മയിൽച്ചൊന്നതുതേറിനാലും
അച്ഛനായുള്ളതും നീയൊഴിച്ചില്ലിനിക്കച്യുതൻതന്നുടെ പാദത്താണേ
പെറ്റുവളർത്തോരു തായായി നിന്നതും മുറ്റുമെനിക്കുമറ്റാരുമല്ലേ
ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റിവളർത്തതും നിങ്ങളല്ലീ?
ഇങ്ങനെയുള്ള ഞാനെന്നേ മറക്കിലും നിങ്ങളെയെന്നും മറക്കയില്ല”
സ്വമാതാവിനു കൊടുപ്പാനായി ഏതാനും വസ്ത്രങ്ങൾ പിതാവിന്റെ കൈയിൽ കൊടുത്തിട്ടു് അദ്ദേഹം പിന്നെയും പറയുന്നു:–
“പാൽവെണ്ണയുണ്ണാഞ്ഞ വേദനയുണ്ടുള്ളിൽ പാരമെനിക്കെന്നു ചൊൽക പിന്നെ
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോരുണ്ടെങ്കിൽ മെല്ലേ വരുത്തവേണം.
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ കേഴുവനല്ലായ്കിലെന്നുചൊൽ നീ.
ചിറ്റാടയുണ്ടുഞാൻ പെട്ടകംതന്നുള്ളിൽ മറ്റാരും കാണാതെ വെച്ചുപോന്നു.
മഞ്ഞൾ പിഴിഞ്ഞുള്ള കൂറകളെല്ലാമേ മങ്ങാതെ മാനിച്ചുകൊള്ളേണമേ.
പിള്ളരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു പീലികൊണ്ടെന്നേ അടിച്ചാളമ്മ
കേണുകൊണ്ടന്നുവഴക്കായിപ്പോയി ഞാനൂണിനു വാരാതെ നിന്നനേരം
തെണ്ടമിയന്നിനിക്കന്നുനീ നൽകിയ കണ്ടിക്കൻചേലമറക്കൊല്ലാതെ”
ഇത്യാദി.
10.17 കവിതാരീതി
കവിതാരീതി സരളവും പ്രസന്നവുമാണു്. പ്രാചീനപദപ്രയോഗബാഹുല്യവും ആളുന്തിരാഗമെന്നു പറയുന്ന ഇഴഞ്ഞവൃത്തവും നിമിത്തം, കാര്യശതവൈയഗ്ര്യത്താൽ ഉഴലുന്ന ഇന്നത്തെ മലയാളികൾക്കു്, ഈ കാവ്യതല്ലജത്തെ വേണ്ടുംവണ്ണം ആസ്വദിക്കാൻ നിവൃത്തിയില്ലാതെ വന്നതു് അത്യന്തം പരിതാപകരമായ ഒരു അവസ്ഥ തന്നെ. വാസ്തവത്തിൽ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു പറയുംപോലെ “മനോധർമ്മപ്രകടനയും അലങ്കാരപ്രയോഗവും അമൃതനിഷ്യന്ദികളായ സുലളിതപദങ്ങളുടെ മേളനവും ഫലിതവും പഴക്കവും ഒഴുക്കും എല്ലാംകൂടി തികഞ്ഞിട്ടൊരു കവിത വായിക്കണമെങ്കിൽ കൃഷ്ണഗാഥയെത്തന്നെ ആശ്രയിക്കണം” ഒരു വിഷയത്തിൽ തീർച്ചയായും ഈ കവി പിൽക്കാലം ഉണ്ടായിട്ടുള്ള സർവകാവ്യങ്ങളേയും അതിശയിക്കുന്നു എന്നു പറയാം. മലയാളഭാഷയെ ചെന്തമിഴിന്നും സംസ്കൃതത്തിനും അടിമപ്പെടുത്തുന്നതിനു് അനേകം ഭാഷാകവികൾ ശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലത്തു മികച്ച ഭാഷാഭിമാനത്തോടുകൂടി അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇദംപ്രഥമമായി പ്രയത്നിച്ചതു് ചെറുശ്ശേരിനമ്പൂരിപ്പാടായിരുന്നു. അദ്ദേഹത്തിന്റെ ചില ഭാഷാപ്രയോഗങ്ങൾക്കുള്ള ശക്തിയും ഹൃദയസ്പർശകത്വവും കാണുമ്പോൾ എല്ലാ ഭാഷാഭിമാനികൾക്കും കൈരളിയുടെ ഇന്നത്തെ പരാധീനവൃത്തിയെപ്പറ്റി സന്താപം ജനിക്കാതിരിക്കയില്ല. ഏതായിരുന്നാലും ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ കഷണമില്ലെന്നു പറഞ്ഞ ആൾ ആരായിരുന്നാലും, അയാൾ, അരസികനോ അസൂയാമലീമസബുദ്ധിയോ ആയിരിക്കാനേ തരമുള്ളു.
10.18 വൃത്തം
ഈ ഗ്രന്ഥത്തിൽ കവി എട്ടുമാതിരി ഭിന്നവൃത്തങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്. അധികാംശവും മാകന്ദമഞ്ജരിവൃത്തത്തിലാണു്. അതിന്റെ ലക്ഷണം കോവുണ്ണി നെടുങ്ങാടി ഇപ്രകാരം കൊടുത്തിരിക്കുന്നു.
“കൃഷ്ണഗാഥയതിൽ കാണും
കാകളീ പിന്നടിക്കിഹ
നിർണ്ണയം പത്തെഴുത്തെന്നാ-
ലേകും മാകന്ദമഞ്ജരി.”
കാകളിയിലെ രണ്ടാം പാദത്തിൽ ആദ്യമായ രണ്ടക്ഷരം കുറച്ചാൽ മഞ്ജരി എന്ന വൃത്തം കിട്ടും. കാകളിയുടെ ഗണമൊന്നും മഗണമാകരുതു്. മഞ്ജരിയിൽ ഈ നിയമം ഇല്ല. ഇരുപത്തിനാലുവൃത്തത്തിൽ പത്തും പന്ത്രണ്ടും വൃത്തങ്ങൾക്കു് ഇതിനോടു വളരെ സാദൃശ്യമുണ്ടു്.
കൃഷ്ണഗാഥയിലെ കഥാംശം മുഴുവനും ഒരേ വൃത്തത്തിൽ എഴുതിയിരിക്കുന്നതിനാൽ വായനക്കാർ വേഗം മുഷിഞ്ഞുപോകുമെന്നു് ഒരു ദൂഷ്യം പറയാറുണ്ടു്. വാസ്തവത്തിൽ ഈ ദോഷത്തെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ ഇതിനെ ആളുന്തിരാഗത്തിലും “പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ–പിച്ചക്കളികളും കാണുമാറാകണം” എന്ന കീർത്തനത്തിന്റെ മട്ടിലും ഇടവിട്ടു ചൊല്ലാവുന്നതാണു്. ചിലർ പൂരപ്പാട്ടിന്റെ രീതിയിലും കൃഷ്ണപ്പാട്ടു പാടാറുണ്ടു്. ആളുന്തിരാഗത്തിൽ ചൊല്ലുന്നപക്ഷം എല്ലാ അക്ഷരങ്ങളേയും ഗുരുവായി ഉച്ചരിക്കണം.
“ചെറുപ്പമായിരുന്നനാൾ ചെറുപ്പിള്ളർ പലരുമായ്
ഉരത്തോരു വനത്തിൽ പോയ് ചിലപ്പോഴെല്ലാം” 2
സ്വർഗ്ഗാരോഹണഭാഗത്തിൽ കാണുന്ന ഈ ഭാഗം വഞ്ചിപ്പാട്ടുതന്നെയാണു്. മിസ്റ്റർ പി. കെ. നാരായണപിള്ളയുടെ ആമുഖത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പതിപ്പിൽ കാണുന്ന ‘ഇതിലൊരുമെനിയ്ക്കെന്നു’ ഇത്യാദി രണ്ടു വരികൾ സമ്പൂർണ്ണമല്ല.
10.19 കൃഷ്ണപ്പാട്ടു്
ചെറു പ്പമാ യിരു ന്നനാൾ ചെറു പ്പിള്ളർ പല രുമായ്
ഉരത്തോരു വന ത്തിൽപ്പോയ് ചിലപ്പോഴെ ല്ലാം.
10.20 വഞ്ചിപ്പാട്ടു്
കെല്പോ ടെല്ലാ ജന ങ്ങൾക്കും കേടു തീര ത്തക്ക വണ്ണം
എപ്പോ ഴുമ ന്നദാ നവും ചെയ്തു ചെഞ്ചെമ്മേ
വഞ്ചിപ്പാട്ടിന്റെ ലക്ഷണം വൃത്തമഞ്ജരിയിൽ ചേർത്തിരിക്കുന്നതു് ഇങ്ങനെയാണു്.
“ഗണം ദ്വ്യക്ഷരമെട്ടെണ്ണം
ഒന്നാം പാദത്തിൽ, മറ്റതിൽ;
ഗണമാറര നിൽക്കേണം
രണ്ടുമെട്ടാമതക്ഷരേ.
ഗുരുതന്നേ എഴുത്തെല്ലാ-
മിശ്ശീലൻ പേർ നതോന്നതാ”
ഉ ത്തമ രാ യു ള്ള ശ്വിക ളേ റ്റം
ഭ ക്തിപൊ ഴി ഞ്ഞുപു ക ണ്ണുതെ ളി ഞ്ഞു 3
ഇതു തരംഗിണീവൃത്തം തന്നെയാണു്.
“മറപൊരുളായി മറഞ്ഞവനേഹരി
മലർമകൾകൊങ്ക പുണർന്നവനേ ഹരി”
ഇത്യാദി ശീലുകൾ ശങ്കരചരിതം എന്ന വൃത്തത്തിലെഴുതപ്പെട്ടിരിക്കുന്നു.
“ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനെ”
ഇത്യാദി കീർത്തനങ്ങളെല്ലാം ഈ മട്ടിലുള്ളവയാണു്. ഇതേ വൃത്തം രാമചരിതത്തിലും ഉണ്ടു്. ഈ സംസ്കൃതവൃത്തം വാസ്തവം പറയുന്നതായാൽ ദ്രാവിഡവൃത്തത്തിൽ നിന്നു് ഉണ്ടായതാണു്.
“പുതിയ ചൊൽക്കൊണ്ടു പുരുഷന്തന്നേയ
പ്പുരുഹുതനന്നു പുകണ്ണപോൽ.”
ഇത്യാദി ഭാഗത്തിലെ വൃത്തം ‘സമാസമം’ ആണു്. ലക്ഷണം–
“വിഷമത്തിൽ സമസമം സമത്തിൽ സമസംഗുരു
എന്നുള്ളർദ്ധസമംവൃത്തം സമാസമ സമാഹ്വയം.”
ഇരുപത്തിനാലുവൃത്തത്തിലെ നാലാം വൃത്തവും ഇതുതന്നെ.
ഉം. “സുരപുരിയോടു സമമാകും നിജ
പുരിയിൽപുക്കുടൻ രഘുനാഥൻ
തരുണിമാർമണിമകുടീസീതയോ-
ടൊരുമിച്ചുവാണു ഹരിനംബോ”
“രുദ്രരും വരനാഗഭൂഷണ 6
മുദ്രിതാംഗകരായുടൻ”
ഇതു മല്ലികാവൃത്തമാണു്.
“നിമേഷം വെടിഞ്ഞോർ നിരന്നീടിനോര- 7
ന്നിജേ മന്ദിരേ നിർമ്മലേ സംവസന്തം’
ഇതു് ഭുജംഗപ്രയാതമെന്ന സംസ്കൃതവൃത്തമാകുന്നു.
“ഉത്തമകാന്തിമെത്തിയിരുന്ന നിത്യനെ നീതിയോടെ 8
ഭക്തിപൊഴിഞ്ഞു; ചിത്തമഴിഞ്ഞു രുദ്രർപുകണ്ണനേരം.”
ഈ വൃത്തത്തിന്റെ രൂപാന്തരമായിരിക്കാം അജഗരഗമനം.
കൃഷ്ണപ്പാട്ടിനെ ഏതാനും വർഷങ്ങൾക്കു മുമ്പു് പ്രസിദ്ധസാഹിത്യവിമർശകനായ മി: പി. കെ. നാരായണപിള്ളയുടെ പ്രൗഢമായ അവതാരികയോടുകൂടി മി: കെ. എൻ. ഗോവിന്ദപ്പണിക്കർ പ്രസാധനം ചെയ്തുവെങ്കിലും അതിനു് യഥാർഹമായ പ്രചാരം ലഭിക്കാതെ വന്നതു് അത്യന്തം ശോചനീയമെന്നേ പറയേണ്ടു.
10.21 ഗുരുദക്ഷിണപ്പാട്ടു്
ഈ ഗ്രന്ഥത്തെ കവിതിലകൻ മി: എസ്. പരമേശ്വരയ്യർ പരിശോധിച്ചു് ശ്രീമൂലം ഗ്രന്ഥാവലിയിലെ ഒന്നാമത്തെ ഗ്രന്ഥാങ്കമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിനെപ്പറ്റി ഒന്നും അറിയാൻ നിവൃത്തിയില്ല. കവി തിരുവിതാംകൂർകാരനായിരിക്കണമെന്നു് അദ്ദേഹം ഊഹിക്കുന്നു. മംഗളാചരണത്തിൽ രാമചരിതത്തിന്റെ അനുകരണം കാണുന്നുണ്ടു്.
“വാനവർതൊഴുംപരമൻ വാരണവടിവിനാലെ
മാമലമകളോടും പോയ് കാനനേ കളിച്ചനാളിൽ
അന്നവർ തങ്ങൾ നിയോഗേന (?) കാരണം;
ആദരവോടു പിറന്ന തിരുമകൻ
കൊമ്പൊന്നുടയവൻ നല്ല കരിമുഖൻ
കോലത്തേ ഞാനിതാ കൈതൊഴിന്നേനിന്നു
അമ്പൊടു വായ്മകൾ തന്നെയും വന്നിച്ചേൻ
ആഴികടഞ്ഞനാൾ മന്ദരാതാങ്ങിയ
കാർവർണ്ണൻ തന്നെയും വേറെ വിരിഞ്ചനെ
കാളയേറും പരമേശനെയിന്ദ്രനെ
കാലകാലൻ മകനാറുമുഖനേയും
കാളിമാതൊടു മലമകൾ ദേവകൾ
സൂരിയനങ്കിയും സോമൻ ധനേശനും
ചൂതത്താരമ്പനും വായു വരുണനും
വീരിയമുള്ള മുനികൾപാദത്തെയും
വിശ്വത്തിനുള്ള ഗുരുഭൂതന്മാരെയും
ഉള്ളംതെളിയുമാറമ്പിൽ വണങ്ങിനേൻ”
ഈ പാട്ടിൽ രാമചരിതത്തിലെന്നപോലെ കാമദേവനെപ്പോലും വന്ദിച്ചുകാണുന്നു. എതുക, മോന ഇത്യാദി പ്രാസനിബന്ധനകളും ഏറെക്കുറെ അനുസരിച്ചിട്ടുണ്ടു്.
എതുകയുടെ ലക്ഷണം നന്നൂൽവിളക്കത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“എതുകൈയെൻപ വിയൈപന മൊഴികൺ
മുതലെഴുത്തളവൊത്തു മുതലൊഴിത്തൊൻറുത്തൻ
മൂൻറാമെഴുത്തൊൻറലാചിനന്തലൈയാ
കിടൈകടൈയാറുമെതുകൈവകൈയേ”
‘കട്ടു്’ എന്നതിനു് ‘പട്ടു്’ എന്നു് എതുകയാകും; എന്നാൽ പാട്ട് എന്നതു് എതുകയാവില്ല. “ഐകാര ഔകാരങ്കണെട്ടെഴുത്തായിനുമടി മുതൽ വരുങ്കാൽ, യവയെന്നു മൊറ്റടുത്തുവന്തകുറ്റെഴുത്താകവെണ്ണപ്പെടും” എന്നുകൂടി പറഞ്ഞിരിക്കുന്നതിനാൽ,
“മെയ്യകത്തുള്ളേവിളങ്കച്ചുടർകാണർ
കൈയകത്തുണെല്ലിക്കനി”
എന്ന ഔവ്വക്കുറളിലും,
“അവ്വിത്തഴുക്കാറുടൈയാനൈച്ചെയ്യവ
ടൗവ്വൈയൈക്കാട്ടിവിടും”
എന്ന കുറളിലും, എതുകയുണ്ടെന്നു പറയാം. കൈയിരണ്ടു എന്നതിനു് മെയിരണ്ടു എന്നും എതുകയാകും.
“ഉരിയില്ലാവൊറ്റാകവരിനും ഉയിരേറിയ വുയിർ മെയ്യാകവരിനും അവ്വൊറ്റെഴുത്തു വരുവതേയെതുകൈയായിനും, യ, ര, ഴ എന്നു മൂന്റൊറ്റിൻകീഴു് മറ്റോരൊറ്റുവരിനുമെതുകൈയാം.” എന്നുകൂടി വിധിയുള്ളതിനാൽ, ‘ആർന്തന’ എന്നതിനു് പാർപ്പാൻ എന്നതു എതുകയാവുകയില്ല.
(1) മൂന്റെഴുത്തൊൻറതുകൈ, (2) ആചെതുകൈ, (3) ഇനവെതുകൈ, (4) തലൈയാകെതുകൈ, (5) ഇടൈയാകെതുകൈ, (6) കരൈയാകെതുകൈ, എന്നു് എതുക ആറുവിധം വരും. അവയുടെ സ്വഭാവം ഇവിടെ വിവരിക്കാൻ തരമില്ല. ഓരോ ഉദാഹരണം മാത്രം ചേർക്കുന്നു.
‘പൊയ്മൈയും വായ്മൈയിടത്തേ പുരൈ തീർന്ത നൻമൈ പയക്കുമെതിൻ’
‘കായ്മാണ്ടതെങ്കിൽ പഴം വീഴക്കമുകിനെറ്റി പ്പൂമാണ്ടതിന്തേന്റൊടൈ കീറി വരുകൈ പോഴിന്തു തേമാങ്കനി ചിതറ വാഴൈപ്പഴങ്കൾ, ചിന്തു മേമാങ്കതമെന്റിചൈയാറ്റിചൈ പോയതെന്റെ
ഏ. ‘തക്കാർതക വിലരെൻപതവരവ രെച്ചാത്താർ കാണപ്പെടും’ (വല്ലിനവെതുക) ബി. ‘അൻപിനുവാർവമുടൈ മൈയതുവീനു നൺപെന്നു നാടാച്ചിറപ്പു’ (മെല്ലിനവെതുക) സി. ‘എല്ലാവിളക്കു വിളക്കല്ല ചാന്റോർക്കു പ്പൊയ്യാവിളക്കേ വിളക്കു’ (ഇടൈയിനവെതുക)
‘കരോരുകം പോൽ വളരെൻപാവം തീർക്ക വിന്മതിപൂൺ ചരോരുകമെൻ ചേവടി കണ്ടണിയേനോതാരകൈചൂഴ്” ഇത്യാദി.
‘അകരമുതലവെഴുത്തെല്ലാമാതി പകൻ മുതറ്റേയുലക’
എച്ചത്താർ എന്നതിനു ചുറ്റത്താർ ‘പരിയാ’ എന്നതിനു മണിയാൻ എന്നതും ‘കടൈയാകെതുക’യ്ക്കുദാഹരണം.
ഈ ഉദാഹരണങ്ങളിൽനിന്നും ‘എതുക’ വെറും ദ്വിതീയാക്ഷരപ്രാസമല്ലെന്നു കാണാമല്ലോ.
അതുപോലെ തന്നെ മോനയെപ്പറ്റിയും ചിലതെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ടു്. അ, ആ, ഐ, ഔ എന്നീ നാലുയിരുകളും ഇ, ഈ, എ, ഏ, എന്നിവയും ഉ, ഊ, ഒ, ഓ ഇവയും ഒന്നിനൊന്നു മോനയായ്വരും. അതുപോലെ തന്നെ ചകാരതകാരങ്ങൾക്കും, ഞനങ്ങൾക്കും, മവങ്ങൾക്കും പരസ്പരം മോനയാകാവുന്നതാണു്.
‘മോനൈ ക്കിനമേ അ ആ ഐ ഔവും
ഇഈ എഏവും ഉഊ ഒ ഔവും
ചതവും ഞനവും മവവുമെനവേ.’
(തൊന്നൂൽവിളക്കം)
ഇത്രയും പറഞ്ഞതിൽനിന്നു് ഗുരുദക്ഷിണപ്പാട്ടിൽ സർവത്ര എതുക, മോന എന്നീ പ്രാസനിയമങ്ങൾ അനുഷ്ഠിച്ചിട്ടുണെന്നു നിഷ്പ്രയാസം ഗ്രഹിക്കാം.
മംഗളാചരണത്തിൽ ആദ്യത്തെ രണ്ടു വരികൾ വെറും തമിൾ വൃത്തമാണു്. ‘നാനാജനത്തെയറിയിപ്പതിനായി’ ചൊല്ലിയ പാട്ടായതുകൊണ്ടു്, ഭാഷയ്ക്കു ശുദ്ധിക്കുറവു നന്നേയുണ്ടു്. അങ്കി, വെൻറി, ഒണ്മറയോൻ ഇത്യാദി തമിൾപദങ്ങളും നീലനിറമുടെ മൂർത്തി, ഒക്കമകിഴ്‌ന്തു, നിനന്തു തുടങ്ങിയ പഴേ പ്രയോഗങ്ങളും ഈ കൃതിയിൽ ധാരാളം കാണുന്നുണ്ടു്.
ഈ പാട്ടിനെ നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നു. ഒന്നാംപാദത്തിൽ വസുദേവർ, രാമകൃഷ്ണന്മാർക്കു് ഉപനയനാദി സൽക്രിയ നടത്തീട്ടു്, അവരെ വിദ്യാഭ്യാസത്തിനായി സാന്ദീപനിയെ ഏൾപ്പിക്കുന്നതും, ഏകദേശം ഒരു കൊല്ലം കൊണ്ടു് വേണ്ട വിദ്യയെല്ലാമഭ്യസിച്ചിട്ടു് അവർ മഥുരാപുരിയിലേക്കു തിരിച്ചുവരുന്നതും, പിന്നീടു്, ആ ബ്രാഹ്മണന്റെ ഉപദേശമനുസരിച്ചു് വസുദേവർ കാശ്യപവിശ്വാമിത്രാദി മഹർഷികളെ വരുത്തി, അവരെക്കൊണ്ടു് തന്റെ പുത്രന്മാരെ ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുന്നതും മറ്റും വർണ്ണിച്ചിരിക്കുന്നു. രണ്ടാമത്തേ പാദത്തിൽ, ശ്രീകൃഷ്ണൻ ഗുരുദക്ഷിണയ്ക്കു് ഒരുങ്ങുന്നു. വസുദേവർ, അതിന്നുവേണ്ടി, സാന്ദീപനിയെ മഥുരാപുരിക്കു വരുത്തീട്ടു്,
‘ബാലരാമിവർ തരും ദക്ഷിണകൊൾക സ്വാമീ
എന്തതിൻ നിനവുകൾ ചൊൽക നിന്തിരുവടി’
എന്നു പറഞ്ഞപ്പോൾ, ബ്രാഹ്മണൻ നല്കിയ മറുപടിയിങ്ങനെയായിരുന്നു.
“ഇന്നെനിക്കിവർ തരും വസ്തുവാഭരണവും
ഇച്ഛയില്ലെനിക്കിതു വാങ്ങിക്കൊണ്ടരുളുവാൻ
എന്നഭിവാഞ്ഛിതം കേൾക്ക നീ മധുരേശ
ഇമ്പമായ് സൽക്രിയചെയ്തുണ്ടായ് മമ സുതൻ
നല്ല ബാലകൻ വന്നുല്ലസിച്ചിരുന്നനാൾ
സഞ്ചരിച്ചവൻതാനും ഷോഡശപ്രായത്തിങ്കൽ
അന്നു താമസിയാതെ ചാമർത്താ ചെയ്വാനായി
ആദരവോടു പല ദാനങ്ങൾ ചെയ്തശേഷം
കുണ്ഡലം കാതിലിട്ടു നൽക്കളഭങ്ങൾ പൂണ്ടു,
അഞ്ജനം കണ്ണെഴുതിച്ചന്ദനംകുറിയിട്ടു
അങ്ങനെയിരുന്നവൻ പിറ്റെന്നാളുഷഃകാലേ
അമ്പൊടുഗംഗതന്നിലന്തിവന്ദനം ചെയ്താൻ.
ചന്തമായ് നടന്നവൻ വന്നതില്ലിനിയോളം
സംവത്സരങ്ങളതുമുപ്പതുകഴിഞ്ഞല്ലോ.
തന്നിടാം ദക്ഷിണയെന്നിരിക്കിലിതുവേണം
സംഗവുമെനിക്കതേയുള്ളുവെന്നറിഞ്ഞാലും”
ഈ വാക്കുകൾ കേട്ടപ്പോൾ വസുദേവനു സങ്കടമായി. ശ്രീകൃഷ്ണനു വേണ്ടി താൻ അനുഭവിച്ച സങ്കടങ്ങളെ അദ്ദേഹം വിസ്തരിച്ചു പറയുന്നു. നാല്പതിൽപ്പരം വരികൾകൊണ്ടു് തൽക്കാലപര്യന്തമുള്ള ശ്രീകൃഷ്ണചരിതത്തെ കവി ഇവിടെ ഭംഗിയായി സംക്ഷേപിച്ചിരിക്കുന്നു.
“അറിഞ്ഞൂ തിരുമനം; തെളിഞ്ഞൂ ഭഗവാനും
ഉല്ലാസമോടു ചാടു ചവിട്ടിത്തകർത്തപ്പോൾ
കുലുങ്ങീജഗത്രയമിളകീതെങ്ങുമൊക്കെ
വൃക്ഷത്തിന്നിലപോയി പുഷ്പത്തിന്നിതൾപോയി”
ഇത്യാദി ചില ഭാഗങ്ങളിൽ കവിത്വശക്തിയുടെ ഈഷൽസ്ഫുരണം കാണുന്നുമുണ്ടു്. വസുദേവൻ സാന്ദീപനിയുടെ അപേക്ഷ കുറേ കടന്നുപോയെന്നു പറഞ്ഞപ്പോൾ, അദ്ദേഹം കയർത്തു പോവാൻ ഭാവിക്കുന്നു.
അതു കണ്ടു് ശ്രീകൃഷ്ണൻ ‘ആകിലെൻ ഗുരുവരുൾചെയ്തതു തരുവൻ ഞാൻ’ എന്നു പറഞ്ഞിട്ടു് അദ്ദേഹത്തിനെ സമാധാനപ്പെടുത്തി അയച്ചതിന്റെ ശേഷം ബ്രാഹ്മണപുത്രനെ തേടി പുറപ്പെടുന്നു. അദ്ദഹം അന്തകപുരത്തിൽ എത്തുന്നതുവരെയുള്ള ഭാഗം ദ്വിതീയപാദത്തിൽ സംഗ്രഹിച്ചിരിക്കുന്നു. മൂന്നാം പാദത്തിലെ യമപുരവർണ്ണന വളരെ ബാലിശമായിട്ടുണ്ടു്. അവിടെ ശ്രീകൃഷ്ണൻ ഭാരതരാമായണാദികളിൽ സൂക്തനായിരിക്കുന്ന ജനങ്ങളേയും കണ്ടുപോലും. ഭഗവാൻ ധർമ്മരാജാവിനോടു് തന്റെ ഗുരുപുത്രനെ കാണിച്ചുതരേണം എന്നു പറഞ്ഞപ്പോൾ,
“കേൾക്കെടോ മാനുഷാ, ഞാനുരചെയ്വതു
ഞാനിപ്രവൃത്തികളൊന്നുമറിഞ്ഞില്ല
നാലമാത്യകളുണ്ടതിൽ സാരമായി
മുൻപതിൽ മൃത്യുവും പിന്നെയപമൃത്യു
മൂന്നാമൻ കാലൻ മറ്റേതുദംബരൻ
എന്നിവർ തങ്ങളെ കാണണം നീ പോയി”
എന്നു ഒഴിഞ്ഞുകളഞ്ഞു. യമപുരത്തരചന്റെ വാഴ്ച എത്ര ശോഭനമായിരിക്കുന്നു! തന്റെ അമാത്യന്മാർ ചെയ്യുന്നതൊന്നും അദ്ദേഹത്തിനറിവില്ലത്രേ. ശ്രീഷ്ണൻ ഈ അമാത്യരിൽ നാലു പേരേയും ചെന്നു കണ്ടിട്ടു് ഒടുവിൽ ദൂതന്മാരുടെ സമീപത്തു് എത്തുന്നു. അവിടെ മൂന്നാം പാദവും അവസാനിക്കുന്നു. അവിടെച്ചെന്നിട്ടും പ്രയോജനമുണ്ടായില്ല.
“നാമിവനുയിരിനെ കൊടുക്കിൽപിന്നും പിന്നും
നാശമേ നമുക്കുള്ളു, പിന്നെയും വരുമിവൻ;
നാമായിട്ടൊരു വസ്തുവുണ്ടാക്കുന്നതുമില്ല;
നമ്മുടെ രാജാവറിഞ്ഞെന്നിയേ ചെയ്തുകൂട.
എന്നാലുമിവനോടു തരുന്നുവെന്നും വേണ്ട
എന്നുമേ തരികയില്ലെന്നതു പറയേണ്ട;
ഇങ്ങനെ നടന്നൊട്ടു ദണ്ഡിച്ചാലവൻ തന്നെ
ഇന്നിതു തരികയില്ലെന്നുകണ്ടുഴറിപ്പോം”
എന്നിങ്ങനെ ശ്രീകൃഷ്ണനെ മിരട്ടിയയപ്പാനാണു് യമദൂതന്മാർ നിശ്ചയിച്ചതു്. യമന്നു യോജിച്ച ഭൃത്യന്മാർ തന്നെ. അവരുടെ വാക്കുകൾ കേട്ടപ്പോൾ, ശ്രീകൃഷ്ണന്നു്,
‘വാടീതു തിരുമേനി ചാടീതു നയനനീർ’
അദ്ദേഹം വീണ്ടും യമനെച്ചെന്നു കാണുന്നു. യമൻ അദ്ദേഹത്തിനെ കണ്ടു്,
“ദൂതർ നിൻഗുരുപുത്രൻതന്നെത്തന്നാരോ കോയിൽ?
ദൂഷണം വരുത്തുവാൻ ചിന്തിച്ചു തരാഞ്ഞാരോ?
എന്തു നിൻ ഹൃദയത്തിൽ കേടു വന്നുദിച്ചതു്”
എന്നു് അത്യന്ത ദുർബലനായ ഒരു രാജാവിനെപ്പോലെ ചോദിക്കുന്നു. ഭഗവാനു് ഇതു കേട്ടപ്പോൾ കോപം ഉദിക്കുന്നു. ആ രൗദ്രഭാവത്തെ വർണ്ണിച്ചു ഫലിപ്പിക്കുന്ന വിഷയത്തിൽ കവി ഇവിടെ തീരെ അസമർത്ഥനായ് കാണപ്പെടുന്നു. യമനും കൂട്ടരും അദ്ദേഹത്തിന്റെ ക്രുദ്ധഭാവം കണ്ടു ഭയപ്പെട്ടു്, ഗുരുപുത്രനേ കൊണ്ടുവന്നു കൊടുത്തുവത്രേ. ഇങ്ങനെ യമപുരത്തുനിന്നു് ആനീതനായ കുട്ടിയെ നല്കി, ശ്രീകൃഷ്ണൻ ഗുരുദക്ഷിണ എന്ന സ്വധർമ്മത്തെ നിറവേറ്റിയിട്ടു് മഥുരാപുരുയിൽ മാതാപിതാക്കന്മാരുമായി സസുഖം വാഴുന്നു. ഇങ്ങിനെയാണു കഥയുടെ ചുരുക്കം. പറയത്തക്ക ഗുണമൊന്നും ഈ കവിതയ്ക്കില്ല.
10.22 മണിപ്രവാളകാവ്യങ്ങൾ
‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം”
എന്നാണു് മണിപ്രവാളത്തിന്റെ സാമാന്യ ലക്ഷണം. എന്നാൽ എല്ലാ വിധത്തിലുള്ള ഭാഷാസംസ്കൃത യോഗവും മണിപ്രവാളമെന്ന പേരിനെ അർഹിക്കുന്നില്ല. ഒന്നാമതായി ആ യോഗം രസിരഞ്ജകമായിരിക്കണം. ആലത്തൂരാദി മണിപ്രവാളത്തിനു് ആ പേരു് കേവലം ഔപചാരികമായി നല്കിയിരിക്കുന്നതാണു്. രണ്ടാമതായി മണിപ്രവാളത്തിൽ ഉപയോഗിക്കുന്ന സംസ്കൃതപദങ്ങൾ ഭാഷപോലെ സുപ്രസിദ്ധവും സുകുമാരവുമായിരിക്കണം. മാണിക്യവും പവിഴവും ഒരേ ചരടിൽ കോർത്തിണക്കിയാൽ, വർണ്ണസാമ്യംക്കൊണ്ടു് അവയെ തിരിച്ചറിവാൻ സാധിക്കയില്ലല്ലോ. അതുപോലെതന്നെ ഭാഷാശബ്ദങ്ങളേയും സംസ്കൃതശബ്ദങ്ങളേയും കലർത്തുന്നതു് സംസ്കൃതമേതു്, ഭാഷയേതു് എന്നു വേർതിരിച്ചു പറവാൻ പാടില്ലാത്ത മട്ടിലായിരിക്കണം. മണിപ്രവാളത്തിൽ മാണിക്യസ്ഥാനീയമായ ഭാഷ അതായതു് കേരളഭാഷ ദേശി, സംസ്കൃതഭവം, സംസ്കൃതരൂപം എന്നിങ്ങനെ മൂന്നു വിധമുണ്ടത്രേ. അവയിൽ ദേശി ശുദ്ധം, ഭാഷാന്തരഭവം, ഭാഷാന്തരസമം എന്നു പിന്നെയും മൂന്നായി പിരിയുന്നു. കൊച്ചു്, മുഴം, ഞെട്ടി ഇത്യാദി പദങ്ങൾ ശുദ്ധദേശിക്കും, വന്താൻ, നമുക്കു് എന്നിവ ഭാഷാന്തഭവങ്ങൾക്കും, നാളെ, ഉടൽ മുതലായവ ഭാഷാന്തരസമങ്ങൾക്കും ഉദാഹരണങ്ങളാകുന്നു. സംസ്കൃതപ്രകൃതികളെ ഊഹിക്കാൻ കഴിയുന്ന പദങ്ങളത്രേ സംസ്കൃതഭവങ്ങൾ. തേവാർ, ചങ്ങാത്തം, പിച്ച എന്നീ പദങ്ങളാണു് അവയ്ക്കു് ഉദാഹരണം. കടം, വല്ലി ഇത്യാദി അവസാനത്തിൽ മാത്രം വികാരം വന്നിട്ടുള്ള പദങ്ങളേയാണു് സംസ്കൃതരൂപങ്ങൾ എന്നു പറയുന്നതു്. സന്ദർഭേ ‘സംസ്കൃതീകൃതാച’ എന്ന നിയമത്താൽ, കാവ്യാദി സന്ദർഭത്തിൽ ഭാഷാപദങ്ങളെ നാഴിഭിഃ, പുപൂകിരേ എന്നിങ്ങനെ സംസ്കൃതീകരിച്ചും പണ്ടു് ഉപയോഗിച്ചുവന്നു. സംസ്കൃതപദങ്ങളെ വിഭക്ത്യന്തങ്ങളായിട്ടും അല്ലാതെയും ഉപയോഗിക്കാം.
ലീലാതിലകക്കാരൻ ഒൻപതു വിധത്തിലുള്ള മണിപ്രവാളങ്ങളെപ്പറ്റിപ്പറഞ്ഞിരിക്കുന്നു. ഭാഷാരസപ്രാധാന്യമുള്ള മണിപ്രവാളമത്രേ ഉത്തമം; അതായതു് ഭാഷാപദങ്ങൾ കൂടിയും സംസ്കൃതപദങ്ങൾ കുറഞ്ഞും ഇരിക്കണം. രസത്തിനു വാച്യാർത്ഥത്തെ ഉപേക്ഷിച്ചു പ്രാധാന്യവും ഉണ്ടായിരിക്കണം.
“പുൽകിക്കൊണ്ടാളുറക്കേപ്പുനരപിമണിവാ
നൾകിനാൾ; മെല്ലെമെല്ലെ-
ക്കാമക്കൂത്തിന്നണിഞ്ഞാൾ; മദനപരവശാ കാന്ത
കൈമെയ് മറന്നാൾ
വീർത്താളൊട്ടേവിയർത്താൾ; വിവശമരുതെടാ
യെന്നെവിയന്നിരന്നാ-
ളെന്മാറിൽപ്പോന്നു വീണപ്പുരികുഴലകമേ
മാൾകിനാളുണ്ണി നങ്ങാ”
ഭാഷയ്ക്കു പ്രാധാന്യമുണ്ടായും രസത്തിനും വാച്യാർത്ഥത്തിനും പ്രാധാന്യം തുല്യമായും ഇരിക്കയോ, നേരെ മറിച്ചു് ഭാഷ തുല്യമായും, രസം വാച്യാർത്ഥതിശായിയായും വരികയോ ചെയ്താൽ ആ മണിപ്രവാളം ഉത്തമകൽപമെന്നു പറയപ്പെടുന്നു.
വാച്യാർത്ഥത്തിന്നും രസത്തിന്നും, അതുപോലെ തന്നെ ഭാഷയ്ക്കും സംസ്കൃതത്തിന്നും സമപ്രാധാന്യമുണ്ടായിരുന്നാൽ മധ്യമമണിപ്രവാളമാകും.
ഭാഷ സമമായിരിക്കെ, രസം വാച്യാർത്ഥത്തെക്കാൾ ന്യൂനമായോ, അല്ലെങ്കിൽ, രസം സമമായിരിക്കെ, ഭാഷ ന്യൂനമായിരിക്കയോ ചെയ്യുന്നതായാൽ, അതും മധ്യമകൽപം തന്നെ. അതുപോലെ തന്നെ രസപ്രാധാന്യമുണ്ടായിരിക്കുകയും ഭാഷ ന്യൂനമായി വരികയും ചെയ്താലും ആ മണിപ്രവാളം മധ്യമകൽപകോടിയിലേ പെടുകയുള്ളു.
ഭാഷയും രസവും ന്യൂനമായിരിക്കുന്ന മണിപ്രവാളം അധമം.
ഇങ്ങനെ, ഉത്തമം ൧. ഉത്തമകൽപം ൨. മധ്യമം ൩. കല്പം ൪. അധമം ൫. ആകെ മണിപ്രവാളം ഒൻപതു വിധം.
സ്വാഗത, ഇന്ദ്രമാല ഇത്യാദി വൃത്തങ്ങളും മണിപ്രവാളത്തിനു് അനുപിതമായിട്ടാണു് ആദികാലങ്ങളിൽ ഗണിക്കപ്പെട്ടിരുന്നതു്.
“നാത്യന്തസംസ്കൃതേനൈവ നാത്യന്തം ദേശഭാഷയാ
കഥാഗോഷ്ഠീഷു കഥയൻ ലോകേ ബഹുമതാ ഭവേൽ”
എന്നു് ലീലാതിലകക്കാരൻ പറഞ്ഞിട്ടുള്ളതു പരമാർത്ഥമാകുന്നു. നല്ല മണിപ്രവാളത്തിനുള്ള ആസ്വാദ്യത ഒന്നു പ്രത്യേകം തന്നെയാണു്.
10.23 സന്ദേശകാവ്യങ്ങൾ
ലീലാതിലകത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ പലേ സന്ദേശകാവ്യങ്ങൾ ഭാഷയിൽ ഉണ്ടായിട്ടുണ്ടു്.
10.24 കാകസന്ദേശം
“ആറ്റൂർ നീലി വിരഹവിധൂരോ മാണിരത്യന്തകാമീ
മാത്തൂർ ജാതോ മദനവിവശസ്ത്യക്തവാന്തൂണുറക്കൗ”
“സ്വസ്രേ പൂർവം മഹിതനൃപതേ വിക്രമാദിത്യ നാമ്നഃ
പോകാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ;
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്കവിശ്ചാഹമിത്ഥം
മത്വാത്മാനം തവ ഖലു മയാ പ്രോക്ഷിതഃ കാക ഏവ
ഈ പദ്യങ്ങൾ കാകസന്ദേശത്തിലുള്ളവയാകുന്നു. മാത്തൂർ വംശത്തിൽ ജനിച്ച വല്ല ഉണ്ണിനമ്പൂരിയുമായിരിക്കുമോ ഈ കാവ്യത്തിന്റെ കർത്താവു്?
10.25 ഉണ്ണുനീലിസന്ദേശം
ഈ പ്രസിദ്ധ കൃതിയെ ഏതാനും വർഷങ്ങൾക്കു മുമ്പിൽ രസികരഞ്ജിനിയിൽ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പിന്നീടു് ഈയിടയ്ക്കു് ആറ്റൂർ മി. കൃഷ്ണപ്പിഷാരടിയുടെ അവതാരികയോടും വ്യാഖ്യാനത്തോടുംകൂടി ബി. വി. ബുൿഡിപ്പോ ഉടമസ്ഥനായ മി: കെ. എസ്. രാമൻ മേനോൻ അതിനെ ഭംഗിയായി അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
10.26 ഗ്രന്ഥകാരൻ
ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവു് ആരെന്നു് ഇതേവരെ തീർത്തുപറയാറായിട്ടില്ല.
“പൂണാരം മണികണ്ഠ വെണ്പല മഹി-
പാലൈകചൂഡാമണേഃ
എന്നു് കഥാനായികയെപ്പറ്റിയും,
“മന്ത്രപ്രജ്ഞോപി മാരജ്വരപരവശനായ്-
ക്കോലിനേൻ ഞാനിദാനീം.”
എന്നു് തന്നെപ്പറ്റിയും, കവി പ്രസ്താവിച്ചിട്ടുള്ളതിനെ അടിസ്ഥാനപ്പെടുത്തി, കവിയും നായകനും വെൺപനലാട്ടു രാജാവായ മണികണ്ഠൻ ആയിരിക്കുമെന്നു് മി: പരമേശ്വരയ്യർ നിസ്സംശയം പറയുന്നു. സന്ദേശഹരൻ ഒരു രാജാവാണെന്നുള്ള സംഗതി ഈ അഭിപ്രായത്തെ അല്പമൊന്നു ബലപ്പെടുത്തുന്നുമുണ്ടു്. എന്നാൽ ഈ അഭിപ്രായം സ്വീകരിക്കുന്ന വിഷയത്തിൽ വലിയൊരു ദുർഘടം കാണുന്നു. തിരുവനന്തപുരത്തുനിന്നാണല്ലോ നായകൻ ആദിത്യവർമ്മ സന്ദേശവും കൊടുത്തു് അയയ്ക്കുന്നതു്. നായകൻ മണികണ്ഠനാണെന്നു വരികിൽ,
നിന്നാണല്ലോ നായകൻ ആദിത്യവർമ്മ സന്ദേശവും കൊടുത്തു് അയക്കുന്നതു്. നായകൻ മണികണ്ഠനാണെന്നു വരികിൽ,
“മാറാടിക്കീഴ്മരുമലർ പിണം കൊണ്ടു നായ്ക്കും നരിക്കും
ചേറാടിക്കും മനുജവരനേ കാണ്ക നീചെന്നു പിന്നെ;
കൂറാടിന്റോർക്കുയിരുമുടലും നീടൊടുക്കും വടക്കിൻ
കൂറാടിന്റോരിനിയമണികണ്ഠാഖ്യസാമന്തമൗലിം”
എന്നു പറഞ്ഞിരിക്കുന്നതു നിരർത്ഥകമായിരിക്കുന്നു. തിരുവനന്തപുരത്തിരിക്കുന്ന നായകനെ, സന്ദേശഹരൻ വടക്കുംകൂറിൽ ചെന്നു കാണുന്നതെങ്ങനെ? അതുപോലെ തന്നെ കവി മണികണ്ഠനാണെങ്കിൽ, നായികയെപ്പറ്റി ‘പൂണാരം മണികണ്ഠവെണ്പലമഹീപാലൈ ചൂഡാമണേഃ’ എന്നു പറയുമായിരുന്നില്ലതാനും.
“ഇല്ലത്തന്നുന്നതിം തേ വിതരതു നതരാമാകയാലുണ്ണുനീലി ചൊല്ലുന്നേനെങ്കിൽ നീകേട്ടരുളുക ദയിതേ സൂക്തി രത്നം മദീയം”
എന്ന ശ്ലോകാർത്ഥത്തിൽ ഉണ്ണുനീലിശബ്ദം സംബോധനയല്ലെന്നു് ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണല്ലോ. അല്ലെങ്കിൽ ‘വിതരതു’ എന്ന ‘ലോട്ടു്’ ഘടിക്കാതെ വരും. അതുകൊണ്ടു് കവി തന്റെ ഭാര്യയോടു് പറയുന്നതായി ഈ കാവ്യത്തെ നിബന്ധിച്ചിരിക്കുന്നുവെന്നേ പ്രസ്ഥാവനയിൽ നിന്നു ഗ്രഹിക്കേണ്ടതായിട്ടുള്ളൂ അങ്ങനെയാണെങ്കിൽ ‘മാരജ്വരപരവശനായ് കോലിനേൻ’ എന്നു കവി പറഞ്ഞിരിക്കുന്നതു് നായികയ്ക്കു് അപകർഷഹേതുകമാവുകയില്ലേ?. എന്നൊരു സംശയം ഞായമായി ഉണ്ടാകാവുന്നതാണു്. മി. കൃഷ്ണപ്പിഷാരടി പറയും പോലെ “കവി തന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം മാരജ്വരപരവശനായിട്ടു്, എന്നു വച്ചാൽ ഭാര്യ നിർബ്ബന്ധിക്കുന്നതിനെ ഉപേക്ഷിക്കാൻ ശക്തിയില്ലാത്തവനായിട്ടു്, ഉണ്ണുനീലിയേയും ആ സ്ത്രീയുടെ ഭർത്താവിനേയും നായികാ നായകന്മാരാക്കി കല്പിച്ചു് ഒരു സന്ദേശ കാവ്യം സ്വഭാര്യയോടു പറയുന്ന നിലയിൽ നിർമ്മിച്ച”താണെന്നു വിചാരിക്കാവുന്നതാണു്. ‘പൂണാരം മണികണ്ഠവെണ്പല മഹീപാലൈക ചൂഢാമണേഃ’ എന്നു പറഞ്ഞിട്ടുള്ളതുകൊണ്ടും നായിക മണികണ്ഠന്റെ ഭാര്യയായിരിക്കണമെന്നില്ല. പൂണാരത്തിനു് ആഭരണമെന്നേ അർത്ഥമുള്ളൂ. ആ അർത്ഥത്തിൽ എത്ര പ്രയോഗങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാവുന്നതാണു്.
“താനേ വൃത്താന്തമെല്ലാരൊടുമുടനറിയി-
ച്ചർജ്ജുനേന ത്രിലോകീ-
പൂണാരം താൻ കൊടുപ്പിച്ചിതു മഹിതതരാൻ
വിപ്രഹസ്തേ കുമാരാൻ”
(നാരായണീയം പ്രബന്ധം)
അതിനാൽ വെൺപലനാട്ടിനു ഒരു അലങ്കരമായ ഉണ്ണുനീലി എന്നു മാത്രമേ ഇവിടെ കവി വിവക്ഷിച്ചിട്ടുള്ളൂ. മി. പി. കെ. നാരായണപിള്ളയും ഈ അഭിപ്രായത്തോടു യോജിക്കുന്നു.
“ഉണ്ണുനീലി വർണ്ണനയിൽ ‘പൂമാതിൻ നയനാന്ത’ ഇത്യാദി ശ്ലോകത്തിനു് മഹാലക്ഷ്മിയുടെ കടാക്ഷവിലാസരംഗവും, ഭൂമിക്കു പീയൂഷദീപവും, മണികണ്ഠരാജാവിനു്, അതായതു് വെൺപലനാട്ടിനു് ആഭരണവും, കാമദേവന്റെ കുലദേവതയും ആയ ഉണ്ണുനീലി എന്നു് അർത്ഥം പറഞ്ഞാൽ മതിയാകുന്നതാണു്. അങ്ങിനെ ചെയ്യുന്നതാണു് യുക്തം. സകലലോക വ്യാപിനിയാണല്ലോ മഹാലക്ഷ്മി. അങ്ങനെയുള്ള ദേവിയുടെ കടാക്ഷലക്ഷ്യമാകയാൽ ഉണ്ണുനീലി ത്രൈലോക്യത്തിൽ വച്ചു് വിശിഷ്ടയാണെന്നു് കാണിച്ചു. ത്രൈലോക്യത്തിന്റെ അംശമായ ഭൂമിയുടെ കാര്യമാലോചിച്ചാൽ ഭൂമിക്കു് അവൾ അമൃതദീപമാണെന്നു പറഞ്ഞു. അതിലും ചുരുങ്ങിയ വെൺപലനാടു നോക്കിയാൽ അതിനു് അവൾ അലങ്കാരമാണെന്നു് വർണ്ണിച്ചു. ഇങ്ങനെ സ്ഥലവ്യാപ്തി കുറയുന്തോറും നായികയുടെ മെച്ചം കൂടുതലായി കവി സൂചിപ്പിക്കുന്നു. അല്ലാതെ മണികണ്ഠന്റെ ഭാര്യയാണു് നായിക എന്നിവിടെ വ്യാഖ്യാനിക്കാമെന്നു തോന്നുന്നില്ല.”
ഇനി നായകൻ ഇളയരാജാക്കന്മാരിൽ ഒരാൾ ആയിരിക്കാമെന്നു വിചാരിക്കുന്നതായാലും അല്പം വൈഷമ്യം ഉണ്ടു്. എന്തുകൊണ്ടെന്നാൽ “മുണ്ടയ്ക്കൽ ചെന്റിനിയ വിരഹവ്യാകുലമാമുണ്ണു നീലീം” എന്ന ശ്ലോകത്താൽ പ്രതിപാദിതമായ രീതിയിൽ നായകൻ കാരണവനായ വലിയ രാജാവിനോടു് നായികാ വൃത്താന്തം അറിവിക്കുന്നതിനു് സന്ദേശഹരനോടു് ആവശ്യപ്പെടുമായിരുന്നില്ല. ആദിത്യവർമ്മ കൊല്ലത്തു ചെല്ലുമ്പോൾ, യാത്രാവിവരമൊക്കെ മാമ്പള്ളിയെക്കൊണ്ടു് അറിവിക്കയല്ലാതെ നേരിട്ടു് പറഞ്ഞു പോകരുതെന്നു് നിഷ്ക്കർഷിച്ച നായകൻ ആചാരാനുചിതമായ വിധത്തിൽ സ്വന്തം കാരണവരോടു് ഈ വിധം പറയാൻ ഉപദേശിച്ചുകാണുമെന്നു് എങ്ങനെ വിചാരിക്കാം? അതിനും പുറമേ, മണികണ്ഠനാമം വെൺപല നാട്ടുരാജാക്കന്മാർക്കുള്ള സാധാരണ നാമവുമല്ലായിരുന്നു. കോതവർമ്മൻ, ഇരവി മണികണ്ഠൻ, രാമുവർമ്മൻ എന്ന മൂന്നു പേരെപ്പറ്റി ഉത്തരസന്ദേശത്തിൽ പ്രതിപാദിച്ചു കാണുന്നതു നോക്കുക. അവരെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു തന്നെ, അവരോടു് നായകനു് യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണുതാനും.
കാവ്യത്തിലെ നായകൻ മണികണ്ഠൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ നിര്യാണ ശേഷം ഉണ്ണുനീലിയുടെ ഭർത്താവായിത്തീർന്ന ഒരു ചാക്യാരായിരിക്കണം കവിയെന്നും ആണു് വേറൊരു അഭിപ്രായമുള്ളതു്. ഇങ്ങനെ ചാക്യാരിൽ ഏതദ് ഗ്രന്ഥ കർതൃത്വം ആരോപിക്കുന്നതിനു ഹേതുവായ സംഗതി.
“കണ്ടോമല്ലോ തളിയിലിരുവംകൂത്തു നമന്റൊരിക്കൽ
തൈവം കെട്ടാളൊരു തപതിയാർനങ്ങയാരെന്നെനോക്കി;
അന്യാസഗോൽ കിപമി കലുഷാ പ്രാകൃതംകൊണ്ടവാദീൽ
പിന്നെകണ്ടീലണയെ വിവശം വീർത്തുമങ്ങിന്റെ നിന്നെ.”
എന്നുള്ള കൂടിയാട്ടപ്രസ്താവമാണു്. ഈ വിഷയത്തിൽ അങ്ങിനെ ഒരു അഭിപ്രായത്തിനു് അവകാശമേ ഇല്ല. [15] നായകനായ സംവരണൻ വാസ്തവത്തിൽ തപതിയെ ഉദ്ദേശിച്ചു പറയുന്ന ‘ചകിതനയനാം ചുംബസ്യംസേ’ എന്നു മുതലായ വാക്കുകൾ അന്യസ്ത്രീയേ ഉദ്ദേശിച്ചു പറയുന്നതാണെന്നു് തെറ്റിധരിച്ചു. തപതിയുടെ ആത്മഗദവാക്യമായ “മമഹ അഹോ ദേ അവിവേ ഓ ( മന്മഥ അഹോ തെ അവിവേകഃ) എന്നു തുടങ്ങുയ പ്രാകൃതഭാഷാ ഭാഗം തപതീവേഷം ധരിച്ച നങ്ങയാർ സദസ്സിലേയ്ക്കു് നോക്കി പറയുമ്പോൾ യദൃശ്ചയാ ആ നങ്ങയാർ സദസ്സിൽ ഞാനിരിക്കുന്ന ഭാഗത്തേയ്ക്കു് നോക്കീട്ടാണു് പറഞ്ഞതു് എന്നു് താൽപ്പര്യം. സന്ദേശനായകൻ, വേഷം കെട്ടിയ ചാക്കിയാരല്ല. കാഴ്ച്ചക്കാരനായി വന്നവരിൽ ഒരാളാണെന്നുള്ളതു് ‘കണ്ടോമല്ലേ തളീയിരുവംകൂത്തു’ എന്നതിനാൽ സ്പഷ്ടവുമാണു്. അന്യസംഗകലുഷയായ തപതിയുടെ വാക്കു് സംവരണനോടു് മട്ടിലുള്ളതല്ല, ആത്മഗതവുമാണു്. അതുകൊണ്ടു് ആ ശ്ലോകാർത്ഥം ശരിയായി ധരിക്കാഞ്ഞതുകൊണ്ടാണു് സന്ദേശ നായകനും കവിയും ഒരു ചാക്കിയാരായിരിക്കണമെന്നു് തെറ്റിദ്ധാരണയ്ക്കു തന്നെ സംഗതിയായതു്”. മി: പിഷോരടിയുടെ ഈ അഭിപ്രായത്തോടു് വിയോജിക്കുവാൻ ന്യായം കാണുന്നില്ല.
കവിയുടെ സ്വഭാവംകൊണ്ടു്, അതിന്റെ കർത്താവു് ഒരു മലയാള ബ്രാഹ്മണനായിരുന്നുവെന്നു് ഊഹിക്കാം.
“കാമോന്മാദാൽ കനിവോടു മറഞ്ഞു് വശീ നിർവിശങ്കം
ഭൂമൗ ഭൂമീശ്വരനിൽ മരുവീടിന്റെ നാൾ വിക്രമാഖ്യേ;
ഉണ്ടാകീപോലഴകിലവൾ പാകത്തുനിന്റത്യുദാരം
തണ്ടാർ മാതിൻ കുലനിലയമാം വംശമേതൽ പൃഥിവ്യാം”
എന്നിങ്ങനെ ഉണ്ണുനീലിയുടെ വംശത്തെപ്പറ്റി പറഞ്ഞിരിക്കുന്നതുകൊണ്ടു തന്നെ അങ്ങനെ ഒരു ഊഹത്തിനു് വഴി കിട്ടുന്നു.
തിരുവനന്തപുരം മുതൽ കടുത്തുരുത്തിവരെ വഴിമേൽ കുലീന സ്ത്രീകുലത്തിൽ ഉൾപ്പെടുത്താൻ സംശയിക്കേണ്ട അനേക സ്ത്രീ ജനങ്ങളുമായി അനാശാസ്യമായി പരിചയപ്പെട്ട ഒരു മനുഷ്യനാണു് നായകൻ. “എണ്ണറ്റീടും ഗുണ സമുദയം ചേർന്നിണങ്ങും കുറുങ്ങാട്ടുണ്ണിച്ചക്കിക്കടൽ വനിതയാം മൽപ്രിയാ പ്രേമബന്ധോ” ഇത്യാദി ശ്ലോകങ്ങൾ നോക്കുക. ’നായകൻ നാടോടിയായ ഒരു കേരളബ്രാഹ്മണനാണെന്നു് വിചാരിക്കുന്നതു് കുറേക്കൂടി യുക്തമായിരിക്കും’ എന്നിങ്ങനെ മി: പി കെ. നാരായണപിള്ള നായകനെപ്പറ്റി പറഞ്ഞിരിക്കുന്നതു് കവിയെ സംബന്ധിച്ചാക്കിയാൽ കുറേക്കൂടി യോജിക്കുമെന്നു് തോന്നുന്നു. ഒരു മലയാള ബ്രാഹ്മണനല്ലാതെ ആദിത്യവർമ്മയെ സന്ദേശഹരനാക്കി ഒരു കാവ്യം നിബന്ധിക്കുന്നതിനു് ധൈര്യം ഉണ്ടാകുമായിരുന്നോ എന്നു സംശയമാണു്. ആ ബ്രാഹ്മണനു് ആദിത്യവർമ്മയോടു് അടുത്തു സ്വതന്ത്രമായി പെരുമാറത്തക്കവണ്ണമുള്ള സ്നേഹബന്ധവും ഉണ്ടായിരുന്നിരിക്കാം കവിയ്ക്കു് കൊല്ലം രാജകുടുംബത്തോടുള്ള വേഴ്ചയും ബഹുമാനവും പ്രസ്തുത കാവ്യത്തിൽ പ്രകടമായിരിക്കുന്നുമുണ്ടു്. കൊല്ലത്തേയും രവിവർമ്മ ചക്രവർത്തിയേയും പറ്റി, സന്ദേശത്തിൽ വർണ്ണിച്ചിരിക്കുന്നതെങ്ങിനെയെന്നു നോക്കുക.
“ഏഷാ ഭൂഷാമണിരിവ ഭൂവോ ഹന്ത വേണാടർകോനും
നീയും പാലിച്ച പഗതഭയം വർദ്ധിതാ നാളിൽ നാളിൽ;
ഇന്ദ്രോപേന്ദ്രക്ഷപിതദനുജോപദ്രവാമദ്യ മന്യേ
നാണിക്കിന്റോളമര നഗരീം നാമമാത്രാവശേഷാം
രമ്യശ്രീമന്നയനസുഭഗം മറ്റുമോരോപദാർത്ഥാ-
ന്നാട്ടാർ വർണ്ണിപ്പതു പുനരിദം കേവലം കൊല്ലമെന്റേ;
എന്റാലീരേഴുലകിലുമിതിന്നൊപ്പമില്ലൊന്റു ചൊൽവാൻ.
തൊല്ലം കൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ.
അർത്ഥിശ്രേണിക്കഭിമതഫലം നൽകുവാൻ പാരിജാതം
വിദ്വൽ പതമാകരദിനകരം വിശ്വലോകൈകദീപം;
മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
കുറ്റക്കാർമൽ പുരികുഴലിമാർ മാരനേക്കാണ്ക പിന്നെ.”
രവിവർമ്മ ചക്രവർത്തിയുടെ സദസ്യരായി കവിഭൂഷണൻ, സമുദ്രബന്ധൻ മുതലായ ബിരുദങ്ങളോടുകൂടിയ പല കവികൾ ഉണ്ടായിരുന്നതിനാൽ, അവരിൽ ഒരാൾ തന്നെ ആയിരിക്കാം ഉണ്ണുനീലിസന്ദേശ കർത്താവു് ലീലാതിലക്കാരനും ഉണ്ണുനീലി സന്ദേശകർത്താവും ഒരാൾ തന്നെ ആയിരിക്കില്ലേ എന്നു ശങ്കിപ്പാനും വഴിയുണ്ടു്.
10.27 കവിയുടെ കാലം
“വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി-
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം;
പ്രാണാപായം കരുതിന തൂലിക്കൻ പടക്കോപ്പിനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തുചെന്റു്.”
എന്നു സന്ദേശത്തിൽ തുലുക്കൻ പടയെപ്പറ്റി ഒരു പ്രസ്താവം കാണുന്നതുകൊണ്ടും പ്രസ്തുത കൃതിയുടെ കാലം മാലിക്കാഫരുടെ ആക്രമണകാലമായ 1131- നു ശേഷമായിരിക്കണം.
“നാരീമൗലേ മമ മലർമകൾക്കങ്ങിരിപ്പാന്തിരുപ്പാ-
പ്പൂരെന്റില്ലം വെരളുമിളമാൻകണ്ണി വേണാട്ടിലേക്കു്;
താരാനാഥപ്രതിമ വദനേ, പേരുമാതിച്ചർമ്മൻ
പാരേറീടും പുകളി രവിവർമ്മന്നു രണ്ടാമവൻതാൻ”
എന്ന പദ്യത്തിൽ നിന്നു്, ആദിത്യവർമ്മ, രവിവർമ്മചക്രവർത്തിയുടെ നേരെ അനുജനായിരുന്നുവെന്നു തെളിയുന്നു. അതിനാൽ സന്ദേശകാലം മാലിൿകാഫരുടെ ആക്രമണത്തിനും ആദിത്യവർമ്മയുടെ സിംഹാസനാരോഹണത്തിനും ഇടയ്ക്കാണെന്നു തീർച്ചയാണു്.
തിരുവമ്പാടി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വടക്കേ ഭിത്തിയിൽ,
“സിംഹസ്ഥേ ച ബൃഹസ്പൗ സമകരോ-
ബ്ദേ ച ചോളപ്രിയേ
ഗോശാലാം ച സുദീപികാഗൃഹമഹോ
കൃഷ്ണാലയം മണ്ഡപം;
ഭക്ത്യ ചൈവ യശോർത്ഥമപ്യതിതരാം
ധർമ്മാർത്ഥമപ്യാദരാൽ
സ്യാനന്ദൂരപുരേ സുകീർത്തിസഹിത-
സ്സർവാംഗനാഥോ നൃപഃ”
എന്നു് ഒരു ശാസനം കാണുന്നുണ്ടു്. അതിൽ നിന്നു് അതിന്റെ കാലം ക്രിസ്താബ്ദം 1296-നു് കൊല്ലവർഷം 449-550 ആണെന്നും, അതു് ഒരു സർവാംഗനാഥന്റേതായിരുന്നുവെന്നും മനസ്സിലാക്കാം. എന്നാൽ ആ സർവാംഗനാഥൻ ആദിത്യവർമ്മയായിരിക്കണമെന്നില്ല. സർവ്വാംഗനാഥബിരുദം അനേക രാജാക്കന്മാർക്കുണ്ടായിരുന്നുവെന്നു വരാം.
എന്നാൽ തിരുവമ്പാടിക്ഷേത്രത്തിന്റെ തെക്കേ ഭിത്തിയിൽ കാണുന്ന,
“സ്വസ്തി ശ്രീഃ,
ശ്രീഗോഷ്ഠകൃഷ്ണാലയമണ്ഡപാനാം
ഗവാം ച കൃഷ്ണസ്യ ച ഭൂസുരാണാം;
നിവേശനാർത്ഥം കൃതവാൻ നവത്വ-
മാദിത്യവർമ്മാ പരവീരവീരഃ”
“അഹോ! ദൃഷ്ടാ ച ഗോശാലാഹ്യഹോ! ദൃഷ്ടഞ്ച മണ്ഡപം;
അഹോ! കൃഷ്ണാലയം ദൃഷ്ടമഹോ! വക്ഷ്യാമി കിംസഖേ!
ആദിത്യവർമ്മണാ രാജ്ഞാ കൃതമേതത്ത്രയം ജനാഃ;
പശ്യന്തു സസ്പൃഹം നിത്യം ഭജദ്ധ്വം കൃഷ്ണമാദരാൽ.”
എന്ന പദ്യങ്ങളിൽനിന്നു് അദ്ദേഹം ആദിത്യവർമ്മാഭിധനായിരുന്നുവെന്നു് സ്ഫടികംപോലെ തെളിഞ്ഞുകാണാം. എന്നാൽ ഈ ആദിത്യവർമ്മ ഇളമുറയായിരുന്ന കാലത്തു് നാടുവാണിരുന്നതു് രാമവർമ്മയല്ലായിരുന്നതിനാൽ, സന്ദേശഹരൻ ആ ആദിത്യവർമ്മയല്ലായിരുന്നുവെന്നു തീർച്ചയാണു്.
വടശ്ശേരി കൃഷ്ണൻകോവിലിൽ ഇങ്ങനെ ഒരു ശാസനം കാണുന്നുണ്ടു്.
“ശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണഗുരു-
സ്സാഹിത്യസംഗീതയോഃ
സ്മൃത്യർത്ഥാത്മപുരാണാശാസ്ത്രനിഗമാൻ
ജാനേ പ്രമാണാന്യപി
ഷട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണൈ-
ശ്ശോഭേകലാനാം കുല-
ന്യഭ്യാസേ യുധി ഭൂപതീംശ്ച വിജയേ
സർവാംഗ നാഥോസ്മ്യതഃ.”
“സാഹിത്യേ നിപുണാഃ കേചിൽ കേചിച്ഛാസ്ത്രേച കോവിദാഃ;
കേചിദ്ഗീതേ കൃതാഭ്യാസാഃ കേചിച്ഛസ്ത്രേ കൃതശ്രമാഃ.
ആദിത്യവർമ്മൻ, ഭവതാ സാമ്യമിച്ഛന്തി തേ കഥം?
പാരംഗതേന വിദ്യാനാമേകാം വിദ്യം സമാശ്രിതാം”
ഈ ശാസനത്തിന്റെ കാലം കൊ. വ. 508 ആയിരുന്നെന്നും തൽസ്ഥാപകൻ സർവാംഗനാഥബിരുദത്തോടുകൂടിയ ഒരു ആദിത്യവർമ്മ ആയിരുന്നെന്നും ഈ പദ്യങ്ങളിൽനിന്നു മനസ്സിലാക്കാേം. 505-ലെ വൈക്കം ക്ഷേത്രഗ്രന്ഥവരിയിൽ കാണുന്ന തൃപ്പാപ്പൂർ മൂപ്പു് ആദിത്യവർമ്മ രാജാവും അദ്ദേഹം തന്നെ ആയിരിക്കണം. ഈ ആദിത്യവർമ്മ സിംഹാസനാരോഹണം ചെയ്തതു് കൊ. വ. 511-ൽ ആയിരുന്നു. അതുകൊണ്ടു് സന്ദേശകാലം 486-നും 511-നും ഇടയ്ക്കായിരുന്നുവെന്നു് ഊഹിക്കാം.
“അഞ്ചാംപക്കം വരമിതു തുലോം വാരവും വീരമൌലേ!
നാളും നന്റേ നളിനവനിതയ്ക്കിമ്പനേ മുമ്പിലേതു്;
മേടം വേണാടരിൽ മകുടമേ! രാശിയും വാഗധീശൻ
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗം.”
എന്ന സന്ദേശശ്ലോകത്തിൽനിന്നു് ആ കൊല്ലം കർക്കടകവ്യാഴമായിരുന്നുവെന്നു വ്യക്തമാകുന്നു “സിംഹസ്ഥേ ചബൃഹസ്പതൗ” എന്ന ശാസനത്തിൽനിന്നു് 549-ൽ വ്യാഴം കർക്കടകത്തിലായിരുന്നുവെന്നു് അറിയാമെന്നുവരികിലും, അക്കാര്യം സ്വീകാര്യമല്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 486-നും 511-നും ഇടയ്ക്കുള്ള ഒരു കർക്കടകവ്യാഴം ആണു് നമുക്കുകിട്ടേണ്ടതു്. ഇവിടെ ഒരു ആക്ഷേപം ചിലർ പറയാറുണ്ടു്. ‘അഞ്ചാം പക്കം’ ഇത്യാദി ശ്ലോകത്തെ ഗൗരവമായി വിചാരിച്ചു് കാലം നിർണ്ണയിക്കാൻ പാടില്ലെന്നാണു് ആ ആക്ഷേപം. ‘പക്കവും നാളും വാരവും ഗ്രന്ഥനിർമ്മാണം ചെയ്യാറുള്ളതു്?’ എന്നു് ചില പണ്ഡിതന്മാർ ചോദിക്കുന്നു. എന്നാൽ ഇവിടെ ഗണിച്ചോ പഞ്ചാംഗം നോക്കിയോ അറിയേണ്ടതായി യാതൊന്നും പറഞ്ഞിട്ടില്ല. ആണ്ടുകളുടെ പ്രഭവവിഭവാദി നാമങ്ങൾപോലും പണ്ടുള്ളവർക്കെല്ലാം അറിയാമായിരുന്നു. മലയാളികൾ ഓരോ വർഷത്തേയും കർക്കടവ്യാഴം, മകരവ്യാഴം ഇങ്ങനെയുള്ള പേരുകളാലാണു് പറഞ്ഞുവന്നതു്. വ്യാഴം ഉച്ചസ്ഥനായോ നിചസ്ഥനായോ ഇരിക്കുന്ന വർഷങ്ങൾ അവർ പ്രത്യേകിച്ചു് ഓർക്കാതിരിക്കുകയുമില്ല. അതുപോലെ തന്നെ നാളും പക്കവും അറിയാത്തവരും ചുരുക്കമായിരുന്നു. അതിനുംപുറമേ നമ്മുടെ കവി ശുഭമുഹൂർത്തം നോക്കി കാവ്യനിർമ്മാണത്തിനു് ഇരുന്നതായി വിചാരിക്കുന്നതിൽ ആക്ഷേപവുമില്ല. എന്നാൽ, ഇവിടെ നാളും പക്കവും തിഥിയും ഒന്നും നോക്കേണ്ട ആവശ്യവുമില്ല. എന്തുകൊണ്ടെന്നാൽ 485 മുതല്ക്കു് 511-വരെയുള്ള ഇരുപത്തിയാറു കൊല്ലങ്ങൾക്കിടയിൽ കർക്കടകവ്യാഴം 490 മേടം ആയിരുന്നുവെന്നു് നിസ്സംശയം പറയാം.
10.28 ഗ്രന്ഥത്തിലെ വിഷയം
ഏറ്റുമാനൂർനിന്നു വടക്കുമാറി സിന്ധുദ്വീപം അഥവാ കടത്തുരുത്തു് എന്നൊരു സ്ഥലമുണ്ടു്. അവിടെ വീരമാണിക്കത്തു് എന്നുകൂടി പേരുള്ള മുണ്ടയ്ക്കൽ എന്നൊരു ഭവനമുണ്ടായിരുന്നു. ആ ഗൃഹത്തിൽ, ഉണ്ണുനീലി എന്നൊരു സ്ത്രീ തന്റെ ഭർത്താവുമായി ഉറങ്ങിക്കൊണ്ടിരിക്കേ ഒരു യക്ഷി വന്നു് നായകനെ എടുത്തു് ആകാശമാർഗ്ഗേണ തെക്കോട്ടു പുറപ്പെട്ടു. തിരുവനന്തപുരത്തിനു നേരേ മുകളിൽ എത്തിയപ്പോഴാണു് നായകൻ ഉണർന്നു് തന്റെ ദുർഘടസ്ഥിതി ഗ്രഹിച്ചതു്. അദ്ദേഹം അപ്പോൾ നരസിംഹമന്ത്രം ജപിക്കയാൽ, യക്ഷി ഭയപരവശയായി അദ്ദേഹത്തിനെ അവിടെ വിട്ടിട്ടു പൊയ്ക്കളഞ്ഞു. വലിയ കേടൊന്നും പറ്റാതെ നായകൻ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപമുള്ള ഒരു ഉദ്യാനത്തിൽ വന്നുവീണു. ദിക്കേതെന്നു് അറിയാതെ പരിഭ്രമിച്ചിരിക്കവേ, ക്ഷേത്രത്തിലെ പ്രഭാതസ്തുതി കേൾക്കയാൽ, ആ സ്ഥലം ഏതെന്നു് അദ്ദേഹം ഗ്രഹിക്കയും ക്ഷേത്രത്തിന്റെ വാതിൽ മടത്തിൽ കയറി ഇരിക്കയും ചെയ്യുന്നു. ആ അവസരത്തിൽ തൃപ്പാപ്പൂർ മൂപ്പായ ആദിത്യവർമ്മമഹാരാജാവു് അവിടെ എഴുന്നുള്ളുന്നു. നായകൻ അദ്ദേഹത്തിനെ നായികയുടെ അടുക്കലേക്കു് ഒരു സന്ദേശവും കൊടുത്തു് അയയ്ക്കുന്നു. ഇതാണു് പ്രസ്തുത ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.
10.29 പ്രതിപാദനരീതി
കവി നല്ല ആശയസമ്പത്തിയും തദനുരൂപമായ വചോവിലാസവും ഉള്ള ആളാണെങ്കിലും ഇക്കാവ്യം സന്ദേശകവികളെ ആക്ഷേപിക്കാനായി എഴുതിയതല്ലയോ എന്നു ശങ്കിക്കാൻ വഴി കാണുന്നുണ്ടു്. അസാംഗത്യത്തിൽ നിന്നു സാംഗത്യത്തെ ഉത്ഭാവനം ചെയ്ക എന്നതു് ഹാസ്യത്തിന്റെ വ്യവച്ഛേദകധർമ്മങ്ങളിലൊന്നാകുന്നു. നായകൻ വക്ഷോദേശത്തിൽ സുരതവ്യാകുലയായിരുന്ന നായികയെ വഹിച്ചുകൊണ്ടു് ഉറങ്ങവേ ആണല്ലോ, യക്ഷി വന്നു് അദ്ദേഹത്തിനെ അപഹരിക്കുന്നതു്. ഇവിടെ കവി ശുകസന്ദേശകാരന്റെ വിപ്രലംഭശൃംഗാരാവതരണരീതിയെ മന്ദമായി അപഹസിക്കുകയയാണു ചെയ്തിരിക്കുന്നതെന്നു തോന്നുന്നു. ഉറങ്ങിക്കിടന്നിരുന്ന നായികയെ യക്ഷി എടുത്തു മാറ്റിക്കിടത്തിയോ, അതോ നിലത്തു തള്ളിയിട്ടേച്ചു പോന്നോ എന്നുള്ളതു് ദൈവത്തിനുതന്നെ അറിയാം. നരസിംഹമന്ത്രം ജപിച്ച മാത്രയിൽ, നായകൻ യക്ഷിയുടെ പിടിയിൽ നിന്നു് വിമുക്തനാവുന്നു. എന്നാൽ താഴെ വീണു നുറുങ്ങിപ്പോവാഞ്ഞതും മന്ത്രശക്തിയാലായിരിക്കുമോ? യക്ഷി പരിഭ്രമത്തിനിടയിൽ നായകനെ നിലത്തു കൊണ്ടുവെച്ചിട്ടു പോയിരിക്കയില്ല; തീർച്ചതന്നെ. ഏതാണ്ടൊരു അസ്വാസ്ഥ്യം മാത്രം നായകനു വന്നുചേർന്നതേയുള്ളു. അങ്ങിനെ വരുത്തിയിരിക്കുന്നതു്, സന്ദേശത്തിനു് അവസരം ഉണ്ടാക്കാൻ വേണ്ടി മാത്രമാകുന്നു. ആപദ്ഗർത്തത്തിൽ പതിച്ചിരിക്കുന്ന അവസരത്തിൽ ഭക്തിയില്ലാത്തവർപോലും ഈശ്വരനാമത്തെ സ്മരിക്കാതിക്കയില്ല. എന്നാൽ ‘ശ്രീപത്മനാഭ’ എന്നൊരു വാക്കു് ഉച്ചരിക്കുന്നതായി കാണുന്നില്ല. അങ്ങിനെ ഇരിക്കെ യദൃച്ഛയാ ആദിത്യവർമ്മമഹാരാജാവു് അവിടെ എത്തുന്നു. അദ്ദേഹത്തിനെ സന്ദേശഹരനാക്കി വിടാൻ ആലോചിക്കുന്ന ഘട്ടം വരുമ്പോൾ ആരും ചിരിച്ചുപോകും. ആർത്തത്രാണം രാജധർമ്മംതന്നെയെങ്കിലും ഇങ്ങനെ വിരഹഖിന്നന്മാർക്കു വേണ്ടി, ഗൗരവമേറിയ പലേ ചുമതലകൾ വിട്ടിട്ടു്, മറ്റു രാജ്യത്തേക്കു പോകുക എന്നുള്ളതു്, ഒരു രാജാവിന്റെയും കർത്തവ്യകോടിയിൽപ്പെട്ടതല്ല. മുകിലപ്പടയുടെ കാലമാണു്. ആ അവസരത്തിൽ തനിച്ചു് ആളകമ്പടിയൊന്നും കൂടാതെ, ഒരു കാമിയെ ആശ്വസിപ്പിക്കാനായി വടമധുരയ്ക്കു പോകുക എന്നതു സംഗതമേയല്ല.
‘കാമാർത്താ ഹി പ്രകൃതികൃപണാശ്ചേതനാചേതനേഷ്ഠ’
എന്നു കാളിദാസൻ പറഞ്ഞിരിക്കുന്ന സമാധാനം ഇവിടെ യോജിക്കുന്നില്ല. ‘എവിടെ കാമുകനാം വിവേകം’? എന്നു് നമ്മുടെ കവിയും കാളിദാസനെ അനുകരിച്ചു ചോദിക്കുന്നുണ്ടു്. പക്ഷേ ഈ രണ്ടു കല്പനകൾക്കും തമ്മിൽ അജഗജാന്തരമുണ്ടു്. ഏതു നിലയിലുള്ള ഏതു കാമുകനായിരുന്നാലും, മഹിതപ്രഭാവനായ ഒരു രാജാവിനോടു് ഇങ്ങനെ പറയുന്ന കാര്യം സംഭാവ്യമേയല്ല. “ഈ രണ്ടു കാവ്യങ്ങളിലേയും നായികമാരുടെ നിലകൾക്കുള്ള ഉൽക്കർഷതാരതമ്യം രസജ്ഞന്മാർക്കുപോലും നല്ലവണ്ണം ആലോചിച്ചേ തീർച്ചപ്പെടുത്താൻ സാധിക്കൂ” എന്നു അഭിജ്ഞോത്തമനായ പ്രസാധകൻ പറഞ്ഞിരിക്കുന്നതിനോടു വിയോജിക്കാനേ തരമുള്ളു. ഉണ്ണുനീലി സന്ദേശം ഒരു ഹാസ്യകവനമല്ലെങ്കിൽ, അതിലെ നായികയെക്കാൾ തീർച്ചയായും മേഘസന്ദേശത്തിലെ നായികയുടെ നിലയ്ക്കുള്ള പുനസ്സമാഗമത്തിൽ പ്രത്യാശ വേരോടെ അറ്റു പോകത്തക്ക നിലയിലാണല്ലോ ഇവിടെ നായകനെ വേർപെടുത്തിയിരിക്കുന്നതും. മേഘസന്ദേശ നായികയ്ക്കു് ഒരു കൊല്ലത്തെ വിരഹദുഃഖമേ അനുഭവിക്കേണ്ടതായിട്ടുള്ളു എന്നു വരുത്തിയിരിക്കുന്നതുകൊണ്ടു്, അതിന്റെ കാഠിന്യത്തിനു് ഒരു കുറവും വരുന്നില്ല. ഉണ്ണുനീലിസന്ദേശത്തിലെ നായകനാകട്ടെ, ഒരു സന്ദേശം അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നുതന്നെ സംശയമാണു്. ഇങ്ങനെയുള്ള അസാംഗത്യങ്ങളിൽനിന്നൊക്കെ വന്നുകൂടുന്നതു് കവി തന്റെ സ്വാമിയും സഖാവുമായിരുന്ന ആദിത്യവർമ്മ മഹാരാജാവിന്റെ പ്രേരണ അനുസരിച്ചു് ഈവിധം ഒരു ഹാസ്യകവനം രചിച്ചതായിരിക്കണമെന്നു മാത്രമാണു്. ‘ആറല്ലോ ചൊല്ലാരസരണൗ സംസ്കൃതപ്രാകൃതനാം’ എന്നു തുടങ്ങി ഏഴെട്ടു ശ്ലോകങ്ങൾ കവി സന്ദേശഹരന്റെ സ്തുതിക്കായിച്ചെലവഴിച്ചിരിക്കുന്നതു തന്നെ മഹാരാജാവു് അദ്ദേഹത്തിന്റെ സ്വാമിയായിരുന്നു എന്നുള്ളതിനു് ഒരു ലക്ഷ്യമാകുന്നു. സന്ദേശഹരന്റെ പരാക്രമങ്ങളും മറ്റും വർണ്ണിച്ചിട്ടു് ഈ കാവ്യത്തിൽ യാതൊരു പ്രയോജനവുമില്ലല്ലോ. അദ്ദേഹത്തിന്റെ പരോപകാരതല്പരതയെ മാത്രമേ പ്രശംസിക്കേണ്ടതായിട്ടുള്ളു. അതാതു സ്ഥലവർണ്ണനകളിലും, ഗൗരവം വിട്ടു്, കവി കണ്ട പെണ്ണുങ്ങളുടെ കഥകളൊക്കെ എടുത്തുപറഞ്ഞിരിക്കുന്നതും നമ്മുടെ ഈ അഭ്യൂഹത്തെ ബലപ്പെടുത്തുന്നു.
എന്തായിരുന്നാലും കവി സാമാന്യനല്ലായിരുന്നു. പ്രശംസനീയമായ കവിതാകൗശലം എല്ലാ ദിക്കിലും കാണുന്നുണ്ടു്. “ഗ്രന്ഥം മുഴുവൻ വായിച്ചുതീരുമ്പോൾ പ്രസ്തുത കവിയുടെ വാഗ്വിലാസവും പദയോജനയിൽ ഉള്ള മധുരകോമളമായ പാടവവും വർണ്ണ്യാനുരൂപമായ വചനകൗശലവും വാച്യസൂച്യങ്ങളുടെ സമ്മിശ്രണവും എളുപ്പത്തിൽ വിട്ടുമാറാൻ ഭാവമുള്ളതായി തോന്നിയില്ല” എന്നു് മി: പി. കെ. നാരായണപ്പിള്ള പറഞ്ഞിട്ടുള്ളതു പരമാർത്ഥംതന്നെയാണു്. ‘പടുകൊലക്കാരി’യായ വസന്തത്തിനെ കവി വർണ്ണിച്ചിരിക്കുന്നതു നോക്കുക.
“തേന്മാവിന്മേൽപ്പരഭൃതകുലം ഭൃംഗമാലാകലാപം
മാരൻകൂരമ്പുള ചുഴലവും ചെമ്പകക്കാവുതോറും;
തെന്റൽക്കന്റുണ്ടിനിയ ബകുളേ കിംശുകേ കിംശുകാളീ
നാളീകത്താർനളിനിയിലവന്നെങ്ങു നോക്കാവുതെന്റു്.
കോകശ്രേണീവിരഹനിഹിതം തീനുറുങ്ങെന്റപോലെ
തൂകിത്തൂകിത്തൂഹിനകണികാം തൂർന്ന പൂങ്കാവിലൂടെ;
സ്തോകോന്മീലന്നളിനതെളിതേൻ കാളകൂകടാംബു കോരി-
ത്തേകിത്തോകപ്പവനനവനെച്ചെന്റുകൊന്റാൻ തദാനീം.”
കവി ഒരു ഭക്തൻ കൂടിയായിരുന്നുവെന്നു്,
“കാലിക്കാലിൽത്തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽ കലിതചികുരം പീതകൗശേയവീതം;
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലന്തവനിയതവും കോയിൽകൊൾകെങ്ങൾചേതഃ”
കോൾമയിർക്കൊള്ളാതെ ഈ പദ്യത്തെ ആർക്കും വായിക്കാൻ സാധിക്കയില്ല.
ഉത്തരസന്ദേശം അതിമനോഹരമായിട്ടുണ്ടു്. ഉണ്ണുനീലിയുടെ വിരഹദശയെ വർണ്ണിക്കുന്ന ഭാഗത്തുനിന്നും ചില ശ്ലോകങ്ങളെ ഇവിടെ ഉദ്ധരിക്കാം.
“എന്നോടുണ്ടാം പ്രഥമവിരഹവ്യാകുലം നൂനമിന്നോ
തന്വീമാലാ ശിശിരമഥിതം താമരപ്പൊയ്കപോലെ;
അന്യാകാരം വഹതി തിരുമെയ് മിക്കവാറും മൃഗാക്ഷി
മുന്നേ ലക്ഷ്മീം കിമു കുമുദിനീ യാതി ശീതാംശുഹീനാ.
കണ്ടിക്കാർമൽകുഴലിടകലർന്നങ്ങു ചിക്കിത്തുവർത്താ-
ഞ്ഞുണ്ടേപ്പാനായുടനുടനെഴും ദീർഘനിശ്വാസഖിന്നാ,
തൊണ്ടിച്ചെവ്വായ് നയനശഫരീനീലതാം നീലനേത്രം
തൊണ്ടിച്ചെവ്വാവടിവുമിയലാമശ്രുപാതാതിരേകാൽ.
വേണുശ്രീമന്മധുരവചനാം വീരമൗലേ സഖീം തേ
കാണക്കൂടുമ്പൊഴുതറിയലാമെങ്കിലും പങ്കജാക്ഷീം;
ക്ഷീണക്ഷീണാം വിഗതഹരിണാമിന്ദ്രദിക് ചന്ദ്രരേഖാം
കാണുന്നേരത്തതു കരുതിനോരന്യഥം മന്നിലാർപോൽ.
മറ്റും ചൊല്ലാം കുശൽമനസിജക്ലേശിനീം കുറ്ററുപ്പാൻ
ചുറ്റും മേവും നിജസഹചരീവർഗ്ഗമെൻവാർത്തകൊണ്ടു്;
മുറ്റും മാദ്ധ്വീം ചെവി നിറയുമാറങ്ങു തൂവും ദശായാ-
മിറ്റിറ്റോലും നയനസലിലം വീക്ഷതേ പ്രാണനാഥാ,
നീലക്ഷൗമം പുറ പുറയുമിട്ടുത്തമേ മെത്തമേലാ
നീലപ്പാത്തിൻ പരിചെഴുമിളത്തൂയലാം തൂലഭാജി
ചാലത്താലുറ്റുടനുടനുരുണ്ട സ്ഥിരസ്ഥനശയ്യാ
തോലിത്താഴത്തവശപതിതാ രോദിതി പ്രാണനാഥാ.
പണ്ടേപ്പോലെതെളിവിനൊടുണർന്നൊന്റെഴുന്നിറ്റിരുന്നേ
വണ്ടാർകോലക്കുഴലഴി കുളിർത്തൊന്റു നോക്കീട്ടു മന്ദം;
കേഴാതെ നീ കുളികുറിയിടെന്റിങ്ങനേ ചൂഴനിന്റ-
ത്തോഴീവർഗ്ഗേ വദതി ശയിതാ വാഥ കേളാതപോലെ.
ദേവീം നിദ്രാമഭിമതഫലപ്രാപണേ കല്പവല്ലീ-
മാവാഹിപ്പാൻ വദനകമലേ പീഠപൂജാം നിധായ;
സേവാഖിന്നാം നിജപരിജനം പോയ്ക്കിടക്കെന്റുണർത്തി-
പ്പൂവാർകോലക്കുഴലി വേറുതേ മീലയന്തീ ദൃശൗ വാ.
ദേവീ നിദ്രാമുപഗതവതീ ചാലനാൾ വേറിരുന്നോ-
രെന്നെക്കണ്ടിട്ടുപഗതമഹാനന്ദസന്ദോഹവേഗാൽ;
അർദ്ധാശോഷ സരഭസമുണർന്നാകുലാ ശോകസന്ധൗ
പണ്ടേതിൽക്കാൾ മുഴുകി മുറയിട്ടങ്ങനേ സംസ്ഥിതാ വാ.”
10.30 പുനം നമ്പൂരി
ഇദ്ദേഹം കോഴിക്കോട്ടു മാനവിക്രമ ശക്തൻതമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളിൽ ഒരാളായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
“താരത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരിത്താർബാണ! വൈരാകരനികരതമോമണ്ഡലീ! ചണ്ഡഭാനോ!
നേരെത്താതോരുനിയ്യാതൊടുകുറികളയായ്ക്കെന്നുകുളിക്കും-
നേരത്തിന്നപ്പുറം വിക്രമനൃവര! ധര ഹന്ത! കല്പാന്തതോയേ”
എന്ന ശ്ലോകം പുനം നമ്പൂരിയുടേതാകുന്നു. എന്നാൽ മാനവിക്രമൻ എന്ന പേരോടു കൂടിയ ശക്തൻ തമ്പുരാക്കന്മാർ കോഴിക്കോട്ട് ഒന്നിലധികമുണ്ടായിരുന്നു. മങ്ങാട്ടച്ഛന്റെ ഉപദേശാനുസൃതം പോർലാതിരി, വെള്ളാട്ടിരി മുതലായ രാജാക്കന്മാരെ പട വെട്ടി കീഴടക്കിയ സാമൂതിരി, ശക്തൻ എന്ന ഉപാധിയോടു കൂടിയ ഒരു രാജാവായിരുന്നു. അദ്ദേഹം പൊലനാടു്, ഏറനാടു്, നെടുങ്ങനാട് മുതലായ ദേശങ്ങളെ അടക്കി തന്റെ രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു. ഇതു് കൊല്ലവർഷം രണ്ടാംശതകത്തിലായിരുന്നു.
ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കൊച്ചിയെ ആക്രമിച്ച സാമൂതിരിയും ഒരു ശക്തൻ തമ്പുരാനായിരുന്നുവെന്നു് മലബാർചരിത്രത്തിൽനിന്നു കാണാം. അദ്ദേഹമാണു് ക്രി. പി. 1498-ൽ കൊടുങ്ങല്ലൂർ വെച്ചു് കൊച്ചീരാജാവുമായി ഉടമ്പടി ചെയ്തതു്. ആ ഉടമ്പടിപ്രകാരം അദ്ദേഹത്തിനു്, താൻ കീഴടക്കിയ ദേശങ്ങളുടെ ആധിപത്യം ലഭിച്ചുവത്രേ. കൊടുങ്ങല്ലൂർ ക്ഷേത്രം പണി കഴിച്ചതും തൃശ്ശിവപേരൂരിനെ തലസ്ഥാന നഗരിയാക്കിയതും ഈ സാമൂതിരിയായിരുന്നു. അദ്ദേഹം 1502-നും 1504-നും മദ്ധ്യേ കൊച്ചിയുമായി രണ്ടാമതും ഒരു യുദ്ധം നടത്തി വിജയം സമ്പാദിച്ചിട്ടുണ്ടു്. ഇതിനു പുറമേ പോർത്തുഗീസുകാരെ എതിർത്തുനിന്നതും കോലത്തിരിരാജ്യത്തു് രാജ്യാവകാശം സംബന്ധിച്ചുണ്ടായ വഴക്കു ശമിപ്പിച്ചു് ഒരു അവകാശിയെ രാജാവാക്കി വാഴിച്ചതും ഈ ശക്തൻതമ്പുരാനായിരുന്നു.
മാനവേദചമ്പുവിന്റെ കർത്താവായ സാമൂതിരിയും ഒരു ശക്തൻതമ്പുരാനത്രേ. അദ്ദേഹം 1663-ൽ കൊച്ചീരാജ്യത്തെ ആക്രമിക്കയുണ്ടായി. പുനം ഇവരിൽ രണ്ടാമത്തെ സാമൂതിരിയുടേയും അദ്ദേഹത്തിന്റെ അനുഗാമിയുടേയും സദസ്യനായിരുന്നുവെന്നു തോന്നുന്നു.
“ജംഭപ്രദ്വേഷി മുമ്പിൽ സുരവരസദസി
ത്വദ്ഗുണൗഘങ്ങൾ വീണാ-
ശുംഭൽപാണൗ മുനൗ ഗായതി സുരസദൃശാം
വിഭ്രമം ചൊല്ലവല്ലേ
കുമ്പിട്ടാളുർവശിപ്പെണ്ണകമലമുല-
ഞ്ഞൂ മടിക്കുത്തഴിഞ്ഞൂ
രംഭയ്ക്കഞ്ചാറുവട്ടം കബരിതിരുകിനാൾ
മേനകാ മാനവേദം”
എന്ന പദ്യത്തിൽ കാണുന്ന മാനവേദൻ മാനവേദചമ്പുവിന്റെ കർത്താവായിരിക്കണമെന്നില്ല. അതു് ശക്തൻതമ്പുരാന്റേയോ അദ്ദേഹം ഏറനാട്, നെടുങ്ങനാട് മുതലായ ദേശങ്ങളെ തന്റെ കീഴിൽ ഭരിക്കുന്നതിനായി ഏറാൾപ്പാട്, എടത്രാപ്പാട്, മൂന്നാർപ്പാട്, നെടുത്രാപ്പാട് എന്ന സ്ഥാനങ്ങളോടു കൂടി നിയോഗിച്ചിരുന്ന ഭാഗിനേയന്മാരിൽ ആരുടെ എങ്കിലുമോ പേരായിരുന്നു എന്നു വരാം. മാനവിക്രമൻ എന്നതു് കോഴിക്കോട്ടു രാജവംശത്തിലെ രാജാക്കന്മാർക്കുള്ള മാറാപ്പേരായിരുന്ന സ്ഥിതിക്കു് മാനവേദൻ മാനവിക്രമനും രണ്ടാളായിരുന്നുവെന്നു വരണമെന്നില്ല.
പതിനെട്ടരക്കവികളിൽ ഒരാളായ ചേന്നാസ്സു നമ്പൂരി തന്ത്രസമുച്ചയം നിർമ്മിച്ചതു് കൊല്ലവർഷം 604-ൽ ആയിരുന്നുവെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു് പുനത്തിന്റെ കാലവും ഏതാണ്ടു് അതേ കാലത്തുതന്നെ ആയിരിക്കണമെന്നും തീർച്ചയാണു്. പുനം ആ സദസ്സിൽ അരക്കവിയായി ഗണിക്കപ്പെട്ടതു് അദ്ദേഹത്തിന്റെ കവിതയ്ക്കു ഗുണം കുറഞ്ഞിരിക്കുന്നതുകൊണ്ടായിരിക്കയില്ല. അദ്ദേഹം പ്രായം കൊണ്ടു മാത്രമേ അരക്കവി ആയിരിക്കയുള്ളു. രാമാഭിഷേകകാലത്തു് പറങ്കിത്തൊപ്പി ധരിച്ചും ആളുകൾ വന്നിരുന്നതായി പറഞ്ഞിരിക്കുന്നതിനാൽ ആ കാവ്യം രചിച്ചതു്, വാസ്കോഡിഗാമയുടെ ആഗമനകാലമായ 673-നു ശേഷമായിരിക്കണം. ഈ ഒരു തെളിവുകൊണ്ടുതന്നെ, പുനം ചേന്നാസ്സുനമ്പൂരിയെക്കാൾ വളരെ ചെറുപ്പമായിരുന്നുവെന്നു് ഊഹിക്കാം. ഏതായാലും പുനം നമ്പൂരി ഉള്ളൂർ മി. പരമേശ്വരയ്യരും, കോളത്തേരി മി. ശങ്കരമേനോനും വിചാരിക്കുംപോലെ ആറാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നുവെന്നു് ഊഹിപ്പാൻ ഒരു നിവൃത്തിയുമില്ല. മി. ശങ്കരമേനോൻ പറയുന്നു:-
“ഈ പ്രൗഢഗ്രന്ഥം എഴുതിയ കാലത്തു് നമ്പൂരിക്കു് 50 വയസ്സിൽ കുറവില്ലെന്നു വിചാരിക്കുന്നതിൽ വലിയതെറ്റു വരുമെന്നു തോന്നുന്നില്ല. അതുകൊണ്ടു് പുനത്തിനും അക്കാലത്തു് ഏതാണ്ടു് അത്രതന്നേ വയസ്സു കാണും. അങ്ങിനെയാണെങ്കിൽ പുനം നമ്പൂരി കൊല്ലവർഷം 580-നു ശേഷം പ്രബന്ധരചനയിൽ ഏർപ്പെട്ടതായി വിചാരിക്കാം.”
ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന പ്രൗഢഗ്രന്ഥം തന്ത്രസമുച്ചയമാണു്. അങ്ങിനെ ഒരു ഗ്രന്ഥം രചിക്കുന്നതിനു് 50 വയസ്സിനു മേലേ സാധിക്കയുള്ളു എന്നു ഖണ്ഡിച്ചു പറയത്തക്ക വൈദ്യശാസ്ത്രപരിജ്ഞാനമോ ജ്യോതിശ്ശാസ്ത്രനൈപുണിയോ ഈയുള്ളവനില്ല. എന്നാൽ മുപ്പതു വയസ്സു തികയുന്നതിനു മുമ്പു് ഇതിനെക്കാൾ സഹസ്രാധികം മടങ്ങു് പ്രൗഢങ്ങളായ ഒട്ടുവളരെ ഗ്രന്ഥങ്ങളെ ഓരോരുത്തർ രചിച്ചിട്ടുള്ളതായി നാം അറിയുന്നുണ്ടു്; ശങ്കരഭാഷ്യം മുതലായവതന്നെ അതിനു ലക്ഷ്യങ്ങളാകുന്നു. മി: ശങ്കരമേനോന്റെ ഊഹം ശരിയാണെങ്കിൽ, പോർത്തുഗീസുകാരുടെ വരവുകാലത്തു്, അദ്ദേഹത്തിനു് 120-ൽപരം വയസ്സു് കാണണം. അതുകൊണ്ടു് പുനം കേവലം പ്രായംകൊണ്ടു മാത്രം അരക്കവിയായി ഗണിക്കപ്പെട്ടതാണെന്നും അദ്ദേഹം ജീവിച്ചിരുന്നതു് 600-നും 700-നും മധ്യേ ആയിരുന്നുവെന്നും മാത്രമേ തൽക്കാലം തീർച്ചപ്പെടുത്താൻ സാധിക്കയുള്ളൂ.
പുനത്തിന്റെ പേരും ജീവിതത്തെ സംബന്ധിച്ച വിവരങ്ങളും ഇപ്പോഴും അജ്ഞാതപ്രായമായിരിക്കുന്നു. ഈയിടയ്ക്കു് ഭരതചരിതം എന്നൊരു കേരളീയ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിന്റെ കർത്താവു് ഒരു കൃഷ്ണകവിയായിരുന്നുവെന്നും നമുക്കറിയാം. ചന്ദ്രോത്സവത്തിലും ആ കൃതിയിലും പൂർവകവികളെ സ്മരിച്ചിരിക്കുന്ന രീതികൾക്കു് അത്യന്തം സാദൃശ്യം കാണുന്നു. ചന്ദ്രോത്സവകർത്താവു് പുനത്തിന്റേയും ഒരു ശങ്കരന്റെയും രാഘവന്റെയും പേരുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നേയുള്ളു. അതുകൊണ്ടു് ഭരതചരിതം പുനത്തിന്റെ കൃതിയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പേരു് കൃഷ്ണനെന്നായിരുന്നുവെന്നും, ചന്ദ്രോത്സവകർത്താവു് പുനത്തിന്റെ ഒരു ശിഷ്യനായിരുന്നുവെന്നും ഊഹിക്കരുതോ? എന്നാൽ ആരുടേയും പേരിൽ പതിയാതെ കിടക്കുന്ന നാമധേയങ്ങളെ കണ്ടമാനം ഇഷ്ടമുള്ളവർക്കു പതിച്ചുകൊടുക്കുന്നതിനു് ധൈര്യമുള്ളവർക്കേ സാധിക്കൂ. അതുകൊണ്ടു് ഈ വിഷയത്തിൽ ചരിത്രാന്വേഷികളുടെ ശ്രദ്ധയെ ക്ഷണിക്ക മാത്രമേ ഞാൻ ചെയ്യുന്നുള്ളു. പക്ഷേ, ഒരു കാര്യം അവരെ ഓർമ്മപ്പെടുത്തേണ്ടതായിട്ടുണ്ടു്. കേരളത്തിൽ ശങ്കരകവികളെന്നപോലെ കൃഷ്ണകവികളും ഒന്നിലധികമുണ്ടായിരുന്നു പുരുഷകാരം എന്ന വ്യാകരണഗ്രന്ഥത്തിന്റേയും അഭിനവകൗസ്തുഭമാലയുടേയും ദക്ഷിണാമൂർത്തിയായിരുന്നുവെന്നാണു് അറിയുന്നതു്. മാനമേയോദത്തിന്റെ പ്രമേയപ്രകരണം രചിച്ച നാരായണഭട്ടതിരിയുടെ ഗുരുക്കന്മാരിൽ ഒരാൾ കൃഷ്ണനായിരുന്നുവെന്നു്,
‘കൃഷ്ണാൽകാവ്യാർത്ഥമീമാംസകപരിവൃഢതഃകാവ്യമാർഗ്ഗാവഗന്താ എന്ന ശ്ലോകപാദത്തിൽനിന്നും ഗ്രഹിക്കാം. ഈ നാരായണ ഭട്ടതിരി ദക്ഷിണഭോജനെന്ന പ്രസിദ്ധനായ ഒരു ശക്തൻതമ്പുരാന്റെ സദസ്യനുമായിരുന്നു.
“യൽകീർത്തിന്നർഹിമാതിഹന്തമഹതി ബ്രഹ്മാണ്ഡഭാണ്ഡോദരേ
യസ്യാജ്ഞാം പ്രണതൈഃ ശിരോഭിരനിശം ധത്തേ നൃപാണാം ഗണഃ;
സോയം നാടകതർക്കകാവ്യനിപുണഃ പ്രജ്ഞാതപാതഞ്ജലോ
ഭക്തശ്ചക്രിണി മാനവേദനൃപതിർജ്ജാഗർത്തിധാത്രീതലേ.
(മാനമേയോദയം)
എന്ന ശ്ലോകം നോക്കുക. കൃഷ്ണനാട്ടത്തിന്റെ കർത്താവായ സാമൂതിരിപ്പാടിന്റെ ഗുരുവും ഒരു കൃഷ്ണനായിരുന്നത്രേ. അതിനാൽ വളരേ ആലോചിച്ചേ ഈ വിഷയത്തിൽ എന്തെങ്കിലും പറവാൻ തരമുള്ളു.
10.31 പുനത്തിന്റെ കൃതികൾ
പുനത്തിന്റെ കൃതികളെപ്പറ്റിയും അഭിപ്രായവ്യത്യാസം ധാരാളമുണ്ടു്. ഇരുന്നൂറിൽപരം ഭാഷാചമ്പൂഗ്രന്ഥങ്ങൾ ഉള്ളതായിട്ടാണു് അറിവു്. അവയിൽ മിക്കവയും പുനത്തിന്റേതാണെന്നാണു് പറഞ്ഞുവരുന്നതു്.
‘ഗദ്യപദ്യൈരനേകൈഃ’ എന്ന ചന്ദ്രോത്സവ പദ്യഖണ്ഡത്തെ ആധാരമാക്കി നോക്കിയാൽ പുനം അനേകം ചമ്പുക്കൾ രചിച്ചിട്ടുണ്ടെന്നു കാണാം. നാരായണീയം ചമ്പുവിന്റെ അവതാരികയിൽ, ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് ഒരാൾ തന്നെയായിരിക്കണമെന്നും, അവ രണ്ടും പുനത്തിന്റെ കൃതികളായിരിക്കാൻ തരമില്ലെന്നും അഭിപ്രായപ്പെട്ട കോളത്തിരി മിസ്റ്റർ ശങ്കരമേനോൻ തന്നെ ഈയിടയ്ക്കു് ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ 15-ാം ഗ്രന്ഥാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ള രാമായണചമ്പുവിന്റെ അവതാരികയാൽ, നേരെ വിപരീതമായി ഇങ്ങനെ എഴുതിയിരിക്കുന്നു:-
“പുനം നമ്പൂരി എഴുതിയിരിക്കുന്ന സകല കൃതികളുടേയും ഒരു പട്ടിക ഇവിടെ കൊടുക്കാൻ സാധിക്കുന്നതല്ല. രാവണോത്ഭവം മുതൽ ശ്രീരാമന്റെ സ്വർഗ്ഗാരോഹണപര്യന്തമുള്ള സകല രാമായണകഥകളേയും, ഭാരതകഥകളേയും ഇപ്രകാരം എഴുതിയിരിക്കാനിടയുണ്ടെന്നു് ഊഹിക്കാൻ ചില ലക്ഷ്യങ്ങൾ ഇല്ലാതില്ല. ഇവയ്ക്കു പുറമേ, നാരായണീയം, രാജരത്നാവലീയം, ചെല്ലൂർനാഥോദയം മുതലായ അനേകം കഥകളേയും അദ്ദേഹം തന്നെ ചമ്പുക്കളായി എഴുതിയിട്ടുള്ളതായി വിചാരിക്കാവുന്നതാണു്.” ഇപ്രകാരമൊരു തകടംമറിച്ചിലിനു മതിയായ യുക്തിയൊന്നും അദ്ദേഹം എടുത്തു കാണിച്ചിട്ടുമില്ല. “ഒരു കൃതി പ്രാചീനമായിരിക്കയും ഗ്രന്ഥകർത്താവു് അജ്ഞാതനായിരിക്കയും ചെയ്താൽ പുനത്തിനു് ആ ഗ്രന്ഥവുമായി എന്തെങ്കിലും ഒരു സംബന്ധം കല്പിക്കയാണു് ഇപ്പോഴത്തെ പതിവു്” എന്നു് അങ്ങിനെ ചെയ്യുന്നവരെ അധിക്ഷേപിക്കാൻ പുറപ്പെട്ട മി. മേനോൻ ഇതാ ആ ആക്ഷേപഭാരതത്തേ സ്വയം പേറിയിരിക്കുന്നു. ഇതുവരെ ഉണ്ടായിട്ടുള്ളതും ഉണ്ടായിരിക്കാമെന്നു് ഊഹിക്കുന്നതും ആയ മിക്ക ചമ്പുക്കളും പുനത്തിന്റേതായിരിക്കണമെന്നു പറവാൻപോലും അദ്ദേഹം മടിക്കുന്നില്ല. കൊടിയവിരഹത്തിന്റെ കർത്താവു് പയ്യൂർ പട്ടേരിമാരിൽ ഒരാളായിരിക്കണമെന്നു് അതിന്റെ അവതാരികയിൽ പറഞ്ഞിട്ടു് ഇപ്പോൾ പറയുന്നതെന്താണെന്നു നോക്കുക:–
“രാജരത്നാവലിയത്തിലെ അനേകം ഭാഷാപദ്യങ്ങൾ കൊടിയവിരഹത്തിലും, അപ്രകാരം അതിലെ ചില പദ്യങ്ങൾ നാരായണീയം, കംസവധം, രാമായണം മുതലായ ചമ്പുക്കളിലും കാണുന്നുണ്ടു്. ഭാഷാപദ്യങ്ങൾ അന്യഗ്രന്ഥങ്ങളിൽനിന്നു് എടുത്തുചേർക്കുന്ന സമ്പ്രദായം ചമ്പൂകർത്താക്കന്മാർക്കില്ലാതിരുന്നതുകൊണ്ടു് ഈ വക കൃതികളെല്ലാം ഒരു കവിയുടേതാണെന്നു തന്നേ തീരുമാനിക്കേണ്ടിയിരിക്കുന്നു.”
മുമ്പു മുമ്പുണ്ടായ ചമ്പുക്കളിലെ പദ്യങ്ങൾ പിന്നീടുള്ളവർ പകർത്തിയതായി വരരുതോ എന്നു് ആരെങ്കിലും ചോദിച്ചേക്കുമെന്നു ശങ്കിച്ചിട്ടാണു് ഭാഷാപദ്യങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങിനെ ചെയ്യാറില്ലെന്നു നേരത്തേ പറഞ്ഞുവെച്ചതു്. മലയാള പദ്യങ്ങൾക്കു വല്ല ഭ്രഷ്ടും ഉണ്ടോ? അവയിലെ ആശയങ്ങളെ പകർത്താമെന്നുവരികിൽ, തങ്ങളുടെ ബഹുമതിക്കു പാത്രമായ കവികളുടെ ശ്ലോകങ്ങളെ ഉദ്ധരിക്കാൻ പാടില്ലാത്തതു് എന്തുകൊണ്ടു്? മോഷണമാകാം; സത്യം മാത്രം പാടില്ല. എന്തൊരു വിശേഷപ്പെട്ട നിയമമാണു്! വിശേഷിച്ചു് ഇവിടെ അതാതു കവികൾ തന്നെ ഉദ്ധരിച്ചതാണെന്നു വിചാരിക്കേണ്ട ആവശ്യമില്ലതാനും. ചാക്യാന്മാർ തമിൾനാടകക്കാർ ചെയ്യുംപോലെ അവസരോചിതമായി മറ്റു കാവ്യങ്ങളിലെ പദ്യങ്ങൾ കൂട്ടിച്ചേർത്തതാണെന്നു വരരുതോ? ഇപ്പോൾ കാണുന്ന ഗ്രന്ഥങ്ങളിൽ എന്തെല്ലാം ആരെല്ലാം കൂട്ടിച്ചേർത്തുകാണും. ശാകുന്തളം തന്നെ നിർണ്ണയസാഗരക്കാരുടെ പാഠത്തിൽനിന്നു് എത്രയോ ഭിന്നമായിരിക്കുന്നു അഭിരാമന്റെ പാഠം. ബംഗാളികളുടെ ശാകുന്തളത്തിനു് ദാക്ഷിണാത്യരുടേതിന്റെ ഇരട്ടിയിലധികം വലിപ്പമുണ്ടു്. കാളിദാസൻ ദേശംതോറും അധിവസിക്കുന്ന ഭിന്നഭിന്ന ജനതയുടെ രുചിഭേദമനുസരിച്ചു് അനേകമാതിരി ശാകുന്തളങ്ങൾ എഴുതിവെച്ചിരിക്കയല്ലല്ലോ. അതുപോലെ തന്നെ ചാക്യാന്മാർ ചിലതൊക്കെ കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകാണുമെന്നു വിചാരിക്കാവുന്നതാണു്. പരമാർത്ഥം പറയുന്നതായാൽ എല്ലാ ചമ്പുക്കൾക്കും ഒരേ കലയിൽ ഉണ്ടായ കായ്കൾക്കെന്നപോലെ പരസ്പരസാദൃശ്യം കാണുന്നുണ്ടു്. അതുകൊണ്ടുമാത്രം അവയെല്ലാം ഒരേ ആളുടേതാണെന്നു പറയാവുന്നതല്ല.
രാജരത്നാവലീയം കൊച്ചിയിലെ രാമവർമ്മരാജാവിന്റെ പ്രതാപാതിശയത്തേ വർണ്ണിക്കുന്ന ഒരു കാവ്യമാണു്. കോഴിക്കോട്ടു രാജാവിന്റെ ഒരു സദസ്യൻ അദ്ദേഹത്തിന്റെ പരമശത്രുവായിരുന്ന കൊച്ചീരാജാവിനെ പുകൾത്തി ഒരു കവിത നിർമ്മിച്ചുവെന്നു വിചാരിക്കുന്ന കാര്യം കുറേ പ്രയാസം തന്നെയാണു്. രാജരത്നാവലീയം കാശിക്കു് എഴുന്നള്ളിയ രാജവർമ്മരാജാവിന്റെ അപദാനങ്ങളെയാണു് വർണ്ണിക്കുന്നതെന്നുള്ള ഐതിഹ്യം ശരിയാണെങ്കിൽ, അദ്ദേഹം നാടുനീങ്ങിയതു് ‘ശാസ്താസ്വസ്ഥഃ പൃഥിവ്യാഃ’ എനഅന കലിദിവസത്തിനു തുല്യമായ 776 മേടം 21-ാനു ആയിരുന്നു. ഈ രാമവർമ്മരാരജാവിന്റെ അനുജനും അടുത്ത പിൻഗാമിയും ആയിരുന്ന വീരകേരളതമ്പുരാനത്രേ തെങ്കൈലാസനാഥോദയചമ്പുവിന്നു വിഷയമായ തൃശ്ശിവപേരൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയതു്. അതിനാൽ രാജരത്നാവലീയത്തിന്റേയും തെങ്കൈലാസനാഥോദയത്തിന്റേയും കർത്താവു് പുനമല്ലെന്നു തീർച്ചയാണു്.
നാരായണീയവും ഭാരതചമ്പുവും ഒരാളുടെ കൃതിയായിരിക്കണം.
“പാലാഴിത്തയ്യലാൾതൻതിരുനയനകലാ
ലോലലോലംബമാലാ
ലീലാരംഗം ഭുജംഗേശ്വരമണിശയനേ
തോയരാശൌ ശയാനം;
മേലേ മേലേ തൊഴുന്നേൻ ജഗദുദയപരി-
ത്രാണസംഹാദരക്ഷം
ലോലാത്മാനം പദാന്തപ്രണതസകലദേ-
വാസുരം വാസുദേവം.”
എന്ന മംഗളപദ്യം രണ്ടിലും കാണുന്നു. മറ്റൊരു കവിയുടെ മംഗളപദ്യത്തെ ആരും എടുത്തു് തന്റെ കൃതിയിൽ ചേർക്കുകയില്ല. ചാക്യന്മാരും ഈ വിഷയത്തിൽ കൈകടത്തിക്കാണുകയില്ലെന്നു സംശയം കൂടാതെ പറയാം. നാരായണീയം എന്ന പേരുകൊണ്ടു് കവിയുടെ നാമധേയവും നാരായണനെന്നായിരുന്നുവെന്നു് ഒരു ഊഹത്തിനു വഴിയുണ്ടു്. ഇരവിപുരഗ്രാമത്തിലെ ഒരു നാരായണകവി ആയിരുന്നിരിക്കാം രാമായണചമ്പുവിന്റേയും കർത്താവു് ഒരാൾ ആയിരിക്കില്ലെന്നു് മിസ്റ്റർ പരമേശ്വരയ്യരും സമ്മതിക്കുന്നുണ്ടു്. അദ്ദേഹം കല്യാണസൌഗന്ധികം ചമ്പുവിന്റെ അവതാരികയിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു:–
“കവനോദയം മാസികയിൽ …പത്തു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തീട്ടുള്ള ഭാരതചമ്പു ആ മഹാകവിയുടെ കൃതിയോ എന്നുള്ളതിനെപ്പറ്റി സന്ദേഹമുണ്ടു്.”
രാമായണചമ്പു പുനത്തിന്റെ കൃതിയാണെന്നാണു് പരക്കെയുള്ള വിശ്വാസം. ചെല്ലൂർ മാഹാത്മ്യവും ഒരുപക്ഷേ അദ്ദേഹത്തിന്റെ കൃതിതന്നെ ആയിരിക്കകാം.
10.32 രാമായണചമ്പു
പുനം രാമായണകഥ മുഴുവനും ചമ്പുക്കളായി രചിച്ചിട്ടുണ്ടു്. അവയിൽ ചിലതിനെ കൂട്ടിച്ചേർത്തു് ‘രാമായണചമ്പു’ എന്ന പേരിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടു് ഒരു വ്യാഴവട്ടത്തിൽ കൂടുതലായിരിക്കുന്നു. ആ പ്രസിദ്ധീകരണം അസമ്പൂർണ്ണമെങ്കിലും അതിനു് ചില വിഷയങ്ങളിൽ ഇപ്പോൾ ശ്രീ. മൂ. ഭാ. ഗ്രന്ഥാവലിയുടെ 15-ാം അങ്കമായി പ്രസിദ്ധപ്പെടുത്തീട്ടുള്ള ചമ്പുവിനെക്കാൾ മേന്മയുണ്ടായിരുന്നു. അതിന്റെ പ്രസാധകന്മാർ പാഠങ്ങളെ കണ്ടമാനം മാറ്റുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്രസാധകന്മാർക്കു പാഠഭേദം ചെയ്വാനുള്ള അധികാരമേ ഇല്ലല്ലോ. തങ്ങൾ ഉപയോഗിക്കുന്ന ആദർശഗ്രന്ഥങ്ങളിൽ കാണുംവിധം തന്നേ പകർത്തേണ്ട ജോലിയേ അവർക്കുള്ളു. പാഠാന്തരങ്ങളുണ്ടെങ്കിൽ ഫുട്നോട്ടിട്ടു ചേർക്കുന്നതാണു് കൊള്ളാവുന്നതു്. ശ്രീമൂലം ഗ്രന്ഥാവലിയിലെ രാമായണചമ്പു, പുനത്തിന്റേതെന്ന പോലെ ക്യൂറേറ്റർ ആപ്പീസുകാരുടേയും കൃതിയാണു്.
ഈ ഗ്രന്ഥത്തെ അടിമുതൽ മുടിവരെ വിമർശിക്കുന്നതിനു സ്ഥലം അനുവദിക്കുന്നില്ല. സീതാസ്വയംവരത്തെപ്പറ്റി മാത്രം അല്പം പറയാമെന്നു വിചാരിക്കുന്നു. അഹല്യാമോക്ഷം കഴിഞ്ഞു് ‘ഭാനുവംശോദ്ഭവാനാം മാണിക്യോത്തംസരത്ന’മായ ശ്രീരാമൻ, കുശികതനയാൽ മാനിതനായിട്ടു്, അനുജനോടുകൂടി,
‘നാനാലങ്കാരരഥ്യാവിപണിമണിഗൃഹ’യും
കൗതുകാലോതിലോകശ്രേണീപൂർണ്ണാന്തരാള’യും ‘ചാപോത്സവാഢ്യ’യും ആയ മിഥിലാപുരിയേ പ്രാപിക്കുന്നു. ജനകൻ അവരെ യഥോചിതം സല്ക്കരിക്കുന്നു. ഇവിടെ കവി ഒരു ശ്ലോകംകൊണ്ടു് ജനകന്റെ മാഹാത്മ്യത്തെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
‘കണ്ടാരഗ്രേ നരേന്ദ്രം ജനകമ്മലഭ-
ദ്രാസനേ ഭാസമാനം
തണ്ടാർമാതിൻകടാക്ഷാഞ്ചലകുവലയമാ-
ലാവിലോലാഖിലാംഗം;
കണ്ടോളം കാമ്യരൂപം പുകൾ പെരിയ പര-
ബ്രഹ്മസാക്ഷാൽക്രിയായാ
ഭണ്ഡാരം പാർശ്വഭാഗേ മരുവുമൊരു ശതാ-
നന്ദനാൽ നന്ദ്യമാനം.’
ജനകൻ രാജകുമാരന്മാരെ കണ്ടിട്ടു്
“അതിഗതൗ വിഷയം കിമിഹാശ്വിനൗ
നയനയോരഥ വാ നളകൂബരൗ
സവപുഷാവഥ കിം മധുമാധവൗ
കഥയ മേ മുനികുഞ്ജം, കാവിമൗ?”
എന്നു ചോദിക്കുന്നു. വിശ്വാമിത്രൻ രാമചന്ദ്രന്റെ അതുവരെയുള്ള ചരിത്രത്തെ സംക്ഷേപിച്ചു പറയവേ, അഹല്യാമോക്ഷ കഥ വന്നപ്പോൾ, ശമജലധിയായ ശതാനനൻ,
“………ഹന്ത ദിഷ്ട്യാ
ഭദ്രേണാനേന മാതാ മമ ഹതദുരിതാ
പ്രാപിത ഭർത്തൃപാർശ്വം” എന്നും, ജനകൻ
“അത്രയല്ലേ പുലമ്പുന്നിതു സുചിരമിമൗ
പശ്യതോ മാനസേ മേ
വത്സേ സീതോർമ്മിളേ സാമ്പ്രതം”
എന്നും പറഞ്ഞു പോയി. അനന്തരം രാജാവു് വിശ്വാമിത്രനുമായി സീതാസ്വയംവരത്തെപ്പറ്റി ആലോചിക്കുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെയെല്ലാം കവി മനോഹരമായി വർണ്ണിച്ചിട്ടുണ്ടു്.
“എട്ടാശാച്ചക്രവാളേ ശിവ! ശിവ! പൊടി പൊ-
ങ്ങിപ്പുഴങ്ങും ദശായാം
മുട്ടെക്കേൾക്കായ്ത്തുടങ്ങീ ജയവിരുതു വിളി-
ക്കുന്നതഗ്രേ നൃപാണാം;
ചട്ടറ്റീടുന്ന കൊറ്റക്കുടകളുമിളകീ-
ടും കൊടിക്കൂറ കാറ്റേ-
റ്റൊട്ടൊട്ടാടിക്കളിക്കുന്നതു ഗഗനതലേ
ഹന്ത! കാണായ്ച്ചമഞ്ഞു.”
“കുടകൾ തഴകളോരോന്നൊക്കെ നീളെപ്പിടിപ്പി-
ച്ചിടയിലിടയിൽ വീയിപ്പിച്ചു വെൺചാമരൗഘം;
ഉടനുടനപയാതാസ്താം പുരീം രാജസിംഹാഃ
പടുപടഹനിനാദൈഃ പൂരയന്തോ ദിഗന്താൻ.”
അടിയന്തിരത്തിനായി വന്ന രാജാക്കന്മാരെ ജനകന്റെ മന്ത്രി ഓരോരോ കൈനിലകളിൽ ഇരുത്തി, ‘അമ്ലാനാമോദമാലാഘുസൃണമൃഗമദാലേപതാംബൂല’ മുഖ്യങ്ങളായ പദാർത്ഥങ്ങളാൽ ഉപചരിക്കുന്നു. ‘പണശ്രദ്ധയാ’ ഒട്ടു വളരെ ഭൂദേവന്മാരും ചില പുഴവഴികളും മറ്റും കടന്നു് അവിടെ വന്നുചേരുന്നുണ്ടു്.
“മല്ലും തട്ടിത്തിമിർത്തുണ്ടൊരു പരിഷ; പരേ യഷ്ടിമാലംബ്യമേന്മേൽ
മെല്ലേ മെല്ലേ നടന്നും പെരുവഴിയിലിരുന്നും കുരച്ചും പ്രാകമം;
പല്ലെല്ലാംപോയവർഗ്ഗം പലപൊഴുതുരുവിട്ടുംപരേ; കാണിനേരം
നില്ലാതേഹന്ത! മൃഷ്ടാഷ്ടിയിലധികവിരൺപൂണ്ടുമണ്ടുന്നിതന്യേ”
“എണ്ണേറും വിത്തലോഭാൽ കതിചനസരസം
ബാലനാരീകദംബം
തന്നേ പൂണ്മാൻകൊതിച്ചങ്ങൊരുപരിഷ പരേ
ഹന്ത! ഹുംകാരവേഗാൽ
എന്നെക്കൈക്കൊൾകകത്തെന്നുയരെ മുറവിളി-
ച്ചും വശം കെട്ടുമല്ലോ
കണ്ണും ദിക്കും നുറുങ്ങില്ലൊരുകുറി മിഥിലാ-
ഗോപുരേ ജാതഹാസം”
കവി, ബ്രാഹ്മണനായിരുന്നിട്ടും, തന്റെ സമുദായശരീരത്തിൽ കടന്നുകൂടിയിട്ടുള്ള ദൂഷ്യങ്ങളെ എടുത്തുപറയുവാൻ മടിക്കുന്നില്ല. നമ്പ്യാരെപ്പോലെ, പുനവും ഒരു സമുദായപരിഷ്കാരകന്റെ നിലയിൽ കാണപ്പെടുന്നു.
“പയ്യെപ്പയ്യെത്തിരണ്ടു തദനു കുറുവടിത്തണ്ടുമായമ്മുരമ്പ-
ക്കയ്യന്മാരയ്യ! നീലപ്രഭൃതികളുമണഞ്ഞൂ; കയർത്തൊന്നിനൊന്നായ്;
കയ്യിൽ കൈകോർത്തുകെട്ടിപ്പിടലി പൊളികയും വീഴ്കയും ചാകയു കാൽ
കയ്യെന്നിത്യാദി പൊട്ടിത്തിറവിയ മുറയും ഘോഷമെന്തോന്നു ചൊൽവൂ”
ഇവിടെ നായന്മാരെയാണു് കവി മന്ദമായി ഒന്നു് ഉപഹസിച്ചിരിക്കുന്നതു്.
[16] “പ്രതിഭടവിഘടിനി, വിമതോച്ചാടിനി,
വിശ്വവശങ്കരി, ശത്രുഭയംകരി,
വനിതാമോഹിനി, കനകാവാഹിനി,
മന്മഥസംഗ്രമിമനുഭവബീജം,
ജ്വാലമാലിനി, ലീലാശാലിനി,
പഞ്ചശതാക്ഷരി, വഞ്ചനസാക്ഷിണി.”
ഇത്യാദി മന്ത്രങ്ങൾ ജപിച്ചു് ‘ചടുലം ചില വെടികളിളക്കി’ ‘മാലോകർക്കു വരുന്നതു താൻ കല്പിച്ചു വരുത്തുന്നതാണെന്നു്, എല്ലാവരോടും ഘോഷിച്ചുകൊണ്ടും,
“ആഢ്യത്തൊപ്പിയുമാട്ടിപ്പോരകി-
ലുക്കൻ വടിയും പാലും നെയ്യും
കൂട്ടിച്ചേർത്തുടനാനബ് ഭോഷ്ക്കുക-
ളൊക്കെ നിറപ്പാൻ മാനിച്ചുള്ള ക-
ടാഹംപോലെ വഡ്ഢിയുമായി
കഞ്ഞിപ്പുടവ കയർപ്പിച്ചും കൊ
ണ്ടാനബ ഭോഷ്ക്കുകൾ പലവുതരത്തിലെ-
ടുത്തുവെളിക്കു ജഗൽസു വിരിച്ചും
മാലോകർക്കു സഹിക്കരുതാത്തൊരു
വാനാറ്റംകൊണ്ടൊക്കെ നിറച്ചും’
‘സൗഭാഗ്യകരമായുഷ്യകരം സൗന്ദര്യപ്രദമഖിലാകർഷണ മംഗജ്ജൃംഭണമനുഭവസാരം കലിവിനാശനം’ മുതലായ മന്ത്രങ്ങൾ എഴുതിച്ചേർത്തിരിക്കുന്ന ഗ്രന്ഥക്കെട്ടുകളെ എടുത്തു നടക്കും ശിഷ്യജനങ്ങളും പരികർമ്മികളുമായി,
“ക്ഷോണീപാലഗൃഹങ്ങളിലഭയമ-
ണഞ്ഞും കൊട്ടത്തേങ്ങാ നിഖിലം
ചുട്ടുമുടിച്ചും കട്ടുഭുജിച്ചും
ഓന്തും ചൂണ്ടെലി ചേരത്തടിയൻ
വാലുമെറുമ്പും മായൂരശിഖാ
ഞാഞ്ഞൂലിത്തരമൊക്കെത്തക്കെ വ-
റുത്തുപൊടിച്ചച്ചുടലബ് ഭസ്മം
മേളിച്ചഴകൊടുമപിയുണ്ടാക്കിവി-
ശുദ്ധം ത്രിഭൂവനവശ്യമിതെന്നൊരു
പേരും ഭള്ളായ്ത്തീർത്തപ്രഭുജള
ധൂളി ജനത്തിനു ദത്വാ പൊന്നും
പണവും പച്ചേ ഝടിതി പറിച്ചും.”
‘മോന്തായത്തൊടു മുട്ടി നടക്കുന്ന’ മാന്ത്രികരെ കവി അതികഠിനം അധിക്ഷേപിച്ചിരിക്കുന്നു.
“കല്പനയുണ്ടു പിറന്നാൾതോറും
പത്മജനിന്നും മംഗലകലശം
പാർവതിയും പണ്ടെന്നെക്കൊണ്ടൊരു
മേളനഹോമം ചെയ്യിച്ചത്രേ
ഹരമൊടു തിരുവുടലർദ്ധം പറ്റീ”
എന്നിങ്ങനെ ഓരോ ഭോഷ്ക്കും പറഞ്ഞു നടക്കുന്ന അക്കൂട്ടരുടെ ഉപദ്രവം അക്കാലത്തും വർദ്ധിച്ചിരുന്നുവെന്നു വിചാരിക്കാം.
“കണ്ട മരുന്നു പറിച്ചുമരച്ചും
കടുകടെയുള്ളതരഞ്ഞീലെന്നി-
ട്ടിടയിലരച്ചും, വാതദ്വേഷിണി-
പിത്തവിരോധിനി, കഫവിധ്വംസിനി,
കല്യാണഘൃതം ധാന്വന്തരഘൃതം
മറ്റുമോരോരോ പേരും ചൊല്ലീ-
ട്ടൂശാന്താടികഷണ്ടിപെരുക്കാ-
ലെന്നിവ പോലുമൊഴിപ്പാനായി-
ട്ടാർക്കുമൊരിക്കലുമെങ്ങും പാർത്താ-
ലുതകാതവ ചില നല്ല മരുന്നുകൾ”
മുതലായവകൊണ്ടു് ദുർവ്യാപാരം ചെയ്തു് ‘അസുവും വസുവും’ കൂടി മുടിക്കുന്ന വൈദ്യകദംബത്തിനും കവി നല്ല സമ്മാനം കൊടുത്തിട്ടുണ്ടു്.
“പരലും പലകയുമഗ്രേവെച്ചും ഗണപതിവെച്ചും കലിദിനമൊത്തു
വരുത്തിക്കൂട്ടിപ്പാർക്കുന്നപ്പോൾ വിപരീതത്തൊടു വന്നതുകണ്ടു
മനസ്സുംകെട്ടു ചിരങ്ങും നുള്ളിജ്യാക്കളുമുരുവിട്ടുടനുടനുടനൊക്കെ
നിരത്തൂ, ചിന്നൂ, പന്തി പകുപ്പൂ, കൂട്ടൂ, കളവൂ, വയ്പൂ”
എന്നൊക്കെ ജപിക്കുന്ന ജൗതിഷികന്മാരും അവിടെ വന്നു കൂടിയത്രേ.
ഈ തിക്കിനും തിരക്കിനും ഇടയിൽ,
“ചിന്തീടും കാന്തി പൊന്നിൻതളികയിൽ വലമായ്
മാലയും വച്ചു താരിൽ-
ത്തന്വംഗീഭംഗി കൈക്കൊണ്ടരുവയർ നടുവേ
മിന്നൽപോലെ വിലോലാ;
കണ്ണിന്നാനന്ദധാരാ കമലശരപര-
ബ്രഹ്മവിദ്യേവ മൂർത്താ
ധന്യാ വന്നാളരങ്ങത്തതിമൃദുഹസിതാ
മൈഥിലീ മന്ദമന്ദം.”
ഏതാനും മനോഹരപദ്യങ്ങൾ കൊണ്ടും ഒരു ദണ്ഡകം കൊണ്ടും, കവി സീതാദേവിയുടെ ശരീരവർണ്ണന സാധിച്ചിരിക്കുന്നു.
“അല്ലോടിടഞ്ഞു പട തല്ലുന്ന കുന്തളസ-
മുല്ലാസികല്യ മലർമാലം
അല്ലൽപ്പെടുമ്മതികലയെവെല്ലുമൊരു
നിടിലതടഫുല്ലമൃഗമദതിലകജാലം
അലർബാണവിര്യനെറി വിളയാടുമോമൽമിഴി-
കലകൊണ്ടു കണ്ണിനനുകൂലം;
അലമമലകുഴയിണയിൽ വിലസുമണിമണിരുചിഭി-
രൊളിവിളയുമനുപമകപോലം;
ചെന്തൊണ്ടിയോടുപമ ചിന്തുന്ന വായ്മലരിൽ
മന്ദം മുളച്ചു ധൃതി ചോരം
ചെന്തളിരിനനുമിളിതചന്ദ്രകരതുലനകല-
രുന്നമൃദുമുറുവലുമുദാരം
ചിതറുന്ന കാന്തിതനിവദനം കലാധിപത
ശതകോടി തുല്യഗുണപൂരം
ചിതമുടയ ഗളവടിവുമതിലലിയുമതിലളിത
ഘുസൃണവലിവിലസിതമപാരം
ആക്രമപൊൽക്കടകവാർകങ്കണദ്യുതികൾ
പാകും കരാബ്ജമഭിരാമം
ആകുലിതമണികലശമാക മികുമണിമുലയി-
ലാകലിത നവകനകദാമം
അകളേബരന്നുമഴലകമേ വളർക്കുമിതു
നവരോമവല്ലരിനികാമം
അഖിലജനധൃതിഹൃതിയിൽ മികവുടയ കൊടി നടുവു-
മഹഹ! ശിവ! നയനസുഖധാമം
മാണിക്യകാഞ്ചിനെറി പേണിച്ച പട്ടവസ-
നാബദ്ധമുന്നതവിശാലം
മാനമെഴുമലർവിശിഖയാനരുചിജഘനതല
മാനമതി തുടയുമിതു മൂലം
മനസി പാദപത്മമനുവേലം
മണമുടയകബരിമുതലണികുഴലൊളിടമുഴുവ-
നനുപമിതഗുണജാലം”
സ്വയംവരകാലത്തു് കഷ്ടിച്ചെട്ടു വയസ്സുണ്ടായിരുന്ന സീതാദേവിയെ യൗവനവതിയായിട്ടാണു് കവി ഇവിടെ വർണ്ണിച്ചിരിക്കുന്നതു്. സീതാദേവിയെക്കണ്ടു് അവിടെ കൂടിയിരുന്ന രാജാക്കന്മാരെല്ലാം മന്മഥാവിഷ്ടചേതസ്സുകളായത്രേ. അവരുടെ ഉന്മാദമധുരങ്ങളായ ചേഷ്ടകളെ കവി മൂന്നു നാലു പദ്യങ്ങളാൽ ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു.
“ചിത്രം ചിത്രം തദാനീമൊരുവനണികരം-
കൊണ്ടു കേളീസരോജം
ബദ്ധാഭോഗം തിരിച്ചാൻ തെളിവൊടു മതിനേ-
രാനനാം വീക്ഷ്യ മോഹാൽ;
ഉൾത്തിങ്ങീടും പരാഗോല്ക്കരമിടതലധൂ-
ളിച്ച പുത്തന്മധൂളീം
വാക്ത്രാംഭോജേ തെറിപ്പിച്ചളികുലമഖിലം
ചാലയൻ മൂഢചേതാഃ.
ജാതോന്മാദം തദാനീമൊരു സരസവളു-
ക്കീന്നു നല്ലോരു ചവ്വാ-
താദായാദായ മേളിച്ചതിമണമിളകും
നാഗവല്ലീദലാന്തേ
മോദം പൂണ്ടാസ്വദിച്ചാനിടയിടയിൽ നറും
ചൂർണ്ണമുച്ചൈരെടുത്തും
വാർ തോഞ്ഞീടും കരണ്ഡാദ്വദനമലർ മിനു-
ക്കീ തുലോം ഭംഗിശാലീ.
അന്നേരം മറ്റൊരുത്തൻ ചെറിയൊരു പനിനീർ-
ക്കുപ്പിമെല്ലെന്നെടുത്ത-
ത്തന്വംഗീമൗലിതന്മേദുരജഘനഭരം
നോക്കി നോക്കി പ്രസാദീ;
തണ്ണീർ പോലെ കുടിച്ചാനൊരു തടിയനിരു-
ന്നാഗളം മധ്യമധ്യേ
തന്നഗം താപശാന്ത്യൈ തെളിവെഴുമിളനീർ-
കൊണ്ടുസിഞ്ചന്നശങ്കം.”
മിഥിലാപുരത്തു് ‘ഇളനീരും’ ഉണ്ടായിരുന്നത്രേ. ഒരു രാജാവു് അസിലതയെ ഉപേക്ഷിച്ചിട്ടും, മോഹാവേശം നിമിത്തം
അതു് നിജകരപരിഗളിതമാണെന്നു് അറിയാതെ, ഒരു ശൈലൂഷകനെപ്പോലെ ആത്മമുഷ്ടിയേ ഇളക്കിപോലും. മറ്റുള്ളവർ അതു കണ്ടു ചിരിച്ചിട്ടും, രാഗാന്ധചേതസ്സായ ആ തടിയൻ അറിഞ്ഞതേയില്ല. ഒരു രാജാവു്,
“തൂമച്ചിൽ പുർക്കു ശയ്യാനടുവിലിവളൊടും
ചേർന്നു പേമാരികൊണ്ടേ
ഹേമിക്കുന്നിന്നു മേലേ നിലയിൽ നിലവഴു-
ക്കുന്ന ജീമൂതകാലേ;
ഓമൽ പൂമെയ് പുണർന്നും പലവുരു പിശകി-
ച്ചോരിവായ്ത്തേൻ നുകർന്നും
കാമക്രീഡാ വളർത്താവിതു പുലരിവരേ
ഞാനെനിക്കൊത്തവണ്ണം”
എന്നു മനപ്പായസം കുടിച്ചു തുടങ്ങി. തത്സമയം ‘വചസാപ്രവീണ’യായ ധാത്രി ഭദ്രാസനസ്ഥരായ രാജാക്കന്മാരയെല്ലാം സീതാദേവിക്കു പറഞ്ഞുകൊടുത്തു. അനന്തരം ജനകാജ്ഞ അനുസരിച്ചു് സൗവിദല്ലൻ ശൈവചാപം അവിടെ ആനയിക്കയും,
“പൃഥ്വീപാസ്സംശൃണുദ്ധ്വം ധനുരിദമവിശം-
കം കുലചെയ്തു പൊട്ടി-
ച്ചുദ്യൽക്രീഡം വിളങ്ങും നരവരനധുനാ
ജാനകീ നൂനമേഷാ”
എന്നു് ഉച്ചൈസ്തരം വിളിച്ചു പറകയും ചെയ്തു. അതുകേട്ടു് അവരിൽ ഓരൊരുത്തരും പാപഭഞ്ജനത്തിന്നു് ഒരുമ്പെട്ടു. കർണ്ണാടരാജൻ ‘കാർമ്മുകസ്പർശമാത്രേണ വശം കെട്ടു കവിണ്ണു’ വീണു; മദ്രാധിരാജൻ ഭയപ്പെട്ടു മാറി; മഹാരാഷ്ട്രൻ മഹാഗോഷ്ടി കാട്ടി; കുന്തളേശൻ ‘കുതംകെട്ടു കുന്തിച്ചു’പോയി; തുലുഷ്കന്റെ മുഷ്കു ശമിച്ചു; (അന്നു തുലുഷ്കനുമുണ്ടായിരുന്നത്രേ) കേകയേന്ദ്രന്റെ കൈകാലൊടിഞ്ഞു. ഇപ്രകാരം വീരഭൂപാലന്മാരെല്ലാം “പോർവില്ലു തൊട്ടും, വലിച്ചും, കരുത്തോടെടുത്തും, വശംകെട്ടു വീണും, തദനീം വലഞ്ഞൊട്ടു കേണും, ത്രപാഭാരംകൊണ്ടു കുമ്പിട്ടിരുന്നും, ക്ഷണേനൈവ കൈകാലൊടിഞ്ഞും, സമാലോകൈസീതാം വിമോഹം പിണഞ്ഞും, നമുക്കിനി പെണ്ണു വേണ്ടേ വേണ്ട” എന്നു മടുത്തു പിൻവാങ്ങുന്ന കോലാഹലം അവർണ്ണ്യമത്രേ.
ഒടുവിൽ രാമൻ ചാപഭഞ്ജനത്തിന്നു് ഒരുങ്ങി. അപ്പോൾ,
“ആർത്തു നാനാജനൌഘം കനിവിനൊടിവനാ-
രെന്നു മോർത്തു വിശംകാം
തീർത്തു രാജന്യചൂഡാമണി മനസികുളുർ-
ത്തു വിദേഹാത്മജായാഃ;
വാഴ്ത്തീ വീണാപ്രവീണാ മുനി ഗഗനതലേ
വന്ദിവർഗ്ഗം പുകഴ്ത്തീ
താർത്തേൻ തൂകുന്ന വാചാ ദശരഥതനയേ
കാർമ്മുകാദാനലോലേ”
രാമൻ ജ്യാകർഷത്തോടുകൂടി സീതാമനഃകർഷണവും സാധിച്ചു; ചാപഭാഗത്തോടുകൂടി ക്ഷിതിഭൃത്തുകളുടെ ‘ദോസ്തംഭഡംഭവും’ ഭഗ്നമായി. ആ അവസരത്തിൽ വരണാമാലയും ധരിച്ചു കൊണ്ടുള്ള ദേവിയുടെ വരവിനെ കവി ഒരു ചിത്രത്തിലെന്നപോലെ ആലേഖനം ചെയ്തിരിക്കുന്നു.
“മന്ദീഭൂതേ ജനൗഘേ പരിമളബഹളം
കയ്യിലാദായ മാലാം
മന്ദാരാഭോഗമന്ദസ്മിതമധുരമുഖീ
മംഗലസ്ത്രീസമേതാ;
മന്ദം മന്ദം നയന്തീ ഘനജഘനഭരം
പ്രാഭൃതപ്രായമഗ്രേ
മന്ദാക്ഷാലംകൃതാക്ഷീ മനസിജകലികാ
മൈഥിലീ സാ നടന്നാൾ.
മൂളീടും ഭൃംഗപാളീവിവലനമധുരാം
മാലികാം കൈത്തലേ ചേ-
ർത്താളീദത്താവലംബാനിജതനുമഹസാ
രാഗമൃദ്യോതയന്തീ
വ്രീളാവേഗേന രാമാനനമിടയിടയിൽ-
ക്കട്ടുനോക്കി പ്രമോദ-
വ്യാലോലാ മെല്ലെ മെല്ലെന്നരികിലുപഗതാ
കോമളാഭ്യാം പദാഭ്യാം”
ദേവി മന്ദാക്ഷനമ്രയായി രാമചന്ദ്രന്റെ ഗളത്തിൽ മാലയിട്ട നേരം, ദിവ്യനാരീവിമുക്തവും പരിമളബഹുളവും ആയ പുഷ്പവർഷം അവരിൽ പതിഞ്ഞു.
അനന്തരം ജനകമഹാരാജാവു് ദശരഥനേയും മറ്റും ആനയിക്കാനായി ദൂതന്മാരെ അയച്ചു. ദശരഥൻ വസിഷ്ഠാദികളോടുകൂടി വന്നതിൽപ്പിന്നീടു് വിവാഹം മംഗളമായി നടത്തി. ആ അവസരത്തിൽത്തന്നെ ജനകൻ തന്റെ മറ്റു പുത്രിമാരെ ഭരതാദികൾക്കും വിവാഹം ചെയ്തു കൊടുത്തു.
സീതയ്ക്കു്, കണ്വൻ ശകുന്തളയ്ക്കെന്നപോലെ ചില ഉപദേശങ്ങൾ കൊടുക്കാതിരുന്നില്ല.
“യസ്യാസ്തേ ജനനീ സ്വയം ക്ഷിതിരിയം യോഗീശ്വരോയം പിതാ
വത്സേ! മൈഥിലി! ശിഷ്യതേ കഥയ കിം തസ്യാസ്സുജാതേസ്തവ
സ്നേഹാൽകേവലമുച്യതേ പുനരിദം സ്ത്രീണാം പതർദൈവതം
തദ്ഭൂയാസ്ത്വമുപാസ്യ ശർമ്മപരാച്ഛായേവ രാമാനുഗാ.
അഭ്യുത്ഥാനമുപാഗതേ ഗൃഹപതൌ തദ് ഭാഷണേ നമ്രതാ
തൽപാദാർപ്പിതദൃഷ്ടിരാസനവിധിസ്തസ്യോപചർയ്യാസ്വയം
സുപ്തേ തത്ര ശയീത, തൽപ്രഥമതോ ജഹ്യാച്ച നിദ്രാവതീ
പ്രാച്യൈഃ പുത്രി നിവേദിതാ കുലവധൂസിദ്ധാന്തധർമ്മാഹ്യമി.
സ്വച്ഛത്വം നഖകേശദന്തവസനാദീനാം സമസ്തക്രിയാ
ചാതുര്യം സ്മിതപൂർവമല്പമകടുവ്യക്തം ച സംഭാഷണം
ദാക്ഷിണ്യം വിനയസ്സുശീലവിഭവോ വക്രാദിവാക്യജ്ഞതാ
പ്രായോമീ കുലപാലികാസു മഹിതാ കല്യാണി നിത്യാഗുണാഃ”
നിർവ്യാജാ ദയിതേ’ ത്യാദി ശ്ലോകം ചേർത്തിട്ടു് അതിൽ നിന്നു വലിയ അർത്ഥവ്യത്യാസമില്ലാത്ത ‘ശുശ്രൂഷസ്വഗുരൂൻ’ എന്ന ശാകുന്തളപദ്യംകൂടി ഉദ്ധരിച്ചിരിക്കുന്നു. ഇതു് ചാക്യാന്മാർ ചെയ്തിട്ടുള്ളതാണെന്നു നിസ്സംശയം പറയാം.
“ഋദ്ധംത്രൈലോക്യമൊക്കെത്തരികിലുമുരിയാടായ്കമറ്റാരൊടും നീ
മുഗ്ദ്ധേ ചാടീടു ചെന്തീകനലിലപിപതിപ്രോഷിതാ നിർവിശങ്കം”
എന്നുകൂടി ഉപദേശിച്ചിട്ടാണു് ജനകൻ സീതയെ വിടുന്നതു്. ഈ ഉപദേശങ്ങൾ കേട്ടപ്പോൾ, ദേവിയുടെ ഹൃദയം ‘പുലരിയിൽ വിരിയും താമരപ്പൂവുപോലെ’ തെളിഞ്ഞു.
ഈ ഒരു ചമ്പുവിൽനിന്നു് പുനത്തിന്റെ കവിതയുടെ സ്വഭാവം ഏറെക്കുറെ അറിയാവുന്നതാണു്. ഉത്തമമണിപ്രവാളത്തിനു് ലീലാതിലകകാരൻ പറഞ്ഞിരിക്കുന്ന എല്ലാ ലക്ഷണങ്ങളും പുനത്തിന്റെ കവിതയ്ക്കുണ്ടു്. മാധുര്യപ്രസാദസമതാദിഗുണസമ്പന്നയും പ്രഫുല്ലമായ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ രൂഷിതമായ സുകുമാരാശയങ്ങളാൽ സമ്പുഷ്ടയുമായ പുനത്തിന്റെ കവിതാദേവി ‘ഭൂരിഭൂചക്രവാള’ത്തെ ഇന്നും മദിപ്പിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. പുനത്തിന്റെ ഫലിതത്തെപ്പറ്റി പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. അതു മലയാളബ്രാഹ്മണർക്കു് ഒട്ടുക്കുള്ള ഒരു വിശിഷ്ടഗുണമാണു്. ഫലിതം അപാരമായ ബുദ്ധിശക്തിയുടെ സന്താനമാകുന്നു. ബുദ്ധിശക്തിയിൽ അവരേ അതിശയിക്കത്തക്ക ഒരു സമുദായവും കേരളത്തിലില്ലതാനും.
ഈ പ്രകരണത്തിൽ ചമ്പുകളേപ്പറ്റി പൊതുവേ ചില സംഗതികൾ ഇവിടെ പ്രസ്താവിക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു. ചമ്പൂപ്രസ്ഥാനം സംസ്കൃതത്തിൽനിന്നു് ഭാഷയിലേക്കു സംക്രമിച്ചിട്ടുള്ളതാണു്. ‘ഗദ്യപദ്യാത്മകം കാവ്യം ചൂമ്പൂരിത്യഭിധീയതേ’ എന്നാണു് ചമ്പുവിന്റെ ലക്ഷണം. എന്നാൽ സംസ്കൃതത്തിലേയും ഭാഷയിലേയും ഗദ്യങ്ങൾക്കു് വ്യത്യാസമുണ്ടു്. ഭാഷാചമ്പുക്കളിലെ ഗദ്യത്തിനും ചില വൃത്തനിയമങ്ങൾ കാണുന്നു. താരതമ്യദർശനത്തിനായി സംസ്കൃതത്തിലേയും ഭാഷയിലേയും ഓരോ ഗദ്യഖണ്ഡത്തെ ചുവടേ ചേർക്കുന്നു:–
“തദനു ഭയവശസമുപഗതദധിമുഖവചനവിദിതമധുവന കദനപരിഗണിത ജനകദുഹിതൃദശനജനിതപ്രമദഭരഭരിതസ്തപനതനയസ്തത്രതനുവികൃതിമതനുത ദധിമുഖാഗമനനിമിത്തസമ്പത്തിം”
(ഭോജചമ്പു. സുന്ദരകാണ്ഡം)
“ഹരഹര! ശിവശിവ നാനാനഗരീതിലക-
മയോദ്ധ്യാനഗരിവിചാരേ
ബഹുവിധരത്നസമൂഹംകൊണ്ടും,
ജനപദമഹിളാചമയംകൊണ്ടും.
കൊടിക്കൂറകൾകൊണ്ടും നിറമണിയാ”
(രാമായണം ചമ്പു)
ഭാഷാചമ്പുക്കൾ സംസ്കൃതഗദ്യത്തിനു് വൃത്തബന്ധമില്ലെന്നു് ഓർത്തിരിക്കേണ്ടതാണു്. ‘അഥ സാ ലളിതതനുകാന്തിസമ്പദാ സുരസുന്ദരീരപിജയന്തീ, മന്മഥമഹാവീരവൈജയന്തീ’–എന്നിങ്ങനെ നീണ്ടുകിടക്കുന്ന സംസ്കൃതഗദ്യങ്ങൾ എല്ലാ ഭാഷാചമ്പുക്കളിലുമുണ്ടു്.
ഭാഷാചമ്പുക്കൾ കൂത്തിനും പാഠകത്തിനും ആയി രചിക്കപ്പെട്ടിട്ടുള്ള പ്രബന്ധങ്ങളാകയാൽ അവയ്ക്കു സംസ്കൃതചമ്പുകൾക്കില്ലാത്ത ഒരു വിശേഷഗുണം കാണുന്നു. അതായതു് അവയിൽ ഹാസ്യരസത്തിനു് കൂടുതൽ പ്രവേശം നൽകിയിരിക്കുന്നു. സമുദായത്തിൽ കടന്നുകൂടിയിട്ടുള്ള അനാശാസ്യങ്ങളായ ആചാരങ്ങളെ ആട്ടിപ്പായിച്ചു് കാണികളേ സദാചാരനിതന്മാരാക്കിത്തീർക്കുക എന്നൊരു വിലയേറിയ ചുമതല ചാക്യാർകൂത്തിനുണ്ടായിരുന്നു. അതുകൊണ്ടത്രേ ചമ്പൂകാരന്മാർ കാലദേശാദികളെ ഗണിക്കാതെ മലയാളികളെ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും കൊണ്ടുചെന്നുവിട്ടിട്ടു് അവരുടെ നടപടിപ്പിശകുകളെ കർക്കശമായ വിധത്തിൽ എടുത്തു വിമർശിച്ചു കാണുന്നതു്. നമ്പ്യാർ ഈ സംഗതിയിൽ ചമ്പൂകാരന്മാരെ അനുകരിക്കയേ ചെയ്തിട്ടുള്ളു.
ഭാഷാചമ്പുക്കൾ ആരംഭിക്കുന്ന രീതിയിലും അല്പം വ്യത്യാസമുണ്ടു്. സംസ്കൃതചമ്പുക്കൾ വായിച്ചുരസിക്കാനേ കൊള്ളു. ആ ഉദ്ദേശത്തോടുകൂടിയാണു് അവ രചിക്കപ്പെട്ടിരിക്കുന്നതും. അതുകൊണ്ടു് അവയിൽ കഥ തുടർന്നു പറഞ്ഞുപോകുന്നു. ഭോജചമ്പു എടുത്തുനോക്കുക. രാമായണത്തിലെന്നപോലെ അതിലും കഥയെ ആറുകാണ്ഡങ്ങളായി വിഭജിച്ചു പ്രതിപാദിച്ചിരിക്കുന്നു. പുനത്തിന്റെ ചമ്പുവിലങ്ങിനെയല്ല. അതിൽ ഓരൊ കാണ്ഡത്തേയും അനേകം ചമ്പുകളായിട്ടാണു് കവി രചിച്ചിരിക്കുന്നതു്. ചിലപ്പോൾ ഒരേ ചമ്പുവിനെത്തന്നെ രണ്ടു ഖണ്ഡങ്ങളാക്കിയും ചമയ്ക്കാറുണ്ടു്.
ഓരോ കഥയും ഒന്നോ അധികമോ മംഗളശ്ലോകങ്ങളോടുകൂടി ആരംഭിക്കുന്നു. മംഗളാചരണം കഴിഞ്ഞാൽ വസ്തുനിർദ്ദേശമായി. എന്നാൽ വസ്തുവിനെ നിർദ്ദേശിക്കുന്ന രീതി ഒന്നു പ്രത്യേകമാണു്.
“വാരാർന്നാസ്ഥാനരംഗേ വിരവിലിവിടെവന്നിങ്ങനെ നമ്മിലെത്തു-
ന്നേരം തോഴാ വിളങ്ങും മനസി മമ സദാ കുമ്പിതേവൻ പ്രസാദം;
ക്ഷീരാബ്ധൗ രാവണോപദ്രവവിവശതയാചെന്നു നാരായണോക്തം
നേരേകേൾക്കുംവിധംപണ്ടമരപരിഷദാമുള്ളിലുണ്ടായപോലേ”
ഇങ്ങനെ ഒരു തോഴനോടു പറയുന്ന മട്ടിലത്രേ കഥയെ അവതരിപ്പിക്കുന്നതു്. ഒരേ കഥയെത്തന്നെ രണ്ടു ഖണ്ഡങ്ങളായി വിഭജിച്ചാലും ഈ ചടങ്ങുകളെല്ലാം അവശ്യം അനുഷ്ഠിക്കണം. നൈഷധചമ്പുവിന്റെ ഉത്തരഭാഗം നോക്കുക. ഭാഷാചമ്പുക്കൾക്കുള്ള വേറോരു വിശേഷം അവയിൽ വർണ്ണനയ്ക്കു കഥാംശത്തേ അപേക്ഷിച്ചു് പ്രാധാന്യം നൽകിയിരിക്കുന്നു എന്നുള്ളതാണു്. ഫലിതരസപ്രധാനമായ വർണ്ണനകൾ നിയമേന ഭാഷയിൽതന്നെ ആയിരിക്കും. രസപ്രചുരമായ ഘട്ടങ്ങളെ ഗദ്യത്തിലാക്കുകയും പതിവില്ല. വർണ്ണനയ്ക്കു തന്മയത്വം വരുത്താനുള്ള ശ്രമത്തിൽ മിക്ക ചമ്പൂകാരന്മാരും സ്ഥലകാലാദികളെ വിസ്മരിച്ചുകളകയും ചെയ്യുന്നു. നൈഷധചമ്പുവിൽ, നൈഷധന്റെ കാലത്തു് ‘ഭാരതകഥായാമെന്നതൊഴിഞ്ഞക്കർണ്ണച്ഛേദംകേട്ടീലെ’ന്നും രാമായണചമ്പുവിൽ രാമാഭിഷേകം കാണ്മാൻ വന്നവരിൽ ചിലർ പറങ്കിത്തൊപ്പി ധരിച്ചിരുന്നുവെന്നും മറ്റും പ്രസ്താവിച്ചിട്ടുള്ളതു നോക്കുക.
പുനത്തിനു മുമ്പു് ആരെങ്കിലും ചമ്പുക്കൾ രചിച്ചിരുന്നോ എന്നു നിർണ്ണയിക്കാൻ തരമില്ല. എന്നാൽ ഈ പ്രസ്ഥാനത്തിനു് ഭാഷയിൽ ഇളക്കമില്ലാത്ത ഒരു നില നൽകിയതു് പുനമായിരുന്നുവെന്നു തോന്നുന്നു. രാമായണചമ്പുവിൽ, ഇതേവരെ രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമവിജയം, വിച്ഛിന്നാഭിഷേകം, രാമാഭിഷേകം, സീതാപരിത്യാഗം, അശ്വമേധം, സ്വർഗ്ഗാരോഹണം എന്നീ ചമ്പുക്കൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അത്യന്തം ശ്രവണസുഖപ്രദവും ഹൃദയരഞ്ജകവുമായ ഭാഷാസംസ്കൃതയോഗംകൊണ്ടും, ശബ്ദാർത്ഥങ്ങളുടെ സമീചീനമായ സമ്മേളനംകൊണ്ടും, സജീവങ്ങളും സങ്കല്പശക്ത്യുദ്ദീപകങ്ങളുമായ വർണ്ണനകൾ കൊണ്ടും, മൃദുലങ്ങളായ മനോഭാവങ്ങളുടെ യാഥാർത്ഥ്യത്തോടു കൂടിയ ഉല്ലേഖനം കൊണ്ടും പുനത്തിന്റെ ചമ്പുക്കൾ അദ്വിതീയങ്ങളായി വിലസുന്നു.
10.33 മഹീഷമംഗലം (മഴമംഗലം)
മഴമംഗലത്തെപ്പറ്റി ചില ഐതിഹ്യങ്ങൾ കേട്ടിട്ടുള്ള തല്ലാതെ വിവരമായി യാതൊന്നും അറിവില്ല. അദ്ദേഹം ഓത്തില്ലാത്ത ഒരു നമ്പൂതിരിയായിരുന്നെന്നും, ഒരിക്കൽ അദ്ദേഹം മറ്റു നമ്പൂതിരിമാരാൽ അധിക്ഷിപ്തനായിട്ടു് വിദേശത്തുചെന്നു് വേദങ്ങളും മറ്റും ശരിയായി അഭ്യസിച്ചതിന്റെ ശേഷം തിരിച്ചുവന്നപ്പോൾ, ഒരു യോഗം നടന്നുകൊണ്ടിരിക്കയായിരുന്നെന്നും, ഋത്വിക്കുകൾ മന്ത്രങ്ങൾ പിഴച്ചു ചൊല്ലുന്നതു കേട്ടു്, യാഗശാലയ്ക്കുള്ളിലേക്കു കടന്നു്, ‘മഴമംഗലം അകത്തു കടന്നാൽ പ്രായശ്ചിത്തം ചെയ്താൽ മതി, മന്ത്രം പിഴച്ചാൽ പ്രതിവിധിയില്ല’ എന്നു പറഞ്ഞിട്ടു് മന്ത്രം തിരുത്തി ചൊല്ലിക്കൊടുത്തുവെന്നും, അന്നുമുതല്ക്കു് അദ്ദേഹത്തിനും മലയാളബ്രാഹ്മണരുടെ ഇടയ്ക്കു് ഒരു മാന്യസ്ഥാനം ലഭിച്ചുവെന്നുമാണു് മറ്റൊരു ഐതിഹ്യം. വേറൊരു ഐതിഹ്യമുള്ളതു് കുറേക്കൂടി രസാവഹമാകുന്നു. അദ്ദേഹം ചെങ്ങന്നൂർ വാഴുമാവേലി പരമേശ്വരൻപോറ്റിയുടെ അടുക്കൽ പഠിച്ചുകൊണ്ടിരിക്കേ, ആ പോറ്റിയുടെ മകനും ജ്യോതിശ്ശാസ്ത്രവിശാരദനും ആയ ഒരു കൃഷ്ണപിള്ളയാൽ ആക്ഷിപ്തനായത്രേ. ഒരു ദിവസം കറുത്തവാവായിരുന്നു. കൃഷ്ണപിള്ളനമ്പൂതിരിയോടു് “തിരുമേനീ, ചന്ദ്രൻ എത്ര ഉയർന്നുനിൽക്കുന്നു എന്നു നോക്കണം” എന്നു പറഞ്ഞതു കേട്ടു്, ആ സാധു മുറ്റത്തിറങ്ങി പടിഞ്ഞാറോട്ടു നോക്കിയത്രേ. അദ്ദേഹത്തിന്റെ ഈ മൂർഖത കണ്ടു് കൃഷ്ണപിള്ള ചിരിച്ചപ്പോഴാണു് മഴമംഗലത്തിനു കാര്യം മനസ്സിലായതു്. അന്നു മുതല്ക്കു് ജ്യോതിശാസ്ത്രം പഠിക്കാൻ അദ്ദേഹം തീർച്ചപ്പെടുത്തി. പരമേശ്വരൻപോറ്റി ഒരുനല്ല ജൗതിഷകനായിരുന്നു. നമ്മുടെ നമ്പൂതിരി അചിരേണപോറ്റിയെപ്പോലും അതിശയിക്കത്തക്കവണ്ണം സമർത്ഥനായി. മഴമംഗലത്തിന്റെ ഉദ്ദേശ്യം ഗുരു നല്ലപോലെ ധരിച്ചിരുന്നു. അതുകൊണ്ടു്, ഗുരുദക്ഷിണയ്ക്കായി മഴമംഗലം ഭാവിച്ചപ്പോൾ ‘എനിക്കു് ഒന്നും ആവശ്യമില്ലാ; എന്റെ പ്രിയപുത്രനെ അവമാനിക്കാതിരുന്നാൽ മാത്രം മതി’ എന്നു പോറ്റി പറഞ്ഞു. ഈ വാക്കുകൾ മഴമംഗലത്തിനെ സങ്കടപ്പെടുത്തിയെന്നു പറയേണ്ടതില്ലല്ലോ. “ഗുരോ! അങ്ങനെയാണെങ്കിൽ ഞാൻ എന്തിനാണു് ഈ ശാസ്ത്രം ഇത്ര ബുദ്ധിമുട്ടി പഠിച്ചതു്?” എന്നു ശിഷ്യൻ ചോദിച്ചപ്പോൾ, ‘ലോകോപകാരത്തിനു വേണ്ടിയാണു് ശാസ്ത്രം അഭ്യസിക്കേണ്ടതു്. പരപീഡനത്തിനായിട്ടല്ല’ എന്നു ഗുരു അഭിപ്രായപ്പെട്ടു. അപ്പോൾ മഴമംഗലം പറഞ്ഞു:–
“ഇല്ല. ലോകോപദ്രവത്തിനായി ഞാൻ യാതൊന്നും ചെയ്കയില്ല. ലോകോപദ്രവം വരുത്താതെ നോക്കാൻ എനിക്കു് അനുവാദം തന്നാൽ മാത്രം മതി. കൃഷ്ണപിള്ള നൂറുകൊല്ലത്തെ പഞ്ചാംഗം ഗണിച്ചുവെച്ചിട്ടുണ്ടു്. അതിനെ തീയിലിട്ടു ചുടണം. അല്ലെങ്കിൽ അതു ലോകോപദ്രവകരമായിത്തീരും.”
“അതെന്തുകൊണ്ട്?”
“മുഹൂർത്തങ്ങൾക്കു് ഇടിമുഴക്കം ഉണ്ടാകും.”
“അങ്ങിനെവരികയില്ല. ഞാൻകൂടി പരിശോധിച്ചിട്ടുണ്ടല്ലോ?”
“ഞാൻ തെളിയിച്ചുതരാം.”
ഈ സംഭാഷണത്തിന്റെ ഫലമായി നടത്തിയ പരീക്ഷണത്തിന്റെ മഴമംഗലം തന്നെ ജയിച്ചു. മുഹൂർത്തിനു് അദ്ദേഹം പറഞ്ഞതുപോലെ ഇടിമുഴക്കമുണ്ടായി. അതിന്റെ ശേഷം ആ പഞ്ചാംഗത്തെ നശിപ്പിക്കയും തൽസ്ഥാനത്തു് മഴമംഗലം ഒരു പുതിയ പഞ്ചാംഗം ഗണിച്ചു വെയ്ക്കുകയും ചെയ്തുവത്രേ.
മഹിഷമംഗലത്തിന്റെ ഗുരു ചെങ്ങന്നൂർ വാഴുമാവേലി പോറ്റിയായിരുന്നു എന്നുള്ളതിനു ലക്ഷ്യങ്ങൾ ഉണ്ടു്. മാത്തൂർപോറ്റിയുടെ മുഹൂർത്തപദവിക്കു് മഹിഷമംഗലം എഴുതിയ വ്യാഖ്യാനത്തിൽ,
“വാണിമാതിനെ വന്ദിച്ചു ഗുരുംച പരമേശ്വരാ
മുഹൂർത്തപദവീമദ്യ ഭാഷയായ് വ്യാകരോമ്യഹം”
എന്നു് ഗുരുവിനെ വന്ദിച്ചിട്ടുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ ‘ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ മുഹൂർത്തപദവീവ്യാഖ്യാനേ ബാലശങ്കരനാമ്നി ഷട്ത്രിംശത് ശ്ലോകാത്ഥസംഗ്രഹേ തൃതീയപരിച്ഛേദഃ സമാപ്തഃ’ എന്നു കാണുന്നതിനാൽ മഴമംഗലത്തിന്റെ പേരു് ശങ്കരനായിരുന്നുവെന്നു് വിചാരിക്കാം. ഭാഷാകാലദീപത്തിന്റെ അവസാനത്തിലും അദ്ദേഹം ഗുരുവിനെ വാഴ്ത്തീട്ടുണ്ടു്.
“അസ്തി ശോണാചലഗ്രാമവാസ്തവ്യോ ദ്വിജപുംഗവഃ
ദയാലുസ്സർവ്വഭൂതേഷു ദേവാരാധനതല്പരഃ
ദൈവജ്ഞസ്തൽപദാംഭോജമകരന്ദനിഷേവണാൽ
ഭ്രാന്തചിത്തേന കേനാപി രചിതന്തദ്ദ്വിജന്മനാ
ദീപകം വിലുസത്വേതച്ചിരായ ധരണീതലേ.”
ഇവിടെ ഏതദ്ഗ്രന്ഥത്തിന്റെ കർത്താവു് ശോണാചലഗ്രാമ (ചെങ്ങന്നൂർ) വാസിയായ ഒരു ബ്രാഹ്മണശ്രേഷ്ടന്റെ അന്തേവാസിയും ബ്രാഹ്മണനും ആണെന്നേ പറഞ്ഞിട്ടുള്ളുവെങ്കിലും അദ്ദേഹം പെരുവനഗ്രാമവാസി കൂടിയായിരുന്നുവെന്നു് ‘ഊട്ടില്ലാ പെരുവനേയുള്ള ബ്രാഹ്മണർ മിക്കതും’ എന്നിങ്ങനെ പെരുവനത്തെക്കാര്യം പ്രത്യേകം ചില സ്ഥലങ്ങളിൽ എടുത്തുപറഞ്ഞിരിക്കുന്നതുകൊണ്ടു് ഊഹിക്കാം. സംസ്കൃത കാലദീപവ്യാഖ്യാനത്തിന്റെ അവസാനത്തിൽ ‘എന്റെ വാഴുമാവേലിക്കു നമസ്ക്കാരം’ എന്നു്കൂടി പറഞ്ഞിട്ടുമുണ്ടു്.
മഴമംഗലം ജനിച്ചതു് 800-ാമാണ്ടിടയ്ക്കായിരുന്നുവെന്നും അദ്ദേഹം മാനവേദചമ്പിന്റെ കർത്താവായ കോഴിക്കോട്ടു ശക്തൻതമ്പുരാന്റെ സദസ്യനായിരുവെന്നും മി: ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ മഴമംഗലത്തിന്റെ കാലം അത്ര അർവാചീനമാണോ എന്നു സംശയമാകുന്നു. മുഹൂർത്തപദവിയുടെ വ്യാഖ്യാനത്തിൽ കാണുന്ന,
“ദേവോപി നദ്ധഃ കപടീഹരോസൗ
പ്രഭാവനസ്തിക്യദിനാരിയുക്തഃ
കോളംബകാലാദ്ദ്യുഗണയ്യസിംഹാൽ
മദ്ധ്യാധിമാസഃ പുനരേവമേവ.”
എന്ന പദ്യം അദ്ദേഹത്തിന്റേതായിരിക്കാനേ തരമുള്ളു. അങ്ങിനെ ആണെങ്കിൽ കൊ..വ. 724-മാണ്ടു് അദ്ദേഹം ജീവിച്ചിരുന്നുവെന്നു തീർച്ചതാണു്. ഭാഷാകാലദീപകത്തിൽ,
“നീലോധനേശോനതനുർദ്ദിശസ്തവം
പ്രഭാവനാസ്തിക്യജനാനിസംയുതം
വിലിപ്തികാദ്യോയമിനസ്യമദ്ധ്യമേ
യാദ്രിശിഗസ്തഗതോധിമാസക.”
ഈ പദ്യവും മഹിഷമംഗലത്തിന്റെ കാലനിർണ്ണയത്തിനു് ഉപകരിക്കുന്നു. ഈ ലക്ഷ്യങ്ങളെ വച്ചുനോക്കിയാൽ അദ്ദേഹം ജനിച്ചതു് 670-നു് അപ്പുറമായിരിക്കയില്ലെന്നാണു കാണുന്നതു്. ഇക്കാലത്തു് കൊച്ചിയും സാമൂതിരിയും തമ്മിൽ തുടരെത്തുടരെ യുദ്ധം ഉണ്ടായിക്കൊണ്ടിരുന്നു. സാമൂതിരി എത്ര ശ്രമിച്ചിട്ടും പെരുവനഗ്രാമക്കാരെ കൊച്ചീരാജാവിന്റെ പാർശ്വത്തുനിന്നു് അകറ്റി തന്റെ വശത്താക്കുന്നതിനു സാധിച്ചില്ലെന്നു് കൊച്ചീരാജ്യചരിത്രത്തിൽ കാണുന്നു. 813-മുതല്ക്കു് 834-വരെ വാണ കോഴിക്കോട്ടു ശക്തൻതമ്പുരാനാണു് നെടിയിരിപ്പുസ്വരൂപത്തിന്റെ ക്ഷയോന്മുഖമായ ശക്തിയെ പുനരുജ്ജീവിപ്പിച്ചതു്. പെരുവനഗ്രാമത്തിന്റെ മേൽക്കോയ്മ സാമൂതിരിക്കു ലഭിച്ചതു് 892 ധനു 6-ാം തിയതിയിലെ ഉടമ്പടിയാലുമാകുന്നു. ഇങ്ങനെ സാമൂതിരിയോടു പിണങ്ങിനിന്ന പെരുവനഗ്രാമത്തിലെ ഒരു നമ്പൂരി കോഴിക്കോട്ടു രാജാവിനെ ആശ്രയിച്ചു ജീവിച്ചുവെന്നു വിചാരിക്കാൻ നിവൃത്തിയില്ല.
10.34 ഉലകുടയപെരുമാൾപാട്ട്
മഴമംഗലത്തിന്റെ കൃതികൾ
അദ്ദേഹം മുഹൂർത്തപദവി ഭാഷാ, ഭാഷാകാലദീപം തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങളും, ആശൗചം ഭാഷ മുതലായ സ്മൃതികളും, സംസ്കൃതത്തിൽ ഒരു ഭാണവും രചിച്ചിട്ടുണ്ടു്. അവയെപ്പറ്റി ഇവിടെ പ്രസ്താവിക്കേണ്ട ആവശ്യമൊന്നുമില്ല. ഭാഷയിൽ അദ്ദേഹം രചിച്ചിട്ടുള്ള പ്രധാന ഗ്രന്ഥം ഭാഷാനൈഷധ ചമ്പുവാകുന്നു.
10.35 നൈഷധചമ്പു
ഈ ചമ്പുവും, മംഗലാചരണത്തോടുകൂടി ആരംഭിക്കുന്നു!
“അമ്പത്തൊന്നക്ഷരാളീകലിതതനുലതേ വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ-
സമ്പത്തേ കുമ്പിടുന്നേൻ കുഴലിണനലയാധീശ്വരീ വിശ്വനാഥേ!”
എന്ന പ്രസിദ്ധശ്ലോകം ഈ കാവ്യത്തിലുള്ളതാണു്. മഴമംഗലം ഒരു നല്ല മണിപ്രവാളവ്യാപാരിയായിരുന്നുവെന്നു് ഈ പദ്യത്തിൽനിന്നു കാണാം. അതിനടുത്ത പദ്യവും അതിശയമാകുംവണ്ണം മധുരമായിരിക്കുന്നു.
“പാലംഭോരാശിമധ്യേ ശശധരധവളേ ശേഷഭോഗേ ശയാനം
മേളംകോലും കളായദ്യുതിയൊടു പടതല്ലുന്ന കാന്തിപ്രവാഹം
നാളന്നേറിത്തുളുമ്പും നിരുപമകരുണാഭാരതിമ്യൽകടാക്ഷ-
ന്നാളീകത്താരിൽമാതിൻകുളുർമുലയുഗളീഭാഗധേയം ഭജേഥാഃ”
ഈ മാതിരി പദ്യങ്ങൾ ഏതു ഭാഷാസാഹിത്യത്തിനും അഭിമാനജനകമായിട്ടുള്ളതാകുന്നു.
അനന്തരം ‘വിദ്യാസാരസ്യരാശേ’ ഇത്യാദി പദ്യങ്ങളാൽ, സാധാരണ ചമ്പൂക്കാരന്മാരുടെ രീതി അനുസരിച്ചു് കഥാവസ്തുവിനെ നിർദ്ദേശിച്ചിട്ടു് നളന്റെ പ്രതാപാതിശയത്തെ രണ്ടു ശ്ലോകങ്ങളാലും ഒരു ദീർഘമായ ഗദ്യത്താലും ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു.
ഹരഹര ശിവശിവ ചിത്രം ചിത്രം നിഷധനൃപാന്വയമകുടീരത്നം
ധാത്രീചക്രം കാത്ത ദശായാം സപ്തപയോധരഭൂധരകാനന
പത്തനജാലപരിഷ്കൃതമാകിയ പൃത്ഥ്വീഭാരമവങ്കലിറക്കി-
ദ്ദിക്കരിപാളയുമദ്രിപ്രവരരുമഹികുലനാഥനുമാദിമകമഠവു-
മതുതോളിതുതോളിതുമാറിർത്ഥംഗളനാളങ്ങൾതിരിച്ചുതിരുമ്മിയു-
മെത്രകൊതിച്ചൊരുവിസ്മയസൗഖ്യം വിശ്വാസായ ചിരായഭജി”ക്കുന്നുവത്രേ
“ഉത്തരളദ്യുതിമെത്തീടുന്നണി
പുകൾ നിറമൊന്നും പുത്തൻചന്ദ്രിക
നിത്യം തട്ടിക്കൂമ്പീടുന്നൊരു
നാഭീനളീനഗൃഹോദരമദ്ധ്യേ
നീരജഭവനാം നീരസകുലമണി നിയതമകപ്പെട്ടതു” കണ്ടു് ഇനി തനിക്കു ഭർത്താവുമായി യഥേഷ്ടം രമിക്കാമല്ലോ എന്നു വിചാരിച്ചു സന്തുഷ്ടയായിട്ടു്, ‘ചെന്താർമങ്കയുമംബുജലോചന പരിരംഭാമൃതമായ സുഖാംബുധിമദ്ധ്യേ മുങ്ങിത്തുടങ്ങി’ പോലും.
നീരസകുലമണിയായ മുതുക്കൻ വിഷ്ണുവിന്റെ നാഭിസരോജത്തിൽ ഇരുന്നു് മിഴിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ, ലക്ഷ്മി ഭർത്താവുമായി ക്രീഡിക്കുന്നതെങ്ങനെ? അതുകൊണ്ടു് ലക്ഷ്മീദേവിക്കു് നളൻ ചെയ്തതു് ഒരു വലിയ ഉപകാരമായി. ദേവി ‘നിഷധനൃപാന്വയമകുടിമഹാമണിവാണീടേണം ക്ഷോണിയിലിന്നു കല്പാന്തത്തോള’മെന്നുനേർന്നുതുടങ്ങിയതിൽ അത്ഭുതപ്പെടാനുണ്ടോ?
എത്രതന്നെ വർണ്ണിച്ചിൽ കവിക്കു തൃപ്തിയാകാഞ്ഞതിനാൽ
“മിത്രാപായേ ഹിത്വാ കുമുദം ചിത്താനന്ദം വന്നീലാർക്കും
ദോഷാഗമനേ ശശധരനന്യേ തോഷം കണ്ടീലാർക്കുമൊരുന്നാൾ
മിന്നും കുടങ്ങളിലന്യേയൊരുനാൾ പൊന്നുംദണ്ഡും കണ്ടീലെങ്ങും”
എന്നു തുടങ്ങുന്നു. ഈ അലങ്കരത്തിരക്കിൽ കവിക്കു സ്ഥലകാലഭ്രമംകൂടി പറ്റിപ്പോകുന്നു.
“ഭാരതചരിതം തന്നിലൊഴിഞ്ഞൊരു കർണ്ണച്ഛേദം കേട്ടീലെങ്ങും
രാമകഥായാമെന്നിതൊഴിഞ്ഞൊരു ദൂഷണചരിതം കേട്ടീലാരും”
ഇത്യാദി നോക്കുക. ഇങ്ങനെ നളൻ നാടുവാണുകൊണ്ടിരിക്കേ വിദർഭരാജാവായ ഭീമൻ ‘പുത്രാഭാധാനം നിറമുടയ പദാർത്ഥാന്തരം കാണാഞ്ഞു്’ ദുഃഖിതനായിച്ചെയ്ത തപസ്സിന്റെ ഫലമായി, ദമയന്തി എന്നൊരു പുത്രിയും മൂന്നു പുത്രന്മാരും ജനിച്ചുവത്രേ. രാജാവു്
“പുത്രീമത്യന്തരമ്യാമരമണിയുമണിഞ്ഞന്തികേ സഞ്ചാരന്തീം
പുത്രാനപ്യാത്തമോദം മടിയിലുടനുടൻ ചേർത്തുപേർത്തും പുണർന്നും
മെത്തും പുത്തൻമരന്ദം തടവിന മുഖപത്മങ്ങളേ പാർത്തുംപാർത്തും
ചിത്തേ കൊള്ളാഞ്ഞു മോദപ്രചുരിമ ധരണീപാലനേറ്റം വലഞ്ഞു-”
വത്രേ. ദമയന്തിയുടെ ശൈശവവർണ്ണനയെ എത്രതന്നെ വാഴ്ത്തിയാലും മതിയാവുന്നതല്ല.
“മിന്നും പൊന്നോല കർണ്ണേ മണിഗണലളിതം മോതിരം കണ്ഠകാണ്ഡേ
പിന്നിൽ ചിന്നിക്കവിഞ്ഞൊന്നണിചികുരമകാണ്ഡോദയം മന്ദഹാസം
കുന്നിപ്രായം കുരുത്തൊന്നുരസി കുചയുഗം നൂനമപ്പെൺകിടാവെ-
ത്തന്നേ തോന്നീടുമത്രേ സരസമൊരുദിനം കണ്ടുവന്നിത്ത്രിലോക്യാം”
നാലാമത്തെ പാദംകൊണ്ടു്, കവി ദമയന്തിയുടെ ലോകോത്തരലാവണ്യാതിശയത്തെ അതിവിശദമായി കാണിച്ചുതരുന്നു. ക്രമേണ അവൾ വളർന്നുവന്നു.
“ഗാത്രേ ഗാത്രേ തുടർന്നൂ മധുരിമ തിരളും മാർദ്ദവം നേത്രരംഗേ
കൂത്താട്ടത്തിന്നുലജ്ജായവനികയിൽ മറഞ്ഞാഗജന്മാ വിരോജേ
മുത്തേലും കൊങ്ക പങ്കേരുഹമുകുളസമം ഹന്ത!താരുണ്യവായ്പോ-
ടെത്തിക്കൈത്താർ പിടിച്ചൂ ഝടുതി വടിവെഴും ശൈശവമ്പേശലാംഗ്യാഃ
നർമ്മാലാപം ചുരുങ്ങീ ജനസദസിമണംചേർന്നമന്ദാക്ഷവേഗാൽ
കമ്രംകാർകൂന്തലേന്തും പരിമളലളിതം ചെന്നു കാലോടിടഞ്ഞു
തമ്മിൽത്തിക്കിത്തുടങ്ങീ കുളുർമുലയുഗളം നന്നുനന്നെന്നുവേണ്ടാ
നിർമ്മായം യൗവനശ്രീസ്വയമലമകരോദംഗനാമൗലിമാലാം.
നളനും ദമയന്തിയും പരസ്പരം കേട്ടിട്ടു് അനുരക്തരായിച്ചമയുന്നു. അഭിലാഷശൃംഗാരവർണ്ണന അത്യന്തം ഹൃദയംഗമായിട്ടുണ്ടു്. അവർക്കു നിദ്രാഭംഗമുണ്ടായതിനെ കവി വർണ്ണിച്ചിരിക്കുന്നതെങ്ങമെയെന്നു നോക്കുക.
“സങ്കല്പസംഗമസുഖാനുഭവസ്യനാഹം
ഭംഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൗ സദയം വിഹായ
നിദ്രാ ജഗാമ നിപുണേവ സഖീസകാശാൽ”
മഴമംഗലത്തിനു് ശൃംഗാരത്തോടുള്ള പക്ഷപാതം ഇവിടെയെന്നതുപോലെ എവിടെയും പ്രകടമായിരിക്കുന്നു.
നളൻ മാരജ്വരപരവശനായി ഉദ്യാനത്തിൽ ഇരിക്കവേ, അരയന്നം അവിടെ വന്നുചേരുന്നു. ആ അന്നത്തെ അദ്ദേഹം ദമയന്തിയുടെ അടുക്കലേയ്ക്കു പറഞ്ഞയയ്ക്കുന്നു.
“വിദർഭക്ഷിതിപതിനഗരേ, ധന്യാകാരേ, മണിമയമുറ്റത്തഴകിലിറങ്ങിക്കനകവിഭൂഷണഝണഝണിതോപമ മധുരനിദാനംകൊണ്ടു വധൂനാം ചെവികളിലമൃതു ചൊരിഞ്ഞുചൊരിഞ്ഞും, മദകളതരുണീയാനമനോജ്ഞം മൃദുമൃദുപദങ്ങളിൽ വച്ചു നടന്നും, വിദ്രുമശകലം ബീജാപൂരകവിത്തെന്നോർത്തതു കൊത്തിയുടച്ചും, മധ്യേ മധ്യേ വെളുവെളെ വിലസും പത്രപുടങ്ങൾ കുടഞ്ഞു കുടഞ്ഞും വിവലിത വദനന്നോക്കിയുമിത്ഥാ വിഭ്രമരീതി വളർത്തുനടക്കുന്നതു്” കണ്ടു് ദമയന്തി ആ അന്നത്തെ പിടിച്ചെടുക്കാനായി ശ്രമിക്കുന്നു.
വർണ്ണനയ്ക്കു് അവസരം കിട്ടിയാൽ മഹിഷമംഗലം വെറുതേ വിടുകയില്ല.
“വാ ചർമ്മേ ശൃണു വല്ലഭേതി വചനേ വൈയാത്യമാപദ്യതേ
ഹേ രാജന്നിതിചേദിഹാപിചപൃഥഗ്ഭാവോ മഹാനാപതേൽ
മൽപ്രാണാ ഇതിയുക്തമേതദധുനാ കീരോക്തിവദ്ഭംസതേ
കഷ്ടം! കാതരചേതനാ കഥമഹോ സന്ദേഷ്ടുമദ്യാരഭേ.”
ഇത്യാദി ഘട്ടങ്ങളിൽ കവിയുടെ ഔചിത്യബോധം സവിശേഷം സ്ഫുരിക്കുന്നുണ്ടു്.
അങ്ങിനെ ഇരിക്കേ രാജാവു് പുത്രിയുടെ സ്വയംവരമഹം നടത്തണമെന്നു് ആലോചിച്ചു് ദൈവജ്ഞവരനെ വരുത്തി മുഹൂർത്തം കുറിപ്പിക്കുന്നു. മണിത്തറകളും പന്തലുകളും മുറയ്ക്കു് ഒരുങ്ങി. ‘നാളീകലോലമിഴിമാർ നല്ല മൃഗനാഭിതുഷാരതോയൈഃ നീളത്തെളിച്ചു് മണിരംഗഭൂമികൾ’ മെഴുകി വൃത്തിയാക്കി.
“നിന്നിദ്രകാന്തി നിരവേ പണിചെയ്തു തീർന്നൂ
മുന്നൂറുകോടി നിലയങ്ങൾ മഹീപതീനാം
അവ,‘അന്യൂനമോദമമരാവതി പെറ്റ പുത്തൻ-
പെണ്ണുങ്ങളാവതു ചമഞ്ഞിഹ വന്നപോലെ’
വിളങ്ങി. സ്വയംവരാഘോഷം കാണാൻ ഉള്ള ഒരുക്കൾ വീടുതോറും നടന്നുതുടങ്ങി.
“ഒരുവൾ നിജ വിഭൂഷാജാലമെല്ലാമണിഞ്ഞാ-
ളൊരുവൾ പണിയൊടുങ്ങാഞ്ഞെത്രയെല്ലാം പിടിഞ്ഞാൾ
തരുണനൊടൊരുതന്വീ ചെന്നുറങ്ങാൻ പറഞ്ഞാൾ
ചരിതമിതി മനോജ്ഞം വാരനാരീജനാനാം.
പുടവവടിവുപോരാഞ്ഞിട്ടു കോപിച്ചു കാചിൽ
ഝടിതി രമണവക്ത്രേ കൊണ്ടുപോകെന്നെറിഞ്ഞാൾ
തടിയനതുമെടുത്തുംകൊണ്ടു താനേ നിരൂപി-
ച്ചവിചനിലയൊടിക്കും കോപ്പുകണ്ടാൽ വിനോദം”
ഇന്ദ്രാദികൾ സന്ദേശം കൊടുത്തു് നളനെ അയയ്ക്കുന്നഭാഗവും മറ്റും കവി ചുരുക്കിയിരിക്കുന്നു. എന്നാൽ സ്വയംവരത്തിനായി വന്നുകൂടിയ ജനതയുടെ തിക്കും തിരക്കും പൊടിപൂരമായി വർണ്ണിച്ചിട്ടുണ്ടു്. ഇവിടെ പുനത്തിനെ അനുകരിച്ചു് മലയാളബ്രാഹ്മണരുടേയും മറ്റും നടപടിപ്പിശകുകളെ കഠിനമായി ആക്ഷേപിച്ചിരിക്കുന്നു.
വരണമാലയും ധരച്ചുകൊണ്ടു് വരുന്ന ദമയന്തിയെ എത്രതന്നെ വർണ്ണിച്ചിട്ടും കവിയ്ക്കു് അലംഭാവമുണ്ടാകാത്തതിനാൽ ശ്ലിഷ്ടോപമയുപയോഗിച്ചു് അവളെ കാടോടും മേടോടും അതിനോടും ഇതിനോടും ഒക്കെ സാദൃശ്യപ്പെടുത്തിയിട്ടു് ഒടുവിൽ മനസ്സില്ലാമനസ്സോടുകൂടി പിന്മാറുന്നു.
വിവാഹാനന്തരമുള്ള ഘട്ടത്തേയും കവി വെറുതെ വിടുന്നില്ല. ശൃംഗാരപ്രിയനായ കവിയുണ്ടോ സംഭോഗശൃംഗാരത്തെ പ്രതിപാദിക്കാതെ വിടുന്നു? ദമയന്തിയുടെ സ്ഥിതിയെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെയാണു്:–
“നിത്യം പ്രത്യൂഷകാലേ മിളിതരുചികുളിച്ചാസ്ഥയാ ദേവകൃത്യം
കൃത്വാ നത്വാ ഗുരൂണാം കഴലിണകലിതാനന്ദമിന്ദീവരാക്ഷീ
ഭുക്ത്വാ സഞ്ചർവ്യാ താംബൂലമഴകൊടു വൃദ്ധാംഗനോക്തംപുരാണം
വൃത്താന്തം കേട്ടമിത്ഥം മധുമഖി ദിവായാപയാമാസകാലം.
മന്ദം ഭാനൗ പരിഷ്കുർവതി ചരമഗിരിം ചന്ദനച്ചാറരപ്പി-
ച്ചിന്ദുസ്മേരം നറും പിച്ചകമലരുമറുപ്പിച്ചു സഖ്യാ നിഗ്രഢം
ചന്തം ചേർ ചന്ദ്രശാലാമണിയറയിലണഞ്ഞന്തിയും പാർത്തിരുന്നാ-
ളന്തർമ്മോദേന ചെന്താർശരനടനകലാകൗതുകാലോലചേതാഃ”
രതിക്രീഡാവർണ്ണനമായ ദണ്ഡകത്തോടുകൂടി പൂർവഭാഗം അവസാനിക്കുന്നു.
ഉത്തരഭാഗം രസപുഷ്ടിയെ സംബന്ധിച്ചിടത്തോളം പൂർവഭാഗത്തേ അതിശയിക്കുന്നു. കരുണരസപ്രചുരമായ ഒന്നു രണ്ടു പദ്യങ്ങളെ മാത്രം ഇവിടെ ഉദ്ധരിക്കാം.
“ഘോരേ ദൈവോപരോധാംബുധിയിൽ മുഴുകി മാഴ് കീടുമെന്നോടുകൂടെ-
പ്പോരേണ്ടാ നിങ്ങളാരും വ്രജതസഖികളേ കർമ്മമേതാദൃശം മേ
സ്വൈരം കാന്തേന ചേർന്നന്നളനൊടു സുഖമേ വാണ ഞാനിങ്ങനേ കാ-
ന്താരേ പോകെന്നുവന്നൂ ശിരസിലിഖിതമെന്തിന്നിയെന്നും നജാനേ.
ആചാരംകൊണ്ടുമായോധനനിപുണതകൊണ്ടും പ്രതാപപ്രഭാവ
പ്രാചുർയ്യംകൊണ്ടുമുദ്യദ്ഗുണഗണഗരിമാ ഹന്ത! കാന്തോ നളോ മേ
ക്ലേശാനേതാദൃശാൻപൂണ്ടതി വിവശതയാ ചൂതു പോരാം പാശാചാ-
വേശാലി വണ്ണയായ്വന്നതിനുസഖികളെ ഹേതുഞാനോനജാനേ”
ദമയന്തി രാജ്യം പിഴുകി, വനത്തിൽ പോവാനാരംഭിച്ച നളനോടുകൂടി പുറപ്പെട്ടപ്പോൾ പറഞ്ഞ വാക്കുകളാണു് ഇവ.
“കാന്താരേ ഹന്തമാം ബന്ധുരവിപുലമഹാസിന്ധുരേന്ദ്രാദി ഘോരേ
കാന്താരേ പേർത്തുമിട്ടേച്ചിഹ സപദി ഭവാനെങ്ങുപോയീ ഗുണാബ്ധേ
താന്താനഞ്ഞൂറുവട്ടംനിജഗമനവിധൗ യാത്രയും ചൊല്ലിയേച്ചേ
താന്താമെന്നെപ്പിരിഞ്ഞിട്ടൊരുപദമിളകൂ പണ്ടുനീ പുണ്യരാശേ
ഖിന്നാ മേ രാജ്യവും ഭോജ്യവുമഖിലമുപേക്ഷിച്ചുനിന്നോടുകൂട-
പ്പിന്നാലേ ഹന്ത പോന്നൂ തിരുവുരു തവ കാണ്മാൻ കൊതിച്ചല്ലയോ ഞാൻ
എന്നാലിട്ടേച്ചു കാട്ടിൽ പുനരഗതിയെ മാം നാഥ പൊയ്ക്കൊണ്ടതിന്നീ
മുന്നം കേളാവയോസ്സൗഹൃദസരണികളെല്ലാം മറന്നോ ഗുണാബ്ധേ?”
ഈ വിലാപം പാഷാണഹൃദയത്തെപ്പോലും ദ്രവിപ്പിക്കത്തക്കവണ്ണം കരുണരസനിർഭരമായിരിക്കുന്നു.
മഹിഷമംഗലത്തിന്റെ കൃതികൾ എണ്ണംകൊണ്ടും വണ്ണംകൊണ്ടും പുനത്തിന്റെ കൃതികളോടു കിടയല്ലെങ്കിലും, ഗുണത്തിൽ അവയെക്കാൾ ഒട്ടും താഴെയല്ല.
“ക്ഷണേ ക്ഷണേ യന്നവതാമുപൈതി
തദേവരൂപം രമണീയതായാഃ”
എന്നു് മാഘകവി രമണീയതയുടെ സ്വരൂപം വർണ്ണിച്ചിട്ടുള്ളതു ശരിയാണെങ്കിൽ, ഭാഷാനൈഷധചമ്പുവും രമണീയമായ ഒരു കാവ്യം തന്നെ. വായിക്കുന്തോറും അതിലെ ആശയങ്ങൾക്കു് ഒരു പുതുമയും സാരസ്യവും തോന്നിക്കുന്നു.
ഈ കവി മറ്റു വല്ല കാവ്യങ്ങളും ഭാഷയിൽ രചിച്ചിട്ടുണ്ടോ എന്നു് അറിയുന്നില്ല. എന്നാൽ ചന്ദോത്സവം അദ്ദേഹത്തിന്റെ കൃതി ആയിരിക്കുമോ എന്നൊരു സംശയം ഉണ്ടു്. അതിന്റെ അവസാനത്തിൽ കാണുന്ന,
“ഉലകഖിലമലിക്കും മേദിനീവെണ്ണിലാവിൻ
മധുരചരിതരൂപൈർവാക്യപുഷ്പോപഹാരൈഃ
സുരഭിതകകുബന്തൈരാദധംതുപ്രസാദം
നിഖിലഭുവനസാക്ഷി ബാലശീതാംശുമൗലി”
എന്ന പദ്യത്തിലെ ‘ബാലശീതാംശുമൗലി’ കവിയുടെ പേരിനെക്കൂടി സൂചിപ്പിക്കുന്നതായി ഒരു പ്രതീതി ജനിക്കുന്നു. എന്നാൽ ഒരു വൈഷമ്യം ഉള്ളതു് ഇവിടെ പ്രസ്താവയോഗ്യമാകുന്നു. ചന്ദ്രോത്സവകർത്താവു് ഒരു രാഘവകവിയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം രാഘവീയത്തിന്റെ കർത്താവാണെന്നുവരുകിൽ, ഈ ഊഹം തെറ്റിപ്പോകുന്നു. രാഘവീയപ്രണേതാവു്, നാരായണീയം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവായ നാരായണഭട്ടതിരിയുടെ ശിഷ്യനാണെന്നു്
“ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാ-
ദേതൽകിഞ്ചനരാഘവീയമിതിയൽ കാവ്യം കൃതം കേനചിൽ”
എന്ന പദ്യത്തിൽ നിന്നു തെളിയുന്നു. പ്രസ്തുത കാവ്യത്തിന്റെ അവസാനത്തിൽ അമ്പലപ്പുഴ രാജാവിനെ വാഴ്ത്തിയും കാണുന്നു. എന്നാൽ രാഘവീയകർത്താവിനെക്കൂടാതെ വേറെയും രാഘവന്മാരുണ്ടായിരുന്നു എന്നു വരരുതോ? ഏതായിരുന്നാലും ഈ വിഷയത്തിൽ നിസ്സന്ദേഹം ഒരു അഭിപ്രായം പറയുന്നതിനു പണ്ഡിതന്മാർക്കേ അവകാശമുള്ളു.
ചന്ദ്രോത്സവത്തിന്റെ അവതാരകനായ വടക്കുംകൂർ രാജരാജവർമ്മ രാജാവിന്റെ അഭിപ്രായത്തിൽ ചേലപ്പറമ്പനാണു് അതിന്റെ കവി. കവികളുടെ പേരുകൾ മാത്രം അറികയും അവരുടെ കൃതികൾ എന്തെല്ലാമെന്നു നിശ്ചയമില്ലാതെ വരികയും ചെയ്യുമ്പോൾ പുരാതന ഗ്രന്ഥപരിശോധകന്മാർ ചില സൗജന്യങ്ങൾ ഒക്കെ ചെയ്തില്ലെങ്കിൽ കിട്ടുന്നതൊക്കെ യഥേച്ഛം ഓരോരുത്തർക്കായി വീതിച്ചുകൊടുക്കയാണു് പതിവു്. ചേലപ്പറമ്പൻ ബാല്യം മുതൽക്കേ ‘തെറി’ പറഞ്ഞു ശീലിച്ച ആളുമാണല്ലോ. അതുകൊണ്ടു് ഈ ദുഷ്കാവ്യത്തെ അദ്ദേഹത്തിൽ ആരോപിച്ചതിൽ ആർക്കും പരിഭവത്തിനു വകയും ഇല്ല. എന്നാൽ കോഴിക്കോട്ടു രാജാവിന്റെ സദസ്യനായിരുന്ന ചേലപ്പറമ്പൻ തനിക്കു യാതൊരു സംബന്ധവുമില്ലാത്ത ചിറ്റിലപ്പള്ളി നാട്ടിനേ തന്റെ സങ്കല്പകല്പദ്രുമത്തിന്റെ ദുഷിച്ച ഫലമായ മേദിനീവെണ്ണിലാവിന്റെ മദനകലാവിലാസങ്ങൾക്കു രംഗഭൂവായി കല്പിച്ചതും, അതിനെ സാഭിമാനം വർണ്ണിച്ചിരിക്കുന്നതും എന്തുകൊണ്ടാണെന്നുള്ളതു് ഗംഭീരാത്മാക്കളുടെ ചിന്താഗതിയെന്നപോലെ അതീവ ഗഹനമായിരിക്കുന്നു. ചിലർ എഴുത്തച്ഛനിലും, മറ്റുചിലർ നാരായണഭട്ടതിരിയിലും തൽകർതൃത്വം ആരോപിക്കുന്നുണ്ടു്. അവരുടെ സാഹസത്തിനു് കോടികോടി നമസ്കാരം പറഞ്ഞാലും മതിയാവുകയില്ല. സദാപി ഈശ്വരധ്യാനമൃതലഹരി പിടിച്ചിരുന്ന ആ പുണ്യാത്മാക്കൾ ഇങ്ങനെ ഒരു പൂരപ്പാട്ടുപാടാൻ ഒരുങ്ങിയെന്നു പറഞ്ഞാൽ ആരാണു വിശ്വസിക്കുക!
വടക്കുംകൂർ രാജാവിന്റെ അവതാരിക വായിച്ചുനോക്കിയാൽ അതിനെക്കാൾ ഉൽകൃഷ്ടമായ ഒരു കാവ്യം ഭാഷയിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്നു തോന്നിപ്പോകും. ശൃംഗാരരസത്തിനെ ആരും അപലപിക്കുന്നില്ല; എന്നാൽ ശൃംഗാരത്തിന്റെ സ്ഥായീഭാവം നായികാനായകന്മാർക്കു പരസ്പരമുണ്ടാകുന്ന പരിശുദ്ധമായ രതിയാകുന്നു; തെറിയല്ല. ഈ കാവ്യത്തിലെ പ്രതിപാദ്യവിഷയത്തെ ഒന്നു പരിശോധിച്ചുനോക്കുക. ചിറ്റിലപ്പള്ളിനാട്ടിൽ ഒരേടത്തു് ഒരു വാരാംഗന സന്താനമില്ലായ്കയാൽ തീവ്രമായ വ്രതാനുഷ്ഠാനങ്ങളെക്കൊണ്ടു കാലയാപനം ചെയ്കവേ, ഒരു ദിവസം അവൾ നിദ്രാധീനയായിരിക്കുമ്പോൾ കാമദേവൻ ആവിർഭവിച്ചു് ‘നിനക്കു് അചിരേണ ഒരു സന്താനം ലഭിക്കും’ എന്നു അനുഗ്രഹിച്ചിട്ടു പോയത്രേ. ഈ അവസരത്തിൽ ചന്ദ്രനും ചന്ദ്രികയും തമ്മിൽ ഒരു കലഹമുണ്ടായി. അയാൾക്കു മേനകയുമായി അനഭിലഷണീയമായ വിധത്തിൽ രാഗമുണ്ടാവുകയും, അവർ രഹസ്സമാഗമത്തിനു് ഒരു ഉചിതസങ്കേതസ്ഥാനം കുറിക്കയും ചെയ്തു. ഈ വിവരം അറിഞ്ഞ ചന്ദ്രിക, തന്റെ ഭർത്താവിന്റെ ഈ ദുരുദ്ദേശ്യത്തെ വിഫലീകരിക്കുന്നതിനു വേണ്ടി മേനകയുടെ വേഷം അവലംബിച്ചു്, ആ സ്ഥലത്തു ചെന്നു രമിച്ചുകൊണ്ടിരുന്നു. അങ്ങിനെ ഇരിക്കെ സാക്ഷാൽ മേനകയും അവിടെ വന്നുചേർന്നു. അപ്പോൾ,
“ശിശിരരുചി വിദിത്വാ മേനകാദുശ്ചരിത്രം
മനസിപുനരടങ്ങാതോരു കോപാതിരേകാൽ
പ്രളയദഹനരൂക്ഷൈരൈ രക്ഷണേതാ
മശപദകരുണാത്മാ വല്ലഭാം പല്ലവാഭാം.”
മേനക ദൂശ്ചരിതയത്രേ! കവിയുടെ ധർമ്മബോധം ബഹുവിചിത്രമെന്നേ പറയേണ്ടു. കാവ്യപ്രയോജനങ്ങളെ മമ്മടൻ സംഗ്രഹിച്ചിരിക്കുന്നതിങ്ങനെയാണു്.
“കാവ്യം യശസേർത്ഥകൃതേ വ്യവഹാരവിദേശിവേതരക്ഷതയേ
സദ്യഃപരനിർവൃതയേ കാന്താസമ്മിതതയോപദേശയുജേ.”
ഈ കാവ്യത്തിൽനിന്നു് ഇവിടെ പറഞ്ഞിരിക്കുന്ന യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല. അഗ്നിസാക്ഷികമായി വിവാഹം കഴിച്ച ധർമ്മപത്നിയെ കണ്ണീരും കൈയുമായി വിട്ടിട്ടു്, ദുശ്ചരിതകളുമായി സംസർഗ്ഗം ചെയ്യുന്നതിൽനിന്നു് ‘ബ്രഹ്മാനന്ദാനുഭവനിർവിശേഷമായ ഒരു സദവസ്ഥ’യുണ്ടാകുമെങ്കിൽ മാത്രമേ ഈ കാവ്യശ്രവണസമനന്തരം പരനിർവൃതിയുമുണ്ടാവൂ.
“കുലയുവതിപതാകേ, വാരയോഷേവനമ്മേ
കുമതിവിഗതശങ്കം നീ ചതിച്ചോരുമൂലം
അവനിയിലൊരു നൂറ്റാണ്ടേതുപോയ്വാരയോഷാ-
നുഭവമനുഭവിച്ചീടാശുമച്ഛാപവേഗാൽ.”
‘കുലയുവതിപതാകേ’ എന്ന സംബുദ്ധിക്കും പിന്നീടുള്ള വാക്കുകൾക്കും തമ്മിലുള്ള പൊരുത്തം സാഹിതീസർവസ്വം സ്വാധീനമായിരിക്കുന്ന രസജ്ഞന്മാർക്കേ മനസ്സിലാകയുള്ളു. സ്വഭർത്താവിനെ ദുസ്സംഗമേച്ഛയിൽ നിന്നു് വിനിവർത്തിപ്പിക്കാൻ ശ്രമിച്ച സാധ്വിക്കു കിട്ടിയ ശിക്ഷ എത്ര ഭയങ്കരം! അവളെ വേശ്യയാക്കി വിടുകയാണു് ആ ദുഷ്പ്രഭു ചെയ്തതു്. സഹൃദയന്മാരുടെ ഇടയ്ക്കു് അഴിയാത്ത ഇത്തരം വിലയേറിയ ചരക്കുകൾകൊണ്ടാണു് നമ്മുടെ മണിപ്രവാളകവി വ്യാപാരം ചെയ്യുന്നതു്. മേദിനീവെണ്ണിലാവിന്റെ ശിശുഭാവത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
“സൗവർണ്ണകിങ്ങിണി കിലുങ്ങെ മുദാ കമിണ്ണാ-
ളാരോമലമ്പൊടു ചിരിച്ചു ചിരിച്ചകാണ്ഡേ
മേലിൽത്തിരണ്ടു പുരുഷായിതസൂത്രധാര
ശ്രീമൽപ്രവേശമിവ കോമളഗാത്രവല്ലി.”
അഹോ! എന്തൊരു ധിക്കാരം! ശിശുവിനെപ്പോലെ പരിശുദ്ധവും ഹൃദയാകർഷകവും ആയ വസ്തു ലോകത്തിൽ മറ്റൊന്നുമില്ല. രാക്ഷസപ്രകൃതികൾക്കു പോലും ശിശുക്രീഡകൾ കാണുമ്പോൾ മനം കുളുർക്കുന്നു. നമ്മുടെ കവിയാകട്ടെ, തന്റെ സങ്കല്പസന്താനത്തെ കണ്ടപ്പോൾ അതുമായി ഒന്നു രതിക്രീഡ ചെയ്താൽ കൊള്ളാമെന്നൊരു ദുരാഗ്രഹമാണു് ജനിച്ചതു്.
ചന്ദ്രോത്സവകർത്താവു് വാഗ്വിലാസമുള്ളവൻ തന്നെ. പാമ്പിനു നല്ല മേനിമിനുക്കവും കുശാഗ്രബുദ്ധിയും ഉണ്ടെങ്കിലും അതിന്റെ ഉച്ഛ ്വാസം വിഷമയമായിരിക്കുന്നതിനാൽ അതിനെ നാം നല്ല ‘മേത്തരം പത്തൽ’ കൊണ്ടല്ലേ സമ്മാനിക്കുന്നതു്. അതുപോലൊരു പൂജയ്ക്കേ നമ്മുടെ കവിക്കും അവകാശമുള്ളു. അയാൾ കേരളമാഹാത്മ്യകർത്താവിനെപ്പോലെ കുറെ കാളകൂടം വമിച്ചു; അതിനെ അമൃതോപമം ഭുജിച്ചു് ‘കാളകണ്ഠന്മാരാവാൻ’ മനസ്സുള്ളവർ അങ്ങിനെ ചെയ്തുകൊള്ളട്ടേ; ആർക്കും പരിഭവിച്ചിട്ടു കാര്യമില്ല.
10.36 മറ്റു ചമ്പുക്കൾ
ചമ്പുക്കളിൽ മിക്കവയും പ്രസിദ്ധീകരിച്ചിട്ടില്ല. ഈയിടയ്ക്കു് ചമ്പൂഭ്രാന്തു വർദ്ധിച്ചതുനിമിത്തമായിരിക്കാം ഏതോ ഒരു രസികൻ ചമ്പൂക്കാരന്മാരെ അധിക്ഷേപിക്കാനായി ശ്രീമതീസ്വയംവരം എന്നൊരു ചമ്പു രചിച്ചതു്.
10.37 ഭാരതചമ്പു
ഇതും നാരായണീയം ചമ്പുവും ഏതോ ഒരു നാരായണകവിയുടേതാണെന്നു തോന്നുന്നു. സുഭഗസന്ദേശകാരൻ [17] ഒരു നാരായണകവിയായിരുന്നു. അദ്ദേഹമായിരിക്കുമോ ഈ ചമ്പുക്കളുടേയും കർത്താവു് എന്നു പണ്ഡിതന്മാർ തീർച്ചപ്പെടുത്തിക്കൊള്ളട്ടെ. കവനോദയക്കാർ പാഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം, കിരാതം, കീചകവധം, ഗോഗ്രഹണം, ഉദ്യോഗം, ദൂതവാക്യം, ജയദ്രഥവധം, ഭരതയുദ്ധം, അശ്വമേധം എന്നു പത്തു ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കവിതിലകൻ മി. പരമേശ്വരയ്യർ പ്രസാധനം ചെയ്തിട്ടുള്ള കല്യാണസൗഗന്ധികം ഭാരതചമ്പുവിൽ ഉൾപ്പെട്ടതാണോ എന്നു നിശ്ചയമില്ല. അതുപോലെ തന്നെ ബാണയുദ്ധം എന്നൊരു ചമ്പുവും അച്ചടിച്ചിട്ടുണ്ടു്. രാമായണചമ്പുവിനെപ്പോലെ തന്നെ ഭാരതചമ്പുവും ഒരു പ്രൗഢകൃതിയാണു്. മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ മാത്രം ഉദ്ധരിച്ചുകൊള്ളുന്നു.
“രംഗേപാർത്ഥൻകരേറുന്നളവനിഭുജാംചിത്തവുംപോയ്ക്കരേറി-
ശ്ശംകായാംവില്ലെടുക്കുന്നളവൊരുതലനോവങ്ങെടുത്തുവിശേഷാൽ
ഭംഗംലക്ഷ്യത്തിലെത്തുന്നളവിലഥതദീയാശ്രുപാതേനതേഷാം
സങ്കല്പം പത്തുനൂറല്ലതിനിടയിലഹോ ലക്ഷലക്ഷമ്മുറിഞ്ഞൂ
ഓമൽപാദാംബുജംതൊട്ടണികഴലൊടുമൻപോടു പൂമേനി മൂടി
ക്ഷൗമം പട്ടാംബരങ്കൊണ്ടണിമണിമുകരം കയ്പിടിച്ചുല്പലാക്ഷീ
ശ്രീമന്മഞ്ജീരമഞ്ജുക്വണിതമിയലവേകോമളാഭ്യാം പദാഭ്യാ-
മാമന്ദം നീയമാനം ചതുരസഖികളാൽ പ്രാപ കല്യാണരംഗം”
പാഞ്ചാലീസ്വയംവരം.
10.38 നാരായണീയം
തൃപ്പൂണിത്തുറ പ്രതിഷ്ഠയാണു് ഈ ചമ്പുവിന്റെ പ്രതിപാദ്യവിഷയം. ശ്രീകൃഷ്ണൻ ദ്വാരകയിൽ വാണിരുന്ന കാലത്തു്, ഒരു ബ്രഹ്മണന്റെ പത്നി പ്രസവിച്ചയുടനെ ശിശു മരിച്ചുപോയി. ബ്രാഹ്മണൻ ഈ വിവരത്തെ ശ്രീകൃഷ്ണനെ അറിയിയിച്ചെങ്കിലും അദ്ദേഹം ഇളകിയതേയില്ല. ഇങ്ങനെ പല പ്രാവശ്യം സംഭവിച്ചു. ഒൻപതാമത്തെ പുത്രനും നഷ്ടപ്പെട്ടപ്പോൾ, ആ സാധുവിന്റെ ക്ഷമ അസ്തമിച്ചു.
“ഹാ കഷ്ടം! ദുഷ്ടരാം മന്നവർ മദവിവശം വീരധർമ്മം വഭുത്വ-
പ്രാഗത്ഭ്യം കാട്ടി വാഴും ദശയിൽ വരുവതില്ലാർക്കുമേസൌഖ്യലേശം
ആകെക്കാണുന്നതിൻപാലനഫലമിതകാലേ മൃതാ ബാലകാമേ
ലോകേ ചെറ്റേകസൂനോർമ്മരണമപി പൊറാ പിന്നെയല്ലോ ബഹുനാം.
വല്ലാതെ മാരമാൽ പൂണ്ടനുദിനമഴകാർന്നംഗനാകൊങ്കയിൽ ചേ-
ർന്നെല്ലായ്പോഴും കളിക്കുംപ്രകൃതിശഠനറിഞ്ഞീടുമോ ലോകതന്ത്രം?
നിർലജ്ജം ചൌര്യവും മാതുലവൃഷവനിതാഹിംസയുംമറ്റിതെല്ലാ-
മല്ലോ പണ്ടേച്ചരിത്രം തവ ഫലമതിനിന്നീദൃശം മാദൃശാനാം”
ഈ ശകാരവർഷം ഒക്കെ കേട്ടിട്ടും ശ്രീകൃഷ്ണൻ അനങ്ങിയില്ലെങ്കിലും, അടുത്തു നിന്നിരുന്ന അർജ്ജുനനു സഹിച്ചില്ല. അദ്ദേഹം അടുത്ത പ്രസവത്തിൽ കുട്ടിയെ രക്ഷിച്ചുകൊള്ളാമെന്നും, അല്ലാത്തപക്ഷം അഗ്നിപ്രവേശം ചെയ്യാമെന്നും ശപഥംചെയ്യുന്നു. ‘ശ്രീകൃഷ്ണനാൽ സാധിക്കാത്ത കാര്യം നീയാണോ സാധിക്കാൻ പോകുന്നതു്?’ എന്നു വിപ്രൻ ഹാസ്യപൂർവം ചോദിച്ചപ്പോൾ അർജ്ജുനൻ സാവലോപം ഇങ്ങനെ മറുപടി പറഞ്ഞു:–
“നീ കേളീമാമറിഞ്ഞീലവനിസുരപശോസാത്യകിർന്നാസ്മിസത്യം
ഹീ ഹീ! നൈവോന്മദാത്മാ മുസലധരനുമല്ലന്യവൃഷ്ണിപ്രവീരാഃ
ലോകാനാംനാഥനംഭോരുഹനയനനുമല്ലിത്രിലോകൈകവീര-
ശ്ലാഘാവാനർജ്ജുനൻഞാൻ തവ ചെവികളിൽ വന്നീലയോമൽപ്രഭാവം”?
ഈ അഹങ്കാരത്തിന്റെ ഫലമായി ബ്രാഹ്മണിയുടെ അടുത്ത പ്രസവത്തിനു് ശിശുവിന്റെ ശരീരംപോലും അദൃശ്യമായത്രേ. അതുകൊണ്ടു് ബ്രാഹ്മണൻ അർജ്ജുനനെ കഠിനമായി ആക്ഷേപിച്ചശേഷം, ‘കരഞ്ഞും പിഴിഞ്ഞും കരംകൊണ്ടു മാറത്തലച്ചും തൊഴിച്ചും വശം കെട്ടു’ വീണു കേണു തുടങ്ങി. അതു കണ്ടു് ദയാർദ്രചിത്തനും വീരാഗ്രർണിയുമായ അർജ്ജുനൻ, കുട്ടിയേത്തേടി സകല ദിക്കിലും പോയി. ഭൂസ്വർഗ്ഗപാതാളങ്ങളിലെങ്ങും അന്വേഷിച്ചിട്ടും ബ്രാഹ്മണശിശുവിനെ കാണായ്കയാൽ, ലജ്ജയാലും ഭഗ്നാശയാലും പരാഭൂതനായിട്ടു് അഗ്നിപ്രവേശനം ചെയ്യാനൊരുമ്പെട്ടു. ശ്രീകൃഷ്ണൻ ഈ അവസരത്തിൽ അവിടെ ആവിർഭവിച്ചു്, അർജ്ജുനനെ ആ സാഹസത്തിൽ വിരമിപ്പിച്ചിട്ടു് അദ്ദേഹത്തിനോടു കൂടി വിഷ്ണുലോകത്തിൽ ചെന്നു് അവിടെ വളർന്നിരുന്ന ബ്രാഹ്മണബാലന്മാരേയും കൊണ്ടു തിരിച്ചുപോന്നു. ആ അവസരത്തിൽ വിഷ്ണു നല്കിയ വിഗ്രഹത്തേയാണു് അർജ്ജുനൻ തൃപ്പൂണിത്തുറയിൽ പ്രതിഷ്ഠിച്ചതു്. സ്വർഗ്ഗവർണ്ണനയും മറ്റും അതിമനോഹരമായിട്ടുണ്ടു്.
10.39 ചെല്ലൂർ നാഥോദയം
അക്ലിഷ്ടരചനാകൗശലം കൊണ്ടും രസസ്ഫർത്തികൊണ്ടും ഈ ചമ്പു സർവാംഗസുന്ദരമായിരിക്കുന്നു. സൂരിവംശരാജാവായ ശതസോമൻ കഠിനമായ തപസ്സുചെയ്തു് ശിവനെ പ്രത്യക്ഷപ്പെടുത്തിയിട്ടു് അദ്ദേഹം നല്കിയ ശൈവബിംബത്തെ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ കൊണ്ടുവന്നു പ്രതിഷ്ഠിക്കുന്നു. ഇതാണു് ഇതിവൃത്തം.
“കാണപ്പെട്ടു സമക്ഷാ തദനു തെളിവെഴും തേജസസ്തസ്യമദ്ധ്യേ
ചെന്നെത്തും കാളഭോഗീശ്വരകലിതജടാനദ്ധമുഗ്ധേന്ദുരേഖം;
ദീനത്രാണൈകദക്ഷം മനസി കിമപി കൊള്ളാഞ്ഞു തള്ളിക്കടക്കൺ-
കോണിൽ പാടേപടന്നീടിനഘനകരുണാപാർവതീഭാഗധേയം”
ഇത്യാദി സരസപദ്യങ്ങൾ കവിയുടെ കവനകലാവൈദഗ്ദ്ധ്യത്തിനു് സാക്ഷ്യം വഹിക്കുന്നു. പാർവതീദേവി കുളിച്ചുകൊണ്ടിരിക്കവേയാണു് ശതസോമൻ ശൈവബിംബം കൊണ്ടുപോയ കഥ അറിഞ്ഞതു്. ഉടൻതന്നെ കോപാവേശത്തോടുകൂടി ഭർത്തൃസന്നിധിയിലേക്കു പുറപ്പെട്ട ദേവിയുടെ ചിത്രം കവി ഇങ്ങനെ ഉല്ലേഖനം ചെയ്തിരിക്കുന്നു.
“തദനു പനിമലത്തയ്യൽതാനീദൃശോദ്ഭൂതമന്നാരദോക്ത്യാ സമസ്തംധരിച്ചറ്റമില്ലാതകോപാതിഭാരേണസംരംഭനിർവത്തിന സ്നാനവേലാവധൗനാലുമൂന്നിങ്ങുശേഷിച്ചു പാടേകിടക്കുംപുരാണപ്രസൂനാഞ്ചിതം ചാലമെത്തുന്ന നൈസർഗ്ഗികോദഗ്രസൗര ഭ്യലുഭ്യദ്ദ്വിരോഫാളിസാന്ദ്രം തുലോമാകനോക്കീടിലാഹന്തപിങ്കാലിലേറ്റംകിടന്നോരുനീളം കലർന്നന്തരാവാരിബിന്ധുക്കളിറ്റിറ്റു വീഴും മലർകൂന്തൽ മെല്ലെപ്പുറം കൈത്തലേചേർത്തുകൊണ്ടപ്പയശ്രേണിയാലാർദ്രമെപ്പേരുമൊന്നിച്ചുഫാലാന്തരേ പറ്റിമിന്നുന്ന നീലാളകച്ചാർത്തുകൊണ്ടും വിലാസേന മൂന്നൊന്നു ശേഷിച്ചു കാണപ്പെടും മുഗ്ദ്ധകസ്തൂരികാചിത്രകംകൊണ്ടുമത്യന്തചേതോഹരാ, ചെറ്റു കോടിക്കുലഞ്ഞോരു ചില്ലിക്കൊടിത്തെല്ലുമയ്യോ കലങ്ങിച്ചുവക്കും കടക്കൺകലാഭംഗിയും പാടുപാടേ വിറയ്ക്കുന്ന ബിംബാധരേ ഭാവമന്യാദൃശം പൂണ്ടു പാകീടുമപ്പുഞ്ചിരിപ്പൈതലും ചേർന്ന ബാലാതപശ്രീനിഴൽകൊണ്ടുപൊന്നിൻപയോജം കണക്കേ കൊടുംകോപരാഗോദയപ്രൌഢരോമാഞ്ചവാർകഞ്ചുകം ചേർന്ന വക്ഷോജകുംഭദ്വയത്തിൽ നടുപ്പാട്ടിലൊട്ടൊട്ടു മെത്തുംപയോബിന്ദുസന്ദോഹസാന്ദ്രോജ്വലാ സംഭ്രമശ്രാന്തി കൈക്കൊണ്ടു പണ്ടേതിലേറ്റം കുലഞ്ഞിട്ടലഞ്ഞോരു തൂമദ്ധ്യവല്ലീമതല്ലീ സമുല്ലാസിനീ, വാരിപൂരാർദ്രമാം ചാരുപൂഞ്ചേല നന്നായ് നിതംബസ്ഥലേ ചേർന്നു പറ്റീടിലും ചെറ്റുതാനേ കിഴിഞ്ഞീടുമിന്നീവിബന്ധം മഹാരത്നകാഞ്ചീധൃതം മധ്യമധ്യേ വലംകൈത്തലംകൊണ്ടുതാങ്ങി ത്വരാചംക്രമാ പാടലാഭ്യം പദാഭ്യാം നിജപ്രാണനാഥാന്തികേ ചെന്നു കോപാഭിമാനാങ്കുരവ്യഗ്രഭാവം കലർന്നുഗ്രശാപപ്രദാനായ ദേവി നിന്നീടിനാൾ”
ഈ ഗദ്യത്തിൽ തുളുമ്പുന്ന രൗദ്രഭാവം എത്ര ആസ്വാദ്യമായിരിക്കുന്നു!
രാജരത്നാവലീയം, കൊടിയവിരഹം, ബാണയുദ്ധം, കംസവധം, തെങ്കാശിനാഥോദയം, കാമദഹനം, ദക്ഷയാഗം, പാരിജാതാപഹരണം എന്നീ ചമ്പുക്കളേപ്പറ്റി ഉത്തരഭാഗത്തിൽ പ്രതിപാദിക്കുന്നതാണു്. അച്ചടിച്ചിട്ടുള്ളതായും ഇല്ലാത്തതായും വേറെയും അനേകം ചമ്പുക്കൾ ഉണ്ടു്. അനുകരണഭ്രമം നിമിത്തം ചമ്പൂപ്രസ്ഥാനം അചിരേണ ദുഷിച്ചുപോയി. സംസ്കൃതത്തിന്റെ സ്വയംവരവധുവായിച്ചമഞ്ഞ കാലംമുതല്ക്കു് ഭാഷാദേവിയുടെ സാഹിത്യസമ്പത്തു വർദ്ധിച്ചുവന്നുവെങ്കിലും, സ്വാതന്ത്ര്യത്തിനു വലിയ ഇടിവുതട്ടിത്തുടങ്ങി. ഭാഷയ്ക്കും രസത്തിനും പ്രാധാന്യം നൽകണമെന്നു് ലീലാതിലകകാരൻ വിധിച്ചുവെങ്കിലും പുനത്തിന്റെ കാലശേഷമുണ്ടായ ചമ്പൂകാരന്മാരുടെ കാലത്തു്, ‘മരുന്നിനു്’ മാത്രം ഭാഷാപദങ്ങൾ ചേർന്ന വികടമണിപ്രവാളം കണ്ടുതുടങ്ങി. ആ ദുർദശയിൽ നിന്നു ഭാഷയെ വീണ്ടും രക്ഷിച്ചതു് എഴുത്തച്ഛനായിരുന്നു.
ചമ്പുക്കളെല്ലാം നമ്പൂരിമാരുടേതാണെന്നാണു് സാധാരണ പറഞ്ഞുവരുന്നതു്. ഈ ഊഹം ശരിയാണെന്നു തോന്നുന്നില്ല. അക്കാലത്തെ ചാക്കിയാന്മാർ വളരെ വിദ്വാന്മാരായിരുന്നു. നാരായണഭട്ടതിരിയുടെ സുഭദ്രാഹരണാദി ചമ്പുക്കളെ അഭിനയിച്ചു് ചെമ്പകശ്ശേരിത്തമ്പുരാന്റെ സമ്മാനവും കവിയുടെ പ്രീതിയും സമ്പാദിച്ച ഇരവിച്ചാക്കിയാർ മഹാവിദ്വാനായിരുന്നെന്നാണു് അറിയുന്നതു്. അതുപോലെ വേറെയും പണ്ഡിതന്മാരായ ചാക്കിയാന്മാർ ഉണ്ടായിരുന്നു. അവർ സംസ്കൃത നാടകങ്ങളെ രൂപാന്തരപ്പെടുത്തി. അഭിനയയോഗ്യങ്ങളാക്കിവെച്ചിരുന്നതും സ്മരണീയമാണു്. ഇപ്പോൾ ഭാസനാടകങ്ങളെന്നു വിചാരിച്ചുവരുന്ന മിയ്ക്ക കൃതികളും അവരുടെ കൈക്കുറ്റപ്പാടിന്റെ ഫലങ്ങൾതന്നെയാകുന്നു. അവരും മറ്റു വർഗ്ഗക്കാരും ചമ്പുക്കൾ നിർമ്മിച്ചുകാണണം. [18]
“അക്കാലംവരെ ബ്രാഹ്മണേതരന്മാർ സംസ്കൃതം പഠിക്കാൻ അനുവദിക്കപ്പെടാതിരുന്നതുകൊണ്ടും മലയാളഭാഷയിൽ ഭക്തിസംവർദ്ധകങ്ങളായ ഗ്രന്ഥങ്ങൾ വളരെ ചുരുക്കമായിരുന്നതുകൊണ്ടും ശൂദ്രാദികൾ പുസ്തകപാരായണത്തിൽ വളരെ അലസന്മാരായിരുന്നു.” എന്നു് മി. പി. ശങ്കരൻനമ്പ്യാർ മലയാളസാഹിത്യചരിത്രത്തിൽ എഴുതിയിരിക്കുന്നു. അക്കാലത്തു് ബ്രാഹ്മണേതരന്മാർക്കു് സംസ്കൃതം പഠിക്കാൻ അനുവാദമില്ലായിരുന്നെങ്കിൽ, കണ്ണശ്ശന്മാർ എങ്ങനെ സംസ്കൃതം പഠിച്ചു? അച്യുതപ്പിഷാരടി നാരായണഭട്ടതിരിയുടെ ഗുരുവായതെങ്ങനെ? സംസ്കൃതം ഒരു ജാതിക്കാരുടെ പ്രത്യേക സ്വത്തായിരുന്നോ? ഇവിടെ ശൂദ്രാദികൾ എന്നു പറഞ്ഞിരിക്കുന്നതു് ആരെയാണെന്നു മനസ്സിലാകുന്നില്ലെന്നു നിഷ്പ്രയാസം തെളിയിക്കാം. അവരിൽ ചിലർ നമ്പൂരിമാരുടെ ദാസ്യം വഹിച്ചു്. ശൂദ്രനായന്മാരായിത്തീർന്നിരിക്കാം. മറ്റു ചിലർ സ്വാതന്ത്ര്യത്തെ ബലികഴിച്ചു് പൂണൂൽ വാങ്ങി ഉഭയഭ്രഷ്ടരായും തീർന്നുകാണണം. അവരെ ശൂദ്രരെന്നു വിളിക്കുന്നതിൽ നായന്മാർക്കു പരിഭവമില്ല. നായന്മാരുടെ ഇടയ്ക്കു് എഴുത്താശാന്മാർ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നതായിട്ടാണു് അറിവു്. അമ്പലവാസികൾ വഴിക്കാണു് നായന്മാർക്കു സംസ്കൃതവിദ്യാഭ്യാസമുണ്ടായതെന്നു സ്ഥാപിക്കാനാണോ നമ്പ്യാരുടെ ശ്രമം? ‘ചാതുർവർണ്യം മയാ സൃഷ്ടം’ എന്നു ഭഗവൽഗീതയിൽ അരുളിച്ചെയ്തിട്ടുണ്ടു്. പക്ഷേ അമ്പലവാസികൾ ഈ നാലു വർണ്ണങ്ങളിൽ ഉൾപ്പെടുന്നുണ്ടോ? ‘ആന്തരാളികജാതി’ എന്നൊന്നു് ഏതു വിശ്വാമിത്രൻ സൃഷ്ടിച്ചു? അമ്പലവാസികുടുംബങ്ങളിൽ മാത്രമേ നമ്പൂരിമാർക്കു വിവാഹബന്ധം ഉണ്ടായിരുന്നുള്ളോ? അമ്പലവാസിസ്ത്രീകളിൽ ജനിച്ച നമ്പൂരിസന്താനങ്ങളിൽ മാത്രമേ, അവർക്കു് അനുകമ്പ ഉണ്ടായിരുന്നുള്ളു എന്നും വരുമോ? അവരുടെ കൂട്ടത്തിൽ നായന്മാരേ അപേക്ഷിച്ചു് വിദ്വാന്മാർ കൂടുതൽ ഉണ്ടായിരുന്നു എന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും, അതു് മി. നമ്പ്യാരുടെ ഊഹത്തിനു് ഉദ്ബലകമായിരിക്കുന്നില്ല. നായന്മാർക്കു് രാജ്യരക്ഷചെയ്യേണ്ട ജോലികൂടി ഉണ്ടായിരുന്നതിനാൽ, വെറും ദാസ്യം വഹിച്ചു ജീവിക്കുന്നവരെപ്പോലെ സാഹിത്യപരിശ്രമം ചെയ്വാൻ അവർക്കു സാധിച്ചില്ലെന്നേയുള്ളു. അവരിൽ ഓരോ ചേരിക്കാർക്കും എഴുത്താശാന്മാർ ഉണ്ടായിരുന്നു. അവരെല്ലാം മഹാവിദ്വാന്മാരുമായിരുന്നു. അങ്ങിനെ ഒരു എഴുത്താശാനാണു് സുപ്രസിദ്ധനായ കുഞ്ചൻനമ്പ്യാരുടെ ഗുരുവായിരുന്ന ഉണ്ണിരവിക്കുറുപ്പു്. സാക്ഷാൽ രാമാനുജൻ എഴുത്തച്ഛനും എഴുത്താശാന്മാരുടെ കുലത്തിൽ ജനിച്ച ആളായിരുന്നു. ‘അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ’ എന്നു് അദ്ദേഹം തന്റെ ഗുരുവായിരുന്ന ജ്യേഷ്ഠനെ വാഴ്ത്തീട്ടുമുണ്ടല്ലോ.
ചന്ദ്രോത്സവാദി കൃതികളേപ്പറ്റി പറയുന്നിടത്തു് മി. നമ്പ്യാർ പിന്നെയും പറയുന്നു.
“സമകാലീനമായ സാമുദായികസംഗതികൾ ഇതിൽ എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ടെന്നു നിർണ്ണയിപ്പാൻ പ്രയാസം.” അനന്തരം
“വേശ്യാംഗനാവൃത്തിരിയം വിശീർണ്ണാ
വിരാജതേ സംപ്രതി കേരളേഷു”
എന്ന പദ്യഖണ്ഡത്തെ അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ടു്,
“ചന്ദ്രോത്സവം മുതലായവ വാസ്തവത്തിൽ സാമുദായിക ജീവിതദർപ്പണങ്ങളാണെങ്കിൽ നമ്മുടെ സാമുദായികചരിത്രത്തിൽ അനാശാസ്യമായ ഒരു ഘട്ടം കഴിഞ്ഞുപോയല്ലോ എന്നു വച്ചു സമാധാനിപ്പാനും വഴിയുണ്ടു്” എന്നു് ഒരു ദീർഘനിശ്വാസം ചെയ്കയും ചെയ്യുന്നു.
അക്കാലത്തു് കേരളത്തിൽ വേശ്യാംഗനാവൃത്തി വിരാജിച്ചിരുന്നുവെന്നുള്ളതു് ചില ആന്തരാളികവർഗ്ഗക്കാരുടെ ഉൽപ്പത്തിയേപ്പറ്റി കേരളമാഹാത്മ്യാദി ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതുകൊണ്ടുതന്നെ ഊഹിക്കാമല്ലോ. അല്ലാതെ ചന്ദ്രോത്സവകർത്താവും വൈശികതന്ത്ര [19] കാരനും മറ്റും പറഞ്ഞിട്ടുള്ളതു് പൊതുവെ കേരളീയരുടെ അന്നത്തെ നിലയെ പ്രതിബിംബിക്കുന്നില്ല.
അനേകം ഗദ്യപ്രബന്ധങ്ങളും ഇക്കാലത്തുണ്ടായിട്ടുണ്ടു്. മഴമംഗലം തുടങ്ങിയവർ, സ്മൃതികളിൽ പലതിനേയും ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു. ആചാരസംഗ്രഹം, അനുഷ്ഠാനസമുച്ചയം ഭാഷ, ചടങ്ങും ആചാരവും കൂടിയ ഭാഷ മുതലായവ ഈ ഇനത്തിൽ ഉൾപ്പെടുന്നു.
10.40 ശാസ്ത്രഗ്രന്ഥങ്ങൾ
ഭാഷാകാലദീപം, ഭാഷാമുഹൂർത്തപദവി ഇവ രണ്ടും മഹിഷമംഗലത്തിന്റെ കൃതികളാണു്. പ്രശ്നഭാഷ, ജ്യോതിഷഭാഷ, ലഘുമാനസഗണിതം ഭാഷ, വൈദ്യമഞ്ജരി, വൈദ്യാഷ്ടകം, ബാല ചികിത്സ, സഹസ്രയോഗം, ലക്ഷണാമൃതം, ഭിഷക്സാരോപദേശം, വിഷഹരമന്ത്രയോഗം ഭാഷ ഇത്യാദി വൈദ്യഗ്രന്ഥങ്ങളും, തച്ചുകോൽപൊരുത്തം, കടുകൾക്കരയോഗം, മാനവവാസ്തുലക്ഷണം ഇത്യാദി തച്ചുശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്തുണ്ടായവയാണു്.
ക്രിസ്ത്യാനികളും ചില കവിതകൾ ഇക്കാലത്തു് എഴുതീട്ടുണ്ടു്. അവയെപ്പറ്റി ഉത്തരഭാഗത്തിൽ പ്രതിപാദിക്കുന്നതാണു്.
10.41 കുറിപ്പുകൾ
[1] ഈ പാട്ടിനു് വലിയ പഴക്കമില്ല.
[2] അതിൽ, “തിരുമാതിൻവല്ലഭനരുളാലേ തെളിവൊടു മാധവനഹമിടർകളവാൻ പരമാദരവൊടു ചൊല്ലിയ ഞാന- പ്പനുവം ഉരചെയ്വർ അത്ഭുതമുക്തിപദം” പ്രാപിക്കും എന്നൊരു ഫലശ്രുതി കാണുന്നുണ്ടു്.
[3] പക്ഷേ ഇപ്പോൾ പ്രചരിച്ചിരിക്കുന്ന ഐതിഹ്യത്തിൽ, കണ്ണശ്ശകുടുംബത്തെ തിരുവല്ലായിലേയ്ക്കു കൊണ്ടുവന്നതു് പത്തില്ലത്തിൽ പോറ്റിമാരിൽ ഒരുവനായിരുന്നു എന്നാണു് പറഞ്ഞുകാണുന്നതു്.
[4] ‘വഞ്ചിക്ഷ്മാവരവീരകേരളവിഭോ രാജ്ഞസ്സ്വസുസ്സൂരനുനാ ശിഷ്യേണ പ്രവണേന ശംകരകവേ രാമായണം വർണ്ണ്യതേ’ പുത്രകാമേഷ്ടികഥ.
[5] അഹമഹമികയാ വന്നർത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം പ്രീതയേ ശാങ്കരം മേ ചന്ദ്രോത്സവം
[6] ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ മുഹൂർത്തപദവീവ്യാഖ്യാനേ പ്രഥമാദിഛേദഃ സമാപ്തഃ.
[7] വള്ളത്തോളിന്റെ തർജ്ജമ വായിച്ചുനോക്കുക.
[8] ഈ ശങ്കരകവി ആരായിരുന്നുവെന്നു് അന്യത്ര തെളിയിച്ചിട്ടുണ്ടു്. ഇത്രയും പറഞ്ഞതുകൊണ്ടു് അതു് ചെറുശ്ശേരി നമ്പൂരിയാണെന്നു് വായനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്.
[9] കൃഷിർഭൂവാചകശ്ശബ്ദ; ഭൂസത്തായം; നം = സുഖം, ആനന്ദം.
[10] രാധ സാധനേ പ്രാപ്തൗതോഷേ പൂജായാം ച ഈശ്വരാർപ്പിതമായ ജീവിതം നയിക്കുന്ന പരമഭക്തന്മാരെല്ലാം രാധികന്മാരാണു്.
[11] വൃന്ദം യത്ര തപസ്തേപേ തത്തു വൃന്ദാവനം സ്മൃതം “രാധാഷോഡസനാമ്നാം ച വൃന്ദാ നാമ ശ്രുതൗ ശ്രുതം തസ്യാം ക്രീഡാവനം രമ്യം തേന വൃന്ദാവനം സ്മൃതം”
[12] മുരളി ഈശ്വരന്റെ വിശ്വപ്രേമത്തേ ഉപലക്ഷിക്കുന്നു.
[13] വ്രജഗമനേ; വ്രജം = സംസാരം, ജഗൽ.
[14] “500 years ago Aryavarta saw a new thepohany of Eternal love; five thousand years ago Sree Krishna played upon the flute. Along the ancient pathways of the East; he walked with love-filled eyes. He played upon the flute and the little girls attending to domestic duties in their homes moved on to listen to his lay. He played upon the flute and men came over thorns & stones to the mighty magic song of love. He played upon the flute and shepherds left their work to touch his blessed feet and enter into some apprehension of his call of love.” Prof. Vaswani.
[15] Introduction to Unnuneeli Sandesam.
[16] ഈ ഗദ്യംതന്നെ നാരായണീയാദി മറ്റു പ്രബന്ധങ്ങളിലും ഈഷദ്ഭേദത്തോടുകൂടി കാണുന്നുണ്ടു്. ചാക്യാർ പുനത്തിന്റെ കൃതിയിൽ നിന്നു് ഇതിനെ അവയിലേയ്ക്കു പകർത്തിയതോ അവയിൽ നിന്നു് ഇങ്ങോട്ടു പകർത്തിയതോ എന്നു ഖണ്ഡിച്ചു പറയുന്നതിനു നിവൃത്തിയില്ല.
[17] മുക്താരത്നം മലയമരുതശ്ചന്ദനം ച പ്രസൂയ ……… വിദ്വൽപ്രീത്യൈ ബഹുരസ സുധാസുന്ദി സന്ദേഏശകാവ്യം ബദ്ധം ഹ്യേതദ്വിരതപദത്തേന നാരായണേന.
[18] ബ്രാഹ്മണേതരന്മാർ എന്നു പറയുമ്പോൾ ക്ഷത്രിയവൈശ്യാദിദ്വിജന്മാർകൂടി ഉൾപ്പെടുന്നുണ്ടെന്നു് മി. നമ്പ്യാർ വിസ്മരിച്ചിരിക്കുന്നു. ശൂദ്രർക്കും സംസ്കൃതവിദ്യാഭ്യാസം നിഷേധിച്ചിരുന്നില്ലെന്നാണു് പുരാണം പ്രതിപാദിക്കുന്നതു്. “സ്ത്രീശൂദ്രദ്വിജബന്ധൂനാം ത്രയീനശ്രുത ഗോചരാ; കർമ്മശ്രേയസി മൂഢാനാം ശ്രേയ ഏവം ഭവേദഹേ, ഇതി ഭാരതമാഖ്യാനം കൃപയാ മുനിനാ കൃതം.” (ഭാ: സ്കന്ധം 1, അദ്ധ്യായം 4, ശ്ലോ. 25.)
[19] ഈ കൃതി വളരെ പ്രാചീനമാകുന്നു. അതിലെ ചില പദ്യങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. തന്വീകുലാഭരണമേ തരുണാൻ കയർത്തും തനേ നിശാസു നിയമേന കിടക്കിലാകാ; അംഭോരുഹാഷി പുനരാണണയാതപെണ്ണും ചേറില്ലയാതമിളിയും ചിരികേടുകണ്ടാ. തനയേ തവ സമ്പദർത്ഥമുച്ചൈ- രിനിയോരാഢ്യനെ നീ വരിച്ചുകൊൾക ധനഹീനരിൽനിന്റുയർച്ചവാരാ പനിനീർവീണകുളം നിറഞ്ഞുനില്ല. ഇതും ഒരു ദുഷ്കവിത തന്നെ. അതുകൊണ്ടു് പ്രത്യേകം എടുത്തു പറയാഞ്ഞതാണു് ഗദ്യഗ്രന്ഥങ്ങൾ.
ഭാഗം രണ്ടു്
അധ്യായം 11
11 സംസ്കൃതപ്രഭാവകാലസാഹിത്യം (തുടർച്ച)
11.1 നീലകണ്ഠകവി
പത്താം അദ്ധ്യായത്തിൽ ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് പുനം അല്ലെന്നു ഖണ്ഡിതമായും, ഏതോ ഒരു നാരായണകവി ആയിരിക്കാമെന്നു് സംശയരൂപത്തിലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാൽ ഈയിടെ എന്റെ കൈവശം വന്നുചേർന്ന “തെങ്കൈലാസനാഥോദയം” ചമ്പുവിൽ നിന്നു് ആ ഗ്രന്ഥങ്ങളുടെ കർത്താവിനെപ്പറ്റി ചില വിവരങ്ങൾ ലഭിച്ചിരിക്കുന്നു.
“സാമ്രാജ്യാധികൃതോ വയസ്യഭിനവേ ശ്രീരാമവർമ്മാഭിധോ
രാജേന്ദ്രസ്സഹ ഗോദവർമ്മസഹജേനാക്രമ്യ വർഗ്ഗം ദ്വിഷാം,
കൃത്വാ ദാനവരം തുലാദ്യപുരുഷം വാരാണസീസന്നിധൌ
സംപ്രാപ്തശ്ശിവലോകമന്വഗനുജോപ്യാനമ്യ രാമേശ്വരാൽ.
അനന്തരമനന്തരായരമണീയനാനാഗുണ-
പ്രഭാവജിതരാഘവോഹിതലാഘവോ വൈരിണാം;
ശശാസ വിധിവന്മഹീം ഗുണമഹീയസീം പൂരയ-
ന്യാശോ ജഗതി വീരകേരള ഇതി പ്രതീതോനൃപഃ.
സോയം നിശ്ശേഷവിദ്യാനിപുണമതിരുപാലിംഗിതോ വീരലക്ഷ്മ്യാ
മായം കൂടാതെ മാനാംബുധിവിമതഭടൈര്യുദ്ധബദ്ധാഭിയോഗൈഃ;
… പടയ്ക്കായ് വൃഷപുരിയിലെഴുന്നള്ളുമക്കാലമുച്ചൈ-
രാബദ്ധാഡംബരം മേന്മയൊടൊരുശിവരാത്ര്യുത്സവം പ്രാദുരാസീൽ
വാർമേവീടുന്ന വിദ്വജ്ജനനിഗദിതതെങ്കെലനാഥപ്രഭാവ-
ശ്രീമാഹാത്മ്യങ്ങൾകേട്ടും പ്രകടിതരുചികണ്ടും പ്രസന്നാന്തരാത്മാ;
ധീമാനല്പസ്മിതംചെയ്തഖിലസദസി ചെല്ലൂരപൂർണ്ണത്രയീശ
ശ്രീമൽ കാരുണ്യപാത്രംകവിമഴകിനൊടാടിഷ്ടവാൻ പദ്യവാചാ.”
ഇവിടെ കവി, തന്നെപ്പറ്റി ‘ചെല്ലൂരപൂർണ്ണത്രയീശശ്രീമൽ കാരുണ്യപാത്രമായി’ പറഞ്ഞിരിക്കുന്നതിൽനിന്നു് കവിയെപ്പറ്റിയും കവിയുടെ കാലത്തേപ്പറ്റിയും ചിലതൊക്കെ ഊഹിക്കാൻ വഴിയുണ്ടു്. ‘സാമ്രാജ്യേ’തിപദ്യത്തിൽ നിന്നു് വീരകേരളവർമ്മരാജാവിന്റെ പൂർവഗാമി ‘അഭിനവേ വയസി സാമ്രാജ്യാധികൃതനാ’യശേഷം ‘ദ്വിഷാംവർഗ്ഗ’ത്തെആക്രമിച്ചു വിജയശ്രീയാൽ ലാളിതനായി ഏറെക്കാലം രാജ്യം ഭരിക്കയും ഒടുവിൽ തുലാപുരുഷദാനം നടത്തിയിട്ടു് കാശിയിൽ പോയി അവിടെവച്ചു് ശിവലോകം പ്രാപിക്കയും ചെയ്ത ‘ശ്രീരാമവർമ്മ’ എന്ന കൊച്ചീരാജാവായിരുന്നു എന്നു തീർച്ചപ്പെടുത്താം. ഈ വിവരണം കാശിയ്ക്കു് എഴുന്നള്ളിയ തമ്പുരാനു വളരെ യോജിക്കുന്നുണ്ടു്. ആ തമ്പുരാൻ തീപ്പെടുന്നതിനു മുമ്പു് തുലാഭാരം കഴിച്ചതായും അതിനല്പം മുമ്പു അതായതു് 775 മകരത്തിൽ സാമൂതിരിപ്പാടുമായി യുദ്ധം നടത്തിയതായും ആ യുദ്ധത്തിൽ സാമൂതിരിപ്പാടു് വെടികൊണ്ടു മരിച്ചതായും കൊച്ചീരാജ്യചരിത്രത്തിൽ പറഞ്ഞിരിക്കുന്നതും ഈ പദ്യത്തിൽ വിവരിച്ചിട്ടുള്ളതിനോടു് യോജിക്കുന്നു. ഈ രാമവർമ്മതമ്പുരാനെ പിന്തുടർന്നു രാജ്യം ഭരിച്ചതു് വീരകേരളവർമ്മ തമ്പുരാനായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചക്കാലം 776 മുതൽ 790 വരേ ആയിരുന്നതിനാൽ നമ്മുടെ കവി തെങ്കൈലാസനാഥോദയം രചിച്ചതു് അക്കാലത്തിനിടക്കായിരുന്നുവെന്നുഊഹിക്കാം. എന്നാൽ അതിന്റെ അവസാനത്തിൽ കാണുന്ന ‘പപ്രഥേ തൽപൃഥിവ്യാം’ എന്ന ഭാഗം കലിസംഖ്യയാണെന്നു ചിലർ പറയുന്നു. അങ്ങനെ ആണെങ്കിൽ അതു കറതീർന്നതു് 773 മകരത്തിൽ ആണെന്നു വരും. എന്നാൽ അന്നു് വീരകേരളവർമ്മ രാജ്യഭാരം തുടങ്ങീട്ടില്ലായിരുന്നു എന്നൊരു അസാമഞ്ജസ്യം ഉണ്ടു്. അതുകൊണ്ടു് ഒന്നുകിൽ രാമവർമ്മതമ്പുരാൻ നാടുനീങ്ങിയതു 776-ൽ അല്ലെന്നു വരണം, അല്ലങ്കിൽ “പപ്രഥേ തൽപൃഥിവ്യാം” എന്നതു കലിദിനം അല്ലാതിരിക്കണം. അതു കലിദിനത്തെ കുറിക്കുന്നില്ലെന്നുള്ളതിനു് ഈ ഗ്രന്ഥം തന്നെ സാക്ഷ്യം വഹിക്കുന്നു. എന്തു കൊണ്ടെന്നാൽ: ശിവരാത്രിമഹോത്സവത്തിനു് എഴുന്നള്ളിയിരുന്ന അവസരത്തിലാണല്ലോ കൊച്ചിതമ്പുരാൻ കവിയോടു് പ്രസ്തുതഗ്രന്ഥം നിർമ്മിക്കാൻ ആവശ്യപ്പെട്ടതു്. അതുകൊണ്ടു് ഗ്രന്ഥം പൂർത്തിയായതു് കുംഭത്തിലോ അതിനു ശേഷമോ ആയിരിക്കണം. മകരത്തിലായിരിക്കയില്ല. അതിനും പുറമേ ‘പപ്രഥേ തൽപൃഥിവ്യാം’ എന്നു നാരായണീയത്തിലും കാണുന്നുണ്ടു്. കവിയുടെ പേരു് നീലകണ്ഠൻ എന്നായിരുന്നു എന്നു് അടുത്ത ശ്ലോകത്തിൽ നിന്നു ഗ്രഹിക്കാം.
“വിദ്യാവല്ലഭ! നീലകണ്ഠസുകവേ! ചെല്ലൂരനാഥോദയം
ഹൃദ്യം പണ്ടുകൃതം പുനശ്ച രചിതം നാരായണീയം ത്വയാ,
അദ്യൈവാരഭതാം ഗിരാ മമ ഭവാൻ തെങ്കൈലനാഥോദയം
പ്രത്യഗ്രാഖ്യകലർന്നു ബന്ധുരഗുണം ബന്ധുപ്രബന്ധോത്തമം.”
ഈ നീലകണ്ഠകവിയേപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ അദ്ദേഹം ചെല്ലൂർ ഗ്രാമവാസിയും കൊച്ചിത്തമ്പുരാന്റെ ആശ്രിതനും വിദ്യാവല്ലഭനും ആയിരുന്നു എന്നുമാത്രം അറിയാം.
നീലകണ്ഠകവിയും നാരായണ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഒരിക്കൽ ഒരു വിദ്വാൻ ചെമ്പകശ്ശേരി മഹാരാജാവിനെ കാണാനായി ചെന്നപ്പോൾ, വാതുക്കൽ നിന്നിരുന്ന ഭട്ടതിരിയെ കണ്ടു് ‘മുഖം കാണിക്കാൻ നല്ല സമയമാണോ?’ എന്നു ചോദിച്ചതായും ഭട്ടതിരി,
“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച രാജതേ;
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ.”
എന്നു ശ്ലോകരൂപത്തിൽ മറുപടിപറഞ്ഞതായും ഒരു ഐതിഹ്യം, ഉണ്ടു്. ഈ നീലകണ്ഠകവിതന്നെ ആയിരിക്കാം നാരായണീയം, ചെല്ലൂരനാഥോദയം, തെങ്കൈലാസനാഥോദയം ഇത്യാദികൃതികൾ രചിച്ചതു്.
ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് ഒരാൾതന്നെ ആയിരിക്കണമെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
തെങ്കൈലാസനാഥോദയം തൃശ്ശിവപേരൂർ പ്രതിഷ്ഠയെ വർണ്ണിക്കുന്ന ഒരു ഉത്തമകാവ്യമാകുന്നു. അതിൽനിന്നു് അക്കാലത്തെ ജനസമുദായത്തിന്റെ സ്ഥിതികളേപ്പറ്റി പലതും ഗ്രഹിക്കാം. അന്നത്തേ യോദ്ധാക്കളുടെ വേഷഭൂഷാദികളും യുദ്ധസംപ്രദായവും ആയുധവിശേഷങ്ങളും, അതിൽ വർണ്ണിച്ചിട്ടുണ്ടു്. വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിമഹോത്സവം കാണാൻവന്ന ജനങ്ങളെ കവി സരസമായി വർണ്ണിച്ചിട്ടുള്ളതിനാൽ, ഈ പ്രബന്ധം ദേശചരിത്രകാരനു് അത്യന്തം പ്രയോജകീഭവിക്കുന്നു.
11.2 രാജരത്നാവലീയം
ഈ ഗ്രന്ഥത്തിന്റെ ആവിർഭാവം 776-നു മുമ്പായിരിക്കണം. ഗ്രന്ഥകർത്താവു് നീലകണ്ഠകവിതന്നെ ആയിരിക്കുമോ എന്നു സംശയമുണ്ടു്. നായകനായ രാമവർമ്മ വലിയതമ്പുരാൻ കാശിയ്ക്കു എഴുന്നള്ളിയ തമ്പുരാനെന്നു പ്രസിദ്ധനായ കൊച്ചീരാജാവാണെന്നു തോന്നുന്നു. ആ തമ്പുരാന്റെ പ്രിയ ജനനിയുടെ വിദ്യാസമ്പത്തി, അദ്ദേഹത്തിന്റെ ബാല്യകാലവും വിദ്യാഭ്യാസവും, ദിനചര്യ, പ്രഭാവം മുതലായവയെ ഈ കൃതിയിൽ വിവരിച്ചിട്ടുണ്ടു്.
11.3 കോടിവിരഹം
കവി ആരെന്നു നിശ്ചയമില്ല. തെങ്കൈലാസനാഥോദയം മുതലായ കൃതികളുടെ കർത്തൃത്വം നിർണ്ണയിക്കാൻ സാധിച്ചതുപോലെ ഈ പ്രബന്ധത്തിന്റെ കർത്താവിനേയും അചിരേണ കണ്ടുപിടിക്കാൻ സാധിക്കുമെന്നു ആശിക്കുന്നു. മേല്പത്തൂർ നാരായണഭട്ടതിരി സംസ്കൃതത്തിൽ ഒരു “കോടിവിരഹം” [1] രചിച്ചിട്ടുണ്ടു്. അതിനെ കാവ്യമാലയുടെ നാലാംഭാഗമായി നിർണ്ണയസാഗര പ്രസ്സുകാർ അച്ചടിച്ചിരിക്കുന്നു. നമ്മുടെ കവി അതിൽനിന്നാണു് ഇതിവൃത്തത്തേ സ്വീകരിച്ചിരുന്നതു്. മിസ്റ്റർ കെ. ശങ്കരമേനോൻ “കൊടിയവിരഹം” എന്ന പേരിൽ ഈ ഗ്രന്ഥത്തെ പ്രസാധനം ചെയ്തിട്ടുണ്ടു്. ‘കോടിവിരഹം’ എന്ന പേരുമാറ്റി കൊടിയവിരഹം എന്നാക്കിയതു അദ്ദേഹമാണു്. അദ്ദേഹം പറഞ്ഞിട്ടുള്ള യുക്തികൾ മതിയാവാത്തതുകൊണ്ടു് ഇവിടെ പ്രസിദ്ധമായ പഴേപേരു തന്നെ ചേർത്തിരിക്കുന്നു. തൽകർതൃത്വത്തെപറ്റി അദ്ദേഹം അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികളെ വേറൊരിടത്തു് അദ്ദേഹം സ്വയം ഖണ്ഡിച്ചിട്ടുള്ളതുകൊണ്ടു്, പ്രസാധകനു് ഇപ്പോഴും ഈ വിഷയത്തിൽ സന്ദേഹനിവൃത്തി വന്നിട്ടില്ലെന്നു തോന്നുന്നു.
“ഭാഷാകവിയായ പുനത്തിനു സംസ്കൃത പദ്യങ്ങൾ എഴുതാൻ പാടവമില്ലായിരുന്നല്ലോ. അതുകൊണ്ടു് പുനത്തിന്റെ മേൽ ഈ ഗ്രന്ഥത്തിന്റെ കർതൃത്വം ആരോപിയ്ക്കാവുന്നതല്ല” എന്നു ഒരിടത്തുപുനത്തിനെ സംസ്കൃതാനഭിജ്ഞനാക്കിപ്പറഞ്ഞ മി. മേനോൻ രാമായണ ചമ്പുവിന്റെ അവതാരികയിൽ ആ മഹാപാപത്തിനു പ്രതിവിധിയായി സകല ചമ്പുക്കളും അദ്ദേഹത്തിന്റെ കൃതികളായിരിക്കണം എന്നു് അഭിപ്രായപ്പെട്ടതായിരിക്കാം.
ഈ ഗ്രന്ഥത്തിന്റെ കർത്താവു് ഒരു നല്ല പണ്ഡിതനായിരുന്നു എന്നു നിസ്സംശയം പറയാം. ചില സ്ഥലങ്ങളിൽ ആ പാണ്ഡിത്യം മുഴച്ചു നില്ക്കുന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. “മഴമംഗലത്തിന്റെ ഭാഷയേക്കാൾ നല്ലഭാഷയിലാണു് കൊടിയവിരഹം എഴുതിയിരിക്കുന്നതു്” എന്നു് പ്രസാധകൻ പറയുന്നു. എന്നാൽ പ്രാചീന ചമ്പുക്കളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനം നൈഷധത്തിനുതന്നെ കൊടുക്കണമെന്നാണു് എനിക്കു തോന്നുന്നതു്. ഈ പ്രബന്ധത്തിലെ സംസ്കൃത പദ്യങ്ങളിൽ മിക്കവയും കാളിദാസകൃതികളിൽനിന്നും മറ്റും അവസരോചിതമായി എടുത്തു ചേർത്തിട്ടുള്ളതാണു്.
ഉ:
“ഗച്ഛതിപുരശ്ശരീരം ധാവതി പശ്ചാദസംസ്കൃതം ചേതഃ;
ചീനാംശുകമിവ കേതോഃ പ്രതിവാതം നീയമാനസ്യ”ശാകുന്തളം
“അസ്യാസ്സർഗ്ഗവിധൌ പ്രജാപതിരഭൂച്ചന്ദ്രോ നു കാന്തപ്രഭഃ
ശൃംഗാരൈകരസസ്സ്വയം നു മദനോ മാസോ നു പുഷ്പാകരഃ;
വേദാഭ്യാസജഡഃ കഥം സ വിഷയവ്യാവൃത്തകൌതൂഹലോ
നിർമ്മാതും പ്രഭവേന്മനോഹരമിദം രൂപം പുരാണോ മുനിഃ?”വിക്രമോർവശീയം
ഇങ്ങനെ സംസ്കൃത കവിതകളിൽനിന്നു് പദ്യങ്ങളെ പകർത്തുന്ന സംപ്രദായം ചമ്പൂകാരന്മാർക്കെല്ലാവർക്കും ഉണ്ടായിരുന്നു. ചാക്യാന്മാരും അവസരോചിതം സംസ്കൃതശ്ലോകങ്ങൾ ചേർത്തീട്ടുണ്ടു്.
ഒരിക്കൽ മംഗല്യരംഗഭൂമിയും മദനമഹാരാജഭാഗ്യപരിപാടിയും ആയ “ശൃംഗാരചന്ദ്രിക” എന്നൊരു യുവതി ജീവിച്ചിരുന്നു. അവളുടെ ക്രീഡാവിനോദങ്ങളേയും വിലാസങ്ങളേയും കവി മൂന്നുനാലു പദ്യങ്ങളെകൊണ്ടു മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
“സ്വർണ്ണോർമ്മികാകലിതകോമളകണ്ഠഭൂഷാ
ചീനാംശുകസ്ഫുരിതനൂതനരത്നകാഞ്ചീ,
സാർദ്ധം സഖീഭിരസിതാപ്രപദീനവേണീ
ചിക്രീഡ സാ ശശിമുഖീ വിഹഗൈർവിഹാരൈഃ”
“മിന്നീടും ഘർമ്മലേശം, മുഹുരിളകിനവാർകുന്തളം നീളമങ്ങും
കന്നൽക്കൺകോൺ, കുലുങ്ങും കുചമുകുളമഴിഞ്ഞം സസംസക്തകേശം
മന്ദം കൊഞ്ചുന്ന പൊന്നിന്തരിവളചിലനാളോമൽ പന്താടുമാറു-
ണ്ടന്നേരം കാൺകിലൈന്താർശരനുമെരിപൊരിക്കൊണ്ടുതണ്ടും പ്രമോഹം”
അക്കാലത്തുതന്നേ സംഗീതകേതു എന്ന ഒരു യുവാവു് ഒരു ധനപതി കുടുംബത്തിൽ വളർന്നുവന്നു.
“എന്നപ്പാ! യൌവനത്തിൻപ്രഥമകലികയായ്മെയ്യണഞ്ഞീടുവോര-
ക്കന്നൽക്കണ്ണാർമണിപ്പൂവിനു സരസമമിഴ്ത്താമിതെന്നോർത്തു ധാത്രാ;
അന്യത്ര ക്വാപി നാനാഗുണഗണനിപുണം മുമ്പിലേ കല്പിതംപോ-
ന്നുന്നിച്ചൂനൽ പണിക്കല്ലഭിനവരുചിസംഗീതകേതൂജ്ജ്വലാഖ്യം.”
“കാന്ത്യാ നിർജ്ജിതമന്മഥഃ കമലജാലീലാവിനോദാസ്പദം
കാംക്ഷാപൂരണകാമധേനുരതിഥിവ്രാതസ്യ, കാമീ യുവാ;
കാന്താകാർമ്മണശീലരഞ്ജിതജനഃ കാരുണ്യശീലഃ കവി
ക്ഷ്മാപാലശ്ച സുകാവ്യനാടകപടുഃ, കാസാം ഗിരാം ഗോചരഃ.”
ഗുണഗ്രാഹികളായ യുവജനങ്ങൾ സംഗതിവശാൽ പറഞ്ഞ വാക്കുകളിൽനിന്നു് ഇവർ പരസ്പരം കേട്ടറിഞ്ഞു്,
“ഏനംഞാൻനയനങ്ങൾകൊണ്ടിഹകദാപാസ്യാമിപാസ്യാമി ഞാ
നേനാമെന്നുമിവണ്ണമുള്ളഭിമതം ഗൂഢം വളർന്നൂ തയോഃ”
പരസ്പരം കാണുന്നതിനു മുമ്പുതന്നെ അവരുടെ അനുരാഗം തഴച്ചു വളർന്നുവന്നു. “ശൃംഗാരചന്ദ്രികാകഥാരസായനമൊഴിഞ്ഞു് മറ്റൊരുപജീവനവും” സംഗീതകേതുവിനു് ഇല്ലെന്നുള്ള മട്ടായി. നായികയുടെ സ്ഥിതിയോ?
“കളിപ്പാനുദ്യാനേ ചില സഖികളും താനുമലസം
മിളൽ പുഷ്പേ പോമ്പോളിടയിൽ വീർക്കുന്നു സുമുഖീ;
ചലന്നീവീബന്ധം ചകിതഹരിണീപോതനയനാ
ഗളല്ലജ്ജാലേശം കിമപി പറയും തോഴിയൊടിയം.”
ഇങ്ങനെ ഇവർ രണ്ടുപേരും ‘മെത്തുന്ന കാമക്കടൽ നടുവിലകപ്പെട്ടുഴന്നീടു’ന്നകാലത്തു് ഗൌരീക്ഷേത്രത്തിൽ പൂരോത്സവവും വന്നുകൂടി.
“ശിവശിവ പൂരമഹോത്സവഘോഷം ചെവിപൊടിയുമോരിടിനിടിനെന്നിടിപൊടിയാക്കും വെടികളൊരോരോ ദിശിദിശി പെരുകി ത്രിഭുവനമൊക്കെ മുഴങ്ങിനടുങ്ങും, ബാലവയോധിക കുഞ്ജരസംഘം, ഭഗവതിമാരോടൊപ്പം വന്നു ഞെരിച്ചീടും ചിലവാദ്യവിശേഷം, ബാലഭയംകരി വൃദ്ധവിമോഹിനി മത്തമദംഗജയാത്രാശാലിനി, ഭുവനമിളക്കികളെന്നു തുടങ്ങും ചെണ്ടകൾ തിമിലകളിടക്കയുടുക്കുകൾ, നിഷാണം തപ്പുമിഴാവും പെരിയ പെരുമ്പറ ചെല്ലരിവെമ്പറ മദ്ധ്യേ, പല വെടിനീർ വെടികയർ വെടി പൂവെടി കമ്പം പഴുതേ പായുന്നെലിവെടി, ച്ചെറുമികൾ വെന്തുപിടഞ്ഞും കൈയ്യർ തകർത്തും മമ്മാ ഘോഷം കുഹചന ഭാഗേ…”
ഈ പൂരമഹോത്സവം കാണുന്നതിനു് നമ്മുടെ നായികാനായകന്മാരും വന്നുചേർന്നു. ശൃംഗാരചന്ദ്രിക ദേവിയെ പ്രണമിച്ചിട്ടു് പുറത്തുവന്നു കേസരവേദികയിൽ സ്വൈരമായി നില്ക്കവേ, സംഗീതകേതു അവളെ കാണാനിടയായി.
ഇവിടെ കവി സ്വകീയവും പരകീയവുമായ ഏതാനും പദ്യങ്ങളെക്കൊണ്ടു് നായികയെ വർണ്ണിക്കാൻ ഉദ്യമിക്കുന്നു. ആ ഉദ്യമത്തിൽ അദ്ദേഹത്തിനു ആത്മവിസ്മൃതി കൂടി പറ്റിപ്പോയെന്നു തോന്നുന്നു. നോക്കുക:
“സ്നിഗ്ദ്ധാ ശൈവാലമാലാ ശശികലയുമുഭേ കാമകോദണ്ഡവല്യൌ
ലോലേ നീലോൽപ്പലേ നിർമ്മലമണിമുകുരൌ മല്ലികാപല്ലവോപി.
പൂർണ്ണേന്ദുഃ സ്വർണ്ണകംബുസ്സരസിജമുകുളൌ ദ്വേ ലതേ സൂക്ഷ്മതന്തു-
ർഭ്യംഗാളീസൈകതം കോമളകദളിയുഗം പംകജേ കിം കിമേതൽ.”
ഈ വർണ്ണനയുടെ അസാംഗത്യം പ്രകടമാണല്ലോ.
‘നിരവധിജനസമ്മർദ്ദം’ കൊണ്ടു് അവളെ അടുത്തുകാണാൻ കഴിയാഞ്ഞിട്ടു് നായകൻ അശോകത്തറയിൽ കയറിനിന്നു നോക്കിയത്രേ. ഈ നിലയിൽ അദ്ദേഹത്തിനെ നായികയ്ക്കും കാണാനിടയായി. അവളുടെ അപ്പോഴത്തെ മനോഭാവത്തെ കവി ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. ആ പദ്യങ്ങളിൽനിന്നും അദ്ദേഹത്തിന്റെ മണിപ്രവാളരചനാപാടവം നല്ലപോലെ വെളിപ്പെടുന്നു.
“ഇന്നില്ക്കുന്നിവനാകിലോ ജനമനസ്സമ്മോഹനം കൈയിലു-
ണ്ടെന്നുന്നൂനമിവന്നൊരൌഷധമഹോ രമ്യം മുഖാംഭോരുഹം;
വർണ്ണിപ്പാനൊരു കാണിപോലുമൊരുന്നാവില്ല പാർത്താലിനി-
ക്കെന്നെക്കാണിൽ നുറുങ്ങുവേണമിവനെക്കിം ദൈവമേ കാരണം?
ആമോദം കൈവളർക്കുന്നിതു ശിവശിവ കണ്ടോളവും കണ്ണിനയ്യാ
പൂമൈ നിർമ്മായരമ്യംനവനവ വിലസദ്യൌവനശ്രീവിലാസം;
വാർമേവും തൂമരന്ദദ്രവമിടനിറയുമ്മാറുമമ്മാമണം പെ-
യ്താമൂലാഗ്രം തളിർത്തഞ്ചിതലളിതമിളംകല്പകപ്പൈതൽപോലെ.
ത്രൈലോക്യസുന്ദരമയം നരനായകം ക-
ണ്ടായോലമസ്തമിത ധൈര്യമുദൂഢരാഗം;
ചേലാർന്നെഴും കുളുർനിലാവിലൊരിന്ദുകാന്തം
പോലേ നിതാന്തമലിയുന്നിതു മാനസം മേ.
കാണാക്കാണക്കുളുർക്കുന്നിതു നയനപുടംപണ്ടനേകം പ്രകാരം
ഞാനിക്കേൾക്കുന്നൊരോരോ ഗുണഗണമിതിനോടൊന്നുനേർവന്നുകൂടാ
കാണാവൊന്നല്ലവല്ലാ നിലകൾ വരുമവസ്ഥാന്തരംദൈവമേ കാൺ
പ്രാണാലംബം മദീയം മനസി ബത പകുത്തൂനിബദ്ധാഭിലാഷം.”
രണ്ടുപേർക്കും പരസ്പരം വിട്ടുപോകുന്നതിനു മനസ്സില്ലാതെയായി. അടുത്ത ഏതാനും പദ്യങ്ങൾകൊണ്ടു് കവി നായികാനായകന്മാരുടെ അയോഗവിപ്രലംദേശയേ വർണ്ണിക്കുന്നു.
നായികയുടെ ദയനീയസ്ഥിതി കണ്ടു് ഒരുദിവസം അവളുടെ തോഴി ചോദിക്കുന്നു;
“ആരെത്തൊട്ടിത്രിലോക്യാമനുഗുണതകലർന്നൂ? മനോജ്ഞാംഗിദൈവ
ഞ്ചാരുത്വാസ്ഥാനമേവൻ മനസി നിഴലെടുത്തന്വഹം ധന്യജന്മാ?
സ്ത്രീരത്നപ്പൊന്നരിമ്പേ! തവ വിധുരദശാമീദൃശീം ചേർന്നതയ്യോ!
നേരത്തേന്നോടിദാനീം പ്രിയസഖി! നിഖിലംചൊല്ലടോവൈകിടാതെ-
ഭദ്രേ! നിൻകോപ്പിതെന്തെന്തരിയവർനിവഹം മൗലിമേൽവച്ചു ചാർത്തും
പുത്തന്മാണിക്യമാലേ! കഥയ കഥയകല്യാണി സന്താപമൂലം;
ഉൾത്തിങ്ങുംവ്രീളകൊണ്ടൻപ്രിയസഖിമതിമൂയായ്ക മുഗ്ദ്ധാംഗനാനാ-
മെത്തതൊന്നല്ലിതൈന്താർശരനിഗമപരബ്രഹ്മമേ ചിന്തയേഥാഃ.
ധന്യാ പുരാ ഗിരിസുതാ മഹിതോത്സവശ്രീ-
സന്ദർശനാൽ പ്രഭൃതി സുന്ദരി! സന്തതം നീ
അന്യാദൃശീ ബത ചമഞ്ഞിതുഘർമ്മകാല-
ത്തൊന്നേറവാടുമിളമല്ലികയെന്നപോലെ.
എല്ലാനാളും വിശേഷാലയി തവ സുഖദുഃഖങ്ങളെങ്കൽ പകർത്തീ-
ട്ടല്ലേ കീഴിൽ കഴിഞ്ഞൂ? ദൃഢമിനിയുമതവ്വണ്ണമേ കൈവരേണം.
ചൊല്ലീടെന്നോടിദാനീം വ്യസനമിതു രഹസ്യം തുലോമെങ്കിലും കേ-
ളൊല്ലാധന്യേ! സഖീവഞ്ചനമഖിലമനോജ്ഞാംഗികല്യാണിനീനാം.”
ഈ വാക്കുകൾ കേട്ടു് ശൃഗാരചന്ദ്രിക തന്റെ ദുഃഖഹേതുവിനെ തോഴിയോടു തുറന്നു പറയുന്നു. സഖി ചെയ്ത ശീതോപചാരങ്ങളൊന്നും അവളിൽ ഫലിക്കുന്നില്ല. ഈ അവസരത്തിൽ നായകന്റെ സ്ഥിതി കുറേക്കൂടി കഷ്ടതരമായിരുന്നെന്നുപറയാം. അങ്ങനെ ഇരിക്കെ,
“പ്രപാസു, കുല്യാസു, വനസ്ഥലീഷു
വിശ്രമ്യ വിശ്രമ്യ ഗതിം വിതന്വൻ,
വിഷാദശാലീ വിധിവൈഭവേന
നിജപ്രിയായാ നിലയം പ്രപേദേ.”
അനന്തരം കുറേക്കാലം അവർ പ്രേമസാഗരത്തിൽ മുഴുകി,അത്യന്തഹൃദ്യങ്ങളായ വിവിധക്രീഡകളെ ക്കൊണ്ടു് കാലം നയിച്ചു. ഇതിലെ സംഭോഗവർണ്ണന ഇക്കാലത്തുള്ളവർക്കു രുചിക്കുമോ എന്നു സംശയമാണു്. എന്നാൽ ഈ ഘട്ടത്തിലെ ഗദ്യവും പദ്യവും ഒരുപോലെ അകൃത്രിമരമണീയങ്ങളായിരിക്കുന്നു.
വളരെക്കാലം അവർക്കിങ്ങനെ സുഖമായി കഴിച്ചുകൂട്ടാൻ സാധിച്ചിട്ടില്ല. ചില ഏഷണിക്കാരുടെ വാക്കുകേട്ടു് നായിക സംഗീതകേതുവിനെ അകറ്റിക്കളഞ്ഞു. അതിനോടുകൂടി പൂർവഭാഗം അവസാനിക്കുന്നു.
ഉത്തരഭാഗത്തിൽ നായികാനായകന്മാരുടെ വിരഹദുഃഖവും പുനസ്സമാഗമവും വിവരിച്ചിരിക്കുന്നു. എല്ലാവിധത്തിലും ഉത്തരഭാഗം പൂർവഭാഗത്തെ അതിശയിക്കുന്നുവെന്നു പറയാം. പദ്യങ്ങൾ മിക്കവാറും നല്ല ഭാഷയിലാണു്. കവിയുടെ വർണ്ണനാപാടവവും വശ്യ വാക്ത്വവും ഈ ഭാഗത്തിൽ പൂർവാധികം പ്രകടമായിരിക്കുന്നു. ഒരു പദ്യം മാത്രം താഴെ ഉദ്ധരിക്കുന്നു.
“ആകാശേ കാളമേഘദ്വിരദവരഘടാബന്ധുരേ ചന്തമേറും
നാകാധീശായുധം കൊണ്ടിനിയ കൊടിമരംനാട്ടി വർഷോത്സവാർത്ഥീ
കൂകും കേകാമണിക്കൊമ്പുകൾ നിവിര വിളിപ്പിച്ചു വിശ്വം മുഴക്കി
ച്ചാകമ്രം തൂകിനാൻ വന്നുദകഹവിരസൌഹന്ത പർജ്ജന്യദേവൻ.”<
11.4 പാരിജാതഹരണം ചമ്പു
പുനപ്രഭൃതികൾ രാമായണത്തിലേയും ഭാരതത്തിലേയും പ്രധാന ഭാഗങ്ങളെ ചമ്പുക്കളായി രചിച്ചതുപോലെ ഭാഗവതകഥകളേയും രചിച്ചു കാണണമെന്നു തോന്നുന്നു. പാരിജാതഹരണം ഭാഗവതന്തർഗ്ഗതമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കവി ആരെന്നു തൽക്കാലം നിർണ്ണയിക്കാൻ തരമില്ല. എന്നാൽ,
“ലോകാലോകാദിയേക്കാൾ വിപുലത തടവി-
പ്പൊങ്ങിനില്ക്കുന്നപൊന്നിൻ-
പ്രാകാരത്തോടിടഞ്ഞീടിന ജലധരപാ-
ളീപരോക്ഷാന്തരാളാ”
ഇത്യാദി പാരിജാതഹരണപദ്യത്തിന്നും,
“ലോകാലോകോല്ലസദ്ഗോപുരഘനപരിഘാലംകൃതാഭംഗികൈക്കൊ-
ണ്ടാകാശത്തോടുരുമ്മീടിന കനകമഹാസാലമാലാഭിരാമാ”
ഇത്യാദി രാമായണപദ്യത്തിന്നും കാണുന്ന സാദൃശ്യത്തേ അടിസ്ഥാനപ്പെടുത്തി, ഈ കൃതിയും പുനത്തിന്റെതാണെന്നു ചിലർ പറയുന്നുണ്ടു്. അങ്ങനെ വന്നുകൂടായ്കയില്ലെങ്കിലും, ചമ്പുക്കളെ സംബന്ധിച്ചിടത്തോളം ഈ മാതിരി സാദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒന്നും ഊഹിക്കാതിരിക്കയാണു് ഭേദം.
കഥാഗതിയിൽ കവി പുരാണത്തിൽനിന്നു വലിയ ഭേദഗതിയൊന്നുംവരുത്തീട്ടില്ല. ആദ്യമായിദ്വാരകാപുരിയെ വർണ്ണിച്ചിരിക്കുന്നു. ഈ വർണ്ണനയിൽ ഒന്നു രണ്ടു പദ്യമൊഴിച്ചാൽ ശേഷമൊക്കെ സംസ്കൃതമയമാണു്. അതുകഴിഞ്ഞാൽ പിന്നെ മിക്കവാറും നല്ല മണിപ്രവാളപദ്യങ്ങളേയും ഭാഷാഗദ്യങ്ങളേയും മാത്രമേ കാണ്മാനുള്ളു. ദേവകളുടെ ഭാഗ്യഭൂമാവായ ശ്രീകൃഷ്ണൻ ‘വാനോർ പുരത്തിൻ പെരുമയെ മുറിമാടമ്പിയാക്കുന്ന’ ദ്വാരവതിയിലേ കനകമണിമയമായ സത്യഭാമാനികേതനത്തിൽ സത്യഭാമയുടെ ഉപാസനയിൽ രമിച്ചു വസിക്കവേ, ഇന്ദ്രൻ അവിടെവന്നു് ഇങ്ങനെ സംകടമുണർത്തിച്ചു:
“കേൾക്കേണം തമ്പിരാനേ! ജയജയ! തൊഴുതേൻ
ദേവ! നീ വിശ്വരക്ഷാ-
ദീക്ഷാദാക്ഷിണ്യവാനാം പരമപുരുഷനാ-
കുന്നൊരം ഭോധിശായീ;
വായ്ക്കുന്നേൻ ഭൌമനാമാ ദനുജനവനട-
ക്കീടിനാൻ നാടിദാനീം
ഭൈക്ഷം പൂകെന്നു വന്നൂ സുരഗണമവനൌ
യാഗമെങ്ങും മുടങ്ങീ.
ആട്ടിപ്പായിച്ചകാണ്ഡേ കുട ഝടിതി പറിച്ചസ്മദീയം ദുരാത്മാ,
കൂട്ടത്തോടെ സുരസ്ത്രീകളെയുമപഹരിച്ചീടിനാനെന്നു വേണ്ടാ.
ഗോഷ്ഠിക്കാരൻതുലോമിന്നമരജനനിതൻ കുണ്ഡലംകൊണ്ടുപോയാൻ
ധാർഷ്ട്യത്താൽ കാതറുത്തപ്പരിഭവമിതു തൊട്ടെൻ കലൊട്ടേറുമല്ലോ.
പെരിക പ്പറയാവതല്ലപോറ്റീ!
പരമാർത്ഥത്തിനു നീ നിദാനമല്ലോ,
ശരണം മമ നീ യോഴിഞ്ഞുമറ്റി-
ല്ലൊരുനാളും പരിപാഹിമാം തൊഴുന്നേൻ”
ഇന്ദ്രന്റെ വാക്കുകേട്ടപ്പോൾ ഭഗവാന്റെ കണ്ണു ചുവന്നു. മധുരവാക്കുകളാൽ അദ്ദേഹം സുരാധിപതിയേ ആശ്വസിപ്പിച്ചു പറഞ്ഞയച്ച ശേഷം, വൈനതേയനെ സ്മരിച്ചമാത്രയിൽ,
“ദിക്കൂലത്തെക്കുലുക്കം കൊടിയ ചിറകടിക്കാറ്റു ചെന്നേറ്റുവന്യാ
വൃക്ഷവ്രാതമ്മുറിഞ്ഞും, മലപലവു മറിഞ്ഞും, കളിക്കും പ്രകാരം.
ഉഗ്രാടോപേന ചഞ്ചൂ പുടഝടഝടിതംകൊണ്ടഹീനാം ഭയം ചേ”
ർത്തുകൊണ്ടു് ഗരുഡൻ ആവിർഭവിച്ചു്, അദ്ദേഹത്തിന്റെ തൃക്കാൽക്കൽ പതിച്ചു. ഉടനെത്തന്നെ ഭഗവാൻ പത്നിയോടുംകൂടി ഗരുഡനിൽ ആരോഹണം ചെയ്തിട്ടു് നേരെ നരകാസുരൻ വാഴുന്ന ദിക്കിലേക്കു പുറപ്പെട്ടു. തൽക്ഷണം,
“സൌഖ്യം കൈക്കൊണ്ടു വാചംയമജയജയഘോ-
ഷങ്ങളെങ്ങും ദിഗന്തേ
വായ്ക്കുമ്മാറുമ്മുഴങ്ങീ വിബുധ നിവഹവാ-
ദ്യങ്ങൾ വാഴ്ത്തീടവല്ലേൻ”
ശ്രീകൃഷ്ണന്റെ വലത്തേക്കയ്യിൽ,
“വിശ്വദ്രോഹംവളർക്കും മനുജപടലിതൻ മുണ്ഡഷണ്ഡങ്ങളന്ന-
ന്നാച്ഛിദ്യോച്ഛിദ്യമെത്തുന്നവരുധിരകണശ്രേണിശോണീകൃതാംഗം,”
ആയ തൃച്ചക്രം
“ഉച്ചക്കാലത്തുദിക്കും ദിവസകരനൊടങ്കം പൊരുതൂമപെയ്യും”
മട്ട് വിളങ്ങി. മറ്റൊരു കൈയിൽ,
“ദർപ്പം ചേരുന്ന ദസ്യുൽക്കരഹൃദി സതതംനാലുപാടും കൊടുന്തീ
മുല്പാഃടേകുന്ന മാദ്യൽഘുമുഘുമിതരവാധ്മാതരോദഃകടാഹം”
ആയ പള്ളിശംഖം. ഉൽഫുല്ലമായ ശ്രീസരോജത്തിൽ നവനവമായ അരയന്നം എന്നപോലെ പ്രകാശിച്ചു. മൂന്നാമത്തെകൈയിൽ:
“ക്ഷോണിപ്പെൺപൈതൽ പെറ്റോരസുരവരവധം
കാണ്മതിന്നമ്പിലെത്തും
വീണക്കാരന്നു യോഗീന്ദ്രനു പരമസുഖം
നേത്രയോരാദധാന”
വും ഖലന്മാരുടെ പ്രാണാന്വേഷിയും വിബുധജന മനോനന്ദകവും ആയ നന്ദകം ഒരു തൂമിന്നൽ എന്നപോലെ കാണപ്പെട്ടു.
നാലാമത്തെ തൃക്കൈയിൽ:
“വിണ്ണോർവേതണ്ഡഷണ്ഡപ്രകടകടതടാ-
സ്ഫാലനേ തൽക്ഷണംകൊ-
ണ്ടുണ്ടാം തൂമുത്തുകല്ലും നിണവു മിടകല-
ർന്നുള്ള കൊള്ളീകലാപം
കൊണ്ടാടപ്പെട്ടണിഞ്ഞീടിന തനുഗരിമാ-
ഘോരഘോരാനുഭാവം
തണ്ടീടും മാറു് കൌമോദകീ”
നാമകമായ ഗദ ശോഭിച്ചു. യാത്രാസമയത്തു്,
“ചെന്താർമാതിന്മണാളന്നരികിലുപനതാഹന്തപാടിത്തുടങ്ങീ
ഗന്ധർവന്മാർ; കഴൽത്താർ തൊഴുതു സുരവധൂജാതമാടിത്തുടങ്ങി;
ചന്തന്നാവുന്ന വിണ്ണോർനികരമുടനുടൻ വന്നു ചിന്തീടുമന്ത-
സ്സന്തോഷാർദ്രം പുളച്ചും ഝടിതി പടകളിച്ചും വിളിച്ചും തുടങ്ങി.”
യുദ്ധവർണ്ണന ഗദ്യത്തിലാണു്. യുദ്ധം ഭയംകരമായി നടക്കവേ,
“
***
ധരണീസുതനാമസുരപ്രവരൻ
ഝടിതിപുറപ്പെട്ടഭിനവസമരവിഹാരവിശേഷേ,
സത്വരമെയ്തൊരു ശസ്ത്രം കൊണ്ടൊരു
മോഹവ്യാജനിമീലിതലോചന-
മന്തികസീമനി വീണതുകണ്ടു.
വിശൃംഖല കോപമശങ്കമെടുത്താ-
ക്കുലചിലയും ചില കൂരമ്പുകളും
കൈയ്യിലെടുത്തു തൊടുത്തു വലിച്ചൊരു
സത്രാജിത്തിൻ മംഗലമാധുരി
സത്യാദേവി പോരിന്നൊരുങ്ങി.”
ദേവിയുടെ ഈ ഭാവത്തെ അതിശയചമൽക്കാരത്തോടുകൂടി കവി വർണ്ണിച്ചിട്ടുണ്ടു്.
“സത്രാജിത്തിൻ മംഗലമാധുരി
സത്യാദേവി സമീകവിലാസിനി.
വില്ലുമുറിച്ചും ഞാൺപൊട്ടിച്ചും
ദളിതച്ഛത്രം ഭാരിതരഥ്യം,
ത്രുടിതപതാകം രടിതവിപാഠം,
പ്രകടിതവേഗം, പടപൊരുമപ്പൊടി
പ്രതിഭടനെയ്യും വിശിഖശ്രേണീം
നിജശരപംക്ത്യാ ഖണ്ഡംഖണ്ഡം
പർവതശൃംഗം ഭഞ്ജംഭഞ്ജം.
പരിഘമമോഘം മർദ്ദംമർദ്ദം
പെരുകിനരോഷാ നർദ്ദംനർദ്ദം.
ദുഷ്ടതതേടിന ധൃഷ്ടമഹാസുരനൊടു
രണോത്സവസീ മ്‍നി പുളച്ചുപൊരുന്നൊരു
കാലവിശേഷേ ചികുരമഴിഞ്ഞും
മിഴികൾകുഴഞ്ഞും, പ്രകടിതഘോഷ-
ഭ്രൂകുടിഭാസുര നിടിലതടത്തിൽ വിയർപ്പുമലിഞ്ഞും
ചെറുമാ നില്ക്കു തൊടണ്ടാ മാമിഹ
പെരുമാളായതു നീയോ ജഗതാം
നിന്തലകൊൾവാൻ ഞാനേപോരും
വിബുധസ്ത്രീണാം തലമുടി ചുറ്റി
പ്പിടിപെട്ടീടിന ദുഷ്ടാത്മാവിനെ
നിഷ്ഠൂരസായകവൃഷ്ടിഭിരധുനാ-
കാകക്രോഷ്ട്യപിശാചവധൂനാം
ആമദ്ധ്യഗളമുരുതരമൃഷ്ടികലാവിഭ്രമമാക്കുവനധുനാ
ശൂരമഹാഭടവാക്യഗഭീരിമ-
സരണി നടിക്കും ചില്ലിക്കൊടിമുന
ചെറ്റുകുലഞ്ഞും മദനമഹീപതി മണിമുകുരത്തിൽ
മധുരതതേടിന ഗണ്ഡസ്ഥലികളിൽ
മണിമയകുണ്ഡല യുഗളമുലഞ്ഞും, മുറുവൽമുറിഞ്ഞും,
ഭുജലതികായുഗമിളകിമറിഞ്ഞും
മുഹുരപി തുള്ളിത്തരുണിമതള്ളി-
ത്തുംഗതതങ്ങിന കൊങ്കകൾതിങ്ങിന
മൃദുലവിലഗ്നം പെരികമെലിഞ്ഞും
പെരുമാറുന്നതുകാണുന്നളവിൽ
കരുണാശേവധികമലാകാമുക
നുപഗതകപടമുണർന്നതി രോഷാ-
ലർക്കശതക്രതുധിക്ക്യതി ദക്ഷിണ
തേജോ മഹതാചക്രംകൊണ്ടു
ശതക്രതുശാത്രവകണ്ഠം ഛിത്വാ
ഭുവനവിപത്തിദ്ധ്വാന്ത വിവസ്വാൻ
കാന്തയെമധുരം പരിലാളിച്ചു
വിളിച്ചു സമീപേ തൃക്കൈകൊണ്ടു
വിയർപ്പുതുടച്ചു ചിരിച്ചു സഹേലം
ദാനവയോഷാ ഹാഹാകാരൈ-
രുലകുനടുങ്ങും പൊഴുതു സുരന്മാർ
മേദുരഹർഷം കൌസുമവർഷം ചെയ്തിതു മൌലൌ.”
അപ്പോൾ, ‘പുത്രക്ഷയരുദിതരയസ്തംഭിത’യായ ‘ഭൂതധാത്രീ’ സ്വപൌത്രനെയെങ്കിലും രക്ഷിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി അദിതിയുടെ കുണ്ഡലങ്ങളെ എടുത്തുകൊണ്ടു് ഭഗവാന്റെ തിരുമുമ്പിൽ വന്നു് സ്തോത്രപുഷ്പാഞ്ജലിചെയ്തു. ഈ സ്തോത്രത്താൽ പ്രീണിതനായ ശ്രീകൃഷ്ണൻ നരകാസുരപുത്രനായ ഭഗദത്തനെ കൊല്ലാതെ വിട്ടു. അനന്തരം അദ്ദേഹം നരകനാൽ കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്ന “സഹസ്രസംഖ്യാതകമംഗനാവർഗ്ഗത്തെ” മോചിപ്പിച്ചു. പിന്നീടു് സത്യഭാമാസമേതം അദ്ദേഹം സുരേന്ദ്രഭവനത്തിൽ ചെന്നു് അദിതിയുടെ കുണ്ഡലങ്ങളേ തിരിച്ചേൽപ്പിച്ചിട്ടു് തിരിച്ചുപോകാൻ ഭാവിക്കവേ, ദേവിയുടെ അപേക്ഷപ്രകാരം പാരിജാതവൃക്ഷം പറിച്ചെടുക്കാൻ പോയപ്പോൾ “ഇതാമല്ലൊരുവനും” എന്നു് ഉദ്യാനപാലകന്മാർ തടുത്തു. എന്നാൽ അതുകൊണ്ടു് ഒരു പ്രയോജനവും ഇല്ലെന്നു കണ്ടപ്പോൾ, അവർ ചെന്നു് ‘ദേവേന്ദ്രന്നുപാന്തേ വിലസുമൊരുശചീദേവിയോ’ടിപ്രകാരം അറിവിച്ചു:
“ത്രൈലോക്യൈശ്വര്യ ധാരാപരിമളലഹരീപാത്രമേ! കേളിദാനീം പൌലോമിദേവി! സാക്ഷാൽക്കുലിശധരമണീ മാളികാതൂനിലാവേ! ബാലേ! നീനട്ടു നീതാൻ വിവശമൊടു നനച്ചുന്നതം പാരിജാതം ബാലൻ കപ്പാൻതുടങ്ങുന്നിതു കപടമഹാദേശികൻ കേശിഹന്താ. പൌലേമിക്കേ വരാവൂ ദൃഢമരികിലവൾക്കേ തൊടാവൂ നനപ്പാൻ പോലും; താൻ വേണമത്ര സതതമപി ജയന്താദസൌ ലോഭനീയഃ” മാലായൈ പൂവറുപ്പാൻ വരുമളവിലമുഷ്മാൽ പ്രസൂനങ്ങൾ മുന്നോ നാലോ മെല്ലെന്നറുക്കും പുനരവൾകരതാർകൊണ്ടു മന്ദം തലോടും.
“വൃത്രാരിതൻ കാന്ത തനിക്കു പാർത്താ
ലത്യന്തമമോനയെന്നവാണീം
ശ്രുത്വാസ്മദീയാമുടനേബഭാഷേ
സത്യാ തദീയാ മഹിഷീ ഹസന്തീ.
കേൾപ്പിൻ പൂങ്കാവുകാത്തീടിന ഭടജനമേ! സത്യഭാമാസഹായ–
ന്നായ് പോയീ പാരിരജാതംപുനരപിചഹൃതം ഞാനപേക്ഷിച്ചുതാനും
പൊയ്പ്പോമ്മുന്നേവലാരാതിയൊടി ദമറിയിപ്പാൻപുലോമാത്മജയ്ക്കെ
ന്നൂഷ്മാനിൽക്കെന്നിവണ്ണം വചനമിതുപൊറായിന്നിതസ്മാദൃശാനാം”
ഇപ്രകാരം ഭടജനങ്ങൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ,
“സ്വർഗ്ഗ സ്ത്രീപാണിലീലാവിലു ളിതചമരീ ബാലമന്ദാനിലൻവ-
ന്നൊക്കെത്തക്ക ക്കളിച്ചങ്ങമരപരിവൃഢന്നംഗരംഗേവസന്തീ”
യായ പുലോമജയ്ക്കു് കോപം കലർന്നു. അവളുടെ അപ്പോഴത്തെ ഭാവം കവി എത്രഹൃദയംഗമമായിവർണ്ണിച്ചിരിക്കുന്നവെന്നുനോക്കുക:
“രോഷാവേശാൽ വിറച്ചൂ മൃദുപവിഴമണിച്ചോരിവാ; ചില്ലിവല്ലീ
വേഷം മറ്റൊന്നു മറ്റൊന്നിതികടുമ തുടർന്നൊന്നു കോടിക്കുലഞ്ഞു;
ദ്വേഷം പീതാംബരപ്രേയസിയൊടിയലുമന്നേരമന്നാകയോഷാ-
ഭൂഷാമാലാകടാക്ഷം വലരിപുവദനംപാർത്തു ചേർത്തും ചുവന്നൂ.”
കൊപിഷ്ഠയായ ശചീദേവി ഇന്ദ്രനേ കണക്കിനു ശകാരിച്ചു അതുകൊണ്ടും തൃപ്തിയാകാതെ ‘നാനാ വിബുധനിവഹതന്വീഭിന്വീയമാനയായി’, സത്യഭാമ നില്ക്കുന്നിടത്തേക്കു മണ്ടിച്ചെന്നു.
“ഓടുന്നേരത്തു തസ്യാ നിടിലതടമുടൻ കമ്പഘർമ്മാംബുപൂരം
തേടുന്നൂ; ചായൽ ചായിന്നിതു; മുഹുരഴിയുന്നൂ ബലാൽ നീവിബന്ധം;
പാടേ പാടേ കപോലങ്ങളിലുലയുമണിക്കുണ്ഡലദ്വന്ദ്വമുച്ചൈ-
രാടുന്നൂ; കാഞ്ചിപാടുന്നിതു; പഥി പൊഴിയുന്നൂ ശിഖാമാല്യജാലം”
സത്യഭാമയും പുലോമജയും തമ്മിലുണ്ടായ വാക്സമരം സ്ത്രീചാപല്യത്തെ സവിശേഷം ഉദാഹരിക്കുന്നു. സത്യഭാമയുടെ വാക്ശരത്തിനുള്ള നിശിതത്വം ഒന്നു വേറെതന്നെ. എന്തിനധികം പറയുന്നു.
“… … … പൂമാന്മാർക്കുമധ്യേ,
വൈരം നാരീനിമിത്തം പിണയുമതുതടഞ്ഞീടുവാൻ വേലയല്ലോ”
അതുകൊണ്ടു് വാസവനും ശ്രീകൃഷ്ണനും തമ്മിൽ ഈ സ്ത്രീകൾ നിമിത്തം പോരാടേണ്ടതായിവന്നു. നാരദനും ‘നഖവും ചുറുകിച്ചിരിച്ചുമെല്ലെയകമേ’ അവിടെ വന്നുചേർന്നു. സ്ത്രീകൾ രണ്ടുപേരും തങ്ങളുടെ ഭർത്താക്കന്മാർ യുദ്ധംചെയ്യുന്നതു നോക്കിനിന്നു.
“താവും പ്രകോപേന സഹസ്രശോയം
ദേവേന്ദ്രനെയ്യും വിശിഖപ്രവാഹം;
പൂവായ്ച്ചമഞ്ഞൂ പുരുഷോത്തമന്ന-
ക്കൈവല്യമൂർത്തിക്കരികേ വരുമ്പോൾ.
എന്നാൽ ഇന്ദ്രന്റെ സ്ഥിതിയോ?
കാണക്കാണത്തഴയ്ക്കും മധുമഥനവിപാഠ-
ങ്ങളേറ്റേറ്റതീവ.
ക്ഷീണം ക്ഷീണാന്തരാത്മാവിനു ഝടിതി ശചീ,
കാന്തനാന്ധ്യൈകാബന്ധോഃ
ചേണെത്തും തേർത്തടത്തിൽ കുഹുരഭുവി ഭയം
പൂണ്ടു സൂതേ നിലീനേ,
ത്താണപ്പൂവിൽ മുറിഞ്ഞൂ; കൊടിമരവുമൊടി-
ഞ്ഞൂ; തുരംഗംപൊടിഞ്ഞൂ.”
ഭഗവാൻ–
“… നമുചി വിജയിതന്നായിരം കണ്ണിലുംപാ-
ർത്തേ കൈകസ്മിൻഭയംകൊണ്ടിളകി വിറപിടി-
യ്ക്കുന്നതാരാസനാഥേ
ഏകൈകം ബാണമെയ്താൻ” അതു കണ്ടു് ഓരോ ക്ഷണത്തിലും പുലോമജയിൽനിന്നു ഹാഹാകാരം പുറപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒടുവിൽ അമരാധീശ്വരന്റെ അമരത്വം അസ്തമിക്കുമെന്ന മട്ടായി. അപ്പോൾ അദ്ദേഹം ഭഗവൽപാദങ്ങളിൽ വീണു ക്ഷമായാചനം ചെയ്തു. ദേവകളും ഭഗവാനെ പുകൾത്തി. അതുകൊണ്ടു് പരിതൂഷ്ടനായ കൃഷ്ണൻ ദേവന്ദ്രനു അഭയം നൽകിയശേഷം പാരിജാതവും കൊണ്ടു് ദ്വാരകയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നു്,
“സത്യാഗേഹാങ്കണേ നട്ടിതു മണിസുഷമാപൂരിതം പാരിജാതം.”
കവി നല്ല മനോധർമ്മമുള്ള ഒരു ഒന്നാന്തരം മണിപ്രവാള വ്യാപാരിയാണെന്നു ഇവിടെ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങളിൽനിന്നു തെളിയുന്നുണ്ടല്ലോ. കോടിവിരഹം തുടങ്ങിയ പ്രബന്ധങ്ങളിൽ, പേരിനു മാത്രം മലയാളപദങ്ങൾ ചേർത്തിട്ടുള്ള മണിപ്രവാളപദ്യങ്ങളാണധികം. നോക്കുക:
“സ്നിഗ്ദ്ധാ ശൈവാലമാലാ ശശികലയുമഭേ കാമകോദണ്ഡവല്യൌ
ലോലേ നിലോൽപ്പലേ നിർമ്മലണിമുകുരേ മല്ലാകാപല്ലവോപി;
പൂർണ്ണേന്ദു സ്വർണ്ണകംബുസ്സരസിജമുകുളൌ ദ്വേ ലതേ സൂക്ഷ്മതനൂർ
ഭൃംഗാളീ സൈകതം കോമളകദളിയുഗം പങ്കജം കിങ്കിമേതൽ?”
ഈ പദ്യത്തിൽ ‘ഉം’ എന്നൊരു മലയാളപദമേയുള്ളു. ഇത്തരം ‘വവ്വാൽ’ ജാതിയുള്ള പദ്യങ്ങൾ ഒന്നും ഈ പ്രബന്ധത്തിലില്ല. എന്നാൽ ഭാഷ കുറെ നന്നായിരിക്കുന്നതുകണ്ടു് ഇതിനു അർവാചീനത്വം കല്പിക്കാമോ? അങ്ങനെയൊരുമിഥ്യാബോധം പലരിലും കടന്നു കൂടീട്ടുണ്ടു്. ആദ്യകാലത്തെ മണിപ്രവാളത്തിന്റെ സ്വഭാവം ലീലാതിലകത്തിൽനിന്നും നമുക്കു ഗ്രഹിക്കാമല്ലോ. ഭാഷാസംസ്കൃതശബ്ദങ്ങൾ തിരിച്ചറിയാത്തവിധത്തിൽ ചേർക്കണമെന്നും ഭാഷയ്ക്കു പ്രാധാന്യം നൽകണമെന്നും ആയിരുന്നു അന്നത്തേ വ്യവസ്ഥ. കാലക്രമേണ മണിപ്രവാളരീതി ദുഷിച്ചു എന്നുവേണം പറയാൻ. അതുകൊണ്ടു മണിപ്രവാളശുദ്ധികണ്ടാലുടനെ ഒരു കവിത ആധുനികമാണെന്നു പറയുന്നതു ശരിയായിരിക്കയില്ല. നമ്മുടെ ഈ പ്രബന്ധത്തിൽ നാണിൻറ, കുശൽ, മേതു് മുതലായി കണ്ണശ്ശകൃതികളിലും, രാമചരിതത്തിലും മറ്റും ധാരാളം കാണുന്ന പ്രയോഗങ്ങൾ ഒട്ടുവളരെയുണ്ടു്.
11.5 ദക്ഷയാഗം
ഈ കൃതിയുടെ കർത്താവും തൽക്കാലം അജ്ഞാതനായിത്തന്നെ ഇരിക്കുന്നു. മണിപ്രവാളശുദ്ധിയുള്ള ഗദ്യപദ്യങ്ങളാണു് ഇതിൽ അധികമായി കാണപ്പെടുന്നതു്. മാതൃകക്കായി ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിക്കുന്നു.
“ശ്രീകൈലാസാദ്രിശൃംഗേ കനകമണിമയേ മന്ദിരേ തൂമരന്ദം
തൂകീടും കല്പവാടീബഹളപരിമളാമോദിതാശാന്തരാളേ,
നീൾകണ്ണാർ മൌലിദക്ഷാത്മജയെ മടിയിലാമ്മാറു വച്ചങ്ങൊരുന്നാ-
ളേകാന്തേ വാണിരുന്നൂ പുരഹരഭഗവാൻ പൂർണ്ണകാരുണ്യധാമാ.”
ഗദ്യം–
“ഭൃംഗിമഹാബല നന്ദീശ്വരമുഖ
ശങ്കരപാർഷദമണ്ഡലമിളകീ
പരമേശ്വരിതൻ പ്രാഭവചകിതം
ഭഗവദനുജ്ഞാം കൂടാതെ ക-
ണ്ടൊക്കയുമുടനേ ദാക്ഷായണിയൊടു കൂടെനടന്നു.
കേചന ചൂരക്കോലുമെടുത്തുട-
നഖിലോത്സാരണകലവിതുടങ്ങീ,
കേചന മുമ്പിലകമ്പടികൂടി
കേപി കരേറിയെഴുന്നള്ളുവതി
ന്നൃഷഭവുമായങ്ങരികെ നടന്നു.
***
വീണാപാണികളൊക്കെയണഞ്ഞൂ
ചീനക്കുഴൽ വിളിയും വിളയാടി
പൂവാളവുമൊരുബലഹരിമാളവി
നേർവാളവുമായ്പാടീ കേചന”
ഇത്യാദി.
11.6 കംസവധം ചമ്പു
കർത്താവാരെന്നു നിശ്ചയമില്ല. ഇതും ഒരു സരസമായ പ്രബന്ധമാണു്. ചമ്പുക്കളുടെ കൂട്ടത്തിൽ ഈ കാവ്യത്തിനും ഒരുത്തമസ്ഥാനം നൽകാം. കംസൻ അക്രൂരനെ അയക്കുന്നഘട്ടം മുതൽ കംസവധം വരെയുള്ള പുരാണകഥയെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആദ്യത്തെ മംഗളപദ്യം മാത്രം മാതൃകയ്ക്കായി ഇവിടെ ചേർക്കുന്നു.
“ഏണാങ്കാദിത്യാകോടിപ്രതിഭടസുഷുമാ-
ദീപ്തിമൂൽക്ഷിപ്തദോർഭ്യാം
വേണും വ്യാഖ്യാനമുദ്രാമധരകരതലേ
ദക്ഷിണേ ചാദധാനം;
സാനന്ദം ചേർത്തിടും തൃത്തുടയിലുദധിജാം
വാമദോഷ്ണാ കുചാഗ്രം
താനേ മോദാൽ സ്പൃശന്തം കരുതുക മനമേ
സ്വാവബോധം മുകുന്ദം.”
11.7 സ്യമന്തകം ചമ്പു
ഇതും ഭാഗവതാന്തർഗ്ഗതമായ സ്യമന്തകകഥയെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുള്ള ഒരു ഉത്തമപ്രബന്ധമാണു്. കവി ആരെന്നു ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. മാതൃകയ്ക്കായി ഒരു പദ്യം മാത്രം ചുവടേ ചേർത്തുകൊള്ളുന്നു.
“വണ്ടോർ പൂഞ്ചായലാർ വീടുകളിലനുദിനം
വെണ്ണകട്ടുണ്ടവൻതാൻ
കണ്ഠം മെല്ലേമുറിച്ചമ്മണിയുമപഹരി
ച്ചീടിനാനെന്നു മന്യേ
ചുണ്ടങ്ങാ കട്ടതെങ്കിൽ പുനരവനൊരു പൊ-
ന്നുങ്കുടം കക്കുമെന്നായ്
പണ്ടേ ചൊല്ലുണ്ടു് മിണ്ടായ്കൊരുവനൊടിഹ നാം
വന്നതോ നൂനമല്ലോ.”
കാമദഹനം
കവിതാരീതി നന്നു്. ഗ്രന്ഥകാരനാരെന്നു് നിർണ്ണയിക്കാൻ തരമില്ല. മണിപ്രവാള ശുദ്ധിയിലും കവിതാഗുണത്തിലും മിക്ക ചമ്പുക്കളും കാമദഹനത്തിനു് അടിമപ്പെടുകതന്നെ ചെയ്യുന്നു.
കാമദേവന്റെ മണിനഗരത്തിന്റെ വർണ്ണനനോക്കുക.
“കണ്ടോളം കൺകുളിർപ്പിച്ചരുളിനകനകദ്വീപമധ്യേ വിലാസം
തണ്ടും മാധുര്യശൃംഗാരിതനവനവസപ്താംഗഭംഗീസമേതാ
കൊണ്ടാടപ്പെട്ടുലാവീടിന ഗുണഗരിമാ പണ്ടെടോ കാമദേവ-
ന്നുണ്ടായീപോൽ മഹാരാരജനുമണിനഗരീ മാനനീയാനുഭാവാ.
കർപ്പൂരക്കളിമുറ്റമുൽപ്പലദലാസ്താരം നിലം മുറ്റമാ-
പ്പൊൽപ്പൂമണ്ഡപമങ്ങുനൽക്കളിനിലം സൌഭാഗ്യദീക്ഷാഗൃഹം;
ശില്പംചേർന്നു വിലാസശാലകലഹപ്പൊന്മാടമെന്നിങ്ങനേ
കല്പിച്ചെത്രമനോഹരം ഭവനവിന്യാസം മനോജാലയേ.
വാത്സ്യായനക്കളരി കോകിലഗീതിശാലാ
വാർത്താർശരങ്ങൾപണിചെയ്ത രഹസ്യരംഗം;
പേർത്തും മധുവ്രതകുലം മുരളും മണിക്കെ-
ട്ടാസ്ഥാനമണ്ഡപമഹോ നയനാഭിരാമം.
ഹേമാംഭോജവനീമനോഹരതരാ കുത്രാപി നീലോൽപ്പല-
ശ്യാമാ വാപി പരത്ര കുത്ര ചിദിളംപൂങ്കേതകീകാനനം;
സാമോദംനവമാലതീവിപിനമങ്ങേകത്ര ലോകത്രയം
കീഴ്മേലൊന്നിളകും പ്രസൂനമധുരാ കുത്രാപി ചേമന്തികാ.
മാകന്ദത്തോപ്പിളം ചമ്പകവനമണിമുല്ലക്കളിത്തോപ്പു പൈന്തേൻ
തൂകീടും ചന്ദനത്തോപ്പമരതരുവനം കേസരംധൂസരാഗ്രം;
ആക്രമം കുങ്കുമത്തോപ്പലർചിതറുമശോകങ്ങളീവണ്ണമോരോ
ഭാഗേ തസ്മിൻ പ്രദേശേ നിഖിലജനമനോഹൃദ്യമുദ്യാനജാതം.
നീലക്കരിമ്പിൻ കൊടിമേൽക്കലമ്പ-
ന്മാലക്കൊടിക്കൂറകൾ തൂകി മേന്മേൽ;
പീലിപ്പണിപ്പന്തലിലാത്തമുക്താ-
ജാലംവിതാനം വിതനോതി ശോഭം”
കാമദേവൻ ഇപ്രകാരം ശ്രീതാവുന്ന തന്റെ രാജധാനിയിൽ ഒരുദിവസം, ‘മലയജതരുഷണ്ഡങ്ങൾ ചൂഴും ചൂതോദ്യാന’ത്തിൽ വച്ചിരുന്ന ‘മണം മേവിന മരതകസിംഹാസനത്തിൽ’ ‘ജാതാനന്ദം നിജാങ്കേ മരുവിന രതിദേവീമുഖം പാർത്തു പാർത്തു’കൊണ്ടു ഇരിക്കവേ, ചില രസികക്കുട്ടന്മാർ വന്നു് ഇങ്ങനെ വാഴ്ത്തി.
“അംഭോജായുധ! നീ ജയിക്ക ജഗതാമാനന്ദമേ! മാനിനീ
സംഭോഗോത്സവ ദൈവമേ! ജയജഗന്നാഥാ ജയിച്ചീടു നീ;
വമ്പേറീടിന പാകശാസനപുരീസൌന്ദര്യമേ! സുഭ്രം വാം
വമ്പേ! നീ ജയ ജായമാനജനതാസങ്കല്പസൌഭാഗ്യമേ”
ഈ സ്തുതി കേട്ടപ്പോൾ, ശ്രീമാരക്ഷ്മാപതി ‘വാരസ്ത്രീജനവീജ്യമാനകനകശ്രീചാമരാലംകൃത’മായ ദിവ്യസിംഹാസനത്തിലിരുന്നു് ഒന്നു ഞെളിഞ്ഞു.
അവരിൽ ഓരോരുത്തരുടേയും സങ്കടങ്ങൾ കേട്ടു് അദ്ദേഹം,
“വ്യഗ്രിച്ചീടായ്ക്കാരും വെറുതേ
കാംക്ഷിതമൊക്കെ വരുത്തുണ്ടെന്നും
കലഹം മാറ്റിത്തരുന്നുണ്ടെന്നും
ഗാഢാലിംഗനമുണ്ടിന്നെന്നും
ഝടിതി വഴക്കായ് പോകായ്കെന്നും,
ചെല്ലിച്ചൊല്ലിച്ചടുതളർത്തിട്ടു”
അവരെപ്പറഞ്ഞയച്ചു. അങ്ങനെ ‘ഭുവനതലമശേഷം വെന്നൊരോകാമിനീനാമിളമുലകളിലാക്കിച്ചിത്തകാമ്പംഗഭാജാം’ തെളിനിനോടിരിക്കും കാലത്തു ‘പ്രഥിതകലഹകാമി’യായ നാരദൻ അവിടെ വന്നുചേർന്നു. അദ്ദേഹവും കാമദേവനെ ഒട്ടുവളരെപ്പുകഴ്ത്തിയിട്ടു് ഇങ്ങനെ പറഞ്ഞു.
“സ്വർഗ്ഗേ ഞാൻ ചെന്നിവണ്ണം തവ ചരിതമശേ-
ഷം പുകണ്ണേൻ തദാനീ-
മഗ്രേ സർവാമരാണാം വലരിപുകലിതാ-
ക്ഷേപമേവം ബഭാഷേ;
ദക്ഷാരാതേരകക്കാമ്പചലമകളിലാ-
ക്കീടിലിച്ചൊന്നതെല്ലാ-
മൊക്കും മറ്റെന്തിവൾ പ്രാഭവമെളിയവന്നേ-
ടേവനും വമ്പനല്ലോ.”
ഈ വാക്കുകൾ കേട്ടപ്പോൾ ‘പൊങ്ങച്ചനായ’ കാമൻ ചില വീരവാദങ്ങളെല്ലാം പറഞ്ഞിട്ടു് ‘ശിവന്റെ തപോഭംഗം ഉടനേ ചെയ്യുന്നുണ്ടു്’ എന്നു ശപഥം ചെയ്തു.
കാമദേവൻ ‘വെന്നിക്കാളം’ വിളിപ്പിച്ചു് ഉദിതധൃതിയായി പുറപ്പെട്ടപ്പോൾ,
“അന്നേരം കോകിലാനാം നിലവിളി നിവിരെപ്പാരിലെങ്ങുംതുടങ്ങീ;
കന്നൽകണ്ണാർ ചമഞ്ഞും കലിതരുചികളിച്ചും ചിരിച്ചും തുടങ്ങീ”
ദണ്ഡകം–
“ദേവർഷിണോക്തമതികോപേന കേട്ടു പരിഭാവം നിജം പരമഭീമം
ദേവനഥരതിരമണനാവോളവൂമകമലരിൽ മേവിയിതു കലുഷതനികാമം;
ദരവേല്ലിതംപൂരികമധരം വിറച്ചിതുടനിരുൾകേശമംസഭുവി പാഞ്ഞൂ
ദളിതനവകുവളരുചിമിഴിമുനയിലരുണിമയൂമതു പൊഴുതു ശിവശിവ നിറഞ്ഞൂ;
ആഴം തകും മനസികാര്യങ്ങളാവൊളമശേഷം വിചിന്ത്യ നിരപായം
ആഴിനിരചുഴലുമവനിവലയപരിവൃഢനുമാരഭത നിയതകരണീയം;
അഴകോടു തേച്ചുനവ പുഴുകായ തൈലമുടൽ മുഴുവൻ കുളിക്കരമണീയം
അഴലകലെവിരചിതമിതിളമടവാർമുലയിൽ മെതുമെതമരുവുമമലഹിമതോയം.”
ഉല്ലാസിതാളിനവ ചവ്വാതു തേച്ചു തരിയില്ലാപ്പൊടിത്തരമനേകം
ഉല്ലളിതമൃദുസുരഭി പാകനിരതടവി മുഹുരുല്ലസിതമുടലിലഭിഷേകം;
ഉടലുന്നിലാവു നിറമരികുന്തലപ്പണിയുമണിവിദ്രുമദ്യുതിനിദാനം
ഉപരിചിതമരയിലൊരു കനമയതുകിൽ തടവി നിരതിശയമധുരിമനിധാനം;
ആകമ്രപൊൽക്കമലനൂൽകൊണ്ടുനെയ്തുനെറിപാകുന്നമേല്പുടവരമ്യം
ആക നവകളഭരസമാകലിതമുടൽ വടിവു മോഹനമിതുദയരവി പോലെ
അതുലോപഭംഗരസഭരിതം പ്രിയൈസ്സഹിതമശനം കഴിഞ്ഞു വഴിപോലെ
അധിസമിത കൃതവസതിമലർവിശിഖധരണിപതിമഖിലബലമഴകൊടു പുണർന്നൂ.
മുഗ്ദ്ധാക്ഷിമാർ,
“മുട്ടുപ്പിച്ചകമാലകൊണ്ടു തലയിൽക്കെട്ടിത്തനിക്കുങ്കുമ-
പ്പട്ടക്കോപ്പുമണിഞ്ഞു മുഗ്ദ്ധഹസിതശ്രീചാമരാലംകൃത”രായിട്ടു്,
“പുഷ്ടാഭോഗമെടുത്തിടുങ്കരതലേ താംബൂലമംഭോരുഹം മറ്റേക്കയ്യിലും”
എടുത്തുകൊണ്ടു് വന്നു തൊഴുതു നിന്നു.
“നക്ഷത്രങ്ങളെ മുന്നകമ്പടി നടത്തിക്കൊണ്ടു നൽച്ചന്ദ്രികാ
മഗ്രേ ചാരു നിധായ വിശ്വമലിയിച്ചാനന്ദപാഥോനിധൌ;
ഉൽക്കണ്ഠാമകമേ വളർത്തതരുണീയൂനോരനൂനശ്രിയാ
വിഖ്യാതോദയമിന്ദു വന്നു തൊഴുതു രാജാജ്ഞയാ സാദരം.”
‘മലയപവനൻ’ എന്നു പ്രസിദ്ധനായ മാടമ്പി ‘കുല ചില’ ധരിച്ചുകൊണ്ടു് കാമന്റെ അടുത്തു വന്നു നിന്നിട്ടു് ‘മലയജ രസവാഹീ വല്ലരീമഞ്ജരീണാമിളകിന പൊടി’യെ അംബരത്തിൽ നാലുപാടും പരത്തി. വസന്തം ‘പൊൽപ്പുതുപ്പൂംപരിമളം’ അണിഞ്ഞു് ഉപാത്താനുഭാവനായി അളിപടലത്തെയെല്ലാം ഘോഷണം ചെയ്തുകൊണ്ടു നളിനവിശിഖന്റെ സമീപത്തെത്തി. സർവർത്തുകളും വിബുധാംഗനങ്ങളും കാമദേവന്റെ തുണയ്ക്കായി വന്നു ചേർന്നു.
ഇപ്രകാരം ഉദ്ധതാത്മാവായി ചാടിപ്പുറപ്പെട്ട മദനഭ്രപതിക്കു പറ്റിയ അപകടമാണു് ഈ പ്രബന്ധത്തിൽ വിവരിച്ചിരിക്കുന്നതു്. പുരാണത്തിൽനിന്നു് കവി അവിടവിടെ വരുത്തിയിരിക്കുന്ന വ്യതിയാനങ്ങളെല്ലാം അവസരോചിതമായിട്ടുണ്ടു്. ശിവതപോവർണ്ണനെയും മറ്റും വളരെ ഹൃദയംഗമമായിരിക്കുന്നു.
ഈ പ്രബന്ധത്തിലെ പദ്യങ്ങൾ എല്ലാം ഭാഷാരസപ്രധാനങ്ങളാകയാൽ ഉത്തമമണിപ്രവാളകോടിയിൽ ഗണിക്കപ്പെടാവുന്നതാണു്. സംസ്കൃതപദ്യങ്ങൾ അതി വിരളങ്ങളാകുന്നു.
11.8 ഗൌരീശങ്കരം പ്രബന്ധം
ഈ പ്രബന്ധത്തെ ഈയിടെയ്ക്കു കൊച്ചീഭാഷാപരിഷ്ക്കരണക്കമ്മറ്റിക്കാർ അച്ചടിപ്പിച്ചിട്ടുണ്ടു്. ഇതിലെ ഇതിവൃത്തം ദേവീമാഹാത്മ്യത്തിൽനിന്നു് എടുത്തിട്ടുള്ളതാണു്. പണ്ടു്, “കണ്ടോളംപേടി ചേരും ബഹുവിധകുഹനാം ശക്തിശാലീസുരസ്ത്രീ വണ്ടാർ പൂങ്കൈശികാകർഷണസുരഭിലദുർവാരദോവീര്യ ഭൂമാ” വായിമഹിഷാസുരൻ എന്നൊരു അസുരചക്രവർത്തി, ഓരോ ലോകങ്ങളിൽചെന്നു് അവിടവിടെ മേവുന്ന നാനാജനൌഘങ്ങളെ ദൂരെത്താട്ടിക്കളഞ്ഞതിന്റെശേഷം തത്തൽ സ്ഥാനങ്ങളിൽ അഭിമൽ സചിവന്മാരെ വാഴിക്കയും സുരന്മാരെ തോല്പിച്ചു് അവരുടെ പദവികളെല്ലാം അപഹരിക്കയും ചെയ്തിട്ടു്, ഭൂരിഭാഗ്യോപഭോഗ്യമായ സ്വാരാജ്യൈശ്വര്യത്തെ അവ്യാഹതമായി അനുഭവിച്ചുകൊണ്ടു് വാണിരുന്നു. അക്കാലത്തു് അസുരന്മാർ നടത്തിയ ബ്രഹ്മഹത്യാദി പാപങ്ങൾക്കും ഹോമവിഘാതങ്ങൾക്കും കണക്കില്ലായിരുന്നു.
“ഊക്കേറും ചിക്ഷുരാദ്യൈർമ്മദമിളകിന സേ-
നാധിപൈർവ്വിശ്വചക്രം
കാൽ കീഴാക്കി പ്രകാമം പുകഴ്‍പെരുകിന കൈ-
ലാസശൈലേപി സോയം;
സാക്ഷാദ്വൈകുണ്ഠലോകത്തിലുമരിയ പരി-
ഭ്രാന്തിചേർത്തെന്നു വേണ്ടാ,
ദോർഗ്ഗവംകൊണ്ടു മൂർത്തിത്രയമപി വിദധേ
പേർത്തുമാതങ്കപാത്രം.”
അങ്ങനെ ഇരിക്കേ, ഒരിക്കൽ അഖില ജഗൽപതിയായ മഹാവിഷ്ണു പാലാഴിയിൽനിന്നു് ഝടിതി പുറപ്പെട്ടു്, ‘കൈലാസാചലമുകളിൽ’ എഴുന്നള്ളിയിരുന്ന പരമശിവനെക്കണ്ടു്, അദ്ദേഹവുമായി “മഹിഷവധത്തിന്നെന്തൊരു കഴിവെന്നൊക്കെക്കൂടി നിരൂപണ കലകൾ പലതും ചെയ്തു.” ആ അവസരത്തിൽ ഇന്ദ്രാദ്യമരകൾ ‘നാടും വീടും, പാടെ കൈവിട്ടു്’ അംബുജയോനിയെ മുമ്പിൽ നടത്തിക്കൊണ്ടു് അവിടെച്ചെന്നു്, ‘ജഗത്ത്രയരക്ഷണദീക്ഷിതരായ മഹേശ’ന്മാരോടു് തങ്ങളുടെ ദുഃഖങ്ങളെ ഉണർത്തിച്ചു. ദേവന്മാരുടെ അർത്തഗീരുകൾ കേട്ടപ്പോൾ,
“പ്രകടിതഘോരഭൂകുടീഭീമേ തിരുമുഖകമലേ
വിശ്വാധീശന്മാർക്കു തദാനീമച്ചോ! കിമപി പകർന്നൂ ഭാവം.
തിരുനയനങ്ങൾ കലങ്ങിമറിഞ്ഞൂ; ശിവ ശിവ ചിത്രം തലമൂടേറിന
കോപത്തോടും പരമശിവാച്യുതനിർഗ്ഗതമായൊരു
തേജോ വിഭവംകൊണ്ടു വിഭാവിതവദനഭുജങ്ങളുമബ്ജഭവാദി
സുരോത്തമമഹസാ കല്പിതപാദാദ്യവയവഭേദവുമൊക്കെപ്പൂണ്ടു്”
അവിടെ ആവിർഭൂതയായകാർത്ത്യായനി ഹരിയാൽ സംഭാവിതമായ ചക്രത്തോടും, സമുദ്രത്താൽ ദത്തമായ ശംഖപത്മാദികളോടും, ശിവൻ നൽകിയ ശൂലത്തോടും, അനില വിതീർണ്ണമായ പോർവില്ലിനോടും, അക്ഷയസായകതൂണീയുഗത്തോടും, അഗ്നികൊടുത്ത ശക്ത്യായുധത്തോടും, വലമഥനാർപ്പിതമായ വജ്രത്തോടും, കാലൻ നൽകിയ വാൾ, പരിച മുതലായവകളോടുംകൂടി ‘ചടുല സടാവലി ഭാസുരഘോരേ കേസരിവിരേ ഝടിതികരേറി’ ‘ത്രിഭുവനമൊക്കെ വിറക്കുംപരിച’ ഭയങ്കരമായി ഒന്നു അട്ടഹസിച്ചു. അപ്പോൾ ദർപ്പാന്ധനായ മഹിഷൻ, ആ ‘സിംഹപ്രണാദം പുലമ്പും’ ദിഗ്ഭാഗം, നോക്കി “കല്പാന്താം ഭോധിപോലേ ദിശിദിശി പടരും വാഹിനീഭിസ്സമേതം” തിരിച്ചു. ദേവി ആ ദുഷ്ടനെ നിഗ്രഹിച്ചതിനുശേഷം ഗണസമൂഹത്തോടുകൂടി തുഹിനഗിര’തടകാനനത്തിലേക്കു മന്ദമന്ദം യാത്രയായി. ശ്രീഗൌരി അവിടെ തന്റെ തോഴിമാരോടുംകൂടി ക്രീഡിച്ചുകൊണ്ടിരിക്കവേ, ഗവിഷ്ഠന്മാരും ലോകകണ്ടകരുമായ സുംഭനിസുംഭന്മാരുടെ ദൂതന്മാരായ ചണ്ഡമുണ്ഡന്മാർ ദേവിയെ കാണുകയും വിവരങ്ങൾ തങ്ങളുടെ യജമാനനെ അറിവിക്കയും ചെയ്തു. അസുരന്മാർ ആ ദൂതന്മാർമുഖേന അംബികയെ വശീകരിക്കാൻ നോക്കി. ആ ശ്രമം ഫലിച്ചില്ലെന്നു കണ്ടപ്പോൾ അവർ യുദ്ധത്തിനു ഒരുമ്പെട്ടു. ദേവി സപ്തമാതാക്കളെയും വീരഭദ്രാദികളെയും സൃഷ്ടിച്ചു് അസുരനിഗ്രഹം നിഷ്പ്രയാസം സാധിച്ചു. അനന്തരം സുംഭനിസുംഭന്മാരുടെ ഭാഗനേയനായ രക്തബീജൻ യുദ്ധത്തിനണഞ്ഞു. അവനും യുദ്ധത്തിൽ മരിച്ചു. ദേവന്മാരുടെ സ്തുതിയോടും ആപൽക്കാലത്തു ലോകരക്ഷാർത്ഥം ഇനിയും അവതരിക്കുമെന്നുള്ള ദേവിയുടെ വാഗ്ദാനത്തോടുകൂടി കഥ അവസാനിക്കുന്നു.
കവിതാരീതി സാമാന്യം നന്നായിട്ടുണ്ടു്. ഗ്രന്ഥകർത്താവിനെപ്പറ്റി ഒന്നും അറിവാൻ തരമില്ല.
11.9 രാമാർജ്ജുനീയം പ്രബന്ധം
ഈ കൃതി അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല. കവിത വലിയ തരക്കേടില്ല. പരശുരാമനും കാർത്തവീര്യാർജ്ജുനനും തമ്മിൽ നടന്ന യുദ്ധത്തെ വിഷയീകരിച്ചു രചിക്കപ്പെട്ടിരിക്കന്നതിനാലാണു് രാമാർജ്ജുനീയം എന്നു പേർ നൽകിയിരിക്കന്നതു്. കവി ആരെന്നു നിശ്ചയമില്ല. മാതൃകയ്ക്കായി രണ്ടു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിക്കുന്നു.
“നാളികോൽഭൂതജായേ! ജയജയ! നളിനാദ്രീന്ദ്രകന്യാസ്വരൂപേ!
ത്രൈലോക്യാനന്ദശീലെ! ജയജയ! നിതരാം മുഗ്ദ്ധചന്ദ്രാർദ്ധമൌ
ചേലെത്തും പാണി പത്മോജ്ജ്വലജപപടികാപുസ്തകാഭീഷ്ടരമ്യേ!
മേലേ വാഗീശ്വരി! നീ ജയജയ! നടമാടീടു ജിഹ്വഗ്രരംഗേ.”
“അന്നേരം തെങ്ങുംകൊണ്ടും കൊടിയ കുശകൾകൊ-
ണ്ടും കുമച്ചാർത്തഭാരോ-
ത്സന്നാനോടിച്ചു ശിഷ്യൻ ഗളഭുവി സുരഭേ-
ഗ്ഗാഢബദ്ധാഗ്രപാണിം
നന്നേ തച്ചും കുമച്ചും വപുഷി ഞെടുഞെടെ-
ക്കുത്തിയും മുഷ്ടികൊണ്ടേ- നിന്നത്ര വേർപെടുപ്പാൻ പലവഴി പലരും
വ്യാപരിച്ചാരനേകം.”
ഗദ്യം:“തസ്മിൻകാലേ വിസ്മയനീയ-
പരാക്രമശക്ത്യാ നിഹതസമസ്ത-
ക്ഷത്രിയസേനാ ചോരപ്പുഴകളിൽ
മുങ്ങിപ്പൊങ്ങിയുമോളമെടുത്തും
കുളിച്ചുകളിച്ചും പാഞ്ഞ നിണത്തെ
നിറച്ചുകുടിച്ചും പച്ചയിറച്ചി
തലച്ചോറെന്നിവ പാടേ തിന്നും
വികൃതഭയങ്കരചെകിതം കാട്ടി
ക്കൈയുംകൊട്ടിക്കിമപി ചിരിച്ചും
കൂത്തുംപാട്ടും പലവു തുടർന്നും
മേളം കോലിന കൂളീഭൂത-
പിശാചഗണാനാം
കേളീകലവികൾ കണ്ടു രസിച്ചു
… … … ”
11.10 ശ്രീമതീസ്വയംവരം
ഈ കൃതിയ്ക്കു് മറ്റു ചമ്പുക്കളോളം പഴക്കം തോന്നുന്നില്ല. ഗ്രന്ഥകർത്താവു് ആരെന്നു നിശ്ചയമില്ല. സ്വയംവരത്തിനു് ആളുകൾ തിക്കിത്തിരക്കി വരുന്നതിനെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“തട്ടക്കച്ചമുഷിഞ്ഞപട്ടുമരയിൽക്കെട്ടിക്കരക്കത്തിയും
കട്ടാരം വടിയും പിടിച്ചു പുടവക്കെട്ടും ചുമന്നങ്ങനെ;
ഇഷ്ടത്തിൽ ചില വാക്കുകൊണ്ടുചെകിടും പൊട്ടിച്ചു പൃത്ഥീജൂഷാം
പട്ടന്മാർ പലർ കൂട്ടമായ് പ്രവിവിശുർഗ്ഗേഹേ നരാണാം പതേഃ
ഉടലുമറയ്ക്കും കുടയും കക്ഷേ വച്ചിട്ടു വട്ടിപുസ്കതവും;
വടിവൊടുവന്നാരേവം വായുംപൊത്തീട്ടു വാരിയപ്രവരാഃ
രോമവിഹീനശിരസ്കാ മഹദുദരാഃ കൃശവിലോലവസ്ത്രധരാഃ
പരുഷതരവചനദക്ഷാ ആജന്മാശ്രോത്രിയാസ്തൂർണ്ണം”
ശ്രീമതി വിവാഹമണ്ഡപത്തിൽ വന്നപ്പോൾ ഓരോരുത്തർക്കുണ്ടായ അവസ്ഥകളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“നാരീകുലശിഖാരത്നം നേരേപോന്നുവരുംവിധൌ
മാരാവേശവശാദ്യൂനാമോരോ ഭാവാസ്തദാഭവൻ.
ഒരുവൻക്രമുകൈസ്സാർദ്ധം വിരൽകൂട്ടി നുറുക്കിനാൻ
പൊളിച്ചു സഹസാ തിന്നു കളിത്താമര കശ്ചന.
നൂറുതിന്നിട്ടു നാവൊക്കെ നീറിപ്പോയിതു കസ്യചിൽ
തമ്പലം കളവാൻതൂർണ്ണ…വെച്ചിരുന്നഥ”
ഒരു ഗദ്യശകലം കൂടി മാതൃകയ്ക്കായി ചേർക്കുന്നു.
“തലമുടിതന്നൊടു തോറ്റിട്ടസ്യാ
ജലധരപടലികൾ മുറയിടുമിന്നും;
അളകാവലിയൊടു തോറ്റിട്ടപ്പൊഴു-
മളിനികരം മുരളുന്നിതുപോലെ
അളികതലത്തൊടു തോറ്റോരുഡുപതി-
ശകലം പശുപതി ജടയിലൊളിച്ചു.
ചില്ലിയുഗത്തൊടു തോറ്റോരലർശര
വില്ലിനു നിയതം ചെപ്പുവിരുന്നു.”
ഈ കൃതിക്കു പ്രബന്ധങ്ങളുടെ കൂട്ടത്തിൽ ഒരു നല്ല സ്ഥാനം കല്പിക്കാൻ നിവൃത്തിയില്ല.
ഇനിയും അസംഖ്യം ചമ്പുക്കൾ ഭാഷയിൽ ഇക്കാലത്തുതന്നെ ഉണ്ടായിട്ടുണ്ടു്. അവയെല്ലാം ഒരു കാലത്തു പുറത്തു വരുമെന്നു് നമുക്കു് പ്രത്യാശിക്കാം. എന്നാൽ അക്കാലത്തുവായിച്ചു രസിക്കാൻ ആളുകളുണ്ടാകുമോ എന്നേ സംശയമുള്ളു. ഇപ്പോൾതന്നെ ചമ്പുക്കളോടു കണ്ണുരുട്ടുന്ന പണ്ഡിതന്മാർ വേണ്ടുവോളമുണ്ടു്. സംസ്കൃതപദം എന്നു കേട്ടാൽതന്നെ കണ്ണു ചുവപ്പിക്കുന്ന ഭാഷാഭിമാനികളുടെ സംഖ്യ വർദ്ധിച്ചുവരുന്നതു കാണുമ്പോൾ സന്തോഷമോ സന്താപമോ ഉണ്ടാകേണ്ടതെന്നു അറിയുന്നില്ല. മുഖനഖാദിപദങ്ങൾ മലയാളമാണെന്നു ഈ ഭാഷാഭിമാനികൾ പറയുമായിരിക്കാം. അല്ലാതെന്തുനിവൃത്തി? സാമുദായികജീവിതത്തിനു് മുഖവും നഖവും വേണ്ടേ? മുഖമുണ്ടെങ്കിൽ പഞ്ചാരവാക്കു് പറഞ്ഞു് ആളുകളെ വശപ്പെടുത്താം. നഖം ആയുധമില്ലാത്ത കാലത്തു് ശത്രുസംഹാരത്തിനു ഉപകരിക്കയും ചെയ്യും. ഇവ രണ്ടും മലയാളികൾക്കു ഇല്ലെന്നു ആരെങ്കിലും പറയുമോ? പക്ഷേ ചമ്പുക്കളിൽ കാണുന്നനല്ല ഭാഷാപ്രയോഗങ്ങളെ ഇക്കൂട്ടർ സ്വീകരിക്കുമോ എന്തോ? ഇന്നത്തെ നിലയ്ക്കു് സംസ്കൃതം കൂടാതെ കഴിച്ചുകൂട്ടാൻ നിവൃത്തിയില്ലാതെയാണു് തീർന്നിരിക്കുന്നതു്. ഭാഷാപദങ്ങൾ മിക്കവാറും പ്രചാരലുപ്തങ്ങളായ് ഭവിച്ചിരിക്കുന്നു. ഭാഷാശുദ്ധിയിൽ എഴുത്തച്ഛകൃതികളെപ്പോലും അതിശയിക്കുന്ന കൃഷ്ണഗാഥ ഇന്നുള്ളവർ വായിക്കുന്നുണ്ടോ? ഇല്ലെന്നുതന്നേ പറയാം. അതിൽ തമിഴുപദങ്ങൾ അധികമാണുപോലും. അഹോ! എന്തൊരു ദയനീയസ്ഥിതി? നമ്മുടെ സ്വന്തവാക്കുകളെയെല്ലാം തമിഴാണെന്നു പറഞ്ഞു തള്ളിക്കളയുന്നു. സംസ്കൃതമോ പാടില്ലതാനും. എന്നാൽ സംസ്കൃതത്തെപ്പഴിച്ചു് ഭാഷാഭിമാനികൾ എഴുതുന്ന ലേഖനങ്ങളിൽപോലും തൊണ്ണൂറു ശതമാനം സംസ്കൃതപദങ്ങൾ കാണുന്നതാണു് ആശ്ചര്യം. യഥാർത്ഥ ഭാഷാഭിമാനം ഉണ്ടെങ്കിൽ ചമ്പുഗ്രന്ഥങ്ങൾ പാരായണം ചെയ്കയും അതിലുള്ള നല്ല ഭാഷാപദങ്ങളേയും ഭാഷാപ്രയോഗങ്ങളേയും പുനർജീവിപ്പിക്കയും ചെയ്യേണ്ടതാണു്. അല്ലെങ്കിൽ നമ്മുടെ പദദാരിദ്ര്യം വർദ്ധിച്ചുവരികയും നാം വിദേശീയപദങ്ങളെ തേടിപ്പോക്കേണ്ടതായി വരികയും ചെയ്യും‘ഏഴ’ ‘കോഴ’ ഈ രണ്ടു പദങ്ങൾതന്നെ നോക്കുക. ഇവ തമ്മിലുള്ള അർത്ഥവ്യത്യാസം ഇന്നുള്ളവരിൽ പലർക്കു അറിഞ്ഞുകൂടെന്നു തീർച്ചയായും പറയാം. മുറുവൽ എന്നു കേട്ടാൽ മുറുമുറുക്കുന്നവരും മന്ദഹാസം തൂകുന്നവരും ധാരാളം ഉണ്ടു്. സത്യവാദികളാണെന്നു അഭിമാനിക്കുന്നവരും പട്ടാങ്ങുപറയാറില്ല. സംസ്കൃതത്തോടു വെറുപ്പുള്ളവരും വെറും ഭാഷാപദങ്ങളോടു് സംസ്കൃതപ്രത്യയം ചേർത്തുവരുന്നു. ‘മണ്ടത്തി’ എന്നു പ്രാചീന മണിപ്രവാളക്കാരന്മാർ പ്രയോഗിച്ചതു ആക്ഷേപമായിപ്പോയെന്നു പറയുന്ന ശ്വാസത്തിൽതന്നെ തങ്ങളുടെ ‘ബുദ്ധികൂർമ്മത’യെപ്പറ്റി പുകഴ്ത്തുന്നവർ അനവധിയുണ്ടു്. ബുദ്ധിക്കു കൂർമ്മ ആവശ്യം വേണ്ടതുതന്നെ. കൂർമ്മത നിന്ദ്യവും ആണു്. കൂർമ്മം മന്ദഗാമി ആണെന്നു പ്രസിദ്ധമാണല്ലോ? ആ സ്ഥിതിയ്ക്കു് അതിന്റെ അവസ്ഥ ബുദ്ധിക്കു വരുന്നതു എങ്ങനെ പ്രശംസാർഹമാകും? പണ്ഡിതരാജരാജനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷാഭിമാനവിജൃംഭണത്താൽ ഭാഷാപദങ്ങളെ കഴിയുന്നതും പുനർജ്ജീവിപ്പിക്കാൻ “മേഘസന്ദേശാദി” കാവ്യങ്ങളുടെ തർജ്ജിമവഴിയ്ക്കു് ശ്രമിച്ചു. എന്നാൽ അവയെ ദേശ്യപദ പ്രചുരങ്ങളെന്നു പറഞ്ഞു് പരിഹസിക്കാൻ നമ്മുടെ സംസ്കൃത വിദ്വേഷികൾതന്നേ ഒരുമ്പെടുന്നു. ശാകുന്തളത്തെ ആവുന്നത്ര അർത്ഥം കളയാതെ അദ്ദേഹം ഭാഷയിലേക്കു് വിവർത്തനം ചെയ്തു. എന്നാൽ “തർജ്ജിമയ്ക്കു മാധുര്യമില്ല; ഒഴുക്കില്ല” എന്നൊക്കെ പറഞ്ഞു അപഹസിക്കുന്നവരും ഈ ഭാഷാഭിമാനികളാണു്. ആധുനിക ഗദ്യത്തിൽ സംസ്കൃതം കൂടിപ്പോയെന്നു നിലവിളിക്ക മാത്രമല്ല; ആ വിഷയത്തെപ്പറ്റി ഒരു ചെറിയ ഗ്രന്ഥം പ്രസിദ്ധീകരിക്കകൂടി ചെയ്ത ഒരു പണ്ഡിതൻ ഈയിടെ എഴുതിയ ഒരു ഗദ്യത്തിന്റെ ഒരു ഭാഗം കൂടി ചേർത്തു് ഈ പ്രകൃതത്തെ ഉപസംഹരിച്ചുകൊള്ളുന്നു.
“ആ മഹാറാണിറീജന്റു് തിരുമനസ്സിലെ സംഗതിയിൽ നാം ഉത്തരോത്തരം അനുഗൃഹീതരായിരിക്കുന്നു. തിരുമനസ്സിലെ പാടവം സൌശീല്യം, സുജ്ഞാനം, സർവാശ്ലേഷകമായ അനുഭാവം എന്നിവയെല്ലാം ദൈനന്ദിനം കരതലാമലകമാക്കപ്പെടുന്നു. ആ തിരുമനസ്സിലെ നേർക്കു പ്രവഹിക്കുന്ന കൃതജ്ഞതയാൽ ഹല്ലോലകല്ലോലിതമാകാത്ത ഹൃദയം നമ്മളിൽ ഏതു വ്യക്തിക്കെങ്കിലും ഉണ്ടോ?”
“വിവിധ കാലാവസ്ഥകളിലും ശാന്തജലസുരക്ഷിതനൌകാശയമാകത്തക്കവണ്ണം പ്രസ്തുതനൌകാശായം ചിരകാലാനന്തരം പ്രത്യാഗമിച്ച അഹേതുകപ്രകൃതിവിധാനമായ ചെളിക്കരയാൽ പരിവൃതമായതാണു് ഈ ഭാഗ്യോദയത്തിനു കാരണം.”
“സംസ്കൃതത്തിന്റെ സമ്മർദ്ദംകൊണ്ടു് മലയാളഭാഷയ്ക്കു് ആശാസ്യമല്ലാത്ത ഒരു പരിണാമം സംഭവിച്ചിരിക്കുന്നു. കേവലം പ്രൌഢിക്കും പ്രതാപത്തിനുമായി വേണ്ടിടത്തും വേണ്ടാത്തിടത്തും അപ്രസിദ്ധങ്ങളായ സംസ്കൃത ശബ്ദങ്ങൾ കുത്തിത്തിരുകിവയ്ക്കാത്ത കൃതികൾ ഇന്നും പ്രായേണ ദുർല്ലഭമാണെന്നു തന്നെ പറയാം” എന്നും,
“ഭാഷാന്തരീകരണത്തിനായി പുറപ്പെടുന്നവർ പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ടു്. ഒന്നാമതു് ഉഭയഭാഷകളിലും നല്ല പാണ്ഡിത്യം ഉണ്ടായിരിക്കണം. മലയാളഭാഷയുടെ മർമ്മം ഗ്രഹിക്കാതെ നിഘണ്ടു നിവർത്തിവച്ചു ഭാഷാന്തരപ്പെടുത്തിയാൽ മൂലഭാഷയുടെ ജീവൻ തർജ്ജമയിൽ കണികാണുകപോലും ഇല്ല.” എന്നും ഉപന്യസിച്ചിരിക്കുന്ന വിദ്വാനാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ഗദ്യഭാഗം എഴുതീട്ടുള്ളതു്. പറയാൻ ഒരു പ്രയാസവുമില്ല; പറയുന്നതുപോലെ പ്രവർത്തിക്കുന്ന കാര്യമേ വിഷമമായിട്ടുള്ളു.
11.11 പാട്ടുകൾ
സംസ്കൃതപ്രഭാവകാലത്തിന്റെ ഉത്തരഭാഗത്തിലും പലേ പാട്ടുകൾ ഉണ്ടായിട്ടുണ്ടു്. അവയിൽ, ഭൂരിഭാഗവും ഗ്രന്ഥപ്പുരകളിൽ ചിതലിന്റെ മുതലായി കിടക്കുന്നതേയുള്ളു. ഈ പാട്ടുകളെല്ലാം സാഹിത്യരസപ്രചുരങ്ങളാണെന്നു പറയാവുന്നതല്ലെങ്കിലും ചരിത്രകാരന്നു അത്യന്തം ഉപയോഗപ്രദങ്ങളാകുന്നു.
11.12 പരശുരാമചരിതം
ഈ കൃതി ഈയിടയ്ക്കു് എന്റെ മാന്യസുഹൃത്തയാ മഹോപാധ്യായ മി. കേ. പി. ശിവശങ്കരപ്പിള്ള കണ്ടു പിടിച്ച ഒരു പഴയ പാട്ടാകുന്നു. രാമചരിതത്തിലേയും കണ്ണശ്ശകൃതികളിലേയും വൃത്തങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ടു്. കവി ‘മുമ്മുനിയൂർ അമരിന ശങ്കര’നാണെന്നു
“അവനിയിൽ നന്മമികും മുമ്മുനിയൂ-
രമരിനശങ്കരനാം കൈലാസൻ (?)
വിവിധം ഭാഷാമിശ്രിതമാകിന
ബ്രഹ്മാണ്ഡം ദശിച്ചു ചമച്ചിതു.”
എന്ന ഭാഗത്തിൽ നിന്നു് അറിയാം. ഇരുന്നൂറ്റി ഇരുപത്തി അഞ്ചു പാട്ടുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കവിതയ്ക്കു കണ്ണശ്ശൻ പാട്ടുകളോടുള്ള സാജാത്യം പ്രകടമായിരിക്കുന്നു. പദ്യങ്ങൾക്കു നല്ല ഒഴുക്കും ഭംഗിയുമുണ്ടു്. രണ്ടു പാട്ടുകൾ താഴെ ഉദ്ധരിക്കുന്നു. കവിത കൊ. വ. ഏഴാം ശതകത്തിലുണ്ടായതാണെന്നു തോന്നുന്നു.
“ശ്രീമദീശനഖിലാധിപനന്തസുഖദൻ,
ശ്രീമൃഡൻ വിഭുരുമാപതിരതീവ ശുഭദൻ
ശ്രീമുകുന്ദഹൃദയസ്ഥലഗൃഹസ്ഥനധികൻ,
ശ്രീമഹാശിവനനുത്തമമഹത്ത്വവദാന്യൻ
ശ്രീമൃഗാരവദയായുതനുദാരവരദൻ,
ശ്രീമഹീധരധനുർദ്ധരവിദഗ്ധപുരുഷൻ,
ശ്രീമതംഗമുഖസജ്ജനകനഞ്ജനഗളൻ,
ശ്രീമദീയഹൃദി സംഭവതു ശംഭുരതിനു-
ഞാനമീടിന കവീന്ദ്ര തുണയാക സതതം
നാന്മുഖൻ മുതലെറുമ്പളവുലോകരുമെല്ലാം
ഊനമറ്റു ഗുരഗവവുമെനിക്കു തുണയാ-
യൂഴിതന്നിൽ വിളയാടുക മദീയശരണായ്
ഞാനുവന്നിനിയ ശ്രീപരശുരാമചരിതം
ഞായമോടുരചെയ്യിൻറതതുകേൾക്കുമവരും
തേനുറുന്നമൊഴികൊണ്ടുരചെയ്യിൻറവർകളും
ദിവ്യരാക പലകാലവുമിരുന്നു സുഖമേ.”
11.13 പടപ്പാട്ടു്
കേരളത്തിൽ പല കാലങ്ങളിലായി ഒട്ടുവളരെ പടപ്പാട്ടുകൾ ഉണ്ടായിട്ടുണ്ടു്. “ഹര്യക്ഷ സമരോത്സവം” ഈ ഇനത്തിൽപെട്ട ഒരു പാട്ടാണു്. അതിനു മറ്റംപാട്ടെന്നുകൂടി പേരു പറഞ്ഞുവരുന്നു. അതിൽനിന്നു് കേരളത്തിൽ അക്കാലത്തു നടന്നിരുന്ന ഓണത്തല്ലിനേപ്പറ്റി പലതും നമുക്കു ഗ്രഹിക്കാം.
ഈ ഗ്രന്ഥം ഇതേവരെ അച്ചടിപ്പിച്ചിട്ടില്ല. ഒരു പകർപ്പു മലയാളം ക്യുറേറ്റർ ആഫീസിലും മറ്റൊന്നു കൊട്ടാരം ഗ്രന്ഥപ്പുരയിലും ഇരിപ്പുള്ളതായി അറിയാം. ഗ്രന്ഥകർത്താവും ചെപ്പുകാട്ടിലെ ഒരു തിരുനീലകണ്ഠൻ ആയിരുന്നു. ചെപ്പുകാട് എന്നു് പറഞ്ഞിരിക്കുന്നതു ചേപ്പാടായിരിക്കുമെന്നു തോന്നുന്നു. പേരിന്റെ മുമ്പിൽ തിരു എന്നു കൂട്ടിചേർത്തിരിക്കുന്നതിനാലും, താൻ മടപതിമാരിൽ ഒരാളാണെന്നു് കവി തന്നേ പറഞ്ഞിട്ടുള്ളതിനാലും, അദ്ദേഹം ചേപ്പാട്ടു താമസിച്ചിരുന്ന ഒരു നായർ നാടുവാഴി ആയിരുന്നു എന്നൂഹിക്കാം.
“ചമച്ചതോ ചെപ്പുകാടമർന്നിടും
കേടില്ലാ മടപതിമാർ പലരുള
രതിൽ ഉണ്ടു തിരുനീലകണ്ഠനെന്നൊരു
ദേഹമുണ്ടാക്കിയിതു തന്നെ;
കണ്ടിയൂർ മററം പടപ്പാട്ടിതു
പടിപ്പോരും കേൾപ്പോർ നാമും വാഴ്ക.”
ചിങ്ങമാസത്തിൽ തിരുവോണത്തിനു കണ്ടിയൂരിനു സമീപത്തുള്ള കരക്കാർ രണ്ടു ചേരികളായി പിരിഞ്ഞു നടത്താറുണ്ടായിരുന്ന സമരമാണു് ഇതിലെ പ്രതിപാദ്യവിഷയം. രാജാക്കന്മാർപോലും ഈ സമരം കാണുന്നതിനു് എഴുന്നള്ളിയിരിക്ക പതിവായിരുന്നു.
“നീലവട്ടക്കുട നേരെ പിടിപ്പിച്ചു,
നിന്നങ്ങരുളീ സമസ്ത ജനത്തൊടും
നിന്നരുളുന്നേരം മന്നൻ ചിറവായി
നീതിയോടേ മൂപ്പുവാഴുന്ന മന്നനും
ഒന്നൊഴിയാതിളം കൂറുവാഴ്–മന്നരു-
മൊക്കവേ തംകളമാത്യജനത്തൊടും.”
എഴുന്നള്ളിയിരുന്നത്രേ.
ഈ സമരം കാണ്മാൻ വന്നിരുന്നവരുടെ കൂട്ടത്തിൽ
“… നത്ത്രാണിയും ചോനകർ,
നാഗർ മരുവും മണിഗ്രാമവും ബ്രഹ്മരും
തുള്ളുവർ പരദേശി സന്യാസിയും ദൂതന്മാർ”
എന്നു തുടങ്ങി പലരും ഉൾപ്പെട്ടിരുന്നു.
ഈ കൃതിക്കു പറയത്തക്ക കവിതാ ഗുണമൊന്നുമില്ല.
മറ്റത്തിനു സമീപമുള്ള ദേശങ്ങളിലേ നാട്ടുകാർ രണ്ടു ചേരികളായി പിരിഞ്ഞു് മത്സരിച്ചു നടത്തിയ ഒരു ഓണത്തല്ലാണു് ഈ പാട്ടിലെ വിഷയം എന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. മിക്ക നാടുവാഴികളും ഓണക്കാലത്തു ഈ മാതിരി തല്ലു നടത്തിക്കൊണ്ടിരുന്നു. തിരുവോണമൂണുകഴിഞ്ഞു് ഉടുത്തൊരുങ്ങി ഉത്സാഹപൂർവ്വം നായന്മാർ തല്ലിനു പോകുന്നപോക്കു് കാണേണ്ട ഒരു കാഴ്ചയായിരുന്നു. ഹര്യക്ഷസമരത്തിന്റെ സ്ഥാനത്തു് ഇന്നു അക്ഷസമരമാണു് നടക്കുന്നതു്. പന്തുകളിയിൽപോലും ഇപ്പോഴത്തെ ചെറുപ്പക്കാർ അത്ര ഉത്സാഹം പ്രദർശിപ്പിക്കാറില്ല. മറ്റത്തു പടയ്ക്കു് ഉത്തരദക്ഷിണ ദേശങ്ങളിലെ രാജാക്കന്മാരും നാടുവാഴികളും പ്രഭുക്കളും സന്നിഹിതരായിരുന്നു് പടയാളികളെ യഥോചിതം പ്രോത്സാഹിപ്പിക്ക പതിവായിരുന്നു.
11.14 രുക്മാംഗദചരിതം ഗാഥ
ഈ കൃതിയെ എന്റെ മാന്യമിത്രമായ മഹോപാദ്ധ്യായ മി. കേ. പി. ശിവശങ്കരപിള്ള അഭിനവകല്പഗ്രന്ഥമാലയിൽ തൊടുത്തു് അച്ചടിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു നല്ല പഴക്കംതോന്നുന്നു. ചമ്പുകാലത്തു് പ്രചുരമായും എഴുത്തച്ഛന്റെ കാലശേഷം വിരളമായും പ്രയോഗിച്ചുവന്ന അനേകം പദങ്ങൾ ഇതിൽ കാണുന്നുണ്ടു്. രുക്മാംഗദനെ മയക്കി, അദ്ദേഹത്തിന്റെ വ്രതഭംഗം ചെയ്‍വാനായി വിരിഞ്ചനാൽ നിയുക്തയായ മോഹിനി, ആ രാജർഷിയുടെ മുമ്പിൽ വരുന്നതിനെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“അങ്ങനെ മേവുന്ന കാലത്തുമോഹിനി,
മംഗലമോടു നടന്നുചെന്നാൾ.
മന്ദരമായഗിരിതൻ മുകളേറി
നന്ദിതമോടു വസിച്ചാളപ്പോൾ
അമ്മാനവീണക്കുഴൽ സംഗീതാദികൾ
ചെമ്മെയോരോന്നേ പ്രയോഗിക്കുമ്പോൾ,
മാനുഷാധീശനായുള്ള രുക്മാംഗദൻ
സേനയോടുംകൂടി നായാട്ടിന്നായ്
നീളെനടക്കുന്ന നേരത്തു കേൾക്കായി
നാളീകാക്ഷിതന്റെ വിദ്യകളേ.
ഓരോന്നേ നാദങ്ങൾ കേട്ടുരസിച്ചുനി-
ന്നാരുപോലെന്നുള്ള ശങ്കയാലെ
നേരെ നമുക്കുണ്ടു കാണേണമെന്നിട്ടു
പാരമുഴറിച്ചെന്നീടുന്നേരം
കൊകിലവാണിമാർ മൌലിയായുള്ളോരു
മോഹിനിതന്നേയും കാണായപ്പോൾ.
തിങ്ങിയിരുണ്ടു നീണ്ടുള്ള കാർകൂന്തലും
ഭംഗി തിങ്ങീടും കുറുനിരയും,
ഇന്ദുകലാവടിവായുള്ള നെറ്റിമേൽ
ചന്ദനംകൊണ്ടു തൊടുകുറിയും,
അംഭാജബാണൻ കുടികൊണ്ടിരുപ്പോരു
കമ്രമായുള്ളൊരു കണ്ണിണയും,
കിഞ്ചന നോക്കുമ്പോളഞ്ചലർബാണങ്ങൾ
നെഞ്ചിൽ തറയ്ക്കുന്ന ഭാവങ്ങളും,
നാസികയും വിളങ്ങീടും കപോലവും,
കാതിണയും, മുത്തുത്തോടകളും,
സിന്ദൂരവായ്മലർ മന്ദദഹാസത്തുമ്മേൽ
കണ്മിന്നും ദന്തവും തേൻമൊഴിയും,
ഏറ്റം മനോഹരമെന്നേ പറയാവൂ
ഇമ്മുഖകാന്തി നിനച്ചു കണ്ടാൽ.
കുങ്കുമരേഖ പൂണ്ടുള്ള കഴുത്തതിൽ,
തങ്കുന്ന മാലയും താലികളും,
മാർത്താണ്ഡമണ്ഡലം കൂപ്പുന്ന മാറതിൽ
ചേർത്തുള്ള പോർമുല പാർത്തുകണ്ടാൽ
മാന്താരിൽ ബാണന്റെ കീർത്തിതകും ചെപ്പു-
മാർത്തി പെട്ടീടുമിതെന്നു ചൊല്ലാം.
പാണിയിൽ കോമളമായ വളകളും
ചേണുറ്റ മോതിരം കൈവിരലിൽ,
പൂഞ്ചേലയും ഞൊറിഞമ്പിലുടുത്തിട്ടു്
കാഞ്ചനകാഞ്ചിയും മീതെപ്പൂണ്ടു്,
ഉന്നതമായുരുണ്ടുള്ള തുടകളും,
അന്നനടയും, കടാക്ഷങ്ങളും,
പൊന്നിൻ നിറമാർന്നു മിന്നുന്ന കാന്തിയു-
മൊന്നൊന്നേയിങ്ങനെ കണ്ടു കണ്ടു്
കന്ദർപ്പബാണമാൽ പൂണ്ടു നരാധിപൻ”
കവി സാമാന്യം നല്ല മനോധർമ്മമുള്ള ഒരാളായിരുന്നുവെന്നു്,
“ചാലവേയിങ്ങനെ നീളെ നടക്കുന്നു,
ചീല പുക്കീടും പണം കണക്കേ
ഇക്കണ്ടലോകവുമെന്നെയും നിന്നെയു-
മൊക്കെയുടയനായുണ്ടൊരുത്തൻ.
സൂക്ഷ്മമായിങ്ങനെ നോക്കിനിന്നീടുന്നു,
തൂക്കും തുലാത്തിൽ നാരായം പോലെ”
ഇത്യാദിയായ ഉപമകളിൽനിന്നു കാണാം.
വിഷ്ണുവിന്റെ കേശാദിപാദവർണ്ണനയും ഒരു വിധം നന്നായിട്ടുണ്ടു്. അതു വായിച്ചു നോക്കിയാൽ കവി ഭക്താഗ്രണിയായ പൂന്താനം നമ്പൂതിരിയായിരിക്കുമോ എന്നൊരു പ്രബലമായ സംശയം ആർക്കും ഉണ്ടാകാതിരിക്കയില്ല.
“അർക്കായുതപ്രഭ കൈക്കൊണ്ടിരിപ്പൊരു
പൊൽകിരീടമെന്നിൽ തോന്നേണമേ.
പഞ്ചമിച്ചന്ദ്രനുമഞ്ചും തിരുനെറ്റി
ചഞ്ചലം പോമ്മാറു തോന്നേണമേ.
മാരന്മണിവില്ലിനൊത്ത കുനുചില്ലി
നേരേ മനക്കാമ്പിൽ തോന്നേണമേ.
താമര നാണുന്ന കോമളനേത്രവും
ആമോദമോടെന്നിൽ തോന്നേണമേ.
കാറ്റിലങ്ങാടുന്ന പൊന്നൂയൽ കൈതൊഴും
കർണ്ണവും കുണ്ഡലം തോന്നേണമേ.
ദർപ്പണം പോലെ വിളങ്ങും കപോലവും
ഉൾക്കമലത്തിങ്കൽ തോന്നേണമേ.
ശംഖുമ്മണികൂപ്പിക്കൈതൊഴും കണ്ഠവും
സങ്കടം പോമ്മാറുതോന്നേണമേ.
എത്രയും കൌതുകമായ ശ്രീ കൌസ്തുഭ-
രത്നവുമെന്നുള്ളിൽ തോന്നേണമേ.
ആലോലമാർന്നു ശോഭിച്ചുമേവും വന-
മാലയുമെന്നുള്ളിൽ തോന്നേണമേ.
ഓളംകണക്കേ വളർന്നു വിളങ്ങുന്ന
തോളിണയുമെന്നിൽ തോന്നേണമേ.
ശിക്ഷാജഗത്തിങ്കലൊക്കെവരുത്തുന്ന
തൃക്കരങ്ങൾ നാലും തോന്നേണമേ.
പത്മം ഗദാ ശംഖു ചക്രമിത്യാദിയു-
മെപ്പൊഴുമെന്നുള്ളിൽ തോന്നേണമേ.
താർമകൾ പുല്കും തിരുമാർവിടംതന്നിൽ
താവും ശ്രീവത്സവും തോന്നേണമേ.
നാഭീസരോജവും നാന്മുഖലോകവും
ശോഭിതമാംപാദം തോന്നേണമേ.
മന്മഥത്തേരുരുളൊത്ത ജഘനവു-
മെന്മനക്കാമ്പിങ്കൽ തോന്നേണമേ.
കൈതമലർതൊഴുതീടും കണങ്കഴൽ
കൈതവംകൂടാതെ തോന്നേണമേ.
പല്ലവമായിപ്പതുത്തുള്ളോരുള്ളംകാ-
ലല്ലൽ പോമ്മാറെന്നിൽ തോന്നേണമേ.
കേശം തുടങ്ങിമലരടിയോടിട
കേശവ! കേവലം തോന്നേണമേ.”
11.15 ഏകാദശി മാഹാത്മ്യം വരിവണ്ടിൻപാട്ടു്
കിളിപ്പാട്ടു വൃത്തം കണ്ടു പിടിച്ചതു് എഴുത്തച്ഛനാണെന്നാണു് പരക്കെയുള്ള വിശ്വാസം. എന്നാൽ മഹാകവികൾ വൃത്തങ്ങൾ കണ്ടു പിടിക്കുന്നതിനുവേണ്ടി സാധാരണ ബുദ്ധിമുട്ടാറില്ല. ഇതിവൃത്തങ്ങൾപോലും അവർ നിർമ്മിക്ക പതിവില്ലാതിരിക്കേ, ഈ വിശ്വാസം തീരെ അസംഗതമാകുന്നു. രാമായണാദി കൃതികളിൽ ഉപയോഗിച്ചിരുന്ന വൃത്തങ്ങൾ എല്ലാം മുമ്പു തന്നെ നടപ്പിലിരുന്നവയാണു്. എഴുത്തച്ഛന്റെ യശസ്സു് കിളിപ്പാട്ടു വൃത്തത്തെ ആശ്രയിച്ചല്ല നിലനില്ക്കുന്നതു്. എന്നാൽ ആ വൃത്തങ്ങൾക്കു പ്രചാരം നല്കിയതു് എഴുത്തച്ഛനാകുന്നു. പരമാർത്ഥം പറയുന്നതായാൽ കിളിപ്പാട്ടു വൃത്തം എന്നൊരു വൃത്തമേ ഇല്ല. ഹംസപ്പാട്ടിലും, വരിവണ്ടിൻ പാട്ടിലും, കുയിൽപാട്ടിലും, ഒക്കെ ഉപയോഗിച്ചിരിക്കുന്ന വൃത്തം രാമായണാദി കൃതികളിൽ ഉപയോഗിച്ചിട്ടുള്ള ഒരു വൃത്തം തന്നെയാകുന്നു. ഒരു കവി കുയിലിനേക്കൊണ്ടു പാടിക്കുമ്പോൾ മറ്റൊരുവൻ അന്നത്തിനെക്കൊണ്ടും, മൂന്നാമതൊരുവൻ കിളിയേക്കൊണ്ടും, വേറൊരുത്തൻ വണ്ടിനെക്കൊണ്ടും പാടിക്കുന്നു. എന്നല്ലാതെ വൃത്തത്തിനു ഭേദമൊന്നും ഇല്ല. ഏകാദശീമാഹാത്മ്യം വരിവണ്ടിൻ പാട്ടിൽ നാലു പാദങ്ങളുള്ളവയിൽ ഒന്നാംപാദത്തെ വരിവണ്ടിനേക്കൊണ്ടും, രണ്ടാംപാദത്തെ കുയിലിനേക്കൊണ്ടും, മൂന്നാമത്തേതിനേ കിളിയെക്കൊണ്ടും, അവസാനപാദത്തെ അന്നത്തേക്കൊണ്ടുമാണു് പാടിച്ചിട്ടുള്ളതു്. ഈ കൃതി എഴുത്തച്ഛനു മുമ്പോ പിമ്പോ ഉണ്ടായിട്ടുള്ളതെന്നു ഖണ്ടിച്ചു പറവാൻ നിവൃത്തിയില്ലെങ്കിലും പ്രാചീനമാണെന്നു നിസ്സംശയം പറയാം. ഈ ഗ്രന്ഥത്തേ അഭിജ്ഞോത്തമരായ നന്ത്യാരുവീട്ടിൽ മി. കേ. പരമേശ്വരൻപിള്ളയുടേയും, മഹോപാദ്ധ്യായ മി. കേ. പി. ശിവശങ്കരപ്പിള്ളയുടേയും പ്രസാധകത്വത്തിൽ അഭിനവകല്പമാലയുടെ നാലാം ലക്കമായി അച്ചടിപ്പിച്ചിട്ടുണ്ടു്. വൃത്തങ്ങൾ ഒന്നു തന്നെ എന്നുകാണിപ്പാനായി നാലു പാദങ്ങളിൽ നിന്നും ഒന്നു രണ്ടു വരികൾവീതം ഉദ്ധരിക്കുന്നു.
“മല്ലികമലർക്കാവിൽ നിന്നു മത്സമീപത്തിൽ
മെല്ലവേ പറന്നീടും നല്ലകാർവരിവണ്ടേ!
നില്ലുനീയുഴറാതെ വന്നിരി പറകെടോ
വല്ലഭമോടു തേനും നല്ല നൽക്കനികളും
ഉല്ലാസം കലരും പൂമധുവും താമസംചെ
റ്റില്ലാതെ നുകർന്നാലുമാനന്ദം വരുമാറു
നേരേ നിൻകഥയിപ്പോളേതാനും പറയണം.”൧.
ഒന്നാംപാദം.
“ചന്ദനക്കുളുർക്കാവിൽ മന്ദമായ് വരുന്നോരു
തെന്നൽ കൊണ്ടനുദിനം കൂവുന്ന കുയിൽപ്പെണ്ണേ
എന്നു നീ വരുമെന്നു ഇങ്ങു പാർത്തിരുന്നു ഞാൻ.”൨.
രണ്ടാംപാദം.
“പൈന്തേനിൻമൊഴിയാളെ പൈങ്കിളി വരികനീ
ചന്തമായിരുന്നാലും ചിന്തമറ്റോർത്തിടാതെ;
സന്തതം നിന്നെക്കാണ്മാൻ ചിന്തയെന്മനതാരിൽ
സന്താപം തീർന്നു മമ നിന്നെക്കണ്ടതിനാലേ.”൩.
മൂന്നാംപാദം.
“കോമളരൂപേ, ഗുണശീലമാലികേ ബാലേ
താമസിയാതെയരികത്തു വാ മനോഹരേ!
ഭൂമിയിൽ പാലും വെള്ളമൊന്നിച്ചു നൽകീടിനാൽ
പൊന്മയരൂപി വെള്ളം ഭുജിപ്പാൻ തെളിക്കുംപോൽ.”൪.
നാലാംപാദം.
11.16 ഏകാദശി മാഹാത്മ്യം നാലുവൃത്തം
കവിയേപ്പറ്റിയോ കാലത്തേപ്പറ്റിയോ ഒന്നും അറിഞ്ഞുകൂടാ.
മുകളിൽപറഞ്ഞ കഥയേത്തന്നെ നാലു വൃത്തമായി മറ്റൊരു കവിയോ അതേ കവിതന്നെയോ രചിച്ചിട്ടുണ്ടു്. അതിനേയും അഭിനവഗ്രന്ഥമാലയുടെ അഞ്ചാംപുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കന്നു. കവി മറ്റൊരാളായിരിക്കാനാണു് അധികസാംഗത്യം. അക്ഷരമാലാക്രമത്തിലാണു് ഈ കൃതി രചിച്ചിരിക്കുന്നതു്.
“കണ്ടാലെത്ര മനോഹരനായൊരു
തണ്ടാർ ബാണസമാനൻ ഭുവനേ,
പണ്ടൊരു രാജൻ രുക്മാംഗദനെ
ന്നുണ്ടായീപോൽ നാരായണ ജയ.
കാന്തികലമ്പുമയോധ്യാപുരിയിൽ
മന്ത്രിജനത്തോടൊന്നിച്ചവനും
സന്തോഷാകുലമാനസനായീ
ഹന്തവസിച്ചു നാരായണജയ.”ഒന്നാംവൃത്തം
ഇങ്ങനെ ‘ക’യിയൽ തുടങ്ങി, കാ, കീ എന്നീ മുറയ്ക്കു് ഒടുവിൽ ‘ക’യിൽ അവസാനിക്കുന്നു.
അമ്മലർ മാനിനീ തൻമുല ചേർന്നിടും
നിർമ്മലരൂപനാം കേശവന്റെ
നന്മവരും തിരുവേകാദേശീവ്രതം
ചെമ്മേ തുടങ്ങിനാൻ നാരായണ.
ആനന്ദമേകീടുമേകാദശീതന്നേ
മാനിച്ചുമാലോകരെല്ലാവരും
താനേ വിളിച്ചു പറഞ്ഞു തുടങ്ങിനാൻ
മാനവവീരനും നാരായണ.രണ്ടാം വൃത്തം
എന്നിങ്ങനെ രണ്ടാംവൃത്തം ‘അ’യിൽത്തുടങ്ങി ‘ആ, ഇ, ഈ’ എന്നീ അക്ഷരക്രമത്തിൽ ‘അ’യിൽത്തന്നെ അവസാനിക്കുന്നു. ഇതു് ഗാഥാവൃത്തം തന്നെയാകുന്നു.
“അംഭോജ സംഭവനുമമ്പോടു കാലനുടെ
ഗംഭീരമായ വചനം കേട്ട ശേഷമഥ,
ചെമ്മേ വിലാസരസശൃംഗാരഭംഗിയൊടു
നിർമ്മിച്ചു മോഹിനിയെ നാരായണായ നമഃ”മൂന്നാംവൃത്തം
മൂന്നാംവൃത്തത്തിലെ അക്ഷരക്രമം രണ്ടാമത്തേതിലെപ്പോലെത്തന്നെ.
“മംഗലം പെരുകീടും മഹീപതി
തിങ്കൾ നേർമുഖി മോഹിനിതന്നുടെ
കൊങ്കചേർന്നു വസിക്കുന്ന വൃശ്ചിക-
ത്തിങ്കളും വന്നു നാരായണാ ഹരേ.”
‘മാനവേന്ദ്രനും വൃശ്ചികമാസത്തിൽ
ചേണേലും തിരുവേകാദശിതന്നെ
മാനിച്ചമ്പോടു നോല്ക്കാനൊരുമ്പെട്ടു
മാനിനിയോടും നാരായണാഹരേ.’നാലാംവൃത്തം
നാലാംവൃത്തം ഇങ്ങനെ മ, മാ, മി എന്നീ ക്രമത്തിലാകുന്നു. ഇതു പാനവൃത്തമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
11.17 കുചേലവൃത്തം വഞ്ചിപ്പാട്ടു് (നാലുവൃത്തം)
ഈ നാലുവൃത്തം വളരെ പ്രാചീനമാകുന്നു. എല്ലാം ദ്രാവിഡവൃത്തങ്ങളിലാണു് എഴുതപ്പെട്ടിരിക്കുന്നതു്. കവിത സാമാന്യം നന്നായിട്ടുണ്ടു്. കുചേലപത്നിയുടെ വിലാപത്തേയും ശ്രീഷ്ണാനുഗ്രഹത്താൽ കുചേലഗൃഹത്തിനു സംഭവിച്ച വലുതായ മാറ്റത്തേയും പ്രതിപാദിക്കുന്ന ഘട്ടങ്ങളെ താഴെ ഉദ്ധരിക്കുന്നു.
“എത്രനാളുണ്ടഹോ ശങ്കാദിനാ ദേവി
യാത്രയും ചെയ്തു വസിച്ചിടുന്നു
മൂലഫലങ്ങളെത്തന്നേ ഭുജിച്ചിനി-
ക്കാലം കളകയസാധ്യമത്രേ.
കണ്ടകമാർഗ്ഗത്തിൽ കന്ദമൂലാർത്ഥമായ്
മണ്ടിനടപ്പാനുമരുതാതായി
കണ്ടജനങ്ങളുടെ വീടുതോറും ഭിക്ഷ
തെണ്ടി നടപ്പാനുമവ്വണ്ണമേ.
രണ്ടനാലുപവാസം കഴിഞ്ഞുമേ
മിണ്ടുവാൻപോലും കുറഞ്ഞുശക്തി
പണ്ടത്തെപ്പോലെ നമുക്കില്ല പാടവം
കണ്ടാലറിയാം പറയേണമോ.”
ഇതു പാനവൃത്തം തന്നെ.
“അറ്റംകൂടാതരത്നം ചുറ്റും പതിച്ചിണക്കി
ക്കുറ്റംകൂടാതെ നടുമുറ്റങ്ങളിൽ
അല്പോതരാഭകളാം കല്പകവൃക്ഷങ്ങളാൽ
കല്പിതയായുള്ളതരു ഛായകളിൽ
പാലോലും മൊഴിമാരാമാലോലനയനമാർ
ചാലവേ പലർകൂടി ച്ചെന്നു ചെമ്മേ
കുന്തളമഴിഞ്ഞുലഞ്ഞിട്ടന്തരാന്തരാ സുമ-
സന്തതിയവിടമെങ്ങും ചിന്തിച്ചിന്തി,
സഞ്ചിതരസഭരചഞ്ചലതരനയ-
നാഞ്ചലമങ്ങോടിങ്ങോടോടിയോടി,
നെഞ്ചകമലിയുന്ന കൊഞ്ചലോടിണങ്ങുമ-
പ്പുഞ്ചിരിപ്പുതുമലർ തൂകിത്തൂകി,
കേടറ്റമണിശോഭകൂടിക്കലർന്നതങ്ക-
ത്താടങ്കയുഗളങ്ങളാടിയാടി,
തിങ്കളോടനുദിനമങ്കം തുടരുമ്മുഖ
പങ്കജത്തിങ്കൽ വിയർപ്പേറിയേറി,
***
തങ്ങളിലിടതിങ്ങിബ്ഭംഗിയിലിളകുന്ന
തുംഗമുലകൾകാന്തിപൊങ്ങിപ്പൊങ്ങി,
കിഞ്ചന ശിഥിലകാഞ്ചനകാഞ്ചീബദ്ധ-
പൂഞ്ചേലയൊരു കൈയിൽ താങ്ങിത്താങ്ങി,
മഞ്ജുരണിതമണിമഞ്ജീരശോഭിപാദ
കഞ്ജതലങ്ങളേറ്റം വാടി വാടി,
ചന്തത്തിലിത്ഥം നിന്നു പന്തുകളടിക്കയും,
സന്തോഷവാരിധിയിൽ നീന്തുകയും,
ഇങ്ങനെ പല വിധമംഗലലീല കോലു-
മംഗനാജനങ്ങൾക്കു സംഖ്യയില്ല.”
ഈ വർണ്ണന ചെറുശേരി നമ്പൂരിപ്പാടിനെ അനുസ്മരിപ്പിക്കുന്നു. വൃത്തം വഞ്ചിപ്പാട്ടു വൃത്തത്തോടു ഏതാണ്ടു സദൃശമാണെന്നു പറയേണ്ടതില്ലല്ലോ.
കവിയേപ്പറ്റി ഒന്നും അറിവാൻ തരമില്ല. അദ്ദേഹം എഴുത്തച്ഛനു മുമ്പോ പിമ്പോ ജീവിച്ചിരുന്നതെന്നു് നിർണ്ണയിക്കുന്ന കാര്യവും പ്രയാസമാണു്. കവിതയ്ക്കു നല്ല പഴക്കം ഉണ്ടെന്നുമാത്രം തൽക്കാലം പറയാം.
ശാസ്താംപാട്ടു്, അംബരീക്ഷചരിതം പന്ത്രണ്ടുവൃത്തം, ദശാവതാരം ഹംസപ്പാട്ടു്, വിഷ്ണുമായാചരിതം പാന, കുചേലവൃത്തംപാട്ടു്, ബാണയുദ്ധംപാട്ടു്, യാത്രകളിപ്പാട്ടു്, ഭാരതംപാട്ടു്, ഭദ്രകാളിപ്പാട്ടു്, കീചകവധംപാട്ടു്, ഭസ്മയോഗിമാഹാത്മ്യംപാട്ടു്, മൂകാംബികാമാഹാത്മ്യം, സേതുബന്ധം, ചിത്രഗുപ്തചരിതം, എന്നിങ്ങനെ അസംഖ്യം പാട്ടുകൾ ഇക്കാലത്തും അതിനോടടുത്തും, ഉണ്ടായിട്ടുണ്ടു്. ഇവയിൽ മിക്ക കൃതികളും അച്ചടിച്ചിട്ടില്ല. സേതുബന്ധംമാത്രം എനിയ്ക്കു കാണ്മാൻ ഭാഗ്യമുണ്ടായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.
11.18 സേതുബന്ധംപാട്ടു്
ഈ കൃതിയിൽനിന്നും ഉള്ളൂർ മി. എസ്. പരമേശ്വരയ്യർ ഒരു ഭാഗത്തെ പദ്യമഞ്ജരി ഏഴാംഭാഗത്തിൽ ചേർത്തുകാണുന്നുണ്ടു്. കവിതയ്ക്കു നല്ല പഴക്കം തോന്നിക്കുന്നു.
ശ്രീരാമൻ വഴിയാചിച്ചിട്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും മൌനഭാവംപൂണ്ടിരുന്ന വരുണനോടു് ഭഗവാനുണ്ടായ കോപത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“എങ്ങുവെൻ വില്ലുമമ്പും? കൊണ്ടുവാ വിരവിനോ-
ടെന്നുടനരതിരുമുടിയും മുറുക്കീട്ടു
മന്നിടമുലയുമാറിട്ട ഞാണൊലിയോടും
മിന്നൽചേരിടിക്കിടർചേരിനമൊഴിയോടും
പൊങ്ങിന തിരമാലചേരും വാരിധിനാഥ-
നെന്നെയെള്ളോളം ബഹുമാനിയാഞ്ഞതിനിന്നു
പൊഴിഞ്ഞുചെങ്കണകൾ കൂറുക്കീട്ടവൻവെള്ളം
പൊലിമചേരും ചളിയാക്കുവനിന്നുതന്നെ.
പൊരിഞ്ഞു ചത്തുനീളെക്കിടക്കും ജലജന്തു
പറവജാതികളെക്കൊണ്ടുടൻ പെറുക്കിപ്പെൻ.
പൊല്ലാതമരുഭൂമിയാക്കുവനിന്നുതന്നേ.
പൊടിപൊങ്ങിന പെരുമുറ്റമാക്കുവെൻ പിന്നെ
പ്പൊങ്ങിനകപികളെക്കാൽനടനടത്തിപ്പെൻ”
ഇപ്രകാരം പറഞ്ഞുകൊണ്ടു് അദ്ദേഹം, ‘പകഴിരത്നമെടുത്തഭിമന്ത്രിച്ചു മെല്ലെയെടുത്തുവലി’ച്ചപ്പോൾ,
“അനലജ്വാലാജാലം ചൊരിഞ്ഞു കടലില-
ങ്ങഴിച്ചു തിരമാല; കുറുകി ജലമേറ്റം
തിളച്ചു; ജല ജന്തു മരിച്ചുതുടങ്ങീതു,
മറിഞ്ഞുകടൽപന്നി മകരച്ചിറാകളും
കടൽവാരണം നാഗം കഴുനാ മനുഷ്യരും,
കരുത്തേറിനതിമിമുതലാം മീനങ്ങളും,
കടിയമുതലശംഖുകളുമോരോതരം
കടലിലുള്ള ജന്തു മരിച്ചു; ജലമേറ്റം
മറിഞ്ഞു തിളച്ചുടൻ കുഴഞ്ഞുകുറുകിയും
കുഴഞ്ഞു ചമഞ്ഞിതു വരുണാലയത്തോളം.”
11.19 രാസക്രീഡ
ഈ കൃതി വളരെ ചെറുതെങ്കിലും അതിമനോഹരമായിരിക്കുന്നു. കവി പരമഭക്തനായിരുന്നുവെന്നു് ഇതിലേ ഓരോ വരിയും വിളിച്ചുപറയുന്നു.
“ഉമ്പർപുരാനുമൊരുനാൾ വനങ്ങളെ
ക്കണ്ടുമലർ വിരിഞ്ഞുള്ള പൂവള്ളികൾ
മല്ലിക, നല്ലകുറുമൊഴി, ചേമന്തി
മുല്ലകൾ കാനകൈനാറികൾ, കൈതകൾ
ചെമ്പകം നല്ലോരിലഞ്ഞികൾ മറ്റുമീ
നന്മലർ നീളെ വിരിഞ്ഞു മണംപെയ്തും,
വൻപുകൾ പൂണ്ടുമുരണ്ടു വണ്ടിണ്ടകൾ
സംഭ്രമമാണ്ടുകളിക്കും കളികളും,
മോഹനമായ കുളുർമതിതൂനിലാ-
വാകെ വിതച്ചു നിറത്തിലുദിച്ചതും,
കണ്ടു മനോഹരൻ നന്ദകുമാരനു-
മന്നുകുഴലെടുത്തൊന്നുവിളിച്ചപ്പോൾ”
ഗോപസുന്ദരിമാരെല്ലാം,
“തങ്ങടെയുറ്റോരുടയോരറിയാതെ,
പെറ്റമ്മയച്ഛനവരുമറിയാതെ,
ഉറ്റവരൊട്ടു തടഞ്ഞതും കേളാതെ,
കുറ്റമിതിനുണ്ടെന്നമ്മചൊൽ കേളാതെ,
രാത്രിയിൽപേടിയാമെന്നതറിയാതെ”
വൃന്ദാവനത്തിലെത്തി, ശ്രീകൃഷ്ണനുമായിരമിക്കുന്നു. ആ ക്രീഡകളെ കവി മനശ്ചക്ഷസ്സുകൊണ്ടു കണ്ടു് ആനന്ദിക്കുന്നതുപോലെ തോന്നുന്നു.
“എന്തുപറവതു നന്ദസുതനുമാ-
സ്സുന്ദരിമാരുമായുള്ള കളികളെ
പേടിപൂണ്ടോടിയുഴലും മറിമാനിൻ–
പേടമിഴിയെപ്പഴിച്ചമിഴികളെ–
ത്തേടുംമധുമൊഴിമാരുമായ് കാർവർണ്ണൻ
പാടിക്കളിക്കുന്ന കോപ്പുകൾ തോന്നുന്നു.
ചാലേകളിക്കുന്നനേരം വളതള–
താലികൾ മാലകൾ പൊന്നുംചിലമ്പുകൾ
നാലഞ്ചുപൊന്നരഞ്ഞാണങ്ങൾ മോതിരം
തങ്ങളിൽതട്ടിയിട്ടങ്ങുള്ളൊരൊച്ചയും,
തിത്തത്തൈയെന്നൊത്തു കൈത്തളിർത്താളവു-
മൊത്തുകലാശങ്ങൾക്കൊത്തു കാൽത്താളവും,
വിസ്മയംനീളെ വിതച്ചു വിതച്ചവ-
രൊത്തിടകൂടീതു പാരിടമൊക്കവേ.
മത്തനാമാന പിടികൾ ചുഴലവേ,
മട്ടലർബാണനും നല്ലാർചുഴലവേ,
മധ്യേ മുഴുമതിതാരകൾ ചൂഴവേ,
മന്ദംകളിക്കുന്നപോലെ പരേശനും
സുന്ദരിമാരോടിടയിട്ടു കൂടിനാൻ.
എന്നതുമിപ്പോൾ ശിവശിവ! തോന്നുന്നു.
വിസ്മയം! വിസ്മയം! കേൾപ്പിൻമാലോകരേ.
കാർമുകിൽ മിന്നലിടകലരുംവണ്ണം
പൊന്മണിമാലയും നീലമണികളും
തമ്മിലിടയിടെ മിന്നുന്നപോലെയും,
ചെമ്മെവിടരുന്ന ചെങ്കമലങ്ങളിൽ
വെണ്മയിൽ നീലമലർനിരപോലെയും,
ഒണ്മയായ്‍നില്ക്കും പുരാനുമങ്ങാനായ-
പ്പെണ്മണിയൊന്നിടയിട്ടും ശിവശിവ!
മമ്മാകളിക്കും കളികളോരോതര-
മെന്മനതാരിലുടനുടൻതോന്നുന്നു.”
ഇങ്ങനെ ശ്രീകൃഷ്ണനോടു രമിച്ചുകൊണ്ടിരിക്കവേ, മങ്കമാരുടെ ഹൃദയങ്ങളിൽ അഹങ്കാരസ്ഫുരണമുണ്ടാകയാൽ,അദ്ദേഹം‘കാനലി’ൽ മറഞ്ഞുകളഞ്ഞു. തത്സമയം ഗോപികമാരിൽനിന്നു പൊങ്ങിയ വിലാപം അത്യന്തം കരുണരസനിർഭരമായിരിക്കുന്നു.
“കണ്ണനേയുണ്ടോതോഴീ! കണ്ടുനീ കുയിൽപെണ്ണേ?
കണ്ണിലേതോന്നുന്നിതു കാർവർണ്ണൻ പൂവലംഗം
കണ്ടാവൂ! പുണർന്നാവൂ! പിന്നെയും മുകർന്നാവൂ”
എന്നിങ്ങനെ ഓരോതരം വിലപിച്ചുകൊണ്ടു് അവർ കാടുതോറും അന്വേഷിച്ചുനടന്നു. ഒടുവിൽ അവർ മനമഴിഞ്ഞു്, ഭഗവാനെ സ്തുതിച്ചപ്പോൾ, അദ്ദേഹം വീണ്ടും അവിടെ ആവിർഭവിച്ചു. അവരുടെ സന്താപങ്ങളെ എല്ലാം അകറ്റി അവർക്കെല്ലാവർക്കും ഭഗവാൻ. “എന്നുടെയരികിലു മെന്നുടെയരികിലും” ഉണ്ടെന്നു തോന്നി.
“മട്ടലർ ബാണൻകോടിമട്ടോലും വാണിമാരും
ചട്ടറ്റകളികളിൽ വട്ടമിട്ടവർകൂടി,
കാർവർണ്ണനവരുടെ യൊന്നിടയിട്ടുകൂടി,
വാർതകും കളികളിൽ ഗീതങ്ങളുടൻപാടീ,
ശങ്കരാഭരണത്തിൽ പാദങ്ങളെടുത്തപ്പോൾ,
ശങ്കരാ! ശിവ യെന്നേചൊല്ലീടാവതുമുള്ളു.
തോടിയും പാടിക്കൊണ്ടു കളിക്കുമൊരുനേരം;
നാടകരീതികളിൽ നടിക്കുമൊരുനേരം;
കൈത്തളിർ താളമൊത്തുനടക്കുമൊരുനേരം;
കാൽച്ചിലമ്പൊലികളിൽ ക്കലാശമൊരുനേരം;
മുത്തണിമാലകളും പോർമണികുണ്ഡലങ്ങ-
ളിത്തൊഴിൽ കൂടെയാടിക്കൊണ്ടാടുന്നതുപോലെ,
പൂഞ്ചായലഴിഞ്ഞു പൂമാലകൾപൊഴിയവേ,
പങ്കജം വെല്ലും മിഴികൾ മലരവേ,
തഞ്ചത്തിലുതിരും പുഞ്ചിരികൾ ചിതറവേ,
കഞ്ജത്തെവെല്ലും തിരുമുഖങ്ങൾ തെളിയവേ,
ഭംഗിയിലുടൻ തിരുക്കരങ്ങളിളകവേ,
മധുരതരം തരിവളകൾ കിലുങ്ങവേ,
അണിമെയ്യുലഞ്ഞുപോർമുലകൾ കുലുങ്ങവേ,
മിന്നൽപോൽമിന്നും കൊടിനടുവു കുലയവേ,
പൊന്മണിയുടഞാണു മിടഞ്ഞുപൊടിയവേ,
പൊന്നെഴുത്തുടയാടപ്പൊന്നിറം മിന്നീടവേ,
താഴ്ചയിൽ ക്കളിച്ചുടൻ കാൽച്ചുവടെടുക്കവേ,
മുഗ്ധഭാവത്തെക്കണ്ടു സിദ്ധന്മാർ വണങ്ങവേ,
ഭക്തന്മാരിതുകണ്ടു നൃത്തങ്ങൾ തുടങ്ങവേ,
വിസ്മയംപൂണ്ടു വിശ്വമൊക്കെയും സുഖിക്കവേ,
ഈവണ്ണം പല പല കാലങ്ങൾ കളിച്ചിതു
കാർവർണ്ണൻ താനു ഗോപസുന്ദരിമാരുംകൂടെ.”
കവി ഇവിടെ ശ്രീകൃഷ്ണനേ കേവലം ഒരു രസികനായിട്ടും ഗോപിമാരെ, വെറും സ്ത്രീകളായിട്ടും അല്ല കാണുന്നതു്. “ഉപനിഷത്തുകളാം ഗോപസ്ത്രീകൾ” എന്നു് അദ്ദേഹം ഒരിടത്തു രൂപണം ചെയ്തിരിക്കുന്നതു നോക്കുക.
“കണ്ണാടിതന്നിൽ നിഴലെടുത്തു മുഖം ജീവ-
നെന്നതു ധരിക്കണം നോക്കുന്ന മുഖം കൃഷ്ണൻ,
കണ്ണാടിതന്നിൽകണ്ട മുഖത്തിനലങ്കാരം
വേണമെന്നാകിൽ നോക്കും മുഖത്തിലണിയിട്ടേ ശോഭയുണ്ടാവൂ”
എന്നും അദ്ദേഹം പറഞ്ഞിരിക്കന്നു. ഈ കൃതിക്കു നാലു പാദങ്ങളുണ്ടു്. അവയിൽ ഒന്നും മൂന്നും നാലും പാദങ്ങൾ.
“അമ്മതന്മടിയിൽവച്ചാലോലിച്ചീടുംനേര-
‘മമ്മമ്മാ’ വിതുമ്പിപ്പുഞ്ചിരിയും കാണാകേണം.
കൊഞ്ചിക്കൊണ്ടെടുത്തമ്മ ചാഞ്ചാടിച്ചീടുന്നേരം
പുഞ്ചിരിതൂകി ക്കളിക്കുന്നതും കാണാകേണം.
നാലുമൂന്നടിവച്ചു വിയച്ചുനടന്നീടും
കാലത്തെ ബ്ബാലഭാവമോക്കവേ കാണാകേണം.
അംബുജക്കുരുന്നു കൈക്കൊണ്ടയ്യോ മെല്ലെമെല്ലെ
അമ്പിളിയമ്മാവാ വായെന്നതും കാണാകേണം.”
എന്നിങ്ങനെ കേകാ വൃത്തത്തിലും രണ്ടാംവൃത്തം കാകളിയിലും എഴുതപ്പെട്ടിരിക്കുന്നു.
ഈ കൃതി പൂന്താനത്തിന്റേതായിരിക്കുമോ എന്നു സംശയിക്കുന്നു.
11.20 പൂന്താനം നമ്പൂരി
‘പൂന്തേനാം പല കാവ്യംകണ്ണനു നിവേദിച്ച’ ഒരു പരമ ഭാഗവതനായിരുന്നു പൂന്താനം നമ്പൂതിരി. അദ്ദേഹം എഴുനൂറ്റി മുപ്പതാമാണ്ടിടയ്ക്കു് വള്ളുവനാടുതാലൂക്കിൽ നെന്മേനി അംശത്തിൽ ജനിച്ചു. “തെങ്കൈലനാഥോദയം” മുതലായ കൃതികളുടെ കർത്താവായ ശ്രീ നീലകണ്ഠകവിയായിരിക്കുമോ? അദ്ദേഹത്തിന്റെ ഗുരു.
“ശ്രീനീലകണ്ഠപദപാംസുലവപ്രസാദാൽ
ശ്രീകൃഷ്ണലീലകളിവണ്ണമൊരോന്നു ചോന്നേൻ”
എന്നു് ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ സ്തുതിക്കപ്പെട്ടിരിക്കുന്ന ശ്രീ നീലകണ്ഠനും എഴുത്തച്ഛനാൽ ഹരിനാമകീർത്തനത്തിൽ സംസ്കൃതനായ ശ്രീ നീലകണ്ഠഗുരുവും ഒരാൾതന്നെ ആയിരിക്കാൻ ഇടയുണ്ടു്. പൂന്താനവും എഴുത്തച്ഛനും സമകാലികന്മാരായിരുന്നുവെന്നുള്ളതിനു സംശയമില്ല.
ഇക്കാലത്തുതന്നേ ഉണ്ടായ ‘മനുഷ്യാലയ ചന്ദ്രിക’ എന്ന സംസ്കൃത ഗ്രന്ഥത്തിലേ.
‘ശ്രീമംഗലാസ്പദസദാശ്രയ നീലകണ്ഠ
പ്രേമപ്രകർഷനിലയസ്സകലാഭിവന്ദ്യ!’
എന്ന പദ്യത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു് തിരുമംഗലത്തു നീലകണ്ഠൻ മൂസ്സതാണെന്നു് പ്രസ്തുതഗ്രന്ഥത്തിന്റെ ഒരു വ്യാഖ്യാതാവു പറയുന്നു. തിരുമംഗലം തൃപ്രങ്ങോട്ടുക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നുവത്രേ. ഇദ്ദേഹം പൂന്താനത്തിന്റെ ഗുരുവായിരുന്നിരിക്കാൻ അധികം സാംഗത്യമുണ്ടു്.
‘ശ്രീമൻ മുകുന്ദ ജയ വാമപുരാധിനാഥാ!’ എന്നു് ശ്രീകൃഷ്ണ കർണ്ണാമൃതത്തിൽ പറഞ്ഞിരിക്കുന്ന വാമപുരാധിനാഥൻ പുനത്തിന്റെ ഗൃഹത്തിനടുത്തുള്ള ‘എടത്തുപുറം’ ക്ഷേത്രത്തിലേ വിഷ്ണുമൂർത്തിയാണു്. ഈ മൂർത്തിയായിരുന്നു പൂന്താനത്തിന്റെ ഇഷ്ടദേവത.
പൂന്താനത്തേപ്പറ്റി ഒട്ടുവളരെ ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടു്. അദ്ദേഹം സന്താനഗോപാലം പാന നിർമ്മിച്ചശേഷം, അതിനെ നാരായണ ഭട്ടതിരിയേക്കാണിച്ചുവത്രേ. എന്നാൽ ഭാഷാകവിതയിൽ എന്തു നോക്കാനിരിക്കുന്നുവെന്നു് അദ്ദേഹം പുച്ഛിച്ചുകളകയാൽ, ഭക്താഗ്രണിയായ നമ്പൂരി തീവ്രമായ ദുഃഖത്തോടുകൂടി തിരിച്ചുപോയി. അന്നുരാത്രി ഭട്ടതിരി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ തട്ടിയുണർത്തീട്ടു്, ആ ഭക്തൻ നിദ്രാഭംഗദുഃഖം അനുഭവിച്ചുകൊണ്ടിരിക്കേ “നീ സുഖമായി ഉറങ്ങുന്നോ? ഭട്ടതിരിയുടെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയ്ക്കു മാറ്റുകൂടും. വേഗംചെന്നു് അയാളെ സമാധാനപ്പെടുത്തൂ” എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഭട്ടതിരി ഉടൻതന്നെ എഴുന്നേറ്റു് പൂന്താനത്തിന്റെ അടുത്തുചെന്നു്, പാന വാങ്ങി വായിച്ചുനോക്കി പ്രശംസിക്കയാൽ, നമ്പൂതിരിക്കു വലിയ സമാധാനമായി.
നമ്പൂരി സന്താനഗോപാലം എഴുതിക്കൊണ്ടിരിക്കവേ, വൈകുണ്ഠത്തെ എങ്ങനെ വർണ്ണിക്കേണ്ടു എന്നറിയാതെ വിഷമിച്ചരിക്കുമ്പോൾ നിദ്രാധീനനായി ഭവിക്കയും മഹാവിഷ്ണു സ്വപ്നത്തിൽ വൈകുണ്ഠം കാണിച്ചുകൊടുക്കയും ചെയ്തതായി വേറൊരു ഐതിഹ്യവും ഉണ്ടു്. സന്താനഗോപാലത്തിലെ വൈകുണ്ഠവർണ്ണന വളരെ നന്നായിട്ടുണ്ടുതാനും.
വേറൊരു കഥയുള്ളതു് കുറേക്കൂടി രസാവഹമാണു്. ഒരിക്കൽ ഈ നമ്പൂരി ഗുരുവായൂർ ക്ഷേത്രത്തിൽവച്ചു്, ‘പത്മനാഭോ മരപ്രഭുഃ’ എന്നുള്ള സ്തോത്രത്തെ തെറ്റി ഉച്ചരിച്ചതു കേട്ടുകൊണ്ടിരുന്ന ഒരു വിദ്വാൻ ‘വിഡ്ഢി! മരപ്രഭുവല്ല; അമരപ്രഭുവാണു്’ എന്നു ആക്ഷേപിച്ചപ്പോൾ, ‘പിന്നെ മരപ്രഭുവാരാണു്? മരപ്രഭുവും ഞാൻതന്നെ’ എന്നൊരു അശരീരി കോവിലിനുള്ളിൽ നിന്നുണ്ടായിപോൽ. അതുകേട്ടു് ആ വിദ്വാൻ വല്ലാതെ ലജ്ജിച്ചുപോയത്രേ.
അദ്ദേഹത്തിന്റെ ഭക്തിപാരവശ്യത്തേയും തജ്ജന്യമായ നിർഭയത്വത്തേയും ഉദാഹരിക്കുന്ന അസംഖ്യം ഐതിഹ്യങ്ങൾ ഉണ്ടു്. ഒരിക്കൽ അദ്ദേഹത്തിനെ കോഴിക്കോട്ടുസാമൂതിരിപ്പാടു കോവിലകത്തേക്കു ക്ഷണിച്ചതനുസരിച്ചു്, അവിടെച്ചെന്നു് ഏതാനും ദിവസം താമസിച്ചു. അതിനിടയ്ക്കു് സാമൂതിരിപ്പാടു് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ പൂർണ്ണമായി ഗ്രഹിച്ചു്, ഒട്ടുവളരെ ധനം ദാനംചെയ്തു. നമ്പൂരി ആ പണവും കൊണ്ട് ഏകാകിയായി ഗുരുവായൂരേക്കു തിരിച്ചു. മാപ്പിളമാരുടെ കേന്ദ്രമായ കുണ്ടുകെട്ടിഅങ്ങാടിയിൽ എത്തിയപ്പോൾ, ഏതാനും രാക്ഷസോപമന്മാരായ പരിഷകളുടെ കൈയിൽ അകപ്പെട്ടുവത്രേ. കൈയിൽ ഉണ്ടായിരുന്ന പണക്കിഴി താഴെവെച്ചിട്ടു എവിടെ എങ്കിലും ഓടിപ്പൊയ്ക്കൊള്ളാൻ മാപ്പിളമാർ പറഞ്ഞപ്പോൾ അദ്ദേഹം പണത്തെ താഴത്തുവെച്ചിട്ടു്, “വേണമെന്നുണ്ടെങ്കിൽ ഈ പണം നിങ്ങൾ എടുത്തുകൊള്ളുക. ഞാൻ ഒരിക്കലും നിങ്ങളെപ്പേടിച്ചു ഓടിപ്പോകുന്നതല്ല. ദൈവത്തെ അല്ലാതെ മറ്റാരെയും ഞാൻ ഭയപ്പെടാറില്ല” എന്നു ശാന്തമായ സ്വരത്തിൽ പറഞ്ഞു. ആ മൂഷ്കരന്മാർ ഇതു കേട്ടു് അദ്ദേഹത്തിനെ നിഗ്രഹിക്കാൻ ഒരുങ്ങി. അപ്പോൾ ആ ഭക്തശിരോമണി, നിലംപതിച്ചു്
“യാ ത്വരാ ദ്രൌപദീത്രാണേ, യാ ത്വരാ ഗജരക്ഷണേ;
മയ്യാർത്തേ കരുണാമൂർത്തേ! സാ ത്വരാ ക്വ ഗതാ ഹരേ!”
എന്ന ഒരു ശ്ലോകം നിർമ്മിച്ചു് ഭക്തദാസനായ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ടു തലപൊക്കി നോക്കിയപ്പോൾ, പന്തം കൊളുത്തിപ്പിടിച്ച അനേകം സൈനികന്മാരാൽ അനുഗതനായ ഒരു സൈന്യാധിപൻ താൻ നിൽക്കുന്ന സ്ഥലത്തേയ്ക്കു വരുന്നതു കണ്ടു്, ശ്രീകൃഷ്ണന്റെ കാരുണ്യാതിശയത്തെ സംസ്മരിച്ചു്, അശ്രുക്കൾ തൂകി. മാപ്പിളമാരുടെ നിഴൽപോലും കാണാനില്ലാതായി. കരുണാകരമേനോൻ എന്ന സേനാപതി നമ്പൂരിയെ തിരിച്ചു കോവിലകത്താക്കുകയും മാപ്പിളമാരെ തേടിപ്പിടിച്ചു വേണ്ടവിധം ശിക്ഷിക്കുകയുംചെയ്തു.
കൂടല്ലൂർമനയ്ക്കൽവെച്ചുണ്ടായ ഒരു സഹസ്രനാമകാലത്തു ആ മനയ്ക്കലേ വിദ്വാനായ മൂസ്സു് ഓത്തില്ലാത്ത പൂന്താനത്തേയും ക്ഷണിച്ചുവരുത്തി കാൽകഴുകിച്ചൂട്ടു നടത്തിയതിനെപ്പറ്റി മറ്റു നമ്പൂരിമാർക്കു ഈർഷ്യതോന്നി. ബുദ്ധിമാനായ നമ്പൂരി അവരെ ഒരു പാഠം പഠിപ്പിക്കാനായി അന്നുച്ചയ്ക്കു് ഒരു ഭാഗവതം വായന നടത്തി. വായനക്കാരൻ പൂന്താനമായിരുന്നു എന്നു പറയേണ്ടതില്ലല്ലൊ. ഭഗവാന്റെ അനന്തകല്യാണഗുണഗണങ്ങളെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു്, ഭക്തിസാഗരത്തിൽ നിമഗ്നനായ നമ്പൂരിയുടെ ഹൃദയത്തിൽനിന്നു് അമൃതഝരിപോലെ പ്രവഹിച്ച വചഃപ്രസരം ശ്രോതാക്കളെ പരമാനന്ദത്തിൽ ലയിപ്പിച്ചു. വായന തീർന്നതോടുകൂടി ആഢ്യൻനമ്പൂരിമാരുടെ അസൂയയും ദൂരെത്തെറിച്ചുപോയി.
വേറൊരിക്കൽ ഏതാനുംപേരോടുകൂടി നമ്മുടെ നമ്പൂരിയും മറ്റു ചിലരും തൃപ്രക്കുന്നത്തു് ഉത്സവത്തിനു പോയിരുന്നത്രേ. മിഥുനമാസംമുതൽക്കു് ആറു മാസംവരെ ആ ക്ഷേത്രത്തിൽ ആർക്കും പോകാൻ സാധിക്കയില്ല. കുന്നിൻപുറത്തു സ്ഥിതിചെയ്യുന്ന ആ ക്ഷേത്രത്തിലേക്കുള്ള വഴി ദുർഗ്ഗമവും ‘ഝില്ലിഝംകാരനാദമണ്ഡിതസിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതവും’ ആയ ഒരു വനത്തിൽ കൂടെ ആയിരുന്നു. നമ്പൂരിയും കൂട്ടരും ഉത്സവം കഴിഞ്ഞുവീട്ടിലേക്കു തിരിച്ചപ്പോൾ രാത്രി അധികം ഇരുട്ടി. ഏതാനും വഴി നടന്നുപോന്ന ശേഷം ആണു് നമ്പൂരി തന്റെ ഭാഗവതത്തെപ്പറ്റി ഓർത്തതു്. അതിനെ പിരിഞ്ഞിരിക്കുന്നകാര്യം നമ്പൂരിക്കു വിഷമമായിരുന്നു. ഇനി എന്താണു് ചെയ്ക! നമ്പൂരി തിരിച്ചു പോവാൻ തന്നെ തീർച്ചപ്പെടുത്തി. കൂട്ടുകാർ വളരെ തടസ്സംപറഞ്ഞുനോക്കി. “എനിക്കു് ഒരാപത്തും സംഭവിക്കയില്ല. അഥവാ മരിച്ചുപോയാൽതന്നെ, ഭാഗവതവായന മുടക്കുന്നതിനെക്കാൾ ഭേദമല്ലേ?” എന്നു പറഞ്ഞു അദ്ദേഹം ക്ഷേത്രത്തിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. വാതിൽ അല്പം തുറന്നുകിടന്നു. നമ്പൂരി അകത്തുകടന്നപ്പോൾ കണ്ടകാഴ്ച ‘അത്ഭുതമത്ഭുതമത്ഭുതമേ’ എന്നു പറയേണ്ടു. ‘മന്മഥകോടിസുഷമ’ കലരുന്ന ഒരു യുവാവു് സൌന്ദര്യക്കടൽ കടഞ്ഞെടുത്തതോ എന്നു് ആരും ശങ്കിച്ചുപോകുന്ന ഒരു യുവതീരത്നത്തിനെ ഭാഗവതം വായിച്ചു കേൾപ്പിച്ചു കൊണ്ടിരുന്നു. നമ്പൂരി സാലഭഞ്ജികപോലെ നിന്നു പോയി. അവർ വായന നിർത്തിയപ്പോൾ, നമ്പൂരി മുമ്പോട്ടുചെന്നു താണുവണങ്ങിക്കൊണ്ടു ‘അടിയന്റെ ഭാഗവതം തരണെ’ എന്നു പ്രാർത്ഥിച്ചു. ‘നിന്റെ ഭാഗവതഗ്രന്ഥം വടക്കുന്നാഥക്ഷേത്രത്തിന്റെ തൃപ്പടിയിൽ ഇരിപ്പുണ്ടു്. നിനക്കു മംഗളം ഭവിക്കട്ടെ’ എന്നു അനുഗ്രഹിച്ചിട്ടു് ലോകപിതാക്കളായ പാർവതീപരമേശ്വരന്മാർ അന്തർദ്ധാനംചെയ്തു. പൂന്താനം നമ്പൂരി തന്റെ ഭാഗ്യപരിപാകത്തെ ഓർത്തു് ആനന്ദതുന്ദിലനായി സ്വഗൃഹത്തിലേക്കു തിരിച്ചു. ആ വനപ്രദേശം സർവർത്തുരമണീയമായി തോന്നി. മാർഗ്ഗം തെളിഞ്ഞുകിടന്നു. ഇതുപോലെ വേറെയും പല ഐതിഹ്യങ്ങൾ കേട്ടിട്ടുള്ളതിനെ വിസ്തരഭയത്താൽ ഇവിടെ ചേർക്കുന്നില്ല.
പൂന്താനത്തിന്റെ കൃതികൾ ശ്രീകൃഷ്ണാകർണ്ണാമൃതം ജ്ഞാനപ്പാന, സന്താനഗോപാലം പാന, ഘനസംഘസ്തോത്രം, പാർത്ഥസാരഥിസ്തവം, ആനന്ദനൃത്തം ഇവയാകുന്നു.
11.21 ശ്രീകൃഷ്ണകർണ്ണാമൃതം
ഈ കൃതി കൃഷ്ണാവതാരകഥയെ സ്തോത്രരൂപേണ വർണ്ണിക്കുന്നു. അക്ലിഷ്ടരചനാസൌകുമാര്യംകൊണ്ടും ഭക്തിരസപ്രചുരിമകൊണ്ടും ഈ കവിത അത്യുത്തമമാകുന്നു. ഒന്നു രണ്ടു പദ്യങ്ങൾ ഉദ്ധരിക്കുന്നു.
“ചാഞ്ചേറീടുന്ന പിച്ചക്കളികവിണുകിടന്നോമനക്കൈയുയർത്തി-
ട്ടഞ്ചുംവെവ്വേറെതൃക്കൈവിരലുകൾമലരെത്തൊട്ടുകിട്ടാഞ്ഞുമപ്പോൾ,
കുഞ്ചിപ്പൂമൈമറിഞ്ഞമ്മലരുമളവിലും പുഞ്ചിരിത്തേഞ്ചൊരിഞ്ഞും
കുഞ്ചിക്കൈരണ്ടുമായ്ക്കാട്ടിനഭുവനപതേനിന്നെഞാൻകൈതൊഴുന്നേൻ
മാനത്തമ്മാമനെക്കണ്ടമൃതുപൊഴിയുമക്കണ്ണനുണ്ണിക്കുചിത്തേ
മാനത്തെക്കൈവളർപ്പാനമൃതകിരണനും മെല്ലെമേലിന്നിറങ്ങീ;
മാനിച്ചമ്മയ്ക്കുകാട്ടി പ്രമദപരവശാൽ രണ്ടുകൈകൊണ്ടുമന്ദം
മാനത്തേക്കണ്ടയച്ചീടിന തൊഴിലൊരുനാളാസ്ഥയാകാണ്മനോഞാൻ.
കുഞ്ചിക്കാലും കരത്താർകുളുർമണിമുഖവും കണ്ണിലെക്കണ്ണെഴുത്തും
കിഞ്ചിൽപ്പോന്നങ്കുരിക്കും ദശനമുകുളവും കൃഷ്ണ! ചെഞ്ചോരിവായും;
പഞ്ചത്വംവന്നടുക്കുമ്പൊഴുതുമതിമറന്നങ്ങു വീണിടുമപ്പോ-
ളെഞ്ചിത്തേപോന്നുദിച്ചീടുക തവതിരുമെയ്ക്കുള്ളകോപ്പുംമുരാരേ!
പച്ചക്കല്ലൊത്ത പൂമൈനിറവുമണികഴൽ പല്ലവംമെല്ലെമെല്ലേ
വെച്ചീടുമ്പോൾ വിയച്ചീടിനമധുരിമയും പിച്ചയുംവിശ്വമൂർത്തേ!
മച്ചിത്തേപോന്നുദിച്ചീടണമതിനുവിശേഷിച്ചു വിജ്ഞാപയേഹം
സച്ചിൽകല്ലോലമേനീ കൃപതരിക സദാ കൃഷ്ണ കാരുണ്യസിന്ധോ!
ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെപ്പൊന്നരഞ്ഞാൺ കിഴിഞ്ഞി-
ട്ടുണ്ണിക്കൈകൊണ്ടൊരുണ്ണിപ്പലകയുടനെടുത്തൊട്ടുവീണുംനടന്നും;
ഉണ്ണക്കൃഷ്ണൻവരുമ്പോൾതിരുവയർനിറയേപ്പാലുമുണ്ടാപ്രസാദം
കണ്ണിൽക്കാണായ്‍വരേണംരഹസിമമകിനാവെങ്കിലും പങ്കജാക്ഷ!”
11.22 ജ്ഞാനപ്പാന
പൂന്താനത്തിന്റെ ശിശു കിടന്നിരുന്ന പര്യങ്കത്തിന്മീതെ, അദ്ദേഹത്തിന്റെ പത്നി അറിയാതെ തന്റെ പുടക ഇട്ടുംവെച്ചു് അടുക്കളജോലിക്കു പോകയാൽ, അതു ശ്വാസമ്മുട്ടി മരിച്ചുപോയത്രേ. തന്മൂലമുണ്ടായ ദുഃഖനിവൃത്തിക്കായി രചിച്ച കൃതിയാണു് “ജ്ഞാനപ്പാന.”
“മാളികമുകളേറിയമന്നന്റെ
തോളിൽമാറാപ്പുകേറ്റുന്നതുംഭവാൻ
കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ
ക്കണ്ടില്ലെന്നുവരുത്തുന്നതുംഭവാൻ
എണ്ണിഎണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നുമോഹവും”
ഇത്യാദി പ്രസിദ്ധമായ ഉപദേശങ്ങളെല്ലാം ജ്ഞാനപ്പാനയിലുള്ളവയാണു്.
11.23 പാർത്ഥസാരഥിസ്തവം
ഇതു് പൂന്താനത്തിന്റെ ഒരു ഖണ്ഡകൃതിയാകുന്നു. ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ.
“കെട്ടിവാർകുഴൽ വകഞ്ഞുപിന്നിലളകേഷുപീലികൾ തൊടുത്തുപൂ-
മ്പട്ടുകൊണ്ടുവടിവോടുടുത്തുരസി ഹാരമിട്ടുവനമാലയും;
പൊട്ടണിഞ്ഞുനിടിലത്തടത്തിലടൽപാർത്തു പാർത്ഥരഥമേത്യ ച-
മ്മട്ടിമുഷ്ടിയിൽമുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
ചെറ്റഴിഞ്ഞ ചികുരോൽകരാം ചെറിയതാരകേശകലതോറ്റ തൂ-
നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റുപാറിന ഘനാളകാം;
ഏറ്റുവാനഭിമുഖീകൃതപ്രതിനവപ്രതോദനിലയാമൊരൻ-
പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ.”
11.24 ആനന്ദനൃത്തം
“ആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ”
ഇത്യാദി പ്രസിദ്ധമായ കീർത്തനമാണു് ആനന്ദനൃത്തം!
11.25 സന്താനഗോപാലം പാന
ഇതു സാമാന്യം ഒരു നല്ല കൃതിയാണു്. ഈ കൃതിയ്ക്കു നാലു പാദങ്ങൾ ഉണ്ടു്. ഇതിന്റെ പ്രാരംഭത്തിലും കവി തന്റെ ഗുരുവായ ശ്രീ നീലകണ്ഠനെ സ്തുതിച്ചുകാണുന്നു. ഒന്നാംപാദത്തിൽ, ഒരു ബ്രാഹ്മണൻ, തന്റെ പത്നി പ്രസവിച്ച ഒമ്പതുകുട്ടികളും മരിച്ചുപോയതു നിമിത്തം ദുഃഖിതനായിട്ടു് ദ്വാരകയിൽചെന്നു് ഭഗവാനെ,
“ദുഷ്ടരായ മഹീപാലന്മാരുടെ
ദുഷ്ടതകൊണ്ടിവണ്ണമോരോതരം
നിഷ്ഠൂരമായ ബാലമരണങ്ങൾ
കഷ്ടമായിട്ടനുഭവിച്ചീടുന്നു.
ശിഷ്ടപാലനെന്നമ്പോടുഭാവിച്ചു,
കൃഷ്ണനെന്തിനിരുന്നുഞെളിയുന്നു?
പതിനാറുസഹസ്രം മടവാർക്കു
വിടുവേലക്കു നന്നിവനെത്രയും”
എന്നിങ്ങനെ അധിക്ഷേപിച്ചിട്ടും അദ്ദേഹം ഒന്നും മിണ്ടാതിരുന്നതിനാൽ അതു കേട്ടുകൊണ്ടിരുന്ന ദുഷ്ടദാവാനലനായ അർജ്ജുനൻ,
“ദൃഷ്ടിവാൾമുനയൊന്നുകലങ്ങവേ
പുഷ്ടരോഷമവിടന്നെഴുനേറ്റു
ഗാണ്ഡീവത്തെയെടുത്തു വിരവോടെ
ചണ്ഡവേഗം ചെറുഞാണൊലിയിട്ടു”
കൊണ്ടു് അവിടെ കൂടിയിരുന്ന ജനങ്ങളോടു്,
“നാടു രക്ഷിപ്പാനല്ലയോ ഭൂതലേ
നാടുവാഴികളായിട്ടിരിക്കുന്നു?
നാട്ടിലുള്ള പ്രജകളെ രക്ഷിപ്പാൻ
ശക്തിപോരായിതെന്നു വരികിലും
വിപ്രജാതിയെ രക്ഷിക്കയെന്നതു
ക്ഷത്രിയർക്കു കുലധർമ്മമായതു്
ഒന്നിനുംമതി പോരാതെയുള്ളവർ
പെണ്ണുങ്ങൾക്കു സമരെന്നറിഞ്ഞാലും.
എന്നിരിക്കെയീ യാദവന്മാരിലൊ-
രെണ്ണമില്ല നിരൂപിച്ചുകാണുമ്പോൾ
എന്നവരിലൊരുത്തനും തോന്നുന്നി-
ല്ലിന്നീവൃത്താന്തം കഷ്ടമെന്നുള്ളതും
ഭംഗിക്കോപ്പും ചമയവും വെണ്മയും
നന്നുനന്നുടനെന്നേ പറയാവൂ.”
എന്നു് സഗർവം പറഞ്ഞു്, അടുത്ത പ്രസവത്തിലുണ്ടാകുന്ന കുട്ടിയേ താൻ രക്ഷിച്ചുകൊടുക്കുന്നതാണെന്നു ശപഥം ചെയ്യുന്നതും ആ വാക്കു കേട്ട ബ്രാഹ്മണൻ,
“എന്തു ഭോഷ! പറയുന്നതിങ്ങനെ
കുലയാനത്തലവനിരിക്കവെ
കുഴിയാനമദിക്ക കണക്കിനേ”
എന്നു പുച്ഛിച്ചപ്പോൾ അദ്ദേഹം കുറേയൊക്കെ ആത്മപ്രശംസ ചെയ്തശേഷം,
“പ്രേതനാഥനെത്തന്നെയും വെന്നുഞാ-
നായുധത്താണെ കാത്തുതരുന്നുണ്ടു്.
ഇത്ഥമിന്നു പറഞ്ഞതുചെയ്യാകി-
ലത്രയല്ല മഹീസുരാ കേട്ടാലും.
ശക്തിയേറുന്ന ഗാണ്ഡിവത്തോടു വീ-
ണഗ്നിതന്നിൽ മരിക്കുന്നതുണ്ടുഞാൻ”
എന്നു വീണ്ടും വാഗ്ദാനം ചെയ്യുന്നതും അടങ്ങിയിരിക്കുന്നു.
രണ്ടാംപാദം വിപ്രപത്നി ഈറ്റില്ലം പ്രാപിക്കുന്നതിനോടുകൂടി ആരംഭിക്കുന്നു. പ്രസവം അടുത്തപ്പോൾ അവളുടെ ദുഃഖം അതിരു കവിഞ്ഞു.
“മധ്യേ മധ്യേ യെഴുന്നേറ്റിരിക്കയം-
മൊച്ചയില്ലാഞ്ഞു മാറത്തുതാഡിച്ചും
കത്തിക്കാളുന്ന കാട്ടുതീയിൽവീണു
ബദ്ധപ്പെട്ടൊരുമാൻപൈതലെന്നപോൽ”
‘വാട്ടംചേരുന്ന തന്റെ പ്രിയപത്നിയേ’ ആ ബ്രാഹ്മണൻ അർജ്ജുനന്റെ ശപഥത്തെ അനുസ്മരിപ്പിച്ചു സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ ശ്രീകൃഷ്ണനോ ബലഭദ്രനോ പ്രദ്യുമ്‍നാദികളോ അർജ്ജുനനെ സഹായിക്കാൻ ഒരുമ്പെട്ടു കാണാത്തതുകൊണ്ടു് അവൾക്കു ധൈര്യമുണ്ടായില്ല.
“ആഴിവർണ്ണൻ തിരുമനക്കാമ്പിങ്കൽ
വൈഷമ്യം ചെറുതുണ്ടെന്നു നിർണ്ണയം
ഭക്തവത്സലനല്ലായ്കിലെന്നുമേ
യിത്തൊഴില്ക്കുശ്രമിക്കുമോ ഭർത്താവേ”
എന്നു അവൾ സസന്ദേഹം പറഞ്ഞപ്പോൾ,
“പരമാർത്ഥം നിരൂപിക്കാൻ കൃഷ്ണനും
ജിഷ്ണുവുമൊരുഭേദമില്ലേതുമേ”
എന്നു പറഞ്ഞു ബ്രാഹ്മണൻ അവളെ സമാശ്വസിപ്പിച്ചു. എങ്കിലും അദ്ദേഹം നേർച്ചകൾ പലതും ചെയ്യാതിരുന്നില്ല. വിപ്രപത്നിക്കു പ്രസവവേദന തുടങ്ങിയപ്പോൾ അർജ്ജുനൻ,
“ഗാണ്ഡീവം വില്ലുമാശുകുലയേറ്റീ
പ്പാവകഭഗവാൻ കൊടുത്തീടിനോ-
രാവനാഴികയും മുറുക്കീടിനാൻ;
സ്വർണ്ണപുഷ്പങ്ങളാം ചില ബാണങ്ങ
ളോർണ്ണോജാക്ഷനെ ധ്യാനിച്ചെടുത്തുടൻ
ബാണമെയ്തു വലംവെച്ചു ഭൂമിയിൽ
താണുകൂപ്പിത്തൊഴുതുവിശേഷിച്ചും
ബാണം മൂന്നുമെടുത്തുതൊടുത്തെയ്തു
ദ്രോണാചാര്യനേയും കരുതീടിനാൻ”
എന്നിട്ടു് ഒരു ബാണകൂടം നിർമ്മിച്ചു ഈറ്റില്ലത്തെ രക്ഷിക്കുന്നതിനായി,
“മന്ദിരത്തിൻപുറത്തൊരുഭാഗത്തു
സിന്ധുരേന്ദ്രനെപ്പോലെ നിന്നീടിനാൻ”
എന്നാൽ ഇത്തവണ പ്രസവിച്ച ശിശുവിന്റെ ശരീരംപോലും ബ്രാഹ്മണനു കിട്ടിയില്ല. അതുകൊണ്ടു ദുഃഖിതനായ അഗ്നിഹോത്രി ‘അഗ്നിപോലെ ജ്വലിച്ചോരു കാന്തിപൂണ്ടു്’
“തീയ്യിൽ ചെല്ലു നിൻ ഗാണ്ഡീവവും നീയും
ദുര്യശസ്സിനു പാത്രൻ നീയർജ്ജുനാ
ആനപോലെ മദിച്ചുപറഞ്ഞുനീ
നാണംകെട്ടതു നേരെന്നു കല്പിച്ച”
താൻ ഒരു ഭോഷൻതന്നെയാണെന്നും മറ്റും പരുഷമായി ഒട്ടുവളരെ അധിക്ഷേപിച്ചു. അതു കേട്ടു വർദ്ധിതപൌരുഷനായ അർജ്ജുനൻ നേരെ അന്തകപുരിയിലേക്കു പുറപ്പെടുന്നതോടുകൂടി രണ്ടാംപാദം അവസാനിക്കുന്നു. അന്തകപുരിയിൽ ചെന്നന്വേഷിച്ചതിൽ,
“എന്റെ കിങ്കരന്മാരുമീബാലനെ
ക്കൊണ്ടുപോന്നീലനിർണ്ണയം നിർണ്ണയം
ശങ്കയുണ്ടു മനസ്സിലെന്നാകിലോ
ശങ്കിക്കേണ്ട നരകങ്ങളൊക്കെയും”
നോക്കുക എന്നു് പിതൃപതി ചൊന്നതനുസരിച്ചു് അർജ്ജുനൻ എല്ലായിടത്തും നോക്കി; എന്നാൽ ഒരിടത്തും വിപ്രബാലനെക്കണ്ടില്ല. അതുകൊണ്ടു് അദ്ദേഹം അവിടെനിന്നു് സ്വർഗ്ഗത്തിലും പാതാളത്തിലും ഒക്കെച്ചെന്നു അന്വേഷണം നടത്തി. ശ്രമങ്ങളെല്ലാം വന്ധ്യമായി പരിണമിക്കയാൽ ഇനി തീയിൽചാടി മരിക്കയേ നിർവാഹമുള്ളു എന്നുറച്ചുകൊണ്ടു് അഗ്നികുണ്ഡം നിർമ്മിച്ചു.
‘അർജ്ജുനന്റെ വിശേഷത്തെ വൈകാതെ അച്ഛനോടറിയിക്കേണമെന്നിട്ടു സ്വർഗ്ഗലോകത്തേക്കെന്ന കണക്കിനെ’ അഗ്നിജ്വാലകൾ നിർഗ്ഗമിച്ചു.
“ബ്രഹ്മജ്ഞാനമുദിക്കുന്നനേരത്ത-
ക്കർമ്മവാസനനീങ്ങും കണക്കിനേ
അംബരത്തോടൊരുമിച്ചു കത്തുമ്പോൾ
ധൂമമൊക്കയും നീങ്ങിക്രമത്താലേ”
അഗ്നിയിൽ ചാടാനൊരുമ്പെട്ട അർജ്ജുനന്റെ അപ്പോഴത്തെ ഭാവം കവി ഹൃദയംഗമമായി വർണ്ണിച്ചിരിക്കുന്നു.
“അഴകോടൊരു പൊയ്കയിൽചെന്നുടൻ
മുഴുകിപ്പരിശുദ്ധി വരുത്തിനാൻ.
വിലസീടുന്ന പാണിതലങ്ങളിൽ
തുളസീദളംകൊണ്ടു നിറച്ചുതേ
കുലവില്ലും ചുമലിലെടുത്തുനി-
ർമ്മലമായൊരു മാറ്റുമുടുത്തുടൻ,
കിഴിഞ്ഞീടിനവാർകുഴൽതന്നില-
ങ്ങൊഴുകീടുന്ന വാരികണങ്ങളും,
ഹർഷാശ്രു വഴിഞ്ഞു നിറഞ്ഞൊരു
വരിനീണ്ടവിലോചനഭംഗിയും,
കൃഷ്ണനാമം ജപിക്കുന്നനേരത്ത-
ങ്ങൊട്ടൊട്ടുകാണും ദന്തദ്യുതികളും”
കവി പറഞ്ഞിട്ടുള്ളതുപോലെ ‘അതിമോഹനമെന്നേ പറയാവൂ’ അല്പനേരം അദ്ദേഹം ധ്യാനത്തിൽ മുഴുകി നിന്നു. തത്സമയം,
“ഇക്കാണാകിയ വിശ്വമശേഷവും
ഉൾക്കരളിലുദിച്ചൊരു തത്വവും
അക്ഷീണമായ ഭാസ്ക്കരബിംബവു-
മഗ്രേ കാണുന്നോരഗ്നിഭഗവാനും,
മൂർത്തി മൂന്നിന്നുമൂന്നായ വേദവും,
സത്യവാസിയാം ശ്രീ ഗുരുനാഥനും,
താനുമേതുമേ ഭേദമില്ലെന്നൊരു”
ജ്ഞാനം ധനഞ്ജയന്റെ ഉള്ളിൽ ഉറച്ചു.
‘അന്നേരം ജഗദാശ്രയനാം മുകിൽ വർണ്ണൻ,’ ‘വാജിമേധമഹാമഖശാലയിൽ’ നിന്നു് ഞെട്ടിയെഴുന്നേറ്റു്, ‘കണ്ണീർ നിറഞ്ഞുടനിടനെഞ്ഞു വിറച്ചു’ കൊണ്ടു് ആ സ്ഥലത്തേയ്ക്കു എഴുന്നരുളിയിട്ടു് അർജ്ജുനനെ ഈ സാഹസകർമ്മത്തിൽനിന്നു് വിരമിപ്പിച്ചു. അനന്തരം അദ്ദേഹം വിപ്രബാലന്മാരെ വീണ്ടുകൊണ്ടുവരാനായി വൈകുണ്ഠത്തിലേക്കു പുറപ്പെടുന്നതിനോടുകൂടി മൂന്നാംപാദവും അവസാനിക്കുന്നു.
അവർ അത്ഭുതകരമായ പലേ കാഴ്ചകൾ കണ്ടു കണ്ടു്, ഒടുവിൽ വൈകുണ്ഠത്തിലെത്തി.
“അന്നേരത്തൊരു നൂറുനൂറായിരം
പൂർണ്ണചന്ദ്രന്മാർ വന്നുദിക്കുംപോലെ,
ദൂരത്താമ്മാറു കാണായിതന്നുടെ
കാരണമായൊരാനന്ദതേജസ്സും
***
വിശ്വസാക്ഷിയായ് സത്യമായ് നിത്യമായ്
സച്ചിദാനന്ദമായ പരബ്രഹ്മം
കണ്ടുകണ്ടങ്ങിരിക്കവേ കൃഷ്ണന്മാർ
കണ്ടുവൈകുണ്ഠലോകമതിൽ തന്നേ
പത്തുനൂറു സഹസ്ര കിരണന്മാർ
ബദ്ധമോദമുദിക്കും കണക്കിനേ,
നിരക്കവേ വിളങ്ങീടും താഴിക-
ക്കുടങ്ങളതി ദൂരത്തു കാണായി.” (ഇത്യാദി)
ശ്രീകൃഷ്ണൻ വിപ്രബാലന്മാരെ വീണ്ടുകൊണ്ടുവന്നു് കൊടുത്തു് അർജ്ജുനന്റെ സത്യത്തെ നിറവേറ്റിയതു വരെയാണു് കഥ.
11.26 കിരാതം ഹംസപ്പാട്ടു്
അച്ചടിച്ചിട്ടില്ലെന്നു തോന്നുന്ന കവിത സാമാന്യം നന്നു്. ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.
11.27 പ്രഹ്ളാദചരിതം ഹംസപ്പാട്ടു്
ഈ കൃതി വക്ഷ്യമാണമായ വിഷ്ണുഗീതഹംസപ്പാട്ടിന്റെ ഒരു ഭാഗമാകുന്നു. തൽകർത്താവു് ചേന്നമംഗലത്തുകാരനായിരിക്കാമെന്നു്,
‘നരനികരനരകഹരനരവവരശായിയാം
നാരസിംഹാത്മാ ജയന്താലയേശ്വരനെ’
പ്രഹ്ളാദചരിതാരംഭത്തിലും, വിഷ്ണുഗീതാരംഭത്തിലും പ്രശംസിച്ചിരിക്കുന്നതിൽ നിന്നൂഹിക്കാം. അതിനുംപുറമെ കവി, ശ്രീകുബേരനെന്ന പാലിയത്തച്ഛന്റെ ഒരു ആശ്രിതനായിരുന്നുവെന്നു്,
‘ശ്രീകുബേരാഖ്യനാം പാലിയാധീശനെ’ വാഴ്ത്തീട്ടുള്ളതിൽ നിന്നു ഗ്രഹിക്കാവുന്നതാണു്. പത്താം ശതകത്തിൽ ചേന്നമംഗലത്തുകാരനായ ഒരു രാമപാണിവാദൻ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ചേന്നമംഗലത്തെ വിഷ്ണുമൂർത്തിയേപ്പറ്റി ഒരു സ്തോത്രവും രാഘവീയം എന്നൊരു കാവ്യവും രചിച്ചിട്ടുണ്ടെന്നും പ്രഹ്ളാദചരിതം അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നും തൽപ്രസാധകനായ ഉള്ളൂർ മി. എസ്. പരമേശ്വരയ്യർ ശങ്കിക്കുന്നു.
രാഘവീയകർത്താവു് ആരെന്നു നമുക്കു അറിവാൻ യാതൊരു പ്രയാസവുമില്ല. ആ കാവ്യത്തിൽ, ‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ’ എന്നു പ്രസ്താവിച്ചു കാണുന്നതു കൊണ്ടു് കവി ഒരു നാരായണഭട്ടതിരിയുടെ ശിഷ്യനാണെന്നു തീർച്ചയാണല്ലൊ. ഈ കവിതന്നേ അംബരനദീശവിഷ്ണുസ്തോത്രം എന്നൊരു ശതകവും സീതാരാഘവാദിനാടകങ്ങളും രചിച്ചിട്ടുണ്ടു്. അവയിലും നാരായണഭട്ടപാദസ്തുതി കാണുന്നു.
“ഭൂതേഷു സർവേഷ്വപിനിർവിശേഷംഭൂയസ്തരാമാഹിത കാരുണീകം
ഭൂദേവതാമംബരവാഹിനീശം ശ്രീദേവനാരായണമാശ്രയാമാഃ”
എന്ന പദ്യം അദ്ദേഹം ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്നു എന്നുള്ളതിനു ലക്ഷ്യമാണല്ലോ. പ്രസ്തുത സ്തോത്രതല്ലജത്തിന്റെ അവസാനത്തിൽ
ശ്രീനാരായണഭട്ടപാദരജസാ കാരുണ്യവാരാന്നിധേ-
ർഗ്ഗാർഭാദുത്ഭവിഭിശ്ശുഭൈമധുരി പുസ്തോത്രക്ഷരൈമൌക്തിതൈ
രാമണേ ഗ്രഥിതാമിമാമവിരതയേഃ ശ്ലോകസ്വാരസ്രജം
കണ്ഠേ ലോയേതി പ്രയാസിതികൃതീമർത്ത്യസ്സവിഷ്ണോഃ പദം
‘രാമപാണിവാദവിരചിതം അംബരനദീശസ്തോത്രം സമാപ്തം’ എന്നും കാണുന്നുണ്ടു്. ഇനി നമുക്കു സീതാരാഘവീയം നാടകം നോക്കുക. അതിന്റെ പ്രസ്താവനയിൽ,
“ശ്രീനാരായണഭട്ടപാദകരുണാ പീയുഷ ഗണ്ഡൂഷണാ
ദിഷ്ടാംപുഷ്ടി മുപൈതി യസ്യകവിതാ കല്പദ്രുബീജാങ്കുരഃ
രാമോ നാമ സ പാണിവാദകുലജ സ്തസ്യപ്രഭൂതം ഫലം
സീതാരാഘവനാടകം രസമയം സഭ്യാർത്ഥമഭ്യാഗമൽ”
എന്നും,
“അധിസ്യാനന്ദൂരം ജയതിജഗതീപാലനപരാ
പരം ജ്യോതിശ്ശീതദ്യുതിധവളശേഷാഹിശയനം
യദന്തസ്സന്തസ്തദഖില നൃപതീനാന്നതുപരം
സുരാണാമപ്യുച്ചൈരധിവസതിമാർത്താണ്ഡനൃപതിഃ”
എന്നും കാണുന്നതുകൊണ്ടു് ഈ രാമപാണിവാദൻ കുഞ്ചൻനമ്പ്യാരു തന്നെ എന്നൊരൂഹത്തിനു വഴി കിട്ടുന്നു. മാർത്താണ്ഡവർമ്മ രാജാവിനെ ‘പത്മനാഭസമർപ്പിതസമസ്തനിജവിഭവ’നായി പ്രസ്താവിച്ചിട്ടുമുണ്ടല്ലോ. ചെമ്പകശേരി രാജാവിനേയും പിന്നീടു മാർത്താണ്ഡവർമ്മ രാജാവിനേയും ആശ്രയിച്ചു ജീവിച്ചതായ ഒരു രാമൻനമ്പ്യാരെ മാത്രമേ നാം അറിയുന്നുള്ളു. നമ്പ്യാരുടെ ഗുരുവായി ഒരു തെക്കേടത്തു ഭട്ടതിരി ഉണ്ടായിരുന്നതായി ഒരു ഐത്യഹ്യവുമുണ്ടല്ലോ. ആ ഭട്ടതിരി ആയിരിക്കണം ഇതിൽ സംസ്കൃതനായ നാരായണഭട്ടപാദൻ.
കുഞ്ചൻനമ്പ്യാരുടെ പേരു ‘രാമൻ’ എന്നായിരുന്നു എന്നുള്ളതിനേപ്പറ്റി സംശയിപ്പാനൊന്നുമില്ല. ഒരു പഞ്ചതന്ത്രഗ്രന്ഥത്തിന്റെ അവസാനത്തിൽ,
‘പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാസന്നിവേശിതം
രാമേന പാണിവാദേന ബാലാനാം ബോധഹേതവേ
ശ്രീമദംബര വാഹിന്യാം ധാമനിസ്ഫുടമുല്ലസൽ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവിതു നഃ’
എന്നു കാണുന്നുണ്ട്. അതിനുംപുറമേ വഞ്ചിമഹാരാജാവു് ഏതെങ്കിലും സ്ഥാവരമായ വസ്തുവിൽ ഉറപ്പിക്കണം എന്നു അരുളിച്ചെയ്തിട നമ്പ്യാർക്കു നല്കിയ പണക്കിഴികൊണ്ടു് ആ വിരക്തകവി കിള്ളിക്കുറിശ്ശിമംഗലത്തു ഒരു ബലിക്കല്പുര തീർപ്പിക്കയും അതിൽ,
“ശ്രീബലിപ്രസ്തരശ്ശംഭോ ശ്ശ്രീശുകാലയ വാസിനഃ
രാമേണപാണിവാദേന കാരിതോ ഭുതയേ ധ്രുവം.”
എന്നു കൊത്തിക്കയും ചെയ്തിട്ടുണ്ടു്.
പ്രഹ്ളാദചരിതത്തിന്റെ കർത്താവു് കുഞ്ചൻനമ്പ്യാരായിരിക്കാൻ ഇടയില്ല. അദ്ദേഹം പാലിയത്തച്ഛനെ ആശ്രയിച്ചു ജീവിച്ചിരുന്നതായി ഒരു തെളിവുമില്ലല്ലോ. വിഷ്ണുഗീതയിൽ നമ്പ്യാരുടെ ശൈലി കണികാണ്മാനില്ലെന്നും നമുക്കു കാണാം. ശ്രീകൃഷ്ണവിലാസകാവ്യത്തിന്റെ വ്യാഖ്യാതാവായി ഒരു രാമൻനമ്പ്യാരുള്ളതായി നമുക്കു് അറിയാം. അദ്ദേഹവും ഒരു ശ്രീനാരായണഭൂസുരന്റെ ശിഷ്യനായിരുന്നുവെങ്കിലും കുഞ്ചൻനമ്പ്യാരിൽ നിന്നു ഭിന്നനാണെന്നു തോന്നുന്നു. ചേന്നമംഗലത്തുകാരനായിരുന്നെന്നും തോന്നുന്നില്ല. വേറൊരു രാമപാതിവാദനുള്ളതുരാമപഞ്ചശതിയുടെവ്യാഖ്യാതാവാണു്. അദ്ദേഹമായിരിക്കുമോ പ്രഹ്ളാദചരിതത്തിന്റെ കർത്താവെന്നു നിശ്ചയമില്ല. എഴുത്തച്ഛനാകുന്ന കവി ഭാസ്കരന്റെ പ്രചണ്ഡജ്യോതിസ്സിനാൽ വിലുപ്മഭാസ്സായി തീർന്ന ഏതോ ഒരു കവിതാരം രചിച്ചതാണു് ഈ കൃതി എന്നു മാത്രമേ തല്ക്കാലം പറവാൻ നിവൃത്തിയുള്ളു.
പ്രഹ്ളാദചരിതം ഒരു മനോഹരമായ ചെറുകാവ്യമാകുന്നു. അദിതിയുടെ ‘സുതനനുജനതി കഠിനമാനസനായ’ ഹിരണ്യകശിപു എന്ന അസുരൻ ‘അഗ്രജാപായം ഗ്രഹിച്ച’ ഉടനെ വിശ്വം മുഴുവനും ആക്രമിച്ചു കീഴടക്കുന്നതിനായി നിശ്ചയിച്ചു. ഉദ്ദേശം നിർവഹിക്കുന്നതിനു വേണ്ടി ‘ഗോകർണ്ണമെന്നുള്ള പുണ്യദേവാലയം’ പ്രാപിച്ചു് അയാൾ തപസ്സുചെയ്തു തുടങ്ങി.
“മുനികളുടെ നടുവിലുടനിരുപുറവുമാദരാൽ
മുന്നിലും പിന്നിലും തീയെരിച്ചീടിനാൻ.
കുളിനിയമമനുദിനവുമവനു കുറവില്ലഹോ
കുറ്റം വെടിഞ്ഞു തുടങ്ങീ മഹാവ്രതം.
അശനമപി ശയനമഹി നഹി, കൃശശരീരനാ-
യർച്ചനം ധ്യാനം ജപം തുടങ്ങീടിനാൻ.
കരളിലൊരു ചലനമതുമവനു നഹി കാൽക്ഷണം
കാറ്റും മഴയും വെയിലുമേറ്റീടിനാൻ.
മരവിരിയുമഥജടയുമതിവിമല ഭസ്മവും
മാറാതലങ്കാരമാക്കിവാണീടിനാൻ.
അവനുടയ ജടയിലുടനനവധിലതാജാല-
മാകവേ ചുറ്റിപ്പടർന്നു പതുക്കവേ
പലവകയിലവനുടയ ശിരസി പരിചോടുടൻ
പക്ഷികൾ കൂടു ചമച്ചു കൂടീടിനാർ.
പുനരചലവരനുടയ തടമതിൽ ഹിരണ്യനെ-
പ്പുറ്റുകൾ ചുറ്റും നിറഞ്ഞു മറച്ചിതു.
അരവകുലമവനുടയ മുടിയിലിടകൂടിനി-
ന്നാടിക്കളിക്കുന്നു കൂട്ടമോടേ മുദാ.
കതിരവനിലധികതരമവനുടെയ തേജസാ
കാളുന്നു കത്തിജ്വലിച്ചു ദിഗന്തരം.”
ഇങ്ങനെ തീവ്രമായ തപം ചെയ്തുകൊണ്ടിരിക്കവേ, ബ്രഹ്മാവു് പ്രത്യക്ഷപ്പെട്ടിട്ടു്,
‘ഇരവുമഥ പകലുമുടനടിയനേ’ ആരുംതന്നേ വധിക്കരുതെന്നു മാത്രമല്ല ‘അസിമുസലശരപരിഘ പരശു ഗദയാദിയാമായുധ’ങ്ങളാൽ താൻ അവധ്യനായിരിക്കണമെന്നും അയാൾ പ്രാർത്ഥിച്ചതനുസരിച്ചു് ആ വരം നൽകിയതിനുശേഷം അദ്ദേഹം തിരോധാനം ചെയ്തു. അനന്തരം ഈ അസുരന്റെ പരാക്രമം നിമിത്തം ദേവകൾ എല്ലാവരും സ്ഥാനഭ്രഷ്ടരായ് ചമഞ്ഞു. അവൻ ദുർമ്മദാന്ധ്യം നിമിത്തം ‘ഉരഗവരശയനനുടെ പുരവരമണഞ്ഞുടൻ’ തിരക്കിത്തുടങ്ങിയപ്പോൾ സർവജ്ഞനായ ഭഗവാൻ അവന്റെ മനസ്സിൽ ആവേശിച്ചു് ഒളിച്ചുകളയുകയാൽ,
“അജിതനിഹ വിജിതനീതികലുഷമതിനിശ്ചയി-
ച്ചാശു മദംപൂണ്ടു പോന്നമ്മഹാസുരൻ
***
തൽപുരംപൂക്കു സുഖിച്ചു വാണീടിനാൻ.”
അങ്ങനെ ഇരിക്കെ അയാളുടെ പത്നികളിൽവെച്ചു മൂത്തവൾ ഗർഭം ധരിക്കയും, ‘നരകരിപു ചരണതല കമലമധുഭൃംഗമാം’ നാരദൻ അവിടെചെന്നു് സൂത്രത്തിൽ ഗർഭസ്ഥമായ ശിശുവിനു് ജ്ഞാനോപദേശങ്ങൾ ചെയ്കയും ചെയ്തു. തന്നിമിത്തം ആ കുട്ടി ജനിച്ച അന്നുമുതല്ക്കേ വിഷ്ണുഭക്തനായിത്തീർന്നു. ആ ശിശുവത്രേ വിഷ്ണുഭക്താഗ്രണിയായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ ശൈശവത്തെ കവി ഇങ്ങനെവർണ്ണിക്കുന്നു.
“മധുമഥനനുടെ മകുടകടകമണികുണ്ഡലം
മഞ്ജീരഹാരം വനമാലകൌസ്തുഭം
ശരദമലശശിസദൃശവദനമൃദുഹാസവും
ശംഖു ചക്രം ഗദാ പങ്കേരുഹങ്ങളും,
കനകരുചിവസനമതുമനഘമണികാഞ്ചിയും.
കാളമേഘാഭം കളേബരാഭോഗവും,
അടികമല വടിവുമവനനവരതമാദരാ-
ലാശയം തന്നിലുറപ്പിച്ചു മേവിനാൻ”
ഹിരണ്യകശിപു ഈ കുട്ടിയേ അഞ്ചുവയസ്സു തികഞ്ഞ ഉടനേ തന്നെ ദൈത്യധർമ്മം ഗ്രഹിപ്പിക്കുന്നതീനായി ഗുരുവിനേ ഏൾപ്പിച്ചു. എന്നാൽ അവൻ,
“അസുരനയമശുഭമിദമെന്നവൻ ചൊല്ലിനാ-
നാസുരസിദ്ധാന്തമൊന്നും ഗ്രഹിച്ചീല.”
നേരെമറിച്ചു്,
“നരകരിപുചരണയുഗ ഭജനസുഖമെന്നിയേ
നന്നല്ല മറ്റൊന്നുമെന്നുറച്ചീടിനാൻ.”
ഒരുദിവസം അസുരാധിപതി തന്റെ പുത്രനേ അരികിൽ വിളിച്ചു്,
“ഓമൽക്കുമാരക! ചൊല്ലെടോ നന്ദന
സരസമിഹ ഗുരുവിനൊടു പലവക പഠിച്ചതിൽ
സാരമെന്നുണ്ണി ഗ്രഹിച്ചതിന്നെന്തെടോ?”
എന്നു ചോദിച്ചു. ‘സാരംഗ്രഹിച്ചതു വിഷ്ണുപാദാർച്ചനം’ എന്നുള്ള മറുപടി കേട്ടപ്പോൾ, അവൻ, രണ്ടുകൈകൊണ്ടും ശ്രോത്രങ്ങൾ പൊത്തിയിട്ടു്, പുത്രനേ തലമുടിക്കു പിടിച്ചു നിലത്തിടുകയും തെരുതെരെത്താഡിക്കയും ചെയ്തുവെങ്കിലും,
നരകമുരമധുമഥന! വരദ കരുണാനിധേ!
നാരായണാനന്ത ഗോവിന്ദ മാധവ!
എന്നുള്ള തിരുനാമങ്ങളെ ആ ബാലകന്റെ നാവിൽനിന്നും പൊങ്ങിയുള്ളു. പിന്നീടു് ആ ദുഷ്ടനായ അസുരൻ പ്രഹ്ളാദനെ അപായപ്പെടുത്തുന്നതിനു കഴിയുന്ന ശ്രമങ്ങൾ എല്ലാംചെയ്തു. എന്നാൽ ഒന്നും ഫലിച്ചില്ല. പ്രഹ്ലാദന്റെ ഭക്തി ഉത്തരോത്തരം വർദ്ധിച്ചുവന്നതേയുള്ളു. ഒടുവിൽ ഒരു ദിവസം ഹിരണ്യകശിപു ആചാര്യമന്ദിരത്തിൽചെന്നു് അസിലത ഉയർത്തിക്കൊണ്ടു് ‘ഇപ്പോൾ നിനക്കു് ആരാണു് തുണ കാണട്ടേ’ എന്നു പ്രഹ്ളാദനോടു പറഞ്ഞപ്പോൾ, അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു.
“ഇന്ദിരാനാഥൻ ജഗന്നാഥനാശ്രയം
അറിക മമ ജനക പുനരഖിലജനങ്ങൾക്കു-
മങ്ങിന്നമുക്കുമസ്സ്വാമിതാനാശ്രയം”
അതു കേട്ടപ്പോൾ
“പറക തവ മുരമഥനനെവിടെയങ്ങുണ്ടുപോൽ”
എന്നായി അസുരാധിപതിയുടെ ചോദ്യം.
“മമ വപുഷി തവ വപുഷി സുരവരവപുസ്സിലും
മറ്റും പദാർത്ഥങ്ങളിലൊക്കെയുണ്ടീശ്വരൻ”
എന്നു പുത്രൻ മറുപടി പറഞ്ഞു.
“സ്തുതിവചനമിദമഖില ഭജിതനവനെങ്കിലി-
ത്തൂണിന്മേലുണ്ടോ? പറക നീ നന്ദന!”
എന്നു പിതാവു് ഗർജ്ജച്ചു.
“തുഹിനകരതുലിതമുഖനഖിലഭുവനങ്ങൾക്കു
തൂണായതും സ്വാമിതാനെന്നു പുത്രൻ” സധൈര്യം പറയവേ,
“തവഭജനപതിയുടയശിരസി വിരവോടു ഞാൻ
താഡനം ചെയ്യുന്നു കണ്ടാലുമാശു നീ”
എന്നു പറഞ്ഞിട്ടു് അസുരൻ തൂണിനേ ഒന്നു വെട്ടി. അപ്പൊഴത്തെ അവസ്ഥ കവി ഹൃദ്യമായി വർണ്ണിച്ചിരിക്കുന്നു.
“തദനു ഘനനിനദമൊടു സദൃശമൊരു ശബ്ദമാ-
സ്തംഭത്തിനുള്ളിൽനിന്നുണ്ടായി തൽക്ഷണം.
അസുരപടുപടകളതികിടുകിട വിറച്ചുപോ-
യാകാശരംഗം നിറഞ്ഞു കവിഞ്ഞിതു.
കുലഗിരകളുടെ ശിഖരമിടി പൊടിതകർന്നുപോയ്
കുംഭീശ്വരന്മാർ ഭയപ്പെട്ടു മണ്ടിനാർ.
മുനികളുടെ നടുവിലഥ മരുവിനവിരിഞ്ചനും
മോഹിച്ചു താഴത്തു വീണുപോയഞ്ജസാ
നിരതിശയപരുഷമതി ദിതിജകുലചുംഗവൻ
നീളവേനോക്കിത്രസിച്ചു നില്ക്കുംവിധൌ,
തരുണതരതുഹിനഗിരി വിപുലമൊരുവിഗ്രഹം സ്തംഭംപിളർന്നു കിളർന്നു കാണായ്‍വവന്നു.
വലിയ ഗിരിശിഖരസമമതിവികടവക്ത്രവും,
വട്ടം തുറിച്ചു മിഴിച്ച നേത്രങ്ങളും,
വികടതര സടകളുടെ പടലമൊടു താടിയും,
വിസ്തീർണ്ണമാകുന്നവക്ഷഃപ്രദേശവും
വലികളിടകലരുമതിപൃഥുല തരകണ്ഠവും,
വജ്രഘോരങ്ങളാം ദംഷ്ട്രാങ്കുരങ്ങളും,
നിശിതലസദസിസദൃശതരളതരജിഹ്വയും
നീണ്ടു തടിച്ചുള്ള ബാഹുസഹസ്രവും,
കുലിശസമ കുടിലതരപരുഷനഖജാലവും,
കുണ്ഠേതരോച്ചണ്ഡകണ്ഠനാദങ്ങളും,
സകലശശികിരണഗണസദൃശതനുരോമവും,
സംഹാരരുദ്രോതുസിംഹാരവങ്ങളും,
അചലവരസമകഠിന ദൃഢതരശരീരവു-
മത്യുൽക്കടങ്ങളാം നാനായുധങ്ങളും,
അരുണരുചികലരുമതിപൃഥുനയനരശ്മിയാ-
ലഗ്നിസ്ഫുലിംഗപ്ര ചണ്ഡപ്രകാരവും,
മധുമഥനഘടിതമിതി ഭുവനഭയകാരണം
മർത്യസിംഹാകാരമത്യന്തഭീഷണം”
ഈ നാരസിംഹം ചണ്ഡപരാക്രമിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന ഘട്ടവും പ്രഹ്ളാദസ്തുതിയും മനോഹരമായിരിക്കുന്നു.
ഈ കൃതിക്കു ഒരു വിശേഷണം കാണുന്നു. കവി ദ്വിതീയാക്ഷരപ്രാസം ഉപയോഗിച്ചിട്ടില്ലെന്നും തന്നേ പറയാം. എന്നാൽ ആദ്യാക്ഷരപ്രാസം നിയമേന പ്രയോഗിച്ചു കാണുന്നുമുണ്ടു്. അവിടവിടെ ആംഗലപ്രാസവും കാണുന്നു. ആശയങ്ങൾക്കു വലിയ ഗാംഭീര്യമൊന്നുമില്ലെങ്കിലും, കവിയുടെ പദസ്വാധീനത പ്രശംസാർഹമാണു്. വിഷ്ണുഗീതയിലാകട്ടെ ആദ്യക്ഷരപ്രാസമെന്നപോലെ ദ്വിതീയാക്ഷരപ്രാസവും പ്രയോഗിച്ചിട്ടുണ്ടെന്നുവരികിലും, അതിനു പ്രഹ്ളാദചരിതത്തോടു സാഹോദര്യം പ്രകടമായിരിക്കുന്നു. [2]
11.28 വിഷ്ണുഗീത (അച്ചടിച്ചിട്ടില്ല)
ഈ കൃതിയുടെ ആദിയും അവസാനവും താഴെ ചേർക്കുന്നു.
“ചൂർണ്ണീതടാന്തേ ജയന്താലയേശൻ,
പൂർണ്ണീകൃതാശേഷദേവതാമണ്ഡലൻ,
പൂർണ്ണമാമാനന്ദപീയുഷവാരിധി,
പൂർണ്ണാമൃതാംശുപ്രകാശൻപുരാതനൻ,
നാരസിംഹാകൃതിനാരായണൻപരൻ,
നാരദസേവിതൻ നാകേശവന്ദിതൻ” ഇത്യാദി.
അവസാനത്തിലേ ഫലശ്രുതി ഇങ്ങനെയാണു്.
“വിശ്വനായകൻ വിഷ്ണു വിശ്വസമ്പത്തിനായ്
വിശ്വമങ്ങപഹരിച്ചിന്ദ്രനു ദാനംചെയ്തു്
ക്ഷീരവാരിധിതന്നിൽ യോഗിപര്യങ്കേ ശുഭം
സ്വൈരമാംവണ്ണം ശയിച്ചീടിനാൻ മോദത്തോടും
ഇക്കഥകഥിക്കുന്നോർക്കീശ്വരൻപ്രസാദിക്കും
നൽക്കുലം ബലം ധനം മോക്ഷവും സാധിച്ചീടും.”
11.29 രാമായണ ഗാഥ
ഇതു കൃഷ്ണഗാഥയെ അനുകരിച്ചു് രചിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ കൃതിയാകുന്നു. എന്നാൽ സാഹിത്യഗുണങ്ങളേ സംബന്ധിച്ചിടത്തോളം ഇവയ്ക്കുതമ്മിൽ അജഗജാന്തരമുണ്ടു്. രാമായണകഥയെ ആറു കാണ്ഡങ്ങളായി വിഭജിച്ചു് ഇതിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. കവി ആരെന്നു നിർണ്ണയിക്കാൻ തരമില്ല. ഈ ഗാഥയെ ഇതേവരെ അച്ചടിപ്പിച്ചിട്ടുള്ളതായി അറിയുന്നില്ല. ബാലകാണ്ഡംമാത്രം ക്യുറേറ്റർ ആഫീസിൽ പകർത്തിവെച്ചിട്ടുണ്ടു്. ഏകദേശം സമ്പൂർണ്ണമായി ഒരു പ്രതി, കൈരളിയുടേയും അസ്മാദൃശന്മാരായ സുഹൃന്മിത്രാദികളുടേയും ഭാഗ്യദോഷംകൊണ്ടു ഈയിടയ്ക്കു ഇഹലോകജീവിതം വെടിഞ്ഞ നിരന്തരസാഹിത്യവ്യവസായിയും അഭിജ്ഞകുലോത്തംസവും ആയ മി. കെ. പി. ശിവശങ്കരപ്പിള്ളയുടെ കൈവശം വന്നുചേർന്നിരുന്നു. അതിനെ വിദ്വൽക്കുല ഭൂഷണമായ നന്ത്യാരുവീട്ടിൽ മി. കേ. പരമേശ്വരൻപിള്ള അചിരേണ പ്രസിദ്ധീകരിക്കുമെന്നു നമുക്കു പ്രത്യാശിക്കാം. ഈ കൃതിയിലും ദ്വിതീയാക്ഷര പ്രാസത്തിനു പകരം ആദ്യക്ഷര പ്രാസംമാത്രം ഉപയോഗിച്ചിരിക്കുന്നു.
“മോനൈക്കിനമേ അ ആ ഐ ഔവും
ഇ ഈ എ ഏവും ഉ ഊ ഒ ഔവും
ചതവും ഞനവു മെനവേ”
എന്നു തൊന്നൂൽവിളക്കത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചു നോക്കിയാൽ മോന, സാർവത്രികമായി പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം.
“മന്നവന്മാർക്കൊക്കെ മന്നവനായോരു
മാർത്താണ്ഡഗോത്രജൻ മാനശീലൻ
മുനിദേവകൾക്കും മുഖ്യർ മറ്റുള്ളോർക്കും
മോഹിച്ചതൊക്കയും നൽകീടുന്ന
ആനന്ദമൂർത്തിയതാകും ശ്രീരാമനു-
മംഗനയോടുംമനുജനോടും
നന്നായയോദ്ധ്യാനഗരിയിലും വാണു
നല്ലോരോടുമാനന്ദിച്ചക്കാലം.”
11.30 കിരാതം എട്ടുവൃത്തം
ഇതു ചമ്പൂകാലത്തുണ്ടായ ഒരു സാമാന്യം നല്ല കൃതിയാണു്. ഓരോ വൃത്തത്തിൽനിന്നു ഒരു പദ്യംവീതം ഉദ്ധരിക്കുന്നു.
ഗണപതിഭഗവാൻ തന്തിരുവടിയും കവിമകൾതാനും തുണചെയ്തിടുക; തുണചെയ്തിടുക ഗുരുജനവും മമ; കഴലിണപണിവേൻ ഹരശങ്കര ജയ.
അമ്‍ലാനകാന്തി തടവീടും ധനഞ്ജയനെ മുന്നേതിലും പെരികെ ലാളിച്ചുകൊണ്ടിനിയ ധർമ്മാത്മജൻ തദനു മമ്മാ! തെളിഞ്ഞുബത! ചോന്നാനിവണ്ണമര ഹരചന്ദ്രചൂഡ ജയ.
അംഗരാരജരൻതന്റെ ഗുണങ്ങളുംവായ്പും മഹിമയുംകണ്ടു തൊഴുന്നേരം ഭഗവാനേക്കണ്ടു തൊഴുതോളംതന്നേ സുഖംവന്നുപാർത്ഥ ഹരശംഭോ!
വൃത്രാരിപുത്രങ്കലീവണ്ണമേറ്റം വർദ്ധിച്ചതേജസ്സുകണ്ടോരുനേരം വൃത്രാരിമുമ്പായ വിണ്ണോർക്കുമപ്പോ- ളുൽത്താപമെത്തീ മഹാദേവശംഭോ
കാട്ടാളവേഷംപൂണ്ട കാന്തനെക്കണ്ടപ്പോൾ പാർവതീദേവിതാനുമമ്പിലന്നേരമൊരു കാട്ടാളസ്ത്രീയെപ്പോലെ നന്നായിച്ചമഞ്ഞാൾപോൽ വാട്ടമെന്നിയേ ഹര ശങ്കര ശിവ ശിവ.
ആരെടോ ഞാനെയ്ത പന്നിയേക്കൂടെവ- ന്നെയ്തനീകള്ളനോ കാടനോ മൂഢനോ? നേരുചൊല്ലീടതല്ലായ്കിൽ നന്നായ്‍വരാ കാരിയം താവകം ചന്ദ്രചൂഡവിഭോ!
പരമേശ്വരനും പാർത്ഥനും തങ്ങളിലുള്ള സമരംകണ്ടുനില്ക്കും മലമാതിന്നൊരു തൃക്കണ്ണുചുവന്നതു കണ്ടകതാരി- ലധികം ഭയംവന്നു ഹര ശംഭോ.
ഇന്ദുശേഖരാ പാഹിരമാവരൻ സന്തതംകരുതും കരുണാനിധേ കുന്നിന്മാതുകനിഞ്ഞു പുണർന്നീടും പുണ്യപൂരമേ ശങ്കര ഹരേ ജയ.
11.31 ഭാഗവതം നാലുവൃത്തം
ഈ കൃതി വളരെ ചെറുതെങ്കിലും ഗംഭീരമായിരിക്കുന്നു. എഴുത്തച്ഛന്റേതായിരിക്കുമോ എന്നുപോലും ചിലർ സംശയിക്കുന്നുണ്ടു്. ഇതു അക്ഷരമാലാക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു സ്തോത്രമാണു്. ഓരോ പാദത്തിൽനിന്നും ഏതാനുംഭാഗം വീതം ഉദ്ധരിക്കാം.
“കരളിൽവിവേകം കൂടാതെ ക-
ണ്ടരനിമിഷം ബത കളയരുതാരും
മരണംവരുമിനിയെന്നുനിനച്ചിഹ
കരുതുകസതതം നാരായണജയ.
കാണുന്നൂചിലർ പലതുമുപായം
കാണുന്നില്ല മരിക്കുവതെന്നും
കാണുകിലുമൊരു നൂറ്റാണ്ടിനകത്തി-
ല്ലേന്നേകാണൂ നാരായണജയ.”
ഇങ്ങനെ പ്രഥമപാദം–ക കാ–കീ എന്ന അക്ഷരക്രമത്തിൽ നിർമ്മിച്ചിരിക്കുന്നു.
11.32 ദ്വിതീയപാദം
“അച്യുതന്റെഗുണം കേട്ടുകേട്ടാവോള-
മിച്ഛമറ്റൊന്നിലും കൈവരാനിർണ്ണയം
വിശ്വനാഥോദയം കേൾപ്പതിന്നും മഹാ-
പാപികൾക്കെത്തുമോ? കൃഷ്ണരാമാഹരേ.
ആഭിമുഖ്യംവരും പുണ്യപൂരത്തിനാ
ലാദിനാഥൻകൃപാ ലേശമുള്ളോർക്കുടൻ
ശാപമുണ്ടായശേഷം പരീക്ഷിത്തിന-
ങ്ങേതുപോൽ പണ്ടതു കൃഷ്ണരാമാഹരേ.”
11.33 തൃതീയപാദം
“അന്നേരംഭക്ത്യാ വന്ദിച്ചിരുത്തിനാൻ
നന്നായ് വിഷ്ണുരാതൻ ബ്രഹ്മരാതനെ
ജന്മസാഫല്യമെന്തെന്നറിവാനായ്
നന്മചോദിച്ചാൻ കൃഷ്ണഹരേജയ.
ആദിത്യനുദയേ തിമിരംപോലെ
ദൂരനീങ്ങുന്നു മോഹംനമുക്കിപ്പോൾ
ആതുരാണാമനുഗ്രഹം നിങ്ങളിൽ
താനേ കൈവരും കൃഷ്ണഹരേജയ.”
ഈ രണ്ടുപാദങ്ങളും അകാരാദിക്രമത്തിലാണു്.
11.34 തുരീയപാദം
“കല്യാണമാർന്നഹരിലീലാമൃതം നൃവര!
ചൊല്ലാം പറഞ്ഞതു ചെവികൊൾക പാപഹരം
എല്ലാംപറഞ്ഞിടുവതില്ലാരുമെന്നറിക
നല്ലോരുവിഷ്ണുകഥ നാരായണായനമഃ.”
ഇതു പ്രഥമപാദംപോലെ ക. കാ. കീക്രമത്തിലത്രേ.
കാളീയമർദ്ദനം ഗജേന്ദ്രമോക്ഷം എന്നു രണ്ടു ചമ്പുക്കൾകൂടി ഈയിടയ്ക്കു കാണുകയുണ്ടായി. അവയ്ക്കു മറ്റു ചമ്പുക്കളോളം പഴക്കം തോന്നിക്കുന്നില്ല. കാളീയമർദ്ദനത്തിൽനിന്നു ഏതാനും ഭാഗം ഉദ്ധരിക്കുന്നു.
11.35 കാളീയമർദ്ദനം ചമ്പു
“നാലാമ്‍നായാംബുജത്തിൻപരിമളവിഭവം നർമ്മസഞ്ജാതഘർമ്മ-
പ്രാലേയാലംകൃതശ്രീമുഖതുഹിനകരം മഞ്ജുവംശീനിനാദം;
നീലാംഭോദാഭിരാമം കരുതുകമനമേ കന്മഷം കൈവരായ്‍വാൻ
ലീലാഗോപാലബാലം ഭജത നരസുരാഹീശപാദാരവിന്ദം.
വിശ്വമെല്ലാം ക്ഷയിച്ചിത്രിലോകീപുരീ-
ശില്പിയാം പത്മജന്മാവുതാനും
ലയിച്ചൊക്കവേകാരണാംഭോമയം
തന്നെയാക്കുന്ന കാലത്തുമാപത്തു
കൂടുന്നവണ്ണം വടത്തിൻ ദലത്തിൽ
കിടന്നംഘ്രിപാനം കൊടുക്കും പരൻ” ഇത്യാദി.
11.36 കൃഷിപ്പാട്ടു്
ഇതു കേരളത്തിലെ കൃഷിസമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു കൃതിയാകുന്നു. ഒന്നാംപാദത്തിൽ നെല്ലു, പലമാതിരി കാകനികൾ, സസ്യാദികൾ മുതലായവയുടെ വിത്തുകളേ വിവരിച്ചിരിക്കുന്നു. ‘കൃഷികർമ്മങ്ങൾ ചെയ്യുംപ്രകാര’ങ്ങളാണു് ദ്വിതീയപാദത്തിലെ വിഷയം. എന്നാൽ കൃഷിയ്ക്കുപകരിക്കുന്ന കാലാവസ്ഥകളേപ്പറ്റിയും അതിൽ വിസ്തരമായി പറഞ്ഞിട്ടുണ്ടു്.
കൃഷിചെയ്താൽ വേണ്ടപോലെ ഫലിക്കണമെങ്കിൽ, കർഷകന്മാർ ധർമ്മ്യജീവിതം നയിക്കണമെന്നു് മൂന്നാംപാദത്തിൽ പറയുന്നു.
“സത്യമുണ്ടാകകാരണം വിത്തുകൾ
സത്യമായി വിളയുന്നു ഭൂമിയിൽ
സത്യമെല്ലാർക്കും കാരണമോർത്താലും
സത്യമല്ലോ ജഗത്തിങ്കലീശ്വരൻ”
കേരളത്തിൽ ആറുമാസം വർഷമുണ്ടാകുന്നതുതന്നേ ധർമ്മാനുഷ്ഠാനം കൊണ്ടാണത്രേ.
“ധർമ്മബുദ്ധികളായിട്ടിരുന്നിട്ടു
ധർമ്മംചെയ്തു വസിക്കുന്നകാലത്തും
ധർമ്മിഷ്ഠന്മാരെ രക്ഷിയ്ക്കുന്നകാലത്തും
നിങ്ങളുമങ്ങനന്തരം ഭൂപരും
ഇങ്ങനെവസിച്ചീടുന്നകാലത്തു
വാസവ വാക്യത്തിന്നിളക്കംവരാ
വാസുദേവൻ തൃക്കാലിണ നിർണ്ണയം.”
മാഷാദിവിത്തുകൾ വിതയ്ക്കുക, പറിച്ചുനടുക, മുതലായ സംഗതികളേപ്പറ്റിയും, തെങ്ങു പ്ലാവു മുതലായവയേ വയ്ക്കേണ്ട ക്രമങ്ങളേപ്പറ്റിയും ഈവകവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളേ പറ്റിയും ഈ അദ്ധ്യായത്തിൽ ഭംഗിയായി വിവരിച്ചിട്ടുണ്ടു്.
നാലാംപാദത്തിൽ കൃഷി ആരംഭിക്കേണ്ട കാലത്തേയും മറ്റുമാണു് വർണ്ണിച്ചിരിക്കുന്നതു്. ഈ ഗ്രന്ഥം വായിച്ചാൽ കേരളീയരുടെ കൃഷിസംപ്രദായങ്ങളെക്കുറിച്ചു വിപുലമായ ജ്ഞാനം ഉണ്ടാകുന്നതാണു്.
നടക്കാവുകൾ, പൂന്തോട്ടങ്ങൾ മുതലായവ നിർമ്മിക്കുന്നതു ഉത്തമമായ മനുഷ്യധർമ്മമാണെന്നു് അന്നത്തേ മലയാളികൾ വിചാരിച്ചിരുന്നു.
‘ദേവന്മാർക്കങ്ങലങ്കരിച്ചീടുവാൻ
ദേവസന്നിധൌ പൂന്തോട്ടംതീർക്കണം
പൂന്തോട്ടം നട്ടുണ്ടാക്കുന്നവരിഹ
നീന്തീടുന്നില്ല സംസാരസാഗരേ,
നടക്കാവങ്ങു വയ്ക്കുന്നവർക്കുട-
നൊടുക്കം ഗതിയുണ്ടെന്നുനിർണ്ണയം.’
ഇത്യാദിഭാഗങ്ങൾ നോക്കുക.
പ്രകൃതകൃതി പോർത്തുഗീസുകാരുടെ വരവിനുശേഷവും എഴുത്തച്ഛന്റെ കാലത്തിനോടടുത്തും നിർമ്മിക്കപ്പെട്ടതായിരിക്കണം.
11.37 രാമാശ്വമേധം കിളിപ്പാട്ടു്
ഈ ചെറുകാവ്യം ‘ശ്രീ ചിത്രാവലി’യിൽ ഒന്നാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഉത്തരരാമായണാന്തർഗ്ഗതമായ ശ്രീരാമാശ്വമേധമാണു് ഇതിലേ പ്രതിപാദ്യവിഷയം. ഭാഷാരീതി ലളിതവും സുഗമവുമായിരിക്കുന്നു. ഗ്രന്ഥകാരനാരെന്നു നിർണ്ണയിക്കാൻ തരമില്ല. ചിത്തിരതിരുനാൾ വായനശാലക്കാർക്കു കിട്ടിയ ആദർശഗ്രന്ഥം എഴുതിത്തീർത്തതു ൮൦൬-മാണ്ടിടയിലായതുകൊണ്ടു് അതിന്റെ നിർമ്മാണകാലം അതിനു മുമ്പാണെന്നു തീർച്ചയാണു്. എഴുത്തച്ഛന്റെ കൃതിയിലേ,
“താന്താന്നിരന്തരം ചെയ്യുന്നകർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേവരൂ”
എന്ന വരികളെ അല്പം മാറ്റിയിട്ടു്,
‘താന്താൻനടേചെയ്ത പുണ്യപാപങ്ങളെ
ത്താന്താനനുഭവിച്ചീടുകെന്നേവരൂ.’
എന്നിങ്ങനെ പ്രകൃതകൃതിയിൽ പ്രയോഗിച്ചിട്ടുള്ളതിനാൽ, ഇതു രാമാനുജന്റെ കാലത്തിനുശേഷം ഉണ്ടായതായിരിക്കണം.
രാമായണഗാഥയുടേയും ഈ കൃതിയുടേയും ഭാഷ പരിശോധിച്ചു നോക്കിയതിൽ അത്ഭുതാവഹമായ സാദൃശ്യം കാണുന്നു. പല സ്ഥലങ്ങളിൽ ആശയസാമ്യവും കാണുന്നുണ്ടു്. അതുകൊണ്ടു് രണ്ടും ഒരാളുടെ കൃതി ആയിരിക്കണമെന്നു തോന്നുന്നു. കവി വടക്കനാണെന്നുള്ളതിന്റെ സംശയമില്ല.
വർണ്ണനകൾക്കു നല്ല ജീവനുണ്ടു്.
“നിത്യനാം മാധവൻ മാർത്താണ്ഡവംശത്തി-
നുത്തമനായ ദശരഥനന്ദനൻ
ഘോരനായുള്ള ദശഗ്രീവനെക്കൊന്നു
പാരിടത്തിന്നു പരിതാപവുംതീർത്തു
ഭൂരിഭാരത്തെക്കുറച്ചു ഭൂമണ്ഡലേ
വാരുലാവീടിന്നൊരുത്തര കോസലേ
വാരിധി ചൂഴുമൂഴിക്കേകനാഥനായ്
ചാരുസിംഹാസനേവാഴുന്നകാലത്തു”
അശ്വമേധം നടത്തുന്നതിനു് അദ്ദേഹം തീർച്ചപ്പെടുത്തിയിട്ടു് വൈദികന്മാരെ പല ദിക്കുകളിൽനിന്നു വരുത്തി. രാജാക്കന്മാരും നാനാദിക്കുകളിൽനിന്നു്, ‘കളത്ര സന്താനസൈന്യങ്ങളോടുകൂടി’ വന്നുചേർന്നു.
“നാകമുനിവാസികളും ദേവരാജനും
നീളേക്കുമാപത്തൊഴിഞ്ഞു നമുക്കെന്നു
കോളോടുകൂടെത്തിറയുംകൊടുത്തവർ
മേളിച്ചു യാഗംഭരിക്കുന്നതുമവർ;
ആളൊത്തുഭോഗംഭുജിക്കുന്നതുമവർ;
കേളിയുണ്ടോ പണ്ടൊരുത്തനുമീവണ്ണം
കേവലമാചാരമില്ലാത്ത വാനരൻ
ദേവകളെപ്പോലെ ശുദ്ധഭാവത്തോടും
സാവധാനം വിഭവങ്ങൾ ഭരിക്കുന്നു.
ഈവണ്ണമെന്നുപറഞ്ഞുകൊൾവാനഹോ
നാവുകളേതും മതിയല്ലനന്തനും”
“കുക്ഷിനിറപ്പാനജസ്രം മുനികളെ
ഭക്ഷിച്ചൊടുക്കുന്ന രാക്ഷസരുംനൃപ-
ശിക്ഷയാവിഘ്നംവരാതെ കണ്ടെപ്പൊഴും
രക്ഷിച്ചു ഗോപുരം നാലിലുംനില്ക്കുന്നു.”
കുക്ഷി നിറപ്പാൻ ഇത്യാദി വരികളിൽ കാളിദാസന്റെ ‘ആസൻ യത്ര ക്രിയാവിഘ്നാ രാക്ഷസാ ഏവ രക്ഷിണഃ’ എന്ന രഘുവംശത്തിന്റെ ഛായകാണുന്നു.
രാമൻ സഹധർമ്മിണിയോടുകൂടാതെ എങ്ങനെ യാഗം നടത്തും? അതുകൊണ്ടു് അദ്ദേഹം സ്വർണ്ണത്തിൽ ഒരു സീതാവിഗ്രഹം നിർമ്മിച്ചു് മുറയ്ക്കു് വ്രതങ്ങൾ തുടങ്ങി. അങ്ങനെ ഇരിക്കെ, വാല്മീകിയും ‘ഭൂരിതപോധനന്മാരോടു’ കൂടി അവിടെ എത്തി.
അപ്പോൾ,
‘ബാലാർക്കകോടികളൊന്നിച്ചുദിച്ചപോ-
ലാലോലശോഭതേടീടുമ്മനോഹര
ബാലനിറംകണ്ടു സന്തോഷഭാരണേ’
മാലോകരെല്ലാവരും വണങ്ങിനിന്നു. ശ്രീരാമനാകട്ടെ, അദ്ദേഹത്തിന്റെ അർഘ്യപാദ്യാദികളാൽ പൂജിക്കയും മധുരോപാചാരവാക്കുകളാൽ പ്രീണിപ്പിക്കയും ചെയ്തിട്ടു് ആസനത്തിൽ ഉപവേശിപ്പിച്ചു. അനന്തരം വാല്മീകി തന്റെകൂടെയുണ്ടായിരുന്ന കുശലവന്മാരോടു്,
‘നാമങ്ങുപണ്ടുചമച്ചരാമായണ-
മാമെന്നിരിക്കിലോ ചൊല്ലുവിനൊട്ടിഹ’
എന്നു് ആജ്ഞാപിച്ചതനുസരിച്ചു്, അവർ അതിനെ ഗാനം ചെയ്തുതുടങ്ങി. ശ്രോതാക്കളുടെ അപ്പൊഴത്തെ അവസ്ഥ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“പാടിത്തുടങ്ങിനാരക്കഥാസാരത്തെ
യാടിത്തുടങ്ങീശിരസ്സുകളേവർക്കും;
കൂടിത്തുടങ്ങി കരംകൊണ്ടുമേളവും;
മൂടീതു നല്ലവർക്കുള്ളിലേവേദന;
ഓടുന്നു ദുഷ്ടരെരിയുന്ന ചേതസാ;
മേടമേലേറി നോക്കുന്നിതു മങ്കമാർ;
കൂടെസ്വരം പിടിക്കുന്നിതു നാരദൻ;
പാടേ തിരിഞ്ഞെടുക്കുന്നിതു ലോകരും;
നാടെങ്ങുമിങ്ങനെ കേട്ടിട്ടുമില്ലെന്നു
നീതിയിൽവന്നുചുഴന്നു മഹാജനം;
ഗീതികൾകേട്ടു നിൽക്കുന്നജന്തുക്കളും
ജാതിസ്വഭാവം മറന്നു നിന്നീടിനാർ;
മാതൃമുലമറന്നു ചെറുപ്പൈതലും;
മാനിനിമാരും മറന്നു കിടാങ്ങളെ;
മാനസപത്മം മറന്നു ഹംസങ്ങളും;
തീനുംമറന്നു നിൽക്കുന്നിതു കാലികൾ;
മാനസതാരുകുളുർത്തു സമസ്തരും
മാരിപോലാനന്ദവാരി പൊഴിയുന്നു.”
കാണികളിൽ ചിലർ ഈ ബാലന്മാരിൽ രാമചന്ദ്രന്റെ ലക്ഷണങ്ങൾ പൂർണ്ണമായിക്കണ്ടിട്ടു്, പലതും പറഞ്ഞുതുടങ്ങി. ബന്ധുജനങ്ങൾ ഈ വർത്തമാനം അറിഞ്ഞു്, രാമചന്ദ്രനെ അറിവിച്ചപ്പോൾ അദ്ദേഹം,
“ദണ്ഡുകൊണ്ടഹോഹതനെന്നപോലെ നവ-
ദണ്ഡമത്രേയെന്നു കാതുപൊത്തീടിനാൻ”
ശ്രീരാമൻ സാക്ഷാൽ പരമാത്മാവായിരുന്നിട്ടും,
“പൂർവജന്മത്തെമറന്നു മായാംബുധൌ
സാർവഭൌമത്വേന വീണുരുണ്ടീടുന്നു
ചാർവാംഗമാർന്ന പൈതങ്ങളെക്കണ്ടിട്ടു്
കാർമുകിൽ കൊണ്ടലം മൂടിക്കിടക്കുന്ന
വാർതിങ്കൾ പോലെ”
മ്ലാനവദനനായി ഭവിച്ചു.
“ആർകലിയിൽ ചിറകെട്ടി ക്കടന്നിട്ടു
പോർചെയ്തു രാവണനെക്കൊന്നവീര്യവും”
ക്ഷണനേരത്തേക്കു് അദ്ദേഹത്തിനെ വേർവിട്ടു. എന്നാൽ ഉള്ളിലുണ്ടായ വിഷാദത്തെ ഒട്ടൊക്കെ അടക്കിക്കൊണ്ടു് അദ്ദേഹം ആ ബാലന്മാരുടെ അടുത്തു ചെന്നു് “ഈ കൃതി ആരുടേതാണു്? നിങ്ങൾ ആരു്?”
“ചാരത്തുനിൽക്കുന്നവർപറഞ്ഞീടുന്നു
മാരൻമരിച്ചാറെ രണ്ടായ് പിറന്നെന്നും;
ദൂരത്തുനിന്നുകേൾക്കുന്നമാലോകരോ
പാരാതെകിന്നരന്മാരെന്നുചൊല്ലുന്നു;
ചാരണന്മാരെന്നു ചൊല്ലുന്നിതുചിലർ”
പരമാർത്ഥം അറിവാൻ ഞങ്ങൾക്കു വളരെ കൊതുകമുണ്ടു്. തേജസ്സു കണ്ടിട്ടു് നിങ്ങൾ രണ്ടു ഭാസ്ക്കരന്മാരായിരിക്കണമെന്നാണു് എനിക്കു തോന്നുന്നതു് എന്നുപറഞ്ഞു. രാമചന്ദ്രന്റെ ഈ വാക്കുകൾ കേട്ടിട്ടു് ആ കുമാരന്മാർ,
“മാർത്താണ്ഡവംശത്തിനാദിസമ്പത്തായ
കീർത്തിക്കിരപ്പാനുദിച്ചോരു പാത്രമേ,
കേളിയേറീടുന്ന വാല്മീകിയാംമുനി
മേളിച്ചുപണ്ടു ചമച്ചകഥയിതു.
നീളെക്കുമപ്പാദദാസരാം ഞങ്ങളെ
ലാളിച്ചുകൊണ്ടു പഠിപ്പിച്ചതമ്മുനി.
മുപ്പാരിനീശനായ്‍ത്തന്നെ വാണീടിലു
മപ്പൊഴേ വന്നരകത്തിൽ വീണീടിലും
അപ്പാദപങ്കേരുഹത്തിങ്കലേ ഭക്തി
യെപ്പോഴുമെന്നുള്ളിലേപുലമ്പീടണം.”
എന്നിപ്രകാരം വാല്മീകിയേപ്പറ്റിയല്ലാതെ തങ്ങളാരെന്നു വ്യക്തമാക്കിയില്ല. അതുകൊണ്ടു് രാമചന്ദ്രൻ നേരെ വാല്മീകിയോടുതന്നെ ചോദിച്ചു. അതിനു മറുപടിയായി,
“നിന്മനതാരിൽ വിഷാദം മതിമതി
നിന്മക്കളായതിവരെന്നറിഞ്ഞാലും.
അമ്മറിവെന്തെന്നതും പറഞ്ഞീടുവൻ.
ജാനകിപ്പെണ്ണായ വള്ളിമേൽക്കാച്ചൊരു
മാനുഷപ്പൈതങ്ങളായ ഫലമിതു
കാനലിൽ കൊണ്ടു കളഞ്ഞാറെയുമവൾ
ഞാനിരിക്കുന്നാശ്രമത്തിലിരിക്കുന്നു.
ലക്ഷ്മണൻ പോയ പെരുവഴിയും നോക്കി
ലക്ഷ്മീസമാനയാം ജാനകി നില്ക്കുന്നു.
തൽക്ഷണം ഞാനവിടേക്കു ചെന്നാൻ ബലാ-
ലക്ഷികളും തുടച്ചപ്പോൾ വൈദേഹിയും
അഗ്രേ വണങ്ങി നമസ്ക്കരിച്ചാദരാൽ
വ്ര്യഗ്രിച്ചൊരേടത്തൊതുങ്ങി നിന്നീടിനാൾ.
ഉഗ്രങ്ങളായ മൃഗങ്ങളെത്തിക്കൊണ്ടു
നിഗ്രഹിച്ചീടുമെന്നുള്ളൊരു പേടിയും
നിർമ്മലമായ പാതിവ്രത്യഭാവവും
കർമ്മദോഷം ഭവിച്ചെന്നോരുപീഡയും
ചെമ്മേനിനച്ചു നിനച്ചവൾ നിൽക്കയാൽ
കന്മാഷിതമായ് മയങ്ങിയെന്മാനസം.
നില്ലാതെ കണ്ണുനീരും തൂകിനിൽക്കുന്ന
മല്ലാക്ഷിയെ ക്കൊണ്ടുപോയി ഞാനാശ്രമേ
വല്ലായ്മയേതും നിനച്ചുകൊണ്ടീടാതെ
വല്ലഭയ്ക്കില്ലൊരു ദൂഷണം മന്നവ!”
എന്നു വാല്മീകി സീതാപരിത്യാഗാനന്തരം ദേവിയ്ക്കുണ്ടായ അവസ്ഥകളേയും മറ്റും വിവരിച്ചു കേൾപ്പിച്ചിട്ടു് ആ സാധ്വിയെ വീണ്ടുകൊള്ളണമെന്നു പറയുന്നു. ഈ വരികളിൽ കവി ഭൂതകാലത്തിനു പകരം ഇരിക്കുന്നു, നിൽക്കുന്നു ഇത്യാദി വർത്തമാനക്രിയകൾ പ്രയോഗിച്ചിരിക്കുന്നതു് വർണ്ണനയ്ക്കു സ്ഫുടതവരുത്താൻ വേണ്ടിയാണു്.
ഇക്കഥകേട്ടപ്പോൾ തത്രസ്ഥരായ എല്ലാജനങ്ങളും,
“ചിത്രത്തിലേ രൂപമെന്നപോൽ നിന്നിതു
ചിത്തപത്മത്തിങ്കലെത്തുന്നൊരാനന്ദ
മുത്തുവളർന്നു കണ്ണൂടെ പുറപ്പെട്ടു
ഉത്തുംഗമായിട്ടു കണ്ണടയാഞ്ഞപോ-
ലുത്തമന്മാരിവണ്ണം പറഞ്ഞീടുന്നു.
ഉള്ളിലും കണ്ണിലും കൊള്ളാഞ്ഞുസന്തോഷം
വെള്ളമായ് കണ്ണിലൂടെ പൊഴിഞ്ഞീടുന്നു.
കള്ളമല്ലേ പറഞ്ഞീടുന്നു മാലോക-
രുള്ളപോലെ ബാലരെക്കണ്ടുകൊള്ളുവാൻ
ഒട്ടുതുടച്ചു സൂക്ഷിച്ചു നോക്കീടുന്നു;
പെട്ടെന്നു കണ്ണുനീർകൊണ്ടുമറയുന്നു;
ഇഷ്ടമായ് കണ്ടുകൊൾവാൻ മഹാലോകരും
പെട്ടപാടെന്തന്നിനിക്കാവതോ ചൊല്ലുവാൻ?
പത്തുരൂകൂടിവണ്ണം പേർത്തുകാൺകവേ
പുത്തനായ്‍ത്തന്നേ ചമഞ്ഞിതാലോകവും.”
ഈ വർണ്ണന വളരെ ചമൽകാരജനകമായിരിക്കുന്നു.
രാമഭദ്രൻ വാല്മീകിയുടെ ഉപദേശാനുസൃതം സീതയെ കൈക്കൊള്ളാമെന്നു സമ്മതിച്ചു. എന്നാൽ തനിക്കു് സീതയെപ്പറ്റിയുണ്ടായിരുന്ന സംശയം ദേവിയുടെ അഗ്നിപ്രവേശത്തോടുകൂടി നീങ്ങിയെങ്കിലും ലോകാപവാദത്തെ ഭയപ്പടേണ്ടിയിരിക്കുന്നതിനാൽ, അതിനെ തീർത്തു തരേണമെന്നും അദ്ദേഹം അരുളിച്ചെയ്തു. ഇവിടെ രാമന്റെ സ്വഭാവത്തിനു് ഒരു വലിയ ന്യൂനത കവിവരുത്തിയിരിക്കുന്നു. വാല്മീകിയുടെ രാമനു് സീതയുടെ പാതിവ്രത്യത്തേപ്പറ്റി ശങ്കയേ ഉണ്ടായിരുന്നില്ല. നേരെമറിച്ചു് പ്രസ്തുത കവിയുടെ വാക്കുകളിൽ നിന്നു് അദ്ദേഹത്തിനു് സാക്ഷാൽ യജനസംഭവയും സകലലോകനാരീകുലഭൂഷാമണിയും ആയ ശ്രീജാനകീദേവിയിൽ ‘ചിത്തചഞ്ചലം’ ഉണ്ടായിരുന്നതായി ഒരു പ്രതീതിജനിക്കുന്നു.
പിറ്റേദിവസം പ്രാതഃകാലത്തിൽ രാമചന്ദ്രൻ ഉറ്റവരേയും മാലോകരേയും ഒക്കെ സഭയിൽ വരുത്തീട്ടു് വാലമീകിമുഖാന്തിരം ആ സ്ത്രീ രത്നത്തെ അവിടെ ആനയിച്ചു. ദേവിയാകട്ടേ,
“ഭാനുവംശോത്ഭവനായ ശ്രീരാമനേ
മാനസതാരുകൊണ്ടാലിംഗനം ചെയ്തു
കാനലിൽ പോയനാളിൽത്തുടങ്ങീട്ടുള്ള
ദീനതയൊക്കെയൊഴിച്ചു വൈദേഹിയും
ആനന്ദവൻകടലിൽ കുളിച്ചങ്ങനെ
താനേരമിച്ചു നിന്നീടുന്നു കാൽക്ഷണം”
എന്നാൽ വീണ്ടും പരീക്ഷനടത്താനുള്ള ഭാവം ഉണ്ടെന്നറിഞ്ഞപ്പോൾ ആ സ്ത്രീരത്നം,
“പണ്ടേതിലും മനഃഖേദമുൾക്കൊണ്ടുടൻ
കുണ്ഠഭാവത്തോടു കണ്ണുനീരുംതൂകി
കണ്ഠം കുനിച്ചതി സംഭ്രമം പൂണ്ടുതൻ
ഗണ്ഡങ്ങളും കരംകൊണ്ടു മറച്ചുടൻ”
രംഗാങ്കണത്തിലേക്കു നോക്കി ദുഃഖസാഗരനിമഗ്നയായിട്ടു്,
‘കാൽവിരൽ കൊണ്ടു വരച്ചു നീന്നീടിനാൾ’
അതുകണ്ടപ്പോൾ അവിടെനിന്ന മഹാലോകർക്കും കുണ്ഠിതമുണ്ടായി. ഇവിടെ കവി.
“ജനസ്തദാ ലോകപഥാൽ പ്രതിസംഹൃതചക്ഷുഷഃ;
തസ്ഥുസ്തേ വാങ്മുഖാസ്സർവേ ഫലിതാ ഇവ ശാലയഃ”
എന്ന രഘുവംശപദ്യത്തെ ഇങ്ങനെ വികസിപ്പിച്ചു ചേർത്തിരിക്കുന്നു.
“കണ്ടുനില്ക്കും ജനങ്ങൾക്കുമോരോതര-
മുണ്ടായ്‍ത്തുടങ്ങീ വിഷാദമതുനേരം;
തണ്ടുപറിഞ്ഞു വിളഞ്ഞ കതിർപോലെ-
യിണ്ടലോടും തല കുമ്പിട്ടുപോയിതേ
***
മല്ലാക്ഷിയേക്കൊണ്ടു വല്ലാതെ ദൂഷണം
വല്ലായ്മകൊണ്ടു പറഞ്ഞുപോയല്ലോ നാം
നല്ലതുമേലിൽ വരികയില്ലെന്നുമ-
ങ്ങല്ലലോടും തല കുമ്പിട്ടിതേവരും.”
‘വിശ്വത്തിനേകവിദ്വാനായ വാല്മീകി’ മഹാലോകരുടെ ശങ്ക നീങ്ങാതിരുന്നതു കണ്ടു് വിസ്മയത്തോടുകൂടി സീതയോടു് ഇങ്ങനെ പറഞ്ഞു.
“സീതേ! സതീജനം ചൂടുന്ന മാലികേ!
ഭൂതലം പെറ്റു പണ്ടുണ്ടായ പുണ്യമേ!
ഏതുമൊന്നും പിഴച്ചീല നീയെങ്കിലും
നീതികേടുണ്ടെന്നു ചൊല്ലുന്നിതു ചിലർ.
***
കാരുണ്യമില്ലായ്കകൊണ്ടു നാനാജനം
കാടുതന്നേ പറഞ്ഞീടുന്നതിങ്ങനേ
കാമിനീരത്നമേ കേട്ടാലുമിന്നിയും
കാന്തനു നിന്നെക്കുറിച്ചില്ല സംശയം.
കാംക്ഷയില്ലായ്കകൊണ്ടല്ലുപേക്ഷിച്ചതു
പാവകനും വിപ്രയോഗവും തങ്ങളിൽ
പാർത്താലൊരു ഭേദമില്ലെടോ സുന്ദരീ
പാവനമാമിസ്സഭാന്തരേ നില്ക്കുന്ന
പാർത്ഥിവന്മാരും മഹാമുനി ജാലവും.
പാരിൽ മറ്റുള്ള വർണ്ണങ്ങളും കേൾക്കവേ
പാൽ മൊഴിനീ പരമാർത്ഥം പറകടോ”
ഈ വാക്കുകൾ കേട്ടു് സീതാദേവി പറഞ്ഞ വാക്കുകൾ അത്യന്തകരുണവും വായനക്കാരുടെ നേത്രങ്ങളെ അശ്രുക്ലിന്നമാക്കുന്നതിനു പര്യാപ്തവുമാകുന്നു.
“മായാമയേ മാധവന്റെ ജായേ ദേവി
തായേ! ധരിത്രീ കേൾക്കേണമെൻവാചകം
നീയൊഴിഞ്ഞാരെനിക്കിന്നിമേലാശ്രയം?
ന്യായത്തിനൊത്തവണ്ണം തുണച്ചീടണം.
ബാല്യകാലത്തിങ്കലുണ്ടായൊരാപത്തു
മാലയിട്ടന്നു തീർന്നെന്നു ചിന്തിച്ചു ഞാൻ
മാലതുകൊണ്ടു മൊഴിഞ്ഞില്ല പിന്നെയും
കാലക്രമംകൊണ്ടു വർദ്ധിച്ചതേയുള്ളു.
തീയിൽ കുളിച്ചാറെ തീർന്നെന്നിരുന്നു ഞാൻ
തീയതു പിന്നെയും തീർന്നില്ല ദൈവമേ.
ശ്രേയസ്സിനേതുമേ പാത്രമല്ലായ്കമേ
കായത്തിനോടുകൂട്ടുണ്ടായ ദൂഷണം.
കത്തുന്ന തീക്കനൽ കട്ടയിൽ ചുട്ടാറെ
പത്തുപത്തിൽ പത്തിരട്ടിച്ചു പിന്നെയും.
ഭർതൃശുശ്രൂഷയും ചെയ്തു നാനാസുഖം
പൃത്ഥ്വിയും രക്ഷിച്ചു കൊണ്ടിരുന്നീടുവാൻ.
ദുർഭഗയാം നമുക്കെത്തില്ലൊരിക്കലും
കല്പനയ്ക്കുല്പവും നീക്കമുണ്ടായ്‍വരാ.
ഗർഭമുണ്ടെന്നു സന്ദേഹിച്ചിരുന്നനാൾ
കള്ളക്കൊടുങ്കാടു തന്നിൽ ക്കളഞ്ഞെന്നേ.
വെള്ളവും കായും തളിരുകളും തിന്നു
മുള്ളിലും കല്ലിലും സഞ്ചരിച്ചിത്രനാ-
ളുള്ളനാളും സ്വൈരമെന്തെന്നറഞ്ഞീല.
***
നാരികൾക്കുത്തമഭൂഷണമായതു
ചാരിത്രമെന്നല്ലോ കേൾക്കുമാറാകുന്നു
ശ്രീരാമചന്ദ്രനെയല്ലാതെ മറ്റൊരു
പുരുഷന്മാരെയും കാമിച്ചതില്ല, തൽ-
പൂമൈവിലാസമല്ലാതെന്റെ ഹൃത്തിനു
കോമളമെന്നു തോന്നീലൊരു വിഗ്രഹം.
എന്നാലുമിന്നിമ്മഹാലോകരൊക്കെയു-
മെന്നെക്കുറിച്ചൊന്നു ശങ്കിച്ചുകൊണ്ടതും;
ഇന്നിമേലൊന്നുമുണ്ടാകാതിരിക്കണ-
മെന്നതിനൊന്നുണ്ടു വേണ്ടുന്നതിന്നു നീ.
ഏവരും കണ്ടുനില്ക്കുന്ന നേരെത്തന്നെ
നീ വന്നുകൊണ്ടു പൊയ്ക്കൊൾക വിശ്വംഭരേ.
ജീവനാഥന്നു കാരുണ്യമില്ലായ്കയാൽ
ജീവിച്ചിരിക്കയിലാഗ്രഹമില്ലിനി.”
‘ചുട്ടെഴുന്നുള്ളൊടുകൂടി’ സീതാദേവി ഇങ്ങനെ ‘പട്ടാങ്ങുതന്നെ പറഞ്ഞ’ടങ്ങിയപ്പോൾ,
“എട്ടുദിക്കും മുഴങ്ങീടുമാറങ്ങനെ
പൊട്ടിപ്പിളർന്നു കാണായി മഹീതലം
പോൽചിലംപൊച്ചകേൾക്കായ് ഗുഹാന്തരേ
പിച്ചകപ്പൂവിന്റ വാടപൊങ്ങീ തദാ.
അച്യുതാനന്ത ഗോവിന്ദേതിനാമങ്ങ-
ളുച്ചരിക്കുന്ന ഘോഷങ്ങൾ കേൾക്കായിതേ.
ഊഴി കുഴിഞ്ഞന്ധകാരം വളർന്നെയ്തി
യാഴി കലങ്ങവേ വാദ്യഘോഷത്തൊടും
ഘോഷിച്ച ഗീതങ്ങളും കേട്ടു സർവരും.”
സർവജനങ്ങളും ഈ ഘോഷം കേട്ടു് കീഴ്പോട്ടു നോക്കിയ സമയത്തു,
“ആദിത്യകോടികളൊന്നിച്ചുദിച്ചപോ-
ലായതമായൊരു തേജസ്സു കാണായി.
ആയതു പിന്നെ ക്രമത്താൽ വളർന്നുട-
നാഖണ്ഡലൻ തന്നെ കോദണ്ഡമെന്നപോ-
ലാകാശമാർഗ്ഗത്തിൽ വിസ്തരിച്ചീടുന്നു.
ആയിരത്തെട്ടുതലയുള്ള പാമ്പിന്റെ
യാദിമൂർദ്ധാവിന്റെ മദ്ധ്യഭാഗത്തിങ്ക-
ലാനന്ദമുൾക്കൊണ്ടിരുന്നരുളീടവേ,
ആധാരശക്തിസ്വരൂപയാം ഭൂമിതാ-
നാകുലമെന്നിയുദിച്ചുയർന്നീടിനാൾ.”
സകല മുനിജനങ്ങളും ഭൂദേവിയെ വന്ദിച്ചു നിന്നു. ദേവിയാകട്ടെ അവരുടെ,
“ആലസ്യമെല്ലാമൊഴിക്കുമാറങ്ങനെ,
ചന്ദ്രികാഭംഗിനേടീടും മനോഹര-
മന്ദസ്മിതംതൂകി മൂടുന്നു ലോകരേ.”
തത്സമയം ഇന്ദ്രലോകത്തിൽനിന്നു്,
“ചന്ദ്രചൂഡന്റെ ജടാഭാരമധ്യത്തിൽ
മന്ദാകിനീജലം വീഴുന്നതുപോലെ”
മന്ദാരപുഷ്പം പൊഴിഞ്ഞു. വിശ്വംഭരയാകട്ടെ, തന്റെ പ്രിയപുത്രിയെ മെല്ലെന്നെടുത്തു് മടിയിൽവെച്ചുലാളിച്ചിട്ടു്,
“ഉത്തരീയംകൊണ്ടു കണ്ണുനീരും തൂത്തു
പത്തുരുവൂടെ മാറത്തു ചേർത്തീടിനാൾ.”
അനന്തരം ദേവിപവി ത്രിതാശേഷലോകയായ ശ്രീജാനകിയെ എടുത്തുകൊണ്ടുപോകാൻ ഭാവിച്ചപ്പോൾ, ശ്രീരാമന്റെ ഹൃദയം ‘ചെറ്റു വിറച്ചു’പോയി. അദ്ദേഹം തടുത്തിട്ടും ഭൂദേവി ‘കല്യാണകാന്തികലരുന്ന സീത’യേയുംകൊണ്ടു മറഞ്ഞുകളഞ്ഞു. അപ്പോൾ, ശ്രീരാമനുണ്ടായ ഭാവഭേദത്തെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“താപവും രോഷവും പൂണ്ടുശ്രീരാമനു-
മാപാദചൂഡം വിറച്ചുതിരുമേനി.
കോപാതിരേകേണ കണ്ണുചുവത്തീട്ടു്
ഭൂപാലചൂഡാമണി പറഞ്ഞീടുന്നു:-
‘പാപേ! വസുന്ധരേ! യെങ്ങുപോകുന്നു നീ?
പാതാളലോകമറിയുമെന്റേശരം.
പാരേഴിലെങ്ങാനു മുണ്ടെങ്കിൽനിന്നസു
പാടേയൊരുപിടി ഭസ്മമാക്കീടുവൻ.
പേടമാൻകണ്ണിയേക്കൊണ്ടുപോകായ്ക്കെടോ-
പേർത്തുപേർത്തും ഞാൻ പറഞ്ഞതുകേളാതെ
പേടികൂടാതെന്നെയും ധിക്കരിച്ച നിൻ-
പേരുമങ്ങീടുമാറരയ്ക്കാൽക്ഷണേ
പാലാഴിനാഥനും പാർവതീകാന്തനും
പാലിപ്പതിന്നപ്പുറംവരുന്നാകിലും
പാവകാസ്ത്രംകൊണ്ടു നിന്നെദുഃഖിപ്പിച്ചു
പാഥോനിധിക്കുള്ളിലെ കലക്കീടുവൻ”
എന്നുപറഞ്ഞിട്ടു് അദ്ദേഹം വില്ലും അമ്പുമെടുത്തുകൊണ്ടു് എഴുന്നേറ്റു ‘കോദണ്ഡവും പൂട്ടി ഞാണൊലിചെയ്ത’ മാത്രയിൽ ആഖണ്ഡലാലയംപോലും ഒന്നുകുലുങ്ങി.
“മാർത്താണ്ഡവംശസന്താനസമ്പത്തിന്റെ
ദോർദ്ദണ്ഡവീര്യം ജ്വലിക്കുന്നതുകണ്ട”പ്പോൾ,
“ബ്രഹ്മാണ്ഡമൊക്കെ ദഹിച്ചുപോമെന്നിട്ടു്
ബ്രഹ്മാദിദേവകളൊക്കേഭയപ്പെട്ടു.
ശ്രീകണ്ഠദേവനും ദേവകളും മറ്റു-
വൈഭണ്ഡകാദികളായ മുനികളും,
വൈകുണ്ഠവാസിനാരായണൻതന്നുടെ
വൈഭവംകണ്ടു വണങ്ങിസ്തുതിക്കുന്നു
ബാണമെടുത്തു വൈരത്തൊടുരാമനും
ഞാണിൽ തൊടുത്തു ജപിക്കുന്ന നേരത്തു,
പ്രാണികൾവെന്തെരിഞ്ഞോടുമാറങ്ങനെ,
കാണായിതസ്ത്രത്തിനഗ്രത്തിലഗ്നിയെ.
കാലാനലൽതന്റെ ഘോരകോലാഹല-
ജ്വാലകൾതട്ടി പ്രപഞ്ചം വിറയ്ക്കുന്നു.
മൂലപ്രകൃതികൾ സേവിച്ചുനില്ക്കവേ
ശൂലവുമാണ്ടു പല്ലും കഴറ്റിക്കൊണ്ടു
കണ്ണിൽക്കനൽകട്ട ചിന്തുമാറങ്ങനെ
വിണ്ണവനാട്ടിന്നെരിഞ്ഞുപൊങ്ങീടുന്നു.”
‘മണ്ണിലും വിണ്ണിലും’ ഉള്ള മഹാജനങ്ങൾ ഓരോ വഴിയ്ക്കു ഓടിത്തുടങ്ങി. “നാനാജനങ്ങടെ സങ്കടം കണ്ടിട്ടു്” വാല്മീകിമഹർഷി രാമചന്ദ്രന്റെ കോപമടക്കാനായി അജന്റെയും ഇന്ദുമതിയുടെയും കഥ പറഞ്ഞുകേൾപ്പിക്കയും, ഒട്ടുവളരെ സദുപദേശങ്ങൾ ചെയ്കയും ചെയ്തിട്ടു്, കുശലവന്മാരെ അദ്ദേഹത്തിന്റെ കൈയിൽ ഏൾപ്പിച്ചു. അജോപാഖ്യാനം വളരെ ഹൃദയംഗമമായിരിക്കുന്നു.
“അപ്രമാദന്മാരിൽ മുമ്പനാം രാഘവ-
നുൾപ്രസാദേന വാങ്ങിച്ചതൻപുത്രരേ
ഊഢപ്രമോദം ഖരാംശുവംശോത്തമൻ
ഗാഢമാശ്ലേഷവും ചെയ്തു സർവാത്മനാ.
പ്രശ്രയമോടെ വണങ്ങിനിന്നീടുന്ന
വിശ്രുതവിക്രമന്മാരായബാലരേ
അശ്രുബിന്ദുക്കൾ ചൊരിഞ്ഞുകൂടെക്കൂടെ
യശ്രമത്താലഭിഷേകവും ചെയ്യുന്നു.
സീതാവിയോഗാഗ്നിയാൽ ചൂടുപെട്ടാലും
പോതകാലോകേന ശീതളമാകയാൽ,
[3] ശീതോഷ്ണമായുള്ള രാമാശ്രുബിന്ദുക്കൾ
ഭൂതലംതന്നിൽ വീണീടുന്നനേരത്തു,
പാതി സൌഖ്യംപാതി ഖേദമെന്നിങ്ങനെ
ഭീതിയുമൊട്ടുകുറഞ്ഞുധരിത്രിക്കും.”
ശ്രീരാമചന്ദ്രന്റെ ഹൃദയത്തിൽ ക്രമേണ ‘പൂർവപക്ഷത്തിലെ വെണ്ണിലാവെന്നപോലെ’ മോദം വളരുകയും അന്ധകാരം ചുരുങ്ങുകയും ചെയ്തു.
“സന്തതിദാരിദ്ര്യപീഡിതന്മാർക്കഹോ
സന്താനമെന്നവർ ചിന്താമണിയല്ലോ.
ചിന്തിച്ചിരിയാതെകിട്ടിയസന്തതി
ചിന്താമണിപ്രൌഢ ചിന്താമണിയല്ലീ?”
അതുകൊണ്ടു് അദ്ദേഹം,
“ഭാർഗ്ഗവനോടും ബുധനോടുമൊന്നിച്ചു,
ഭാസ്കരൻതാനുദിച്ചീടുന്നപോലെയും
ഷൺമുഖനോടും ഗണേശനോടുംകൂടെ
വെണ്മഴുവേന്തും പുരാനെന്നപോലെയും”
വിളങ്ങി. സകലജനങ്ങളും രാമചന്ദ്രന്റെ സൌഭാഗ്യാതിശയത്തെ മുക്തകണ്ഠം പുകൾത്തി.
“വിണ്ണോർപുരത്തിലടിച്ചുപെരുമ്പറ,
തിണ്ണം മലർനിര തൂകിത്തുടങ്ങിനാർ.”
‘അന്നേരമുണ്ടായ വിസ്മയമോർക്കുമ്പോൾ’ കവിയുടെ ഹൃദയത്തിലും ‘ആമോദഭാരം പുലമ്പു’മാറായത്രേ.
അനന്തരം രാമചന്ദ്രൻ ‘പുത്രമിത്രഭ്രാതൃ’ജനങ്ങളോടുകൂടി സത്രശേഷത്തെനിർവഹിച്ചു. തദവസരത്തിൽ അർത്ഥിജനങ്ങൾക്കു് ഇച്ഛിച്ചതെല്ലാം അദ്ദേഹം നൽകയാൽ,
“പാരിടത്തിങ്കൽ വസിക്കും ജനങ്ങൾക്കു
ദാരിദ്ര്യകേളിക്കു ദാരിദ്ര്യമായ് വന്നു, [4] പോൽ”
യാഗസമാപ്തിക്കുശേഷം മന്നവർ രാമപാദങ്ങളിൽ കുമ്പിട്ടസമയത്തു
“പൊന്നുംകിരീടങ്ങൾ തമ്മിലിടഞ്ഞുട-
നുന്നതമായൊരു ശബ്ദമുണ്ടായ് വന്നു.
കല്പാന്തകാലത്തു കാർമേഖപംക്തികൾ
കെല്പുറ്റുതമ്മിൽ മുട്ടുന്ന രവംപോലെ
സ്വാമീ! ജയിക്കെന്നു ചൊല്ലുന്ന ശബ്ദവും,
വ്യോമത്തിൽ മുട്ടിപ്രതിധ്വനി കേൾക്കയാൽ
ഗോത്രഭിദാദിദേവപ്രൌഢരുംകൂടെ
യാത്രചൊല്ലീടുകത്രേയെന്നു തോന്നു ന്നുമേ.
ആജന്മശുദ്ധനായുള്ളശ്രീരാമന്റെ
പൂജനീയങ്ങളായുള്ളതൃക്കാലുകൾ
രാജയോഗത്തിൽ കിരീടരത്നങ്ങളിൽ
യോജിച്ചുവെവ്വേറെ കാണുന്നനേരത്തു,
സ്വാമിഭക്ത്യാ മൌലി ഭൂഷണത്തിങ്കലും
രാമപദാംഭോരുഹം പണിചെയ്തവർ.
നാമിപ്പദത്തിനു ദാസരെന്നിങ്ങനെ,
നേമിച്ചണിഞ്ഞീടുകെന്നതേ തോന്നുന്നൂ.”
ഈ ഭാഗങ്ങളിൽനിന്നു് കവി നല്ല മനോധർമ്മമുള്ള ഒരാളാണെന്നു ഗ്രഹിക്കാം.
ഒടുവിൽ ഭഗവാൻ രാക്ഷസന്മാരേയും വാനരന്മാരേയും സമ്മാനിച്ചയക്കുന്നതോടുകൂടി കഥ അവസാനിക്കുന്നു.
ഈ കവിതയിൽ അവിടവിടെ ‘എയ്തി’ ‘അസ്തമിച്ചായ്’ ഇത്യാദി ചില തമിഴുപയോഗങ്ങളും ചമ്പുക്കളിൽ സാധാരണ കാണാറുള്ള അനേക പ്രാചീനശബ്ദങ്ങളും കാണുന്നു. ഈ കൃതിയും സേതുബന്ധവും ഒരാളുടേതായിരിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. കവിക്കു ശബ്ദഭംഗിയിൽ വളരെ നിഷ്ഠയുണ്ടു്. ദ്വിതീയാക്ഷരപ്രാസം ഇല്ലാത്തിടത്തൊക്കെ ആദ്യക്ഷരപ്രാസം ഉപയോഗിച്ചിരിക്കുന്നു. മിക്കസ്ഥലങ്ങളിലും ഈ രണ്ടുതരം പ്രാസങ്ങളും മറ്റനുപ്രാസങ്ങളും പ്രയോഗിച്ചിട്ടുണ്ടു്. അവിടവിടെ കാണുന്ന അർത്ഥാലങ്കാരങ്ങളും സഹൃദയഹൃദയ ചമൽക്കരണചണയമായിരിക്കുന്നു.
11.38 കിരാതർജ്ജുനീയം കിളിപ്പാട്ടു്
ഈ കൃതിയ്ക്കു വളരെപ്പഴക്കം തോന്നിക്കുന്നു. നുറുങ്ങു, ചിനത്തു മുതിർന്തു, തോറ്റി, കൊറ്റവറു, മടന്തയർ, മകിഴ്‌ന്തു, ഉവന്നു, ഇത്യാദി ചില പ്രാചീനപ്രയോഗങ്ങൾ ഇതിൽ സുലഭമാണു്. കവിയേപ്പറ്റി, വെള്ളൂരുറ്റമർന്ന ദേവനെപ്പണിഞ്ഞു വസിക്കുന്ന ഒരു ഭൂസുരനാണെന്നുമാത്രമേ, അറിയാവൂ.
‘ബാലപ്രബോധനം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ‘നവാരണ്യ മഹാദേവനായിരിക്കുമോ പ്രകൃതകൃതിയുടെയും കർത്താവെന്നു സംശയിക്കുന്നു. അദ്ദേഹവും വെള്ളൂരമർന്ന ഗൌരീശനെ സ്തുതിച്ചുകാണുന്നുണ്ടു്. ഈ സംശയം സംഗതമാണെങ്കിൽ പ്രകൃതകൃതിയുടെ കർത്താവു് കോട്ടയം താലൂക്കിനു സമീപത്തു് പുതുമന എന്ന ഗൃഹത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു. പുതുമന എന്ന പേരിൽ രണ്ടുമൂന്നില്ലങ്ങൾ ഉണ്ടെങ്കിലും, കോട്ടയത്തെ പുതുമനയ്ക്കു സമീപം വെള്ളൂരെന്നു് ഒരു ക്ഷേത്രംകൂടി ഉള്ളതുകൊണ്ടു് അതായിരിക്കാനാണു് ഇടയുള്ളതു്. [5]
കിരാതർജ്ജുനീയത്തിനു അഞ്ചു പാദങ്ങൾ ഉണ്ടു്. ഒന്നാമത്തെ പാദം ഇങ്ങനെ ആരംഭിക്കുന്നു.
“പൂമണംകലർന്നോരു പൂങ്കാവിൻനടുവതിൽ
കോമളത്തണലൂടെ മന്ദമാം കാറ്റുമേറ്റു്
കാമരംപാടിവരും പൈങ്കിളിമകളേ നീ
ഏതൊരുദിക്കിൽനിന്നു മെല്ലവേവരുന്നിപ്പോൾ?
ചേതസിസുഖമുണ്ടു, ചൊല്ലുക വിശേഷങ്ങൾ
പാലോടുപഴങ്ങളും പഞ്ചതാരയുംനടേ
ചേലോടു തരുവേൻ ഞാൻ; വാർത്തകൾ പറകനീ.”
കവിയാൽ സംബുദ്ധമായ കിളി ‘കരുനാട്ടിൽനിന്നങ്ങുവന്നു്’ അവിടെയുള്ള ഒരു വന ഭൂമിയിൽ,
“ചന്തമോടോരോതരം ചെന്തളിൽനിറംചേരും
വമ്പെഴുമരയാലിൽ കൊമ്പത്തുകൂടുംവച്ചു്
കായ്ക്കനികളുംതിന്നു മെത്തിനസുഖമോടേ”
വസിക്ക ആയിരുന്നതുകൊണ്ടു്, നടന്ന സംഭവങ്ങൾ നല്ലപോലെ അറിഞ്ഞിരുന്നത്രേ.
പാണ്ഡവന്മാർ ചൂതിൽത്തോറ്റു് വനത്തിൽ വസിക്കവേ ഒരു ദിവസം, പാഞ്ചാലി,
“കൊറ്റവരാകുന്നൊരു നൂറ്റുവരോരോതരം
കുറ്റങ്ങൾ ചെയ്തതെല്ലാം”
ഓർത്തു ‘മുറ്റുന്ന കോപമുഖത്തോടുകൂടി’ ധർമ്മപുത്രരോടു്,
“രാജാവിന്നാറുഗുണം ശക്തികളൊരു മൂന്നും
മറ്റിനിയാറുജാതിയുള്ളൊരു ബലങ്ങളു-
മുറ്റിട്ടുമാർഗ്ഗമേഴും പറ്റിയേ കൈക്കൊണ്ടുടൻ
മാറ്റാനേവെല്ലുന്നോനെ രാജാവെന്നറിഞ്ഞാലും.
ഇന്നു നീ പടയോടു ചെന്നങ്ങുമടിയാതെ
മന്നവ! നൂറ്റവരെക്കൊല്ലുക വിരവോടെ.
ദുഷ്ടരാമവർചെയ്ത ദുഷ്ടതമറന്നിതോ?”
എന്നു് ഉൽബോധിപ്പിച്ചു. പാഞ്ചാലിയുടെ ദുഃഖാതിരേകം കണ്ടപ്പോൾ ഭീമസേനന്റെ ഭാവം പകർന്നു. അദ്ദേഹവും യുദ്ധം ചെയ്തു കൌരവന്മാരെ ഒടുക്കേണ്ടതാണെന്നും ജ്യേഷ്ഠനോടു പറഞ്ഞു. ഇവിടെ ഭീമന്റെ രൌദ്രഭാവത്തെ വേണ്ടപോലെ പ്രകാശിപ്പിക്കുന്നതിനു് കവി അസമർത്ഥനായി കാണപ്പെടുന്നു.
അഹങ്കാരം നന്നല്ലെന്നും സീതാദേവി അനുഭവിച്ച ദുഃഖത്തോടു സാദൃശ്യപ്പെടുത്തി നോക്കുമ്പോൾ “ദ്രൌപദിയ്ക്കെന്തുപിന്നെ ദുഃഖങ്ങളു”ണ്ടായതെന്നും മറ്റും പറഞ്ഞു്, ധർമ്മപുത്രർ അവരെ സമാധാനപ്പെടുത്തിക്കൊണ്ടിരിക്കവെ അവിടെ വ്യാസനും വന്നുചേർന്നു അർജ്ജുനൻ ശത്രുനിഗ്രഹത്തിനായി ശിവനെ സേവിച്ചു് പാശുപതാസ്ത്രം വാങ്ങേണമെന്നുപദേശിച്ചിട്ടു് അദ്ദേഹം മറഞ്ഞു. അതിനോടു കൂടി ഒന്നാം പാദവും അവസാനിക്കുന്നു. ഈ പാദത്തിലെ വൃത്തം കേകയാണെന്നു പറയേണ്ടതില്ലല്ലോ.
രണ്ടാംപാദത്തിൽ, ധർമ്മസൂനു അർജ്ജുനനെ വിളിച്ചു് തപസ്സിനായി പറഞ്ഞയക്കുന്നു. അർജ്ജുനന്റെ പുറപ്പാടു കണ്ടപ്പോൾ പാഞ്ചാലിക്കു്,
“ഭാവവുമൊന്നുപകർന്നു ചമഞ്ഞിതു
ദുഃഖംമനസ്സിൽ മുഴുത്തവൾക്കെത്രയും.
മാരതാപത്തോടു സങ്കടംകൊണ്ടവ-
ളാരുമല്ലാത്തൊരു ഭാഗത്തുചെന്നു തൻ-
കാന്തനോടുള്ള വിയോഗം പൊറാഞ്ഞവൾ
വ്യഗ്രം മുഴുത്തുടൻ കാൽകൊണ്ടു ഭൂമിയിൽ
മെല്ലേവരച്ചു കുമ്പിട്ടു നിന്നീടിനാൾ.”
‘ഏടലർ വന്നു വണങ്ങുന്ന’തായ ധനഞ്ജയൻ അവളേക്കാണ്മാനായി അങ്ങോട്ടു ചെന്ന സമയത്തു്,
“ചൂടുപൊങ്ങീമനക്കാമ്പിൽ മുന്നേതിലും
ചാടുന്നുകണ്ണുനീർ വാടീമനംതള-
ർന്നാടലോടുംമുഖം മാഴ്കിപ്പുരികുഴൽ
മെല്ലെന്നഴിഞ്ഞു പുതുമലർതാഴത്തു
ചേർത്താകുലം നെടുവീർപ്പുമിട്ടങ്ങനെ”
സ്വപത്നി നിൽക്കുന്നതു കാൺകയാൽ, ദുഃഖിതനായിട്ടു്,
“എന്താണിതോമലേ നിന്നെവേർപെട്ടുഞാ-
നിങ്ങനെപോകയിൽ ചാകയല്ലേഗുണം?
വട്ടവാർകൊങ്കയുമിട്ടും കളഞ്ഞുഞാ-
നൊട്ടല്ലകഷ്ടം നടക്കുന്നതേതുമേ.
ഒട്ടുംപൊറുക്കവല്ലായെനിക്കെങ്കിലും
ദുഷ്ടജനങ്ങളാം നൂറ്റുവർതമ്മുടെ
കൂട്ടംമുടിപ്പതിന്നഗ്രജൻ ചൊല്കയാൽ
മട്ടലർബാണനെച്ചുട്ടവൻ തന്നെഞാ-
നിഷ്ടംവരുമാറു സേവിച്ചുദിവ്യമാ-
മസ്ത്രവുംവാങ്ങി”
വേഗത്തിൽ തിരിച്ചു വരുന്നുണ്ടെന്നു് പറഞ്ഞു് അവളെ ആശ്വസിപ്പിച്ചു. ഈ വാക്കുകൾ കേട്ടു് അവൾ,
“ശങ്കരൻ തൻപദം കൈപണിഞ്ഞസ്ത്രവും
വാങ്ങിവൈകാതെ വന്നീടുകിങ്ങനെ
നിന്നെഞാനെന്നിനിക്കാണുന്നുവല്ലഭ!
ജീവനാഥ! മറക്കായ്കനീയെന്നെയും”
എന്നു ഉള്ളമഴിഞ്ഞു പറഞ്ഞ വാക്കുകേട്ടു്, അർജ്ജുനൻ,
“ബാലേമണമെഴും സുന്ദരപ്പെൺകൊടി
നീയെന്തിവണ്ണം പറഞ്ഞതിന്നോമലേ?
പൊൽപൂവിൻമാതിനോടൊത്ത ഗുണങ്ങളും,
മുല്ലപ്പൂതുമലർ ചൂടുന്നകേശവും,
ചേലൊത്ത ചില്ലിയും, നല്ലവാർകൊങ്കയും,
പുഞ്ചിരിക്കൊഞ്ചലും ഭാവവും ഭംഗിയും
വാണീഗുണങ്ങളും സാരസ്യരീതിയും
നല്ലകളികളും സംഗമാനന്ദവും
സ്നേഹവുംമോഹവും കാമരസങ്ങളം
ബാലേമറക്കാവതല്ലെനിക്കെങ്കിലും,
അഗ്രജന്മാരോടുമൊന്നിച്ചിരിക്കനീ
ഖേദിയായ്ക”
എന്നു ചൊല്ലീട്ടു് അവിടെനിന്നു നടകൊണ്ടു. പാഞ്ചാലി “അർജ്ജുനൻ പോയ്മറഞ്ഞീടുവോളം’ നോക്കിനിന്നു. അദ്ദേഹത്തിനോടുകൂടി അവളുടെ മനവും പൊയ്ക്കളഞ്ഞു.
ഈ ഭാഗങ്ങളിൽ കവി അർജ്ജുനന്റെയും പാഞ്ചാലിയുടേയും സ്വഭാവങ്ങൾക്കു തെല്ലും അപകർഷം വരുത്തീട്ടുണ്ടു്. ഒരു വീരപത്നിയുടെ നില പാഞ്ചാലിക്കു കാണുന്നതേ ഇല്ല അർജ്ജുനൻ കേവലം സ്ത്രീലോലൻ എന്നപോലെയും കാണപ്പെടുന്നു. ശൃംഗാരരസത്തോടാണു് കവിയ്ക്കു പ്രതിപത്തി. മറ്റു സ്ഥലങ്ങളിൽ കവിതയ്ക്കു ഒഴുക്കപോലും കുറവായിരിക്കുന്നു.
അർജ്ജുനൻ പോയ വഴിക്കുള്ള കാഴ്ചകളേയും കവി ദീർഘമായി വർണ്ണിച്ചിട്ടുണ്ടു്.
അർജ്ജുന തപോവർണ്ണന വളരെ ബാലിശമായിരിക്കുന്നു. അദ്ദേഹത്തിന്റെ ഉഗ്രതപസ്സുകണ്ടു ദേവകൾ പേടിച്ചു് ശ്രീപാർവതിയോടു് വിവരമറിയിച്ചതനുസരിച്ചു് ദേവി പരമേശ്വരസന്നിധി പ്രാപിച്ച്,
“വല്ലഭികേൾക്കനീയിമ്മലതന്നടി-
പ്പാട്ടിലിന്നുണ്ടൊരു മാനുഷനെത്രയും
ഘോരമായുള്ള തപസ്സുചെയ്യുന്നുപോൽ.
വീര്യവുംശൌര്യവുമുള്ളവൻപോലവൻ
ഇന്നിവനൊത്ത വരങ്ങൾകൊടായ്കിലോ
ലോകംദഹിക്കും തപസ്സിനാലേറ്റവും”
എന്നു അറിവിച്ചു.
മൂന്നാം പാദത്തിൽ പരമശിവൻ പാണ്ഡവന്മാരുടെ പാഞ്ചാലീസ്വയംവരംവരെയുള്ള കഥയെ ‘മാമലകന്നി’യോടു പറഞ്ഞു കേൾപ്പിക്കുന്നു.
പാഞ്ചാലീസ്വയംവരകഥാവിവരത്തോടുകൂടി നാലാംപാദം ആരംഭിക്കുന്നു.
“നളിനമടന്തയർ നടന്നുകളിച്ചുടൻ
ദ്രുപദപുരംതന്നിൽപെരികേവിളങ്ങുന്നു.
പുരുഷവരന്മാരും തരുണീജനങ്ങളും
ചമഞ്ഞുസ്വയംവരം ഭരിച്ചുതുടങ്ങിനാർ
***
വിരിഞ്ഞകുസുമങ്ങൾ വിതറിമരമെങ്ങും;
പരിചിൽപരിമളമിളകും മലർമാല
തെളിഞ്ഞുമണിഗണമണിഞ്ഞവിതാനങ്ങ-
ളിണഞ്ഞു മരങ്ങളൊരുങ്ങിവിളങ്ങുന്നു
അഴകിൽ നറുന്തേനങ്ങൊഴുകിവരുന്നോരു
കുസുമഗണമതിൽ പെരിയമണംകേട്ടു
പരിചിലണിവണ്ടും പെരികെനിറഞ്ഞിതു.
മണക്കുമകിൽധൂമം നിറഞ്ഞുപുരംതന്നിൽ.
നെടിയകൊടിമരം വടിവിൽനിറുത്തിയും
തടുത്തുകൊടിക്കൂര നിവിർത്തുചിതത്തൊടു
വളർന്നുകുലവാഴ, നിറഞ്ഞനിറകുടം
ചമച്ചുവിളക്കുകൾ കൊളുത്തിച്ചുഴലവും
ചെറിയതരുണികൾ കുളിച്ചുകുറിയിട്ടു
വെളുത്തപുടവകളുടുത്തു നിറത്തോടു
ചിരിച്ചുകളിച്ചെങ്ങും സുഖിച്ചുനടക്കുന്നു.
***
കൊടിയമുടിമന്നർ വരവുംതുടങ്ങീതു
കടലുമുടനടിയടിമപ്പെടുന്നോരു
ചെകിടുപൊടിയുമാറങ്ങലറും പടയുടെ
നടുവിലിടയിടെ നടന്നകുതിരകൾ
കുളമ്പുകിളറിയങ്ങിളകും പൊടികൊണ്ടു
നിറഞ്ഞഭുവനവുമധികമതിശയം.”
ഈ വർണ്ണനയിൽ കവിത്വസ്ഫുരണം നല്ലപോലെ കാണുന്നുണ്ടു്. സന്ദർഭാനുരോധേന രീതി മാറ്റിയിരിക്കുന്നതു നോക്കുക. ഓരോരോ രാജാക്കന്മാർ വില്ലെടുത്തു കുലപ്പാനായി ഭാവിച്ചപ്പോൾ,
“തളർന്നുകരങ്ങളുമൊടിഞ്ഞു; തലകളു-
മുടഞ്ഞു; വിവശതപിണഞ്ഞുപലജാതി.”
അർജ്ജുനനാകട്ടേ ശരമെയ്തുലക്ഷ്യം ഭേദിക്കായാൽ, അതു കണ്ടുകൊണ്ടിരുന്ന ദ്രൌപതി,
“പെരികേമണിഗണമണിഞ്ഞകരന്തന്നിൽ
മണക്കും മലർമാലയെടുത്തു ചിതത്തോട-
ങ്ങുഴലും മിഴിമുനയിളകി, നൃപന്മാരെ
ഭ്രമിപ്പിച്ചിളക്കിന വളകളണികുഴ-
ലലഞ്ഞു, കുളിർമുലകുലുങ്ങും നടയോടു-
മടുത്തു വിജയന്റെ കഴുത്തിൽ”
ചേർത്തപ്പോൾ “രാജാക്കന്മാർ എഴുന്നേറ്റു്, ബ്രാഹ്മണനിവിടെ കാര്യമന്തു്” എന്നു ചോദിച്ചുകൊണ്ടു് എതിർത്തു. വിജയനും ഭീമനും കൂടി അവരെ ഒക്കെ തോല്പിച്ചുവിട്ടു.
ശ്രീപരമേശ്വരൻ കഥ മുഴുവനും പറഞ്ഞുതീർന്നിട്ടു്, അവൻ വലിയ അഭിമാനിയാണെന്നും, ആ അഭിമാനം നശിപ്പിക്കേണ്ടതാണെന്നും അരുളിചെയ്തുകൊണ്ടു് ഒരു വേടന്റെ വേഷംധരിച്ചു.
“ചെറിയലതകൊണ്ടു മുറുക്കിത്തലമുടി
വളർന്ന മീശകളും വിരിച്ചുചിതത്തോടെ
തെളിഞ്ഞപളുങ്കുകളണിഞ്ഞു കുഴൽതന്നിൽ
മണക്കും മലർമാല പലതുമണിഞ്ഞുടൻ
വിരിച്ചുമയിൽപീലിയെടുത്തുമുളവില്ലു-
തൊടുത്തുമവർപൂണി മുറുക്കിശ്ശരങ്ങളും
പിടിച്ചുനടകൊൾവാനൊരുമ്പെട്ടതുനേരം”
മലമകളും ശബരിവടിവുചമഞ്ഞു കൂടെ പുറപ്പെട്ടു. അവർ മറ്റു വേടന്മാരോടുകൂടി അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്തുചെന്നപ്പോൾ, അദ്ദേഹത്തിനെ നിഗ്രഹിക്കുന്നതിനായി ദുര്യോധനനാൽ അയയ്ക്കപ്പെട്ടിരുന്ന മൂകാസുരൻ പന്നിയുടെ വേഷത്തിൽ പതുങ്ങിയിരിക്കുന്നതുകണ്ടു് ഒരു വേടൻ അവന്റെനേർക്കു് ശരം അയച്ചു.
ആ വേടൻനിലത്തുവീണു പിടച്ച പന്നിയുടെ അടുത്തുചെന്നു്
“മൂകാസുരവര! നീയും
പെരിയ മുനിശാപമതിൽനിന്നകന്നുപോം
വിജയനടുത്തുപോയഭയം കിടക്കനീ”
എന്നു പറഞ്ഞതനുസരിച്ചു്, അവൻ അർജ്ജുനസന്നിധിയിൽ ചെന്നു് അഭയം പ്രാപിക്കുന്നതിനോടുകൂടി നാലാംവൃത്തവും അവസാനിക്കുന്നു. കഥാശേഷം മുഴുവനും അഞ്ചാംപാദത്തിലാണു വിവരിച്ചിരിക്കുന്നതു്. കിരാതനും അർജ്ജുനനും തമ്മിലുള്ള യുദ്ധത്തിന്റെ വർണ്ണന വലിയ തരക്കേടില്ല.
ഈ കൃതിയുടെ നിർമ്മാണകാലം എഴുത്തച്ഛനു് അല്പം മുമ്പായിരിക്കാനാണു് ഇടയുള്ളതു്. ഇതിനുമുമ്പു് അച്ചടിപ്പിച്ചുട്ടുള്ളതായി അറിവില്ല. ഈയിടയ്ക്കു് എന്റെ സുഹൃദ്വരനായ മഹോപാധ്യായ കേ. പി. ശിവശങ്കരപ്പിള്ള ഒരു ഗ്രന്ഥം എവിടെനിന്നോ സമ്പാദിച്ചു് അച്ചടിപ്പിച്ചുവന്നതായി എനിക്കറിയാം. എന്നാൽ അവതാരിക പൂർത്തിയായോ എന്നു നിശ്ചയമില്ല. അതിനുമുമ്പു് ഹതവിധി അദ്ദേഹത്തിനെ അപഹരിച്ചുകളഞ്ഞു.
11.39 നാഗാനന്ദം കിളിപ്പാട്ടു്
ഇതു് ശ്രീഹർഷകൃതിയായ നാഗാനന്ദം നാടകത്തെ അധികരിച്ചു് രചിക്കപ്പെട്ടിട്ടുള്ള ഒരു സരസകൃതിയാണു്. അഭിനവകല്പഗ്രന്ഥമാലയിൽ മൂന്നാമത്തെ നമ്പരായിചേർത്തു് അച്ചടിപ്പിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവിന്റെ ഊരും പേരുമൊന്നും നിശ്ചയമില്ല.
നാഗാനന്ദം നാടകം അതിപുരാതനകാലം മുതല്ക്കേ കേരളത്തിലെ ക്ഷേത്രോപാസനയ്ക്കുള്ള ഒരു സാധനമായിരുന്നു. പറക്കുകൂത്തു മുതലായ അഭിനയ സമ്പ്രദായങ്ങൾ നാഗാനന്ദത്തെ അടിസ്ഥാനപ്പെടുത്തി നടപ്പിൽ വരുത്തിയിരിക്കുന്നവയാണു്. അതുകൊണ്ടു് ഈ കൃതിയെ ഇങ്ങനെ ഭാഷാഗാനമായി ഒരു കവി വിവർത്തനം ചെയ്തിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിൽ ഈ പാട്ടിന്റെ കൈയ്യെഴുത്തു പ്രതികൾ കാണുന്നതുകൊണ്ടുതന്നെ ഇതിന്റെ പ്രചാരപ്രാചുര്യം വ്യക്തമാകുന്നു. പദഘടനാസുന്ദരവും അക്ലിഷ്ടാർത്ഥരമണീയവും ആയ പ്രകൃതകൃതിയെ പ്രൌഢമായ ഒരു അവതാരികയോടുകൂടി ഭംഗിയായി അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ച മി. കെ. പി. ശിവശങ്കരപിള്ളയോടു മലയാളികൾ എന്നെന്നേയ്ക്കും കൃതജ്ഞതയുള്ളവരായിരിക്കും.
സ്വർല്ലോകജനപരിസേവ്യവും ദിവ്യാനന്ദപ്രദവും ഭാരതഖണ്ഡത്തിനു് സേതുപർവതവും ആയ ഹിമവാന്റെ പാർശ്വഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാധരപ്രവരാശ്രമത്തിൽ ജീമൂതകേതു എന്ന ധർമ്മപരായണനായ രാജാവു് ധർമ്മചാരിണിയും മഹാപുണ്യവതിയും ആയ സ്വപത്നിയോടുംകൂടി വാണിരുന്നു. ആ വിശിഷ്ടദമ്പതിമാർക്കു ജീമൂതവാഹനൻ എന്നൊരു പൂത്രനുണ്ടായി. അവൻ ‘ശ്വേതപക്ഷത്തിൽ ശീതദീധിതിയെന്നപോലെ’ വളർന്നുവന്നു. അവനു പ്രായപൂർത്തിവന്നപ്പോൾ മലയവതി എന്നൊരു കന്യകയെ പിതാവു വധുവായി നിശ്ചയിച്ചു. അനന്തരം പുത്രേച്ഛയനുസരിച്ചു് ജീമുതകേതു മലയപാർശ്വത്തിലേക്കു വാസം മാറ്റിയിട്ടു് അവിടെവച്ചു വിവാഹം ഭംഗിയായി നടത്തി.
അങ്ങനെയിരിക്കേ ഒരുദിവസം ജീമൂതവാഹനൻ സമുദ്രം കാണുന്നതിനായി പോകയും,
“മത്സ്യകച്ഛപദരാദ്യങ്ങളും ജലചര-
മത്സ്യജാതികൾ ഗജസൂകരാദികളും
ഉത്തുംഗതരംഗാഗ്രേമറിയുന്നതുകണ്ടു്”
പരമാനന്ദ സാഗരത്തിൽ നിമഗ്നനാവുകയുംചെയ്തു. അപ്പോൾ അവിടെ കുറെ പാന്ഥന്മാർ വന്നുചേർന്നു. അവരോടുകൂടിചേർന്നു നമ്മുടെ ജീമൂതവാഹനൻ മലയപാർശ്വത്തിൽ കയറി. തത്സമയം അവിടെ ശ്വേതമയമായ ഒരു ദിക്കുകണ്ടിട്ടു്, ഇതെന്താണെന്നു അദ്ദേഹം തന്റെ സഹചാരനമാരോടു ചോദിച്ചു. അവർ ഇങ്ങനെ അറിവിച്ചു:
“ശാന്തമാനസ! കേട്ടുകൊണ്ടാലും വിദ്യാധര-
ദർപ്പമുൾക്കൊണ്ടു വൈരംപൂണ്ടൊരുഖഗേശ്വരൻ
സർപ്പവൃന്ദത്തേ ഭക്ഷിച്ചീടുന്നു ദിനംപ്രതി
ആമിഷമൊടുവോളം ഭുജിച്ചസ്ഥിയായാൽ
സാമർഷമെടുത്തു താഴത്തെറിഞ്ഞീടുന്നതും
നിത്യമായതു വീണുവളർന്നു വളർന്നുള്ളോ-
രസ്ഥിയൂഥങ്ങളതെന്നറിക വിദ്യാധര!”
ഈ വാക്കുകേട്ടപ്പോൾ ജീമൂതവാഹനന്റെ ഹൃദയം അലിഞ്ഞു. ഗരുഡനിങ്ങനെ ഒരു കഠിനക്കൈ ചെയ്യുന്നതിനു കാരണമെന്താണെന്നു് അദ്ദേഹം വീണ്ടും ചോദിച്ചു. അവർ പറഞ്ഞുതുടങ്ങി.
“ഭദ്ര ഹേ! ശൃണുസഖേ! വാസ്തവംചൊല്ലാമല്ലോ
മാതാവേ ദാസിയാക്കിച്ചതിച്ചുനാഗമാതാ
ഖേദമുൾക്കൊണ്ടു താർഷ്യനതിനേയറിഞ്ഞിട്ടു
നാകത്തിലകംപൂക്കു ഘോരസംഗരംചെയ്തു.
പാകശാസനാദികളെ ജയിച്ചമൃതവും
ദീർഘബാഹുനാ ധരിച്ചാർത്തിതീർത്തുടൻവന്നു
ദീർഘപൃഷ്ഠാധിപന്മാർമുമ്പിൽ നൽകിനാൻ ശീഘ്രം
ദാസ്യഭാവവുംതീർത്തു രക്ഷിച്ചുതന്മാതരം;
ഹാസ്വഭാവവുംപൂണ്ടു മേവിനാൾ വിനതയും.
പത്രിനായകൻ വൈരമുൾക്കൊണ്ടു മധ്യേമാർഗ്ഗം
ഗോത്രാരിയോടു വരംവാങ്ങിനാൻ നാഗാശനും.
ഏവമീദൃശനാഗഘാതകനായാൻ താർഷ്യ-
നാവതില്ലെന്നു നാഗരാജനും ദുഃഖംപൂണ്ടാൻ.
സേവയാ ചെന്നു ഖഗേശ്വരനോടുരചെയ്തു.”
“നീവന്നു മുടിയ്ക്കായ്കിൽഞാനൊന്നു ചെയ്തിടുവൻ
ഓരോരോദിനംപ്രതി, നീ വാഴും വാനന്തരേ
യോരോരോ നാഗങ്ങളെ ഞാനയച്ചീടുന്നുണ്ടു്,
എന്നു സത്യവുംചെയ്തുപോയിതുനാഗപ്രഭു-
വെന്നതുമൂലം പന്നഗാശനൻ ഭക്ഷിക്കുന്നു.”
ഈ വാക്കുകൾ വിദ്യാധരന്റെ ഹൃദയത്തിൽ തീവ്രമായ സഹതാപം ജനിപ്പിച്ചു.
“ജന്മമുണ്ടായാൽ മരണംവരുമെന്നുദൃഢം
ജന്മമെന്നുള്ളവാക്യം സത്യമെന്നതു നൂനം
എങ്കിലെന്തൊരുത്തനെ രക്ഷിച്ചുമരിക്കിലോ
സങ്കടമില്ലഗതി വന്നീടുമെന്നു നൂനം”
എന്നുറച്ചുകൊണ്ടു്, അദ്ദേഹം അവിടെനിന്നു സ്വഗൃഹത്തിലേക്കു പോയി. ഇതിനോടുകൂടി ഒന്നാംപാദം അവസാനിക്കുന്നു.
പിന്നൊരിക്കൽ ജീമുതവാഹനൻ ലീലാരതനായി ചോലകൾ കണ്ടുകൊണ്ടുനടക്കുന്ന സമയത്തു് എവിടെനിന്നോ ഒരു ആർത്തനാദം അദ്ദേഹത്തിന്റെ ശ്രവണപുടത്തിൽ പതിച്ചു. ആ ആർത്തനാദം പുറപ്പെട്ട സ്ഥലത്തേക്കു ചെന്നപ്പോൾ, അദ്ദേഹം, ‘പുത്രമൃതിനിനച്ചത്യാകുലംപൂണ്ടു’
വിത്രസ്തയായിരിക്കുന്ന ഒരുത്തിയേകണ്ടു. അവൾ അദ്ദേഹത്തിനെ പത്രീശ്വരനാണെന്നു തെറ്റിദ്ധരിക്കയാൽ കരഞ്ഞുരുണ്ടുകൊണ്ടു,
“… ഭവാൻ വധിച്ചെന്നെബ്ഭുജിച്ചാലും,
കൊന്നീടരുതുമൽപുത്രനെപ്പക്ഷീന്ദ്ര!”
എന്നു പ്രാർത്ഥിച്ചു. ഈ കാഴ്ചകണ്ടു് കാരുണ്യഭാവേന,
“ഹസ്താംഗുലീം നാസികാഗ്രേഷു ചേർത്തുടൻ
വിദ്യാധരനും–അഹോ! പുത്രവാത്സല്യ-
മിത്യേവം”
എന്നു പുറകോട്ടുമാറി.
തത്സമയം ആ വൃദ്ധയുടെ പുത്രനായ ശംഖചൂഡൻ വന്നു്,
“പുത്രീശ്വരനല്ലിതുമമ മാതാവേ!
വക്ത്രാംബുജം കാൺകടർപ്പകസന്നിഭം;
ചന്ദ്രനിഭംമുഖം; ചന്ദ്രികാതുല്യമാം
മന്ദസ്മിതാഭയും കാൺക ദുഃഖാപഹം.
ചാരുകിരീടമണി കനകോജ്ജ്വലം
താരാപഥാന്തം വിളങ്ങുന്നതും കാൺക.
ഹാരകേയൂരാങ്ഗദാങ്ഗുലീയങ്ങളും
മാരസമാനലാവണ്യവുമത്ഭുതം
വിദ്യാധരപ്രവരോത്തമനത്രേയി-
ന്നത്തലൊഴിഞ്ഞീടുക മാതാവേ.”
എന്നു പറഞ്ഞിട്ടു പത്രീശ്വരപ്രഭാവത്തെ ഇങ്ങനെ വർണ്ണിച്ചു കേൾപ്പിക്കുന്നു.
“രക്തകിരീടവും രക്താന്തനേത്രവും
രക്തേക്ഷണമാം ചണ്ഡതുണ്ഡാഭയും
ഘോരമായുള്ള പക്ഷങ്ങൾ ഭയപ്രദം
ക്രൂരമായുള്ള നഖങ്ങൾ വജ്രോപമം”
വൃദ്ധയ്ക്കു അല്പം ആശ്വാസമായി. അവളോടായിട്ടു്; വിദ്യാധരൻ
“…ത്വൽ
പ്പുത്രരക്ഷാർത്ഥമിവിടെ വന്നീടിനേൻ
വിദ്യാധരനഹം,”
എന്നു പറഞ്ഞതോടുകൂടി അവൾക്കുണ്ടായ സന്തോഷത്തിനു് അളവില്ലായിരുന്നു.
ഇവിടെ കവി നാഗാനന്ദം നാടകത്തിലെ,
“മഹാഹിമസ്തിഷ്കവിഭേദമുക്ത-
രക്തച്ഛടാചർവിതചണ്ഡചഞ്ചുഃ;
ക്വാസൌ ഗരുത്മാൻ? ക്വ ച നാമസോമ
സൌമ്യസ്വഭാവാകൃതിരേഷ സാധുഃ?”
എന്ന പദ്യത്തെ എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.
ജീമുതവാഹനൻ ശംഖചൂഡന്നു പകരം വദ്ധ്യശിലയിൽ പോയിക്കിടന്നുകൊള്ളാമെന്നു സമ്മതിച്ചപ്പോൾ, ആ വൃദ്ധയുടെ മാതൃഹൃദയം അത്യന്തം തപിച്ചു.
“പുത്രന്മാർ നിങ്ങൾ ജീവിച്ചിരുന്നീടുവിൻ
പുത്രമൃത്യുകണ്ടിരിക്കുന്നതിനേക്കാൾ
വൃദ്ധയാം ഞാൻ പോയ്മരിക്കുന്നേനല്ലൂ”
എന്നത്രേ അവൾ പറഞ്ഞതു്. ശംഖചൂഡനും മഹാമനസ്കനായിരുന്നു. തനിക്കുവേണ്ടി മറ്റൊരാൾ മരണംപ്രാപിക്കാൻ അനുവദിക്കുന്നതിനു് അയാൾക്കു മനസ്സില്ലായിരുന്നു.
“മൽപ്രഭുകല്പിതം ലംഘിക്കരുതമ്മേ”
എന്നുപറഞ്ഞുകൊണ്ടു് അയാൾ പോവാൻഭാവിച്ചപ്പോൾ വദ്ധ്യചിഹ്നവുംകൊണ്ടു് രാജഭൃത്യനും വന്നുചേർന്നു, വിദ്യാധരൻ അടുത്തു ചെന്നു് “വദ്ധ്യചിഹ്നം തരികെന്നു’ യാചിക്കവേ, ശംഖചൂഡൻ,
“മത്സ്വാമികല്പിതം ലംഘിക്കരുതെന്നാ-
ലസ്മാകമൈഹികം സൌഖ്യഹീനം സഖേ!
ദുസ്സാധമർത്രേ ഭവാനിനി വൈകാതെ
ത്വത്സദനം പ്രതി പോക യഥാസുഖം.
ആസന്നമൃത്യുവായുള്ളോരു ഞാനനി
നാഥനാം മൃത്യുഞ്ജയനെ വണങ്ങണം”
എന്നു പറഞ്ഞിട്ടു് ശിവദർശനത്തിനായി പൊയ്ക്കളഞ്ഞു. മാതാവു് അതു കണ്ടു് അത്യന്തം ദുഃഖിച്ചു. എന്തു പ്രയോജനം? ജീമൂതവാഹനനാകട്ടെ തന്റെ ശ്രമം വ്യർത്ഥമായ്പോയല്ലോ എന്നുവിചാരിച്ചു് ഖേദത്തോടുകൂടി സ്വഗൃഹത്തിലേയ്ക്കു പോകാൻ ഭാവിച്ചപ്പോൾ, ശുഭലക്ഷണങ്ങൾ ഓരോന്നായി കണ്ടുതുടങ്ങി. അന്നു് കന്യാഗൃഹത്തിൽ നിന്നു് വസ്ത്രാദികളുമായി ഒരു ദൂതൻ ചെന്നു് ‘ഉണ്ണി എവിടെ?’ എന്നു ചോദിച്ചപ്പോൾ,
‘അവൻ കടൽകാണാൻ പോയിരിക്കുന്നു’ എന്നു ജീമൂതകേതു പറകയാൽ ആ ദൂതൻ നേരേ സമുദ്രതീരത്തിലേക്കു നടക്കവേ, മദ്ധ്യേമാർഗ്ഗം അദ്ദേഹത്തിനേ കണ്ടെത്തുകയും മാതുലദത്തമായ വസ്ത്രത്തെ ഏൽപ്പിക്കയും ചെയ്തു.
രക്താംബരം കൈവശം വന്നുചേർന്നതിനാൽ വിദ്യാധരവത്സൻ സന്തുഷ്ടനായിച്ചമഞ്ഞു. അതും ധരിച്ചുകൊണ്ടു് അദ്ദേഹം, ശംഖചൂഡൻ ചെന്നെത്തുന്നതിനു മുമ്പുതന്നേ, വദ്ധ്യശിലയെ പ്രാപിച്ചിട്ടു വദ്ധ്യചിഹ്നംകൊണ്ടു മൂടിക്കിടന്നു. ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.
ഗരുഡന്റെ വരവിനോടുകൂടിയാണു് മൂന്നാംപാദം ആരംഭിക്കുന്നതു്.
“കനൽ ചിതറുമണിമിഴികളനലകണപെയ്തുടൻ,
കായംകുലുക്കിക്കുതിച്ചുപൊങ്ങീടിനാൻ.
ചിറകടിയിലിളകിനൊരുപവനബലവേഗത്താൽ,
ചിന്തിപ്പലവഴിപാഞ്ഞു ഘനങ്ങളും.”
അദ്ദേഹം “ഉദരമതിൽ മരുവിനൊരുഹുതവഹവിരോധത്താൽ” “ഉണ്ടോ മമഭക്ഷണം?” എന്നു ചോദിച്ചുകൊണ്ടു, വദ്ധ്യശിലയിൽ നോക്കിയപ്പോൾ, അവിടെ ഒരു പുരുഷൻ ‘അതികരുണപൂണ്ടുടൻ ആനന്ദനിദ്രയിൽ മുഴുകി’യവനെന്നപോലെ കിടക്കുന്നതുകണ്ടു്, നേരേ കീഴ്പോട്ടുപറന്നു.
തത്സമയം,
“വിടപികളുമഖിലലതഗണവുമിളകിത്തത്ര
പോർത്തും ഞെരിഞ്ഞുവീണൂചിലവൃക്ഷങ്ങൾ.
വിഹഗകുലമതുപൊഴുതിലധികഭയമോടുടൻ
വിത്രസ്തരായൊളിച്ചാരന്യകാനനേ.
മൃഗതതികളതുപൊഴു തിലലറിയതിഭീതരായ്
മാഴ്കിത്തളർന്നന്യകാന്താരമുൾപ്പുക്കാർ
വൃഥയൊടപിവനചരരുമതിഭയമൊടന്നേരം
വിദ്രമിച്ചോടിയൊളിച്ചാർ ഗുഹകളിൽ”
ലോകമാസകലം വിത്രസ്തമായിരുന്നിട്ടും, ഈ വധ്യപുരുഷൻ ആർത്തിയൊഴിഞ്ഞുകിടപ്പതു് കാൺകയാൽ,
“എന്തിദം? അരുതരുതിതു രഗകുലമതിലൊരുവനല്ലിവൻ ആഹാരമിന്നുവേണ്ട” എന്നുറച്ചു. അനന്തരം വ്യഥയോടുകൂടി മലമുകളിൽ പറന്നിരുന്നുകൊണ്ടു്, അദ്ദേഹം പല ചിന്തകളിൽ മുഴുകി.
വൃത്തത്തിനുവേണ്ടി ഇവിടെ കവി ‘ലതാഗണം’ എന്നതിനുപകരം ലതഗണം എന്നു പ്രയോഗിച്ചിരിക്കുന്നു.
“മമചിറകിലിളകിനൊരുപവനബലമേൽക്കവേ
മാഴ്കിക്കരഞ്ഞുരുണ്ടോടുമഹിഗണം.
ഇവനൊരുവനതികഠിനഹൃദയനിതി നിർണ്ണയ-
മില്ലഭുജംഗമന്മാർക്കിത്രധൈര്യം ദൃഢം
മരണഭയമിവനു നഹികിമിദമതി വിസ്മയം!
മറ്റൊരുജാതികൾവന്നു മരിക്കുമോ?
അഹികളിലുമതികഠിനഹൃദയമുടയോർ ചില-
രല്ലാതൊരുവൻ വരാമരിച്ചീടുവാൻ”
ഈവിധം പലതും ചിന്തിച്ചുചിന്തിച്ചു് ‘വിശ്വാന്തരകോപന’വീണ്ടും വദ്ധ്യശിലയിലേക്കു പറന്നടുത്തു; പിന്നെയും ശങ്കിച്ചു പിൻവാങ്ങിക്കളഞ്ഞു. വിശപ്പു ദുസ്സഹമായിരുന്നതിനാൽ,
“മരണമതുവരുവതിനുകരുതിയൊരുവൻവന്നാൽ
മാറ്റലരെപ്പോലെ കൊൽകെന്നതേയുള്ളു.”
എന്നു കരുതികൊണ്ടു് അദ്ദേഹം മൂന്നാമതും വദ്ധ്യശിലയിലേക്കിറങ്ങിയിട്ടു്, വിദ്യാധരനെയും കൊത്തികൊണ്ടു് പറക്കവേ,
“വിദ്യാധരന്തലതാണതിനാലുടൻ
ചികുരഭരമതിൽ മരുവുമഴകുടയരത്നമാം
ചൂഡാമണിയും തെറിച്ചുവീണൂതഥാ.”
അതു ദൈവേച്ഛയാ വിദ്യാധരാങ്കണത്തിലാണു് പതിച്ചതു്. ജീമൂതകേതു ആരത്നത്തേ കണ്ടിട്ടു്, അതിനെ എടുത്തുകൊണ്ടുവരുന്നതിനു് മലയവതിയോടു പറഞ്ഞു. അതു സ്വഭർത്താവിന്റെ ചൂഡാരത്നമാണെന്നു് ഒരു നോട്ടത്തിൽ അവൾ മനസ്സിലാക്കി.
ഗരുഡനാകട്ടെ വിദ്യാധരനെ മലയശിരസ്സിൽ കൊണ്ടുചെന്നു വെച്ചിട്ടു ഭക്ഷിച്ചുതുടങ്ങി.
“ഉദരതലമുരപലലമുടനുടനശിച്ചുടൻ
ഉദ്ഗാള ്യരക്തപാനം ചെയ്തതുനേരം
അവനുദരമതിൽ മരുവുമുതവഹനദീപ്തിയും
തെല്ലുശമിച്ചതിനാൽ”
അദ്ദേഹം തന്റെ ഭക്ഷ്യപുരുഷനെ ഒന്നു നോക്കി. ഉരഃപലലത്തെ ഇവിടെ വൃത്തത്തിനു വേണ്ടി ഉരപലലമാക്കിയിരികുന്നു.
എന്തൊരു വിസ്മയം! അവന്റെ മുഖത്തു് മന്ദഹാസം കളിയാടിക്കൊണ്ടിരുന്നു. ഗരുഡൻ ചിന്തിച്ചു തുടങ്ങി;
“ഉരഗപരിവൃഢരിലൊരുപുരുഷനുമിതല്ലഹോ!
യുക്തമല്ലിന്നുഞാൻ ഭക്ഷിച്ചതും കഷ്ടം!
ഇവനുടയകുലമഹിമയറിയരുതു ചിന്തിച്ചാ-
ലിന്നവനെന്നറിഞ്ഞേഭുജിച്ചീടാവൂ”
എന്നുറച്ചുകൊണ്ടു് അദ്ദേഹം മാറിയിരുന്നപ്പോൾ. ജീമൂതവാഹനൻ ഇപ്രകാരം പറഞ്ഞു:
“വിനതസുത, ഗരുഡ, പുനരുഴറിനോക്കൊന്നുനീ
വിഭ്രരമോ? കാണൊഴുകുന്നുരക്തവും.
അരിയമമതനുപിശിതമറികിനിയു മുണ്ടെടോ.
ആത്മതൃപ്തിനിനക്കുണ്ടായിലേതുമേ.
ഇതുസമയമിഹ വിരതിമതി തവ ഭവിച്ചതെ-
ന്തിച്ഛാനുരൂപേണ ഭക്ഷിച്ചുകൊൾകെടോ”
ഈ ‘സ്മിതമൃദുലമധുരതരവചനം’ കേട്ടു് ഗരുഡൻ,
‘അറിവുടയതവചരിതമഖിലമറിവുറ്റല്ലാ
ലാശുഭുജിക്കുന്നതില്ല’
എന്നു പറകയാൽ; വിദ്യാധരൻ വീണ്ടും നിർബന്ധിച്ചു. ഇങ്ങനെ അവർതമ്മിൽ തർക്കിച്ചുകൊണ്ടിരിക്കവേ ശംഖചൂഡനും വദ്ധ്യശിലയിൽ വന്നുചേർന്നു. വിദ്യാധരൻ തന്നെ ചതിച്ചുകളഞ്ഞു എന്നു അപ്പോഴാണു് അദ്ദേഹത്തിനു മനസ്സിലായതു്. ശംഖചൂഡന്റെ അപ്പോഴത്തെ അവസ്ഥ എങ്ങനെ വർണ്ണിയ്ക്കേണ്ടു? അദ്ദേഹം രക്തപങ്കിലമായ ശിലകണ്ടു്,
“ഹര! വരദ! പുരമഥന! ശിവകരുണവാരിധേ
ഹാഹാ! വൃഥാ ഫലമായ് മമ ജന്മവും”
എന്നു ദീനദീനം വിലപിച്ചു. ഇവിടെയും വൃത്തത്തിനുവേണ്ടി കവി കരുണവാരിധേ എന്നു പ്രയോഗിച്ചിരിക്കുന്നു. ഒടുവിൽ ശംഖചൂഡന്നു, ഒരു യുക്തിതോന്നി.
“രുധിരകണമനുസരനിമലയമുകളേറി ഞാൻ
രൂക്ഷതയേറും ഗരുഡാന്തികേപുക്കു
പരുഷതരപല വചനമവനൊടുരചെയ്യുമ്പോൾ
പക്ഷീശ്വരൻ കൊലചെയ്തീടുമെന്നെയും”
എന്നു കരുതിക്കൊണ്ടു ആ യുവാവു് മലമുകളിലേക്കു കയറുംവഴിക്ക് താഴത്തായി ഒരു ആശ്രമംകണ്ടു. അതു ജീമൂതകേതുവിന്റെ ഗൃഹമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. ശംഖചൂഡനെകണ്ടു്, ആ വൃദ്ധൻ,
“ഉരഗവരമകുടമണിമഹൃതകിം?” എന്നു ചോദിച്ചു. അതിനു മറുപടിയായി ആ യുവാവു്,
‘ത്രിഭുവനമണിയുമൊരുമണിമകുടരത്നമേ!
ദിക്പാലകോപമ! ഹാ! മുഷിതോസ്മി ഭോ!’
എന്നു പ്രതിവചിച്ചു.
‘ആവേദയ തവ ദുഃഖൈകകാരണം’ എന്നു വൃദ്ധൻ വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം ജീമൂതവാഹനന്റെ കഥയെ വിസ്തരിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ, വൃദ്ധനും പത്നിയും പുത്രഭാര്യയും മോഹിച്ചു നിലംപതിച്ചുപോയി. അതുകണ്ടു ശംഖചൂഡൻ ഇങ്ങനെ വിലപിച്ചു.
“ഹര! ഗിരിശ, പുരമഥന, ദുരിതഹര, ശങ്കര,
ഹാഹാ! ഹതോഹമപവാദഭാജനം.
ധരണിതലമതിൽ മരുവുമഖിലജനമേവരു-
മത്രനിന്ദിച്ചുരചെയ്തീടുമെന്നെയും.
വിശദമതിവിമലതരഗുണഗണവിരാജിതൻ
വിദ്യാധരോത്തമൻ രക്ഷിച്ചതാശ്ചര്യം!
അവനുനഹിനരകമിനിയമരുലകിൽ വാഴുവോ
നാശുഗുണമുടജീമൂതവാഹനൻ
ഉരഗമവനൊടുപകരമെന്തൊന്നുചെയ്‍വതു്?”
ഇവിടെ കവി, “അഹോ! പ്രാണപ്രദസ്യസദൃശം പ്രത്യു പകൃതം ശംഖചൂഡാമണേഃ” എന്ന നാടകവാക്യത്തെ എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.
“ഉരഗമവനൊടു പകരമെന്തിഹചെയ്വതു
മുറ്റതുചൊല്ലുവേനേവരും കേൾക്കണം.
മരണമതു പരിചിനൊടൊഴിച്ചരക്ഷിച്ചൊരു
മംഗലജീമൂതവാഹനൻ തന്നുടെ
ജനകജനനിയെയു മവനുടെ ഗൃഹിണിതന്നെയും
ജീവിതഹാനിവരുത്തിനാൻ കശ്മലൻ.
ഇവനുഗതിവരുവതിനൊരുദിനവുമെളുതല്ല–
യില്ലനിർഭാഗ്യവാന്മാർ ശംഖചൂഡോപമർ”
ശംഖചൂഡന്റെ ഈ വിലാപം ശിലയുമലിയുമാറുകുരുണമായിരിക്കുന്നു.
ഇങ്ങനെ വിലപിച്ചിട്ടു് അദ്ദേഹം, “ഹിമസലിലസമജലവുമിതമൊടു തളിച്ചുടൻ” ‘ഹേമന്തഭൂതസമാനം’ തണുപ്പിച്ചു അവരെ പുനർജീവിപ്പിച്ചു. അപ്പോൾ വൃദ്ധൻ,
“വ്യളോത്തമ! ചിതകൂട്ടുക വൈകാതെ
മമതനയമരണമതുകണ്ടു ദുഃഖത്തിനായ്
മാനുഷലോകേ വസിക്കുന്നതില്ല ഞാൻ.
സുതനമരുമമരുലകു സുഖമിനിയെനിക്കഹോ!
ദുഃഖമൊഴിഞ്ഞു ചിത ചമച്ചീടുക.”
എന്നു അപേക്ഷിക്കവേ, ശംഖചൂഡൻ, ‘അങ്ങയുടെ പുത്രൻ മരിച്ചുകാണുകയില്ല’ എന്നും മറ്റും പറഞ്ഞു് സമാധാനപ്പെടുത്തിയിട്ടു് മലയശിരസ്സിലേക്കു കയറി.
കഥാശേഷത്തെ നാലാംപാദത്തിൽ വിവരിച്ചിരിക്കുന്നു.
പർവതശൃംഗങ്ങൾ നോക്കിക്കൊണ്ടു് ആ യുവാവു് പോകുമ്പോൾ ‘തോണിപോൽ രണ്ടിടത്തു്’ കുഴിഞ്ഞിരിക്കുന്നതു കണ്ടുവത്രേ. അതു്,
“ദർപ്പമുൾക്കൊണ്ടു വൈനതേയനും കോപത്തോടെ
സർപ്പവൃന്ദത്തെ ക്കൊത്തി ബ്ഭക്ഷിച്ചീടുന്നനേരം
രക്തവും മാംസവും കൂടുണങ്ങിത്തടിക്കുമ്പോ-
ളുഗ്രതുണ്ഡാഗ്രം തേച്ചു കുഴിഞ്ഞ”
തായിരിക്കമമെന്നു ശംഖചൂഡൻ ഊഹിച്ചു.
പർവതശിരോഭാഗത്തിലുള്ള വൃക്ഷവൃന്ദങ്ങളെല്ലാം പക്ഷീന്ദ്രനേത്രാഗ്നിയാൽ ദഗ്ദ്ധമായിട്ടു് വറണ്ടു കാണപ്പെട്ടു.
“പർവതശിരോഭാഗേ സമഭൂതലം കണ്ടാൻ
ഗർവമുൾക്കൊണ്ടേർ പൂട്ടിയുഴുതു മറിച്ചപോൽ.
കിമിദം? നാഗങ്ങളെഗ്ഗരുത്മാൻ കൊത്തുന്നേര-
മമിണ്ണനഖങ്ങളാൽ പിളർന്നതിതെന്നോർത്താൻ”
പത്രീശനെക്കണ്ടമാത്രയിൽ ശംഖചൂഡൻ അടുത്തുചെന്നു്
“ന ഖലു നഖലുനിൻ സാഹസമനുഷ്ഠേയം
നാഗമല്ലിവൻ നാഗം ഞാൻ”
എന്നും, “എന്നെ നീ ഭുജിക്കവൻ തന്നെ നീയുപേക്ഷിക്ക” എന്നും പറഞ്ഞുകൊണ്ടു് തന്റെ വക്ഷസ്ഥലത്തെ ‘തുണ്ഡാഗ്രത്തിൽ’ ചേർത്തു. എന്നാൽ ഗരുഡൻ ലജ്ജിച്ചു പിൻവാങ്ങിക്കളഞ്ഞു. ഇതുകണ്ടു് ശംഖചൂഡന്റെ കോപം സീമയെ അതിലംഘിച്ചു.
“രേരേ! ജളപ്രഭോ! രക്തപ കുണ്ഡോദര
നേരറിയാതെ ഭക്ഷിച്ചീടിന ദുരാത്മാവേ!
ഭോഷ്കല്ലിവനെയുമെന്നെയും സൂക്ഷിച്ചു കാൺ
വാക്കമികൃതികളും നോക്കു നീ! സൂക്ഷിച്ചുകൊൾ.”
ഈ ഭർത്സനം കേട്ടിട്ടു് “വദ്ധ്യചിഹ്നമുണ്ടിരുവർക്കും” എന്നു ഗരുഡൻസമാധാനം പറഞ്ഞുനോക്കി. അപ്പോൾ “വദ്ധ്യചിഹ്നത്തേ നോക്കിയല്ലയോ ഭുജിച്ചു നീ” എന്നായി ചോദ്യം? അദ്ദേഹം ശംഖചൂഡന്റെകോപത്തെ ശമിപ്പിക്കാൻ കഴിയുന്നത്ര നോക്കിയിട്ടും ഫലിച്ചില്ല.
“പക്ഷീന്ദ്രജളപ്രഭോ! കേൾക്കണമിന്നും ചൊൽവേ-
നീക്ഷ്യതേ വിദ്യാധരമകുടമണിപ്രഭാ
സാക്ഷാൽ ശർവരീശ്വരസന്നിഭം, മനോഹരം.
മൽക്കിരീടം കാൺക നീ ധൂമ്രവർണ്ണമല്ലയോ?
മച്ഛിരോബ്രഹ്മരന്ധ്രേ കാൺക നീ ഫണമെന്നാൽ
തച്ഛിരോഭാഗേ ഫണമുണ്ടോ? ചൊൽ ബുഭുക്ഷിതം
ഭൂഷിതസ്വർണ്ണവർണ്ണ ഭൂഷണപ്രഭേദവും
വേഷവർണ്ണവുമറിയാതെ ഹാ കഷ്ടം കഷ്ടം!
കേട്ടാലും ജീമൂതവാഹനനെന്നിവൻ നാമം
ഗോഷ്ഠിയാകിന തവ കീർത്തിയും നശിച്ചു കേൾ.”
ഇപ്പോഴാണു് ഗരുഡനു കഥ മനസ്സിലായതു്. ജീമൂതവാഹനനേപ്പറ്റി അദ്ദേഹവും കേട്ടിരുന്നു.
“രത്നസാനുവിൽനിന്നും കൈലാസഗിരിയീന്നും
യക്ഷകിന്നരസിദ്ധഗന്ധർവാദികളെല്ലാം
ശിക്ഷയായ് ഗീതം പാടുമിവനേക്കൊണ്ടുമോദാൽ.
ഇത്ര മാഹാത്മ്യമുള്ള ജീമൂതവാഹനനേ
ക്ഷുത്തൃഡാദികളാലേ ഭുജിച്ചേനല്ലോ കഷ്ടം!
യശസ്സാം ജ്യോൽസ്നാമധ്യേ വിഹരിച്ചിരുന്ന ഞാൻ
ആയിരംപങ്കംതന്നിൽ നിമഗ്നനായേനല്ലൊ.
ഭക്ഷണാഗ്രഹവുമൈഹികവുമിനിവേണ്ടാ;
ശിക്ഷയായ്ദേഹത്യാഗം ചെയ്യുന്നേനതേ നല്ലൂ.”
എന്നു അദ്ദേഹം വിചാരിച്ചു. എന്നാൽ എങ്ങനെ മരിക്കും?
“ഗരളംകൊണ്ടു മമ മരണം വരായല്ലോ
ഗിരിമൂർദ്ധ്നിനിന്നു കീഴ്പോട്ടങ്ങുരുണ്ടാലും
മരിക്കയില്ല; പക്ഷംതന്നുടെ പതുപ്പിനാൽ
സമുദ്രംതന്നിൽച്ചാടിമരിപ്പാനുദ്യോഗിച്ചു
ശ്രമിച്ചാലെളുതല്ല; വിരയേ വരാമൃത്യു”
വഹ്നിയിൽച്ചാടി മരിക്കാമെന്നുവച്ചാൽ അതു അടുത്തെങ്ങുമില്ലതാനും. ഇപ്രകാരം വിചാരിച്ചുകൊണ്ടുനില്ക്കവേ,
“വഹ്നിതേജസാതുല്യം കാണായ്വന്നിതുദൂരേ
വഹ്നിയുണ്ടെങ്കിൽ, പിറകേവരുമവർ കൈയിൽ.”
എന്നിങ്ങനെ കൌതുകംപൂണ്ടു ഗരുഡൻ അവരെ പ്രതീക്ഷിച്ചു നില്പായി.
അതുകണ്ടു് അവർ വിദ്യാധരപിതാക്കന്മാരും ഗൃഹിണിയുമാണെന്നും അവർ പ്രാണത്യാഗാർത്ഥം ചിതയുണ്ടാക്കാനായി കൊണ്ടുവരുന്ന അഗ്നി അദ്ദേഹത്തിനു നൽകിയില്ലെന്നും ശംഖചൂഡൻ പറകയാൽ ‘പത്രീശൻ ത്രസ്താകുലനായതിതാപത്തോടും’ കൂടി ഇങ്ങനെ നിരൂപിച്ചു.
“വിദ്യാധ്രപിത്രാദികൾ പുത്രാർത്തികൈകൊണ്ടുട-
നദ്യുർമേ ദുർഭാഷണം ചെയ്വതുകേളാതിനി,
വഹ്നിയില്ലാഞ്ഞു പരിതാപമെന്തിനുമമ?
വഹ്നിയുണ്ടല്ലോ ബഡവാനലൻ മഹാസാരൻ
പക്ഷമാരുതവേഗാലേറ്റവുംജ്വലിപ്പിച്ചു
ശിക്ഷയായ് വീണു ഭൂതിയാക്കുവൻ മദ്ദേഹവും”
ഗരുഡന്റെ ഈ ഉദ്യമത്തെ പരമകാരുണികനായ വിദ്യാധരൻ കണ്ടു്, ‘പശ്ചാത്താപം എന്ന മന്ത്രത്തെ അഹിംസാവ്രതപൂർവം അനുഷ്ഠിക്കാൻ ഉപദേശിച്ചിട്ടു്’ സമാധാനപ്പെടുത്തി അയച്ചു. അന്നുമുതല്ക്കു സർപ്പങ്ങൾക്കു നിർഭയം ജീവിക്കാൻ സാധിച്ചുവെന്നേ പറയേണ്ടു. ഇങ്ങനെ ജീമൂതവാഹനന്റെ ഉപദേശം സഫലമായി.
ജീമൂതകേതു ‘ദുഃഖാർണ്ണവനിമഗ്നഹൃദയനായ് ബാഷ്പപൂർണ്ണാക്ഷനായേ” വാവിട്ടു നിലവിളിച്ചു. അദ്ദേഹത്തിന്റെ പത്നിയായ മഹാപുണ്യയാകട്ടെ, വിഗതധൈര്യയാവാതേ, വൃത്രാരാതിയെ വിളിച്ചു്,
“വൃത്രാരേ! ലോകത്ത്രയകർത്താവേ! പുരന്ദര!
സൂത്രാമൻ! ദിവസ്പതേ! പാലയ മമാത്മജം
ഗോത്രാരേ! സഹസ്രാക്ഷ! താവകം സുധയാലേ
യാർത്തിതീർത്താത്മജനെപ്പാലിക്ക ശചീപതെ!”
എന്നിങ്ങനെ പ്രാർത്ഥിച്ചപ്പോഴാണു് ഗരുഡനു് അമൃതത്തിന്റെ കഥയോർമ്മവന്നതു്. അതുകൊണ്ടു് അമൃതാഹരണാർത്ഥം അദ്ദേഹം ഉടൻതന്നെ തിരിച്ചു.
ജീമൂതകേതുവിനു് ഒരു സമാധാനവും ഉണ്ടായില്ല: ഒരു ചിത തയ്യാറാക്കാനായി അദ്ദേഹം ശംഖചൂഡനോടപേക്ഷിച്ചു. ഇങ്ങനെ എല്ലാവരും ദുഃഖിതരായി, ‘താർണ്ണ്യപല്യങ്കസ്ഥല’ത്തിൽ വീണുമോഹിക്കവേ ശൈത്യസൌരഭ്യത്തോടുകൂടി മന്ദമാരുതൻ ഒന്നു വീശി. ഊർദ്ധ്വഭാഗത്തു് ഒരു ‘ഹൃദ്യാരവം’ കേൾക്കായി. ഇതെന്താണു്? എന്നു് എല്ലാവരും മേല്പോട്ടു നോക്കിയപ്പോൾ,
“ചന്ദ്രബിംബാഭയോടെ കാണായി ദിവ്യയാനം
വെൺകറ്റക്കുടതഴ വെൺചാമരകളോടും
ഭംഗ്യാകണ്ടിതു സുരസുന്ദരിമാരെ മുമ്പിൽ
തന്മധ്യേ സ്വർണ്ണപീഠേ സംസ്ഥിതയായ് മോഹന
ചിന്മയീ മായാമയീ സന്മയീ ഗൌരിതന്നേ.”
എല്ലാവരും ദേവിയേ സാഷ്ടാംഗം പ്രണമിച്ചു. ഭക്തവത്സലായജഗദംബിക ജീമൂതവാഹനനെ ജീവിപ്പിച്ചു്, ചക്രവർത്തിയായി അഭിഷേകം ചെയ്തു. ഗരുഡൻ ചെയ്ത പീയുഷവർഷം പതിച്ചപ്പോൾ അവിടെ കിടന്നിരുന്ന സർപ്പാസ്ഥികൾപോയും പുനർജീവിച്ചു. ഇങ്ങനെ എല്ലാം മംഗളമായി കലാശിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
ഈ കവിയുടെ പ്രതിഭാശക്തി പ്രകൃതകൃതിയുടെ എല്ലാഭാഗങ്ങളിലും തെളിഞ്ഞുകാണാം. ഇതു നാഗാനന്ദം നാടകത്തിന്റെ ഒരു തർജമയാണെന്നു വായനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്. പല സ്ഥലങ്ങളിൽ കവി സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുണ്ടു്. അപൂർവം ചില ഭാഗങ്ങളിൽ മാത്രമേ പദാനുപദതർജ്ജിമ ചെയ്തിട്ടുള്ളു.
കവിയുടെ കാലം എട്ടാംശതകത്തിന്റെ അവസാനത്തിലോ ഒൻപതാംശതകത്തിന്റെ ആരംഭത്തിലോ ആയിരിക്കണം. പ്രാചീനപദപ്രയോഗങ്ങൾ ഇതിൽ സുലഭങ്ങളാണെങ്കിലും, എഴുത്തച്ഛന്റെ രീതിയോടാണു് ഇതിനു് അധികം സാദൃശ്യം.
11.40 ഭദ്രാചരിതം പാട്ടു്
കവിയേപ്പറ്റിയൊ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേപ്പറ്റിയോ അറിവില്ല. വളരെ പ്രാചീനമാണെന്നുള്ളതിനു സംശയമില്ല. അച്ചടിച്ചിട്ടില്ലെന്നു തോന്നുന്നു. മഹിഷമംഗലത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നു. അതിന്റെ പ്രാരംഭം ഇങ്ങനെയാണു്.
“ഹരഹര! ശിവശിവ! തിരുമകൾചരിതം
തിറമൊടുപുകൾവതിനരുൾതരവേണം.
ദുരിതവിനാശം തെരുതെരെവന്നി-
ട്ടുരുസുഖമെങ്കൽ വരുത്തേണഹ്നീ.
വിശ്വവിമോഹിനി വേദിയർകുമ്പിടു-
മീശമനോഹരി ഭൈരവിശാംഭവി
ഉജ്ജ്വലകാന്തി കലർന്നരുളീടിന
സജ്ജനസഞ്ചയ വന്ദിതചരണാ
***
കറ്റജടാമുടി കെട്ടിപ്പനിമതി
ചുറ്റിപ്ഫണിഗണമണിയുമരന്തൻ
നെറ്റിത്തടമതിലുദ്യൽകനൽമിഴി
പെറ്റിട്ടൊരു ഭഗവതിചരിതം
***
… പുകഴ്‌വതിനരുൾതരവേണം”
11.41 ശാസ്താംപാട്ടു്
“ശ്രീമഹാദേവനൊരുദിവസം
മാമലമാതുമൊരുമിച്ചിട്ടു്
കൈലാസമാമലതന്നിലങ്ങു
ചെമ്മേസുഖിച്ചുതൽക്കാന്തനോടും.”
ഇത്യാദി.
ഈ വൃത്തം ഒരു കാലത്തു വളരെ പ്രസിദ്ധമായിരുന്നു. രാമചരിതത്തിലും ഇതിനോടു സദൃശമായ ഒരു വൃത്തം കാണുന്നുണ്ടു്.
11.42 സംസാരോപാലംഭം ഭാഷാഗാനം
ഈ കൃതി എട്ടാംശതകത്തിൽ ഉണ്ടായതായിരിക്കണം. ചമ്പുക്കളിലെ ഗദ്യത്തിന്റെ രീതീയിൽ എഴുതപ്പെട്ടിരിക്കുന്നു. ഗർഭോല്പാദനം മുതൽ മരണംവരെ മനുഷ്യൻ അനുഭവിക്കുന്ന സങ്കടങ്ങളെ സരസമായി വർണ്ണിച്ചിട്ടുണ്ടു്, അതിൽനിന്നു വിമോചനം സമ്പാദിക്കാനുള്ള വഴിയേ കവി ചൂണ്ടിക്കാണിക്കുന്നു.
യൌവന കാലത്തംഗജവശനാ-
യംഗനമാരെക്കാണാഞ്ഞിട്ടും,
കണ്ടാൽ വിരവൊടു പൂണാഞ്ഞിട്ടും,
പുനരപിതരുണീംപിരിയരുതാഞ്ഞും,
കണ്ടും വച്ചും കണ്ടതു വിറ്റും,
പണ്ടാരത്തെയെടുത്തുകൊടുത്തും,
***
തണ്ടാർ ബാണശരാർത്തിമുഴുത്തു
വണ്ടാർകുഴലികൾ വീട്ടിലഹർന്നിശ-
മുണ്ടാകേണ്ടുവതുണ്ടാകാഞ്ഞും,
കണ്ടുംവെച്ചും കണ്ടതു വിറ്റും
കണ്ടവരോടു പടയ്ക്കു മുതിർന്നും,
പത്തായങ്ങൾ തുറന്നു കൊടുത്തും,
പാക്കഞ്ഞിക്കു നിലങ്ങൾ കൊടുത്തും,
***
പിച്ചകമാല പണത്തിനു കൊണ്ടും,
പീച്ചാംകത്തിക്കു വെള്ളിപതിച്ചും,
വെണ്മഴുവിൻതലപൊന്നു പതിച്ചും,
പച്ചപ്പൊന്നികൾ പലവു ചമച്ചും,
***
തൊപ്പിപ്പൂമൈമുത്തു പതിച്ചും,
കച്ചകൾ കൊണ്ടും പച്ച പിഴിഞ്ഞും,
കാതരിയിച്ചും താടി ചിരച്ചും,
പന്നപറിച്ചും മീശചമച്ചും,
നോവു സഹിച്ചു ഭംഗിനടിച്ചും,
***
നിത്യമടുക്കള പുക്കുപുകഞ്ഞും,
പുസ്തകമെഴുതി വിലക്കു കൊടുത്തും,
പട്ടിണിയിട്ടു മുറക്കമിളച്ചും,
കട്ടുമുയർച്ച പറഞ്ഞുംകൊന്നും,
വെട്ടും കൊട്ടും കൊണ്ടു മുഴുന്നും,
ഇരുട്ടും മഴയും കാറ്റും വെയിലും,
കൊണ്ടു നടന്നും, ദണ്ഡിച്ചദ്ധന-
മുണ്ടായാലുമതുണ്ടാകാഞ്ഞും
***
വായ്പകൊടുത്തതു കിട്ടാഞ്ഞിട്ടും
പാടു കിടന്നും
***
മറ്റും യൌവന ദശയിൽ മനുഷ്യർ ‘പുത്രാലയപശുഭൃത്യർ’ നിമിത്തമായി അത്യന്തം ദുഃഖിക്കുന്നുവത്രേ!
11.43 പാർവതീസ്വയംവരം പാട്ടു്
പാർവതീസ്വയംവരംപാട്ടു് ആരുടെതാണെന്നു നിശ്ചയമില്ല. കവിതാഗുണവും വിരളമായിരിക്കുന്നു. നല്ല പഴക്കംതോന്നിക്കുന്നുണ്ടു്.
“ശ്രീഗുരുതാനും ഗണേശ്വരനും,
ശ്രീകാന്തൻ താനും സരസ്വതിയും,
ശ്രീമഹാദേവനും പാർവതിയും,
ശ്രീഭൂമിദേവമുനീന്ദ്രന്മാരും,
മാറ്റിത്തം പറ്റാതനുഗ്രഹിപ്പാ-
നേറ്റം വണങ്ങുന്നേനേവരേയും!
ചിന്തിച്ചതെല്ലാം കൊടുത്തരുളും
ജന്തുക്കളുള്ളിൽ വിളങ്ങുമമ്മ
യോഗേശ്വരിയായ ദേവിപണ്ടു
യോഗാഗ്നിതന്നിൽ ദഹിച്ചശേഷം
മാനിയാം ശൈലാധിരാജൻതന്റെ
മാനിനിയായിട്ടു മേവിടുന്ന
മേനകാദേവിതൻ ഗർഭംതന്നിൽ
മീനാക്ഷിവന്നു പിറന്നാളല്ലോ.”
രാമായണം വഞ്ചിപ്പാട്ടു്
കവിതാരീതി വളരെ ഹൃദ്യമായിരിക്കുന്നു. കവി എഴുത്തച്ഛന്റെ കാലത്തിനോടു അടുത്തു് മുമ്പോ പിമ്പോ ജീവിച്ചിരുന്നുവെന്നു തോന്നുന്നു. ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടേ.
“ഷഡ്ഭാവഷഡൂർമ്മികളായ്കാണും ചരാചരൌഘങ്ങൾ
ഷട്കോശമാത്രമായ് കാണാം സ്വപ്നാകാരമായ്
കണ്ടുകോലാഹലത്തോടു കൊണ്ടുമേളിച്ചിരിക്കുമ്പോൾ
കണ്ടില്ലെന്നുവരുന്നതും വിസ്മയമല്ലീ?
വന്നതെവിടെ നിന്നുപോൽ? പോയതെവിടേക്കെന്നതും
ഒന്നുമറിയാൻവയ്യാതായെത്ര വിസ്മയം!
മൂത്രാമേധ്യപാത്രമാകുംഗാത്രം താനെന്നുള്ളഭാവ-
മെത്രയുംവിചാരിച്ചെന്നാലെത്രവിസ്മയം!
ദൃഗ്ദൃശ്യചഞ്ചലത്താകുമിന്ദ്രിയംതാനെന്നഭാവം
ദൃശ്യരൂപമാകകൊണ്ടിങ്ങെത്രവിസ്മയം!”
11.44 രണ്ടു മിശ്രഭാഷാഗാനങ്ങൾ
ഇവിടെ വിവരിക്കാൻപോകുന്നതു് രാമകഥപ്പാട്ടു്, ‘ഇരവിക്കുട്ടിപ്പോർ’ എന്നീ രണ്ടു കൃതികളേപ്പറ്റിയാണു്. ഈ രണ്ടു കൃതികളും മലയാളമാണെന്നു പറയുന്നതു എങ്ങനെ എന്നു അറിയുന്നില്ല. എന്നാൽ തമിഴാണോ? ശുദ്ധ തമിഴുമല്ല. മലയാളഭാഷാസമ്പർക്കം കൊണ്ടു ദുഷിച്ചതമിഴാണെന്നു പറഞ്ഞാൽ വലിയപിശകില്ല. ഇത്തരം ചില ഗദ്യഗ്രന്ഥങ്ങളും കാണ്മാനുണ്ടു്. ‘തത്വമസി’ എന്നൊരു ഗദ്യഗ്രന്ഥം തെക്കൻതിരുവിതാംകൂറിൽ പല ദിക്കുകളിലിരുപ്പുള്ളതായി അറിയാം. ഒരു പകർപ്പു ചിത്തിരതിരുനാൾ വായനശാലയിലും മറ്റൊന്നു മലയാളം ക്യൂറേറ്റർ ആഫീസിലും ഉണ്ടു്.
11.45 രാമകഥപ്പാട്ടു്
ഔവാടുതുറ അയ്യപ്പിള്ളആശാനാണു് രാമകഥപ്പാട്ടിന്റെ കർത്താവു്. ഔവാടുതുറ നെയ്യാറ്റിൻകരത്താലൂക്കിൽ തിരുവല്ലം എന്ന സ്ഥലത്താണു്. കവിയുടെ ജീവിതകാലം കൊല്ലവർഷം അഞ്ചാംശതകത്തിലായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. കണ്ണശ്ശപ്പണിക്കരുടെ രാമായണം കണ്ടിട്ടാണു് ഈ രാമകഥപ്പാട്ടു രചിച്ചതെന്നു ചിലർ അഭിപ്രായപ്പെടുന്നുവെന്നും അതു ശരിയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ രാമകഥപ്പാട്ടിന്റെ മുഖവുരയായി പാടിവരുന്ന ഒരു പാട്ടുകാണുന്നു. അതു് ഇങ്ങനെയാണു്.
‘അയനരുളാൽനാരതരും പുററിനു-
ള്ളരുൾമുനിവൻ വാഴ്ത്തിയുരത്തതാക.
പരൻകഥയെക്കമ്പർ പന്തീരായിരത്താൽ
പകർത്തകഥകണ്ണശ്ശനിൽ പാതിയാം.
തരന്തരമായി വിളങ്ങുമൊഴിയതനിൽപാതി,
തനാവിനയാലവ്വാടുതുറയിലയ്യൻ
വിരന്തുടനിരാമനാമം ചൊന്നേചൊല്ലൈ
മികന്തപൈതനടിയേൻ വിള്ളിന്റേനേ’
ഈ ഗാനത്തിന്റെ വേറൊരുപാഠം ഉള്ളൂർ. മി. എസു്. പരമേശ്വരയ്യർ പ്രാചീനമലയാളമാതൃകകൾ എന്ന കൃതിയുടെ അവതാരികയിലും ചേർത്തിട്ടുണ്ടു്. ഈ പാട്ടിനെ വിശ്വസിക്കാമെങ്കിൽ കവിയുടെ കാലം കണ്ണശ്ശന്റെ കാലത്തിനുശേഷം ആയിരിക്കണം. എന്നാൽ അങ്ങനെ വിശ്വസിക്കുന്നകാര്യം കുറെ പ്രയാസമായിട്ടാണിരിക്കുന്നതു്. പ്രസ്തുതഗാനത്തിനു് മുഖവുരയായി പാടിവരുന്ന മറ്റുചില ഗാനങ്ങൾകൂടിയുള്ളതായി അറിയുന്നു. ഏതോ ഒരാൾ ഏതോകാലത്തു എഴുതിയ ഒരു പാട്ടിനെ ആധാരമാക്കി ഒന്നും ഊഹിക്കാവുന്നതല്ല. എന്നാൽ മി. ഗോവിന്ദപ്പിള്ള പറയുന്നിടത്തോളം ഈ കൃതിയ്ക്കു പഴക്കമുണ്ടോ എന്നുള്ള കാര്യവും സംശയമാണു്. ഈ വിഷയത്തേപ്പറ്റി ഞാൻ ശേഖരിച്ചിട്ടുള്ള തെളിവുകളേ ഗ്രന്ഥാവസാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. ഇപ്പോൾതന്നെ ഈ അധ്യായം വളരെ ദീർഘമായിപ്പോയതുകൊണ്ടു് ഇവിടെ വിവരിക്കുന്നതിനു് തരമില്ല.
‘പഴംതിന്നു’ കവിയായിത്തീർന്ന ഒരാളാണത്രേ ഔവ്വാടുതുറആശാൻ. മികച്ചകവിതാവാസനയും സാമാന്യം നല്ലപഠിപ്പും ഉണ്ടായിരുന്ന ഇക്കവിയ്ക്കു പ്രസ്തുതകാവ്യം രചിയ്ക്കുന്നതിനു് പഴത്തിന്റെ അപേക്ഷയൊന്നുമുണ്ടായിരുന്നില്ല. രസപുഷ്ടിയെ സംബന്ധിച്ചിടത്തോളം രാമകഥ രാമചരിതത്തെ അതിശയിക്കുന്നു. രാമചരിതം വാല്മീകിരാമായണത്തിന്റെ ഏകദേശ വിവർത്തനം മാത്രമാണു്. രാമകഥയിലാകട്ടേ കവിയുടെ മനോധർമ്മം കൂടുതൽ വ്യാപരിച്ചുകാണുന്നു.
ശ്രീപത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിനു രാമകഥപ്പാട്ടുകാർക്കും പടിത്തരം പതിച്ചുകൊടുത്തിട്ടുണ്ടു്. അവർ ഇന്നും ചന്ദ്രവളയം കൊട്ടി, താളമേളാദ്യവയവങ്ങളോടുകൂടി പ്രസ്തുതഗാനം പാടിവരുന്നു.
ഭാഷ ശുദ്ധതമിഴല്ലെന്നു വാദിക്കുന്നതിനു ബാധകമായി ഒന്നു രണ്ടു സംഗതികൾ മാത്രമേയുള്ളു. പുരുഷപ്രത്യയം പല ദിക്കുകളിലും വിട്ടിരിക്കുന്നു. രണ്ടാമതായി സംസ്കൃതപദങ്ങളെ പല ദിക്കുകളിൽ തത്സമങ്ങളായിട്ടുതന്നെ ഉപയോഗിച്ചുകാണുന്നുണ്ടു്. ഈ ലക്ഷങ്ങളേമാത്രം ആധാരമാക്കി, പ്രകൃത കൃതിയെ ഭാഷാകാവ്യമെന്നു വ്യവഹരിക്കാമോ എന്നു് ഭാഷാഭിമാനികൾതന്നെ തീർച്ചപ്പെടുത്തട്ടെ. ഒരുഭാഗം മാത്രം മാതൃകയ്ക്കു ഉദ്ധരിച്ചുകൊള്ളുന്നു.
“താളിൽ ചതതളനയനൻ പണിയ-
ത്തചരതനരപതിതിരുവുളമാനാർ.
വേളൽതന്നരുൾകോണ്ടുസുമന്ത്രരും
വിതയാൽ മൈന്തനുമരുകുപുകുന്താർ.
വേളൽജനകനു തരതലമാഴ്‌വാൻ
വിതിവഴിയുള്ളന മുറമകളെല്ലാ-
നാളും ചുപദിവസങ്കളറിന്തു
നടുത്തുകയെൻറു നരേന്തിരനരുളാ-
ലരുളൊടുതചരതനൃപമണിതിരുവുള-
മറിന്തുമണ്ടകമോടുചാലകളും,
നരപതിയരുളതിനാലനവോരും
നൻറിയുടൻ ചാലയിൽ നളിനമൊടും
കിരച്ചെമ്പൊന്നാലെയഴുത്തിനർ
കുറുവിതവളവാവടയുത്തരങ്കൾ
മുരുകലവോർ തൂണുകൾ ചിത്രങ്കൾ
മുത്തുത്താവട മഴകാൽപൊതികൈ
ഉരുകിനതാഴികക്കുടങ്കളിരുത്തിനർ
ഉചന്തമണ്ടകമുലകിനുതിലകം
കരുമുകിൽ നൃപമണിയുലകാൾവതിനായ്
കരുതിയെ പല പല ചാലമുകിത്തനർ.
മുകിത്തചാലകൾ മുഴുകിനകോമള
മുല്ലസുഗന്തപ്പരിമളനീരുകൾ
അകത്തുപുണ്ണിയതീർത്ഥജലങ്കൾ
അപിഷേകനറുമലർ ചെമ്പകതുളമം
ചുകത്തിനുള്ള ചെമ്പരുന്തിമലരുകൾ
ദൂരിതമറക്കും തെറ്റികൾ പിച്ചികൾ
നകത്തിലച്ചുടുകളററുപറിത്തനർ
നലമുളമഞ്ചതകട്ടിവിതാനം
താനവിതാനമണിന്തനചാലയിൽ”
***
ഇത്യാദി.
രാമചരിതം അന്നത്തെ രാജഭാഷയിലും രാമകഥ ദേശ്യഭാഷയിലും രചിക്കപ്പെട്ടിരിക്കുന്നുവെന്നു് മി. പരമേശ്വരയ്യർ പറയുന്നതിനോടു യോജിക്കാൻ തരമില്ല. രണ്ടു കൃതികളും അക്കാലത്തു് തെക്കൻ തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു മിശ്രഭാഷയിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്. അവയേപ്പറ്റി മലയാളികൾക്കുള്ളതിലധികം അവകാശവാദം പുറപ്പെടുവിക്കാൻ തമിഴർക്കു ന്യായമുണ്ടു്. ഈ അവകാശവാദത്തിൽ സാഹിത്യ സദിർക്കോടതി തമിഴിനു അനുകൂലമായ വിധി പ്രസ്താവിച്ചുപോയാൽ, അതുകൊണ്ടു മലയാളഭാഷയ്ക്കു വലിയ നഷ്ടമൊന്നും വരാനുമില്ല.
11.46 ഇരവിക്കുട്ടിപ്പിള്ളയാർപാട്ടു് (കണിയാകുളം പോര്)
ഈ കൃതിയും മിശ്രഭാഷയിൽതന്നെ രചിക്കപ്പെട്ടിരിക്കുന്നു. ചരിത്രവിഷയകമായി വളരെ പ്രാധാന്യമുള്ള ഒരു പാട്ടായതുകൊണ്ടു്, അതിനേപ്പറ്റി അല്പം കൂടുതലായി ഇവിടെ പറയേണ്ടിയിരിക്കുന്നു. തെക്കൻതിരുവിതാംകൂർ പാണ്ഡ്യചോള രാജാക്കന്മാരുടേയും മധുരനായ്ക്കന്മാരുടേയും ആക്രമണത്തിനു് കൂടെകൂടെ വശംവദമായിരുന്നു. അതിപുരാതനകാലം മുതല്ക്കു അടുത്തകാലം വരെ ദക്ഷിണതിരുവിതാംകൂറിൽ അവർ ഏറെക്കുറെ അധികാരം നടത്തിവന്നിരുന്നു എന്നുള്ളതിനു് അസംഖ്യംരേഖകൾ കാണുന്നുണ്ടു്. പ്രസ്തുതകഥ നടന്നകാലത്തു് ‘വഞ്ചിവേന്തൻ’ കല്ക്കുളത്തു് പുലിയൂർക്കുറിച്ചിയിൽ എഴുന്നള്ളിത്താമസിക്കയായിരുന്നു. അപ്പോൾ തിരുമലനായ്കന്റെ സേനാപതിയായ രാമപ്പയ്യൻ ആരുവാമൊഴിയ്ക്കപ്പുറത്തു സ്ഥിതിചെയ്യുന്ന പണക്കുടി എന്ന സ്ഥലത്തുവന്നു പാളയമടിച്ചു, വഞ്ചിരാജ്യത്തെ ആക്രമിയ്ക്കാൻ തരം നോക്കിക്കൊണ്ടിരുന്നു. ഇതിനുമുമ്പിൽ വേലയ്യൻ മലയാളത്തെ ഉപരോധിച്ചുവെങ്കിലും അയാളുടെ സൈന്യത്തെ ‘വീരനായർ പടൈകൂട്ടിയൊരു നൊടിതന്നിലേതുണ്ടതുണ്ടാക്കവേ’
“ചെയ്യും തിറവീരൻ പടൈവേലയ്യൻ
തിട്ടനവേവെട്ടുപട്ടും പോനാൻ”
കത്തുമൂലം ഈ വിവരം അറിഞ്ഞപ്പോൾ തിരുമലേന്തിരൻ,
“ആനവായ്ക്കരുമ്പുപോലകമെല്ലാം നടുനടുക്കി,
മാലൈപോൽ കണ്ണീരോടി മലങ്കിയേകലങ്കിയുള്ളം
വേലയിൽ തുരുവുപോല വിശനമുററിരുന്തുപോലും.”
അനന്തരം മധുരനായിക്കൻ അയച്ച സൈന്യമാണു് ഇപ്പോൾ പണകുടിയിൽ സ്ഥാനമുറപ്പിച്ചതു്. അവ പതുക്കേ അവിടെനിന്നും തിരുവിതാംകോട്ടിൽ പ്രവേശിച്ചു് കൊള്ളയടിച്ചുതുടങ്ങി.
അക്കാലത്തു നാടുവാണിരുന്നതു് ഉണ്ണിക്കേരളവർമ്മ എന്ന ഭക്തനായിരുന്നു. ഈ രാജാവിനെയാണു് കോട്ടാരക്കരതമ്പുരാൻ തന്റെ ആട്ടക്കഥയിൽ വാഴ്ത്തീട്ടുള്ളതു്. മധുരപ്പട വന്നിരിക്കുന്ന വിവരം അറിഞ്ഞപ്പോൾ മഹാരാജാവു് ദ്രുതഗതിയിൽ സൈന്യശേഖരം ചെയ്തുതുടങ്ങി. പത്മനാഭപുരത്തിനുസമീപം ആറേഴുമൈൽ കിഴക്കുമാറി സ്ഥിതിചെയ്യുന്ന കണിയാകുളം എന്നദിക്കായിരുന്നു യുദ്ധരംഗം. യുദ്ധമാരംഭിക്കുന്നതിനു തലേദിവസം, മഹാരാജാവിന്റെ മന്ത്രിമാരിൽ ഏഴുപേർചേർന്നു ഒരു ഗൂഢാലോചന നടന്നു.
“നാളെപ്പോരുണ്ടതുക്കിനിയെപ്പടി
നാമളേഴുപേരൊൻറാകെ കൂടിയേ
നാണയക്കേടുവരാമൽ നിരുപിത്തു
പേശിയൊരു മൊഴിശൊല്ലിക്കൊള്ളുവോം”
എന്നു ‘ചങ്കുക്കൊടിവീരൻ കേശവൻ അഭിപ്രായപ്പെട്ടു.
“ഏറ്റവീട്ടിതിലെല്ലോരുംകൂടിയേ
വെറ്റിയാന തിരുമലനായിക്കൻ
വേലയ്യൻപോലൊരു തുരതന്നെയും
കൊൻറല്ലാമലേ രാമപ്പയ്യൻ നമ്മേ
കോട്ടക്കുള്ളേ ഇരുക്കവു മാട്ടാനേ.
കോട്ടതന്നെ അടൈത്തിരുന്താലും
കൂൻറുദേശത്തെനിർദ്ധൂളിയാക്കുവൻ.
വാട്ടമില്ല വടുകപ്പടയോടെ
മന്തിരിമാരെ നീങ്കളെല്ലാം നാളെ
ചേട്ടമാകവേ കെട്ടിച്ചമഞ്ചുടൻ
ചെല്ലുവേണ്ടുമിടങ്കൈ വലങ്കൈക്കു”
എന്നായിരുന്നു കേശവന്റെ ഉപദേശം. മന്ത്രിമാർക്കു മഹാരാജാവിന്റെ സവിശേഷമായ പ്രീതിയ്ക്കു പാത്രീഭവിച്ചിരുന്ന ഇരവിക്കുട്ടിപ്പിള്ളയോടു അസൂയ വർദ്ധിച്ചിരുന്നതുകൊണ്ടു മാത്രമാണു്, അവർ ഇങ്ങനെ എലിയെ തോല്പിച്ചു് ഇല്ലംചുടുന്നതിന്നു നിശ്ചയിച്ചതു്.
മഹാരാജാവു് അവരെ വിളിച്ചുവരുത്തി യുദ്ധസന്നാഹത്തോടുകൂടി അടുത്ത ദിവസം പടയ്ക്കു പുറപ്പെട്ടുകൊള്ളണം എന്നു ആജ്ഞാപിച്ചപ്പോൾ,
‘നാണയത്തിലിടങ്കൈ വാലങ്കൈക്കു–
നാങ്കൾ ചൊല്ലുവോം’
എന്നാൽ ‘നെറ്റിക്കൈക്കാളില്ലല്ലോ’ എന്നു് അവർ പറയവേ, അവിടെ ഉണ്ടായിരുന്ന ഇരവിക്കുട്ടിപ്പിള്ള ‘നാൻ പോറേൻ ഇങ്ക വഞ്ചിക്കരശനെ’ എന്നു അറിവിച്ചു. ‘എന്നാൽ അങ്ങനെയാവട്ടേ’ എന്നു ആ ദുർമ്മന്ത്രികൾ ‘ചേരമാനെത്തൊഴുവിടൈ വാങ്ങി’ക്കൊണ്ടു് തിരിച്ചുപോയി. ഇരവിക്കുട്ടിപ്പള്ളയെ നശിപ്പിക്കാൻ ഇതുതന്നെ നല്ല തരം എന്നു വിചാരിച്ചു അവർ അത്യന്തം സന്തോഷിച്ചു.
മന്ത്രിവർഗ്ഗത്തിൽപ്പെട്ടു ‘വീരശൂരനിടത്തറത്തേവനും, വെങ്കലക്കൊടികുളത്തുരു രാമനും, പേരിളമ്പയിൽ മാർത്താണ്ഡവർമ്മരും’ മറ്റും ഇങ്ങനെ തീർച്ചപ്പെടുത്തി. ഇരവിക്കുട്ടിപ്പിള്ളയെ പോരിലിറക്കിവിട്ടിട്ടു്,
‘നില്ലാമലപ്പിന്നണിവിട്ടുവാങ്കിയേ–
നില്ക്കും പൊഴുതിലെ കുതിരപ്പടൈ–
ശല്യമാകവളൈന്തുകൊണ്ടു പിള്ളയിടെ–
തലയും കൊണ്ടുപോനാപ്പിന്നെപ്പടൈയില്ലൈ’–
ഇങ്ങനെ തീർച്ചപ്പെടുത്തിയിട്ടു് അവർ വിവരത്തിനൊക്കെ ഒരു കത്തെഴുതി ദൂതൻവഴിക്കു് രാമപ്പയ്യനു അയച്ചുകൊടുത്തു.
“…നാളൈനാങ്കളുദിക്കുമ്മുൻ പടൈക്കുവാറോം
പൊരുത്തമായ്നെറ്റിക്കൈക്കു പോറവാറുതുരയേ നീങ്കൾ–
വിരുലമായ് വളൈന്തുവെട്ടി വരൈവുടൻചതിയ്ക്കു–
തിരുത്തമായ് തലയും കൊണ്ടു ശീക്കിരംപോവീർ–”
എന്നായിരുന്നു പ്രസ്തുതകത്തിലെ സാരം
ഈ കത്തുകണ്ടപ്പോൾ രാമപ്പയ്യന്റെ ‘മനം മകിഴ്‌ന്തു’ രാജ്യഭക്തനായ ഇരവിക്കുട്ടിപ്പിള്ള ഇതൊന്നും അറിഞ്ഞിരുന്നില്ല.
അന്നു രാത്രി ഇരവിക്കുട്ടിപ്പിള്ളയുടെ മാതാവു് ഒരു ദുസ്വപ്നം കണ്ടു. തന്നിമിത്തം അവർ,
“എന്മകനേ എന്നിരവി
യിൻറുപടൈ പോകാതെ
കർമ്മവിനൈ പൊല്ലാതു!
കേളുമെടാ എന്മകനേ
കിനാവുകണ്ട പലങ്കളെല്ലാം
കേളുമേടാ എന്മകനേ!
കേളടാനീ കണ്മണിയേ!
കണ്മണിയെ കേളുമെടാ!
പൊന്നുനിറമെത്തിയിലേ
പുകയെഴുമ്പിക്കണ്ടേനേ
തിരളാന കൂട്ടുമിട്ടു
ചിങ്കംപററിക്കൊല്ലക്കണ്ടേൻ.
കൊത്തളരുമിലങ്കമതിൽ
കൂവെയിരുന്തളവുംകണ്ടേൻ
അരുമയുടനേവളർത്ത
ആൾവീര! പോകാതെ
പോകാതെയെന്മകനേ
പുകൾവീരായിപ്പടയ്ക്കു”
എന്നുതടുത്തു. ഇരവി അതുകേട്ടു
“തായാരേ! കേളുമമ്മാ!
തടുത്തുമൊഴി ചൊല്ലാതെ,
എഴുകടലപ്പുറത്തിൽ
ഇരുമ്പറയ്ക്കുള്ളിരുന്താലും
യമനുടയ ആളുവന്താൽ
ഇല്ലൈയെൻറാൽ പോവർകളൊ?
കല്ലറയും കെട്ടിവൈത്തു
കല്ലറക്കുള്ളിരുന്താലും,
കാലനുട ആളുവന്താൽ
കണ്ടില്ലെൻറാൽ വിടുവാർകളോ?”
എന്നു മാതാവിനെ സമാധാനപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, ഫലിച്ചില്ല. അവർ പിള്ളയുടെ പത്നിയെക്കൊണ്ടും പ്രേരിപ്പിച്ചുനോക്കി. ഇരവിയുടെ പത്നിയാകട്ടേ,
“പഞ്ചരത്നച്ചേലൈതന്നെ
പെൺകൊടിയാൾ കൊയ്തുടുത്തു
മെല്ലനല്ലാൾ പുറപ്പെട്ടു്”
ഭർത്താവിന്റെ സമീപം പ്രാപിച്ചിട്ടു്,
“എങ്കാണും ഭർത്തവേ നീ-
രിൻറുപടൈ പോകവേണ്ടാം
കർമ്മവിനൈപൊല്ലാതു”
എന്നു തടുത്തു. ഈ സാധ്വിയും താൻ കണ്ട ദുസ്സ്വപ്നങ്ങളെ വിസ്തരിച്ചു പറഞ്ഞു കേൾപ്പിക്കുന്നുണ്ടു്.
“നേത്തിരവു പഞ്ചണൈമേൽ
നിത്തിരൈയാണ്ടിരിക്കയിലേ
പാർത്തിരിക്കച്ചനിയൻവന്തു
പർത്താവേക്കൊണ്ടുപോനാൻ.
ആലുമരം മൂടോടെ
അടിതകർന്തു വിഴവുംകണ്ടേൻ.
നാൻവളർത്ത കിളിയെന്നത്തൈ
നല്ലരവം തീണ്ടക്കണ്ടേൻ.
പൂണരിയ കളമുടൈന്തു
മതയാനൈ ചായകണ്ടേൻ.
പൊന്നിൻനിറ മെത്തയിലെ
പുതയെഴുമ്പക്കണ്ടേനയ്യാ.
നരിയുംവന്തു കോഴിയെത്താൻ
നടുപ്പറ്റിപ്പിടിക്കക്കണ്ടേൻ.
മുൻവായിൽ മുത്തുയർന്തു
മുന്തിയിലേ മുടിയക്കണ്ടേൻ.
വെള്ളരിക്കാകൊണ്ടുവന്തു
വിടുതിയിലേ തരവുംകണ്ടേൻ.
കത്തിരിക്കാ കൊണ്ടുവന്തു,
കൈതനിലേ തരവുംകണ്ടേൻ.
മംഗലിയം ഇഴപെരുകി
മടിമേലെ വിഴവുംകണ്ടേൻ.”
ഇവയൊക്കെ കേട്ടിട്ടും ഇരവിക്കുട്ടിപ്പിള്ള തന്റെ ദൃഢനിശ്ചയത്തിൽനിന്നും വ്യതിചലിച്ചില്ല. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
“വാറവിധി എങ്കിരുന്തും
വന്തിടുംകാൺ പെൺകൊടിയെ!
ഇട്ടപയിരഠുപ്പതുക്കു
കുറ്റമില്ലൈ പെൺകൊടിയെ!
വിളന്തപയിരറുപ്പതുക്കും
വിസനപ്പെട വേണ്ടാമേ
എന്തരത്തിൽ മന്തിരിമാ-
രെല്ലാരും പടൈപോക
ഇങ്കിരിക്ക താണുവമോ?
എന്നോടെ വിലക്കാതെ
എന്തിഴയേ പോവേനെൻറാർ”
ഇരവിപോയി കളികഴിഞ്ഞു കരയ്ക്കുകയറിയിട്ടു നീലകണ്ഠനെ ധ്യാനിച്ചുകൊണ്ടിരിക്കവേ, മരത്തിൽനിന്നു ഒരു പല്ലി വന്നു വലംതോളിൽ വീഴുകയാൽ വീണ്ടും ഒന്നുകൂടി സ്നാനംചെയ്തു. അനന്തരം ആ വീരപുരുഷൻ ‘മുടിയും പനൈന്തുകെട്ടി നെറ്റിതന്നിലേ നീറുമണിന്തുടൻ’ നീലകണ്ഠന്റെ പാദത്തെയും ധ്യാനിച്ചിട്ടു് കസ്തൂരിക്കുറിയുമിട്ടു് ഇടക്കെട്ടിലേയ്ക്കു കയറി.
“മങ്കനല്ലാൾ അമുതുകൊണ്ടുവക്ക
മുന്തെടുത്തൊരമുതു തന്നിലെ
മുല്ലപ്പൂമാല പോലെ തലനാരു”
കണ്ടിട്ടു് അദ്ദേഹത്തിന്റെ മാതാവു് ‘കാര്യമിന്റു നലമല്ല പാപിയനേ പടൈക്കിൻറു പോകാതെ’ എന്നു് ഒന്നുകൂടി തടസ്സം പറഞ്ഞുനോക്കി. എന്തായിരുന്നാലും യുദ്ധത്തിനു പോകതന്നെ ചെയ്യും എന്നു ഇരവി ഉപ്പായിപറഞ്ഞു.
യുദ്ധത്തിനുള്ള ഒരുക്കങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“നല്ലചല്ലടം മേൽക്കച്ചകട്ടിനാർ
പൂശിനാരെ പുഴുവോടുജവാതു
പൂന്തളിർക്കച്ചമീതിലണിവതാം
ആനരംതാർ ചന്തിരകാവിശം
ചന്ദ്രകാവിശം മീതോടുമീതീട്ടു
തട്ടിഴന്താല വിഴുന്തുവിടാമലേ
ഇന്തിരൻ പാവനിക്കിണപോലവേ
ചന്തിരൻവന്തുനിന്നതുപോലവേ
ചമൈന്താരാതിച്ചൻ വടിവാകവേ
യന്തിരങ്കൾ വരുവതറിയാമൽ
ആയുധംനാലുകൂട്ടം”
എടുത്തുകൊണ്ടു് അദ്ദേഹം പുറപ്പെട്ടപ്പോൾ ആ വീരപ്രസു,
“കരുവേലംകയ്യിൽ കണ്ടുപൊഴുതിലെ
കയ്നകർത്താളെ മന്തിരിയേത്താനും
അന്തിരമൊൻറുംവാരാമൽ നീർചെൻറു
തന്തിരത്താൽ പടൈകണ്ടുവാരുമേ”
എന്നു അനുഗ്രഹിക്കമാത്രമേ ചെയ്തുള്ളു. ഇരവിക്കുട്ടിപ്പിള്ള വഴിയിൽ ഇറങ്ങിയ മാത്രയിൽ, ‘നല്ലവേതിയാനെതിർവുന്തു തോൻറിനാർ’
ആ ബ്രാഹ്മണന്റെ ഒരു കൈയിൽ ഉരുളിയും അരിയുംമറ്റേക്കയ്യിൽ തീയുമാണിരുന്നതു്. ഈ ദുശ്ശകുനത്തേയും വകവയ്ക്കാതെ അദ്ദേഹം പടക്കളത്തിലേക്കുതന്നെ തിരിച്ചു. ‘മന്നവർ പവനി’യെപ്പോലെ യുദ്ധരംഗത്തിലേക്കു തിരിച്ചു ‘മാർത്താണ്ഡ വാരിരവിതുരയെ’ കണ്ടു പുരസ്ത്രീകൾ ഓരോന്നു പറഞ്ഞുതുടങ്ങി.
‘വാരുലകിന്ത തുരയേ
പെറ്റതായും പെൺകൊടിയും
പടൈപ്പോകച്ചൊന്നാരോ?
ചൊന്നാർകളൊ യിന്തത്തുരയേ?
പെറ്റതായും തുയരം തീർത്തു
മനസ്സടങ്കയിരിപ്പാർകളോ?
എന്നപുത്തി ശൊന്നായി.’
മന്ത്രികുലോത്തമനും അത്ഭുതപാക്രമിയും ആയ ഇരവിക്കുട്ടിപ്പിള്ള പുലിയൂർക്കുറിച്ചിയിൽ, ‘കുരുമ്പാറയിൽ മാളികമീതിലേ കൊത്തളത്തിൽ’ എഴന്നള്ളിയിരുന്ന തമ്പുരാനെ മുഖം കാണിച്ചിട്ടു് യാത്ര പറഞ്ഞപ്പോൾ കരുണാശീതളസ്വാന്തനായ ആ പൊന്നുതിരുമേനി അരുളിച്ചെയ്ത വാക്കുകേൾക്കുമ്പോൾ ആർക്കും ഒരു തുള്ളിക്കണ്ണീരെങ്കിലും കണ്ണിൽനിന്നു് അറിയാതെ വീണുപോകാതിരിക്കില്ല.
“കാക്കവേണമനന്തയിൽ വാ-
ഴച്യുതൻ തിരുവരുളിനാലേ
കാവലുടൻ ചെൻറുപടൈപൊരുതാൽ
ചകിക്കിതില്ലൈയാനാൽ
ഊക്കമുള്ളഓട്ടനിങ്കൊയാടി
വരട്ടും വിരവാൽ വാറേൻ.
ഓടിച്ചെൻറുനീയും പിള്ളൈ
മോതിക്കൊണ്ടു ചെൻറിറങ്കവേണ്ട
ചരതിത്തുനിൻറുപിള്ളൈ
പൊരുതിത്തു വരവേണം.”
ഇരവിയാകട്ടേ, അടിയൻ ‘വിടകൊള്ളുന്നു, എന്തുവന്നാലും യുദ്ധം ചെയ്യുകതന്നെചെയ്യും. “പൊന്നുതിരുമേനിയുടെ തിരുവാശിസ്സും’ ഉടവാളും ലഭിച്ചാൽ മതി” എന്നു വിടചോദിച്ചു. വഞ്ചിവേന്തരുടെ പള്ളിവാളും ആശിസ്സും വാങ്ങികൊണ്ടു് ഇരവിയുദ്ധഭൂമിക്കഭിമുഖമായി സൈന്യസമേതം നടകോണ്ടപ്പോൾ വീരവനിതകൾ കുമ്മിയടിച്ചുപാടിയും മറ്റും സേനാപതിയേയും സൈന്യത്തേയും പ്രോത്സാഹിപ്പിച്ചു.
“പടൈയ്ക്കുപോറാരിരവിപ്പിള്ളൈ,
പമ്പരമുത്തുക്കുടൈചേരുമാം
കുടൈയ്ക്കുകീഴേയിരവിപ്പിള്ളൈ
പോറകൊലുമൈപ്പാർതോഴിപ്പെണ്ണേ!
ആച്ചിമുത്തേയെടിപേച്ചിമുത്തേ
ആവിടപ്പെണ്ണേയീനാട്ടുപ്പെണ്ണേ!
***
തങ്കളിൽ തങ്കവളൈകിലുങ്ക
ത്തവിത്തുകുമ്മിയടിപ്പോമെടി.
കണ്ണനെൻപാർ ചിലർ മന്നനെൻപാർ;
കാമനോ സോമനോ വാറതെൻപാർ
മന്നർക്കുകണ്ണാനമന്തിരിയാനവർ,
വാറശിങ്കാരത്തെപ്പാരുങ്കടി.”
***
കുമ്മിയടിച്ച മടവാർജനങ്ങൾക്കു് മന്ത്രിസത്തമൻ, ഉടൻ തന്നെ കുങ്കുമചന്ദനങ്ങൾ നൽകിയിട്ടു്, ‘തങ്കയരേ! നീങ്കൾ നില്ലുമെൻറു്’ എന്നുപറഞ്ഞുകൊണ്ടു് പടയ്ക്കുനേരേ നടന്നുവത്രേ.
***
യുദ്ധം പൊടിപൂരമായി ആരംഭിച്ചു. വഞ്ചിസേന അതി സാമർത്ഥ്യത്തോടുകൂടി പോരാടി.
തുരിശപരിശകുന്തം കടത്തലഈട്ടിക്കാരർ
സിംഹംപോൽ ചിനന്തുവാറാർ സിംഹം. പോൽ ചിനന്തുവാറാർ.
കരുതും പടിചിനന്തു അങ്കവരും, ഇങ്കിവരുമാക
കതിത്തിലെതിർത്തുമുട്ടിജനത്തിടമടിവാർചിലർ;
മടിവാർവെടികൾകൊണ്ടു വെടികൾകൊണ്ടു
ചിലവർകൾ തലൈഉരുള
മറിന്തു വിഴുന്തുകന്നം ശിരങ്കൾ പൊടിപെടവേ
ഉടലിൽകണൈകൾകൊണ്ടു– കണൈകൾകൊണ്ടു
ഉടലിൽകരുതിചിന്ത;
ഒൻറുപോലെ അടന്തേറി ഉരത്തിൽ പൊരുതുന്നതുകണ്ടു് ‘വടുകപ്പട’ വളരെ പരുങ്ങി. ഇങ്ങനെ വിജയം അനതിദൂരവത്തിയായിത്തീർന്നപ്പോഴാണു് സ്വാമിദ്രോഹികളും കുലദ്രോഹികളുമായ ‘ഇടത്തറപ്പോറ്റിയും’ ‘ശങ്കരൻ കോതൻ മുരുകനും, വിന്തചേരും കലയപ്പെരുമാളും, വെങ്കലക്കോടികുളത്തൂർ രാമനും തൂയ്യ ശങ്കുക്കോടിക്കാരൻ കേശവനും, തെന്നിലം പുകൾ മാർത്താണ്ഡവർമ്മരും, ‘ശിങ്കംപോലെ മാർത്താണ്ഡൻ രാമനും’ മന്നർമെയ്ക്കും ചെറുവള്ളിപ്പിള്ളയും, ‘വലിയ വിള പനയറ രാമനും’ മുൻനിശ്ചയമനുസരിച്ചു് മുന്നണി ഭേദിച്ചിട്ടു് വീരപ്പടയോടുകൂടി പിൻവലിഞ്ഞുകളഞ്ഞതു്. ഇരവിപ്പിള്ള ഈ ചതിപ്രയോഗം ഗ്രഹിച്ചുവെങ്കിലും,
‘മന്തിരിയായിപ്പിറന്തോരുനാമിനി
മാറിപ്പോവതും ശരിയല്ലകാണുവോം’
എന്ന വിചാരത്തോടുകൂടി വിജൃംഭിതവീര്യനായി പോരാടി. അനേകം പേർ മരിച്ചുവീണു. തന്റെ കൂട്ടത്തിലും,
“അന്തനേരംപിള്ളയ്ക്കു കണ്ണാനദേവനാദിച്ചനും
അയ്യപ്പൻപള്ളിച്ചയോടെ അരനുടയാൻപട്ടേ.
ചന്തിരത്തിൽകേളുനായർ, മൂരിയൻ പരപ്പുക്കുട്ടി
തൊട്ടിയപടൈകളോടേ വെട്ടിയേപൊരുതുംപട്ടാർ.
കൊച്ചിരവിപ്പണിക്കരും കുഞ്ചുമാതുവീച്ചരനും
കോതച്ചൻമാർത്താണ്ഡപ്പിള്ള കുളത്തൂരിരയിമ്മനും
അറ്റമില്ലാപോർക്കളത്തിൽ വീണവരെല്ലാരും പട്ടേ.”
എന്നിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. പതിനെട്ടടവും പ്രയോഗിച്ചു് ആ വീരകേസരി പൊരുതിക്കൊണ്ടിരിക്കവേ, ചതിയനായ കുതിരക്കാരൻ പുറകിൽനിന്നു ഒന്നു വെട്ടി. ആ വെട്ടുകൊണ്ടിട്ടും അദ്ദേഹം വകവയ്ക്കാതെ വെടിയേറ്റ പന്നിയെന്നപോലെ എതിരാളികളെയരിഞ്ഞു നിലത്തുപതിപ്പിച്ചു. ഒടുവിൽ നിലയില്ലാതാകയാൽ അദ്ദേഹഹം ശത്രുക്കളുടെ വെട്ടേറ്റു വീരസ്വർഗ്ഗം പ്രാപിക്കേണ്ടതായി വരികയും കുലദ്രോഹികളുടെ മനോഗതം സഫലമാവുകയും ചെയ്തു. രാമപ്പയ്യൻ ഈ പുരുഷകേസരിയുടെ ശിരസ്സിനെ പട്ടിൽപൊതിഞ്ഞു് മധുരനായ്ക്കനു കാഴ്ചവെച്ചു. അദ്ദേഹമാകട്ടേ,
“അയ്യോഇന്തതുരയേപ്പോലെ
അവനിതന്നിൽപാർത്താലൊരുവനുണ്ടോ?
വയ്യംപുകൾന്തിടും ഇവരുടയ
വൈരപണിയിട്ടകാതഴകോ
കോതിടുവന്ന മുടിയഴകോ
കൂൻറകസ്തൂരിപ്പൊട്ടഴകോ”
എന്നു വിലപിക്കയും ഈ പുരുഷരത്നത്തെ കൊന്നുകളഞ്ഞതു് അനുചിതമായിപ്പോയെന്നു രാമപ്പയ്യനെ ശാസിക്കയും ചെയ്തിട്ടു്, ആ ശിരസ്സിനെ പാളയത്തിലേക്കു അയച്ചുകൊടുപ്പാനേർപ്പാടുചെയ്തു.
ദൂതൻവഴിക്കു് സേനാപതിയുടെ മരണവൃത്താന്തമറിഞ്ഞു മഹാരാജാവു് ഒട്ടുവളരെ വിലപിക്കാതിരുന്നില്ല. ആ തിരുമേനിയുടെ ഉചിതജ്ഞതയും ആശ്രിതവാത്സല്യവും അത്യത്ഭുതം! പിള്ളയുടെ ‘തായാരെ’ എന്തു ചെയ്തിട്ടാണു് താനിനി സമാശ്വസിപ്പിക്കേണ്ടതു് എന്ന ഏകവിചാരമാണു് ആ രാജകേസരിക്കു് ആദ്യമായുണ്ടായതു്. ഇങ്ങനെയൊരു മകനെ എത്രകാലം തപസ്സുചെയ്താൽകിട്ടും? കഷ്ടിച്ചു മുപ്പത്തിരണ്ടു വയസ്സാകുന്നതിനു മുമ്പുതന്നെ പ്രധാന സചിവത്വം സമ്പാദിക്കത്തക്കവണ്മമുള്ള നയകോവിദത്വവും ബുദ്ധിശക്തിയും അത്ഭുതവീര്യ പരാക്രമത്തോടു യോജിച്ചപ്പോൾ സ്വർണ്ണത്തിനു സൌരഭ്യം കൂടി ഉണ്ടായാലുള്ള അവസ്ഥ പ്രാപിച്ചു.
മഹാരാജാവു് കാൽനടയായിട്ടുതന്നെ ആ സാദ്ധ്വിയെച്ചെന്നുകണ്ടു. ബുദ്ധിശാലിനിയായ ആ വീരപ്രസുവിനു പറയാതെതന്നെ കാര്യം മനസ്സിലായി. അവരുടെ ‘ശാലയും അലിഞ്ഞുപോക’ത്തക്കവണ്ണമുള്ള വിലാപം കേട്ടപ്പോൾ മഹാരാജാവു് ഇതികർത്തവ്യതാ മൂഢനായില്ല. അദ്ദേഹം അവരെ ഉചിതങ്ങളായ ഉപദേശങ്ങളാൽ സമാധാനപ്പെടുത്തീട്ടു്, ഇരവിക്കുട്ടിപ്പിള്ളയുടെ ശിരസ്സു ശത്രുക്കളുടെ പാളയത്തിൽനിന്നു കൊണ്ടുവരാൻ മാർഗ്ഗമെന്തെന്നു ആലോചിച്ചു. പക്ഷെ പുലിക്കൂട്ടിൽ തലയിടാൻ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ? എന്നാൽ ‘കാളിനായർ’ എന്നൊരുവൻ ഇരവിക്കുട്ടിപ്പിള്ളയുടെ ആശ്രിതവർഗ്ഗത്തിൽപ്പെട്ടിരുന്നു. അയാൾ മഹാരാജാവിനോടു് തന്റെ യജമാനന്റെ ശിരസ്സു കൊണ്ടുവരുന്നതിനു കല്പനകിട്ടണം എന്നു പ്രാർത്ഥിച്ചു. മഹാരാജാവു് സന്തോഷപൂർവം അനുമതിനൽകി. കാളിനായർ ശത്രുക്കളുടെ പാളയത്തിനു സമീപം എത്താറായപ്പോൾ വടുകപ്പടചെന്നു അയാളെ വളഞ്ഞു. കാളിനായർ പറഞ്ഞു:
“ഈവന്നപ്പുരവിയെക്കളയാമൽക്കൊടുവോങ്കോ
എൻറുചോല്ലിക്കാളിനായർ ഈട്ടിമുറുകെപ്പിടിത്തു
എന്നെതിരെ വാറകുതിരകളെ ഈടുചെയ്വേനൻറു
മന്നുപുകൾകൊണ്ട വഞ്ചിവേന്തർതിരുവാണെ
മാറിപ്പോവതില്ലൈ”
മലയാളി മനതുറപ്പും ചീറ്റവും തനക്കണ്ടു്’ ശത്രുക്കൾ ‘മനംമടിന്തു’ മാറിനിന്നു. അവരിൽ ഒരുവൻ രാമപ്പയ്യനെ വിവരമറിയിച്ചു് ഉടനേ അയാളെ തന്റെ മുമ്പിൽക്കൊണ്ടുവരുന്നതിനു അദ്ദേഹം ആജ്ഞാപിച്ചു. എന്തിനായിട്ടു വന്നു? എന്നും മറ്റും സേനാപതി ചോദിച്ചപ്പോൾ ‘ഞാൻ പാദകാണിക്കയ്ക്കു പോയി തിരിച്ചുവന്നപ്പോൾ ശത്രുക്കൾ എന്റെ യജമാനനെ ചതിച്ചു നിഗ്രഹിച്ചതായി അറിഞ്ഞു. അദ്ദേഹത്തിന്റെ ശിരസ്സു തന്നേക്കുക! അല്ലെങ്കിൽ നാം തമ്മിൽ വഴക്കിനിടവരും’ എന്നു സധൈര്യം മറുപടി പറഞ്ഞു.
“പത്തുനൂറുതലൈകിടക്കും പാളയത്തിൽതാനേ
ഇരവിപിള്ളൈ തലൈയൈ നീ എപ്പടികണ്ടെടുപ്പായ്?”
എന്നായി രാമപ്പയ്യന്റെ ചോദ്യം.
കണ്ടുപിടിച്ചുകൊള്ളാമെന്നു പറഞ്ഞതനുസരിച്ചു് കാളിനായരെ അവൻ പാളയത്തിലേക്കു കൂട്ടികൊണ്ടുപോയി. അവിടെങ്ങും തല കണ്ടില്ല. എന്തോ അപകടമുണ്ടെന്നു സംശയിച്ചു്,
‘വന്നമൊത്തപിള്ളയുടെ തലൈയേകണ്ടില്ലെങ്കിൽ
വെട്ടിടുവേനിവിടെയെൻറു കാളിനായർ ചൊന്നാൻ’
ഈ വീരന്റെ സ്വാമിഭക്തികണ്ടു, പ്രസന്നനായ രാമപ്പയ്യൻ പട്ടിൽപൊതിഞ്ഞ തലയെ അദ്ദേഹത്തിന്റെ കൈയ്യിൽകൊടുത്തു് അയാളുടെ ദുഃഖാതിരേകം കണ്ടപ്പോൾ വടുകന്മാർക്കുകൂടി മനസ്സലിഞ്ഞു.
“ഇപ്പടി ഉറപ്പതുള്ള മലയാളീ ഉന്തനുടെ ഊരേതുപേരേതു്”
എന്നു അവർ ചോദിച്ചതിനു്
“കോഴചെറ്റു മണുകാമൽ
കുഞ്ചുകാളിനായരെൻറും
ഊരുകുഞ്ചാകോടുദേശൻറും”
കാളി മറുപടി പറഞ്ഞു.
‘പ്രതിമാസം മൂന്നു പൊന്നുതരാം. ഞങ്ങളുടെ സൈന്യത്തിൽ സേവിക്കാമോ?’ എന്നു രാമപ്പയ്യൻ വീണ്ടും ചോദിച്ചു.
“ഉചിതമില്ലാച്ചോറുമുണ്ടു ഇങ്കെനാനും നിപ്പതില്ലൈ”
എന്നായിരുന്നു അതിനു മറുപടി. രാമപ്പയ്യൻ കാളിനായർക്കു് വിലയേറിയ ചില സമ്മാനങ്ങൾകൊടുത്തു പറഞ്ഞയച്ചു.
മഹാരാജാവു് എഴുന്നള്ളിയിരുന്നുതന്നേ ശവസംസ്കാരം മുറയ്ക്കു നടത്തി. ഈ അവസരത്തിൽ സൈന്യം അണിനിരന്നു ആചാരം ചെയ്തു.
“പതിനെട്ടുവാത്തിയധ്വനിമുഴങ്ക
പരിചിനുടൻ തലംകുറിത്തുപാടങ്കം.”
കാളിനായർക്കു മഹാരാജാവു് ‘കുഞ്ചികോടുദേശം പേരിൽ പതിച്ചുകൊടുത്തുവത്രേ. അദ്ദേഹത്തിന്റെ വംശക്കാർ ഇപ്പോഴും ഉണ്ടു്. ചില സർക്കാരുദ്യോഗസ്ഥന്മാരുടെ കൃത്രിമഫലമായി നായരുടെ വംശജന്മാർക്കു് ആ വസ്തുക്കൾ അനുഭവിക്കാൻ സാധിച്ചില്ല. കുറേക്കാലം കഴിഞ്ഞു് വംശം അന്യം നിന്നു പോയെന്നു ഒരു രേഖ എങ്ങനെയൊ അവരുണ്ടാക്കിയിട്ടു് വസ്തുക്കൾ പാട്ടംകെട്ടിക്കളഞ്ഞു. ഇരവിക്കുട്ടിപ്പിള്ളയുടെ സ്മാരകമായ ഒരു ശിലാവിഗ്രഹം തലയറ്റു് ഇപ്പോഴും സ്ഥിതിചെയ്യുന്നു. ഉള്ള ചരിത്രേഖകളെ നശിപ്പിച്ചും ഇല്ലാത്തതിനെ ഉണ്ടാക്കിയും വരുന്ന ഇക്കാലത്തു് ആരു് ഇങ്ങനെയുള്ള സ്മാരകങ്ങളെ സംരക്ഷിക്കാൻ പോകുന്നു? അദ്ദേഹത്തിന്റെ ഗൃഹവും ഒന്നു രണ്ടു കൊല്ലങ്ങൾക്കു മുമ്പുവരെ നിലനിന്നിരുന്നു. അന്തഃപുരത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഛായയും എഴുതിവച്ചിരുന്നത്രേ. ഈ തറവാടുസംബന്ധിച്ച വസ്തുക്കളെല്ലാം ഇപ്പോൾ അരുമന അമ്മവീടുവകയായിരിക്കുന്നു. സർവരേഖകളും നശിച്ചാലും ഇരവിക്കുട്ടിയുടെ യശസ്സു ആചന്ദ്രതാരം നിലനില്ക്കാതിരിക്കയില്ല. ചരിത്രകഥകളും മറ്റും എഴുതി പ്രസിദ്ധപ്പെടുത്തുന്നവർ, ഈ മാതിരി മഹാപുരുഷന്മാരുടെ കഥകൾകൂടി അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ, ബാലവിദ്യാർത്ഥികളുടെ ശാപം അവർക്കു സമ്പാദിക്കാതെ കഴിയുമായിരുന്നു.
ഈ സംഭവം നടന്നകാലത്തിനോടു അടുത്തുതന്നെ ആയിരിക്കണം ഈ കൃതിയും രചിക്കപ്പെട്ടതു്. ഭാഷാചരിത്രകാരൻ കണിയാകുളത്തിൽ പോർനടന്നതു് 670-ാമാണ്ടിടയ്ക്കാണെന്നു പറഞ്ഞുകാണുന്നു. മി. പരമേശ്വരയ്യരാകട്ടെ ‘ഇരവിക്കുട്ടിപ്പിള്ള എന്ന നായർ യോദ്ധാവു് അദ്ദേഹത്തിന്റെ (രാമപ്പയ്യന്റെ) സൈന്യത്തോടെതിർത്തു് യശശ്ശരീരനായിത്തീർന്നതു ക്രിസ്തുവർഷം 1635-ൽ ആയിരുന്നുവെന്നു്’ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ പ്രസ്തുതഗാനത്തിൽതന്നെ,
‘വാട്ടമറ്റകൊല്ലം എണ്ണൂറ്റിരുപതാമാണ്ടുതനിൽ
ആനതോർ മിഥുനമാസം പതിനെട്ടാംതീയതി
തിങ്കൾപ്പടിപുണർതം തിങ്കളാഴ്ച വിടിയുംമുന്നേ’
യുദ്ധംതുടങ്ങിയതായി രേഖപ്പെടുത്തീട്ടുള്ളതുകൊണ്ടു സംശയത്തിനൊന്നും വഴിയില്ല.
11.47 ബൃഹസ്പതിവാക്യം
ധർമ്മബോധോദ്ദീപകമായ ഈ ചെറുകൃതി അച്ചടിച്ചിട്ടുണ്ടു് ഇക്കാലത്തെ കൃതികളിൽ സാധാരണ കാണാറുള്ളതുപോലെ എതുക, മോന എന്നീ രണ്ടുമാതിരി പ്രാസങ്ങളും ഇതിൽ പ്രയോഗിച്ചുകാണുന്നു. എതുകമാത്രം സാർവത്രികമായി പ്രയോഗിച്ചിട്ടില്ലെന്നേയുള്ളു. മാതൃകകാണിപ്പാനായി ഒരു ഭഗം ഉദ്ധരിച്ചുകൊള്ളുന്നു.
“തന്നുടെബലമറിയാതെ മത്സരിക്കൊല്ലേ,
തന്നാൽസാധിച്ചിടാത്തതാമെന്നു പറയൊല്ലേ.
ചോദിച്ചാൽ തരുന്നേടത്തെപ്പോഴും ചോദിക്കല്ലേ
ചോറുതന്നവർകളെച്ചതിപ്പാൻതുടങ്ങൊല്ലേ.
***
ഒരുത്തരോടും കണക്കല്ലാതെപിണങ്ങൊല്ലേ
ഒളിഞ്ഞുനിന്നുകൊണ്ടു മാറ്റാരെത്തോല്പിക്കൊല്ലേ
ദുരിതമുള്ളവഴിയുപദേശിച്ചിടൊല്ലേ
ദുഷ്ടന്മാരോടുകൂടി സംസർഗ്ഗമുണ്ടാകൊല്ലേ
സൂക്ഷ്മത്തെയറിയാതെ സാക്ഷിപോയ്പറയൊല്ലേ
സൂര്യനങ്ങുദിയ്ക്കുമ്പോൾ നിദ്രയ്ക്കു തുനിയൊല്ലേ.
തന്നോടുചോദിയാതെ താനേറെപ്പറയൊല്ലേ
തന്നുടെവിലജ്ഞാനം താൻപോയിക്കുറയ്ക്കല്ലേ.”
ഇത്യാദി.
ഈ വരികളിലെല്ലാം മോനപ്രയോഗിച്ചിരിക്കുന്നുവെങ്കിലും എതുക ചില ദിക്കിൽ മാത്രമേ കാണുന്നുള്ളു. കവി ആരെന്നു നിശ്ചയമില്ല.
11.48 ഭീമൻകഥ
ഇക്ക്യതിക്കു് ഇപ്പോൾ 35 പതിപ്പോളം കഴിഞ്ഞിരിക്കുന്നു. അതിൽനിന്നു് സ്ത്രീജനങ്ങളുടെ ഇടയിലും മറ്റും ഈ ലഘുകൃതിയ്ക്കു് എത്രത്തോളം പ്രചാരമുണ്ടെന്നു ഗ്രഹിക്കാം. കവി പണ്ഡിതനല്ലെങ്കിലും, സരസമായ ചില ഘട്ടങ്ങൾ അവിടവിടെ കാണുന്നുണ്ടു്.
അരക്കില്ലംവെന്തുകഴിഞ്ഞു് കുന്തിയും പുത്രരും ആയി ഒരു പുഴവക്കത്തുചെന്നുചേർന്നു, തോണികടപ്പാൻ മാർഗ്ഗം അന്വേഷിച്ചു. കൈയിൽ കാശില്ലാതിരുന്നതിനാൽ വലിയ ദുർഘടമായി.
“കൂലിക്കുപായമില്ലെങ്കിൽ–നിന്റെ
ബാലരിലൊന്നുതരേണം”
എന്നു തോണിക്കാരൻ ശഠിച്ചു. ഗത്യന്തരമില്ലായ്കയാൽ അങ്ങനെ ചെയ്തിട്ടു്, അവർ അക്കരകടന്നു. എന്നാൽ കുന്തിയ്ക്കു വലിയ ദുഃഖമായി. അങ്ങനെ ഇരിക്കെ, തോണിക്കാരൻ വായുതനയനെ നോക്കിയിട്ടു്, ‘ഭാര്യശുശ്രൂഷകൾ ഒക്കെ നീയും വാട്ടംവരാതെ ചെയ്യണം’ എന്നു ആജ്ഞാപിച്ചു. അങ്ങനെ ആകട്ടെ എന്നു പറഞ്ഞിട്ടു് ഭീമൻ അവൾക്കു കുളിപ്പാൻ വെള്ളം കാച്ചുവാൻ തുടങ്ങി.
“ഊറ്റമായുള്ളൊരുചെമ്പു–ഭീമ സേനന്റെ പക്കൽകൊടുത്തു.
ബാലകൻ ചെമ്പങ്ങെടുത്തു–മഠപ്പള്ളിക്കകമതിൽപുക്കു.
ചെമ്പുകിടാരമെടുത്തു–വെള്ളം കോരിച്ചൊരിഞ്ഞുനിറച്ചു.
അഗ്നിയുംകത്തിച്ചുനന്നായ്–വെള്ളം കാഞ്ഞുതിളച്ചുതുടങ്ങി.
പോരിക വേഗം കുളിപ്പാ–നിനി നാഴികതെറ്റരുതൊട്ടും.
എന്നുപറഞ്ഞുടൻ ഭീമൻ– വേഗം കാൽക്കരംകൂട്ടിപ്പിടിച്ചു.
മെല്ലെയവിടെന്നെടുത്തു–തിള വെള്ളത്തിലങ്ങുമറിച്ചു.
കാർകൂന്തൽചുറ്റിപ്പിടിച്ചു–തിള വെള്ളത്തിലിട്ടൊന്നുലച്ചു.
സന്ധിയുമൊക്കെമുറിഞ്ഞു–അവൾ മൃത്യുവശഗതയായി.
ചത്തെന്നുകണ്ടോരുനേരം–ഭീമൻ മറ്റൊരുചെമ്പങ്ങെടുത്തു.
ചിത്രത്തിൽ വെച്ചങ്ങുമൂടി–യോടിച്ചെന്നുകടവിലന്നേരം.
കുന്തീകുമാരനെക്കണ്ടു–വീരൻ വമ്പൻപുഴയുടയോനും
അമ്മയ്ക്കുനല്ലസുഖമോ–കുട്ടി യെന്തിനിങ്ങോട്ടിപ്പോൾ പോന്നു?
അമ്മകുളിച്ചുസുഖമായ്–സ്വാദു ഭക്തവുമങ്ങു ഭുജിച്ചു
സൌഖ്യമായമ്മയിരിപ്പു–ണ്ടൊരു നാളുംലയമവർക്കില്ലാ.
ഓടംകടത്തേണമിപ്പോ–ളെനിക്കാലസ്യം പാരം മകനേ.
എന്നുരചെയ്തോരു നേരം–ഭീമനൊന്നവനോടു പറഞ്ഞു.
അങ്ങുന്നുതോണിനടുവി–ലൊരു വാട്ടംവരാതെയിരിക്ക
അങ്ങോട്ടുമിങ്ങോട്ടുംവേഗം–പുഴ ഞാൻവലിച്ചങ്ങിറക്കീടാം.
എന്നുപറഞ്ഞവൻകേറി–പ്പാര മൂറ്റമായൊന്നു വലിച്ചു.
തോണിനടുപ്പുഴ തന്നിൽ–ചുഴന്നമ്മാറു കീഴ്പോട്ടുതാണു.
തോണിപ്പുഴയുടയോനും–മുങ്ങി നീന്തിത്തുടിച്ചു തുടങ്ങി.
കാലും കരവും തളർന്നി–ട്ടവൻ കണ്ണുമിഴിച്ചു തുടങ്ങി.
വല്ലാതെ കൊല്ലരുതെന്നു–ഭീമസേനനുമുള്ളിലുറച്ചു.
കാൽക്കരംകൂട്ടിപ്പിടച്ചു–നേരെ യക്കരതന്നിലെറിഞ്ഞു.”
കുന്തിദേവിക്കു് ആലസ്യം പിടിപെട്ടു. വെള്ളം കൊണ്ടുവരുന്നതിനായി ഭീമനെ അയച്ചു. അദ്ദേഹം ഹിഡംബവനത്തിലേക്കു കടന്നപ്പോൾ,
“കണ്ടിതിഡുംബവനത്തേ–വീരൻ വിസ്മയമെന്നകണക്കേ
ഗോപുരം നാലുദിക്കിലും–പൊങ്ങി വ്യോമമാർഗ്ഗത്തോളം കാണായ്
പശ്ചിമഗോപുരദ്വാരേ–ചാരു പുഞ്ചിറകണ്ടു തെളിഞ്ഞു.”
അവിടെ സ്നാനം ചെയ്തുകൊണ്ടിരുന്ന ഹിഡുംബി അദ്ദേഹത്തിനെ കണ്ടു് മോഹിച്ച് ചിലതൊക്കെ പറഞ്ഞപ്പോൾ,
“പോടീ നിശാചരിമൂഢേ–നിന്റെ ശാഠ്യങ്ങൾ ഞാനിന്നറിഞ്ഞു.
പോകായ്കിലിന്നുഞാൻ നിന്നെ–വേഗേന കാലപുരത്തിനയപ്പൻ”
എന്നു് അദ്ദേഹം ആട്ടിപ്പായിച്ചു. അവൾതന്നെ സഹോദരന്റെ സമീപം പ്രാപിച്ചു ചില കള്ളങ്ങൾ തട്ടിവിട്ടു. അപ്പോൾ ഹിഡുബനുണ്ടായ ഭാവം വർണ്ണിച്ചിരിക്കുന്നിടത്തും മറ്റും യഥാർത്ഥ കവിത്വത്തിന്റെ ഈഷൽസ്ഫുരണം കാണ്മാനുണ്ടു്.
സാമാന്യജനതയുടെ ആവശ്യത്തിലേക്കായി ഏതോ ഒരു കവി രചിച്ചിട്ടുള്ളതായിരിക്കണം ഈ ഭീമൻപാട്ടു്. ഇത്തരം കൃതികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിരൂപകകേസരികളുടെ ഭീകരഗർജ്ജനങ്ങളൊന്നും അവയേ നാട്ടിൽനിന്നു് ഓടിക്കാൻ പര്യാപ്തമായിരിക്കുന്നില്ല.
11.49 കുറിപ്പുകൾ
[1] സംസ്കൃതഗ്രന്ഥത്തിനു ഇങ്ങനെ പേരു നൽകിയതിനേപ്പറ്റി തൽപ്രസാധകൻ പറയുന്നു. “കേരളീയാഃ സദാശിവശാസ്ത്രിണസ്തു “കോഡിവിരഹം” ഇതിഗ്രന്ഥനാമ വദന്തി കോഡി ശബ്ദഃ കേരളഭാഷയാം നൂതനവാചകഇതി തദർത്ഥം ച” ഈ അഭിപ്രായം സ്വീകരിക്കുന്ന പക്ഷം നവവിരഹം എന്നർത്ഥം പറയാം.
[2] ശ്രീകൃഷ്ണവിജയ വ്യാഖ്യാനത്തിൽ വ്യാഖ്യോതാവു് ശ്രീനാരായണഗുരുവരനേയും ചന്ദ്രശേഖരനേയും സ്തുതിച്ചുകാണുന്നുണ്ടു്. എന്നാൽ രാഘവീയകർത്താവായ രാമൻനമ്പ്യാരുടെ ഗുരുവരനായ നാരായണഭട്ടതിരിതന്നെയാണോ ഈ “ശ്രീനാരായണൻ” എന്നു ഇനിയും തീർച്ചപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നതു്. ശ്രീകൃഷ്ണവിലാസവ്യാഖ്യാകാരൻ ജയന്താലയേനെ സ്തുതിച്ചിട്ടുമില്ല.
[3] ആനന്ദജശ്ശോകജമശ്രുബാഷ്പസ്തയോരശീതം ശിശിരോ ബിഭേദ.(രഘുവംശം).
[4] പ്രണീയ ദാരിദ്ര്യദരിദ്ര്യതാം നളഃ (നൈഷധം.).
[5] കുടമാളൂരാണു് ഈ പുതുമന ഇല്ലം. ഈ സ്ഥലം ചെമ്പകശേരി രാജ്യത്തിലുൾപ്പെട്ടിരുന്നതുകൊണ്ടു് അമ്പലപ്പുഴയുള്ള പുതുമന ഇല്ലം കുടമാളൂർ പുതുമനയുടെ ഒരു ശാഖയാണെന്നു ഗ്രഹിക്കാം.
അധ്യായം 12
12. സംസ്കൃത പ്രഭാവകാലസാഹിത്യം (തുടർച്ച)
എഴുത്തച്ഛന്റെ കാലത്തിനു് മുമ്പും അടുത്തു് പിമ്പുമായി ഉണ്ടായ അസംഖ്യകൃതികൾ അച്ചടിച്ചും അച്ചടിക്കാതെയും കാണ്മാനുണ്ടു്. അവയെ എല്ലാം കഴിഞ്ഞ അദ്ധ്യായത്തിൽ ചേർക്കാമെന്നാണു് വിചാരിച്ചിരുന്നതു്. എന്നാൽ ആ ശ്രമം സഫലമാകാഞ്ഞതിൽ വ്യസനിക്കുന്നു. പുസ്തകങ്ങളുടെ പേരും മാതൃകയ്ക്കായി ചില ഉദ്ധാരണങ്ങളും മാത്രം ചേർത്തു് അദ്ധ്യായത്തെ ചുരുക്കാമായിരുന്നു. എന്നാൽ അതുകൊണ്ടു് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം നിർവഹിക്കപ്പെടാത്തതിനാൽ, ഓരോ ഗ്രന്ഥത്തേയും പറ്റി കഴിയുന്നതും സവിസ്താരം പ്രതിപാദിക്കാൻ ഇടയായതാണു്. അങ്ങുനിന്നും ഇങ്ങുനിന്നും ഒന്നോ രണ്ടോ വരികൾവീതം എടുത്തുചേർത്താൽ വായനക്കാർക്കു് ആ ഗ്രന്ഥങ്ങളെപ്പറ്റി ഒരു ജ്ഞാനവും ഉണ്ടാകുന്നതല്ലല്ലോ. കഥാഗതിയെ അവിച്ഛിന്നമായി തുടർന്നുപറഞ്ഞുകൊണ്ടുപോകുന്നതിനിടയ്ക്കു് അവതരിക്കപ്പെടുന്ന കവിവാക്യങ്ങളുടെ ഗുണദോഷങ്ങളെ വായനക്കാർക്കു് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുമെന്നുള്ള ഏകവിചാരമാണു് ഗ്രന്ഥകാരനെ ഈ വിഷയത്തിൽ പ്രധാനമായി പ്രേരിപ്പിച്ചതെന്നു കൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
12.1 പുത്രകാമേഷ്ടിപ്പാട്ടു്
ഈ ലഘുകാവ്യം എഴുത്തച്ഛനു മുമ്പു് ഉണ്ടായതായിരിക്കണം. അച്ചടിച്ചിട്ടുള്ളതായി അറിവില്ല. വൃത്തങ്ങൾ ചമ്പുക്കളിലെ ഗദ്യരീതിയെ അനുവർത്തിച്ചു കാണുന്നു. ഒരു പ്രതി ക്യൂറേറ്റർ ആപ്പീസിൽ ഇരിപ്പുണ്ടു്. കവിത നന്നായിരിക്കുന്നു. അതിൽനിന്നു് അയോധ്യാവർണ്ണനമാത്രം ഉദ്ധരിച്ചുകൊള്ളുന്നു.
“അനുപമ സമ്പത്തുകളോർക്കുമ്പോളളകാപുരി പുനരെന്നേതോന്നൂ.
നിർമ്മലഭാവം നിരുപിക്കുമ്പോൾ, ബ്രഹ്മാലയമാണെന്നേ തോന്നൂ.
***
ശിവകരവസ്തു വിശേഷംപാർത്താൽ ശിവലോകം പുനരെന്നേതോന്നൂ.
ധർമ്മസ്ഥിതി നിരുപിക്കുന്തോറും ധർമ്മാലയമാണെന്നേതോന്നൂ.
ആഭോഗം നിരുപിക്കുന്തോറും ഭോഗവതീപുരിയെന്നേതോന്നൂ.
ശുദ്ധികരത്വം നിരുപിക്കുമ്പോളുത്തമഗംഗയിതെന്നേതോന്നൂ.
രത്നവിശേഷം കാണുന്തോറും രത്നാകരമാണെന്നേതോന്നൂ.
വർണ്ണിച്ചീടുകിലുരഗപതിക്കും ഖിന്നതപിണയും നിർണ്ണയമായി.
ഹരിയോ ഹരിഹരി! ഭാസ്കരവംശദിവാകരനുദയപർവതമായതു്.
സൂരിയകുലമാം ദീപജ്വാലയ്ക്കാദരവേറും രത്നവിളക്കതു്.
വണ്ടാർകുഴലികൾ തിലകമതാകിയ തണ്ടാർമാതിനു കളിമന്ദിരമതു്.
ആനന്ദത്തിനുപൊന്നിൻഗൃഹമതു് ആശ്ചര്യത്തിനുമാശ്രയമായതു്.
ജയനർത്തകവരതരുണിതനിക്കൊരു മരതകനാടക ശാലയതായതു്
കോമളതയ്ക്കൊരു പൂമ്പൊഴിലായതു് വീര്യനൃപന്നൊരു പൂന്തഴയായതു്;
ആർത്തജനത്തിനു കല്പകമരമതു്, ആശ്രിതജനചാതക കരുമുകിലതു്.
അഖിലനൃപാംബുജപകലവനായതു് സകലഗുണങ്ങൾക്കാകരമായതു്
നിഖിലജനാളീനയനോത്സവമതു്, ദുഷ്ക്കർമ്മത്തിനു പാഴ്കൊലനിലമതു്
വിക്രമമാകിയ മകരകുലത്തിനു ചൊൽക്കലരും മകരാലയമായതു്.
ഓരോ ചാരു കിടങ്ങുകൾകണ്ടാലോരോവാരിധിയെന്നേതോന്നൂ.
വാർകോലും കൽക്കോട്ടകൾ കണ്ടാൽ ലോകാലോകമിതെന്നേതോന്നൂ.
പൊന്മതിൽമമ്മാ! കാണുംതോറും നന്മണിസാനുവിതെന്നേതോന്നൂ
പ്രസാദാഭോഗം കാണുമ്പോൾ കൈലാസാചലമെന്നേതോന്നൂ”
12.2 ഭാരതപ്പോരു്
ഈ പാട്ടു് എഴുത്തച്ഛന്റെ കാലശേഷം ഉണ്ടായതാണെന്നുള്ളതിനു്,
‘ബദ്ധപ്പെട്ടുപാർത്ഥനെയ്തൊരുബാണം
ആനത്തലയറ്റു ഭഗദത്തന്റെ
വില്ലുമറ്റവന്റെ തലയുമറ്റു
വാലുമറ്റുകൊമ്പനാനയും വീണു’
എന്ന വരികളിൽനിന്നും ഗ്രഹിക്കാം. ഇവിടെ കവി എഴുത്തച്ഛനെ അനുകരിച്ചിരിക്കുന്നതു നോക്കുക.
‘അഞ്ചഞ്ചാതെ കണ്ടഞ്ചമ്പനഞ്ചമ്പെയ്തു
അഞ്ചും തച്ചുനെഞ്ചിലാറണിന്തോനു്’
‘പൂക്കളിട്ടുകാലു പണിന്തേനമ്പാൽ’
ഇത്യാദി ഭാഗങ്ങളിൽ കാണുന്ന തമിൾപ്രയോഗങ്ങൾ കണ്ടിട്ടു് കവി അതിപ്രാചീനനാണെന്നു പറയുന്നപക്ഷം, എഴുത്തച്ഛൻ ഈ പ്രാകൃത കവിതയിൽനിന്നു് ആശയചോരണം ചെയ്തുവെന്നു വരും. അതു വിചാരിക്കാൻപോലും നിവൃത്തിയില്ല.
ഈ പാട്ടിൽ പാണ്ഡവോൽപ്പത്തി മുതൽക്കുള്ള കഥ മുഴുവനും സംഗ്രഹിച്ചിരിക്കുന്നു. സരസമായ ചില വർണ്ണനകളും ഇടയ്ക്കിടെ ഇല്ലെന്നില്ല. ഒരുഭാഗം താഴെ ഉദ്ധരിച്ചുകൊള്ളട്ടേ.
“ഭീമപരാക്രമനാമഭിമന്യു ഭീമപദാതികളോടൊരുമിച്ചു
തേരിലേറിത്തന്റെ വാഹിനിയൊന്നു ചതുരംഗമായിടുന്ന സേനകൾചൂഴേ
ചാപംശരം ചക്രം പരിശശൂലംവേലും മുസലവും വെണ്മഴുകുന്തം
തുള്ളുമുനയുള്ള ചുരികക്കത്തി, മിന്നും കടുത്തില കനകക്കത്തി,
കല്ലും കവിണോടു കൈലകംനല്ല ആയുധങ്ങളെല്ലാംവഹിച്ചുതേരിൽ
പായും കുതിരയെ വിരവിൽപൂട്ടി ലോകാലോകം നേരെ വരുന്നതുപോലെ
പൊന്നണിഞ്ഞു മത്തവരുന്നക്കൂട്ടം പിന്നാലവർ പൊന്നിൻ മലകൾപോലെ
വെള്ളത്തിലേത്തിര മാലകൾപോലെ അലയാഴികൾചൂഴും പരന്നപോലെ
കാലാൾപടകളും നിരക്കുമാറു് വൻപോടലറുന്ന പടഹംഭേരി
കൊമ്പും കുഴൽ ചിഹ്നം നിറന്നശംഖം കൊടികുടതഴയൊരുനിരവേ
തുടൽമണിനാദമൊരുനിരവേ കൊണ്ടലൊലിപോൽ ഞാണൊലികേട്ടപ്പോൾ
എട്ടുദിക്കുകളും നടുങ്ങുമാറു് ഭൂമികുലുങ്ങിവൻ പൊടിയിളകി
ഭൂമണ്ഡലങ്ങളും വിറയ്ക്കുമാറു് എട്ടാശകൾ പെട്ടെന്നലറിക്കൊണ്ടു
വട്ടംനിരന്നല്ലോ പാണ്ഡവർസൈന്യം”
12.3 കപിലോപാഖ്യാനം നാലുവൃത്തം
ഈ ലഘുകൃതിയും എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ഉണ്ടായതാണു്. ശ്രീചിത്രാവലിയിൽ രണ്ടാംപുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ശരശയനസ്ഥനായ ഭീഷ്മർ ധർമ്മപുത്രർക്കു ‘ദാനമാഹാത്മ്യ’ത്തെ ഉദാഹരിച്ചു പറഞ്ഞുകൊടുക്കുന്ന കഥയാണിതു്. ചന്ദ്രപുരിയെന്ന രാജ്യത്തു് ചന്ദ്രസേനൻ എന്നൊരു രാജാവു് വാണിരുന്നു. അക്കാലത്തു്,
“ഗോക്കളും വ്യാഘ്രങ്ങളുമൊന്നിച്ചു കളിച്ചീടു-
മർക്കജന്മജാ സർപ്പമൂഷികന്മാരുമെല്ലാ
പ്പക്ഷികളും”
ശത്രുതയൊക്കെ വെടിഞ്ഞൊന്നിച്ചു വസിക്കുന്നു.
“രാജ്യത്തിലുള്ള ഫലമൂലങ്ങളെല്ലാമൊക്കെ
പൂജ്യങ്ങളായി സ്വാദിഷ്ഠങ്ങളായുള്ളതേറ്റം
വൃക്ഷങ്ങൾ കുസുമങ്ങൾ ഫലങ്ങൾ നിറഞ്ഞൊക്കെ
പക്വങ്ങളോടുകൂടി നിന്നിതങ്ങെല്ലാനാളും.
വിപ്രക്ഷത്രിയ വൈശ്യശൂദ്രരുമുണ്ടുനല്ല
സ്വർഗ്ഗസന്നിഭമായ രാജധാനിയിൽ ബന്ധു
വർഗ്ഗത്തോടൊരുമിച്ചു സുഖിച്ചു ചന്ദ്രസേനൻ”
ആ രാജധാനിയിൽ സർവജ്ഞനായ ഒരു ബ്രാഹ്മണൻ വഴിപോലെ ഗൃഹസ്ഥാശ്രമവും പരിപാലിച്ചുകൊണ്ടു് ജീവിച്ചിരുന്നു ആ ബ്രാഹ്മണനു് അഗ്നിഹോത്രം ചെയ്യണമെന്നു് ഒരു ആഗ്രഹം ഉദിച്ചു. എന്നാൽ പഞ്ചഗവ്യത്തിനു വഴി കാണാതെ അദ്ദേഹം വിഷമിച്ചുവത്രേ.
“ദ്രവ്യങ്ങൾ പലവിധമുണ്ടെന്നാകിലും പഞ്ച-
ഗവ്യമില്ലാഞ്ഞാൽ കർമ്മമെങ്ങനെ നടക്കുന്നു?”
പശുക്കളെ ദാനം വാങ്ങിയാൽ അർത്ഥഹാനി സംഭവിക്കും; മഹിമയും അസ്തമിച്ചുപോകും. എന്നാൽ ‘വിഷ്ണുഭക്തന്മാരോടു തൃഷ്ണയെന്നിയേ’ ഗോദാനം വാങ്ങാമെന്നു വിധിയുമുണ്ടു്. അതുകൊണ്ടു് അദ്ദേഹം രാജാവിനെ ചെന്നു കണ്ടു വിവരം ഗ്രഹിപ്പിച്ചു. ചന്ദ്രസേനനാകട്ടെ ‘വസിഷ്ഠമുനിയുടെ നന്ദിനി’ക്കൊക്കുന്ന ‘കപിലയേവരുത്തിയിട്ടു്’
“കലശങ്ങളെ ജ്ജപിച്ചഭിഷേകവും ചെയ്തു
കലഭമാല്യാദികൾ കൊണ്ടലങ്കരിച്ചേറ്റം
കംബളങ്ങളെക്കൊണ്ടു ദേഹവുമാച്ഛാദിച്ചു
കൊമ്പിനും കുളമ്പിനും പൊന്നും വെള്ളിയും കെട്ടി”
ഭൂദേവനു ഈശ്വരാർപ്പണബുദ്ധ്യാ നൽകിയതിന്റെശേഷം,
“സർവദേവതാമയം ഗോരൂപമറിഞ്ഞാലും
ഫാലലോചനനാകുമീശ്വരൻ പശുപതി
ഫാലദേശത്തിങ്കൽ വാണീടുന്നതറിഞ്ഞാലും.
ആനനത്തിങ്കൽ മൂലപ്രകൃതി വസിപ്പതും
വാനവർ വാണീദേവി നാവിന്മേൽ വസിപ്പതും.
നേത്രങ്ങളാകുന്നതു ചന്ദ്രനുമാദിത്യനും
ശ്രോത്രങ്ങൾ മഹാരക്ഷിശൃംഗമോദേവി
നാസികാഗ്രത്തിൽ വാണീടുന്നു ജ്യേഷ്ഠാദേവി
വാസവനധിവാസം വാലിന്മേലറിഞ്ഞാലും
തോളു രണ്ടിലും ഗണനാഥനും കുമാരനും
തോലാകുന്നതു ജലധീശ്വരനറിഞ്ഞാലും
ദന്തപംക്തികളിൽ വാണീടുന്നു മരുത്തുകൾ
സന്തതമകിട്ടിൽ വാണീടുന്നു നിധിപതി.
സാദരമുദരത്തിൽ വാഴുന്നു ദഹനനും.
പാദപാണികളിൽ വാണീടുന്നു നാഗേശന്മാർ.
നാലുവേദവും നാലു മൂലകളാകുന്നതു
പാലാകുന്നതു നൂനമമൃതുതന്നെയല്ലോ.
ഗോമയം ലക്ഷ്മീദേവി ഗോമൂത്രം ഗംഗാദേവി
ശ്രീമഹാവിഷ്ണുതന്നെ വെണ്ണയായീടുന്നതു.
രോമങ്ങളെല്ലാമോരോ മുനിശ്രേഷ്ഠന്മാരല്ലോ
ഗോമാഹാത്മ്യങ്ങളെല്ലാം പറവാൻ പകൽ പോരാ
സർവദേവതാമയമായതു പശുക്കളും
ദിവ്യവസ്തുക്കളിലും വച്ചിതു മുമ്പാകുന്നു
വഹ്നികോണത്തഗ്നിയോ കെടരുതെന്നും ചൊന്നാൻ.”
ബ്രാഹ്മണൻ ആ പശുവിനെക്കൊണ്ടു പോയി തന്റെ ധർമ്മപത്നിയെ ഏൽപ്പിച്ചിട്ടു്,
“എന്നുമിപ്പശുവിനെ നന്നായി രക്ഷിക്കണ-
മൊന്നുമേയുപദ്രവിയാതെ നീ ദിനംതോറും
പൂത്തിരിക്കുന്നകാലം തൊഴുത്തിൽ പൂക്കീടാതെ
യാസ്ഥയാ പശുവിനെത്തൊട്ടു പോകാതെയപ്പോൾ.
വിശപ്പു വരുത്താതെ ദാഹവുമുണ്ടാക്കാതെ
പശു തന്നിഷ്ടക്കേടുമൊരിക്കൽ വരുത്താതെ
വശക്കേടുണ്ടാക്കാതെ വശത്തുവച്ചുകൊണ്ടുരക്ഷിച്ചുകൊൾക”
എന്നു ഉപദേശിച്ചു. വിപ്രപത്നി യഥാവിധി പശുവിനെ ശുശ്രൂഷിച്ചു വളർത്തിക്കൊണ്ടു വരവേ, അതിനു ഗർഭമുണ്ടായി. പത്തു മാസം കഴിഞ്ഞപ്പോൾ അവൾ ഒരു പുത്രനെ പ്രസവിക്കയും ചെയ്തു. ആ പുത്രനോടുകൂടി ‘ചിത്തമോദേനവാഴുന്ന കാലത്തു’ കപില ഇങ്ങനെ ചിന്ത തുടങ്ങി.
“ഭക്തമെത്രയും കുറഞ്ഞു പുനരിതു കാലം
അത്തലുണ്ടല്ലോ മമ പുത്രനും ദ്വിജേന്ദ്രനും”
ഈ വിചാരത്തോടുകൂടി അവൾ ഒരു ദിവസം ഉഷഃകാലത്തു് ആഹാരം തേടി പുറപ്പെട്ടു. വഴിമദ്ധ്യേ ദുശ്ശകുനങ്ങൾ കണ്ടു തുടങ്ങി എങ്കിലും അതൊന്നും വകവയ്ക്കാതെ ചിറ്റാറുകടന്നു യമുനാതീരത്തുചെന്നു്
“മലയമലമേലങ്ങേറി മോദേനചെന്നു
സുലഭമായ പുല്ലുമുറിച്ചു തിന്നുന്നേരം
ഭീമവേഷവുമൊരു ഘോരനാദവും നല്ല
കാമരൂപിയെന്നുള്ള നാമധേയവും പൂണ്ടു”
ഒരു വ്യാഘ്രി ഘ്രാണിച്ചറിഞ്ഞു് അവളുടെ നേർക്കു പാഞ്ഞുചെന്നു. അവൾ ഭയപരവശയായ് ചമഞ്ഞങ്കിലും,
“എന്മരണവുമിതാവന്നടുത്തിരിക്കുന്നി
തെന്മകൻ തന്നെക്കാണ്മാനില്ലവസരമിപ്പോൾ.
നിർമ്മലനായ പരബ്രഹ്മം താൻ വിഷ്ണുമൂർത്തി
തന്മായാബലമെല്ലാമെന്നതേ പറയേണ്ടു
എങ്കിലുമിവളോടു സങ്കടം പറയേണം”
എന്നുറച്ചിട്ടു്, ആ വ്യാഘ്രിയോടു്,
“ഞങ്ങളെ ബ്ഭക്ഷിച്ചു കൊൾകെന്നതീശ്വരനല്ലോ
നിങ്ങൾക്കു വിധിച്ചതിന്നില്ലതിനൊരു ദോഷം.
മക്കളെക്കുറിച്ചുള്ള സ്നേഹപാരവശ്യങ്ങ-
ളിക്കാണാകിയ ഭവതിക്കുമൊട്ടുണ്ടല്ലല്ലീ?
എന്നതു നിരൂപിച്ചു മാകാണിനേരം പാത്താൽ
വന്നു ഞാൻ നിന്റെ മുമ്പിൽ മരിപ്പേൻ മടിയാതെ”
എന്നു പറഞ്ഞുനോക്കി. ആ വ്യാഘ്രിയോ ആണ്ടിൽ ഒരിക്കൽ മാത്രമേ ഗുഹയ്ക്കു വെളിയിൽ വരികയുള്ളു. അതുകൊണ്ടു് അവൾ കപിലയുടെ അപേക്ഷയെ സ്വീകരിക്കുന്നതിനു് നിവൃത്തിയില്ലെന്നു ഒഴിഞ്ഞുവെന്നു മാത്രമല്ല,
“നിന്നെയും തിന്നു മമ പൈദാഹാദികൾ തീർന്നാൽ
വന്നീടും സ്വർഗ്ഗപ്രാപ്തി നിനക്കെന്നറിഞ്ഞാലും”
എന്നു സമാധാനപ്പെടുത്താൻ നോക്കുകയും ചെയ്തു. അതു കേട്ടു് കപില പറഞ്ഞു:
“ജനിച്ച നേരം തന്നെ വിധിച്ച മരണത്തേ
നിനച്ചില്ലെനിക്കൊരു ഖേദമെന്നറിഞ്ഞാലും
പുരുഷാർത്ഥത്തെ ലഭിച്ചിടാതെ ഭൂമിതന്നിൽ
പെരികെക്കാലം ജീവിച്ചിരുന്നാലെന്തുഫലം
പരലോകത്തെ സ്സാധിച്ചിടാമെന്നിരിക്കിലോ
മരണംവരുന്നതുമെത്രയും വലുതല്ലോ.”
ഈ സംഭാഷണത്തിൽ കവി കുടിലബുദ്ധികൾക്കും ഉദാരമതികൾക്കും തമ്മിലുള്ള വ്യത്യാസത്തെ ഭംഗിയായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. നീചന്മാർ സാധുക്കളെ ഹിംസിക്കുന്നുവെങ്കിലും ആ ഹിംസ അവരുടെ ക്ഷേമത്തിനു വേണ്ടിയാണെന്നത്രേ വ്യാഖ്യാനിക്കുന്നതു്. കപിലയേപ്പോലുള്ള സാത്വിക പ്രകൃതികളാകട്ടെ, ആത്മത്യാഗംചെയ്തും പരന്മാർക്കു നന്മചെയ്യുന്നു. കാമരൂപിണിയുടെ പ്രസംഗം നോക്കുക.
“നിനക്കുതികഞ്ഞൊരു ധർമ്മമുണ്ടതുമൂല-
മെനിക്കുനിന്റെദേഹം ദാനം ചെയ്തീടുന്നാകിൽ
ജഗൽകാരണൻ ജഗൽപ്രഭു നിർമ്മലൻ ദേവൻ
ജഗൽപാലകൻ ജനാർദ്ദനനാം വാസുദേവൻ
അച്യുതനേകൻ ദാക്ഷിണ്യശീലൻ ദയാനിധി
ചിൽപുമാൻ ദനുജാരിമോക്ഷദൻ മുരവൈരി
മുകുന്ദൻ മഹാബലൻ പരമാനന്ദമൂർത്തി
പരമേശ്വരൻ നാഥൻ പരമൻ പരമാത്മാ
വരദൻ പരാപരൻ പരബ്രഹ്മമാംപരൻ
ഗരുഡധ്വജൻ ഗജേന്ദ്രാർത്തിനാശനനാർത്ത-
ശരണ്യൻപരൻ ശരണാഗതാവൃതനേകൻ,
ശംഖചക്രാബീജധരനനന്തശായിവിഷ്ണു
വൈകുണ്ഠൻ വാസുദേവനന്ദനനായബാലൻ,
ആദ്യനവ്യക്തനജൻ നിർമ്മലൻ മുരവൈരി
കരുണാകരൻ കമലേക്ഷണൻ നാരായണൻ,
ചരണാംബുജഭക്തപരിപാലകൻദേവൻ
ഇന്ദ്രാദിദേവഗണ വന്ദിതനായദേവൻ,
ചിന്തിച്ചാലറിഞ്ഞുകൂടാതൊരുമായാമയൻ
ജന്തുക്കളുള്ളിലെല്ലാം ജീവാത്മാവായിമേവു-
മന്തരാത്മാവു സകലേശ്വരൻ നാരായണൻ
സന്തുഷ്ടനായിതെങ്കലപ്പോഴെയറ്റുകൂടും
ബന്ധമെപ്പേരു മതിനില്ല സംശയമേതും.”
ഈ ദീർഘമായ പ്രസംഗം ‘പിശാചിനും വേദമുദ്ധരിക്കാൻ കഴിയും’ എന്നുള്ള ആംഗലപഴമൊഴിയെ ഉദാഹരിക്കുന്നു.
കപില പല പ്രാവശ്യം വീണു കേണു പ്രാർത്ഥിക്കയും കുറേ ഒക്കെ യുക്തി വാദം നടത്തുകയും ചെയ്തതിന്റെ ഫലമായി വ്യാഘ്രി അവൾക്കു പോയ്വരാനനുവാദം നൽകി.
“സത്യത്തെ വിശ്വാസമുണ്ടു നിനക്കെങ്കി-
ലുത്തമേ നീ ചെന്നു നേരത്തു വന്നാലും”
എന്നു കാമരൂപിണി പറഞ്ഞപ്പോൾ കപില ഇങ്ങനെ മറുപടി പറഞ്ഞു.
“സത്യമസത്യവും തങ്ങളിൽ തൂക്കിയാൽ
സത്യമേറെത്തൂങ്ങുമെന്നതറിക നീ
ഉത്തമ ജന്തുവായ് വന്നു ജനിച്ച ഞാൻ
സത്യത്തെ ലംഘിക്കരുതെന്നറിയേണം”
അതിനു വ്യാഘ്രി പറഞ്ഞ സമാധാനം ഇങ്ങനെയായിരുന്നു.
“ഒന്നുണ്ടു നിന്നോടു ചൊല്ലുന്നതിന്നിയും
തന്നുടെ ജീവനെ രക്ഷിച്ചുകൊൾവാനു-
മന്യനായുള്ളവൻ തന്നെ രക്ഷിപ്പാനും
പിന്നെയിഹ പരമാർത്ഥമറിയുമ്പോ-
ളെന്നിവറ്റിങ്കിലസത്യം പറഞ്ഞീടാം.
എന്നുണ്ടതിലൊന്നു വന്നതുകൊണ്ടു നീ
യെന്നെച്ചതിച്ചു പൊയ്ക്കൊണ്ടാലതു മൂലം
പിന്നെയൊരു ദോഷമില്ലെന്നു വന്നീടും.”
ചില അവസരങ്ങളിലൊക്കെ അസത്യം പറയാമെന്നു മഹാഭാരതം വിധിച്ചിട്ടുണ്ടെന്നു് ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ടു്. സാത്വികബുദ്ധികൾ ഒരു കാരണവശാലും അസത്യം പറകയില്ലെന്നു മഹാഭാരതകർത്താവു് കപിലോപാഖ്യാനം വഴിക്കു് കാണിച്ചു തന്നിരിക്കുന്നു.
കപില വ്യാഘ്രിയുടെ യുക്തിക്കു സമാധാനമായി പറഞ്ഞ വാക്കുകൾ എത്ര ഉൽകൃഷ്ടങ്ങളായിരിക്കുന്നുവെന്നു നോക്കുക.
“സത്യലംഘനം ചെയ്തുപോരുന്ന ജനങ്ങൾ ചെ
ന്നെത്തീടും നരകത്തെ പ്രാപിപ്പൻ വരായ്കിൽ ഞാൻ.
വൃദ്ധരും വിപ്രന്മാരും നാരിമാർ ഗോക്കൾ ശാസ്ത്ര-
ഹസ്തന്മാരല്ലാത്തവരിവരെക്കൊല്ലുന്നോരും
ആരാന്റെ ധനം മറിമായത്താൽ കവർന്നീടും
ചോരരും പൂകും പാപമേൽക്കുവൻ വരായ്കിൽ ഞാൻ.
ശത്രുവിന്നെതിരായ ഭർത്താവെയുപേക്ഷിച്ചു
ഭൃത്യന്മാർ മണ്ടീടുകിലെത്ര ദുഷ്കർമ്മമതും
താപം പൂണ്ടുടൻ മദ്ധ്യാഹ്നത്തിങ്കൽ വരുവോർ തൻ
താപത്തെയൊഴിക്കാതെ ദ്വേഷിച്ചിട്ടയപ്പോർക്കം
ജീവിതം നൽകീടാത്ത ഭർത്താക്കൾക്കുമുള്ള
യാതാനാ ദുഃഖം പ്രാപിച്ചീടുവൻ വരായ്കിൽ ഞാൻ.
കോപിച്ചു ഭർതൃദ്വേഷി ചോരഭർത്താവു തന്നെ
പ്രാപിച്ചീടിന ബഹുനാരികൾ നരകവും
രണ്ടു വേട്ടൊരുത്തിയെ വെടിഞ്ഞ പുരുഷനു
മുണ്ടായ പരസ്ത്രീകൾക്കുറ്റ സേവകന്മാരും
നിക്ഷേപം വരിപ്പോരും മാതൃമാതുലന്മാരെ
രക്ഷയായിരുത്താതെ വെടിഞ്ഞു ചെയ്വോർ മറ്റും
***
ഇങ്ങനെ പല ദോഷം ചെയ്തു ചെയ്തുള്ള ജനം
തന്നുടെ നരകത്തെ പ്രാപിപ്പൻ വരായ്കിൽ ഞാൻ”
കപില ചില കഥകൾ കൂടി പറഞ്ഞു കേൾപ്പിച്ചു് വ്യാഘ്രിയുടെ മനസ്സിൽ ധൈര്യം വരുത്തിയതിന്റെ ശേഷം സ്വഗൃഹത്തിൽ പോയി പുത്രനേയും മറ്റും കണ്ടിട്ടു തിരിച്ചു ചെന്നപ്പോൾ ആ ഹിംസ്രമൃഗത്തിനുപോലും അവളുടെ സത്യനിഷ്ഠയിൽ ബഹുമാനം തോന്നുകയാൽ അവളെ തിന്നാനൊരുങ്ങിയില്ലെന്നു മാത്രമല്ല; ഇനിമേൽ ജന്തു ഹിംസചെയ്യുകയില്ലെന്നു ശപഥവും ചെയ്തു. ഈ പശുവ്യാഘ്രസംവാദം യക്ഷഗന്ധർവാദികൾ വഴിക്കു മഹാവിഷ്ണുവറിഞ്ഞു് പുശുവിനേയും വ്യാഘ്രത്തേയും സ്വർണ്ണയാനത്തിൽ ഏറ്റി വൈകുണ്ഠത്തിൽ വരുത്തുന്നതിനായി ദൂതന്മാരെ അയച്ചു. കപില നിമിത്തം ചന്ദ്രസേനന്നും ബ്രാഹ്മണന്നുംകൂടി വൈകുണ്ഠപ്രാപ്തിയുണ്ടായി. ഇതാണു കഥ. കപിലയും പുത്രനും തമ്മിലുള്ള കൂടിക്കാഴ്ച ശോകരസപരിപൂർണ്ണമായിരിക്കുന്നു.
12.4 കീർത്തനങ്ങൾ
കേരളഭാഷയിൽ ഇക്കാലത്തു അസംഖ്യംകീർത്തനങ്ങൾ ഉണ്ടായിക്കാണണം. അവയേ ശേഖരിച്ചു പ്രസിദ്ധിപ്പെടുത്തുന്നതിനു് ഭാഷാഭിമാനികളിൽ ചിലർ പ്രയത്നിച്ചുവരുന്നതായി അറിയുന്നതു് സന്തോഷാവഹമാണു്. അവയിൽ ചിലതു് ഭക്തിരസഭരിതവും ഹൃദയദ്രവീകരണചണവുമായിരിക്കുന്നു. ചിലതുമാത്രം ഇവിടെ ചേർക്കാം.
12.5 ബാലകൃഷ്ണപഞ്ചാക്ഷരി
ഇതു കേരളമൊട്ടുക്കു് പ്രചാരത്തിലിരിക്കുന്ന മനോഹരമായ ഒരു കീർത്തനമാണു്. ‘നമശ്ശിവായ എന്ന അക്ഷരപഞ്ചകങ്ങളേകൊണ്ടാണു് ഓരോ പദ്യവും ആരംഭിക്കുന്നതു്. ഇതു് വെളുപ്പാൻകാലത്തു ചൊല്ലാനുള്ള ഭൂപാളകീർത്തനമാകുന്നു.
“നരകവൈരിയാമരവിന്ദാക്ഷന്റെ
ചെറിയനാളത്തേ ക്കണികാണ്മാൻ
കനകകിങ്കിണി വളകൾമോതിര-
മണിഞ്ഞുകാണേണം ഭഗവാനേ.
മലർമാതിൻകാന്തൻ വസുദേവാത്മജൻ
പുലർകാലേപാടി കുഴലൂതി
ചെലുഞ്ചെലിനെന്നു കിലുങ്ങും കാഞ്ചന
ച്ചിലമ്പിട്ടോടിവാ കണികാണ്മാൻ.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേമേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾവെണ്ണ കവർന്നുണ്ണാകൃഷ്ണൻ
വശത്തുവായുണ്ണീ! കണികാണ്മാൻ.
ബാലസ്ത്രീകടെ തുകിലുംവാരിക്കൊ-
ണ്ടരയാലിൻകൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞുംഭാവിച്ചും
നീലക്കാർവർണ്ണാ കണികാണ്മാൻ.
യതിരേഗോവിന്ദനരികേവന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാംവണ്ണം പറഞ്ഞുതാൻമന്ദ-
സ്മിതവുംതൂകിവാ കണികാണ്മാൻ.
കണികാണുന്നേരം കമലനേത്രന്റെ
നിറമേറുംമഞ്ഞ ത്തുകിൽചാർത്തി
കനകകിങ്കിണി വളകൾമോതിര
മണിഞ്ഞുകാണേണം ഭഗവാനേ.”
ഒടുവിലത്തേപദ്യം പല്ലവിപോലെ എല്ലാ പദ്യങ്ങളുടേയും ഒടുവിൽ ചൊല്ലാനുള്ളതാണു്. ‘വാ’ എന്ന അക്ഷരത്തിനു പകരം “ബവയോരഭദ:” എന്ന പ്രമാണമനുസരിച്ചു ‘ബ’ എന്നു ചേർത്തിരിക്കുന്നു. അതുപോലെ ‘എ’ എന്ന സ്വരത്തിന്റെ സ്ഥാനത്തു് അക്ഷരമൊപ്പിക്കാനായി ‘യ’ എഴുതിയിരിക്കുന്നു. ഉച്ചാരണത്തിൽ വലിയ വ്യത്യാസമില്ലെന്നുള്ളതാണു് സമാധാനം.
ഇന്നുള്ള ഹിന്ദുക്കൾക്കു ശ്രീകൃഷ്ണന്റെ ഈ മനോഹരമായ വേഷത്തെ കണികാണ്മാൻ വളരെ പ്രയാസമാണു് ‘ബ്രഹ്മേമുഹൂർത്തേ ഉത്തിഷ്ഠേൽ’ എന്നു സ്മൃതികളും വൈദ്യകഗ്രന്ഥങ്ങളും വിധിച്ചിട്ടുണ്ടെങ്കിലും പ്രഭാതത്തിൽ നിദ്രാധീനരായിരിക്കുന്നവരുടെ സംഖ്യ വർദ്ധിച്ചാണു് വരുന്നതു്.
ഇതുപോലെതന്നെ പ്രസിദ്ധമായ മറ്റൊരു കീർത്തനമാണു്,
“പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം”
ഇത്യാദി ‘പാ, പാ, പി’ എന്ന അക്ഷരക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ശ്രീകൃഷ്ണസ്തോത്രം. ഒരു പദ്യം മാത്രം ഉദ്ധരിക്കാം.
“പീലിക്കാർ കൂന്തലും ചാന്തും തൊടുകുറി
ബാലസ്വഭാവവും കാണുമാറാകണം
ശ്രീപത്മനാഭ മുകുന്ദമുരാന്തക
നാരായണ നിന്മെയ് കാണുമാറാകണം”
12.6 ദശാവതാരകീർത്തനം
ഇതിനും നല്ല പ്രചാരമുണ്ടു്. ഗുരുവായൂർ മേവുന്ന ശ്രീകൃഷ്ണനേപ്പറ്റി ഏതോ ഒരു ഭക്തൻ രചിച്ചിട്ടുള്ളതാണു്.
“അമ്പോടുമീനായി വേദങ്ങൾവീണ്ടിടും
അംബുജനാഭനേ കൈതൊഴുന്നേൻ.
ആമയായ് മന്ദരം താങ്ങിനിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേൻ.
ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മീവരന്നഥ കൈതൊഴുന്നേൻ.
ഈടേലും മാനുഷകേസരിയായിടും
കോടക്കാർവർണ്ണനെ കൈതൊഴുന്നേൻ.
ഉത്തമനാകിയ വാമനമൂർത്തിയേ
ഭക്തിയോടെപ്പൊഴും കൈതൊഴുന്നേൻ.
ഊക്കോടുഭൂപതിമാരെകൊലചെയ്ത
ഭാർഗ്ഗവരാമനെ കൈതൊഴുന്നേൻ.
എത്രയുംവീരനായ് വാഴുംദശരഥ-
പുത്രനെസ്സന്തതം കൈതൊഴുന്നേൻ.
ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ
സ്സർവകാലത്തിലും കൈതൊഴുന്നേൻ.
ഒക്കേയൊടുക്കുവാൻ മേലിൽപിറക്കുന്ന
ഖൾഗിയേത്തന്നയും കൈതൊഴുന്നേൻ.
ഓരാതെഞാൻചെയ്ത പാപങ്ങൾനീങ്ങുവാൻ
നാരായണനിന്നെ കൈതൊഴുന്നേൻ
ഔവ്വഴിനിങ്കഴല്ക്കമ്പോടുചേരുവാൻ
ദേവകിനന്ദനാ കൈതൊഴുന്നേൻ
അമ്പാടിതന്നിൽ വളരുന്നപൈതലേ
ക്കുമ്പിട്ടുഞാനിതാ കൈതൊഴുന്നേൻ
അക്കനമേറു ദുരിതങ്ങൾ പോകുവാൻ
പുഷ്കരാലോചന കൈതൊഴുന്നേൻ
നാരായണഗുരുവായൂർമരുവീടും
കാരുണ്യവാരിധേ കൈതൊഴുന്നേൻ”
പൂന്താനം നമ്പൂരിയുടെ ആനന്ദനൃത്തത്തേപ്പറ്റിമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭഗവാനെ ഹൃച്ചക്ഷുസ്സുകൊണ്ടു് ദർശിച്ചു പരമഭക്തനായ പൂന്താനം ചെയ്ത നൃത്തം ഇതിനെ ഓരോ വരിയിലും തെളിഞ്ഞു കാണാം. ഈ നൃത്തത്തേപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. ശ്രീകൃഷ്ണനു ഒരു കാൽകഴികിച്ചൂട്ടു നടത്തുവാൻ നമ്പൂരി നിശ്ചയിച്ചുവത്രേ. അദ്ദേഹം മറ്റു നമ്പൂരിമാരേയും ക്ഷണിച്ചിരുന്നു. അവർ ഈ സാധു ബ്രാഹ്മണന്റെ ശുദ്ധഗതിയേപ്പറ്റി ഓർത്തു ചിരിക്കയും അദ്ദേഹത്തിനെ കളിയാക്കാൻ ഇതു ഒരു നല്ല അവസരമാണെന്നു വിചാരിച്ചു് നേരത്തെ അവിടെ എത്തുകയും ചെയ്തു. പൂന്താനം ഭഗവാന്റെ വരവും പാർത്തിരുന്നു. “ഭഗവാൻ എവിടെ? പൂന്താനം ചെന്നു വേഗം കൂട്ടിക്കൊണ്ടുവരൂ?” എന്നു് മറ്റു നമ്പൂരിമാർ പരിഹസിച്ചുതുടങ്ങി. അങ്ങനെ ഇരിക്കുമ്പോൾ ഭഗവാന്റെ എഴുന്നള്ളത്തായി. പൂന്താനത്തിനു മാത്രം കാണാമായിരുന്ന അദ്ദേഹം ഓടിച്ചെന്നു ഭഗവാനെ നമസ്കരിച്ചപ്പോൾ ഹൃദയത്തിൽ നിന്നു വാഗ്രൂപേണ പുറപ്പെട്ട ഗാനമത്രേ ഇതു്. പരിഹസിക്കാൻ അവിടെ കൂടിയിരുന്ന നമ്പൂരിമാർക്കു ശ്രീകൃഷ്ണന്റെ കാൽച്ചിലമ്പോച്ച മാത്രമേ കേൾക്കാൻ കഴിഞ്ഞൊള്ളു. ഭഗവാൻ കാൽ കഴിച്ചൂട്ടു കഴിഞ്ഞു് തിരിച്ചെഴുന്നള്ളിയപ്പോൾ പൂന്താനത്തിനേ കൂട്ടിക്കൊണ്ടുപോയെന്നാണു് ഐതിഹ്യം. ഈ സ്തോത്രം ഭാഷാദേവിയുടെ നൃത്തവേളയിൽ ഉദ്ഗമിച്ച കളമഞ്ജീരധ്വനി തന്നെയാകുന്നു. അതുകൊണ്ടു് മുഴുവനും ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടേ.
“അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണിക്കൃഷ്ണനെന്നങ്ങനെ
ഉണ്ണിവയറ്റത്തുചേറുമുണ്ടങ്ങനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണിക്കാൽ കൊണ്ടൊരു നൃത്തമുണ്ടങ്ങനെ
ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ
ഉണ്ണിക്കാൽ രണ്ടും തുടുതുടയങ്ങനെ
ഉണ്ണിയരികിലൊരേട്ടനുണ്ടങ്ങനെ
ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ
ശങ്കരൻ കൂടപ്പുകഴ്ത്തുന്നിതങ്ങനെ
വൃന്ദാവനത്തിലൊരാഘോഷമങ്ങനെ
ദുഷ്ടനെക്കൊല്ലുന്ന കൂത്തുകളങ്ങനെ
രാസക്കളിക്കുള്ള കോപ്പുകളങ്ങനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ
പിച്ചകമാലകൾ ചാർത്തിക്കൊണ്ടങ്ങനെ
പേർത്തുമോടക്കുഴൽ മിന്നുമാറങ്ങനെ
ഓമനയായ തിരുനെറ്റിയങ്ങനെ
തൂമയിൽ നല്ല കുറികളുമങ്ങനെ
ചിത്തം മയക്കും പുരികങ്ങളങ്ങനെ
അഞ്ജനക്കണ്ണുമാനാസയുമങ്ങനെ
ചെന്തൊണ്ടിവായ്മലർ ദന്തങ്ങളങ്ങനെ
കൊഞ്ചൽ തുളുമ്പും കവിളിണയങ്ങനെ
കുണ്ഡലം മെല്ലേയിളകുമാറങ്ങനെ
രത്നക്കുഴലും വിളിച്ചുകൊണ്ടങ്ങനെ
കണ്ഠേ വിലസുന്ന കൌസ്തുഭമങ്ങനെ
വിസ്തൃതമാം തിരുമാറിടമങ്ങനെ
ഓടക്കുഴൽക്കേളിപൊങ്ങുമാറങ്ങനെ
പേടമാൻ കണ്ണിമാരോടുമായങ്ങനെ
കോടക്കാർ വർണ്ണന്റെയീടുകളങ്ങനെ
കൂടിക്കളിച്ചപ്പോൾ മൂഢതയങ്ങനെ
പീഡിച്ചു പിന്നെത്തിരയുമാറങ്ങനെ
പേടിച്ചു പിന്നെമയങ്ങുമാറങ്ങനെ
ഗോപികമാരുടെ ഗിതങ്ങളങ്ങനെ
ഗോപാലകൃഷ്ണന്റെ കാരുണ്യമങ്ങനെ
ആനന്ദ കൃഷ്ണനെ കാണുമാറങ്ങനെ
മോഹന മൂർത്തിയെ കാണുമാറങ്ങനെ
കണ്ടു കണ്ടുള്ളം തെളിയുമാറങ്ങനെ
കൊണ്ടൽനേർ വർണ്ണന്റെ ലീലകളങ്ങനെ
വട്ടക്കളിക്കു തുനിയുമാറങ്ങനെ
വട്ടത്തിൽ നിന്നു ശ്രുതിപിടിച്ചങ്ങനെ
സൂത്രവും ചോടും പിഴയാതെയങ്ങനെ
നേത്രങ്ങൾ കൊണ്ടുള്ളഭിനയമങ്ങനെ
കണ്ണിനു കൌതുകം തോന്നുമാറങ്ങനെ
കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ
തിത്തിത്തയെന്നുള്ള നൃത്തങ്ങളങ്ങനെ
തൃക്കാൽ ചിലമ്പുകളൊച്ച പൂണ്ടങ്ങനെ
മഞ്ഞപ്പൂവാടഞൊറിവിറച്ചങ്ങനെ
കിലുകിലെയെന്നരഞ്ഞാണങ്ങളങ്ങനെ
മുത്തേലുമ്മാലകളാടുമാറങ്ങനെ
തൃക്കൈകൾ രണ്ടുമഭിനയിച്ചങ്ങനെ
ഓമൽത്തിരുമെയ്യുലയുമാറങ്ങനെ
കുണ്ഡലമാടും കവിൾത്തടമങ്ങനെ
തൂമധുവോലുന്നവായ്ത്തിറമങ്ങനെ
തൂവിയർപ്പേറ്റൊരു നാസികയങ്ങനെ
മാണിക്കക്കണ്ണുമുഴറ്റിക്കൊണ്ടങ്ങനെ
മുത്തുക്കുലകളുതിരുമാറങ്ങനെ
പീലിത്തിരുമൊഴി കെട്ടഴിഞ്ഞങ്ങനെ
പിച്ചകത്തൂമലർത്തൂകുമാറങ്ങനെ
ദേവികൾ തൂകുന്ന പൂമഴയങ്ങനെ
ദേവകൾ താക്കും പെരുമ്പറയങ്ങനെ
കിങ്കിണിയൊച്ചയും താളത്തിലങ്ങനെ
ചങ്ങാതിമാരുടെ പാട്ടുകളങ്ങനെ
ആശകളൊക്കെ വിളങ്ങുമാറങ്ങനെ
ആകാശമാർഗ്ഗേ വിമാനങ്ങളങ്ങനെ
ചന്ദ്രനുമുച്ചയായ് നിൽക്കുമാറങ്ങനെ
ലോകങ്ങളൊക്കെ മയങ്ങുമാറങ്ങനെ
ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ
ആനന്ദനൃത്തം ജയിക്കുമാറങ്ങനെ
വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ
തൽസ്വരൂപം മമ തോന്നുമാറങ്ങനെ
തൽപാദയുഗ്മേ നമസ്കരിച്ചീടിനേൻ.”
ഈ കീർത്തനത്തിലും ശ്രീകൃഷ്ണകർണ്ണാമൃതം, സന്താനഗോപാലം പാന എന്നീ കൃതികളിലും വാമപുരാധീശനെ സ്തുതിച്ചു കാണുന്നുണ്ടല്ലോ. വാമപുരക്ഷേത്രം പൂന്താനം സ്വഗൃഹത്തിനടുത്തു പണികഴിപ്പിച്ചഇടത്തു പുറത്തമ്പലമാകുന്നു. പ്രസ്തുത ക്ഷേത്രത്തിന്റെ ആവിർഭാവത്തേപ്പറ്റി ഐതിഹ്യമാലാകാരനായ കൊട്ടാരത്തിൽ ശങ്കുണ്ണിയവർകൾ ഒരു കഥ പറഞ്ഞിട്ടുണ്ടു്. ആ കഥ ഇവിടെ ചേർക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ. ഗുരുവായൂർ ക്ഷേത്രത്തിൽ ഭാഗവതം വായന പതിവായി നടന്നു വരുന്നുണ്ടു്. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനം അർത്ഥം പറയാനും തുടങ്ങി. രുഗ്മിണീസ്വയംവരമായിരുന്നു കഥ. നമ്പൂരി മനോധർമ്മം അനുസരിച്ചു് അർത്ഥം പറഞ്ഞുവെന്നല്ലാതെ ശ്ലോകാർത്ഥം പല സ്ഥളങ്ങളിലും മനസ്സിലാക്കീട്ടില്ലായിരുന്നു. രുഗ്മിണി കൃഷ്ണന്റെ അടുക്കലേക്കു ഒരു ബ്രാഹ്മണനേ പറഞ്ഞയക്കുന്ന ഘട്ടംവന്നപ്പോൾ, നമ്പൂരി ഇങ്ങനെ പറഞ്ഞു. “രുഗ്മിണി ഇങ്ങനെ ഒക്കെപ്പറഞ്ഞിട്ടു് ബ്രാഹ്മണന്റെ കൈയിൽ ഒരെഴുത്തു കൊടുത്തയച്ചു.” “എഴുത്തിന്റെ കാര്യം എവിടെ പറഞ്ഞിരിക്കുന്നു?” എന്നു വിദ്വാൻ നമ്പൂരി ചോദിച്ചപ്പോൾ പൂന്താനം പരുങ്ങി. എന്നാൽ ശ്രീകോവിലിൽനിന്നു് ‘എഴുത്തുകൊടുത്തയച്ചില്ലെന്നു് എവിടെ പറഞ്ഞിരിക്കുന്നു? ബ്രാഹ്മണൻ എന്റെ അടുക്കൽ ഒരു കത്തുകൂടികൊണ്ടു വന്നിരുന്നു’ എന്നു അശരീരി ഉണ്ടായി. അതു കേട്ടപ്പോൾ വിദ്വാൻ നമ്പൂരിയുടെ മുഖം ലജ്ജകൊണ്ടു് വിവർണ്ണമാകയും ശ്രോതാക്കൾ പൂന്താനത്തിന്റെ ഭക്തിപാരവശ്യത്തെ പുകൾത്തുകയും ചെയ്തു.
ഇങ്ങനെ എല്ലാവർക്കും പൂന്താനത്തിന്റെ നേർക്കു അതിരറ്റ ബഹുമാനം ഉണ്ടായതിന്റെ ഫലമായി നമസ്കാരഭക്ഷണത്തിനു് ഒന്നാംസ്ഥാനം അദ്ദേഹത്തിനു നൽകിവന്നു. ഒരിക്കൽ ദുരസ്ഥനും മഹാവിദ്വനുമായ ഒരു വൈദികബ്രാഹ്മണൻ അവിടെ വന്നുചേർന്നു. ഊണുകാലമായപ്പോൾ പൂന്താനം പതിവുപോലെ ഒന്നാംസ്ഥാനത്തു വന്നിരിപ്പായി. എന്നാൽ ക്ഷേത്രാധികാരി അദ്ദേഹത്തിനോടു്, “ഇന്നു താനിവിടെ കടന്നിരിക്കുന്നതു നന്നല്ല. ഒരു മഹാബ്രാഹ്മണൻ വന്നിരിക്കുന്നതു കണ്ടില്ലേ? വേഗം എണീറ്റു മാറിയിരിക്കു” എന്നു പറഞ്ഞു. എന്നിട്ടും നമ്പൂരി മാറാഞ്ഞതിനാൽ ക്ഷേത്രാധികാരി അദ്ദേഹത്തിന്റെ കൈക്കുപിടിച്ചെണീപ്പിച്ചുവത്രേ. സാധു കരഞ്ഞുകൊണ്ടു് ഉടനെ പുറത്തേയ്ക്കു പോകാൻ ഭാവിച്ചപ്പോൾ, ശ്രീകോവിലിനകത്തുനിന്നു് “പൂന്താനം ഇനി ഈ ദുഷ്ടന്മാരുടെ അടുക്കൽ താമസിക്കയും ഇവിടെ വരികയും വേണ്ട. പൂന്താനത്തിനു് എന്നെ കാണണമെങ്കിൽ ഞാൻ ഇല്ലത്തു വന്നുകൊള്ളാം” എന്നു ഒരു അശരീരിയുണ്ടാവുകയും അദ്ദേഹം വീണ്ടും പ്രസന്നനായി.
പൂന്താനം സ്വഗൃഹത്തിൽചെന്നു ഭഗവാനെ കാത്തിരുന്നു. കുറേകഴിഞ്ഞപ്പോൾ ഭക്തപരായണനായ ശ്രീകൃഷ്ണൻ ഭക്തശിരോമണിയായ നമ്പൂരിയുടെ വാമഭാഗത്തു പ്രത്യക്ഷീഭവിച്ചു. നമ്പൂരി ഉടനെ എഴുനീറ്റു ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചപ്പോൾ, ‘ഇനി ഇവിടെ ഇരുന്നു് എന്നെ സേവിച്ചുകൊള്ളുക. എന്റെ സാന്നിദ്ധ്യം ഇവിടെ എപ്പോഴുമുണ്ടായിരിക്കും” എന്നരുളിചെയ്തു. നമ്പൂരി ഇപ്രകാരം ഭഗവാനെ ദർശിച്ച സ്ഥലത്തു നിർമ്മിച്ച ക്ഷേത്രമാണത്രേ വാമപുരം.
ഘനസംഘം എന്ന സ്തോത്രവും പൂന്താനത്തിന്റെ കൃതിയാകുന്നു.
“ഘനസംഘമിടയുന്ന തനുകാന്തിതൊഴുന്നേൻ;
അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ;
ദുഷ്ടരാമസുരരേ ദഹിക്കും തീ ജ്വലിക്കും
പടുതന്മിഴിമൂന്നും നിടിലവും തൊഴുന്നേൻ;
വിലസുമക്കുനുചില്ലിയുഗളം കൈ തൊഴുന്നേൻ;
മുഗ്ധമായ് ക്കനിവോടെ മറഞ്ഞുവന്നനിശം
ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ;
തിലസുമരുചിവെന്ന തിരുനാസ തൊഴുന്നേൻ;
ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ;
ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ;
ചന്ദ്രികാരുചിവെന്നോരസിതം കൈതൊഴുന്നേൻ;
കുന്ദകന്ദളംവെന്ന രദനങ്ങൾ തൊഴുന്നേൻ;
ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും
കഠിനമായെഴുന്നഹുംകൃതിനാദം തൊഴുന്നേൻ;
മിന്നലോടിടയുന്നോരെകിറും കൈതൊഴുന്നേൻ;
പന്നഗരചിതം കുണ്ഡലംരണ്ടും തൊഴുന്നേൻ;
കണ്ണാടിവടിവൊത്ത കവിളിണതൊഴുന്നേൻ;
പുർണ്ണചന്ദ്രനെവെന്ന തിരുമുഖം തൊഴുന്നേൻ;
കംബുതന്നണിഭംഗികവർന്നു കൊണ്ടെഴുന്ന
കമ്രമാകിനകണ്ഠക്കുരലാരം തൊഴുന്നേൻ;
അസുരന്മാർ ശിരോമാലാരചിതമുത്തരീയം
രുധിരമോടണിഞ്ഞനിൻ തുരുവുടൽ തൊഴുന്നേൻ
ഫണി, വാൾ, വട്ടകാ, ശൂലം, പരിചയും, തലയും,
മണി, ഖട്വാംഗവുമേന്തും കരമൊട്ടും തൊഴുന്നേൻ;
പാരിടമഖിലവും ജ്വലിച്ചങ്ങുലയിക്കുന്ന
മാറിടമതിൽരമ്യം മണിമാല തൊഴുന്നേൻ;
ചന്ദനംവളർപാമ്പുമണിഞ്ഞുകൊണ്ടെഴുന്ന,
ചന്ദനമലവെന്ന തിരുമുലതൊഴുന്നേൻ;
അവധിമൂന്നുലകിന്നും വിഭജിച്ചുവിളങ്ങുന്ന
ത്രിവലിശോഭിതമായോരുദരം കൈതൊഴുന്നേൻ;
ചുവന്നപട്ടുടയാടനിതംബം കൈതൊഴുന്നേൻ;
ശൂൽക്കാരമുയർന്ന പാമ്പുടഞാണു തൊഴുന്നേൻ;
കരഭവും, മറുവറ്റകദളിയും തൊഴുന്ന
പുരുഭംഗികലർന്ന നിൻ തിരുത്തുട തൊഴുന്നേൻ;
സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ച-
മേവുന്നമണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ
ആംഗജനിഷംഗം കൈതകമിവ തൊഴുന്ന
ഭംഗിയിലുരുണ്ടനിൻ കണങ്കാൽ കൈതൊഴുന്നേൻ;
സുരവൃന്ദകിരീടാളിമണിനീരാജിതമായോ-
രരവിന്ദരുചിവെല്ലുമടിയിണ തൊഴുന്നേൻ
കടകംതോൾവള കാഞ്ചിചിലമ്പേവം തുടങ്ങി
യുടലിലങ്ങണിഞ്ഞുള്ളാഭരണങ്ങൾ തൊഴുന്നേൻ.
ഇക്കണ്ടഭുവനം കാത്തെഴുംനാഥേ തൊഴുന്നേൻ
ചൊല്ക്കൊണ്ടതിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.”
പൂന്താനത്തിന്റെ കൃതികളായി വേറെയും ചില സ്തോത്രങ്ങൾ ഉണ്ടു്. ഇതുപോലെതന്നെ ‘പങ്കജവിലോചനൻ പദതളിൽ തൊഴുന്നേൻ’ എന്നിങ്ങനെ പ. പാ. പി ക്രമത്തിൽ ഒരു കീർത്തനവും കാണുന്നു.
12.7 സപ്തസ്വരസ്തോത്രം
ഓരോ പദ്യം ‘സരിഗമപധനിസ’ എന്നീ സ്വരഗ്രാമത്തിൽ ഓരോന്നിനേക്കൊണ്ടു് ആരംഭിക്കുന്നു.
“സരസിജനയനേ പരിമളഗാത്രീ
സുരജനവന്ദ്യേ ചാരുപ്രസന്നേ
കരുണാപൂരതരംഗമയായൊരു
മാതംഗീ ജയ ഭഗവതി ജയജയ.
രീതികളെല്ലാം നീതിയിൽ നൽകും
മംഗളരൂപേ ചേതസ്സിങ്കൽ
ജാതകൌതുകം നടമാടീടിന
മാതംഗീജയ ഭഗവതി ജയജയ.
ഗളമതിൽ വിലസിന താലികൾമാലക-
ളളവേ കാണ്മാനരുളുക ദേവി
ചേതസ്സിങ്കൽ കൌതുകമേറും
മാതംഗീ ജയ ഭഗവതി ജയജയ.
മദനച്ചൂടുസഹിക്കരുതാഞ്ഞി-
ട്ടാദരവേടെ വന്നൊരു ദൈത്യനെ
വേദനയോടേ യമപുരി ചേർത്തൊരു
മാംതംഗീ ജയ ഭഗവതി ജയജയ.
പരിചിൽ പാടും നാദംകൊണ്ടും
ത്രിഭുവനമമ്പൊടു മോഹിപ്പിച്ചൊരു
ഗിരിവരകന്യേ സുലളിതവക്ത്രേ
മാതംഗീ ജയ ഭഗവതി ജയജയ.
ധാത്രിയിലമ്പൊടിരുന്നരുളീടിന
ചിത്രമതായൊരു സാരഥിയോടും
വൃത്രാരിജനം കുമ്പിട്ടീടിന
മാതംഗീജയ ഭഗവതി ജയജയ.
നിടിലേ വിലസിന തിലകംകൊണ്ടും
തടമുലമദ്ധ്യേ മാലകൾകൊണ്ടും
ചടുലതപെരുകിന പീതാംബരവും
മാതംഗീ ജയ ഭഗവതി ജയജയ.
സാരമതായൊരു സപ്തസ്വരമിതു
നേരേ ചൊല്ലി സ്തുതി ചെയ്വോർക്കിഹ
പാരംപാർത്തു പ്രസാദിച്ചരുളുക
മാതംഗീ ജയ ഭഗവതി ജയജയ.
ഡോളാരുഢേ മുനിജനവന്ദ്യേ
കോമളഗാത്രീ വീണാധരിജയ
മലർ വിശിഖാരി ദയിതേ ദേവി
മാതംഗീജയ ഭഗവതി ജയജയ.”
12.8 കൃഷ്ണലീലാ അകാരാദി സ്തോത്രം
ഇതും വളരെ പ്രചാരത്തിലിരിക്കുന്ന ഒരു കീർത്തനമാണു്. നാലുവരികൾ ചുവടേ ചേർത്തുകൊള്ളുന്നു.
“അഞ്ജനശ്രീചോരചാരുമുർത്തേ കൃഷ്ണ!
അഞ്ജലി കൂപ്പിവണങ്ങിടുന്നേൻ;
ആനന്ദാലങ്കാര വാസുദേവകൃഷ്ണ
ആതങ്കമെല്ലാമകറ്റിടേണം.”
12.9 അവതരണദശകം
ഇതു് ‘ചോണാർന്നീടിന്റെ വേണാടഴകൊടു പരിപാലിക്കുമാതിച്ച വർമ്മക്ഷോണീപാലേന വാട്ടാറ്റിതമൊരു മരുവും കേശവായ പ്രക്ലിപ്ത’മായ ഒരു അവതരണദശകമാകുന്നു. ‘തൊഴിന്റേൻ’ ‘ചേണാർന്നീടിൻറ’ ഇത്യാദി ചില തമിഴ് രൂപങ്ങൾ കൈയെഴുത്തു പ്രതിയിൽ കാണുന്നതു് ലിപികാരൻചെയ്ത മാറ്റമാണോ എന്നുസംശയിക്കേണ്ടിയിരിക്കുന്നു. ഒടുവിലത്തേപദ്യത്തിൽ സംസ്തുതനായിരിക്കുന്ന ആദിത്യവർമ്മ ഉണ്ണുനീലീസന്ദേശവഹനായ ആദിത്യവർമ്മ മഹാരാജവുതന്നെ ആയിരിക്കണമെന്നു ചില പണ്ഡിതന്മാർ ഊഹിക്കുന്നുണ്ടു്. ഇങ്ങനെ ഒരു ഊഹത്തിനു് ഹേതുവായിത്തീർന്നതു് പ്രസ്തുതതമിൾരൂപങ്ങൾ തന്നെ ആയിരിക്കണം. എന്നാൽ ഈ ആദിത്യവർമ്മ ൭൮൨-ാമാണ്ടുവരെ രാജ്യഭാരം ചെയ്തിരുന്ന വീരരവിവർമ്മ മഹാരാജവിന്റെ അനുജനായിരുന്ന ആദിത്യവർമ്മ മഹാരാജാവായിരിക്കമമെന്നാണു് എന്റെ അഭിപ്രായം. ൭൭൯-ാമാണ്ടു് തിരുവട്ടാറ്റുക്ഷേത്രം പുതുക്കിപ്പണികഴിക്കയും, നാലു തിരുമാളികപ്പണിയും, ഒരു തിരുമടപ്പള്ളിയും, ഒറ്റക്കല്ലുമണ്ഡപവും, നീരറയും മറ്റും പുത്തനായി നിർമ്മിക്കയും ചെയ്തതായി ഒരു രേഖയിൽ കാണുന്നു. [1] അതേ രേഖയിൽതന്നെ ‘മേർപ്പടി അനിയനായ ആദിത്യവർമ്മാ ഇരുന്നരുളിയെടത്തിൽ പണ്ടാരത്തിൽ ചെയ്വിത്ത അകച്ചുറ്റിൽ നാലുപിറമും തളവിചൈ പോടിച്ചിതു’ എന്നുകൂടി കാണുന്നതിനാൽ അകത്തേപ്രാകാരത്തിന്റെ ചുറ്റുമുള്ള കൽത്തറപണി കഴിപ്പിച്ചതു് ആദിത്യവർമ്മ എന്ന ഇളയരാജാവാണെന്നു മനസ്സിലാക്കാം. അദ്ദേഹം രാജ്യഭാരം ഏറ്റശേഷം ശത്രു സംഹാരത്തെ ഉദ്ദേശിച്ചു് രചിച്ച പദ്യങ്ങളായിരിക്കണം ഈ ദശാവതാരപദ്യങ്ങൾ. താളിയോലഗ്രന്ഥത്തിൽ ‘തൊഴിന്റേൻ’ എന്നോ മറ്റോ ഒരു തമിഴ് രൂപം കണ്ടതിനെ അടിസ്ഥാനപ്പെടുത്തി മാത്രം എന്തെങ്കിലും ഊഹിക്കുന്നതു് ശരിയാണെന്നു തോന്നുന്നില്ല. അങ്ങനെ ആണെങ്കിൽ മൂലംതിരുനാൾ മഹാരാജാവിന്റെ കാലത്തുണ്ടായ ചില കൃതികൾപോലും പ്രാചീനമാണെന്നു പറയേണ്ടിവരും. ഒരു അമ്പതു കൊല്ലത്തിനുമുമ്പു് ജീവിച്ചിരുന്ന വർക്കല മാന്തറ വലിയവീട്ടിൽ കൊച്ചുപിള്ള ആശാൻ രചിച്ച ഒരു കമ്പിടികളിപ്പാട്ടിലും മൂലംതിരുനാളിന്റെ അപദാനങ്ങളെ വർണ്ണിച്ചു് പത്തിരുപതു കൊല്ലങ്ങൾക്കുമുമ്പു് നിർമ്മിച്ച മറ്റൊരു കൃതിയിലും ഈ മാതിരി പ്രയോഗങ്ങൾ കാണുന്നുണ്ടു്. അവയെ യഥാവസരം ചൂണ്ടിക്കാണിച്ചുകൊള്ളാം. ഈ പദ്യങ്ങളിലാകട്ടെ, പ്രസ്തുത തമിഴുപ്രയോഗങ്ങൾ ലിപികാരപ്രമാദം കൊണ്ടുവന്നു കൂടിയതാണെന്നു വിചാരിക്കാനേ ഉള്ളുതാനും. ശൈലി നോക്കിയാൽ ചമ്പൂകാരന്മാരുടെ രീതിയോടു വളരെ സാദൃശ്യവുമുണ്ടു്. ൧൧ പദ്യങ്ങളെയും താഴെ ചേർക്കുന്നു.
“ഫേനാംഭോരാശിമധ്യേ മറകളതിതരാം പോയ്മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊൻറുപാതാളലോകം;
നാനാവേദാൻ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൌ കളിക്കും
മീനാകാരം വഹിച്ചീടിനഭുവനവിഭും കേശവംകൈതൊഴിന്റേൻ.1
കദ്രൂപുത്രേണ ബദ്ധ്വാദിതിജസുരഗണൈർമത്ഥ്യമാനേ മഹാബ്ധേഃ
ഛിദ്രേപോയ്വീണശൈലം ഝടിതിമുതുകിലേക്കൊണ്ടുയർത്താത്തമോദം;
നിദ്രാണം തം മഹീധ്രഭൂമജനിതസുഖോന്മീലിതാക്ഷം നിതാന്തം
ഭദ്രാകാരം വഹിച്ചീടിന കമലവരം കേശവം കൈതൊഴിന്റേൻ.2
വേലായാംപോയ്മറഞ്ഞീടിന മഹിതമഹീം ബാലബാലേയകന്ദം
പോലേഹത്വാസലീലം തെളുതെളെവിലസും തേറ്റമേലുദ്വാഹന്തം;
ആലോകേമേരുവെന്നും മലചെറുകടുകിൻ പ്രായമാക്കിക്കളിക്കും
കോലാകാരംവഹിച്ചീടിനധരണിധരം കേശവംകൈതൊഴിന്റേൻ.3
സന്ധ്യായാം തുണടർത്തങ്ങതിഝടിതിപുറപ്പെട്ടു ദൈത്യാധിരാജം
ബദ്ധ്വാശാബദ്ധമങ്കേ നിഹിതമതിരുഷാ വജ്രതീവ്രൈർന്നഖാഗ്രൈഃ
ദിന്ദാനം തസ്യരക്താരുണിതദശദിശാ ചക്രമുഗ്രാട്ടഹാസൈ-
രിന്ധാനംഞാനിതല്ലോനരഹരിവപുഷംകേശവംകൈതൊഴിന്റേൻ.4
സാമാമ്നായം പ്രയോഗിച്ചിനിയബലിമഖേവാമനത്വേനഗത്വാ
സാമംകോണ്ടേ ജയിപ്പാൻ ഭുവനമതിമുദാ കയ്യിലാക്കി ക്രമേണ;
ശ്രീമൽപാലാംബുജംകൊണ്ടഖിലഭുവനവും മൂവ്വടിക്കീഴടക്കും
സീമാതീതാനുഭാവോദയമഖിലവിഭും കേശവം കൈതൊഴിന്റേൻ.5
കോപോദ്രേകേണസാകം നിഹിതപരശുനാകൊന്റു മൂവേഴുവട്ടം
ഭൂപാലാനാംനികായംനിജ പിതൃനിയമം ചോരയാൽ പൂജയന്തം;
ഭൂഭാരത്തെക്കെടുപ്പാൻ വിരവൊടുജമദഗ്ന്യാത്മജത്വേനലോകേ
ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവംകൈതൊഴിന്റേൻ.6
ക്ഷീണാനാംനിർജ്ജരാണാം വചനമനുസരിച്ചന്റയോധ്യാധിനാഥ
ക്ഷോണീപാദാത്മജത്വേ ചതുരമവതരിച്ചാത്തരാമാഭിധാനം;
വാണീടും പുത്രമിത്രാദികളെമുഴുവനേകൂടെ രക്ഷോധിനാഥം
ബാണംകൊണ്ടേമുടിച്ചീടിനപരമവിഭുംകേശവംകൈതൊഴിന്റേൻ.7
ദേവക്യാ ഗർഭമാദൌ പുനരവിടെ [2] നടേരോ ഹിണീപുത്രഭാവം
ഭാവിച്ചാമ്പാടിപൂക്കങ്ങഴകിനൊടുമുദാ രാമനാമാഭിരാമം,
ദേവം ദേവാരിചക്രോന്മഥനഹലധരം രേവതീ നാഥമമ്പു-
റ്റേവം കൃഷ്ണാഗ്രജം ഞാൻ കനിവൊടുനിയതംകേശവം കൈതൊഴിന്റേൻ.8
ഭൂഭാരംപോക്കുവാനായഴുകൊടുവസുദേവാത്മജത്വം ഭരിച്ച-
പ്പാപാവേശംധരിച്ചീടിന നൃപവരനെക്കൊണ്ടു മുന്നൂറുവട്ടം
കോപോന്മാദേനതല്ലിച്ചവനിഭരമറുപ്പിച്ച വൃഷ്ണീന്ദ്രമാദ്യം
ഗോപീനേത്രോല്പലാരാധിതവരവപുഷംകേശവംകൈതൊഴിന്റേൻ.9
പൊൽപുമാതിൻ കടാക്ഷാഞ്ചലമധുപലസട്വക്ത്രപത്മാഭിരാമം
മൽപാപാംഭോധിവേലാതരണപരിലസൽപോതപാദാരവിന്ദം;
ഒപ്പേറും പാൽക്കടക്കങ്ങുപരിവസുമതീധാരതല്പേശയാനം
കല്പാന്തേ കല്ക്കിയാകും മുരമഥനമഹംകേശവം കൈതൊഴിന്റേൻ.10
ചേണാർന്നീടിന്റ വേണാടഴകൊടുപരിപാലിക്കുമാതിച്ച വർമ്മാ
ക്ഷോണീപാലേനവാട്ടാറ്റിരുമൊടു മരുവും കേശവായപ്രക്രെപ്തം;
വാണീബദ്ധം മഹാർഹാവതരണ ദശകംസൂചയന്തം പഠന്തോ
നീണാൾവാണീടുവോരിദ്ധരണിയിലഥതേ വിഷ്ണുലോകം പ്രയാന്തി.”11
കൊൻറു, തൊഴിന്റേൻ ഇത്യാദി പ്രയോഗങ്ങളെ ‘കൊന്നു, തൊഴുന്നേൻ’ എന്നിങ്ങനെ മാറ്റിയാൽ ഈ പദ്യങ്ങൾ നല്ല മണിപ്രവാളമായി. ലിപികാരപ്രമാദമല്ലെന്നു വന്നാൽതന്നെ, എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ചമ്പൂക്കാരന്മാരിൽ ചിലർപോലും നാണിന്റെ എന്നും മറ്റും പ്രയോഗിച്ചിട്ടുള്ള സ്ഥിതിക്കു്, പ്രസ്തുതപ്രയോഗങ്ങളെ മാത്രം ആധാരമാക്കി കവിയെ പ്രാചീനനാക്കാവുന്നതല്ല. ഈ കവി ഒരു ശ്രീപത്മനാഭദശകവും രചിച്ചിട്ടുണ്ട്. അതിനെ ഇവിടെ ഉദ്ധരിക്കുന്നില്ല.
12.10 പാർവതീ പാണിഗ്രഹണം മംഗല്യകീർത്തനം
ഈ ഗ്രന്ഥത്തെ ജ്ഞാനസാഗരപ്രസ്സുകാർ ഭജനകീർത്തനമാലയിൽ ചേർത്തു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിപ്രസാധകൻ അതു കാണാഞ്ഞിട്ടോ എന്തോ പാർവതീപാണിഗ്രഹണം ആറുവൃത്തം എന്ന പേരിൽ ൧൬-ാം ഗ്രന്ഥാങ്കമായി അതിനെ ഈയിടെയ്ക്കു പ്രസിദ്ധപ്പെടുത്തിക്കാണുന്നു. അതിന്റെ അവതാരികയിൽ പ്രസാധകന്റെ സങ്കല്പശാഖാമൃഗം ഈഹാപോഹശാഖിയുടെ പലേകൊമ്പുകളിൽ ചാടിച്ചാടിക്കളിക്കുന്നതു കാണേണ്ട കാഴ്ചതന്നെയാണു്. പ്രാചീനകൃതികൾകണ്ടാൽ അവയെ പുനത്തിനും മഹിഷമംഗലത്തിനുമായി വീതിച്ചുകൊടുക്കുന്നതിനു് അദ്ദേഹം തീർച്ചപ്പെടുത്തീട്ടുള്ളതുപോലെ തോന്നുന്നു. പ്രസാധകൻ പറയുന്നു:
“ഈ മനോഹരകാവ്യത്തിന്റെ കർത്താവു് ആരാണെന്നു് ഖണ്ഡിച്ചു പറവാൻ സാധിക്കുന്നതല്ല. രാമായണം, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം മുതലായ കൃതികളെ അനുകരിച്ചു് ഈ കാവ്യമെഴുതിയോ ഈ കാവ്യത്തെ അനുകരിച്ചു് ആ കൃതികൾ എഴുതിയോ എന്നു സൂക്ഷ്മമായി അറിഞ്ഞുകൂടാ” ഇതാണു് പ്രസാധകന്റെ ഒന്നാമത്തെ ‘ചിന്താരത്നം’. അനുകരണം ഉണ്ടായിട്ടുണ്ടെന്നു് അദ്ദേഹം സിദ്ധവൽക്കരിച്ചിട്ടു് ഒന്നുകിൽ എഴുത്തച്ഛൻ ഈ കവിയേയോ അല്ലാത്തപക്ഷം ഈ കവി എഴുത്തച്ഛനേയോ അനുകരിച്ചുവെന്നാണു് ഊഹിക്കുന്നതു്. രണ്ടുപേരും മൂന്നാമതൊരു മാതൃകയേ അനുകരിച്ചോ അഥവാ സ്വതന്ത്രമായോ എഴുതിയിരിക്കാൻ വഴിയില്ലത്രേ.
പിന്നെയും പറയുന്നു:
“ബാഹ്യമായ തെളിവുകളൊന്നുമില്ലാത്തതുകൊണ്ടു് ഗ്രന്ഥകാരനെ നിർണ്ണയിക്കുന്നകാര്യത്തിൽ ആന്തരമായ തെളിവുകളെ ആശ്രയിക്കയേ നിവൃത്തിയുള്ളു.
‘വായ്മലരഴകും കാതോലകളും’
‘എന്നാദിയായ പദ്യത്തിലേകാതോല’ അന്തർജനങ്ങൾ അണിയുന്ന കർണ്ണാഭരണമാണു്. ഈ ആഭരണങ്ങളെ അണിയിച്ചിട്ടുള്ള കവി പാർവതിയെ അന്തർജനമായിട്ടാണു് കല്പിച്ചിരിക്കുന്നതു്.”
ഇവിടെ പ്രസാധകന്റെ ചരിത്രപരിജ്ഞാനവും, ഗവേഷണപാടവവും സവിശേഷം വെളിപ്പെടുന്നു. എന്നാൽ കാതോലകൾ അന്തർജനങ്ങളെന്നപോലെ നായർ കന്യകമാരും പത്തിരുപതു കൊല്ലത്തിനുമുമ്പുവരേ ഉപയോഗിച്ചുവന്നിരുന്നു. ചില ദിക്കുകളിൽ ഇപ്പോഴും ‘കാതോല’ ഉപയോഗിച്ചുവരുന്നുമുണ്ടു്. ‘കാതിലോല? നല്ലതാളി’ എന്നു ഉണ്ണായിയും നമ്പ്യാരും തമ്മിൽ നടന്നതായി പറയുന്ന സംഭാഷണത്തിലേ ‘കാതിലോല’ ഒരു അന്തർജനത്തിന്റേതായിരിക്കാൻ തരമില്ലല്ലോ. ഇതു ചിന്താരത്നം നമ്പർ രണ്ടെന്നു രേഖപ്പെടുത്താം.
പിന്നെയും പറയുന്നു:
“നല്ല പൊൽത്തോടയും വക്ത്രസൌന്ദര്യവും എന്നുള്ള കവിവാക്യത്തിൽനിന്നു് പാർവതി തോട ഇട്ടുകൊണ്ടിരിക്കുന്ന ഒരു നായർ യുവതിയായി പ്രതിഭാസിക്കുന്നു.”
തോടയ്ക്കു കർണ്ണാഭരണമെന്ന അർത്ഥമേയുള്ളു. ഈ അർത്ഥത്തിൽ എത്ര എത്ര പ്രയോഗങ്ങൾ ഭാഷാകാവ്യങ്ങളിൽ കാണുന്നു.
പിന്നെയും:
“പാർവതീവിവാഹത്തെ വർണ്ണിച്ചിരിക്കുന്നതു നമ്പൂരിമാരുടെ ഇല്ലങ്ങളിൽ നടത്താറുള്ള പെൺകൊടയെ അനുസരിച്ചാകുന്നു.”
“നീലകണ്ഠഗളേ തെളിഞ്ഞളിജാലഹുംകൃതിസങ്കുലാം
മാലികാമഴകോടണിഞ്ഞിതു ശൈലകന്യക ശങ്കര!”
എന്നു പറഞ്ഞിട്ടുള്ളപ്രകാരം വധു വരന്റെ കഴുത്തിൽ മാലയിടുന്ന സംപ്രദായവും, പിന്നീടു്,
“പാർത്തുഗീഷ്പതി താൻ വിധിച്ചമുഹൂർത്തവേളയിലീശ്വരൻ
ഗോത്രജാകരതാർപിടിച്ചിതു ദീപ്തിമാൻ ഹര ശങ്കര”
എന്ന വിധത്തിലുള്ള പാണിഗ്രഹണവും നമ്പൂരിമാരുടെ ആചാരങ്ങളെ അനുസരിച്ചു തന്നെ വർണ്ണിച്ചിരിക്കുന്നു.”
ഇങ്ങനെയുള്ള പാണിഗ്രഹണസമ്പ്രദായം കേരളബ്രാഹ്മണരുടെ ഇടയ്ക്കു മാത്രമേയുള്ളുവത്രേ! ഇതിൽ പരം വിസ്മയം മറ്റെന്താണുള്ളതു്? ഈ യുക്തി അനുസരിച്ചു നോക്കിയാൽ കുമാരസംഭവാദികൃതികൾ പോലും ഒരു കേരളീയന്റേതാണെന്നുവരും. ഇതു ചിന്താരത്നം നമ്പർ അഞ്ചു്.
പിന്നെയും:
“വേളിമഹോത്സവം നടത്തിയിരിക്കുന്നതു കാണുമ്പോൾ കവി പരമേശ്വരനെ ഒരു നമ്പൂരിയായിട്ടും പാർവതിയെ അന്തർജ്ജനമായിട്ടുമാണു് കരുതീട്ടുള്ളതെന്നു തോന്നുന്നു.”
വേളിമഹോത്സവം നമ്പൂരിമാരല്ലാതെ നടത്താറുണ്ടോ? ഇങ്ങനെ ഒക്കെ പറഞ്ഞുതുടങ്ങിയാൽ പിന്നെ എന്താണു കഥ? എന്നാൽ ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. നോക്കുക,
“പാർവതീപാണിഗ്രഹണം” പെൺകൊടപോലെ നടത്തിയശേഷം,
“മുഖ്യവെള്ളി മഹാഗിരൌ കുടിപുക്കിതങ്ങരശംകര”
എന്നപ്രകാരം കുടിപൂകുന്ന സംപ്രദായവും നമ്പൂരിമാരുടെ ഇടയിലാണു് കാണുന്നതു്. ഇങ്ങനെ അന്തരമായ സംഗതികളെ നിരൂപിക്കുമ്പോൾ പാർവതീപാണിഗ്രഹണത്തിന്റെ കർത്താവു് ഒരു നമ്പൂരിയാണെന്നു് ഊഹിക്കാവുന്നതാണു്.
‘പാർവതിയെ അന്തർജനമാക്കികല്പിച്ചിരിക്കുന്ന നമ്പൂരി അവരെ തോട ഇടുവിച്ചതു് പ്രകൃതിവിരുദ്ധമല്ലയോ എന്നു ചോദ്യം പിന്നെയും സംഗതമായിട്ടുതന്നെ ഇരിക്കുന്നു. എന്നാൽ അതു സ്വന്തം ഭാര്യയുടെ പ്രതിച്ഛായ ഉള്ളിൽ നിഴലിച്ചിരുന്നതുകൊണ്ടു് വന്നുപോയ ഒരു തുച്ഛമായ പ്രമാദമായിട്ടേ വിചാരിക്കേണ്ടതുള്ളു. സ്വജാതിയിൽ വേളികഴിച്ചിട്ടുള്ളതിന്നും പുറമേ ഒരു നായർ യുവതിയെക്കൂടി വിവാഹം ചെയ്തിട്ടുള്ള ഒരു നമ്പൂരിയാണു് പാർവതീപാണീഗ്രഹണകാവ്യത്തിന്റെ കർത്താവെന്നു പറഞ്ഞ യുക്തികളിൽ നിന്നു സിദ്ധമായി എന്നു വിചാരിക്കുന്നതായാൽ വലിയ തെറ്റു വരുമെന്നു തോന്നുന്നില്ല.’
അസൽയുക്തി! ‘വെള്ളിമഹാഗിരൌ കുടിപുക്കിതു’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു് നമ്പൂരിയുടെ ഇല്ലം ഒരു വെള്ളിമനയായിരുന്നുവെന്നുകൂടി ഊഹിക്കാഞ്ഞതു് എന്താണാവോ? വേളിശബ്ദം അഥവാ കല്ല്യണാർത്ഥവാചിയല്ലെന്നു വന്നാൽതന്നെയും കവി എളയതായികൂടെന്നുണ്ടോ? വിവാഹച്ചടങ്ങുകളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു ജാതിക്കാർ തമ്മിൽ വലിയ വ്യത്യാസമൊന്നുമല്ല. പ്രസാധകന്റെ യുക്തി ഇവിടെ എങ്ങും നിൽക്കുന്ന ഭാവമില്ല.
“ഈ സരസമായകവിത എഴുതിയ രസികനായ നമ്പൂരിയുടെ പേരെന്തായിരിക്കുമെന്നാണു് ഇനി വിചാരിപ്പാനുള്ളതു്. ഇവിടെ ദ്വിതീയവൃത്തത്തിലെ പല്ലവി ശങ്കരരേ ജയ! എന്നും പഞ്ചമവൃത്തത്തിലെ പല്ലവി ഹരശങ്കരായ നമഃ എന്നും ഷഷ്ഠവൃത്തത്തിലെ പല്ലവി ഹരശങ്കര എന്നും കാണുന്നതിൽ ശങ്കരശബ്ദം സർവസാധാരണമായിരിക്കുന്നു. …ശങ്കരശബ്ദത്തെ ഇത്രയും പ്രതിപത്തിയോടു നിയതമായി കാവ്യത്തിനു് ഉപയോഗപ്പെടുത്തിയിരിക്കുന്ന കവിയുടെ പേർ ശങ്കരനെന്നുതന്നെ ആയിരിപ്പാൻ ഇടയില്ലയോ എന്നു സംശയിക്കുന്നു.”
“ഇവയെല്ലാം ഇങ്ങനെതന്നെയായാൽ പഠിപ്പും കവിതാവാസനയുമുള്ള ശങ്കരൻ നമ്പൂരി മഴമംഗലമല്ലാതെ വേറെ ആരുമാവാൻ സംഗതിയില്ലെന്നു തോന്നുന്നു.”
ഈ യുക്തിതരംഗിണിയുടെ കുടിലഗതി നോക്കുക. രണ്ടു വൃത്തങ്ങളിൽ ‘ഹരശംഭോ’ എന്നും ഒന്നിൽ ‘ചന്ദ്രചൂഡാവിഭോ’ എന്നും കാണുന്നതിനാൽ കവിയുടെ പിതാവിന്റെ പേരു ശംഭുവെന്നും പിതാമഹന്റെ പേരു ചന്ദ്രചൂഡനെന്നും ആയിരുന്നു എന്നു വിചാരിക്കാഞ്ഞതിലേ അത്ഭുതപ്പെടാനുള്ളു. കവി ഈ കൃതി എഴുതിക്കൊണ്ടിരുന്നപ്പോഴൊക്കെയും തന്റെ പേരിനെപ്പറ്റി ധ്യാനിച്ചുകൊണ്ടിരുന്നുപോലും. തന്നേക്കാൾ വിദ്വാനായി ലോകത്തിൽ ആരുംതന്നെ ഇല്ലെന്നു ദൃഢമായി വിശ്വസിച്ചിരുന്ന ഒരു പടുവങ്കനായിരുന്നത്രേ പ്രസ്തുതകവി. ശാന്തം പാപം! ഡാക്ടർ ശങ്കരമേനോൻ ഒരു സംഗതി വിട്ടുകളഞ്ഞു. ‘തിറവിയമംഗലസങ്കീർത്തനമായും ചെയ്യുന്നേൻ ഹരശംഭോജയ’ എന്ന സ്ഥലത്തു് ‘മംഗലശബ്ദം’ കൂടി ചേർത്തിരിക്കുന്നതു് കവി തന്റെ ഇല്ലപ്പേരിനെ സൂചിപ്പിക്കാനായിട്ടുമാത്രമായിരുന്നു. എന്നുകൂടി പറയാമായിരുന്നു. പക്ഷേ നോട്ടക്കുറവു് ആർക്കും വന്നുപോകുമല്ലോ എന്നു സമാധാനപ്പെടാം.
ഏതായിരുന്നാലും ഈ വിഷയത്തെപ്പറ്റി ഡാക്ടർ കെ. ശങ്കരമേനോൻ പറഞ്ഞിട്ടുള്ള യുക്തികൾ അസ്മാദൃശന്മാർക്കു സമഞ്ജസമായി തോന്നുന്നില്ല. പെരുവനത്തുകാരൻ ഒരു നമ്പൂരി ജാതകവശാൽ തന്റെ മകൾക്കു വൈധവ്യദോഷം ഉണ്ടെന്നു കണ്ടിട്ടു് തൽപരിഹാരാർത്ഥം പെരുമന ക്ഷേത്രത്തിൽ ശിവനെ ഭജിക്കുകയും അക്കാലത്തു രചിച്ച പ്രസ്തുത കീർത്തനത്തെ കന്യകയെ പഠിപ്പിക്കുകയും തൽകന്യക അതിനെ നിത്യപാരായണം ചെയ്കയും പിന്നീടു് വിവാഹാനന്തരം അവളുടെ ഭർത്താവു് വിഷംതീണ്ടിയെങ്കിലും യദൃച്ഛയാ ഒരു സന്യാസിവന്നു് വിഷമിറക്കി സുഖപ്പെടുത്തുകയും ചെയ്തതായ ഒരു ഐതിഹ്യമുണ്ടെന്നു ഭജനകീർത്തനമാലയുടെ പ്രസാധകൻ പറഞ്ഞിട്ടുള്ളതു് പരമാർത്ഥമായിരിക്കാൻ ഇടയുണ്ടു്.
കവിതയുടെ പഴക്കത്തെപ്പറ്റി മിസ്റ്റർ മേനോൻ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം സ്വീകാര്യമായിരിക്കുന്നു. എട്ടാംശതകത്തിനിപ്പുറമാവാൻ തരമില്ലെന്നു തോന്നുന്നുണ്ടു്.
കവിയ്ക്കു മികച്ച കവിതാവാസനയും പാണ്ഡിത്യവും ഉണ്ടായിരുന്നുവെന്നു നിസ്സംശയം പറയാം. കുമാരസംഭവത്തെ പലദിക്കിലും അനുകരിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്രമായ മനോഹരകല്പനകൾ പല ദിക്കുകളിൽ കാണുന്നുണ്ടു്.
‘യോഗാഗ്നിപ്പൊരിയിൽ’ തന്റെ ഉടലിനെ വെണ്ണീറാക്കിയ ദക്ഷാത്മജ ഹിമവൽപുത്രിയായി പിറന്നതു മുതല്ക്കാണു് കഥയാരംഭിക്കുന്നതു്. ദേവി യൌവനം പ്രാപിക്കുന്നതുവരെയുള്ള കഥാഭാഗത്തെ ഒന്നാംവൃത്തത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
“കുഴലുമ്മോതിരമഴകോടുകെട്ടി–
ക്കഴലിലടിഞ്ഞൊരു കൂന്തലുമായി
ചെറിയൊരു പൈതൽ കളിച്ചുവളർന്നു
ഗിരിവരഭവനേ ഹരശംഭോജയ.
കണ്ടാലെത്ര മനോഹരമയ്യാ!
വണ്ടാർപൂങ്കുഴൽ നീണ്ടുചുരുണ്ടഥ
തണ്ടാർബാണമണിത്തഴപോലേ
തണ്ടീ ഭംഗികളരശംഭോ ജയ.
പരിമളമിയലും മതികലതന്മേൽ
ചെറു തിരമാലകൾ വിലസുമ്പോലേ
കുറുനിരവടിവും നിടിലവുമമ്പിനൊ–
ടൊരുമകലർന്നിതു ഹരശംഭോജയ. [3] [4] മലർവില്ലോൻതൻ കുലവില്ലോടൊരു
പടതല്ലുംകുനുചില്ലീവല്ലികൾ
കാമരസങ്ങളരങ്ങേറീമിഴി–
താമരസങ്ങളിലരശംഭോ ജയ.
വായ്മലരഴകും കാതോലകളും [5] തൂമുറുവൽപ്രഭ തൂകിനതിറവും
കോമളമെത്രയുമണിമുഖമോർത്താ–
ലോമനയുണ്ടിതു ഹരശംഭോജയ.”
കവി ശൃംഗാരപ്രിയനാണു്. ദേവിയുടെ ‘ശംഖിനുമകമേ ശങ്കവളർക്കുന്ന’ ‘കണ്ഠാലം കൃതമഴകതു കണ്ടാൽ’ ആർക്കും ചെന്താർശരമേറ്റു പോകുമത്രേ.
“മാറിൽ നിറഞ്ഞിടതിങ്ങിവളർന്നു
വാരിജമിഴിയുടെ [6] വാരണിക്കൊങ്കകൾ
മാരനുമെരിപൊരിയുണ്ടാമല്ലോ
ചാരുതകണ്ടാലരശംഭോജയ.
[7] അരയാലിലവന്നടിമലർ പണിയും
തിരുവയറഴകും രോമാവലിയും
പരിചൊടുനല്ലൊരു നാഭിച്ചുഴിയും
പരമാത്ഭുതമതു ഹരശംഭോജയ.
മുഷ്ടിയിലമരും കൊടിനടുവഴകും
പട്ടുടവടിവും [8] പൊന്നുടഞാണും
തൃത്തുടരണ്ടുമുരുണ്ടുതടിച്ചുട–
നെത്രമനോഹരമരശംഭോജയ.
ചെമ്പഞ്ഞിച്ചാറിഴുകിനിറന്ന [9] സംഫുല്ലദ്യുതി മലരടിരണ്ടും
ചൊമ്പൊന്നിന്നിറ മടിയൊടു മുടിയിട
രമ്യം തിരുമെയ് ഹരശംഭോജയ.”
ഈ കേശാദിപാദവർണ്ണന ‘അടിയൊടു മുടിയിടരമ്യം’ ആയിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.
‘മംഗലശീലഗുണങ്ങളിണങ്ങിയ’ ഈ ദേവി ഒരുദിവസം കളിക്കുന്നതിനുവേണ്ടി സഖിമാരോടുകൂടി ‘പിതുരുപവനം’ പ്രാപിച്ചപ്പോൾ ‘അവടെപ്പൊരിയതപംചെയ്തീടും ശിവനെക്കണ്ടു’ സമാഹിതയായി വന്ദിച്ചുവത്രേ. ഈ വിവരം അറിഞ്ഞ ഹിമവാൻ തന്റെ പുത്രിയെ പുരമഥനപരിചരണത്തിനു നിയമിച്ചു.
ദേവിയാകട്ടെ,
“ബലികുസുമങ്ങളിറുത്തുകൊടുത്തും
വേദിയടിച്ചു തളിച്ചുചമച്ചും
നിയമജലങ്ങളൊരുക്കിയുമരികേ
നിയതം പുക്കാൾ ഹരശംഭോജയ.
പാണികുടന്നയിൽ മലർനിരചേർത്ത–
പ്പാർവതിയൊരുനാളഖിലേശൻതൻ
പാദതലങ്ങളിലാരാധിച്ച–
പ്പാൽമൊഴി വാണാളരശംഭോജയ.”
സന്തുഷ്ടനായ പരമശിവൻ,
‘മെല്ലെത്തലയിൽത്തൊട്ടുകരാഭ്യാം
നല്ലൊരുഭർത്താവുണ്ടായ്വരികെ’
ന്നു ആ ‘കോപ്പേൽമിഴിയാൾക്കു’ അനുഗ്രഹമരുളി. പാർവതീദേവി ‘മനസി നിനച്ചതു’ സഫലമാകുമെന്നുള്ള വിചാരത്തോടുകൂടി ‘ഹരനിൽ മുഴുത്തൊരു സംഗവുമകമേകരുതി’ ക്കൊണ്ടു സ്വഗൃഹത്തിലേക്കു തിരിച്ചു. പിന്നെയും ദേവി കൂടെക്കൂടെ ‘സ്വാദുതതേടിന ഫലമൂലാദികൾ’ കൊണ്ടുചെന്നു ‘നാഥനുതിരുമുൽക്കാഴ്ച’ കൊടുത്തു വന്നു. ഇങ്ങനെ ഇരിക്കേ ഒരിക്കൽ അംബിക ‘ഭഗവദ്ഭക്തിമുഴുത്തു സലീലം ദേവസ്വാമിയ്ക്കരികെ പൂക്കു്’
“ഹരശംഭോ മമ ദുരിതം പോക്കുക
ശരണം പോറ്റീ ഹരശംഭോജയ.”
എന്നു ഭഗവാനെ സ്തുതിച്ചു. ഇവിടെ ഒന്നാംവൃത്തം അവസാനിക്കുന്നു.
താരകൻ എന്നൊരു അസുരൻ അക്കാലത്തു ലോകത്തേ പീഡിപ്പിച്ചുവന്നു. അവനേ നിഗ്രഹിപ്പാൻ ഒരു മാർഗ്ഗം ആലോചിക്കുന്നതിനുവേണ്ടി ശക്രൻ ‘പുഷ്പബാണമനുസ്മൃതിചെയ്തു.’ തത്സമയം ‘കാഞ്ചത്താർ ബാണൻ’ ചഞ്ചലാപാംഗിയായ രതിയുമായി മഞ്ചത്തിന്മേലിരുന്നു് ‘മന്നിലുള്ള വിശേഷങ്ങളോരോന്നേ പറഞ്ഞുകൊണ്ടിരിക്കയായിരുന്നു. എന്നാൽ പെട്ടെന്നു ശക്രവൃത്താന്തം ഉൾക്കുരുന്നിൽ തോന്നുകയാൽ, അദ്ദേഹം കരിമ്പു വില്ലും ഏന്തിക്കൊണ്ടു് ‘ഉമ്പർകോൻ തിരുമുമ്പിൽ സംഭ്രമത്തോടുകൂടി’ എഴുന്നള്ളി. വാസവനാകട്ടേ അദ്ദേഹത്തിനെ ഭദ്രപീഠത്തിലിരുത്തി വേണ്ടപോലെ സൽക്കരിച്ചിട്ടു് താരകാസുരനിഗ്രഹത്തിനു
‘സർവസംഗമകന്നു തപം ചെയ്യും
ശർവനങ്ങുകുമാരനുണ്ടാകിലേ’
സാധിക്കൂവെന്നും.
‘ചെമ്മേമാമലപ്പെണ്ണിനേ വേൾക്കിലോ
യമ്മഹേശനുപുത്രനുണ്ടാവിതു’
എന്നും അതുകൊണ്ടു ഇന്ദുശേഖരന്റെ മാനസം ഇളക്കി നഗകന്യകയിലാക്കിയേ മതിയാവൂ എന്നും പറഞ്ഞു. പക്ഷേ, ശിവന്റെ തപോവിഘ്നത്തിനു ഒരുമ്പെടുന്നതു് ആപൽക്കരമാണെന്നു് അദ്ദേഹം മുന്നറിവു കൊടുക്കാതിരുന്നില്ല. അതു കേട്ടു കാമദേവൻ, ഇങ്ങനെ പറഞ്ഞു.
“ഒന്നറിയേണമെൻകീഴമരാതെ മന്നിലാരുള്ളു ശങ്കരരെ ജയ
ഭള്ളിളകിനടന്ന പിതാമഹൻ-നിർല്ലജ്ജം മകളായ സരസ്വതീം
വല്ലാതെ പിടിപെട്ടതു മെൻകരു-ത്തല്ലയോ ചൊല്ലു ശങ്കരരേജയ.
വാനോർനാഥനാം പങ്കജനാഭനും-നാണാതെ പതിനായിരത്തെട്ടു
മാനേൽക്കണ്ണിമാരെ പുണരായ്ക്കിലോ-പ്രാണവേദനശങ്കരരേ ജയ.
വിശ്വാമിത്രമഹാമുനി പണ്ടുടൻ-വിശ്വഭീമം തപസ്സു തുടർന്നനാൾ
അയ്യോ മേനകയെപ്പിടി പെട്ടതും [10] വിച്ചയുണ്ടിതു ശങ്കരരേജയ. തോണിമേൽ നിന്നു മറ്റൊരു മാമുനി
മാനിച്ചങ്ങൊരു ദാശകുമാരിയേ
നാണംകെട്ടു പുണർന്നതുമെന്നുടെ
ബാണഹുംകൃതിശങ്കരരേ ജയ.
എന്തിനിപ്പല വാക്കുകൾ? ഈശ്വരൻ
ചന്ദ്രചൂഡനും ചെറ്റു പിണങ്ങുകിൽ
പെണ്ണുങ്ങൾക്കു വിളി പണിക്കാക്കുവാൻ
ഭണ്ഡമില്ലേതും ശങ്കരരേ ജയ.
കാണിനേരം പൊറുക്ക ശചീപതേ! കാണണം മമബാഹുപരാക്രമം
കേണു പാർവതീപാദത്തിലീശ്വരൻ വീണിട്ടാക്കോപ്പും ശങ്കരരേ ജയ.”
ഇപ്രകാരം പറഞ്ഞിട്ടു് പൊങ്ങച്ചനായ മാരൻ ‘പൊൻവില്ലും പൊൽപ്പൂവമ്പു’മിളക്കി സദർപ്പം മുപ്പുരാരി തപസ്സു ചെയ്യുന്നദിക്കിലേക്കു നടന്നുവത്രേ. ഇവിടെ നമ്മുടെ കവി കുമാരസംഭവത്തിൽ നിന്നും ചില വ്യത്യാസങ്ങൾ വരുത്തിയിരിക്കുന്നതിനേപ്പറ്റി പ്രസാധകനായ ഡാക്ടർ കേ. ശങ്കരമേനോൻ പറയുന്നു:
ദേവേന്ദ്രൻ കാമദേവനെ ബഹുമാനപുരസരം ഭദ്രാസനത്തിൽ ഇരുത്തി. അതിനാൽ സന്തുഷ്ടചിത്തനായിത്തീർന്ന കാമൻ തന്റെ പ്രഭാവങ്ങളേപ്പറയുന്ന കൂട്ടത്തിൽ,
“കാര്യം ഹരസ്യാപി പിനാകപാണേ
ദ്ധൈര്യച്യുതിം കേ മമ ധന്വിനോന്യേ.”
എന്നു മതിമറന്നു പ്രലപിക്കുന്നു. ഹരചിത്താകർഷണരൂപമായിരിക്കുന്ന സങ്കല്പിതാർത്ഥത്തിൽ ആത്മസാമർത്ഥ്യത്തെ കാമൻ പ്രകടിപ്പിച്ചതുകേട്ട സമയമാണു് ഇന്ദ്രൻ കാര്യം പറവാൻ ആരംഭിക്കുന്നതു്. ഈ ക്രമത്തെ അല്പം വ്യത്യസ്തപ്പെടുത്തിയാണു് നമ്മുടെ കവി പുറപ്പെടുന്നതു്. ഇതിൽ കാര്യമെല്ലാം പറഞ്ഞുതീർന്നതിന്റെ ശേഷം കാമനെക്കൊണ്ടു്,
“എന്താവൂ പല വാക്കുകളീശ്വരൻ
ചന്ദ്രചൂഡനും ചെറ്റു പിണങ്ങിയാൽ
പെണ്ണുങ്ങൾക്കു വിളിപണിയാക്കുവാൻ
ദണ്ഡമില്ലൊട്ടും ശങ്കരരേജയ.
കാണിനേരം പൊറുക്ക ശചീപതേ
കാണണം മമ ബാഹുപരാക്രമം
കേണു പാർവതീപാദത്തിലീശ്വരൻ
വീണിടും കോപ്പും ശങ്കരരേജയ.”
എന്ന പ്രകാരം വീണ്ടും പറയിക്കുന്നതിൽ രസഭംഗം ഉണ്ടാകുന്നില്ലയൊ എന്നു സംശയിക്കുന്നു.” അങ്ങനെ ഒരു സംശയത്തിനെ ഇവിടെ വഴി കാണുന്നില്ല. ഇന്ദ്രൻ സ്വമിത്രമായ കാമനെ വിളിച്ചു ഹരചിത്താകർഷണം ചെയ്യണമെന്നു പറഞ്ഞിട്ടു്, വളരെ കരുതലോടുകൂടി പ്രവർത്തിച്ചില്ലെങ്കിൽ ആപത്തു നേരിട്ടേയ്ക്കുമെന്നുകൂടി അറിവിച്ചതു് വളരെ ഉചിതമായി. സ്വാർത്ഥലാഭത്തിനുവേണ്ടി ഒരു മിത്രത്തെ അപകടത്തിൽ ചാടിക്കുന്നതു് ഉചിതമല്ലല്ലോ. എന്നാൽ സാഹസികനായ കാമൻ ‘വരും വരായ്ക’കളെപ്പറ്റി ചിന്തിക്കാതെ ചാടിപ്പുറപ്പെട്ടു് തൽഫലം അനുഭവിക്കയും ചെയ്തു. ഇവിടെ രസഹാനിയ്ക്കു് എന്തുവഴിയാണുള്ളതു്? നേരെ മറിച്ചു രസപുഷ്ടിയ്ക്കേ അവകാശമുള്ളു. സാഹസികന്മാർക്കു ഈ മാതിരി അപകടം ഉണ്ടാകുന്നതു സാധാരണമാണെന്നു കവി ഭംഗിയായി ചൂണ്ടിക്കാണിച്ചു് ‘കാന്താസമ്മിതത്വേന സരസ’മായി സന്മാർഗ്ഗോപദേശം ചെയ്തിരിക്കയാണു് ഇവിടെ ചെയ്തിരുന്നതു്.
കാമന്റെ യുദ്ധയാത്രയെ കവി ഹൃദയംഗമമായി വർണ്ണിച്ചിട്ടുണ്ടു്.
“കോർത്തുകെട്ടി വലിച്ചൊരു കൂന്തലും
ചീർത്ത കൊങ്കയിൽ ചട്ടയുമിട്ടുടൻ
താർത്തേൻ വാണികളായ പടജ്ജനം
പ്രീത്യാ വന്നിതു ശങ്കരരേജയ.
മന്ദമാരുതനും മധുമാസവും
ചന്ദ്രനാം പടനാഥനുമന്തികേ
വന്നനേരമിളംകുയിൽ നാദവും
മുന്നിലായിതു ശങ്കരരേജയ.
മെല്ലെ വാർകുഴൽ കെട്ടിമണിസ്രജാ
നല്ല പൂനിര കുത്തി നിറത്തൊടേ
പല്ലവാംഗുലികൊണ്ടണിമീശയും
മെല്ലെ നന്നാക്കി ശങ്കരരേ ജയ.”
തോളിൽ വന്നടിയും മണികുണ്ഡലം നീളെപ്പൂശിനകുങ്കുമപങ്കവും
മേളമമ്പിനപൊന്നെഴുത്തമ്പാണി– ച്ചേലയും പൂണ്ടുശങ്കരരേജയ.
വില്ലുമമ്പുമിടങ്കരതാരില–ങ്ങുല്ലസദ്ദ്യുതിദക്ഷിണപാണിനാ
മല്ലവേണിരതിപ്പെണ്ണുതൻകരം–മെല്ലെത്താങ്ങീട്ടു ശങ്കരരേജയ.
മുഷ്ക്കൊടങ്ങുപെരുമ്പടക്കോപ്പുമായൊക്കെക്കൂടെക്കലർന്നുചുഴന്നുതേ;
ദക്ഷവൈരിതപോവനമൊക്കയും പുഷ്പധന്വാവു ശങ്കരരേജയ.
കാമബന്ധുവസന്തമിളകിനാൻ പൂമരങ്ങൾ തളിർക്കയും പൂക്കയും;
കോമളത്തെന്നൽ വീശിയുമത്ഭുതം കോകിലദ്ധ്വനി ശങ്കരരേജയ.
മാരസന്നിധികൊണ്ടുതപോവനേ ചേരുമാമിഥുനങ്ങളശേഷവും
സ്വൈരമാന്നുരമിച്ചുതുടങ്ങീതേ മാരമാൽപൂണ്ടു ശങ്കരരേജയ.”
ഇങ്ങനെ മന്മഥവീരൻ ‘ചന്ദ്രചൂഡതപോവനമൊക്കെയും ചന്തമോടൊരിളക്കം പിടിപ്പിച്ചു’കൊണ്ടു് ശങ്കരാന്തികം പ്രാപിച്ചു് ‘മരംമറഞ്ഞങ്ങനെ’ നില്പായി.
കാമദഹനംവരെയുള്ള കഥയെയാണു് മൂന്നാംവൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.
“ദേവതാരദ്രുമപ്പൊൽത്തറയ്ക്കങ്ങുമേ–
ലാഭിരാമം പുലിത്തോൽ വിരിച്ചങ്ങനേ
യോഗപട്ടേന സംവേഷ്ട്യപരമാസനേ
യോഗമോടാസ്ഥിത”
നും, ഘോരതേജോമയനുമായ പരമശിവനെ കണ്ടപ്പോൾ, കാമദേവൻ കാൽക്ഷണം ‘എന്തുഞാൻ ചെയ്വതെന്നോർത്തു’ നിന്നുപോയി. എന്നാൽ വീണ്ടും ധൈര്യമവലംബിച്ചുകൊണ്ടു് അദ്ദേഹം,
“അമ്പിൽമൌർവീമുഴിഞ്ഞാത്മഹന്താവുത–
ന്നന്തികേ കൂടിനാൻ.”
തൽക്ഷണം പാർവതിയും മുഗ്ദ്ധഹാസാഞ്ചിതം അവിടെച്ചെന്നു് ഭർത്തൃപാദത്തിങ്കൽ പുഷ്പാഞ്ജലിചെയ്തുകൊണ്ടു് ഭക്തിപൂർവം സ്ഥിതിചെയ്തു.
‘താമരപ്പൊൽക്കരശ്രേണികായോജിതാം
തൂമയിൽചേർത്തുകോർത്തൊരു മാലാമസൌ
സ്വാമിനഃ കാൽക്കൽ വച്ചീടിനാൾ പാണിനാ
കോമളേനാംബികാ ചന്ദ്രചൂഡാ വിഭോ.’
ഭഗവാനാകട്ടെ ഭക്തവാത്സല്യമുൾക്കൊണ്ടു് ആ ഭദ്രമാലയെ എടുപ്പാനൊരുമ്പെട്ടപ്പോൾ, തരംനോക്കിനിന്നിരുന്ന മാരൻ ഒരു മോഹനാസ്ത്രം തൊടുത്തുവിട്ടു. മൂന്നുലോകങ്ങൾക്കും അധീശനായ പരമശിവന്റെ ധൈര്യം തൽക്ഷണം വിഭിന്നമായി ഭവിക്കയാൽ, അദ്ദേഹം ‘അക്ഷിയൊക്കെത്തുറന്നദ്രിപുത്രീമുഖ’ത്തിൽ നിസ്പൃഹം നോക്കിപ്പോയി.
“മല്ലികപ്പൂമലർകൂന്തലും ചില്ലിയും
മല്ലനേത്രങ്ങളും വായ്ക്കുരുന്നുംതദാ
നല്ലപൊൽതോടയും വക്ത്രസൌന്ദര്യവും
മെല്ലവേനോക്കിനാൻ ചന്ദ്രചൂഡാവിഭോ
വാരെഴുംപോർമുലക്കുന്നിൽനന്നായ് നിറ-
ന്നോരുമുത്താരമാലാകലാപങ്ങളും
ചാരുരോമാവലീ കാഞ്ചിപൂഞ്ചേലയും
മെല്ലവേനോക്കിനാൻ…
മാരവീരന്നു പോരാടുവാനീടെഴും
തേരിടംതന്നവെന്നോരുജഘനവും
ചാരുവൃത്തങ്ങളാമൂരുകാണ്ഡങ്ങളും
മെല്ലവേനോക്കിനാൻ…
ഫുല്ലപങ്കേരുഹശ്രീതടവീടുമാ-
റുല്ലസൽകോമളം പാദപങ്കേരുഹം
പഞ്ചബാണദ്ധ്വജപ്രൌഢിതേടുംനയ-
നാഞ്ചലം നോക്കിനാൻ…
എത്രയുംമോഹനം പാർത്തുകണ്ടോളവും
മുഗ്ധഹാസാഞ്ചിതം വക്ത്രപങ്കേരുഹം
ചിത്രമിപ്പെൺകിടാവെന്നുതോന്നീഹര–
ചിത്തതാരിങ്കലേ…”
ഇങ്ങനെ ഒരു ഭാവഭേദം തനിക്കു വന്നുകൂടാനെന്തു കാരണമാണെന്നു ആലോചിച്ചുകൊണ്ടു് ഭഗവാൻ നാലുപാടും നോക്കിയപ്പോൾ,
“ഇക്ഷുവില്ലും കുലച്ചമ്പുമൂന്നിത്തൊടു-
ത്തക്ഷണേതാണിടത്തേമുഴങ്കാൽ കുനി-
ഞ്ഞുഗ്രബാണപ്രഹാരോദ്യമം കാമമ-
ങ്ങഗ്രതോ ദൃഷ്ടവാൻ…”
ആയിട്ടു്, ‘ഇക്കൊടും ഭോഷനോ ചെയ്തതെന്നു’ ഓർത്തു് ഉള്ളിൽ കോപം ജ്വലിക്കയാൽ ‘ഉഗ്രമാം മൂന്നാംതിരുക്കണ്ണിൽനിന്നു്’ പെട്ടെന്നു അഗ്നിപുറപ്പെട്ടു.
“തീക്കനൽചാർത്തുടൻ പൂവടിപ്രായമായ്
വായ്ക്കുമാറങ്ങനെ ദിക്കിലെല്ലാടവും
രൂക്ഷഫാലാഗ്നിതാനാശുരോഷാന്തരേ
മേല്ക്കുമേൽ കത്തിനാൻ…”
‘മുപ്പുരം ചുട്ട മൂന്നാംതിരുക്കണ്ണിൽ’ നിന്നുത്ഭവിച്ചുജ്ജ്വലിച്ചതായ ഘോരാഗ്നിയിൽ കാമദേവന്റെ ശരീരം വെന്തുവെണ്ണീറായ്ച്ചമഞ്ഞു.
“ഹന്ത ഹാഹാരവം ദിക്കിൽവാച്ചം തദാ
വിണ്ണിലും തീക്കനൽക്കട്ടകാണായിതേ.
എന്തുപോലെന്തുപോലെന്നുമാലോകരും
വെന്തെരിഞ്ഞീടിനാർ ചന്ദ്രചൂഡാവിഭോ.”
രതീദേവി ഭർത്തൃനാശം നിമിത്തം ദീനദീനം വിലപിച്ചു. ഒടുവിൽ
“തമ്പുരാനേ ജഗന്നാഥ കേളീശനെ!
കൺപെടാതോ നിരാലംബയാമെന്നെനീ?
എൻപ്രിയൻതന്നോടൊന്നിക്കുമാറാക്കുവാൻ
കുമ്പിടുന്നേനിതാ…”
എന്നിങ്ങനെ അവൾ പ്രാർത്ഥിക്കവേ, ഭഗവാൻ ആ പ്രദേശത്തുനിന്നു മറഞ്ഞിരുന്നുവത്രേ. അതുകൊണ്ടു് അവൾ,
“ഇന്നുഞാൻ തീയിൽവീണു മരിച്ചിടുമാ-
റെന്നു കല്പിച്ചെഴുന്നേറ്റുപോകും വിധെം,”
ആകാശത്തിൽനിന്നു ഒരു അശരീരികേൾക്കയായി.
“തന്വിബാലേ! ബലാലേ മരിച്ചീടൊലാ-
മന്നിലിന്നും പിറന്നീടുമീ മന്മഥൻ;
നിന്നഭിപ്രായമന്നെത്തും; ഈവന്നതോ
കർമ്മദേഷേണകേൾ…
ബ്രഹ്മനേ പുത്രിയാം വാണിയിൽചേർത്തനാൾ
ബ്രഹ്മശാപം പിണഞ്ഞിങ്ങനേവന്നതും
മന്മഥദ്വേഷിതാൻ പാർവതീം വേൾക്കുന്ന
കർമ്മണാ തീർന്നുപോം…”
ഈ വാക്കുകേട്ട ദേവി, മാരോത്ഭവത്തേ പ്രതീക്ഷിച്ചുകൊണ്ടു് ‘കുന്നിൽ മാതിൽമനോമന്ദിരം പ്രാപിച്ചിട്ടു്’ അതിനേ ഒന്നിളക്കി പോലും. പാർവതിയുടെ തപോവർണ്ണനയാണു് ചതുർത്ഥവൃത്തം.
“ഭുവനാധീശനെപ്പലനാൾ സേവിച്ചി-
ട്ടധികംനാശക്കേടകപ്പെട്ടൂ.
സുഖക്കേടും വന്നൂ വിപരീതമിന്നു
സകലം ദൈവമേ ഹരശംഭോ.
സഖിമാരോടെന്തേ പറയുന്നേനയ്യോ
മകളേ! പാർവതീ ഗുണശീലേ
ഭഗവൽസേവയിൽ ഫലമെന്തെന്നവർ
പലരും ചോദിച്ചാലരശംഭോ!”
അതുകൊണ്ടു്, ‘ഗുണവും, നാണവുംമനവും കെട്ടിരുന്നുഴലാതെ, ഭഗവാനെത്തന്നെ തപസ്സു ചെയ്യണ’മെന്നു ദേവി ഉദ്ദേശിച്ചു് പിതൃസമ്മതം വാങ്ങിയിട്ടു് അമ്മയുടെ മടിയിൽ ചെന്നിരുന്നു് അതിനായി അനുവാദം ചോദിച്ചപ്പോൾ, പുത്രീവാത്സല്യ നിധിയായ മേന,
“അരുതുസാഹസം മകളേ വേർപെടാ-
നരുതാതൊന്നിതു ഹരശംഭോ!
മധുവുണ്ണാൻചെല്ലും മദഭൃംഗീചെറു-
ചിറകിൻ കാറ്റേൽക്കിൽ മറുകീടും.
നറുമേനി വാകമലരിതെങ്ങുനേർ
പൊറുപ്പൂവൻ കാറ്റങ്ങരശംഭോ?
സുരവീരന്മാരിൽ തരമായുള്ളോരേ-
വരിച്ചാലേവനും വരുമല്ലോ.
സുരനാഥൻതാനും നിനക്കു വേണ്ടുകിൽ
വരുമില്ലേ കില്ലിങ്ങരശംഭോ!
ഹരനേസേവിച്ചാലിനിയും വല്ലായ്ക-
വരുവാനെത്രയുമെളുതെന്നാൾ”
മാതാവിന്റെ ഈ വാക്കുകൾ വകവയ്ക്കാതെ,
“മനംകൊണ്ടന്നേരം ധൃതമൌനവ്രതം ജനനീം കൈകൂപ്പീട്ടഗകന്യാ
അഖിലാധീശനെത്തപസ്സുചെയ്വാനായെഴുന്നള്ളീടിനാൾ ഹരശംഭോ”
പാർവതിയുടെ തപോവർണ്ണന അകൃത്രിമരമണീയമായിരിക്കുന്നു.
“തരമൊത്തീടിന സഖിമാരും താനും ചെറുമരങ്ങളും ലതയെല്ലാം
തരമേവെട്ടിച്ചേർത്തുടജമന്ദിരം ചരതമായ് തീർത്തിതരശംഭോ.
തുളസീകൂവളമെരിക്കുംകൊന്നയും ഫലമൂലങ്ങൾ നല്ലവയെല്ലാം
വളരേനട്ടുടൻ വളമിട്ടൊക്കവേ വളർത്തുണ്ടാക്കിനാൾ ഹരശംഭോ.
ചുരുണ്ടുനീണ്ടിരുണ്ടലർമാലാമണം പെരുകുംപൂങ്കുഴൽ പിരിച്ചുടൻ
പരിചിൽതീർത്തൊരുജടകൊണ്ടീശ്വരിപെരികേശോഭിച്ചാളരശംഭോ.
തിരകളുംകോമപ്പട്ടകലേവീഴ്ത്തുടൻ തിരുവരതന്നിലഴകോടേ
പരുഷംവല്ക്കലമെടുത്തുചാർത്തീട്ടു പെരികേശോഭിച്ചാളരശംഭോ
കനിവോടോമനിച്ചഗരാജൻമുമ്പിലണിയിച്ചുള്ള പൊന്നരഞാണം
അകലെക്കൈവെടിഞ്ഞുടനേപുല്ലുകൊണ്ടണിഞ്ഞാൾ മേഖല ഹരശംഭോ.
കുളുർമുലമൊട്ടിലിഴകീടുന്നൊരു കളഭംമാച്ചങ്ങു മടിയാതെ
വെളുവെളുത്തൊരു ഭസിതംകൊണ്ടുടൻ മുഴുവൻപൂശിനാളരശംഭോ.
പലകാലംമാസമുപവാസംചെയ്തു ഫലമൂലാദികളശിക്കയും
കുളിയുംമൂന്നൂടെ ജപവുംഹോമവും കുറയാതെചെയ്താളരശംഭോ.
വരിഷക്കാലത്തുകഴുത്തോളംനീറ്റിൽ ശിശിരകാലത്തുപനിനീറ്റിൽ
പെരിയവേനേല്ക്കു വെയിലത്തുനിന്നും തപംചെയ്തീടിനാളരശംഭോ.
ഇങ്ങനെ ക്രമേണ തപസ്സു വർദ്ധിച്ചുവർദ്ധിച്ചുവന്നിട്ടു് ഒടുവിൽ,
“വിരവൊടാശ്രമനിലയേപോന്നിരു-
ന്നെരിയും പഞ്ചാഗ്നിനടുവിലായ്.”
ആ അവസരത്തിൽ ദേവി “തരത്തിൽ പൊൻവിളക്കെരിയുമവ്വണ്ണം പെരികേശോഭിച്ചാൾ…” അനന്തരം,
“ഒരുകാൽമേൽനിന്നു നിവരേക്കൈകൂപ്പിത്തിരുമിഴി രണ്ടുമിളകാതെ
പെരിയ സൂര്യമണ്ഡലത്തെയുംനോക്കിപ്പരനെ സേവിച്ചാൾ…”
പിന്നീടു് ‘യമനിയമാദിവിധികൾകൊണ്ടു്’ ഉൾക്കാമ്പു ശുദ്ധമാക്കീട്ടു്, പ്രാണായാമംചെയ്തു പവനനെ വശത്താക്കി. ഇങ്ങനെ പല ചടങ്ങുകൾ യഥാവിധി അനുഷ്ഠിച്ചിട്ടു് ഒടുവിൽ ‘അമൃതസ്യന്ദിനി പരമാനന്ദിനി നിഭൃതനിഷ്കളശിവരൂപേ’ സുസമാധി സ്ഥിതിയുറച്ചു. ഈ അവസ്ഥയിൽ പവനാഹാരവും വെടിഞ്ഞു ശിവപീയുഷത്താൽ നിറച്ചു് ‘തന്റെ കനകപത്മശ്രീ തിറനൽകും പൂമെയ്യിനെ’ ശിവൽപോഷിപ്പിക്കയും ചെയ്തു.
“മുനിപത്നിമാരും മുനിമാരുംവന്നു മലമകൾ തപോമഹിമാനം
മഹിതംകണ്ടിട്ടുമനസിവിസ്മയംപെരികെപ്പൂണ്ടാർപോലരശംഭോ”
ദേവിയുടെ തപോമാഹാത്മ്യത്താൽ ഉലകീരേഴും വിറയൽപൂണ്ടുവത്രേ. ഇവിടെ ചതുർത്ഥവൃത്തം അവസാനിക്കുന്നു.
ശിവൻ സന്തുഷ്ടനായിട്ടു്,
“ഭസിതത്രിപുണ്ഡ്രമുടനണിനെറ്റിമേലുരസി
ഭുജയോരണിഞ്ഞജിനമണിഭാണ്ഡകുണ്ഡികയും”
ധരിച്ചു് പർവതിയുടെ അടുക്കൽവന്നു്,
“ചന്ദ്രാനനേ കുശലമല്ലീ നിനക്കു പുന-
രെന്തെ? തപശ്ചരണഖിന്നം ത്വദംഗമിതു്;
നിൻതാതനിന്നിതിനയച്ചാറുനന്നധിക-
മന്ധത്വമുണ്ടിതര ഹരശംകരായനമഃ
വപുഷാശിരീഷദള മൃദുനാ വളർന്നുതപ-
മബലേതുടർന്നതുടനതിസാഹസം പറകിൽ;
നവമാലതീമലരു വെയിലേറ്റുണക്കമുട
നതിനൊക്കുമെന്നറിക…
എന്തില്ലയാഞ്ഞിവിടെ വൻകാട്ടിൽ വന്നിനിയ
ചെന്തീപ്പൂകയ്ക്കലനുവേലം കിടന്നുതപ-
മബലേ തുടർന്നതുടനെന്താകിലും നിനവു
ചന്ദ്രാനനേ! കഥയ…
ആനംഗതാപമുടനാരാനിലും പെരികെ
നൂനം തുടർന്നിടുകിലാരെന്നു ചൊല്ലിടുക;
മാനേലുമോമൽമിഴി ലോകേഷു ധന്യനവ-
നാണുങ്ങളിൽ പെരികെ…”
എന്നും മറ്റും നിർല്ലജ്ജം ചോദിക്കവേ, അംബിക,
‘ചൊല്ലീടു ശേഷമിതി കൺകൊണ്ടു തോഴിയൊടു’ മെല്ലെ പറകയാൽ, അവൾ സംഗതികളെല്ലാം സംക്ഷേപിച്ചു പറഞ്ഞു. അതുകേട്ടു് ആ വടു പൊട്ടിച്ചിരിച്ചിട്ടു്, ശിവനെ ഒട്ടുവളരെ അധിക്ഷേപിച്ചു. അവയിൽ ഒന്നു രണ്ടു പദ്യം മാത്രം ഉദ്ധരിക്കാം.
“ഉത്സാഹമിന്നു വിഷവിദ്യാം പഠിപ്പതിനു
യുക്തം ഗിരീശവര പാണിഗ്രഹം ഝടിതി
പക്ഷേ കടിക്കുമൊരു ചക്ഷുശ്രുതിപ്രവര-
നക്ഷീണകോപമൊടു…
ആലിംഗനം പെരിയ വൈഷമ്യമേ സപദി
ഫാലേന പീഡവരുമത്രേയുമല്ലളക-
ജാലേ പിടിക്കുമുടനാചുംബനേ കൊടിയ-
ഫാലേക്ഷണാഗ്നിയര…
അങ്കിക്കൊടുന്തിലകമോർത്താലവന്നു; തവ
ചെങ്കുങ്കുമം; പുടവനാറുന്നതോല വന്നു;
മംഗല്യപട്ടുതുകിൽ നീ ചാർത്തുമാറുമൊരു
വൻകഷ്ടമെന്തിതര…”
ഇത്യാദി ഭർത്സനങ്ങൾ കേട്ടപ്പോൾ ഗിരികന്യയുടെ ഭാവം പകർന്നു.
“കഷ്ടം ജഗല്പതിയെ നിന്ദിച്ചു നാവുതവ
പെട്ടെന്നുമൂർന്നിടുകിലും ദോഷമില്ലുലകിൽ
മുട്ടെപ്പരന്നവനെ നീയെന്തറിഞ്ഞതയി
ധൃഷ്ടാ വടോ, വിരമ…”
എന്നു വടുവിനെ വിലക്കീട്ടു് ദേവി ഭഗവാന്റെ ഗുണഗണങ്ങളെ വർണ്ണിച്ചുതുടങ്ങി. ‘വായ്പോടു തങ്കലെഴുമദ്രീന്ദ്രജാപ്രണയവാക് ഭംഗികേട്ടു്’ സന്തുഷ്ടനായ പരമശിവൻ “വാപേശുവാനുമഥപൂണ്മാനും” ആവേശിതനായി. എന്നാൽ ജഗദംബിക ഉന്നിദ്രകോപാവേശത്തോടുകൂടി പിന്തിരിഞ്ഞുപോവാൻ ഭാവിച്ചപ്പോൾ ഭഗവാൻ സാക്ഷാൽ രൂപം കൈക്കൊണ്ടു. ജഗത്ത്രിതയമാണിക്യമായ ഈശ്വരനെ കണ്ടമാത്രയിൽ, ‘സാ നില്ക്കയോ സപദിപോകെന്നരോ സുമുഖി! മാൽതേടിയത്രേ’ ശിവൻ, പുഞ്ചിരിതൂകിക്കൊണ്ടു ദേവിയുടെ ആലോലമായ കരപത്മം പിടിച്ചസമയത്തു്,
“ശൈലേന്ദ്രനോടഥ പറഞ്ഞിട്ടുവേണമിനി”
എന്നു പറഞ്ഞു് കൈകുതറിക്കളഞ്ഞു.
വിവാഹമഹോത്സവവർണ്ണനയാണു് ആറാംവൃത്തം. വിവാഹം കഴിഞ്ഞു്,
“സർവകാലമണഞ്ഞു ചെന്നഥ പാർവതീപരമേശ്വരൌ
സ്വാമിനൌ ജഗതാം സുഖത്തോടു മേവുന്ന”
തിനോടുകൂടി കഥ അവസാനിക്കുന്നു.
ഈ കവിത മഴമംഗലത്തിന്റെ കൃതിയായിരിക്കത്തക്ക യോഗ്യതയില്ലാത്തതല്ല. പണ്ഡിതനായ മി. മേനോൻ കൊണ്ടുവന്നിട്ടുള്ള തെളിവുകൾ പോരെന്നേ വായനക്കാർ ഗ്രഹിക്കേണ്ടതായിട്ടുള്ളു. ഈ കൃതിയെ തേടിപ്പിടിച്ചു പ്രസാധനം ചെയ്തതിനു നാം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.
12.11 മൂകാംബികാസ്തോത്രം–അകാരാദി
“അദ്രിനിവാസിനി മൂകാംബികേ
വിദ്യാസ്വരൂപിണി മൂകാംബികേ!
ആത്മപ്രദേശിനി ദേവി മൂകാംബികേ!
ആത്മാനന്ദപ്രദേ മൂകാംബികേ!
ഇന്ദീവരേക്ഷണേ! ഇന്ദുബിംബാനനേ!
ഇന്ദുചൂഡപ്രിയേ! മൂകാംബികേ!
ഈരേഴുലകിനു കാരണഭൂതയായ്
മേവീടുമംബിംകേ! മൂകാംബികേ!
ഉള്ളം തെളിവിതിനുള്ളിൽ വാണീടണ-
മുള്ളനാളൊക്കയും മൂകാംബികേ!
ഊനം വരുത്തേണം രോഗങ്ങൾക്കൊക്കെയും
ദീനദയാനിധേ! മൂകാംബികേ!
എന്നെ കനിവോടെ കാത്തരുളേണമെ-
ന്നമ്മേ ദയാനിധേ മൂകാംബികേ!
ഏണാംകബിംബനനേ മനോമോഹനേ
മാഹേശ്വരപ്രിയേ മൂകാംബികേ!
ഐഹികസൌഖ്യവും മോക്ഷവും നൽകുന്ന
മോഹവിനാശിനി മൂകാംബികേ!
ഒക്കെയുപേക്ഷിച്ചു നിൻപാദപങ്കജം
ചൊല്ക്കൊണ്ടു കാണായി മൂകാംബികേ!
ഓതുന്ന വേദപ്പൊരുളായിമേവുന്ന
പാതകനാശിനി മൂകാംബികേ!
ഔഡവമാലയണിഞ്ഞുവിളങ്ങുന്ന
ദിവ്യജനാർച്ചിതേ! മൂകാംബികേ!
അന്തരമെന്നിയേ ചിന്തിപ്പവർക്കുള്ള
സന്താപനാശിനി മൂകാംബികേ!
മൂകാംബികേ ദേവി മൂകാംബികേ! ദേവി
മൂകാംബികേ ദേവി മൂകാംബികേ!”
ഈ സ്തോത്രം ഞാൻ ധാരാളം കേട്ടിട്ടുണ്ടു്. എന്നാൽ ആരു നിർമ്മിച്ചുവെന്നറിഞ്ഞുകൂടാ. ഇതേ വൃത്തത്തിൽ തന്നെ വേറെ ഒരു ദേവീ സ്തോത്രവും പ്രസിദ്ധമായിട്ടുണ്ടു്. രണ്ടുപാദങ്ങൾ മാത്രം ഉദ്ധരിക്കുന്നു.
“കർത്തവ്യമെന്തെന്നു ചിത്തേ തിരിയാഞ്ഞൂ
മന്നിലുഴലുന്നു മായയാലേ
ദുർമ്മുഖമൊക്കവേ ദൂരെയകറ്റണം
നിർമ്മലജ്ഞാനമുളവാക്കണം”
താഴെച്ചേർക്കുന്ന ഗുരുവായൂർ പുരേശ്വരസ്തോത്രം പോലെ പ്രസിദ്ധമായിട്ടു് വളരെച്ചുരുക്കം കീർത്തനങ്ങളേ ഉള്ളു. കവി പൂന്താനമായിരിക്കുമോ എന്തോ?
“കണ്ണനാമുണ്ണിയേക്കാണുമാറാകണം
കാർമേഘവർണ്ണനെക്കാണുമാറാകണം
കിങ്കിണിനാദങ്ങൾ കേഴുകൾക്കുമാറാകണം
കീർത്തനം ചൊല്ലിപ്പുകൾത്തുമാറാകണം
കുത്തുകളോരോന്നു കേൾക്കുമാറാകണം
കെല്പേറും പൈതലേ കാണുമാറാകണം
കേളി പെരുത്തോനേ കാണുമാറാകണം
കൈവല്യമൂർത്തിയെക്കാണുമാറാകണം
കൊഞ്ചലോടെ മൊഴികേൾക്കുമാറാകണം
കൌതുകപ്പൈതലേ കാണുമാറാകണം
കന്മഷവൈരിയേക്കാണുമാറാകണം
കണ്ടുകണ്ടുള്ളം തെളിയുമാറാകണം.”
12.12 ഗുരുസ്തവം (അകാരാദി)
ഗുരുജനങ്ങളോടുള്ള ഭക്തിക്കു ലോപമില്ലാതിരുന്ന അക്കാലത്തു ഈ മാതിരി ചില കൃതികളും ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല. ഈ കൃതിയിൽ ഒരു ഭാഗം ഇവിടെ പകർത്തിക്കൊള്ളട്ടേ.
“അജ്ഞാനമുള്ളവയൊക്കെക്കളയേണം
വിജ്ഞാനമെന്നുള്ളിൽ വർദ്ധിക്കേണം
ആജ്ഞാപിച്ചീടണം നല്ലവഴികൊണ്ടു
നിത്യം ഗുരുനാഥ! കുമ്പിടുന്നേൻ.”
12.13 ശ്രീരാമസ്തോത്രങ്ങൾ
പലകാലങ്ങളിലായി അസംഖ്യം സ്തോത്രങ്ങൾ രാമപരമായുണ്ടായിട്ടുണ്ടു്. അവയെ ആരു് ഏതുകാലത്തു ചമച്ചുവെന്നു നിർണ്ണയിക്കാൻ തരമില്ല. “അത്യന്തമായുള്ളൊരാപത്തസുരരാൽ” ഇത്യാദി സ്തോത്രത്തിനു നല്ല പഴക്കവും പ്രചാരവും ഉണ്ടു്.
12.14 വടക്കുന്നാഥസ്തോത്രങ്ങൾ
അകാരാദിയും അല്ലാതെയും അനേകം വടക്കുന്നാഥകീർത്തനങ്ങൾ കാണുന്നു. അവയിൽ ചിലതു ഉണ്ണായിവാര്യരുടേതെന്നു വിശ്വസിച്ചുവരുന്നു.
“അദ്രിമുകളിൽ വൃഷദാരൂഢനായി-
ട്ടദ്രിസുതയെ മടിയിൽചേർത്തു.
കദ്രുസുതഗണഭൂഷണനായിവാഴും
രുദ്രനായുള്ള വടക്കുന്നാഥേ!
ആകാശംപോലെ പ്രകാശിച്ചുലോകത്തി-
ലാകാശഗംഗയെ ച്ചൂടിനിത്യം
ആകെനിറഞ്ഞങ്ങിരുന്നരുളീടുന്നോ-
രേകസ്വരൂപ വടക്കുന്നാഥ!”
എന്ന അകാരാദിസ്തോത്രത്തിനു വലിയ പഴക്കമുണ്ടെന്നു തോന്നുന്നില്ല.
നല്ല അർത്ഥപുഷ്ടിയും ശബ്ദഭംഗിയുമുള്ള വേറൊരു കീർത്തനം കാണുന്നുണ്ടു്. തൽകർത്താവു് ഗിരിജാകല്യാണകർത്താവായ രാമവാര്യരാകുന്നു. അതിനെ ചുവടേ പകർത്തിക്കൊള്ളുന്നു.
“അനർഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകും
അടുക്കമന്തകനായുസ്സൊടുക്കത്തിങ്കൽ
നടുക്കുകണ്ടകൻ വന്നിങ്ങടിക്കുമെന്നതിനാൽ നി-
ന്നടിയ്ക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥ!
ആദിയും നിന്നവധിയും ജാതിയും പേർമഹിമയും
മാധവനുമറിവീല ചതുർമ്മുഖനും
ആതിരാനിൻ തിരുനാളെന്നേതുഹേതു ജനം ചൊൽവാൻ
ഭൂതനാഥ ശിവശംഭൊ! വടക്കുന്നാഥ!
ഇരിക്കുന്നു ഗിരികന്യാ തിരുത്തുടയിലെപ്പൊഴും
രമിക്കുന്നു സുരധുനി ജടമുടിയിൽ-
ഭരിക്കുന്നു ജഗദ്വാസികളെ നീനിൻ ചരിത്രത്തിൽ
ധരിക്കാവല്ലിനിക്കേതും വടക്കുന്നാഥ!
ഈവിധങ്ങൾ നിരൂപിച്ചാൽ സേവചെയ്വാനധികാരം
ദേവകൾക്കും മുനികൾക്കുമിനിക്കുമൊക്കും
ആവോളം ഞാൻ ഭജിക്കുന്നേൻ താവകംമേ പരംതത്വം
ഭാവനയിലുദിക്കേണം വടക്കുന്നാഥ!
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
ചെറ്റുപോരാ ചെറ്റുപോരാ യെന്നൊഴിഞ്ഞുണ്ടൊ,
അറ്റുപോമായുസ്സൊരുനാൾ ചെറ്റതുണ്ടോ ചിന്ത നൃണാം
വിറ്റുതിന്നും വിധൌപുണ്യം വടക്കുന്നാഥ!
ഊരുതെണ്ടി നടന്നീടും ഭൂസുരർ പോലുമാവേശാൽ
ആരുവാൻ ത്വാം ഭജിക്കുന്നു പാരിലിന്നോർത്താൽ
നരകം നാരിമാർ മൂലമെത്തിടുന്നു മേലവറ്റിൽ
എത്തിടൊല്ലെയെനിക്കാശ വടക്കുന്നാഥ!
എന്നിലേകു കൃപ മുൻപെസമ്പദമിങ്ങയയ്ക്കേണ്ട
മന്ദധീകൾ പുരന്മാർക്കും വന്നുപോയ് നാശം
പംക്തിവക്ത്രനതിൽകൂടും കുന്തിപുത്രൻഭവൽഭക്തൻ
നന്ദികേശമഹം വന്ദേ വടക്കുന്നാഥ!
ഏതുപുണ്യമേതുപാപമാരറിഞ്ഞു? ദേഹി നീ മേ
പ്രതിഭൂതസ്ഥിതാമേധാമോദതാം ദൃഷ്ടിം
കാത്തിടേണമടിയനെ വീഴ്ത്തിടൊല്ലേ ഭവസിന്ധൌ
തീർത്തിടേണം ദുരിതങ്ങൾ വടക്കുന്നാഥ!
ഐതിഹാസം ചാന്ദ്രമൈന്ദ്രം മദനബാണം ചൂതബാണം
ശ്വേതഫലം ഭൂതകാലം പീതകാകോളം
ആരുംമാരുംഭജിയ്ക്കാതെ മറ്റുവാർത്താ ഫലമെന്തു്?
ഭൈരവൻവന്നടുക്കുമ്പോൾ വടക്കുന്നാഥ!
ഒത്തവണ്ണം ചിത്തകാമ്പിലോർത്തിടാതെ ഭവൽപാദം
പാർത്തിരിക്കന്നവർ ജന്മം പാരിനുഭാരം
കൈത്തലേപാശദണ്ഡങ്ങളൊത്തു കാലനടുക്കുമ്പോൾ
നൃത്തനാഥ തുണ നീതാൻ വടക്കുന്നാഥ!
ഓത്തുചൊല്ലും ദ്വിജന്മാരും പേർത്തുമാത്രം ജപിപ്പോരും
തീർത്തറിയാഭവത്തത്വം ധൂർത്തനാം ഞാൻ കഥം ജാനേ
തത്വമൊന്നുമറിവീലെന്നോർത്തു നമ്മെ ത്യജിക്കൊല്ലെ
സത്വമൂർത്തേ ദയാം ദേഹി വടക്കുന്നാഥ!
ഔവ്വരമാർണ്ണസംമൂന്നും തൈജസംപാവനം ഷഷ്ഠം
വൈയതം സപ്തമമന്ത്യം യാജമാനംപോൽ
അഷ്ടമൂർത്തേ! ഭവഭംഗമൊട്ടൊഴിഞ്ഞുണ്ടോരേടത്തിൽ
വിഷ്ടപേ വിദ്യതേ വസ്തു വടക്കുന്നാഥ.
അർക്കചന്ദ്രശിഖിനേത്ര പുഷ്കരാക്ഷീഹൃതഗാത്ര!
ദുഷ്കൃതോത്സാരണവേത്ര! സൽഗുണസ്തോത്ര!
രക്ഷ സച്ചിൽസുഖമാത്രവിഗ്രഹപ്രണയമിത്ര!
ഭിക്ഷുഗാത്ര! സുചരിത്ര! വടക്കുന്നാഥ!
അക്ഷയോക്ഷവരവാഹ! ദക്ഷയാഗക്ഷതിദക്ഷ!
ലക്ഷകോടി ജഗദണ്ഡഭക്ഷണാതൃപ്ത
ഭൈക്ഷവൃത്തിനിരത! പഞ്ചാക്ഷര പഞ്ജരസിംഹ
ദക്ഷിണകൈലാസവാസ വടക്കുന്നാഥ”
12.15 പഞ്ചാക്ഷരസ്തോത്രം
ഈ സ്തോത്രത്തിൽ ‘പെരുവാരത്തെഴുമചലസുതാരമണ’ എന്നു കാണുന്നതുകൊണ്ടു് കവി പറവൂർതാലൂക്കിൽ പെരുവാരത്തിനു സമീപം ജീവിച്ചിരുന്നുവെന്നൂഹിക്കാം. മറ്റൊരു വിവരവും നമുക്കു ലഭിച്ചിട്ടില്ല. കവിതാദ്ധ്വാവിൽ സഞ്ചരിച്ചു നല്ല തഴക്കം സിദ്ധിച്ചിട്ടുള്ള ആളായിരുന്നുവെന്നു ഈ സ്തോത്രം വിളിച്ചുപറയുന്നു. സ്തോത്രത്തെ താഴെ പകർത്തുന്നു.
“നാകാന്തക! സുരഗണസേവിത! ഗിരിവരജാരമണ! കൃപാലയ!
പുരനാശന! തരളവിലോചന! ഗരളാശന ഭസിതവിലേപന
പരിപാവന! സുരനദിശേഖര! പരചിന്മയ ഫണിഗണഭൂഷണ!
പരിപാലയ പെരുവാരത്തെഴുമചലസുതാരമണതൊഴുന്നേൻ.
മമമരണേ യമഭടരുടനേ കൊടുവചനവുമിടയിടെയടിയും
ഞെടുഞെടെയടികൊണ്ടുടനടിയനുടലുടഞ്ഞു വലഞ്ഞിടുമ്പോൾ
വടിവേറീടിന ജടയുടെ നടുവേ സുരതടിനിയമുഡുപതികലയും
തോന്നുക മമ പെരു…
ശിക്ഷിച്ചവർ കണ്ഠേശൃംഖല നിക്ഷേപിച്ചാകർഷിച്ചു ക്ഷിപ്രം
പ്രക്ഷേപിച്ചുടനേ വീർക്കുമ്പോൾ ദക്ഷാരികനിഞ്ഞരുളീടുക
മൽക്ഷയമവർ കരുതുമൊരളവിൽ രക്ഷതുമാം പെരു…
വാടാതവർ പടുനിനദംകൊണ്ടാടീടുമൊരു തുടലുപിടിച്ചു
പൊടിതടവിനചുടുമണൽ നടുവേയുടനേ കൊണ്ടോടീടുമ്പോൾ
ചുടുചുടെയതു സഹിയാഞ്ഞടിയന്നുടലതികഠിനം വീർക്കുമ്പോൾ
നൽവഴിമുനയരുൾപെരു…
യദപിഗുരുതരമാകിന ഘോരപാതകമടിയൻ ചെയ്തതിനുടെ
കാതലറുത്തരുളീടുക ഗജമുഖതാത! ശരണ്യാദരപൂർവം
നാഥകൃപാസാഗരേ! ഭോ ഭവഭീതിവിമോചന സതതം പരി
പാലയമാം പെരുവാര…
പരിപാലയഫാലവിലോചന! പരിപാലയശൂലധരായുധ!
പരിപാലയനീലഗളാഞ്ചിത! പരിപാലയ കാലവിനാശന!
പുരുമഹിമകൾതവ പുകഴ്‌വതിനരുതരുതിഹഫണികുലവരനും
പുരഹരശ്രീപെരുവാര…”
12.16 ദശാവതാരസ്തോത്രം
അക്ഷരമാലാക്രമത്തിൽ രചിച്ചിട്ടുള്ള ഒരു ഹൃദ്യമായ സ്തോത്രമാണിതു്:
“അപ്പാൽക്കടലിൽ ഭൂമിയുമപ്പൂമകളോടും
സർപ്പാധിപശില്പാകൃതിതല്പേമരുവുന്നീ-
യുൾപ്പൂവിലനല്പാദരമെപ്പോഴുമിരിപ്പാൻ
ത്വൽപാദമതിപ്പോളരുൾ ഗോവിന്ദമുകുന്ദാ”
12.17 ഉലകുടയപെരുമാൾപാട്ട്
ശ്രീകൃഷ്ണകേശാദിപാദസ്തോത്രം
ഭക്തിരസപ്രചുരമായ ഈ കീർത്തനം പൂന്താനത്തിന്റേതാണെന്നു ചിലർ പറയുന്നു.
“പച്ചക്കല്ലിൻ പ്രഭകളെ വെല്ലും തിരുമൈമുഴുതുകിൽ കാണാകേണം
നാരായണജയ താവകമണിമെയ് മനസി സദാ മമ കാണാകേണം
തരുണദിവാകരകോടിസമാനം കനകകീരീടം കാണാകേണം
പരിമളമിളകും പൂരികുഴലാകുമിരുൾമുകിൽനികരം കാണാകേണം.
ചടുലതരാളകരഞ്ജിതമായൊരു നിടിലതടം മമകാണാകേണം
മംഗലഭംഗി നിരന്നു കലർന്നൊരു കുങ്കുമതിലകം കാണാകേണം”ഇത്യാദി.
12.18 ശോണാദ്രീശകീർത്തനം
ഈ കീർത്തനത്തിന്റെ കർത്താവു വാഴുമാവേലിപ്പോറ്റിയുടെ മകനും പ്രസിദ്ധ ജൌതിഷകനുമായ കൃഷ്ണാത്തു പിള്ളയുടേതാണെന്നു ചിലർ പറയുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഇതു് വാഴുമാവേലിപ്പോറ്റിയോടു് ജ്യോതിഷം അഭ്യസിക്കാനായി വടക്കുനിന്നു ചെങ്ങന്നൂർവന്നു താമസിച്ച ഒരു ഉഴുത്തുറവാര്യരുടെ കൃതിയത്രേ. ഈ അകാരാദി സ്തോത്രത്തിന്റെ ഒരു ഭാഗം താഴെ ചേർക്കുന്നു.
“ശോണമാമലതന്നിൽ വിളങ്ങുന്നോ-
രേണനേർ മിഴി പാർവതീവല്ലഭ!
ക്ഷീണമൊക്കെയൊഴിച്ചരുളേണമേ
ചന്ദ്രശേഖരപാഹിമാം പാഹിമാം.”
അന്തകൻ തന്നെച്ചെന്തിരുക്കണ്ണിനാൽ
വെന്തുനീറ്റിയ ബന്ധുരാംഗ! തവ
ചെന്തിരുപ്പാദം കൂപ്പുന്നേൻ സന്തതം
ചന്ദ്രശേഖര! പാഹിമാം പാഹിമാം”ഇത്യാദി
12.19 കണ്ഠീപുരേശകീർത്തനം
കർത്താവാരെന്നു നിശ്ചയമില്ല. കണ്ടിയൂരപ്പനെപ്പറ്റി ഏതോ ഒരു ഭക്തൻ രചിച്ചിട്ടുള്ളതാണെന്നു മാത്രം പറയാം. ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ.
“തുംഗമായൊരു ചെഞ്ചിടതന്നിലേ ഗംഗാദേവിയും, ചന്ദ്രക്കലതാനും,
ഭംഗിയായ് മമ കാണുമാറേകണം കണ്ടിയൂരപ്പ! ഭഗവാനെ! പാഹിമാം.
മുന്നം കാമനെ ച്ചുട്ടുപൊടിച്ചൊരുമൂന്നാം തൃക്കണ്ണും മറ്റു നേത്രങ്ങളും
എന്നുമെന്നുള്ളിൽ തോന്നുമാറാകേണം കണ്ടിയൂർ …
ഭക്തവാത്സല്യമേറും പശുപതേ! ഭക്തിമുക്തിദ! നിൻ നയനങ്ങളാൽ
ഭക്തദാസനാമെന്നെക്കടാക്ഷിക്ക കണ്ടിയൂർ…
വാസുകീ തക്ഷകരൂപമാം കുണ്ഡലം, ഭാസിക്കുന്നോരു കർണ്ണയുഗളവും,
നാസികയതും കാണുമാറാകണം കണ്ടിയൂർ…
കോടിസൂര്യനും ചന്ദ്രനും വന്നാലുംധാടികൊണ്ടുജയിപ്പാൻകഴിയാത്ത
മോടി ചേരുന്ന നിൻമുഖം കാണണം കണ്ടിയൂർ…
കാളകൂടത്തിൽ കാന്തിവിളങ്ങുന്ന കാളകണ്ഠവും, നാഗാഭരണവും,
മേളമോടിന്നു കാണുമാറാകണം കണ്ടിയൂർ…
സാരംഗം, മഴു, ദാനമഭയവും, ചേരും നാലുകരങ്ങളും, വക്ഷസ്സും,
നേരേ നല്ലോരുദരവും കാണണം കണ്ടിയൂർ…
ശീഘ്രമിഷ്ടഫലത്തെക്കൊടുക്കുന്നവ്യാഘ്രചർമ്മംധരിക്കുംനിന്മദ്ധ്യത്തെ
ഓർക്കണം ഞാൻ മനസ്സിലനാരതം കണ്ടിയൂർ…
ഊരുയുഗ്മവും, ജാനുയുഗളവും, ചാരുവായ കണങ്കാലുമങ്ങനെ
മാരാരാതേ! വിളങ്ങേണമെന്നുള്ളിൽ കണ്ടിയൂർ…”
പ്രകൃതസ്തോത്രം എഴുത്തച്ഛന്റെ കാലശേഷമുണ്ടായതായിരിക്കണം.
12.20 ഗണപതിസ്തോത്രം
അകാരാദിക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കീർത്തനത്തിനു വളരെ പഴക്കമുണ്ടു്.
“അരഹര ശിവപുരഹരഭഗവാൻ വിരവൊടുമദകരിവടിവായുടനേ
മലമകളരികേപിടിയുടെവടിവായ്മരുവിനകാലംഗണപതിജയജയ.
ആനകളിടയിൽനടന്നിരുവരുമായ് കാനനമൊക്കെഞെരിച്ചുതകർത്തു
മാനസമുറ്റുകളിച്ചൊരുനാളിൽമലമകളരികേ ഗണപതി ജയജയ”
12.21 സരസ്വതിസ്തോത്രങ്ങൾ
ഈ ഇനത്തിലും അസംഖ്യം കീർത്തനങ്ങൾ പ്രചാരത്തിലിരിക്കുന്നു. അവയുടെയും കാലം, കർത്താക്കൾ മുതലായവ അജ്ഞാതമായിരിക്കുന്നതേയുള്ളു.
“പങ്കജഭവജായേ കവിപ്പെണ്ണേ
വിദ്യാമുഖ്യസരസ്വതിയേ ജയ
പാലോലും മൊഴിയാളെയെന്നാവിന്മേൽ
വാണീടുന്ന സരസ്വതിയെ ജയ.”
എന്ന കീർത്തനത്തിനു കുറേ പ്രാചീനത്വം കല്പിക്കാമെന്നു തോന്നുന്നു.
12.22 കാർത്ത്യായണീസ്തോത്രം. (അകാരാദി)
“അമ്മേ ഭഗവതി നാരായണീ ഗൌരി
ആനന്ദദേവികൈതൊഴുന്നേൻ
ആദിഭഗവതി, ദേവി സരസ്വതി!
ആദികാർത്യായണീ കൈതൊഴുന്നേൻ.
ഇന്ദ്രാരികളായ സുംഭനിസുംഭരേ
യില്ലാതെയാക്കിയോളേ തൊഴുന്നേൻ.”
ഇതു കൊടുങ്ങല്ലൂർ ഭഗവതിയെപ്പറ്റി ആ ദിക്കിലെ ഏതോ ഒരു കവി നിർമ്മിച്ചതാണെന്നു മാത്രം ഊഹിക്കാം.
12.22 മറ്റൊരു വടക്കുന്നാഥസ്തോത്
രം
ഗ്രന്ഥകർത്താവാരായിരുന്നാലും നല്ല വാക്ചാതുരിയുള്ള ആളാണു്.
“അമ്പിളിത്തെല്ലും പിച്ചകമാലയുംതുമ്പമാലയും ചാർത്തിവിളങ്ങുന്ന
അമ്പിൽനല്ല തിരുമുടികാണണം തൃശ്ശിവപേർവാഴും ശിവശംഭോ.
താരിൽമാനിനീകാന്തൻ മുകുന്ദനും സാരസാനനൻതാനും സുരന്മാരും
നാരദാദിമുനികൾ സേവിപ്പൊരു തൃശ്ശിവ…
ബാലചന്ദ്രനോടൊത്തു വിലസുന്നഫാലദേശേ വിളങ്ങുംനയനവും
ലീലകോലുന്ന ചില്ലീയുഗളവും തൃശ്ശി…
ആദിത്യചന്ദ്രന്മാരായ് വിളങ്ങുന്നോരിന്ദ്രനീലസമാനകനീനികൾ
നീലപത്മസമാന നയനവും തൃശ്ശി…
ചാരുതൈലസുമസമനാസയും പാരംമിന്നുന്ന ദന്തവസനവും
നേരേകാണണം ദന്താവലികളും തൃശ്ശി…
കർണ്ണകുണ്ഡലമണ്ഡിതഗണ്ഡവും പൂർണ്ണംമിന്നുന്നോരാനനപത്മവും
മുന്നിലാമ്മാറു കാണായ്വരേണമേ തൃശ്ശി…
കണ്ഠശോഭയും കാളകൂടാഭയും കണ്ടാൽകൌതുകമേറും തിരുമാറും
കണ്ടാവു നീലകണ്ഠദയാനിധേ തൃശ്ശി…
എപ്പോഴും തിരുമാറിലണിയുന്ന സർപ്പമാലകൾ പൊന്മണിമാലകൾ
പുഷ്പമാലകൾ കാണായ്വരേണമേ തൃശ്ശി…
മാനുംവെണ്മഴുവാദിയാമായുധം പാരമന്യേവിളങ്ങുംതൃക്കൈകളും
മാനസതാരിലെപ്പൊഴും തോന്നണം തൃശ്ശി…
ആലിലയ്ക്കൊത്തോരുദരശോഭയും ചാലേമിന്നുന്ന രോമാവലികളും
കാർശ്യമാർന്നുള്ള മദ്ധ്യപ്രദേശവും തൃശ്ശി…
നാഗചർമ്മലസിതകടിതടം ഭോഗിരാജവിരാജിതകാഞ്ചിയും
നാഗരാജകരാഭം തുടരണ്ടും തൃശ്ശി…
ചാരുതാപൂണ്ടുജാനുയുഗളവുംകാമബാണധിയ്ക്കൊത്തകണങ്കാലും
ചന്തമേറും പുറവടിനൂപുരം തൃശ്ശി…
ഭക്തരാകുംജനങ്ങൾ മനസ്സിലുള്ള ജ്ഞാനമിരുൾതീർത്തു വിലസുന്ന
ഉത്തുംഗ നഖചന്ദ്രികാശോഭയും തൃശ്ശി…” ഇത്യാദി
കവിയെപ്പറ്റി ഒന്നും അറിഞ്ഞുകൂട. എഴുത്തച്ഛന്റെ കാലശേഷം ജീവിച്ചിരുന്നയാളായിരിക്കാമെന്നു തോന്നുന്നു.
12.23 വേണുഗോപാലസ്തവം
“ഓടക്കുഴൽവിളിയോടെ മുന്നിൽ ഓടിവന്നാലുംമുകുന്ദ!
പാടിയുംപന്തുവരാടിയും തോടിയുംപാടിയുമാനന്ദമോടുടനാടിയുംഓട
പീലിക്കാർക്കൂന്തലും കെട്ടി–അതിൽ
ചാലവേ മാലകൾ ചാർത്തി
ബാലകന്മാരൊരുമിച്ചുമേളിച്ചു
ലീലകൾചെയ്ത നീലാംബരസോദര!ഓട
ബാലത്തരുണിമാർതന്റെ–നല്ല
ചേലകളാകക്കവന്നു.
ആലിൻമുകളിലങ്ങേറി വസിച്ചൊരു
ബാലക! നീ മമ മാലുകൾതീർക്കുവാൻ.ഓട
അന്തകഭീതി വരുമ്പോൾ–എന്റെ-
യന്തിമസീമനി വേഗാൽ
ചന്തംചിന്തീടുന്ന നിന്നുടെ പൂമേനി
ഹന്ത പുരോഭാഗേ കാണായ്വരേണമേ. (ഓട)
12.24 ഗുരുവായൂർ പുരേരസ്തവം
ഇതു വളരെ പുരാതനമാണെന്നു തോന്നുന്നില്ല.
“കാരുണ്യവാരിധേ ഹര! ഗുരുമാരുതഗേഹപതേ.
പാരിച്ചസംസാരമാകും ജലനിധൌ
പാരാതെവീണങ്ങുഴലും ജനങ്ങൾക്കു
പാരം ലഭിപ്പതിന്നായൊരു പോതമാം
ചാരു തവ പദം നിത്യംവണങ്ങുന്നേൻ.കാരുണ്യ
നീരദവർണ്ണ നിരുപമ നിശ്ചല!
ശാരദ ചന്ദ്രരുചിരമുഖാംബുജ!
വാരിജശംഖഗദാരിവിരാജിത
ചാരുചതുർഭുജ! ചാരണവന്ദിത!കാരുണ്യ
പുണ്ഡരീകായതനേത്ര! ജഗൽപതേ!
കുണ്ഡലിനാഥശയന! രമാപതേ!
അണ്ഡജനായകകേതന! കേശവ;
ചണ്ഡദിതസുതമണ്ഡലഭഞ്ജന!കാരുണ്യ
അംഭോജസംഭവൻതാനും ഗിരീശനും
ജംഭാരിമുമ്പാം സുരന്മാർ മുനികളും
അമ്പോടുനിത്യം വണങ്ങും ഭവൽപദേ
കമ്പംവരാതൊരുഭക്തി ഭവിക്ക മേ” (കാരുണ്യ)
12.25 പലവകപാട്ടുകൾ
മണ്ണാർപാട്ടു്, ബ്രാഹ്മണിപ്പാട്ടു്, ശാസ്താംപാട്ടു്, കുരിയാറ്റപ്പാട്ടു്, വാതിൽതുറപ്പാട്ടു് എന്നിങ്ങനെ പല ജാതിയിലായി അനേകം പാട്ടുകൾ ഇക്കാലത്തുണ്ടായിട്ടുണ്ടു്.
12.26 ഉലകുടയപെരുമാൾപാട്ട്
തുകലുണർത്തുപാട്ടു്
“ശിവശങ്കനാരായണ രാമദേവ തുകലുണരു്
വെണ്ണയും പാലുമുണ്ട ശ്രീകൃഷ്ണ! തുകലുണരു്
വെണ്ണക്കലം തകർത്തോരു ഉണ്ണികൃഷ്ണ! തുകലുണരു്
കടകോൽകൊണ്ടു കലംതുളച്ച കാർവർണ്ണ! തുകലുണരു്
കാലികളേ മേച്ചുനടന്ന ശ്രീകൃഷ്ണ! തുകലുണരു്
ഓടക്കുഴലൂതിനടന്നൊരോമനയെ തുകലുണരു്
ഓമനപ്പുഞ്ചിരിയൊടു നടന്ന ശ്രീകൃഷ്ണ! തുകലുണരു്
മഞ്ഞപ്പട്ടാടയുടുത്ത ഭഗവാനെ തുകലുണരു്
പിച്ചകപ്പൂമാലയണിഞ്ഞൊരച്യുതനേ തുകലുണരു്
പൂതനേടെമുല കടിച്ചോരോമനയെ തുകലുണരു്
ചാട്ടിനെയുണ്ണിക്കാലുകളാലെതട്ടിയോനേ തുകലുണരു്
ഗോപിയുടെ മുലകടിച്ചോരോമനയെ തുകലുണരു്
വാപിളർന്നുതാനമ്മക്കെല്ലാം കാട്ടിയ ബാല തുകലുണരു്
അംഗനമാരാടകവർന്ന ശ്രീകൃഷ്ണ തുകലുണരു്
ആലുമ്മേൽകൊണ്ടതുവച്ചൊരാനന്ദ! തുകലുണരു്
കുറതായെ കുറതായെന്നു്മങ്കമാരുമിരന്നല്ലൊ
മങ്കമാരുടെ താപം കണ്ട ശ്രീകൃഷ്ണ! തുകലുണരു്
കൃഷ്ണകൃഷ്ണ! ഹേ ഗോപിനാഥ വൃഷ്ണിവംശജ തുകലുണരു്.”
ഈ പാട്ടിനും തീരെ കാവ്യത്വമില്ലെന്നു പറയാവുന്നതല്ല. ശ്രീകൃഷ്ണന്റെ ചരിത്രത്തെ ഈ ഉദ്ധ്യതഭാഗത്തിൽഭംഗിയായി സംഗ്രഹിച്ചിരിക്കുന്നു. രാമചരിതത്തേയും ചുരുക്കി ഇതേ രീതിയിൽ വർണ്ണിക്കുന്നുണ്ടു്. ഇതു പാണന്മാർക്കു ചൊല്ലാനുള്ള പാട്ടാണെന്നു തോന്നുന്നു.
ശ്രീപരമേശ്വരൻ നിദ്രതുടങ്ങീട്ടു് ഉണരാതെയായി. പലരും അദ്ദേഹത്തിനെ ഉണർത്താൻ നോക്കി. ശീവോതിനല്ലമ്മ നോക്കി ദുഃഖിച്ചു തുടങ്ങി, നാരദമുനി വീണയുമായി നാമസ്തുതിചെയ്തു; ശ്രീകൃഷ്ണൻ ‘ശരികുഴലായി’ വലഭാഗം നിലകൊണ്ടു. ‘ആയിരം ചെണ്ടമദ്ദളമടക്കതിമിലാദി വാദ്യങ്ങൾ’ ഘോഷിച്ചു നോക്കി; ആനയെ അലറിച്ചു; കുതിരയേ പായിച്ചു; ആയിരം മങ്കമാർ ഒരുമിച്ചു വായ്ക്കുരവഇട്ടു; സഹസ്രാധികംബ്രാഹ്മണർ വന്നു ശിരസ്സിൽ തൊട്ടു ജപം നടത്തി; ആയിരം തൃക്കുടംവെള്ളം തിരുമെയ്യിൽ ജലധാരകോരി; തൃക്കട്ടിലെടുത്തുകൊണ്ടു് സമുദ്രത്തിൽ ചൊരിഞ്ഞു. എന്നിട്ടും ഭഗവാൻ ഉണരുന്നലക്ഷണം കണ്ടില്ല. പ്രശ്നം വച്ചുനോക്കി. ഒടുവിൽ പറയിപെറ്റ പന്ത്രണ്ടുപേരിൽ ഒടുവിലത്തെ പുത്രനായതിരുവരങ്കനെ വരുത്തി, അയാളെ കൊണ്ടു് ചൊല്ലിപ്പാടിച്ചു് ഉണർത്തിയാൽ ഭാഗവാൻ ഉണരുമെന്നു പ്രശ്നകാരൻ ഒഴിവുകണ്ടു. അങ്ങനെ തിരുവരങ്കൻ പാടുന്ന പാട്ടാണു് ഇവിടെ ഉദ്ധരിച്ചതു്. ഇന്നും ചില ദിക്കുകളിൽ പാണന്മാർ ഈ പാട്ടു പാടി തുകലുണർത്താറുണ്ടു്.
തിരുവരങ്കൻപാണനാർ ഭഗവാനെ ഉണർത്തിയതു കണ്ടു സന്തോഷിച്ചു ദേവകൾ അദ്ദേഹത്തിനു് പലവിലയേറിയ സമ്മാനങ്ങൾക്കുപുറമേ ഒരു വെള്ളയാനയെക്കൂടി നല്കി. എന്നാൽ ആ ആനപ്പുറത്തു എങ്ങനെ കേറേണ്ടു എന്നായി തിരുവരങ്കന്റെ വിചാരം. കൊതവെട്ടിക്കേറണോ? ഏണി ചാരിക്കയറണോ? അന്തിയാവോളം അതിനെക്കൊണ്ടുനടന്നിട്ടു് ‘ഞങ്ങം പുല്ലംവലിച്ചുതിന്നാനും കൊടുത്തേ; കണ്ണൻ ചിരട്ടയിൽവെള്ളവുംവെച്ചേ’. ഒടുവിൽ അതിനെ തന്റെ പഴമ്പുരയുടെ മാടക്കാലിനോടു് ചേർത്തുകെട്ടി. അർദ്ധരാത്രിയായപ്പോൾ ആന മാടക്കാലും വലിച്ചുകൊണ്ടു് പോയി. തിരുവരങ്കൻ അതിന്റെ പിന്നാലെ ചെന്നു വരമിരുന്നു. ‘ആനമുതുക്കൂന! മൊഴൽചുണ്ട, നാലുകാല, പെരുങ്കാല, കൈമൂക്ക, ചെമ്പ്രക്കണ്ണ, കട്ടപ്പല്ല, എരട്ടത്തലയ, വട്ടച്ചെവിയ, മാഗലിവയറ, മദ്ദളപ്പള്ള, തന്റെ ബലം താനറിയാത്തോനേ! നമ്മുടെ ചെറിയപാട്ടിയുടെ ചെറുതാലിച്ചരടു് ഇട്ടുതന്നേച്ചുപോടാ’ എന്നു് അയാൾ പ്രാർത്ഥിച്ചുകൊണ്ടു് പിന്നാലെ ചെല്ലവേ, അവൻ പിൻകാലുകൊണ്ടു ഒരു തട്ടുകൊടുത്തു. തിരുവരങ്കൻ ആയിരത്തെട്ടു കരണം മറിഞ്ഞിട്ടു് ഒടുവിൽ എഴുന്നേറ്റിരുന്നു്, ‘ആനേക്കൊണ്ടു കൊല്ലിക്കാനോ ഈ വരം തന്നതെന്റെ തമ്പുരാനേ ഈ വരവും വേണ്ട വരപ്രസാദവും വേണ്ട’ എന്നു വിലപിച്ചു. ‘പത്തിരട്ടി വാണിഭത്തേക്കാൾ വിത്തിരട്ടി കൃഷിയെ നല്ലതെട’ എന്നു പറഞ്ഞു തമ്പുരാൻ ‘ചിങ്ങനെന്നും കരിങ്ങനെന്നും രണ്ടു പോത്തുകളും ഒരു പറ നെല്ലുംകൊടുത്തു.’ അതുംകൊണ്ടും പ്രയോജനമുണ്ടായില്ല. ‘എല്ലാരും വിഷുപ്പുലരെ ചെത്തിയടിച്ചുപൂട്ടുന്നേരം എല്ലാവരും കിഴക്കുപടിഞ്ഞാറാണെങ്കിൽ അടിയത്തിനു തെക്കുവടക്കായിരിക്കട്ടെ’ എന്നു ചൊല്ലി, അയാൾ ‘ഒരു പോത്തിനെ കിഴക്കോട്ടു തിരിച്ചുനിർത്തി; ഒന്നിനെ പടിഞ്ഞാറോട്ടും തിരിച്ചുനിർത്തി.’ ഒന്നിന്റെ കഴുത്തിലും മൂണക്കിലും, നുകംവെച്ചു് ‘പോരോ’ എന്നാട്ടിയപ്പോൾ” പോത്തൊന്നു് കിഴക്കോട്ടും മറ്റൊന്നു് പടിഞ്ഞാറോട്ടും പോയി. അപ്പോഴും തിരുവരങ്കൻ സങ്കടം ബോധിപ്പിച്ചു. ‘കിഴക്കോട്ടു പോയതു മലയിൽ മലമ്പോത്തായിരിക്കട്ടെ. പടിഞ്ഞാറോട്ടു പോയതു കടലിൽ കടൽപോത്തായിരിക്കട്ടേ’ എന്നു വരവും കൊടുത്തു. ആളുകൾ പരിഹസിച്ചെങ്കിലൊ എന്നു വിചാരിച്ചു്, അയാൾ അരയോളം കുഴിച്ചു് വിത്തും കരിയും നുകവുമെല്ലാം അതിലിട്ടു മൂടിക്കളഞ്ഞു. അയാളെക്കൊണ്ടു വേറെ ഒന്നിനും കൊള്ളരുതെന്നു വിചാരിച്ചു് ഭഗവാൻ ഇപ്രകാരം അരുളിച്ചെയ്തു: “ഒരാണ്ടിൽ പന്ത്രണ്ടു തിങ്കളുണ്ടല്ലോ. പന്ത്രണ്ടിലും പരമായുള്ള കള്ളക്കർക്കിടമാസം കാലത്തിങ്കൽ …കള്ളരോ ദുഷ്ടരോ മറ്റുപല ശത്രുക്കളൊ എന്നറിയാതെകണ്ടു് നമ്മുടെ മാളോരുടെ പടിക്കൽച്ചെന്നു് എന്നെകൊണ്ടും എന്റെ ശീവോതിയെകൊണ്ടും അനേകായിരം നാമമുണ്ടടോ. അതിലൊരു നാമം ചൊല്ലിപ്പാടിസ്തുതിച്ചുകൊണ്ടാൽ ജനാദികൾ കേട്ടിരിക്കും. മൂഢരുപോയി ഉറങ്ങിക്കളയും. രണ്ടു മുണ്ടു ഉള്ളവർ ഒരു മുണ്ടു തരുമെട! ചേരമാൻ തിരുവരങ്ക! ഒരു വെറ്റില തിന്നുന്നോർ പകുതിവെറ്റിലയും തരുമേട”
ഇങ്ങനെ ഭഗവാൻ അരുളിച്ചെയ്തതനുസരിച്ചാണത്രേ പാണന്മാർ രാത്രികാലത്തു അറിയാതെ വന്നു് ‘മൂളിയോ ഞരങ്ങിയോ’ വീട്ടുകാരെ ഉണർത്തി തിരുനാമം പാടുന്നതു്. അമ്പലപ്പുഴ മുതലായ ദിക്കുകളിൽ ഇതു ഇന്നും നടന്നുവരുന്നുണ്ടു്. തിരുവങ്കരപാൺകിടാവു് എന്ന കഥയിലുള്ള ഗദ്യമാണു് അവിടവിടെ ഉദ്ധരിച്ചിട്ടുള്ളതു്.
12.27 ശ്രീപാർവതീചരിതം വാതിൽതിറപ്പാട്ടു്
ശിവനും പാർവതിയും തമ്മിൽ നടന്ന ഒരു പ്രണയകലഹമാണു് ഈ പാട്ടിന്റെ വിഷയം.
“അദ്രിരാജതനയേ മനോഹരേ-
നിദ്രയോവിളികേട്ടു കിടക്കയോ?
എത്രവൈകുന്നു കൊങ്കണപുണരുവാൻ
മുഗ്ദ്ധലോചനേവാതിൽതിറക്കനീ.”
“ആലമുണ്ടു ഗിരീശജഗന്നാഥാ!
നീലകണ്ഠ തിറമുള്ള ഭർത്താവേ!
കാലമെന്തിത്ര വൈകിപ്പോയെന്നതിൻ
മൂലം ചൊല്ലിയേ വാതിൽതിറക്കു ഞാൻ”
“ഇന്ദ്രനാദിവിരിഞ്ചനും വിഷ്ണുവും
വന്ദിച്ചെന്നെസ്തുതിച്ചതും കേട്ടുഞാൻ
നിന്നുപോകത്രേ ചെയ്തതെന്നോമലെ!
വന്നുവാതിലുഴറിത്തുറക്കെടോ”
“ഈശ്വരാപൊളിയെത്ര പറഞ്ഞിടാ-
മാശ്ചര്യം തിരുമേനിവിയർത്തതും
തേച്ചഭസ്മം കളഭം പുരണ്ടതും
വിശ്വാസംവന്നേ വാതിൽതിറക്കു ഞാൻ”
“ഉള്ളതുപറഞ്ഞീടുന്നോരെന്നെനീ
കള്ളനെന്നു കരുതൊലാ വല്ലഭേ!
കൊള്ളുന്നു മലർബാണമകതാരിൽ
കൊല്ലുംമുമ്പേ നീ വാതിൽതുറക്കെടോ!”
“ഊഴമുണ്ടോ നിനക്കതിനെവന്മന-
മാഴവുള്ളൊരു ഗംഗയും താനുമായ്
വാഴുമാറുള്ളതൊക്കെയറിഞ്ഞു ഞാൻ
വാതൽനാളെപ്പുലർന്നേ തുറക്കു ഞാൻ”
“എന്തിനിങ്ങനെ ബന്ധങ്ങൾ കൂടാതെ
പന്തൊക്കും മുലയാളേ! വലയ്ക്കുന്നു?
സന്ധുക്കൾതോറുമമ്പുതറച്ചുടൻ
വെന്തുപോംമുമ്പേ വാതിൽ തിറക്ക നീ.”
“ഏതുമൊന്നറിയാതെയിരിക്കിലും
നാഥനിൻമറിവൊക്കെയറിഞ്ഞു ഞാൻ
പാതിരായോളം വൈകിപ്പോയെന്നതിൻ
ഹേതുചൊല്ലിയേ വാതിൽ തുറക്കു ഞാൻ”
“ഐയ്യോ എന്തിനിതെല്ലാം പറയുന്നു?
മുയ്യപോലെയുരുകുന്നിതെന്മനം
നീയൊഴിഞ്ഞൊരു നാരിമാരോടു ഞാൻ
പോയതില്ല നീ വാതിൽ തിറക്കെടോ.”
അടുത്തകാലത്തു വാതിൽതിറപ്പാട്ടു് ദുഷിച്ചു കേവലം അശ്ലീലഗാനങ്ങളായി ചമച്ചിട്ടുണ്ടു്. പ്രസിദ്ധകവികൾകൂടി വാതിൽതിറപ്പാട്ടുകൾ രചിച്ചിരിക്കുന്നതിൽനിന്നു്, ജനങ്ങൾക്കു് അതിനോടു് എത്രമാത്രം പ്രതിപത്തിയുണ്ടായിരുന്നെന്നൂഹിക്കാം.
12.28 കളമ്പാട്ടു്
കളമ്പാട്ടു് എന്ന പേരിൽ പലേ പാട്ടുകൾ കാണുന്നു. ഇവയെല്ലാം ഏതു കാലത്തു ആരു നിർമ്മിച്ചു എന്നു പറവാൻ സാധിക്കയില്ല. മാതൃക കാണിപ്പാനായി ഗരുഡ രാമായണം കളമ്പാട്ടിന്റെ ഏതാനും ഭാഗം ഇവിടെ ഉദ്ധരിക്കാം. ഈ കൃതി എഴുത്തച്ഛനേക്കാൾ പ്രാചീനമാണെന്നു തോന്നുന്നില്ല.
“പഞ്ചസാരജലം തന്നിൽ കൊഞ്ചമിഞ്ചിയോടഞ്ചു നാരങ്ങ
കിഞ്ചന നന്നായ്ത്തിരുമ്മിയതഞ്ചാതെ പൊഞ്ചെലു തന്നിൽ
കണ്ഠാവധിപാനമമ്പൊടു നീ കുണ്ഠത തീർന്നിട്ടു”
ഗരുഡരാമായണം കഥ പാടുന്നതിനു് കവി കിളിയോടു പറയുന്നതനുസരിച്ചു് കിളിയാണു് പ്രകൃത കഥ പാടുന്നതു്. പങ്കജനാഭനായ ശ്രീകൃഷ്ണൻ “ഗോപാകാമിനിമാർക്കുമെല്ലാർക്കും രണ്ടെന്ന ഭാവം വെടിഞ്ഞു്” ഭൂലോകത്തിൽ വസിക്കവേ ഒരു ദിവസം ഗരുഡനെ വരുത്തിയിട്ടു്,
“അപ്പതിൽ മീതെ ചാടിയിരുന്ന
മായാമയപ്രിയനായുള്ളൊരു വായുസുതം വരുത്തേണം.”
എന്നാജ്ഞാപിച്ചു. ആ വാക്കു കേട്ടു് ഗരുഡൻ ഉത്തരാശാമുഖം നോക്കിപ്പറന്നു് കദളീവനത്തിലെത്തി. എന്നാൽ ഹനുമാനോടു്,
“വൃഷ്ണികുലമണിയായീ-ടുന്ന-കൃഷ്ണന്റെ വാക്കാലെ വന്നു
കാണണം പോലും ഭഗവാനെ ദ്രുതം ബാണവൈരിക്കിതു കാലം
പാപമെല്ലാം നശിച്ചീടു-മെന്റെ പാകാരിസോദരം കണ്ടാൽ
മത്സ്വാമിയെക്കാണുവർക്കു-സുഖം-വത്സരാസംഖ്യമറിക”
എന്നു പറഞ്ഞപ്പോൾ, ആ രാമ ഭക്തൻ ഭഗവാനെ ഒട്ടധികം അധിക്ഷേപിച്ചിട്ടു്,
“ഭാനുവംശത്തിൽ ശിരോരത്നമാം മാനവേന്ദ്രോത്തമം രാമം
മാരാരിസേവിതം നാരായണം സീതാസമേതം വിഹായ”
മറ്റാരെയും താൻ സേവിക്കയില്ലെന്നു് ഒഴിയവേ,
“സപ്താംബുധികളും സപ്താചലം സപ്തദ്വീപുകളുമെല്ലാം
പക്ഷപുടത്തിലെടുത്തു പുരാ ക്ഷിപ്രംവറന്ന പക്ഷീശ”
നായ ഗരുഡനു കോപം ഉദിച്ചു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു,
ഗരുഡൻ അതികോപത്തോടുകൂടി എഴുന്നേറ്റു്, ഹനുമാനെ പോരിനു വിളിച്ചു. ആ യുദ്ധത്തിൽ ഗരുഡനു പരാജയം സംഭവിക്കയാൽ,
“അർണ്ണോജാക്ഷംകണ്ടുപറഞ്ഞു കണ്ണുനീർവാർത്തു വിശേഷമശേഷം” യുദ്ധവർണ്ണനയാണു് രണ്ടാംപാദം.
“നാരായണ! ഹരേ! നാഥ! ജയ മാരാരിസേവിത! ദേവ
കോമളശ്യാമളവർണ്ണ! സദാ രാമാനുജ! പരിപാഹി
നന്ദനുനന്ദന! ദേവവൃന്ദ വന്ദിതചാരുപാദ
മാരുതിയോടു ഞാൻ ചൊന്നതിനു വീരനതീവകോപത്താൽ
ആഹവേ തോല്പിച്ചിതെന്നെ-യിന്നു-ഭോഗീശശായി മുകുന്ദ!
പ്രാണങ്ങളെ കളഞ്ഞീടും-ജഗൽ-പ്രാണജനെന്നോർത്തു ഞാനും
നിന്തിരുവുള്ളമുണ്ടായി-ട്ടുമേ-അന്തവും വന്നീലദേവ”
ഇത്യാദി ഗരുഡവിലാപത്തോടുകൂടി മൂന്നാപാദം ആരംഭിക്കുന്നു.
അപ്പോൾ ശ്രീകൃഷ്ണൻ, “ദാരാസഹിതനാം രാമനുണ്ടു ദ്വാരാവതിയിൽ” എന്നു ഹനുമാനോടു് പറഞ്ഞു് അദ്ദേഹത്തിനെ വിളച്ചുകൊണ്ടു വരുന്നതിനു് ഗരുഡനെ പറഞ്ഞയച്ചിട്ടു്, രുക്മിണിയോടു വേഗം ജാനകീ രൂപം ധരിയ്ക്കുന്നതിനു് ആജ്ഞാപിച്ചു.
“അർണ്ണോജലോചനൻ വാക്കു-കേട്ടു്-കണ്ണാടിയുമെടുത്തിട്ടു്
പുഷ്പതല്പേചെന്നിരുന്നു-ക്ഷിപ്ര-മുൽപലാക്ഷീ രുക്മിണിയും
ജാനകീതന്നെയും ധ്യാനി-ച്ചവ-ളാനനപത്മവും നോക്കി.
ജാനകീ രൂപമാകാഞ്ഞിട്ടവളാനനം താഴ്ത്തി വസിച്ചു”
ശ്രീകൃഷ്ണൻ അതുകണ്ടു് സസ്മിതം സത്യഭാമയെ വിളിച്ചു് ജാനകീരൂപം ധരിക്കാൻ പറഞ്ഞു. സത്യഭാമയ്ക്കു് ഉള്ളിൽ അഹങ്കാരം ഇല്ലായ്കയാൽ ഇക്കാര്യം നിഷ്പ്രയാസം സാധിച്ചു. ശ്രീകൃഷ്ണനും ശീഘ്രം രാമവേഷം ധരിച്ചു് സീതാവേഷധാരിണിയായ സത്യഭാമയോടുംകൂടി ഹനുമാനെ കാത്തിരുന്നു. ഹനുമാനാകട്ടെ ‘ഇതാ വന്നു കഴിഞ്ഞു’ എന്നു ഗരുഡനെ പറഞ്ഞയച്ചിട്ടു്, രാമനേ ധ്യാനിച്ചുകൊണ്ടു്,
“പണ്ടു രത്നാകരം ചാടീ-ടുവാ-നുണ്ടായ വേഷം കണക്കെ
മേരുവിനോളം വളർന്നി-ട്ടവൻ-പാരാതെയൊന്നങ്ങലറി.”
ദ്വാരകനോക്കിക്കുതിച്ചു ചാടി. അപ്പോൾ ഈരേഴുലോകവും ആലിലപോലെ വിറച്ചുപോയത്രേ. അദ്ദേഹം ദ്വാരകയിൽചെന്നു് സീതാരാമന്മാരെ കാണുന്നതുവരെയുള്ള ഘട്ടം തൃതീയ പാദത്തിൽ സംഗ്രഹിച്ചിരിക്കുന്നു.
കപീന്ദ്രസ്തവങ്ങൾ കേട്ടു് സന്തുഷ്ടനായ ഭഗവാൻ, അദ്ദേഹത്തിനെ മാറോടണച്ചു ഗാഢം ഗാഢം പുൽകി. അനന്തരം അദ്ദേഹം തന്റെ സാക്ഷാൽ രൂപം കാണിച്ചു കൊടുത്തപ്പോൾ,
“ഭാമാസഹിതനാം രാമൻ-തന്നെ-മാരുതികാണായ്കകൊണ്ടു്,
അത്യന്തം ഭയപ്പെട്ടു് ഭഗവൽപാദങ്ങളിൽ വീണു് വണങ്ങി.”
ഗരുഡനാകട്ടെ, ശ്രീകൃഷ്ണനെ ദർശിച്ചതിനുശേഷം തിരിച്ചുപോകുന്ന ഹനുമാനെ മാർഗ്ഗമദ്ധ്യേ കണ്ടിട്ടു് സർവാത്മനാ തന്റെ ഗർവത്തെ നിന്ദിച്ചു.
‘നാരായണ! യദുനാഥ! ജയ സീരായുധാനുജ! പാഹി’
ഇത്യാദി ഗരുഡോക്തി കേട്ടു് ഹനുമാൻ അദ്ദേഹത്തിനെ ‘വക്ഷസിചേർത്തു് പുൽകി’ ഇങ്ങനെ ഗരുഡൻ, രുക്മിണീ, ഹനൂമാൻ മുതലായവരുടെ ഗർവത്തെ ശ്രീകൃഷ്ണൻ ശമിപ്പിച്ച കഥയെയാണു് പ്രകൃതകൃതിയിൽ സംഗ്രഹിച്ചിരിക്കുന്നതു്. പറയത്തക്ക സ്വാരസ്യമൊന്നും ഈ പാട്ടിനില്ല.
12.29 ബാലിവിജയം കളമ്പാട്ടു്
കവി ‘പള്ളിക്കരമേവും പുള്ളിമാന്മിഴിയായ ശ്രീഗൌരിയെ സ്തുതിച്ചുകാണുന്നു. ഇക്കവിത ഗരുഡരാമായണത്തെക്കാൾ നന്നായിട്ടുണ്ടു്. ബാലി രാവണനെ തന്റെ ‘പൃഷ്ഠേധരിച്ചു’കൊണ്ടു കിഷ്കിന്ധയിൽ ചെന്നപ്പോൾ മർക്കടന്മാർ ചെയ്ത ചാപല്യങ്ങളെ കവി വർണ്ണിച്ചിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.
“നമ്മുടെ നാഥൻവരു-ന്നിതാ-നന്മയോടെന്നങ്ങോരുത്തൻ.
എന്നതുകേട്ടവരെല്ലാ-മപ്പോ-ളെന്നോർത്തു നോക്കുപണ്ടു-
ദീർഘമായുള്ളോരു വാലി-ലെന്തേ-ദീർഘംകുറഞ്ഞുകാണുന്നു?
നോക്കുനോക്കെത്രയുമല്ല-ലിന്നു-വാൽക്കുകീഴിലുരുണ്ടൊന്നു്
സിന്ധുതന്നിൽ സ്നാനകാലം-ജല-ജന്തുക്കളേതാനുമിപ്പോൾ
ഹന്തകടിക്കയൊ ചെയ്ത-തിതു-ചിന്തിച്ചു ചൊല്ലിനാനെല്ലാരും.
എന്നതുകേട്ടൊരു കീശ-നാശു-ചൊന്നാനതല്ല നിനച്ചാൽ
ഒപ്പമായുള്ളൊരു വാലി-നിന്നു-വാർപ്പുവളർന്നുവരുന്നു.
വാർപ്പല്ലതു കുരുവെന്നും-ചിലർ-വാൽ, പുറത്തുണ്ടാകകൊണ്ടു്
ചർമ്മത്തിൽനിന്നു ജനിച്ച-തല്ല-മർമ്മസംബന്ധവുമുണ്ടു്.
ചീർത്തുകൂർത്തങ്ങു വരുന്ന-കുരു-വോർത്താൽ ശമിപ്പാൻവിഷമം.
പത്തുമുഖം പുനരത്ര-യല്ല-പ്രത്യേകമീരണ്ടുകണ്ണും
വീരനായുള്ളോരിവനെ-യിന്നു-രോഗംവലച്ചതറിക.
ധീരനായുള്ളോരു വൈദ്യൻ-തന്നെ-യാരായ്ക വേണമീദാനീം.”
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ ബാലി അവിടെ ചെന്നു് ഒരു പീഠത്തിൽ ഉപവേശിച്ചപ്പോൾ അവർക്കു് കാര്യമൊക്കെ മനസ്സിലായി.
“കട്ടിക്കപികുലം ബാലി-തന്റെ-പൃഷ്ഠഭാഗേ ചെന്നിരുന്നു.
കണ്ണുംമിഴിച്ചു ചരിഞ്ഞു നോക്കി-ഉണ്ണികളായ കപികൾ.
പല്ലിളിച്ചാശു ചൊറിഞ്ഞും-ചിലർ-കല്ലെടുത്തുകൊണ്ടെറിഞ്ഞും;
നുള്ളിപ്പറിച്ചും കടിച്ചും-മീശ-നുള്ളിപ്പിടിച്ചുവലിച്ചും;
കണ്ണുംമിഴിച്ചു നോക്കുമ്പോ-ളവർ-മണ്ണുകൾവാരിച്ചൊറിഞ്ഞും;
മൂർച്ചയേറീടുന്ന കോൽകൊ-ണ്ടവർ-മൂക്കുതുളച്ചും ചതച്ചും;
ഭല്ലകബാലകന്മാർ ദശ-സ്യനെ-വല്ലാതെ വിഷമിപ്പിച്ചു.”
ഈ കളമ്പാട്ടിനും നാലു പദങ്ങൾ ഉണ്ടു്.
12.30 ഐവർ നാടകം
കേരളത്തിൽ വളരെ പ്രചാരത്തിലിരുന്ന ഒരു കളിയാണിതു്. അതിന്റെ ആവശ്യത്തിലേക്കു രചിക്കപ്പെട്ട ഒരു കൃതിയത്രേ ഐവർ നാടകം. തിരുവനന്തപുരം മുതലായ ദിക്കുകളിലെ ക്ഷേത്രങ്ങളിൽ ഉത്സവകാലത്തു ഈഴവർ ഞാണുന്മേൽ ദണ്ഡിപ്പുകാരെപ്പോലെ ഉടുത്തുകെട്ടി ഇന്നും ആടാറുണ്ടു്. അഞ്ചു നടന്മാരുള്ളതിനാലാണു് ഐവർ നാടകം എന്നു പേർവന്നതു്.
“വെണ്മതികലയണിന്തോൻ വേദങ്ങൾവേർതിരിത്തോൻ
അംബികയ്ക്കച്ഛനായോൻ ഹരനെന്നു നാമംപൂണ്ടോൻ
പൂമാതിൻ കണവനായോൻ പുരിജടമുടിയിലണിന്തോൻ.
***
കുറവുകളെല്ലാംതീർത്തു പറവാൻവരംതരേണം.”
ഇങ്ങിനെയാണു് ഗ്രന്ഥാരംഭം. സീതാന്വേഷണംമുതൽ രാമരാജ്യാഭിഷേകം വരെയുള്ള കഥയെ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു.
സീതയെത്തേടി തെക്കേദിക്കിലേക്കു പുറപ്പെട്ട വാനരന്മാർക്കു് സമുദ്രംകണ്ടപ്പോ ഉണ്ടായ ഭാവങ്ങളെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“വാരിധികണ്ടൊരു വാനംവംശങ്ങൾ വാലുകളങ്ങുയർത്തീടുകയും
പാരംഭയംപൂണ്ടു വാരിധിനോക്കയും പർവതംനോക്കിക്കുതിക്കുകയും
ആഴിയിലാനന്ദവൻ തിരകാണുമ്പോൾ അട്ടഹസിച്ചോടിപ്പോകുകയും;
കൂട്ടരെനോക്കയുംകൊഞ്ഞനംചെയ്കയും; കണ്ടേടംമാന്തിച്ചോറിയുകയും
കള്ളക്കുരങ്ങുകൾവെള്ളത്തിൽച്ചാടിയുംതള്ളിത്തിരയിൽമറിയുകയും”
മറ്റും ചെയ്തപ്പോൾ ജാംബവാൻ അവരെ നോക്കി,
“വെള്ളത്തിൽതുള്ളിക്കളിച്ചാൽ കഴിവരാ എന്നതുകണ്ടറിയേണം.
കാട്ടിലിരുന്നുകളിക്കുന്നതുപോലെ കാട്ടുവാനോ നിങ്ങൾപോന്നു.”
എന്നു ശാസിച്ചു.
ഹനുമാൻ സിംഹികയെ വധിച്ചിട്ടു് ലങ്കയൽചെന്നു്, ‘കൃശാംഗധാരി’യായി രാവണന്റെ കോട്ടയ്ക്കകത്തുകടക്കാൻ ഭാവിച്ചപ്പോൾ ഒരു അസുരനാരി ചെന്നു് അദ്ദേഹത്തിനെ തടുത്തു. അതുകണ്ടു ഹനുമാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണു്.
“എന്തണേ വന്നണേ ചൊല്ലണേ പെണ്ണണേ
എന്തൊരു കാവൽനീ കാക്കുന്നണേ;
കാവൽവച്ചാരണേ? കാക്കുന്നതെന്തണേ
ചൊല്ലണേ നീയണേ പെണ്ണണേ നീ.
പെണ്ണുങ്ങൾ കാക്കുന്ന കാവലിലാരണേ
പെൺകുലകോട്ടയും ചൊല്ലണേ നീ;
കോട്ടപ്പുറംകാവൽ കല്പിച്ചതാരണേ?
കൊല്ലംതികഞ്ഞതും ചൊല്ലണേനീ.
കൊണ്ടാടിനിന്റെമുല പുണർന്നാരണെ?
കൊണ്ടുള്ള ഭർത്താവേ ചൊല്ലണേ നീ.”
രാമചന്ദ്രന്റെ രാജ്യഭാരകാലത്തു്,
“ലോകർക്കൊക്കെയും രക്ഷവർദ്ധിച്ചു ലോകഭീതിയശേഷംതീർന്നു;
ഭൂമാദേവിക്കു ഭാരംകുറഞ്ഞു; ഭൂതങ്ങൾക്കും വളർന്നുപ്രസാദം.
ദേവകൾക്കുള്ളോരാപത്തുംതീർന്നു; ദേവേന്ദ്രനുള്ളിൽ ഭീതിയും നീങ്ങി
അർക്ക ചന്ദ്രൻ തെളിഞ്ഞുവിളങ്ങി; ആമയം തീരുമെന്നോർത്തുജനങ്ങൾ;
രാമരാമേതി നാമംജപിച്ചു; ദാരിദ്ര്യത്തിനു ദരിദ്രതയായി;
പാരിൽസന്തോഷമെങ്ങും നിറഞ്ഞു.”
കവിതയ്ക്കു വലിയ ചമൽക്കാരമില്ലെങ്കിലും കവി പഠിപ്പുള്ളവനായിരുന്നുവെന്നു ഊഹിക്കാം. വാല്മീകിരാമായണം അദ്ദേഹം നല്ല പോലെ വായിച്ചിട്ടുണ്ടെന്നു ഈ കഥ വിളിച്ചുപറയുന്നു. ‘ദാരിദ്ര്യത്തിന്നു ദരിദ്രതയായി’ ഇത്യാദി ഭാഗം നൈഷധത്തോടുള്ള പരിചയത്തേയും വെളിപ്പെടുത്തുന്നുണ്ടു്. കേവലം പാമരജനങ്ങളുടെ ഇടയിൽ നടപ്പുള്ള ഒരു വിനോദത്തിനായി രചിക്കപ്പെട്ട കൃതിയായതുകൊണ്ടു മാത്രമായിരിക്കാം ഈ രൂപം അവലംബിച്ചതു്. പാർവതീസ്വയംവരവും ഐവർനാടകമായി ആരോ ഇക്കാലത്തു രചിച്ചിട്ടുണ്ടു്.
12.31 വഞ്ചിപ്പാട്ടു്
വ്യാസോൽപത്തി മുതലായ ചില വഞ്ചിപ്പാട്ടുകൾ വളരെ പുരാതനങ്ങളാണു്. വാലന്മാരുടെ ആവശ്യത്തിനായി രചിക്കപ്പെട്ട ഒരു കൃതിയാണു് വ്യാസോൽപ്പത്തി. ഈ കവിത ഒരുവിധം നന്നായിരിക്കുന്നു. ലക്ഷ്മണോപദേശം എന്നു് വേറൊരു വഞ്ചിപ്പാട്ടു് കണ്ടിട്ടുണ്ടു്. അതു വളരെ പ്രൌഢമായിരിക്കുന്നു. അച്ചടിച്ചിട്ടില്ല.
12.32 ബ്രാഹ്മണിപ്പാട്ടു്
അടുത്ത കാലംവരെ നായന്മാരുടെ ഇടയിൽ കെട്ടുകല്യാണം ആഘോഷപൂർവ്വം നടത്തി വന്നു. പല കുടുംബങ്ങൽ കല്യാണം ഘോഷിച്ചു് ദാരിദ്ര്യദേവതയേ വരിച്ചിട്ടുണ്ടു്. കല്യാണച്ചടങ്ങുകളിൽ ഒന്നാണു് ബ്രാഹ്മണിപ്പാട്ടു്. നായന്മാർ വേദോച്ചാരണത്തിനു അർഹന്മാരല്ലാത്തതുകൊണ്ടു് അവരോടു് കൃപ തോന്നിയ മലയാള ബ്രാഹ്മണർ കല്യാണാവസരങ്ങളിൽ ഋഗ്വേദസ്വരത്തിൽ പാടുന്നതിനായി ബ്രാഹ്മണിപ്പാട്ടു നിർമ്മിച്ചുവെന്നാണു് ഭാഷാചരിത്രകാരൻ പറയുന്നതു്. എന്നാൽ ഇപ്പോൾ നടപ്പിലിരിക്കുന്ന ബ്രാഹ്മണിപ്പാട്ടുകൾ വായിച്ചു നോക്കിയാൽ അങ്ങനെയൊരു സദുദ്ദേശ്യവും പ്രത്യക്ഷപ്പെടുന്നില്ല. നേരെ മറിച്ചു് സംഭോഗശൃംഗാരത്തെ കണക്കിൽ കവിഞ്ഞു വർണ്ണിക്കുന്ന അത്തരം പാട്ടുകൾ ബാലികമാരെ സന്മാർഗ്ഗപഥത്തിൽനിന്നു ഭ്രമിപ്പിക്കുന്നതിനു പര്യാപ്തവുമാകുന്നു.
12.33 സീതാസ്വയംവരം ബ്രാഹ്മണിപ്പാട്ടു്
കവിതയ്ക്കു് പറയത്തക്ക ഒരു ഗുണവുമില്ല. വിവാഹച്ചടങ്ങുകളെ ശ്ലോകത്തിൽ കഴിച്ചിട്ടു് സംഭോഗശൃംഗാരത്തെ ദീർഘമായി വർണ്ണിക്കുന്നു.
“മാലയിട്ട ഭർത്താവും ഭാര്യയുമായി
അവരവിടെ സുഖിച്ചു രമിച്ചപോലെ
ഇവരിവിടെ സുഖിച്ചിരിക്കും പല നാളെക്കും”
എന്നു വധൂവരന്മാരെ അനുഗ്രഹിച്ചു കൊണ്ടാണു് കഥയവസാനിപ്പിച്ചിരിക്കുന്നതു്.
12.34 സുഭദ്രാഹരണം ബ്രാഹ്മണിപ്പാട്ടു്
ഈ കൃതിയിലും കവിത്വം കണികാണ്മാനില്ല. നല്ല പഴക്കമുണ്ടു്. ഒരു മാതൃകാപദ്യം താഴെ ചേർക്കുന്നു.
“ആംഗനാമണിയായ സുഭദ്രയെ
മംഗല്യം ചെയ്ത ഘോഷം പറവാനായ്
അംഗജവൈരിതന്മകനാകിയ
ഐങ്കരനെയമ്പോടു വന്ദിക്കുന്നേൻ”
ഇനി പറയാൻ പോകുന്ന ബ്രാഹ്മിണിപ്പാട്ടുകൾ എട്ടാംശതകത്തിൽ ഉണ്ടായവയാണു്. കവിത്വം മികച്ചു കാണുന്ന ആ കൃതികളെ പ്രസിദ്ധീകരിക്കേണ്ടതാണു്.
12.35 രാസക്രീഡ-ബ്രാഹ്മിണിപ്പാട്ടു്
കവി മഹിഷമംഗലം നമ്പൂരിപ്പാടായിരിക്കണമെന്നു ചിലർ പറയുന്നു. ആദ്യമായി പദ്യരൂപത്തിൽ ഒരു പീഠിക കൊടുത്തിട്ടു്,
“യദുകുലനാഥൻ മദനമനോഹര-നരുണാധരികളോടിട ചേർന്നുറ്റം
ക്രീഡിപ്പാനായ് മുതിരുന്നേരമലരിടകലരുവിനമധുകരപടലികൾ,
മധുപാനംചെയ്താനന്ദിച്ചും മദ്ധ്യേകാന്തനു നൽകിയുമുടനെ
ഗാനംചെയ്തു തുടങ്ങീയല്ലോ”.
എന്നു കഥ ആരംഭിക്കുന്നു.
“തേന്മാവിന്മേലാമ്മാറൊക്കെ കൂടിയിരുന്നു കോകിലകോമള-
വാണികൾനിരവേ പഞ്ചമരാഗം മഞ്ജുളഗീതം പാടിപ്പാടി-
പ്പഞ്ചായുധനൊരുപടവിളിപോലെ നിഖിലദിഗന്തേപടകൾമുഴങ്ങിത്തുടങ്ങിയല്ലോ.
ചെമ്പകവിടപികൾക്കമ്പുകൾതോറും
മൊട്ടുകൾകണ്ടാൽ വനദേവതമാർ വനമാലിയുടെ വരവുംപാർത്തു
നിബദ്ധാഭോഗം തങ്ങൾനിരത്തിയ ദീപാവലിയെന്നേ തോന്നുമല്ലോ
കാറ്റേറ്റിളകിനതളിർനിരകണ്ടാൽപുതിയലതാമധുവാണികളപ്പോൾ
മാധവനെക്കണ്ടിവിടെയെഴുന്നള്ളേണം; ജന്മഫലംനൾകേണം
ഞങ്ങൾക്കെന്നൊരു മോദാലേ കൈ കാട്ടി വിളിക്കുന്നെന്നേതോന്നൂ.
തരുനിരതന്മേലുപരിവിളങ്ങിന കുസുമങ്ങളുടെ വിഭവംകണ്ടാൽ
സുന്ദരനായൊരു നന്ദാത്മജനുംതാനുംകൂടി ഗ്ഗോപാംഗനമാർ
വരവിനുമുമ്പേ സുഖമൊടിരുപ്പാനുപവനലക്ഷ്മീ വിരചിതമായൊരു
മേലാപ്പെന്നേ തോന്നൂവല്ലോ.
ഗഗനാങ്കണഭുവികലകൾതികഞ്ഞോ-
രണിമതികണ്ടാൽ ചാതുര്യേണ ശരല്ക്കാലംതാൻ പൊൽപ്പൂമാതിൻ
കാന്തനെയിപ്പോൾ സേവിപ്പാനുണ്ടവസരമെന്നിട്ടഴകിൽ നിവർത്തിയ
വെൺകൊറ്റക്കുടയെന്നേ തോന്നൂ” ഇത്യാദി.
ഇതു ചമ്പുക്കളിലെ ഗദ്യത്തിന്റെ രീതിയിലാണു് രചിക്കപ്പെട്ടിരിക്കുന്നതെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പീഠികയിൽ കഥാരംഭംവരെയുള്ള ശ്രീകൃഷ്ണചരിതത്തെ സംഗ്രഹിച്ചിരിക്കുന്നു. കവി മഴമംഗലമായിരിക്കണമെന്നു ചിലർ ഊഹിക്കുന്നു. ഒന്നു രണ്ടു മൊഴികളെ മാത്രം മാതൃകക്കായി ഉദ്ധരിക്കാം.
“ചാടായിച്ചമഞ്ഞുവന്നോരസുരനെ ചാരുതരങ്ങളായിരിക്കുന്ന ചരണങ്ങളെക്കൊണ്ടു ചവിട്ടി ചൈതന്യമില്ലാതെ ചമച്ചു്, അവനെ യമപുരിയിങ്കലാമ്മാറു യാത്രയാക്കിയല്ലോ ഭഗവാനൊ; പവമാനനായിച്ചുഴന്നുവന്ന പാപിയായ ദാനവേന്ദ്രനെ പ്രാണങ്ങളോടു വേർപെടുത്തി അവനു പാരാതെ പരലോകസൌഖ്യവും നൽകി ഭഗവാനോ”
ഇങ്ങനെ എല്ലാ മൊഴികളിലും ആംഗലപ്രാസം പ്രയോഗിച്ചിട്ടുണ്ടു്. അച്ചടിച്ചിട്ടില്ല.
12.36 സതീസ്വയംവരം ബ്രാഹ്മണിപ്പാട്ടു്
ഈ കൃതിയും ഇരു ചെറിയ പീഠികയോടുകൂടി ആരംഭിക്കുന്നു. ഒരു ഭാഗം ഉദ്ധരിക്കാം. കവിത നന്നായിട്ടുണ്ടു്.
“ഭക്തകദംബജയധ്വനിമുഖരേ വിസ്തൃതകൈലാസാചലശിഖരേ
ചിത്രമണിദ്യുതിഭാസിതഭുവനേ നിജഭവനേ പുക്കുദിതാനന്ദ-
മന്ദാക്ഷോദയ സുന്ദരമുഖിയൊടു മന്മഥവീരബ്രഹ്മാസ്ത്രത്തൊടു
ദക്ഷതനൂജയൊടൊന്നിച്ചിതവിയ പുഷ്പശരോത്സവകേളിവ-
ളർത്തരുളീഭഗവാനൊ
സരസിജസായകസമരത്തിനു സകലേശ്വരനതി-
സംഭ്രമശാതീസന്ധ്യാനടനവുമൊട്ടുചുരുക്കി-
സ്സകുതുകമശനവുമാശുകഴിച്ചഥ സംഭോഗോത്സവസരണിവളർക്കും
സംഭാരോൽക്കര മുദ്രിതശോഭേ ശയ്യാഗേഹേ ചെല്ലുന്നേരം
മണിമയകതകിന്നരികിലൊളിക്കും മധുമൊഴിതന്നെ പ്പരിചൊടുകണ്ടു
സുഖിച്ചരുളീ ഭഗവാനൊ.
അണിമണിയിടയിലകംപുക്കഴകിനൊ-
ടതിമൃദുശയ്യാസവിധേചെന്നുടനതുമിതുമോരോ സരസവിശേഷാ-
നരുവയർമണിയോടരുളിച്ചെയ്തഥനിൽക്കുംനേരം മനസിമുഴുത്തൊരു
മന്മഥപീഡപുറത്തു പുറപ്പെട്ടഖിലാംഗങ്ങളിലങ്കുരിക്കുന്നതു
കണ്ടോരഭിമതസഖിമാരതുമിതുമോരോ വ്യാജത്തോടുടനവരവർ
പോവതിനായും നേരത്തവരൊടുകൂടിപ്പോവതിനും പുനരഭിമത
ദയിതനൊടരികേ ചേർന്നുടനനുഭവസരണികൾതേടുവതിന്നുംരണ്ടിലു-
മാഗ്രഹമുൾക്കൊണ്ടീടുമൊരാകുല ഭാവമണിഞ്ഞരുളീടും ദയിതാ-
വദനം പരിചിതമദനം പരിചൊടുകണ്ടുസുഖിച്ചരുളീ ഭഗവാനോ.”
ഈ രണ്ടു പാട്ടുകളും മനോഹരമായിരിക്കുന്നു. പുസ്തകരൂപത്തിൽ അച്ചടിച്ചിട്ടില്ല.
12.37 നിഴൽക്കൂത്തു്പാട്ടു്
ഭാരതംനിഴൽക്കൂത്തു് എന്നൊരു കൃതി അച്ചടിച്ചു കാണുന്നുണ്ടു്. പണിതീർപ്പാനായി വേലന്മാർ പാടാറുള്ളതാണു്. ഒന്നു രണ്ടു വരികൾ ഉദ്ധരിക്കാം.
“…പത്മനാഭന്റെ കൃപയാൽ
ശത്രുനാശിനികുറത്തി–വന്നു–ജനിച്ചങ്ങു ഭാരതത്തിങ്കൽ
സപ്തനാരികൾ വളരും–കാല–മുത്തമയാകുമവളേ
ചിത്തമോദേന കുറവൻ–വേട്ടു–പത്രശാലയിൽവളർന്നു.
നൂറ്റുവർക്കുള്ളൂ കുറവൻ പിന്നെ പാണ്ഡവന്മാർക്കുള്ളു കുറത്തി.
നൂറ്റുവർനാടുംനഗരം–ചൊല്ലീ–പാണ്ഡവരോടും സമരം
ഏറ്റമതാകിന രണ–മൊന്നിലും തോറ്റതില്ല പാണ്ഡവന്മാർ
മാറ്റവർകുലകാലനാകിയ മണിവർണ്ണന്റെ കൃപയാൽ” ഇത്യാദി
12.38 ശ്രീപാർവതീചരിതം കുറത്തിപ്പാട്ടു്<
/br> പരമേശ്വരനും പാർവതിയും തമ്മിലുള്ള പ്രണയകലഹത്തെ വർണ്ണിക്കുന്ന ഒരു കുറത്തിപ്പാട്ടു കാണ്മാനുണ്ടു്. കവിതയ്ക്കു നല്ല പഴക്കമുണ്ടു്.
“ഉണ്ണിഗ്ഗണപതി തമ്പുരാന്റെ തൃക്കാലിണകളെ വന്ദിച്ചുഞാൻ
ഞാനൊരു കുറത്തി പാടീടുന്നു വിഘ്നമൊഴിച്ചെന്നെക്കാത്തിടണം”
എന്നാണു പ്രാരംഭം. എന്നാൽ,
“ഇങ്ങനെ ചൊല്ലീട്ടടങ്ങികിളി തിങ്ങിയോരാനന്ദപൂരമോടും.”
എന്നിങ്ങനെ കിളിയാണു് പാട്ടുകഴിഞ്ഞു ഒടുവിൽ വിരമിക്കുന്നതു്. ‘കിളിപ്പാട്ടുവൃത്തം’ എന്നൊന്നു് ഇല്ലെന്നുള്ളതിനു ഇതും ഒരു ലക്ഷ്യമാകുന്നു. ചില വഞ്ചിപ്പാട്ടുകളും കിളി തന്നെയാണു് പാടിക്കാണുന്നതു്.
ഒരിക്കൽ പരമേശ്വരനും പാർവതിയുംകൂടി രമിച്ചുകൊണ്ടിരിക്കവേ ദേവി ഭഗവാനെ ഒന്നു നോക്കി.
“പുഞ്ചിരിച്ചന്ദ്രികകൊണ്ടുജടയിലെ
പ്പഞ്ചമിച്ചന്ദ്രന്റെ ശോഭയേനേ?
വേറൊരുത്തി ജടയിൽ ഇരിപ്പുണ്ടോ?”
എന്നു് ശങ്ക ഉദിച്ചു. ആ ശങ്ക ക്രമേണ വർദ്ധിച്ചുതന്നെ വന്നു. അതുകൊണ്ടു് ഭഗവാന്റെ മടിയിൽ നിന്നിറങ്ങാതെ,
‘കാത്തിരിക്കുന്നാളിലേകദിനം പാർത്തിരിയാതെരജസ്വലയായ്’ തീരുകയാൽ നാലാംദിവസം സ്നാനത്തിനു പോകേണ്ടിവന്നു. അതുകൊണ്ടു് മക്കളേവിളിച്ചു്,
“ഉണ്ണിഗ്ഗണപതിയെന്മകനേ യമ്മേടെകൂടെനീ പോകരുതേ
അപ്പംതരാം വന്നാലെന്നുണ്ണിയ്ക്കു സ്വല്പമല്ലാതവിൽ തേന്മലരും.
സുബ്രഹ്മണ്യനുണ്ണി! എന്മകനേ! അമ്മേടെകൂടെനീ പോരരുതേ
അച്ഛൻമടിയിൽനീ ചെന്നിരിക്കയമ്മ കുളിച്ചുവരുന്നതോളം.
വേട്ടക്കൊരുമകനെന്മകനേ! അച്ഛനരികത്തു പോയിരിക്ക”
എന്നിങ്ങനെ കാവൽ നിർത്തിയിട്ടു്,
“വൈനാടൻമഞ്ഞളരച്ചുരുട്ടി
നെന്മേനിവാകയെടുത്തു കൈയ്യിൽ
മൈലാഞ്ചിത്താളിയൊടിച്ചു വേഗം
ആകാശഗംഗയിൽ ചെന്നിറങ്ങി.
മൈലാഞ്ചിത്താളിയുരച്ചൊഴിച്ചു
നെന്മേനിവാക കുഴച്ചുരുട്ടി
വൈനാടൻ മഞ്ഞൾ മുഖത്തു തേച്ചു
നെന്മേനിവാകതന്മെയ്യിൽ തേച്ചു
മൈലാഞ്ചിത്താളിയുരച്ചെടുത്തു
നീലാളിവർണ്ണമാം വേണി തേച്ചു
നീർകോരിമെയ്യിൽ തളിച്ചുകൊണ്ടു
നീരാടുവാനായി തുനിഞ്ഞു കൊണ്ടാൾ.”
ശ്രീപരമേശ്വരനാകട്ടെ,
“ഉണ്ണിഗണപതി നിയ്യെന്തിപ്പോൾ എന്മടി തന്നിൽ വസിച്ചീടുന്നു
നാളികേരം ഗുളം നെയ്യിലല്പം കാളുന്ന തീക്കുണ്ഡം തന്നിൽ വിപ്രർ
ഹോമിച്ചിടുന്നതു തിന്നാൻ പോക; മോഹം നിനക്കതിലേറ്റമല്ലോ”
എന്നു ഗണപതിയോടും,
“സുബ്രഹ്മണ്യനുണ്ണി! നീയെന്തിപ്പോളെന്മടിതന്നിലിരുന്നിടുന്നു?
കവിടിക്രിയകളൈ ചെയ്തിടാതെ കാപട്യമോടങ്ങിരിപ്പതെന്തു?”
എന്നു സുബ്രഹ്മണ്യനോടും
“വെട്ടയ്ക്കൊരു മകനെന്തു മൂലം വേട്ടയാടീടുവാൻ പോയിടാത്തു?
വില്ലുംശരങ്ങളും കൈക്കൊണ്ടുനീ നില്ലാതെവേട്ടയ്ക്കുപോകയിപ്പോൾ”
എന്നു വേട്ടയ്ക്കൊരു മകനോടും പറഞ്ഞു് അവരെ അകറ്റാൻ നോക്കിയെങ്കിലും അവർ അമ്മയുടെ വാക്കിനേ ആദരിച്ചു് മടിയിൽ നിന്നിറങ്ങിയില്ല. അതു കണ്ടപ്പോൾ മുപ്പുരവൈരിക്കു കോപം വരികയാൽ,
“ഉണ്ണിഗ്ഗണപതി തൃക്കഴുത്തിൽ
എണ്ണത്തിലൊന്നു കൊടുത്തു-തള്ളി
സുബ്രഹ്മണ്യനുണ്ണി തന്റെ നേരെ
ക്ഷിപ്രം കയർത്തൊന്നു നോക്കി ദേവൻ.
വേട്ടയ്ക്കൊരു മകനുണ്ണി തന്നേ
കോട്ടം വരാതെയൊന്നടിച്ചു.”
എല്ലാവരും ദൂരെ മാറിയപ്പോൾ, പരമേശ്വരൻ ഗംഗാദേവിയെ എടുത്തു മടിയിലിരുത്തി ലാളിച്ചു.
നാരദമുനി ഇതു നല്ല തരമാണെന്നു ഗ്രഹിച്ചു് ശ്രീപാർവതി കുളിക്കുന്നിടത്തു ചെന്നു്,
“ഞാനിപ്പോൾ പോയില്ല കൈലാസത്തിൽ
കാലാരി ദേവനെക്കണ്ടതില്ല;
ഉണ്ണിഗ്ഗണപതി തൃക്കഴുത്തിൽ
മെല്ലെ പ്പിടിച്ചങ്ങു തള്ളിയില്ല;
ഷൺമുഖന്റെ തലക്കിട്ടു മുഷ്ട്യാ
സമ്മാനിക്കുന്നതും കണ്ടതില്ല
വേട്ടയ്ക്കൊരു മകനുണ്ണി തന്നെ
വേട്ടയ്ക്കു തള്ളിയയച്ചതില്ല.
മൂവരും കണ്ണീർ തുടച്ചുകൊണ്ടു
പോവതും തത്ര ഞാൻ കണ്ടതില്ല,
ശ്രീപാർവതിയെ മടിയിൽ വച്ചു
പുൽകൂതും ഞാൻ തത്ര കണ്ടതില്ല;
അങ്ങു ചെന്നപ്പോഴും ശ്രീപാർവതി
ഇങ്ങു വന്നപ്പോഴും ശ്രീപാർവതി
ശ്രീപാർവതിദേവി എത്രയുണ്ടു്?
ഒന്നേയുള്ളുവെന്നാണു കേൾവി
ഞാനിവയൊന്നുമേ കണ്ടതില്ല
നാരായണ! ശിവ! പോയീടുന്നു.”
എന്നു തട്ടിവിട്ടിട്ടു് അവിടെനിന്നു കടന്നു കളഞ്ഞു. പാർവതി കാര്യമെല്ലാം ഗ്രഹിച്ചിട്ടു്,
“കോപമോടേയൊന്നു മുങ്ങിവേഗം താപം പൊറുക്കാതെ പൽക്കടിച്ചു
ചുറ്റിയോരാടയുടുത്തിടാതെ കെട്ടഴിഞ്ഞുമുടികെട്ടിടാതെ
തന്മെയ്യിലെജലം തോർത്തിടാതെമന്മഥരാതിയിൽ രോഷമാർന്നു
കാലാഗ്നിപോലെ ജ്വലിച്ചുകൊണ്ടു്”
സ്വഭർത്തൃ സന്നിധിയിൽ ചെന്നു് ഒരു പ്രശ്നവർഷം ചെയ്തു.
“ആനയാമുണ്ണിയെങ്ങുപോയി?” “കാനനത്തിന്നവൻപോയിരിക്കാം”
“കാനനോപോകുവാനെന്തുമൂലം?” “ആനയുടെനില കാട്ടിലല്ലോ”
“സ്കന്ദനാമെന്നുണ്ണിയെങ്ങുപോയി?” “കന്ദംപറിക്കുവാൻ പോയിരിക്കാം”
“കന്ദംപറിക്കുന്നതെന്തായി?” “അന്നവൻ കാട്ടിൽപിറക്കമൂലം”
“കാട്ടിൽപിറപ്പവർക്കാഹരിപ്പാൻ കേട്ടതില്ലേ കന്ദമെന്നുള്ളതും”
“വേട്ടയ്ക്കൊരുമകനെങ്ങുപോയി?” “കാട്ടിൽക്കളഞ്ഞവനങ്ങുപോയി”
“ത്വന്മെയ്യിലന്തുകാണുന്നുജലം?” “നിന്മെയ്യിലെന്തുകാണുന്നുജലം”
“എന്മെയ്യിൽഞാൻ കുളിച്ചുള്ള ജലം” “എന്മെയ്യിൽ ഞാൻ കുളിച്ചുള്ള ജലം”
“അങ്ങെവിടെ ജലക്രീഡചെയ്തു?” “നീയ്യെവിടെജ്ജലസ്നാനമാടി?”
“ആകാശഗംഗയിൽ സ്നാനമാടി” “കൈലാസഗംഗയിൽ ഞാൻ കുളിച്ചു”
ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞു് പ്രണയകലഹം ശമിക്കുന്നതിനോടുകൂടി പാട്ടവസാനിക്കുന്നു.
ഇതു വടക്കൻ പാട്ടിന്റെ രീതിയിൽസാധാരണ ജനതയുടെ ആവശ്യാർത്ഥം നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗാനമാകുന്നു. സാരഗർഭങ്ങളായ പുരാണകഥകളേയും അർത്ഥവാദങ്ങളേയും ഈ മാതിരി വികൃതവേഷം കെട്ടിയ്ക്കാൻ ഹൈന്ദവകവികൾ മുതിർന്നു കാണുന്നതു കഷ്ടമെന്നേ പറയേണ്ടു. രാമായണകഥയേയും മഹാഭാരതത്തെയും ഏതോ വികടന്മാർ ഇങ്ങനെ അലങ്കോലപ്പെടുത്തീട്ടുണ്ടു്. ഉത്തരരാമായണകഥയെ സംക്ഷേപിച്ചു് ഇവിടെ വിവരിക്കാം.
രാവണവധാനന്തരം ശ്രീരാമൻ സീതാസമേതം അയോധ്യാധിപതിയായി വാഴുന്ന കാലത്തു് കൌസല്യാദികൾക്കു സീതാദേവിയിൽ അസൂയ മുഴുത്തു; ഏതു വിധത്തിലെങ്കിലും ആ സതീരത്നത്തെ അപകടത്തിൽ ചാടിക്കണമെന്നു് തീർച്ചപ്പെടുത്തിക്കൊണ്ടു് അമ്മായിഅമ്മമാർ, മരുമകളെ, അരികിൽ വിളിച്ചു് രാവണന്റെ രൂപം വരച്ചു കാണിക്കണമെന്നാവശ്യപ്പെട്ടു. ദേവി തടസ്സം പറഞ്ഞതിനാൽ, അവർ നിർബന്ധിച്ചു.
“നിന്നാണെനിന്നെച്ചതിച്ചീടുവാൻനിനച്ചല്ലേ
***
ഈരേഴുലോകത്താണേ മൂർത്തികൾമൂവരാണേ
ബ്രഹ്മാവുവിഷ്ണുവാണേ അച്ഛന്റെതൃക്കാലാണെൻ
വേട്ടഭർത്താവിനാണെ ഞങ്ങളിൽ മൂവരാണേ.
***
നിന്നാണെനിന്നെച്ചതിച്ചീടുവാൻ നിനച്ചല്ലേ.”
സീതാദേവി ദേവന്മാരെയെല്ലാം ധ്യാനിച്ചുകൊണ്ടു് രാവണന്റെ
“…തലപ്പത്തും.
മുഖത്തോടിടകളിൽ കലർന്നുകുണ്ഡലവും;
വെളുത്തവെള്ളെകിറും വലിയ മുഖങ്ങളും;
ഉതിച്ചകണ്ണുതന്നിലഗ്നികൾ ജ്വലിക്കയും
പതിനെട്ടിലും നല്ല ദൈവതംതോന്നീടുന്നു
വേദമന്ത്രത്തെ ഓതി ഉർജ്ജാപിഴച്ചൊരുമുഖം;
ഇന്ദ്രിജിത്തേ വിളിച്ചീടുന്നതൊരു മുഖം;
ദേവകൾതന്നെ ദുഷിപേശുന്നിതൊരുമുഖം;
ഈശ്വരനെന്റെനേരേനില്ലായെന്നൊരുമുഖം;
ലോകമൊക്കെയും പരിപാലിക്കുന്നൊരു മുഖം;
സീതയെത്തന്നെ നിനച്ചീടുന്നിതൊരുമുഖം;
കാമബാണാർത്തിപെരുകീടുന്നൊരുമുഖം;
കള്ളവും കുശലുകൾ പേശുന്നതൊരുമുഖം;
മംഗലമോടു മധു ഭുജിക്കുന്നൊരുമുഖം;
പാണികളിരുപതും വളഞ്ഞവളകളും
മാർവിടചവടിയും അരവമാലകളും
പൂന്തുകിലാടപട്ടു ഞൊറിഞ്ഞുചേർത്തുതൊങ്ങൽ
പൊൻമണിയരഞ്ഞാണം ഉടുത്തുനതുചേർത്തു
കാൽച്ചിലമ്പോശയൊന്നിൽ വളയുംതളകളും
കൈക്കുമോതിരംനല്ല കവടിനെറ്റിപ്പൊട്ടു
കവചവും നക്രചക്രവും തെളിതാരാ
വാക്കിനു ഭംഗിയേറും നാവുതൻ ഗുണങ്ങളും”
എഴുതി. അമ്മായിഅമ്മമാർ ഈ പടത്തെ എടുത്തു ഒരു പീഠത്തിൽ വച്ചിരുന്നു. മൃഗയാവിനോദം കഴിഞ്ഞു വന്നുചേർന്ന രാമചന്ദ്രന്റെ ദൃഷ്ടിയിൽ ഈ പടം പെടുകയും കോപാവേശംകൊണ്ടു് കേവലം പ്രാകൃതജനം എന്നപോലെ സീതയെ വളരെ പഴിക്കയും ചെയ്തിട്ടു് വനത്തിൽ കൊണ്ടുപോയി കൊന്നുകളയാൻ ലക്ഷ്മണനോടു് ആജ്ഞാപിച്ചു. ലക്ഷ്മണൻ തടസ്സം പറഞ്ഞുവെങ്കിലും ഒടുവിൽ സമ്മതിച്ചു് സീതയെ കാട്ടിൽ കൊണ്ടുചെന്നു വിട്ടിട്ടു്, ഒരു ഉടുമ്പിനെ കൊന്നു് ആ രക്തം കൊണ്ടുവന്നു് കാണിച്ചു. അതു കണ്ടപ്പോൾ കൌസല്യ,
“മകനേ മറിവുകൾ ഞങ്ങളിങ്ങറിഞ്ഞടോ
മനുഷ്യർചോര ഞങ്ങൾ കണ്ടിരിക്കുന്നുമുന്നം”
എന്നു പറകയാൽ, ലക്ഷ്മണൻ വീണ്ടും പോയി സീതയുടെ ഒരു കൈ വിരലറുത്തു രക്തം കൊണ്ടുവന്നു് കാണിച്ചുവത്രേ. കുറെ കഴിഞ്ഞപ്പോൾ രാമചന്ദ്രനു സങ്കടമായി. അദ്ദേഹത്തിന്റെ വിലാപങ്ങളും മറ്റും കവി പൊടിപ്പും തൊങ്ങലും വച്ചു വർണ്ണിക്കുന്നുണ്ടു്.
ഇത്തരം കഥകൾ എഴുതിയ ‘വികടകവികൾ’ ആരായിരുന്നാലും അന്നത്തെ സമുദായസ്ഥിതികളും മറ്റും അവയിൽ നല്ലപോലെ പ്രതിഫലിച്ചു കാണാവുന്നതിനാൽ ചരിത്രകാരനു ഒരു വലിയ സമ്പത്തു തന്നെയാണു്.
12.39 വേലൻപാട്ടു്
ശത്രുഹരം വരുത്തുന്നതിനായി വേലന്മാരെകൊണ്ടു പാടിക്കയും മറ്റും ഇക്കാലത്തും ചിലർ നടത്താറുണ്ടു്. ‘ഹരം പാടുക’ എന്നൊരു ഭാഷശൈലിയും അതിൽനിന്നുണ്ടായിട്ടുണ്ടു്. അരം എന്ന ശബ്ദവും ഈ ‘ഹര’ത്തിൽ നിന്നുണ്ടായതാണെന്നു തോന്നുന്നു. തമഴിലെ ‘അറ’ത്തിനു ധർമ്മമെന്നാണർത്ഥം. അതിനു കവികളുടെ അറത്തോടു യാതൊരു സംബന്ധവുമില്ല. വേലൻപാട്ടിൽ ഒരു ഭാഗം താഴെ ചേർക്കുന്നു.
“പൂവണിഞ്ഞതിരുമുടിമേലും
തോലുഴിഞ്ഞു പിണിതീർന്നൊഴിക.
പൊൻനിറമാമണിനുതൽമേലും
തോലുഴിഞ്ഞു പിണിതീർന്നൊഴിക-
കയൽനികർത്ത കണ്ണിന്മേലും തോലു…
എള്ളിൻപൂമുക്കിന്മേലും തോലു…
മുത്തുവരിശപ്പല്ലിന്മേലും തോ…
ചെഞ്ചോരിവായ്മലർമേലും തോലു…” ഇത്യാദി.
12.40 പുള്ളോർപ്പാട്ടു്
പുള്ളോന്മാർ സർപ്പപ്രീതിക്കായി പാടിവരുന്ന പാട്ടുകളിൽ ചിലതു പോർത്തുഗീസുകാരുടെ വരവിനു ശേഷം ഉണ്ടായതാണെന്നുള്ളതിനു ആന്തരമായ ലക്ഷ്യങ്ങൾ ഉണ്ടു്. ഒരു പാട്ടിൽ നെല്ലു്, തെങ്ങു്, പൊന്നു് ഇവയുടെ മാഹാത്മ്യത്തെ വർണ്ണിക്കുന്നു. ചെന്തെങ്ങു പറയുന്നു:
“ഉച്ചയ്ക്കന്നുവരുന്നജനങ്ങൾക്കു
കഞ്ഞിക്കുമുമ്പേ കരിക്കെന്നും ചെന്തെങ്ങു്”
12.41 ക്രൈസ്തവകവികൾ
ക്രിസ്ത്യാനികളും പ്രാചീനകാലംമുതല്ക്കേ കവിത എഴുതി വന്നിരുന്നു. എന്നാൽ അവർക്കു മലയാളികളുടെ സവിശേഷമായ ആരാധനയ്ക്കു പാത്രമാകത്തക്ക ഒരു ഉത്തമകാവ്യവും രചിക്കാൻ സാധിക്കാതെ വന്നതിനു പലകാരണങ്ങളുണ്ടു്. ആദികാലങ്ങളിൽ ക്രിസ്ത്യാനികൾ എഴുത്തച്ഛന്മാരുടെ അടുക്കൽ അക്ഷരാഭ്യാസം ചെയ്യുന്നതിനു മടികാണിച്ചിരുന്നില്ലെങ്കിലും കാലക്രമേണ പാശ്ചാത്യപാതിരിമാരുടെ നിർബന്ധത്താൽ ആ സംപ്രദായം തീരെ കൈവിട്ടുകളഞ്ഞു. എന്തെന്നാൽ ആശാന്മാരുടെ അടുക്കൽ എഴുത്തിനിരിക്കണമെങ്കിൽ ഹരിഃ ശ്രീഗണപതയേ നമഃ എന്നു എഴുതുകയും ഉച്ചരിക്കുകയും ചെയ്യാതെ തരമില്ലല്ലോ. അങ്ങനെ ചെയ്യുന്നതു് ധർമ്മവിരുദ്ധമാണെന്നു വീരവ്രതക്കാരായ പാതിരിമാർ ശഠിച്ചുതുടങ്ങി. അതിനും പുറമെ പ്രഥമപാഠ്യഗ്രന്ഥങ്ങളായി ഉപയോഗിച്ചുവരുന്ന പുസ്തകങ്ങൾ പ്രായേണഹൈന്ദവധർമ്മപ്രതിപാദകങ്ങളൊ പുരാണാന്തർഗതങ്ങളോ ആയ കഥകളും കവിതകളുമായിരുന്നു. അതും അവർക്കു രസിച്ചില്ല. പാതിരിമാർ നാട്ടുക്രിസ്ത്യാനികളുടെ ഉപയോഗത്തിനായി ഗ്രന്ഥരചന കൂടെ ആരംഭിച്ചപ്പോൾ, അവരുടെ കാര്യം കഷ്ടത്തിലായെന്നു പറയേണ്ടതില്ലല്ലോ. ക്രൈസ്തവവേദപുസ്തകങ്ങളുടെ മലയാള തർജ്ജമ ഒന്നു രണ്ടു പ്രാവശ്യം വായിച്ചു പോയാൽ, ഭാഷ ദുഷിച്ചുപോകാതെ ഒരു തരവുമില്ല. ആ സ്ഥിതിക്കു് അവയെ കാണാതെ പഠിച്ചാലത്തെ കഥ പറയാനുണ്ടോ? പാതിരിമാർ മലയാളഭാഷാപോഷണത്തിനു വേണ്ടി ചെയ്തിട്ടുള്ള ശ്രമങ്ങളെ ഇവിടെ അപലപിക്കുന്നില്ല. പല ഗുണങ്ങളുടെ ഇടയ്ക്കു് ഈ ഒരു ദോഷം നല്ലപോലെ മുഴച്ചുനിൽക്കുന്നു എന്നേ ഇവിടെ ഞാൻ പ്രസ്താവിക്കുന്നുള്ളു.
പൂർവകാലങ്ങളിൽ ഒരു വിധം ചമൽക്കാരമുള്ള ചില കൃതികൾ ക്രിസ്ത്യാനികളും നിർമ്മിച്ചിരുന്നു. ഹിന്ദുക്കളുടെ സ്ഥല പുരാണങ്ങൾക്കു അനുരൂപമായി ക്രിസ്ത്യാനികളുടെ വകയായി പല പള്ളിപ്പാട്ടുകൾ ഉണ്ടെന്നു അറിയുന്നു. അവയെ പ്രസിദ്ധീകരിക്കാൻ ക്രിസ്ത്യാനികളാരും മുതിർന്നു കാണാത്തതു വലിയ കഷ്ടമാണെന്നു പറയേണ്ടൂ. മിക്ക പുരാതന പള്ളികളേസംബന്ധിച്ചു ഇത്തരം പാട്ടുകൾ ഉണ്ടായിരുന്നുവെന്നു ഊഹിക്കാം.
12.42 മാർഗ്ഗം കളിപ്പാട്ടു്
ഈ കൃതി അതിപുരാതനമാകുന്നു. മാർ തോമ്മ ശ്ലീഹായുടെ ചരിത്രത്തെ സംക്ഷേപിച്ചു്, ബർദാസാൻ എന്നൊരാൾ രചിച്ച ഒരു ലഘുകാവ്യത്തിന്റെ തർജമയാണത്രേ പ്രകൃതഗാനം. പല ക്രൈസ്തവസഹോദരന്മാരുടെ അടുക്കൽ അന്വേഷിച്ചിട്ടും ഈ ഗാനത്തെ പൂർണ്ണമായി സമ്പാദിക്കാൻ സാധിച്ചില്ല. സാഹിത്യരസികനായ ഒരു ക്രൈസ്തവസ്നേഹിതൻ മൂന്നു നാലു വരി എഴുതി അയച്ചുതന്നുവെങ്കിലും അതു മിസ്റ്റർ കെ. വി. ഈപ്പൻ ഭാഷാപോഷിണിയിൽ ഒരിക്കൽ എഴുതിയിരുന്ന ഒരു ലേഖനത്തിൽനിന്നെടുത്തതാണെന്നു എനിക്കു മനസ്സിലായി. എന്തായിരുന്നാലും അതിനെ ഇവിടെ ചേർത്തുകൊള്ളുന്നു.
“മെയ്ക്കണിന്ത പീലിയും നെന്മേനി തോൽക്കും മേനിയും
പിടിത്ത ദണ്ഡും കയ്യും മെയ്യും
എന്നേയ്ക്കും വാഴ്കവേ
വാഴ്ക വാഴ്ക നമ്മുടയ പരിഷയെല്ലാം ഭൂമിമേൽ”
മാർ അബ്രഹാം മെത്രാന്റെ പാട്ടു് (പതിന്നാലു പാദം) എന്നൊരു കൃതിയേപ്പറ്റിയും മിസ്റ്റർ ഈപ്പൻ പ്രസ്തുതലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അതിൽനിന്നു് ഒരു വരിപോലും ഉദ്ധരിക്കാതിരുന്നതു് എന്താണെന്നറിയുന്നില്ല.
12.43 ഒളുവുപ്പള്ളിപ്പാട്ടു്
ഇതിന്റെ കർത്താവു് കുമ്മനത്തു കുമ്മൻ ഇട്ടൂപ്പു കത്തനാരാണത്രെ. കവിതയ്ക്കു പഴക്കം തോന്നിയ്ക്കുന്നു.
“ഓതിനവേദം ജ്ഞാനവഴിക്കു
ഉണർവതു കുമ്മൻകത്തനാർ
ഒരുവനെ ഉന്നിപ്പരീചൊടു കൊച്ചി
ത്തിറമുള്ള കോട്ടപുകുന്താറേ
മനുകുലതിലകൻ കുര്യേനർക്കാ-
ദിയിക്കോൻ താൻ മനഗുണമായ്
കേൾപ്പിച്ചഴകൊടു പള്ളിക്കാര്യ
മനുമതിവാങ്ങുന്നതിന്നായി”–ഇത്യാദി
12.44 കരിയാറ്റിൽ മെത്രാന്റെ പരദേശയാത്ര
ഇങ്ങനെ ഒരു പാട്ടിനെപ്പറ്റി ഉള്ളൂർ മി. പരമേശ്വരയ്യർ പടപ്പാട്ടിന്റെ അവതാരികയിൽ പ്രസ്താവിച്ചു കാണുന്നു. ഞാൻ ഈ കൃതി കണ്ടിട്ടില്ല. ക്രസ്ത്യാനികളാരെങ്കിലും കണ്ടുപിടിച്ചു പ്രസിദ്ധീകരിക്കുമെന്നു വിശ്വസിക്കുന്നു. എട്ടു നോമ്പിൻപാട്ടു്, അന്തംചാർത്തുപാട്ടു്, എണ്ണപ്പാട്ടു്, കുളിപ്പാട്ടു്, കല്യാണമാർഗ്ഗംപാട്ടു്, പെസഹാ പെരുന്നാളിൻപാട്ടു് മുതലായി വേറെയും പല കൃതികൾ ക്രസ്ത്യാനികളുടെ വകയായിട്ടുണ്ടു്. അവയിൽ ചിലതൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക സാഹിത്യഗുണമൊന്നുമില്ലാത്തതിനാൽ ഇവിടെ ചേർക്കുന്നില്ല.
12.45 “അർണ്ണോസുപാതിരി”
ഇദ്ദേഹം എഴുത്തച്ഛന്റെ കാലശേഷം ജീവിച്ചിരുന്ന ഒരു യൂറോപ്യൻ പാതിരിയാണു്. വീരമാമുനിവർ തമിഴുനാട്ടിൽ എന്നപോലെ ഇദ്ദേഹം മലയാളത്തുവന്നു ഭാഷ പഠിച്ചു കവിത എഴുതിയ ആളാണു്. വിധിപർവം, നരകപർവം, മരണപർവം മുതലായ ചില കൃതികളേ ആലപ്പുഴ കേരളസന്താനം പ്രസ്സിൽനിന്നും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. കവിതയ്ക്കു പറയത്തക്ക ഒഴുക്കും അർത്ഥചമൽക്കാരവും ഒന്നുമില്ലെങ്കിലും, ഒരു യൂറോപ്യൻ പാതിരിയുടെ കൃതിയാണെന്നോർക്കുമ്പോൾ നമുക്കു അതിനോടു് ബഹുമാനം തോന്നാതിരിക്കയില്ല. സംസ്കൃതപദങ്ങൾ ധാരാളം പ്രയോഗിച്ചു കാണുന്നു. കുസന്ധിവിസന്ധ്യാദിദോഷങ്ങളും വൃത്തഭംഗങ്ങളും കാണുന്നതു് ലിപികാരപ്രമാദമായിരിക്കുമൊ എന്തോ?
12.46 മാളിയേക്കൽ തോമ്മാകത്തനാർ
770-ാമാണ്ടിടക്കു അദ്ദേഹം രചിച്ചതായ ഒരു പഴയ പാട്ടു് ഏതോ ഒരു പത്രത്തിൽ കാണുകയുണ്ടായി. തോമസ് അപ്പോസ്തലന്റെ മതപ്രചാരണം ആണു് പാട്ടിന്റെ വിഷയം. ഒഴുക്കും ഭംഗിയുംകൊണ്ടു് ഈ കൃതി ആപാദചൂഡം രസാവഹമായിരിക്കുന്നു എന്നു പ്രസാധകൻ പ്രസ്താവിച്ചിട്ടുമുണ്ടു്. എന്നാൽ അതിലെ രണ്ടുവരി തികച്ചു വായിക്കാൻ ആർക്കെങ്കിലും ക്ഷമയുണ്ടാവുമോ എന്നു ഈ ലേഖകൻ സംശയിക്കുന്നു.
അപ്പോസ്തലന്റെ ചില അത്ഭുതകർമ്മങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“ഇരുപതനരരുടെ ജിഹ്വവശക്കേ-
ടരുമവിധത്തിൽ താൻ തീർത്തു
അരുതെന്നെല്ലാവൈദ്യന്മാരു-
മുപേക്ഷിച്ചുള്ളൊരു പേരോളം താ-
നുടനേ സ്വസ്ഥതക്കാരാക്കി”
‘സ്വസ്ഥതക്കാരാക്കി’ എന്നു ശ്രവണകടുവായ പ്രയോഗം കവിയുടെ പദദാരിദ്ര്യത്തിനെ ഉച്ചൈസ്തരം ഘോഷിക്കുന്നുണ്ടല്ലോ.
12.47 മാമ്മൻമാപ്പിള
കണക്കധികാരം എന്നൊരു പാട്ടു് രചിച്ചിട്ടുണ്ടു്. എന്നാൽ ഗ്രന്ഥകാരൻ കരിമുഖനെ ഗ്രന്ഥാരംഭത്തിൽ സ്തുതിച്ചു കാണുന്നതെന്തുകൊണ്ടെന്നറിയുന്നില്ല.
ക്രിസ്ത്യാനികളിൽ നിന്നു് അടുത്ത കാലംവരെ ഉത്തമസാഹിത്യഗ്രന്ഥങ്ങളൊന്നും നമുക്കു ലഭിച്ചിട്ടില്ലെങ്കിലും അവർക്കു സാഹിത്യചരിത്രത്തിൽ ഒരു ഉൽകൃഷ്ടസ്ഥാനത്തിനു വേറൊരു വിധത്തിലവകാശമുണ്ടു്. കേരളത്തിൽ ആദ്യമായി ഒരു അച്ചടിയന്ത്രം സ്ഥാപിച്ചതു ക്രിസ്ത്യാനികളായിരുന്നു. നാട്ടുക്രിസ്ത്യാനികളെ റോമൻ മതത്തിൽ ചേർക്കുന്നതിനുവേണ്ടി ജസൂട്ടു് പാദ്രിമാർ കൊടുങ്ങല്ലൂരും വയ്പുകോട്ടയിലും ഓരോ വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 752-ൽ ജോ ആനെസ് ഗോൺസാൽവസ് എന്ന ജസൂട്ടു് പാദ്രി ഇദംപ്രഥമമായി മലയാളഅക്ഷരങ്ങൾക്കു് അച്ചുകൾ നിർമ്മിച്ചു്, വയ്പിൽ സ്ഥാപിച്ച അച്ചുകൂടത്തിൽ ‘കത്തോലിക്കമതത്തിന്റെ ആദ്യപാഠം ചോദ്യോത്തരം’ എന്ന പുസ്തകം അച്ചടിപ്പിച്ചു. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം ഇതായിരുന്നു. കൊച്ചിക്കോട്ടക്കുള്ളിലും ഒരു പ്രസ്സുണ്ടായിരുന്നതായി അറിയുന്നു. പോർത്തുഗീസു പാതിരിമാരിൽ പലരും തമിഴു്, സംസ്കൃതം, മലയാളം മുതലായ ഭാഷകളിൽ പാണ്ഡിത്യം സമ്പാദിച്ചു് ഗ്രന്ഥനിർമ്മാണം ചെയ്തിരുന്നു. ഉദയംപേരൂർ സഭയുടെ നിശ്ചയം അനുസരിച്ചു് ചാലക്കുടിക്കു സമീപം അമ്പഴക്കാടു് എന്ന സ്ഥലത്തും ഒരു ക്രൈസ്തവവിദ്യാലയവും പള്ളിയും ഒരു അച്ചുക്കൂടവും സ്ഥാപിക്കപ്പെടുകയും അവിടെ വച്ചു് പലേ ഭാഷാകൃതികൾ അച്ചടിപ്പിക്കപ്പെടുകയും ചെയ്തുവെങ്കിലും അവയെല്ലാം ടിപ്പുവിന്റെ ആക്രമണകാലത്തു നഷ്ടപ്പെട്ടുപോയി.
അച്ചടിശാലകൾ നടപ്പിൽ വന്നതുകൊണ്ടു ഭാഷയ്ക്കു സിദ്ധിച്ചിട്ടുള്ള ഗുണഗണങ്ങളെ എത്ര വാഴ്ത്തിയാലും മതിയാവുന്നതല്ലല്ലൊ. രാമായണാദി സദ്ഗ്രന്ഥങ്ങൾക്കു് ചെറുകുടിലുകളിൽ പോലും പ്രവേശനം ലഭിച്ചതു അച്ചടിയന്ത്രം മൂലമാണെന്നോർക്കുമ്പോൾ നാം ക്രൈസ്തവന്മാരോടു് എത്രമാത്രം കടപ്പെട്ടിട്ടുണ്ടെന്നു ഊഹിക്കാം.
12.48 ഗിരിജാകല്യാണം
ഭാഷാചമ്പുപ്രബന്ധങ്ങളിലേ സുഖപ്രദമായ പര്യടനത്തിനു ശേഷം സരസങ്ങളും വിരസങ്ങളും സരസവിരസങ്ങളുമായ വിവിധലഘുകൃതികളിലേക്കു കടന്നു് മനസ്സു മുട്ടിയ ഒരുവൻ ഗിരിജാകല്യാണത്തിലേക്കു പ്രവേശിക്കുന്ന മാത്രയിൽ ‘ആവൂ’ എന്നു് ദീർഘമായിന്നു നിശ്വസിക്കാതിരിക്കയില്ല. എന്നാൽ കേരളത്തിലെ രണ്ടു അധുനാതനസാഹിത്യകേസരികളുടെ സൌഹാർദ്ദപൂർവമായ വാക്സമരത്തിന്നു രംഗഭൂവായിച്ചമഞ്ഞിട്ടുള്ള പ്രകൃതകൃതിയിലേക്കു കടക്കുമ്പോൾ കിഞ്ചിജ്ഞനായ ഈ ഗ്രന്ഥകാരനു് അനല്പമായ ഭയവും സങ്കോചവും അറിയാതെ ഉളവായിപ്പോകുന്നു. പക്ഷെ സത്യാന്വേഷണവിധുരന്മാരായ ആ മനസ്വികൾക്കു എങ്ങനെയും സത്യം തെളിയണമെന്നല്ലാതെ, ‘താൻ പിടിച്ച മുയലിനു കൊമ്പു് രണ്ടു്’ എന്ന മട്ടിൽ ഒരു മർക്കടമുഷ്ടി ഉണ്ടാവുകയില്ലെന്നുള്ള വിശ്വാസം എനിക്കു അല്പം ധൈര്യം നൽകുന്നുമുണ്ടു്. അതിനാൽ എന്റെ വിനീതമായ അഭിപ്രായത്തേ കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. ‘ഗിരിജാകല്യാണം’ എന്ന താളിയോലഗ്രന്ഥം ഞാൻ ആദ്യമായിക്കണ്ടതു് ഒരു പതിനഞ്ചു കൊല്ലത്തിനു മുമ്പാണു്. അക്കാലത്തു തന്നെ അതു ഉണ്ണായിവാര്യരുടെ കൃതിയല്ലെന്നു ഞാൻ ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാൽ സാഹിത്യപഞ്ചാനനാഭിധനായ മി. പി. കെ. നാരായണപ്പിള്ള അതിന്റെ പ്രഥമഖണ്ഡം പ്രസാധനംചെയ്ത അവസരത്തിൽ എഴുതിയ അവതാരികയിൽ തൽക്കർത്തൃത്വം ഉണ്ണായിവാര്യർക്കുതന്നെ നൽകി. അദ്ദേഹം ഈ വിഷയത്തിൽ ഭാഷാചരിത്രകർത്താവിനോടു യോജിക്കമാത്രമല്ല ചില യുക്തികളും പറഞ്ഞിട്ടുണ്ടു്.
ഈയിടയ്ക്കുവിദ്വൽകുലഭൂഷണമായ ഉള്ളൂർ മി. പരമേശ്വരയ്യർ ഈ ഗ്രന്ഥം മുഴുവനും ശ്രീമൂലഗ്രന്ഥാവലിയിലെ എട്ടാം നമ്പരായി പ്രസിദ്ധപ്പെടുത്തിയപ്പോൾ, ഗ്രന്ഥകർത്തൃത്വത്തെ സംബന്ധിച്ചിടത്തോളം മി. പി. കേ. നാരായണപ്പിള്ളയോടു യോജിച്ചെങ്കിലും, മറ്റുചില സംഗതികളിൽ വിയോജിച്ചു് ഒരു പ്രൌഢമായ അവതാരിക എഴുതിച്ചേർത്തു. അദ്ദേഹം പറയുന്നു:
“കൊച്ചീശീമയിൽ പ്രസിദ്ധവും പാവനവും ആയ ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തോടു് അടുത്തു തൊട്ടുകിടക്കുന്ന ‘അകത്തൂട്ടു’ വാരിയത്തിലാണു് നമ്മുടെ മഹാകവി ജനിച്ചതു്. അകത്തൂട്ടു വാരിയക്കാർക്കു് പണ്ടേയ്ക്കു പണ്ടേ കൂടൽമാണിക്യക്ഷേത്രത്തിൽ കഴകമുണ്ടു്. ഉണ്ണായിവാര്യരുടെ സാക്ഷാൽ നാമധേയം രാമൻ എന്നായിരുന്നു. രാമൻ ‘ഉണ്ണിരാമൻ’ ആയും ഉണ്ണിരാമൻ (ഉണിരാമവാരിയർ= ഉൺരാമവാരിയർ= ഉൺരായിവാരിയർ= ഉണ്ണായിവാരിയർ) ഉണ്ണായിയായും പരിണമിച്ചാണു് രാമവാരിയർ ഉണ്ണായിവാരിയരായിത്തീർന്നതു്.”
ഗിരിജാകല്യാണത്തിന്റെ കർത്താവു് രാമവാരിയരായിരുന്നുവെന്നുള്ളതിനു് ലക്ഷ്യമായി,
“ഗിരിജാകല്യാണമിദം നിരമാദലിഖച്ച രാമപാരശവഃ;
സങ്കടമോചനഹേതോഃ ശങ്കരഗോദപ്രഭോർന്നിയോഗേന”
എന്ന ഒരു പദ്യവും ഉദ്ധരിച്ചിട്ടുണ്ടു്. ഈ കവിയുടെതന്നെ കൃതിയായിട്ടു് രാമപഞ്ചശതി എന്നൊരുവിശിഷ്ടഗ്രന്ഥമുണ്ടെന്നു് അതിന്റെ നാല്പത്തിഒൻപതാം ശതകത്തിൽ തൽക്കർത്താവു പ്രസ്താവിച്ചിട്ടുള്ള ചില വിവരങ്ങളിൽനിന്നു ഗ്രഹിക്കാം. അതിൽ ഇങ്ങനെകാണുന്നു.
‘ഭവന്മാലാകാരോ ഭജനവിമലാകാരകരണോ-
സ്മ്യഹം രാമോ രാമായണഭണിതിമേവം തവ പുരഃ
സുഖം മാലേവൈതൽ സരസപദപുഷ്പൌഘരചിതാ
ജഗന്മാതുർമോദം ദിശതു സഹവാസാത്തവ ഹൃദി’
ഇത്രത്തോളം സംഗതികളിൽ വൈഷമ്യമൊന്നുമില്ല. എന്നാൽ ഇവിടെ ഒരു വലിയ ദുർഘടം നേരിടുന്നു. ഉണ്ണായിവാരിയർ തിരുവനന്തപുരത്തുവന്നു കാർത്തികതിരുനാൾ തമ്പുരാനെ ആശ്രയിച്ചു ജീവിച്ചിരുന്നുവെന്നും കുഞ്ചൻനമ്പ്യാരുടെ സമകാലികനായിരുന്നുവെന്നും മറ്റുമാണു് ഭാഷാചരിത്രകാരന്മാർ പറഞ്ഞിരിക്കുന്നതു്. അദ്ദേഹം പറയുന്ന കാലത്തോടു് “പരിണമേൽ പ്രസതൈ” എന്ന രാമപഞ്ചശതിയിൽ കാണുന്ന കലിസംഖ്യ യോജിക്കുന്നുമില്ല. കാർത്തികതിരുനാൾ തമ്പരാന്റെ കാലം കൊല്ലവർഷം പത്താംശതകത്തിലായിരുന്നല്ലോ. എന്നാൽ പരിണമേദിത്യാദി കലിസംഖ്യാപ്രകാരം രാമപഞ്ചശതീ നിർമ്മാണകാലം 798 ഇടവം 11-നു ആയിരിക്കണം. അതുകൊണ്ടു് വാര്യർ തിരുവനന്തപുരത്തു വന്നിട്ടേ ഇല്ലെന്നു വാദിക്കാൻ മി. പരമേശ്വരയ്യർ പ്രേരിതനായിഭവിച്ചു. ഭാഷാചരിത്രകർത്താവു് ഭാഷാചരിത്രം ഒന്നാപതിപ്പിൽ പ്രസ്താവിച്ചുകാണുന്നതു് യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തി അല്ലെന്നും അദ്ദേഹം ഖണ്ഡിച്ചു പറയുന്നു. [11]
കാർത്തികതിരുനാൾ മഹാരാജാവു് ഉണ്ണായിവാര്യർക്കു യാതൊരു അനുഭവവും പതിച്ചുകൊടുത്തിരുന്നതായി തെളിയുന്നില്ലെന്നുള്ള സംഗതിയും ഗിരിജാകല്യാണവും പഞ്ചശതിയും തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ അലഭ്യമായിരിക്കുന്നു എന്നുള്ള വസ്തുതയും ഭാഷയുടെ പ്രാചീനത്വവും ചേർത്തു നോക്കിയാൽ വാരിയരുടെ കാലം ഒൻപതാം ശതകത്തിനു ശേഷമാവാൻ തരമില്ലെന്നാണു് അദ്ദേഹത്തിന്റെ പധാന വാദം.
പിന്നെയും അദ്ദേഹം പറയുന്നു:
“അപി ച മമ ദയിതാ കളിയല്ലനതിചിരസൂതാ
പ്രാണം കളയുമതിവിധുരാഎന്നാൽ കുലമിതഖിലവുമറുതിവന്നിതു”
എന്ന നളചരിതം ഒന്നാംദിവസത്തെ കഥയിലെ പദഖണ്ഡം അറമാണു് എന്നൊരു ഐതിഹ്യമുണ്ടു് എന്നും, ഉണ്ണായിവാരിയർ സമീപത്തിൽ സന്തതിയില്ലാതെയാണു് മരിച്ചതെന്നും ഉള്ളതു നിർവിവാദമാണു്. വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തിരവനെ തൃശ്ശൂരിനടുത്തു കുട്ടനല്ലൂർ വാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു ദത്തുവച്ചു. അതിനും രണ്ടു തലമുറയ്ക്കു മേലാണു് ഒരു പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ട വാരിയർ കുടുംബത്തിൽ മൂപ്പനായതെന്നത്രേ ഐതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ 998-ൽ തന്റെ മകൻ തൃപ്പൊൽക്കുടത്തു ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു കുടുംബത്തേക്കു അവകാശിയാക്കിത്തീർത്തു. ആ ദത്തുപത്രം ഇപ്പോഴും ഉണ്ടു്. അദ്ദേഹം 70-ൽ ചില്വാനം വയസ്സു ജീവിച്ചിരുന്നു ശേഷം കൊല്ലം 1020-മാണ്ടിടയ്ക്കു കാലധർമ്മം പ്രാപിച്ചു. പിന്നീടു് രാമൻനമ്പ്യാരെകൊണ്ട് രാമപഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കരവാരിയർ മൂപ്പനായി. അദ്ദേഹം 74 വയസ്സോളംജീവിച്ചിരുന്നു് 1064-ൽ അന്തരിച്ചു. ശങ്കുവാരിയർ ശ്രാദ്ധം ഊട്ടിവന്ന പൂർവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരു പേർ കാണുന്നില്ല. ഉണ്ണായിവാരിയർ ഇട്ടുണ്ണിക്കണ്ട വാരിയരുടെ അടുത്ത പൂർവികനായിരുന്നില്ലെന്നുള്ളതുകൊണ്ടു് വിശദമാകും”
മി. പി. കെ. നാരായണപ്പിള്ള ഗിരിജാകല്യാണത്തിന്റെ കർത്തൃത്വം ഉണ്ണായിവാര്യർക്കു് നൽകുന്നുണ്ടെങ്കിലും കാലത്തെ സംബന്ധിച്ചും മറ്റും മി: പരമേശ്വരയ്യരുടെ വാദത്തെ ഖണ്ഡിക്കുന്നു. അദ്ദേഹം പറയുന്നു:
“ഒന്നാമതായി “പരിണമേൽ പ്രസത്ത്യൈ” എന്നതു കലിസംഖ്യാസൂചകമായി സ്വീകരിക്കാൻ വളരെ പ്രയാസമെന്നു് എനിക്കു തോന്നുന്നു. രാമപഞ്ചശക്തിയുടെ വ്യാഖ്യാതാവു് ആ ഭാഗത്തെ അങ്ങനെ ധരിച്ചില്ലെന്നു് പരമേശ്വരയ്യരവർകൾ തന്നെ സമ്മതിക്കുന്നു. പ്രസ്തുതപദ്യം കാവ്യത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ ഉള്ളതല്ല. നാരായണീയത്തിലെ ‘ആയുരാരോഗ്യസൗഖ്യം’ നിർദ്ദിഷ്ടമായ സ്ഥാനപ്രസക്തികൊണ്ടുതന്നെ കലിസംഖ്യയായി ഗ്രഹിക്കത്തക്കതായിരിക്കുന്നതുപോലെ ഒരു സൂചനയും ‘പരിണമേൽപ്രസത്യൈ’ എന്ന ഭാഗത്തെപ്പറ്റി ലഭിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ തെളിവിന്നു് ആധാരമായി സ്വീകരിച്ചിരിക്കുന്ന “പരിണമേൽപ്രസത്ത്യൈ” എന്ന ഭാഗം കലിസംഖ്യയാണെന്നു സിദ്ധമാക്കുന്നതിനു് വേറെ തെളിവുകൊണ്ടു സ്ഥാപിക്കേണ്ടിയിരിക്കുന്നു. സ്ഥാപ്യമായ മറ്റു സംഗതികളെക്കൊണ്ടു് സ്ഥാപിക്കുവാൻ തുടങ്ങുന്നതു കേവലം ചക്രവാദമാണല്ലോ. അതുകൊണ്ടു് കലിസംഖ്യാവിഷയമായ വാദം ഗണനീയമല്ല.”
“ദത്ത്രിമനായ ശങ്കുവാര്യർ ചാത്തമൂട്ടുന്ന പൂർവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരാൾ ഇല്ലെന്നുള്ളതിനെ സ്ഥാപിച്ചു് സാധുവായ ഒരു വാദത്തിനും അവകാശം കാണുന്നില്ല. അങ്ങനെയുള്ള പൂർവികന്മാരിൽ ഏറ്റവും പ്രാചീനനാരെന്നു ഒന്നാമതായി അറിയേണ്ടിയിരിക്കുന്നു. അതറിയുന്നതിനു മുമ്പായി ശങ്കു വാര്യരുടെ പൂർവികപരമ്പരയിൽ ഉണ്ണായിവാര്യർ സ്മരിക്കപ്പെടുന്നില്ലെന്നുള്ള സംഗതിയെ ആശ്രയിച്ചു് ഭദ്രമായ യാതൊരു വാദത്തിനും ആധാരമില്ല.”
“പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാക്കന്മാരാൽ ദത്തമായ അനുഭവങ്ങൾ ഒന്നും ഉണ്ണായിവാര്യർക്കുണ്ടായിരുന്നില്ലെന്നു് ഖണ്ഡിച്ചു പറവാൻതക്ക തെളിവുകൾ ഉണ്ടെന്നും ഞാൻ വിചാരിക്കുന്നില്ല. കുഞ്ചൻനമ്പ്യാർക്കുപോലും കല്പിച്ചനുവദിച്ചിരുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ കാലശേഷം വിച്ഛിന്നമായിപ്പോയി. പിന്നീടു കുറേനാൾ കഴിഞ്ഞു് അദ്ദേഹത്തിന്റെ വംശ്യരുടെ സങ്കടത്തിൻപേരിൽ അനുഭവങ്ങൾ പുനർജ്ജീവിതങ്ങളാകയാണു ചെയ്തതു്.”
“ഭാഷയുടെ പഴക്കമെന്നതു് അത്ര സ്പഷ്ടമോ പ്രബലമോ ആണെന്നു പറയാനില്ല. വിശേഷിച്ചു് ഉണ്ണായിവാര്യരെപ്പോലെ നിരങ്കുശനായ ഒരു കവിയുടെ കാര്യത്തിൽ ഭാഷാരീതിയെ ആശ്രയിച്ചുള്ള വാദം വളരെ സൂക്ഷിച്ചു വേണ്ടതുമാകുന്നു.”
“ഗിരിജാകല്യാണവും രാമപഞ്ചശതിയും വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ ഇല്ലെന്നുള്ളതുകൊണ്ടു് ഉണ്ണായിവാര്യർ തിരുവനന്തപുരത്തു വരികയൊ താമസിക്കുകയൊ ചെയ്തിട്ടില്ലെന്നു വാദിക്കാമോ എന്നു സംശയമാണു്. നമ്പ്യാരുടെ കൃതികൾ പലതും ടി ഗ്രന്ഥപ്പുരയിൽ ഇല്ലെന്നറിയുന്നു.” [12]
“ഉണ്ണായിവാര്യരുടെ കാലം കോട്ടയം രാജാവിനേക്കാൾ പ്രാചീനമായിരുന്നു എന്നു പറയത്തക്കതാണോ” എന്നും അദ്ദേഹം സംശയിക്കുന്നു.
ഇങ്ങനെ മി: പി. കെ. നാരായണപ്പിള്ള ഭാഷാചരിത്രകാരനോടു പരിപൂർണ്ണമായി യോജിക്കുന്നു. മി: ഗോവിന്ദപ്പിള്ളയുടെ അന്വേഷണബുദ്ധി പ്രശംസാർഹമായിരുന്നു എന്നു് ഭാഷാചരിത്രത്തിലെ ഏതു ഭാഗവും വ്യക്തമാക്കുന്നു. ഗ്രന്ഥങ്ങളിലൊന്നും ഗ്രന്ഥപ്പുരകളിൽനിന്നു വെളിക്കു വന്നിട്ടില്ലാതിരുന്ന അക്കാലത്തു് ഈ വിധം ഒരു ഗ്രന്ഥനിർമ്മാണം ചെയ്തതു നോക്കുമ്പോൾ അദ്ദേഹത്തിനെ എത്രമാത്രം പുകൾത്തിയാൽ മതിയാവും. എന്നാൽ ഇന്നത്തെ പണ്ഡിതന്മാരിൽ പലർക്കും അദ്ദേഹത്തിനോടു് വേണ്ടിടത്തോളം കൃതജ്ഞതയുണ്ടോ എന്നു സംശയമാണു്.
മി. ഗോവിന്ദപ്പിള്ള ഉണ്ണായിവാര്യരെക്കുറിച്ചു് ഏകദേശം പൂർണ്ണമായ ഒരു വിവരണം ഭാഷാചരിത്രം രണ്ടാംഭാഗത്തിൽ ചേർത്തിട്ടുണ്ടു്. മി. പരമേശ്വരയ്യർ ഗിരിജാകല്യാണത്തിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള മിക്ക സംഗതികളും അദ്ദേഹം പറഞ്ഞിട്ടുള്ളതുതന്നെയാണു്. ശങ്കുവാര്യരെപ്പറ്റി മി. പരമേശ്വരയ്യർ,
“ധീമാൻ പാരശവാഗ്രണീവിജയതേ ജ്യോതിർവിദഗ്രേസരഃ
ഖ്യാതോ ദക്ഷിണമന്ദിരന്ത്വധിവസൻ യശ്ശങ്കരാഖ്യോഽമലഃ”
ഇത്യാദി ഒരു ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടല്ലൊ. മി. ഗോവിന്ദപ്പിള്ള അതിലടങ്ങിയ സംഗതികളെ കുറെ ക്കൂടി വ്യക്തമാക്കി ഇങ്ങനെ എഴുതിയിരിക്കുന്നു.
“ഉണ്ണായിവാര്യരുടെ കാലം കഴിഞ്ഞു് ഒരു തലമുറ കഴിഞ്ഞതിന്റെ ശേഷം കുലത്തിൽ സന്തതിയില്ലാതെ വരികയാൽ അന്നമടനട വാര്യത്തിൽനിന്നു ദത്തെടുത്തു. ഇപ്പോൾ ഇരിങ്ങാലക്കുട തെക്കേടത്തു വാര്യത്തുള്ളവർ ഉണ്ണായിവാര്യരുടെ മരുമക്കളുടെ മരുമക്കളാകുന്നു. ഇപ്പോഴത്തെ കാരണവർ ശങ്കുവാര്യരും അനന്തരവൻ കുട്ടൻ വാര്യരും ജ്യോതിഷശാസ്ത്രത്തിൽ സമർത്ഥന്മാരാണു്. അവർക്കു എഴുതി അയച്ചിരുന്നതിന്റെ ശേഷവും ശരിയായ വിവരം കിട്ടാത്തതിനാൽ വ്യസനിക്കുന്നു.”
ഈ പണ്ഡിതകേസരികളുടെ അഭിപ്രായത്തെ ഖണ്ഡിച്ചു് മൂന്നാമതൊരു അഭിപ്രായം സ്ഥാപിക്കണമെന്നു് എനിക്കു ലേശം പോലും മോഹമില്ല. അതിനുള്ള ശക്തിയും എനിക്കില്ല. നേരെമറിച്ചു് ആധുനികസാഹിത്യകാരന്മാരുടെ ഇടയ്ക്കു് ബഹുമാന്യരായിതീർന്നിട്ടുള്ള ഈ പുണ്യശ്ലോകന്മാരുടെ അഭിപ്രായങ്ങളെ ഒരു പുനരാലോചനയും കൂടാതെ അന്ധമായി വിശ്വസിക്കുന്നതിനുപോലും ഞാൻ പലപ്പോഴും പ്രേരിതനായിത്തീർന്നിട്ടുണ്ടു്. ഈ വിഷയത്തിൽ ഉപരിചിന്തനം ചെയ്തു് പരമാർത്ഥം കണ്ടുപിടിക്കുന്നതിനു് വായനക്കാരെ പ്രേരിപ്പിക്കണമെന്നു മാത്രമേ എനിക്കു വിചാരമുള്ളു. നിയമത്തിനെന്നപോലെ സത്യത്തിനും വ്യക്തിപൂജകഭാവമില്ലല്ലോ.
ഒന്നാമതായി ഉണ്ണിരാമശബ്ദത്തെ ഉണ്ണായി ആക്കി പരിണമിപ്പിക്കുന്നതിനു് മി. പരമേശ്വരയ്യർ ചെയ്ത ശ്രമം സഫലമായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ജീവപരിണാമശൃംഖലയിലെ ച്യുത ശൃംഖജാലങ്ങളെ കണ്ടു പിടിക്കുന്ന സംഗതിയിൽ ഡാർവിൻപ്രഭൃതികൾക്കു നേരിട്ട ക്ലേശങ്ങൾ ഒന്നും ഭാഷാപരിണതിയിലെ നഷ്ടപ്പെട്ട കണ്ണികൾ കണ്ടു പിടിക്കുന്ന വിഷയത്തിൽ ഭാഷാശാസ്ത്രജ്ഞന്മാർക്കു നേരിടാറില്ല. എന്തുകൊണ്ടെന്നാൽ ജീവപരിണതിയെ ഉദാഹരിക്കുന്ന രേഖകൾ ഭൂഗർഭത്തിലും സമുദ്രത്തിന്റെ അടിത്തട്ടുകളിലും മറഞ്ഞുകിടക്കുകയാണു്. നേരെ മറിച്ചു് ഭാഷയെസംബന്ധിച്ച മാറ്റങ്ങൾ പ്രാചീനഗ്രന്ഥങ്ങൾ പരിശോധിച്ചു നോക്കിയാൽ ആർക്കും നിഷ്പ്രയാസം കാണാം. ഉണ്ണിരാമൻ ഉണിരാമനാകുന്ന കാര്യം തന്നെ പ്രയാസമാകുന്നു. ഖരാക്ഷരത്തിനു മുമ്പിൽ മാത്രമേ ഉണ്ണി ‘ഉണി’ യായി പരിണമിക്കുകയുള്ളു. ഉണിക്കോരൻ, ഉണിച്ചക്കി, ഉണിച്ചിര എന്നല്ലാതെ, ഉണിമാണിക്യം, ഉണിരവി എന്നൊക്കെ ഭാഷാചരിത്രം മുഴുവൻ തേടിയാലും കാണുകയില്ല. അഥവാ വാദത്തിനു വേണ്ടി ‘ഉണിരാമൻ’ എന്നൊരു രൂപം ഉണ്ടെന്നു സമ്മതിച്ചാലും അതിന്റെ അടുത്ത പരിണാമമായ ‘ഉൺരാമൻ’ ഭാഷാനയത്തിനു തീരെ വിപരീതമാണു്. സങ്കുചിതരൂപനിർമ്മാണത്തിനു നിയാമകമായിരിക്കുന്നതു് ഉച്ചാരണസൌകര്യം മാത്രമാകുന്നു. എല്ലാഭാഷകളും ഈ വിഷയത്തിൽ ഏറക്കുറെ ഒരേ നിയമത്തെത്തന്നെ അനുസരിച്ചു കാണുന്നു. നമുക്കു ചില രൂപങ്ങളെ പരിശോധിച്ചുനോക്കാം.
A. പൂർണ്ണരൂപം സങ്കുചിതരൂപം
(1) വാസുദേവൻ വാസു
(2) ദാമോദരൻ ദാമു
(3) ശങ്കരൻ ശങ്കു
ഈ പദങ്ങളുടെ അന്ത്യഭാഗത്തെ വിട്ടുകളഞ്ഞിട്ടു് ഉച്ചാരണസുഖത്തിനു വേണ്ടി ഉകാരം ചേർത്തിരിക്കുന്നു. ഇംഗ്ലീഷിലും ഇതുപോലെ ‘Gertrude’ എന്നതിനു് Gertie എന്നും ‘Henry’ എന്നതിനു Hen, ‘Henny’ എന്നും രൂപങ്ങൾ കാണുന്നുണ്ടു്. ഈ ഉദാഹരണങ്ങളിലെ അന്ത്യസ്വരങ്ങളും ഉച്ചാരണസൌകര്യാർത്ഥം ചേർക്കപ്പെട്ടിട്ടുള്ളവയാണു്. ഇനി ബംഗാളിഭാഷ നോക്കാം.
പൂർണ്ണരൂപം സങ്കുചിതരൂപം
(1) വിശ്വേശ്വര വിശു
(2) നരേന്ദ്രൻ നരൻ
B. പദങ്ങളുടെ പൂർവഭാഗത്തേയും ഛേദിച്ചു കളയാറുണ്ടു്.
ഉദാഹരണം:
പൂർണ്ണരൂപം സ.രൂപം
(1) നീലകണ്ഠൻ കണ്ടൻ (മലയാളം)
(2) സുബ്രഹ്മണ്യൻ മണിയൻ (തമിഴ്)
(3) Elizabeth Beth, Bettie
ദീർഘപദങ്ങളാണെങ്കിൽ,
C. ഇടയ്ക്കുള്ള ചില അക്ഷരങ്ങളെ ലോപിച്ചും സങ്കുചിതരൂപങ്ങൾ നിർമ്മിയ്ക്കാവുന്നതാകുന്നു.
ഉദാഹരണം:
(1) നാരായണൻ, നാണൻ, നാണു
(2) പരമേശ്വരൻ, പാച്ചരൻ, പാച്ചൻ, പാച്ചു.
(3) മഹാദേവൻ, മാതേവൻ.
(4) Matilda, Maud.
ഇവിടെ അക്ഷരലോപം കുറിക്കുന്നതിനു് പൂർവസ്വരത്തേ ദീർഘിപ്പിച്ചിട്ടുണ്ടെന്നുള്ളതും സ്മർത്തവ്യമാണു്.
ഈ ഉദാഹരണങ്ങൾ നോക്കിയാൽ ജീവപ്രാഗ്രൂപം (Protoplasm) യദൃച്ഛാഗതമായ ഭേദഗതികളെ (variations) സംഗ്രഹിച്ചു് ഭിന്ന ഭിന്ന രൂപങ്ങളിൽകൂടി കടന്നു് ഒടുവിൽ മനുഷ്യാവസ്ഥയേ പ്രാപിച്ചതുപോലെ ഉണ്ണിരാമൻ, ഉണിരാമൻ, ഉൺരാമൻ എന്നിങ്ങനെ ഒരോ ദശാഘട്ടങ്ങൾ തരണംചെയ്തു് ഒടുവിൽ, ഉണ്ണായി ആയി പരിണമിച്ചുവെന്നു പറയാവുന്നതല്ല. ‘രാമൻ’ എന്ന പേരിനോടു് ‘ഉണ്ണി’ എന്നുകൂടി ചേർത്തിട്ടു പിന്നീടു രാമശബ്ദം ലോപിപ്പിച്ചതായി വരരുതോ എന്നു സംശയിക്കാമെങ്കിലും, അതിനും മാർഗ്ഗമില്ലെന്നു പറയേണ്ടിയിരിക്കുന്നു. നീണ്ട പദത്തെ ചുരുക്കുന്നതല്ലാതെ ഹ്രസ്വമായ പദത്തെ നീട്ടിയ ശേഷം വീണ്ടും ചുരുക്കുന്ന സമ്പ്രദായം ഒരു ഭാഷയിലും കാണുന്നില്ല. സാധാരണ ഉണ്ണി, കുഞ്ഞു് ഇത്യാദികളെ, രാമൻ, കൃഷ്ണൻ, കോരൻ [13] ഇത്യാദി ഹ്രസ്വനാമങ്ങളോടു മാത്രമേ ചേർക്കാറുള്ളുവെന്നു് ആർക്കാണു് അറിഞ്ഞുകൂടാത്തതു്?
ഇനി ഈ പേരിനെപ്പറ്റി ഒരു സംഗതികൂടി ആലോചിപ്പാനുണ്ടു്. ഉണ്ണിവാര്യരെന്നു് രാമവാര്യർക്കുണ്ടായിരുന്ന ഓമനപ്പേരു കാലക്രമേണ ഉണ്ണായി എന്നു പരിണമിച്ചതായ് വരരുതോ? കൃഷ്ണൻ ‘കിട്ടു’ ‘കിട്ടായി’ ആയി പരിണമിച്ചതുപോലെ ഉണ്ണി ‘ഉണ്ണായി’ ആയിത്തീരാവുന്നാതാണെന്നു് ആരു സമ്മതിക്കും. വാര്യന്മാരുടെ ഇടയ്ക്കു് ‘ഉണ്ണിവാര്യർ’ എന്ന പേർ ധാരാളമുണ്ടുതാനും. അതിനാൽ മി. പരമേശ്വരയ്യരുടെ വാദത്തെ ഉണ്ണായി എന്ന പേരിനെ മാത്രം അവലംബിച്ചു ഖണ്ഡിക്കാവുന്നതല്ല.
എന്നാൽ ബാല്യങ്ങളായ ലക്ഷ്യങ്ങൾ വേറെ ഉണ്ടെന്നു് അദ്ദേഹം പറയുന്നില്ല. ഇനി ആന്തരമായ ലക്ഷ്യങ്ങൾ ഉണ്ടോ എന്നു നോക്കുക. ‘പരിണമേൽ പ്രസത്യൈ’ എന്നതു കലിസംഖ്യതന്നെയാണെന്നു് എനിക്കും തോന്നുന്നു. അതു രാമപഞ്ചശതിയുടെ അവസാനത്തിൽ ഉള്ളതല്ലെന്നുള്ള ഏകസംഗതികൊണ്ടു കലിദിനമല്ലെന്നു വിചാരിക്കാവുന്നതല്ല. കവി, നാല്പത്തി ഒൻപതാം ദശകത്തിന്റെ അവസാനത്തിൽ തന്നെപ്പറ്റി പല വിവരങ്ങൾ പറഞ്ഞ കൂട്ടത്തിൽ, അതുവരെയുള്ള ഭാഗത്തെ എഴുതിത്തീർത്ത കലിദിനത്തെകൂടി സൂചിപ്പിച്ചതായി വരാം. ‘ഭവന്മാലാകാരഃ’ ‘ബുധോ വാ മൂഢോ വാ’ ഈ രണ്ടു പദ്യങ്ങളും കാവ്യത്തിന്റെ അവസാനത്തിൽ ചേർക്കാതെ നാല്പത്തിഒൻപതാമത്തെ ദശകത്തിൽ ചേർത്തതുപോലെ കലിദിനവും അവിടെത്തന്നെ ചേർത്തുവെന്നേ വിചാരിപ്പാനുള്ളു. അവസാനദശകത്തിലെ പദ്യങ്ങൾ ലിപികാരപ്രമാദത്താലൊ മറ്റൊ നാല്പത്തി ഒൻപതാം ദശകത്തിന്റെ അന്ത്യഭാഗത്തു കടന്നു കൂടിയതായും വരാവുന്നതാണു്. ഗ്രന്ഥങ്ങളിൽ ഈ മാതിരി സ്ഥാനഭ്രംശം വരാറുണ്ടെന്നുള്ളഥിനു് മി. പരമേശ്വരയ്യരും, നന്ത്യാർവീട്ടിൽ മി. കെ. പരമേശ്വരൻപിള്ളയും പ്രസാധനം ചെയ്തിട്ടുള്ള ഭഗവദ്ഗീതാ ഭാഷാഗാനങ്ങൾ ലക്ഷ്യം വഹിക്കുന്നുണ്ടല്ലോ.
ഗിരിജാകല്യാണത്തിലെ ഭാഷാരീതിക്കും വൃത്തങ്ങൾക്കും ചമ്പുക്കളിലെ രീതിയോടും വൃത്തങ്ങളോടും പ്രകടമായി കാണുന്ന സാദൃശ്യവും, ഈ അവസരത്തിൽ നാം ഓർക്കേണ്ടതാണു്. കവി നിരങ്കുശനായതുകൊണ്ടു് പ്രയോഗങ്ങൾ നോക്കി ഒന്നും തീർച്ചപ്പെടുത്താവുന്നതല്ലെന്നുള്ള അഭിപ്രായത്തോടു പൂർണ്ണമായിയോജിക്കാൻ നിവൃത്തി ഇല്ല. നിരങ്കശനായതിനാൽ,
‘അങ്ങോടടൻ പുനരിങ്ങോടടൻ’ എന്നിങ്ങനെ സംസ്കൃതവും ഭാഷയും ‘പ്രൊഫസർ തിരുമേനി’ അരുളിച്ചെയ്യുമ്പോലെ ‘മോരും മുതിരയും’ എന്നമട്ടിൽ കലർത്തിയോ,‘വിധിയന്ത്രത്തിരിപ്പുമൂന്നീ’ എന്നിങ്ങനെ വ്യാകരണവിധികളെ അതിലംഘിച്ചൊ പ്രയോഗിച്ചേക്കാമെന്നല്ലാതെ പ്രചാരലുപ്തങ്ങളായപദങ്ങളെത്തേടിപ്പിച്ചു പ്രയോഗിച്ചുവെന്നു വരികയില്ല. എഴുത്തച്ഛന്റെ കൃതികളിൽപ്പോലും കാണാത്ത അനവധി പ്രാചീന പ്രയോഗങ്ങൾ ഗിരിജാകല്യാണത്തിൽ കാണ്മാനുണ്ടു്. ഇത്തരം പ്രയോഗങ്ങൾ നോക്കിമാത്രം കാലനിർണ്ണയം ചെയ്യാവുന്നതല്ലെന്നു വന്നാൽതന്നെയും മറ്റുതെളിവുകൾ കൂടി ഉണ്ടെങ്കിൽ, അങ്ങനെ ചെയ്യുന്നതു ആക്ഷേപാർഹമായിരിക്കയില്ല. എന്നാൽ അതുകൊണ്ടു് ഗിരിജാകല്യാണകർത്താവു് എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഇരിങ്ങാലക്കുട രാമവാര്യരാണെന്നേ സിദ്ധിക്കുന്നുള്ളു.
ഉണ്ണായിവാര്യരും രാമവാര്യരും ഒന്നായിരുന്നു എന്നു വരണമെങ്കിൽ, വേറെ ലക്ഷ്യങ്ങൾ വേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല ചില ഐതിഹ്യങ്ങളെ പാടെ നിരസിക്കേണ്ടതായും വരുന്നു. ഭാഷയുടെ കാഠിന്യവും ആശയസംബന്ധമായ ചില ചില്ലറസാദൃശ്യങ്ങളുമാണു് ഗിരിജാകല്യാണകർത്താവു് ഉണ്ണായി ആയിരുന്നു എന്നു തെളിയിക്കുന്നതിനുവേണ്ടി ഉള്ളൂരും മി. പി. കെ. യും ഹാജരാക്കുന്ന രേഖകൾ. ഇവയിൽ ഭാഷയുടെ കാഠിന്യം ഒരു തെളിവായി സ്വീകരിക്കാവുന്നതേ അല്ല. ഗുരുകുല ക്ലിഷ്ടന്മാർക്കു മാത്രമേ നൈഷധീയ കാവ്യത്തിന്റെ രസാസ്വാദനം പൂർണ്ണമായി അനുഭവിക്കാൻ സാധിക്കയുള്ളൂവെങ്കിൽ, മുരാരി പ്രഭൃതികളായ മറ്റു ചില കവികളെപ്പറ്റിയും അങ്ങനെതന്നെ പറയാവുന്നതാണു്. അർത്ഥകാഠിന്യം ശ്രീഹർഷനെന്നപോലെ മുരാരിപ്രഭൃതികൾക്കുമുണ്ടു്. എന്നാൽ ‘മുരാരേസ്തൃതീയഃ പന്ഥാ’ എന്നു പറയുംപോലെ ഓരോ കാവ്യത്തിനും ഓരോ ശൈലിവിശേഷം നാം കാണുന്നു. രണ്ടു ഭാഷകൾ തമ്മിൽ ശൈലിവ്യത്യാസം ഉള്ളതുപോലെ രണ്ടുവ്യക്തികൾ തമ്മിലുമുണ്ടു്. പ്രയോഗം സർവഥാ ശീലാനുവിധേയമാകുന്നു. ഒരു പ്രസംഗകാരൻ പ്രസംഗിക്കുമ്പോഴും കവി പദഗുംഫനം ചെയ്യുമ്പോഴും ചേതന (consciousness) ഉദാസീനമായിരിക്കുന്നതേയുള്ളു. ശീലം നിത്യാഭ്യാസഫലമാണല്ലോ. അഭ്യാസദശയിൽ ചേതനയ്ക്കു കേന്ദ്രീഭാവം അപേക്ഷിതമാണെങ്കിലും തൽഫലമായി ഒരു ശീലം നല്ലപോലെ നമ്മിൽ പതിഞ്ഞുപോയാൽ, പിന്നീടു് ആ ശീലത്തിനു വിഷയമായ പ്രവൃത്തി ചെയ്യുമ്പോഴൊക്കെ ചേതനഉദാസീനമായിരിക്കുന്നതേയുള്ളു. അതു് ഒരു വലിയ സൗകര്യവുമാണു്. പ്രസംഗകാരനോ കവിയ്ക്കൊ ഓരോ ഘട്ടത്തിലും പദപ്രയോഗത്തെപ്പറ്റി ചിന്തിക്കേണ്ടതായി വന്നാൽ അയാൾക്കു ഞരങ്ങാനും മൂളാനും മാത്രമേ സാധിക്കയുള്ളൂ. ആശയങ്ങൾ പോലും അയാളുടെ മനസ്സിൽ പരസ്പരാനുബദ്ധങ്ങളായിരിക്കുന്നതിനാൽ, ഒരു ആശയം ആശയാന്തരങ്ങളേ താനേ ഉണർത്തിക്കൊള്ളുന്നു.
അതിനാൽ ശൈലി മാറ്റേണമെങ്കിൽ പൂർവശീലഭഞ്ജനത്തിനും നവശീലവിധാനത്തിനും മനഃപ്രകൃതിശാസ്ത്രജ്ഞന്മാർ വിധിച്ചിട്ടുള്ള ചടങ്ങുകൾ അനുഷ്ഠിച്ചേ മതിയാവൂ. ഒരു കവി ഒരു വിധത്തിൽ പ്രയോഗിച്ചു ശീലിച്ചുപോയാൽ, അതു പിന്നീടു് മരണപര്യന്തം നിലനിൽക്കുന്നു. അതിനാൽ ശൈലി നോക്കി രണ്ടു കൃതികൾ ഒരേ കവിയുടേതുതന്നെയൊ എന്നു നിർണ്ണയിക്കാവുന്നതാണു്.
ഒന്നാമതായി നളചരിതത്തിലെയും ഗിരിജാകല്യാണത്തിലേയും ശൈലിക്കു തമ്മിൽപ്രകടമായ വ്യത്യാസം കാണുന്നുണ്ടു്. ഗിരിജാകല്യാണകർത്താവു്,
‘കനകനിറംപൂണ്ടു ഘനകാരുണ്യമൂർത്തേ
മനകാമ്പിങ്കൽ വാണീടനഘ! കരിമുഖ’
എന്നും, താരണികഴൽ കാണ്മാനാരുമാളല്ല ഞങ്ങൾ’ എന്നും, പ്രാചീനരീതിയിലുള്ള സന്ധികൾ പല ദിക്കുകളിൽ ചെയ്തുകാണുന്നു. ‘മനക്കാമ്പ്’ എന്നു് ഒരിടത്തും പ്രയോഗിച്ചിട്ടില്ല. നളചരിതകർത്താവാകട്ടെ,
“ആർദ്രഭാവം നിന്മനക്കാമ്പിലാവോളം വേണമെങ്കിൽ” എന്നും,-
“ഇനിയ്ക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം”–
എന്നും ആണു് സർവത്ര പ്രയോഗിച്ചിട്ടുള്ളതു്’ ‘മനക്കാമ്പു്’ എന്ന പദത്തെ വൃത്തമൊപ്പിക്കുന്നതിനുവേണ്ടി, നിരങ്കുശനായ ഒരു കവി ‘മനക്കാമ്പു് എന്നു പ്രയോഗിച്ചേക്കാവുന്നതുതന്നെ. എന്നാൽ ഒരു കൃതിയിൽ എല്ലായിടത്തും ‘മനക്കാമ്പെ’ന്നും മറ്റൊന്നിൽ ‘മനകാമ്പു്’ എന്നും ഒരേ കവിതന്നെ പ്രയോഗിച്ചു കാണുകയില്ല.
രണ്ടാമതായി, പൂതൽ, നിച്ചലും, മിടമ, വിതുമ്പി, വിച്ച ഇത്യദി പ്രാചീനപദങ്ങൾ ഗിരിജാകല്യാണത്തിൽ ധാരാളം കാണുകയും, നളചരിതത്തിൽ കാണാതിരിക്കയും ചെയ്യുന്നു. നളചരിതത്തിലെ ഭാഷ അർവാചീനം തന്നെയാകുന്നു.
മൂന്നാമതായി,
“ദേവകൾ മുനികളെന്നേവമില്ലന്നുഭേദം
കേവലം മുനികളായേവരുമെന്നേവേണ്ടു.”
ഈ വരികളിൽ കാണുമ്പോലെ പാദാർദ്ധത്തിൽ സ്വരവ്യഞ്ജനപ്പൊരുപ്പം സാർവത്രികമായി നിഷ്കർഷിച്ചു കാണുന്നതിനാൽ ഗിരിജാകല്യാണത്തിലെ ഭാഷയ്ക്കു കൃത്രിമത്വം വന്നു പോയിട്ടുണ്ടു്.
“ഉച്ചൈസ്തരോദ്യത്തദച്ഛച്ഛവിച്ഛടാ-
ഗുച്ഛഛുരണ രണച്ചാരുചാരിണീ
വിശ്വം തണുപ്പിച്ചു വിജ്വരമാക്കിനാൾ”
ഇത്തരം പ്രയോഗങ്ങൾ നളചരിതത്തിൽ കാണുകയില്ല.
“ഉച്ചൈസ്തരോദ്യത്തദച്ഛച്ഛ വിച്ഛടാഗുച്ഛച്ശു-
രണരണച്ചാരുചാരിണി”
യായ ദേവി അടുത്തു ചെല്ലുന്നതിനുമുമ്പേ ആളുകൾ ഓടിക്കളകയില്ലേ? അതുകണ്ടു് വിശ്വം പൂർവാധികം സജ്വരമാവുകയേയുള്ളൂ.
“കാമിനീരൂപിണിശീലവതീമണീ ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീനാമ രമാഽനവമാ,
സാമരധാമവധൂമദഭൂമവിരാമദകോമളിമാ,
ത്വാമനുരാഗിണിയാമതെനിക്കുഭര,
അമരാധിപതിമപഹായ രാഗിണം”
ഇത്യാദി ഭാഗങ്ങളിൽ കാണുന്ന പ്രാസപ്രയോഗ ചാതുരിക്കും,
“ജായസേ ത്രായസേ സ്ത്യായസേ ക്ഷീയസേ
കർത്താസി ഭർത്താസി ഹർത്താസി ഭോക്താസി
ഗീയസേ സ്തൂയസേ ലീയസേ ശ്രീയസേ
സ്വാതന്ത്ര്യജാതസാന്ദ്രാനന്ദശീധുസാ-
രാമന്ദപാതിസാദ്ധ്യാമോദമേദസേ,
ദൂരതോ ധൂതസാംസാരികസ്രോതസേ
ദീനദീരോദസേ തേ നമോ വേധസേ”
എന്നിങ്ങനെ അവസാനമില്ലാതെ കാണുന്ന ശബ്ദാലങ്കാരധോരണിക്കും തമ്മിൽ അജഗജാന്തരമുണ്ടു്. ഗിരിജാകല്യാണം വായിക്കുന്ന ആൾക്കു കവിയുടെ പാണ്ഡിത്യത്തേയും പദസ്വാധീനതയേയും പറ്റി അതിരറ്റ ബഹുമാനം തോന്നിയേക്കാം. എന്നാൽ രസിക്കാൻ അധികം വകയുള്ളതു് നളചരിതത്തിലാണു്. ഗിരിജാകല്യാണം വായിച്ചു പഠിക്കാനാണു് അധികം പറ്റിയതു്. നളചരിതമോ? ആപാദചൂഡം നിസർഗ്ഗസുന്ദരമാണു്. അതിലൊരിടത്തും നമുക്കു കവിയേക്കാണ്മാൻ സാധിക്കയില്ല. രസപരിപോഷണത്തിനു ഉതകുന്ന മട്ടിലേ ശബ്ദാർത്ഥാലങ്കാരങ്ങൾ നിബന്ധിച്ചിട്ടുള്ളു.
“അപുത്രമിത്രാ കാന്താരം പുക്കനർത്ഥഗർത്തേ വീണാളേ
ആനന്ദിച്ചേ വാഴേണ്ടുന്നവളല്ലേ കമനീ നീണാളേ
അപത്രപിച്ചീടേണ്ടാ ഞാനോ വനത്തിൽ മേവുന്നാണാളേ”
ഇത്യാദി പാട്ടിൽ വനചരനേക്കൊണ്ടു പറയിച്ചിരിക്കുന്ന വാക്കുകൾ കാട്ടാളന്റെ സ്ഥിതിയ്ക്കു് കുറേ കടന്നുപോയി എന്നു് തോന്നിയേക്കാമെങ്കിലും, നളന്റെ കാലത്തെ കാട്ടാളന്റെ ഇന്നത്തേ കാട്ടാളന്റെയും സ്ഥിതികൾക്കു തമ്മിലുള്ള വ്യത്യാസം സ്മരണീയമാകുന്നു. ഈ വരികളിലും കവിയുടെ ഔചിത്യമാണു് പ്രകടമായിരിക്കുന്നതു്. ‘അപുത്രമിത്രേതി’ പാദത്തിലേ, പരുഷാക്ഷരബാഹുല്യവും അടുത്ത പാദങ്ങളിലേ മധുരാക്ഷരങ്ങളും കവിയുടെ ഔചിത്യബോധത്തിനു ലക്ഷ്യമായിരിക്കുന്നില്ലേ?
നാലാമതായി വാര്യർ കാർത്തികതിരുനാൾ തമ്പുരാന്റെ ആശ്രിതനായിരുന്നു എന്നുള്ള ഐതിഹ്യം പ്രബലമായിരിക്കുന്നു. അതിനേ ഖണ്ഡിക്കാനുള്ള ശ്രമത്തിൽ മിസ്റ്റർ ഗോവിന്ദപ്പിള്ളയേപ്പറ്റി മിസ്റ്റർ പരമേശ്വരയ്യർ പറഞ്ഞിട്ടുള്ള വാക്കുകൾ കുറേ കഠിനമായിപ്പോയെന്നു പറയേണ്ടിയിരിക്കുന്നു. ഭാഷാചരിത്രകർത്താവു് പറഞ്ഞിട്ടില്ലാത്ത ഒരു സംഗതിയും മിസ്റ്റർ പരമേശ്വരയ്യർ പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം ഒരു പണ്ഡിതനായിരുന്നില്ലെങ്കിലും അക്കാലത്തെ സ്ഥിതിക്കു് കഴിയുന്നത്ര രേഖകളും തെളിവുകളും ശേഖരിച്ചതിനുശേഷമേ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞിട്ടുള്ളു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ പലതും തെറ്റിപ്പോയിരിക്കാം. ചരിത്രലക്ഷ്യങ്ങൾ പല ദിക്കുകളിലായി ചിന്നിച്ചിതറിക്കിടക്കുകയാണല്ലൊ ചെയ്യുന്നതു്. അവയെ എല്ലാം കണ്ടുപിടിക്കുന്ന കാലത്തു മാത്രമേ ഖണ്ഡിതമായ അഭിപ്രായങ്ങൾ ആർക്കെങ്കിലും പറവാൻ സാധിക്കയുള്ളു. അതുകൊണ്ടു് ആ വിഷയത്തിൽ മി. ഗോവിന്ദപ്പിള്ളയെ അധിക്ഷേപിയ്ക്കുന്നതു ഉചിതമല്ല.
ഉണ്ണായിവാര്യർ തിരുവനന്തപുരത്തു താമസിച്ചിട്ടില്ലെന്നുള്ളതിനു ആധാരമായി മി. പരമേശ്വരയ്യർ കൊണ്ടുവന്നിട്ടുള്ള തെളിവുകളെ മി. പി. കേ. നാരായണപിള്ള ഖണ്ഡിച്ചിട്ടുള്ള സ്ഥിതിക്കു് അതിനെപ്പറ്റി കൂടുതലായി ഒന്നുംപറയേണ്ടയില്ല. ഗിരിജാകല്യാണം തിരുവനന്തപുരത്തേ കൊട്ടാരം ഗ്രന്ഥപ്പുരയിൽ കാണുന്നില്ലെന്നുള്ളതു് ഒരു വിധത്തിലും അനുകൂലമായോ പ്രതികൂലമായോ ഉള്ള ഒരു തെളിവല്ല. പ്രാചീനകാലങ്ങളിലേ മലയാളികൾ ഗ്രന്ഥപാരായണത്തിൽ ഇന്നത്തേതിൽ കൂടുതൽതാല്പര്യം പ്രദർശിപ്പിച്ചിരുന്നു എന്നു പറഞ്ഞാൽ ചിലർ ചിരിക്കുമായിരിക്കാം. എന്നാൽ പരമാർത്ഥം അങ്ങനെയാണു്. മലബാറിന്റെ വടക്കേ അറ്റത്തു് ഉണ്ടായിട്ടുള്ള നല്ല കൃതികൾ മാത്രമല്ല ക്ഷുദ്രകൃതികൾ പോലും മുഞ്ചിറ മുതലായ ദിക്കുകളിൽ കാണ്മാനുണ്ടു്. ഇക്കാലത്താകട്ടെ നിസ്സാര വിലക്കു പുസ്തകങ്ങൾ ലഭിക്കുമെന്നിരുന്നിട്ടും, വാങ്ങിച്ചു വായിക്കാൻ ആളുകൾ ഇല്ലാതിരിക്കുന്നു. ഗിരിജാകല്യാണത്തിന്റെ ഒന്നിലധികം പ്രതികൾ തിരുവനന്തപുരത്തു തന്നെ കിട്ടുന്നതാണു്. കൊട്ടാരം ഗ്രന്ഥപ്പുരയിൽ ഇല്ലെന്നു വന്നാലും, അതു എങ്ങനെയോ വെളിയിൽ പോയതാണെന്നു വിചാരിച്ചാൽ മതിയാവും. എന്നാൽ പ്രസ്തുത ഗ്രന്ഥത്തിന്റെ അഭാവം തൽകവി തിരുവനന്തപുരത്തു വന്നിരുന്നില്ലെന്നുള്ളതിനു ഒരു തെളിവാകാത്തതുപോലെ, അതിന്റെ സാന്നിധ്യം കവി ഇവിടെ താമസിച്ചിരുന്നുവെന്നതിനു ഗമകമായിരിക്കുന്നുമില്ല.
എല്ലാറ്റിനും പുറമെ ഉണ്ണായിവാര്യർ കോട്ടയം തമ്പുരാനേക്കാൾ പ്രാചീനനായിരുന്നുവെന്നു വിചാരിക്കുന്ന കാര്യമാണു് വളരെ പ്രയാസമായിരിക്കുന്നതു് രാമപഞ്ചശതിയുടെ നിർമ്മാണകാലം ൯൮-ൽ ആണെങ്കിൽ, കൊട്ടാരക്കരരാജാവു് കഥകളി നിർമ്മിച്ച കാലത്തു അദ്ദേഹം മരിച്ചിട്ടില്ലാത്തപക്ഷം പടുവൃദ്ധനായിരുന്നിരിക്കണം. അതിനും പുറമെ കഥകളി വടക്കൻ ദിക്കുകളിൽ പ്രചരിക്കുന്നതിനും കുറേക്കാലം വേണമായിരുന്നില്ലേ?
“നളചരിതം നാലുദിവസത്തെ കഥകളി ആ പ്രസ്ഥാനത്തേ അനുകരിച്ചു് ഉണ്ണായിവാരിയർ ൮൭൦-നു മുൻപു നിർമ്മിച്ചു എന്നു വരാൻ പാടില്ലായ്കയില്ല. കൊച്ചീരാജ്യത്തിലെ ഒരു പ്രഭുവിനെ ആശ്രയിച്ചു പാർത്തിരുന്ന ഒരു മഹാകവി കൊച്ചിയുടെ ജന്മശത്രുവായ സാമൂതിരി മഹാരാജകുടുംബത്തിലേ ഒരംഗത്തോടുള്ള സാഹിത്യമത്സരത്തിൽ ഭാഗഭാക്കാകുന്നതു അസംഭവവുമല്ല” എന്നു മി. പരമേശ്വരയ്യർ പറഞ്ഞിരിക്കുന്നു.
൮൭൦-മാണ്ടിടയ്ക്കു് കൊച്ചിയിൽ ഒരു വലിയ ആന്തരകലഹം നടന്നുകൊണ്ടിരുന്നു. ആ കലഹത്തിൽ മൂത്ത താവഴിത്തമ്പുരാന്റെ പാർശ്വവർത്തികളായിരുന്നു ചങ്കരൻകോതക്കർത്താവും ഡച്ചുകാരും സാമൂതിരിയും. എന്നാൽ തിരുവിതാംകൂർ രാജകുടുംബം അക്കാലത്തു് വെട്ടത്തു രാജാവിനെ സഹായിച്ചുകൊണ്ടാണിരുന്നതെന്നു ന്യൂഹാഫിന്റെ വിവരണത്തിൽ നിന്നു കാണാം. കൊട്ടാരക്കരത്തമ്പുരാൻ ‘വഞ്ചികേരളവർമ്മ’ മഹാരാജാവിന്റെ സ്വസ്രീയനുമായിരുന്നല്ലൊ. ആ സ്ഥിതിയ്ക്കു് നമ്മുടെ കവിതയ്ക്കു് സാമൂതിരിയോടുണ്ടായിരുന്നതിലധികം വിരോധം കൊട്ടാരക്കരരാജാവിന്റെ നേർക്കും ഉണ്ടായിരുന്നു എന്നുവരരുതോ? നേരെമറിച്ചു് ഉണ്ണായിവാര്യർ തിരുവനന്തപുരത്തുവരാൻ കാരണമുണ്ടായിരുന്നു. ഇരിങ്ങാലക്കുടക്ഷേത്രത്തിൽ കൊച്ചീ രാജാവിനുണ്ടായിരുന്ന അധികാരം മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തു തിരുവിതാംകൂർ മഹാരാജാവിന്നായതിനാൽ, ആ ക്ഷേത്രത്തോടു ബന്ധപ്പെട്ടിരുന്ന വിദ്വൽകവി തിരുവനന്തപുരത്തേക്കു വന്നുവെന്നു ന്യായമായി വിചാരിക്കാവുന്നതാണു്.
ഏതൽക്കാരണങ്ങളാൽ നളചരിതംകഥകളിയുടെ ആവിർഭാവം ൮൭൦-നു മുമ്പായിരുന്നു എന്നു വിശ്വസിക്കുന്ന കാര്യം വളരെ പ്രയാസമായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ രണ്ടു കൃതികളുടേയും രീതിയിൽ വളരെ ഭിന്നമാണു്. ഗിരിജാകല്യാണത്തിലെ ഭാഷരീതിക്കു നളചരിതഭാഷയേക്കാൾ പഴക്കമുണ്ടെന്നു മാത്രമല്ല. അതിൽ നളചരിതത്തിൽ കാണാത്തതും ചമ്പൂകാരന്മാരുടെ കാലത്തു പ്രചുരപ്രചാരമായിരുന്നതുമായ അസംഖ്യം പദങ്ങൾ കടന്നുകൂടീട്ടുമുണ്ടു്. നേരെമറിച്ചു നളചരിതത്തിലേ ഭാഷ കേരളപാണിനി പറയുമ്പോലെ വെങ്കലഭാഷയാണെങ്കിലും, അതിനു് ആധുനികഭാഷയോടാണു് അധികം സാദൃശ്യം. എന്നു മാത്രമല്ല, തെക്കൻഭാഷ അവിടവിടെ കലർന്നുകാണുന്നുമുണ്ടു്. പരമാർത്ഥത്തിൽ പറയത്തക്ക ആശയസാദൃശ്യങ്ങൾ ഈ കൃതികളിൽ ഒന്നുമില്ലതാനും. അർത്ഥഗാംഭീര്യംമാത്രം നോക്കി, ഗിരിജാകല്യാണവും നളചരിതവും ഒരാളുടേതെന്നു പറയാവുന്നതുമല്ല.
എന്റെ അഭിപ്രായത്തിൽ ഗിരിജാകല്യാണം ഗീതപ്രബന്ധം ഇരിങ്ങാലക്കുട അടത്തൂട്ടുവര്യത്തേ രാമവാര്യരുടെ കൃതിയായിരുന്നു. അതു് എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു മുമ്പുണ്ടായതുമായിരിക്കണം. കവിയുടെ കാലം ഏതാണ്ടു് 730-നും 800-ാം മദ്ധ്യേ ആയിരുന്നിരിക്കാം. രാമപഞ്ചശതി വാർദ്ധക്യത്തിലേ കൃതി ആണെന്നു തോന്നുന്നു.
ഇതേകാലത്തുതന്നെ കന്നടത്തിലും ഒരു ഗിരിജാകല്യാണഗാനം ഉണ്ടായതായി കാണുന്നു. പല ദിക്കുകളിൽ അന്വേഷിച്ചിട്ടും അതിന്റെ ഒരു പകർപ്പു് ലഭിച്ചില്ല. ബസവപ്രചാലിതമായ വീരശൈവമതം കേരളത്തിലും സംക്രമിച്ചു കാണണമെന്നുതോന്നുന്നു.
ഗിരിജാകല്യാണം മലയാളഭാഷയുടെ ഒരു അമൂല്യ സമ്പത്താണു്. ഒന്നാംപാദമായ സംഭവകാണ്ഡത്തിൽ പാർവതീദേവിയുടെ ജനനത്തേ വിവരിച്ചിരിക്കുന്നു. പണ്ടു് ശങ്കരൻ തിരുവടി തനിക്കു സംഭവിച്ച ‘അംഗനാനാശം’ ഓർക്കയാലുദിച്ച വിഷാദംനിമിത്തം ‘മങ്ങിനമനസ്സിങ്കൽ പൊങ്ങിന വിരക്തിയാൽ’ ഹിമാദ്രിയുടെ ഒരു ഭാഗത്തുചെന്നു്’ തങ്കലേതന്നേ കൊണ്ടു’വാണു. ‘യഥാ രാജാ തഥാ ഭൃത്യാഃ’ എന്ന മട്ടിൽ ‘നന്ദികേശ്വരഭൃംഗിപുംഗവാ’ദികളും തപസ്സിനു് ഒരുമ്പെട്ടു. തപസ്വിജനങ്ങൾക്കുപോലും കപർദ്ദിയെ കാണ്മാൻ അവസരം ലഭിക്കാതെയായി. അഷ്ടമൂർത്തി ഇങ്ങനെ ‘നഷ്ടലൌകികചിന്തം’ തപോനിഷ്ഠനായിവാഴ്കവേ,
“വിഷ്ടപവാസികൾക്കു പെട്ടപാടെന്തുചൊൽവൂ!
കഷ്ടമായ് ലോകതന്ത്രം, ഭ്രഷ്ടമായ് കാമതന്ത്രം.
ആർക്കുമേ കാമരസമോർക്കിലുമില്ലാതെയായ്.
വാർകുഴലിമാരെല്ലാം ചീർക്കുമാധിയിൽ മേവി.
ദേവനനവമധുസേവനരതിയില്ല-
ന്നേവനും നാവിൽ മഹാദേവനാമമേയുള്ളു.
ദേവകൾ മുനികളെന്നേവമില്ലന്നുഭേദം.
കേവലം മുനികളായേവരുമെന്നേ വേണ്ടൂ
ദേവനാരിമാർ ശിവഭാവനാപരമാരായ്
മേവിനാർ മന്ദാകിനീപാവനതീരങ്ങളിൽ.
നിഷ്ഫലം ബഹുഫലപുഷ്പപല്ലവങ്ങളായ്-
ക്കുല്പവൃക്ഷങ്ങൾ വളഞ്ഞെപ്പൊഴും വശംകെട്ടു.
കേവലം കാമനമ്പും കൈവെടിഞ്ഞില്ലവില്ലും
ദേവപൂജയ്ക്കുകൊള്ളാം പൂവിതെന്നുറയ്ക്കയാൽ.”
ഈവിധമുള്ള അവസ്ഥകണ്ടു്, ബൃഹസ്പതി ദേവരാജനേ പ്രാപിച്ചു് “നീ ഇങ്ങനെ ഇരുന്നാൽ മതിയോ? മൂന്നുലോകങ്ങളിലും വിപര്യാസം ഭവിച്ചിരിക്കുന്നു. സത്യലോകത്തിൽച്ചെന്നു് ലോകത്തിനു വന്നുചേർന്ന വൈകൃതത്തേപ്പറ്റി ബ്രഹ്മാവിനോടു ഉണർത്താതിരുന്നാൽ പിശകാണു്,” എന്നുപദേശിച്ചതനുസരിച്ചു്, അദ്ദേഹം ‘തീപ്പതിർതൂകും വജ്രം ദീപ്രമക്കക്ഷേവച്ചു്’ ഗുരുപാദവും കൂപ്പിക്കൊണ്ടു് സുരന്മാരേ ഒന്നു നോക്കി. രാജാക്കന്മാർ സാധാരണ മിതവാക്കുകളാണല്ലോ. ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചിട്ടു്, സുരന്മാരും അദ്ദേഹത്തിനോടൊപ്പം പുറപ്പെട്ടു. ബ്രഹ്മാവു് സുരേശ്വരനുടെ സങ്കടം കേട്ടപ്പോൾ,
കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരേവരേയും, നോക്കിട്ടു, അല്പം ധ്യാനിക്കയും അപ്പോൾ കാര്യങ്ങളുടെ സ്ഥിതിയൊക്കെ മനസ്സിലാകുകയും ചെയ്തു. അനന്തരം ശിവൻ ഈവിധം തപോനിഷ്ഠനായിരിക്കാനുള്ള കാരണം അദ്ദേഹം ഇന്ദ്രനോടു് സംക്ഷേപിച്ചുപറഞ്ഞു. ഒടുവിൽ, മാധവസഹോദരി അചിരേണ അവതരിച്ചു് അവരുടെ ദുഃഖങ്ങൾ തീർക്കുമെന്നും അതിനാൽ എല്ലാവരും ദേവിയെ ഭജിക്കേണമെന്നും പറഞ്ഞിട്ടു് അവരെ ആശ്വസിപ്പിച്ചു. ദേവിയുടെ മാഹാത്മ്യത്തേ അദ്ദേഹം ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“വിച്ചയല്ലയോ ദേവീനൽച്ചരിതങ്ങളോർത്താൽ.
പച്ചയാമുണങ്ങിയതുച്ചമാം കുഴിഞ്ഞതും
കച്ചതും മധുരമാമുച്ചയം നിശീഥവും.
തച്ചുതിന്നുന്നമൃഗം നിശ്ചയം സഹായമാം
കച്ചരംപടച്ചരം വച്ചരമറച്ചുടൻ
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ
പിച്ചയേറ്റുണ്ണുന്നവനർച്ച ്യനാമെല്ലാരാലും
വിശ്വസിച്ചവർക്കമ്മ നിശ്ചയം കല്പവല്ലീ.”
‘വിച്ച’ എന്നതു് അത്ഭുതവാചിയായ ഒരു പ്രാചീനശബ്ദമാകുന്നു. വിസ്മയത്തിന്റെ തത്ഭവമായിരിക്കണം. ബ്രഹ്മോപദേശമനസരിച്ചു്,
“സമയാമന്ദാകിനീമമലേ മണിഗൃഹേ
മതിമാൻ ചിന്താമണി പ്രതിമാം പ്രതിഷ്ഠിച്ച്”
സുരഭിയുടെ പാൽകൊണ്ടു് അഭിഷേചനം ചെയ്കയും ‘സുരഭിധൂപദീപാപദ്യുഹാരങ്ങൾ നൽ’കയും സുധാകലശം നിവേദിക്കയും മറ്റും ചെയ്തു.
“സുരവീരന്മാർ നാലുപുറവും തൊഴുതിരു-
ന്നിരവുപകൽ ചെയ്തുനിരവേ പുഷ്പാഞ്ജലിം
ഭജിക്ക സുഖമെന്നുരുചിക്കായവർമനം
വശക്കേടുപോയ് വാനിൽ വസിക്കും ജനങ്ങൾക്കും
അശക്യമായഭാരം ത്യജിക്കായ് വന്നുപാട്ടി-
ലമർത്ത്യനാരിമാർക്കും പ്രവൃത്തിയതൊന്നായ്.
അടിച്ചുതളിചിലർ, പടിച്ചുപാടിഗീതം,
നടിച്ചുനാട്യംചിലർ; മടിച്ചീലാരുമൊന്നും
സിദ്ധഗന്ധർവമുഖഹസ്തവാദിതവേണു-
മദ്ദളവാദ്യാഘോഷം പത്തുദിക്കിലും ചെന്നു.
ഇത്തരം കോലാഹലം വിസ്തരമെന്നേ വേണ്ടൂ”
ദേവന്മാർ ഭക്തിപൂർവം സ്തുതിച്ചപ്പോൾ
“നിസ്തുലമാധുര്യമായ് സുസ്വരവർണ്ണപദ-
വ്യക്തതകൊണ്ടുമർത്ഥഹൃദ്യതകൊണ്ടും മനോ-
മുത്തുവന്നെത്തുമാറു്”
ഒരു വാക്യം കേൾക്കുമാറായി.
“ഉദിതസ്തുതികേട്ടു വിദിതം മനോരഥം
തദിദം മഹാരസം യദിദം തവോചിതം
ഹിമവത്സുതയായിക്രമവർദ്ധിതയായി
സമവർത്ത്യരിക്കു ഞാൻ പ്രമദാപദം കെട്ടി
ശ്രമവർജ്ജിതയായി സ്സമവസ്ഥിതയായി
മദുപസ്ഥിതി ഫലമഖിലം വരുത്തുവൻ”
എന്നുള്ള അശരീരി വാക്യം ശ്രവണപുടത്തിൽ പതിഞ്ഞപ്പോൾ,
“മുദിതാ നമ്മിൽ ദേവി ഗദിതം തയൈവേദം”
എന്നിങ്ങനെ സമാശ്വസിച്ചു് ‘പാകശാസനൻ പാരിലേകശാസനം’ വാണു.
ദേവിയാകട്ടേ പരമേശ്വരനേക്കണ്ടു വന്ദിച്ചു്, അദ്ദേഹത്തിന്റെ ആജ്ഞാനുസാരേണ ഹിമവൽപത്നിയായ മേനയുടെ പുത്രിയായി ജനിക്കാൻ തീർച്ചപ്പെടുത്തി.
‘മാനനീയൊരു ഗുണനായ സാനുമാൻ’ ഒരു ദിവസം പ്രാതഃ കാലസ്നാനത്തിനായി,
“മാനസം സരോവരം മീനസംഘട്ടോജ്വലൽ
ഫേനസംഭിന്നവീചിലീനസംഡീനപ്രഡീ-
നാനുസഞ്ചാരിഹംസസ്വാനസമ്പദാ മൃദു-
സ്ഥാനസംപ്രദർശനമാനസപാപഹരം.
ഘ്രാണസമ്പുട ദൃഢപ്രീണനഗന്ധവാഹ-
ദാനസമ്മാനകരം മാനസതോഷായിതം.”
പ്രാപിച്ചു്,
“പീനഗംഭീരപൂരം പാനകസുധാസ്വാദു-
ശീതനിർമ്മലജല പൂതസന്മണിതീർത്ഥ-
വാരി ജ്യേത്സ് നാവാതപാതപാവിതം നിത്യം
ഏനോമർഷണജപസ്നാനസപര്യാദാന-
ധ്യാനതർപ്പണസ്വാദ്ധ്യായാദിനിത്യകർമ്മം?”
ചെയ്തു സംപ്രീതനായി സ്വഗൃഹത്തിലേക്കു തിരിച്ചുപോവാൻ ഭാവിക്കവേ, പഞ്ചയജനാദി പുണ്യസഞ്ചയമോ എന്നു തോന്നുമാറു ‘ഇങ്ങോട്ടൊന്നു നോക്കുക’ എന്നൊരു മൊഴി കേട്ടു് തിരിഞ്ഞു നോക്കിയ സമയം
‘കല്പകവല്ലീപുഷ്പതല്പശായിതകായ–
മത്ഭുതം കന്യാരത്നമക്ഷിഗോചരമായി’
ദൃഷ്ടികൾക്കു ഈ കാഴ്ച സുധാവൃഷ്ടിയെന്നപോലെ തോന്നി. മനസ്സിനു നിധി കിട്ടിയാലെന്ന പോലുള്ള സന്തുഷ്ടിയും ഉണ്ടായി. ആ ശിശുവിനെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“എന്നപ്പാ! നന്നേ! നല്ലോരുണ്ണിപ്പെണ്ണിന്റെ രൂപം
വർണ്ണിപ്പാനാരാലാവൂ? കണ്ണിപ്പോൾകണ്ണായിമേ.
ചന്ദ്രബിംബായുതാഭം സുന്ദരമുഖാംബുജം
കുന്ദമന്ദാരോദാരമന്ദഹാസാലംകൃതം
ചാരുപാദങ്ങൾ കണ്ടു തീരു ഞാനുരചെയ്യാം.
പാരിജാതങ്ങളെല്ലാം ക്രൂരജാതങ്ങൾ പാരിൽ
പാരിജാതങ്ങളെന്നാൽ മേരുജാതങ്ങളെന്നാം
മേ രുജാ താനേപോയി; തീരുമെന്നാധിശേഷം;
ഭൂരിശോഭാലവാലം വാരിലേ രൂഢമൂലം
താരിലേഗാവൈരം സാരലാവണ്യപൂരം
ഭൂരിശോ ബാല്യോചിതസ്വൈരചാലനേപദേ
മാറിലാമ്മാറുചേർപ്പാൻ പാരമായാരായുവേൻ
ഭൂരജോമേളമുണ്ടോ പാരമെന്നാലും കോളേ
ഹീരശോഭയ്ക്കോ ഹാനി ഹീ! രജോ രാജിമേളേ
ദാരികാകാരാ സേയം ദൂരദൂരാഭാ ഗിരാം
ആരഹോ ജാനേ കഥം? താരകാകരോരുഭാം
കാ രതി ശചീരംഭാമേനകോർവശ്യാദികൾ?
ഭാരതീലക്ഷ്മീധാത്രീമാരിലാരെന്നോർക്കണം
വെണ്മതിത്തെല്ലൊന്നല്ലീ നന്മലരല്ലോമൌലൌ
കിമ്മുഖേ കാണ്മൂതെന്നാൽ മന്മഹേ മാഹേശ്വരീ.”
കവിയുടെ ശബ്ദാഡംബരഭ്രമത്തിനു് ഈ വരികൾ ഉത്തമദൃഷ്ടാന്തമാകുന്നു. പ്രകൃതഘട്ടം വായിക്കാനിടവരുന്നവർക്കു കവിയുടെ ധിഷണാശക്തിയേയും വാക്ചാതുരിയേയും പറ്റി ഒരു അത്ഭുതരസം ജനിച്ചേയ്ക്കാമെന്നല്ലാതെ, ഹിമവാന്നുണ്ടായതായി പറഞ്ഞിരിയ്ക്കുന്ന ആനന്ദാതിരേകത്തിന്റെ ഒരു ഐകദേശികച്ഛായ പോലും അവരുടെ ഹൃദയങ്ങളിൽ പതിയുമെന്നു തോന്നുന്നില്ല. ഈ വിഷയത്തിൽ നളചരിതം ആട്ടക്കഥ പ്രസ്തുത കൃതിയിൽ നിന്നു് എത്ര അകന്നിരിക്കുന്നു! അതു് അടിമുതൽ മുടിവരെയും മുടുമുതൽ അടിവരെയും ഹൃദ്യമായിരിക്കുന്നുവെന്നു ആരാണു് സമ്മതിക്കാത്തതു്?
‘കന്ദർപ്പബീജകാന്തി കന്ദളവിളനില’മായ ജഗദംബികയേക്കണ്ടു്, അദ്രിരാജന്യനായ ഹിമവാൻ, ‘ഹൃദ്രുജാ ദരിദ്രാണ’നും ‘മുദ്രസാ ദരിദ്രാണനും’ ആയി ഭവിച്ചുപോലും! ഈ സ്ഥിതിയിൽ അദ്ദേഹം ദേവിയെ സ്തുതിക്കവേ, ദേവി ആത്മമായയെ അവലംബിച്ചു്,
“സജ്ജനശിരോമണേ! നിർജ്ജനേവനേ കിട-
ന്നിജ്ജനം മുഷിയുന്നു; വർജ്ജനം ചെയ്യായ്കനീ.
മച്ചരിതങ്ങൾ ചൊല്ലാം അച്ഛനില്ലമ്മയില്ല
മിച്ചമില്ലൊരു ബന്ധു; പശ്യ! ഞാനേകാകിനി.
***
അച്ഛനായതു ഭവാനിജ്ജനത്തിന്നോർക്ക
സത്യമെന്റമ്മനിന്റെ പത്നിയാം മേനാദേവി-
ന്യസ്യമാംമംബോത്സംഗേ കൃത്യങ്ങളെല്ലാം ചെയ്ക”
എന്നു് കേവലം പ്രാകൃതജനം എന്നപോലെ പറകയാൽ,
“ചേർച്ചയോടെടുത്തുകൊണ്ടാശ്വസിപ്പിച്ചു കൊഞ്ചി
മാർജ്ജയൻ മുഖേചേർത്തു വീഴ്ചവാരാതെ മാർവൽ
ഊർജിതാനന്ദവേഗമൂർച്ഛയാ”
വേഗം പോന്നു. എന്നാൽ അദ്ദേഹത്തിനു് തന്നിമിഷത്തിൽതന്നേ സ്വപത്നിയേ കാണ്മാനാശ മുഴുത്തു.
“പ്രേയസീ! പിതൃകന്യേ! നീയതി ദയഹീനാ
പ്രീയസേ മറ്റോരോന്നിൽ; പായിതാ നേയംകുചൌ
തന്നുടെ പൈതൽതാനും കണ്ണുനീർ തൂകിത്തൂകി
നെണ്ണി നെണ്ണിക്കൊണ്ടഗ്രേ തിണ്ണമാക്രന്ദ്രിക്കുമ്പോൾ
വന്നെടുത്തംഗേ ചേർത്തു സ്തന്യദാനവുമെന്നീ
യന്യതോ നോക്കും വാക്കും നന്നുനന്നാരംഭവും.”
എന്നിങ്ങനെ കോപിച്ചു് ‘ഭംഗുരഭ്ര കൂടിയായിട്ടുമൻ’ അദ്ദേഹം ഗൃഹത്തിനുള്ളിൽ പ്രവേശിച്ചു ഹിമവാന്റെ ഹൃദ്ഗതത്തേയും, മേനയുടെ സന്തോഷപാരവശ്യത്തേയും കവി ഒരു മനശ്ശാസ്ത്രജ്ഞനേക്കാൾ വിശദമായി കാണുകയും വർണ്ണിക്കയും ചെയ്തിട്ടുണ്ടു്.
‘എങ്ങുവെൻ കാവിങ്ങു വായിങ്ങു കാണട്ടേ’ എന്നീ വാക്കുകളോടുകൂടി, മേന ആ ശിശുവിനെ വാങ്ങീട്ടു് ‘ഗാഢം നാലഞ്ചു പുൽകി മാടഞ്ചും മുല നൽകി’യത്രേ.
അംബിക ഹിമവൽപുത്രീഭാവം കൈക്കൊണ്ടപ്പോൾ അവിടെ നടന്ന കോലാഹലം കവി പറയുംപോലെ ‘വാചം വിദൂര’മായിരിക്കുന്നു.
“വിണ്ണിൽ നിന്നപ്പോൾ വീണു തിണ്ണമായ് പുഷ്പവൃഷ്ടി;
കണ്ണിൽ പൂമ്പൊടി പറ്റി പെണ്ണിനും കണ്ണീർ വന്നു.
ശംഖമദ്ദളവാദം, മംഗളമാശീർവാദം,
തുംഗസംഗീതമേളമംഗനോലൂലദ്ധ്വനി,
അപ്സരോ ലാസ്യം ദിവി; ഝർഝ വോദ്യം ഭുവി;
നിർജരോപാസ്തി ദിവി; ഗർജിതവ്യാപ്തി ഭുവി;
ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി;
താനദാനാദി ദിവി; ദാനമാനാദി ഭുവി;
ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;
ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;
താപസഗോഷ്ഠി ദിവി; താപസമ്മാർഷ്ടി ഭുവി;
ദേവയാനാളി ദിവി; സേവകപാളി ഭുവി;
അംബികാജന്മോത്സവസമ്മിതം കോലാഹല-
മമ്മഹാഭോ ഗീന്ദ്രനുമുണ്മയോടോതീടുമോ?”
അന്നു് ആ ഗിരിഗൃഹത്തിൽ ചെന്നവർക്കെല്ലാം ആകാദേശം ‘പൊൻനിറം മിന്നൽപോലെ’ കാണായ്വന്നു.
ബ്രഹ്മവിഷ്ണുമഹേശ്വരാദികളും ദേവഗണവും പർവതഃശ്രേഷ്ഠന്മാരുമൊക്കെ അവിടെ വന്നുചേർന്നു. വസിഷ്ഠൻ അവരെ യഥോചിതം സൽക്കരിച്ചിരുത്തി.
“വടികൾ ദണ്ഡും മെതിയടികൾ കൃഷ്ണാജിന
മിടയിൽ വയ്ക്കചിലർ; കടന്നാലടിപിടി
രടിതം നിർഭത്സനമിടയിലഭിവാദ്യം
ഉടനങ്ങനുഗ്രഹം ദൃഢമായാലിംഗനം
ഘടിതബഹുശ്രുതിപഠനസ്തുതിനതി
നടനമവതാളമുടനേ നിപതനം
ത്രുടിതയജ്ഞസൂത്രഘടനം വിലോഡനം”
ഇങ്ങനെ മഹാമുനിമാരുടെ സഭാവിശേഷം വിളങ്ങി. ഇവിടെ അല്പാല്പമായി ഊറിവരുന്ന ഫലിതം ഗംഭീരാശയന്മാരുടെ മന്ദസ്മിത ലവംപോലെ രമണീയമായിരിക്കുന്നു.
ദേവസ്ത്രീകളും അമാന്തിച്ചില്ല. സ്വധാദേവി കുമാരിയെ കൈയ്യിൽ മേടിച്ചു്,
“അകൃത്യാ നന്മകണ്ടു മോഹിച്ചു മനോരാജ്യം
ഭാവിച്ചു തിലോദകം യോജിച്ചു കുടിച്ചിരു-
ന്നേകിച്ചു ഹിമാലയേ പൂകിച്ചാളാശിസ്സുകൾ”
ധരണീ, ലക്ഷ്മീ, വാണീ എന്നീ ദേവീത്രയവും യമുനാസരസ്വത്യാദി പതിവ്രതാരത്നങ്ങളും പരിഷത്തുകൂടി, ‘പരിരംഭണം തമ്മിൽ പരിതോഷാഭാഷണം’ മുതലായവ നടത്തി.
‘പരമന്നവന്മാരുടെ ചരിതം പറ’ഞ്ഞാൽ ഒടുങ്ങുകയില്ലത്രേ. അവർ,
“പരിതോ മേനാദേവിക്കരികേ ചുഴന്നിരു-
ന്നൊരുമിച്ചാശീർവാദം നിരവേ ബഹുവിധം
കരതാരിലേ മേടിച്ചരിയോരാലാളനം,
ചിരസാന്ത്വനം, പുനരുരസാ സംഭാവനം,
മൃദുഹാ സാക്ഷാദി കണ്ടിതരേതരം പാദ-
മിതരകരാർപ്പണം, മൃദുഗാത്രാമർശനം
കളിച്ചു വളരെന്നും, ഖലരേ മുടിയെന്നും,
ഗതി നീ സതാമെന്നും, ഘനശ്യാമളയെന്നും,
ചതുരാ ഭൂയാ എന്നും, ഛലയാരാതിമെന്നും
ജനനീ! ജയിക്കെന്നും ഝടിതി വർദ്ധിക്കെന്നും
ടഠഡഢായും തായും, പഠ; വാമാ വാമമ
ഞമങണനപ്രായേ ഭണിതേ കൊതിയെന്നും,”
മറ്റും പറഞ്ഞു പരമാശീർവാദങ്ങൾ ചെയ്തും ‘ഉരുസന്തോഷാദവർ പരമാനന്ദം പൂണ്ടു’വത്രേ.
സംഭവകാണ്ഡം മുഴുവനും കേകാവൃത്തത്തിലെഴുതപ്പെട്ടിരിക്കുന്നു. അടുത്ത കാണ്ഡമായ താപോവൃത്തഖണ്ഡത്തിൽ ദേവി തപസ്സു ചെയ്വാൻ തുടങ്ങുന്നതുവരെയുള്ള ഘട്ടമാണു് വിവരിച്ചിരിക്കുന്നതു്
‘മഹാദേവി ഭൂധരരാജന്റെ പുത്രിയായി’ പിറന്നതു നിമിത്തം ‘പൂതലായൊരു ഭുവനമരാമരം’ കാതലായ് കാണപ്പെട്ടു. ദേവിയുടെ ജനനകാലം ‘കാർത്തികീപൌർണ്ണമാസിയായിരുന്നതിനാൽ
“രാത്രിന്ദിവമന്നു കൂരിരുൾക്കൂട്ടങ്ങ-
ളിത്ത്രിലോകത്തിലിരുന്നു കൂടായ്കയാൽ
ആർത്തിയേയുള്ളിലൊളിച്ചു വച്ചുംകൊണ്ടു്
തൂത്തുതുടച്ചൊഴിച്ചോടി വാങ്ങിച്ചിത-
മൊത്തൊരുമിച്ചു തന്നാശ്രയം കാണാഞ്ഞു”
ദൈത്യജനത്തിന്റെ മനസ്സുകളിൽ ചെന്നു കുടികൊണ്ടു. എന്നാൽ ‘പാൽതിരപോലെ’ പരമേശ്വരിയുടെ കീർത്തി അവിടെയും ചെന്നടിച്ചു.
കവി പരമഭക്തനായിരുന്നു. ദേവിയുടെ രൂപലാവണ്യത്തേയും കാരുണ്യാതിശയത്തെയും എത്രതന്നെ വർണ്ണിച്ചിട്ടും അദ്ദേഹത്തിനു തൃപ്തിവരുന്നില്ല.
ദേവിയെക്കാണ്മാനായി ആളുകൾ തിക്കിത്തിരക്കി വന്നുകൊണ്ടിരുന്നു. എന്നാൽ തിരിച്ചുപോയപ്പോൾ അവരുടെ ചിത്തങ്ങളേക്കൂടിക്കൊണ്ടുപോവാൻ സാധിക്കാതെ വന്നു. അവരെല്ലാവരും
“കാറൊളികാന്തി കൂരിരുൾകൂന്തലും
ഭൂരികാരുണ്യധാരാളകടാക്ഷവും
ചാരുമൃദുഹാസമെന്നിവകണ്ടങ്ങു”
പരമാനന്ദതുന്ദിലരായി നിന്ന സ്ഥലത്തുതന്നേ നിന്നുപോയി. മേനാദേവിയ്ക്കു,
“നീരദശ്യാമളകോമളഗാത്രിയേ
മാറിലെടുത്തു ചേർത്താരോമലിച്ചുടൻ
പാരംചുരന്ന മുലകൊടുത്താനനചാരുസ്മിതം”
കണ്ടുകൊണ്ടിരിക്കാനല്ലാതെ മറ്റൊന്നിലും ആഗ്രഹം തോന്നിയില്ല. പർവതരാജനോ,
“കണ്ണുകൾ കൊണ്ടു മകളേയും കണ്ടിരു-
ന്നന്തമില്ലാതൊരാനന്ദവാരിധൌ
മന്ദരംപോലെ,” മുഴുകി മറിഞ്ഞു.
അംബികയുടെ ശൈശവവർണ്ണന കൃഷ്ണഗാഥയിലെ ശിശുവർണ്ണനയെ അതിശയിക്കുമാറു് സ്വാഭാവികമായും മനോഹരവുമായിരിക്കുന്നു.
“ഒട്ടൊട്ടറിവും മമത്വവും തോന്നിച്ച
ദൃഷ്ടിവിലാസങ്ങൾ ചട്ടറ്റപുഞ്ചിരി,
നിശ്ചലഭാവവും കൈകാൽ കുടച്ചിലു-
മിച്ഛമുലയിലുൾക്കൊണ്ടു കരച്ചിലും,
അച്ഛനെന്നമ്മയെന്നോരോസമയത്തി-
ലുച്ചാരണച്ഛായ തോന്നിച്ചൊരൊച്ചയും,
നിച്ചലും കണ്ടങ്ങനുഭവിച്ചമ്മയു-
മച്ഛനും മറ്റുള്ള ബന്ധുജനങ്ങളും,
ഉച്ചൈരനാരതം മാച്ചന്യകൌതുക-
മച്ചോ!രമിച്ചതുരച്ചാലൊടുങ്ങുമോ?
ചെന്നു പലനാളനന്തരമേകദാ
മന്ദം കമിഴ്‌ന്നു; നിവർന്നീല കണ്ഠമോ
ചെന്നങ്ങുമാതാവുയർത്തിക്കഴുത്തുടൻ
മന്ദമെടുത്തുമുലകൊടുത്തീടിനാൾ.
പെണ്ണിനോ പിന്നെയതഭ്യാസമായ്വന്നു.
നന്നായ്ക്ക്മിഴും കിടത്തിയാലപ്പൊഴേ.
എത്തിയെത്താതെ സമീപത്തു വച്ചത-
ങ്ങെത്തിപ്പിടിപ്പാൻ പടുത്വമുണ്ടായി വന്നു.
നാലഞ്ചുനാൾ കഴിഞ്ഞപ്പോളതിൽപരം
മേളം തുടങ്ങിയതെന്തു ചൊല്ലാവതും?
കാന്തികലർന്നൊരുകണ്മയപ്പെൺപൈതൽ
നീന്തിനടന്നിതു നീളേ നിരാകുലം
നിമ്നോന്നതങ്ങളറികയില്ലേതുമേ
നിന്നോരപായങ്ങൾ നോക്കുകെന്നേവരൂ
കണ്ണൊരേടത്തുവഴുതിയെന്നാകിലൊ
പെണ്ണിവൾവീഴുമേ വല്ല കണക്കിലും
ചെറ്റുമുലകുടിച്ചീടിനാലപ്പൊഴെ
മുറ്റത്തു പോവാനിവൾക്കു കുതൂഹലം.
പല്ലവപുഷ്പാദിചാരത്തുകാൺകിലും
നില്ലാകൊതിയങ്ങുദൂരത്തു കണ്ടതിൽ.
നെല്ലുമരിയുമുമിയുമിരിപ്പതിൽ
നല്ലരസമിവൾക്കേകീകരിക്കയിൽ
ഇങ്ങനേ കൌതുകവാത്സല്യസംഭ്രമാ-
ഭാഗതമാർകളോടമ്മപറകയും
തിങ്ങിനമോദാലവർ ചെന്നെടുക്കയു-
മിംഗിതംപൈതല്ക്കു മറ്റൊന്നു കാൺകയും
മണ്ടിമറ്റെങ്ങാനും കൊണ്ടുകളിപ്പിച്ചു
മഞ്ചുമാസം–കഴിഞ്ഞവാറു്”
ഹിമവാൻ ബന്ധുജനങ്ങളെ വിളിച്ചുവരുത്തി അന്നപ്രാശനകർമ്മം നടത്തി. തദവസരത്തിൽ ‘ദേവതായക്ഷഗന്ധർവാദികൾ ദേവിയുടെ മെയ്മേൽ തൊടിയിച്ചു’ വച്ചതായ കൈവള, മോതിരം, കാഞ്ചീനൂപുരാദികൾ മെല്ലെ മെല്ലെ ഉയർന്നു് മറ്റൊരു മഹാമേരുവാണോ എന്നു കാണികൾക്കു സംശയം ജനിപ്പിച്ചുപോലും.
അചിരേണ ശിശു പിച്ച നടന്നുതുടങ്ങി.
“ഒട്ടുമേ വൈകീലമുട്ടുകുത്തിനട-
ന്നിഷ്ടമായ് പിച്ച നിന്നൊട്ടുവീണന്തരാ
ഒട്ടുനടക്കമെടുക്കുന്നതപ്രിയം
പെട്ടെന്നുമണ്ടിനടന്നു തുടങ്ങിനാൾ
കഷ്ടം ജനനമെടുത്തതുമൂലമായ്
വിഷ്ടപമാതാവുമൊട്ടുപെട്ടൂപണി.
അവ്യക്തവർണ്ണവചനങ്ങൾ പുഞ്ചിരി
നിർവ്യാജകാരുണ്യമെല്ലാജനത്തിലും
സവ്യാപസവ്യദിഗ്ഭേദവിഭാഗവു-
മുർവീധരേന്ദ്രപുത്രിയ്ക്കുളവായ്വന്നു.
കങ്കണകിങ്കിണീകാഞ്ചികൾനൂപുര-
ഝംക്വണിതാകൃഷ്ടസർവലോകാന്തരാ
അങ്കണം തോറുമങ്ങാളീസമാവൃതാ
രിംവണംചെയ്തു കളിച്ചുതതഃപരം”
ഈ ശിശുഭാവവർണ്ണനം മുഴുവനും ഉദ്ധരിച്ചതിനു വായനക്കാരോടു ക്ഷമായാചനം ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇത്ര ചമൽക്കാരജനകമായ ഒരു ശിശുവർണ്ണനം മറ്റൊരു ഭാഷാകൃതിയിലും കണ്ടിട്ടില്ല. കവി തന്റെ പാണ്ഡിത്യപ്രകടനത്തിനു് ഇവിടെ അവസരം നൽകാഞ്ഞതു നമ്മുടെ ഭാഗ്യപരിപാകമെന്നേ പറയേണ്ടു.
ദേവിയ്ക്കു വയസ്സു രണ്ടു തികഞ്ഞു. ഒരു ശുഭമുഹൂർത്തം നോക്കി ഹിമവാൻ സൌവർണ്ണമായ ആടചാർത്തി. പലരും ഈ അവസരത്തിൽ ‘അഞ്ജനവർണ്ണയ്ക്കു ചേർന്നതിതെന്നിട്ടു മഞ്ഞത്തുകിൽ’ കാഴ്ചവച്ചു. എന്നാൽ ദേവി ‘വച്ചുമൊളിച്ചുമെടുത്തു മുടുത്തും അച്ചേലയെല്ലാം മുഷിച്ചിതു നിച്ചലും’ ഇക്കാലത്തു പോലും ദേവിയുടെ ഔദാര്യം സവിശേഷിച്ചും പ്രകാശിച്ചു. ആ വിശ്വൈകമാതാവു്,
“നിത്യവും വന്നു സേവിക്കുവോർക്കൊക്കെയും
ഹൃദ്യവസ്തുക്കൾ കൊടുക്കുമയന്ത്രിതം
നൃത്തഗീതാദികൾ ചെയ്തു സേവിച്ചുകോ-
ണ്ടപ്സരസ്ത്രീകൾ പോവാൻ തുടങ്ങുംവിധൌ
അച്ഛനോടച്ചെവി തന്നിലറിയിച്ചു
പൊൽച്ചേലകഞ്ചൂളീ ദിവ്യാഭരണാദി
വിശ്രാണനം ചെയ്തിട്ടു്.”
‘നാളെ വരണം’ എന്നു പറഞ്ഞയക്ക പതിവായിരുന്നു. അവർ പോയ്ക്കഴിഞ്ഞാലോ? തോഴിമാരോടു ചേർന്നു കണ്ടതും കേട്ടതുമൊക്കെ അനുകരിച്ചു തുടങ്ങും. പക്ഷേ അതൊക്കെ അമ്മയുടെ മുമ്പിൽ വച്ചേ ആയിരിക്കൂ. അച്ഛനറിയരുതെന്നായിരുന്നു നിശ്ചയം.
ശിശുഭാവത്തെ ഇതിൽപരം ഭംഗിയായി ആർക്കും വർണ്ണിക്കാൻ സാധിക്കയില്ല. ഇവിടെയൊക്കെ ഭാഷ സരളമായിരിക്കുന്നുമുണ്ടു്.
അഞ്ചാം വയസ്സിൽ ദേവിയെ എഴുത്തിനിരുത്തി. ആറാംവയസ്സിൽ തിരുമുടിയിറക്കി. സംഗീതസാഹിത്യാദികളെ ‘ഉർവരാഭർത്താവു’ തന്നെയാണു് അംബികയെ അഭ്യസിപ്പിച്ചതു്. ഏഴാംവയസ്സിൽ ‘കർണ്ണവേധം’ ചെയ്തിട്ടു്, ‘പാട്ടിൽപ്പഴുപ്പിച്ചുണക്കിക്കുരടിട്ടു.’
ദേവിയുടെ ഗ്രഹണപാടവം അനന്യസാധാരണമായിരുന്നു. ഒരിക്കൽ ചൊല്ലിക്കൊടുത്താൽ മതി; ഉടനെ പഠിച്ചുകഴിയും. അതുപിന്നെ ഓർമ്മയിൽ നിന്നു മാഞ്ഞുപോകയുമില്ല. ‘പൂഴിക്കളത്തിലും എഴുത്തുവാടത്തിലും’ ദേവിക്കു തോഴികളായിപ്പലരും ഉണ്ടായിരുന്നെങ്കിലും അവരിൽ ഏറ്റവും പ്രിയപ്പെട്ടവർ ജയവിജയമാരായിരുന്നു. ഭക്തിപരവശനായ കവി,
‘ധന്യേ ധന്യേ ദിവ്യകന്യേ ഉഭേ ഏതേ’ എന്നു അവരുടെ ഭാഗ്യാതിരേകത്തിൽ അസൂയപ്പെട്ടുപോകുന്നു.
ദേവിയുടെ അന്നത്തെ ദൈനന്ദിനകൃത്യങ്ങളെ കവിവാക്യത്തിൽ തന്നെ പറയാം.
“നിത്യവും കാലേകുളിച്ചു നിയമേന
ഹൃദ്യം ചെറുചേല ചാർത്തിക്കുറിയിട്ടു്
ഭക്തിയോടെ ശിവപൂജാനമസ്കാരമിത്യാദി
വിദ്യാപരിശ്രമം വിദ്വത്സഭാജനം,
ഭൃത്യസംഭാവനം, മദ്ധ്യേ കളികളും
ഇത്തരമുദ്യമം വേണ്ടുന്നതെന്നിയേ
വ്യർത്ഥമരക്ഷണം പോലുമില്ലാതെയായ്”
ശ്രീപാർവതിയുടെ അപ്പോഴത്തെ സ്ഥിതിയേയും കവി ചമൽക്കാരപൂർവം വർണ്ണിച്ചിട്ടുണ്ടു്.
“ചിന്നിച്ചിതറിച്ചുരുണ്ടിരുൾ കൂന്തലും
പിന്നിൽക്കഴുത്തുകവിഞ്ഞുവളരവേ,
പൊന്നുംമണിക്കരടിട്ടിരുകാതിലും
മിന്നും മണിമോതിരം പൂണ്ടകണ്ഠവും,
തോൾവള, കൈവള, രത്നാംഗുലീയങ്ങ-
ളാവോളം ചേർന്നതികോമളം കൈയിണ.
സഞ്ജാതഗുഞ്ജാർദ്ധശങ്കാങ്കുരം കുചം
പൊഞ്ചായമായ തിരുവുടലാടയും
മഞ്ജുമണികാഞ്ചിപാദകടകവും
കണ്ടവർക്കെല്ലാം കുതൂഹലവിസ്മയം.”
ഈ ഭാഗത്തെ മഹിഷമംഗലത്തിന്റെ,
“മിന്നുംപൊന്നോലകർണ്ണേമണിഗണലളിതം കുണ്ഡലംകണ്ഠകാണ്ഡേ
പിന്നിൽച്ചിന്നിക്കവിഞ്ഞൊന്നണിചികുരമകാണ്ഡോദയംമന്ദഹാസം
കന്നിപ്രായം കുരുത്തൊന്നുരസികുചയുഗം നൂനമപ്പെൺകിടാവെ-
ത്തന്നേതോന്നീടുമത്രേ സരസമൊരുദിനംകണ്ടവന്നിത്ത്രിലോക്യാം.”
എന്ന പദ്യത്തോടു സാദൃശ്യപ്പെടുത്തുക.
“ഒന്നുരണ്ടാണ്ടിങ്ങനെ ചെന്നപ്പോൾ
വന്നിതുകാലം വയോരാജിമധ്യഗം
ഈശ്വരക് പൂക്രമാതിക്രമംവെടി-
ഞ്ഞാശ്രയിച്ചംഗം ചരാചരദേഹിനാം
ഭ്രാന്തികൊണ്ടുണ്ടായ താന്തി പോക്കീടുവാൻ
താന്തീരുറച്ചാനിതു നല്ലതെന്നവൻ
വന്നു ഹിമഗിരികന്യകാമാസാദ്യ
വന്ദനംചെയ്തു കോലുന്ന കൌതുകാൽ
എന്നെയുമെന്നമ്മ ലാളിച്ചു വാഴിക്കെ-
ന്നന്വഹം വന്നങ്ങിരന്നുനിന്നു ചിരം.
നിന്നുടലെന്നുടെ രാജ്യമായ് കൊള്ളുവാൻ
വന്നേനവകാശിഞാനിനി മേലെന്നു-
മെന്നെബ്ഭരിക്കേണമന്യജനതുല്യ-
മെന്നും വെടിയരുതെന്നെ നീയെന്നതും.
‘മുന്നമിരുന്നോനെയിന്നു വെടിഞ്ഞു ഞാൻ
നിന്നേയിരുത്തുന്നതന്യായമായ്വരു-
മെന്നാലവനോടു മേളിച്ചിരുന്നുകൊൾ’
കൊന്നുദേവി മതമറിഞ്ഞേകദാ
നല്ലൊരുനേരവും നോക്കിക്കുടിപൂക്കു
തെല്ലങ്ങൊഴികെന്നു മെല്ലവേ സല്ലപൻ
കല്പനയാ കടന്നുൾപ്പുക്കു യൌവനം
മൽപുരമിപ്പൂവൽ മെയ്യെന്നു കല്പയൻ
ഒട്ടുനാൾ വാണിതു; വിട്ടുപോയാൽ മമ
കിട്ടുമേ കീർത്തികേടെന്നായി ബാല്യവും
ബാല്യനിർമ്മാല്യമംഗം വധൂമൌലിമേൽ
മാല്യമായ് വച്ചു പകർത്തി ദിനംപ്രതി
അന്നേരമങ്ങതിൽ മുന്നമേ കണ്ടോർകൾ-
ക്കെന്നേ രസമേയെന്നൊന്നു തോന്നീ മുദാ”
ഈ വർണ്ണനത്തിൽ കവിയുടെ കല്പനാശക്തി കടിഞ്ഞാൺ വിട്ട കുതിരയെപ്പോലെ പായുന്നു. ഈ വിഷയത്തിൽ കവിക്കു പൊതുവേ ചമ്പുകാരന്മാരോടു സാദൃശ്യമുണ്ടെങ്കിലും, ചെറുശ്ശേരി നമ്പൂരിയോടാണു് അധികം സാധർമ്മ്യം. കൃഷ്ണഗാഥ ‘മധുരകോമളകാന്തപദാവലി’കളാൽ സരസോല്ലാസരീതിയിൽ ചിറകു കെട്ടിപ്പായുന്ന ചുണ്ടൻവഞ്ചിയുടെ പോക്കുപോലെ താളമേളങ്ങളോടുകൂടി മേല്ക്കുമേൽ തുള്ളിക്കുതിച്ചു ചാഞ്ചാടിക്കളിക്കുന്നുവെങ്കിൽ, ഗിരിജാ കല്യാണം കീഴ്ക്കാം തൂക്കായ മലഞ്ചരിവിൽകൂടി കീഴ്പോട്ടു പതിക്കുന്ന നദിയുടെ മട്ടിൽ, ഇടയ്ക്കിടെ വൻപാറകളിൽ തട്ടിച്ചിതറിയും വഞ്ചുഴികളോടുകൂടിയും കൂലങ്ങൾ കുത്തിപ്പായുന്നുവെന്നു പറയാം.
ദേവിയുടെ താരുണ്യവർണ്ണനയ്ക്കായി കവി റായൽ എട്ടു വലിപ്പത്തിലുള്ള ഏഴു വശങ്ങൾ ചിലവാക്കിയിരിക്കുന്നു. സംസ്കൃതത്തിൽ ഇത്ര ദീർഘമായ ശരീരവർണ്ണനകൾ പലതുമുണ്ടെങ്കിലും ഭാഷയിൽ ഇതൊന്നു മാത്രമേയുള്ളു. കേശാദിപാദവർണ്ണനയിൽ ചില ഭാഗങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.
12.49 കേശവർണ്ണനം
“കാർവരുന്നമ്മോടു പോരിനെന്നോർത്തുടൻ
ദിഗ്ജയം ചെയ്വതിന്നിച്ഛയം മാനസേ
വച്ചു സന്നാഹവും നിശ്ചയം നിശ്ചയം
കാർഷ്ണ്യമെഴും കചം തൂഷ്ണീമിഹസ്വയം
പാർഷ്ണിസംശോധനം ചെയ്തു നിയന്ത്രണം” ഇത്യാദി
12.50 പുറങ്കാൽനഖം മുതലായവയുടെ വർണ്ണനം
“…ഓമൽപ്പുറങ്കാലതാ-
മപ്പുറം തോല്ക്കുമാറത്ഭുതാകാരമായ്
ചൊൽപ്പെറും കല്പകനല്പുതുപ്പൂങ്കുല-
പ്പൊൽപലാശങ്ങൾക്കു നിഷ്പ്രതീകാരമാ-
മുൾപ്പരിവായ്പോരു ശുഭ്രംഗുലികളി-
ലർപ്പിതമഗ്രേ സമുല്പന്ന കൌതുകം.
ശില്പിനാ വിശ്വസ്യ പുഷ്പബാണേന വാ
സൽപർവതാരേശനെപ്പത്തു ഖണ്ഡിച്ച-
തൊപ്പമായൊപ്പവും ശില്പവും കല്പിച്ചു
ദീപ്രനഖനിര താല്പര്യശാലിനാ.”
12.51 കാൽത്തലവർണ്ണനം
“കെഞ്ചാതെ വഞ്ചിച്ചു മഞ്ചാടിതഞ്ചായ-
മഞ്ചാതെ ഗുഞ്ജാരുചം ചാപി ബന്ധൂക-
പുഞ്ജാഭിമാനഞ്ച സഞ്ചാരവേലാസു
സഞ്ജാതസൌഭാഗ്യമഞ്ചാറു രേഖയും,
തഞ്ചുന്ന തൃക്കാൽത്തലം ചാരുലാവണ്യ-
മുഞ്ഛാർജനം ചെയ്തു നെഞ്ചാകെ വേകിച്ചു
പിഞ്ഛതപത്രപ്രപഞ്ചാനതിജൂഷാം
ശിഞ്ജാനമഞ്ജീരമഞ്ജൂസ്വനംകൊണ്ടു-
തഞ്ചാടു താനേതുനിന്നാലതു ഞായം”
കവിയുടെ ഈ വാങ്മയ തരംഗിണി ഹിമവച്ഛിഖരങ്ങളിൽ നിന്നു കുത്തിയൊലിച്ചു തുള്ളിച്ചാടി വരുന്ന ബ്രഹ്മപുത്രയ്ക്കൊപ്പം പ്രവഹിക്കുന്നു. അവിടവിടെ പണ്ഡിതകേസരികളോടുപോലും, ‘നിൽക്കൂ! വരട്ടേ’ എന്നു പറയുന്ന ഗ്രന്ഥിജടിലമായ പാദങ്ങൾ ധാരാളമുണ്ടു്.
എത്രതന്നെ വർണ്ണിച്ചിട്ടും വാര്യർക്കു മതിയാവുന്നില്ല. അതുകൊണ്ടു്,
‘ചൊന്നാലൊടുങ്ങാ ജഗന്നായികാരൂപ-
സൌന്ദര്യസമ്പത്തനന്തമനന്തനും’
എന്നു ‘മനസ്സില്ലാമനസ്സോടു’ കൂടിയാണു് വിരമിക്കുന്നതു്.
അങ്ങനെ ഇരിക്കെ ദേവിയ്ക്കു യൌവനം വന്നുകൂടി. ഒരു ദിവസം വൈപഞ്ചികൻ മുനി അവിടെ വന്നുചേർന്നു. ഈ കന്യകയെ ആർക്കു കൊടുക്കേണ്ടു എന്നുള്ളതിനെപ്പറ്റി ഹിമവാൻ അദ്ദേഹത്തിനോടുകൂടി ആലോചിച്ചു.
ഈ വിഷയത്തിൽ ഉപദേശം നൽകുന്നതിനു സർവലോകസഞ്ചാരിയായ നാരദനേക്കാൾ പറ്റിയ ആൾ വേറെ ഇല്ലല്ലൊ. അദ്ദേഹം,
“മന്ദം ക്വണന്തീം മഹതിയാം വീണയേ
തന്നങ്കദേശേ വിലങ്ങത്തിൽ വച്ചുകൊ-
ണ്ടൊന്നങ്ങുനോക്കി നിന്നോരെയെല്ലാരെയും.
തന്നന്തികേ വന്നിരുന്ന ഗിരീന്ദ്രന്റെ
സന്നിധൌ ചെന്നൊരു കന്യാമണിയേയും”
എത്ര മനോഹരമായ ചിത്രം!
“ശോഭാവിനീതിസമ്മേളപുണ്യാം ചിരാ-
ദാപാദചൂഡമാലോകയ”ന്നായി,
‘ദേവിയുടെ തൃക്കാൽ ഉൾക്കാമ്പിലാക്കിക്കൊണ്ടും’ ‘മഹേശ്വരിദുർഗ്ഗേശിവേ, പാഹി’യെന്നുള്ളിലോർത്തുകൊണ്ടും നാരദൻ ഹിമവാന്റെ പുണ്യാതിരേകത്തെ പ്രശംസിച്ചു. അനന്തരം ‘ആർത്തവബാണനു നൽത്തിരുക്കണ്ണുകൊണ്ടാർത്തിവളർത്തവനാ’യ പരമശിവന്റെ മാഹാത്മ്യത്തെ വർണ്ണിച്ചുകേൾപ്പിച്ചിട്ടു്, അദ്ദേഹം ഈ കന്യയുടെ ഭർത്താവായി വന്നു ചേരുമെന്നും അതുകൊണ്ടു് അവളേപ്പറ്റി യാതൊരു ഖേദവും വേണ്ടെന്നും ഗിരീന്ദ്രനോടു് പറഞ്ഞപ്പോൾ, അതു കേട്ടുകൊണ്ടിരുന്ന കന്യക, അധോമുഖിയായിനിന്നു.
“കാമന്നരാതിപോലാപന്നവത്സല-
നേവം നണിച്ചെന്തു കേട്ടതെന്നോർമ്മയാൽ,
ഭാവം നിറംകേട്ട യാവന്നഗാത്മജ-
യ്ക്കാവന്നശങ്കതത്താതനുമുൾപ്പുക്കു
താവന്നമിച്ചു് തദ്ഭാവം നിരീക്ഷിച്ചു
മേവുന്നയോഗിയോടു്”
അദ്ദേഹം ഇങ്ങനെ ഉണർത്തിച്ചു.
“ആവുന്നതാനന്ദമേകിനിൻവാക്കുകൾ
നോവുന്നവാറെന്തു കേട്ടതു രണ്ടുരു?
കാമന്നപായമുണ്ടോ വന്നു? ശങ്കരൻ
ഭീമൻ നിജനാമമിപ്പോളെടുത്തിതൊ?
ജീവൻ കെടുത്തിതോ ജീവലോകത്തിനു്?
പൂവമ്പനോടീശനേവം തുടങ്ങുമോ?
ശൈവൻ നറുമലർസായകനെത്രയും.
ദേവങ്കലെന്തു പിഴച്ചിതവനഹോ?
***
ഉത്തമസത്തമനർദ്ധേന്ദു ശേഖരൻ
ചിത്തജശത്രുവെന്നിത്ഥമിപ്പോൾ ഭവാൻ
ഉക്തവാനായതിന്നർത്ഥമരുൾചെയ്തു
തപൂം തണുപ്പിക്കുചിത്തമെന്നർത്ഥയേ”
അപ്പോൾ നാരദൻ താരകാസുരന്റെ പരാക്രമം തൊട്ടു കാമദഹനം വരെയുള്ള കഥ മുഴുവനും സവിസ്തരം പർവതേശ്വരനോടു പറഞ്ഞുകേൾപ്പിച്ചു.
“അത്ഭുതവീരശാന്താദിരസമായ
കൽപ്പടയേറിന ശൃംഗാരമാംരസം
അപ്രമേയാഭോഗപുഷ്പകിസലയ-
കല്പവൃക്ഷാഭമായ് പോരുന്ന സൽക്കാരം
സർവജനങ്ങളും ചർവണം ചെയ്തതി
നിർവൃതികൈക്കൊണ്ടു പർവതരാജനും
ദുർവഹകൌതുകസംവിദാനന്ദാഗ്ര-
പർവമേറിച്ചിരം നിർവികാരാന്തരം
സർവതോഭിത്തിയിൽ ചിത്രമതുപോലെ
നിർവികല്പം മരുവീടിനാരേവരും”
ദേവിയുടെ അവസ്ഥയോ? കവി എത്ര ചമൽക്കാരത്തോടുകൂടി വർണ്ണിച്ചിരിക്കുന്നുവെന്നു നോക്കുക.
“അദ്രികന്യയ്ക്കു സച്ചിദ്രസരൂപിണി-
ക്കത്രെയെല്ലാപ്രകാരം വികാരംതദാ
വിച്ചയും ചാർച്ചയും നിശ്ചയഭാവവും,
പൃച്ഛയിലിച്ഛയുമുച്ഛ്രിതലജ്ജയും,
ഉച്ചവൈവശ്യവും, നിശ്വസിതമ്മുല-
ക്കച്ചയിലന്തരാവിശ്ലഥീഭാവവും,
കാർശ്യരോമാഞ്ച നൈരാശ്യമനോരാജ്യ-
കൈശ്യശൈഥില്യഘർമ്മോദസമ്മോദാദി
മിശ്രംസഖീമുമ്പേ ത്ര്യശ്രം കടാക്ഷവു-
മശ്രുപാതം മുഹുരശ്രുതി നാട്യവും,
ശശ്വദുചിതബാല്യാശ്രിതചേഷ്ടയും,
പ്രശ്രയഗാംഭീര്യവിശ്വാസദാർഢ്യവും,
ഇത്യാദി ഭാവങ്ങൾ–മധ്യേസഖിമാരി-
ലത്യാദരം, നിജബുദ്ധ്യാവിവേചനം,
ദുഃഖമല്ലൊട്ടും സുഖമല്ലമോഹമ-
ല്ലുൾക്കാമ്പിലെന്തെന്നു തങ്കലില്ലാ പിടി.
പൊയ്ക്കൊൾകിതമല്ല നില്ക്കരുതൊട്ടുമേ
കൈക്കലില്ലാമനം തസ്കരൻകൊണ്ടുപോയ്
സൂക്ഷ്മത കൂടാതെ കാല്ക്കലായീ ദൃഷ്ടി
ചിൽകാലാ കൌമുദി നില്ക്കലായിങ്ങനെ.
തൽകിലകാഴ്ച ജയക്കും വിജയയ്ക്കു-
മക്ഷികൾക്കില്ലന്നവർക്കന്യദുത്സവം
അക്കാഴ്ചയെന്നിയവർക്കെന്തൊരു ധനം?
തദ്ഗുണഭോഗമവർക്കോന്നനുഗ്രഹം
ഒക്കയും ദേവിയവർക്കറിയിക്കുമേ
കിക്കിളികൈവിട്ടുമിക്കതും തന്മതം”
സഖിമാർ ദേവിയോടു ഈ വൈമനസ്യത്തിനു കാരണമെന്തെന്നു് ചോദിക്കുന്ന ഘട്ടവും അത്യന്തം ഹൃദ്യമായിരിക്കുന്നു. വിസ്തരഭയത്താൽ ഇവിടെ വിവരിക്കുന്നില്ല.
അനന്തരം പരമാത്ഭുതരൂപിണിയായ ശ്രീ കാമാക്ഷി പിതാവിന്റെ സമ്മതം വാങ്ങിക്കൊണ്ടു ശിവനെ തപസ്സു ചെയ്യുന്നു. കാണ്ഡശേഷം മുഴുവനം തപോവർണ്ണനയാണു്. അതിദീർഘമായ ഈ വർണ്ണനയേയെല്ലാം ഉദ്ധരിക്കുന്നതിനു നിവൃത്തിയില്ല.
“എൻകിടാവിൻ മതമിങ്ങനേയെങ്കിലോ
ശങ്കയെന്തിങ്ങതിൽ സങ്കടം തീരുമേ.
മംഗളമായ്വരും മങ്ങരുതോമലേ!
ശങ്കര ശ്വശ്രുഭാവം കൊതിച്ചീടു നീ”
എന്നു് ഹിമവാൻ മേനയേ സമാധാനപ്പെടുത്തീട്ടു് ദേവിയെ
“വേറെ വിളിച്ചുവരുത്തിയിരുത്തി മ-
റ്റാരുമേ കേളാതെ മന്ത്രംപഠിപ്പിച്ചു്
ചാരുസേവാപ്രകാരത്തെദ്ധരിപ്പിച്ചു്
പാരം പ്രസാദിച്ചു് അനുഗ്രഹിച്ചയച്ചു.
താതാനുശാസനം ജാതമോദംകേട്ട
മാതാവിനും, ചെയ്തു പാദാദിവന്ദനം
ധർമ്മദേവാർച്ചനം ബ്രാഹ്മണപ്രീണമം
ചെമ്മേപിതൃപൂജദേവനാരാധനം.”
ഇത്യാദി സൽകൃത്യങ്ങളും ‘ബദ്ധശുകശാരികാദിവിമോക്ഷവും’ ചെയ്തിട്ടു ശുഭലഗ്നത്തിൽ പുറപ്പെട്ടു. ഹിമഗിരിയുടെ വിസ്തീർണ്ണശിഖരത്തിൽ സ്ഥിതി ചെയ്യുന്നതും അത്യന്തപാവനവും തപോവൃദ്ധസേവിതവും ആയ ഉത്തമദേശത്തു ചെന്നു് ഏകാകിനിയായി തപസ്സുചെയ്തു തുടങ്ങിയ ദേവിയുടെ സമീപത്തു്
“ആളിമാരുള്ളവരെല്ലാരുമങ്ങായി
കേളിശൂകശാരികാദികളൊക്കയും
ഭൃത്യജനങ്ങളുമെത്തീതവിടേയ്ക്കു്”
എല്ലാവരും അംബികയേ സ്നേഹപൂർവം ശുശ്രൂഷിച്ചുതുടങ്ങി. ഏറെനാൾ കഴിയുന്നതിനുമുമ്പു ദേവിക്കു്
“നിത്യയമങ്ങൾ നിയമങ്ങളാസനം
പ്രത്യാഹരണവും പ്രത്യക്ഷസിദ്ധമായ്.
സിദ്ധാന്തധാരണാധ്യാനം സമാധിയും
പത്ഥ്യം തനിക്കിതെന്നത്യന്തമാസ്ഥയാ
ഗദ്യാനുഗുണ്യേന നിത്യാനുശാസനാൽ
ഹൃദ്യാതതോ യോഗവിദ്യാവശത്തായി.”
‘നിധ്യഞ്ജനത്താൽ നിധികൾ കാണുംപോലെ’ ബുദ്ധ്യന്തഃസ്ഥിതമായ ആ ചിദ്രൂപം രാപകൽ തെളിഞ്ഞു കാണപ്പെട്ടു.
“വശ്യമായ്വന്നു വിളിച്ചാൽ വെളിച്ചത്തു
ദൃശ്യവുമായ്വന്നു ശശ്വൽസമാധിയും”
സദാപി ശങ്കരഭഗവാന്റെ തിരുമേനിയെ ഉള്ളിൽ ഭജിച്ചുകൊണ്ടിരുന്ന ഭഗവതിയ്ക്കു്,
“ഉപ്തബീജങ്ങൾ മുളച്ചീരിലയിട്ടു
ക്നുപ്തസേകത്താൽ വളർന്നു വലുതായു-
രത്തശാഖോപശാഖാവിടപോത്സേധ-
ബദ്ധപ്രവാളമുകുളപുഷ്പങ്ങളായ്
തത്തല്ലതാമേളസിദ്ധസൌഭാഗ്യം കു-
ളുർത്തുസപര്യോപയുക്തങ്ങളായ് ചിരം”
തപസ്സു് ഇങ്ങനേ ക്രമേണ വർദ്ധിച്ചുവരവേ,
“വന്നന്നിവിടെപ്പുറന്ന കുരംഗങ്ങൾ
തന്നാൽ വിടപ്പെട്ട പുണ്യാംബുതൃണ്യാബ-
ലിന്യാസനീവാരപിണ്ഡാദിഭോഗേന
നന്നായിണങ്ങിവളർന്നിള മേളിച്ചു
മന്ദമന്ദം നിജച്ഛന്ദോവിഹൃതിക-
ലർന്നന്നപർണ്ണയ്ക്കു”
തന്നിൽ പോലും നിന്ദ ജനിക്കയാൽ തന്റെ ഉടലിനേ, തപോമയമായ അഗ്നിയിൽ വാട്ടിയിട്ടു് തപോധനം നേടി. പിന്നീടു് ദേവി ‘കുന്ദഫലാദിയും പർണ്ണവും’ കൈവെടിഞ്ഞിട്ടു് ചിരകാലം ‘വായു ഭക്ഷ’യായി പഞ്ചാഗ്നിമദ്ധ്യേ തപസ്സു ചെയ്തു.
“മഞ്ഞുകാലം നീരിൽ വർഷകാലത്തിലും;
ഉദ്ദീപനേഷുശരദ്വസന്തങ്ങളിൽ;
മൃത്യവേ നിത്യവും മൃത്യുഞ്ജയപ്രിയാ
മർഷിതദ്വന്ദ്വാ മഹർഷി ബഹുമതാ-
മർഷഹർഷാദ്യൈരധർഷിതമാനസാ
ദർശയന്തീ, ക്രമോൽകർഷമവിശ്രമം
കർശയന്തീ, തനും ഹർഷയന്തീ സുരൻ”
ഇങ്ങനെ പാർവതീ ഉത്തുംഗധൈര്യത്തോടു കൂടി,
“തുംഗനൈരാശ്യമിണങ്ങിയ ഭംഗുരം
തിങ്ങൾ തോറും ദിവസങ്ങൾ തോറും കരേ-
റ്റങ്ങൾ കാണക്കാണവിങ്ങി ജഗദണ്ഡ-
മങ്ങലിക്കുള്ള ധൂമങ്ങളിൽ മുങ്ങുമാറു്”
അഖിലാഖ്യതപസ്സു മുതിർന്നകാലത്തു്,
“ചങ്ങലജാലം നടതളയും പൂണ്ടു
ഭൃംഗാവലീഢോത്തരംഗമദം പറ്റി
മങ്ങിമയങ്ങിപ്പരുങ്ങിച്ചുരുങ്ങിപ്പി-
ണങ്ങീടുവാനെന്തനങ്ങീടവല്ലാഞ്ഞി-
ണങ്ങിവണങ്ങിപ്പുഴങ്ങി വഴങ്ങിപ്പ-
ഴങ്ങൾ ഫലങ്ങൾ പുഴുങ്ങും കിഴങ്ങും ഗു-
ളങ്ങൾ കരിമ്പും പനങ്കൊമ്പുമെല്ലാം ത-
രം കണ്ടണഞ്ഞങ്കുരം കൊണ്ടു വായിൽ–കൊ-
ടുത്താലതെല്ലാം പിടഞ്ഞങ്ങിറക്കിച്ചെ-
റുക്കാതെ നോക്കിപ്പണിക്കും സൃണിക്കും നി-
ശേശാർദ്ധചൂഡൻ വശാനാഥനേകൻ വി-
ശാന്താവലേപോ ദൃശാ ദഗ്ദ്ധദേഹോപ്യ-
ശേഷോഷ്മശാലീ വിശാലാപദാനോ വി-
നോദായ ചേർന്നാ മനോഭൂനിഷാദീ രു-
ഷാ ദീപ്തചതാസ്സദാ ചെയ്തു തർജ്ജനം”
അങ്ങനെ ഇരിക്കേ പരമേശ്വരൻ ഗൌരീതപോരീതിഘോരക്രമങ്ങളെകാണ്മതിന്നായി ദ്വാരസ്ഥിതപരിവാരാദികൾ പോലുമറിയാതെ പുറപ്പെട്ടു് ഗൌരീശിഖരത്തിലെഴുന്നള്ളി ‘വിണ്ണിലേനിന്നു കൊണ്ടു’ തന്നെ ദേവിയേക്കണ്ടപ്പോൾ ഭഗവാനു പൂർവസ്മരണ ഉദിച്ചു. ശിവഹൃദയത്തിൽ അപ്പോൾ ഉണ്ടായ വിചാരങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“പണ്ടേതിലേറുമഖണ്ഡിതസൊന്ദര്യ-
മുണ്ടായിതിത്ര ലാവണ്യപുരം കഥം?
അന്യുനശൈശവസന്നാഹി യൌവന-
മാന്യോന്യസൌഹൃദമെന്നേ മനോഹരം
കണ്ണുള്ളവർക്കിതു നിർണ്ണയമുത്സവം;
കണ്ണിണ വഞ്ചിച്ചു ഹന്ത വാണേൻവൃഥാ
പാതിമെയ്യായതിപ്പാർവതി താൻ മമ.
പ്രീതിമുഴുവനിയം മൂർത്തിധാരിണി;
തയ്യലിരുൾകുഴലയ്യോ ചിടയായി
കയ്യേറ്റിമിങ്ങായി; ചെയ്യാമിനിപ്പിഴ
വക്ഷോരുഹങ്ങളിൽ വല്ക്കലം പുക്കുതെ-
ന്നുൾക്കളങ്കമിവൾക്കൊക്കയുമോതുവാൻ;
രത്നാഭരണങ്ങളിത്തളിർ ചെയ്യുന്ന-
കൃത്യമെന്നോർത്തങ്ങു പ്രസ്ഥിതരായിപോൽ;
ദീനാനുകമ്പേന നിന്നതിനീരസൻ
നൂനമതോതുവാൻ നാനാദിഗന്തരേ
ആസ്താമതീതകാര്യാർത്ഥാവധാരണ-
മോർത്താലതീവ ഞാനാധിമൂലം ദൃഢം
വാഴ്ത്താവതല്ലമേ നേർത്തോരുമേനിക-
ണ്ടാസ്ഥാകുതൂഹലമാർദ്രതയും ഹൃദി
മദ്ഗതഭാവമിവൾക്കിനിയെങ്ങനെ?
തൽകില ബോദ്ധ്യം”
നമ്മുടെ ഈ കവിയ്ക്കു ബാഹ്യപ്രകൃതിയെ വർണ്ണിക്കാനുള്ളിടത്തോളം ചാതുര്യം ആന്തരപ്രകൃതി വർണ്ണനയില്ലെന്നു തോന്നുന്നു. ഉണ്ണായിവാര്യരാകട്ടെ മനുഷ്യഹൃദയത്തിന്റെ ആഴംകണ്ട ഒരു മഹാകവി ആയിരുന്നു. ‘അലസതാ വിലസിതേ’ത്യാദി ഗാനങ്ങൾ വായിക്കുമ്പോൾ കണ്ണിൽനിന്നു ചുടുകണ്ണുനീർ ചാടാത്ത അശ്മഹൃദയന്മാർ വല്ല ദിക്കിലും ഉണ്ടോ എന്നു അറിയുന്നില്ല. ഒരാൾ ബുദ്ധികൊണ്ടും അപരൻ ഹൃദയബുദ്ധികൾ രണ്ടുകൊണ്ടും പെരുമാറുന്നു.
ഭഗവാൻ ദേവിയുടെ മനോഭാവം അറിയുന്നതിനു വേണ്ടി ‘അദ്ധ്വശ്രമത്താലശക്തി നടിച്ചൊരു’ വൃദ്ധതാപസന്റെ വേഷത്തിൽ,
“മൂത്തുനരച്ചു കുരച്ചു വടിയൂന്നി
വീർത്തുമിരന്നും കിതച്ചുമിടയിടെ
ആർക്കുള്ളൊരാശ്രമമിക്കണ്ടതത്രഞാ-
നാക്കം കെടുന്നു, കിടാങ്ങളെ! നോക്കുവിൻ”
എന്നുപറഞ്ഞു് അവിടെ ചെന്നപ്പോൾ ജയയും വിജയയും ചെന്നു കൈതാങ്ങി അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ദേവി അദ്ദേഹത്തിനു ആസനം നൽകീട്ടു്.
“പാദം കഴുകിച്ചു തജ്ജലമേറ്റുതാ-
നർഘ്യം മധുപർക്കമിത്യാദിയും നൽകി-
ത്തല്ക്കാലിണയ്ക്കൽ നമസ്കാരവന്ദനം
പൂജനവീജന പാദസംവാഹന-
മാചരിച്ചാചരിച്ചു”
കൊണ്ടു് തനി സംസ്കൃതത്തിൽ ഇങ്ങനെ ചോദിച്ചു.
“സ്വാഗതം തേ മുനേ! മോഹതന്തുച്ഛിദേ
ബ്രൂഹി കിം തേ മയാ കാര്യമന്തർദൃശേ?
കുത്ര ഗന്തും ത്വയാ പ്രസ്ഥിതം വാ കുതോ
നിത്യസന്തോഷിണാ? ഹൃദ്യമുച്യേതചേൽ”
ഈ ‘മാദ്ധ്വീകമാർദ്ദവം വാർത്തമൊഴി’ കേട്ടു്, വൃദ്ധതാപസൻ, സുഖകരമായ പ്രായത്തിൽ മനോഹരമായ ഈ ശരീരത്തെ നീ എന്തിനു തപിപ്പിക്കുന്നു?”
“ആശയയുണ്ടാകിലൊന്നേശാതതില്ല തേ
നീ ചാപലം ചെയ്വതാശയ്ക്കു നാശമാം.
നീ ചീരവും പൂണ്ടു പൂശിവണ്ണീരുമി-
ക്കേശം ചിടയാക്കി വാശിയെന്തീദൃശം?
വായ്പോടു ചൊല്ലുനീ ഗോപ്യമല്ലെങ്കിലോ
ദൌർബല്യമംഗത്തിനോർപ്പനേകാദശി
നോല്പതുപോലും മഹാപ്രയാസംതവ.
ദുർല്ലഭനായൊരു വല്ലഭനെക്കൊതി-
ച്ചല്ലയോവാനതും ചൊല്ലൊളിയായ്ക നീ”
എന്നും മറ്റും ചോദിച്ചു. തൽസമയം വിജയ ദേവിയുടെ ഈ തപശ്ചര്യയ്ക്കു ഹേതുവായിത്തീർന്ന സംഗതികളെ വിവരിച്ചു കേൾപ്പിച്ചു. ഇതു കേട്ടപ്പോൾ വൃദ്ധൻ ശിവനെ ഒട്ടു വളരെ ദുഷിച്ചിട്ടു് ദേവിയുടെ ശിവഗതമായ ഹൃദ്ഗതം നിന്ദ്യമാണെന്നു പറഞ്ഞു. അതുകേട്ടു് ശ്രീപാർവതി ‘തന്മതഭംഗം വരുമാറു് അശങ്കം’ ചിലതൊക്കെ അരുളിചെയ്തിട്ടു് അവിടെനിന്നു പിന്തിരിഞ്ഞു കളഞ്ഞു. അപ്പോൾ അദ്ദേഹം അത്യന്തം പ്രസന്നനായിട്ടു് സാക്ഷാൽ സ്വരൂപമവലംബിച്ചു് മുന്നിൽക്കടന്നു നിന്നിട്ടു്,
“ഹന്ത ഹേ! സുന്ദരീ പിന്തിരിഞ്ഞെന്തു? നി-
ന്നന്തികേ വന്നിരുന്നെന്നിലോ നീരസം?
എന്നെ വെടിവതിനെന്തു തോന്നീടുവാൻ?
വെന്തുനീറുന്നിതെന്നന്തരംഗം പ്രിയേ!
നീയിത്തപസ്സിൽ നിൻകായത്തെ വാട്ടിനി-
ന്നായുസ്സൊടുക്കുവാനായിത്തുടങ്ങൊലാ”
എന്നിങ്ങനെ പറഞ്ഞപ്പോൾ
“ദേവീ സസംഭ്രമം കൈവണങ്ങിക്കുച-
വ്യാവിദ്ധവല്ക്കലാ വൈവശ്യശാലിനീ
ഭാവനാശാലിനീ പാവനപാവനാ
ദേവമയ്യാ ശിവമാവോളം മാനസ-
ദേവതാബുദ്ധ്യാ കൃതാവധാനാ കണ്ടു്;
നേർമിഴികൊണ്ടതിവേപിതാംഗീ പ്രിയം
രോമാഞ്ചകഞ്ചുകസ്വേദാംബുഭൂഷിതാ
പ്രേമാതുരാ നിന്നു സാമോദമാനതാ”
ഇങ്ങനെ ക്ഷണ നേരം നിന്നിട്ടു് ‘ഭൂമിഭൃൽകന്നി തൻകോമളഭ്രൂ’കൊണ്ടു തന്റെ തോഴിയോടു് ഇപ്രകാരം പറഞ്ഞു.
“വ്യോമകേശൻ ദൃശാ കാമനെച്ചുട്ടവൻ
വാമദേവൻ സതാംകാമധേനുസ്സ്വയം
മാമുനിവൃദ്ധന്റെ പേമൊഴി കേട്ടിതോ?
താമസൻ പോകാഞ്ഞു താമസിച്ചാനെങ്കി-
ലീമഹേശനു ക്ഷണേ ഹോമമായ്പ്പോമഹോ!
മാമകേ മാനസേ ക്ഷോദമായീദൃശം
സ്വാമി ദോഷങ്ങൾ കേട്ടാമയഭൂമനി
നാമതു പോക്കുവാനീ മഹാദേവമെ-
യ്ക്കാമെങ്കിലോ സഖി! പോമഴലാകവേ
കേൾ മമ തോഴികാൺ മേ മനോനാഥനേ-
ത്തുമയിൽ നീയെനിക്കാമല്ല നാണമാം”
ഭഗവാൻ ഇങ്ങനെ വൃദ്ധവേഷം ധരിച്ചു് അവിടെ വരാനുണ്ടായ ഹേതു എന്താണെന്നു് പറഞ്ഞു് ദേവിയെ തപസ്സിൽനിന്നു നിവർത്തിപ്പിച്ചതിനോടുകൂടി രണ്ടാംകാണ്ഡം അവസാനിക്കുന്നു. വൃത്തം കാകളിയാകുന്നു.
ഗിരിജോദ്വാഹഖണ്ഡമായ മൂന്നാംപാദം കളകാഞ്ചീവൃത്തത്തിൽ എഴുതപ്പെട്ടിരിക്കുന്നു. പരമശിവനു് അദ്രികന്യകയിൽ ‘അളവറ്റ അലർശരാതുരാൽ’ പിണയുകയാൽ, തദ്വിവാഹം ഉടൻ തന്നെ നടത്തുന്നതിനു, കൊതിപെരുകുകയും മതിമുറുകുകയും ചെയ്തു. തൻമൂലം അദ്ദേഹം സപ്തർഷികളേ ധ്യാനിച്ച മാത്രയിൽ അവർ, അരുന്ധതീസഹിതം അവിടെ എത്തി.
“ദിവസമനു പരമശിവഭജനചരിതാർത്ഥരായ്
ദിവ്യതേജോമയഭവ്യാകൃതികളായ്
കനകനിറമുടയ ചിടമുടികൾ ബഹുതാടിയും
കൈത്താരിലോരോരോ രുദ്രാക്ഷമാലയും
ദശനരുചി ബഹുഗുണിതധൃതഭസിത ധാവളി
ദത്തലോകാനന്ദനിസ്തുല മൂർത്തികൾ
അരയിലുടനുടുപുടകളമരതരുവല്ക്കങ്ങ-
ളച്ഛമുക്താമയ കണ്ഠസൂത്രങ്ങളും
അതിമധുരമുടൽ വടിവും”–
പൂണ്ട ആ ദിവ്യന്മാരെ വേണ്ടപോലെ പുകൾത്തുന്നതിനു ആർക്കും സാധിക്കയില്ല.
“അദ്വൈതനന്ദനകല്പദ്രുമങ്ങളോ?
അമിതമൊരു തപവിഭവമുടലൊടു നടക്കയോ?
ഐശ്വര്യസിദ്ധികൾക്കാശ്ചര്യസീമയോ?”
എന്നൊക്കെ കവി അവരെ ശങ്കിക്കുന്നു.
ശ്രീപരമേശ്വരൻ ഹിമവത്സന്നിധിയിലേക്കു് സപ്തർഷികളെ അയച്ചു വിവാഹനിശ്ചയം ചെയ്യുന്നു. ഹിമവൽപുരിയുടെ മനോഹരവർണ്ണന ഇവിടെ പകർത്താൻ സാധിക്കാത്തതിൽ വ്യസനിക്കുന്നു. സപ്തർഷികളുടെ ആഗമനോദ്ദേശ്യം അറിഞ്ഞ ചിലർ സന്തോഷിക്കയും ചിലർ പുച്ഛിക്കയും മറ്റും ചെയ്തു. ജനങ്ങളുടെ ഇടയിൽ അപ്പോഴുണ്ടായ വാദപ്രതിവാദങ്ങളെ കവി ചമ്പൂകാരന്മാരുടെ രീതിയിൽ ദീർഘമായും സരസമായും വർണ്ണിച്ചിട്ടുണ്ടു്. മേനയ്ക്കും ചില ആശങ്കകൾ ജനിക്കാതിരുന്നില്ല. എന്നാൽ അരുന്ധതിയുടെ അതിദീർഘവും സരസവുമായ പ്രസംഗംകൊണ്ടു്, മേനയുടെ ശങ്കകൾ എല്ലാം നീങ്ങി. എന്തിനധികം പറയുന്നു! വിവാഹത്തിനുള്ള മുഹൂർത്തം നിശ്ചയിച്ചു. വിശ്വകർമ്മാവുതന്നെയാണു് വിവാഹമണ്ഡപാദികൾ നിർമ്മിച്ചതു്. ഹിമവാൻ ആ ശില്പിവര്യനെ വിളിച്ചു് ആജ്ഞാപിച്ചതനുസരിച്ചു് കെട്ടിടങ്ങളെല്ലാം അതിവേഗത്തിൽ തീർന്നു. കല്യാണമണ്ഡപവർണ്ണന ഇവിടെ പകർത്താതെ തരമില്ല.
“സ്ഥലമവിടമവടശതവിഷമിതമപിദ്രുതം
തട്ടൊത്ത ഭൂമിയായ്ത്തട്ടങ്ക സംഗമേ.
സ്തിമിതമിഴി നിലയവനൊരരനിമിഷമുണ്ടായി;
തീർന്നു കാണായ്വന്നു മണ്ഡപമപ്പൊഴേ.
നിലപലതു നിഖിലമപി കനകമണി നിർമ്മിതം
നീലവൈഡൂര്യങ്ങൾ കാലിണക്കല്ലുകൾ
നിലമവിടെയതിമൃദുലസുരഭിലമണീമയം
നീളം ത്രിയോജനം വീതി നാൽ കാതമാം.
തരളരുചിമുതൽനിലയിൽ വളയലുകൾ വാവട
തട്ടും തുലാങ്ങളും തൂണുകൾ ഭിത്തിയും
പല മണികളിടകലരെ നിരുപധികശില്പവും
പട്ടു നിറം പൂച്ചു പാവകൾ ചിത്രവും
ജനനയനഹൃദയഹരമരുതു പുകൾവാൻ പണി
ജാംബൂനദഫലകംകൊണ്ടു മേച്ചിലും
ബഹളരുചി വളഭികളിലഴികൾ ചൊരികാൽ പല
ബാലകൂടങ്ങളും വ്യാളപ്രതിമയും
സ്ഫടികമണിമയമൊരിടമപര ദിശിവിദ്രുമ
പത്മരാഗാഭാ പരഭാഗപാടലം
മുഹുരൊരിടമരുണമണിമയമപരഭാഗതോ
മൌക്തികജ്യോൽസ്നാഗമാവദാതീകൃതം
ഉപരിപുനരൊരു നിലയിലഖിലദിശി വജ്രങ്ങ-
ളൊപ്പിച്ചു വച്ചു പണി ചെയ്ത ദീപ്തിയാൽ
വിശദമിഹ പറവർ ചിലർ വരുവതു വിയദ്ഗംഗ
വേളിലാളിപ്പാനനുജത്തി തന്നുടെ
ഒരു നിലയിൽ ബഹുപണികൾ മറുനിലയിൽ വെൺപട്ടു
മൊന്നിടയിട്ടതിനായിരം പൊന്നില.
സകല നിലകളിലുമുടനുപരിനിലമൌലിയിൽ
ത്താഴികക്കുംഭങ്ങളമ്പോടു കാൺകയാൽ
സഭയതരമതുപൊഴുതു സരസിരുഹസംഭവൻ
സത്യലോകസ്ഥിതൻ മേല്പോട്ടു നോക്കിനാൻ.
ഇനമപി ച ശശിനമപി ശിരസിവെച്ചുകൊ
ണ്ടെന്തഹോ! വിന്ധ്യൻ വളർന്നിതോ ദുർമ്മദാൽ?
ഇവനു മദമകലുവതിനിതുപൊഴുതുപായമെ-
ന്തെന്നിവണ്ണം പല ചിന്തയാമേവിനാൻ.
അപി ച പുനരതിനുപരി കൊടിമരമുയർന്നു ക-
ണ്ടപ്പോഴെഴുനേറ്റു പെല്പയോജാസനൻ
അദിതിസുതനവടുചരണമിതി മനസി നിർണ്ണയി-
ച്ചാശു കുണ്ഡീജലംകൊണ്ടു കഴുകിനാൻ
അതുധവളസിചയചയമയമതിനുടെ കൊടിക്കൂറ.
യഭ്രസിന്ധൂത്ഭവമെന്നും കരുതിനാൻ.
മധുപരുതി ഭണിതമതിനുപരി മാല്യം കണ്ടു
മാൽപൂണ്ടു ധൂർജടിമൌലിമാലാധിയാ.
അതിപൊഴുതു സരസിരുഹവസതിരഥ ഹംസങ്ങ-
ളത്യന്ത കൌതുകാൽപ്പുക്കു തന്മണ്ഡപേ
കുഹചിദിതി വിശദമണിവിരചിതവിടങ്കേഷു
കുത്തിച്ചമച്ചവരടകളെക്കണ്ടു.
കുതുകമൊടുമമരധുനിബിസകിസലയഖണ്ഡങ്ങൾ
കൊത്തിക്കൊടുപ്പതുമേടിയാഞ്ഞാടലാൽ
അനുസരണരണിതമതിരണരണികയാചെയ്തി-
തജ്ഞാനകാരണകോപപ്രശാന്തയേ
ഇതിവിവിധമുപരിതന നിലകളിലോരോ ചിത്ര-
മെത്രയുമത്ഭുതം കല്യാണമണ്ഡപം.”
ഹിമവാൻ അടുത്തും ദൂരത്തു വസിക്കുന്ന ആത്മബന്ധുക്കൾക്കു ക്ഷണക്കത്തുകൾ അയച്ചു. അനന്തരം സകല കാര്യങ്ങളേയും പുത്രനെ ചുമതലപ്പെടുത്തീട്ടു്, അദ്ദേഹം മഹേശ്വരനെ കാണുന്നതിനായി പുറപ്പെട്ടു. എന്നാൽ ശിവനെക്കണ്ടിട്ടു തിരിച്ചു വന്നു നോക്കിയപ്പോൾ തന്റെ പുരം തന്നെയോ എന്നു് അദ്ദേഹത്തിനു പോലും സംശയം തോന്നിയത്രേ.
“ഫലവിനമദമരതരുനിരകൾ കുലവാഴവെൺ-
പട്ടുവിതാനം പഴുക്കാമണിഗൃഹം;
പുതിയ മണിനിറയുമണിനിറപറകൾ ദീപങ്ങൾ
പൂർണ്ണകുംഭങ്ങൾ, കുടികൾതോറും കൊടി
അഖിലദിശി പവനചലദകിൽസുരഭിധൂപവു-
മദ്ധ്വാക്കൾതോറുമത്യുന്നതം പന്തലും,
സരിഗമപധനിസ സനിധപമഗരിസയെന്നു
സംഗീതശാലയിലഭ്യാസഘോഷവും,
അടവികളിലജിരസമ ‘മടി കള തളി’ യെന്നു.
‘മാഹര ഹേമകദളീനിര’യെന്നും
ഭണിതുമപി ഘനമരവരണിതമപി നീളെയും,
ഭക്തരുടെ ശിവനാമഘോഷങ്ങളും,
വിധുവിനൊടു സമമമലതാലവൃന്തങ്ങളും,
വിദ്രുമത്തണ്ടാണ്ട വെഞ്ചാമരങ്ങളും,
വിരവൊടിതകരതളരിടയിടയിളക്കുന്ന
വേശാംഗനാകരകങ്കണഘോഷവും,
വിവിധജനവിഭവഗുണനുതിഭണിതി വന്ദിനാം
വേദജ്ഞയോഗവിധിവിചാരങ്ങളും”
കണ്ടു് കണ്ടു് സന്തോഷപുളകിതാംഗനായി അദ്ദേഹം സ്വഗൃഹത്തിനുള്ളിൽ പ്രവേശിച്ചു.
ജയവിജയന്മാർ ‘ചെമ്പൊൽക്കരങ്ങളിൽ ജലം കൊണ്ടുവന്നു’ തങ്ങളുടെ സഖിയേ,
“താതനെ കൂപ്പിച്ചിരുത്തി പലകമേൽ
കുടിലതിരുമുടി ഝടിതിചടുലമലരച്ചിതം
കൌശലാൽ മന്ദം കടഞ്ഞുവകഞ്ഞുടൻ
തളിർകുസുമകലികയൊടു കുറുകയുമുഴിഞ്ഞാശു
തൈലവും തേപ്പിച്ചു തർപ്പിച്ചുബാന്ധവർ”
അനന്തരം വധുവിനെ മണിഗൃഹത്തിൽ കൊണ്ടുപോയി താളിയും വാകയും തേപ്പിച്ചു് ‘അഖിലതീർത്ഥാനീത’മായ ‘അമൃതസമസലിലത്തിൽ’ ആറാടിച്ചു. അഗസുതയെ ഇപ്രകാരം കുളിപ്പിച്ചു് ‘ഇഴനേർത്തൊരുവാസ’സ്സുകൊണ്ടു നല്ലപോലെ തോർത്തിക്കഴിഞ്ഞിട്ടു സുരാംഗനമാർ,
“ഇണപുടവയിരുപുറവുമിതമിയലുമൊക്കവ-
ച്ചിഷ്ടമുടുത്തു പൊൽപ്പട്ടുത്തരീയവും
അതിവിജനമണിവതി”
ന്നായി മണിയറയിൽ കൊണ്ടുപോയി ഒരു ആസനത്തിൽ ഇരുത്തി. ചമയം ഇങ്ങനെയായിരുന്നു.
“അകിൽ പുഴുവുമലയജവുമരിയ പനിനീർജവാ-
തത്ഭുതം കസ്തൂരി കർപ്പൂരകുങ്കുമം,
സിതകുസുമതളിർനിരകൾ സുരഭിമലർമാലകൾ
സിന്ദൂരരോചനാ ലാക്ഷാരസങ്ങളും,
തികയുമളവതിനരികിലനവധി നിരന്നുനൽ
ദിവ്യരത്നാഭരണങ്ങളോരോതരം
മുടിമണികൾ മുടുകു വകമണിസരലലന്തികാ
മൌക്തികം മൂക്കുത്തി താടങ്കകുണ്ഡലം
ഗളമളവുലളിതനവമണികനകഭൂഷണം,
ഗാത്രികാകഞ്ചുളീഹാരഭേദങ്ങളും,
കനകമണിരുചിഖചിത കടകമണികേയൂര-
കങ്കണം കൈമോതിരങ്ങൾ തരം തരം,
ഹരിഹയനുവരദയുടെ മൃദുരണിത നൂപുരം-
കാമ്യങ്ങളായുള്ള കാഞ്ചീഗുണങ്ങളും
ശിവമഹിഷിയുടെ വപുഷിചിരവസതികൌതുക-
ശിഞ്ജിതം കൊണ്ടുടൻ വ്യഞ്ജിച്ചു പുക്കിതു”
വിവാഹോത്സവവും മറ്റും പൊടിതകൃതിയായി വർണ്ണിച്ചിട്ടുണ്ടു്.
ഈ വിവരണംകൊണ്ടു് ഗിരിജാകല്യാണത്തിന്റെ ഇതിവൃത്തം, പ്രതിപാദനരീതി മുതലായവയേപ്പറ്റി വായനക്കാർക്കു ഒരു ഏകദേശ ജ്ഞാമെങ്കിലും ഉണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നു. ഈ വിശിഷ്ട കൃതി കേരളഭാഷാകന്യകയുടെ കല്യാണമഹോത്സവം എന്നപോലെ വിളങ്ങുന്നു. എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ, കൃഷ്ണഗാഥ ഒഴിച്ചാൽ ഇതിനു തന്നേ പ്രഥമസ്ഥാനം നൽകേണ്ടതാണു്. കൃഷ്ണഗാഥയ്ക്കും ഗിരിജാകല്യാണത്തിനും തമ്മിൽ, അവയുടെ നായികാനായകന്മാർക്കു തമ്മിലുള്ളിടത്തോളം അന്തരമുണ്ടെന്നു പറയാം. ഗാഥയിലേ നായകൻ സർവലോകവിസ്മാരകമായ കളവേണുധ്വനിയാൽ വിശ്വമലിയിക്കുന്ന ബാലഗോപാലനും, നായികമാർ വീടും കൂടും എന്നുവേണ്ട തങ്ങളെക്കൂടിയും മറന്നു് കൃഷ്ണാർപ്പിതജീവിതരായിരിക്കുന്ന ഗോപികമാരും, തൽക്കവി ഭക്തിജലപ്രക്ഷാളിതമായ ഹൃദയക്ഷേത്രത്തിൽ ഭഗവദ്വിഗ്രഹത്തേ പ്രതിഷ്ഠിച്ചു് ത്രിവിധകരണങ്ങളാലും പൂജിച്ചുവരുന്ന പരമഭാഗവതനുമാകുന്നു. ഗിരിജാകല്യാണത്തിലാകട്ടെ, നായകൻ അലർശരനെച്ചുട്ടുപൊടിച്ചു് ‘ഭീമനെ’ന്നുള്ള തന്റെ വിശേഷനാമത്തെ അന്വർത്ഥമാക്കിയ സത്വവാരാശിയും നായിക സുഖാങ്കുരമായ പ്രായത്തിൽ സൌന്ദര്യസാരം തുളുമ്പുന്ന ആത്മശരീരവല്ലിയെ തപോമയവഹ്നിയിൽ വാട്ടിയ പരമതപസ്വിനിയും ആണു്. കവിയോ? സർവശാസ്ത്രപാരംഗതനും തന്റെ വിപുലമായ പാണ്ഡിത്യത്തേപ്പറ്റി ഗർവിയ്ക്കുന്ന പടുമതിയുമത്രേ.
നളചരിതം ആട്ടക്കഥയേ ഈ കൃതിയോടു ചേർത്തുവച്ചു നോക്കിയാൽ, രണ്ടിലേയും ഭാഷാരീതി വിഭിന്നമാണെന്നു കാണാം. വർണ്ണനാചാതുരിയിലും അർത്ഥവൈചിത്ര്യത്തിലും ഗിരിജാകല്യാണകർത്താവു് അതിശയിക്കുന്നുണ്ടെങ്കിലും രസപരിപോഷണത്തിൽ ഉണ്ണായിവാര്യർക്കു് കപ്പം കൊടുത്തേ മതിയാവൂ.
ഗിരിജാകല്യാണത്തിനു ഇതേവരെ പ്രചാരമുണ്ടാകാഞ്ഞതിൽ അത്ഭുതപ്പെടാനില്ല. പണ്ഡിതന്മാർക്കായി മാത്രം രചിക്കപ്പെട്ട ഒരു കാവ്യത്തിനു് സംസ്കൃതപണ്ഡിതന്മാരുടെ സംഖ്യ കുറഞ്ഞു കുറഞ്ഞു വരുന്ന ഒരു കാലത്തു് എങ്ങനെ പ്രചാരം ലഭിയ്ക്കും? നാല്പത്തിഒൻപതു വർഷങ്ങൾക്കു മുമ്പു ഈ ഗ്രന്ഥത്തെ അച്ചടിച്ചു പ്രസിദ്ധീകരിച്ചുവെങ്കിലും, അതിനു യഥാർഹമായ പ്രചാരം സിദ്ധിച്ചില്ല. മി. പി. കെ. നാരായണപിള്ള പ്രസാധനംചെയ്ത സംഭവകാണ്ഡവും പുസ്തകവ്യാപാരികളുടെ ഷെൽഫുകളിൽ ക്ഷുദ്രങ്ങളെങ്കിലും പാഠ്യപുസ്തകക്കമ്മറ്റിക്കാരുടെ അനുഗ്രഹത്താൽ ബഹുമാന്യപദവി സിദ്ധിച്ചിട്ടുള്ള ഇതരഗ്രന്ഥങ്ങളുടെ സ്ഥലം ‘മെനക്കെടുത്തി’ക്കൊണ്ടു സ്ഥിതിചെയ്യുന്നതേയുള്ളു. മി. പരമേശ്വരയ്യരുടെ ഗിരിജാകല്യാണത്തിനും വിറ്റഴിയുന്നതിനു് പാഠ്യപുസ്തകകമ്മറ്റിയുടെ കരുണാകടാക്ഷലേശം വേണ്ടിവന്നല്ലോ.
12.52 ശാസ്ത്രഗ്രന്ഥങ്ങൾ (ഗദ്യവും പദ്യവും
)
മലയാളഭാഷയിൽ ഗദ്യസാഹിത്യം എന്നൊന്നു് ഇല്ലായിരുന്നുവെന്നു് ഭ്രമിക്കുന്നവർ പലരുമുണ്ടു്. പുരാതനഗദ്യഗ്രന്ഥങ്ങൾ ഓരോന്നായി സൂര്യപ്രകാശം കണ്ടു തുടങ്ങിയിരിക്കുന്ന ഇക്കാലത്തും ഈ മിഥ്യാബോധം നിലനില്ക്കുന്നതാണു് അത്യത്ഭുതം. ഈയിടെ ഒരു മനോരമാ ലേഖകൻ ആധുനിക ഗദ്യസാഹിത്യത്തിന്റെ പിതൃസ്ഥനം സർവകലാവല്ലഭനും മനോരമയുടെ ആരാധനാവിഗ്രഹവുമായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനും, കേരളപാണിനിസ്ഥാനം അവിടത്തെ ശിഷ്യാഗ്രഗണ്യനും, കേരളഭാഷയുടെ ഭാഗ്യഭൂമാവും ആയിരുന്ന ഏ. ആർ. രാജ രാജവർമ്മ കോയിത്തമ്പുരാന്നും നൽകിയിരിക്കുന്നതു് നസ്രാണീതരന്മാരുടെ അസൂയാമലീമസബുദ്ധികൊണ്ടാണെന്നും ഈ ഗ്രന്ഥകാരൻ മുതൽപേർ, പ്രസ്തുത സ്ഥാനങ്ങൾക്കു രണ്ടിനും യഥാർത്ഥാവകാശിയായ ഗീവറുഗീസുകത്തനാരവർകളുടെ യശശ്ചന്ദ്രികയേ മനഃപൂർവം മറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചിരിക്കുന്നതായി കണ്ടു. ഈ ലേഖനപരമ്പര വായിച്ചു നോക്കിയാൽ മലയാളത്തിൽ പ്രസ്തുത കത്തനാരുടെ കാലത്തിനു മുമ്പു് ഗദ്യസാഹിത്യമേ ഉണ്ടായിരുന്നില്ലെന്നു തോന്നും. പുരാതന ഭാഷാ ഗദ്യഗ്രന്ഥങ്ങൾ വായിച്ചു നോക്കുന്നതിനുള്ള ഭാഗ്യമോ അഥവാ സന്മനസ്സോ പ്രസ്തുത ലേഖകനു ഇല്ലാതെ പോയതൊ പോകട്ടേ പുണ്യശ്ലോകന്മാരായ പലരുടേയും യശോഭിത്തികളിൽ, തിരുവാഴിത്താനേപ്പോലെ, ബീഭത്സചിത്രങ്ങൾ എഴുതാൻ പുറപ്പെട്ടിരിയ്ക്കുന്നതാണു് ക്ഷന്തവ്യമല്ലാതിരിക്കുന്നതു്. പ്രസ്തുത കത്തനാരുടെ കൃതികളേപ്പറ്റി യഥാവസരം പറഞ്ഞുകൊള്ളാം. ഇവിടെ നമുക്കു് സം. പ്ര. കാലത്തേ ഗദ്യത്തെപ്പറ്റി മാത്രമേ ചിന്തിക്കേണ്ടതായിട്ടുള്ളു.
മഹിഷമംഗലം അനേകം ഗദ്യഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ളതായി പത്താം അധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അന്നത്തെ ഗദ്യരീതി കാണിപ്പാനായി മാത്തൂർ നമ്പൂരിയുടെ മുഹൂർത്തപദവീ ഭാഷാവ്യാഖ്യാനത്തിൽനിന്നു ഒരു ഭാഗം ഉദ്ധരിക്കാം.
“ഓരോരോ നാളുകൾക്കു നാലല്ലോ കാലുകളാകുന്നു. അപ്പോൾ മുമ്മൂന്നു നാളുകൂടുമ്പോൾ പന്ത്രണ്ടീതുകാലുകളുണ്ടാം. അവറ്റിന്നു് മേഷാദിസംജ്ഞകളുണ്ടു്. അശ്വതി മുതലായികാണേണ്ടുവതു്. മേഷാദ്യംശങ്ങൾക്കു ക്രമത്താലെ കുജാദ്യധിപന്മാരെകണ്ടുകൊൾക. ഇരുപത്തേഴുനാളുകൾ കൂടീട്ടു നൂറ്റെട്ടു കാലുകളുണ്ടാം.”
‘തമ്പ്രാക്കൾ ഭാഷാ’ എന്ന പേരിൽ മുഹൂർത്തപദവിയ്ക്കു വേറൊരു ഭാഷാവ്യാഖ്യാനവുമുണ്ടു്. ഒരു അഴുവാഞ്ചേരി തമ്പ്രാക്കൾ രചിച്ച വ്യാഖ്യാനമായതുകൊണ്ടാണു് ഇതിനു് തമ്പ്രാക്കൾ ഭാഷ എന്ന പേർ സിദ്ധിച്ചതു്. ഗീവറുഗീസുകത്തനാരുടെ കാലത്തിനു കുറഞ്ഞപക്ഷം ൨൫൦ വർഷങ്ങൾക്കു മുമ്പുണ്ടായ ഈ ഗ്രന്ഥത്തിലെ ഭാഷാരീതി നോക്കുക.
“ഇനി കർതൃദോഷം പറയുന്നു: ജനിച്ച കാലിന്റെ എൺപത്തെട്ടാം കാലും നൂറ്റെട്ടാംകാലും ജനിച്ച കൂറിന്റെ അഷ്ടമരാശിയും അഷ്ടമരാശിക്കൂറും ജന്മാഷ്ടമരാശികാലുകൾക്കു പാപന്മാരോ ശുക്രനോ അധിപതിയാകിൽ അവയും പിറന്നാളിന്റെ മൂന്നഞ്ചേഴാംനാളും പക്കപ്പുറന്നാളിന്റെ മൂന്നഞ്ചേഴാംനാളുകളുടെ കാവാലിക്കാലുകളും രണ്ടാംപക്കപ്പുറന്നാളിന്റെ മൂന്നഞ്ചേഴാംനാളുകളിൽ പാപികൾ അധിപന്മാരായവയും ജനിച്ച രാശിയുടെ അഷ്ടമരാശിയായ ലഗ്നാഷ്ടമവും എല്ലാ ശുഭകർമ്മങ്ങളിലും വർജ്ജിക്കണം.”
“അത്തത്തിന്റെ മൂന്നാം കാലിന്മേൽ ആദിത്യൻ ചന്ദ്രൻ ബുധൻ എന്നിവർ ഓരോരുത്തർ നില്ക്കുമ്പോൾ ആ നില്ക്കുന്നവരുടെ ആഴ്ചദിവസത്തെ കന്നിരാശിയ്ക്കു സാരസ്വതയോഗമുണ്ടു്. പിന്നെ ബുധഗുരുശുക്രന്മാരിൽ ഓരോരുത്തർ അത്യുച്ചത്തിൽ നില്ക്കുമ്പോൾ കന്നിമാസത്തിൽ ഉച്ചത്തിൽ നില്ക്കുന്നവരുടെ ആഴ്ചദിവസത്തെ കന്നിരാശിയ്ക്കു യോഗമുണ്ടു്.”
“പൂരം നടത്തുവാൻ പ്രയാസം എന്നു് ഉച്ചം അറിവാനുള്ള വാക്യം. സാരസ്വതയോഗംകൊണ്ടു് വിദ്യാരംഭമാണെങ്കിൽ അനദ്ധ്യായം വർജ്ജിച്ചാൽ മതി. മറ്റൊന്നും വർജ്ജിക്കേണ്ട. അശ്വനിമാസത്തിൽ വെളുത്ത നവമിദിവസമദ്ധ്യത്തിങ്കലുള്ള ദിവസവും, നവമിരണ്ടു ദിവസമുണ്ടായാൽ, രണ്ടു ദിവസവും മഹാനവമിയാകുന്നു.” ഇങ്ങനെ അനേകം വ്യാഖ്യാനങ്ങൾ ഇക്കാലത്തിനടുത്തു ഉണ്ടായിട്ടുണ്ടു്. അവയിലെ ഭാഷാരീതിയ്ക്കു പറയത്തക്ക യാതൊരാക്ഷേപവും കാണുന്നില്ല.
വ്യാഖ്യാനങ്ങൾക്കു പുറമേ ഉത്തമ സാഹിത്യകോടിയിൽ ഗണിക്കപ്പെടാവുന്ന ഗദ്യഗ്രന്ഥങ്ങളും ഇക്കാലത്തു് അപൂർവമല്ലായിരുന്നു. വാസവദത്ത, ബ്രഹ്മാണ്ഡപുരാണം ‘ബ്രഹ്മാനന്ദവിവേകം’ അംബരീഷചരിതം നളോപാഖ്യാനം മുതലായവ ഈ ഇനത്തിൽപ്പെടുന്നു. വാസവദത്തയിൽനിന്നു് മാതൃകക്കായി ഒരു ഭാഗം താഴെ ചേർക്കുന്നു.
“ഒരു ദിവസം രാജാവു പ്രഭാതസമയത്തിൽ എണീറ്റു കുളിയും ദേവകാര്യവും ഭക്ഷണവും കഴിച്ചു് സർവാഭരണഭൂഷിതനായി ബ്രാഹ്മണരുടെ സമീപത്തിങ്കൽ വന്ദിപ്പൂതുംചെയ്തു് ഈ വണ്ണം പറഞ്ഞു. അല്ലയോ ബ്രാഹ്മണോത്തമന്മാരേ! ഞാൻ അവന്തി രാജ്യത്തിങ്കൽ നിന്നു് ഒരു കന്യാഭരണത്തെകൊണ്ടു വന്നിട്ടുണ്ടു്. അവൾ എങ്ങനെയുള്ളൂ? ഏറ്റവും സുന്ദരിയാണു്; പിന്നെയും പ്രദ്യോതനനാകുന്ന കല്പവൃക്ഷത്തിന്റെ മനോഹരമായിരിക്കുന്ന ബാലമഞ്ജരി ആണു് ഉപനീതം. അവളെ എനിക്കു വിവാഹം ചെയ്വാൻ യോഗ്യതയുണ്ടോ? എന്നീവണ്ണം വിചാരിച്ചു പറഞ്ഞാലും!”
12.53 പ്രശ്നമാർഗ്ഗം ഭാഷ
ഇതു പ്രശ്നമാർഗ്ഗത്തിന്റെ ഒരു ഭാഷാവ്യാഖ്യാനമാണു്. വ്യാഖ്യാതാവു് ഈഞ്ചക്കഴിവാ മാധവൻ ആണു്. ജാതിയിൽ കണിയാരായിരിക്കുമോ എന്തോ? അദ്ദേഹം മഴമംഗലത്തിന്റെ സമകാലികനായിരുന്നു.
12.54 ബാലശങ്കരീയം
ഇതു മഴ മംഗലത്തിന്റെ കൃതിയായ കാലദീപവ്യാഖ്യാനമാകുന്നു. ഗദ്യരീതികാണിപ്പാനായി ഒരു ഖണ്ഡിക ഉദ്ധരിക്കുന്നു. പൂർവപക്ഷത്തിൽ “പ്രതിപദത്തിന്റെ ആദി ആദിയായി അതിന്നടുത്തുമീതെ അമാവാസി വാവിന്റെ ഒടുക്കമൊടുക്കമായുള്ള കാലമല്ലോ ഒരു ചാന്ദ്രമാസമായതു്. അങ്ങനെ ഇരിക്കുന്ന ചാന്ദ്രമാസങ്ങൾ പലതുണ്ടല്ലോ. ഇരിക്കട്ടെ, അവയിൽവെച്ചു് ഏതൊരു ചാന്ദ്രമാസത്തിൽ പൌർണ്ണമാസി വാവിന്റെ ഒടുക്കംചോതിയിൽ താൻ വരുന്നു അച്ചന്ദ്രമാസം ചൈത്രമാസമായതു്.”
യുക്തിഭാഷ മുതലായ മറ്റുചില ജ്യൌതിഷഗ്രന്ഥങ്ങളേപ്പറ്റി ഒന്നാംഭാഗത്തിന്റെ അവസാനത്തിൽ പറഞ്ഞിട്ടുള്ളതു നോക്കുക.
12.55 നക്ഷത്രമാല
നക്ഷത്രമാല ഇതുപാനമട്ടിൽ എഴുതപ്പെട്ടിരിക്കുന്ന പ്രസിദ്ധമായ ഒരു പദ്യകൃതിയാണു്. ഓരോ നക്ഷത്രവും ഉച്ചത്തിൽ വരുമ്പോൾ ഉദിക്കുന്ന ലഗ്നവും അതിൽ ചെല്ലുന്ന നാഴികയും ഇതിൽ വിവരിച്ചിരിക്കുന്നു.
12.56 സ്മൃതികളും ആഗമഗ്രന്ഥങ്ങളും
തന്ത്രസമുച്ചയം ഭാഷ
ഈ കൃതി ഒരു കൂവക്കരപ്പോറ്റിയുടെ കൃതിയാണെന്നു തോന്നുന്നു. സംസ്കൃതത്തിലുള്ള തന്ത്രസമുച്ചയത്തിനെ ഭാഷാപദ്യങ്ങളായി വിവർത്തനം ചെയ്തിട്ടുള്ളതാണു്. ഈ ഗ്രന്ഥം അച്ചടിപ്പിച്ചിട്ടില്ല.
12.57 കൌഷീതകി ഗൃഹ്യസൂത്രംഭാഷ
ഇതു മഴമംഗലത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നു.
“കൌഷീതകം വേല്പാൻ മുഹൂർത്തമുണ്ടായി ഇണങ്ങരേയും അറിയിച്ചു് അയനിയുണ്ടു്, അച്ഛനേ അഭിവാദ്യം ചെയ്തു പിന്നെയും വേണ്ടുന്നവരെ എല്ലാവരെയും അഭിവാദ്യം ചെയ്തു്, ഒടുക്കത്തു അമ്മേ അഭിവാദ്യം ചെയ്തു് അടയും മാലയും മേടിച്ചു്, ആർത്തുവിളിച്ചു്, മംഗല്യസൂക്തം ജപിച്ചു പുറപ്പെട്ടു ചെന്നു്, വലത്തു കാലകം പുക്കു മുറ്റത്തു ചെന്നു കിഴക്കുനോക്കിയിരുന്നാൽ കൊടുക്കുന്നവൻ പടിഞ്ഞാറു നോക്കിയിരുന്നു കൈപിടിച്ചു ചൊല്ലൂ”
12.58 ശില്പരത്നം ഭാഷ
ഇതു ഇതേ പേരിലുള്ള സംസ്കൃതഗ്രന്ഥത്തിന്റെ ഭാഷാനുവാദമാകുന്നു. മൂലഗ്രന്ഥത്തിന്റെ കർത്താവു് മേല്പത്തൂർ ഭട്ടതിരിയായിരുന്നുവെന്നു ഭാഷാശില്പരത്നത്തിന്റെ പ്രസാധകന്മാർ പറയുന്നു. എന്നാൽ തദ്ഗ്രന്ഥത്തിൽ നിന്നുതന്നേ ഗ്രന്ഥകാരന്റെ പേരുംമറ്റും അറിവാൻ മാർഗ്ഗമുണ്ടു്.
“ബ്രാഹ്മം ക്ഷാത്രം ച തേജോപ്യഹമഹമികയാ വർണ്ണിതേ യത്രവീരേ തസ്യശ്രീ ദേവനാരായണധരണിപതേ രാജ്ഞയാ ജ്ഞാകരോഹം മന്ദോപ്യത്യന്തമോഹാദതിവിപുലതരേ ദ്യോഥപൂർവാഗമേഭ്യഃ സംക്ഷിപ്തം ശില്പരത്നം പ്രലിഖിതുമധുനാപ്രക്രമേ തൽക്രമേണ” എന്നും,
“ശ്രീരാമപുത്രേണ ഭാർഗവഗോത്രേ സംഭൂതേന ഭൂദേവേന ശ്രീകുമാരനാമധേയേന” രചിതമാണെന്നും പറഞ്ഞിട്ടുള്ളതുകൊണ്ടു് ശില്പരത്നത്തിന്റെ കർത്താവു് അമ്പലപ്പുഴരാജാവിന്റെ ആശ്രിതനും ഭാർഗ്ഗവഗോത്രജാതനും ‘രാമ’പുത്രനും കുമാരനാമാവും ആയിരുന്നുവെന്നറിയാം.
ഭാഷാശില്പരത്നത്തിനു തൈക്കാട്ടുഭാഷ എന്നുകൂടി ഒരു വ്യാഖ്യാനമുണ്ടു്. ശില്പാഗമജ്ഞനായ ഒരു തൈക്കാട്ടു ഭട്ടതിരിയാണു് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തു് ഒറ്റക്കല്ലുമണ്ഡപത്തിന്റെ പണിനടത്തിയതെന്നു് തിരുവനന്തപുരം രേഖകളിൽനിന്നു കാണുന്നു.
“കോളംബേ ഭൂനളഖ്യേ ദിനകൃതി വൃഷഗേ വാസരേ ഭൂപസംഖ്യേ
വഞ്ചിക്ഷോണീമഘോനഃ ക്ഷിതിപകുലമണേ രാമവർമ്മാഭിധസ്യ
സ്വസ്രീയസ്സത്യധർമ്മാ നിരുപമമഹിമാ ബാലമാർത്താണ്ഡവർമ്മാ
പ്ലുഷ്ടം പ്രാഗ്വാദ്വിധാതും മനസി നിരചിനോൽ പത്മനാഭോപഗേഹം
പ്രാപ്യാനുജ്ഞാം യഥാവത്സ തു നൃപതിവരഃ പത്മനാഭേന്ദ്രയോഗി-
ശ്രേഷ്ഠാൽ സമ്മന്ത്ര്യശില്പാഗമവിശദമതിം ബാലകാന്താരസംജ്ഞം
ഭൂഭേവഞ്ചാഗമയ്യാശിഷദഹിശയിതുർമ്മന്ദിരന്ദീപശാലാ
പര്യന്തഞ്ചാവിമാനാദതിരുചിരതരം കാരുഭിഃ കാരയേതി”
തൈക്കാടു് എന്നൊരു സ്ഥലം തിരുവനന്തപുരത്തും വടക്കുമുണ്ടു്. ഈ ഭട്ടതിരിയോ അദ്ദേഹത്തിന്റെ വംശത്തിൽപ്പെട്ട മറ്റു വല്ലവരുമോ ആയിരിക്കണം ശില്പരത്നം ഭാഷ നിർമ്മിച്ചതു്. കവിയുടെ ജീവിതകാലം ഒൻപതാം ശതകത്തിനു ശേഷമായിരുന്നുവെന്നു മാത്രം തൽക്കാലം പറയാം.
12.59 വലവീശുപുരാണം
ഇതു മുക്കുവന്മാരുടെ ഉപയോഗത്തിനായി ഏതോ ഒരു സരസൻ എഴുതിയ പദ്യകൃതിയാകുന്നു. ‘ഇതിഗാംഗേയകൃതേ വലവീശുപുരാണേ’ എന്നു അവസാനത്തിൽ കാണുന്നുണ്ടു്. ഒരു പകർപ്പു് ക്യൂറേറ്റർ മി. സാംബശിവശാസ്ത്രികളുടെ കൈവശം വന്നു ചേർന്നിട്ടുള്ളതായി അറിയുന്നു.
12.60 ഉലകുടയപെരുമാൾപാട്ട്
ആചാരവും ചടങ്ങും ഭാഷ
ഇതു ഇക്കാലത്തുണ്ടായ ഒരു സ്മാർത്തഗ്രന്ഥമാകുന്നു. ഭാഷയ്ക്കു കൌഷീതകീഗൃഹ്യസൂത്രഭാഷയുടെ സാദൃശ്യം കാണുന്നു.
ആശ്വലായന ധർമ്മസൂത്രങ്ങൾ, ആപസ്തംബസൂത്രങ്ങൾ ഇവയുടെ ഭാഷാവിവർത്തനങ്ങളും കാണ്മാനുണ്ടു്. ആചാരസംഗ്രഹം, അനുഷ്ഠാനസമുച്ഛയം, മുതലായി വേറെയും പലേ സ്മാർത്തഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും വിസ്തരഭയത്താൽ ഇവിടെ ഉദ്ധരിക്കുന്നില്ല.
12.61 സംഗീതം
സംഗീതവിദ്യയെ സംബന്ധിച്ചു് ഇക്കാലത്തു് സംഗീതചൂഡാമണി മുതലായ ചില കൃതികൾ രചിക്കപ്പെട്ടു.
താളക്രമത്തെ വിവരിക്കുന്ന ഒരു ഭാഷാഗ്രന്ഥവും കാണുന്നു.
12.62 തത്വശാസ്ത്രഗ്രന്ഥങ്ങൾ
പ്രപഞ്ചസാരം, ബ്രഹ്മാനന്ദവിവേകം, വേദാന്തസംഗ്രഹം, ശ്രുതിഗീതഭാഷ, മുതലായവയെ ഈ വർഗ്ഗത്തിൽ ഉൾപ്പെടുത്താം. ഇവയിൽ പ്രപഞ്ചസാരം നിർമ്മിച്ചതു് പെരിഞ്ചെല്ലൂർക്കാരനായ ഒരു നമ്പൂതിരി ആയിരിക്കണം. അതിൽ,
“ചെല്ലൂർനാഥംവണങ്ങീട്ടു
ബാലാനാം ഹിതകാമ്യയ
വ്യാഖ്യാം പ്രപഞ്ചസാരസ്യ
ഭാഷയാദ്യ കരോമ്യഹം”
എന്ന പ്രാരംഭപദ്യത്തിൽ നിന്നൂഹിക്കാം. ഇതു പ്രപഞ്ചസാരം എന്ന സംസ്കൃതകൃതിയുടെ ഭാഷാനുവാദമാണു്.
12.63 വൈദ്യഗ്രന്ഥങ്ങൾ
ഒന്നാംഭാഗത്തിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ പേരുകൾ നോക്കുക. ജ്യോത്സ്നിക എന്നൊരു വിഷവൈദ്യഗ്രന്ഥം കൂടെ ഈയിടെ തിരുവിതാംകൂർ മലയാളം ക്യൂറേറ്റർ ആപ്പീസുകാർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവു നിശ്ചയമില്ല.
12.64 മത്തവിലാസം കൂത്തു്
തുതു ചാക്യാന്മാരുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിട്ടുള്ളതാണു്. ഒരു ഭാഗം ഉദ്ധരിക്കുന്നു.
“സൂത്രധാരൻ…മത്തവിലാസത്തിൽ സൂത്രധാരനെക്കണക്കേ അണിവും പ്രസ്ഥാനവുമെല്ലാം. ഉത്തരീയവും വേണം. മണിഘൃഷ്ട എന്റുചൊല്ലി ക്രിയ തുടങ്ങൂ. തത്ര പ്രഹേതി ഹേതീച എൻറു തുടങ്ങി ‘പീഡയാമാസ ലീലയാ’ എൻറിത്രേടം ശ്ലോകം പാടു”
ഇതുപോലെ മിക്ക നാടകങ്ങളേയും അഭിനയിക്കേണ്ട സമ്പ്രദായങ്ങളേ വിവരിക്കുന്ന ഭാഷാഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടു്. (അഞ്ചാം അദ്ധ്യായം വായിച്ചുനോക്കുക.)
12.65 കൈയ്യാങ്കളി
കേരളത്തിൽ അടുത്ത കാലംവരെ നടന്നുവന്നിരുന്ന ഒരു കളിയായിരുന്നു കൈയ്യാങ്കളി. ഈ കൃതി അതിന്റെ ചടങ്ങുകളെ പ്രതിപാദിക്കുന്നു. അല്പഭാഗം ഉദ്ധരിക്കാം.
“പൊന്തികച്ചയ്ക്കു കൈപ്പുറത്തടിച്ചു, വലക്കാൽ വെച്ചു, കൈ നികർത്തി, താണുതൊഴുതു കുമ്പിട്ടു പൊന്തി, ഇടത്തു വന്ദിച്ചു വാങ്ങിയിട്ടു്, ഇടക്കാൽ നീട്ടിപ്പൊന്തികച്ചയ്ക്കു പരിചുചാരിത്തുടങ്ങി, എടത്തു അതിൻമുന ഇടത്തുപിടിച്ചു്, താണു് വലത്തേതിൽ വന്നോളവും കെട്ടി, ഇടത്തേതിൽ വന്നു കടകത്തിന്നു കോർത്തു, അമർത്തു് വലത്തേതിൽ വന്നു്, ഒളവുംതട്ടി ഇടത്തേതിൽ വളച്ചു നീട്ടി കുമ്പിട്ടുപൊന്തി, ഇടത്തു വന്ദിച്ചു് വാങ്ങിയിട്ടു് പൊന്തികച്ചയ്ക്കു ഇടക്കാൽ നീട്ടി, പരിചുചാരിത്തൂങ്ങി, ഇടത്തേതിൽ എഴുന്നുലായി, ഇടത്തേതിൽ താണു ഇടക്കാൽ വാങ്ങിക്കടകത്തിനു കോർത്തു് വലക്കാൽ വാങ്ങി, ഇടത്തമത്തു് വലത്തേതിൽ വന്നോളവും കെട്ടി ഇടത്തേതിൽ വളച്ചു നീട്ടി, ഇടക്കാൽ വാങ്ങി, കടത്തിനു കോർത്തു വലക്കാൽ വാങ്ങി, ഇടത്തമത്തു വച്ചു വലത്തേതിൽ വന്നോളവും കെട്ടി, ഇടത്തേതിൽ വളച്ചുകെട്ടി നീട്ടി, ഇടക്കാൽ വാങ്ങി കടകത്തിനു കോർത്തു് എടത്തമത്തു വച്ചുനീട്ടി കാൽ കൂട്ടി എഴുന്നുചാടി ഇടക്കാൽ തൂകി അകത്തു കെട്ടി, കാൽകൂട്ടി, ഇണക്കിക്കൊണ്ടു് പൊന്തികച്ചയ്ക്കു് പരിച നിവർത്തി കൈപ്പുറത്തടിച്ചു. ഇത്യാദി.
***
പല ശാഖകളിലായി നാനൂറോളം ഗ്രന്ഥങ്ങൾ ഇക്കാലത്തുണ്ടായിട്ടുണ്ടു്. അവയുടെ ഒരു പട്ടിക അനുബന്ധത്തിൽ ചേർക്കാൻ നോക്കാം.
12.66 അടവുകൾ. (ഓണമ്പള്ളി സമ്പ്രദായം)
അതിപുരാതന കാലം മുതല്ക്കു ആയുധവിദ്യാഗുരുക്കന്മാരായി ജീവിച്ചിരുന്ന ചില കുടുംബക്കാരുണ്ടു്. ഓണമ്പള്ളി ആചാര്യന്മാർ ഈ ഇനത്തിൽപ്പെടുന്നു. അവർ ചെമ്പകശ്ശേരി രാജാക്കന്മാരുടേയും മറ്റും ഗുരുക്കന്മാരായിരുന്നു. നമ്പ്യാരുടെ കൃതികളിൽ സ്തുതിക്കപ്പെട്ടുകാണുന്ന ഓണമ്പള്ളിലാചാര്യൻ ഈ കുടുംബത്തിലേ ഒരു അംഗമായിരുന്നു. അവരുടെ അഭ്യാസ മുറകളേ വിവരിക്കുന്ന ഒരു ഗ്രന്ഥം ഈയിടെ ശ്രീമാൻ ആർ. വാസുദേവപ്പുതുവാൾ ബീ. ഏ. സമ്പാദിച്ചു പകർത്തിച്ചതായി കണ്ടു. പതിനെട്ടു അടവുകളേയും മറ്റു അഭ്യാസക്രമങ്ങളേയും അതിൽ വിവരിച്ചിട്ടുണ്ടു്. പദ്യരൂപത്തിൽ കാണുന്ന പരദേവതാസ്തുതിയും ഗദ്യത്തിലുള്ള വിവരണങ്ങളും വളരെ പ്രാചീനമാണു്. ഒടുവിൽ ഇതു ‘ഓണമ്പള്ളി സമ്പ്രദായമാകുന്നു’ എന്നു എഴുതിയിരിക്കുന്നു.
വടക്കൻദിക്കിലേ സമ്പ്രദായത്തെ വിവരിക്കുന്ന വേറൊരു ഗ്രന്ഥവും കാണ്മാനുണ്ടു്. മങ്ങാട്ടു രാജാവിന്റെ ആയുധഗുരുക്കന്മാരിൽ ആരോ രചിച്ചതായിരിക്കണമെന്നു തോന്നുന്നു. അതിന്റെയും പ്രാരംഭം പദ്യരൂപത്തിലാണു്.
“അമ്പിളിത്തെല്ലു ചൂടുന്ന തമ്പുരാൻ മൂത്തപുത്രനെ
അമ്പിൽതൊഴുതു കുമ്പിട്ടേൻ വമ്പേലും വാണിമാതെയും.
… … …
വാളും ചുരികകട്ടാരം ഉറയിലിട്ടങ്ങിരിക്കിലും
ഊരുചൊല്ലുക മുല്പാടു് സ്ഥാനംതൊട്ടതു കൊണ്ടെടോ.”
ഗദ്യത്തിൽനിന്നു ഒരുഭാഗംകൂടി ചേർക്കാം.
“പെറകിനു കൈയ്ക്കുവെച്ചു നീക്കി മറകളഞ്ഞു് കലികുത്തി താഴെത്തിരിഞ്ഞു് വലത്തേതിൽ കെട്ടിനീക്കി കടകം വെട്ടി കൈത്തട്ടിൽ കൂട്ടി, ഉലച്ചുതാന്നു, വലത്തു ചവുട്ടി എടത്തുമാറിയിരുത്തി വലത്തുചവിട്ടി എടത്തേതിന്മീതെ ത്താണു, ഓതിരം തടുത്തു കടകത്തിന്മീതെ വച്ചുവലത്തേതിക്കെട്ടി ഒക്കക്കടകം നാലുംതടുത്തു് കുമ്പിട്ടു് എടത്തേതിൽ താണുനിന്നു ഓതിരം തടുത്തു് ഓതിരം വെട്ടി പിന്നെ നാലുതടുത്തു് കടകം വെട്ടിവാങ്ങി …
…
പരിശവട്ടം വീശുക. ഇതു വെട്ടിന്റെ ഉപദേശം ആർക്കും ധരിപ്പിക്കരുതു്”
ചിലതിന്റെ അവസാനത്തിൽ ‘ഗുരുവിനാണ കൈകണ്ട വിദ്യയാണെന്നറിക…ആർക്കും കാട്ടല്ലെന്നറിക. ഉപദേശം സൂക്ഷ്മമെന്നറിക’ എന്നുകൂടി എഴുതിയിരിക്കുന്നു.
12.67 കൂട്ടപ്പാഠകം
മൂന്നുനാലു കൂട്ടപ്പാഠകങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. അവയിൽ ഒന്നു നാരായണ ഭട്ടതിരിയുടെ കൃതിയാണെന്നു് ചിലർ പറയുന്നു. അതു വിശ്വാസയോഗ്യമല്ല. അടുത്തകാലംവരെ ഇത്തരം കൃതികൾ ഉണ്ടായിക്കൊണ്ടിരുന്നു. ചേലപ്പറമ്പന്റെ കൃതിയാണെന്നു പറയപ്പെടുന്ന ഒരു കൂട്ടപ്പാഠകത്തിൽ നിന്നു് ഏതാനും ഭാഗം ഉദ്ധരിക്കാം.
“ഈയാണ്ടിലുണ്ടധിക മോദകരം ജനാനാം
മാമാങ്കമാകിയ മഹോത്സവമത്രചെന്നാൽ
കാണാം സുഹൃജ്ജനവു മങ്ങവരോടുചേർന്നാൽ
കാമോത്സവത്തിനുളവാം കഴിവെന്നുനൂനം.
അളവില്ലാതൊരു ഭൂഷണകോലം
തെളിവിലങ്ങു വരുന്നതുകണ്ടാൽ.
അളകാപുരിയീന്നനുപമഗുണനാ-
മളകേളൻ വരവെന്നേതോന്നൂ.”
ചാക്യാന്മാരുടെ അഭിനയത്തിനായി പലേടത്തുനിന്നു പല ശ്ലോകങ്ങൾ ചേർത്തും അഭിനയ ക്രമങ്ങൾ വിവരിച്ചും എഴുതിവച്ചിട്ടുള്ളതാണു് മിക്ക കൂട്ടപ്പാഠകങ്ങളും. അതുകൊണ്ടു് അവയുടെ കർത്തൃത്വം നിശ്ചയിയ്ക്കാൻ വളരെ പ്രയാസമാണു്. ഒരു കൂട്ടപ്പാഠകത്തിൽ തോലന്റേയും, പുനത്തിന്റേയും നമ്പ്യാരുടേയും ചോലപ്പറമ്പന്റേയും ഭാഷാപദ്യങ്ങൾ കാണുന്നു.
12.68 വേദാന്തഗ്രന്ഥങ്ങൾ
ഗദ്യമായും പദ്യമായും അനേക വേദാന്തഗ്രന്ഥങ്ങൾ ഭാഷയിൽ ഇക്കാലത്തു ഉണ്ടായിട്ടുണ്ടു്. ദ്വാദശവർണ്ണകം ഗദ്യം എന്നൊരു പ്രൌഢഗ്രന്ഥം മലയാളവും തമിഴും അല്ലാത്തരീതിയിൽ എഴുതപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരു പകർപ്പു് ശ്രീചിത്തിരതിരുന്നാൾ വായനശാലയിലും മറ്റൊന്നു് മലയാളം ക്യൂറേറ്റർ ആഫീസിലും കാണുന്നു.
12.69 ‘തത്വമസിവാക്യം കേരളഭാഷാഗാനം’
ഇങ്ങനെ ഒരു വിശിഷ്ടഗ്രന്ഥം ഈയിടെ എന്റെ ശിഷ്യനായ മി. കുഞ്ഞുകൃഷ്ണപിള്ള ശാസ്ത്രിയുടെ പക്കൽനിന്നും കൈവശം വന്നുചേർന്നു.
“വേദാന്തവാക്യാർത്ഥ തല്പരന്മാരായി
മേദിനീതന്നിലുള്ള മാനുഷർക്കാത്മതത്വം.
ബോധിപ്പിച്ചജ്ഞാനമാം തമസ്സേക്കളയുന്ന
ശാരികപ്പൈത”
ലിനേക്കൊണ്ടാണു് കവി പാടിച്ചിരിക്കുന്നതു്.
12.70 ഭൂതാപസ്മാരലക്ഷണം
ഭാഷാപദ്യങ്ങളായി എഴുതപ്പെട്ടിരിക്കുന്നു. ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല. പതിനെട്ടു അപസ്മാരങ്ങളുടെ ലക്ഷണങ്ങളും ചികിത്സകളും അതിൽ വിവരിച്ചിരിക്കുന്നു. ഗ്രന്ഥകാരൻ എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ജീവിച്ചിരുന്ന ആളാണെന്നു തോന്നുന്നു. അച്ചടിപ്പിച്ചിട്ടുള്ളതായി അറിവില്ല. ഒരു പദ്യംമാത്രം ഉദ്ധരിക്കാം.
“പതിനാറാമപസ്മാര-
ത്തിനും കൌമാരിയെന്നുപേർ
ഉദിക്കുമ്പോൾ നടന്നിട്ടു്
ബാധിച്ചീടും മനുഷ്യരെ.”
12.71 യോഗമാലികഭാഷ
ഇതു് സംസ്കൃതത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു യോഗമാലികയുടെ ഭാഷാനുവാദമാകുന്നു. ഗ്രന്ഥത്തിനു നല്ല പഴക്കമുണ്ടു്.
“സർവജനങ്ങൾക്കും ഗുരുവല്ലോ ഈശ്വരനാകുന്നതു്. മോക്ഷസാധനമാകുന്നതു് യോഗമെന്നു കേൾക്കുന്നു” ഇങ്ങനെ ഗദ്യരൂപത്തിലാണു് മൂലത്തെ വിവർത്തനം ചെയ്തിരിക്കുന്നതു്.
12.72 കേരളോൽപത്തിമൂലം
ഇതു് വളരെ പഴക്കമുള്ള ഒരു ഗദ്യഗ്രന്ഥമാകുന്നു. എഴുത്തച്ഛന്റെ കൃതിയാണെന്നു് ചിലർ പറയുന്നതു് എന്തു ലക്ഷ്യത്തെ ആധാരമാക്കീട്ടാണെന്നു മനസ്സിലാകുന്നില്ല. ഇംഗ്ലീഷുകാരുടെ വരവിനു മുമ്പു രചിക്കപ്പെട്ട കൃതിയാണെന്നുള്ളതിനു് ആന്തരമായ തെളിവുകളുണ്ടു്. കേരളത്തിലെ ജാതിക്കാരെപ്പറ്റി പറയുന്നിടത്തു്,
“നാലുവർണ്ണത്തിന്റെ പുറമേയുള്ളവർ, ചെട്ടി ചിലമ്പാണ്ടിയൻ, കുഞ്ചരാർത്തിക്കാരൻ (ഗുജറാത്തിക്കാരൻ) പറങ്കി, ഉലന്ത, പരന്തരീസു്, പൌരവൻ എന്നിങ്ങനെ ഉള്ളവർ” എന്നു പ്രസ്താവിച്ചിരിക്കുന്നതുതന്നെ ഒരു ലക്ഷ്യമാകുന്നു.
അനേകം കേരളോൽപത്തികൾ ഉണ്ടെന്നും തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ കേരളോൽപത്തി എന്ന പേരിൽ മുമ്പു് പ്രസിദ്ധപ്പെടുത്തിയിരുന്ന കേരളോൽപത്തി അദ്ദേഹത്തിന്റെ കൃതി അല്ലെന്നും അതു ശുദ്ധമേ അവാചകപുഞ്ജമാകയാൽ സ്വീകാരയോഗ്യമല്ലെന്നും മി. ഗോവിന്ദപ്പിള്ള പറയുന്നു. “അച്ചടിക്കാത്ത ഗ്രന്ഥങ്ങൾ ചിറക്കൽ, കോഴിക്കോടു്, കൊച്ചി, തിരുവിതാംകൂർ ഈ രാജ്യങ്ങളിലൊക്കെയും അല്പാല്പവ്യത്യാസങ്ങളോടുകൂടിയുണ്ടു്. അതാതു രാജ്യത്തെ കേരളോൽപ്പത്തിയിൽ അതാതുരാജ്യത്തെ രാജാക്കന്മാരെ പുകഴ്ത്തിയും കാണും. ചിലതിൽ അതാതു രാജ്യത്തു നടപ്പുള്ള” കാരണജന്മമര്യാദയെക്കുറിച്ചു ഒരു അദ്ധ്യായവും ഉണ്ടു്. ഏതോ രേഖകളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം മി. ഗോവിന്ദപ്പിള്ള ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതു്. എന്റെ അന്വേഷണത്തിൽ ലഭിച്ച കേരളോൽപത്തിയിലും പെരുമാക്കന്മാരുടെ വാഴ്ച അവസാനിക്കുന്നതുവരെയുള്ള ചരിത്രത്തിന്റെയും കേരളത്തിലെ കാണജന്മമര്യാദകളെയും വിവരിച്ചിട്ടുണ്ടു്. അവസാനത്തിൽ ഇതു കേരളോൽപത്തി മൂലം എന്നു എഴുതിയിരിക്കുന്നു. എഴുത്തച്ഛന്റെ കൃതി അല്ലെന്നു തീർച്ചയായും പറയാം.
ഈ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളവയെങ്കിലും ചരിത്ര ദൃഷ്യാ സ്വീകാര്യമല്ലെങ്കിലും, ഗ്രന്ഥത്തിന്റെ ആവിർഭാവകാലത്തു കേരളത്തിലുണ്ടായിരുന്ന ആചാരങ്ങളേയും മറ്റും പറ്റി പലതും അതിൽ നിന്നു നമുക്കു ഗ്രഹിക്കാം. ഇതുപോലുള്ള ഗ്രന്ഥങ്ങൾ മി. ഗോവിന്ദപ്പിള്ള പറയുമ്പോലെ ദേശന്തോറും ഉണ്ടെങ്കിൽ അവയെ എല്ലാം പ്രസിദ്ധീകരിക്കാൻ ശ്രമിക്കേണ്ടതാണു്.
കേരളോൽപത്തിയും മാമാങ്കവും എന്നൊരു പദ്യകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എന്നാൽ അതു് അത്ര പുരാതനമല്ല. അതിനെപ്പറ്റി അന്യത്രപറയുന്നതാണു്.
12.73 കേരളമാഹാത്മ്യസാരം
ഇങ്ങനെ ഒരു ഭാഷാഗദ്യകൃതിയും കാണ്മാനുണ്ടു്. അതു് കേരളമാഹാത്മ്യത്തിന്റെ ഒരു സ്വതന്ത്ര ഗദ്യ വിവർത്തനമാകുന്നു. അതിനു് കേരളോൽപത്തിക്കുള്ളിടത്തോളം പഴക്കം ഇല്ല. അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല. പണ്ടു് നായർ എന്ന മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന കേരളമാഹാത്മ്യസാരവും എന്റെ കൈവശത്തിലിരിക്കുന്ന ഗ്രന്ഥവും തമ്മിൽ വളരെ വ്യത്യാസം കാണുന്നു. അതു് അടുത്ത കാലത്തു ആരോ എഴുതിയതാണെന്നാണു് തോന്നുന്നതു്.
മറ്റു ചില ഗദ്യ ഗ്രന്ഥങ്ങളും പദ്യ കൃതികളും ഉള്ളവയെ അനുബന്ധത്തിൽ ചേർത്തുകൊള്ളാം. ഏകദേശം ഉണ്ണുനീലി സന്ദേശത്തോളം പഴക്കം തോന്നിക്കുന്നതും അതേ മിശ്രഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളതുമായ ഒരു കൃതി ഈയിടെ എന്റെ കൈവശം വന്നുചേർന്നു, കേരളത്തിലേ പ്രധാന ക്ഷേത്രങ്ങളിലെ മൂർത്തികളേപ്പറ്റി സ്തോത്രരൂപമായി എഴുതപ്പെട്ടിട്ടുള്ളതാണു്. അക്കൃതി അവസാനം ഇല്ല. അതുപോലെ തന്നെ മിശ്രഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള മറ്റൊരു കൃതിയിൽ കോഴിക്കോട്ടു രാജാക്കന്മാരെപ്പറ്റി പ്രശംസിച്ചുകാണുന്നു. ഇവയെ അചിരേണ പ്രസിദ്ധപ്പെടുത്തണമെന്നു വിചാരിക്കുന്നു.
ഈ അദ്ധ്യായം അവസാനിക്കുന്നതിനുമുമ്പായി ഇക്കാലത്തിനിടയ്ക്കു ഭഷയ്ക്കുണ്ടായ അഭിവൃദ്ധിയേപ്പറ്റി അല്പം സൂചിപ്പിക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ. സംസ്കൃതസാഹിത്യത്തിലുള്ള പല ഗ്രന്ഥങ്ങളേ ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തതുകൊണ്ടു് മലയാളികളുടെ ആശയസമ്പത്തു വർദ്ധിക്കയും പദദാരിദ്ര്യം നീങ്ങുകയുംചെയ്തു. പോർത്തുഗീസുഭാഷയിൽ നിന്നും സംസ്കൃതത്തിൽനിന്നും അനേക പദങ്ങൾ ഭഷയ്ക്കു ലഭിച്ചു. പോർത്തുഗീസുകാരിൽനിന്നും ലഭിച്ച ചില പദങ്ങൾമാത്രം ഇവിടെ ചേർക്കാം.
പീരങ്കി, കപ്പിയാര്, മണങ്ങു്, പത്തേമാരി, കശൂമാവു്, കോമ്മാങ്ങ, പറങ്കിയണ്ടി, പൃത്തിച്ചക്ക (പോർത്തിച്ചക്ക), അലമാര, പോർത്തുക്കിമാവു്, കസാല, അമിറാൽ [14] ജന്നൽ, ഗ്രാമ്പൂചപാതിരി, സേനാസോദരൻ ഇങ്ങനെ അസംഖ്യം ശബ്ദങ്ങൾ നമുക്കു പോർത്തുഗീസുകാരിൽ നിന്നു കിട്ടീട്ടുണ്ടു്. ഹിന്തുസ്ഥാനിയിൽ നിന്നും ചില വാക്കുകൾ ഈയിടയ്ക്കു ഭാഷയിൽ കടന്നുകൂടി. സുഭകാര്യക്കാർ, ജന്മി, രഹദാരി, അസൽ, അന്തസ്സു്, അവിയൻ, അലുവാ, അമ്പാരി, ഹർജി, അത്തർ, ആസാമി, ഉജാർ, ഖജാനാ, കച്ചേരി, ഖരാർ, കാടി, കിച്ചടി, ഗുസ്തി, ഗുമസ്താ, കുശാൽ, കൈപ്പീത്തു, കോട്ട, ചിട്ട, ശുപാർശ, സിൽബന്തി, ചൊക്ക, ശീല, ജപ്തി, ജമക്കാളം (ചൌക്കാളം), ചെണ്ടു്, ജാസ്തി, ജോടി, ചോപ്പു്, സവാരി, സലാം, സുമാർ, ഡപ്പാ, ഡപ്പി, ഠാണാ, ഡോലി, ദമ്പിടി, തയാർ, ദിവാൻ, തുപ്പട്ടാ, തൊല്ല, നവിബു്, പത്തിരി, പങ്ക, പുക്കാർ, മാമൂൽ, മിട്ടായി, മുൻഷി, ബഡായി, തവിടു്, ഇത്യാദി. ഇവയിൽ ചിലതു് ഹിന്ദുസ്ഥാനിവഴിക്കു ഭാഷയിൽ സംക്രമിച്ച വിദേശീയ ശബ്ദങ്ങളത്രേ.
12.74 കുറിപ്പുകൾ
[1] Travancore Archaeological Series Vol 1, Pages 175 and 176.
[2] ചിലർ “നടേ” എന്നോ മറ്റോ ഒരു പ്രയോഗം കണ്ടാലുടനേ കവി വടക്കനാണെന്നു തീർച്ചപ്പെടുത്തിക്കഴിയും. തെക്കൻ കൃതിയാണെന്നു സംശയംകൂടാതെ പറയാവുന്ന ഈ പദ്യങ്ങളിൽ ഒരിടത്തു നടേശബ്ദം പ്രയോഗിച്ചിരിക്കുന്നതു നോക്കുക.
[3] ഈ പദ്യം മി. മേനോൻ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ വിട്ടിരിക്കുന്നു.
[4] മലരമ്പൻ എന്നു മറ്റൊരു പാഠം.
[5] “തൂമുകിലിൻ” എന്ന ജ്ഞാനസാഗരക്കാരുടെ പാഠം സ്വീകാര്യമല്ല. അതുപോലെതന്നെ “തിറവം” എന്നതിനുപകരം “നിറവും” എന്നുള്ള മി. ശങ്കരമേനോന്റെ പാഠവും സാധുവല്ലെന്നു തോന്നുന്നു.
[6] “മാറണി” എന്നു മി. മേനോന്റെ പാഠം.
[7] ഈ പദ്യവും മി. മേനോന്റെ പ്രസിദ്ധീകരണത്തിൽ കാണുന്നില്ല.
[8] “പൊന്നുംഞാണും” എന്ന ജ്ഞാനസാഗരപാഠം പിശകാണു്.
[9] ഇവിടെ “നിറന്ന” എന്ന സ്ഥാനത്തു “നിറവും” എന്നു ജ്ഞാനസാഗരക്കാരും “അടിയൊടുമുടിയിട രമ്യം തിരുമൈ” എന്ന സ്ഥാനത്തു് അടിയോടും “മുടിയിടരമ്യം” എന്നു മി. മേനോനും ചേർത്തിരിക്കുന്നതു പ്രമാദമാണെന്നു് ആർക്കും ഒരു നോട്ടത്തിൽ കാണാവുന്നതാണു്.
[10] “പിച്ച” എന്നു പാഠാന്തരത്തേക്കാൾ “വിച്ച” എന്ന പാഠം ഇവിടെ സ്വീകാര്യമായിത്തോന്നുന്നു. വിസ്മയ പദത്തിന്റെ തത്ഭവമായ ‘വിച്ച’ ശബ്ദത്തെ മിക്ക ചമ്പുക്കളിലും പ്രയോഗിച്ചുകാണുന്നു.
[11] മി. ഗോവിന്ദപ്പിള്ള ഒന്നാംപതിപ്പിൽ പറഞ്ഞിരിക്കുന്നതിനു് ഇഷദ്വ്യത്യാസം വരുത്തി രണ്ടാംപതിപ്പിൽ ചേർത്തിട്ടുള്ളതുതന്നെ അദ്ദേഹം മറ്റുചിലർചെയ്യാറുള്ളതുപോലെ, ഐതിഹ്യനിർമ്മാണം ചെയ്യാറില്ലായിരുന്നുവെന്നുള്ളതിനു ലക്ഷ്യമാകുന്നു.
[12] ഗിരിജാകല്യാണം പരമാർത്ഥത്തിൽ കൊട്ടാരം ഗ്രന്ഥപ്പുരയിൽ ഉണ്ടായിരുന്നുവെന്നു മാത്രമല്ല അതു മി. പി. ഗോവിന്ദപ്പിള്ള പരിശോധിക്കയും ചെയ്തിട്ടുണ്ടു്. അദ്ദേഹം കൊട്ടാരംവക ഗ്രന്ഥങ്ങളിൽ പലതും ഭാഷാചരിത്രനിർമ്മാണത്തിനായി എടുത്തുകൊണ്ടുപോകയും തിരിച്ചുകൊണ്ടു വയ്ക്കുന്നതിനു മുമ്പു മരിച്ചുപോകയും ആണു് ചെയ്തതു്.
[13] ഉണ്ണിഗോവിന്ദൻ, കുഞ്ഞുനീലകണ്ഠൻ, എന്നൊന്നും പറയാറില്ല. കൊച്ചു എന്നു എല്ലാത്തരം പേരുകളുടെ മുമ്പിലും ചേർക്കാറുണ്ടുതാനും. വലിയപേരുകളുടെയും ഒടുവിൽ കുഞ്ഞുശബ്ദവും ചേർക്കാറുണ്ടു്. അതു് ഓമനപ്പേരാകുന്നു.
[14] ഇതു പോർത്തുഗീസുകാർ വഴിയ്ക്കു ലഭിച്ച ഒരു അറബിവാക്കാകുന്നു.
അധ്യായം 13
13. ശ്രീ രാമാനുജൻ എഴുത്തച്ഛൻ (തുടർച്ച)
മഹാത്മാക്കൾ സൂര്യചന്ദ്രമസ്സുകളെപ്പോലെ കാലകൃത്തുകളാണെന്നു് സാധാരണ പറയാറുണ്ടു്. ഇതിൽ പരമാർത്ഥമില്ലെന്നില്ല. അവർ മഹാഗിരികൾ എന്നോണം സ്വസ്വശിരസ്സുകളെ ഉയർത്തിപ്പിടിച്ചുകൊണ്ടു് നിമ്നശ്രോണിയിലുള്ള സാധാരണ ജനങ്ങൾക്കു താങ്ങായി നില്ക്കുന്നു. ലോകത്തിനു ശ്രേയസ്കരങ്ങളായ സകല പ്രവണതകളും അവർൽനിന്നാണുത്ഭവിക്കുന്നതു്.
‘യദ്യദാ ചരതിശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യൽ പ്രമാണം കുരുതേ ലോകസ്തദനുവർത്തതെ.’
എന്നു് ശ്രീകൃഷ്ണഭഗവാൻ അരുളിച്ചെയ്തിട്ടുള്ളതു് എത്രയോ പരമാർത്ഥമാകുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ ആവിർഭാവത്തിനു കാലവും ഹേതുവായിരിക്കുന്നു. അതുകൊണ്ടു് മഹാത്മാക്കളുടെ ചരിത്രം പൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ അന്നത്തെ കാലദേശസ്ഥിതികളെ പരിശോധിക്കാതിരിക്കാൻ തരമില്ല.
കേരളഭൂമി എല്ലാവിധത്തിലും ഒരു വീരപ്രസുവാണു്. കുമാരബുദ്ധൻ, ശ്രീശങ്കരാചാര്യർ, കുലശേഖരാൾവാർ, ശ്രീ രാമാനുജനെഴുത്തച്ഛൻ എന്നീ പുണ്യപുരുഷന്മാരുടെ ജനനീത്വം ഏതു രാജ്യത്തിനാണു് അഭിമാനകരമല്ലാത്തതു്? ഇവരിൽ കുമാരബുദ്ധൻ, ഗൌതമബുദ്ധന്റെ ഒരു അവതാരമായി ഗണിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ബുദ്ധമതം ബ്രാഹ്മണമതത്തിൽ ലയിച്ചപ്പോൾ, കുമാരബുദ്ധൻ വിസ്മൃതിയിലും ലയിച്ചുപോയി. അദ്ദേഹത്തിന്റെ വിഹാരമത്രേ ഇന്നു് ‘കുമാരകോവിൽ’ എന്ന പേരിൽ അറിയപ്പെടുന്നതു്. ശ്രീശങ്കരാചാര്യർ പരമശിവന്റെയും കുലശേഖരാൾവാർ മഹാവിഷ്ണുവിന്റെയും അവതാരങ്ങളായിരുന്നുവെന്നാണു് ഹിന്ദുക്കളുടെ വിശ്വാസം. കാലഗതികൊണ്ടു്, ഈ രണ്ടു് മഹാത്മാക്കളും കേരളത്തിനു നഷ്ടപ്പെട്ടുപോയി. ഇന്നു് കുലശേഖരനെപ്പറ്റി അറിയാവുന്ന കേരളീയർ നന്നേ ചുരുങ്ങുന്നു. അദ്ദേഹം തമിഴ് ദേശീയനായിരുന്നുവെന്നു സ്ഥാപിക്കുന്നതിനുപോലും ചില തമിഴർ ശ്രമിക്കുന്നുണ്ടു്. അതുപോലെ തന്നെ അനാചാരങ്ങളെ പ്രതിഷ്ഠിച്ചു് മലയാളനാട്ടിനെ വാതുലാലയമാക്കിത്തീർത്ത ഒരു ദുരാത്മാവെന്നനിലയിലാണു് ശ്രീശങ്കരൻ കേരളത്തിൽ പ്രതിഭാസിക്കുന്നതു്. ശ്രീശങ്കരനും ശ്രീകുലശേഖരനും തങ്ങളുടെ ആധ്യാത്മികജ്ഞാനസമ്പത്തിനെ വിദേശീയർക്കു നൽകി കൃതകൃത്യതപൂണ്ടു. കേരളത്തിൽ ജനിച്ചു്, കേരളീയരുടെ സുഖദുഃഖങ്ങളിൽ പങ്കുകൊണ്ടു്, കേരളത്തിനായി ആത്മജീവിതത്തെ സമർപ്പിച്ച ശ്രീരാമാനുജൻ എഴുത്തച്ഛൻ നമ്മുടെ പ്രാണങ്ങൾക്കും പ്രാണനായിരിക്കുന്നതിൽ അത്ഭുതപ്പെടാനെന്തുള്ളു? എഴുത്തച്ഛനിൽ മലയാളികളുടെ സർവസുഖക്ഷേമൈശ്വര്യങ്ങളും അന്തർഭവിച്ചിരിക്കുന്നു. കേരളഭൂമി എഴുത്തച്ഛന്റെ മാതൃത്വം കൂടി വഹിച്ചപ്പോൾ പരമധന്യയായിത്തീർന്നു.
പന്ത്രണ്ടാം ശതകത്തിനും പതിനേഴാം ശതകത്തിനും ഇടയ്ക്കു ഭാരതഖണ്ഡം ധർമ്മവിഷയകമായ പലേ ആന്ദോളനങ്ങൾക്കു രംഗഭൂവായിത്തീർന്നു. ശ്രീരാമാനുജാചാര്യർ, ശ്രീചൈതന്യൻ, ബസവൻ, മധ്വാചാര്യർ, വിദ്യാരണ്യർ എന്നീ മഹാന്മാരുടെ ആവിർഭാവം ഈ കാലഘട്ടത്തിലായിരുന്നു. ക്രൈസ്തവധർമ്മം, ഇസ്ലാംധർമ്മം മുതലായ വിദേശീയധർമ്മങ്ങൾ ക്രമേണ ഭാരതഖണ്ഡത്തിൽ അടിയുറച്ചു. അവർ ശാന്തരായി മതപ്രചാരണം ചെയ്തുകൊണ്ടിരുന്നിടത്തോളംകാലം ഹിന്ദുക്കളുടെ ഇടയ്ക്കു വലിയ ക്ഷോഭമൊന്നും ഉണ്ടായില്ല. എന്നാൽ പോർത്തുഗീസ്സുകാരുടെ ഭീകരമായ മതപരിവർത്തനം അവരെ ഭയവിഹ്വലരാക്കിത്തീർത്തു. പന്ത്രണ്ടാംശതകത്തോടുകൂടി ആരംഭിച്ച ജൈനമതപ്രബോധനവും അർദ്ധനിദ്രയിൽ ലയിച്ചിരുന്ന ഹൈന്ദവ ധർമ്മത്തെ ഉണർത്തുന്നതിനു പര്യാപ്തമായിരുന്നു. ജൈനന്മാർക്കു സുന്ദരപാണ്ഡ്യന്റെ കാലംമുതല്ക്കു് തമിഴ്‌നാട്ടിൽ ‘ഇരിക്കപ്പൊറുതി’യില്ലാതെയായെങ്കിലും, കന്നടദേശം അവർക്കു അഭയംനൽകി. പന്ത്രണ്ടാംശതകത്തിന്റെ ആരംഭത്തിൽ അവർക്കു എങ്ങനെയോ ഒരു ഉണർച്ച ഉണ്ടായെന്നു് അക്കാലത്തുത്ഭവിച്ച ജൈന സാഹിത്യത്തിൽനിന്നു ഗ്രഹിക്കാം. രാമചന്ദ്രചരിതം (1105) അഗ്ഗലനിർമ്മിതമായ ചന്ദ്രപ്രഭാപുരാണം (1189) ജന്നവിരചിതമായ അനന്തനാഥപുരാണം (1209) ഗുണവർമ്മകൃതമായ പുഷ്പദന്തപുരാണം (1235), മധുരനിർമ്മതമായ ധർമ്മനാഥപുരാണം (1385) ഇവയൊക്കെ കന്നടദേശത്തുണ്ടായവയത്രേ. ഈ ജൈനമതപ്രവാഹം കേരളത്തേയും സ്പർശിക്കാതിരുന്നില്ല.
പന്ത്രണ്ടാംശതകത്തിൽ വൈഷ്ണവ ശൈവമതങ്ങൾക്കും അഭൂതപൂർവമായ ഉണർച്ചയുണ്ടായി. ശ്രീരാമാനുജാചാര്യർ ജീവിച്ചിരുന്നതു് 1107-നും 1137-നും മദ്ധ്യേ ആയിരുന്നുവെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹമായിരുന്നു വൈഷ്ണവമതത്തെ പുരനുജ്ജീവിപ്പിച്ചതു്. അസംഖ്യം ജൈനന്മാരെ അദ്ദേഹം വൈഷ്ണവമതാനുയായികളാക്കി. രാമാനുജാചാര്യരുടെ ഉപദേശങ്ങളും ഗ്രന്ഥങ്ങളും സംസ്കൃതഭാഷയിലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ശിഷ്യന്മാർ ദേശഭാഷ വഴിക്കു് ധർമ്മതത്വങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഈ വിഷയത്തിൽ വംഗദേശീയനായ രാമാനന്ദന്റെ പേരു പ്രത്യേകം സ്മരണീയമാകുന്നു. രാമാനന്ദശിഷ്യപരമ്പരയിൽ കബീർദാസ്, തുളസീദാസൻ തുടങ്ങിയ നിരവധി ദേശഭാഷാകവികൾ ഉൾപ്പെട്ടിരുന്നു. തമിഴ് ഭാഷയിലും ഇക്കാലത്തു ഉണ്ടായിട്ടുള്ള വൈഷ്ണവഗ്രന്ഥങ്ങൾക്കു അവസാനമില്ല. കന്നടത്തിൽ കുമാരവ്യാസൻ ‘ഗഡഗിന ഭാരതവും’ (1508-1530) കുമാരവാല്മീകി ‘തൊറവെ’ രാമായണവും ‘നിത്യാത്മശുകാ’ഭിധാനനായ വിഠലനാഥൻ ഭാഗവതവും രചിച്ചു. മധ്വാചാര്യരുടെ ആവിർഭാവത്തോടുകൂടി വൈഷ്ണവദാസന്മാർ എന്നപേരോടുകൂടിയ ഒരു കൂട്ടം ഭിക്ഷുക്കൾ ശ്രീകൃഷ്ണകഥകളെ ഭാഷാഗാനങ്ങളായി രചിച്ചു് പാടിക്കൊണ്ടു നടന്നതിനാൽ ശ്രീകൃഷ്ണാരാധനയ്ക്കു പൂർവാധികം അഭിവൃദ്ധിയുണ്ടായി. ഡാക്ടർ മോഗലിങ് എന്ന പാതിരി ഏകദേശം നാനൂറോളം കന്നടപ്പാട്ടുകൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. വിഠലദാസൻ, വെങ്കിടദാസൻ, വിജയദാസൻ, പുരന്ദരദാസൻ, കനകദാസൻ എന്നിങ്ങനെ അനേക ഗായകകവികൾ, കന്നടത്തിൽ വൈഷ്ണവഗാനങ്ങൾ രചിച്ചു. ഈ ഭാഗവതന്മാരിൽ വിവിധജാതിക്കാർ ഉൾപ്പെട്ടിരുന്നു. കനകദാസൻ ഒരു വേടനായിരുന്നെങ്കിലും, പരമഭാഗവതനായിരുന്ന ഇദ്ദേഹത്തിന്റെ മോഹനതരംഗിണി, കൃഷ്ണചരിത്രം, വിഷ്ണുഭക്തിസാരം ഇവയെപ്പറ്റി കന്നടദേശക്കാർക്കു വളരെ ബഹുമാനമുണ്ടു്. എന്നാൽ പുരന്ദരദാസന്റെ ഭക്തിരസായനരൂപങ്ങളായ ഗാനങ്ങൾ, രാഗാദിരോഗശമനത്തിനു ഒരു കൈകണ്ട ഔഷധംതന്നെയാണു്.
പന്ത്രണ്ടാംശതകത്തിൽ കമ്പരിൽനിന്നു തമിഴർക്കും ഒരു രാമായണം സിദ്ധിച്ചു. നന്ദപ്പകൃതമായ തെലുങ്ക് മഹാഭാരതവും ആ ശതകത്തിൽതന്നെയാണുണ്ടായതു്.
വംഗദേശീയരിൽ രാമാനന്ദശിഷ്യപരമ്പര അതി വിപുലമായിരുന്നു. അവർ ഉത്തരഭാരതം മുഴുവനും രാമഭക്തി പ്രചരിപ്പിച്ചു. വിവിധജാതീയരായ ഈ ഗായക കവികളിൽ കബീർദാസ് ഉർദ്ദുവിലും, തുളസീദാസ് വ്രജഭാഷയിലുമാണു് ഗാനങ്ങൾ രചിച്ചതു്. തുളസിയുടെ രാമചരിതമാനസം ഏഷ്യാ ഭൂഖണ്ഡത്തിലെ വിശിഷ്ടതമമായ നാലുഗ്രന്ഥങ്ങളിൽ ഒന്നാകുന്നു. ശ്രീവല്ലഭ മതസ്ഥാപകനായ വല്ലഭാചാര്യരുടെ ശിഷ്യനായ ‘സൂർദാസ്’ ഹിന്ദിയിൽ ‘സൂർ സാഗരം’ എന്ന ഗ്രന്ഥം രചിച്ചു് ശ്രീകൃഷ്ണാരാധന പ്രചരിപ്പിച്ചതും ഇക്കാലഘട്ടത്തിലായിരുന്നു. കുരുടനെങ്കിലും ജ്ഞാനദൃഷ്ടികൊണ്ടു് ഈ മഹാകവി ശ്രീകൃഷ്ണനെ കണ്ടിരുന്നുവെന്നു പ്രസ്തുതകാവ്യത്തിലേ ഏതു ഭാഗവും നല്ലപോലെ വിളിച്ചുപറയുന്നു. കവിത്വശക്തിയിൽ അദ്ദേഹം തുളസീദാസനെപ്പോലും അതിശയിക്കുന്നുവെന്നു നിസ്സംശയം പറയാം.
ശ്രീചൈതന്യൻ പതിനാറാം ശതകത്തിൽ ശ്രീകൃഷ്ണാരാധനയ്ക്കു ഒരു പുതിയ ജീവൻ നൽകി. അദ്ദേഹം ഭാരതഖണ്ഡം ഒട്ടുക്കു നടന്നു ശ്രീകൃഷ്ണാരാധനയുടെ മാഹാത്മ്യത്തെ വെളിപ്പെടുത്തി. ചൈതന്യദേവൻ കേരളത്തിലും വന്നിട്ടുണ്ടു്.
പതിനേഴാം ശതകത്തിന്റെ ആരംഭത്തിലാണു് മഹാരാഷ്ട്ര കവികുലതിലകനും ജാത്യാ ശൂദ്രനും ആയ ‘തുക്കാറാംജി’ ‘അഭംഗസ്തവങ്ങൾ’ രചിച്ചതു്. അദ്ദേഹം കൃഷ്ണഭക്തന്മാരിൽ അഗ്രഗണ്യനായിരുന്നു. അതേ ശതകത്തിൽതന്നെ ശ്രീധരൻ എന്ന കവി ഭാഗവതപുരാണവും മറാട്ടിയിൽ തർജ്ജമചെയ്തു. ഉറിയാഭാഷയിലും ഇതേ കാലത്തു ജഗന്നാഥകൃതമായ ഒരു ഭാഗവതവും ബലരാമനിർമ്മിതമായ ഒരു രാമായണവും സരളാദാസവിരചിതമായ ഒരു ഭാരതവും ഉണ്ടായതായിക്കാണുന്നു.
പതിനഞ്ചാംശതകത്തിന്റെ ആരംഭത്തിൽ കാശീരാമദാസ് മഹാഭാരതവും അതിനോടടുത്തു് കൃത്തിവാസൻ രാമായണവും വംഗഭാഷാഗാനങ്ങളായിച്ചമച്ചു. അവയെ ഇന്നും വംഗദേശീയർ ഭക്തിപൂർവം പാടിക്കൊണ്ടിരിക്കുന്നു.
ശൈവമതത്തിനും ഇതേ കാലത്തു ഒരു നവജീവനുദിച്ചു. തമിഴിൽ മാണിക്കവാചകരുടെ തിരുവാചകത്തെത്തുടർന്നു അതിമനോഹരങ്ങളായ ശൈവഗാനങ്ങൾ ഒട്ടുവളരെ ഉണ്ടായിട്ടുണ്ടു്. ജ്ഞാനസംബന്ധർ, അപ്പർ, സുന്ദരർ ഇവരെല്ലാം ശിവാരാധകന്മാരായിരുന്നു. കന്നടത്തിൽ പന്ത്രണ്ടാംശതകത്തിന്റെ ഉത്തരാർദ്ധത്തോടുകൂടി ബസവൻ എന്നൊരാൾ വീരശൈവമതത്തെ പുനരുജ്ജീവിപ്പിച്ചു. അദ്ദേഹം കലച്ചൂരി രാജാവായ ബിജ്ജലന്റെ മന്ത്രിയായിരുന്നതിനാൽ പ്രസ്തുതമതത്തെ പ്രചരിപ്പിക്കുന്നതിനു് നിഷ്പ്രയാസം സാധിച്ചുവെന്നു പറയാം. ലിംഗായിത മതഗ്രന്ഥങ്ങളായ ഷട്സ്ഥലവചനം, കാലജ്ഞാനവചനം, മന്ത്രഗോപ്യം, ഘടചക്രവചനം, രാജയോഗവചനം മുതലായ ഗദ്യകൃതികളെല്ലാം ബസവകൃതങ്ങളാണെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു. പതിന്നാലാം ശതകത്തിൽ ബസവപുരാണവും പതിനഞ്ചാം ശതകത്തിൽ മഹാബസവ പുരാണവും രചിക്കപ്പെട്ടു. ലിംഗായതന്മാർ ഇന്നും മൈസൂർ തുടങ്ങിയ കന്നട ദേശങ്ങിളിൽ ധാരാളമുണ്ടു്.
വംഗദേശത്തിലാണു് ശിവാരാധനയ്ക്കു കൂടുതൽ ശക്തി ലഭിച്ചതു്. പതിനാറാം ശതകത്തിനു ശേഷം അവിടെ ശൈവമതക്കാരുടെ സംഖ്യ പൂർവാധികം വർദ്ധിച്ചു.
ശൈവവൈഷ്ണവമതങ്ങൾ തമ്മിലുണ്ടായ മത്സരം ഭീകരമായിരുന്നെങ്കിലും, വിദേശീയ ധർമ്മങ്ങളുടെ ആക്രമണം അവയെ യോജിപ്പിക്കുന്നതിനു വളരെ സഹായിച്ചു. തൽഫലമായി പല ദിക്കുകളിൽ ഹരിഹര ക്ഷേത്രങ്ങൾ ഉണ്ടാവുന്നതിനിടയായിട്ടുണ്ടു്.
ഇസ്ലാംമതം ഇതിനിടയ്ക്കു് ദക്ഷിണേന്ത്യയിൽ ഒരു വിധം വ്യാപിച്ചു കഴിഞ്ഞിരുന്നു. ബിജപ്പൂർ, ഗോൽക്കൊണ്ട എന്നീ രാജ്യങ്ങൾ മഹമ്മദീയരുടെ കീഴിലായിരുന്നതിനാൽ, ഇസ്ലാംമതത്തിനു ദക്ഷിണഭാരതത്തിലും പ്രചുരപ്രചാരമുണ്ടാകാനിടവന്നു. എന്നാൽ രാജാക്കന്മാരിൽ പലരും വിശാലഹൃദയന്മാരായിരുന്നതുകൊണ്ടു്, ഹിന്ദുക്കളും മഹമ്മദീയരും വളരെ സൌഹാർദ്ദപൂർവമാണു് തങ്ങളിൽ പെരുമാറിവന്നതു്. റായിച്ചൂർയുദ്ധത്തിൽ ബീജപ്പൂർ സൈന്യം വിജയ നഗരാധിപതിയാൽ പരാജിതമായതിനു ശേഷവും ഈ രണ്ടു വർഗ്ഗക്കാർ പരസ്പരം സ്നേഹപൂർവമാണു് വർത്തിച്ചു വന്നതെന്നു കാണുന്നു. മഹമ്മദീയ സന്യാസിമാർക്കു് ദക്ഷിണേന്ത്യാരാജാക്കന്മാർ കരമൊഴിവായി വസ്തുക്കൾ ദാനം ചെയ്കയും പള്ളികൾ പണിയിച്ചു കൊടുക്കയും ചെയ്തുവന്നു എന്നുള്ളതിന്നു രേഖകൾ ഉണ്ടു്. ഇങ്ങനെഒക്കെ ഇരുന്നാലും ഈ വിദേശീയമതത്തിന്റെ പ്രചാരം വൈദികധർമ്മത്തിനെ ഒന്നു് ഉണർത്തി വിടുന്നതിനും വളരെ സഹായിച്ചുകാണണം. പോർത്തുഗീസ്സുകാർ മൃഗീയമായവിധത്തിൽ മതപ്രചാരണ ജോലികൂടിത്തുടങ്ങിയപ്പോൾ ഹിന്ദുക്കൾ നല്ലപോലെ ഉണർന്നുവെന്നേയുള്ളു.
കേരളം സഹ്യാദ്രി പർവതത്താൽ തെന്നിന്ത്യയിൽ നിന്നു് വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, ചോളപാണ്ഡ്യാദി രാജാക്കന്മാർ കൂടെക്കൂടെ കേരളത്തെ ആക്രമിച്ചുകൊണ്ടാണിരുന്നതു്. കൊല്ലവർഷം ഒൻപതാം ശതകംവരെ ദക്ഷിണതിരുവിതാംകൂറിന്റെ പ്രധാനമായ ഒരു ഭാഗം തമിഴർക്കു് കീഴടങ്ങിയിരുന്നുവെന്നു ഇപ്പോൾ തെളിയുന്നുണ്ടു്. അതുകൊണ്ടു് കേരളത്തിനു വെളിയിൽ ഉണ്ടായ ധർമ്മപ്രബോധനങ്ങൾ കേരളീയരേ സ്പർശിക്കാതിരുന്നില്ല. അതിനാലത്രേ പന്ത്രണ്ടാംശതകത്തിനും പതിന്നാലാം ശതകത്തിനും ഇടയ്ക്കു നമ്മുടെ നാട്ടിലും ഭഗവദ്ഭക്ത്യുത്തേജകങ്ങളായ ഗ്രന്ഥങ്ങൾ ഉണ്ടാവാനിടയായതു്. ചെറുശ്ശേരി നമ്പൂരിമുതൽക്കു എഴുത്തച്ഛന്റെ കാലംവരെയുള്ള പ്രധാന കൃതികളിൽ ഭൂരിഭാഗവും വൈഷ്ണവഗ്രന്ഥങ്ങളാകുന്നു. ചെറുശ്ശേരി തുടങ്ങിയതു എഴുത്തച്ഛൻ പൂരിപ്പിച്ചുവെന്നേയുള്ളു. അതല്ലാതെ, അക്കാലത്തു് മലയാളികൾ അക്ഷരജ്ഞാനം ഇല്ലാത്ത ഒരു കൂട്ടരായിരുന്നെന്നും പൂർണ്ണമായ അക്ഷരമാലപോലും അവർക്കില്ലായിരുന്നെന്നും പറയുന്നതു് പരമാബദ്ധമാണു്.
13.1 എഴുത്തച്ഛന്റെ ജീവിതകാലം
എഴുത്തച്ഛന്റെ ജീവചരിത്രത്തെപ്പറ്റി വളരെയൊന്നും നമുക്കു അറിഞ്ഞുകൂട. ജീവിതകാലത്തേ സംബന്ധിച്ചുപോലും വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ജനനദശ അറുനൂറാം നൂറ്റാണ്ടിനിടയ്ക്കായിരുന്നുവെന്നാണു് കേരളകൌമുദീകർത്താവു പറഞ്ഞിരിക്കുന്നതു്. ഗുണ്ടർട്ടു, ബർണ്ണൽ തുടങ്ങിയ പശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ജീവിതകാലം ക്രിസ്ത്വാബ്ദം പതിനേഴാം ശതകത്തിലാണു്. മി. പി. ഗോവിന്ദപ്പിള്ളയാകട്ടേ ഇങ്ങനെ പറയുന്നു:
“മേല്പത്തൂർ നാരായണഭട്ടതിരിയുടെ യൌവനകാലത്തു എഴുത്തച്ഛനു മദ്ധ്യവയസ്സായിരുന്നു. ഈ ഭട്ടതിരിപ്പാട്ടിലെ പ്രധാന കവിതയായ നാരായണീയം കുറതീർത്തതു് 762 വൃശ്ചികം 28-നു ആകുന്നു എന്നു് അതിൽ ഒടുവിലത്തെ ശ്ലോകത്തിൽ ‘ആയുരാരോഗ്യസൌഖ്യം’ എന്ന കലികൊണ്ടു നിശ്ചയിക്കാം. ഉത്തരദേശത്തുനിന്നും ഒരു വിരാഗി ബ്രാഹ്മണൻ അദ്ധ്യാത്മമൂലരാമായണം അമ്പലപ്പുഴ രാജാവിന്റെ അടുക്കൽകൊണ്ടുവന്നതു് 787-ാമതു കൊല്ലം തുടങ്ങുന്ന ചിങ്ങമാസത്തിലാണെന്നും അന്നത്തെ കലി ‘പവിത്രകരഃസൂര്യഃ’ എന്നാണെന്നും അദ്ധ്യാത്മമൂലത്തിന്റെ വ്യാഖ്യാനം കട്ടയാട്ടു ഗോവിന്ദമേനോൻ മലയാള അക്ഷരത്തിൽ തർജമ ചെയ്തിട്ടുള്ളതിൽ കാണുന്നു. അതിനാൽ എഴുത്തച്ഛന്റെ കാലം 700-നും 800-നും മദ്ധ്യേ തന്നെ ആയിരിക്കണം.”
എഴുത്തച്ഛൻ ശ്രീമന്നാരായണ ഭട്ടതിരിയുടെ സമകാലികനായിരുന്നു എന്നുള്ള സംഗതി സർവസമ്മതമാകയാൽ, ഭട്ടതിരിയുടെ കാലം അറിഞ്ഞാൽ, എഴുത്തച്ഛന്റെ കാലവും ഏകദേശം നിർണ്ണയിക്കാം. ഭട്ടതിരിയുടെ കാലം ഖണ്ഡിതമായി അറിവാൻ മാർഗ്ഗമുണ്ടുതാനും നെടുമ്പയിൽ കൃഷ്ണനാശാൻ എന്ന പ്രസിദ്ധ ദൈവജ്ഞന്റെ വക ഒരു ഗ്രന്ഥവരിയിൽ, ഭട്ടതിരി ജനിച്ചതു് 735–ാം ആണ്ടും മരിച്ചുതു് 841-ലും ആയിരുന്നുവെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. കൃഷ്ണനാശാന്റെ കൃതിയായി എന്റെ കൈവശമുള്ള ആറന്മുള സ്ഥലപുരാണത്തിൽ ഭട്ടതിരിയേയും മറ്റും പറ്റി ഇപ്രകാരം പ്രസ്താവിച്ചിട്ടുമുണ്ടു്.
“രാമനെന്നെല്ലാടവും വിശ്രുതമായിട്ടഭി-
രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും
ഗുരു ദൈവജ്ഞന്മാർക്കും ഗുരുഭൂതനാമെന്റെ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
ഗുരുവിൻഗുരു വ്യാഘ്രമുഖമന്ദിരവാസി
ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേൻ.
തൽഗുരുഭൂതനായിട്ടെത്രയും മനീഷിയായ്,
ഹൃദ്ഗതഭാവജ്ഞനായ് ഗണിതത്ത്വജ്ഞനായ്,
താഴാതെ കീർത്തിയോടും നാവായിക്കുളത്തുള്ളോ-
രാഴാതിപ്രവരനാം ഗുരുവേ വന്ദിക്കുന്നേൻ.
ആയവൻതന്റെ ഗുരുഭൂതനായുള്ളദേഹ-
മായതമതികളാൽ പൂജിതനായുള്ളവൻ,
കോലത്തുനാട്ടിൽ കൃപാണിക്കരപ്പൊതുവാള
ക്കാലത്തെഗ്ഗണിതജ്ഞന്മാരിൽ വച്ചഗ്രേസരൻ,
എന്നുടെ ഗുരുവിന്റെ ഗുരുവിൻ ഗുരുഭൂതൻ
തന്നുടെഗുരുവാകും തൽപദം വണങ്ങുന്നേൻ.
പൊതുവാളിന്റെ ഗുരുവച്യുതപ്പിഷാരടി
അതിമാനുഷനവൻ സകലവിദ്യാത്മകൻ,
അമ്പത്തിമൂന്നുവയസ്സിരട്ടിയിരുന്നുള്ള
മേല്പത്തൂർ പട്ടേരിക്കും ഗുരുവായുള്ളദേഹം.
ഈ ഗുരുപരമ്പരയെ ഒരു പട്ടികയായി ചേർക്കുന്നു.
മറ്റുചില വിവരങ്ങളും ഗ്രന്ഥവരിയിൽ കാണുന്നുണ്ടു്.
762–ാം ആണ്ടു് വൃശ്ചികം 28-ാംനു ഞായറാഴ്ചയും കൃഷ്ണചതുർദ്ദശിയും കൂടിയ ദിവസം ഗുരുവായൂർ ഇരുന്നു് നാരായണീയം ഉണ്ടാക്കി. ആയുരാരോഗ്യസൌഖ്യമെന്നു് അന്നത്തെക്കലി. ‘കാമാസന്നസ്സഃ’ എന്നു് അന്നത്തേ വാക്യം. ‘ഗ്ലൌരാർദ്ധോയം പൂജ്യഃ’ വാക്യധ്രുവം. സായകഃ സംക്രമധ്രുവം.
786–ാം ആണ്ടു് മിഥുനം ൨൨-ാംനു ഭാരതപ്പുഴ പെരുകി. അന്നത്തേക്കലി,
“നദീപുഷ്ടിരസഹ്യാനു നഹ്യസാരം പയോജനി;
നിജാൽ കുടീരാൽ സായാഹ്നേ നഷ്ടാർത്ഥാഃ പ്രയയുർജ്ജനാഃ”
എന്നു പേരിട്ടു.
791–ാം ആണ്ടു് മകരമാസം 27-ാനു ‘സർവസ്വം’ ഉണ്ടാക്കിത്തുടങ്ങി. മീനം ൩-ാം തീയതി കുറതീർത്തു.
ഈ ഗ്രന്ഥവരിയെ നമുക്കു പൂർണ്ണമായി വിശ്വസിക്കാം.
ഇനി ഇവരിൽ പ്രായക്കൂടുതൽ ആർക്കാണെന്നാണു് നോക്കാനുള്ളതു്. ഭട്ടതിരിയുടെ യൌവനകാലത്തു എഴുത്തച്ഛനു മദ്ധ്യവയസ്സായിരുന്നുവെന്നാണു് ഭാഷാചരിത്രകാരൻ അഭിപ്രായപ്പെട്ടിരിക്കുന്നതു. നേരെ മറിച്ചും ചിലർ പറയുന്നുണ്ടു്.
മി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തെയാണു് അധികം ആളുകൾ സ്വീകരിച്ചിരിക്കുന്നതു്. എന്നാൽ അവരാരും തങ്ങളുടെ ഊഹത്തിനു് ആധാരമായ തെളിവുകൾ എടുത്തുകാണിച്ചിട്ടില്ലെന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. മി. ഗോവിന്ദപ്പിള്ളയ്ക്കു ഈ വിഷയത്തിൽ വളരെ നോട്ടക്കുറവു കാണുന്നുമുണ്ടു്. നമുക്കു് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പലേ വീക്ഷണകേന്ദ്രങ്ങളിൽ നിന്നു പരിശോധിച്ചു നോക്കാം.
എഴുത്തച്ഛൻ രാമായണം രചിച്ചതു് 787-നു ശേഷമാണെന്നും അന്നു് അദ്ദേഹത്തിനു് മദ്ധ്യവയസ്സായിരുന്നുവെന്നും അദ്ദേഹം ഒരിടത്തു പറഞ്ഞുകാണുന്നു. ഈ അഭിപ്രായം സംഗതമല്ലെന്നു നിഷ്പ്രയാസം തെളിയിക്കാം. 787-ൽ ഭട്ടതിരിക്കു തന്നേ അമ്പത്തിരണ്ടു വയസ്സുണ്ടായിരുന്നു. ആ സ്ഥിതിക്കു് എഴുത്തച്ഛൻ പടുവൃദ്ധനായിരിക്കണ്ടേ?
കടിയങ്കുളം ശുപ്പു മേനവൻ എന്നൊരു കവിയേപ്പറ്റി പറയുന്നിടത്തു് ഇങ്ങനെ കാണുന്നു:
“പാലക്കാട്ടു താലൂക്കിൽ പൊൽപ്പള്ളിയിൽ കടിയംകുളത്തുവീട്ടിൽ ശുപ്പുമേനവന്റെ ജനനം ൯൨൦–ാം ആണ്ടിടയ്ക്കത്രേ.”
കാവേരി മാഹാത്മ്യത്തിൽ “പേരായിരത്തിലേറ്റം പേരാളും തിരുനാമം” എന്ന പദത്താലും, തേനാരിമാഹാത്മ്യത്തിൽ “പേരായിരത്തിലേറ്റം പേരിയന്നീടും ഗുരു” എന്ന പദം കൊണ്ടും സൂചിപ്പിച്ചുകാണുന്ന ഗുരു ഒന്നു തന്നെ. അദ്ദേഹം സൂര്യനാരായണൻ എഴുത്തച്ഛന്റെ ശിഷ്യനാകുന്നു.
ശുപ്പുമേനോന്റെ പരമഗുരു സൂര്യനാരായണൻ എഴുത്തച്ഛനായിരുന്നു എന്നുള്ളതിനു സംശയമില്ല.
സൂര്യനാരായണാചാര്യാന്തേവാസീന്ദ്രന്മാരിൽ
പേരായിരത്തിലേറ്റം പേരിയന്നീടും ശ്രീമാൻഗുരുനാഥൻ.
എന്നുള്ള പ്രസ്താവം നോക്കുക. എന്നാൽ ശുപ്പുമേനവന്റെ മറ്റൊരു ഗുരുവായ രാഘവപ്പിഷാരടിയുടെ ജനനം ൯൧൦–ാം ആണ്ടിടയ്ക്കാണു്. ‘പേരായിരത്തിലേറ്റം പേരിയന്നീടുന്ന’ അജ്ഞാതനാമാവായഗുരുവിനു വാദത്തിനുവേണ്ടി ഒരു മുപ്പതുവയസ്സുകൂടി ഉണ്ടായിരുന്നുവെന്നു സമ്മതിക്കാം. അപ്പോൾ അദ്ദേഹത്തിന്റെ ജനനം ൮൮൦–ാം ആണ്ടായിരുന്നുവെന്നു വരും. പരമഗുരുവിനു് അദ്ദേഹത്തിനേക്കാൾ കൂടിയപക്ഷം ൬൦ വയസ്സുപ്രായമുണ്ടായിരുന്നു എന്നു വന്നാൽ തന്നെയും ആ എഴുത്തച്ഛന്റെ ജനനം ൮൨൦-നു അപ്പുറം പോകയില്ല. സൂര്യനാരായണനു ൧൬ വയസ്സു പ്രായമുള്ളപ്പോൾ രാമാനുജൻ എഴുത്തച്ഛൻ സമാധിസ്ഥനായെന്നാണല്ലോ മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളതു്. ആ സ്ഥിതിക്കു് അതു ൮൩൬–ാം ആണ്ടിനിപ്പുറം ആയിരിക്കാനേ തരമുള്ളു. സൂര്യനാരായണനെഴുത്തച്ഛനും അദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യനും തമ്മിൽ ൧൨൦ കൊല്ലത്തെ അന്തരം ഒരിക്കലും വരികയില്ല. അതുകൊണ്ടു് മി. ഗോവിന്ദപ്പിള്ളയുടെ ഈ അഭിപ്രായം ഗുണ്ടർട്ടിന്റേയും, ലോഗൻ സായ്പിന്റേയും അഭിപ്രായത്തിനു ഉപോൽബലകമായിട്ടാണു് പര്യവസാനിച്ചിരിക്കുന്നതു്.
ഇനി നമുക്കു് മറ്റൊരു വീക്ഷണകേന്ദ്രത്തിൽ നിന്നു കൊണ്ടു നോക്കാം. എഴുത്തച്ഛന്റെ ഗുരുക്കന്മാരിൽ ഒരാൾ ഒരു ശ്രീനീലകണ്ഠനായിരുന്നുവെന്നു നമുക്കു ഹരിനാമകീർത്തനത്തിൽനിന്നു ഗ്രഹിക്കാം. ഈ ശ്രീനിലകണ്ഠനും പൂന്താനത്തിന്റെ ഗുരുവായ ശ്രീ നീലകണ്ഠനും ഒരാൾ ആയിരിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം മനുഷ്യാലയ ചന്ദ്രികയിൽ സംസ്തുതനായ ശ്രീ നീലകണ്ഠനിൽനിന്നു ഭിന്നനായിരിക്കാൻ സാംഗത്യമില്ലെന്നും അന്യത്ര പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം നാരായണീയാദി ചമ്പുക്കളുടെ കർത്താവായ നീലകണ്ഠകവി തന്നെ ആണെന്നു വന്നാൽ എഴുത്തച്ഛന്റെ കാലനിർണ്ണയം സുഗമമായിത്തീരും. കഴിഞ്ഞ അദ്ധ്യായം അച്ചടിച്ചു തീർന്നപ്പോൾ കിട്ടിയ ഒരു രേഖയിൽ നിന്നും നാരായണീയകർത്താവു് ഒരു ശില്പാഗമജ്ഞൻ കൂടി ആയിരുന്നുവെന്നു ഒരു അഭ്യൂഹത്തിനു വഴി ലഭിച്ചിരിക്കുന്നു. ഈ രേഖ തൃപ്പൂണിത്തുറെ സന്താന ഗോപാലകൃഷ്ണക്ഷേത്രത്തിന്റെ അകത്തേ പ്രകാരത്തിൽ ശ്രീകോവിലിനു് അഭിമുഖമായി കൊടുത്തിട്ടുള്ളതാണത്രേ. അതിൽനിന്നു ഒരു പദ്യം ഉദ്ധരിക്കാം.
സ്വസ്തി,
“ലക്ഷ്മീഗ്രാമവരാത്സനാമഗുണിനാ ശ്രീരാമവർമ്മാഭിധേ-
നാനായ്യ പ്രഭുണാ മുകുന്ദകരുണാ സഞ്ചോദിതേനാന്തികം
സംസൽ കല്പിതധന്യ…കൃതിഃപൂർണ്ണത്രയീമംഗല-
ക്ഷേത്രം കൃഷ്ണശിലാനിബദ്ധമകരോൽ ശ്രീനീലകണ്ഠഃകൃതീ”
അദ്ദേഹം ഒരു കവികൂടി ആയിരുന്നു എന്നു ഈ രേഖയിൽ നിന്നു കാണുന്നുണ്ടു്. പ്രസ്തുതപദ്യത്തിൽ പറഞ്ഞിരിക്കുന്ന ശ്രീരാമവർമ്മ തമ്പുരാൻ കാശിയ്ക്കെഴുന്നള്ളിയ തമ്പുരാനായിരിക്കണം. അവിടുന്നു് ‘പൂർണ്ണത്രയീമംഗലക്ഷേത്രം കൃഷ്ണശിലാനിബദ്ധ’മാക്കി ചെയ്ത ശേഷം അതിന്റെ പണി നടത്തിയ ശ്രീനീലകണ്ഠനോടു് തൽക്ഷേത്രമാഹാത്മ്യത്തെ പുരസ്കരിച്ചു് ഒരു ചമ്പുനിർമ്മിക്കുന്നതിനു് ആജ്ഞാപിച്ചതായ്വരാം. തൽക്കവി ഒരു ശില്പാഗമജ്ഞൻകൂടി ആയിരിക്കുന്നു എന്നുള്ള സംഗതിയാണു് നമ്മുടെ ഊഹത്തിനു ആണിയായി നില്ക്കുന്നതു്. ശിവപര്യായമായ നീലകണ്ഠൻ എന്നു പേരും അദ്ദേഹം ശിവദ്വിജനായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഈ ഊഹം സംഗതമാണെങ്കിൽ, അദ്ദേഹത്തിന്റെ ശിഷ്യനായ എഴുത്തച്ഛന്റെ കാലം നിർണ്ണയിക്കാൻ പ്രയാസമില്ല.
“വിദ്യാവല്ലഭ നീലകണ്ഠസുകവേ! ചെല്ലൂരനാഥോദയം
ഹൃദ്യപണ്ടുകൃതം”
എന്ന പദ്യഖണ്ഡത്തിൽനിന്നു്, കവി തെങ്കൈലനാഥോദയം രചിക്കുന്നതിനു് വളരെ കാലത്തിനു മുമ്പാണു് ചെല്ലൂരനാഥോദയം നിർമ്മിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നു. അല്ലെങ്കിൽ ‘പണ്ടു്’ എന്ന ക്രിയാവിശേഷണം പ്രയോഗിക്കുമായിരുന്നില്ല. തെങ്കൈലനാഥോദയം വീരകേരളവർമ്മതമ്പുരാന്റെ ആജ്ഞാനുസാരം 776-നു ശേഷം രചിച്ചതാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചെല്ലൂരനാഥോദയം നേരെ മറിച്ചു് രാമവർമ്മതമ്പുരാന്റെ കിരീടധാരണത്തോടു് അടുത്തു് അതായ്തു് 740–ാം ആണ്ടിടയ്ക്കു് ഉണ്ടാക്കിയതായ്വരാം. അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന്റെ ജനനം 700–ാം ആണ്ടിനപ്പുറമാവാൻ ഇടയില്ല. ഗുരുശിഷ്യന്മാർക്കു കുറഞ്ഞപക്ഷം 25 കൊല്ലത്തെ അന്തരം കല്പിച്ചാൽ, എഴുത്തച്ഛന്റെ ജനനം എട്ടാം ശതകത്തിന്റെ ദ്വിതീയപാദത്തിനു മുമ്പാവുകയില്ലെന്നു സിദ്ധിക്കുന്നു.
ഇനി ചിറ്റൂർ ഗുരുമഠത്തിലെ രേഖകളെ പരിശോധിച്ചുനോക്കാം. അവയുടെ കൂട്ടത്തിൽ നാലു പദ്യങ്ങൾ കാണുന്നുണ്ടു്.
“ആചാര്യഃപ്രഥമം നദീം വനമിദം ദൃഷ്ട്വാ…പ്രാപ്തവാൻ
നദ്യാസ്തീര…വസതിം നിശ്ചിത്യ ശിഷ്യൈസ്സമം.
ലബ്ധ്വാതദ്വനമത്ര ദേശപതിഭിശ്ഛിത്വാ…
‘രാമാനന്ദപുരാ’ഭിധം ദ്വിജഗൃഹൈർ ഗ്രാമം ചകാരാലയൈഃ.1
പൂർവേചിഞ്ചാഖ്യകുല്യാവരുണദിശി തഥാ പത്രചര്യാപഥാന്തം
യാമ്യേനദ്യുത്തരാദുത്തരദിശിനിധനക്രോഡകേദാരകാന്തം
അസ്മിൻ ദേശേ മഹാത്മാ…ജന…സൂര്യനാരായണാഖ്യഃ
സമ്പദ്വേശ്മാധിനാഥാദുദകമ…ജ…ഹ കാരുണ്യസിന്ധുഃ.2
രാമാനന്ദാഗ്രഹാരേ പ്രഥമമിഹശിവം സാംബമൂർത്തിം സവർഗ്ഗം
സാക്ഷാദ്വിഷ്ണും ച രാമം ദ്വിജകുലനിപുണൈ…സൂര്യഃ
–ദ്ധ്നാ–ന്തം സസർപ്പിഃ സധനഗൃഹഗണം ഭൂസുരേഭ്യോദദൌ–
നാകസ്യാനൂനസൌഖ്യം ധ്രുവമിതിമനനസ്യാസ്പദം ഭൂമി…3
മൂന്നാമത്തെ പദ്യത്തിൽ കാണുന്ന ‘നാകസ്യാനൂനസൌഖ്യം’ കലിദിനമാണെന്നു് സരസകഥാകൃത്തായ മി. സി. എസ്സു്. ഗോപാലപ്പണിക്കർ, ചിറ്റൂർ മഠത്തിൽനിന്നു പ്രചരിപ്പിച്ച ഒരു ലഘുപത്രികയിൽ പ്രസ്താവിച്ചിട്ടുള്ളതു് സ്വീകാരയോഗ്യമായിരിക്കുന്നില്ല. അതു് എഴുത്തച്ഛൻ 729-ൽ ചെയ്ത ഭൂദാനത്തെ രേഖപ്പെടുത്തുന്നു എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രസ്തുതപദ്യം സൂര്യനാരായണൻ നടത്തിച്ച സാംബശിവാദിപ്രതിഷ്ഠകളേയും ഭൂദാനത്തെയും ആണു് വിവരിക്കുന്നതു്. സാക്ഷാൽ എഴുത്തച്ഛന്റെ പേരു സൂര്യനാരായണൻ എന്നായിരുന്നു എന്നു വിചാരിക്കുന്ന കാര്യം വളരെ പ്രയാസവുമാണു്. അതേ പദ്യത്തിൽ കാണുന്ന ‘ദധ്നാത്യന്നം സസർപ്പിഃ’ കലിദിനമാണെന്നു പറയുന്നവരും ഉണ്ടു്. ആ അഭിപ്രായം സ്വീകരിക്കുന്നപക്ഷം രാമാനുജൻ എഴുത്തച്ഛന്റെ കാലം ഗുണ്ടർട്ടു് പറയും പോലെ ക്രിസ്താബ്ദം പതിനേഴാംശതകത്തിലാണെന്നു വരും. ചിലർ ഗുണ്ടർട്ടിന്റെ അഭിപ്രായത്തെ തള്ളികളഞ്ഞിട്ടു് ഈ മതത്തെ സ്വീകരിക്കുന്നതു കൂറേ അത്ഭുതമായിരിക്കുന്നു. ശുപ്പുമേനോൻ തേനാരി മാഹാത്മ്യം എഴുതിയ കാലത്തു് സൂര്യനാരായണൻ എഴുത്തച്ഛന്റെ അന്തേവാസികളിൽ ഒരുവനായ അജ്ഞാതനാമാവു് രാമാദി ശിഷ്യന്മാരോടുകൂടി ജീവിച്ചിരുന്നു എന്നു വന്നാലും ഇല്ലെങ്കിലും, ആ വിശിഷ്ടപുരുഷന്റെ ജനനം ഒൻപതാം ശതകത്തിന്റെ തൃതീയപാദത്തിനു അപ്പുറം ആയിരിക്കാൻ ഇടയില്ല. അങ്ങനെ ആകുമ്പോൾ സൂര്യനാരായണൻ എഴുത്തച്ഛന്റെ കാലം ഒൻപതാംശതകത്തിനു് അപ്പുറം പോകയില്ലെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ? രാമാനുജൻ എഴുത്തച്ഛൻ അന്ത്യസമാധി അടയുന്ന കാലത്തു് സൂര്യനാരായണാചാര്യർക്കു കുറഞ്ഞപക്ഷം പതിനാറുവയസ്സെങ്കിലും ഉണ്ടായിരുന്നുവെന്നു വന്നാൽ രാമാനുജാചാര്യരുടെ കാലം 750-നും 825-നും മദ്ധ്യേ ആയിരുന്നുവെന്നു വരും. അതിനു മുമ്പായിരുന്നു എന്നു വിചാരിക്കാൻ ഒരു നിവൃത്തിയും ഇല്ല.
13.2 എഴുത്തച്ഛന്റെ ജാതി
രാമാനുജൻ ചക്കാല നായരായിരുന്നു എന്നാണു് ഐതിഹ്യം. ഏതു ജാതിയിൽപ്പെട്ട ആളായിരുന്നാലും, ആ പുണ്യപുരുഷൻ സർവജനസംപൂജ്യനായ ഒരു യോഗീശ്വരനായിരുന്നു എന്നുള്ളതിനു സംശയം ഇല്ല. അദ്ദേഹത്തിന്റെ തിരുനാമസ്മരണമാത്രത്താൽ അസ്മാദൃശന്മാർ രോമാഞ്ചകഞ്ചുകിതരായി ഭവിക്കുന്നു. ആ ദിവ്യഗുരുവിന്റെ ചരണസരോജത്തിലെ മഞ്ജൂപരാഗസ്പർശം ഏൽക്കുവാൻ ഭാഗ്യമുണ്ടായ തുഞ്ചൻ പറമ്പിലെ മണൽത്തരികൾ പോലും ശിരസ്സിലണിയുന്നതു പരമശ്രേയോനിദാനമാണെന്നാണു് മലയാളികളുടെ വിശ്വാസം. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ ജാതിയേപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമേ നമുക്കില്ല. അദ്ദേഹം മനുഷ്യജാതിയായ സുരദ്രുമത്തിൽ ഉദിച്ച ഒരു സുരഭിലകുസുമമായിരുന്നു എന്നു വിചാരിച്ചാൽ മതി. എന്നുവരികിലും അദ്ദേഹത്തിനേപ്പറ്റി പറഞ്ഞുവരുന്ന ഐതിഹ്യങ്ങൾ തന്നേ, അദ്ദേഹം ചക്കാലനായരായിരുന്നോ എന്നുള്ള വിഷയത്തിൽ പ്രബലമായ സംശയം ജനിപ്പിക്കുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ചക്കാലനായന്മാരുടെ തൊഴിൽ ശൂദ്രനായന്മാരുടെ ദാസ്യവൃത്തിയേക്കാൾ ഉൽകൃഷ്ടവും സ്വതന്ത്രവും ആയിരുന്നെങ്കിലും പുരാതനകാലങ്ങളിൽ ആയുധവൃത്തിയും കൃഷിയും ഒഴിച്ചുള്ള സകല തൊഴിലുകളും നികൃഷ്ടമായിട്ടാണു് ഗണിക്കപ്പെട്ടിരുന്നുത്. ശൂദ്രനായന്മാരെ കിരിയത്തു നായന്മാരും സ്വരൂപക്കാരും പുച്ഛിച്ചു വന്നിരുന്നു. ചക്കാലനായന്മാർക്കു വിശേഷിച്ചു് ക്ഷേത്രപ്രവേശം അനുവദിച്ചിരുന്നുമില്ല. അടുത്തകാലത്താണു് അവർക്കു ക്ഷേത്രപ്രവേശം ആകാമെന്നു് ഒരു വിധിയുണ്ടായതു്. എന്നാൽ എഴുത്തച്ഛനാകട്ടെ ക്ഷേത്രപ്രവേശം ഉണ്ടായിരുന്നുവെന്നാണല്ലോ ഐതിഹ്യം. അദ്ദേഹം ശിശുപ്രായത്തിൽ ക്ഷേത്രദർശനം ചെയ്യാറുണ്ടായിരുന്നെന്നും ‘അപ്പോഴൊക്കെ നമ്പൂരിമാർ വേദോച്ചാരണം ചെയ്യുന്നതുകേട്ടു്, കാടു് കാടു്’ എന്നു പറയാറുണ്ടായിരുന്നെന്നും, അതു കേട്ടു് കാര്യം മനസ്സിലാക്കിയ ഓതിക്കോൻ മന്ത്രം ജപിച്ചു കൊടുത്തു് അദ്ദേഹത്തിനെ മൂകനാക്കിയെന്നും ഇന്നും മലയാളികൾ വിശ്വസിച്ചു വരുന്നു. നാലമ്പലത്തിനുള്ളിൽ കടക്കാതെ വേദോച്ചാരണം കേൾക്കുന്നതെങ്ങനെ? ആട്ടില്ലാത്ത ചക്കാലവന്മാരുടെ കൂട്ടത്തിൽപ്പെട്ട ആളായതുകൊണ്ടു് എഴുത്തച്ഛനു ക്ഷേത്രപ്രവേശം ഉണ്ടായിരുന്നു എന്നു് വാദിക്കുന്ന പക്ഷവും മറ്റൊരു ഐതിഹ്യം ആ വാദത്തിനു ബാധകമായി നില്ക്കുന്നു. എഴുത്തച്ഛൻ ചെമ്പകശ്ശേരി രാജാവിനോടു് അപേക്ഷിച്ചു് അമ്പലപ്പുഴക്കു വടക്കോട്ടുള്ള ചക്കുകൾ പറിപ്പിച്ചു കളഞ്ഞുവെന്നു ഒരു കഥയുണ്ടല്ലോ. ഇങ്ങനെ പൂർവാപരവിരുദ്ധങ്ങളായ ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുത്തച്ഛന്റെ ജാതി നിർണ്ണയിക്കാവുന്നതല്ല. സ്പർദ്ധാലുക്കളിൽ ചിലർ അദ്ദേഹത്തിനെ ചക്കാലനായർ എന്നു വിളിച്ചു പുച്ഛിക്കാറുണ്ടായിരുന്നുവെന്നു മാത്രമേ ഇത്തരം കഥകളിൽനിന്നു നാം ഗ്രഹിക്കേണ്ടതായിട്ടുള്ളു. അതുകൊണ്ടു് അദ്ദേഹം എഴുത്താശാന്മാരുടെ വർഗ്ഗത്തിൽപ്പെട്ട ആളായിരുന്നുവെന്നേ നമുക്കു ഖണ്ഡിതമായി അറിയാവൂ. എഴുത്താശാന്മാർക്കു പുരാതനകാലത്തു മറ്റു നായന്മാരോളം കുലീനത്വം കല്പിക്കാറില്ലാതിരുന്നതിനാൽ, ചില നമ്പൂരിമാർ എഴുത്തച്ഛനെ ചക്കാലവൻ എന്നുവിളിച്ചു ആക്ഷേപിക്കാറുണ്ടായിരുന്നിരിക്കാം. അതല്ലാതെ ‘ജാതി നാമാദികൾക്കല്ല ഗുണഗണം’ എന്നു പാടിയ പരമസാത്വികനായ കവി ആത്മാഭിമാനവിജൃംഭിതനായി നാടുതോറും നടന്നു് ചക്കു പറിപ്പിച്ചു കളഞ്ഞിട്ടു് അനേകം സാധുക്കളുടെ കാലക്ഷേപമാർഗ്ഗം ഇല്ലാതാക്കി എന്നു വിശ്വസിക്കുന്ന കാര്യം കുറേ പ്രയാസമാണു്. എന്നു മാത്രമല്ല ചെമ്പകശ്ശേരി രാജാവിന്റെ കല്പന അനുസരിച്ചു് മറ്റുനാട്ടുകാരും ചക്കു പിഴുതുകളയുമായിരുന്നോ എന്ന കാര്യം സന്ദിഗ്ദ്ധവുമാകുന്നു.
13.3 എഴുത്തച്ഛന്റെ ജനനവും ബാല്യദശയും
എഴുത്തച്ഛന്റെ മാതാപിതാക്കന്മാരെപ്പറ്റി നമുക്കു യാതൊന്നും അറിഞ്ഞുകൂടെന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ചില കഥകൾ പറയാറുള്ളതു് തീരെ അടിസ്ഥാനരഹിതമാണെന്നു ആർക്കും നിഷ്പ്രയാസം ഗ്രഹിക്കാം.
വടക്കേ മലയാളത്തുകാരനായ ഒരു മലയാളബ്രഹ്മണൻ തിരുവനന്തപുരത്തുനിന്നും മുറജപം കഴിഞ്ഞു് വഞ്ചിമാർഗ്ഗം വെട്ടത്തുനാട്ടിൽവന്നു ചേർന്നു. അദ്ദേഹം അസാമാന്യ വ്യുൽപ്പന്നനും ജ്യൌതിഷിയും ആയിരുന്നത്രേ. രാത്രി അസമയം ആകയാൽ അദ്ദേഹം അന്നു് അവിടെ എവിടെയെങ്കിലും കഴിച്ചുകൂട്ടണമെന്നു വിചാരിച്ചു് ഒരു ചക്കാലനായരുടെ വീട്ടിൽ കയറിക്കിടന്നു. ആ വീട്ടിൽ ഒരു വൃദ്ധയും പുത്രിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ അദ്ദേഹത്തിനെ യഥായോഗ്യം സൽക്കരിച്ചു് കിടക്കാൻ ഒരു സ്ഥലവും കൊടുത്തിട്ടു് നിദ്രയെ പ്രാപിച്ചു. രാത്രിയിൽ അവർ ഉണർന്നു നോക്കിയപ്പോൾ നമ്പൂരി സ്വസ്ഥനല്ലാത്തവിധത്തിൽ വെളിയിലിറങ്ങി നക്ഷത്രങ്ങൾ നോക്കുന്നതും പിന്നീടു് കേറിക്കിടക്കുന്നതും കണ്ടുപോലും. തത്സമയം പുത്രി അദ്ദേഹത്തിന്റെ അടുക്കൽചെന്നു് ഈ ജാഗരണത്തിനുള്ള ഹേതു ചോദിച്ചുവെന്നും അത്യുത്തമനായ ഒരു പുത്രൻ ജനിക്കാനുള്ള യോഗം നഷ്ടമാകാൻ പോകുന്നതിനെപ്പറ്റി താൻ ദുഃഖിക്കയാണെന്നു് അയാൾ മറുപടി പറഞ്ഞുവെന്നും, അപ്പോൾ അവൾ ആ പുത്രസന്താനത്തെ തനിക്കു നൽകണമെന്നു് അഭ്യർത്ഥിച്ചുവെന്നും മറ്റുമാണു് ഒരു കഥ. ഈ ഐതിഹ്യം ആപാദചൂഡം അസംബന്ധമായിരിക്കുന്നു. [1] മുറജപം ഇല്ലാതിരുന്ന കാലത്തു് നമ്പൂരി മുറപത്തിനു പോയതും, വഞ്ചിമാർഗ്ഗം സഞ്ചരിക്കുന്നതിനു സൌകര്യമില്ലാതിരുന്ന ഒരു കാലത്തു് അയാൾ വള്ളം വഴി തൃക്കണ്ടിയൂർ വന്നു ചേർന്നതും, ബ്രാഹ്മണരുടെ ഗൃഹം ധാരാളമുണ്ടായിരുന്നിട്ടും അവിടെങ്ങും കേറിക്കിടക്കാതെ ഒരു ചക്കാലനായരുടെ വീട്ടിൽ രാത്രി കഴിച്ചുകൂട്ടാമെന്നുവെച്ചതും, നക്ഷത്രം നോക്കാൻ അയാൾ എഴുന്നേറ്റ സമയത്തുതന്നെ ചക്കാലയുവതി ഉറക്കത്തിൽനിന്നുണർന്നു് അവിടെ വന്നുചേർന്നതും, എല്ലാം അത്ഭുതമത്ഭുതമത്ഭുതമേ! എന്ന മട്ടിലിരിക്കുന്നു.
വേറൊരു കൂട്ടർ നമ്പൂരിയുടെ സ്ഥാനത്തു് ഒരു പട്ടരേ പ്രവേശിപ്പിച്ചിരിക്കുന്നു. മറ്റു സംഗതികളിൽ ഇരുപാട്ടുകാരും യോജിക്കുന്നുണ്ടു്. ഒരു നമ്പൂരിയെ ചക്കാലവീട്ടിൽ പ്രവേശിപ്പിക്കുന്നതു ഭംഗിയല്ലെന്നു കണ്ടിട്ടു്, എന്തിനും തയ്യാറുള്ള ഒരു പട്ടരെ അങ്ങോട്ടേയ്ക്കുവിട്ടവർ ആരായിരുന്നാലും മലയാളബ്രാഹ്മണരെപ്പറ്റി ഭക്തിയുള്ളവരായിരിക്കണം.
വെട്ടത്തുനാട്ടുകാർ പറയാറുള്ള ഐതിഹ്യത്തിൽ അല്പം വ്യത്യാസം ഉണ്ടെന്നേയുള്ളു. നമ്പൂരി കേറിക്കിടന്നതു് തൃക്കണ്ടിയൂർ ക്ഷേത്രത്തിനടുത്തുള്ള ‘തട്ടാരമ്പറമ്പത്തു്’ എന്ന ഒരു മൂസ്സിന്റെ ഗൃഹത്തിലായിരുന്നത്രേ. അവിടെ ദാസിയായി താമസിച്ചിരുന്ന ചക്കാലയുവതി, അസ്വസ്ഥനായി നക്ഷത്രം നോക്കിക്കൊണ്ടിരുന്ന നമ്പൂരിയുടെ അടുക്കൽ ചെന്നു് ആ അസ്വസ്ഥതയുടെ കാരണം ചോദിക്കയും വിവരം എല്ലാം ഗ്രഹിച്ചപ്പോൾ ആ സന്താനം തനിക്കു നൽകാൻ കനിവുണ്ടാകണമെന്നു പ്രാർത്ഥിക്കയും ചെയ്തുവെന്നാണു് വെട്ടത്തുനാട്ടിലെ ഐതിഹ്യം.
എന്തായിരുന്നാലും ഈ മാതിരി അപവാദങ്ങൾ കെട്ടിച്ചമച്ച പാപിഷ്ഠന്മാർ നിത്യനരകം അനുഭവിച്ചു കഷ്ടപ്പെടുകതന്നെ ആയിരിക്കണം. എഴുത്തച്ഛനെപ്പോലുള്ള ദിവ്യപുരുഷന്മാർ ജീവിതശുദ്ധിയില്ലാത്ത കുടുബങ്ങളിൽ ജനിക്കയേ ഇല്ല. അദ്ദേഹത്തിനേക്കാൾ ധിഷണാശക്തിയും കവനചാതുരിയും ഉള്ളവർ നീചകുടുംബത്തിൽ ജനിച്ചുവെന്നു വരാവുന്നതാണു്. എന്നാൽ എഴുത്തച്ഛൻ പടുധിഷണനായ ഒരു കവി മാത്രമായിരുന്നില്ലെന്നു നാം ഓർക്കേണ്ടതാകുന്നു. അദ്ദേഹം ലോകശ്രേയസ്സിനുവേണ്ടി ആത്മജീവിതത്തെ സമർപ്പിച്ച ഒരു പരമയോഗിയായിരുന്നു. പക്ഷേ മാതാപിതാക്കന്മാരുടെ ഗുണങ്ങൾ സന്താനങ്ങളിൽ പകരേണമെന്നില്ലെന്നു വാദിക്കുന്നവരും ഉണ്ടായേക്കാം. ‘അച്ഛൻ ആന കേറിയാൽ മകന്റെ ആസനത്തിൽ തഴമ്പുകാണുകയി’ല്ലെന്നു ഒരു പഴമൊഴിയും ഉണ്ടല്ലോ. എന്നാൽ കേവലം വാച്യാർത്ഥത്തെസംബന്ധിച്ചിടത്തോളം ആ പഴമൊഴി പരമാർത്ഥമാണെന്നു് സമ്മതിക്കാം. സ്വജീവിതകാലത്തു ആപാദിതമായ വിശിഷ്ടഗുണങ്ങൾ തന്റെ സന്താനങ്ങളിലേക്കു സംക്രമിക്കയില്ലെന്നു മിക്ക പ്രാണിശാസ്ത്രജ്ഞന്മാരും പറയുന്നുണ്ടു്. എന്നാൽ പൂർവികന്മാരുടെ ആത്മികജീവിതം നമ്മെ ബാധിക്കയില്ലെന്നു പറയുന്ന കാര്യം കുറേ ആലോചിച്ചു വേണ്ടതാണു്. നമ്മുടെ മാനസികലോകം ബഹിർല്ലോകത്തിന്റെ ഒരു പ്രതിബിംബം മാത്രമാണെന്നും മുമ്പു് ഇന്ദ്രിയപ്രത്യക്ഷീഭാവമുണ്ടായിട്ടില്ലാത്ത യാതൊന്നും മനസ്സിൽ കാണുന്നതല്ലെന്നും ലാക്കു് മുതലായ തത്വശാസ്ത്രജ്ഞന്മാർ വാദിച്ചിട്ടുണ്ടെങ്കിലും, ഗാൽട്ടോണിയന്മാരുടെ അന്വേഷണഫലമായി വംശപാരമ്പര്യത്തിന്റെ അഖണ്ഡശക്തി ഏറെക്കുറെ സ്ഥാപിതമായിട്ടുണ്ടു്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സംസ്കാരം എന്നൊന്നു് ഉണ്ടെന്നു സമ്മതിക്കാത്തവർ ചുരുക്കവുമാകുന്നു. സൽസംഗത്താൽ ദുർവാസനകളെ അകറ്റിനിർത്താൻ സാധിച്ചേക്കാം. തുളസീദാസജി അരുളിച്ചെയ്തിട്ടുള്ളതുപോലെ,
“ധൂമ ഉത ജഇസഹജ കടുആഈ
അഗരുപ്രസംഗ സുഗന്ധ ബസാഈ”
“ധൂമം അഗരുപ്രസംഗത്താൽ സുഗന്ധിതമായിട്ടു് അതിന്റെ നൈസർഗ്ഗികമായ കടുതയെ കൈവെടിയുന്നു.” എന്നാലും അഗരുസംസർഗ്ഗം വിടുന്ന മാത്രയിൽ അതു പൂർവദശയെ പ്രാപിക്കുന്നുണ്ടല്ലോ. തുളസി തന്നെ വേറൊരിടത്തു പറഞ്ഞിട്ടുള്ളതു ഇങ്ങനെ ആകുന്നു.
“ഖലഉ കരഹിം ഭലപാഇ സുസംഗ്രു
മിടഇ ന മലിന സുഭാഉ അഭാഗ്രു”
“ഖലന്മാരും സത്സംഗശക്തിയാൽ സൽക്കർമ്മം ചെയ്യുന്നു. എന്നാൽ അവരുടെ മലിനസ്വഭാവം ഒരിക്കലും അവരെ നിശ്ശേഷം വിട്ടുമാറുന്നില്ല.”
എഴുത്തച്ഛൻ ബാല്യദശമുതൽക്കേ സംസാരസുഖങ്ങളെ കൈവെടിഞ്ഞു് തപശ്ചര്യ അനുഷ്ഠിച്ചതായിട്ടാണു് നമ്മുടെ അറിവു്. അദ്ദേഹത്തിനെ ദുർവികാരങ്ങൾ തീണ്ടുകപോലും ചെയ്തിട്ടില്ല. അങ്ങനെയുള്ള ഒരു വിശിഷ്ടപുരുഷന്റെ മാതൃഭാവം ലഭിക്കുന്നതിനു് ഭാഗ്യമുണ്ടായ സ്ത്രീരത്നം സുശീലയും സാധ്വിയും ആയിരുന്നിരിക്കണമെന്നു് നിസ്സംശയം പറയാം. ശിശുവിന്റെ സ്വഭാവരചനാവിഷയത്തിൽ മാതാവാണു് കൂടുതൽ ശക്തി പ്രയോഗിക്കുന്നതു്. എത്രയോ ശിശുക്കളുടെ സദ്വാസനകൾ മാതൃജനങ്ങളുടെ ദുശ്ശീലംകൊണ്ടു് ക്ഷയം പ്രാപിച്ചുപോകുന്നു. നേരെ മറിച്ചു് എഴുത്തച്ഛന്റെ മാതാവു് തന്റെ ശിശുവിന്റെ ശ്രേയസ്സിനുവേണ്ടി നിരന്തരം സനിഷ്കർഷം പ്രവർത്തിച്ചു വന്നുവെന്നുള്ളതിനു ഐതിഹ്യങ്ങളും അദ്ദേഹത്തിന്റെ പിൽക്കാല ജീവിതവും സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെ ഇരിക്കെ എഴുത്തച്ഛന്റെ ജനനത്തിൽ കളങ്കം ആരോപിക്കാൻ ഒരുമ്പെട്ടവർ, ഒരു നിലയിൽ ‘ആത്മവൽ സർവഭൂതങ്ങളേയും ദർശി’ക്കുന്നവർതന്നെ.
എഴുത്തച്ഛനെ ഗർഭം ധരിച്ച കാലത്തു് അദ്ദേഹത്തിന്റെ മാതാവു് എതിഹ്യങ്ങളിൽ കാണുമ്പോലെ ഒരു കന്യക ആയിരുന്നെങ്കിൽ എഴുത്തച്ഛനു് ‘വിദുഷാമഗ്രേസരനായ ഒരു അഗ്രജൻ എങ്ങനെ ഉണ്ടായി?’ ആ ജ്യേഷ്ഠനെ അദ്ദേഹം രാമായണത്തിൽ എത്ര ഭക്തിപൂർവം സ്മരിച്ചിരിക്കുന്നു.
രാമാനുജപ്പൈങ്കിളിയുടെ പിതാവു് ഹരിനാമകീർത്തനത്തിൽ സംസ്മരിക്കപ്പെട്ടിരിക്കുന്ന ശ്രീനീലകണ്ഠഗുരുവാണെന്നു ചിലർ വിശ്വസിക്കുന്നു. തിരുമംഗലത്തു [2] ശ്രീനീലകണ്ഠൻ മൂസ്സതു് ചെമ്പകശേരിയ്ക്കൊ തൃപ്പൂണിത്തുറയ്ക്കൊ പോയിട്ടു് മടങ്ങുംവഴി എഴുത്തച്ഛന്റെ ജന്മദേശമായ തൃക്കണ്ടിയൂരിലെ ക്ഷേത്രത്തിനു സമീപം തട്ടാരമ്പറമ്പിൽ മൂസ്സതിന്റെ ഗൃഹത്തിൽ കേറി താമസിക്കയും എഴുത്തച്ഛന്റെ മാതാവായിത്തീർന്ന സുശീലയെ യദൃച്ഛയാ കണ്ടു് അനുരക്തനായിത്തീരുകയും അന്നത്തെ മര്യാദ അനുസരിച്ചു് അവരെ വിവാഹം കഴിക്കയും ചെയ്തു എന്നു വരാവുന്നതാണു്. ആ വിവാഹത്തിന്റെ പ്രഥമസന്താനം ‘വിദുഷാം അഗ്രേസരനായ’ ജ്യേഷ്ഠനും രണ്ടാമത്തെ സന്താനം എഴുത്തച്ഛനും ആയിരുന്നു എന്നു വരാം. എന്നാൽ ഇങ്ങനെ ഒരു ഊഹത്തിനും ബാധകമായി നിൽക്കുന്ന ചില സംഗതികൾ കാണുന്നു. രാമായണത്തിൽ വിദുഷാമഗ്രേസരനായ ജ്യേഷ്ഠനെ ഭക്തിപൂർവം സ്മരിച്ച കവി അദ്ദേഹത്തിനെക്കാൾ വിദ്വാനായ തന്റെ പിതാവിനെ പേർപറഞ്ഞു സ്തുതിക്കാതെ വിട്ടുകളയുമായിരുന്നോ? അതുകൊണ്ടു് എഴുത്തച്ഛന്റെ പിതാവു് സാമാന്യം വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിട്ടുണ്ടായിരുന്ന ഒരു നായരായിരുന്നു എന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിനു് ഒരു സഹോദരിയും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ചിന്താരത്നം തന്റെ മരുമകളെ പഠിപ്പിക്കുന്നതിനായി അദ്ദേഹം രചിച്ചതായിട്ടാണല്ലോ അറിവു്.
13.4 എഴുത്തച്ഛന്റെ ജനനസ്ഥലം
എഴുത്തച്ഛന്റെ ജനനീജനകന്മാരെപ്പറ്റി നമുക്കു പരിച്ഛിന്നമായ ഒരു വിവരവും ലഭിച്ചിട്ടില്ലെങ്കിലും ജന്മഭൂമിയേപ്പറ്റി പൂർണ്ണമായ അറിവുണ്ടു്. തുഞ്ചൻപറമ്പു് കേരളീയർക്കു വൃന്ദാവനംപോലെ പാവനമായി ഇന്നും വിളങ്ങുന്നു. ആ പുരയിടം ബ്രിട്ടീഷ് മലബാറിൽ പൊന്നാനിത്താലൂക്കിന്റെ ഒരു അംശമായ തൃക്കണ്ടിയൂർ എന്ന സ്ഥലത്താണു് സ്ഥിതിചെയ്യുന്നതു്. അവിടെ ഇപ്പോൾ ഒരു ഗുരുമഠവും അതിനോടുചേർന്നു് ഒരു കുളവും കിണറും കാണ്മാനുണ്ടു്. കുളത്തിൽ വേനൽകാലത്തു് ജലം കാണുകയേ ഇല്ല. എന്നാൽ കിണറ്റിന്റെ സ്ഥിതി അങ്ങനെ അല്ല. അതിലേ ജലം ഒരുകാലത്തും വറ്റുകയില്ലത്രേ. രാമാനുജാചാര്യരുടെ ആരാധനാവിഗ്രഹങ്ങളും നാരായവും മറ്റും അതിൽ കിടപ്പുണ്ടെന്നാണു് ജനങ്ങളുടെ വിശ്വാസം. കുളത്തിന്റെ സമീപത്തായി നില്ക്കുന്ന കാഞ്ഞിരവൃക്ഷത്തെ അന്നാട്ടുകാർ ഇന്നും പൂജിച്ചുവരുന്നു. അതിന്റെ ചുവട്ടിൽ ഇരുന്നാണത്രേ എഴുത്തച്ഛൻ ധ്യാനംനടത്തിവന്നതു്. അതുകൊണ്ടു് അതിന്റെ ഇലയ്ക്കു കയ്പുരസംപോലും ഇല്ലെന്നു ആളുകൾ പറയുന്നു. ഏതായിരുന്നാലും ഇലകളൊക്കെ പറിച്ചു തിന്നുതീർത്തു കഴിഞ്ഞിരിക്കുന്നുപോലും. ഇപ്പോഴും അതിന്റെ ചുവട്ടിൽ വിളക്കുവെയ്പുനടത്തിവരുന്നുമുണ്ടു്. തുഞ്ചൻപറമ്പിലെ മണ്ണിനും മാഹാത്മ്യം കല്പിച്ചുവരുന്നു. സമീപസ്ഥന്മാർ അവിടത്തെ മണ്ണുകൊണ്ടുപോയിട്ടാണു് വിജയദശമിദിവസം വിദ്യാരംഭം നടത്താറുള്ളതു്. ഇത്ര വിശേഷപ്പെട്ട ഈ സ്ഥലത്തു് തിരുവീതാകൂർ, കൊച്ചി, കോഴിക്കോടു് മുതലായ രാജ്യങ്ങളിലെ അധിപതികൾ ചേർന്നു് ശരിയായ ഒരു സ്മാരകം സ്ഥാപിക്കാഞ്ഞതിനേപ്പറ്റി മി. ഗോവിന്ദപ്പിള്ള വ്യസനിച്ചുകാണുന്നു. എന്നാൽ എഴുത്തച്ഛനു ഒരു സ്മാരകം ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ എന്നു എനിക്കു സംശയമാണു്. വിസ്മൃതിയിൽ ലയിച്ചുപോകാവുന്ന വസ്തുക്കൾക്കല്ലേ സ്മാരകങ്ങൾ വേണ്ടതു്? അനശ്വരകീർത്തിശാലിയായ എഴുത്തച്ഛനു് സ്മാരകമുണ്ടാക്കാൻ ശ്രമിക്കുന്നതു്, അദ്ദേഹത്തിനെ അവമാനിക്കുന്നതിനു തുല്യമാണു്. ലക്ഷക്കണക്കിനു സമസൃഷ്ടികളെ നിഹനിച്ചു് പേരും പെരുമയും സമ്പാദിക്കുന്ന വീരപുരുഷന്മാർക്കും വിജാതീയ ജനമണ്ഡലങ്ങളെ താഴ്ത്താവുന്നിടത്തോളം അടിച്ചു താഴ്ത്തീട്ടു് സ്വരാജ്യസേവനം സാധിക്കുന്ന രാജ്യതന്ത്രജ്ഞന്മാർക്കും സ്മാരകങ്ങൾ ആവശ്യമുണ്ടായിരിക്കാം. എഴുത്തച്ഛനു സ്മാരകമെന്തിനു്? കാലശക്തിയെ ക്ഷണനേരംപോലും നിരോധിക്കുന്നതിനു ശക്തിയില്ലാത്ത കല്ലും മരവുംകൊണ്ടു് നിർമ്മിക്കപ്പെടുന്ന എടുപ്പുകളാണോ എഴുത്തച്ഛന്റെ ശാശ്വതകീർത്തിയെ നിലനിർത്തുവാൻ പോകുന്നതു്?
13.5 എഴുത്തച്ഛന്റെ പേരു്
എഴുത്തച്ഛന്റെ പേരു എന്തായിരുന്നു എന്നുള്ള വിഷയത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടു്. അദ്ദേഹത്തിന്റെ സാക്ഷാൽ പേരു ശങ്കരൻ എന്നായിരുന്നുവെന്നും ‘രാമൻ’ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നതുകൊണ്ടു് രാമാനുജൻ എന്നപേർ വന്നുചേർന്നതാണെന്നും ആണു് ഒരു സിദ്ധാന്തം. ‘ശങ്കരൻ’ എന്ന പേർ ഈയിടയ്ക്കുണ്ടായ ഒരു ‘കണ്ടുപിടിത്ത’മാണു്. ചന്ദ്രോത്സവത്തിൽ ശങ്കരാദ്യന്മാരായ കവികളേ സ്തുതിച്ചിരിക്കയും എഴുത്തച്ഛനേപ്പറ്റി ഒന്നും മിണ്ടാതിരിക്കയും ചെയ്തിരിക്കുന്നതുകൊണ്ടാണു് ഇങ്ങനെ ചിലർ ഊഹിക്കുന്നതു്. എന്നാൽ ആ ശങ്കരകവി കോലത്തു നാട്ടുരാജാവിന്റെ ആശ്രിതനും ഒരു രാഘവപ്പിഷാരടിയുടെ ശിഷ്യനും ആയിരുന്നുവെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. അദ്ദേഹം രചിച്ചിട്ടുള്ള ശ്രീകൃഷ്ണവിജയം കാവ്യം ഈ സംഗതിയിൽ അവ്യഭിചരിതമായ സാക്ഷ്യം വഹിക്കുന്നു. സൂര്യനാരായണൻ സാക്ഷാൽ എഴുത്തച്ഛനായിരുന്നു എന്നു പറയുന്നവരും ഉണ്ടു്. എന്നാൽ ആ അഭിപ്രായം സാധുവല്ലെന്നു അന്യത്ര തെളിയിക്കാം.
എഴുത്തച്ഛന്റെ പേരു നിർണ്ണയിക്കുന്നതിനു വലിയ പ്രയാസമില്ലെന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിന്റെ നാലു ശിഷ്യന്മാരെയും അദ്ദേഹത്തിനേയും ചേർത്തു ഒരു പ്രസിദ്ധശ്ലോകമുണ്ടല്ലോ. ആ ശ്ലോകം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
“വന്ദേഹം ഗുരുസംപ്രദായമനിശം തുഞ്ചത്തെഴും ശ്രീ ഗുരും
വന്ദേ ശ്രീ കരുണാകരഞ്ച പരമം ശ്രീ സൂര്യനാരായണം
വന്ദേ ദേവഗുരും പരാപരഗുരും ഗോപാലശ്രീമദ്ഗുരും
വന്ദേ നിത്യമനന്തപൂർണ്ണമമലം വന്ദേ സമസ്താൻ ഗുരൂൻ”
ഈ പദ്യത്തിൽ പറഞ്ഞിരിക്കുന്ന കരുണാകരൻ എഴുത്തച്ഛന്റെ കൃതിയാണു് ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്. അതിൽ ഇങ്ങനെ കാണുന്നു.–
“ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണൻതന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം”
ഇവിടെ രാമഭക്താഢ്യനായ രാമശിഷ്യനാൽ എന്നതിനു് രാമഭക്താഢ്യനായ രാമന്റെ ശിഷ്യനാൽ എന്നാണർത്ഥം. ഇത്തരം പ്രയോഗങ്ങൾ ആക്കാലത്തേ കൃതികളിൽ ധാരാളം കാണ്മാനുമുണ്ടല്ലോ. രാമശിഷ്യൻ എന്നതു് രാമാനുജന്റെ ശിഷ്യൻ എന്നാകുന്നു എന്നു മി. പി ഗോവിന്ദപ്പിള്ള പറയാനിടയായതു് എഴുത്തച്ഛനു് രാമനെന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു എന്ന മിഥ്യാബോധം നിമിത്തമാണു്.
“അഗ്രജൻ മമ സതാം വിദുഷാമഗ്രേസര-
നുൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചര്യനും.”
എന്ന ഈരടിയ്ക്കു്, “വിദുഷാമഗ്രേസരനായ എന്റെ അഗ്രജനും രാമനാമാച്യനും എന്റെ ഉൾക്കുരുന്നിങ്കൽ വാഴുക” എന്നേ അർത്ഥമുള്ളു. ഗ്രന്ഥാരംഭത്തിൽ തന്നെ ഈ മഹാകവി ദൂരാന്വയദുഷ്ടമായ ഒരു പ്രയോഗം ചെയ്തുവെന്നു വിശ്വസിക്കാൻ തരമില്ല. അതുകൊണ്ടു് സതാം വിദുഷാം അഗ്രേസരനായ ജ്യേഷ്ഠൻ രാമാചാര്യനിൽനിന്നു വിഭിന്നനായിരിക്കണം. ജ്യേഷ്ഠനും അനുജനും ഒരേപേരു നൽകാറില്ലെന്നുള്ള ന്യായമായ വിചാരത്താലായിരിക്കണം മി. ഗോവിന്ദപ്പിള്ള രാമശിഷ്യൻ എന്നതിനു് രാമാനുജശിഷ്യൻ എന്നർത്ഥം പറഞ്ഞതു്. അതുകൊണ്ടു് എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമനെന്നായിരുന്നു എന്നു പറയുന്നതാണു് യുക്തിക്കു് അധികംയോജിക്കുന്നതു്. ബ്രാഹ്മാണ്ഡപുരാണകർത്താവു് എഴുത്തച്ഛനെപ്പോലെ ഒരു മഹാകവി ആയിരുന്നില്ലെങ്കിലും രാമാനുജശിഷ്യനെന്നതിനു പകരം രാമശിശ്യൻ എന്നു പ്രയോഗിക്കത്തക്കവണ്ണം അത്ര പദദാരിദ്ര്യമുള്ള ആളായിരുന്നില്ല. ഇവിടെ ന്യായമായ ഒരു സംശയത്തിനു അവകാശമുണ്ടു്. അദ്ദേഹത്തിന്റെ യഥാർത്ഥനാമം രാമൻ എന്നായിരിക്കെ രാമാനുജൻ എന്നപേർ എങ്ങനെ വന്നുകൂടി? ഇതിനു ചിലർ പറയുന്ന സമാധാനം ഇങ്ങിനെയാണു്: എഴുത്തച്ഛൻ വിദേശങ്ങളിൽ സഞ്ചരിക്കുന്ന കാലത്തു് രാമാനുജാചാര്യർ എന്ന പ്രസിദ്ധ പണ്ഡിതന്റെ അടുത്തു വിദ്യാഭ്യാസം ചെയ്കയും ആ മഹാഗുരുവിന്റെ പേരിൽ തനിക്കുള്ള ഭക്തിബഹുമാനങ്ങളുടെ ലക്ഷ്യമായി അദ്ദേഹത്തിന്റെ പേർ തന്നെ സ്വീകരിക്കുകയും ചെയ്തു. ഈ അഭിപ്രായം സാധുവാണെന്നു തോന്നുന്നില്ല. ഗുരുത്വമുള്ള ശിഷ്യന്മാരാരും ഗുരുവിന്റെ പേർ സ്വീകരിക്കയില്ല. അങ്ങനെ സ്വീകരിക്കുന്നതു ഗുരുത്വത്തിന്റെയല്ല, ഗുരുത്തക്കേടിന്റെ ലക്ഷണമാണു്. ഗുരുവിന്റെ നാമം ഈശ്വരനാമംപോലെ സദാ ജപ്യമായിട്ടുള്ളതാകുന്നു. അതിനെ സ്വയം കൈക്കൊള്ളുകയൊ? ശാന്തം പാപം! ഇവിടെ എനിക്കുള്ള വിനീതമായ അഭിപ്രായംകൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ. എഴുത്തച്ഛൻ വിദേശവാസം ചെയ്യുന്നകാലത്തു് രാമാചാര്യർ എന്ന വിശിഷ്ടദ്വൈതപണ്ഡിതന്റെ ശിഷ്യനായി പാർക്കയും ആ ഗുരു എഴുത്തച്ഛന്റെ ധിഷണാശക്തിയും വിശുദ്ധജീവിതവും ഭക്തിപാരവശ്യവും കണ്ടിട്ടു് ‘ഇവൻ രാമനല്ല; രാമാനുജൻ തന്നെയാണു്’ എന്നു് അരുളിചെയ്യുകയും സതീർത്ഥ്യന്മാർ വഴിക്കു് ആ പേരു പ്രചരിക്കുകുയം ചെയ്തിരിക്കാം. അഥവാ രാമഭക്താഗ്രണിയായ കവി, രാമൻ എന്ന പേരു വെച്ചുകൊണ്ടിരുന്നതു് യുക്തമല്ലെന്നു വിചാരിച്ചു് രാമഭക്തോത്തമനായ ലക്ഷ്മണന്റെ പേർ സ്വയം സ്വീകരിച്ചതായും വരാം.
13.6 ബാല്യദശ
ശ്രീരാമാനുജൻ എഴുത്തച്ഛന്റെ ബാല്യദശയേപ്പറ്റിയും നമുക്കു് ചില ഐതിഹ്യങ്ങളല്ലാതെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ല. സൗഭാഗ്യവതിയായ മാതാവു് ബാലപരിചരണത്തിൽ അസാമാന്യമായ ദൃഷ്ടിപതിപ്പിച്ചിരുന്നു എന്നു നമുക്കു് ഊഹിക്കാം. കുട്ടിയെ എന്നും ക്ഷേത്രത്തിൽ കൊണ്ടുപോയി തൊഴീക്കുന്ന വിഷയത്തിൽ അവർക്കു വലിയ നിഷ്ഠയായിരുന്നു. ഈശ്വരപരമായ കഥകളും ദിവസേന പറഞ്ഞു കൊടുത്തുവന്നു. മാതാവിന്റെ തീവ്രമായ ഈശ്വരഭക്തി അചിരേണ ബാലനിലും പകർന്നു. മത്സ്യമാംസാദികളൊന്നും കുട്ടിയ്ക്കു കൊടുക്കാറുണ്ടായിരുന്നില്ലെന്നും ഐതിഹ്യമുണ്ടു്.
ഒരിക്കൽ തൃക്കണ്ടിയൂർ ക്ഷേത്രത്തിലോ തിരുനാവായ ക്ഷേത്രത്തിലോ നമ്മുടെ ബാലൻ ഭഗവദ്ദർശനം ചെയ്വാൻ ചെന്നിരുന്നപ്പോൾ നമ്പൂരിമാർ തെറ്റായി വേദോച്ചാരണം ചെയ്തുകൊണ്ടിരുന്നതു കേൾക്കാൻ ഇടയായെന്നും അതുകേട്ടു് അദ്ദേഹം ‘കാടു കാടു’ എന്നു പറഞ്ഞുവെന്നും കാര്യം ഗ്രഹിച്ച ഓതിക്കോൻ നമ്പൂരി മലരും പഴവും ജപിച്ചുകൊടുത്തു അദ്ദേഹത്തിനെ മൂകനും മന്ദബുദ്ധിയും ആക്കിത്തീർത്തുവെന്നും വേറൊരു ഐതിഹ്യവും കാണുന്നു. പിന്നീടു് തൽപരിഹാരമായി മദ്യം നിയമേന കൊടുക്കുന്നതിനു് അച്ഛൻ ഉപദേശിച്ചതനുസരിച്ചുകൊടുത്തു വന്നതിനാലാണത്രേ രാമാനുജർ മദ്യപാനിയായിത്തീർന്നതു്.
ലോകത്തിൽ ഉണ്ടായിട്ടുള്ള എല്ലാ മഹാപുരുഷന്മാരെപ്പറ്റിയും ഈ വിധം അത്ഭുതകഥകൾ പ്രചരിച്ചിട്ടുണ്ടു്. ശ്രീവിവേകാനന്ദസ്വാമികൾ കഴിയുന്നത്ര ശ്രമിച്ചിട്ടും, അദ്ദേഹത്തിന്റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരെപ്പറ്റി എന്തെല്ലാം കഥകൾ തച്ഛിഷ്യന്മാരും തത്ഭക്തന്മാരും പറഞ്ഞുണ്ടാക്കിയിരിക്കുന്നു. പരമാർത്ഥത്തിൽ എഴുത്തച്ഛന്റെ മഹത്വം സ്ഥാപിക്കുന്നതിനു് ഇത്തരം കെട്ടുകഥകളുടെ ആവശ്യമൊന്നുമില്ല. അദ്ദേഹം മദ്യപാനിയായിരുന്നുവെന്നുള്ളതും വിശ്വാസയോഗ്യമല്ലെന്നാണു് എന്റെ അഭിപ്രായം. സുരാപാനത്തെ മഹാപാതകമായി വർണ്ണിച്ചിട്ടുള്ള ഈ മഹാത്മാവു് മദ്യപാനാസക്തനായിരുന്നുവെന്നു എങ്ങനെ വിശ്വസിക്കും? നമ്മുടെ ഇന്നത്തേ നേതാക്കന്മാർ പറയുന്നതിനും പ്രവർത്തിക്കുന്നതിനും തമ്മിൽ പൊരുത്തം കാണുന്നില്ലെന്നു വന്നേയ്ക്കാം. എഴുത്തച്ഛൻ വലിയ പേരിനുവേണ്ടി വേഷം കെട്ടി ആടിയ ഒരു നേതാവായിരുന്നില്ലല്ലോ. മന്ത്രംകൊണ്ടു മൂകത്വം വന്നു ചേരാമെങ്കിൽ മന്ത്രംകൊണ്ടു തന്നെ അതിനെ നീക്കാനും കഴിയുകയില്ലേ? ആ സ്ഥിതിക്കു് മഹാവിദ്വാനും ജ്യൌതിഷകനും ആയി പറയപ്പെടുന്ന ആ ബ്രാഹ്മണൻ മദ്യം സേവിക്കണമെന്നു് ഉപദേശിച്ചുവെന്നു എങ്ങനെ വിശ്വസിക്കാം. പക്ഷേ എഴുത്തച്ഛൻ ബാല്യത്തിലെ തന്നെ അന്തർമുഖനായിരുന്നതുകൊണ്ടു് മറ്റുള്ളവർ അതിനെ ബുദ്ധിമാന്ദ്യമായി വ്യാഖ്യാനിക്കയും, കാര്യത്തിന്റെ യാഥാർത്ഥ്യം ഗ്രഹിച്ച ബുദ്ധിമാനായ പിതാവു് അതിന്റെ ശമനത്തിനായി ഹരിഭക്തിയാകുന്ന ആസവം കഴിയുന്നത്രേ സേവിപ്പിക്കുന്നതിനു തന്റെ പത്നിയോടു ഉപദേശിക്കയും ചെയ്തുവെന്നു വരാവുന്നതാണു്. ഒരു കാര്യം തീർച്ചയാകുന്നു. എഴുത്തച്ഛൻ മദ്യം സേവിച്ചിട്ടില്ലെങ്കിലും പലപ്പോഴും ലഹരിപിടിച്ചു പാടാറുണ്ടായിരുന്നു. ആസവത്തിനെന്നപോലെ ഭക്തിക്കും ഏതാണ്ടൊരു ഉന്മാദജനകത്വം ഉണ്ടെന്നു പറയാതെ കഴികയില്ല. എഴുത്തച്ഛനോടുള്ള ബഹുമാനാധിക്യം കൊണ്ടു് അദ്ദേഹത്തിനുണ്ടായിരുന്ന ദോഷാംശങ്ങളെ മറച്ചുവയ്ക്കാൻ ഇവിടെ ശ്രമിക്കുന്നു എന്നു വായനക്കാർ തെറ്റിദ്ധരിക്കരുതു്. വംഗഭാഷാ നാടകകർത്താക്കളിൽ അദ്വിതീയനും ശ്രീരാമകൃഷ്ണദേവന്റെ ഗൃഹസ്ഥശിഷ്യനും ആയിരുന്ന ഗിരിശചന്ദ്രഘോഷ് വലിയ കുടിയനായിരുന്നിട്ടും ആ വാസ്തവത്തെ ആരും മറയ്ക്കാൻ ശ്രമിച്ചില്ലല്ലോ. “അവൻ കുടിച്ചുകൊള്ളട്ടെ. കുടികഴിയുമ്പോൾ പുറപ്പെടുന്നതു് ഉത്തമകാവ്യങ്ങളല്ലേ!” എന്ന അർത്ഥത്തിൽ ഭഗവാൻ രാമകൃഷ്ണൻ അരുളിച്ചെയ്തതായി പറയപ്പെടുന്നു. ഏതായിരുന്നാലും അദ്ദേഹത്തിന്റെ ‘പ്രറുല്ല’ തുടങ്ങിയ ഒന്നുരണ്ടു നാടകങ്ങൾ വായിക്കുന്നതിനു് എനിക്കും ഭാഗ്യമുണ്ടായി. ഷേക്സ്പീയർ മഹാകവിയോടു കിട പിടിക്കത്തക്ക നാട്യരചനാകൌശലം അവയിൽ തെളിഞ്ഞു കാണാം. അതുപൊലെ എഴുത്തച്ഛനും മദ്യപാനി ആയിരുന്നു എന്നു വന്നതുകൊണ്ടു്, അദ്ദേഹത്തിനു ഒരു വലിയ കുറവു കല്പിക്കാവുന്നതല്ല. അതിനാൽ കേവലം ഐതിഹ്യത്തെ വിശ്വസിച്ചു് അദ്ദേഹം കുടിയനായിരുന്നു എന്നു് പറയുന്നതു സാഹസമാണെന്നേ എനിക്കു് അഭിപ്രായമുള്ളു. അദ്ദേഹത്തിന്റെ നന്ദകന്മാരെന്നപോലെ നിന്ദകന്മാരും ഓരോ കഥകൾ പറഞ്ഞുണ്ടാക്കി. കാലക്രമേണ അവയെ എല്ലാം ജനങ്ങൾ വിശ്വസിച്ചുതുടങ്ങി. ഇങ്ങനെ ആയിരിക്കണം അദ്ദേഹത്തിനെപ്പറ്റി ഒന്നോടെന്നു യോജിക്കാത്ത പല ഐതിഹ്യങ്ങൾ ഉണ്ടാവാൻ ഇടയായതു്.
എഴുത്തച്ഛന്റെ ഗുരുജനങ്ങളിൽ പ്രഥമസ്ഥാനം മാതാവിനുതന്നെയായിരുന്നു. എല്ലാ ശിശുക്കളും ഏതാനും സംസ്കാരവിശേഷങ്ങളോടുകൂടി ജനിക്കുന്നു. മാതൃജനങ്ങൾ ശിഷ്ടകളല്ലെങ്കിൽ, ശിശുക്കളുടെ ശുഭസംസ്കാരങ്ങൾ ദുർബലങ്ങളായിത്തീരുകയും അശുഭസംസ്കാരങ്ങൾ പരിപുഷ്ടമാകയും ചെയ്യും. അതുകൊണ്ടു് കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തിൽ ഗൃഹത്തിനാണു് പ്രഥമസ്ഥാനം നൽകേണ്ടതു്. എഴുത്തച്ഛന്റെ അദ്ധ്യാത്മജീവിതതരുവിന്റെ വളർച്ച അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നല്ലപോലെ കാണാവുന്നതാണു്. അതിനു വേണ്ട വളങ്ങൾ യഥാകാലം ഇട്ടുകൊടുത്തതു് മാതാവു തന്നെ ആകുന്നു. ‘സതാം വിദുഷാമഗ്രേസര’നായ ജ്യേഷ്ഠനും ശ്രീനീലകണ്ഠനും ആയിരിക്കണം മറ്റുഗുരുക്കന്മാർ. ജ്യേഷ്ഠനിൽനിന്നു കാവ്യാലങ്കാരപര്യന്തവും നീലകണ്ഠഗുരുവിൽനിന്നു തർക്കം വ്യാകരണം ജ്യോതിഷം, മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു കാണണം. എല്ലാ ശാസ്ത്രങ്ങളും എഴുത്തച്ഛനു വശമായിരുന്നെന്നു് അദ്ദേഹത്തിന്റെ കൃതികൾ വിളിച്ചു പറയുന്നുണ്ടല്ലോ.
യൌവനാരംഭത്തോടുകൂടി അദ്ദേഹം വിദേശസഞ്ചാരത്തിനു് ഒരുമ്പെട്ടു. നമ്പൂരിമാർ അദ്ദേഹത്തിന്റെ ഉപരി വിദ്യാഭ്യാസത്തിനു പ്രതിബന്ധമായിനിന്നുവെന്നും തന്മൂലം വിദേശങ്ങളേ അഭയം പ്രാപിക്കാതെ നിവൃത്തിയില്ലാതായെന്നും ആണു് കേൾവി. നമ്പൂരിമാർക്കു് ഒട്ടുക്കു് എഴുത്തച്ഛനോടു് ഈർഷ്യയുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന കാര്യം വളരെ പ്രയാസമാണു്. മലയാളബ്രാഹ്മണർ പൊതുവേ വിശാലമതികളും പൂജ്യപൂജകന്മാരും ആയിരുന്നുവെന്നു കേരളീയ ചരിത്രം ശ്രിദ്ധിച്ചു വായിച്ചിട്ടുള്ളവർക്കു എളുപ്പത്തിൽ ഗ്രഹിക്കാം. എന്നു മാത്രമല്ല നമ്പൂരിമാരും നായന്മാരും സുവർണ്ണമൈത്രീശൃംഖലയാൽ പരസ്പര ബദ്ധരായിട്ടാണു് കഴിഞ്ഞു കൂടിയതും. മലയാളബ്രാഹ്മണരുടെ വക മഠങ്ങളെ കാത്തുരക്ഷിച്ചു വന്നതുപോലും അന്നത്തേ നായന്മാരായിരുന്നു. ഉദാഹരണാർത്ഥം വേന്ദനാട്ടുഗ്രാമത്തിൽ പാട്ടുമയ്യാണ്ടു കോവിലിന്റെ അവരോധത്തെപ്പറ്റി പ്രസിദ്ധചരിത്രകാരനായ മി. പത്മനാഭമേനോൻ പറഞ്ഞിട്ടുള്ള ഭാഗത്തെ ഇവിടെ ഉദ്ധരിക്കാം.
“പാട്ടുമയ്യാണ്ടുകോവിലിന്റെ അവരോധം ഒരു വിശേഷ സമ്പ്രദായത്തിലായിരുന്നു. വേന്ദനാട്ടു ഗ്രാമം എന്നു പറയുന്നതു് 361 നമ്പൂതിരി ഇല്ലങ്ങൾ ഉള്ളതായ ഒരു ഗ്രമമായിരുന്നു. ഈ ഇല്ലക്കാർ കൂടുന്നതു വേന്ദനാട്ടു യോഗമാണു്. യോഗത്തിന്റെ പ്രതിനിധികളായ 5 പേരെ അവരുടെ ജീവകാലത്തോളം പ്രമാണികളായി കല്പിക്കും. സഭയുടെ കൈക്കാരായി രണ്ടുപേരുണ്ടു്. അതായതു പുതുവാ നമ്പൂതിരിപ്പാടും, മപ്പാട്ടു ഭട്ടതിരിയും. പിന്നെ നാലുപതികളുണ്ടു് (1) ചക്കനാട്ടുകയ്മൾ (2) പുല്ലനാട്ടുകയ്മൾ (3) ചിലാവീട്ടിൽകയ്മൾ (4) കടപ്പിള്ളിക്കയ്മൾ. സഭയുടെ രക്ഷാധികാരികളായി മൂന്നു കോയ്മമാരുണ്ടു് (1) പെരുമ്പടപ്പിൽ തമ്പുരാൻ (2) ഇടപ്പിള്ളി എളങ്ങള്ളൂർ തമ്പുരാൻ (3) പറവൂർ തമ്പുരാൻ. ഇങ്ങനെ രക്ഷിക്കുന്നതിനു് അവർക്കു സഭയിൽ നിന്നു് കൊല്ലം തോറും ജീവിതവും വെച്ചിട്ടുണ്ടു്. പ്രമാണികൾ അഞ്ചുപേരും കൈക്കാരും പതികളും കോയ്മമാരും കൂടി വേന്ദനാട്ടു ഗ്രാമത്തിൽ ഒരു നമ്പൂരിയെ അഞ്ചുകൊല്ലംകാലത്തേക്കു് ‘പാട്ടുമയ്യാണ്ടുകോവിലായി’ മന്ത്രപൂർവം അവരോധിക്കും. ഗണപതിപൂജയും നിവേദ്യവും കഴിഞ്ഞ ഉടനെ അവരോധ മന്ത്രം ജപിച്ചു് 5 ഭട്ടതിരിമാരും രണ്ടു കൈക്കാരും കൂടി കൈകൊട്ടിക്കൊണ്ടു് ഇന്നേടത്തു ഇന്നാളെ ‘പാട്ടുമയ്യാണ്ടുകോവിലായി അവരോധിച്ചു’ എന്നു വിളിച്ചുപറയും. ഇവർ ഏഴുപേരുംകൂടി പതികളിൽ മുന്നാളായ ചക്കാനാട്ടുകയ്മൾക്കു് അവരോധിച്ച ആളെ ഇക്കര എറക്കിക്കൊണ്ടുവന്നു കാര്യങ്ങൾ നടത്തിക്കുവാനായി ഒരു നീട്ടു് എഴുതി അവരും പതികളും ഒപ്പിട്ടു നീട്ടും 32 പുത്തനും കൂടി ചക്കനാട്ടു കയ്മൾ പക്കൽ കൊടുക്കും. നീട്ടും പുത്തനും പുഴക്കക്കരേ പനങ്ങാടു് ദേശത്തു വന്നിരിക്കുന്ന പാട്ടുമയ്യാണ്ടുകോവിൽ പക്കൽ കൊടുക്കും. അദ്ദേഹത്തെ അവിടെ നിന്നു് വാദ്യഘോഷത്തോടുകൂടി വഞ്ചിയിൽ കയറി കുമ്പളം കരയ്ക്കു കൊണ്ടുവരും.
വഞ്ചി കരയ്ക്കടുത്താൽ ചക്കാട്ടുകയ്മൾ തറ്റുടുത്തു് ഉത്തരീയവുമിട്ടു് ‘പാട്ടുമയ്യാണ്ടുകോവിലിനെ’ കൈക്കുപിടിച്ചു കരയ്ക്കു് എറക്കണം.”
ഇരിങ്ങാലക്കുട തച്ചുടയ കയ്മളുടെ അവരോധം മറ്റൊരുലക്ഷ്യമാകുന്നു. ആ സ്ഥാനത്തിൽ അവരോധിക്കപ്പെടുന്ന നായർ ഉൽകൃഷ്ടബ്രാഹ്മണർക്കു മാത്രം വിധിച്ചിട്ടുള്ള പല സ്ഥാനങ്ങളും വഹിക്കുന്നു. തറ്റുടുക്കുക, കുത്തുവിളക്കുപിടിപ്പിക്കുക, ശംഖു് വിളിപ്പിക്കുക, അകമ്പടിക്കാരു് ആയുധപാണികളായി മുൻപും പിറകും നടക്കുക, തീർത്ഥത്തിൽ സ്നാനംചെയ്യുക, സോപാനത്തുകേറി മണിഅടിച്ചുതൊഴുക, കൈയ്യിൽ തീർത്ഥപ്രാസദം വാങ്ങുക മുതലായവ ഒക്കെ തച്ചുടയ കയ്മൾക്കു ആകാവുന്നതാണു്. ‘കേരളത്തിൽ ശൂദ്രനെ ഇങ്ങനെ അവരോധിക്കുന്നതു് ഇവിടെ മാത്രമേയുള്ളു’ എന്നു മി. പത്മനാഭമേനോൻ പറഞ്ഞിരിക്കുന്നു. എന്നാൽ ശൂദ്രനെ ഒരിടത്തും ആരും ഇങ്ങനെ അവരോധിച്ചിട്ടുമില്ല; അവരോധിക്കയുമില്ല. നായന്മാരെ അക്കാലത്തു് ശൂദ്രരായി ആരും ഗണിച്ചിരുന്നില്ലെന്നേ ഇതിനു അർത്ഥമുള്ളു. രാജാക്കന്മാർപോലും നായർസ്ഥാനം കൈക്കൊണ്ടിരുന്നുവെന്നു പുരാണതത്വസംരക്ഷണവകുപ്പുകാർ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ നോക്കിയാൽ കാണാവുന്നതാണല്ലോ.
നായന്മാരെ ശൂദ്രരാക്കിതീർക്കുന്ന വിഷയത്തിൽ നമ്പൂരിമാരല്ല പ്രധാനമായി ശ്രമിച്ചതു്. നായന്മാരുടേയും നമ്പൂരിമാരുടേയും അധഃപതനം ആരംഭിച്ചതു് ഒരേ കാലത്തുതന്നെ ആയിരുന്നു. നായന്മാരുടെ ശക്തിക്ഷയിച്ചപ്പോഴാണു് കേരളീയ രാജാക്കന്മാർ യോഗംവക വസ്തുക്കളിലും ക്ഷേത്രങ്ങളിലും അധികാരം നടത്തിത്തുടങ്ങിയതെന്നു് കണ്ണുള്ളവർക്കൊക്കെ കാണാം. തിരുവിതാംകൂറിൽ എട്ടുവീട്ടിൽപിള്ളമാർ രാജദ്രോഹികളായിത്തീർന്നതു യോഗക്കാരുടെ വശം ചേർന്നു നിന്നു്, പത്മനാഭസ്വാമികോവിലിനെ സംബന്ധിച്ചു് വർദ്ധിച്ചു വന്ന രാജശക്തിയെ നിരോധിച്ചതുകൊണ്ടുമാത്രമാകുന്നു. പോർത്തുഗീസുകാരുടേയും ഡച്ചുകാരുടേയും കാലങ്ങളിൽ യോഗക്കാരുടെ കൈവശമിരുന്ന അനേകം ദേവസ്വങ്ങൾ കാലക്രമേണ കോയ്മകളുടെ അധീനത്തിൽപ്പെട്ടു പോയെന്നു വിദേശീയർ എഴുതീട്ടുള്ള വിവരണങ്ങൾ വായിച്ചാലറിയാം. വൈക്കം, ചെങ്ങന്നൂർ, അടൂർ, ശാർക്കര, തിരുവല്ല ഇത്യാദി മിക്ക പ്രധാനക്ഷേത്രങ്ങളും നമ്പൂരിമാർ നായർപ്രഭുക്കന്മാരുടെ ഒത്താശയോടുകൂടി ഭരിച്ചു വന്നിരുന്നവയാണു്. ഇങ്ങനെ ഒക്കെ ഇരിക്കേ മലയാള ബ്രാഹ്മണരുടെ പേരിൽ അപരാധം ചുമത്തുന്നതു സാഹസമാകുന്നു. കേരളമാഹാത്മ്യാദി ഗ്രന്ഥങ്ങളുടെ കർത്താക്കൾ, അപവാദം ഉത്സർഗ്ഗസ്ഥാപകമാകുന്നു എന്നുള്ള പഴമൊഴിയെ ഉദാഹരിക്കുന്നതേയുള്ളു.
നമ്പൂരിമാർ മറ്റുള്ള ജാതിക്കാരുടെ വിദ്യാഭ്യാസകാര്യത്തിൽ ഏറ്റവും സശ്രദ്ധന്മാരായിരുന്നു എന്നു രസികരഞ്ജിനി 4-ാം പുസ്തകം 599-ാം ഭാഗത്തു പറഞ്ഞിട്ടുള്ളതിനെ ഉദ്ധരിച്ചിട്ടു് മിസ്റ്റർ പത്മനാഭമേനോൻ അതത്ര ശരിയോ എന്നു സംശയിക്കുന്നു. അദ്ദേഹം തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനു മലയാള ബ്രാഹ്മണരിൽനിന്നുണ്ടായതായി പറയപ്പെടുന്ന അനുഭവങ്ങളെ മനസ്സിൽ വച്ചു കൊണ്ടു തന്നെയാണു് അങ്ങനെ എഴുതിയതു്. “ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ’ എന്നും മറ്റുമുണ്ടായിരുന്ന നിയമം പരദേശബ്രാഹ്മണരുടെ എടയിൽ മാത്രമല്ല നമ്പൂരാരുടെ എടയിലും ഉണ്ടായിരുന്നു” എന്നു് ഒരിടത്തും “അമ്പലവാസികൾ സംസ്കൃതം അഭ്യസിച്ചിരുന്നതായും അവരിൽ പല പണ്ഡിതന്മാരുണ്ടായിരുന്നതായും അറിയുന്നുണ്ടു്. നായന്മാരിൽ അങ്ങനെ കാണുന്നില്ല” എന്നു മറ്റൊരിടത്തും പ്രസ്താവിച്ചിരിക്കുന്നതു നോക്കുക. ഇവിടെ മി. പത്മനാഭമേനോന്റെ ചരിത്രദൃഷ്ടി അതിനു നിസർഗ്ഗജവും അഭ്യാസജവുമായുള്ള കൂർമ്മകൈവെടിഞ്ഞുകാണുന്നതിൽ വ്യസനിക്കേയ തരമുള്ളു. കേരളത്തിലല്ലാതെ മറ്റെവിടെ അബ്രാഹ്മണർ ജ്യോതിഷം, വ്യാകരണം, തർക്കം മുതലായ വേദാംഗങ്ങളിൽ പ്രമാണ ഗ്രന്ഥങ്ങൾ ചമച്ചിട്ടുണ്ടു്? അമ്പലവാസികൾ മാത്രമല്ല മറ്റു വർഗ്ഗക്കാരും സംസ്കൃതം പഠിച്ചും ഗ്രന്ഥനിർമ്മാണം ചെയ്തിട്ടുണ്ടെന്നു് അദ്ദേഹത്തിനു കാണാൻ കഴിയാഞ്ഞതു് അത്ഭുതം തന്നെയാണു്. എഴുത്തച്ഛന്റെ കാലത്തിനു എത്രയോ മുമ്പു് കുമാരഗണകൻ രണജ്യോതിഷം എന്ന ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നു. ആ ഗ്രന്ഥത്തിനു് പെരുമാക്കന്മാരുടെ കാലത്തോളം പുരാതനത്വം ഉണ്ടെന്നു തോന്നുന്നു. തമിഴകത്തുള്ളവർ ഇന്നും വിഗ്രഹം വച്ചു പൂജിച്ചു വരുന്ന അറുപത്തിനാലു നായനാരന്മാരിൽ രണ്ടുപേർ ചെങ്ങന്നൂർ ദേശീയരായ നായന്മാരായിരുന്നു. പ്രധാന നായർ കുടുംബങ്ങളിലെല്ലാം പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കാണ്മാനുണ്ടു്. അവയെ വെറുതേ പകർത്തിച്ചു വച്ചതായിരിക്കാൻ ഇടയില്ലല്ലോ. കണ്ണശ്ശന്മാർ നാലുപേരും സംസ്കൃതഭാഷാഭിജ്ഞന്മാരല്ലായിരുന്നുവെന്നു പറയാമോ? വിശേഷിച്ചും അവരിൽ ഒരാളെ ഉഭയകവീശ്വരൻ എന്നാണല്ലോ രാമപ്പണിക്കർ വർണ്ണിച്ചുകാണുന്നതും. വാഴുമാവേലിപ്പോറ്റി തന്റെ മകനായ നായർക്കു് ജ്യോതിശ്ശാസ്ത്രം മുഴുവനും ഉപദേശിച്ചുകൊടുത്തതു് മലയാളത്തിലായിരുന്നോ? ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാം. “ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ” എന്ന പാലക്കാടൻ ചരക്കിനെ മലയാള ബ്രാഹ്മണരുടെ തലയ്ക്കു കെട്ടിവയ്ക്കുകയാണു് ആധുനിക ചരിത്രകാരന്മാർ ചെയ്തിട്ടുള്ളതു്.
ഇക്കാരണങ്ങളാൽ എഴുത്തച്ഛന്റെ ഉപരിവിദ്യാഭ്യാസ വിഷയത്തിൽ മലയാള ബ്രാഹ്മണർ പ്രതിബന്ധികളായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നില്ല. നേരെ മറിച്ചു് അദ്ദേഹത്തിന്റെ ഉത്തമബന്ധുക്കളിൽ മലയാള ബ്രാഹ്മണരും ഉൾപ്പെട്ടിരുന്നുവെന്നാണു് തെളിയുന്നതു്. മേല്പത്തൂർ ഭട്ടതിരിയും ചെമ്പകശേരി രാജാവും നമ്പൂരിമാരായിരുന്നില്ലേ? അദ്ദേഹത്തിന്റെ ശിഷ്യനായ കരുണാകരാചാര്യർ ബ്രഹ്മാണ്ഡപുരാണം രചിച്ചതു് “നേത്രനാരായണൻ തന്നാജ്ഞയാ” ആയിരുന്നു. അഴുവാഞ്ചേരി തമ്പുരാക്കൾ ബ്രാഹ്മണനല്ലായിരുന്നു എന്നു വരുമോ? വല്ല “സാസൂ” നമ്പൂരിമാരും അദ്ദേഹത്തിനെ പുച്ഛിച്ചിരിക്കാമെന്നു് വേണമെന്നുണ്ടെങ്കിൽ വിശ്വസിച്ചേയ്ക്കാം. എന്നാൽ അത്തരക്കാർ ഏതു സമുദായത്തിലാണില്ലാത്തതു്. അവരെ ആരു വകവയ്ക്കുന്നു? അതുകൊണ്ടു് എഴുത്തച്ഛന്റെ വിദേശയാത്രയ്ക്കു മറ്റു കാരണങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
ദുരുപശമമായ ജ്ഞാനതൃഷ്ണ ആയിരിക്കണം അദ്ദേഹത്തിനെ വിദേശങ്ങളിലേക്കു നയിച്ചതു്. ഈ സഞ്ചാരത്തിനിടയിൽ അദ്ദേഹം ഒരു വിശിഷ്ടാദ്വൈതഗുരുവിന്റെ ശിഷ്യസ്ഥാനം വഹിച്ചുകാണണമെന്നു തോന്നുന്നു. അധ്യാത്മരാമായണത്തിലേ പല ഘട്ടങ്ങളിൽ വിശിഷ്ടാദ്വൈതപക്ഷപാതം കാണ്മാനുണ്ടു്. മറ്റു ഭാഷകളിലെല്ലാം വാല്മീകിരാമായണത്തിനു പ്രാധാന്യം കല്പിച്ചിരിക്കേ എഴുത്തച്ഛൻ അധ്യാത്മരാമായണത്തെ ഭാഷാന്തരം ചെയ്തതു തന്നെ രാമാനുജമതപക്ഷപാതം കൊണ്ടായിരിക്കണം. എഴുത്തച്ഛനും തദ്വാരാ മലയാളികൾക്കും ഈ വിദേശസഞ്ചാരം പല വിധത്തിൽ ഗുണപ്രദമായിത്തീർന്നു. തമിഴ്, തെലുങ്കു മതലായ ഭാഷകൾ അദ്ദേഹം നല്ലപോലെ പഠിച്ചു. അധ്യാത്മരാമായണം മൂലം ഒരു തെലുങ്കു ബ്രാഹ്മണന്റെ കൃതിയാണെന്നാണു് ഇപ്പോൾ വിശ്വസിക്കപ്പെട്ടിരിക്കുന്നതു്. തെലുങ്കു ഭാഷാഭ്യാസം നമ്മുടെ കവികുലഗുരുവിനെ അധ്യാത്മരാമായണവുമായി പരിചയപ്പെടുത്തുകയും അതിനെ ഭാഷയിലേക്കു വിവർത്തനം ചെയ്യണമെന്നു് ഒരു ആഗ്രഹം അങ്കുരിപ്പിക്കയും ചെയ്തു കാണും. എന്നാൽ അദ്ദേഹം പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ തമിൾവൃത്തങ്ങളെ പരിഷ്കരിച്ചു് കിളിപ്പാട്ടു എന്ന പ്രസ്ഥാനത്തെ നിർമ്മിച്ചു എന്നു ചിലർ പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.
എഴുത്തച്ഛൻ ഉപയോഗിച്ചുവന്ന വൃത്തങ്ങളെല്ലാം കേരളത്തിൽ പണ്ടേ നടപ്പിലിരുന്നവയാണു്. ഈ വിഷയത്തേപ്പറ്റി അന്യത്ര സവിസ്തരം പ്രതിപാദിക്കാം.
പത്തു കൊല്ലത്തോളം അദ്ദേഹം വിദേശവാസം ചെയ്തിട്ടുണ്ടെന്നാണു് കേൾവി. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അഥവാ മലയാളികളുടെ സുകൃതതരു തഴച്ചു വളർന്നു. പലേ പുണ്യക്ഷേത്രങ്ങൾ ദർശിച്ചും തപശ്ചര്യകൾ അനുഷ്ഠിച്ചും അദ്ദേഹം വിപുലമായ ആത്മജ്ഞാനസമ്പത്തു സമാർജ്ജിച്ചതു ഇക്കാലത്തായിരുന്നു. വിദേശത്തുനിന്നു മടങ്ങി വന്ന ശേഷം കുറേക്കാലം കുലക്രമാഗതമായ എഴുത്താശായ്മസ്ഥാനം വഹിച്ചു കാണണമെന്നു നമുക്കു ഊഹിക്കാം. മനക്കോട്ടച്ഛന്റെ സഹായത്തോടുകൂടി അദ്ദേഹം അനേകം എഴുത്തുപള്ളികൾ സ്ഥാപിച്ചുവെന്നു് ചിലർ അഭിപ്രായപ്പെട്ടു കാണുന്നുണ്ടു്. എന്നാൽ മനക്രോഡനാഥന്നും എഴുത്തച്ഛന്നും തമ്മിൽ ആശ്രയാശ്രിതഭാവം ഉണ്ടായിരുന്നു എന്നുള്ളതിനു് ലക്ഷ്യമായി പറഞ്ഞു വരുന്നതു്, ശിവപുരാണത്തിലേ
“മനക്കോട്ട വാഴും മഹാമാനശാലീ
മനക്കാമ്പിലേറ്റം കൃപാവാരിരാശി
എനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ”
ഇത്യാദി വരികളെയാക്കുന്നു. ശിവപുരാണം എഴുത്തച്ഛന്റെ കൃതിയാണെങ്കിൽ മാത്രമേ ഇതിനെ ഒരു ലക്ഷ്യമായി അംഗീകരിക്കാൻ നിവൃത്തിയുള്ളു. എന്നാൽ ആന്തരമായലക്ഷ്യങ്ങളേ പരിശോധിച്ചു് ശിവപുരാണം നമ്പ്യാരുടേയോ മറ്റോ കൃതിയായിരിക്കണമെന്നു പണ്ഡിതന്മാർ മിക്കവാറും തീർച്ചപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടു്.
13.7 എഴുത്തച്ഛന്റെ ജീവതക്രമം
എഴുത്തച്ഛന്റെ ജീവിത ക്രമത്തേപ്പറ്റി നമുക്കു് ചിലതെല്ലാം ഊഹിക്കാം. അദ്ദേഹം ഐഹികസുഖങ്ങളിൽ വിരക്തനായിരുന്നെന്നു എല്ലാ കൃതികളും ഒരുപോലെ വിളിച്ചു പറയുന്നു. അധ്യയനാധ്യാപനങ്ങൾ, ഗ്രന്ഥരചന, ഈശ്വരധ്യാനം, ക്ഷേത്രദർശനം ഇവകൊണ്ടു് അദ്ദേഹം തന്റെ സമയം മുഴുവനും കഴിച്ചുകൂട്ടിക്കാണണം. ഏതായിരുന്നാലും അചിരേണ അദ്ദേഹത്തിന്റെ കീർത്തി നാടെങ്ങും പൊങ്ങി. ശ്രീനീലകണ്ഠനായിരിക്കാം അദ്ദേഹത്തിനെ ചെമ്പകശേരി രാജാവുമായി പരിചയപ്പെടുത്തിയതു്. ആ വിശിഷ്ടപുരുഷൻ ദേവനാരായണന്റെ ആശ്രിതനായിരുന്നെന്നുള്ളതിനു്,
“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച രാജതേ
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ”
എന്ന പദ്യം സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. അഴുവാഞ്ചേരിത്തമ്പുരാക്കൾക്കും തുഞ്ചത്തു ഗുരുക്കളോടു അളവറ്റ ബഹുമതിയുണ്ടായിരുന്നു. മേല്പത്തൂർ അദ്ദേഹത്തിന്റെ മിത്രമായിരുന്നുവെന്നു പ്രത്യേകിച്ചു പറയേണ്ടതുമില്ലല്ലോ.
13.8 എഴുത്തച്ഛന്റെ സ്വഭാവം
എഴുത്തച്ഛൻ ഒരു ഗംഭീരാശയനായിരുന്നു. ഇതാ! ഈ ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ സാത്വികതേജോനിർഭരവും ഗംഭീരവും ആയ മുഖത്തെ സാധാരണ ചാക്ഷുഷപ്രത്യക്ഷത്താലുണ്ടാകാവുന്നതിൽ കൂടുതൽ വൈശദ്യത്തോടും സ്ഫുടതയോടും കൂടി എനിക്കു കാണാൻ കഴിയുന്നു. ഈ അനുഭവം തന്നെ രാമായണാദി ഗ്രന്ഥങ്ങൾ നിഷ്കർഷിച്ചു വായിച്ചിട്ടുള്ളവർക്കു എല്ലാവർക്കും ഉണ്ടാകുമെന്നാണു് എന്റെ ദൃഢമായ വിശ്വാസം. അദ്ദേഹം അർത്ഥമില്ലാതെ ഒരു ഒറ്റവാക്കുപോലും പറയുന്ന ആളായിരുന്നില്ലാ. അദ്ദേഹത്തിന്റെ വാക്കുകൾ രാമാസ്ത്രംപോലെ ഹൃദയത്തിൽ പാഞ്ഞുകേറി അവിടെ ലഗ്നമായിരുന്നു പോകുന്നു. ഭംഗി വാക്കു പറയുന്നതിനും മറ്റും അദ്ദേഹം ശീലിച്ചിട്ടേ ഇല്ലായിരുന്നു. ഫലിതം ചിലപ്പോഴൊക്കെ പറഞ്ഞു പോയിട്ടുണ്ടു്. എന്നാൽ ആ സമയത്തും അദ്ദേഹത്തിന്റെ മുഖത്തു് സ്മിതപ്രഭയുടെ ഒരു മങ്ങിയ രേഖയെങ്കിലും കാണാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാകുന്നു. ഗംഭീരഭാവത്തിൽ തന്നെയായിരുന്നു ഫലിതം പറയുന്നതും. ശ്രോതാക്കൾ അതു കേട്ടാൽ പൊട്ടിച്ചിരിക്കയില്ലെന്നു തീർച്ചയാണു്. എന്നാൽ അതു അവരുടെ മനസ്സിൽനിന്നു ഒരിക്കലും മാഞ്ഞുപോകയില്ല; അവർ ഓർത്തോർത്തു ചിരിക്കും. നോക്കുക: സഞ്ജയൻ ധൃതരാഷ്ട്രരുടെ സന്ദേശവുംകൊണ്ടു് ധർമ്മപുത്രരുടെ അടുക്കൽ വരുന്നു. പ്രൌഢാശയനായ ധർമ്മപുത്രർ സഞ്ജയനേക്കണ്ടപ്പോഴേ കാര്യം ഗ്രഹിച്ചുകഴിഞ്ഞു. “എന്താണു് വലിയച്ഛൻ പറഞ്ഞു വിട്ടിരിക്കുന്നതു്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ഒന്നാമത്തെ ചോദ്യം. “എല്ലാവരും സ്വൈരമായിരുന്നാൽ കൊള്ളാമെന്നു് അവിടത്തേയ്ക്കു മോഹമുണ്ടു്.” എന്നു് സന്ദേശവാഹി പറഞ്ഞപ്പോൾ ധർമ്മാത്മജന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
“സ്വൈരമെൻജനകനു ഞാൻ തന്നെ വരുത്തണം
സ്വൈരക്കേടുണ്ടിങ്ങതിനെത്തായ്ക നിമിത്തമായ്,
സന്യസിക്കേണം ഞങ്ങളെങ്കിലേ സുഖം വരൂ.
മന്നവനുള്ളിലെന്നു ഞാനറിഞ്ഞിരിക്കുന്നു,
വൈഷമ്യമതിനുണ്ടു രാജസൂയം ചെയ്തോൻ ഞാൻ
ദോഷമുണ്ടഗ്നിത്യാഗം ചെയ്താലുമെന്നു കേൾപ്പൂ.
എന്നാലും ഞാനോ ചെയ്യാം സന്യാസമെന്നാകിലും
പിന്നെയും വൈഷമ്യമുണ്ടെന്തതെന്നുരചെയ്യാം
ഞാൻ തന്നെ സന്യസിച്ചാൽ താതനുപോരായല്ലോ,
കൌന്തേയൻ ഭീമൻ കൂടെ സന്യസിക്കിലേപോരൂ,
എന്നതിനഷ്ടഗ്രാസിസന്യാസി ഭീമസേനൻ
ഇന്നുള്ള ജനങ്ങളിലെത്രയും ബഹുഭോക്താ”
ഇതാണു് എഴുത്തച്ഛന്റെ ഫലിതം.
സഞ്ജയൻ പിന്നെയും പറയുന്നു:
“അങ്ങു് ഭീഷ്മദ്രോണാദി ഗുരുജനങ്ങളേ നിഗ്രഹിച്ചിട്ടു് എന്തു സുഖത്തെയാണു് ഇച്ഛിക്കുന്നതു്. ക്ഷണഭംഗുരമായ ഐഹികസുഖങ്ങൾക്കുവേണ്ടി ഈ മഹാവിപ്ലവങ്ങൾക്കു് ഇടവരുത്തുന്നതു നന്നോ?”
ഇതു കേട്ടിട്ടു്, ധർമ്മപുത്രർ പറഞ്ഞ മറുപടി എത്ര ഗംഭീരമായിരിക്കുന്നു എന്നുനോക്കുക. എന്നാൽ ഫലിതം പറഞ്ഞപ്പോഴുണ്ടായിരുന്ന മുഖഭാവംതന്നെയാണു് ഇപ്പോഴും. ഇങ്ങനെയാണു് മറുപടി.
“വെള്ളയിൽ പറഞ്ഞൊരു നിർമ്മലവാക്കു തന്റെ
യുള്ളിൽ നീ സംഗ്രഹിച്ചോരർത്ഥമൊട്ടറിഞ്ഞു ഞാൻ
കേൾക്ക സഞ്ജയ! എങ്കിലൂക്കുള്ള ഭീഷ്മാദികൾ
പോർക്കളം തന്നിൽ വീണു മരിക്കും മടിയാതെ.”
എഴുത്തച്ഛന്റെ മറ്റൊരു ഗുണം ഈശ്വരഗതമായ പരമഭക്തിയായിരുന്നു. രാമൻ എന്നോ കൃഷ്ണനെന്നോ വല്ല സ്ഥലത്തും പ്രയോഗിക്കേണ്ടിവന്നാൽ, ഭഗവാന്റെ അനന്തകല്യാണഗുണങ്ങളേ സൂചിപ്പിക്കുന്ന ഒട്ടുവളരെ പദങ്ങളും അതിനേ അനുഗമിക്കുന്നതു കാണാം. രാമകൃഷ്ണന്മാരെ സാക്ഷാൽ പരമാത്മാവായിട്ടും, തന്നെ ഒരു കിങ്കരനായിട്ടുമായിട്ടാണു് എഴുത്തച്ഛൻ കാണുന്നതു്. അദ്ദേഹം കേവലം ശുഷ്ക്കവേദാന്തിയേ അല്ല. രാമകൃഷ്ണാദികളെ ശത്രുക്കൾ ഉപദ്രവിച്ചിട്ടുള്ളതിനേ വർണ്ണിക്കുന്നതുപോലും അദ്ദേഹത്തിനു ദുസ്സഹമാണു്. ആ അവസരങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ സമാഹിതചിത്തതയ്ക്കു ചലനം സംഭവിക്കുന്നു. അദ്ദേഹം അറിയാതെ തിരശ്ശീലയ്ക്കു വെളിയിൽ വന്നു പോകുന്നു. കാളിയൻ ശ്രീകൃഷ്ണനെ ഒന്നു രണ്ടു ദംശിച്ചു. കവിയ്ക്കു അതു കണ്ടപ്പോൾ കോപവും താപവും താനേ ഉളവായിപ്പോയി. അദ്ദേഹം പറയുന്നു:
“താരാർമകൾ നിജപാണിയുഗളത്താൽ
ആരൂഢമോദം തലോടി നിറന്നുള്ള
ചാരുകഴലിണതന്മേൽ മടിയാതെ
ഘോരനാം കാളിയനോരോന്നു ദംശിച്ചാൻ. ഏതുമതിനൊരു പീഡയില്ലായ്കയാൽ
ഏറെയടുത്തുടൻ പിന്നെയും മേല്ക്കുമേൽ
മർമ്മങ്ങൾതോറും കടിച്ചു തുടങ്ങിനാൻ
നിർമ്മലനായോരു നന്ദതനയനെ.”
“നിർമ്മലനായോരു നന്ദതനയനേ” ഇങ്ങനെ ആർക്കെങ്കിലും ഉപദ്രവിക്കുവാൻ തോന്നുമോ? കവിക്കതു കണ്ടപ്പോൾ ദുസ്സഹമായ കോപവും താപവും ഉണ്ടായതു നിമിത്തം അദ്ദേഹം,
“കന്മഷന്മാർക്കതു തോന്നുമല്ലോ തെളി-
ഞ്ഞെന്മനഃപങ്കജേ വാഴ്ക പോകായ്കേതും”
എന്നു ഭഗവാനോടു അറിയാതെ പറഞ്ഞു പോകുന്നു. ഭക്തന്മാർക്കു കൃഷ്ണനും യുക്തന്മാർക്കു രാമനും എന്നാണല്ലോ വൃദ്ധവചനം. നമ്മുടെ കവി ഭക്തനെന്നപോലെ യുക്തനും ആയിരുന്നു. അദ്ദേഹത്തിന്റെ ആധ്യാത്മികമായ വളർച്ച രാമായണാദികൃതികൾ വായിക്കുന്നവർക്കു കാണ്മാൻ കഴിയും.
എഴുത്തച്ഛന്റെ മറ്റൊരു ഗുണം യഥാർത്ഥമഹാന്മാരിൽ മാത്രം കാണുന്ന വിനയം ആകുന്നു. ഇന്നത്തേ പണ്ഡിതന്മാർക്കു നിമ്നസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സാധുക്കളോടു തോന്നുന്ന ജുഗുപ്സയ്ക്കു കൈയ്യും കണക്കുമില്ല. തങ്ങൾ പറഞ്ഞു പോകുന്ന അബദ്ധങ്ങൾ പോലും പ്രമാണത്വേന അംഗീകാര്യമാണെന്നാണു് അവരുടെ വിശ്വാസം. പരമാർത്ഥത്തിൽ ഏതാനും നട്ടെല്ലില്ലാത്ത ആശ്രിതന്മാരുടേയോ കണ്ണടച്ചു എന്തും വിശ്വസിക്കാൻ തയ്യാറുള്ള ചില പരപ്രത്യയനേയബുദ്ധികളുടേയോ സ്തുതിപാഠങ്ങളിൽ രമിച്ചും തങ്ങളുടെ മഹിമാനങ്ങളേപ്പറ്റി നിരന്തരം ധ്യാനിച്ചും ഒരുമാതിരി ‘ആത്മാരാമന്മാരായി’ ജീവിക്കുന്ന ഇക്കൂട്ടരുടെ കീർത്തിസ്തംഭം എത്ര ക്ഷണഭംഗുരമാണെന്നു അവർ മനസ്സിലാക്കുന്നതേ ഇല്ല. നേരേ മറിച്ചു് സാരസ്വതപാരാവാരമായ കാളിദാസൻ “മന്ദഃ കവിയശഃപ്രാർത്ഥിയും” “എഴുത്തച്ഛൻ അജ്ഞാനിനാമാദ്യനും” ആയിട്ടാണു് തങ്ങളുടെ ദൃഷ്ടിയിൽ കാണപ്പെട്ടതു്. കവികുലസാർവഭൌമനായ തുളസീ തന്നേപ്പറ്റി പറഞ്ഞിട്ടുള്ളതു നോക്കുക.
“ഭനിതി മോരി സിവകൃപാ ബിഭാതീ
സസിസമാജ മിലി മൻഹും സുരാതീ”
“ചന്ദ്രമസ്സും താരാഗണങ്ങളും ചേർന്നു കാളരാത്രിയേ എങ്ങനെയോ അതുപോലെ ശിവകൃപാ എന്റെ ഭണിതിയേയും ശോഭിപ്പിക്കും.”
വിരക്തനായിരുന്നതിനാൽ രാമാനുജനു് മനുഷ്യസ്തുതിയിൽ ലേശം പ്രതിപത്തിയുണ്ടായിരുന്നില്ല. അദ്ദേഹം ഒരിടത്തും നരസ്തുതി ചെയ്തിട്ടില്ലെന്നു തൽകൃതിതല്ലജങ്ങൾ വായിച്ചിട്ടുള്ളവരോടു പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ. കുസുമം എന്നപോലെ കാവ്യകലയും ഈശ്വരാർച്ചനയ്ക്കുള്ള ഒരു വിശിഷ്ടസാധനമായിട്ടാണു് അദ്ദേഹം കരുതിപ്പോന്നതു്.
13.9 എഴുത്തച്ഛന്റെ സമാധി
എഴുത്തച്ഛന്റെ സമാധിദിനത്തെ ഇന്നും കൊണ്ടാടിവരുന്നുണ്ടെങ്കിലും അതു് നടന്നതു് ഒരു ധനുമാസം ഉത്രം നക്ഷത്രത്തിലായിരുന്നു എന്നു മാത്രമേ നമുക്കു അറിവുള്ളു.
13.10 എഴുത്തച്ഛനും മലയാളഭാഷയും
എഴുത്തച്ഛനെ ‘മലയാളഭാഷയുടെ പിതാവു്’ ‘കിളിപ്പാട്ടുവൃത്തത്തിന്റെ ഉപജ്ഞാതാവു്’ ‘മണിപ്രവാളത്തിന്റെ കർത്താവു്’ എന്നൊക്കെ ഓരോരുത്തർ മനോധർമ്മംപോലെ പറഞ്ഞുവരാറുണ്ടു്. ഈ അഭിപ്രായങ്ങളെ യഥാസ്ഥിതമായി സ്വീകരിക്കാൻ നിവൃത്തിയില്ല. മലയാളഭാഷ ഇന്നോ, ഇന്നലെയോ ഉണ്ടായതല്ലെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. എഴുത്തച്ഛന്റെ കാലത്തിനു മുമ്പുതന്നെ നമ്മുടെ ഭാഷാദേവി ഉത്തമസാഹിതീ രത്നമാല്യം അണിഞ്ഞു ശോഭിച്ചുകൊണ്ടാണിരുന്നതു്. എന്നാൽ ആധുനികസാഹിത്യത്തിൽ കാണുന്ന ഉൽകൃഷ്ടങ്ങളായ മിക്ക പ്രവണതകളുടേയും ഉൽപ്പത്തിസ്ഥാനം എഴുത്തച്ഛനായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയ്ക്കുള്ള പുതുമ ഇതേവരെ അവസാനിച്ചിട്ടില്ല; അവസാനിക്കുന്നതുമല്ല. അതു് അന്നത്തെപ്പോലെ ഇന്നും പുത്തനായിത്തന്നെ ഇരിക്കുന്നു. അതിനാൽ ആധുനികഭാഷയുടെ പിതൃസ്ഥാനം എഴുത്തച്ഛനു നൽകുന്നതിൽ യാതൊരു ആക്ഷേപത്തിനും വഴിയില്ല. എന്നാൽ പ്രാചീനപദങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ടാണു് ഈ പുതുമ വന്നുചേർന്നതെന്നു ആരും ഭ്രമിച്ചുപോകരുതു്. ചമ്പുക്കളിൽ കാണുന്ന മിക്ക പ്രാചീനപദങ്ങളേയും എഴുത്തച്ഛൻ പ്രയോഗിച്ചുകാണുന്നുണ്ടു്. പുതുമ രീതിയെ സംബന്ധിച്ചു മാത്രമേയുള്ളു. ‘സന്ദർഭ സംസ്കൃതീകൃതാച’ എന്ന സൂത്രമനുസരിച്ചു് ‘മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ’ എന്നിങ്ങനെയുള്ള കോമാളിരൂപങ്ങളും അദ്ദേഹത്തിന്റെ കാലത്തിനുമുമ്പെ നിന്നു പോയിട്ടുള്ളവയാണു്. പുനത്തിന്റെയും മറ്റും കൃതികളിൽ അത്തരം വികൃതരൂപങ്ങൾ കാണ്മാനേ ഇല്ലല്ലോ. എന്നുമാത്രമല്ല മണിപ്രവാളശബ്ദത്തിനു ലീലാതിലകത്തിന്റെ തിരപുറപ്പാടോടുകൂടി അർത്ഥവ്യാപ്തിയും ചുരുങ്ങിപ്പോയിട്ടുണ്ടു്. ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം (2) സന്ദർഭേസംസ്കൃതീകൃതാച (3) ‘ദ്രാവിഡസംഘാതാക്ഷരനിബദ്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ടു’ എന്നീ ലീലാതിലക സൂത്രങ്ങൾ അനുസരിച്ചു നോക്കിയാൽ എഴുത്തച്ഛന്റെ കൃതികൾക്കു മണിപ്രവാളം എന്ന പേരിനു അവകാശമില്ലെന്നു കാണാം.
‘തമിൾമണി സംസ്കൃതം പവിഴം
കോക്കിന്റെ വൃത്തമാനനന്നുന്മേൽ’
എന്നു് ലീലാതിലകകാരന്റെ കാലത്തിനു മുമ്പുതന്നെ മണിപ്രവാളലക്ഷണം വ്യവസ്ഥപ്പെട്ടുപോയിരുന്നു. സംസ്കൃതവൃത്തങ്ങളിൽ എഴുതപ്പെടാത്ത പദ്യകൃതികൾക്കു മണിപ്രവാളമെന്ന പേരിനു് അർഹതയില്ലായിരുന്ന സ്ഥിതിക്കു് എഴുത്തച്ഛൻ മണിപ്രവാളത്തിന്റെ ഉപജ്ഞാതാവാകുന്നതെങ്ങനെ? അദ്ദേഹം സംസ്കൃതവൃത്തങ്ങളിൽ ഒരു കാവ്യവും രചിച്ചിട്ടില്ലല്ലോ.
‘ഭാഷാദ്വയസങ്കരത്തിൽ സംസ്കൃതപ്രകൃതികളേ മലയാളവിഭക്തികൾ ചേർത്തു പ്രയോഗിക്കുന്നതു ശരിയായ വഴി; നേരേമറിച്ചു മലയാളപ്രകൃതികളെ സംസ്കൃതവിഭക്തി ചേർത്തു ‘മാടമ്പീനാം പിന്നിടേഥാഃ’ ഇത്യാദി പോലെ പ്രയോഗിക്കുന്ന വിലോമസമ്പ്രദായം തെറ്റു്’. [3]
‘മണിപ്രവാളത്തിൽ എന്നപോലെ പാട്ടുകളിലും ആവശ്യം അനുസരിച്ചു് ലളിതസംസ്കൃതവിഭക്ത്യന്തങ്ങളെ ഉപയോഗിക്കാം’.
‘സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ വർണ്ണനിയമത്തേയും മാത്രാനിയമത്തെയും തമിഴ് വൃത്തങ്ങളിൽ കൂടി പ്രവേശിപ്പിച്ചു പുതുതായ കിളിപ്പാട്ടു മുതലായ മലയാളവൃത്തങ്ങളെ നടപ്പിൽ വരുത്തി’.
ഈ പരിഷ്കാരങ്ങളെല്ലാം എഴുത്തച്ഛനു മുമ്പു ജീവിച്ചിരുന്ന കവികൾ നടപ്പിൽ വരുത്തീട്ടുള്ളവ തന്നെയാണു്. മലയാള പ്രകൃതികളോടു് സംസ്കൃതപ്രത്യയം ചേർത്തു ‘കോമാളിരൂപങ്ങൾ’ സൃഷ്ടിക്കുന്ന പതിവു് കണ്ണശ്ശന്മാരും നിശ്ശേഷം കൈവെടിഞ്ഞു കഴിഞ്ഞിരുന്നു. പാട്ടുകളിൽ ലളിതസംസ്കൃതവിഭക്ത്യന്തങ്ങളെ കണ്ണശ്ശന്മാർ ധാരാളമായി ഉപയോഗിച്ചിട്ടുണ്ടുതാനും. സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ നിയമത്തെയും മാത്രാനിയമത്തേയും തമിഴ് വൃത്തങ്ങലിൽ പ്രവേശിപ്പിച്ചതും ആദ്യമായിട്ടല്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ പരിഷ്കാരങ്ങൾക്കു പ്രചാരപ്രാചുര്യം വന്നതു് എഴുത്തച്ഛൻ നിമിത്തമാകുന്നു. അദ്ദേഹത്തിന്റെ കൃതികളെ നിത്യവും വായിക്കാതെ ജീവിക്കാൻ ഒരു മലയാളിക്കും കഴിയാതെ ആവുകയാൽ, അവ ഭാഷയുടെ ഗതിയെ സാരമായ വിധത്തിൽ സ്പർശിച്ചുവെന്നു പറയാം.
13.11 എഴുത്തച്ഛനും അക്ഷരമാലയും
അക്ഷരമാലയെ പുതുക്കിയതും എഴുത്തച്ഛനാണെന്നു് ഒരു അഭിപ്രായം എങ്ങനെയൊ നമ്മുടെ നാട്ടിൽ പ്രചരിച്ചിട്ടുണ്ടു്. കേരളപാണിനി തിരുമനസ്സുകൊണ്ടും ആ അഭിപ്രായത്തെ അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഇത്തരം പരിഷ്കാരങ്ങൾക്കു കാരണഭൂതൻ എഴുത്തച്ഛനാണോ എന്നു സംശയമാണു്. എഴുത്തച്ഛനു മുമ്പുതന്നെ മലയാള അക്ഷരമാല പരിപൂർണ്ണമായിരുന്നുവെന്നു കണ്ണശ്ശന്റെയും പുനത്തിന്റെയും ചെറുശേരിനമ്പൂരിയുടേയും മറ്റും കൃതികൾ വായിച്ചാലറിയാം. സംശയനിവാരണാർത്ഥം ഏ. ഡി. 1275-ാം ആണ്ടിടയ്ക്കും എഴുത്തച്ഛന്റെ കാലശേഷവും പ്രചാരത്തിലിരുന്ന അക്ഷരമാലയുടെ പട്ടികകൾ ഇവിടെ ചേർക്കുന്നു. അവയേ താരതമ്യം ചെയ്തു നോക്കുന്നവർക്കു ലിപി വിന്യാസത്തിൽ മാത്രമേ പരിഷ്കാരം ഉണ്ടായിട്ടുള്ളുവെന്നും അതിനു കാരണഭൂതന്മാർ ലിപികാരന്മാരായിരുന്നുവെന്നു നിഷ്പ്രയാസം കാണാം.
13.12 എഴുത്തച്ഛനും ഭാഷാവൃത്തങ്ങളും
കിളിപ്പാട്ടുവൃത്തം എന്നൊന്നില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടെല്ലോ. കിളി, ഹംസം, വണ്ടു്, കുയിൽ ഇവയുടെ ശബ്ദത്തിനു മാധുര്യമുള്ളതിനാൽ, കവികൾ അവയെക്കൊണ്ടു പാടിച്ചുവെന്നല്ലാതെ ആ വൃത്തങ്ങൾക്കു തമ്മിൽ യാതൊരു വ്യത്യാസവുമില്ല. വരിവണ്ടിൻ പാട്ടിന്റെയും കിളിപ്പാട്ടിന്റെയും വൃത്തബന്ധം ഒന്നു തന്നെയാണെന്നു അന്യത്ര കാണിച്ചിട്ടുണ്ടല്ലോ. വിദേശ സഞ്ചാരത്തിനിടയ്ക്കു് പരിചിതമായ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ വൃത്തങ്ങളേ എഴുത്തച്ഛൻ പരിഷ്ക്കരിച്ചു് കിളിപ്പാട്ടു വൃത്തങ്ങൾ നിർമ്മിച്ചു എന്നാണു് കേരളകൗമുദീകർത്താവു പറയുന്നതു്.
“പൈങ്കിളിക്കണ്ണിയേനോക്കിത്തങ്കിളിപ്പാട്ടുതുഞ്ചനും
തങ്കലാണ്ടൊരു ശീലിൽതാന്തങ്കുമീരടി പാടിനാൻ.”
അദ്ദേഹം പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി ഇവയുടെ ഓരോ ഉദാഹരണവും കൊടുത്തിട്ടുണ്ടു്.
13.13 പൈങ്കിളിക്കണ്ണി
‘അകമേവുമണ്ണുലകെൻറല്ലലെല്ലാം ചൊല്ലി
ചുകമാനനീപോയ് ചുകംകൊടുവാ പൈങ്കിളിയേ’
13.14 പരാപരക്കണ്ണി
‘ചീരാറുതൈവതിരുവരുളാം പൂമിമുതൽ
പാരാതിയാണ്ടു പതിയേ പരാപരമേ 1
ചുടരൊളിമാടന്തോറും ചുരുങ്കിടമാർവന്തു
മടുമലർ കളവാമാലേയമിവമൊഴിന്താർ’ 2
ഇരുപത്തിനാലുവൃത്തത്തിലെ ‘സർപ്പിണി’ വൃത്തത്തിനും അദ്ദേഹം ‘പൊന്നമാതരു’ എന്ന തമിഴ് മാതൃക കാണിച്ചിരിക്കുന്നു.
‘പൊന്ന മാതരൈ പൂമിയെ നാടിടേൽ
എന്നുനാടിയവന്നുയിർതാതനൈ
ഉന്നെനാടു വന്തന്നുരുട്ടുവെളി
തന്നനാടുവന്തന്നന്തനിയനെ.’
ശാകസംവത്സരം 1560-ലെ വരതുംഗരാമപാണ്ഡ്യന്റെ ദളവാ അഗ്രഹാരശാസനത്തിന്റെ ഒരു ഭാഗം.
കേസരിവർമ്മയുടെ ശാസനത്തിന്റെ അന്ത്യഭാഗം.
ഈ മാതിരി സാദൃശ്യങ്ങൾ കാണുന്നതിൽ യാതൊരു അത്ഭുതത്തിനും വഴിയില്ല. നേരെ മറിച്ചു് മൂലദ്രവിഡഭാഷാകുടുംബത്തിലെ ഏറ്റവും അടുത്ത ശാഖകളായ തമിഴിനും മലയാളത്തിനും തമ്മിൽ ഇത്തരം സാദൃശ്യങ്ങൾ കാണാതിരുന്നാലെ ആശ്ചര്യത്തിനു അവകാശമുള്ളു. എന്നാൽ അതുകൊണ്ടു് എഴുത്തച്ഛൻ തമിഴ് മാതൃകകൾ നോക്കിയാണു് വൃത്തങ്ങൾ നിർമ്മിച്ചതെന്നു വരുന്നില്ല. അദ്ദേഹം പണ്ടേക്കുപണ്ടേ കേരളത്തിൽ നടപ്പിലിരുന്ന വൃത്തങ്ങളെ കണ്ടാലറിയാത്ത വിധത്തിൽ ഒന്നു തേച്ചു മിനുസപ്പെടുത്തിയെന്നേയുള്ളു. തമിഴരുടെ വൃത്തബന്ധത്തിനും മലയാളികളുടെ വൃത്തബന്ധത്തിനും തമ്മിൽ ഇപ്പോൾ സാദൃശ്യത്തേക്കാൾ കൂടുതൽ വ്യത്യാസമാണുള്ളതു്. തമിഴു പരിചയമില്ലാത്തവരുടെ സുഖബോധനത്തിനായി തമിഴരുടെ വൃത്തശാസ്ത്രത്തിലെ ചില സാമാന്യ നിയമങ്ങളെ ഇവിടെ സംക്ഷേപിച്ചു പറയാം.
13.15 I. ഉയിർ (സ്വരം)
(1) കുറിൽ (ഹ്രസ്വം) അ ഇ ഉ എ ഒ
(2) നെടിൽ (ദീർഘം) ആ ഈ ഊ ഏ ഐ ഓ ഔ
(3) കുറിയമൂവുയിർ (1) കുറ്റിയലികരം ഉം. കാടിയതു
(2) കുറ്റിയലുകരം. ഉം. കാതു
(3) ഐകാരക്കുറുക്കം. ഉം. ഐപ്പചി
(4) ആയ്തം ക. പു.
13.16 II. മെയ് (വ്യഞ്ജനം)
(1) മൂവിനം വല്ലിനം; ക ച ട ത പ റ
മെല്ലിനം; ങ ഞ ണ ന മ ബ
ഇടൈയിനം; യ ര ല വ ഴ ള
(2) ഉയിർമെയ്.
13.17 II. അളപു (അളപെടൈ)
I
ഉയിരളപെടൈ; ആഇ; ഈഇ; ഊഉ ഇത്യാദി. ഉം: പടാഅകൈ; പരീഇയം; കഴൂമണി.
ഒറ്റളപെടൈ; മങ്ങലം; പൻന്തു
13.18 IV. മാത്ര
മകരക്കുറുക്കിനും ആയ്തക്കുറുക്കിനും കാൽ മാത്രവീതം.
ആയ്തത്തിനും മെയ്യിനും കുറ്റിയലികരത്തിനും കുറ്റിയലുകരത്തിനും അര മാത്രവീതം.
കുറ്റെഴുത്തിനും ഒറ്റളപെടയ്ക്കും ഓരോ മാത്രവീതം.
നെട്ടെഴുത്തിനു രണ്ടുമാത്രവീതം.
ഉയിരളപെടയ്ക്കു മൂന്നു മാത്ര.
13.19 V. അചൈ (Metrical Syllable)
നേരചൈ; (അശ) കുറ്റെഴുത്തു തനിയെ വന്നാലും നെട്ടെഴുത്തു തനിയെ വന്നാലും നെടിലും കുറിലും ഒറ്റടുത്തു വന്നാലും നേരശ. നേ ര ശ (നാലുവിധം) ഉം: ആ–ഴി (നെടിലും കുറിലും തനിച്ചു്) ആ–മ്പൽ (നെടിലും കുറിലും ഒറ്റടുത്തു്)
നിരൈയചൈ; കുറിൽ ഇണയായി വന്നാലും, കുറിൽ നെടിൽ ഇണയായി വന്നാലും, കുറിൽ നെടിൽ ഇവ ഇണയായി ‘ഒറ്റ’ടുത്തു വന്നാലും നിരയശ,
ഉം: വെറി (കുറിൽ ഇണയായി വരുന്നതു്).
ചുറ്റാ (കുറിൽ നെടിൽ ഇണയായിരിക്കുന്നതു്).
നിറം (കുറിൽ ഇണയായി ഒറ്റടുത്തുവരുന്നതു്).
വിളാം (കുറിൽ നെടിൽ ഇണയായി ഒറ്റടുത്തിരിക്കുന്നതു്).
13.20 VI. ചീർ (Metrical feet)
നേരചൈച്ചീർ; നേർ നാൾ.
(1) അചൈച്ചീർ നിരൈയചൈച്ചീർ; നിരൈ, മലർ.
നേർനേർ; തേമാ;
(2) ഇയർച്ചീർ നിരൈനേർ; പുളിമാ
നിരൈനിരൈ; കരുവിളം
നേർനിരൈ; കൂവിളം
നേരീറ്റു 1. നേർ നേർ നേർ;– തേമങ്കോയ്.
രിച്ചീർ. 2. നിരൈ നേർനേർ;– പുളിമാങ്കായ്.
3. നിരൈനിരൈനേർ;– കുരുവിളങ്കായ്.
4. നേർനിരൈ നേര്;– കൂവിളങ്കായ്.
(3) ഉരിച്ചീർ
നീരൈയീറ്റു 1. നേർ നേർനീരൈ;– തേമാങ്കുനി.
രിച്ചീർ. 2. നിരൈ നേർനീരൈ;– പുളിമാങ്കുനി.
3. നിരൈനിരൈനീരൈ;– കുരുവിളങ്കുനി.
4. നേർനിരൈ നീരൈ;– കൂവിളങ്കുനി.
തേമാന്തണ്ണിഴൽ, പുളിമാന്തണ്ണിഴൽ, കുരുവിളന്തണ്ണിഴൽ, കൂവിളന്തണ്ണിഴൽ.
തേമാന്തൺപൂ, പുളിമാന്തൺപൂ, കുരുവിളന്തൺപൂ, കൂവിളന്തൺപൂ.
4. പൊതുചീർ തേമാനറുമ്പൂ, പുളിമാനറുമ്പൂ, കുരുവിളനറുമ്പൂ, കൂവിളനറുമ്പൂ.
തേമാനറുനിഴൽ, പുളിമാനറുനിഴൽ, കുരുവിളനറുനിഴൽ, കൂവിളനറുനിഴൽ.
ഇവയിൽ ഇയർചീരിനു് ആരിയവൂയീർചീരെന്നും പേരുണ്ടു്. ചീരുസംസ്കൃതത്തിലെ ഗണത്തിന്റെയും ഇംഗ്ലീഷിലെ(foot)ഫ്, ട്ടിന്റെയും സ്ഥാനം വഹിക്കുന്നു.
എന്നാൽ സംസ്കൃതത്തിൽ
ല ഗുഗു, ഗുലഗു ഗുഗുല, (യരതങ്ങൾ)
ഗു ല ല, ലഗുല, ലലഗു (ഭജസങ്ങൾ)
ഗുഗുഗു, ല ല ല, (മനങ്ങൾ)
എന്നു എട്ടു ഗണങ്ങളേയുള്ളു.
1. യഗണം — ◦ ◦ Bacchius
2. രഗണം ◦ — ◦ Amphimacer
3. തഗണം ◦ ◦ — Antibacehius
4. ഭഗണം ◦ — — Dactylus
5. ജഗണം — ◦ — Amphibrachys
6. സഗണം — — ◦ Anapaestus
7. മഗണം ◦ ◦ ◦ Molossus
8. നഗണം — — — Tribrachys
ഇവയിൽ ഇംഗ്ലീഷിൽ നാലാമത്തെയും ആറാമത്തേതും മാത്രമേ വളരെ പ്രചാരത്തിലിരിക്കുന്നുള്ളു. അതിനോടുകൂടി Tambic (ല ഗു) എന്നും Trochee (ഗു ല) എന്നു ഇംഗ്ലീഷിൽ രണ്ടു ഗണങ്ങൾ കൂടിയുണ്ടു്.
13.21 VII. തള (Metrical connection)
നേർ, നിര എന്നീ രണ്ടുമാതിരി അശകൾ തനിച്ചും ഈരണ്ടീ രണ്ടായിച്ചേർന്നും ചീരുകൾ ഉണ്ടാകുന്നതുപോലെ പലേ ചീരുകൾ ഒന്നോടൊന്നു തൊടുക്കപ്പെട്ടിട്ടു് തളയും ഉണ്ടാകുന്നു. തള ഏഴുവിധമുണ്ടു്. അവയെ ഇവിടെ വിവരിക്കുന്നില്ല.
13.22 VIII. അടി (Metrical line)
രണ്ടു ചീരുകളോടുകൂടിയതു കുറളടി; മൂന്നു ചീരുകളോടുകൂടിയതു ചിന്തടി; നാലുചീരുകളോടുകൂടിയതു അളവടി; അഞ്ചുചീരുകൾ ഉള്ളതു് നെടിലടി; അതിനു കൂടുതലുള്ളതു് കഴിനെടിലടി; ഇങ്ങനെ അടികളും പലവിധത്തിലാണു്. ഒന്നു രണ്ടു ഉദാഹരണം കൂടി ചേർക്കാം.
വഞ്ചിത്തുരൈ
“തിരൈത്ത ചാലികൈ
നിരൈത്ത പോനിരൈ-
ന്തിരൈപ്പത്തേൻകളേ
വിരൈക്കൊൺമാലൈയായ്.
ഇതു കുറളിയായ വൃത്തം.
“കുയിൽ മരുട്ടിയ കോൺമൊഴി
യയിൽ മരുട്ടിയ വമ്പക
മയിൽ മരുട്ടിയ മാൺപുടൈ-
ക്കുയിൽ മരുട്ടിയ കൂന്തലാൾ.
ഇതു ചിന്തടികളോടു കൂടിയ വൃത്തമാകുന്നു. ഇതുപോലെ മറ്റടികളേയും എളുപ്പത്തിൽ നോക്കിക്കാണാവുന്നതാകുന്നു.
13.23 IX. തൊടൈ (Rhyme)
ഒന്നാംഭാഗത്തിൽ ഏതുക, മോന മുതലായി പ്രാസങ്ങളുടെ സ്വഭാവം വിവരിച്ചിട്ടുള്ളതു നോക്കുക.
13.24 X. പാവു് (Metres)
തമിഴു വൃത്തങ്ങൾ പ്രധാനമായ വെൺപാ, ആചിരിയപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുട്പാ എന്നിങ്ങനെ അഞ്ചു തരത്തിലാണു്. അവയ്ക്കു് അനേകം ഉൾപ്പിരിവുകളുമുണ്ടു്. അവയെപ്പറ്റി ഇവിടെ സവിസ്തരം പ്രതിപാദിക്കാൻ തരമില്ല.
ആധുനിക മലയാളവൃത്തങ്ങൾക്കു തമിഴിനോടുള്ളതിലധികം വേഴ്ച സംസ്കൃതത്തോടാകുന്നു. സംസ്കൃതവൃത്തങ്ങളിൽ ചിലതു പോലും മലയാളികൾ ഗാനോചിതമായ മാത്രാവൃത്തങ്ങളാക്കി രൂപാന്തരപ്പെടുത്തീട്ടുണ്ടു്. ഈ മാതിരി പരിഷ്ക്കാരങ്ങളെല്ലാം വരുത്തിയതു എഴുത്തച്ഛനാണെന്നു പറയാവുന്നതല്ല. അദ്ദേഹം തന്റെ കൈവശത്തിൽ വന്നുചേർന്ന കരുക്കളെക്കൊണ്ടു പെരുമാറിയതല്ലാതെ, പുതിയകരുക്കൾ വാർത്തെടുക്കാൻ ശ്രമിച്ചിട്ടേയില്ലെന്നു യാതൊരു സംശയവും കൂടാതെ പറയാം.
13.25 എഴുത്തച്ഛന്റെ കൃതികൾ - ഇരുപത്തിനാലുവൃത്തം
ഇതു് അദ്ദേഹത്തിന്റെ പ്രഥമ കൃതിയാണെന്നു ചിലർ പറയുന്നു. എന്നാൽ ചമ്പുക്കളോടു അതിനുള്ള വേഴ്ച ഒരു നോട്ടത്തിൽ കാണാവുന്നതാണു്. ചമ്പൂകാരന്മാരെപ്പോലെ വിവിധ സംസ്കൃത കാവ്യങ്ങളിൽനിന്നു് പദ്യങ്ങളെ അല്പാല്പം ഭേദപ്പെടുത്തിയും അല്ലാതെയും ഇതിൽ ചേർത്തിട്ടുണ്ടു്. കവിയുടെ സ്വതസ്സിദ്ധമായ ഭാവനാശക്തിയുടെ സന്താനങ്ങളിൽ ഒന്നായി സഹൃദയാഗ്രണിയായ ശ്രീമാൻ കെ. ആർ. കൃഷ്ണപ്പിള്ള അവർകൾ സുന്ദരകാണ്ഡത്തിന്റെ അവതാരികയിൽ ഒരിടത്തുചൂണ്ടികാണിച്ചിട്ടുള്ള,
“സീതയായൊരു കല്പവല്ലിപടർന്നു രാമസുരദ്രുമ-
ച്ഛായതന്നിൽ വസിച്ചുമാമുനി പക്ഷിമണ്ഡലമാകവേ;
രാവണാക്ക മഹാതപത്തിനൊരാതപത്രമുദാരവാങ്-
മാധുരീഫലമാസ്വദിച്ചുനടന്നു രാമഹരേ ഹരേ!”
എന്ന മനോഹരപദ്യംപോലും ഒരു സംസ്കൃതശ്ലോകത്തിന്റെ ഭാഷാന്തരമാകുന്നു.
“ഖണ്ഡനായ ധരാവിരോധമിയറ്റിമേവിന വൈരിണാം
പുണ്ഡരീകവിലോചനൻ മദനാന്തകാന്തകസന്നിഭൻ
ദണ്ഡകാവനമിന്ദുമണ്ഡലചുംബിഭൂരുഹമണ്ഡിതം
ചണ്ഡഭാനുരിവാഭ്രമണ്ഡലമാപ രാമ ഹരേ ഹരേ.”
എന്ന പദ്യം.
“ഖണ്ഡനായ വസുധാവധൂമനഃ
പുണ്ഡരീകതുഹിനത്വിഷാം ദ്വിഷാം
ദണ്ഡകാവനമവാപ രാഘവ-
ശ്ചണ്ഡഭാനുരിവമേഘമണ്ഡലം.”
എന്ന ഭോജകൃതമായ ചമ്പൂരാമായണശ്ലോകത്തിന്റെ സ്വതന്ത്രാനുവാദമാണെന്നു പറയേണ്ടതില്ലല്ലോ.
“മഹാരാജ! ശ്രീമൻ ജഗതിയശസാ തേ ധവളിതേ
പയഃപാരാവാരം പരമപുരുഷോയം മൃഗയതേ
കപർദ്ദീ കൈലാസം സുരപതിരപി തൽ കരിവരം
കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ”
എന്ന സുപ്രസിദ്ധപദ്യത്തെ നമ്മുടെ കവി,
“കീർത്തിവിശ്വം വെളുപ്പിച്ചിരിക്കും വിധൌ
മൂർത്തിമൂവർക്കുമുണ്ടായിപോൽ വിഭ്രമം
സ്വാബ്ധിമാരാഞ്ഞുഴന്നിട്ടു നാരായണ-
നാർത്തനായിച്ചിരം രാമരാമഹരേ
പക്ഷിയേതെന്നറിഞ്ഞിടരുതാ ത്മഭൂ
ദിക്ഷുനീളെത്തിരഞ്ഞു നിജം പക്ഷിണം
ദക്ഷഹന്താപി കൈലാസബുദ്ധ്യാ ഗിരീൻ
നോക്കിയാരായ്കയും രാമരാമഹരേ!
എന്നു രണ്ടു പദ്യങ്ങളായി വിവർത്തനം ചെയ്തിരിക്കുന്നു.
“സദ്യഃ പുരീപരിസരേഷു ശിരീഷമൃദ്വീ
സീതാ ജവാൽ ത്രിചതുരാണി പദാനി ഗത്വാ
ഗന്തവ്യമദ്യ കിയദിത്യസകൃൽ ബ്ര വാണാ
രാമാശ്രുണാം കൃതവതീ പ്രഥമാവതാരം.”
എന്ന ഹനൂമന്നാടക ശ്ലോകത്തിലെ ആശയം
“ഇന്നെത്രദൂരം നടക്കേണമാര്യാ
എന്നങ്ങു ഭൂയോപി ഭൂയോപി ചൊല്ലും.
വാമാക്ഷി സീതാ ജനിപ്പിച്ചു കണ്ണീർ
പ്രാഥമ്യമായന്നു ശ്രീരാമരാമ”
എന്ന പദ്യത്തിൽ കാണുന്നു. ഇങ്ങനെ രഘുവംശം മാഘം നൈഷധം മുതലായ പല കൃതികളിലെ ആശയങ്ങളുടെ ഛായ ഇരുപത്തിനാലു വൃത്തത്തിൽ കാണ്മാനുണ്ടു്.
ഭാഷാചമ്പുക്കളിലെ ആശയങ്ങളും അതിൽ അവിടവിടെ പകർത്തീട്ടുള്ളതായും കാണാം. രാമായണ ചമ്പുവിൽനിന്നു കൂടി രണ്ടു മൂന്നു ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. സീതാപരിത്യാഗ ചമ്പുവിലെ 76-ാമത്തേയും 77-ാമത്തേയും ശ്ലോകത്തിനെ വലിയ വ്യത്യാസമൊന്നും വരുത്താതെ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
“വിമലഗുണകീർത്തേ! മമ ജനനിമാരോ-
ടിതി ബത വിശേഷിച്ചവരൊടുപറഞ്ഞീ-
ട്ടുദരധരഗർഭം മമ പതിനിഷേകം
തദപി വചനീയം പരമപുരുഷ വിഷ്ണോ!
മമ വചനഹേതോരവനിപതിതന്നോ-
ടിതു പറക നീ താനനലനിൽ വിശുദ്ധാം
അഹിതവചനാൽ മാം കളകകുലയോഗ്യം
ശ്രുതിസദൃശമെന്നോ പരമപുരുഷ വിഷ്ണൊ!”
രാവണോത്ഭവചമ്പുവിൽ രാവണന്റെ ധിക്കാരങ്ങളെ വർണ്ണിക്കുന്ന പദ്യങ്ങളുടെ ഏകദേശവിവർത്തനമാണു്.
“കൊല്ലുവതിനൊക്കെയമനങ്ങുമരിപ്പാൻ
വല്ലഭമെഴും നിരതിപാശി കഴുകാനും”.
ഇത്യാദി പദ്യങ്ങൾ.
ഇങ്ങനെ വേറെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിപ്പാനുണ്ടു്. ഭാഷാരീതിയിലും ഇരുപത്തിനാലുവൃത്തത്തിനു് ചമ്പുക്കളോടാണു് അധികം അടുപ്പം. ഈ കാരണങ്ങളാലായിരിക്കാം. പ്രകൃതകൃതി എഴുത്തച്ഛന്റേതല്ലെന്നു ചിലർ അഭിപ്രായപ്പെട്ടുകാണുന്നതു്. മറ്റു ചിലർ ഒരു പടികൂടികടന്നു് ഇതു നാരായണഭട്ടതിരിയുടെ കൃതിയായിരിക്കണമെന്നുകൂടി ഊഹിക്കുന്നുണ്ടു്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇരുപത്തിനാലുവൃത്തം എഴുത്തച്ഛന്റെ കവിതാവനിത പ്രൌഢദശയെ പ്രാപിക്കുന്നതിനുമുമ്പുണ്ടായ ഒരു കൃതി ആയിരിക്കാമെന്നു ഒന്നുരണ്ടാഴ്ച മുമ്പുവരെ ഞാൻ വിശ്വസിച്ചിരുന്നു. പലസംസ്കൃതകൃതികളിൽനിന്നു് ആശയങ്ങൾ പകർത്തീട്ടുള്ളതുകൊണ്ടുമാത്രം, അതു എഴുത്തച്ഛന്റെതല്ലെന്നു പറയാൻ എനിക്കു ധൈര്യമുണ്ടായില്ല. കവിസാമാന്യനല്ലെന്നുള്ളതിനു് അതിലെ പലഭാഗങ്ങൾ പ്രത്യക്ഷസാക്ഷ്യം വഹിക്കുന്നുമുണ്ടല്ലോ. എന്നാൽ ഈയിടയ്ക്കു് ഞാൻ അതിനെ രാമായണചമ്പുവുമായി ചേർത്തുവച്ചു വായിച്ചു നോക്കിയപ്പോൾ അതു് ആ ചമ്പുവിന്റെ ഏറക്കുറെ സ്വാതന്ത്ര്യമായ വിവർത്തനമാണെന്നു നല്ലപോലെ തെളിഞ്ഞു. കഥാവിഭാഗം പോലും മിക്കവാറം ചമ്പുവിനെ അനുസരിച്ചുതന്നെയാണു് ചെയ്തിരിക്കുന്നതു്. എഴുത്തച്ഛൻ ഇങ്ങനെ മറ്റൊരു ഭാഷാകൃതിയെ വിവർത്തനം ചെയ്യാൻ ഒരുങ്ങിക്കാണുകയില്ലെന്നു തീർച്ചയാണു്. അതുകൊണ്ടു് ഇരുപത്തിനാലുവൃത്തം പുനത്തിന്റെ കൃതിതന്നെ ആയിരിക്കാൻ ഇടയുണ്ടു്. എന്നാൽ വേറെ ആരെങ്കിലും പുനത്തിനെ അനുകരിച്ചതായ്‍വരരുതോ എന്നു ചിലർ ചോദിച്ചേക്കാം. അതിനും ഒരു സമാധാനം പറായാനുണ്ടു്. ഇരുപത്തിനാലുവൃത്തത്തിൽ കാണുന്നതും ചമ്പുവിൽ ഇല്ലാത്തതുമായ അംശങ്ങൾ വായിച്ചു നോക്കിയാൽ കവി നല്ല കാവ്യകലാകുശലനായിരുന്നു എന്നു തെളിയും. സ്വതന്ത്രകാവ്യം രചിക്കാൻ ശക്തിയുള്ള ഒരു കവി മറ്റൊരു ഭാഷാകവിയെ ഇങ്ങനെ അനുകരിച്ചുകാണുമെന്നു് എങ്ങനെ വിശ്വസിക്കാം? രാമകഥയെ എല്ലാവരും സന്ധ്യാകാലത്തു ചൊല്ലി പഠിച്ചുകൊള്ളട്ടേ എന്നു വിചാരിച്ചു പുനം കീർത്തനരൂപത്തിൽ എഴുതിയതായിരിക്കാം ഇരുപത്തിനാലുവൃത്തം.
ആരുടെ കൃതിയായിരുന്നാലും ഇരുപത്തിനാലുവൃത്തം ഒരു ഉത്തമകാവ്യമാകുന്നു. അതിനോടു മലയാളികൾക്കു പ്രത്യേക പക്ഷപാതവുമുണ്ടു്. പാഠപുസ്തകക്കമ്മറ്റിക്കാരുടെ സാചീവിലോകത്തിനു പാത്രമായിട്ടും അതു് വിറ്റഴിഞ്ഞുകൊണ്ടാണല്ലൊ ഇരിക്കുന്നതു്. എന്നാൽ ശുദ്ധമായ പാഠം കിട്ടാൻ വളരെ പ്രയാസമായിരിക്കുന്നതു് ഇന്നത്തെ പണ്ഡിതകേസരികൾക്കു അഭിമാനകരമായിരിക്കുന്നില്ല. ഭാഷാരാമായണചമ്പുവും ഒന്നു രണ്ടു് ആദർശഗ്രന്ഥങ്ങളും ചേർത്തുവച്ചു് പരിശോധിക്കുന്ന പക്ഷം ശുദ്ധപാഠങ്ങൾ കണ്ടുപിടിക്കാൻ ഒരു പ്രയാസവുമില്ലെന്നാണു് തോന്നുന്നതു്.
ഇരുപത്തിനാലുവൃത്തത്തിൽ എല്ലാംകൂടി ‘25’ വൃത്തങ്ങളും എണ്ണൂററിൽ പരം പദ്യങ്ങളും കാണുന്നു. വൃത്തങ്ങളെല്ലാം ദേശീയങ്ങളാണു്.
ഒന്നാം വൃത്തത്തിൽ രാവണന്റെ പീഡനിമിത്തം ദേവകൾ മഹാവിഷ്ണുവിനോടു സങ്കടം പറയുന്നതും, അതുകേട്ടു് വിഷ്ണുഭഗവാൻ അവരെ സമാധാനപ്പെടുത്തി അയയ്ക്കുന്നതുമാണു് വിഷയം.
“സൂര്യവംശേ പിറന്നഭൂപാലനാം കോസലവിഷയങ്ങളിലുണ്ടായി
നാമധേയമയോധ്യയെന്നിങ്ങനെ രാജധാനി പുരാ ഹരി ഗോവിന്ദ-
നാലുപാടും വളഞ്ഞൊഴുകീടുന്ന നീലതോയ സരയൂനദികൊണ്ടു
സാരമായ കിടങ്ങുണ്ടുതീർത്തിട്ടു ചാരത്താമ്മാറുമേളത്തിൽ ഗോവിന്ദ.
ഇന്ദ്രസമ്പത്തിനെകൂടെത്താഴ്ത്തീടുന്ന ഭദ്രസമ്പത്തങ്ങുണ്ടതിലെത്രയും
ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന രത്നമാടങ്ങളുമുണ്ടതിൽ ഗോവിന്ദ.
ദിവ്യരത്നങ്ങളേക്കൊണ്ടുദീപങ്ങൾസവ്യസാചികൾ വില്ലാളിവീരന്മാർ
ഹവ്യഗവ്യങ്ങളേക്കൊണ്ടുനിത്യവും ദിവ്യദേവതാ പൂജനം ഗോവിന്ദ.
പത്തുമാറ്റിൻപൊന്നുകൾരത്നത്താൽ വിസ്താരത്തിൽ ചുമച്ചുകിടക്കുന്ന
പത്തനങ്ങളും പത്തുനൂറായിരം ചിത്തരമ്യമിതെത്രയും ഗോവിന്ദ.
മന്ദിരന്തോറുമിന്ദിന്ദിരങ്ങളും മന്ദം മന്ദം മുരണ്ടുനടകൊണ്ടു.
സുന്ദരാംഗിമാരാനനത്തെകണ്ടിട്ടംബുജാതങ്ങളെന്നോർത്തു ഗോവിന്ദ.
മന്നീരേഴും കടക്കണ്ണുകൊണ്ടുടൻ രത്നമാക്കിച്ചമച്ചരികത്താക്കു-
കന്നൽക്കണ്ണിമാരുണ്ടായി പണ്ടതിൽ മിന്നൽപോലെ വിളങ്ങീട്ടു ഗോവിന്ദ.”
ഇങ്ങനെ അയോധ്യാപുരിയുടെ വർണ്ണനയോടുകൂടിയാണു് രണ്ടാം വൃത്തം ആരംഭിക്കുന്നതു്. ഈ ഭാഗത്തെ രാമായണചമ്പുവുമായി സാദൃശ്യപ്പെടുത്തി നോക്കുക. മേദിനീതിലകംപോലെ മേവുന്ന രാജധാനിയിൽ ദശരഥരാജാവു് ‘ഏഴ കോഴകൾ’ കൂടാതെ രാജ്യപരിപാലനം ചെയ്തുകൊണ്ടിരിക്കവെ,
“കളളരെന്നുള്ള ശബ്ദമരിപ്പമാ
യ്വെള്ളരേ പുനരുള്ളൂധരിത്രിയിൽ
ഉള്ളിലാധി മഹാവ്യാധി ലോകനാം
തള്ളിനീങ്ങിപ്പോയക്കാലം ഗോവിന്ദ.”
അദ്ദേഹം ‘അശ്വങ്ങൾ പെരുമാറ്റി’ പലേ അശ്വമേധങ്ങൾ നടത്തി ‘വിശ്വദേവതാമോദം വളർത്തി’യെങ്കിലും, സന്തതിയില്ലായ്കയാൽ ദുഃഖിതനായിത്തീർന്നു. അനന്തരം സുമന്ത്രവചനാനുസാരേണ പുത്രകാമേഷ്ടി നടത്തുന്നതും തത്സമയം,
“ഹവ്യവാഹനകുണ്ഡത്തിൽനിന്നുണ്ടായ്
ദിവ്യനായൊരു പുരുഷനന്നേരം
കയ്യിൽമേവിനപായസം ഭൂപന്റെ
കയ്യിൽവെച്ചിട്ടു്”
മറയുന്നതും ആ പായസത്തെ രാജാവിന്റെ ഭാര്യമാർക്കായി പങ്കിടുന്നതും വളരെ ചുരുക്കിയെങ്കിലും സരസമായി വർണ്ണിച്ചിരിക്കുന്നു. രാജ്ഞിമാർ പായസം ഉണ്ട മാത്രയിൽ ഗർഭം ധരിച്ചു. കാലക്രമേണ,
[4] “പൊന്മണി കുംഭംപോലെ വിളങ്ങുന്ന
നന്മുലയിണചാഞ്ഞു കൌസല്യേടെ
ഇമ്മൂന്നുലോകംപെറ്റ ഹരജന്മം
കാണ്മാനെന്നപോലെ ഹരിഗോവിന്ദ.”
രാമാവതാരം ആസന്നമായപ്പോൾ, നവഗ്രഹങ്ങളെല്ലാം ഭദ്രരാശികളിൽ സ്ഥിതിചെയ്തു. നാകഭേരികൾ താനേ മുഴങ്ങി; ലോകമാനസജാലം തെളിഞ്ഞു; നാകനാരികൾ ആടുകയും പാടുകയും ചെയ്തു.
“നക്ഷത്രങ്ങൾ തെളിഞ്ഞു ഗഗനത്തിൽ
ദിക്കുകൾ പത്തുമൊക്കെപ്രകാശിച്ചു;
അർക്കസോമനും സുപ്രഭ കൈക്കൊണ്ടു;
ലക്ഷ്മിവർദ്ധിച്ചു ഭൂമിയിൽ ഗോവിന്ദ.
സൂതികാലമണഞ്ഞതറിയിപ്പാൻ
ദൂതനെപ്പോലെ നീളേ നടന്നുടൻ,
പൂതിഗന്ധം കളഞ്ഞുസുഗന്ധവാ-
നായി വീശീ തദാ വായു ഗോവിന്ദ.
[5] “യാതുകൂരിരുൾ നീക്കിക്കളവാനും
ലോകകൈരവബോധം വളർത്താനും
കൌസല്യാദേവിപൂർവാചലേ രാമ-
ചന്ദ്രൻ ജാതനായമ്പോടു ഗോവിന്ദ.”
ചന്ദ്രൻ കർക്കടകത്തിലും പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥാനങ്ങളിലും നില്ക്കവേ ആയിരുന്നു രാമചന്ദ്രന്റെ ജനനം.
[6] “ഉണ്ണിയുണ്ടായ സന്തോഷം കൊണ്ടുടൻ
പുണ്യലോകായ ഭൂതികൊടുക്കയാൽ”
ദശരഥമഹാരാജാവിനു ‘ആലവട്ടം കുടതഴയെന്നിയേമറ്റൊന്നും ശേഷിച്ചി’ല്ലത്രേ. മറ്റുദേവിമാരും ഭരതാദികളെ പ്രസവിച്ചു. ഇവിടെ രണ്ടാം വൃത്തം അവസാനിക്കുന്നു.
സീതാപരിണയംവരെയുള്ള ഭാഗമാണു് മൂന്നാം വൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.
‘അഖിലനയനാമോദകര’നായ ശ്രീരാമചന്ദ്രൻ മൂന്നു സഹോദരന്മാരോടുകൂടി “പ്രതിപദുഡുനാഥൻ” എന്നപോലെ വളർന്നുവന്നു. അക്കാലത്തു ഒരു ദിവസം വിശ്വാമിത്രമുനി അയോദ്ധ്യയിൽചെന്നു്,
‘ബാലകനെത്തരികയെന്നുടെ യാഗക്രിയ കഴിച്ചുകൊൾവാൻ’ എന്നു് ദശരഥനോടു അപേക്ഷിച്ചു.
“മുനിപ്രവരകുശികസുത ചെറുപ്പമത്രേ മമ മകനു
നമുക്കിവനെപ്പിരിഞ്ഞിരുന്നാലരക്ഷണം പൊറുക്കയില്ല
സമസ്തകർമ്മപ്രതിപക്ഷികൾ കഴുത്തറുത്തു സവനരക്ഷ
വരുത്തുന്നുണ്ടു വയമപി ച രാമ രഘുനാഥജയ.”
എന്നു പറഞ്ഞു് ദശരഥൻ ഒഴിയുവാൻ നോക്കി. എന്നാൽ,
“ചെറുപ്പമല്ല തവ മകനു ജഗത്ത്രിതയപരമഗുരു
വലിപ്പവുമിന്നവനെത്രയെന്നറിഞ്ഞതില്ലയൊരുപുരുഷൻ.
വലിപ്പമെഴുമസൃക്പവനമഹാ പാവകനവനതിനു
വികല്പമില്ല നൃപതിവര…”
എന്നു് പറഞ്ഞിട്ടു് വിശ്വാമിത്രൻ കോപത്തോടുകൂടി പോവാൻ ഭാവിക്കവേ, മഹാരാജാവു് വസിഷ്ഠോപദേശമനുസരിച്ചു് രാമലക്ഷ്മണന്മാരെ അദ്ദേഹത്തിനോടുകൂടി അയച്ചു. വിശ്വാമിത്രൻ അവർക്കു ബലയും അതിബലയും ഉപദേശിച്ചുകൊടുത്തു. ഈ ഘട്ടത്തെ കവി വളരെ ചുരുക്കിക്കളഞ്ഞുവെങ്കിലും താടകയുടെ വരവിനെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. രാക്ഷസിയെങ്കിലും സ്ത്രീജനമായതുകൊണ്ടു് അവളെ കൊല്ലുന്നതിനു രാഘവൻ മടിച്ചു. എന്നാൽ മുനിയുടെ ഉപദേശമനുസരിച്ചു്,
“പെൺകൊലയിലുദിച്ച കൃപശരത്തിൽ മുനമുകളിൽവച്ചിട്ടു് അമ്പിനോടു വലിച്ചൊന്നെയ്തു.” ആ ശരമേറ്റിട്ടു, താടക ‘വമ്പിച്ചൊരു മലകണക്കെ’ നിലത്തു പതിച്ചു. അനന്തരം വിശ്വാമിത്രൻ സിദ്ധാശ്രമം പ്രാപിച്ചിട്ടു്, ശുദ്ധികർമ്മം തുടങ്ങിയപ്പോൾ ഉദ്ധതന്മാരായ നിശിചരർ പലവിധ വിഘ്നങ്ങൾ ചെയ്തുതുടങ്ങി. എന്നാൽ സുബാഹുപ്രമുഖന്മാരെ കൊന്നൊടുക്കീട്ടു്, രാമചന്ദ്രൻ അദ്ദേഹത്തിന്റെ യാഗരക്ഷ ചെയ്തയാൽ, മുനി സന്തുഷ്ടനായി. അഹല്യമോക്ഷത്തെ കവി ഒരു പദ്യത്തിൽ കഴിച്ചുകൂട്ടിയിരിക്കുന്നു. പിന്നീടു് രാമചന്ദ്രൻ മിഥിലാപുരിക്കു ചെന്നു് പുരഹരചാപം ഭഞ്ജിച്ച് സീതയെ പാണിഗ്രഹണം ചെയ്തു. വിവാഹത്തിനു ദശരഥാദികളെയും ക്ഷണിച്ചുവരുത്തിയിരുന്നു. അനന്തരം അയോധ്യയിലേയ്ക്കു തിരിച്ചു പോകും വഴിക്കു് ‘പുരത്രയത്തെപ്പൊരിച്ച മമ പരമഗുരുപുരഹരന്റെ കുലവില്ലിനെയൊടിച്ച നിന്റെ കരമൊടിപ്പൻ’ എന്നു പറഞ്ഞുകൊണ്ടു് പരശുരാമൻ എതിരിട്ടു. തത്സമയം, പടജനങ്ങൾ എല്ലാം ആക്ഷത്രതേജോനിധിയായ മുനിയുടെ കനൽക്കണ്ണുകൾകണ്ടു് ഭയപ്പെട്ടു ഓടിക്കളഞ്ഞുവത്രേ. എന്നാൽ,
“ജഗൽപവിത്രതര പുരുഷരെത്തിർപ്പതിന്നു തുനിഞ്ഞളവിൽ
രവിപ്രഭകളടലിൽ ജനനയനങ്ങളിലടിപ്പിച്ചുടൻ
പതുപ്പിൽവിളിച്ചനുസരിച്ചു സമർപ്പിച്ചുതൽകുലചിലയും
മുനിപ്രവരൻ നടന്നു”വത്രേ.
രാമചന്ദ്രന്റെ യൌവരാജ്യാഭിഷേകത്തിനുള്ള ഒരുക്കവും കൈകയി നിമിത്തം നേരിട്ട വിഘ്നവും നാലാം വൃത്തത്തിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു. അഞ്ചാംവൃത്തം ആപാദചൂഡം അകൃത്രിമരമണീയമായിട്ടുണ്ടു്. രാമചന്ദ്രൻ വനത്തിലേയ്ക്കു പുറപ്പെടാൻ ഭാവിക്കുന്നതു കണ്ടു് സീതയുംകൂടെ പുറപ്പെട്ടു. തത്സമയം ഭഗവാൻ,
“കാന്താരവിന്ദായതാക്ഷീ മനോജ്ഞേ!
കാന്താരവാസം നിനക്കാവതല്ലേ.
ശാന്തേ! കുടുംബപ്രിയേ! താതപാദം
കാന്തേ! ഭജിച്ചീടു ശ്രീരാമരാമ.
വൈദേഹി! പോരേണ്ട പോരേണ്ട ബാലേ!
പൈദാഹശാന്തിക്കുപായങ്ങളില്ലേ
ഹേദേവി! കല്ലുണ്ടു മുള്ളുണ്ടു കാട്ടിൽ
പാദവ്യഥയ്ക്കങ്ങു ശ്രീരാമരാമ.”
എന്നിങ്ങനെ തടസ്സം പറഞ്ഞപ്പോൾ,
“എന്നാര്യപുത്രൻ വനത്തിന്നുപോയാൽ
പിന്നെപ്പുരീവാസമെന്തിന്നുവേണ്ടി?
നിന്നോടുകൂടീട്ടു പോരുന്നുഞാനും
എന്നാൾമനോജ്ഞാംഗി…”
സൌമിത്രിയും അദ്ദേഹത്തിനോടുകൂടെ പുറപ്പെട്ടു. മാലോകരോ,
‘ഗാഢംവളർന്നോരുദുഃഖേനലോകർ
ചാടിച്ചുകണ്ണീരുമാബാലവൃദ്ധം’
ചാടിപ്പുറപ്പെട്ടു്, രാമന്റെ വനയാത്രയെ തടയാൻ നോക്കി.
“കാണിക്ഷണം നിന്നെ വേർവിട്ടിരുന്നാൽ
ദീനത്വമുൾക്കൊണ്ടു ദുഃഖിക്കുമസ്മാൻ
കാണാതെവേർവിട്ടു നീ പോകിലിപ്പോൾ
പ്രാണങ്ങൾ പോകുന്നു…”
എന്നു അവർ വിലപിച്ചു. രഘുരാമനാകട്ടെ ‘പാരിച്ച കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന താതനെ’ ചാരുസ്മിതം തൂകി വന്ദിച്ചുകൊണ്ടാണു് വനത്തിലേക്കു പോയതു്. എന്നാൽ സീതയുടെ വനസഞ്ചരണഖേദം കണ്ടപ്പോൾ ആ ഗംഭീരാശയനുകൂടി കണ്ണീരു വന്നുപോയത്രേ. ദേവിയോ,
“രാമാംഘ്രിതട്ടുന്ന പാഷാണവുംപോയ്
സ്ത്രീരൂപമായ്‍വന്നുവെന്നോർത്തുതാനോ?
സീതാ ന സസ്മാര പാദവ്യഥാന്താം
സഞ്ചാരഖിന്നാപി ശ്രീരാമ രാമ!”
ഭരതപ്രതിജ്ഞാവരെയുള്ള ഭാഗത്തെ വളരെ സംക്ഷേപിച്ചിരിക്കുന്നു.
ദണ്ഡകാരണ്യപ്രവേശത്തോടുകൂടി 6-ാം വൃത്തം തുടങ്ങുന്നു. രാമചന്ദ്രൻ ദണ്ഡകാരണ്യത്തിൽ ‘പുഷ്പതദ്രുമ രാജിദത്ത വിലോചന’നായി നടക്കവേ, വിരാധൻ എന്ന രാക്ഷസൻ ‘പുഷ്പസായക ദേവത’യായ സീതാദേവിയെ അപഹരിച്ചുകൊണ്ടു് ആകാശത്തിലേക്കു ഉൽപ്പതിച്ചു. എന്നാൽ രാമശരാഗമനത്താൽ അവൻ ദേവിയെ ഉപേക്ഷിച്ചുകളഞ്ഞിട്ടു് ഉഗ്രന്മാരായ രാമലക്ഷ്മണന്മാരെ തോളിൽ എടുത്തുകൊണ്ടു മേല്പോട്ടുയർന്നുവത്രേ. ഇങ്ങനെ പല സ്ഥലങ്ങളിൽ കവി വാല്മീകിയെ അനുസരിക്കാതെ ചമ്പൂകാരന്മാരെ അനുസന്ധാനം ചെയ്തു കാണുന്നു.
വിരാധനെ വധിച്ചതിനുശേഷം അഗസ്ത്യാശ്രമപ്രാപ്തിവരെയുള്ള ഭാഗത്തെ ചമ്പൂകാരന്മാരെപ്പോലും തോല്പിക്കുന്ന സംസ്കൃതപ്രധാനമായ മണിപ്രവാളത്തിൽ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
“പ്രാണധാരണഗാത്രവാൻ ശരഭംഗമാമുനി മൈഥിലീ-
പ്രാണനാഥസമാഗമേ പരലോകമാപ സുഖാവഹം;
പ്രീണനായ നടന്നു ദണ്ഡകവാസിനാം യമിനാന്ധനുർ
ബാണപാണിരഗസ്ത്യവാസമവാപ രാമ ഹരേ ഹരേ.”
മഹർഷി രാവണൻനിമിത്തം നേരിട്ട സങ്കടങ്ങളെ വിവരിച്ചു കേൾപ്പിക്കുന്ന ഭാഗം ഹൃദയംഗമമായിരിക്കുന്നു.
“ഉണ്ണിരാഘവാ! നിയടുത്തടുത്തിങ്ങുപോരിക ബാലക
കണ്ണൊരിത്രയെനിക്കുകാണ വയസ്സനേകമതീതമായ്;
എണ്ണുകിൽശതമല്ല രാമ! പിടിച്ചു രാക്ഷസഭക്ഷിതം [7] ഉണ്ണിദണ്ഡജിനാദികാണിതു രാമ രാമ ഹരേ ഹരേ.
ഹന്തരാക്ഷസ കുന്തപാതാൽ മദീയദന്തമടന്നുപോയ്
ചിന്തനീയമിതല്ലി? രാമ മദീയവേദനമെന്നിയേ;
മന്ഥരാഗമിയായിമാമക ഗാത്രമേക നടിക്കയാ-
ലന്തരാളസമാഗമേ ഹരി…
ദണ്ഡപാണിരിവാത്രവന്നൊരു രാക്ഷസൻ മടിയാതുടൻ
ദണ്ഡുകൊണ്ടുകുമച്ചുനമ്മുടെ കണ്ണുമൊന്നുപൊടിഞ്ഞുപോ
ചണ്ഡഭാനുകുലാവതംസ! മദീയദണ്ഡമിതിൽപ്പരം
ദണ്ഡതാഡനമെത്ര രാഘവ! …
ഊക്കനാകിയരാഘവൻ പുനരൂക്കുകൂടി മുടക്കിനാൻ
വാക്കുകേൾക്കിലതിപ്പൊഴും മമ മൂത്രപാതമുടൻവരും,
സാക്ഷിദൈവമൊഴിഞ്ഞു മറ്റൊരുഭൂതരില്ലനമുക്കുകേൾ
തീർക്ക നമ്മുടെ സങ്കടങ്ങളെ രാമ രാമ ഹരേ ഹരേ.”
അഗ്നിസമനായ മുനിയുടെ വാക്കു കേൾക്കയാൽ “ശർവഫാലവിലോചനോപമലോചന’നായിത്തീർന്ന രാമചന്ദ്രൻ ‘സർവരാക്ഷസവീരവംശപ്രതിജ്ഞ’ ചെയ്തിട്ടു്, ‘ഉർവരാമൃതം നൽകി’. അനന്തരം അദ്ദേഹം അഗസ്ത്യദത്തമായ ശാർങചാപവും ശരധിയും വാളും വാങ്ങി കൊണ്ടു് ‘തീർത്ഥഭൂതജലപ്രവാഹ മഹാനദീനികട’സ്ഥമായ ചിത്രപഞ്ചപടി പ്രാപിച്ചു് അവിടെ പാർത്തു.
ഏഴാം വൃത്തത്തിൽ സീതാപഹരണംവരെയുള്ള കഥ ചേർത്തിരിക്കുന്നു.
രാവണാനുജയായ ശൂർപ്പണഖ, ‘മനോഭിരാമചാരുരൂപധാരിണി’യായിട്ടു് അംബരത്തിൽനിന്നു ഇറങ്ങിവന്നു്,
“എനിക്കുകാന്തനില്ല രാമ! നീയെനിക്കു കാന്തനായ്
ഭവിക്കവേണമംഗജാതുരയ്ക്കു സുന്ദരാനന!
മരിക്കുമല്ലയായ്കിൽഞാനരക്ഷണേന മാരമാൽ
മുഴുക്കകൊണ്ടു രാഘവ! മുകുന്ദരാമ പാഹിമാം.
എന്നു സപ്രഗല്ഭം രാമചന്ദ്രനോടു പറഞ്ഞു.
രാമനാകട്ടെ, ‘പതുപ്പിൽവച്ചു സുന്ദരീം ചിരിച്ചുകൊണ്ടു്’ ഇങ്ങനെ അരുളിച്ചെയ്തു.
“വരിച്ചുകൊൾക നീ ജഗൽപ്രസിദ്ധമാത്മസോദരം
സമസ്തകാമപൂരണം മുകുന്ദരാമ പാഹിമാം.’
ലക്ഷ്മണൻ അവളെ അനാദരിക്കയാൽ, അവൾ അദ്ദേഹത്തിനെ എടുത്തുകൊണ്ടു് ആകാശത്തിലേയ്ക്കു ഉയർന്നു. ഗത്യന്തരമില്ലാതെ ലക്ഷ്മണൻ അവളുടെ ‘കർണ്ണനാസികാം’ അരികയും അവൾ ‘മുറിച്ചചീനിപോലെ’ നിലത്തു പതിക്കയും ചെയ്തു.
ഇവിടെയെല്ലാം കവി ഭാഷാരാമായണം ചമ്പുവിനെയാണു് അനുസന്ധാനം ചെയ്തിരിക്കുന്നതു്.
‘ക്ഷോണീതലത്തിൽ ചീനികണക്കെ വീണു’ എന്നു ചമ്പുവിലും,
‘മുറിച്ചു ചീനിപോല ഭൂതലത്തിൽ വീണു രാക്ഷസി’ എന്നു ഇരുപത്തിനാലുവൃത്തത്തിലും കാണുന്നതു നോക്കുക.
ഖരദൂഷണ ത്രിശിരാക്കളുമായുള്ള യുദ്ധത്തിന്റെ വർണ്ണന അനതിവിസ്തരമെങ്കിലും സുന്ദരമായിരിക്കുന്നുണ്ടു്.
ശൂർപ്പണഖയുടെ സങ്കടം കേട്ടു് ഖരൻ ‘ചതുർദ്ദശാശരാധിപ’രെ അയച്ചു. എന്നാൽ,
“തനിച്ചുപോരിനാഞ്ഞു വന്നെതിർത്തകണ്ടു രാഘവൻ
കുലച്ചുവില്ലുസായകം തൊടുത്തയച്ചുസത്വരം.
ശരപ്രഭിന്നകന്ധരാശ്ചതുർദ്ദിശം പതിച്ചുപോയ്
ച്ചതുർദ്ദശാശരാധിപാഃ…”
അതു കണ്ടു് അയാൾ ‘ഉരത്തരോഷവാ’നായിട്ടു് ‘ദൂഷണത്രിമൂർദ്ധനാ’ദിരാക്ഷസന്മാരെ സസൈന്യം അയച്ചു. ഈ യുദ്ധം വളരെ ഘോരമായിരുന്നു.
“തുരംഗതുംഗകണ്ഠബദ്ധകിങ്കിണീഘണാഘണ-
ധ്വനിപ്രതിധ്വനിപ്രഘോഷിതാംബരം നിരന്തരം;
മദംമുഴുത്തുയർന്നു ഹസ്തിവൃന്ദബദ്ധശൃംഖലാഝലദ്
ഝലൽപ്രഘോഷിതം മുകുന്ദ…”
“സമന്തതസ്സമുദ്രമങ്ങിരച്ചുവന്നു മുക്കുവാൻ”
വരുന്നപോലെ രാക്ഷസസൈന്യം വരുന്നതുകണ്ടു് ശ്രീരാമൻ ലക്ഷ്മണനെ വിളിച്ചു് ജാനകീദേവിയെ രക്ഷിച്ചുകൊള്ളണമെന്നു് ആജ്ഞാപിച്ചതിന്റെ ശേഷം ‘അരക്ഷണേനരക്ഷസാംകുലം’ അറുതിവരുത്താനായി പുറപ്പെട്ടു.
[8] “ദ്വിസപ്തകംസഹസ്രമുള്ള രാക്ഷസർക്കു സംഗരേ
എനിക്കെനിക്കിതേകനുണ്ടിതെന്നുതോന്നുമാറുടൻ”
എതിർത്ത രാമചന്ദ്രന്റെ വിക്രമത്തെ പുകൾത്താൻ പണിയാണത്രേ.
“പ്രവൃദ്ധയുദ്ധരാമപത്രികൃത്തകണ്ഠനിർഗ്ഗളൽ
പ്രവൃദ്ധരക്തപാനമത്തചിത്തകങ്കഭീഷണം
മുഴുത്തയുദ്ധവിക്രമം”
നിരീക്ഷിക്കുന്നതിനായി സുരാവലി വിയത്തിൽ വന്നു തിങ്ങിനിന്നു. എന്തിനധികം വിസ്തരിക്കുന്നു.
“ത്രിലോകനാഥപത്രികൊണ്ടു ചത്തുവീണുദൂഷണൻ
ത്രിലോകനാഥദൂഷണം ദുരുക്തികൊണ്ടു രാമനും
ത്രിഭിശ്ശരൈരറുത്തുടൻ ത്രിമൂർദ്ധകംജിതശ്രമ-
മബാധയായ് ജഗത്ത്രയം…”
അനന്തരം ഖരൻ എതിരിട്ടു. എന്നാൽ രാമചന്ദ്രൻ അരക്ഷണത്തിൽ, ‘കനത്തവില്ലെടുത്തുടൻ കുലച്ചുബാണവും തൊടുത്തയച്ചു്’ ‘രഥദ്ധ്വജപതാകയും രഥം തുരംഗമങ്ങളും’ ധനുസ്സും മുറിച്ചു നിലത്തുവീഴ്ത്തി. ഖരനാകട്ടെ,
“രവിപ്രഭം ചതുർഭുജം സശംഖചക്രസംഭൃതം
ജ്വലൽകിരീടകുണ്ഡലം പുരാണപൂരുഷം ഹരിം”
ഉദിച്ചു കാണുകയാൽ ‘തൽക്ഷണം മരിക്കനല്ലു’വെന്നുറച്ചുകൊണ്ടു് രാമചന്ദ്രനെ എതിർത്തു.
“ഖരസ്യ തസ്യ കണ്ഠവുംമുറിച്ചു വിശ്വനായകൻ
പരംപുരത്തിലാക്കിനാൻ സുഖിച്ചിരിപ്പതിന്നുതാൻ
സുരപ്രമുക്തപുഷ്പവൃഷ്ടിയേറ്റുയുദ്ധഭൂമിയിൽ
ധനുസ്സുമുന്നിനിന്ന രാമചന്ദ്രരാമപാഹിമാം.”
ഈ ഭാഗത്തെ രാമായണചമ്പുവുമായി ചേർത്തുവച്ചു വായിച്ചു നോക്കുക. ഖരവധാനന്തരം ശൂർപ്പണഖ രാവണന്റെ അടുക്കൽ പരാതി പറഞ്ഞു. രാവണൻ മാരീചനെ പറഞ്ഞയക്കുന്ന ഘട്ടംമുതൽക്കു സീതാപഹരണം വരെയുള്ള ഭാഗത്തേയും വളരെ ചുരുക്കിയിരിക്കുന്നു.
എട്ടാംവൃത്തത്തിൽ രാമചന്ദ്രന്റെ വിലാപവും സുഗ്രീവസഖ്യവും ആണു് വർണ്ണിച്ചിരിക്കുന്നതു്. ശ്രീരാമവിലാപം ശിലയുമലിയുമാറുകരുണമായിരിക്കുന്നു.
“മമ തരുണീസീതേ! പുനരെവിടെനീപോ-
യരികിൽ മമ വാവാ സകലഗുണപൂർണ്ണേ!
തവമുഖസരോജം തരളമിഴികാണാ-
ഞ്ഞഴൽമനസി പാരം പരമശിവശംഭോ.
കനകമൃശതൃഷ്ണാ പെരുതുപുനരെങ്കിൽ
കഴിവതിനുമുണ്ടെന്നറിക മമ സീതേ! [9] കമലമുഖി! ചന്ദ്രേ ഹരിണമിത വാവാ
കലഹമിഹപോരും…
മൃഗതരുണിമാലേ! വരികരികിൽ ബാലേ
മൃഗനയനമാരാഭരണമണി സീതാ
കമലമുഖിദീനാ പുനരെവിടെ ലീനാ?
പറകപരമാർത്ഥം…
കുരരി! ബത! നീയും വയമിവ ചമഞ്ഞോ?
പ്രലപസി നിതാന്തം തനുരുചികുറഞ്ഞും;
പ്രിയതമയെയും ഞാൻ വനഭുവിതിരഞ്ഞ-
ങ്ങുഴലുവതിനാഞ്ഞു…
തുളസിനറുമുല്ലേ! മൃദുലതനുവല്ലീ
പരിലസിതചില്ലീയുഗചലിതമല്ലീ;
ലതകളുലകെല്ലാമഴകിനൊടുവെല്ലു-
ന്നവളരികിലില്ലേ?…
ഫലഭരണനമ്രാ ബകുളപനസാമ്രാ
മധുരതരമാമ്രാതക പറക കമ്രാ
കുചഭരണനമ്രാ മമ തരുണി താമ്രാ-
ധരിയെവിടെ ലീനാ?…
സ്ഥിരചരജനിത്രീ വദവദ ധരിത്രീ
തവ മഹിതപുത്രീ മധുരതരഗാത്രീ
മമ സുഖജനിത്രീ സുചരിതകളത്രീ
കൃതിയെവിടെ ലീനാ?…
ദുഃഖാതിരേകത്താൽ രാമചന്ദ്രൻ കേവലം ഉന്മത്തനായിച്ചമഞ്ഞു.
‘കമലമിഴിഘോരേ പയസിമുഴുകിപ്പോയ്
കരമിതിഹ കാണായനുജി കരയേറ്റീ-’
‘ടറിക രഘുനാഥ കരകമലമല്ലേ
ജലകമലമത്രേ’…
‘കമലവനമദ്ധ്യേ കളമൊഴിചിലമ്പിൻ
കളകളനിനാദം ചെവിയിലിതകേൾക്കായ്,
‘പദകമലമഞ്ജീരജനിനദമല്ലേ
കരകയരയന്നം’… [10]
‘തരുതടമിതല്ലോ തണലിലിഹപോരെ’
‘ശശികിരണമത്രേ കടുവെയിലിതല്ലേ’;
‘ഹിമകരനുദിച്ചാൽ വപുഷിചുടുമോ മേ?’
‘അതുമദനതാപം പരമശിവശംഭോ.’
വിരഹമപി വിദ്രാവയസി സഹവാസാ-
ദതികലഹമുദ്രേ വരിക വരികനിദ്രേ;
സകലജനഭദ്രേ മയിതവ ഹൃദാർദ്രം
കുരു കൃപ വിനിദ്രേ…”
‘രഘുവരനിവണ്ണം വിരഹതുയിർപൂണ്ടും’ ‘ജനകനൃപപുത്രീമിടയിടെ വിളിച്ചും’ ‘വിളിയവളുകേളാഞ്ഞരിശമകതാരിൽ പെരുകിയും’ ചുറ്റിനടന്നു.
“കമലനിരകാണുന്നളവരിയകണ്ണും
പരിചിനൊടുചേർത്തും തെരുതെരെനടന്നു.
മലയപവമാനൻ വരുമളവിലയ്യോ
മരണമുടനെന്നും…
വനഭുവി നടന്നും ദിശി ദിശി തിരഞ്ഞും
അനുജനെ മറന്നും പലവഴിയലഞ്ഞും
ചിലകുറികരഞ്ഞും നിജതനുമെലിഞ്ഞും
വിവശതപിണഞ്ഞും…
നടക്കവേ രാമചന്ദ്രൻ കബന്ധനുമായി എതിരിട്ടു് അദ്ദേഹത്തിനു സൽഗതി നൽകയും ശബര്യാശ്രമത്തിൽ ചെന്നു് ആ ദേവിയുടെ സപര്യ ഏൾക്കുകയും ചെയ്തു. അനന്തരം ഹനുമാനെ കണ്ടു മുട്ടിയിട്ടു് അദ്ദേഹം വഴിക്കു് സുഗ്രീവനുമായി സഖ്യം ചെയ്തശേഷം കുറേക്കാലം കിഷ്കിന്ധയിൽ പാർത്തു.
ഒൻപതാം വൃത്തത്തിൽ ബാലിവധമാണു വിഷയം. കഥയെ വളരെ ചുരുക്കിയിട്ടുണ്ടെങ്കിലും സ്വഭാവരചനയിൽ കവിയ്ക്കുള്ള പാടവം ഇവിടെ നല്ലപോലെ പ്രത്യക്ഷപ്പെടുന്നു. സുഗ്രീവൻ ബാലിയെ യുദ്ധത്തിനു വിളിച്ചു. പേടിച്ചു് ഓടിപ്പോയ ശത്രു യുദ്ധത്തിനു വന്നു വിളിക്കണമെങ്കിൽ ഏതോ ഒരു നല്ല പിന്തുണ ഉണ്ടായിരിക്കണമെന്നു പറഞ്ഞു് താര ബാലിയേ തടഞ്ഞുനിർത്താൻ നോക്കി. എന്നാൽ ബാലി പറഞ്ഞതിങ്ങനെയാണു്.
“ക്ഷീരസാഗരം പണ്ടുകടഞ്ഞനാൾ
നാരായണനേയും വിസ്മയിപ്പിച്ചു,
താരേ! നിന്നെയുംകൊണ്ടുവന്നീടിന
വീര്യം നീയറിഞ്ഞീലയോ? ഗോവിന്ദ.
ശത്രുവിനിന്നു ശുക്രൻതുണയ്ക്കിലും
ഉഗ്രനുഗ്രനായ്‍വന്നു തുണയ്ക്കിലും;
വിഷ്ണു, താമരനേത്രൻ തുണയ്ക്കിലും
നില്ക്കയില്ലെന്റെ സംഗരേ ഗോവിന്ദ.”
എന്തൊരു ഔദ്ധത്യം! നോക്കുക. ബാലി യുദ്ധത്തിനു പുറപ്പെടുകതന്നെ ചെയ്തു. സുഗ്രീവനെ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“മുന്നെനിന്നെക്കൊലചെയ്യാഞ്ഞിട്ടല്ലോ
പിന്നെയും പോരിനെന്നേ വിളിക്കുന്നു:
ഇന്നി യുദ്ധത്തിനായ് വിളിച്ചീടുവാൻ
നിന്നെമീളുന്നോനല്ലഞാൻ ഗോവിന്ദ.”
ഇതുകേട്ടപ്പോൾ സാധു സുഗ്രീവൻ കൈകൂപ്പി വന്ദിച്ചിട്ടു് ബാലിയുടെ പാദത്തിൽ വീഴുകയാണു് ചെയ്തതു്. പാദം പണിഞ്ഞ സഹോദരനെ രക്ഷിക്കാതെ അദ്ദേഹം ‘ഉടൽ പൊട്ടുമാറു ചവുട്ടുകയാൽ’ സുഗ്രീവൻ ജാതകോപം യുദ്ധത്തിനു തുടങ്ങി. പിന്നീടു നടന്ന സമരം ജീവലോകങ്ങൾ വിസ്മയിക്കുമാറു ഘോരമായിരുന്നു.
“മുഷ്ടികൊണ്ടുടൻ പൊട്ടിസുഗ്രീവന്റെ
വട്ടക്കണ്ണുമിഴിക്കുന്ന നേരത്താ”
ണു് ശിഷ്ടപാലകനായ രാമചന്ദ്രൻ ശരം പ്രയോഗിച്ചു ബാലിയെ നിഗ്രഹിച്ചതു്. ഇങ്ങനെ പല സ്ഥലങ്ങളിൽ കവി കഥാഗതിയെ സാരമായ വിധത്തിൽ മാറ്റീട്ടുണ്ടു്. ആ ഭേദഗതികളെല്ലാം ഉചിതമായിരിക്കയും ചെയ്യുന്നു.
പത്താംവൃത്തത്തിൽ, ഹനൂമാൻ സമുദ്രലംഘനത്തിനു ഒരുങ്ങുന്നതുവരെയുള്ള കഥ ഉൾപ്പെട്ടിരിക്കുന്നു.
രാമചന്ദ്രൻ ‘കോടക്കാർകൂന്തലാൾ സീതാവിയോഗത്താൽ ആടൽപ്പെട്ടു്’ വസിക്കുന്നകാലത്തു് ‘കോടക്കാർ വന്നു ചേരുകയാൽ വിരഹച്ചുടു പിടിപെട്ടു്’ അദ്ദേഹത്തിന്റെ ശരീരം വാടിയത്രേ. നാലുമാസകാലം അദ്ദേഹത്തിനു ‘ നാലായിരത്താണ്ടാ’യി തോന്നി. സുഗ്രീവൻ വാഗ്ദത്തമനുസരിച്ചു് സീതാന്വേഷണത്തിനു് ആളയച്ചതുമില്ല. അതുകൊണ്ടു് ശ്രീരാമൻ സൌമിത്രിയെ തത്സന്നിധിയിലേക്കയച്ചു.
“എന്തെന്തുസുഗ്രീവ മൈത്ര്യംമറന്നിങ്ങു
ചിന്തുപാട്ടും കേട്ടിരിക്കുന്നുനീ?
ബന്ധംമുറിഞ്ഞു നടകൊള്ളുമെന്നേടം
ചിന്തിക്ക രാമാഹരേശരണം.
ബാലി കുലപ്പെട്ടു പോയവഴിയിന്നു–തൂർന്നീല”
എന്നു പറഞ്ഞപ്പോൾ സുഗ്രീവൻ,
“വെട്ടുമിടികേട്ടു ഞെട്ടുമരയന്ന
കറ്റക്കിടാവുപോലെ’ ഒന്നുഞെട്ടി.
അനന്തരം കപീന്ദ്രൻസൌമിത്രിയെ സമാധാനപ്പെടുത്തി അയച്ചിട്ടു് സീതാന്വേഷണത്തിനായി കപികളെനിയോഗിച്ചു. തെക്കോട്ടുപുറപ്പെട്ട വാനരന്മാരുടെ കൂട്ടത്തിൽ സുഗ്രീവന്റെ സചിവനായ ഹനൂമാനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലായിരുന്നു ഭഗവാൻ തന്റെ അംഗുലീയം കൊടുത്തയച്ചതു്. ഈ വാനരസൈന്യം ‘ഇക്ഷോണിമണ്ഡലമൊക്കെത്തിരഞ്ഞി’ട്ടും ‘ആ ക്ഷോണിപുത്രി’യെ കണ്ടില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കവെയാണു് സമ്പാതിയെന്ന ഗൃധ്രരാജനിൽനിന്നു്, സീതാദേവി,
“അംബുധിതൻ നടുവിൽവിളങ്ങുന്ന
ലങ്കാനഗരിയിൽ”
ഇരിക്കുന്നു എന്നു് അവർ ഗ്രഹിച്ചതു ഉടൻതന്നെ അവർ അങ്ങോട്ടുതിരിച്ചു് സമുദ്രതീരത്തു എത്തി. എന്നാൽ
“വില്പാടൊരുത്തനരക്കാതമന്യനു-
മപ്പോലെ ഏകനുകാതം ചാടാം.”
അപ്പാരാവാരത്തെ ലംഘിപ്പാൻ ഒരുത്തനും കെല്പില്ലായിരുന്നു. അംഗദനാകട്ടെ,
“ഒന്നുകുതിക്കിൽ മറുകരെച്ചാടുവൻ
ഇങ്ങോട്ടുദണ്ഡം നമുക്കനേകം”
എന്നുപറഞ്ഞു. ഒടുവിൽ ജാംബവാൻ ഹനൂമാന്റെ ഉൽപ്പത്തിമുതല്ക്കുള്ള അത്ഭുതചരിത്രങ്ങളെ പറഞ്ഞു കേൾപ്പിച്ചപ്പോൾ ആ ഭക്താഗ്രണിക്കു് “പത്തിരട്ടിച്ചു പണ്ടേതിൽ ബലവിസ്താരം”. അതിനാൽ അദ്ദേഹം ‘പൂർവാചലത്തിലാദിത്യനെപ്പോലെ മഹേന്ദ്രപർവതത്തിൻ മുകളേറി’ ധനുർബാണധരനായ രാമചന്ദ്രന്റെ പൊല്പാദപങ്കജത്തെ ധ്യാനിച്ചുകൊണ്ടു് സമുദ്രലംഘനത്തിനൊരുങ്ങുന്നതിനോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.
ഇന്ദ്രനെ പേടിച്ചു് ആഴിയിൽ താണു കിടന്നിരുന്ന മൈനാകപർവതം ഹനുമാൻ പോകുംവഴി ‘ഖലദമനവിശ്രമത്തിനായി’ മേൽപ്പോട്ടു പൊങ്ങി. എന്നാൽ ആ രാമഭക്തൻ,
“പെരുകിനനിജോരസസ്തട്ടുകൊണ്ടഞ്ജസാ
ഗിരിലവണവാരിഘൂർണ്ണോപിവീഴും വിധൌ”
ഗുരുമപിച വിസ്മയനായിട്ടു് ഉയർന്നു. തന്നിമിത്തം പർവതം വീണ്ടും വിപ്രവേഷത്തിൽ ചെന്നു്,
“പവനസുത! വിശ്രമിച്ചീടുകിന്നിക്ഷണം
തവഗതിതടുപ്പതിന്നല്ലവന്നൂസഖേ.”
എന്നു അപേക്ഷിച്ചുവെങ്കിലും ഹനുമാൻ യാത്രമുടക്കാതെ ‘യാത്രചൊല്ലി’യിട്ടു് അവിടെനിന്നു് ത്വരിച്ചതേയുള്ളു. പിന്നീടുണ്ടായ ചില പ്രതിബന്ധങ്ങളേയും ജയിച്ചിട്ടു് ഹനൂമാൻ,
“വിശദതരകൌമുദീ പൂരിതാശാമുഖേ
പ്രഥമഗിരമൂർദ്ധനി ചന്ദ്രനുദിക്കുംവിധൌ”
ലങ്കാപുരീ ഗോപുരത്തിൽ എത്തി. അവിടെ വച്ചു്
“അലമലമിതത്രവാസം നിനക്കിന്നുകേൾ
ഇതിഗിരമുടീര്യതന്മാർഗ്ഗസാരോധിനി”
യായി വന്ന ലങ്കാലക്ഷ്മിയെ ‘കവികളുടെയു മാറുതാഡിച്ചു യാത്രയാക്കി’യത്രേ. അനന്തരം അദ്ദേഹം വളഭികളിലും പൊന്മാളികാഗ്രങ്ങളിലും മണിയറകളിലും മച്ചിലും വെണ്മാടങ്ങളിലുമൊക്കെ ഒരു അന്വേഷണം നടത്തി.
[11] “തലമുടിപിടിച്ചഴിച്ചുഗ്രരാത്രിഞ്ചരാ-
വലിഝടിതികൊണ്ടുപോന്നൊരു നാഗാംഗനാ
കലുഷതയിൽ ദീർഘനിശ്വാസകോഷ്ണംതകും
ഗൃഹതതി”
യും അദ്ദേഹം പരിശോധിച്ചു. രാവണന്റെ അന്തഃപുരത്തിൽ ഉളിഞ്ഞു നോക്കിയപ്പോൾ, മണ്ഡോദരി കിടന്നുറങ്ങുന്നതു കണ്ടു്, അവളായിരിക്കുമോ സീതാദേവി എന്നു ആദ്യം സംശയം തോന്നിയെങ്കിലും, അവളെ ‘പതിമരണലക്ഷണ’യായി കാൺകയാൽ അതു ദേവിയല്ലെന്നു തീർച്ചയാക്കികൊണ്ടു് അവിടെ നിന്നു പോയി. ഇങ്ങനെ പല ദിക്കുകളിലും നോക്കിയശേഷം ഒടുവിൽ,
[12] ‘പരമമുനിസേവിതാനന്ദ സംവിൽകലാം
പലതിരയിൽമെല്ലെ കാണുന്നപോലെ കപി-
പ്രവരനിഹസീതയെക്കണ്ടിതു ശിംശപാ
നികടഭുവിവാസിനീം നൌമി നാരായണം’
അവിടെ, ‘ഘനവിടപിജാലശാഖാലതാപഞ്ജരേ’ ‘ദശവദന വർത്തമാനം ധരിച്ചു വിടുവാനാ’യി ഹനൂമാൻ മറഞ്ഞിരിക്കവേ,
“ഝടിതി എഴുന്നേല്ക്ക പോകെന്നുടൻ മേൽക്കുമേൽ
അലസധൃതികേൾക്കുമാറായി കോലാഹലം”
നോക്കിയപ്പോൾ, രാവണന്റെ എഴുന്നള്ളത്താണെന്നു മനസ്സിലായി.
“വലിയ ചിലകൈവിളക്കും പിടിപ്പിച്ചവൻ
നലമൊടെഴുന്നള്ളിനാൻ നൌമി നാരായണം.
വെടിപടഹമദ്ദളം കൊമ്പുതാളങ്ങളും
കുടതഴകളാലവട്ടങ്ങളയ്യായിരം
പുടവകൾ ദുകൂലശയ്യാദിമുക്തൌഘവും
നട നട നടത്തിയും…
ഭുവനമെരിയിക്കുമാറത്തിരിപ്രൌഢികൊ-
ണ്ടുലകിൽ നിശി തിങ്ങുമക്കൂരിരുട്ടാകവേ
ദശവദനമാനസേ ചേർന്നുപോൽ കേവലം
പറകിലതിവിസ്മയം…
ഭുവനമപി പൂരയാമാസ ഭേരീരവൈ-
രവനതസുരാംഗനാനന്ദഗാനങ്ങളും
സവിധഭുവി നാരദൻ വീണവായിക്കയും
നവസരസമാട്ടവും…
സരസമപിരാവണോല്ലാസമാം ഗ്രന്ഥവും
കരതളിരിലങ്ങുടൻ വച്ചുകൊണ്ടന്തികേ
തരളമിഴിസീത കേട്ടീടുമാറാദരാൽ
പൊരുളുബത ചൊല്ലിയും…
പെരിയചിലകാഴ്ചയും വച്ചുവന്നന്തികേ
പരിചിനൊടു നിന്നു മന്ദസ്മിതം ചെയ്തവൻ”
പലേവിധം പ്രാർത്ഥിച്ചു. രാവണന്റെ ശൃംഗാരപ്രാർത്ഥന വളരെ ഹൃദയംഗമമായിരിക്കുന്നു. സാധാരണ സ്ത്രീജനങ്ങളെ വശീകരിക്കാൻ സമർത്ഥമായവിധത്തിൽ അയാൾ പലതും പറഞ്ഞു.
“ഒരു പുരുഷനന്തികേ വന്നു നിന്നിങ്ങനേ
പെരുകിയ മനോജസന്താപമോതീടിനാൽ
അതുമനുസരിക്കയെന്നുള്ളതോ യോഷിതാം
സമുചിതമിതെത്രയും”
എന്നായിരുന്നു രാവണന്റെ ധർമ്മശാസ്ത്രത്തിലെ പ്രധാനവിധി. ഈ പ്രാർത്ഥനയെ ദേവി തിരസ്കരിച്ചപ്പോൾ, രാവണൻ വെട്ടുവാൻ വാളെടുത്തു. അതു കണ്ടിട്ടും ദേവി പറഞ്ഞതു്
“തവമധുരവാക്കുകേട്ടീടുകേക്കാളിനി-
ക്കഹിത! ബത! വെട്ടുവാൻവന്നതത്രേ സുഖം”
ദുർവൃത്തനായ രാവണന്റെ ‘വരഗുണവതീവധാരംഭം’ കണ്ടു് ഉത്തമയായ മണ്ഡോദരി വാൾ പറിച്ചു് ദൂരത്തെറിഞ്ഞുകളഞ്ഞു. എന്നുമാത്രമല്ല,
“ഇരുപതുകവിൾത്തടം പൊട്ടുമാറുച്ചകൈ
രുടനുടനടിച്ചടിച്ചാശുമണ്ഡോദരീ
തലമുടിപിടിച്ചിഴച്ചാത്മനാഥം രുഷാ
മണിയറയിലാക്കിനാൾ…” ദേവിയാകട്ടെ,
ശരണമിനിനീയൊഴിഞ്ഞാരിനിക്കീശ്വരാ!
രമണ! കരുണാകര! പാഹി ലോകേശ മാം
കരുണയിനിയില്ലയെന്നെക്കുറിച്ചെങ്കിലോ
മരണമുടനുണ്ടുമേ നൌമി നാരായണം.
ഇതിദശരഥാത്മജം ചിന്തയന്തീ നിജം
[13] വപുരതി ജൂഹൂഷതീ യോഗിനീവാമലാ
വിരഹകൃശമാത്മവഹ്നൌതദാ ലോചനേ
കമനി നിമിമീല സാ നൌമി നാരായണം.
തൽക്ഷണം
[14] “ജയതു രഘുനായകസ്വാമിനീതിദ്രുതം തിരുവിടപിപഞ്ജരാൽ കാപി സാ വാഗഭൂൽ കിമിദമിതി കൺമിഴിച്ചത്ര കണ്ടീടിനാൾ നതമനിലനന്ദനം…”
അനന്തരം ഹനൂമദൃത്താന്തങ്ങളെല്ലാം ദേവിയെ അറിയിച്ചതിന്റെ ശേഷം അംഗുലീയം കൊടുത്തു് ചൂഡാമണി വാങ്ങിയിട്ടു്,
“വിരവിനൊടൊരാഴ്ചവട്ടത്തിലിങ്ങോട്ടുഞാൻ
മധുരമൊഴികാന്തനെക്കൊണ്ടുവന്നീടുവൻ”
എന്നു പറഞ്ഞു ആ സതീരത്നത്തെ ആശ്വസിപ്പിച്ചു വിടവാങ്ങിക്കൊണ്ടു്,
“സപദി കരണീയമെന്തത്രയെന്നങ്ങുത-
ന്മനസി സ വ്യചിന്തയൽ…”
അതിനോടുകൂടി പതിനൊന്നാം വൃത്തവും അവസാനിക്കുന്നു.
ലങ്കാദഹനം നടത്തിയിട്ടു് ഹനൂമാൻ തിരിച്ചുചെന്നു് രാമചന്ദ്രനെ കാണുംവരെയ്ക്കുള്ള കഥാഭാഗത്തെയാണു് പന്ത്രണ്ടാംവൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.
“രാക്ഷസരെക്കണ്ടുപോയീലനാമെങ്കിൽ
ആക്ഷേപിക്കും നമ്മെ രാക്ഷസരും
മർക്കടവീരന്മാരങ്ങു നാംചെല്ലുമ്പോൾ
ധിക്കരിക്കുംനമ്മെ നാരായണ”
അതിനുംപുറമേ,
“ജാനകീ ചോരനെത്തേജോവധം ചെയ്തു
ഞാനിപ്പുരി ചുട്ടുപോയില്ലെങ്കിൽ
ജാനകീവല്ലഭനുള്ളിലുണ്ടാം ബഹു
മാനക്ഷയം നമ്മിൽ…”
ഈ വിചാരങ്ങളോടുകൂടി ഹനുമാൻ,
“ഉത്തമവൃക്ഷങ്ങൾ പെട്ടെന്നുപൊട്ടിച്ചു
പുത്തൻപൂവല്ലിയും നാരായണ.
തെച്ചിമലരൊക്കത്തച്ചുപൊട്ടിച്ചിട്ടു-
മുച്ചമലരി പറിച്ചെറിഞ്ഞും,
പിച്ചകവല്ലി പറിച്ചുതിരുമ്മിയു-
മൊച്ചകൊള്ളിപ്പിച്ചും…
ആനകണക്കേ മദിച്ചുതിമർത്തവൻ
കാനകനാറി പറിച്ചെറിഞ്ഞും,
ഊനംവരുത്തിനാൻ ചെമ്പകംചേമന്തി
ചെമ്പരത്തിയേയും…
ഒപ്പത്തിൽനട്ടു നനച്ചുയർത്തീടുന്ന
കല്പകവൃക്ഷം പറിച്ചെറിഞ്ഞും,
ശില്പംപെരുകിന പൂവല്ലിവൃന്ദങ്ങൾ
എപ്പേരും ഭഞ്ജിച്ചു…”
ഉദ്യാനപാലന്മാർ വഴിക്കു് ഈ വിവരങ്ങൾ അറിഞ്ഞു രാക്ഷസന്മാർ ‘ഉദ്യാനവൈരായിതന്മാരായിട്ടെത്തി മരിച്ചു’. പഞ്ചസേനാഭടന്മാരും മന്ത്രിസുതന്മാരും ‘യാതുമതംഗജ പാഞ്ചാസ്യനോ’ടേറ്റു പഞ്ചത്വം പ്രാപിച്ചു. അതിനാൽ രാവണപുത്രനായ അക്ഷകുമാരൻ യുദ്ധത്തിനെത്തി.
“വന്മാരിമേഘം ചൊരിഞ്ഞപോലേയണ-
ഞ്ഞുന്മാദിബാണങ്ങളെയ്യുന്നേരം
ചെമ്മേ ഭയപ്പാടു കാണിച്ചുകൊണ്ടവൻ
ചുമ്മാ ചുരുങ്ങിനാൻ നാരായണ.
ബാണങ്ങളൊക്കെക്കുടഞ്ഞുകളഞ്ഞവൻ
കാണെന്നു ചൊല്ലിക്കുതിച്ചുതേരിൽ
ചേണുറ്റവാഹങ്ങൾ സൂതനേയും കൊന്നു
കേതനം പൊട്ടിച്ചു നാരായണ.
പെട്ടെന്നു കാക്കൂട്ടിലിട്ടമർത്തക്ഷനേ
മുഷ്ടികൾ കൊണ്ടുകൊടുക്കുന്നേരം
കട്ടിയാം പാഥേയം കെട്ടിയവൻ യമ-
പട്ടണത്തിന്നുപോയ് നാരായണ.” [15]
അനന്തരം മേഘനാദൻ യുദ്ധത്തിനണഞ്ഞു്, നാഗാസ്ത്രത്താൽ ഹനൂമാനെ ബന്ധിച്ചു രാവണുനു കാഴ്ചവച്ചു.
രാവണൻ ചോദിച്ച ചോദ്യങ്ങളും കവി പറഞ്ഞ മറുപടിയും മറ്റു പല സ്ഥലങ്ങളിലെന്നപോലെ രാമായണചമ്പുവിലുള്ളതുതന്നെ.
[16] “എന്തെടോ! കപികീടമേ! ചൊല്ലുനീ
എന്തു നിനക്കിതു തോന്നീടുവാൻ?
സന്താനപൂരിതമെന്റെ മലർക്കാവെ-
ന്നെന്തേ ധരിക്കാഞ്ഞൂ? നാരായണ.
നാകാധിനാഥൻ നിയോഗത്താലോ നീയു-
മേകാകിയായ്പ്പോന്നിങ്ങു വന്നു?
ആകാംക്ഷ ജീവനിലില്ലാഞ്ഞാലേവർക്കും
ചെയ്യാമിതിൽപ്പരം നാരായണ.
ദിക്പാലകന്മാരയച്ചൂട്ടതെന്നാകിൽ
കല്പാന്തകാലം വരുത്തുവൻ ഞാൻ”
ഈ വാക്കുകൾ കേട്ടിട്ടു് ഹനൂമാനു് ലേശംപോലും ഭയം ഉണ്ടായില്ല. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
[17] “കേൾക്ക ദശാനന! വാനോരയച്ചൂട്ട
പേക്കുരങ്ങല്ല ഞാനെന്നറിഞ്ഞോ?
രാക്ഷസക്കാട്ടിൽ പിടിപെട്ടുകത്തുന്ന
രാമാഗ്നിദൂതൻ ഞാൻ നാരായണ
എന്നോടെതിർപ്പാനൊരുത്തരില്ലെന്നുണ്ടു
നിന്നുള്ളിലേറിയ ശൌര്യമോഹം
നിന്നെപ്പോലെ നൂറു രാവണൻവന്നാലും
മെന്നോടെതിർത്തിടാ നാരായണാ.
ലങ്കയാകുന്നൊരു പങ്കജിനിക്കൊരു
ഭംഗഹേമന്തം ഞാനെന്നറിഞ്ഞൊ?
ശങ്കാഹീനം പത്തുമൂന്നാളകം
ലങ്കേശമുളിപ്പൻ…”
ഹനൂമാൻ നിർഭയം പറഞ്ഞ ഈ വാക്കുകൾ കേട്ട മാത്രയിൽ രാവണൻ,
“കൊള്ളട്ടേ താഡനം കള്ളക്കുരങ്ങിന്റെ
എല്ലൊടിഞ്ഞിട്ടു നുറുങ്ങുവോളം
നല്ല നിശാചരന്മാർ നമ്മെ സേവിച്ചി-
ട്ടുള്ളവരെങ്ങുപോയ്?…”
എന്നു അട്ടഹസിച്ചു. എന്നാൽ രാവണാനുജന്മാവായ വിഭീഷണൻ,
“കൊല്ലേണ്ടപാപമവദ്ധ്യരത്രേ ദൂതർ
കൊല്ലാക്കൊല ചെയ്തയക്കേയാവു”
എന്നു ഉപദേശിക്കയാൽ, രാമദൂതന്റെ വാലിൽ തീ കൊളുത്തിവാടാൻ രാക്ഷസാധിപതി നിശ്ചയിച്ചു.
രാക്ഷസന്മാർ ഹനൂമാന്റെ വാലിനു തീകൊളുത്തിയ മാത്രയിൽ,
“കീശപ്പെരുമാളു ബാലാഗ്നികൊണ്ടുട-
നാശരാധീശൻ മുഖത്തുഴിഞ്ഞാൻ
മീശക്കൊമ്പൊക്കെക്കരിച്ചവനെത്രയും
നാശപ്പെടുത്തിനാൻ നാരായണ.”
“മാളിക മച്ചുകൾ മാടങ്ങൾ, ഗോപുരപാളികൾ കേളിനികേതങ്ങൾ” ഇവയൊക്കെ അദ്ദേഹം ചുട്ടു പൊട്ടിച്ചു.
തുള്ളിമുലച്ചികൾ പിള്ളകളേച്ചെന്നു
തുള്ളിത്തുള്ളി പ്പാഞ്ഞെടുക്കുന്നേരം
വെള്ളപ്പുടവമേൽ തീ പിടിപെട്ടുപോയ്
വെള്ളത്തിൽ ചാടിനാർ…”
കുംഭകർണ്ണന്റെ കാര്യത്തിലാണു് വൈഷമ്യം നേരിട്ടതു്.
“കുംഭകർണ്ണനുറങ്ങീടും മണിയറ
വെന്തുതുടങ്ങീതങ്ങയ്യോ പാവം
കുംഭകർണ്ണങ്ങളിൽ തീയുതിരുന്നേരം
വമ്പനുണരുമോ? നാരായണ”
നാസികയുടെ പടുതീ പിടിപെട്ടു
ദാസികളുള്ളവരെങ്ങുപോയി?
കാസാരവെള്ളം മുറിച്ചൊഴിക്കീടുവാൻ
നാസാകുഹരത്തിൽ നാരായണ.
മാരിപെയ്യിക്കട്ടെ വാസവനെങ്ങുപോയ്?
മാരിപെയ്യിക്കുമോ പാർത്താലവൻ
വാരിധിനാഥനും ചാരായിവിടേക്കു
പാരം മനോദോഷി നാരായണ.”
‘പങ്കജലോചനാ സീതാവസിക്കുന്ന സങ്കേതഭൂമിയൊഴിഞ്ഞുള്ളേട’മൊക്കെ ദഹിപ്പിച്ചതിന്റെ ശേഷം ഹനൂമാൻ സമുദ്രം കടന്നു വാനരന്മാരോടുകൂടി രാമചന്ദ്രനെച്ചെന്നു കണ്ടു. സീതയെ സദാപി ധ്യാനിച്ചുകൊണ്ടിരുന്ന ഭഗവാനോടു് അദ്ദേഹം ഔചിത്യപൂർവ്വം,
[18] “കണ്ടേൻ ഞാൻ സീതയാം തണ്ടാരിൽമാതിനേ
കൊണ്ടാടുവാൻ യോഗ്യയത്രേ പാർത്താൽ”
എന്നാണു് ആദ്യമായി അറിയിച്ചതു്. ‘കണ്ടേൻ’ എന്ന പദം തന്നെ രാമചന്ദ്രന്റെ മനം കുളിർപ്പിച്ചു കാണണം. എന്നാൽ അതു കൊണ്ടു് ഹനൂമാൻ തൃപ്തിപ്പെട്ടില്ല. ദേവി രാക്ഷസഗൃഹത്തിൽ പാർക്കുകയാണെങ്കിലും ‘കൊണ്ടാടുവാൻ യോഗ്യ’തന്നെ എന്നുകൂടിയറിവിച്ചു.
അതുകേട്ടപ്പോൾ രാമചന്ദ്രനു് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തതായ ഒരുസുഖോല്ലാസം ഉണ്ടായി. ഹനൂമാനു് ഇനി എന്തുപ്രത്യുപകാരം ആണു് ചെയ്യേണ്ടതു്? എന്നായി അദ്ദേഹത്തിന്റെ ചിന്ത.
“ദൂതനാശ്ലേഷത്തിനെക്കാൾപരം നല്ല-
തൊന്നില്ലെന്നതറിഞ്ഞൂ രാമൻ
ആലിംഗനംചെയ്തു വീരൻ ഹനൂമാനെ
പ്രീതാത്മാവായിട്ടു നാരായണ”
കവിയ്ക്കു് അതുകണ്ടപ്പോൾ അല്പം അസൂയ തോന്നിയിരിക്കുമോ എന്നൊരു ശങ്ക നമുക്കു് ജനിക്കുന്നു. എന്തുകൊണ്ടെന്നാൽ അദ്ദേഹം പറയുന്നു.
“ആദിതേയാദികൾക്കെത്താതനുഗ്രഹം
വാനരജാതിയിലായതിനാൽ
ആദിനാഥൻ തിരുവുള്ളമാരെക്കുറി-
ച്ചെന്നറിയാവതോ നാരായണ.”
സമുദ്രലംഘനോദ്യമംവരെയുള്ള ഘട്ടത്തെ അടുത്തവൃത്തത്തിൽ വർണ്ണിച്ചിരിക്കുന്നു.
“പ്ലവഗകുലപതി വരുത്തും പെരുമ്പടജ്ജന”ങ്ങളോടുകൂടി രഘുനാഥൻ പടയ്ക്കുപുറപ്പെട്ടു് ‘സമുദ്രതടഭുവി’ ഒരു ദിവസം താമസിച്ചു.
“കടലിലുടനുടനടിയും തിരമാല
നടുവേ വളയുന്ന ഭുജഗങ്ങൾ
തടിച്ചമുതലകൾ തിരണ്ടതിമിംഗല
മടുത്തുനിന്നു കണ്ടു…”
ഹരിസേന,
“തുടുത്തപവിഴങ്ങളെടുത്തുമണിമുത്തു
കൊടുത്തുമവരവർ കരങ്ങളിൽ
അടുത്തദരങ്ങളെത്തടുത്തു പിടിപെട്ടും”
തിമിർത്തുവത്രേ. അങ്ങനെ ഇരിക്കെ ദിനകരൻ ചരമ ജലധിയിൽ മറയുകയും ‘അരിയപനിമതി’ ഉദിക്കയും ചെയ്തു. നാലുപാടും ചന്ദ്രിക പരന്നു.
“കുസുമപരിമളം തടവിപ്പവമാന-
നരികിൽ മെല്ലെ മെല്ലെ വരികയും
കുസുമശരനണി പവഴിതൊടുത്തുട-
നരികിലണകയും…”
ചെയ്കയാൽ, രാമചന്ദ്രന്റെ വിരഹാഗ്നി പൂർവാധികം കത്തിക്കാളി. ഇതിനിടയ്ക്കു് വിഭീഷണൻ ജ്യേഷ്ഠനെക്കണ്ടു് സീതയെ രാമചന്ദ്രനു തിരിച്ചു കൊടുത്തില്ലെങ്കിൽ രാക്ഷസകുലത്തിനു് നാശമുണ്ടാകും എന്നും മറ്റും ഉപദേശിക്കവേ ആ ദുഷ്ടൻ കോപിച്ചു്,
“ചെവികൾക്കഹിതമാം വചനം പറയുകിൽ
ചെകിടെപ്പൊളിപ്പനെന്നടുത്തപ്പോൾ.”
ഇനി ഇവിടെ നിന്നിട്ടു കാര്യമില്ലെന്നുറച്ചുകൊണ്ടു രാമസന്നിധിയിൽ വന്നു അഭയം പ്രാപിച്ചു. രഘുവരൻ അദ്ദേഹത്തിനു ലവണജലം കൊണ്ടു് ഉടൻതന്നെ അഭിഷേകവും ചെയ്തു. അനന്തരം എല്ലാവരുംകൂടി സമുദ്രം കടപ്പാനുള്ള മാർഗ്ഗം എന്തെന്നു് ആലോചിച്ചു. ഭഗവാൻ വിഭീഷണോപദേശം അനുസരിച്ചു് വരുണനോടു ഇങ്ങനെ യാചിച്ചു നോക്കി.
[19] “ഇരവുപകൽ മൂന്നുകഴിഞ്ഞു നമുക്കത്ര
ചരലിൽകിടന്നിട്ടു ജലനിധേ!
പരവതാനി വിരിച്ചരിയ പദവിയി-
ലിരിപ്പുനിനക്കുണ്ടു ഹരനംബോ.
സഗരൻകുഴിച്ചതിൽ നിറച്ചു ഭഗീരഥ-
നമർത്ത്യതടിനീടെ ജലംകൊണ്ടു
കുലത്തിൽപിറന്നു ഞാനറിക സമുദ്രമേ
തരികവഴി നമുക്ക രിനംബോ
പെരിയസമുദ്രമേ തരികവഴി നമു-
ക്കരിയ നിശിചര പുരിയോളം
തരുണിമണിചോരൻ തലകൾപത്തുമൊപ്പം
വിരവിൽമുറിപ്പതിന്നരി നംബോ”
എന്നിട്ടും വരുണൻ അനങ്ങിയില്ല.
“പറഞ്ഞതവയൊന്നു മറിഞ്ഞീലതുകൊണ്ടു
നിറഞ്ഞുമനക്കാമ്പിൽ കൊടുംകോപം
അരിയതിരുമിഴി ചുവന്നിതധരവും
വിറച്ചു രഘുനാഥന്നരി നംബോ.”
ഇവിടെ പതിമൂന്നാം വൃത്തം അവസാനിക്കുന്നു. ലങ്കാപ്രവേശം വരെയുള്ള കഥാഭാഗമാണു് അടുത്ത വൃത്തത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്.
രാമചന്ദ്രന്റെ രൌദ്രഭാവത്തെ ഒന്നു രണ്ടു പദ്യങ്ങൾകൊണ്ടു് കവി ഹൃദ്യമായി വർണ്ണിച്ചിരിക്കുന്നതു് നോക്കുക.
“കൊണ്ടാലക്ഷ്മണ! വില്ലുംശരവും
കണ്ടില്ലേതും വരുണമിദാനീം
കണ്ടാലും മമ വീര്യം ജലനിധി
മണ്ടിവരുന്നതും നാരായണ ജയ
പണ്ടാർക്കും വഴിതന്നിട്ടില്ലെ-
ന്നുണ്ടഭിമാനം വരുണനുമുള്ളിൽ
കണ്ടേ മാമക ഭുജബലമറിവൂ
കണ്ഠാത്മാവുകൾ…
മൂന്നുദിനങ്ങൾ കഴിഞ്ഞാറെയുമപി
തോന്നീലവനിഹ വഴിതരുവാൻമേ
മാഞ്ഞീടേണം ജലനിധിശബ്ദം
പ്രാക്തനമിദമപി നാരായണ ജയ.”
എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം ഹുതവഹാസ്ത്രം വാങ്ങിത്തൊടുത്തു് അഭിമന്ത്രിച്ചയച്ചു. ‘വമ്പുകലർന്നൊരു വരുണൻ’ അമ്പുകൊണ്ടമാത്രയിൽ ‘തൻപതിചരണേ’ പതിച്ചു. അല്ലാതെന്തു ചെയ്യും?
“ഝലഝലഘോഷം ജലനിധിതിളയും
ഭുജഗാവലികളുരുണ്ടു തിരണ്ടും
ജലമാനുഷഗജതിമികൾ തിമിംഗില
മലറിയുമധുനാ…”
വരുണൻ വല്ലാതെ വലഞ്ഞു. എന്നാൽ ഭഗവാൻ അദ്ദേഹത്തിനു അഭയം നൽകി. അനന്തരം വാനരപാളികൾ സമുദ്രത്തിൽ ചിറയിടാൻ മുതിർന്നു.
“സകനകധാതുചയാമലപല്ലവ
വിടപിഗുഹാമുഖ ഭാരി ഗിരീന്ദ്രൻ
പ്രഥമന്നളനാൽ നമിതോ മംഗല
കലശമിവാബ്ധിയിൽ നാരായണ ജയ.
അംബരമാർഗ്ഗമുരുമ്മിപ്പൊങ്ങിന
തുംഗതരംഗ പരമ്പരയാഴിയിൽ
മുങ്ങിച്ചെന്നൂ കപിവീരന്മാ-
രുന്മദശാലികൾ നാരായണ ജയ.
നീളത്തിൽചിലർ ചരടുപിടിച്ചും,
നീളക്കതിചന കുറ്റിതറച്ചും,
വാലതുകൊണ്ടെ മലകൾ പറിച്ചും
നാലുദിഗന്തേ നാരായണ ജയ.
ബന്ധുരജലനിധി സേതുമുദാരം
ബന്ധും പർവതനികരമെടുത്തും
ധുന്ധുന്നെന്നങ്ങിട്ടു കപീശ്വരൻ
സിന്ധുവിൽ നടുവേ നാരായണ ജയ.
സപ്തസമുദ്രസമുദ്രിതധരണീ-
ചക്രമഹീധര ചക്രമെടുത്തും
ദീപ്തകപീശ്വരമണ്ഡലമധുനാ
വച്ചസമുദ്രേ നാരായണ ജയ.
മഹിതമഹീന്ദ്രൻ സാനോരുച്ചൈ-
രരിയ സുബേലത്തോളം മുട്ടി.
നളകൃതകുസുമം നാരായണ ജയ.
പന്നഗശായി തനിക്കുശയിപ്പാൻ
പന്നഗരാജൻ പാതാളതലാൽ
ഉന്നതനായിപ്പൊങ്ങിയപോലെ
തോന്നുന്നിതുചിറ നാരായണജയ.”
ഇങ്ങനെ അചിരേണ ചിറയും തീർന്നു. ഇവിടെ പതിനഞ്ചാം വൃത്തം ആരംഭിക്കുന്നു.
“വൻപ്രളയ വാരിനിധി ഘോഷമിവഘോര-
ഹുംകൃതിതുടർന്നു കപി സേനയുടെ ഘോഷം”
കേട്ടു് രാവണൻ പോലും കമ്പനമിയന്നുപോയി. അയാൾ ശുക്രൻ, സാരണൻ എന്നു രണ്ടു ദൂതന്മാരെ രാമചന്ദ്രന്റെ അടുക്കലേക്കയച്ചു. അവർ ‘ഖരാതിപൃതനാസു’ വിലസവേ, കപികൾ കണ്ടുപിടിച്ചു ഞെരിച്ചു് രാമന്റെ മുമ്പിൽ കൊണ്ടുചെന്നു വിട്ടു.
‘ദൂതവധമെന്നതു നമുക്കനുചിതം കേൾ’ എന്നു രാമചന്ദ്രൻ അരുളിച്ചെയ്കയാൽ, കപികൾ ശുകസാരണന്മാരെ വെറുതെവിട്ടു. എന്നാൽ, രാവണസന്നിധിയിൽച്ചെന്നു് അവർ രണ്ടുപേരും ‘ഉത്തമന്റെ കീർത്തി’കളെ വാഴ്ത്തിയതിനാൽ, രാവണൻ അവരെ ആട്ടിവിട്ടുകളഞ്ഞു. അനന്തരം ദശാസ്യൻ,
“താർത്തരുണിസീതയുടെ വാർത്തയറിവാനാ-
യാത്തമദമാഞ്ഞു നടകൊണ്ടു…”
അവൻ ദേവിയുടെ മുമ്പിൽ രാമശിരസ്സു കാഴ്ചവച്ചിട്ടു് ‘ഏണമിഴിമാം തഴുകുക’ എന്നു പ്രാർത്ഥിച്ചു. പതിഗതപ്രാണനായ ശ്രീ സീത അതുകണ്ടു് ‘കമ്പിതഹൃദയ’യായിട്ടു്,
“അമ്പുകൊണ്ടു ഭൂതലത്തിൽവീണു് പിടഞ്ഞീടും
കമ്പമൃഗിപോലെ കിടന്നുറങ്ങു്”
പിടഞ്ഞിട്ടു് കുരരി പോലെ മുറയിട്ടു. അതിനാൽ,
[20] “തുള്ളിയൊഴുകീടിന വളർന്നതടിനീനാം.
വെള്ളമൊഴുകീല കരിങ്കല്ലുകളലിഞ്ഞു;
ഫുല്ലതരുജാലങ്ങളും വല്ലികളുമെല്ലാം
ഉള്ളമലർച്ചാർത്തുകളുതിർന്നു ഹരി രാമ.” “അർക്കനുമടങ്ങി ഗതി വായുബതവീയീ-
ലൊക്കമുറയിട്ടു സുരനാരികളുമെല്ലാം;
ദുഃഖമതുകണ്ടഥ മറഞ്ഞു ദശകണ്ഠൻ
വെക്കമവിടന്നു നടകൊണ്ടു ഹരി രാമ.”
സരമ എന്ന സൽഗുണവതിയായ രാക്ഷസി ദേവിയെ വാരിയെടുത്തു് കുളുർവാരി മുഖസരോജത്തിൽ തളിച്ചും വാരിജദളംകൊണ്ടു് വീശിയും ഉണർത്തീട്ടു് രാമചന്ദ്രൻ മരിച്ചില്ലെന്നും ദേവി കണ്ടതെല്ലാം രാവണമായയാണെന്നും പറഞ്ഞു സമാശ്വസിപ്പിച്ചു.
ഇവിടംമുതല്ക്കു അടുത്ത വൃത്തത്തിന്റെ അവസാനംവരെ യുദ്ധവർണ്ണനയാണു്.
പതിനാറാം വൃത്തത്തിന്റെ ചമൽക്കാരാതിശയം വാചാംവിദൂരമായിരിക്കുന്നു. [21] രാവണൻ പുത്തന്മണിസ്യന്ദനത്തിന്മേലേറി ‘യുദ്ധായനേരേ പുറപ്പെട്ടു’. അപ്പോൾ ‘വൃത്രാരിനിൽക്കുന്ന പോൽത്തേരുദാരം ചിത്രം ധരായാമങ്ങിറങ്ങുകയാൽ’ രാമചന്ദ്രൻ അതിൽ കയറി.
“സംഗ്രാമഭേരീം മുഴുക്കിച്ചു വീരൻ
സംഗ്രാമഭൂമൌ വരുന്നോരുനേരം
പൌലസ്ത്യഗീതം മഹാസാമഗാനം
കേൾക്കായിരാമന്നു ശ്രീരാമ രാമ.
രണ്ടാംവിരിഞ്ചൻ പുലസ്ത്യൻമുനിക്ക-
ങ്ങുണ്ടായദിവ്യൻ മഹാത്മാവിവൻതാൻ
കൊണ്ടാടുവാൻ യോഗ്യനെന്നായ് നിനച്ചാ-
ലുണ്ടാം വിചാരങ്ങൾ ശ്രീരാമ രാമ.
കൊല്ലുന്നതില്ലെന്നു ഞാനിന്നിവനെ
ക്കൊന്നാൽ നമുക്കിന്നു ദുഷ്കീർത്തിയുണ്ടാം
ദുഷ്ക്കീർത്തിയെക്കാൾ മരിക്കല്ലൊ നല്ലൂ
വിക്ഷത്ത്രിയർക്കിന്നു ശ്രീരാമ രാമ”
“പണ്ടില്ല സൂര്യാന്വയത്തിൽകളങ്കം;
ഉണ്ടാമിവനെക്കഴിക്കിലിദാനീം
തണ്ടാരിൽമാതായ സീതാം നമുക്കോ
വേണ്ടീല…”
എന്നുപറഞ്ഞിട്ടു് രാമചന്ദ്രൻ പോർവില്ലുമമ്പും ലക്ഷ്മണന്റെ കൈയിൽ കൊടുത്തതിന്റെ ശേഷം പോകാൻ ഭാവിച്ചുവത്രേ. ഈ ഒരുക്കം കണ്ടപ്പോൾ [22] ഭാവിലങ്കേശ്വരൻ ‘മന്നോർമണിപ്പൂൺപു’തന്നോടു ഇപ്രകാരം പറഞ്ഞു.
[23] “മാന്യൻ ദശാസ്യനിതെന്നോർത്തു നീ താൻ
മുന്നേ നടന്നീടിലെൻപോറ്റി ചൊല്ലാം
ഇന്നും മുടിഞ്ഞീടുമിപ്പാരിടം കേൾ
ഒന്നിങ്ങുനോക്കീടു ശ്രീരാമ രാമ
പത്താനനൻ തന്റെ പത്താനനത്തെ
പ്രത്യേകമോരോന്നു നോക്കീടവേണം
ഉദ്യോഗമുൾക്കൊണ്ടു വിദ്യോതമാനം
പ്രദ്യോതപ്രൌഢി കണ്ണും മിഴിച്ചു്
മദ്യം കുടിച്ചിട്ടു് സദ്യോമരിക്കും
ആദ്യം മുഖം കാൺക…
[24] “കണ്ടാൽ തൊഴേണ്ടുന്ന കഞ്ചിൽ ദ്വിജേന്ദ്രം
മണ്ടിപ്പിടിച്ചിട്ടടിച്ചുഗ്രവേഗം
കൊണ്ടെന്നു പച്ചേ കടിച്ചങ്ങു തിന്നും
രണ്ടാംമുഖം കാൺക ശ്രീരാമ രാമ.
[25] പൊന്നിന്മണിത്തേരു തന്നോരു മൂലം
കുന്നിച്ച കോപേന കണ്ണും ചുവത്തി
ഉന്നിദ്ര വിണ്ണോർ വരനെപ്പഴിക്കും
മൂന്നാം മുഖം കാൺക ശ്രീരാമ രാമ.
[26] ബാലാ!തിരിഞ്ഞെന്തു മണ്ടുന്നതിപ്പോൾ
ആൾ പോരവാളിന്നു നീയെന്നു നൂനം
ചാലത്തിരഞ്ഞിങ്ങു നില്ലെന്നു ചൊല്ലും
നാലാം മുഖം കാൺക ശ്രീരാമ രാമ.
[27] അഞ്ചമ്പവേഗേനസദ്ധർമ്മദാരാൻ
തേഞ്ചോരിവായും മുലക്കുന്നു രണ്ടും
കിഞ്ചിൽ കൊതിച്ചിട്ടു പൂണ്മാനടുക്കും
അഞ്ചാം മുഖം കാൺക ശ്രീരാമ രാമ.
[28] ആറാമതേഴാമതെട്ടാമതും കാ-
ണോരോവിശേഷങ്ങൾ വെവ്വേറെ ചൊല്ലാം
വീരോത്തരപ്രൌഢിനിന്ദാ ഗുരുണാം
ശ്രീപാദപത്മേപി ശ്രീരാമ രാമ.
[29] ദൃഷ്ടിപ്രഹാരേണപൊട്ടിത്തെറിക്കും
ചെന്തീക്കനൽക്കട്ട ചിന്തിച്ച നേരം
പൊട്ടിത്തെറിച്ചിട്ടു പാരെട്ടു പാരം
മുട്ടക്കുലുങ്ങുന്നു ശ്രീരാമ രാമ.
[30] “കൊട്ടിച്ചു നിൽക്കും രിപുപ്രാഭവം കേൾ
കൊറ്റക്കുടപ്രൌഢിയെണ്ണാവതോമേ?
വട്ടത്തിൽ നിന്നാലവട്ടങ്ങളെക്കൊ
ണ്ടിഷ്ടത്തിൽ വീയിച്ചു ശ്രീരാമ രാമ
പെട്ടെന്നിളക്കുന്ന വാൾകൊണ്ടു പാരം
ഞെട്ടിത്തെറിയ്ക്കുന്ന വിണ്ണോർവരന്മാർ
ചട്ടറ്റ പച്ചത്തഴപ്രൌഢിതന്മേൽ
മുട്ടുന്നു മേഘങ്ങൾ ശ്രീരാമ രാമ.”
ഇപ്രകാരം വിഭീഷണൻ പറഞ്ഞതു കേട്ട മാത്രയിൽ രാമചന്ദ്രൻ ഉൾത്തൂർന്ന കോപേന വാളെടുത്തു. യുദ്ധം ഭയങ്കരമായിരുന്നു.
[31] കാകുൽസ്ഥ നക്തഞ്ചരേന്ദ്രപ്രഭാവം
കണ്മാൻവരും ദിവ്യപാളീവിമാനം
ആകാശമാശാകദംബങ്ങളെല്ലാം
ആപൂരയാമാസ ശ്രീരാമ രാമ.
രാവണനും ശ്രീരാമനും തമ്മിൽ ഒരു വാക്സമരം കൂടെ ഇതിനിടയ്ക്കുനടത്തി. അവിടെയും കവി ഭാഷാരാമായണത്തെത്തന്നെ അനുവർത്തിച്ചിരിക്കുന്നു. ആശയങ്ങൾ മാത്രമല്ല പദങ്ങൾപോലും അതിലുള്ളതുതന്നെയാണു് പ്രയോഗിച്ചിരിക്കുന്നതു്. ആകപ്പാടെ നോക്കിയാൽ ഈ വൃത്തത്തിൽ സ്വതന്ത്രമായ അംശം തെല്ലുപോലും ഇല്ലെന്നു പറയാം. ഇതിൽ കൂടുതൽ ഉദ്ധരിക്കാൻ നിവൃത്തിയില്ലാത്തതിൽ വ്യസനിക്കുന്നു. (രാവണവധം ചമ്പു വായിച്ചുനോക്കുക) രാവണവധത്തോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.
അഗ്നിപ്രവേശം ചമ്പുവിന്റെ സംക്ഷേപമത്രേ പതിനേഴുമുതൽക്കു പത്തൊൻപതുവരെയുള്ള വൃത്തങ്ങൾ. ഇരുപതാം വൃത്തത്തിൽ അയോധ്യാപ്രവേശവും ശേഷം വൃത്തങ്ങളിൽ ഉത്തരകാണ്ഡകഥയും സംഗ്രഹിച്ചിരിക്കുന്നു. ചമ്പൂകാരൻ ഉത്തരകാണ്ഡത്തെ മൂന്നു ചമ്പുക്കളായി വിഭജിച്ചിട്ടുള്ളതു പോലെ തന്നെ ഇരുപത്തിനാലുവൃത്തത്തിന്റെ കർത്താവും അങ്ങിനെ ചെയ്തിരിക്കുന്നതു നോക്കുക.
ഈ വിവരണത്തിൽനിന്നു കവി വാല്മീകി രാമായണത്തെ അല്ല, ഭാഷാരാമായണ ചമ്പുവിനെയാണു് അനുസന്ധാനം ചെയ്തിരിക്കുന്നതെന്നു വായനക്കാർ ഗ്രഹിച്ചിരിക്കുമല്ലോ. ഇവിടെ ചില സാദൃശ്യങ്ങൾ മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളു.
13.26 ദേവീമാഹാത്മ്യം
ഈ കൃതി എഴുത്തച്ഛന്റേതാണെന്നാണു് പരക്കെ വിശ്വാസം ‘രാമനാമാചാര്യനുമാവോളം തുണക്കണം’ എന്നു് അതിലും ‘ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും’ എന്നു രാമായണത്തിലും കാണുന്നതു് ആ വിശ്വാസത്തിനു് ഉപോദ്ബലകമായിരിക്കുന്നുമുണ്ടു്. കാവ്യം ചെറുതെങ്കിലും നന്നായിരിക്കുന്നുതാനും. എന്നാൽ ബ്രഹ്മാണ്ഡപുരാണത്തിൽനിന്നു് എഴുത്തച്ഛന്റെ പേരും രാമനെന്നായിരുന്നു എന്നു കാണുന്നതിനാൽ, ദേവീമാഹാത്മ്യം അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ആരുടെ എങ്കിലും കൃതി ആയിരിക്കയില്ലയോ എന്നു സംശയത്തിനു വഴിയില്ലാതില്ല. അതു കൊണ്ടു് ആന്തരമായ ഇതരലക്ഷ്യങ്ങളുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
ഒരിക്കൽ സുരഥൻ എന്ന രാജാവു് ശത്രുപീഡിതനായി രാജ്യവും പിഴുകി, മൃഗയാവ്യാജേന സഞ്ചരിക്കവേ, സുമേധസ് എന്ന താപസൻ അധിവസിക്കുന്ന വനത്തിൽ ചെന്നുചേർന്നു. ആ താപസപ്രവരനെ പൂജിച്ചുകൊണ്ടു് അവിടെത്താമസിക്കവേ, അദ്ദേഹം ചിന്ത തുടങ്ങി.
“എന്നുടെരാജ്യം മുന്നം കഴിഞ്ഞ രാജാക്കന്മാർ
നന്നായിപ്പരിപാലിച്ചീടിനാർ ധർമ്മത്തോടെ;
ഞാനുമവ്വണ്ണം രക്ഷിച്ചേൻ പലകാലം
ദാനധർമ്മാദികളും വഴിയേ ചെയ്തേനല്ലോ.
ഇക്കാലമസദ്യത്തന്മാരായോരമാത്യന്മാർ
സൽക്കാരപൂർവം വഴിയേ പരിപാലിക്കയോ?
നിഷ്കൃപന്മാരെത്രയുമെന്തറിയാവതയ്യോ,
ശൂരനാം കരിവരനെന്തു ചെയ്യുന്നോനിപ്പോൾ?
വൈരികളുടെ വശത്തായ്‍വന്നു വിധിവശാൽ.
ആരുള്ളതെന്നപ്പോലെ ലാളിപ്പാനവനുമ-
റ്റാരാനും കൊടുത്താലും ഭുജിക്കയില്ലമുന്നം.
എന്നെസ്സേവിച്ചു പൊറുത്തീടിന ജനങ്ങൾക്കു-
മന്യഭൂപാലന്മാരെസ്സേവിച്ചാൽ പൊറുതിയോ
പുത്രനും പത്നിതാനുമെന്തുചെയ്യുന്നോരിപ്പോൾ
വൃത്തിയേ രക്ഷിക്കയോ ദുർവൃത്തികൾ കൈക്കൊൾകയോ?
സ്വർഗ്ഗതുല്യങ്ങളായ ഭവനനികരവും,
സ്വർഗ്ഗസ്ത്രീകൾക്കു തുല്യമാരായ നാരിമാരും;
എന്തുചെയ്‍വതു പാർത്താലേതുമൊന്നറിഞ്ഞീല,
സന്തതമസദ്വ്യയം ചെയ്കയോ ധനമെല്ലാം?
ഇത്തരം പലവസ്തുക്കൾ ചിന്തിച്ചുള്ളി-
ലെത്രയും പീഡയോടും വർത്തിക്കും ദശാന്തരേ”
അദ്ദേഹം ഒരു വൈശ്യനെ കണ്ടെത്തി. അയാളുടെ പേരു സമാധി എന്നായിരുന്നു. തന്റെ പുത്രദാരാദികളെല്ലാം, അർത്ഥലോഭികളായിത്തീർന്നതുകൊണ്ടു് ‘നിരർത്ഥ’നായി പുറപ്പെട്ട അയാളോടു രാജാവിനു് അനുകമ്പ തോന്നിയതിൽ അത്ഭുതപ്പെടാനില്ലല്ലോ. രാജാവിന്റെ ഹൃദയത്തിലുദിച്ച മാതിരി ചിന്തകൾ തന്നെ വൈശ്യനുമുണ്ടായി. അയാൾ തന്റെ പുത്രദാരാദികളെപ്പറ്റി ഓർത്തു ദുഃഖിക്കുന്നതു കണ്ടപ്പോൾ രാജാവു് ഇങ്ങനെ ചോദ്യം ചെയ്തു;-
“ലുബ്ധന്മാരായ തവ പുത്രദാരാദികളാൽ
ത്യക്തനാകിയ ഭവാനവരെക്കുറിച്ചുള്ളിൽ
പിന്നെയുംസ്നേഹം വർദ്ധിച്ചീടുവാനെന്തുമൂലം?”
ആ പ്രശ്നത്തിനു് വൈശ്യൻ,
“സ്നേഹമില്ലാതപുത്രദാരാദി ബന്ധുക്കളിൽ
സ്നേഹം മേ വിടുന്നീല മാനസത്തിങ്കലൊട്ടും”
എന്നു മറുപടി പറഞ്ഞു.
“ഗുണമില്ലാത്ത വിഷയങ്ങളിലനുദിനം
പ്രണയം ഭവിപ്പതിനെന്തു കാരണമോർത്താൽ?”
എന്നു സംശയം തീർപ്പാനായി അവർ രണ്ടുപേരും കൂടി താപസന്റെ സമീപത്തെത്തി. ഈ സംശയനിവാരണാർത്ഥം അദ്ദേഹം വിഷ്ണുമായാശക്തിയുടെ ചരിത്രം പറഞ്ഞു കേൾപ്പിച്ചു. അതാണു് ദേവീ മാഹാത്മ്യകഥ.
‘കല്പാന്തലോകമേകാർണ്ണവമായ്’ ചമഞ്ഞ കാലത്തു് വിഷ്ണു സർപ്പേന്ദ്രതല്പത്തിൽ യോഗനിദ്രയും പൂണ്ടിരുന്നുവത്രേ. അക്കാലത്തു് വിഷ്ണുവിന്റെ കർണ്ണമലസംഭൂതന്മാരായിട്ടു്, മധു കൈടഭന്മാരെന്നു് രണ്ടു അസുരന്മാരുണ്ടായി. അവർ ഭഗവാന്റെ നാഭികമലത്തിലിരുന്ന ബ്രഹ്മാവിനെ കാണുകയാൽ കൊല്ലാനായി പാഞ്ഞടുത്തു. ബ്രഹ്മാവിനു ഭയമായി. ലോകനായകൻ ഈ കോലാഹലത്തിനിടയ്ക്കു് ഉണരായ്കയാൽ അദ്ദേഹം യോഗനിദ്രയെ സ്തുതിച്ചുതുടങ്ങി.
“നിന്തിരുവടിയല്ലോ ലോകത്തെ സൃഷ്ടിച്ചുടൻ
സന്തതംരക്ഷിച്ചു സംഹരിച്ചീടുന്നതോർത്താൽ
നിന്തിരുവടി ജഗത്തൊക്കവെ ധരിപ്പതും
ചിന്തിച്ചാലറിഞ്ഞുകൂടാതൊരു മഹാമായേ!
സന്ധ്യയും സാവിത്രിയും വേദമാതാവും നീയെ
ബന്ധമോക്ഷങ്ങൾ നല്കീടുന്നതും നീതാനല്ലോ
ത്രിഗുണാത്മികയാം പ്രകൃതിയാകുന്നതും,
സകലേശ്വരി മഹാവിദ്യയായീടുന്നതും,
ശ്രുതിയായീടുന്നതും മഹാമേധയായീടുന്നതും,
സ്മൃതിയായീടുന്നതും നിന്തിരുവടിയല്ലോ
… … …
… … …”
ഇങ്ങനെ സംസ്തുതയായ ദേവി സന്തുഷ്ടയായിട്ടു്,
[32] ‘നേത്രാസ്യനാസാബാഹുഹൃദയവക്ഷോദേശാൽ സത്വം വേർവി’ട്ടു നിന്നു. തൽക്ഷണം വിഷ്ണുവും ഉണർന്നെണീറ്റു. മധു കൈടഭന്മാർ വേധാവിനെ കൊല്ലാനായി അടുത്തപ്പോൾ വിഷ്ണു അവരെ കണ്ടു് എതിർത്തു. [33] ‘അയ്യായിരം ദിവ്യവത്സരകാലം ലാഘവം വന്നീടാതെ യുദ്ധം ചെയ്തോരുശേഷം’ മധുകൈടഭന്മാർ
‘നീയിനി ഞങ്ങളോടുവരം വാങ്ങികൊൾക’
എന്നു ഭഗവാനോടു പറകയും, ഭഗവാൻ,
‘എന്നാലെ വദ്ധ്യന്മാരായ് വന്നീടേണം നിങ്ങൾ’
എന്നു് അപേക്ഷിക്കയുംചെയ്തു. ഇങ്ങനെ വഞ്ചിതരായ അസുരന്മാർ,
[34] “യുദ്ധവൈദഗ്ദ്ധ്യംകണ്ടു സന്തുഷ്ടന്മാരായ് ഞങ്ങൾ
മൃത്യുവന്നീടുന്നതുമെത്രയും ശ്ലാഘ്യം നിന്നാൽ
വെള്ളത്തിൽനിന്നു കൊന്നീടരുതുഭവാനെന്നാ-
ലുള്ളിലില്ലൊരുഭയം ഞങ്ങൾക്കെന്നറിഞ്ഞാലും”
എന്നു പറഞ്ഞിട്ടു് വരം നൽകി. അനന്തരം ഭഗവാൻ അവരുടെ തല തന്റെ തുടമേൽ വച്ചിട്ടു് ചക്രത്താൽ ഛേദിച്ചു. ബ്രഹ്മാവിന്റെ ഭയവും നീങ്ങി. ഇവിടെ പ്രഥമാദ്ധ്യായം അവസാനിക്കുന്നു.
പണ്ടു് മഹിഷൻ എന്നൊരു അസുരൻ ഉണ്ടായി. അദ്ദേഹം ദേവന്മാരെയെല്ലാം തോല്പിച്ചു് ഇന്ദ്രനായി വാണുതുടങ്ങി. അതുകൊണ്ടു് ദേവന്മാർ ‘ധാതാവുതന്നെ മുന്നിട്ടു് ‘ഭൂതേശനാരായണന്മാരെ വണങ്ങിയിട്ടു് ഇങ്ങനെ സങ്കടം ഉണർത്തിച്ചു.
[35] “ഇന്ദ്രാനിലയമവരുണാനലസൂര്യാദീനാം
മന്ദിരങ്ങളുമധികാരങ്ങളുമടക്കിനാൻ
സ്വർഗ്ഗവുമുപേക്ഷിച്ചു മർത്ത്യരായവനിയിൽ
ദുഃഖിച്ചു നടക്കുന്നു ഞങ്ങളെന്താവതയ്യോ
ഇല്ലൊരു ശരണം മറ്റവനേ വൈകീടാതെ
കൊല്ലുവാനുപായമെന്തിതിനേ ചിന്തിക്കേണം.”
[36] ഈ വാക്കുകേട്ട മാത്രയിൽ മഹാദേവന്റേയും മുകുന്ദന്റേയും വക്ത്രപത്മങ്ങളിൽനിന്നു ഘോരമായ ഒരു തേജസ്സു പുറപ്പെട്ടു. മറ്റു ദേവന്മാരുടെ മുഖങ്ങളിൽനിന്നും അതുപോലെ മഹാതേജോരാശി ഉത്ഭവിച്ചു. ഇങ്ങനെ സർവദേവതാശരീരോത്ഥങ്ങളായ തേജസ്സുകളെല്ലാം ഒന്നിച്ചുകൂടിയപ്പോൾ, അതു്,
“ഉർവിയുമാകാശവും നിറഞ്ഞു പരന്നൊരു
പർവതമെന്നപോലെ വിളങ്ങി”
ആ തേജോരാശി,
“ഔർവാഗ്നിതന്നെക്കാളും ഘോരമായ്ജ്ജ്വലിച്ചിതു
സർവഥാപ്രാപ്യമായ കല്പാന്തവഹ്നിപോലെ
സർവദേവന്മാരുടെ തേജസ്സുമൊന്നായ് ചേർന്നു
സർവലോകവ്യാപ്തമായ് കാണായ് ദേവന്മാർക്കു”
“ഔർവാഗ്നിജ്വാലാമാലയോടുമുജ്വലിച്ചോരു
പർവതാകാരം പൂണ്ടുനിൽക്കുന്നപോലെ കണ്ടാൻ”
ഇവിടെയെങ്ങും എഴുത്തച്ഛനാൽ സാധാരണ കാണാറുള്ള ഭാഷാന്തരീകരണ പടുതയും സ്വാതന്ത്ര്യവും കാണുന്നില്ല. ‘അതീവ തേജസഃ കൂടം’ ഇത്യാദി പദ്യത്തെ എത്രവലിച്ചു നീട്ടിയിരിക്കുന്നു എന്നുനോക്കുക. എഴുത്തച്ഛൻ എന്തെങ്കിലും ഒരു അംശം കൂട്ടിയാൽ അത്രയ്ക്കു സ്വാരസ്യവും കൂടും.
ഈ ദിവ്യതേജസ്സു് ഒരു സ്ത്രീ രൂപം കൈക്കൊണ്ടു.
[37] “ശങ്കരതേജസ്സിനാലുണ്ടായി മുഖാംബുജം
പങ്കജേക്ഷണനുടെ തേജസാ ബാഹുക്കളും
ബ്രഹ്മമാ തേജസ്സിനാലുണ്ടായി പദങ്ങളും,
കാമ്യമാം നിതംബവും ഭൂമിതൻ തേജസ്സിനാൽ,
സൌമ്യതേജസാ പുനരുണ്ടായി തലകളും,
യാമ്യതേജസാ കേശഭാരവുമാണ്ടായ്വന്നു.
ചാരുമദ്ധ്യവും പുനരൈന്ദ്രമാം തേജസ്സിനാൽ
വാരുണതേജസ്സിനാൽ ജംഘകളൂരുക്കളും;
കൈവിരലുകളെല്ലാമാദിത്യ തേജസ്സിനാൽ
കാൽവിരലുകളെല്ലാം വസുക്കൾ തേജസ്സിനാൽ,
കൌബേരതേജസ്സിനാൽ നാസികയുണ്ടായ്‍വന്നു.
പാവകതേജസ്സിനാലുണ്ടായി നേത്രദ്വയം;
ദന്തങ്ങളെല്ലാം പ്രാജാപത്യമാം തേജസ്സിനാൽ;
സന്ധ്യകൾ തേജസ്സിനാൽ ഭ്രൂക്കളുമാണ്ടായ്‍വന്നു;
മാരുതതേജസ്സിനാൽ ശ്രവണങ്ങളുമുണ്ടായ്
ചാരുതചേർന്നു രൂപം പൂർണ്ണമായ്‍ക്കാണായ്‍വന്നു.”
ഈ തേജോരൂപിണിയത്രേ മഹിഷാസുരമർദ്ദിനി. ദേവന്മാരിൽ ഓരോരുത്തരും ദേവിയ്ക്കു ഓരോ ആയുധവിശേഷവും നൽകി. ഇങ്ങനെ സകല ദേവതമാരാലും സംഭാവിതയായ ജഗദംബ,
[38] “സത്വരമുച്ചൈസ്തരമട്ടഹാസവും ചെയ്തു
വിദ്രുതം നഭസ്തലം പൊട്ടുമാറതുനേരം,
സപ്തവാരിധികളും സപ്തപർവതങ്ങളും
സപ്തദ്വീപുകളോടുമിളകി ഭൂമണ്ഡലം.
നിർജ്ജരന്മാരെല്ലാം ദേവീ ഗർജ്ജനം കേട്ടനേരം
വിജ്വരന്മാരായ്സ്തുതിച്ചീടിനാർ മുനികളും.”
അസുരന്മാരുമായുള്ള യുദ്ധവർണ്ണനയിലും എഴുത്തച്ഛന്റെ തൂലികാവിലാസം കാണ്മാനില്ലെന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ കവി മൂലത്തെ അർത്ഥഹാനി വരുത്താതെ തർജ്ജമ ചെയ്തിട്ടുണ്ടെന്നു ആരും സമ്മതിക്കും.
[39] “മഹിഷാസുരവിരനഹിതബലത്തോടു-
മ്മഹിഷാന്തകിയോടും സമരം തുടങ്ങിനാൻ.
ഖഡ്ഗപട്ടസബാണപരശു ശക്തികളും,
മുൽഗരം ഭിണ്ഡിപാലതോമരപാശങ്ങളും,
പരിഘമുസലങ്ങളം കുശകുന്തങ്ങളാദി
ശരങ്ങൾകൊണ്ടു തൂകിത്തുടങ്ങി മഹാരണേ.
ദേവിയും ശസ്ത്രാസ്ത്രങ്ങൾ വർഷിച്ചങ്ങുടനുടൻ
ദേവവൈരികൾ ദേഹം ഭേദിച്ചുതുടങ്ങിനാൾ.”
ഇവിടെ തർജ്ജമയ്ക്കു വലിയ ന്യൂനതയും പറ്റിയിട്ടുണ്ടു്. എഴുത്തച്ഛൻ ‘ലീലയൈവ’ എന്ന പദത്തെ വിട്ടുകളയുമായിരുന്നോ എന്നും സംശയമാണു്.
“സോപി ക്രൂദ്ധോദ്ധതസ്സദ്യോ ദേവ്യാ വാഹനകേസരി
ചചാരാസുരസൈന്യേഷു വിനേഷ്വിവ ഹുതാശനഃ”
എന്നതിനെ തർജ്ജമചെയ്തിരിക്കുന്നതു് എങ്ങനെയെന്നു നോക്കുക:
“ദേവിതൻ വാഹനമാം കേസരിവീരനപ്പോൾ
ദേവിതൻ സൈന്യമധ്യേപുക്കു സഞ്ചരിക്കുന്നു.
കാനനമധ്യേ വഹ്നിസഞ്ചരിച്ചീടുംവണ്ണം
സേനയേ ദഹിപ്പിച്ചു സത്വരം രോഷത്തോടെ.”
അപ്പോൾ ദേവിയുടെ വാഹനമായ കേസരിവീരൻ വനങ്ങളിൽ ഹുതാശനൻ എന്നപോലെ, അസുരസൈന്യങ്ങളുടെ ഇടയ്ക്കു ക്രോധപൂർവം ചരിച്ചു എന്നു പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെ പറയാതെ വളച്ചു നീട്ടി, തർജ്ജമയെ ദുഷിപ്പിച്ചിരിക്കുന്നു. മിതവാക്കായ എഴുത്തച്ഛനു ഇത്തരം അപകടം പറ്റിയിട്ടുള്ളതായി അറിവില്ല.
അസുരസൈന്യം ദാവാഗ്നിയിൽ വനം എന്നപോലെ ദഹിച്ചുതുടങ്ങി. ദേവീനിശ്വാസങ്ങളിൽനിന്നു പ്രാദുർഭവിച്ച ഗണങ്ങൾ അസുരന്മാരെ കൊന്നൊടുക്കയാൽ,
[40] “കുണപങ്ങളെക്കൊണ്ടു മറഞ്ഞു ചമഞ്ഞിതു
രണഭൂമിയും തത്ര രുധിരനദികളും
ഓരോവഴിയേപോയ് വേഗത്തിലൊഴുകുന്ന
നാരദൻ കൊതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു”
ഇവിടെ ‘കൌതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു’ എന്നുള്ള ഭാഗം മാത്രം കവിടുയേതാണു്. എന്നാൽ,
‘നിന്യേ ക്ഷയം യഥാവഹ്നിസ്തൃണദാരു മഹാചലം’
എന്ന സ്ഥലത്തു്,
“ഘോരദാവാഗ്നിവനം ദഹിച്ചീടുന്നപോലെ
വീരന്മാരായ മഹാദൈത്യന്മാർ ദഹിക്കുന്നു.”
എന്നാണു് തർജ്ജമ.
ദേവന്മാർ പുഷ്പവൃഷ്ടിചെയ്തു് ദേവിയെ സന്തോഷിപ്പിക്കുന്നതിനോടുകൂടി രണ്ടാമദ്ധ്യായം അവസാനിക്കുന്നു.
[41] പിന്നീടു് ചിക്ഷുരൻ എന്ന സേനാനായകൻ ദേവിയോടു യുദ്ധത്തിനടുത്തിട്ടു്, “മേരു മൂർദ്ധനിഘനം പാനീയം പെയ്യുമ്പോലെ ഘോരബാണങ്ങൾ വർഷിച്ചിതു ലഘുതരം” [42] ദേവിയാകട്ടെ ‘ശീതാംശൂദയേ സിന്ധുതരംഗങ്ങളെയെല്ലാം മേദുരമായമിട്ടാൽ തടുത്തു നിറുത്തുംവണ്ണം’ അവയെല്ലാം മുറിച്ചുകളഞ്ഞിട്ടു് തുരംഗങ്ങളെയും സാരഥിയേയും കൊന്നു. ഇവിടെ കാണുന്ന ഉപമ കവിയുടെ സ്വന്തമാണെങ്കിലും മൂലത്തിലെ ആശയത്തിനു് അനുരൂപമായിരിക്കുന്നില്ല. ചന്ദ്രോദയത്തിൽ സമുദ്രം ജൃംഭിക്കുമ്പോൾ അതിനെ ഒരു വലിയ മുട്ടിട്ടു നിർത്തുന്നതിനു കുറെ ശ്രമമുണ്ടല്ലോ. എന്നാൽ ദേവി അസുരസേനയെ തടുത്തു നിർത്തിയതു് ‘ലീലയൈവ’ ആയിരുന്നു. അതിനും പുറമെ, ഉപമാനത്തിൽ തടഞ്ഞു നിർത്തുകയും ഉപമേയത്തിൽ മുറിക്കയും ആണു് ക്രിയ. എന്നു മാത്രമല്ല ഉപമാനത്തിലെ സമുദ്രത്തിന്റെ സ്ഥാനത്തു അസുരസൈന്യമുണ്ടെങ്കിലും, ശീതാംശുവിന്റെ സ്ഥാനത്തു ഉപമേയത്തിലൊന്നുമില്ല. ഈ മാതിരി ന്യൂനതകൾ എഴുത്തച്ഛന്റെ കൃതികളിൽ മഷിയിട്ടു നോക്കിയാലും കാണുമോ എന്നു സംശയമാണു്. ചിക്ഷുരനെ ദേവിയും ചാമരനെ കേസരിയും കരളാദികളെ ഗണങ്ങളും നിഗ്രഹിച്ചു. മറ്റു സേനാനായകന്മാരും ചിക്ഷുരാദികളെ പിന്തുടർന്നു. ഒടുവിൽ മഹിഷൻതന്നെ മാഹിഷവേഷം കൈക്കൊണ്ടു് ദേവിയോടെതിരിട്ടു.
[43] തുണ്ഡപ്രഹരംകൊണ്ടു ദേവിതൻ ഗണങ്ങളെ
ഖണ്ഡിച്ചുകളകയും ഖുരക്ഷേപണങ്ങളാൽ
ചിലരെ ലാഗ്രുല പാദങ്ങളാൽ മർദ്ദിക്കയും,
ചിലരെ നിശിത ശൃഗങ്ങളാൽ ഭേദിക്കയും
ചിലരെമഹാനിനാദങ്ങളാൽ മോഹിപ്പിച്ചും,
ചിലരെ ഭ്രമണവേഗംകൊണ്ടു ധൂളിപ്പിച്ചും,
ചിലരെ നിശ്വാസവാതങ്ങളാൽ പതിപ്പിച്ചും,
പേടിപ്പിച്ചതു ദേവീഗണത്തെയെല്ലാമവൻ.
ഓടിയെത്തിനാൻ മൃഗേന്ദ്രൻതന്നെത്താഡിപ്പാനായ്
രംഗമാക്കിയും പാരമലറിച്ചുരമാന്തി
ക്രൂരമായുള്ളഖുരക്ഷേപണംകൊണ്ടുതന്നെ-
പ്പാരിടമെല്ലാമൊക്കെപിളർന്നു ചമയ്ക്കയും,
ചണ്ഡശൃംഗാഗ്രഭിന്നങ്ങളാം ഘനങ്ങളെ
ഖണ്ഡിച്ചു ഖണ്ഡിച്ചുടൻ ഭൂമിയിൽപതിക്കയും.”
ഇങ്ങനെ കോപിച്ചു് അസുരേശ്വരൻ അടുത്തപ്പോൾ മംഗലയായ ചണ്ഡികാദേവി പാശക്ഷേപണംകൊണ്ടു് അവനെ ബന്ധിച്ചുകളഞ്ഞു. ഉടനെ തന്നെ അവൻ സിംഹാകൃതിയെ പ്രാപിച്ചു് പാശത്തെ ശിഥിലീകരിച്ചു. ദേവി സിംഹത്തിന്റെ കഴുത്തു അറുത്തപ്പോൾ അവൻ ഖഡ്ഗവും ധരിച്ചു പുരുഷാകാരത്തോടുകൂടി ദേവിയോടു എതിരിട്ടു. അവനെ ദേവി ബാണങ്ങൾകൊണ്ടു മൂടിയപ്പോൾ അവൻ ഗജരൂപം കൈക്കൊണ്ടു. അംബിക അവന്റെ കരത്തെ ഖഡ്ഗംകൊണ്ടു് അറുത്തപ്പോൾ, അവൻ മഹിഷരൂപം പൂണ്ടു.
“ഒക്കെയൊന്നിളകീ ലോകങ്ങൾ മൂന്നുമപ്പോൾ
ക്രൂദ്ധയാം ജഗന്മാതാവായ ചണ്ഡികാദേവി
ഉത്തമമായ മധുപാനവും തുടങ്ങിനാൾ
ചണ്ഡികാദേവി പൊട്ടിച്ചിരിച്ചും പാനംചെയ്തും
മണ്ഡലാകാരം പൂണ്ടു ചുവന്നു നയനങ്ങൾ”
ബലവീര്യ മദഗവിതനായ അസുരൻ പാഷാണങ്ങൾകൊണ്ടു് ദേവിയെ പ്രക്ഷേപിച്ചു. ദേവി അവന്റെ ശരീരത്തെ സായകങ്ങൾ കൊണ്ടു് ചൂർണ്ണമാക്കിയിട്ടു്,
[44] “അട്ടഹാസവുമിടിവെട്ടീടുംവണ്ണമപ്പോൾ
നിഷ്ഠരതരംദേവി ദുഷ്ടനോടരുൾചെയ്തു.
ഗർജനംചെയ്തുകൊൾക മൂഢ കിഞ്ചിൽക്കാല-
മിജ്ജനം മധുപാനംചെയ്വോളം ദുരാത്മാവേ.
നിർജ്ജരാദികളെല്ലാം ഗർജ്ജനംചെയ്തീടുവോർ
ദുർജ്ജനശ്രഷ്ഠഭവാനെന്നാലേഹതനായാൽ”
ദേവി മഹിഷാസുരനെ വധിക്കുന്നതിനോടുകൂടി ഈ അദ്ധ്യായം അവസാനിക്കുന്നു.
ദേവന്മാരാൽ സംസ്തുതയായ ദേവി സന്തുഷ്ടയായിട്ടു്, ആ സ്തോത്രംകൊണ്ടു തന്നെ സ്തുതിക്കുന്നവർക്കു സർവാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നു് അരുളിച്ചെയ്തിട്ടു് മറയുന്നു. ഇതാണു് നാലാം അദ്ധ്യായത്തിലെ വിഷയം.
അഞ്ചുമുതൽ പത്തുവരെ അദ്ധ്യായങ്ങളിൽ സുംഭനിസുംഭന്മാരോടുള്ള യുദ്ധവും അവരുടെ നിഗ്രഹവും വർണ്ണിച്ചിരിക്കുന്നു.
സുംഭൻ, നിസുംഭൻ എന്നു രണ്ടു അസുരന്മാർ ബ്രഹ്മാവിൽ നിന്നു ലഭിച്ച വരബലത്താൽ പതിന്നാലു ലോകങ്ങളേയും അടക്കിഭരിച്ചു. ദേവന്മാർ ചാതുർയ്യുഗകാലം മർത്ത്യാകാരേണ ഭൂമിയിൽ സഞ്ചരിച്ചു കഴിച്ചുകൂട്ടേണ്ടതായിവന്നു. ബ്രഹ്മാവിനെ മുന്നിൽ നടത്തിക്കൊണ്ടു് ദേവന്മാർ ഹിമാലയത്തിൽ ചെന്നു് സാക്ഷാൽ വിഷ്ണുമായയെ ഇങ്ങനെ സ്തുതിച്ചു.
“ദേവീ ശിവേ! മഹാദേവി നമോ നമഃ
ദേവി പ്രകൃതി ഭദ്രേ! തേ നമോ നമഃ
രൌദ്രേ! നമോ നമോ ഗൌരി നമോ നമോ
ധാത്രീ നമോ നമോ ജ്യോൽസ്നേ നമോ നമോ
ചന്ദ്രസ്വരൂപിണി ദേവീ നമോ നമഃ
കല്യാണി തേ പ്രണതാർത്തിഹരേ നമഃ
ത്രൈവിക്രമീ നമോ ദേവി! നമോ നമഃ
നൈഭൃതി ഭൂഭൃതാം ലക്ഷ്മീ! നമോ നമഃ
ശർവാണി! തേ നമോ ദുർഗ്ഗേ! നമോ നമഃ
ദുർഗ്ഗേ! പരേ ദേവി! സാരേ നമോ നമഃ
സർവകാരീ നമഃ ഖ്യാതീ നമോ നമഃ
കൃഷ്ണേ നമോ നമഃ ധൂമ്രേ നമോ നമഃ
സൌമ്യേ പുനരപി സൌമ്യേ നമോ നമഃ
നിത്യം ജഗൽപ്രതിഷ്ഠേ തേ നമോ നമഃ
ഭൂതിപ്രദേ നമോ ഭൂതിനമോ നമഃ”
ഈ സംസ്കൃതസ്തോത്രത്തെത്തുടർന്നു അതിദീർഘമായ ഭാഷാസ്തോത്രവും ഉണ്ടു്.
“യാതൊരുദേവീ സകലഭൂതങ്ങളിൽ
വിഷ്ണുമായേതി ചൊല്ലപ്പെടുന്നൂ സദാ
അങ്ങനെയുള്ള ദേവിക്കു നമസ്കാരം
മംഗലംനല്കുവാൻ ദേവി നമോ നമഃ
യാതൊരുദേവി സകലഭൂതങ്ങളിൽ
ശക്തിസ്വരൂപിണിയായ്വസിക്കുന്നതും
യാതൊരുദേവി സകലഭുതങ്ങളിൽ
ബുദ്ധിസ്വരൂപിണിയായ്വസിക്കുന്നതും.” ഇത്യാദി
ഈ ഹൈമവതി ‘പാവനയാകിയ ദേവതടിനിയിൽ’ കുളിക്കാൻ പുറപ്പെട്ടപ്പോൾ ആണു് ഈ ദേവസ്തുതി കേട്ടതു്.
“ദേവകളേ! നിങ്ങളാൽ സ്തുതിക്കപ്പെട്ട
ദേവി ഗിരിജാശരീരകോശത്തിൽനി-
ന്നാവിർഭവിക്കുമെന്നാലസുരന്മാരെ
നിഗ്രഹിച്ചമ്പോടനുഗ്രഹിക്കും?”
എന്നു ദേവി അരുളിച്ചെയ്തു. കോശത്തിൽനിന്നാവിർഭവിക്കയാൽ ദേവിക്കു കൌശികി എന്ന പേരും സിദ്ധിച്ചു. ഈ കൌശികി,
[45] “സമ്പൂർണ്ണയൌവനത്തോടുനൽ ഷോഡശ
സംവത്സരം വയസ്സും ധരിച്ചങ്ങനെ;
പൊന്നുഴിഞ്ഞാലുമാടിപ്പാടി നല്ലൊരു
തന്വിയായ്വന്നുവളർന്നൂ ചിരകാലം”
ദേവി ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കവേ, ‘കാമരൂപന്മാരായ’ സുംഭനിസുംഭഭൃത്യന്മാർ കണ്ടു്, [46]
“പ്രാലേയശൈലശിഖരദേശേ പുന-
രാലോലമായൊരു പൊന്നൂയലുമാടി
നല്ലരൂപമവളെപ്പോലെ കാണ്മതി
നില്ല ലോകങ്ങളിലെങ്ങുമന്വേഷിച്ചാൽ.
‘സ്ത്രീരത്നമായോരിവളെവഹിക്കുന്ന
പൂരുഷനല്ലയോ ജഗത്ത്രയനായകൻ’
ചെന്നവളെക്കാണ്ങ്കവേണം ഭവാനിനി
മന്നവ! കാലം കളയരുതേതുമേ.
ദേവിയുമല്ലവൾ ഗന്ധർവിയുമല്ലവൾ
കേവലം യക്ഷിയും പന്നഗിയുമല്ല.
താതനുമില്ല ബന്ധുക്കളുമില്ലൊരു-
ഭ്രാതാക്കളുമില്ലരക്ഷിപ്പാനാരുമേ.
ഏകാകിനിയായിരിക്കുന്നു നിർജ്ജനേ
രാകാശശിമുഖീ സമ്പൂർണ്ണയൌവനാ
യോഗ്യയാകുന്നവളിന്നിനക്കെത്രയും
ഭാഗ്യവതാം വര വീരശിഖാമണേ!
രത്നഭൂതങ്ങളായുള്ള പദാർത്ഥങ്ങൾ
കൃൽസ്നമാർജ്ജിച്ചു പുരിയിലാക്കീലയോ?”
എന്നു് സുംഭനോടു പറഞ്ഞു. ഉടൻതന്നെ അവൻ നയജ്ഞനായ സുഗ്രീവനെ വരുത്തി, അവിടെചെന്നു് അനുനയിച്ചു് ആദരവോടെ അവളെ കൊണ്ടു പോരുന്നതിനു ആജ്ഞാപിച്ചു. സുഗ്രീവൻ രാജാജ്ഞ കൈക്കൊണ്ടു് ത്രൈലോക്യമോഹിനിയായ ദേവിയെ കണ്ടു് ചതുരോക്തികളാൽ വശീകരിക്കാൻ നോക്കി. എന്നാൽ ദേവി ‘ഗാംഭീര്യമന്ദസ്മിതം’ ചെയ്തു് ഇങ്ങനെ മറുപടി പറഞ്ഞു:
“സത്യമത്രേ നീ പറഞ്ഞഥു നിർണ്ണയം
മിഥ്യയല്ലേതുമിനിയിതു കേൾക്ക നീ.
സുംഭനത്രേ ലോകനാഥനാകുന്നതു
വമ്പൻ നിസുംഭനുംതാൻ ഭൃശം നിർണ്ണയം.
കല്പിതമെന്നാൽ പുരൈവ പ്രതിജ്ഞയൊ-
ന്നിപ്പോളതെങ്ങിനെ മിത്ഥ്യയാക്കീടുന്നു?
എത്രയും പാർത്താലസാരമായുള്ളൊരു
സത്യപ്രതിജ്ഞയാകുന്നതും ദൃഢം.
എന്നെ യുദ്ധേ ജയിക്കുന്ന പൂരുഷ-
നെന്നുടെ ദർപ്പമടക്കുന്നതാരെടോ!
ഭർത്താവിനിക്കവനാകുന്നതെന്നൊരു
സത്യമെനിക്കുണ്ടതും ധരച്ചീടു നീ”
അതു കേട്ടപ്പോൾ സുഗ്രീവൻ പറഞ്ഞു:
“നന്നു നന്നിപ്രബന്ധം നിരൂപിച്ചോളം
സുംഭനിസുംഭന്മാരോടിന്നിവരുടെ
മുമ്പിൽനിൽക്കുന്നതാരായോധനത്തിനു?
നീയൊരു കന്യകയല്ലോ വിശേഷിച്ചും.
പേയായ വാക്കുകൾ ചൊല്ലുന്നതെന്തു നീ?
നിന്നത്തലമുടി ചുറ്റിപ്പിടിച്ചിഴ-
ച്ചിന്നു ഞാൻ കൊണ്ടു പോയാലെന്തു വേണ്ടതും.”
ഇത്തരം തർജ്ജമ എഴുത്തച്ഛനൊഴിച്ചു മറ്റേതു കവിക്കും അത്യന്തമഭിമാനകരമാണു്. ഭാഷാന്തരം അത്രയ്ക്കു സരളവും ഹൃദയംഗമവുമായിരിക്കുന്നുണ്ടു്.
സുഗ്രീവന്റെ വാക്കുകൾക്കു ദേവിയുടെ മറുപടി ഇങ്ങനെയായിരുന്നു.
“എങ്കിലോ നന്നല്ലോ നീ തന്നെ വല്ലഭൻ
സങ്കടമേതുമെനിക്കില്ലതിനെടൊ.”
നയജ്ഞനായ സുഗ്രീവൻ ഈ വിവരം നിസുംഭനെ അറിയിച്ചു. ഇവിടെ അഞ്ചാം അദ്ധ്യായവും അവസാനിക്കുന്നു.
സുംഭൻ ധൂമ്രലോചനനെ വിളിച്ചു “ചെന്നു തലമുടി ചുറ്റിപ്പിടിച്ചിഴച്ചെന്നുടെ സന്നിധൌ കൊണ്ടുവന്നീടുനീ” എന്നു ആജ്ഞാപിച്ചു. അവൻ ചെന്നു് പിടിക്കാൻ ഭാവിച്ചപ്പോൾ ദേവി അവനേ ‘ഹുങ്കാരഗബ്ദേന ഭസ്മമാക്കീടിനാൾ’. ധൂമ്രാക്ഷനും പടയും നഷ്ടമായെന്നു കേട്ടപ്പോൾ സുംഭൻ കോപം കൊണ്ടു തമ്രാക്ഷനായത്രേ. അനന്തരം അവൻ ചണ്ഡമുണ്ഡന്മാരെ അയച്ചു. ഇവിടെ ആറാം അധ്യായം അവസാനിക്കുന്നു.
“ശൈലേന്ദ്ര ശൃംഗേ മഹാസിംഹകന്ധരേ
നീലോൽപ്പലാക്ഷിയേക്കണ്ടു്.”
അസുരന്മാർ യുദ്ധത്തിനായി അടുത്തു. തൽസമയം.
“കോപം മുഴുത്തു മുഖവും കറുത്തപ്പോൾ
ശോഭയാം നെറ്റിത്തടത്തിങ്കൽ നിന്നുടൻ
ഉത്ഭവിച്ചീടിനാൾ കാളിയുമെത്രയും
ദുഷ്പ്രേക്ഷ്യമായ കരാളമുഖത്തൊടും,
പാശവും ഖൾഗവും ഖട്വാംഗവും ധരി-
ച്ചാശകളൊക്കെ നിറഞ്ഞനാദത്തൊടും,
വൃത്തവിസ്താരമാം വക്ത്രവുമെത്രയും
രക്തനേത്രങ്ങളും ചഞ്ചലജിഹ്വയും
മുണ്ഡമാലാഭരണഴ്‌വിപചർമ്മവും
കുണ്ഡലവും കുംഭികൊണ്ടണിഞ്ഞങ്ങനെ”
ദേവി ‘ഘോരാസുരപ്പടതൻ നടുവിൽ പുക്കു് വാരിവിഴുങ്ങി വിഴുങ്ങിത്തുടങ്ങി. ചണ്ഡാർ ഇതു കണ്ടു് മണ്ഡലാകാരധനുസ്സുമായി അടുത്തു. കാളിയേ ബാണങ്ങൾകൊണ്ടു മൂടിക്കളഞ്ഞു. മുണ്ഡൻ ആ തക്കം നോക്കി ചക്രങ്ങളും പ്രയോഗിച്ചു. എന്നാൽ കാളികാദേവി ചണ്ഡശിരസ്സു ഖഡ്ഗംകൊണ്ടും മുണ്ഡശിരസ്സു ഖട്വാംഗപാതം കൊണ്ടും മുറിച്ചു ഭൂമണ്ഡലം തന്നിലിട്ടു. അനന്തരം അവയെ എടുത്തു് കാളി ചണ്ഡികയുടെ മുമ്പിൽ കൊണ്ടു വന്നപ്പോൾ,
“ചണ്ഡമുണ്ഡന്മാരെ നീ നിഗ്രഹിക്കയാൽ
ദണ്ഡം കുറഞ്ഞിന്നിനിക്കതു കാരണം
ചാമുണ്ഡിയെന്നു ചൊല്ലി സ്തുതിച്ചീടുവോർ
ഭൂമണ്ഡലത്തിങ്കലുള്ള ജനമെല്ലാം.”
എന്നിങ്ങനെ ദേവി കാളിയെ അനുഗ്രഹിച്ചു. ഇവിടെ ഏഴാം അധ്യായം അവസാനിക്കുന്നു.
ചണ്ഡമുണ്ഡന്മാർ പെരുമ്പടയോടു ‘മദ്ദണ്ഡധാരാലയം’ പ്രാപിച്ച വൃത്താന്തം കേട്ട നിമിഷത്തിൽ സുംഭൻ സേനാദികളൊടു ‘പടയൊക്കെവരുവാൻ’ ആജ്ഞാപിച്ചു. ഈ സൈന്യത്തോടുകൂടി സുംഭൻ പുറപ്പെട്ടപ്പോൾ,
[47] “കല്പാന്തമേഘങ്ങൾ ശോണിതകർദ്ദമ-
മപ്പോൾ വരിഷിച്ചിതസ്ഥി ഗണത്തൊടും
ക്രവ്യാദജാതികളോടും ശിവകളു-
മവ്യാജതുഷ്ട്യാ കരഞ്ഞുതുടങ്ങിനാർ”
ഈ ദുർന്നിമിത്തങ്ങളൊന്നും വകവയ്ക്കാതെ അസുരസൈന്യം ഹിമാ ചലോപാന്തത്തിൽ ചെന്നുനിറഞ്ഞു. ദേവി അവരെക്കണ്ടു് ഒന്നു ചെറുഞാണൊലി ഇട്ടപ്പോൾ ‘നന്നായ്വിറച്ചിതു ലോകത്രയാന്തരം.’
“കാളീനിനാദവും ഘണ്ടാനിനാദവും
വ്യാളീനിനാദവും ശംഖനിനാദവും
കേട്ടു ലോകങ്ങളുമൊക്കെ വിറയ്ക്കുന്നു
പാട്ടും തുടങ്ങിനാൻ നാരദൻ വീണയും”
ഈ യുദ്ധകോലാഹലത്തെക്കണ്ടു് ‘ചിത്രം വിചിത്രം! എന്നിങ്ങനെ എല്ലാവരും വാഴ്ത്തവേ, ‘ദേവകൾക്കഭ്യുദയത്തിനായിക്കൊണ്ടും ദേവികൾക്കു വിനാശത്തിനായിക്കൊണ്ടും,’ ബ്രഹ്മാവിഷ്ണുമഹേശന്മാരും ശക്രനും നരസിംഹാവതാരവും നരകാരാതിയും [48] സപ്തമാതാക്കളെ നിർമ്മിച്ചു. ബ്രഹ്മശക്തി, [49] ‘അക്ഷസൂത്രേണ കമണ്ഡലുസ്ഥജലം’ കൈക്കൊണ്ടു ഹംസസംയുക്തയായും [50] ശിവശക്തി, ‘വൃഷഭമേറിക്കൊണ്ടു് ബാഹുക്കളിൽ ശൂലപാശാദി കൈക്കൊണ്ടു ചന്ദ്രക്കലയുമണിഞ്ഞും’ [51] കൌമാരശക്തി, ‘മയിലേറിവേലും ധരിച്ചാമോദമോടും’ [52] വൈഷ്ണവീശക്തി “ചക്രശംഖഗദാശാർങ്ങ പത്മങ്ങളും കൈക്കൊണ്ടും” യുദ്ധത്തിനെത്തിയപ്പോൾ അസുരസേന ചത്തൊടുങ്ങിത്തുടങ്ങി.
ഈ ഭാഗത്തു തർജ്ജമയ്ക്കു വളരെ ന്യൂനത കാണ്മാനുണ്ടു്.
സപ്തമാതാക്കളോടു് യുദ്ധത്തിൽ തോറ്റു് അസുരസൈന്യം ഓടിത്തുടങ്ങിയപ്പോൾ, സുംഭനിസുംഭന്മാർ തങ്ങളുടെ ഭാഗിനേയനായ രക്തബീജനെ യുദ്ധത്തിനയച്ചു. അംബ, ‘ചക്രശൂലാസിബാണാദിശസ്ത്രങ്ങളെ വിക്രമത്തോടു പ്രയോഗിച്ചു്’ അവനെ വധിക്കുന്നതിനോടുകൂടി എട്ടാം അധ്യായം അവസാനിക്കുന്നു.
അനന്തരം സുംഭനിസുഭന്മാർ പോരിനടുത്തു. ദേവി മായാപ്രയോഗത്താൽ സഹസ്രബാഹുവായി തന്നോടെതിരിട്ട സുംഭനെ വധിച്ചപ്പോൾ സുംഭൻ വർദ്ധിതവീര്യത്തോടു യുദ്ധം ചെയ്തുതുടങ്ങിയത്രേ. അവന്റെ സൈന്യത്തെ കൊന്നൊടുക്കുന്നതുവരെയുള്ള കഥയാണു് ഒൻപതാം അധ്യായത്തിൽ സംക്ഷേപിച്ചിരിക്കുന്നതു്.
“എന്തൊരു വമ്പു നിനക്കു ലഭിച്ചതും?
മറ്റുകണ്ടോരുടെ ശക്തികൊണ്ടല്ലയോ
മുറ്റുമെന്നോടു ഗർവിക്കുന്നതു ശഠേ!”
എന്നു് സുംഭൻ ദേവിയെ അധിക്ഷേപിക്കവേ, അംബിക,
[53] ‘എന്നുടെ ശക്തിനീയെന്തറിഞ്ഞു ഖല?
ഞാനൊഴിഞ്ഞാരുള്ളതിത്രിലോകത്തിങ്ക-
ലൂനമൊഴിഞ്ഞില്ല രണ്ടാമതാരുമേ”
എന്നു പറഞ്ഞിട്ടു് തന്റെ വിഭൂതികളായ ബ്രാഹ്മി തുടങ്ങിയ സർവശക്തികളേയും തന്നിൽ ഒതുക്കിക്കൊണ്ടു് ഏകാകിനിയായി വിളങ്ങി.
സുംഭനോടുള്ള യുദ്ധം ആയിരം ദിവ്യവർഷം നിലനിന്നു. യുദ്ധമദ്ധ്യേ സുംഭൻ ദേവിയേ എടുത്തുകൊണ്ടു് ‘കെല്പോടുയർന്നീടിനാനംബരേ.’ ദേവിയാകട്ടെ കൈകൊണ്ടു ചുഴറ്റി അവനെ ഭൂമിയിലേക്കെറിഞ്ഞു. ഇങ്ങനെ ഒരു യുദ്ധം ഭൂമിയിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്നു ദേവന്മാർ വാഴ്ത്തി. ഒടുവിൽ ദേവി ശൂലംകൊണ്ടു് അവനെ പിളർന്നു ഭൂമിയിൽ പതിപ്പിച്ചു. സുംഭൻ വീണതിനാൽ,
[54] “ദിക്കുകളൊക്കെ പ്രസന്നമായ്വന്നിതു
പുഷ്കരമാർഗ്ഗേ തെളിഞ്ഞിതാദിത്യനും
പാടിത്തുടങ്ങിനാരപ്സരസ്ത്രീകളും
ലോകത്ത്രയത്തിങ്കലുള്ളവരൊക്കവെ
ശോകമകന്നു തെളിഞ്ഞുവിളങ്ങിനാർ”
ഇങ്ങനെ പത്താം അധ്യായവും അവസാനിക്കുന്നു.
ദേവന്മാർ സന്തുഷ്ടചിത്തരായ് ഭവിച്ചു് ജഗദംബികയെ സ്തുതിച്ചു.
“സർവേശ്വരീ! സർവമംഗലേ! മാംഗല്യ-
സർവാത്മികേ! ശിവേ! സർവാർത്ഥസാധകേ!
ഗൌരീ! ശരണ്യപരേ! ത്ര്യംബികേ! ദേവി
നാരായണീ മഹാമയേ നമോസ്തുതേ-”
ഇത്യാദി സ്തോത്രങ്ങളാൽ പ്രീണിതയായ ഭഗവതി,
“ഉണ്ടാമിരുപത്തെട്ടാം യുഗത്തിങ്കലും
കണ്ടകന്മാരായ സുഭനിസുംഭന്മാർ
അന്നു ഞാൻ നന്ദഗോപാലയേ ജാതയാ-
യ്വന്നീടുമല്ലോ യശോദാതനൂജയായ്.
ഹന്തവ്യന്മാരാമവരുമെന്നാലന്നു
വിന്ധ്യാചലേ വസിച്ചീടുവാൻ പിന്നെ ഞാൻ.
എത്രയും രൌദ്രമായുള്ള രൂപം പൂണ്ടു
പൃത്ഥീതലത്തിങ്കൽ വന്നുടൻ ജാതയാം.
രൌദ്രചിത്തന്മാരാം ദാനവന്മാരെയും
താൽപ്പര്യമുൾക്കൊണ്ടു ഭക്ഷിച്ചൊടുക്കുവാൻ.
രക്തങ്ങളായ്വരുമന്നു ദന്തങ്ങൾ മേ
ഭക്തന്മാരും രക്തദന്തികയെന്നെല്ലാം
ചൊല്ലിസ്തുതിച്ചു സേവിച്ചീടുവോരെന്നെയും.
അല്ലലുണ്ടായ്വരും പിന്നെയും ഭൂതലേ.
നൂറുസംവത്സരം പെയ്കയില്ലാ മഴ;
വാരിയുമില്ലാഞ്ഞു സങ്കടമായ്വരും;
താപസന്മാരുമെന്നെ സ്തുതിച്ചീടുവോർ;
താപം കളവാനയോനിജയായ് മുദാ
നേത്രശതംകൊണ്ടു നോക്കി മുനികളെ
തീർത്തിടുവാൻ പരിതാപമശേഷവും
കീർത്തിക്കുമെന്നെ ശതാക്ഷിയെയും ചൊല്ലി
സ്തോത്രേണ താപസന്മാരുമനുദിനം”
പിന്നീടു് എന്റെ ശരീരത്തിൽനിന്നുണ്ടാക്കിയ ശാകോപദംശംകൊണ്ടു് വർഷം ഉണ്ടാകുംവരെ സർവജീവികളും ജീവിക്കും. അതിനാൽ എനിക്കു് ശാകംഭരീ എന്നു പേരും സിദ്ധിക്കും. അക്കാലത്തുതന്നെ ദുർഗ്ഗമൻ എന്ന അസുരനെ കൊല്ലുകയാൽ ദുർഗ്ഗ എന്നും ഋഷികളെ രക്ഷിക്കുന്നതിനായി ഭീമരുപംധരിച്ചു് അസുരരെ ഭക്ഷിക്കയാൽ ഭീമയെന്നും, അരുണനെന്ന അസുരനെ ഭ്രമരരൂപം ധരിച്ചു് കൊല്ലുകയാൽ ഭ്രാമരിയെന്നും, പ്രത്യേകം പ്രത്യേകം പേരുകൾ ഉണ്ടാകും” എന്നിങ്ങനെ അരുളിച്ചെയ്തു. ഇവിടെ പതിനൊന്നാം അധ്യായം അവസാനിക്കുന്നു.
ഈ സ്തോത്രങ്ങൾ ചൊല്ലി സ്തുതിക്കുന്നവർക്കും മധുകൈടഭാദികളുടെ വധത്തെപ്പറ്റി വർണ്ണിക്കുന്നവർക്കും യാതൊരനർത്ഥങ്ങളും ഉണ്ടാകയില്ലെന്നും മറ്റും അരുളിച്ചെയ്തിട്ടു് ദേവി അന്തർദ്ധാനം ചെയ്യുന്ന കഥയാണു് പന്ത്രണ്ടാം അദ്ധ്യായത്തിലെ വിഷയം.
മഹർഷി സുരഥനോടു് ദേവീമാഹാത്മ്യത്തെപ്പറ്റി പ്രശംസിച്ചു തീരുന്നതിനോടുകൂടി പതിമൂന്നാം അധ്യായവും തീരുന്നു.
“ഇന്നു മഞ്ചാധ്യായ മുണ്ടു ചൊല്ലീടുവാൻ
ഇന്നല്ലയെന്നു, പറഞ്ഞു കിളിമകളും.”
ഇവിടെ വിരമിയ്ക്കുന്നു.
എഴുത്തച്ഛന്റെ ശൈലിയോടു് പരിചയപ്പെട്ടിട്ടുള്ളവർക്കു് ഈ കൃതി അദ്ദേഹത്തിന്റെതല്ലെന്നു ഒരു നോട്ടത്തിൽതന്നെ കാണ്മാൻ കഴിയും. സിംഹം എത്ര ശാന്തനായിരുന്നാലും അവന്റെ മൃഗരാജത്വം പോകയില്ലല്ലോ. ആ ദശയിലും അവന്റെ ഗർജ്ജനം ഗംഭീരമായേ ഇരിക്കൂ. കവികുലരാട്ടായ എഴുത്തച്ഛന്രെ ഗാംഭീര്യം ദേവീമാഹാത്മ്യത്തിൽ ഒരിടത്തും കാണ്മാനില്ല; എന്നുമാത്രമല്ല എഴുത്തച്ഛൻ ഈ ഗ്രന്ഥത്തെ ഭാഷാന്തരം ചെയ്തിരുന്നെങ്കിൽ അറിയാതെ എങ്കിലും ചില മനോധർമ്മങ്ങൾ അതിൽ കടന്നുകൂടുകയും ചെയ്യുമായിരുന്നു. പരമഭക്തനായ ആ കവിയ്ക്കു് ദേവീനാമങ്ങളെ ഇത്ര ഉദാസീനമായ മട്ടിൽ ഉച്ചരിക്കാൻ കഴിയുമായിരുന്നോ എന്നും സംശയമാണു്. എല്ലാറ്റിനും പുറമെ എഴുത്തച്ഛൻ മിതവാക്കാണു്. മിതമായ വാക്കുകൾ കൊണ്ടു് മനോഹരമായ ചിത്രങ്ങൾ നിർമ്മിക്കാൻ അദ്ദേഹത്തിനെപ്പോലെ മറ്റൊരു ഭാഷാകവിയ്ക്കു ഇതേവരെ സാധിച്ചിട്ടില്ല. ആ മിതവാക്ത്വവും ഈ തർജ്ജിമയിൽ അദൃശ്യമായിരിക്കുന്നു. അതുകൊണ്ടു അനേകം എഴുത്തച്ഛന്മാരുള്ളതിൽ, ദേവ്യുപാസകനായ ഒരാൾ ആയിരിക്കണം ദേവീമാഹാത്മ്യം രചിച്ചതു്. ശതമുഖരാമായണവും ആ കവിയുടെ കൃതി തന്നെ ആയിരിക്കാം.
സാക്ഷാൽ എഴുത്തച്ഛന്റെ കൃതികളുടെ സംഖ്യ ചുരുങ്ങിപ്പോയതുകൊണ്ടു് ചിലർ പരിഭ്രമിച്ചേക്കാം. എന്നാൽ അദ്ദേഹം പുണ്ണാക്കുകച്ചവടക്കാരനായിരുന്നില്ല; ഒരു ഒന്നാംതരം രത്നവ്യാപാരിയായിരുന്നു. അതുകൊണ്ടു കൃതികളുടെ എണ്ണവും വണ്ണവും നോക്കിയല്ല എഴുത്തച്ഛന്റെ യോഗ്യത നിർണ്ണയിക്കേണ്ടതു്. അദ്ദേഹം ഒരു കൃതിയും രചിച്ചിരുന്നില്ലെങ്കിൽ തന്നെയും, രാമകൃഷ്ണദേവനേപ്പോലെ സകല ജനാരാദ്ധ്യനായ്ത്തീരുമായിരുന്നു.
ഇത്രയും പറഞ്ഞതുകൊണ്ടു് ദേവീമാഹാത്മ്യം ഒരു ക്ഷുദ്രകൃതിയാണെന്നു് എനിക്കു് അഭിപ്രായമുള്ളതായി വയനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്. എഴുത്തച്ഛനൊഴിച്ചു് മറ്റു് ഏതു കവിയ്ക്കും അതിന്റെ കർത്തൃത്വം അഭിമാനജനകമാണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. പ്രകൃത കൃതി യോഗശാസ്ത്രത്തെ കഥാരൂപേണ പ്രതിപാദിക്കുന്ന ഒരു പ്രൌഡഗ്രന്ഥമാണു്. അതിലെ ആശയങ്ങളെ വലിയ കേടുപാടൊന്നും കൂടാതെ ലളിതമായി തർജ്ജിമചെയ്തിട്ടുമുണ്ടു്.
13.27 ശതമുഖരാമായണം
വസിഷ്ഠൻ ശതാനന്ദനു ഉപദേശിക്കുന്ന സീതാവിജയം ആണു് പ്രതിപാദ്യവസ്തു.
“മംഗലപ്രദം സീതാവിജയം പൂർണ്ണാനന്ദം
സംഗനാശനകരം കൈവല്യ പ്രദമല്ലോ”
എന്നു് ആദ്യവും,
“ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം
നിങ്ങളൊട്ടൊട്ടു ചൊന്നാനെന്നാളേ കിളിമകൾ”
എന്നു് അവസാനത്തിലും കാണുന്നതുകൊണ്ടു് ഗ്രന്ഥകർത്താവു നൽകിയ പേരു സീതാവിജയം ആണെന്നു തോന്നുന്നു.
“പങ്ക്തിസ്യന്ദനനൃപനന്ദനനായ രാമൻ
പങ്ക്തികന്ധരൻ തന്നെ കൊന്നതിനനന്തരം”
അയോദ്ധ്യയിൽ ചെന്നു് രാജ്യാഭിഷിക്തനായതിന്റെ ശേഷം ഒരിക്കൽ
“…ആ സ്ഥാനത്തിങ്കലാമ്മാ–
റഭിമാനേന വസിഷ്ഠാദി താപസരോടും
രത്നശോഭിതമായ സുവർണ്ണസിംഹാസനേ
പത്നിയെ വാമോത്സംഗേ ചേർത്തിരുന്നരുളുമ്പോൾ
അംഭോജേക്ഷണനോടു രാക്ഷസോൽപത്തിയെല്ലാം
കുംഭസംഭവനരുൾ ചെയ്തു കേട്ടൊരുശേഷം
രാവണവൃത്താന്തവും തൽസുതൻ മേഘനാദൻ
ദേവേന്ദ്രൻതന്നെ പോരിൽ ബന്ധിച്ച ശൌര്യങ്ങളും
കേട്ടു വിസ്മയം പൂണ്ടു മരുവീടിനനേരം.”
മേൽഭാഗത്തുനിന്നു് ഒരു അശരീരിയുണ്ടായി.
“എത്രയും പരാക്രമിയാകിയ ദശാസ്യനെ
യുദ്ധേ നീ വധിച്ചതുകൊണ്ടു സന്തോഷിക്കേണ്ട
ത്രൈലോക്യഭയങ്കരനാകിയ ശതമുഖൻ
പൌലസ്ത്യനവനുടെ കാൽനഖത്തിനു പോലാ.”
ഈ അശരീരികേട്ട മാത്രയിൽ കുംഭസംഭവനോടു്,
“എന്തോരത്ഭുതമശരീരി തന്നുടെ വാക്യം
നിന്തിരുവടിയരുൾ ചെയ്യണം പരമാർത്ഥം.”
എന്നു ചോദ്യം ചെയ്തു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു.
കാശ്യപനു പതിമ്മൂന്നു പത്നിമാരുള്ളതിൽ, ദനു എന്നവൾക്കു മാതൃദോഷേണ ശതാനനൻ എന്ന രാക്ഷസൻ ജനിച്ചുവത്രേ.
അവൻ,
“ഘോരമാമാസുരഭാവം പരിഗ്രഹിച്ചു്
ആരാലുമേ ജയിക്കാനരുതാതൊരു
ശൌര്യം ധരിച്ചു വളർന്നവനെത്രയും
ധൈര്യം ഭജിച്ചു തപസ്സു തുടങ്ങിനാൻ.
കാലകേയാദ്യസുരപ്പടയോടുമ
ക്കാലമസുരവരപരിസേവിതൻ,
ത്രൈലോക്യവും പരിപാലിക്കും ദേവക-
ളാലോക്യഭീതികലർന്നൊളിച്ചീടിനാർ
… … …
ചൂടുമവനില്ല ശീതവുമില്ലല്ലോ
കുണ്ഡലദ്വന്ദ്വസമാനം രവിശശി
മണ്ഡലദ്വന്ദ്വമവനു മഹാമതേ”
അവൻ കാശീപുരവാസിയായ പരമേശ്വരനെ പൂജിച്ചു് അമരത്വം കൈയ്ക്കലാക്കിയിട്ടു്,
“നിർഭയനായവൻ നീളേ നടന്നോരോ
സൽപ്രജാധ്വംസനം ചെയ്യുന്നതിന്നിപ്പോൾ.
മായാപുരിയിൽ വാഴുന്നിതവൻ മഹാ-
മായാവി താനവനൊന്നുമറിക നീ.
കാലേയവനെ വധിച്ചു ലോകത്രയം
പാലനം ചെയ്ക ഭവാനിനി വൈകാതെ”
ഇപ്രകാരമുള്ള അഗസ്ത്യസുഭാഷിതം കേട്ടു്, കാകുൽസ്ഥൻ ചിന്തതുടങ്ങി. ഒടുവിൽ കുംഭസംഭവനോടുതന്നെ ഇങ്ങനെ അദ്ദേഹം ചോദിച്ചു.
“ഞാനവനെ കൊലചെയ്യുന്നതെങ്ങനെ?
ദീനദയാനിധേ തത്വമരുൾചെയ്ക.
ദാനവവീരൻ മഹാബലവാൻ തുലോം
മാനവന്മാർ ഞങ്ങൾ ദുർബലന്മാരല്ലോ.”
അതിനു് അഗസ്ത്യൻ മന്ദഹാസം പൂണ്ടു് ഇങ്ങനെ മറുവടി പറഞ്ഞു.
“…നന്നു നന്നെത്രയും
രാമ! രഘൂപതേ! രാജശിഖാമണേ!
കാമപ്രദ! പ്രഭോ! കാമദേവോപമ!
എങ്ങുമേ ചെല്ലരുതായ്കയുമില്ലലോ-
കങ്ങങ്ങളിൽ നിന്നുടെ ശസ്ത്രത്തിനോർക്കനീ.”
അനന്തരം
“ആനതേർ കാലാൾ കുതിരപ്പടയുമായ്
മനവവീരരും വാനരവീരരും
മാനമേറീടുന്ന കൌണപവീരരും
മാനവശ്രേഷ്ഠസഹോദരവീരരും
ജാനകീദേവിയും ശ്രീരാമദേവനും.”
വാനരേന്ദ്രോപരി കേറി ശതമുഖനിരിക്കുന്ന ദിക്കിലേക്കു യാത്രയായി. മാരുതി മേല്പോട്ടു പൊങ്ങിയപ്പോൾ,
“……………വാരിധി-
കല്ലോലജാലങ്ങൾ കണ്ടുകണ്ടാദരാൽ
ക്ഷാരസമുദ്രവും ശർക്കരയബ്ധിയും
ഘോരസുരാബ്ധിയുമാജ്യസമുദ്രവും
ജംബുദ്വീപം പ്ലക്ഷദ്വീപം കുശദ്വീപം
സംബാധിത ക്രൌഞ്ചദ്വീപവുമെന്നിവ
പിന്നീടു ശാകദ്വീപവുമുൾപ്പുക്കു
നിന്നനേരം ദധിസാഗരവും കണ്ടു
വന്നോരു വിസ്മയം പൂണ്ടു മഹാബലൻ”
അന്യോന്യമാലാപവും ചെയ്തു ചെയ്തു് അഞ്ജനാനന്ദനനെ പുകൾത്തിയത്രേ.
ഈ വർണ്ണനയിൽ എഴുത്തച്ഛനു സ്വതസ്സിദ്ധമായുള്ള ഗാംഭീര്യം കാണുന്നതേയില്ല. ‘ശർക്കരയബ്ധി’ എന്നു് അദ്ദേഹം പ്രയോഗിക്കുമായിരുന്നോ എന്നും സംശയമാണു്. ഇന്നത്തേ പണ്ഡിതമഹാഗിരികളിൽ പലരും ചുണ്ടെലികളെ പ്രസവിച്ചേയ്ക്കാം. എഴുത്തച്ഛനാകുന്ന മഹാമേരു ഗർഭം ധരിച്ചാൽ മേരുക്കുട്ടന്മാരല്ലാതെ ചുണ്ടെലികളുണ്ടാവാൻ തരമില്ല. കാകുൽസ്ഥൻ, ലോകങ്ങൾ ഇത്യാദി പദങ്ങളെ കാ–കുൽസ്ഥൻ, ലോ–കങ്ങൾ എന്നിങ്ങനെ പദച്ഛേദം ചെയ്തു കാണുന്നതും സംശയജനകമായിരിക്കുന്നു.
രാമാദികൾ അചിരേണ, ‘ശതാനനപാലിത’വും ‘നന്ദനം നിന്ദിക്കുമുദ്യാനദേശമാനന്ദ പ്രദം കാഞ്ചനദ്രുമശോഭിത’വും ആയ മായാപുരിയിൽ എത്തി. ഉടനേ രാമചന്ദ്രൻ
“കൂട്ടമൊരുമിച്ചു നില്പിനെല്ലാവരും
കോട്ടയഴിപ്പിൻ; കിടങ്ങു തൂർത്തീടുവിൻ”
എന്നു് ആജ്ഞ നൽകി. അതനുസരിച്ചു്, ‘അർക്കജനാദിയായ കപിപ്രവീരരും’ ‘രക്ഷോവരരും വിഭീഷണവീരനും’ ‘ഇക്ഷ്വാകുവംശപരിവൃഢസേനയും’ ‘മായാപുരമതിലും കിടങ്ങും തർത്തു്’ ആയോധനത്തിനടുത്തു.
എഴുത്തച്ഛന്റെ യുദ്ധവർണ്ണന വായിച്ചാൽ യുദ്ധം നമ്മുടെ മുമ്പിൽ നടക്കുന്നോ എന്നു തോന്നും. യുദ്ധരംഗത്തിലേ ശബ്ദകോലാഹലങ്ങളും ആർത്തനാദവും എല്ലാം നമുക്കു കേൾക്കാം. എന്നാൽ ഈ വർണ്ണന നോക്കുക.
“ശാസ്ത്രങ്ങളസ്ത്രങ്ങൾ, നാരായപങ്ക്തികൾ,
മുൾത്തടി, ശൂലം, മുസലം, ഗദകളും,
ഭാണ്ഡങ്ങൾ, വാളും, ചുരിക, കുടുത്തില,
ഭിണ്ഡിപാലങ്ങൾ, പരിഘങ്ങ, ളീട്ടികൾ,
ശക്തിയും, ചക്രവും, വെണ്മഴു, വീർച്ചവാൾ
കൈക്കത്തിയും, കന്നക്കത്തിയും, ചോട്ടയും,
കുന്തം, കുറിയവാൾ, ചന്തമേറും പീലി-
ക്കുന്തം, ചവിളം, ചരട്ടുകുന്തങ്ങളും,
കൈക്കൊണ്ടടുത്തു തൂകിത്തുടങ്ങിനാർ”
ഇങ്ങനെ രണ്ടുമാസം യുദ്ധം നടന്നതിനുശേഷമാണു് ശതമുഖൻ പോരിനിറങ്ങിയതു്. രാവണന്റെ വരവു കണ്ടപ്പോൾ, ഹനുമാൻ വിസ്മതനായ രാമചന്ദ്രനോടു്,
“ചിന്തയുണ്ടാകൊലാ കാരുണ്യവാരിധേ!
ചിന്തയാകുന്നതു കാര്യവിനാശിനി
കിന്തയാ ചിന്തയാ യന്മയാ ഹന്തവ്യ-
നന്തരമില്ല ശതാനനൻ ഭൂപതേ”
എന്നു പറഞ്ഞുവത്രേ. രാമചന്ദ്രനുപോലും ഭീതി പ്രദനായിരുന്ന രാവണന്റെ വരവിനെ എഴുത്തച്ഛൻ വർണ്ണിച്ചു കേട്ടാൽ, ശ്രോതാക്കൾക്കും ഭയം ജനിക്കാതിരിക്കയില്ല. ഇവിടെയാകട്ടെ,
“ശതവക്ത്രൻ മഹാബലൻ
നൂറായിരം യോജനോന്നതമുള്ളവൻ
നൂറായിരം തലയുമിരുന്നൂറു കൈയുമായ്
തന്നുടെ സേനാപതികളും സേനയും
മത്തമായ്വന്നതറിഞ്ഞു കോപിച്ചുടൻ
സന്നദ്ധമായ് പുറപ്പെട്ടു രണത്തിനായ്”
എന്നാണു് വർണ്ണിച്ചിരിക്കുന്നതു്. എലിയെപ്പിടിക്കാനായി കൊറ്റിപ്പൂച്ച എഴുന്നള്ളുമ്പോൾ ഇതിനേക്കാളും ശബ്ദമുണ്ടായേക്കും. പോരെങ്കിൽ അതിനിടയ്ക്കു ‘യോജനോന്നതമുള്ളവൻ’ എന്നൊരു അബദ്ധപ്രയോഗവും കടന്നുകൂടിയിരിക്കുന്നു. എല്ലാറ്റിനും പുറമേ, രാമനു ഭയം ജനിച്ചതായി എഴുത്തച്ഛൻ പറയുകയോ? ലോകത്തിൽ മറ്റാരെല്ലാം അങ്ങനെ പറഞ്ഞാലും, എഴുത്തച്ഛനും തുളസിയും വ്യംഗഭംഗിയിൽപോലും അങ്ങനെ പറയുകയില്ലെന്നു തീർച്ചയാണു്.
ഹനൂമാൻ ഇപ്രകാരം പറഞ്ഞിട്ടു്, ‘മധ്യാഹ്നമാർത്താണ്ഡമണ്ഡല’തുല്യമാം വക്ത്രവും മേരുസമാനശരീരവും കൈക്കൊണ്ടു് അസ്തഭീത്യാരുഷാ’ സഞ്ചരിച്ചു. ഇതിനോടുകൂടി ദ്വിതീയപാദം അവസാനിക്കുന്നു.
ഹനുമാനും രാവണനുമായിട്ടാണു് പിന്നീടു് യുദ്ധമുണ്ടായതു്.
“കരികളഭകരസദൃശകരയുഗളശോഭയും
കാഠിന്യമേറുന്ന ദംഷ്ട്രാകരാളവും
തരുണരവികിരണരുചി സമരുചിരകാന്തിയും
താരകാകാരഹൃദയസരോജവും
കനകഗിരിശിഖരുചിസമഗുരു കിരീടവും
കാലാനലാഭായും കാണായിതന്തികേ.”
എന്നിങ്ങനെ താരകബ്രഹ്മവർണ്ണനയോടുകൂടി രണ്ടാംപാദം ആരംഭിക്കുന്നു. പവനതനയനെ അടുത്തു കണ്ടപ്പോൾ ശതാനനുപോലും വിസ്മയം തോന്നിപ്പോയത്രേ. എന്നു മാത്രമല്ല ഹനൂമാന്റെ ഒരു താഡനമേറ്റ മാത്രയ്ക്കു് അയാൾക്കു് മോഹാലസ്യവും വന്നുപോയി. അങ്ങനെ അയാൾ അർദ്ധപ്രഹരം കിടന്നിട്ടു് ഒടുവിൽ ഉണരുകയും ഹനൂമാനെ മാനിച്ചു വാഴ്ത്തുകയും ചെയ്തു. എന്നാൽ പിന്നീടുള്ള ബലപരീക്ഷയിൽ, രാവണൻ ഹനൂമാന്റെ നേർക്കു ശൂലം പ്രയോഗിക്കയും അതുകൊണ്ടു അദ്ദേഹം മോഹിച്ചു നിലംപതിക്കയുമാണുണ്ടായതു്.
“പതിതമഥ പവനസുതമമിതബലമീർഷയാ
പാദങ്ങൾകൊണ്ടു ചവിട്ടിനാൻ പിന്നെയും.
ശുഭചരിതനനിലസുതനമിതബലനാധിപൂ-
ണ്ടയ്യോ ശിവ ശിവ! എന്നുമാൽ തേടിനാൻ.”
ഇങ്ങനെ പതിതനായ ഹനൂമാൻ.
“വാസുദേവായ ശാന്തായ രാമായ തേ
വാസവമുഖ്യവന്ദ്യായ നമോ നമഃ
പ്രദ്യുമ്നായാനിരുദ്ധായ ഭരതായ
ധന്വിനേ സംകർഷണായ രുദ്രായ തേ
ശ്രീലക്ഷ്മണായ മഹാത്മനേ സത്വായ
ശ്രീരാഘവായ ശത്രുഘ്നായ തേ നമഃ
നിർമ്മലായാക്ലിഷ്ടകർമ്മണേ ബ്രഹ്മണേ
നിർമ്മമായാഖിലാധാരായ തേ നമഃ
അച്യുതായാനന്ദരൂപായ രാമായ
സച്ചിൽസ്വരൂപായ സത്യായ തേ നമഃ”
എന്ന സ്തോത്രം ചൊല്ലി സ്തുതിച്ചു് ഭഗവാനെ ധ്യാനിച്ചു.
“പാവനനാകിയ പാർവതിതന്നുടെ
ഭാവനയാലേ തെളിഞ്ഞു വിളങ്ങിനാൻ.”
അക്കാലത്തും പ്രദ്യുമ്നാദികളും സങ്കർഷണനുമൊക്കെ ഉണ്ടായിരുന്നോ എന്തോ? പക്ഷേ ആ പദങ്ങൾക്കു വിഷ്ണുപരമായ അർത്ഥങ്ങൾ പറയാവുന്നതാണെന്നൊരു സമാധനമുണ്ടു്.
പിന്നീടുണ്ടായ യുദ്ധം രാമചന്ദ്രനുമായിട്ടാണു്. ശതമുഖൻ, ‘കരകമലധൃതവിശിഖചാപനാം രാഘവനെ’ കണ്ടപ്പോൾ, ക്രോധം മുഴുത്തു്,
“ജ്വലദനലതുലിതശതവദനസഹിതം മുദാ
ജ്യാനാദവും സിംഹനാദവും ചെയ്തുടൻ.”
പരമപുരുഷനോടു് രണംതുടങ്ങി.
“ദശവദനസഹജനും അരുണപുത്രനും ദാനവ പാദപ്രഹര”മേറ്റു് ലങ്കാപുരദ്വാരത്തിൽ ചെന്നു വീണുപോയി. ഹനൂമാൻ അതുകൊണ്ടു് തന്റെ വാൽ നീട്ടികൊടുത്തു. എന്നാൽ,
“അജിതനഥ ജിതപവനനനിലസുതനാദരാ-
ലാജ്യമദ്യേക്ഷുലവണാംബുധികളും
ഗിരിഗഹന നഗനഗരനദനദികൾ ചേർന്നെഴും
ക്രൌഞ്ചകുശപ്ലക്ഷജംബുദ്വീപങ്ങളും
ഘനഘടിതപവന ലഘുമാർഗ്ഗേണ നീണ്ടവാൽ”
കണ്ടിട്ടു്, സുഗ്രീവനും വിഭീഷണനും അതിനെ അവലംബിച്ചു് തിരിച്ചുപോന്നു. പിന്നീടും കപികൾ യുദ്ധംചെയ്തുവെങ്കിലും, ‘അങ്ങുമിങ്ങും ചെന്നു പതിച്ചീടിനാരേവരും.’ അതിനുശേഷം, “അസുരകുലപതി ചരണപരിപതനഭീതികൊണ്ടു്” അവരാരും യുദ്ധാങ്കണത്തിൽ എതിരിടാതെയായി. രാമസഹോദരന്മാർ മാത്രം നാലു മാസകാലം യുദ്ധം ചെയ്തതിന്റെ ഫലമായി കാലകേയാദികളെല്ലാം കാലാലയം പ്രാപിച്ചു. ഒടുവിൽ അവരും ക്ഷീണിച്ചു. ‘അമിതപരവശത’യോടു നിലംപതിച്ചു. പിന്നീടു് ‘താരകബ്രഹ്മരൂപനായ രാമചന്ദ്രൻ’ രാക്ഷസനോടേറ്റു. എന്നാൽ ദീർഘകാലം പൊരുതിട്ടും രാവണനെ കൊല്ലാൻ സാധിയ്ക്കായ്കയാൽ കാർമുകത്തെ ‘ജനകമകൾ’ കൈയിൽ കൊടുത്തിട്ടു്,
“ദശവദനമതിചതുരമുരുഭയദസംഗരേ
ദണ്ഡമൊഴിഞ്ഞു ഞാൻ കൊന്നേൻ പ്രിയതമേ!
വിബുധപരിജിതമരിയ ദശമുഖതനൂജനെ
വീരനാംസൌമിത്രി കൊന്നൂ ജിതശ്രമം
മധുതനയമമിതബലമപി ലവണനെത്തഥ,
മാനിയാം ശത്രുഘ്നനും വധിച്ചീടിനാൻ
ഗഗനചരപരിവൃഢരൊടധിരണമനന്തരം
ഗന്ധർവവീരരെക്കൊന്നു ഭരതനും.
ശതവദനനിവരിലുമധികബലവാനികം
ശാരദാംഭോജവക്ത്രേ! വധിച്ചീടു നീ.
നിഹതനിവനിഹ സമരഭുവി ഭവതിയാലതു
നിശ്ചയം, യുദ്ധം തുടങ്ങു നീ വല്ലഭേ!”
എന്നു അരുളിച്ചെയ്തു. അതുകേട്ടു്, ‘ദേവി താരകബ്രഹ്മസംജ്ഞം രാമനാമകം കരളിലുറപ്പിച്ചുകൊണ്ടു് ഒരു ശരം പ്രയോഗിച്ചു. തത്സമയം,
“അയുതരവികിരണരുചിതടവിനശരം ദ്രുത-
മാഹന്തകൊണ്ടുവീണൂ ശതവക്ത്രനും.
കമലമകളതു പൊഴുതുനിജപതിപുരോഭുവി
കാളരാത്രീവ നിന്നീടിനാളശ്രമം
ലവണജലനിധി കലശകർണ്ണപാതേയഥാ
ലാഘവംകൈക്കൊണ്ടു പൊങ്ങീപുരോ; തഥാ
ദധിജലധി ശതവദനപതനസമയേചെന്നു
ദേവലോകത്തു വൃത്താന്തമറിയിച്ചു.
യുവതികളൊടമിതസുഖമദിതിതനയൌഘവു-
മുണ്ടായ സന്തോഷവിസ്മയം ചൊല്ലിനാർ
വിബുധതരുവരകുസുമവൃഷ്ടിയുംപെയ്തിതു
വിദ്യാധരാദികളത്യാദരാത്മനാ
മനുജപരിവൃഢ ജനകദുഹിതൃമരുദാത്മജ-
ന്മാരുടെ മൂർദ്ധനി സാദ്ധ്യസിദ്ധ്യാ മുദാ.
ദശവദനശമനവചനേന ചാപാസ്ത്രങ്ങൾ
ദേവി സൌമിത്രി കൈയ്യിൽ കൊടുത്തീടിനാൾ.
ദശവദനസഹജസമരജനിചര വൃന്ദവും
ദേവേന്ദ്രപുത്രാനുജാദികപികളും
അതിവിനയമൊടു ഭരതനവരജന്മാരുമാ
യാനന്ദരൂപിണിയെത്തൊഴുതീടിനാർ.
മുഹുരപിച മുഹുരപിചപരമഹർഷംപൂണ്ടു
മൂലപ്രകൃതിയെ വന്ദിച്ചിതേവരും”
രാമചന്ദ്രൻ ദേവിയ്ക്കു് രത്നമയമായി തന്റെ ഹാരം സമ്മാനിച്ചു. ദേവി ക്ഷണനേരം ആലോചിച്ചിട്ടു്,
“നിജരമണവദനസരസീരുഹമനന്തരം
നിർമ്മലഹാരവും മാരുതിവക്ത്രവും”
കണ്ടു് ‘ഉടമയൊടുമുടനുടനെയിടകലരെ നോക്കി’. ഇംഗിതജ്ഞനായ ഭഗവാൻ
“വിമലതരശശിമുഖി! തവാന്തർഗതത്തിന്നു
വിഘ്നംവരുത്തുവാനാരുമില്ലത്രേ കേൾ.
തവ ഹൃദയനിഹിതമിഹ കുരു കുരു യഥേപ്സിതം
തൻകാര്യമിപ്രപഞ്ചത്തിനു സമ്മതം”
എന്നു അരുളിച്ചെയ്കയാൽ, സീതാദേവി ഹനൂമാനെ വിളിച്ചു് ആ ഹാരത്തെ അദ്ദേഹത്തിനു നൽകി. അദ്ദേഹം അതു ധരിച്ചുകൊണ്ടു് ആനന്ദമൂർത്തിയെ താണു വണങ്ങി. ഇവിടെ മൂന്നാം പാദം അവസാനിക്കുന്നു.
നാലാംപാദം ഉപസംഹാരമാണു്. വിണ്ണവരെല്ലാവേരുകൂടി ‘താരകാധീശകുലശേഖര’നായ മഹേശ്വരനെ കാണുന്നതും പരമേശ്വരൻ പാർവതീസഹിതനായി രാമചന്ദ്രനെ സന്ദർശിക്കുന്നതും ഭഗവാൻ ശങ്കരപ്രീത്യർത്ഥം വിശ്വരൂപം കാട്ടികൊടുക്കുന്നതും മറ്റുമാണു് അതിൽ സംഗ്രഹിച്ചിരിക്കുന്നതു്.
ആകപ്പാടെ നോക്കുമ്പോൾ കവിത ഒരുവിധം നന്നായിട്ടുണ്ടു്. ഇതു മൂലകൃതിയുടെ ഒരു സ്വതന്ത്ര വിവർത്തനമാകുന്നു. ചില അനൌചിത്യങ്ങളും, അബദ്ധപ്രയോഗങ്ങളും, എഴുത്തച്ഛന്റെ കൃതികളിലെല്ലാം ഒരുപോലെ കാണുന്ന ഗാംഭീര്യത്തിന്റെ അഭാവവും മാത്രമാണു്. ഇതു അദ്ദേഹത്തിന്റെ കൃതി ആയിരിക്കുമോ എന്നുള്ള വിഷയത്തിൽ സംശയം ജനിപ്പിക്കുന്നതു്. ഉപരിലക്ഷ്യങ്ങൾ കിട്ടുന്നതുവരെ നമുക്കു് ഖണ്ഡിതമായ ഒരു അഭിപ്രായവും പറവാൻ തരമില്ല എന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു.
ശിവപുരാണം
ശിവപുരാണം എഴുത്തച്ഛകൃതിയല്ലെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടുതുടങ്ങീട്ടു് കുറച്ചുകാലം ആയി. പ്രഥമവായനയിൽതന്നെ, അതു അദ്ദേഹത്തിന്റെ കൃതിയായിരിക്കില്ലെന്നുള്ള ബോധം ആർക്കും ഉണ്ടാവാതിരിക്കയില്ല. ഒന്നാമതായി എഴുത്തച്ഛൻ മറ്റുകൃതികളെയെല്ലാം കിളിയെക്കൊണ്ടു പാടിച്ചിരിക്കെ ശിവപുരാണത്തിൽ മാത്രം അങ്ങനെ കാണാത്തതു സംശയജനകമായിരിക്കുന്നു. രണ്ടാമതായി ഉമേശാനവ്രതമാഹാത്മ്യം, ശംബരമാഹാത്മ്യം, രുദ്രാക്ഷമാഹാത്മ്യം ഇവയുടെ അവസാനത്തിൽ മനക്കോട്ടച്ഛനെ പ്രശംസിച്ചുകാണുന്നുണ്ടു്. എഴുത്തച്ഛൻ മറ്റൊരിടത്തും നരസ്തുതിയ്ക്കു് സ്ഥലം അനുവദിച്ചിട്ടില്ലാത്ത സ്ഥിതിക്കു് ഈ കൃതി അദ്ദേഹത്തിന്റെതല്ലെന്നു് ന്യായമായി വാദിക്കാവുന്നതാണു്. പ്രസ്തുത സ്തുതികളിൽ കാണുന്ന മനഃസ്ഥിതി എഴുത്തച്ഛനു് ഒരിക്കലും ഉണ്ടായിരുന്നിരിക്കയില്ല.
“ചന്ദ്രചൂഡപ്രസാദത്തെച്ചന്തമോടെ ലഭിക്കുന്ന
ചന്ദ്രബിംബസമാനൻ വീരൻ മനക്കോട്ടുബാലരാമൻ
നന്ദിപൂണ്ടു ചിരകാലം നാടുവാണു വസിക്കേണം”ഉമേശാനവ്രതം.
“ചൊല്ലെഴുന്ന മനക്കോട്ടുമേവിടും ബാലരാമൻതാൻ
നല്ലസൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ
മുല്ലബാണാരിയേച്ചിത്തേ ചേർത്തുകൊണ്ടു വസിക്കുന്നോൻ
വല്ലഭമോടനേകം നാൾവാണുകൊണ്ടു വിളങ്ങേണം.”ശംബരമാഹാത്മ്യം.
“മനക്കോടുവാഴും മഹാമാനശാലി
മാനക്കാമ്പിലേറ്റം കൃപാവാരിരാശി
ഇനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ.”രുദ്രാക്ഷമാഹാത്മ്യം.
ഈ തെളിവുകളെ വകവയ്ക്കാതെ ഇരുന്നാലും പിന്നെയും സംശയത്തിനു ധാരാളം വഴി കാണുന്നു. എഴുത്തച്ഛന്റെ വൃത്തബന്ധത്തിനുള്ള പ്രൌഢഗംഭീരമായ ഗതി ശിവപുരാണത്തിലെ വൃത്തബന്ധത്തിനു കാണുന്നതേ ഇല്ല. നേരെ മറിച്ചു് ശിവപുരാണത്തിലെ വൃത്തങ്ങൾ തുള്ളൽ വൃത്തങ്ങൾപോലെ തുള്ളിക്കുതിച്ചുകൊണ്ടിരിക്കുന്നു.
“മഹാദേവൻ ജഗൽകർത്താ മഹാദേവൻ ജഗൽഭർത്താ
മഹാദേവൻ ജഗദ്ധർത്താ മഹാദേവൻ ജഗത്സർവം
… … …
ഫലിക്കും ശ്രദ്ധയാചെയ്യും തപസ്സും നിഷ്ഠയുംനിത്യം
ജ്വലിക്കും കാന്തിയുംപിന്നെസ്സമസ്തഭ്രാന്തിയും തീരും.
ശമിക്കും സർവസന്താപം ഗമിക്കും രാഗദോഷങ്ങൾ
രമിക്കും മാനസഭക്ത്യാ നമിക്കും മാനുഷന്മാർക്കും
യമിക്കും ഭക്തിയില്ലാഞ്ഞാൽ ഭ്രമിക്കും ചിത്തമെന്നോർപ്പിൻ.
വിടന്മാരും ഭടന്മാരും ജടന്മാരും ശഠന്മാരും
നടന്മാരും ദ്വിജന്മാരും ഭുജോരുപാദജന്മാരും
ശ്വപചന്മാർ കിരാതന്മാരവർക്കെല്ലാം സമംതന്നെ
കപാലശ്രീപദാംഭോജം പണികൊണ്ടേ ലഭിച്ചീടൂ”
“സൂര്യദേവനുദിക്കുമ്പോൾ ജലംകൂടിദ്ധരിക്കേണം
സൂര്യനങ്ങസ്തമിക്കുമ്പോൾ ജലംകൂടാതെയും വേണം.
… … …
പുത്രസൌഖ്യം മിത്രയോഗം ദ്രവ്യലാഭം ദീർഘഭോഗം
ഗാത്രസൌഖ്യം കീർത്തിലാഭം മുക്തിയും സിദ്ധമാം നൂനം”
[55] “ചാർക്കുംപലതരം വാക്കുംഭയപ്പെട്ടു
നോക്കുംപിടിച്ചുന്തിനീക്കും വിധങ്ങളും
ഏൾക്കുംചിലർചെന്നു തോൽക്കുംചിലർചെന്നു
കൂടുംചിലർനിന്നു പാടും പടജ്ജനം
വീടുംഭരിച്ചങ്ങു കൂടുന്നഭീരുക്ക-
ളോടും ചിലരടുത്തീടും പിണങ്ങുവാൻ.
നാടുംനഗരവും തോടുംപുഴകളും
കാടുംപൊടികൊണ്ടു മൂടുന്നുതൽക്ഷണം.”
ഇങ്ങനെ ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ വൃത്തങ്ങൾക്കും തുള്ളൽ വൃത്തങ്ങളോടുള്ള സാദൃശ്യം പ്രകടമാണു്.
എഴുത്തച്ഛന്റെ ശൈലിയും ഈ ഗ്രന്ഥത്തിൽ സർവത്രാദൃഷ്ടമായിരിക്കുന്നു. ഈശ്വരനാമം ഉച്ചരിക്കേണ്ടി വരുന്നിടത്തെല്ലാം നിത്യൻ, നിരാമയൻ, നിർവികല്പൻ ഇത്യാദി ഭഗവദ് ഗുണവർണ്ണനം, കൂടിച്ചെയ്യാതെ അദ്ദേഹം വിടുകയില്ല. രണ്ടാമതായി അദ്ദേഹത്തിനു എല്ലാ രസങ്ങളേയും തത്തദ്രസാനുഗുണമായ പദങ്ങൾകൊണ്ടു് പ്രതിപാദിപ്പാൻ ശക്തിയുണ്ടു്. മിതമായ വാക്കുകളാൽ സജീവചിത്രങ്ങൾ രചിക്കുന്നതിനും അദ്ദേഹത്തിനു കഴിയും. ഈ ഗുണങ്ങളൊന്നും ശിവപുരാണത്തിനില്ലെന്നു പറയേണ്ടിയിരിക്കുന്നു. പ്രകൃതകൃതിയിലെ സ്ത്രീവർണ്ണനകൾ നോക്കുക. നമ്പ്യാരെപ്പോലെ ഈ കവിയും സ്ത്രീകളിൽ ചില അവയവങ്ങളുടെ സമീചീനമായ സന്നിവേശമല്ലാതെ ചൈതന്യമെന്നൊന്നു ഉള്ളതായി കാണുന്നില്ല.
ഇവയ്ക്കെല്ലാറ്റിനും പുറമേ ശിവപുരാണത്തിലെ ചില ഭാഗങ്ങൾക്കു നമ്പ്യാരുടെ കൃതികളോടു അത്ഭുതാവഹമായ സാദൃശ്യങ്ങളും കാണ്മാനുണ്ടു്. അവയിൽ ചിലതു മാത്രം ചൂണ്ടികാണിക്കാം.
“രണ്ടുപണം കൈയ്യിലുള്ള പുരുഷനെ
ക്കണ്ടാലയക്കയില്ലിന്ദീവരാക്ഷിമാർ”
ഈ ആശയം തുള്ളലുകളിൽ പലേടത്തും കാണ്മാനുണ്ടു്.
“വിദ്വാൻവിവേകീ വിനീതൻ വിശുദ്ധിമാൻ
വിദ്വേഷ്യഭീഷണൻ വീരൻ വിശാംപതി”ശിവപുരാണം.
“…വീരൻ വിശാംപതി
ധീരൻ ജഗത്ത്രയസാരൻ ഗുണാകരൻ
വിദ്വാൻ വിനീതൻ വിശാലവിലോചനൻ
വിദ്യോതമാനൻ വിദഗ്ദ്ധൻ വിമത്സരൻ”നളചരിതം.
“പുഞ്ചിരിക്കൊഞ്ചലും കണ്മയക്കങ്ങളും
നെഞ്ചിൽതറച്ചാലൊഴിച്ചുകൊൾവാൻപണി.
ചില്ലീവിലാസവും നല്ലോരുഹാസവും
സല്ലാപസൌജന്യ കല്യാണലീലയും
എല്ലാംനിരൂപിച്ചു മല്ലാക്ഷിമാരുടെ
വല്ലാത്തകൺമുനത്തല്ലാൽവശംകെടും.”ശിവപുരാണം.
“നല്ലോരുഹാസവും ചില്ലീവിലാസവും
കല്ലോലിതങ്ങളാം തല്ലോചനങ്ങളും
ഫുല്ലാംബുജപ്രൌഢിവെല്ലും മുഖാബ്ജവും
സല്ലാപഭംഗിയും ചൊല്ലേറുമാകാര
പല്ലവാംഭോജവും നല്ലസൌന്ദര്യവും” (ഇത്യാദി)നളചരിതം.
ഈ സാദൃശ്യങ്ങൾ തുച്ഛങ്ങളാണെങ്കിൽ ഇനിയും നോക്കുക.
“ഊട്ടിനുപുറപ്പെട്ട കൂട്ടമെന്നുറച്ചവൾ
പെട്ടെന്നുപുറപ്പെട്ടു വടിയും കുത്തികുത്തി”
“അടിച്ചു പൽപൊഴിക്കേണം ചെവിചെത്തീട്ടയക്കേണം
മുടിയൊക്കെച്ചിരച്ചഞ്ചും കുടുമ്മവച്ചയക്കേണം.
മുടിപ്പാനിങ്ങനെ വന്നുപിറന്നുള്ള സ്വരൂപത്തെ”
“കുതിരകളുമൊരുമകളുമനവധി ഖരങ്ങളും
കൂടെഗ്ഗമിക്കുന്ന ചെട്ടികോമട്ടികൾ”
ഇവയ്ക്കു തുള്ളൽപ്പാട്ടുകളോടുള്ള സോദര്യമെന്നപോലെ എഴുത്തച്ഛന്റെ രീതിയിൽനിന്നുള്ള വൈദൂര്യവും പ്രകടമായിരിക്കുന്നു. ഇതുകൊണ്ടും പോരെന്നു വരികിൽ,
“രാജസേവയ്ക്കു നടന്നുകൊൾവാൻമാത്ര-
മോജസ്സുമിച്ഛയുമില്ല ഞങ്ങൾക്കെടോ
അയ്യോ! മഹാദുഃഖമർത്ഥവാന്മാരുടെ
ശയ്യാഗൃഹദ്വാരിചെന്നു നില്ക്കുന്നതും”
“സ്ത്രീകൾക്കു സർവാധികാരംകൊടുക്കുന്ന
മൂഢപ്രഭുക്കളുമന്നില്ല ഭൂതലേ
നാരിയെച്ചൊല്ലി ഗൃഹംമുടിച്ചീടുന്ന
നീരസപൂരുഷന്മാരുമില്ലെങ്ങുമേ.”
“ദ്രവ്യംകൊതിക്കയാലിഷ്ടം കഥിക്കുന്ന
ദിവ്യൻ മഹാസമക്ഷത്തു നാണംകെടും ദൃഢം,
തന്നിഷ്ടമോതുന്ന ദുഷ്ടർക്കു നല്കുവാൻ
മന്നവർക്കു വിചാരമില്ലേതുമേ.”
ഇത്യാദി ഭാഗങ്ങളിലും നമ്പ്യാരുടെ ശൈലി തെളിഞ്ഞുകാണാം. സർവോപരി
“ജ്യോതിഷക്കാരനും മന്ത്രവാദിക്കുമ-
ച്ചാതുര്യമേറുന്ന വൈദ്യനും വേശ്യർക്കും
ഏതും മടിക്കാതെ വേണ്ടതു നല്കുവാൻ
ഭൂതലസ്വാമികൾക്കില്ലൊരു സംശയം
മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷനു
കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ
മറ്റുള്ള സംസാരമെന്തു ചിന്തിപ്പതും?”
ഈ ഭാഗം ശിവപുരാണത്തിലും ഹരിണീസ്വയംവരം ശീതങ്കനിലും കാണുന്നുമുണ്ടു്. ഭൂതലസ്വാമികൾ എന്ന സ്ഥാനത്തു ‘ഭൂതലവാസികൾ’ എന്നൊരു മാറ്റം മാത്രമേ തുള്ളലിൽ വരുത്തീട്ടുള്ളു. (തുള്ളൽ പാട്ടുകൾ ൩൯൨-ാം വശം നോക്കുക)
ഇത്തരം പലേ ലക്ഷ്യങ്ങൾ ഇരിക്കുന്നതിനാൽ പ്രകൃതകൃതി എഴുത്തച്ഛന്റെ വകയല്ലെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.
13.28 അധ്യാത്മരാമായണം
മലയാളികളുടെ ഇടയ്ക്കു് കുടിൽമുതൽ കൊട്ടാരംവരെ പ്രവേശമുള്ള ഏകഗ്രന്ഥം അധ്യാത്മരാമായണമാകുന്നു. മറ്റെല്ലാഭാഷകളിലും വാല്മീകിരാമായണം ഭാഷാന്തരം ചെയ്വാൻ മഹാകവികൾ ശ്രമിക്കേ, എഴുത്തച്ഛൻ അധ്യാത്മരാമായണതർജ്ജമയ്ക്കൊരുങ്ങിയതെന്തുകൊണ്ടാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ സംഗതിയേപ്പറ്റി ഒരു ഐതിഹ്യവുമുണ്ടു്. ഒരു ബ്രാഹ്മണൻ, അധ്യാത്മരാമായണം രചിച്ചിട്ടു്, അതിനേ കഴിയുന്നത്ര പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചുവത്രേ. എന്നാൽ ആദികവിയായ ശ്രീ വാല്മാകി മഹർഷിയുടെ ബഹിരന്തഃസ്ഫുരദ്രസവത്തായ രാമായണം ഇരിക്കേ ഈ കൃതിക്കു് എങ്ങനെ പ്രചാരം ലഭിക്കുന്നു? ആ കവികുലത്തരചന്റെ വാങ്മയം ആസ്വദിച്ചിട്ടുള്ളവർക്കുണ്ടോ മറ്റു രാമായണം രുചിക്കുന്നു! അതുകൊണ്ടു് ഭഗ്നാശനായ ബ്രാഹ്മണൻ ദുഃഖിതനായി സഞ്ചരിക്കവേ, ഒരു ഗന്ധർവനെ കണ്ടുമുട്ടുകയും അദ്ദേഹം പ്രച്ഛന്നവേഷനായി നടന്ന ഒരു ബ്രാഹ്മണനെ ചൂണ്ടിക്കാണിച്ചിട്ടു്, ആ മഹാത്മാവിനോടു സങ്കടം പറഞ്ഞാൽ, കാര്യസാധ്യം വരുമെന്നു ഉപദേശിക്കുയും ചെയ്തുപോലും. ഇങ്ങനെ തന്റെ ഉദ്ദേശ്യത്തിനു വിപരീതമായി തന്നെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനാൽ, കുപിതനായ വ്യാസൻ ‘നീ ശൂദ്രനായി ജനിക്ക’ എന്നു ഗന്ധർവനെ ശപിച്ചതായിട്ടാണു് കഥ. ഇപ്രകാരം ഒരു ഐതിഹ്യം എഴുത്തച്ഛനെ അധ്യാത്മരാമായണത്തോടു് അഭേദ്യമായ വിധത്തിൽ ബന്ധിച്ചിരിക്കുന്നു. ഇത്തരം വേറേ കഥകളും വളരെയുണ്ടെങ്കിലും, അവയെക്കൊണ്ടു് നമുക്കു് ഒരു പ്രയോജനവുമില്ല. വിശ്വസിക്കുന്നവർ വിശ്വസിച്ചുകൊള്ളട്ടെ.
അധ്യാത്മരാമായണം കേവലം ഒരു ഭാഷാന്തരീകരണമല്ലെന്നു് ഇതിനുപരിചെയ്യുന്ന വിചാരണയിൽനിന്നു തെളിയും. അപൂർവവാസനാബലത്തോടുകൂടാത്ത ഒരു കവിയ്ക്കു് ഇത്ര മനോഹരമായ കാവ്യം രചിക്കാൻ ഒരുകാലത്തും സാധിക്കയില്ല. എല്ലാഭാഗങ്ങളും കവിയുടെ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ ഘുമുഘുമിതമായിരിക്കുന്നു.
അധ്യാത്മരാമായണം മൂലത്തിലെ,
“യഃ പൃഥ്വീഭരവാരണായ ദിവിജൈഃ സമ്പ്രാർത്ഥിതശ്ചിന്മയഃ
സഞ്ജാതഃ പൃഥിവീതലേ രവികുലേ മായാമനുഷ്യോഽവ്യയഃ;
നിശ്ചക്രം ഹതരാക്ഷസഃ പുനരഗാദ് ബ്രഹ്മത്വമാദ്യം സ്ഥിരാം
കീർത്തിം പാപഹരാം വിധായ ജഗതാം താം ജാനകീശം ഭജേ.”
എന്ന പദ്യത്തിന്റെ ഭാഷാന്തരത്തോടുകൂടിയാണു് ഈ ഭാഷാഗാനം ആരംഭിക്കുന്നതു്. പ്രസ്തുതപദ്യത്തെ എഴുത്തച്ഛൻ തർജ്ജമചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
“ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്മാദിദേവഗണം
പ്രാർത്ഥിച്ചു ഭക്തിപൂർവം സ്തോത്രം ചെയ്തതു മൂലം,
ദുഗ്ദ്ധാബ്ധിമധ്യേഭോഗിസത്തമനായീടുന്ന
മെത്തമേൽ യോഗനിദ്രചെയ്തീടും
ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്
ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിൽ
രാത്രിചാരികളായ രാവണാദികൾ തമ്മേ
മാർത്താണ്ഡപുരത്തേജപുരം പ്രാപിപ്പിച്ചോരു ശേഷം
ആദ്യമാം ബ്രഹ്മതത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപദം വന്ദിക്കുന്നേൻ.”
ഈ തർജ്ജമയിൽ ‘കീർത്തിംപാപഹരാം വധായജഗതാം’ എന്ന അംശത്തെ വിട്ടുകളഞ്ഞിട്ടു് കീഴ്‌വരഞ്ഞിട്ടുള്ള ഭാഗങ്ങളെ കൂട്ടിയിരിക്കുന്നു.
മൂലം:
“പാർവത്യു വാച
നമോസ്തു തേ ദേവ! ജഗന്നിവാസ!
സർവാത്മദൃക് ത്വം പരമേശ്വരോഽസി
പൃച്ഛാമി തത്വം പുരുഷോത്തമസ്യ
സനാതനം ത്വം ച സനാതനോഽസി
ഗോപ്യം യദത്യന്തമനന്യവാച്യം
വദന്തി ഭക്തേഷു മഹാനുഭാവാഃ
തദപ്യഹോഽഹം തവ ദേവ! ഭക്തൊ
പ്രിയോഽസി മേ ത്വം വദ യത്തു പൃഷ്ടം.”
ഭാഷ:
“സർവാത്മാവായ നാഥ! പരമേശ്വരാ പോറ്റി!
സർവലോകാവാസ! സർവേശ്വര! മഹേശ്വര!
ശിവശങ്കര! ശരണാഗതജനപ്രിയ!
സർവദേവേശ! ജഗന്നായക കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുള്ള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും
ഭക്തന്മാർക്കുപദേശം ചെയ്തീടുമെന്നു കേൾപ്പൂ.
ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടി തന്നോ-
ടാകാങ്ക്ഷാപരവശ ചേതസാ ചോദിക്കുന്നു
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവതത്വമുദേശിച്ചീടണം.”
ഈ ഭാഗം ഏറെക്കുറെ തർജ്ജമയിങ്ങന്നു. കഥാരംഭത്തിലേ ഉമാമഹേശ്വരസംവാദരൂപമായ സംക്ഷേപത്തെ എഴുത്തച്ഛൻ വളരെ സംക്ഷേപിച്ചു കളഞ്ഞുവെങ്കിലും, അതുകൊണ്ടു് അർത്ഥലോപമൊന്നും വന്നു പോയിട്ടില്ല. എന്നാൽ, അതിന്റെ പ്രാരംഭത്തിൽ ആധ്യാത്മികതത്വപ്രദർശനാർത്ഥം ചേർത്തിരിക്കുന്ന സീതാരാമമരുൽസുതസംവാദത്തെ അദ്ദേഹം മൂലത്തിലുള്ളതിൽ കവിഞ്ഞു വിസ്തരിച്ചിരിക്കുന്നതു് ഉചിതമായിട്ടുണ്ടെന്നു് ആരും സമ്മതിക്കും.
മൂലം:
“…പരിവൃതെ വസിഷ്ഠാദ്യൈർമ്മഹാത്മഭിഃ;
സിംഹാസനേ സമാസീനഃ കോടിസൂര്യസമപ്രഭം”
എന്നതിനെ വിവർത്തനം ചെയ്തിരിക്കുന്നതു നോക്കുക:
“…വസിഷ്ഠാദികളാലും സേവിതനായ്
സൂര്യകോടി തുല്യതേജസാ ജഗൽശ്രാവ്യമാം രാമചരിതവും
കേട്ടുകേട്ടാനന്ദിച്ചു നിർമ്മലമണിലസൽകാഞ്ചന സിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി സാനന്ദമിരുന്നരുളീടുന്നേരം”
എന്നും,
മൂലം:
“ദൃഷ്ട്വാ തം ഹനൂമന്തം പ്രാഞ്ജലിം പുരതഃ സ്ഥിതം
കൃതകാര്യം നിരാകാംക്ഷം ജ്ഞാനാപേക്ഷം മഹാമതിം
രാമഃ സീതാമുവാചേദം ‘ബ്രൂഹി തത്വം ഹനൂമതേ!
നിഷ്ക്കന്മഷോയം ജ്ഞാനസ്യ പാത്രം തേ നിത്യഭക്തിമാൻ”
എന്ന പദ്യങ്ങളെ,
“വന്ദിച്ചു നില്ക്കുന്നേരം ഭക്തനാം ജഗൽപ്രാണ-
നന്ദനൻ തന്നെ ത്തൃക്കൺ പാർത്തു കാരുണ്യമൂർത്തി
മന്ദഹാസവും പൂണ്ടു സീതയോടരുൾചെയ്തു
സുന്ദരരൂപേ! ഹനൂമാനെ നീ കണ്ടായല്ലി!
നിന്നിലുമെന്നിലുമുണ്ടെല്ലാ നേരവുമവൻ
തന്നിലുള്ളഭേദയായുള്ളൊരു ഭക്തിനാഥേ!
ധന്യേ സന്തതം പരമാത്മജ്ഞാനത്തെയൊഴി
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ
നിർമ്മലനാത്മജ്ഞാനത്തിന്നിവൻ പാത്രമത്രെ
നിർമ്മമൻ നിത്യബ്രഹ്മചാരികൾക്കു മുമ്പനല്ലോ.”
എന്നും ഭാഷാന്തരപ്പെടുത്തിയിരിക്കുന്നു. പാരദസ്പർശമാത്രയിൽ കൃഷ്ണലോഹംപോലും സ്വർണ്ണമാവുംപോലെ എഴുത്തച്ഛന്റെ മനോധർമ്മസ്പർശംകൊണ്ടു് മൂലത്തിലെ ശുഷ്കപദ്യങ്ങൾ എത്ര ഹൃദ്യമായിച്ചമഞ്ഞിരിക്കുന്നു. ഭക്തന്മാരോടു സംസാരിക്കുമ്പോൾ ഒരു മന്ദഹാസം ഭഗവന്മുഖത്തു കളിയാടിക്കൊണ്ടിരിക്കുമെന്നാണു് കവിയുടെ നിശ്ചയം. അതിനാൽ ഇങ്ങനെയുള്ള എല്ലാഘട്ടങ്ങളിലും ആ മന്ദഹാസത്തേപ്പറ്റി പ്രസ്താവിക്കാതിരിക്കയില്ല. ഭഗവാൻ കാരുണ്യമൂർത്തിയല്ലേ? തർജ്ജമ വായിക്കുമ്പോൾ, അവ കരുണയാൽ ഉള്ളം അഴിഞ്ഞു അരുളിച്ചെയ്ത വാക്കുകളല്ലെന്നു ആർക്കെങ്കിലും പറവാൻ ധൈര്യമുണ്ടാകുമോ? ഹനൂമാനെപ്പറ്റി രാമചന്ദ്രനെക്കൊണ്ടു്,
“നിന്നിലുമെന്നിലുമുണ്ടെല്ലോ നേരവുമവൻ
തന്നിലുള്ള ഭേദയായുള്ളൊരു ഭക്തിനാഥേ”
എന്നു പറയിക്കുന്നിടത്തു്, കവി തന്റെ മനഃസ്ഥിതിയേക്കൂടി അല്പം പ്രതിഫലിപ്പിച്ചിട്ടുണ്ടു്.
സീതയുടെ ഉപദേശത്തെ കവി ഒട്ടുംവിടാതെ ഭാഷാന്തരം ചെയ്തിട്ടുണ്ടെന്നു് മൂലഗ്രന്ഥത്തോടു ചേർത്തു വായിച്ചാലറിയാം.
മൂലം:
“രാമം വിദ്ധി പരം ബ്രഹ്മസച്ചിദാനന്ദമദ്വയം
സർവോപാധിവിനിർമ്മുക്തം സത്താമാത്രമഗോചരം
ആനന്ദം നിർമ്മലംനിത്യം നിർവികാരം നിരഞ്ജനം
സർവവ്യാപിനമാത്മാനം സ്വപ്രകാശമകല്മഷം.”
ഭാഷ:
“സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
സർവോപാധിവിനിർമ്മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുള്ളിൽ ശ്രീരാമദേവനേ നീ
നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികമില്ലാതൊരു വസ്തുപര-
ബ്രഹ്മമിശ്ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
സർവകാരണം സർവവ്യാപിനം സർവാത്മാനം
സർവജ്ഞം സർവേശ്വരം സർവസാക്ഷിണം നിത്യം
സർവദാ സർവാധാരം സർവദേവതാമയം
നിർവികാരാത്മാ രാമദേവനെന്നറിഞ്ഞാലും.”
മൂലം:
“മാം വിദ്ധി മൂലപ്രകൃതിം സർഗ്ഗസ്ഥിത്യന്തകാരിണീം
തസ്യ സന്നിധിമാത്രേണ സൃജാമീദമതന്ദ്രിതം
തത്സാന്നിധ്യാന്മയാ സൃഷ്ടം തസ്മിന്നാരോപ്യതേ ബുധൈഃ.”
ഭാഷ:
“എന്നുടെ തത്വമിനിച്ചൊല്ലീടാമുള്ളവണ്ണം
നിന്നോടു ഞാൻ താൻ മൂലപ്രകൃതിയായതെടോ
എന്നുടെ പതിയായ പരമാത്മാവു തന്റെ
സന്നിധിമാത്രം കൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു
തത്സാന്നിദ്ധ്യം കൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം
തത്സ്വരൂപത്തിങ്കലാക്കീടുന്ന ബുധജനം
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ.”
അച്ചടിച്ച പ്രതികളിലെല്ലാം ‘ആക്കീടുന്നു ബുധജനം’ എന്നു കാണുന്നു. [56] അതിനെ ചിലർ ആ നിലയിൽതന്നേ വ്യാഖ്യാനിച്ചിട്ടുമുണ്ടു്. എന്നാൽ അതു പിശകാണെന്നു് പ്രത്യക്ഷത്തിൽ ആർക്കും കാണാവുന്നതാമു്. ഒന്നാമതായി ഇന്ദ്രിയഗോചരങ്ങളായ സർവവും കേവലം മായാസൃഷ്ടങ്ങളായിരിക്കേ, മൂഢന്മാരാണല്ലോ അതിനെ പരമാത്മാവിൽ ആരോപിക്കുന്നതു്. രണ്ടാമതായി കവി അടുത്ത വരിയിൽ തന്നെ അവരെ ‘അറിഞ്ഞവരോടു്’ താരതമ്യം ചെയ്തിരിക്കയും ചെയ്യുന്നു. ഈ പദ്യങ്ങളിലാണു് രാമായണത്തിന്റെ ശുദ്ധതത്വം ഇരിക്കുന്നതു്. രാമായണം വായിക്കുമ്പോൾ രാമനെ വെറും രാജാവായിട്ടും സീതയെ തദ്ഗൃഹിണിയായിട്ടും അല്ല നാം കാണേണ്ടതെന്നത്രേ ഇവിടെ സൂചിപ്പിച്ചിരിക്കുന്നതു്. മായാശബളനായ ഈശ്വരനിൽ മാത്രമേ ജഗദുപാദാനത്വവും നിമിത്തത്വവും ഉള്ളു.
“ജഗതസ്തദുപാദാനം മായാമാദായ താമസീം
നിമിത്തം ശുദ്ധസത്വാം താമുച്യതേ ബ്രഹ്മതദ് ഗിരാ”
എന്നാണല്ലോ അഭിയുക്തവചനം. വാല്മീകീയ രാമായണത്തിലും,
“സംക്ഷിപ്യേഹ പരാൻ ലോകാനേകസ്ത്വം മായയാ സഹ
ഭാര്യയാ ശുഭയാ ദേവ്യാ മാം ത്വം പൂർവമജീജനഃ”
എന്നിങ്ങനെ ദേവീഗതജഗൽസൃഷ്ടികർത്തൃത്വാദിയെ ഭഗവാനിൽ ആരോപിച്ചിട്ടുണ്ടു്.
“ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ
രാമനായ് സർവേശ്വര! ഞാൻ വന്നു പിറന്നതും”
ഇത്യാദി രാമാവതാരം മുതല്ക്കുള്ള കഥ പ്രകൃതപദ്യങ്ങളെ ഉദാഹരിക്കാനായിമാത്രം പറഞ്ഞിട്ടുള്ളതാണെന്നു സാരം. സീതാമരുൽസൂനു സംവാദത്തിന്റെ അവസാനത്തിൽ ഈ തത്ത്വത്തെ കുറേക്കൂടി വ്യക്തമാക്കീട്ടുണ്ടു്.
“ഏവമാദികളായ കർമ്മങ്ങൾ തന്റെ മായാ–ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം” എന്നു തൊട്ടു് “പരമാത്മാവാം മമ ഹൃദയം രഹസ്യം” എന്നതുവരെയുള്ള ഭാഗം നോക്കുക. അധ്യാത്മരാമായണം എന്ന പേരു പ്രകൃത ഗ്രന്ഥത്തിനു നൽകാനുള്ള കാരണത്തേയും കവി ഇവിടെ കാണിച്ചിരിക്കുന്നു.
പങ്ക്തികന്ധരപ്രമുഖന്മാരുടെ ഉപദ്രവം നിമിത്തം ദുഃഖിതയായ ഭൂദേവി ബ്രഹ്മാവിനോടു സങ്കടം പറയുന്നതും ബ്രഹ്മാവു് ദേവന്മാരോടും ഭൂമിയോടും കൂടി പാലാഴിയിൽ ചെല്ലുന്നതും മറ്റും പദാനുപദ തർജ്ജമ തന്നെയാണു്. ബ്രഹ്മാദിദേവന്മാർ ‘ഭാവനയോടുകൂടി’ പുരുഷസൂക്തംകൊണ്ടു് ദേവനെസ്സേവിച്ചപ്പോൾ,
[57] “…പതിനായിരമാദിത്യന്മാർ
ഒന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവൻ തനിയ്ക്കമ്പോടു കാണായ്വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ
മുഗ്ധന്മാരായുള്ള സിദ്ധയോഗികളാലും
ദുർദ്ദശമായ ഭഗവദ്രൂപം മനോഹരം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹരം
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യൽ കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടി സൂത്ര-
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം കമലാമനോഹരം
കരുണാകരം കണ്ടു് പരമാനന്ദം പൂണ്ടു
സരസീരുഹഭവന്മധുരസ്ഫുടാക്ഷരം
സരസപദങ്ങളാൽ സ്തുതിച്ചു തുടങ്ങിനാൻ.”
ഈ ഭാഗത്തെ മൂലത്തോടു സാദൃശ്യപ്പെടുത്തി നോക്കിയാൽ കവിയുടെ വശ്യവാക്ത്വവും, കാവ്യധർമ്മമർമ്മജ്ഞതയും, ഭക്തിപാരവശ്യവും വെളിപ്പെടും. പറയത്തക്കമാറ്റമൊന്നും ഇവിടെ ചെയ്തിട്ടില്ല. ‘കഥഞ്ചിൽ ദൃഷ്ടവാൻ’ എന്ന സ്ഥലത്തു ‘കഥഞ്ചിൽ’ ശബ്ദത്തെ വിട്ടു കളഞ്ഞിട്ടു എഴുത്തച്ഛൻ ‘അമ്പോടു കണ്ടു്’ എന്നും ‘ഹർഷഗദ്ഗദയാ വാചാ’ എന്നിടത്തു ‘മധുരസ്ഫുടാക്ഷരം’ എന്നും മാറ്റിയിരിക്കുന്നു.
“ശംഖചക്ര ഗദാപത്മവനമാലാവിരാജിതം
സ്വർണ്ണയജ്ഞോപവീതേന സ്വർണ്ണവർണ്ണാംബരേണ ച
ശ്രിയാ ഭൂത്യാ ച സഹിതം ഗരുഡോപരി സംസ്ഥിതം”
ഇത്യാദി വിശേഷണങ്ങളെ വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും സ്തുതിയിൽ ചില അംശങ്ങൾ കൂട്ടിയിട്ടുമുണ്ടു്.
“മരണമോർത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു
മരമകാലേ തവ തരുണാരുണസമ
ചരണ സരസിജസ്മരണമുണ്ടാവാനായ്
തരിക വരം നാഥ”
ഇത്യാദി സ്തുതി പരമാർത്ഥത്തിൽ എഴുത്തച്ഛന്റേതു തന്നെയാണു്. എന്നാൽ പ്രകൃതത്തിൽ യോജിപ്പിക്കുന്നതിനും പ്രയാസമില്ല. ബ്രഹ്മാവിനു മരണമുണ്ടോ? എന്നു ആരെങ്കിലും ആക്ഷേപിക്കുന്ന പക്ഷം, ഉണ്ടെന്നു തന്നെ സമാധാനം പറയാം. നാശമില്ലാത്തതായി സാക്ഷാൽ പരമാത്മാവല്ലാതെ മറ്റൊന്നുമില്ലല്ലോ. ബ്രഹ്മാവു് സ്തുതിച്ചു തീർന്നപ്പോൾ ‘കിംകരോമി?’ എന്നു ഭഗവാൻ ചോദിക്കയും അതുകേട്ടു് ബ്രഹ്മാവു്,
“ഭഗവാൻ! രാവണോ നാമ പൌലസ്ത്യതനയോ മഹാൻ
രാക്ഷസാനാമധിപതിർമ്മദ്ദത്തവരദർപ്പിതഃ
ത്രിലോകീം ലോകപാലാംശ്ച ബാധതേ വിശ്വബാധനഃ
മാനുഷേണ മൃതിസ്തസ്യ മയാ കല്യാണ കല്പിതാ
അതസ്ത്വം മാനുഷോ ഭൂത്വാ ജഹി ദേവരിപും പ്രഭോ!”
എന്നു മറുപടി പറയുകയും ചെയ്തതായിട്ടാണു് മൂലം. എന്നാൽ എഴുത്തച്ഛന്റെ ഭാഷ ഇങ്ങനെയാണു്.
“നിന്തിരുവടി തിരുവുള്ളത്തിലേറാത ക-
ണ്ടെന്തൊരു വസ്തുലോകത്തിലുള്ളതു പോറ്റി!
എങ്കിലുമുണർത്തിക്കാം മൂന്നുലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നതിക്കാലം നാഥ
പൌലസ്ത്യതനയനാം രാവണൻ തന്നാലിപ്പോൾ
ത്രൈലോക്യം നശിച്ചതു മിക്കതും ജഗൽപതേ!
മദ്ദത്തവരബലദർപ്പിതനായിട്ടതി
നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.
യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു.
ധർമ്മപത്നികളെയും പിടിച്ചുകൊണ്ടുപോയാൻ.
ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതുമെന്നാൽ കല്പിതം ജഗൽപതേ
നിന്തിരുവടി തന്നെ മർത്ത്യനായ്പ്പിറന്നിനി
പങ്ക്തികന്ധരൻ തന്നെക്കൊല്ലണം ദയാധിദേ!”
ദശരഥന്റെ പുത്രലാഭാലോചനയും അശ്വമേധവും പുത്രകാമേഷ്ടിയും കവി മൂലത്തിൽ നിന്നു വലിയ വ്യത്യാസമൊന്നും വരുത്താതെ തന്നെ ഭാഷാന്തരം ചെയ്തിരിക്കുന്നു.
“ഉപഭുജ്യ ചരും സർവാഃ സ്ത്രിയോ ഗർഭസമന്വിതാഃ
ദേവതാ ഇവ രേജുസ്താ സ്വഭാസാ രാജമന്ദിരേ”
എന്നിങ്ങനെ മൂലഗ്രന്ഥകാരൻ രാജ്ഞിമാരുടെ ഗർഭകാലത്തേ ‘ശ്ലോകത്തിൽ കഴിച്ചുകൂട്ടി. എഴുത്തച്ഛനാകട്ടെ,
“തൽപ്രജകൾക്കു പരമാനന്ദം വരുമാറു
ഗർഭവും ധരിച്ചിതു മൂവരുമതുകാലം.
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ.
ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളും,
ഉൽപ്പലാക്ഷികൾക്കനുവാസരം ക്രമത്താലേ
ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചു വരുന്തോറു-
മുൾപ്രേമം കൂടക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും
തൽപ്രണയിനിമാർക്കുള്ളാഭരണങ്ങൾപോലെ
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും
അല്പമായ്ച്ചമഞ്ഞിതു സന്താപം ദിനംതോറു-
മല്പഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം
സീമന്തപുംസവനാദി ക്രിയകളും
കാമാന്തദാനങ്ങളും ചെയ്തിതു നരവരൻ”
എഴുത്തച്ഛൻ വെറും തർജ്ജമക്കാരനാണെന്നു പറയുന്നവർ ഇങ്ങനെ അദ്ദേഹം അവിടവിടെ സ്വതന്ത്രമായിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ വായിച്ചു നോക്കട്ടെ. രാമചന്ദ്രന്റെ അവതാരത്തേ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“ആവിരാസീജ്ജഗന്നാഥഃ പരമാത്മാ സനാതനഃ
നീലോൽപ്പലദളശ്യാമഃ പീതവാസാശ്ചതുർഭുജഃ
ജലജാരുണനേത്രാന്തഃ സ്ഫുരൽകുണ്ഡലമണ്ഡിതഃ
സഹസ്രാർക്കപ്രതീകാശഃ കിരീടീ കുഞ്ചിതാളകഃ
ശംഖചക്രഗദാപത്മവനമാലാവിരാജിതഃ
അനുഗ്രഹാഖ്യഹൃൽസ്ഥേന്ദുസൂചകസ്മിതചന്ദ്രികഃ
കരുണാരസസമ്പൂർണ്ണവിശാലോൽപ്പലലോചനഃ
ശ്രീവത്സഹാരകേയൂരനൂപുരാദിവിഭൂഷണഃ”
നമ്മുടെ കവി സമ്രാട്ടു് ഇതിനെ തർജ്ജമ ചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
“സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും,
വന്ദ്യമായിരുപ്പൊരു നിർമ്മലമകുടവും
സുന്ദരചികുരവുമളകസുഷമയും,
കാരുണ്യാമൃതരസസമ്പൂർണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും.
ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജി കൌസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്
വ്യക്തമായിരിപ്പൊരു പാവന ശ്രീവത്സവും
കുണ്ഡലമുക്താഹാര കാഞ്ചിനൂപുരമുഖ
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമളന്ന പാദാബ്ജവും.”ഇത്യാദി
ഇവിടെ തർജ്ജമ മൂലാതിശായിയായിരിക്കുന്നുവെന്നു് ആരാണ് സമ്മതിക്കാത്തതു്? ഇങ്ങനെ രാമാനുജഗുരു ആവശ്യമില്ലാത്ത ഭാഗങ്ങലെ ചുരുക്കിയും, അല്ലാതുള്ള ഘട്ടങ്ങളെ പരത്തിയും എന്നാൽ കവി ധർമ്മത്തെ ഒരിടത്തും വിസ്മരിക്കാതെയും ആണു് എല്ലാ ദിക്കിലും തർജ്ജമ ചെയ്തുകാണുന്നതു്. മൂലഗ്രന്ഥകാരൻ രാമചന്ദ്രനെ ബാല്യദശയിൽ ഒരു ‘കുസൃതിക്കുടുക്ക’യായി കാണിച്ചിരിക്കുന്നെങ്കിലും എഴുത്തച്ഛൻ അതിന്റെ അനൌചിത്യമോർത്തു്, ആ ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതു് നോക്കുക. മൂലകാരൻ പറയുന്നു:
“ഏകദാ രഘുനാഥോഽസൌ ഗതോ മാതരമന്തികേ
ഭോജനം ദേഹിമേ മാതർന്ന ശ്രുതം കാര്യസക്തയാ
തതഃ ക്രോധേന ഭാണ്ഡാനി ലഗുഡേനാഹനത്തദാ
ശിക്യസ്ഥം പാതയാമാസ ഗവ്യം ച നവനീതകം
ലക്ഷ്മണായ ദദൌ രാമോ ഭരതായ യഥാക്രമം
ശത്രഘ്നായ ദദൌ പശ്ചാദ്ദധി ദുഗ്ദ്ധം തഥൈവച
സൂതേന കഥിതേ മാത്രേ ഹാസ്യം കൃത്വാ പ്രധാവതി”
എഴുത്തച്ഛനാകട്ടേ, ഈ ഘട്ടത്തെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെയാണു്.
“കോമളന്മാരായോരു സോദരന്മാരുമായി
ശ്യമളനിറം പൂണ്ട ലോകാഭിരാമദേവൻ
കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണംകൊണ്ടും,
സാരസ്യവ്യക്തവർണ്ണാലാപപീയൂഷംകൊണ്ടും,
വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും,
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവംകൊണ്ടും,
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും,
ബന്ധുരദന്താംകുരസ്പഷ്ടാഹാസാഭകൊണ്ടും,
ഭൂതലസ്ഥിതി പാദാബ്ജദ്വയയാനംകൊണ്ടും,
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെകൊണ്ടും,
താതനുമമ്മമാർക്കും നഗരവാസികൾക്കും
പ്രീതിനല്കിനാൻ സമസ്തേന്ദ്രിയങ്ങൾക്കും”
ഈ ഭാഗം അദ്ദേഹത്തിന്റെ സ്വന്തമാകുന്നു.
“ഫാലേ സ്വർണ്ണമയാശ്വത്ഥപർണ്ണമുക്താഫലപ്രഭം
കണ്ഠേ രത്നമണിവ്രാതം മദ്ധ്യേ ദ്വീപിനഖാഞ്ചിതം
കർണ്ണയോഃ സ്വർണ്ണസമ്പന്നരത്നാർജ്ജുനസടാലുകം
ശിഞ്ജാനമണിമഞ്ജീരകടിസൂത്രാംഗദൈർവൃതം
സ്മിതവക്ത്രാല്പദശനമിന്ദ്രനീലമണിപ്രഭം
അംഗണേ രിംഖമാണം തം തർണ്ണകാനനു സർവതഃ
ദൃഷ്ട്വാ ദശരഥോ രാജാ കൌസല്യാ മുമുദേ തദാ”
എന്ന പദ്യങ്ങളുടെ തർജ്ജമ കവിയുടെ മനോധർമ്മത്തിനും ചിത്രനിർമ്മാണചാതുരിക്കും ഔചിത്യദീക്ഷയ്ക്കും ഉത്തമലക്ഷ്യമാകുന്നു.
“ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്
മാലേയമണിഞ്ഞതിൽ പറ്റീടും കുരളവും
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും,
കർണ്ണാലങ്കാര മണികുണ്ഡലം മിന്നീടുന്ന
സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡലങ്ങളും,
ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേർത്തുടൻ കാർത്തസ്വരമണിയും മധ്യേ മധ്യേ
കോർത്തു ചാർത്തീടുന്നൊരു കണ്ഠകാണ്ഡോദ്ദ്യോതവും,
മുത്തുമാലകൾ വനമാലകളോടും പൂണ്ടു
വിസ്തൃതോരസി ചാർത്തും തുളസീമാല്യങ്ങളും,
അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും
അംഗുലീയംകൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാർത്തും
കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങൾ പൂണ്ട സോദരന്മാരോടുമാ-
യലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കൂനാഥൻ.”
രാമചന്ദ്രൻ ബാല്യദശയേ അതിക്രമിക്കുന്നതിനു മുമ്പുതന്നെ വിശ്വാമിത്രൻ അയോദ്ധ്യാപുരിയിൽ എഴുന്നള്ളിയിട്ടു് യാഗരക്ഷാർത്ഥം അദ്ദേഹത്തിനെ സലക്ഷ്മണം തന്നോടുകൂടി അയക്കണമെന്നു് അപേക്ഷിച്ചു.
“എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ
നിർണ്ണയം മരിക്കും ഞാൻ, രാമനെ നൽകീടാഞ്ഞാൽ
അന്വയനാശം കൂടെ വരുത്തും വിശ്വാമിത്രൻ”
ഈ ദുർഘടഘട്ടത്തിൽ എന്താണു് ചെയ്യേണ്ടതു് എന്നു ദശരഥമഹാരാജാവു് വസിഷ്ഠനോടു ചോദിച്ചപ്പോൾ, രാമചന്ദ്രൻ കേവലം മനുഷ്യനല്ലെന്നും ഭൂഭാരത്തെ ശമിപ്പിക്കാനായി അവതരിച്ച മഹാവിഷ്ണുവാണെന്നും അതുകൊണ്ടു മഹർഷിയോടു അയക്കുന്നതിൽ സംശയിപ്പാൻ യാതൊന്നും ഇല്ലെന്നും അദ്ദേഹം ഉപദേശിയ്ക്കയാൽ രാജാവു്,
“ആഹൂയ രാമരാമേതി ലക്ഷ്മണേതി ച സാദരം
ആലിംഗ്യ മൂർദ്ധ്വ്യവഘ്രായ കൌശികായ സമാർപ്പയൽ”
എഴുത്തച്ഛൻ രാമായണം രചിച്ചതു മലയാളികളുടെ അജ്ഞാനമായ രാമായണം എന്നു വിചാരിച്ചാണല്ലോ. അതുകൊണ്ടു് സദാചാരവിഷയകങ്ങളായ ആദർശങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതിനു് ഏതെങ്കിലും അവസരം ലഭിച്ചാൽ അദ്ദേഹം അതിനെ വിട്ടുകളയുകില്ല. അതിനാൽ മൂലത്തിൽ ‘രാമലക്ഷ്മണന്മാരെ’ കൌശികന്റെ പക്കൽ സമർപ്പിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളുവെങ്കിലും എഴുത്തച്ഛൻ രാജാവിനെക്കൊണ്ടു് കൌശികനേ യഥാവിധി പൂജിപ്പിക്കയും ഭക്തിപൂർവം നമിപ്പിക്കയും ചെയ്തുവെന്നു മാത്രമല്ല, പുത്രന്മാരോടു്, ‘ഗുണങ്ങൾ വരുവാനായ് പോവിൻ’ എന്നു പറയിക്കയും ചെയ്തിരിക്കുന്നു. ഇത്ര മാത്രമോ? മൂലത്തിൽ, രാമലക്ഷ്മണന്മാർ, “ഗൃഹീത്വാചാപതൂണീരബാണഖഡ്ഗധരൌ യയൌ” എന്നേ പ്രസ്താവിച്ചിട്ടുള്ളു. എന്നാൽ ഭാഷയിൽ അങ്ങനെയല്ല. അവർ, ജനകജനനിമാർ ചരണാംബുജം കൂപ്പി മുനിനായകൻ ഗുരുപാദം വന്ദിച്ചിട്ടേ പുറപ്പെടുന്നുള്ളു. ഈ സദാചാരനിഷ്ഠ എഴുത്തച്ഛന്റെ ഏതു കൃതികൾ നോക്കിയാലും കാണാം. തുളസീദാസജിയും ഇതേ വിധത്തിൽ തന്നെ പറഞ്ഞരിക്കുന്നു.
“ജനനീഭവന ഗയേ പ്രഭു ചലേ നാഇ പദസീസ”
താടകാവധത്തെ വർണ്ണിക്കുന്നിടത്തു മൂലകാരൻ,
“അത്രാസ്തി താടകാനാമ രാക്ഷസീ കാമരൂപിണീ
ബാധതേ ലോകമഖിലം ജഹി താമവി ചാരയൻ.
തഥേതി ധനുരാദായ സഗുണം രഘുനന്ദനഃ
ടംകാരമകരോത്തേന ശബ്ദേനാപൂരയദ്വനം
തച്ശ്രുത്വാസഹമാനോ സാ താടകാ ഘോരരൂപിണീ
ക്രോധേന മൂർച്ഛിതാ രാമമഭിദുദ്രാവ മേഘവൽ
താമേകേന ശരേണാശു താഡയാമാസ വക്ഷസി
പപാത വിപിനേ ഘോരാ വമന്തീ രുധിരം ബഹു.”
എന്നു സംക്ഷിപ്തമായി പറഞ്ഞിട്ടുള്ളതിനെ നമ്മുടെ കവി, അല്പം പരത്തി ഇങ്ങനെ വിവരിച്ചിരിക്കുന്നു.
“രാഘവാ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം
കാടിതു കണ്ടായോ നീ! കാമരൂപിണിയായ
താടകാ ഭയങ്കരി വാണീടും ദേശമല്ലോ.
അവളെപ്പേടിച്ചാരും നേർവഴി നടപ്പീല
ഭുവനവാസീജനം ഭുവനേശ്വര പോറ്റി!
കൊല്ലേണമവളെ വീ വല്ലജാതിയുമതി-
നില്ലൊരു ദോഷമെന്നു മാമുനി പറഞ്ഞപ്പോൾ
മെല്ലവേയൊന്നു ചെറുഞാണൊലി ചെയ്തു
രാമൻ–എല്ലാ ലോകവുമൊന്നു വിറച്ചിതതുനേരം.”
രാമന്റെ ഞാണൊലി വനത്തിൽ മാത്രമല്ല പരന്നതു്. ചെറുഞാണൊലിയായിരുന്നിട്ടും അതുകേട്ടു് ലോകമാസകലം വിറപൂണ്ടുവത്രേ.
“ചെറുഞാണൊലി കേട്ടുകോപിച്ചു നിശാചരി
പെരികേവേഗത്തോടുമടുത്തു ഭക്ഷിപ്പാനായി
അന്നേരമൊരുശരമയച്ചു രാഘവനും
ചെന്നു തടാകമാറിൽ കൊണ്ടിതു രാമബാണം
പാരതിൽ മലചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടകവീണാളല്ലോ.”
താടകാനിഗ്രഹാനന്തരം മാരീചസുബാഹുക്കൾ രുധിരാസ്ഥികൾ വർഷിച്ചു യാഗവിഘ്നം വരുത്താൻ ശ്രമിച്ചു. രാമൻ രണ്ടു ബാണങ്ങൾ അയക്കവേ, അതിലൊന്നു മാരീചനെ ശതയോജന ദൂരെത്തെറിപ്പിച്ചു സമുദ്രത്തിൽ വീഴ്ത്തി. അഗ്നിമയമായ രണ്ടാമത്തെ ബാണം സൂബാഹുവിനെക്കൊന്നു. ഇങ്ങനെയാണു് മൂലം.
തർജ്ജമയോ,
“പാരാതെ രണ്ടുശരം തൊടുത്തു രാമദേവൻ
മാരീചസുബാഹുപ്രവരന്മാരെ പ്രയോഗിച്ചാൻ.
കൊന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ
ചെന്നിതു രാമബാണം പിന്നാലെ കൂടക്കുടെ
ഖിന്നനായേറിയൊരു യോജനപാഞ്ഞാനവൻ
അർണ്ണവംതന്നിൽ ചെന്നു വീണിതു മാരീചനു-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്
പിന്നെ മറ്റെങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കണമെന്നഭയം പുക്കീടിനാൻ.
ഭക്തവത്സലനഭയം കൊടുത്തതുമൂലം
ഭക്തനായ്വന്നാനന്നുതുടങ്ങി മാരീചനും”
വരയിട്ടിരിക്കുന്ന ഭാഗം എഴുത്തച്ഛന്റെ മനോധർമ്മഫലമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. വാല്മീകിയും തുളസിയും അധ്യാത്മരാമായണത്തിൽ പറഞ്ഞിട്ടുള്ളതുപോലെ തന്നെയാണു് അരുളിച്ചെയ്തിട്ടുള്ളതു്.
“…ജലധൌ തത്സമീപേസമ്പൂർണ്ണ സതയോജനം
ക്ഷിപ്തഃ സാഗരരോധസി”
എന്നു വാല്മീകി.
“ബിനുഫിര ബാന രാമതേ ഹമാരാ
സതയോജന ഗാ സാഗരപാരാ”
എന്നു തുളസി.
യാഗസമാപ്തിക്കുശേഷം വിശ്വാമിത്രൻ രാജകുമാരന്മാരോടുകൂടി മിഥിലാപുരിയിലേക്കു പുറപ്പെട്ടു. പോകുംവഴിക്കു് ‘ദിവ്യപാദപലതാകുസുമഫലങ്ങളാൽ സർവമോഹനതര’വും ‘ജന്തുസഞ്ചയഹീന’വും ആയ ഒരു ആശ്രമം കണ്ടിട്ടു്, അതിന്റെ പുരാവൃത്തത്തേപ്പറ്റി ഭഗവാൻ മുനിയോടു ചോദിക്കയും അദ്ദേഹം ചുരുക്കിപ്പറകയും ചെയ്തു.
“തയാ സാർദ്ധമിഹാവാത്സീദ് ഗൌതമസ്തപതാം വരഃ
ശക്രസ്തു താം ധർഷയിതുമന്തരം പ്രേപ്സുരന്വഹം”
എന്നു മൂലം. എന്നാൽ തർജ്ജമ,
“തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു
പർണ്ണശാലയിലത്ര വസിച്ചു ചിരകാലം.
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമുഖൻ
ചെന്താർ ബാണാർത്തി”
യിൽ മുഴുകി എന്നാണു്.
എഴുത്തച്ഛൻ ഇവിടെ ഇന്ദ്രന്റെയും തദ്ദ്വരാ വിടന്മാരുടെയും ദുഷിച്ച മനോവൃത്തിയെ ശാന്തമായി ഉപഹസിച്ചിരിക്കുന്നു. വിടന്മാർക്കു സ്ത്രീകളെ കേവലം കാമകലവിയ്ക്കുള്ള സാധനങ്ങളായിട്ടേ കാണ്മാൻ കഴിയൂ. അതിനാൽ അവരുടെ ദൃഷ്ടി ആ സാധുക്കളുടെ രൂപലാവണ്യത്തിൽ മാത്രമേ പതിയുന്നുള്ളു. അവർക്കു ഹൃദയം എന്നൊന്നുണ്ടു് എന്നുള്ള ചിന്തപോലും ആ ദുഷ്ടന്മാർക്കില്ല. തങ്ങളുടെ ക്ഷണികമായ സുഖത്തിനുവേണ്ടി അവർ എത്ര സ്ത്രീകളുടെ സ്വർഗ്ഗകവാടം ബന്ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ എഴുത്തച്ഛൻ അഹല്യാപുരാവൃത്തത്തെ സാമാന്യം ദീർഘമായിട്ടാണു് വിവരിച്ചിരിക്കുന്നതു്.
രാമായണത്തിലെ അടുത്ത ഘട്ടം സീതാസ്വയംവരമാണു്. കുമാരന്മാരാൽ അനുഗതനായിട്ടു് വിശ്വാമിത്രൻ മിഥിലാപുരിയിൽ എത്തി. ഗംഗ കടക്കുന്ന അവസരത്തിൽ നാവികനുമായുള്ള സംവാദത്തെയും മറ്റും വിട്ടുകളഞ്ഞിരിക്കുന്നു. ജനകമഹാരാജാവു് ചന്ദ്രസൂര്യന്മാരെപ്പോലെ ഇരിക്കുന്ന രാജകുമരന്മാരെ കണ്ടിട്ടു് അവരാരെന്നു് മഹർഷിയോടു ചോദിക്കയും അദ്ദേഹം ഏതൽപര്യന്തമുള്ള കഥ പറഞ്ഞുകേൾപ്പിച്ചിട്ടു്,
“പാരമേശ്വരമായ ചാപത്തെ കാണ്മാനുള്ളിൽ
പാരമാഗ്രഹമുണ്ടു നീയതു കാട്ടീടണം.”
എന്നു അറിവിച്ചു. ജനകാജ്ഞയാ ‘മന്ത്രവതാംവര’നായ ജനകമന്ത്രി ‘ഘണ്ടാസാഹസ്രമണിവസ്ത്രാദി വിഭൂഷിത’മായ ശൈവചാപത്തെ അയ്യായിരം കിങ്കരന്മാരെ കൊണ്ടു് എടുപ്പിച്ചു കൊണ്ടുവന്നു് രാമചന്ദ്രനെ കാണിച്ചപ്പോൾ, അദ്ദേഹം അതിനെ [58] ഭക്തിപൂർവം വന്ദിച്ചു. “വില്ലെടുക്കാമോ? കുലച്ചീടാമോ? വലിക്കാമോ?” എന്നൊക്കെ മന്ത്രിമാർ ചോദിക്കവേ, വിശ്വാമിത്രൻ,
“എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ.”
എന്നു് അർത്ഥഗർഭമായി പറയുകയാൽ ഭഗവാൻ മന്ദഹാസപൂർവം അതിനെ എടുത്തു ജിതശ്രമം മുറിച്ചു. ഇവിടെയും കവി അല്പം ഔചിത്യം പ്രദർശിപ്പിച്ചിരിക്കുന്നു. ‘എടുക്കാമോ മുറിക്കാമോ’ എന്നൊക്കെ ചോദിച്ചതുകേട്ടമാത്രയിൽ രാമൻ ഇടത്തുകൈകൊണ്ടു് അതിനെ നിഷ്പ്രയാസം പൊക്കിയിട്ടു്, അതിവേഗത്തിൽ ഭഞ്ജിച്ചുവെന്നാണു് മൂലം. എന്നാൽ നമ്മുടെ മഹാകവിയ്ക്കു് അതു് അത്ര മര്യാദയായി തോന്നിയില്ല. രാമചന്ദ്രൻ സാക്ഷാൽ പരമാത്മാവു തന്നെയെങ്കിലും, മനുഷ്യനായി അവതരിച്ച സ്ഥിതിക്കു് ലോകമര്യാദയേ അനുസരിച്ചു് ഗുരുവിന്റെ അനുജ്ഞയോടുകൂടിയേ ഇങ്ങനെയുള്ള മഹാകർമ്മങ്ങൾ ചെയ്യാവൂ എന്നാണു് എഴുത്തച്ഛന്റെ നിശ്ചയം. ഋഷിയുടെ കല്യാണശബ്ദപ്രയോഗവും ഭഗവാന്റെ മന്ദഹാസവും കവിയുടെ രസികതയ്ക്കു അനുയോജിച്ചു ഇരിക്കുന്നുമുണ്ടു്.
“ഏകശ്ശബ്ദഃ സമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വർഗ്ഗേ ലോകേകാമധുഗ് ഭവതി” എന്ന ആപ്തവാക്യത്തിന്റെ സാരം നമ്മുടെ കവി കോകിലം നല്ലപോലെ ഗ്രഹിച്ചിരുന്നു എന്നുള്ളതിനു് യാതൊരു സംശയവും ഇല്ല.
“മന്ദഹാസവും പൂണ്ടു രാഘവനതു കേട്ടു
മന്ദമ്മന്ദംപോയ് ചെന്നു നിന്നു കണ്ടിതു ചാപം
ജ്വലിച്ചു തേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം.”
ഇനി ഈ വരികളിലേ വൃത്തബന്ധം നോക്കുക. ആദ്യത്തെ ഈരടി രാമന്റെ ഗതിയ്ക്കു അനുരൂപമായി മന്ദം മന്ദം തന്നെ ഗമിയ്ക്കുന്നു. മൂന്നാമത്തെ വരിയെ അല്പം ഒന്നു ത്വരിപ്പിച്ചിരിക്കുന്നു. ‘കുലച്ചു’ ‘വലിച്ചു’ ‘മുറിച്ചു’ എന്നീ പദങ്ങളെ അടുത്തടുത്തു പ്രയോഗിച്ചപ്പോൾ നാലാമത്തെ പാദത്തിനു് അതിശയമായ ത്വരയും വന്നുചേർന്നു.
“ഇടിവെട്ടീടുംവണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയിൽപേടപോലെ സന്തോഷം പൂണ്ടാൾ”
ഈ ആശയം നിരണത്തു കവിയിൽനിന്നു എഴുത്തച്ഛൻ സ്വീകരിച്ചതാണെങ്കിലും, അതു് അദ്ദേഹത്തിന്റെ കൈയിൽ വന്നുചേർന്നപ്പോൾ കുറേക്കൂടെ ചമൽക്കാരജനകമായി തീർന്നുവെന്നു പറയാതെകഴിയില്ല. ഇടിവെട്ടലും, നടുക്കവും ഒക്കെ ഇവിടെ കേൾക്കാനും കാണാനും നമുക്കു കഴിയുന്നു. സീതാസ്വയംവരച്ചടങ്ങുകളൊക്കെ അദ്ധ്യാത്മരാമായണം മൂലത്തിലുള്ളതുപോലെതന്നെ. ചില ചില്ലറ വ്യത്യാസങ്ങൾ മാത്രമേ വരുതിതീട്ടുള്ളു; “സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദം മന്ദമർണ്ണോജനേത്രേൻ മുമ്പിൽ സത്രപംവിനീതയായ് വന്നുടൻ നേത്രേൽപ്പലമാലയുമിട്ടാൾ മുന്നേ, പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ” ഈ ഹൃദ്യമായ ആശയം കവിയുടെ സ്വന്തമാണു്.
അടുത്ത സരസഘട്ടം പരശുരാമനുമായുണ്ടായ സംഘട്ടനമാണു്. വിവാഹാന്തരം ദശരഥൻ പുത്രമിത്രാദികളോടുകൂടി,
[59] വെൺകൊറ്റക്കുടതഴവെൺചമരികളോടും
തിങ്കൾ മണ്ഡലം തൊഴുമാലവട്ടങ്ങളും,
ചെങ്കൊടിക്കൂറകൾ കൊണ്ടങ്കിതദ്ധ്വജങ്ങളും,
കുങ്കുമമലയജകസ്തൂരിഗന്ധത്തൊടും
നടന്നു വിരവൊടു മൂന്നു യോജനവഴി”
കടന്നനേരം ദുർന്നിമിത്തങ്ങൾ കണ്ടു തുടങ്ങി.
“നീലനീരദനിഭനിർമ്മലവർണ്ണത്തോടും
നീലലോഹിതശിഷ്യൻ ബഡവാനലസമൻ
ക്രൂദ്ധനായ് പരശുബാണാസനങ്ങളുംപൂണ്ടു
പരശുരാമൻ പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ”
ദശരഥ മഹാരാജാവു്,
“ബദ്ധസാധ്വസംവീണു നമസ്കാരവും ചെയ്താൻ
ബുദ്ധിയും കെട്ടു നിന്നു മറ്റുള്ള ജനങ്ങളും”
“കാർത്തവീര്യാരേ! പരിത്രാഹിമാം”
ഇത്യാതിദീർഘമായ സോത്രം മൂലത്തിലുള്ളതല്ല. ദശരഥൻ ഇങ്ങനെ കാൽത്തളിർ പണിഞ്ഞിട്ടും, പരശുരാമൻ,
“ബദ്ധരോഷേണ വഹ്നിജ്വാലപൊങ്ങീടുംവണ്ണം
വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലംപോലെ ദീപ്ത്യാ”
ഇങ്ങനെ അട്ടഹസിച്ചു
“ത്വം രാമ ഇതി നാമ്നാ മേ ചരസി ക്ഷത്രിയാധമ!
ദ്വന്ദ്വയുദ്ധം പ്രയച്ഛാശുയദിത്വം ക്ഷത്രിയോസി വൈ
അസ്മിംസ്തു വൈഷ്ണവേ ചാപേ ആരോപയസി ചേദ് ഗുണം
തദാ യുദ്ധം ത്വയാ സാർദ്ധം കരോമി രഘുവംശജ!
നോചേത്സർവം ഹനിഷ്യാമി ക്ഷത്രിയാന്തകരോഹ്യഹം.”
ഇവിടെയെങ്ങും എഴുത്തച്ഛൻ ഒരു മാറ്റവും ചെയ്തിട്ടില്ല. എന്നാൽ അടുത്ത വർണ്ണന സ്വന്തമാണു്.
രേണുകാത്മജൻ ഇപ്രകാരം പറഞ്ഞ ഉടനേ,
[60] “ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും;
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും;
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു;
എന്തോന്നു വരുന്നതെന്നോർത്തു ദേവാദികളും;
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും;
പങ്ക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥുപൂണ്ടു
സന്താപമുണ്ടായ്വന്നു വിരിഞ്ചതനയനും”
എന്നാൽ രാമനാകട്ടെ മുഗ്ദ്ധമാം ഭാവത്തോടുകൂടി ഇപ്രകാരം അരുളിചെയ്തു:
“ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൌഢാത്മാക്കൾ
വല്ലാതബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമവർക്കെന്തോന്നുള്ളതു? തപോനിധേ!
സ്വാശ്രയകാലധർമ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടി തിരുവുള്ളത്തിലേറുന്നതി-
നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ,
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു? സന്തതം ചിന്തിച്ചാലും
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്തേൻ.
ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
ശത്രുമിത്രോദാസീനഭേവുമെനിക്കില്ല
ശത്രുസംഹാരം ചെയ്വാൻ ശക്തിയുമില്ലയല്ലോ”
മൂലത്തിലാകട്ടെ,
“രാമോ ദാശരഥിവീരോ വീക്ഷ്യ തം ഭാർഗ്ഗവം രൂഷാ
ധനുരാച്ഛിദ്യ തദ്ധസ്താദാരോപ്യ ഗുണമഞ്ജസാ
തൂണീരാദ് ബാണമാദായ സന്ധായാകൃഷ്യ വീര്യവാൻ
ഉവാ ച ഭാർഗ്ഗവം രാമഃ ശൃണു! ബ്രഹ്മൻ! വചോ മമ
ലക്ഷ്യം ദർശയ ബാണസ്യ ഹ്യമോഘോ മമ സായകഃ”
എന്നു മാത്രമേ പറഞ്ഞു കാണുന്നുള്ളു.
“സുന്ദരൻ സുകുമാരനിന്ദിരാപതി രാമൻ
കന്ദർപ്പകളേബരൻ കഞ്ജലോചനൻ പരൻ
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി
വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതൻ ദേവ
മന്ദഹാസവും പൂണ്ടു വന്ദിച്ചാ”
ണത്രേ വില്ലു വാങ്ങിക്കുലച്ചതു്. ഇവിടെ നമ്മുടെ കവികുലചക്രവർത്തി രാമചന്ദ്രന്റെയും ഭാർഗ്ഗവരാമന്റെയും സ്വഭാവങ്ങൾക്കുള്ള വ്യത്യാസം എത്ര ഭംഗിയായി കാണിച്ചിരിക്കുന്നു!
“മാർഗ്ഗമം നിഷ്ഫലമായ്വരികയില്ല മമ
ഭാർഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം”
എന്നു ഭഗവാൻ അരുളിച്ചെയ്ത മാത്രയിൽ പരശുരാമൻ,
“രാമ രാമ! മഹാബാഹോ! ജാനകീപതേ”
എന്നിങ്ങനെ സ്തുതിച്ചുതുടങ്ങി.
രാമാദികൾ അയോധ്യാപുരിയിൽ ചെന്നെത്തുന്നതുവരെയുള്ള കഥാഭാഗമാണു് ബാലകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നതു്.
രാഘവനാരദസംവാദത്തോടുകൂടി ആണു് അയോദ്ധ്യാകാണ്ഡപ്രാരംഭം. നാരദസ്തുതി പ്രായേണ നേർ തർജ്ജമ തന്നെ. ശ്രീരാമാഭിഷേകാരംഭത്തെ വർണ്ണിക്കുന്നിടത്തും കവി പറയത്തക്ക ഭേദഗതികളൊന്നും ചെയ്തിട്ടില്ല.
മൂലം:
“ശ്വഃ പ്രഭാതേ മദ്ധ്യകക്ഷേ കന്യകാഃ സ്വർണ്ണഭൂഷിതാഃ
തിഷ്ഠന്തു ഷോഡശ; ഗജഃ സ്വർണ്ണരത്നാദിഭൂഷിതഃ
ചതുർദ്ദന്തഃ സമായാതു ഐരാവതകുലോത്ഭവഃ
നാനാതീർത്ഥോദകൈഃ പൂർണ്ണാഃ സ്വർണ്ണകുംഭാഃ സഹസ്രശഃ
സ്ഥാപ്യന്താം തത്രവൈയാഘ്രചർമ്മാണി ത്രീണി ചാനയ
ശ്വേതച്ഛത്രം രത്നദണ്ഡം മുക്താമണിവിരാജിതം
ദിവ്യമാല്യാനി വസ്ത്രാണി ദിവ്യാന്യാഭരാണാനി ച
മുനയഃ സൽകൃതാസ്തത്ര വിഷ്ഠന്തു കുശപാണയഃ
നർത്തക്യോ വാരമുഖ്യാശ്ച ഗായകാ വേണുകാസ്തഥാ
നാനാവാദിത്രകശലാ വാദയന്തു നൃപാംഗണേ
ഹസ്ത്യശ്വരഥപാദാതാ ബഹിസ്തിഷ്ഠന്തു സായുധാഃ
നഗരേ യാനി തിഷ്ഠന്തി ദേവതായതനാനിച
തേഷു പ്രവർത്തതാം പൂജാ നാനാബലിഭിരാവൃതാ
രാജാനഃ ശീഘ്രമായാന്തു നാനോപായനപാണയഃ”
ഭാഷ:
“കേൾക്ക നാളെപ്പുലർകാലേചമയിച്ചു
ചേൽക്കണ്ണിമാരായ കന്യകമാരെല്ലാം
മദ്ധ്യകക്ഷ്യേപതിനാറു പേർനില്ക്കണം;
മത്തഗജങ്ങളെപ്പൊന്നണിയിക്കണം;
ഐരാവതകുലജാതനാം നാല്ക്കൊമ്പ-
നാരാൽവരേണമലങ്കരിച്ചന്തികേ.
ദിവ്യനാനാതീർത്ഥവാരിപൂർണ്ണങ്ങളായ്
ദിവ്യരത്നങ്ങളമിഴ്ത്തി വിചിത്രമായ്
സ്വർണ്ണകലശസഹസ്രം മലയജ-
പർണ്ണങ്ങൾകൊണ്ടുവായ് കെട്ടിവെച്ചീടണം;
പുത്തൽ പുലിത്തോൽ വരുത്തുക മൂന്നിഹ-
ഛത്രം സുവർണ്ണദണ്ഡമണിശോഭിതം
മുക്താമണിമാല്യരാജിതനിർമ്മല-
വസ്ത്രങ്ങൾ മാല്യങ്ങളാഭരണങ്ങളും
സൽകൃതന്മാരാം മുനിജനം വന്നിഹ-
നില്ക്ക കുശപാണികളായ് സഭാന്തികേ.
നർത്തകിമാരോടു വാരവധൂജനം
നർത്തകഗായക വൈണികവർഗ്ഗവും
ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിക്കണം;
ഉർവീവരാങ്കണേ നിന്നു മനോഹരം
ഹസ്ത്യശ്വപത്തിരഥാദിമഹാബലം.
വസ്ത്രാദ്യലങ്കാരമോടു വന്നീടണം
ദേവാലയങ്ങൾതോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം
ഭൂപാലരേയും വരുവാൻ നിയോഗിക്ക
ശോഭയോടെ രാഘവാഭിഷേകാർത്ഥമായ്.”
നേർ തർജ്ജമയ്ക്കു് ഇതു ഒരു ഉദാഹരണമാകുന്നു.
അഭിഷേകവിഘ്നകഥനത്തിലും എഴുത്തച്ഛൻ പ്രസ്താവാർഹമായ മാറ്റങ്ങളൊന്നും വരുത്തീട്ടില്ല. എന്നാൽ,
“കൌസല്യാം മാം സമം പശ്യൻ സദാ ശുശ്രൂഷതേ ഹി മാം”
എന്നതിനെ,
“രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം.
ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്രമറ്റാരെയുമില്ലെന്നറിക നീ.
നല്ലവസ്തുക്കളെനിക്കു തന്നേമറ്റു
വല്ലവർക്കും കൊടക്കൂ മമ നന്ദനൻ.
ഇഷ്ടമല്ലാതൊരു വാക്കുപറകയി-
ലൊട്ടുമേ ഭേദമവനില്ലൊരിക്കലും
അശ്രാന്തമെന്നെയെത്ര മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പ്രീതിപൂർവകം.”
എന്നും,
“ധീരോത്യന്തദയാന്വിതോപി സുഗുണാചാരാന്വിതോ വാഥവാ
നീതീജ്ഞോ വിധിവാദദേശികപരോ വിദ്യാവിവേകോഥവാ
ദുഷ്ടനാമതിപാപഭാവിതധിയാം സംഗം സദാചിദ്ഭജേ-
ത്തദ്ബുദ്ധ്യാ പരിഭാവിതോ പ്രജതി തൽസാമ്യം ക്രമേണ സ്ഫുടം.”
എന്നതിനെ,
“ധീരനായേറ്റം ദായാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ് നിജ-
ദേശികവാക്യസ്ഥനായ് സുശീലനാ-
യാശയശുദ്ധനായ്വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും
ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാൽ
സജ്ജനനിന്ദ്യനായ്വന്നുകൂടും ദൃഢം.
ദുർജ്ജനസംസർഗ്ഗമേറ്റമകലവേ
വർജ്ജിക്കവേണം പ്രയത്നേന സൽപുമാൻ
കജ്ജളംപറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.”
എന്നും യഥോചിതം വിസ്താരമായി ഭാഷാന്തരം ചെയ്തിട്ടുണ്ടു്.
ക്രോധാലയം പ്രവേശിച്ചു് വെറും പൊടിയണിഞ്ഞു കിടന്ന കൈകേയിയേ ‘മന്ദംമന്ദം തലോടിത്തലോടി’ അനുനയ വാക്കുകളാൽ പ്രീണിപ്പിച്ചു് ഈ കോപഭാവത്തിനു കാരണം എന്തെന്നു ദശരഥൻ ചോദിച്ചതിനു് മറുപടിയായി ആ ദേവി,
“…പണ്ടു സുരാസുരായോധനേ
സങ്കടംതീർത്തുരക്ഷിച്ചേൻ ഭവാനെ ഞാൻ
സന്തുഷ്ടചിത്തനായന്നു ഭവാൻ മമ
ചിന്തിച്ചു രണ്ടുവരങ്ങൾ നല്കീലയോ.
… … …
വച്ചിരിക്കുന്നു ഭവാങ്കലതുരണ്ടു-
മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ!
എന്നതിലൊന്നു രാജ്യഭിഷേകം ഭവാ
നിന്നു ഭരതനു ചെയ്യണമെന്നതും.
പിന്നെ മറ്റേതു രാമൻ വനവാസത്തി
നിന്നുതന്നെ ഗമിക്കേണമെന്നുള്ളതും.”
എന്നിങ്ങനെ പറഞ്ഞപ്പോൾ, അദ്ദേഹം [61] ‘വജ്രമേറ്റദ്രിപതിച്ചപോലെഭൂവി’ സജ്വരചേതസാ വീണുപോയി. മുഹൂർത്തമാത്രം കഴിഞ്ഞു് രാജാവു് ഇങ്ങനെ വിലപിച്ചു:
“ദുസ്സഹവാക്കുകൾ കേൾക്കായതെന്തയ്യോ!
ദുഃസ്വപ്നമാഹന്ത കാൺകയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യുസമയമുപസ്ഥിതമാകയോ?
കിംകിമേതൽകൃതം ശങ്കര! ദൈവമേ!
പങ്കജലോചന! ഹാ! പരബ്രഹ്മമേ”
അദ്ദേഹം,
“വ്യാഘ്രിയെപ്പോലെ സമീപേ വസിക്കുന്ന
മൂർഖമതിയായ കൈകയിതൻമുഖം
നോക്കിനോക്കിബ്ഭയംപൂണ്ടു
ദീർഘമായ് വീർത്തുവീർത്തു്”
ഇങ്ങനെ ഭത്സിച്ചുതുടങ്ങി.
“എന്തിവണ്ണം പറയുന്നതുഭദ്രേ! നീ?
എന്തു നിന്നോടു പിഴച്ചിതു രാഘവൻ?
മൽപ്രാണഹാനികരമായവാക്കുനീ
യിപ്പോളുരചെയ്തതിനെന്തുകാരണം?
എന്നോടു രാമഗുണങ്ങളെ വർണ്ണിച്ച
മുന്നമെല്ലാം നീ പറഞ്ഞിരുന്നൂനിന-
ക്കിന്നിതുതോന്നുവാനെന്തൊരുകാരണം?
നിന്നുടെപുത്രനു രാജ്യംതരാമല്ലോ.
ധന്യശീലേ! രാമൻ പോകേണമെന്നുണ്ടോ!
രാമനാലേതും ഭയംനിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും”
വർണ്ണ്യവസ്തുവിന്റെ പൂർണ്ണപ്രതീതി ജനിപ്പിക്കുന്നതിനു നമ്മുടെ കവിക്കു് അലങ്കാരങ്ങളുടെ അപേക്ഷയൊന്നുമില്ല. ശബ്ദശക്തികൊണ്ടു് അദ്ദേഹം കാര്യം സാധിക്കുന്നു. “നോക്കി നോക്കി” “വീർത്തു വീർത്തു്” ഇത്യാദിദ്വിരുക്തികളുടെ സ്വാരസ്യം സഹൃദയന്മാർക്കു് അനുഭവഗോചരമാണല്ലോ.
ഈ വരങ്ങൾരണ്ടും തന്നില്ലെങ്കിൽ, താൻ ജീവത്യാഗം ചെയ്യുന്നതാണെന്നു കൈകെയി ശഠിച്ചപ്പോൾ ദശരഥൻ,
“കൈകേയിതന്നുടെ നിർബന്ധവാക്യവും
രാഘവനോടു വിയോഗം വരുന്നതും,
ചിന്തിച്ചു ദുഃഖസമുദ്രനിമഗ്നനായ്
സന്താപമോടു മോഹിച്ചു വീണീടിനാൻ.
പിന്നെയുണർന്നിരുന്നും കിടന്നുമ്മകൻ
തന്നെയോർത്തും പറഞ്ഞും കരഞ്ഞും സദാ
രാമരാമേതി രാമേതി പ്രലാപേന
യാമിനി പോയിതു സംവത്സരതുല്യമായ്”
ഈ ഭാഗം,
“മൂർച്ഛിതഃ പതിതോ ഭൂമൌ വിസംജ്ഞോ മൃതകോ യഥാ
ഏവം രാത്രിർഗതാ തസ്യ ദുഃഖാൻ സംവത്സരോപമാ”
എന്നതിന്റെ എത്ര ഹൃദ്യമായ പരിഭാഷയായിരിക്കുന്നു!
“സ്ത്രിയോ ബാലാശ്ചവൃദ്ധാശ്ചരാത്രൌനിദ്രാം ന ലേഭിരേ
കദാ ദ്രക്ഷ്യാമഹേ രാമം പീതകൌശേയവാസസും
സർവാഭരണസമ്പന്നം കിരീടകടകോജ്ജ്വലം
കൌസ്തുഭാഭരണം ശ്യാമം കന്ദർപ്പശതസുന്ദരം
അഭിഷിക്തം സമായാതം ഗജാരൂഢം സ്മിതാനനം
ശ്വേതച്ഛത്രധരം തത്രലക്ഷ്മണം ലക്ഷണാന്വിതം
രാമം കദാ വാ ദ്രക്ഷ്യാമഃ പ്രാഭാതം വാ കദാ ഭവേൽ
ഇത്യുത്സുകധിയഃ സർവേ ബഭൂവുഃ പുരവാസിനഃ”
എഴുത്തച്ഛൻ ഈ പദ്യങ്ങളെ നേരെ തർജ്ജമചെയ്യാതെ തന്റെ ഹൃദയസ്ഥിതനായ ഭഗവാന്റെ ഒരു സജീവചിത്രം വരയ്ക്കയാണു് ചെയ്തിട്ടുള്ളതു്.
“സ്ത്രീബാലവൃദ്ധാവധിപുരവാസിക-
ളാബദ്ധകൌതൂഹലാബ്ധിനിമഗ്നരായ്
രാത്രിയിൽനിദ്രയും കൈവിട്ടു മാനസേ
ചീർത്തപരമാനന്ദത്തോടുമേവിനാർ.
നമ്മുടെജീവനാം രാജകുമാരനെ-
നിർമ്മലരത്നകിരീടമണിഞ്ഞതി-
രമ്യകരായിതമണികുണ്ഡല
സമ്മുഗ്ധശോഭിതഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതി മണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുള സമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൌസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുദരവും
സന്ധ്യാഭ്രസന്നിഭപീതാംബരാഭയും
പൂഞ്ചേലമീതെ വിളങ്ങിനിന്നീടുന്ന
കാഞ്ചനകാഞ്ചികളും തനുമധ്യവും
കുംഭികുലോത്തമൻ തുമ്പിക്കരംകണ്ടു
കുമ്പിട്ടുകൂപ്പീടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്രമസ്തക സന്നിഭജാനുവും
അംഭോജബാണനിഷംഗാഭജംഘയു-
മംഭോജതുല്യമാമം ഘ്രിതലങ്ങളും
ജംഭാരിരത്നം തൊഴും തിരുമേനിയും
ഹാരകടകവലയാംഗുലീയാദി
ചാരുതരാഭരണാവലിയും പൂണ്ടു
വാരണൻവീരൻ കഴുത്തിൽതിറമോടു
ഗൌരാതപത്രം ധരിച്ചരികേ നിജ
ലക്ഷ്മണനാകിയ സോദരൻതന്നോടും
ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ
കാണായ്വരുന്നു നമുക്കിനിയെന്നിദം
മാനസതാരിൽ കൊതിച്ചനമുക്കെല്ലാം
ക്ഷോണീപതിസുതനാകിയരാമനെ
കാണായ് വരും പ്രഭാതേ ബത നിർണ്ണയം
രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു
ചീർത്തവിഷാദമോടൌൽസുക്യമുൾകൊണ്ടു
മാർത്താണ്ഡദേവനെ കാണാഞ്ഞു നോക്കിയും
പാർത്തുപാർത്താനന്ദ പൂർണ്ണാമൃതാബ്ധിയിൽ
വിണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാർ പുരവാസികളാദരാൽ.”
ഇതു തർജ്ജമയും എഴുത്തച്ഛൻ വെറും തർജ്ജമക്കാരനും ആണെങ്കിൽ ഇതുപോലൊരു തർജ്ജമയേയും എഴുത്തച്ഛനെപ്പോലെ ഒരു തർജ്ജമക്കാരനേയും കിട്ടിയാൽ ധന്യധന്യയാകാത്ത ഏതു ഭാഷായോഷയാണു് ഉള്ളതു്?
ആദിത്യനുദിച്ചിട്ടും മന്നവൻ പള്ളിക്കുരിപ്പുണരായ്കയാൽ, മന്ത്രിപ്രവരനായ സുമന്ത്രൻ അന്തഃപുരത്തിൽചെന്നു് “രാജീവഗോത്രോദ്ഭൂതഭൂപതേ! രാജരാജേന്ദ്രപ്രവര! ജയ! ജയ!” എന്നൊക്കെ സ്തുതിക്കവേ,
“എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു
പൃത്ഥ്വിയിൽതന്നെ കിടക്കും നരേന്ദ്രനെ”
കണ്ടു് ഈ ഭാവഭേദത്തിനുള്ള കാരണം എന്തെന്നു കൈകേയിയോടു ചോദിച്ചു.
“രാമനെകാണാഞ്ഞു ദുഖം നൃപേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ”
എന്നു ദേവി മറുപിപറഞ്ഞപ്പോൾ, സുമന്ത്രൻ ‘അതിനെന്തുപ്രയാസം; എന്നാൽ രാജാജ്ഞകൂടാതെ ഞാൻ എങ്ങനെ ഇവിടെ നിന്നു പോകും?’ എന്നു സംശയിച്ചു നിൽക്കവേ, ദശരഥൻ,
“ചെന്നുനീതന്നെ വരുത്തുക രാമനെ
സുന്ദരനായൊരു രാമകുമാരനാം
നന്ദനൻതൻമുഖം വൈകാതെകാണണം”
എന്നു ആജ്ഞാപിച്ചു. രാമചന്ദ്രൻ വന്നു്, പിതാവിന്റെ പാദപങ്കജത്തെ താണുകൂപ്പിയപ്പോൾ, അദ്ദേഹത്തിനെ ആലിംഗനം ചെയ്വാനായി മഹാരാജാവു് എണീറ്റു് കൈനീട്ടാൻ ഭാവിക്കവേ, മോഹിച്ചു വീണുപോയി. ഭഗവാൻ വേഗത്തിൽ താതനെച്ചെന്നെടുത്തു് മടിയിൽ കിടത്തീട്ടു് ഈ ദുഃഖത്തിനു കാരണമെന്തെന്നു ചോദിച്ചു. അതുകേട്ടു് കൈകേയി,
“രണ്ടുവരംമമ ദത്തമായിട്ടുണ്ടു്
പണ്ടുനിൻതാതനാൽ സന്തുഷ്ടചേതസാ
നിന്നാലെ സാദ്ധ്യമായുള്ളൊന്നതു, രണ്ടു-
മിന്നു തരേണമെന്നർത്ഥിക്കയും ചെയ്തേൻ.
നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു
ഖിന്നനായ്വന്നിതു താതനറിക നീ
സത്യപാശേന സംബദ്ധനാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ”
എന്നു പറഞ്ഞതു ശൂലം തറയ്ക്കുന്നതുപോലെ രാമചന്ദ്രനിൽകൊണ്ടു.
“ഇത്രയെല്ലാം പറയേണമോ മാതാവേ
താതാർത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാൻ ഉപേക്ഷിപ്പൻ; അതിനില്ല സംശയം
മാനസേ ഖേദമതിനില്ലിനിക്കേതും
രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ
ത്യാജ്യമെന്നാലെന്നറിക നീ മാതാവേ
ആകയാൽ താതനിയോഗമനുഷ്ഠിപ്പാൻ
ആകുലമേതുമെനിക്കില്ല നിർണ്ണയം
സത്യം കരോമ്യഹം സത്യം കരോമ്യഹം
സത്യം മയോക്തം മറിച്ചു രണ്ടായ്വരാ”
എന്നു രഘുനാഥൻ ശപഥം ചെയ്തപ്പോൾ, കൈകയികാര്യമെല്ലാം തുറന്നു പറഞ്ഞു.
“താതൻ നിനക്കഭിഷേകാർത്ഥമായുട-
നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ
കൊണ്ടഭിഷേകം ഭരതനു ചെയ്യണം.
രണ്ടാംവരം പിന്നെയൊന്നുണ്ടു വേണ്ടുന്നു,
നീ പതിന്നാലുസംവത്സരം കാനനേ
താപസവേഷേണ വാഴുകയും വേണം”
ഈ വാക്കുകൾ കേട്ടപ്പോൾ ഭഗവാൻ, ഒരു ഭാവഭേദവും കൂടാതെ
“ഇന്നതിനെന്തൊരു വൈഷമ്യമായതും
ചെയ്കഭിഷേകം ഭരതനു ഞാനിനി
വൈകാതെ പോവൻ വനത്തിനു മാതാവേ
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു്
ചിന്തിച്ചു ദുഃഖിപ്പതിനെന്തു കാരണം?”
ഇതുവരെയുള്ള ഭാഗം ശരിതർജ്ജമയാകുന്നു. ഇവിടെ കവി ഒന്നു രണ്ടു വാക്യങ്ങൾ കൂടി സ്വതന്ത്രമായ് ചേർത്തിട്ടുള്ളതു് രാമചന്ദ്രന്റെ സ്വഭാവത്തെ പൂർണ്ണമായി വെളിപ്പെടുത്തുന്നതിനു പര്യാപ്തവുമായിരിക്കുന്നു.
“രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.
സ്നേഹമെന്നെക്കുറിച്ചേറുമമ്മയ്ക്കു
മദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ;
ആകാശഗംഗയെപ്പാതാളലോകത്തു
വേഗേനകൊണ്ടു ചെന്നാക്കി ഭഗീരഥൻ
തൃപ്തിവരുത്തിപ്പിതൃക്കൾക്കു; പൂരുവും
തൃപ്തനാക്കീടിനാൻ താതനുതന്നുടെ
യൌവനം നല്കിജരാനരയും വാങ്ങി
ദിവ്യന്മാരായാർ പിതൃപ്രസാദത്തിനാൽ
അല്പമായുള്ളൊരു കാര്യം നിരൂപിച്ചു
മൽപിതാദുഃഖിപ്പതിനില്ലവകാശം”
ഇതെല്ലാം കവി കല്പിതമാകുന്നു. ഈ വാക്കുകൾ കവിയുടെ ആശയഗാംഭീര്യത്തിനു സാക്ഷ്യം വഹിക്കുന്നു. ദശരഥന്റെ വിലാപവും മറ്റും മൂലഗ്രന്ഥത്തിലുള്ളതിനേക്കാൾ ഹൃദയ ദ്രവീകരണചണമായിരിക്കുന്നുണ്ടു്.
“ഹാരാമ! ഹാ! ജഗന്നാഥ! ഹാ! മമ പ്രാണവല്ലഭ!
മാം വിസൃജ്യ കഥം ഘോരം വിപിനം ഗന്തുമഹർസി
ഇതി രാമം സമാലിംഗ്യ മുക്തകണ്ഠോ രുരോദാഹഃ,
എന്നേ മൂലത്തിലുള്ളു.
“ഹാ! രാമ! ഹാ! ജഗന്നാഥ! ഹാ! രാമ
ഹാഹാ മമപ്രാണവല്ലഭ!
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ
എന്നെപ്പിരിഞ്ഞുനീ ഘോരമഹാവനം
തന്നിൽഗമിക്കുന്നതെങ്ങിനെ നന്ദന!
എന്നിത്തരം പല ജാതിപറകയും
കണ്ണുനീരാലോല വാർത്തുകരകയും
നന്നായ് മുറുകെ മുറുകെത്തഴുകിയും
പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും”
ഖിന്നനായോരുപിതാവിനെക്കണ്ടു്, രാമചന്ദ്രൻ,
“തന്നുടെകൈയാൽ കുളുർത്തജലംകൊണ്ടു
കണ്ണും മുഖവും തുടച്ചു”
‘ആശ്ലേഷനീതിവാഗ്വൈഭവങ്ങളാൽ’ ആശ്വസിപ്പിച്ചു.
ഇതിനിടയ്ക്കു് കൌസല്യാദേവി സ്വപുത്രന്റെ അഭ്യുദയത്തിനുവേണ്ടി ഹോമപൂജാദികൾ ചെയ്യിക്കയും ബ്രാഹ്മണർക്കു വളരെ ധനം നൽകയും ചെയ്തു.
“കൌസല്യാപി ഹരേഃ പൂജാം കുരുതേ രാമകാരണാൽ
ഹോമം ച കാരയാമാസ ബ്രാഹ്മണേഭ്യോ ദദൌ ധനം
ധ്യായതേ വിഷ്ണുമേകാഗ്രം മനസാ മൌനമസ്ഥിതാ
അന്തസ്ഥമേകം ഘനചിൽപ്രകാശം നിരസ്തസർവാതിശയസ്വരൂപം
വിഷ്ണും സദാനന്ദമയം ഹൃദബ്ജേ സംഭാവയന്തീ ന ദദർശ രാമം
തതഃ സുമിത്രാ ദൃഷ്ട്വൈനം രാമം രാജ്ഞീം സസംഭൂമാ
കൌസല്യാം ബോധയാമാസ രാമോയം സമുപസ്ഥിതഃ
ശ്രുത്വൈവ രാമനാമൈഷാ ബഹിർദൃഷ്ടി, പ്രവാഹിതാ
രാമം ദൃഷ്ട്വാവിശാലാക്ഷമാലിംഗ്യാങ്കേ ന്യവേശയൽ
മൂർദ്ധ്ന്യവഘ്രായ പസ്പർശ ഗാത്രം നീലോൽപ്പലച്ഛവിഃ
ഭുങ്ങ്ക്ഷ്വ പുത്രേതി ച പ്രാഹ മിഷ്ടമന്നം ക്ഷുധാർദ്ദിതഃ
രാമഃ പ്രാഹ ന മേ മാതർഭോജനാവസരഃ കൃതഃ
ദണ്ഡകാഗമനേ ശീഘ്രം രമ കാലോദ്യ നിശ്ചിതഃ”
ഈ പദ്യങ്ങൾ എഴുത്തച്ഛന്റെ മനോധർമ്മക്കണ്ണാടിയിൽ കൂടി കടന്നപ്പോൾ, ഒരു ഉജ്ജ്വലചിത്രമായ് ചമഞ്ഞു.
“ധാർമ്മികയാകിയ മാതാ സസംഭ്രമം
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ
പുത്രാഭ്യുദയത്തിനായ്കൊണ്ടു ചെയ്യിച്ചു
വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ
ഭക്തികൈക്കൊണ്ടേ ഭഗവൽപദാംബുജം
ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ
നന്നായ് സമാധിയുറച്ചിരിക്കുന്ന നേരം
ചെന്നൊരു പുത്രനെയും കണ്ടതില്ലല്ലോ.
അന്തികേ ചെന്നു കൌസല്യയോടന്നേരം
സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ.
രാമനുപഗതനായതു കണ്ടീലേ?
ഭൂമിപാലപ്രിയേ നോക്കീടുകെന്നപ്പോൾ,
വന്ദിച്ചു നില്ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണർന്നീടിനാൾ
പിന്നെ മടിയിലിരുത്തി നെറുകയിൽ
നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ
ഇന്ദീവരദളശ്യാമ കളേബരം
മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ
‘എന്തെന്മകനേ മുഖാംബുജം വാടുവാൻ
ബന്ധമുണ്ടായതുപാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ’
എന്നു മാതാവു പറഞ്ഞോരനന്തരം
വന്നശോകത്തേയടക്കിരഘുവരൻ
തന്നുടെ മാതാവനോടരുളിച്ചെയ്തു.
ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ
ക്ഷിപ്രമരണ്യവാസത്തിനു പോകണം”
കൌസല്യാദുഃഖവർണ്ണനയും മറ്റും മൂലകവിയെ അനുസരിച്ചുതന്നെ ചെയ്തിരിക്കുന്നു. ദേവിയുടെ വിലാപം കേട്ട ലക്ഷ്മണൻ, ശോകരോഷങ്ങൾ കൊണ്ടു് നിറഞ്ഞിട്ടു് “നേത്രാഗ്നിനാ ലോകങ്ങളെല്ലാം ദഹിച്ചുപോകുംവണ്ണം രാഘവൻതന്നെ” നോക്കി ഇങ്ങനെ പറഞ്ഞു:
“ആകുലമെന്തിതു കാരണമുണ്ടാവാൻ?
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠാപ്രിയം
ബന്ധിച്ചു താതനെയും പിന്നെ ഞാൻ പരി-
പന്ഥികളായുള്ളവരെയുമൊക്കവേ
അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ-
രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ.
ബന്ധമില്ലേതുമതിന്നു ശോകിപ്പതി-
നന്തർമുദാ വസിച്ചീടുക മാതാവേ!
ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ
ശൌര്യമിനിക്കതിനുണ്ടെന്നു നിർണ്ണയം
കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ-
ചാര്യനും ശാസനം ചെയ്കെന്നതേ വരൂ”
ഇവിടെ ഒടുവിലത്തേ രണ്ടു വരികൾ മാത്രമേ കവിയുടെ സ്വന്തമായിട്ടുള്ളു. ലക്ഷ്മണോപദേശത്തിലും കവി വലുതായ വ്യത്യാസം വരുത്തീട്ടില്ല.
“ദേഹോഽഹംഭാവമാപന്നോ രാജാഹം ലോകവിശ്രുതഃ
ഇത്യസ്മിൻ മനുതേ ജന്തുഃ കൃമിവിഡ്ഭസ്മസംജ്ഞിതേ”
എന്ന പദ്യത്തിന്റെ തർജ്ജമ ഭാഷാന്തരീകർത്താക്കന്മാർക്കു ഒന്നാന്തരം മാതൃകയായിരിക്കുന്നു.
“ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലർന്ന ജന്തുക്കൾ നിരൂപിക്കും
ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ-
ന്നാമ്രേഡിതം കലർന്നീടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം
വെന്തുവെണ്ണീറായ്ച്ചമഞ്ഞുപോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹംനിമിത്തം മഹാമോഹം”
‘ബ്രാഹ്മണോഹം’ ഇത്യാദി ഭാഗത്തു നമ്മുടെ കവികുലഗുരു ദുരഭിമാനികളായ ആഢ്യബ്രാഹ്മണരെ മന്ദമായി ഒന്നു ഉപഹസിച്ചിരിക്കുന്നു. അവരേപ്പറ്റി മൂലത്തിൽ പ്രസ്താവമൊന്നുമില്ലല്ലോ.
ലക്ഷ്മണൻ ക്രോധത്തിനു വശപ്പെട്ടു പിതൃനിന്ദ ചെയ്തതുകൊണ്ടാണല്ലോ ഭഗവാൻ അദ്ദേഹത്തിനെ ഉപദേശിക്കാൻ തുടങ്ങിയതു്. അതുകൊണ്ടു് ക്രോധത്തേപ്പറ്റി പറയുന്ന ഭാഗത്തെ എഴുത്തച്ഛൻ കുറേയൊക്കെ പ്രപഞ്ചിച്ചു കാണുന്നതിൽ അത്ഭുതപ്പെടാനില്ല.
സൌമിത്രിയുടെ കോപത്തെ ശമിപ്പിച്ചതിനു ശേഷം രാമചന്ദ്രൻ അമ്മയെ സമാധാനപ്പെടുത്താൻ നോക്കി. ഇവിടെയും മൂലത്തിൽ ഇല്ലാത്ത ചില അംശങ്ങളെ കവി കൂട്ടീട്ടുണ്ടു്. ധർമ്മനിഷ്ഠനായ കവിയ്ക്കു് രാമചന്ദ്രനേക്കൊണ്ടു്,
“അച്ഛനെന്തുള്ളിലിച്ഛയെന്നാലതെ-
ന്നിച്ഛയെന്നങ്ങുറച്ചീടെണമമ്മയും
ഭർത്തൃകർമ്മാനുകരണമത്രേ പാതി-
വ്രത്യനിഷ്ഠ വധൂനാമെന്നു നിർണ്ണയം”
എന്നുകൂടി പറയിക്കാതിരിക്കാൻ മനസ്സുവന്നില്ല. ഇപ്രകാരം ഉപദേശഗർഭിതമായ വാക്കുകൾ പറഞ്ഞിട്ടു് അനുവാദത്തിനും അനുഗ്രഹത്തിനുമായി ദണ്ഡനമസ്കാരം ചെയ്ത പുത്രനെ ദേവി, പിടിച്ചെഴുന്നേല്പിച്ചു ആശ്ലേഷിച്ചിട്ടു സർവദേവതകളെയും വിളിച്ചു്,
[62] “എന്മകനാശു നടക്കുന്നനേരവും
കല്മഷം തീർന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ”
എന്നു പ്രാർത്ഥിച്ചു. ഇങ്ങനെ സ്വമാതാവിന്റെ അനുവാദം കിട്ടിയപ്പോൾ ഭഗവാൻ സന്തുഷ്ടനായി.
“ത്വൽപാദസേവർത്ഥമായിന്നടിയനു-
മിപ്പോൾ വഴിയേ വിടകൊൾവതിന്നുമേ
മോദാലതിനായനുവദിച്ചീടണം
… … …
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കിൽ”
എന്നു ലക്ഷ്മണൻ നിർബന്ധിച്ചതിനാൽ ‘എങ്കിൽ നീ പോന്നുകൊണ്ടാലും’ എന്നു് അദ്ദേഹം സമ്മതിച്ചു. അനന്തരം സീതാദേവിയോടു യാത്ര ചോദിപ്പാനായി അദ്ദേഹം അവിടെ എഴുന്നള്ളിയപ്പോൾ ദേവി ‘വേഗേന സസ്മിതമുത്ഥാനം ചെയ്തിട്ടു’ കാഞ്ചനപാത്രസ്ഥമായ തോയംകൊണ്ടു വാഞ്ഛയാ തൃക്കാൽ കഴുകിച്ചശേഷം’ മന്ദാക്ഷപൂർവം ഇങ്ങനെ ചോദിച്ചു.
[63] “ആരുമകമ്പടി കൂടാതെ ശ്രീപാദ-
ചാരേണ വന്നതുമെന്തു? കൃപാനിധേ!
വാരണവീരനെങ്ങു? മമ വല്ലഭ!
ഗൌരാതപത്രവും താലവൃന്താദിയും,
ചാമരദ്വന്ദ്വവും വാദ്യഘോഷങ്ങളും,
ചാമീകരാഭരണാദ്യലങ്കാരവും
സാമന്തഭൂപാലരേയും പിരിഞ്ഞതി-
രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ?”
അതിനു മറുപടിയായി മൂലഗ്രന്ഥത്തിൽ
‘രാജ്ഞാ മേ ദണ്ഡകാരണ്യേ രാജ്യം ദത്തം ശുഭേ ഖിലം
അതസ്തൽപാലനാർത്ഥയ ശീഘ്രം യാസ്യാമി ഭാമിനി’
എന്നു ഹാസ്യഗർഭിതമായ വാക്കുകളാണു് രാമനെക്കൊണ്ടു പറയിച്ചിരിക്കുന്നതു്. അവിടെ ഗുരുജനനിന്ദയുടെ ഈഷൽസ്ഫുരണം ഇല്ലയോ എന്നു ശങ്കിച്ചിട്ടായിരിക്കാം, എഴുത്തച്ഛൻ,
“തന്നിതു ദണ്ഡകാരണ്യരാജ്യം മമ
പുണ്യം വരുത്തുവാൻ താതനറികടോ”
എന്നു അല്പം ഒരു ഭേദഗതി വരുത്തിയിരിക്കുന്നതു്. ‘രാജ്യഭാരം ക്ലേശവഹമാണെന്നു മാത്രമല്ല, പ്രജകളുടെ പാപത്തിൽ ഒരു ഓഹരി രാജാവിൽ പകരുകയും ചെയ്യും. എന്നാൽ എനിക്കു പിതാവുതന്നിരിക്കുന്ന രാജ്യത്തിൽ പാപശങ്കയ്ക്കൊരു അവകാശവുമില്ല. നേരേമറിച്ചു പുണ്യം നേടുവാൻ മാർഗ്ഗവുമുണ്ടു്.’ എന്നു സാരം.
വനത്തിലേക്കു പോകുന്നതിനു തടസ്സം പറയരുതെന്നും ദേവമാതാവിനോടുകൂടി വസിച്ചുകൊള്ളണമെന്നും രാമചന്ദ്രൻ അരുളിച്ചെയ്തപ്പോൾ,
“മുന്നിൽ നടപ്പൻ വനത്തിനു ഞാനിന്നു
പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ”
എന്നു ഭർത്തൃഗതപ്രാണയായ ആ വനിതാകുലമൌലിഭൂഷ മറുപടി പറഞ്ഞു. രഘുവരൻ എന്തെല്ലാം പറഞ്ഞിട്ടും ശ്രീജാനകീ ദേവി സമ്മതിച്ചില്ല.
“രാമസ്യവചനം ശ്രുത്വാ സീതാ ദുഃഖസമന്വിതാ-
പ്രത്യുവാച സ്ഫുരദ്വക്ത്രാ കിഞ്ചിൽ കോപസമന്വിതാ
കഥം മാമിച്ഛസേ ത്യക്തും ധർമപത്നീം പതിവ്രതാം
ത്വദനന്യാമദോഷാം മാം? ധർമ്മജ്ഞോഽസി ദയാപരഃ
ത്വത്സമീപേ സ്ഥിതാം രാമ! കോ വാ മാം ഘർഷയേദ്വനേ.
ഫലമൂലാദികം യദ്യത്തവഭുക്താവശേഷിതം
തദേവാമൃതതുല്യം മേ തേന തുഷ്ടാ രമമ്യേഹം
ത്വയാസഹ ചരന്ത്യാ മേ കുശാഃ കാശാശ്ച കങ്കടാഃ
പുഷ്പാസ്തരണതുല്യം മേ ഭവിഷ്യന്തി ന സംശയഃ
അഹം ത്വാം ക്ലേശയേ നൈവ ഭവേയം കാര്യസാധിനീം
ബാല്യേ മാം വീക്ഷ്യ കശ്ചിദ്വൈ ജ്യോതിശ്ശാസ്ത്രവിശാരദഃ
പ്രാഹ തേ വിപിനേ വാസഃ പത്യാ സഹ ഭവിഷ്യതി
സത്യവാദീ ദ്വിജോ ഭൂയാദ്ഗമിഷ്യാമി ത്വയാസഹ
അന്യൽകിഞ്ചിദ് പ്രവക്ഷ്യാമി ശ്രുത്വാ മാം നയ കാനനം.
രാമായണാനി ബഹുശഃ ശ്രുതാനി ബഹുഭിർദ്വിജൈഃ
സീതാം വിനാ വനം രാമോ ഗതഃ കിം കത്രചിദ്വദ
അതസ്ത്വയാ ഗമിഷ്യാമി സർവഥാ ത്വൽസഹായിനീ”
ഈ പദ്യങ്ങളുടെ തർജ്ജമ അത്യന്തം സുന്ദരമായിട്ടുണ്ടു്. എന്നാൽ ഇവിടെയും ഉചിതജ്ഞനായ കവി ചില മാറ്റങ്ങൾ വരുത്താതിരുന്നിട്ടില്ല. ‘കിഞ്ചിൽ കോപസമന്വിതൌ’ എന്ന വിശേഷണത്തെ വിട്ടുകളഞ്ഞിരിക്കുന്നു. സീതയ്ക്കു് ഒരുകാലത്തും ഭഗവാനോടു കോപം ഉണ്ടായിട്ടില്ലല്ലോ. പരിത്യാഗകാലത്തുപോലും ‘രഘുനന്ദന ഈ കൃത്യം അങ്ങേയ്ക്കു യോജിച്ചതുതന്നേ’ എന്നു സ്വഭർത്താവിനെ അഭിനന്ദിച്ച സീതാദേവിയ്ക്കു് കോപംവന്നുകാണുകയില്ലെന്നു് എഴുത്തച്ഛൻ വിധിച്ചതിൽ ആർക്കും വിസ്മയത്തിനു വഴിയില്ല.
‘സീതാംവിനേത്യാദി’ പദ്യത്തേയും അദ്ദേഹം,
“ഉണ്ടോപുരുഷൻ പ്രകൃതിയെവേറിട്ടു്
രണ്ടുമൊന്നത്രേ വിചാരിച്ചുകാൺകിലോ”
എന്നിങ്ങനെ ഒന്നു വ്യാഖ്യാനിച്ചിരിക്കുന്നു.
“പാണിഗ്രഹണമന്ത്രവുമോർക്കുകിൽ
പ്രാണാവസാനകാലത്തും പിരിയുമോ”
ഇതു മൂലത്തിൽ ഉള്ളതേ അല്ല.
രാമനോടുകൂടി പോവാൻ ഒരുമ്പെട്ട ലക്ഷ്മണനോടു സുമിത്ര
“അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളണം പിരിയാതെ
രാമനേ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം.
എന്നെ ജനകാത്മജയെന്നുറച്ചു കൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ”
എന്നു ഉപദേശിച്ചു. ഈ ഉപദേശം,
‘രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത! യഥാസുഖം’
എന്ന വാല്മീകീയ പദ്യത്തിന്റെ വിവർത്തനമാണു്. മറ്റു ചില സ്ഥലങ്ങളിലും കവിവാല്മീകിയെ അനുസന്ധാനം ചെയ്തിട്ടുണ്ടു്.
രാമാദികൾ പിതുരാജ്ഞവാങ്ങാനായി ചെന്നു്, കൈകേയിയോടു്,
“സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാർന്നു പോവാമായ്പുറപ്പെട്ടു.
ഖേദമകലക്കളഞ്ഞിനി ഞങ്ങളെ
താതനാജ്ഞാപിക്ക വേണ്ടതുവൈകാതെ”
എന്നു പറഞ്ഞമാത്രയിൽ, കൈകേയി സന്തോഷിച്ചു് മൂന്നുപേർക്കും ഓരോ ചീരങ്ങൾ നൽകി. രാമലക്ഷ്മണന്മാർ അതു ഉടലിൽ ധരിച്ചു. എന്നാൽ ‘ലക്ഷ്മീഭഗവതിയാകിയ ജാനകി’ അതിനെ എങ്ങനെ ഉടുക്കേണ്ടു എന്നറിയാതെ, കൈയിൽ പിടിച്ചുകൊണ്ടു് സലജ്ജം ഭർത്തൃമുഖാംബുജത്തെ ഗൂഢമായി നോക്കി. ഇംഗിതജ്ഞനായ രാഘവൻ ദേവിയുടെ ‘ദിവ്യാംബരോപരി’ അതിനെ ചുറ്റിക്കൊടുത്തു. കണ്ടുനിന്നവരെല്ലാം കരഞ്ഞുപോയി. വസിഷ്ഠൻ കൈകേയിയേ ഒട്ടുവളരെ ഭർത്സിച്ചു.
“രാമൻ വനത്തിനുപോകണമെന്നല്ലോ
താമസശീലേ! വരത്തേ വരിച്ചു നീ
ജാനകീദേവിക്കു വൽക്കലം നൽകുവാൻ
മാനസേ തോന്നിയതെന്തൊരു കാരണം?”
രാമാദികൾ വനത്തിനു പുറപ്പെട്ടപ്പോൾ പുരവാസികളും സ്ത്രീബാലവൃദ്ധാവധി അവരുടെകൂടി പുറപ്പെട്ടു.
“രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം”
എന്നു പറഞ്ഞുകരഞ്ഞ ദശരഥനെ എടുത്തു് ഭൃത്യജനങ്ങൾ കൌസല്യയുടെ ഗൃഹത്തിൽ ആക്കി.
“പൌരജനത്തിൻ പരിദേവനംകണ്ടു്” ശ്രീരാമദേവൻ ഇങ്ങനെ ചിന്തിച്ചു.
“സൂര്യനുദിച്ചാലയക്കയുമില്ലവർ
കാര്യത്തിനും വരും വിഘ്നമെന്നാലിവർ
ഖേദംകലർന്നു തളർന്നുങ്ങുന്നിതു
ബോധമില്ലിപ്പോളിനിയുണരുമുമ്പേ പോകണം.”
അവരിൽനിന്നു തെറ്റി, രാഘവൻ ഗംഗാതീരം പ്രാപിച്ചു. ഗുഹൻ എന്ന നിഷാദൻ,
“പക്വമനസ്സോടു ഭക്ത്യൈവ സത്വരം
പക്വഫലമധുപുഷ്പാദികളെല്ലാം
കാഴ്ചവെച്ചിട്ടു്”
ദണ്ഡനമസ്കാരം ചെയ്തു. രാമചന്ദ്രൻ ആ ഭക്തനെ ‘പെട്ടെന്നെടുത്തെഴുനേല്പിച്ചു് വക്ഷസി തുഷ്ട്യാ, ദൃഢമണച്ചു്, ആശ്ലേഷിച്ചു. ചിത്രകൂടപ്രവേശംവരെയുള്ള കഥാഭാഗത്തിൽ കവി മൂലകൃതിയെ ഏറ്റക്കുറവുകൂടാതെ ഭംഗിയായി തർജമചെയ്തിരിക്കുന്നു.
എന്നാൽ ദശരഥന്റെ ചരമഗതിയേയും നാരീജന വിലാപത്തേയും വർണ്ണിക്കുന്നിടത്തു് എഴുത്തച്ഛൻ ചില സ്വാതന്ത്ര്യങ്ങൾ കാണിച്ചിട്ടുണ്ടു്.
ഭരതൻ കേകയപുരത്തുനിന്നു തിരിച്ചുവന്നപ്പോൾ, അമ്മയെ തനിച്ചുകണ്ടിട്ടു്,
“താതനെവിടെ വസിക്കുന്നു മാതാവേ?”
എന്നു ചോദിക്കവേ,
“…കിം ദുഃഖേന തവാനഘ!
യാ ഗതിർദ്ധർമ്മശീലാനാമശ്വമേധാദിയാജിനാം
താം ഗതിം ഗതവാനദ്യപിതാ തേ പിതൃവത്സല!”
എന്നു ദേവി മറുപടിപറഞ്ഞു. ഇവിടെ ‘കിം ദേഃഖേന തവാ നഘ!’ എന്ന ഭാഗത്തെ എഴുത്തച്ഛൻ തർജ്ജമചെയ്തിരിക്കുന്നതു്
‘എന്മകനെന്തു ദുഃഖിപ്പാനവകാശം?
നിന്മനോവാഞ്ഛിതമൊക്കെ വരുത്തി ഞാൻ’
എന്നാണു്. ചപലയും രാജ്യലോഭിനിയുമായ കൈകേയി തന്റെ പുത്രനിലും ആ ചാപല്യത്തെ ആരോപിച്ചതു സ്വാഭാവികമായിട്ടുണ്ടു്.
വസിഷ്ഠൻ ഭരതനു നൽകിയ ഉപദേശകത്തിന്റെ തർജ്ജമ വായിക്കുമ്പോൾ, എഴുത്തച്ഛൻ ഭഗവദ്ഗീതകൂടി തർജ്ജമ ചെയ്തില്ലല്ലോ എന്നു ആർക്കും കുണ്ഠിതം തോന്നാതിരിക്കയില്ല. [64]
“പിതാ വാ തനയോ വാപി യദി മൃത്യുവശംഗതഃ
മൂഢാസ്തമനുശോചന്തി സ്വാത്മതാഡനപൂർവകം”
എന്നതിന്റെ ഭാഷാന്തരം എത്ര മനോഹരമായിരിക്കുന്നു എന്നു നോക്കുക.
“താതനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതി മൂഢരായുള്ളവർ
മാറത്തലച്ചു തൊഴിച്ചു മുറവിളി
ച്ചേറത്തളർന്നു മോഹിച്ചു വീണീടുവോർ”
സകല ഗുരുജനങ്ങളും, ഉപദേശിച്ചു നോക്കീട്ടും, ഭരതൻ രാമനെ വിളിച്ചു കൊണ്ടുവരാനായി വനത്തിലേക്കു തിരിച്ചു് ചിത്രകൂടം ചലം പ്രാപിച്ചു. താപസന്മാർ ഭരതനു രാമസദനം ചൂണ്ടി കാണിച്ചു കൊടുത്തു. ആ ഘട്ടത്തെ മൂലഗ്രന്ഥകാരൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“വിവിക്തം രാമസദനം ചാരുകാനനമണ്ഡിതം
സഫലൈരാമ്രപനസൈഃ കദളീഷണ്ഡസംവൃതം
ചമ്പകൈഃ കോവിദാരൈശ്ച പുന്നാഗൈർവിപുലൈസ്തദാ
ഏവം ദർശിതമാലോക്യ മുനിഭിർഭരതോഽഗ്രതഃ
ഹർഷാദ്യയൌ രഘുശ്രേഷ്ഠഭവനം മന്ത്രിണാ സഹ
ദദർശ ദൂരാദതിഭാസുരം ശൂഭം
രാമസ്യ ഗേഹം മുനിവൃന്ദസേവിതം
വൃക്ഷാഗ്രസംലഗ്നസൂവല്ക്കലാജിനം
രാമാഭിരാമം ഭരതഃ സഹാനുജഃ
അഥ ഗത്വാശ്രമപദസമീപം ഭരതോ മുദാ
സീതാരാമപദൈർയുക്തം പവിത്രമതിശോഭനം.
സ തത്ര വജ്രാംകുശവാരിജാഞ്ചിത
ധ്വജാദിചിഹ്നാനി പദാനി സർവതഃ
ദദർശ രാമസ്യ ഭുവോ തി മംഗളാ-
ന്യചേഷ്ടയൽ പാദരജസ്സു സാനുജഃ.
അഹോ! സുധന്യോഹമമൂനി രാമ
പാദാരവിന്ദാങ്കിതഭൂതലാനി
പശ്യാമിയൽ പാദരജോ വിമൃഗ്യം
ബ്രഹ്മാദിദേവൈഃ ശ്രുതിഭിശ്ച നിത്യം.”
ഈ പദ്യങ്ങളെ രാമാനുജാചാര്യർ എങ്ങനെ തർജ്ജമചെയ്തിരിക്കുന്നു എന്നു നോക്കുക.
“തത്രൈവചെന്നനേരത്തുകാണായ്വന്നിതത്യത്ഭുതമായരാമചന്ദ്രാശ്രമം
പുഷ്പഫലലദല പൂർണ്ണവല്ലീതരുശഷ്പരമണീയ കാനനമണ്ഡലേ.
ആമ്രകദളീ ബകുളപനസങ്ങളാമ്രാതഖർജ്ജുരനാഗപുന്നാഗങ്ങൾ
കേരപുഗങ്ങളും കോവിദാരങ്ങളുമേരണ്ഡചമ്പകാശോകതാലങ്ങളും
മാലതീജാതിപ്രമുഖലതാവലീ ശാലികളായ തമാലസാലങ്ങളും
ഭൃംഗാദിനാനാവിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗക-
രംഗാദിനാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരേ ഭരതനും
വൃക്ഷാഗ്രസംലഗ്നവല്ക്കലാലംകൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവനങ്ങിനാൻ
ഭാഗ്യവാനായ ഭരതനതുനേരം മാർഗ്ഗരജസിപതിഞ്ഞു കാണായ്വന്നു.
സീതാരഘുനാഥപാദാരവിന്ദങ്ങൾ നൂതനമായതിശോഭനം പാവനം
അങ്കശാബ്ജദ്ധ്വജവജ്രമത്സ്യാദികൊണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്.
വീണുരുണ്ടും പതിഞ്ഞും കരഞ്ഞും തദാരേണുതൻ മൌലിയിൽ കോരിയിട്ടീടിനാൻ.
ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മൂന്നം മയാ കൃതം പുണ്യപൂരം പരം
ശ്രീരാമപാദപത്മാഞ്ചിതം ഭൂതലമാരാലെനിക്കു കാണ്മാനവകാശവും
വന്നിതില്ലോ മുഹുരിപ്പാദപാംസുക്കളന്വേഷണം ചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും”
ഇവിടെ ‘അചേഷ്ടയൽ’ എന്ന പദത്തെ കവി എങ്ങനെ വികസിപ്പിച്ചിരിക്കുന്നുവെന്നു കാൺക.
“സ തത്ര ദൃഷ്ട്വാ രഘുനാഥമാസ്ഥിതം
ദൂർവാദളശ്യാമളമായതേക്ഷണം
ജടാകിരീടം നവവല്ക്കലാംബരം
പ്രസന്നവക്ത്രം തരുണാരുണദ്യുതിം”
എന്ന പദ്യത്തേയും ഒട്ടൊന്നു പരത്തിയാണഉ് തർജ്ജമ ചെയ്തിരിക്കുന്നതു്.
“സുന്ദരം രാമചന്ദ്രം പരമാനന്ദമന്ദിര-
മിന്ദ്രവേരജമിന്ദീവരലോചനം;
ദൂർവാദളനിഭശ്യമാളം കോമളം
പൂർവജം നീല നളിനദളേക്ഷണം
രാമം ജടാമകുടം വല്ക്കലാംബരം
സോമബിംബാഭപ്രസന്നവക്ത്രാംബുജം
ഉദ്യത്തരുണാരുണായുത ശോഭിതം
വിദ്യുത്സമാംഗിയാം ജാനകിയായൊരു
വിദ്യയുമായി വിനോദിച്ചിരിക്കുന്നോരു
വിദ്യോതമാനമാത്മാനമവ്യാകുലം
വക്ഷസിശ്രീവത്സ ലക്ഷണമവ്യയം
ലക്ഷ്മീനിവാസം ജഗന്മയമച്യുതം
ലക്ഷ്മണസേവിതപാദപങ്കേരുഹം
ലക്ഷണാലക്ഷ്യസ്വരൂപം പുരാതനം
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം
രക്ഷോവിനാശനം രക്ഷാവിചക്ഷണം
ചക്ഷുഃശ്രവണ പ്രവരപല്യങ്കഗം
കുക്ഷിസ്ഥിതാനേക പത്മജാണ്ഡം പരം
കാരുണ്യപൂർണ്ണം ദശരഥനന്ദന-
മാരണ്യവാസരസികം മനോഹരം”
ഭരതൻ തന്റെ ജ്യേഷ്ഠനെ കണ്ടു. എന്നാൽ, നമ്മുടെ കവിയൊ മഹാവിഷ്ണുവിനെയാണു് അവിടെ ദർശിച്ചതു്. അതനുസരിച്ചുതന്നെ വർണ്ണിക്കയും ചെയ്തിരിക്കുന്നു.
“തഥാഽഭിദുദ്രാവ രഘൂത്തമം ശുചാ
ഹർഷാച്ച തൽപാദയുഗം തദാഗ്രഹീൽ”
എന്നേ മൂലത്തിലുള്ളു. എന്നാൽ,
“രാമനവനെയും ശത്രുഘ്നനെയു-
മാമോദാലെടുത്തു നിവർത്തി”
എന്ന പദങ്ങളാൽ എഴുത്തച്ഛൻ, ശത്രുഘ്നൻകൂടി നമസ്കരിച്ചതായി വ്യക്തമാക്കിയിരിക്കുന്നു.
“സത്സംഗമേറെയുള്ളോരു സൌമിത്രിയും
തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ.
ശത്രുഘ്നനുമതിഭക്തികലർന്നു സൌ-
മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ”
എന്നുകൂടി സദാചാര തൽപരനായ മഹാകവി പ്രത്യേകം എടുത്തുപറയാൻ മറന്നുപോയിട്ടില്ല.
“രാമഃ സ്വമാതരം വീക്ഷ്യ ദ്രുതമുത്ഥായ പദായോഃ
വവന്ദേ സാശ്രു സാ പുത്രമാലിംഗ്യാതീവ ദുഃഖിതാ”
എന്ന പദ്യത്തിന്റെ വിവർത്തനത്തെ എത്ര വാഴ്ത്തിയാലും മതിയാവുകയില്ല.
“രോദനം ചെയ്യുന്ന മാതാവിനെക്കണ്ടു
പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും
എത്രയുമാർത്തി കൈക്കൊണ്ടു കൌസല്യയും
പുത്രനു ബാഷ്പധാരാഭിഷേകം ചെയ്തു.
ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട-
നൂഢമോദം മൂലയും ചുരന്നൂ തദാ.”
പുത്രഗതമായ മാതൃസ്നേഹവാരിധിയുടെ ആഴം നമ്മുടെ കവി കണ്ടിട്ടുണ്ടെന്നും ഈ വാക്യത്തിൽനിന്നു വ്യക്തമാകുന്നു.
ശ്രീരാമപാദുകവും വാങ്ങികൊണ്ടു് ഭരതൻ തിരിച്ചു പോകുന്നതുവരെയുള്ള കഥാഭാഗമാണു് അയോദ്ധ്യാകാണ്ഡത്തിൽ അടങ്ങിയിരിക്കുന്നതു്.
രാമചന്ദ്രന്റെ മഹാരണ്യപ്രവേശത്തോടുകൂടി ആരണ്യകാണ്ഡം ആരംഭിക്കുന്നു. ‘ഝില്ലിഝംകാരനാദമണ്ഡിത സിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതമായ’ ഘോരകാനനത്തിൽ ലക്ഷ്മണൻ മുന്നിലും മദ്ധ്യേ സീതയും എല്ലാർക്കും പുറകെയായ് ശ്രീരാമനും നടന്നു. ഇവിടെ,
അഗ്രേഗച്ഛാമ്യഹം പശ്ചാൽത്വമന്വേഹിധനുർദ്ധരഃ
ആവയോർമധ്യഗാ സീതാ മായേവാത്മ പരാത്മനോഃ
എന്ന മൂലശ്ലോകത്തെ,
“മുന്നിൽനീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻഗതഭയം
ജീവാത്മാ പരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ”
എന്നു മാറ്റിയിരിക്കുന്നു. ഇതു് ഒരു വലിയ പ്രമാദമാണെന്നു ജല്പിക്കുന്നവർ പലരുമുണ്ടു്. എന്നാൽ ഇതു എഴുത്തച്ഛൻ മനഃപൂർവമായി ചെയ്തിട്ടുള്ള മാറ്റമാണെന്നു തെളിയിക്കാൻ പ്രയാസമില്ല. സുമിത്രയെക്കൊണ്ടു്,
അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളണം പിരിയാതെ”
എന്നു് മുമ്പു് ലക്ഷ്മണനോടു പറയിച്ചിട്ടുള്ളതു നോക്കുക. മായേ വാത്മപരാത്മനോഃ എന്ന ഉപമാനത്തിൽ ആത്മാ, മായാ, പരമാത്മാവു് ഇങ്ങിനെയാണല്ലൊ ക്രമം കാണിച്ചിട്ടുള്ളതും. അതുകൊണ്ടു് ജീവാത്മസ്ഥാനീയനായ ലക്ഷ്മണൻ മുമ്പിലും, മായാദേവിയായ സീത മദ്ധ്യത്തിലും രാമപരമാത്മാവു പുറകിലും നടന്നില്ലെങ്കിൽ ഉപമാനത്തിലെ ക്രമം തെറ്റിപ്പോകുന്നതിനാൽ ഈ മാറ്റം വരുത്തിയതായും ഒരു അഭിപ്രായമുണ്ടു്. അങ്ങനെയാണെങ്കിൽ ആ രീതിയിൽതന്നെ അർത്ഥവ്യത്യാസം വരുത്താതെ തർജ്ജമചെയ്വാൻ എഴുത്തച്ഛനു സാധിക്കുമായിരുന്നില്ലേ? ഇവിടെ ‘ഗതഭയം’ എന്ന പദം ഒരു ഊഹത്തിനു വഴിനല്കുന്നു. വനത്തിൽ മായാവികളും ദുഷ്ടന്മാരുമായ രാക്ഷസന്മാരുടെ ശല്യം ഉണ്ടായേക്കാൻ എളുപ്പമാണു്. മുമ്പിൽവന്നെതിർത്താൽ ലക്ഷ്മണൻ പോരാടിക്കൊള്ളും. പിന്തുണയ്ക്കു രാമചന്ദ്രനുമുണ്ടല്ലോ. പുറകിൽനിന്നുള്ള ആക്രമണമാണു് വളരെ ഭയപ്പെടാനുള്ളതു്. അതുകൊണ്ടു ലക്ഷ്മണൻ മുമ്പിലും സീത മദ്ധ്യത്തിലും ആയി നടന്നാൽ രാമചന്ദ്രനു ഭയംകൂടാതെ പോവാൻ സാധിക്കും എന്നു സാരം.
“അഗ്രതോ ഗച്ഛ സൌമിത്രേ സീതാ ത്വാ മനുയാസ്യതു
പൃഷ്ഠതോഽഹം ഗമിഷ്യാമി സീതാം ത്വാം പരിപാലയൻ”
എന്നിങ്ങനെ ഈ അർത്ഥത്തെതന്നെ കുറിക്കുന്നതായി ഒരു പ്രസിദ്ധപദ്യം ഉണ്ടെന്നു് മിസ്റ്റർ ശങ്കരമേനോൻ പറയുന്നു.
വിരാധനുമായി എതിരിട്ടതിനെ വർണ്ണിക്കുന്നിടത്തു് ‘അട്ടഹാസം തതഃ കൃത്വാ ഭീഷയന്നിദമബ്രവീൽ’ എന്ന മൂലഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതിനെ,
“നിഷ്ഠരതരമവനെട്ടാശ പൊട്ടുംവണ്ണ-
മട്ടഹാസം ചെയ്തിടിവെട്ടിടും നാദം പോലെ
ദൃഷ്ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം
പുഷ്ടകോപേന ലോകംഞെട്ടുമാറുരചെയ്താൻ.”
എന്നാണു് വിവർത്തനം ചെയ്തിരിക്കുന്നതു്. എത്ര മനോഹരമായ വാങ്മയചിത്രം!
“കോ വാ ദയാലുഃ സ്മൃതകാമധേനു
മന്യോജഗത്യാം രഘു നായകാദഹോ!
സ്മൃതോ മയാ നിത്യമനന്യഭാജാ
ജ്ഞത്വാ സ്മൃതിം മേ സ്വയമാഗതോയഃ”
“പശ്യത്വിദാനിം ദേവേശോ രാമോ ദശരഥിഃ പ്രഭുഃ
ദഗ്ദ്ധ്വാ സ്വദേഹം ഗച്ഛാമി ബ്രാഹ്മലോകമകല്മഷഃ
അയോധ്യാധിപതിർമേസ്തു ഹൃദയേ രാഘവസ്സദാ
യദ്വാമാംകേ സ്ഥിതാ സീതാ മേഘസ്യേവ തടില്ലതാ”
എന്ന പദ്യങ്ങളെ,
“ശ്രീരാമരാമ! രാമ! ഞാനൊരു വിദ്യാധരൻ
കാരുണ്യമൂർത്തേ കമലാപതേ ധരാപതേ!
ദുർവാസാവായ മുനിതന്നുടെ ശാപത്തിനാൽ
ഗർവിതനായൊരു രാത്രിഞ്ചരനായേനല്ലോ
നിന്തിരുവടിയുടെ മഹാത്മ്യംകൊണ്ടു ശാപ-
ബന്ധവുംതീർന്നു മോക്ഷം പ്രാപിച്ചതിന്നു നാഥ!
സന്തതമിനിച്ചരണാംബുജയുഗം തവ
ചിന്തിക്കായ്വരേണമേ മാനസത്തിനുഭക്ത്യാ
വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകണം
പാണികൾകൊണ്ടു ചരണാർച്ചനം ചെയ്യാകണം
ശ്രോതങ്ങൾകൊണ്ടു കഥാശ്രവണം ചെയ്യാകണം
നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകണം
ഉത്തമാംഗേന നമസ്കരിക്കായ്വന്നീടണം
ഉത്തമഭക്തന്മാർക്കു ഭൃത്യനായ്വരേണം ഞാൻ.
നമസ്തേ! ഭഗവതേ ജ്ഞാനമൂർത്തയേ നമോ
നമസ്തേ! രാമായാത്മാരാമായ നമോ നമഃ
നമസ്തേ രാമായ സീതഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ
ദേവലോകത്തിനു പോവാനനുഗ്രഹിക്കേണം
ദേവദേവേശ പുനരൊന്നപേക്ഷിച്ചീടുന്നേൻ
നിന്മഹാ മായാദേവിയെന്നെ മോഹിപ്പിച്ചിടാ-
യ്ക്കംബുജവിലോചന! സന്തതം നമസ്കാരം.”
എന്ന ഭാഗത്തോടു സാദൃശ്യപ്പെടുത്തി നോക്കേണ്ടതാണു്. ഇതു തർജ്ജമയാണെന്നു ആരെങ്കിലും പറയുമോ? പാഷണ്ഡന്മാർക്കുകൂടി ഈ വരികൾ വായിക്കുമ്പോൾ ഭക്തി ജനിക്കാതിരിക്കുമോ എന്നു സംശയമാണു്. ഇവിടെയും വിരാധസ്തുതിയല്ല നാം കാണുന്നതു്. പരമഭക്തനായ കവിയുടെസ്തുതിയാണു്. ഭക്തന്മാരുടെ ദാസ്യംകൊണ്ടു് അദ്ദേഹം പരമസംതൃപ്തി അടയുന്നതായി ഇവിടെ വ്യക്തമായിരിക്കുന്നു. സീതാദേവി സദാ ഹൃദയത്തിൽ ഇരിക്കേണമേ എന്നാണു് മൂലത്തിൽ പറഞ്ഞിരിക്കുന്നതു്. വിരക്തനായ നമ്മുടെ കവിയാകട്ടെ,
‘നിന്മഹാമായാദേവി എന്നെ മോഹിപ്പിച്ചീടരുതേ’ എന്നത്രേ പ്രാർത്ഥിക്കുന്നതു്.
ശരഭംഗാശ്രമ പ്രാപ്തിമുതൽക്കു സുതീക്ഷ്ണാശ്രമപ്രവേശനം വരെയുള്ള ഭാഗം ഏറെക്കുറെ ശരിതർജ്ജമയാണു്. സുതീക്ഷ്ണസ്തോത്രം വളരെ ഹൃദയംഗമമായിരിക്കുന്നു.
വേദാന്തപരമായ അഗസ്ത്യസ്തുതിയെ ഇതിൽപരം ഭഗിയായി മറ്റാർക്കും ഭാഷാന്തരം ചെയ്വാൻ സാധിക്കയില്ല. ഒരു ഭാഗം മാത്രം ഉദ്ധരിച്ചുകൊള്ളട്ടെ.
മൂലം:
“സാധവഃ സമചിത്താ യേ നിസ്പൃഹാ വിഗതൈഷിണഃ
ദാന്താഃ പ്രശാന്താസ്ത്വദ് ഭക്താ നിവൃത്താഖിലകാമനാഃ
ഇഷ്ടപ്രാപ്തിവിപത്ത്യാശ്ച സമാഃ സംഗവിവർജ്ജിതാഃ
സന്യസ്താഖിലകർമ്മാണഃ സർവദാ ബ്രഹ്മതൽപരാഃ
യമാദിഗുണസമ്പന്നാഃ സന്തുഷ്ടാ യേനകേനചിൽ
സത്സംഗമോ ഭാവേത്തർഹി ത്വൽകഥാശ്രവണേ രതിഃ
സമുദേതി തതോ ഭക്തിസ്ത്വയാ രാമ സനാതനേ
ത്വദ ഭക്താവുപപന്നായാം വിജ്ഞാനം പിപുലം സ്ഫുടം.
ഉദേതി മുക്തിമാർഗ്ഗോയമാദ്യശ്ചതുരസേവിതഃ
തസ്മാദ്രാഘവ സദ്ഭക്തിസ്ത്വയി മേ പ്രേമലക്ഷണാ.
സദാഭൂയാദ്ധരേ സംഗസ്ത്വദ് ഭക്തേഷുവിശേഷതഃ”
ഭാഷ:
“സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്
നിസ്പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ്
ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്
നഷ്ടസംഗന്മാരുമായ് സന്യസ്തകർമ്മാക്കളായ്
ഇഷ്ടമാനസന്മാരായ് ബ്രഹ്മതൽപരന്മാരായ്
ശിഷ്ടാചാരൈകപരായണന്മാരായി നിത്യം
യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്,
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ
ചേതസി ഭവൽക്കഥാശ്രവണേ രതിയുണ്ടാം
ത്വൽക്കഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും
ഭക്തിവർദ്ഥിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്വരും.
വിജ്ഞാനജ്ഞാനാദികൊണ്ടു മോക്ഷവും വരും.
ആകയാൽ ത്വൽഭക്തിയും നിങ്കലേ പ്രേമവായ്പും
രാഘവ സദാ ഭവിക്കേണമേ ദയാനിധേ!
ത്വൽപദാംബുജങ്ങളിലും ത്വൽഭക്തന്മാരിലുമെ-
ന്നുൾപ്പൂവിൽ ഭക്തിപുനരെപ്പൊഴുമുണ്ടാകണം.”
അഗസ്ത്യോപദേശത്തിലെന്നപോലെ ലക്ഷ്മണോപദേശത്തിലും കവി മാറ്റം ഒന്നും ചെയ്തിട്ടില്ല. അടുത്ത സുന്ദരഘട്ടം ശൂർപ്പണഖയുടെ പുറപ്പാടാണു്.
രാമന്റെ വാക്കുകേട്ടു് ലക്ഷ്മണന്റെ അടുക്കൽ ചെന്നിട്ടു് ഭഗ്നാശയായി വീണ്ടും വന്ന ശൂർപ്പണഖ,
“ക്രോധദ്രാമ! കിമർത്ഥം മാം ഭ്രാമയസ്യനവസ്ഥിതാം
ഇദാനീമേവ താം സീതാം ഭക്ഷയാമി തവാഗ്രതഃ”
എന്നു പറഞ്ഞതായിട്ടാണു് മൂലം. എന്നാൽ എഴുത്തച്ഛനാകട്ടെ,
“പിന്നെയും രഘുകുലനായകനോടുചൊന്നാ
ളെന്നെനീ പരഗ്രഹിച്ചീടുക നല്ലൂനിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്വരാ
മന്നവ! ഗിരിവരഗ്രാമദേശങ്ങൾ തോറു-
മെന്നോടുകൂടെ നടന്നോരോരോഭോഗമെല്ലാ-
മന്യോന്യംചേർന്നു ഭുജിക്കായ് വരുമനാരതം.
ഇത്തരമവളുരചെയ്തതു കേട്ടനേരം.
മുത്തരമരുൾചെയ്തു രാഘവൻ തിരുവടി.
ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തിവേണമതിനിവളുണ്ടിനിക്കിപ്പോൾ.
ഒരുത്തിവേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കും നേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി.
വരുത്തും ദൈവമൊന്നു കൊതിച്ചാലിനിനിന്നെ-
വരിച്ചുകൊള്ളുമവനില്ല സംശയമേതും.
തെരിക്കെന്നിനിക്കാലം കളഞ്ഞിടാതെചെന്നാൽ
കരത്തെഗ്രഹിച്ചീടും കടുക്കെന്നവനെടോ”
എന്നുകൂടി പറഞ്ഞിരിക്കുന്നു. ഈ ഭാഗം കവിയുടെ സ്വന്തം മനോധർമ്മമാണെന്നു പരയേണ്ടതില്ലല്ലോ. എഴുത്തച്ഛന്റെ ഫലിതത്തിനുള്ള വിശിഷ്ടസ്വഭാവം ഈ വരികളിൽനിന്നു ഗ്രഹിക്കാം. കവിത്വപ്രകടനത്തിനു് അവസരംകിട്ടിയാൽ അദ്ദേഹം അതിനെ വ്യർത്ഥമാക്കുകയില്ല. നോക്കുക.
“ഇദാനീമേവ താം സീതാം ഭക്ഷയാമി തവാഗ്രതഃ
ഇത്യുക്ത്വാ വികടാകാരാ ജാനകിമനുധാവതീ.
തതോ രാമാജ്ഞയാ ഖഡ്ഗമാദാ യ പരിഗൃഹ്യ താം
ചിച്ഛേദ നാസാം കർണ്ണൌ ച ലക്ഷ്മണോഽലഘുവിക്രമഃ.
തതോ ഘോരദ്ധ്വനിം കൃത്വാ രുധിരാക്തവപുർദ്രുതം
ക്രന്ദമാനാ പപാതാഗ്രേ ഖരസ്യ പരുഷാക്ഷരം”
എന്നതിനെ നമ്മുടെ പരമഗുരു ഇങ്ങനെയാണു് തർജ്ജമ ചെയ്തിരിക്കുന്നതു്.
“കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവും പൂണ്ടു രാക്ഷസിയപ്പോൾ,
മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്ട്രവുംകൈക്കൊണ്ടുറ്റം,
കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ
സംഭ്രമത്തോടെ രാമൻ തടുത്തുനിർത്തും നേരം
ബാലകൻകണ്ടു ശീഘ്രം കുതിച്ചു ചാടിച്ചെന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
ഛേദിച്ചനേരമവളലിറിമുറയിട്ട
നാദത്തെക്കൊണ്ടു ലോകം മാറ്റൊലികൊണ്ടു.
നീലപവർതത്തിന്റെ മുകളിൽനിന്നുചാടി
നാലഞ്ചുവഴിവരുമരുവിയാറുപോലെ
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയാം നിശാചരി വേഗത്തിൽ നടകൊണ്ടു.
രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.
രാക്ഷസപ്രവരനായീടിന ഖരൻ മുമ്പിൽ
പക്ഷമറ്റവനിയിൽ പർവതംവീണപോലെ
രോദനംചെയ്തുമുമ്പിൽ പതനംചെയ്തു…”
മൂലഗ്രന്ഥത്തിലെ ശുഷ്കപദ്യങ്ങൾ എഴുത്തച്ഛന്റെ ഐന്ദ്രജാലികപ്രയോഗത്താൽ അതിശയചമൽക്കാരിയായ ഒരു മനോഹരചിത്രമായിച്ചമഞ്ഞിരിക്കുന്നു. രാമന്റെ ആജ്ഞാനുസാരം ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും കാതും അറുത്തതായിട്ടാണല്ലോ മൂലം. എന്നാൽ എഴുത്തച്ഛൻ അതു ഭംഗിയായില്ലെന്നു കണ്ടിട്ടു്, അവിടം അല്പം മാറ്റിയിരിക്കുന്നു. സീതാദേവിയെ രാക്ഷസി ഭക്ഷിക്കാൻ ഒരുമ്പെടുന്നതു കണ്ടു് ഭക്താഗ്രണീയായ ലക്ഷ്മണൻ താനേ അങ്ങനെ ചെയ്തതായി വർണ്ണിച്ചതു ഉചിതമായിട്ടുണ്ടു്.
ചതുർദ്ദശാശരാധിപന്മാരുമായുള്ള യുദ്ധത്തിന്റെ വർണ്ണന മൂലത്തിലുള്ളതുപോലെയല്ല. ശൂർപ്പണഖയോടുകൂടിപ്പോയ അവരെ രാമചന്ദ്രൻ ഹനിച്ചതിനാൽ, അവൾ ബാഷ്പവും തൂകിക്കൊണ്ടു് തിരിച്ചുവന്നപ്പോൾ ഖരാദികൾ,
“എങ്ങുപോയ്ക്കളഞ്ഞിതു നിന്നോടുകൂടിപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചെൽനീ”
എന്നു ചോദിക്കവേ, ആ ദുഷ്ട പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
“അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ-
ണ്ടിങ്ങിനി വരാതവണ്ണം പോയാർ തെക്കോട്ടവർ”
ഖരദൂഷണ ത്രിശിരാക്കളുമായുള്ള യുദ്ധത്തിന്റെ അതിദീർഘമായ വർണ്ണനയും സ്വതന്ത്രമാണു്. യുദ്ധവർണ്ണനയിൽ എഴുത്തച്ഛനുള്ള പാടവം അദ്വിതീയമാകുന്നു. മൂലകവി നാലു പദ്യങ്ങളിൽ സംഗ്രഹിച്ചിട്ടുള്ളതിനെയാണു് എഴുത്തച്ഛൻ നൂറിൽപരം പാദങ്ങൾ കൊണ്ടു് വർണ്ണിച്ചിരിക്കുന്നതു്.
യുദ്ധത്തിൽമരിച്ച പതിന്നാലായിരം രാക്ഷസന്മാരും ദിവ്യവിഗ്രഹങ്ങൾ കൈക്കൊണ്ടു് രാമചന്ദ്രനെ സ്തുതിക്കുന്നതും മറ്റും എന്റെ കൈവശമുള്ള മൂലഗ്രന്ഥത്തിൽ കാണുന്നതേ ഇല്ല. “രാവണഭഗിനിയും രോദനംചെയ്തു പിന്നെ, രാവണനോടു പറഞ്ഞീടുവാൻനടകൊണ്ടാൾ” എന്നു മുതൽക്കുള്ള ഭാഗമേ മൂലത്തിലുള്ളു.
മാരീചനിഗ്രഹണകഥ മൂലത്തെ അനുസരിച്ചുതന്നെ ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ രാവണനോടു സീത പറഞ്ഞ വാക്കുകളെ കവി നേരേ തർജ്ജമചെയ്യാതെ കല്പിതമായ ചില അംശങ്ങൾകൂടി കൂട്ടിയിരിക്കുന്നു.
‘തൊട്ടുകൂടുമോ ഹരിപത്നിയേശ്ശശത്തിനു്’ എന്ന വാക്യം കവിയുടേതാണു്. അതുപോലെതന്നെ രാവണനും ജടായുവും തമ്മിലുള്ള സമരത്തിന്റെ വർണ്ണനയിലും സരസമായ അംശങ്ങളൊക്കെ എഴുത്തച്ഛന്റെ സ്വന്തമാകുന്നു.
“അബ്ധിയും പത്രാനിലക്ഷുബ്ധമായ് ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം”
എന്നിങ്ങനെ ഒരു പശ്ചാദ്ഭൂമി ഒരുക്കിയതിന്റെ ശേഷമേ അദ്ദേഹം ആ ഭയങ്കരയുദ്ധത്തിന്റെ ചിത്രം ഉല്ലേഖനം ചെയ്തിട്ടുള്ളു.
“കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു.
തീക്ഷണതുണ്ഡാഗ്രം കൊണ്ടുകുത്തി,ത്തകർത്തിതു
കാൽക്ഷണംകൊണ്ടു കൊന്നുവീഴ്ത്തിനാനശ്വങ്ങളെ.
രൂക്ഷതപെരുകിയ പക്ഷപാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്വന്നു.
യാത്രയും മുടങ്ങി മൽകീർത്തിയുമൊടുങ്ങീതെ-
ന്നാർത്തിപൂണ്ടുഴന്നോരു രാത്രിചാരീന്ദ്രരപ്പോൾ”ഇത്യാദി
വർണ്ണനയിൽ അധികപക്ഷവും മൂലത്തിലുള്ളതേയല്ല.
സീതയെക്കാണാഞ്ഞു രാമചന്ദ്രൻ ദുഃഖിക്കുന്ന ഘട്ടത്തെ മൂലകാരനും എഴുത്തച്ഛനും വർണ്ണിച്ചിട്ടുള്ളതു താരതമ്യപ്പെടുത്തിനോക്കിയാൽ, ഭാഷാന്തരം കർത്താവിന്റെ കവിതാപാടവം സവിശേഷം വെളിപ്പെടും.
മൂലം:
“ഹാ പ്രിയേ ക്വ ഗതാസി ത്വം? നാസി പൂർവവദാശ്രമേ
അഥവാ മദ്വിമോഹാർത്ഥം ലീലയാ ക്വ വിലീയസേ?
വനദേവ്യഃ കുതഃ സീതാ? ബ്രൂവന്തു മമ വല്ലഭാം
മൃഗാശ്ച പക്ഷിണോ വൃക്ഷാഃ കഥയന്തു മമ പ്രിയാം.”
ഭാഷ:
ഹാ ഹാ! വല്ലഭേ സീതേ! ഹാ ഹാ മൈഥിലീ നാഥേ!
ഹാ ഹാ ജാനകീദേവീ ഹാ ഹാ മൽപ്രാണേശ്വരി!
എന്നെ മോഹിപ്പിപ്പാനായ് മറഞ്ഞങ്ങിരിക്കയോ?
ധന്യേ നീ വേളിച്ചത്തുവന്നീടുമടിയാതെ.
ഇത്തരം പറകയും കാനനംതോറും നട-
ന്നത്തൽപൂണ്ടന്വേഷിച്ചു കാണാഞ്ഞു വിവശനായ്,
വനദേവതമാരെ! നിങ്ങളുമുണ്ടോകണ്ടു?
വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.
മൃഗസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോകണ്ടു
മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷിസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ? ചൊല്ലുവിൻ പരമാർത്ഥം.
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം
പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോകണ്ടു?”
ഈ ഭാഗത്തെ തൊണ്ടയിടറാതെ വായിക്കാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. ജടായുസ്തുതി, കബന്ധഗതി ഇവയുടെ ഭാഷാന്തരം അതിശയേന ചമൽകൃതമായിട്ടുണ്ടു്. ശബര്യാശ്രമം പ്രാപിച്ചു് ആ തപസ്വിനിയുടെ സപര്യ ഏൾക്കുന്ന ഘട്ടംവരെയാണു് ആരണ്യകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നതു്.
കിഷ്കിന്ധാകാണ്ഡത്തിൽ സുഗ്രീവസഖ്യവും മറ്റും കവി അധികം പ്രപഞ്ചിച്ചിട്ടില്ല. എന്നാൽ അവിടെയും ചില സരസഘട്ടങ്ങൾ ഉണ്ടു്. സുഗ്രീവൻ സീതാദേവിയുടെ ആഭരണങ്ങളെ ഭഗവാനെ കാണിച്ചപ്പോഴത്തെ അവസ്ഥയെ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“വിമുച്യ രാമസ്താദ്ദൃഷ്ട്വാ ഹാ സീതേതി മുഹുർമ്മുഹുഃ
ഹൃദി നിക്ഷിപ്യ തത്സർവം രുരോദ പ്രാകൃതോ യഥാ.”
അതിന്റെ വിവർത്തനം ഇങ്ങനെയാണു്:
“അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീർതന്നേ കുശലം വിചാരിച്ചു.
എന്നെക്കണക്കെ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ?
സീതേ! ജനകാത്മജേ! മമ വല്ലഭേ!
നാഥേ! നളിനദലായതലോചനേ!
രോദനംചെയ്തു വിഭൂഷണസഞ്ചയ-
മാധിപൂർവം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ
ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ”
സുഗ്രീവനും ബാലിയും തമ്മിലുണ്ടായ യുദ്ധത്തെ മൂലകാരൻ,
“മുഷ്ടിഭ്യാം താഡയാമാസ ബാലിനം സോ പിതം തഥാ?
അഹൻ ബാലീ ച സുഗ്രീവം സുഗ്രീവോ ബാലിനം തഥാ”
എന്ന ശുഷ്ക്കപദ്യത്തിൽ സംഗ്രഹിച്ചിരിക്കുന്നതിനെ എഴുത്തച്ഛൻ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
“മുഷ്ടികൾ കൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്ടനാം ബാലി സുഗ്രീവനേയും തഥാ
മുഷ്ടിചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കൈകാൽ പരസ്പരം താഡനം
തട്ടിയും മുട്ടുകൊണ്ടും തലതങ്ങളിൽ
കൊട്ടിയുമേറ്റം പിടിച്ചു കടിച്ചുമ-
ങ്ങൂറ്റത്തിൽ വീണും പുരണ്ടു മുരുണ്ടുമുൾ-
ച്ചീറ്റം കലർന്നു നഖം കൊണ്ടുമാന്തിയും,
ചാടിപ്പതിക്കയും കൂടെക്കുതിക്കയും,
മാടിത്തടുക്കയും കൂടെക്കൊടുക്കയും,
ഓടിക്കഴിക്കയും വാടി വിയർക്കയും,
മാടി വിളിക്കയും കോപിച്ചടുക്കയും,
ഊടെ വിയർക്കയും നാഡികൾ ചീർക്കയും,
മുഷ്ടിയുദ്ധ പ്രയോഗംകണ്ടു നില്പവർ
ദൃഷ്ടികുളുർക്കയും വാഴ്ത്തിസ്തുതിക്കയും
കാലനും കാലകാലൻതാനുമുള്ളപോർ
ബാലിസുഗ്രീവയുദ്ധത്തിനൊവ്വാദൃഢം.
രണ്ടുസമുദ്രങ്ങൾ തമ്മിൽ പൊരും പോലെ
രണ്ടുശൈലങ്ങൾ തമ്മിൽ പൊരും പോലെയും
കണ്ടവരാർത്തു കൊണ്ടാടിപ്പുകൾത്തിയും
കണ്ടീലവാട്ടമൊരുത്തനുമേതുമേ”ഇത്യാദി.
സുഗ്രീവരാജ്യാഭിഷേകം കഴിഞ്ഞു് ലക്ഷ്മണന്റെ അപേക്ഷപ്രകാരം രാമചന്ദ്രൻ ചെയ്തതായ ക്രിയോപദേശത്തിൽ പല അംശങ്ങളും നമ്മുടെ കവിയുടെ സ്വന്തമാണെന്നു നിസ്സംശയം പറയാം. എഴുത്തച്ഛന്റെ യോഗശാസ്ത്രപരിജ്ഞാനത്തിനേപ്പറ്റി ഏതാണ്ടല്പം നമുക്കു് ഈ വിവരണത്തിൽനിന്നു ഗ്രഹിക്കാൻ കഴിയും.
“മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം
ഹൃൽക്കമലേ ദൃഢം ധ്യാനിച്ചു കൊള്ളണം.
പിന്നെ സ്വദേഹമഖിലം തയാ വ്യാപ്ത-
മെന്നുറയ്ക്കണമിളക്കവും കൂടാതെ
ആവാഹയേൽ പ്രതിമാദിഷു മൽക്കലാം
ദേവസ്വരൂപമായ് ധ്യാനിക്ക കേവലം”
ഇത്യാദി വരികൾ മൂലഗ്രന്ഥത്തിൽ നിന്നു എടുത്തിട്ടുള്ളതല്ല.
ശരൽക്കാലം വന്നിട്ടും സുഗ്രീവൻ സീതാന്വേഷണത്തിനു പുറപ്പെടാഞ്ഞതിനാൽ അദ്ദേഹത്തിനെ ഒന്നു ഭയപ്പെടുത്തുന്നതിനായി ഭഗവാൻ ലക്ഷ്മണനെ അയച്ചു. രാമാനുജൻ വാനരപുരിയിൽ പ്രവേശിച്ച ഘട്ടത്തേ മൂലകാരൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“ലക്ഷ്മണോഽപി തദാ ഗത്വാ കിഷ്കിന്ധാനഗരാന്തികം
ജ്യാഘോഷമകരോത്തീവ്രം ഭീഷയൻ സർവവാനരാൻ.
തം ദൃഷ്ട്വാ പ്രാകൃതാസ്തത്ര വാനരാ വപ്രമൂർദ്ധനി
ചക്രുഃ കിലകിലാ ശബ്ദം ധൃതപാഷാണപാദപാഃ
താൻ ദുഷ്ട്വാ ക്രോധതാമ്രാക്ഷോ വാനരാൻ ലക്ഷ്മണസ്തദാ
നിർമൂലാൻ കർത്തുമുദ്യുക്തോ ധനുരാനമ്യ വീര്യവാൻ”
ഇതിന്റെ തർജ്ജമ എത്ര സരസമായിരിക്കുന്നു!
“കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറുഞാണൊലിയിട്ടിതു.
മർക്കടന്മാരവനെക്കണ്ടുപേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാൽ
വപ്രോപരി വീണു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയ്യിൽ പിടിച്ചേവരും
പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു
ചാടിത്തുടങ്ങിനാരങ്ങുമിങ്ങുംദ്രുതം.
മർക്കടകൂട്ടത്തെയൊക്കെയൊടുക്കുവാ-
നുൾക്കാമ്പിലഭ്യുദ്യുതനായിതു സൌമിത്രി
വില്ലി കുഴിയെ ക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു”
ഇതുപോലെ തന്നെ സ്വയം പ്രഭാഗതി സമ്പാദിവാക്യം മുതലായവയിലും എഴുത്തച്ഛന്റെ മനോധർമ്മം വേണ്ടുവോളം കാണാവുന്നതാണു്.
ഹനൂമാൻ സമുദ്രലംഘനത്തിനു് ഒരുങ്ങുന്ന ഘട്ടംവരെ കിഷ്കിന്ധാകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നു.
രാമായണകഥ സർവാംഗ സുന്ദരമെങ്കിലും സുന്ദരകാണ്ഡം മറ്റെല്ലാകാണ്ഡങ്ങളെക്കാളും സുന്ദരമായിരിക്കുന്നു. എഴുത്തച്ഛൻ ഈ കാണ്ഡത്തെ പരമസുന്ദരമായി എഴുതീട്ടുണ്ടു്.
ഈ കാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും കവി വരുത്തീട്ടുള്ള ഭേദഗതികളും സ്വതന്ത്രമായി ചേർത്തിട്ടുള്ള അർത്ഥകല്പനകളും കണ്ടുപിടിക്കുന്നതിനുള്ള ചുമതല വായനക്കാർക്കു വിട്ടുതരികയേ നിവൃത്തിയുള്ളു. ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.
മൂലം:
“ത്യജൈനാം മാനുഷീം ദീനാംദുഃഖിതാം കൃപണാം കൃശാം.”
ഭാഷ:
“ത്യജമനുജ തരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്
പതിവിരഹപരവശതയൊടുമിഹപരാലയേ
പാർത്തുപാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികൾ പരുഷവചനംകേട്ടു
പാരം വശംകേട്ടിരിക്കുന്നതുമിവൾ
ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ!
ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ!”
മൂലം:
“ന മേ സമാ രാവണകോടയോഽധമ!
രാമസ്യ ദൂതോഽഹമപാരവിക്രമഃ”
ഭാഷ:
“നിനവു തവ മനസിപെരുതെത്രയും നന്നു തേ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിങ്ങുള്ളോരു
രാവണന്മാരൊരുമിച്ചെതിർത്തീടിലും
നിയതമിതു മമ ചെറുവിരല്ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നതെന്നോടു കശ്മല?
ഈ തർജ്ജമകളിൽ കവി മൂലത്തിലെ അർത്ഥങ്ങൾക്കു് എത്രമാത്രം വൈശദ്യവും സ്ഫുടതയും വരുത്തിയിരിക്കുന്നുവെന്നു നോക്കുക.
മൂലം:
“ഇത്യുക്ത്വാ ഹനൂമാൻ ബാഹു പ്രസാര്യായതവാലധിഃ
ഋജൂഗീവോർദ്ധ്വദൃഷ്ടിസ്സന്നാകുഞ്ചിത പദദ്വയഃ
ദക്ഷിണാഭിമുഖസ്തുർണ്ണം ഭല്ലൂകോഽനിലവിക്രമഃ”
ഭാഷ:
“ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും
അതിവിപുലഗളതലവുമാർജ്ജവമാക്കിനി
ന്നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയനനായ്
ദശവദനപുരിയിൽ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ”
മൂലം:
“ഇത്യാലിംഗ്യ സമാകൃഷ്യഗാഢം വാനരപുംഗവം
സാർദ്രനേത്രോ രഘുശ്രേഷ്ഠഃ പരം പ്രിയമുവാച സഃ”
ഭാഷ:
“പുനരപിരമാവരൻ മാരുതപുത്രനെ-
പ്പൂർണ്ണമോദം പുണർന്നീടിനാനാദരാൽ
ഉരസി മുഹുരപി മുഹുരണച്ചു പുൽകീടിനാ-
നോർക്കടോ മാരുതപുത്രഭാഗ്യോദയം
ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ
പൂർണ്ണപുണ്യൌഘ സൌഭാഗ്യമുണ്ടായെടോ”
മൂലം:
“ഉൽപ്ലുത്യോൽപ്ലുത്യ സന്തപ്തപുച്ഛേനസ മഹാകപിഃ
ദദാഹ ലങ്കാമഖിലാം സാട്ടപ്രാസാദതോരണാം
ഹാ താത! പുത്രനാഥേതി ക്രന്ദമാനാ സ്സമന്തരാ
വ്യാപ്താഃ പ്രസാദശിഖരേഽപ്യാരൂഢാ ദൈത്യയോഷിതഃ
ദേവതാ ഇവ ദൃശ്യന്തേ പതന്ത്യഃ പാവകേഽഖിലാഃ
വിഭീഷണഗൃഹം ത്യക്ത്വാ സർവം ഭസ്മീകൃതം പുരം
തത ഉൽപ്ലുത്യ ജലധൌ ഹനൂമാൻ മാരുതാത്മജഃ
ലാംഗൂലം മജ്ജയിത്വാന്തഃ സ്വസ്ഥചിന്തോ ബഭൂവ സഃ”
ഭാഷ:
“ ഉദവസിതനികരമുടനുടനുപരിവേഗമോ-
ടുൽപ്ലുത്യപിന്നെയുമുൽപ്ലുത്യസ്ത്വരം
കനകമണിമയനിലയമഖിലമനിലാത്മജൻ
കത്തിച്ചു കത്തിച്ചു വർദ്ധിച്ചിതഗ്നിയും
പ്രകൃതിചപലതയൊടവനചലമോരോമണി-
പ്രസാദജാലങ്ങൾ ചുട്ടുതുടങ്ങിനാൻ.
ഗജതുരഗരഥബലപദാതികൾപങ്ക്തിയും,
ഗമ്യങ്ങളായുള്ള രമ്യഹർമ്മ്യങ്ങളും,
അനലശിഖകളുമനില സുതഹൃദയവും തെളി-
ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചൂ തദാ
വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നുചെന്നൂ മുദാ
ഭുവനതലഗത ചിമലദിവ്യ രത്നങ്ങളാൽ
ഭൂതി പരിപൂർണ്ണമായുള്ളലങ്കയും
പുനരനലസുതനിതി ദഹിപ്പിച്ചിതെങ്കിലും
ഭൂതിപരിപൂർണ്ണമായ് വന്നിതത്ഭുതം.
ദശവദനസഹജഗൃഹമെന്നിയേ മറ്റുള്ള
ദേവാരിഗേഹങ്ങൾ വെന്തുകൂടീ ജവം
രഘുകുലപതിപ്രിയ ഭൃത്യനാം മാരുതി
രക്ഷിച്ചുകൊണ്ടാൻ വിഭീഷണമന്ദിരം.
കനകമണിമയനിലയനികരമതു വെന്തോരോ
കാമിനീവർഗ്ഗം വിലാപം തുടങ്ങിനാർ.
ചികുരഭരവസനചരണാദികൾ വെന്താശു
ജീവനും വേർപെട്ടു ഭൂമൌ പതിക്കയും,
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-
മുന്നതമായ സൌധങ്ങളിലേറിയും,
ദഹനനുടനവിടയുമടുത്തു ദഹിപ്പുച്ചു
താഴത്തുവീണു പിടഞ്ഞുമരിക്കയും,
മമ തനയ! രമണ! ജനക! പ്രാണനാഥ! ഹാ
മാമകം കർമ്മയ്യോ വിധിദൈവമേ
മരണമുടനുടലുരുകി മുറുകിവരികെന്നതു
മാറ്റുവാനാരുമില്ലയ്യോ ശിവ ശിവ!
ദുരിതമിതുരജനിചരവരവിരചിതം ദൃഢം
മറ്റൊരു കാരണമില്ലിതിനേതുമേ
പരധനവുമമിതപരദാരങ്ങളും ബലാൽ
പാപി ദശാസ്യൻ പരിഗ്രഹിച്ചൂതുലോം
അറികിലനുചിതമിതിമദേന ചെയ്തിടായ്വി
നാരുമതിന്റെ ഫലമിതു നിർണ്ണയം.
മനുജതരുണിയെയൊരു മഹാപാപികാമിച്ചു
മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ.
സുകൃതദുരിതങ്ങളും കാര്യമകാര്യവും
സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം.
മദനശരപരവശതയൊടു ചപലനായിവൻ
മാഹാത്മ്യമുള്ള പതിവ്രതമാരെയും,
കരബലമൊടനുദിനമണഞ്ഞു പിടിച്ചതി
കാമി ചാരിത്രഭംഗം വരുത്തീടിനാൻ
അവർ മനസി മരുവിന തപോമയ പാവക-
നദ്യ രാജ്യേ പിടിപെട്ടിതു കേവലം.
നിശചരികൾ ബഹുവിധമൊരോന്നെ പറകയും
നില്ക്കുംനിലയിലേ വെന്തുമരിക്കയും
ശരണമിഹകിമിതി പലവഴിയുമുടനോടിയും
ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും
രഘുകുലവാരേഷ്ടദൂതൻ ത്രിയാമാചര-
രാജ്യമെഴുന്നൂറുയോജനയും ക്ഷണാൽ
സരസബഹുവിഭവയുതഭോജനം നൽകിനാൻ
സന്തുഷ്ടനായിതു പാവകദേവനും
ലഘുതരമനിലതനയനമൃതനിധിതന്നിലേ
ലംഗൂലവും തച്ചു തീപൊലിച്ചീടിനാൻ.”
എഴുത്തച്ഛൻ അധ്യാത്മരാമായണത്തിന്റെ പ്രാരംഭത്തിൽ ‘ഭാരതീ പദാവലീ തോന്നേണം കാലേകാലേ’ എന്നു പ്രാർത്ഥിച്ചിട്ടുള്ളതു് ഇവിടെ സർവഥാ സഫലമായിരിക്കുന്നു.
‘വിബുധപതിയൊട്’ ഇത്യാദി വരികളിൽ അദ്ദേഹത്തിന്റെ ഫലിതവും’ മദനശരേതിവരികളിൽ” സ്ത്രീജനങ്ങളെക്കുറിച്ചുള്ള ബഹുമതിയും സവിശേഷം പ്രകാശിക്കുന്നു.
എഴുത്തച്ഛന്റെ ഭാഷ സന്ദർഭാനുസാരം ചിലപ്പോൾ ലളിതകോമളമായും, ചിലപ്പോൾ പ്രൌഢോജ്വലമായും വേറൊരിക്കൽ സരസഗംഭീരമായും ഇരിക്കുന്നു. സരസഘട്ടങ്ങളെ വർണ്ണിക്കുന്നിടത്തു ഭാഷ മധുരവും പ്രസന്നവുമാണെങ്കിൽ, ഗഹനങ്ങളായ ആധ്യാത്മികതത്വങ്ങൾ പ്രതിപാദിക്കുന്നിടത്തു് അതിഗംഭീരമാണെന്നുകാണാം. വർണ്ണ്യവസ്തുവിന്റെ പരിപൂർണ്ണമായ പ്രതീതിയ്ക്കു് ആവശ്യമുള്ളിടത്തു മാത്രമേ ശാബ്ദികമൊ, ആർത്ഥികമൊ ആയ അലങ്കാരങ്ങൾ പ്രയോഗിക്കൂ. ഈ വിഷയത്തിൽ തീക്ഷ്ണമായ ഔചിത്യം അദ്ദേഹം സർവത്ര പ്രദർശിപ്പിച്ചു കാണുന്നു. ഉചിതമായ ശബ്ദാർത്ഥങ്ങളുടെ പ്രയോഗത്തിലും തന്മയത്വത്തോടുകൂടിയ വർണ്ണനയിലും അദ്ദേഹത്തിനോടു് അരക്കാതമെങ്കിലും അടുത്തു വരുന്നതിനു സാധിച്ചിട്ടുള്ള മറ്റു കവികൾ കേരളത്തിൽ ഉണ്ടായിട്ടില്ല. ഭാഷാസംസ്കൃത ശബ്ദങ്ങളുടെ സമീചിനമായ സമ്മേളനംകൊണ്ടു് അത്യന്ത സുരഭിലവും അമൃതനിഷ്യന്ദിയും ആയ രാമാനുജഭാരതി അധ്യാത്മരാമായണത്തിൽ സർവോൽക്കർഷേണവർത്തിക്കുന്നു.
13.29 ഉത്തരരാമായണം
ഉത്തരരാമായണം എഴുത്തച്ഛന്റെ കൃതിയല്ലെന്നു മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുകയും അതിനെ മിസ്റ്റർ പി. കെ. നാരായണപിള്ള ഖണ്ഡിക്കയും ചെയ്തിരിക്കുന്നു. പ്രസ്തുതഗ്രന്ഥത്തിന്റെ കർത്തൃത്വം എഴുത്തച്ഛനിൻതന്നെ ഇരിക്കേണ്ടതാണെന്നു തെളിയിപ്പാൻ പര്യാപ്തമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ള തെളിവുകൾ താഴെ ചേർക്കുന്നു.
“ദേവിയുമനുജനും വാനരപ്പടയുമായ്” ഉത്തരരാമായണം“ദേവിയുമനുജനും വാനരപ്പടയുമായ്”അദ്ധ്യാത്മരാമായണം
“ഉത്സാഹമുണ്ടു നിനക്കെങ്കിലവ്വണ്ണം.” (ഉ) “ഉത്സാഹമുണ്ടു നിനക്കെങ്കിലക്കാലം” (അ)
“ബന്ധുസൽക്കാരം പരിഗ്രഹിച്ചാദരാൽ” (ഉ) “ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം.” (അ)
“ഗത്വാപിതാമഹം നത്വാസസംഭ്രമം” (ഉ) “ഗത്വാമുഹുർ നമസ്കൃത്വാ സസാദരം” (അ)
“അഗ്രജൻ തന്നെ പരിചരിച്ചീടുക നിത്യം” (ഉ) “അഗ്രജൻതന്നെ പരിചരിച്ചെപ്പൊഴും” (അ)
“പാന്ഥന്മാർ പെരുവഴിയമ്പലം തന്നിൽവന്നു” (ഉ) “താന്തരായിരുന്നുടൻ പിരിഞ്ഞുപോകുംപോലെ” (അ) “പാന്ഥർപെരുവഴി യമ്പലംതന്നിലേ” (ഉ) “താന്തരായ്കൂടി വിയോഗം വരുമ്പോലെ” (അ)
“ചതുരാനനനിതി സ്തുതിചെയ്തതുനേരം” (ഉ) “ചതുരാനനി നിസ്തുതിചെയ്തതുനേരം” (അ)
ഉത്തരരാമായണത്തിനും, ഭാഗവതം, ഇരുപത്തിനാലുവൃത്തം ഈ ഗ്രന്ഥങ്ങൾക്കും ഉള്ള ചില ആശയസാദൃശ്യങ്ങളെ കൂടി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. എന്നാൽ ഇരുപത്തിനാലുവൃത്തം എഴുത്തച്ഛന്റെ കൃതിയല്ലെന്നു് അന്യത്ര തെളിയിച്ചിട്ടുണ്ടല്ലോ. ഭാഗവതം രാമാനുജ കൃതിയല്ലെന്നു സ്ഥാപിക്കുന്നതിനു മി. പി. കെ. നാരായണപിള്ള തന്നെ ശ്രമിച്ചു കാണുകയും ചെയ്യുന്നു. ആ സ്ഥിതിക്കു് ഈ സാദൃശ്യങ്ങളെ ഒരു തെളിവായി സ്വീകരിക്കാൻ പ്രയാസമായിട്ടാണിരിക്കുന്നതു്. അധ്യാത്മരാമായണത്തിലേയും ഉത്തരരാമായണത്തിലേയും സാദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി, അവരണ്ടും ഒരാളുടെ കൃതിയാണെന്നു് പറയുന്നപക്ഷം അതേമാതിരിയുള്ള സാദൃശ്യങ്ങളെത്തന്നെ അടിസ്ഥാനപ്പെടുത്തി ഭാഗവതവും എഴുത്തച്ഛന്റെ കൃതിയാണെന്നു് വാദിക്കേണ്ടേ? ആ വിഷയത്തിൽ മി. പി. കേ. നാരായണപിള്ളയ്ക്കു സമ്മതം കാണുന്നുമില്ലല്ലോ. അതിനാൽ നമുക്കു് മറ്റു ലക്ഷ്യങ്ങൾ വല്ലതുമുണ്ടോ എന്നുകൂടി നോക്കേണ്ടതാണു്.
ഒന്നാമതായി ഉത്തരരാമായണം അധ്യാത്മരാമായണം ഉത്തരയുടെ തർജ്ജമയേയല്ലെന്നു തോന്നുന്നു. കവി വാത്മീകിരാമായണത്തെയാണു് പിന്തുടർന്നു കാമുന്നതു്. രണ്ടാമതായി അതു് കണ്ണശ്ശരാമായണം ഉത്തരകാണ്ഡത്തിന്റെ ഒരു വിവർത്തനം പോലെ കാണപ്പെടുന്നുമുണ്ടു്. ഉദാഹരണാർത്ഥം ആ ഗ്രന്ഥങ്ങളിൽനിന്നും ഏതാനുംഭാഗം ഉദ്ധരിക്കാം.
“ചൊല്ലേറും മനുവംശ പരമ്പര ശൂരനിരാമ നരേന്ദ്രനിവണ്ണം
പൊല്ലാനിശിചരരെ ക്കൊലചെയ്തേ ഭൂപരിപാലനം ചെയ്തഴകോടെ
നല്ലാർ ജാനകിയോടുമയോദ്ധ്യയിൽ നാനാസുഖമോടിരുന്നതുകാല-
ത്തെല്ലാമുനിവരുമന്നരവീരനെഹിതമൊടു കാണ്മാനായേ വന്നാർ
ആരണരാകിയ കണ്വനളാദികളന്നുകിഴക്കൻ ദിക്കതിൽ നിന്നേ
ധീരതരൻ കൌശികനോടേവന്നാർ തേറിയസ്ത്യനുമായതു കാലം
കാരണനംഗിരസാസഹ താപസർ കനിവൊടുതെക്കൻദിക്കതിൽ നിന്നും
സാരതചേർ ധൌമ്യാദികൾവന്നാർ പശ്ചിമദിക്കതിൽനിന്നും
യതിവരനായ വസിഷ്ഠൻ കാശ്യപനത്രിഭരദ്വാജൻ ജമദഗ്നിയു
മിതവിയവിശ്വാമിത്രൻ ഗൌതമനിവരേഴുവരു മതുകാലത്തവിടെ
മതിനിലമിടിയ ശിഷ്യരുമായേ വന്നാരുത്തരദിക്കതിൽനിന്നും
കതിരവനോടെതിരാമെളിപൊടിവർ കനിവൊടു ഗോപുര ദേശമണഞ്ഞാർ”
കണ്ണശരാമായണം
രാവണാഖില രാക്ഷോഗണവധംചെയ്തു
ദേവകളാലുമഭിപൂജതനായ രാമൻ;
ദേവിയുമനുജനും വാനരപ്പടയുമായ്
സേവകജനവുമായ് പുഷ്പകംകരയേറി
വേഗമോടയോദ്ധ്യപുക്കഭിഷേകവും ചെയ്തു.
ലോകങ്ങൾപതിന്നാലും പാലിച്ചുവാഴുംകാലം
നാനാദേശങ്ങൾതോറും വാണീടും മുനിജനം
മാനവവീരൻതന്നെ കാണ്മാനായ്വന്നാരല്ലോ
വാസവദിക്കിൽനിന്നുവന്നിതു കണ്വാദികൾ
കൌശികാഗസ്ത്യാദികൾ ദക്ഷിണദിക്കിൽനിന്നും
പശ്ചിമദിക്കിൽനിന്നുവന്നിതു ധൌമ്യാദികൾ
വിശ്വാമിത്രനും ജമദഗ്നിയും ഗൌതമനും
അത്രികാശ്യപൻ ഭരദ്വാജനും വസിഷ്ഠനും
ഉത്തരദിക്കിൽനിന്നു വന്നിതൊന്നിച്ചുതന്നെ
ദ്വാരപാലകനോടു കുംഭസംഭവൻചൊന്നാ
നാരണരാകിയ ഞങ്ങൾവന്നതങ്ങറിയിച്ചു.ഇത്യാദി
ഉ. രാ. ഭാഷ
രാക്ഷസാനാം വധംകൃത്വാ രാജ്യംരാമ ഉപസ്ഥിതേ
ആയയുർമുനയഃ സർവേശ്രീരാമഭിവന്ദിതും
വിശ്വാമിത്രോഽസിതഃ കണ്വോദുർവാസാ ഭൃഗുരംഗിരാഃ
കശ്യപോവാമദേവോഽത്രിസ്തഥാ സപ്തർഷയോഽമലാഃ
അഗസ്ത്യഃ സഹശിഷ്യൈശ്ചമുനിഭിഃ സഹിതോഭ്യാഗാൽ
ദ്വാരമാസാദ്യരാമസ്യ ദ്വാരപാലമഥാബ്രവീൽഅ. രാ. മൂലം
പ്രാപ്തരാജ്യസ്യ രാമസ്യ രാക്ഷസാനാം വധേ കൃതേ
ആജഗ്മുർമുനയസ്സർവേ രാഘവം പ്രതിനന്ദിതും.
കൌശികോഽഥയവക്രീതൊ ഗാർഗ്യോഗാലവ ഏവച
കണ്വോമേധാതിഥേഃ പുത്രഃ പൂർവസ്യാംദിശി യേ ശ്രിതാഃ
സ്വസ്ത്യാത്രേയശ്ച ഭഗവാൻ സുമുഖോവിമുഖസ്തഥാ
ആജഗ്മുസ്തേസഹാഗത്യ യേ ശ്രിതാ ദക്ഷിണാംദിശം
നൃഷങ്ഗുഃ കവഷോധൌമ്യഃ കൊഷേയശ്ചമഹാനൃഷിഃ
തേഽപ്യാജഗ്മുഃ സശിഷ്യാവൈ യേ ശ്രിതാ പശ്ചിമാംദിശം
വസിഷ്ഠഃ കശ്യപോഽഥാത്രിവിശ്വാമിത്രഃ സഗൌതമഃ
ജമദഗ്നിർഭരദ്വാജ സ്തേപി സപ്തർഷയസ്തഥാ
ഉദീച്യാം ദിശിസപ്തൈതേ നിത്യമേവ നിവാസിനഃ
സംപ്രാപ്യൈതേ മഹാത്മനോ രാഘവസ്യ നിവേശനം
ഇത്യാദി
വാ-രാമായണം
അവരവരേസന്തോഷിക്കും പരിചനുജന്മാരോടുകൂടവയോദ്ധ്യയി-
ലവനിപതീശ്വര നന്ദനനായ്‍വന്നവതാരംചെയ്തവനേ ജയ ജയ!
ഭുവനഭയാപഹ! രാമാ! സുരവധപൊലിവൊടുചെയ്തേ വിശ്വാമിത്ര-
ന്നവശത വാരാതെ യാഗത്തെയുമാദിയിലേ പാലിച്ചവനേ ജയ!
അവനൊടുകൂടെപ്പോയേ വഴിയിലഹല്യാശാപംതീർത്തവനേ ജയ!
ശിവനുടെ വില്ലുംവലിച്ചുമുറിച്ചേ സീതാവല്ലഭനായവനേ ജയ!
തപമിയലുമ്മുനി ഭാർഗ്ഗവരാമൻതന്നോടെതിർത്തു ജയിച്ചവനേ ജയ!
ശിവകരമായവയോദ്ധ്യാപുരിയിൽചെന്നു പുകിന്തുവസിച്ചവനേ ജയ!
… … …
… … …ഇത്യാദി
കണ്ണശരാമായണം.
ഇക്കാലം ദശരഥപുത്രനായയോദ്ധ്യയിൽ
വിഖ്യാതകീർത്ത്യാ രാമനായ മാധവജയ!
വിശ്വരരക്ഷാർത്ഥം പിന്നെ ലക്ഷ്മണനോടുംകൂടി
വിശ്വാമിത്രന്റെ പിൻപെപോയ രാഘവജയ!
കാടകംപുക്കശേഷം വിശ്വാമിത്രന്റെചൊല്ലാൽ
താടകതന്നെക്കൊലചെയ്ത രാഘവ ജയ!
വേഗേനസിദ്ധാശ്രമംപുക്കു കൌശികനുടെ
യാഗവുംപരിപാലിച്ചിരുന്ന നാഥ ജയ!
വിശ്വാമിത്രോക്ത്യാ പുനരഹല്യാശാപം തീർത്തു
വിശ്വനായകശാപം ഖണ്ഡിച്ച നാഥ ജയ!
സീതാവല്ലഭനായ്പ്പോരുമ്പോൾ മദ്ധ്യേമാർഗ്ഗം
പ്രീതനായ് ഭാർഗ്ഗവനെ ജയിച്ചരാമ ജയ!ഇത്യാദി
ഉത്തരരാമായണം
കണ്ണശ്ശൻ വാല്മീകിരാമായണത്തിലെ ഉത്തരകാണ്ഡത്തെയാണെല്ലൊ സംഗ്രഹിച്ചിരിക്കുന്നതു്. എന്നാൽ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തിന്റെ ഉത്തരഭാഗത്തെ തർജ്ജമചെയ്യാതെ കണ്ണശ്ശകൃതമായ വാല്മീകീയ സംഗ്രഹത്തെ വിവർത്തനം ചെയ്യാൻ ഉദ്യമിച്ചുവെന്നുള്ള അഭിപ്രായം വിചാരസഹമേ അല്ല. ശൈലിയെ സംബന്ധിച്ചിടത്തോളം ഉത്തരരാമായണത്തിനു അദ്ധ്യാത്മരാമായണത്തിലെ മറ്റു ഭാഗങ്ങളോടു അല്പം സാദൃശ്യമുണ്ടുതാനും. ആ സ്ഥിതിക്കു് മി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം സ്ഥാപിതമോ ഖണ്ഡിതമോ എന്നു നിർണ്ണയിക്കുന്ന കാര്യം തൽക്കാലം വിഷമമായിട്ടാണിരിക്കുന്നതു്.
13.30 ഭാരതം
മഹാഭാരതമാകുന്ന കലശാബ്ധി കടഞ്ഞെടുത്തിട്ടുള്ള പീയൂഷയൂഷമാണു് ഭാരതം കിളിപ്പാട്ടെന്ന വ്യാജേന എഴുത്തച്ഛൻ കൈരളിക്കു നൽകിയിരിക്കുന്നതു്. പ്രകൃതഗ്രന്ഥം അദ്ദേഹത്തിന്റെ കവിതാവനിതയുടെ വിലാസലാസ്യത്തിനു് ഏകരംഗമായി വിലസുന്നു. വാഗ്ദേവിയുടെ കണ്ഠാഭരണങ്ങളിൽവെച്ചു് ഏറ്റവും അനർഘമായിട്ടുള്ളതു് പ്രസ്തുതകാവ്യരത്നമാണെന്നു ആരും സമ്മതിക്കാതിരിക്കയില്ല. കവിയുടെ കല്പനാചതുരിക്കും ഔചിത്യദീക്ഷയ്ക്കും ഉദാഹരണമായി ചില ഭാഗങ്ങൾ മാത്രമേ ഇവിടെ എടുത്തു കാണിക്കാൻ സാധിക്കയുള്ളു.
ആസ്തികപർവം ഭാഷയിലെ സർപ്പസത്രവർണ്ണനയേ മൂലഗ്രന്ഥത്തിലെ ആസ്തികപർവം ൫൮–ാം അദ്ധ്യായത്തിലെ വർണ്ണനയോടു സാദൃശ്യപ്പെടുത്തി നോക്കുക. പത്തു അനുഷ്ടുപ്പുശ്ലോകങ്ങൾകൊണ്ടു് വിവരിച്ചിരിക്കുന്ന ഭാഗത്തെ എഴുത്തച്ഛൻ അറുപതിൽപരം വരികളിൽ സവിസ്തരം ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു. അതിൽ മിക്ക ഭാഗങ്ങളും സ്വതന്ത്രകവി കല്പനതന്നെയാണു്.
‘കത്തിയെഴുന്നൊരു പാവകജ്വാലയാ
ദഗ്ദ്ധഗാത്രാത്മനാ ഗർത്താന്തരങ്ങളിൽ
എങ്ങുമിരിക്കരുതാതേ തളർന്നവർ
തങ്ങളിൽ ചുറ്റി ഞെളിഞ്ഞു പിരിഞ്ഞവ-
രഗ്നിയിൽ വീണു പൊരിഞ്ഞുതുടങ്ങിനാ-
രഗ്നിയുമേറ്റം തെളിഞ്ഞു വിളങ്ങിനാൻ.
അഞ്ചുമേഴും മൂന്നും മസ്തകമുള്ളവ-
രഞ്ചുമാറും തമ്മിലൊന്നിച്ചു വീഴ്കയും
വാതാശനകുല ഹാഹാനിനാദവും
വാതസഖി ഹേതി ഹൂഹൂനിനാദവും
ഭൂദേവസത്തമ വേദനിനദവും
ഓദനതോമനഃ സ്വാദുനിനാദവും
ദിവ്യ ഗവ്യ ദ്രവ്യ ഹവ്യ ദാഹക്രിയാ
സവ്യ ചാരാഗ്നി കീലാഗ്രധൂമാഭയും
സർവലോകം പരന്നോരു സൌരഭ്യവും
ഗർവദവീകരന്മാർ വിലാപങ്ങളും
***
ഘോരഘോരം കേട്ടു വാരാന്നിധികളും
പാരമിളകി മറിഞ്ഞു കലങ്ങുന്നു;
ധാരാധരങ്ങളുമെന്തന്നറിയാഞ്ഞു
ധീരതരമിടവെട്ടി മുഴങ്ങുന്നു;
സാരതചേരും ഗിരികൾ കുലുങ്ങുന്നു;
ശൂരനാം സിംഹികാസൂനു മുറുകുന്നു;
സ്വർഗ്ഗനിവാസികൾ കണ്ണു കലങ്ങുന്നു
ദിഗ്ഗജേന്ദ്രന്മാർ ഭയേന നടുങ്ങുന്നു;
സന്താപമുൾകൊണ്ടനന്തനും ചിന്തിച്ചു
സന്തതം മാധവൻതന്നെ വണങ്ങുന്നു;
ശങ്കരൻ ഭൂഷണനാശം വരുമെന്നു
ശങ്കിച്ചുഴന്നു ഭവാനിയേ നോക്കുന്നു;
പാരേഴു രണ്ടു മമന്ദം മുഴങ്ങുന്നു;
വാരിജസംഭവനും ചെവി വാർക്കുന്നു.
നാരായണനു മുറുക്കമുണരുന്നു;
നാരായണഹരേ! വിസ്മയമെത്രയും.
ഇതിൽപരം ഭംഗിയായി ഭയാനകരസം പ്രതിപാദിക്കാൻ ആർക്കു കഴിയും. എഴുത്തച്ഛനു് എല്ലാ രസങ്ങളേയും ഒരുപോലെ ഹൃദ്യമായി വർണ്ണിക്കാൻ സാമർത്ഥ്യമുണ്ടായിരുന്നുവെന്നുള്ളതിനു് ഭാരതം സാക്ഷ്യം വഹിക്കുന്നു.
പരാശരമുനി മത്സ്യഗന്ധിനിയെ പ്രാപിക്കുന്നിടത്തു സംഭോഗശൃംഗാരവർണ്ണന ചെയ്യുന്നതിനു് നമ്മുടെ കവിയ്ക്കു് ഒരു നല്ല അവസരംകിട്ടി. സരസഘട്ടങ്ങൾ കിട്ടിയാലുണ്ടോ അദ്ദേഹം വിട്ടുകളയുന്നു. മത്സ്യഗന്ധിനിയായ കാളി പരാശരനെ കണ്ടിട്ടു് തുഴയുമായി ദൂരത്തു നിന്നതേയുള്ളു. എന്നാൽ അവളുടെ രൂപലാവണ്യംകണ്ടപ്പോൾ, മുനിയുടെ മനോധൈര്യം അകന്നു. അദ്ദേഹം അവളോടിങ്ങനെ പറയുന്നു:
“ചാരത്തുവരിക നീ മറ്റാരുമില്ലയിപ്പോൾ
നേരത്തുകടക്കണം നീക്കണം തോണി മറു-
തീരത്തുചെന്നു പുനരൂക്കണമിനിക്കെടോ.
മാരച്ചൂടകതാരിൽ പൂരിച്ചമൂലംനിന്നിൽ
ഭാരിച്ചൊരാശവന്നു കൂറൊത്തു ചമഞ്ഞിതു.
ചോരിച്ചോർവായും നിന്റെ ചീരൊത്തമുലകളും
വേരിച്ചൊല്ലാളേ ഞാൻ വിചാരിച്ചുകണ്ടനേരം
കാറൊത്തകുഴലാളെ മാരത്തീയാറുമാറു-
മാറത്തുചേർന്നീടുവാൻ യോഗമുണ്ടിപ്പോൾതന്നെ”
നമ്മുടെ കവിക്കു മാതൃഭാഷ എത്രത്തോളം വശമായിരുന്നു എന്നു നോക്കുക. ഈ ഒമ്പതുവരികളിലെല്ലാം കൂടി രണ്ടു മൂന്നു സംസ്കൃതപദങ്ങളേ ഉള്ളു. ഈ വാക്കുകൾ വഴിക്കു്, കവി കാമകിങ്കരന്മാരെ ഒന്നു കളിയാക്കീട്ടുമുണ്ടു്. പ്രസ്തുത കൈവർത്തനാരിക്കു് തോന്നിയിടത്തോളമെങ്കിലും സൽബുദ്ധി പരാശര മുനിക്കു് ആ അവസരത്തിൽ തോന്നിയില്ല. കവിയുടെ ധർമ്മബോധം അതിതീക്ഷ്ണമായിരുന്നതിനാൽ, അദ്ദേഹം അതിനെ ലേശംപോലും സാധൂകരിച്ചിട്ടില്ലെന്നു് താഴെ ചേർത്തിരിക്കുന്ന ഹാസ്യഗർഭിതമായ വാക്യത്തിൽ നിന്നു ഗ്രഹിക്കാം.
“എന്തിനുപറയുന്നു വെറുതേ ബഹുവിധം?
ബന്ധമോക്ഷങ്ങളുടെ ഭേദം കണ്ടോരുമുനി
നല്ലോരുതീർത്ഥഭൂതയാകിയ യമുനയി-
ലെല്ലാരും കുളിച്ചൂത്തു സന്ധ്യയേ വന്ദിക്കുമ്പോൾ
മത്സ്യഗന്ധിനിയായ കൈവർത്തകന്യകയെ
മത്സ്യകേതനശരമേറ്റു പുൽകിനാന്മുനി”
ഈ വരികളിലെ ഓരോ വാക്കും ഹാസ്യാർത്ഥഗർഭമായിരിക്കുന്നു.
ശർമ്മിഷ്ഠ ഋതുസ്നാനം കഴിഞ്ഞു് സ്വകാമുകനെച്ചിന്തിച്ചു നില്ക്കുന്നതിനെ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“ശുദ്ധാ സ്നാതാ തു ശർമ്മിഷ്ഠാ സർവാലങ്കാരശോഭിതാ
അശോകശാഖാ മാലംബ്യസുപുഷ്പസ്തബകൈർവൃതാം
ആദർശേ മുഖമുദ്വീക്ഷ്യ ദർത്ത്യദശനലാലസാ
ലോകമോഹസമാവിഷ്ടാ വചനം ചേദമബ്രവീൽ’
ഭാഷ:
“അന്നവൾ ഋതുധർമ്മം പ്രാപിച്ചു കുളിച്ചവ-
ന്നുന്നതസ്തനങ്ങളെ മെല്ലവേ നോക്കി നോക്കി,
ദന്തശോധനം ചെയ്തു ബന്ധൂകസമാധരി
പന്തൊക്കും കൊങ്കത്തടത്തിൽ കുങ്കുമം ചാർത്തി,
ഭംഗിയിൽ കുറിയിട്ടു കുങ്കുമതിലകം തൊ-
ട്ടംഗജൻ തഴപോലെ പൂങ്കുഴലഴിച്ചിട്ടു,
നിർമ്മലമാകുമൊരു വസ്ത്രവുമുടുത്തുംകൊ-
ണ്ടംബുജമിഴികളിലഞ്ജനമതും ചാർത്തി,
കുണ്ഡലഷണ്ഡംമിന്നും ഗണ്ഡമണ്ഡലത്തിങ്കൽ
കുണ്ഡലീഫണംപോലെ പത്തിക്കീറ്റതും ചേർത്തു,
സ്വർണ്ണഭൂഷണങ്ങളുമൊക്കവേയണിഞ്ഞൊരു
കണ്ണാടിതന്നിൽ മുഖപത്മവും നോക്കി നോക്കി,
നല്ലൊരു പുരുഷനെച്ചിന്തിച്ചു ചിന്തിച്ചള്ളി-
ലുല്ലാസം ചേർന്നൊരശോകത്തെയും ചാരി”
നിൽക്കുന്ന ആ നായികയുടെ ചിത്രം എത്ര രമണീയമായിരിക്കുന്നു.
ശർമ്മിഷ്ഠയ്ക്കു ഒരു പുത്രൻ ജനിച്ചതായി അറിഞ്ഞു് ദേവയാനി അവളോടു് ‘പെറ്റവാറെങ്ങനെ നീ’ എന്നു ചോദിക്കയും, അവൾ ഒരു കള്ളം പറഞ്ഞു് ഒഴികയും ചെയ്തു. അങ്ങനെ ഇരിക്കേ ഒരു ദിവസം യയാതി ദേവയാനിയുമായി ക്രീഡ ചെയ്തുകൊണ്ടിരുന്നു. ആ ഘട്ടത്തെ മൂലകവിയും എഴുത്തച്ഛനും വർണ്ണിച്ചിട്ടുള്ളതിനെ നമുക്കു് താരതമ്യപ്പെടുത്തി നോക്കാം. [65]
മൂലം:
തസ്മിൻ കാലേതു രാജർഷിര്യയാതിഃ പൃഥിവീപതിഃ
മാധ്വീകരസസംയുക്താംമദിരാം മദവർദ്ധിനീം
പായയാമാസശുക്രസ്യ തനയാം രക്തപിംഗളാം
പീത്വാ പീത്വാ ച മദിരാം ദേവയാനീ മുമോഹ സാ
രുദതീ ഗായമാനാ ച നൃത്യതീ ച മുഹുർമ്മുഹുഃ
ബഹു പ്രലപതീദേവീ രാജാനമിദമബ്രവീൽ
രാജവദ്രൂപ വേഷെണ കിമർത്ഥംത്വ മിഹാഗതഃ?
കേന കാര്യേണ സമ്പ്രാപ്തോ നിർജ്ജനം ഗഹനം വനം”ഇത്യാദി
ഭാഷ:
“അങ്ങനെചെല്ലും കാലംക്ഷോണീന്ദ്രനൊരുദിന-
മംഗനാരത്നമായ ദേവയാനിയും താനും
ഒന്നിച്ചു മധുപാനംചെയ്തുമധരപാനംചെയ്തും,
മദനൻ തെരുതെരെവലിച്ചു കൂരമ്പെയ്തും,
കനിവിനോടു ഗാഢംവാർ കൊങ്കതഴുകിയും
ആനന്ദാമൃതവാരിധിയിൽ മുഴുകിയു-
മാനനാദനംഗസ്വേദാമൃതമൊഴുകിയും,
മാനസത്തിങ്കാലേറ്റമാനന്ദം പെരുകിയും,
ചേതസ്സുകനിഞ്ഞുടൻ പുല്കിയും പലതരം
ആടിയും പാടിയും കൊണ്ടാടിയും നയനങ്ങൾ
വാടിയും കൊതുഫലം തേടിയും മാരപ്പട-
കൂടിയും മദനന്റെ ചാപമാം ചില്ലീവല്ലീ-
കോടിയുമിരുവരുംകൂടി വാണീടുന്നേരം,
ഭൂപതിവീരനോടു ദേവയാനിയും ചൊന്നാൾ
താപസബുദ്ധ്യാ മദ്യവ്യാകുലചേതസ്സോടു-
മന്തണനായ ഭവാനെന്തിനു വന്നിതപ്പോൾ?
ബന്ധമെന്തടവിയിൽ വരുവാൻ പറഞ്ഞാലും”
ദേവയാനി ശർമ്മിഷ്ഠയുടെ രഹസ്യം അറിയുന്നതും കോപാവിഷ്ടയായിട്ടു് അവൾ പിത്യഗൃഹത്തിലേയ്ക്കു പോകുന്നതും മറ്റും എഴുത്തച്ഛൻ സംക്ഷിപ്തമായിട്ടാണു് വിവരിച്ചിട്ടുള്ളതെങ്കിലും ഹൃദയംഗമമായിട്ടുണ്ടു്.
മൂലം:
“തതഃ കാലേ തു കസ്മിംശ്ചിദ്ദേവയാനീ ശുചിസ്മിതാ
യയാതിസഹിതാ രാജൻ ജഗാമ രഹിതം വനം
ദദശ ച തദാ തത്ര കുമാരാൻ ദേവരൂപിണഃ
ക്രീഡമാനാൻ സുവിശ്രബ്ധാൻ വിസ്മിതാ ചേദമബ്രവീൽ
‘കസ്യൈതേ ദാരകാ രാജൻ ദേവപുത്രോപമാഃശുഭാഃ
വർച്ചസാ രൂപതശ്ചൈവ സദൃശാ മേ മതാസ്തവ’
… … …
തസ്മിൻകാലേ തു തച്ശ്രുത്വാ ധാത്രീ തേഷാംവചോഽബ്രവീൽ
കിം ന ബ്രൂത കുമാരാഃ വഃ പിതരംവൈ ദ്വിജർഷഭം
കുമാരാ ഊചുഃ
ഋഷിശ്ച ബ്രാഹ്മണശ്ചൈവ ദ്വിജാതിശ്ചൈവ നഃ പിതാ
ശർമ്മിഷ്ഠാ നാനൃതം ബ്രുതേ ദേവയാനി ക്ഷമസ്വ നഃ
… … …
തേ ദർശയൻ പ്രദേശിന്യാ തമേവ നൃപസത്തമം
ശർമ്മിഷ്ഠാം മാതരം ചൈവ തഥാചഖ്യുശ്ചദാരകാഃ
… … …
ശ്രുത്വാതു തേഷാം ബാലാനാം സവ്രീഡഇവപാർത്ഥിവഃ
പ്രതിവക്തുമശക്തോഽഭൂൽതൂഷ്ണീം ഭൂതോഽഭവന്ന്യപഃ
ദൃഷ്ട്വാ തു തേഷാം ബാലാനാം പ്രണയം പാർത്ഥിവംപ്രതി
ബുദ്ധ്വാ തു തത്വതോ ദേവീ ശർമ്മിഷ്ഠാമിദമബ്രവീൽ
“അഭ്യാഗച്ഛതി മാം കശ്ചിദൃഷിരിത്യേവമബ്രവീൽ
യയാതിമേവം രാജാനാം ത്വം ഗോപയസി ഭാമിനി
പൂർവമേവ മയാ പ്രോക്തം ത്വയാ തു വൃജിനം കൃതം
… … …”
ശർമ്മിഷ്ഠസമാധാനം പലതും പറഞ്ഞുനോക്കി. എന്നിട്ടും ദേവയാനി,
“രമസ്വേഹ യഥാകാമംദേവ്യാ ശർമ്മിഷ്ഠയാ സഹ
രാജന്നാദ്യേഹ വത്സ്യാമി വിപ്രിയം മേ കൃതംത്വയാ
ഇതിജ്ജ്വാല കോപേന ദേവയാനീ തതോ ഭൃശം
നിർദ്ദഹന്തീവ സവ്രീഡാം ശർമ്മിഷ്ഠാം സമു ദീക്ഷ്യച
അപവിധ്യ ച സർവാണി ഭൂഷണാന്യസിതേക്ഷണാ
സഹസോൽപതിതാം ശ്യാമാം ദൃഷ്ട്വാ താം സാശ്രൂലോചനാം
തൂർണ്ണം സകാശം കാവ്യസ്യ പ്രസ്ഥിതാം വ്യഥിതസ്തദാ
അനുവവ്രാജ സംഭ്രാന്തഃ പൃഷ്ഠതഃ സാന്ത്വയന്നൃപഃ.”
ഭാഷ:
“പോകേണം വനക്രീഡയ്ക്കെന്നിതു ദേവയാനി
ഭോഗാർത്ഥം ഭൂപാലനും കൂടവേ പുറപ്പെട്ടാൻ.
ചെന്നിതു ശർമ്മിഷ്ഠതന്നാശ്രമത്തിങ്കലപ്പോൾ
നന്നായിക്രീഡിക്കുന്ന പൈതങ്ങൾതമ്മെക്കണ്ടു.
അച്ഛനെക്കണ്ടു ചിരിച്ച കുമാരന്മാരെല്ലാ-
മർച്ചനാദികൾചെയ്തു ചാരത്തുവരുന്നേരം
അച്ചിരിപൂണ്ടുനിന്ന ഭൂപതിതിലകനു-
മച്ചരിതങ്ങൾകണ്ടു ചോദിച്ചു ദേവയാനി
അച്ഛനെങ്ങോട്ടുപോയി? ചൊല്ലുവിൻ പൈതങ്ങളേ!
പിച്ചകളുണ്ടാക്കുവാൻ പോയിതോ വനങ്ങളിൽ?
മെല്ലവേ ചൂണ്ടിക്കാട്ടികൊടുത്തു പൈതങ്ങളു-
മല്ലൽപൂണ്ടൊരു ദേവയാനിയും കോപത്തോടെ,
ദൃഷ്ടിയുംചുവപ്പിച്ചു ദേഹവുംവിറപ്പിച്ചു
പൊട്ടിച്ചങ്ങെറിഞ്ഞിതു ഭൂഷണങ്ങളുമെല്ലാം
കല്പിച്ചവണ്ണം വരുമിനിക്കുമിനി നിങ്ങൾ
കല്പിച്ചവണ്ണംതന്നെ വാണാലുമിരുവരും.
പൊട്ടക്കൂപത്തിൽ തള്ളിയിട്ടന്നേയുള്ള വൈര-
മൊട്ടുമേ പോയീല ശർമ്മിഷ്ഠിയ്ക്കെന്നോടു ഞാനോ
പെട്ടെന്നുമറന്നിതു പൊട്ടിയായതുമൂലം
പൃഷ്ടഭോഗത്തോടേറ്റം തുഷ്ട്യാവാഴുവിൻ നിങ്ങൾ.
ഭൂമിയിൽവീണ്ടും കേണുമുരുണ്ടും നടകൊണ്ടാൾ
മാമുനിശുക്രൻതന്നെ ക്കാണ്മാനായ് വേഗത്തോടെ
ഭൂമിപാലനുമതിവ്യാകുല ചേതസ്സോടും
ഭാമിനീ കോപംകണ്ടു ഭാവവൈവർണ്ണ്യംപൂണ്ടു
പേടിച്ചു സരഭസം പിന്നാലെനടകൊണ്ടു
മാടൊത്തമുലയാളേയെത്തീല യയാതിയും.”
ഈ വർണ്ണന കേവലം തർജ്ജമയാണെങ്കിൽ, ഭാഷാഗ്രന്ഥങ്ങൾ മിക്കതും തർജ്ജമകൾതന്നെയെന്നു പറയാം.
ദുഷ്ഷ്യന്തനാൽ പരിത്യക്തയായ ശകുന്തള അദ്ദേഹത്തിനോടു പറയുന്ന വാക്കുകൾ മൂലഗ്രന്ഥത്തിലേതിനേക്കാൾ തീവ്രവും നിശിതവുമായിരിക്കുന്നു. (൯൯-ാം അദ്ധ്യായം സംഭവപർവം മൂലം)
പാണ്ഡുവും പത്നിമാരുംകൂടി ഒരിക്കൽ വനക്രീഡയ്ക്കായി പുറപ്പെട്ടു. ആ ഭാഗത്തെ രണ്ടു കവികളും വർണ്ണിച്ചിട്ടുള്ളതു രണ്ടു വിധത്തിലാണു്.
മൂലം:
“സ ചരൻ ദക്ഷിണം പാർശ്വം രമ്യം ഹിമവതോ ഗിരേഃ
ഉവാസ ഗിരിപൃഷ്ഠേഷു മഹാശാലവനേഷു ച
രരാജ കുന്ത്യാ മാദ്ര്യാച പാണ്ഡുസ്സഹ വനേചരൻ
കരേണ്വോരിവ മദ്ധ്യസ്ഥഃ ശ്രീമാൻ പൌരന്ദരോഗജഃ
ഭാരതഃ സഹ ഭാര്യാഭ്യാം ഖഡ്ഗബാണധനുർദ്ധരഃ
വിചിത്രകവചംവീരം പരമാസ്ത്രീവിധം നൃപം
ദേവോയുമിത്യമന്യന്ത ചരന്തം വനവാസിനഃ
തസ്യ കാമാശ്ചഭോഗംശ്ച നരാ നിത്യമതന്ദ്രിതാഃ
ഉപജഹ്രുർവനാന്തേഷു ധൃതരാഷ്ട്രേണ ചോദിതാഃ
തദാസാദ്യമഹാരണ്യം മൃഗവ്യാളനിഷേവിതം
തത്രമൈഥുനകാലസ്ഥം ദദർശ മൃഗയൂഥപം
തതസ്തം ച മൃഗീം ചൈവ രുക്മപുംഖൈഃ പാണ്ഡുഃപഞ്ചഭിരാശു-
സ ച രാജൻ! മഹാതേജാ ഋഷിപുത്രസ്തപോധനഃ [ഗൈഃ
ഭാര്യയ്യാ സഹ തേജസ്വീ മൃഗരൂപേണ സംഗതഃ
സസംയുക്തസ്തയാ മൃഗ്യാമാശിഷീം വാചമീരയൻ
ക്ഷണേനപതിതോ ഭൂമൌ വിലലാപാതുരോ മൃഗഃ”
എഴുത്തച്ഛന്റെ വർണ്ണന ഇതിൽ പതിന്മടങ്ങു മനോഹരമായിരിക്കുന്നു.
“മുഖ്യഭോഗേന സുഖിച്ചിരിക്കും കാലത്തിങ്ക-
ലുൾക്കാമ്പിലൊന്നു തോന്നിപാണ്ഡുവിനാപത്തിനായ്.
കാന്തിയേറീടുന്നൊരു കാന്തമാരോടുംകൂടി-
ക്കാന്താരംതന്നിൽപുക്കു നന്നായിരമിക്കണം.
വാട്ടമെന്നിയേ മമ നായാട്ടിൻ വൈദഗ്ദ്ധ്യവും
കാട്ടണമിവർക്കെന്ന കൌതുകത്തോടുകൂടി
ദ്യുമണിതന്റെ രശ്മിപോലുമങ്ങണയാതെ
ഹിമവാൻതന്റെ തെക്കേപ്പുറപ്പെരും കാട്ടിൽ
പെരികേ രസം പൂണ്ടു കളിച്ചുമരുവിനാൻ
ഗിരിശൃംഗങ്ങൾതോറുമതികൌതുകത്തോടെ
കരിണീയുഗമദ്ധ്യഗതനായ് മദിച്ചൊരു
കരിവീരനെപ്പോലെ മദനവിവശനായ്
കരിണീഗമനമാരാകിയ ഭാര്യമാരാം
തരുണീമണികളാം കുന്തിയും മാദ്രിതാനും
സരസീരുഹശരസമനാം കാന്തൻതന്നെ-
ശ്ശരതൂണീരകരാളോജ്ജ്വലൽ കരവാള-
ധരനായ് ശരാസനകരനായ് കാണുന്തോറും
സരസീരുഹശരനികരപരവശ
തര മാനസമാരായ്മരുവീടിന നേരം
ഹരിണഹരി കരികിടിശാർദൂലാദിക-
ളരികേ ദരീമുഖഗതങ്ങളായ് കാണുമ്പോൾ
ശരങ്ങൾകൊണ്ടു വീണും മരണഭയംകൊണ്ടും
മരങ്ങൾമറഞ്ഞുപോയ് നിന്നു നോക്കീടുന്നതും,
നിഷ്കുടത്തിങ്കൽ മുന്നമിരുന്നീടിനപോലെ
മർക്കടക്രീഡകൾ കണ്ടുൾക്കൌതൂഹലം പൂണ്ടും,
കുക്കുടരതിക്രീഡാദികൾ കണ്ടാനന്ദിച്ചും,
പൊൽക്കുടങ്ങൾക്കു നേരാം തൈക്കൊങ്കനോക്കിക്കണ്ടും,
കോകില കോകകേകി ചാതകശുകാദിസം-
ഭോഗഭേദങ്ങൾ കണ്ടുരസിച്ചു മതിൻമദ്ധ്യേ
വേഗമോടമ്പുകൊണ്ടു മാഴ്കി വീണീടുന്നതും,
ശോകമോടിണകൂടിക്കേണുവീണോടുന്നതും,
കരടിക്കുലംതമ്മിൽ കടിച്ചു കളിപ്പതും,
കരിണികളെപ്പൂണ്ടു കരികൾ പുളപ്പതും,
കിടികൾ പിടികളെപ്പിടിച്ചു പുല്കുന്നതും,
പിടകളോടുചേർന്നു പക്ഷികൾ കളിപ്പതും
കണ്ടുകൌതുകംപൂണ്ടു കണ്ടിവാർ കുഴലികൾ
കണ്ടാശ്ലേഷവുംചെയ്തു കാന്തനും തങ്ങളുമായ്
കണ്ടകാനനംതോറും രമിച്ചു വസിക്കയും,
മാകന്ദമകരന്ദബിന്ദുപാനവുംചെയ്തു
കൂകുന്നപികകുല പഞ്ചമം കേട്ടുകേട്ടും,
വണ്ടുകൾ മധുപാനം ചെയ്തുമത്തതപൂണ്ടു
കൊണ്ടാടിമുരണ്ടുടൻ കണ്ടപുഷ്പങ്ങൾതോറും
കുണ്ഠഭാവവുംനീക്കിസ്സംഭ്രമിച്ചീടുന്നതും,
കണ്ടോരാനന്ദംപൂണ്ടു മധരപാനംചെയ്തും,
മന്മഥലീലകൊണ്ടു കൺമുന ചാമ്പിച്ചാമ്പി
സമ്മോദംവളർന്നുള്ളിൽ സമ്മോഹം പെരുകിയും,
വന്മലമുകളേറി നിർമ്മലശിലാതലേ
നന്മലർമെത്ത തന്മേലുന്മേഷംപൂണ്ടുവാണും,
ഭാമിനിമാരുമായിസ്സാനന്ദമിരിക്കുമ്പോൾ
കാമനുസമനായ പാണ്ഡുവാം നൃപവിരൻ
കലയുംമാനുംകൂടിക്കമലശരമേറ്റു
കളിക്കുന്നതുകണ്ടു കൊടുത്തു ശരംകൊണ്ടു
ശരമേറ്റതുനേരം മൃഗവും മുനിയായി
നരപാലകൻതന്നെശ്ശപിച്ചു…”ഇത്യാദി
ഇതുപോലെ മറ്റു പർവങ്ങളിൽനിന്നും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാവുന്നതാണു്. അവയേ ഒക്കേ ഉദ്ധരിച്ചുതുടങ്ങിയാൽ ഈ അദ്ധ്യായംതന്നെ ഒരു ഭാരതമായിത്തീർന്നേക്കാം. എഴുത്തച്ഛനു വീരരൌദ്രാദിരസങ്ങളെ വിശദീകരിക്കുന്ന വിഷയത്തിലുള്ള നൈപുണിയേയും ബാഹ്യാഭ്യന്തര പ്രകൃതികളെ യാഥാർത്ഥ്യത്തോടുകൂടി ചിത്രണം ചെയ്യുന്നതിനുള്ള പാടവത്തേയും പ്രകാശിപ്പിക്കുന്ന ചില ഭാഗങ്ങൾ മാത്രം ഉദ്ധരിക്കുന്നു.
വീരാഗ്രണിയായ അഭിമന്യൂ യുദ്ധത്തിൽ വീര്യസ്വർഗ്ഗം പ്രാപിച്ചു. ആ വിവരമറിഞ്ഞപ്പോൾ,
‘ഹാ ഹാ ശിവ ശിവ യെന്നു മഹാജനം
ഹാ ഹാ ഹരി ഹരിയെന്നുരച്ചീടിനാർ.”
മറ്റൊന്നും പറവാൻ അവർക്കു ശക്തിയുണ്ടായില്ലത്രേ. ഈ വാക്കുകൾ എത്ര ഭാവഗർഭിതമായിരിക്കുന്നുവെന്നു നോക്കുക. ദുഃഖാതിശയത്തിൽ നാവിൽനിന്നും വാക്കുകൾ പൊങ്ങുകയില്ലല്ലോ. ഗാന്ധാരിപോലും കുമാരനെ കണ്ടിട്ടു്,
“വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ലമരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മവോഹരൻ,
ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ,
വല്ലവീ വല്ലഭൻ തന്റെ മരുമകൻ”
എന്നു വിലപിച്ചുപോയി. യുധിഷ്ഠരുടെ വിലാപം മർമ്മഭേദകമായിരിക്കുന്നു.
“ഉണ്ണീ! ചതിച്ചോകുമാര! മനോഹര!
എന്നുടെ ചൊൽകേട്ടു പോയിമരിച്ചിതോ?
നിന്നെ ഞാനെന്നിനിക്കാണുന്നു? നന്ദന!
അർജ്ജുനനോടും മുകുന്ദനോടും പുന-
രിജ്ജനമെന്തു പറയുന്നതീശ്വര!
രാജ്യവുംവേണ്ട മതിമതി യുദ്ധവും
പൂജ്യനാമീശനെ സേവിക്കവേണ്ടതും.”
അർജ്ജുനൻ വീണു മുറയിട്ടതുകണ്ടു്, അദ്ദേഹത്തിന്റെ സ്വഭാവം നല്ലപോലെ ഗ്രഹിച്ചിരുന്ന ശ്രീകൃഷ്ണൻ,
“പെണ്ണുങ്ങളെപ്പോലെ ദുഃഖിച്ചിരിയാതെ
തിണ്ണമടുത്തു ജയദ്രഥൻ തന്നുടെ
കണ്ഠം മുറിപ്പതു തക്കതിനിയെന്നു്”
അരുളിചെയ്തപ്പോൾ, അർജ്ജുനന്റെ,
‘ചാരുനയനങ്ങൾ ചെങ്ങിമറിഞ്ഞിതു
ഘോരം വിറച്ചു ചമഞ്ഞു തിരുവുടൽ
ശൂരനായുള്ള കിരീടി കിരീടവും
സൂര്യപ്രഭമായെരിഞ്ഞുരുകീതുലോം.’
കരുണത്തിൽ രൌദ്രത്തിലേക്കുള്ള ഈ പകർച്ച എത്ര സ്വാഭാവികവും ഹൃദ്യവും ആയിരിക്കുന്നു.
ശ്രീകൃഷ്ണഭഗവാൻ കൌരവന്മാരുടെ അടുക്കൽ ദൂതിനായി പുറപ്പെടുന്നതു കണ്ടപ്പോൾ, ഭീമസേനനുണ്ടായ രൌദ്രഭാവത്തെ ഇങ്ങനെ വർണ്ണിക്കുന്നു.
“കണ്ണുകൾ ചുവന്നു കൈഞെരിച്ചു പല്ലും കടി-
ച്ചർണ്ണോജനേത്രനോടു ഭീമസേനനും ചൊന്നാൻ.
എന്തിനുതുടങ്ങുന്നു? ചൊല്ലുകെന്നോടുകൂടി-
ച്ചിന്തിച്ചേനടക്കാവൂ കാര്യങ്ങളിനിമേലിൽ.
ധൃഷ്ടനാം ധൃതരാഷ്ട്രപുത്രന്റെ തുടതച്ചു
കൊട്ടിക്കൊന്നൊക്കെ പ്പൊടിപെടുത്തുകളകയും,
ദുഷ്ടനാ ദുശ്ശാസനൻ തന്നുടെ മാറുപിള-
ർന്നിഷ്ടനായ് രക്തം കുടിച്ചീടുകയെന്നുള്ളതും,
പൊട്ടനാംഭീമൻ ചെയ്കയില്ലെന്നുണ്ടോതോന്നീ?
പെട്ടെന്നു സന്ധിചെയ്തുകൊണ്ടാലും യുധിഷ്ഠിര-
നൊട്ടുമേ വിരോധമില്ല തിനിന്നെന്നാൽ നൂനം”
അർജ്ജുനനും ഭഗദത്തനുമായുള്ള യുദ്ധവർണ്ണനയിൽനിന്നു് വീരരസത്തെ ഉദാഹരിക്കുന്ന ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ.
“പിന്നെയും പിന്നെയും തങ്ങളിലിങ്ങനെ
ഖിന്നതയോടു പൊരുതോരനന്തരം
കുത്തുകൊള്ളാഞ്ഞു കോപിച്ചു മദകരി-
യെത്തിപ്പിടിച്ചുമേല്പോട്ടെറിഞ്ഞീടിനാൻ.
കൊമ്പുതന്മേൽവന്നു വീഴുവാനായിട്ടു
കൊമ്പുമുയർത്തിനിന്നാനതു കണ്ടിട്ടു,
സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ-
നുമ്പർകോൻ തന്നുടെ നന്ദനനർജ്ജുനൻ.
വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു്
കോലാഹലത്തോടു പോയിതുബാണവും.”ഇത്യാദി
ശൃംഗാരത്തിനു ഉദാഹരണം മുമ്പു ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ. ഹാസ്യരസം സ്ഫുരിപ്പിക്കുന്ന ഘട്ടങ്ങളും ഭാരതത്തിൽ ധാരാളമുണ്ടു്.
കീചകനെ നിഗ്രഹിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി, ഭീമസേനൻ പാഞ്ചാലി കാണിച്ചുകൊടുത്ത മെത്തമേൽ കേറി മൂടിപ്പുതച്ചുക്കിടന്നു.
അപ്പോൾ,
“ചീർത്തകൌതുഫലം കൈക്കൊണ്ടു കീചകൻ
മത്തനായ് കൂത്തരംഗത്തു പൂക്കീടിനാൻ.
ചിത്തജന്മാവു തന്നസ്ത്രങ്ങളേല്ക്കയാൽ
പുത്തൻകുളുർമുലത്തൊത്തുപുൽകിടിനാൻ.
തങ്ങളിൽ തിങ്ങിവിങ്ങിക്കനം പൊങ്ങിനി-
ന്നങ്ങനേകണ്ട കുളുർമുലക്കോരകം
വിസ്താരമാഞ്ഞ നിരക്കേപ്പരുപരെ
ക്കുത്തുന്ന രോമങ്ങൾ കൊണ്ടുകാണായി.
എങ്കിലതുമൊരു കൌതുകമെന്നോർത്തു
പങ്കജബാണമാൽ കൊണ്ടുപൊറാഞ്ഞവൻ,
നന്നായ് മുറുകേ മുറുകേത്തഴുകിനാൻ
മുൻനടന്നീടിനാൻ ഭീമനുമന്നേരം.
എത്തിമുറുക മുറുകപ്പുണർന്നവ-
നസ്ഥിനുറുക്കിഞെരിച്ചിതുപിന്നെയും
ചിത്തഭ്രമത്തൊടു പത്തുനൂറായിരം
കുത്തിനാൻ മുഷ്ടിചുരുട്ടിത്തെരുതെരേ.
പ്രേമമില്ലെന്നു വരുമെന്നുശങ്കിച്ചു
ഭീമൻ നഖങ്ങളുമേല്പിച്ചിദാദരാൽ”
ഈ ഒടുവിലത്തേ രണ്ടു പാദങ്ങളിൽനിന്നു ഊറിവരുന്ന ഹാസ്യരസം എത്ര അനപലപനീയമായിരിക്കുന്നു!
കൌരവയുദ്ധത്തിന്റെ അവസാനദിവസം സ്വസൈന്യനാശത്താൽ ദയനീയാവസ്ഥയെ പ്രാപിച്ച സുയോധനൻ ഓടി ഒളിച്ചതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.-
“ദുഃഖിച്ചുമുന്നം വിദുരർപറഞ്ഞതു-
മൊക്കെനിനച്ചു നിനച്ചു സുയോധനൻ
കാൽനടേ തന്റെ ഗദയുമെടുത്തുകൊ-
ണ്ടാനനം കുമ്പിട്ടു വീർത്തുവശംകെട്ടു,
പേടിച്ചു പേടിച്ചു നോക്കിനോക്കിത്തുലോം
ദുഃഖിച്ചു ദുഃഖിച്ചു നാണിച്ചു നാണിച്ചു
ദുഷ്കർമ്മശക്തികൾ ചിന്തിച്ചു ചിന്തിച്ചു
കേണുകേണന്തരാ വീണു വീണൂഴിയിൽ
പ്രാണഭയത്തൊടും പാഞ്ഞുപാഞ്ഞെത്രയും
ദീനനായ് മാനിയായോരു സുയോധനൻ”
വർണ്യവസ്തുവിന്റെ സാക്ഷാത്തായ സ്വഭാവത്തെ പരിപൂർണ്ണമായും വിശദമായും പ്രകാശിപ്പിക്കുന്നതിനുള്ള സകലകൌശലങ്ങളും ഈ വാക്ശില്പി ഇവിടെ പ്രയോഗിച്ചിട്ടുണ്ടു്.
“എത്രയും ദുർഗ്ഗമാർഗ്ഗം ദുർഗ്രാവോഗ്രാഗ്രാഗ്രാഹ്യം
പൃത്ഥ്വീശോത്തമ! മഹൽ പൃത്ഥ്വീധ്രശൃംഗോദ്ദേശം.”
ഇവിടെ ‘ഗ്ര’ എന്ന അക്ഷരത്തിന്റെ ആവർത്തനം കല്ലുകളിൽകൂടി നടക്കുമ്പോൾ ഉണ്ടാകുന്ന ‘കിരുകിര’ ശബ്ദത്തേകൂടി പ്രതിബോധിപ്പിക്കുന്നു.
“ഇത്തരം പറഞ്ഞുതൻ മത്തേൻ കഴുത്തേറി-
സ്സത്വരം വജ്രമോങ്ങി ക്രുദ്ധനാം വൃത്രാരാതി
കെല്പോടു പുറപ്പെട്ടു സേനാനായകനോടും
കല്പാന്തവരിഷവും തുടങ്ങിയതുനേരം.
നിഷ്ഠരതരമിടിവെട്ടിയും ത്രിഭുവനം
ഞെട്ടിയും മരം വെന്തു പൊട്ടിയും തെരുതെരെ-
ദൃഷ്ടികൾ മിന്നൽകൊണ്ടു നഷ്ടമായ് ചമകയും,
വൃഷ്ടികൾ കരികരാകാരമായ് ചൊരികയും.
ഘോരമാരുതവേഗാലോരോരോ ദിക്കുകളും
വാരിധിപൂരങ്ങളുമിളകി മറിയുന്നു;
വിഭ്രമം പൂണ്ടു ജഗദ്വാസികൾ മുറുകുന്നു;
ശ്വഭ്രങ്ങൾതോറുമുഷ്ണ മുൾപ്പുക്കുപിടയുന്നു.”
ഇവിടെ കവി ഇടിവെട്ടലിന്റെയും മഴച്ചാറ്റലിന്റേയും ശബ്ദം നാം കേൾക്കത്തക്കവണ്ണം തന്നേ പദഘടന ചെയ്തിരിക്കുന്നു.
“ചുവട്ടിൽ മാറിനിന്നടിരണ്ടും വാരി-
ചുവട്ടിലാക്കി മേൽ കരയേറിക്കര-
മമർത്തുനന്നായിച്ചവിട്ടിനിന്നു കൊ-
ണ്ടമർത്ത്യമർത്ത്യന്മാർ പലരും കാണവേ
ചളിപ്പുകൈവിട്ടങ്ങെടുത്തു കൈവാളാൽ
പൊളിച്ചുമാറിടം നഖങ്ങളെക്കൊണ്ടും,
പൊടുപെടപ്പൊടിച്ചുടനുടൻ
ചുടുചുടത്തിളച്ചരുവിയാർപോലെ
തുടതുടവന്നരുധിരപൂരത്തെ
കുടുകുടക്കുടിച്ചലറിച്ചാടിയും
പെരുവെള്ളം പോലെ വരുന്ന ശോണിത-
മൊരുതുള്ളിപോലും പുറത്തുപോകാതെ
കവിണ്ണുനന്നായിക്കിടന്നു കൊണ്ടുടൻ
കവിൾത്തടം നന്നായ് നിറച്ചിറക്കിയും
മദിച്ചു മാരുതി ചിരിച്ചുചൊല്ലിനാൻ
മദിർത്തിതു നാവുമുദരവുമെല്ലാം
കുടർമാല മെല്ലെന്നെടുത്തു കൊണ്ടുടൻ
തുടർമാലപോലെ കഴുത്തിലിട്ടു കൊ-
ണ്ടടൽക്കളമെല്ലാം പൊടിപെടും വണ്ണ-
മുടനുടൻ ചാടിത്തുടമേലെ തച്ചും
പശുസമർ പാണ്ഡുസുതന്മാരെന്നല്ലോ
പറഞ്ഞിതു മുന്നം പലരും കേൾക്കവേ?
പരിഹാസത്തോടുമദിച്ചു കൈകൊട്ടി-
ച്ചിരിച്ചു കൂത്താടി നടന്നു നിങ്ങളും.
പശുസമന്മാർ കൌരവരെന്നിക്കാലം
പറഞ്ഞു ഞാൻ താനുമിതാകൂത്താടുന്നേൻ”
ഇങ്ങനെ തന്മയത്വത്തോടുകൂടി വീരരസം വർണ്ണിക്കാൻ കഴിവുള്ള കവികൾ തുലോം വിരളമാകുന്നു. വർണ്ണനയ്ക്കു വിഷയമായ കാലദേശാദികളേയും മറ്റു പരിതസ്ഥിതികളേയും അദ്ദേഹം വിസ്മരിച്ചു കളയാത്തതുനിമിത്തം അതാതവസ്ഥകളേക്കുറിച്ചു് അതിസൂക്ഷ്മമായ ഒരു ബോധം ആ വർണ്ണന വായിക്കുമ്പോൾ നമുക്കുണ്ടാകുന്നു. വിവക്ഷിതാർത്ഥത്തിന്റെ സ്ഫുടപ്രതീതി ജനിപ്പിക്കുന്നതിനു് പര്യാപ്തമായ ശബ്ദങ്ങൾ സദാപി ഈ മഹാകവിയേ പിന്തുടരുന്നു. ആശയഗതിക്കു് അനുരൂപമായ ശബ്ദപ്രവാഹംകൂടി ഉള്ളതുകൊണ്ടു് ഒരു മുഴപ്പോ ആ വഴിക്കുണ്ടാകുന്ന ശ്രവണകടുതയോ ഒരിടത്തും കാണ്മാനില്ല. ആധുനിക മഹാകവികളും അവരുടെ പാർഷദന്മാരും എഴുത്തച്ഛനിൽനിന്നു പലതും പഠിക്കേണ്ടതായിട്ടുണ്ടു്. നിർമ്മലമായ ഹൃദയങ്ങളിൽനിന്നു് മാത്രമേ ഉത്തമകാവ്യങ്ങൾ പുറപ്പെടുകയുള്ളൂ. മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള അത്യഗാധമായ ജ്ഞാനം അതിതീവ്രമായ പ്രകൃതിനിരീക്ഷണശക്തി, അപ്രതിഹതമായ കല്പനാവൈഭവം, കുശാഗ്രബുദ്ധി, വിപുലമായ ധർമ്മനിഷ്ഠ, മനുഷ്യലോകത്തോടുള്ള വിശാലമായ അനുകമ്പ, സർവോപരി [66] “ഈശ്വരചൈതന്യംകൊണ്ടു് സ്ഫുരിക്കുന്ന ലോകവൈചിത്ര്യത്തിൽ താൻ നിസ്സാരൻ സജ്ജനങ്ങൾ മാനനീയന്മാർ എന്നിങ്ങനെ ഒരു മനോഗതി” ഇത്യാദി ഉദാരഗുണങ്ങൾക്കു വിളനിലമായിരുന്ന ഈ കവി കോകിലത്തിന്റെ കളകൂജിതങ്ങൾ ജീവിതയാത്രയിൽ ശ്രാന്തചേതസ്സുകളായിരിക്കുന്ന എത്ര എത്ര ജനങ്ങൾക്കു പരമനിർവൃതി അരുളിക്കൊണ്ടിരിക്കുന്നു!
ഈ ദിവ്യകവി ഭഗവൽഗീത ഭാഷാന്തരം ചെയ്യാതിരുന്നതു് ബ്രാഹ്മണരേ പേടിച്ചാണെന്നു പറയുന്നവർ ഇപ്പോഴും ഉള്ളതാണു അത്ഭുതം. എഴുത്തച്ഛനു പേടിയോ? അദ്ദേഹത്തിനെക്കുറിച്ചു ബ്രാഹ്മണർക്കു പേടിയുണ്ടായിരുന്നതായിട്ടാണല്ലോ പല ഐതിഹ്യങ്ങളിൽനിന്നു് കാണുന്നതു്. പരമാർത്ഥത്തിൽ ഭാരതസംക്ഷേപത്തിൽ ഭഗവദ്ഗീതയ്ക്കു സ്ഥാനമെവിടെ? അക്കാലത്തെ ജനതയ്ക്കു് ഭക്തിസംവർദ്ധകങ്ങളായ ഗ്രന്ഥങ്ങളായിരുന്നു അത്യാവശ്യകമായിരുന്നതു്. പോരെങ്കിൽ സംസാരരോഗാർത്തന്മാർക്കു ആവശ്യമുള്ള ആധ്യാത്മികതത്വഗുളികകൾ അദ്ദേഹം കഴിയുന്നതും ഹൃദ്യമാക്കി രാമായണാദി ഗ്രന്ഥങ്ങളിൽ വേണ്ടുവോളം സംഭരിച്ചിട്ടുമുണ്ടു്. ഈ ഭാരതകഥാസംക്ഷേപത്തിൽ, ഭഗവദ്ഗീത തർജ്ജമ ചെയ്തു ചേർത്തിരുന്നുവെങ്കിൽ, അതു് ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായംപോലെ മുഴച്ചു നില്ക്കുമായിരുന്നു.
രാമായണത്തിലേയും ഭാരതത്തിലേയും ഭാഷാരീതികൾക്കു തമ്മിൽ ശ്രീരാമനും ശ്രീകൃഷ്ണനും തമ്മിലോ; ത്യാഗവും പ്രേമവും തമ്മിലോ ഉള്ള അന്തരമുണ്ടു്. ശ്രീരാമൻ ഒരു ഗാംഭീര്യവാരാന്നിധിയാണു്. അദ്ദേഹത്തിന്റെ സന്നിധിയിൽ നാം ഭയഭക്തി പരവശരായിച്ചമയുന്നു. അദ്ദേഹത്തിന്റെയും നമ്മുടേയും മദ്ധ്യേ ദുസ്തരമായ ഒരു മഹാസമുദ്രം സ്ഥിതിചെയ്യുന്നു. ശ്രീകൃഷ്ണനാവട്ടെ പ്രേമരസാർദ്രമായ മുരളീഗാനത്താലും സർവലോകാകർഷകമായ സ്മിതചന്ദ്രികയാലും നമ്മേ അദ്ദേഹത്തോടു അടുപ്പിക്കുന്നു; അദ്ദേഹത്തിന്റെ സന്നിധിയിൽ നാം ഭയശോകതാപാദികളൊന്നും അറിയുന്നില്ല. ഭയവുമല്ല ഭക്തിയുമല്ല നമുക്കുണ്ടാകുന്നതു്. പ്രേമം-പ്രപഞ്ചത്തിനു ആണിയായി നിൽക്കുന്ന പരിശുദ്ധവും ആത്മവിസ്മാരകവുമായ പ്രേമം-ഒന്നു മാത്രമേ ഉണ്ടാകുന്നുള്ളു. രാമായണവും തന്നായകനേപ്പോലെ പ്രൗഢ ഗംഭീരമാണു്. അതിലെ പാത്രങ്ങളെല്ലാം മാതൃകാപുരുഷന്മാരുമാകുന്നു. ശ്രീരാമൻ, സീത,ലക്ഷ്മണൻ,ഭരതൻ, ശത്രുഘ്നൻ, ഹനൂമാൻ, രാവണൻ, ഇന്ദ്രജിത്തു്, ഈ പാത്രങ്ങളെല്ലാം ഓരോവിധത്തിലുള്ള ജീവിത മാതൃകകൾ തന്നെ. അതുകൊണ്ടു രാമായണത്തിലെ ഭാഷാരീതിയും പ്രൌഢമായിരിക്കുന്നു. നേരെമറിച്ചു് ഭാരതത്തിലെ ഭാഷാരീതി ലളിതവും മധുരവും പ്രസന്നവുമാണു്. ശ്രവണദശയിൽ തന്നെ ഹൃദയാവഗാഹം വരുത്തി അർത്ഥബോധം ജനിപ്പിക്കുന്നതിനു പര്യാപ്തമായ ശക്തി അതിനു വേണ്ടുവോളമുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ എഴുത്തച്ഛന്റെ സാർവപഥീനമായ ഭാവനാശക്തിയുടെ ഉന്മേഷവും, നവരസങ്ങളേയും യഥോചിതം സ്ഫുരിപ്പിക്കുന്നതിനുള്ള അപാരനൈപുണിയും, ഭാഷാസംസ്കൃത ശബ്ദങ്ങളെ നീരക്ഷീരന്യായേന കലർത്തി ശ്രവണസുഖം സമ്പാദിക്കുന്നതിനുള്ള ചാതുരിയും, സർവോപരി അദ്ദേഹത്തിന്റെ ഉല്ലേഖന സാമർത്ഥ്യവും, ചിത്രനിർമ്മാണ കൌശലവും എല്ലാം അവയുടെ പരാകാഷ്ഠയെ പ്രാപിച്ചു കാണുന്നതു് മഹാഭാരതത്തിലാകുന്നു.
13.31 ഭാഗവതം കിളിപ്പാട്ടു്
മഹാഭാഗവതം എഴുത്തച്ഛന്റെ കൃതിയല്ലെന്നു് ഈയിടെ ചിലർ പറഞ്ഞുതുടങ്ങിയിരിക്കുന്നു. മദ്രാസ്കൃസ്ത്യൻകാളേജ് പണ്ഡിതരായിരുന്ന മി. സത്യാർത്ഥിയുടെ സത്യാർത്ഥപ്രകാശനലൌല്യത്തിൽ നിന്നാണു് ഇങ്ങനെ ഒരു അഭിപ്രായം ഇദം പ്രഥമമായി പൊട്ടിപ്പുറപ്പെട്ടതു്. “സംസ്കൃതസാഹിത്യത്തിൽ ഗ്രന്ഥകർത്താവു് ഇന്നവനെന്നു് നിർണ്ണയം ഇല്ലാത്ത അനേകംകൃതികളുടെ കർത്തൃത്വം എന്ന അനർത്ഥം കാളിദാസപ്രഭൃതികളിൽ ആരോപിക്കാറുള്ളതുപോലെ, നമ്മുടെ സാഹിത്യത്തിൽ എഴുത്തച്ഛൻ മുതൽപേർക്കും ചില ആളും പേരും ഇല്ലാത്ത ഉരുപ്പടികൾ വന്നു കൂടിയിട്ടുണ്ടു്. ആ കൂട്ടത്തിലാണു് ഭാഗവതം” എന്നു നമ്മുടെ വിമർശകകേസരിയായ മി. പി. കെ. നാരായണപ്പിള്ളയും സത്യാർത്ഥിയോടു പരിപൂർണ്ണമായി യോജിച്ചിരിക്കുന്നു. അവർക്കു രണ്ടുപേർക്കും എഴുത്തച്ഛനോടു തോന്നീട്ടുള്ള അളവറ്റ ബഹുമാനമായിരിക്കാം, ഇങ്ങനെ ഒരു അഭിപ്രായം പറവാൻ അവരേ പ്രേരിപ്പിച്ചതു്.
ഭാഗവതം എഴുത്തച്ഛകൃതിയല്ലെന്നു് സ്ഥാപിക്കുന്നതിനുവേണ്ടി മി. പി. കെ. നാരായണപ്പിള്ള അവലംബിക്കുന്ന കാരണങ്ങൾ താഴെ പറയുന്നവയാണു്.
മൂലത്തിനും ഭാഷയ്ക്കും മദ്ധ്യേ മഹത്തായ ഒരു ഉൾക്കടൽ കാണുന്നു. ശ്രുതിഗീതാദ്ധ്യായം, ഏകദേശം, ദ്വാദശം ഇവയിൽ പലേടങ്ങളിലും ഭാഷാന്തരം മൂലാർത്ഥത്തോടു യോജിക്കാതിരിക്കുന്നു.
സംസ്കൃതഭാഷയിൽ സാമാന്യം പരിചയമുള്ളവർക്കു പോലും വരാത്ത ഭീമമായ അബദ്ധങ്ങൾ കിളിപ്പാട്ടിൽ വന്നു പോയിട്ടുണ്ടു്. ഉദാഹരണം: ‘കലിംസഭാജയന്ത്യാര്യാഃ’ എന്നതിനെ “കലികാലത്തു സഭയെ ജയിച്ചിട്ടു്” എന്നും, ‘പദാപി യുവതീം ഭിക്ഷുർന്നസ്പൃശേദ്ദാരവീമപി’ എന്നതിനെ,
“അർക്കനജ്ജഗത്തെല്ലാം സ്പർശിച്ചിട്ടിരുന്നലും
അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ”
എന്നും ഭാഷാന്തരം ചെയ്തിരിക്കുന്നു.
അനന്വിതങ്ങളായ വാക്യങ്ങളും ശുഷ്കങ്ങളായ വർണ്ണനകളും അതിൽ ധാരാളമുണ്ടത്രേ.
ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്നു തെളിയിക്കുന്നതിനു് കേവലം ഐതിഹ്യം മാത്രമേ അവലംബമായിരിക്കുന്നുള്ളു എന്നും അദ്ദേഹം പറയുന്നു.
മൂലത്തിനും തർജ്ജമയ്ക്കും മദ്ധ്യേ ഒരു വലുതായ ഉൾക്കടലുണ്ടെന്നു പറയുന്നതിനേ അന്ധമായി വിശ്വസിക്കാൻ നിവൃത്തിയില്ല. രാമായണത്തിലും ഭാരതത്തിലും ഒക്കെ, മൂലാർത്ഥത്തിൽ നിന്നുമുള്ള വ്യതിയാനങ്ങൾ ധാരാളം കാണ്മാനുണ്ടു്. പ്രമാദങ്ങളും നോക്കിയാൽ വേണ്ടുവോളം കണ്ടേയ്ക്കാം. തെറ്റുപറ്റാത്ത മനുഷ്യനെ കവികൾക്കുപോലും സൃഷ്ടിക്കാൻ കഴിയുമോ എന്നു സംശയമാണു്. കാളിദാസകൃതികളിലും തെറ്റുകളുണ്ടെന്നാണു് പണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ളതു്. സരസ്വതീദേവി തന്നെ മനുഷ്യരൂപം കൈക്കൊണ്ടു് ദിവ്യവാണിയെന്നു പണ്ഡിതലോകം അഭിമാനിക്കുന്ന ഗീർവാണിയിൽ കാവ്യം രചിച്ചാലും കുറ്റം കണ്ടുപിടിക്കാൻ കൌതുകമുള്ളവർക്കു് ചില പഴുതുകളൊക്കെ കണ്ടുകിട്ടാതിരിക്കയില്ല. തെറ്റു പറ്റാത്ത പണ്ഡിതന്മാരെ എനിക്കു കാണാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. അവർ അന്യന്മാരുടെ സർഷപാകാരമായ പ്രമാദങ്ങളെ പർവതാകാരമാക്കിക്കാണിച്ചു്, കൃതകൃത്യന്മാരായി തൽക്കാലം ജീവിച്ചാലും, പ്രകൃതിശക്തിയ്ക്കു അവരും വിധേയർ തന്നെയാണു്. പരമാർത്ഥത്തിൽ മഹാന്മാരുടെ തെറ്റുകൾക്കും ഒരു മഹത്വമുണ്ടു്. ഒരു കൃഷീവലൻ അബദ്ധത്തിൽ ഒരുവന്റെ ജീവഹാനി വരുത്തിയെന്നു വന്നേക്കാം. പക്ഷേ ഭയങ്കരമായ ശിക്ഷ അനുഭവിച്ചിട്ടു് അവൻ കാലയവനികയ്ക്കുള്ളിൽ എന്നെന്നേയ്ക്കുമായി മറഞ്ഞു പോകുന്നു. അവനെ അവിടെ നിന്നു കുത്തിപ്പൊക്കുവാൻ ആർക്കും–ഈശ്വരനുപോലും –കഴിയുമോ എന്നു് സംശയമാണു്. നേരേ മറിച്ചു് ഒരു മഹാസാമ്രാജ്യത്തിന്റെ ഭരണയന്ത്രത്തെനയിക്കുന്ന ഒരു രാജ്യതന്ത്രജ്ഞന്റേയോ സ്വേച്ഛാപ്രഭുവായ ഒരു രാജാധിരാജന്റേയോ ചിന്താസ്ഖലനത്താൽ ഉണ്ടാകുന്ന മഹാവിപത്തു് ലോകത്തെ മുഴുവനും ബാധിക്കയും അയാൾ ഭാവിതലമുറകളുടെ താപകോപശാപാദികൾക്കു് പാത്രമായി ലോകചരിത്രത്തിൽ എന്നേയ്ക്കും ജീവിക്കയും ചെയ്യുന്നു. എഴുത്തച്ഛകൃതികളിൽ തെറ്റുകണ്ടുപിടിയ്ക്കാൻ ഇന്നു ഈയുള്ളോർക്കു സൌകര്യം ലഭിച്ചതു തന്നെ ആ പുണ്യാത്മാവിന്റെ മഹത്വംകൊണ്ടാണല്ലോ. അദ്ദേഹത്തിനുമുമ്പും പിമ്പും എത്ര കവികളും കൃതികളും ഉണ്ടായിരുന്നു! അവരും അവരുടെ കൃതികളും എവിടെ? അവയിൽ ചിലതിനെ തേടിപ്പിടിച്ചു് ബ്രഹ്മാണ്ഡാകാരമായ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചാലും അവയ്ക്കു ജനതയുടെ ഇടയ്ക്കു പ്രതിഷ്ഠ ലഭിക്കുന്ന കാര്യം സന്ദിഗ്ദ്ധമാണു്. എഴുത്തച്ഛനു പ്രമാദം പറ്റീട്ടില്ലെന്നു ആരും വിശ്വസിക്കുന്നില്ല. ‘ഭവാൻ ശൃണു’ ‘ഭവാനിഹതൽ കുരു ധർമ്മ്യാ’ ഇത്യാദി ചില സ്ഖലിതങ്ങളെ പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നുമുണ്ടല്ലോ. മാദൃശന്മാരായ സാധാരണ ജനങ്ങൾ ആ പുണ്യശ്ലോകന്റെ കൃതികളിൽ തെറ്റു കണ്ടുപിടിപ്പാനായി അണുദർശിനിയും കൊണ്ടു നടക്കാത്തതു് അതിനേക്കാൾ പ്രയോജനകരമായ വിധത്തിൽ അവയെ ഉപയോഗിക്കാൻ കഴിയുമെന്നുള്ള വിചാരം നിമിത്തവും ത്ര്യക്ഷരീ മന്ത്രമാഹാത്മ്യത്തേ ഓർത്തീട്ടും ആണു്.
“കലിം സഭാജയന്ത്യാര്യാ ഗുണജ്ഞാഃ സാരഭാഗിനഃ
യത്ര സങ്കീർത്തനേനൈവ സർവഃ സ്വർത്ഥേഽഭിലഭ്യതേ”
ഈ പദ്യത്തിന്റെ തർജ്ജമയാണല്ലോ ന്യൂനത കല്പിച്ചിരിക്കുന്നതു്. ഇതു് ഏകാദശസ്ക്കന്ധത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ഒരു ശ്ലോകമാണു്. പ്രതിയുഗം ഭഗവൽപൂജ ചെയ്യേണ്ടതെങ്ങനെ എന്നു വർണ്ണിക്കവേ, കരഭാജനൻ പറയുന്നതാണിതു്.
“കലികാലത്തു കലിസഭയെ ജയിച്ചീടിൽ
ചലനഹീനന്മാരായ ഗുണവാന്മാരായതി
സാരജ്ഞന്മാരായാര്യന്മാരായ മനുജന്മാർ
സാരമാം ഭഗവൽ കീർത്തനങ്ങൾ കൊണ്ടുതന്നെ
സർവധർമ്മാർത്ഥ കാമമോക്ഷങ്ങൾ സാധിക്കുന്നു.”
എന്നു് മിസ്റ്റർ, റെഡ്യാരുടെ ഭാഗവതത്തിൽ കാണുന്ന പാഠം തീർച്ചയായും ‘കലിംസഭാജയന്തീ’തി ശ്രീധരീയപാഠത്തിന്റെ തർജ്ജമയാണെങ്കിൽ പിശകു തന്നെ. എന്നാൽ സഭാജനശബ്ദത്തിന്റെ അർത്ഥം അറിയാൻ പാടില്ലാത്ത ഒരാൾ ഭാഗവതതർജ്ജമയ്ക്കു ഒരുങ്ങിക്കാണുമോ എന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തിക്കൊള്ളുവിൻ. അതിദുരവഗാഹങ്ങളായ പല ഘട്ടങ്ങൾ ഏകാദശസ്ക്കന്ധത്തിലുണ്ടു്. അവയ്ക്കു ശരിയായ അർത്ഥം ഗ്രഹിക്കത്തക്കവണ്ണം ശാബ്ദബോധവും വേദാന്തശാസ്ത്ര പരിജ്ഞാനവും ഉണ്ടായിരുന്ന പ്രസ്തുത കവിയ്ക്കു് ‘സഭാജയന്തി’ എന്ന പ്രസിദ്ധ ശബ്ദത്തിന്റെ അർത്ഥം മനസ്സിലായില്ലെന്നു വിശ്വസിക്കുന്ന കാര്യം എനിക്കു വളരെ പ്രയാസമാണു്. അതോ പോകട്ടെ. ‘കലിം’ എന്നതു ദ്വിതീയാ വിഭക്തിയാണെന്നുപോലും അറിഞ്ഞുകൂടാത്ത ഒരു കവി ഭാഗവത തർജ്ജമ എന്ന പരമസാഹസത്തിനു ഒരുമ്പെട്ടു എന്നു എങ്ങനെ വിശ്വസിക്കും? തർജ്ജമ വായിച്ചുനോക്കിയതിൽ പല ഭാഗങ്ങളിലും കവി ശ്രീധരപാഠത്തെ അനുസരിക്കാതെ ‘വിജയദ്ധ്വജ’ പാഠത്തെയാണു് അംഗീകരിച്ചുകാണുന്നതു്. അതുകൊണ്ടു് അനുവാദകന്റെ കൈവശം ഉണ്ടായിരുന്ന ഗ്രന്ഥത്തിലെ പാഠം എന്തായിരുന്നു എന്നു നിർണ്ണയിക്കുന്നതിനു മുമ്പു് തർജ്ജമ തെറ്റിപ്പോയെന്നു പറയാവുന്നതല്ല. ‘കലിസഭാം ജയന്ത്യാര്യാഃ’ എന്നൊരു പാഠം ഇല്ലെന്നു ഇപ്പോൾ എങ്ങനെ ഖണ്ഡിച്ചുപറയാം? അതിനും പുറമേ ‘കലിസഭയെ ജയിച്ചിട്ടുടൻ’ എന്ന പാഠം തന്നെ ശുദ്ധമാണോ എന്നും നാം അന്വേഷിക്കേണ്ടതാകുന്നു.
“പദാപി യുവതീം ഭിക്ഷുർന്ന സ്പൃശേദ്ദാരവീമപി” എന്ന പദ്യവും ഏകാദശസ്കന്ധത്തിലുള്ളതാണു്. ആ ശ്ലോകത്തെ മുഴുവനും ഉദ്ധരിക്കാം.
“പദാപി യുവതീം ഭിക്ഷുർന സ്പൃശേദ്ദാരവീമപി
സ്പൃശൻ കരീവ ബധ്യേത കരിണ്യാ അങ്ഗസംഗതഃ
നാധിഗച്ഛേൽ സ്ത്രീയം പ്രാജ്ഞഃ കർഹിചിൻ മൃത്യുമാത്മനഃ”
തർജ്ജമ ഇങ്ങനെയാണു്.
“ഭിക്ഷുനാരിയേ സ്പർശിക്കരുതെന്തുപോലെന്നാൽ
അർക്കനീജഗത്തെല്ലാം സ്പർശിച്ചങ്ങിരുന്നാലും
അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ.
യോഗിനാരിയെസ്പർശിച്ചീടുകിലാനപോലെ
ശോകിയായ് ബന്ധിക്കുന്നു മാനസമറിഞ്ഞാലും.
ബുദ്ധിമാൻസ്ത്രീയേ സ്പർശിച്ചീടിലുമാനപോലെ
ബദ്ധനായ് മൃത്യു ഭവിച്ചീടുന്നിതെന്നുനൂനം”
ഇവിടെ ‘ദാരവീം’ എന്ന പദത്തെ കവി തെറ്റിദ്ധരിച്ചിരിക്കയോ അല്ലെങ്കിൽ അദ്ദേഹത്തിനു കിട്ടിയ പാഠം ഈ അർത്ഥം വരത്തക്കവിധത്തിൽ ഇരിക്കയോ ചെയ്തുകാണണം. ‘ദാരവീം’ എന്ന പ്രസിദ്ധ പദത്തിന്റെ അർത്ഥം മനസ്സിലാകാത്ത ഒരുവനാണു് ഭാഗവതം ഭാഷയുടെ കർത്താവെന്നു വിചാരിക്കുന്നതിൽഭേദം പാഠഭേദം കാണുമെന്നു ഊഹിക്കയല്ലേ? ഏതായിരുന്നാലും ആശയത്തിനു അസ്വരസം ഉണ്ടെന്നു പറഞ്ഞേതീരൂ. പക്ഷേ ലേഖകപ്രമാദത്തല്ലോ മറ്റോ മലിനീഭൂതമായ ഒരു പാഠത്തെ വെച്ചുകൊണ്ടു അർത്ഥമുണ്ടാക്കാൻ ശ്രമിച്ചതിൽ അബദ്ധം പറ്റിപ്പോയെന്നു വിചാരിക്കാനേ ഉള്ളു.
ദശമംവരെയുള്ള ഭാഗങ്ങൾ മാത്രമേ എഴുത്തച്ഛൻ തർജ്ജമ ചെയ്തിട്ടുള്ളു എന്നൊരു അഭിപ്രായവുമുണ്ടു്.
“ബാദരായണ മുഖനിർഗ്ഗതം ഭാഗവതം
സ്കന്ധങ്ങളതിലേഴുമഞ്ചുമുള്ളതിലിഹ
തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛൻ
അച്യുതങ്കൽ ഭക്തിമുഴുക്ക നിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരു ഗീതമായുരചെയ്താൻ മുന്നം.”
എന്നു് പത്താം ശതകത്തിൽ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻനമ്പി അദ്ദേഹത്തിന്റെ ഏകാദശം കിളിപ്പാട്ടിൽ പ്രസ്താവിച്ചിരിക്കയും ചെയ്യുന്നു. നവമ സ്കന്ധാവസാനം വരെയെങ്കിലും എഴുത്തച്ഛന്റെ കൃതിയാണെന്നുള്ളതിനു ഇതു് ഒരു തെളിവാണു്. സൂര്യനാരായണൻ എഴുത്തച്ഛന്റെ പ്രഥമശിഷ്യനായ ശൂപ്പുമേനവനും ശ്രീധരൻനമ്പിയും സമകാലികന്മാരായിരുന്ന സ്ഥിതിയ്ക്കു്, നമ്പി അങ്ങനെ പറഞ്ഞിട്ടുള്ളതു് കേവലം ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കയില്ല. ദശമം മുതൽക്കുള്ള ഭാഗം വേറൊരാളുടെ ആണെന്നു ഊഹിക്കുന്നതിനു മറ്റൊരു സംഗതികൂടി അനുകൂലമായിരിക്കുന്നുമുണ്ടു്. എന്തുകൊണ്ടെന്നാൽ ഗ്രന്ഥാരംഭത്തിലെന്നപോലെ ദശമത്തിന്റെ ആരംഭത്തിലും കവി ഇഷ്ടദേവതയേയും ഗുരുജനങ്ങളേയും മറ്റും ദീർഘമായി സ്തുതിച്ചുകാണുന്നു. ഈ ഊഹം സംഗതമാണെങ്കിൽ, മുമ്പു ചൂണ്ടിക്കാണിച്ച തെറ്റുകളെല്ലാം ഏകാദശത്തിലുള്ളവയായതുകൊണ്ടു് അവ എഴുത്തച്ഛനെ ബാധിക്കുന്നതേ ഇല്ലല്ലോ.
ഭാഗവതം മുഴുവനും എഴുത്തച്ഛന്റെ യൌവനകാലത്തെ കൃതി ആണെന്നാണു് എന്റെ വിനീതമായ അഭിപ്രായം. മനുഷ്യസാധാരണമായ ചില പിശകുകൾ വന്നുപോയിട്ടുണ്ടെങ്കിൽ, അവ ക്ഷന്തവ്യമാണു്. ശാകുന്തളവ്യാഖ്യാകാരനായ ശ്രീനിവാസശാസ്ത്രികൾ പറഞ്ഞിട്ടുള്ളതുപോലെ അലഘുപീനപയോധരകളായ അലസഗാമിനികളുടേയും രസകവീന്ദ്രന്മാരുടേയും പദവിഹ്വലത സ്പൃഹണീയമായേ ഇരിക്കൂ. എഴുത്തച്ഛന്റെ ശൈലിയും ഗാംഭീര്യവും ഭാഗവതത്തിലേ പലേ ഭാഗങ്ങളിൽ കാണ്മാനുണ്ടു്. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി ഏതാനും ഭാഗങ്ങൾ മാത്രം ഉദ്ധരിക്കാം.
“ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർത്ഥേഷ്വഭിജ്ഞഃ സ്വരാട്
തേനേ ബ്രഹ്മഹൃദായ ആദികവയേ മുഹ്യന്തി യംസൂരയഃ
തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗ്ഗോമൃഷാ
ധാമ്‍നാ സ്വേന സദാ നിരസ്കുകുഹകം സത്യം പരം ധീമഹി.”
എന്നിങ്ങനെ ‘ജന്മാദ്യസ്യ യതഃ’ എന്ന വേദാന്തസൂത്രവും കൊണ്ടാണു് ഭാഗവതം മൂലത്തിന്റെ പ്രാരംഭം. അർത്ഥജടിലമായ ഈ പദ്യത്തെ നമ്മുടെ കവി സാധാരണന്മാരായ മലയാളികൾക്കു് ഗ്രഹിക്കുന്നതിനുവേണ്ടി,
“സർവജ്ഞനായ് സർവജഗൽക്കാരണനായ്
സർവഭൂതങ്ങൾക്കെല്ലാം ജ്ഞാനദസ്വരൂപനായ്
അപരിച്ഛിന്നമായിപ്പരമാനന്ദമായ
പരമാത്മാവുതന്നെ ധ്യാനിക്കായ് വരേണമേ.”
എന്നിങ്ങനെ വെറും ഒഴുക്കൻ മട്ടിൽ തർജ്ജമ ചെയ്തിരിക്കുന്നു.
മൂലം:
“നിഗമകല്പതരോർഗ്ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം മുഹുരഹോ! രസികാ ഭുവി ഭാവുകഃ”
ഭാഷ:
“വേദമായീടുന്നൊരു കല്പകവൃക്ഷത്തിന്റെ
മോദമാർന്നെഴും ഫലമാദരപൂർവം ഭക്ത്യാ
വീണിതു ശുകമുഖത്തിങ്കൽ നിന്നുടൻ ഭൂവി-
ലാനന്ദംവരുമാറു പീയുഷദ്രവത്തോടും
അങ്ങനെയുള്ള മഹാഭാഗവതാഖ്യരസം
മംഗലംവന്നുപരന്തങ്കലേ ലയിപ്പോള-
മാവോളംപാനംചെയ്തുകൊള്ളുകരസികന്മാ-
രായുള്ള ഭാഗവതമുഖ്യന്മാർ നിരന്തരം.
ഇതു ശരി തർജ്ജമയാണെന്നു പറയേണ്ടതില്ലല്ലോ.
“ഈശനും പ്രപഞ്ചവുമേകമെന്നുറച്ചുഞാൻ
ഈശനെദ്ദേശികനെന്നറിഞ്ഞു തെളിഞ്ഞപ്പോൾ
ദേശികപാദപത്മമെന്നുള്ളിലുറപ്പിച്ചേൻ
ദേശികാജ്ഞയാ പരമാനന്ദസമന്വിതം
ഈശനും പ്രപഞ്ചവും ദേശികൻതാനുംഞാനും
ഈശന്റെ കാരുണ്യത്താൽ കേവലമൊന്നായ്ക്കണ്ടേൻ
അന്നേരം മായാമയമായുള്ള ബഹുത്വങ്ങൾ
ഒന്നുമേ കാണ്മാനില്ല ഞാനൊഴിഞ്ഞൊരേടത്തും.”
ഈ ഭാഗം കവിയുടെ സ്വന്തമാണു്, അതിൽ നിന്നു നമുക്കു കവിയുടെ മനഃസ്ഥിതി ഏതാണ്ടൂഹിക്കാം.
ഭാഗവതം ഭാഷ ഒരു പദാനുപദ തർജ്ജമയല്ല. മനോഹരമായ പല ഘട്ടങ്ങൾ അതിൽ വിട്ടുകളഞ്ഞിട്ടുണ്ടു്. മൂലത്തിൽ ദക്ഷപ്രജാപതിയുടെ കഥ ഏഴദ്ധ്യായങ്ങൾകൊണ്ടാണു് വിവരിച്ചിരിക്കുന്നതു്. ഭാഷയിലാകട്ടെ കഥയുടെ ഒരു സ്ഥൂല വിവരണം മാത്രമേയുള്ളു. ശ്രീമഹാഭാഗവതം വേദാന്തതത്വങ്ങളെ കഥാരൂപേണ പ്രതിപാദിക്കുന്ന ഒരു പ്രൌഢഗ്രന്ഥമാണെങ്കിലും, യഥാർത്ഥകവിത്വത്തിന്റെ പരാകോടിയെ ഉദാഹരിക്കുന്ന പല ഭാഗങ്ങൾ അതിലുണ്ടെന്നു നിസ്സംശ്ശയം പറയാം. ചതുർത്ഥസ്ക്കന്ധം ആറാം അദ്ധ്യായത്തിലെ കൈലാസവർണ്ണന നോക്കുക.
“ജന്മൌഷധിതപോമന്ത്രയോഗസിദ്ധൈർന്നതേതരൈഃ
ജൂഷ്ടം കിന്നരഗന്ധർവൈരപ്സരോഭിർവൃതം സദാ
നാനാമണിമയൈഃ ശൃംഗൈർന്നാനാധാതുവിചിത്രിതൈഃ
നാനാദ്രു മലതാഗുലൈമർന്നാനാ മൃഗഗണാവൃതൈഃ
നാനാമലപ്രസ്രവണൈർന്നാനകേന്ദരസാനുഭിഃ
രമണം വിഹരന്തീനാം രമണൈഃ സിദ്ധയോഷിതാം
മയൂരകേകാഭിരുതം മദാന്ധാഹി വിമൂർച്ഛിതം
പ്ലാവിതൈരക്തകണ്ഠാനാം കൂജിതൈശ്ച പതത്രിണാം
ആഹ്വയന്തമിവോദ്ധസ്തൈർദ്വിജാൻ കാമദുഘൈർദ്രുമൈഃ
വ്രജന്തമിവ മാതംഗൈർ ഗൃണന്തമിവനിർഝരൈഃ
മന്ദാരൈഃ പാരിജാതൈശ്ച സരലൈശ്ചോപശോഭിതം
തമാലൈഃ ശാലതാലൈശ്ച കോവിദാരാസനാർജ്ജുനൈഃ
ചൂതൈഃ കദംബൈർന്നീപൈശ്ച നാഗപുന്നാഗചമ്പകൈഃ
പാടലാശോകബകുളൈഃ കുന്ദൈഃ കുരവകൈരപി
സ്വർണ്ണാർണ്ണശതപത്രൈശ്ച വീരവേണുകജാതിഭിഃ
കുബ്ജകൈർമ്മല്ലികാഭിശ്ച മാധവീഭിശ്ച മണ്ഡിതം
പനസോദുംബരാശ്വത്ഥപ്ലക്ഷന്യഗ്രോധഹിംഗുഭിഃ
ഭൂർജൈരോഷധിഭിഃ പൂഗൈ രാജപൂഗൈശ്ച ജംബുഭിഃ
ഖർജ്ജൂരാമ്രാതകാമ്രാദ്യൈഃ പ്രിയാലമധുകേംഗുദൈഃ
ദ്രുമജാതിഭിരന്യൈശ്ച രാജിതം വേണുകീചകൈഃ”
ഇത്യാദി വർണ്ണനകളൊന്നും കവി തർജ്ജമ ചെയ്തിട്ടേ ഇല്ല. എന്നാൽ അദ്ദേഹം അവിടവിടെ ചില മനോധർമ്മങ്ങൾ പ്രയോഗിച്ചിട്ടുമുണ്ടു്.
“ജായേ ഉത്താനപാദസ്യസുനീതിഃ സുരുചിസ്കയോഃ
സുരുചിഃ പ്രേയസീ പത്യുർന്നേതരാ യൽ സുതോ ധ്രുവഃ
ഏകദാ സുരുചേഃ പുത്രമങ്കമാരോപ്യ ലാലയൻ
ഉത്തമം നാരുരുക്ഷന്തം ധ്രുവം രാജാഭ്യനന്ദത
തഥാ ചികീർഷമാണം തം സപത്ന്യസ്തനയം ധ്രുവം
സുരുചിഃ ശൃണ്വതോ രാജ്ഞഃ സേർഷ്യമാഹാതിഗർവിതാ
ഭാഷ,
“തന്നുടെ പത്നിസുനീതിമുന്നേവൾ പോൽ
പിന്നേവൾ സുന്ദരിയായ സുരുചിയും
തന്വീമണികളിരുവരും പെറ്റോരോ
നന്ദനന്മാരുമുണ്ടായ്ച്ചമഞ്ഞീടിനാർ
പുത്രൻ സുരുചിജനുത്തമനായവന-
ത്യുത്തമനാംധ്രുവനസ്സുനീതിസുതൻ
പൃത്ഥ്വീപതിയ്ക്കുസുരുചിയും പുത്രനു-
മെത്രയുമിഷ്ടരായുള്ളു നിരന്തരം
തൽസുതന്മാർ ചെറുതായി കളിക്കുന്ന നാൾ
ഉത്താനപാദനാമുത്തമഭൂവരൻ
രത്നസിംഹാസനേ രാരജസഭാന്തരേ
പത്നീസുരുചിയുമായിരിക്കും വിധൌ
വന്നു നൃപൻമടി തന്നിലേറിടിനാൻ
അന്യൂനകൌതുകമോടും സുരുചിജൻ
തന്നുള്ളഴിഞ്ഞു കുഴഞ്ഞു നൃപതിയും
നന്ദനനെപ്പരിലാളിച്ചിരിക്കുമ്പോൾ
ചെമ്മേ കളിച്ചു നടക്കും സുനീതിജൻ
നിർമ്മലനാം ധ്രുവനും പോന്നു വന്നുടൻ
മന്നവൻ തന്മടി തന്നിലേറീടുവാൻ
തന്നുള്ളിലൂടെഴുമാശയാ സന്നിധൌ
നിന്നുഴലുന്നവൻ തന്നെ നൃപവരൻ
അന്നേരമാദരിയായ്കയാലങ്ങവൻ
മന്ദാക്ഷമുൾക്കൊണ്ടിളിഭ്യം കലർന്നു ഭൂ-
മണ്ഡലം കാൽനഖംകൊണ്ടു മൂന്നിത്തുലോം
ഖിന്നനായ് വന്നു തിരുമ്മിത്തിരുമ്മിയ-
ക്കണ്ണീർ പൊഴിഞ്ഞു കരഞ്ഞു തുടങ്ങിനാൻ
ചൊന്നാളതു കണ്ടിരുന്ന സുരുചിയും”
മൂലം:
“തപസാരാധ്യ പുരുഷം തസ്യൈവാനുഗ്രഹേണ മേ
ഗർഭേ ത്വം സാധയാത്മാനം യദീച്ഛസി നൃപാസനം”
ഭാഷ:
“നിന്നുള്ളിലുമതിനാഗ്രഹമെങ്കിലോ
ചെന്നു നാരായണന്തന്നെബ്ഭജിക്ക നീ
സാക്ഷാൽ ജഗന്മയനായ നാരായണൻ
സാക്ഷി ഭൂതൻ പദപങ്കജം മാനസേ
ചേർത്തു നിരന്തരം ധ്യാനിച്ചിരിക്ക സ-
ർവാത്മാജഗൽഗുരു താൻ പ്രസാദിപ്പോളം
തൽപ്രസാദത്താലനുഗ്രഹിച്ചീടുകിൽ
അപ്പോഴുടനിങ്ങുപോന്നുവന്നെന്നുടെ
ഗർഭാശയത്തിങ്കൽ നിന്നിഹ ഭൂമിയി-
ലുത്ഭവിക്കേണമെന്നാലിദമായ് വരും
പോകപുനരതല്ലാതെ നൃപാസനേ-
വാഴ്കയിലാശയുണ്ടാകിലതു വരാ.”
മൂലം:
“മാതുഃ സപത്ന്യാഃ സുദുരുക്തിവിദ്ധഃ
ശ്വസൻ രുഷാ ദണ്ഡഹതോയഥാഹിഃ
ഹിത്വാമിഷന്തം പിതരം ഹ്യവാചം
ജഗാമ മാതുഃ പ്രരുദൻ സകാശം
തം നിശ്വസന്തം സ്ഫുരിതാധരോഷ്ഠം
സുനീതിരുത്സംഗ ഉദൂഹ്യ ബാലം
നിർഗ്ഗമ്യതൽ പൌരമുഖാന്നിതാന്തം
സാ വിവ്യഥേ യദ്ഗദിതം സപത്ന്യാഃ”
ഇവിടെ ഒക്കെ നമ്മുടെ കവി ചില വലിയ മാറ്റങ്ങൾ ചെയ്തിരിക്കുന്നു.
‘ദൂരെനില്ക്കെന്നവളാശു ചൊല്ലുന്നൊരു
ക്രൂരവചസ്സുകൾ കേട്ടു ഭൂപാലനും
പാരമകംനൊന്തു സാരസ്യവാണിയിൽ
ചേരുമനുരാഗവുമുരുരോഷവും
കൂടിക്കലർന്നു നിന്മാനസതാരിന്റെ
കാഠിന്യമെത്രയെന്നു നോക്കീടിനാൻ
മാൻനേർമിഴിത്തയ്യലാളതേതും ബഹു-
മാനിയാതെ മരുവീടിനാൾ കൂടവേ.
ബാലൻ ധ്രുവനും പിതാവിൻ വിവശങ്ങ-
ളാലോകയന്നായ് സുരുചിപ്രഭാവമാം
ശൂലമുനകളേറ്റാശുതിരിഞ്ഞുതൽ-
ക്കാലേ പുനരതിദീനഭാവത്തൊടും
കണ്ണുനീരാലേക്കരഞ്ഞു കരഞ്ഞുപോയ്
ച്ചെന്നു മാതാവു തൻമുന്നിൽ വീണീടിനാൻ’
ഇതൊരു തർജ്ജമയാണെന്നു ആരെങ്കിലും പറയുമോ? മൂലാർത്ഥത്തെ കവി പാടേ മാറ്റിയിരിക്കുന്നു. അതുകൊണ്ടു് സ്വാരസ്യം കൂടുതലോ കുറവോ വന്നിട്ടുള്ളതെന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തിക്കൊള്ളുവിൻ.
“നന്ദനനെക്കണ്ടു മാതാസുനീതിയും
ചെന്നുടനേറ്റം പരിഭ്രാന്ത ചേതസാ
നന്ദനനമ്മതൻ പാദേനമിച്ചപ്പോൾ
മന്നിടത്തിങ്കേന്നു വാരിയെടുത്തഹോ
മാറിലണച്ചു പുണർന്നു പുണർന്നു ത-
ച്ചേറും പൊടിയും നയനസലിലവും
പാരാതെമന്ദമന്ദം തുടച്ചേറ്റവും
ചാരുതരാങ്കുമരോപ്യ തം സാദരം
മൂർദ്ധ്നിമുകർന്നു ചോദിച്ചപ്പോൾ പരവശാ.”
എന്നു തുടങ്ങി ഒട്ടുവളരെ വരികൾ കവി സ്വതന്ത്രമായി ചേർത്തിട്ടുണ്ടെങ്കിലും ആകപ്പാടെ നോക്കുമ്പോൾ, ധ്രുവചരിതവും ഒരു സംഗ്രഹം തന്നെയാണു്.
സപ്തമസ്ക്കന്ധത്തിൽ നരസിംഹം അവതരിച്ചു് പ്രഹ്ലാദനെ രക്ഷിക്കുന്ന ഘട്ടം വായിച്ചു നോക്കിയാൽ കവി എഴുത്തച്ഛൻ തന്നെയാണെന്നു ആരും പറയാതിരിക്കയില്ല.
“പുത്രൻപറഞ്ഞതുകേട്ടസുരേശ്വരൻ
പെട്ടെന്നു വാളുമെടുത്തെഴുനീറ്റുല-
കൊട്ടൊഴിയാതെ നിറഞ്ഞവൻ തൂണതിൽ
നില്പവൻവന്നു രക്ഷിക്കേണമിത്തരം
ദുർഭാഷണംചെയ്തു നില്ക്കുന്ന നിന്നെഞാൻ
വെട്ടിക്കളവനെന്നോടിയടുത്തുതൻ
മുഷ്ടികൊണ്ടൊന്നു കുത്തീടിനാൻ തൂണിന്മേൽ
വട്ടംതിരിഞ്ഞു വിറച്ചിതസ്ഥൂണവും
പൊട്ടിഞെരിഞ്ഞമർന്നൂതൽപ്രദേശവും
വെട്ടുമിടക്കുരൽ ഞെട്ടുമാറാശകൾ
പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ
കഷ്ടംനടുങ്ങുമാറട്ടഹാസത്തോടും
വട്ടത്തൂൺമദ്ധ്യം പിളർന്നു നൃസിംഹമായ്
പുഷ്ടാതിഭീഷണാത്യുഗ്രഭയങ്കരം
മദ്ധ്യാഹ്നമാർത്താണ്ഡനുൽപതിയ്ക്കുംവണ്ണം
ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ-
ടോടിയടുത്തുചെന്നീടുമസുരനെ
ക്കൂടെത്തുടർന്നു ചെറുത്തുതടുത്തള-
വാടലൊഴിഞ്ഞുതൻ വാളും പരിചയും
കൈക്കൊണ്ടുദാനവനും ചെറുത്തീടിനാൻ”
കവിയ്ക്കു ഭാഗവതകഥാസാരം മലയാളികളെ ധരിപ്പിക്കണമെന്നു മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളു. ഗജേന്ദ്രമോക്ഷം വായിച്ചു നോക്കുക. അഷ്ടമസ്ക്കന്ധം ൨-ാം അദ്ധ്യായത്തിൽ ഗജേന്ദ്രൻ മദാന്ധനായി ക്രീഡിച്ചു നടക്കവേ ഗ്രാഹഗ്രസ്തനായിത്തീർന്നു് ഹരിയെ സ്തുതിക്കുന്നതും മൂന്നാം അദ്ധ്യായത്തിൽ ഹരിയാൽ വിമുക്തനാവുന്നതും വിവരിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം നാലാം അദ്ധ്യായത്തിലാണു് ഇന്ദ്രദ്ര്യുമ്‍നൻ എന്ന രാജാവു് അഗസ്ത്യശാപത്താൽ ഗജമായി പരിണമിക്കാനുണ്ടായ കാരണത്തെ വിവരിച്ചിരിക്കുന്നതു്. എന്നാൽ, ഭാഷാകവിയാകട്ടെ ഇന്ദ്രദ്ര്യുമ്‍നനു അഗസ്ത്യശാപം വന്നുചേരാനുണ്ടായ ഹേതുവിനെ പ്രസ്താവിച്ചശേഷമേ ഗജേന്ദ്രമോക്ഷകഥനത്തിനു ആരംഭിക്കുന്നുള്ളു.
“മത്തവാരണവേഷമായ്ച്ചമഞ്ഞരചനും
വിദ്രുതംകാട്ടിൽ കടന്നീടിനാൻ കാട്ടാനകൾ
കൂട്ടത്തോടൊരുമിച്ചുപോയാനങ്ങൊരു ദിക്കിൽ
പുക്കുടൻ മരനിരകുത്തിയും പുഴുക്കിയും
മുഷ്കരതരം ഞെരിച്ചൊടിച്ചും ചീന്തിത്തിന്നും
തക്കത്തിൽ പിടികളെപ്പിടിച്ചു വൃക്ഷാന്തരം
പുക്കുഭോഗിച്ചും മദപുഷ്കരമൊഴുകിയും,
പൃത്ഥീചക്രത്തെക്കുത്തിപ്പൊടിച്ചങ്ങാരാധിച്ചും,
തൽക്ഷണം പാംസുസ്നാനംകൊണ്ടേറ്റം സന്തോഷിച്ചും,
പുഷ്കരിണികൾ പുക്കുകുളിച്ചുകുടിച്ചുമ-
ത്യുഗ്രവേഗേനവനംപുക്കുടൻ വിഹരിച്ചും
മുഷ്ക്കരൻ വനങ്ങളെല്ലാം തകർത്തചലങ്ങ-
ളൊക്കവേ കുത്തിപ്പൊടിച്ചങ്ങോടിങ്ങോട്ടുപാഞ്ഞും
കൂട്ടത്തോടൊരുമിച്ചും കാനനമകംപുക്കു
വാട്ടമെന്നിയെ നാട്ടിലിറങ്ങിപ്പാഞ്ഞും ദ്രു തം
ഭൂപ്രദക്ഷിണംചെയ്തെങ്ങുമേ നടപ്പവൻ”
ഇത്യാദി
ഈ ഭാഗം സ്വന്തവുമാകുന്നു.
മൂലം:
“ആസീദ് ഗിരിവരോ രാജംസ്ത്രികൂട ഇതി വിശ്രുതഃ
ക്ഷീരോദേനാവൃതഃ ശ്രീമാൻ യോജനായുതമുച്ഛ്രിതഃ
താവതാ വിസ്തൃതഃ പര്യക്‍ത്രിഭിഃ ശൃംഗൈഃ പയോനിധിം
ദിശഃ ഖം രോചയന്നാസ്തേ രൌപ്യായസഹിരണ്മായൈഃ
അന്യൈശ്ച കകുഭഃ സർവാ രത്നധാതുവിചിത്രിതൈഃ
നാനാദ്രുമലതാഗുല്മൈനിർഘോഷൈർനിർജ്ജിതാംഭസാ
സ ചാവനിജ്യമാനാങ്ഘ്രിഃ സമന്താൽ പയ ഊർമ്മിഭിഃ
കരോതി ശ്യാമളാം ഭൂമിം ഹരിന്മരകതാശ്മഭിഃ
സിദ്ധചാരണഗന്ധർവവിദ്യാധരമഹോരഗൈഃ
കിന്നരൈരപ്സരോഭിശ്ച ക്രിഡദ്ഭിർജ്ജുഷ്ടകന്ദരഃ
യത്ര സങ്ഗീതസന്നാദൈർന്നദദ്ഗുഹമമർഷയാ
അഭിഗർജ്ജന്തി ഹരയശ്ലോഘിനഃ പരശങ്കയാ
നാനാരണ്യപശുവ്രാതസങ്കുലദ്രോണ്യാലംകൃതഃ
ചിത്രദുമസുരോദ്യാനകളകണ്ഠീവിഹംഗമൈഃ
സരിത്സരോഭിരച്ഛോദൈഃ പുളിനൈർമ്മണിവാലുകൈഃ”
ഇത്യാദി ഇരുപത്തിനാലിൽപരം പദ്യങ്ങളെ നമ്മുടെ കവി ഇങ്ങനെ ഭംഗിയായി സംഗ്രഹിച്ചിരിക്കുന്നു.
“ദുഗ്ദ്ധാബ്ധിചുഴന്നതിന്മദ്ധ്യേ മംഗലനായോ
രദ്രീന്ദ്രൻ ത്രികൂടമെന്നെത്രയും പ്രസിദ്ധനായ്
വർത്തിപ്പോന്നുയർന്നതി മുഖ്യനായനാരത-
രൂപ്യകാഞ്ചനമയശോഭിതം സുഭിക്ഷദം
യക്ഷകിന്നരഗന്ധർവോരനിഷേവിത-
മക്ഷയപ്രഭം നിഖിലാനന്ദദിവ്യസ്ഥലം
ക്ഷീരവാരിധൌ നിന്നു പൊങ്ങിടും തിരകളാൽ
മാരുതാനന്ദം ഗിരിഗുഹയിങ്കലുണ്ടപാം പതി-
ക്കെത്രയും ശോഭിച്ച ്യതുമത്തെന്നൊരുദ്യാനവും
സർവത്തുഗുണഗണപൂർണ്ണമായനുദിനം
സർവമോഹനതരമാകിയ ദിവ്യസ്ഥലം
നന്ദനസമാനമാനന്ദധനാഢ്യം ഹരി-
ചന്ദനാദ്യഖിലവൃക്ഷാന്വിതം ദിനാധിപ-
തുന്ദിലകരഹരമംബുവാഹാഭം പരം
മന്ദമാരുതശീതസുഗന്ധ പരിപൂർണ്ണം
ഭൃംഗാദിവിഹംഗനാനാവിധകളരവ-
മംഗലപ്രദം ഭുജംഗാദിഭിർന്നിഷേവിതം
തുംഗമാതംഗസിംഹകു രംഗവൃകാദിമൃ-
ഗങ്ങൾ വൈരങ്ങൾ വെടിഞ്ഞന്വഹം ലീലകളും
ഇത്ഥമാനർന്ദാതിസാന്ദ്രമാമുദ്യാനത്തിൽ
മധ്യേയുണ്ടല്ലോ വളർന്നോരുപുഷ്കരണിയും.
നിർമ്മലായതാഗാധവിസ്തൃതമുരുതര-
പൊന്മയാംബുജകുമുദോൽപ്പലകൽ ഹാരങ്ങൾ
പൊങ്ങിനിന്നതിശയമുജ്ജ്വലിച്ചനുദിന-
മങ്ങളിഹംസാദിഭിർമ്മംഗലരവാന്വിതം
സ്വർന്നടിയോടും കൂടിനന്ദനോദ്യാനം ശോഭി-
ക്കുന്നതു പോലെ വിളങ്ങീടിനോരുദ്യാനവും
തുംഗമംഗലഗിരിപ്രസ്ഥരംഗവും
സംഗനാശനകരിയാകിയോരിന്ദ്രദ്യുമ്‍നൻ
കണ്ടതി സുഖകരമിവിടമിനിക്കിനി-
കുണ്ഠതയൊഴിഞ്ഞു വാണീടുവാനൊന്നോർത്തുടൻ
ദന്തിവൃന്ദത്തോടൊരുമിച്ചു ചെന്നകംപുക്കാൻ.”
പാലാഴിമഥനകഥയിലും ഒട്ടുവളരെ ഭാഗം നമ്മുടെ കവി കല്പിതമാണു്.
“മലയിന്നതിദിവ്യമെന്നറിഞ്ഞഥ നിജ
മൌലൌചേർപ്പതിനുള്ളിലാശയാ പുനരപ്പോൾ
ഹസ്തീന്ദ്രകുംഭദ്വന്ദമേദ്ധ്യേമാലയും വച്ചു
സ്വസ്ഥനായ് കചഭാരമഴിച്ചു കുടഞ്ഞുടൻ
ഹസ്താഗ്രനഖനികരങ്ങളാൽ ചിന്തിച്ചീകി
സത്വരം പരിചാക്കി വർത്തിക്കുന്നളവിങ്കൽ
കല്പകമധുതെണ്ടും ഷഡ്പദനികരങ്ങൾ
പുഷ്പസൌഗന്ധ്യം പാർത്തുമത്തനായ് പരിഭ്രമാൽ
വന്നുവന്നടുത്ത ഷഡ്ജങ്ങളും പാടിപ്പാടി
നിന്നു സംഭ്രമിച്ചെഴുമാരാവപൂരത്തോടും
കണ്ണുകൾ കർണ്ണങ്ങളും വക്ത്രവും മൂടിക്കൂടി
മുന്നളവുപദ്രവമെന്നായിക്കരീന്ദ്രനും
മസ്തകമദ്ധ്യത്തിങ്കൽ നിന്നെടുത്തുടൻ മാല
പൃത്ഥ്വിയിലിട്ടു ചവിട്ടീടിനാൻ കരിവരൻ.”
ഈ വർണ്ണനയിൽ എഴുത്തച്ഛന്റെ ശൈലിതന്നെയാണു് നാം കാണുന്നതു്.
മുദ്രിതമായ ഭാഗവതത്തിൽ പ്രമാദങ്ങൾ പലതും കാണുന്നുണ്ടെന്നുള്ളതിനെ ആരം വിസംവദിക്കുന്നില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു ആദർശഗ്രന്ഥങ്ങൾ വരുത്തി ഒരു ശുദ്ധപാഠം തയ്യാറാക്കാൻ പണ്ഡിതന്മാർ ശ്രമിക്കേണ്ടതാണു്. അങ്ങനെ ഒരു പാഠം കിട്ടുംവരെ, കേവലം ചില പ്രമാദങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തി പ്രസ്തുതകൃതി എഴുത്തച്ഛന്റേതല്ലെന്നു പറയുവാൻ എനിക്കു വളരെ മടിയുണ്ടു്. അതിൽ കാണുന്ന പിഴകളിൽ പലതും മുദ്രാലയക്കാർ വഴിവന്നു ചേർന്നതാണെന്നു് ആർക്കും ഒരു നോട്ടത്തിൽ കാണാൻ കഴിയും. ചിലവ്യതിയാനങ്ങൾ കവി തന്നെ വരുത്തിയിരിക്കും. മറ്റുള്ളവ അദ്ദേഹത്തിന്റെ അനവധാനതയാലൊ കൈവശം ഇരുന്ന ഗ്രന്ഥത്തിന്റെ ന്യൂനതയാലോ, വന്നു ചേർന്നതും ആയിരിക്കണം.
13.32 ചിന്താരത്നം
സ്ത്രീ ജനങ്ങൾക്കു പഠിക്കാനായി എഴുത്തച്ഛൻ എഴുതിയ ഒരു ചെറിയ യോഗശാസ്ത്രഗ്രന്ഥമാണിതു്. അദ്ദേഹം സ്വന്തമരുമകൾക്കു വായിക്കുന്നതിനു വേണ്ടി രചിച്ചതാണെന്നാണു് ഐതിഹ്യം. ഏതായാലും സ്ത്രീ വിദ്യാഭ്യാസവിഷയത്തിൽ എഴുത്തച്ഛന്റെ അഭിപ്രായം എന്തായിരുന്നു എന്നു ഈ ഗ്രന്ഥത്തിൽ നിന്നറിയാം. യോഗശാസ്ത്രഗ്രന്ഥമായതിനാൽ അതിനു് വലിയ സാഹിത്യഗുണമുണ്ടെന്നു പറയാനില്ല. ചിന്താരത്നം എന്നു പേരുനൽകുവാനുള്ള കാരണത്തെ കവി തന്നെ ഇങ്ങനെ പാടിയിരിക്കുന്നു.
“യോഷമാർക്കറിവാനായ് കൊണ്ടു ഞാൻ ചുരുക്കമായ്
ഭാഷയായുരചെയ്തേൻ ക്ഷമിക്ക സമസ്തരും
ചിന്തിക്കും തോറും സാരമുണ്ടതിലതുമൂലം
ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടെ”
ഹരിനാമകീർത്തനം
ആകൃതിയിൽ ചെറുതെങ്കിലും, പ്രകൃത്യാ അത്യുൽകൃഷ്ടമാണു ഈ കൃതി. തമിഴർക്കു തിരുക്കുറൾപോലെ, മലയാളികൾക്കു ഹരിനാമകീർത്തനവും പ്രീതിപാത്രമായിരിക്കുന്നു. അതിനു് ഇതേവരെ നല്ല വ്യാഖ്യാനത്തോടുകൂടിയ ഒരു ശുദ്ധമായ പതിപ്പ് ഉണ്ടാകാഞ്ഞതിൽ വ്യസനിക്കയേ തരമുള്ളു. എന്തുചെയ്യാം? പണ്ഡിതന്മാർക്കു ‘സലജ്ജോഹം’ അഭിനയിക്കാനും പരന്മാരെ പുച്ഛിക്കാനും അല്ലേ പ്രയാസമുള്ളു. എന്നാൽ അതിവിപുലമായ ഒരു തമിഴ് വ്യാഖ്യാനത്തോടുകൂടി അതിനെ ഈയിടെ ഒരു ദ്രാവിഡപണ്ഡിതൻ പ്രസിദ്ധീകരിച്ചിട്ടുള്ളതായി അറിയുന്നു.
പാതാളരാമായണവും കൈവല്യനവനീതവും എഴുത്തച്ഛന്റെ കൃതികളാണെന്നു ചിലർ അഭിപ്രായപ്പെട്ടു കാണുന്നതു് അത്ഭുതമായിരിക്കുന്നു. ആ ഗ്രന്ഥങ്ങളെ ഒരാവർത്തി എങ്കിലും വായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം പറകയില്ലായിരുന്നു. കൈവല്യ നവനീതത്തിന്റെ അവസാനത്തിൽ തൽകവിയേപ്പറ്റിയും പ്രസ്താവം ഉണ്ടു്. പാതാളരാമായണം കോട്ടയം കേരളവർമ്മരാജാവിന്റെ കൃതിയുമാകുന്നു.
13.33 എഴുത്തച്ഛന്റെ ഭാഷാരീതി
മലയാളഭാഷയെ പോഷിപ്പിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ അഗ്രഗണ്യൻ എഴുത്തച്ഛൻ ആയിരുന്നു എന്നുള്ള വിഷയത്തിൽ മാത്രം ആർക്കും വിപരീതാഭിപ്രായമില്ല. അദ്ദേഹത്തിന്റെ ഹൃദയം സംഗീതമയമായിരുന്നു. ആ ഹൃദയ വിപഞ്ചികയുടെ മാധുര്യധുരീണമായ ധ്വനിയത്രേ രാമായണാദി കൃതികൾ. ആശയത്തിന്റെ ഗതിക്കനുരൂപമായ ശബ്ദപ്രവാഹവും ഛാന്ദാബന്ധവും എഴുത്തച്ഛന്റെ കൃതിയ്ക്കുള്ള വിശിഷ്ടഗുണങ്ങളാകുന്നു. ചിലരുടെ കവിത കർണ്ണങ്ങൾക്കു ഇമ്പം നൽകുന്നു; എന്നാൽ ആശയഗാംഭീര്യമേ കാണുകയില്ല. മറ്റുചിലരുടെ കൃതികൾക്കു അർത്ഥപുഷ്ടിവേണ്ടുവോളമുണ്ടായിരിക്കും. എന്നാൽ ശബ്ദമാധുര്യം തീരേ ശൂന്യമായിരിക്കുന്നു. ഇനി ഒരു കൂട്ടരുണ്ടു്. അവരുടെ കവിതാനതാംഗി അടിമുതൽ മുടിവരെ സമലംകൃതയായി ശോഭിക്കുന്നു. പക്ഷേ ഹൃദയം ശുഷ്കമായിരിക്കും. എഴുത്തച്ഛന്റെ വാഗ്ദേവിയ്ക്കാകട്ടെ, അലങ്കാരങ്ങളിൽ കലശലായ ഭ്രമമൊന്നുമില്ല. കഷ്ടിച്ചാവശ്യമുള്ള അലങ്കാരംകൊണ്ടു് അവൾ തൃപ്തിപ്പെടുന്നു. എന്നാൽ അന്തസ്സാരം കൂടും. സാധാരണക്കാർ പത്തുവാക്കുകൊണ്ടു് പറയുന്നതിനെ അവൾ അഞ്ചു വാക്കുകൊണ്ടു് നമ്മെ ഗ്രഹിപ്പിക്കും. സൂത്രങ്ങൾക്കുള്ള ദുരവഗാഹത കാണുകയുമില്ല. അവൾ പ്രകൃത്യാ ഓജോ മാധുര്യപ്രസാദാദി ഗുണസമ്പന്നയാണു്. ഒരിക്കൽ ഊർജ്ജസ്വലയാണെങ്കിൽ, മറ്റൊരിക്കൽ സുകുമാരപ്രകൃതിയും വേറൊരിക്കൽ ലളിതകോമളയുമായിരിക്കും. ഒരിക്കലും അലസയായോ വിരസയായോ കാണപ്പെടുകയില്ല. ഗാനകലയിലും ചിത്രനിർമ്മാണത്തിലും അവൾക്കുള്ള പാടവം അന്യാദൃശമാണു്. എന്നാൽ ഉജ്ജ്വലവർണ്ണങ്ങളായ ചിത്രങ്ങളിലല്ല അവൾക്കു പ്രതിപത്തി. അവളുടെ ചിത്രങ്ങൾ പ്രായേണ ആദർശപരങ്ങളാണു്.
13.34 എഴുത്തച്ഛന്റെ വൃത്തങ്ങൾ
ഭാഷാവൃത്തങ്ങളെ അവലംബിക്കാതെ ഒരു ഭാഷയും അഭിവൃദ്ധിയെ പ്രാപിച്ചിട്ടില്ല. ബംഗാളി, ഹിന്ദി, മറാത്തി എന്നീ ഭാഷകൾ ആര്യഭാഷകളായിരുന്നിട്ടും അവ സംസ്കൃതവൃത്തങ്ങളെ അവലംബിച്ചിട്ടില്ല. ദ്രാവിഡ ഭാഷകളിൽ കന്നടവും മലയാളവും മാത്രമേ ആര്യവൃത്തങ്ങളെ ആശ്രയിച്ചിട്ടുള്ളു. കന്നടത്തിലും പ്രധാന കൃതികളെല്ലാം ദ്രാവിഡ വൃത്തങ്ങളിൽ തന്നെ എഴുതപ്പെട്ടിരിക്കുന്നു. ജൈമിനീയ ഭാരതം നോക്കുക.
“ശ്രീവധുവിനംബകചാകാരകംപൊരെയെഭ-
ക്താവലിഹൃൽ കുമുദകോരകം വിരിയെജഗ-
തീവലയദമല സൌഭാഗ്യരത്നാകരം
പേർച്ചിനീം മെരെവരിയ…”ഇത്യാദി.
ഇതുപോലെതന്നെ പമ്പരാമായണാദികളിലേയും വൃത്തങ്ങൾ ദ്രാവിഡവൃത്തങ്ങളാകുന്നു. വംഗഭാഷയിലെ ഏറ്റവും പ്രസിദ്ധമായ പയാരവൃത്തം സ്വകീയമാണു്. പതിന്നാലക്ഷരം വീതമുള്ള ഈരടിയാണു് പയാരവൃത്തം. എട്ടാമക്ഷരത്തിൽ യതിയും കാണും. അന്ത്യപ്രാസവും ഉണ്ടായിരിക്കും.
“നവീനഭാബുക ഏകഭ്രമണകാരണ
ഭാരതേര നാനാദേശകരി പര്യടന
അബശേഷേ ഉപനീതരാജപുതനായ
ബസുധാബിശിഷ്ഠയാരകീർത്തിമേഖലായം.”
ത്രിപദീഛന്ദസ്സിനു ആറുപാദങ്ങൾ കാണുന്നു. ഒന്നാമത്തേയും രണ്ടാമത്തേയും പാദങ്ങൾക്കും നാലുമഞ്ചും പാദങ്ങൾക്കും അവസാനത്തിൽ പ്രാസമുണ്ടായിരിക്കണം. ഓരോ പാദത്തിലും ആറോ എട്ടോ വീതം അക്ഷരങ്ങൾകാണും.
വംഗരാമായണം മഹാഭാരതം ഇവ ഈ വൃത്തങ്ങളിൽ ആണു് എഴുതപ്പെട്ടിരിക്കുന്നതു്.
“യദ്യപിയതന, കരേ ശതജന
ജീബന ഹരിതേ ഛലേ!
തുമിസഖായാര, ബലഹേതാഹാര
‘കിഭയജഗതീ–തലേ
അല്പേ അല്പേ നിരന്തരേ, കാലബിഭാകരകരേ,
ദ്രബഹയജീബന, തുഷാര;
യബേ ജ്ഞാന–നേത്രേചാ ഈ തഖനി ദേഖിതേ പാഈ
അബശേഷേ അല്പ ആച്ഛേ ആര.”
മൈക്കേൽ മധുസൂദനദത്തൻ പയാരവൃത്തത്തെ പരിഷ്ക്കരിച്ചു് ‘അമിത്രാക്ഷരഛന്ദസു്’ (Blankverse) എന്നൊന്നു നടപ്പാക്കി. ഹേമചന്ദ്രൻ സംസ്കൃത ഛന്ദോവിധികൾ അനുസരിച്ചു്, വംഗഭാഷാവൃത്തങ്ങളിൽ പല പരിഷ്കാരങ്ങൾ വരുത്തിയെങ്കിലും, അവ ഇന്നും വംഗഭാഷാവൃത്തങ്ങളായിത്തന്നെ ഇരിക്കുന്നതേ ഉള്ളു. ഹേമചന്ദ്രന്റേയും നവീനചന്ദ്രന്റേയും കൈയിൽ ആ വൃത്തങ്ങൾ അതീവമധുരങ്ങളും സംഗീതാത്മകങ്ങളും വിവിധാശയങ്ങളെ പൂർണ്ണമായി പ്രകാശിപ്പിക്കുന്നതിനു പര്യാപ്തങ്ങളും ആയി ഭവിച്ചു. ഉദാഹരണാർത്ഥം രവീന്ദ്രനാഥടാഗൂറിന്റെ ഒരു പ്രസിദ്ധ പദ്യം ഉദ്ധരിക്കാം.
“അന്ധകാരബനച്ഛായേ സരസ്വതീതീരേ
അസ്തഗേച്ഛേ സന്ധ്യാസൂര്യ; ആസിയാച്ഛേ ഹിരേ
നിസ്തബ്ധ ആശ്രമമാഝേ ഋഷിപുത്രഗണ-
മസ്തകേ സമിധഭാര കരി ആഹരണ.
ബനാന്തര ഹ’തേ; ഫിരായേം തേഛേ, ഡാകി
തപോനഗോഷ്ഠഗൃഹേ സ്നിഗ്ധശാന്ത ആംഖി
ശ്രാന്തഹോമധേനുഗണേ; കരി സമാപന
സന്ധ്യാസ്നാന, സബേ മിലിയച്ഛേ ആസന
ഗുരഗൌതമേരേ, ഘിരികടീര പ്രാങ്ഗണേ
ഹോമാഗ്നിആലോകേ ശൂന്യേ അനന്തഗഗനേ
ധ്യാനമഗ്നമഹാശാന്തി, നക്ഷത്രമണ്ഡലീ
സാത സാത ബസിയാച്ഛേ സ്തബ്ധകുതൂഹലീ
നിശ്ശബ്ദശിഷ്യേരമത നിഭൃതആശ്രമ
ഉലേ ചകിതഹ’യേ! മഹർഷി ഗൌതമ
കഹിലേന-ബത്സഗണ, ബ്രഹ്മവിദ്യാകഹി കര അബധാന.”
എഴുത്തച്ഛൻ ഒരു പുതിയ വൃത്തവും കണ്ടുപിടിച്ചിട്ടില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെല്ലാം ചമ്പുക്കൾ, കണ്ണശ്ശൻപാട്ടുകൾ, ഇരുപത്തിനാലുവൃത്തം ഇത്യാദി കൃതികളിൽ കാണുന്ന ദേശീയ വൃത്തങ്ങൾ തന്നെയാണു്. എന്നാൽ അദ്ദേഹത്തിന്റെ മനോധർമ്മമാകുന്ന മാന്ത്രികദണ്ഡിന്റെ സ്പർശമാത്രത്താൽ അവ കണ്ടാലറിയാത്തമാതിരി രൂപാന്തരപ്പെട്ടുപോയി. വംഗസാഹിത്യത്തിൽ ഹേമ ചന്ദ്രാദികൾ ചെയ്ത പരിഷ്ക്കാരമാണു് എഴുത്തച്ഛൻ കേരളഭാഷാ സാഹിത്യത്തിലും വരുത്തിയതു്. പ്രാചീനവൃത്തങ്ങൾക്കു് തമിഴ്‍വൃത്തങ്ങളോടുള്ള സാജാത്യം പ്രകടമായിരിക്കുന്നു. ഇരുപത്തിനാലുവൃത്തത്തിലെ മിക്ക വൃത്തങ്ങളും തമിഴ്‍വിരുത്തങ്ങൾ പോലിരിക്കുന്നു. മഞ്ജരിപോലും തമിൾവൃത്തമാണെന്നു തോന്നും. [67]
“ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽ, പരക്കയാലേ.”
എന്ന ഈരടി നോക്കുക.
ഇന്ദിര; നേർ. നിര (കൂവിളം)
തന്നുടെ. നേർ. നിര (കൂവിളം)
പുഞ്ചിരി. നേർ. നിര (കൂവിളം)
ആയൊരു. നേർ. നിര (കൂവിളം)
ചന്ദ്രിക. നേർ. നിര (കൂവിളം)
മെയ്യിൽ പ-നേർ. നേർ. തേമാങ്കായ്–ഇങ്ങനെ
രക്കയാലേ നേർ. നിരനേർ. കൂവിളങ്കായ്
വെൺചീരുകൾ കലർന്ന ഒരു വൃത്തമായതിനാൽ, ഇതു വെൺപ്രാവിന്റെ ഒരു വകമേദമാണെന്നു വേണമെങ്കിൽ പറയാം. അതുപോലെ തന്നെ,
കാണാകോമളവല്ലികളാകിയ കന്യകമാരേ നടം ചെയ്യിർച്ചേ
വീണാനാദമെനും നവഭൃംഗമനോഹരഗീതത്തോടെ.
എന്ന നിരണവൃത്തത്തിലും. തേമാ, കൂവിളം കൂവിളം കൂവിളം എന്നിങ്ങനെ വെൺചീരുകൾ മാത്രം കലർന്നിരിക്കുന്നു. നിരണത്തു കവികൾ രാമചരിതാദി കൃതികളിൽ കാണുന്ന വൃത്തങ്ങളെ സംസ്കൃതരീത്യാ ഒന്നു പരിഷ്കരിച്ചുവെന്നേ വ്യത്യാസമുള്ളു.
ഇരുപത്തിനാലുവൃത്തത്തിലും മറ്റും സംയുക്താക്ഷരങ്ങൾക്കു മുമ്പിൽവരുന്ന ഹ്രസ്വാക്ഷരത്തെ പ്രായേണ ലഘുവായിട്ടേ ഗണിച്ചുകാണുന്നുള്ളു.
ഉദാഹരണം:
“ചാലെ മുല പുണർന്നിരുന്ന കാലമഥകുശികസുതൻ”
എന്ന പാദത്തിൽ ‘ണ’യും.
“വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി”
എന്ന പാദത്തിൽ ‘മ’യും.
“വാരെഴുന്നലങ്കയിലകത്തു പുക്കുനേരേ”
എന്ന പാദത്തിൽ, ‘ഴ’ ‘ക’ ‘പു’ ഇവയും തമിഴ്‍രീത്യാ ലഘുവായ് ഗണിക്കപ്പെട്ടിരിക്കുന്നതു നോക്കുക.
എഴുത്തച്ഛൻ ഇങ്ങനെയുള്ള ദിക്കുകളിലൊക്കെ സംസ്കൃതരീതിയെ സാർവത്രീകമായി അവലംബിക്കയും യതിയുടെ കാര്യത്തിൽ കൂടുതൽ ദൃഷ്ടിപതിപ്പിക്കയും ചെയ്തു.
രാമായണാദികൃതികളിൽ എല്ലാംകൂടി, കാകളി, കളകാഞ്ചി, മണികാഞ്ചി, മാത്രകാകളി, ഊനകാകളി, ദ്രുതകാകളി, കേക, അന്നനട എന്നിങ്ങനെ എട്ടു വൃത്തങ്ങളേ ഉപയോഗിച്ചിട്ടുള്ളു,
“വാരണ മുഖന്മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ”
“ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ- ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു”
“മുഗ്ധന്മാരായുള്ളൊരു സിദ്ധയോഗികളാലും ദുർദശമായ ഭഗവദ്രൂപം മനോഹരം.”
“കൈലാസാചലേ സൂര്യകോടിശോഭിതേ വിമ- ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം.”ബാലകാണ്ഡം
ഇതു കേകാവൃത്തമാകുന്നു.
ഓരോ അടിയേയും രണ്ടു ഖണ്ഡങ്ങളാക്കിയിരിക്കുന്നു. ആദ്യത്തെ ഉദാഹരണത്തിൽ, യതികളുടെ ആദിക്കും സ്വരവ്യഞ്ജനപ്പൊരുത്തം വരുത്തിയിരിക്കുന്നു. രണ്ടും മൂന്നും ഉദാഹരണങ്ങളിൽ പാദാദി സ്വരപ്പൊരുത്തം മാത്രമേയുള്ളു. ഈ സംഗതികളിൽ പ്രകൃതവൃത്തത്തിനു തമിഴിനോടുള്ള സാജാത്യം വെളിപ്പെടുന്നു. ഹ്രസ്വദീർഘസ്വരങ്ങളുടെ കലർപ്പുകൊണ്ടാണു് കവി പ്രായേണ വൃത്തവൈചിത്ര്യം വരുത്തുന്നതു്. നാലാമത്തേ ഉദാഹരണം നോക്കുക. ദീർഘസ്വരങ്ങളുടെ ആധിക്യം വൃത്തബന്ധത്തിനു ദാർഢ്യം വരുത്തിയിരിക്കുന്നു. വർണ്യവസ്തുവിന്റെ പൂർണ്ണ പ്രതീതിയ്ക്കു ഉപകരിക്കത്തക്കവണ്ണം വൃത്തബന്ധത്തെ ദൃഢമാക്കുകയോ ശ്ലഥമാക്കുകയോ ചെയ്യുന്നതു ഉത്തമകവികളുടെ ഒരു കൌശലമാകുന്നു. ഹ്രസ്വദീർഘസ്വരങ്ങളുടെ സമീചീനമായ സമ്മേളനം കർണ്ണസുഖപ്രദമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
സാപത്ന്യജാതപരാഭവം കൊണ്ടുള്ള താപവും പൂണ്ടുധരണിയിൽ വാൾകയിൽ
ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.
ആകാശഗംഗയെ പ്പാതാളലോകത്തു വേഗേനകൊണ്ടു ചെന്നാക്കീ ഭഗീരഥൻ (അയോദ്ധ്യാകാണ്ഡം)
ഇതു കാകളീവൃത്തമാത്ര. ഇതിനു പാദമദ്ധ്യേ യതിയുണ്ടു്. യതിയുടെ ആദിക്കു് അവിടവിടെ സ്വരവ്യഞ്ജനപ്പൊരുത്തവും കാണാം. ആദ്യഖണ്ഡം ഹ്രസ്വാക്ഷരംകൊണ്ടും തുടങ്ങിയാൽ രണ്ടാം ഖണ്ഡവും അങ്ങനെതന്നെ വേണമെന്നാണു് നിയമം. ഈ വൃത്തത്തിന്റെ ഓരോ അടിയ്ക്കും അന്ത്യവർണ്ണം ഒന്നു കുറച്ചാൽ പാനവൃത്തമായി. രണ്ടാമത്തെ അടിയ്ക്കുമാത്രം അവസാനത്തെ ഒരു വർണ്ണം കുറച്ചാൽ ഊനകാകളിയായി. ആ വൃത്തമത്രേ ഭാരതം സഭാപർവത്തിൽ കാണുന്നതു്.
“നിർമ്മലനാകിയ ധർമ്മതനയനും
ധർമ്മം പിഴയാതെ ഭൂമിയേരക്ഷിച്ചു
കർമ്മങ്ങളുംചെയ്തു കീർത്തിയെപ്പൊങ്ങിച്ചു
രമ്യങ്ങളായ ഭോഗങ്ങളോടും മുദാ.സഭാപർവം
‘സോദരന്മാരോടു മാത്മജൻമാരോടു-
മാദരവേറിയ ഭാമിനിതന്നൊടും’
ഈ വൃത്തത്തിലും ഓരോ അടിയും ഈരണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മറ്റു വൃത്തങ്ങൾക്കു പറഞ്ഞ പൊരുത്തങ്ങളെല്ലാം ഇതിനും ഉണ്ടായിരിക്കേണ്ടതാണു്.
ഇതേവൃത്തത്തേ ലഘു പ്രചുരമാക്കിയാൽ മിശ്ര കാകളിയായി. കാകളിവൃത്തത്തിന്റെ ആദ്യത്തെ പ്രഥമസ്വരം നിയമേന ലഘുവായും രണ്ടാമത്തെ അടിയുടെ ആദ്യസ്വരം ദീർഘമായും ഇരിക്കുന്നു. രണ്ടടികൾക്കും പാദാദിസ്വര വ്യഞ്ജനപ്പൊരുത്തവും വേണ്ടതാകുന്നു. എന്നാൽ എഴുത്തച്ഛൻ അവയിൽ സ്വരപ്പൊരുത്തം മാത്രമേ സാർവത്രികമായി അനുഷ്ഠിച്ചിട്ടുള്ളു.
വിബുധനദിയുടെ തനയനടിമലരിണയ്ക്കൽ നീ വീഴ്ക യുധീഷ്ഠിര വേണം ജയമെങ്കിൽ
ത്രിദശപതിസുതനുമഥ വിൽ മുറിച്ചീടിനാൻ വീരനാം ഭീഷ്മർ മറ്റൊന്നെടുത്തീടിനാൻ.
അന്നനട പരമാർത്ഥത്തിൽ ഒരു ശുദ്ധ തമിൾവൃത്തംതന്നെയാണു്. കർണ്ണപർവം ഈ വൃത്തത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
13.35 എഴുത്തച്ഛന്റെ ശിഷ്യന്മാർ - കരുണാകരനെഴുത്തച്ഛൻ
ഇദ്ദേഹം എഴുത്തച്ഛന്റെ പ്രഥമശിഷ്യനാണത്രേ. രാമാനുജാചാര്യരുടെ കാലശേഷം പാഠശാല നടത്തിക്കൊണ്ടിരുന്നതു് ഈ മഹാനുഭാവനായിരുന്നു. ബ്രഹ്മാണ്ഡപുരാണത്തിന്റെ കർത്താവും അദ്ദേഹമാണെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു.
“നേത്രനാരായണന്തന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം”
എന്നു് അതിൽ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു്, അഴുവാഞ്ചേരി തമ്പ്രാക്കളുടെ ആജ്ഞാനുസാരം തുഞ്ചത്തു രാമാനുജാചാര്യരുടെ ഒരു ശിഷ്യൻ രചിച്ചതാണു് പ്രകൃതകൃതിയെന്നു വ്യക്തമാകുന്നു. കവിത സാമാന്യം നന്നായിട്ടുണ്ടു്.
13.36 സൂര്യനാരായണൻ എഴുത്തച്ഛൻ
സൂര്യനാരായണൻ എഴുത്തച്ഛൻ രാമാനുജഗുരുവിന്റെ രണ്ടാമത്തെ ശിഷ്യനായിരുന്നു. ചിറ്റൂർമഠത്തിന്റെ സ്ഥാപകൻ അദ്ദേഹമത്രേ. അദ്ദേഹവും ഒരു വലിയ യോഗിയായിരുന്നു. എഴുത്തച്ഛനെപ്പോലെ ശ്രീസൂര്യനാരായണനും വിപുലമായ ശിഷ്യസമ്പത്തുണ്ടായിരുന്നു. സ്കാന്ദപുരാണം അദ്ദേഹത്തിന്റെ കൃതിയാണത്രേ. കരുണാകരാചാര്യരും സൂര്യനാരായണാചാര്യരും കോഴിക്കോട്ടു സാമൂതിരിയുടെ ഗുരുക്കന്മാരായിരുന്നെന്നും അറിയുന്നു.
13.37 ഗോപാലൻ എഴുത്തച്ഛൻ
ഇദ്ദേഹം കരുണാകരാചാര്യരുടേയും സൂര്യനാരായണാചാര്യരുടേയും ശിഷ്യനാണു്. അദ്ദേഹവും യോഗിയായിരുന്നെന്നാണു് അറിവു്. പാർവതീ സ്വയംവരാദി പല കിളിപ്പാട്ടുകളും അദ്ദേഹത്തിന്റെ കൃതികളായി പറയപ്പെടുന്നു. അവയിൽ പാർവതീസ്വയംവരം കിളിപ്പാട്ടിനെ ശ്രീമൂലം ഗ്രന്ഥാവലിയിലെ ഒരു അങ്കമായി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.
“സാനന്ദരൂപം സകലപ്രബോധം
ആനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൌമി തുഞ്ചത്തെഴുമാര്യപാദം”
“വെട്ടത്തുനാട്ടിൻ നിത്യസൌഭാഗ്യ സത്സിന്ദൂര-
പ്പൊട്ടുപോലെഴും തുഞ്ചൻപറമ്പേ, നമസ്കാരം!
കളഗാനത്തോടൊരു തത്തപ്പെണ്മണി തത്തി-
ക്കളിച്ച തളിർച്ചെടിപ്പടർപ്പേ, നമസ്കാരം!!
ചേണൊക്കും പുതുമലയാണ്മതൻ മഹേശ്വരൻ
വാണരുളിയ പുണ്യക്ഷേത്രമേ, നമസ്കാരം!!!”
13.38 കുറിപ്പുകൾ
[1] മുറജപം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണു് നടപ്പിൽവന്നതു്. കനോൽസായ്പ് പൊന്നാനിയിൽനിന്നു് ചാവക്കാട്ടേയ്ക്കുള്ള തോടുവെട്ടിച്ചതും പിൽക്കാലത്താണു്.
[2] ചിലർ മംഗലപ്പള്ളി മൂസ്സാണെന്നും പറയുന്നുണ്ടു്. മംഗലപ്പള്ളി തിരുവല്ലാത്താലൂക്കിലാണെന്നു തോന്നുന്നു. ആ കുടുംബക്കാരും ശില്പാഗമജ്ഞന്മാരായിരുന്നു.
[3] കേരളപാണിനീയം പീഠിക.
[4] രാമായണചമ്പുവിലെ
കനകകലശശോഭാംകാൽ പിടിപ്പിച്ചുവായ്ക്കും
കുളുർമുലയിണ ചാഞ്ഞുപുണ്ഡരീകേക്ഷണായഃ
കനിവൊടുലകുമൂന്നും പെറ്റവിശ്വംഭരന്തൻ
ജനനകല നികാമം കാണ്മതിന്നെന്നപോലെ
[5] കൌസല്യാദേവിയെന്നും പ്രഥമഗിരിമഹാധിത്യകായാം വിലാസം
പെയ്തിടും ഗാത്രലക്ഷ്മ്യാനിഖിലമപി സമുന്മീലയൻ ദിഗ്വിഭാഗം
മീതേമീതേ ജനാനാം മിഴികളിലമൃതം കോരിയൂത്തുത്തുദാര
സ്വാതന്ത്ര്യം ബാലനായ്‍വോന്നരമൊരു പരമാനന്ദചന്ദ്രൻ പിറന്നൂ.രാമായണം ചമ്പു
[6] അദേയമാസീൽത്രയമേവഭൂപതേഃ
ശശിപ്രഭം ഛത്രമുബേ ച ചാമരേരഘുവംശം
[7] “പശ്യൈതൽപാണിപാദം മമ തു മൃദിതവാൻ കൌണപഃകോപി കോപാൽ
കേനാപ്യുൽഖാതമക്ഷിദ്വയമിഹ ഹഹഹാ വക്രിതഃ കണ്ഠ ഏഷഃ
സന്താഡൈർഘോരഘോരൈശ്ചിപിടിതമധുനാകർണ്ണയുഗ്മംവിലോകേ
സർവാംഗേനസ്തഭംഗം കതരദിഹ വിഭോ യർന്ന ഭഗ്നം ന ഭുഗ്നം.രാമായണം ഭാഷാചമ്പു
[8] “പൂരേവാഴ്ത്തീടവല്ലേൻ നിശിചരസുഭടന്മാർക്കു തങ്ങൾക്കു തങ്ങൾ-
ക്കോരോകാകത്സഥമഗ്രേ കരധൃതധനുഷും തത്രകാണായ്‍ ചമഞ്ഞു.”രാമായണം ചമ്പു
[9] Cf യദ്യസ്തികൌതുകമപൂർവ മൃഗേ മൃഗാക്ഷി!
ചന്ദ്രംഹരാമിഹരിണം മമ സന്നിധേ ഹി.രാമായണചമ്പൂ
[10] “സൌമിത്രേ! നന്മ സേവ്യതാംതരുതടം ചണ്ഡാംശൂരുജ്ജ്യം ഭതേ.
ചണ്ഡാംശോർനിശി കാ കഥാ? രഘുപതേ! ചന്ദ്രോയമുന്മീലതി.”
ഹാഹാ പൊയ്കയിൽമുങ്ങിപ്പോയതു കൈകാൽ കാട്ടനതയ്യൊ പാപം.
ചെന്നുകരേറ്റീടം ബുജനേത്രാം കൈത്തളിരില്ലിതു കന്ദളകുസുമം
മുല്ലയിൽമെല്ലെ നോക്കിക്കണ്ടൊരു മുറുവലതിങ്കൽ കാണപ്പെട്ടു.
മുറുവലുമല്ലിതു മലർനിരയത്രേ ചാരുചിലമ്പിൻ കളകള മുണ്ടി-
ക്കമലവനത്തിൽ കേൾക്കാകുന്നു നൂപുരനങ്ങവുമല്ലിതുചൊല്ലാം.
കളഹംസത്തിൻ കോഞ്ചലറിഞ്ഞേൻ”
രാമായണം ചമ്പു
[11] “ലങ്കാനഗരീഗോപുരവാതിലകം പുക്കീടും പൊഴുതിലകാണ്ഡേ
വന്നുതടുത്ത നിശാചരനഗരീ പരദേവതയേക്കവിളുടയുമ്മാ-
റൊന്നുകൊടുത്തു പുറത്തോട്ടോടിച്ചുനടക്കുന്നേരം തലമുടിചുറ്റിയി-
ഴച്ചുനിശാചരൻകൊണ്ടുവരുംചില വിബുധവധൂടീ ദീർഘൈഃശ്വാസൈ
രൂഷ്മളഭാവം വായ്പിയലുന്ന സുവർണ്ണഗൃഹങ്ങളിൽ വീക്ഷം വീക്ഷം.രാമായണചമ്പു
[12] “താപമറുപ്പാനമൃതമയീമൊരു പരിചിതകലയെ പരമമുനീന്ദ്രൻ
മദ്ധ്യമനാഡീമൂലത്തിങ്കൽ കാണുമ്പോലെ ശിംശപതൻകീഴ
നിമിവംശത്തിൻമംഗലമാലാമയമദ്രാക്ഷീദ്രഘുവരദൂതൻ”രാമായണം ചമ്പു
[13] മോഹമാർന്നിതിവിലാപിനീ തദാ
രാഘവസ്യമഹിതാ കുടുംബിനീ
ദേഹമാത്മദഹനേ ജൂഹൂഷതീ
യോഗിനീവ നിമിമീല ലോചനേരാമായണം ചമ്പു
[14] മേലേ തസ്യാസ്തദാനീം തരുവരവിടപാൽ ഭാരതീ കർണ്ണേ
പാലോലും മാറുകേൾക്കായിതു ജയതു മമ സ്വാമിനീതിപ്രസന്നാ.രാമായണം ചമ്പു
[15] തദനുപരിഭൂതനായ് പോന്നു വന്നക്ഷനെ-
ന്നാഖ്യകൈക്കൊണ്ട രക്ഷഃ പ്രകാണ്ഡം പ്രച-
ണ്ഡോഷ്മശാലീ കടുംകോപമാർന്നന്തികേ
വന്നു കാളാംബുദം പയോബിന്ദുവൃന്ദംപൊഴി-
ക്കുന്നപോലെ പൊഴിക്കും പൃഷൽക്കങ്ങളാ-
പാദചൂഡം നിജംമെയ്യിലൊക്കെച്ചൊരി-
ഞ്ഞീടുവോളം പതിഞ്ഞങ്ങിരുന്നേറ്റവും
ഭയപ്പെട്ടു ബാണങ്ങളൊക്കെക്കുടഞ്ഞും കള-
ഞ്ഞമ്മഹാരാക്ഷസൻ തൻമണിത്തേർത്തട-
ത്തിൽക്കുതം കൊണ്ടു ചാടിക്കരേറിക്കഠോ-
രത്വമാളും ചപേടാർപ്പണത്തെത്തുരം-
ഗങ്ങൾ തന്മേലരങ്ങേറ്റിവേഗേന സൂ-
താ വിനിർഭിദ്യ ശതൈർന്നഖാഗ്രൈർദ്ധ്വജം
കൈക്കൂട്ടിലാമ്മാറു രക്ഷഃകുമാരം പിടി-
ച്ചിട്ടു പെട്ടന്നമർത്തൊന്നു മുഷ്ട്യാ കന-
ത്തോരു പാഥേയഷഭാരം ഗളേ കെട്ടിയേ-
റ്റിക്കൃതാന്താലയത്തിന്നയച്ചീടിനാൻ.രാമായണം ചമ്പു
[16] എന്തിത്തോന്നനിയതിന്നിനക്കു പരമില്ലാഞ്ഞോ? കപേ! കാനനം
ചിന്തിച്ചിട്ടുടനൊക്കവേ മമ മലർക്കാവെന്നു ചൊല്ലഞ്ജസാ
മന്ദപ്രജ്ഞ! ഫലം പറിച്ചു ഫലവും തിന്നുന്നതല്ലെങ്കിൽ നി-
ന്നന്തഃകാര്യമതെന്തു കേവലമഹോ! കേൾക്കട്ടെടോ വാനര!
ഇന്ദ്രൻ താനല്ലയല്ലീ കഥയ തവ നിയോക്ത? കണക്കില്ലപാർത്താ-
ലിന്നാളും ചെറററിഞ്ഞാൽ പവി തരിപെടുമച്ചന്ദ്രഹാസപ്രഭാവം
വിണ്ണോരിൽപിന്നെ മറ്റാരിനിയ പവനനോ വഹ്നിയോ കാലനോ ചേ-
ലെന്നോടൊന്നെന്നിയേ നിന്നൊരു കൊടുവഴി തല്ലിച്ച തേവൻ ത്രിലോക്യാം”രാമായണം ചമ്പു
[17] കേട്ടാലും ദശകണ്ഠ! വാസവമുഖാൽ നാം ചൊല്ലുകേട്ടീദൃശം
കാട്ടും പാഴ്കപിയല്ല മറ്റൊരുവനല്ലാസ്താം വചസ്താദൃശം,
വാട്ടം കൈതുടരാതെ ശൌര്യജലധേർന്നക്തഞ്ചരശ്രേണിയാം
കാട്ടിന്നുൾപ്പിടിപെട്ട ഘോരശിഖിനോ രാമസ്യ ദൂതോസ്മി ഞാൻ
എന്നോടെതിർക്കരുതൊരുത്തനുമിത്രിലോക്യാ-
മെന്നോമതം? പെരുതെടോ തവ ശൌര്യമോഹം
ഇന്നും വളർന്നു ദശകണ്ഠശതങ്ങൾ പോന്നു
വന്നാലുമെൻ ചെറുവിരല്ക്കു കളിക്കുപോരാ.രാമായണം ചമ്പു
[18] കണ്ടേൻഞാൻ ദേവ! ദേവീം ജയ ശുഭചരിതാ-
മെന്നു നത്വാ ഹനൂമാൻ…ഇത്യാദിരാമായണം ചമ്പു
[19] ഖാതം ത്വം സഹരേണ സാഗര! പുര ഭാഗീരഥീവാരിഭി-
സ്സമ്പൂർണ്ണഞ്ച ഭഗീരഥേന ഭഗവാൻ തദ്വംശജോ രാഘവഃ
രാമോ ദാശരഥിർജ്ജിഗീഷുരധുനാ ജായാമുഷം രാവണം
കോദണ്ഡീ ശരണം പ്രപദ്യ പദവീം ലങ്കോൻമുഖീം യാചതേരാമായണം ചമ്പു
[20] വീയും കാറ്റൊട്ടടങ്ങീ തരുനികരമുതിർന്നൂ മലർച്ചാർത്തുനിന്നൂ
പായും തോയംനദീ നാം ദശമുഖനുമഹോ കഷ്ടമെന്നേതുടങ്ങി
സൂര്യോപി സ്വൈരചാരീ പുനരരനിമിഷം നിന്നുപോയീ മനക്കേ-
ടായിസ്സീതാപ്രലാപാകുല ദശയിലലിഞ്ഞൂ കരിങ്കല്ലുപോലും.രാമായണം ചമ്പു
[21] തദനു നിശാചരാധിനാഥൻ പടക്കോപ്പുമിട്ടാശു പെട്ടെന്നൊരുമ്പെട്ടു ചെല്ലുന്നനേരത്തു് മർത്ത്യേന്ദ്രവാചാ ധരിത്രീതലാന്തേ നഭോമദ്ധ്യഭാഗാലിറങ്ങുന്ന പുത്തന്മണിസ്യന്ദനം മാതലിപ്രേരിതാശ്വം മുദാ രാമചന്ദ്രസ്സമാരുഹ്യസംഗ്രമേഭേരി മുഴുക്കിച്ചണഞ്ഞോരുനേരം ദശാസ്യോപഗീതം മഹാസാമഗാനം നിശമ്യാദരാലേനമേതാ ദൃശംബാണമൊയ്തഷ കൊല്ലുന്നതില്ലേതുമേ മൈഥിലീംതന്നെ വേണ്ടീല വേദജ്ഞനാ മിമ്മഹാത്മാവിനെത്തൊട്ടു ശസ്ത്രം തൊടുത്തീടിനാൽകീർത്തികേടേന്തുമെന്നേയ്ക്കുമാകാ.രാമായണം ചമ്പു
[22] “പിന്തിരിഞ്ഞാത്മരാഷ് പ്രയാണായ സന്നദ്ധനാം
കാലമേറ്റം ഭയാൽ ഭാവിലുങ്കേശ്വരൻ
ചെന്നുണർത്തീടിനാൻ.
[23] കടക്കൺ കൊടുക്കണമോരോന്നിലേ പത്തിലും
തരൂവക്ത്രേഷ്മപാനോൽസുകം നാഥ മുന്നേതിലല്ലോ.
[24] കഞ്ചിന്മഹാവിപ്രനേത്തച്ചു കൊന്നിച്ഛയാപച്ചമാംസം
കടിച്ചും മുറിക്കുന്നിതന്യേന വക്ത്രേണ.
[25] യുദ്ധഭവാനിമ്മണിത്തേരിദാനീം
മഹേന്ദ്രാജ്ഞയാ വന്നിറങ്ങുന്നതാലോക്യവായ്ക്കുന്ന
കോപേന കണ്ണും ചുവത്തി…
ഈശ്വരന്മാരെ പേപറഞ്ഞിങ്ങനെ.
[26] നാലാം മുഖം കൊണ്ടു കാൺക…നില്ലെടാ
രാഘവ നിന്നെ ഞാനോ മച്ചന്ദ്രഹാസത്തിയാക്കുവാൻ
…തിരിഞ്ഞങ്ങു
നില്ലെന്തുമണ്ടുന്നതിപ്പോൾ…നിന്നെ
നോക്കിത്തൂലോം ദുർവചോഗർവിതം
[27] അഞ്ചാം മുഖം കാൺക ധർമ്മദാരങ്ങൾ തന്നെത്തൊടാഞ്ഞുള്ള ചെന്താർശരോന്മാദകന്മാഷിതത്മാ തദീയാൻ ഗുണാനോർത്തു് പൂഞ്ചായൽ വായ്പെത്രനന്നു്! എത്ര നന്നാനനം! കൊങ്കമൊട്ടെത്രയും നന്നു് …സർവത്രകണ്ടോളവും കൺകുളുർപ്പോന്നു പൂമേനി കണ്ടാവിതെന്നും പുണർന്നാവിതെന്നും …ഏവമാദിപ്രലാപങ്ങൾ കൈക്കൊണ്ടതിവ്യാകുലം.
[28] കഷ്ടമായൊന്നിതേഴാമതെട്ടാമതത്യന്തവും.
[29] നിഷ്ഠൂരാലോകനം കൊണ്ടു ചെന്തീക്കനൽക്കട്ട ചിന്നിച്ചു മാറ്റാർ കുലത്തിന്നൊരുൾപേടി നൽകീടുമാറുദ്യമാലംകൃതം പാർത്തുകാൺ.
[30] പിന്നെരിപുപ്രഭാവം കാൺക ഗീർവാണഗംഗാതരംഗങ്ങൾ മിന്നിക്കളിക്കുന്ന പോലെ മിളൽക്കാന്തിവെൺചാമരശ്രേണി വീയുന്നതാലോക്യതാം പാണ്ഡുരച്ഛത്രജാലങ്ങളെണ്ണീടുവാൻ വേല പച്ചത്തഴപ്രൌഢികൊണ്ടംബരേ നീലമേഘങ്ങൾ മങ്ങുന്ന പോലെ വിളങ്ങുന്നു.രാമായണചമ്പു
[31] കാകൽസ്ഥനക്തഞ്ചരേന്ദ്ര പ്രഭാവങ്ങൾ കാണ്മാൻ ദിവ്യ പാളീവിമാനങ്ങൾ കൊണ്ടു നിറഞ്ഞബരം.രാമായണചമ്പു
[32] ‘നേത്രാസ്യനാസികാബാഹുഹൃദയേഭ്യസ്തദോർസഃ
നിർഗ്ഗമ്യദർശനേ ബ്രഹ്മണോവ്യക്ത്യ ജന്മനഃ.
[33] സമുത്ഥായ തതസ്താഭ്യാം യുയുധേ ഭഗവാൻ ഹരിഃ
പഞ്ചവർഷസഹസ്രാണി ബാഹുപ്രഹരണോ വിഭുഃ.
യുദ്ധ്യമാനാവതീവാസൌ ദൃഷ്ട്വാ താവസുരോത്തമൌ
താവപ്യതിഖലോന്മത്തൌ മഹാമായാവിമോഹിതൌ.
നിജവിദ്യാമുഖലോക സമുൽഭൂതമഹോത്സവഃ
[34] ഉചാവ മത്തോ പ്രിയതാം വരോ വാം യോഭിവാഞ്ഛിതഃ.
പ്രീതൌ സ്വസ്തവയുദ്ധേന ശ്ലാഘ്യസ്ത്വം മൃത്യുരാവയോഃ
ആവാംജഹിന യത്രോർവീ സലിലേന പരിപ്ലാതാ.
[35] സൂര്യേന്ദ്രാഗ്ന്യനിലേന്ദൂനാം യമസ്യ വരുണസ്യ ച
അന്യേഷാഞ്ചാധികാരാൻ സസ്സ്വയമേവാധിതിഷ്ഠതി.
സ്വർഗ്ഗാന്നിരാകൃതാസ്സർവേ തേന ദേവഗണാ ഭുവി
വിചരന്തി യഥാമർത്ത്യാമഹിഷേണ ദുരാത്മനാ.
ഏതദ്വാം കഥിതം സർവമമരാരിവിചേഷ്ഠിതം.
[36] “ഇതഥം നിശമ്യ ദേവാനാം വചാംസി മധുസൂദനഃ
ചകാര കോപം ശംഭുശ്ച ഭ്രു കുടീകുടിലാനനൌ.
തതോതി കോപപൂർണ്ണസ്യ ചക്രിണോവദനാത്തദാ
നിശ്ചക്രാമ മഹാതേജോ ബ്രഹ്മണശ്ശകരസ്യ ച.
അന്യേഷാം ചൈവ ദേവാനാം ശക്രാദീനാം ശരീരതഃ
നിർഗ്ഗതം സുമഹത്തേജസ്തച്ചൈവ്യാസമഗച്ഛത.
അതീവതേജസഃകൂടം ജ്വലന്തമിഹമിതം
ദദൃശുസ്തേസുരാസ്തേത്ര ജ്വലനാപൂദാന്തം
[37] “അതുലം തത്രയത്തേജസ്സർവദേവശരീരജം
ഏകസ്ഥംതദഭൂന്നാരീ വ്യാപ്തലോകത്രയത്വിഷാ.
യദഭ്രച്ഛാംഭവന്തേജസ്തേനാജായതതൻമുഖം
യാമ്യേനചാഭവൻ കേശാ ബാഹവോ വിഷ്ണുതേജസാ.
സൌമ്യേന സ്തനയോർ യാഗ്മമ്മദ്ധ്യഞ്ചൈന്ദ്രേണചാഭവൽ
വാരുണേന ച ജംഘോരൂ നിതംബസ്തേജസാ ഭുവഃ.
ബ്രഹ്മണസ്തേജസാ പാദൌ തദംഗുല്യോർക്കുതേജസാ
നയനത്രിതയം ജജ്ഞേ തഥാ പാവകതേജസാ.
ഭു വൌ ച സന്ധ്യയോസ്തേജഃ ശ്രവണാവ നിലസ്യച
അന്യേഷാമപി ദേവനാമഭവത്തേജസാ ശിവാ.
[38] സമ്മാനിതാ നനാദോച്ചൈസ്സാട്ടഹാസംമുഹൂർമ്മുഹുഃ
തസ്യാ നാദേന ഘോരേണ കൃൽസ്നമാപൂരിതം ജഗൽ.
അഥനാദേനമഹതാ പ്രതിശബ്ദോ മഹാനഭൂൽ
ചുക്ഷുഭൂസ്സകലാ ലോകാസ്സമുദ്രാശ്ചചകംപിരേ.
ചചാല വസുധാ ചേലുസ്സകലശ്ചേ മഹീധരാഃ
[39] …തത്രാഭൂന്മഹിഷാസുരഃ
തോമരൈ ഭിണ്ഡിപാലൈശ്ചശക്തിഭിർമ്മുസലൈസ്തഥ
യുയുധുസ്സംയുഗേ ദേവ്യാഃ ഖഡ്ഗം പരശുപട്ടസൈഃ.
കേചിച്ചചിക്ഷിപുശ്ശക്തിം കേചിൽപാശാം സ്തഥാപരേ
ദേവീം ഖഡ്ഗപ്രഹാരൈശ്ച തേതാം ഹന്തും പ്രചക്രമുഃ.
സാപി ദേവീ തതസ്താനി ശസ്ത്രാണ്യസ്ത്രാണി ചണ്ഡികാ
ലീലയൈവ പ്രചിച്ഛേദ നിജസസ്ത്രാസ്ത്രവർഷിണീ.
[40] ശോണിതൌഘവഹാനദ്യസ്സദ്യസ്തത്ര വിസുസ്രുവുഃ
സനാനീശ്ചിക്ഷുരഃ കോപാദ്യയൌ രോദ്ധുമഥാംബികാം
[41] സ ദേവീം ശരവർഷേണ വവർഷ സമരേ സുരഃ
യഥാ മേരുഗിരേശ് ശ്രംഗം തോയവർഷേണ തേയേദഃ.
[42] തസ്യഛിത്വാ തതോ ദേവീ ലീലയൈവ ശരോൽക്കരാൻ
ജഘാന തുരഗാൻ ബാണൈര്യന്താരഞ്ച സവാജിനം.
[43] ഏവം സംക്ഷീയമാണേ തു സ്വസൈന്യേ മഹിഷാസുരഃ
മാഹിഷേണ സ്വരൂപേണ ഭ്രാമയാമാസ താൻ ഗണാൻ.
കാശ്ചിത്തുണ്ഡപ്രഹാരേണ ഖുരക്ഷേപൈസ്തഥാപരാൻ
ലാംഗുലതാഡിതാംശ്ചാന്യാൻ ശൃംഗാഭ്യാഞ്ച വിദാരിതാൻ
വേഗേന കാംശ്ചിദപരാൻ നാദേന ഭ്രമണേനച
നിശ്വാനപവനേനാന്യാൻ പാതയാമസ ഭൂതലേ
നിപാത്യ പ്രഥമാനീകമഭ്യധാവത സോസുരഃ
സിംഹംഹന്തും മഹാദേവ്യാഃ കോപഞ്ചക്രേ തതോബികം
സോപികോപാന്മഹാവീര്യഃ ഖുരക്ഷുണ്ണമഹീതലം
ശൃംഗാഭ്യാം പർവതാനുച്ചാംശ്ചിക്ഷേപ ച നനാദ വൈ
വേഗഭ്രമണവിക്ഷുണ്ണാ മഹീ തസ്യ വ്യശീര്യത
ലാംഗ്രുലാത്താഡിതശ്ചാബ്ധിഃ പ്ലാവയാമാസ പർവതം
ധൃതശൃംഗവിഭിന്നാശ്ച ഖണ്ഡം ഖണ്ഡം യയുഘനാഃ.
[44] സാ ച താൻ പ്രഹിതാംശ്ചൈവ ചൂർണ്ണയന്തീ ശരോൽക്കരൈ;
ഉവാചച മദോദ്ധൂ തമുഖരാഗാകലാക്ഷരം
ഗർജ്ജ ഗർജ്ജ ക്ഷണം മൂഢ മധു യാവൽ പിതാമ്യഹം
മയാ ത്വയി ഹതൈവാത്ര ഗർജ്ജിഷ്യന്ത്യാശ്ച ദേവതാഃ
[45] തസ്മിൻഗിരിവരേരമ്യേ ഡോളാമാരുഹ്യ കാഞ്ചനീം;
ഗായന്തീവ പാസന്തീവ ബിഭ്രാണാ രൂപമുത്തമം
ഇലാസ സാ ചിരം കാലം മേഹിനാം ഹിതകാമ്യയാഃ
ദദർശ ചണ്ഡോ മുണ്ഡശഅച ഭൃത്യൌ സുംഭനി സുംഭയോഃ
[46] യദൃച്ഛയാ പര്യടന്തോ മേദിനീം കാമരൂപിണൌ-
താം ദൃഷ്ട്വാ തത്ര ചാർവംഗീം വിസ്മയാവിഷ്ടചേതസേന
ജഗമരുസ്സ്വപുരം രാജൻ സുംഭദർശനലാലസൌ;
താഭ്യാം സുംഭായ ചാഖ്യാതാ സാതീവ സുമനോഹരാ.
[47] യുഗാന്തമേഘാ വപുഷുരസ്ഥിശോണിതകർദ്ദമാൻ.
[48] ബ്രാഹ്മീ, വൈഷ്ണവീ, മാഹേശ്വരീ, കൌമാരീ, ഐന്ദ്രീ, വാരാഹി, നാരസിംഹീ ഇവരത്രേ സപ്തമാതാക്കൾ.
[49] ഹംസയുക്ത വീമാനസ്ഥാ സാക്ഷസൂത്രകമണ്ഡലു;
ആയാതാ ബ്രഹ്മണഃ ശക്തിഃ ബ്രഹ്മാണീ സംഭിധീയതേ.
[50] മാഹേശ്വരീ വൃഷാരേവാം ത്രിശൂലവരധാരിണീ
മഹാഹിവലയം പ്രാപ്രതചന്ദ്രലേഖാവ ഭൂഷണാ
[51] കൌമാരീ ശക്തിഹസ്താചമയൂരവരവദേനോ.
[52] ശംഖചക്രഗദാർഖഡ്ഗഹസ്തേ ഭ്യുപായയൌ.
[53] ഏകൈവാഹം ജഗത്യത്ര ദ്വിതീയാകാ മമാപരാ?
പശ്യൈതാം ദുഷ്ട! മയ്യേവ വിശന്ത്യോ മദ്വി ഭൂതയഃ
[54] തതോ ദേവഗണാസ്സർവേ ഹർഷനിർഭരമാനസാഃ
ബഭൂവുർന്നിഹതേ തസ്മിൻ ഗന്ധർവാ ലളിതം ജഗുഃ
അവാദയംസ്താഥൈവാന്യേ നനൃതുശ്ചാപ്സരോഗണാഃ
വവഃപുണ്യ ശിവാ വാതാ സുപ്രഭോഭൂർദ്ദിവാകരഃ
ജജ്വലൂശ്ചാഗ്നയശ്ശന്തോശ്ശാന്തോദിഗ്ഗജനിസ്വനഃ
[55] “തിക്കും വലിയ തിരക്കും പലപല വാക്കും ചിലരുടെമുഷ്കും ചുടർമിഴി നോക്കും.
വിരവൊടുവായ്ക്കും വികൃതികളാർക്കും പറവതിനാക്കും പോരാ
ആടുകയും ചിലർപാടുകയും ചിലരോടുകയും ചിലർ ചാടുകയും ചിലർ” (ഇത്യാദി)
[56] ശ്രീരാമവിലാസം പ്രസ്സുകാർ മാത്രം ബുധജനം എന്നതിനെ ‘മൂഢജനം’ എന്നാക്കീട്ടുണ്ടു്. ആ തിരുത്തു ഭംഗിയായിട്ടില്ല. ‘ആക്കീടുന്ന ബുധന്മാർ’ എന്നായിരിക്കുമോ എന്തോ?
[57] തതഃസ്ഫുരൽസഹസ്രാംശുസഹസ്ര സദൃശപ്രഭഃ
ആവിരാസീദ്ധരിഃ പ്രാച്യാം ദിശാം വ്യാപനയംസ്തമഃ
കഥഞ്ചിദ്ദൃഷ്ടവാൻ ബ്രഹ്മാ ദുർദ്ദർമകൃതാത്മനാം.
[58] രാമൻ ശൈവചാപത്തെ വന്ദിച്ചതായി മൂലത്തിൽ ഇല്ല. കണ്ടമാത്രയിൽ പ്രഹൃഷ്ടാത്മാവായിട്ടു് അതിനെ ഭഞ്ജിക്കാൻ ബദ്ധപരികരനായെന്നാണു മൂലം.
[59] അഥ ഗച്ഛതി ശ്രീരാമ മൈഥിലാദ്യോജനത്രയം
നിമിത്താന്യതി ഘോരാണി ദദർശനൃപസത്തമഃ.
[60] ഇതിബ്രുവതി വൈ തസ്മിശ്ചചാല വസുധാ ഭൃശം
അന്ധകാരാ ബഭൂവാഥ സർവേഷാമപി ചക്ഷുഷാം
എന്നുമാത്രമേ മൂലത്തിലുള്ളു.
[61] നിപപാത മഹീപാലോ വജ്റാഹത ഇവാചലഃ
[62] രക്ഷന്തു ത്വാം സദായാന്തം തിഷ്ഠന്തം നിദ്രയാ യുതം.
[63] ആഗതോഽസാ കതഃ കത്ര ശ്വേതച്ഛത്രാണി തേ കതഃ
വാദിത്രാണി വാദ്യന്തേ കിരീടാദി വിവർജ്ജിതഃ
സാമന്തരാജസാഹിതഃ സംഭ്രമാന്നാഗതോസികിം?
[64] ഭഗവദ്ഗീതകൂടി എഴുത്തച്ഛൻ തർജ്ജമചെയ്തിരുന്നുവെന്നും ആ ഗ്രന്ഥം ഇപ്പോഴും ചില ദിക്കുകളിൽ അന്വേഷിച്ചാൽ കിട്ടിയേക്കുമെന്നും ചിലർ പറയുന്നുണ്ടു്.
[65] ആദിപർവാന്തർഗതമായ സംഭവപർവത്തിലെ സപ്തസപ്തതിതമോധ്യായം (77 അദ്ധ്യായം).
[66] സാഹിത്യ പഞ്ചാനനൻ മി. പി. കേ. നാരായണപിള്ള.
[67] എന്നാൽ ഒരു വലിയ വ്യത്യാസമുണ്ടു്. തമിഴിൽ അക്ഷരക്കണക്കില്ല.
ഭാഗം മൂന്നു്
അധ്യായം 14
14. ആധുനികകാലം
ഒന്നും രണ്ടും വാല്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടു് വൎഷങ്ങൾ ഏതാനും കഴിഞ്ഞു. ഇതിനിടയ്ക്കു് അവ നിൎമ്മത്സരബുദ്ധികളായ പണ്ഡിതവരേണ്യന്മാരുടെ പ്രശംസയ്ക്കും അസൂയാലുക്കളായ ഏതാനും പേരുടെ ഗൂഢാസ്ത്രപ്രയോഗങ്ങൾക്കും പാത്രമായിട്ടുണ്ടു്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന മാന്യന്മാരുടെ പ്രശംസയ്ക്കു് അൎഹിക്കുക എന്നതു് ഏതു ഗ്രന്ഥകാരനും അഭിമാനജനകമാണെന്നിരുന്നാലും, ആ പ്രശംസകൾ പ്രശംസകന്മാരുടെ സൗമനസ്യത്തേയും ഉദാരമനസ്കതയേയും ആണു് അധികം പ്രകാശിപ്പിക്കുന്നതു്. നേരേ മറിച്ചു് അസൂയാലുക്കളുടെ സംഖ്യ വർദ്ധിക്കുമ്പോൾ ഒരുവനു് താനേതന്നെ ഒരു ആത്മാഭിമാനവിജൃംഭണം ഉണ്ടായിപ്പോകുന്നു. ഈ ഗൂഢാസ്ത്രപ്രയോഗചതുരന്മാർ വാസ്തവത്തിൽ എന്നേ സംബന്ധിച്ചിടത്തോളം ഒരു സംതൃപ്തിയും എന്റെ ശ്രമം ഏറെക്കുറെ സഫലമായി എന്നൊരു ബോധവും അണു് ജനിപ്പിച്ചിട്ടുള്ളതു്.
രണ്ടാംവാല്യത്തിൽ എഴുത്തച്ഛന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ കൃതികളേപ്പറ്റിയുള്ള സവിസ്തരമായ നിരൂപണവും അടങ്ങിയിരിക്കുന്നു. അതിൽ പ്രകാശിതമായ ചില അഭിപ്രായങ്ങളേപ്പറ്റി സാഹിത്യപഞ്ചാനനൻ സ്നേഹബുദ്ധ്യാ എതിൎക്കയുണ്ടായിട്ടുണ്ടു്. ആ പണ്ഡിതാഗ്രണിക്കു് ഈ ഗ്രന്ഥകാരനോടുണ്ടായിരുന്ന സ്നേഹാതിരേകത്തെപ്പറ്റി ആലോചിക്കുമ്പോൾ, പ്രസ്തുത ഖണ്ഡനാഭിപ്രായങ്ങൾ മത്സരബുദ്ധിയിൽ നിന്നു് അങ്കുരിച്ചിട്ടുള്ളവയല്ലെന്നു സ്പഷ്ടമാണു്. അതുകൊണ്ടു് അവയ്ക്കു സമാധാനം പറയേണ്ട ചുമതല എനിക്കുണ്ടു്. ഒന്നാമതായി എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലത്തെപ്പറ്റിയാണു് ഭിന്നാഭിപ്രായം. അദ്ദേഹം ഏറെക്കുറെ ഭാഷാചരിത്രകാരന്റെ മതത്തെ അംഗീകരിക്കയാണു ചെയ്തിരിക്കുന്നതു്. ഇതേവരെ കിട്ടീട്ടുള്ള ചരിത്രരേഖകളേ വച്ചുകൊണ്ടു് ചില ഊഹാപോഹങ്ങൾ ചെയ്യുന്നതിനേ എനിക്കും അദ്ദേഹത്തിനും സാധിച്ചിട്ടുള്ളു. അതിനുശേഷം എഴുത്തച്ഛന്റെ ഗുരുസമ്പ്രദായത്തേയും ആ പുണ്യാത്മാവിനായി കോഴിക്കോട്ടുരാജാവു ചെയ്തിട്ടുള്ള ചില ദാനങ്ങളേയും സംബന്ധിച്ച ചില രേഖകളും ഇപ്പോൾ ലഭിച്ചിട്ടുണ്ടു്. അതിനുംപുറമേ ഈയിടയ്ക്കു് പ്രകാശിതമായ ഒരു ഗ്രന്ഥത്തിൽ എഴുത്തച്ഛന്റെ ചരമശ്ലോകവും പ്രസിദ്ധീകരിച്ചു കാണുന്നു. ആ ശ്ലോകത്തെ ഉദ്ധരിച്ചുകൊള്ളട്ടെ.
ഭാസ്വത്തുഞ്ചാഖ്യസത്മന്യഖിലഗുണഗണശ്രേണി പൂൎണ്ണോഽവതീൎണ്ണ
ശ്രീമന്നീലാദ്യകണ്ഠാദ്വിദിതബഹുപഥസ്സൎവശാസ്ത്രാഗമാനാം
യേഽന്തേ ത്യക്ത്വാ ച ചിറ്റൂർപ്പൂരവരസവിധേ സൂര്യനാരായണം മാം
ഹംസം പ്രാപ്യന്നു സൗമ്യം പദമഗമദഹോ മദ് ഗുരൂ രാമനാമാ.
ഈ ശ്ലോകപ്രകാരം എഴുത്തച്ഛന്റെ മരണം ൭൩൨ ധനു ൨൪-ാനു ആണെന്നു സിദ്ധിക്കുന്നു.
നാമത്തെപ്പറ്റിയും പി. കെ. നാരായണപ്പിള്ള അവർകൾ എന്നോടു വിയോജിച്ചിരിക്കുന്നു. ആഭ്യന്തരമായ തെളിവുകളെ ആസ്പദമാക്കിയാണു് അദ്ദേഹം രാമനാമാവായിരുന്നു എന്നു ഞാൻ ഊഹിച്ചതു്. സൂര്യനാരായണാചാര്യർ ഗുരുവിന്റെ സ്മരണയായി സ്ഥാപിച്ച് ബ്രാഹ്മണൎക്കായി ദാനം ചെയ്തിട്ടുള്ള ഗ്രാമത്തിനു് ‘രാമാനന്ദപുരം’ എന്നു നാമകരണം ചെയ്തതു് എന്റെ ഊഹത്തിനു് ഉപോദ്ബലകമായിരുന്നു. ഗുരുപരമ്പരയുടെ സ്ഥാപകനായിരുന്നതു് എഴുത്തച്ഛന്റെ ജ്യേഷ്ഠനായ രാമനെഴുത്തച്ഛനാണെന്നുള്ളതു് വിചാരസഹമായി എനിക്കു തോന്നിയതുമില്ല. ഗുരുസമ്പ്രദായശ്ലോകത്തിൽ കാണുന്ന ശ്രീഗുരു എഴുത്തച്ഛന്റെ ജ്യേഷ്ഠനായിരുന്നിരിക്കാമെന്നു വിശ്വസിക്കുന്ന മലയാളികൾ വിരളമാണു്. ഈ ചരമശ്ലോകം സംഗതികളെ സുതരാം സ്പഷ്ടമാക്കുന്നു.
14.2 കരുണാകരനെഴുത്തച്ഛൻ
‘വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരു ഇത്യാദി പദ്യത്തിൽനിന്നും എഴുത്തച്ഛന്റെ പ്രധാനശിഷ്യന്മാര’ ലൊരുവൻ കരുണാകരനാണെന്നു തെളിയുന്നു. പണ്ഡിതവരേണ്യനായ പി. കെ. നാരായണപ്പിള്ള അവർകളാകട്ടെ, എഴുത്തച്ഛന്റെ പേരു് രാമനെന്നല്ലെന്നു സ്ഥാപിപ്പാൻ വേണ്ടി കരുണാകരൻ എന്നതു് എഴുത്തച്ഛന്റെ സാക്ഷാൽ പേരായിരിക്കാം എന്നൊരിടത്തു പറയുന്നു. ബ്രഹ്മാണ്ഡപുരാണം കരുണാകരന്റെ കൃതിയാണെന്നാണല്ലോ പരക്കേ വിശ്വസിക്കപ്പെട്ടിരിക്കുന്നതു്. അതിന്റെ അവസാനത്തിൽ ‘നേത്രനാരായണൻതന്നാജ്ഞയാ വിരചിതം രാമഭക്താഢ്യനായ രാമശിഷ്യനാലിദം’ എന്നു കാണുന്നതുകൊണ്ടു് തദ് ഗുരു രാമനെഴുത്തച്ഛനാണെന്നു സിദ്ധം. രാമനെന്നതു് സാക്ഷാൽ തുഞ്ചത്തു ഗുരുവിന്റെ ജ്യേഷ്ഠന്റെ പേരാണെന്നും ഗുരുസമ്പ്രദായത്തിന്റെ സ്ഥാപകൻ അപ്പോൾ കരുണാകരനായിരിക്കാനേ തരമുള്ളുവെന്നുമാണു് അദ്ദേഹത്തിന്റെ യുക്തി. ബ്രഹ്മാണ്ഡപുരാണം എഴുത്തച്ഛന്റെ കൃതിയാണെന്നു സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ യത്നം സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ബ്രഹ്മാണ്ഡപുരാണം മുഴുവനും വായിച്ചുനോക്കിയാലും, എഴുത്തച്ഛന്റെ പ്രതിഭാവിലാസത്തിന്റെ കണികപോലും അതിലെങ്ങും കാണ്മാൻ കിട്ടുകയില്ല. കവിതയ്ക്കു നല്ല ഒഴുക്കും ശബ്ദലാളിത്യവും ഉണ്ടെന്നല്ലാതെ, രാമായണാദികൃതികളിൽ കാണുന്ന ആശയപൗഷ്കല്യമോ വൎണ്ണനാവൈഭവമോ ഭാവഗാംഭീര്യമോ അതിൽ കാണുന്നില്ലെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും.
ബ്രഹ്മാണ്ഡപുരാണം എഴുപത്തയ്യായിരത്തോളം ഗ്രന്ഥവിസ്തൃതിയുള്ള സംസ്കൃതപുരാണത്തിന്റെ മധ്യഭാഗമായ ജൈമിനീസംഹിതയുടെ ഏകദേശവിവൎത്ത നമാണു്. മാതൃകയായി ഏതാനും ഭാഗങ്ങൾ മാത്രം ഉദ്ധരിക്കുന്നു:
14.3 തപോവനൎണ്ണന
ക്രൂരസത്വങ്ങളൊന്നും മൂന്നുയോജനയടു-
ത്താരുമേ ചെല്ലുകയില്ലമ്മുനി തപോബലാൽ
ക്ഷുൽപിപാസാദിഭയം, ശോകവും നിദ്രാ തന്ദ്രീ
ദുൎബു ദ്ധിജരാമൃതിവാതഹൎഷാദികളും
ഘൎമ്മസന്താപമതിശീതരോഗാദികളും
കൎമ്മവിച്ഛേദങ്ങളുമദ്ദിക്കിലുണ്ടായ്‍വരാ.
വൃക്ഷങ്ങൾ വാടകളും സുഗന്ധപുഷ്പങ്ങൾപൂ-
ണ്ടൊക്കവേ മധുരസ്വാദുകളാം ഫലങ്ങളും
പക്വങ്ങളോടു ചേൎന്നു തളിൎത്തു കുളുൎത്തെ ങ്ങും
പക്ഷികൾ മൃഗങ്ങളും വൈരംകൂടാതെ തമ്മിൽ
ദുഃഖമെന്നുള്ളതറിയാതെ വാഴുന്നു നിത്യം
നിഷ്കുടസമങ്ങളാമരണ്യദേശംതോറും.
14.4 യുദ്ധവൎണ്ണന
അക്കാലമയോധ്യാധിപതിയാം വസു മന-
സ്സുൾക്കാമ്പിൽ പരിഭവം ചിന്തിച്ചു ചിന്തിച്ചിനി
ഭദ്രശ്രേണ്യനെജ്ജയിച്ചീടണമെന്നു കല്പി-
ച്ചുദ്യോഗംചെയ്താൽ നിജ ബന്ധുഭൂപാലരോടും.
വാഹനായുധച്ഛത്രചാമരാദികളോടും
വാഹിനിയോടും പൂൎവവൈരമോൎത്തു ത്സാഹത്താൽ
നൎമ്മദാതീരം നിറഞ്ഞൊരു വൻപട ചെന്നു
സമ്മൎദ്ദിച്ചിതു മാഹിഷ്മതിയാം പുരിയെല്ലാം.
ഉദ്യാനം പൊടിച്ചുടൻ നിരത്തി കിടങ്ങുക-
ളുദ്യോഗത്തോടു ഭദ്രശ്രേണ്യനുമതുനേരം
ഹസ്ത്യശ്വരഥങ്ങളും പത്തിയും ദുൎദ്ദമനാം
പുത്രനുംകൂടിപ്പുറപ്പെട്ടിതു യുദ്ധത്തിനായ്
അന്നേരം ദേവാസുരയുദ്ധമെന്നതുപോലെ
സന്നാഹത്തോടുമതിഘോരമായിതു പോരും.
… … …
ഭീരുക്കൾക്കെല്ലാമുള്ളിൽ ഭീതിയുണ്ടാകും കണ്ടാൽ
ശൂരന്മാൎക്കെല്ലാം മതിപ്രീതിയുമുണ്ടായ്വരും
ആനകളെല്ലാമിരുമ്പുലക്കയോടുമടു-
ത്താനകളോടു കലഹിക്കുന്നു പരസ്പരം
അശ്വങ്ങൾ കുതിച്ചു തൻചേവുകരോടുമടു-
ത്തശ്വങ്ങളോടുമടുത്തെതിൎത്തു പിണങ്ങുന്നു.
തേരാളിവീരന്മാരാവ്വണ്ണമേ മഹാരഥ-
ന്മാരോടു ശസ്ത്രാസ്ത്രങ്ങൾകൊണ്ടു പോർചെയ്തീടുന്നു
കാലാളായുള്ളോർ കാലാളോടുമായുധവുമായ്
തോലാതവണ്ണം പൊരുതടുത്തു തടുത്തുമ-
ക്കാലുകൾ കരങ്ങളും തോൾത്തുട തലകളും
ശൂലപട്ടസചക്രവജ്രാദ്യായുധമേറ്റു
സാലങ്ങൾ മുരടറ്റു ഭൂമിയിൽ വീഴുംവണ്ണം
മേലെ മേലെ മേലേ വീണവനി മറയുന്നു
നാലു ദിക്കിലും ചോരപ്പുഴകളൊലിച്ചു പോയ്
നാലുദധികളും കൂടുന്നു ലഘുതരം…
14.5 ശ്വേതദ്വീപവൎണ്ണന
ശ്വേതനാമാന്വിതദ്വീപം ത്രിഭുവന-
ഖേദമായ് ക്ഷീരാബ്ധിവേഷ്ടിതമായുണ്ടു്
വിസ്താരവും ലക്ഷയോജനയുണ്ടതി-
ചിത്രം സുവൎണ്ണമയം മനോമോഹനം
കുന്ദകുമുദേന്ദുതുല്യകല്ലോലങ്ങൾ
ചെന്നുരുമ്മും നിൎമ്മലോപലജാലവും
സിദ്ധനാരീമുഗ്ദ്ധരതിഖേദം കളവതി-
ന്നബ്ധിതരംഗൗഘശീകരശീതളം
പര്യന്തപാഷാണസംസിക്തഫേനങ്ങ-
ളായുള്ള മുക്താഫലങ്ങളാൽ ശോഭിതം
സിദ്ധത്രിദിവേശകിന്നരചാരണ-
വിദ്യാധരാപ്സരോയക്ഷഗന്ധൎവോര-
ഗാദ്യൈസ്സുസേവിതം സ്വൎണ്ണ വീക്ഷാന്വിത-
മ്മാദ്യന്മധുരമധുരസസംയുത-
രത്നങ്ങൾ കായ്ക്കുന്ന വല്ലീകുലാവൃതം
പത്നികളോടും സുരന്മാർ കളിപ്പേടം
പീയുഷപൂൎണ്ണനദികളാൽ ശോഭിതം
വായുനാ മന്ദേന ശീതം സുഗന്ധിനാ…
14.6 സൂര്യനാരായണനെഴുത്തച്ഛൻ
ഇദ്ദേഹം രാമാനുജൻ എഴുത്തച്ഛന്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു. ജാത്യാ തരകനും മക്കത്തായിയും പ്രായത്തിൽ ഗുരുവിനെ അല്പം കവിഞ്ഞ ആളും ഒരു മികച്ച ശാക്തേയനും ആയിരുന്നു സൂര്യനാരായണൻ. ഗുരുവിനോടുള്ള ഭക്തിയാൽ പ്രേരിതനായിട്ടു് ഈ മഹാനുഭാവൻ രാമാനന്ദപുരം എന്നൊരു ഗ്രാമം നിൎമ്മിച്ചു് ബ്രാഹ്മണൎക്കായി ദാനംചെയ്തു എന്നുള്ളതിനു് മതിയായ തെളിവുണ്ടു്. അദ്ദേഹത്തെപ്പറ്റി പല അത്ഭുതകഥകൾ പറഞ്ഞു കേട്ടിട്ടുള്ളതിനെ വിസ്തരഭയത്താൽ ഇവിടെ ചേൎക്കുന്നില്ല. സ്കാന്ദപുരാണം അദ്ദേഹത്തിന്റെ കൃതിയാണെന്നു് ഭാഷാചരിത്രകൎത്ത ാവു് പറയുന്നു. പക്ഷേ ആ വിശ്വാസത്തിനു് അടിസ്ഥാനമായ തെളിവുകൾ കിട്ടേണ്ടതായിട്ടാണു് ഇപ്പോഴും ഇരിക്കുന്നതു്.
കവിതാഗുണം നോക്കിയാൽ ബ്രഹ്മാണ്ഡപുരാണത്തേക്കാൾ ഇക്കൃതിക്കു് കുറേക്കൂടി മെച്ചമുണ്ടു്. ലക്ഷത്തോളം ഗ്രന്ഥവിസ്തൃതിയുള്ള സ്കാന്ദപുരാണത്തിന്റെ ഒരു സംക്ഷേപമാണു് ഈ കിളിപ്പാട്ടു്. മാതൃകയായി ഒന്നു രണ്ടു ഭാഗങ്ങൾ മാത്രം ഉദ്ധരിക്കാം.
14.7 ഗുഹന്റെ ബാലലീലാവൎണ്ണന
അങ്ങനെ കുറഞ്ഞോന്നു ചെല്ലുന്ന കാലത്തിങ്കൽ
മംഗലശീലൻ ഗുഹൻ നടന്നുതുടങ്ങിനാൻ;
ഭംഗിയിൽ സോദരന്മാരായുള്ള വീരരുമായ്
അംഗങ്ങൾതന്നിൽ നല്ല ഭൂഷണങ്ങളും പൂണ്ടു
അങ്ങോടിങ്ങോടുമോടിക്കളിച്ചുതുടങ്ങിനാൻ
കിങ്ങിണി ശബ്ദിക്കയും സംഗീതം പാടുകയും
മംഗലസ്ത്രീകളുടെ മടിയിൽ ശയിക്കയും
കിങ്ങിണീയഴിച്ചുടനെറിഞ്ഞുകളിക്കയും
അംഗനാമൗലിദേവി തിരഞ്ഞുനടക്കയു-
മങ്ങൊരു കോണിൽച്ചെന്നങ്ങൊളിച്ചു വസിക്കയും
ഗംഗാവല്ലഭൻതന്നെ സ്തുതിച്ചു നമിക്കയു-
മംഗജവൈരിയുടെ ഹ്യദയം തെളികയും
ചെന്നുടനൃഷഭത്തിൻമുകളിൽ കരയേറി-
യുന്നതമായീടുന്ന കകുദം പിടിക്കയും
പോന്നുടൻ ദൃക്കു പൊത്തിത്തൊട്ടുടൻ കളിക്കയും
മന്ദിരങ്ങളിൽച്ചെന്നങ്ങൊളിച്ചുകളിക്കയും
തരുക്കൾതന്നിലേറി ഫലങ്ങൾ പറിക്കയും.
… … …
14.8 യുദ്ധവൎണ്ണന
അപ്പോൾ ജയന്തൻ ജവേന പുറപ്പെട്ടു
കെല്പൊടു യുദ്ധം തുടൎന്നിതു ഘോരമായ്
അത്ഭുതമാമ്മാറു യുദ്ധങ്ങൾ ചെയ്കയാ-
ലുൾഭയത്തോടു ഗമിച്ചാരസുരകൾ
അന്നൊരു സേനാധിപന്മാർ നവജനം
ചെന്നെതിൎത്ത ീടിനാരിന്ദ്രസുതനോടു
മാരി ചൊരിയുന്നപോലെ ശരങ്ങളെ-
ക്കോരിച്ചൊരിഞ്ഞിതു വീരൻ ജയന്തനും.
വീരരാന്ദാനവന്മാരുമതുപോലെ
പാരാതെ ശസ്ത്രജാലങ്ങൾ തൂകീടിനാർ
സേനാപതികളാന്ദാനവവീരരും
ദീനതയോടുമൊഴിച്ചിതു പിന്നോക്കം
അന്നേരമാഹവ ഭാനു കോപാസുര-
നുന്നതബാണങ്ങൾ തൂകിത്തുടങ്ങിനാൻ.
വീരനാം ഭാനുകോപാസുരൻ തേരിലും
ഘോരമാമൈരാവതത്തിൽ ജയന്തനും
തങ്ങളിലുണ്ടായ സംഗരം ചൊല്ലുവാൻ
തുംഗനായ്‍വാഴുമനന്തനും ദണ്ഡമാം.
ഇങ്ങനെതന്നെ മരുവുന്ന നേരത്തു
മംഗലശീലൻ ജയന്തനും കോപേന
ദാനവൻതന്റെ രഥത്തെയും പൊട്ടിച്ചു
ദീനത കൂടാതെ കാർമുകം ഖണ്ഡിച്ചു
ഉല്ലാസമോടുടൻ മറ്റൊരു തേരേറി
വില്ലും കുലച്ചീടിനാൻ ദാനവൻ.
… … …
അന്നേരമൈരാവതവും വിരവോടെ
ചെന്നു പാഞ്ഞീടിനാൻ ദാനവൻതേരതിൽ
തേരും പൊടിഞ്ഞുടൻ ഭൂമൗ പതിച്ചപ്പോൾ
പാരിലാമ്മാറു ചാടീടിനാൻ ദാനവൻ.
നാൽക്കൊമ്പനാനയുമപ്പോഴേ കോപിച്ച-
ങ്ങൂക്കോടസുരന്റെ മസ്തകേ കുത്തിനാൻ
അപ്പോളസുരനും ശൃംഗം പിടിച്ചഥ
കെല്പോടു മസ്തകേ താഡിച്ചു സത്വരം
ശൃംഗം പിടിച്ചുപറിച്ചു വിരവൊടു
തിങ്ങിന കോപേന ഭൂതലേ തള്ളിനാൻ
പട്ടണമൊക്കെത്തകൎത്തു മടിയാതെ
കിട്ടിയ ദേവഗണങ്ങളേയുമവൻ
കഷ്ടമായ് കെട്ടിവലിച്ചുകൊണ്ടെന്നുതാൻ
താതനാം ശൂരപത്മാവിന്റെ മുമ്പിൽവ-
ച്ചാതങ്കഹീനം വണങ്ങി വിനീതനായ്.
സൂര്യനാരായണനെ സംബന്ധിച്ചു് മിസ്റ്റർ പി. കെ. തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൽ ഒരിടത്തു് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. “രാമൻ എന്നതു് എഴുത്തച്ഛന്റെ ഗുരുവായ ജ്യേഷ്ഠന്റെ നാമമാണെന്നുള്ള കാര്യത്തിൽ എനിക്കു തൎക്കം തോന്നാത്തതുകൊണ്ടു് സൂര്യനാരായണൻ അദ്ദേഹത്തിന്റെ ശിഷ്യനാണെന്നു് ഞാൻ വിചാരിക്കുന്നു. സൂര്യനാരായണൻ ഒരു മഹാൻ ആയിരുന്നു എന്നുള്ളതും നിൎവിവാദമാണു്. അദ്ദേഹം തന്നെയോ സാക്ഷാൽ എഴുത്തച്ഛൻ? ആവോ നിശ്ചയമില്ല.”
അല്പം മമ്പു് ഞാൻ ഉദ്ധരിച്ച ‘ഭാസ്വത്തുഞ്ചാഖ്യ’ എന്ന ചരമശ്ലോകം വല്ല കൃത്രിമികളും എഴുതി ഉണ്ടാക്കിയതല്ലെങ്കിൽ കാലത്തേ സംബന്ധിച്ച എന്റെ ഊഹം മാറ്റേണ്ടതായിവരുമെങ്കിലും എഴുത്തച്ഛന്റെ പേരിനെ സംബന്ധിച്ച സംശയം തീരുന്നു. സൂര്യനാരായണൻ തുഞ്ചത്തു് എഴുത്തച്ഛന്റെ ശിഷ്യനാണെന്നുള്ളതും തെളിയുന്നു. അതേ ഗ്രന്ഥത്തിൽതന്നെ,
“വിദ്വന്മാണിക്യം ശ്രീനാരായണാചാര്യവര്യൻ
അദ്വൈതസൎവസ്വമാം കൈവല്യനവനീതം
… … …
വിദ്യാനന്ദത്തോളമരുളി വിദേഹാഖ്യ
മുക്തിയും പ്രാപിച്ചോരുശേഷം തൽശിഷ്യനോടും
നിദ്രയിലെഴുന്നള്ളി അരുളിച്ചെയ്കയാലേ
വിദ്രുമേദ്യുക്തനായ സുശ്രീമാൎത്ത ാണ്ഡാചാര്യൻ
ഹൃദ്യവിദ്യാനന്ദവും ചമഞ്ഞു പൂരിച്ചോരു” …
ഇത്യാദി വരികളെ ഉദ്ധരിച്ചിട്ടു് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“ഇതിൽനിന്നു് ഞാൻ മനസ്സിലാക്കുന്നതു് വിദ്യാനന്ദമെന്ന വിഷയപ്രതിപാദനംവരെ കൈവല്യനവനീതം ശ്രീനാരായണാചാൎയ്യൻ സ്വശിഷ്യനുപദേശിച്ചശേഷം ചരമഗതിയെ പ്രാപിച്ചു എന്നും അനന്തരം മറ്റൊരാളെ ഉറക്കത്തിൽ സ്വപ്നം കാണിച്ചതനുസരിച്ചു് അവശിഷ്ഠഭാഗം ശ്രീമാൎത്ത ാണ്ഡാചാര്യൻ ഉപദേശിച്ചു പൂൎത്ത ിയാക്കിയെന്നും അങ്ങനെ മുഴുവനാക്കി എന്നുമാണു്. “വിദ്രുമേദ്യുക്തൻ” എന്നതിന്റെ അൎത്ഥ ം മനസ്സിലാകുന്നില്ല. വല്ല അപപാഠവും ആയിരിക്കാമെന്നു തോന്നുന്നു. ഇവിടെ ശ്രീമാൎത്ത ാണ്ഡാചാര്യൻ എന്നു പറഞ്ഞിരിക്കുന്നതു് സൂര്യനാരായണൻ എഴുത്തച്ഛനെപ്പറ്റിയല്ലല്ലോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അനുബന്ധശ്ലോകത്തിൽ എഴുത്തച്ഛനെ സ്തുതിച്ചു കാണുകയാൽ ഈ ഊഹത്തിനു കൂടുതൽ അവകാശമുണ്ടാകുന്നു. എന്റെ ഊഹം ഭദ്രമാണെങ്കിൽ സൂര്യനാരായണാചാര്യരും തുഞ്ചത്തെഴുമാര്യപാദരും പ്രത്യേകം പരാമൎശിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് രണ്ടുപേരും രണ്ടാൾതന്നെ ആവണമെന്നു നിൎബ ന്ധമില്ലതാനും.” ഇവിടെ അനുബന്ധം എന്നു പറഞ്ഞിരിക്കുന്നതു്
‘സാനന്ദരൂപം സകലപ്രബോധം
ആനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൗമി തുഞ്ചത്തെഴുമാര്യപാദം.’
എന്ന ശ്ലോകത്തെ ഉദ്ദേശിച്ചാണു്. മിസ്റ്റർ പി. കെ. ഉദ്ധരിച്ച ഭാഗം കൊല്ലം ശ്രീരാമവൎമ്മപ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള കൈവല്യനവനീതത്തിൽനിന്നാണു്. അതിന്റെ അന്ത്യഭാഗം സൂക്ഷിച്ചു വായിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിനു് ഇങ്ങനെ ഒരു സംശയമേ ഉണ്ടാവുകയില്ലായിരുന്നു. റഡ്യാരുടെ പാഠം കുറേക്കൂടെ വ്യക്തമാണു്. അതിൽ വിദ്രുമേദ്യുക്തൻ എന്നതിന്റെ സ്ഥാനത്തു് വിശ്രമോദ്യുക്തൻ എന്നാണു കാണുന്നതു്. അൎത്ഥ വും വിശദമാകുന്നുണ്ടു്. പക്ഷേ, ആചാര്യന്റെ പേരു് തടിത്താണ്ഡവസ്വാമി എന്നായതുകൊണ്ടു് ‘വിദ്യുദിത്യക്തനായ’ എന്നായിരിക്കാം ശുദ്ധപാഠമെന്നു തോന്നുന്നു. കൈവല്യനവനീതത്തിന്റെ അവസാനഘട്ടത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടു്.
ധന്യനായ്‍വന്നേനഹമുത്തരീയം വീയുന്നേൻ
ധന്യധന്യൻ ഞാനഹോ താണ്ഡവം ചെയ്തീടുന്നേൻ
തത്വജ്ഞാനോദയാനന്ദാനുഭൂതിയാലിവൻ
നൎത്ത നംചെയ്യുമെന്നതറിഞ്ഞു മുമ്പേതന്നെ
സത്യമാകയാലല്ലോ തണ്ഡവനാമമിട്ടോ-
രുത്തമപിതാക്കന്മാർ മാഹാത്മ്യമത്യത്ഭുതം.
ഇതിൽനിന്നു് കൈവല്യനവനീതം എന്ന തമിഴ്‍കൃതിയുടെ കൎത്ത ാവു് താണ്ഡവനാമാവായ ആചാര്യരാണെന്നു സിദ്ധം.
അരുണാചലസ്വാമികളുടെ ‘ഉര’യോടുകൂടിയ കൈവല്യനവനീതത്തിന്റെ ആരംഭ-ത്തിൽ
‘താണ്ടവമൂൎത്ത ിചുവാമികൾ ചെയ്ത കൈവല്ലിയനവനീതമൂലമും പിറൈയാറു അരുണാചലചുവാമികൾ ഇയററിയ ഉരൈയും’ എന്നു പറഞ്ഞിരിക്കയും ചെയ്യുന്നു. അതുകൊണ്ടു് ‘സുശ്രീമാൎത്ത ാണ്ഡാചാര്യൻ’ എന്നതിനെ ശ്രീമാൎത്ത ാണ്ഡാവാചാര്യൻ എന്നു തിരുത്തിയാൽ പാഠം ശരിയാകും. തൎജ്ജ മ ചെയ്തതു് വേറൊരാളാണെന്നു് മുമ്പു് ഉദ്ധരിച്ചിട്ടുള്ള വരികളുടെ പിന്നാലെ ചേൎത്ത ിരിക്കുന്ന വാക്കുകളിൽ നിന്നു സ്പഷ്ടവുമാണു്.
സജ്ജനകൃപകൊണ്ടു് കേവലമേവം ചൊന്നോ-
രിജ്ജനത്തിനു ചെറ്റും പാണ്ഡിത്യമില്ലെങ്കിലും
സജ്ജനം ക്ഷമിച്ചനുഗ്രഹിച്ചാലതുതന്നെ-
യിജ്ജനത്തിനു മുഖ്യതാൽപര്യമെന്നു നൂനം.
അതായതു് ശ്രീതാണ്ഡവാചാര്യർ രചിച്ചതായ കൈവല്യ നവനീതത്തെ അപണ്ഡിതനായ ഞാൻ സജ്ജനകൃപകൊണ്ടു് ഇങ്ങനെ ഭാഷയിലാക്കി എന്നൎത്ഥ ം.
അനുബന്ധശ്ലോകം കിളിപ്പാട്ടുകളുടെ അവസാനത്തിൽ സാധാരണ ചൊല്ലാറുണ്ടായിരുന്ന ഒരു പദ്യമാണു്. ഇനി ഭാഷാകൈവല്യനവനീതത്തിന്റെ കൎത്ത ാവാരെന്നുകൂടി അറിഞ്ഞാൽ നമ്മുടെ സംശയം തീൎന്നു. അതു് കുടിയംകുളം ശുപ്പുമേനോന്റെ കൃതിയാണെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. ഈ അറിവു് അദ്ദേഹത്തിനു് എവിടെനിന്നു ലഭിച്ചു എന്നു് അറിഞ്ഞുകൂട. എതിരായ തെളിവുകൾ കിട്ടാത്തിടത്തോളം കാലം നമുക്കും അങ്ങനെ തൽക്കാലം വിശ്വസിക്കാം.
എഴുത്തച്ഛനേപ്പറ്റിയും മറ്റും അനേക ഗവേഷണങ്ങൾ നടത്തി പലതും കണ്ടുപിടിച്ചു വെച്ചിരിക്കുന്നു എന്നു് അഭിമാനിക്കുന്ന ശ്രീമാൻ പുതുക്കുളങ്ങര രാമചന്ദ്രമേനോൻ കോപ്പ സ്വാമികളേപ്പറ്റി പറയുന്നിടത്തു് ആ സ്വാമികൾ എഴുത്തച്ഛന്റെ സമാധിക്കു ശേഷം എട്ടു കൊല്ലംകൂടി ജീവിച്ചിരുന്നിട്ടു് ൭൪൦-ൽ മരിച്ചുവെന്നു പറയുന്നു. അപ്പോൾ ഭാസ്വത്തുഞ്ചാഖ്യാദിചരമപദ്യത്തിലെ കലിസംഖ്യ ശരിയായിരിക്കണം. പക്ഷേ എഴുത്തച്ഛൻ കോപ്പസ്വാമികളുടെ അപേക്ഷ അനുസരിച്ചു് ഉത്തരരാമായണം ചമച്ചു എന്നു കാണിച്ചു് ഉപന്യസിച്ചിരിക്കുന്ന ഭാഗം വായിക്കുമ്പോൾ അദ്ദേഹം പറഞ്ഞിട്ടുള്ളതിനെ പൊതുവേ അവിശ്വസിക്കാനും തോന്നിപ്പോകുന്നു. എഴുത്തച്ഛന്റെ ഹസ്തലിഖിതമായ ഉത്തരരാമായണവും അദ്ദേഹത്തിന്റെ കൈവശമുണ്ടത്രേ. അദ്ദേഹം പറയുന്നതിനെ മുഴുവനും ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടേ.
“ഈ മന്നവൻ കവിയാണത്രേ എഴുത്തച്ഛന്റെ ഉത്തരരാമായണം കിളിപ്പാട്ടിനു മാർഗ്ഗദൎശി. അദ്ധ്യാത്മരാമായണം മുഴുവനും വായിച്ചു കഴിഞ്ഞ ശേഷം ആനന്ദാത്ഭുതപരവശനായിച്ചമഞ്ഞ കോപ്പസ്വാമികൾ ഉത്തരരാമായണവും അപ്രകാരംതന്നെ കിളിപ്പാട്ടാക്കി കൊടുപ്പാൻ പ്രാൎത്ഥ ിച്ചുവത്രേ. “ആദ്യം കോപ്പ എഴുതു; പിന്നീടാവാം ഞാനെഴുതുന്നതു്” എന്നാണത്രേ ഗുരു മറുപടി പറഞ്ഞതു്. ഗുരുവിന്റെ ആജ്ഞ അനുസരിച്ചാണു് മന്നവൻ കവി എഴുതീട്ടുള്ളതെന്നു് അതിലെ അവസാനഭാഗംകൊണ്ടു് മനസ്സിലാക്കാം. മന്നവൻ കവി കോപ്പസ്വാമികൾതന്നെ ഗുരുനാഥനെ വായിച്ചു കേൾപ്പിച്ചപ്പോൾ വാത്സല്യനിധിയായ ഗുരു രോമാഞ്ചകഞ്ചുകിതനായിത്തീൎന്നു വത്രേ. ഇതിനു ശേഷമാണു് എഴുത്തച്ഛൻ ഉത്തരരാമായണം കിളിപ്പാട്ടെഴുതിയതു്. എഴുത്തച്ഛന്റെ ഹസ്താക്ഷരത്തിലുള്ള ഉത്തരരാമായണം കിളിപ്പാട്ടു് എന്റെ അന്വേഷണത്തിൽ കണ്ടെത്തീട്ടുമുണ്ടു്.”
14.9 കവി
മന്നവനും മൈഥിലിയെ വെടിഞ്ഞ ശേഷം
മാതാക്കൾ താനുമായിട്ടിരുന്നകാലം
ജാനകിയും ഋഷിതന്റെ ആശ്രമത്തിൽ
ജന്മമതായിരിക്കുന്നാൾ ഭക്തിയോടു്
മന്നവനെ വേറിട്ടു ജാനകിയും
മഹർഷിക്കു പൂപറിച്ചങ്ങിരുന്നകാലം
അന്നരസം പകൎന്നു തല്ലോ
അവൾക്കു ഗൎഭംതികഞ്ഞു പത്തു മാസവുമായി.
… … …ഇത്യാദി.
ഈ കവിത അഥവാ പദ്യങ്ങൾ വായിച്ചു കേട്ടപ്പോൾ എഴുത്തച്ഛൻ രോമാഞ്ചകഞ്ചുകിതനായിത്തീൎന്നു പോയെന്നുള്ളതു വാസ്തവമെങ്കിൽ—ഒന്നുകിൽ എഴുത്തച്ഛന്റെ ശിഷ്യവാത്സല്യം അദ്ദേഹത്തിനെ അന്ധനാക്കിത്തീൎത്ത ിരിക്കണം; അല്ലെങ്കിൽ അദ്ദേഹത്തിനു് കവിതാരസം അനുഭവിക്കുന്നതിനുള്ള ശക്തി ഇല്ലായിരുന്നു എന്നു വരണം. ഇതു രണ്ടും വിശ്വസിക്കാൻ പ്രയാസമാണു്. പരമാൎത്ഥ ം പറയുന്നതായാൽ ഇതു് കവിത എന്ന പേരിനുപോലും അൎഹിക്കുന്നില്ല. എഴുത്തച്ഛൻ അധ്യാത്മരാമായണം വിവൎത്ത നംചെയ്തതിനുശേഷം എന്തിനു് കണ്ണശ്ശന്റെ ഉത്തരരാമായണത്തെ ഭാഷാന്തരംചെയ്തു എന്നു മനസ്സിലാക്കാനും വിഷമമായിരിക്കുന്നു. ഉത്തരരാമായണം കണ്ണശ്ശകൃതിയുടെ നിഴലു പടിച്ചു രചിക്കപ്പെട്ടതാണെന്നു് മി: പി. കെ. നാരായണപ്പിള്ള അവർകൾപോലും സമ്മതിക്കുന്നുമുണ്ടു്. ഗുരുവിന്റെ ആജ്ഞ അനുസരിച്ചാണു് മന്നവൻ കവിത എഴുതീട്ടുള്ളതെന്നു് മി. മേനോൻ പറയുന്നു. ഏതു ഗുരുവിന്റെ? എഴുത്തച്ഛന്റെ ആജ്ഞ അനുസരിച്ചാണെങ്കിൽ ആ ഭാഗം എന്തുകൊണ്ടു ഉദ്ധരിച്ച സംശയനിവൃത്തി ഉണ്ടാക്കിയില്ല? ഇതൊന്നുമല്ല രസം. കോപ്പസ്വാമികൾ എഴുത്തച്ഛന്റെ ചരിത്രവും രേഖപ്പെടുത്തീട്ടുണ്ടത്രേ. ഇതൊക്കെ ഒരു മായാപ്രപഞ്ചംപോലെ തോന്നുന്നു. ഭാസ്വത്തുഞ്ചാഖ്യേതി പദ്യംപോലും കൃത്രിമമല്ലേ. ആൎക്കറിയാം? ഏതായിരുന്നാലും സംശയനിവാരണത്തിനായി നമുക്കു് അദ്ദേഹത്തിന്റെ ‘എഴുത്തച്ഛന്റെ ജീവചരിത്രം’ വെളിയിൽ വരുന്നതുവരെ ക്ഷമാപൂർവം കാത്തിരിക്കാം. ശരിയായ വിവരങ്ങൾ ലഭിക്കുന്നുവെങ്കിൽ കേരളീയരെല്ലാം അദ്ദേഹത്തിനോടു് കൃതജ്ഞതയുള്ളവരായിരിക്കുമെന്നു് സംശയിപ്പാനുണ്ടോ?
14.10 ഗോപാലനെഴുത്തച്ഛൻ
ഇദ്ദേഹത്തിന്റെ കൃതിയായി പാൎവതീസ്വയംബരം എന്നൊരു കിളിപ്പാട്ടുള്ളതായി ഭാഷാചരിത്രകൎത്ത ാവു പറയുന്നു. ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളതു് തീൎച്ചയായും അദ്ദേഹത്തിന്റേതല്ല. അതു് ബ്രഹ്മാണ്ഡപുരാണം, സ്കന്ദപുരാണം എന്നീ കൃതികളോളം പ്രസിദ്ധവുമല്ല.
എഴുത്തച്ഛനെ അനുകരിച്ചു് പലരും ഇക്കാലത്തു് കിളിപ്പാട്ടുകൾ രചിക്കാൻ തുടങ്ങി. അവയിൽ പലതും നശിച്ചുപോയി. ഒട്ടു വളരെയെണ്ണം അനഭ്യസ്തവിദ്യരായ ജനങ്ങളുടെ ഇടയിൽ ഇപ്പോഴും പ്രചരിച്ചുകൊണ്ടുതന്നെ ഇരിക്കുന്നുമുണ്ടു്.
14.11 വീരകേരളവൎമ്മതമ്പുരാൻ
പാട്ടുകൾ എഴുതി ഭാഷയെ പോഷിപ്പിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിനു് അത്യുന്നതമായ ഒരു സ്ഥാനം നല്കാം. മുകിലന്റെ ആക്രമണകാലത്തു് കൊല്ലവർഷം ൮൫൯-ാമാണ്ടിടയ്ക്കു് ഉമയമ്മറാണിയുടെ സഹായാൎത്ഥം വടക്കൻകോട്ടയത്തു നിന്നും തിരുവിതാംകൂറിൽ വന്നു താമസം തുടങ്ങിയ ഈ മഹാൻ ശസ്ത്രവിദ്യയിലെന്നപോലെ തൂലികാപ്രയോഗത്തിലും അതിചതുരനായിരുന്നു എന്നുള്ളതിനു് കേരളവൎമ്മരാമായണം എന്ന പേരിൽ അറിയപ്പെടുന്ന വാല്മീകിരാമായണംതൎജ്ജ മ സാക്ഷ്യം വഹിക്കുന്നു. പദാനുപദതൎജ്ജ മയല്ലെങ്കിലും, മൂലത്തിലെ സരസമായ ഭാഗങ്ങളൊന്നുംതന്നെ ഇതിൽ വിട്ടുകളഞ്ഞിട്ടില്ല. ഭാഷയെ സംസ്കൃതത്തിന്റെ പിടിയിൽ നിന്നും പൂൎണ്ണമായി മോചിപ്പിക്കാൻ അദ്ദേഹം ചെയ്തിട്ടുള്ള ശ്രമം സൎവഥാ ഫലിച്ചിട്ടുണ്ടെന്നു പറയാം. അൎത്ഥ പുഷ്ടിയിലെന്നപോലെ ശബ്ദഭംഗിയിലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടു്. മുകിലന്റെ ആക്രമണത്തിൽനിന്നു് വഞ്ചിഭൂമിയെ രക്ഷിക്കയും ആഭ്യന്തരകലഹങ്ങളും ഛിദ്രങ്ങളും ഒതുക്കുകയും ചെയ്തിട്ടു് രാജശക്തിയെ വൎദ്ധിപ്പിച്ച ഈ വീരാഗ്രണി രാമായണാദിഗ്രന്ഥങ്ങൾ നിർമ്മിച്ച കാലത്ത് ഏതാണ്ടു് ഒരു വിരക്തന്റെ അവസ്ഥയെ പ്രാപിച്ചു എന്നു തോന്നുന്നു. രാമായണത്തിന്റെ പ്രാരംഭത്തിലുള്ള വരികൾ നോക്കുക.
ചഞ്ചലമായുള്ളോരോ വിഷയാദികൾതന്നെ
നെഞ്ചകംതന്നിൽ വൃഥാ ചിന്തിച്ചങ്ങുഴലാതെ
ചഞ്ചലാക്ഷിമാരുടെ പുഞ്ചിരിവിലാസവും
വഞ്ചനമയമായ കൊഞ്ചലോടാലാപവും
പഞ്ചസായകശാസ്ത്രം മിഞ്ചിയും പഠിക്കുന്ന
ചഞ്ചലാപാംഗങ്ങടെ മഞ്ജുളഭാവാദിയും
അഞ്ചമ്പൻമലർവില്ലിൻഭംഗിയെക്കെടുക്കുന്ന
കുഞ്ചിതകുനുചില്ലിവല്ലികൾവിലാസവും
അഞ്ജനാഞ്ചിതമായ ഖഞ്ജനനേത്രങ്ങളും
മഞ്ചാടിനിറം കൊള്ളും ചെഞ്ചോരിവായ്മലരും
തേഞ്ചോടുമരവിന്ദം ചാഞ്ചാടും വദനവും
പഞ്ചമിച്ചന്ദ്രനാഭ വഞ്ചിക്കും നിടിലവും
ചഞ്ചളീകങ്ങൾപോലെ ചഞ്ചത്തോരളകവും
അഞ്ചൽക്കാർനിറം കൊള്ളും കുഞ്ചിതകേശങ്ങളാൽ
കിഞ്ചന കാണുമാറു ബന്ധിച്ച കുസുമവും
കുഞ്ജരകുംഭമദം ഭഞ്ജിക്കും മുലകളിൽ
പഞ്ചവൎണ്ണങ്ങളായ കഞ്ചുകമണിഞ്ഞതും
കഞ്ചുകിവരപോലെ സുന്ദരരോമാളിയും
പൂഞ്ചേലയുടെ മീതെ കാഞ്ചികൾ ബന്ധിച്ചതും
അഞ്ചമ്പൻ മണിപ്പീഠം കൊഞ്ചുന്ന ജഘനവും
പഞ്ചസായകൻ തന്റെ നെഞ്ചകമലിയുന്ന
മഞ്ജുളത്തുടകളും കുഞ്ജരനടകളും
പൊഞ്ചിലമ്പണി നല്ല മിഞ്ചുകാല്ക്കണയാഴി
ചെഞ്ചമ്മേയണിയുന്ന സുന്ദരിമാരേക്കണ്ടു
കിഞ്ചനനേരംപോലും നെഞ്ചകം തളരാതെ
ചഞ്ചലധനധാന്യകാഞ്ചനവിഭൂഷണം
മഞ്ചവുമുപധാനം മിഞ്ചീടും പട്ടുമെത്ത
മഞ്ജുളതരമായ മന്ദിരമെന്നുമേവം
തഞ്ചുകകൊണ്ടു മനം കഞ്ചതമാകയാലേ
പഞ്ചവായുക്കൾകൊണ്ടു വഞ്ചന വരുത്തിയും
ചഞ്ചലം വെടിഞ്ഞു ഞാനഞ്ജസാ വിഷയങ്ങൾ
നഞ്ചെന്നുകണ്ടു സദാ സന്തുഷ്ടമനമോടെ
തഞ്ചരണാബ്ജസേവാ സഞ്ചരിക്കുന്നെന്നതിൻ…
മൂലകഥയെ അതേ മട്ടിൽ തൎജ്ജ മ ചെയ്യുന്നതിനോ ദേവഗുഹ്യങ്ങളായി ഗോപ്യങ്ങളായിരിക്കുന്ന തത്വങ്ങളെ വെളിവാക്കുവാനോ കവി ഉദ്ദേശിച്ചിട്ടില്ല.
നല്ലൊരു ഗുരുചൊല്ലി മിക്കതുമറിഞ്ഞേൻ ഞാൻ
ആവോളം വെളിവാക്കിച്ചൊല്ലുവാൻ പല ദിക്കിൽ
എന്നും,
മൂലത്തിലുള്ള കഥയൊട്ടുമേയൊഴിയാതെ
ചാലവേ പറവഞ്ഞാൻ ഗ്രന്ഥവിസ്തരത്തോടെ
ശബ്ദാൎത്ഥ ാലങ്കാരങ്ങൾ പാരമായ് ദീക്ഷിച്ചീല
ഗൂഢമായുള്ള പൊരുൾ മൂഢൎക്കു തിരിയുമാ-
റൂഢവൈശദ്യമായിച്ചൊല്ലുവൻ മടിയാതെ.
എന്നും കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടു്.
കേരളവൎമ്മതമ്പുരാൻ ഒരു വാസനാകവി ആയിരുന്നു എന്നു് ഈ ഗ്രന്ഥത്തിന്റെ ഏതു ഭാഗം നോക്കിയാലും കാണാം. മൂലാതിശായിയായ ഭാഗങ്ങൾ പലേടത്തുമുണ്ടു്. രാമചന്ദ്രൻ ശിവധനുസ്സു ഭഞ്ജിക്കുന്ന ഭാഗം മൂലത്തിൽ ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
ലീലയാ സ ധനുൎമ്മദ്ധ്യേ
ജഗ്രാഹ വചനാന്മുനേഃ
ആരോപയിത്വാ ധൎമ്മാത്മാ
പൂരയാമാസ തദ്ധനുഃ
തദ്ബഭഞ്ജ ധനുൎമ്മധ്യേ
നരശ്രേഷ്ഠോ മഹാശയഃ
14.12 തൎജ്ജമ
‘ചൊല്ലേറും വീരന്മാരേ വെല്ലുന്ന രഘുപതി-
യെല്ലാരും മഹാജനും കൂടിയ സഭയീന്ന-
ങ്ങുല്ലാസത്തോടുകൂടി വില്ലിനെയെടുത്തുടൻ
വല്ലഭമുള്ള രാമൻ കണ്ണിമയ്ക്കുന്ന മുമ്പേ
കല്യാണകരം നല്ല വില്ലിനെക്കുലയേറ്റി
നെഞ്ചകംതന്നിൽ ഗുരുതഞ്ചരണങ്ങൾ നിന-
ച്ചഞ്ചിതമായ വില്ലും ധരിച്ചു ജനമധ്യേ
ചഞ്ചലകന്നവൻ തഞ്ചത്തിൽ പറ്റിത്താണു
പുഞ്ചിരി കലൎന്നു ടൻ വലിച്ചു കുലച്ചഥ
സച്ചിദാനന്ദമൂൎത്ത ിയായവൻ രാമദേവൻ
വെച്ചിതു വലംതോളിൽ വിസ്മയം തോന്നുംവണ്ണം
കൈതവം കളഞ്ഞേറ്റം കൈവല്യം തരുന്നവൻ
കൈഞരമ്പെടുത്തില്ല ഭാവവും പകർന്നില്ല.
എട്ടു ദിക്കുകൾ ഭൂമി ദിഗ്ഗജവരന്മാരും
ദുഷ്ടരാക്ഷസകുലം ഞെട്ടുമാറതുനേരം
പൊട്ടിച്ചാൻ ശരാസനം പെട്ടെന്നു പിടിയൂടെ
കല്പാന്തേ ഭീമമായി വെട്ടുന്നോരിടിപോലെ
വട്ടവാൎമുലയാളാം ജാനകിദേവിക്കുള്ളിൽ
ഇഷ്ടമേറുന്നവാറു കേട്ടിതു ജഗത്തിങ്കൽ.’
പരശുരാമനും രാമചന്ദ്രനും തമ്മിൽ കണ്ടുമുട്ടുന്ന ഘട്ടത്തെ കവി അതിസരസമായി വൎണ്ണിക്കുന്നു. ഭാൎഗ്ഗവരാമൻ,
പത്തുരണ്ടൊരു വട്ടം ക്ഷത്രിയകുലത്തെ ഞാൻ
ഇപ്പരശുവെക്കൊണ്ടു വെട്ടിയിട്ടൊതുക്കിയ-
തൊക്കെയും മനക്കാമ്പിൽ ചെറ്റുമില്ലയോ ബാല
എന്നു് അധിക്ഷേപിച്ചപ്പോൾ, ശ്രീരാമനാകട്ടെ, ‘സുന്ദരമയുള്ളോരു മന്ദഹാസവും ചെയ്തു’കൊണ്ടു ചോദിക്കുന്നു.
“അസത്യവചനങ്ങൾ മുനിമാർ പറയുമോ?
അടിയനുണ്ടിങ്ങൊരു സംശയം മുനിവര
അരുളിച്ചെയ്തിടേണം കരുണാജലനിധേ
രാജന്യകുലമൊക്കെയൊടുക്കിയല്ലോ ഭവാൻ
രാമനെന്നുള്ള ഞാനിന്നെവിടുന്നുണ്ടായ്‍വന്നു?”
അതു കേട്ടു കോപിഷ്ഠനായ മുനി ഇങ്ങനെ ഭൎത്സ ിക്കുന്നു.
“നിന്നുടെ പരാക്രമം കേട്ടിരിക്കുന്നു രാമ
മുന്നമേതന്നെ വില്ലുമമ്പുമായ്‍പുറപ്പെട്ടു
പെൺകൊല ചെയ്താനേറ്റം നന്നെടോ നിരൂപിച്ചാൽ.
അതിലും വയസ്സുകൾ പെരികെച്ചെന്നു തന്റെ
പതിയും മരിച്ചുപോയ്‍വിപിനേ നടക്കുമ്പോൾ
അധികം നന്നു ശൗര്യം താടകയായീടുന്നോ-
രവളെക്കൊന്നു ബാഹുവീര്യവും കാട്ടിയല്ലോ”
എന്നിട്ടും കുലുങ്ങാതെ രാമചന്ദ്രൻ പറയുന്ന വാക്കുകളുടെ നിശിതത്വം നോക്കുക.
“ഒന്നിനിക്കുണ്ടു വിഷാദം മുനേ നിരൂപിച്ചാൽ
അമ്മയല്ലാതെ പോയീ താടകയിനിക്കേതാൻ”
പിന്നീടുണ്ടായ വാക്സമരത്തിലും ഭാൎഗ്ഗവരാമനുതന്നെ തോൽവി സംഭവിക്കുന്നു.
‘രാജന്യകുലത്തിങ്കലധമനായ നിയ്യി-
ന്നോരോന്നേ പറയുന്നതെന്തിന്നു ജളമതേ?’
എന്നു പരശുരാമൻ. അതിന്നു രാമൻ പറയുന്ന മറുപടി കേൾക്കുക.
അടിയൻ നൃപന്മാരിലധമൻതന്നെയെന്നാൽ
വടിവിൽ വിളങ്ങുന്ന നിന്തിരുവടിതന്നെ
ആരണവരനായിട്ടായുധം ധരിക്കയാൽ
പാരമായ് ശോഭിക്കുന്നു ബ്രാഹ്മണ്യം തനിക്കിപ്പോൾ.
ഇത്രയുമായപ്പോൾ ‘ഉന്നതകോപം’ പൂണ്ട ഭാർഗ്ഗവൻ ‘വെണ്മഴുകൊണ്ടു രാമകന്ധരം മുറിക്കുന്നു’ണ്ടെന്നു പറഞ്ഞുകൊണ്ടു് അടുത്തപ്പോൾ,
നെഞ്ചകംതന്നിലേതും ചഞ്ചലമിയലാതെ
പുഞ്ചിരിയോടും കൂടി കഞ്ജലോചനൻ ചൊന്നാൻ:
സ്വാധീനമല്ലേ, രാമശിരസ്സും പരശുവു-
മാധികൂടാതെ ചെയ്യുന്നാകിലും മുനേ കൊള്ളാം
എന്നുടെയനുവാദമെന്തിനു വേണ്ടതിപ്പോൾ?
നിന്തിരുവടിചെയ്താലെന്തിനിക്കതുകൊണ്ടു്
ഈ ഭാഗം മൂലത്തിലുള്ളതല്ല; കേവലം കവികല്പിതമാകുന്നു.
ദശരഥമഹാരാജാവു് കൈകേയിയുടെ പ്രേരണയാൽ രാമനേ വനത്തിലേയ്ക്കു് അയയ്ക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ ലക്ഷ്മണനുണ്ടായ ഭാവപ്പകൎച്ച കവി എത്ര സാരമായ് വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക.
കടുകനൽപോലെ ചുവന്ന കണ്ണുമായ്
ചുടുചുടക്കണ്ണീരൊഴുക്കിയുംകൊണ്ടു
തുടച്ചു നാസകയ്ക്കിരുപുറം തദാ
കുടിലമായുള്ള പുരികമേറ്റവും.
പിടച്ചു നെറ്റിമേൽ ഞരമ്പുകളെല്ലാം
വിറച്ചധരവും ചുവന്നിതാനനം
കടുത്തുള്ള വാക്യം കടുകടച്ചൊന്നാൻ.
തൎജ്ജ മയുടെ സ്വഭാവം അറിയണമെങ്കിൽ അയോധ്യാകാണ്ഡത്തിൽ ‘കൈകേയീനിവൎത്ത നപ്രയാസം’ എന്ന പന്ത്രണ്ടാംസൎഗ്ഗത്തിന്റെ വിവൎത്ത നം നോക്കിയാൽ മതി. എഴുത്തച്ഛന്റെ രീതിയിൽ സരസമായ അംശങ്ങളെ പരത്തിയും അല്ലാത്തവയെ ചുരുക്കിയും എഴുതിയിരിക്കുന്നതിനാൽ ഇതുവെറും തൎജ്ജ മയാണെന്നു് ആരും പറയുകയില്ല. ഉദാഹരണാൎത്ഥ ം മൂലത്തിലെ ഏതാനും പദ്യങ്ങളും അവയുടെ തൎജ്ജ മയും താഴെ ചേൎത്തു കൊള്ളുന്നു.
ന കഥാചിദൃതേ രാമാദ് ഭരതോ രാജ്യമാവസേൽ
രാമാദപി ഹിതം മന്യേ ധൎമ്മതോ ബലവത്തരം
കഥം ദ്രക്ഷ്യാമി രാമസ്യ വനം ഗച്ഛേതി ഭാഷിതേ
മുഖവൎണ്ണം വിവൎണ്ണം തം യഥൈവേന്ദുമുപപ്ലുതം
താം ഹി മേ സുകൃതാം ബുദ്ധിം സുഹൃദ്ഭിഃ സഹ നിശ്ചിതാം
കഥം ദ്രക്ഷ്യാമ്യപാവൃത്താം പരൈരിവ ഹതാം ചമും
കിം മാം വക്ഷ്യന്തി രാജാനോ നാനാദിഗ്ഭ്യഃ സമാഗതാഃ
ബാലോ ബതായമക്ഷ്വൈാകാശ്ചിരം രാജ്യമകാരയൽ
യഥാ തു ബഹവോ വൃദ്ധാ ഗുണവന്തോ ബഹുശ്രുതാഃ
പരിപ്രക്ഷ്യന്തി കാകുത്സ്ഥം വക്ഷ്യാമി കിമഹം തദാ
കൈകേയ്യാ ക്ലിശ്യമാനേന പുത്രഃ പ്രവ്രാജിതോ മയാ
യദി സത്യം ബ്രവീമ്യേദത്തദസത്യം ഭവിഷ്യതി
കിം മാം വക്ഷ്യതി കൗസല്യാ രാഘവേ വനമാസ്ഥിതേ
കിഞ്ചൈനാം പ്രതിവക്ഷ്യാമി കൃത്വാ വിപ്രിയമീദൃശം
യദാ യദാ ച കൗസല്യാ ദാസീവച്ച സഖീവ ച
ഭാര്യാവദ്ഭഗിനീവച്ച മാതൃവച്ചോപതിഷ്ഠതി
സതതം പ്രിയകാമാ മേ പ്രിയപുത്രാ പ്രിയംവദാ
ന മയാ സൽകൃതാ ദേവീ സൽക്കാരാർഹാ കൃതേ തവ
ഇദാനീം തത്തപതി മാം യന്മയാ സുകൃതം ത്വയാ.
14.13 ഭാഷ
വരതനോ നിന്റെ നിരൂപണമിതു
ഭരതന്നു കൂടി ഹിതമാകയില്ല.
ഭരതനുത്തമൻ രഘുവരനേക്കാൾ
ചരിതങ്ങൾകൊണ്ടും ഗുണങ്ങളെക്കൊണ്ടും
പതിസുതൻ ലോകരിവൎക്കെല്ലാവൎക്കു ം
ഹിതമല്ല ചെറ്റുമിതെങ്ങു നിർണ്ണയം.
നിനക്കുതന്നെയുമൊടുക്കം തോന്നീടും
പിഴച്ചിതെന്നതു മനസ്സിൽ വല്ലഭേ.
പ്രജകൾ മന്ത്രികൾ പുരോഹിതന്മാരു-
മൊരുമിച്ചു കൂടി നിരൂപിച്ച കാര്യം
തിരിച്ചുവയ്ക്കുമ്പോൾ മഹാലോകരെല്ലാം
മഹാപവാദത്തെപ്പറകയുംചെയ്യും
ഇതു സത്യമെന്നു നിനച്ചു ചെയ്യുമ്പോ-
ളതിയായിട്ടുള്ളോരപകീൎത്ത ിയുണ്ടാം.
മഹാജനം രാമൻ പിഴച്ചതെന്തെന്നു
മടിയാതെ ചോദിപ്പളവു കൈകേയീ
അവരോടെന്തു ഞാൻ പറയുന്നതയ്യോ?
അപരാധിമില്ലാതൊരുമകനോടു-
ങ്ങടവിയിൽ പോവാൻ പറയുന്നനേരം
അവൻമുഖാംബുജം കറുത്തുകാണുമ്പോൾ
മരിക്കയല്ലയോയിനിക്കു നല്ലതും?
ഹരഹരയിതിൽപരമുണ്ടിന്നിയും
ശിവ ശിവ കണ്ടാൽ പൊറുക്കുന്നെങ്ങനെ
ജലജലോചനൻ ജനമനോഹരൻ
ജലദശ്യാമളൻ വനേ ഗമിക്കുമ്പോൾ
ജലകണം കണ്ണീന്നൊഴുകി ദീനയായ്
ജനകനന്ദനാ കരഞ്ഞുവീഴ്കയും
ജനനി കൗസല്യ ഭുവി പതിക്കയും
ജനപദേശന്മാർ മുറവിളിക്കയും
ജരാനരവന്ന നൃപതിക്കിന്നിയും
ജയം കണ്ടില്ലേതും വിഷയാദികളിൽ
ജഗൽപതി മായാവിചിത്രമല്ലയോ?
ജളത കണ്ടാലുമിവനുടെയെന്നു
ജനങ്ങൾ നിന്ദിച്ചു പറഞ്ഞിരിക്കയും
ജഗത്തിലെല്ലാരും പരിഹസിക്കയും
ജനകരാജൻകേട്ടതിപീഡിക്കയും
ജനനിമാർ മനം കലങ്ങിയിട്ടൂണു-
മുറക്കംകൂടാതെ വ്യഥിച്ചിരിക്കയും
ഇതൊക്കെയുംകണ്ടങ്ങിരിക്കുന്നതെങ്ങനെ?
മികച്ച പാതകി വചിക്ക നീയിപ്പോൾ
രാമചന്ദ്രനേയും വഹിച്ചുകൊണ്ടു് വനത്തിലേക്കു പുറപ്പെട്ട രഥം പൊടിപടലാദികളാൽ മറയുന്നതുവരെ ദശരഥൻ നോക്കിക്കൊണ്ടു നിന്നു. പ്രിയപുത്രൻ മറഞ്ഞ മാത്രയിൽ അദ്ദേഹം നിലംപതിച്ചു. ആ ഘട്ടത്തെ വാല്മീകി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
ന പശ്യതി രജോപ്യസ്യ യദാ രാമസ്യ ഭൂമിപഃ
തദാൎത്ത ശ്ച വിഷണ്ണശ്ച പപാത ധരണീതലേ
തസ്യ ദക്ഷിണമന്വാഗാൽ കൗസല്യാ ബാഹുമങ്ഗനാ
വാമം ചാസ്യാന്വഗാദ് ബാഹും കൈകേയീ ഭരതപ്രിയാ
താം നയേന ച സമ്പന്നോ ധൎമ്മേണ വാ നയേന ച
ഉവാച രാജാ കൈകേയീ സമീക്ഷ്യ വ്യഥിതേന്ദ്രിയഃ
കൈകേയീ മാ മമാങ്ഗാനി സ്പ്രാക്ഷീസ്ത്വം ദുഷ്ടചാരിണീ
നഹി ത്വാം ദ്രഷ്ടുമിച്ഛാമി ന ഭാര്യാ ന ച ബാന്ധവീ
… … …
അഥ രേണു സമുദ്ധ്വസ്തം തമുത്ഥായ നരാധിപം
ന്യവർത്തത തദാ ദേവീ കൗസല്യാ ശോകകർശിതാ.
ഭാഷ
പരന്തപനായ ദശരഥനൃപൻ
പരന്നുനോക്കിയങ്ങിരിക്കവേ രഥം
മറിഞ്ഞിതു കൊടി പൊടിയുമാദിയായ്
മറഞ്ഞനേരത്തു ദശരഥനൃപൻ
കരഞ്ഞു വാവിട്ടു തളൎന്നു ദേഹവും
കലങ്ങി കണ്ണുകൾ മയങ്ങി മാനസം
നടുങ്ങി കൈകാലും മടങ്ങി ബുദ്ധിയും
വിറച്ചു ദേഹവും ധരിത്രിനായകൻ
പതിച്ചു ഭൂമിയിൽ തൊഴിച്ചു നാരിമാർ
അടുത്തുചെന്നുടനെടുപ്പതിന്നായി-
പ്പിടിച്ചു കൗസല്യ വലത്തുകയ്യുടൻ
കുടിലമാനസമുടയ കൈകേയീ
എടുത്തു കൈ മെല്ലേപ്പിടിപ്പതിന്നായി
അടുത്തു ചെന്നവൾ പിടിക്കുന്ന നേരം
നടിച്ചു കോപേന കടിച്ചു പല്ലുകൾ
ചുടുചുട നോക്കിക്കടുകടച്ചൊന്നാൻ
അലമലമിതു കുലവിനാശിനി
നലമുടയ രാമനെക്കളഞ്ഞ നീ
എനിക്കു ഭാര്യയല്ലുറച്ചുകൊണ്ടാലും
നിനക്കു ഭൎത്ത ാവുമിനി ഞാനല്ലെന്നും
ഭരതനുമിതിന്നനുവാദമെങ്കിൽ
ഭരതനെന്നുടെ മകനല്ല നൂനം.
ഇതിത്തരം പറഞ്ഞളവു കൗസല്യാ
പതുക്കവേ നല്ല സുമിത്രയുമായി
പിടിച്ചു കൈകളും നടത്തി മെല്ലവേ
പെരുത്ത കൂപത്തിൽ പതിച്ചുള്ളാനയേ
പിടിയാനകളെയിരുപുറഞ്ചേൎത്തു
നഗരത്തിൽകൊണ്ടുവരുന്നതുപോലെ…ഇത്യാദി.
ഇങ്ങനേ നോക്കിയാൽ കേരളവൎമ്മതമ്പുരാൻ ഒരു സാമാന്യകവിയല്ലെന്നു നല്ലപോലെ തെളിയുന്നു. ഈ ഭാരതഖണ്ഡത്തിന്റെ എല്ലാ ഭാഗങ്ങളിലും വാല്മീകിരാമായണത്തിനല്ലാതെ അധ്യാത്മരാമായണത്തിനു വലിയ പ്രചാരം ഇല്ലാതിരിക്കെ, അതിന്റെ ഏതാദൃശമായ ഒരു ഉത്തമവിവൎത്ത നത്തിനു് നമ്മുടെ നാട്ടിൽ വേണ്ടിടത്തോളം പ്രചാരം സിദ്ധിക്കാതെ വന്നതിൽ ആൎക്കു ം അത്ഭുതം തോന്നും. ഗ്രന്ഥകാരന്റെ കവിത്വശക്തിയും ഭക്തിപാരമ്യവും പ്രസ്തുത കൃതിയിൽ സൎവത്ര പ്രകാശിക്കുന്നുണ്ടു്. എന്നിട്ടും ഇങ്ങനെ ഒരു ദുൎദ്ദശ വന്നതു് എന്തുകൊണ്ടായിരിക്കാം? അതിനു് ഒരു സമാധാനമേയുള്ളു. എഴുത്തച്ഛന്റെ തൂലികാസ്പൎശത്താൽ അദ്ധ്യാത്മരാമായണത്തിനു് ഒരു മാറ്റു കൂടി കൂട്ടീട്ടുണ്ടു്. അടുത്ത കാലം വരെ മലയാളികൾക്കു് എഴുത്തച്ഛനേ കവിഞ്ഞ ഒരു കവിയേയും കാണ്മാൻ കഴിഞ്ഞിട്ടുമില്ല. ഇന്നു ക്ഷുദ്രകവികൾപോലും എഴുത്തച്ഛനെക്കാൾ വലിയവരാണെന്നു സ്വയം അഭിമാനിക്കയും നിരൂപകമ്മന്യന്മാർ അദ്ദേഹത്തിന്റെ കൃതികളിലുള്ള ന്യൂനതകൾ കണ്ടുപിടിക്കാനായി ഭൂതക്കണ്ണാടിയുംകൊണ്ടു നടക്കുകയും ചെയ്യുന്നുണ്ടു്. എന്നിട്ടും എഴുത്തച്ഛന്റെ സ്ഥാനത്തിനു് വലിയ ഉടവു തട്ടീട്ടുണ്ടെന്നു തോന്നുന്നില്ല. അധ്യാത്മരാമായണത്തിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്ന ഭക്തിരസവും തൽകൎത്ത ാവിനോടു ജനങ്ങൾക്കുള്ള ബഹുമാനാതിരേകവും ആ കൃതിയ്ക്കുള്ള സാഹിത്യഗുണസമ്പന്നതയും എല്ലാം ചേൎന്നപ്പോൾ, കേരളവൎമ്മരാമായണത്തിനു് അതൎഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കാതെ വന്നു.
കേരളവൎമ്മരാമായണത്തെക്കൂടാതേ വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ടു് തുടങ്ങിയ പല കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അവ എല്ലാം ഉത്തമഗ്രന്ഥങ്ങളാകുന്നു.
14.14 പാതാളരാമായണം കിളിപ്പാട്ടു്
ഇതും കേരളവൎമ്മാവിന്റെ കൃതിയാണെന്നു് ‘ഇതിവചനമലിവിനൊടു വഞ്ചിഭൂപാലകൻ ചോദിച്ചതു കേട്ടു ചൊല്ലിനാൾ ശാരിക’ എന്നു് പ്രസ്തുത കൃതിയുടെ പ്രാരംഭത്തിലും, ‘വഞ്ചിപാലകൻ കേരളവൎമ്മന്റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും’ കണ്ടു് കിളിമകൾ ചൊല്ലിനാൻ’ എന്നു് ചതുൎത്ഥ പാദത്തിലും കാണുന്ന വാക്കുകളിൽനിന്നു് ഊഹിക്കാം. ശ്രീഹനുമാന്റെ പരാക്രമശതങ്ങളിൽ ചിലതിനെയാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്.
14.15 കഥ
‘രവികുലേശനാം രാഘവൻ ഭാനുപുത്രാദി കപിവരന്മാരൊടും രജനിചരവരരെ വിരവൊടു കൊന്നേരുനാൾ’ ദുഃഖിതനായ ദശകന്ധരൻ ബന്ധുവായ പാതാളരാവണനെ വരുത്തി വിവരങ്ങൾ അറിവിക്കുന്നു.
‘അതിബലവുമവൎകളുടെ ചരിതമിതു മുന്നമേ
എന്നോടു ചൊന്നെങ്കിലിത്ര വന്നീടുമോ?
ബഹുമതിയൊടവരെയിവിടെക്കൊണ്ടുപോന്നു ഞാൻ
ഭദ്രകാളിക്കു ബലി കൊടുത്തീടുവൻ’
എന്നു് പാതാളരാവണൻ ഏല്ക്കുന്നു.
അനന്തരം അയാൾ വാനരയൂഥാന്തികത്തിൽ ‘മായാവൈഭവാൽ ചെന്നു മറഞ്ഞു’ നില്ക്കുമ്പോൾ സുഗ്രീവാദികൾ ദുൎന്നിമിത്തങ്ങൾ പലതും കണ്ടു് പരസ്പരം ആലോചിച്ചിട്ടും കാരണം അറിയാതെ കുഴങ്ങവേ, വിഭീഷണൻ പാതാളരാവണന്റെ വരവുണ്ടാകുമെന്നു് അറിവിക്കുന്നു. അതുകേട്ടു് ഭീതനായ സുഗ്രീവൻ ‘നിദ്രയെ വെടിഞ്ഞു നാമൊക്കവേ സൂര്യോദയം സത്വരം കാണ്മോളവും പാൎത്ത ിടുകയേയുള്ളു’ എന്നു പറഞ്ഞതു കേട്ടു് ശ്രീഹനൂമാൻ,
‘അസ്തമിപ്പോളം യുദ്ധംചെയ്തിനിയുറക്കവും
ത്യജിച്ചീടുകയതിൽ മരിച്ചീടുക നല്ലൂ.
പരദുഃഖത്തെയൊഴിച്ചത്ര രക്ഷിപ്പാനായി
പരിചോടൊരു വസ്തു ചെയ്‍വൻ ഞാൻ കേൾക്കെല്ലാരും.
ലാംഗൂലം വളച്ചൊരു കോട്ടയായ് തീൎത്ത ീടുവൻ
മോദത്തോടതിൽ പുക്കു വസിക്കാമെല്ലാവൎക്കും
നിദ്രയെ വെടിഞ്ഞു ഞാനരുണോദയത്തോളം.’
എന്നു പറഞ്ഞാശ്വസിപ്പിക്കുന്നു. പാതാളരാവണനാകട്ടെ വിഭീഷണന്റെ വേഷം പൂണ്ടു് ഹനുമാനെ കളിപ്പിച്ചു് ഉള്ളിൽ കടന്നിട്ടു് രാമലക്ഷ്മണന്മാരെ തട്ടിക്കൊണ്ടു പോകുന്നു.
ഭക്താഗ്രണിയായ വാതാത്മജൻ,
ലജ്ജയും ക്രോധം താപമെന്നിവകൊണ്ടേറ്റവും
പീതവൎണ്ണനായ് ചമഞ്ഞീടിനാനെന്നേ വേണ്ടു.
അനന്തരം ‘കല്പാന്തവഹ്നിപോലെ ക്രോധതേജസ്സോടുടൻ ഉല്പലസഖിപോലെ കോപിച്ചിട്ടു്’ സുഗ്രീവന്റെ അടുത്തു ചെന്നു് പാതാളരാവണന്റെ വാസസ്ഥലത്തേക്കു പോകാനുള്ള വഴി ഏതെന്നു ചോദിക്കുന്നു. വാനരരാജാവു് വഴി പറഞ്ഞുകൊടുത്ത ശേഷം
‘വിക്രമശാലിയായ പാതാളനിശാചരൻ
എത്രയും പരാക്രമിയെന്നുറച്ചീടണം നീ.
ഷഡ്പദജാലമെട്ടുണ്ടവന്റെയുദരത്തിൽ
ഉല്പലോത്ഭവന്തന്റെ കല്പിതമറിഞ്ഞാലും
അക്കഥയറിയാതെയവനെക്കൊന്നീടുവാൻ
ചക്രപാണിക്കുമാമല്ലറിക മഹാമതേ
അഷ്ടമമഹാഗിരികൊണ്ടവന്നുടെയുടൽ
പൊട്ടുമാറടിക്കുമ്പോൾ മരിക്കും വണ്ടുകളും’
എന്നൊക്കെ ബോധിപ്പിക്കുന്നു. അതു കേട്ടു് സൂര്യദേവനെ പൂജിച്ചു പ്രസാദിപ്പിക്കുന്നു. സൂര്യനാകട്ടെ, അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു്,
‘വിക്രമനിധേയവിടത്തിലുണ്ടൊരു പുഷ്പം
അപ്പൂവിലുൾപ്പുക്കു പോയീടണം പാതാളത്തിൽ’
എന്നു് ഉപദേശിച്ചതനുസരിച്ചു് അദ്ദേഹം പാതാളത്തിൽ പ്രവേശിക്കുന്നു. എന്നാൽ ‘കുഹരഗോപുരസവിധ’ത്തിൽ ചെന്നു് അദ്ദേഹം മതിൽ കടപ്പാൻ ശ്രമിക്കവേ, മാത്സ്യൻ എന്നൊരു കപി വന്നു തടയുന്നു. യുദ്ധമദ്ധ്യേ,
‘പരസ്പരം കരബലം നിനച്ചുടൻ
മനസാ വിസ്മയമിരുവൎക്കു മുണ്ടായി.’
ഒടുവിൽ വിസ്മിതനായ മാരുതി ചോദിക്കുന്നു.
‘കപിവരാ ഭവാനുടെ ജനനിയും
ജനകനാരെന്നുമിവിടെ വന്നതും
പരമാൎത്ഥ മൊട്ടും മറച്ചിടാതുടൻ
പരിഭവം കളഞ്ഞുരചെയ്തീടണം’
പിന്നീടുണ്ടായ സംഭാഷണത്തിൽനിന്നു് അവർ പിതാവും പുത്രനും ആണെന്നു് പരസ്പരം അറിയുന്നു.
ഈ പരമാൎത്ഥ ം അറിഞ്ഞപ്പോൾ പരമാനന്ദപരവശനായ്ത്തീൎന്ന മാത്സ്യനു് സ്വപിതാവിന്റെ സാക്ഷാൽരൂപം കാണണമെന്നു് ആഗ്രഹം ജനിക്കുന്നു.
‘പെരുത്ത മാമലകണക്കേ കായവും
കരുത്തേറീടുന്ന കരചരണവും
കഠിനവജ്രംപോലെതിരുദിക്കുമ-
ർക്കനു സമം നഖമെകിറുമത്ഭുതം
നയനസൂക്ഷ്മവും തെളിഞ്ഞു കണ്ടപ്പോൾ’
മാത്സ്യൻ ‘മതിമതിയെന്നു’ തെരുതെരെച്ചൊന്നാൻ.
അനന്തരം മാരുതി ഗുഹയ്ക്കകത്തു പ്രവേശിച്ചു് ‘കൂരിരുട്ടാകയാലേതും തെരിയാഞ്ഞു് പാരമുഴന്നീടും ദശാന്തരേ’. ഒരു വൃദ്ധ കുടവും വഹിച്ചു് ജലം മുക്കുവാനായി കരഞ്ഞുകൊണ്ടു വരുന്നതു കാണുന്നു. ആ കിഴവിയുടെ വ്യസനത്തിനും ഹേതുവെന്തെന്നു് അദ്ദേഹം ചോദിച്ചപ്പോൾ അവൾ പറയുന്നു.
‘എങ്കിലോയീ ഭൂമിനായകനെന്നുടെ
നന്ദനൻ തന്നെയും മറ്റിരുവരെയും
പുത്രോത്ഭവത്തിനായ് ഭദ്രകാളിക്കവൻ
നേൎച്ച നല്കീടുവാൻ ഭാവിച്ചിരുന്നു.
ഭക്തമവൎക്കു കൊടുപ്പതിന്നായ്ക്കൊണ്ടു
കുംഭവുമായ് ഞാൻ ജലത്തിന്നു പോകുന്നു’
അപ്പോൾ ഹനുമാനു് കാര്യത്തിന്റെ ഗൗരവം മനസ്സിലാവുകയാൽ,
‘നിന്മതന്തനെ ജീവിപ്പിച്ചുകൊള്ളുവൻ
ദുഷ്ടനെശ്ശീഘ്രം വധിച്ചുകളഞ്ഞുടൻ.
ത്വത്സുതൻതന്നെ രാജാവാക്കി വാഴിപ്പൻ’
എന്നു പറഞ്ഞു് വൃദ്ധയെ ആശ്വസിപ്പിച്ചിട്ടു്, അവളുടെ കുംഭത്തിൽ മണ്ഡൂകരൂപേണ ഇരുന്നു് കൊട്ടാരത്തിനകത്തു കടക്കുന്നു; ‘സുന്ദരമായോരു വാനരപ്പൈതലിന്റെ രൂപം പൂണ്ടു്’
മന്ദമന്ദം വിളയാടിത്തുടങ്ങിനാൻ.
ചാടിയുമോടിയും വീണുരുണ്ടും പുന-
രോരോതരം ലീല കാട്ടുന്നതുനേരം’
രാക്ഷസപ്പൈതങ്ങൾ രാവണപത്നിയായ സരമയുടെ അടുത്തു ചെന്നു വിവരം അറിവിക്കുന്നു.
നമ്മുടെ രാജാവു കൊണ്ടുവന്നുള്ളൊരു
മന്മഥസുന്ദരന്മാരുടെ സന്നിധൗ
സന്തോഷമോടു കളിക്കുന്നൊരു കപി-
പ്പൈതലതീവ മനോഹരനെത്രയും
കൊണ്ടിങ്ങു പോന്നീടുകിൽ തവ നിത്യവു-
മുണ്ടു കളി കാണ്മതിന്നൊരു കൗതുകം.’
രാക്ഷസൻ ഈ ബാലനേ എത്തിയണഞ്ഞു പിടിപ്പാൻ തുടൎന്നപ്പോൾ അദ്ദേഹം കൂസാതെ നിൽക്കുന്നു. പിടികൂടും എന്ന മട്ടായപ്പോൾ അദ്ദേഹം വാൽകൊണ്ടു് അയാളെ ചുറ്റുന്നു. അനന്തരം ഉണ്ടായ യുദ്ധത്തിൽ പാതാളരാവണൻ ഹനിക്കപ്പെടുന്നു.
രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുമ്പോലെ
രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുമ്പോലെയും
എന്നിങ്ങനെ ചിലേടത്തു് കവി എഴുത്തച്ഛന്റെ വാക്യങ്ങളെ അപ്പാടെ പകൎത്ത ിക്കാണുന്നുണ്ടു്. ഈ കൃതി വായിക്കുമ്പോൾ, കവി ഒന്നാംകിടയിലുള്ള ഒരു കാഥികനാണെന്നു നമുക്കു ഗ്രഹിക്കാം.
14.16 ബാണയുദ്ധം കിളിപ്പാട്ടു്
ഇതും ഈ കവിയുടേതാണെന്നു്.
‘വഞ്ചിപുരളീശൻ നെഞ്ചിൽ കരുതുന്ന’ എന്നും,
പുരളീവഞ്ചിഭൂവരനുടെ നെഞ്ചി-
ലിരുന്നരുളീടുന്നൊരനന്തശായിയാം’
എന്നും ഉള്ള ഭാഗങ്ങളിൽനിന്നു കാണാം.
14.17 മോക്ഷദായകം
പ്രബോധചന്ദ്രോദയം നാടകത്തെ സംഗ്രഹിച്ചു രചിച്ചിട്ടുള്ള ഈ കൃതി ആട്ടക്കഥാകാരനായ കോട്ടയംതമ്പുരാന്റെ കൃതിയായിരിക്കണമെന്നു് പി. ഗോവിന്ദപ്പിള്ളയും, കൊളത്തേരി ശങ്കരമേനോൻ അവർകളും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ, ഈ കൃതിയുടെ അവസാനത്തോടടുത്തു്,
‘അനന്തതല്പേ പള്ളികൊള്ളുന്നൊരനന്തേശ-
നനന്തജന്മമെടുത്തീടുന്നു കൃപാംബുധി’
എന്നു് കവി തിരുവനന്തപുരത്തെ സ്മരിച്ചുകാണുന്നതിനാലും ദ്വിതീയാക്ഷരപ്രാസനിഷ്ഠ, രാമായണാദികൃതികളിലെന്നപോലെ ഇതിലും കാണുന്നില്ലാത്തതിനാലും തൽകർത്താവു് കേരളവൎമ്മതന്നെയല്ലേ എന്നു ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിലെ വിഷയം വേദാന്തപരമാണു്. മാനസരാജാവു് ‘കൎമ്മമാം കടൽക്കരെ ദേഹമാം ദ്വീപംതന്നിൽ’ ചൎമ്മാദിയായ ഏഴു കോട്ടകളും, മൂലാധാരാദി പന്ത്രണ്ടു നിലകളുള്ള മാടങ്ങളും, ഇഡാ പിംഗല സുഷുമ്ന എന്നീ നാഡിത്രയമാകുന്ന ജയസ്തംഭവും നിൎമ്മിച്ചു് ഇന്ദ്രിയപ്രജകളെ പാലനം ചെയ്കവേ,
നരയൻ, വെള്ളെഴുത്തൻ, കുരയൻ, ദന്തഹീനൻ
ജരയൻ മുൻപായുള്ള ശത്രുരാജാക്കന്മാരാൽ
കോട്ടകൾ തകൎപ്പെട്ടൊടുവിൽ ശത്രുവൃന്ദം
കൂട്ടമായകം പുക്കു നില്പതും കണ്ടു രാജാ,
വാടിയ മനസ്സോടുകൂടി മന്ദിരത്തിനുള്ളിൽ പ്രവേശിക്കുന്നു. അപ്പോൾ പൂൎവപുണ്യമാകുന്ന ഗുരു കടന്നു വന്നതു കണ്ടിട്ടു് രാജാവു് സാഷ്ടാംഗപ്രണാമം ചെയ്യുന്നു.
‘കേണുകേണരികത്തു നിൽക്കുന്ന നരേന്ദ്രനെ-
പ്പാണികൾകൊണ്ടുപിടിച്ചിരുത്തിയിട്ടു്’
ഗുരു ഇങ്ങനെ അരുളിച്ചെയ്യുന്നു.
‘എന്തെടോ മനോരാജൻ ചിന്തയിൽ നിനക്കിപ്പോൾ
സന്താപമുളവാകാനുള്ള കാരണം ചൊൽ നീ.
നിന്നുടെയമാത്യരിൽ രാഗാദിത്രയോദശൻ
നിങ്ങളുടെയരികൾക്കു വശന്മാരല്ലയല്ലീ?
നിന്നുടെയമാത്യഭൃത്യാദിവൎഗ്ഗങ്ങളുടെ
ദുർന്നയപ്രവൃത്തികൾ നീയറിയുന്നീലല്ലീ,
മത്തനായിരുന്നു നീ ഭക്തിശ്രദ്ധാദികളാം
ശക്തരെയുപേക്ഷിച്ച കാരണാൽ നിനക്കിപ്പോൾ
അത്തൽ വഴിപ്പെട്ടതകറ്റിവച്ചീടുവാ-
നെത്തിനാനിവിടേയ്ക്കെന്നറിക നൃപോത്തമ’
അനന്തരം ശത്രുക്കളായ പഞ്ചരാജാക്കന്മാരെ ജയിക്കാനുള്ള വഴി ഉപദേശിക്കുന്നു. ഒന്നാമതായി ദന്തഹീനൻ എന്ന ശത്രുവിനു് ‘ഖാദ്യം’ കപ്പമായിക്കൊടുത്തു് സന്ധി ചെയ്തിട്ടു് നരയൻ തുടങ്ങിയ മറ്റു പരിപന്ഥികളെ ബന്ധിക്കണം. അനന്തരം രാജമന്ദിരത്തിൽ വിളയുന്ന സദ്രത്നങ്ങളെ അപഹരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി, ‘സ്ത്രീവിഷയഭ്രാന്തിയാം മുദ്രയും ധരിച്ചുടൻ സ്ത്രീകളോടിടചേർന്നും’ ശത്രുക്കളോടു് ഗൂഢസഖ്യം ചെയ്തും നടക്കുന്ന രാഗമെന്ന മന്ത്രിയെ അകറ്റിയിട്ടു് തൽസ്ഥാനത്തു് വിരക്തനെ, ‘മദാദിയാം ബന്ധുക്കളോടും കൂടി,
തന്നുടെ ധനധാന്യാദിക്കൊരു ദോഷംചെയ്തോ-
രന്യനിന്നപകാരം ചെയ്യണമെന്നു നണ്ണി
ഓരോമട്ടുപായങ്ങൾ ചിന്തിച്ചു ചിന്തിച്ചുള്ളിൽ’
പാരാതെ വളരുന്ന ദ്വേഷം എന്ന മന്ത്രിയെ കളഞ്ഞിട്ടു് തൽസ്ഥാനത്തു ശാന്തിയേയും മന്ത്രിമാരായി നിയമിക്കണം. അതുപോലെ ‘ആശയാകുന്ന കൂപേ പതിച്ചു പതിച്ചുടൻ, കൂശാതെ വരുമൊരു കാമനാമവനെയും’, ‘ചാരത്തങ്ങിരുന്നിടം മാതൃ മാതുലാദിയെ’പ്പോലും കൊലചെയ്യുന്ന ക്രോധത്തെയും, ‘ഉള്ളൊരു ധനമതിലെള്ളോളമൊരുത്തർക്കുമുള്ളതെന്നാലും കൊടുത്തീടരുതെന്നുതന്നെ ഉള്ളതിൽ സദാകാലം ചിന്തിച്ചുമരുവുന്ന’ ‘ലോഭത്തെ’യും, അനിത്യമാകും പദാൎത്ഥ ങ്ങളിൽ അതിപ്രീതി ഭാവിച്ചു വരുന്ന മോഹത്തേയും, ‘മഹത്വമൈശ്വര്യത്താൽ കൃത്യാകൃത്യങ്ങളെല്ലാം മറന്നു്’ നടക്കുന്ന മദത്തേയും, ‘അന്യസൗഖ്യത്തെ കണ്ടാൽ സഹിച്ചുകൂടാതൊരു’ ദുൎന്നയപ്രഭുവായ മാത്സര്യനേയും, ‘തനിക്കൊരപമാനം വന്നു പോയെന്നാകിലോ തന്നുടെ സഖാക്കൾക്കും വന്നുകൂടേണമേവം’ എന്നൊക്കെ വിചാരിച്ചു വരുന്ന ഈൎഷ്യയേയും, ‘തന്നോടു സമനായിട്ടന്യനെക്കാണുന്നേരം വൈരമുദിയ്ക്കുന്ന’ അസൂയയേയും, ‘താൻ ചെയ്യും പുണ്യം പലർ കണ്ടു സന്തോഷം പൂണ്ടു സാനന്ദം പുകൾത്തേണമെന്നു ചിന്തീടുന്ന’ ഡംഭനേയും, ‘സൗന്ദര്യസൗഭാഗ്യങ്ങളൊന്നൊന്നേ നിരൂപിച്ചാൽ തന്നോടു സമനായിട്ടാരുമില്ലവനിയിൽ’ എന്നെല്ലാം വിചാരിച്ചു മദിക്കുന്ന ദൎപ്പനേയും, ‘ആരെയും ഗണ്യംതനിക്കില്ലാതെ വരുമൊരു’ വീരനായ അഹങ്കാരത്തെയും തത്തൽസ്ഥാനങ്ങളിൽനിന്നു്—ചിലരെ പുറത്താക്കിയും, ചിലരെ ‘മണിയംവയ്പിച്ചും’ അകറ്റീട്ടു് യഥാക്രമം നിഷ്കാമൻ, ക്ഷമ, ദയ, ശമം, ദമം, സമചിത്തത, സൗമുഖ്യം, തോഷം, ഉപരതി, സത്യബുദ്ധി, വിവേകം എന്നിവരെ ചുമതലപ്പെടുത്തണം. പിന്നീടു ഈ സന്മന്ത്രികളുടെ സഹായത്തെ അവലംബിച്ചു് ശത്രുക്കളെ അമൎത്ത ിയ ശേഷം അന്തഃഛിദ്രങ്ങളെ ശമിപ്പിക്കണം. അതിലേക്കായ് ഗുരു മാനസരാജന്റെ ജനനവൃത്താന്തം പറഞ്ഞുകേൾപ്പിക്കുന്നു. മായയായ മാതാവു് ആത്മാവിനെ സ്പൎശിക്കാതെ സന്നിധിമാത്രത്താൽ പെറ്റുണ്ടായവനാണത്രേ മാനസരാജാവു്. ആ രാജാവു് കാലക്രമേണ പ്രവൃത്തി എന്നും, നിവൃത്തി എന്നും രണ്ടു കന്യകമാരെ വേട്ടു. ഇരുവൎക്കും സന്താനങ്ങൾ ഉണ്ടായി. എന്നാൽ, പ്രവൃത്തിയിൽ കൂടുതലായ പ്രീതി ഭവിക്കയാൽ, രാജഭോഗമെല്ലാം അവളുടെ പുത്രന്മാൎക്കായി നൽകി. അതുനിമിത്തം അവൎക്കും നിവൃത്തിപുത്രന്മാർക്കും തമ്മിൽ വൈരം ഉത്ഭവിച്ചു.
പ്രവൃത്തിപുത്രന്മാരായ മഹാമോഹാദികളെ നിഗ്രഹിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി, നിവൃത്തിതനയന്മാരായ വിവേകാദികൾ വിവേകാശ്രമത്തിലെ മന്ത്രശാലയിൽ ഇരുന്നു് ഇങ്ങനെ ആലോചിക്കുന്നു.
14.18 വിവേകം
നമ്മുടെ ജനകനാം വേശ്യപുത്രനാം മതി-
തന്നുടെ തനയരാം മഹാമോഹാദിയിപ്പോൾ
നമ്മുടെ പദം ഗോകൎണ്ണാദിയാം മഹാസ്ഥലം
നിൎമ്മരിയാദമവരടക്കി വാണീടുന്നു.
പുച്ഛിച്ചീടുന്നു നമ്മേയെന്നതു കേട്ടിട്ടുള്ളി-
ലച്ഛനുമതുതന്നെയിച്ഛയെന്നല്ലോ വന്നു.
നമ്മുടെ ജനകന്റെ ജനനി മഹാമായ
നമ്മുടെ പിതാമഹനസംഗനെന്നാകിലും
അമ്മയാം മഹാമായ തന്നിലീക്ഷിച്ചമൂല-
മന്നവൾ വിചാരിച്ചു ഷൾഭാവമുണ്ടാകയാൽ
ചെന്നീടും വയസ്സെഴുപത്തഞ്ചിലധികമാ-
യിന്നിവൻ നിത്യൻ ഞാനോ വൃദ്ധയാമതുമൂലം
എന്നിലേ പ്രീതി കുറഞ്ഞീടുമെന്നുറച്ചവ-
ളിന്നിവൻതന്നെ ബന്ധിച്ചിവന്റെ പദമെല്ലാം
എന്നുടെ മകനാക്കിവയ്ക്കേണമിപ്പോൾതന്നെ-
യെന്നെല്ലാം നിരൂപിച്ചു കോശങ്ങളഞ്ചുണ്ടാക്കി
പാശങ്ങൾ മൂന്നുകൊണ്ടു മുറുക്കി വശത്താക്കി
അഖണ്ഡമെന്ന പദം കൊടുത്തു മതിക്കവൾ
ഖണ്ഡമാക്കിനാൻ പിതാമഹനെയതുകാലം.
എന്നതുകൊണ്ടല്ലയോ നമ്മുടെ പിതാവിപ്പോൾ
മന്നടമടക്കി വാണീടുന്നൂ സദാ കാലം?
ഇന്നവ മഹാമോഹം തനിക്കു നല്കിയവ
നിന്നവരുടേ കാമമസംഗൻ പക്കലാക്കി-
വയ്ക്കയാൽ കിഞ്ചിജ്ഞരായ് ഭവിച്ചു പിതാമഹ-
നൊക്കെയുമറിഞ്ഞു നാം ദുഃഖിക്കുമാറായല്ലോ.
എന്നതുകൊണ്ടു മഹാമോഹാദിസമൂഹത്തെ-
യിന്നു നാം വധിക്കേണമിതിനെന്താവതിപ്പോൾ?
ഇതു കേട്ടു് ബുദ്ധി പറയുന്നു–
വല്ലായ്മയെന്തു നമുക്കൊക്കവേ നിരൂപിച്ചാൽ
നല്ലവൎക്കിതു നന്നല്ലാതെ വന്നീടുമെന്നോ?
നമ്മുടെ പിതാമഹനാകിയ പരിപൂൎണ്ണൻ-
തന്നുടെ സവിധേ ഞാൻ പാൎക്കുന്ന കാലത്തിങ്കൽ
അന്നൊരുദിനം പരൻ ജാഗരമായനേരം
വന്നതിന്ദ്രജാലമാടുവാനന്തര്യാമി
അടിച്ചു പെരുമ്പറ പഠിച്ചോരിന്ദ്രജാലം
നടിച്ചു പൊടിയെടുത്തൂതിനാരാശതോറും
അന്നേരമവനുടെ മായയാമൊരു പാവ-
തന്നാലെ ജഗത്ത്രയമുണ്ടാ, യെന്നതേവേണ്ടൂ.
അന്നുകണ്ടവൻതന്റെ നന്ദനനല്ലോയിവൻ
നന്നല്ല ശീലമവനെങ്ങനെ നന്നാകുന്നു?
അതുകേട്ടിട്ടു് വിവേകം ‘നീ പറഞ്ഞതൊക്കെ ശരിതന്നെ എന്നാലും മഹാമായയുടെ വംശച്ഛേദം ചെയ്യാതെ ഞാൻ അടങ്ങുകയില്ല’ എന്നു ഗൎജ്ജ ിച്ചിട്ടു് വിരക്തനേ വിളിച്ചു് രാഗത്തിനും, ശാന്തിയെ വിളിച്ചു് ദ്വേഷത്തിനും എതിരായി നിയോഗിച്ചയയ്ക്കുന്നു. അതുപോലെതന്നെ നിഷ്കമാദികളേയും കാമാദികളെ ജയിപ്പാനായി നിയോഗിക്കുന്നു. ഇങ്ങനെ പ്രവൃത്തി നിവൃത്തിപുത്രന്മാർ തമ്മിൽ കലഹം വൎദ്ധിക്കുന്നു. വിവേകത്തിന്റെ സൈന്യം അഷ്ടാംഗവും, സേനാപതി ഭക്തിയും, ദൂതൻ ശ്രദ്ധയും, ബ്രഹ്മപദം കാശീദേശവുമായിരുന്നു. മഹാമോഹത്തിനാകട്ടെ അഹങ്കാരമായിരുന്നു സേനാപതി. ഇരുകൂട്ടർക്കും പ്രത്യേകം പ്രത്യേകം ആയുധങ്ങളും ഉണ്ടായിരുന്നു. ഭക്തിയുടെ അസ്ത്രം അദ്വൈതവും, അഹങ്കാരത്തിന്റേതു് അഹംബുദ്ധിയുമായിരുന്നത്രേ. മഹാമോഹം നാസ്തികത്വം, നഭൂതി അന്നം, ആദി, അസത്യം എന്നിവ പ്രയോഗിച്ചു് വിവേകത്തിന്റെ ശ്രുതി, അസ്തി, ഭൂതി, അനന്തം, അനാദി, സത്യം എന്നിവയെ മുറിക്കാൻ നോക്കുന്നു. കാമൻ വിരക്തനോടും, ദുഷ്കാമൻ നിഷ്കാമനോടും, അഹംകാരം ഭക്തിയോടും, ലോഭം ദയയോടും, മദം ദമത്തോടും, മാത്സര്യം ശമത്തോടും, ഈൎഷ്യ സന്തുഷ്ടിയോടും എതിരിടുന്നു. നിവൃത്തിപുത്രന്മാർ പ്രവൃത്തിപുത്രന്മാരെ വധിക്കുന്നു. അനന്തരം വിവേകം ഭക്തിശ്രദ്ധകളെ മനോരാജനേ അറിവിക്കാനായി അയയ്ക്കുന്നു. പുത്രന്മാർ മരിച്ച വൃത്താന്തമറിഞ്ഞു് പ്രവൃത്തി ക്രോധാലയത്തിൽ പ്രവേശിക്കുന്നു. അവളുടെ ബന്ധുക്കളായ ചാൎവാകൻ, അൎഹതൻ, കാപാലികൻ, ദിഗംബരൻ, ക്ഷപണൻ മുതലായവർ വന്നു് മനോരാജനെക്കണ്ടു് നിവൃത്തിപുത്രന്മാർക്കെതിരായി പ്രവൎത്ത ിക്കുന്നതിനു പ്രേരിപ്പിക്കുന്നു. രാജാവു് നിവൃത്തിപുത്രന്മാരെ നിഗ്രഹിക്കാനായി പുറപ്പെടാൻ ഭാവിക്കുന്നതു കണ്ടു് ഭക്തിശ്രദ്ധ പിന്തിരിപ്പിക്കാൻ നോക്കുന്നു. അതു കേട്ടു് കാപാലികൻ,
‘ഇന്നു ഞാനേകൻ ചെന്നു ജയിച്ചു വരാമല്ലോ
ഇന്നാരും ദുഃഖിക്കരുതെന്നുര’
ചെയ്തുകൊണ്ടു് ഗ്രാമാദികൾ കടന്നു് കാശീദേശത്തുള്ള വിവേകാശ്രമത്തിൽ എത്തുന്നു. വിവേകം അയാളെ മാനിച്ചിരുത്തിയപ്പോൾ അയാൾ പറയുന്നു.
‘ചോളദേശത്തുനിന്നു വരുന്നു ഞാനുമിഹ
കേളതിന്നൊരു ബന്ധമുണ്ടതും ചൊല്ലീടുവൻ
കന്യകാരത്നം പരിപക്വമാംകാലത്തിങ്കൽ.
മന്നവന്മാരെസ്മരിച്ചീടുന്നകണക്കിനെ
എന്നെ നീ നിനയ്ക്കുകിൽ വന്നു ഞാൻ നൃപമതേ!
ഇന്നിനിശ്രമിച്ചാലുമന്തര്യാഗമാം നൃപ-
കന്യകമാരെച്ചെന്നു മാലവയ്ക്കയല്ലാതെ
കന്യകമാരങ്ങോട്ടു ചെല്ലുമാറുണ്ടോ പാരിൽ?
പങ്കജകോരകങ്ങൾ വിടുൎന്നീടണമെങ്കിൽ
പങ്കമെന്നിയേ സൂര്യനുദിച്ചീടണം മുദാ.
രാഗദ്വേഷാദികളെ വധിച്ചു നിങ്ങളിപ്പോൾ
രാഗവുമെന്മേൽവച്ചു ധ്യാനിക്കനിമിത്തമായ്
വന്നു ഞാൻ തവാന്തികേ വന്നീടാ പുനൎജന്മ-
മിന്നിനി മന്ത്രം ജപിച്ചീടേണമെല്ലാവരും’
ഇതു കേട്ടു് വിവേകം ഭ്രമിച്ചു വശാകുന്നു.
‘…ഭക്തിശ്രദ്ധയില്ലാത്ത കാരണത്താൽ മദിച്ചേറ്റ-
മുക്തമായിതു മദംകൊണ്ടെല്ലാവരും
ശക്തിയുക്തമാം ദ്വൈതമതങ്ങൾ പിടിപെട്ടു
ശക്തന്മാർ തമ്മിൽതല്ലു’
തുടങ്ങുന്നു. അതുകൊണ്ടു് ബോധം ശ്രദ്ധയെ വിളിച്ചു് ഇങ്ങനെ പറയുന്നു.
‘അറിഞ്ഞീലല്ലോ നീയുമെന്തൊരു കോലാഹലം
പറഞ്ഞീടുവാൻ തന്നെ നാണമാകുന്നിതിപ്പോൾ
രജ്ജുസൎപ്പഭ്രാന്തിയാം പേ പിടിച്ചോരു പുമാൻ
രജ്ജുവേക്കാട്ടി സൎപ്പഭ്രാന്തിയുണ്ടാക്കുംപോലെ
നിന്നുടെ വിവേകാദിതന്നുടെ സവിധേ പോയ്
നിന്നൊരു കാപാലികൻ ചൊന്നതൊക്കെയും കേട്ടു
പാതിവ്രത്യവും ഭേദാഭേദവുമില്ലാതായി
ജാതിഭേദവും ഗുരുലഘുത്വമതുമല്ല
ചെന്നാലും നീയുംകൂടെയവിടയ്ക്കിപ്പോൾതന്നെ
എന്നാലിതുകൊണ്ടു നല്ലതേ വന്നുകൂടും
അല്ലെന്നാൽ നശിച്ചീടുമില്ല സംശയമേതും.’
ഭക്തിശ്രദ്ധ വിവേകാന്തികം പ്രാപിച്ചു്,
‘എന്തിപ്പോൾ കാപാലികൻതന്നുടെ പദത്തിങ്കൽ
സന്തതം നമസ്കരിച്ചീടുന്നതെന്തു ഞായം?
പ്രവൃത്തിവംശോദ്ഭൂതന്മാരിലേകനാമിവൻ
പ്രവൎത്ത ിച്ചീടും കൎമ്മമുൽകൃഷ്ടമെന്നാകിലും
നികൃഷ്ടം നമുക്കതു യോഗ്യമല്ലെടോ സഖേ!
നികൃഷ്ടനാകുമിവൻതന്നെബ്ബന്ധിച്ചീടണം
നാലുപേരുണ്ടു വേഷധാരിയാം ഉൎവീശ്വരാൾ
നാലിലേകനേ നീക്കി മൂന്നു കള്ളന്മാരെടോ’
അപ്പോൾ, വിവേകം ഉണ്ടായ വിശേഷങ്ങളെപ്പറ്റി രാജസന്നിധിയിൽചെന്നറിവിക്കാനായി ഭക്തിശ്രദ്ധയെ അയയ്ക്കുന്നു. കാപാലികാദികൾ പേടിച്ചോടുന്നു. അതിനെത്തുടൎന്നു ് നിവൃത്തി പ്രവൃത്തിയേയും കൊല്ലുന്നു. അതു കണ്ടപ്പോൾ മനോരാജൻ കോപപരവശനായിട്ടു് ‘മൗനമാം ദീപോപാധി’ യന്ത്രത്തെ പ്രയോഗിക്കുന്നു.
‘വംശമേ നശിപ്പാനായ് ജ്വലിച്ചു മഹാബാണം
കണ്ടതിഭയം പൂണ്ടു വിവേകാദികളെല്ലാം
മണ്ടിപ്പോയാനന്ദാബ്ധിതന്നിൽ വീണതുനേരം
ചെന്നിതു ബാണം ദഹിച്ചീടുവാനവിടെയും
മന്നവൻ വിവേകാദിയോടിനാരവിടേന്നും.
ദഹിച്ചു ജീവോപാധി മൂന്നുമന്നേരം ബാണം
ദഹിച്ചാനീശോപാധി മൂന്നുമക്കാലമപ്പോൾ
പിന്നെയുമെരിഞ്ഞീടിന ശരം കണ്ടു
തന്നുടെ പിതാമഹനാകിയ സൎവേശ്വരൻ
തന്നുടെ ഗൃഹം പുക്കനേരത്തങ്ങവിടെയും
ചെന്നതു കണ്ടെല്ലാവുമുഴന്നൂ പരവശാൽ.
ചതിച്ചീടൊലാ മഹാമായയാം മാതാവേ നീ
വഹിച്ചീടണമെന്നു നമിച്ചു ഭക്തിപൂൎവം.
കുതിച്ചു തുര്യാതീതേ ഗമിച്ചു വിവേകാദി
ലയിച്ചു സ്വയംപ്രകാശംതന്നിലക്കാലമപ്പോൾ
ജ്വലിച്ചു ബാണം ചെന്നു ലയിച്ചു സ്വപ്രകാശേ
ലയിച്ചു മനോരാജൻ മായയാം മാതാവിങ്കൽ
ഉദിച്ചാരാദിത്യന്മാർ ദഹിച്ചു ചരാചരം
ലയിച്ചു പൃത്ഥിയിങ്കലക്കാലം പൃഥിവിയും
ദഹിച്ചു സൂര്യാഗ്നി പോയ് ശേഷനെപ്പിടിപെട്ടു.
ദഹിച്ചു സൂര്യന്മാരും ശേഷന്റെ വിഷാഗ്നിയിൽ
ലയിച്ചഗ്നിയിൽ പൃത്ഥ്വി, ലയിച്ചഗ്നിയിലപ്പം
അഗ്നിയങ്ങനിലങ്കലനിലൻ വ്യോമത്തിലും
ലയിച്ചു സ്ഥൂലഭൂതം സൂക്ഷ്മത്തിലതുകാലം
ലയിച്ചു പ്രകൃതിതൻ സാത്വികേ പുണ്യകാമൻ
ലയിച്ചു പാപകൎമ്മം താമസഗുണത്തിലും
ലയിച്ചു മിശ്രകൎമ്മം രാജസഗുണത്തിങ്കൽ
ലയിച്ചു സ്വൎണ്ണ രേണു മെഴുകിലെന്നപോലെ
ലയിച്ചു സമഷ്ടിയായ് പ്രകൃതിഗുണത്രയേ
ജ്വലിച്ചു ദഹിച്ചുപോയ് ലയിച്ചു തുര്യത്തിങ്കൽ
ലയിച്ചു പ്രകൃതിയുമെന്നതേ പറയാവൂ.’
അദ്വൈതസിദ്ധാന്തങ്ങളെ പ്രതിപാദിച്ചിരിക്കുന്ന ഈ ഉത്തമഗ്രന്ഥം ഇപ്പോൾ പ്രചാരലുപ്തമായ്ത്തീൎന്നിരിക്കുന്നതു് ഭാഗ്യദോഷമെന്നേ പറയേണ്ടു.
14.19 വൈരാഗ്യചന്ദ്രോദയം
ഇതു് വേദാന്തപരമായ ഒരു ഹംസപ്പാട്ടാണു്.
‘കേൾക്കെടോ പുരളീശ പാൎത്ഥ ിവശിഖാമണേ
വാസ്തവമെങ്കിലാസ്ഥയോടിരുന്നു നീ.’
എന്നിങ്ങനെ ഹംസത്തെക്കൊണ്ടു പറയിച്ചിരിക്കുന്നതിനാൽ, ഗ്രന്ഥകൎത്തൃ ത്വത്തേപ്പറ്റി സംശയത്തിനേ അവകാശമില്ല.
14.20 ഭീഷ്മോപദേശം ഹംസപ്പാട്ടു്
ഇതും ഹംസപുരളീനാഥനോടു് പറയുന്നതായിട്ടാണു് നിബന്ധിക്കപ്പെട്ടിരിക്കുന്നതു്.
‘ചരിക്കയെന്നപ്പോളതിന്റെ വാക്കു കേ-
ട്ടുരത്താനിങ്ങനെ പുരളീനാഥനും.’
എന്നു കേരളവൎമ്മരാജാവിന്റെ മുദ്ര കാണുന്നതിനാൽ ഗ്രന്ഥകൎത്തൃ ത്വത്തേപ്പറ്റി സന്ദേഹമില്ല.
ഈ വീരകേരളവൎമ്മത്തമ്പുരാൻ ഒരു നല്ല ഗായകകവി കൂടെ ആയിരുന്നുവെന്നുള്ളതിനു് അദ്ദേഹം രചിച്ചിട്ടുള്ള,
‘കലയേ ഗാംബോധിരസനാലയേ ത്വാം’
എന്നു തുടങ്ങുന്നതും ഗവേശണൈകവ്യഗ്രനായ മഹാകവി വിജ്ഞാനദീപികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ രാഗമാലിക സാക്ഷ്യം വഹിക്കുന്നു. അതിന്റെ അവസാനത്തിലും,
‘ദീനപാലനവഞ്ചിവീരകേരള-
വൎമ്മഭൂപാലസേവിതപാദേ’
എന്നു മുദ്രയുണ്ടു്.
ഈ വീരപുരുഷൻ മുകിലനോടു പടവെട്ടുവാനായി പുറപ്പെട്ട അവസരത്തിൽ, അകാരാദിക്രമമനുസരിച്ചു് രചിച്ചതായ തിരുവട്ടാറ്റു് ആദികേശവസ്തുതി അതിമനോഹരമായിരിക്കുന്നു. രണ്ടു പദ്യങ്ങൾ മാത്രം ഉദ്ധരിക്കാം.
ഇടിനികരമൊടിടയും ഡിണ്ഡിമപടുനിനദവുമിടയിടെ വെടിയും
പൊടുപാടെ നിലവിളികളുമായുധമിടയുന്നൊരു ഝടഝടരവവും
ഝടുതി കിളൎന്നെഴുമൊരു പൊടിയും തടവിന പടയുടനെ തടുപ്പാ-
നടിയനു യുധി പടുത തരേണം കേശിമഥനനാഥ തൊഴുന്നേൻ.
അക്ഷതമിയലും രിപുകുലമൊക്കെ മുടിച്ചിഹ പുരളീശം
വഞ്ചിക്ഷിതികേരളസംജ്ഞം രക്ഷ വിഭോ രക്ഷമുദാ മാം
പക്ഷീശ്വരവാഹന സജ്ജനരക്ഷക കരുണാകരസന്നത-
മക്ഷയയശസം കുരു മാധവ കേശവ മഥനനാഥ തൊഴുന്നേൻ.
യുദ്ധകലാനിപുണനും മഹാകവിയും ആയിരുന്ന കേരളവൎമ്മരാജാവിനെപ്പറ്റി ‘തമ്പുരാൻപാട്ടു്’ എന്നൊരു തമിഴ്‍കൃതി ൧൧൦൬, ൧൧൦൭ എന്നീ വൎഷങ്ങളിലെ വിദ്യാഭിവൎദ്ധിനി മാസികയിൽ ടി. ജി. അച്യുതൻനമ്പൂരി എന്നൊരു ഭാഷാപ്രണയി പ്രസിദ്ധീകരിച്ചിരുന്നു. ‘പുതുവാതപ്പാട്ടു്’ എന്നൊരു കൃതിയേപ്പറ്റി ഗവേഷകുശലനായ മഹാകവി ഉള്ളൂർ പരമേശ്വരയ്യരും വിജ്ഞാനദീപിക മൂന്നാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടും ഒരേ കൃതി തന്നെ. പേരു് മാറീട്ടുണ്ടെന്നേയുള്ളു. ഈ തമിൾപാട്ടിന്റെ കൎത്ത ാവു് പരപ്പക്കുട്ടിപ്പുലവന്റെ ഒരു ശിഷ്യനാണെന്നു് പ്രസ്തുത പാട്ടിന്റെ പ്രാരംഭത്തിൽ പ്രസ്താവിച്ചിട്ടുള്ളതിൽ നിന്നും തെളിയുന്നു.
‘സഭതനിലൊരുകുടവും മണിതാളമിണങ്കിനവില്ലിന്മേൽ
തത്തിരികട താതരികടതെയിതെയിയെന്നൊത്തുമിനിത്തിടവേ
പദങ്കൾ താളസ്സൊരങ്കളോശ ഇണങ്കിന വില്ലിന്മേൽ
തൈര്യനായനനുടെ കത പാടവേ വന്തുതകിടുവായേ.
ആഴിതനിൽത്തുയിൽകൊണ്ടവനേ മായവനേ ഉൻചരണം
അലകടൽ വിരിവായ് പലതമിഴ് ചൊരിയവെനതുടകുരുവരനാം
വന്മയൊടാമച്ചപതിതനിലെ അഴകിനുടൻ വാഴുവോ വാഴുവോ
യെനതുടകുരുവരനാകുമേ പരപ്പക്കുട്ടിപ്പുലവൻ
വന്നക്കരമതിനാലടിതൊഴുതേനെപ്പൊഴുതും മറവേൻ
വിളങ്കയിസ്സഭതനിലുതകിടവേ മന്നവനെത്തൊഴുതേൻ.
വിളങ്ക നാവതിലീശ്വരിതേവിയെ വെറ്റിയോടും തൊഴുതേൻ’
അനന്തരം ഇഷ്ടദേവതാസ്തുതി കഴിഞ്ഞു് കവി കഥാവസ്തുവിനെ ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു.
‘നാടുതനിലീടേറ വാഴ്‍ന്ത കത വേണാടു്
നാതനാരരുംകടലുറന്ത വേണാടു്
കേളിയുറുകേരുളപുരം തിരുവിതാംകോടു്
കിറുപപുകഴരനാരും പള്ളികൊണ്ടനാടു്
നാടുതനിൽ മന്നർ പിറവേലി നാടും വിട്ടു
നല്ല പുകഴ്‍വേണ്ട നാടും മുഴുതാണ്ടും
അളവുവന്തരചർ തിരുവനന്തപുരം പുകുന്തു
നേരാർമനത്തുടൈ മന്തിരിമാർകൾവതൈചെയ്തു
അളവുവന്തരചർ കയിലാതവും പണിന്തു
അരനൈ അടിതൊഴുതു മന്നർ വരമതും വാങ്കി
പുകഴുകൊണ്ടതീരനെ ഇപ്പന്തൽ തനിൽ വന്തു
പുതുവാതത്തമ്പുരാനടിയനുക്കുതവി തായേ’
പിന്നീടു് കഥ തുടങ്ങുന്നു.
പിറവേലിനാട്ടിൽ (പുരളി) ഒരു അമ്മത്തമ്പുരാൻ ജനിച്ചു. ‘നാട്ടുക്കിതു നന്മ പിറന്തിതെന്റ്’ ചിന്തിച്ചു് പുരളീശനായ ഗോദവൎമ്മരും മന്ത്രിമാരും മനന്തെളിഞ്ഞു് ശിശുവിനു് ഉമയമ്മ എന്നു പേരിട്ടു. ഈശകൃപയാൽ ഈ കന്യക,
‘വളന്തു വളന്തു തിരുവയതേഴാ’യപ്പോൾ
എഴുത്തും വായനയും പഠിച്ചു. പതിനൊന്നു വയസ്സു തികഞ്ഞപ്പോൾ രാജാവു് ‘ചന്തമൊത്ത മാതുമയ്ക്കു് പള്ളിക്കെട്ടു സരസമാകവേ മുകിക്കവേണമെന്റെ’ കരുതിയിട്ടു് ‘വെറ്റിപടുകോയിൽ പണ്ടാലയെ’ വരുത്തി; ജ്യോതിഷക്കാരനു് ആളയച്ചു. ജ്യോത്സ്യൻ വന്നു് ‘നല്ലപാലിലെ പരൽചൊരിന്തുകൊണ്ടു്–ചൊരിന്തപരൽ വാരി’പ്പലകമേൽ നിരത്തിനോക്കിയ ശേഷം പൈങ്കുനി പന്ത്രണ്ടാംതീയതിക്കു മുഹൂൎത്ത വും നിശ്ചയിച്ചു. യഥാകാലം കോയിപ്പണ്ടാലയെക്കൊണ്ടു് പള്ളിക്കെട്ടും നടത്തി. ഒരുകൊല്ലം കഴിഞ്ഞിട്ടും പുരുഷസന്താനമുണ്ടാകായ്കയാൽ രാജാവു് വഴിവാടുകൾ പലതും നടത്തി. തൽഫലമായി ഉമാദേവി കന്നി ൧-ാനു കൃഷ്ണപക്ഷപഞ്ചമിയും കാൎത്ത ികയും കൂടിയ വെള്ളിയാഴ്ച സിംഹലഗ്നത്തിൽ ഒരു പുത്രനെ പ്രസവിച്ചു. യഥാകാലം ആ ശിശുവിനു് കേരളവൎമ്മ എന്നു നാമകരണവും ചെയ്തു. അങ്ങനെ
‘പേറുപെടവേ നാലാണ്ടു്–
നാലാണ്ടു തികൈന്തു കേരളവൎമ്മാവുക്കു
നടന്തുവിളയാടിവരക്കണ്ടപോതേ
ചേലാകവേ തിരുമകനുക്കു
ചിറന്ത കോതവർമ്മരും മനം തെളിന്തു
ചലങ്കമണിപൊന്നും തണ്ട അരപടവും’
ഉണ്ടാക്കിക്കൊടുത്തു. അഞ്ചാമത്തെ വയസ്സിൽ ‘തിരുവെഴുത്തു വോതുക’യ്ക്കു് ഉന്നി ‘പഴയപള്ളിക്കൂടം തന്നിലങ്കവും’ പുതുക്കിക്കെട്ടിച്ചു; പഠിപ്പിക്കാനായി ‘വടനാടുതനിലെയിരുക്കുമന്ത ഉറ്റതോരറുമുകവൻ വാത്തിയാരെ’ വരുത്തുന്നതിനായി ഓട്ടനേയും അയച്ചു. ഓട്ടനാകട്ടെ പിറവേലിനാടുവിട്ടു് കടയ്ക്കാടു്, പള്ളിപറനാടു്, തുളുനാടു് ഇവയെല്ലാം കടന്നു് വയനാട്ടിലെത്തി, ‘അറുമുകവാത്തിയാരെ’ ക്ഷണിച്ചു. അദ്ദേഹമാകട്ടെ ‘നല്ല ചൂരക്കോലുചെപ്പേടും നല്ല കിരന്തക്കെട്ടും’ എടുത്തു് ഉടുത്തൊരുങ്ങിപ്പുറപ്പെട്ടു് യഥാകാലം പിറവേലിൽ വന്നു് ബാലനെ പഠിപ്പിക്കാനും തുടങ്ങി. രാജകുമാരൻ, അചിരേണ മലയാളം, തമിഴ്, കന്നടം, തുളു എന്നീ ഭാഷകളിലെ അക്ഷരമാലകൾ പഠിച്ചു. പന്ത്രണ്ടാമത്തെ തിരുവയസ്സിൽ കളരിപ്പയറ്റു തുടങ്ങി. ‘മാന്തയർ’ എന്ന ഗുരുവിന്റെ അടുക്കൽ വാൾപ്പയറ്റും, ഒരു തുളുനാടൻനായരുടെ അടുക്കൽനിന്നു വില്പയറ്റും അഭ്യസിച്ചു. അതിനുപൂറമേ ഒരു രാകുത്തരോടു് പുരവിയേറ്റവും (കുതിരസവാരി) പഠിക്കയുണ്ടായത്രേ. പത്തു പതിനാറു വയസ്സായപ്പോഴയ്ക്കു് അദ്ദേഹം ഒരു നല്ല പടയാളിയായിത്തീൎന്നു വെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.
ഇതിനുശേഷം രാജകുമാരൻ ശ്രീപോർക്കലിദേവിയെ സേവിച്ചു് പൊന്നുടവാൾ വാങ്ങാൻ ഒരുമ്പെട്ടു. ഭദ്രകാളിയാകട്ടെ കുമാരനെ പരീക്ഷിപ്പാനായി ‘ഈ വാൾ നിനക്കു തന്നാൽ ജളതപറ്റും. അതിനെ പ്രയോഗിപ്പാൻ നിനക്കു ശക്തി കാണുകയില്ല. വിശേഷിച്ചും,
കടിയ നൽക്കുരുതിയാഴ്ചതോറും വാൾ കുടിത്തിടുമേ
കരുതിയേ ജപങ്കൾ വേണും നിത്തലും
മുടങ്കിടാതെയാഴ്ചതോറും നല്ല പൂജൈ ചെയ്യവേണം
മുനിന്തു നാളുതോറും വാളു തുള്ളുമേ.
അതുകൊണ്ടു് പിറവേലിക്കു തിരിച്ചുപോകയാണു് നിനക്കു നല്ലതു്’ എന്നൊക്കെ ഒഴികഴിവു പറഞ്ഞുനോക്കി. അങ്ങനെയാണെങ്കിൽ താൻ അവിടെത്തന്നെ ആത്മബലി കഴിക്കുമെന്നു രാജകുമാരൻ ശാഠ്യംപിടിച്ചപ്പോൾ ദേവി “വാൾ ഇവിടെയല്ല; സമുദ്രത്തിലാണിരിക്കുന്നതു്” എന്നു പറഞ്ഞു് ഒഴിഞ്ഞപ്പോൾ, കുമാരൻ ദേവീസന്നിധിയിൽ ഇരുന്ന ഖഡ്ഗത്തെ എടുക്കാൻ ഭാവിച്ചു. അതിനെ തൊട്ട മാത്രയിൽ വാൾ തുള്ളി മുതലയാറ്റിൽ പതിച്ചു. ഇനി എന്തു നിവൃത്തി? ആറ്റിൽ മുതലകളേ പേടിച്ചു് ആരിറങ്ങും? എന്നാൽ നമ്മുടെ കഥാനായകൻ ആകട്ടെ കയത്തിലേക്കു കുതിച്ചുചാടി, തദന്തഃസ്ഥിതരായ ഭൂതപ്രേതാദികളുടെ ഭീകരമായ ഗൎജ്ജ നങ്ങളെ വകവയ്ക്കാതെ വാൾ എടുത്തുകൊണ്ടു കരയ്ക്കെത്തി. പ്രസന്നയായ ദേവി അദ്ദേഹത്തിനെ ആശീർവദിച്ചു. ഈ വിവരമൊക്കെ അറിഞ്ഞപ്പോൾ ആ നാട്ടുകാർ മാത്രമല്ല, കോലത്തുനാട്ടിലും പൊലനാട്ടിലും കോഴിക്കോട്ടും ഉള്ളവരെല്ലാം വിസ്മയസ്തിമിതരായത്രേ.
അങ്ങനെ സകല ജനങ്ങളുടേയും പ്രശംസയ്ക്കു പാത്രമായിത്തീൎന്ന കേരളവൎമ്മരോടു് ഗോദവൎമ്മതമ്പുരാൻ പിണങ്ങുന്നതിനു ചില കാരണങ്ങൾ ഉണ്ടായി. പ്രധാന കാരണം മന്ത്രിയുടെ ഏഷണിയായിരുന്നു. തന്നേ യുവരാജാവായി അഭിഷേകം ചെയ്യണമെന്നു് അദ്ദേഹം നേരിട്ടപേക്ഷിച്ചു. മന്ത്രിയുടെ അഭിപ്രായം അറിയാതെ അങ്ങനെ ചെയ്‍വാൻ നിവൃത്തിയില്ലെന്നു രാജാവു കല്പിക്കയാൽ, അദ്ദേഹം കോപിച്ചു് നേരേ മന്ത്രിയുടെ ഭവനത്തിലേക്കു തിരിച്ചു. മന്ത്രിയാകട്ടെ അദ്ദേഹത്തിനെ വേണ്ടപോലെ ആദരിച്ചതുമില്ല. അതു കണ്ടു കുപിതനായ രാജകുമാരൻ വാളൂരി മന്ത്രിയെ നിഗ്രഹിച്ചു. ഈ വിവരമറിഞ്ഞു് ഗോദവൎമ്മ പാപപരിഹാരാൎത്ഥ ം തീൎത്ഥ ാടനംചെയ്യുന്നതിനു് ഭാഗിനേയനോടുപദേശിച്ചു. അതു കേട്ടു് കേരളവൎമ്മ വിദ്വാനായ ഒരു തമിഴ്ബ്രാഹ്മണനോടും കരുണാകരപ്പിഷാരടിയോടും കൂടി ദിക്‍സഞ്ചാരത്തിനു് ഇറങ്ങി. ചോളരാജ്യമായിരുന്നു ആദ്യത്തെ ലക്ഷ്യം. മാർഗ്ഗമദ്ധ്യേ മുകിലന്റെ രാജ്യത്തു ചെന്നു. അവിടത്തെ നായകനായ മയ്യത്തുരയുടെ ഭടന്മാർ സംശയിച്ചു് വിവരം അരമനയിൽ അറിയിച്ചു. മയ്യത്തുര ഒരാനപ്പുറത്തു കയറി തമ്പുരാനെക്കാണ്മാൻ വന്നപ്പോൾ അദ്ദേഹം അമ്പരന്നുപോയി. എന്തൊരു തേജസ്സാണു് അദ്ദേഹത്തിന്റെ മുഖത്തു കണ്ടതു്! അദ്ദേഹത്തിനെ മയ്യത്തുര കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി യഥാവിധി സൽക്കരിച്ചു് അവിടെ താമസിപ്പിച്ചു. കുമാരന്റെ ശരീരകാന്തി കണ്ടു് തുരയുടെ പത്നിയായ ഉമ്മാൾക്കു് തന്റെ പുത്രിയെ അദ്ദേഹത്തിനു കല്യാണം കഴിച്ചു കൊടുക്കണമെന്നു് ആഗ്രഹം ജനിച്ചുവത്രേ. പക്ഷേ ജാത്യാചാരത്തിനു വിപരീതമാകയാൽ അദ്ദേഹം തുരയുടെ അപേക്ഷയെ തിരസ്കരിച്ചു. എന്നാൽ കൂടെയുണ്ടായിരുന്ന വിദ്വാൻ പട്ടർ പറഞ്ഞു: “ഹേയ് അതുകൊണ്ടു് എന്തു കുറവു്? ധാരാളം പൊന്നും പണവും നാട്ടിലേക്കു കൊണ്ടുപോകാം. തങ്കക്കുടത്തിനു് എവിടെ കറ പറ്റാൻ പോകുന്നു. ഒന്നുമില്ല. നേരേമറിച്ചു് തടസ്സം പറഞ്ഞാൽ ഒരു വലിയ ശത്രു ഉണ്ടാവുകയും ചെയ്യും.” ഈ ഉപദേശം കേട്ടു് കേരളവൎമ്മ താനാവതിയെ കല്യാണം കഴിക്കയും, തുരയ്ക്കു് പുത്രസന്താനമില്ലായ്കയാൽ രാജ്യത്തിനു് അവകാശിയായിത്തീരുകയും ചെയ്തു. എന്നാൽ ആ രാജകുമാരിയെ ചടക്കൻ എന്ന മറവപ്രമാണിയും, മുടക്കൻ എന്ന തെലുങ്കനും പ്രണയിച്ചിരുന്നു. അവർ ഈ വിവരം അറിഞ്ഞു് തെലുങ്കന്റെ രാജധാനി ആക്രമിച്ചു. എന്നാൽ കേരളവൎമ്മ എതിരിട്ടു് അവരെ കൊന്നുകളഞ്ഞു. അങ്ങനെയിരിക്കേ അദ്ദേഹത്തിന്റെ വിരോധത്തിനു പാത്രമായ ഏതാനും മറവന്മാർ ഒരു വാരത്തിനുള്ളിൽ അദ്ദേഹത്തിനെ നിഗ്രഹിക്കുന്നുണ്ടെന്നു് ആര്യൻകോവിലിൽ സന്നിധിയിൽ വച്ചു് പ്രതിജ്ഞ ചെയ്തു. ആ ഉപജാപവൃത്താന്തം ദേവിയുടെ കാരുണ്യത്താൽ സ്വപ്നത്തിൽ കണ്ട രാജാവു് പ്രിയപത്നിയേയും മറ്റും ഉപേക്ഷിച്ചു് ഒരു രാത്രി ചിങ്കളത്തുറയിൽ ചെന്നു കപ്പലേറി പിറവേലിയിൽ എത്തിയിട്ടു് താൻ കൊണ്ടുവന്നിരുന്ന ധനത്തെ ഉമാദേവിയ്ക്കു സമർപ്പിച്ചശേഷം അവരുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. ദേവിയാകട്ടെ,
‘വാ മകനേയെൻറു അരികണൈത്തു
മന്നത്തിരുമുടിതനൈമുകന്തു’.
പിറവേലിനാടു തഴച്ചു; എല്ലാവരും സന്തുഷ്ടരായി.
ഉറക്കമുണൎന്ന താനാവതിയോ? ഭൎത്ത ാവിനെക്കാണാതെ വ്യസനിച്ചു. അദ്ദേഹത്തിനെ കണ്ടുപിടിപ്പാനായി തുര ദൂതന്മാരെ നിയോഗിച്ചു. അവർ കാശിവരെയുള്ള തീൎത്ഥ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും ഫലപ്പെട്ടില്ല. ഒടുവിൽ പരമാൎത്ഥ മറിഞ്ഞപ്പോൾ ആ സാധ്വി നാവു പിഴുതെടുത്തു് പ്രാണത്യാഗം ചെയ്തുവത്രേ.
അചിരേണ അദ്ദേഹത്തിന്റെ യൗവരാജ്യാഭിഷേകം ആഘോഷപൂൎവം നടത്തപ്പെട്ടുവെങ്കിലും ദേശാടനത്തിലുള്ള തൃഷ്ണ ശമിക്കായ്കയാൽ മാതാവിന്റെ അനുവാദത്തോടുകൂടി വൎക്കല, കന്യാകുമാരി എന്നീ പുണ്യസ്ഥലങ്ങളെ ദൎശിക്കുവാൻ പുറപ്പെട്ടു. വടക്കൻദിക്കുകളെല്ലാം കടന്നു് വൎക്കല എത്തിയപ്പോൾ ആണ്ടിയണ്ണാവി എന്ന തമിൾബ്രാഹ്മണൻ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ഉപദേശാനുസരണം ഉമയമ്മറാണിയെക്കാണ്മാനായി ആറ്റുങ്ങലേക്കു തിരിക്കയും ചെയ്തു. ആ അവസരത്തിൽ രാജ്ഞി ശത്രുപീഡിതയായിരുന്നു എന്നു മാത്രമല്ല, പടവീടു പാലിക്കാൻ തക്ക കെല്പുള്ളവർ വേണാട്ടിൽ ഇല്ലാതെയും ഇരുന്നു. അതുകൊണ്ടു് രാജ്ഞി ഇദ്ദേഹത്തിനെ ദത്തെടുത്തു് പടവീട്ടിനു് അധിപതിയാക്കി. അദ്ദേഹം ഒന്നാമതായ ദുൎമ്മന്ത്രിമാരായിരുന്ന അനന്തൻപിള്ളയേയും, കോട്ടുകാൽ ഉടയാൻപിള്ളയേയും കൊന്നുകളഞ്ഞിട്ടു് തൽസ്ഥാനങ്ങളിൽ മല്ലൻപിള്ള, നീലൻപിള്ള എന്നു രണ്ടുപേരെ നിയമിച്ചിട്ടു് എഴുപത്തിരണ്ടു മുന്നിലക്കാരെയും ഏൎപ്പെടുത്തി. തമ്പുരാന്റെ ഊൎജ്ജ സ്വലമായ നടവടികൾ രസിക്കാത്ത മറ്റു പതിനാറു മന്ത്രിമാർ അദ്ദേഹത്തിനെ വധിക്കാൻ തരംനോക്കിയിരുന്നു. അവർ ചില ഏഷണികൾ രാജ്ഞിയോടു പറകയും, അദ്ദേഹത്തിനെ ഗൂഢമായി നിഗ്രഹിപ്പാൻ അനുവാദം വാങ്ങിക്കയും ചെയ്തു. ഭദ്രകാളി ഈ അവസരത്തിലും അദ്ദേഹത്തിനു നേരിടാൻ പോകുന്ന വിപത്തിനെപ്പറ്റി സ്വപ്നത്തിൽ അറിവിച്ചെങ്കിലും അദ്ദേഹം വകവെച്ചില്ല.
അടുത്ത ദിവസം ഏതാനും സേവകന്മാരോടു നേമത്തുകാരനായ ഒരു പട്ടാണിയോടുംകൂടി തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു, ശത്രുക്കളും പിന്തുടൎന്നു. റാണിയെ ദൎശിച്ചിട്ടു് ഉറങ്ങാനായി കൊച്ചുകോയിക്കലേക്കു് എഴുന്നള്ളാൻ ഭാവിക്കവേ, അമ്മതമ്പുരാൻ തടസ്സം പറഞ്ഞു. വിധിയേ ആൎക്കു തടുക്കാൻ കഴിയും? അദ്ദേഹം വകവച്ചില്ല. രാജ്ഞിയുടെ ഉപദേശാനുസരണം ഉടവാൾ തേവാരത്തുകോയിക്കലുള്ള ഒരു തൂണിൽ ബന്ധിച്ചുവച്ചിട്ടു് ഒരു തുളുനാടൻകത്തി മാത്രം എടുത്തുംകൊണ്ടു തിരിച്ചു്, വലിയകോയിക്കൽനടയിൽ എത്തിയ മാത്രയിൽ പണ്ടാരത്തിൽകുറുപ്പിന്റെ നേതൃത്വത്തിൽ ഒളിച്ചുനിന്നിരുന്ന മന്ത്രിമാർ വളഞ്ഞു. മുന്നിലക്കാരെപ്പറ്റി കുറെ പരാതികളെല്ലാം അറിവിച്ചു. അടുത്ത ദിവസം അതിനെപ്പറ്റി അന്വേഷണ നടത്താമെന്നു കല്പിച്ചിട്ടു് അദ്ദേഹം പോവാൻ ഭാവിച്ചപ്പോൾ, ‘പോര, അവരെ ശിക്ഷിക്കുന്നതിലേക്കു് ഇപ്പോൾ തന്നെ കല്പനവേണം’ എന്നു് അവർ ശഠിച്ചു. തമ്പുരാനാകട്ടെ ഒരു ഓലക്കഷണം വാങ്്ങി നീട്ടെഴുതിക്കൊണ്ടിരിക്കവേ, കുറുപ്പു് വേൽകൊണ്ടു് നെഞ്ചത്തു് ഒരു കുത്തു കൊടുത്തു. പട്ടാണി ഓടി എത്തും മുമ്പേ രാജാവു് പരലോകം പ്രാപിച്ചു. മന്ത്രിമാരോടു് പട്ടാണി കുറേനേരം പൊരുതു. എന്നാൽ ചെറുവള്ളിപ്പിള്ള അയാളേയും നിഗ്രഹിച്ചു. ഇങ്ങനെ അവർ രണ്ടുപേരും മരണം പ്രാപിച്ചിട്ടും കഥ അവസാനിച്ചില്ല. തമ്പുരാനും അനുചരനും ശിവലോകം പ്രാപിച്ചു. ശ്രീപരമേശ്വരൻ ചിത്രഗുപ്തരേ വിളിച്ചു് ഇവരെ സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ആജ്ഞാപിച്ചു. അറുതി അറ്റു വന്നവരല്ലെന്നു കാണുകയാൽ പരമേശ്വരൻ അവർക്കു് ‘പുതുപാത’ എന്ന പേർ നൽകിയിട്ടു് ആയുധങ്ങളും കൊടുത്തു് അവരെ ഭൂമിയിലേയ്ക്കു തന്നെ അയച്ചു. പല പുണ്യസ്ഥലങ്ങളെ നശിപ്പിച്ചശേഷം അവർ തിരുവനന്തപുരത്തു വന്നു് കുറുപ്പിനേയും മറ്റും കൊന്നിട്ടു് ശ്രീപത്മനാഭക്ഷേത്രത്തിന്റെ കിഴക്കേഗോപുരവാതുക്കൽ എത്തിയപ്പോൾ ഭഗവാൻ ‘എന്നാണ എന്റെ ദേശത്തെ നശിപ്പിക്കരുതേ’ എന്നു് ആജ്ഞാപിക്കയാൽ, അവർ ആ ഉദ്യമത്തിൽനിന്നു പിൻവാങ്ങി. അദ്ദേഹം കൊടുപ്പിച്ച പട്ടും പരിവട്ടവും വാങ്ങിക്കൊണ്ടു് അവർ സന്തൃപ്തിയാണ്ടു. ഇങ്ങിനെയാണു് കഥ.
ഈ കഥയിൽ നെല്ലെത്ര പതിരെത്ര എന്നു നിൎണ്ണയിക്കാൻ വിഷമമുണ്ടെങ്കിലും ഒട്ടു വളരെ സംഗതികൾ അടങ്ങിയിരുപ്പുണ്ടെന്നു് അപലപനീയമാകുന്നു. കേരളത്തിനു വെളിയിൽ മുഹമ്മദീയരും ഹിന്ദുക്കളും തമ്മിൽ വിവാഹബന്ധം ഉണ്ടായിട്ടുണ്ടെന്നുള്ള സംഗതിയിൽ സംശയമില്ലാതിരിക്കേ താനാവതിയുടെ കഥ അവിശ്വസിക്കണമെന്നില്ല. മുകിലന്റെ ആക്രമണത്തെപ്പറ്റി ഒന്നും പറയാതിരുന്നതെന്താണാവോ?
14.21 മലയാളനാട്ടിലെ അന്നത്തെ സ്ഥിതി
പതിനേഴാം നൂറ്റാണ്ടിൽ വടക്കേ മലയാളത്തിന്റെ കഥ അരാജകാവസ്ഥയിലാണിരുന്നതു്. ൧൫൬൪-ൽ കോലത്തിരി വടകരക്കോട്ട കടത്തനാട്ടുരാജാവിനു് ഏല്പിച്ചുകൊടുത്തതിനോടുകൂടി കോലത്തുനാട്ടുസ്വരൂപം അധഃപതിച്ചു. കപ്പൽ വ്യാപാരം മുഴുവനും കടത്തനാട്ടിനു് അധീനമായി. ൧൬൦൦-ൽ കുഞ്ഞാലിമരയ്ക്കാരുടെ വധത്തിനുശേഷം കടൽക്കൊള്ളക്കാരായിരുന്ന മരയ്ക്കാന്മാർ സാമൂതിരിയുടെ മേല്ക്കോയ്മയെ ഉപേക്ഷിച്ചു കടത്തനാട്ടിന്റെ കീഴിൽ ആയിത്തീർന്നു. ഇങ്ങനെ കടലിന്മേലുള്ള അധികാരവും കടത്തനാട്ടിനു ലഭിച്ചു. കുവ്വാഴിപ്പുഴയുടെ വടക്കുള്ള കോലത്തിരിരാജ്യമെല്ലാം നീലേശ്വരംരാജാവും സ്വാധീനപ്പെടുത്തി. കോട്ടയത്തിന്റെ ചില ഭാഗങ്ങൾ ഇരുവാഴിനമ്പിയാരുടെ ബാക്കി കോട്ടയംരാജാവിന്റേയും അധീനത്തിൽ വന്നു. ക്രമേണ പ്രബലനായ ഒരു കോട്ടയം രാജാവു് വയനാടും താമരശ്ശേരിയും കൂടി പിടിച്ചെടുത്തു് തന്റെ ശക്തിയെ വൎദ്ധിപ്പിച്ചുതുടങ്ങി. ഇങ്ങനെ കോലത്തിരിരാജ്യം കേരളവൎമ്മരാജാവിന്റെ കാലത്തു് കോലത്തിരി, കണ്ണൂർ, നീലേശ്വരം, കോട്ടയം, കടത്തനാടു് എന്നിങ്ങനെ അഞ്ചു രാജാക്കന്മാരുടെ കീഴിലാണു് സ്ഥിതിചെയ്തിരുന്നതു്. അവയിൽ കടത്തനാടു് വളരെ പ്രബലമായി; കോട്ടയം ക്രമേണ പ്രാബല്യം വൎദ്ധിപ്പിച്ചുകൊണ്ടും ഇരുന്നു. എന്നാൽ ഈ അഞ്ചുരാജ്യങ്ങളും പരസ്പരം കലഹിച്ചുകൊണ്ടിരുന്നതിനാൽ അവൎക്കു സ്വയമേ ശത്രുനിരോധനത്തിനു ശക്തിയില്ലാതെയായി.
തെക്കേമലയാളത്തിലെ സ്ഥിതിയും പരിതാപകരമായിരുന്നു. കൊച്ചിയും സാമൂതിരിയും തമ്മിലുണ്ടായിരുന്ന വിരോധം നിമിത്തം സൗകര്യമുള്ളപ്പോഴൊക്കെ അവിടത്തെ സാമന്തരാജാക്കന്മാർ സാമൂതിരിക്കു വിരോധമായി പ്രവൎത്ത ിച്ചുവന്നു. സാമൂതിരിയുടെ സാമന്തരായ താനൂർരാജാവു് രഹസ്യമായി പോൎത്തു ഗീസ്സുകാരെ സഹായിക്കുകയും ചാലിയത്തു് ഒരു കോട്ട കെട്ടാൻ അനുവാദംകൊടുക്കയും ചെയ്തു. കോഴിക്കോട്ടു് ലന്തക്കാൎക്കു ് അനുകൂലമായി വൎത്ത ിച്ചു് പറങ്കികൾക്കു വിപരീതമായും നിലകൊണ്ടു. കൊച്ചി പോൎത്തു ഗീസുകാരേയും സഹായിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പറങ്കികളും ലന്തക്കാരുമായുണ്ടായ മത്സരത്തിൽ ഈ രാജ്യങ്ങളും ഇടപെടേണ്ടതായിവന്നു. സാമൂതിരിയുടെ സമരതൃഷ്ണ നശിച്ചിരുന്നില്ല; എന്നാൽ അദ്ദേഹം പിടിച്ചടക്കിയ രാജ്യങ്ങളിൽ ശരിയായ ഭരണക്രമങ്ങളൊന്നും ഏൎപ്പെടുത്താതെ പടവെട്ടുന്നതിൽ മാത്രം ജാഗരൂകനായിരുന്നതിനാൽ കീഴടങ്ങിയ രാജസ്വരൂപങ്ങൾ സ്വാശ്രയശക്തിയില്ലാത്തവയായി നശിക്കാൻ തുടങ്ങി. കൊച്ചിയും, കൊടുങ്ങല്ലൂരും സാമൂതിരിയുടെ കൂടെക്കൂടെയുള്ള ആക്രമണം നിമിത്തം വളരെ ഞെരുങ്ങി. തെക്കു് വേണാട്ടിലും അന്തഃഛിദ്രങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. നെടുമങ്ങാട്ടുരാജാവായ കേരളവൎമ്മൻ ഇളയിടത്തുസ്വരൂപത്തിലെ ജനങ്ങളോടു ചേൎന്നു കൊണ്ടു് വേണാടും സ്വാധീനപ്പെടുത്താൻ നോക്കി; ഫലിച്ചില്ലെങ്കിലും അതു വലിയ കുഴപ്പങ്ങൾക്കു് ഇട വരുത്തി. ആ അവസ്ഥയിലാണു് മുകിലന്റെ ആക്രമണം നേരിട്ടതും ഉമയമ്മറാണിയുടേയും കോട്ടയം കേരളവൎമ്മരുടേയും സാമൎത്ഥ ്യത്താൽ ലഹള അചിരേണ ഒതുങ്ങിയതും. വടക്കുംകൂർ, ചെമ്പകശ്ശേരി ഈ രാജ്യങ്ങൾ മിക്കവാറും കൊച്ചിയുടെ അധികാരത്തെ തിരസ്കരിച്ചു് സ്വാതന്ത്ര്യം പ്രാപിച്ചുകഴിഞ്ഞു.
ജീവിതരീതിയിലും യുദ്ധസമ്പ്രദായത്തിലും വലിയ വ്യത്യാസങ്ങൾ വന്നുചേൎന്നു. വലിയ തോക്കുകൾ യുദ്ധങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. പുതിയ പാക്കപ്പലുകൾ നടപ്പിൽ വന്നു. പ്രഭുജനങ്ങളുടേയും നാട്ടുകാരുടേയും ഇടയിൽ ആയുധാഭ്യാസത്തിലുള്ള താൽപര്യം കുറഞ്ഞുതുടങ്ങി. അക്ഷരാഭ്യാസത്തിൽ ജനങ്ങൾക്കു് അഭിരുചി വൎദ്ധിച്ചു. പതിനാ-റാംശതകത്തിൽതന്നെ—ആയതു ൧൫൫൫-ൽ—അച്ചടിയന്ത്രം മലയാളക്കരയിൽ നടപ്പിൽവന്നു. ൧൫൭൯-ൽ ബൊമ്പായിനഗരത്തിൽവച്ചു് അച്ചടിപ്പിച്ച ഒരു ക്രൈസ്തവവേദപുസ്തകം കാണ്മാനുണ്ടു്. ൮൫൩-ാമാണ്ടിടയ്ക്കു്, മലയാളത്തിലെ ഔഷധികളുടെ പേരുകൾ അടങ്ങിയതും പന്ത്രണ്ടു് അധ്യായങ്ങളുള്ളതുമായ മലബാറിക്‍ എന്നൊരു ഗ്രന്ഥം ഡച്ചുകാർ അച്ചടിപ്പിച്ചു. ഇങ്ങനെ ഇരിക്കവേയാണു് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയുമായി നേരിട്ടു കച്ചവടത്തിൽ ഏൎപ്പെട്ടതു്. അവർ ഇദംപ്രഥമമായി മലയാളത്തു പ്രവേശിച്ചതു് ൧൬൧൫-ൽ ആയിരുന്നു. അക്കൊല്ലം ക്യാപ്റ്റൻ കീലാങ്ങു് എന്നൊരാൾ കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്ന സാമൂതിരിയെക്കണ്ടു് വ്യാപാരം സംബന്ധിച്ച ഒരു കരാർ ചെയ്യുകയും കോഴിക്കോട്ടു് ഒരു പണ്ടകശാല നിൎമ്മിക്കയും ചെയ്തു. പോൎത്തു ഗീസുകാരെ തോല്പിക്കുന്ന വിഷയത്തിൽ ഇംഗ്ലീഷുകാരുടെ സഹായം ലഭിക്കുമെന്നായിരുന്നു സാമൂതിരിയുടെ പ്രതീക്ഷ. പറങ്കികളുടേയും ഇംഗ്ലീഷുകാരുടേയും സൗഹാൎദ്ദബന്ധമറിഞ്ഞതു മുതല്ക്കു് അദ്ദേഹം അവൎക്കു യാതൊരു സഹായവും ചെയ്തുകൊടുത്തില്ല. തന്നിമിത്തം അവരുടെ കച്ചവടം അഭിവൃദ്ധിയെ പ്രാപിച്ചുമില്ല. പിന്നീടു് ഇംഗ്ലീഷുകാർ കൊച്ചിയിൽ ഒരു വ്യാപാരശാല ഏൎപ്പെടുത്തി. എന്നാൽ ൧൬൬൩-ൽ കൊച്ചീപ്പട്ടണം പറങ്കികളുടെ കയ്യിൽനിന്നു ലന്തക്കാൎക്കു ലഭിച്ചപ്പോൾ, ഇംഗ്ലീഷുകാർ അവിടെ നിന്നു നിഷ്കാസിതരായി. അതുകൊണ്ടു് അവർ പൊന്നാനിയിൽ വന്നു് ഒരു പണ്ഡകശാല കെട്ടി സാമൂതിരിയുടെ രക്ഷാകൎത്തൃ ത്വത്തിൽ വാണിജ്യം തുടങ്ങി. രണ്ടു് ഇംഗ്ലീഷുകാർക്കു് കോഴിക്കോട്ടു് താമസിക്കാൻ കോഴിക്കോട്ടു രാജാവു് അനുവാദവും കൊടുത്തു. ആംഗ്ലേയർ പിന്നീടു് ൧൬൮൪-ൽ കോലത്തിരിയുടെ അനുവാദത്തോടുകൂടി തലശ്ശേരിയൽ ഒരു പണ്ടകശാല സ്ഥാപിച്ചുവെങ്കിലും കുറുങ്ങോട്ടുനായരുടെ എതിൎപ്പുകൊണ്ടു് അതു് കുറെക്കാലത്തേയ്ക്കു് അഭിവൃദ്ധിയെ പ്രാപിച്ചില്ല. എന്നാൽ കോലത്തിരി ഇടപെട്ടു് നായരുടെ വിരോധത്തെ ശമിപ്പിച്ചു. അതുകൊണ്ടു് ൧൭൦൮-ൽ അവർ കടൽവക്കത്തു് കുന്നിന്മേൽ ഒരു കോട്ട നിർൎമ്മിച്ചു. ൧൬൮൪-ൽ ആറ്റുങ്ങൽറാണിയുടെ അനുവാദത്തോടുകൂടി ഇംഗ്ലീഷുകാർ അഞ്ചുതെങ്ങിലും ഒരു പണ്ടകശാല സ്ഥാപിച്ചു് കച്ചവടം തുടങ്ങി. അന്നു നാടു വാണിരുന്നതു് ഉമയമ്മറാണിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ വഴിക്കാണു് കഴക്കൂട്ടത്തുപിള്ള തുടങ്ങിയ ചില എട്ടുവീടർ രാജ്ഞിക്കു വിപരീതമായിത്തീൎന്നതെന്നു്, ഒരു പഴയ പാട്ടിൽനിന്നു വ്യക്തമാകുന്നു. ൧൬൯൦-ൽ അവർ അഞ്ചുതെങ്ങിൽ ഒരു കോട്ടയും പണിയിച്ചു.
പരന്ത്രീസുകാരുടെ വരവോടുകൂടി മലയാളനാട്ടിൽ അന്തഃഛിദ്രങ്ങളും ലഹളകളും വൎദ്ധിച്ചുതുടങ്ങി. കോട്ടയത്തിന്റെ ഒരു ഭാഗം ഇരുവാഴിനാട്ടിലെ കുറുങ്ങോട്ടുനായർക്കായിരുന്നല്ലോ. അദ്ദേഹത്തിനു് ഇംഗ്ലീഷുകാരോടു രസമില്ലാതിരുന്നു എന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടു്. അതിനാൽ അവരെ ഇന്നാട്ടിൽ നിന്നു് ആട്ടിപ്പായിക്കുന്നതിനു വേണ്ടി അദ്ദേഹം പരന്ത്രീസുകാരുമായി ഒരു സന്ധിക്കരാറു ചെയ്തു. അനന്തരം ഇരുകൂട്ടരും ഇംഗ്ലീഷുകാരെ തലശ്ശേരിയിൽനിന്നു് ആട്ടിപ്പായിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഇംഗ്ലീഷുകാരാകട്ടെ കടത്തനാട്ടുരാജാവിനെ ചെന്നു കണ്ടു് അദ്ദേഹത്തിനെക്കൊണ്ടു് മയ്യഴി ആക്രമിപ്പിച്ചു. അനന്തരം അവർ ഇരുവാഴിനാട്ടിലെ ഇളംകൂറിനേയും ചില പ്രഭുക്കന്മാരേയും കോഴ കൊടുത്തു സ്വാധീനപ്പെടുത്തി, അവിടെ അന്തഃഛിദ്രങ്ങൾ ഉണ്ടാക്കി.
൧൬൬൩-ൽ പറങ്കികളിൽനിന്നും കണ്ണൂരിലെ ആഞ്ജീലോക്കോട്ട ലന്തക്കാൎക്കു ലഭിച്ചിരുന്നു. രണ്ടു തറയിലെ കുരുമുളകു മുഴുവനും കരസ്ഥമാക്കാൻ വേണ്ടി ഈ ലന്തക്കാർ ആലി രാജാവുമായി സഖ്യം ചെയ്തു. അന്നു് ധൎമ്മപട്ടം എന്ന ദ്വീപു് ആലിരാജാവിന്റെ വകയായിരുന്നു. അതു ലന്തക്കാൎക്കു് കൈവശപ്പെട്ടുപോയാൽ തലശ്ശേരിയുമായുള്ള വ്യാപാരത്തിനു കോട്ടം സംഭവിക്കുമെന്നു കണ്ടിട്ടു്, ഇംഗ്ലീഷുകാർ കോട്ടയം രാജാവിനെക്കൊണ്ടു് ആലിയെ പുറത്താക്കി. ഇരുവാഴിയിലെ ഇളംകൂറുനായരും ഇംഗ്ലീഷുകാൎക്കു ് അനുകൂലമായി നിന്നു. അതിനു പ്രതിഫലമായി ഒട്ടു വളരെ പണം കമ്പനിക്കാർ അദ്ദേഹത്തിനു നൽകി. ഇളംകൂറാകട്ടെ, ഇരുവാഴിനാടു്, ധൎമ്മപട്ടണം, രണ്ടുതറ എന്നീ സ്ഥലങ്ങളിലെ കുരുമുളകുവ്യാപാരത്തിനുള്ള അവകാശം ഇംഗ്ലീഷുകാൎക്കും കൊടുത്തു.
ഇപ്രകാരം ഐറോപ്യരുടെ വരവു് മലയാളക്കരയിൽ അന്തഃഛിദ്രങ്ങൾക്കും രാജാക്കന്മാരുടെ ദൗർൎബ ല്യത്തിനും കാരണമാക്കി.
14.22 പടപ്പാട്ടു്
‘കല്പകവൃക്ഷത്തിന്റെ ശില്പമാം കൊമ്പുതന്മേൽ’ കല്പതമായ കൂട്ടിൽ വസിക്കുന്ന കിളിപ്പെണ്ണിനേക്കൊണ്ടു പറയിച്ചിരിക്കുന്നതിനാൽ ഇതു് ഒരു കിളിപ്പാട്ടാണു്. കവി ആരെന്നു നിശ്ചയമില്ല. സാമാന്യം വ്യുൽപത്തിയും നല്ല ഭാവനാശക്തിയും വേണ്ടുവോളം ദേശചരിത്രജ്ഞാനവും ഉള്ള ആളായിരുന്നു എന്നു് ഈ കൃതിയിൽനിന്നു തെളിയുന്നു. ‘വാനിടത്തമ്പിളിത്തെല്ലൽപോലെ കണ്ട കരം താനെടുത്തുയൎത്ത ിനിന്നഴകേറുന്ന ബാലൻ’ എന്ന മട്ടിൽ, ക്രിസ്തബ്ദം പതിനേഴാംശതകത്തിൽ കൊച്ചിയിൽ നടന്ന താവഴിവഴക്കിനെ അധികരിച്ചു് ഒരു കാവ്യം ചമയ്ക്കാൻ കവി ഉദ്ദേശിച്ചു. അതു സൎവ്വഥാ സഫലമാവുകയും ചെയ്തു.
പടപ്പാട്ടു് ആറു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാംപാദം,
‘കേരളമടക്കിവാണീടിന മുടിമന്നൻ
ചേരമാൻ മരുമകന്നാദിയിൽ കൊടുത്തൊരു
നാടൻ പന്തീരുകാതം വാഴും പെരുമ്പടപ്പിൽ
കൂടലർ കാലന്മാരാം മന്നവർ പലർ വാണു’
എന്നിങ്ങനെ കൊച്ചി രാജ്യോൽപത്തിയെപ്പറ്റിയുള്ള ഐതിഹ്യപ്രശംസയോടുകൂടി സമാരംഭിക്കുന്നു. പെരുമാളുടെ മരുമക്കളായി അഞ്ചു പെൺവഴിത്തമ്പുരാക്കന്മാരുണ്ടായിരുന്നുവെന്നും, അവരിൽ എളയമ്മത്തമ്പുരാട്ടിക്കു മാത്രമേ പുരുഷസന്താനങ്ങൾ ഉണ്ടായിരുന്നുള്ളുവെന്നും, അതുനിമിത്തം കൊച്ചി രാജ്യവാഴ്ച എളയതാവഴിയ്ക്കായിത്തീൎന്നു വെന്നും ആണല്ലോ ഐതിഹ്യം. കാലക്രമേണ അഞ്ചു താവഴിയിലും പുരുഷസന്താനങ്ങൾ ഉദിച്ചു. അവരിൽ മൂത്ത തമ്പുരാൻ നാടു വാഴേണ്ടതാണെന്നുള്ള ഏൎപ്പാടുണ്ടാവുകയും, എല്ലാത്താവഴിക്കാർക്കും പ്രത്യേകം താമസിക്കുന്നതിനു് പ്രത്യേകം കോവിലകങ്ങൾ വന്നേരിയിൽ പണിയിക്കയും ചെയ്തു. ഈ താവഴികളെ പടപ്പാട്ടിൽ ഇങ്ങനെ നിൎദ്ദേശിച്ചിരിക്കുന്നു.
‘മൂത്തതാവഴി, ഇളതാവഴി മുരിങ്ങൂരും
പേൎത്തു ം ചാഴിയൂർപിന്നെപ്പഞ്ചമം പള്ളുരുത്തി’
ഈ താവഴിക്കാരിൽ ഇളയ താവഴി മാത്രം തഴച്ചു വരികയാൽ വീണ്ടും പ്രബലമായ്ത്തീൎന്നു. അങ്ങനെ രാജവാഴ്ച വീണ്ടും അതിനുതന്നെ ലഭിക്കാനിടയായി. അങ്ങനെ ഇരിക്കേ,
കാലമൊട്ടേറെച്ചെന്ന കാലത്തു മന്നവന്മാർ
നാലുപേരായി; പിന്നെപ്പെറ്റുണ്ടായ്‍വരുവാനും
കണ്ടില്ല വഴിയെന്നു മന്നരുമമാത്യരു-
മിണ്ടൽ പൂണ്ടിതു ബന്ധുവൎഗ്ഗവും പ്രജകളും.
അന്നു നാടുവാണിരുന്ന വീരകേരളവൎമ്മ ഇങ്ങനെ നിയോഗിച്ചു:
താവഴിയഞ്ചിലാദിയുമൊടുക്കവും
തന്നിലുൽപന്നരായ മന്നരിൽ ഗുണവാന്മാർ
ഇന്നവരെന്നു് നോക്കിപ്പലൎക്കു ം തെളിയവേ
ഉണ്ണികളാക്കാം…
ഇങ്ങനെ മൂത്ത താവഴിയിൽനിന്നും പള്ളുരുത്തിയിൽനിന്നും ‘ജാതകം നന്നായിട്ടും, ബുദ്ധിശക്തി ഉണ്ടായിട്ടും ഉള്ളവരെ ദത്തു വയ്ക്കണ’മെന്നുള്ള നിൎദ്ദേശമനുസരിച്ചു പ്രവൎത്ത ിക്കുന്നതിനു മുമ്പു് അദ്ദേഹ നാടു നീങ്ങി. മറ്റു മൂന്നു രാജാക്കന്മാരും കൂടി ശേഷക്രിയകൾ നടത്തി. അല്പകാലം കഴിഞ്ഞപ്പോൾ,
‘മൂവരിലിളമയായ് മേവിന രാമവൎമ്മർ
പൂവിശിഖനുസമൻ ഭൂപതി മഹാബലൻ
ആദിതേയാലയത്തിലായിതങ്ങുടൽ വേറായ്
ആധിതോയത്തിൽ വീണാർ ഹാ വിധിയെന്നു ജനം’
ഇപ്രകാരം രണ്ടുപേർ മാത്രം ശേഷിച്ചു. അവർ വീരകേരളവൎമ്മരുടെ നിൎദ്ദേശാനുസൃതം മൂത്ത താവഴിയിൽ നിന്നും പള്ളുരുത്തിയിൽനിന്നും ദത്തെടുത്തു.
കോട്ടയിൽ മരുവുന്ന പരദേശികരും [1] പിന്നെ
ചോതരക്കൂറിൽ വമ്പും മുമ്പും വെണ്മയും ചേരും
ചേതോമോഹനരൂപൻ ബിംബിലീശചന്ദ്രനും [2]
വമ്പെഴും നെടുന്തളി വാഴും വിണ്ടണിക്കോട്ട-
ത്തമ്പെഴും മഹീസുരമന്നനും [3] തെളിഞ്ഞിതു.
ചെമ്പകശ്ശേരി വാഴും ദേവനാരായണൎക്കു -
മിമ്പം വന്നിതു മാടമന്നവരുണ്ടാകയാൽ.
എളയ താവഴിയിലെ മറ്റു രണ്ടു രാജാക്കന്മാരും നാടുനീങ്ങിയപ്പോൾ,
വൈരസ്യമുണ്ടായ്‍വന്നു ദത്തരാം മന്നർ തമ്മിൽ
പാരതിന്നൊരു മൂടിവായതുമതുതന്നെ.
ഇങ്ങനെ മുൻ പറഞ്ഞ ദത്തു് താവഴിവഴക്കിനും കൊച്ചിയുടെ ബലക്ഷയത്തിനും ഹേതുവായ് ഭവിച്ചു.
നല്ല ചെമ്പകശ്ശേരി വാഴും വേദിയോർകോനും
ഒന്നിച്ചുകൂടിപ്പള്ളിവിരുത്തി നൃപനുമായ്
നന്നായി നിരൂപിച്ചു “മൂന്നു താവഴിയീന്നു
വച്ചോരെ നീക്കംചെയ്തു വാഴണം നമുക്കിനി
ഈശ്വരവിലാസങ്ങളെന്തു പിന്നേടം ചൊൽവൂ”
കരപ്പുറവും ചെമ്പകശ്ശേരിയോടു് യോജിച്ചുനിന്നുംകൊണ്ടു് പള്ളുരുത്തിശാഖയിലെ വീരകേരളവൎമ്മരെ സഹായിപ്പാൻ തീൎച്ചപ്പെടുത്തി. അങ്ങനെ ഇരിക്കേ,
മൂത്തതാവഴിമന്നൻ മുട്ടത്തീന്നെഴുന്നള്ളി;
അടുത്തു കരപ്പുറത്തുള്ള ലോകരും കൂടി
വെടിവെപ്പിച്ചു പളളുവിരുത്തി വാഴും മന്നൻ
തിരിച്ചു പള്ളിയോടം തുറവൂരടുത്തുടൻ
ഇരുന്നു വിവശനായ് മൂത്തതാവഴി നൃപൻ.
പള്ളുരുത്തിത്തമ്പുരാൻ അദ്ദേഹത്തിനേയും ബന്ധുവായ മങ്ങാട്ടു മേനോനേയും തോല്പിച്ചു; മൂത്ത താവഴിത്തമ്പുരാനായ രാമവൎമ്മർ കൊച്ചിയിൽനിന്നും ഭ്രഷ്ടനാക്കപ്പെട്ടു. കവിയുടെ പക്ഷപാതം ഏതു വഴിക്കെന്നു് താഴെ ചേൎക്കു ന്ന വരികളിൽ നിന്നു കാണാം.
കൂന്തീനന്ദനന്മാരെഗ്ഗാന്ധാരീതനയന്മാർ
ചൂതിൽ തോല്പിച്ചു നാടു വാണപോൽ പാരുതന്നിൽ
എന്നതുപോലെ മൂത്ത താവഴി മന്നവർക്കു
വന്നിതു വിധിമതമെന്നതേ പറയാവൂ.
രാമവൎമ്മരും തമ്പിയും പിഴുകീതു
രാമദേവനും തമ്പിതാനുമെന്നതുപോലെ.
ഇത്ര വളരെ ദേശചരിത്രജ്ഞാനം ഉണ്ടായിരുന്നിട്ടു ഈ വഴക്കിനൊക്കെ സൂത്രധാരത്വം വഹിച്ചതു് വിദേശവ്യാപാരികളായിരുന്നു എന്നു് കവിയ്ക്കു കാണ്മാൻ കഴിഞ്ഞില്ല. പക്ഷേ എങ്ങനെ അറിയും? പറങ്കിയും ലന്തയും ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിൽ വൎത്ത ിച്ചതേയുള്ളു. ഒടുവിൽ സഹായിപ്പാനെന്ന മട്ടിലും, എന്നാൽ സ്വാൎത്ഥ ലാഭത്തിനു വേണ്ടി മാത്രവും അവർ ഓരോ വശത്തു ചേൎന്നു. മങ്ങാട്ടച്ചൻ കോഴിക്കോട്ടേയ്ക്കു മാറി. അദ്ദേഹം കോഴിക്കോട്ടു സാമൂതിരിയുടെ മന്ത്രിയായിരുന്നല്ലോ. കോഴിക്കോട്ടു് സാമൂതിരി പറങ്കികളോടുള്ള വിരോധത്താൽ ഡച്ചുകാരുടെ ബന്ധുവായ രാമവൎമ്മരെ സഹായിപ്പാൻ പുറപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല. ‘ബന്ധുക്കൾ നമുക്കിനിയാരുള്ളുവെന്നതും’ ചിന്തിച്ചു ചിന്തിച്ചു രാമവൎമ്മർ വസിക്കവേ,
വീരകേരളനൃപൻ മന്ത്രികളോടുംകൂടി
പാരാതെ നിരൂപിച്ചു തന്നനന്തരവനായ്
ചാഴിയൂരരചനെ ദത്തുകൊൾകയും ചെയ്തു.
അങ്ങനെ ഇരിക്കേ വീരകേരളവൎമ്മർ മരിക്കയും ചാഴിയൂരരചൻ രാജ്യഭാരം ഏല്ക്കയും ചെയ്തു. മൂത്ത താവഴിത്തമ്പുരാക്കന്മാർ തത്സമയം മണക്കുളത്തു നമ്പിടിയുടെ സഹായം അഭ്യർത്ഥിച്ചു. നമ്പിയാകട്ടെ,
‘വാട്ടമുണ്ടാകവേണ്ടാ മാനസത്തിങ്കലൊരു
കൂട്ടു ഞാനുണ്ടെന്നു പറയുകയാൽ,
ചൊല്ലെഴും പൂന്തുറേശൻ [4] പാങ്ങുണ്ടു തനിക്കെന്നു
തള്ളലൊടതു കേട്ടു മൂത്ത താവഴിമന്നൻ
തെക്കുംകൈലാസമായ തൃശ്ശിവപേരൂർ ചെന്നു്’
പട കൂട്ടി, അവിടെ വാണിരുന്ന ചാഴിയൂർതമ്പുരാനോടു് എതിരിട്ടു.
ചാഴിയൂരരചനും മൂത്ത താവഴിക്കോനും
കോഴ കൂടാതെ പട തുടൎന്നോരനന്തരം
നമ്പിടി നായന്മാരോടൊന്നിച്ചു ചേൎന്നീടിനാൻ.
വമ്പെഴും ശിവപേരൂരങ്ങാടിതന്നിലപ്പോൾ
ചാഴിയൂരരചന്റെ ചേകവൻ കണ്ടു വെട്ടി,
പാഴിലല്ലെന്നുവച്ചു നമ്പിടിതന്നെക്കൊന്നു.
ബന്ധുവായ് നമുക്കുപകാരാൎത്ഥ ം പടയോടും
അന്തരാ വന്നാൻ മണക്കുളത്തിലരചനും
അന്തമാക്കിനാരവൻ ചിന്തയിൽനിന്നിക്കാലം
പാങ്ങിനി നമുക്കാരുമില്ലല്ലോ പടയ്ക്കിപ്പോൾ
വാങ്ങുകേയുള്ളുവെന്നു വാങ്ങിച്ചു പെരുമ്പട.
ഇങ്ങനെ മൂത്ത താവഴിമന്നനായ രാമവൎമ്മർ പരാജിതനായി. എന്നാൽ ബന്ധുവായ നമ്പിടിയുടെ മരണത്തേപ്പറ്റി കേട്ട സാമൂതിരി കുപിതനായി.
‘വെട്ടെണം പടയിനി നമ്മുടെ മണക്കുളം
പെട്ടൊരു ശിവപേരൂർ കിട്ടുവോളവുമെന്നു്.’
അദ്ദേഹം ആലോചിച്ചിരിക്കവേ, മൂത്ത താവഴിമന്നൻ സാമൂതിരിയെ ചെന്നുകണ്ടു് സഹായമപേക്ഷിച്ചു. അദ്ദേഹമാകട്ടെ,
‘ബന്ധു ഞാനുണ്ടു നാടു വാഴിപ്പേനെന്നിങ്ങനെ
ചിന്തിച്ചു ചൊല്ലി’ യിട്ടു്
വൻപടയും കൂട്ടി യുദ്ധത്തിനു് ഒരുങ്ങിയിരിക്കവേ, ചാഴിയൂർ രാജാവായ രാമവൎമ്മ നാടുനീങ്ങി. ഇതു ക്രിസ്താബ്ദം ൧൬൬൬-ൽ ആയിരുന്നു. സാമൂതിരി തൃശ്ശിവപേരൂരേയ്ക്കു തിരിച്ചു. അന്നു് അവിടെ കൊച്ചിയിലെ റാണി ഗംഗാധരലക്ഷ്മി താമസിച്ചിരുന്നു.
‘അക്കാലം പെരുമ്പടപ്പിങ്കലേ പിറന്നുള്ള
ചൊല്ക്കെണ്ടൊരുവീശരും വൻപടജാലങ്ങളും
രാഘവനെന്നുപേരായുള്ള വാഴാക്കോയിലും
പോൎക്കരിസമൻ പാലിയത്തു മേനവൻതാനും
അരിയതിട്ടമുരിയ മംഗലമൊരുമിച്ചു
വാരിധിഗിരിരാജനോടമർ ചെയ്യുംപോലെ
കുന്നിക്കുപോലും പോരിന്നേതുമേ വഴുതാതെ
മൂന്നുനാലഞ്ചുവർഷം കഴിഞ്ഞോരനന്തരം
നിന്നിനിപ്പൊറുക്കരുതെന്നുടൻ നിരൂപിച്ചു
അന്നു രാഘവൻ കോയിലമ്മതമ്പുരാനെയും
കൊണ്ടഥ പുക്കു നല്ല കൊച്ചിയിൽ കോയിലകം’
പാലിയത്തു മേനോന്റെ പട പിൻവാങ്ങി. സാമൂതിരിക്കു തൃശ്ശിവപേരൂർ സ്വാധീനമാവുകയും ചെയ്തു. അക്കാലത്തെ കേരളീയരാജാക്കന്മാരിൽ ഏറ്റവും പ്രബലൻ മാനവിക്രമനായിരുന്നു. അദ്ദേഹത്തിന്റെ ആക്രമണം ഉണ്ടാവുമെന്നു് കൊച്ചിയും കൊടുങ്ങല്ലൂരും കരപ്പുറവും ഭയപ്പെട്ടു.
പൂന്തുറേശന്റെ പട വരവു തടുപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചു കല്പിച്ചതു
വീരിയം പൂണ്ട കരപ്പുറത്തേഴായിരവും
നേരോടെയെഴുപത്തിരണ്ടു മാടമ്പികളും
പത്തെണ്ണം നൂറിൽപെരുക്കീട്ടൊരു രണ്ടുംകൂടി-
യൊത്തെണ്ണീടുമ്പോളെണ്ണമുള്ള മേനവന്മാരും
ഒത്തു മറ്റുള്ള ബന്ധുജനത്തിനോടുകൂടി
ദത്തു കൊള്ളുവാൻ വേട്ട മന്നനെച്ചെന്നുകണ്ടു.
കാര്യങ്ങളോരോതരം കേൾപ്പിച്ചനേരത്തിങ്കൽ
കാരിയക്കാരന്മാരും വള്ളുവർക്കോനുംകൂടെ
ഓരോരോ കാര്യങ്ങളെചിന്തിച്ചു നരപതി.
പാരതിൽ പുകൾ പൊങ്ങും വീരിയമാടത്തിങ്കൽ
ചോതരക്കൂറെന്നുപേരാകിയ സ്വരൂപത്തിൻ-
കാതലായുള്ള ജനം വന്നപേക്ഷിച്ചമൂലം
ചെല്ലാഞ്ഞാൽ മതിപോരായെന്നതുതന്നെയല്ല
ചൊല്ലെഴും പൂന്തുറോനേപ്പെടിച്ചെന്നതും വരും.
എല്ലാറ്റെക്കൊണ്ടുമിനി വന്നവരോടുകൂടി-
ച്ചെല്ലണം പെരുമ്പടപ്പിങ്കലെന്നുറച്ചിതു.
അനന്തരം വെട്ടത്തുരാജാവു് കരപ്പുറത്തുകാരോടു പറഞ്ഞു:
‘നീതിയേറിന നിങ്ങളെല്ലാരും കേൾക്കാനായി-
ട്ടാദരവോടു ഞാനുണ്ടൊന്നു ചൊല്ലുന്നിതിപ്പോൾ
ചോതരക്കൂറെന്നൊരു കൂറിനെ നിരൂപിച്ചും
ചേതസി പെരുമ്പടപ്പിൻസ്വരൂപത്തെയോൎത്തു ം
ജാതിയൊന്നെന്നതോൎത്തു ം വന്ന നിങ്ങളെപ്പേൎത്തു ം
ചേതസി തന്നീടുന്നിതെന്നുടെയുണ്ണികളെ
നല്ലതു ചൊല്ലിദ്ദോഷം വിലക്കിപ്പണ്ടുപണ്ടേ-
യുള്ള മര്യാദപോലെ നടത്തിക്കൊള്ളേണമേ.
മാനത്തിന്നൊരു കടുകളവും നീങ്ങുമെന്നു
മാനസതാരിൽ നിങ്ങളാരുമോൎക്കയും വേണ്ട.
വേട്ടവരെന്നാക്കീൎത്ത ിയെട്ടുനാട്ടിലും ശ്രുതി
വിട്ടുവാങ്ങുമാറില്ല പടയ്ക്കു പുറകോട്ടു്,
പെരികെ വൈകിക്കേണ്ടയെല്ലാൎക്കും ഗുണം…’
ഇപ്രകാരം ൧൬൫൮-ൽ ഏതാനും രാജകുമാരന്മാരെ വെട്ടത്തുനാട്ടിൽനിന്നു ദത്തെടുത്തു് ഇളയ താവഴിക്കാർ ഒരു പ്രബലനായ ബന്ധുവിനെ സമ്പാദിച്ചു. അന്നു് ഉണ്ണി രാമവൎമ്മക്കോയിൽ, വീരകേരളവൎമ്മ, വീരആര്യൻ, ഗോദവൎമ്മൻ, രവിവൎമ്മൻ എന്നിങ്ങനെ അഞ്ചു തമ്പുരാക്കന്മാരെയാണു് ദത്തുവെച്ചതു്. വെട്ടത്തു തമ്പുരാൻ പിരിഞ്ഞുപോകുന്ന ഉണ്ണികൾക്കു നല്കിയ ഉപദേശം വളരെ ഹൃദ്യവും വീരോചിതവും ആയിരുന്നു.
…ചിലർ പോകണം മാടത്തിങ്കൽ
വെട്ടിക്കൊന്നിട്ടും വെട്ടിച്ചത്തിട്ടും മടിയാതെ
വെട്ടമെൺകാതംപോലെ രക്ഷിപ്പിനവിടവും.
ക്ഷത്രിയകുലത്തിങ്കൽ പിറന്നുള്ള രചന്മാർ
ശക്തരല്ലാത്ത മുന്നമില്ലെന്നു ധരിക്കണം.
ആജിയിൽ മരിക്കയുമാശ്രിതരക്ഷണവും
വ്യാജമെന്നിയേ ശത്രുസംഹാരപ്രവൃത്തിയും
ബാഹുജധൎമ്മമെന്നു വേദശാസ്ത്രത്തിൽ ചൊൽവൂ.
എന്നതിലൊരു വിഘ്നം വന്നെന്നാലവർകൾക്കു
പിന്നെ നിര്യാണംവന്നാൽ നരകം ചിരകാലം.
ഈ ദത്തു [5] കഴിഞ്ഞു് ഏറെത്താമസിയാതെ കൊടുങ്ങല്ലൂരിന്റെ ഒരു ശാഖയായ അയിരൂരിൽനിന്നും ഒരു ദത്തു കൂടി നടന്നുവത്രേ. ഇവരെല്ലാവരും കൂടി ഒരു പെരുമ്പട ഒരുക്കിയിട്ടു് സാമൂതിരിയോടു പട വെട്ടി. കവിവാക്യത്തിൽ പറഞ്ഞാൽ “കുന്നലക്കോനാതിരി നിന്നൊരുപ്രകാരേണ തടുത്താനെന്നേ വേണ്ടു.” പിന്നീടു്
‘അങ്ങു പോരിരുപുറം ചെയ്തതിലൊരുപുറം
ചാഞ്ഞുപോകയില്ലെന്നു കേൾവിയും മുഴുത്തപ്പോൾ
അടുത്തു വെൺപലേശന്മാർ [6] വിനാശം തീർപ്പാൻ’
അവർ ഇരുകൂട്ടരേയും രഞ്ജിപ്പിക്കാൻ നോക്കി. കുന്നലക്കോനും പെരുമ്പടപ്പു രാജാവും തമ്മിൽ നിരന്നു; എന്നാൽ തൃശ്ശിവപ്പേരൂർ ചുട്ടുപൊടിച്ചശേഷമേ പിൻവാങ്ങിയുള്ളു. ഇങ്ങനെ കൊച്ചിയിൽ സമാധാനമായി.
മംഗലനായ ബന്ധുഭൂപൎക്കും തെളിഞ്ഞിതു;
ചങ്കരങ്കോതമുമ്പായുള്ളിടപ്രഭുക്കൾക്കും
മനം തെളിഞ്ഞു. പോൎത്തു ഗീസുകാരും പ്രസന്നരായി.
“ചൊല്ലെഴും പുറത്തുകാൽ മന്നവൻനിയോഗത്താൽ
വല്ലഭമൊടു ജനറലാം പറങ്കി വന്നു
കൊച്ചിയും മറ്റും പല കോട്ടകൾ രക്ഷിപ്പാനായ്
മെച്ചമേറീടിന മാടഭൂപതിതന്നെക്കണ്ടു
സമ്മാനിച്ചവൻ പൊന്നും വെള്ളിയും പട്ടുകളും
നന്മയേറിന പനിനീരോടു ചന്ദനവും
കാഴ്ചയുംവച്ചു നല്ല കൊച്ചിയിൽ കോട്ടതന്നിൽ
വിശ്വാസത്തോടുകൂടെ വാണിതു സുഖത്തോടെ”
സാമൂതിരി കൊച്ചിയെ വീണ്ടും യുദ്ധത്തിൽ ചാടിക്കാൻ എന്താണു് വഴി എന്നാലോചിച്ചു. കൊച്ചിയ്ക്കു് വെട്ടത്തുനാട്ടിന്റേയും വടക്കുംകൂർ തെക്കുംകൂർ രാജാക്കന്മാരുടേയും, ചെമ്പകശ്ശേരിയുടേയും, വിണ്ടണിക്കോടു് (പരൂർ), വള്ളുവനാടു് ഈ രാജ്യങ്ങളുടേയും സഹായമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും സാമൂതിരി വകവച്ചിരുന്നില്ല. പ്രബലന്മാരായ ലന്തക്കാരെ തോല്പിച്ചെങ്കിൽ മാത്രമേ കൊച്ചിയ്ക്കു പരാജയം ഉണ്ടാവുമായിരുന്നുള്ളു. അതിലേക്കു് അദ്ദേഹം വീരകേരളവൎമ്മവഴിക്കു് ഡച്ചുകാരുടെ സഹായത്തെ അഭ്യൎത്ഥ ിച്ചു. ഇതിനിടയ്ക്കു് മാനവിക്രമൻ ഓരോ ദേശങ്ങൾ പിടിച്ചടക്കിക്കൊണ്ടുമിരുന്നു.
“ദേവേശസമനായ വെട്ടമന്നവൻതാനും
കേൾവി പൊങ്ങിന പെരുമ്പടപ്പിൽ മൂപ്പു വാണു.
ദേവദേവേപ്രിയശ്രേഷ്ഠഭൂപരിപാലൻ
ദേവനാരായണരും പറങ്കിതാനും പിന്നെ
വിണ്ടലൎക്കുലമതുമടക്കി മരുവീടും
വിണ്ടണിക്കോട്ടു വാഴും മന്നനുമൊരുമിച്ചു
ഇണ്ടലും തീൎന്നു കൊണ്ടു തന്നുടെ നാടമ്പത്തി-
രണ്ടുകാതവും പാലിച്ചരചൻ വാഴുംകാലം
കുന്നലക്കോനോരോരോ ദേശത്തെയടക്കിനാൻ.
കുന്നിക്കുകുറയാതെ മാറ്റാരെ മടുക്കുമ്പോൾ
ഏറ ഞാൻ പല വാക്കു വെറുതേ ചൊല്ലേണമോ?
ഏറനാടരും പെരുമ്പടപ്പുമൊരുപോലെ
വൈരസ്യമുണ്ടായ്‍വന്നു.”
അങ്ങനെ സാമൂതിരി ഒരു പെരുമ്പട അയിരൂർനൃപന്നു് എതിരായി അയച്ചു. അദ്ദേഹത്തിന്റെ ആശയം എന്തായിരുന്നു എന്നു് കവി നല്ലപോലെ വ്യക്തമാക്കീട്ടുണ്ടു്.
നല്ലൊരു കലഹവും കല്പിച്ചു പൂന്തുറേശൻ
ചൊല്ലെഴുമൈരൂർനൃപൻ വാഴുന്ന കൂറും ബലാൽ
പാടുപാടൊരു പുറം തീവയ്ക്കുന്നതു കണ്ടു
വാടിയങ്ങിരിക്കയില്ലെങ്ങുമേ വീരന്മാൎകൾ
ചാടിവന്നീടുന്നേരം വെട്ടിക്കൊല്ലുകവേണം
മാടമന്നനേയെന്നു വൻപടയയച്ചിതു
ഇപ്രകാരം അയിരൂർ ആക്രമിച്ചപ്പോൾ, അവിടെനിന്നു് ദത്തെടുക്കപ്പെട്ടിരുന്ന രാമവൎമ്മർ,
‘നോക്കി ഞാനിരിക്കയില്ലെന്നു കല്പിച്ചു്’
ഒരു വൻപടയുമായി സാമൂതിരിയോടു് എതിരിട്ടു. ആ യുദ്ധമദ്ധ്യേ രാമവൎമ്മർ വധിക്കപ്പെട്ടു.
കുക്കുടക്കോട്ടുനാഥൻ മാനവിക്രമൻ പട
കുക്കുടം പൊരുംപോലെ പൊരുതു ചെല്ലുന്നേരം
ഐരൂർനിന്നിട്ടു ദത്തുപുക്കോരു രാമവൎമ്മർ
ശൗര്യവാരിധിതന്നെ വെട്ടിക്കൊന്നറിയാതെ
കട്ടിൽമേൽ വച്ചു നല്ല പട്ടുകൊണ്ടുടൽ മൂടി
ഒട്ടും വൈകാതെയൊത്ത നിലത്തു വച്ചാരല്ലോ.
ഈ വൎത്ത മാനം കേട്ടു് ‘വെട്ടംതന്നീന്നു ദത്തു പുക്കമന്നൻ പെരുമ്പടപ്പിലിളയനരപതി’ വന്നു്, തന്റെ അനുജന്റെ ശവം കണ്ടിട്ടു്
ചത്തതു മൂത്തവനെന്നോൎത്തു സോദരകായം
പത്തിരുപതു വലം വച്ചു കുമ്പിട്ടു കൂപ്പി
മടിയിൽ തലയെടുത്തുടനേ വച്ചു കേണു
“മടി കൂടാതെ വെട്ടി മരിച്ച വീരനാകു-
മനുജാ നിന്നെയിനി ഞാനേതുനാളിൽ കാണ്മൂ?
ഞാനല്ലോ മുൻപിൽ മരിച്ചീടുവാനവകാശം
പിന്നാലെ നീയെന്നല്ലേ, ഞാൻ നിനച്ചിരുന്നതും
മുന്നേ നീ മരിച്ചതു കുറ്റമല്ലെന്നേ വേണ്ടൂ.”
ഇത്തരമരുൾചെയ്തു ദുഃഖിച്ചു നൃപവരൻ
ചീൎത്ത വേദേന തമ്പിതന്നുടൽ തഴുകിയും
കണ്ണീരുമനുജന്റെ ദേഹത്തിൽനിന്നു വരും
പുണ്ണീരും കരംകൊണ്ടു തുടച്ചു പകയരോ-
ടെണ്ണില്ലാതോളം വരും കോപാവശതയോടും
എന്നെയുമുണ്ണിയേയുമൊന്നിച്ചിട്ടടക്കണം
എന്നു് അരുളിച്ചെയ്ത ശേഷം, പടയോടുകൂടി സാമൂതിരിയുടെ സൈന്യത്തോടു് ഏറ്റു. കൂടെയുണ്ടായിരുന്നവർ എല്ലാവരും ഒടുങ്ങിയപ്പോൾ കൂടലൎകാലനായ മന്നവൻ കോപത്തോടു കൂടി,
കാരണമായ വെട്ടത്തും പെരുമ്പടപ്പിലും
കാരണമായോൎകളെ വന്ദിച്ചു നടേതന്നെ
ആദരവോടു പരദേവതമാർകളേയും
ചോതരക്കൂറിനേയും വന്ദിച്ചു വഴിപോലെ
ചിത്തത്തിൽ ഗുരുവിനെച്ചിന്തിച്ചു തൊഴുതുടൻ
പ്രത്യേകം മറുതലതന്നെയും വഴങ്ങീട്ടു
തന്നുടെ വാളും പൊന്നെഴുന്തൻപരിചയും
കണ്ണിൽ തീ ചിതറവേയടുത്തു മടിയാതെ
വേഗത്തിൽ പുലിപോലെ പാഞ്ഞടുക്കുന്നനേരം
“വെടിവയ്ക്കരുതു്—ഏകാകിയായ് വരുന്ന എന്നോടു് നിങ്ങളിൽ ഒരുവൻ വന്നു് എതിരിടണം” എന്നു പറഞ്ഞുകൊണ്ടു് അടുക്കവേ, സാമൂതിരിയുടെ സൈന്യം അങ്ങോടിങ്ങോട്ടു പാഞ്ഞു. കുറേനേരം പൊരുത ശേഷം വെട്ടത്തു നൃപൻ പിൻവാങ്ങിയിട്ടു് ഉന്നതമായ ഒരു മരത്തിന്റെ തണലുമേറ്റു നിന്നു.
“അങ്ങോട്ടു ചെന്നു നൃപൻ വെട്ടിയും വാങ്ങിപ്പോന്നും
ഏറിയ പടകളെ” രാജാവുതന്നെ കൊന്നു.
കോഴിക്കോട്ടുസൈന്യം വളരെ ക്ഷീണിച്ചു.
മാനവവീരൻ മിഴി ചുമന്നുചമഞ്ഞിതു
മാനവിക്രമൻപട വിറച്ചുചമഞ്ഞിതു
വൈനതേയനെക്കണ്ട നാഗങ്ങളെന്നപോലെ
വാനവർകോനെക്കണ്ട ശൈലങ്ങളെന്നപോലെ
കോളരി തന്നെക്കണ്ട കുംഭികളെന്നപോലെ
വ്യാളവീരനെക്കണ്ട മണ്ഡൂകജാലംപോലെ
വാരിധിതന്നെക്കണ്ട രാക്ഷസരെന്നപോലെ
ജാമദഗ്ന്യനെക്കണ്ട ക്ഷത്രിയരെന്നപോലെ
ഭീമദുഗ്ദ്ധയെക്കണ്ട സുംഭാദികളെപ്പോലെ
മാനവിക്രമസൈന്യം ഭയപ്പെട്ടു വിറച്ചുപോയി. രാജാവാകട്ടെ ഇങ്ങനെ ഉച്ചത്തിൽ അലറി.
കുന്നലക്കോനോൎക്കുറ്റ തന്നുടെ നാടുതന്നിൽ
എന്നോടു നേരേനില്പാനൊരുവരില്ലാതായോ?
ഇതുകേട്ടു് പാറ നമ്പി ‘പറക്കും പക്ഷിപോലെ’ ആയുധത്തോടുകൂടി ചാടിവീണു.
നാലുവാൾ തമ്മിൽ നോക്കി വിലക്കിയതുനേരം
കാലലോകത്തെപ്പുക്കു നമ്പിയെന്നറിഞ്ഞാലും
നമ്പിയുടെ പടയേയും അദ്ദേഹം നശിപ്പിച്ചു.
ചാകേണമെനിക്കെന്നു മന്നവനടുക്കുമ്പോൾ
വാട്ടമെന്നിയേ പത്മവ്യൂഹത്തിൽ പുക്കുകൊണ്ടു
കൂട്ടമേ രിപുക്കളെയൎജ്ജു നി കൊല്ലുംപോലെ
സുംഭന്റെ പടക്കൂട്ടംതന്നിലേ കടന്നുടൻ
വൻപെഴും കാളി കൊലചെയ്തീടുന്നതുപോലെ
കൗരവരുടേ പട തന്നിലേ പുക്കുകൊണ്ടു
ഗൗരവമുള്ള ഭീമസേനൻ കൊല്ലുന്നതുപോലെ
അരചന്മാരായുള്ള ക്ഷത്രിയസമൂഹത്തെ
പരശുരാമൻ കൊലചെയ്തീടുന്നതുപോലെ
മാരുതി തോരണത്തിൽ പുക്കമർ ചെയ്തപോലെ
നേരേ മന്നവൻ കൊലചെയ്തുടൻ മുടിക്കുന്നു
ചോരകൾകൊണ്ടു നന്നായ് കുളിച്ചു തുടങ്ങിന
ശൂരനാം നരപതി വെട്ടുന്ന വെട്ടേൽക്കവേ,
‘പൂന്തുറമന്നൻപടയ്ക്കു’ നിൽക്കപ്പൊറുതിയില്ലാതെയായി. അവർ ചിന്ത തുടങ്ങി:
കൊന്നുകൊൾവാനും കഴിവേതുമേ കണ്ടതില്ല
കൂട്ടത്തിൽ പുക്കമൂലം വയ്ക്കരുതല്ലോ വെടി.
ഒട്ടത്തിൽ വെട്ടുകൊണ്ടു ചാകുമാറായല്ലോ നാം-
വക്കാണം കഴിക്കണം വൈകരുതിനിയെന്ന-
ങ്ങുൾക്കാമ്പിൽ വന്ന ശോകം നീക്കിക്കൊണ്ടു്,
അവർ അടുത്തു് വെട്ടും കുത്തും തുടങ്ങി. അങ്ങനെ യുദ്ധം പൊടിപൂരമായി.
ഇറ്റിറ്റു വീഴും ചോര വടിച്ചു നൃപവരൻ
പറ്റലർതന്നെക്കണ്ടു പാഞ്ഞുപാഞ്ഞടുക്കുമ്പോൾ
തെറ്റെന്നു വെട്ടുംകുത്തുമേറ്റവനിയിൽ വീണു.
ശത്രുക്കളുടെ വെട്ടേറ്റു മരിച്ച തമ്പുരാന്റെ ശേഷക്രിയ മറ്റുള്ള രാജാക്കന്മാർ നിൎവഹിച്ചു. അവർക്കു് കുന്നലക്കോനോടുള്ള വൈരവും മുഴുത്തു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു. യുദ്ധവൎണ്ണനയിൽ ഇക്കവിയ്ക്കു് അനിതരസാധാരണമായ സാമൎത്ഥ ്യമുണ്ടെന്നു് ഇവിടെ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളിൽനിന്നു നല്ലപോലെ വ്യക്തമാകുന്നുണ്ടല്ലോ.
ദത്തെടുക്കപ്പെട്ടവരിൽ രണ്ടുപേർ യുദ്ധത്തിൽ മരിച്ചിട്ടും പെരുമ്പടപ്പുരാജാവു് കുന്നലക്കോനോടിളയാതെ പടവെട്ടിക്കൊണ്ടിരുന്നു. അക്കാലത്തു് ‘നാടുപഴകി’യ വീരകേരള-വൎമ്മർ വടക്കുങ്കൂർ ആദിത്യവൎമ്മയെച്ചെന്നുകണ്ടു് അദ്ദേഹത്തിന്റെ സഹായം അപേക്ഷിച്ചു. അദ്ദേഹം ആ അപേക്ഷയെ കൈക്കൊൾകയും ചെയ്തു. അനന്തരം അദ്ദേഹം തെക്കുങ്കൂർരാജാവിന്റേയും, ആലങ്ങാട്ടു രാജാവിന്റെയും, ഇടപ്പള്ളി രാജാവിന്റേയും, പ്രീതി സമ്പാദിച്ചു. അതോടുകൂടി മൂത്ത താവഴിയുടെ ബലം ഒന്നു വൎദ്ധിച്ചു. വെട്ടത്തു രാജാവിന്റെ പക്ഷത്തു് ഇപ്പോൾ ചെമ്പകശ്ശേരി ദേവനാരായണനും, പുറത്തുകാലും, പറവൂർ, വള്ളുവനാടു് എന്നീ ദേശങ്ങളിലെ രാജാക്കന്മാരും മാത്രമേയുണ്ടായിരുന്നുള്ളു.
വൻപൻ പുറത്തുകാൽ തന്റെ കരുത്തിനെ
വൻപോടടുക്കുവാൻ തക്കൊരു ബന്ധുക്കൾ
അൻപോടിതാരെന്നു കാണാഞ്ഞു ഖേദിച്ചു്,
വീരകേരളവൎമ്മ വെൺപലനാട്ടിൽ ഇരിക്കുമ്പോൾ,
അമ്പോടു കേട്ടൊരു കിംവദന്തി മുദാ
കുമ്പഞ്ഞിയെന്നൊരു കൊമ്പൻകുലയാന
വമ്പോടു വാഴുംപ്രകാരം മനോഹരം.
വമ്പരിൽ മുമ്പുവൻ ഭീരങ്കിയും പട-
ക്കോപ്പുകൾ വൻപെഴു കപ്പലുമൎത്ഥ വും
കല്പനാശക്തിയുമിബ്ഭുവനാന്തരേ
സൂര്യസോമാവധിശൗര്യവീര്യഗുണ
കാര്യമര്യാദപൂണ്ടേഷ ദ്വീപാന്തരേ.
കുളമ്പിൽ താമസിക്കുന്ന ഈ ഡച്ചുകമ്പനിക്കാരുടെ സഹായം ലഭിച്ചാൽ മാത്രമേ പോൎത്തു ഗീസുകാരുടെ മദം ശമിപ്പിക്കാൻ സാധിക്കയുള്ളുവെന്നും, അവരെ അമൎത്ത ാതെ വെട്ടത്തുരാജാക്കന്മാരെ തോല്പിക്കാൻസാധിക്കയില്ലെന്നും ഓൎത്തു ് മൂത്ത താവഴിരാജാവു് കുളമ്പിലേക്കു തിരിച്ചു. ഡച്ചുഗവൎണ്ണർ ജനറൽ അദ്ദേഹത്തിനെ യഥായോഗ്യം സ്വീകരിച്ചു്,
ലങ്കേശതുല്യനാം ലന്തേശനക്കാലം
ശങ്കയും കൈവിട്ടു മന്ത്രികളുമായി
ചെങ്കതിരോൻനൃപനെച്ചെന്നുകണ്ടിതു
… … …
കണ്ടു പരദേശി കൊണ്ടാടിയെത്രയും
മണ്ടിയണഞ്ഞു പിടിച്ചു പൂണ്ടീടിനാൻ.
കണ്ടാൽ മനോഹരമായ കസേരയിൽ
കൊണ്ടേയിരുത്തിയിരുന്നു താനും പിന്നെ
മാർഗ്ഗപീഡാ ശത്രുപീഡാ പൈദാഹാദി
പോക്കി സൽക്കാരസൗജന്യവാക്കുകൾ
പറഞ്ഞു. രാജാവു് ഉണ്ടായ സംഭവങ്ങളെ വിവരിച്ചു പറഞ്ഞു കേൾപ്പിച്ചശേഷം,
‘കൊച്ചിയിൽക്കോട്ട പിടിച്ച പറങ്കിയെ-
ത്തച്ചിറക്കീടുകിൽ സൎവസാദ്ധ്യം വന്നു’
എന്നു് തന്റെ ആഗമനോദ്ദേശ്യത്തെ അറിയിച്ചു. ഗവൎണ്ണർ ജനറൽ സഹായം വാഗ്ദാനം ചെയ്തു എന്നു മാത്രമല്ല,
‘ശത്രുനായുള്ളവരെക്കൊലചെയ്തുടൻ
വൃത്തിയടക്കി വാഴിക്കുന്നതുണ്ടു ഞാൻ’
എന്നു് ഉറപ്പും കൊടുത്തു. പിന്നീടു് എല്ലാവരുംകൂടി സാമൂതിരിയേ ചെന്നു കണ്ടപ്പോൾ, അദ്ദേഹം പറഞ്ഞു:
‘കെല്പോടു ഞാൻ കരയ്ക്കേല്പേൻ പട പിന്നെ
കപ്പലൂടെ ലന്ത വേണം കടലിലും.
വെൺപലമന്നവരാറ്റുപുഴയിലും
ചുറ്റിയടുക്കുമ്പോളൊന്നുകിൽ ചത്തിടും
പറ്റലർ–അല്ലെങ്കിൽപ്പോമൊളിച്ചെങ്ങാനും;
രണ്ടുമല്ലെങ്കിൽ മൂന്നാമതവർ നമ്മെ-
ക്കണ്ടറിഞ്ഞീടുമെന്നുള്ളതും നിൎണ്ണയം.’
പറങ്കികൾ അഴിക്കോടു് പിടിച്ചെടുത്തു് അവിടെ പാളയം അടിച്ചു; എന്നാൽ സാമൂതിരി ചതിച്ചു് അവിടെനിന്നു് പടയൊഴിപ്പിച്ചശേഷം കോഴിക്കോട്ടു ചെന്നു താമസമുറപ്പിച്ചു.
ഡച്ചുസൈന്യം ൮൩൬ കുംഭം ൨൭-ാനു ചൊവ്വാഴ്ച [7] നാൾ,
‘കപ്പലും തോണിയും പാറയും പിൻകെട്ടും
ഒപ്പം കലർന്നു പടവുമറുമാസും’
ഒപ്പിച്ചുകൊണ്ടു് പള്ളിപ്പുറത്തേക്കു തിരിച്ചു. വയ്പിലുണ്ടായിരുന്നവർ പിൻവാങ്ങി. പറങ്കികളുടെ വകയായ പള്ളിപ്പുറം കോട്ട ഡച്ചുകാർക്കു സ്വാധീനമായി. എന്നാൽ വടക്കുങ്കൂറും തെക്കുങ്കൂറും മുൻപു പറഞ്ഞൊത്തിരുന്നതനുസരിച്ചു് സഹായത്തിനു പുറപ്പെടവേ,
ദൂഷണൻതന്നഗ്രജൻ മുതുകിന്റെ പേർ
ദൂഷണംകൂടാതെ ചൊല്ലുന്ന ദേശത്തു് [8]
ഉള്ളവർ തടുക്കയാൽ പിൻവാങ്ങിക്കളഞ്ഞു. ഡച്ചുകാർ ലങ്കയ്ക്കു പോയ മാത്രയിൽ പറങ്കികൾ പള്ളിപ്പുറം വീണ്ടും സ്വാധീനപ്പെടുത്തുകയും ചെയ്തു. എന്നാൽ ‘വേനൽ പിറന്നാറെ’ ലന്തേശൻ തിരിച്ചുവന്നു് പൂന്തുറമന്നനോടു് ആലോചിച്ചശേഷം കൊടുങ്ങല്ലൂർ വളഞ്ഞു. കോട്ട സംരക്ഷിച്ചുകൊണ്ടിരുന്ന വെട്ടത്തു ഗോദവൎമ്മയുടെ മനം കലങ്ങി. ലന്തക്കാരാകട്ടെ,
വെട്ടുമിടിപോലെ പൊട്ടും വെടിയോടും
കോട്ട പിടിപ്പാനടുത്തു തുടങ്ങിനാൻ
കൂട്ടം കലൎന്നു പറങ്കിപ്പരിഷയും
കൂട്ടംകൂടി വെടിവെച്ചു തുടങ്ങിനാർ,
കീഴടങ്ങിക്കൊള്ളുന്നതാണു് നല്ലതെന്നു് അമരാൽ പറങ്കി കപ്പിത്താനോടു പറഞ്ഞു. എന്നാൽ അയാൾ വകവെച്ചില്ല. അതുകേട്ടിട്ടു് അമരാൽ കുപിതനായി.
വൻനാദമുള്ളോരു തോക്കുകൾ വച്ചിട്ടു
കല്ലും തുടരും നല്ലുണ്ടയുമിട്ടിട്ടു
കല്ലുകൾകൊണ്ടുള്ള മതിലുകൾ പൊട്ടിച്ചിതു.
പറങ്കിയാകട്ടെ,
ചെല്ലുന്നൊരുണ്ടകൾകൊണ്ടു സഹിയാഞ്ഞു
നല്ല കുഴി കുഴിച്ചങ്ങതിൽ മേവിനാൻ.
കോട്ട മറിഞ്ഞിട്ടും വാട മറിഞ്ഞിട്ടും
തൂണുമറിഞ്ഞിട്ടും വാതിൽ മറിഞ്ഞിട്ടും
താണുകുഴിയീന്നൊളിച്ചിട്ടു നോക്കിയും
വന്ന രിപുക്കളെ നന്നായ് വെടി വെച്ചു
വെന്നു ചതിച്ചു വധിക്കാൻ പറങ്കിയും.’
ഇങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ, ലങ്കേശൻ വിളിച്ചു പറഞ്ഞു.
“നാളെയിനിക്കു കൊടുങ്ങല്ലൂർകോട്ടയിൽ
നീളെയിരുന്നന്യേയില്ലൊരുതീനേതും.
നീളെയിരിപ്പാൻ മനസ്സുണ്ടെന്നാകിലോ
വാളിനൂണാകാതേ ജീവനോടുംകൂടെ
മീളുവാൻ കൊച്ചിതന്നിൽ പറങ്കികളെ
മീളാതെയുള്ള പരിഭവം പിന്നെ ഞാൻ
കോളായ കൊച്ചിയിൽ വന്നു ചോദിക്കുന്നേൻ”
അന്നേദിവസം അങ്ങനെ കഴിഞ്ഞു. അടുത്ത ദിവസം രാവിലെ ലന്തപ്പട,
“നല്ല പരിശയും വാളുകളും വൈരി
ചെല്ലാതെ മേവിന തോക്കുകളും പിന്നെ
കുന്തം കഠാരവും മിന്നുന്ന ചൊട്ടയും
ചിന്തുന്ന തീയുള്ള തീക്കുടുക്കകളും
കോവണിക്കൂട്ടവും” കൈക്കൊണ്ടു.
കോട്ടയ്ക്കുള്ളിൽ പ്രവേശിക്കതന്നെ ചെയ്തു. പിന്നീടുണ്ടായ വിശേഷങ്ങളെ കവി വളരെ തന്മയത്വത്തോടുകൂടി വൎണ്ണിച്ചിരിക്കുന്നു.
‘നായന്മാർ ചത്തുമൊഴിഞ്ഞുമെത്തിയപ്പോൾ
നായിമ്മയുള്ള പറങ്കികളും ചത്തു
പോകുന്നനേരത്തു മിഞ്ചിയവരെല്ലാം
ചാകുകേയുള്ളു’
എന്നു വിചാരിച്ചു് പറങ്കികൾ വെള്ളക്കൊടി തൂക്കി ഉണ്ടയേറ്റുകിടന്ന കപ്പിത്താനെ കപ്പലിലേറ്റി. ലന്തക്കാർ കോട്ടയ്ക്കുള്ളിൽ സ്വൈരമായ് വാണു. മൂത്ത താവഴിത്തമ്പുരാനും സാമൂതിരിയും സന്തുഷ്ടരായി.
‘പശ്ചിക്ഷ്മാവരനും [9] തെക്കിളംകൂറും
ഒച്ച പൊങ്ങുന്ന മങ്ങാട്ടു പടിഞ്ഞാറ്റു-
കൂറ്റിൽ മൂന്നാമനും മന്നവനും മറ്റു-
കൂറ്റരതായോർക്കുമേറ്റം തെളിഞ്ഞു.’
ഗോദവർമ്മരും ദേവനാരായണനും ദുഃഖത്തിൽ മുഴുകി. ഇപ്രകാരം,
‘വൈപ്പിൽ കരതൊട്ടു തെക്കോട്ടുള്ള നാടുകൾ
കോപ്പോടു വെട്ടത്തരചന്മാർ രക്ഷിച്ചു.
നല്ല കൊടുങ്ങല്ലൂർ മുമ്പായ് വടക്കുള്ള
ചെല്ലെഴും നാടുകാത്താൻ കുന്നലക്കോനും.
രണ്ടു കൂറും പകുത്തിങ്ങനെ മേവിനാൻ
ഇണ്ടലും തീർന്നു പരിഭവിച്ചക്കാലം’
ഈ സംഭവം നടന്ന കാലത്തെ കവി ഒരു നല്ല ചരിത്രകാരന്റെ രീതിയിൽ ഇങ്ങനെ വ്യക്തമായിപ്പറഞ്ഞിരിക്കുന്നു:
‘കൊല്ലമതെണ്ണൂറ്റിമുപ്പത്തേഴാമതു
ചൊല്ലാം മകരമാസവും പിന്നെത്തൂയ
ഞായറായീടുന്നോരാഴ്ചയും നിശ്ചയം
മായമൊഴിഞ്ഞു മാദ്ധ്യന്ദിനനേരത്തു
വെട്ടിപ്പിടിച്ചുടൻ കോട്ടയും’
ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.
ലന്തക്കാർ പിന്നീടു് തെക്കോട്ടു പുറപ്പെട്ടു. അവർ ചങ്ങലഴി കടന്ന മാത്രയിൽ വൈപ്പിലുള്ളവർ കീഴടങ്ങി; വടകരക്കോട്ടയും അവർ കരസ്ഥമാക്കി. അനന്തരം കൊച്ചീലഴിമുഖവും കടന്നു. വീരകേരളവൎമ്മതമ്പുരാനും അദ്ദേഹത്തിനു സഹായിയായി നിന്ന പാലിയത്തച്ഛനും കൊച്ചിയിലെത്തി. കടൽ മുഴുവനും കപ്പലുകൾകൊണ്ടു നിറഞ്ഞു. കോഴിക്കോട്ടുരാജാവു് ഇളംകുന്നപ്പുഴയിലും ആയി.
‘മരിപ്പതിനിനിയിളക്കമില്ലെന്ന-
ങ്ങുറച്ചു വെട്ടമന്നരുമമൎന്നിതു’
പുറത്തുകാലാകട്ടെ ‘ഭയങ്കരന്മാരാം ബദരസേനയാൽ ഭയപരവശരായ്ച്ചമഞ്ഞിട്ടു്’ പുറത്തിറങ്ങാതെ കോട്ടയടച്ചിട്ടു. വെളിയിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന നായന്മാർ പരുങ്ങലിലുമായി.
‘മരിയാതെ കണ്ടു മരുവുവാനായി-
ക്കരുതിയക്കാലം മനസ്സിൽ മേനോന്മാർ.
തെരിക്കെന്നു കോയിലകത്തു പുക്കുടൻ
തരം തരം മറ്റും പെണ്ണും പിള്ളകളും
മരണഭീതിയാലരമന പുക്കു.’
വീരകേരളവൎമ്മരാകട്ടെ,
‘കടൽ ചുഴന്ന ഭൂമിയിൽ ദേശങ്ങൾക്കു
കടൽമകൾ കൊച്ചീത്തുറ മനോഹരം
തനിക്കൊരു തൊടുകുറിയെന്നപോലെ
പണിക്കുറ തീൎത്തു ചമച്ച കോയ്‍ലകം
കിഴക്കതിനൊട്ടു പടിഞ്ഞാറു വട-
ക്കളകേശനുടെ പുരിയെന്നപോലെ
ഒരു ദിക്കുണ്ടല്ലോ …
… … …
അവിടെപ്പണ്ടാരപ്പറമ്പിൽ വീടതിൽ’
ഇരുന്നു് അമരാലൊടു നയമായി ഇപ്രകാരം അരുളിച്ചെയ്തു:
‘പടകോയിലകത്തുടൻ കരേറുമ്പോൾ
ഉടമയേറുമമ്മതമ്പുരാനുണ്ടു്
പിറന്നുടയതെന്നറികമരാലെ.
മറന്നുകൂടുവാനരുതതു നൂനം
മറയവരുമുണ്ടവിടെ കൂടവേ
മറ പിടിച്ചോണ്ടു പലരും പാർക്കുന്നു.
സകലം കൊല്ലുകെന്നതുവരായല്ലോ
പകയവരെക്കൊല്ലുകയെന്നേ വരൂ
വെളുത്തുമിന്നുന്ന കൊടിയോടും കൂടെ-
ക്കളിച്ചു വന്നുടനിണക്കം ഭാവിച്ചു
പിടിച്ചു കപ്പലിലുടൻ കരേറ്റണം
നടിപ്പെഴും രിപുവരന്മാരെയെന്നാൽ
പടയ്ക്കെന്നും പിന്നെ വരാ നമ്മോടാരും’
ലന്തപ്പട അടുക്കുന്നതു കണ്ടു് നാടു വാഴുന്ന വെട്ടത്തരചൻ മരുമക്കളെ അടുക്കൽ വിളിച്ചു് അവർ മൂന്നുപേരോടായിട്ടു്,
‘കരുതിയതെന്തു പറവിൻ നിങ്ങളും?’
എന്നു ചോദിച്ചു. വീരാഗ്രണികളായ അവർ ഇങ്ങനെ ഉണർത്തിച്ചു:
‘പിഴുക്കുവാനവർ വരുന്നതാകിലോ
വഴങ്ങുകയില്ല മരിക്കുന്നു ഞങ്ങൾ.
പഴിയ്ക്കയില്ലതിന്നൊരുവർ കേട്ടാലും
മറുകരയ്ക്കിപ്പോളെഴുന്നള്ളവേണം.
മരിച്ചുപോകാതെ കടുകയമ്മാവൻ
മടിക്കരുതു്’
അതു കേട്ടു് രാജാവു് ചിരിച്ചുകൊണ്ടു പറഞ്ഞു.
‘തരമല്ലയിതു തരമില്ല കേൾപ്പിൻ
പെരുത്തൊരു പുകൾ മറുനാട്ടിലെങ്ങം
പെരുമ്പടപ്പിൽ മൂപ്പഴകിൽ വാണ ഞാൻ
മരിയാതെ പോയാൽ ഗതി വരായല്ലോ’
അതുകൊണ്ടു് നിങ്ങൾ വല്ലപാടും ജീവനെ രക്ഷിപ്പാൻ നോക്കണം” ഇതു കേട്ടപ്പോൾ ഇളയതമ്പുരാക്കന്മാർ സങ്കടപ്പെട്ടു. ഒരിക്കലും അങ്ങനെ ചെയ്കയില്ലെന്നു് അവർ മൂന്നുപേരും നിർബന്ധമായ്പറകയാൽ, മേലിൽ കൊച്ചി വാഴുന്നതിനു് ആളില്ലാതെ വരരുതെന്നുള്ള വിചാരത്തോടുകൂടി ഇളയരാജാവായ ഗോദവൎമ്മ ഉടൻ അവിടെനിന്നു കടക്കണമെന്ന് ആജ്ഞാപിച്ചു. അതുകേട്ടു് ഗോദവൎമ്മർ പറഞ്ഞു:
‘കരുത്തുകേടെനിക്കധികമുണ്ടല്ലോ
കരുത്തെഴും കൊടുങ്ങല്ലൂരൊഴികയാൽ.
അതിനാണക്കേടിന്നിതുകൊണ്ടുതന്നേ
വിധിയല്ലോയിനി മരിക്കുന്നേയുള്ളു’
അപ്പോൾ പെരുമ്പടപ്പുരാജാവു് ഇങ്ങനെ പറഞ്ഞു് സമാധാനപ്പെടുത്തി.
‘അതിനു കാലവുമടുത്തില്ലയുണ്ണീ
അടലിൽ നാമൊക്കെ മുടിഞ്ഞെന്നാൽ പിന്നെ
അടലർ തങ്ങൾക്കു സുഖമായ്‍വാണിടാം.
പരിഭവിപ്പതിന്നൊരുത്തനെങ്കിലും
പുറത്തുണ്ടെന്നാകിൽ രിപുക്കൾ പേടിക്കും.
ഇതുകാലത്തു നീ നിനച്ച കാരിയ-
മിതമോടേയിനിയൊരുനാളേ വേണ്ടൂ’
അനന്തരം,
‘നരവരനിതു പലവട്ടം ചൊല്ലി-
ക്കരതലം പിടിച്ചണച്ചു മാറത്തു
ശിരസ്സിൽ ചുംബിച്ചു നയനവാരിയിൽ
മരുമകൻതന്നെ യഭിഷേകംചെയ്തു.
മുദാ മറുതല വരുംമുമ്പേ പോകെ-
ന്നുടനേയമ്മാവനനുജ്ഞചെയ്തച്ചോൾ’
ഗോദവൎമ്മർ, അമ്മാവനേ നമസ്കരിച്ചിട്ടു് പഴയന്നൂർഭഗവതിയേയും വന്ദിച്ച ശേഷം പറങ്കിക്കപ്പലിൽ കയറി അവിടെനിന്നു രക്ഷപ്പെട്ടു. പിന്നീടു്,
‘പുതുമലർമകളമരും കൊച്ചിയിൽ
കുതുകമേറുന്നോരരമനതന്നിൽ’
ഇരുന്നുംകൊണ്ടു്, ഒരു ആലോചന നടത്തി. ഇതിനിടയ്ക്കു് ലന്തപ്പട അടുത്തു. അപ്പോൾ രാമൻകോയിൽ തന്റെ സേവകന്മാരോടായിപ്പറഞ്ഞുഃ–
‘പരന്നുടൻ വരും പെരുമ്പട കണ്ടോ?
ചിരിച്ചിണക്കമായ് വരുന്ന ലന്തകൾ
മുതിർന്നെന്നെപ്പിടിപെടുന്നതിൻമുമ്പേ
കൊടുപ്പിനുണ്ടകൊണ്ടുടനുടൻ വെടി…’
അതുകേട്ടു് നായന്മാർ,
‘നിറച്ച തോക്കുകൾ മുഖത്തണച്ചുടൻ
നിരക്കെയുണ്ടകളൊഴിച്ചതുനേരം’
ഉണ്ടായ യുദ്ധം ഭയങ്കരം!
‘ഒരുത്തനെപ്പിടിച്ചൊരുത്തൻ കേഴുന്നു
ഒരുത്തനെ വിളിച്ചൊരുത്തൻ പോകുന്നു
ഒരുത്തന്റേ മീതെയൊരുത്തൻ വീഴുന്നു
ഒരുത്തനെ വിളിച്ചൊരുത്തൻ പായുന്നു
പൊടികളും പുക പെരുക്കുന്നു നന്നായ്
പടകളും രണ്ടു പുറത്തും ചാകുന്നു
കടുക്കുന്നു പട വിറയ്ക്കുന്നു ദേഹ-
മടുത്തുള്ള വീട്ടിലൊളിയ്ക്കുന്നൂ ചിലർ
മരണവേദന ചിലർ കാട്ടീടുന്നു
മുറിവുകൾ നോക്കിക്കരയുന്നൂ ചിലർ’
രണ്ടു രാജാക്കന്മാർ അടല്ക്കളത്തിൽ മരിച്ചുവീണു. അതു കണ്ടു് ‘ഉണ്ണന്മർകോയിൽ’ എന്ന രാമവൎമ്മരാജാവു് കോപത്തോടു കൂടി ലന്തപ്പടയോടു് ഏറ്റു. അദ്ദേഹവും മരിച്ചു. പിന്നെയും സമരം നിലച്ചില്ല. അതിനെ കവിവാക്യത്തിൽ വിവരിക്കയാണു് ഉത്തമം.
‘മലയോടു മല പൊരുന്നതുപോലെ
ജലധരംപോലെ സ്തനിതസമ്മിതം
ഉരുണ്ടുവീണുടൻ മരിക്കുന്ന നേരം
കരുത്തുവച്ചുടൻ കിടച്ചുകൊണ്ടുടൻ
തരം തരം തമ്മിലിടഞ്ഞു പിന്നോക്കിൽ
കഴലുകൊമ്പുകളകലെ നീക്കീട്ടു
കുഴപ്പമോടുടനെടുത്തിതായുധം.
കലഹത്തിനുള്ള കൊടിയും തൂക്കിട്ടു
നിലാവെളിച്ചത്തങ്ങണഞ്ഞു മുന്നോക്കിൽ.
വെടികളും വെട്ടും തുടങ്ങി തങ്ങളിൽ
കുടതഴകളും കൊടിമരങ്ങളും
കടുതായിട്ടൊക്കെയൊടിഞ്ഞു വീഴുന്നു.
കൊടികളും ദൂരെത്തെറിച്ചുപോകുന്നു;
തുട കരതലം മുറിഞ്ഞു വീഴുന്നു;
പടയിടക്കിടച്ചുടനെ തങ്ങളിൽ
തടഞ്ഞുവീണുടനെഴുന്നേറ്റീടുന്നു;
കൊടുത്തുകൊള്ളുവാൻ തടുത്തു വെട്ടുന്നു;
തടുക്കവല്ലാഞ്ഞു തല തെറിക്കുന്നു;
നടിച്ചു മുന്നോക്കിലടുത്തു ചെല്ലുന്നു;
പിടച്ചിൽ പൂണ്ടുടനൊഴിച്ചുവാഴുന്നു;
തുടൎന്നു ചെന്നുടൻ ചതിച്ചു കുത്തുന്നു;
കുടൽമാലകളും തുറിച്ചു ചാടുന്നു;
ശവത്തിന്മേൽ ശവം മറിഞ്ഞുവീഴുന്നു;
ശവത്തിന്റെ കീഴിലൊളിച്ചുപോകുന്നു;
മുറിവിൽ ചോരകൾ നിറഞ്ഞൊഴുകുന്നു;
മുറയിട്ടു നാരീജനമുഴലുന്നു
തെറിക്കുന്നു തൊപ്പി; തുറിക്കുന്നു കണ്ണു്
പറിക്കുന്നു കച്ച; പിടയ്ക്കുന്നു വീണു്
കഴിക്കുന്നൂ ഘ്രാണം; വഴുക്കുന്നു പോരിൽ
പൊഴിക്കുന്നൂ വെടി; ഇഴയ്ക്കുന്നൂ ശവം
കടിക്കുന്നൂ പല്ലു്; വടിക്കുന്നൂ ചോര
കുടിക്കുന്നൂ വെള്ളം; എടുക്കുന്നു പ്രാണൻ.
യുദ്ധമദ്ധ്യേ രാമൻകോയിൽ, ‘വെടി കരത്തിനേറ്റു്’ ഇടരോടുംകൂടി ഒരു കോണിൽച്ചെന്നു് ഒളിച്ചു. കണ്ടവരൊക്കെ ലന്തക്കൂട്ടം യമപുരത്തിലാക്കി. അവിടുത്തെ അവസ്ഥ അതിദയനീയമായിത്തീൎന്നു.
വരണ്ട കാട്ടിനു പിടിച്ച തീപോലെ
വെരുണ്ടടുത്തുടൻ കൊടുക്കുന്നു വെട്ടു്.
ഝടിതി പീരങ്കിവെടിനാദം കേട്ടു
ഞടുങ്ങിപ്പൈതങ്ങൾ പിരണ്ടു വീഴുന്നു;
തിരഞ്ഞിട്ടമ്മമാരെടുത്തുകൊള്ളുന്നു;
പരവശപ്പെട്ടു വിരണ്ടു വീഴുന്നു;
ദുരിതമേയെന്നു മുറവിളിക്കുന്നു
എരിഞ്ഞണയും തീക്കുടുക്കകൊണ്ടുടൻ
കരിഞ്ഞഥ മുടി പുടവയുമൊക്കെ.
കരിക്കട്ടപോലെ കരിഞ്ഞു ദേഹവും
പിരിഞ്ഞുടൻ ഞെളിഞ്ഞുലകിൽ വീഴുന്നു.
തൊലിയും ഞാന്നുടൻ കുടലും ചാടീട്ടു
മലവെള്ളംപോലെയൊഴുകുന്നൂ ചോര
പുലികളെപ്പോലെയലറുന്നു ലന്ത
എലികളെപ്പോലെ വിറയ്ക്കുന്നു വൈരി
കൊച്ചീരാജാവിന്റെ പക്ഷീയരായ പണ്ടാരപ്പറമ്പിൽ മേനോനും നായ്ക്കർവീട്ടിൽ മേനോനും തേവലച്ചേരിൽ മേനോനും കാക്കനാട്ടു പണിക്കരും തച്ചേടത്തു പണിക്കരും അടല്ക്കളത്തിൽ വീണു. അരിയതിട്ട, മുരിയമംഗലം എന്നീ നമ്പൂരിമാരാകട്ടെ, ‘മരിയാതെ മറുനികേതനം പൂക്കാർ’. അവരോടുകൂടി തമ്പുരാനും രക്ഷപ്പെട്ടു. ഇങ്ങനെ യുദ്ധം അവസാനിച്ചു. ലന്തക്കാരും വീരകേരളവൎമ്മരും അരമനയ്ക്കുള്ളിൽ കടന്നു.
ഇടർ പൂണ്ടപോലെ ദിനകരൻ താനും
കടലിൽ ചെന്നങ്ങു മറഞ്ഞുകൊണ്ടല്ലോ.
കടല്ക്കുനാഥനും തെളിഞ്ഞിതന്നേരം
കടൽമലക്കോനും തെളിഞ്ഞു നന്നായി.
ഈ അവസരത്തിൽ ഒരു സംഗതി പ്രത്യേകം പറയേണ്ടതായിട്ടുണ്ടു്. രാമൻകോയിലിന്റേയും മറ്റും പ്രേരണയ്ക്കു വശപ്പെട്ടു മാത്രമാണു് റാണി ഗംഗാധരലക്ഷ്മി മൂത്ത താവഴിത്തമ്പുരാനെതിരായി വൎത്ത ിച്ചതു്. ആ സംഗതി ഇവിടെ പ്രത്യക്ഷമാക്കിയിരിക്കുന്നു. വീരകേരളവൎമ്മർ ദേവിയേ ചെന്നു കണ്ടു് അവരുടെ പാദത്തിൽ വീണു തൊഴുതു. പിന്നീടു്,
“നയനവാരിധി പൊഴിച്ചു തന്മുഖം
വിയൎത്തു കൊണ്ടേറെ വിറച്ചു ചൊല്ലിനാൻ
ഭയം ഭവതിയെ നിയതം ചിന്തിച്ചു
വശംകെട്ടു കാണ്മാൻ കൊതിച്ചു മാതാവേ!
പലകാലം വാണ ഫലമിപ്പോൾ വന്നു;
ഫലിച്ചിതു വിധിമതമിന്നാകിലും.
പുറത്തുപോയവരുടെ കാരുണ്യത്താൽ
പുറത്തു പോയ ഞാനകത്തു വന്നതും
പുറത്തു കാൽവൈരിയമരാലെന്നുടെ
പുറത്താകക്കൊണ്ടെന്നറിവിനേവരും”
ഇപ്രകാരം വിനയഭാവത്തോടുകൂടി മൂത്ത താവഴിത്തമ്പുരാൻ മൊഴിഞ്ഞ വാക്കുകൾ കേട്ടപ്പോൾ റാണി ഗംഗാധരലക്ഷ്മി, അദ്ദേഹത്തിനെ അരികിൽ അണച്ചു് ആശീർവദിച്ചിട്ടു് നെറുകയിൽ ചുംബിച്ചു. അനന്തരം അദ്ദേഹത്തിനോടായിട്ടു് പറഞ്ഞു:
“നിനച്ചതു സാധിച്ചെനിക്കിനിയുണ്ണി
മനസ്സുകേടില്ല മരിക്കുന്നാകിലും
കഴിഞ്ഞ വൃത്താന്തം മറന്നു നാടിവ
വഴിയേ രക്ഷിപ്പാനും”
ദേവി അനുവദിച്ചു. അനന്തരം അമരാലിനോടായിട്ടു് ഇങ്ങനെ അരുളിച്ചെയ്തു:
“വയസ്സേറെച്ചെന്നോരെനിക്കുമുണ്ണിക്കും
വയസ്സായിട്ടുള്ള ജനത്തിനുമെല്ലാം
തുണയായതിനിപ്പരദേശി ഭവാൻ
ഗുണമാകുംവണ്ണം നടത്തിക്കൊള്ളണം”
അമരാലാകട്ടേ രാജ്ഞിയോടു് വിട വാങ്ങിക്കൊണ്ടു് കോയിലകത്തിരിക്കുന്ന പടജനത്തെ രക്ഷിപ്പാനായിട്ടു പോയി. എല്ലാ ദിക്കുകളും ശവങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ അവരുടെ ഒരു ഭാഗത്തു് വരിമിഴിമാർകൾ മരിച്ചു്, പുരികുഴലഴിഞ്ഞു്
‘കളഭം കസ്തൂരിയിഴുകുന്ന നല്ല
മുലത്തടത്തിൽ ചോരയുമണിഞ്ഞുടൻ’
കിടക്കുന്നതിനെ തെല്ലു മനോഭംഗത്തോടുകൂടെയാണു് കവി വൎണ്ണിച്ചിരിക്കുന്നതു്. ഈ മട്ടാഞ്ചേരിയുദ്ധം നടന്നതു്,
‘…കൊല്ലമിരുനാലുനൂറു-
മതിനു മേലിൽ മുപ്പതുമേഴും ചെന്നു
മകരമാസത്തിലിരുപത്തേഴായി
പകച്ചിടാതൊരു ദിനമറിഞ്ഞാലും;
തിഥി പ്രതിപദം ധവളമായിതു
കുതുകമായ നാളഴകിലായില്യം
കരുതിക്കൊൾക വെള്ളിയാകുമാഴ്ചയും’
എന്നു് കവി തന്നെ പ്രസ്താവിച്ചിരിക്കുന്നതനുസരിച്ചു് ൮൩൭ മകരം ൨൭-ാം തീയതിയും ശുക്ലപക്ഷപ്രതിപദവും ആയില്യം നക്ഷത്രവും വെള്ളിയാഴ്ചയും ചേൎന്ന ദിവസമായിരുന്നു.
മട്ടാഞ്ചേരിയുദ്ധം കഴിഞ്ഞു് ലന്തക്കാർ കൊച്ചീക്കോട്ട പിടിക്കാൻ നോക്കി; ഫലിക്കാതെ പിൻവാങ്ങി. കോഴിക്കോട്ടുരാജാവു് കൊടുങ്ങല്ലൂരേയ്ക്കു പിൻവലിഞ്ഞു. വടക്കുംകൂർ പടവുകളോടുകൂടി നാട്ടിലേയ്ക്കു മടങ്ങി. ലന്തക്കാർ കൊടുങ്ങല്ലൂർ കോട്ട ഉറപ്പിച്ചുകൊണ്ടു് അവിടെ വസിച്ചു. വഞ്ചകനായ തിട്ടനമ്പൂരിയെ ചങ്ങലവെച്ചു ബന്ധിച്ചു; ‘മടയവർപുരമധികപക്ഷത്തെയുടയവനായ’ മുരിയമംഗലം ഒളിച്ചോടിപ്പോയി. ഇങ്ങനെ മൂന്നാംപാദം അവസാനിക്കുന്നു.
മാതുലന്റെ ഉപദേശാനുസൃതം പള്ളുരുത്തിയിലേക്കും അവിടെനിന്നും മുട്ടത്തേക്കും കടന്നുകളഞ്ഞ ഗോദവൎമ്മ വിവരമൊക്കെ അറിഞ്ഞു് വേഗം കൊച്ചിയിലെത്തി, മാതുലന്മാരുടെ ശേഷക്രിയകളൊക്കെ നടത്തി. അനന്തരം സ്വയം രാജ്യഭാരം കൈയ്യേറ്റു. ചെമ്പകശ്ശേരിരാജാവു് തത്സമയം വഞ്ചിപ്പടകളുമായി വന്നു് ‘വൈപ്പിൻകര’ ചുട്ടുപൊടിച്ചു. അദ്ദേഹത്തിനു് പറങ്കികളുടെ സഹായവുമുണ്ടായിരുന്നു. വീരകേരളവൎമ്മ വീണ്ടും കൊളമ്പിൽച്ചെന്നു് ഗവൎണ്ണർജനറലിനെ വിവരം ധരിപ്പിച്ചു. ഗവൎണ്ണർജനറലാകട്ടെ അമരാലെ വിളിച്ചു് ഇങ്ങനെ ഗൎജ്ജ ിച്ചു.
‘കല്പനാഭംഗം വരുത്തുവാൻ നിന്നോടു
കല്പിച്ചതാരെന്തൊളിച്ചുപോന്നീടുവാൻ?
ദുൎബ ലനായെന്റെ കല്പന ലംഘിച്ച-
തിപ്പൊഴേ നിഗ്രഹിച്ചീടുവൻ നിന്നെ ഞാൻ’
എന്നു പറഞ്ഞിട്ടു് വാളെടുത്തപ്പോൾ വീരകേരളവൎമ്മർ അദ്ദേഹത്തിന്റെ കയ്ക്കു പിടിച്ചു തടഞ്ഞു.
‘വല്ലായ്മ വന്നുപോമേതൊരുത്തന്നുമേ-
യെല്ലാം പൊറുക്കണം നാഥനായുള്ളവൻ.
നീതികളെന്തിനു ഞാൻ പറഞ്ഞീടുന്നു?
നീതിജ്ഞനായ കുംഭഞ്ഞിയടങ്ങണം’
എന്നു സമാധാനപ്പെടുത്തീട്ടു് വേഗം ഒരു സൈന്യത്തെ അയപ്പാൻ അദ്ദേഹം അപേക്ഷിച്ചു. അതുകേട്ടു്
‘എന്നെക്കണക്കെന്റെ രാജനെ നിങ്ങളും
നന്നായ് ബഹുമാനസ്നേഹമുൾക്കൊണ്ടുടൻ’
അനുസരിക്കണമെന്നുള്ള കൎശനമായ ആജ്ഞയോടുകൂടി ലന്തേശൻ ഒരു വൻപടയെ കൊച്ചിയിലേക്കയച്ചു. എന്നാൽ, ‘കപ്പൽപടവോടും നല്ലറുമാസ്സോടും കെല്പേറിനോരു പടക്കോപ്പു തന്നോടും’ കൂടി അണ്ടിക്കടപ്പുറത്തെത്തിയപ്പോൾ വീരകേരളവൎമ്മ മരിച്ചു. സാമൂതിരിയ്ക്കു ദുഃഖമായി; ഗോദവൎമ്മരും കൂട്ടരും സന്തോഷിച്ചു. പക്ഷേ യുദ്ധം അതുകൊണ്ടു് അവസാനിച്ചില്ല. അവർ ചാഴിയൂർ ദത്തിലുള്ള വീരകേരളവൎമ്മരെ രാജാവാക്കി നിശ്ചയിച്ചു. ലന്തപ്പട കൊച്ചീക്കോവിലകത്തായി; ഗോദവൎമ്മർ ചെമ്പകശ്ശേരിപ്പടയോടുംകൂടി എറണാകുളത്തും എത്തി. ലന്തക്കാരും പറങ്കികളും തമ്മിൽ ആയി യുദ്ധം. അതു് അവസാനിക്കുംമുമ്പുതന്നെ അമരാൽ ഒരു കപ്പിത്താനെ വിളിച്ചു്, പുറക്കാട്ടു രാജാവിനേയും ഗോദവൎമ്മരേയും കൊന്നൊടുക്കീട്ടു വരാൻ ആജ്ഞാപിച്ചു. ലന്തക്കപ്പിത്താന്റെ പട വരുന്നതു കണ്ടിട്ടു്,
‘ദേവദേവേശനാം കൃഷ്ണൻ താൻ രക്ഷിക്കും
ദേവനാരായണൻ തന്റെ പടകളെ’
എന്നോൎത്തു കൊണ്ടു് തത്സൈന്യം
‘കുന്തമെടുക്കുന്നു വാളെടുത്തീടുന്നു
ചന്തം കലൎന്ന ചുരികയെടുക്കുന്നു
മിന്നിവിളങ്ങും പരിശയെടുക്കുന്നു
മിന്നും കടുത്തിലത്തോക്കെടുത്തീടുന്നു
നല്ല കണകൾ വളവുകൾ തീൎക്കു ന്നു
മിന്നും വെടിത്തിരിയൊക്കെക്കൊളുത്തുന്നു.’
പിന്നീടുണ്ടായ യുദ്ധത്തെ കവിതന്നെ വൎണ്ണിക്കട്ടേ.
‘കൊള്ളട്ടെയെന്നുടൻ വെള്ളത്തിൽ ചാടുന്നു
വള്ളമിടയിട്ടു വെട്ടുന്നു തങ്ങളിൽ.
രണ്ടുപരിഷയും വെളളത്തിലായാറെ-
യുണ്ടായ യുദ്ധമെന്തോന്നു പറവൂ ഞാൻ!
ഓളത്തൊടൊന്നിച്ചു നീന്തിയടുക്കുന്നു;
ചീളെന്നു വെട്ടിപ്പുറകോട്ടു വാങ്ങുന്നു;
വാട്ടമുള്ളേടത്തു വീരരടുക്കുന്നു;
കൂട്ടത്തിൽപ്പെട്ടുടൻ തീട്ടുന്നു തങ്ങളിൽ
കുത്തുവരെക്കണ്ടു തട്ടിക്കളയുന്നു;
കുത്തുകൾകൊണ്ടു കുടലു തെറിയ്ക്കുന്നു;
വഞ്ചിമേൽനിന്നു വെടികൾ പൊഴിക്കുന്നു;
നെഞ്ചു പൊളിഞ്ഞു മറിഞ്ഞു വീണീടുന്നു;
മത്തഗജങ്ങൾ പുഴയിലിറങ്ങീട്ടു
കുത്തിക്കളിയ്ക്കുന്നതുപോലെ തങ്ങളിൽ
ശക്തിയോടേറ്റുടൻ കുത്തുന്നു, വെട്ടുന്നു,
ചത്തു ശവം പുഴതന്നിലൊഴുകുന്നു;
നില്ലുനില്ലെന്നു മുന്നോക്കിലടുക്കുന്നു;
നില്ലാതെയുള്ള കെറുവോടടുക്കുന്നു.
മേളമേറീടുന്ന ഭീരങ്കിയിൽ നിന്നു
കാളുന്ന തീപോലെ വെന്തുപഴുത്തുടൻ
നാളികേരോപമമുള്ളൊളിക്കൊള്ളികൾ
ഓളത്തിനു മീതെത്തെറ്റി നടക്കുന്നു;
കോലുളികൊണ്ടു വലിച്ചുകൂടാഞ്ഞിട്ടു
കാലു വിറച്ചു ലന്തേശൻ ഭ്രമിക്കുന്നു;
കുപ്പായം ചീൎത്തു ടൻ കെല്പു കുറയുന്നു;
തോക്കുകളും വാളും വെള്ളത്തിൽ പോകുന്നു;
തോല്ക്കുമാറായിതു ലന്തപ്പരിഷയും.
കാണിപോലും വഴുതാത്തൊരാ നായന്മാർ
പ്രാണനെക്കൈവെടിഞ്ഞത്യന്തശൗര്യേണ
നില്ലാതെയുള്ള കെറുവാട്’
അണഞ്ഞപ്പോൾ ലന്തക്കാർ തോറ്റോടി. എല്ലാവരും ചെമ്പകമന്നന്റെ പടയെ വാഴ്ത്തി.
‘ശത്രുവായുള്ളവരെയമൎത്ത ീടുന്ന
ശക്തനാം ലന്തയെ വെന്നമൂലത്താലെ’
അദ്ദേഹത്തിന്റെ പേരും പെരുമയും പൊങ്ങി. തൽസൈന്യം വഞ്ചികളോടുകൂടി നാട്ടിലേക്കു മടങ്ങി. ഇത്ര ഭംഗിയായ ഒരു നാവികയുദ്ധവൎണ്ണന ഭാഷയിൽ മറ്റെങ്ങും കാണ്മാനില്ല.
ലന്തപ്പട ചെമ്പകശ്ശേരിയോടു തോറ്റെങ്കിലും, കൊച്ചിയിൽ അവൎക്കാണു് വിജയം സിദ്ധിച്ചതു്. ൮൩൮-ധനു കൊച്ചീക്കോട്ട അവരുടെ കൈവശത്തായി. അവിടെ വച്ചു് വീരകേരളവൎമ്മരുടെ രാജ്യാഭിഷേകകൎമ്മവും അവർ നിൎവഹിച്ചു. ഗോദവൎമ്മ കരപ്പുറത്തേക്കു് ഓടി; എന്നാൽ അവിടെ ഒരു സഹായവും ലഭിച്ചില്ല. ചെമ്പകശ്ശേരി ഇതിനിടയ്ക്കു് മൂത്ത താവഴിയുമായി സന്ധി ചെയ്തുംകഴിഞ്ഞിരുന്നു. അതിനാൽ, ആ രാജാവു്
ദേവനാരായണൻതന്നെയും കണ്ടിട്ടു്
ദേവൻ തുണയെന്നു തെക്കോട്ടെഴുന്നള്ളി.
ഡച്ചുകാരും ചെമ്പകശ്ശേരിയും തമ്മിൽ സഖ്യമായി. ഗോദവൎമ്മരാകട്ടെ,
‘നല്ല തിരുവനന്തപുരംതന്നിലോ
വാട്ടമൊഴിഞ്ഞു പറവനെന്നിങ്ങനെ’
നിനച്ചു് അങ്ങോട്ടുതിരിച്ചു. ഇവിടെ നാലാംപാദം അവസാനിക്കുന്നു.
ഗോദവൎമ്മരാജാവു് ‘വലരിപുവിനോടു സമഗുണാകാരനാകിയ’ വള്ളുവക്കോനോടും ‘കുരുകുലജവിജയസമ’നായ അയിരൂർ രവിവൎമ്മത്തമ്പുരാനോടുംകൂടി വഞ്ചിരാജാവിനെ ചെന്നുകണ്ടു. കുറേക്കാലം അവിടെ താമസിച്ചു് ഒടുവിൽ,
‘പരമപുരുഷനുടെ ചരണാരവിന്ദങ്ങളും
ഭംഗിയിൽ കണ്ടു തൊഴുതി’ട്ടു തിരിച്ചു പോന്നു.
ഉദ്ദേശം ഫലപ്പെടാതിരിക്കാൻ കാരണമെന്തെന്നു കവി വ്യക്തമാക്കീട്ടില്ല. അതിനു മുമ്പു തന്നെ ന്യൂഹാഫ് എന്ന ഡച്ചുകാരൻ ആറ്റുങ്ങൽ വച്ചു് മൂത്ത താവഴിയുടെ ന്യായമായ അവകാശത്തെപ്പറ്റി വിശദമായി മഹാരാജാവിനെ ധരിപ്പിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതിനു് രേഖകൾ ഉണ്ടു്. എങ്ങനെ ആയിരുന്നാലും ഗോദവൎമ്മർ വീണ്ടും ചെമ്പകശ്ശേരിയിൽ എത്തി.ദേവനാരായണരുടെ ആതിഥ്യം സ്വീകരിച്ചു് അവിടെ കുറേനാൾ താമസിച്ചിട്ടു് ഒടുവിൽ സചിവന്മാരുടെ പ്രേരണയനുസരിച്ചു് അദ്ദേഹം യാത്ര ചോദിച്ചു പുറപ്പെട്ടു. സൂര്യോദയത്തിനു മുമ്പു് അദ്ദേഹം ആര്യാടു് എന്ന പ്രദേശത്തെത്തി. പടയും ഉടനെ അവിടെനിന്നു നടപ്പാൻ ഭാവിച്ചു. ആ പടയാളികളുടെ നടപടിയെ കവി ഇപ്രകാരം അപഹസിച്ചിരിക്കുന്നു.
ജയവിരുതരവൎകളുടെയുടൽകൾ വിളറീടിനാൻ
ചെമ്പിച്ച മീശയും കേശവും താടിയും
പരുകി സുര മതിമറന്നു കുതുകമൊടു ചാഞ്ചാടി-
പ്പച്ചമാംസങ്ങളും തിന്നുതിന്നങ്ങനെ
ശമരഹിതർ ശമനസമർ പടയതു തുനിഞ്ഞെന്നാൽ
ചാൺപദം വയ്പീലവർ തിരിഞ്ഞെന്നുമേ.
ഈ ഭാഗം വായിക്കുമ്പോൾ കവി ഒരു നമ്പൂരിയല്ലേ എന്നു ബലമായി സംശയിപ്പാൻ വകയുണ്ടു്.
‘ഉടലിൻവടിവിയലുവതിനുടനണിഞ്ഞ കഞ്ചുക-
മുഷ്ണീഷപാദുകമാദിപൂണ്ടങ്ങനെ
കരതളിരിലസിയുമൊരു മുസലസമതോക്കുമ-
ക്കാലൻ ഗദയെന്നപോലെയെടുത്തുടൻ
മിടമയതു കരുതുമൊരു പട വിരുതരാകിന മ്ലേച്ഛരും’
കരപ്പുറത്തു വന്നുചേൎന്നു. ഇവിടെ മ്ലേച്ഛരെന്നു പറഞ്ഞിരിക്കുന്നതു് ഡച്ചുകാരെ ഉദ്ദേശിച്ചാണു്. കരപ്പുറംയുദ്ധത്തിലും ഗോദവൎമ്മർ പരാജിതനായി. ‘പെരുമ്പടപ്പു വാഴും മന്നൻ’ കൊച്ചിയിൽ സുഖമായി വാണു. അങ്ങനെ ഇരിക്കേ ഗോദവൎമ്മർ ഇങ്ങനെ ചിന്തതുടങ്ങി,
‘പരദിശയിലമരുമൊരു പറങ്കിയെപ്പാലിപ്പാൻ
പ്രാണാദികളും വെടിഞ്ഞു മൽപൂൎവന്മാർ
പരമവനിയതുമരിയപടവും ഭണ്ഡാരവു-
മാത്മബന്ധുക്കളേയും വെടിഞ്ഞേഷ ഞാൻ
പരനരപതികളുടയ പുരിയിൽ മേവുന്നതു
പാരവശ്യത്താൽ പറങ്കിയെന്നോൎത്ത ല്ലോ
ഒരു കരുണയകതളിരിലവനു തോന്നീലതി-
ന്നോരാണ്ടിൽമേല്ക്കു കാലം കഴിഞ്ഞിട്ടും
ഇനിയവനുടെ പുരിയിൽ ഞാൻ തന്നെ ചെന്നാകി-
ലീഷലുണ്ടെങ്കിലോ പിന്നെ നിരൂപിക്കാം.’
അനന്തരം തന്റെ ഉദ്ദേശത്തെ മന്ത്രിമാരോടു് അദ്ദേഹം പറഞ്ഞപ്പോൾ, ‘അതു വേണ്ട; അടിയൻ പോയി കാര്യം അറിഞ്ഞിട്ടു വരാം. ഫലിച്ചില്ലെങ്കിൽ തിരുമനസ്സുകൊണ്ടു് എഴുന്നള്ളിയാൽ മതി’ എന്നു് തേവലശ്ശേരിമേനോൻ അഭിപ്രായപ്പെട്ടു. അതനുസരിച്ചു് മേനോൻ ഗോവയ്ക്കു പുറപ്പെട്ടു. പക്ഷേ ഫലമൊന്നുമുണ്ടായില്ല. ഒരു വർഷം കഴിഞ്ഞു് ഗോദവൎമ്മാനുജൻ പോയി നോക്കി. എന്നിട്ടും ഫലം തഥൈവ.
അക്കാലത്തു് ‘ബദരവരകല്പനയാൽ’ ചെറിയ അമരാൽ കൊച്ചിയ്ക്കു് ‘സൂക്ഷിച്ചു കല്പനാശക്തി’ നടത്തുവാനായി വന്നു് രാജാവിനെ സന്ദൎശിച്ചിട്ടു് കൊച്ചിയേ സംബന്ധിച്ചിടത്തോളം,
‘അരിയ പരിഭവമുടയ മമരിപു പറങ്കിതാ-
നാദിയിൽ വാണപോലെയഹം വാഴുവൻ
നൃപതിവരരിവിടെ നടേ പുകഴിനൊടു വാണപോൽ
നീതിയാൽ വാഴ്ക നമ്മാൽ വിരോധം വിനാ.’
എന്നു് അറിവിച്ചു. അതുകേട്ടു് ‘ഇമ്പമോടെ നൃപപ്രൗഢനും’ വാണു. പെരുമ്പടപ്പിൽ സ്വരൂപത്തിനു തൂണായി നിന്നവർ നാലുപേരും രാജാവിനെ വന്നുകണ്ടു. അവരെ രാജാവു് യഥോചിതം സൽക്കരിച്ചയയ്ക്കയും ചെയ്തു. ഇപ്രകാരം കാലം കുറേ ചെന്നു. എന്നിട്ടും കോഴിക്കോട്ടുരാജാവു് കൊടുങ്ങല്ലൂർ വിട്ടുകൊടുത്തില്ല. അതുകൊണ്ടു് ഒരു പട വെട്ടാതെ തരമില്ലെന്നു വന്നു. ഡച്ചുകാർ രാജാവിനെ അനുകൂലിച്ചു. അപ്പോൾ പറങ്കികൾ സാമൂതിരിപക്ഷത്തിലും ചേർന്നു.
സാമൂതിരിയ്ക്കു് ലന്തക്കാരുടെ പേരിൽ ഉണ്ടായ കോപത്തിനു വാസ്തവത്തിൽ മതിയായ കാരണങ്ങളുണ്ടു്. അതുകൊണ്ടു്
‘പല ദിവസമവനു തുണ പണ്ടു നാം ചെയ്തതു
പാമ്പിന്നു പാലു കൊടുത്തപോലാപ്പെട്ടു
മറിവു പലതകതളിരിലുള്ളോർകൾ തങ്ങടെ
മുതുകിൽ വാൾ വീണേ വിലകാനോൎപ്പു ദൃഢം.’
എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം ഒരു സൈന്യത്തെ ആദ്യം പെരുമ്പടപ്പിന്റെ നേൎക്കയച്ചു. ആ സൈന്യം കോട്ടപ്പടികൾ മിക്കതും കൈക്കലാക്കിയിട്ടു്,
“പെരുമ്പടപ്പിലിളയ നരപതിതിലകവീരനും
പാലിയത്തമ്പുമിളയമേനവനും
പകലിരവു പടകളൊടു മരുവുമൊരു തൃക്കുന്നിൽ”
പാഞ്ഞടുത്തു. ലന്തക്കാരും സമരത്തിനെത്തി.
യുധി വഴുതി ബദരരൊടു നെടുവിരിപ്പിൽനായന്മാ-
രുറ്റടുത്തപ്പോൾ വടക്കൻമാപ്പിളമാർ
കരികളൊടു മദകരികൾ വരുവതു കണക്കെയും
രണ്ടു സിംഹങ്ങൾ തമ്മിൽ പൊരുംപോലെയും
ദശവദനപടയും ദശരഥതനയസേനയും
ദ്വേഷ്യംകലൎന്നമർചെയ്തതുപോലെയും,
മാപ്പിളമാരും ലന്തക്കാരും തമ്മിൽ ഏറ്റിടഞ്ഞു. ഒടുവിൽ ലന്തപ്പട ‘ചാൺപദം’ പിൻവാങ്ങി. അൎദ്ധചൈതന്യരായ അവർ തത്സമയം വെള്ളക്കൊടിയും തൂക്കി. എന്നിട്ടും മാപ്പിളമാർ ആൎത്തു ചെന്നു നാലുപേരുടെ തല കൊയ്തെടുത്തു് സാമൂതിരിക്കു കാഴ്ചവച്ചത്രേ. ഈ വിജയത്തെ ഒരു വിജയമായി കരുതാനില്ലെന്നു് കവി ഇങ്ങനെ സൂചിപ്പിക്കുന്നു.
‘യുധി ജയവുമചലജലനരവരനുമിതെ-
ന്നുള്ള വിശേഷവും മന്നിൽ നടന്നിതേ’
കൊച്ചിയിലെ എളയരാജാവും പരിവാരവും തൃക്കുന്നിൽനിന്നു മാറി. ഇവിടെ പഞ്ചമപാദം അവസാനിക്കുന്നു.
കൊച്ചീരാജാവു് തോൽവിനിമിത്തം വിഷണ്ണനാകാതെ ബന്ധുരാജാക്കന്മാരോടും ലന്തക്കാരോടും സാമൂതിരിയുടെ മദമടക്കാനുള്ള മാൎഗ്ഗത്തെപ്പറ്റി ആലോചിച്ചു; ലന്തേശൻ പറഞ്ഞു:
‘കേവലം ചോതിരകൂറീന്നു നാം ചിലർ
ജീവിച്ചിരിപ്പതു മാനിക്കുന്നില്ലെന്നു
മേവിപ്പുറപ്പെട്ടതാംമുടിമന്നവൻ
കേവലം വാഴ്തിരുവഞ്ചിക്കുളത്തിന്നു്
നേരെയിനിയൊരു പോരു ചെയ്തീടുവാൻ
നേരെ നിരൂപിക്കലെന്തോന്നിതുക്കുറി?
ചാരുവരിഷങ്ങൾ നൂറു കഴിവോളം
പോരുചെയ്താലും പണത്തിനു മുട്ടുമോ?
ആഴിപോലുണ്ടു മരുന്നുമുണ്ടകളും
ആഴിയിൽ പോവാൻ മരക്കലവുമുണ്ടു്;
കള്ളം വെടിഞ്ഞുള്ള തോക്കുണ്ടനവധി;
വെള്ളംകണക്കേ പടക്കോപ്പുമുണ്ടല്ലോ.
നല്പടകൗശലം മേൽക്കുമേൽ കാണുന്ന
കപ്പിത്താന്മാരുണ്ടു് തുപ്പായികളുമുണ്ടു്.
ചാവതിന്നും കൊലചെയ്‍വതിന്നുമൊരു
താമസം കൈവെടിഞ്ഞുള്ള പടയുണ്ടു്.
വാടവെട്ടും കരുവിത്തരമുണ്ടതി-
ന്നൂടറിഞ്ഞും വേല ചേയ്വോരുമുണ്ടല്ലോ.
കുന്നലമന്നമവനോടു യുദ്ധത്തിന്നു
പിന്നെയെന്തിന്നു വികല്പം നരപതേ?’
ഇതു കേട്ടു് അങ്ങനെതന്നെ എന്നു പറഞ്ഞു് എല്ലാരും തല്ക്കാലം പിരിഞ്ഞു. ലന്തേശൻ ഒരു പടയെ തിരുവഞ്ചിക്കുളത്തേയ്ക്കയച്ചു. ആ സൈന്യം വടകര, വയ്പിൻ കരപ്പുറം മുതലായവ കടന്നു് കൊടുങ്ങല്ലൂർകോട്ടയിൽ അന്നു പാൎത്ത ിട്ടു് പ്രഭാതത്തിൽ അഞ്ചുക്കുളത്തുള്ള കോട്ടയിൽ എത്തിയിട്ടു് വെട്ടും വെടിയും തുടങ്ങി.
“അയ്യോ മറുതല വന്നു ചുഴന്നെന്നു
കയ്യലച്ചാരവിടുള്ള പെണ്ണുങ്ങളും.”
നാലുപാടും പരിഭ്രമം വ്യാപിച്ചു. ‘തങ്ങൾ തങ്ങൾക്കുള്ള കാര്യത്തിനായുടനങ്ങുമിങ്ങും പോയ നായന്മാരും’ വന്നുചേൎന്നു. പിന്നീടുണ്ടായ യുദ്ധത്തെ വൎണ്ണിപ്പാൻ പ്രയാസം.
‘അറ്റവുമറ്റവും പൊറ്റക്കുറുങ്കാടും
പറ്റിയിറ്റിറ്റു വീഴുന്ന കണ്ണീരോടും
കറ്റക്കുഴലരും കട്ടക്കിടാങ്ങളും
മറ്റുമൊളിച്ചു മച്ചിൻപുരം തന്നിലേ’
‘അല്ലൽ പെടാതൊരു കുന്നലമന്നനേ’ ചിലർ മെല്ലെയെടുത്തു കൊണ്ടു് ഓടി. യുദ്ധത്തിനിടയ്ക്കു് പല സ്ത്രീകൾ മരിച്ചു. രാജപത്നിപോലും മരിച്ചുപോയെന്നു കേൾവി പൊങ്ങി. അനന്തരം ലന്തക്കാർ പിൻവാങ്ങീട്ടു് കൊടുങ്ങല്ലൂർകോട്ടയ്ക്കു നേരേ വടക്കുവശത്തായിട്ടു് ‘ആനമേലാളിനും തോട്ടിക്കും നീട്ടിയാലെത്താത്ത’ ഒരു വാട തീർത്തിട്ടു് അതിന്മീതെ ശത്രുസംഹാരക്ഷമമായ ഒരു തോക്കും ഉറപ്പിച്ചു; കുടിലും നെടുംപുരയും പണി കഴിപ്പിച്ചു. ഇങ്ങനെ ഒരു സംവത്സരം തികഞ്ഞു. അനന്തരം കൊച്ചീരാജാവും കുമ്പഞ്ഞിയും അഞ്ചിക്കുളം പിടിക്കാനായി പുറപ്പെട്ടു. ആ പടപുറപ്പാടു കണ്ടിട്ടു എല്ലാവരും വിസ്മയിച്ചു. പ്രസ്തുത പടയൊരുക്കത്തെ കവി എത്ര മനോഹരമായി വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക:
‘കുട്ടിമരങ്ങളെ വെട്ടിയറുത്തുള്ള
തട്ടുപലകകൾകൊണ്ടു ചമച്ചൊരു
വിശ്രമം നല്കും മരക്കോട്ടയും ശത്രു-
വശ്രമം തീൎത്തു നിലയുണ്ടു മൂന്നെടോ.
മൂന്നിലുമായൊരു മുന്നൂറു ലന്തയ്ക്കു
മൂന്നു വരിഷമെന്നാലും കഴിച്ചിടാം
നാലുപുറത്തുമതിന്റെ വാതിൽകളിൽ
നാലുദിക്കും മുഴങ്ങുന്ന ഭീരങ്കി
കാളത്തോക്കോരോന്നു വായും പിളൎന്നിങ്ങു
കാളമേഘങ്ങളെപ്പോലേയിരിക്കുന്നു.
മേരുമലയ്ക്കൊരോന്നു വൈരി പുറപ്പെട്ടു
കേരളഭൂമിയിൽ നിന്നു വടക്കോട്ടു
നേരേ വരുന്നെന്നു തോന്നുന്നതിന്നൊരു
നേരുകേടുണ്ടെന്നതാരാനും ചൊല്ലുമോ?
മേരുമലയ്ക്കു ശിഖരങ്ങളുണ്ടെങ്കിൽ
ചാരുതണ്ടായ ശിഖരമിതിനുണ്ടു്.
അമ്മലമേൽ കരി സിംഹമലറുകിൽ
ഇമ്മരക്കോട്ടയിൽ തോക്കലറീടുമേ.
വണ്ടുകളമ്മലമേൽ മുരണ്ടീടുകിൽ
തണ്ടുകളെല്ലാം മുരണ്ടലറുന്നിതിൽ
വാരണം പിണ്ഡമിടുമതിലെങ്കിലോ
വാരണഭീരങ്കിയുണ്ടയിടുമിതിൽ.
ഗന്ധൎവരാദികളങ്ങു വസിക്കുകിൽ
സന്തതം ലന്തകൾ വാഴുന്നിതിലുമേ.
തണ്ണീർ നിറഞ്ഞ തടമതിലുണ്ടെങ്കിൽ
തണ്ണീർ നിറച്ച പത്താഴങ്ങളുണ്ടിതിൽ.
കുന്നിന്മാതങ്ങു കളിച്ചു വസിക്കിലോ
ഇന്ദിരാദേവി കളിച്ചിങ്ങിരിക്കുന്നു.
അന്നം പറക്കും മലയ്ക്കുമീതെങ്കിലോ
ഉന്നം പറക്കും കൊടിക്കൂറ കോട്ടമേൽ.
ഈശാനനാശ്രയം പൂണ്ടതു വാഴുകിൽ
പാശിതാനാശ്രയം പൂണ്ടിതു വാഴുന്നു.
സൂര്യന്റെ തേരതിൻചുറ്റും നടക്കിലോ
വാരിധിത്തേരിതിൻചുറ്റും നടക്കുന്നു.
… … …
പാമ്പുകളുണ്ടു തടിച്ചതതിലെങ്കിൽ
പാമ്പുകയറുണ്ടിതിലും മനോഹരം!
പാഴുമരമുണ്ടു പൎവതത്തേലെങ്കിൽ
പാമരമുണ്ടു വളൎന്നതിതിലുമേ.
വള്ളികൾ ചുറ്റിയ വൃക്ഷമുണ്ടെങ്കിലോ
വെള്ളവെടിത്തിര ചുറ്റും തോക്കുണ്ടിതിൽ.
ഇങ്ങനെയുള്ള മരക്കോട്ടയും പിന്നെ-
ച്ചങ്ങാടമെത്രതരത്തിലൊരുമ്പെടും…’
‘കൎണ്ണം പൊടിക്കുന്ന നാദം കലൎന്നു ള്ള കൎണ്ണാടൻതോക്കു’ രണ്ടായിരമുണ്ടായിരുന്നത്രേ. ‘കണ്ട മരംകൊണ്ടു തീൎത്ത ൊരു കുറ്റി’കളും, മരുന്നിട്ടു കെട്ടിയ ചാളികക്കൂട്ടങ്ങളും അനവധി.
‘മൂടയും കൂടയിൽ കോഴിയും താറാവും
ആടുമാടുകളെക്കൊന്നയിറച്ചിയും’
കയറ്റിയ മരക്കലങ്ങളും,
‘തച്ചർ ചമച്ച മരവിയും മാട്ടവും
കച്ചോടക്കാരരും വാണിഭക്കൂട്ടവും’
പറഞ്ഞാൽ ഒടുങ്ങുകയില്ലത്രേ.
‘എണ്ണ വെളിച്ചെണ്ണ ചുണ്ണാമ്പുവെണ്ണയും
കണ്ണൻപഴക്കുല കിണ്ണത്തിലപ്പവും
വെള്ളരി വെള്ള വൻവെള്ളരിക്കാകളും
വള്ളൂരക്കെട്ടുകൾ കള്ളുകുടങ്ങളും
ഉപ്പിട്ട മീൻ തരമൊപ്പിച്ചിറച്ചിയും
ഉപ്പുമാങ്ങയുമുഴുന്നാട കോതമ്പു
നല്ല പയറും തുവര കറുവയും
വെല്ലവും പഞ്ചാരയുമുരുക്കുനെയ്യും
കോഴികൾ കോഴിമുട്ട കുഴലപ്പവും
നാഴിയിടങ്ങഴിയും മുറവും പറ
ഇഞ്ചി കഞ്ചാവുമിഞ്ച പുളിഞ്ചിക്കായും
തഞ്ചി വഞ്ചേനയും മിഞ്ചുവോളം തിന
നാളികേരം തളിക്കോരിക ചോളവും;
… … …
കൊച്ചുപിച്ചാങ്കത്തി കത്തിത്തുടരുകൾ
അച്ചുകോലും നല്ല കൊച്ചുതോക്കുകളും
മെയ്ക്കു ചേരും പടച്ചട്ടയും തൊപ്പിയും
കൈക്കെട്ടു കൈത്തുകിൽ തൊങ്ങലും ഭംഗിയും
കപ്പലിൽ വന്ന കരിമ്പടം കൈപ്പടം
നെയ്ഭരണിക്കുടമുപ്പിടും കൊട്ടയും
വെട്ടം കൊളുത്തും വിളക്കും നെരിപ്പോടും
കണ്ടങ്കി മുണ്ടുകൾ കട്ടിയാവുകളും
… … …
… … …
മായിപ്പുടവകൾ കായൽച്ചരക്കുകൾ–മുതലായവയും, നായന്മാൎക്കായി, ഞാണും കണകളും
തണ്ണീൎക്കുടങ്ങളുമെണ്ണബ്ഭരണിയും
കണ്ണാടിയും ചിമിഴും കിളിക്കത്തിയും
തീയെരിയുന്ന തീക്കത്തിയും വീപ്പയും
വെറ്റിലയുമടയ്ക്കായും പുകയില
കറ്റവാഴയ്ക്കാ പടറ്റിക്കുലകളും
ചൂതു ചതുരംഗപ്പോരിൻകരുവുകൾ
ജാതിക്കായും നല്ല ജാതിപത്രികളും
ചക്കയും ചുക്കും മടിപ്പൈക്കറകളും
അർക്കപ്രിയം ശംഖു കൊമ്പു വളകളും
കെട്ടും കുടിലതിൽ കട്ടിലും പാകളും
കെട്ടിത്തെറുത്ത പുല്പായും കുപ്പായവും
… … …
കെട്ടിച്ചുമന്ന വയമ്പുകൾ ചന്ദനം
ചാന്തൊടു മുന്തിരിങ്ങാ കുന്തിരിക്കവും
മാന്തളിർപ്പട്ടു വിളുമ്പുവൎണ്ണച്ചേല
ഏറെ വടിവൊത്ത മുണ്ടുമുറുമാലും
കൂറുപയിറ്റു കച്ചപ്പിണിസ്സോമനും
നീലമനയോലയുമഞ്ഞനക്കല്ലും
ചാലിയും ചേലെഴുന്ന മയിൽപ്പീലിയും
… … …
മേളം കലൎന്ന തളിക കിണ്ണങ്ങളും
തട്ടുവെരുകിൻപുഴുവും കരയാമ്പൂ’
ഇത്യാദിയും വൎണ്ണിപ്പാൻ തുടങ്ങിയാൽ പകലവസാനിച്ചുപോകുമത്രേ.
യുദ്ധം നാലുമാസത്തോളം നിലനിന്നു. ൮൪൫ കന്നിമാസം ൧൫-നു സാമൂതിരിയും കൂട്ടരും പിൻവാങ്ങി. ലന്തക്കാർ ആ സ്ഥലം കുറേക്കൂടെ ബലപ്പെടുത്തി. ഇവിടെ കഥ അവസാനിക്കുന്നു. കവി വ്യുല്പന്നനായാലും അല്ലെങ്കിലും ചരിത്രസംഭവങ്ങളെ നിഷ്പക്ഷമായും വലിയ അതിശയോക്തികളൊന്നും കൂടാതെ വിശദമായും വിവരിച്ചിട്ടുണ്ടു്. വൃത്തബന്ധം കുറെ ശിഥിലമായിരിക്കുന്നു. ഈ നിലയിൽ ഈ പടപ്പാട്ടു് കൈരളിയ്ക്കു് ഒരു അമൂല്യസ്വത്താകുന്നു.
14.23 മാമാങ്കം പാട്ടു്
ഇതും ഒരു കിളിപ്പാട്ടാണു്. ഗ്രന്ഥകൎത്ത ാവു് ഒരു കാടാഞ്ചേരിനമ്പൂതിരിയാകുന്നു. പേരു നിശ്ചയമില്ല. കൊട്ടാരക്കരത്തമ്പുരാന്റെ കാലത്തിനു ശേഷമാണു് ഇക്കവി ജീവിച്ചിരുന്നതെന്നു്, അതിൽ രാമനാട്ടത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നറിയാം. ഇതിലെ വൎണ്ണനകൾക്കു് ധാരാളം തന്മയത്വം വന്നിട്ടുണ്ടെന്നു മാത്രം കവിതയെപ്പറ്റി പൊതുവേ പറയാം. ൮൬൯-ലും ൮൭൦-ലും നടന്ന മാമാങ്കോത്സവമാണു് ഇതിലെ വിഷയം. അതുകൊണ്ടു് അടുത്ത മാമാങ്കോലത്സവകാലമായ ൮൮൦-നു മുമ്പായിരിക്കണം ഇതു ചമയ്ക്കപ്പെട്ടതെന്നു തീൎച്ചയാണു്. ചരിത്രാന്വേഷണതൽപരന്മാർക്കു് പ്രസ്തുത ഗാനം വളരെ പ്രയോജനപ്പെടുമെന്നു തോന്നുന്നു. ഇപ്പോൾ അച്ചടിച്ചിട്ടുള്ള പുസ്തകം അസമ്പൂൎണ്ണമായിരിക്കുന്നു. ഗോകൎണ്ണോദ്ധാരണം, മാമാങ്കോദ്ധാരണം, പൂന്തുറേശവൃത്തം, ശക്തിപ്രസാദം, മാഘമഹോത്സവം എന്നിങ്ങനെ ഇതു പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടുകാണുന്നു. ഗോകൎണ്ണോദ്ധാരണത്തിൽ,
‘മുന്നമംബുധിയോടു ഭാൎഗ്ഗവൻ ധരിത്രിയെ-
ച്ചെന്നു കണ്ടുപേക്ഷിച്ചുനിന്നു താൻ ഗ്രഹിച്ചതും
പിന്നെബ്ഭൂസുരന്മാൎക്കായൊക്കവേ കൊടുത്തതും’
വൎണ്ണിച്ചിരിക്കുന്നു. സ്രുവക്ഷേപംകൊണ്ടു്,
‘നീളവും തെക്കുവടക്കാകുന്നു നിരന്തരം
നീളത്തിലിടം വടക്കാട്ടേ വളൎന്നു ള്ളു’
ഈ കൎമ്മഭൂമിയെ പരശുരാമൻ ഉദ്ധരിച്ചിട്ടു്,
‘നാനാദേശ്യന്മാരായ ഭൂമിദേവേന്ദ്രന്മാരെ
താനിങ്ങു വരുത്തിക്കൊണ്ടവരോടൊരുമിച്ചു
സാനന്ദം വിചാരിച്ചു കല്പിച്ചങ്ങുറപ്പിച്ചു
വാരിധി പുനരിതു മേലിൽ വന്നൊരു കാലം
പാരിലിങ്ങതിക്രമിച്ചീടരുതായുംവണ്ണം
കാരണീ ദുൎഗ്ഗാദേവിതന്നെയും തീരേ തീരേ
തീരേ സമ്പ്രതി നീളെസ്സംപ്രതിഷ്ഠിച്ചുകൊണ്ടു്
സേവാലങ്കാരപൂജാദീപമാലകളോരോ-
ന്നാവോളം വളൎത്തു തൽസ്ഥാനസാന്നിദ്ധ്യങ്ങളും
ദക്ഷിണകൈലാസമാമുത്തമദിവ്യസ്ഥലം
ദക്ഷാരിതേജഃപുഞ്ജം ദൃഷ്ട്വാ തൽപരിവാരൈഃ
വിശ്വാസഭക്ത്യാപി സംപ്രതിഷ്ഠിച്ചുറപ്പിച്ചു
തത്സാന്നിധ്യങ്ങളെല്ലാം വൎദ്ധിപ്പിച്ചാകുംവണ്ണം
നിശ്ശേഷജഗൽപ്രസിദ്ധപ്രതിമകളെയും’
പ്രതിഷ്ഠിച്ചിട്ടു്,
‘വിപ്രാണാം ഗ്രാമങ്ങൾ വൎണ്ണാചാരങ്ങളും
തൽപ്രഭാവേനതത്തൽ ഗ്രാമദേവതകളേയും
കല്പിച്ചു നിരുപമാധ്യക്ഷനാം ഭൃഗൂത്തമൻ
അപ്രയത്നേന മേലിൽ നല്ലതു വരുംവണ്ണം
വിദ്രുതം ദ്വിജേന്ദ്രന്മാർ തത്തൽസ്ഥാനങ്ങളെല്ലാ-
മത്യന്തമിളകാതെ സങ്കേതിച്ചതുകാലം’
അഴുവാഞ്ചേരിത്തമ്പ്രാക്കളായ ‘നയനനാരായണൻ’ എഴുന്നള്ളി,
‘നിത്യകൎമ്മാദികളും ചെയ്തു മംഗലം ചേൎത്തു
വൃത്തിയും രക്ഷിച്ചതിസ്വസ്ഥനായ് വാണീടവേ,’
ഭാൎഗ്ഗവരാമൻ അരുളിച്ചെയ്തു:
“ക്ഷത്രിയൎക്കുള്ള രാജ്യമല്ലിതു നമുക്കെല്ലാം
നിത്യകൎമ്മങ്ങൾ ചെയ്തു വൎത്ത ിപ്പാനുള്ളോരോ ഭൂ-
കൎത്തൃ ത്വം നമുക്കന്യേ മറ്റാൎക്കുമിവിടെയി-
ല്ലെത്രയും സുഖേന കൎമ്മങ്ങളും വഴിപോലെ
കൃത്വാ സന്തതം വസിച്ചീടുവാൻ സകലവും
ചിത്തതുല്യേന പരിപാലിച്ചു നിരന്തരം
മത്സരാദ്യസൂയാദോഷങ്ങളുൾക്കലൎന്നെഴും
കുത്സിതാത്മാക്കളതിശക്തരായ് വളൎന്നു ള്ള
ദുഷ്ടഭൂതങ്ങളനാചാരതല്പരന്മാരാൽ
മുട്ടുകിലിപ്പോൾ നിങ്ങളെല്ലാരുമൊരുമിച്ചു
മദ്ധ്യാനംചെയ്തു പാൎത്ത ീടുമ്പൊഴുതവിടെ ഞാൻ
പ്രത്യക്ഷീകരിച്ചു സങ്കടം പോക്കീടുവൻ.
സസ്യാദി ബഹുവിധസമ്പദ്വൃദ്ധിയും നിങ്ങൾ
നിത്യകൎമ്മങ്ങൾ ചെയ്തു വൎത്ത ിച്ചാൽ താനേവരും
വൃഷ്ടിയും വേണമെന്നു തോന്നുമ്പോളുണ്ടായ്‍വരും
പുഷ്ടി വൎദ്ധിക്കുംവണ്ണം ഗ്രീഷ്മകാലത്തിങ്കലും
നിത്യവുമാചാരനിത്യൎത്ഥ ങ്ങൾ നീങ്ങീടാതെ
സത്യത്തെ സമാശ്രയിച്ചാനന്ദവശംഗത-
ചിത്തവും പരബ്രഹ്മധ്യാനശോഭയാ തെളി-
ഞ്ഞത്യന്തം ഫലംപേക്ഷ കൂടാതെ കൎമ്മങ്ങളും
വിശ്വസിച്ചാഹന്ത ചെയ്തീടുവിനതിനുള്ളിൽ
നിശ്ചയം വേണം ഗവ്യമന്യേ കൊള്ളരുതല്ലോ
പൈക്കളേക്കറക്ക മറ്റാടുകളെരുമക-
ളൊക്കെ വൎജ്ജ ിക്ക …” ഇത്യാദി.
ഇങ്ങനെ ഉദ്ധരിച്ചിടത്തോളം ഭാഗങ്ങളിൽ നിന്നുതന്നെ കവി നല്ല വ്യുല്പത്തിദാൎഢ ്യവും പദസ്വാധീനതയും ഉള്ള ആളാണെന്നു കാണാം. പടപ്പാട്ടിൽ കാണുന്നതുപോലെ ശബ്ദദാരിദ്ര്യം ഇക്കവിക്കില്ല. അതിൽ പല സ്ഥലങ്ങളിലും ദീൎഘത്തെ ലഘുവാക്കിയും ലഘുവിനെ ദീൎഘമായും ഉച്ചരിക്കേണ്ടതായി വന്നിട്ടുണ്ടല്ലോ.
പരശുരാമന്റെ ഉപദേശാനുസൃതം നേത്രനാരായണൻ (ആഴുവാഞ്ചേരി തമ്പുരാക്കൾ),
സ്വൎല്ലോകമമരേന്ദ്രനെ ദേവകൾ
നല്ലവണ്ണം പരിപാലിച്ചതുപോലെ
പരിപാലനം ചെയ്തുകൊണ്ടിരിക്കവേ,
‘മര്യാദകൾ വെടിഞ്ഞോരോ ജനങ്ങൾ’ നിൎമ്മര്യാദങ്ങൾ പ്രവൎത്ത ിക്കയാൽ, ഭൂസുരേന്ദ്രന്മാർ ഒത്തൊരുമിച്ചു് ‘ദിവ്യമാം മുഖ്യസ്ഥലം പ്രാപിച്ചു്’ പരശുരാമനെ ധ്യാനിക്കയും, അദ്ദേഹം പ്രത്യക്ഷനാവുകയും ചെയ്തു. അദ്ദേഹമാണത്രേ പന്തീരാണ്ടു കൊല്ലത്തേയ്ക്കു് ഒരു രാജാവിനെ നിശ്ചയിച്ചു് ആ രാജാവു മുഖേന രാജ്യഭാരം നിൎവഹിക്കണമെന്നുപദേശിച്ചതു്. ഏതു ഭൂപതിയെയാണു് ആദ്യം ഈ ബ്രാഹ്മണർ സമീപിച്ചതെന്നുള്ളതിനെപ്പറ്റി കവി മൗനമവലംബിക്കുന്നു. ബ്രാഹ്മണരുടെ അപേക്ഷാനുസൃതം രാജാവു്,
‘ചിന്തിച്ചു സൎവജ്ഞനായ സുമുനിയെ
ഭൂസുരന്മാൎക്കു മകംചേൎന്നു കാൺകയാൽ
സാദരം നീയിവരോടുകൂടെച്ചേൎന്നു
സാധുക്കളെപ്പരിപാലിച്ചു ദുഷ്ടരെ-
ശ്ശാസിച്ചു ശിക്ഷിച്ചടക്കി വഴിപോലെ
ധൎമ്മേണ കൎമ്മഭൂചക്രം പരിചോടു
നിൎമ്മലന്മാരാമിവൎക്കു ചേരുംവണ്ണം
രക്ഷിച്ചു നേർവരുത്തി പ്രതികേവലം
വത്സരദ്വാദശാന്തേ പുനരിങ്ങു നീ
വന്നു നമുക്കു കേൾക്കേണമവസ്ഥകൾ’
എന്നു പറഞ്ഞിട്ടു് ‘കേരളനാകിയ മന്ത്രിപ്രവരനെ’ അവരോടു കൂടി അയച്ചു. ആ പ്രതിപുരുഷൻവഴിക്കാണത്രേ കേരളം എന്ന പേർ നാട്ടിനു സിദ്ധിച്ചതു്. പന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ വേറെ ഒരാൾ നിയുക്തനായി. ഇപ്രകാരം പലരും വാണ ശേഷം ചേരമാൻപെരുമാൾ എന്നൊരാൾ വാഴ്ച തുടങ്ങി. അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്താൽ സമ്പ്രീതരായ ഭൂദേവന്മാർ പന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. അവർ രാജാവിനോടു് ഇങ്ങനെ അപേക്ഷിച്ചു.
‘ഞങ്ങൾക്കിനിയിവനോടു പിരിഞ്ഞു ചെ-
ന്നങ്ങിരുന്നാൽ സുഖമില്ലിവൻ തന്നിലും
നിൎമ്മലന്മാർ ചിലർ ചെന്നു രക്ഷിക്കിലും
ചെമ്മേ മനസ്സിന്നു ചേൎച്ചയില്ലേതുമേ.
മന്നവനായിവനെക്കനിവോടിന്നു
മന്ന! നന്നായ് തെളിഞ്ഞയയ്ക്കേണമേ.’
ഈ പ്രാൎത്ഥ ന കേട്ടു് രാജാവു് ചേരമാനേ കേരളത്തിന്റെ അധിപതിയായി അഭിഷേകം ചെയ്തു. ഇങ്ങനെ പ്രതിപുരുഷഭരണം നിന്നിട്ടു് കേരളത്തിൽ രാജവാഴ്ച സമാരംഭിച്ചു. ചുരുക്കിപ്പറഞ്ഞാൽ,
‘ചേരമാനാകിയ രാജപ്രവരനാൽ
പാലിതമായതുകാലം തെളിഞ്ഞമ-
രാലയസന്നിഭമായിതു കേരളം’
എന്നാൽ,
‘സൎവജ്ഞനാകിയ സൎവജ്ഞഭക്തനി-
ങ്ങുൎവ്വിയും പാലിച്ചു സൎവഭോഗങ്ങളും
സൎവകാലം ഭുജിച്ചമ്പോടു ഭൂസുര-
സൎവദേവപ്രിയനായ് വിളങ്ങുന്ന നാൾ’
സൎവവിരക്തനായ്ത്തീൎന്നിട്ടു്, രാജ്യത്തെ ‘പുത്രമിത്രാമാത്യഭൃത്യാദികൾ’ക്കായി പങ്കിട്ടു കൊടുത്തു. ‘മദ്ധ്യമഭാഗമത്യുത്തമം’ തന്റെ ഏഴു പുത്രന്മാൎക്കായി നൽകിയിട്ടു് ‘തപസ്സിന്നൊരുമ്പെട്ടു്’ യാത്ര ഭാവിച്ചുനിൽക്കവേ, ‘തൽപദഭക്തി മുഴുത്തെഴും പൂന്തുറേശൻ’ അവിടെ എത്തി. ആ പാദഭക്തനു നൽകാൻ, ഒന്നും കാണായ്കയാൽ, അരക്രോശത്തോളം വരുന്ന കുക്കുടക്കോടു(കോഴിക്കോടു്) മാത്രം അദ്ദേഹത്തിനു നൽകി. ചേരമാനാകട്ടെ,
‘തൃപ്തി വന്നില്ലിതുകൊണ്ടവനെന്നറി-
ഞ്ഞുൾക്കാമ്പിലുറ്റു വിചാരിച്ചു സാംപ്രതം
സുസ്മിതവറ്റ്രക്തനായമ്പോടുതന്നരി-
കത്തു വിളിച്ചു്’
തന്റെ പള്ളിവാളും നൃപചിഹ്നങ്ങളും കൊടുത്തിട്ടു്,
‘കന്നേറ്റിതൊട്ടു പുതുപട്ടണത്തോള-
മെന്നുമചലാബ്ധിനാഥനായ്‍വാഴ്ക നീ
ചെല്ലുന്ന ദിക്കിലധികാധിപത്യമ-
ങ്ങെല്ലാടവും നിനക്കായ്‍വരും നിൎണ്ണയം.
നല്ലവണ്ണം മലയാളത്തിലൊക്കെയു-
ണ്ടല്ലോ പെരുവഴിയും തടവെന്നിയേ.
ചൊല്ലെഴും മക്കത്തു കപ്പലോട്ടിക്കയും
കല്യാണമുൾക്കൊണ്ടു മാമങ്കമാകിയ
നല്ല മഹോത്സവം മേളിച്ചുകൊൾകയു-
മല്ലലൊഴിഞ്ഞു ചെയ്താലും നിരന്തരം’
എന്നു് അനുഗ്രഹിച്ചു.
അനന്തരം, പൂന്തുറേശനായ വിക്രമന്റെ അനുജൻ മുനിപ്രവരന്മാരോടും മിത്രങ്ങളോടും ആലോചിച്ചു് കോഴിക്കോടെന്ന സ്ഥലത്തെത്തി, ‘കാടുംപടലും’ തെളിച്ചു് ഉത്തമന്മാരായ ശില്പികളെക്കൊണ്ടു് രാജഗേഹോചിതവും ലക്ഷണയുക്തവും ആയ ഒരു കൊട്ടാരം പണിയിച്ചു. ആ പത്തനത്തെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
‘പത്തനം മഗ്ദ്ധരമ്യം മണിഭിര്യം തൈ-
രുത്തമഭിത്തിചിത്രാന്വിതൈരുജ്ജ്വലം!
വൃത്താരിമന്ദിരതുല്യം രമണീയം
വിസ്തൃതാകാരമത്യത്ഭുതവീഥികൾ
മിത്രഭൂപാലസചിവാലയങ്ങളും
തത്സ്വസൃമാതൃകളത്രാലയങ്ങളും
പുത്രമിത്രാമാത്യഭേദാലയങ്ങളും
തത്ര യുവരാജ്യവസ്ത്യഭേദങ്ങളും
തത്സഹചാരമന്ത്രിപ്രവസ്ത്യങ്ങളും
ഉത്തുംഗമായുള്ള മന്ത്രാലയങ്ങളും
നാടകശാലകൾ കേളീഗൃഹങ്ങളും
വാടാതെഴും ചതുൎവൎണ്ണാലയങ്ങളും
കേടൊഴിഞ്ഞോരോ ലിപിഗണിതങ്ങളും
പാഠാലയങ്ങളുമഭ്യാസശാലകൾ
പ്രൗഢികരം വേദപാഠാലയങ്ങളും
യാഗാദികൎമ്മകൃതാലയവീഥികൾ
യോഗമഹീസുരാണാം ജപശാലകൾ
സേവകന്മാർക്കുപകാരാലയങ്ങളും
താപസവൃന്ദയോഗീന്ദ്രാലയങ്ങളും
താപമൊഴിഞ്ഞ സന്യാസിമഠങ്ങളും
ഭോജനശാലകളും മഠപ്പള്ളികൾ
ഭോജനശാലാ മഹാനസവീഥികൾ
സേനാലയങ്ങളുമായുധശാലകൾ
നനോകരിതുരഗാലയാദ്യങ്ങളും
സൂതകുശീലവ മാഗധഗായക-
സ്തോതൃസുനൎത്ത കദ്വാസ്ഥാലയങ്ങളും
ചേതോഹരങ്ങളാം പാന്ഥാലയങ്ങളും
നീതിയേറുന്ന സഭ്യന്മാർ ഗൃഹങ്ങളും
കാമവിനോദവിലാസാലയങ്ങളും
കാമിനീനാമവരോധവരങ്ങളും
സോമാതപാങ്കണവീഥികളുമ്മനഃ
കാമീയമാം ക്രമവീഥികളൊക്കെയും
പ്രാസാദവീഥികൾ സൗധങ്ങൾ ഗോപുരം
പ്രാകാതചത്വരവീഥിഭേദങ്ങളും
വാപികളും നെടുംകേണികൾ കൂപങ്ങ-
ളാപൂൎണ്ണമായുള്ള പത്മാകരങ്ങളും
നാനാവിധം നടക്കാവുകൾ നിഷ്കുടോ-
ദ്യാനങ്ങൾ യന്ത്രഡോളാനന്ദപംക്തികൾ
സാമാന്യമെന്തവിടേയ്ക്കുചിതങ്ങളാ-
യാമോദമോടു വഹിക്കാവതൊക്കെയും
സീമയൊഴിഞ്ഞലംകൃത്യ രചിപ്പിച്ചു.’
ക്രമേണ ഈ മാനവിക്രമന്റെ ഭുജോഷ്മാവിൽ അരാതിവൃന്ദം എരിപൊരിക്കൊണ്ടു. രാജ്യത്തിന്റെ വിസ്തൃതി അടിക്കടി വളൎന്നു. അകത്തൂട്ടുപണിക്കർ തുടങ്ങിയ മുപ്പതിനായിരം നായന്മാരും അദ്ദേഹത്തിന്റെ അധീനത്തിലായി. ഇങ്ങനെ രാജ്യത്തിന്റെ പുഷ്ടിയും ഐശ്വര്യവും തഴച്ചു. പല പുരുഷാന്തരങ്ങൾ കഴിഞ്ഞു.
‘മന്നവാന്വയേ ശൈലാബ്ധീശന്മാരെല്ലാനാളും
തുല്യചേതസാ നാലു മന്ത്രികളോടും ചേൎന്നു
നല്ലവണ്ണമേ ചേൎത്തു പരിപാലിച്ചു ദിനംപ്രതി
കല്യാമോദേന കീൎത്ത ി വളൎത്തു വാഴുംകാലം’
കൊല്ലവും ഏഴുനൂറ്റിന്മേലായി. നെടിയിരിപ്പുസ്വരൂപത്തിലേക്കു് സന്തതി ഇല്ലെന്നു വന്നു. സാമൂതിരി ഭൂദേവപ്രവരന്മാരുടെ ഉപദേശാനുസൃതം മാസന്തോറും തിരുവോണമൂട്ടു നടത്തി. മൂന്നു സംവത്സരം ഇങ്ങനെ കഴിഞ്ഞപ്പോൾ, തിരുവോണം–നാൾതന്നെ ഒരു കുമാരൻ ജനിച്ചു. അതിനേ തുടർന്നു് മറ്റു പല രാജകുമാരന്മാരും അവതരിച്ചു. അവരിൽ ശ്രീപതിനക്ഷത്രജാതൻ (തിരുവോണംതിരുനാൾ) തിരുനാവാ വച്ചു് മാമാങ്കം, തുലാഭാരം, ഹിരണ്യഗൎഭം മുതലായവ നടത്തി. അദ്ദേഹം കൊച്ചിയെ ആക്രമിച്ചു് തൃശ്ശിവപേരൂർ വസിക്കവേ സ്വൎല്ലോകം പ്രാപിച്ചു. അതിനെത്തുടൎന്നു ് അശ്വതിതിരുനാൾ സിംഹാസനാരോഹണം ചെയ്തു. അദ്ദേഹം കൊടുങ്ങല്ലൂർവച്ചാണത്രേ തീപ്പെട്ടതു്. ഈ സാമൂതിരിയും ഒരു മാമാങ്കം നടത്തുകയുണ്ടായി. അടുത്ത പൂരാടംതിരുനാൾ കൊച്ചീക്കോട്ടയെ ലന്തക്കാരുടെ അടുക്കൽനിന്നു പിടിച്ചെടുത്തു. പടപ്പാട്ടിൽ വിവരിച്ചിരിക്കുന്ന വീരകേരളവൎമ്മയ്ക്കു് അനുകൂലമായി നിന്നതു് ൮൫൯-ൽ സിംഹാസനാരോഹണം ചെയ്ത സാമൂതിരിപ്പാടു നടത്തിയ രണ്ടു മാമാങ്കങ്ങളാണു് ഈ കവിതയ്ക്കു വിഷയം.
“…………വനിതായാ-
മൎക്കൻ നിൽക്കുംകാലേ മകരവ്യാഴംതന്നിൽ
മിത്രവാസരേ കന്നിലഗ്നഗേ മിഥുനമാ-
സത്തിലേബ്ഭരണിനാളുത്തമജയോദയേ
ചക്രവൎത്ത ിയും ഗജകേസരിനിപുണയോ-
ടുൽക്കടവസുമദ്യോഗങ്ങൾ ചേൎന്നു ളവായ”
ഈ സാമൂതിരി, പശുബ്രാഹ്മണാദികളെ കല്യമോദേന പരിപാലിച്ചു്,
നേത്രപൂൎവാഖ്യനാരായണനാലനുഗ്രഹ-
പാത്രമായ് പ്രകാശഭൂപാലനോടൊരുമിച്ചു
യോഗ്യങ്ങളെല്ലാമനുഷ്ഠിച്ചു തത്തൽസ്ഥാനങ്ങൾ
രക്ഷിച്ചുകൊണ്ടിരിക്കേ ശത്രുക്കളെല്ലാം അദ്ദേഹത്തിന്റെ ‘മഹാഗൗരവ’പ്രഭാവങ്ങളോൎത്തു ് വിത്രസ്തരായത്രേ. ‘കെല്പേറും ദുഷ്പ്രേക്ഷ്യനാകുന്ന ലന്തേശൻതാനും’ ഭയം പൂണ്ടു് കൊച്ചിയിൽ അടങ്ങി. മഹാജനങ്ങൾ എല്ലാം,
‘പണ്ടു തൃശ്ശിവപേരൂർനിന്നു സദ്ഗതി തേടി-
ക്കൊണ്ടു ഭൂപതി സ്വസൃനന്ദനം കൃപാലയം
തണ്ടലർബാണസമം ബാഹുജവരാത്മജം
കൊണ്ടൽനേർവൎണ്ണൻ കലാസംഭവം ദിവ്യാത്മാനം
കണ്ടുകൊണ്ടാലും മേന്മേലുജ്ജ്വലിച്ചീടുന്നതി-
ക്കണ്ട നമ്മുടെ ഭാഗ്യമെത്രയും വലുതല്ലോ’
എന്നു് കൊണ്ടാടിപ്പുകഴ്ത്തി. അദ്ദേഹവും തന്റെ പൂൎവഗാമിയെപ്പോലെ തന്നെ കൊച്ചിയോടു് പട വെട്ടിയതായി കവി ഇങ്ങനെ സൂചിപ്പിക്കുന്നു.
മുൻപിനാൽ സന്യാസിയെ ഹിംസിച്ചോരവസ്ഥ കേ-
ട്ടൻപിനോടതിനുള്ള ചോദ്യമര്യാദക്കേറും
വൻപോടെ പരർ രാഷ്ടമടക്കിയിരിക്കയാൽ
കമ്പമുൾക്കൊണ്ടു കൃശദ്വേഷിതൻ ചതികളാൽ
മന്ത്രിനാശവും ധനഹാനിയും ഭവിച്ചിതു
ചിന്തിച്ചു പരിതാപമുൾക്കൊണ്ടു പരിഭവാൽ
സമ്പ്രതി പെരുമ്പട കൂട്ടിച്ചെന്നരാതിതൻ-
സങ്കേതങ്ങളും നാടും വീട്ടിടങ്ങളുമെല്ലാം
ചുട്ടുപൊട്ടിച്ചു തകൎത്തെ പ്പേരും പൊടിപെടു-
ത്തെട്ടുദിക്കിലും കീൎത്ത ി കേട്ടിരിക്കുന്ന നാൾ…
ഈ രാജാവു് പൊന്നാനിയിൽ താമസിക്കും കാലത്തു് തൊണ്ണൂറ്റേഴു വയസ്സായ അമ്പാടിക്കോവിലകത്തു് വലിയതമ്പുരാട്ടിയുടെ മരണം സമീപിച്ചെന്നു കേട്ടിട്ടു്, കോഴിക്കോട്ടേയ്ക്കു് എഴുന്നള്ളി. അനന്തരം,
തൽക്കുലേശ്വരിയേയും തൃക്കൺപാൎത്ത ടിമല-
രുൾക്കനിവുറ്റു തൃക്കൈ കൂപ്പിനിന്നനുഗ്രഹം
സിദ്ധിച്ചു തത്സന്നിധൗ ശുശ്രൂഷിച്ചതനുസരി-
ച്ചത്യന്താനന്ദം പാൎത്തു സിദ്ധിയും ഭക്ത്യാ കണ്ടു
സത്തുക്കളോടും ചേൎന്നു തൽശ്ശേഷക്രിയകളും
മറ്റും നടത്തീട്ടു് ‘തത്സ്വരൂപാമാത്യദി ലോകരഞ്ജന’യോടു കൂടി, വിണ്ണോർനായകൻ സുധൎമ്മയിലെന്നപോലെ കുറേക്കാലം കോഴിക്കോട്ടു വാണരുളി. പിന്നീടു്, ൮൬൫-ൽ
‘കീടഗേഹസ്ഥചന്ദ്രാദഷ്ടമേ മന്ദൻ ചെന്നു
ഖേടനാമധീശനോടൊത്തുനിന്നളവിങ്കൽ’
തിരുനാവായിൽവച്ചു് മഹാമൃത്യുഞ്ജയം എന്ന കൎമ്മം ആഘോഷപൂൎവം നടത്തി. ആ കൎമ്മം നാല്പത്തിഒൻപതു ദിവസത്തേക്കുണ്ടായിരുന്നു.
അക്കലത്തു് ‘മുഷ്കരതര’നായ വെട്ടത്തു മൂന്നാമൻ മാടഭൂപതിക്കു് ഇളമയായി വാഴിക്കാമെന്നു പറഞ്ഞു് അയനിക്കൂറ്റിലെ ആറാംകൂർ അദ്ദേഹത്തിനെ കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാൽ പണ്ടേതന്നെ തന്നോടു് വിരോധമായിരിക്കുന്ന വെട്ടത്തു നൃപൻ കൊച്ചീരാജാവായ്‍വന്നാൽ, തന്റെ സ്ഥാനത്തിനു ഭ്രംശം വന്നേയ്ക്കുമെന്നു ഭയപ്പെട്ടു് ലന്തേശൻ കൊച്ചീരാജാവിനോടു് ഇപ്രകാരം പറഞ്ഞു:
പൂന്തുറേശനെത്തന്നേ ബന്ധുവായയ്‍വരിക്കണം
സന്തതമല്ലായ്കിൽ മറ്റെന്തൊരാശ്രയം നമു-
ക്കെന്തിനു പത്തേടത്തു പത്തു നാം ചിന്തിക്കുന്നു
പൂന്തുറേശൻ തുണയായ്‍വരുന്നാകിൽ പരി-
പന്ഥികൾ മലയാളത്തിങ്കലാരുള്ളു പിന്നെ?
സന്തോഷിച്ചചലാബ്ധിനായകൻ പ്രസാദിപ്പാ-
നെന്തൊരുപായമുള്ളെന്നതേ ചിന്തിക്കേണ്ടൂ
പണ്ടു നാം പിഴച്ചതുകൊണ്ടവനീശൻ തനി-
ക്കുണ്ടല്ലോ തിരുവുളക്കേടതിന്നിനിയിപ്പോൾ
കണ്ടു കാൽ പിടിച്ചാകുംപ്രായശ്ചിത്തങ്ങൾ ചെയ്തു-
കൊണ്ടാലമ്പോടു പരിപാലിപ്പാൻ മതിയാകും.
വമ്പെഴുമവനീശൻ സൎവപാലകനനു-
കമ്പയുള്ളവർകളിൽ മുമ്പനെന്നല്ലോ കേൾപ്പൂ.
മുമ്പിനാൽ പിഴച്ചതു നാം കൊടുങ്ങല്ലൂർനിന്നു
തമ്പുരാൻതന്നോടതിനിന്നിനി പ്രായശ്ചിത്തം
ചെയ്തതുമവിടെനിന്നായ്ക്കൊള്ളാമതിനിപ്പോൾ
ദിവ്യനാം നരേന്ദ്രനെയിങ്ങെഴുന്നള്ളിക്കണം.
അതനുസരിച്ചു് കൊച്ചീരാജാവു് വെളുത്തഭട്ടതിരിയെ
…………നൃപനുള്ള-
മാവോളം പ്രസാദിക്കും പ്രാഭൃതഭാരങ്ങളും
മറ്റുമായി പൊന്നാനിക്കയച്ചു. നമ്പൂരിപ്പാടു് കാഴ്ചദ്രവ്യങ്ങളും സന്ദേശങ്ങളും സാമൂതിരിക്കു നൽകി. അനന്തരം അദ്ദേഹം മന്ത്രിമാരോടു് ഒരു കൂടിയാലോചന നടത്തി. ഒടുവിൽ ഇങ്ങനെയാണു് മന്ത്രിമാർ ഉപദേശിച്ചതു്.
………………പരി-
പന്ഥിയാം പെരുമ്പടപ്പോടു ചേൎന്നനേകധാ
പണ്ടു ലന്തേശൻ പിഴച്ചീടിനാനെന്നാകിലും
കണ്ടു കാൽ പിടിക്കിൽ നാം രക്ഷിക്കെന്നതേ വരൂ
പാരിച്ച പിഴകളുണ്ടേറെയെന്നിരിക്കിലും
പാരിതിലഭയം നൽകീടുകെന്നാകുംവണ്ണം
യാചിച്ചുനിന്നാലവർക്കുള്ളപരാധം സഹി-
ച്ചാചാരം പരിപാലിച്ചീടണമെന്നുണ്ടല്ലോ
അതുകൊണ്ടു് കൊടുങ്ങല്ലൂർക്കു് എഴുന്നള്ളുവാൻ അദ്ദേഹം തീൎച്ചപ്പെടുത്തി. അദ്ദേഹം ‘പാപ്പിനിവട്ടത്തു്’ എഴുന്നള്ളിയിരിക്കവേ ലന്തേശൻ അവിടെ വന്നു്,
…………നടേ താൻ പിഴച്ചവയെല്ലാ-
മൊന്നിന്നൊഴിയാതെ ചേരുംവണ്ണമൊക്കവേ തീൎത്തു
കുന്നലേശനെക്കണ്ടു തൊഴുതു തിരുമുമ്പിൽ
നിന്നു പ്രായശ്ചിത്തങ്ങളുമൻപോടെ ചെയ്തു.
കൊച്ചീരാജാവും അമാത്യന്മാരും അതു കണ്ടു് സന്ദേഹം കൈവെടിഞ്ഞു് അവിടെ വന്നുചേൎന്നു. അവരെയെല്ലാം തൃക്കൺപാൎത്തു ് ഉള്ളം തെളിഞ്ഞ സാമൂതിരി ‘സംഘൃണാത്മനാ’ ഇപ്രകാരം അരുളിച്ചെയ്തു.
………………നിങ്ങൾ-
ക്കിക്കാലമാകുംവണ്ണം മത്സഹായത്വംകൊണ്ടു
ശത്രുവൎഗ്ഗത്തെജ്ജയിച്ചുൾത്താരിലാനന്ദംപൂ-
ണ്ടൊത്തവണ്ണമേ തെളിഞ്ഞെല്ലാരുമിരുന്നാലും
ചിത്തസങ്കടം നമ്മെക്കണ്ടവൎക്കുണ്ടാകരു-
തത്യന്തമതിനു ചാഞ്ചല്യമില്ലൊരിക്കലും
ഇങ്ങനെ സ്വച്ഛമായ് അരുൾചെയ്ത വാക്യപീയുഷം ചെന്നു ‘ശബ്ദമന്ദിരദ്വാരം’ പൂകിയിട്ടു് അകതാരിൽ ഇരുന്ന ‘ബദ്ധസാദ്ധ്വസവിഷ’ത്തെ നശിപ്പിച്ചുവത്രേ. അനന്തരം പന്ത്രണ്ടു കൊല്ലത്തേക്കു് തമ്മിൽ പിണങ്ങുകയില്ലെന്നു് അവർ തമ്മിൽ ഒരു കരാറു ചെയ്തു. ഇവിടെ ൮൬൬-ൽ നടന്ന ഉടമ്പടിയെയാണു് ഈ വരികളിൽ സൂചിപ്പിച്ചു കാണുന്നതു്. പ്രസ്തുത കരാറിൻപ്രകാരം ചേറ്റുവായ്‍മണപ്പുറം സാമൂതിരിക്കു ലഭിച്ചു.
പെരുമ്പടപ്പു വാഴാൻ പുറപ്പെട്ട വെട്ടത്തു മൂന്നാമ്മുറ ഒരു പിന്തുണയുമില്ലാതെയും നാട്ടിലിരിപ്പാൻ നിവൃത്തിയില്ലാതെയും വിഷമിച്ചു. ഈ തമ്പുരാൻ പടപ്പാട്ടിൽ പറഞ്ഞിരിക്കുന്ന ഗോദവൎമ്മ തന്നെ ആയിരിക്കണമെന്നു്,
‘മുന്നമപ്രകാശഭൂപാന്വയത്തിങ്കൽനിന്നു
വന്നു വാണിരുന്നുള്ള മന്നവന്മാരെല്ലാവരും
ഖിന്നതയൊഴിഞ്ഞമരാലയം വാണീടിനാ-
രെന്നതിലേവം ശേഷിച്ചീടിന ഭവാനിനി
നന്മ വന്നീടും ഗ്രഹപ്പിഴകൾ നീങ്ങുന്നേരം’
എന്നുള്ള തൽബന്ധൂക്തികളിൽനിന്നു ഗ്രഹിക്കാം. ബന്ധുക്കൾ പറഞ്ഞതുകേട്ടു് തെല്ലൊരാശ്വാസത്തോടുകൂടി അദ്ദേഹം അടങ്ങിപ്പാർക്കവേ, വിക്രമനിധിയായ മാനവിക്രമൻ ചെറളയം (അയനിക്കൂറു്) പിടിച്ചടക്കിയിട്ടു്, അക്കോട്ടയിൽ തന്റെ പടനായകന്മാരെ പാൎപ്പിച്ചശേഷം, കൊച്ചിയിലെഴുന്നള്ളി ലന്തേശനാൽ യഥോചിതം സൽകൃതനായി. എന്നാൽ
‘തത്സ്വതാത്താം ദുൎഗ്ഗം സമ്പദ്വൎദ്ധിതം ചെറളയം
വൃത്രാരിനിലയനസന്നിഭം മനോരമ്യം’
മാനവിക്രമൻ പിടിച്ചടക്കിയതിനെപ്പറ്റി, അസൂയാലുക്കളായ്ത്തീൎന്ന അയനിക്കൂറ്റുകാർ ചതിപ്രയോഗത്താൽ അതിനെ പിടിച്ചെടുത്തുകളഞ്ഞു. ഈ വൎത്ത മാനം കേട്ട സാമൂതിരി, ഒരു പെരുമ്പട കൂട്ടിക്കൊണ്ടു് ചാവക്കാട്ടെഴുന്നള്ളിയിരുന്നിട്ടു് കൃഷ്ണനാമാവാം തലച്ചെന്നവർ മുഖേന, ആ കോട്ടയെ വളഞ്ഞു. അകത്തുള്ളവരെല്ലാം,
‘മുട്ടിയായുധങ്ങളും വച്ചു ജീവനങ്ങളും
കിട്ടുകിലതുമതിയെന്നോൎത്തു ഭയപ്പെട്ടു്’
വല്ല പാടും ഓടി വനം പൂകി.
കോഴിക്കോട്ടേ സൈന്യമാകട്ടെ അകത്തു പ്രവേശിച്ചു് ആപുരത്തെ,
‘ശുക്ഷണീദേവന്നിഷ്ടഭക്ഷണം നല്കിപ്പിന്നെ
വൃക്ഷാദി സകല വസ്തുക്കളും പൊടിപെടു’ ത്തൊക്കവേ നശിപ്പിച്ച ശേഷ വൎദ്ധിതയശസ്സോടുകൂടി തിരിച്ചുപോന്നു.
ചെറളയത്തുകോട്ട പിടിച്ചതിനെ വൎണ്ണിച്ച ശേഷം കവി ലന്തയാൽ സംപീഡിതനായ കായങ്കുളത്തുരാജാവും മന്ത്രിമാരും ‘മാനവിക്രമസ്വാമിതന്നുടെ തൃക്കാൽവന്നാനന്ദം കലൎന്നു തൃക്കൈതൊഴുതവസ്ഥകൾ’ ഉണൎത്ത ിച്ചതും, സാമൂതിരി പരപ്പള്ളിനായരേയും ചാവക്കാട്ടു തലച്ചെന്നവരേയും അയച്ചു് ലന്തയും കായങ്കുളവും തമ്മിൽ സന്ധി ചെയ്യിച്ചതും സംക്ഷിപ്തമായ് വിവരിച്ചിരിക്കുന്നു.
ഇപ്രകാരം ‘ഭാരതഖണ്ഡേ തെക്കേഭാഗമേ വിളങ്ങിന കേരളമേവം ജയിച്ചു നിറകൊണ്ട’ ശൈലാബ്ധീശ്വരൻ, കീൎത്ത ിയാൽ അവനിയേയും ‘സമുദ്രദ്വീപാന്തരധാത്രീമണ്ഡലങ്ങളേയും’ വെളുപ്പിച്ചു്, ‘ഗോത്രാരിതാനും പ്രസാദിക്കു’മാറു് എല്ലാവരുടേയും ആൎത്ത ികളൊഴിച്ചു വാഴുന്ന കാലത്തു്, പൂന്തുറേശൻ പൊന്നാനി വടക്കേ വാക്കോട്ടെഴുന്നള്ളി കോവിലകം പ്രാപിച്ചു് ക്ഷോണീദേവാദിപ്രജാവൃന്ദരഞ്ജനയോടെ വസിച്ചു.
അങ്ങനെ ഇരിക്കെ കൊല്ലം ൮൬൮-ാമാണ്ടു പിറന്നു. വ്യാഴം അന്നു വക്രിച്ചു് മിഥുനത്തിൽനിന്നു് ഇടവത്തിൽ പോയിരുന്നെങ്കിലും അടുത്ത കൊല്ലം മകരമാസത്തിൽ കർക്കടത്തിലാകുമെന്നു കണ്ടിട്ടു്, മാമാങ്കം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്യണമെന്നു് ദേവജ്ഞോത്തമന്മാരും, ഭൂദേവോത്തമന്മാരും, മങ്ങാട്ടച്ഛനും ഉണൎത്ത ിച്ചപ്പോൾ, ഒരുക്കങ്ങൾ ചെയ്‍വാൻ കല്പനയായി. പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ നടത്തിവരാറുണ്ടായിരുന്ന ഒരു ആഘോഷമായിരുന്നു മാമാങ്കം. തൈപ്പൂയത്തുന്നാൾ തുടങ്ങി മാഘമാസത്തിലെ മകംനക്ഷത്രംകൊണ്ടു് ഇതു അവസാനിപ്പിക്കയായിരുന്നു പതിവു്. ചില സാമൂതിരിമാർ ചിങ്ങവ്യാഴത്തിലും മാമാങ്കം നടത്താറുണ്ടായിരുന്നു. അതിനാൽ ഭരണിതിരുനാൾസാമൂതിരിപ്പാടു് ൮൬൯-ലും ൮൭൦-ലും ഓരോ മാമാങ്കം നടത്തി. രണ്ടിനേയും കവി വൎണ്ണിച്ചിട്ടുമുണ്ടു്. മാമാങ്കത്തിനു് ഒരു കൊല്ലത്തിനു മുമ്പു് തൈപ്പൂയം ആഘോഷിക്ക എന്നൊരു കീഴ്‌നടപ്പുണ്ടായിരുന്നതിനാൽ ൮൬൮ തൈമാസത്തിനു മുമ്പേ ഒരുക്കങ്ങൾ തുടങ്ങി. അതു് ഒരു ദിവസത്തെ ആഘോഷമേ ആയിരുന്നുള്ളുവെങ്കിലും യഥാക്രമം ലോകർക്കെല്ലാം നീട്ടുകൾ അയയ്ക്കപ്പെട്ടു. പൂയത്തിനു തലേദിവസം മദ്ധ്യാഹ്നത്തിൽ തമ്പുരാൻ വാകയൂർ എഴുന്നള്ളി.
‘മദ്ധ്യാഹ്നത്തിങ്കലങ്ങു വാകയൂരെഴുന്നള്ളി-
ച്ചിത്തകൗതുകത്തോടേ വാണരുളീടുംപൊഴു-
തസ്തമിച്ചിതു സൂര്യനത്യരം ശശാങ്കനും
വൃത്തമൊത്തുദിച്ചുയൎന്നീടിനാനതിശയ-
മുത്സവസംയുക്തയായ് വന്നിതു രജനിയും’
‘ഭാരതഖണ്ഡംതന്നിൽ വാണീടു’ന്ന മഹാജനങ്ങളെല്ലാം ‘നാവക്ഷേത്രസ്ഥാനമംഗലത്തു’ വന്നുകൂടി.
‘കൂറുവാടേറുമകത്തൂട്ടുവാഴ് പ്പണിക്കന്മാർ
വേറുപാടിയിലാത സേനാനായകന്മാരും
ലേഖകന്മാരും ബാലവൃദ്ധാദി സകലരു-
മാകവന്നൊരുമിച്ചു മുപ്പതിനായിരവും.
സേവകന്മാരും മധുവാണികൾ വങ്കന്മാരും
താവദുദ്ഭാരങ്ങളും വന്നു സംഭരിക്കുമ്പോൾ
കാരണനായ മങ്ങാട്ടച്ചനുമിളയതും
പാറ നമ്പിയും നൃപകുലഗുരുവാം പണിക്കരും
ഭൂപതിപ്രിയന്മാരാം മറ്റുള്ള മന്ത്രീന്ദ്രരും
ഭൂപതി തിരുമുമ്പിലായാൽ പുഷ്യർക്ഷോദയേ.’
തമ്പുരാൻ സകല പദവികളോടുകൂടി ‘മണിത്തറമേൽ’ പെരുനില നില്ക്ക എന്ന ചടങ്ങു നിൎവഹിക്കവേ, ലോകൎക്കു ് ‘മഹാനായകന്മാർ മേരുശിഖ’രത്തിൽ നില്ക്കുമ്പോലെ തോന്നി.
‘വ്യാകുലതരമ്മഹാമേഘങ്ങളുരസ്സീട്ടു
ലോകങ്ങൾ വിറയ്ക്കുമാറുദ്ഘോഷിച്ചീടുംവണ്ണം
വൻപടഹങ്ങൾ’
മുഴങ്ങി; ‘ഇരുകരകളിലും വാദ്യഘോഷം തുടർന്നു’; നാവാരധവല്ലഭൻപാദാംഭോജം ധ്യാനിച്ചു് നിശ്ചലം നില്ക്കുന്ന തമ്പുരാനെക്കണ്ടു് മാലോകർ ഇപ്രകാരം വാഴ്ത്തി.
തമ്പുരാന്റെ
‘വൻ പദവികൾ കണ്ടു തൻപദവികളൊവ്വാ-
ഞ്ഞുമ്പർനായകനുള്ളതും സംഭ്രമിച്ചിരിക്കുന്നു.
തണ്ടാർബാണനും തിരുമൈവിലാസങ്ങൾ കണ്ടി-
ട്ടന്തസ്താപങ്ങൾ വളൎന്നന്ധനായുഴലുന്നു.
തണ്ടലർമകൾക്കരസംസ്ഥമാമാദൎശമീ-
ക്കണ്ട ഭൂപതി മുഖചന്ദ്രകാന്താഭ നൂനം.
ഗംഭീരപ്രഭുത്വവും ധൈര്യവുമാർദ്രത്വവും
ജംഭാരിതന്നെജ്ജയിച്ചുള്ള പൗരുഷങ്ങളും
വൻപെഴുന്നിഖിലാധിപത്യഗൗരവങ്ങളും
അമ്പരിലൻപാൎന്നെഴുമിംഗിതപടുത്വവും
സമ്പ്രതി വീര്യശൗര്യശൃംഗാരരസങ്ങളും
ദേവബ്രാഹ്മണസാധുഭക്തിയും ധൎമ്മത്തോടെ
കേവലം ദാനശീലസത്യതല്പരത്വവും
കാരുണ്യനയവിനയാചാരമഹിമയും
കാരണാത്മനി ചേൎന്നു ചോൎന്നെഴുന്നേത്രങ്ങളും
ലോകൈകജനനി തൽപാദപങ്കജങ്ങൾ
ആകുതുകേന രമിച്ചീടുന്ന സുഭക്തിയും
രാജലക്ഷണമഹിമാനകല്യാണാനന്ദ
പൂജനീയാദ്യങ്ങളുമീവണ്ണമൊരുമിച്ചു
മാനുഷാധിപന്മാൎക്കുമറ്റേവം കാണ്മാനുണ്ടോ’
സാമൂതിരി ഇപ്രകാരം, പെരുനില നില്ക്കവേ ‘സരസിജസ്ഥാനമംഗലോഡുജ’നാകിയ യുവരാജാവും, തിരുമനശ്ശേരിക്കോട്ടയിലെ നമ്പൂരിരാജാവും സപരിവാരം എഴുന്നള്ളി ‘ശ്രീപാദാംബുജം’ തൊഴുതു; തദവസരത്തിൽ പെരുനിലയും നീങ്ങി. അനന്തരം ചമ്രക്കൊട്ടത്തയ്യനെ തൃക്കൈ കൂപ്പീട്ടു്, അദ്ദേഹം തിരിച്ചെഴുന്നള്ളി പൊന്നാനി വടക്കേക്കോയിലിൽ എത്തി നിൎമ്മലൻ സുരേന്ദ്രനെപ്പോലെ’ വാണരരുളി.
അടുത്ത കൊല്ലം വൃശ്ചികമാസത്തിൽ മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ‘പാണ്ടീക്കെഴുതിയയച്ചോരനന്തരം’ വേണ്ടുന്ന കോവിലകങ്ങൾ പണിയിപ്പിക്കുന്നതിനു്, പ്രധാന മന്ത്രികളിൽ ഒരുവനായ ‘പരപ്പള്ളിനായകൻ’ നിയുക്തനായി. അദ്ദേഹമാകട്ടെ മണിത്തറ, തരന്തരമായുള്ള കോവിലകങ്ങൾ
‘വായ്പെഴും വാകയൂർ മാളികാഗ്രങ്ങളും
താല്പര്യമാൎന്ന തളിയുമാമ്പാടിയും
നാല്പാടുമുള്ള മന്ത്രീന്ദ്രാലയങ്ങളും
പ്രീത്യാ നടേണ്ടയുള്ളവണ്ണം ചമച്ചതിൽ
മേൽത്തരം ചിത്രങ്ങളേറെ വളൎത്തു ടൻ’
നിർമ്മിച്ചു. തിരുനാവാക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി,
ബോധം തെളിഞ്ഞ വൈയ്യാകരണോത്തമൻ
സാധുസന്യസ്തസംകല്പൻ തപോധനൻ
ബാലനാം നാലാംനൃപേന്ദ്രനു വാഴ്‌വതി-
നായി ഒരു ആലയവും, അതിനല്പം കിഴക്കു മാറി തിരുവോണം തിരുനാൾ മാനവിക്രമന്നും ‘തെക്കെക്കര കിഴക്കമ്പലത്തിനടുത്തു്’ ‘പുഷ്കരയോനിർക്ഷജ’നായ ഇളയരാജാവിന്നും ഓരോ കോയിലുകൾ ചമച്ചു. അവയ്ക്കും പുറമേ
‘ശിക്ഷയാ മാടങ്ങൾ മാളികാഗ്രങ്ങളും
ലക്ഷണയുക്തപ്രവസ്ത്യോത്തമങ്ങളും
ചിത്രം വിചിത്രമത്യുത്തമാകാരമാ-
മത്യത്ഭുതം രാജഗേഹാനാമയുതവും
യുക്തികൃതമവക്തവ്യമജ്ഞാനിനാ
ലക്ഷം വിമോഹനാകാരങ്ങളായെഴും
കോയിലകങ്ങൾ ചൂഴപ്രതിമുപ്പതി-
നായിരത്തിന്നും പതിനായിരത്തിന്നും
മായമൊഴിഞ്ഞിളമാന്മിഴിമാർകൾക്കും’
വസിക്കുന്നതിനുള്ള കുടിലുകളും മാനസമോഹനാകാരമായ് തീൎത്തു. ഏറാല്പാടുതമ്പുരാന്നും, തിരുമനശ്ശേരിനമ്പൂരിക്കും ഉള്ള നിലപാട്ടുതറകൾ പുരയുടെ തെക്കേക്കരയ്ക്കാണു നിൎമ്മിച്ചതു്. കൊച്ചീരാജാവിനുള്ള കെട്ടിടമോ? പേരാറ്റിൽ ചങ്ങാടം ഉണ്ടാക്കി അതിന്മേലായിരുന്നത്രേ.
‘മാടപ്രഭു നിളയിൽ തോണിമേൽ മുദാ
വാടാതെകണ്ടുതൻ മാടമിയറ്റിനാൻ’
മങ്ങാട്ടച്ചൻ വന്നിരുന്നു് മണിത്തറയ്ക്കു തൂണു നാട്ടുക എന്ന മംഗളകൎമ്മം സുമുഹൂൎത്ത ത്തിൽ നിർവഹിച്ചു. അനന്തരം ലോകൎക്കെല്ലാം നീട്ടുകൾ അയച്ചു. സാമൂതിരിപ്പാട്ടിലെ മുഖ്യസൈന്യങ്ങളായ ഏറനാട്ടിലെ പതിനായിരവും തൈപ്പൂയത്തിനു രണ്ടു ദിവസങ്ങൾക്കു മുമ്പേ വാകയൂരെത്തി. തലേദിവസം സാമൂതിരിപ്പാടും അവിടത്തെ കോവിലകത്തു് എഴുള്ളിയിരുന്നു.
‘പാടേയകത്തൂട്ടു വാഴും പ്രധാനികൾ
പേടമാൻകണ്ണികൾ ബാലരും വൃദ്ധരും
സേനാപതികളും മന്ത്രിപ്രവരരും
മേനോക്കികൾ കിഴിക്കാരൻ കുരിക്കന്മാർ
നാനാവിധം മഹാരാജസഭാന്തരേ
സ്ഥാനികളൊക്കവേ കൂടവന്നീടിനാർ’
അഹൎന്നാഥനും ‘പൂൎവേതരദിശി പോയ് മറഞ്ഞു’. സന്ധ്യാദേവി ദീപമാലാവൃതയായി ശോഭിച്ചു. ജൈവാതൃകനും തെളിഞ്ഞുയൎന്നു.
നാലുദിക്കീന്നും ജനങ്ങൾ, മക്കൾ മരുമക്കളച്ഛനമ്മാമന്മാർ ഇവരൊത്തു്,
‘കച്ചകളും തലയിൽക്കെട്ടുകളുമ-
ങ്ങിച്ഛയാംവണ്ണമെല്ലാരുഞ്ചമച്ചുടൻ
വാളുകളും കടയിച്ചതിശില്പമായ്
മേളം വളൎന്നെഴുതിച്ച ചൎമ്മങ്ങളും
കൈക്കൊണ്ടു ഭൂഷണഭൂഷിതരാ’യാൎത്തു നടങ്ങു്,
നീളാതീരത്തു വന്നെത്തി. പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ‘പുതുക്കോട്ടുകൂറ്റിൽമുമ്പാൎന്നെഴും’ പുന്നത്തൂർ രാജാവും, ‘പെരുമണ്ടമുക്കരാകുന്ന ചരമേതരപ്രഭുവീരരും’, ‘തെക്കുംകൂറ്റിലെ തെക്കേതായവർ തങ്ങളും’, ‘നെടുങ്ങനാട്ടുരാജാവും’, ‘ഉമിക്കുന്നവാൾ നാഥനും’ (കവളപ്പാറനായരും), ‘വീട്ടിക്കാട്ടുനാഥനും’, ‘കണ്ണനൂർവാൾപ്പടനായരും’ (തൃക്കിരീട്ടിനായർ), ‘കുതിരവട്ടത്തു നായരും’, ‘കായങ്കുളം രാജാവിന്റെ മന്ത്രിമാരും’, ‘ചെമ്പകശേരിനാടമ്പുന്നവിപ്രരും’, ‘വേണാട്ടു പ്രമാണികളും’ മറ്റും ഉൾപ്പെട്ടിരുന്നു.
മൈക്കണ്ണിമാരും പ്രഭുക്കളും ഭൃത്യരും തിക്കിത്തിരക്കി നടന്നുവത്രേ. ‘കള്ളമുലച്ചികൾ പിള്ളർ തരുണിമാർ ഉള്ളം തെളിഞ്ഞലങ്കാരമേളത്തോടെ’ ഓടിയെത്തി.
ചോളരാജ്യോത്ഭവന്മാർ പരദേശികൾ
പട്ടന്മാർ ചെട്ടികൾ ബുദ്ധാത്മജാതികൾ
ഇഷ്ടരായോരോവിധം പല വൎണ്ണികൾ
പാണ്ടിയിൽനിന്നുമവ്വണ്ണമോരോ ജനം
വേണ്ടുംതരം പിച്ചളാദികളാലോരോ
പാത്രങ്ങളാഭരണങ്ങൾ ഖഡ്ഗങ്ങൾ
സ്തോത്രസുഖകരസാദ്ധ്യങ്ങളൊക്കെയും
കച്ച കവിണി സോമൻ പല പട്ടുകൾ
മെച്ചംകലൎന്നു തുപ്പട്ടിതുവരനും
മറ്റും ‘കെട്ടിയെടുത്തു പേറിച്ചു’ കൊണ്ടുവന്നു നിരന്നു. ചുരുക്കിപ്പറഞ്ഞാൽ,
ഭാരതഖണ്ഡത്തിലുള്ളവരൊക്കവേ
നേരേ പുറപ്പെട്ടു വന്നു കൂടീടിനാർ.
സൂര്യനും ഉദിച്ചു. മാമാങ്കോത്സവവും സമാരംഭിച്ചു.
മുത്തുക്കുടകളും കൊറ്റക്കുടകളും
ചിത്രതരം പല വൎണ്ണത്തഴകളും
വെഞ്ചാമരങ്ങളുമാലവട്ടങ്ങളും
അഞ്ചിതമായ രംഗപ്രദേശത്തു വന്നൊരുമിച്ചു. ഭരണിനാൾ തമ്പുരാൻ ‘സൎവാഭരണവിഭൂഷിതഗാത്രനായി’, ‘സൎവനീതിജ്ഞനാം മന്ത്രിപ്രവരനാൽ സൎവം നിയോഗിത’നായ്, അതിശാന്തനായ്, സൎവംസഹാനിലയകമായ ‘രംഗമംഗല’ത്തു് എഴുന്നള്ളി നിന്നു. കൈത്തോക്കുകളും നിലപ്പടഹങ്ങളും ഒത്തു മുഴങ്ങി.
‘പൊന്നണിഞ്ഞുള്ള കരീന്ദ്രനെത്തന്നുടെ
സന്നിധൗ മറ്റും കരിവരന്മാരെയും
ചെമ്മേ പരിചോടിടത്തു നിർത്തി’ത്തെളിഞ്ഞു്
ആ മാനവിക്രമരാജാവു് നിലകൊള്ളവേ,
‘മേളവാദ്യപ്രഘോഷങ്ങളാൽ ആശകൾ
ഡോളാസമാനമായ്’ഭവിച്ചു,
വെൺകുട ചെന്തഴ വെഞ്ചാമരങ്ങളും
തിങ്കൾബിംബം തൊഴുമാലവട്ടങ്ങളും
മുമ്പിൽ ചുഴന്നു വീയുന്നതും ഛായ ചേ-
ർത്തമ്പോടണഞ്ഞൊത്തൊരുമിച്ചു നിൽക്കുന്നതും’
കണ്ടിട്ടു് ‘കിം പ്രയോഗാരംഭമെന്ന’റിയാതെ ഉമ്പർകോൻ അല്പം പരിഭ്രമിച്ചുപോയത്രേ. ഇടയ്ക്കിടയ്ക്കു നിന്നും നീങ്ങിയും ഘോഷയാത്ര മുന്നോട്ടു പോയി.
നടവെടികളിടതുടരെയിടയിടെയുടൻ തുട-
ർന്നിടിയടയുമടവുടയ പടഹമലറുംവിധൗ
നടനടനടേതിവൻപാൎന്നെഴുന്നോരകം-
പടി നടയിലരുമകൾ വളൎക്കുമഭ്യാസിനാം
പിടികളികളും മനോജ്ഞാകാരമാം മേളവും
പേടമാൻകണ്ണിമാർതൻവിലാസങ്ങളും
കണ്ടു കണ്ടു് ഉമ്പർകോനു സമാനം സാമൂതിരിപ്പാടുതമ്പുരാൻ നീരാട്ടുകോയിലിൽനിന്നു പുറപ്പെട്ടു് നേരേ വടക്കോട്ടെഴുന്നള്ളി കൂരിയാല്ക്കൽ കരേറി. ഈ ആലു് ഭാരതപ്പുഴയുടെ വടക്കേക്കരയിൽ തിരുനാവാക്ഷേത്രത്തിനു പടിഞ്ഞാറും, മാമാങ്കം നടത്തിയിരുന്ന വാകയൂരിനു തെക്കും ആയിട്ടു് സ്ഥിതിചെയ്തിരുന്നു. മാമാങ്കത്തിനു് ആ ആലിന്റെ സമീപത്തു് പലേ കൎമ്മങ്ങളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ടായിരുന്നു. അവിടെ നിന്നു് അദ്ദേഹം നടുവരമ്പിൽ കിഴക്കേ തലയ്ക്കൽകൂടെ തിരുനാവാക്ഷേത്രത്തിൽ ചെന്നിട്ടു് മഹാവിഷ്ണുവിനെ തൊഴുതു്, നടുവരമ്പത്തുകൂടെ തന്നെ തിരിച്ചു് വാകയൂരെഴുന്നള്ളി. അതിനോടു് സൂര്യനും അസ്തമിച്ചു.
പിറ്റേന്നു രാവിലെ അവിടുന്നു് ‘കേരളാദ്ധ്യക്ഷമാം പൗരുഷത്തോടെ’ പള്ളിത്തണ്ടിലേറി നീരാട്ടുപള്ളിപ്പന്തലിൽ എഴുന്നള്ളി നീരാട്ടു കഴിച്ചിട്ടു് ‘മുന്നേതിലും മുഖ്യതയോടു’കൂടി വടക്കോട്ടെഴുന്നള്ളി, നാവാരമേശനെ വന്ദിച്ചശേഷം തിരിച്ചു് വാകയൂൎക്കു പോന്നു. ഇപ്രകാരം ഇരുപതു ദിവസങ്ങൾ ഇതേ ചടങ്ങുകളെല്ലാം അനുഷ്ഠിച്ചുകൊണ്ടു കഴിഞ്ഞു. ഇതിനിടയ്ക്കു് അവിടം ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വന്നുചേൎന്ന ആളുകളെക്കൊണ്ടു നിറഞ്ഞു. ഇരുപത്തൊന്നാംദിവസം,
പൊന്നും പുടവകൾ പട്ടും പദവികൾ
വൎണ്ണിപ്പതാവല്ലലങ്കാരമേളങ്ങൾ
പെണ്ണുങ്ങളും ചെറുപൈതങ്ങൾ വൃദ്ധരു-
മൎണ്ണോജബാണതുല്യന്മാർ തരുണരും
മന്ദിരത്തിങ്കൽ മച്ചിൽ സംഗ്രഹിക്കിലും
തന്നുള്ളിൽ വിശ്വാസമില്ലാത വസ്തുക്കൾ
തന്മെയ്കളിലും കരങ്ങളിലും ധരിച്ച-
മ്മണൽതന്മേൽ നിരത്തിനാരൊക്കെവേ.
സൂര്യോദയത്തിനു മുമ്പുതന്നെ പ്രഭുജനങ്ങൾ അതാതു സ്ഥാനത്തു് ‘പൊന്മയമാം കൊടിസ്ഥൂണങ്ങൾ’ നാട്ടി. ‘പൊന്നണിഞ്ഞാനക്കഴുത്തി’ലെഴുന്നള്ളത്തു് അന്നാണെന്നറിഞ്ഞു് എല്ലാവരും ‘സഹ്യാദ്രിജാ ദക്ഷിണഗംഗ’യായ ഭാരതപ്പുഴയിൽ സ്നാനം കഴിച്ചു്,
‘ഭംഗിയിലംഗരാഗാഭരണങ്ങളു-
മംഗങ്ങളിലണിഞ്ഞംഗജതുല്യരായ്
മംഗളാപാംഗികളായഴകാൎന്നെഴും
തുംഗസ്തനികളാമംഗനമാരെയും
ചേൎത്തു കരങ്ങളും കോൎത്തു പിടിച്ചതി-
പ്രീത്യാ ചെറിയവറ്റെയുമണച്ചോരോ-
കൂട്ടമിട്ടങ്ങാടിവാണിഭമേളങ്ങൾ
കാട്ടുവാനെങ്ങും നടക്കുംദശാന്തരേ’
ഭൂദേവസംഘവും ‘ആക്ഷേപവും ചെയ്തു’കൊണ്ടു് അവരോടു് കൂടിയത്രേ.
സാമൂതിരിപ്പാടുതമ്പുരാനാകട്ടെ അന്നു രാവിലെ നീരാട്ടും വയറാട്ടവും തേവാരവും കഴിച്ചു് വാകയൂർകോവിലിനകത്തുനിന്നു്, ‘നിലപ്പടഹങ്ങൾ നീളെ മുഴക്കിച്ചും’ കൊറ്റക്കുടയും തഴയും പിടിപ്പിച്ചും, ആലവട്ടം ചാമരം ഇവ വീയിച്ചും, സപരിവാരം പുറപ്പെട്ടു്
തിക്കുമകംപിടിച്ചാൎത്ത ിലഭ്യാസിക്കു-
മക്ഷവിമോഹനാകാരവികൃതികൾ
തൃക്കൺ പാൎത്തു ് രസിച്ചു. മണിത്തറയും കൂരിയാലും പ്രദക്ഷിണം വച്ചതിന്റെ ശേഷം, നടവരമ്പേ കൂടെ നാവാക്ഷേത്രത്തിൽ ചെന്നു് ദേവനെ വന്ദിച്ചു് മടങ്ങി. അനന്തരം വാകയൂർ എഴുന്നള്ളി. ഈ മാതിരി ‘പൊന്നണിഞ്ഞാനക്കഴുത്തി’ലെഴുന്നള്ളത്തു് തുടരെ ഒരു വാരം നടന്നു. ഈ ഏഴു ദിവസങ്ങളിലും വള്ളുവനാട്ടുരാജാവിന്റെ ‘ചാവർ’ സാമൂതിരിത്തമ്പുരാനെ നിഗ്രഹിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. അതിനെയാണു് കവി ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നതു്.
‘ചീൎത്തെ ഴും വള്ളുവക്കോനാതിരി നൃപേ-
ന്ദ്രോത്തമൻതൻനിയോഗേന കൂടെത്തന്നെ
വന്നു മരിക്കുമാറുണ്ടഹോ ചാവറാ-
യന്നുമൊരൊൻപതുപേർ വന്നതിശയം
നിന്നു പിണങ്ങിപ്പരാക്രമശക്തികൾ
ഒന്നൊഴിയാതെ കാട്ടുന്നവർ തമ്മെയും
കൊന്നുടനങ്ങു വീര്യാമരമന്ദിരം-
തന്നിൽ സുഖിച്ചിരിക്കെന്നയച്ചാദരാൽ’
ആദ്യത്തെ ഘോഷയാത്രനാൾ ഒൻപതു ചാവർ മരിച്ചുപോയതായി ഇതിൽ പറഞ്ഞിരിക്കുന്നു. ഓരോ ദിവസവും ഓരോരുത്തരാണു് അകമ്പടി സേവിച്ചതു്. ‘ആദ്യത്തെ ദിവസം വയ്യാവിനാട്ടു നമ്പിടിയും മുപ്പതിനായിരവും, രണ്ടാംദിവസം കടന്നമണ്ണു എളയവകയിൽ വള്ളോടിയും ആൾക്കാരും, മൂന്നാംദിവസം നെടുവിരുപ്പിൽ മൂത്തേറാടി തിരുമുൽപാടും പരിവാരവും, നാലാംദിവസം എടത്രനാട്ടുനമ്പിയാതിരിതിരുമുൽപ്പാടും, അഞ്ചാംദിവസം ഏറനാടു മൂന്നാംകൂറു തിരുമുൽപ്പാടും ആൾക്കാരും, ആറാംദിവസം ഏറനാടു് എളംകൂറു നമ്പിയാതിരി തിരുമുൽപ്പാടും ആൾക്കാരും, ഏഴാംദിവസം ഏറാട്ടു മേനോനും കോഴിക്കോട്ടു തലച്ചെന്നവരും പതിനായിരവും, അകമ്പടി ജനമായി നിന്നു് നടവരമ്പിന്റെ ഇരുഭാഗവും രണ്ടു വരിയായ് നടകൊണ്ടു.
പുണൎതത്തുന്നാൾ ഉച്ചതിരിഞ്ഞു് പെരുനിലനിൽപു് ആരംഭിച്ചു. അന്നു് പുഴയിൽ ആറു ചെറിയ കപ്പലുകളും ഒരു വലിയ കപ്പലും തമ്മിൽ യുദ്ധം നടത്തി. പൂയം നക്ഷത്രത്തിൽ തമ്പുരാൻ പെരുനില നിൽക്കവേ,
വിസ്മയം കൂറിയാല്ക്കൽ പ്രകാശാധിപൻ
വിദ്രുതം നിന്നു നീങ്ങീട്ടെഴുന്നള്ളിനാൻ.
ആയില്യംനാളിൽ അതുപോലെ,
തത്ര മൂന്നാംനൃപാലേന്ദ്ര [10] നഴിയക-
ത്തത്യാദരേണ താൻ നിന്നരുളീടിനാൻ.
അടുത്ത ദിവസം മാഘമാസത്തിലെ മകം ആയി. സൂര്യോദയത്തിനു മുമ്പേ,
നാല്വർ മരിച്ചീതതിൻമുമ്പിലൊമ്പതു;
ചാവർ പതിമ്മൂന്നുപേർ മരിച്ചീടിനാർ.
അന്നു രാവിലേ തമ്പുരാൻ അല്പനേരം പെരുനിലത്തു് എഴുന്നള്ളി നിന്നപ്പോഴേയ്ക്കും, ഏറനാട്ടു് എളംകൂർനമ്പിയാതിരി ‘തിരുമച്ചേരുവാൾഭൂപനോടും’ സഹായസേനയോടുംകൂടി പള്ളിത്തണ്ടിലേറി ‘പേരാറ്റിലിറങ്ങിക്കടന്നു്’ വടക്കേക്കരയിൽ വിളങ്ങുന്ന തിരുനാവായത്തേവരെ കൂപ്പിയിട്ടു്, ‘ചാരുനടവരമ്പേറിസ്സരഭസം’ നേരേ പടിഞ്ഞാറോട്ടു് കാൽനടയായി നടന്നു്,
‘മാനവേന്ദ്രപ്പെരുമാൾ കുന്നലേശ്വരൻ
താനങ്ങുനിന്നരുളീടും പദവികൾ’
കണ്ടു് ആനന്ദം പൂണ്ടു് കൈ വണങ്ങി. വഴിയിൽ രണ്ടു പ്രാവശ്യം പിന്നേയും നമസ്കരിച്ചു. നാലാമതു് മണിത്തറയുടെ ചുവട്ടിലും നമസ്കരിച്ചു. അപ്പോൾ തമ്പുരാൻ,
‘ഉൾക്കനിവുറ്റു വീണീടുന്നിജാന്വയ
വത്സനെ തൃക്കരംകൊണ്ടടുത്തന്തികേ
തത്സമം ചേൎത്തു നിവൎത്ത ി നിന്നു.’
പിന്നീടു് മങ്ങാട്ടച്ചനും തിനയഞ്ചേരി ഇളയതും ‘അച്ചന്തറയ്ക്കലൊരുമിച്ചു്’ ചെന്നു് ലോകരെക്കണ്ടു വന്ദിച്ചിട്ടു് പൂൎവമാൎഗ്ഗേണ പോയി തമ്പുരാനെ തൊഴുതു് പെരുനില വാങ്ങി. അതിനു ശേഷം എളയതമ്പുരാക്കന്മാരും പ്രഭുക്കന്മാരും അപ്രകാരം ചെയ്തു. ‘കൂടലരന്തക’നായ സാമൂതിരിപ്പാടു് ‘ശ്രീയും ധരണിയും കൂടെപ്പുണരുന്ന നാവാമുരാരിയെ’ത്തൊഴുതു്, തൃപ്രങ്ങോട്ടപ്പനേയും വന്ദിച്ചു്, പൊന്നാനിക്കോവിലകത്തേക്കു് പോന്നു. ഇങ്ങനെ മാമാങ്കോത്സവം അവസാനിച്ചു. അടുത്ത കൊല്ലത്തിലും അദ്ദേഹം ഇതുപോലെ ഒരു മാമാങ്കോത്സവം നടത്തി.
ചരിത്രാന്വേഷികൾക്കു് ഇക്കൃതി വളരെ പ്രയോജനപ്പെടുമെന്നു് നിസ്സംശയം പറയാം. കവിതയ്ക്കു് നല്ല ഒഴുക്കും ഭംഗിയുമുണ്ടു്. സാമൂതിരിപ്പാട്ടിന്റെ ഘോഷയാത്രയെ എത്ര തന്മയത്വത്തോടുകൂടി വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക.
14.24 കുറിപ്പുകൾ
[1] പറങ്കികൾ.
[2] വടക്കുങ്കൂർ രാജാവു്.
[3] പറവൂർ രാജാവു്.
[4] കോഴിക്കോട്ടു രാജാവു്.
[5] ഈ ദത്തുവിഷയത്തിലും പോൎത്തു ഗീസുകാരുടെ പ്രേരണയുണ്ടായിരുന്നെന്നു് വിഷരുടെ കത്തുകളിൽനിന്നു തെളിയും. അദ്ദേഹം പറഞ്ഞിരിക്കുന്നു: “പറങ്കികൾ തങ്ങളുടെ ഉത്തമമിത്രങ്ങളായ വെട്ടത്തുനിന്നും അയിരൂർ നിന്നും ദത്തെടുക്കാൻ റാണിയെ പ്രേരിപ്പിച്ചു.”
[6] വടക്കുങ്കൂറും തെക്കുങ്കൂറും.
[7] രണ്ടുനാലാംശതം പന്തീരുമൂന്നുമ-
ങ്ങുണ്ടല്ലോയെണ്ണമക്കൊല്ലത്തിനക്കാലം
നല്ല ഘടമായ മാസവും തേറുവിൻ
ചൊല്ലുകിൽ വാരവും ചൊവ്വയറിഞ്ഞാലും.
[8] കരപ്പുറത്തു് (ദൂഷണന്തന്നഗ്രജൻ) ഖരൻ; മുതുക്, പുറം.
[9] ആലങ്ങാട്ടു രാജാവു്.
[10] ഏറനാട്ടു് മൂന്നാംകൂറു നമ്പിയാതിരി.
അധ്യായം 15
10. കഥകളിപ്രസ്ഥാനം
രാമനാട്ടത്തെയാണു് സാധാരണ കഥകളി എന്നു പറഞ്ഞുവരുന്നതു്. കൊട്ടാരക്കരരാജാവിനും കോഴിക്കോട്ടുസാമൂതിരിപ്പാട്ടിനും തമ്മിലുണ്ടായ പിണക്കമാണത്രേ കഥകളിയുടെ ആവിർഭാവത്തിനു കാരണം. ആട്ടക്കഥകളുണ്ടാക്കുന്നതിനു മുമ്പു് കോഴിക്കോട്ടു് അഷ്ടപദിയാട്ടത്തിനോടു് ഏതാണ്ടു സദൃശമായി കൃഷ്ണനാട്ടം എന്നൊന്നു നടപ്പിലിരുന്നു. കൊട്ടാരക്കരക്കൊട്ടാരത്തിൽ ഒരു പള്ളിക്കെട്ടു സംബന്ധിച്ചു് കൃഷ്ണനാട്ടക്കാരെ അയച്ചുകൊടുക്കണമെന്നു് കൊട്ടാരക്കര രാജാവു് മാനവിക്രമനു് എഴുതിയയച്ചപ്പോൾ, അതുകണ്ടു രസിക്കത്തക്കവണ്ണം അവിടെ ആളുകളില്ലെന്നു് അൎത്ഥ ം വരത്തക്കവണ്ണം ഒരു മറുപടി കൊടുത്തയച്ചുവത്രേ. അങ്ങനെ ആണെങ്കിൽ കൃഷ്ണനാട്ടത്തിനു പകരം രാമനാട്ടം എന്നൊന്നു് ഉണ്ടാക്കിക്കളയാം എന്നു് വാശി തോന്നുകയാൽ രാമായണകഥയെ ഏതാനും കഥകളായി കൊട്ടാരക്കരത്തമ്പുരാൻ വിരചിച്ചു എന്നാണു് ഐതിഹ്യം.
കഥകളിയുടെ ആവിർഭാവത്തിനു് ഈ മത്സരം ഒരു അവസരം ഉണ്ടാക്കിയിരിക്കാം. എന്നാൽ അതിനുള്ള സാമഗ്രികൾ മുമ്പുതന്നെ കേരളത്തിൽ ഉണ്ടായിരുന്നിരിക്കണം എന്നുള്ളതു് അനുക്തസിദ്ധമാകുന്നു. അഷ്ടപദിയാട്ടം മുമ്പുതന്നെ കേരളത്തിൽ പ്രചാരത്തിലിരുന്നല്ലോ. ജയദേവരുടെ ഗീതഗോവിന്ദം അഥവാ അഷ്ടപദിയെ, അനുകരിച്ചാണു് കൃഷ്ണനാട്ടം രചിക്കപ്പെട്ടതു്.
സ്ഫായത്ഭക്തിഭരേണനുന്നമനസാ ശ്രീമാനാവേദാഭിധ-
ക്ഷോണീന്ദ്രേണ കൃതാനിരാകൃതകലി ഗ്രാഹ്യാസ്തുതിൎഗ്ഗാഥകൈഃ
ലക്ഷ്മീവല്ലഭ‘കൃഷ്ണഗീതി’രിതി വിഖ്യാതാ തവാനുഗ്രഹാ-
ദേഷാ പുഷ്കരലോചനേഹ ഭജതാം പുഷ്ണാതു മോക്ഷശ്രിയം’
എന്ന അവസാനപദ്യത്തിൽനിന്നു് കൃഷ്ണനാട്ടം പൂൎത്ത ിയായ ദിവസത്തെ കലിസംഖ്യ ൧൭, ൩൬, ൬൧൨ ആണെന്നു കാണുന്നു. അതുകൊണ്ടു് അതു് കൊല്ലവൎഷം ൮൨൯ ധനു ൨൦-നു ഞായറാഴ്ചയാണു് പൂൎത്ത ിയായതെന്നു നിശ്ചയം. തൽക്കൎത്ത ാവായ മാനവേദൻ, ‘വിക്രാന്ത്യാക്രാന്തവിശ്വദ്വിഷതഇഹഗുരോവിക്രമാഖ്യസ്യ രാജ്ഞഃ സ്വസ്രീ’യനും ആനായത്തു് കൃഷ്ണപ്പിഷാരടിയുടെ ശിഷ്യനും ആയിരുന്നു. ഈ മാനവേദൻ അഷ്ടപദിയാട്ടത്തെ അല്പം പരിഷ്കരിച്ചു് കൃഷ്ണനാട്ടമുണ്ടാക്കി. കൃഷ്ണനു് കിരീടം മുതലായവ ധരിപ്പിച്ചായിരുന്നു കൃഷ്ണനാട്ടം നടത്തിവന്നതു്. വേഷരീതികളിലും കഥാരചനയിലും അതു് രാമനാട്ടത്തിനു മാൎഗ്ഗദൎശകമായിരുന്നിരിക്കാം. പക്ഷേ മുടിയേറ്റൽ, കണിതുള്ളൽ മുതലായവയും കഥകളിയുടെ വേഷവിധാനാദികളിൽ മാൎഗ്ഗദൎശകത്വം വഹിച്ചു കാണണം. എന്നാൽ അഭിനയവും നൃത്തവും ഭരതനാട്യത്തോടാണു് അത്യന്തം ബന്ധപ്പെട്ടിരിക്കുന്നതു്.
കൊട്ടാരക്കരത്തമ്പുരാൻ തിരുവിതാംകൂർ രാജവംശത്തിലെ രോഹിണിതിരുനാൾ വീരകേരളവൎമ്മ മഹാരാജാവിന്റെ ഭാഗിനേയനും ശങ്കരകവി എന്നൊരു വിദ്വാന്റെ ശിഷ്യനും ആയിരുന്നു എന്നു്,
“പ്രാപ്താനന്തഘനശ്രിയഃ പ്രിയതമ ശ്രീരോഹിണീജന്മനോ
വഞ്ചിക്ഷ്മാവരവീരകേരളവിഭോ രാജ്ഞസ്സ്വസുസ്സൂനുനാ
ശിഷ്യേണ പ്രവണേന ശങ്കരകവേ രാമായണം വൎണ ്യതേ
കാരുണ്യേന കഥാഗുണേന കവയഃ കൂർവന്തു തൽകൎണ്ണയോഃ”
എന്ന പദ്യത്തിൽനിന്നു കാണാം.
കൊട്ടാരക്കരരാജവംശം വഞ്ചിരാജവംശത്തിന്റെ ഒരു രാജശാഖയായ ഇളയിടത്തുസ്വരൂപം ആകുന്നു. ചെങ്കോട്ട, ക്ലാങ്ങാടു്, കൎക്കു ടി എന്നീ ദേശങ്ങളും നെടുമങ്ങാടിന്റെ ഒരു ഭാഗവും കൊട്ടാരക്കര പത്തനാപുരം എന്നീത്താലൂക്കുകളും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. കൊല്ലവർഷം ഏഴാംശതകത്തിന്റെ പ്രഥമപാദത്തിൽ രട്ടിയാപുരം രാജാവിനാൽ ബഹിഷ്കൃതനായി തലസ്ഥാനനഗരിയായ വള്ളിയൂരിൽനിന്നും തിരുവിതാംകൂറിനെ അഭയം പ്രാപിച്ചു ക്രമേണ വഞ്ചിരാജവംശത്തിൽ ലയിച്ച ഒരു വംശമാണത്രേ ഇതു്.
൮൫൨-ൽ ഉമയമ്മറാണിയോടു് പട വെട്ടിയ ഒരു വീരകേരളവൎമ്മ ഇളയിടത്തുസ്വരൂപത്തിൽ ഉണ്ടായിരുന്നു. ഉമയമ്മറാണി രാജ്യഭാരം കൈയേറ്റതു് രവിവൎമ്മയ്ക്കു പ്രായപൂൎത്ത ി വരായ്കനിമിത്തമാണല്ലോ. മൂപ്പുമുറയ്ക്കു് രാജസ്ഥാനത്തിനു് അവകാശി താനാണെന്നായിരുന്നു വീരകേരളവൎമ്മരുടെ വാദം. ആ സ്ഥിതിയ്ക്കു് ‘വഞ്ചിക്ഷ്മാവര’ൻ എന്ന സ്ഥാനം അദ്ദേഹം സ്വയം കൈക്കൊണ്ടു എന്നു് വരാവുന്നതാണു്. “തിരുവിതാംകൂർ മഹാരാജകുടുംബമായ തൃപ്പാപ്പൂർ സ്വരൂപവും കൊട്ടാക്കരക്കുന്നുമ്മേൽ ഇളയിടത്തു സ്വരൂപവും തമ്മിൽ ഇദംപ്രഥമായി ഒരു ദത്തു നടന്നതു് കൊല്ലം ൭൯൮ കൎക്കടമാസം ൩-നായിരുന്നുവെന്നും ആ ദത്തിൽപ്പെട്ട കൊട്ടാരക്കര മൂത്തതമ്പുരാൻ പൂയം നാളിൽ ജനിച്ച ഒരു വീരകേരളവൎമ്മയായിരുന്നെന്നും ആ വീരകേരളവൎമ്മാവിന്റെ മരുമകനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവെന്നും ‘പ്രാപ്താനന്തഘനശ്രിയഃ പ്രിയതമ ശ്രീരോഹിണീജന്മനോ വഞ്ചിക്ഷ്മാവര വീരകേരളവിഭോരാജ്ഞഃ സ്വസുഃ സൂനുനാ’ എന്നു് പുത്രകാമേഷ്ടിയിലും “വഞ്ചിവീരകേരള എന്നും, വഞ്ചിധരാവര എന്നും മറ്റു പല സ്ഥലങ്ങളിലും കാണുന്ന പ്രസ്താവനകളിലെ വഞ്ചിശബ്ദം മുൻപറഞ്ഞ ദത്തുവഴിയായി ഇളയിടത്തു സ്വരൂപത്തിലേക്കു സിദ്ധിച്ച മേന്മയെ സൂചിപ്പിക്കുന്നതാണെന്നും” മഹാകവി ഉള്ളൂർ പരമേശ്വരയ്യർ അവർകൾ അഭിപ്രായപ്പെടുന്നു. ഇവിടെ ചില സംശയങ്ങൾ നേരിടുന്നുണ്ടു്. ഒന്നാമതായി രോഹിണീജന്മനോ വീരകേരളവിഭോരാജ്ഞഃ സ്വസുസ്സൂനൂനാ’ എന്നു വ്യക്തമായി പറഞ്ഞിരിക്കേ പ്രസ്തുത കവി പൂയം തിരുനാൾ വീരകേരളവൎമ്മാവിന്റെ ഭാഗിനേയനാകുന്നതെങ്ങനെ? രണ്ടാമതായി ൭൯൮-ൽ തൃപ്പാപ്പൂർ രാജകുടുംബവുമായി ബന്ധപ്പെടുവാൻ ഇടയായ വീരകേരളവൎമ്മ ദേശിങ്ങനാട്ടു ശാഖയിൽപ്പെട്ട ആളുമായിരുന്നു. ദേശിങ്ങനാട്ടു മൂപ്പരായിരുന്ന ഇദ്ദേഹത്തിനെ ൭൯൫ ആനിമാസം ൪-നു ആണു് തൃപ്പാപ്പൂർ മൂപ്പായി വാഴിച്ചതും. ആ ഉണ്ണിക്കേരളവൎമ്മ ൮൨൬-ൽ പരലോകം പ്രാപിക്കയും ചെയ്തു. ൭൮൮-ലെ ദത്തിൽപ്പെട്ട ആളാണെങ്കിൽ അദ്ദേഹത്തിനു് എന്തുകൊണ്ടു് വഞ്ചിക്ഷ്മാവരൻ എന്ന പേരു സ്വീകരിച്ചുകൂട? ദത്തുവഴിക്കു് വഞ്ചിരാജവംശത്തോടു ബന്ധപ്പെട്ട കോട്ടയം കേരളവൎമ്മ ആ സ്ഥാനം സ്വയം സ്വീകരിച്ചില്ലേ? ൮൯൩-മുതല്ക്കു് ൮൯൯-വരെ നാടു വാണിരുന്ന മറ്റൊരു വഞ്ചിരാജാവിനേയും കാണുന്നുണ്ടു്. അദ്ദേഹവും ദേശിങ്ങനാട്ടു സ്വരൂപത്തിൽപ്പെട്ട ആളായിരുന്നു. ഇവരിൽ ആദ്യം പറഞ്ഞ, അതായതു് ൮൫൨-ൽ ഉമയമ്മറാണിയോടു പടവെട്ടിയ ഉണ്ണിക്കേരളവൎമ്മയായിരിക്കണം കഥകളിയുടെ ഉപജ്ഞാതാവു് എന്നു് എനിക്കു തോന്നുന്നു. ൭൮൨-നു മുമ്പു് രാമനാട്ടം പ്രചാരത്തിൽ വന്നുവെന്നു് മാമാങ്കം പാട്ടിലെ രാമനാട്ടത്തെപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു ഗ്രഹിക്കാം.
കോഴിക്കോട്ടു സാമൂതിരിയും കോട്ടയത്തു തമ്പുരാനും തമ്മിൽ ഏതോ ഒരു മത്സരം ഉണ്ടായിരുന്നു എന്നു നമുക്കു വിശ്വസിക്കാവുന്നതാണു്. കൃഷ്ണനാട്ടത്തിൽ കൃഷ്ണാവതാരം മുതല്ക്കു് സ്വൎഗ്ഗാരോഹണംവരെയുള്ള കഥയെ ഏഴു ദിവസംകൊണ്ടാണു് ആടാറുള്ളതു്. രാമനാട്ടകൎത്ത ാവും രാമായണകഥയെ പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിങ്ങനെ ഏഴുദിവസത്തെ കഥകളായി രചിച്ചിരിക്കുന്നതു് മത്സരബുദ്ധികൊണ്ടായിരിക്കയില്ലേ? ഏതായിരുന്നാലും കഥകളിയുടെ ആവിർഭാവം മലയാളികൾക്കു് ദ്വേധാ അനുഗ്രഹമായിട്ടാണു് പരിണമിച്ചതു്. കൊട്ടാരക്കരത്തമ്പുരാൻ അവ്യുൽപന്നനായിരുന്നില്ലെങ്കിലും, മാനവേദനോളം പാണ്ഡിത്യമുള്ള ആളായിരുന്നില്ലെന്നു് എല്ലാവരും സമ്മതിക്കും. ശ്ലോകങ്ങളിലാകട്ടെ, പദങ്ങളിലാകട്ടെ വലിയ സാഹിത്യരസം ഒന്നും കാണ്മാനില്ല. എന്നാൽ ഈ ന്യൂനത തമ്പുരാന്റെ യശസ്സിനു് ഒരിക്കലും ഹാനികരമാണെന്നു പറഞ്ഞുകൂട. അദ്ദേഹത്തിന്റെ പേരിനെ നിലനിൎത്തു ന്നതിനു് കഥകളിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ഒറ്റ സംഗതി മതിയാവും.
കോഴിക്കോട്ടുതമ്പുരാൻ ‘കൃഷ്ണഗീതി’ നിൎമ്മിച്ചതുപോലെ ‘രാമഗീതി’ എന്നൊന്നു് അമ്പലപ്പുഴരാജാവിന്റെ ആജ്ഞാനുസരണം രാമപാണിവാദനും നിൎമ്മിച്ചിട്ടുണ്ടു്.
കഥകളിയെ ഔപചാരികമായി നാട്യമെന്നും നാടകമെന്നും പറയാറുണ്ടു്. നോക്കുക!
“കേനാപി തൽപദജൂഷാ കില ദക്ഷയാഗ
നാട്യപ്രബന്ധമുദിതം സുധിയഃ പുനന്തു”
“സോഹമദ്യകരവൈ സകൗതുകം
മത്സ്യവല്ലഭജയാഖ്യനാടകം”
എന്നാൽ കഥകളി നാട്യമോ നൃത്തമോ അല്ല; അതു് അവയുടെ രണ്ടിന്റെയും ലക്ഷണങ്ങൾ കലൎന്ന നൃത്ത്യം എന്ന ജാതിയിൽ ഉൾപ്പെടുന്നു. നാട്യമെന്നതു് അവസ്ഥാനുകൃതിയാകുന്നു. അതുതന്നെ രൂപകങ്ങൾ, ഉപരൂപകങ്ങൾ എന്നു് രണ്ടായിപ്പിരിയുന്നു. നാട്യം വാക്യാൎത്ഥ ാഭിനയമായതിനാൽ രസാശ്രയമാണു്; നൃത്തമാകട്ടെ കേവലം താളലയാശ്രയവുമാകുന്നു. നൃത്തവും താണ്ഡവലാസ്യഭേദേന രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. നൃത്യം ഇവയ്ക്കു രണ്ടിനും മധ്യേ ആണു് വൎത്ത ിക്കുന്നതു്. അതു് പദാൎത്ഥ ാഭിനയവും ഭാവാശ്രയവും ആണു്. കഥകളി ആ ഇനത്തിലാണു പെടുന്നതു്.
നാടകത്തിൽ നടന്മാർ തന്നെ ശ്ലോകങ്ങളും ചൂൎണ്ണികകളും ചൊല്ലിക്കൊണ്ടു്, മുദ്രക്കൈകളുടെ സഹായം അപേക്ഷിക്കാതെ, അഭിനയം നടത്തുമ്പോൾ കഥകളിക്കാർ മൂകഭാവം അവലംബിച്ചു് പാട്ടിന്റെ അൎത്ഥ ത്തെ അംഗവിക്ഷേപാദികളാലും മുദ്രക്കൈകളെക്കൊണ്ടും മറ്റും പ്രകാശിപ്പിച്ചു് ആടുന്നു. നാടകം ഖ്യാതവൃത്തമായിരിക്കണമെന്നുണ്ടു്. കഥകളികളിലും അങ്ങനെതന്നെയാണു് സാധാരണ കണ്ടുവരുന്നതു്. എന്നാൽ കഥകളിക്കു് നാടകങ്ങളിലേപ്പോലെ അങ്കവിഭാഗമോ, ശൃംഗാരവീരരസങ്ങളിൽ ഒന്നു് അംഗിയായിരിക്കണമെന്നുള്ള നിൎബ ന്ധമോ ഇല്ല. മുഖാദിപഞ്ചസന്ധികൾ ഘടിപ്പിച്ചിരിക്കയാൽ നാടകീയകഥ ഘാതപ്രതിഘാതരൂപത്തിലാണു് മുന്നോട്ടു പോകുന്നതു്. നളചരിതം കഥ ഒഴിച്ചാൽ മറ്റൊരു കഥകളിയിലും ആ വ്യവസ്ഥ കാണ്മാനില്ല. ദൂരാഹ്വാനം, വധം, യുദ്ധം, രാജ്യാദേശാദിവിപ്ലവം, വിവാഹം, ഭോജനം, ശാപോത്സൎഗ്ഗങ്ങൾ, മൃത്യു, രതം, ദന്തച്ഛേദ്യം, നഖച്ഛേദ്യം, ശയനാധരപാനാദികൾ, നഗരാദ്യവരോധനം മുതലായി നാടകങ്ങളിൽ വർജ്യമായിട്ടുള്ളവ മിക്കതും കഥകളിയിൽ അംഗീകാര്യമായിട്ടാണിരിക്കന്നതു്. വധമോ വിവാഹമോ അഭിനയിക്കാത്ത ആട്ടക്കഥ ഇല്ലതന്നെ. യുദ്ധമില്ലാത്ത കഥ ആടിയാൽ തെരശ്ശീല പിടിക്കുന്നവനും തിരി ചൂണ്ടുന്നവനും മാത്രമേ കാണ്മാനുണ്ടായിരിക്കൂ. ശാകുന്തളംകഥയെ ആട്ടക്കഥയായി രചിച്ച കവി അതിലെ രസികക്കുട്ടനായ വണ്ടത്താനേ ഒരു അസുരനാക്കിയിരിക്കുന്നതു് യുദ്ധത്തിനു് ഒരു അവസരം ഉണ്ടാക്കാൻ മാത്രമാണല്ലോ. കഥകളികൾക്കു പറഞ്ഞുവരുന്ന മറ്റൊരു ദൂഷ്യം ശൃംഗാരവീരാദിരസങ്ങൾക്കു ബീഭത്സത്വം വരുത്തിക്കൂട്ടുന്നു എന്നുള്ളതാണു്.
ഇപ്പറഞ്ഞ ന്യൂനതകൾക്കു ശരിയായ സമാധാനം പറയാവുന്നതാണു്. ഒന്നാമതായി നാടകത്തിൽ കഥയുടെ പൂൎവാപരബന്ധത്തെ നീചപാത്രങ്ങളേക്കൊണ്ടുള്ള സംഭാഷണങ്ങളാലും മറ്റും പ്രകാശിപ്പിക്കാവുന്നതാണല്ലോ. മൂകാഭിനയമായ കഥകളിയിൽ അതിനു നിവൃത്തിയില്ലാത്തതുകൊണ്ടു് ദൂരാഹ്വാനാദികളെ രംഗത്തിൽ അഭിനയിച്ചേ മതിയാവൂ. രണ്ടാമതായി നാടകത്തിന്റെ പ്രധാന ഉദ്ദേശ്യം കാളിദാസമഹാകവി പറഞ്ഞിട്ടുള്ളതുപോലെ ഭിന്നരുചികളായ ജനങ്ങളുടെ സമാരാധനമാണു്. കഥകളിയ്ക്കാകട്ടെ ഭക്തിസംവൎദ്ധനവും ധൎമ്മപ്രചോദനവും ആകുന്നു പ്രധാനലക്ഷ്യം. രാക്ഷസാദിക്രൂരപ്രകൃതികളോടു് ധാൎമ്മികന്മാരായ വീരന്മാർ എതിരിടുന്നതും അവരെ ജയിച്ചു് കീഴടക്കുന്നതും കാണികൾക്കു പ്രത്യക്ഷമാക്കിക്കൊടുത്തു് അവർക്കു് നന്മയിൽ ആസക്തിയും തിന്മയോടു വെറുപ്പും ഉണ്ടാക്കിക്കൊടുക്കുന്നതിനത്രേ അവരുടെ ശ്രമം. ഈ വാദം അത്ര ശരിയല്ലെന്നു പറയുന്നവരുണ്ടായേക്കാം. എന്നാൽ പണ്ഡിതാഗ്രണിയായ മി: പി. കെ. നാരായണപിള്ള പ്രസ്താവിച്ചിട്ടുള്ളതുപോലെ “മുൻ കാലങ്ങളിൽ അതായതു് ആട്ടക്കഥകളുടെ നിൎമ്മിതികാലങ്ങളിൽ കഥകളി കണ്ടിട്ടു് കേവലം നിരീശ്വരബുദ്ധിയോടുകൂടി ആളുകൾ മടങ്ങിപ്പോയിരിക്കുമെന്നു തോന്നുന്നില്ല. ജനങ്ങൾക്കു കഥകളിയേപ്പറ്റിയുള്ള ഗൗരവബുദ്ധിയെ കംസവധം കഥയിലെ കൃഷ്ണനും ഖരവധത്തിലെ ശ്രീരാമനും കെട്ടുന്ന ആളുകൾക്കു് കലികൊള്ളാറുണ്ടായിരുന്നു എന്നുള്ള ജനബോധം വിശദമാക്കുന്നുണ്ടു്.”
ആട്ടക്കഥയിൽ ശൃംഗാരാദിരസങ്ങൾക്കു് ബീഭത്സത വരുത്തിക്കാണുന്നു എന്നുള്ളതിൽ അല്പം പരമാൎത്ഥ മുണ്ടു്. പലേ കഥകളിൽ ശൃംഗാരം വെറും പച്ചയായിപ്പോയിരിക്കുന്നു; വിപ്രലംഭത്തിനു വലിയ സ്ഥാനവും കല്പിച്ചു കാണുന്നില്ല. എന്നാൽ കഥകളി മൂകാഭിനയമാണെന്നുകൂടി നാം ഓൎക്കണം. ഒരു വാക്കുകൊണ്ടു പറഞ്ഞറിയിക്കാവുന്നതിനെ പല അംഗവിക്ഷേപങ്ങളാലെ പ്രകാശിപ്പാൻ സാധിക്കയുള്ളു. വായിക്കുമ്പോൾ കേവലം പച്ചയായി തോന്നുന്ന ശൃംഗാരവും സരസനായ ഒരു നടന്റെ അഭിനയദശയിൽ ആഭാസമായിത്തോന്നുകയില്ല.
കഥകളിക്കാർ ഉപയോഗിച്ചു വരുന്ന വേഷഭൂഷാദികളേയും ചുട്ടികുത്തലിനേയും സംബന്ധിച്ചു് ആക്ഷേപം പുറപ്പെടുവിച്ചുകേട്ടിട്ടുണ്ടു്. അവയെ എന്തുകൊണ്ടു കാലാനുസൃതം പരിഷ്കരിക്കുന്നില്ല എന്നത്രേ അവരുടെ ചോദ്യം. നാടകത്തിൽ അമാനുഷപാത്രങ്ങളെ പ്രവേശിപ്പിക്കുന്നതു് അപൂൎവമാണു്; അഥവാ പ്രവേശിപ്പിച്ചാൽ സ്വാഭാവികത തോന്നുകയുമില്ല. കഥകളിയുടെ സ്ഥിതി വേറെയാണു്. രാവണാദികളും മറ്റുമാണു് അതിലെ പാത്രങ്ങൾ. സാധാരണരീതിയിൽ ഉടുത്തൊരുങ്ങി രംഗത്തിൽ വന്നു് മുദ്രക്കൈകളും മറ്റും കാണിച്ചുതുടങ്ങിയാൽ, ആരാണു് കാണ്മാൻ വരുന്നതു്? കോപതാപാദി സാത്വികഭാവങ്ങളുടെ സമ്യക്‍ സ്ഫുരണത്തിനു് പച്ച തുടങ്ങിയ ചുട്ടികൾ കൂടിയേ തീരുതാനും. ഈ ആക്ഷേപങ്ങളെല്ലാം നിസ്സാരങ്ങളാണു്. എന്നാൽ “സാഹിത്യരസം കണികാണ്മാൻ പോലും ഇല്ലാത്ത ഒട്ടു വളരെ കഥകൾ ഉണ്ടു്. അവയിൽ പലതും അഭിനയയോഗ്യങ്ങളായിക്കരുതുന്നുമുണ്ടു്.” ഈ ആക്ഷേപം കൂറേക്കൂടി ഗൗരവമുള്ളതാണല്ലോ.
നാട്യവസ്തുവിനു് സാഹിത്യഗുണം അത്യന്താപേക്ഷിതമല്ല. “രസങ്ങളുടെ സമ്മിശ്രണം, രസഗതിയിലുള്ള സ്തംഭനം, രസങ്ങൾക്കു ക്രമേണ ചെയ്യുന്നതായ അഭിവൃദ്ധി, ചക്ഷുഃശ്രോത്രങ്ങൾക്കു കൊടുക്കുന്നതായ സുഖം ഇത്യാദികളാകുന്നു ഒരു കൃതിക്കു് രംഗപ്രയോഗത്തിൽ വിജയം സമ്പാദിച്ചു കൊടുക്കുന്നതു്. അവയിൽ അധികാംശവും നടന്മാർക്കു വശീഭവിച്ചിരിക്കുന്നവയും ആണു്. രംഗത്തിൽ സരസസരസങ്ങളായി തോന്നാവുന്നവയാകുന്ന നേരേമറിച്ചു് യഥാൎത്ഥ മായി കവിത്വമുള്ള അനേകം കൃതികൾ മനോരജ്ഞകമായി തോന്നാതെയും ഇരിക്കുന്നു.” നാട്യവസ്തുവിനു് സാഹിത്യഗുണംകൂടി ഉണ്ടായിരിക്കുന്നതു് സ്വൎണ്ണ ത്തിനു സൗരഭ്യം ഉണ്ടായാലെങ്ങനെയോ അതുപോലെ ഹൃദയാകൎഷകമായിരിക്കും.
ഇനി ഈ ആക്ഷേപത്തിനു് വല്ല അടിസ്ഥാനവുമുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതായിട്ടുണ്ടു്. പുരോഭാഗികൾ കഥകളികളെ ശാകുന്തളാദി നാടകങ്ങളോടാണു താരതമ്യപ്പെടുത്തുന്നതു്. എല്ലാ നാടകങ്ങളും ശാകുന്തളം, ഉത്തരരാമചരിതം ഇത്യാദികളെപ്പോലെ കാവ്യരസസമ്പന്നങ്ങളാണോ? സംസ്കൃതത്തിൽ തന്നെ ഉത്തമകാവ്യകോടിയിൽപ്പെടുന്ന എത്ര നാട്യഗ്രന്ഥങ്ങളുണ്ടു്? ആ സ്ഥിതിക്കു് അഞ്ഞൂറിൽ പരം കഥകളികളുള്ളതിൽ ഒട്ടുവളരെ എണ്ണത്തിനു് കാവ്യഗുണം ഇല്ലെന്നു വച്ചു്, കഥകളിയെ പൊതുവേ ആക്ഷേപിക്കാവുന്നതാണോ?
കൊട്ടാരക്കരത്തമ്പുരാന്റെ കാലശേഷം രാമനാട്ടത്തിലെ വേഷവിധാനത്തിലും മറ്റും വലുതായ ഭേദഗതികൾ വന്നുചേൎന്നിട്ടുണ്ടു്. മുടിയേറ്റലിൽ ഉപയോഗിച്ചുവന്ന പാളക്കിരീടങ്ങളും മറ്റുമാണു് ആദ്യകാലത്തു് കഥകളിക്കാരും മറ്റും ഉപയോഗിച്ചുവന്നതു്. ചുട്ടി കുത്തുന്ന ഏൎപ്പാടും, ഇന്നത്തേ രീതിയിലുള്ള ഉടുത്തുകെട്ടും അന്നു് ഇല്ലായിരുന്നു. അതിനും പുറമേ വേഷക്കാർതന്നെയാണു് പാടാറുണ്ടായിരുന്നതും.
ഈ രീതിയിൽ ചില ഭേദഗതികൾ ആദ്യമായി വരുത്തിയതു് വെട്ടത്തു തമ്പുരാനത്രേ. അദ്ദേഹം പാളക്കിരീടം കളഞ്ഞു് ഇന്നത്തെ മട്ടിലുള്ള കിരീടങ്ങൾ നടപ്പിലാക്കി. മുഖത്തു മനയോല തേയ്ക്കുക, ദേഹത്തിൽ കുപ്പായം ധരിക്കുക ഇത്യാദി പരിഷ്കാരം വരുത്തിയതും അദ്ദേഹമായിരുന്നു. എല്ലാറ്റിനും പുറമേ നടന്മാർ തന്നെ പാടുന്നതായാൽ ഭാവസ്ഫുരണം വേണ്ടപോലെ ഉണ്ടാവുകയില്ലെന്നു കണ്ടു് പ്രത്യേകം പാട്ടുകാരേയും അദ്ദേഹം ഏർപ്പെടുത്തി. അതിനോടുകൂടി മേളക്കൊഴുപ്പിനായി മദ്ദളത്തിനു പുറമേ ചെണ്ട കൂടി ഉപയോഗിക്കുന്നതിനും വ്യവസ്ഥ ചെയ്തു.
ഇപ്പോൾ കഥകളിയ്ക്കു് തെക്കൻ എന്നും വടക്കൻ എന്നും രണ്ടു പ്രധാന രീതികൾ നടപ്പിലിരിക്കുന്നു. ഇവയ്ക്കു് പ്രധാന കാരണഭൂതന്മാർ കല്ലടിക്കോടൻ, കപ്ലിങ്ങാടൻ എന്നീ നമ്പൂരിമാരാണു്. കപ്ലിങ്ങാടൻരീതിയിൽ രസാഭിനയത്തിനും കൈമുദ്രയ്ക്കും ആണു് പ്രാധാന്യം. കല്ലടിക്കോടനാവട്ടെ ചൊല്ലിയാട്ടത്തിനും കലാശച്ചവിട്ടിനും പ്രാധാന്യം കല്പിച്ചു. കപ്ലിങ്ങാടൻ ഓരോ കൈയും ഈരണ്ടു പ്രാവശ്യം കാണിക്കണമെന്നു വ്യവസ്ഥചെയ്തു; കല്ലടിക്കോടൻ അതു് വേണ്ടെന്നു വച്ചു. കുപ്പായത്തിനു് വൈവിധ്യം വരുത്തിയതും, മുടിയും കച്ചയും നടപ്പിലാക്കിയതും കപ്ലിങ്ങാടന്റെ നിർദ്ദേശാനുസരണമായിരുന്നു. എന്നാൽ പാട്ടിനു് ഒരു ചങ്കിടി കൂടി ആവശ്യമാണെന്നു വച്ചതു് കല്ലടിക്കോടനുമാണു്. ഈ രണ്ടു രീതികളും അത്യന്തഭിന്നങ്ങളെങ്കിലും അവ ഏറെക്കുറെ കലൎന്ന ഒരു മിശ്രരീതിയാണു് ഇപ്പോൾ മിക്ക ദിക്കുകളിലും അംഗീകരിക്കപ്പെട്ടിരിക്കുന്നതു്.
ആട്ടത്തിന്റെ പ്രധാനാംശങ്ങൾ കൈയ്യു്, മെയ്യു്, ചൊല്ലിയാട്ടം, രസവാസന ഇവയാകുന്നു. ആട്ടക്കാർ കരചരണാദികളുടേയും മുഖത്തിന്റേയും സഹായത്തെ മാത്രം അവലംബിച്ചു് വിവിധപദാൎത്ഥ ങ്ങളെ രംഗസ്ഥിതക്കു് പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുന്ന കാഴ്ച അതിരമണീയമാണു്. ചിത്രകാരൻ വിവിധവൎണ്ണങ്ങളെക്കൊണ്ടും, സാഹിത്യകാരൻ പദങ്ങളെക്കൊണ്ടും നിൎമ്മിക്കുന്ന ചിത്രങ്ങൾ ആട്ടക്കാരന്റെ ഹസ്തവിരചിതമായ ചിത്രങ്ങളുടെ സമീപത്തു് അസ്തശോഭങ്ങളായ് ചമയുന്നു. എന്നാൽ ഈ കൈകൾ അറിയുന്നതിനു് സാധാരണക്കാർ വിചാരിക്കുമ്പോലെ അത്ര പ്രയാസവുമില്ല. മുദ്രക്കൈകൾ മിക്കവാറും ഭരതശാസ്ത്രപ്രഥിതങ്ങളാണല്ലോ. ചില്ലറ ഭേദഗതികൾ മാത്രമേ മലയാളികൾ വരുത്തീട്ടുള്ളു.
ഒരു നല്ല ആട്ടക്കാരനാകണമെങ്കിൽ മെയ്സ്വാധീനത വേണ്ടപോലുണ്ടായിരിക്കണം. എന്നാൽ എത്ര കാലം കളരിയിൽ വച്ചു് തിരുമ്മും ചവിട്ടും ഏറ്റിട്ടാണു് ഈ മെയ് സ്വാധീനത വരുത്തുന്നതെന്നോൎക്കുമ്പോൾ കഥകളിക്കാരുടെ ഇന്നത്തെ ജീവിതത്തെപ്പറ്റി ആൎക്കും അനുകമ്പ തോന്നാതിരിക്കയില്ല.
‘ആട്ടങ്ങളാടി നടക്കുന്നിതു ചില
കൂട്ടം ജനം പണം മോഹിച്ചെന്നു്’
അവരെപ്പറ്റി നമ്പ്യാർ പരിഹസിച്ചിട്ടുള്ളതു് കുറേ കഠിനമായിപ്പോയെന്നു വേണം പറവാൻ. നില്പിലും ഇരിപ്പിലും കലാശംചവിട്ടലിലും ഒക്കെ മെയ് അപേക്ഷിതമായിരിക്കുന്നു.
പദം ചൊല്ലുമ്പോൾ ആടേണ്ടുന്ന രീതിയാണു് ചൊല്ലിയാട്ടം. ശൃംഗാരപദങ്ങളെല്ലാം പതിഞ്ഞ മട്ടിലുള്ളവയാകയാൽ അവ ചൊല്ലുമ്പോൾ പതിഞ്ഞു് ആടണമെന്നാണു് വ്യവസ്ഥ. അതായതു് തിരശ്ശീല നീക്കിയാലുടനേ നായകൻ നായികയെ പിടിച്ചു് ഒരു ദിക്കിൽ നിറുത്തിയശേഷം കുറച്ചു നേരം പ്രേമപൂൎവകം അവളെ അംഗപ്രത്യംഗം നോക്കിക്കൊണ്ടു നിൽക്കുന്നു. ഇതിനു് നോക്കിക്കാണൽ എന്നുപേർ. ചില ആട്ടക്കാർ ഇതിനായി ഒട്ടു വളരെ സമയം ചെലവിടുന്നതായി കാണാം. അരസികന്മാരായ രംഗസ്ഥിതന്മാർക്കു് ഉറക്കം തൂങ്ങാൻ പറ്റിയ സമയമാണിതു്. നോക്കിക്കാണലിനുശേഷം പതിഞ്ഞാട്ടം തുടങ്ങുന്നു. അപ്പോഴേയ്ക്കും കാണികളിൽ പലരും ഗാഢനിദ്രയിൽ ലയിച്ചു കഴിയും. പതിഞ്ഞാട്ടത്തിനു നേരെ വിപരീതമാണു് മുറുകിയാട്ടം. ഇതു് ഒരുമാതിരി ഉറക്കമുണൎത്ത ിയുമാകുന്നു. യുദ്ധപദങ്ങൾ ചൊല്ലുമ്പോൾ വേണ്ടതു് മുറുകിയാട്ടമാകുന്നു. ഈ രണ്ടുതരം ആട്ടങ്ങൾക്കും മദ്ധ്യേ ഇടത്തരം ആട്ടം എന്നൊന്നുകൂടിയുണ്ടു്. നടന്നുകൊണ്ടുള്ള ചൊല്ലിയാട്ടത്തിനാണു് ഈ പേർ പറഞ്ഞുവരുന്നതു്. ഇങ്ങനെ ചൊല്ലിയാട്ടം മൂന്നു വിധമാകുന്നു.
രസഭാവാദികളെ വേണ്ടപോലെ സ്ഫുരിപ്പിക്കുന്നതിനുള്ള പാടവമാണു് രസവാസന. ഉത്തമനായ നടന്റെ നടനചാതുരി സവിശേഷം വെളിപ്പെടുത്തുന്നതു് ഈ വിഷയത്തിലാകുന്നു. കേവലം അഭ്യാസംകൊണ്ടു മാത്രം രസവാസനാപാടവം സിദ്ധിക്കുന്നില്ല. മനോധൎമ്മം പ്രയോഗിച്ചു് തന്മയത്വം വരുത്തി ആടുന്നതിനു് വിരുതുള്ളവർ നന്നേ ചുരുക്കമായിരിക്കുന്നതിന്റെ രഹസ്യം ഇതാണു്. ചിലപ്പോൾ പരസ്പരവിപരീതങ്ങളായ ഭാവങ്ങളെ ഒരേ കാലത്തു് ആടേണ്ടതായിവരും. തത്സമയങ്ങളിൽ അനുഭവരസികന്മാരല്ലാത്ത നടന്മാർ കാടുകേറിപ്പോകുന്നതിൽ അത്ഭുതപ്പെടുവാനുണ്ടോ?
“കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ
ഏകലോചനംകൊണ്ടു കോപമോടു നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും”
എന്ന പദം ശരിയായി ആടി ഫലിപ്പിക്കുന്നതിനു് സാധാരണ നടന്മാരെക്കൊണ്ടു് ഒരിക്കലും സാധിക്കയില്ല. അതുപോലെതന്നെ.
‘തിങ്കൾമൗലേ കേൾക്ക വാചം ദേവ ദേവ മേ
എങ്കലുള്ളപരാധമെല്ലാം നീതാൻ സഹിക്കവേണം’
എന്ന പദ്യത്തെ അഭിനയിക്കുമ്പോൾ ലജ്ജ, ഭയം, കോപം, ശോകം ഇത്യാദി വിവിധഭാവങ്ങളെ ഒന്നോടൊന്നു് തുടൎന്നു ് സ്ഫുരിപ്പിക്കേണ്ടി വരുന്നു. അതു് എത്ര വിഷമമാണെന്നു് അല്പം ആലോചിച്ചുനോക്കിയാൽ അറിയാം.
ഭാവാഭിനയവിഷയത്തിൽ വേറേയും ചില ദുർഘടങ്ങൾ ഉണ്ടു്. നടനു് നായകന്റെ സ്വഭാവത്തെപ്പറ്റി പരിപൂൎണ്ണമായ ജ്ഞാനം ഉണ്ടായിരിക്കണം. കഥയിലെ അംഗിയായ രസത്തിനു് അനുഗുണമായിട്ടല്ലാതെ തദംഗമായ രസത്തെ ഒരിക്കലും അഭിനയിച്ചുകൂട. അംബരീഷചരിതത്തിലെ നായകൻ പ്രകൃത്യാ ശാന്തനാണല്ലോ. ഒരു ശാന്തരസം കഥയിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്നതായും നാം കാണുന്നു. അങ്ങിനെ ഇരിക്കേ അംബരീഷന്റെ ശൃംഗാരപദത്തെ കുറേ ‘പച്ച’യായി ആടിയാൽ രസവിച്ഛിത്തി സംഭവിച്ചു പോകും. അതുപോലെ തന്നെ നളചരിതത്തിലെ നളൻ ധീരോദാത്തനാണു്; എന്നാൽ കരുണത്തെ അഭിനയിക്കേണ്ട ഘട്ടങ്ങൾ പലതുമുണ്ടുതാനും. അതുകൊണ്ടു് നളന്റെ വേഷം കെട്ടി ആടുന്ന നടൻ കരുണ അഭിനയിക്കുന്ന അവസരത്തിൽ കണ്ണീർ പൊഴിക്കുന്നതിനാൽ സഹൃദയന്മാർക്കു് രസിക്കയില്ല.
ആട്ടത്തിന്റെ പ്രധാന അംശങ്ങളെപ്പറ്റി ഇവിടെ സംക്ഷിപ്തമായി വിവരിച്ചു കഴിഞ്ഞു. എന്നാൽ ഇളകിയാട്ടം എന്നൊരു സമ്പ്രദായം ഉള്ളതിനെപ്പറ്റി രണ്ടു വാക്കു കൂടി പറയാതിരിക്കുന്നതു് ഉചിതമല്ല. ഇതു് നടന്റെ മനോധൎമ്മപ്രകാശനത്തിനു് നല്ല അവസരം നൽകുന്നു. ഇളകിയാട്ടത്തിൽ ആടുന്നതിനു് പദമൊന്നുമില്ല. കേവലം മുദ്രയെ അവലംബിച്ചു ചെയ്യുന്ന മനോരഥപ്രകാശനമോ സ്ഥലകാലാദിവൎണ്ണനയോ ആണു് ഇളകിയാട്ടം. ഒരു ശൃംഗാരപദം ആടിക്കഴിഞ്ഞുവെന്നിരിക്കട്ടെ; നടൻ ആട്ടം അവിടെ അവസാനിപ്പിക്കാതെ നായികയുടെ കേശാദിപാദവൎണ്ണനയ്ക്കൊരുങ്ങുന്നു. ചില നടന്മാർ ഇളകിയാട്ടത്തിനു് ഉപയോഗിക്കുന്നതിലേക്കു് ചില ഛായാശ്ലോകങ്ങൾ പഠിച്ചുവച്ചിരിക്കും. അതുകൊണ്ടാണു് ഇളകിയാട്ടങ്ങൾ പ്രായേണ ഒരേ രീതിയിലായിപ്പോകുന്നതു്. എന്നാൽ അതിവിശിഷ്ടന്മാരായ അപൂൎവം ചില നടന്മാരുടെ ഇളകിയാട്ടം കാണേണ്ടതു തന്നെയാണു്.
വേഷവിധാനത്തിൽ കഥകളി നാടകത്തിൽനിന്നു വിഭിന്നമായിരിക്കുന്നു. നാടക-കൎത്ത ാക്കൾ വേഷത്തെ സംബന്ധിച്ചു കഴിയുന്നത്ര സ്വാഭാവികത വരുത്താൻ ശ്രമിക്കവേ, കഥകളിയിൽ പച്ച, കത്തി, കരി, താടി എന്നിങ്ങനെ പല ഭേദങ്ങൾ ഏൎപ്പെടുത്തിയിരിക്കുന്നു. ഇതു് ഒരു ന്യൂനതയാണെന്നു പറയുന്ന ചില രസികന്മാരെ കാണാം. എന്നാൽ ഒരു സംഗതി നാം പ്രത്യേകം ഓൎത്ത ിരിക്കേണ്ടതായിട്ടുണ്ടു്. ആട്ടക്കഥകൾ സാധാരണ മനുഷ്യരുടെ ജീവിതത്തെ പ്രതിപാദിക്കുന്നവയേ അല്ല; അത്ഭുതപുരുഷന്മാരാണു് അവയിലെ പാത്രങ്ങൾ. നാടകത്തിലെ രാവണനെ കണ്ടാൽ ‘അത്ഭുതവിക്രമധിക്കൃതശക്രപരാക്രമനാകിയ നക്തഞ്ചരാധിപതി’യാണെന്നു തോന്നുമോ? കഥകളിയിലെ രാവണനോ? വേഷവും അലൎച്ചയും ഒക്കേ കാണുന്ന മാത്രയിൽ തന്നെ, സാധാരണക്കാരിൽനിന്നു വ്യതിരിക്തനായ ഒരു അത്ഭുതപരാക്രമിയാണു് അവൻ എന്നു് ആൎക്കു ം തോന്നാതിരിക്കയില്ല. അതിനും പുറമേ ശൃംഗാരവീരരൗദ്രാദിഭാവങ്ങളുടെ സമ്യക്‍സ്ഫുരണത്തിനു് മുഖത്തു തേയ്ക്കുന്ന ചായങ്ങൾ സഹായിക്കയും ചെയ്യുന്നു.
കഥകളിയിൽ ‘പച്ച’ എന്ന ശബ്ദം കേവലം സാങ്കേതികമാകുന്നു. പച്ചയ്ക്കു് മഞ്ഞ, ചുവപ്പു്, നീലം, എന്നീ നിറഭേദങ്ങൾ വരുത്തുന്നതു് സാധാരണമാണു്. ക്ഷത്രിയന്മാരുടേയും അവരുടെ സചിവാദ്യനുചരന്മാരുടേയും വേഷം പ്രായേണ പച്ചയാണു്. പച്ച ആടിഫലിപ്പിക്കാൻ അധികം വിഷമമാണത്രേ. ദുഷ്ടപാത്രങ്ങളുടെ വേഷം കത്തിയാണു്. അതുതന്നെ കുറുംകത്തി, നെടുംകത്തി എന്നു രണ്ടു വിധത്തിലുണ്ടു്. എന്തു നിയമത്തെ അടിസ്ഥാനപ്പെടുത്തി, ഈ വിഭജനം ചെയ്തിരിക്കുന്നു എന്നു നിൎണ്ണയിപ്പാൻ തരമില്ല.
ഹനുമദാദിവാനരന്മാരാണു് താടിക്കാർ; എന്നാൽ ഹനുമാനു് വെള്ളത്താടിയാണെങ്കിൽ സുഗ്രീവനു ചുവന്ന താടിവേണമെന്നാണു് വ്യവസ്ഥ.
കാട്ടാളന്മാരുടെ വേഷമാണു് കരി. താടി, കരിവേഷം ഇവ കെട്ടുന്നവരെല്ലാം രാഗത്തിൽ അലറുന്നവരാണു്; എന്നാൽ ഓരോ വേഷത്തിന്റേയും അലൎച്ച ഓരോ മാതിരിയിൽ ആണു് ഇരിക്കേണ്ടതു്.
കഥകളിയിൽ സംഗീതവും സാഹിത്യവും ഭംഗിയായി സമ്മേളിച്ചിരിക്കുന്നു. സംഗീതപ്രയോഗം മുഴുവനും സോപാനരീതിയിലാണു്. എന്നാൽ ഈയിടയ്ക്കു് ദേശ്യസമ്പ്രദായവും പ്രയോഗിപ്പാൻ ചിലർ ആരംഭിച്ചിട്ടുണ്ടു്. ഇതു ശോഭനമായ പരിഷ്കാരമാണെന്നു പറവാൻ പാടില്ല. ഉചിതങ്ങളായ രാഗങ്ങളേയും ആടുന്നതിനു കൊള്ളാവുന്ന മട്ടുകളേയും തെരഞ്ഞെടുത്തു ഗാനങ്ങൾ നിൎമ്മിക്കുന്ന വിഷയത്തിൽ കോട്ടയം തമ്പുരാൻ, ഇരയിമ്മൻതമ്പി മുതലായ കവികൾ നല്ല സാമൎത്ഥ ്യം പ്രകടിപ്പിച്ചിട്ടുണ്ടു്.
അഞ്ഞൂറിൽപരം ആട്ടക്കഥകൾ ഇപ്പോൾ കേരളത്തിൽ നടപ്പുണ്ടെങ്കിലും അവയിൽ മിക്കവയും രസശൂന്യങ്ങളാണെന്നു നിസ്സംശയം പറയാം. പക്ഷേ മറ്റു സാഹിത്യപ്രസ്ഥാനങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണു്. ദേവദൂതന്മാർ കാലുവയ്ക്കാൻ മടിക്കുന്നിടത്തു് മൂഢാത്മാക്കൾ പാഞ്ഞു കേറുമെന്നുള്ള പഴഞ്ചൊല്ലു് നിരൎത്ഥ കമല്ല.
അവസാനമായി ചിന്തിപ്പാനുള്ളതു് കഥകളിയുടെ ഭാവിയേപ്പറ്റിയാണു്. അതിനു് അതിഭാസുരമായ ഒരു ഭാവിയുണ്ടെന്നു തോന്നുന്നു. ഇപ്പോൾതന്നെ ആട്ടക്കഥയ്ക്കു് അഖിലഭാരതപ്രശസ്തി ലഭിച്ചുകഴിഞ്ഞു. ഒരു വിദൂരസഞ്ചാരവും അചിരേണ നടത്തിയേക്കാനിടയുണ്ടു്. ശീമയ്ക്കുപോയി ‘സായു’വിന്റെ അഭിനന്ദനത്തോടുകൂടി തിരിച്ചു വന്നാൽ പിന്നെ മലയാളികളും അതിനെ വേണ്ടപോലെ ആദരിക്കാതിരിക്കുമോ? ഏതായിരുന്നാലും കഥകളിയുടെ കഥ തീൎന്നു എന്നു വിചാരിച്ചു് നെടുമൂച്ചിട്ടവൎക്കു് നിരാശയ്ക്കേ വഴികാണുന്നുള്ളു.
15.1 കൊട്ടാരക്കരത്തമ്പുരാന്റെ കൃതികൾ
തമ്പുരാന്റെ ഭാഷാകവിത പ്രായേണ അസമഞ്ജസമാണെന്നാണു് പണ്ഡിതാഭിപ്രായം. എന്നാൽ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഒരു ദൃശ്യകാവ്യത്തിനു് കവിത്വത്തിന്റെ സഹായം വേണമെന്നില്ല; കവിത്വമുള്ള കൃതികൾ രംഗത്തിൽ ഫലിക്കാതെയും വന്നേക്കാം. ഉത്തരരാമചരിതം നല്ല ഒരു കാവ്യമാണെങ്കിലും രംഗത്തിൽ പ്രയോഗിച്ചാൽ ലേശം പോലും ഫലിക്കുമെന്നു തോന്നുന്നില്ല. കിരാതം ആട്ടക്കഥയ്ക്കു് വലിയ കാവ്യഗുണമൊന്നുമില്ലെന്നു മാത്രമല്ല, അതു കാവ്യദോഷങ്ങളെക്കൊണ്ടു നിറഞ്ഞുമിരിക്കുന്നു. എന്നിട്ടും ആടാൻ കൊള്ളാവുന്ന കഥകളിൽ ഒന്നാണെന്നു സൎവസമ്മതമാകുന്നു. കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ കോട്ടയത്തിന്റെ കഥകളിൽ കാണുന്നമാതിരിയുള്ള പാണ്ഡിത്യപ്രകടനമോ കവിത്വശക്തിതന്നെയോ ഇല്ലെന്നിരുന്നാലും, അവ ഒട്ടു മുക്കാലും ആടാൻ കൊള്ളാവുന്നവയാണു്.
‘കലയ സദാ രഘുനായകം
വിബുധനികരകരവിഗളിതസുമകുല
വിലസിതനവമണി ഗണചൂഡം.കലയ
സമരധരോപരിഗതമൃഡശേഖരലസ-
ദുരതരശിശുശശിഫാല
വിധുഹൃദമൎഷിതമാനസനളിനീകനക
സരോരുഹ ദളനയന’
ഇത്യാദി പദങ്ങൾ നിൎമ്മിച്ച കവിയ്ക്കു് വാസനയില്ലായിരുന്നു എന്നു പറയാവുന്നതല്ല. അഥവാ ഒരു കവി എന്ന നിലയിൽ അദ്ദേഹം പണ്ഡിതജനങ്ങളുടെ പ്രശംസയ്ക്കു പാത്രമല്ലെന്നു വന്നാൽ തന്നെയും, കഥകളിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ സൎവഥാ സംസ്മരണീയനാണല്ലോ.
കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ, കഥകളിപ്രസ്ഥാനത്തിനു പിന്നീടു വന്നുകൂടീട്ടുള്ള ദൂഷ്യങ്ങളൊന്നുമില്ല. എല്ലാക്കഥകളുടേയും പ്രാരംഭത്തിൽ ഒരു ശൃംഗാരപദം വേണമെന്നു് പിൽക്കാലത്തേ കവികൾക്കു നിർബന്ധമുണ്ടായിരുന്നതുപോലെ തോന്നുന്നു. ഈ വിഷയത്തെ സംബന്ധിച്ചു് പ്രസിദ്ധ നിരൂപകനായിരുന്ന പി. കെ. നാരായണപിള്ള അവർകളുടെ അഭിപ്രായത്തെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു: “ശൃംഗാരപദങ്ങൾ സാധാരണ ആട്ടക്കഥകളിൽ കാണുമാറുള്ളതു് ഏകദേശം ഒരച്ചിൽ പിടിച്ചവ പോലെ തോന്നുന്നു. പിന്നെയും ഒരു വിശേഷമുള്ളതു് ഭാര്യാഭൎത്ത ാക്കന്മാരുടെ സംവാദങ്ങളിൽ സ്ത്രീപുരുഷന്മാരുടെ ഹൃദയഭേദം അറിവില്ലാത്ത കവികൾ പുരുഷന്മാർകൂടി ചെയ്യാത്ത പ്രാൎത്ഥ നകൾ സ്ത്രീകളുടെ മുഖങ്ങളിൽനിന്നും പുറപ്പെടീച്ചിരിക്കുന്നതാകുന്നു. ഇതിനു ദൃഷ്ടാന്തങ്ങൾ, സിംഹധ്വജചരിതത്തിൽ,
‘കാന്തേ ശൃണു നീ മാമകവാക്യം പൈന്തേൻ വാണിമണേ
ശാന്തേ മാനിനി സാമജഗാമിനി
ചാന്തേലുംമുലമാർകുലമഹിതേ,’
ഇങ്ങനെ തുടങ്ങി കാമന്റെ പരാക്രമങ്ങളെ വൎണ്ണിച്ചു് അതിനിടയ്ക്കുദ്യാനത്തിൽ പ്രവേശിച്ചു് രാജാവു് ചെയ്യുന്ന പ്രാൎത്ഥ നകൾക്കു് ഉത്തരമായി ഭാര്യ പറയുന്ന വാക്കു്,
‘വാരിജാസ്ത്രചാരുരൂപ ദൂരിതപാപ
മാരകേളിചെയ്‍വതിന്നു പാരമുണ്ടു മോഹമിന്നു്
സോമബിംബമിതു കാൺക മാമകപ്രാണനായക
കാമകേളി ചെയ്തീടുവാൻ താമസിച്ചീടൊല്ലേ ഭവാൻ.’
ഇത്യാദി അസഭ്യപദമാക്കിത്തീൎത്ത ിരിക്കുന്നു. ഈ സ്ത്രീയേ ശാന്തേ എന്നു രാജാവിനേക്കൊണ്ടു് സംബോധനം ചെയ്യിച്ച കവി എത്രമാത്രം കഥയില്ലായ്കയേ പ്രദൎശിപ്പിക്കുന്നു! പ്രായേണ ആട്ടക്കഥകളിൽ ദമ്പതീസംഭാഷണങ്ങളുടെ വിഷയങ്ങൾ കാമദേവനും ചന്ദ്രനും കോകിലജാലവും കേളിസൗധവും മന്ദപവനനും കേകീജാലവും ഇവയോടു ചേർന്നു മറ്റു സാമഗ്രികളും മാത്രമാണെന്നു് അനേകകഥകളെക്കൊണ്ടു തെളിയിക്കാവുന്നതാണു്. ഇതിൽ ദേവേന്ദ്രൻ മുതലായ സ്ത്രീലമ്പടന്മാരേയും, അംബരീഷൻ മുതലായ പരമഭക്തന്മാരെയും കവികൾ ഒരേ നുകത്തിൽ കെട്ടിക്കാണുന്നതു് വളരെ കഷ്ടമായിരിക്കുന്നു. നവോഢാകളെക്കൊണ്ടുപോലും.
‘മുല്ലസായകതുല്യ നിന്നെ ലഭിച്ചതോൎത്ത ാൽ
നല്ല പുണ്യമിന്നല്ലോ സഫലം മമ
മുല്ലസായക കേളിയാടുക മോഹനാംഗ
ഫുല്ലകമലദളലോചന വിരവൊടു്.’
എന്നു പറയിക്കുന്ന കവിയ്ക്കു് സ്ത്രീഹൃദയജ്ഞാനത്തിന്റെ കണികപോലും ഉണ്ടെന്നു പറയാമോ?” മഹാകവി ഉണ്ണായിവാര്യരാകട്ടെ, ആ മാതിരി രംഗത്തെ,
‘കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻ തൊഴും മൊഴി നിശമ്യ വിദർഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തൎമ്മുദാ പുരവരേ സഹ തേന രേമേ.’
എന്ന ശ്ലോകത്തിലാക്കിക്കളഞ്ഞു. ഈ മാതിരി ന്യൂനത കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ കാണ്മാനേ ഇല്ല. ചില കഥകളിൽ ശൃംഗാരമേ ഇല്ലതാനും. വേഷവൈവിധ്യത്തിനുവേണ്ടി പുരാണകഥയ്ക്കു ബാഹ്യമായ പാത്രങ്ങളെ അവതരിപ്പിക്കുന്ന സമ്പ്രദായവും അദ്ദേഹം സ്വീകരിച്ചു കാണുന്നില്ല.
തമ്പുരാൻ തീരെ അവ്യുൽപന്നനെന്നു പറഞ്ഞുകൂട. പ്രസിദ്ധന്മാരായ പൂൎവകവികളിൽ പലരുടേയും ആശയവിശേഷങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ അവിടവിടെ കാണ്മാനുണ്ടു്. കോട്ടയം കേരളവൎമ്മയുടെ രാമായണംപോലും അദ്ദേഹം വായിച്ചിട്ടുണ്ടെന്നുള്ളതിനു് താഴെ ചേൎത്ത ിരിക്കുന്ന ഭാൎഗ്ഗവരഘുരാമന്മാരുടെ സംവാദം സാക്ഷ്യം വഹിക്കുന്നു.
ഭാൎഗ്ഗവരാമൻ: രേ രേ രാഘവ രാമ
രാജകുലാധമ നിന്നുടെ ചരിതം
രാജസമധികമനോജ്ഞം
രഘുരാമൻ: ഭാൎഗ്ഗവ മുനിവര രാമ
ശസ്ത്രവുമേന്തിയണഞ്ഞതു കണ്ടി-
ട്ടത്ര നിനച്ചേൻ മുനിവരനെന്നും
ഭാൎഗ്ഗവരാമൻ: വൃദ്ധതരമാമൊരു നിശിചരിയെ നീ
തത്ര ഹനിച്ചതു യുക്തമഹോ!രേ രേ
രഘുരാമൻ: അവൾ മമ മാതാവല്ല മുനീന്ദ്ര
ശുഭതരചരിതമഹാത്മൻഭാർഗ്ഗ
ഭാൎഗ്ഗവരാമൻ: ക്ഷത്രിയവംശമശേഷം കൃത്തം
ചെയ്തവനഹമിതി കേട്ടില്ലേ നീ?രേ രേ
രഘുരാമൻ: സത്യമഹോ നീ ചൊന്നതു ഭാൎഗ്ഗവ
ഉത്തമ ഞാനെവനാകുന്നു മുനേ?ഭാൎഗ്ഗ
ഈ ഭാഗങ്ങൾ വായിക്കുമ്പോൾ പ്രസ്തുത കവിയും കേരളവൎമ്മരാമായണവുമായി നല്ല പരിചയം ഉണ്ടായിരുന്നു എന്നു് നമുക്കു് മനസ്സിലാക്കാം. അതുകൊണ്ടു് കൊട്ടാരക്കര രാജാവിന്റെ കാലം ൮൫൯-നു ശേഷമായിരുന്നു എന്നും നിശ്ചയിക്കാം. ൮൮൨-ാമാണ്ടിനു മുമ്പു് രചിക്കപ്പെട്ടതും ൮൭൧-ലെ മാമാങ്കമഹോത്സവം വൎണ്ണിക്കുന്നതും ആയ പഴയ പാട്ടിൽ,
‘കൃഷ്ണനാട്ടങ്ങളും രാമനാട്ടങ്ങളും
കൃഷ്ണഭക്തന്മാർചരിത്രപാഠങ്ങളും’
എന്നിങ്ങനെ രാമനാട്ടത്തെപ്പറ്റിയുള്ള പ്രസ്താവം കാണുന്നതുകൊണ്ടു് ൮൫൯-നും ൮൮൯-നും മദ്ധ്യേ ആയിരുന്നു എന്നു് നിസ്സംശയം പറയാം. സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ പ്രസംഗവശാൽ ‘വീരകേരളവർമ്മ’യെപ്പറ്റി ഞാൻ പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ തിരുവിതാംകൂർ ചരിത്രം എഴുതുന്ന കാലത്തു് കൂടുതൽ ഗവേഷണം ചെയ്യേണ്ടതായി വരികയും ‘സ്റ്റേറ്റു് മാന്വലി’നെ ആസ്പദമാക്കി സാഹിത്യചരിത്രത്തിൽ ചെയ്തിട്ടുള്ള പ്രസ്താവം അടിസ്ഥാനരഹിതമാണെന്നു തെളിയുകയും ചെയ്തു. ഇരവിക്കുട്ടിപ്പിള്ളയുടെ കാലത്തു് നാടു വാണിരുന്നതു് വീരരവിവർമ്മ ആയിരുന്നു എന്നു് തിരുവിതാംകൂർചരിത്രത്തിൽ സപ്രമാണം ഞാൻ തെളിയിച്ചിട്ടുണ്ടു്. അന്നും ഒരു വീരകേരളവർമ്മ ഉണ്ടായിരുന്നു; എന്നാൽ അദ്ദേഹം ദേശിങ്ങനാട്ടു രാജാവായിരുന്നു. കുറച്ചുകാലം കഴിഞ്ഞു് അദ്ദേഹത്തിനു് രവിവർമ്മതമ്പുരാൻ തൃപ്പാപ്പൂർ മൂപ്പുസ്ഥാനം നൽകയും ചെയ്തിട്ടുണ്ടു്.
“൭൮൬-ാമതു പൂരുട്ടാതി മാതം ൬-നു പൂരം നാൾ തിക്കുറിച്ചിയിൽ കോയിക്കൽ എഴുന്നള്ളിയിരുന്നു മുടിഞ്ഞരുളിയതു്. നാളതു മുതൽ നായിനാരു് ഇരവിവൎമ്മ ഇരുന്നരുളിയിടത്തിൽ പണ്ടാരത്തിൽ മൂപ്പു വാണു. ൮൩൬-ാമതു ആവണിമാതം ൧൧-നു തൃക്കേട്ടനാൾ തിരുവനന്തപുരത്തു് ചീപാതത്തു കോവിലിൽ എഴുന്നള്ളിയിരുന്നു് മുടിഞ്ഞരുളിയതു് നാളതു മുതൽ നായിനാരു രാമവൎമ്മ മൂപ്പു വാണു” എന്നൊരു രേഖയുള്ളതിനു പുറമേ ൭൯൫-ലെ ശ്രീപത്മനാഭക്ഷേത്രവരിയിൽനിന്നു്, ശ്രീവീരകേരളവൎമ്മ ദേശിങ്ങനാട്ടു രാജാവായിരുന്നെന്നും അക്കൊല്ലത്തിൽ അദ്ദേഹത്തിനു് നാടുവാഴുന്ന തമ്പുരാൻ തൃപ്പാപ്പൂർ മൂപ്പു് സ്ഥാനം നല്കിയെന്നും അദ്ദേഹം ൮൨൬-ൽ നാടുനീങ്ങി എന്നും നമുക്കു ഗ്രഹിക്കാം. ഇവയ്ക്കു പുറമേ ൮൬-ലെ ഒരു രേഖയിലും ഈ ദേശിങ്ങനാട്ടു വീരകേരളവൎമ്മയെപ്പറ്റി പ്രസ്താവമുണ്ടു്. വേറെ ഒരു വീരകേരളവൎമ്മ അതിനടുത്തെങ്ങും വേണാടു വാണിട്ടുമില്ല. അതുകൊണ്ടാണു് കൊട്ടാരക്കരത്തമ്പുരാൻ നെടുമങ്ങാട്ടു രാജാവായിരുന്ന വീരകേരളവൎമ്മയുടെ ഭാഗിനേയനായിരുന്നു എന്നു് ഞാൻ പറഞ്ഞതു്. ആ കേരളവൎമ്മയെ എളയിടത്തുസ്വരൂപത്തിലുള്ളവർ സഹായിച്ചു എന്നുള്ളതും ഈ ഊഹത്തിനു് ഉപോദ്ബലകമായിരിക്കുന്നു.
15.2 കോട്ടയം തമ്പുരാൻ
കഥകളിയ്ക്കു് ഭാഷാസാഹിത്യത്തിൽ ഒരുത്തമസ്ഥാനം സമ്പാദിച്ചുകൊടുത്തതു് കോട്ടയം തമ്പുരാനായിരുന്നു. ഈ പ്രൗഢകവിയുടെ കാലത്തേപ്പറ്റിയും ഭിന്നാഭിപ്രായങ്ങൾ ഉണ്ടു്.
‘അസ്തി സ്വവിത്താൎജ്ജ ിതവീര്യധാമ്നാം
ശാസ്താ ഹരിശ്ചന്ദ്രകുലോദ്ഭവാവാം
പൃത്ഥ്വീപതീനാം പുരളീതി നാമ്നാ
പുരീ പുരാരാതിനിഷേവകാനാം
ശ്രീമാനനൎഘഗുണശാലിതയാ നൃപാണാം
ഭൂഷായിതോ നിജകരാത്തസമസ്തതേജാഃ
കാമപ്രദാനമിതകല്പമഹീരുഹസ്സ
ചിന്താമണിൎജ്ജ യതി കേരളവൎമ്മനാമാ
തദനന്തരജേന നിൎമ്മിതം തദിദം പാണ്ഡഭുവാം കഥാമൃതം
സ്വദതേ സ്വദതാം ദയാലവൈര്യദുനാഥാംഘ്രി സമൎപ്പിതാത്മനാം.’
എന്നിത്യാദി വന്ദനശ്ലോകങ്ങളിൽനിന്നും നമുക്കു് അറിയാവുന്നതു് ഇക്കവി ഒരു കോട്ടയം കേരളവൎമ്മയുടെ അനുജനോ അനന്തരവനോ ആയിരുന്നു എന്നു മാത്രമാണു്. ഏതു കേരളവൎമ്മ? കവിയുടെ പേരെന്തു്? അദ്ദേഹം ഏതു കാലത്തു് ജീവിച്ചിരുന്നു എന്നീ സംഗതികൾ അറിയുന്നതിനു് ഈ ശ്ലോകങ്ങൾ സഹായിക്കുന്നില്ല. കോട്ടയം രാജവംശത്തിനു് വളരെ പഴക്കമുണ്ടെന്നുള്ളതിനു് സംശയമില്ല. എന്നാൽ ക്രമേണ ഈ വംശം കോലത്തിരിയുടെ പ്രതാപത്തിനു് കീഴ്‍പ്പെട്ടിരിക്കേണ്ടി വന്നു. കോട്ടയം താലൂക്കു മുഴുവനും കോലത്തിരിയ്ക്കു സ്വാധീനമായി. പക്ഷേ ഏറെക്കാലം കഴിയുംമുമ്പുതന്നെ പുരളീശന്മാർ കോട്ടയം വീണ്ടെടുത്തു എന്നു മാത്രമല്ല, അതിനു ചുറ്റുമുള്ള ദേശങ്ങളും സ്വാധീനപ്പെടുത്തി. വയനാട്ടിൽ കുറുമ്പ്രനാട്ടുരാജാവിനു് ഭാഗിച്ചുകൊടുത്തിരുന്ന സ്ഥലം ചില വാദങ്ങൾ പുറപ്പെടുവിച്ചു് അവർ പിടിച്ചെടുത്തതായി മലയാള ചരിത്രത്തിൽ കാണുന്നു. ക്രിസ്താബ്ദം പതിനഞ്ചാം നൂറ്റാണ്ടു് അവസാനിക്കുന്നതിനു് മുമ്പുതന്നെ താമരശ്ശേരിനാടും അവർ കൈവശപ്പെടുത്തുകയുണ്ടായി. ഇങ്ങനെ കൊല്ലവർഷം ഏഴാം ശതകത്തിന്റെ ചതുൎത്ഥ പാദത്തിൽ അതിബലവാനായ ഒരു കോട്ടയം രാജാവിനെ ആണു് നാം കാണുന്നതു്. അക്കാലത്തു് ആ രാജകുടുംബം മൂന്നു ശാഖകളായി പിരിഞ്ഞു. അതിൽ പടിഞ്ഞാറേ കോവിലകം പഴശ്ശിയിലും, കിഴക്കേ കോവിലകവും തെക്കേ കോവിലകവും കോട്ടയത്തും ആണു് സ്ഥാപിച്ചിരുന്നതു്. വയനാടു് കീഴടക്കിക്കഴിഞ്ഞപ്പോൾ അവർ മാനന്തവാടി എന്ന സ്ഥലത്തെ തലസ്ഥാനമാക്കി.
൧൭൨൫-ാമാണ്ടിടയ്ക്കു് കോട്ടയം രാജാവു് ഇംഗ്ലീഷുകാരുമായി സഖ്യം ചെയ്തു. കണ്ണൂറിലെ ആലിരാജാവുമായുള്ള യുദ്ധത്തിൽ കോട്ടയം ഇംഗ്ലീഷുകാൎക്കു ് അനുകൂലിയായി നിന്നു് വേണ്ട സഹായങ്ങൾ ചെയ്തിട്ടുണ്ടു്. ൧൭൫൬-ൽ യൂറോപ്പിൽ ആരംഭിച്ച സപ്തവൎഷയുദ്ധ കാലത്തും കോട്ടയം ഇംഗ്ലീഷുകാൎക്കു് പിന്തുണയായി നിന്നുവെന്നുള്ളതിനു് രേഖകൾ കാണുന്നു. ഹൈദരുടെ ആക്രമണകാലത്തു് ഇംഗ്ലീഷ്ഈസ്റ്റിൻഡ്യാകമ്പനിയോടു യോജിച്ചു നിന്ന ഏകവടക്കൻമലയാളരാജ്യം കോട്ടയമായിരുന്നു. ടിപ്പു മലയാളക്കര ആക്രമിച്ചപ്പോൾ, കോട്ടയം, കടത്തനാടു്, ചിറയ്ക്കൽ മുതലായ രാജ്യങ്ങൾ പരിഭ്രമിച്ചു. എന്നാൽ കമ്പനിക്കു് മിത്രങ്ങളായിത്തീരുന്ന എല്ലാ രാജാക്കന്മാരേയും ശത്രുക്കളിൽനിന്നു രക്ഷിക്കുന്നതാണെന്നുള്ള ഒരു വിളംബരം കോറൺവാളിസ്പ്രഭു പ്രസിദ്ധീകരിച്ചപ്പോൾ, ആ രാജാക്കന്മാൎക്കു് ധൈര്യമായി. അവരെല്ലാം കമ്പനിയോടു സഖ്യം ചെയ്തു. മൈസൂർപടക്കാലത്തു് വടക്കൻരാജാക്കന്മാരിൽ പലരും തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. കോട്ടയം രാജവംശത്തിൽ പിന്നീടു് ചരിത്രപ്രസിദ്ധനായിത്തീർന്ന പഴശ്ശിരാജാവു മാത്രം നാടു വിട്ടില്ല. വലിയ തമ്പുരാൻ സ്വമാതാവിനോടുകൂടി തിരുവനന്തപുരത്തേക്കു പൊയ്ക്കളഞ്ഞു. ൧൭൮൨-ൽ കോട്ടയവും, കടത്തനാടും, ഇരുവാഴിനമ്പ്യാരും ഇംഗ്ലീഷ് കമ്പനിയുടെ രക്ഷയിൻകീഴിൽ വന്നു. ടിപ്പുവുമായുള്ള യുദ്ധം അവസാനിച്ചപ്പോൾ, നാട്ടുരാജാക്കന്മാരെല്ലാം വല്ലാതെ തളൎന്നു കഴിഞ്ഞിരുന്നു. നികുതി ശരിയായി പിരിയാതെ വന്നു. അന്തഃഛിദ്രങ്ങളും വൎദ്ധിച്ചു. ഒടുവിൽ രാജ്യഭരണം കമ്പനിയെത്തന്നെ ഏല്പിക്കേണ്ടതായും വന്നു.
കോട്ടയത്തെ വലിയതമ്പുരാൻ തിരുവനന്തപുരത്തേയ്ക്കു പോയ കാലത്തു പടിഞ്ഞാറേകോവിലകത്തു് കേരളവൎമ്മ എന്നു പേരായ ഒരു രാജാവു് നാട്ടിൽതന്നെ താമസിച്ചിരുന്നു. അദ്ദേഹം ധീരനും പരാക്രമിയും ഇംഗ്ലീഷുകാരുടെ ഉറ്റമിത്രവും ആയിരുന്നു. യുദ്ധമെല്ലാം ശമിച്ചു സമാധാനം പുനഃസ്ഥാപിതമായപ്പോൾ കോട്ടയം നികുതി പിരിക്കുന്ന ചുമതല കമ്പനി അദ്ദേഹത്തിന്റെ അമ്മാമനായ കുറുംപ്രനാട്ടു രാജാവിനെ ആണു് ഏല്പിച്ചതു്. അതുകൊണ്ടു് അദ്ദേഹത്തിനു് കമ്പനിയോടു് നീരസം ജനിച്ചു. കമ്പനിയുടെ ആജ്ഞ വകവയ്ക്കാതെ നികുതിപിരിവു് കേരളവൎമ്മ തന്നെ തുടങ്ങി. അങ്ങനെ ഇരിക്കെ ൧൭൯൩-ൽ കടോലിയിലെ മാപ്പിളമാർ ഒരു പള്ളി കെട്ടുന്നതിനു് അനുവാദം ചോദിച്ചു. പൂൎവാചാരം അനുസരിച്ചു് തിരുമുല്ക്കാഴ്ച വച്ചാൽ പള്ളി കെട്ടാൻ അനുവദിക്കാമെന്നു് അദ്ദേഹം പറഞ്ഞു. അവർ അതൊന്നും ചെയ്യാതെ പള്ളി കെട്ടിത്തുടങ്ങി. അതുകേട്ടു് കുപിതനായ രാജാവു് കല്ലിയാടൻ ഏമൻ എന്നയാളെ, മാപ്പിളത്തലവനായ കുട്ടിയാലിയെ പിടിച്ചുകൊണ്ടുവരാനായി നിയോഗിച്ചു. കുട്ടിയാലി എമനെ കൊന്നുകളഞ്ഞു. അതു കണ്ടു് എമന്റെ ആളുകൾ ആലിയേയും നിഗ്രഹിച്ചു. ഈ വിവരം അറിഞ്ഞപ്പോൾ പഴശ്ശിരാജാവു് കടോലിലുള്ള എല്ലാ മാപ്പിളമാരേയും കൊന്നുകളയാനായി ഒരു സൈന്യത്തെ അയച്ചു. ഒട്ടു വളരെ മാപ്പിളമാർ കൊല്ലപ്പെടുകയും ചെയ്തു. കമ്പനിക്കാർ ഇതൊക്കെക്കണ്ടുകൊണ്ടു് അടങ്ങിയിരുന്നില്ല. ലഹള ഒതുക്കുന്നതിലേക്കു ഒരു സേനാവിഭാഗത്തെ കടോലിലേക്കും, മറ്റൊന്നിനെ പഴശ്ശിയിലേക്കും അയച്ചു. ലഹള ശമിച്ചു. എങ്കിലും ഇരുവാഴിനാട്ടു നമ്പ്യാരുടെ ആശ്രിതന്മാരിൽ ഒരാളെ മാപ്പിളമാർ കൊന്നതിനേ തുടർന്നു് നമ്പ്യാർ മൂന്നു മാപ്പിളമാരെ നിഗ്രഹിച്ചിട്ടു് രാജാവിന്റെ അടുക്കൽ അഭയംപ്രാപിച്ചു. ഈ നമ്പ്യാരെ വിട്ടുകൊടുപ്പാൻ കമ്പനി ആജ്ഞാപിച്ചതിനെ പഴശ്ശി വകവെച്ചില്ല. ഇതെല്ലാംകൊണ്ടു് ൧൭൯൬-ൽ കോട്ടയം ബാക്കി നികുതി പിരിക്കുന്നതിനും രാജാവിനെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്‍വാനും ബോംബേ ഗവൎണ്ണരുടെ കല്പന വന്നു. ലഫ്ടനന്റു് ജോസ് ഗോൎഡൻ പഴശ്ശിക്കോട്ട വളഞ്ഞു. എന്നാൽ രാജാവാകട്ടേ നാലുദിവസങ്ങൾക്കു മുമ്പേതന്നെ മനത്താനക്കാടുകളിൽ ഒളിച്ചുകളഞ്ഞു. മലകളിൽ താമസിച്ചുകൊണ്ടു് അദ്ദേഹം കുട്ടിയാടിച്ചുരം വഴിയായുള്ള വ്യാപാരത്തെ തടഞ്ഞുനിൎത്ത ി. ഇതിനിടയ്ക്കു് കമ്പനിയുടെ പ്രേരണയാൽ കടത്തനാട്ടുരാജാവു് ഉദ്യോഗത്തിൽനിന്നു പിരിച്ചുവിട്ട കായത്തിരിഅമ്പുവും അദ്ദേഹത്തിനോടു ചേൎന്നു. അയാൾ തമ്പുരാന്റെ ഒരു ഉറ്റമിത്രമായിരുന്നത്രേ. ഇവരുടെ ഉപദ്രവം സഹിക്കവയ്യാതെ കമ്പനി രാജാവിനേയും കൂട്ടരേയും നാട്ടുകാരാരും സഹായിച്ചുകൂടെന്നും, അങ്ങനെ ചെയ്താൽ അവരുടെ വസ്തുക്കൾ കണ്ടുകെട്ടുമെന്നും ഒരു വിളംബരം ൧൭൯൬-ൽ പ്രസിദ്ധീകരിച്ചു. പഴശ്ശിയും ആൾക്കാരും പരിഭ്രമിച്ചു് കാർക്കൽ കോട്ടയിൽ ചെന്നു് ടിപ്പുവിന്റെ കില്ലേദാരുമായി സഖ്യം ചെയ്തു. പിന്നീടു് അവർ ഇംഗ്ലീഷ് സൈന്യങ്ങളെ പലേ സ്ഥലങ്ങളിൽ വെച്ചു തോല്പിച്ചു് പഴശ്ശിക്കോട്ട സ്വാധീനപ്പെടുത്തി. അനന്തരം വയനാട്ടിൽനിന്നു സമതല പ്രദേശങ്ങളിലേക്കുള്ള വഴികളെല്ലാം സ്വാധീനപ്പെടുത്താൻ നോക്കി. അദ്ദേഹത്തിനെതിരായി അയയ്ക്കപ്പെട്ട കൎണ്ണൽ ഡൗവിനെ അദ്ദേഹം വളരെ കഷ്ടപ്പെടുത്തി; മേജർ കാമറോണിന്റെ കീഴിൽ ഉണ്ടായിരുന്ന ഒരു സൈന്യത്തെ നിൎമ്മൂലനാശം വരുത്തി. പിന്നീടു് ചിറയ്ക്കൽ രാജാവിന്റേയം പരപ്പനാട്ടുരാജാവിന്റേയും സഹായത്താലാണു് ലഹള ശമിച്ചതു്. ഈ രാജാക്കന്മാരുടെ ഉപദേശപ്രകാരം ൧൭൯൭-ൽ ഇംഗ്ലീഷുകാരുമായി ഒരു ഉടമ്പടിക്കു് അദ്ദേഹം വശപ്പെട്ടു. അദ്ദേഹത്തിനു കമ്പനി മാപ്പുകൊടുത്തു; അനന്തരം തിരുവനന്തപുരത്തു പോയി താമസിച്ചിരുന്ന വലിയ രാജാവിനെ വിളിച്ചുവരുത്തിച്ചു് അദ്ദേഹവുമായി ഒരു പുതിയ കരാറു ചെയ്തു. രാജാവിനു് ൮൦൦൦ രൂപ മാലിഖാനയും നിശ്ചയിച്ചു. എന്നാൽ സമാധാനം നിലനിന്നില്ല. ടിപ്പുവിന്റെ മരണാനന്തരം ഇംഗ്ലീഷുകാൎക്കു് വയനാടു ലഭിച്ചു. അതിന്മേലുള്ള അവകാശം തനിക്കാണെന്നു വാദിച്ചുകൊണ്ടു് പഴശ്ശി വീണ്ടും കമ്പനിക്കാരെ എതിൎത്തു തുടങ്ങി. ഗവൎണ്ണർ ജനറലാകട്ടെ, ഇനി ഈ രാജാവിന്റെ മദം ശമിപ്പിക്കതന്നെ വേണം എന്നു നിശ്ചയിച്ചു് സർ ആർതർവെല്ലസ്ലിയെ അതിലേക്കു നിയോഗിച്ചു. പല പ്രമാണികളും രാജാവിനോടു ചേൎന്നു. എന്നിട്ടും ഫലമുണ്ടായില്ല. പഴശ്ശി വീണ്ടും കാടുകളെ അഭയം പ്രാപിച്ചു. ൧൮൦൧-ൽ കമ്പനി മലയാളനാട്ടിനെ ഒരു കളക്ടരുടെ കീഴിലാക്കി. എന്നാൽ കളക്ടരായ് നിയമിക്കപ്പെട്ട മേജർ മാക്ലോഡിനു് മലയാളത്തെപ്പറ്റി ഒരു പരിചയവും ഇല്ലാതിരുന്നതിനാലും സ്വതന്ത്രരായി ഇതേവരെ ഇരുന്ന മലയാളികൾക്കു് ഈ പുതിയ ഭരണക്രമണം അരാചകമായ് ഭവിച്ചതിനാലും നാട്ടിൽ അസ്വസ്ഥത വൎദ്ധിച്ചു. ൧൮൦൨-ൽ ഒരു ശിപായി ഒരു കുറുച്ചിയന്റെ മാടത്തിൽച്ചെന്നു് കുറെ നെല്ലു് ആവശ്യപ്പെട്ടു. അപ്പോൾ ലഹളക്കാരിൽ പ്രധാനിയായിരുന്ന ഇടച്ചെന്ന കുഞ്ഞൻ ആ ശിപായിയെ കൊന്നുകളഞ്ഞു. കുറിച്ചിയരും ഇളകിവശായി. നൂറ്റിഅമ്പതോളം ആളുകൾ തലക്കൽ ചന്തു എന്നൊരുവന്റെ നേതൃത്വത്തിലും ഇടച്ചെന്ന കുഞ്ഞന്റെ സഹായത്തോടുകൂടിയും പനമരക്കോട്ട ആക്രമിച്ചു കൈവശപ്പെടുത്തി; അവിടെയുണ്ടായിരുന്ന ഭടന്മാരെ എല്ലാം വാളിന്നു് ഇരയാക്കി. പിന്നീടു് വടക്കേ മലയാളം മുഴുവനും കൊള്ളചെയ്തുതുടങ്ങി. ൧൮൦൩ ആയപ്പോഴെക്കും ലഹളക്കാരോടു് പ്രമാണികളിൽ പലരും ചേൎന്നു. ഇങ്ങനെ വൎദ്ധിതബലവാനായിത്തീർന്ന ലഹളത്തലവൻ അക്കൊല്ലം തന്നെ പഴശ്ശിയെ സഹായിപ്പാൻ കോട്ടയത്തു് എത്തി. ലഹള ഒതുക്കാൻ ഒട്ടു വളരെ ശ്രമം ചെയ്യേണ്ടിവന്നു. എന്നാൽ പഴശ്ശിയെ പിടിക്കാൻ അവർക്കു സാധിച്ചില്ല. ൧൮൦൫-ൽ അദ്ദേഹവും കൂടെയുണ്ടായിരുന്ന അഞ്ചു് ലഹളത്തലവന്മാരും മരിച്ചു. പടയാളികൾ രാജാവിന്റെ മൃതശരീരത്തെ പല്ലക്കിൽ കേറ്റി പിറ്റേദിവസം തന്നെ മാനന്തവാടിക്കയച്ചു. അവിടെ വെച്ചു് മൃതശരീരം യഥാവിധി സംസ്കരിക്കപ്പെടുകയും ചെയ്തു. ഇതാണു് കോട്ടയം രാജവംശത്തിന്റെ സംക്ഷിപ്തചരിത്രം.
ബകവധം കഥകളിയിലെ ‘ഇനിയും ക്ഷമിക്കയെന്നതീടെറും ഭവാനെങ്കിൽ, കനിവോടെ കേൾക്ക മേലിൽ കാടേഗതി നമുക്കു്’ എന്ന വാക്യം അറമായിത്തീരുകയാൽ, ആ അനുഭവം കവിയ്ക്കുണ്ടായെന്നും, അദ്ദേഹംതന്നെയാണു് ഈസ്റ്റിൻഡ്യാകമ്പനിയോടു പൊരുതി മരിച്ച പഴശ്ശിരാജാവെന്നും പറയാറുണ്ടത്രേ. ഞാൻ കേട്ടിട്ടുള്ളതു് അങ്ങനെയല്ല. അതു് അറമായിത്തീൎന്നു പോയതിനാൽ, കോട്ടയംരാജാക്കന്മാർ ഒടുവിൽ കാടുകേറേണ്ടതായി തീൎന്നു പോയെന്നും, കഥകളീകൎത്ത ാവുതന്നെ ഒടുവിൽ ശത്രുക്കളാൽ പിടിക്കപ്പെട്ടു കാരാഗൃഹത്തിലടയ്ക്കപ്പെട്ടു എന്നും, അവിടെ കിടന്നാണു് അദ്ദേഹം ചരമഗതിയെ പ്രാപിച്ചതെന്നുമാണു്. ഏതായിരുന്നാലും ഇംഗ്ലീഷുകാരോടു പടവെട്ടിയ പഴശ്ശിരാജാവിന്റെ പേർ കേരളവൎമ്മ എന്നായിരുന്നു എന്നതിനും തെളിവുണ്ടു്. കഥകളിയുടെ കൎത്ത ാവു് ആ കേരളവൎമ്മയുടെ ഭാഗിനേയനായിരുന്നു എന്നു് ചിലർ അതുകൊണ്ടു് ഊഹിക്കുന്നു. ഈ രണ്ടു ഊഹങ്ങളും സാധുവല്ലെന്നുള്ളതിനു് മഹാകവി ഉള്ളൂർ പറയുന്ന സമാധാനം ഇതാണു്. “തിരുവിതാംകൂർ കാൎത്ത ികതിരുനാൾ മഹാരാജാവു് തിരുമനസ്സിലെ രാജ്യഭരണകാലത്തിന്റെ അവസാനത്തിലാണു് കോട്ടയത്തു രാജാവു് ജീവിച്ചിരുന്നതെന്നു വാദിക്കയാണെങ്കിൽ അതിനു മുമ്പായിരുന്നു അശ്വതിതിരുനാൾ തിരുമേനിയുടേയും മറ്റും കാലം എന്നു സമ്മതിക്കേണ്ടതായ് വരുന്നു. അതു് അത്യന്തം അനുപപന്നം ആണു്.” എന്തുകൊണ്ടു് അനുപപന്നം എന്നു വ്യക്തമാക്കീട്ടില്ല. ൮൪൦-ാമാണ്ടിടയ്ക്കു് നളചരിതം ആട്ടക്കഥ നിൎമ്മിക്കപ്പെട്ടു എന്നു വാദിക്കുന്ന മഹാകവി ഉണ്ണായിവാര്യരെ കോട്ടയത്തിനു മുമ്പു ജീവിച്ചിരുന്നതായി വരുത്തി. അശ്വതിയും അതുപോലെ കോട്ടയം വിദ്വാൻ തമ്പുരാന്നു മുമ്പു ജീവിച്ചിരുന്നു എന്നു വരരുതോ? പാലാഴിമഥനം എന്ന അപ്രകാശിതമായ കൃതിയിൽ ‘മാതലേനിശമയ മാമകവചനം’ എന്ന നിറം എന്നെഴുതിക്കാണുന്നതു് ഒരു തെളിവായി ഹാജരാക്കപ്പെടാവുന്നതല്ല. അങ്ങനെ എഴുതിയിരിക്കുന്നതു് കവി ആയിരിക്കണമെന്നില്ല; ലേഖകന്റെ കൈക്കുറ്റപ്പാടാണെന്നു വരും. രണ്ടാമതു് ആ തെളിവിനു് ഒരു ന്യൂനതകൂടിയുണ്ടു്. പാലാഴിമഥനം കഥ ആരുടേതു്? കവി എന്നു ജീവിച്ചിരുന്നു? ഇത്യാദി കാര്യങ്ങൾ സ്ഥാപിതമാകേണ്ടിയുമിരിക്കുന്നു. “ആകെക്കൂടി നോക്കുമ്പോൾ സ്വാരസ്യത്തിന്റെ ന്യൂനത നിമിത്തം വിദ്വജ്ജനങ്ങൾക്കു് അതുവരെ അനാദരണീയമായ്തോന്നിയിരുന്ന കഥകളിയുടെ ജീവാതുവായ് ജീവിച്ചതു് കോട്ടയം തമ്പുരാൻ തന്നെയാണെന്നുള്ള അഭിപ്രായവും സ്വീകാൎയ്യമായ് വരേണമെങ്കിൽ ഉണ്ണായിവാൎയ്യർ ജീവിച്ചിരുന്നതു് തീൎച്ചയായും കോട്ടയത്തിനു ശേഷമായിരുന്നെന്നു് അദ്ദേഹം സമ്മതിച്ചേ തീരൂ. എന്തു കൊണ്ടെന്നാൽ കഥകളികളുടെ കൂട്ടത്തിൽ നളചരിതത്തിനുള്ള സ്വാരസ്യം മറ്റൊന്നിനുമില്ല. ആടാനും പാടാനും വായിച്ചുരസിക്കാനും കൊള്ളാവുന്ന ഒരു ഉത്തമകൃതിയാകുന്നു അതു്.
ഇത്രയും പറഞ്ഞതുകൊണ്ടു് കോട്ടയംതമ്പുരാൻ അശ്വതിയുടെ സമകാലികനായിരുന്നു എന്നു് എനിക്കു് അഭിപ്രായമില്ല. ഉണ്ണായിവാൎയ്യർ കോട്ടയം തമ്പുരാനു മുമ്പിൽ ജീവിച്ചിരുന്നുവെന്നു വാദിക്കുന്നവർക്കു് അങ്ങനെ ഒരു അഭിപ്രായം പറവാൻ അവകാശമില്ലെന്നേ ഞാൻ പറയുന്നുള്ളു.
കോട്ടയം രാജവംശത്തിൽ എത്ര കേരളവൎമ്മമാർ ഉണ്ടായിരുന്നു എന്നു് അറിവാൻ മാൎഗ്ഗമില്ലാതെയാണു് തൽക്കാലം ഇരിക്കുന്നതു്. കവി ൮൫൯-ാമാണ്ടിടയ്ക്കു് തിരുവിതാംകൂറിൽ വന്ന കോട്ടയം കേരളവൎമ്മയുടെ അനുജനോ അനന്തിരവനോ ആയിരുന്നു എന്നു വരരുതോ? വന്നുകൂടായ്കയില്ല. എന്നാൽ
‘കാമപ്രദാനജിതകല്പമഹീരുഹസ്സ
ചിന്താമണിൎജയതി കേരളവൎമ്മനാമാ’
എന്നിങ്ങനെ അദ്ദേഹത്തിനെ കവി വാഴ്ത്തുന്നിടത്തു് ‘വഞ്ചി രാജാവു്’ എന്ന വിശേഷണം കൂടി ചേൎത്തു കാണാത്തതുകൊണ്ടു് ആ വിഷയത്തിൽ നമുക്കു് ന്യായമായി സംശയം ജനിക്കാവുന്നതുതന്നേ. പക്ഷേ കേരളവൎമ്മതമ്പുരാൻ തിരുവിതാംകൂറിൽ വരുന്നതിനു മുമ്പേതന്നെ, അതായതു് ൮൫൯-നു മുമ്പു് വിദ്വാൻ തമ്പുരാൻ കഥകൾ എഴുതി വരരുതോ? വരരുതായ്ക ഇല്ലെന്നാണു തോന്നുന്നതു്. ഒന്നും ഖണ്ഡിച്ചുപറയാനും നിവൃത്തിയില്ല.
‘കാടേ നമുക്കു ഗതി’ എന്ന ദിക്കിൽ അറം ഉണ്ടായാലും ഇല്ലെങ്കിലും പഴശ്ശിരാജാവു് കാട്ടിൽ രക്ഷപ്രാപിക്കേണ്ടതായ് വന്നു എന്നുള്ളതു് ചരിത്രംകൊണ്ടു് നാം കാണുന്നുണ്ടു്. പക്ഷേ കവിയ്ക്കല്ല അദ്ദേഹത്തിന്റെ വംശജനായ ഒരു രാജാവിനാണു് അങ്ങനെ സംഭവിച്ചതെന്നേ വ്യത്യാസമുള്ളു.
കോട്ടയം വിദ്വാൻതമ്പുരാനെപ്പറ്റി ചില ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടു്. അദ്ദേഹം ചെറുപ്പകാലത്തിൽ മന്ദബുദ്ധി ആയിരുന്നത്രേ. പല യോഗ്യന്മാർ പല വിധത്തിൽ ശ്രമിച്ചുനോക്കീട്ടും ഫലമുണ്ടായില്ല. ഒടുവിൽ അദ്ദേഹം മൃഗപ്രായം വളൎന്നു വരവേ, കോഴിക്കോട്ടു സാമൂതിരിപ്പാടു് തീപ്പെട്ടു. ദുഃഖമന്വേഷിച്ചു പോവാൻ ഈ മൃഗപ്രായനായ രാജാവേ ഉണ്ടായിരുന്നുള്ളു. എന്നാൽ സംസ്കൃതാക്ഷരമാല കൂടി പഠിച്ചിട്ടില്ലാത്ത ഈ രാജാവിനെ എങ്ങനെ അയയ്ക്കും? അനുജനു് അഞ്ചു വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളുതാനും. അമ്മതമ്പുരാനു് വലിയ കുണ്ഠിതമായി. എങ്കിലും പുത്രനെ വിളിച്ചു് ആ ദേവി കല്പിച്ചു: “ഉണ്ണി കോഴിക്കോട്ടോളം പോയിട്ടുവരണം. രാജാവിനെ കണ്ടാൽ ‘മയാ കിം കൎത്ത വ്യം?’ എന്നു മാത്രം ചോദിക്കണം. അതിനുത്തരം കേട്ടാൽ ഒന്നു മൂളുകയോ തലകുലുക്കുകയോ ചെയ്തിട്ടു് തിരിച്ചുപോരുകയല്ലാതെ ഒന്നും സംസാരിക്കരുതു്.” രാജാവു് അതനുസരിച്ചു് കോഴിക്കോട്ടുതമ്പുരാനെ ചെന്നു കണ്ടിട്ടു് ‘മയ കിം കൎത്ത വ്യം’ എന്നു ചോദിച്ചപ്പോൾ ‘ദീൎഘോച്ചാരണം കൎത്ത വ്യം’ എന്നു് അവിടുന്നു് മറുപടി പറഞ്ഞുവത്രേ. രാജകുമാരൻ തല കുലുക്കിക്കൊണ്ടു് തിരിച്ചുപോരുകയും ചെയ്തു. ഈ ചോദ്യവും മറുപടിയും കേട്ടപ്പോൾ കൂടെപ്പോയിരുന്ന വിദ്വാന്മാർക്കെല്ലാം ലജ്ജ തോന്നി. എന്നാൽ വിവരം അറിഞ്ഞു അമ്മതമ്പുരാനാണു് കോപമുണ്ടായതു്. പുത്രനേ പിടിച്ചുകെട്ടി കുമാരധാരയിൽ കൊണ്ടുചെന്നിടാൻ ആ മനസ്വിനി കല്പിച്ചു. മലയുടെ മുകളിൽ നിന്നു ശക്തിയോടുകൂടി പായുന്ന ആ അരുവിയിൽ പിടിച്ചുകെട്ടിയാൽ, നേരത്തോടു നേരം കഴിയുമ്പോൾ ആരും മരിച്ചുപോകുമായിരുന്നു. അഥവാ മരിക്കാതിരുന്നാൽ മഹാബുദ്ധിമാനും വിദ്വാനും ആയിത്തീരുകയും ചെയ്യുമെന്നായിരുന്നു പരക്കെ വിശ്വാസം. നമ്മുടെ തമ്പുരാനാകട്ടെ മരിച്ചില്ല. അതുകൊണ്ടു് മഹാവിദ്വാനായിട്ടാണു തീൎന്നതു്. ഇക്കഥ ഇന്നുള്ളവരിൽ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. എല്ലാ മഹാകവികളേപ്പറ്റിയും ഇത്തരം ഓരോ കഥകൾ പറഞ്ഞുവരുന്നുണ്ടുതാനും.
കൊട്ടാരക്കരത്തമ്പുരാന്റെ കൃതികൾ സ്വാരസ്യത്തിന്റെ അഭാവംനിമിത്തം ആരും ഇപ്പോൾ ആടാറില്ല. കോട്ടയം തമ്പുരാന്റെ ബകവധം, കിർമ്മീരവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധാ ഇവ നാലും ഇന്നും പ്രസിദ്ധങ്ങളായിത്തന്നേ ഇരിക്കുന്നു. നല്ല രസജ്ഞനും സംഗീതകുശലനും ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ കൃതികൾ ആടുന്നതിനും പാടുന്നതിനും ഒരുപോലെ കൊള്ളാവുന്നവയാണു്. ആദ്യത്തെ കൃതി ബകവധം ആയിരുന്നു. അതു് കുറ തീൎത്ത ശേഷം കവി തന്നെ ഗുരുവിനേ കാണിച്ചുപോലും. ‘ഇതു് സ്ത്രീകൾക്കു് കൈകൊട്ടിക്കളിക്കു കൊള്ളാം’ എന്നു് ഗുരു അഭിപ്രായപ്പെട്ടപ്പോൾ, ലജ്ജിതനായ കവി കിൎമ്മീരവധം എന്ന കൃതി ചമച്ചുവത്രേ. അതുകണ്ടപ്പോൾ ‘ഇതു പഠിക്കുന്നവർക്കു വ്യുല്പത്തിദാൎഢ ്യം ഉണ്ടാകും; ഒരു വ്യാഖ്യാനം കൂടി ഉണ്ടാക്കണം’ എന്നായിരുന്നു ഗുരു പറഞ്ഞതു്. മൂന്നാമതു് അദ്ദേഹം കല്യാണസൗഗന്ധികം ആട്ടക്കഥ നിൎമ്മിച്ചു. അതു വായിച്ചപ്പോൾ ‘കാണുന്നവർക്കു് ഇതിന്റെ കൎത്ത ാവു് ഒരു സ്ത്രീണനാണെന്നു തോന്നും’ എന്നായി ഗുരുനാഥൻ. നാലാമത്തെ കൃതിയായ നിവാതകവചവധം കണ്ടപ്പോഴേ ഗുരുവിനു തൃപ്തിയായുള്ളുവത്രേ. ‘ഇതു് ആടാൻ കൊള്ളാം’ എന്നു് അദ്ദേഹം സർവത്മനാ സമ്മതിച്ചു. ഈ ഐതിഹ്യവും ആരുടേയോ മനോധൎമ്മഫലമാണു്. ഇതുപോലെ അനേകം ഐതിഹ്യങ്ങൾ അദ്ദേഹത്തിനെപ്പറ്റി പറഞ്ഞുവരാറുണ്ടു്. നിവാതകവചത്തിൽ വജ്രകേതു, വജ്രബാഹു എന്നിങ്ങനെ രണ്ടു് അസുരന്മാരെക്കൂടി ചേൎത്ത ിട്ടുള്ളതു് എന്തിനായിരിക്കാം എന്നു് കഥകളി കണ്ടുകൊണ്ടിരുന്ന ഒരു വിദ്വാൻ മറ്റൊരു രസികനോടു ചോദിച്ചപ്പോൾ, അയാൾ പറഞ്ഞ മറുപടി “കളി കണ്ടുകൊണ്ടിരിക്കുന്നവർക്കു്, അതിനിടയ്ക്കു് ഒന്നു മുറുക്കുകയോ മൂത്രമൊഴിക്കുകയോ വേണമെങ്കിൽ ആയിക്കൊള്ളട്ടേ എന്നു വിചാരിച്ചായിരിക്കാം ഈ രണ്ടു് അലറുന്ന വേഷങ്ങളെക്കൂടി സൃഷ്ടിച്ചിരിക്കുന്നതു്.” എന്നായിരുന്നുവത്രേ.
15.3 ബകവധം
പിൽക്കാലത്തുള്ളതായതായ മിക്ക കഥകളും ശൃംഗാരപദങ്ങളെക്കൊണ്ടാണു് ആരംഭിച്ചുകാണുന്നതു്. കോട്ടയംതമ്പുരാനും ഉണ്ണായിയും അങ്ങനെ ചെയ്തുകാണുന്നില്ല. ഈ വിഷയത്തിൽ അവർ രണ്ടുപേരും കൊട്ടാരക്കരതമ്പുരാനെ അനുകരിച്ചിരിക്കുന്നു.
കഥ: സോമവംശതിലകന്മാരും ലോകരഞ്ജനശീലന്മാരും ആയ പാണ്ഡവന്മാർ ‘ഗംഗാസുതലാളിത’രായി നാളീകനാഭങ്കൽ വൎദ്ധിച്ച ഭക്തിയോടുകൂടി ഹസ്തിനപുരത്തു വസിക്കവേ ധാൎത്ത രാഷ്ട്രന്മാർക്കു് അവരിൽ വിദ്വേഷം വൎദ്ധിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം ‘തപതീകുലോദ്വഹനായ’ ധൃതരാഷ്ട്രർ ‘സഗൎഭ്യൈൎവൃത’നായ ധർമ്മപുത്രരേ വിളിച്ചു് ഇങ്ങനെ പറഞ്ഞു: “ഉണ്ണീ, കണ്ണിണകൊണ്ടു് നിന്റെ കാന്തി കാണായ്കയാൽ വളരെ ഖേദമുണ്ടു്. അനുജന്മാരുമൊരുമിച്ചു് നീ സുഖമായിരിക്കുന്നോ? ഒരു കാര്യം പറയാൻ പോകുന്നു; തെറ്റിദ്ധരിക്കരുതു്. എനിക്കു് നിങ്ങളും ദുര്യോധനാദികളും തമ്മിൽ ഭേദബുദ്ധിയില്ല. സ്നിഗ്ദ്ധജനങ്ങളാണെങ്കിലും നിങ്ങൾ നിത്യവും ഒരുമിച്ചു താമസിക്കുന്നതായാൽ പരസ്പരം വിദ്വേഷം ഉണ്ടാകും. അതുകൊണ്ടു് വാരണാവതം എന്ന സ്ഥലത്തു് നീ ഭീമാദികളോടുകൂടിച്ചെന്നു പാൎക്കണം.” ഈ ആജ്ഞ അനുസരിച്ചു് ‘സതാമ്മത’നായ ധൎമ്മസൂനു ജനനിയോടും സഹോദരന്മാരോടും കൂടി അവിടെ ചെന്നുചേൎന്നു. പുരോചനൻ എന്നൊരാൾ ‘കരോല്ലസൽബാണകൃപാണകാർമുകന്മാരും’ ‘വിരോധിവൎഗ്ഗൈകവിശസനോദ്യന്മാരു’മായ പാണ്ഡവന്മാരെക്കണ്ടു് സാഞ്ജാലിബന്ധം പറഞ്ഞു: “അവിടുത്തേ പാദസേവകന്മാരിൽ മുമ്പനായ എന്റെ പേരു് പുരോചനൻ എന്നാണു്; സൽപുരുഷന്മാരായ നിങ്ങൾക്കിരിപ്പാനായി നൃപകല്പന അനുസരിച്ചു് നിൎമ്മിക്കപ്പെട്ടതാണു് ഈ പുരം. ഈ നഗരിയുടെ അത്ഭുതഗുണങ്ങൾ വൎണ്ണിച്ചുതീരുന്നതിനു് ‘കല്പകോടിക്കാലംപോലും’ മതിയാവുകയില്ല. ഇതിന്റെ ശില്പവൈചിത്ര്യം മുഴുവനും കാണ്മതിനു് സുത്രാമാവിനു പോലും നേത്രങ്ങൾ പോരാ. അങ്ങനെയിരിക്കുന്ന ഈ പുരിയിൽ നിങ്ങൾ സ്വസ്ഥരായി വാണരുളുക. നല്ലതേ വന്നുകൂടു.”
ഇങ്ങനെ യുധിഷ്ഠിരൻ അവിടെ പ്രഥിതബലരായ സഹജന്മാരോടുകൂടി വസിക്കവേ, ‘വിദിതരിപുസമീഹിത’നായ ഒരു ഖനകൻ വിദുരാജ്ഞ അനുസരിച്ചു് പ്രസ്തുത നഗരിയിൽ വന്നു്, ആ പുരി നല്ല കല്ലും മരങ്ങളുംകൊണ്ടല്ല നിൎമ്മിക്കപ്പെട്ടിട്ടുള്ളതെന്നും, വെറും അരക്കില്ലമാണെന്നും, പുരോചനൻ എന്ന ദുഷ്ടൻ കൊള്ളി വയ്ക്കാൻ തരം നോക്കി ഇരിക്കയാണെന്നും, താൻ ഉണ്ടാക്കാൻ പോകുന്ന ഗുഹയിലൂടെ കാട്ടിൽച്ചെന്നുചേരേണമെന്നും ഉപദേശിച്ചു. അതു കേട്ടു് ശുദ്ധനായ ധൎമ്മനന്ദനൻ ചോദിച്ചു:
‘ദുൎമ്മദൻ ദുര്യോധനനേവം ചെയ്യുമെങ്കിൽ
മന്നവൻ സമ്മതിക്കുമോ സത്യശീലൻ’
അഥവാ അദ്ദേഹത്തിന്റെ അറിവോടുകൂടിയാണു് അയാൾ അങ്ങനെ ചെയ്യുന്നതെങ്കിൽ,
‘എന്തു ഖേദം വെന്തുപോമെന്നാലിപ്പോൾ?
വല്ലതെന്നാലും ഞങ്ങൾക്കു മല്ലവൈരിതന്റെ
പല്ലവപാദങ്ങൾ ഗതിയല്ലോ നൂനം’
കവി ഈ വരികളിൽ എത്ര ഭംഗിയായി ധൎമ്മപുത്രരുടെ സ്വഭാവനൈൎമ്മല്യത്തേയും ഈശ്വരഭക്തിയേയും പ്രകാശിപ്പിച്ചിരിക്കുന്നു എന്നു നോക്കുക.
ഇപ്രകാരം പറഞ്ഞിട്ടു് അയാൾ ഗഹ്വരത്തിലേക്കു പോകവേ, ക്രുദ്ധാത്മാവായ ഭീമൻ ‘കല്പാന്തപ്രതിഭയകാലരുദ്രകല്പ’നായി ഗദയും ചുഴറ്റിക്കൊണ്ടു പറഞ്ഞു: “ധൂൎത്ത നായ ആ ദുര്യോധനനെ ഇനി അരനിമിഷത്തേക്കു് ഭൂമിയിൽ വച്ചിരുന്നുകൂട; അവനെ നിഗ്രഹിക്കാൻ അനുവാദം തന്നാലും. മുമ്പു് എന്റെ മൎമ്മങ്ങളിൽ സൎപ്പങ്ങളേക്കൊണ്ടു ദംശിപ്പിച്ചതും, കൈകാലുകൾ കെട്ടി ഗംഗയിൽ എറിഞ്ഞു കളഞ്ഞതും, വിഷാന്നം ഭക്ഷിപ്പിച്ചതും എല്ലാം അവിടുന്നു മറന്നുകളഞ്ഞോ? അവിടുത്തെ കാരുണ്യമുണ്ടായാൽ ഇക്ഷണംതന്നെ ഈ ഭൂമി നിഷ്കൗരവമാക്കിക്കളയാം.” ധീരശാന്തനായ ധൎമ്മനന്ദനൻ ഈ വാക്കുകൾ കേട്ടിട്ടു് ലേശംപോലും ഇളകിയില്ല. ‘സാഹസം ആപത്തിനു് അധിവാസമാണെന്നും’ വിവേകശാലിയ്ക്കു ചിന്തിതങ്ങൾ നിറവേറുമെന്നും,
‘കുഞ്ചിതാളകമാരായ ഗോപികമാർ
കിഞ്ചിതേന രമപ്പിച്ചു വിളങ്ങുന്ന
മഞ്ജുളകാന്തി കോലുന്ന മാധവന്റെ കൃപ-
തഞ്ചീടുന്നാകിൽ’
തങ്ങൾക്കു് ഖേദങ്ങൾ ഉണ്ടാവുകയില്ലെന്നും പറഞ്ഞു് അനുജന്റെ കോപത്തെ അടക്കുകയാണു് അദ്ദേഹം ചെയ്തതു്. ‘അതിഭീഷണരോഷ’നായ ഭീമന്റെ കോപത്തെ സാമവാക്കുകളാൽ തെല്ലൊന്നു ശമിപ്പിച്ചുകഴിഞ്ഞപ്പോൾ, അർജ്ജുനൻ പറഞ്ഞു:
“അവിടുന്നു കല്പിച്ചതു് കാര്യം തന്നെ. എന്നാൽ എല്ലാം വിധിപോലെ വരുമെന്നു പറഞ്ഞുകൊണ്ടു് അടങ്ങിയിരുന്നാൽ ഒന്നും സാധിക്കയില്ല. പുരുഷപ്രയത്നം കൂടാതെ കേവലം ഈശ്വരകാരുണ്യംകൊണ്ടു് ആരു് ഏതു കാര്യം സാധിച്ചിട്ടുണ്ടു്? കുടിലന്മാരെ സത്യംകൊണ്ടു് ജയിക്കാമെന്നുള്ള വിശ്വാസം ശരിയല്ല.
‘തൈലത്തിൽ കത്തുമഗ്നി സലിലംകൊണ്ടെന്നപോലെ
ജ്വലിക്കുമേറ്റവും ദുഷ്ടജനങ്ങൾ ശാന്തതകൊണ്ടു്’
അവർ ചെയ്തിട്ടുള്ള അപരാധങ്ങൾ ഒന്നോ രണ്ടോ അല്ല. ഇനിയും ക്ഷമിക്കാനാണു് ഭാവമെങ്കിൽ “കാടേ ഗതി നമുക്കു്. ജതുഗേഹം ദഹിപ്പിച്ചിട്ടു് ഗുഹയിലൂടെ കാട്ടിലേക്കുതന്നെ പോകാം.” ഈ വാക്കുകൾ കേൾക്കുമ്പോൾ അർജ്ജുനൻ കുറച്ചുകൂടി പരിഷ്കൃതാശയനാണെന്നു തോന്നാതിരിക്കയില്ല. ഓരോ പാത്രത്തേക്കൊണ്ടും അയാളുടെ സ്വഭാവഗതി അനുസരിച്ചു സംസാരിപ്പിക്കുന്ന വിഷയത്തിൽ ഈ കവി നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ടു്.
അനന്തരം അവർ ജതുഗേഹം നശിപ്പിച്ചിട്ടു് വനത്തിലെത്തുന്നു. ദുഃഖിതരായ പുത്രന്മാരെ കണ്ടിട്ടു് കുന്തി ദീനദീനം വിലപിയ്ക്കുന്നു.
‘ഹാ ഹാ പെരുകുന്നു ദേഹതാപവും
ദാഹവും ഗന്ധവാഹനന്ദന’
എന്നിങ്ങനെയുള്ള വാക്കുകൾ കേട്ടിട്ടു്, മാരുതി, അമ്മയേയും ധൎമ്മാദികളേയും ന്യഗ്രോധവൃക്ഷത്തണലിൽ ഇരുത്തീട്ടു് ജലം ആനയിക്കാനായി പോകുന്നു. അദ്ദേഹം ഒരു കമലച്ഛദത്തിൽ സ്വച്ഛജലവും കൊണ്ടുതിരിച്ചുവന്നപ്പോഴേയ്ക്കും അവരെല്ലാം ഉറങ്ങുന്നതുകണ്ടിട്ടു്,
‘എന്തോന്നു ചെയ്‍വതിഹ ഹന്ത ഞാൻ ദൈവമേ?
കുന്തിയാം ജനനിയോടും കുരുവീരരാകുമിവർ
സ്വാന്തശോകേന ബത സുപ്തരായ്‍വന്നിതോ?
നല്ല ശയനീയമതിൽ നന്മയോടുറങ്ങുമിവർ
കല്ലുകളിലിങ്ങനെ കഷ്ടമുറങ്ങുന്നു’
എന്നിങ്ങനെ വ്യസനിക്കുന്നു.
‘പവനാത്മജബാഹുവീര്യഗുപ്ത’രായ ധൎമ്മപുത്രാദികൾ ഉറങ്ങിക്കിടക്കുമ്പോൾ, ഹിഡിംബൻ എന്ന രാക്ഷസൻ തന്റെ സഹോദരിയെ വിളിച്ചു്,
‘ഘോരമാം നമ്മുടെ കാട്ടിലാരെയും പേടികൂടാതെ
ആരിവിടെ വന്നതെന്നു പാരാതെ പോയറിക നീ’
മൎത്ത ്യന്മാരാണെന്നു തോന്നുന്നു. അങ്ങനെ ആണെങ്കിൽ
‘ചോരകൊണ്ടിനിക്കിപ്പോഴേ പാരണംചെയ്‍വാൻ വൈകുന്നു’
എന്നു പറഞ്ഞയയ്ക്കുന്നു. സഹോദരാജ്ഞ അനുസരിച്ചു് അന്വേഷിക്കാൻ പുറപ്പെട്ട ഹിഡിംബി കാമനോടു തുല്യനായ ഭീമസേനനെ കാണുകയാൽ ‘കാമമയ്യൽ’ പൂണ്ടു്, അരനിമിഷത്തിൽ ‘മായകൊണ്ടു മറഞ്ഞൊരു മോഹിനിയായ്’ തീൎന്നിട്ടു് മന്ദമന്ദം വിളയാടുന്നു. അവൾ ഭീമന്റെ അടുത്തു ചെന്നു് അദ്ദേഹത്തിനോടു് രതിപ്രാൎത്ഥ ന ചെയ്യുന്നു. അവളുടെ വാക്കുകളിൽ അശ്ലീലമായിട്ടൊന്നുമില്ലെങ്കിലും ഒരു സ്ത്രീയെക്കൊണ്ടു് ഇപ്രകാരം പ്രാൎത്ഥ ന ചെയ്യിപ്പിച്ചതു് അഭംഗിയായിപ്പോയെന്നും അതു ലോകത്തിൽ ഒരിടത്തും സംഭവ്യമല്ലെന്നും പുതിയ പരിഷ്കാരികളിൽ ചിലർ പറഞ്ഞേയ്ക്കാം. എന്നാൽ കവി ഇവിടെ പുരാണകഥയെ ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നതേയുള്ളു എന്നു് നാം ഒന്നാമതായി ഓൎക്കണം. രണ്ടാമതായി ഹിഡിംബി പരിഷ്കൃതാശയസമ്പന്നരായ സ്ത്രീകളിൽ ഒരുവളായിരുന്നുമില്ല. അവൾ കേവലം ഒരു രാക്ഷസിയുമായിരുന്നല്ലോ.
അവർ രണ്ടുപേരും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കവേ തന്നെ ഹിഡിംബൻ അവിടെ എത്തുന്നു.
‘പോക പോക വിരണ്ടു നീചേ! നീ മുന്നിൽനിന്നാശു
ആമിഷത്തിലഭിലാഷമുള്ള നീ മാനുഷന്മാരേ
കാമിനി കാമാകുലയാകയാലേ കാലമിത്രവൈകിനൂനം’
എന്നു പറഞ്ഞു് അവൻ സഹോദരിയെ ആട്ടിയകറ്റീട്ടു് ഭീമനോടായിട്ടു പറയുന്നു:
‘ആശരനാരിയേ ആഗ്രഹിച്ചീടുക വേണ്ട
ആശു നാകനാരിമാരിലാശ വച്ചീടുക മേലിൽ
വരിക പോരിനു വൈകിടാതെ നീ
മാനുഷാധമ വരിക പോരിനു്’
അടുത്തതു് യുദ്ധരംഗമാണു്; ഭീമൻ ഹിഡിംബനെ നിഗ്രഹിക്കുന്നു.
പിറ്റേദിവസം രാവിലെ അവിടെ വന്നുചേൎന്ന വ്യാസനോടു് പാണ്ഡവന്മാർ കൗരവന്മാരിൽനിന്നു നേരിട്ട പരിഭവത്തെ വിവരിച്ചു പറയുന്നു. അദ്ദേഹം പാണ്ഡവന്മാരെ ആശ്വസിപ്പിക്കയും,
‘യാമിനീചാരിണി നിന്നെക്കാമിച്ചീടുന്നല്ലോ നൂനം
തന്നെക്കാമിച്ചീടാതൊരു തന്വംഗിയെ കാമിച്ചോരും
തന്നെക്കാമിച്ചിടുന്നോളെത്താനുപേക്ഷിച്ചീടുന്നോരും
മന്ദരെന്നു പാരിലെല്ലാം രൂഢമെന്നറിഞ്ഞീടണം
എന്നതുകൊണ്ടിവൾക്കൊരു നന്ദനനുണ്ടാവോളം
നന്നായനുസരിക്കേണമെന്നുടെ നിയോഗത്താലെ’
എന്നു് ഭീമനോടുപദേശിച്ചിട്ടു മറകയും ചെയ്യുന്നു. അടുത്തതു് ഭീമന്റേയും ഹിഡിംബിയുടേയും ശൃംഗാരരംഗമാണു്. അചിരേണ ഹിഡിംബിക്കു് ഒരു പുത്രൻ ജനിക്കുന്നു. ജനിച്ചമാത്രയിൽ തന്നെ അവൻ,
‘താത! നിൻ കഴലിണകൾ കൈതൊഴുന്നേൻ
സാദരം കൃപയുണ്ടാകവേണമല്ലോ
കല്മഷമകന്നനുജ്ഞ ചെയ്തീടേണമിന്നു
നിൎമ്മലമാനസപോവാനമ്മയോടും
സ്വാന്തമതിൽ ചിന്തിക്കുന്നനേരംതന്നെ ഭവ-
ദന്തികേ വന്നീടുവൻ ഞാൻ വൈകിടാതെ’
എന്നു പറഞ്ഞിട്ടു് പിതാവിന്റെ അനുഗ്രഹത്തോടുകൂടി പോകുന്നു. അനന്തരം പാണ്ഡവന്മാർ ‘അവലംബിതവിപ്രവേഷഷരായി’ ഏകചക്രയിൽ ചെന്നു വസിക്കുന്നു. അവിടെ വെച്ചു് ഒരു വിപ്രനും ഭാര്യയും തങ്ങൾക്കു വരാൻ പോകുന്ന വിപത്തിനെ ഓൎത്തു ് ദയനീയമായി വിലപിക്കുന്നതു് കുന്തീദേവി കാണുകയും, അവരോടു് ദുഃഖകാരണമന്വേഷിക്കുകയും ചെയ്യുന്നു. വിപ്രൻ പറയുന്നു:
‘നാരീമണിയേ കേൾക്കു നീ
രാത്രിഞ്ചരനായൊരുത്തനത്ര വാണീടുന്നവനു
നിത്യവും നല്കേണമൊരു മൎത്ത ്യനെ ക്രമേണ ഞങ്ങൾ.
മുന്നമവനെല്ലാരെയുമൊന്നിച്ചു കൊല്ലുമെന്നോൎത്തു
അന്നവനോടു സമയം മന്ദിയാതെ ചെയ്തു ഖേദാൽ.
കുന്നോളവുമന്നവും നൂറുകുംഭങ്ങളിൽ കറികളും
തന്നിടാമൊരുവനെയും നിത്യമെന്നു സത്യത്തെച്ചെയ്തു.
ഇന്നതു ഞങ്ങൾ നല്കേണം എന്നതിനൊരു നരനെ
ധന്യശീലേ! കാണാഞ്ഞഴൽ വന്നതെന്നറിഞ്ഞീടണം.
കന്യക പരസ്വമല്ലോ സൂനു സന്തതിയാകുന്നു പിന്നെ
അന്നവുംകൊണ്ടുപോവതിനിന്നു ഞാനെന്നാകിലിവൾ
ഒന്നുമേ സമ്മതിക്കുന്നില്ലെന്തിഹ ചെയ്‍വതുമയ്യോ?’
അതുകേട്ടു് എത്രയും ബലമുള്ള ഒരു പുത്രൻ തനിക്കുണ്ടെന്നും അവനെ അയയ്ക്കാമെന്നും ചോറും കറികളും തയ്യാറാക്കിവച്ചാൽ അവൻ ബകന്റെ അടുക്കൽ കൊണ്ടുപോകുന്നതിലേക്കു് യഥാകാലം വന്നുചേരുമെന്നും ആ മനസ്വിനി പറയുന്നു. അതനുസരിച്ചു് ഭീമൻ കറികളും മറ്റും കൊണ്ടു് ബകനേ പ്രാപിച്ചു് അവനെ യുദ്ധത്തിൽ കൊല്ലുന്നു. വിപ്രനും പത്നിയും അദ്ദേഹത്തിനെ അനുഗ്രഹിക്കുന്നു.
കവി ഭാരതകഥയിൽ വലിയ വ്യത്യാസമൊന്നും വരുത്തീട്ടില്ല. ഭാഷ ലളിതമായിരിക്കുന്നു. ശൃംഗാരവീരാദിരസങ്ങളെ ബിഭത്സമാക്കാതേയും, ആട്ടത്തിനു യോജിച്ച വിധത്തിൽ പാത്രവൈചിത്ര്യം വരുത്തിയും, പാത്രങ്ങളുടെ സ്വഭാവചിത്രണത്തിൽ ശ്രദ്ധ വെച്ചും രചിക്കപ്പെട്ടിരിക്കുന്ന ഒരു കഥയാണു് ഈ ബകവധം.
15.4 കിൎമ്മീരവധം
ബകവധത്തേക്കാൾ പ്രൗഢമായ ഒരു കൃതിയാണിതു്. ശ്ലോകങ്ങളും പദങ്ങളും ഒരുപോലെ മനോഹരമാക്കിയിരിക്കുന്നു. കൗരവന്മാരോടു് ചൂതിൽ തോറ്റു് ‘പ്രകടിതവനവാസാപദേശേന’ തീൎത്ഥ ാടനത്തിനു പുറപ്പെട്ട ധൎമ്മപുത്രാദികൾ ഗുരുവായ സൗമ്യനോടുകൂടി വനത്തിൽ പ്രവേശിക്കുന്നു. ആദ്യത്തേ രംഗത്തിൽ ധൎമ്മപുത്രർ പത്നിയായ പാഞ്ചാലിയോടു പറയുന്ന വാക്കുകൾ എത്ര ഹൃദയംഗമമായിരിക്കുന്നു എന്നു നോക്കുക:
‘ബാലേ കേൾ നീ മാമകവാണി കല്യേ കല്യാണി!
പാലോലുംമിഴിമാർകുലതിലകേ!
പാഞ്ചാലാധിപസുകൃതവിപാകേ!
കാളാംബുദരുചി തേടും വിപിനേ
കാമിനി വന്നതിനാലതിഗഹനേ
ഡോളായിതമിഹ മാമകഹൃദയം
ലോകോത്തരഗുണശാലിനി സദയം
തളരുന്നൂ ഗൃഹചംക്രമേണ
തളിരോടിടയും തവ പദയുഗളം
കളമൊഴിമാരണിയും മുടിമാലേ!
കഥമിഹ സഹതേ കാനനചരണം?
വികസതിദിനകരകിരണൈരധികം
വിരവൊടിതരസരോരുഹനിവഹം
ശുകഭാഷിണി ബത തവ മുഖകമലം
സുന്ദരി വാടീടുന്നതിവേലം.
മണിമയസദനേ മോഹനശയനേ
മണമിയലുന്നവ കുസുമാസ്തരണേ
മദനരസേന രമിച്ചീടുന്നീ
മധുമൊഴി വാഴുന്നെങ്ങനെ വിപനേ’
ബകവധത്തിലെ കവിതയ്ക്കു് ഇത്ര ഒഴുക്കും പ്രാസപ്രയോഗചതുരതയും അലങ്കാരചമൽക്കാരവും ആശയപുഷ്ടിയും ഇല്ലെന്നു് ഏവരും സമ്മതിക്കും. എഴുതിത്തഴമ്പു വന്ന ഒരു തൂലികയുടെ വിളയാട്ടമാണു് നാം ഇവിടെ കാണുന്നതു്. പാഞ്ചാലിയുടെ മറുപടി ഒരു ഉത്തമയായ ഗൃഹനായികയ്ക്കു് അത്യന്തം യോജിച്ചുതന്നെ ഇരിക്കുന്നു.
‘മഹീപാലരണിഞ്ഞീടുമ്മകുടേഷു വിളങ്ങുന്ന
മണിദീപിതമായുള്ള തവ പാദയുഗളം
മാൎഗ്ഗമധ്യേ തപ്തമണലിലിതിങ്ങനെ
മരുവീടുന്നതിനാൽ മനസി മേ ശോകം വളരുന്നു;
മേനി തളരുന്നു; താപം കലരുന്നു; ഹന്ത കിമിഹ
ഞാൻ പറയുന്നൂ?’
അതൊക്കെ സഹിക്കാമത്രേ. എന്നാൽ സഹിച്ചുകൂടാത്ത ഒരു സംഗതിയുണ്ടു്.
‘അനശനേന പരമാബാലവൃദ്ധമവനീദേവന്മാരഴലോടെ
അടവിയിൽ വസിക്കുമോ? ദൂരന്നടക്കുമോ?
ചൂടു സഹിക്കുമോ? കണ്ടാലിതു തവ പൊറുക്കുമോ?’
എത്ര വിശാലമായിരിക്കുന്നു ആ ദേവിയുടെ ഹൃദയം!
അനന്തരം ധൗമ്യന്റെ ഉപദേശമനുസരിച്ചു് ധൎമ്മനന്ദനൻ സൂര്യനെ ഭജിക്കുന്നു. സന്തുഷ്ടനായ സൂര്യൻ,
“അടവീനിവാസം കഴിഞ്ഞു പിന്നെ അകതാരിലല്ലൽ വെടിഞ്ഞു
ഝടിതി നാടു വാണീടുമിനിമേലിൽ തെളിഞ്ഞു”
എന്നു് അനുഗ്രഹിച്ചപ്പോൾ, അദ്ദേഹം പറയുന്നു
‘ദിനകര ദയാനിധേ ഭാനോ ദേവ!
നഗരീതി സാലപരിവേഷാകലിത
നഗരീനിവാസാദമീഷാം
ന ഗരീയസീ പ്രീതിരസ്മാകമേഷാ
… … …
… … …
സഹവാസലോലുപനരാണാമിന്നു
സഹസാ മഹീസുരവരാണാം
അതിഥിസൽകൃതിം കൎത്തു ം
വിധേഹി മയി കരുണാം’
ഈ മാതിരി കഠിനപ്രയോഗങ്ങളാണു് ആട്ടക്കാരെ വിഷമിപ്പിച്ചു് നഖങ്ങൾ ഊരിക്കുന്നതു്. ധർമ്മപുത്രരുടെ വാക്കു കേട്ടു്, ഭഗവാൻ
‘പാത്രം ഗ്രഹാണ സുപവിത്രം യാവൽ പാൎഷതീ ഭുംക്തേതി
ചിത്രം താവദത്ര സമുദേതി തവ ഭക്തമതിമാത്രം’
എന്നു പറഞ്ഞു് അക്ഷയപാത്രം നല്കുന്നു. അങ്ങനെ ഇരിക്കേ, ധാൎത്ത രാഷ്ട്രന്മാർ ഭക്തന്മാരായ പാണ്ഡവൎക്കു ചേൎത്ത ആ ദുസ്സഹമായ പരിഭവത്തെപ്പറ്റി കേട്ടിട്ടു് ‘കോപാന്ധധീ’യായിച്ചമഞ്ഞ ശ്രീകൃഷ്ണഭഗവാൻ ‘മുദ്രാഹീനകുമുദ്വതീകളകളങ്ങളാൽ’ ക്ഷോണീചക്രത്തെ ക്ഷോഭിപ്പിച്ചുകൊണ്ടു് പാൎത്ഥ ന്മാരെ കാണുന്നതിനായി കുശസ്ഥലിയിൽനിന്നു തിരിക്കുന്നു. ധൎമ്മപുത്രാദികൾ ‘ചിരനിരീക്ഷണസാശ്രുമുഖേന്ദുക്കളായി’ ഭഗവാനെ അഭിവന്ദിച്ചിട്ടു്,
‘നാഗകേതനൻതന്റെ നികൃതിയാൽ നാടുപേക്ഷിച്ചിങ്ങു
നാഥ വാഴുന്ന ഞങ്ങളെക്കണ്ടൊരു നാണമില്ലയോ?
തവ ഹരേ കൃഷ്ണ’
എന്നു ചോദിക്കുന്നു. തൽക്ഷണം ഭഗവാൻ സുദർശനചക്രത്തെ സ്മരിക്കയും അപ്പോൾ തന്നെ,
‘കല്പാന്താനല്പുദീപ്തിപ്രചുരപരിണമൽ കോടിസൂര്യപ്രകാശ’മായ ചക്രായുധം ആവിർഭവിച്ചു്
‘വരുണാലയമിന്നു മരുഭൂമിയാക്കുവൻ; ധരണീധരങ്ങളേയും
ധന്യശീല തകൎത്ത ീടുവനധുനാ താവകീന
കരുണാ യദി മയി തരുണദിനമണി
കിരണപരിലസദരുണസരസിജ
മസൃണമൃദുതരചരണ നതശരണ കൗസ്തുഭാഭരണ’
എന്നു ഭക്തിപൂർവം ബോധിപ്പിക്കയും ചെയ്യുന്നു. ഇപ്പോഴാണു് ധൎമ്മനന്ദനന്റെ ധർമ്മബുദ്ധി സവിശേഷം പ്രകാശിക്കുന്നതു്. അദ്ദേഹം അസ്ത്രവഹ്നിയെ സംഹരിക്കുന്നതിനും ദക്ഷനാകിയ ഫൽഗുനനെക്കൊണ്ടു് അരിസഞ്ചയത്തെ ശിക്ഷിപ്പിക്കുന്നതിനും ആണു് പ്രാർത്ഥിക്കുന്നതു്. ഇങ്ങനെ ഗാന്ധാരീതനയന്മാരെ നിഗ്രഹിക്കുന്ന വിഷയത്തിൽ ധൎമ്മപുത്രർ തന്നെ ഒരു അന്തരായമായ് വന്നതിനാൽ ഭഗവാൻ ആയുധത്തെ പിൻവലിക്കുന്നു.
അങ്ങനെ ഇരിക്കേ ഒരു ദിവസം ‘ദുൎവാരകോപശാലി’ എന്നു പ്രസിദ്ധനായ ദുൎവാസാവു് ദുര്യോധനചോദിതനായിട്ടു് ശിഷ്യഗണങ്ങളോടുകൂടി,
‘ചന്ദ്രക്കലാധര പാലയ മാം
ഛന്ദോമയ പരിപാലയ മാം
നാനാജനങ്ങളും കേട്ടുകൊൾവിൻ
നാളൊരു നാഴികനേരംപോലും
നാമം പലതുണ്ടതിലൊരു നാമസം-
കീൎത്ത നം ചെയ്യണം നാണം വിനാ’
എന്നിങ്ങനെ ശിവനെ സ്തോത്രംചെയ്തുകൊണ്ടു് ധൎമ്മനന്ദനന്റെ സമീപം പ്രാപിക്കുന്നു. ധൎമ്മപുത്രർ അദ്ദേഹത്തെ യഥാവിധി പൂജിച്ചു് ആസനം നൽകുന്നു. മുനിയാകട്ടെ കുശലപ്രശ്നങ്ങൾ എല്ലാം ചെയ്തിട്ടു്,
“പാത്രം ലഭിച്ചോരുദന്തം–കേട്ടു
വാഴ്ത്തുന്നു പലരും ഭവന്തം.
സുകൃതപാത്രമല്ലോ നീയുമോൎക്കിൽ നിതാന്തം.
ശിഷ്ടരെയനുഗ്രഹിപ്പാനുമധിക-
ദുഷ്ടരെ നിഗ്രഹിപ്പാനും മനസി
പുഷ്ടമോദേന ഭുവി സഞ്ചരസി–നൂനം”
എന്നു് രാജാവിനെ വാഴ്ത്തുന്നു.
‘സജ്ജനസപര്യ ചെയ്‍വാനും—വിരവി-
ലിജ്ജനത്തിനു കഴി വരാനും—നിയമ-
മജ്ജനാദികളാശു ചെയ്തു ഭവാനും’
എന്നു പറഞ്ഞു് രാജാവു് മുനിയെ കുളിപ്പാനയയ്ക്കുന്നു. തത്സമയം ദ്രൗപദിയുടെ അത്താഴം കഴിഞ്ഞിരുന്നതിനാൽ എന്തു ചെയ്യേണ്ടു എന്നു് ആ സാധ്വി വിലപിക്കുന്നു. ‘സോപദംശം ശോഭനമന്നം സൂപസഹിതം’ താപസനു കൊടുക്കാത്തപക്ഷം അദ്ദേഹം ശപിച്ചു് വംശച്ഛേദം വരുത്തുകയും ചെയ്യും. അതിനാൽ അവൾ ‘പാണ്ഡവാനാം പാലനലോലനാ’യ ശ്രീകൃഷ്ണഭഗവാനെ സംസ്മരിക്കുന്നു. അപ്പോഴേക്കും,
‘വിധുരാവിരഭൂൽ പുരോഭുവി
ദ്രുപദേന്ദ്രഭവാ ചകോരികാം
സ്മിതചന്ദ്രികയാ പ്രഹർഷയൻ
ചലദൃക്‍ചഞ്ചുപുടാന്തമോപഹാം.’
എത്ര മനോഹരമായ ഒരു ശ്ലോകം! യഥാൎത്ഥ കവിത്വശക്തി ദ്യോതകമായ ഇത്തരം അൎത്ഥ ാലങ്കാരചമൽകൃതി ഈ കവിയുടെ മിക്ക ആട്ടക്കഥകളിലും ധാരാളം കാണ്മാനുണ്ടു്.
‘ദ്രുപദേന്ദ്രഭവാചകോരിക’ സകലാൎത്ത ിതമോപഹനായ യദുകുലകലശാബ്ധിചന്ദ്രന്റെ സ്മിതചന്ദ്രികയാൽ പ്രഹൃഷ്ടയായെങ്കിലും,
‘നല്ലാർകുലമണേ ചൊല്ലാമെങ്കിലും
വല്ലാത്തൊരല്ലൽ മെല്ലേ
ക്ഷുധയാ പരവശഹൃദയാംഭോജ-
മമിതയാഽവേഹി മാം സദയം.
അന്നം മധുരോപപന്നം ദേഹി മേ
വന്യം വാ യദി മാന്യം’
എന്നിങ്ങനെ അദ്ദേഹത്തിന്റെ മുഖത്തുനിന്നു പുറപ്പെട്ട വാക്കുകൾ, അവൾക്കു് ‘കൂനിൽ കുരു’ പോലെ ആയിത്തീൎന്നു. ‘ബകവധം പെണ്ണുങ്ങൾക്കു കൈകൊട്ടിക്കളിക്കേ കൊള്ളൂ’ എന്നു് ഗുരു ആക്ഷേപിച്ചതുകൊണ്ടായിരിക്കാം കവി പാഞ്ചാലിയേക്കൊണ്ടുകൂടി സംസ്കൃതത്തിൽ പറയിച്ചിരിക്കുന്നതു്.
‘പാത്രം ദിനകരദത്തം പശ്യ വിവിക്തം ഭോജനരിക്തം
കൎത്തു ം തവ ഭുക്തിം കിഞ്ചന
ഭക്തന്നഹി നഹി സത്യം’
ഇതുകൊണ്ടൊന്നും ഇളകുന്ന ആളല്ലല്ലോ മായാമയനായ ശ്രീകൃഷ്ണൻ. പാത്രം കൊണ്ടുവരാൻ അദ്ദേഹം അപേക്ഷിക്കുന്നു. അതു കൊണ്ടുവന്നു പരിശോധിച്ചതിൽ അതിലൊരിടത്തു് അതിസൂക്ഷ്മതരമായ ഒരു ശാകം പറ്റിയിരിക്കുന്നതു കണ്ടിട്ടു് എടുത്തു ഭക്ഷിച്ചശേഷം, അദ്ദേഹം തന്റെ നഗരിയിലേക്കു പൊയ്ക്കളയുന്നു. എന്നാൽ ഭഗവാൻ സന്തൃപ്തനായതിനോടു കൂടി ദുർവാസസ്സും ശിഷ്യരും തൃപ്തരാകുന്നു. ശപിക്കാൻ വന്ന മുനി,
‘ഭാഗ്യാംബുധേ നിങ്കൽ വാസുദേവൻ തന്റെ
വാത്സല്യമുള്ളതെല്ലാം ഭാവിതദൃശാ കണ്ടു
വിസ്മയം പൂണ്ടു ഞാൻ ഭൂയോപി ജീവ സുചിരം’
എന്നു ധർമ്മപുത്രനെ വാഴ്ത്തീട്ടു്,
‘മന്ദാകിനീജലമാദ്ധ്യന്ദിനോചിതം
മജ്ജനം ചെയ്തളവഹോ മന്ദേതരം
തൃപ്തി വന്നു ഞങ്ങൾക്കിന്നു മന്നിലതി
മാനുഷൻ നീ …
ഛത്രം വിചിത്രമീവൃത്താന്തമൊക്കവേ
പ്രത്യാഗമിക്കുന്നു ഞാൻ; ധൂൎത്ത ൻ ഖലൻ
കുമതി ദുര്യോധനൻ തന്റെ ദുൎമ്മദമടക്കീടുവൻ’
എന്നു പറഞ്ഞുകൊണ്ടു് അവിടെനിന്നു പോകുന്നു.
ഇവിടെ ഭാരതകഥയിൽനിന്നു് അല്പം ഭേദഗതി കവി വരുത്തീട്ടുള്ളതു് വളരെ ഉചിതമായിട്ടുണ്ടു്. മൂലകഥയിൽ, ശ്രീകൃഷ്ണൻ വന്നുചേൎന്ന ഉടനേ, കൃഷ്ണ അദ്ദേഹത്തിനോടു് മുനിയുടെ വരവിനെപ്പറ്റിയും മറ്റും പറഞ്ഞുകേൾപ്പിക്കുന്നുണ്ടു്. അപ്പോഴാണു് ഭഗവാൻ പറയുന്നതു്:
‘എന്നെയൂട്ടുകുടൻ കൃഷ്ണേ പിന്നെ നീ ചെയ്യുമൊക്കയും’ ‘അതായതു് നീ എനിക്കു് ഭക്ഷണം തന്നാൽ മുനിയേയും അനുയായികളേയും തൃപ്തിപ്പെടുത്തുന്നതിനു നിനക്കു സാധിക്കും’ നിസ്സാരമായ മാറ്റമാണു് ഇവിടെ ചെയ്തിട്ടുള്ളതെങ്കിലും അതുകൊണ്ടു് ‘Dramatic effect’ വളരെ വൎദ്ധിച്ചിട്ടുണ്ടു്. തന്നെ സ്മരിച്ചതു് എന്തിനാണെന്നുപോലും ചോദിക്കാതെ ഭഗവാൻ ‘വിശക്കുന്നു വല്ലതും തരണം മധുരാന്നമായാൽ നന്നു്. അല്ലെങ്കിൽ കാകനികളായാലും മതി’ എന്നു് യാജ്ഞസേനിയോടു പറയുമ്പോൾ, അവൾക്കുണ്ടാകുന്ന ലജ്ജയും, സങ്കടവും, പരിഭ്രമവും ഒക്കെ രംഗസ്ഥിതർക്കു് അനുഭവപ്പെടുത്തിക്കൊടുക്കുന്നതിനു് നല്ല ഒരു നടനു് സാധിക്കുമല്ലോ. അതുപോലെ തന്നെ അക്ഷയപാത്രത്തിലിരുന്ന ശാകാന്നം ഭക്ഷിച്ചിട്ടു് ഒന്നും പറയാതെ അദ്ദേഹം പോകയും ചെയ്യുന്നു. പാഞ്ചാലി തന്നെ സ്മരിച്ചു എന്നു് അദ്ദേഹം എങ്ങനെ അറിഞ്ഞു? ഈശ്വരത്വം കൊണ്ടല്ലേ? അതുപോലെ അദ്ദേഹത്തിന്റെ ഐശ്വരശക്തികൊണ്ടുതന്നെ, മുമ്പു് വസ്ത്രാപഹരണഘട്ടത്തിലെന്നപോലെ, ഈ ദുർഘടത്തിലും തന്നേ രക്ഷിച്ചുകൊള്ളുമെന്നു് പരമഭക്തയായ ആ സാത്വി വിശ്വസിച്ചുകൊള്ളട്ടേ എന്നായിരുന്നിരിക്കാം ഭഗവാന്റെ മനോഭാവം.
മഹാഭാരതത്തിൽ ഇങ്ങനെയല്ല കാണുന്നതു്. ശാകാന്നം ഭക്ഷിച്ചതിന്റെ ശേഷം ഭഗവാൻ സഹദേവനോടു് ‘ഉണ്ണാൻ മുനികളേ വിളിയ്ക്കൂ’ എന്നരുളിച്ചെയ്തു. തീൎത്ഥ ത്തിനു സമീപം സഹദേവൻ ചെന്നപ്പോൾ, അവർ ‘തേട്ടിയന്നരസസ്വാദുപൂണ്ടേറ്റം തൃപ്തിപൂണ്ടി’രിക്കുന്നതും ‘ആ വെള്ളം വിട്ടു കേറീട്ടു്’ പരസ്പരം നോക്കിക്കൊണ്ടിരിക്കുന്നതും,
‘നൃപനെക്കൊണ്ടു ചോറുണ്ടാ-
ക്കിച്ചു പോന്നു കുളിയ്ക്കു നാം
ആകണ്ഠ തൃപ്തരാം നമ്മൾ
വിപ്രൎഷേ തിന്നുമെന്തിനി?’
എന്നു് ശിഷ്യർ ചോദിക്കുന്നതും,
‘പാഴായ് വയ്പ്പിച്ചു രാജർഷി-
യ്ക്കേറ്റവും തെറ്റുചെയ്തു നാം
ക്രൂരനോട്ടംകൊണ്ടു നൊമ്മേ
നോക്കിപ്പാണ്ഡവർ ചുട്ടിടും’
‘കോപിച്ചാലോ? പഞ്ഞിയെ തീകണക്കിനെ അവർ നമ്മെ ഭസ്മമാക്കിക്കളകയും ചെയ്യും. അതിനാൽ ഓടിക്കൊള്ളുകയാണു് നന്നു്’ എന്നു് ദുൎവാസാവു പറഞ്ഞതു കേട്ടു് എല്ലാരും ഓടിക്കളയുന്നതും, കേട്ടും കണ്ടും തിരിച്ചുവന്നു് വിവരങ്ങളെ ധൎമ്മനന്ദനനെ ധരിപ്പിച്ചു. അപ്പോൾ ശ്രീകൃഷ്ണൻ,
‘നിങ്ങൾക്കാക്കോപേന മുനി-
മൂലമാപത്തുകണ്ടു ഞാൻ
പാഞ്ചാലിയോൎക്കയാൽ പാണ്ഡു-
പുത്രരേ വേഗമെത്തിനേൻ’
എന്നു പറഞ്ഞിട്ടു് യാത്ര ചോദിച്ചു പിരിഞ്ഞു. തമ്പുരാൻ അതൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു.
അനന്തരം, പാണ്ഡവന്മാർ വനാന്തരത്തിൽ വസിക്കവേ ശാൎദ്ദൂലാഖ്യനായ ഒരു രാക്ഷസൻ അവരെ നിഗ്രഹിക്കാനായി വന്നടുത്തു. അവൻ അൎജ്ജു നന്റെ ബാണവഹ്നിയിൽ ശലഭത്വം പ്രാപിക്കയാൽ, ആ വിപിനം നിഷ്കണ്ടകമായി; എന്നാൽ അൎജ്ജു നനോ ‘ജയജയശബ്ദേന കണ്ടകിത’നായും ഭവിച്ചു. ഇവിടെ കവി അനന്തഭട്ടന്റെ ഭാരതചമ്പുവിലെ ആശയത്തെ ഏറെക്കുറെ പകൎത്ത ിയിരിക്കുന്നതായിപ്പറയാം.
‘ശാർദ്ദൂലേ നിഹതേഽസ്മിൻ
ഗോത്രാവിത്രാസവിരഹിതാ സമഭൂൽ
നിഷ്കണ്ടകഞ്ച വിപിനം
ജയശബ്ദേനാർജ്ജുനോപി കണ്ടകിതഃ’കി. വ.
നിഷ്കണ്ടകയതായ് വന്യ-
ദിക്കവൻ ഹതനാകവേ
ഉൽക്കണ്ഠകയുമായ് മോദം
വായ്ക്കയാൽ ദ്രുപദാത്മജ’
ശാർദ്ദൂലന്റെ മരണവൃത്താന്തം അറിഞ്ഞു് തൽപത്നി പ്രതിക്രിയയ്ക്കു് ഒരുങ്ങുന്നു.
‘ഭർത്തൃനിഗ്രഹകൎത്തൃ ഭൂതന്മാരാം
മൎത്ത ്യരൈവരുമുണ്ടീവനത്തിങ്കൽ.
സത്വരമതിനുത്തരം ചെയ്‍വാനും-
സത്വമില്ലയെനിക്കെന്നിരിക്കിലും
ഐവർക്കും പ്രാണവല്ലഭയായിട്ടു
കേവലമൊരുത്തിയെന്നു കേൾപ്പൂ ഞാൻ.
അവളെക്കൊണ്ടുപോരുന്നതുണ്ടുഞാ-
നവരെച്ചതിച്ചാശു വനാന്തരേ.
സാദരം കാഴ്ചവച്ചീടാമെന്നുടെ
സോദരനാകിയ കിൎമ്മീരവീരനു
പ്രേതരാജ്യം ഗമിപ്പാനവൎക്കിന്നു
ഹേതുവായ്‍വന്നുകൂടുമവൾ തന്നെ’
ഈ ഉദ്ദേശത്തോടുകൂടി അവൾ ‘പാൎത്ഥ പ്രയാണസമയം നോക്കി’ ഒരു സുന്ദരിയുടെ രൂപത്തിൽ പാഞ്ചാലിയുടെ അടുത്തുചെന്നിട്ടു് നല്ല നല്ല പഞ്ചാരവാക്കുകളാൽ ആ സാധ്വിയെ പ്രേരിപ്പിച്ചു് ദുൎഗ്ഗാഭവനത്തിലേക്കെന്നു പറഞ്ഞു് വനാന്തരത്തിലേക്കു കൊണ്ടുപോകുന്നു.
‘കണ്ടാലതിമോദമുണ്ടായ്‍വരും വിപിനമിതു കണ്ടായോ?
കൊണ്ടൽനിരതിമിരമിടയുന്ന തവ
നീണ്ടുചുരുണ്ടൊരു കചമിന്നു പല
വണ്ടുകളുടനുടനിഹ വന്നു
കണ്ടിവാർ കുഴലി കണ്ടു കണ്ടു പുന-
രിണ്ടൽപൂണ്ടു ബത മണ്ടിടുന്നു.
കീചകമിത കുഴലൂതുന്നു പികഗീതവിശേഷമോടിടചേൎന്നു -ഹൃദി
സൂചിതമോടിഹ നിന്നു ചില വല്ലികാനടികൾ വായു-
സഞ്ചലിതപല്ലവാംഗുലിഭിരഭിനയിക്കുന്നു.
കുരവകതരുനിരകളിൽനിന്നു ചില കുസുമനികരമിതാ-
കുറുനിരകളിലിതാവീഴുന്നു-അതു പൊഴിയുന്നു-തവ
കുവലയാക്ഷി കുതുകേന നിന്നെയെതിരേൽക്കുന്നെന്നിഹ തോന്നീടുന്നു’
ഇതു് ആടാനും പാടാനും വായിച്ചു രസിക്കാനും കൊള്ളാവുന്ന ഒരു പദമാണെന്നു പറയേണ്ടതില്ലല്ലോ.
വനാന്തരത്തിൽ വന്നുചേൎന്നപ്പോൾ ചില ദുൎന്നിമിത്തങ്ങൾ കണ്ടു് ചകിതയായ പാഞ്ചാലി,
‘മുഖരയതി ഭൃശമിഹ ഝില്ലി–മമ
മുഹുരപി വേപതി തനുവല്ലീ–നാം
മുറുക മടങ്ങുകയല്ലല്ലീ–സഖി–
മുഞ്ച മുഞ്ച മാം ചഞ്ചലാക്ഷി നീ
വഞ്ചയസി കിമിതി കപടം ചൊല്ലി?’
എന്നിങ്ങനെ സംശയിച്ചു ചോദിക്കുന്നു. അപ്പൊഴേയ്ക്കും സിംഹികസാക്ഷാൽരൂപം കൈക്കൊണ്ടു് അവളെ എടുത്തുകൊണ്ടു പോകുന്നു. അവളുടെ വിലാപം കേട്ടു് സഹദേവൻ ചെന്നു് ആ രാക്ഷസിയുടെ നാസാകുചകൃന്തനവും ചെയ്യുന്നു.
ഇങ്ങനെ കവി കിൎമ്മീരനുമായുള്ള യുദ്ധത്തിനു വഴിയുണ്ടാക്കിയിരിക്കുന്നു. ഇത്രയും ഭാഗം കവികല്പിതമാണു്. മഹാഭാരതത്തിലെ അരണ്യപൎവം പതിനൊന്നാംഅദ്ധ്യായത്തിലുള്ള എഴുപത്തിഅഞ്ചിൽപരം ശ്ലോകങ്ങളിലാണു് കിൎമ്മീരവധം കഥ സംഗ്രഹിച്ചിരിക്കുന്നതു്. ചൂതിൽ തോറ്റു് നാടുവിട്ടുപോയ പാണ്ഡവന്മാർ മൂന്നു രാപ്പകൽകൊണ്ടു് കാമ്യകവ വനത്തിൽ എത്തിയതായും, ‘പുരുഷാദഭയ’ത്തിനാൽ കാട്ടാളർപോലും സഞ്ചരിക്കാത്ത ആ കാട്ടിൽവെച്ചു് കിൎമ്മീരൻ എന്ന രാക്ഷസൻ പെട്ടെന്നു് ആവിൎഭവിച്ചു് അവരുടെ വഴി മുടക്കിയതായും ആ ഭയങ്കരസത്വത്തെ കണ്ടു് ഭയംനിമിത്തം കണ്ണടച്ചു് ‘അഞ്ചു കുന്നുകൾക്കിടയിൽപ്പെട്ട പുഴ’പോലെ പാഞ്ചാലി കുഴങ്ങിയതായും, അവനെ ഭീമസേനൻ നിഗ്രഹിച്ചതായും അതിൽ പറഞ്ഞിരിക്കുന്നു. നമ്മുടെ കവി ശാൎദ്ദൂലനേയും സിംഹികയേയും പ്രവേശിപ്പിച്ചിരിക്കുന്നതു് വേഷവൈചിത്ര്യത്തിനു വേണ്ടിയായിരിക്കണം.
‘നികൃത്തകുചനാസിക’യായ സിംഹിക സഹോദരനായ ‘കിൎമ്മീര’ന്റെ സമീപം പ്രാപിച്ചു് ‘നിരനുനാസിക’യായി.
‘ഹാ ഹാ രാക്ഷസവീര വിലോകയ
ഹാ ഹാ വികൃതശരീരാ ഹി ജാതാ
ഹാ ഹാ പീഡ സഹിക്കരുതേ ബത
ഹാ ഹാ വീരസഹോദര പാലയ’
എന്നിങ്ങനെ വിലപിക്കുന്നു. ഈ പദം അനുനാസികങ്ങൾ കലരാത്ത ശബ്ദങ്ങളെക്കൊണ്ടുതന്നേ രചിച്ചിരിക്കുന്നതു. നോക്കുക. സഹോദരിയുടെ ദുഃഖവാൎത്ത അറിഞ്ഞു് കിർമ്മീരൻ ഉടൻ തന്നെ പാണ്ഡവന്മാരെ ആക്രമിപ്പാനായ് പുറപ്പെടുന്നു.
‘കടലോടടൽ പൊരുതീടിന പടയോടഹമിഹികാ
ഝടഝടേത്യടവിവിടപിപടലിയെ പൊടി
പെടുപ്പനതിപടുത്വമൊടു–
മൂഢ! വിലോകയമേ വാടാ പാടവം
മടവാരൊടു കടുതായിതു ശഠ തേ കരപടുതാ
വിടമ തേടുമടികൾകൊണ്ടു നിന്നുടൽ ഝടിതി
പാടിതമടാമ്യയി കീട’
എന്നിങ്ങനെ വന്നണഞ്ഞ രാക്ഷസനേ ഭീമൻ വധിക്കുന്നു. തപസ്വിവൎഗ്ഗം അദ്ദേഹത്തിനു് മംഗളമാശംസിക്കുന്നു. ഇങ്ങനെ കഥ അവസാനിക്കുന്നു.
ഈ കവിതയിൽ ശൃംഗാരമേ ഇല്ല. അതിനു് അവകാശവുമില്ല. മറ്റു വല്ല കവികളുമായിരുന്നെങ്കിൽ നടന്മാരെയും രംഗസ്ഥിതന്മാരെയും ഉദ്ദേശിച്ചു് എങ്ങനെയെങ്കിലും അതിനു് ഒരു അവസരമുണ്ടാക്കുമായിരുന്നു. പക്ഷേ അങ്ങനെ ഒരു അനൗചിത്യം വരുത്തിക്കൂട്ടുന്നതിനു് ഈ വിദ്വൽകവി തുനിയാഞ്ഞതു ഭാഗ്യമായി. കിർമ്മീരവധം കോട്ടയം തമ്പുരാന്റെ പാണ്ഡിത്യത്തിനും കവിത്വത്തിനും വശ്യവാക്ത്വത്തിനും നികഷോപലമായ് വിളങ്ങുന്നു.
‘പുരോഹിതം മുനിമുപവിഷ്ടമാസനേ
പുരോഹിതം നിജമുപവേശ്യ ധൎമ്മജഃ
പുരോഹിതപ്രകൃതിരനേന ഹസ്തിനാൽ-
പുരോഽഹിതപ്രഹിതമുവാച സാഞ്ജലിഃ.
സഭാജനൈൎവിരചിതസഭാജനഃ
പരന്തപസ്സമഭിഹിതഃ പരന്തപഃ
ചരിഷ്ണുനാ ഖലു മുനിനാ ചരിഷ്ണുനാ
വനാന്തരേ രമത സപാവനാന്തരേ
ഈ മാതിരി യമകപ്പണികളും,
‘കുരവകതരുനിരകളിൽ നിന്നു ചില
കുസുമനികരമിതാ പൊഴിയുന്നു തവ
കുറുനിരകളിലിതാ വീഴുന്നു–അതു
കുവലയാക്ഷി കുതുകേന നിന്നെയെതിരേല്ക്കുന്നു.’
ഇത്യാദി ആദ്യക്ഷരപ്രാസങ്ങളും
‘ക്ഷ്വേളാഘോഷാതിഭീതിപ്രചലദനിമിഷാ സിംഹികാഭാഷ്യപുഷ്യദ്-
ദ്വേഷാ ദോഷാചരീത്ഥം ഖലു നിജവപുഷാ ഭീഷയന്തീ പ്രദോഷേ
ഈഷാ കൂലങ്കഷേണ പ്രപരുഷപരുഷാജോഷമാദായ ദോഷാ
യോഷാഭൂഷാമനൈഷീൽ പ്രിയവധരുഷിതാ പാൎഷതീന്ദൂരമേഷാ’
ഇത്യാദ്യനുപ്രാസങ്ങളും,
‘മുഖരയതി ഭൃശമിഹ ഝില്ലീ–മമ
മുഹൂരപി വേപതിതനുവല്ലീ–നാം
മുറുക മടങ്ങുകയല്ലല്ലീ–സതീ
മുഞ്ച മുഞ്ച മാം ചഞ്ചലാക്ഷീ നീ വഞ്ചയസി
കിമിതി കപടം ചൊല്ലി.’
ഈ മാതിരി അന്ത്യപ്രാസങ്ങളും ഇതിൽ സുലഭമായി കാണുന്നുണ്ടെങ്കിലും, രസപോഷണത്തിലും, അൎത്ഥ ചമൽക്കരണത്തിലും ആണു് കവി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതു്. നല്ല രസവാസനയില്ലാത്ത നടന്മാൎക്കു് ഇക്കഥ ആടി ഫലിപ്പിക്കാൻ സാധിക്കയില്ല. ഒന്നാമതായി ഒരേ നടനു തന്നെ പരസ്പരവിരുദ്ധങ്ങളായ ഭാവങ്ങൾ ഒരേ കാലത്തു സ്ഫുരിപ്പിക്കേണ്ടതായിവരുന്നു. ധീരശാന്തനായ ധൎമ്മപുത്രരുടെ വേഷം കെട്ടി ആടുന്ന നടനു്, ശാന്തരസത്തെ വിടാതെ തന്നെ ‘മണിമയസദനേ’ത്യാദി ഘട്ടങ്ങളിൽ തെല്ലു ശൃംഗാരം കൂടി കാണിക്കാതെ തരമില്ല. ഇതു് എത്ര വിഷമമാണെന്നു് അനുഭവസ്ഥൎക്കേ അറിഞ്ഞുകൂടു. അതുപോലെ ലളിതാവേഷം പൂണ്ടിരിക്കുന്ന സിംഹികയുടെ പാർട്ടു് ആടാൻ കുറെ പ്രയാസമാണു്. എന്തുകൊണ്ടെന്നാൽ അവൾ ലളിത എന്ന നിലയിൽ ഒരു ശൃംഗാരക്കുടുക്കയാണെങ്കിലും അവളിൽ പ്രാധാന്യേന സ്ഫുരിക്കേണ്ട ഭാവം ഈൎഷ്യ അഥവാ പാഞ്ചാലിയോടുള്ള അസൂയയാണു്. ആ സ്ഥായിഭാവത്തെ വിട്ടുകളയാതെ ശൃംഗാരം അഭിനയിച്ചില്ലെങ്കിൽ രംഗസ്ഥിതന്മാർ പുരികം ചുളിക്കും. ഇത്തരം ഘട്ടങ്ങൾ പലതും ഇതിലുണ്ടു്. കിൎമ്മീരവധത്തിലെ ‘മാധവജയശൗരേ’ എന്ന പദം മന്ത്രാത്മകമാണെന്നാണു് ചിലർ പറയുന്നതു്. അതെഴുതി ഏന്ത്രത്തിൽ കെട്ടിയാൽ ബാധോപദ്രവമുണ്ടാകയില്ലെന്നു പലരും വിശ്വസിക്കുന്നുമുണ്ടു്.
15.5 കല്യാണസൗഗന്ധികം
പാശുപതാസ്ത്രം സമ്പാദിക്കുന്നതിനു വേണ്ടി അൎജ്ജു നൻ ശിവനെ തപസ്സു ചെയ്‍വാൻ പോയിരിക്കേ, ധൎമ്മപുത്രർ സത്തുക്കളാൽ വൎണ്ണിതങ്ങളായ പുണ്യകഥകൾ കേട്ടും ശത്രുവൎഗ്ഗങ്ങളെ ഒടുക്കുന്നതിൽ ഉദ്യതചിത്തനായിട്ടു് വില്ലും അമ്പും ധരിച്ചും മറ്റും അനുജന്മാരോടുകൂടി കാനനത്തിൽ സഞ്ചരിക്കുന്നു. അങ്ങനെ ഇരിക്കേ ഒരുദിവസം ആ ശകുനിയുടെ കപടദൂതിനെപ്പറ്റി ഓൎത്തു ് കോപപരവശനായ്ത്തീൎന്ന ഭീമസേനൻ ജ്യേഷ്ഠനോടു്,
“ശസ്ത്രാൎത്ഥ മെന്തിനധുനാ ശക്രജനെ യാത്രയാക്കിയതു പഴുതേ–
ശത്രുക്കളെ വിരവിലൊക്കെജ്ജയിപ്പതിന്നത്രാല-
മേകനഹമെന്നറിക വീര”.
അതുകൊണ്ടു് ആ കൗരവന്മാരെ നിഗ്രഹിക്കുന്നതിനു് അനുവാദം തരണം എന്നപേക്ഷിക്കുന്നു. ‘സമസ്തപ്രതിഭടപടലീഘസ്മര’നായ ഭീമസേനന്റെ രൂക്ഷമായ വാക്കുകൾ കേട്ടു് ധൎമ്മനന്ദനൻ ‘ധൎമ്മതത്വസഹിതം മൃദുവാക്യം’ പലതും പറഞ്ഞു് അനുജന്റെ കോപം ശമിപ്പിക്കുന്നു.
‘അനലനൂഷ്മാ വെടികിലുമാലോകന്തന്നെ
ദിനകരൻ കൈവെടികിലും
അനിലനന്ദന! സത്യമനുജ! ലംഘിപ്പതിനു
അനലമഹമെന്നറിക ചൊല്ലീടായ്കേവം’
എന്നു് അദ്ദേഹം പറകയാൽ ഭീമൻ ഗത്യന്തരമില്ലാതെ അടങ്ങിക്കളയുന്നു. ആ അവസരത്തിൽ അൎജ്ജു നന്റെ വേൎപാടു നിമിത്തം മറ്റു പാണ്ഡവന്മാർ ദുഃഖിച്ചിരിക്കയായിരിക്കണമെന്നോൎത്തു ് ഇന്ദ്രൻ ‘രോമശനീരവാഹ’നെ അവരുടെ അടുക്കലേയ്ക്കു് അയയ്ക്കുന്നു. വിജയൻ പാശുപതാസ്ത്രം നേടീട്ടു് ഗീർവാണലോകത്തു ചെന്നു് ‘സുരജനഗീതപരാക്ര’മനായി വിളങ്ങുന്നു എന്നും, ഇന്ദ്രന്റെ അടുക്കൽ നിന്നു് അനേകം ശസ്ത്രജാലങ്ങൾ അദ്ദേഹത്തിനു് ലഭിച്ചിട്ടുണ്ടെന്നും, അവിടെനിന്നു് നാലഞ്ചുകൊല്ലങ്ങൾക്കുള്ളിൽ തിരിച്ചു വരുമെന്നും ധരിപ്പിച്ചതിനു പുറമേ,
‘പാരിടം തന്നിൽ പ്രസിദ്ധങ്ങളായേറ്റം
പാപഹരങ്ങളായുള്ള തീൎത്ഥ ങ്ങളെ
പാരാതെ ചെന്നു നിഷേവണം ചെയ്‍വാനായ്
പൗരവപുംഗവ പോകനാമെല്ലാരും’
എന്നു് അവരെ തീൎത്ഥ ാടനത്തിനു ക്ഷണിക്കയും ചെയ്യുന്നു. അങ്ങനെ അവരെല്ലാം അവിടെനിന്നു പുറപ്പെട്ടു് പല ദിക്കിലും സഞ്ചരിച്ചശേഷം ‘സ്വച്ഛപ്രച്ഛായവൃക്ഷപ്രചുര’മായ ഒരു തപോവനത്തിൽ ചെന്നു ചേരുന്നു. ആ തപോവനം അഗസ്ത്യാശ്രമമാണെന്നറിഞ്ഞു് സന്തുഷ്ടരായിട്ടു് അവിടെനിന്നു് ഭാൎഗ്ഗവതപോവനത്തിലെത്തുന്നു. അങ്ങനെ ഇരിക്കേ ഭഗവാൻ ശ്രീകൃഷ്ണൻ അവരെ കാണ്മതിന്നായി അവിടെ വന്നു ചേരുന്നു. ഭഗവാനെ അവർ ഭക്തിപൂൎവം സ്വീകരിക്കുന്നു.
‘പരിതാപിക്കരുതേ പാണ്ഡവന്മാരെ
പരിതാപിക്കരുതേ …
… … …
പരനെന്നുമഹമെന്നും ഭാവഭേദമുള്ളവർ
പരിതാപിച്ചീടുന്നതും പാൎക്കിലതുചിതം.
പരമാത്മാവേകനെന്നു പരമാൎത്ഥ ബോധമുള്ളിൽ
പരിചോടുള്ളോരു നിങ്ങൾ പ്രാകൃതന്മാരെ-
പ്പോലെ പരിതാപിക്കരുതേ.’
എന്നുള്ള ഭഗവദ്വാക്യം കേട്ടു് ധൎമ്മനന്ദനൻ പറയുന്നു:
‘നിൻകൃപയുണ്ടെന്നാകിൽ നിരൂപിച്ചതു സാധിപ്പാൻ
സങ്കടമുണ്ടോ ഭുവി സകല ലോകൎക്കു ം?
കിങ്കരാ ഞങ്ങളിൽ കൃപയില്ലാത്തതിനാലേ
പങ്കജേക്ഷണ! പാരമുഴന്നീടുന്നു.
ചെന്താർബാണാരി തന്റെ ചേവടി സേവിപ്പാനായ്
സന്തോഷമോടു പോയ സവ്യസാചി താൻ
ഹന്ത വാരായ്കകൊണ്ടു സന്താപം വളരുന്നു
ബന്ധുവത്സല ഭവബന്ധമോചനനാഥ.’
അൎജ്ജു നൻ വേഗം വന്നുചേരുമെന്നും തീൎത്ഥ സഞ്ചാരം കഴിയുമ്പോഴെയ്ക്കു് വിജയം ലഭിക്കുമെന്നും ഒക്കെ പറഞ്ഞു് സമാധാനപ്പെടുത്തീട്ടു് ഭഗവാൻ മറയുന്നു.
പിന്നീടു് പല ദിക്കുകൾ കടന്നു് അവർ ഒരു ഘോരവിപിനത്തിൽ എത്തുന്നു. ഇവിടെ ഭാരതകഥയിൽ നിന്നു് അല്പം വ്യതിയാനം കവി വരുത്തിയിരിക്കുന്നു. മൂലകഥയിൽ ഘടോൽക്കചസംഗമവും സൗഗന്ധികാഹരണവും കഴിഞ്ഞാണു് ജടാസുരനുമായുള്ള യുദ്ധം. ഭാരതചമ്പൂകാരനായ അനന്തഭട്ടനും മൂലകഥയെത്തന്നെ അനുസരിക്കുന്നു. എന്നാൽ നമ്മുടെ കവിയാകട്ടെ, പാണ്ഡവന്മാർ ഘോരവനാന്തരങ്ങളിൽ പ്രവേശിച്ചപ്പോൾ, ജടാസുരൻ വന്നെതിൎത്ത തായിട്ടാണു് പറഞ്ഞിരിക്കുന്നതു്. ജടാസുരൻ വന്നെതിൎത്ത തായിട്ടാണു് പറഞ്ഞിരിക്കുന്നതു്. കഥകളിയായതുകൊണ്ടു് ഒരു കത്തിവേഷത്തിനു വകകിട്ടിയാൽ ഉപേക്ഷിക്കാൻ തരമില്ലല്ലോ. കല്യാണസൗഗന്ധികാഹരണത്തിനു ശേഷം അങ്ങനെ ഒരു വേഷത്തെ പ്രവേശിപ്പിച്ചാൽ വെറുതെ കഥ നീട്ടിക്കൊണ്ടുപോയിരിക്കുന്നു എന്നൊരു ആക്ഷേപവും ഉണ്ടാകും. അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു ഭേദഗതി വരുത്തിയിരിക്കുന്നതു്.
“ഭൂമിസുരനായ്ച്ചെന്നു ഭീമനെയറിയാതെ ഞാൻ
ഭൂപതികളെക്കൊണ്ടുപോരുവനിദാനീം
രഭസമൊടിവരുടയ രമണിയെക്കൈക്കൊണ്ടു
നഭസി പോന്നീടുവൻ നിൎണ്ണയമിദാനീം.”
എന്നുറച്ചു് ഒരു പണ്ഡിത ക്ക്ബ്രാഹ്മണന്റെ വേഷത്തിൽ പാണ്ഡവന്മാരുടെ അടുത്തുചെന്നു് അവരുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ടു് ‘കാലാഗമനം’ പാൎത്തു ് അവൻ അവിടെ താമസിക്കുന്നു. ‘കാലാഗമം’ എന്നതിനെ കവി രണ്ടൎത്ഥ ത്തിലാണു് പ്രയോഗിച്ചിരിക്കുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഇരിക്കേ, ഭീമൻ വേട്ടയാടാൻ പോയിരിക്കുന്ന സമയം നോക്കി, അവൻ ധൎമ്മാദികളേയും കൊണ്ടു് കടക്കുന്നു. എന്നാൽ അതിനിടയ്ക്കു് ഭീമൻ എത്തുകയും അവനെ നിഗ്രഹിക്കയും ചെയ്യുന്നു.
പിന്നീടു് വനാന്തരത്തിനുള്ളിൽ എല്ലാവരും കൂടി സഞ്ചരിക്കവേ, വലുതായ ക്ഷീണം നേരിടുകയാൽ പാഞ്ചാലി ഒരു വൃക്ഷച്ചുവട്ടിൽ ഇരുന്നു് തന്റെ സങ്കടങ്ങളെ പറഞ്ഞു കേൾപ്പിക്കുന്നു. അതുകേട്ടു്,
‘അത്തലുണ്ടാകരുതൊട്ടും-വല്ലാതെയുള്ളിൽ
അത്തലുണ്ടാകരുതൊട്ടും
ശക്തൻ ഘടോല്ക്കചനെന്നുത്തമനായിട്ടൊരു
നക്തഞ്ചരനുണ്ടവനത്ര വന്നിടും പാൎത്ത ാൽ
വാഞ്ഛിതദിക്കുകളിൽ ബാധയകന്നു നമ്മെ
സഞ്ചരിപ്പിക്കുമവൻ സാദരമറിഞ്ഞാലും.’
എന്നു പറഞ്ഞിട്ടു് ഭീമസേനൻ ഘടോൽക്കചനെ സ്മരിക്കയും അയാൾ ഉടൻതന്നെ വന്നു് പിതാവിന്റെ അടിപണിയുകയും ചെയ്യുന്നു. ഭീമൻ യാജ്ഞസേനിക്കു നേരിട്ട സങ്കടത്തെ അവനോടു് അറിയിച്ചപ്പോൾ,
‘കാൽക്ഷണം വൈകാതെ നിങ്ങളെയിന്നു കഴുത്തിലെടുത്തു ഭുവി
കാംക്ഷിതദിക്കിൽ ചരിപ്പിച്ചീടാമല്ലോ കാമഗനാകിയ ഞാൻ’
എന്നു പറഞ്ഞു് അവൻ അവരെ സമാധാനപ്പെടുത്തുന്നു. അടുത്ത ശ്ലോകവും പദവും അതിസുന്ദരമായിട്ടുള്ളതിനാൽ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
‘കാലേ കദംചിദഥ കാമിജനാനുകൂലേ
മാലേയമാരുതവിലോളിതമാലതീകേ
ലീലാരസേന വിചരൻ വിപിനേ വിനോദ-
ലോലാം സമീരണസുതോ രമണീമഭാണീൽ.
പാഞ്ചാലരാജതനയേ പങ്കജേക്ഷണേ
പഞ്ചസായകനിലയേ
രഞ്ചാതെ വിപിനേ സഞ്ചരിച്ചീടുകയാൽ
നെഞ്ചകമതിലഴലരുതയിതേ
പൂഞ്ചോലതോറും നല്ല പൂമണം മെല്ലെ നുകൎന്നു
ചാഞ്ചാടി മോദം കലൎന്നു നല്ല ചാരുപവനൻ വരുന്നു;
പഞ്ചമകൂജിതസുകോകിലേ പരമിഹ ദേവി സുമംഗലേ
കിഞ്ചന രന്തുമനാകുലേ കിളിമൊഴി വരിക ശിലാതലേ
നിൻചലലോചനനിൎജ്ജ ിതമധുരിമ സഞ്ചിത
ഭയചലദഞ്ചിതകമലേ.
കണ്ടാലും മധുസമയം നല്ല കാമിനീജനഹൃദയം
കൊണ്ടാടീടുന്നു സദയം നല്ല കോമളകുസുമമയം.
ഇണ്ടലകന്നുടനാശയേ ഇഹ പരിചൊടു ജലാശയേ
വണ്ടുകൾ നന്മധുവുണ്ടു മദിച്ചു മുരണ്ടു വനങ്ങളിൽ മണ്ടുന്നിതയേ!
ചന്ദനശിഖരിചരം നല്ല ചമ്പകാമോദരുചിരം
മന്ദപവനകിശോരം നല്ല മാനിനി കാണ്ക സുചിരം.
സുന്ദരിമനസിജവരസമരം സുഖമൊടു കുരു സരസതരം
മന്ദരസദൃശപയോധരം മദുരസി ചേൎക്ക മനോഹരം
മന്ദത നീക്കി വിനിന്ദിതകിസലയം ഇന്ദുസുമുഖീ മമ തന്നിടുകധരം.’
ഈ പദം ആടുമ്പോൾ കരുണം, ശൃംഗാരം, ഭയാനകം മുതലായി പരസ്പരവിപരീതങ്ങളായ അനേകം ഭാവങ്ങളെ തുടൎന്നു സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നതിനാൽ ആട്ടക്കാരെ വല്ലാതെ വിഷമിപ്പിക്കുമെന്നുള്ളതു് അനുക്തസിദ്ധമാണല്ലോ.
ഈ അവസരത്തിലാണു് ‘വാതേന വത്സലതയേവകിലോപനീത’മായ ഒരു സൗഗന്ധികപുഷ്പം കൃഷ്ണയ്ക്കു ലഭിക്കുന്നതു്. അതെടുത്തുംകൊണ്ടു്, അവൾ ഭീമന്റെ സമീപത്തു ചെന്നിട്ടു്,
‘നിൻകരുണയുണ്ടെന്നാകിൽ നിൎണ്ണയമിനിയും മമ
സംഗതി വരും ലഭിപ്പാൻ സരസസൗഗന്ധികങ്ങൾ.
പാരിലില്ല പാൎത്ത ാലെങ്ങും ചാരുതരമിവണ്ണം
പാരം വളരുന്നു മോദം വാരിജനയന.
വല്ലതെന്നാകിലും നിജ വല്ലഭന്മാരോടല്ലാതെ
ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറു തരുണിമാർ.’
എന്നു് തന്റെ അഭിലാഷത്തെ അറിയിക്കയും അതിലേക്കായി അദ്ദേഹം പുറപ്പെടുകയും ചെയ്യുന്നു. ‘ശാതോദരീ ചടുലചാരു കടാക്ഷപാതപാഥേയവാനാ’യിട്ടു് അദ്ദേഹം നടന്നു് കദളീവനത്തിലെത്തിയപ്പോൾ, രാമഭക്താഗ്രണിയായ ശ്രീഹനൂമാൻ കാണുന്നു. ഭീമന്റെ വരവുനിമിത്തം, ‘ഊരുവേഗം കൊണ്ടു് ഭൂരിതരമായുള്ള ഭൂരുഹസഞ്ചയം ഭൂമിയിൽ വീഴുന്ന’തും, ഭീതി കലൎന്ന ചമൂരുക്കൾ ഓടുന്നതും, ‘മാതംഗയൂഥമഭിമാനം വെടിഞ്ഞുള്ളിൽ ആതങ്കമോടുകൂടി’ മണ്ടുന്നതും, കേസരികൾ പേടിച്ചു് ഗുഹാന്തരം പ്രാപിക്കുന്നതും മറ്റും ഓൎത്തു ് ഇവൻ തന്റെ അനുജനായിരിക്കണമെന്നും ഇവന്റെ ബലം ഒന്നു് പരീക്ഷിച്ചു നോക്കുകതന്നെ വേണമെന്നും കരുതി, ഒരു മുതുക്കുരങ്ങിന്റെ വേഷത്തിൽ കിടന്നു് ശ്രീഹനൂമാൻ അദ്ദേഹത്തിന്റെ മാൎഗ്ഗനിരോധം ചെയ്യുന്നു. അവർ തമ്മിൽ യുദ്ധമുണ്ടാകുന്നു. കഥകളികളിലെല്ലാം യുദ്ധത്തിനു മുമ്പു് ഒരു വാക്സമരം നടത്തുക പതിവാണു്. ഇവിടെയും നടക്കുന്നുണ്ടു്. എന്നാൽ മറ്റു പല കഥകളിലും നമ്പ്യാരുടെ തുള്ളലുകളിലും കാണുമ്പോലെയുള്ള സഭ്യേതരമായ വാക്കുകളൊന്നും ഭീമനെക്കൊണ്ടോ ഹനൂമാനെക്കൊണ്ടോ ഇക്കവി പറയിക്കുന്നില്ല.
ഭീമനു് ആ മൂത്ത കുരങ്ങന്റെ ബാലാഗ്ര്യംപോലും ഇളക്കാൻ സാധിക്കുന്നില്ല; ഒടുവിൽ അദ്ദേഹം വാസ്തവം മനസ്സിലാക്കാനായി, ‘നീ ആരാണു്? ഇന്ദ്രനോ? വരുണനോ? തീൎച്ചയായും കേവലം വാനരനല്ല’ എന്നു പറഞ്ഞപ്പോൾ, ഹനൂമാൻ,
‘രാവണാന്തകനായീടും രാമന്റെ ദൂതനാകും ഞാൻ
താവകസഹജനല്ലോ മമ നാമം ഹനൂമാനല്ലോ’
എന്നിപ്രകാരം പരമാൎത്ഥ ം ധരിപ്പിച്ചിട്ടു് തന്റെ സാക്ഷാൽ രൂപം കാണിച്ചുകൊടുക്കുന്നു. ആ രൂപം കണ്ടു് സംഭീതനായ ഭീമന്റെ ഭയം അകറ്റിയിട്ടു് അദ്ദേഹം അനുഗ്രഹിക്കുന്നു. അനന്തരം ഭീമൻ യാത്ര തുടരുന്നു. മാൎഗ്ഗമദ്ധ്യേ ‘ചൈത്രകാനനത്തെ സത്രപമാക്കീടുന്ന’ വനത്തിന്റെ ശോഭ കണ്ടു് വിസ്മയിക്കുന്നു.
‘കാസാരമിതല്ലോ മുൻപിൽ കാണുന്നു വിപുലം
ഭാസുരകുസുമജാലവാസനമമലം
ചഞ്ചരീകതതി വായു സഞ്ചലിതമായി
തേൻ ചൊരിയും പൂവിലാൎത്തു സഞ്ചരിക്കുന്നു.
വേഗേന ചെന്നിതിനുടെ വേലാമാൎഗ്ഗത്തൂടെ
ആഗമനം ചെയ്തീടുവേൻ’
എന്നു് വിചാരിച്ചു അദ്ദേഹം നടക്കുന്നു. എന്നാൽ പൊയ്കയിൽ ചെന്നു പൂക്കൾ ഇറുത്തു തുടങ്ങിയ മാത്രയിൽ, കുബേരഭൃത്യന്മാർ വന്നു തടയുന്നു. അവരെ തോല്പിച്ചു് സൗഗന്ധികങ്ങളും കൊണ്ടു് തിരിച്ചുവന്നു് പ്രിയപത്നിക്കു സമൎപ്പിക്കുന്നു. ഇതാണു് ഇക്കഥയുടെ പോക്കു്.
15.6 നിവാതകവചവധം
സാധാരണ നിവാതകവചന്റെ വധംവരെ മാത്രമേ ഞാൻ അഭിനയിച്ചുകണ്ടിട്ടുള്ളു. കഥയുടെ പേരും അങ്ങനെയാണു് അച്ചടിച്ച പുസ്തകങ്ങളിൽ കണ്ടിട്ടുള്ളതും. ‘ദൈത്യേന്ദ്രപോരിനായേഹി’ എന്ന കാലകേയവാക്യംകൊണ്ടു് കഥ പെട്ടെന്നവസാനിച്ചിരിക്കുന്നതായിട്ടാണു് മുദ്രിതഗ്രന്ഥങ്ങളിൽ കാണുന്നതു്. കവി തീൎച്ചയായും അങ്ങനെ അവസാനിപ്പിച്ചിരിക്കയില്ലെന്നു തീൎച്ചയാണു്. മഹാഭാരതത്തിൽ നിവാതകവചവധവും കാലകേയവധവും പരസ്പരബന്ധമില്ലാത്ത സംഭവങ്ങളാകുന്നു. അരണ്യപൎവത്തിൽ നൂറ്റിഅറുപത്തിനാലാമദ്ധ്യായം തുടങ്ങി നൂറ്റിഎഴുപത്തിഅഞ്ചാം അദ്ധ്യായം വരെയുള്ള ഭാഗത്തിനു് നിവാതകവചവധപൎവം എന്നു പ്രത്യേകം പേരും നല്കിക്കാണുന്നു. എന്നാൽ കാലകേയ വധത്തേയും ആ പൎവത്തിൽത്തന്നെ അന്തൎഭവിച്ചിട്ടുണ്ടുതാനും. ആ സ്ഥിതിയ്ക്കു് നിവാതകവചവധം എന്നു കവി കഥയ്ക്കു പേരിട്ടിരിക്കുന്നതിൽനിന്നു് കാലകേയവധംകൂടി ഉൾപ്പെടുത്തീട്ടുണ്ടെന്നോ ഇല്ലെന്നോ ഖണ്ഡിച്ചു പറയാവുന്നതല്ല. കാണികൾക്കു രസിക്കാനുള്ള ഭാഗം നിവാതകവചവധംകൊണ്ടു് അവസാനിച്ചിരിക്കുന്നതിനാൽ മിക്ക സ്ഥലങ്ങളിലും കാലകേയവധം അഭിനയിക്കാറുമില്ല. സാധാരണ ആടാറില്ലാത്തതുകൊണ്ടു് എഴുത്തുകാർ ബാക്കിഭാഗത്തെ വിട്ടുകളഞ്ഞതായിരിക്കുമോ എന്നു നിർണ്ണയിക്കാൻ പ്രയാസമായിരിക്കുന്നു. ഏതായിരുന്നാലും മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പൂർണ്ണപാഠം ഇപ്പോൾ കണ്ടുപിടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എന്നാൽ അതു് കോട്ടയം തമ്പുരാൻതന്നെ എഴുതിയതോ പിൽക്കാലത്തു വല്ലവരും എഴുതിച്ചേൎത്ത തോ എന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. മിക്കവാറും അദ്ദേഹത്തിന്റേതായിരിക്കാനാണു് സാംഗത്യം.
കഥ: ഈശകൃപയാൽ അൎജ്ജു നന്നു് പാശുപതാസ്ത്രം ലഭിച്ചു എന്നു അറിഞ്ഞു് തന്റെ പുത്രനെ ഒന്നു കാണണമെന്നു് ആഗ്രഹം ജനിക്കയാൽ ഇന്ദ്രൻ മാതലിയേ വിളിച്ചു്,
‘വെണ്മതികുലരത്നമായീടുന്നവൻ തന്നെ
കാണ്മാനേറ്റമുള്ളിൽ കാംക്ഷ വളൎന്നീടുന്നു.
വലുതായകാര്യം പലതുമുണ്ടിഹ പാൎത്ഥ -
ബലവീര്യേണ സാധിപ്പാനലസനല്ലൊട്ടും.
കുണ്ഠത വെടിഞ്ഞു നീ പാണ്ഡവൻതന്നെയിങ്ങു
കൊണ്ടുപോന്നീടുവതിനുണ്ടാകൊല്ലാ താമസം.’
എന്നു് ആജ്ഞാപിക്കുന്നു. മാതലി ‘വിടകൊള്ളാമടിയനും വിജയസമീപേ’ എന്നു യാത്ര ചോദിച്ചിട്ടു് വിജയസമീപം പ്രാപിച്ചു്, ‘വിജയ തേ ബാഹുവിക്രമം വിജയതേ’ എന്നിങ്ങനെ സ്തുതിക്കാൻ ഭവിക്കവേ, അർജ്ജുനൻ ലജ്ജിക്കുന്നു.
‘സലജ്ജോഹം തവ ചാടുവചനങ്ങളാലേ’ എന്ന പദം രസവാസനയുള്ള നടന്മാർ ആടിക്കാണുന്നതു് വളരെ രസാവഹമാകുന്നു.
മാതലിയോടുകൂടി സ്വൎഗ്ഗത്തിലേക്കുള്ള അർജ്ജുനന്റെ പുറപ്പാടു്,
‘നഗരീതരസാരഥിനാ-
മപഹൎത്ത്ര ാ കീൎത്ത ിമാശുതരസാരഥിനാ
യുധിനാമനസാദരിണാ
ലംഘ്യാ പ്രാപേർജ്ജുനേന മനസാ ദരിണാ.’
എന്നു ശ്ലോകത്തിൽ കഴിച്ചിരിക്കുന്നു. അർജ്ജുനന്റെ ഇന്ദ്രസന്നിധിയിൽ പ്രവേശിച്ചു് പിതാവിനെ നമിച്ചിട്ടു് ‘തദാശ്ലേഷസുനിൎവൃതനായി’, ഇപ്രകാരം പ്രാൎത്ഥ ിക്കുന്നു:
‘കരുണാവാരിപൂരേണ കുരു താത
ഉരുതരമഭിഷേചനം മേ
ഗുരുജനകാരുണ്യം സകലസാധകമെന്നു
ഗുണമുള്ള മഹാജനം പറഞ്ഞു കേൾപ്പുണ്ടു ഞാനും’
കുടിലതയകതാരിൽ തടവീടും
അരിപടലങ്ങളെയൊക്കവേ
ഒടുക്കുവാനായടിമലർ തൊഴുതീടും
അടിയനെ വിരവൊടു പടുതയുണ്ടാവാനാ-
യനുഗ്രഹിച്ചീടണം.
പാൎശ്വവൎത്ത ിയായ ജയന്തനെ സേൎഷ്യനാക്കുമാറു് ഇന്ദ്രൻ വിജയനെ അർദ്ധാസനം നല്കി ഇരുത്തിയിട്ടു് ‘തനയ ധനഞ്ജയ ജീവ സുചിരം’ എന്നു് ആശംസിക്കയും ധർമ്മജാദികളുടെ സുഖവൎത്ത മാനങ്ങളെപ്പറ്റി അന്വേഷിക്കയും ചെയ്യുന്നു. അനന്തരം പിതാവിന്റെ വാത്സല്യപൂൎവകമായ വാക്കുകളാൽ സന്തുഷ്ടനായ ധനഞ്ജയൻ ജയന്തന്റെ കൈ പിടിച്ചു കൊണ്ടു് ഇന്ദ്രസൗധത്തിൽ ചെന്നു് മാതാവായ പുലോമജയെ നമസ്കരിക്കവേ, ആ ദേവി അദ്ദേഹത്തിനെ പ്രസ്നവങ്ങളോടു കലൎന്ന സന്തോഷാശ്രുക്കളാൽ സേചനം ചെയ്തുകൊണ്ടു് കുശലപ്രശ്നം ചെയ്യുന്നു. പിന്നീടു് ശചീദേവിയുടെ അനുഗ്രഹവും വാങ്ങിക്കൊണ്ടു്, ആ സൗധത്തിൽ നിന്നു് ശൃംഗാടകത്തിൽ ഇറങ്ങുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യാതിരേകത്താൽ വശീകൃതരായ സുരയുവതികളെല്ലാം ‘മദനശരവിവശതയൊടതികുതുകവാരിധിയിൽ’ മുങ്ങുന്നു. അവരിൽ ചിലർ സംഗീതരീതികൾ അവലംബിച്ചും മറ്റു ചിലർ പലേ തരത്തിലുള്ള ശൃംഗാരചേഷ്ടകൾ കാണിച്ചും അദ്ദേഹത്തിനെ വശീകരിക്കാൻ നോക്കുന്നു. ‘ഇന്ദ്രാണിയെത്തൊഴുതു് ചന്ദ്രാന്വയാഭരണൻ’ എന്നു തുടങ്ങുന്ന ദണ്ഡകം ആട്ടക്കാർക്കു് തങ്ങളുടെ അഭിനയകൗശലം പ്രകാശിപ്പിക്കുന്നതിനും വായനക്കാർക്കു വായിച്ചു രസിക്കാനും ഒരുപോലെ കൊള്ളാം.
അങ്ങനെ ഇരിക്കേ വജ്രബാഹു എന്നൊരു ദുഷ്ടൻ അനുജനായ വജ്രകേതുവിനോടു കൂടി വന്നു് ഉൎവശീമുഖരായ സുരാംഗനമാരെ അപഹരിച്ചുകൊണ്ടു പോകുന്നു. ഈ കല്പിതപാത്രങ്ങളെ ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നതു് കേവലം വേഷവൈവിധ്യത്തിനു മാത്രമല്ല, ഉർവശിയുടെ പ്രണയകഥയ്ക്കു രംഗം ഒരുക്കുന്നതിനും കൂടിയാണു്.
അൎജ്ജു നൻ ആ ദുഷ്ടന്മാരെ നിഗ്രഹിച്ചിട്ടു് നാകാംഗനകളെ മോചിപ്പിക്കവേ, ‘സ്വൎവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമായ’ ഉർവശി മന്മഥനാൽ ‘വശീകൃത’യായിട്ടു് ‘വിവശീകൃത’യായ് ഭവിക്കുന്നു. കോട്ടയം തമ്പുരാന്റെ കൃതികളിൽ ശൃംഗാരത്തിനു വലിയ പ്രാധാന്യം കല്പിച്ചുകാണുന്നില്ല. അതൊരു ന്യൂനതയാണെങ്കിൽ, ഈ ന്യൂനതയെ ഇവിടെ പരിഹരിച്ചിരിക്കുന്നു. അതുകൊണ്ടു കൂടിയാണു് ആടാൻ കൊള്ളാവുന്ന കഥകളുടെ കൂട്ടത്തിൽ ഇതു പ്രഥമഗണനീയമായിരിക്കുന്നതും. അത്യുജ്ജ്വലമായ ഒരു ശൃംഗാരരംഗത്തെ കവി ഇവിടെ സജ്ജമാക്കിയിരിക്കുന്നു. നാടകങ്ങളിൽ സംഭോഗശൃംഗാരം വളരെ വിരളമായിട്ടേ പ്രയോഗിക്കയുള്ളുവെന്നും, കഥകളിയിൽ നേരേമറിച്ചു് അതിനു പ്രാധാന്യം കല്പിച്ചിരിക്കുന്നുവെന്നും പലപ്പോഴും ആ ശൃംഗാരം ഉൽക്കടമായും ഗ്രാമ്യമായും തീരാറുണ്ടെന്നും ആക്ഷേപിക്കുന്ന ഒരു കൂട്ടർ ഇപ്പോഴും ഉണ്ടു്. എന്നാൽ കഥകളി മൂകാഭിനയമാണെന്നുള്ള സംഗതി അവർ വിസ്മരിച്ചുകളയുന്നു. വാങ്മുഖേന പ്രകാശിപ്പിക്കുമ്പോൾ ഉൽക്കടമായി തോന്നുന്ന ഭാവം മുദ്രക്കൈകളെക്കൊണ്ടു് പ്രകടിതമാവുമ്പോൾ നീരസജനകമായിത്തീരുന്നില്ല. അതുകൊണ്ടു് നാടകത്തിൽ അഭംഗിയായി തോന്നുന്നതു് കഥകളിയിലും അങ്ങനെതന്നെ ആയിരിക്കണമെന്നില്ല. നാടകലക്ഷണം ഒപ്പിച്ചു എഴുതീട്ടുള്ള നളചരിതത്തിൽ ഈ മാതിരി ഒരു രംഗമേ ഇല്ലെന്നുള്ളതു വാസ്തവം തന്നെ. എന്നാൽ അഭിനയയോഗ്യത എന്ന അംശത്തിൽ അതു് കോട്ടയത്തിന്റെ കൃതികളോളം സഹൃദയ്ഹൃദയരഞ്ജകമല്ലതാനും.
ഉൎവശി അൎജ്ജു നഗതമായ തന്റെ അഭിനിവേശത്തെ സഖിയോടു പറഞ്ഞു കേൾപ്പിച്ചിട്ടു്,
‘നിരുപമനയഗുണശീലേ മയി കരുണ കലൎന്നീടും ബാലേ
എന്നാലതിന്നൊരുപായം വദ വന്നീടരുതൊരപായം’
എന്നു പ്രാൎത്ഥ ിക്കുന്നു.
രഹസി തദരികേ നീ ചെല്ലൂ
നിജ പരവശമവനൊടു ചൊല്ലൂ.
മന്ദഹസിതമധു തൂകുന്നേരം
സുന്ദരി തവ വശനാകും
പരിമളമുള്ളതിലല്ലോ
മധുകരനികരം ബത ചൊല്ലൂ.
എന്നിങ്ങനെ സഖി ഉപദേശിച്ചതനുസരിച്ചു്, ഉൎവശി ‘കല്പദ്രുകല്പുദ്രുപദേന്ദ്രപുത്രീ സാരസ്യസാരസ്യനിവാസഭൂമി’യായ അൎജ്ജു നന്റെ സമീപത്തു ചെന്നിട്ടു്,
‘സ്മരസായകദൂനാം പരിപാലയൈനാം
സതതം ത്വദധീനാം’
എന്നിങ്ങനെ നിൎലജ്ജം പ്രാൎത്ഥ ിക്കുന്നു.
അൎജ്ജു നന്റേ അടുക്കലേയ്ക്കുള്ള ഉൎവശിയുടെ പോക്കു വൎണ്ണിച്ചിരിക്കുന്നതു് അത്യന്തം ഹൃദയംഗമമായിട്ടുണ്ടു്.
സുലളിതപദവിന്യാസാ
രുചിരലങ്കാരശാലിനീ മധുരാ
മൃദുലാപി ഗഹനഭാവാ
സൂക്തിരിവാവാപ സോഽർവശീ വിജയം.
ഇവിടെ, സുലളിതമായ പദവിന്യാസത്തോടുകൂടിയതും ഉപമാദിമനോഹരങ്ങളായ അൎത്ഥ ാലങ്കാരങ്ങളാൽ ചമൽക്കൃതവും മാധുര്യഗുണോപേതവും ശയ്യാഗുണത്തോടുകൂടിയതെങ്കിലും ഗംഭീരവും ആയ കാവ്യം മാത്രമേ വിജയം പ്രാപിക്കയുള്ളു എന്നുകൂടി സൂചിപ്പിച്ചിരിക്കുന്നു. കോട്ടയത്തിന്റെ കവിത ഇത്തരത്തിലുള്ളതാണെന്നും ഇവിടെ അഭിവ്യഞ്ജിക്കുന്നുണ്ടു്.
ഉൎവശിയുടെ പ്രാൎത്ഥ ന കേട്ടപ്പോൾ അൎജ്ജു നനുണ്ടായ അവസ്ഥയെ വൎണ്ണിക്കുന്നതെങ്ങനെ എന്നു നോക്കുക.
പരേണ പുംസാനുഗതാമലൗകികൈ–
വചോഭിരത്യന്തവിനിന്ദിതാമ്മൂഹുഃ
വിയോഗദുഃഖൈകവിധായി വിഭ്രമാം
ജ്ഞാത്വാഽസതീന്താം സവിരക്തധീരഭൂൽ.
ഈ പദ്യത്തിൽ വാച്യമായ അൎത്ഥ ത്തിനുപുറമേ വേദാന്തപരമായ ഒരൎത്ഥ ംകൂടി സ്ഫുരിപ്പിച്ചിരിക്കുന്നു.
പരേണ പുംസാ–പരംപുരുഷനാൽ പരമാത്മാവിനാൽ അനുഗതയും, (അലൗകികൈഃ വചോഭിഃ) അലൈകികളായ ശ്രുതി അഥവാ ഉപനിഷദ്വാക്യങ്ങളാൽ (മുഹുഃ അത്യന്തവിനിന്ദിതാ) വീണ്ടും വീണ്ടും അത്യന്തം വിഗർഹിതയും (വിയോഗദുഃഖൈകവിധായി വിഭ്രമാം) വിയോഗദുഃഖത്തിനു് ഏകവിധായിയായിരിക്കുന്ന ചേഷ്ടകളോടുകൂടിയവളും, പരമാത്മപ്രാപ്ത്യാഭാവംമൂലമുണ്ടാകുന്ന ദുഃഖത്തിനു ഹേതുഭൂതമായ ചേഷ്ടാവിശേഷങ്ങളോടുകൂടിയവളും ആയ (താം) അവളെ, മായയെ, (അസതീം ജ്ഞാത്വാ) അസതി ആണെന്നു് അതായതു് ‘യാ മാ സാമായാ’ എന്ന പ്രമാണമനുസരിച്ചു് സദ്ഭാവം ഇല്ലാത്തവളെന്നു അറിഞ്ഞിട്ടു്, ‘സഃ’, ആത്മാവു് (വീരക്തധീഃ അഭ്രൽ,) വിരക്തനായ് ഭവിച്ചു. ഈ മാതിരി പ്രൗഢങ്ങളായ ആശയങ്ങളുടെ സന്നിവേശംകൊണ്ടു് ഇക്കാവ്യം ലോകോത്തരമായ്വിളങ്ങുന്നു.
അൎജ്ജു നൻ പല ഒഴികഴിവുകളും യുക്തികളും പറഞ്ഞുനോക്കീട്ടും കാമാന്ധയായ ഉൎവശി പിന്മാറാതെ അദ്ദേഹത്തിനേയും കുടുംബത്തേയും നീചനീചമായി അധിക്ഷേപിച്ചിട്ടു് ‘നീ ഷണ്ഡനായ് പോകും’ എന്നു ശപിക്കുന്നു. തന്റെ ഈ മാതിരി ദുൎദ്ദശ ഓൎത്തു ് അദ്ദേഹം വിലപിക്കവേ, ഇന്ദ്രൻ വന്നു് ‘ഉൎവശീശാപം ഉപകാരമായ്വരും’ എന്നു പറഞ്ഞു സമാശ്വസിപ്പിക്കയും ചെയ്യുന്നു.
അനന്തരം അൎജ്ജു നവൃത്താന്തത്തെ ധൎമ്മപുത്രരെ അറിവിക്കുന്നതിനു വേണ്ടി രോമശൻ എന്ന താപസനെ അയച്ചിട്ടു് ഇന്ദ്രൻ തന്റെ പ്രിയപുത്രനു് സമന്ത്രപൂൎവം സകല അസ്ത്രങ്ങളേയും ഉപദേശിക്കുന്നു. അതിനുംപുറമേ ചന്ദ്രസേനൻ എന്ന ഗന്ധൎവനെക്കൊണ്ടു് സംഗീതവിദ്യയേയും പഠിപ്പിക്കുന്നു. തദനന്തരം അതിനെല്ലാം ഗുരുദക്ഷിണയെന്നോണം ഇന്ദ്രൻ ‘ദ്വിവിഷദ്വിരോധിനാം വധം’ അഭ്യൎത്ഥ ിക്കുന്നു. അങ്ങനെ നമ്മുടെ കഥാനായകൻ നിവാതകവചനോടു യുദ്ധത്തിനു പുറപ്പെടുകയും അതീവ ഭയങ്കരമായ ഒരു സമരത്തിനുശേഷം ആ അസുരനെ സസൈന്യം നിഗ്രഹിക്കയും ചെയ്തിട്ടു് സ്വൎഗ്ഗത്തിലേക്കു പോകുവാൻ ഭാവിക്കവേ, ഹതാവശിഷ്ടന്മാരായ അസുരന്മാരിൽനിന്നു് സുഹൃന്മരണവൃത്താന്തം അറിഞ്ഞ കാലകേയൻ,
‘അദ്യൈവ ഞാൻ ചെന്നു മായാബലേന തം
സദ്യോ ഹനിച്ചീടുന്നേൻ’
എന്നു പറഞ്ഞുകൊണ്ടു് അൎജ്ജു നനോടു് എതിരിടുന്നു. അവൻ സമ്മോഹനാസ്ത്രം പ്രയോഗിച്ചു സവ്യസാചിയെ മോഹിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഈ ദുൎഘടാവസ്ഥ അറിഞ്ഞു്, ഭക്താഗ്രണിയായ ശ്രീപരമേശ്വരൻ നന്ദിയെ അൎജ്ജു നന്റെ സഹായത്തിനായി അയയ്ക്കുന്നു. ഇവിടെ നന്ദികേശ്വരനെ പ്രവേശിപ്പിക്കുന്നതു് ഒരു താടിവേഷത്തിന്റെ കുറവു പരിഹരിക്കാനാണെന്നു തോന്നുന്നു. നന്ദികേശ്വരൻ വന്നു് ഒന്നു തൊട്ട മാത്രയിൽ ‘സപ്തപ്രബുദ്ധൻ’ എന്നോണം അദ്ദേഹം എണീല്ക്കുന്നു. പിന്നീടു് രണ്ടുപേരുംകൂടി കാലകേയനോടു യുദ്ധത്തിനു പുറപ്പെടുന്നു. മായാവിയായിരുന്ന അസുരന്റെ മിത്രമായ ആശുമദനും ഭടന്മാരുമെല്ലാം മരിക്കുന്നു. കാലകേയൻ ഈ അവസരത്തിൽ,
‘മാനഹാനിയല്ലോ വാനരത്തെച്ചെ-
ന്നാശ്രയിച്ചതു നിശ്ചയം ഖലു തേ’
എന്നു് അൎജ്ജു നനോടു ചോദിക്കുന്നു. ഈ ചോദ്യം വായനക്കാരും പക്ഷേ ചോദിച്ചേക്കാം. “കവി ആട്ടക്കാരുടെ ആവശ്യത്തിലേക്കു് ഒരു താടിക്കാരനെ പ്രവേശിപ്പിച്ചതു നന്നായില്ല. മൂലകഥയിൽ ശൈവാസ്ത്രം പ്രയോഗിച്ചു് കാലകേയനെ നിഗ്രഹിച്ചതായി പറഞ്ഞിരിക്കേ, ഇങ്ങനെ ഒരു മാറ്റം വരുത്തി അൎജ്ജു നന്നു് അപകൎഷം വരുത്തിയതെന്തിനു്?” ഈ മാതിരി ചോദ്യങ്ങൾ ചിലരിൽ നിന്നു പുറപ്പെട്ടേയ്ക്കാവുന്നതാണു്. ഒന്നാമതായി തുടരെ പല രംഗങ്ങളിൽ അൎജ്ജു നനെക്കൊണ്ടു് അസുരന്മാരോടു യുദ്ധം ചെയ്യിച്ചിരുവെങ്കിൽ, കാണാൻ അധികം ആളുകൾ ഉണ്ടാകമായിരുന്നില്ല. യുദ്ധരംഗങ്ങൾ പ്രായേണ അരസികന്മാരെ ഉറക്കത്തിൽനിന്നു് ഉണൎത്തു ന്നതിനു മാത്രമേ ഉപകരിയ്ക്കൂ. രസികന്മാർക്കു കണ്ടു രസിക്കാൻ അവയിൽ വളരെയൊന്നുമില്ല. നന്ദിയെക്കൂടി പ്രവേശിപ്പിക്കാതിരുന്നാൽ രസികന്മാരല്ലാത്തവർ പോലും മുഷിഞ്ഞുപോകുമെന്നുള്ളതു തീൎച്ചയാണു്. അതോ പോകട്ടെ, മൂലകഥയിലെ രൗദ്രാസ്ത്രത്തെയാണല്ലോ ഇവിടെ നന്ദിയായി കവി മാറ്റിയിരിക്കുന്നതു്? കാലകേയന്റെ സമ്മോഹനാസ്ത്രത്താൽ വിവശനായി എന്നുള്ളതു് ഒരിക്കലും അൎജ്ജു നനു് അപകൎഷഹേതുവല്ല. അതു് പ്രയോഗിക്കുന്നവൎക്കേ അപകൎഷമുള്ളു. ഭക്തവത്സലനായ പരമശിവന്റെ കാരുണ്യമാണല്ലോ ഇവിടെ നന്ദിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതു്. ഈശ്വരകാരുണ്യത്തെ അവലംബിക്കുന്നതു് വീരോചിതമല്ലെന്നു പറയാമോ? അതിനാൽ ഇതു കവി തന്നെ ചെയ്തിട്ടുള്ള മാറ്റമാണെങ്കിൽ അതിനെപ്പറ്റി ആക്ഷേപിക്കാനൊന്നുമില്ല.
നന്ദിയാൽ കാലകേയൻ വധിക്കപ്പെട്ടശേഷം, അർജ്ജുനൻ അമരവരനാൽ മാനിതനായി, ‘ശ്രീനിവാസചരണാംബുജ’ത്തെ സ്മരിച്ചുകൊണ്ടു കുറേക്കാലം അമരാവതിയിൽ പാൎക്കു ന്നു.
15.7 കോട്ടൂരുണ്ണിത്താൻ
ഇദ്ദേഹം ഒൻപതാംശതകത്തിന്റെ അവസാനത്തിൽ ജീവിച്ചിരുന്നതായി വിചാരിക്കാം. സ്വദേശം മാവേലിക്കരത്താലൂക്കാണു്. നാസികേതുപുരാണം കിളിപ്പാട്ടു് അദ്ദേഹത്തിന്റെ കൃതിയാണത്രേ. തീൎച്ചയായും ഒന്നോ അധികമോ ആട്ടക്കഥകളും അദ്ദേഹം നിൎമ്മിച്ചിരിക്കണം. അല്ലെങ്കിൽ ആട്ടക്കഥ ഉണ്ടാക്കിയവരുടെ കൂട്ടത്തിൽ ഈ കവിയുടെ പേരു കാണുമായിരുന്നില്ല. ഗവേഷകന്മാർ കണ്ടുപിടിക്കുന്നതുവരെ നമുക്കു് കാത്തിരിക്കാം.
15.8 കടത്തുനാട്ടു തമ്പുരാൻ
൯൧൦-ാമാണ്ടു മരിച്ച ഒരു കടത്തനാട്ടുതമ്പുരാൻ ശതമുഖരാമായണം എന്നൊരു ആട്ടക്കഥയുണ്ടാക്കീട്ടുണ്ടു്. പ്രസിദ്ധമല്ല.
15.9 ഉണ്ണായിവാരിയർ
കഥകളി എഴുതീട്ടുള്ളവരുടെ പേരുകൾ ചേൎത്തു ്,
‘ആട്ടക്കഥകളുണ്ടാക്കീ
കൊട്ടാരക്കര കോട്ടയം
കോട്ടൂരുണ്ണായിയും മറ്റും
കൂട്ടാമഷ്ടപദിക്കവ’
എന്നും,
‘കൊട്ടാരക്കര കോട്ടയത്തരചനും കോട്ടൂരുമുണ്ണായിയും’ എന്നു ചില പ്രസിദ്ധ ശ്ലോകങ്ങൾ കാണുന്നുണ്ടു്. അവയിൽ കവികളുടെ പേരു പറഞ്ഞിരിക്കുന്നതു് അവരുടെ കാലത്തിനനുസരിച്ചാണെന്നു വ്യക്തമാണു്. എന്നാൽ ഈ അടുത്തകാലത്തു് ഉണ്ണായിയുടെ കാലത്തേപ്പറ്റി മഹാകവി പരമേശ്വരയ്യരവർകൾ ചില പുതിയ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചതിനോടുകൂടി അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി വലുതായ സംശയങ്ങൾ നേരിട്ടിരിക്കുന്നു. ഗിരിജാകല്യാണം ഒരു ‘രാമപാരവ’ന്റെ കൃതിയാണെന്നുള്ളതിനു തെളിവുണ്ടു്. ആ കൃതി ഉണ്ണായിവാരിയരുടേതാണെന്നു് സൎവാധികാര്യക്കാർ ഗോവിന്ദപ്പിള്ളയും മി. പി. കേ. യും പ്രസ്താവിച്ചിട്ടുമുണ്ടു്. എന്നാൽ ആ അഭിപ്രായത്തോടു യോജിക്കുന്നതിനോടുകൂടി നമ്മുടെ മഹാകവി ചില പുതിയ വാദമുഖങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണായിയുടെ സാക്ഷാൽ പേരു് രാമവാരിയരെന്നാണെന്നും, അദ്ദേഹം തിരുവനന്തപുരത്തു വന്നിട്ടേയില്ലെന്നും, ൮൪൦-ാമാണ്ടിനു മുമ്പേ നളചരിതം നിൎമ്മിച്ചിരിക്കാം എന്നുമാണു് വാദത്തിന്റെ ചുരുക്കം.
ഗിരിജാകല്യാണം ഒരു രാമവാരിയർ ചങ്ങരൻകോതകൎത്ത ാവു് എന്ന പ്രഭുവിന്റെ ഉപദേശം അനുസരിച്ചു് നിൎമ്മിച്ചതാണെന്നുള്ളതിനു സംശയമില്ല. ആ കവിയുടെ കൃതിയായ രാമപഞ്ചശതീസ്തോത്രത്തിൽ കാണുന്ന ‘പരിണമേൽപ്രസത്യൈ’ എന്നതു് കലിസംഖ്യയല്ലെന്നു പറയാൻ കുറെ വിഷമവുമാണു്. അങ്ങനെ വരുമ്പോൾ രാമപഞ്ചശതിയുടെ നിൎമ്മാണകാലം ൭൯൮ ഇടവം ൧൧-ാം തീയതിയാണെന്നു വരുന്നു. മി. പരമേശ്വരയ്യർ പറയുന്നതു് ൮൩൬-ാമാണ്ടിൽ കൊട്ടാരക്കരത്തമ്പുരാൻ തുടങ്ങിയ കഥകളിപ്രസ്ഥാനത്തെ അനുകരിച്ചു നളചരിതം ഉണ്ണായിവാരിയർ ൮൪൦-നു മുമ്പു നിൎമ്മിച്ചു എന്നുവരാൻ പാടില്ലായ്കയില്ലെന്നാണു്. മി: പി. കെ നാരായണപിള്ള പേരിനെ സംബന്ധിച്ചും ഗിരിജാകല്യാണത്തിന്റെ ഗ്രന്ഥകൎത്തൃ ത്വം സംബന്ധിച്ചും മഹാകവിയോടു യോജിക്കുന്നെങ്കിലും അദ്ദേഹം ജീവിച്ചിരുന്നതു് ഒൻപതാംശതകത്തിനു മുമ്പാണെന്നു അഭിപ്രായത്തെ യുക്തിപൂൎവം ഖണ്ഡിക്കുന്നു.
൮൪൦-ാമാണ്ടിടയ്ക്കു് നളചരിതം നിൎമ്മിച്ചിരിക്കാം എന്നുള്ള അഭ്യൂഹത്തിനു ബാധകമായി പല സംഗതികളുണ്ടു്. കോഴിക്കോട്ടുതമ്പുരാൻ കൃഷ്ണനാട്ടം കുറ തീൎത്ത തു് ൮൨൯ ധനു ൨൦-ാം തീയതി ആണെന്നുള്ളതിനു് ആൎക്കു ം സംശയമില്ലല്ലോ. പിന്നീടു് രണ്ടു മൂന്നു കൊല്ലങ്ങൾക്കിടയിൽ കൊട്ടാരക്കരത്തമ്പുരാൻ, മത്സരിച്ചോ അല്ലാതെയോ രാമനാട്ടം നിൎമ്മിച്ചു എന്നുള്ളതു വിചാരസഹമേ അല്ല. ഉണ്ണിക്കേരളവൎമ്മ ൮൩൬-ാമാണ്ടു് നാടുനീങ്ങിയതിനാൽ അതിനു മുമ്പായിരിക്കാം രാമനാട്ടത്തിന്റെ നിൎമ്മിതികാലം എന്നുള്ള അഭ്യൂഹം പ്രസ്തുത കേരളവൎമ്മരാജാവിന്റെ നിര്യാണകാലത്തെ ആശ്രയിച്ചാണിരിക്കുന്നതു്. ൮൩൬-ാമാണ്ടു നാടുനീങ്ങിയ ഉണ്ണിക്കേരളവൎമ്മ വേണാട്ടധിപതി അല്ലായിരുന്നു എന്നും, ൭൩൬ മുതല്ക്കു് ൮൩൮ വരെ നാടു വാണിരുന്നതു് കേട്ടത്തിരുനാൾ വീരരവിവൎമ്മ കുലശേഖരപ്പെരുമാൾ ആയിരുന്നു എന്നുള്ളതിനു് തെളിവുകൾ ഉണ്ടു്. ശ്രീപത്മനാഭക്ഷേത്രം വക ഗ്രന്ഥവരിയിൽ ഇപ്രകാരം കാണുന്നു.
“൭൮൬-ാമതു പുരട്ടാതിമാരും ൬-ാം തീയതി പൂരംനാൾ തിക്കുറിച്ചിയിൽ കോയിക്കൽ എഴുന്നള്ളിയിരുന്നു മുടിഞ്ഞരുളിയതു. നാളതുമുതൽ നായിനാരു ഇരവിവൎമ്മ ഇരുന്നരുളിയിടത്തിൽ പണ്ടാരത്തിൽ മൂപ്പു വാണ ൮൩൮-ാമതു ആവണിമാതം ൧൧-ാം തീയതി തൃക്കേട്ടനാൾ തിരുവനന്തപുരത്തു് ചീപാതത്തു കോവിക്കൽ എഴുന്നളിയിരുന്നു മുടിഞ്ഞരുളിയതു. നാളതുമുതൽ നായിനാരു രാമവാൎമ്മ മൂപ്പു വാണു.” പിന്നെ ഒരു ഉണ്ണിക്കേരളവൎമ്മയെ കാണുന്നതു് ൮൯൩-നും ൮൯൯-നും മദ്ധ്യേ ആണു്. പക്ഷേ, ആ രാജാവു് കേവലം ദേശിങ്ങനാടു ഭരിച്ചിരുന്ന ആളായിരുന്നു എന്നും, അന്നു് വേണാടു ഭരിച്ചതു് ആദിത്യവൎമ്മരാജാവായിരുന്നു എന്നും മിസ്റ്റർ പരമേശ്വരയ്യർ പറയുന്നു. ൮൯൬-ലെ ഒരു നീട്ടു് ആ അഭിപ്രായത്തിനും ബാധകമായിട്ടാണിരിക്കുന്നതു്.
“കിഴക്കേനിന്നും വന്ന ഇരാണവും കുതിരെയും ചേവുകം ഒഴിച്ചു് കിഴക്കേ അയക്കയും ചെയ്തു. തൊരുവചെനങ്ങൾ എല്ലാവരും ഒന്നിച്ചു് തിരുവട്ടാറ്റു് എത്തി പറയേണ്ടതു ഒക്കെയും പറഞ്ഞു തെഴിഞ്ഞു. കീഴ്മക്കചാതി അമ്മാവന്റെ നേരത്തു നടന്നുവന്ന പിരകാരത്തിനു ഒക്കെ നടക്കത്തക്കവണ്ണമായിട്ടു പറഞ്ഞു തെഴികയും ചെയ്തു. താങ്ങൾ എല്ലാവരും കീഴ്മക്കചാതിയെ പോലെ നാഞ്ചിനാട്ടു വന്നു കുടിയും ഇരുന്നു കാലതാമതം വന്നുപോകാതെ കണ്ടു നാൾച്ചെയിതു പയിറു ചെയ്കയും വേണം. ഇച്ചെയ്തിക്കു എണ്ണൂറ്റിത്തൊണ്ണൂറു ആറാമാണ്ടു മാചിമാതം ഇരുപത്തുആറാംതേയതി. കല്പിത്തമൈക്കു തെൻ വീതി നാടമൈന്ത പേർക്കു് നീട്ടു എഴുതിവിട്ടു എന്നു തിരുവുള്ളമായ നീട്ടു്.”
അതെങ്ങനെയും ഇരിക്കട്ടെ. ഈ ഉണ്ണിക്കേരളവൎമ്മ ആയിരിക്കയില്ല, കൊട്ടാരക്കരത്തമ്പുരാന്റെ മാതുലൻ എന്നുള്ളതു് സംശയമറ്റ സംഗതിയാകുന്നു. വാദത്തിനുവേണ്ടി ൮൨൬-ാമാണ്ടിടയ്ക്കോ അതിനു മുമ്പോ രാമനാട്ടം നിൎമ്മിക്കപ്പെട്ടു എന്നു് സമ്മതിച്ചാലും ആ സംഭവത്തിനോടു് ഇത്ര അടുത്താണു് നളചരിതത്തിന്റെ നിൎമ്മാണം എന്നു വിചാരിക്കുന്നതു് കുറേ പ്രയാസമായിരിക്കുന്നുതാനും. കോട്ടയം തമ്പുരാന്റെ കാലം അശ്വതിതിരുനാളിനു ശേഷമാണെന്നനു വിചാരിക്കുന്നതിനു കഴിവില്ലാത്ത മഹാകവി ഉണ്ണായിയെ കോട്ടയത്തിനു വളരെ മുമ്പാക്കി വയ്ക്കാൻ മടിക്കാത്തതിൽ അത്ഭുതപ്പെടുകയേ തരമുള്ളു. പരമാൎത്ഥ ത്തിൽ “കൊട്ടാരക്കര കോട്ടയത്തരചനും കോട്ടൂരുമുണ്ണായിയും” എന്നുള്ള പ്രസിദ്ധശ്ലോകത്തിൽ ആ കവികളെ പ്രധാന്യമനുസരിച്ചല്ല കാലമനുസരിച്ചു തന്നെയാണു് പറഞ്ഞിരിക്കുന്നതു്. അങ്ങനെ വരുമ്പോൾ നളചരിതകൎത്ത ാവു് ഭാഷാചരിത്രകാരനും, പി. കെ. നാരായണപിള്ള അവർകളും പറഞ്ഞിട്ടുള്ളതുപോലെ പത്താംശതകത്തിൽ ജീവിച്ചിരുന്നതായിട്ടേ വരൂ. ‘പരിണമേൽ പ്രസത്യൈ’ എന്നതു് ‘അനുകലനകാലേ’ എന്ന വാക്കുകളെ തുടൎന്നു കാണുന്നതുകൊണ്ടു് കലിസംഖ്യ ആചരിക്കാനേ തരമുള്ളു. അപ്പോൾ തൽകൎത്ത ാവായ രാമവാരിയരും ഉണ്ണായിയും രണ്ടുപേരായിരിക്കാതെ തരവുമില്ല. അവർ രണ്ടാളുകളല്ലെന്നു സ്ഥാപിക്കാനായി ഇതേവരെ ഹാജരാക്കപ്പെട്ടിട്ടുള്ള തെളിവുകൾ അസമഞ്ജസങ്ങളും, പറഞ്ഞുകാണുന്ന യുക്തികൾ അപര്യാപ്തങ്ങളും ആയിരിക്കുന്നതുകൊണ്ടു് ഉപരിഗവേഷണഫലം പ്രതീക്ഷിച്ചു കാത്തിരിക്കുന്നതിനോടുകൂടി, ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിൽ ഗിരിജാകല്യാണത്തെപ്പറ്റിയുള്ള വിമൎശനാവസരത്തിൽ ഞാൻ പുറപ്പെടുവിച്ച അഭിപ്രായത്തെ മുറുകെപ്പിടിച്ചുകൊള്ളട്ടെ. ഭൂതകാലഗർഭത്തിൽ മറഞ്ഞു കിടക്കുന്ന ചരിത്രരഹസ്യങ്ങളെ കണ്ടുപിടിച്ചു പ്രകാശിപ്പിക്കുന്ന വിഷയത്തിൽ സദാപി വ്യഗ്രനായിരിക്കുന്ന മഹാകവി പരമേശ്വരയ്യർ തന്നെ പ്രസ്തുത കവിയേപ്പറ്റി പുതിയ വിവരങ്ങൾ കണ്ടുപിടിച്ചു നമ്മേ അനുഗ്രഹിക്കാതിരിക്കയില്ല. അതുവരെ ചാരുകസാലയിൽ സ്വസ്ഥമായി കിടന്നുകൊണ്ടു് സാങ്കല്പിക ഗവേഷണം നടത്തുന്നവർ അവരുടെ വ്യവസായം മുറയ്ക്കു നടത്തിക്കൊള്ളട്ടേ.
ഈയിടയ്ക്കു് ഉണ്ണായിയെപ്പറ്റി ഒരു മാന്യൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം കാണുവാൻ ഇടയായി. വിശേഷിച്ചു വല്ല വിവരങ്ങളും കിട്ടിയേക്കുമെന്നു വിചാരിച്ചു് ചില വശങ്ങൾ മറിച്ചു നോക്കി; പക്ഷേ നിരാശയായിരുന്നു ഫലം. അദ്ദേഹം ഉണ്ണായിയുടെ കാലഗണനം ചെയ്തിരിക്കുന്ന രീതി കാണിപ്പാനായി ഒരു ഭാഗം ഉദ്ധരിക്കാം.
“ആട്ടക്കഥാപ്രസ്ഥാനം തന്നെ കൊട്ടാരക്കരത്തമ്പുരാന്റെ കാലത്താണല്ലോ ആവിർഭവിച്ചതു.” ആ മഹാകവി ആകട്ടെ കൊല്ലവർഷം ഏഴും എട്ടും നൂറ്റാണ്ടുകൾക്കു മദ്ധ്യേ ആണു് ജീവിച്ചിരുന്നതു്. ഇങ്ങനെ ഒരു ശപഥത്തോടുകൂടിയാണു് ആരംഭം. എട്ടാം നൂറ്റാണ്ടിന്റെ പരമാവധി ൮൦൦-ാമാണ്ടാണല്ലോ. അപ്പോൾ കൃഷ്ണനാട്ടത്തിന്റെ ആവിർഭാവം രാമനാട്ടത്തിനു ശേഷമാണെന്നു വരുന്നു. മാനവേദൻ തമ്പുരാൻ കൃഷ്ണനാട്ടം നിൎമ്മിച്ചതു് ൮൨൯ ധനു ൨൦-ാം തീയതി ആണെന്നു മുമ്പു പറഞ്ഞു കഴിഞ്ഞിട്ടുണ്ടല്ലോ. സാധ്യത്തെ സിദ്ധവൽഗണിച്ചുകൊണ്ടു് ഗ്രന്ഥകാരൻ തുടരുന്നു: “അപ്പോൾ അതിനുമുമ്പു് വാരിയർ ജീവിച്ചിരിക്കാൻ സംഗതിയില്ലല്ലോ. ഈ പരമാൎത്ഥ വും വാര്യരുടെ കാലം എട്ടാം നൂറ്റാണ്ടിനിപ്പുറമെന്നു കാണിച്ചുതരുന്നുണ്ടു്.” ശരി–അപ്പോൾ ൮൦൦-ാമാണ്ടു് എന്നൊരു അതിരു കിട്ടി. മറ്റേ അതിരോ? “ഉണ്ണായിവാരിയരുടെ കവിതാസരണിയെ ആമൂലാഗ്രം അനുകരിച്ചിട്ടുള്ള പണ്ഡിതകവിയാണു് ഇരയിമ്മൻതമ്പി അവർകൾ.” മറ്റൊരു ശപഥം! “ഉണ്ണായിവാരിയരെ മറ്റു ആട്ടക്കഥാകാരന്മാരാരും അനുകരിച്ചിട്ടില്ല; വിശേഷിച്ചും ഇരയിമ്മൻതമ്പി തീരെ ഇല്ല. ഈ അറിവു് ഗ്രന്ഥകാരനു് എവിടെനിന്നു കിട്ടിയോ? രീതിവിഷയത്തിൽ ഇത്ര സാദൃശ്യമില്ലാത്ത വേറെ രണ്ടു കവികളെ എടുത്തു പറയാൻ പ്രയാസം. പിന്നെയും തുടരുന്നു: “രവിവൎമ്മൻതമ്പി അഥവാ ഇരയിമ്മൻതമ്പി എന്നു വിഖ്യാതനായ ഈ ഗ്രന്ഥകർത്താവു് കൊല്ലവർഷം ൯൫൮ തുലാമാസത്തിലുള്ള പൂരുരുട്ടാതിനാളിൽ …ജാതനായി.”…“മേൽ പ്രസ്താവിച്ച സംഗതികൾ മൂലപ്രമാണമാക്കി വെച്ചുകൊണ്ടു് നമുക്കു വാരിയരുടെ കാലനൎർണ്ണയം ചെയ്യാം. അദ്ദേഹം ൯൫൮-നു മുമ്പും ൮൮൦-നു പിമ്പും ജീവിച്ചിരുന്നുവെന്നു തെളിയുന്ന സ്ഥിതിക്കു് ഭാഷാചരിത്രകാരന്റേയും കൊട്ടാരത്തിന്റേയും (ശങ്കുണ്ണിയായിരിക്കാം) അഭിപ്രായം ഏറെക്കുറെ ശരിയായിരിക്കണമെന്നു് അനുമാനിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
മേൽപ്രസ്താവിച്ച സംഗതികളെ മൂലപ്രമാണമാക്കാൻ നിവൃത്തിയില്ലെന്നു വ്യക്തമാണെങ്കിലും വാദത്തിനുവേണ്ടി നമുക്കു സ്വീകരിക്കാമെന്നു വയ്ക്കുക. എന്നാലും ൮൮൦-നും ൯൫൮-നും മദ്ധ്യത്തിലെന്നല്ലാതെ കിട്ടുമോ? അതുതന്നെ ശരിയല്ല. ഇരയിമ്മൻ ജനിച്ച അന്നുതന്നെയോ, അതിനുമുമ്പോ ഉണ്ണായിവാരിയർ മരിച്ചിരിക്കണമെന്നുണ്ടോ?
വാരിയരുടെ ജനനം ൯൧൫-ാമാണ്ടിടയ്ക്കാണെന്നു് കൊട്ടാരത്തിൽ ശങ്കുണ്ണിയും, ൯൨൫-ാമാണ്ടിടയ്ക്കാണെന്നു ഭാഷാചരിത്രകാരനും വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ടു്. ആ സ്ഥിതിക്കു് വാരിയരുടെ ജനനം ൮൮൦-നും ൯൫൮-നും മദ്ധ്യേ ആണെന്നു് സന്ദിഗ്ദ്ധരൂപത്തിൽ പറഞ്ഞിട്ടു് അവരുടെ അഭിപ്രായവും അതുതന്നെയാണെന്നു പറഞ്ഞിരിക്കുന്നതിന്റെ അൎത്ഥ മെന്താണാവോ?
അകത്തൂട്ടുവാരിയത്തെ ഇപ്പോഴത്തെ കാരണവരായ ശ്രീമാൻ ഈച്ചരവാരിയർ ഉണ്ണായിവാരിയരെ സംബന്ധിച്ചു് നമ്മുടെ ഈ ഗ്രന്ഥകാരനുണ്ടായ വിഷമപ്രശ്നങ്ങൾക്കു് ഊണുമുറക്കവും ഉപേക്ഷിച്ചിരുന്നു് സമുചിതമായ നിൎദ്ദേശങ്ങൾ നല്കിപോലും. ആ വിദ്വൽ കേസരിക്കു് വ്യൎത്ഥ മായി ഇങ്ങനെ നിദ്രാഭംഗവും നിർബന്ധിതമായ നിരാഹാരവ്രതവും വരുത്തിവച്ചതു് വലിയ കഠിനമായിപ്പോയി. എന്തായിരുന്നാലും ഭാഷാചരിത്രകൎത്ത ാവും, കൊട്ടാരത്തിൽ ശങ്കുണ്ണിയും, മഹാകവി ഉള്ളൂരും സമ്പാദിച്ചുതന്നിട്ടുള്ളതിൽ കൂടുതലായി യാതൊന്നും ഈ ഗ്രന്ഥത്തിൽനിന്നു ലഭിക്കുന്നില്ലെന്നേ പറയേണ്ടു.
പേരിനെ സംബന്ധിച്ചു് അദ്ദേഹം പരമേശ്വരയ്യരോടു യോജിക്കുന്നു. എന്നാൽ ഉണ്ണിരാമൻ എന്ന പേരു് പല കരണംമറിച്ചിലുകൾ കഴിഞ്ഞു് ഉണ്ണായി എന്നു പരിണമിച്ചു എന്നു് അദ്ദേഹം പറയുന്നു. രാമൻ എന്നു പേരിട്ടു. പക്ഷേ, ഉണ്ണായി എന്ന ഓമനപ്പേരിനാലാണു് വീട്ടിലുള്ളവർ വിളിച്ചുവന്നതു്. ക്രമേണ സാക്ഷാൽ പേരു് വിസ്മൃതിയിൽ ലയിക്കയും ഓമനപ്പേരു് പ്രസിദ്ധമാവുകയും ചെയ്തുവത്രേ. ഇതാണു് അദ്ദേഹത്തിന്റെ യുക്തി. അങ്ങനെ വന്നുകൂടായ്കയൊന്നുമില്ല. എന്നാൽ ‘ഉണ്ണിവാരിയർ’ എന്നതു് ഉണ്ണായി എന്നു പരിണമിച്ചതായി വരരുതോ? എന്റെ പരിചയത്തിൽ ഒന്നുരണ്ടു ഉണ്ണിവാരിയന്മാർ ഉണ്ടുതാനും. ‘കിട്ടു’ കിട്ടായി ആയതുപോലെ ഉണ്ണി ഉണ്ണായി ആയിക്കൂടെന്നുണ്ടോ? ഉണ്ണിരവിയാണു് ഉണ്ണായിയായതെന്നു പറയുന്നവരും ഉണ്ടു്. പക്ഷേ, ഇതുകൊണ്ടൊന്നും കാര്യമായില്ല. ഉപരിഗവേഷണമേ ശരണീകരണീയമായുള്ളു.
വാരിയരുടെ ജീവചിരിത്രത്തേപ്പറ്റി നമുക്കു യാതൊന്നും നിശ്ചിതമായി അറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ജന്മദേശം കൊച്ചിയിൽ മുകുന്ദപുരം താലൂക്കിൽ പ്രകൃതിയുടെ നടനരംഗമോ എന്നു തോന്നുമാറു്, ‘രാമണിയകത്തിൻ ധാമം’ പോൽ വിളങ്ങുന്ന ഇരിങ്ങാലക്കുട എന്ന പ്രസിദ്ധഗ്രാമമാണു്. പലവിധത്തിൽ ചരിത്രപ്രധാനമായിത്തീൎത്ത ിട്ടുള്ള കൂടൽമാണിക്യക്ഷേത്രം ഈ ഗ്രാമത്തിലാണു് സ്ഥിതിചെയ്യുന്നതു്. ആ ക്ഷേത്രത്തിന്റെ ദക്ഷിണഗോപുരം കടന്നു് പടിഞ്ഞാറോട്ടു നോക്കിയാൽ വാരിയർ ജനിച്ച ഗൃഹം കാണാമത്രേ. പത്തറുപതു കൊല്ലത്തിനുമുമ്പു് ആ ഗൃഹം ഇരുന്ന സ്ഥലം കൊച്ചീസർക്കാർ വിലയ്ക്കു വാങ്ങുകയും, പ്രസ്തുത വാരിയം അകത്തൂട്ടുവാരിയമായി മാറുകയും ചെയ്തുവെന്നു കാണുന്നു. ഈ വാരിയം തച്ചുടയക്കയ്മളുടെ വസതിയോടു് അടുത്തു സ്ഥിതിചെയ്യുന്നു.
ഉണ്ണായിയുടെ മാതാപിതാക്കന്മാർ ആരെന്നു നിശ്ചയമില്ല. പഴയകാലത്തു് വാരിയകുടുംബങ്ങൾ മിക്കവാറും പാണ്ഡിത്യത്തിന്റെ വിളനിലങ്ങളായിട്ടാണു് ഇരുന്നതു്. അതുകൊണ്ടു് ഉണ്ണായി ഗൃഹത്തിൽ വച്ചുതന്നെ വിദ്യ അഭ്യസിച്ചുകാണണം.
‘ജനകൻ മരിച്ചുപോയി
തനയൻ ഞാനേകനായി
ജനനി തന്റെ ദശയിങ്ങനെ’
എന്നു നളചരിതത്തിൽ ഹംസത്തെക്കൊണ്ടു പറയിച്ചിരിക്കുന്നിടത്തു് കവി തന്റെ അവസ്ഥയേക്കൂടി പ്രതിബിംബിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ വാരിയരുടെ പിതാവു് നേരത്തേതന്നെ മരിച്ചുപോയിരിക്കാമെന്നും ചിലർ ഊഹിക്കുന്നു. അങ്ങനെ വിചാരിക്കുന്നതിൽ ആൎക്കു ം ഒരു വിരോധവുമില്ല. എന്നാൽ ഇങ്ങനെ ഒക്കെ ഊഹിപ്പാൻ തുടങ്ങിയാൽ കുറേ വിഷമിക്കയേയുള്ളു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഇതൊന്നുമല്ല വിശേഷമായിരിക്കുന്നതു്. ഉണ്ണായിവാരിയരുടെ ചരിത്രകാരൻ പറയുന്നു:
“ഉണ്ണായിയെ പ്രസവിച്ചതിനുശേഷം അചിരേണ മാതാവു് പരലോകഗതയായി എന്നാണു് ചിലർ അഭിപ്രായപ്പെടുന്നതു്. അവരിങ്ങനെ പറയുന്നതു് അടിസ്ഥാനരഹിതമെന്നു പറഞ്ഞുകൂട. കാരണം ഉണ്ണായി ഗണ്ഡാന്തസമയത്തു പിറന്നതാണു്.” ഇതാരു പറഞ്ഞു? കേൾവി അഥവാ ഐതിഹ്യമാണോ അടിസ്ഥാനം? അങ്ങനെ ആണെങ്കിൽ എല്ലാ ഐതിഹ്യങ്ങളേയും വിശ്വസിക്കേണ്ടേ? വാരിയരുടെ ഗ്രഹനില അറിയാമെങ്കിൽ ജനനകാലവും അറിയാമല്ലോ.
ഈ കവി നല്ല സംസ്കൃതവ്യുൽപന്നനായിരുന്നു എന്നുള്ളതിനു യാതൊരു സംശയവുമില്ല. ഉണ്ണായിവാരിയർ കൊച്ചീമഹാരാജാവുതിരുമനസ്സിലെ പ്രീതിഭാജനമായിരുന്നു എന്നു് ശ്രീമാൻ കെ. നാരായണപ്പിഷാരടി എം. ഏ. പറഞ്ഞുകാണുന്നു. അതു വാസ്തവംതന്നെ ആയിരിക്കാം. കേരളീയരാജാക്കന്മാരിൽ ആരും വിദ്വജ്ജനങ്ങളെ പ്രോത്സാഹിപ്പിക്കാതിരുന്നതായി അറിയുന്നില്ല. ‘എന്നാൽ മാടമഹാരാജകുടുംബത്തിലെ പരദൈവങ്ങളെ മാത്രമേ നളചരിതത്തിൽ സ്തുതിച്ചുകാണുന്നുള്ളു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അൎത്ഥ ം മനസ്സിലാകുന്നില്ല. നളചരിതത്തിൽ ഒരു പരദേവതയേയും കവി സ്തുതിച്ചുകാണുന്നില്ല. ‘ഇതിൽനിന്നും ഈ വിശിഷ്ടകൃതി തിരുമനസ്സിലെ നിർദ്ദേശപ്രകാരം തൃപ്പൂണിത്തുറ വച്ചു് നിൎമ്മിച്ചതാണെന്നുവേണം ഊഹിപ്പാൻ’ എന്നുകൂടി പ്രസ്താവിച്ചിരിക്കുന്നതു കാണുമ്പോൾ ഈ ലേഖകന്റെ ഇടുങ്ങിയ ദേശീയമനഃസ്ഥിതി പ്രത്യക്ഷപ്പെട്ടുപോകുന്നു. ‘൯൪൦-ാമാണ്ടിടയ്ക്കു് വാരിയർ തിരുവനന്തപുരത്തു വന്നു് മഹാരാജാവിനെക്കണ്ടു താമസിച്ചിരുന്നു. ആ സമയം കുഞ്ചൻനമ്പിയാരും തിരുവനന്തപുരത്തുണ്ടായിരുന്നു. രണ്ടു വിദ്വാന്മാരും തമ്മിൽ ആദ്യപരിചയം ഉണ്ടായതിനുകാരണമായി ഒരു കഥ പറയുന്നുണ്ടു്. അതു് ഏകദേശം സൂക്ഷ്മമായിരിക്കുമെന്നു വിചാരിച്ചു് താഴെ ചേൎത്ത ിരിക്കുന്നു’ എന്നാണു് ഭാഷാചരിത്രകാരൻ പറഞ്ഞിരിക്കുന്നതു്. ഇങ്ങനെ ഒരു ഐതിഹ്യമുള്ളതു പരമാൎത്ഥ മാണെന്നു് കൊട്ടാരത്തിൽ ശങ്കുണ്ണിയും പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ഈ ഐതിഹ്യം വാസ്തവമാകണമെന്നില്ല. എന്നാൽ അതിനെ ഖണ്ഡിക്കാൻ പുറപ്പെടുമ്പോൾ മതിയായ രേഖകൾ ഹാജരാക്കിയേ മതിയാവൂ. പരമേശ്വരയ്യർ അവർകൾ ചില രേഖകൾ ഹാജരാക്കുന്നുണ്ടു്. ൧൦൫൬-ലെ ഭാഷാചരിത്രം ഒന്നാംപതിപ്പിൽ പറഞ്ഞുകാണുന്നതു യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തി അല്ലെന്നു് ശപഥം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം ഹാജരാക്കിയ രേഖകൾക്കു പണ്ഡിതസമ്മതി ലഭിച്ചിട്ടില്ലെന്നുള്ളതിനു് പ്രസിദ്ധനിരൂപകനായിരുന്ന പി. കേ. നാരായണപിള്ള അവർകൾ അവയെ ഖണ്ഡിക്കാൻ ഒരുമ്പെട്ടതുതന്നെ തെളിവാണു്. ആ തെളിവുകളേ നമുക്കു് ഓരോന്നായി പരിശോധിച്ചു നോക്കാം. (൧) പണ്ഡിതപക്ഷപാതിയായ കാൎത്ത ികതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ടു് ഇരിങ്ങാലക്കുടക്ഷേത്രത്തിലെ കഴകവൃത്തിക്കാരനായ ഒരു മഹാകവി തന്നെ സന്ദർശിച്ചതിനാൽ അദ്ദേഹത്തിനു വല്ല പ്രത്യേകാനുഭവങ്ങളും ആ ക്ഷേത്രത്തിൽതന്നെ പതിച്ചു കൊടുത്തിരിപ്പാൻ ഇടയുണ്ടു്.
ഇരിങ്ങാലക്കുടക്ഷേത്രത്തിൽ തന്നെ വേണമെന്നു് നിർബന്ധം എന്തു്? അദ്ദേഹം വളരെക്കാലം തിരുവനന്തപുരത്തു് താമസിച്ചുവെന്നാണല്ലോ ഐതിഹ്യം. ഈ വാദത്തിനു് മി: പി. കേ. പറയുന്ന സമാധാനം യുക്തിയുക്തമായിരിക്കുന്നു:
“പാരിതോഷികമായി തിരുവിതാകൂർ മഹാരാജാക്കന്മാരാൽ ദത്തമായ അനുഭവങ്ങൾ ഒന്നും ഉണ്ണായിവാൎയ്യൎക്കുണ്ടായിരുന്നില്ലെന്നു ഖണ്ഡിച്ചു പറവാൻ തക്ക തെളിവുകൾ ഉണ്ടെന്നും ഞാൻ വിചാരിക്കുന്നില്ല. കുഞ്ചൻനമ്പ്യാർക്കു പോലും കല്പിച്ചനുവദിച്ചിരുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ കാലശേഷം വിച്ഛിന്നമായിപ്പോയി. പിന്നീടു കുറേനാൾ കഴിഞ്ഞു് അദ്ദേഹത്തിന്റെ വംശ്യജരുടെ സങ്കടത്തിൻപേരിൽ അനുഭവങ്ങൾ പുനർജ്ജീവിതങ്ങളാവുകയാണു ചെയ്തതു്.”
(൨) “നളചരിതം കഥകളി തിരുവനന്തപുരത്തു വച്ചു് നിൎമ്മിച്ചു” എന്നുള്ളതിനു് യാതൊരു തെളിവുമില്ല; ശരി അവിടെവച്ചു് നിൎമ്മിച്ചിട്ടില്ലെന്നുള്ളതിനും തെളിവുകൾ ഇല്ല. അദ്ദേഹം പിന്നെയും പറയുന്നു: “നേരേമറിച്ചു് ൯൫൫-ാമാണ്ടിടയ്ക്കു് വാരിയർ ഇവിടെ വരികയും കുറേക്കാലം താമസിക്കയും ചെയ്തിരുന്നെങ്കിൽ വലിയ ഒരു സംസ്കൃതപണ്ഡിതനായ അദ്ദേഹം മഹാകവി അശ്വതിതിരുനാൾ തിരുമേനിയെ അനുകരിച്ചു് സംസ്കൃതശ്ലോകങ്ങൾകൊണ്ടുതന്നെ തന്റെ കഥകളി പൂരിപ്പിച്ചിരുന്നിരിക്കുവാനാണു് എളുപ്പമുള്ളതു്.”
മഹാകവികൾ ആരെയും അനുകരിക്കാറില്ല. വിശേഷിച്ചും നിരങ്കുശനായ ഉണ്ണായിവാരിയർ തീൎച്ചയായും അങ്ങനെ ചെയ്യുമായിരുന്നില്ല. രാമപാണിപാദനും സംസ്കൃതപണ്ഡിതനായിരുന്നില്ലേ? അദ്ദേഹം എന്തുകൊണ്ടു് അങ്ങനെ അനുകരിച്ചില്ല. രാമപാണിപാദന്റെ അപ്രകാശിതമായ ഒരു കഥകളി എന്റെ കൈവശം വന്നുചേൎന്നിട്ടുണ്ടു്. അതിലും മലയാള ശ്ലോകങ്ങൾ കാണുന്നു. അതും പോകട്ടെ. അശ്വതിതിരുനാൾ കഥകളി രചിക്കുന്നതിനു മുമ്പു നളചരിതം എഴുതിക്കഴിഞ്ഞു എന്നും വരരുതോ? അശ്വതിതിരുനാൾ തമ്പുരാൻ ൯൬൯-വരെ ജീവിച്ചിരുന്നല്ലോ. അതൊക്കെപ്പോകട്ടേ. അദ്ദേഹം തന്നെയും സംസ്കൃതശ്ലോകങ്ങൾകൊണ്ടുതന്നെയല്ലല്ലോ തന്റെ കഥകൾ പൂരിപ്പിച്ചിട്ടുള്ളതു്. പൂതനാമോക്ഷത്തിലേ ഒരു മലയാളശ്ലോകം ഉദ്ധരിച്ചുകൊള്ളട്ടേ.
കന്നൽക്കണ്ണികൾമൗലിരത്നകലികാരൂപം ധരിച്ചാദരാൽ
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
പിന്നെച്ചെന്നവൾ ഗോകുലേ കുളുർമുലക്കുന്നിന്നു മീതേ ചിരം
മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ.
ഒരു സംസ്കൃതപ്രയോഗവും കൂടാതെയുള്ള എത്ര ലളിതമായ ഭാഷാശ്ലോകം!
വാരിയർ ൬൧-ാമത്തെ വയസ്സിൽ ഇരിങ്ങാലക്കുട വാരിയത്തു വെച്ചു മരണം പ്രാപിച്ചുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അപ്പോൾ ആ സംഭവം നടന്നതു് ൯൭൬-ാമാണ്ടിടയ്ക്കായിരിക്കണമെന്നു വരുന്നു. മിസ്റ്റർ പി. ഗോവിന്ദപ്പിള്ളയും, മഹാകവി പരമേശ്വരയ്യർ തുടങ്ങിയവരും ശേഖരിച്ചിട്ടുള്ള രേഖകളെ തട്ടിനോക്കുമ്പോൾ നമുക്കു് വാരിയരുടെ ജീവിതകാലം ഏറെക്കുറെ ശരിയായി നിൎണ്ണയിക്കാം.
അറംകൊണ്ടായാലും അല്ലെങ്കിലും വാരിയർ സന്തതിയില്ലാതെ മരിച്ചു എന്നുള്ളതു വാസ്തവമാണു്. കോട്ടയംരാജവംശം ഇംഗ്ലീഷുകാരുമായുള്ള ശണ്ഠയിൽ കാടു കേറി; അതു് ‘കാടേനമുക്കു ഗതി’ എന്നിങ്ങനെ അറംവന്നുപോയതുകൊണ്ടാണെന്നു് പിന്നീടുള്ളവർ പറഞ്ഞുണ്ടാക്കി. അതുപോലെ ഉണ്ണായിവാരിയൎക്കു ് സന്തതിഛേദം വന്നപ്പോൾ ‘എന്നാൽ കുലമിതഖിലവുമറുതിവന്നിതു’ എന്ന ഹംസവാക്യം അറമായിത്തീൎന്നു എന്നു് ആളുകൾ പറവാൻ ഇടയായി. അറക്കഥയ്ക്കു് ഇത്രയേ അൎത്ഥ മുള്ളു.
“ഉണ്ണായിവാര്യരുടെ കാലം കഴിഞ്ഞു് ഒരു തലമുറയ്ക്കു ശേഷം കുലത്തിൽ സന്തതിയില്ലാതെ വരികയാൽ അന്നമനട വാരിയത്തിൽനിന്നും ദത്തെടുത്തു. ഇപ്പോൾ ഇരിങ്ങാലക്കുട തെക്കേടത്തു വാര്യത്തുള്ളവർ ഉണ്ണായിവാരരുടെ മരുമക്കളുടെ മരുമക്കളാകുന്നു. ഇപ്പോഴത്തെ കാരണവൻ ശങ്കുവാരരും അനന്തരവൻ കുട്ടൻവാരരും ജ്യോതിഷശാസ്ത്രത്തിൽ സമൎത്ഥ ന്മാരാണു്. അവർക്കു് എഴുതിഅയച്ചിരുന്നതിന്റെ ശേഷവും വാര്യരെ സംബന്ധിച്ചു് കൂടുതലായി ഒരു വിവരവും കിട്ടാത്തതിനാൽ വ്യസനിക്കുന്നു.” ഇങ്ങനെയാണു് മിസ്റ്റർ ഗോവിന്ദപ്പിള്ള പ്രസ്താവിച്ചിട്ടുള്ളതു്. അദ്ദേഹം വേണ്ട അന്വേഷണങ്ങൾ നടത്താതിരുന്നില്ല എന്നു് ഈ വാക്കുകളിൽനിന്നു തെളിയുന്നുണ്ടു്. മഹാകവി പരമേശ്വരയ്യരവർകൾ പറയുന്നതു് ഇങ്ങനെയാണു്.
“വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തരവൻ തൃശ്ശൂരിനടുത്തു് കുട്ടനല്ലൂർവാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു ദത്തു വച്ചു. അതിനും രണ്ടുതലമുറയ്ക്കു മേലാണു് ഒരു പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ടവാരിയർ ൯൯൮-ൽ കുടുംബത്തിൽ മൂപ്പനായതെന്നത്രേ ഐതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ ൯൯൮-ൽ തന്റെ മകൻ തൃപ്പോൽകുടത്തു് ശങ്കരവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു് കുടുംബത്തേക്കു് അവകാശിയാക്കിത്തീൎത്തു. ആ ദത്തുപത്രം ഇപ്പോഴും ഉണ്ടു്. അദ്ദേഹം ൭൦-ൽ ചില്വാനം വയസ്സു് ജീവിച്ചിരുന്നതിനു ശേഷം കൊല്ലം ൧൦൨൦-ാമാണ്ടിടയ്ക്കു് കാലധൎമ്മം പ്രാപിച്ചു. പിന്നീടു് രാമൻ നമ്പിടിയെക്കൊണ്ടു് രാമപഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കുവാരിയർ മൂപ്പനായി. അദ്ദേഹം എഴുപത്തിനാലു വയസ്സോളം ജീവിച്ചിരുന്നു് ൧൦൬൪-ൽ അന്തരിച്ചു …………………………………………………ശങ്കുവാരിയരുടെ കാലത്തിനിപ്പുറം കുറെക്കൊല്ലം ജ്യോതിഷവിദ്വാൻ കുട്ടൻവാരിയർ കുലമഹിമയെ പരിപാലിച്ചുപോന്നിരുന്നു. ഇപ്പോഴത്തെ കാരണവർ ഈശ്വരവാരിയരാണു്.”
ഇനി ഊണം ഉറക്കവും ഉപേക്ഷിച്ചു് ‘ഉണ്ണായിവാരിയരുടെ ജീവചരിത്ര’കാരന്റെ വിഷമപ്രശ്നങ്ങൾക്കു സമുചിതമായ നിർദ്ദേശങ്ങൾ കൊടുത്ത ശ്രീമാൻ ഈച്ചരവാരിയരിൽ നിന്നും ലഭിച്ചിട്ടുള്ള അറിവുകളെന്തെന്നു നോക്കാം.
“ഉണ്ണായിവാരിയർ മരിക്കുമ്പോൾ തെക്കേവാരിയം അസ്താംഗമായ്ത്തീൎന്നു. അതിനാൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം കുട്ടനല്ലൂർവാരിയത്തുനിന്നു് അവിടെ ഏകനായിശേഷിച്ച ഒരു ചാൎച്ചക്കാരൻ അകത്തൂട്ടുവാരിയത്തെ അധീനപ്പെടുത്തുകയും അധികാരാവകാശങ്ങളിൽ കൈകടത്തുകയും ചെയ്തു. അന്നത്തെ ഭരണകോയ്മ ഈ ചാൎച്ചയ്ക്കെതിരായി നടപടികൾ നടത്താൻ ഒരുങ്ങുകയുമുണ്ടായില്ല.
പിന്നെയും ഒന്നുരണ്ടു തലമുറ കഴിഞ്ഞു. അകത്തൂട്ടുവാരിയത്തിന്റെ പ്രഖ്യാതിയെ പുനരുജ്ജീവിപ്പിക്കാൻ ആ കുടുംബത്തിൽ ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനായ ഇട്ടിണിക്കണ്ടവാരിയർ സമുദയംചെയ്തു. ആ മഹാശയൻ പിൻഗാമികളെ സംബന്ധിച്ചിടത്തോളം ഉണ്ണായിവാരിയരെപ്പോലെ തന്നെ ആയിരുന്നു. കുടുംബം അന്യംനിന്നുപോകാതിരിപ്പാൻ ൯൯൮-ാമാണ്ടു് തൃപ്പേക്കുളത്തു് ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു. പ്രസ്തുത വാരിയം കൊച്ചീസംസ്ഥാനത്താൽ ചുറ്റപ്പെട്ട പുത്തൻചിറപ്രദേശത്താണു്. ദത്തു കഴിഞ്ഞു് ഇരുപത്തിരണ്ടു കൊല്ലം തികയുന്ന കാലത്തു് ഇട്ടിണിക്കണ്ടവാരിയർ കാലഗതി അടഞ്ഞു. ൧൦൪൮-ൽ ശങ്കുവാരിയർ ഇപ്പോൾ കാണുന്ന അകത്തൂട്ടുവാരിയത്തേക്കു് കുടുംബസഹിതം പാർപ്പു മാറ്റി. ഇദ്ദേഹം മരിച്ചതു് ൧൦൬൪-ാമാണ്ടിലായിരുന്നു.” ഇവയിൽ ഒടുവിൽ കൊടുത്തിട്ടുള്ള രണ്ടഭിപ്രായങ്ങളുടേയും ഉല്പത്തിസ്ഥാനങ്ങൾ ഒന്നാണെന്നു പ്രത്യക്ഷമാണല്ലോ. ഉണ്ണായിവാരിയരുടെ ജീവിതകാലത്തോടു കുറേക്കൂടി അടുത്തു ജീവിച്ചിരുന്ന ശങ്കുവാരിയരും കുട്ടൻവാരിയരും നൽകീട്ടുള്ള വിവരങ്ങളിൽനിന്നു് ഭാഷാചരിത്രകാരൻ സമ്പാദിച്ച അറിവുകൾക്കും മറ്റു രണ്ടുപേൎക്കു ം ഇന്നത്തെ കാരണവരിൽനിന്നു ലഭിച്ചിട്ടുള്ള അറിവുകൾക്കും തമ്മിലുള്ള വ്യത്യാസം എന്തെന്നാണു് ആദ്യമായി പരിശോധിക്കേണ്ടതു്. ശങ്കുവാരിയർ ഉണ്ണായിവാരരുടെ മരുമക്കളുടെ മരുമക്കളാണെന്നാണല്ലോ ഗോവിന്ദപ്പിള്ള അവർകൾ പ്രസ്താവിച്ചിട്ടുള്ളതു്. അതായതു് ഉണ്ണായിവാരിയരുടേയും ശങ്കുവാരിയരുടേയും ഇടയ്ക്കു് രണ്ടുതലമുറക്കാരെ കാണണമെന്നു വരുന്നു. അവരെ പുതിയ രേഖകളിൽ കാണുന്നുമുണ്ടു്. എന്നാൽ കുട്ടനല്ലൂർവാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു വച്ച ദത്തിനും ഇട്ടുണ്ണിക്കണ്ടവാരിയർക്കും ഇടയിൽ കഴിഞ്ഞുപോയതായി പറയുന്ന ‘രണ്ടുതലമുറകളെ’പ്പറ്റി ഗോവിന്ദപ്പിള്ള പ്രസ്താവിച്ചിട്ടില്ല. ഈ വ്യത്യാസം വളരെ പ്രാധാന്യമുള്ളതുമാണു്. പക്ഷേ ഇങ്ങനെ രണ്ടു തലമുറകൾകൂടി കഴിഞ്ഞുപോയെന്നു് ഐതിഹ്യമേയുള്ളുവെന്നു് മഹാകവി സമ്മതിക്കുന്നുണ്ടു്. എന്റെ അഭിപ്രായത്തിൽ ശങ്കുവാരിയരിൽനിന്നു ഗോവിന്ദപ്പിള്ളയ്ക്കു ലഭിച്ച അറിവാണു് കൂടുതൽ വിശ്വാസാൎഹം. പത്തമ്പതുകൊല്ലങ്ങൾകൂടി കഴിഞ്ഞപ്പോൾ മഹാകവിയായ ഒരു രാമവാരിയരെ കണ്ടുകിട്ടുകയും ഉണ്ണായിവാരിയരും അക്കവിയും ഒന്നായിരിക്കണമെന്നു് ഒരു ഊഹം ജനിക്കയും അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി രേഖയുള്ളതുകൊണ്ടു് കാലഗണനം ശരിയാക്കുന്നതിനു് ഒരു രണ്ടു തലമുറകൾ കൂട്ടുകയും ചെയ്തിരിക്കണം. അതുകൊണ്ടു് രണ്ടഭിപ്രായങ്ങളും ഒരു വിധത്തിൽ ശരിയാണെന്നു വരുന്നു. രാമവാരിയരുടേയും ഉണ്ണായിവാരിയരുടേയും കാലങ്ങൾക്കുള്ളിൽ കഴിഞ്ഞുപോയ രണ്ടു തലമുറകളെ കൂട്ടിയാൽ ഈച്ചരവാരിയരവർകളിൽ നിന്നു ലഭിച്ചിട്ടുള്ള അറിവു ശരി; അല്ലെങ്കിൽ ശങ്കുവാരിയരിൽനിന്നും കുട്ടൻവാരിയരിൽനിന്നും മിസ്റ്റർ പി. ഗോവിന്ദപ്പിള്ളയ്ക്കു ലഭിച്ചിട്ടുള്ള അറിവാണു് ശരി.
ഇങ്ങനെ നോക്കിയാൽ ഉണ്ണായിവാരിയരുടെ ജീവിതം കൊല്ലവൎഷം പത്താശതകത്തിലായിരുന്നുവെന്നും, ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തെ ഖണ്ഡിക്കത്തക്ക തെളിവുകൾ നമുക്കു് ഇതേവരെ ലഭിച്ചിട്ടില്ലെന്നും പറയാതെ തരമില്ല.
ഇനി വാരിയർ തിരുവനന്തപുരത്തു വന്നു് വഞ്ചിരാജാവിന്റെ ആശ്രിതനായി താമസിക്കുന്നതിനുള്ള കാരണങ്ങളെപ്പറ്റി ചിന്തിക്കാം. കൂടൽമാണിക്യംക്ഷേത്രത്തിലെ മാലാകാരവൃത്തി വാരിയരുടെ കുടുംബത്തിലേക്കാണല്ലോ ഉണ്ടായിരുന്നതു്. ആ ക്ഷേത്രം ഉൾപ്പെട്ട ദേശം പെരുമ്പടപ്പുസ്വരൂപം വകയായിരുന്നെങ്കിലും ക്ഷേത്രത്തിന്മേലുള്ള ഭരണാധികാരം കായംകുളത്തു രാജാവിനായിരുന്നു. ൯൧൭-ൽ ഇരിങ്ങാലക്കുട വെച്ചു് തീപ്പെട്ട കൊച്ചിതമ്പുരാനും കായംകുളംരാജാവും മിത്രഭാവത്തിലാണു് വൎത്ത ിച്ചിരുന്നതു്. ഡച്ചുകാരും ആ രാജാക്കന്മാരോടു സ്നേഹപൂൎവം പെരുമാറുകയും വേണാടുമായി പടവെട്ടി തോൽക്കുകയും ചെയ്തു. ൯൧൭-ൽ രാമവൎമ്മരാജാവു് കൊച്ചിയിൽ മൂപ്പേറ്റ അക്കൊല്ലംതന്നെയാണു് ഡച്ചുകാർ കൊളച്ചൽകോട്ട തിരുവിതാംകോട്ടേയ്ക്കു വിട്ടുകൊടുക്കേണ്ടതായി വന്നതു്. പുതിയ കൊച്ചീരാജാവും, തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരും വേണാടുമായുള്ള ഡച്ചുകാരുടെ വഴക്കു ശമിപ്പിക്കാതിരിക്കാൻ വേണ്ടി ഓരോന്നു ചെയ്തുകൊണ്ടും ഇരുന്നു. ഒടുവിൽ ൧൭൪൨ ഡിസംബർമാസത്തിൽ ഡച്ചുകാർ തിരുവിതാംകൂറുമായി സ്വമേധയാ സന്ധി ചെയ്വാൻ നിൎബ ന്ധിതരായി. പക്ഷേ സമാധാനാലോചന ദീർഘിച്ചു ദീർഘിച്ചു് കാലം കുറെ ചെന്നു. ഒടുവിൽ ഉടമ്പടി നടന്നതു് ൯൨൯-ൽ ആയിരുന്നു. അങ്ങനെ ലന്തക്കാരും വേണാടും തമ്മിൽ സഖ്യം സ്ഥാപിതമായി. പക്ഷേ അതിനോടുകൂടി ലന്തക്കാൎക്കു് മലയാളക്കരയിൽ ഉണ്ടായിരുന്ന മേൽക്കോയ്മയ്ക്കു് ഉടവു തട്ടിയെന്നും പറയാം.
ഡച്ചുകാരും തിരുവിതാംകൂറും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരുന്ന കാലത്തുതന്നെ, ൯൨൧ ധനു ൨൪-ാം തീയതി കൊച്ചീ വലിയതമ്പുരാൻ തീപ്പെടുകയും വീരകേരളവൎമ്മത്തമ്പുരാൻ രാജ്യഭാരമേല്ക്കുകയും ചെയ്തു. ഇതു കൊച്ചിയേ സംബന്ധിച്ചു് ഒരു വലിയ ദുൎഘടഘട്ടമായിരുന്നു എന്നു പറയാം. നാട്ടിനുള്ളിൽ ആഭ്യന്തരകലഹമുണ്ടായിരുന്നതിനു പുറമേ, തെക്കുനിന്നു് തിരുവിതാംകൂറിന്റേയും വടക്കുനിന്നു് കോഴിക്കോട്ടിന്റെയും ആക്രമണഭീതിയും ഉണ്ടായിരുന്നു. മങ്ങാടും പറവൂരും തമ്മിൽ ശണ്ഠ; പറവൂരും ഡച്ചുകാരും തമ്മിൽ കലഹം; ഡച്ചുകാരും ചെമ്പകശ്ശേരിയുമായി ബലപരീക്ഷ–ഇതെല്ലാം കൊച്ചിയിൽ വലിയ കലക്കത്തിനു് ഇടയാക്കി. അതിനും പുറമേ ഇളയതമ്പുരാൻ വലിയതമ്പുരാനോടും മത്സരിച്ചുനിന്നു. ഇതിനോടുകൂടി സാമൂതിരി പെരുമ്പടപ്പുസ്വരൂപത്തിന്റെ വകയായ തൃപ്പറയാറ്റു ക്ഷേത്രത്തിൽ കൈയേറ്റം നടത്തുകയും മണപ്പുറം കൈവശപ്പെടുത്താൻ നോക്കുകയും ചെയ്തു. തിരുവിതാംകൂറാകട്ടെ, മുന്നോട്ടു കടന്നുകൊണ്ടും ഇരുന്നു. ൯൨൪-ൽ വീരകേരളവൎമ്മ തീപ്പെടുകയും രാമവൎമ്മ തമ്പുരാനെ മൂപ്പു സിദ്ധിക്കയും ചെയ്തു. ഗൃഹഛിദ്രവും വർദ്ധിചു. ഈ ഛിദ്രം തിരുവിതാംകൂറിനു വളരെ സൗകര്യപ്രദമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കൊച്ചീരാജാവിന്റെ എതിരാളികളായി നിന്ന തമ്പുരാക്കന്മാർ തിരുവിതാംകൂറിൽ വന്നു് മാൎത്ത ാണ്ഡവൎമ്മ മഹാരാജാവിന്റെ സഹായം അപേക്ഷിച്ചു. അവിടുന്നു് തന്റെ ഉദ്ദേശേസിദ്ധിക്കുവേണ്ടി ആ അപേക്ഷയെ കൈക്കൊള്ളുകയും ചെയ്തു. വടക്കുങ്കൂറും തമ്പാക്കന്മാരുടെ വശം ചേൎന്നു. മാൎത്ത ാണ്ഡവൎമ്മ മഹാരാജാവു്, ഇതിനിടയ്ക്കു് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം, കായങ്കുളം, ദേശിങ്ങനാടു്, തെക്കുങ്കൂർ മുതലായ ദേശങ്ങളെ എല്ലാം കീഴടക്കിക്കഴിഞ്ഞിരുന്നു. കായങ്കുളം വേണാടിൽ ഒതുങ്ങിയതിനോടുകൂടി കൂടൽമാണിക്യംക്ഷേത്രത്തിലെ ഭരണാധികാരവും തിരുവിതാംകോട്ടേയ്ക്കു സിദ്ധിച്ചു. ൯൨൭-ൽ വേണാട്ടുപട തമ്പാക്കന്മാരെ സഹായിക്കുന്നതിനെന്ന ഭാവത്തിൽ ആലപ്പുഴെ വാടയ്ക്കൽ പാളയം അടിച്ചു. കൊച്ചീ വലിയതമ്പുരാൻ ചേൎത്ത ലക്കോവിലകത്തു് താമസമുറപ്പിച്ചുകൊണ്ടു്. ഒരു സൈന്യത്തെ വാടയ്ക്കലേയ്ക്കു് അയച്ചു. ആ യുദ്ധത്തിൽ വേണാട്ടുപട ജയിച്ചു. കൊച്ചീരാജാവു് ചേൎത്ത ലനിന്നും പിൻവാങ്ങി. ൯൨൮-ൽ മാൎത്ത ാണ്ഡവൎമ്മ മഹാരാജാവു് കരപ്പുറം കൈവശപ്പെടുത്തീട്ടു് പെരുമ്പടപ്പുമൂപ്പിൽസ്ഥാനത്തേയ്ക്കു് തമ്പാക്കന്മാരിൽ മൂത്ത ആളെ നിശ്ചയിക്കയും തിരുവിതാംകൂർരാജാവിന്റെ കീഴിൽ ഒരു സ്വരൂപിയായി കരപ്പുറം വാണുകൊള്ളാൻ കല്പിക്കയും ചെയ്തു. എന്നാൽ ൯൨൯-ൽ കൊച്ചീവലിയതമ്പുരാനും മാൎത്ത ാണ്ഡവൎമ്മ മഹാരാജാവും തമ്മിൽ ഒരു സന്ധിയുണ്ടായി. ആ സന്ധി ചിരകാലം നിന്നില്ല. എന്തുകൊണ്ടെന്നാൽ വേണാടു് ചെമ്പകശ്ശേരി ആക്രമിക്കയാൽ, കൊച്ചി വീണ്ടും പിണങ്ങേണ്ടതായി വന്നു. അമ്പലപ്പുഴ പിടിച്ചെടുത്തശേഷം വേണാടു് മറ്റു ദേശങ്ങളെ ഒതുക്കിത്തുടങ്ങി. ൯൩൧-ാമാണ്ടിടയ്ക്കു് പമ്പാഅഴിക്കും കൈതപ്പുഴയ്ക്കും തെക്കുള്ള രാജ്യം മുഴുവനും കുരുനാടും കുന്നത്തുനാടും വേണാടിനു സ്വാധീനമായി. അക്കെല്ലംതന്നെ നെടുവിരിപ്പിൽസ്വരൂപത്തിലെ പുരുഷാരം ആലങ്ങാട്ടും പറവൂരും കടന്നുവന്നു് ആലുവായിലും വരാപ്പുഴയും മഞ്ഞുമ്മലും കോനാടും ചാത്തനാടും കോട്ടകളിട്ടു് രാജ്യം ഒതുക്കി. ഡച്ചുകാർ ഒരു സഹായവും കൊച്ചിക്കു ചെയ്തുമില്ല. തിരുവിതാംകൂർ സൈന്യം പിന്നെയും മുന്നോട്ടു കടന്നു. രാമയ്യൻദളവായുടെ കീഴിൽ അരൂക്കുറ്റിവഴിക്കു വടക്കോട്ടു നീങ്ങി. കാൎത്ത ികതിരുനാൾ ഇളയതമ്പുരാൻ മറ്റൊരു സൈന്യവുമായി കണ്ടനാടു് മുതലായ പ്രദേശങ്ങളെ പിടിച്ചടക്കിയിട്ടു് തൃപ്പൂണിത്തുറകോവിലകത്തിനു സമീപം മാമലപ്പാലത്തിങ്കലോളം എത്തുകയും ചെയ്തു. ഇത്രയും ആയപ്പോൾ സമാധാനത്തിനപേക്ഷിക്കാതെ നിവൃത്തിയില്ലെന്നു വന്നു. ഇങ്ങനെ ആണു് ൯൩൨-ലെ മാവേലിക്കര ഉടമ്പടി ഉണ്ടായതു്.
൯൩൫ കൎക്കടകം ൩൨-ാംതീയതി കൊച്ചി വലിയതമ്പുരാൻ തീപ്പെടുകയും വീരകേരളവൎമ്മത്തമ്പുരാൻ സിംഹാസനസ്ഥനാവുകയും ചെയ്തതിനോടുകൂടിയാണു് കൊച്ചിയുടെ ഭാഗ്യദശ ആരംഭിച്ചതു്. നയജ്ഞനായ അവിടുന്നു് കാൎത്ത ികതിരുനാൾ ധൎമ്മരാജാവിന്റെ മൈത്രി സമ്പാദിച്ചിട്ടു്, തിരുവിതാംകൂർസൈന്യത്തിന്റെ സഹായത്തോടുകൂടി സാമൂതിരിയെ തോല്പിച്ചു് കൊച്ചീസംസ്ഥാനത്തിന്റെ വടക്കേ അതിൎത്ത ിയിലാക്കി. കോഴിക്കോട്ടേ മൂന്നാംശക്തൻ സാമൂതിരിയുടെ നിര്യാണവും മൈസൂർ പടയിളക്കവും ചില അന്തഃഛിദ്രങ്ങളും നിമിത്തം പുതിയ സാമൂതിരിക്കു് തിരുവിതാംകൂർപടയെ തടുത്തു നിറുത്തുവാൻ കഴിവില്ലാതെ വന്നുകൂടി. ൧൭൬൩-ൽ അതുകൊണ്ടു് അദ്ദേഹം തന്റെ ഒരു പടത്തലവനായിരുന്ന ഗോപാലൻ തലച്ചെന്നവരെ പത്മനാഭപുരത്തേയ്ക്കു് അയച്ചു് തിരുവിതാംകൂർ രാജാവിനോടു് സമാധാനത്തിനപേക്ഷിച്ചു. ഈ ഉടമ്പടിപ്രകാരം സാമൂതിരി യുദ്ധച്ചെലവിലേയ്ക്കു് ഒരു ലക്ഷം രൂപാ തിരുവിതാംകൂറിനു കൊടുത്തതിനു പുറമേ മേലാൽ കൊച്ചീരാജ്യത്തെ ഉപദ്രവിക്കയില്ലെന്നു വാഗ്ദാനവും ചെയ്തു. കൊച്ചിയും, ആലങ്ങാടും, പറവൂരും തിരുവിതാംകൂറിലേയ്ക്കു വിട്ടുകൊടുത്തു. ഇതിനു ശേഷമാണു് കൊച്ചി തിരുവിതാംകൂർ രാജ്യരക്ഷയെ ഉദ്ദേശിച്ചു് നെടുങ്കോട്ട പണിയിച്ചതു്.
ഇങ്ങനെ മലയാളക്കരയിൽ സമാധാനം സ്ഥാപിതമായെങ്കിലും താമസിയാതെ ഹൈദരാലിഖാന്റെ പടയിളക്കം തുടങ്ങി. അതുനിമിത്തം വീണ്ടും കൊച്ചിക്കു് അസ്വസ്ഥത നേരിട്ടു. ഈ അസ്വസ്ഥത കുറേ അധികംകാലം നിലനില്ക്കയും ചെയ്തു. അക്കാലങ്ങളിൽ ശ്രീതജനകല്പതരുവായിരുന്ന ധൎമ്മരാജാവിനെ വടക്കൻനാട്ടിലെ പല രാജാക്കന്മാരും പ്രഭുക്കന്മാരും ആശ്രയിച്ചു എന്നതു് ചരിത്രപ്രസിദ്ധമാണല്ലോ.
ഈ പടയിളക്കവും തന്നിമിത്തമുണ്ടായ അസ്വസ്ഥതയും ആയിരിക്കാം വാരിയർ നാടുവിട്ടുപോകുന്നതിനുള്ള ഒരു ഹേതു. കൂടൽമാണിക്യംക്ഷേത്രത്തിലെ മാലാകാരനായിരുന്ന അദ്ദേഹം തൽക്ഷേത്രത്തിന്റെ ഭരണക്കോയ്മയായിരുന്ന വഞ്ചിരാജാവിന്റെ അടുക്കലല്ലാതെ മറ്റെവിടെ അഭയം പ്രാപിക്കും?
അദ്ദേഹം തിരുവനന്തപുരത്തു് വന്നുചേൎന്ന അവസരത്തിൽ കുഞ്ചൻനമ്പ്യാരും അവിടെ ഉണ്ടായിരുന്നു. അവർ തമ്മിൽ പരിചയം ആയതെങ്ങനെ എന്നുള്ളതിനെപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. വടക്കുനിന്നു് വിദ്വാനും കവിയുമായ ഉണ്ണായിവാരിയരെന്നൊരാൾ വന്നിട്ടുണ്ടെന്നു നമ്പ്യാരും, കുഞ്ചൻനമ്പ്യാരെന്നൊരു പ്രസിദ്ധ കവി അവിടെ താമസമുണ്ടെന്നു വാരിയരും കേട്ടിരുന്നതല്ലാതെ പരസ്പരം കാണുകയുണ്ടായിട്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്പ്യാർ പത്മതീൎത്ഥ ത്തിൽ കുളിച്ചുകൊണ്ടിരിക്കവേ വാരിയരും യദൃച്ഛയാ ആ കടവിൽത്തന്നെ ചെന്നിറങ്ങി. തത്സമയം മാന്യയായ ഒരു നായർസ്ത്രീ സഖിയോടുകൂടി കരയിൽക്കൂടി കടന്നുപോകുന്നതു കണ്ടിട്ടു് വാരിയർ കാതിലോലാ എന്നു സ്വാഗതം എന്ന പോലെ പറഞ്ഞു. അതുകേട്ടു് നല്ല താളി എന്നു നമ്പ്യാർ മറുപടി പറഞ്ഞപ്പോൾ നിങ്ങളാണോ കുഞ്ചൻനമ്പ്യാർ എന്നു വാരിയരും, നിങ്ങൾ തന്നെയോ ഉണ്ണായിവാരിയർ എന്നു് നമ്പ്യാരും ചോദിച്ചു. ഇപ്രകാരം അവർ പരസ്പരം അറികയും സ്നേഹമാവുകയും ചെയ്തുവത്രേ.
മറ്റൊരു ദിവസം വാരിയരും നമ്പ്യാരും കൂടി ശ്രീവരാഹത്തുകുളത്തിൽ കുളിക്കാൻ പോയിരുന്നത്രേ. അപ്പോൾ ആ കുളത്തിലെ വെള്ളം ആനയിറങ്ങിക്കലങ്ങിയിരുന്നുവെങ്കിലും, വേറൊരിടത്തു പോകാൻ കഴികയില്ലെന്നുവെച്ചു് അവർ അതിൽത്തന്നെ കുളിച്ചു. തിരിച്ചുചെന്നപ്പോൾ ‘നിങ്ങൾ എവിടെയാണു കുളിച്ചതു്?’ എന്നു് മഹാരാജാവു കല്പിച്ചു ചോദിച്ചതിനു് ‘ശ്രീവരാഹത്തു് കരികലക്കിയ കുളത്തിൽ’ എന്നു് വാരിയരും, ‘കളഭം കലക്കിയ കുളത്തിൽ’ എന്നു നമ്പ്യാരും മറുപടി പറഞ്ഞുവെന്നു് മറ്റൊരു ഐതിഹ്യവുമുണ്ടു്.
ഈ ഐതിഹ്യങ്ങൾ ആരുടെ മനോധൎമ്മഫലങ്ങളായിരുന്നാലും തൽക്കൎത്ത ാക്കൾ ആ രണ്ടു കവികളുടെയും കവിതാരീതിയേയും സ്വഭാവവ്യത്യാസത്തേയും നല്ലപോലെ ഗ്രഹിച്ചിരുന്ന രസികന്മാരായിരുന്നു എന്നു നിസ്സംശയം പറയാം.
വാരിയർ വാർദ്ധക്യദശയിൽ തിരുവനന്തപുരം വിട്ടു് സ്വദേശം പ്രാപിച്ചുവെന്നും, കാൎത്ത ികതിരുനാൾ തമ്പുരാൻ വാരിയൎക്കു ് കൂടൽമാണിക്യംക്ഷേത്രത്തിൽ നിന്നും കഴകവിരുത്തിയായും മറ്റും ഒട്ടു വളരെ അനുഭവങ്ങൾ അനുവദിച്ചിരുന്നുവെന്നും, ൯൫൫-ാമാണ്ടിടയ്ക്കു് ൮൦-ാമത്തെ വയസ്സിൽ മരണം പ്രാപിച്ചുവെന്നും ഉണ്ണായിയുടെ ചരിത്രകാരൻ പറയുന്നു. ശ്രീമാൻ ഈച്ചരവാരിയരവർകളിൽനിന്നുള്ള അറിവാണെന്നുകൂടി പ്രസ്താവിച്ചിട്ടുമുണ്ടു്. ഇവിടെ ഒരു വലിയ പടലപ്പിണക്കം സംഭവിച്ചുപോയിട്ടുള്ളതിനെ ചൂണ്ടിക്കാണിക്കാതിരിക്കാൻ നിവൃത്തിയില്ല. നോക്കുക: “കേരളഭാഷാസാഹിത്യചരിത്രകൎത്ത ാവായ ശ്രീമാൻ ആർ. നാരായണപ്പണിക്കരവർകൾ അഭിപ്രായപ്പെടുകയാണു്:
“ഈ വിശിഷ്ടകൃതി [1] കേരളഭാഷാകന്യകയുടെ കല്യാണമഹോത്സവം എന്നപോലെ വിളങ്ങുന്നു. എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ കൃഷ്ണഗാഥ ഒഴിച്ചാൽ ഇതിനു പ്രഥമസ്ഥാനം നല്കേണ്ടതാണു് …”
ചുവട്ടിൽ * ചിഹ്നമിട്ടു് ഗ്രന്ഥകാരൻ ഈ അഭിപ്രായത്തോടു് യോജിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ടു്. ഏതിനോടാണു് യോജിക്കാതിരിക്കുന്നതു്? ഞാൻ ഈഹിക്കുന്നതു് ‘ഗിരിജാകല്യാണം എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കവിത’ എന്നു പറഞ്ഞിരിക്കുന്നതിനോടു് ആയിരിക്കണമെന്നാണു്. ശരി, ഗ്രന്ഥകാരൻ പല സ്ഥലങ്ങളിൽ സ്വന്തം അഭിപ്രായത്തോടുതന്നെ യോജിക്കാതെ വന്നിട്ടുണ്ടല്ലോ. ൧൩-ാമത്തെ വശത്തു് പറയുന്നു. “അദ്ദേഹം കൊല്ലവൎഷം ൯൫൮-നു മുമ്പും ൮൮൦-നു പിമ്പും ജീവിച്ചിരുന്നു എന്നു തെളിയുന്നു …” ഇത്യാദി.
൧൪൨-ാമത്തെ വശത്തു് പറഞ്ഞിരിക്കുന്നതു നോക്കുക: “സാഹിത്യഭക്തനായ ഉണ്ണായിവാരിയർ ൯൯൫-ാമാണ്ടോടുകൂടി ൮൦-ാമത്തെ വയസ്സിൽ.......... കാലഗതി അടഞ്ഞതായിട്ടാണു് കേൾവി.”
൯൯൫-ാമാണ്ടു് ൯൫൮-നു മുമ്പോ പിമ്പോ? മുമ്പായിരിക്കാം.
നാലാംവശത്തു പറഞ്ഞിട്ടുള്ളതു നോക്കുക: “ഉണ്ണായിവാരിയർ മരിക്കുമ്പോൾ കുടുംബം അസ്താഗമായ്ത്തീൎന്നു. അതിനാൽ അദ്ദേഹത്തിന്റെ മരണശേഷം കുട്ടനല്ലൂർവാരിയത്തു നിന്നു് അവിടെ ഏകനായി ശേഷിച്ച ഒരു ചാൎച്ചക്കാരൻ അകത്തൂട്ടുവാരിയത്തെ അധീനപ്പെടുത്തുകയും അധികാരാവകാശങ്ങളിൽ കൈകടത്തുകയും ചെയ്തു …പിന്നെയും ഒന്നുരണ്ടു് തലമുറ കഴിഞ്ഞു …ആ കുടുംബത്തിൽ ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനായ ഇട്ടുണിക്കണ്ടവാരിയർ സമുദയം ചെയ്തു. ആ മഹാശയൻ പിൻഗാമികളെ സംബന്ധിച്ചിടത്തോളം ഉണ്ണായിവാരിയരെപ്പോലെ ആയിരുന്നു. കുടുംബം അന്യംനിന്നുപോകാതിരിപ്പാൻ വേണ്ടി ൯൯൮-ാമാണ്ടിൽ…ശങ്കുവാരിയരെ ദത്തെടുത്തു”.
ഈ അഭിപ്രായപ്രകാരം ഉണ്ണായിവാരിയർക്കു ശേഷം കുട്ടനല്ലൂർ വാരിയർ–പിന്നെ രണ്ടു തലമുറ ഇട്ടുണിക്കണ്ടവാരിയരുടെ കാലത്തിൽ കുറേഭാഗം–ഇത്രയും ആയപ്പോഴാണു് ൯൯൮-ാം വൎഷം ഉദയം ചെയ്തതു്. എന്നാൽ ഉണ്ണായിവാരിയർ മരിച്ചതു് ൯൯൫-ാമാണ്ടിടയ്ക്കുമാണത്രേ. ഇതെങ്ങനെ യോജിക്കും? യോജിക്കണമെന്നുണ്ടെങ്കിൽ ഗിരിജാകല്യാണം നിൎമ്മിക്കപ്പെട്ടതു് നൂറു കൊല്ലങ്ങൾക്കു മുമ്പാണെന്നു വരണമെന്നു മാത്രമല്ല, ഉണ്ണായിവാരിയർ മരിക്കുമ്പോൾ എന്നതിനുപകരം ഗിരിജാകല്യാണകൎത്ത ാവു് മരിക്കുമ്പോൾ എന്നാക്കുകയും വേണം.
പ്രിയ സ്നേഹിത! ചരിത്രാന്വേഷണം വളരെ പ്രയാസമുള്ള ജോലിയാണു്. എന്തെങ്കിലും എഴുതിവിട്ടാൽ അതു് ചരിത്രമാവുകയില്ല. കിട്ടുന്ന രേഖകളെ വച്ചുകൊണ്ടു് ചില അനുമാനങ്ങൾ ചെയ്വാനേ ചരിത്രകാരനു സാധിക്കൂ. പുതിയ രേഖകൾ കിട്ടുമ്പോൾ അഭിപ്രായങ്ങളിൽ ചിലതു് മാറ്റേണ്ടതായും വരും. സാഹിത്യചരിത്രത്തിൽ ഒന്നാംഭാഗത്തിൽ പറഞ്ഞിട്ടുള്ള ചില സംഗതികൾ അനാസ്പദമാണെന്നു തെളിഞ്ഞപ്പോൾ ആയതു് രണ്ടാംഭാഗത്തിൽ ചൂണ്ടിക്കാണിക്കയുണ്ടായിട്ടുണ്ടു്. അതുപോലെ മൂന്നാംഭാഗത്തിലും ചില ദിക്കുകളിൽ പ്രത്യേകം എടുത്തു പറഞ്ഞുകാണും. സത്യാന്വേഷണമാണു് ചരിത്രകാരന്റെ ഉദ്ദേശമെങ്കിൽ, തെറ്റു സമ്മതിക്കാനും അയാൾക്കു സന്നദ്ധതയുണ്ടായിരിക്കണം. ഗിരിജാകല്യാണം നളചരിതകൎത്ത ാവിന്റെ കൃതിയല്ലെന്നുതന്നെയാണു് അന്നും ഇന്നും എനിക്കുള്ള അഭിപ്രായം. അതു മാറ്റത്തക്ക തെളിവുകൾ കൈവശം വന്നുചേരുന്ന നിമിഷത്തിൽ മാറ്റുകയും ചെയ്യും. ഇത്രയും അച്ചടിച്ചുതീൎന്നപ്പോൾ, ഉണ്ണായിവാരിയർ ൯൧൬-ൽ തിരുവനന്തപുരത്തു് ഉണ്ടായിരുന്നു എന്നുള്ളതിനും അദ്ദേഹത്തിനു് മഹാരാജാവു തിരുമനസ്സുകൊണ്ടു് ഭൂദാനം ചെയ്തതിനും ഒരു ലക്ഷ്യം ലഭിച്ചുവെന്നുള്ള സന്തോഷവാൎത്ത കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടേ. അതിനോടുകൂടി മി: ഗോവിന്ദപ്പിള്ളയുടെ കാലഗണനം തെറ്റിപ്പോയിട്ടില്ലെന്നു തെളിയുകയും ചെയ്യുന്നു.
15.10 നളചരിതം ആട്ടക്കഥ
മഹാഭാരതത്തിലെ അരണ്യപൎവം ൫൨-മുതൽ ൭൮-വരെയുള്ള അദ്ധ്യായങ്ങളാണു് നളോപാഖ്യാനം. കഥാഗതിയിൽ വാരിയർ ഭാരതത്തെ ആണു് അനുഗമിച്ചിരിക്കുന്നതു്. എന്നാൽ ദമയന്തിയുടെ സ്വയംവരത്തിനു് രാജാക്കന്മാരെ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതിനായി സരസ്വതീദേവിയെ നിശ്ചയിച്ചതും, വിവാഹമണ്ഡപത്തിൽ ദേവോപദേവന്മാരെ നിരത്തിനിരുത്തിയതും നൈഷധമഹാകാവ്യത്തെ അനുസരിച്ചാണു്. ഒന്നാംദിവസത്തെ കഥയിൽ അസുരരാക്ഷസസംവാദം നിബന്ധിച്ചിരിക്കുന്നതു് വേഷവൈവിധ്യത്തിനു വേണ്ടിയായിരിക്കാം. നാരദനെ കഥയുടെ ആരംഭത്തിലും അവസാനത്തിലും പ്രവേശിപ്പിച്ചുകാണുന്നതും കവിയുടെ മനോധൎമ്മമാണു്.
ഒന്നാംദിവസത്തേ കഥ ‘ശീതവംശഗുകരീര’നായ നളന്റെ പ്രവേശത്തോടുകൂടി ആരംഭിക്കുന്നു. ‘അദ്ദേഹം പെരിയൊരുദോർബലപാവകദേവനു വിറകാക്കി വിമതൗഘം’ ഭൂതലം കാത്തു വാഴ്കവേ, നാരദമഹൎഷി അവിടെ ‘മിളിതരസം’ എഴുന്നള്ളുന്നു. രാജാവു് അദ്ദേഹത്തിനെ യഥോചിതം അഭിവാദനം ചെയ്തിട്ടു് നാട്ടുവൎത്ത മാനങ്ങൾ ചോദിക്കുന്നു. നാരദനാണു്,
‘കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തീതി
കന്യകാരത്നമവളിൽ വൃന്ദാരകന്മാൎക്കും മോഹം.’
എന്നു പറഞ്ഞു് തദ്ഗതമായ പ്രേമം നളനിൽ അങ്കുരിപ്പിക്കുന്നതു്. അങ്ങനെ ഉണ്ടായ പ്രേമാങ്കുരം പാന്ഥലോകത്തിൽ നിന്നു ശ്രവിച്ച വൎത്ത മാനത്താൽ ക്രമേണ വികസിതാവസ്ഥയെ പ്രാപിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ,
‘വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരത വന്നു; കൃത്യചതുരത പോയീ
മുദിരതതികബരീപരിചയപദവിയോ?
വിജനേ വസതിയോ? മേ ഗതിനിയിനി രണ്ടിലൊന്നേ.’
എന്ന നിലയിൽ അദ്ദേഹം എത്തുന്നു.
‘പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദൎപ്പൻ വേണമല്ലോ കന്ദം സമൎപ്പിയിതും.’
അതുകൊണ്ടു് അവൾക്കു തന്നിൽ അനുരാഗം മുളപ്പിക്കുന്നതിനു് എന്തു മാൎഗ്ഗം? എന്നിങ്ങനെ അദ്ദേഹം ആലോചനയിൽ മുഴുകുന്നു. ക്രമേണ മദനകദനാഗ്നിയിൽ എരിപൊരിക്കൊള്ളുന്നവനായി, രാജ്യത്തെ സചിവനിൽ വിനിയോഗിച്ചിട്ടു് ഉദ്യാനത്തിൽ ചെന്നു് ഇരുപ്പു തുടങ്ങുന്നു. അവിടെച്ചെല്ലുമ്പൊഴോ?
‘പടുതരമദനന്റെ പടവീടിതേ വാപീ
തടവിടപികളേതൽപടകുടികൾ;കുസുമ-
ഹേതിദ്യുതിയും കുയിൽനാദസ്വരവും മാരുത-
യോധഭൂമിയും വിരഹഭീതിസ്ഥലമേയിതു’
ഇങ്ങനെ ഒരു സ്വൈരവും ഉണ്ടാക്കാതെ വിഷമിച്ചിരിക്കുമ്പോൾ സ്വൎണ്ണ വൎണ്ണം തടവുന്ന ഒരു അരയന്നം അദ്ദേഹത്തിനു് അക്ഷിലക്ഷീഭവിക്കുന്നു. ആ അരയന്നത്തിൽ കൗതുകം ജനിച്ചിട്ടു് അദ്ദേഹം അതിനെ പിടിച്ചെടുക്കുന്നു. തത്സമയം ആ അരയന്നം,
‘ചെറുതും പിഴചെയ്യാതൊരെന്നെ-
ക്കൊന്നാൽ ബഹുദുരിതമുണ്ടു തവ ഭൂപതേ!
മനസി രുചി ജനകം–എന്റെ
ചിറകു മണികനകം–ഇതുകൊ
ണ്ടാക നീ ധനികൻ–അയ്യോ
ഗുണവുമനവധി ദോഷമായിതു’
എന്നു വിലപിച്ചതു കേട്ടു്, രാജാവു്
‘ഖരവരഗുണനിധേ! ഖേദമരുതുതേ
പറന്നിച്ഛയ്ക്കൊത്ത വഴി ഗച്ഛ നീ’
എന്നു പറഞ്ഞു അവനെ സമാശ്വസിപ്പിക്കന്നു. ഇപ്രകാരം വിമുക്തനായ ഹംസം കൃതജ്ഞതയാൽ പ്രേരിതനായിട്ടു് രാജസമീപം വിഗതഭയം ചെന്നു്,
‘കാമിനിരൂപിണി ശീലവതീ മണി
ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീ
നാമരമാനവമാ
സാമരധാമവധൂമദഭൂമവി-
രാമദകോമളിമാ
ത്വാമനുരാഗിണിയാം; അതിനിക്കു ഭരം
അമരാധിപതിമപഹായ രാഗിണം’
എന്നു പ്രതിജ്ഞ ചെയ്തിട്ടു് ഭീമനഗരിയിലേക്കു പോകുന്നു.
ശ്രുതനളഗുണയായ ദമയന്തി സഖിമാരാൽ അനുഗതയായി നളഗതമായ ചിത്തവൃത്തികളോടുകൂടി ഉദ്യാനത്തിൽ പ്രവേശിച്ചു രമിക്കവേ,
“ചലദളിത്സംകാരം ചെവികളിലംഗാരം
കോകിലകൂജിതങ്ങൾ കൊടിയ കൎണ്ണശൂലങ്ങൾ
കുസുമസൗരഭം നാസാകുഹരസരസൈരിഭം
അതിദുഃഖകാരണമിന്നാരാമസഞ്ചരണം”
എന്നു തോന്നുകയാൽ അവിടെ നിന്നു പോവാൻ ഭാവിക്കുന്നു. അപ്പോൾ,
‘മിന്നൽകൊടിയിറങ്ങി മന്നിലേക്കു വരികയോ?
വിധുമണ്ഡലമിറങ്ങി ക്ഷിതിയിലേക്കു പോരികയോ?’
എന്നു തോന്നിക്കുമാറു് ഒരു അരയന്നം പറന്നുവരുന്നതു കണ്ടിട്ടു് അവനിൽ അവൾക്കു കൗതുകം ജനിക്കുന്നു.
വാരിയരുടെ ഹംസം അതിസരസനും പ്രത്യുൽപന്നമതിയുമാണു്. അവസരോചിതം പ്രവൎത്ത ിക്കുന്ന വിഷയത്തിൽ അവനുള്ള വിരുതു് അന്യാദൃശമായിരിക്കുന്നു. നളൻ അവനെ പിടികൂടിയപ്പോൾ,
‘ശിവ ശിവ എന്തു ചെയ്വു ഞാൻ– എന്നെ-
ച്ചതിച്ചുകൊല്ലുന്നിതു രാജേന്ദ്രൻ.
വിവശം നിരവലംബം മമ കുടുംബവുമിനി.
ജനകൻ മരിച്ചുപോയി;
തനയൻ ഞാനൊരുത്തനായ്;
ജനനി തന്റെ ദശയിങ്ങനെ.
അപി ച മമ ദയിതാ കളിയ-
ല്ലനതിചിരപ്രസൂതാ–പ്രാണൻ
കളയുമതിവിധുരാ–എന്നാൽ
കുലമിതഖിലവുമറുതിവന്നിതു.’
എന്നിങ്ങനെ ശിലയുമലിയുമാറു വിലപിച്ചു് കാര്യം നേടുന്നു. ദമയന്തിയുടെ അടുക്കൽച്ചെന്നിട്ടു്, അവളിൽ
‘തൊട്ടേനേ ഞാൻ കൈകൾകൊണ്ടു്–തോഴിമാരെ!
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്വാൻ.
ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ; നിങ്ങൾ
ദൂരെനില്പിനെന്നരികിലാരും വേണ്ട’
എന്നിങ്ങനെ കൗതുകവും വിശ്വാസവും ഒരേ സമയത്തു് അങ്കുരിപ്പിച്ചും,
‘ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നു്’ പ്രതിപദം തോന്നിക്കുമാറു് മന്ദം മന്ദം നടന്നു് സൂത്രത്തിൽ അവളെ തോഴിമാരിൽനിന്നു് അകറ്റിക്കൊണ്ടുപോയും, ഇടയ്ക്കു്,
‘എങ്ങനെ പിടിക്കുന്നു നീ ഗഗനചാരിയാമെന്നെ?
യൗവനംവന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം’
എന്നു് സൗമ്യമായി അപഹസിച്ചും, എന്നാൽ അതുകൊണ്ടു് അവൾക്കു് ഉത്സാഹഭംഗം വരാതിരിപ്പാൻ വേണ്ടി,
‘ബന്ധനം ചെയ്യേണ്ട നീ മാം ബന്ധുവത്രേ തവ ഞാൻ.
സഖിമാരിലധികം വിശ്വസിച്ചീടെന്നെ’
എന്നു് അടുത്ത നിമിഷത്തിൽതന്നെ ഉദ്ബോധിപ്പിച്ചും അവളോടുകൂടി സ്വൈരസംഭാഷണത്തിനുതകുന്ന ഒരു വിജനത്തു വന്നുചേരുന്നു.
അവളുടെ മനോഗതിയറിയാനാണു് അവന്റെ പിന്നത്തേ ശ്രമം.
‘ജഗൽപതിയും രതിപതിയും
തവ കൊതിയുള്ളൊരു പതി വരുമേ’
എന്നു പറയുന്നതു് അവളുടെ ചിത്തം ഏതെങ്കിലും ഒരുവനിൽ പതിഞ്ഞുകഴിഞ്ഞോ എന്നു് അറിയുന്നതിനാണെന്നു തോന്നുന്നു. അടുത്ത ക്ഷണത്തിൽ,
‘നളനഗരേ വാഴുന്നൂ ഞാൻ നളിനജന്മവചസാ
നളിനമിഴിമാൎക്കെല്ലാം നട പടിപ്പാൻ
മദലളിതം മൃദുലളിതം ഗുണമിളിതം–ഇതു കളിയല്ലേ’
എന്നിങ്ങനെ നളന്റെ പേരിനെ പ്രാസംഗികമായി അവതരിപ്പിച്ചിരിക്കുന്നതു് അവൾക്കു നായകനെ സംബന്ധിച്ചുള്ള മനോഭാവത്തെ അറിവാനാണെന്നു പറയേണ്ടതില്ലല്ലോ. ആ ഉദ്ദേശം നല്ലപോലെ ഫലിക്കയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ,
‘നൈഷധപുരമോ തവ പരമപദം?
… … …
നളനൃപഗുണഗണമോതുകെടോ.
തവവാചികമഴൽമോചകം മമ
കൎണ്ണമാരചയ പുണ്യലേശയുതം’
ഇത്യാദി വാക്കുകളിൽനിന്നു് ദമയന്തിയുടെ ചിത്തത്തെ ‘പത്തിനഞ്ചും’ അറിവാൻ അവനു കഴിയുന്നു. അതിനു ശേഷമാണു് അവൻ,
‘കാതരമിഴിമാർമൗലിമാലികേ ദമ-
സോദരി നിനക്കു ബാലികേ
ഏതൊരു പുരുഷനുള്ളിൽ കൗതുകം? പാരി-
ലാദരണീയം തസ്യ ജാതകം.
ഏണമിഴി പറവാൻ മടിക്കരുതേ
നാണംകൊണ്ടിനിയേതും മറയ്ക്കരുതേ’
എന്നു തുറന്നു ചോദിക്കുന്നതു്. അവൾ നളനിൽ അനുരാഗിണിയാണെന്നു ബോധം വന്ന മാത്രയിൽ, ഈ സരസൻ, നായകന്റെ ചിത്രം ഉജ്ജ്വലവൎണ്ണങ്ങളിൽ രചിച്ചുകാണിച്ചു് ആ പ്രേമത്തെ പതിന്മടങ്ങു വർദ്ധിപ്പിക്കുന്നു. എന്നാൽ അതുകൊണ്ടു തൃപ്തിപ്പെടുന്നോ? ഇല്ല; അവൻ വീണ്ടും ചോദിക്കുന്നു:
‘ചെന്നിതു പറവേൻ നൃപനോടഭിലാഷം ഞാൻ
നിന്നിലുണ്ടാമവനും പരിതോഷം.
അന്യനിലയി തേ വരുമോ സന്തോഷം? എന്നാൽ
താതനൊരുവനു കൊടുക്കും നിന്നെ;
പ്രീതി നിനക്കുമുണ്ടാമവനിൽതന്നെ;
വിഫലമിന്നു പറയുന്നതെല്ലാം.
ചപലനെന്നു പുനരെന്നെച്ചൊല്ലാം.
ഇത്ഥമനൎത്ഥ മുദിത്വരമാം–അതി-
നുത്തരമോതുക സത്വരമിപ്പോൾ’
തനിയ്ക്കു് ഒരു കാലത്തും മാറ്റം വരുകയില്ലെന്നുള്ള ദമയന്തിയുടെ ശപഥം കേട്ടതിനുശേഷമേ അവൻ ആ സന്തോഷവൎത്ത മാനം അറിയിക്കാനായി നളന്റെ സന്നിധിയിലേക്കു പോകുന്നുള്ളു.
നളനാകട്ടേ ഹംസത്തിന്റെ പ്രത്യാഗമനം പ്രതീക്ഷിച്ചു് അക്ഷമനായിരിക്കവേ ആണു്,
‘നരപതേ ഭവദഭിലഷിതമെന്നാൽ
സാധിതപ്രായമിദം’
എന്ന വാക്കുകളോടുകൂടി അവൻ തത്സമക്ഷം പ്രത്യക്ഷപ്പെടുന്നതു്. നളന്റെ ഹൃദയം കുളുൎക്കുന്നു.
ഇതിനിടയ്ക്കു് ഭീമരാജാവു് ദമയന്തിക്കു സ്വയംവരം നടത്താൻ ഉദ്യമിക്കുന്നു. കലഹം കാണ്മാൻ കൊതി പൂണ്ടിരിക്കുന്ന നാരദൻ സ്വൎഗ്ഗത്തിലേക്കു പോകവേ പൎവതനെ കണ്ടുമുട്ടുന്നു. അവർ രണ്ടുപേരും കൂടി സ്വൎഗ്ഗത്തിൽ ചെന്നു് ഇന്ദ്രാദികളെ സ്വയംവരവൃത്താന്തം അറിയിക്കുന്നു. ഇന്ദ്രൻ, യമൻ, അഗ്നി, വരുണൻ ഈ നാലു ദേവന്മാരും ഭീമനഗരിയിലേക്കു പുറപ്പെടുകയും, മാൎഗ്ഗമദ്ധ്യേ നളനെക്കണ്ടു് കാര്യം തുറന്നുപറയാതെ,
‘ശമനനിവൻ ദഹനനിവൻ താൻ
വരുണനിവൻ വലമഥനൻ ഞാൻ
അമരതരൂനകലെ വടിഞ്ഞുനി-
ന്നരികിൽ വന്നു വയമൊന്നിരിപ്പാൻ’
എന്നു പ്രസ്താവിക്കയും, നളൻ,
‘ദംഭോളിധര! ചൊന്നതൻപോടു
ചെയ്യാം ഞാൻ’
എന്നു സമ്മതിക്കയും ചെയ്യുന്നു. അപ്പോഴത്രേ,
‘പാൽപൊഴിയുംമൊഴി ദമയന്തിയെ
കേൾപ്പതിന്നായ് രാപകൽ പോരാ
താൽപര്യം വേൾപ്പതിനുണ്ടതു
ചേൎപ്പതിന്നായ് നീ തുടരേണം’
എന്നു് അവർ തുറന്നു പറയുന്നതു്. അതു കേട്ടു് നളൻ അമ്പരന്നു പോകുന്നു.
‘ഭൈമീകാമുകനല്ലോ ഞാനും
സ്വാമികളേ കരുണവേണം’
എന്നു പറഞ്ഞു് അവരുടെ കാരുണ്യത്തെ അദ്ദേഹം അഭ്യൎത്ഥ ിച്ചുനോക്കുന്നു. അല്ലാതെന്തു നിവൃത്തി? വാഗ്ദാനത്തെ ലംഘിക്കാമോ?
‘മാരശരൈരാകുലമതിയായ്
മാ കുരു നീ വംശകളങ്കം’
എന്നു് അവർ, നിൎബ ന്ധം പിടിച്ചപ്പോൾ,
‘നിറയുന്നു ബഹുജനം നഗരേ–ഒന്നു
പറവാനും കഴിവുണ്ടോ വിജനേ’
എന്നൊരു ഒഴികഴിവു പറഞ്ഞുനോക്കുന്നു. അതും വിഫലമായ്ത്തീരുന്നു.
‘വരിക്കണം നീ ഞങ്ങൾ നാല്വരി-
ലൊരുത്തനെ എന്നുരയ്ക്ക ഭവാൻ പോയ്
തിരസ്കരിണി തവ തരുന്നു ഞങ്ങൾ
ഇരിക്കുമത്രേ തവ വരുവോളം’
എന്നു് ദേവന്മാർ അരുളിച്ചയ്കയാൽ അദ്ദേഹം ഭീമനഗരിയിൽ ചെന്നു് തിരസ്കരിണിയുടെ സഹായത്തോടുകൂടി ദമയന്തിയെ,
‘നഖനിരകൾ മുതൽ പൂഞ്ചികുരതതിയറുതി നികടഭുവി’ കണ്ടു് കണ്ണിനു സാഫല്യം നേടുന്നു. എന്നാൽ അമരേന്ദ്രന്റെ ദൂതനാണു് താൻ എന്നുള്ള ബോധം മനസ്സിൽ പെട്ടെന്നുദിക്കുകയാൽ അദ്ദേഹം തന്റെ ചിത്തവൃത്തികളെ അടക്കിക്കൊണ്ടു് ദൗത്യകൎമ്മം നിൎവഹിക്കുന്നു.
‘വല്ലഭനുണ്ടുള്ളിൽ പുറത്തില്ല കാണ്മാനും പാരം
അല്ലലുണ്ടവനേപ്പോലെ നല്ലവൻ നീയും,
വല്ലായ്മ ജീവിപ്പാൻ മമ തെല്ലുനേരം നീ വാണു
നല്ല വചനം ചൊൽകിലില്ല വൈഷമ്യം.’
എന്ന വാക്കുകൾ കേട്ടിട്ടു് തന്റെ ധൎമ്മം താൻ നിറവേറ്റിക്കഴിഞ്ഞു എന്നുള്ള സമാധാനത്തോടുകൂടി നളനു വേണമെങ്കിൽ തിരിച്ചുപോകാമായിരുന്നു. എന്നാൽ സത്യനിഷ്ഠനായ ആ രാജശ്രേഷ്ഠൻ, ദമയന്തിയുടെ മനോഗതിക്കു മാറ്റം വരുത്തുന്നതിനു് ഭീഷണിപോലും പ്രയോഗിച്ചുനോക്കുന്നു. അതും ഫലിച്ചില്ലെന്നു കണ്ടപ്പോഴാണു് അദ്ദേഹം ആശ്ചര്യവും, ‘വാത്സല്യം ബഹുമാനവും ചീൎത്തു ്’ ദേവന്മാരുടെ അടുക്കലേയ്ക്കു മടങ്ങുന്നതു്. നളന്റെ സ്വഭാവരൂപവൽക്കരണത്തിൽ കവി നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ടു്. അദ്ദേഹം പ്രകൃത്യാ ധീരനും സത്യനിഷ്ഠനും ധൎമ്മതൽപരനും ദയാലുവും ആത്മനിയന്ത്രണശക്തിയുള്ളവനും ആണു്. ഹംസത്തിന്റെ വിലാപം കേട്ടമാത്രയിൽ അദ്ദേഹത്തിന്റെ ഹൃദയം അനുകമ്പാൎദ്രമായിത്തീരുന്നു. ഇന്ദ്രാദികളുടെ ദൗത്യം വഹിക്കുന്ന അവസരത്തിൽ അദ്ദേഹം തന്നെത്താൻ മറന്നു്, അവൎക്കുവേണ്ടി സകലനയോപായങ്ങളും പ്രയോഗിച്ചുനോക്കുന്നു.
അദ്ദേഹം ദേവസന്നിധിയിൽ പ്രത്യാഗമിച്ചു്, ഉണ്ടായ സംഗതികളെ വിവരിച്ചു കേൾപ്പിച്ചശേഷം പറയുന്ന വാക്കുകൾ നോക്കുക:
“അരുളിച്ചെയ്തപോലിതെല്ലാം കേട്ടേൻ.
അഗതിക്കെനിക്കിനിയാവതെന്തിപ്പോൾ?
അപരനെയങ്ങു നിയോഗിച്ചാലും–ദ്രുത-
മപഹരിച്ചാലുമവളെ വേഗാൽ.
അബലമാരതിചപലമാരിതി
പറവതിനു നഹി കുറവു കിഞ്ചന
ലാളനേന വശീകരിച്ചു
രമിച്ചുകൊള്ളുക നല്ലൂ വേണ്ടുകിൽ.’’
അനന്തരം ദേവന്മാരും നളനും ഒരുമിച്ചു് സ്വയംവരോത്സവത്തിനു പോകുന്നു. അവരെല്ലാം വിദർഭനഗരിയിൽച്ചെന്നു് അവരവരുടെ മഞ്ചങ്ങളിൽ ഉപവേശിക്കുന്നു. ആ അവസരത്തിൽ ചില രാക്ഷസന്മാരും ദാനവന്മാരും കൂടി ആലോചിച്ചു്,
‘ഹരിക്കേണമവളെ നാം
കൊതിക്കേണമശക്തന്മാർ; നടക്ക നാമവിടേയ്ക്കു്
മിനക്കെട്ടിങ്ങിരുന്നാലോ കനക്കേടു വരും”
എന്നുറച്ചുകൊണ്ടു് അങ്ങോട്ടു പുറപ്പെടുന്നു.
ഇങ്ങനെ ‘ചൂതസായകനു ലോകഭേദവും ദ്വീപഭേദ’വുമതുണ്ടോ എന്നുള്ള ന്യായം അനുസരിച്ചു് ദേവാസുരകളും രാജാക്കന്മാരും ഒക്കെ സ്വയംവരത്തിനു വന്നുചേരുകയാൽ അവരുടെ ഗുണങ്ങളെ എല്ലാം വൎണ്ണിച്ചുകേൾപ്പിക്കുന്നതിനു് സാധാരണ ആരെക്കൊണ്ടും സാധിക്കയില്ലെന്നു കണ്ടു് മഹാവിഷ്ണു അതിലേയ്ക്കു സരസ്വതീദേവിയെ നിയോഗിച്ചയയ്ക്കുന്നു. ദേവി ഓരോ രാജാക്കന്മാരെയും ചൂണ്ടിക്കാണിച്ചു വൎണ്ണിക്കുന്നു. എന്നാൽ ദമയന്തിക്കു് അവരിൽ ആരിലും പ്രീതി ജനിക്കുന്നില്ല. ഒടുവിൽ, പഞ്ചനളന്മാരുടെ അടുക്കൽ എത്തുന്നു.
‘ഇന്ദ്രനഗ്നിയമൻ പാശിയെന്നു നാല്‍ വരിതാ നളൻ
തന്നരികിൽ മരുവുന്നു സുന്ദരി തത്സ്വരൂപന്മാർ’
എന്നു് ദേവി ഉപദേശിക്കുന്നു. ദമയന്തി കുഴങ്ങുന്നു.
‘ചെറിയ നാളിൽ തന്നെത്തുടങ്ങി ഞാൻ
അറിവേൻ കണവൻ മമ നളനെന്നു്.
മറവില്ലതിനിക്കെന്നു വരികിലോ അറിയായ്
വരിക മമ രമണനെ’
എന്നു ചൊല്ലി അവൾ ദേവന്മാരോടു പ്രാൎത്ഥ ിച്ചപ്പോൾ, സാക്ഷാൽ നളനെ അവൾക്കു തിരിച്ചറിയാറാവുകയും അദ്ദേഹത്തിന്റെ കണ്ഠത്തിൽ അവൾ വരണമാല അൎപ്പിക്കയും ചെയ്യുന്നു. പ്രസന്നരായ ദേവന്മാർ നളന്നു് ഓരോരോ വരങ്ങൾ നല്കീട്ടു മറയുന്നു. ഇതാണു് ഒന്നാംദിവസത്തെ കഥ.
നളൻ ദമയന്തിയോടുകൂടി സ്വഗൃഹത്തിൽ എത്തുന്ന അന്നുമുതൽ രണ്ടാംദിവസത്തെ കഥ ആരംഭിക്കുന്നു. പിൽക്കാലത്തെ കഥകളികൎത്ത ാക്കന്മാരുടെ രീതിയിൽ ഇവിടെ ഒരു ഉജ്ജ്വലശൃംഗാരരംഗം വാര്യർക്കു് സജ്ജമാക്കാൻ കഴിയുമായിരുന്നു. എന്നാൽ രസജ്ഞനായ ഈ കവിയുടെ പോക്കു വേറെയാണു്. നളൻ അവരുടെ അഭീഷ്ടസിദ്ധിക്കു ബാധകമായ് വന്ന സംഗതികളെല്ലാം പറഞ്ഞുകേൾപ്പിച്ചിട്ടു്,
‘ഇടയിൽ വന്നിടരെല്ലാം നിലച്ചു
ഇന്ദുവദനെ നിന്നെ ലഭിച്ചു–ഇതിനാൽ
ഇനിക്കു പുരാ പുണ്യം ഫലിച്ചു
ഇനിയോ നിൻ ത്രപയൊന്നേ-
യെനിക്കു വൈരിണീ മന്യേ
തനിയേ പോയതുമൊഴിയാതോ’
എന്നു് തന്റെ ഗൂഢമായ ഇംഗിതത്തെ നായികയേ ധരിപ്പിക്കുന്നതേയുള്ളു. നവോഢയായ നായികയേക്കൊണ്ടു് അങ്ങോട്ടും രതിപ്രാൎത്ഥ നം ചെയ്യിക്കാതെ, ആ ഭാഗത്തെ
‘കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻതൊഴും മൊഴി നിശമ്യ നിശേന്ദുനേവ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തർമുദാ പുരവരേ സഹ തേന രേമേ’
എന്നു ശ്ലോകത്തിൽ കഴിച്ച ഈ മഹാകവിയുടെ ഔചിത്യബോധത്തിനും രസജ്ഞതയ്ക്കും കോടികോടി നമസ്കാരം പറഞ്ഞാലും മതിയാവുകയില്ല.
‘സാമ്യമകന്നോരുദ്യാനം–എത്രയുമാഭി-
രാമ്യമതിനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും
കങ്കേളീചമ്പകാദികൾ പൂത്തുനിൽക്കുന്നു;
ശങ്കേ വസന്തമായാതം.
ഭൃംഗാളി നിറയുന്നു പാടലപടലിയിൽ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ?
പൂത്തും തളിൎത്തു മല്ലാതെ ഭൂരുഹങ്ങളിൽ
പോൎത്തു മൊന്നില്ലിവിടെക്കാണ്മാൻ.
ആൎത്തു നടക്കും വണ്ടിൻചാൎത്തു ം–കുയില്ക്കുലവും
വാഴ്ത്തുന്നൂ മദനന്റെ കീൎത്ത ിയേ മറ്റൊന്നില്ല.
സൎവത്തുരമണീയമേതൽ–പൊന്മയക്രീഡാ
പൎവതമെത്രയും ചിത്രം!
ഗർവിതഹംസകോകം ക്രീഡാതടാകമിതു
നിർവൃതികരണങ്ങളിലീവണ്ണം മറ്റൊന്നില്ല’
ഇത്ര മനോഹരമായ ഒരു ഉദ്യാനവൎണ്ണന ആട്ടക്കഥകളിൽ മറ്റൊരിടത്തും കാണ്മാനില്ല. ആടുന്നതിനും പാടുന്നതിനും വായിച്ചു രസിക്കുന്നതിനും ഒരുപോലെ കൊള്ളാവുന്ന ഒരു പദമാണിതു്. “കോട്ടയംരാജാവിന്റെ ആട്ടക്കഥകൾ അഭിനയത്തിനു കൊള്ളാവുന്നിടത്തോളം കവിത്വത്തിനു കൊള്ളാവുന്നതല്ല. അവിടവിടെ ചമൽക്കാരമുള്ള ചില അലങ്കാരപ്രയോഗങ്ങൾ കാണ്മാനുണ്ടെങ്കിലും ചില വൎണ്ണനകൾ മുതലായവ വളരെ വിശേഷങ്ങളാണെന്നു പറയേണ്ടതായി തോന്നുന്നില്ല. നളചരിതംകഥകളി മലയാളഭാഷയിലുള്ള ഏതു കവിതയോടും കിടനിൽക്കത്തക്ക യോഗ്യതയുള്ളതാണെന്നുള്ളതു് പരിപൂൎണ്ണമായി തെളിയിക്കുവാൻ നമുക്കു സ്വാധീനമുള്ള സമയത്തിന്റെ ക്നുപ്തതയേ തടസ്സമുള്ളു. ദമയന്തീനളന്മാരുടെ അനുരാഗമാണല്ലോ ഈ കഥകളിയുടെ വിഷയം. അന്യോന്യം പറഞ്ഞു കേട്ട ദമയന്തീനളന്മാർ പരസ്പരം അനുരാഗപ്പെടുന്നതും രണ്ടുപേരുടേയും അനുരാഗം അയോഗശൃംഗാരസ്ഥിതിയിൽ ഇരുന്ന ശേഷം രണ്ടാംദിവസത്തെ കഥയുടെ ആരംഭത്തിൽ സംഭോഗശൃംഗാരമായി പരിണമിച്ചു് അതിൽ തന്നെ വിപ്രലംഭദശയെ പ്രാപിച്ചു് മൂന്നാംദിവസം വിപ്രലംഭം അത്യുച്ചമായി നാലാംദിവസം പിന്നെയും സംഭോഗദശയിൽ അവതരിക്കുന്നതും ഒരു ഒന്നാന്തരം സംസ്കൃതനാടകത്തിന്റെ സൎവഛായകളും പ്രസ്തുത ആട്ടക്കഥയിൽ ഉണ്ടെന്നു വ്യക്തമാക്കുന്നതാകുന്നു.” [2]
ഉപവനതലത്തിലും സൗധത്തിലും വാപീതടത്തിലും മണിമന്ദിരത്തിലും ലതിലാലസനായി നളൻ ധൎമ്മദാരങ്ങളോടു കൂടി സഞ്ചരിച്ചുകൊണ്ടിരിക്കെ, ത്രിദിശപതികൾ സ്വൎഗ്ഗത്തിലേക്കു തിരിച്ചുപോകുംമധ്യേ കലിയെ കാണുന്നു. അവർ തമ്മിൽ സംഭാഷണം നടക്കുന്നു.
‘ഭൂമിതന്നിൽ ഭീമസുതയെന്നൊരു
കാമിനീ കമലലോചനാ
കാമിനീയകത്തിൽ ധാമംപോൽ–അവൾതൻ-
നാമം കേട്ടു ദമയന്തിപോൽ
യാമി ഞാനവളെ ആനയിപ്പതിനു
സ്വാമി അതിനു വിട തരിക നീ’
എന്നു കലി പറഞ്ഞപ്പോൾ ഇന്ദ്രൻ
പാഥസാം നിചയം വാൎന്നൊഴിഞ്ഞളിവു
സേതുബന്ധനോദ്യോഗമെന്തെടോ?
… … …
നലമുള്ളൊരു നവഗുണപരിമളനെ
നളനെന്നൊരു നൃപനെ അവൾ വരിച്ചു
ഇനിബ്ഭുവി തേ ഗതി പഴുതേ
ശകുനപ്പിഴ തവ ജനിതം’.
എന്നിങ്ങനെ അവനെ പിന്തിരിപ്പിക്കാൻ നോക്കുന്നു.
‘നളനിൽ തവ വൈരമനൎത്ഥ കരം
കുമതി ഭവാൻ അവൻ ഗുണവാൻ
വ്യസനം തവ വരുമുടനെ’
എന്നു ശാസിക്കയും ചെയ്യുന്നു. കലിയാകട്ടെ അതൊന്നും വകവയ്ക്കാതെ ദ്വാപരസഹിതം ചെന്നു് പുഷ്കരന്റെ കൂട്ടുപിടിക്കുന്നു.
‘ധരണിയിലുള്ള പരിഷകൾ നളനെച്ചെന്നു കാണും;
അവൎക്കു വേണ്ടുംകാര്യം നളനും സാധിപ്പിക്കും.
ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ.
നമുക്കില്ലാ നാടും നഗരവും കുടയും ചാമരവു-
മമിത്രവീരന്മാരെയമക്കും വൻപടയും.
ബഹുജനെന്നുള്ളതേ നമുക്കൊന്നുള്ളു മുറ്റും’
ഇത്യാദി വാക്കുകളിൽനിന്നുതന്നെ പുഷ്കരൻ നളനിൽ അസൂയാലുവാണെന്നു കലി മനസ്സിലാക്കുന്നു. ആ ദുഷ്ടന്റെ പ്രേരണയാൽ മലിനാശയനായ ആ നിഷധപുഷ്കരധുമകേതു നളനെ ചൂതു പൊരുതുവാൻ ക്ഷണിക്കുന്നു. നളന്റെ സ്വഭാവഗുണം ഇവിടെ നല്ലപോലെ പ്രത്യക്ഷപ്പെടുന്നുണ്ടു്. അദ്ദേഹം ഇങ്ങനെ ഉപദേശിച്ചുനോക്കുന്നു,
‘താനേതൊരുത്തനെന്നു ചിന്തയ
ഞാനോ തരം നിനക്കു സാമ്പ്രതം?
ഊനാതിരിക്തഭേദം നഷ്ടം.
ഞാൻ ജ്യേഷ്ഠൻ നീയെന്നനുജൻ;
അസഭ്യവാക്കുകളോതുക ചൂതിനു
വിളിപ്പതും തവ ചേരുവനോ?–ഞാ-
നിളപ്പമല്പവും തേടുവനോ’
പക്ഷേ പുഷ്കരൻ അതൊന്നും വകവയ്ക്കുന്നില്ല. ചൂതു നടക്കുന്നു. നളൻ മുറയ്ക്കു തോറ്റുതുടങ്ങുന്നു.
‘ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കൽപോലുമില്ലാതെയായ്
വേണുന്നോരൊടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം’
എന്നായി നളന്റെ മട്ടു്. ദുഃഖിതയായ ഭൈമി
‘കാണുംപോന്നു പുറത്തുനിന്നു കരയും’–എന്തു ചെയ്യാം?
‘വായ്ക്കും ദൈവഗതിക്കു നീക്കമൊരുനാളുണ്ടോ?’
‘ധനം രാജ്യവും തച്ചുപറിച്ചുകൊണ്ടു്’’ പുഷ്കരൻ,
‘മിണ്ടാതെ നടകൊണ്ടാലും വനവാസത്തിനു മമ
നാടതിലിരിക്കൊലാ’
എന്നു പറഞ്ഞു് നളനെ ദമയന്തിയോടുകൂടി ആട്ടിപ്പുറത്താക്കുന്നു.
“പുരത്തിൽ മരുവും മഹാജനങ്ങളും പുകൾ
പെരുത്തെഴും നാഗരികജനങ്ങളും–നാട്ടിൻ-
പുറത്തു വസിക്കുമോരോ ജനങ്ങളും–ഇന്നു
കേൾക്കേണമെന്റെ ആജ്ഞ–ഓൎക്കൊലാ നളനിൽ വേഴ്ച
നിസ്ത്രപനാമവനെ സമ്മാനിക്കൊല്ലാ–ഒരു
വസ്ത്രതണ്ഡുലാദികൾ വിശ്രാണിക്കൊല്ലാ.
ഉല്ലംഘിതാജ്ഞന്മാരെക്കൊല്ലും സന്ദേഹമില്ല.
ചൊന്നതാചരിപ്പോരിലുന്നതാ മമ പ്രീതി’
എന്നൊരു വിളംബരവും പ്രസിദ്ധീകരിക്കുന്നു.
ഭൈമി തന്റെ രണ്ടു കുട്ടികളേയും സാരഥിയായ വാർഷ്ണേയനെ ഏല്പിച്ചു് കുണ്ഡിനത്തിലേക്കയച്ചിട്ടു് ഭൎത്ത ാവിന്റെ സുഖദുഃഖങ്ങളിൽ പങ്കു കൊള്ളാനായി അദ്ദേഹത്തിനെ അനുഗമിക്കുന്നു. നളനോ? തന്റെ അവസ്ഥ ഓൎത്ത ല്ല അധികം ദുഃഖിക്കുന്നതു്,
‘സുന്ദരീ ദമയന്തി സുമുഖി സുദതീ സതി
തന്വീ തരുണീമണി തളരുന്നിതല്ലോ പാരം
തപ്തതോയസിക്തമാലതീവന-
നക്തമാലമസ്തമൂലമിവനതും
ക്ഷുത്തൃഡാൎത്ത ിലുപ്തചിത്തമാശ്രയി-
ച്ചത്തൽമൂലം ചത്തുപോകിലാം’
എന്നു വിചാരിച്ചു് വനത്തിൽകൂടെ സഞ്ചരിക്കവേ, രണ്ടു പക്ഷികൾ വരുന്നതു കണ്ടു്,
‘ഭക്ഷണാൎത്ഥ മിക്ഷണേന ഞാനിഹ
വിക്രമേണ കയ്ക്കലാക്കുവാൻ’
എന്നു് അദ്ദേഹം വിചാരിച്ചുറയ്ക്കുന്നു. എന്നാൽ എന്തുകൊണ്ടു് വല വയ്ക്കും?
‘വസ്ത്രമേതദുൽസൃജാമി—ചാമിവ’
എന്നുള്ള വിചാരത്തോടുകൂടി അദ്ദേഹം വസ്ത്രത്തെ എറിഞ്ഞു് അവയെ പിടിക്കാൻ നോക്കുന്നു. പക്ഷിരൂപം പൂണ്ടുവന്ന കലിദ്വാപരന്മാർ ആ വസ്ത്രവും തട്ടിക്കൊണ്ടു പൊയ്ക്കളയുന്നു. നളൻ ഉത്തരീയനഷ്ടംനിമിത്തം ഏകവസ്ത്രനായും തീരുന്നു.
‘സുന്ദരി യദി തേ ശൃണു ഭൈമീ നിന്നെ രക്ഷിപ്പാൻ
ഇന്നരിമ എന്നെനിക്കു വന്നു.
ഒന്നല്ലെനിക്കുള്ളാധി! ചൊന്നാലറിയിക്കാമോ?
എന്നെയും നിന്നെയും നീ തന്നെ കാത്തുകൊള്ളണം’
എന്നു പറഞ്ഞു കേഴുന്ന നളന്റെ മനോവേദനയുടെ ആഴം ആൎക്കു നിൎണ്ണയിക്കാം?
ദമയന്തി തന്റെ ദുഃഖത്തെ തൽക്കാലം വിസ്മരിച്ചിട്ടു്,
‘പയ്യോ പെറുക്കാമേ ദാഹവും–ആര്യപുത്ര കേൾ
അയ്യോ എൻ പ്രിയപ്രാണനാഥ!
കയ്യോ കാലോ തിരുമ്മി മെയ്യോടു മെയ്യണവൻ’
എന്നിങ്ങനെ നളനെ സമാധാനപ്പെടുത്താൻ നോക്കുന്നു. ഇതികൎത്ത വ്യതാമൂഢനായ്ച്ചമഞ്ഞ നളൻ തന്റെ പത്നിയെ കുണ്ഡിനപുരത്തേയ്ക്കു പറഞ്ഞയയ്ക്കാൻ നോക്കുന്നു. എന്നാൽ ഭൈമിയാകട്ടെ,
‘ആധിവ്യാധികളിലും പ്രീതിദമൗഷധം കേൾ
സ്വാധീനസഹധൎമ്മിണീതി നീ ധരിക്കേണം’
എന്നു തന്റെ ദൃഢനിശ്ചയത്തെ വ്യക്തമാക്കുന്നു. അനന്തരം അവൾ കാന്തന്റെ മടിയിൽ തല വച്ചു് ഉറങ്ങുന്നു. കലിപ്രേരണ നിമിത്തം ‘മൂഢപ്രായമനാവായ’ നളൻ ആ രാത്രി നിൎജ്ജ നമായ വനത്തിൽ അവളെ തനിച്ചു വിട്ടും വച്ചു് കടന്നുകളയുന്നു. ഭൈമി പെട്ടെന്നുണൎന്നു ്,
‘കരഞ്ഞും ഖേദിച്ചും വനഭൂവി തിരഞ്ഞും നിബിഡമായ്
നിറഞ്ഞെങ്ങും തിങ്ങും തിമിരഭരരുദ്ധേക്ഷണപഥാ
പറഞ്ഞും കോപിച്ചും പല വഴി നടന്നും’
വലയുന്നു. ‘അലസതാവിലസിതമതിനാൽ ഞാനുറങ്ങിനേൻ’ എന്ന പദം വായിച്ചാൽ കരച്ചൽ വരാത്ത മലയാളികളുണ്ടെങ്കിൽ അവരുടെ ഹൃദയങ്ങൾ ശിലാനിൎമ്മിതങ്ങളായിരിക്കണം. കേരളീയാംഗനമാൎക്കു് അതിപ്രിയമായ ഒരു ഗാനമാണിതു്. ത്യാഗരാജകൃതികളുടേയും മറ്റും തള്ളിക്കേറ്റത്താൽ കേരളീയ ഗാനകലയ്ക്കു് ഉടവു തട്ടീട്ടുണ്ടങ്കിലും, നളചരിതത്തിലെ ഗാനങ്ങൾക്കു് ഇതേവരെ പറയത്തക്ക സ്ഥാനഭ്രംശമൊന്നും സംഭവിച്ചിട്ടില്ലെന്നുള്ളതു് ചാരിതാൎത്ഥ ്യജനകമായിരിക്കുന്നു.
ദമയന്തിയുടെ വിലാപം ഒരു വനേചരൻ കേൾക്കുന്നു.
‘പെരുത്ത വൻകാട്ടിന്നകത്തങ്ങൊരുത്തനായ് പോയ്വരുവാനും
പേടി നമുക്കും പാരമുദിക്കും പേൎത്തു ം ഗഹനേ തിരവാനും’
ഇപ്രകാരം വനവാസിയായ ഒരുവനുപോലും ഭീതിജനകമായിരുന്ന ഒരു കൊടുംകാട്ടിലാണു് ആ സ്വാധീരത്നം തനിച്ചകപ്പെട്ടിരിക്കുന്നതെന്നോൎക്കു മ്പോൾ, അവളുടെ ദയനീയസ്ഥിതി നമുക്കു് ഏറെക്കുറെ ഊഹിക്കാം. ആ കാട്ടാളൻ വില്ലുമമ്പും ധരിച്ചു് അന്വേഷിപ്പാനായിപ്പുറപ്പെടുന്നു. വാരിയരുടെ കാട്ടാളൻ വെറും സാധാരണക്കാരനല്ല. ‘സ്വരത്തിന്റെ മാധുര്യം കേട്ടു്’ ഒരുത്തിയെന്നു് അവൻ നിശ്ചയിക്കുന്നു. അല്പം അടുത്തുചെന്നു് മരത്തിന്റെ ഇടിയിൽക്കൂടി നോക്കിയപ്പോൾ ഇവൾ സൗന്ദര്യദേവതാണോ എന്നു സംശയിക്കുന്നു.
‘കേനൻ വിധിനാ വിശ്യേയം’ എന്നായി പിന്നത്തെ ചിന്ത.
‘അകൃത്രിമദ്യുതിരനവദ്യേയം
അടുത്തുചെന്നിനിയനുപശ്യേയം
ആകൃതി കണ്ടാലതിരംഭേയം
ആരാലിവൾതന്നധരം പേയം.’
എന്നീ വിചാരങ്ങളോടുകൂടി, അവൻ ചെല്ലുന്നു. കാട്ടാളനെക്കൊണ്ടു് ഇങ്ങനെ സംസ്കൃതമയമായി സംസാരിപ്പിക്കുന്നതിനു് വാരിയർക്കു് ഒരു സങ്കോചവുമില്ല. അവനു് രംഭതുടങ്ങിയ സ്വൎവനിതകൾ കൂടി പരിചിതകളുമാണത്രേ.
അവൻ വാഹസഗ്രസ്തചരണയായി കേഴുന്ന ദമയന്തിയെ സമീപിച്ചിട്ടു്,
“നീ അപുത്രമിത്രയായി കാന്താരം പ്രാപിച്ചു് അനൎത്ഥ ഗൎത്ത ത്തിൽ വീണുപോയിരിക്കുന്നു. ലജ്ജിച്ചിട്ടാവശ്യമില്ല; ഒരു വനചരനാണു് ഞാനെന്നു വിചാരിച്ചു് സങ്കോചപ്പെട്ടിട്ടും കാര്യമില്ല.
‘ആരെന്നാലും രക്ഷിപ്പാനിനി അപരൻ വരുമോ കേണാളേ
വസിക്ക നീയെന്നംസേ താങ്ങി വധിപ്പനുരഗം വക്രാപാങ്ഗീ
വാതിച്ചോൎക്കും പ്രാണാപായേ ജാതിച്ചോദ്യം വേണ്ടാ തൊടുവാൻ.’
എന്നിപ്രകാരം ആപദ്ധൎമ്മവിധികളേ ഉദ്ധരിക്കുന്നു. ദമയന്തി അപ്രകാരം നിന്നുകൊടുക്കവേ, അവൻ ശരം പ്രയോഗിച്ചു പാമ്പിനെ നിഗ്രഹിക്കുന്നു. എന്നാൽ ദമയന്തി,
‘സാഹം പാലിതാ നിന്നാൽ നന്നു നീയിനി-
പ്പോക വേണ്ടുന്ന ദിക്കിൽ ഇന്നു നീ
പ്രാണരക്ഷണത്തിനൊന്നില്ലാ പ്രത്യുപകാര-
പ്രചുരമാം സുകൃതാദൃതേ’
എന്നു യാത്ര പറഞ്ഞപ്പോൾ,
‘അംഗനേ ഞാനങ്ങു പോവതെങ്ങനെ?’
എന്നായി അവന്റെ ഭാവം. ഈ വനചരന്റെ പ്രസംഗം കേട്ടാൽ വാത്സ്യായനതന്ത്രത്തിൽ ബഹുവിരുതനാണവനെന്നു് ആൎക്കും തോന്നും. ചുരുക്കിപ്പറഞ്ഞാൽ അവൻ ദമയന്തിയുടെ ചാരിത്രഭംഗത്തിനു് ഉദ്യമിക്കയും അവളുടെ ശാപാഗ്നിയിൽ ഭസ്മീഭവിക്കയും ചെയ്യുന്നു.
അനന്തരം അവൾ നടന്നു നടന്നു് ഋഷ്യാശ്രമത്തിൽ എത്തുകയും ഒരു സാൎത്ഥ വാഹകനെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവനോടുകൂടി അവൾ ചേദിപുരിയിൽ ചെന്നുചേരുന്നു. ചേദിരാജപത്നി അവളെക്കണ്ടിട്ടു്,
‘കിം ദേവീ കിമു കിന്നരി സുന്ദരി
നീതാനാരെന്നോടു വദ ബാലേ’
എന്നു് അത്ഭുതപ്പെട്ടു ചോദിക്കുന്നു. ഈ പദം വളരെ പ്രസിദ്ധമാണു്. ചേദിരാജ്ഞി അവളെ സ്വപുത്രിയുടെ സഖിയെന്ന നിലയിൽ അന്തഃപുരത്തിൽതന്നെ പാൎപ്പിക്കാൻ നിശ്ചയിക്കുന്നു. ദമയന്തിയാകട്ടെ വൃത്താന്തമല്ലാം രാജ്ഞിയെ ധരിപ്പിക്കുന്നു; എന്നാൽ,
‘ഭൂപാലന്വയത്തിൽ പിറന്നേനേ നല്ല
കേവലം പ്രിയനെ വേർപിരിഞ്ഞാധി നില്ല’
എന്നു പ്രസ്താവിക്കുന്നതല്ലാതെ തന്റെയോ കാന്തന്റെയോ പേർ അവൾ പറയുന്നില്ല.
‘ഭൎത്ത ാവു് എന്തുകൊണ്ടാണു് ഇങ്ങനെ അവളെ കൈവെടിയാൻ ഇടയായതു്?’ എന്നു രാജ്ഞി ചോദിക്കവേ, അവൾ പറയുന്നതു നോക്കുക.
‘ദേവനത്തിലേ തോറ്റുപോയ് വനം തേടി
വേദനകളും വന്നു ഭാവനമൂടീ
നാവിനുണ്ടഴൽ ചൊൽവാൻ നവപ്രേമധാടീ
പേവശാൽ പ്രസുപ്ത മാം വെടിഞ്ഞവനോടീ’
എന്നല്ലാതെ ഭൎത്ത ാവിനെ അവൾ പഴിക്കുന്നതായും കാണുന്നില്ല. അതുകേട്ടു്,
‘ഉന്മാദംകൊണ്ടു ചെയ്ത കല്മഷം ക്ഷമിക്ക നീ
മാന്മിഴികണവനെക്കാണ്മോളമിഹ വാഴ്ക’
എന്നു രാജ്ഞി ഉപദേശിച്ചപ്പോൾ അവൾ ഗത്യന്തരമില്ലായ്മയാൽ സമ്മതിക്കുന്നു. എന്നാൽ
‘ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാൻ;
ഉരിയാടുകയുമില്ല പുരുഷന്മാരോടു്;
പ്രച്ഛന്നരതിക്കേകൻ പ്രാൎത്ഥ ിച്ചാലവനെ
പ്രസഭം നീ വധിക്കേണം’
എന്നു് ദേവിയെ ധരിപ്പിക്കയും അങ്ങനെ തന്നെ എന്നു രാജ്ഞി സമ്മതിക്കയും ചെയ്യുന്നു.
അങ്ങനെ ഇരിക്കെ ഭീമാജ്ഞ അനുസരിച്ചു് ദമയന്തിയെത്തേടിപ്പുറപ്പെട്ട സുദേവൻ എന്ന ബ്രാഹ്മണൻ അവളെ കാണുന്നു.
ആ ബ്രാഹ്മണൻ,
‘നിനച്ചവണ്ണമല്ല ദൈവമാൎക്കു മേ
നളനേ നിന്നോടു ചേൎക്കു മേ
നിന്നെക്കണ്ടെത്തി ഭാഗ്യമേ
താതനെക്കാൺക യോഗ്യമേ
പോകവേണ്ടതങ്ങിനി’
എന്നു് ഉപദേശിച്ചതനുസരിച്ചു് ആ സാധ്വി രാജ്ഞിയോടു യാത്ര ചോദിച്ചു് ഭീമപുരിയിൽ ചെന്നു് പിതാവിനെ വന്ദിക്കുന്നു. അവൾ പിതാവിനോടു്
‘നാടുപോയതുകൊണ്ടാടലേതുമില്ല
നളൻ പിരിഞ്ഞതിലലം വ്യഥാ;
കാടുതോറും നടന്നൂഢവിവശഭാവം
കദനമവനുവന്നതെന്തെന്നാരറിഞ്ഞു?
ഏതു ചെയ്തും പ്രാണനാഥൻതന്നെക്കാൺകി-
ലൊഴിഞ്ഞു നഹി സുഖമെനിക്കഹോ.
ആധിവാരിധിയിലാണ്ടുകിടക്കയേക്കാൾ
അറുതിയസുക്കൾക്കിനി വരികിലേറെ നല്ലൂ.’
എന്നു് അറിയിക്കയാൽ, അദ്ദേഹത്തിനെ ദൂതന്മാരെ അയച്ചു് കണ്ടുപിടിക്കാമെന്നും
‘പ്രാണേശനോടു നിനക്കവിടെയും
വാണിടാം പിരിയാതെയിവിടയും
നൂനമീ വിപത്തെല്ലാം പോയ്മായും,
ആനന്ദം നമുക്കു വന്നുതോയും,
അഭിഷഞ്ചാമ്യഥ നിഷധസദനേ
ഗതകദനേ തവ സുതനേ ഉടനേ’
എന്നും പറഞ്ഞു് മകളെ സമാശ്വസിപ്പിക്കുന്നു. ഇവിടെ രണ്ടാംദിവസത്തെ കഥ അവസാനിക്കുന്നു.
ദമയന്തിക്കു് തന്നെപ്പറ്റിയോ നാടും രാജഭോഗവും നഷ്ടപ്പെട്ടതുകൊണ്ടോ അല്ല ദുഃഖമുണ്ടായതെന്നും തന്റെ ഭൎത്ത ാവിന്നു വല്ല ആപത്തും നേരിട്ടിരിക്കുമോ എന്നുള്ള ഭയമാണു് അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നതെന്നും രണ്ടാംദിവസത്തെ കഥയുടെ അവസാനത്തിൽ വ്യക്തമാക്കീട്ടുണ്ടല്ലോ. എന്നാൽ നളന്റെ അവസ്ഥയോ? അദ്ദേഹം ലോകപാലന്മാരെ വിളിച്ചു്,
‘പ്രതിദിനം നൈഷധൻ നമസ്കുരുതേ–ഭൈമീ-
പതിദേവതയ്ക്കു ദുഃഖം വരുത്തരുതേ’
എന്നു പ്രാൎത്ഥ ിക്കുന്നു. ഘോരവിപനത്തിൽ വച്ചു് അദ്ദേഹം ഏതാണ്ടു് ഒരു വിരക്തന്റെ അവസ്ഥയെ പ്രാപിച്ചിട്ടു്,
‘നാരിമാരും നവരസങ്ങളും നയവും ജയവും
ഭയവും വ്യയവും നാടു ഭരിപ്പവരോടു നടപ്പതു’
എന്നിപ്രകാരം പുരജീവിതത്തെ ദുഷിക്കുന്നു.
‘അങ്ങോടിങ്ങോടുഴന്നും വിപിനഭുവിതളൎന്നു ം വിചാരം കലൎന്നു ം
തുംഗാതങ്കം വളൎന്നു ം തൃണതതിഷു കിടന്നും സുരേന്ദ്രാനിരന്നും’
ദിവസങ്ങൾ കഴിച്ചുകൂട്ടിക്കൊണ്ടു നടക്കവേ, കാട്ടുതീ നടുവിൽ വിസ്പഷ്ടവൎണ്ണമായ ഒരു വാക്കു കേൾക്കുന്നു. ഉടൻ ആ ശബ്ദം പുറപ്പെട്ട സ്ഥലത്തു ചെന്നു്, അതിലുൾപ്പുക്കു വെന്തുതുടങ്ങിയ കാൎക്കോടകനെ രക്ഷിക്കുന്നു. എന്നാൽ ദഹനമോചിതനായ ഈ സൎപ്പം നളനെ ദംശിക്കയും അദ്ദേഹം വിഷബാധയാൽ വികൃതാകൃതിയായ്ത്തീരുകയും ചെയ്യുന്നു. അനന്തരം നളനു് സംശയം ജനിക്കുംമുമ്പുതന്നെ താൻ കദ്രുപുത്രനാണെന്നും, ഒരു മുനിയെ ശപിച്ചതുമൂലമാണ് ഈ ദൂർദ്ദശ നേരിട്ടതെന്നും, ഇപ്പോൾ ദംശിച്ചതു് കൃതഘ്നതകൊണ്ടല്ലെന്നും, തന്റെ വിഷജ്വാലയിൽ പെട്ടു് നൈഷധന്റെ ഉള്ളിലിരിക്കുന്ന കലി നീറിത്തുടങ്ങിയിട്ടുണ്ടെന്നും, അതു് അചിരേണ വിട്ടുമാറുമെന്നും പറഞ്ഞുകേൾപ്പിക്കുന്നു. പിന്നീടു് ഒരു തുകിൽ കൊടുത്തിട്ടു്,
‘ഇത്തുകിലുടുക്കുകിൽ നിന്നുടൽ നിനക്കു വരും’
എന്നു് ഉപദേശിച്ചു് അനുഗ്രഹിച്ചശേഷം ‘അസ്തു പുനദർശനം’ എന്നു് പറഞ്ഞുകൊണ്ടു് തിരോധാനം ചെയ്യുന്നു.
നളൻ പിന്നീടു് അയോധ്യാനഗരിയിൽ ചെന്നു് ഋതുപൎണ്ണരാജാവിനേക്കണ്ടു് ബാഹുകനെന്ന പേരിൽ അദ്ദേഹത്തിന്റെ സൂതനായി കുറേക്കാലം വാഴുന്നു. ഒരു ദിവസം രാത്രിയിൽ ‘വിജനേ ബത മഹതി വിപിനേ, നീയുണൎന്നിന്ദുവദനേ വീണെന്തു ചെയ്വൂ കദനേ? അവനേ ചെന്നായോ ബന്ധുഭവനേ ചെന്നായോ–ഭീരു എന്നു കാണ്മനിന്ദു സാമ്യരുചി മുഖമെന്നു പുണ്മനിന്ദ്രകാമ്യമുടലഹം’ എന്നിങ്ങനെ അദ്ദേഹം വിലപിക്കുന്നതു് ജീവലൻ കേട്ടു്,
‘അവളേതൊരു കാമിനി? ഹേ ബാഹുക
തവ യാ ധൃതിശമനീ
സവിചാരം നിയതം പരിദേവിതം
യൽകൃതേ നിശിനിശി’
എന്നു ചോദിക്കുന്നു; എന്നാൽ ‘സ്വൈരവചനം സ്വകൃതരചനം ഭണിതം ജീവല’ എന്നു പറഞ്ഞൊഴിയാൻ അദ്ദേഹം നോക്കുന്നു. ബുദ്ധിമാനായ ജീവലൻ വഞ്ചിതനാവുന്നില്ലെന്നു്
‘നീയും നിന്നുടെ തരുണിയും
അഭിപ്രായാനുകൂലമമായം
പലർകൂടിക്കളിയാടിത്തളിർചൂടി സുഖമായി
വനം തേടി ക്രീഡയാ നടന്നളവിലന്നവളെ
വെടിഞ്ഞാനോ നടന്നാനോ സ്മയവാനോ ധൃതിമാനോ?
നീ താനേ പിന്നെക്കിടന്നതുനിനച്ചഴൽ
വഹസി വലപസി’
ഇത്യാദി വാക്കുകളിൽനിന്നു തെളിയുന്നു.
ഇതിനിടയ്ക്കു് ഭീമരാജാവു് വെറുതെ ഇരിക്കുന്നില്ല. അദ്ദേഹം സകല ദിക്കുകളിലേയ്ക്കും ദൂതന്മാരെ നിയമിക്കുന്നു. അവർ പുറപ്പെടാൻ ഭാവിച്ച സമയത്തു് ദമസോദരി അവരുടെ അടുക്കൽ ചെന്നു് ഇങ്ങനെ ഉപദേശിക്കുന്നു:
“തിരക ദിശി യൂയം–ദയിതമുരുമായം
സകല നൃപസഭകളിലുമൊരുപൊഴുതു
കളി കരുതിയൊളിവിലൊരു മൊഴിയുരചെയ്വിൻ.
‘എങ്ങോട്ടുപോയി രസഭംഗോദ്യതോസി
പടഭംഗോസ്തു ഖേദമതിനില്ല–ഏതുമറി-
വില്ലാഞ്ഞാധി മമ നില്ലാ–ഏവമയി കിതവ മമ
ഭാവമിനിയതുമറിക യാവദസുനിയമമില്ല.”
ഈ സൂത്രം ഫലിക്കുന്നു എന്തുകൊണ്ടെന്നാൽ പൎണ്ണദൻ എന്ന ദൂതൻ ഋതുപൎണ്ണന്റെ സഭയിൽ വച്ചു് ആ സൂത്രം പ്രയോഗിക്കവേ ബാഹുകൻ അയാളെ സമീപിച്ചിട്ടു് പ്രസ്തുത ചോദ്യത്തിനു് ഇങ്ങനെ മറുപടി പറയുന്നു:
‘വാരുത്വമെഴും നിയമനിഷ്ഠയും—നല്ല
ചാരിത്രമെന്നുള്ളൊരു ചട്ടയും
പാതിവ്രത്യപരമകാഷ്ഠയും
ബാലികമാൎക്കിതല്ലോ നല്ല കോട്ടയും’
ഇപ്രകാരം നളൻ എവിടെ പാൎക്കുന്നു എന്നറിയുന്ന മാത്രയിൽ അദ്ദേഹത്തിനെ അവിടെ വരുത്തുന്നതിനു വേണ്ടി ദമയന്തി, രണ്ടാം വിവാഹവാൎത്ത യും കൊണ്ടു് സുദേവനെ അങ്ങോട്ടയയ്ക്കുന്നു.
‘കരണീയം ഞാനൊന്നു ചൊല്ലുവേൻ’ എന്നും, ‘യാമി യാമി ഭൈമി’ എന്നുമുള്ള പദങ്ങൾ കേരളീയാംഗനമാൎക്കു് വളരെ പ്രിയമായ രണ്ടു ഗാനങ്ങളാണു്.
സുദേവൻ ബഹുസരസനാകുന്നു. അവിടെ നിന്നു് ഉത്തരകോസലം ‘ദ്വിത്രിദിനപ്രാപ്യ’മാണല്ലോ. ആ വഴിയെല്ലാം താണ്ടി അദ്ദേഹം ഋതുപൎണ്ണസന്നിധിയിൽ ചെന്നു്,
‘പന്തണിമുലമാൎമണി സുന്ദരി ദമയന്തി–കാനന-
ഭ്രാന്തനൈഷധരോഷിണി
‘താന്തനിക്കു നിതാന്തരമ്യനി-
ശാന്തകേളീഷു ബാന്ധവം
കാന്തനാക്കി നൃപാന്തരം വരിപ്പാൻ
തുനിഞ്ഞു സഭാന്തരേ.’
എന്നു തട്ടിവിടുന്നു. എന്നാൽ സ്വയംവരം അടുത്ത ദിവസവുമാണു് നിശ്ചയിച്ചിരിക്കുന്നതെന്നും സൂചിപ്പിക്കുന്നു. ഈ അല്പസമയത്തിനുള്ളിൽ അവിടെ എത്തുന്നതിനു് അശ്വഹൃദയമന്ത്രം അറിയാവുന്ന നളനേ സാധിക്കുകയുള്ളുവെന്നു് ദമയന്തിക്കു് അറിയാമല്ലോ. ഋതുപൎണ്ണൻ ബാഹുകന്റെ സാരഥ്യത്തിൽ കുണ്ഡിനത്തിലേക്കു തിരിക്കുന്നു. രഥഗതിവേഗം കണ്ടു് വാർഷ്ണേയൻ,
‘ഈഷലുണ്ടിവൻ നൈഷധൻ സൂതവേഷധാരി
വാനിവനാരിതയ്യാ!’
എന്നു് അത്ഭുതം ജനിച്ചുപോകുന്നു. മാൎഗ്ഗമധ്യേ തന്റെ ഉത്തരീയം വഴിമദ്ധ്യേ വീണുപോയെന്നുള്ള കാരണം പറഞ്ഞു് രാജാവു് അതെടുക്കാനായി വാർഷ്ണേയനെ അയയ്ക്കുന്നു. അയാൾ തിരിച്ചുവരുന്നതിനിടയ്ക്കു് ബാഹുകനിൽനിന്നു് അശ്വഹൃദയമന്ത്രം പഠിച്ചിട്ടു്, അക്ഷഹൃദയം പകരം ഉപദേശിക്കുന്നു. അതു പഠിച്ച മാത്രയിൽ കലി നളനെ വിട്ടു മാറുന്നു. ബാഹുകൻ അവനെ കൊല്ലാൻ ഭാവിക്കുന്നെങ്കിലും ആ ദുഷ്ടന്റെ ക്ഷമാപ്രാൎത്ഥ ന കേട്ടു് കുറെ ഒക്കെ ഗുണദോഷിച്ചശേഷം വെറുതെ വിടുന്നു.
‘ബഹുമാനിയാ ഞാനാരെയും തൃണവൽ–തദപി
ബഹുമതം–തവ ചരിതം ഗുണവൽ-
ഭവദാദേശമിനിക്കൊരു സൃണിവൽ–ഇനിമേൽ
തവ കീൎത്ത ി തെളിഞ്ഞിരിക്കും മണിവൽ’
എന്നു പറഞ്ഞിട്ടു് അവൻ അവിടെനിന്നു് പ്രാണനേയുംകൊണ്ടു കടക്കുന്നു. അനന്തരം അവർ തേരോടിച്ചു് കുണ്ഡിനപുരത്തിൽ എത്തുന്നു.
‘കറുത്ത നളനെ’ അവതരിപ്പിച്ചിരിക്കുന്ന ഈ മൂന്നാം ദിവസത്തെ കഥ ഇന്നും ധാരാളം ആടിവരുന്നു.
ഋതുപൎണ്ണൻ കുണ്ഡിനനഗരിയിൽ ചെല്ലുമ്പോൾ അവിടെ കല്യാണത്തിനുള്ള ചട്ടവട്ടങ്ങളൊന്നും കാണാതെ,
‘ഉൎവീസുരചാപലം പെരുതേ–പാരിൽ
സൎവവിദിതം കേവലം’
എന്നു വിചാരിച്ചു് വിഷണ്ണനായിത്തീൎന്നിട്ടു് സ്വയം നിന്ദിക്കുന്നു. ആ രാജാവിന്റെ രഥം വന്നണഞ്ഞപ്പോൾ തന്നെ ദമയന്തി തോഴിമാരോടു്,
‘തീൎന്നു സന്ദേഹമെല്ലാം എന്റെ തോഴിമാരേ!
തീൎന്നു സന്ദേഹമെല്ലാം’
എന്നു പറയുന്നു. ഭീമരാജാവാകട്ടേ ഋതുപൎണ്ണനോടു് കുശലപ്രശ്നപൂൎവകം,
‘പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാൎത്ഥ ിവേന്ദ്ര പറയേണം പരിചൊടു്
നിൻവരവു കാരണംകൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതു്’
എന്നിങ്ങനെ അവിടെ വരാനുള്ള കാരണം ചോദിക്കുന്നു. ഋതുപൎണ്ണന്റെ അപ്പോഴത്തെ അവസ്ഥ എന്തു ദയനീയം! അദ്ദേഹം എന്തു പറയും?
“പലനാളായി ഞാനോൎക്കു ന്നു തവ പുരേ വന്നീടുവാൻ മുറ്റു-
മതിനായി സംഗതി വന്നു മറ്റൊരു കാര്യമൊന്നുമില്ല.
തവ ഗുണങ്ങളോൎക്കുമ്പോൾ അവധിയുണ്ടോ ചൊല്ലുവാൻ?
ത്വദ്വിധന്മാരെക്കാണ്മതിനല്ലോ സുകൃതസാധ്യം മറ്റേതുമില്ല.
പരിചയവും വേഴ്ചയും പെരികയില്ലേ നാന്തമ്മിൽ.
പറ്റലർകാല! ഭാഗ്യലഭ്യം പാരിൽ തവാദൃശസംഗമമല്ലോ”
എന്നിങ്ങനെ ഭംഗിവാക്കു പറകയല്ലാതെ ഗത്യന്തരമെന്തു്? ദമയന്തി ഇതിനിടയ്ക്കു് തന്റെ തോഴിമാരിൽ ഒരുത്തിയെ സൂതന്റെ അടുക്കലേക്കു് അയയ്ക്കുന്നു. അവൾ ബാഹുകന്റെ അടുക്കൽ ചെന്നു് അയാളെ ക്രാസ്സു ചെയ്യുന്നു അയാൾ അവരുടെ വരവിനുള്ള ഹേതു പറഞ്ഞു കേൾപ്പിച്ചപ്പോൾ, ദൂതി ചോദിക്കുന്നു:
‘പൎണ്ണാദൻ സാകേതത്തിൽ വന്നൊരു വാൎത്ത
ചൊന്നാനതിനുത്തരം നീ ചൊന്നാനോപോൽ?
ഇന്നാമൊഴികൾ നീതാനെന്നോടു പറയണ-
മെന്നുമേ ഭൈമിക്കതു പീയൂഷമല്ലോ.’
ഉണ്ണായിവാരിയർ സംസ്കൃതഭാഷ അഭ്യസിച്ചതിനു ശേഷം ഒരു ദിക്സഞ്ചാരം നടത്തിയെന്നും, തമിഴ്ഭാഷ നല്ലപോലെ അഭ്യസിച്ചുവെന്നും തജ്ജീവചരിത്രകാരൻ ഒരിടത്തു പറഞ്ഞിട്ടുള്ളതു് അബദ്ധമാണെന്നു് ഈ മാതിരി പ്രയോഗങ്ങളിൽ നിന്നു് നമുക്കു ഗ്രഹിക്കാം. പല സ്ഥലങ്ങളിൽ ക്രിയകളോടു മദ്ധ്യമപുരുഷപ്രത്യയം ചേൎക്കേണ്ടിടത്തു് ‘നീ ചൊന്നാനോ’ എന്നമാതിരി പ്രഥമപുരുഷപ്രത്യയം ചേൎത്തു കാണുന്നുണ്ടു്. ഈ കവി എഴുത്തച്ഛന്റെ കാലത്തിനിപ്പുറമാണു ജീവിച്ചിരുന്നതെന്നുള്ളതിനു് ഇതും ഒരു ലക്ഷ്യമാണു്.
‘കുലവധൂനാം കോപമാകാ
പലതല്ലേ ലോകസാക്ഷികൾ?
ഉഭയഭുവനസുഖമല്ലയോ
വന്നുകൂടുവതിവൎക്കു മേൽ’
എന്നുള്ള ബാഹുകവചനം കേൾക്കുന്ന മാത്രയിൽ ആ സമൎത്ഥ യായ ദൂതി വിവരമെല്ലാം ദമയന്തിയെ ധരിപ്പിക്കുന്നു. തദനന്തരം ആ സാധ്വി ഗൂഢമായി ബാഹുകനെ ചെന്നു കാണുന്നു. അദ്ദേഹത്തിന്റെ വികൃതരൂപം കണ്ടിട്ടു്,
‘നൈഷധനിവൻതാനൊരീഷലില്ല മേ നിൎണ്ണയം
വേഷമീവണ്ണമാകിൽ ദോഷമെന്തെനിക്കിപ്പോൾ?
എന്നു വിചാരിക്കുന്നെങ്കിലും, സംശയം നീങ്ങുന്നില്ല.
‘ഇവനോടു ചേൎന്നാൽ നന്മയോ?
ചാരിത്രത്തിനു വെണ്മയോ? അറിയാവതല്ലേ’
എന്നു ശങ്കിച്ചു് ത്രൈലോക്യമാതാവിനെ ധ്യാനിച്ചുകൊണ്ടു് അവൾ സ്വമാതാവിന്റെ അടുക്കൽ ചെന്നു് അവരുടെ അനുവാദം വാങ്ങിയിട്ടു് കേശിനിയെ അയച്ചു് ബാഹുകനെ വരുത്തുന്നു. അനന്തരം അവൾ,
‘എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ-
ചങ്ങാതിയായുള്ളവനെ?
അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ
മുങ്ങാവതോ മുങ്ങിമങ്ങിനേനറിയാഞ്ഞേനേതും.’
എന്നു ചോദിച്ചപ്പോൾ ബാഹുകൻ പറയുന്നു:
‘ആനന്ദതുന്ദിലനായ് വന്നിതാശു ഞാൻ
ആപന്നനെന്നാകിലും
… … …
നിജരാജ്യം കൈവെടിഞ്ഞു വനരാജ്യവാസിയായേൻ.
ഹവിരാജ്യപ്രസന്നദേവം രവിരാജ്യം വാണേൻ.
അവശം മാം വെടിഞ്ഞുപോയ് തവ ശാപാക്രാന്തനായി
കലിയകലേ–അഹമബലേ വന്നിതു സുന്ദരി! നിന്ന-
രികിന്നിനിയൊരുവർ പിരിവർ ഉയിർവേരറവേ
നിറവേ കുറവേ വിലപിതമിതു മതി വിളവതു
സുഖമിതി ദൈവാലൊരുഗതി മതിധൃതിഹതി’
ചുരുക്കിപ്പറഞ്ഞാൽ നായികാനായകന്മാർ പരസ്പരം തിരിച്ചറിയുന്നു. നളൻ ‘ഭുജഗേന്ദ്രദത്ത’മായ വസനംചാൎത്ത ി സ്വന്തരൂപം പ്രാപിക്കുന്നു. ദമയന്തി ദൂഷിതയല്ലെന്നു് അശരീരിവാക്യത്താൽ നളൻ അറിയുന്നു. വിദ്യാധരന്മാർ തത്സമയം പൂമഴതൂകുന്നു; മംഗലവാദ്യം ആകാശത്തിൽ മുഴങ്ങുമാറാകുന്നു. നളൻ ഇപ്രകാരം സ്വപത്നിയുടേയും പുത്രന്മാരുടേയും പുനർല്ലാഭത്താൽ ആനന്ദപരവശനായിത്തീരുന്നു. എന്നാൽ കഥ ഇവിടെ അവസാനിക്കുന്നില്ല. നളൻ സൈന്യസമേതം ചെന്നു് പുഷ്കരനെ തോല്പിക്കുന്നു. പക്ഷേ അവനെക്കൊല്ലണോ വേണ്ടയോ എന്നു സംശയിച്ചു നില്ക്കുമ്പോൾ ഹംസം പ്രത്യക്ഷീഭവിച്ചു്, ‘വധിയായ്ക പുഷ്കരനേ’ എന്നപേക്ഷിക്കയും അദ്ദേഹം അപ്രകാരം തന്നെ അവനെ വിടുകയും ചെയ്യുന്നു. അനന്തരം നളൻ പുഷ്കരനെ യഥോചിതം സൽക്കരിക്കുന്നു. തദവസരത്തിൽ നാരദൻ വന്നുചേൎന്നു ് എല്ലാവരേയും അനുഗ്രഹിക്കുന്നു.
‘കലികൃതമഖിലമഘമകന്നിതു.
നളനപി മംഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശതു.
സന്മുഹൂൎത്ത വും സരസ്വതീ വദതു’
എന്നുള്ള നാരദാജ്ഞയനുസരിച്ചു് ഭാരതിയാലുദിതമായ സുമുഹൂൎത്ത ത്തിൽ നഗരപ്രവേശം ചെയ്യുന്നു. ഭീമാദികളും വന്നുചേരുന്നു. ഇങ്ങനെ എല്ലാം മംഗളമായി അവസാനിക്കുന്നു.
കഥകളികളുടെ കൂട്ടത്തിൽ സാഹിത്യഗുണത്തെ സംബന്ധിച്ചിടത്തോളം നളചരിതത്തിനുതന്നെയാണു് പ്രാഥമ്യം നല്കേണ്ടതു്. നാടകലക്ഷണങ്ങൾ ഒപ്പിച്ചു രചിക്കപ്പെട്ടിട്ടുള്ള ഏക കഥകളി നളചരിതമാണു്.
“വിജനേ ബത മഹതി വിപിനേ നീയുണൎന്നിന്ദു-
വദനേ വീണെന്തു ചെയ്വൂ കദനേ”
“എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ-
ചങ്ങാതിയായുള്ളവനേ”
ഇത്യാദി അഭംഗുരമായി കവിതാരസം തുളുമ്പുന്ന നിരവധി പദങ്ങൾ ഇതിൽ കാണ്മാനുണ്ടു്. എന്നാൽ ഗുരുകുലക്ലിഷ്ടന്മാൎക്കു വായിച്ചുരസിച്ചാൽ മതി എന്നായിരുന്നിരിക്കാം കവിയുടെ ആശയം. സാമാന്യവിദ്യാഭ്യാസം സിദ്ധിച്ചവൎക്കു് ദുരവഗാഹങ്ങളായ പല ഭാഗങ്ങൾ ഇതിലുണ്ടു്. ഉണ്ണായിയെപ്പോലെ നിരങ്കുശനായ ഒരു കവി ഭാഷയിൽ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണു്. ശബ്ദഭംഗിയോടൊപ്പം ആശയഗാംഭീര്യവും ഈ കൃതിയിൽ സൎവത്ര നാം കാണുന്നു. ശബ്ദപൂരണത്തിനായി നിരൎത്ഥ കശബ്ദങ്ങൾ പ്രയോഗിക്കുന്ന പതിവു് ഇക്കവിക്കു് തീരെയില്ല. എന്നാൽ ശ്രവണമാത്രയിൽ അൎത്ഥ പ്രതീതി തീതി ഉണ്ടാക്കത്തക്കവണ്ണം പ്രസന്നതയും കവിതയിൽ കാണുന്നില്ല. അതിനുള്ള പ്രധാന കാരണം ശബ്ദപ്രയോഗത്തിലുള്ള നിഷ്കൎഷക്കുറവും നിരങ്കുശത്വവുമാണു്. സമുച്ചയനിപാതത്തെ എവിടെ എങ്കിലും ചേൎക്കു ക, ചിലദിക്കിൽ ക്രിയാശബ്ദങ്ങളേയും മറ്റും ചിലടത്തു് കൎത്ത ാവിനെത്തന്നെയും വിട്ടുകളക, പദങ്ങളെ ഒടിച്ചുമടക്കിയും അന്വയക്രമം തെറ്റിച്ചും പ്രയോഗിക്കുക ഇത്യാദി സംഗതികളിൽ കവിയ്ക്കു് ഒരു കൂസലും ഇല്ല. യമകം, അന്ത്യപ്രാസം മുതലായ പ്രാസങ്ങളിലുള്ള അതിനിഷ്ഠ നിമിത്തം വന്നുകൂടീട്ടുള്ള അൎത്ഥ ശ്ലോകത്തിനും കണക്കില്ല. സാധാരണ കഥകളിൽ ശ്ലോകങ്ങൾ മിക്കവയും സംസ്കൃതത്തിലും; പദങ്ങൾ മലയാളത്തിലും ആണെങ്കിൽ ഇക്കൃതിയിൽ നേരേ മറിച്ചാണു്. ഇക്കാരണങ്ങളാൽ നല്ല പാണ്ഡിത്യം ഇല്ലാത്ത ഒരുവനു് നളചരിതത്തിന്റെ സ്വാരസ്യം പൂൎണ്ണമായി അനുഭവിച്ചറിയുന്നതിനു സാധിക്കാതെവരുന്നു. വാരിയർ നമ്പ്യാരെപ്പോലെ ദ്രാക്ഷാപാകക്കാരനല്ല; നാളികേരപാകക്കാരനാണു്.
വാരിയർക്കു് നമ്പ്യാരുടെ കൃതികളെപ്പറ്റി പുച്ഛമായിരുന്നുവെന്നും, അദ്ദേഹം സംഗതിവശാൽ നിൎമ്മിച്ചു് കാൎത്ത ികതിരുനാൾ തമ്പുരാനെ ചൊല്ലിക്കേൾപ്പിച്ച,
‘സൂതേ സൂകരയുവതീ
സുതശതമത്യന്ത ദുർഭഗം ഝടിതി
കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം കളഭം’
എന്ന പദ്യം അതിനെ സൂചിപ്പിക്കുന്നു എന്നും ചിലർ പറഞ്ഞുവരുന്നുണ്ടു്. ഇതു വിശ്വാസയോഗ്യമേ അല്ല. നമ്പ്യാരുടെ കവിത്വശക്തിയെ അറിഞ്ഞു് സമാദരിക്കുന്നതിനുള്ള ശക്തി വാരിയൎക്കു ് ഇല്ലായിരുന്നുവെന്നു വിശ്വസിക്കാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്. അഥവാ അദ്ദേഹം അത്രയ്ക്കു് ഉദ്ധതനായിരുന്നുവെന്നു വരികിൽ, അതുകൊണ്ടൊന്നും നമ്പ്യാൎക്കു ് ഒരു കുറവും സംഭവിച്ചതുമില്ല. വാരിയരെ പ്രശംസിക്കുന്നതിനു് നമ്പ്യാരെ താഴ്ത്തണമെന്നുണ്ടോ? രണ്ടുപേരും മഹാകവികളായിരുന്നു എന്നല്ലാതെ, അവരെ താരതമ്യപ്പെടുത്തി ഒരു വിധി പ്രസ്താവിക്കാൻ ഒരുങ്ങുന്നതു് സാഹസമാണു്. നമ്പ്യാർ ജനങ്ങളുടെ കവിയായിരുന്നു. അദ്ദേഹം കേരളീയജനതയുടെ ഹൃദയങ്ങളിൽ സംസ്ഥാപിച്ചിട്ടുള്ള സാമ്രാജ്യത്തിനു് ഒരു ഇളക്കം ഒരുകാലത്തും ഉണ്ടാകയുമില്ല.
ശബ്ദാലങ്കാരങ്ങളോടു പ്രതിപത്തിയുള്ളവനെങ്കിലും വാര്യരുടെ ശ്രദ്ധ സവിശേഷം പതിഞ്ഞിരുന്നതു് രസപരിപോഷണത്തിലും അൎത്ഥ വിഷയകമായ ചമൽക്കാരത്തിലും ആയിരുന്നു. നളചരിതത്തിൽ, നാടകങ്ങളിലെന്നപോലെ ഒരു രസത്തെ അംഗിയായും മറ്റു രസങ്ങളെ അംഗങ്ങളായും ഘടിപ്പിച്ചിരിക്കുന്നു. അതിലെ അംഗിയായ രസം ശൃംഗാരമാണു്. പരസ്പരഗുണശ്രവണത്താൽ നായികാനായകന്മാർക്കു് അങ്കുരിക്കുന്ന അനുരാഗം ഒന്നാംദിവസത്തേ കഥയിൽ അയോഗവിപ്രലംഭദശയിൽ ഇരുന്നിട്ടു് രണ്ടാംദിവസത്തെ കഥയുടെ ആരംഭത്തിൽ സംഭോഗവസ്ഥയെ പ്രാപിച്ചു് തദവസാനത്തിൽ തന്നെ വിപ്രലംഭത്തിലേക്കു കടക്കുന്നു. മൂന്നാംദിവസത്തെ കഥയിലാകട്ടെ ആ വിപ്രലംഭം മൂൎദ്ധന്യദശയിലെത്തുന്നു; അതു് ആ നിലയിൽതന്നെ നാലാംദിവസത്തെ കഥയുടെ അവസാനംവരെ ഇരുന്നിട്ടു് വീണ്ടും വിപ്രലംഭമായി പരിണമിക്കുന്നു.
പാത്രങ്ങളുടെ സ്വഭാവരൂപവൽക്കരണത്തിലും പഞ്ചസന്ധികളുടെ സമാവേശത്തിലും വാരിയർ നാടകങ്ങളെത്തന്നെയാണു് അനുകരിച്ചുകാണുന്നതു്. നായകനായ നളൻ ധീരോദാത്തനാകുന്നു. ധീരോദാത്തന്റെ ലക്ഷണം ദശരൂപകത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
‘അവികത്ഥനഃ ക്ഷമാവാനതിഗംഭീരോ മഹാസത്ത്വഃ
സ്ഥേയാന്നിഗൂഢമാനോ ധീരോദാത്തോ ദൃഢവ്രതഃ കഥിതഃ’
ഈ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിനു യോജിച്ചിട്ടുണ്ടെന്നു് നളചരിതം വായിക്കുന്നവൎക്കു ് എളുപ്പത്തിൽ ഗ്രഹിക്കാം.
‘കാന്താരതാരകം’ എന്ന വ്യാഖ്യാനത്തോടുകൂടി ഈ ഗ്രന്ഥത്തെ ആദ്യമായി പ്രസിദ്ധീകരിച്ച പണ്ഡിതസാൎവഭൗമനായ ഏ. ആർ. രാജരാജവൎമ്മകോയിത്തമ്പുരാനെ സംസ്മരിക്കാതെ ഈ പ്രസംഗം അവസാനിപ്പിക്കുന്നതു് കൃതഘ്നതയുടെ പാരമ്യമായിരിക്കും. അദ്ദേഹമാണു് കാടു വെട്ടിത്തെളിച്ചു് ഈ മനോഹരകൃതിയെ മലയാളികൾക്കെല്ലാം അനുഭവഗോചരമാക്കിത്തീൎത്ത തു്. ഇത്ര ഭംഗിയായും സമഞ്ജസമായും പ്രസാധിതമായ മറ്റൊരു പ്രാചീനകൃതിയും മലയാളഭാഷയിലില്ല. പുണ്യശ്ലോകനായ ഈ തിരുമേനി സാഹിത്യവിഷയകമായ മറ്റു പല പ്രസ്ഥാനങ്ങളിലെന്നപോലെ ഇതിലും മലയാളികൾക്കു് ആദൎശമായിത്തീൎന്നിരിക്കുന്നു.
കൊട്ടാരക്കര, കോട്ടയം, ഉണ്ണായി–ഈ മൂന്നു കവികളേയും ഒരിനത്തിൽ കൂട്ടാം. ഒന്നാംരംഗത്തിൽ ശൃംഗാരപ്പദം വേണമെന്നുള്ള നിർബന്ധം ഇവർ മൂന്നുപേൎക്കു മില്ല. അശ്ലീലമായ ശൃംഗാരവും ഇക്കവികളുടെ കൃതികളിൽ കാണ്മാനില്ലെന്നുതീൎത്തു പറയാം. വേഷവൈവിധ്യത്തിനു വേണ്ടി അനവസരമായി ചില പാത്രങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയതും ഇവരുടെ കാലത്തിനു ശേഷമാണു്.
15.11 കാൎത്തികതിരുനാൾ തമ്പുരാൻ
ധൎമ്മരാജാവെന്ന പേരിലാണു് ഈ രാജൎഷിയെ കേരളം അറിയുന്നതും ആരാധിക്കുന്നതും. ധീരനായ ഒരു പടനായകൻ എന്ന നിലയിൽ അവിടുന്നു് കായംകുളംയുദ്ധത്തിലും കൊച്ചിയുമായുള്ള യുദ്ധത്തിലും നല്ല പേരു നേരത്തേതന്നെ സമ്പാദിച്ചിരുന്നു. സിംഹാസനാരോഹണാനന്തരം ശ്രീവീരമാൎത്ത ാണ്ഡദേവൻ പിടിച്ചടക്കിയ ദേശങ്ങളിൽ സമാധാനവും തൃപ്തിയും വളൎത്തു ന്ന വിഷയത്തിൽ സമഗ്രമായ വിജയവും അവിടുന്നു നേടുകയുണ്ടായി. സാമൂതിരിയെ കൊച്ചിയിൽനിന്നു അകറ്റിയതു് അവിടുത്തേ സൈന്യമാണു്. മൈസൂർ പടയിളക്കം ഉണ്ടായപ്പോൾ, ഉത്തരദേശീയരായ രാജാക്കന്മാർക്കും പല പ്രഭുക്കന്മാർക്കും അഭയം നൽകുകനിമിത്തം ഹൈദരാലിയോടും ടിപ്പുസുൽത്താനോടും പട വെട്ടേണ്ടതായ് വന്നുവെങ്കിലും, ആ തിരുമേനിക്കു ലേശം കുലുക്കമുണ്ടായില്ല. എന്നാൽ ഇതിനൊക്കെ ഇടയിൽ സാഹിത്യപരിശ്രമം സഫലമായി ചെയ്യുന്നതിനു് അവിടുത്തേക്കു് എങ്ങനെ സമയം ലഭിച്ചു എന്നോൎക്കു മ്പോൾ നാം അത്ഭുതപ്പെട്ടു പോകുന്നു. സംസ്കൃതം, തമിൾ, ഇംഗ്ലീഷ്, പെർഷ്യൻ എന്നീ ഭാഷകൾ തിരുമനസ്സുകൊണ്ടു് നല്ലപോലെ വശമാക്കിയിരുന്നു എന്നുമാത്രമല്ല, വിദ്വാന്മാരേയും കുഞ്ചൻ, ഉണ്ണായി തുടങ്ങിയ അനേകം മഹാകവികളേയും പ്രോത്സാഹിപ്പിക്കയും ചെയ്തുവന്നു.
‘വിദ്വദ്ഗജാനപി നിരങ്കുശവൎത്ത ിനസ്വൈ-
രുദ്ധ്വാഗുണൈഃ കനകശൃംഖലികാനുബന്ധാൻ’
എന്നു രാമവൎമ്മയശോഭൂഷണകാരൻ ഈ തിരുമേനിയേ വൎണ്ണിച്ചിരിക്കുന്നതിൽ അതിശയോക്തിസ്പൎശംപോലുമില്ല.
കാൎത്തികതിരുനാൾതമ്പുരാൻ വഞ്ചിസംവൎദ്ധിനി ആയ പാൎവതീറാണിയുടേയും കിളിമാനൂർ കേരളവൎമ്മകോയിത്തമ്പുരാൻതിരുമനസ്സിലേയും പുത്രനായി കൊല്ലവർഷം ൮൯൯-ൽ തിരുവവതാരം ചെയ്തു.
‘യോയം മുക്താമണിൎജാതഃ
പാൎവതീ ഗൎഭശുക്തിതഃ
സദ്വൃത്തോ ഗുണവാൻ സ്വച്ഛഃ
സ്നിഗ്ദ്ധസ്സോയം വിരാജതേ’
എന്നു് അനന്തരകാലത്തു് കവികളാൽ വാഴ്ത്തപ്പെട്ട ഈ തിരുമേനിക്കു് നാലു തിരുവയസ്സു തികഞ്ഞപ്പോൾ പിതാവു് ദിവംഗതനായി ൯൩൩-ൽ അവിടുന്നു് സിംഹാസനാരോഹണം ചെയ്തു. വഞ്ചിരാജ്യത്തിന്റെ ഭാഗ്യകല്പതരു തഴച്ചും വേണാടിന്റെ പുകൾ പൊങ്ങി. അവിടുത്തേ വിദ്വൽസദസ്സു് പണ്ഡിതവരേണ്യന്മാരും അധ്യാത്മവിദ്യാപാരംഗതന്മാരുമായ രഘുനാഥതീൎത്ഥ ർ, ശങ്കരനാരായണവിദ്യാഭൂഷണൻ, പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ, കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാൻ, രാമപാണിവാദൻ, ഉണ്ണായിവാരിയർ, പുതിയിക്കൽ തമ്പാൻ, കടിയംകുളത്തു ശുപ്പുമേനോൻ, പുതിയിക്കൽ തമ്പാൻ മുതലായവർ ഉൾപ്പെട്ടിരുന്നു.
അവിടുന്നു് സംഗീതകലയിലും നൃത്തവിദ്യയിലും അനല്പമായ താല്പര്യം പ്രദർശ്ശിപ്പിച്ചുവന്നു. നവരാത്രിപൂജ, ഉത്സവം മുതലായ അടിയന്തിരങ്ങൾക്കു് കഥകളിയും തുള്ളലും വേണമെന്നു് ഏൎപ്പാടുവച്ചതും, അതിലേക്കു് മാത്തുർപണിക്കരെ ചുമതലപ്പെടുത്തിയതും ഈ മഹാരാജാവാണല്ലോ. അവിടുന്നുതന്നെ രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗന്ധൎവവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, നരകാസുരവധത്തിൽ പാതി ഇങ്ങനെ ഏഴിൽ പരം കഥകൾ രചിച്ചിട്ടുണ്ടു്. അവയൊന്നും സാഹിത്യഗുണം കുറഞ്ഞവയുമല്ല. കോട്ടയം തമ്പുരാന്റെ കൃതികൾ അവിടുത്തേയ്ക്കു പരിചിതങ്ങളായിരുന്നു എന്നു് കല്യാണസൗഗന്ധികാദി കഥകൾ വായിച്ചുനോക്കിയാൽ അറിയാം. മൈസൂർപ്പട പുറപ്പെട്ടകാലത്തു് കോട്ടയത്തെ മൂത്തരാജാവു് തിരുവനന്തപുരത്തുവന്നു് തിരുമനസ്സിനെ അഭയംപ്രാപിക്കയുണ്ടായിട്ടുമുണ്ടല്ലോ.
കാർത്തികതിരുനാൾ തമ്പുരാന്റെ കവിതാദേവി പ്രായേണ പ്രസന്നയും ഉല്ലാസവതിയും എന്നാൽ അല്പം ലജ്ജാവതിയുമാണു്. കോട്ടയംതമ്പുരാന്റെ കൃതികൾക്കുള്ള പ്രൗഢി അവിടുത്തേ കഥകൾക്കില്ലെങ്കിലും നല്ല ഒഴുക്കും ശബ്ദഭംഗിയും ഉണ്ടു്. ഓരോ കഥയുടേയും ആരംഭത്തിൽ ശൃംഗാരപദം വേണമെന്നുള്ള ഏൎപ്പാടു് അവിടുന്നാണു് ആദ്യമായി നടപ്പാക്കിയതെന്നു തോന്നുന്നു.
രാജസൂയം ‘സുതദി സുരഭിലസുവേണീ സുകോകിലസമമൃദുവാണീ’ എന്നും, സുഭദ്രാഹരണം, ‘കല്യാണശീലേ യാജ്ഞേസേനി നീ സല്ലാപം ശൃണു മേ’ എന്നും ആണു് ആരംഭിച്ചിരിക്കുന്നതു്. മറ്റു കൃതികളിൽ ആ നിർബന്ധം കാണുന്നുമില്ല. സകലവിധ വേഷങ്ങളേയും ഘടിപ്പിച്ചിട്ടുണ്ടെന്നുള്ളതാണു് മറ്റൊരു വിശേഷം.
മാതൃകയ്ക്കായി ചില പദങ്ങളെ മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.
15.12 ശൈലവൎണ്ണനം
ധരണീധരനിഹ ഹൃദയേ മമ
തനോതി കൗതുകമധികമഹോ!
തരുണമിഹിരകരവിലസിതകിസലയ
വിവിധവിടപീചയസഹിതനതിരുചിരൻ.
അനവരതം മധു ചൊരിയുന്നു–ചില
വനനഗതടഭൂമിയിൽനിന്നു
വനമധികശോഭനം മിളിതവാരണം
രണിതമൃഗവരവിദ്രാവിതഹരിണം.
കനകശൃംഗതതി വിലസുന്നു–പല
കനകവൃക്ഷകുലമിളകുന്നു.
സുരകിന്നരീനിവഹമഞ്ജുഗൗനമിതി-
ലിന്നഹോ ലസിതഗന്ധമാദനേ.
കോകിലമിടയിട കൂകുന്നു–സഹ
കേകികുലങ്ങളുമാടുന്നൂ–ഇഹ
നാകനാരിമാർ മോദമൊടു സുര-
നാഥരൊടു മേവുന്നു സസുഖം.
മാരുതപൂരിതകീചകനിനദം-
മാമിഹ മോദയതീദം സുഖദം.
ചാരുചമരവും സാരസകുസുമവും
ഹീരമരതകാഞ്ചിതഭൂമിയുതം.കല്യാണസൗഗന്ധികം.
15.13 ദണ്ഡകം
ഇത്ഥം പറഞ്ഞു ജനയിത്രീം കുലാലനിലയത്തിൽ
നിവേശ്യ പരിചോടേ–ശശികുലവതംസ-
നിശിതരിപുഹിംസ–വിപുലതരമണിഭവന
വിനതിയൊടു വിലസുമൊരു നൃപസദനസവിധമുപയാതാഃ
രംഗേ തദാ സപദി ചെന്നങ്ങിരുന്നവർകൾ
തുഗേ മുദാ മുഖരഭൃംഗേ ദദൃശുരഥ ഭൂപാൻ
സ്മരസദൃശരൂപാൻ–മുരമഥനമതിമധുര
ഭരഹസിത ശുചിവദനമപി സഹജസഹിതമനുകൂലം.
അന്നേരമങ്ങു നൃപകന്യാ വരോരുജന-
മാന്യാ സഖീഭിരതിധന്യാം–രംഗഭൂവി ചെന്നു-
തുഗഭയമാർന്നൂ–രമ്യതരനിജകതനു
ഭംഗി ഭരമഖിലജനകണ്ണിനൊരു കുതൂകമയമാക്കീ
നിന്നോരുനേരമഥ ശൃംഗാരയോനീശര-
മെങ്ങും ചൊരിഞ്ഞു നൃപജാലേ–ആൎത്ത ി
ഭരമാൎനൂ –പാൎത്ഥ ിവവരന്മാർ പേൎത്തു മവർ
തരുണിഗാത്രരുചി പാൎത്തു നിജ-
നേത്രപരിപൂൎത്ത ിയൊടു ചേൎന്നു.പാഞ്ചാലീസ്വയംവരം.
15.14 ശൃംഗാരപദം
തരുണാരുണസരസീരുഹനയനേ വിധുവദനേ
തരുണി! വരികരികേ സുരരമണി! ശുകവാണി!
മന്ദാനിലചലിതം മധുമാസരുചിരമിദം
മന്ദേതരമിഹ കേൾ വിലസുന്നു വനമിന്നു.
ഇന്ദിന്ദിരനിവഹൈരഭിവലിതം കമലമിദം
ഇന്നിങ്ങതികുതുകം തേടുന്നു ഹൃദി നന്നു.
ചന്തം ചിന്തുന്നു ശശികിരണങ്ങളിൽനിന്നു
ചെന്താർശരനധികം വിലസുന്നു മമ നന്നു.
കുമുദം ബഹുസുഖദം കണ്ടാലിന്നധികമിദം
കമനീയമിതധുനാ മരുവുന്നു സഹ വിധുനാ
അധരാമൃതരസമിന്നയി വിതരാശു നീ സരസം
അധികം തവ മണിതം രതിരുചിരം കുരുചതുരം.ഗന്ധൎവവിജയം.
15.15 ദേവീസ്തുതി
‘ബവ്യചരിതേ ഭിക്ഷാം ഭവതി ദേഹി [3]
നവ്യമണിഗണഭൂഷണോത്തമഭൂഷിതേ ഭവ കുടുംബിനി!
കഞ്ജവിലോചനേ കരകലിതമഞ്ജുളകമലകോരകേ!
കഞ്ജബാന്ധവസദൃശഹാടകകുണ്ഡലേ കമനീയരൂപിണി
മഞ്ജുവാണി മനോഹരാംബൂദവേണീ കിസലയരുചിരപദയുഗളേ!
പഞ്ചബാണവിരോധി വാമകളേബരേ ഭവഭയവിനാശിനി
പൎവതേന്ദ്രകുമാരികേ പുരവൈരിഹൃദയസരോജഹംസേ!
സ്വൎവധൂപരിവാരിതേ സുരവൈരി ഹാരണകാരണേ നത-
സൎവവപാപവിമോചനേ സതി സകലശോകവിനാശകാരിണി
പൂൎവദേവനിസുംഭസുംഭനിഷൂദനേ പുരുഹൂതവിനുതേ!
നളിനഭവഗതഭയമോചിനീ നിഖിലഗുണഗണവാസിനീ
മണീവലയഭൂഷിതകരയുഗേ, വര-
കനകകുലശസുശോഭികചയുഗേ–കുലിശധര
മണിമയകാന്തിവിരാജിതേ കരഭോരുജനനീ!
കലശഭവമുഖമുനിഗണാഞ്ചിതദിവ്യപാദസരോജയുഗളേബകവധം.
15.16 പോർവിളി
൧. ‘പോരിനാശു വരിക ദുൎമ്മതേ!
പോരിനാശു വരിക ദുൎമ്മതേ.
ക്ഷത്രിയാധമനീയെന്നൊടത്രനിന്നു പൊരുതവെങ്കിൽ
ശസ്ത്രധാരകൊണ്ടു നീ നികൃത്തനാകുമതിജവാൽ.
ഹന്ത നിന്റെ ഭുജബലങ്ങളറിയുമിന്നു ഞാനെടാ
അന്തകന്റെ പുരിയിലിന്നു നിന്നെയാക്കുവാൻ ദൃഢം.’ സുഭദ്രാഹരണം.൨. ‘രാത്രിഞ്ചരവനിതേ നീ മോചയ
വൃത്രവൈരിപുരകാമിനിമാരെ.
ചിത്രം തവ ചേഷ്ടിതമോൎത്ത ാലിഹ
പത്രിഗണങ്ങൾക്കൂണാകുന്നീ.
അമരാവതിയായീടും പുരിയിലധുനാ
വരുവാനേവനതുള്ളൂ?
അമരവൈരിതരുണിയതാം നിന്നെ
പരിചൊടു ബന്ധിച്ചീടും ഇന്നെ.’നരകാസുരവധം.
നരകാസുരവധമാണു് തമ്പുരാന്റെ ഒടുവിലത്തേ കൃതി. അതു പൂൎത്ത ിയാക്കിയതു് അശ്വതിതിരുനാൾ തമ്പുരാനാണെന്നു പറഞ്ഞുവരുന്നു. അതു വാസ്തവമാണെങ്കിൽ ഈ ആട്ടക്കഥകളെല്ലാം ൯൬൯-ാമാണ്ടിനു മുമ്പു് രചിക്കപ്പെട്ടവയായിരിക്കണം. ൯൭൩ കുഭം ൬-ാംനു ശിവരാത്രിദിവസം ഒരു മണിക്കും രണ്ടുമണിക്കും മധ്യേയാണു് അവിടുന്നു നാടുനീങ്ങിയതു്.
15.17 അശ്വതിതിരുനാൾ എളയതമ്പുരാൻ
ഈ തിരുമേനി ൯൩൧-ൽ തിരുവവതാരം ചെയ്തു. കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാനായിരുന്നു അവിടുത്തേ പിതാവു്. ആ കോയിത്തമ്പുരാൻ ഒരു മഹാവിദ്വാനായിരുന്നതിനാൽ, പുത്രന്റെ ദ്വേധാഗുരുസ്ഥാനം അദ്ദേഹം വഹിച്ചു. എന്നാൽ ‘ശ്രീമച്ഛങ്കരനാരായണഗുരുചരണപരിചരണപ്രാപ്തവിദ്യാവൈശദ്യേന’ എന്നു് ശൃംഗാരസുധാകരംഭാണത്തിൽ സംസ്മരിക്കപ്പെട്ടിരിക്കുന്ന ശങ്കരനാരായണസൂരി ആയിരുന്നിരിക്കാം അദ്ദേഹത്തിന്റെ പ്രധാന ഗുരു. ൯൪൬-ൽ ആറ്റുങ്ങൾ വച്ചു് അവിടുത്തെ തിരുമാടമ്പു നടന്നു. അവിടുന്നു പട്ടും പരിവട്ടവും ഇട്ടതു് ഉളിയാഴത്തുറ അയ്യറത്തലവീട്ടിലെ ഒരു സ്ത്രീരത്നത്തെ ആയിരുന്നു എന്നു മാത്രം അറിയാം. ൯൬൯ ധനു ൨൬-ാനു ഈ പുണ്യശ്ലോകൻ ദിവംഗതനായി.
അശ്വതിതിരുനാൾ തമ്പുരാൻ സംസ്കൃതത്തിൽ വഞ്ചി മഹാരാജാസ്തവം, സന്താനഗോപാലം, കാൎത്ത വീര്യവിജയം എന്നി പ്രബന്ധങ്ങൾക്കു പുറമേ രുക്മിണീപരിണയം നാടകവും, ശൃംഗാരസുധാകരംഭാണവും രചിച്ചിട്ടുണ്ടു്. മികച്ച കവിതാവാസനയുടേയും ഉറച്ച വ്യുൽപത്തിയുടേയും പരിണിതഫലങ്ങളാണു് ഈ കാവ്യതല്ലജങ്ങൾ. സരസങ്ങളായ ആശയങ്ങളെ മധുരമധുരസാർദ്രമായ വാക്കുകളിൽ പൊതിഞ്ഞു രചിച്ചിട്ടുള്ള നാലു് ആട്ടക്കഥകളും അവിടുന്നു നമുക്കു സമ്മാനിച്ചിട്ടുണ്ടു്. അവ കോട്ടയംതമ്പുരാന്റെ കൃതികളേക്കാൾ ഒട്ടും താഴെയല്ല. കാവ്യഗുണത്തെ സംബന്ധിച്ചിടത്തോളം അവ കുറേക്കൂടി ഉച്ചശ്രേണിയിലാണു് സ്ഥിതിചെയ്യുന്നതെന്നു പോലും പറയാം. ദ്രാക്ഷാപാകത്തിലുള്ള ആ നാലു കവിതകളും സഹൃദയഹൃദയരഞ്ജനം ചെയ്തുകൊണ്ടു് ഇന്നും ജീവിക്കുന്നു.
കാൎത്തികതിരുനാൾ തമ്പുരാൻ,
‘അൎണ്ണോജാക്ഷികളെ ഹരിച്ചൊരു നിൻ
കൎണ്ണനാസികാകുചകൃന്തനമിഹ
തൂൎണ്ണം ചെയ്‍വൻ കണ്ടുകൊൾക നീ’
എന്നുവരെ ഓലയിൽ എഴുതിവച്ചിട്ടു് ആശയം അവസാനിച്ചു പോകയാൽ, അടുത്ത വരിക്കു് എവിടെപ്പോകേണ്ടൂ എന്നുള്ള ആലോചനയോടുകൂടി അതിനെ മേശപ്പുറത്തു വച്ചിരുന്നതായും മഹാരാജാവു് ഇല്ലാതിരുന്ന അവസരത്തിൽ അശ്വതിതിരുനാൾതമ്പുരാൻ അവിടെ എഴുന്നള്ളി മേശപ്പുറത്തു ഇരുന്ന ഓലയും നാരായവും എടുത്തു്
‘നൎണ്ണയമതിനുണ്ടു മേ കരാളേ’
എന്നു പൂരിപ്പിച്ചുവച്ചിരുന്നതായും മഹാരാജാവുതിരുമനസ്സുകൊണ്ടു സന്തോഷിച്ചു് “അപ്പനു നല്ല വാസനയുണ്ടു്. ബാക്കിയും അപ്പൻ തന്നെ തീൎക്കണം’ എന്നു് അരുളിച്ചെയ്തതായും ഒരു കഥയുണ്ടു്. അങ്ങനെയാണത്രേ നരകാസുരവധം അവിടുന്നു് പൂരിപ്പിക്കാൻ ഇടയായതു്. മാഘൻ, മുരാരി, ഭവഭൂതി മുതലായ കവികളെ അവിടുന്നു് ഉപജീവിച്ചുകാണുന്നു. ഈ രാജകവികളെ അവിടുന്നു് ഉപജീവിച്ചുകാണുന്നു. ഈ രാജകവി കോട്ടയത്തുതമ്പുരാനെ അനുകരിച്ചിട്ടുണ്ടെങ്കിൽ, കിളിമാനൂർ വിദ്വാൻകോയിത്തമ്പുരാൻ, കേരളവൎമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രൗഢകവികൾ അവിടുത്തെ കാവ്യ സരണിയേത്തന്നെയാണു് പിന്തുടൎന്നിട്ടുള്ളതു്.
അശ്വതിതിരുനാൾ തമ്പുരാന്റെ സംസ്കൃതശ്ലോകങ്ങൾക്കുള്ള മനോഹാരിത ഒന്നു പ്രത്യേകം തന്നെയാണു്.
‘സോൽക്കണ്ഠം കളകണ്ഠകണ്ഠമുരളീനാളീഗളൽപഞ്ചമേ
കിഞ്ചിൽകിഞ്ചിദുദഞ്ചിതലതാസരമെന്നകുഞ്ജാന്തരേ
പ്രാചീനാചലമൗലിമണ്ഡനവിധിം പ്രാപ്തം വിധോൎമ്മണ്ഡലം
ദൃഷ്ട്വാ തുഷ്ടമനാ ജഗാദ നൃപതിഃ പ്രേമാകുലാഃ പ്രേയസീഃ’
എന്ന രുക്മിണീ സ്വയംവരത്തിലേയും,
‘ഗാഢോൽക്കണ്ഠവിലാസിജാലവിവിധക്രീഡാനിദാനേ ദിനേ
സദ്യഃസ്വീകൃതവിക്രിയാ ന ഭുവനേ വാസന്തികേ സന്തി കേ
ഇത്യാലാപിനി കോകിലാരവിമിഷാൽ കേളീവനേ ജാതുചി-
ദ്രാജാ നിർജ്ജിതരാജരാജവിഭവഃ പ്രോചേ വചഃ പ്രേയസീം.’
എന്ന അംബരീഷചരിതത്തിലേയും,
‘സ്വൈരം കൈരവബന്ധുബന്ധുരകരശ്രേണീകൃപാണീലതാ
ലൂനപ്രൗഢതമസ്തമാലഗഹനേ ഹാലാം പിബൻമോഹനേ
മാദ്യൽ കോകിലകാമിനീ കളവചോവാചാലിതാശാന്തരേ
രേമേ രൈവതകാചലേ സഹ വധൂജാലേന നീലാംബരഃ’
എന്ന പ്രൗണ്ഡ്രകവധത്തിലേയും ശ്ലോകങ്ങൾ നോക്കുക. ഇവ എല്ലാം,
‘മാധുര്യവ്യഞ്ജകൈവൎണ്ണൈ രചനാ ലളിതാത്മികാ
ആവൃത്തിരല്പവൃത്തിവാ വൈദർഭീ രീതിരിഷ്യതേ’
എന്ന ലക്ഷണമനുസരിച്ചു് വൈദർഭീരീതിയിലുള്ളവയാണെങ്കിൽ,
‘ജ്യാഘാതശ്രേണിജാഗ്രൽ ഭൂജഭൂജഗരസഞ്ജായിതാസിപ്രകാണ്ഡ
വ്യാലീഢപ്രൗഢവൈരിക്ഷിതിരമണഗണപ്രാണവാതപ്രരോഹഃ
മധ്യേ യുദ്ധം നിയുദ്ധ്യദ്രുതമഥയവനാൻ ദീർഘനിദ്രാം നനീഷുർ-
ബദ്ധാടോപം ബഭാഷേ പ്രഥിതഭുജമദാഡംബരാനംബരീഷഃ’
എന്നിങ്ങനെ ഓജഃപ്രകാശകമായ ഗൗഡീരീതിയിലും അവിടുന്നു് അതിശയിക്കതന്നേ ചെയ്യുന്നു.
15.18 രുക്മിണീസ്വയംവരം
ധൎമ്മശീലശിഖാമണിയും ‘അശേഷധരണീപതിചക്രചക്രവിക്രാന്തവിശ്രുതയശാ’വുമായ ഭീഷ്മകൻ ‘കളകണ്ഠകണ്ഠമുരളീ നാളീഗളൽപഞ്ചമ’വും ‘കിഞ്ചിൽ കിഞ്ചിദുദഞ്ചിതാഞ്ചിതലതാസഞ്ഛന്ന’വുമായ കുഞ്ജാന്തരത്തിൽവച്ചു്, ‘പ്രാചീനാചലമൗലിമണ്ഡലവിധിയെ പ്രാപിച്ച വിധുമണ്ഡലം കണ്ടിട്ടു് സന്തുഷ്ടചിത്തനായി, പ്രേമകുലരായ തന്റെ പ്രേയസിമാരോടുകൂടി രമിക്കുന്നു.
‘പരധരണീപതിവരനികരേണ
പരിലാളിതപദകമലകരേണ
പരിശീലയ മലയാചലപവനം
പരിചലിതാഖിലനവനീപവനം
മീലതി കമലവനം ഗുണവസതേ!
ലോലവിലോചനനിൎജ്ജ ിതമിവ തേ
വിധുകരവിദലിതകുവലയപടലം
വിലസതിമദചലമധുകരചടുലം
കുചകലശോപരി കുങ്കുമമകരം
രചയ ജനാന്തരമോഹനചതുരം.
കചനിചയം കുരു സുമനോരുചിരം
കലയ മയാ സഹ രതിപതിസമരം
മധുരജനീസമയം രമണീയം
വിധുമുഖ! വാഞ്ഛതി രമണീയം’
എന്നിങ്ങനെ ശൃംഗാരപദങ്ങളിൽ അവിടുന്നു് ജയദേവനെയാണു് അനുകരിച്ചു കാണുന്നതു്. വാണീദേവി അവിടുത്തെ ജിഹ്വാഗ്രത്തിൽ തുള്ളിക്കളിക്കുമ്പോലെ തോന്നുന്നു. ആദ്യക്ഷരപ്രാസം, കേരളപ്രാസം, അന്തനുപ്രാസം, മഹാരാഷ്ട്രപ്രാസം ഇത്യാദി പ്രാസങ്ങളെല്ലാം പ്രയോഗിക്കുന്നതിൽ ഇക്കവി വിരുതനാണു്. അവയ്ക്കുവേണ്ടി അൎത്ഥ ത്തെ കൊല്ലേണ്ട ആവശ്യവും അദ്ദേഹത്തിനു നേരിട്ടുകാണുന്നില്ല.
‘കലയ മയാ സഹ രതിപതിസമരം’ എന്നിങ്ങനെ നായികയെക്കൊണ്ടു് രതിപ്രാൎത്ഥ ന ചെയ്യിപ്പിച്ചിരിക്കുന്നതു് അവാചീനന്മാരായ ചില നിരൂപകന്മാൎക്കു ് രസിക്കുന്നില്ലെന്നു തോന്നുന്നു. നാടകങ്ങളിലാണെങ്കിൽ ഇതു തീരെ വർജ്യമാണെന്നു പറയാം. നായികമാർ രഹസ്സിങ്കലും തുറന്നു് രതിപ്രാൎത്ഥ ന ചെയ്യാറില്ലെന്നുള്ളതു പരമാൎത്ഥ മാണു്. എന്നാൽ അവർ ചേഷ്ടാവിശേഷങ്ങളാൽ തങ്ങളുടെ രതിവിഷയകമായ ഇംഗിതങ്ങളെ പ്രകാശിപ്പിക്കുമെന്നുള്ളതും വാസ്തവമാകുന്നു. മൂകാഭിനയമായ കഥകളിയിൽ ‘കലയ മയാ സഹ രതിപതി സമരം’ ഇത്യാദി വാക്കുകൾ ആംഗ്യരൂപത്തിൽ പരിണമിക്കുന്നതിനാൽ മേല്പറഞ്ഞ ആക്ഷേപം സാധുവാണെന്നു തോന്നുന്നില്ല.
ഭീഷ്മകൻ ‘വരരാമണീയകഗുണഗ്രാമാഭിരാമാകൃതി’യായ തന്റെ പുത്രി രുക്‍മിണിക്കു് തക്ക വരൻ ആരാണെന്നു് ആലോചിച്ചുകൊണ്ടിരിക്കെ, ‘ജടാകലാപഭസിതശ്രീ നീലകണ്ഠച്ഛവി’യായ നാരദൻ അവിടെ പ്രവേശിച്ചു്, അവൾക്കു യോഗ്യനായ വരൻ ദ്വാരാവതിയിൽ വാഴുന്ന ശ്രീകൃഷ്ണഭഗവാനാണെന്നു പറകയാൽ, അങ്ങനെതന്നെയാകട്ടെ എന്നു് അദ്ദേഹം നിശ്ചയിക്കുന്നു. പിതാവിന്റെ ഈ നിശ്ചയം അറിഞ്ഞു കോപാന്ധനായിത്തീൎന്ന രുക്‍മി,
‘ഭൂപവരനാകും തവ നന്ദിനയേ–ഇന്നു
ഗോപബാലപാശകനോ നൽകീടുന്നു?
ജാതിയെന്നതുമുണ്ടോ പാൎത്തു കാൺകിലിന്നു
പൂതനയേ ഹനിച്ചോരു പാപനാമവന്നു?’
എന്നു് ഭീഷ്മകനോടു ചോദിക്കുന്നു. അദ്ദേഹമാകട്ടേ,
‘വാസുദേവൻ തന്നൊടു മമ തമയ!
വൈരമിദമരുതരുതേ.
സജ്ജനവിരോധമരുതേ–മമ തനയ
സകലജനനിന്ദ്യമറിക.’
എന്നു് ഉപദേശിക്കുന്നുവെങ്കിലും,
‘എന്തു താവകകാമമെന്നാൽ വീര തവ
ചിന്തയതിനെന്തു്? ചെയ്വൻ’
എന്നുകൂടി സമ്മതിക്കുന്നു. രുക്‍മിയുടെ ഉപദേശം അനുസരിച്ചു് പിതാവു് തന്നെ ചേദിപനു നല്കാൻ പോകുന്നു എന്നുകേട്ടു് രുക്‍മിണി വിലപിക്കയും നന്ദാത്മജൻ തന്റെ നാഥനായ് വരുന്നതിനു് ദുൎഗ്ഗാദേവിയോടു പ്രാൎത്ഥ ിക്കയും ചെയ്യുന്നു.
ഇങ്ങനെ വിലപിച്ചു വിലപിച്ചും ഭൂഷാവിശേഷപരാങ്മുഖിയായും വൎത്ത ിക്കുന്ന ആ രാജകന്യ ഒരു ബ്രാഹ്മണനെ വരുത്തി അദ്ദേഹം മുഖേന തന്റെ അഭിലാഷത്തേയും അതിനു നേരിട്ടിരിക്കുന്ന വലുതായ പ്രതിബന്ധത്തേയും ഭഗവാനെ അറിയിക്കുന്നു. ബ്രാഹ്മണൻ ചെന്നു് ആ സന്ദേശത്തെ ശ്രീകൃഷ്ണനെ അറിയിക്കയും, അദ്ദേഹം,
‘തരുണീമണിയാമെന്നുടെ രമണിയെ
തരസാ കൊണ്ടിഹ പോന്നീടുന്നേൻ’
എന്നു വാഗ്ദാനം ചെയ്തിട്ടു് ദൂതനെ കുണ്ഡിനപുരിയിലേക്കു തിരിച്ചയയ്ക്കയും ചെയ്യുന്നു. ദൂതൻ മടങ്ങിവന്നു് ദേവിയെ വിവരം അറിയിക്കുന്നു.
സ്വയംവരദിവസം ഭഗവാനും വാഗ്ദാനമനുസരിച്ചു് കുണ്ഡിനപുരിയിൽ എത്തുന്നു. ഭീഷ്മകൻ അദ്ദേഹത്തെ യഥോചിതം സൽക്കരിക്കയും ചെയ്യുന്നു. നൃപസുതയേ ഹരിക്കാനായിട്ടാണു് ശ്രീകൃഷ്ണൻ വന്നിരിക്കുന്നതെന്നും ‘രാജവരൻ തന്റെ പുത്രിയെ ദ്രുതം വ്യാജേനകൊണ്ടങ്ങുപോമവൻ’ എന്നും ചേദിവംശശിഖാമണിയായ ദമഘോഷജൻ രാജാക്കന്മാരോടു പറയുകയും,
‘വീരരാം നാമിങ്ങിരിക്കവേ രണ-
ഭീരുവാം ശൗരി ഹരിക്കുമോ?
എങ്കിലവനെ ഹനിപ്പതിന്നൊരു
ശങ്കയില്ലിങ്ങു ധരിക്കണം.’
എന്നു് അവർ ഉറപ്പുകൊടുക്കയും ചെയ്യുന്നു. ഏതാനും ബ്രാഹ്മണർ പ്രവേശിച്ചു് കണ്ണന്റെ വരവിനേപ്പറ്റിയും മറ്റും അനുകൂലമായും പ്രതികൂലമായും വിമൎശനം ചെയ്യുന്നു സ്വയംവരമുഹൂൎത്ത വും അടുക്കുന്നു.
‘പഞ്ചബാണൻ തന്റെ ചാപവല്ലി’ പോലിരിക്കുന്ന ആ ‘രാജന്യപാളീഹൃദയകമലിനീരാജഹംസി’ സൎവാഭരണവിഭൂഷിതയായി ശ്രീപാൎവതീദേവിയെ വന്ദിപ്പാനായി ക്ഷേത്രത്തിലേക്കു പോകവേ ശ്രീകൃഷ്ണൻ വന്നു് തേരിലേറ്റിക്കൊണ്ടു പോകുന്നു. ആ സംഭവത്തെ വൎണ്ണിക്കുന്ന ശ്ലോകം ഒന്നുദ്ധരിച്ചുകൊള്ളട്ടേ.
മന്ദമന്ദമരവിന്ദസുന്ദരദൃശം ഗിരീന്ദ്രമുഹിതുഃ പദാ-
ദിന്ദിരാമിവ കരാഞ്ചലാഞ്ചിതമരന്ദസാന്ദ്രവനമാലികാം
കന്ദബാണവിജയശ്രിയം നൃപതിവൃന്ദമദ്ധ്യമുപസംഗതാം
സ്യന്ദനം സമധിരോപ്യ താം സമഭിനന്ദയൽ സ മധുസൂദനഃ.
അതു കണ്ടു് ശിശുപാലൻ ഭഗവാനെ എതിൎക്കു ന്നു. മറ്റു രാജാക്കന്മാരും എതിരിടുന്നു. എന്നാൽ രാജാക്കന്മമാരെല്ലാം മാധവായുധമേറ്റു് ഓടിക്കളയുന്നു. ഒരു ഭടൻ ചെന്നു വിവരം രുക്‍മിയെ ധരിപ്പിക്കവേ അയാൾ,
‘ഗോപബാലക ധീരനെങ്കിലോ
ചാപപാണിയായ് വരിക പോരിനായ്
കൂൎത്ത ശരങ്ങൾ കൊണ്ടിടുന്നേരം
ആൎത്ത നായ് ദൂരെ ധൂൎത്ത മണ്ടിടും.
ദക്ഷതയെല്ലാമിക്ഷണം കാണാം
സക്ഷതനായിട്ടിക്ഷിതൗ വീഴും’
എന്നു പറഞ്ഞുകൊണ്ടു് ഭഗവാനോടടുക്കുന്നു. ഭഗവാനാകട്ടെ അദ്ദേഹത്തെ തോല്പിച്ചു ബന്ധിക്കുന്നുവെങ്കിലും രുക്‍മിണിയുടെ പ്രാൎത്ഥ ന അനുസരിച്ചു മോചിപ്പിക്കുന്നു.
അനന്തരം മധുധ്വംസി രുക്‍മിണിയേയും കൊണ്ടു കടക്കുന്നതിനു യിയാസുവായിരിക്കേ, സ്പൎദ്ധാശാലികളായ രാജാക്കന്മാർ തടുക്കാൻ ഭാവിക്കുന്നതു കണ്ടു് ബലരാമൻ ‘ശാത്രവഗാത്രശോണിതഝരൈരാപാടല’മായ ലാംഗലത്തെ ചുഴറ്റിക്കൊണ്ടു്,
“കണ്ഠേതരതരസാ ഞാനരിവര-
കണ്ഠമരിവതും കണ്ടിടു വീര!
മാദ്യൽ പികമൊഴി രുക്‍മണിയെക്കൊ-
ണ്ടദ്യ മുകുന്ദൻ വരുമളവിൽ പഥി
ചൈദ്യാദികളാം ഭൂപാലന്മാർ
ഉദ്യോഗിച്ചു തടുത്തതുമൂലം
ഉൽക്കൂലഭുജപ്രൗഢിമ കലരും
ദിക്പാലന്മാർ വരികിലുമിന്നിഹ
മൽക്കഹലാഹതികൊണ്ടവരായുധ-
മൊക്കെ വെടിഞ്ഞു തിരിക്കും നിയതം.”
എന്നു സത്യകിയോടു പറയുന്നു.
‘കല്പാക്ഷേപാതിരൂക്ഷക്ഷുഭിതഘനഘടാ
നിഷ്ഠൂരാഘാതഭൂത-
ധ്വാനസ്പർദ്ധ്യട്ടഹാസപ്രകടിത നിജ ദോൎദ്ദണ്ഡ-
ചണ്ഡപ്രതാപ’
നായ മാഗധൻ ‘കൃഷ്ണാഭ്രാദ ഭ്രശോഭാമദഭരഭിദുരഭ്രാജമാനപ്രതീക’നായ ശ്രീകൃഷ്ണനെ തടയുന്നു. ഭഗവാനാകട്ടെ ദേവിയേയും കൊണ്ടു സ്വപുരം പ്രാപിക്കയും ചെയ്യുന്നു.
“കലയാമി ചാരുകലയാമിനീപതി
പ്രതിമാനനം കലിതമാനനം ജനൈഃ
അളികാന്തലോലദളികാന്തകുന്തളം
മഹദിന്ദ്രനീലമണിമേചകം മഹഃ.”
എന്ന മംഗളപദ്യത്തോടുകൂടി കഥയെ അവസാനിപ്പിക്കുന്നു. മുദ്രിതമായ ഈ കഥയുടെ ഒടുവിൽ ഒന്നുരണ്ടു യുദ്ധപ്പദങ്ങൾ കാണ്മാനില്ല.
15.19 പൗണ്ഡ്രകവധം
ഇതു കുറേക്കൂടി പ്രൗഢമായ ഒരു കഥയാണു്. ശ്രീകൃഷ്ണൻ സഗൎഭ്യസഹിതം, ‘നിഷ്പ്രതിമപ്രതാപഗരിമഭ്രാജിഷ്ണു’ക്കളായ വൃഷ്ണികളേയും പാലിച്ചു് ദ്വാരകയിൽ വസിക്കുംകാലത്തു് ഒരുദിവസം ജ്യേഷ്ഠനോടു്,
‘ശൈശവകാലേ പോഷിതരായ് നാം
യശോദാനന്ദന്മാരുടെ കൃപയാ.
ക്ലേശംപൂണ്ടവർ വാണീടുന്നു
കേവലമിഹ നമ്മുടെ വിരഹേണ.
ബന്ധുരമാം വചനംകൊണ്ടവരുടെ
സന്താപം തീൎത്ത ിടുവതിന്നായ്
നിന്തിരുവടിയുടെ തിരുമനതാരിൽ
ഹന്ത കൃപാലവമുണ്ടാകേണം.’
എന്നു പ്രാൎത്ഥ ിക്കുന്നു. ബലരാമൻ ‘സാധുതര’മായ ആ അപേക്ഷ കൈക്കൊണ്ടു് ഗോകുലത്തിൽ ചെന്നു് ‘ദുസ്സഹവിപ്രയോഗദഹനക്ലിഷ്ടനാ’യ നന്ദനെ വന്ദിച്ചിട്ടു്,
‘വക്ത്രാംഭോജമരന്ദസാന്ദ്രലഹരീ സന്ദോഹശങ്കാവഹ’ങ്ങളായ വ്യാഹാരങ്ങളാൽ അദ്ദേഹത്തിന്റെ ഹൃദയത്തെ ശിശിരീകരിക്കുന്നു.
‘മന്ദഹസനം തൂകി മധുരമൊഴിയെന്തു മമ
നന്ദനൻ ചൊന്നതുമമന്ദമിഹ ചെല്ക.
ഇങ്ങനെ വാഴുന്ന ഞങ്ങളെഗ്ഗോവിന്ദൻ
എങ്ങനെ കാണാതെയങ്ങു വാഴുന്നു?’
എന്നീ വാക്കുകളിൽ സ്ഫുരിക്കുന്ന പുത്രവാത്സല്യം അനപലപനീയമായിരിക്കുന്നു.
‘പ്രേമരസമിയലും ദാമോദരാനനം
താമസംകൂടാതെ താത കാണായ്വരും’
എന്നു പറഞ്ഞു്, അദ്ദേഹത്തിനെ സമാശ്വസിപ്പിച്ചിട്ടു് ഭഗവാൻ ബലരാമൻ യശോദയെ ചെന്നു കാണുന്നു.
‘കണ്ണനുടെ പൂമേനിയെന്നു കണ്ടു
കണ്ണുകൾ സഫലമാകുന്നു?
മുരവൈരിതന്റെ മൃദുവാദം കേൾപ്പാൻ
മനസി വളരുന്നു മമ മോദം’
എന്നുള്ള യശോദാപ്രശ്നത്തിനും അദ്ദേഹം മുൻപറഞ്ഞപോലെ മറുപടി പറയുന്നു.
വസന്തകാലമണയുന്നു. നീലാംബരൻ ‘കൈവരബന്ധുബന്ധുരകരശ്രേണീകൃപാണീലതാലൂനപ്രൗഢതമസ്തമാലഗഹന’വും ‘മാദ്യൽ കോകിലകാമിനീ കളവചോവാചാലിതാശാന്തരവു’മായ രൈവതകാചലത്തിൽ സ്വപത്നിമാരോടുകൂടി രമിക്കുന്നു. അടുത്ത രണ്ടു ശൃംഗാരപദങ്ങളും അത്യന്തം മനോജ്ഞമായിരിക്കുന്നു.
‘മാധവസമയമിദം മധുരതരം മധുമൊഴിമാരേ കണ്ടാലും!
സാധുശീലമാരേ നാം സമ്പ്രതി മദനനെ
ആരാധനം ചെയ്വാനാരാമേ പോകയല്ലീ,
സുന്ദരിമാരേ വിപിനം കാണ്ക സുരഭിലമതിവിജനം,
മന്ദമാരുതവീജനം മദനദഹനദീപനം,
കുന്ദലതാഗൃഹമതിരുചിരം കുസുമലളിതമധുരസശിശിരം,
ചന്ദ്രകരാങ്കുരവിശദതരം ചടുലപികാഞ്ചിതരവമുഖരം
നന്ദനവിപിനവിനിന്ദിതമിതു കുരുവിന്ദരുചിരുചിരകന്ദള നികരം,
കനകകമലകലികം നല്ല കമനീയമണിവാലുകം
മനസിജ ജയസാധകം നല്ല കമനീയമണിവാലുകം
വനതടഭൂവി കമലാകരം വരതനു കാൺക മനോഹരം
ഘനമദമധുകരമേദുരം കളകളഹംസവിഭാസുരം
അനുപമമിതിനുടെയനുതടമഴകിനൊടനവധി വിഹരതി വനമൃഗവിസരം.’
15.20 നായികമാരുടെ പദം
‘പ്രാണനായക ശൃണു മമ വചനം
ഏണാങ്കസമവദന–കാണുക മാധവകാലവിലാസം.
മാലതീലതകളാം മാനിനിമാരാലനു-
വേലമഞ്ചിതനായി കുസുമകുലേന
ലോലംബഗാനലോലസാരംഗമതിലേറി
മാലേയപവനാനൻ മന്ദമിതാ വരുന്നു.
വർണ്ണവിജിതഹേമവർണ്ണയായ്‍വിലസുന്നു
കർണ്മികാരമഞ്ജരി കാൺകയീ വിപിനേ.
പൂർണ്ണയൗവനമധുസംഗതവനികയുടെ
കർണ്ണയുഗകലിത കൎണ്ണകിന്യെന്നു തോന്നും.
ശ്യാമളാങ്കമെന്നിതു ശങ്കയെന്തിനു വൃഥാ?
വ്യോമതളിമം തന്നിൽ യാമിനീരമണി
കാമകേളികൾ ചെയ്തു കാമം തളർന്നതിനാൽ
സോമനുടെയുരസി സ്വൈരം ശയിച്ചീടുന്നു.’
ശബ്ദങ്ങളുടെ പരസ്പരമുള്ള ഇണക്കമാണല്ലോ ശയ്യ. ഈ മാതിരി ഒരു ശയ്യാവിശേഷം അപൂൎവ്വം ചില ഭാഷാകവികളുടെ കൃതികളിലേ കാണ്മാനുള്ളു. പിൽക്കാലത്തേ കഥകളികൎത്ത ാക്കന്മാരിലധികം പേരും അശ്വതിതിരുനാൾ തമ്പുരാനെ അനുകരിക്കയാലാണു്, ശൃംഗാരപദങ്ങളിൽ ഒട്ടു മുക്കാലും ഒരേകരുവിൽ വാൎക്കപ്പെട്ടവയെന്നപോലെ തോന്നിക്കുന്നതു്.
നീലാംബരൻ ഇങ്ങനെ രമിച്ചുകൊണ്ടിരിക്കുന്നതു് വപുഷ്മാനായ സാക്ഷാൽ ദൎപ്പമോ എന്നു തോന്നുമാറുള്ള ഒരു കപി കണ്ടിട്ടു്,
‘ചാരുചപലാലുളിതശാരദഘനംപോലെ
നാരീപരിവാരനിവനാരഹോ ധീരൻ?’
എന്നു വിസ്മയിക്കുന്നു. ഒടുവിൽ,
‘മിത്രമാമെന്നുടെ ധാത്രീസുതന്റെ ഗള-
കൎത്ത നം ചെയ്ത യദുധൂൎത്ത ാഗ്രജനിവൻ’
എന്നു മനസ്സിലാവുകയാൽ,
‘ഉന്നതബലേന ഞാൻ ചെന്നവനെയാഹവേ
കൊന്നനൃണനായിങ്ങു വന്നീടുവനധുനാ.’
ഇങ്ങനെ നിശ്ചയിച്ചുകൊണ്ടു് അവൻ ബലരാമനെ ആക്രമിക്കുന്നു. യുദ്ധത്തിൽ വിവിദൻ ഹനിക്കപ്പെടുന്നു.
നരകാശ്രയണോചിതക്രിയോ-
പ്യഭജദ്രാമഹതോ ദിവം കപിഃ
നിധനാദപി താരയന്തി ഹി
സ്പൃഹണീയാ മഹതാം സമാഗമാഃ.
ഇങ്ങനെ ഇരിക്കേ ഒരു ദിവസം കുരൂശപതിയായ പൗണ്ഡ്രകൻ ദ്വാരകയിലേക്കു് ഒരു ദൂതനെ അയച്ചു് ഇങ്ങനെ അറിയിക്കുന്നു.
“പാരാവാരശായിയാം പത്മാവല്ലഭൻ ദേവൻ
പാരിടം പാലിപ്പാനവതാരംചെയ്തു ഞാനെ-
ന്നോരോന്നേ നിനച്ചഹങ്കാരമുള്ളിലുണ്ടാക
കാരണം നിജ ധൎമ്മകൎമ്മ വിചാരവിമുഖനായ്-
ദ്ധരിച്ചൊരു ചാരുരഥാംഗഗദാംബുരുഹാദി മദം
കളക വിശങ്കം
കല്യതയോൎക്കിലിതു വല്ലവതരുണിമാ-
രെല്ലാവേരുമഭിനന്ദിക്കും–അവരുടയ
വല്ലഭമാർ വന്നു വന്ദിക്കും–അതു മാത്രമല്ലാ-
തില്ല ഫലമൊരു തെല്ലു മതിലിഹ
നല്ലതിതു തവ പാൎക്കിലെൻപദ-
പല്ലവതല്ലജമാശ്രയ ജഗദവലംബം
വിഹതവിളംബരം”
ഈ നിന്ദാവചനം കേട്ടു് സാത്യകി കോപാന്ധനായിട്ടു്
‘പുഷ്കരലോചനനാം ഭഗവാന്റെ തിരസ്കൃതി കേട്ടുളവായ
ദുഷ്കൃതി കളവതിനവനുടെ രുധിരേ നിഷ്കൃതിരാപ്ലവനം’
എന്നു് പറഞ്ഞയയ്ക്കുന്നു. ഭഗവാനാകട്ടെ, ഗരുഡനെ സ്മരിക്കയും ഗരുഡൻ പ്രത്യക്ഷനാവുകയും ചെയ്യുന്നു.
‘കൂൎത്ത ശരാഹതികൊണ്ടിന്നവരുടെ
മൂൎത്തി പിളൎന്നുടനേ രണഭൂമൗ
കാൎത്ത ാന്തികപുരദൂതന്മാരുടെ
വാൎത്ത ാകരനായാകീടണം’
എന്നു് ഭഗവാൻ ഗരുഡനോടു് പറഞ്ഞുകൊണ്ടിരിക്കേ, പ്രൗണ്ഡ്രകന്റെ രണ്ടു കിങ്കരന്മാർ വന്നു് ആക്രമിക്കുന്നു. പക്ഷീന്ദ്രൻ അവരെ രണ്ടുപേരെയും സസൈന്യം ഹനിക്കുന്നു. അനന്തരം കുരൂശാധിപതി യുദ്ധത്തിനു വന്നടുക്കുന്നു. ആ യുദ്ധഫലത്തെ കവിതന്നെ വൎണ്ണിക്കട്ടേ.
‘നികൃത്താതിമത്തേഭരക്തൗഘ തൃപ്ത-
പ്രമത്തോന്നതോത്താള വേതാളനൃത്തേ
കുരൂശാധിനാഥേ രണേ ശൗരിണാഥോ-
രുഷാനായി നിദ്രാമനുത്ഥാനമുദ്രാം’
പിളൎക്കപ്പെട്ട ആനത്തലവന്മാരുടെ രക്തസമൂഹം കുടിച്ചു് തൃപ്തിയടഞ്ഞ വേതാളങ്ങൾ തുള്ളിക്കളിച്ചുകൊണ്ടിരിക്കുന്ന ആ യുദ്ധഭൂമിയിൽ വച്ചു് അവൻ ‘അനുത്ഥാനമുദ്ര’യായ അതായതു് ഒരിക്കലും ഉണൎന്നണീല്ക്കാത്തതായ നിദ്രയിലേയ്ക്കു നയിക്കപ്പെട്ടുവത്രേ.
കോട്ടയംകൃതികളിലെപ്പോലെയുള്ള യമകപ്പണിയിലും ഇക്കവി ചതുരൻതന്നെയാണു്. നോക്കുക:
‘സഹസൈസ്സഹസൈനികൎന്നിനീഷുഃ
പരമന്തം പരമന്തമംബുജാക്ഷഃ
വിനതോ വിനതോത്ഭവം നിദദ്ധ്യൗ
സുമനോഭിസ്സുമനോഭിരാമകീൎത്ത ിഃ.’
പിതാവിന്റെ മരണത്താൽ ദുഃഖിതനായ സുദക്ഷിണൻ ശ്രീകൃഷ്ണനോടുള്ള പക വീട്ടുന്നതിനു വേണ്ടി ശിവനെത്തപം ചെയ്തു് പ്രത്യക്ഷപ്പെടുത്തുന്നു.
‘തൂർണ്ണം ദക്ഷിണമാഭിചാരവിധിനാ വഹ്നി സമാരാധയ
സാകല്പം തവ സാധയിഷ്യതി.’
എന്നുപദേശിച്ചിട്ടു് ശിവൻ മറയുന്നു.
അങ്ങനെ ആരാധിക്കപ്പെട്ട അഗ്നിയിൽ നിന്നു് കരാളയായ കൃത്യ ആവിർഭവിച്ചിട്ടു്,
‘ചണ്ഡവിക്രമയാകും മമ ഭുജ-
ദണ്ഡം കൊണ്ടു പിടിച്ചു നിബന്ധിച്ചു
ചണ്ഡദീധിതിതന്നെയോ? ചൊല്ലുകാ-
ഖണ്ഡലനെയൊ? കൊണ്ടുവരേണ്ടതു.’
എന്നു ചോദിച്ചപ്പോൾ,
‘വിപ്രിയം ചെയ്ത ഗോപനൃശംസനെ
ക്ഷിപ്രമങ്ങു ഗമിച്ചു ഹനിക്ക നീ.’
എന്നു സുദക്ഷിണൻ അപേക്ഷിക്കുന്നു.
കൃത്യയുടെ വരവു കണ്ടിട്ടു് ദ്വാരകാവാസികളായ ബ്രാഹ്മണർ ഇങ്ങനെ വിചാരം തുടങ്ങി:
എന്തഹോ! ഭൂസുരന്മാരേ എന്തഹോ!
ചണ്ഡമാരുതൻ വരുന്നു–ജഗ-
ദണ്ഡമാകെയിളകുന്നു–ഖഗ-
ഷണ്ഡമോടവനിമണ്ഡലേ–വിടപി-
മണ്ഡലങ്ങളില-
കാണ്ഡേ വീണിടുന്നതെന്തഹോ!
ലോലവീചികൊണ്ടുയർന്നു–തിമി-
ജാലമാകെയുഴലുന്നു–നിജ
വേലയും വെടിഞ്ഞു വാരിധിയുമതി-
വേലമാകുലതപൂണ്ടു കണ്ടിടുന്നതെന്തഹോ!
ഭഗവാന്റെ, ‘സുരാരികണ്ഠകദളീകാണ്ഡാടവീകൎത്ത നക്രീഡാജസ്രവിനോദസാധകതമ’മായ ചക്രായുധം സുദക്ഷിണനെ ഹനിക്കയും കൃത്യയിൽനിന്നുള്ള ഭയത്തെ ശമിപ്പിക്കയും ചെയ്യുന്നു.
15.21 അംബരീഷചരിതം
ഒന്നാമത്തെ രംഗത്തിൽ ‘ഭാനുകുലാബ്ധികൗസ്തുഭ’മണിയായ അംബരീഷൻ തന്റെ വല്ലഭയോടുകൂടി ഉദ്യാനം പ്രാപിച്ചു രമിക്കുന്നു. പരമഭാഗവതനായ അംബരീഷനെ ഒരു ശൃംഗാരക്കുഴമ്പായി അവതരിപ്പിച്ചതും ‘മഞ്ജുതരകുഞ്ജമിതുമദനകേളി ചെയ്വതിന്ന് അഞ്ജസാ പോക നാമംബുജവിലോചന’ എന്നു തൽപത്നികളെക്കൊണ്ടു നിർലജ്ജം പറയിപ്പിച്ചതും ഭംഗിയായില്ലെന്നു പറയുന്നുണ്ടു്. എന്നാൽ അംബരീഷൻ ഒരു ഭക്താഗ്രണിയാണെന്നല്ലാത് സൎവസംഗപരിത്യാഗിയാണെന്നു പുരാണങ്ങളിലെങ്ങും പറഞ്ഞിട്ടില്ലല്ലോ. കഥകളി ശോഭിക്കണമെങ്കിൽ ശൃംഗാരപ്പദം കൂടിയേ തീരൂ. കഥകളിരസികന്മാരുടെ ആവശ്യം പുരസ്കരിച്ചു മാത്രമായിരിക്കാം ഇങ്ങനെ ഒരു രംഗം വേണമെന്നു കവി നിശ്ചയിച്ചതു്.
രണ്ടാംരംഗത്തിൽ ഈ അംബരീഷൻ ‘നിർമ്മുക്തവൈരമൃഗയൂഥനിഷേവ്യമാണ’വും ‘നീരന്ധ്രശാഖികുലനിഹ്നുതഭാനുബിംബ’വും ആയ വസിഷ്ഠാശ്രമത്തിൽ ചെന്നു്,
‘പന്നഗേന്ദ്രശയനൻ മുകുന്ദൻ പ്രസന്നനായ്‍വരുവാൻ
കിന്നു കാര്യമതെന്തെന്നടിയനോടിന്നരുൾ ചെയ്ത’
എന്നു ഗുരുവിനോടു ചോദിക്കുന്നു. ദ്വാദശീവ്രതമനുഷ്ഠിക്കയാണു് കാര്യസിദ്ധിക്കുള്ള ഉപായമെന്നു വസിഷ്ഠൻ ഉപദേശിക്കയാൽ, ഒരു ദിവസം ‘അനന്തപദാംബുജപ്രസൃതമാനസമഞ്ജുമധുവ്രത’നായ അദ്ദേഹം മന്ത്രിയോടു്,
‘വാരിധികാഞ്ചിയാം ധരണിതന്നി-
ലാരഹോ പറക ഹരിചരണവിമുഖൻ?’
എന്നു ചോദിക്കുന്നു.
‘പാപരാം യവനന്മാർ പാരമുന്മദരായി
പാരതിൽ മരുവുന്നു പാൎത്ഥ ിവശിഖാമണേ’
എന്ന മന്ത്രിവാക്യം കേട്ടു്, അദ്ദേഹം സൈന്യസമേതം ചെന്നു് യവനന്മാരെ യുദ്ധത്തിൽ തോല്പിക്കുന്നു. മൈസൂർ പടയിളക്കത്തെ മനസ്സിൽ വച്ചുകൊണ്ടായിരിക്കണം ഈ പദം രചിച്ചതു്.
‘നിസ്ത്രിംശത്രുടിതശിരഃപരേതഭൎത്തു -
ന്നിസ്ത്രിംശം യവനകുലം വശം വിധായ
ഭൂതാനാം ഗരളരുധിരൈഃ പിപാസിതാനാം
ഭൂതാനാം സമിതി ബലിം ചകാര വീരഃ’
യവനരെ തോല്പിച്ചു് നിഗ്രഹിച്ച ശേഷം അംബരീഷൻ മധുവനത്തിൽ പ്രവേശിച്ചു്, ഭഗവദ്ധ്യാനംതന്നെ ജീവിതത്തിന്റെ പരമപ്രയോജനം എന്നു് മനസ്സിൽ കരുതിക്കൊണ്ടു്,
‘നാനാതരുപ്രസവലീതാളിനീനിവഹ
ഗാനാതിമോഹനതമാല’വും
‘കുസുമകുലസുരഭിലവും’ ആയ ഒരു കുടിലിൽ ചെന്നു പാൎക്കുന്നു.
മഹാവിഷ്ണുവിനെ ധ്യാനിച്ചു ധ്യാനിച്ചു് ‘നിരവധികസുഖജലധിനടുവി’ൽ അദ്ദേഹത്തിന്റെ ഹൃദയം മുഴുകുന്നു; കണ്ണിൽനിന്നു് ആനന്ദബാഷ്പം തെരുതെരെ പ്രവഹിക്കുന്നു; അദ്ദേഹത്തിന്റെ ശരീരം ‘പുളകഭരഘനകവചമിളിതമാ’യ് ഭവിക്കുന്നു.
ഇങ്ങനെ ഇരിക്കേ ദുൎവാസാവെന്ന ശിവഭക്തൻ അവിടെ വരികയും രാജാവു് അദ്ദേഹത്തിനെ യഥോചിതം സൽക്കരിച്ചിട്ടു്
‘ദ്വാദശിയാം ദിനമതിൽ സാദരം നീ വരിക
മോദം വളരുന്നു മമ ചേതസി മുനീന്ദ്ര!
പാരണ ചെയ്വതിനായ് നിൻ-
പാദയുഗം കൈതൊഴുന്നേൻ
… … …
കാളിന്ദീതടിനി തന്നിൽ കാമ്യകൎമ്മങ്ങൾ ചെയ്തുടൻ
കാലം വൈകിടാതെ മമ ചാലവേ വന്നാലും.’
എന്നു പ്രാൎത്ഥ ിക്കയും ചെയ്യുന്നു. മുനിയാകട്ടെ കുളിക്കാൻ പോയിട്ടു് യഥാകാലം വരായ്കയാൽ വിഷമിച്ചു്,
‘പാദനാഡിക പാൎക്കിലോ ദ്വാദശി കഴിക്കുമഗ്രേ
പാരണ ചെയ്യാകിൽ വ്രതപൂരണമെങ്ങനെ കൂടും?
താപസാതിക്രമം ചെയ്തിൽ പാപമുണ്ടല്ലോ പാരം
നിന്തിരുവടിയല്ലാതെന്തൊരവലംബം മമ?
പാഹിമാം ശൗരേ പാഹിമാം.’
എന്നു ഭഗവാനേ സ്മരിക്കുന്നു. അപ്പോൾ ഭാസുരാംഗന്മാരായ ചില ഭൂസുരന്മാർ വന്നുചേൎന്നു ്,
‘കേവലമംഭസ്സുകൊണ്ടു പാരണം
രണ്ടിന്നുമിതു ഭൂഷണം–ഇല്ലതിനൊരു
ദൂഷണം–വിരവിലറിക വീര.’
എന്നുപദേശിക്കയാൽ അദ്ദേഹം മുനിയേ കൂടാതെ പാരേണ വീട്ടുന്നു.
മുനിയാകട്ടെ തിരിച്ചുവന്നപ്പോൾ രാജാവു് പാരേണ വീട്ടിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞു് കോപാന്ധനായി തദ്വിനാശം വരുത്തുന്നതായി,
‘കാലപ്രമഥനഫാലവിലോചന
ലോലഹുതാശവിലാസവിലാസി
കരാളകളേബരകൃത്യാ
കാലാനിലനെ’
അദ്ദേഹം സൃഷ്ടിക്കുന്നു.
‘അതലേ ബത വിതലേ ഫണിബഹുലേ ബത സുതലേ
അതുലബലപടലവലിതവിലേശയ ജാലമപി ച
തൂലയാമി നിഖിലം
എന്ന വാക്കുകളോടു് മുനിയെ സമീപിച്ച കൃത്യയെ,
‘സഹസാ മമ വചസാത്ഭുതയശസാ ഭുജമഹസാ
അഹിതമിഹനിഹതമാഹവസീമ്നി വിധേഹി
യാഹി കാഹി തേ ചിന്താ? കരധൃതകരവാളേ!
രണത്തിനു പോക നീ കരാളേ.’
എന്നിങ്ങനെ അംബരീഷന്റെ നേൎക്കു് അയയ്ക്കുന്നു.
‘ഉദ്വൃത്തക്വണിതകപാലമാലഭൂരിഗ്രീവാഗ്രയും’ ‘കുചഗിരിശൃംഗഭഗ്നമേഘ’യും ‘വികടഗഭീരഗൎത്ത നേത്രയും’ ആയ ആ ഭയങ്കരി അട്ടഹസിച്ചുകൊണ്ടു് സമീപിക്കവേ വിഷ്ണുചക്രം ഏറ്റിടഞ്ഞു് അവളെ കൃതാന്തഗേഹത്തിൽ അയച്ചശേഷം ദുൎവാസാവിന്റെ നേൎക്കു തിരിയുന്നു. മുനിയാകട്ടെ, ഓടി ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു. ബ്രഹ്മാവു് ആ വിഷ്ണുചക്രം അടങ്ങുന്നതിനു്,
‘ചാരുചില്ലീലതാചാലനംകൊണ്ടഖില-
പാലനാദി ചെയ്യുന്ന പരമകല്യാണ’
നായ നാരായണനെ ഭജിക്കതന്നെ വേണം എന്നു പറഞ്ഞു് ഒഴിഞ്ഞുകളയുന്നു. പിന്നീടു് അദ്ദേഹം ‘ജഗതാം ശിവങ്കരനായ’ ശിവനെ ശരണം പ്രാപിക്കുന്നു. അദ്ദേഹവും ഒഴിയുന്നു. ഒടുവിൽ,
‘സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമനാമരസദാമകോമളരമാദൃഗഞ്ചലകലാഞ്ചിതം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയ ഹരം ഹരിം മുനിരാനനാമ വനമാലിനം.’
ഭഗവാനാകട്ടെ,
‘സാധുശീലരോടു വിരോധങ്ങൾ
ആധിഹേതുവെന്നോൎക്ക തപോനിധേ!’
അതുകൊണ്ടു് “എന്റെ ദാസനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കയേ നിൎവാഹമുള്ളു” എന്നു് ഉപദേശിക്കയാൽ, അദ്ദേഹത്തിന്റെ അടുത്തു ചെന്നു് ക്ഷമാപ്രാൎത്ഥ ന ചെയ്യുന്നു. അനന്തരം അംബരീഷന്റെ പ്രാൎത്ഥ ന അനുസരിച്ചു് ചക്രം പിൻവാങ്ങുന്നു. മുനി മഹാവിഷ്ണുവിന്റെ ഭക്തന്മാൎക്കു ള്ള വൈഭവത്തെ വാഴ്ത്തുന്നു.
ഈ കഥയുടെ ആരംഭം മുതൽ യവനന്മാരുടെ നിഗ്രഹം വരെയുള്ള ഭാഗവും കൃത്യയുടെ പുറപ്പാടും കവികല്പിതങ്ങളാണു്. ബാക്കി എല്ലാം ശ്രീമദ്ഭാഗവതം ഒൻപതാം സ്കന്ധത്തിലെ നാലും അഞ്ചും അദ്ധ്യായങ്ങളുടെ സംക്ഷേപമാണു്.
15.22 പൂതനാമോക്ഷം
ആടാൻ കൊള്ളാവുന്ന കഥകളുടെ കൂട്ടത്തിൽ അത്യുന്നതമായ ഒരു സ്ഥാനം ഈ കൃതി വഹിക്കുന്നു. ഇക്കഥ അഭിനയിച്ചുകണ്ട ആസ്ത്രേലിയദേശീയനായ ഒരു നടനകലാവിദഗ്ദ്ധൻ കേരളീയനാട്യകലയേപ്പറ്റി വളരെ പ്രശംസിച്ചു് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നതു്. ഈയിടെ ഞാൻ വായിക്കയുണ്ടായി.
കഥ: ദിവ്യോദ്യാനഭൂമി എന്നതുപോലെ കുസുമസ്തോമങ്ങളാൽ സദാ ഭൂഷിതയും, രതിപതിയുടെ കോദണ്ഡവല്ലി എന്നപോലെ പ്രൗഢോദാരഗുണോജ്ജ്വലയും ആ ശോഭകാന്ത എന്നപോലെ അനുപമയും ആയ ശ്രീദേവകീദേവിയെ പാണിഗ്രഹണം ചെയ്തിട്ടു്, ആ ദേവിയോടുകൂടി ആനകദുന്ദുഭി സ്വപുരത്തിൽ ചെന്നു് സുഖമായി വസിക്കുന്നു. അശ്വതിതിരുനാൾതമ്പുരാന്റെ ഓരോ ശൃംഗാരപദവും ഓരോ മാതിരിയുള്ളതാണു്. നോക്കുക,
അരവിന്ദലോചനേ! അരികിൽ വരികോമലേ!
കുരുവിന്ദചാരുരദനേ!
തരുണാംഗി! എൻജീവിതതരുവിനുടെ ഫലമെന്നു
കരളിൽ നിൻ ചാരുകുചകലശമിതു കരുതുന്നേൻ.
നിജ രമണിയായിടും നീലനളിനിയൊടു
വിജനേ ചെന്നൊന്നു പറവാൻ
രജനീപതി തന്റെ രതിദൂതിമാർപോലെ
ഗജഗാമിനി! മധുപഗണികകൾ ഗമിക്കുന്നു.
മണിമേടകൾതോറുമണിവാതിലൂടെ ചെ-
ന്നണയുന്ന മന്ദപവൻ
പ്രണയിനികളുടയ മുലയിണയി-
ലണിഘാൎമ്മജലകണികാമണികളെ ഇതാ കവൎന്നു പോകന്നു.
മിന്നുന്ന പൂമേനി മിന്നലുടെ നടനവും
സ്വിന്നത കലൎന്ന മുഖവും
കന്നൽമിഴി കാണ്മതിനു കൗതൂഹലമിന്നു
സന്നദ്ധനായ് മാരൻ മുന്നിൽ മമ മരുവുന്നു.
ശ്രീവസുദേവനും ദേവകിയും സുഖമായി സ്വപുരിയിൽ താമസിക്കുന്ന കാലത്തു് ദൈത്യാംശസംഭൂതന്മാരായ രാജാക്കന്മാർ നിമിത്തം ദുഃഖിതയായ ഭൂമിദേവി,
‘ദൃപ്തരാകിയ ദൈത്യരെച്ചെന്നു
സത്വരം കൊന്നു സുഖയമാമിന്നു’
എന്നു പ്രാൎത്ഥ ിച്ചതു കേട്ടു്, മനസ്സലിഞ്ഞ ബ്രഹ്മാവു് ഭാരതീദേവിയോടും ദേവന്മാരോടുംകൂടി പാല്ക്കടലിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവിനെ ചെന്നു കാണുന്നു. ദൈത്യന്മാരുടെ വിനാശത്തിനായി താൻ യാദവകുലത്തിൽ വന്നു ജനിക്കുന്നുണ്ടെന്നുള്ള മധുരിപുവിന്റെ വാക്കു കേട്ടു സമ്പ്രീതയായ ഭൂദേവിയും കൂട്ടരും തിരിച്ചു പോരുന്നു.
അശരീരിവാക്യം കേട്ടു് അനുജയായ ദേവകിയെ നിഗ്രഹിക്കാൻ ഭാവിച്ചിട്ടു് വസുദേവരുടെ ‘സുതത്യാഗോക്തി’യാൽ പരിസാന്ത്വിതനായും പ്രമുദിതനായും ഭവിച്ച കംസൻ ‘കാന്തികദംബധൂതവിലസത്സൗദാമിനി’യായ പ്രേയസിയോടും കൂടി രമിച്ചുകൊണ്ടിരിക്കേ, കലഹപ്രിയനായ നാരദൻ അവിടെ വന്നുചേരുന്നു. ആ മുനിയുടെ,
‘മിത്രമെന്ന ഭാവമെത്രയും നിന-
ക്കത്ര ശൗരിതന്നിലത്ഭുതം!
ശത്രുവായ്പിറക്കും നിന്റെ വംശേ ഹത
വൃത്രവൈരിയുടെ പ്രാർത്ഥന കാരണാൽ.’
എന്നുള്ള ഏഷണിവാക്കിനു വശപ്പെടുന്നു. ദേവകിക്കുണ്ടായ പുത്രന്മാരെ എല്ലാം അവൻ നിഗ്രഹിക്കുന്നു. ഒടുവിൽ എട്ടാമത്തെ പ്രസവവും അടുക്കുന്നു. ആസന്നപ്രസവസമയയായ ദേവി,
‘അഷ്ടമനാം ബാലകനെ ദുഷ്ടൻ കൊലചെയ്യാതെ
പുഷ്ടമോദം പത്മനാഭൻ പെട്ടെന്നു രക്ഷിക്കട്ടെ’
എന്നു പ്രാർത്ഥിക്കുന്നു. പ്രസവം നടന്ന മാത്രയിൽ രാജഭടന്മാരെല്ലാം ഉറങ്ങിപ്പോകുന്നു. സുരഭിലമായ വാതാങ്കുരം വീയിത്തുടങ്ങുന്നു. അംബരപഥം ‘പ്രൗഢദ്ധ്വാന്തതിരോഹിത’മായി ഭവിക്കുന്നു. ദേവകീവസുദേവന്മാർ ‘നിബരീസഭക്തിവിവശ’രായിട്ടു് ‘മൃഡവാസവാദി വിബുധന്മാ’രാൽ സമാരാധ്യനായ ഹരിയെ സ്തുതിക്കുന്നു. ഭഗവാൻ അവരെ അനുഗ്രഹിച്ചിട്ടു് ബാലഭാവം കൈക്കൊള്ളുന്നു.
‘എന്നെ അമ്പാടിയിൽ കൊണ്ടുചെന്നാക്കിയിട്ടു് നന്ദന്റെ മകളെ ഇങ്ങോട്ടു കൊണ്ടുപോരിക’ എന്നു് ആനകദുന്ദുഭിയോടു പറകയും തന്നിമിഷത്തിൽ തന്നെ പ്രാകൃതമായ ശിശുഭാവം കൈക്കൊള്ളുകയും ചെയ്യുന്നു. ആ വസുദേവന്റെ പോക്കു വർണ്ണിച്ചിരിക്കുന്ന ദണ്ഡകം അതിമനോഹരമായിരിക്കുന്നു.
ഏവന്നിശമ്യ വസുദേവന്മുദാ തദനു–ഭാവ-
ന്തെളിഞ്ഞു സുകുമാരം–തനുവിജിതമാരം–നിശി
നിജ കുമാരം–കരമതിലെടുത്തനതിചിരമഥ
ഗമിച്ചൂ–ബഹിരുരുസുകൃതനതുലമഹിമാരം
മന്ദന്തുറന്നരവൃന്ദങ്ങൾ താനേ ഘന–വൃന്ദങ്ങൾ വന്മഴ
പൊഴിഞ്ഞൂ–പ്രഭുമനമറിഞ്ഞു–ഫണിപതിയ-
ണഞ്ഞൂ–ഫണപടലകടകളുടെ നടുവിലതിചടുല-
മണിഘൃണിഘടകളാൽ വഴി തെളിഞ്ഞു.
ശൂരാത്മജൻ തദനു ദൂരത്തു നീങ്ങിയൊരു സൂതാ-
ത്മജാമപി കടന്നു–നിഭൃതത കലൎന്നു –നികടഭുവി
ചേൎന്നൂ –നന്ദനനുടെ സദനമതിൽ മന്ദതയകന്നു–നിജ
നന്ദനനെ വച്ചു സുഖമാൎന്നു.
ആയാസഹീനമവനാദായ തൽസുതയെ ആയാത-
വാനഥ തിരിച്ചും–പ്രിയയൊടൊരുമിച്ചു-
തനയയെയണച്ചു–കേട്ടുശിശുരോദമഥകൂട്ടങ്ങൾ
കൂടി ഭടർ പെട്ടെന്നു നൃപനോടറിയിച്ചു.
കംസൻ ഉടൻതന്നെ സൂതികാലയത്തിൽ വന്നു് സഹോദരിയുടെ കന്യകയെ കാലിൽ പിടിച്ചു് നിലത്തു അടിക്കാൻ ഭാവിക്കവേ, ആ കന്യക ബാഹാഞ്ചലത്തിൽ നിന്നു നിൎഗ്ഗതയായിട്ടു്,
‘ഭോ ഭോജേശ ഹതാശ! കിന്തവ മയാ നിൎദ്ദുദ്ദുഷ്ടയാ പിഷ്ടയാ
ഹന്താഹന്ത തവാത്ര കത്രചിദരിർജാഗർത്തി സഞ്ചിന്ത്യതാം’
എന്നു പറഞ്ഞുകൊണ്ടു് അന്തൎദ്ധാനം ചെയ്യുന്നു.
ശ്രീകാൎത്യായനിയുടെ വാക്കു കേൾക്കയാൽ കുപിതനായ കംസൻ പ്രലംബാദികളായ അസുരന്മാരെ വിളിച്ചു് വസുദേവനെ ബന്ധിച്ചുകൊണ്ടു വരാൻ ആജ്ഞാപിക്കുന്നു. അനന്തരം പൂതന എന്ന നക്തഞ്ചരിയെ വിളിച്ചു്, പാപിയായ വസുദേവൻ ശത്രുവിനെ ഗോപഗേഹത്തിൽ കൊണ്ടുചെന്നാക്കിയിരിക്കുന്നു എന്നും “കാതരാക്ഷിരൂപിണിയായി” അവിടെച്ചെന്നു് അവനെ നിഗ്രഹിക്കണമെന്നും ഉപദേശിക്കുന്നു.
കംസന്റെ ഈ വാക്കുകൾ കേട്ടു് പൂതന ‘നിർഗ്ഘാതദ്ധ്വനിനിഷ്ഠരാട്ടഹസിത’ങ്ങളാൽ എട്ടു ദിക്കുകളെയും മുഖരിതമാക്കിക്കൊണ്ടു് ഗോവർദ്ധനശൈലം പ്രാപിക്കുന്നു. പൎവതവൎണ്ണന വളരെ ഗംഭീരമായിരിക്കുന്നു.
‘ഗിരിരാജവരനുടയ പരിണാഹമോൎത്തു മമ
കരളിലതിവിസ്മയം വളരുന്നിദാനീം.
കുണ്ഠീരവങ്ങളുപകണ്ഠ സലിലാശയേ
കണ്ടു നിജരൂപമിഹ കലുഷത കലരുന്നു
വാഹസകലങ്ങളുടെ വക്ത്രേ വഴിയെന്നു
ഗാഹനം ചെയ്യുന്നു ഗജയൂഥപങ്ങൾ.
ദന്തങ്ങൾകൊണ്ടുദരകൃന്തനം ചെയ്തു പുന-
രന്തരായംവിനാ ഹന്ത പോകുന്നു.
അസുരവരരേകദിശിയലസമിഴിമാരോടും
ആസവരസം വിരവിലാസ്വദിക്കുന്നു.’
‘ദക്ഷനാം ഭോജപതി! പക്ഷപാതനേ ഞാൻ കാൽക്ഷണം വൈകാതെ കാംക്ഷിതം സാധയേ’ എന്നുള്ള വിചാരത്തോടുകൂടി അവൾ ലളിതാരൂപം കൈക്കൊള്ളുന്നു. ആ ലളിതയുടെ രൂപം വർണ്ണിക്കുന്ന ശ്ലോകം, ‘കന്നൽക്കണ്ണികൾ മൗലിരത്നകലികാരൂപം ധരിച്ചാദരാൽ’ എന്നിങ്ങനെ ലളിതമായ ഭാഷയിൽ ആക്കിയതു് വളരെ ഉചിതമായിട്ടുണ്ടു്. കഥകളിപ്രിയന്മാൎക്കു വളരെ ഇഷ്ടമുള്ള രംഗമാണിതു്. നാടകകലാവിദഗ്ദ്ധന്മാൎക്കു ് തങ്ങലുടെ അഭിനയചാതുരി വേണ്ടപോലെ പ്രകാശിപ്പിക്കുന്നതിനു് ഈ പദം ഉപകരിക്കുന്നു.
പൂതന നന്ദഗേഹത്തിൽ വന്നു് കപടഗോപാലകിശോരനെ കണ്ടിട്ടു പറയുന്നു:
‘സുകുമാര നന്ദകുമാര! വരികരികിൽ
സുകുമാര നന്ദകുമാര!
കൊണ്ടൽനിര കൊതികോലും കോമളമാം തവ മേനി
കണ്ടീടുന്ന ജനങ്ങളുടെ കണ്ണുകളല്ലോ സഫലം.
കണ്ണീർകൊണ്ടു വദനം കലുഷമാവാനെന്തുമൂലം
തൂൎണ്ണം ഹിമജലംകൊണ്ടു പൂൎണ്ണമാമംബുജംപോലെ?
പൈതലേ നിനക്കു പാരം പൈദാഹമുണ്ടെന്നാകിലോ
പ്രീതിയോടെന്മുലകളെത്താത! പാനംചെയ്തീടുക.’
ഇപ്രകാരം പറഞ്ഞുകൊണ്ടു് അവൾ,
‘പല്ലവമൃദുളമാകും പാദം
പാണികൊണ്ടെടുത്തു മെല്ലവേ
മുഖത്തണച്ചു മന്ദം പുഞ്ചിരി തൂകുന്നു’
ശ്രീകൃഷ്ണൻ പൂതനയുടെ മുലയുണ്ണുന്നു; അവളുടെ വേദന ‘എണ്ണുവാനെളുതല്ലാതെ’യുമായിത്തീരുന്നു; മതി മയങ്ങുന്നു; ദേഹശോഭമങ്ങുന്നു; ദാഹവും വളരുന്നു. ചുരുക്കിപ്പറഞ്ഞാൽ തനിക്കു് കാളകൂടം നല്കിയ ഈ രാക്ഷസിക്കു് മായാഗോപാലകൻ അതിദുൎല്ലഭമായ അമൃതം നൽകുന്നു. പിന്നീടു് തന്നെ കൊല്ലാനായ് വന്ന ശകടാസുരനെയും അദ്ദേഹം ഹനിക്കുന്നു.
അങ്ങനെ ഇരിക്കേ ഗൎഗ്ഗൻ എന്ന മുനി നന്ദഗേഹത്തിൽ വരുന്നു. അദ്ദേഹം രാമകൃഷ്ണന്മാൎക്കു് നാമകരണം ചെയ്തിട്ടു പോകുന്നു. ഇങ്ങനെയാണു് കഥ അവസാനിക്കുന്നതു്.
15.23 പത്മനാഭകീൎത്തനം
ഇരുപതോളം ശ്ലോകങ്ങളുള്ള ഈ കൃതിയും ഈ തിരുമേനിയുടേതാണെന്നാണു് കേൾവി. ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
അതുച്ഛലജ്ജമച്ഛകച്ഛപച്ഛവിച്ഛടാമദം
പതിച്ചൊഴിച്ചൊളിച്ചു കുമ്പിടുന്നു പൊൽപദങ്ങളും
മദിച്ചു പോർ വിളിച്ചെതിൎത്ത ചൂതബാണതൂണിയെ-
ജ്ജയിച്ച ജംഘ രണ്ടുമെങ്കലാക ദേവ പാഹിമാം.
മദം തിരണ്ട സിന്ധുരേന്ദ്രപൈങ്കരങ്ങളും പരം
മനം വെരണ്ടു മണ്ടുമിണ്ടലുൾപ്പിരണ്ടുകൊണ്ടുടൻ
നലം തിരണ്ടുരുണ്ട രണ്ടു തൃത്തടപ്രഭാവവും
പുലമ്പുകെന്നിലമ്പിനോടു പത്മനാഭ പാഹിമാം.
അശ്വതിതിരുനാൾതമ്പുരാനെപ്പോലെ സംസ്കൃതത്തിലും ഭാഷയിലും ഉത്തമ കാവ്യങ്ങൾ രചിച്ചു് ഒരുപോലെ വിജയം നേടിയ കവികൾ കേരളത്തിൽ സുദുൎല്ലഭമാണു്. വാസനയുടെ ഭാസുരത്വം, ബലവത്തായ ശിക്ഷണം, വിശാലമായ കവിധൎമ്മമൎമ്മജ്ഞത, മസൃണമായ മനോധൎമ്മം മുതലായവയാൽ അനുഗൃഹീതനായ ഈ മഹാകവിയ്ക്കു് വഞ്ചിനാടു വാണരുളുന്നതിനു് ഈശ്വരേച്ഛയാ ഇടയായില്ലെങ്കിലും അവിടുന്നു് ഇന്നും ഭക്തി ബഹുമാനപരവശങ്ങളായ കേരളീയഹൃദയങ്ങളിൽ അനന്തസാമ്രാജ്യം നടത്തിക്കൊണ്ടു തന്നെ വിളക്കുന്നു.
15.24 കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാൻ
ഇദ്ദേഹം അശ്വതിതിരുനാൾ തമ്പുരാന്റെ പിതാവായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹവും കംസവധം എന്നൊരു ആട്ടക്കഥ രചിച്ചിട്ടുണ്ടു്. കവിത സാമാന്യം നന്നായിരിക്കുന്നു. ജീവചരിത്രത്തെപ്പറ്റി അധികമൊന്നും അറിവില്ല. കൊല്ലവൎഷം ൯൦൦-ാമാണ്ടിടയ്ക്കു് ജനിച്ചു. ൯൨൩-ാമാണ്ടു് ശ്രീവീരമാൎത്ത ാണ്ഡവൎമ്മമഹാരാജാവു് കോലത്തുനാട്ടിൽനിന്നു ദത്തെടുത്ത വംശസംവൎദ്ധിനികളായ രണ്ടു റാണിമാരിൽ മൂത്തറാണിയെ ആണു് ഈ രവിവൎമ്മകോയിത്തമ്പുരാൻ പാണിഗ്രഹണം ചെയ്തതു്. അദ്ദേഹത്തിന്റെ ഗുരു ‘വേദാന്തചിന്തനവിജൃംബിതതത്വബോധ’നും, ‘അധീതസമസ്തശാസ്ത്രനും’ രാമകൃഷ്ണാഭിധനും ആയ ഒരു ബ്രാഹ്മണനായിരുന്നു. കവിതാരീതി കാണിപ്പാനായി ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളുന്നു.
മദോദ്വൃത്തം ഹത്വാ രജകമപി ഹൃത്വാംശുകചയം
സദത്വാ കോപേഭ്യഃ സ്വയമഥ വസിത്വാ സഹബലഃ
സുദാമാനം ദാമാവലിയുതകരണ്ഡാഞ്ചിതഭുജം
മുദാ സംപ്രാപ്യേദം ഹരിരവദദംഭോജനയനഃ.
മാനുഷരെല്ലോരും കേൾപ്പിൻ അഭി-
മാനം കളഞ്ഞു ശിവനെ ഭജിപ്പിൻ.
പാലയ ശംകര ശംഭോ
കാണുന്നതൊക്കെയും മായാ–എന്നു
തോന്നാതെയുള്ള ജനം പേയാം,–പാലയ ശംകര ശംഭോ
ബ്രഹ്മനെന്നും വിഷ്ണുവെന്നും ചൊല്ലും
ചിന്മയനാം ശിവനെത്തന്നെ–പാലയ ശംകര ശംഭോ
ഞാനെന്നുമെന്റേതിതെന്നുമുള്ള
മാനം നടിച്ചുഴന്നിടായ്ക നിത്യം–പാലയ ശംകര ശംഭോ
ജ്ഞാനമുണ്ടാകുന്നനേരം–പര-
മാനന്ദമൂൎത്ത ിയെക്കാണാമുദാരം–പാലയ ശംകരവിഭോ.
ഈ വിദ്വൽകവി വിഷ്ണുഭക്തനും ‘മുകുന്ദചരിതാമൃതകീൎത്ത ന’ങ്ങളിൽ ബദ്ധൗത്സുകനും ആയിരുന്നു.
15.25 പുതിയിക്കൽ തമ്പാൻ
ഈ കവിയും കാൎത്ത ികതിരുനാൾ തമ്പുരാനെ ആശ്രയിച്ചു് തിരുവനന്തപുരത്തു പാൎത്ത ിരുന്ന ഒരു പ്രൗഢവിദ്വാനായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു ആട്ടക്കഥകൾ കാൎത്ത വീര്യവിജയവും രാമാനുകരണവും ആണു്. ഇവ രണ്ടും തിരുവനന്തപുരത്തുവച്ചു് എഴുതപ്പെട്ടവയാണെന്നു തോന്നുന്നു. കാൎത്ത വീര്യവിജയത്തിന്റെ പ്രാരംഭത്തിൽ,
സാനന്ദം വന്ദിവൃന്ദൈരകൃതകവചസാ സാധുസംസേവ്യമാനം
ഭ്രാജന്മഞ്ജീരകാഞ്ചീകടകമകുടഹാരാദി ദേദീപ്യമാനം
ശ്രീമന്നീലാംബുദാഭം ഭവഭയശമനം ദേവമാനന്ദസാന്ദ്ര-
സ്യാനന്ദുരാലയേശം ഫണിപതിശയനം ഭാവയേ പത്മനാഭം.
എന്നു് അനന്താലയേശനെ സ്തുതിച്ചിട്ടുമുണ്ടു്. കവിത ഒരുവിധം നന്നായിട്ടുണ്ടെന്നു പറയാം. മാതൃകയ്ക്കായി ഒരു ദണ്ഡകവും പദവും ഉദ്ധരിക്കാം. കാൎത്ത വീര്യൻ തന്റെ പ്രേയസിമാരോടുകൂടി ‘വിമലപുളിനപ്രേക്ഷണീയയും’ ‘മലയമരുതാമന്ദാക്രാന്ത’യും ആയ രോവാനദിയെ പ്രാപിക്കവേ,
‘മങ്ങീടുന്ന കമുദങ്ങൾ അങ്ങൊരുഭാഗേ കാണുന്നു
മംഗലാംഗ നീ പിരിഞ്ഞാൽ ഞങ്ങളെന്നതുപോലെ.
ചൂതബാണസമാകാര നാഥ നാമീനദിതന്നിൽ
ജാതമോദം കേളിചെയ്യാം പാഥോജലോചന!’
എന്നു തന്നായികമാർ പ്രാൎത്ഥ ിക്കുന്നു.
ഇത്ഥം പറഞ്ഞു നിജ പത്നീസമേതനവ-
നത്തുംഗമോദമിടതിങ്ങി–നദിയതിലിറങ്ങി–
കളിയഥ തുടങ്ങി–കളമൊഴികളഖിലമപി
സുഖജലധിയിൽ മുഴുകി–ശുചി പയസി
പുനരപിച മുങ്ങി.
ഘോരോദരേ സരസി പോരാഞ്ഞു വാരിനൃപ-
നോരാതെ തീൎത്തു ഭുജസേതും–സലിലവുമുയർന്നു.
അത്രാന്തരേ സപദി നക്തഞ്ചരാധിപതി
തത്തീരദേശമതിൽ വന്നു–ശിലയതി-
ലിരുന്നു–ശ്രമമുടനകന്നു–പരമശിവപദ
കമലപരിചരണ നിയമമതുമതികുതുകഭരമൊടു തുടൎന്നു.
ശിവപൂജ ചെയ്തു ജപമതിനായിരുന്നവിടെ
വിനിമൂലിതാക്ഷനതുനേരം–സലിലമതി-
ഘോരം–വരുമളവു പാരം–ശിവനുമു-
ടനവനുമുപകരണമിതു മതിവിവശമൊഴുകി
ബത ശിവ ശിവ വിദൂരം.കാൎത്ത വീര്യവിജയം.
15.26 ശാകുന്തളം കഥകളി
കലക്കത്തു രാഘവൻനമ്പ്യാരുടെ കൃതിയാണു് ശാകുന്തളം. നളചരിതവും അഞ്ചു ദിവസത്തേ കളിയായി എഴുതീട്ടുണ്ടെന്നറിയുന്നു. അച്ചടിച്ചിട്ടില്ല. അദ്ദേഹം ൯൫൦-ാമാണ്ടിടയ്ക്കു് ജനിച്ചതായി മി. പി. ഗോവിന്ദപ്പിള്ള പറയുന്നു. ഇതു ശരിയല്ലെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. കുഞ്ചൻനമ്പ്യാരും ഇദ്ദേഹവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അഭിപ്രായവ്യത്യാസങ്ങൾ കാണുന്നു. കുഞ്ചൻനമ്പ്യാരുടെ ഭാഗിനേയനാണെന്നു ചിലരും മാതുലനാണെന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ടു്.
‘അസ്തിമംഗലഗ്രാമവാസ്തവ്യസ്യ രാഘവപാണിഘസ്യ
ഭാഗിനേയോ രാമോ നാമ പാണിവാദഃ’
എന്നു് ലീലാവതിവീഥിയിൽ പറഞ്ഞു കാണുന്നതുകൊണ്ടു് രാഘവപാണിവാദൻ കുഞ്ചൻനമ്പ്യാരുടെ മാതുലനായിരുന്നു എന്നു നിൎണ്ണയിക്കാം. ഏതായിരുന്നാലും രണ്ടുപേരും ഏറെക്കുറെ ഒരേ പ്രായക്കാരായിരുന്നു എന്നാണു തോന്നുന്നതു്. [4] മഹാകവി ഉള്ളൂർ പരമേശ്വരയ്യർ ഈയിടെ പ്രസിദ്ധപ്പെടുത്തീട്ടുള്ളതും ഒന്നാംദിവസത്തെ കഥയുടെ ആരംഭത്തിലുള്ളതും ആയ ശ്ലോകങ്ങളിൽനിന്നു് ചില വിവരങ്ങൾ ഗ്രഹിക്കാം.
‘യസ്യാജ്ഞാ നിഖിലക്ഷമാപതിശിരോമാന്യാ യദീയം യശോ
വിശ്വവ്യാപി മഹീസമുദ്രവസനാ യേനൈവ രാജന്വതീ
ഭക്താനുഗ്രഹതൽപരേണ ഹരിണാ ലക്ഷ്മീഃ സ്വയംകല്പിതാ
നിത്യം യദ്വശവൎത്ത ീനീ സ ജയതി ശ്രീമാടധാത്രീപതിഃ
ശ്രീമാനനഘഗുണരത്നമഹാപയോധിഃ
ശ്രീമാടഭൂതിലകമാത്തജനനാനുകമ്പീ
ശ്രീവഞ്ചിരാജ കുലശേഖരബദ്ധസഖ്യഃ
ശ്രീവീരകേരളനരാധിപതിർവിഭാതി.
തസ്യാജ്ഞയാ ഗുരുഗണേശമുഖാൻ പ്രണമ്യ
ശ്രീപാലിയേശ പരിശിക്ഷിതരീതഭേദൈഃ
ശാകുന്തളം വിതനുമോ ലളിതം മിതം തദ്
ഗീതം ക്ഷമാകൃതധിയഃ പരിശോധയന്തു.’
ഈ വീരകേരളവൎമ്മതമ്പുരാൻ കാൎത്ത ികതിരുനാൾ ധൎമ്മരാജാവുമായി ൯൩൭-ൽ സഖ്യം ചെയ്തിട്ടു് അദ്ദേഹത്തിന്റെ സഹായത്തോടുകൂടി സാമൂതിരിയെ കൊച്ചിയുടെ അതിൎത്ത ിയിൽനിന്നു കടത്തിയ മഹാരാജാവായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ സഖ്യത്തെപ്പറ്റി കവി പ്രസ്താവിച്ചു കാണുന്നതിനാലും പ്രസ്തുത വീരകേരളവൎമ്മതമ്പുരാൻ ൯൫൧-ൽ തീപ്പെട്ടുപോയതിനാലും ശാകുന്തളത്തിന്റെ ആവിൎഭാവം ൯൩൮-നും ൯൫൧-നും മദ്ധ്യത്തിലായിരുന്നുവെന്നു നിസ്സംശയം പറയാം.
ശാകുന്തളം മുഴുവനും ഈ കവി ആട്ടക്കഥകളായി എഴുതീട്ടുണ്ടോ എന്നറിയുന്നില്ല. ആറുദിവസത്തേ കഥകളിലും കൂടി ദുഷ്ഷന്തന്റെ നഗരപ്രവേശനം–അതായതു് നാലാമങ്കത്തിന്റെ പൂൎവരംഗംവരെയുള്ള കഥയാണു് പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു്.
കവി കഴിയുന്നത്ര ശാകുന്തളത്തെ അനുസരിച്ചിട്ടുണ്ടെങ്കിലും തൎജ്ജ മയാണെന്നു പറയാവുന്നതല്ല.
ഗ്രീവാഭംഗാഭിരാമം മുഹുരനുപതതി സ്യന്ദനേ ബദ്ധദൃഷ്ടിഃ
പശ്ചാൎദ്ധേന പ്രവിഷ്ടശ്ശരപതനഭയാദ് ഭൂയസാ പൂർവകായം
ദർഭൈരർദ്ധാവലീഢൈഃ ശ്രമവിവൃതമുഖഭ്രംശിഭിഃ കീൎണ്ണവൎത്മ ാ
പശ്യേദഗ്രപ്ലുതത്വാദ്വിയതി ബഹുതരംസ്തോകമൂൎവ്യാം പ്രയാതി’
എന്ന പദ്യത്തെ തൎജ്ജ മ ചെയ്തിരിക്കുന്നതു നോക്കുക.
‘കാൺകെടോ സാരഥേ ഇതു കാൺകെടോ
മൃഗയാ കേളികൗതുകാലിന്നു നാമോരോ
മൃഗജാലങ്ങളെക്കൊന്നു ഹരിണത്തിൻപിമ്പേ
നഗവനനികരങ്ങൾ കടന്നു ദൂരവേ പോന്നൂ
അകന്നൂ സേനകളെല്ലാമിവനാശു ഗമിക്കുന്നു
അതിവേഗമണഞ്ഞിടും തേരിനെത്തന്നെ
അനുപദം തിരിഞ്ഞിതാം നോക്കുന്നൂ–ഇവൻ
അതിഘോരശരപാതഭയംകൊണ്ടു വിവശനാ-
യധികമുൽപതിച്ചിപ്പോൾ അതിദൂരെപ്പതിക്കുന്നു.’
15.27 കണ്വാശ്രമവൎണ്ണനം
ശാകുന്തളം
‘നീവാരാശ്ശുകഗൎഭകോടരമുഖഭ്രഷ്ടാസ്തരൂണാമധഃ
പ്രസ്നിഗ്ദ്ധാഃ ക്വചിദിംഗുദീഫലഭിദഃ സൂച്യന്ത ഏവോപലാഃ
വിശ്വാസോപഗമാദഭിന്നഗതയഃ ശബ്ദം സഹന്തേ മൃഗാ-
സ്തോയാധാരപഥാശ്ച വല്ക്കലശിഖാനിഷ്യന്ദരേഖാങ്കിതാഃ.
രമ്യമാകുമീവനത്തെ നന്മയോടു കണ്ടാൽ
കല്മഷങ്ങളകന്നീടും ധൎമ്മരതിയുമുണ്ടാം.
രാജഹംസദ്വന്ദ്വലീലാ രാജമാനകൂലാ!
രാജീവാളിമാലാ മാലിനീയം പുണ്യാ
ചാരുവീചിമാലാ
ചാരുമാരുതനിതല്ലോ ഹോമധൂമമിളിതാനായി
ആമോദിപ്പിക്കുന്നു; മോദമോടു ശുകങ്ങളും.
വേദമോതിടുന്നു ആഗതരാം നമ്മോടിതാ
സ്വാഗതം ചൊല്ലുന്നു;
ഹസ്തികളും സിംഹങ്ങളും സ്പൎദ്ധ വിട്ടു മോദാ-
ലൊത്തു നന്നായ് രമിക്കുന്നൂ.
ചിത്രമിതു കാണ്ക കോകിലങ്ങളാസ്വദിക്കും
കോരകങ്ങളിപ്പോൾ ചാരുകൂജിതത്താൽ നമ്മേ
ചാരേ വിളിക്കുന്നു മോദമോടു നന്നേ.’
ആട്ടക്കഥ
ശാകുന്തളം
‘ശാന്തമിദമാശ്രമപദം
സ്ഫുരതി ച ബാഹുഃ കുതഃ ഫലമിഹാസ്യ
അഥവാ ഭവിതവ്യാനാം
ദ്വാരാണി ഭവന്തി സൎവത്ര.’
തൎജ്ജ ിമ
‘സ്ഫുരതി മാമകം ദക്ഷണിം ഭുജം
പരമമോഹനം കിമിഹ തൽഫലം
ശാന്തമുനിജനൈരാവൃതേ വനേ
കാന്താവപ്തിയോ വരികയില്ലല്ലോ
അഥവാ ദേഹിനാം ഭവിതവ്യം ഫലം.
അനുഭവിച്ചീടുമഖിലദിക്കിലും.
ഭാവിയായീടും ഭാവുകം ഫലം
ദൈവമിന്നു മേ ബോധയത്യഹോ.’
ശകുന്തളയും സഖിമാരും തമ്മിലുള്ള സംഭാഷണം ഏറെക്കുറെ നേർ തൎജ്ജ ിമതന്നെയെന്നു പറയാം.
അവരുടെ സംഭാഷണമദ്ധ്യേ ആവിൎഭവിക്കുന്ന രസികക്കുട്ടനായ വണ്ടത്താനെ ഇക്കവി രക്ഷോനാഥന്റെ ഭൃത്യനായ ഒരു മധുകരനാക്കിയിരിക്കുന്നു. വികടാട്ടഹാസനും ഭീഷണാകൃതിയും ആയ ഈ രാക്ഷസനെക്കണ്ടു് ശകുന്തള,
‘താതനും ദൂരവേ പോയി
നാഥനാരു ഞങ്ങൾക്കിപ്പോൾ?
ആൎത്ത രെപ്പാലനം ചെയ്‍വാൻ
പാർത്ഥിവന്മാരല്ലോ വേണ്ടൂ.
ദുഷ്ഷന്തന്റെ ബാഹുവീര്യം
ഇക്ഷിതിയിൽ ഫലിയാതോ?’
എന്നു വിലപിക്കുമ്പോഴാണു് ദുഷ്ഷന്തൻ പ്രവേശിക്കുന്നതു്. പിന്നീടു് ഒരു യുദ്ധവും നടക്കുന്നു. യുദ്ധത്തിൽ രാക്ഷസൻ തോറ്റോടുന്നു. ഭീതിയൊഴിഞ്ഞു് മുനികന്യകമാർ സുഖമായി ജീവിക്കുന്നു. ഇതാണു് ഒന്നാംദിവസത്തെ കഥ.
കവിതയ്ക്കു വലിയ ദൂഷ്യമൊന്നുമില്ലെന്നിരുന്നാലും ആടുന്നതിനുള്ള വകയൊന്നും ഇതിലില്ല. ആരെങ്കിലും ആടീട്ടുണ്ടോ എന്നുതന്നെ സംശയവുമാണു്.
ദുഷ്ഷന്തനും ശകുന്തളയും പരസ്പരം അനുരക്തരാകുന്നു. വിശേഷജ്ഞകളായ സഖികൾ രാജാവിനെ ചെന്നു കണ്ടു് അദ്ദേഹത്തിന്റെ വിവരങ്ങൾ ചോദിക്കുന്നു. ശാകുന്തളത്തിലെപ്പോലെതന്നെ ഇക്കഥയിലും രാജാവു്,
‘വിഖ്യാതനാം പൗരവനെന്നെ
രക്ഷാൎത്ഥ മുൎവീതലേ നിയോഗിച്ചു.
ധൎമ്മപരന്മാരാം താപസന്മാരുടെ
കൎമ്മവിഘാതം ചെയ്യും ദുൎമ്മതിവൃന്ദത്തെ
നിൎമ്മൂലനം ചെയ്‍വാൻ സമ്മോദമോടിഹ ഞാൻ സമാഗതൻ’
എന്നേ പറയുന്നുള്ളു. അനന്തരം സഖിമാരിൽനിന്നു് ശകുന്തളയേപ്പറ്റിയുള്ള പരമാൎത്ഥ ങ്ങൾ അദ്ദേഹം ഗ്രഹിക്കുന്നു. ഇത്രയും ഭാഗം ശാകുന്തളത്തെ അനുസരിച്ചുതന്നെ ഇരിക്കുന്നുണ്ടു്.
ഇവിടെയും ഒരു രാക്ഷസനെ പ്രവേശിപ്പിച്ചിരിക്കുന്നു. തോറ്റോടിയ മധുകരൻ തിരിച്ചുവന്നു് ദുഷ്ഷന്തനിൽ നിന്നു പറ്റിയ പരാജയത്തെ അറിയിക്കുന്നു. അപ്പോൾ അയാൾ,
‘ശക്തരാകും ഭൃത്യരോടുമൊത്തു
തത്ര ചെന്നു മോദാൽ
ചിത്തതാരിലത്തൽ കൂടാതെ
മൎത്ത ്യകീടനെ നീതന്നെ കൊല്ലണം’
എന്നു പറഞ്ഞു് മധുകരനെ വീണ്ടും അയയ്ക്കുന്നു. ദുഷ്ഷന്തനാകട്ടെ,
‘സന്ദേഹങ്ങളശേഷമകന്നൂ
സമുചിതമിനിമേലെന്നുടെ കാമം
എല്ലാമിന്നു വിചാരിച്ചാലും
നല്ലാർണിയിവൾ മമ ഭോഗ്യാ;
നല്ലോ രാഭ കലർന്നൊരു രത്നം
കണ്ടിഹ ശിഖിയെന്നാശങ്കിച്ചേൻ’
“ഓരോ വാക്കുകൾ ഞാൻ ചൊല്ലുമ്പോൾ
ഒന്നും പറയുന്നില്ലെന്നാലും
പാരം കൗതുകമാൎന്നവളധുനം
പരിചോടെല്ലാം കേട്ടീടുന്നു.
സാരംഗേക്ഷണയാമിവളെന്റെ
നേരേ മന്ദം നോക്കുവതിന്നായ്
ആരംഭിച്ചതിലജ്ജാഭാരാൽ
ആനനകമലം താഴ്ത്തീടുന്നു.” [5]
എന്നിങ്ങനെ ഓരോന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ പ്രിയംവദ ഉദ്യാനത്തിൽ വച്ചു്,
‘താതനിന്നിവിടെയുണ്ടെന്നാകിൽ കാമിനി കേൾ
സാധിതമെൻപാടു കാര്യമെല്ലാം’ [6]
എന്നു നായികയെ കളിയാക്കുന്നു. ശകുന്തള പിണങ്ങിപ്പോകാൻ ഭാവിക്കുന്നു;എന്നാൽ,
‘നിന്നുടെ പൂമരമിതു രണ്ടും ഞാൻ നനച്ചു
എന്നുടെ പൂമരം നീ നനയ്ക്കൂ’
എന്നു പറഞ്ഞു് പ്രിയംവദ തടുക്കുന്നു. അപ്പോൾ രാജാവു പ്രവേശിച്ചു്
‘അരുതരുതു രോധമിതു ചാരുശീലെ
പരമദയനീയയാം പ്രിയസഖിയോടീവിധം.
തരുലതാനികരമിതു ചിരമിവൾ നനയ്ക്കയാൽ
പരവശത കലരുന്നു കുസുമമൃദുഗാത്രി.
ചാന്ദ്രോപഹാസിയാം ചാരുമുഖകമലമിതു
സാന്ദ്രഘൎമ്മാംബുകണമലസതരം ലോചനം
കുന്തളമഴിഞ്ഞവശമംസഭുവി കിഴിയുന്നു.
ഹന്ത നിശ്വാസേന മുലകളിളകുന്നു,
വിവശയാമിവളുടെ കടമിന്നു നീങ്ങുവാൻ
തവ സുമുഖി ഞാൻ നല്ലൊരംഗുലീയം തരാം.’ [7]
ഇങ്ങനെ ഒക്കെ പറഞ്ഞുകൊണ്ടിരിക്കവേ മധുകരൻ വന്നുചേരുന്നു. അവനെ രാജാവു ഹനിക്കുന്നു. അസുരഭടന്മാരെല്ലാം ഓടുന്നു. താപസന്മാർ വന്നു് അദ്ദേഹത്തിനെ സ്തുതിക്കുന്നു. അതിനോടുകൂടി,
‘ഇന്ദുകുലരത്നമേ! നിന്നുടെ സൈന്യങ്ങൾ വന്നു
ധൎമ്മാരണ്യസന്നിധിയിലധുനാ
വന്യഗജമേകനിത ഭിന്നമൃഗയൂഥനായ്
സ്യന്ദനം കണ്ടവശമോടുന്നു ഭീത്യാ.
ചടുലതരതുരഗവരകഠിനഖുരഘാതേന
പൊടിപടലമിത നഭസി ഝടിതി നിറയുന്നു.
പടുത തടവീടുന്ന ഭടരുടയ കളകളം
വടിവൊടിത കേൾക്കുന്നു വാസവസഖപ്രഭോ!’
എന്നും അറിയിക്കുന്നു. രാജാവു് അവരെ സമാധാനപ്പെടുത്തിയിട്ടു് തന്റെ സൈന്യത്തിന്റെ അടുക്കലേക്കു പോകുന്നു. ഇവിടെ രണ്ടാംദിവസത്തെ കഥ അവസാനിക്കുന്നു. ഇതും ഒന്നാംദിവസത്തെ കഥപോലെ തന്നെ വായിക്കാൻ കൊള്ളാമെങ്കിലും ആടാൻ കൊള്ളുകയില്ലെന്നു പറയേണ്ടിയിരിക്കുന്നു.
മൂന്നാംദിവസത്തെ കഥയിൽ ദുഷ്ഷന്തൻ,
‘മതിബിംബമുഖിയിവൾ സുലഭയല്ലോൎത്ത ാൽ
അതിനാലിന്നതിഖേദമില്ല മേ.
അവളുടെയനുരാഗം കാൺകയാലിപ്പോ-
ളകതാരിലതിമോദം വളരുന്നൂ.
സംഗമം ലഭിയാത്ത കാമികൾക്കുള്ളിൽ
തങ്ങളിൽ പ്രേമമല്ലോ സുഖമൂലം.
ഏണനേർമിഴിയുടെ വീക്ഷണമെന്നിൽ
സാനുരാഗമെന്നുള്ളിലുറച്ചു ഞാൻ
കളഭഗാമിനിയുടെ മന്ദമാം ഗമനം
ലളിതവിലാസത്താലെന്നോൎത്തേ ൻ.
കാമികൾ പ്രിയജനചേഷ്ടകൾ തങ്കൽ
പ്രേമംകൊണ്ടെന്നുറച്ചു രസിക്കുന്നു.’
[8] എന്നിങ്ങനെ വിചാരിച്ചു ദുഃഖിച്ചിരിക്കവേ വിദൂഷകനായ മാഢവ്യൻ,
‘ആഖേടശീലനാം ഭൂപതിതന്നുടെ സേവനാൽപര-
മാകുലനായി ഞാൻ കാനനേ പിന്നാലെ ധാവനാൽ.
ഓരോ മൃഗങ്ങളെക്കണ്ടുടൻ പിന്നാലെ ഓടുന്നു–ബത
സൂരകിരണങ്ങൾകൊണ്ടു ശരീരവും വാടുന്നു.
ദാഹം വളൎന്നു കലുഷജലത്തെക്കുടിക്കുന്നു–ഹന്ത-
ദേഹം തളൎന്നു പലവക മാംസം ഭുജിക്കുന്നു.
മുള്ളു തറച്ചുള്ള വേദനയാൽ നിദ്രയുമില്ലമേ–കഷ്ട-
മുള്ളിലൊരുനേരമില്ല സുഖം മമ തെല്ലുമേ.’
എന്നിങ്ങനെ കേഴുന്നു. രാജാവിനു മൃഗയാവിനോദത്തിനുള്ള താൽപര്യവും കെല്പും നശിക്കുന്നു. വിദൂഷകൻ അടുത്തുചെന്നു്
‘എന്തൊരു ഭാവമുള്ളിലെൻതോഴ ഭവാനിപ്പോൾ
കിന്തവ രാജ്യകാര്യത്തിൽ ചിന്തയില്ലാത്തു?’
എന്നിങ്ങനെ ചോദിക്കവേ, രാജാവു് തന്റെ രഹസ്യത്തെ തോഴനോടു പറയുന്നു. വിദൂഷകനാകട്ടെ,
‘ഇന്നീ ദുർഭഗപ്പെണ്ണിനെക്കാംക്ഷിച്ചു
സുന്ദരിമാരെ മറന്നതും കൊള്ളാം.
നല്ലോരു പഞ്ചാര കഷ്ടം വെടിഞ്ഞു
വല്ലാത്ത വേപ്പില തിന്നാൻ കൊതിക്കും
മഞ്ജുളാകാര മഹീപാലമൗലിമണേ വീര!’
എന്നു പറഞ്ഞാക്ഷേപിക്കുന്നു. രാജാവു് എതിർത്തപ്പോൾ,
‘എന്നാലാശു നീ ചെന്നു കനിവൊടു
സുന്ദരഗാത്രിയെക്കൊണ്ടിങ്ങു പോരിക
മോടി കലർന്നീടും പെണ്ണിനെ ഇന്നൊരു
താടിക്കാരൻ മുനി കൈക്കലാക്കീടൊല്ലാ’
എന്നുപദേശിക്കുന്നു.
ഇങ്ങനെ ഇരിക്കെ ഒരു യാതുധാനി രാജാവിനെ കൊല്ലാം എന്നുള്ള ഉദ്ദേശത്തോടുകൂടി വന്നു ചേരുന്നു; എന്നാൽ ‘മല്ലീസായകതാപമാർന്നു തരസാ വൈരം മറന്നാദരാൽ ഉല്ലാസം കലരുന്ന കണ്വതനയാരൂപേണ ചെന്നന്തികേ’ തന്റെ ഇംഗിതത്തെ അറിയിക്കുന്നു. ‘ഇതു രാക്ഷസമായയാണു്. ഇവളെ വിശ്വസിക്കരുതു്’ എന്നു് മാഢവ്യൻ ഉപദേശിക്കുന്നു. രാജാവു് അതുകൊണ്ടു്,
‘കാമിനീ നിൻതാതനാകും മാമുനീന്ദ്രനറിയാതെ
നാമിന്നേവം ചെയ്തീടുക യോഗ്യമോ ബാലെ!’
എന്നു ചോദിക്കുന്നു. യാതുധാനി രാജാവിന്റെ തിരസ്കാരത്താൽ കുപിതയായിട്ടു് തന്റെ സാക്ഷാൽരൂപം അവലംബിച്ചു് അദ്ദേഹത്തിനെ എതിൎക്കുന്നു. രാജാവു് അവളുടെ നാസാകുചങ്ങളെ കൃന്തനം ചെയ്യുന്നു. അതിനിടയ്ക്കു് താപസന്മാർ വന്നു് തങ്ങൾക്കു് ആശരന്മാരിൽനിന്നു നേരിട്ടിരിക്കുന്ന സങ്കടങ്ങൾ അറിയിക്കുന്നു. അവരെ നിഗ്രഹിച്ചു് ആശ്രമത്തെ രക്ഷിക്കാമെന്നു് ദുഷ്ഷന്തൻ ഏല്ക്കുന്നു. ഇങ്ങനെ ആശ്രമത്തിൽ താമസിക്കാൻ ഒരു അവസരം ലഭിച്ചതിനെ ഓൎത്തു ് അദ്ദേഹം സന്തുഷ്ടനാകുന്നു. എന്നാൽ തത്സമയം മാതൃസന്ദേശവും കൊണ്ടു് കരഭകൻ എന്നൊരാൾ നഗരത്തിൽനിന്നു വന്നുചേരുന്നു. രാജാവു് തന്റെ പ്രതിനിധിയായി മാഢവ്യനെ നഗരത്തിലേക്കയയ്ക്കുന്നു.
മധുകരനിധനം ഓൎത്തു ് ദുഃഖിതനായ വജ്രദംഷ്ട്രൻ യുദ്ധത്തിനായി വരുന്നു. രാജാവു് അയാളെ നിഗ്രഹിക്കുന്നു. ഇപ്രകാരം മൂന്നാംദിവസത്തെ കഥയും അവസാനിക്കുന്നു.
ഒരുദിവസം പ്രഭാതത്തിൽ ദുഷ്ഷന്തൻ വിശ്രമാൎത്ഥ ം ഒരു വിജനത്തിൽ ഇരുന്നു് യോഷാഭൂഷായമാണയായ ശകുന്തളയെ ഓൎത്ത ോൎത്തു മദനപരവശനായിത്തീരുന്നു. തത്സമയം ശകുന്തളയോ? മാലിനിയുടെ തീരത്തു് ‘ലോലതരംഗസംഗശിശിരോപാന്ത’മായ ലതാഗൃഹത്തിൽ ഇരുന്നു് ‘നാളീകാശുഗതാപ’ത്തെ ‘ആതപരുജാവ്യാജേന’ സഖിമാരിൽനിന്നു മറച്ചുവെച്ചുകൊണ്ടു് കേഴുന്നു. അവളുടെ അവസ്ഥയെ കവി ഒരു ദണ്ഡകത്താൽ വൎണ്ണിച്ചിരിക്കുന്നു.
‘നല്ലാരിൽമൗലിമണി കല്യാണശീലവതി
ചൊല്ലാർന്ന മാമുനിതനൂജാ–വരമുഖസരോജാ–
പരിലസദുരോജാ–ഉരുകളഭലളിതഗതി
സുരയുവതി സുഭഗതനുസരസമൊഴിസമുദിതമനോജ്ഞാ
ഹാഹന്ത സാ രഹസി മോഹം കലൎന്നൂ ഹൃദി–ദേഹം
തളൎന്നു മദനാൎത്ത ്യാ–തദനുസുകുമാരം–മഹിതഭുജ-
സാരം–മനുജവരമൗലിമണിമനുദിവസമോൎത്തു
വരമദജത മനോരഥപാരം
ആളീജനേന സഹ കേളീവിനോദമപി നാളീക-
നേർമിഴി വെടിഞ്ഞൂ–മൃദുതനു മെലിഞ്ഞൂ–മദപി
ഹൃദി മാഞ്ഞൂ–വിജനഭുവി വാണുമഥ വിഗതധൃതി
കേണുമവൾ വിഷമശരവിഷമതയറിഞ്ഞൂ.
സംബന്ധഹീനബഹു സംഭാഷണൈൎമ്മനസി
സംഭ്രാന്തി നല്കി സഖിമാർക്കും–മൃദിമ
രമണീയേ–കുസുമശയനീയേ–സന്തതമുരുണ്ടു
പൊടിസന്തതി പിരണ്ടുമവൾ ചിന്തയിൽ വിരണ്ടുമവശാഽഭൂൽ.’
അങ്ങനെ ഇരിക്കേ സഖികൾ അവളെ ഉപചരിക്കുന്നതും മറ്റും കണ്ടു്, അവൾ കാമപീഡിതതന്നെയെന്നും ഒളിച്ചിരുന്നു് അവരുടെ സല്ലാപം കേട്ടാൽ, കാര്യങ്ങളുടെ സ്ഥിതിഗതികൾ മനസ്സിലാക്കാമെന്നും രാജാവു വിചാരിക്കുന്നു. തോഴിമാരുടെ നിൎബ ന്ധത്താൽ അവൾ,
‘മഹനീയരൂപനാകും മന്നവനെക്കണ്ടു
മന്മഥാൎത്ത ി വളരുന്നു നാളുതോറും
പരിതാപം സഹിയാമേ തോഴിമാരേ ഹന്ത
ഭാരമായ്‍വന്നു മമ ജീവൻപോലും.’
എന്നു സമ്മതിച്ചു പറയുന്നതുകേട്ടു് അദ്ദേഹം സന്തുഷ്ടനാകുന്നു. തോഴിമാരാകട്ടെ,
‘ഇന്ദുകുലോത്തമനാകും നൃപതിയിൽ
നിന്നുടെ കാമിതമുചിതം തന്നെ.
നന്ദി കലൎന്നിതു ഞങ്ങളിന്നിതു സാധിപ്പിക്കാം.
ഖിന്നതയരുതരുതയി സഖി സുഭഗേ!’
എന്നു നായികയെ സമാധാനപ്പെടുത്തുന്നു. രാജാവു്,
‘പരിതാപഹേതുവാം പഞ്ചവിശിഖൻതന്നെ
പരിതോഷമൂലമായ്‍വന്നു ദൈവാൽ;
തരുനികരമറവിലിഹ മരുവുന്നതെന്തിനി
പരിസരേ ചെന്നവളെയനുസരിക്കുന്നേൻ’
എന്നു വിചാരിച്ചുകൊണ്ടു പ്രത്യക്ഷപ്പെടാൻ ഭാവിക്കവേ, മായാവിയായ അസുരൻ വന്നു് ആക്രമിക്കുന്നു. അയാൾ മായാപ്രയോഗത്താൽ രാജാവിനെ മയക്കാൻ നിശ്ചയിച്ചിട്ടു് ശകുന്തളയേയും സഖിമാരേയും മറയ്ക്കുന്നു. രാജാവു് വ്യസനിച്ചു കൊണ്ടിരിക്കവേ, അശരീരിവാക്യം കേട്ടു് ഇതു രാക്ഷസമായയാണെന്നു ഗ്രഹിക്കുന്നു. അനന്തരം അദ്ദേഹം മായാവിയെ നിഗ്രഹിച്ചിട്ടു് ‘നിജമനോരഥപ്രേയസീനികുഞ്ജസവിധം’ പ്രാപിക്കുന്നു. ഇതാണു് നാലാംദിവസത്തെ കഥ.
ശകുന്തള സഖിമാരുടെ നിൎദ്ദേശം അനുസരിച്ചു് കാമലേഖം എഴുതി വായിച്ചു കേൾപ്പിക്കവേ, രാജാവു് പ്രവേശിച്ചു്,
‘പ്രണയിനി കേൾ മാമകവാണി
തനുഗാത്രി! പരമാൎത്ഥ ം താവകഭാഷിതം.
മനസിജൻ തപിക്കുന്നു നിന്നെ;
അനുകമ്പാലവഹീനം കഷ്ടമിവൻ
അനുവേലം ദഹിക്കുന്നിതെന്നെ.
പരവശനാകുമെന്നുടെ ജീവനിൽ
കരുണയുണ്ടാകണം ബാലെ!’
എന്നു പ്രാൎത്ഥ ിക്കുന്നു. സഖീജനം ഈ വാക്കു കേട്ടു്,
‘ഇന്നു കാമിതമെല്ലാം സഫലം വിധിയാലെ
നന്ദിപൂണ്ടിരുന്നാലുമിഹ നൃപമൗലെ!
നിങ്ങൾക്കിന്നനുരാഗമൊരുപോലെ–തന്നെ
നിഖിലവും പുരിപുണ്യഫലമെന്നു മന്യേ’
എന്നു പറഞ്ഞു് രാജാവിനേയും ശകുന്തളയേയും അനുമോദിക്കുന്നതിനോടുകൂടി,
‘അവനീപാലന്മാർക്കു ദയിതമാർ നല്ലോ-
രബലമാർ മതിചേർന്നു പലരുമുണ്ടാമല്ലോ.
ഇവൾമൂലമഴൽ ഞങ്ങൾക്കുളവാക്കീടാതെ
അവനംചെയ്തീടണമിവളെയും നൃപതേ.’
എന്നു പ്രാൎത്ഥ ിക്കയും, ദുഷ്ഷന്തൻ അതിനു മറുപടിയായി,
‘തരുണിമാരെനിക്കങ്ങു പലരുണ്ടെന്നാകിലും
ഇരുവർ ദയിതമാർ ധരണിയുമിവളും;
വരഗുണരുചിയാമിവളുടെ സുതനെ ഞാൻ
പുരുകുലശ്രീയുടെ രമണനാക്കുന്നേൻ’
എന്നു വാഗ്ദാനം നല്കുകയും ചെയ്യുന്നു.
ഇവിടെയും കവി ഒരു അസുരനെ പ്രവേശിപ്പിക്കുന്നു. കഥകളിയുടെ ചടങ്ങുകൾ പാലിക്കാൻ അദ്ദേഹം എന്തുമാത്രം വിഷമിക്കുന്നു എന്നു നോക്കുക.
‘എന്നുടെ ശാസനം മാനിച്ചു നിർഭയം
ചെന്നു മധുകരനെയവൻ കൊന്നുടൻ
പിന്നെയുമിജ്ജനത്തോടോരോ
ദുർന്നയം ചെയ്യുന്നുപോൽ.
ബന്ധുവധം കേട്ടു വജ്രദംഷ്ട്രാദികൾ
സന്ധുക്ഷിതാമൎഷരായി ഓരോ
സന്ധിയും ചെയ്തങ്ങു പോയി പോൽ
ആയവർ എന്തു വരാഞ്ഞതിപ്പോൾ?’
എന്നിങ്ങനെ ആ അസുരൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ‘ഹൃതകുചഭരനാസ’യായ ധൂമ്രകേശി കരഞ്ഞുകൊണ്ടു പ്രവേശിക്കുന്നു. അവളിൽനിന്നു് വജ്രദംഷ്ട്രാദികൾ ഹനിക്കപ്പെട്ടു എന്ന വൎത്ത മാനമറിഞ്ഞു് അസുരരാജാവു് കോപാരുണിതാക്ഷനായി ചമഞ്ഞിട്ടു് ദുഷ്ഷന്തനെ നിഗ്രഹിക്കുവാനായി പുറപ്പെടുന്നു.
ഇതിനിടയ്ക്കു് അനസൂയപ്രിയംവദമാർ ഒരു ഒഴികഴിവുപറഞ്ഞു് ശകുന്തളയുടേയും ദുഷ്ഷന്തന്റെയും അടുക്കൽനിന്നു പൊയ്ക്കളയുന്നു. നായകൻ നായികയെ അനുനയവാക്യങ്ങളാൽ രഞ്ജിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കേ മാതാവു് വരുന്നതു കണ്ടിട്ടു്, രാജാവു്,
‘മാതാവിതാ വന്നീടുന്നു സാധുശീലേ നിന്നെക്കാണ്മാൻ’ എന്നു പറയുകയും, അതുകേട്ടു് അവൾ,
‘മേദിനീന്ദ്ര ഭവാൻ ഗൂഢം
വേദസീകാനനേ വാഴ്ക’
എന്നു് അപേക്ഷിക്കയും ചെയ്യുന്നു. കണ്വപത്നിയുടെ,
‘ആലോലമിഴി തവ തനുസന്താപവു-
മലസതയും ബത കിമപി കുറഞ്ഞിതോ?’
എന്ന ചോദ്യത്തിനു്,
‘മമ സഖിമാരുടെ പരിചരണത്താൽ
കിമപി കുറഞ്ഞിതു താപമിദാനീം’
എന്നു് അവൾ മറുപടി പറയുന്നു. ആ വാക്കു കേട്ടു് സന്തുഷ്ടനായ ആ തപസ്വിനി ശകുന്തളയെക്കൂടി ആശ്രമത്തിലേക്കു വിളിക്കുന്നു.
‘അവനിതലചന്ദ്രനിവനനുസരിച്ചോതുമ്പോൾ
അവശത കലൎന്നു ഞാനതിവിമുഖിയായിഹ.
ഇനിയെന്തിനീവണ്ണമനുതാപമിയലുന്നു?
മനമേ നിനക്കു സുഖമിനി വരുവതെങ്ങിനെ?’
എന്നിങ്ങനെ ദുഃഖിതയായി ഭവിച്ചിട്ടു് ലീലാനികുഞ്ജത്തോടെന്ന വ്യാജേന ദുഷ്ഷന്തനോടു പറയുന്നു:
‘സന്താപഹാരിയാം സുമധുരനികുഞ്ജമേ
ഹന്ത പോകുന്നു ഞാനനുവദിക്കേണമേ.
വിരവൊടു രമിപ്പതിനു വരുവനിനിയും ഞാൻ’
രാജാവു് ലതാഗൃഹത്തിനുള്ളിൽ വന്നു്,
‘കളമൊഴിയുടെ ലളിതമാനനം
ലുളിതകുന്തളം ലജ്ജയാനതം
ഉന്നയിപ്പിച്ചേനുദിതകൗതുകം
ഒന്നു ചുംബിപ്പാൻ കഴിവന്നീലഹോ’
എന്നിങ്ങനെ കേണുകൊണ്ടിരിക്കുമ്പോൾ,
‘ഹാ ഹാ ദയാനിധേ നരപതേ!
രക്ഷോഗൎണ്ണഭീഷണാ ബാധന്തേ ബഹുധാ’
എന്നുള്ള തപോധനവിലാപം കേൾക്കുന്നു. രാജാവു് ചെന്നു് അസുരനേയും പടയേയും തോൽപ്പിച്ചോടിക്കുന്നു. മുനികൾ,
‘കല്യാണം ഭവതു തേ
കാരുണ്യജലധേ
കല്ലോലാവലിപോലെ
കലിതാനുബന്ധം’
എന്നു് ദുഷ്ഷന്തനെ പ്രശംസിക്കയും ആശീൎവദിക്കയും ചെയ്യുന്നു. അതിനോടുകൂടി അഞ്ചാംദിവസത്തെ കഥയും അവസാനിക്കുന്നു.
ആറാംദിവസത്തെ കഥ സംഭോഗശൃംഗാരംകൊണ്ടാണു് ആരംഭിക്കുന്നതു്. നായികാനായകന്മാരുടെ രണ്ടു പദങ്ങളും ദണ്ഡകവും മനോഹരമായിരിക്കുന്നു.
‘മന്ദാക്ഷരമ്യതരമന്ദാക്ഷരോക്തിമരവിന്ദേ-
ക്ഷണാം മഹിതശീലാം–മദനരസലോലം
മധുരതരശീലാം–അനുരഹസമരമയത മനുജവര-
തിലകനവനനുസരണനിപുണനനുകൂലം–അന്യൂന-
രാഗമവരൊന്നിച്ചു ഗൂഢതരമന്യോന്യമങ്ങു മതി
ചേർന്നു–സുഖമൊടു പുണൎന്നു –മുഖമതു നുകൎന്നു
മുന്നമതി വൈരമൊടു ഖിന്നതകൾ നല്കിയൊരു
മന്മഥനുമതുപൊഴുതിണങ്ങി…
പരിതോഷമോടു ഹൃദി സുരതോത്സവേ വിവിധ
സരസോപഭോഗരമണീയേ–വരതനു മുതിൎന്നു –
സ്മരരസമിയന്നൂ–സ്തനകലശഭരയുഗളഘന-
ജഘനപടുനടനപരിമിളിതമണിതമതിരമ്യം.
ശൃംഗാരലീലകളിലംഗം വിയൎത്ത ധികഭംഗ്യാ തളൎന്നു
മിഴി രണ്ടും പുരികുഴലഴിഞ്ഞു–പുതുമലർ പൊഴിഞ്ഞു–
വിശ്വാഭിരാമതനു വിശ്രാന്തസൗഖ്യമൊടു–വിശ്വാസ-
മാൎന്നഥ കിടന്നു–കുന്ദാദിസൂന മകരന്ദാവലീസുരഭി
മന്ദാനിലാധികമനോജ്ഞേ–നദിയുടയ കൂലേ–വിര-
വൊടനുകൂലേ–നന്ദിയൊടിരുന്നധരനന്മധു നുകൎന്നു -
മവൾ കുന്ദശരസരസതയറിഞ്ഞു.
അനുവേലമാളികളുമനുമോദമാൎന്നവരി-
ലനുകൂലഭാവമൊടു ഗൂഢം–വിജനഭുവി ചേൎത്തു ം–
വിരവൊടഥ കാത്തും–മനസി മുദമേകി ചില ദി-
നമിതു കഴിഞ്ഞളവിൽ മുനിതനയ ഗൎഭവുമിയന്നു.’
തപോധനന്മാർ വന്നു് ദുഷ്ഷന്തനെ പ്രശംസിക്കയും അനുഗ്രഹിക്കയും ചെയ്യുന്നു. അവരുടെ അനുഗ്രഹത്തോടുകൂടി അദ്ദേഹം പ്രണയാകുലാന്തരനായി കണ്വകാന്തയുടെ അടുക്കൽചെന്നു് സുഖമായി താമസിക്കുന്ന കാലത്തു് ഒരു സായാഹ്നത്തിൽ ദണ്ഡകാരണ്യവാസിയായി ഒരു നക്തഞ്ചരനു് ദുഷ്ഷന്തനോടു് അസൂയ ജനിക്കുന്നു. ശകുന്തളയെ എങ്ങനെ എങ്കിലും അപഹരിക്കണമെന്നു് അവൻ നിശ്ചയിച്ചുറയ്ക്കുന്നു. പക്ഷേ ശ്രമം ഫലപ്പെടാതെ വിഷമിച്ചിരിക്കുമ്പോൾ വീരബാഹു എന്ന രക്ഷോവരൻ വന്നു് ഇങ്ങനെ പറയുന്നു:
‘ഇഷ്ടിരക്ഷ നിൎവഹിച്ചു ധൃഷ്ടതയോടവനിന്നു
പുഷ്ടമോദം തൽപുരിയിൽ പോവതിന്നു തുനിയുന്നു.
മാർഗ്ഗമദ്ധ്യേ തടുത്തു ഞാൻ പോക്കുവാൻ തൽബലാടോപം
ശ്ലാഘ്യവീരനാകുമെങ്കൽ ശാസനം നീ അരുളേണം’
രാക്ഷസശ്രേഷ്ഠൻ അതിനു് അനുവാദവും നൽകുന്നു.
ഇതിനിടയ്ക്കു് ദുഷ്ഷന്തൻ സ്വപുരിയിലേക്കു പോവാൻ നായികയോടു് അനുവാദം ചോദിക്കുന്നു.
‘ഹേമാംഗുലീയമിതിലേകൈകമനുദിനം
നാമാക്ഷരം ഗണയ മേ സീമാദിനേ സുദതി
സാകം മയാ പുരേ കാമം രമിപ്പതിനു
കൈവരും വല്ലഭേ’
എന്നു പറഞ്ഞിട്ടു് അദ്ദേഹം നഗരത്തിലേക്കു തിരിയ്ക്കുന്നു. അനന്തരം നായിക,
‘ദീനയാകുമെന്നുടയ മാനസവും കവർന്നയ്യോ
പ്രാണനാഥൻ പോയാനല്ലോ ഹാ ദൈവമേ!
കോമളാംഗനവനുടെ പ്രേമലോലമപാംഗവും
കാമകേളികൗശലവും കാണ്മനെന്നു ഞാൻ?
എന്നോടാളീസന്നിധിയിലൊന്നു ചെല്ലുവാൻ
വന്നു ഗൂഢം കൎണ്ണമൂലേ ചുംബിച്ചതുമിന്നു തോന്നുന്നൂ.
സംഗമാലസയാമെന്നേ തന്മടിയിൽ ശയിപ്പിച്ചു
നന്ദിപ്പിച്ചതെങ്ങനെ മറന്നിടുന്നൂ?’
ഇങ്ങനെ ഓരോന്നു വിചാരിച്ചു വിചാരിച്ചു് ബാഹ്യലോകത്തെപ്പറ്റിയുള്ള സ്മരണ പോലും ഇല്ലാതെ ഇരിക്കവേ, ദുൎവാസാവു വന്നുചേരുന്നു. അതൊന്നും അവൾ അറിയുന്നില്ല.
‘എന്നെ നീ മാനിയാതെ ഇന്നേവം വസിക്കയാൽ
നിന്നെയിവൻ മറന്നീടും എത്ര ചെന്നാലും’
എന്നു ശപിച്ചിട്ടു് അദ്ദേഹം തിരിച്ചു പോകാൻ ഭാവിക്കുന്നതു കണ്ടു് സഖികൾ വന്നു് അനുനയവിനയാദികളാൽ ശാപമോക്ഷത്തിനുള്ള മാൎഗ്ഗം സമ്പാദിക്കുന്നു.
‘മിണ്ടാതെയിരുന്നവൾ കൊണ്ടാടുമംഗുലീയം
കണ്ടാലവനോർത്തീടും’
എന്ന മുനിവാക്യം കേട്ടപ്പോൾ അവർ സന്തുഷ്ടരാകുന്നു.
ദുഷ്ഷന്തൻ ഹസ്തിനപുരത്തിലേക്കു പോകുംവഴിക്കു് വീരബാഹു എതിരിടുന്നു. അവനെയും കൂട്ടരേയും വധിച്ചിട്ടു് രാജാവു് സ്നിഗ്ദജനങ്ങളാൽ സമ്മാനിതനായി മംഗലവാദ്യഘോഷമുഖരവും നിത്യോത്സവാലംകൃതവും ‘ഹൃഷ്യൽപൗരസമാവൃത’വും ആയ പുരിയിൽ ചെന്നു് ഗുരുവിനെ വന്ദിക്കുന്നു. ഗുരുവിന്റെ അനുഗ്രഹപൂൎവ്വം അദ്ദേഹം സുഖമായി വാഴുന്നു. ഇങ്ങനെയാണു് ആറാംദിവസത്തെ കഥ.
തീൎച്ചയായും മറ്റു ഭാഗങ്ങളും കവി എഴുതിക്കാണണം. ആകപ്പാടെ വായിച്ചു രസിക്കാൻ കൊള്ളാവുന്ന ഒരു കൃതിയാണിതെന്നു് സഹൃദയന്മാർ സമ്മതിക്കും. ആടുന്നതിനു് തീരെ കൊള്ളുകയില്ലെന്നുള്ളതും സൎവസംവിദിമാണു്. യത്നവൈരളത്താൽ ശാകുന്തളംനാടകംതന്നെയും രംഗത്തിൽ പ്രയോഗിച്ചു ഫലിപ്പിക്കാൻ വിഷമമായിരിക്കേ ഈ കഥകളിയുടെ കാര്യം പ്രത്യേകിച്ചു പറയാനൊന്നുമില്ല.
15.28 പാഞ്ചാലീസ്വയംവരം
മഹാകവി കുഞ്ചൻനമ്പ്യാരും ചില ആട്ടക്കഥകൾ രചിച്ചിട്ടുള്ളതായി ഭാഷാചരിത്രകൎത്ത ാവു് പ്രസ്താവിച്ചിരിക്കുന്നു. ശംബരവധം, ബാണയുദ്ധം, കൈലാസയാത്ര, ഗോവൎദ്ധനയാഗം, രാസക്രീഡ, രുക്‍മണിസ്വയംവരം, സ്യമന്തകം, കംസവധം ഈ ആട്ടക്കഥകൾ ആ മഹാകവിയുടേതാണെന്നത്രേ അദ്ദേഹത്തിന്റെ അഭിപ്രായം. ഇപ്പോൾ അച്ചടിച്ചിട്ടുള്ള കംസവധം കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാന്റേയും, രുക്‍മിണീസ്വയംവരം അശ്വതിതിരുനാൾ തമ്പുരാന്റെയും, ബാണയുദ്ധം ബാലകവി രാമശാസ്ത്രികളുടേയും ആണെന്നു് മി. ഗോവിന്ദപ്പിള്ളതന്നെ സമ്മതിക്കുന്നുണ്ടു്. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ അഭിപ്രായത്തിനു് അടിസ്ഥാനമെന്തെന്നു് അറിയുന്നില്ല. ഉപരിഗവേഷണം ചെയ്യുന്നതിനു മുമ്പു് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് അബദ്ധമാണെന്നു പറയുന്നതു് സാഹസവുമായിരിക്കും.
‘ആട്ടങ്ങളാടിനടക്കുന്നിതു ചില-
കൂട്ടം ജനം ധനം മോഹിക്കകാരണം
പാട്ടുകാരും ചില മദ്ദളക്കാരരും
കൂട്ടുകാരും കുടക്കാരും പ്രധാനിയും
പെട്ടിയെടുക്കുമുരത്ത ജനങ്ങളും
കുട്ടിപ്പരദേശിമാരും ശിശുക്കളും
രട്ടു തപ്പും കുഴല്ക്കാരും തംബുരു
ഘട്ടിവാദ്യം പല വില്ലും വടികളും
ചെപ്പുകൾ ചാണയും ചുട്ടിച്ചെരട്ടയും
ചപ്പുചിപ്പും കെട്ടിയേറ്റിപ്പുറപ്പെട്ടു
മുപ്പതും നാല്പതുമാളുകളൊന്നിച്ചു-
മല്പം ധനമുള്ളവന്റെ പൂരം പൂക്കു
കെട്ടുമിറക്കി യജമാനനേതെന്നു
കേട്ടറിഞ്ഞങ്ങു കരേറിപ്പുരം പുക്കു
നാട്യം പറഞ്ഞങ്ങിളക്കിയ്ക്കളിക്കാറ-
രൂട്ടുപുരയിൽ സ്ഥലംവയ്ക്കുമാകവേ.
പെട്ടി വരുന്നതുകണ്ടാൽ ചിലജനം
കൊട്ടിക്കതകങ്ങടച്ചുവെന്നും വരും.
അഷ്ടിമാത്രം കൊടുത്തങ്ങയയ്ക്കും ചിലർ
കഷ്ടിച്ചു കേളി കൊട്ടിച്ചുവെന്നും വരും.
ആട്ടങ്ങളിൽ കൃഷ്ണനാട്ടം ശുഭം രാമ-
നാട്ടം തുടങ്ങിയാൽ കോട്ടം വരും ദൃഢം’
എന്നിങ്ങനെ രാമനാട്ടത്തെ കഠിനമായി ആക്ഷേപിച്ചിട്ടുള്ള കവി കഥകളി എഴുതാൻ മുതിൎന്നു കാണുമോ എന്നു് ന്യായമായി സംശയിക്കാനും വഴിയുണ്ടു്. അദ്ദേഹം കൃഷ്ണനാട്ടത്തിന്റെ രീതിയിൽ ‘രാമഗീതി’ എന്നൊന്നു സംസ്കൃതത്തിലും ഭാരതഗീതി എന്നൊന്നു മലയാളത്തിലും രചിച്ചു കാണുന്നതിൽ നിന്നു് കൃഷ്ണനാട്ടത്തോടുള്ള പക്ഷപാതം നല്ലപോലെ തെളിയുന്നുതാനും. വല്ല പ്രഭുജനങ്ങളുടേയും നിൎബ ന്ധമനുസരിച്ചു് കഥകളി രചിച്ചുവെന്നു വന്നുകൂടായ്കയുമില്ല.
ശംബരവധവും ശാകുന്തളവും കുഞ്ചൻനമ്പ്യാരുടേതാണു്. ഭാഷാഭിവൎദ്ധിനിപ്രസ്സുകാരും അവരെത്തുടർന്നു് ശ്രീരാമവിലാസം പ്രസ്സുകാരും പറഞ്ഞു കാണുന്നതു് പ്രമാദം തന്നെ. അതേ ശ്വാസത്തിൽതന്നെ പാലാഴിമഥനത്തിന്റെ കൎത്ത ാവാരെന്നു നിശ്ചയമില്ലെന്നും പ്രസ്താവിച്ചു കാണുന്നതാണു് അത്ഭുതം. ശംബരവധം നമ്പ്യാരുടേതാണെങ്കിൽ പാലാഴിമഥനവും അദ്ദേഹത്തിന്റെ തന്നെയാണു്. എന്തുകൊണ്ടെന്നാൽ രണ്ടിലേയും ശൈലി ഒന്നുതന്നേ എന്നുള്ളതോ പോകട്ടേ; രണ്ടിലും ശ്രീകൃഷ്ണസ്തുതിപരമായി കാണുന്ന പദങ്ങൾ ഒരുപോലെയും ഇരിക്കുന്നു.
15.29 സൗരാഷ്ട്രം അടന്ത
‘നന്ദനന്ദന നയനാനന്ദ സുന്ദരാനന വന്ദേ വന്ദേ
നന്ദിതലോകമുകുന്ദ മുരാന്തക മന്ദരപൎവതധാരക ശൗരേ.
കേശവമാധവ മാമവസാധോ
കേശിവിനാശന കേവലമൂൎത്തേ !
പേശലകൗശല ദേശനദേശിക
ഹേ ശരണം ഭവ നാശയ പാപം.
അച്യുത രാഘവ രാവണനാശന
സച്ചിദാനന്ദമയ പന്നഗശായിൻ
ത്വച്ചരിതാമൃത സാരമഹോ ജയ
നിശ്ചലശീലനിരഞ്ജന കൃഷ്ണ.
കാരണപൂരുഷ കംസവിനാശന
ചാരണാസേവിത ചാരുദയാലോ
വാരണപാലക വാരിജലോചന
ദാരുണവൈരിവിദാരണ വന്ദേ.’ശംബരവധം
15.30 സൗരാഷ്ട്രകം ഏകതാളം
‘നന്ദനന്ദന നയനാനന്ദ സുന്ദരാനന വന്ദേ വന്ദേ
നന്ദിതലോകമുകുന്ദ മുരാന്തക
മന്ദരപൎവതധാരകശൗരേ
കേശവമാധവ മാമവസാധോ
കേശിവിനാശക കേവലമൂർത്തേ
പേശലകൗശല ദേശനദേശിക
ഹേ ശരണം ഭവ നാശയ പാപം…’ ഇത്യാദിപാലാഴിമഥനം
പാലാഴിമഥനം വായിച്ചുനോക്കിയാൽ കവി സാമാന്യനല്ലെന്നു മനസ്സിലാകും. ആടാനും പാടാനും വായിക്കാനും കൊള്ളാവുന്ന ഒരു കൃതിയാണിതു്. പദങ്ങളുടെ ഒഴുക്കും ഭംഗിയും ആശയങ്ങളുടെ സ്വാരസ്യവും നോക്കിയാൽ, കുഞ്ചൻനമ്പ്യാരുടേതാണെന്നു തന്നെ തോന്നും. മാതൃകയ്ക്കു് ഒന്നു രണ്ടു ഭാഗങ്ങൾ ഉദ്ധരിക്കുന്നു.
‘മന്ദാകിനീ സലിലസത്മകപത്മവാടീ
മന്ദാനിലംകലിതകോരകപാരിജാതേ
വൃന്ദാരകാധിപതിരുത്സുക ദേവനാരീ
വൃന്ദാനുഗോഽരമതനന്ദനകാനനാന്തേ
രേമേ നിജനിലയേ വലവൈരീ
രേമേ നിജനിലയേ
കാമേരികകമനീ നിധുവനകേളീവിലാസ
കലാരസശാലീ
ചന്ദനചമ്പക കരുവകപരിമള
തുന്ദിലമന്ദസമീരണശിശിരേ
മൃദുമൃദുചാലിത ചാമരമാരുത
ധുതരതിഖേദമുദഞ്ചിതമോദം
ഏണദൃശാം മൃദുപാണിതലാഹത
വീണാവേണുനിനാദചരിതം’രേമേ
15.31 ദണ്ഡകം
‘താണോരു ശൈലമഥ താങ്ങീ–മുരാരി ബത
താനേ മുദാ കമാരൂപീ–തദനു ബഹുഘോഷാ
തരുണാപരിതോഷാ–തരുണിമണിഗണമമര
തരുനികരമമൃതരുചി–സുരതുരഗ കരികളുളവായീ–
തൽക്കാലമങ്ങജനി തൽക്കാളകൂടമപി
തൽക്കാലവൈരിഗളചിഹ്നം–തദനു
മദിരാക്ഷി മദിരയുമുദാസീൽ– തടമുലകൾ
തലമുടിയുമൊടിനടുവമുടലുടയ വടിവുമടിമലരുമഭിരാമം.
പലോഴിതന്നിലൊരു കോലാഹലം ക്വചന
ഹാലാഹലം പല വിശേഷം–പരമമരസംഗീ
പരിചൊടു വിളങ്ങി–പലരുടയ മനസി കൊതി
കലരുമൊരു പൊലുമയൊടു കമലമുഖി
കമലയുമഥാസീൽ.’ പാലാഴിമഥനം.‘ഗൎഭാലസതയാകിയ രുക്മിണിതൻ ഭൂഷണമണികൾ വെടിഞ്ഞു
തല്പാന്തികസീമനി കാമിനി തല്പതിയുടെ നികടേ വാണു.
നാളീകദളായതലോചന കേളീരസമാശു വെടിഞ്ഞു.
ആളീജനപാണിതലം ഭുജനാളീധൃതമാക്കി നിന്നു.
ഹാസാദികളധികമകന്നു; ശ്വാസാഗമമുടനുടനാർന്നു.
ഭാസാ പുനരൊന്നു പകൎന്നു മാസാവധി പരിചൊടു വന്നു.’ശംബരവധം
15.32 പാൎവതീപരിണയം കഥകളി
ഈ ആട്ടക്കഥയുടെ കൎത്ത ാവു് കൊട്ടാരക്കര രാജാവിന്റെ വംശത്തിൽപെട്ട ഒരു ഗോദവൎമ്മ ഇളയരാജാവായിരുന്ന കാലത്തു് രചിച്ചതാണെന്നും,
‘പാടലദുൎഗ്ഗഭൂപാലാന്വയജാതേന ഗോദവൎമ്മാഖ്യയുവരാജേന വിരചിതാ കൃതിരേഷാഽവസിതാ’ എന്നുള്ള അവസാനക്കുറിപ്പിൽ നിന്നൂഹിക്കാം. പാടലദുൎഗ്ഗമെന്നതു് ചെങ്കോട്ടയായിരിക്കുമെന്നു തോന്നുന്നു. ഈ കൃതിയുടെ ആവിൎഭാവം നളചരിതത്തിനുശേഷമാണെന്നുള്ളതിനു് ആന്തരമായ ലക്ഷ്യങ്ങളുണ്ടു്. കവിത ഒരുവിധം നന്നെന്നു മാത്രമേ പറയാനുള്ളു. കവി വലിയ പ്രാസപ്രിയനാണു്. സംസ്കൃതശ്ലോകങ്ങളിൽകൂടി ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചുകാണുന്നു.
‘സാഹോരവം പോരിനാഗതനാകയാൽ
സ്വാഹാരവൽ പോരിൽ ജിത്വാ ഭവന്തം
സ്വാഹോദരായേതി ചൊല്ലിബ്ഭുജിക്കും
സോഹോ സുദർശനന്തം സമീക്ഷിക്ക നീ.’
15.33 ശൃംഗാരപദം
‘സുരതസുഖദായിനി മാലിനി രമണി
സുരസുമുഖിനതപദനളിനീ
സുരുചിരവസന്തമായാതം.
സുരുചിരകിസലയമൃദുലമധുരാധരേ
വിലോകയൈനം
സരസിജാനി മുകുളിതാനി താനി
സാരസലോചനേ സാമ്പ്രതം കാണ്ക നീ.
സരസിജങ്ങളിൽ സരസമിരുന്നു
സാരവം ഭൃംഗങ്ങൾ പൂമധുവുണ്ണുന്നു.
സരസഗീതങ്ങൾ കീരങ്ങൾ പാടുന്നു.
സുരതരുചിതാനി ഹൃദി വളൎക്കു ന്നു.
ഹരിണാങ്കൻ ദിശോ ധാവനം ചെയ്യുന്നു.
ഹരിണാക്ഷീമുഖം ലജ്ജിച്ചിരിക്കുന്നു.
ഹരിണാരി ഗൃഹങ്ങളിലൊളിക്കുന്നു
ഹരിണങ്ങളിഹ സംയോഗം ചെയ്യുന്നു
ഹരിണാങ്കബന്ധു ഞാനുന്മത്തനാവുന്നു.
ഹരിണാങ്കാനനേ രമിക്ക നാമിന്നു.
ഹരിച്ചു ഘൎമ്മബിന്ദൂ നായാതി വായുവാ-
ഹരിച്ചു സുഗന്ധം സൎവകുസുമാദപ-
ഹരിച്ചു തേന ഭാരമധികരിച്ചു–സം-
ഹരിച്ചു വേഗതാമ്മന്ദതയോടും മാം പ്ര-
ഹരിച്ചു പോകുവാന്മാൎഗ്ഗം ലബ്ധും സമുദാ
ഹരിച്ചു തസ്കരരീതികളിതവേഹി’
അവിടവിടെ ചില അപശബ്ദപ്രയോഗങ്ങൾ കാണുന്നുണ്ടെന്നും പറയേണ്ടിയിരിക്കുന്നു.
15.34 കൊച്ചീ വീരകേരളവൎമ്മതമ്പുരാൻ
൯൮൪ ധനുമാസം ൩൦-ാം തീയതി വെള്ളാരപ്പള്ളിയിന്നു വലിയതമ്പുരാൻ തീപ്പെടുകയും, അവിടുത്തേ സഹോദരനായ വീരകേരളവൎമ്മ ഇളയതമ്പുരാൻ സിംഹാസനസ്ഥനാവുകയും ചെയ്തു. അവിടുത്തേ കാലത്താണു് കൊച്ചിയിലെ ഭരണയന്ത്രം പരിഷ്കൃതമായിത്തീൎന്നതു്. നാടുവാഴികളുടേയും എടപ്രഭുക്കന്മാരുടേയും അധികാരങ്ങൾ നിൎത്ത ൽ ചെയ്തതും രാജ്യത്തെ കോവിലകത്തും വാതിലുകളായി വിഭജിച്ചു് ഓരോന്നിന്റേയും കാര്യാന്വേഷണത്തിനു് കാര്യക്കാരെ നിയമിക്കുക, സിവിൾ വ്യവഹാരങ്ങൾ കേട്ടു തീൎച്ച ചെയ്യുന്നതിനു് തൃപ്പുണ്ണിത്തുറയും തൃശ്ശിവപേരൂരും ഓരോ കോടതിയും എറണാകുളത്തു് അപ്പീലധികാരത്തോടുകൂടിയ ഒരു ഹജൂർകോടതിയും സ്ഥാപിക്കുക, ഉദ്യോഗത്തിൽനിന്നു പിരിയുന്നവർക്കു് പെൻഷൻ ഏൎപ്പെടുത്തുക, ജനപീഡാകരങ്ങളായ ചുങ്കങ്ങൾ നിൎത്തു ക, നിരത്തുകൾ, പാലങ്ങൾ മുതലായവ നിൎമ്മിയ്ക്ക, ഇത്യാദി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിൽ വരുത്തി. ഈ വിഷയത്തിൽ രസിഡണ്ടായ കൎണ്ണൽ മൺട്രോവിന്റെ ഉപദേശവും ഉണ്ടായിരുന്നു.
൯൮൫-ൽ സിവിൾകോടതികൾ വീണ്ടും പരിഷ്കരിക്കപ്പെട്ടു. മുമ്പുണ്ടായിരുന്ന ചെറിയ കോടതികൾ ജില്ലാകോടതികളായും ഹജൂർകോടതി അപ്പീൽകോടതിയായും രൂപാന്തരപ്പെട്ടു. കാര്യക്കാർ എന്ന പേർ നിൎത്ത പ്പെട്ടിട്ടു്, തൽസ്ഥാനത്തു് തഹശീൽദാർ ഉദ്യോഗം ഏർപ്പെടുത്തി. ദിവാനായ നഞ്ചപ്പയ്യന്റെ ഉത്സാഹത്താൽ റവ. ജേ. സാസൻ എന്ന പാതിരി മട്ടാഞ്ചേരിയിൽ ഒരു ഇംഗ്ലീഷ് പള്ളിക്കൂടവും സ്ഥാപിച്ചു. ഗോവസൂരിപ്രയോഗം നടപ്പിൽവരുത്തി. അടിമകളോടു് അവരുടെ ഉടമസ്ഥന്മാർ നിൎദ്ദയം പെരുമാറിവന്നതിനാൽ അവരെ സൎക്കാർവഴിക്കല്ലാതെ ശിക്ഷിക്കുന്നതു് കുറ്റകരമാണെന്നു് വിളംബരം പ്രസിദ്ധപ്പെടുത്തി. ൯൯൬-ൽ പുതിയ കണ്ടെഴുത്തു് ആരംഭിച്ചു. തിരുവിതാംകൂറുമായി നടന്നുകൊണ്ടിരുന്ന അതിൎത്ത ിത്തൎക്കം പറഞ്ഞുതീൎത്തു.
൧൦൦൩ കൎക്കടകം ൨൨-ാനു തൃപ്പുണ്ണിത്തുറവച്ചു് അവിടുന്നു തീപ്പെട്ടു.
ഈ തമ്പുരാൻ മഹാവിദ്വാനും കവിയുമായിരുന്നതിനു പുറമേ പണ്ഡിതന്മാർക്കും കവികൾക്കും ഒരു കല്പവൃക്ഷവുമായിരുന്നു. അവിടുത്തേക്കു് കഥകളി കാണുന്നതിൽ വലിയ താല്പര്യമുണ്ടായിരുന്നതിനാൽ, പ്രതിദിനം ഓരോ കഥ വിവരിച്ചു് അരങ്ങേറ്റം നടന്നിരുന്നുവെന്നാണു് ഐതിഹ്യം. നൂറിൽപരം കഥകൾ രചിച്ചിട്ടുള്ളതായി പറഞ്ഞുവരുന്നു. ഇതിൽ എത്രത്തോളം പരമാൎത്ഥ മുണ്ടെന്നു് അറിയുന്നില്ല. അവിടുത്തേക്കു് പ്രത്യേകം ഒരു കഥകളിയോഗം ഉണ്ടായിരുന്നതിനു പുറമേ കപ്ലിങ്ങാടന്റെ ശിഷ്യപരമ്പരയിൽപെട്ട പ്രസിദ്ധ നടന്മാരെ കടത്തനാട്ടിൽനിന്നും വരുത്തിക്കളിപ്പിക്കയും അവർക്കു് പാരിതോഷികങ്ങൾ നല്കയും ചെയ്തുവന്നു.
കൊട്ടാരം ഈടുവയ്പിൽ അവിടുത്തേ കൃതികളായ അമ്പതോളം കഥകൾ ഉണ്ടെന്നു പറയുന്നു. എന്നാൽ കൊച്ചീ ഭാഷാ പരിഷ്കരണക്കമ്മറ്റിക്കാർ ഈ കൃതികളുടെ പ്രസാധനവിഷയത്തിൽ അലസത കാണിക്കുന്നതു പരിതാപകരമായിരിക്കുന്നു. ഗജേന്ദ്രമോക്ഷം സന്താനഗോപാലം തുടങ്ങിയ ഒട്ടു വളരെ കഥകൾ അടങ്ങിയ ഒരു താളിയോലഗ്രന്ഥത്തിന്റെ അവസാനത്തു് ‘കൊല്ലം ൧൦൦൩-ാമാണ്ടു് കർക്കടമാസം ൨൨-ാനു കൃഷ്ണപക്ഷത്തിൽ നവമിയും തിങ്കളാഴ്ചയും കാൎത്ത ികനക്ഷത്രവും കൂടിയ ദിവസം ഉച്ചതിരിഞ്ഞു് നാലു് അടിയാകുമ്പോൾ ഈ മഹാരാജാവു് തൃപ്പുണ്ണിത്തുറവച്ചു് തീപ്പെട്ടുപോകുകയും അദ്ദേഹം മഹാജ്ഞാനിയാകകൊണ്ടു് സ്വർഗ്ഗത്തെ പ്രാപിച്ചു എന്നു നിശ്ചയം.’ എന്നു് ഒരു കുറിപ്പുള്ളതായി കുട്ടമശ്ശേരി നാരായണപ്പിഷാരടി എം. ഏ. അവർകൾ പ്രസ്താവിച്ചിരിക്കുന്നു. തമ്പുരാന്റെ കൃതികളായി അദ്ദേഹം കൊടുത്തിട്ടുള്ള കഥകളുടെ ഒരു പട്ടിക ഇവിടെ പകൎത്ത ിക്കൊള്ളുന്നു.
൧. കല്യാണസൗഗന്ധികം.
൨. ധ്രുവചരിതം.
൩. ഗജേന്ദ്രമോക്ഷം.
൪. സന്താനഗോപാലം.
൫. രാവണപരാജയം.
൬. ജരാസന്ധപരാജയം.
൭. നീലാസ്വയംവരം.
൮. സുദക്ഷിണാവധം.
൯. രുക്‍മണീസ്വയംവരം.
൧൦. പാരിജാതഹരണം.
൧൧. മിത്രമിന്ദാസ്വയംവരം.
൧൨. രേവതീസ്വയംവരം.
൧൩. ഭദ്രാദേവീസ്വയംവരം.
൧൪. കാളീസ്വയംവരം.
൧൫. ലക്ഷണാസ്വയംവരം.
൧൬. രൂക്‍മിവധം.
൧൭. ദുശ്ശാസനവധം.
൧൮. ദൂതവാക്യം.
൧൯. സുന്ദോപസുന്ദോപാഖ്യാനം.
൨൦. കിൎമ്മീരവധം.
൨൧. ഭീമസേനദിഗ്ജയം.
൨൨. ശ്രീകൃഷ്ണാവതാരം.
൨൩. അഷ്ടാക്ഷരമാഹാത്മ്യം.
൨൪. സാല്വവധം.
൨൫. രാസക്രീഡ.
൨൬. സീതാസ്വയംവരം.
൨൭. സുഗ്രീവാഭിഷേകം.
൨൮. സഗരോപാഖ്യാനം.
൨൯. നിവാതകവചവധം.
൩൦. അജാമിളമോക്ഷം.
൩൧. ഭാൎഗ്ഗവചരിതം.
൩൨. മാധ്വചരിതം.
൩൩. ബലരാമതീൎത്ഥ യാത്ര.
൩൪. വാമനമാഹാത്മ്യം.
൩൫. താടകാവധം.
൩൬. ശാകുന്തളം.
൩൭. ദക്ഷഗാനം.
൩൮. കിരാതം.
൩൯. സുന്ദരീസ്വയംവരം.
൪൦. അംബരീഷചരിതം.
൪൧. വ്യാസാവതാരം.
൪൨. യാഗരക്ഷ
൪൩. അഹല്യമോക്ഷം.
൪൪. മുചുകുന്ദമോക്ഷം.
൪൫. പാഞ്ചാലീസ്വയംവരം.
൪൬. ദേവയാനീചരിതം.
൪൭. അമൃതമഥനം.
൪൮. സുഭദ്രാഹരണം.
ദ്രുതകവനങ്ങളാകയാൽ ഇവയിൽ സാഹിത്യഗുണം വിരളമായിരിക്കുന്നുവത്രേ. മിക്കതും സംസ്കൃതമയം ആണെന്നും മി. പിഷാരടി പറയുന്നു. എന്നാൽ ദൃശ്യകല എന്ന നിലയിൽ ഇവ ഉത്തമങ്ങളാണെന്നുകൂടി അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് വിശ്വസിക്കാനാണു് പ്രയാസമായിരിക്കുന്നതു്. എന്നാൽ എന്തുകൊണ്ടു് അവയ്ക്കു പ്രചാരം സിദ്ധിച്ചിട്ടില്ല?
ഏതായിരുന്നാലും പണ്ഡിതരാജനായിരുന്ന ഈ മഹാരാജാവു് വിദ്വാന്മാരേയും കവികളേയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു എന്നുള്ളതു് സംശയമറ്റ സംഗതിയാണു്.
വടക്കൻകിരാതം എന്നൊരു കഥ ഇപ്പോഴും ആടിവരാറുണ്ടു്. അതിൽ ഒരു ഭാഗം പി. ഗോവിന്ദപ്പിള്ള അവൎകൾ ഉദ്ധരിച്ചും കാണുന്നു.
‘ലീലാകിരാത ഹരിനന്ദനോസ്തദാനീം
കോലാഹലേന ഭയദേ സമരേ പ്രവൃത്തേ
കാലാന്തകഞ്ചു വിജയഞ്ച സമീയുഷീ സാ
ശൈലാധിരാജതനയാ വചനം ബഭാഷേ.
പോരും പോരും രണമഹോ; തപം
പോരും പോരും.
അൎജ്ജു നനെക്കൊല ചെയ്യരുതെന്നുടെ
നിൎജ്ജ രനായകനാഥ ദയാലോ’പോരും പോരും
(അൎജ്ജു നനോടു്)
‘ബാലേ പാണ്ഡുസുത മഹാമതേ
കാലകാലനിവൻ ശൂലം കുഠാരം പരശു ധരിച്ചൊരു
ഫാലവിലോചനനേഷ പുരാരി’പോരും പോരും.
ഈ കൃതി തമ്പുരാന്റേതായിരിക്കുമോ എന്തോ? ഒരു സുന്ദരീസ്വയംവരവും പ്രകാശിതമായിട്ടുണ്ടു്. കവിത നന്നായിരിക്കയും ചെയ്യുന്നു.
15.35 കല്ലൂർ നമ്പൂരിപ്പാടു്
കല്ലൂർമന കൊച്ചീസംസ്ഥാനത്തു് തൃശ്ശിവപേരൂരിനു സമീപം ആവണ്ണശ്ശേരിയിലാണു്. കല്ലൂർ നമ്പൂരിപ്പാടന്മാർ എല്ലാം മാന്ത്രികവിദ്യയിൽ അഖിലകേരളപ്രഖ്യാതി സമ്പാദിച്ചിരുന്നു. ‘ബാലിവിജയം’ ആട്ടക്കഥയുടെ കൎത്ത ാവു് മാന്ത്രികനായിരുന്നതിനു പുറമേ വ്യുൽപന്നനുമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതകാലം ൯൧൦-നും ൯൭൦-നും മദ്ധ്യേ ആയിരുന്നു എന്നു് ഭാഷാചരിത്രകൎത്ത ാവും ൯൨൫-നും ൧൦൦൦-ാമാണ്ടിടയ്ക്കു് ആണെന്നു് മി. നാരായണപ്പിഷാരടിയും പറയുന്നു. ബാലിവിജയം കഥകളിയുടെ തോടയത്തിൽ നിന്നും കവിയെപ്പറ്റി ചിലതെല്ലാം ഗ്രഹിക്കാം.
‘യസ്യാന്തഃസ്ഫുരണം കരോതി സതതം സാക്ഷാദനന്തോപരി
ശ്രീശോ യസ്സുമനോജനാൎപ്പിതമഹാരത്നാശ്വഹസ്ത്യാദികഃ
ഗംഭീരോ ജനകശ്രിയോഽപ്യലമധൃഷ്യശ്ചാഭിഗമ്യോ നൃണാം
സോയം ഭാതി ഗുണാൎണ്ണവോഽതിസരസഃ ശ്രീമാടപൃത്ഥീപതിഃ’
എന്നു കീൎത്ത ിതനായിരിക്കുന്നതു് ശ്രീവീരകേരളവൎമ്മരാജാവായിരിക്കണം.
‘ശ്രീരുദ്രരാഘവമുഖാശ്ച കൃപാൎദ്രചിത്താ
നിത്യം ദിശന്തു ഗുരവോ മമ മംഗലാനി’
ഇതിൽനിന്നു് അദ്ദേഹം സംസ്കൃതം പഠിച്ചതു് പണ്ഡിതാഗ്രണിയായിരുന്ന ദേശമംഗലത്തു് ഉഴുത്ര വാര്യരുടേയും തച്ഛിഷ്യനായ കുഞ്ഞിട്ടി രാഘവൻനമ്പ്യാരുടേയും അടുക്കൽനിന്നാണെന്നു കാണാം. ഉഴുത്ര വാര്യർ ഹോരയുടെ വ്യാഖ്യാതാക്കളുടെ കൂട്ടത്തിൽ അത്യുന്നതസ്ഥാനം അൎഹിക്കുന്ന ‘വിവരണ’ത്തിന്റെ കൎത്ത ാവായിരിക്കുമോ എന്തോ?
ബാലിവിജയം കഥകളിയുടെ സാക്ഷാൽപേരു് ‘രാവണബന്ധനം’ എന്നാണു്. അതു് കൊച്ചീരാജാവിന്റെ പ്രേരണനിമിത്തമാണു് നിൎമ്മിച്ചതെന്നു്,
‘സേയം ഭാതി ഗുണാൎണ്ണവോഽതിസരസഃ ശ്രീമാടപൃത്ഥീപതിഃ’ എന്നു കഴിഞ്ഞു്
‘തദന്തികസ്ഥേന സദാത്ര കേനചി-
ദ്വിജന്മനാ കൗശികഗോത്രജന്മനാ
വിരച്യതേ രാവണബന്ധനാഭിധാ
കഥാ വിനോദായ തദീയസന്നിധൗ’
എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു മനസ്സിലാക്കാം.
ആടാൻ കൊള്ളാവുന്ന അപൂൎവം ചില കഥകളുടെ കൂട്ടത്തിൽ ഒന്നാണു് രാവണബന്ധനം അഥവാ ബാലിവിജയം. കവിതയും അതിമനോഹരമായിട്ടുണ്ടു്. കഥയെ ചുരുക്കി ഇവിടെ വിവരിക്കാം.
ഇന്ദ്രൻ ‘കേളിയേറുമിന്ദ്രാണിയാം നാളീകാക്ഷിതന്നെ ലാളനംചെയ്തുകൊണ്ടു്’ മണിമയമായ രമ്മ്യഹൎമ്മ്യത്തിൽ വസിക്കുന്നു.
‘കാന്തേ പുലോമതനയേ–ബന്ധുരാകൃതേ
കാന്തിസന്തതിനിലയേ
കാന്തനാമെൻവാക്യം പൈന്തേൻവാണി കേട്ടാലും
മന്ധരമദസിന്ധുരഗമനേ.
ചെന്താൎശരനിഹ വന്നു–പാരം
അന്തരംഗംതന്നിലിന്നു
ഹന്ത ശരം തൂകീടുന്നു–പാരം
സന്താപം മേ വളരുന്നു.
കുന്തളഭാര സുശോഭനേ
കുവലയചാരുവിലോചനേ
കിന്തവ ഹേതുവിളംബനേ?
കൃശതനു വരിക വരാംഗനേ.
അന്തികമതിലിഹ രന്തുമഖിലജന
ശന്തമകൈരവബാന്ധവ വദനേ
മാമകാനുരാഗനിധേ–സൎവ
കാമിനീ ഗുണജലധേ
കാമരോഗമഹൗഷധേ–ജിത-
കോമളമധുരസുധേ.
പ്രേമമതീവ വളൎന്നു തേ
പ്രണയിനിനിന്നധരാമൃതേ,
ഹേമസമാനതനുദ്യുതേ,
ഹിമകരകിരണമൃദുസ്മിതേ,
കാമസമരമതു നാമിഹ ചെയ്യുക
താമരനേൎമുഖി താമസമരുതേ.’
എന്നിങ്ങനെ ശൃംഗാരപദവുംകൊണ്ടാണു് ഇക്കവിയുടേയും പുറപ്പാടു്.
ഇങ്ങനെ ഇന്ദ്രൻ വസിക്കുന്ന കാലത്തു് രാവണൻ, കുബേരനെജ്ജയിച്ചു തിരിച്ചുവന്ന മേഘനാദനെ അഭിനന്ദിച്ചിട്ടു് ഇന്ദ്രനെ ജയിച്ചുവരാൻ നിയോഗിക്കുന്നു.
‘എന്തുകൊണ്ടെങ്കിലും ബന്ധിച്ചു ശക്രനെ
നിന്തിരുമുമ്പിൽ വച്ചു ബഹു-
സന്തോഷത്തോടു നമസ്കരിച്ചീടുവൻ
എന്തിനു ശങ്ക വൃഥാ?’
എന്നുളള പുത്രവാക്യം കേട്ടു് സന്തുഷ്ടനായ രാവണൻ,
‘പോക നാമിന്നിരുവരുമാകുലമെന്നിയേ തത്ര
പാകശാസനൻതാൻ മേവിടം–ലോകത്തിൽ ചെന്നു
വൈകാതെ വിളിക്ക പോരിനായ്
സമരമേല്പതിനു സുരപതി വരികിൽ
സമയവുമുണ്ടാം ബന്ധിപ്പതിനും.
ചന്തമേറും ബാലക നീയന്തികേ നിന്നീടിൽ പോരും
ബന്ധിക്കാമവനെ യുദ്ധത്തിൽ–പംക്തികണ്ഠന്നു
ബന്ധുക്കൾ മറ്റാരും വേണ്ട’
എന്നു പറഞ്ഞു് അമരാവതിയിലേക്കു പുറപ്പെടുന്നു.
‘നിൎജ്ജ രകീടപുരന്ദര നിന്നുടെ
ഗൎജ്ജ നങ്ങൾ പോരും.
കൈലാസാചലമൂലവിഘട്ടന-
ലോലസമുത്ഭവ നീലകിണാങ്കിത-
സാലോപമകരജാലപ്രകരണ
ലീലാരണമിദമാലോകയ നീ’
എന്നിങ്ങനെ പോരിനായി അടുത്ത രാവണനോടു്,
‘ശൈലപ്രകരവിശാലപതത്ര-
സലീലനികൃന്തനലോലമദീയക-
രാലംകൃതകുലിശേന ഭവദ്ഗള-
നാലജാലമിഹ വിദലയാമ്യഹം’
എന്നു പറഞ്ഞുകൊണ്ടു് ഇന്ദ്രൻ എതിരിടുന്നു. ഇവിടെ മാധുര്യവ്യഞ്ജകമായ ‘ല’കാരത്തിന്റെ ആവൎത്ത നം വീരരസത്തിന്റെ ഉൽകൎഷത്തിനു് ബാധകമായിരിക്കുന്നു എന്നു് രസജ്ഞന്മാർ പറഞ്ഞേയ്ക്കും. എന്നാൽ ഈ പദത്തിന്റെ ആദ്യഭാഗം എല്ലാം പരുഷാക്ഷരനിബിഡമായിരിക്കവേ, കവി എന്തിനു് ഇങ്ങനെ രീതി മാറ്റി എന്നാലോചിക്കുമ്പോഴാണു് അദ്ദേഹത്തിന്റെ ഔചിത്യം പ്രത്യക്ഷപ്പെടുന്നതു്. ‘ലീലാരണമിദമാലോകയ’ എന്നു രാവണനും ‘ശൈലപ്രകരവിശാലപതത്ര സലീലനികൃന്തനലോല’മാണു് തന്റെ ‘കരാലംകൃതകുലിശ’മെന്നു് ഇന്ദ്രനും പറഞ്ഞിട്ടുള്ളതിൽനിന്നും ഇരുവരും ഈ യുദ്ധത്തെ കേവലം ലീലയായിട്ടേ ഗണിക്കുന്നുള്ളുവെന്നു് സ്പഷ്ടമാണല്ലോ ആ ലീലാബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനു് ‘ല’യുടെ ആവൎത്ത നം സഹായിക്കയും ചെയ്യുന്നു.
ആയോധനത്തിൽ ദശമുഖൻ പിൻവാങ്ങിയതു കണ്ടു് മേഘനാദൻ മായാബലത്താൽ ഇന്ദ്രനെ ബന്ധിച്ചു് പിതാവിനു കാഴ്ചവയ്ക്കുന്നു. ഇന്ദ്രന്റെ ഈ അവസ്ഥ കണ്ടു് ദേവന്മാർ ദുഃഖിക്കുന്നു. കമലാസനൻ ഈ വാൎത്ത അറിഞ്ഞു് അതിവേഗത്തിൽ രാവണസന്നിധിയിൽ ചെന്നു് ഇന്ദ്രനെ മോചിപ്പിക്കുന്നു. ‘നിശാചരകൃതസ്വാളീകസഞ്ചിന്തന’ത്താൽ ലജ്ജാനമ്രമുഖനായിരിക്കുന്ന ദേവേന്ദ്രനെ നാരദൻ വന്നു് പല വിധത്തിലുള്ള സാന്ത്വനവാക്കുകളാൽ സമാധാനപ്പെടുത്തുന്നു.
‘സമ്മതമെല്ലാൎക്കു ം നിങ്ങൾ തമ്മിലുള്ള ശക്തിഭേദം.
ബ്രഹ്മവരബലംതന്നെ ജിഹ്മനവൻ ജയിച്ചതും,
എങ്കിലുമിന്നവരുടെ ഹുങ്കൃതികൾ തീർത്തീടുവാൻ
എങ്കലൊരുപായമിപ്പോളങ്കരിക്കുന്നുണ്ടു കേൾക്ക.
ശക്തനാകുന്നൊരു തവ പുത്രനായ ബാലിയോടു
യുദ്ധസംഗതിയുണ്ടാക്കാം സിദ്ധിച്ചീടും കാര്യമപ്പോൾ.
വാനരത്തോടെതിൎക്കുമ്പോൾ മാനഹാനിയവനുണ്ടു
നൂനമതിനുണ്ടു ശാപം ഞാനറിഞ്ഞിരിക്കുന്നല്ലോ’
എന്ന നാരദേരിതം കേട്ടു് അദ്ദേഹം പ്രസന്നനാകുന്നു.
രാവണൻ മണ്ഡോദരിയോടുകൂടി സ്വപുരത്തിൽ രമിച്ചുകൊണ്ടിരിക്കേ, നാരദൻ ചെന്നു് ബാലിയോടു വൃത്താന്തമൊക്കെയും അറിയിച്ചിട്ടു് നേരേ ലങ്കയിൽ എത്തുന്നു. രാവണൻ അദ്ദേഹത്തെ യഥോചിതം പൂജിച്ചിരുത്തിയിട്ടു്,
‘ആരാനുമിനി മമ വൈരികളായി ലോകേ
പോരിന്നു വന്നീടുവാൻ വീര്യമുള്ളവരുണ്ടോ?’
എന്നു ചോദിക്കുന്നു.
‘ആരുമില്ല തവ തുല്യനായൊരു
പൂരുഷനെന്നു ധരിച്ചാലും.
വീരൻ മഹാരണശൂരൻ ഭവാനതി-
ധീരനുദാരൻ ഗംഭീരൻ മഹാരഥൻ
ഓൎത്ത ാലതിലഘുവെങ്കിലുമൊരു
വാൎത്ത യുണ്ടിപ്പോളുണൎത്തു വാൻ.
മത്തനാം ബാലിക്കു മാത്രം ഭവാനൊടു
മത്സരമുള്ളതു നിസ്സാരമെത്രയും’
എന്നു് നാരദൻ തട്ടിവിടുന്നു. ആ വാക്കുകൾ കേട്ടു് രാവണൻ ലജ്ജിക്കുന്നു.
‘ചിത്രമഹോ നമുക്കൊരു ശത്രുവുണ്ടായതും
ചിത്തമതിലോൎക്കുന്നേരം സത്രപനാകുന്നു,
മത്തദിഗ്ഗജങ്ങടെ മസ്തകം പിളൎക്കും
മൽക്കരം തടുപ്പാൻ മൎക്കടനാളാകുമോ?’
എന്നിങ്ങനെ അട്ടഹസിച്ചുകൊണ്ടു് അവൻ ബാലിയെ ബന്ധിക്കാനായി ചാടിപ്പുറപ്പെടുന്നു.
എന്നാൽ പുറപ്പെടുന്നതിനു മുമ്പുതന്നെ ലങ്കാലക്ഷ്മിയെ വിളിച്ചു്,
‘നന്നായിഹ സൂക്ഷിക്കേണമിന്ദ്രാവമാനം കാരണ-
മിന്നു ദേവകൾ ചിലർ വന്നു ചതിച്ചിടാതെ’
എന്നു് ആജ്ഞാപിക്കാതിരിക്കുന്നില്ല.
ഇതിനിടയ്ക്കു് കിഷ്കിന്ധയിൽ വസിക്കുന്ന ബാലിസുഗ്രീവാദികളെ വിളിച്ചു് നാരദവചനം അറിയിച്ചിട്ടു് അവരോടു്,
‘വീരാഭിമാനിയാം ഭീരു ദശമുഖനെ മുനി
പോരിനിഹ കൊണ്ടുവരുമാരുമറിയാതെ.
മൂഢമതിയാകുമവനും–മുനിയുടയ
ചാടുമൊഴി കേൾക്കുമളവിൽ
പ്രൗഢബലനായ മമ–പാടവമതോൎക്കാതെ
രൂഢമദനായി വിരവൊടു വരുമല്ലോ.
മോടി മമ കാൺകിലുടനെ–പേടിയൊടു-
മോടുമവനിന്നു നിയതം
കൂടയോധിപ്രവരകീടനവനെന്റെയൊരു
താഡനമേല്പതിനുകൂടെ മതിയാമോ?
പോരിലതിദുഷ്ടനവനെ യമനുടയ
പൂരുഷനു നൽകീടുകയോ?
ശൗര്യകരവീര്യബലസാരം കളഞ്ഞുടനെ
കാരാഗൃഹാൎപ്പണം പോരുമോ ചൊൽവിൻ?’
എന്നിങ്ങനെ അഭിപ്രായം ചോദിക്കുന്നു.
‘കാലാരാതി വസിച്ചരുളുന്നൊരു
കൈലാസത്തെയിളക്കിയ ഖലനെ
കാലപുരത്തിനയപ്പതിനിന്നൊരു
കാലവിളംബനമരുതേ തെല്ലും.
മോക്ഷാപേക്ഷി മഹാജനഭക്ഷണ
രൂക്ഷാശയനാം രായ്ക്ഷസവരനെ
വീക്ഷണസമയേ ശിക്ഷിപ്പതിനിഹ
കാൽക്ഷണമരുതൊരുപേക്ഷ മഹാത്മൻ’
എന്നു് സുഗ്രീവാദികൾ ഉപദേശിക്കുന്നു. അനന്തരം അനന്തരകരണീയം എന്തെന്നു് മനസ്സിൽ ഉറച്ചുകൊണ്ടു് മഹാബലവാനായ ബാലി കിഴക്കേസമുദ്രം പ്രാപിച്ചു് കൃതനിയതതൎപ്പണനായിട്ടു്, നേരെ ദക്ഷിണാബ്ധിയിൽ ചെന്നു് കുളിച്ചു് കല്പമന്ത്രങ്ങളെക്കൊണ്ടും തൎപ്പിച്ച ശേഷം ആ സമുദ്രത്തിന്റെ ഗാംഭീര്യം നോക്കി ഇങ്ങനെ വിചാരിക്കുന്നു.
‘അംഭോധിതന്നുടയ ഗാംഭീര്യമോൎത്തു മമ
സമ്പ്രതി കുതൂപലം സംഭവിക്കുന്നു.
തുംഗതരമല്ല ഗിരശൃംഗനിഭകല്ലോലം
അങ്ങിതാ വരുന്നു ബഹുഭംഗിയോടേ.
വിക്രമികളായ ചില നക്രമകരാദികൾ
ചക്രച്ചുഴിയിൽ പുക്കു വിക്രമിക്കുന്നു
അത്യത്ഭുതങ്ങളാലത്ര മരുവുന്നവനു
നേത്രസുഖമെപ്പൊഴും സിദ്ധിക്കുമല്ലോ’
അപ്പോൾ രാവണന്റെ ഛായ സമുദ്രത്തിൽ കണ്ടിട്ടു്,
‘പത്തു മുഖമുണ്ടിവനു ഹസ്തങ്ങൾ വിംശതിയും
രാത്രിഞ്ചരാധിപതി രാവണനെന്നല്ലോ.
നാരദനുമുണ്ടു മമ സാരമില്ലെന്നാക്കി
നേരെയല്ലാതെയിതാ ചാരവേ വരുന്നു.
മമ ജനകനധികമവമാനങ്ങൾ ചെയ്തതിനു
മനസി കൃപ കൂടാതെ മൎദ്ദിപ്പനിവനേ.
ഉദകമിതു തൎപ്പയേ സകലസുരതൃപ്തയേ;
ഉദധിശയനൻ പ്രസാദിക്ക പരമാത്മാ’
എന്നു വിചാരിച്ചു് അദ്ദേഹം തൎപ്പണം തുടങ്ങുന്നു.
രാവണനുപോലും ഭയം ജനിച്ചുപോകുന്നു. നാരദനാകട്ടെ
‘കണ്ടതേതുമില്ല സാരമിപ്പോൾ
മണ്ടുമല്ലോ നമ്മെക്കണ്ടാൽ.
ഉണ്ടൊരുപായവും–പിമ്പെ ചെന്നു കരം-
കൊണ്ടു പിടിക്കുമ്പോളിണ്ടലകപ്പെടും.
നിശ്ചലനായിട്ടു ചെന്നു–മന്ദം
പുച്ഛമങ്ങു പിടിച്ചാലും.
വിച്യുതസാമൎത്ഥ ്യനാകുമതുനേരം
നിശ്ചയമിങ്ങനെ ജാതിസ്വഭാവമാം’
എന്നിങ്ങനെ പ്രേരിപ്പിക്കുന്നു. രാവണൻ ‘സഞ്ജാതവിസ്മയഭയനായിത്തീരുകയാൽ, ക:
‘എന്തിനു വൃഥാ ഞാനൊരു ബന്ധമില്ലാതുള്ളകാലം
ചിന്തിച്ചു വിഷാദിക്കുന്നു പിന്തിരിക നല്ലൂ’
എന്നുപോലും വിചാരിച്ചു പോകുന്നു. എന്നാൽ അടുത്ത നിമിഷത്തിൽ,
‘ഹന്ത ഹന്ത ദശമുഖൻ പിന്തിരിഞ്ഞു പോയീടുമോ?
ബന്ധിപ്പനിവനെയിപ്പോളന്തരമില്ലേതും’
എന്നുറച്ചുകൊണ്ടു് അവൻ ബാലിയെ സ്പർശിച്ച മാത്രയിൽ ലാംഗൂലത്താൽ ബദ്ധനായിത്തീരുന്നു. തുഷ്ടനായ മുനി മായുകയും ചെയ്യുന്നു.
ഈ നിലയിൽ കാലം കുറേ കഴിയുന്നു. പിതാവിന്റെ അവസ്ഥ എന്തെന്നു് അറിഞ്ഞുവരാൻ ഇന്ദ്രജിത്തു് ദൂതന്മാരെ അയയ്ക്കുന്നു. അവരിൽനിന്നു് വിജ്ഞാതവൃത്തനായ മേഘനാഥൻ,
‘ദക്ഷരിപുവെങ്കിലും ലക്ഷ്മീശനെങ്കിലും
ശിക്ഷിപ്പനിപ്പോളവനെ’
എന്നു് അട്ടഹസിച്ചുകൊണ്ടു് യുദ്ധത്തിന്നു പുറപ്പെടാൻ ഭാവിച്ചതു കണ്ടു് മയാസുരൻ തടുക്കുന്നു.
‘വൈരിശക്തി തങ്കൽ പാതി പോരുമെന്നു നല്ല
സാരമൊരു വരം’
അവനുണ്ടെന്നും, അതുകൊണ്ടു് സാഹസത്തിനൊന്നും ഒരുങ്ങരുതെന്നും ഉള്ള മയാസുരന്റെ ഉപദേശത്താൽ ഇന്ദ്രജിത്തു് ആ ഉദ്യമത്തിൽനിന്നു വിരമിക്കുന്നു. ദശകന്ധരന്റെ അവസ്ഥയെ കവി വളരെ ഭംഗിയായി ഒരു ദണ്ഡകത്താൽ വൎണ്ണിച്ചിരിക്കുന്നു.
‘അന്നേരമങ്ങു രിപു വൃന്ദോരുഭീതികര-
നിന്ദ്രാത്മജൻ സ ഖലു ബാലീ–കപിതിലക-
മൗലീ–കനകമണിമാലീ–സമരമതി-
ലേല്ക്കുമൊരു വിമതബലവും പാതി വരി-
കയിവനെന്നു വരശാലി.
ഏതും മനസ്സിലറിയാതെന്ന ഭാവേന
കൗതൂഹലത്തൊടുമുദാരൻ
അധികതരധീരൻ–അവനതിഗഭീരൻ–
നിജ വപുഷി മേവുമൊരു നിശിചരനെയും
കൊണ്ടു നിരവധികബാഹുബലസാരൻ
അമ്പോടു ചാടി പുനരംഭോധിരണ്ടിലതി-
കമ്പം വിനാ വിരലിൽ മുങ്ങീ–ജപമഥ
തുടങ്ങീ–സുരുചിരമഥ പൊങ്ങീ–പരിചി-
നൊടു തൎപ്പണവുമഖിലമപി ചെയ്തു പുന–
രുദകപതി വരുണനെ വണങ്ങീ.
ബാലാഗ്രവാസിയൊരു–നീലാദ്രിശൃംഗമിവ
പൗലസ്ത്യനങ്ങനുഗമിച്ചൂ–കിമപി വിഷമിച്ചൂ
കഥമപി സഹിച്ചൂ–സ്നാനമപി
ലവണജലപാനമതു ചെയ്തളവിൽ
മാനസവിശുദ്ധിയുമുദിച്ചൂ.
ഏവം കഴിച്ചു നിജ–ദേവാൎച്ചനം പുരിയി-
ലാവോളവും ഝടിതി പോന്നൂ–സഭയതിലിരുന്നൂ
സചിവരഥ വന്നൂ–അതുപൊഴുതു
വീരമതി-ലമരുമൊരു ദശമുഖനു-
മഹേന്ത വേദന വളൎന്നൂ.
ഖേദം വളൎന്നൂ ബഹു രോദങ്ങൾ
ചെയ്യുമൊരു സാദങ്ങൾ കേട്ടഥ തെളിഞ്ഞൂ.
കിമപി ച തിരിഞ്ഞൂ–കണ്ടവനറിഞ്ഞൂ.
സ്വാന്തത്തിലേറിയൊരു സന്തോഷഭാവേന
ബന്ധനമഴിച്ചഥ പറഞ്ഞൂ.’
ബാലി ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ പറഞ്ഞ വാക്കുകൾ അതിനിശിതങ്ങൾ തന്നെ.
‘പംക്തികണ്ഠരാക്ഷസേന്ദ്ര–പാകവൈരി തന്നെ
ബന്ധിച്ച സമൎത്ഥ ൻ തന്റെ താതനോ നീ?
കൈലാസമെടുത്തു നിജ പാണികളിൽ പല
ലീലാവിനോദങ്ങൾ ചെയ്ത വീരനോ നീ?
എന്തിനിഹ നമ്മുടയ ലാംഗൂലത്തിൽ വന്നു
ഹന്ത പറഞ്ഞീടുക നീ കാര്യമെല്ലാം.
കഷ്ടമൊരു കപിയുടെ പൃഷ്ഠഭാഗം തന്നിൽ
ഇഷ്ടമുണ്ടോ വസിക്കുവാനെന്തിതേവം?
അഷ്ടദിക്‍പാലന്മാർ നിന്റെ അട്ടഹാസങ്ങൾ കേട്ടാൽ
ഞെട്ടുമെന്നു ചിലർ ചൊല്ലിക്കേട്ടു ഞാനും.
എത്ര നാളായിഹ വന്നുകൂടിയെന്നു ചൊല്ക
കുത്ര തവ ശക്തനായ പുത്രനിപ്പോൾ?’
ഈ വാക്കുകൾ കേട്ടു് ലജ്ജിതനായ രാവണൻ ക്ഷമാപണം ചെയ്യുന്നു. നാരദൻ സുരേന്ദ്രപാൎശ്വം പ്രാപിച്ചു് മദ്ധ്യേസഭം ‘നക്തഞ്ചരബന്ധനാദിവാൎത്ത ’യേ വൎണ്ണിച്ചു കേൾപ്പിക്കുന്നതിനോടുകൂടി കഥ അവസാനിക്കുന്നു.
ബാലിവിജയം കൂടാതെ മധുകൈടഭവധവും, സുമുഖീസ്വയംവരവും, സ്വാഹാസുധാകരവും ഇക്കവി തന്നെ രചിച്ചിട്ടുണ്ടെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അവ അത്ര പ്രസിദ്ധങ്ങളല്ല.
ഇക്കവി തന്നെ ‘അജാമിളമോക്ഷം’ പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും രചിച്ചിട്ടുണ്ടു്.
15.36 എടവട്ടിക്കാട്ടു നമ്പൂരിമാർ
ഈ രണ്ടു സഹോദരന്മാരും കുന്നത്തുനാടു താലൂക്കിൽ പാങ്കോട്ട എന്ന സ്ഥലത്തുകാരാണു്. ഇവരും കൊച്ചീ വീരകേരളവൎമ്മതമ്പുരാന്റെ ആശ്രിതന്മാരായിരുന്നു. ജ്യേഷ്ഠസഹോദരനായ നാരായണൻനമ്പൂരി ശ്ലോകാൎത്ഥ ം പറയുന്നതിനു വിരുതനായിരുന്നത്രേ. രുക്മിണീസ്വയംവരം സംസ്കൃതപ്രബന്ധം ഇദ്ദേഹത്തിന്റെ കൃതിയാകുന്നു.
കാൎത്ത ികതിരുനാൾ തമ്പുരാന്റെ കാലത്തു് ഈ രണ്ടു നമ്പൂരിമാരും തിരുവനന്തപുരത്തു വന്നു് അവിടുത്തേ അഭിനന്ദനത്തിനു പാത്രമായതായി മിസ്റ്റർ ഗോവിന്ദപ്പിള്ള പ്രസ്താവിക്കുന്നു. അവരുടെ കൃതികളായി ബാണയുദ്ധം, വൈശാഖപുരാണം എന്നു രണ്ടു് ആട്ടക്കഥകൾ ഉണ്ടെന്നും അവ അപ്രകാശിതങ്ങളാണെന്നും അദ്ദേഹം പറയുന്നുണ്ടു്.
‘രാജാ കിമിന്ദുരപിനാര്യഭിമാനഹാരീ
നക്ഷത്രപോ നവസുധാവിഭവൈകഹേതുഃ
നാളീകഭംഗകൃദതീവനദീനബന്ധൂ
രാജാ പരം വിജയതേ ഭുവി രാമവർമ്മാ.
ലക്ഷ്മീഃ കീൎത്ത ിഃ കൃപാണീത്യയി തവ ദയിതാ-
സ്സന്തി രാജേന്ദ്ര തിസ്ര-
സ്താസ്വേകാപി ക്ഷണാൎദ്ധം ന നിവസതി നഭവൽ
സന്നിധൗ ചിത്രമേവ
ആദ്യാ ഭാത്യാശ്രിതാനാം വസതിഷ ദയിതാ
മദ്ധ്യമാ ദിക്ഷു ധാവ-
ത്യന്ത്യാ സാ വീതശങ്കം വിഹരതി വിമത-
വ്രാതദോരന്തരാളേ.’
ഈ പദ്യങ്ങൾ അനുജൻനമ്പൂരി കാൎത്ത ികതിരുനാൾ തമ്പുരാനു് സമൎപ്പിച്ചവയാണു്. ഇവരുടെ ജീവിതകാലം ൯൨൫-നും ൧൦൦൦-ാമാണ്ടിനും ഇടയ്ക്കാണെന്നു വിചാരിക്കാം.
15.37 കല്ലേക്കുളങ്ങര രാഘവപ്പിഷാരടി
ഇദ്ദേഹത്തിന്റെ ജീവചരിത്രസംക്ഷേപം പാട്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണു്. ഇക്കവി രാവണോത്ഭവം, നളചരിതം എന്ന രണ്ടു കഥകൾ രചിച്ചിട്ടുണ്ടത്രേ. അവ രണ്ടും കൊച്ചീ വീരകേരളവൎമ്മതമ്പുരാന്റെ ആജ്ഞാനുസൃതമാണെന്നും കാണുന്നു. രാവണോത്ഭവം ആടാറുണ്ടു്. ശബ്ദാഡംബരത്തിൽ കവിയ്ക്കു വലിയ ഭ്രമമായിരുന്നു. എന്നാൽ രസപോഷണത്തിലും ശ്രദ്ധ പതിപ്പിക്കാതിരുന്നിട്ടില്ല. ഒന്നു രണ്ടു് മാതൃകകൾ മാത്രം കാണിക്കാം.
15.38 യുദ്ധപ്പദം
‘സാഹസമോടമൎചെയ്‍വതിനായേഹി നരാധിപതേ
സഹിച്ചീടുന്നില്ലുള്ളം ദഹിച്ചീടുന്നു–ഭവാൻ
വഹിച്ചീടുന്ന കൎമ്മം നിനച്ചീടുമ്പോൾ
മരിച്ചീടും നീ പോരിൽ; തിളച്ചീടും ചോരയിൽ
കുളിച്ചീടും; കളികൾ ധരിച്ചീടണം.
തിമിൎത്തു പോരിനായെതിൎത്തു വന്ന നിന്നെ-
യമൎത്തു കവേണം കാര്യം; കയൎത്തു ഭവാൻ
ചെറുത്തുനില്ക്കിൽ ഗളമറുത്തീടുന്നുണ്ടു ഞാൻ
കരത്തിൽ മേവീടുന്നൊരായുധത്താൽ.
പിശിതഭോജികളെ വിശസനം ചെയ്‍വാൻ
കുശലനെന്നെന്നെ അറിഞ്ഞീടണം.
നിശിതമായിടുമെന്നശനി തനിക്കിന്നോ-
രശനമായ്‍വന്നീടുമരിക നിങ്ങൾ’
15.39 വിശ്രവസ്സിന്റെ പദം
ബാലികാജനമണിയുന്ന മഞ്ജുളമൗലിമണേ കേൾക്ക നീ
നീലക്കാൎവേണി നീരജോപമപാണീ
ബാലകോകിലവാണീ കല്യാണീ
അരുവയൎകുലമതിലരുമയിൽ പ്രദീപമായ്
മരുവും നീയാരെന്നും കസ്യ പുത്രിയെന്നും
അരികിൽ വന്നീടുവാൻ കാരണമതും നിന-
ക്കഭിലാഷവുമെന്തെന്നുരചെയ്ക തരസാ
സുരുചിരേ ചാരുകചഭാരേ ഭൂരി ഗുണവാരേ
നാരി സുലളിതനരകാരേ.
15.40 മണ്ടവപ്പള്ളി ഇട്ടിരാരിശമേനോൻ
ഇദ്ദേഹം അമ്പലപ്പുഴത്താലൂക്കിൽ കാവാലത്തു് ആക്കക്കൊടുപ്പിന്ന മുറിയിൽ മണ്ടവപ്പിള്ളിവീട്ടിൽ ൯൦൦-ാമാണ്ടിടയ്ക്കു ജനിച്ചു. ൯൪൦-ാമാണ്ടിടയ്ക്കു് അദ്ദേഹം തിരുവനന്തപുരത്തു വന്നു് കാൎത്ത ികതിരുനാൾതമ്പുരാന്റെ വിദ്വത്സഭയിലെ ഒരംഗമായിത്തീൎന്നു. ധൎമ്മരാജാവിന്റെ പ്രേരണ അനുസരിച്ചാണു് സന്താനഗോപാലം, രുക്മാംഗദചരിതം, ബാണയുദ്ധം എന്നീ ആട്ടക്കഥകൾ നിൎമ്മിച്ചതു്. സാഹിതീഭക്തനായിരുന്ന തിരുമേനി സന്തോഷിച്ചു് മേനവന്റെ തറവാട്ടിലേക്കു് ൬൦ പറ നിലം കരമൊഴിവായി പതിച്ചുകൊടുത്തതിനു പുറമേ അദ്ദേഹത്തിനു് ഒരു വീരശൃംഖലയും സമ്മാനിച്ചു.
സന്താനഗോപാലം ഭക്തിരസം തുളുമ്പുന്ന ഒരു കഥയാണു്. ധാരാളം പ്രസിദ്ധിയും അതിനുണ്ടു്. ഒന്നു രണ്ടു പദങ്ങൾ ഉദ്ധരിക്കാം.
15.41 ശ്രീകൃഷ്ണവിജയസംവാദം
ശ്രീകൃഷ്ണൻ:
‘ശ്രീമൻ സഖേ വിജയധീമൻ
സകലഗുണധാമൻ, സ്വാഗതമോ സുധാമൻ
സോമൻ ത്രിജഗദഭിരാമൻ വണങ്ങീടും
നിന്മുഖപങ്കജമിഹ കണ്ടതിനാലതിസുഖ
സംഗതസുദിനം ദിനമിതു മമ.
ധീരൻ സുകൃതിജനഹീരൻ നയവിനായാധാരൻ
ധൎമ്മജനത്യുദാരൻ
വീരൻ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ?
സഹജാവപി സഹജാമലഗുണഗണമഹിതാ തവ
ദയിതാപി ച കുരുവര.’
അൎജ്ജു നൻ:
‘നാഥ ഭവച്ചരണദാസരാമിജ്ജനാനാ-
മേതാകിലും വരുമോ ബാധാ?
വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു
ശരണാഗതഭരണാവഹിതം തവ
കരുണാമൃതമരുണാംബുജലോചന.
വന്ദേ തവ പാദാരവിന്ദേ സതതം
സുരവൃന്ദേശഗിരീശാദിവന്ദ്യ.’
ശ്രീകൃഷ്ണൻ:
‘കുരുക്കളുടെ മകുടേ സ്ഫുരിക്കും രത്നമേ നീയിഹ
വസിക്ക ചിരമെന്നൊടുകൂടെ രമിക്ക;
ചലിക്കും നളിനീദളമദ്ധ്യേ ലസിക്കും
ജലവിന്ദുപോലെ വിലസുന്നൊരു നരജന്മനി
നല്ലൊരു സുഖമെന്നതു സുഹൃദാ സഹ മരുവുക’
15.42 വിഷ്ണുചക്രത്തിന്റെ പുറപ്പാടു്
‘ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ
എഴുന്നെള്ളാമിഹ നേരേ
തിരുവുള്ളപ്പെരുവെള്ളത്തിര തള്ളും
വരുതുള്ള നരനുള്ളിലല-
മല്ലലെഴുമല്ലലിനി നില്പാ
ഫുല്ലസരസിജതുല്യമിഴിമുന
തെല്ലലം കുരു കല്യമയി തവ
മല്ലരുചിഭരകല്യജിതമല്ല മഞ്ജുതരമല്ല-
ജയദ്രഥവധോദ്യോഗസംഗരേ സ്വാമിൻ
ജഗത്ത്രയവാസിനാം ഭയങ്കരേ മുന്നം
സഹസ്രരശ്മിമണ്ഡലം തമിസ്രമണ്ഡലമായ
പഞ്ജരേ മറച്ചു ഞാനമിത്രനാശനം നിരന്തരേ
മീനകമഠവരാഹ നരഹരിവടഭൃഗുരാമ-
രൂപരഘുവരകലിതഹതബലകൃഷ്ണ
ശുഭശീല മ്ലേച്ഛകുലകാല.’സന്താനഗോപാലം.
15.43 വൈകുണ്ഠവൎണ്ണനം
‘കണ്ടായോ വിജയസഖേ കണ്ടാലും മോദാൽ
കഞ്ജനാഭന്റെ മന്ദിരം.
കുണ്ഠതയകന്നാശു കണ്ണിണ പീയൂഷാംബുധി
വൻതിരമാലകളിൽ നീന്തിക്കളി തുടങ്ങി.
പാല്ക്കടൽനടുവിലൊരത്ഭുതതര ലോകം.
വൈകുണ്ഠാഖ്യമിതധരിതവിധിപുരസുരലോകം
ഭാസ്കരകരസമമണിനികരാലോകം
ഭവ്യാ ഭാൎഗ്ഗവിയുടെ കളിമന്ദിരമപശോകം
സാന്ദ്രസുഖനിമഗ്നസകലജന
സാന്ദ്രകുതുകപ്രദമുപവനം
കാന്ത ജലധിശയമണിഭുവനം
കാന്തകനകമണിഹരതവനം
പുഷ്കരസംഭവദൎശതക്രതു മുഖ്യ
സുരൈരപി ദുൎഗ്ഗതമിവിടം.
ബാലദിവാകരസുപ്രഭ പൊന്മുടിയും
മൂൎദ്ധനി ലോലത തേടിന മകരക്കഴലിണയും
നാലു ഭുജങ്ങളുമഞ്ചിതഗളതലവും
മണിമാലകളുരസി വെളുത്തൊരു ലാഞ്ജനവും
അഞ്ജനാഭമൊരു തനുനിറവും
മഞ്ജുളയുടെ പീതാംബരവും.
കമലവിമലമണിപദയുഗളം
വിമലസുഷമയൊടു ധരിച്ചരുളും
ഭംഗിതരംഗിതമംഗമിണങ്ങുമസംഖ്യം
ജനങ്ങളെയും ഘനകുതുകം.’ സന്താനഗോപാലം.‘കല്യാണാംഗിയണിഞ്ഞീടുമുല്ലാസശാലിനി
കല്യാണഗുണമോഹിനി
പഞ്ചബാണനഞ്ചിടുന്ന പുഞ്ചിരിയും ചാരു
ചഞ്ചലാപാംഗവും കിളികിഞ്ചിതവും
നീണ്ടിരുണ്ടു ചുരുണ്ടൊരു കുന്തളവും കാമൻ
വീണ്ടുമാശപൂണ്ടീടുന്ന കൊങ്ക രണ്ടും
മിന്നൽപോലെ മിന്നീടുന്ന രൂപത്തെയും കണ്ടു
മന്നവനുമാശ പൂണ്ടു നിന്നു നേരെ.’രുക്മാംഗദചരിതം.
ഇതേ വരികൾ തന്നെ വടക്കൻ രുക്മാഗദചരിതത്തിലും കാണുന്നു. ലിപികരപ്രമാദമായിരിക്കാം. തൽകൎത്ത ാവാരെന്നു നിശ്ചയമില്ല.
15.44 ഇരട്ടക്കുളങ്ങര വാരിയർ
അമ്പലപ്പുഴക്ഷേത്രത്തിനു പടിഞ്ഞാറു് കടൽത്തീരത്തിനടുത്തു് ഇരട്ടക്കുളങ്ങര എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനു തൊട്ടു കിഴക്കുവശത്താണു് ഇരട്ടക്കുളങ്ങര വാരിയവും പുരയിടവും. ആ വാരിയം ഇപ്പോഴുമുണ്ടു്. കൊല്ലവർഷം പത്താംശതകത്തിൽ അവിടെ പരമഭക്തനായ ഒരു വാരിയർ ജീവിച്ചിരുന്നു. അപണ്ഡിതനായിരുന്നെങ്കിലും, അദ്ദേഹം രചിച്ചിട്ടുള്ള കിരാതംകഥയ്ക്കുള്ളിടത്തോളം പ്രചാരം അപൂൎവ്വം ചില കഥകൾക്കേ ലഭിച്ചിട്ടുള്ളു.
സാഹിത്യവിഷയകമായി എന്തെല്ലാ ന്യൂനതകൾ ഉണ്ടായിരുന്നാലും, കിരാതം ഭക്തിരസമസൃണമായിരിക്കുന്നു.
15.45 അൎജ്ജുനന്റെ തപസ്സു്
‘ഗൗരീശം മമ കണാകേണം
ശുഭഗൗരാഭം തിരുമെയ് മുഴുവൻ
ശൗരി വിരിഞ്ച പുരന്ദരമുഖ്യ
സുരാസുരസൎവചരാചരവന്ദ്യം.’ഗൗരീശം
കുടിലത്തിങ്കളും ജടമുടിയിടയിൽ സുര-
തടിനിയും കൊടിയ പരാഗമണിയും
മടുമലർശരൻ തന്റെ പടുത വേർപെടുത്തൊരു
നിടിലച്ചെങ്കനൽ തൊടുകുറി ചേൎന്നു വിളങ്ങുന്നു.ഗൗരീശം
ഗരധരവിരചിതരുചിരകുണ്ഡലങ്ങളും
പുരികയുഗ്മവും തിരുമിഴിയിണയും
സരോജകൎണ്ണികശോഭ തിരുനാസികയും ചേൎന്നു
തിരുമുഖമതും മൃദുമന്ദസ്മിതവും ചേൎന്നു.ഗൗരീശം
‘മന്മഥനാശന മമ കൎമ്മമേവമോ?
ജന്മമൊടുങ്ങുവാൻ വരം കന്മഷാരേ തരേണമേ.
ദേവദേവ തവ പാദേ ആവോളം ഞാനൎച്ചിച്ചൊരു
പൂവുകൾ കാണുന്നിതല്ലോ കേവലം കാട്ടാളമൗലൗ
അന്തകാരി ഭഗവാൻ താനെന്തിതെന്നെച്ചതിക്കയോ?
വെന്തിങ്കൾതെല്ലിതാ കണ്ടേൻ ഹന്ത വേടൻ തന്തലയിൽ
സാരസേഷ ചാപ വന്ദ്യ ചാരു ചില്ലീയുഗങ്ങളും
സൂര്യസോമാക്ഷികൾ രണ്ടും പാരെഴും നാസിക കണ്ടേൻ’
‘കുണ്ഡലികൾകൊണ്ടുള്ളൊരു കുണ്ഡലങ്ങൾ മൃദുഹാസം
തുണ്ഡപുണ്ഡരീകം കാളകണ്ഠവും ഞാൻ കണ്ടേൻ സ്വാമിൻ.
… … …
സൎവലോകേശ്വരി മായാ പാൎവതിയോ വേടനാരീ-
ഭാവമായ്ക്കണ്ടതയ്യോ ജീവിച്ചതും പോരും പോരും മമ
കൎമ്മണാ മനസാ വാചാ ദുൎമ്മതി ഞാൻ ചെയ്തതെല്ലാം
ബ്രഹ്മമേ പൊറുത്തെന്നുടെ ജന്മമുക്തി വരുത്തേണം.’
ഈ പാട്ടിൽ സ്ഫുരിക്കുന്ന ഭക്തിരസം അഭിനയവേളയിൽ ബഹുഗുണം പ്രകാശിക്കും. ഇവിടെ കവിയ്ക്കു് അറംപറ്റിപ്പോയെന്നും, കഥ തീൎന്നു ടനെ കാള കുത്തി അദ്ദേഹത്തിന്റെ കഥയും തീൎന്നു പോയെന്നും ഇപ്പോഴും ആ നാട്ടുകാർ വിശ്വസിച്ചുപോരുന്നു.
ഇക്കാലത്തു തന്നെ പൂന്തോട്ടം നമ്പൂരിയുടെ വകയായി ഒരു രാജസൂയവും കിള്ളിക്കുറിശ്ശിമംഗലത്തുകാരനായ മന്ത്രേടത്തു നമ്പൂരിയുടെ വകയായി ഒരു സുഭദ്രാഹരണവും ഉണ്ടായി. ഇവയെ വടക്കൻരാജസൂയം, വടക്കൻസുഭദ്രാഹരണം എന്നിങ്ങനെ ആണു് പറഞ്ഞുവരുന്നതു്. സുഭദ്രാഹരണത്തിലെ കവിത വളരെ ലളിതമായിരിക്കുന്നു.
‘കഞ്ജദളലോചനേ! മഞ്ജുതരഭാഷിണി!
കുഞ്ജരസമാനഗമനേ!
അഞ്ജസാ എന്നുടൽ കഞ്ജ വിശിഖൻ പ്രിയേ!
ഭഞ്ജനംചെയ്യുന്നു കാൺക മൃദുശീലേ!
കുന്തളഭരേണ നീ കാന്തമുഖാംബുജം
ഹന്ത മറയ്ക്കുന്നതെന്തേ?
കാന്തേ പദാംബുജം നോക്കി നില്ക്കുന്നിതോ?
പൂന്തേന്മൊഴി കമനി നോക്കേണമെന്നെ.’
സാധാരണ കഥകളീകൃത്തുകളെപ്പോലെ നവോഢയെക്കൊണ്ടു് പച്ചത്തെറി പറയിക്കാതിരുന്ന ഈ കവിരസജ്ഞൻ തന്നെയാണു്. ഇതിലെ കവിതയിൽ ശ്ലാഘ്യമായൊന്നും കാണുന്നില്ലെന്നു് ഭാഷാചരിത്രകാരൻ പറഞ്ഞിരിക്കുന്നതു്. പക്ഷേ മുഴുവനും വായിച്ചു നോക്കാഞ്ഞതുകൊണ്ടായിരിക്കണം.
15.46 പുലപ്പാക്കര നമ്പൂരിപ്പാടു്
ഇദ്ദേഹത്തിന്റെ സ്വദേശം വടക്കു് പൊന്നാനിക്കു സമീപം എടപ്പാഴുദേശത്താണു്. ജീവിതകാലം നിശ്ചയിക്കാൻ തരമില്ല. പത്താം ശതകത്തിലാണെന്നു പറയാം. അദ്ദേഹത്തിന്റെ കൃതിയായ വ്യോമാസുരവധം വളരെ പ്രസിദ്ധമല്ല. ഒരു ദണ്ഡകം മാത്രം ഉദ്ധരിക്കുന്നു.
‘ഏവം പറഞ്ഞു നിജ ഭാവം പകൎന്നു വസു-
ദേവം ഹനിപ്പതിനുറച്ചു–അവനുടൽ വിറച്ചു
അസിയതു ധരിച്ചു–അതുസമയമഥ
മുനിയുമതികരുണ കലരുമൊരു മധുര-
ഗിരമധികമിതി വദിച്ചു.
കഷ്ടം ഭവാനുടയ ദുഷ്ടപ്രവൃത്തികളിതൊട്ടും
ഗുണം വരുവതല്ല–ശത്രുവിവരല്ലാ–സത്യ-
മതു ചൊല്ലാം–ഭീമബലമുടയ ബലരാമനുടെ
സഹജനതിധീമാൻ–നിനക്കു രിപുവല്ലേ.
ശിഷ്ടൻ പറഞ്ഞ മൊഴീ കേട്ടോരു നേരമവ-
നൊട്ടൊട്ടു ശാന്തത ഭവിച്ചു–അസി സപദി
വച്ചു–ഋഷി ദിവി ഗമിച്ചു–തദനു നിജ സഹജ–
യെയുമവളുടെ രമണനെയും വിരവിനൊടു
വിപിനഭുവി തളച്ചു’
15.47 അമൃതശാസ്ത്രികൾ
ഇദ്ദേഹം പാലക്കാട്ടുകാരനായ ഒരു തമിഴ്‍ബ്രാഹ്മണനായിരുന്നു. തൽകൃതിയായ ലവണാസുരവധം ആടാറുണ്ടു്. കവിതാരീതി കാണിപ്പാൻ ഒരു പദം മാത്രം ഉദ്ധരിക്കാം.
‘ഇത്ഥം നിയൂജ്യ ലവമത്ര കുശേ പ്രയാതേ
ലീലാവിനോദഹൃദയേ വിപിനം തദാനീം
ബാലാ സ കോമളതനും ശരചാപപാണീം
രാമാനുജസ്തത്ര വചോ ബഭാഷേ.
നില്ലനില്ലെട ബാല നല്ലതിനല്ല ഹേളനാ
വില്ലാളികുലമെല്ലാം വല്ലാതെ ഭീതിയോടെ
കല്യനായ നൃപവര്യപാദയുഗ-
പല്ലവം തൊഴുന്നു–ഹേലയിന്നു തവ
കിന്നു സപദി നന്നു.
പോരും പോരും നിന്നുടെ വീരവാദം ചൊന്നതു
പാരിടത്തിലൊരു വീരനെന്നു ചില
ലേഖനങ്ങൾ കണ്ടു–കടുത കൊണ്ടു–പടുത
പൂണ്ടു–എന്തുവേണ്ടു?
ദാശരഥിയുടെ വാജിയെ ബന്ധിപ്പതി-
നാശയെന്തു തവ? കീശകൃത്യമിതു പോരു-
മെന്നതോൎക്ക–കരുതിനില്ക്ക–ഹൃദി ധരിക്ക-
സമരമേല്ക്ക.’
15.48 ബാലകവി രാമശാസ്ത്രികൾ
ഇദ്ദേഹത്തിന്റെ സ്വദേശം പാലക്കാടായിരുന്നുവെങ്കിലും താമസമധികവും ആലപ്പുഴെ ആയിരുന്നു. കളർകോട്ടു് ഒരു ഗൃഹത്തിൽ സംബന്ധമുണ്ടായിരുന്നു എന്നും അറിയുന്നു. അദ്ദേഹത്തിന്റെ ബാണയുദ്ധം ഒന്നാംകിടയിലുള്ള ഒരു കൃതിയാണു്.
‘ഭജത സദാ യദുനായകം ഭജത സദാ യദുനായകം
കരതലവിലസിതമുരളീകള രവ
തരളിതപശുപാലകമനീയം.
കുടിലചികുരഭരജടിലനിടലതട
ഘടിതതിലകരുചി കമനീയം.
വലഭിദുപലകുലവിലസിത മൃദുതരം
വിഹസിതസജലജലദജാലം.
ചടുലഘനപടലവിലസിത
തടിദാഭപുരടകാഞ്ചീഭൂഷിതകടിതടം.
വികസ്വരപികസ്വരേ വികച മാലതീഭാസ്വരേ
മദാന്ധകുസുമന്ധയേ മധുദിനേ പ്രവൃദ്ധോദയേ
വിഹാരവിപിനാന്തരേ ബകുളമഞ്ജരീദന്തുരേ
ജഗാദ രതിലാലസഃ പ്രണയിനീ മുകുന്ദോ മുദാ.’
***
‘കളധൗതകമലങ്ങൾ വിലസുന്നു കാന്ത
കളഹംസം സകുലമതിൽ കളികളാടുന്നു.
വെളുവെളെ വിലസിന നളിനികൾ തോറും
പുളിനങ്ങൾ കളകോകമിളിതങ്ങൾ കാൺക.
പൂമണമിയലുന്ന കോമളതളിമം
സാമജഗമന! നിശാമയ നാഥ
മധുമദമുഖരിത മധുകരഗീതം
വിധുമുഖി മമ ധൃതിവിധുതി ചെയ്യുന്നു.
കളഹേമകാഞ്ചികളിളകുമാറിപ്പോൾ
കലയേഹം മനസിജകലഹേ സന്നാഹം.
പുളകിതങ്ങളാകും കുളുൎമുലയിണയിൽ
മിളിതനായ് നുകരുക മുഖമധു വീര.’
***
‘കാമോപമരൂപൻ കമനൻ വന്നു നിദ്രയിൽ
കാമിനി മമ സവിധേ.
ശ്യാമകമലദളകോമളകളേബരൻ,
വാമമിഴിമാൎമതിവലയ്ക്കും മഞ്ജുഹസിതൻ,
പൂന്തേൻമൊഴിയവനേകാന്തേ മെല്ലെയണഞ്ഞൂ
കാന്തേന്ദുമണിമേടകമ്രതളിമലതിൽ
ചന്തമിയലുമ്മുഖചെന്താമരയിൽനിന്നു
ചിന്തും മധുതന്നെന്റെ പന്തുമുലമേൽ ചേർന്നു
ലോലലോലപല്ലവലീല കോലുമംഗുലി
ജാലംകൊണ്ടു തലോടി ജാതരൂപമേനിയേ
നീലവേണിയെന്നുടെ നീവിതന്നുടെ
ബന്ധചാലനം തുടൎന്നപ്പോൾ ചലമിഴിയുണൎന്നു ഞാൻ
അന്നേരമതിമാത്രമളികാളികാഭവേണി–സന്നതനുലതികാ
സ്വിന്നത കലർന്നു മേയുന്നതകുചങ്ങളിലുളവായി പുളകങ്ങൾ
മുന്നിൽനിന്നവനെന്റെ മിന്നൽപോലെ മറഞ്ഞു.’
ഈ കഥയ്ക്കു് ഇപ്പോഴും നല്ല പ്രചാരമുണ്ടു്.
15.49 വിദ്വാൻ കരണത്താക്കുറുപ്പു്
കൊല്ലംതാലൂക്കിൽ ‘ചവറ’ എന്ന സ്ഥലത്തുള്ള ഒരു പുരാതനവും ചരിത്രപ്രസിദ്ധവുമായ കുടുംബമാണു് അഴകത്തുവീടു്. അവിടെ അനേകം പ്രസിദ്ധപണ്ഡിതന്മാരും കവികളും ഉണ്ടായിട്ടുണ്ടു്. മൎക്കണ്ഡേയചരിതം കഥകളിയുടെ കൎത്ത ാവായ വിദ്വാൻ കരണത്താക്കുറുപ്പു് ജ്യോതിശ്ശാസ്ത്രജ്ഞനും വേദാന്തിയും ആയ ഒരു പ്രൗഢകവിയായിരുന്നു. അദ്ദേഹം ൯൮൧-ൽ ജനിച്ചു; നാല്പത്തിയെട്ടു കൊല്ലമേ ജീവിച്ചിരുന്നുള്ളു. പ്രസ്തുത കൃതി അപ്രകാശിതമാണു്.
ദാക്ഷിണാത്യഭോജനെന്നു് അഖിലഭാരതപ്രശസ്തനായ സ്വാതിതിരുനാൾതമ്പുരാൻ തിരുമനസ്സുകൊണ്ടു് കല്പിച്ചുകൊടുത്തതാണു് വിദ്വാൻ കുറുപ്പെന്ന സ്ഥാനം. ഇക്കവിയുടെ പുത്രനായിരുന്ന ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനും ഒരു നല്ല വിദ്വാനായിരുന്നു.
വിദ്വാൻ കുറുപ്പിന്റെ കൃതിയായ അദ്വൈതാനന്ദം കിളിപ്പാട്ടിൽനിന്നും ഇദ്ദേഹത്തെപ്പറ്റി ചില സംഗതികൾ മനസ്സിലാക്കാം.
‘ദാസനാമെന്മനോവാസനയെ ഭക്തി
ഭാസുരയാക്കിച്ചമച്ച കൃപാനിധി
ഭൂസുരന്മാരിലഗ്രേസരനീശ്വരോ-
പാസനാതൽപരൻ കേശവൻതന്നുടെ
ഭാസമാനശ്രീപദസരോജാന്തര-
പാംസുനാ നിൎമ്മലേ മനോദൎപ്പണേ
വാസുദേവൻ പ്രതിഭാസിക്കണം സദാ.
കംസാരിസേവനതൽപരൻ കൃഷ്ണാഖ്യ-
ദേശികൻതന്നെയും സഞ്ചിന്തയാമി ഞാൻ’
ഇതിൽനിന്നു് ആദ്ധ്യാത്മികഗുരു കേശവൻപോറ്റിയും ലൗകികവിദ്യാഗുരു വൈദ്യനിക്ഷേപസംഗ്രഹത്തിന്റെ കൎത്ത ാവായ ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനുമായിരുന്നുവെന്നു കാണാം. ആശാന്റെ ഭാഗിനേയിയെയാണു് വിദ്വാൻ കുറുപ്പു് വിവാഹം ചെയ്തതു്.
അദ്വൈതാനന്ദം രചിക്കപ്പെട്ടതു് ൧൦൧൮-ൽ ആയിരുന്നു.
15.50 അണിമംഗലത്തു നമ്പൂരിപ്പാടു്
അണിമംഗലത്തു നമ്പൂരിപ്പാടു് പഴശ്ശിയുദ്ധത്തിൽ ഇംഗ്ലീഷുകാരുമായി പിണങ്ങി കാടു പൂകിയ കോട്ടയം കേരളവർമ്മയുടെ ഉറ്റ മിത്രമായിരുന്നു. പഴശ്ശിയുദ്ധകാലത്തു് അദ്ദേഹം കിളിമാനൂർ വന്നു് താമസം തുടങ്ങി. ആംഗ്ലേയരുമായുള്ള കലഹത്തിൽ അദ്ദേഹം വേലുത്തമ്പിയെ പല വിധത്തിൽ പ്രോത്സാഹിപ്പിക്കയും സഹായിക്കയും ചെയ്തിട്ടുണ്ടു്. ധിഷണാശക്തിയിലും വൈദുഷ്യത്തിലും അദ്ദേഹത്തിനോടു് കിടയായി അക്കാലത്തു് അധികംപേരുണ്ടായിരുന്നില്ല. ‘വൈശാഖപുരാണം’ എന്നൊരു ആട്ടക്കഥ അദ്ദേഹം രചിച്ചിട്ടുണ്ടെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. എന്നാൽ ആ കൃതി അയ്യൂഴി നമ്പൂരിപ്പാട്ടിലെ വകയായിരുന്നു. അതു് അച്ചടിച്ചിട്ടുമുണ്ടു്.
15.51 ഇരയിമ്മൻതമ്പി
ഇങ്ങനെ അശ്വതിതിരുനാൾതമ്പുരാന്റെ കാലത്തിനുശേഷം അനേക ആട്ടക്കഥകൾ ഉണ്ടായെങ്കിലും ഒന്നാംകിടയിലുള്ളവ ചുരുക്കമായിരുന്നു. ദാക്ഷിണാത്യഭോജനെന്നും നരസിംഹാവതാരമെന്നും അറിയപ്പെട്ടിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്താണു് സംഗീതസാഹിത്യങ്ങളുടെ മധുരമായ സമ്മേളനംകൊണ്ടു് കൎണ്ണത്തിനും കരളിനും ഒരുപോലെ ആനന്ദസന്ദായകമായ ആട്ടക്കഥകൾ ആവിൎഭവിച്ചതു്. ആട്ടക്കഥാകാരന്മാരുടെ കൂട്ടത്തിൽ എന്നല്ല കേരളീയ കവികളുടെ കൂട്ടത്തിൽ ഇരയിമ്മൻതമ്പിക്കുള്ള സ്ഥാനം അദ്വിതീയമാകുന്നു. തമ്പിയുടെ ഒരു പദം എങ്കിലും തോന്നാത്ത കുലാംഗനമാർ ഈ അടുത്ത കാലംവരെ ഉണ്ടായിരുന്നോ എന്നു് സംശയമാണു്.
ഇരയിമ്മൻതമ്പിയുടെ സാക്ഷാൽ പേരു് രവിവൎമ്മൻ എന്നായിരുന്നു. ‘ഇരയിമ്മൻ’ എന്നതു് കേവലം ഓമനപ്പേരായിരുന്നുവെന്നും പറഞ്ഞുകൂട. അദ്ദേഹത്തിന്റെ മാതാവും കാൎത്ത ികതിരുനാൾതമ്പുരാന്റെ അനുജനായ മകയിരംതിരുനാൾ രവിവൎമ്മതമ്പുരാന്റെ മകളുടെ മകനായിരുന്നതിനാൽ, മാതാമഹിക്കും മാതാവിനും ‘രവിവൎമ്മൻ’ എന്നു വിളിക്കാൻ സങ്കോചമുണ്ടായിരുന്നതുകൊണ്ടായിരിക്കണം അതിനെ ‘ഇരയിമ്മൻ’ എന്നാക്കിയതു്.
ഇരയിമ്മൻതമ്പിയുടെ മാതാമഹി തിരുവനന്തപുരത്തു് ആണ്ടിയിറക്കത്തുള്ള പുതമനഅമ്മവീട്ടിലെ ഒരംഗമായിരുന്നു. രവിവൎമ്മതമ്പുരാൻ ആ സ്ത്രീരത്നത്തിന്റെ അനുജത്തിയെക്കൂടെ പട്ടും പരിവട്ടവും ഇട്ടിരുന്നു. അവർ രണ്ടുപേരും യാതൊരു മത്സരബുദ്ധിയും കൂടാതെ തമ്പുരാനെ പരിചരിച്ചുവന്നു. ധൎമ്മരാജാവിന്റെ ആശ്രിതന്മാരിൽ ഒരാളായിരുന്ന നടുവിലേ കോവിലകത്തു കേരളവൎമ്മതമ്പാൻ–അഥവാ–ശാസ്ത്രിത്തമ്പാനായിരുന്നു അദ്ദേഹത്തിന്റെ പിതാവു്.
രവിവൎമ്മൻതമ്പി ൯൫൮ തുലാമാസത്തിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. ജനനസ്ഥലം കേട്ടയ്ക്കകത്തു കിഴക്കേമഠം ആയിരുന്നു. ഏഴാമത്തെ വയസ്സിൽ വിദ്യാഭ്യാസം തുടങ്ങി. മൂത്താട്ടു ശങ്കരൻഎളയതിന്റെ അടുക്കലാണു് സംസ്കൃതം അഭ്യസിച്ചതു്. ധിഷണാശാലിയായിരുന്നതിനാൽ പതിനാറു വയസ്സു തികയുംമുമ്പുതന്നെ അദ്ദേഹം കാവ്യനാടകാലങ്കാരങ്ങളും തൎക്കവ്യാകരണാദി ശാസ്ത്രങ്ങളും വായിച്ചു് ഒരു നല്ല വിദ്വൽകേസരിയായ്ത്തീർന്നു.
പതിനാലാമത്തെ വയസ്സിൽ ഒരു ശ്ലോകം രചിച്ചു് കാൎത്ത ികതിരുനാൾ തമ്പുരാനു് അടിയറവച്ചു. അവിടുന്നു് ഉള്ളുകൊണ്ടു സന്തോഷിച്ചുവെങ്കിലും ഇത്ര ചെറുപ്പത്തിലേ കവിതാരചനയിൽ ഏൎപ്പെട്ടുപോയാൽ പഠിത്തത്തിൽ അമാന്തം വന്നുപോയെങ്കിലോ എന്നു വിചാരിച്ചു് ‘കവിതയെഴുത്തു് കുറച്ചുകൂടി പഠിച്ചിട്ടാവാം’ എന്നു് നീരസഭാവത്തിൽ കല്പിച്ചുവത്രേ. ൯൭൩-ൽ ധൎമ്മരാജാവു് നാടുനീങ്ങി. എന്നാൽ അതിനുമുമ്പുതന്നെ ഈ ബാലനു് നിത്യച്ചെലവിൽനിന്നു് അടുത്തൂൺ പതിച്ചുകൊടുത്തിരുന്നു. പിന്നീടു് അവിട്ടംതിരുനാൾ തമ്പുരാനാണു് നാടുവാണതു്. അവിടുന്നും തമ്പിയ്ക്കു് ചില പതിവുകൾ ഏൎപ്പെടുത്താതിരുന്നില്ല. ൯൮൬-ൽ ആയില്യംതിരുനാൾ റാണി ഗൗരി ലക്ഷ്മീഭായി തിരുമനസ്സുകൊണ്ടു് രാജ്യഭാരമേറ്റു. ൯൮൮-ൽ ശ്രീവഞ്ചിരാജവംശസംവൎദ്ധിനിയായ ആ തമ്പുരാട്ടി തിരുവയർ വാണു് സ്വാതിതിരുനാൾ തമ്പുരാനെ പ്രസവിച്ചു. ൯൯൦-ൽ ഉത്രംതിരുനാൾ തമ്പുരാനും അവതരിച്ചു. രണ്ടുവൎഷം കഴിഞ്ഞപ്പോൾ ആ റാണിയുടെ കനിഷ്ഠസഹോദരിയായ ഗൗരിപാൎവതിഭായി തിരുമനസ്സുകൊണ്ടു രാജ്യഭാരം ഏറ്റു.
‘ജ്ഞാത്വാ ദാസ്യത്യഭീഷ്ടം സ്വയമഖിലമപി
സ്വാമിനീത്യാത്തമൗനേ
ചിത്തേഽപ്യാശാമശാന്താം പ്രതിദിനവിവശാം
വീക്ഷ്യ മേ സീഹിതീയം
അദ്യാഹം സാധയിഷ്യാമ്യഭിമതമയി തേ
മാ വിഷീദേതി ചൈനാ-
മാസ്വാസ്യ ത്വാമുപേതാം വിദുഷി തവ പരം
പക്ഷപാതോ ഹ്യമുഷ്യാം.’
എന്നും,
‘അമ്മേ പാൎവതിദേവി ലോകമഖിലം
രക്ഷിച്ചുകൊണ്ടേറ്റവും
സമ്മോദേന നദീതടാലയമതിൽ
സ്വൈരം വസിക്കും ശിവേ
ചെമ്മോദേന നിന്തിരുമേനി കണ്ടു തൊഴുവാൻ
വാഞ്ഛിച്ചു വാഴുന്നു ഞാൻ
എമ്മേലൻപു കലൎന്നു വന്നു നയനാ-
നന്ദം വളൎത്ത ീടണം.’
എന്നും,
‘പ്രാചീനാവനിഭൃദ്ഭവോ യദുദയോ
യോഽസൗരവിന്നാമതോ
ജായാസ്തസ്യ ദിശോ ദശാപി സതതം
രാജ്ഞിത്വയാലംകൃതാ;
തേജസ്ഫൂർത്തി സുവൎണ്ണഭാസുരയശ-
ശ്ശുഭ്രാംശുകൈസ്താദൃശോ-
പ്യേഷത്വദ്വസനേന മേ പ്രിയതമാ
നാലംകൃതാ കിം കൃതാ.’
എന്നും അദ്ദേഹം ഓരോരോ അവസരങ്ങളിൽ പാൎവതീറാണി തിരുമനസ്സിലേക്കു് അയച്ചിട്ടുള്ള ശ്ലോകങ്ങളിൽ നിന്നും തമ്പിയ്ക്കു് കൊട്ടാരത്തിൽ മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം അക്കാലത്തു് കുറേ ശിഥിലമായിപ്പോയി എന്നു് സംശയിക്കാൻ വഴിയുണ്ടു്.
൯൯൩-ൽ വെങ്കിട്ടരായർ ദിവാനും, കൎണ്ണൽ മൺട്രോ റസിഡണ്ടുമായിരുന്ന കാലത്തു് തിരുവനന്തപുരത്തു് ഒരു മുറജപം നടന്നു. അതിനെപ്പറ്റി തമ്പിയെഴുതിയതാണു താഴെ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകം.
‘ഇന്ദ്രൻ വഞ്ചീശനുണ്ടിങ്ങാമരഗുരു ദിവാൻ
വെങ്കിടാഖ്യൻ നിനച്ചാൽ
പിന്നെ ശ്രീപത്മനാഭൻ സുരതരുസുരഭീ
പാൎവതീരാജ്ഞി സാക്ഷാൽ
വെള്ളാനപ്രൗഢനുണ്ടീ ദുരയവൎകൾ ബുധ-
ന്മാൎക്കുമിങ്ങറ്റമില്ലാ
സ്വൎഗ്ഗം ഭൂലോകമത്രേ പ്രഥമനമൃതിനെക്കാൾ
വിശേഷം വിശേഷം.’
ഈ റാണിയേയും സ്വാതിതിരുനാൾ തമ്പുരാനേയും മാൎത്ത ാണ്ഡവൎമ്മ ഇളയതമ്പുരാനേയും സ്തുതിച്ചു് അദ്ദേഹം രചിച്ചിട്ടുള്ള അതിമനോഹരമായ കുമ്മി താഴെ ചേർക്കുന്നു.
‘ശ്രീമദനന്തപുരത്തിൽ വാഴും ശ്രീപത്മനാഭന്റെ പാദപത്മം
നാമിന്നു ചിന്തിച്ചു പാൎവതീറാണിയെ നന്ദിച്ചു വാഴ്ത്തി
ക്കുളിച്ചിടേണം–സഭ–വന്ദിച്ചു കുമ്മിയടിച്ചിടേണം.
ശങ്ക വെടിഞ്ഞു സഭനടുവി–ലിന്നു
മങ്കമാരേ നിങ്ങൾ വന്നീടുവിൻ
കങ്കണജാലം–കിലുങ്ങവേ–ചെങ്കയ്യിൽ താളം-
പിടിച്ചു നിരങ്കുശലീലം–ഗുരുപാദപങ്കജമൂലം
നിനച്ചു നാം–രംഗത്തിൽ മൃദംഗധ്വനി
സംഗീതവിധങ്ങൾക്കനു–കൂലത്തിൽ കുമ്മി
യടിച്ചീടേണം–നല്ല മേളത്തിൽ കുമ്മിയടിച്ചീടേണം.
കല്പകവല്ലീ കനകലതേ–സഖി
കാമപതാകേ കലാപവതി
ഉല്പലമാലേ–നടനത്തിലുദ്യോഗശീലേ–വഞ്ചീശ്വരീ
കെല്പോടു ചാലേ–അഭീഷ്ടം കൊടുപ്പതുപോലേ–നിനയ്ക്കുമ്പോൾ
ചൊല്പൊങ്ങിന കല്പദ്രുമമല്പം തൃണകല്പം കില-
തല്പരിതോഷം വളൎത്ത ീടുവാൻ–ഇന്നു
ശില്പമായ് കുമ്മിയടിച്ചീടേണം.
രക്ഷ ജനങ്ങൾക്കു ചെയ്തീടുന്ന–വഞ്ചി
രാജേശ്വരി തിരുമുമ്പിലിപ്പോൾ
ലക്ഷണോന്മേഷം–ചേരുംപടി-
ശിക്ഷാവിശേഷം–നാമെല്ലാരു-മക്ഷീണതോഷം-
കാട്ടീടേണം–സാക്ഷാലശേഷം–നവരസം ചേർത്തും
കൈകോർത്തും മടി തീർത്തും ജയമോർത്തും കളി-
യാടിക്കുമ്മിയടിച്ചിടേണം–പദം-
പാടിക്കുമ്മിയടിച്ചീടേണം.
ഗുരുജനദൈവതവിശ്വാസവും–സൎവ-
ഗുണദോഷജ്ഞാനവുമൗദാര്യവും
പരിതാപം നീക്കും–കടാക്ഷവും–കരുണയും വായ്ക്കും–
ധർമ്മത്തിങ്കൽ–പരമൊരു നോക്കും–ഭാഗ്യശ്രീകൾ
ചിരമുളവാക്കും–സാമ്രാജ്യവും
ഭോഷ്കല്ലിതു വായ്ക്കുന്നതു പാർക്കുംപൊഴുതാർക്കും നഹി
യോഗ്യസഭയിൽ നടിച്ചീടുവാൻ–വന്നു–
ഭാഗ്യം നമുക്കു വരാംഗിമാരേ!
രോഷാദിദോഷങ്ങളില്ല തെല്ലും–വിഷ്ണു-
രുദ്രാദിഭക്തിക്കിളക്കമില്ല.
ദൂഷണം ചെറ്റും-കൂടാതൊരു ഭൂഷണം മുറ്റും–
ധരണിക്കു–ശേഷനു മുറ്റും–ചേരാ ഗുണ–ഭാഷണ-
മേറ്റം–ചെയ്‍വാൻ പാൎക്കി-
ലേഷാ കിമുദോഷാകരഭൂഷേശ്വരയോഷാമണി
ഭാഷാഭഗവതിയോ രമയോ–രാജ്ഞി.
വേഷാഞ്ചിതയായ്‍വിളങ്ങിടുന്നു?
പാരതിലെങ്ങും പരന്നിടുന്നു–വഞ്ചി-
പാൎവതിറാണിതൻ കീൎത്ത ിവല്ലി
താരിന്മണികൾ–ദിശി ദിശി–സൂരിഗണങ്ങൾ–പുകഴ്ത്തുന്നു
ഭൂരിഗുണങ്ങൾ–നൃപാമാത്യ–വീരജനങ്ങൾ–ബഹുമാന-
ഭാരത്തൊടു ചാരത്തിഹ നേരത്തുപചാരത്തൊടു
പാരം നിറഞ്ഞു സഭനടുവിൽ–ഇന്നു
സാരമായ് കുമ്മിയടിച്ചിടേണ.
ഹിതമൊടു രാമവൎമ്മേന്ദ്രനെന്നും–നാട്ടി-
നിളമുറ മാൎത്ത ാണ്ഡവൎമ്മനെന്നും
അതിപുകൾ ചേരും–രൂപം കണ്ടാൽ
മതിമദം തീരും–സ്മരനെന്നു
സതതമെല്ലാരും–കൊണ്ടാടുന്ന
സുതരിരുപേരും–ശ്രീരുഗ്മിണി–
ക്ഷിതിതലേശ്വരി സുതയുമിവരൊടു
മതി മുദാ പാൎവതി മഹീശ്വരി-
മേദിനിതന്നിൽ വിളങ്ങീടുവാൻ–ഇന്നു
സാദരം കുമ്മിയടിച്ചിടണം’
ഈ കുമ്മി ഇരയിമ്മൻതമ്പിയുടെ ‘മണിപ്രവാളപദങ്ങൾ’ എന്ന പേരിൽ പ്രകാശിതമായ ഒരു പുസ്തകത്തിൽ ചേൎത്ത ിട്ടുണ്ടു്.
പാൎവതിറാണിയുടെ കാലത്തു് തമ്പിയുടെ ധനസ്ഥിതി ശോഭനമായിരുന്നില്ലെന്നു്,
‘അപാരദാരിദ്ര്യസമുദ്രപൂര-
പ്രതാപദീനസ്യ മമാവലംബം
നൃപാലചൂഡാദൃതപാദുകേ തേ
കൃപാലവം കേവലമൎത്ഥ യേഽഹം.’
എന്നു് ആ രാജ്ഞിയ്ക്കും,
‘മഹീപതേ ഭഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം;
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ടു്.’
എന്നിങ്ങനെ സ്വാതിതിരുമനസ്സിലേയ്ക്കും ഓരോ ശ്ലോകം അടിയറ വച്ചിട്ടുള്ളതിൽനിന്നു് ഊഹിക്കാം. എന്നാൽ അദ്ദേഹത്തിന്റെ ജനയിത്രിയുടെ വൈമാതൃകസഹോദരനും ശ്വശുരനും ആയിരുന്ന കൃഷ്ണൻതമ്പിയുടെ ഭാഗിനേയനായ ഉമ്മിണിത്തമ്പി ബാലരാമവൎമ്മമഹാരാജാവിന്റെ മന്ത്രിയായിരുന്നിട്ടുണ്ടു്. അദ്ദേഹത്തിന്റെ ധനസ്ഥിതി മോശമായിത്തീൎന്നതു് അതിനെത്തുടൎന്നു ണ്ടായ രാഷ്ട്രീയസംഭവങ്ങളാലായിരിക്കണം. ഉമ്മിണിത്തമ്പിയുടെ നിഷ്കാസനംമുതല്ക്കു് സ്വാതിതിരുനാൾ തമ്പുരാന്റെ കാലംവരേയ്ക്കു് തമ്പിയുടെ കുടുംബം രാജകുടുംബത്തിന്റെ അപ്രീതിക്കു പാത്രമായിരുന്നുവെന്നു വിചാരിക്കാനാണു് ന്യായം കാണുന്നതു്. എന്തായിരുന്നാലും ഇരയിമ്മൻതമ്പി പാൎവതീറാണിയുടെ പ്രീതി സമ്പാദിക്കാൻ വളരെ ശ്രമപ്പെട്ടുകാണുന്നുണ്ടു്. അദ്ദേഹത്തിന്റെ ശ്രമത്തിനു പരിപൂൎണ്ണഫലപ്രാപ്തി അടഞ്ഞതു് സ്വാതിതിരുനാൾ തമ്പുരാന്റെ കാലത്തായിരന്നു.
പാൎവതീറാണി തിരുമനസ്സുകൊണ്ടു് ആറ്റുങ്ങൾ എഴുന്നള്ളിയപ്പോൾ ഇക്കവി അല്പദൂരം പിന്തുടൎന്നിട്ടു് തിരിച്ചുപോന്നതായി വൎണ്ണിക്കുന്ന ഏതാനും ഭാഷാശ്ലോകങ്ങൾ ഉണ്ടു്. അവയുടെ സ്വാരസ്യം അനുഭവവേദ്യമാണു്.
‘അമ്മേ പാൎവതിദേവി ലോകമഖിലം രക്ഷിച്ചുകൊണ്ടേറ്റവും
സമ്മോദേന നദീതടാലയമതിൽ സ്വൈരം വസിക്കും ശിവേ!
ചെമ്മേ നിന്നുടെ മേനി കണ്ടുതൊഴുവാൻ വാഞ്ഛിച്ചു വാഴുന്നു ഞാ-
നെന്മേലൻപൂ കലൎന്നു വന്നു നയനാനന്ദം വളൎത്ത ിടേണം.
ഇഷ്ടാനന്തപുരിക്കു വിഷ്ണുഭഗവാനാകല്പമകേല്പമായ്
പുഷ്ടശ്രീയൊടപത്യദിവ്യമണിചേൎത്ത ിപ്പിച്ച മുക്താലതേ
ഇപ്പോൾ ത്വാമുപകണ്ഠസീമനി ധരിച്ചീടായ്കകൊണ്ടിപ്പുരി
വ്യുൽപന്നേതരവാക്കുപോലെ നിരലങ്കാരാഽധികം വൎത്ത തേ.
യാത്രാഘോഷേ ജനനി ഭവതീം പിന്തുൎന്നൊട്ടുനേരം
നേത്രം മാത്രം മമ തു ശനകൈഃ പിന്തിരിഞ്ഞിങ്ങുപോന്നൂ;
മുന്നിൽച്ചാടിപ്പരിചൊടു ഗമിച്ചോരുമച്ചിത്തമിന്നു
വന്നില്ലെന്നുള്ള തവ മനസ്സാക്ഷി ചൊല്ലാത്തതെന്തേ?
താരിൽത്തന്വീമണാളൻ സവിധഭുവിനൃണാം നന്മ മേന്മേൽ വരുത്താൻ
ഭൂരിസ്നേഹേന പൂരിച്ചൊരു സുകൃതദശോല്ലാസി വാടാവിളക്കേ!
ദൂരത്തൻപോടു വാഴും ജനനി ഭവതിയെച്ചെറ്റുകാണാഞ്ഞെനിക്കുീ
നേരത്തുള്ളോരവസ്ഥാം ദിനകമുദിനിയെക്കണ്ടു ബോധിച്ചിടേണം.’
൧൦൦൪-ാമാണ്ടു് സ്വാതിതിരുനാൾ നാടുവാഴാൻ തുടങ്ങിയതുമുതല്ക്കാണു് തമ്പിയുടെ ഭാഗ്യദശ പരമാൎത്ഥ ത്തിൽ ആരംഭിച്ചതെന്നു പറയാം. അദ്ദേഹം പിന്നീടു് ഉത്രംതിരുനാൾ തിരുമനസ്സിലെ വാഴ്ചക്കാലത്തിന്റെ മദ്ധ്യകക്ഷ്യവരെ കൊട്ടാരത്തിലെ വിദ്വൽസഭയിലെ ഒരംഗമായിരുന്നു.
ഇരയിമ്മൻതമ്പി സ്വമാതുലനായ കൃഷ്ണൻതമ്പിയുടെ മകളായ കാളിപ്പിള്ളത്തങ്കച്ചിയെയാണു് വിവാഹം കഴിച്ചതു്. ആ സ്ത്രീരത്നത്തിന്റെ ഒരു സഹോദരി അവിട്ടംതിരുനാൾ ബാലരാമവൎമ്മ മഹാരാജാവിന്റെ പുത്രനായ നീലകണ്ഠൻ തമ്പിയുടെ ഭാര്യയുമായിരുന്നു. കവിയ്ക്കു് പുരുഷസന്താനങ്ങളുണ്ടായിരുന്നോ എന്നറിവില്ല. പ്രസിദ്ധ വിദുഷിയും കവയിത്രിയും ആയിരുന്ന കുട്ടിക്കുഞ്ഞുതങ്കച്ചി അദ്ദേഹത്തിന്റെ പുത്രിയായിരുന്നു.
൧൦൧൫-ാമാണ്ടിടയ്ക്കു് പാണ്ടിയിൽ നിന്നും രണ്ടു വിദ്വൽകേസരികൾ സ്വാതിതിരുനാൾ തമ്പുരാനെ സന്ദർശിക്കയും പ്രസംഗാനന്തരം അവർ ക്ലിഷ്ടാർത്ഥകങ്ങളായ രണ്ടു ശ്ലോകങ്ങൾ രചിച്ചു് തൃക്കൈയ്യിൽ കൊടുക്കയും തമ്പി ആ ശ്ലോകങ്ങളുടെ താൽപര്യം ആ സഭയിൽ വച്ചുതന്നെ പറഞ്ഞതിനു പുറമേ പെട്ടെന്നു നിർമ്മിച്ച രണ്ടു സംസ്ക്രത ശ്ലോകങ്ങൾ ആ ശാസ്ത്രിമാർക്കു കൊടുത്തു് അവരെ മടക്കുകയും ചെയ്തുവെന്നും പ്രസന്നനായ തമ്പുരാൻ രണ്ടു കൈയ്ക്കും അട്ടത്തോടൻ വീരശൃംഖല സമ്മാനിച്ചുവെന്നും ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
൧൦൩൮-ാമാണ്ടു് കൎക്കടകമാസത്തിൽ ഈ മഹാകവി ദിവംഗതനായി.
രവിവൎമ്മൻ തമ്പിയെപ്പോലുള്ള പ്രൗഢകവികൾ കേരളത്തിൽ മുമ്പും പിമ്പും അധികമുണ്ടായിട്ടില്ല. ശബ്ദങ്ങളുടെ മസൃണമായ ബന്ധം, അൎത്ഥ പുഷ്ടി, ആശയഗാംഭീര്യം, രസപൗഷ്കല്യം മുതലായ സകല ഗുണങ്ങളും തമ്പിയുടെ കവിതാദേവിയെ അലംകരിക്കുന്നു. അദ്ദേഹത്തിന്റെ സംസ്കൃതശ്ലോകങ്ങളെ അപേക്ഷിച്ചു് ഭാഷാശ്ലോകങ്ങൾക്കു് രചനാഭംഗിയും മറ്റും കുറവാണെന്നു് മഹാകവി പരമേശ്വരയ്യർ പറയുന്നു. എന്നാൽ ഭാഷാശ്ലോകങ്ങൾ രചിക്കേണ്ട ആവശ്യം അദ്ദേഹത്തിനു് അധികമായി നേരിട്ടിട്ടില്ലെന്നും, കവിതകളിൽ അധികഭാഗവും ഗാനങ്ങളാണെന്നും നാം ഓൎക്കേണ്ടതാണു്.
സംഗീതസാഹിത്യങ്ങളുടെ ഹൃദ്യമായ പരസ്പരസമ്മേളനം കൊണ്ടു സുമധുരമായിരിക്കുന്ന അദ്ദേഹത്തിന്റെ മണിപ്രവാളപദങ്ങളോടു കിടപിടിക്കത്തക്കവണ്ണമുള്ള പദങ്ങൾ സ്വാതിതിരുനാൾതമ്പുരാൻപോലും രചിച്ചിട്ടുണ്ടോ എന്നു സംശയമാണു്. ആ രണ്ടു കവിസാൎവഭൗമന്മാർ തമ്മിൽ ഏതദ്വിഷയകമായി സൗഹാൎദ്ദസമ്മിളിതമായ ഒരു മത്സരം നടന്നുകൊണ്ടിരുന്നുവെന്നാണു് കേൾവി. തിരുമനസ്സുകൊണ്ടു് ഒരു മണിപ്രവാളപദം നിൎമ്മിച്ചു കഴിഞ്ഞാൽ ഉടനെ തമ്പിയെക്കാണിക്കയും തമ്പിയോടു് അതുപോലൊന്നു രചിക്കാൻ ആജ്ഞാപിക്കയും ചെയ്യാറുണ്ടായിരുന്നത്രേ. ആ അവസരങ്ങളിലൊക്കെ തമ്പിക്കാണു് വിജയം സിദ്ധിക്കാറുണ്ടായിരുന്നതെന്നു് പഴവന്മാർ പറഞ്ഞുവരുന്നു. അതുകൊണ്ടു് തമ്പിയെ ഒന്നു തോല്പിക്കതന്നെ വേണം എന്നു തീൎച്ചപ്പെടുത്തിക്കൊണ്ടു് അവിടുന്നു് ‘പഞ്ചബാണൻ തന്നുടയ’ എന്ന പദം രചിച്ചു തമ്പിയേ കാണിച്ചു. തമ്പിയും അതേ രാഗത്തിൽതന്നെ, ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ’ എന്ന ശൃഗാരപദം നിർമ്മിച്ചു. ആ ഗാനത്തോളം മധുരമായ ഒരു ശൃംഗാരപദം ഇതേവരെ ഭാഷയിൽ ആരും രചിച്ചിട്ടില്ലെന്നു നിസ്സംശയം പറയാം. അതു് പച്ച ശൃംഗാരമായിപ്പോയെന്നു് ഇന്നത്തെ ചില പരിഷ്കാരികൾ പറയുമായിരിക്കാം. അങ്ങനെ പറയുമായിരിക്കാം. അങ്ങനെ ആണെങ്കിൽ ജയദേവരുടെ ഗീതാഗോവിന്ദത്തിനും ആ ദൂഷ്യമുണ്ടല്ലോ. അതുപോലെ തന്നെ ‘ഒരുനാൾ നിശിചെയ്ത ലീലകളൊരിക്കലും ഹൃദി മറക്കുമോ സഖി’ എന്ന പദവും അഭംഗുരമായ സാഹിത്യഭംഗി നിറഞ്ഞതാണു്. ഈ ശൃംഗാരപദങ്ങളെല്ലാം വഞ്ചിരാജാവിന്റെ വിരഹിണിയായ പത്നി സഖിയോടു പറയുന്നതായിട്ടാണു് രചിക്കപ്പെട്ടിരിക്കുന്നതു്.
ഈ കവികോകിലത്തിന്റെ മധുരഗാനങ്ങൾ അദ്ദേഹം മരിക്കുന്നതിനു് രണ്ടു കൊല്ലങ്ങൾക്കു മുമ്പു് അതായതു് ൧൦൨൯-ൽ “പണ്ടാരവകയിൽനിന്നു് അനുവാദം വാങ്ങി തിരുവനന്തപുരത്തു പടിഞ്ഞാറെത്തെരുവിൽ പുന്നയ്ക്കൽവീട്ടിൽ കണക്കുകുമാരൻ മാൎത്ത ാണ്ടൻ ഒണ്ടാക്കിച്ചിരിക്കുന്ന കേരളവിലാസം അച്ചുക്കൂട്ടത്തിൽ” അച്ചടിക്കപ്പെട്ടു. അതിന്റെ പകൎപ്പുകൾ കിട്ടാൻ ഇപ്പോൾ പ്രയാസമാണു്.
മണിപ്രവാളകീൎത്ത നങ്ങളിലും ഒന്നു രണ്ടെണ്ണം ഇവിടെ പകൎത്താം.
15.52 ശ്രീരാഗം ചെമ്പട
പ. കരുണചെയ്‍വാനെന്തു താമസം? കൃഷ്ണ!
കഴലിണ കൈതൊഴുന്നേൻ!കരുണ
ആ.പ. ശരണാഗതന്മാൎക്കിഷ്ട–വരദാനം ചെയ്തുചെമ്മേ
ഗുരുവായുപുരം തന്നിൽ മരുവുമഖില
ദുരിതഹരണ ഭഗവൻകരുണ
ച. (൧) താരിൽതന്വീതലോടും ചാരുത്വം ചേൎന്ന പദം
ദൂരത്തിങ്ങിന്നോരോ നേരത്തിൽ നിനച്ചാലും
ചാരത്തുവന്നങ്ങുപചാരത്തിൽ സേവിച്ചാലും
പാരിൽ തിങ്ങിന തവ പരമപുരുഷ ന ഖലു ഭേദമേതുംകരുണ
(൨) ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നിൽ മുഴുകുന്ന നരതതിക്കവലംബം
മരതകമണിവൎണ്ണൻ ഹരിതന്നെയെന്നു തവ
ചരിതവൎണ്ണനങ്ങളിൽ സകലമുനികൾ പറവതറിവനധുനാകരുണ
(൩) പിഞ്ഛഭാരമണിഞ്ഞ പൂഞ്ചികുരഭംഗിയും
പുഞ്ചിരി ചേൎന്ന കൃപാ പൂൎണ്ണകടാക്ഷങ്ങളും
അഞ്ചിതവനമാലാഹാരകൗസ്തുഭങ്ങളും
പൊഞ്ചിലയും പാദവും ഭുവനമദനഹൃദി കരുതുന്നേൻ.കരുണ
ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു- വാതപൂരനികേത ശ്രീപത്മനാഭ പ്രീതികലർന്നിനി വൈകാതെ കനിവോടെന്റെ വാതാദിരോഗം നീക്കി വരദ വിതരസകലകുശലമഖിലം. (കരുണ)
15.53 സാവേരി ചെമ്പട
പ. പാഹിമാം ഗിരിതനയയേ സന്തതം തവ
പാദപങ്കജം തൊഴുന്നേൻ. (പാഹി)
അ. പ. ദേഹുകൾക്കു നിൻകൃപാലേശം ലഭിച്ചിതെന്നാൽ
ദേഹിയെന്നിഹ ജഗദീശ്വരി ചൊല്ലീടുമോ.പാഹി
ച. (൧) കാൽത്തളിരിണയുള്ളിൽ
ചേൎത്തു വാണീടുമെന്ന
കാത്തിടായ്കിലതിനു
കീൎത്ത ികേടില്ലയാതെ പാൎത്ത ീടാതെ നീയെന്റെ
ആൎത്ത ികളഖിലവും തീൎത്തു നിങ്കലധികം
ചീൎത്ത ഭക്തി നല്കണം.പാഹി
ച. (൨) ഏതാനുമൊരുപിഴ ചെയ്തോ? ചെയ്താലുമതു
മാതാവേ നിന്നുടയ ചേതസി കരുതാമോ?
ആതംകമൂലമായ പാതകമെല്ലാം തീൎത്തു
മാതംഗി കാത്താലെന്തുചേതം നിനക്കു ദേവീ?
ച.(൩) ചുറ്റുമലയിൽ വാഴും മുറ്റും ശ്രീപത്മനാഭ-
നുറ്റസോദരി! ലോകം പെറ്റ കാരുണ്യമൂൎത്തേ !
കുറ്റങ്ങളഖിലവും തെറ്റെന്നു സഹിച്ചു നീ
ചെറ്റു കടാക്ഷിക്കേണം മറ്റൊരാശ്രയമില്ലേ!
ഇതുപോലെ അദ്ദേഹത്തിന്റെ ആട്ടക്കഥകളിലുള്ള ഗാനങ്ങളും ദണ്ഡകങ്ങളും ബഹിരന്തഃസ്ഫുരദ്രസങ്ങൾ തന്നെയാണു്. ഭാഷാശ്ലോകങ്ങൾ കഥകളിയിൽ അധികമായിട്ടില്ല. മുകളിൽ ഉദ്ധരിച്ച സ്തുതിപരങ്ങളായ ഭാഷാശ്ലോകങ്ങൾ സരസങ്ങളല്ലെങ്കിൽ ‘രസ’മെന്നതു് ഏതു വസ്തുവിന്റെ പേരാണെന്നു് ചോദിക്കയേ തരമുള്ളു.
അദ്ദേഹത്തിന്റെ പാൎത്ഥ സാരഥിസ്തവം, എഴുത്തച്ഛന്റെ ‘നിരന്ന പീലികൾ നിരക്കവേ കുത്തി’ എന്നതിന്റെ വിവൎത്ത നമെങ്കിലും ഭംഗിയായിട്ടുണ്ടു്.
‘പാരീരേഴാംമരത്തിന്നതിസുദൃഢമതായൊരു നാരായവേരാം
കാരുണ്യാംഭോധി നാരായണനുടെ ചരണാംഭോജമാരാധ്യ നിത്യാം
താരാൎമാതിൻവിലാസത്തിനു ഭവനമതായോരു വഞ്ചിക്ഷിതീന്ദ്രൻ
പാരാവാരം ചുഴന്നീടിന ധരണിധരകേല്പമാം കല്പമാസ്താം.’
‘ദിവ്യം കിഞ്ചുന വെള്ളമുണ്ടൊരുമുറിസ്സോമൻ കറുപ്പും ഗളേ
പാൎത്ത ാൽ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലന്യേ തുണിയില്ല തെല്ലുമരയിൽ കേളേറ്റുമാനൂരെഴും
പോറ്റീ നിന്റെ ചരിത്രമത്ഭുതമഹോ! ഭൎഗ്ഗായ തുഭ്യം നമഃ.’
എന്നിങ്ങനെ അപൂൎവം ചില ഭാഷാശ്ലോകങ്ങളെ തമ്പി രചിച്ചിട്ടുള്ളു. അവയ്ക്കൊന്നിനും അദ്ദേഹത്തിന്റെ സംസ്കൃതശ്ലോകങ്ങൾക്കുള്ളിടത്തോളം അൎത്ഥ ഗാംഭീര്യമില്ലെന്നു സമ്മതിക്കാമെങ്കിലും, അവ തീരെ രസശൂന്യങ്ങളാണെന്നു പറയാവുന്നതല്ല.
15.54 തമ്പിയുടെ ഭാഷാകൃതികൾ
൧. ഒറ്റശ്ലോകങ്ങൾ, ൨. കീൎത്ത നങ്ങൾ, ൩. മണിപ്രവാളപദങ്ങൾ, ൪. വൎണ്ണങ്ങൾ, ൫. മുറജപപ്പാന, ൬. സുഭദ്രാഹരണം തിരുവാതിരപ്പാട്ടു്, ൭. നവരാത്രിപ്രബന്ധം, ൮. ഉത്തരാസ്വയംവരം ആട്ടക്കഥ, ൯. കീചകവധം ആട്ടക്കഥ, ൧൦. ദക്ഷയാഗം ആട്ടക്കഥ, ൧൧. രാസക്രീഡ കിളിപ്പാട്ടു്, ൧൨. വാസിഷ്ഠം കിളിപ്പാട്ടു് ഇവയാകുന്നു.
15.55 മുറജപപ്പാന
൯൯൩-ൽ നടന്ന മുറജപത്തെയാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്. അതിലെ ലക്ഷദീപവൎണ്ണന താഴെ ചേർക്കുന്നു.
‘ഉത്തരായണാരംഭദിവസത്തിൽ ഉത്തമലക്ഷദീപവും വന്നഹോ
പത്മനാഭനെ സേവ ചെയ്തീടുവാൻ പാരിലുള്ളവരെല്ലാം പുറപ്പെട്ടു
വൎഷകാലത്തു നാനാനദീജലം വാരിധിതന്നിൽ വന്നുചേരുംപോലെ
ഹൎഷംപൂണ്ടുള്ള നാനാജനങ്ങളുമാബാലവൃദ്ധം വന്നു നഗരത്തിൽ.
ശ്രീപതിയുടെ ദിവ്യോത്സവത്തെയും ഭൂപതിയുടെ പൂൎണ്ണഭാഗ്യത്തെയും
ഭൂമിവാസികൾക്കുള്ള മോദത്തെയും പുണ്യശാലികൾ തന്റെ വൃന്ദത്തെയും
ഏകകാലത്തു കാണ്മതിന്നാഗ്രഹാലെന്നപോലെ രജനിയും വന്നിതു.
നാലു ജാതി ജനങ്ങളുമന്നേരം നാലു ഗോപുരമാൎഗ്ഗമകം പുക്കു
തിങ്ങിയതു വരുന്നതു കണ്ടപ്പോൾ ഇങ്ങനെ വിബുധന്മാരും ശങ്കിച്ചും
തങ്കലെന്നും പിരിയാതെെ വാണിടും പങ്കജാലയാവല്ലഭനപ്പൊഴും
വഞ്ചിവാസവൻതന്നുടെ രാജ്യത്തിൽ സഞ്ചിതാനന്ദം വാഴ്കയിലിക്കാലം
വാരിരാശിയും ശ്രീമധുവൈരിയെ വന്ദിച്ചീടുവാനിങ്ങു വരികയോ?
ഉല്ലാസത്തോടിവണ്ണം ബഹുജനം കല്ലോലാളിപോലെ വന്നു മേളിച്ചു.
യാമമൊന്നു കഴിഞ്ഞോരനന്തരം യാമിനീശ്വരകോടിതേജസ്സൊടും
ശ്രീമണാളൻ നരസിംഹമൂർത്തിയാം സ്വാമിയോടുമൊരുമിച്ചു മെല്ലവേ
ശ്രീഗരുഡന്റെ കണ്ഠേ കരയേറി ശീവേലിപ്പുരതന്നിലെഴുന്നള്ളി.
തൽക്ഷണമുത്സവത്തിന്റെ ഭംഗിയെ വീക്ഷിപ്പാൻ കുതുകംകൊണ്ടു രാത്രിയും
ലക്ഷദീപങ്ങളായീടുമക്ഷികൾ ശിക്ഷയോടു തുറന്നു വിളങ്ങിയും....’
15.56 സുഭദ്രാഹരണം തിരുവാതിരക്കളി
‘ഇന്ദ്രകുലോജ്ജ്വലമണിമയാമിന്ദ്രസുതൻ മാധവിയാം
സുന്ദരിയിൽ കൊതി പെരുകി ചൂതശരാൎത്ത ിയിൽ മുഴുകി.
മാധവിയും മന്മഥനും മനതളിരിൽ ചേൎന്നളവിൽ
മാധവനാം കൃഷ്ണനേയും മാന്യനഹോ ചേൎത്ത വിടെ
പിഞ്ഛതരപ്രഭ താവും കുഞ്ചിതമാം കചഭരവും
അഞ്ചിതമാം കുണ്ഡലവും പുഞ്ചിരി തൂകും മുഖവും
താമരസായതമിഴിയും താർമധു തൂകും മൊഴിയും
കാമദകോമളതനുവും കാന്തവിലാസാദികളും
ചിദ്രൂപൻ ഭഗവാന്റെ ഭദ്രമെഴും ധ്യാനമതിൽ
ഭദ്രയോടങ്ങിടചേൎന്നു പാണ്ഡുസുതൻ കണ്ടു സദാ.
… … …’
15.57 നവരാത്രിപ്രബന്ധം - നാഥനാമക്രിയ
‘ഭാസുരശ്രീവഞ്ചിവസുന്ധരാവാസനവനെഴുന്നള്ളുമ്പോൾ
ഭടജനങ്ങൾ മുൻപിലകമ്പടിയോടു നടന്നും
വെണ്മതിയോടെതിരിടുന്ന വെണ്മയൊടു കുട പിടിച്ചും
വെഞ്ചാമരജാലമധികം ചാലവേ വീശി
നറുമലരും നവമലരും കുറവില്ലാതെ താംബൂലവും
നരവരന്നുപരി നിരവധി ചൊരിഞ്ഞും
വരതരുണീമണികളുടെ കുരവകളും
വീരർ കേറും വാജികൾ നിനദമിഭരാജമണിനാദം
ഭേരി മുതൽ വാദ്യഗണഭൂരിരവം മുഴങ്ങിടവേ
പ്രീതിയൊടു നൃപതി കോട്ടവാതിൽ കടക്കുമ്പോൾ
ഇടിയൊടിടയും വലിയ വെടിയുമിവ
കേട്ടീടുമ്പോളെട്ടുദിഗ്ഗജങ്ങളൊന്നു ഞെട്ടുമെന്നു ചൊല്ലാം.
പൊന്നണിഞ്ഞ തുരഗരത്നം തന്നിൽ യുവനരവരനും
പിന്നണിയിൽ പ്രഭുജനങ്ങൾതന്നുടെ വാഹനങ്ങൾ,
ഇപ്രകാരം വഞ്ചിനൃപൻ സപ്രമോദം ഗമിച്ചിടുമ്പോൾ
ഏണാക്ഷീജനങ്ങൾ സുമബാണാൎത്ത ി പൂണ്ടും
പൊന്മണിജനങ്ങളുടെ കണ്മുനപ്രഭാളിയപ്പോൾ
പേശലമുഖാംബുജത്തിലാശു ചെന്നു പതിച്ചും,
മൗലിതന്നിലിന്ദീവരമാലയായി
വളർപഞ്ചമിമതിതുലിതനിടിലതമടതിലേണമദമായി
ഉല്ലസിക്കും ചില്ലികളാം മുല്ലശരവില്ലിണയിൽ
ഒട്ടുനേരം ഞാണായിക്കെട്ടുപെട്ടു കിടന്നും,
ഇരുമിഴിത്താമരയിലുള്ള കരുമണിയാം വണ്ടുകളോ-
ടിണപൊരുതു നാണമൊടു പണിപെട്ടു പിരിഞ്ഞും,
അധരമാം ചെമ്പരുത്തിതന്നിൽ മധുരസവും കൊതിച്ചിരുന്നും,
ആനനപ്രഭാനദിയിൽ മീനങ്ങളായ്ക്കളിച്ചും
കാമതുല്യനൃപതിയുടെ കോമളശരീരത്തിന്റെ
കാന്തിചക്രമതിൽ ഭ്രമിച്ചു താണ്ടി പാരം വളൎന്നു ം
പല്ലവാംഗിമാരവനിവല്ലഭനെക്കണ്ടിവണ്ണം
പരമസുഖമാമമൃതത്തിരക്കടലിൽ മുഴുകി,
തന്നെ മറന്നിപ്രപഞ്ചം തന്നെയും മറന്നു പാരം
തന്മയമായ് ചമഞ്ഞു ചിത്തം മന്മഥപ്രഭാവാൽ.’
ഇരയിമ്മൻതമ്പിയുടെ ഒരു ശൃംഗാരപദം കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
15.58 കാമോദരി ചെമ്പട
പ. പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ-
ബാലേ പറവാനെളുതല്ലാ.പ്രാണ
അ. പ. ഏണനേൎമിഴിമാൎമണേ സഖി! ഏകാന്തേ-
മണിമയശയനേ! പ്രാണച. (൧) അങ്കത്തിലിരുത്തിയെൻ–കൊങ്കത്തടങ്ങൾ കര-
പങ്കജംകൊണ്ടവൻ തലോടി–പുഞ്ചിരി തൂകി–തങ്കക്കുടമെന്നു
കൊണ്ടാടി–ഗാഢം പുണൎന്നു –
അങ്കുരിതപുളങ്കലൎന്നിടുമെങ്കപോലമതിങ്കലൻപൊടു
തിങ്കൾമുഖത്തെയണച്ചധരത്തെ നുകൎന്നു പല ലീല തുടർന്നുംപ്രാണ
(൨) ഊരുമൂലത്തിൽ മെല്ലെ–ചാരുവാം പാണികൊണ്ടു–
പാരാതെ കരികര–ലീലാഭേദങ്ങൾ ചെയ്തും,
മാരരസാംബുരാശി–ലീലാഭേദങ്ങൾ ചെയ്തും,
മാരരസാംബു രാശി–വേലാ കവിയുമാറ-
ന്നേരമതിസീൽക്കാരഭാവവികാരപരവശയാ–യോരെൻകുച-
ഭാരമതിങ്കലുഭാരനഖക്ഷതി പേർത്തും–ചെയ്തുരസാ ചേർത്തുംപ്രാണ
(൩) ഉത്താനശായി കാന്തൻ–വിസ്താരമാൎന്ന മാറിൽ
ചിത്താനന്ദത്തോടണച്ചെന്നെ–ചുംബനാദികൾ-
തത്താദൃശങ്ങൾ ചെയ്തു പിന്നെ–എന്റെ മന്മഥ-
പത്തനാംബുജമാശു കണ്ടതി–ചിത്തകൗതുകമാൎന്നു മൽപതി
മത്തമതാം ഭ്രമരത്തൊടു സമത വഹിച്ചും മധുവുണ്ടുരസിച്ചുംപ്രാണ
(൪) സീമാവെടിഞ്ഞുള്ളോരു–കാമാദ്വൈതരസത്തിൽ
സാമോദമെന്മനം ലയിച്ചു–വീരായിതേ നി-
കാമമെന്നെയും പ്രശംസിച്ചു–രതിപാരവശ്യാൽ
പ്രേമവാക്യവിലാസവും മമ– കോമളാധരപാനവും ബത
കാമുകനുടെ രതികൗശലമതിനു–സമാനമില്ലിഹ ഭുവി നൂനംപ്രാണ
കാന്തനോരോരോ രതി–കാന്തതന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരുനേരം–തുടങ്ങി ഞാനും–
മാന്താർശരക്കടലിൽ പാരം–തന്നെ മറന്നു–
നീന്തി മദനഭ്രാന്തിനാലതി–താന്തി പൂണ്ടു നിതാന്തമിങ്ങനെ
കാന്തകൃതം സുരതാന്തമഹോത്സവഘോഷം പുനരെത്രവിശേഷം
പ്രാണ
(൬) കാമിനീജനം കണ്ടു–കാമനെന്നു കൊണ്ടാടും
കോമളാകൃതി ചാരുശീലൻ–ശ്രീപത്മനാഭ-
സ്വാമിതൻപാദസേവാലോലൻ–വല്ലഭനെന്നിൽ–
പ്രേമമതിനു വിരാമമെന്നിയെ–കാമലീലയിലോമലേ ശൃണു
മാമക മാനസമാശു വശീകൃതമാക്കീവിരവൊടഴൽപോക്കീപ്രാണ
15.59 കീചകവധം
ഇരയിമ്മൻതമ്പി ആദ്യമായി രചിച്ച ആട്ടക്കഥ കീചകവധമാണെന്നു തോന്നുന്നു. ഇതിലെ പദങ്ങളിൽ പലതും സ്ത്രീജനങ്ങൾ തിരുവാതിരക്കളിക്കു് ഉപയോഗിച്ചുവരുന്നുണ്ടു്.
‘സാദരം നീ ചെന്നൊരു മൊഴിയിതു സാധുവല്ല കുമതേ’ എന്ന വേകടയിലെ പദവും,
‘മാനിനിമാൎമൗലിമണേ
മാനിനീ നീ ശൃണു വചനം’
എന്ന ഉശാനിപ്പദവും അവയുടെ കൂട്ടത്തിൽ പ്രാധാന്യം വഹിക്കുന്നു.
‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന-
രേണീവിലോചന നടുങ്ങി-മിഴിയിണ കലങ്ങീ
വിവശതിയിൽ മുങ്ങീ–പലതടവുമതിനുപുനര-
വളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ,
ദാസ്യം സമസ്തജനഹാസ്യം–നിനച്ചു നിജ മാസ്യം
നമിച്ചു പുനരേഷാ–വിജിതസുരയോഷാ–
വിഗതപരിതോഷാ,–ശ്രമസലിലബഹുലതര-
നയനജലമതിലുടനെ മുഴുകി–ബത മലിനതരവേഷാ.
ഗാത്രം വിറച്ചതതി–മാത്രം കരത്തിലഥ–പാത്രം ധരി-
ച്ചവിടെനിന്നൂ–പരിചൊടു നടന്നൂ–പഥി കിമപി
നിന്നൂ–ഹരിണരിപുവരസഹിതദരിയിലിഹ പോകുമൊരു
ഹരിണിയുടെ വിവശത കലൎന്നൂ.
നിശ്വാസ്യദീൎഘമഥ വിശ്വസ്യ നാഥമപി വിശ്വസ്യ
ചേതസി സുജാതാ–ധൃതിരഹിതചേതാ–ധൃതപു-
ളകജാതാ–സൂതസുതനുടെ മണിനികേതമതിലവൾ
ചെന്നു–ഭീതിപരിതാപപരിഭൂതാ.’
ഇത്ര മനോഹരമായ ഒരു ദണ്ഡകം ആട്ടക്കഥകൾ മുഴുവനും പരിശോധിച്ചാൽ കിട്ടുകയില്ല.
സോദരന്റെ ഗൃഹത്തിൽ ഓദനവും മധുവും കൊണ്ടു ചെന്നു കൊടുപ്പാൻ രാജ്ഞിയായ സുദേഷ്ണ പറഞ്ഞതു കേട്ടു്, മാലിനി ഞടുങ്ങുന്നതും, വിവശതയിൽ മുഴുകുന്നതും, തടസ്സം പറഞ്ഞപ്പോൾ പരുഷമൊഴി കേട്ടു് അടങ്ങുന്നതും, സമസ്തജനഹാസ്യമായ തന്റെ ദാസ്യം ഓൎത്തു ലജ്ജിച്ചു മുഖം താഴ്ത്തുന്നതും, ശ്രമസലിലത്തിലും നേത്രജലത്തിലും മുഴുകുന്നതും, വിറയ്ക്കുന്ന കൈകളിൽ പാത്രവും വഹിച്ചുകൊണ്ടു് അവിടെനിന്നു് അല്പം നടന്നിട്ടു് ഇടയ്ക്കു നില്ക്കുന്നതും, ഒടുവിൽ ജഗദീശ്വരനെ സ്മരിച്ചും വിശ്വസിച്ചും, സിംഹത്തിന്റെ ഗുഹയിൽ മാൻപേട എന്നപോലെ കീചകന്റെ മണിഗൃഹത്തിൽ പ്രവേശിക്കുന്നതുമൊക്കേ നമുക്കു ചിത്രത്തിലെന്നപോലെ വിശദമായി കാണാൻ കഴിയുന്നു. കവിയുടെ ചിത്രനിൎമ്മാണചാതുരി അത്യത്ഭുതകരമായിരിക്കുന്നു. ഇതിലെ ശ്ലോകങ്ങളും അതിമനോഹരമാണു്.
‘കാമിനിമാരേ കേൾപ്പിൻ നിങ്ങൾ മാമകവചനം
യാമിനീകരനിതാ വിലസുന്നധികം.
കാമസിതാതപവാരണംപോലെ
നല്ലൊരു വാപി കാമിനിമാരുടെ നളിന-
കരാഞ്ചലമതിലതിചടുലം.
മല്ലികാക്ഷംവലിയായീടുന്നൊരു മന്മഥചാമരജാലം കാൺക.
മലയസമീരണനായീടുന്നൊരു മത്തഭടൻ പരിപാലിച്ചീടും
മലർശരൻ തന്നുടെ ശസ്ത്രനികേതം മദ്ധ്യേ
കുസുമിതമുദ്യാനമിദം.
വാരണഗാമിനിമാരേ കാൺക വാസന്തീനടീനടനവിലാസം
മാരമഹോത്സവമാടീടുക നാം മന്ദാക്ഷം ഹൃദി കരുതരുതധുനാ’
എന്ന ശൃംഗാരപദത്തെ അവതരിപ്പിക്കുന്ന ശ്ലോകം,
‘മാകന്ദോൽകരമഞ്ജരീമധുഝരീമത്താന്യപുഷ്ടാംഗനാ-
ചഞ്ചുദഞ്ചിതപഞ്ചമാഞ്ചിതതരേ കേളീവനേ മോഹനേ
സ്വച്ഛന്ദം വിഹരൻ കദാചിദുദിതം ദൃഷ്ട്വാ വിധോൎമ്മണ്ഡലം
പ്രാവോചൽ പ്രമദാകുലോ നരപതിൎന്നേദീയസീഃ പ്രേയസീഃ’
എന്നിങ്ങനെ മാധുര്യവ്യഞ്ജകങ്ങളായ വ്യഞ്ജനങ്ങളെക്കൊണ്ടു് സംഘടിതമായിരിക്കുന്നെങ്കിൽ, യുദ്ധപ്പദത്തിനുമുമ്പുള്ള ശ്ലോകം പരുഷാക്ഷരനിബിഡമായിരിക്കുന്നു; നോക്കുക.
‘ഉക്ത്വൈവം ജഗദട്ടഹാസമുഖരം കൃത്വാ പ്രഘൂൎണ്ണദ്ദൃശഃ
സ്പഷ്ടാരാളകരാളദംഷ്ട്രവദനാസ്തേ കീചകഭ്രാതരഃ
ദൃഷ്ട്വാ പിണ്ഡിതമഗ്രജന്നിരവധിക്രോധാതിബാധാകുലഃ
കൃഷ്ണാഹേതുരിഹേതി താം വിശസിതും ബദ്ധ്വാ സമാരേഭിരേ’
കോട്ടയം കൃതികളിൽ കാണുമ്പോലെയുള്ള യമകപ്പണികളും ഇതിലുണ്ടു്.
‘സഭാജനവിലോചനൈസ്സമനിപീതരൂപാമൃതാം
സഭാജനകരാംബുജാം സവിധമാഗതാം പാർഷതീം
സഭാജനപുരസ്സരം സമുപസൃത്യ സൂതാത്മജഃ
സഭാജനമഥോ മുദാ സരസമേവമൂചേ വചഃ’
കഥ: അശേഷ ഗുണവാരിനിധിയായ മാത്സ്യരാജാവിന്റെ വാഴ്ചക്കാലം. ഒരിക്കൽ ആ രാജാവു് മാകന്ദപ്പൂക്കളിലെ മധുവുണ്ടു മദിച്ചിരുന്ന കോകിലകാമിനികളുടെ ചഞ്ചൂദഞ്ചിതമായ പഞ്ചരാഗംകൊണ്ടു സമഞ്ചിതമായിരുന്ന പൂങ്കാവനത്തിൽ സ്വപത്നിമാരോടുകൂടി പ്രവേശിക്കവേ ഉദിച്ചുയരുന്ന ചന്ദ്രമണ്ഡലം കണ്ടു് കാമാതുരനായ് ഭവിക്കുന്നു. ഇങ്ങനെ ശൃംഗാരപ്പദംകൊണ്ടുതന്നെ കഥ ആരംഭിച്ചിരിക്കുന്നു. അക്കാലത്തു് ശാന്താത്മാവായ യുധിഷ്ഠിരൻ അജ്ഞാതവാസത്തിനായി സന്യാസവേഷമവലംബിച്ചു് ആ രാജാവിന്റെ അടുക്കൽ ചെന്നു്,
‘അക്ഷയകീൎത്തേ ഞാനക്ഷക്രീഡതന്നി-
ലക്ഷമനായി മുന്നം പരപക്ഷജിതനായി
ഭിക്ഷുവായോരോരോ ദിക്ഷു നടന്നിടുന്നു’
എന്നിങ്ങനെ അസത്യം പറയാതെയും എന്നാൽ സത്യാവസ്ഥ വെളിപ്പെടുത്താതെയും തന്റെ അഭിലാഷത്തെ അറിയിക്കുന്നു. രാജാവു് അദ്ദേഹത്തിനെ അൎദ്ധാസനം നല്കി ഇരുത്തുന്നു. തത്സമയം ഭീമാദികളും വന്നുചേരുന്നു. അവർക്കു ‘വെള്ളക്കള്ളം’ പറയാൻ മടിയൊന്നുമില്ല. വലലവേഷധാരിയായ ഭീമനെ പാചകനായും ബൃഹന്നളാരൂപാവലംബിയായ അൎജ്ജു നനെ നൎത്ത കിയായും ദാമഗ്രന്ഥി, തന്ത്രീപാലകൻ എന്നീ പേർ ധരിച്ചുവന്ന നകുലസഹദേവന്മാരെ യഥാക്രമം വാജിപാലപശുപാലന്മാരായും നിയമിക്കുന്നു. തത്സമയംതന്നെ യാജ്ഞസേനി റാണി സുദേഷ്ണയെ വന്നു കാണുന്നു. ശ്രീകൃഷ്ണാൎപ്പിത സ്വാന്തയായ ആ ദേവിയുടെ ശോഭ കണ്ടു്,
‘ശശിമുഖി വരിക സുശീലേ–മമ നിശമയ ഗിരമയി ബാലേ
ഗജഗമനേ പകലാപേ–കച–വിജിതകലാപികലാപേ
ആരഹോ നീ സുകപോലേ സാക്ഷാൽ–ചാരുതവിലസുകപോലേ.’
എന്നു് ചോദിക്കുന്നു. പാഞ്ചാലിയുടെ മറുപടി കേട്ടു് പ്രസന്നയായ രാജ്ഞി അവൾക്കു് സൈരന്ധ്രീപദം നല്കുന്നു.
ഇങ്ങനെ അവർ മാത്സ്യപുരിയിൽ വാഴുന്ന കാലത്തു് രണ്ടു മല്ലന്മാർ അവിടെ വന്നുചേരുന്നു. അവരോടു് എതിരിടാൻ തന്റെ രാജ്യത്തിൽ ആരും ഇല്ലെന്നു കാണ്കയാൽ രാജാവു ദുഃഖിക്കുന്നു. ‘വലലനതിനെത്രയും മതി’ എന്നു പറഞ്ഞു് കങ്കൻ രാജാവിനെ സമാധാനപ്പെടുത്തുന്നു. ആ ദ്വന്ദ്വയുദ്ധത്തിന്റെ ഫലത്തെ,
‘മിത്രപുത്രസഹിതഃ പുനരേകശ്ശത്രുതസ്തി ഭുവി; മാസ്തു തഥാന്യഃ
ഇൎത്ഥ മേവ കിമമുത്രച മല്ലം മിത്രപുത്രസഹിതം വിദധേ സഃ’
എന്നു കവി വൎണ്ണിച്ചിരിക്കുന്നു.
ഇതിനിടയ്ക്കു് ‘വിലോചനാസേചനകാംഗസൗഷ്ഠവ’യായ മാലിനിയിൽ രാജപത്നിയുടെ സഹോദരനായ കീചകനു് അഭിനിവേശം ജനിക്കുന്നു. എന്നാൽ അയാളുടെ രതിപ്രാൎത്ഥ നയെ, തത്വോപദേശപുരസ്സരം അവൾ ഇങ്ങനെ തിരസ്കരിക്കുന്നു.
“വഞ്ചനയല്ലിന്നു മമ പഞ്ചബാണസമന്മാരാ-
യഞ്ചുഗന്ധൎവന്മാരുണ്ടു പതികൾ–പാരം കുശലമതികൾ–
ഗൂഢഗതികൾ–കളക കൊതികൾ–കരുതിടേണ്ട ചതികൾ;
ദുൎന്നയനായീടുന്ന നീയെന്നോടിന്നു ചൊന്നതവർ-
തന്നിലൊരുവനെന്നാലും ധരിക്കുന്നതാകിൽ–കലുഷമുറയ്ക്കും;
കരുണ കുറയ്ക്കും–കലശൽ ഭവിക്കും–കാണ്ക നിന്നെ വധിക്കും”
കീചകൻ തൽക്കാലം പിൻവാങ്ങിയെങ്കിലും തന്റെ സഹോദരിവഴിക്കു് അഭീഷ്ടസിദ്ധിക്കു് വഴി നോക്കുന്നു. സുദേഷ്ണയുടെ സദുപദേശമൊന്നും ഫലിക്കാതെ വന്നതിനാൽ, അവൾ,
‘എന്നാൽ ഞാനൊരുദിനമവളെ വല്ലവിധവും
നിന്നുടെ പുരമതിലയിച്ചീടാം ഗമിച്ചാലും’
എന്നു പറഞ്ഞു സമാധാനപ്പെടുത്തി അയയ്ക്കുന്നു. അനന്തരം ഒരു ദിവസം രാജ്ഞി യാജ്ഞസേനിയെ ‘ഓദനവും മധുവും കൊണ്ടു’ വരാനെന്ന ഭാവത്തിൽ കീചകഗൃഹത്തിലേക്കു് അയയ്ക്കുന്നു. പാഞ്ചാലിയുടെ പോക്കിനെ വൎണ്ണിക്കുന്ന ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ’ എന്നുള്ള ദണ്ഡകം അതിമനോഹരമായ ഒരു വാങ്മയചിത്രമാണെന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. യാജ്ഞസേനിയെ കണ്ടു് ആ കുമതി,
‘ധന്യേ മാനിനീ മമ സദനേ–താനേ–വന്നതിനാൽ ശശിവദനേ
മന്യേ മാമതിധന്യം ഭുവനേ–മദ–കളകളഹംസാഞ്ചിതഗമനേ’
എന്നീവിധമുള്ള ഭംഗിവാക്കുകളാൽ വശീകരിക്കാൻ നോക്കീട്ടു് ഫലിക്കായ്കയാൽ ബലാൽക്കാരം പ്രയോഗിക്കാൻ ഭാവിക്കുന്നു. തത്സമയം ‘ധരാധരാധിപാകൃ’തിയും ‘ഘനാഘനൗഘഗൎജ്ജ ിത’നും ആയ ഒരു രാക്ഷസൻ പാണ്ഡവപക്ഷപാതിയും സൎവസാക്ഷിയും ആയ ‘നിദാഘദീധിതി’യുടെ നിദേശമനുസരിച്ചു് അവിടെ ആവിൎഭവിച്ചു് കീചകനെ ആക്രമിക്കുന്നു. കഥാഗതിക്കു് കോട്ടം തട്ടാതെയും അനവസരമല്ലാതെയും, മൂലകഥയ്ക്കു വെളിയിൽ പോകാതെയും ആണു് തമ്പി ഇവിടെ ഒരു ‘കത്തിവേഷ’ത്തെ പ്രവേശിപ്പിച്ചിരിക്കുന്നതു്.
നായിക ഭീമന്റെ മാറത്തു ചെന്നു വീണു സങ്കടം പറഞ്ഞതായിട്ടാണു് മഹാഭാരതത്തിൽ വൎണ്ണിച്ചിരിക്കുന്നതു്. ഭീമൻ ഉടൻതന്നെ കീചകനെ വധിക്കാനായി പുറപ്പെടുകയും ചെയ്തു. എന്നാൽ ഇരയിമ്മൻതമ്പി നായികയേ ‘കുന്തീപുത്രാദി പൂൎണ്ണ’മായ രാജസഭയിലേക്കാണു് നേരേ അയയ്ക്കുന്നതു്. രാജാവോ തന്റെ സ്യാലനോടുള്ള വാത്സല്യാതിരേകത്താൽ,
‘ഗന്ധൎവാസ്സന്തി കാന്താസ്തവ ഖലു നചിരാദേവ സന്താപമേതേ
ശാന്തിം നേഷ്യന്തി ഭദ്രേ! കതിപയ സമയാൻ മീലിതാക്ഷീ സഹോഥാഃ
വത്സേ സൈരന്ധ്രി മാ ഭീഃ’
എന്നു പറഞ്ഞു് മിരട്ടി അയയ്ക്കുന്നു. എന്നാൽ ഈ വാക്കുകൾ, ആൎക്കും സംശയം ജനിപ്പിക്കാതെ തന്നെ കീചകനെ വധിപ്പാൻ ഭീമനു് ഒരു പഴുതുണ്ടാക്കിക്കൊടുക്കുന്നുണ്ടല്ലോ. നിസ്സാരമായ ഒരു ഭേദഗതിയാണു ചെയ്തിരിക്കുന്നതെങ്കിലും എത്ര ഔചിത്യപൂൎവമായിരിക്കുന്നു!
പാഞ്ചാലി പിന്നീടു് ഭീമന്റെ അടുക്കൽ ചെന്നു് സങ്കടം പറയുന്നു. അതുകേട്ടു്,
‘ഉണ്ടൊരുപായമതിന്നുരചെയ്യാം
വണ്ടാർകുഴലികളണിമൗക്തികമേ!
സങ്കേതം കില നൃത്തനികേതം
ശങ്കേതരമവനോടു വദ ദയിതേ!’
എന്നു് ഭീമൻ ഉപദേശിച്ചതനുസരിച്ചു്, ആ പാണ്ഡവധൎമ്മപത്നി അങ്ങനെ തന്നെ ചെയ്യുന്നു. കീചകൻ സങ്കേതസ്ഥലം പ്രാപിക്കുന്നു. നേരത്തേ അവിടെ ചെന്നു കിടന്നിരുന്ന ഭീമൻ ചാടി എണീല്ക്കുന്നു. യുദ്ധത്തിൽ കീചകൻ മൃത്യുപുരം പ്രാപിക്കുന്നു.
അടുത്ത ദിവസം നൃത്തശാലയിൽ മരിച്ചുകിടന്ന രാജസ്യാലനെ കണ്ടിട്ടു് രംഗപാലകൻ ‘ജാതശോകഭയവിസ്മയാകുലനാ’യ് ഭവിച്ചിട്ടു് വിവരം ഉപകീചകന്മാരെ അറിയിക്കുന്നു. അവർ തന്റെ അഗ്രജവധത്തിനു ഹേതുഭൂതയായ മാലിനിയെ ബന്ധിച്ചു കൊല്ലാൻ ഭാവിക്കവേ, അവളുടെ വിലാപം കേട്ടു വന്നുചേൎന്ന ഭീമൻ അവരെ എല്ലാം നിഗ്രഹിക്കുന്നു. അനന്തരം,
‘താൎത്ത ോന്മൊഴിയൊരു ഗന്ധൎവേന്ദ്രൻ
നേൎത്ത ിഹ വിരവൊടു കീചകനിധനം
ചൎർത്തമദത്തൊടു ചെയ്താനെന്നൊരു
വാൎത്ത പരത്തിടുക പുലൎകാലെ.’
എന്നു് അദ്ദേഹം ഉപദേശിക്കുന്നു. ഇങ്ങനെയാണു് കഥ അവസാനിപ്പിച്ചിരിക്കുന്നതു്.
15.60 ഉത്തരാസ്വയംവരം
സാഹിത്യഗുണത്തിൽ തമ്പിയുടെ മറ്റു് എല്ലാ കൃതികളേക്കാളും ഉത്തരാസ്വയംവരം മികച്ചു നിൽക്കുന്നു. കീചകവധത്തെ തുടൎന്നാണു് കഥ ആരംഭിക്കുന്നതു്. കീചകന്മാരുടെ നിഗ്രഹവാൎത്ത അറികയും മാലിനിയെ കശലിനിയായി കാണുകയും ചെയ്കയാൽ ഗന്ധൎവശങ്കിയായിത്തീൎന്ന മാത്സ്യരാജാവു് പ്രിയോക്തികളാൽ പ്രിയതമയെ സമാശ്വസിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം സസുഖം വാഴുന്ന കാലത്തു് ഒരുദിവസം ‘സുരതരുചിത’മായ നന്ദനവനത്തെ അതിശയിക്കുമാറു് ‘സുരഭിലതരുവല്ലീമണ്ഡിത’മായ പൂങ്കാവനത്തെ പ്രാപിച്ചിട്ടു് ‘സുരതരുചിതചിത്ത’നായി ഭവിക്കയാൽ പ്രേയസിയോടു് ഇങ്ങനെ പറയുന്നു.
“സമയം മതിമോഹനം–മമ സമീപമതിൽ വന്നീടുക നീ–നല്ല (സമ)
രമണീയത കലരും മലർവാടിയിൽ–രതിനായകകളിയാടുവതിനു നല്ല (സമ)
നന്മയൊടിന്ദ്രവരാശയതാകും–പെണ്മണിതന്നുടെ മുഖമിദമധുനാ
വെണ്മതിരാഗമിയന്നതിവേലം–ചുംബതി കാൺക നിതംബിനിമൗലേ!
അംബുജമിഴി ശശിബിംബമുഖി വിജിത–ബിംബമധരമവിളംബം തരിക (സമ)
കോകിലകാമിനി പാടീടുന്നു–കോകികൾ വിരഹാൽ വാടീടുന്നു;
കോകനദാവലി മൂടീടുന്നു–കേകികളഴകിനൊടാടീടുന്നു;
മാകദവിശിഖനാകം രതിപതി—തുകുന്നനവധി താർകണനികരം.
ഇണ്ടൽ തീൎന്നു കുമുദങ്ങൾ വിരഞ്ഞു–കണ്ടതു ബത താമരകൾ വെടിഞ്ഞു;
വണ്ടുകൾ വിരവൊടു തമ്മിലിടഞ്ഞു–കൊണ്ടു കുമുദനിരതന്നിലണഞ്ഞു;
ഉണ്ടു മരന്ദമകുണ്ഠമദേന മു–രണ്ടു വിരണ്ടീടുന്നതു കാൺക.”
ഇങ്ങനെയുണ്ടോ ഒരു വാഗ്വിലാസം!
നളചരിതത്തിലെ ‘സാമ്യമകന്നോരുദ്യാനം’ എന്ന പദം പാടാനും വായിച്ചു രസിക്കാനും കൊള്ളാമെങ്കിൽ ആടാനുള്ള വക ഈ പദത്തിലാണു് അധികമുള്ളതു്. രസവാസനയോടുകൂടിയ ഒരു നടന്നു് ഒന്നു രണ്ടു മണിക്കൂർനേരത്തേക്കു് ആടാൻ ഇതു് വഴി നല്കുന്നു.
“പ്രായേണ കഥകളിയിലെ ദമ്പതീസംഭാഷണങ്ങളുടെ വിഷയങ്ങൾ കാമദേവനും ചന്ദ്രനും കോകിലജാലവും കേളീസൗധവും മന്ദപവനനും കേകീജാലവും ഇവയോടു ചേൎന്ന മറ്റു സാമഗ്രികളും മാത്രമാണെന്നു് അനേകം കഥകളെക്കൊണ്ടു് ഉദാഹരിക്കാവുന്നതാണു്.” ഇങ്ങനെ ഒരു പ്രൗഢനിരൂപകൻ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ രതികുതുകിയായി നൎമ്മോദ്യാനത്തിൽ പ്രവേശിക്കുന്ന ഒരു നായകനു് മറ്റു സംഭാഷണവിഷയം എന്താണുള്ളതെന്നു മനസ്സിലാകുന്നില്ല. ഈ വസ്തുക്കളുടെ ഹൃദയാകൎഷകത്വവും മദനോദ്ദീപകത്വവും എന്നെങ്കിലും ഇല്ലാതാകുമോ? ഇങ്ങനെയുള്ള രംഗങ്ങൾ ആവശ്യമില്ലെന്നു പറഞ്ഞാൽ അൎത്ഥ ം മനസ്സിലാക്കാം. പക്ഷേ രസികന്മാരായ നടന്മാർക്കു് ആടുന്നതിനും, രസജ്ഞന്മാരായ കാണികൾക്കു കണ്ടു രസിക്കുന്നതിനും ശൃംഗാരപദം കൂടിയേ തീരൂ എന്നാണു് വച്ചിരിക്കുന്നതു്.
കവിതക്കലവറയിൽനിന്നു കല്പദ്രുമവും കാമധേനുവും കളഹംസവും ഒക്കെ നിഷ്കാസനം ചെയ്യേണ്ട കാലം ആയിരിക്കുന്നു എന്നാണു് മറ്റൊരു സരസൻ അഭിപ്രായപ്പെട്ടു കാണുന്നതു്. കാണ്മാൻ കഴിയാത്ത വസ്തുക്കൾക്കു് എന്തിനു് കവിതയിൽ പ്രവേശം നൽകുന്നു എന്നു് അയാൾ ചോദിക്കുന്നു. എന്നാൽ കാണ്മാൻ കഴിവില്ലാത്ത വസ്തുക്കളെ ഉത്ഭാവനംചെയ്യുന്നതിനുള്ള ശക്തി ഇല്ലാതിരിക്കയോ, ആ ശക്തി ഉണ്ടായിരിക്കേതന്നെ അതിനെ പ്രയോഗിക്കാതിരിക്കയോ ചെയ്തിരുന്നുവെങ്കിൽ ഇന്നത്തെ അത്ഭുതകരങ്ങളായ കണ്ടുപിടിത്തങ്ങളിൽ ഒന്നെങ്കിലും കാണുമായിരുന്നോ? പ്രത്യക്ഷജ്ഞാനമാണു് എല്ലാ ഭാവനകളുടേയും മൂലം. മനുഷ്യൻ പലേ മാതിരി പക്ഷികളെ കണ്ടുകാണുമല്ലോ. കുയിൽ ഭംഗിയായി പാടുന്നു; എന്നാൽ നിറം കാക്കയ്ക്കു തുല്യം. മയിലിനു രൂപസമ്പത്തുണ്ടു്–പക്ഷേ പറക്കാൻ വയ്യ; പോരെങ്കിൽ മാൎജ്ജ ാരകണ്ഠനുമാണു്. അതുകൊണ്ടു് ഭാവനാശക്തിവിശിഷ്ടനായ മനുഷ്യൻ പക്ഷിവൎഗ്ഗത്തിന്റെ ഗുണാംശങ്ങൾ എല്ലാം എടുത്തു് സ്വൎഗ്ഗത്തിലും ഭൂമിയിലും ഒക്കെ ചരിക്കാൻ സാമൎത്ഥ ്യമുള്ള ഒരു ഹംസപക്ഷിയേയും അതിനു ജീവിക്കാൻ ഒരു മാനസസരസ്സിനേയും സങ്കല്പിച്ചു. പക്ഷികൾ പറക്കുന്നതു കാണ്മാൻ കഴിഞ്ഞതുകൊണ്ടാണല്ലോ മനുഷ്യനു് വളരെ ശതവർഷങ്ങൾക്കുമുമ്പുതന്നെ വിമാനങ്ങളെ സങ്കല്പിക്കാൻ കഴിഞ്ഞിട്ടുള്ളതും. ഈമാതിരി സങ്കേതങ്ങൾ ദുൎഗ്രഹങ്ങളാണെന്നും പറയാവുന്നതല്ല. നമ്മുടെ പൊന്നുതമ്പുരാൻ ആശ്രിതന്മാർക്കു് ഒരു കല്പതരുവാണെന്നു പറഞ്ഞാൽ ശ്രോതാവിനുണ്ടാകുന്നിടത്തോളം അൎത്ഥ ബോധം രണ്ടോ മൂന്നോ വാക്യങ്ങളെക്കൊണ്ടുപോലും ജനിപ്പിക്കാൻ സാധിക്കയില്ല. അഥവാ കണ്ടിട്ടില്ലാത്ത വസ്തുക്കളെ വൎണ്ണിച്ചുപോകരുതെന്നു് ഒരു വകുപ്പു് സാഹിത്യശിക്ഷാനിയമത്തിൽ ചേൎക്കാമെന്നു വച്ചാലും ഒരു ഗുണവും വരാനില്ലെന്നുള്ളതിനെ ഈ നിരൂപകൻതന്നെ ഉദാഹരിച്ചു തന്നിട്ടുമുണ്ടു്. അദ്ദേഹം സാഹിത്യപരിഷൽമാസികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ശിരീഷപുഷ്പങ്ങൾ വിരിച്ച വീഥിയിൽ പല കുറിയും സഞ്ചരിച്ചിട്ടും പേരറിയാതെ കടന്നു പോയ എന്നെ ഗ്രന്ഥമാത്രപരിചിതമായ ആ പുഷ്പത്തെ പരിചയപ്പെടുത്തിത്തന്നതു് സരോജിനിദേവിയായിരുന്നു.” നിത്യം ഇടപഴകാറുള്ള വസ്തുക്കളെപ്പോലും നിരീക്ഷണംചെയ്യുന്ന ശീലമില്ലാത്ത ഒരു കവിയ്ക്കു് തന്റെ ജീവിതദശയിൽ എത്ര വസ്തുക്കളെപ്പറ്റി പ്രത്യക്ഷജ്ഞാനം സമ്പാദിക്കാൻ കഴിയും? മലയില്ലാത്ത ദിക്കിൽ പാൎക്കു ന്നവനു് മലയേപ്പറ്റി മിണ്ടാൻ പാടില്ലെന്നു വന്നാൽ കഷ്ടമല്ലേ? “കവി പ്രകൃതിയുമായി അടുത്തു പരിചയിക്കണം; പ്രകൃതിയുടെ അന്തേവാസിയായിരിക്കണം. ഏകാന്തസൗന്ദര്യം വാരിപ്പൊഴിയുന്ന പൎവതപ്രാന്തങ്ങളും സാഗരതീരങ്ങളും കവി മാംസദൃഷ്ടികൊണ്ടുതന്നെ കാണണം.” ഈ അഭിപ്രായം അപ്പാടെ സ്വീകരിക്കാൻ നിവൃത്തിയില്ല. കവി പ്രകൃതിനിരീക്ഷകനായിരിക്കണമെന്നുള്ളതിനു സംശയമില്ല. പക്ഷേ മാംസദൃഷ്ടികൊണ്ടു കാണാത്തതൊന്നും വൎണ്ണിച്ചുകൂടെന്നു പറയുന്നതു് അംഗീകാര്യമാണോ എന്നു സംശയമാണു്. കാളിദാസമഹാകവി പ്രകൃതിസൗന്ദര്യം ആസ്വദിച്ചിട്ടില്ലെന്നു പറയാൻ സാധിക്കുമോ? ആ കവിപുംഗവന്റെ സൃഷ്ടികലാകൗശലത്തിനു് മൂൎദ്ധാഭിഷിക്തോദാഹരണമായി വിളങ്ങുന്ന ശകുന്തളയെത്തന്നെ നോക്കുക. അവൾ പ്രകൃതിയിൽ വളൎന്നു ്, പ്രകൃതിയോടു് ഇടപഴകി, പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. സഹകാരവൃക്ഷവും വനജ്യോത്സ്നയും മാൻപേടയും ഒക്ക അനസൂയാപ്രിയംവദമാരെപ്പോലെതന്നെ അവളുടെ നിത്യസഹചാരികളും സഹചാരിണികളുമാണു്. പ്രകൃതിയുടെ നാഡിയോടൊപ്പം അവളുടെ ഹൃദയനാഡിയും തുടിക്കുന്നു; പ്രകൃതിയുടെ അന്തരാത്മാവുമായി അവളുടെ അന്തരാത്മാവു് നിരന്തരസംവാദം നടത്തുന്നു. ഇങ്ങനെയുള്ള ഒരു ശകുന്തളയെ സൃഷ്ടിച്ച കാളിദാസനും കാമധേനുവിനേയും കല്പകതരുവിനേയും ഉപേക്ഷിക്കാൻ സാധിച്ചിട്ടില്ലല്ലോ.
കാമധേനുവിനേയും കല്പകതരുവിനേയും നാടുകടത്തണമെന്നു പറഞ്ഞ ഈ ‘നവവിധാന’കാവ്യപ്രപഞ്ചത്തിന്റെ ബ്രഹ്മാവു തന്നെ,
‘മൂലാശ്രയാബ്ധിയിൽ മുളച്ചു പടൎന്ന മൂന്നായ്
മേലാശ്രയോദയസുമേരുവിലെത്തിമെത്തും
കാലാശ്രയക്കനകവല്ലികളിൽ കുലച്ചു
നാലാശ്രയിച്ച നറുതേൻകുല നക്കുമോ ഞാൻ.’
എന്ന ശ്ലോകത്തെ വാഴ്ത്തിയിരിക്കുന്നതാണു് അത്ഭുതം.
ഇത്തരം നിരൂപകന്മാരും കവികളും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ. പുനവും, ചെറുശ്ശേരിയും, എഴുത്തച്ഛനും, നമ്പ്യാരും ഒക്കെ ഇതേവരെ ജീവിച്ചു–ചത്തതിനൊപ്പമായ് ജീവിക്കയല്ല ചെയ്തതു്–അവർ സൎവോൽക്കൎഷേണ വൎത്ത ിച്ചു. ഇന്നത്തെ മഹാകവിമല്ലന്മാരുടെ കൃതികൾ പുരാണതത്വാന്വേഷണവകുപ്പുകാരുടെ ഗവേഷണത്തിനു വിധേയമാകുന്ന കാലത്തും അവർ ജീവിച്ചിരിക്കയും ചെയ്യും.
ഇരയിമ്മൻതമ്പിയുടെ കവിത്വശക്തി അടുത്ത ശൃംഗാരപദത്തിൽ സവിശേഷം പ്രകാശിക്കുന്നു.
‘ഉന്മീലൽ പത്രവല്ലീം പൃഥുലകുചഭരാം രാജാമാനദ്വിജാളീം
സാന്ദ്രച്ഛായാഭിരാമാം സ്ഫുടരസകുസുമേഷ്വാത്തഗന്ധാന്നിതാന്തം
ആരാദാരാമലക്ഷ്മീമപി നിജ ദയിതാം വീക്ഷ്യ വിഭ്രാജമാനാം
കാലേ തസ്മിൻ കരൂണാം പതിരിതി മുദിതഃ പ്രാഹ ദുര്യോധേനാഖ്യഃ’
ദുര്യോധനന്റെ ഈ പുറപ്പാടുശ്ലോകത്തിൽ ശ്ലേഷം കൊണ്ടു് ആലംബനോദ്ദീപനവിഭാവങ്ങൾക്കു താദാത്മ്യം വരുത്തിയിരിക്കുന്നു. അതിനെത്തുടൎന്നു ള്ള പദവും അതിസുന്ദരമായിട്ടുണ്ടു്. വിശേഷിച്ചു്,
‘കോകി നിൻമുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ
ഏകലോചനം കൊണ്ടു കോപമൊടു നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും.’
എന്ന ചരണം നടന്റെ അഭിനയചാതുരിക്കു നികഷോപലവുമായിരിക്കുന്നു. ഒരേ സമയത്തുതന്നെ നടൻ തന്റെ ഒരു കണ്ണു് ഒരിടത്തും മറ്റേക്കണ്ണു് മറ്റൊരിടത്തും പതിപ്പിക്കുന്നതിനോടുകൂടിത്തന്നെ, ആദ്യത്തെ കണ്ണിൽ കോപവും മറ്റേക്കണ്ണിൽ ശോകവും സ്ഫുരിപ്പിക്കണം. അതിനുംപുറമേ ചിന്ത, ശങ്ക, കോപം, വിരഹശോകം മുതലായി പരസ്പരബന്ധമില്ലാത്ത ഭാവങ്ങളെ സ്ഥായിയായ ശൃംഗാരത്തിനു ഹാനിവരാത്ത വിധത്തിൽ മാറിമാറി തുടൎന്നഭിനയിക്കേണ്ടതായും ഇരിക്കുന്നു. ഇനി കഥ തുടരാം.
പാണ്ഡവന്മാർ മാത്സ്യപുരിയിൽ വസിച്ചുകൊണ്ടിരുന്ന കാലത്തു് അവരേപ്പറ്റിയുള്ള വിവരങ്ങൾ ഗ്രഹിച്ചുകൊണ്ടുവരാനായി ദുര്യോധനൻ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ‘ഗാന്ധാരകൎണ്ണസുരസിന്ധുജസിന്ധുരാജശല്യാദി കല്യതരബന്ധുജന’ങ്ങളാൽ പരീതനായി സ്വപുരിയിൽ ഇരിക്കവേ, ആ ദൂതന്മാരിൽ ഒരുവൻ വന്നു് ഇങ്ങനെ അറിയിക്കുന്നു:
‘ജയ ജയ നാഗകേതന! ജഗതീപതേ–ജയ ജയ നാഗകേതന
നയവിനയജലധേ–നമാമി നിൻപദസരോരുഹം. (ജയ)
൧. സാദരം നിന്നുടയ നിദേശം–കൈക്കൊണ്ടെല്ലാരും–മേദിനി-
തന്നിലോരോ ദേശം-
തോറുമധികം–മോദേന വാണീടുന്നനിശം–ഉള്ളിലാൎക്കുമോ
ഖേദമില്ലൊരു ലവലേശം–അത്രയുമല്ല–കുരുപ്രവരനിഹ
സുയോധനൻ–രിപുപ്രകരമദവിനാശനൻ–ഹരിപ്രതിമ-
നതിയശോധനൻ–ഇതി പ്രശംസതി മഹാജനം.
൨. പാൎത്ഥ ിവേന്ദ്ര ഞാനിവിടെ നിന്നു–തിരിച്ചു വേഗം-
പാൎത്ത ലംതന്നിൽ സ്വൈരമിരുന്നു–ഗൂഢമായ്
പാൎത്ഥ ന്മാരെങ്ങു മരുവുന്നു–എന്നുള്ള പര-
മാൎത്ഥ മറിഞ്ഞീടുവതിന്നു–അവരെ നന്നായ്-
വിരഞ്ഞു മുരരിപുപുരത്തിലും–ചിരം ജലധികൾതടത്തിലും
തിരഞ്ഞു ബഹുജനപദത്തിലും–തെരിഞ്ഞതില്ലൊരുവിധത്തിലും
൩. പിന്നെയുമവരെെയന്വേഷിച്ചു–വിരാടഭൂപൻ-
തന്നുടെ രാജ്യത്തിൽ ഗമിച്ചു–അവിടെയൊരു-
കന്നൽമിഴിതന്നെക്കുറിച്ച–കീചകവീരൻ-
തന്നുള്ളിലാഗ്രഹമുദിച്ചു–ഗന്ധൎവന്മാരി-
ലൊരുത്തനവനെയും ഹനിച്ചുപോൽ തരത്തിലനുജരും ധരിച്ചുപോൽ
പെരുത്ത രണമതു ഭവിച്ചുപോൽ
കരുത്തനവരെയും വധിച്ചുപോൽ.’
ഈ പദം വളരെ പ്രസിദ്ധമാണു്. ഇതിലേ ഓരോ ചരണവും ദൂതൻ ആടിക്കൊണ്ടിരിക്കുമ്പോൾ അഭിമാനം, കോപം, ശങ്ക മുതലായി ഓരോ ഭാവഭേദം ദുര്യോധനൻ മാറി മാറി സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നു.
ദൂതന്റെ വാക്കുകളിൽ നിന്നു് പാൎത്ഥ ന്മാർ വൃദ്ധവിരാടപുരത്തിൽ നിഗൂഢം വസിക്കുന്നു എന്നു മനസ്സിലാക്കീട്ടു് ദുര്യോധനൻ അവരുടെ അജ്ഞാതവാസവ്രതഭംഗം വരുത്തുന്നതിനുള്ള വഴി ആലോചിക്കുന്നു. ആലോചനയുടെ ഫലമായി,
‘എന്നാൽ വിരാടന്റെ ഗോധനമിന്നു്–ഒന്നൊഴിയാതെ ഹരിക്കണം
സന്നദ്ധരായവർ വന്നീടുന്നാകി-ലിന്നിയും കാട്ടിലയച്ചീടാം’
എന്നു് അയാൾ ഉറയ്ക്കുന്നു. അനന്തരം ത്രിഗൎത്ത പതിയെ വരുത്തി അയാളെ അതിലേയ്ക്കു ചുമതലപ്പെടുത്തീട്ടു് ദുര്യോധനൻ ‘ആന തേർ തുരഗാദി മേദുരസേന’യോടു സമേതനായി മറ്റൊരു വഴിക്കും പുറപ്പെടുന്നു.
വിരാടഗോധനം ഹരിക്കവേ വന്നെതിൎത്ത രാജാവിനെ ത്രിഗൎത്ത ൻ ബന്ധിക്കുന്നു. എന്നാൽ ‘പരിപന്ഥിസിന്ധുരഹരി’യായ ഗന്ധവാഹാത്മജൻ വന്നു് അയാളെ തോല്പിച്ചു ബന്ധിക്കയും വിരാടനെ മോചിപ്പിക്കയും ചെയ്യുന്നു.
‘ബദ്ധസ്സുശൎമ്മാഥ യുധിഷ്ഠിരോക്ത്യാ
മുക്തോ യയൗ ഹന്ത യഥാൎത്ഥ നാമാ.’
ഇങ്ങനെ ബദ്ധനായ്ത്തീൎന്ന സുശൎമ്മാവു് യുധിഷ്ഠിരോക്തിയനുസരിച്ചു് ബന്ധവിമുക്തനായ് ഭവിച്ചിട്ടു് യഥാൎത്ഥ നാമാവായ് തിരിച്ചു പോകുന്നു.
ഈ സമയമൊക്കെ വിരാടപുത്രനായ ഉത്തരൻ എന്തു ചെയ്യുന്നുവെന്നു നോക്കുക. അദ്ദേഹം ‘ശുദ്ധാന്തയൗവനവ്രത’നായ് മാരസംഗരത്തിനു കോപ്പു കൂട്ടുന്നു. അയാളുടെ പ്രേയസിമാർ,
‘വീര വിരാട കുമാര വിഭോ ചാരുതരഗുണസാഗര ഭോ
മാരലാവണ്യ–നാരീമനോഹാരി താരുണ്യ–ജയജയ–
ഭൂരി കാരുണ്യ–വന്നീടുക–ചാരത്തിഹ പാരിൽത്തവ
നേരൊത്തവരാരുത്തര–സാരസ്യസാരമറിവതിനും–നല്ല-
മാരസ്യ ലീലകൾ ചെയ്‍വതിന്നും.
നാളീകലോചനമാരേ നാം–വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി-മുദാ രംഗ–മാലകൾ പാടി–കരം കൊട്ടി-
ച്ചാലവേ ചാടി-ത്തിരുമുമ്പിൽ–താളത്തൊടു മേളത്തൊടു മേളിച്ചനു-
കൂലത്തൊടു–മാളികളേ നടനംചെയ്യേണം–നല്ല–കേളി ജഗത്തിൽ
വളൎത്ത ീടണം.
ഹൃദ്യതരമൊന്നു പാടീടുവാ-നുദ്യോഗമേളം കുറയ്ക്കരുതേ.
വിദ്യുല്ലതാംഗീ–ചൊല്ലീടുക–ഗദ്യങ്ങൾ ഭംഗി–കലൎന്നു നീ
സദ്യോ മാതംഗി–ധണം തക-ത്തദ്ധിമിത്തത്തൈയ്യ-
ത്തത്ഥോം തത്ഥോമെന്നു–മദ്ദളം വാദയ ചന്ദ്രലേഖേ–നല്ല
പദ്യങ്ങൾ ചൊല്ലു നീ രത്നലേഖേ.
പാണിവളകൾ കിലുങ്ങീടവേ–പാരം–ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും–നവസുമ-ശ്രേണി പൊഴിഞ്ഞും–കളമൃദു-
വാണി മൊഴിഞ്ഞും–സഖി ഹേ ക-ല്യാണീ ഘനവേണീ ശുക-
വാണീ സുശ്രോണി നാ–മിണങ്ങിക്കുമ്മിയടിച്ചിടേണം–നന്നായ്
വണങ്ങിക്കുമ്മിയടിച്ചീടേണം.’
എന്നിങ്ങനെ കുമ്മിയടിച്ചു ഭൎത്ത ാവിനെ രസിപ്പിക്കുന്നു. കുമ്മികളുടെ രാജാവാണു് ഇതു്. ഇത്ര പ്രചാരമുള്ള മറ്റൊരു ഭാഷാഗാനമുണ്ടോ എന്നു സംശയവുമാണു്.
ഇങ്ങനെ ഉത്തരനും പത്നിമാരും കളികളിൽ മുഴുകിയിരിക്കവേ ആണു് ഗോപന്മാർ വന്നു് ഗോഹരണവൃത്താന്തമറിയിക്കുന്നതു്. ഉത്തരൻ വിടുമോ? നാരീജനമദ്ധ്യഗനായ അദ്ദേഹം ഇങ്ങനെ ഗൎജ്ജ ിക്കുന്നു:
‘കണ്ടുകൊൾക മമ വീര്യം രണ്ടുനാഴികയ്ക്കുള്ളിൽ ഞാൻ
കണ്ടകനിഗ്രഹംചെയ്തുടൻ ഗോകുലമിങ്ങു
കൊണ്ടുപോരുന്നുണ്ടു നിൎണ്ണയം.
ശക്രനാദിയാകും ദേവചക്രമിങ്ങു വരികിലും
വിക്രമിയായീടുമെന്നോടു സംഗരഭുവി
നില്ക്കയില്ലെന്തു മറ്റുള്ളവർ?’
പക്ഷേ എന്തു ചെയ്യാം? ഒരു സാരഥിയില്ലല്ലോ. ഒരു നല്ല സാരഥിയെ കിട്ടിയാൽ,
‘കൃഷ്ണസാരഥിയായ് മുന്നം ജിഷ്ണു ഖാണ്ഡവദാഹത്തിൽ
ജിഷ്ണുതന്നെ വെന്നതുപോലെ സംഗരേ–രിപു-
ജിഷ്ണു ഞാൻ ജയിച്ചു വരുവേൻ.’
എന്നുള്ള ഉത്തരന്റെ വാക്കുകൾ പാഞ്ചാലിക്കു നീരസം ജനിപ്പിക്കയാൽ, അവൾ ചെന്നു് അൎജ്ജു നനോടു്,
‘വീര നീയെന്നപോലെ വൈരിസഞ്ചയം തന്നെ
പോരിൽ വെല്ലുമെന്നോരോ വീരവാദങ്ങൾ ചൊന്നാൻ’
എന്നിങ്ങനെ സങ്കടം പറയുന്നു. അൎജ്ജു നനാകട്ടേ, സാരത്ഥ്യം വഹിപ്പാൻ ബൃഹന്നളയുണ്ടെന്നും അതുകൊണ്ടു വിഷമിച്ചിട്ടു് ആവശ്യമില്ലെന്നും ഉത്തരനെ അറിയിക്കുന്നതിനു് യാജ്ഞസേനിയെ ഉപദേശിക്കുന്നു. സാരത്ഥ്യം വഹിക്കാൻ ചെന്ന ബൃഹന്നളയേ നോക്കി ഉത്തരൻ വലിയ വീരനെന്ന ഭാവത്തിൽ പറയുന്നു:
‘കേൾക്ക മാമകവചനം ഹേ ബൃഹന്നളേ കേൾക്ക മാമകവചനം
ചാതുര്യമോടു മമ സൂതകൎമ്മം ചെയ്യാമോ? ഭീതി വേണ്ട സവിധേ
ഹേതിമാൻ ഞാനുണ്ടല്ലോ’
അതു കേട്ടു് ഉള്ളിൽ ചിരി പൂണ്ടു്,
‘ആജിശീലമില്ലേതും വ്യാജമെന്നിയേ രഥ
വാജി തെളിപ്പേൻ തേരിൽ നീ ജവേന കേറുക’
എന്നിങ്ങനെ ബൃഹന്നള മറുപടിയും പറയുന്നു.
കൗരവസേനയെ കണ്ട മാത്രയിൽതന്നെ ഉത്തരന്റെ ധൈര്യമെല്ലാം അസ്തമിക്കുന്നു.
“നന്മയോടെന്റെ–യമ്മയെ–ച്ചെമ്മെ കാണ്മതിനു പാരം മന്മനമുഴറീടുന്നു.”
എന്നു് അയാൾ വിലപിക്കുന്നു. ബൃഹന്നളയാകട്ടെ,
‘നാരിമാരുടെ സദസി വീരഭാവം ചൊന്ന
വീര വദ നിന്നുടയ ധീരതയെങ്ങു പോയീ?’
എന്നു് അല്പമൊന്നു കളിയാക്കുന്നെങ്കിലും ഒടുവിൽ സാരത്ഥ്യം അയാൾക്കുതന്നെ നല്കീട്ടു് യുദ്ധത്തിനു സ്വയം ഒരുമ്പെടുന്നു. പക്ഷേ ആലിലപോലെ വിറച്ചുകൊണ്ടിരിക്കുന്ന അയാൾ എങ്ങനെ സാരത്ഥ്യം വഹിക്കും? അതു കണ്ടിട്ടു് അൎജ്ജു നൻ ശമീകോടരത്തിൽ നിഹിതമായിരിക്കുന്ന ശസ്ത്രജാലം എടുത്തു ധരിച്ച ശേഷം തന്റെ വിവരം ധരിപ്പിച്ചു് അയാൾക്കു ധൈര്യം ജനിപ്പിക്കുന്നു. പിന്നീടു് ആത്മകേതുവായ ആഞ്ജനേയനെ സ്മരിക്കുന്നു. ഹനുമാൻ പ്രത്യക്ഷപ്പെട്ടു് അൎജ്ജു നനു് വിജയം ആശംസിക്കുന്നു.
‘താവൽക്കല്പാന്തകാലോൽക്കടപവനലാൽ പുഷ്കലാവൎത്ത കാഭ്ര
പ്രദ്ധ്വാനാ ഖൎവഗൎവത്രുടനപടുതരസ്ഫാരവിഷ്ഫാരനാദഃ
അദ്ധാ ലാലാടദേശപ്രവികടകുടിലഭ്രുകുടീ ദുൎന്നിരീക്ഷോ
ബദ്ധാടോപം കിരീടീ പ്രതിഭടപടലീമാഹവായാജുഹാവ.’
അൎജ്ജു നന്റെ പോർവിളി കേട്ടു് ദുര്യോധനൻ കൎണ്ണനെ വിളിച്ചു്,
‘കൎണ്ണകഠിനം വിജയഗാണ്ഡീവനിനദ-
മൎണ്ണവപരീതമഹീമണ്ഡലവുമിളകുന്നു
കുന്തീസുതനിന്നു സമരേ വരുമിവിടെ-
യെന്തിഹ വിധേയമധുനാ’
എന്നു ചോദിക്കുന്നു. നിന്ദ്യനായ ഫൽഗുനനെ ഇനി ജീവനോടു വച്ചുകൊണ്ടിരിക്കയില്ലെന്നു് അയാൾ മറുപടി പറഞ്ഞതു കേട്ടു് കൃപർ അൎജ്ജു നന്റെ പരാക്രമങ്ങളെ വൎണ്ണിച്ചു കേൾപ്പിച്ച ശേഷം,
‘അജഗജങ്ങൾപോലെ നീയുമവനും ഹന്ത സൎവവിദിതം സ-
ന്ത്യജ നിജ പ്രശംസകളറിവേൻ ഞാൻ ത്യക്തലജ്ജചരിതം ത്വദീയം’
എന്നിങ്ങനെ കൎണ്ണനെ അധിക്ഷേപിക്കുന്നു. കൎണ്ണനാകട്ടെ,
‘കിംകിമുരചെയ്തു കൃപ നീ? നിന്നുടയ ഹംകൃതികൾ തീൎപ്പനധുനാ’
എന്നു് അട്ടഹസിച്ചുകൊണ്ടു് ചാടി വീഴുന്നു. ദുര്യോധനൻ ഇടയ്ക്കു വീണു് രണ്ടുപേരേയും സമാധാനപ്പെടുത്തുന്നു. ഓരോ പാത്രത്തിന്റേയും സ്വഭാവരചനയിൽ കവി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നു് അവരുടെ വാക്കുകളിൽനിന്നും ചേഷ്ടകളിൽനിന്നും നമുക്കു ഗ്രഹിക്കാം.
യുദ്ധമാരംഭിക്കുന്നു. പാൎത്ഥൻ ‘ഭീഷ്മദ്രോണപ്രധാന’മായ സൈന്യത്തെ മോഹനാസ്ത്രത്താൽ മയക്കീട്ടു് അവരുടെ വസ്ത്രഭൂഷാദികളെ അപഹരിക്കുന്നു. ദുര്യോധനാദികൾ ബന്ധിതരായ്ഭവിക്കുന്നു. അനന്തരം അൎജ്ജു നൻ പൂൎവവൽ ആയുധങ്ങളെ ശമീകോടരത്തിൽ വച്ചിട്ടു് മാത്സ്യരാജസന്നിധിയിലേക്കു തിരിക്കുന്നു.
ഇതിനിടയ്ക്കു് മാത്സ്യനുും കങ്കനും ചൂതുകളിയിൽ ഏൎപ്പെടുന്നു. അവർ കളിയിൽ വ്യാപൃതരായിരിക്കവേ ആണു് ഒരു ദൂതൻ പ്രവേശിച്ചു്,
‘നിന്നുടെ നന്ദനൻ ചെന്നു കൗരവന്മാരെ
വെന്നു ഗോക്കളെ വീണ്ടുപോലിന്നു വന്നുപോൽ’
എന്ന വിവരം അറിയിക്കുന്നതു്. അതു കേട്ടു് ‘ഉത്തരനല്ല ജയം–ക്ഷത്താവാം ബൃഹന്നള സത്വരം വൈരിസഞ്ചയം വെന്നു നിൎണ്ണയം’ എന്നു് കങ്കസന്യാസി പറഞ്ഞുപോകുന്നു. കുപിതനായ രാജാവു് അക്ഷംകൊണ്ടു് അദ്ദേഹത്തിനെ എറിയുന്നു. സന്യാസിക്കു് മുറിവു പറ്റുന്നു. ക്ഷതത്തിൽനിന്നു് രക്തം പ്രവഹിക്കുന്നതു കണ്ടു് യാജ്ഞസേനി ആ രക്തത്തെ ഉത്തരീയത്തിലേല്ക്കുന്നു. തത്സമയം ഉത്തരനും വന്നുചേരുന്നു.
‘ശക്രസുതനൊരുവനഥ വന്നു–രിപു-
ചക്രമശേഷമപി വെന്നു
വിക്രമിയവൻ വിജയലക്ഷ്മിയോടു ചേർന്നു’
എന്നുള്ള ഉത്തരവാക്യം കേട്ടു് മാത്സൻ പശ്ചാത്തപിക്കുന്നു.
ഇതിനിടയ്ക്കു് വ്രണിതനായി സ്വന്തം മുറിയിൽ കിടക്കുന്ന ധൎമ്മപുത്രനെ കണ്ടിട്ടു് ഭീമൻ,
‘ഏണാങ്കകുലദീപ! എന്തഹോ ഭവാൻ
ക്ഷീണഭാവേന ശയിച്ചിടുന്നു?–തവ
ചേണാൎന്ന മുഖപത്മം മ്ലാനശോഭമായിപ്പോൾ
കാണുന്നതിനെന്തൊരു കാരണം? കഥിക്കണം’
എന്നു ചോദിക്കുന്നു. ധൎമ്മപുത്രർ ഉണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു കേൾപ്പിച്ചപ്പോൾ, ഭീമൻ കോപപരവശനായിട്ട് ‘ഈ മാത്സ്യനേയും ദുര്യോധനാദികളേയും ഒക്കെ അരനിമിഷത്തിനുള്ളിൽ കാലനൂൎക്കു ് അയയ്ക്കുന്നുണ്ടെ’ന്നു് ഗൎജ്ജ ിക്കുന്നു. ധൎമ്മപുത്രർ പ്രിയോക്തികളാൽ അനുജന്റെ കോപത്തെ ഒരുവിധം അടക്കുന്നു.
അജ്ഞാതവാസകാലം അവസാനിക്കുന്നു. ‘നിസ്തീൎണ്ണസത്യജലധി’കളായ ധൎമ്മപുത്രാദികൾ സ്വസ്വരൂപങ്ങൾ അവലംബിക്കുന്ന മാത്സ്യൻ അവരെ വന്നു കണ്ടു് ക്ഷമായാചനം ചെയ്യുന്നു. തന്റെ പുത്രിയെ അൎജ്ജു നനു് കല്യാണം കഴിച്ചു കൊടുത്താൽ കൊള്ളാമെന്നുള്ള അഭിലാഷത്തെയും പ്രകാശിപ്പിക്കുന്നു. എന്നാൽ അൎജ്ജു നന്റെ ഉപദേശം അനുസരിച്ചു് അദ്ദേഹം ഉത്തരയെ അഭിമന്യുവിനു കൊടുപ്പാൻ നിശ്ചയിക്കുന്നു. വിവാഹോത്സവം പൊടിപൂരമായി നടക്കുന്നു. അനന്തരം തന്റെ നഷ്ടമായ രാജ്യം വീണ്ടെടുക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി ധൎമ്മപുത്രർ ശ്രീകൃഷ്ണനെ ചെന്നു കണ്ടു് വന്ദിക്കുന്നു.
‘ധൂൎത്തു പെരുത്തൊരു ധാൎത്ത രാഷ്ട്രന്മാരെ
പാൎത്ത ിടാതിനി വെന്നു രണാങ്കണേ
പാൎത്ത ലമിതു നീ പാലിച്ചിടും.’
എന്നുള്ള ഭഗവദനുഗ്രഹത്തോടുകൂടി കഥയും അവസാനിക്കുന്നു.
15.61 ദക്ഷയാഗം
ഉത്രംതിരുനാൾ തമ്പുരാന്റെ നിൎദേശാനുസരണം രചിക്കപ്പെട്ട ഒരു കഥയാണു് ദക്ഷയാഗം. തമ്പിയുടെ മറ്റു കഥകളേപ്പോലെ തന്നെ ഇതും വളരെ പ്രൗഢമായിരിക്കുന്നു. സാധുലോകചിന്താമണിയും ധൎമ്മകൎമ്മപാരായണനും വേദശാസ്ത്രാദികോവിദനും ആയ ദക്ഷപ്രജാപതി ഒരു രാത്രി ‘സോമാഭിരാമദ്യുതിമുഖലസിത’യും ‘താരാഹാരാതിരമ്യ’യും ‘കാമോല്ലാസാനുകൂല’യും ‘കുവലയബഹളാമോദസൗരഭ്യദാത്രി’യും ആയ തന്റെ പ്രേയസി അടുത്തു വരുന്നതു കണ്ടിട്ടു് രാഗവും പ്രേമവും ആനന്ദവും കലൎന്ന ഹൃദയത്തോടുകൂടി ഇങ്ങനെ പറയുന്നു:
‘പൂന്തേൻവാണി ശൃണു മമ വാണീ–പൂവണി ഘനവേണീ
കാന്തേ സമയമഹോ രമണീയം–കനിവൊടു വിലസുന്നൂ രജനീയം
കണ്ടാലും ശശിബിംബമുദാരം–കണ്ഠേകാളജടാലങ്കാരം
തണ്ടാൎബ ാണമഹോത്സവദീപം–തരുണിനിരാകൃതമാരാടോപം
പനിമതിബിംബം മുഖസമമിഹ തേ–പണിതുടരുമ്പോളാശു മുകളിതേ
വനജേ ദുഃസ്ഥിതനാം വിധി നൂനം–മതിയാക്കീ ബത ശില്പവിധാനം.
കാമോദ്ദീപനകാരണരൂപേ–കാമിനി നീ മമ വരിക സമീപേ
സാമോദം മധുരാധുരമയി തേ–സാമജഗാമിനി തരിക മേ ദയിതേ.’
ശ്വാസം മുട്ടിയാലും പ്രാസം മുട്ടിയ്ക്കാറില്ലായിരുന്നെന്നു് ഉണ്ണായിവാരിയരെപ്പറ്റി പറയാറുണ്ടു്. അന്ത്യപ്രാസത്തിനു വേണ്ടി ചിലപ്പോൾ വ്യാകരണവിധികളെപ്പോലും ലംഘിക്കാൻ അദ്ദേഹം മടിച്ചിട്ടില്ല. തമ്പിയ്ക്കാകട്ടെ പ്രാസപ്രയോഗത്തെ സംബന്ധിച്ചിടത്തോളം ഒരു കൂസലുമില്ല. എല്ലാവിധ പ്രാസങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ സുലഭങ്ങളാണു്. എന്നാൽ അവയ്ക്കു വേണ്ടി ക്ലേശിച്ചിട്ടുമില്ല.
ദക്ഷൻ ഇപ്രകാരം പ്രേയസിയോടുകൂടി സുഖമായി വാഴുന്ന കാലത്തു് സൂര്യോദയത്തിനു മുമ്പായി യമുനാസ്നാനാൎത്ഥ ം പുറപ്പെടുന്നു. അപ്പോൾ ആ നദിയിലെ അരവിന്ദപത്രങ്ങളിലൊന്നിൽ ‘ശരദിന്ദുകാന്തി കോലുന്ന’ ഒരു ‘വരകംബുമണി’ കണ്ടിട്ടു് കൗതുകപൂൎവം എടുക്കുന്നു.
‘കണ്ണിണയ്ക്കാനന്ദം നല്കീടുന്നു പാരം–കാളിന്ദീനദി സാമ്പ്രതം
എണ്ണമറ്റുള്ള നല്ലോരേതൽഗുണങ്ങളെല്ലാം
വൎണ്ണിപ്പാനാവതല്ല കുണ്ഡലീശനുപോലും.
ഞാനെന്നുടലിലഭി–മാനം–വെടിഞ്ഞു പര-
മാനന്ദാകാരപൂൎണ്ണമാനസന്മാർ
നാനാമുനികൾ വന്നു–സ്നാനവും ചെയ്തു ചെമ്മെ
ധ്യാനംപൂണ്ടിഹ തീരകാനനേ വാഴുന്നഹോ
നളിനങ്ങളളിവൃന്ദമിളിതങ്ങൾ കാന്തമാൎതൻ
അളകാഞ്ചിതാസ്യങ്ങൾപോൽ വിളങ്ങീടുന്നു.
പുളിനങ്ങളിൽ നല്ല കളഹംസലീല കണ്ടു
കളിയല്ലേ മനതാരിൽ വളരുന്നൂ പരിതോഷം’
ഈ പദം ‘കുണ്ഡിനനായക’ എന്ന നളചരിതപദത്തിന്റെ കനിഷ്ഠസഹോദരിയാണു്.
ദക്ഷൻ ‘പങ്കം പോക്കുന്ന മന്ദാകിനി’യിൽ മുഴുകി പത്മപത്രസ്ഥമായ ആ ശംഖത്തെ കയ്യിൽ എടുത്ത മാത്രയിൽ അതു ഒരു കന്യകാരത്നമായി രൂപാന്തരപ്പെടുന്നു. ‘ശങ്കരസ്യപ്രണയിനി’ തന്റെ മകളായി ജനിച്ചതായിരിക്കുമോ എന്നു ശങ്കിച്ചു് അദ്ദേഹം ആ കന്യകയെ സ്വപത്നിയുടെ അങ്കതലത്തിൽ ചേർക്കുന്നു.
‘വിധിതന്ന നിധിയാമീ നന്ദിനി–മേലിൽ
വിവിധകാമം തരുവാൻ നന്ദിനി
വിധിവിലാസം നമുക്കു നന്നിനി–ഇവൾ
വിധുമുഖി സൎവലോകാനന്ദിനി–ഹേ ജായേ’
എന്ന ഭൎത്തൃ വാക്യം അനുസരിച്ചു് ദക്ഷപത്നി ആ ശിശുവിനെ വാത്സല്യപൂൎവം വളൎത്തു ന്നു. ക്രമേണ അവൾ സകലകലാവിചക്ഷണയായ്ത്തീരുന്നു. എന്നാൽ അരമനയിലെ സുഖഭോഗങ്ങളൊന്നിലും അവൾക്കു താൽപ്പര്യം ജനിക്കായ്കയാൽ, തപസ്സിനായി അവൾ ഒരുങ്ങുന്നു. അങ്ങനെ ‘മരാളകന്യാമിവമാനസംഗത’യായ ഈ അരാളകേശിനിയെ കണ്ടു് ‘സ്മരാളസാത്മാവാ’യിത്തീൎന്ന ഒരു അസുരൻ അവളെ ഹരിപ്പാൻ നോക്കിയിട്ടു് തപോമയാഗ്നിയിൽ ശലഭദശയെ പ്രാപിക്കുന്നു.
അങ്ങനെ ഇരിക്കേ, ആ കന്യകയുടെ നിരീക്ഷണപരീക്ഷണാൎത്ഥ ം ഒരു ദിവസം ശിവൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ അവിടെ ചെന്നിട്ടു്,
‘ചെന്തളിർ കോമളഗാത്രം ചെയ്കൊലാ നീ ക്ലേശപാത്രം
എന്തുമോഹമത്രമാത്രം ഇണ്ടൽ കൊൾവാനഹോരാത്രം’
എന്നു ചോദിക്കുന്നു. ഇന്ദുചൂഡൻ തന്റെ വരനായ്‍വരാൻ വേണ്ടിയാണു് താൻ തപസ്സു ചെയ്യുന്നതെന്നു് അവൾ പറഞ്ഞപ്പോൾ അദ്ദേഹം ശിവനെ അധിക്ഷേപിക്കാൻ തുടങ്ങുകയും അതുകേട്ടു്,
‘ഈശ്വരദൂഷണാലാപം എന്തിനയ്യോ? ശാന്തം പാപം
ശാശ്വതധൎമ്മവിലോപം സമ്പ്രതി വേണ്ടാ സല്ലാപം’
എന്നു തടഞ്ഞിട്ടു് അവിടെ നിന്നു പൊയ്ക്കളയാൻ ഭാവിക്കയും ചെയ്യുന്നു. അപ്പോൾ ഭഗവാൻ തന്റെ സാക്ഷാദ്രുപം അവലംബിച്ചിട്ടു മൃദുഹാസം തൂകിക്കൊണ്ടു പറയുന്നു:
‘പൂന്തേൻനേൎവാണി ബാലേ! സുമുഖി വിമുഖിയായെങ്ങു പോകുന്നിദാനീം
സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹ തേ വന്നു ഞാൻ നിന്നിടുമ്പോൾ
ഞാൻ തേ ഭാവം ഗ്രഹിപ്പാനവനിസുരമിഷാലപ്രിയം ചൊന്നതെല്ലാം
കാന്തേ ഹാ ഹന്ത കോപം കളക മയി തവാഭീഷ്ടമെല്ലാം തരുന്നേൻ.’
ദേവിയുടെ അപ്പോഴത്തെ ഭാവത്തേയും കല്യാണത്തിന്റെ ഒരുക്കങ്ങളേയും ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ’ എന്നതിനോടു് കിടപിടിക്കത്തക്ക ഒരു ദണ്ഡകത്തിൽ കവി വൎണ്ണിച്ചിരിക്കുന്നു.
‘ഏണാങ്കമൗലിയുടെ ചേണാൎന്നരൂപമുട-
നേണാക്ഷികണ്ടവൾ തെളിഞ്ഞു–രക്ഷികൾപറഞ്ഞു–ദക്ഷനതറിഞ്ഞു-
പ്രിയദുഹിതൃപരിണയനമഴകൊടു കഴിപ്പതിനു
സുഗുണനിധി വിരവിനൊടു തുനിഞ്ഞു.
കല്യാണവാൎത്ത യതു ചൊല്ലാൎന്ന ദൂതരുടെ ചൊല്ലാലറിഞ്ഞു മുദമാൎന്നു
സുരതതികൾ വന്നു–പുരമതിൽ നിരന്നു–
മുനികളൊടുസമമഴകിലവനുപചരിച്ചു–പുനരധികസുഖമഖിലരുമിരുന്നു
ഉദ്യോഗമോടു ബഹു വിദ്യാധരാദിയുടെ വാദ്യാരവം ദിവി മുഴങ്ങീ–
പ്രീതിയൊടു സംഗീ–താദികൾ തുടങ്ങി–തത്ര സുരയുവതിജന
ചിത്രതരരസലളിതനൃത്തമതു സഭയതിൽ വിളങ്ങി.
ഫണിഭൂഷണപ്രിയയെ–മണിഭൂഷണങ്ങളുടനണിയിച്ചു
വാണിവഴിപോലെ–തദനു ശുഭകാലേ–ത്രിജഗദനുകൂലേ–
ഭുവനപതി ഗിരശനഥ സതിയുടയ കരകമലമിതമൊടു
പിടിച്ചു വിധിപോലെ’
ഇന്ദ്രാദികൾ പുഷ്പവൎഷം ചെയ്യുന്നു; അനന്തരം അവർ ഭഗവാനെ വന്ദിച്ചിട്ടു് ദക്ഷനെ പ്രശംസിക്കുന്നു. എന്നാൽ വിവാഹകൎമ്മത്തിനുശേഷം ഭഗവാൻ യാത്രപോലും ചോദിക്കാതെ മറഞ്ഞുകളയുകയാൽ സതീദേവി ദീനദീനം വിലപിക്കുന്നു. അതുകേട്ടു് വാണീദേവി ഗീൎവാണനാരിമാരോടുകൂടി ചേൎന്നു ്,
‘പരിണനയശേഷമേവം പരിതപിക്ക യോഗ്യമല്ല
ഇന്ദുചൂഡൻ നിന്നരികിൽ–ഇന്നു നാളെ വരുമല്ലോ’
എന്നിങ്ങനെ പറഞ്ഞു് സമാധാനപ്പെടുത്തുന്നു.
ദക്ഷനാകട്ടേ കോപപരവശനായിച്ചമഞ്ഞു. ദേവി വീണ്ടും തപോവനം പ്രാപിക്കുന്നു. തദവസരത്തിൽ ഭഗവാൻ ആവിൎഭവിച്ചു് ദേവിയേയും കൂട്ടിക്കൊണ്ടു കൈലാസത്തിലേക്കു പൊയ്ക്കളയുന്നു. അതു് ദക്ഷന്റെ കോപത്തെ പൂൎവാധികം വൎദ്ധിപ്പിക്കുന്നു. അദ്ദേഹം ദേവന്മാരുടെ അടുക്കൽ ച്ചെന്നു്,
‘അറിയാതെ മമ പുത്രിയെ നല്കിയതനുചിതമായിതഹോ
പരിപാകവുമഭിമാനവും ലൗകികപദവിയുമില്ലാത്ത
ദൎഗ്ഗന്റെ ശീലം (അറിയാതെ)
… … …
ജാതിയിവനേതെന്നാരറിഞ്ഞീടുന്നു
ജ്ഞാതിജനവുമിവനില്ല പാൎക്കിലാരും
ചേതസി മമതയുമില്ലിവനാരിലും
ഭൂതിലാഭംകൊണ്ടേറ്റം മോദിച്ചു മരുവുന്നു.’
എന്നിങ്ങനെ ശിവനെ ആക്ഷേപിക്കുന്നു. ദക്ഷന്റെ ഈ ആക്ഷേപവാക്കുകളിൽ സ്തുതിപരമായ ഒരു അൎത്ഥ ംകൂടി ഘടിപ്പിച്ചിരിക്കുന്നതു് കവിയുടെ ഭക്തിയ്ക്കു സാക്ഷ്യം വഹിക്കുന്നു.
ഈ നിന്ദാവാക്യങ്ങൾ കേട്ടു് ദേവന്മാർ,
‘ശൎവനോടു ചെയ്കിലവമാനം–ഹന്ത–സൎവപദാമതു നിദാനം
സൎവദാ ചെയ്ക ശിവമോദം–ഭവാൻ–സാമ്പ്രതമിതിന്നരുതു വാദം’
എന്നുപദേശിക്കുകയാൽ അദ്ദേഹം പുരവൈരിയെ കാണ്മാൻ പുറപ്പെടുന്നു. ഗൎവിഷ്ഠനായ ആ ദക്ഷന്റെ വരവു കണ്ടു്,
‘ദുൎവരരാജസഗുണംകൊണ്ടിവനു ഗൎവവുമുണ്ടുള്ളിലധികം
സൎവേശ്വരൻ മരുവുമുൎവീധരം ജഗതി ദുൎവിനീതന്മാൎക്കു ദുഷ്പ്രാപമേറ്റതും
ചതുരാനനൻ തന്റെ തനയൻ ദക്ഷനിവൻ ചതുരതയോടിഹ വരുന്നു
അതിമാത്രമവനുടയ മതിയതിൽ വളൎന്നു ള്ള മദമാശു തീൎത്ത ിടുവതിനില്ല സംശയം’
എന്നു ശിവപാൎഷദനായ നന്ദി വിചാരിക്കുന്നു.
ഇങ്ങനെ ദക്ഷപ്രജാപതി നന്ദിയാൽ ധിക്കൃതനായിട്ടു് തിരിച്ചുപോയി അദ്ധ്വരങ്ങളിൽ ശിവനുള്ള ഹവ്യാൎപ്പണത്തെ നിരോധിക്കുന്നു.
അങ്ങനെ ഇരിക്കേ ബ്രഹ്മാവു് ഒരു യാഗം ചെയ്‍വാൻ നിശ്ചയിച്ചുറച്ചിട്ടു് കൈലാസനഗരിയിൽ ചെന്നു്,
‘മനസി മമ രുചിയുണ്ടു യാഗം ചെയ്‍വാൻ
മാന്യകൃപയാ കുരു നിയോഗം–അങ്ങു
കനിവൊടു വന്നു തവ കൈക്കൊൾക ഭാഗം’
എന്നപേക്ഷിക്കുന്നു. എന്നാൽ,
‘ഇന്നു ഞാൻ വരുവതവമാനം–നിന്റെ നന്ദനൻ വൈരി മമ നൂനം–തത്ര–
നന്ദിയെ നിയോഗിപ്പനെന്നോടു സമാനം’
എന്നുള്ള ഭഗവദ്വാക്യം കേട്ടു് ബ്രഹ്മാവു് പ്രസന്നനായി തിരിച്ചു പോകുന്നു.
യാഗം ആരംഭിക്കുന്നു. നന്ദി യഥാകാലം വന്നുചേരുന്നു. തത്സമയം ദക്ഷൻ സഭാമധ്യത്തിൽ വച്ചു് ‘താരകേശ്വര കിശോരശേഖരപരിചാരക’നായ ആ ഭക്തശിരോമണി കേൾക്കേ ശിവനെ ദുഷിക്കുന്നു. അതു കേട്ടു് ‘ഭുജഗഭൂഷണദൂഷണഭാഷണശ്രവണരോഷകഷായിതലോചന’നായി നന്ദി തിരിച്ചുപോകുന്നു. ബ്രഹ്മാദികൾ പരിഭ്രമിക്കുന്നു.
അല്പകാലം കഴിഞ്ഞു് ദക്ഷനും ഒരു യാഗം തുടങ്ങുന്നു. ശിവനെ ഭയപ്പെട്ടു് ദേവന്മാരാരും അതിൽ സംബന്ധിക്കുന്നില്ല. നാരദവസിഷ്ഠാദികളും നിസ്സഹരണം അനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ പിതാവായ ധാതാവുപോലും അതിൽ പങ്കുകൊള്ളുന്നില്ല. അങ്ങനെ ഇരിക്കേ ദധീചിമഹൎഷി അവിടെ വന്നുചേരുന്നു. അദ്ദേഹവും ശിവദ്വേഷം ആപൽക്കരമാണെന്നു ഉപദേശിച്ചു നോക്കുന്നു. പക്ഷേ ഫലിക്കുന്നില്ല.
തത്സമയം കലഹത്തിനു വല്ല വഴിയുമുണ്ടോ എന്നു നോക്കി നടക്കുന്ന നാരദൻ കൈലാസത്തിൽ ചെന്നു് ദക്ഷന്റെ യാഗാരംഭത്തെപ്പറ്റി അറിയിക്കുന്നു. ദേവി ദാക്ഷായണി അതു കേട്ടു്,
‘ഇന്നുമേ ജനകൻ ചെയ്യുന്ന യാഗഘോഷങ്ങൾ
ചെന്നുകണ്ടു വരുവാനെന്നിൽ നിൻകൃപ വേണം
എന്നുടെ സോദരിമാരെല്ലാവരുമവിടെ
വന്നീടുമവരെയും വടിവിൽ കണ്ടീടാമല്ലോ.
തത്ര ഞാൻ ഗമിച്ചെങ്കിൽ താതനുള്ള വിദ്വേഷ-
മത്രയുമകന്നീടുമത്രമാത്രവുമല്ല,
എത്രയും പരിതോഷമെല്ലാൎക്കുമുളവാകും
സത്രവും വഴിപോലെ സഫലമായ്ഭവിച്ചീടും.’
എന്നു ഭഗവാനോടു് അപേക്ഷിക്കുന്നു. പരമശിവൻ തടസ്സം പറഞ്ഞിട്ടും വകവയ്ക്കാതെ ദേവി ദക്ഷപുരിയിലേക്കു പുറപ്പെടുന്നു. ദക്ഷനാകട്ടെ ദേവിയെ അധിക്ഷേപിക്കുന്നു; എന്നു മാത്രമല്ല,
‘പ്രീതി നിന്നിലെനിക്കു നഹി–ഗത-
നീതിയാം തവ പതിയിൽ നിന്നൊരു
ഭീതി തെല്ലമതില്ല നിന്നുടെ
താതനും ഞാനല്ല സമ്പ്രതി’
എന്നു് ഖണ്ഡിതമായി പറകയും ചെയ്യുന്നു. ആ സതീരത്നം,
‘അഷ്ടമൂൎത്ത ിയെ നിന്ദചെയ്‍വതു കഷ്ടമെന്തിതു തോന്നിയതുഹൃദി
വിഷ്ടപേശവിരോധമിഹ തവ ദിഷ്ടദോഷവശേന വന്നിതു’
എന്നു പറഞ്ഞു് തിരിച്ചു പോന്നിട്ടു് ഭൎത്ത ാവിനോടു് ക്ഷമാപണപുരസ്സരം,
‘താമസശീലനാകും ദക്ഷനെ കൊല്ലുവാനേതും
താമസിച്ചീടൊല്ല താതനവനല്ലിനിമേൽ’
എന്നു പ്രാൎത്ഥ ിക്കുന്നു. ഭഗവാൻ ദേവിയെ സമാശ്വസിപ്പിച്ചശേഷം, തന്റെ നിടിലേക്ഷണത്തിൽ നിന്നു് വീരഭദ്രനേയും ഭദ്രകാളിയേയും ജനിപ്പിച്ചിട്ടു് ദക്ഷയാഗം മുടക്കാനായി നിയോഗിക്കുന്നു. വീരഭദ്രൻ അവിടെ ചെന്നു് ദക്ഷന്റെ ശിരസ്സിനെ തന്റെ വാളുകൊണ്ടു കൊയ്തെടുത്തിട്ടു്, ദക്ഷിണാഗ്നിയിൽ ഹോമിക്കുന്നു; അധ്വരത്തേയും ഭഞ്ജിക്കുന്നു. തൽക്ഷണം ശ്രീപരമേശ്വരൻ ദിവ്യവൃഷഭാധിരൂഢനായി അവിടെ ആവിൎഭവിക്കുന്നു. ദേവന്മാർ സ്തുതിവാക്യങ്ങളാൽ അദ്ദേഹത്തിനെ പ്രീണിപ്പിച്ചിട്ടു്,
‘വിധിസുതന്റെ ജീവിതത്തെ വിരവോടിങ്ങു ചേൎത്തു യജ്ഞ-
വിധിവിരോധമാശു തീൎത്തു കാത്തുകൊൾക കരുണയാ’
എന്നു പ്രാൎത്ഥ ിച്ചതനുസരിച്ചു്, ‘ദക്ഷനെ’ ജീവിപ്പിക്കുന്നു. ദക്ഷൻ ‘ചന്ദ്രചൂഡ നമോസ്തുതേ ജയ സന്തതം ജഗദീശ’ എന്നു സ്തുതിക്കുന്നു. ഈ സ്തുതിയാൽ സമ്പ്രീതനായ ഭുജഗഭൂഷണൻ ദക്ഷനെ ആശീൎവദിച്ചിട്ടു് കൈലാസം പ്രാപിക്കുന്നു. ദക്ഷനും വിഗതഹൃദയകല്മഷനായി സ്വപുരിയിൽ പ്രചുരസുഖം വസിക്കുന്നു.
‘അഗേന്ദ്രഭൂഷിതം ദേവ-
മപി നാഗേന്ദ്രഭൂഷിതം
സൎവമംഗലയോപേതം
സൎവമംഗലദം ഭജേ’
ഈ സംക്ഷിപ്തവിവരണത്തിൽനിന്നു് ഇരയിമ്മൻതമ്പിയുടെ കവിതയെപ്പറ്റി ഒരു സാമാന്യജ്ഞാനം വായനക്കാൎക്കു ണ്ടാകുമെന്നു വിശ്വസിക്കുന്നു. അഭിനയം, സംഗീതം, സാഹിത്യം എന്നീ മൂന്നംശങ്ങളിലും ഈ ആട്ടക്കഥകൾ ഉച്ചശ്രേണിയിലുള്ളവയാണു്. വൃത്ത്യനുഗുണമായ സ്വരവ്യഞ്ജനങ്ങളുടെ സമീചിനമായ സമ്മേളനത്താലുണ്ടാകുന്ന മധുരിമകൊണ്ടും, ശ്രോതാക്കളുടെ ഹൃദയതന്ദ്രികളിൽ സ്പന്ദനമുണ്ടാക്കാൻ പര്യാപ്തമായ ഭാവസന്നിവേശംകൊണ്ടും അദ്ദേഹത്തിന്റെ കൃതികൾ ലോകോത്തര ഗുണോത്തരങ്ങളായ് വിളങ്ങുന്നു. സംഗീതാത്മകമായ സാഹിത്യവും സാഹിതീഗുണവിശിഷ്ടമായ സംഗീതവും തമ്പിയുടെ പദങ്ങളിൽ ഇണങ്ങിച്ചേൎന്നിരിക്കുന്നു. കഥകളികളുടെ കൂട്ടത്തിൽ,
‘കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാളഞ്ചാതെ വഞ്ചീശ്വര-
ശ്രേഷ്ഠൻ തന്നുടെ നാലു; തമ്പിയുടെ മൂന്നൊന്നക്കരീന്ദ്രന്റെയും’
എന്നീ പന്ത്രണ്ടു കഥകളും ഉണ്ണായിയുടെ നാലു ദിവസത്തെ കഥകളും ആണു് പ്രസിദ്ധം. ഇനി നമുക്കു് കരീന്ദ്രന്റെ കൃതിയിലേക്കു കടക്കാം.
15.62 വിദ്വാൻ കോയിത്തമ്പുരാൻ
വിദ്വാൻ കോയിത്തമ്പുരാന്റെ യഥാൎത്ഥ നാമം രവിവൎമ്മ എന്നായിരുന്നു എന്നു് സൎവാധികാര്യക്കാർ ഗോവിന്ദപ്പിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ അവിടുത്തേ പേരു് രാജരാജവൎമ്മ എന്നാണെന്നു് രാവണവിജയം ആട്ടക്കഥയുടെ അവതാരികയിൽ ഡാക്ടർ ഗോദവൎമ്മയും അഭിപ്രായപ്പെട്ടുകാണുന്നു. ഈ അഭിപ്രായമായിരിക്കണം ശരിയെന്നു തോന്നുന്നു. അവിടുന്നു് മഹാപണ്ഡിതനായിരുന്ന കിഴക്കാംചേരി നമ്പൂരിപ്പാട്ടിലേയും വിഷ്ണുമായാചരിതാദി കൃതികളുടെ ഗ്രന്ഥകൎത്രിയും മഹാവിദുഷിയും ആയിരുന്ന കിളിമാനൂർ ഉമാദേവിത്തമ്പുരാട്ടിയുടേയും ഏകപുത്രനായി ൯൮൭-ൽ ജനിച്ചു. പിതാവായിരുന്ന നാരായണൻ നമ്പൂരിപ്പാടിനെ കവിതന്നെ രാവണവിജയത്തിൽ ഇങ്ങനെ കീൎത്ത ിച്ചിരിക്കുന്നു.
‘ശ്രീമദ്ഭാഗവതാൎത്ഥ തത്വകഥനേ യോ വാ പരശ്രീശുകോ
ദ്വേധാ മദ്ഗുരുനായകോ ദ്വിജവരോ നാരായണാഖ്യോ പ്രനിശം
അന്തൎമ്മോഹമഹാന്ധകാരപടലം നിശ്ശേഷമുത്സാദയ-
ന്നന്തേവാസിജനേഷ്വപാരകരുണാസിന്ധുഃ പ്രസന്നോ പ്ര സ്തു മേ.’
ഈ പദ്യത്തിൽനിന്നു് കോയിത്തമ്പുരാന്റെ ആദ്യത്തെ ഗുരു പിതാവു തന്നെ ആയിരുന്നു എന്നു തെളിയുന്നു. ‘ചെറുണ്ണി’ എന്നായിരുന്നു അവിടുത്തേ ഓമനപ്പേരു്. ചെറുപ്പത്തിലേ തന്നെ ‘ചെറുണ്ണി’ത്തമ്പുരാൻ സംസ്കൃതത്തിൽ വേണ്ട വൈദുഷ്യം സമ്പാദിച്ചു കഴിഞ്ഞു.
‘വിതതകുടിലകേശം വിദ്യമാനേന്ദുലേശം
കമലശരവിനാശം കാളമേഘപ്രകാശം
വനചരതനുമീശം വൈരിണാ കാലപാശം
ശുകഹരിണപുരേശം ഭാവയേ പാൎവതീശം’
എന്ന പദ്യം പത്താമത്തെ വയസ്സിൽ അവിടുന്നു രചിച്ചതാണത്രേ. ഈ ബാലന്റെ നിശിതമായ ധീഷണാശക്തിയും അപ്രതിഹതമായ ഭാവനാവിലാസവും കണ്ടു് അന്നത്തേ റീജന്റായിരുന്ന റാണി പാർവതീഭായി തിരുമനസ്സുകൊണ്ടു് തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഇങ്ങനെ ആണു് അദ്ദേഹത്തിനു സ്വാതിതിരുനാൾതമ്പുരാന്റെ സതീൎത്ഥ ്യനാവാനുള്ള മഹാഭാഗ്യം ലഭിച്ചതു്. വിദ്വൽകുലഭൂഷണമായിരുന്ന ആ തിരുമേനി രാജ്യഭാരമേറ്റപ്പോൾ, അവിടുന്നു് രാജസദസ്സിലെ ഒരു അംഗമായ്ത്തീൎന്നു. സ്വാതിതിരുനാൾതമ്പുരാന്റേയും ഇരയിമ്മൻതമ്പിയുടേയും നിരന്തരസാഹചര്യം അവിടുത്തേ കവിതാതരുവിന്റെ വളർച്ചയ്ക്കും വികാസത്തിനും ഹേതുഭൂതമായ്ത്തീൎന്നു.
ഒരിക്കൽ സ്വാതിതിരുനാൾതമ്പുരാൻ ഈ കവിയാൽ അനുഗതനായി ആറാട്ടിനു് എഴുന്നള്ളിയപ്പോൾ നിരത്തിന്റെ ഇരുവശത്തും ഉള്ള മണിമേടകളിൽ സ്ത്രീജനങ്ങൾ നില്ക്കുന്നതു കണ്ടിട്ടു്,
‘രാകാശശാങ്കകലിതായതമാലികേവ
സീമന്തിനീവദനപങ്ക്തിരിഹാവിഭാതി’
എന്നിങ്ങനെ ഒരു ശ്ലോകാൎദ്ധം ചമച്ചിട്ടു് അതിനെ പൂരിപ്പിക്കാൻ കോയിത്തമ്പുരാനോടു് ആജ്ഞാപിച്ചു. അവിടുന്നു് അതിനെ,
‘കിഞ്ചാത്ര പങ്കജധിയാ മധുപാവലീവ
ദൂരാത്സമാപതതി കാമിജനാക്ഷിപങ്ക്തിഃ’
എന്നു പൂരിപ്പിച്ചുവത്രേ. അതു കേട്ടു് സന്തുഷ്ടനായ്തീൎന്ന മഹാരാജാവു കല്പിച്ചു് ‘വിദ്വാൻ’ എന്ന സ്ഥാനം നല്കി. ഇതുപോലെ മറ്റൊരവസരത്തിൽ,
‘വിശ്വാമിത്രാഗ്ര്യകൎമ്മപ്രശമരതസുബാഹൂരുകണ്ഠപ്രഭേദം
ധൃത്വായം സായകാഗ്ര്യം ഹരിവരപൃതനാസംയുതസ്സാനുജന്മാ
ആയാതോ രാമരാജഃ സ്വയമിതിജനതാഭൂഷണേനൈവസിന്ധു–
സ്സന്ത്രസ്താത്മാ രരാസോത്തരളതരതരംഗോച്ചലദ്ബാഹുരുച്ചൈഃ’
എന്നു ശ്രീപത്മനാഭപരമായും മഹാരാജപരമായും രണ്ടൎത്ഥ ങ്ങളുള്ള ഒരു ശ്ലോകം രചിച്ചതിനു്, തിരുമനസ്സുകൊണ്ടു് ഒരു വീരശൃംഖലയും സമ്മാനിച്ചു.
വേറൊരിക്കൽ രഥത്തിലെഴുന്നള്ളത്തിനെക്കുറിച്ചു് നാലൎത്ഥ ങ്ങളുള്ള ഒരു ശ്ലോകം അവിടുന്നു് എഴുതി. മഹാരാജാവു് അതു കണ്ടു സന്തോഷിച്ചു് ഇരുകൈകൾക്കും വളകൾ നല്കയും ഉണ്ടായി. ആ ശ്ലോകത്തെ താഴെ ചേർക്കുന്നു.
‘യം ശംസന്തിസദാഗതിപ്രണയിനം സൎവേ ജനാസ്സാദരം
സ്വസ്ഥാനാദരിണാഗതം ഹി പുരതോ യേനൈവ ഭോഗീശിതുഃ
ഭാസ്വൽപുഷ്യരഥോ ബിഭൎത്ത ി കലനാം ശ്രീവഞ്ചിഭൂമീഭൃതാ
കൃഷ്ണേനാപി ച ജിഷ്ണുനാ ബകജിതാ ചിത്രംഗദാമാശ്രിതഃ’
ആകൃതിയും നിറവുംകൊണ്ടു് വിദ്വാൻകോയിത്തമ്പുരാനെ കരീന്ദ്രൻ എന്നും ഗജേന്ദ്രൻ എന്നും കല്പിച്ചു വിളിച്ചുവന്നതായി കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾ പറഞ്ഞിരിക്കുന്നു. ഒരിക്കൽ നമ്പിപ്പോറ്റിയുടെ ഏഷണിനിമിത്തം കരീന്ദ്രന്റെ പേരിൽ തിരുമനസ്സിലേക്കു തിരുവുള്ളക്കേടുണ്ടായത്രേ. അദ്ദേഹത്തിനെ വള്ളം കേറ്റി വടക്കോട്ടയപ്പാൻ കല്പനയും പുറപ്പെട്ടു. യാത്ര പുറപ്പെടും മുമ്പു് ഈ കവി,
‘ഇതോ മാമുദ്ധൎത്തു ം ശിവ ശിവ ചിരാദ്യപ്യവഹിതാ-
സ്തടസ്ഥാനോ ശക്താസ്തരളമതയോ ഹന്ത സുഹൃദഃ
അയേ ഭൂമീനാഥ പ്രചുരതരകാരുണ്യജലധേ
കരീന്ദ്രേ കാരുണ്യം കലയിതുമയം ഖല്വവസരഃ’
എന്നൊരു ശ്ലോകം കുറിച്ചു കൊടുത്തയച്ചു. ഉടൻതന്നെ തിരുമനസ്സുകൊണ്ടു് തന്റെ ആജ്ഞയെ പിൻവലിക്കയും ചെയ്തു. പിന്നീടു് പ്രായേണ അവിടുന്നു് തിരുവനന്തപുരത്തുതന്നെയാണു് കഴിച്ചുകൂട്ടിയതെന്നു കാണുന്നു. ഇളയിടത്തു ഭട്ടതിരി, കുഴിക്കാട്ടു ഭട്ടതിരി മുതലായ പ്രൗഢവിദ്വാന്മാർ കരീന്ദ്രന്റെ ഉത്തമമിത്രങ്ങളായിരുന്നു.
രാവണവിജയം ഒരു ഒന്നാംതരം കഥയാണു്. നടന്മാരുടെ അഭിനയകൗശലം കാണണമെങ്കിൽ രാവണവിജയം പോലുള്ള കഥ തന്നെ ആടണം. ‘കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു’ എന്നതുപോലെ നടന്മാരെ വിഷമിപ്പിക്കുന്ന ചില വരികൾ ഇതിലുമുണ്ടു്.
‘കോകി വിരഹേണ പാരം–ബത–രാകേശനെക്കണ്ടുദാരം
കോകനദാഞ്ചിതാകാരം–വരം–കാണാഞ്ഞു നോക്കുന്നനേരം
ശുകമൊഴി നിജവരനന്യയാ–സഹ–സുഖമിഹനിവസന്തി ധന്യയാ
അകമതിലിതി ബഹുശങ്കയാ–ലയി–തവ മുലയിണ കാൺകയാൽ
ഏകമിഴിയതിലസൂയയുമനുനയശോകരസമിതരയാ കലതി യാ’
എന്ന വരികൾ ‘ഏകലോചനംകൊണ്ടു നിന്നെയും ശോകമോടപരേണ നോക്കുന്നു പതിയേയും’ എന്ന ഉത്തരാസ്വയംവരത്തിലെ വരികളെ അനുസ്മരിപ്പിക്കുന്നു. അതുപോലെതന്നെ ‘ജയ ജയ നാഗകേതന’ എന്ന പദത്തിന്റെ രീതിയിൽ,
‘പുണ്യജനാധിപതേ–കുശലം പരി-
പൂർണ്ണജലധേ–നിയതം’
എന്നൊരു മനോഹരപദവും ഇതിൽ കാണ്മാനുണ്ടു്. നാരദൻ ആ പദത്തെ ആടുമ്പോൾ ദുര്യോധനന്റെ മുഖത്തു് പല പല സ്തോഭങ്ങൾ തുടൎന്നു സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നു.
സംഗീതത്തിന്റെ നില നോക്കിയാലും രാവണവിജയം അന്യൂനമാണു്. സംഗീതകലാകോവിദന്മാരിൽ അഗ്രഗണ്യനായിരുന്ന സ്വാതിതിരുനാൾതമ്പുരാന്റെ സദസ്സിനു് അലങ്കാരഭൂതനായിരുന്ന ഈ കവീന്ദ്രനു് സംഗീതത്തിൽ എങ്ങനെ പാടവം ഇല്ലാതിരിക്കും?
രാവണവിജയത്തിൽ കരീന്ദ്രന്റെ കവിതാനതാഗി സൎവലക്ഷണസംയുക്തയായി പ്രശോഭിക്കുന്നു. ശബ്ദാൎത്ഥ വൈചിത്ര്യത്തിലും രസസ്ഫൂൎത്ത ിയിലും ഒരുപോലെ ഈ കവി ശ്രദ്ധിച്ചിട്ടുണ്ടു്. ശക്തി, നിപുണത, അഭ്യാസം, ലോകവ്യവഹാരജ്ഞാനം എന്നിങ്ങനെ ഒരു കവിയ്ക്കു് ആവശ്യം ഉണ്ടായിരിക്കേണ്ട സകല സാമഗ്രികളും സമഗ്രമായുണ്ടായിരുന്ന ഈ മഹാന്റെ കൃതി പ്രൗഢമാകാതിരിക്കാൻ സംഗതിയില്ലല്ലോ.
‘തസ്മിൻ സമുദാ യുധിനാ
യൽ പത്രം തേന താഞ്ച സമുദായുധിനാ
ഗിരമാമലകാമധുരാ-
മധരയ്യ ഗതാ ദുരന്തമലകാമധുരാ
വിഹായസംപ്രതി യതിതേ മുനീശ്വരേ
വിഹായസംപ്രതി വിശയം ധനേശിതുഃ
സമിത്സുനോ സമജനിതാസുഹൃത്തയാ
സമിത്സുകം സമജനിതാ സുഹൃത്തയാ’
എന്നിങ്ങനെ കോട്ടയം രാജാവിന്റെ രീതിയിലുള്ള യമകപ്പണികളും,
‘ആശേശേഽപി നിശാചരേശ്വരശരാവേശാവശേ മന്ത്രിണോ-
പ്യാശാമാശു തദാശുഗാ ശിതശരീരാശ്ശോകശക്ത്യാഽവിശൽ
ശശ്വത്തൽപിശിതാശവംകലശാംഭോരാശി നൈശാകര-
ച്ഛായം, കാശനികാശപേശലയശോരാശിസ്തതോഽജൃംഭത
ആജൗ ജിത്വാ ജവേന ജ്വലിതനിജഭുജാതേജസാ രാജരാജം
രാരാജദ്വാജിരാജീഗജപദജരജോജാലശുഷ്യജ്ജലാബ്ധിഃ
ജ്യാഘോഷവ്യാജഭാജാ ജഗതി ജയമയം ജാപയൻ ചാപവല്യാ
രാജാ സഞ്ജാതമോദപ്രജമനുജഭുജാം രാജതാദ്രിം ജഗാമ’
എന്നിങ്ങനെയുള്ള പ്രാസങ്ങളും ഇതിലുണ്ടെങ്കിൽ,
‘ആനീലനീരദദരാന്തരിതേന്ദുബിംബ-
ലീലാനുകാരി വദനം നിജമാദധാനാ
സഞ്ജാതവേപഥുമതിശ്ശിരസാ പ്രണമ്യ
മന്ദം ജഗാമ മുകളീകൃതപാണിരേഷാ.
കുലിതപുണ്യജനൈകസമാഗമാം
പൃഥുനിതംബവതീമളകാഞ്ചിതാം
അലഘുപീനപയോധരമണ്ഡിതാ
മചലഭൂമിരസൗ സമുപാവിശൽ.
മാ മാ സ്പൃശേതി മുഹുരപ്യനുയാചിതോഽപി
രാജീവകോരകകരാഞ്ജലിമുദ്രയൈവ
ഹാ ഹാ തദപ്സരസി കാമദവാതുരാത്മാ
ചിക്രീഡ തന്നിശി നിശാചരകുഞ്ജരോയം.’
ഈ മാതിരി അൎത്ഥ ചമൽക്കാരമുള്ള പദ്യങ്ങളും സുലഭങ്ങളാണു്.
കഥ: പ്രാരംഭത്തിൽ കവി ഇഷ്ടദേവതയേയും ദ്വേധാഗുരുവായിരുന്ന നാരായണൻ നമ്പൂരിപ്പാടിനേയും, ‘തുഷാരഗിരിനന്ദിനീഘനപയോധരാശ്ലേഷണപ്രസാദപിശുനോല്ലസന്മധുരമന്ദഹാസാനന’നായ ശിവനേയും, കിളിമാനൂർരാജവംശത്തിന്റെ കുലദൈവതമായ കിരാതരുദ്രനേയും നമിച്ചിട്ടു്,
‘വാണീ യസ്യ മനോരമാ കവലയാനന്ദപ്രദം യന്മുഖം
പാണീ സന്തതചിന്തിതാൎത്ഥ ഘടനാ ചിന്താമണീ ചാൎത്ത ിനാം
മീമാംസാപദമേവ മധ്യമലഘുശ്രുത്യന്തസഞ്ചാരിണീ
ദൃഷ്ടിസ്തന്ന്യ പമന്തരാ ഭഗവതീ വിദ്യാ കുതോ വൎത്ത തേ’
ഇത്യാദി രണ്ടു ശ്ലോകങ്ങളാൽ സ്വാതിതിരുനാൾതമ്പുരാന്റെ ബഹുമുഖമായ പാണ്ഡിത്യത്തെ വാഴ്ത്തുന്നു. കവിയുടെ വിനയം പ്രസ്തുത കൃതിയുടെ ആരംഭത്തിലും അവസാനത്തിലും യഥാക്രമം താഴെ കാണുന്ന,
‘തദീയകാരുണ്യവശംവദേന
കൃതം മയേദം ഖലു ബാലബുദ്ധ്യാ
വിനിശ്ചിതാൎത്ഥ പ്രതിഭാനവന്തഃ
വിപശ്ചിതഃ സമ്പ്രതി തത്ക്ഷമന്താം’
എന്നും,
‘വിജ്ഞാനം വിവിധാഗമേഷൂ ഭണിതൗ ഭംഗോഽപി ചേത്തംബുധാ
മുഷ്യന്തേ ഖലു ഗച്ഛതഃ സ്ഖലനമിത്യാപാദയന്തോ ഗുണാൻ
അജ്ഞാനാമിഹ സാഹിതീപ്രലപനേ കാ വാ കഥാ മാദൃശാ-
മവ്യക്താക്ഷരകോമളാം ശിശുഗവീംനോദാഹരിഷ്യന്തി ചേൽ’
എന്നീ പദങ്ങളിൽനിന്നു പ്രത്യക്ഷപ്പെടുന്നു.
കഥാവതരണശ്ലോകം കവിയുടെ പ്രഗത്ഭതയ്ക്കു് ഉത്തമസാക്ഷ്യം വഹിക്കുന്നു.
‘നിത്യം ശ്രീനീലകണ്ഠാൎച്ചനനിരതമതിഃ സിദ്ധവിദ്യാധരാണാ-
മുത്തംസീഭൂതപാദാംബുജയുഗളരുചിഃ ശ്രീനിവാസൈകധമോ
അത്യന്തം ശംഖപദ്മാദിഭിരനുപമിതൈസ്സാദരം സേവ്യമാനോ
വിഷ്വക്‍സേനാഭിഗുപ്തോ നിജ നഗരവരേ രാജരാജാ രരാജ’
ഈ ശ്ലോകത്തിനു് കുബേരപരമായ പ്രകൃതാൎത്ഥ ത്തിനു പുറമേ ശ്രീപത്മനാഭപരമായും മഹാരാജപരമായും കവിപരമായും ശ്രീപത്മനാഭപരമായും മഹാരാജപരമായും കവിപരമായും മൂന്നൎത്ഥ ങ്ങൾകൂടിയുണ്ടു്.
കുബേരൻ ഇങ്ങനെ സ്വനഗരിയിൽ വസിക്കുന്ന കാലത്തു് ഒരു ചന്ദ്രികാശോഭിതമായ രാത്രി പത്നീസമേതം ചൈത്രരഥം എന്ന തന്റെ ഉദ്യാനത്തിൽ പ്രവേശിച്ചു രമിക്കുന്നു.
അങ്ങനെ ഇരിക്കേ ഒരു ദിവസം ‘ഉദ്യച്ചാരുശശാങ്കശംഖധവളപ്രൗഢപ്രഭാഭാസുര’നായ നാരദൻ ശബ്ദബ്രഹ്മമയിയായ വീണയും കൈയിലേന്തിക്കൊണ്ടു് രാവണപീഡയാൽ കൈലാസാചലസമീപം താമസിച്ചുകൊണ്ടിരുന്ന കുബേരന്റെ അടുക്കൽ ചെന്നിട്ടു്,
‘ഈടെഴുന്ന ഭുജവാരിനിധി–ഈശനോടു സഖിയായ ധനേശ്വരൻ
പാടവമോടു യുധി നേൎക്കിലഹോ ഹൃദി പേടി തേടിയോടുമിന്നു ദശമുഖൻ’
എന്നുപദേശിച്ചു് ഒരു ശണ്ഠയ്ക്കു വഴിയുണ്ടാക്കുന്നു. എന്നിട്ടും ആ പുണ്യജനാധിപന്നു് സർമജനിതാസുഹൃത്തായ രാവണനോടു് യുദ്ധം ചെയ്യുന്ന വിഷയത്തിൽ കൗതുകം ജനിക്കുന്നില്ല. കവി ഇങ്ങനെ ധീരനെങ്കിലും സഹോദരസ്നേഹനിധിയായും സാത്വികഗുണസമ്പന്നനായും ഇരിക്കുന്ന കുബേരനെ ആദ്യമായി അവതരിപ്പിച്ചു് കാണികളിൽ തദ്ഗതമായ അനുകമ്പയെ ഉദ്ദീപിപ്പിക്കുന്നു. രാവണനോടു് യുദ്ധത്തിനു പുറപ്പെടുന്നതിനു പകരം അദ്ദേഹം അനുജനെ ദുഷ്പഥത്തിൽ നിന്നു നിവൎത്ത ിപ്പിക്കാൻ കഴിയുമോ എന്നു നോക്കുന്നതിനായി ഒരു ദൂതനെ അയയ്ക്കുന്നു. രാക്ഷസേശ്വരൻ ‘പ്രാലേയഭാനുകരലാളിത’മായ കേളീസൗധത്തിൽ ഇരുന്നു് സ്വ ദയിതയോടുകൂടി രമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ആ ദൂതൻ വന്നുചേരുന്നു.
‘നിശമയ വചനം മേ നിരുപമഗുണാകാര (നിശമയ)
ശശധരനിഹ നാഥ ചാലവേ കുമുദിനീ
വിശസനമൊഴിപ്പതും വിരവൊടിന്നു കണ്ടാലും
പ്രാലേയഭാനുതൻ പാലോലും കരാമൃതം
പാനംചെയ്‍വതിനിന്നു സാദരം
ബാലികയാകുമൊരു ലീലാചകോരികയും
ലോലയായ് വസിപ്പതുമാലോകയ രമണ.’
എന്നുള്ള മണ്ഡോദരീവാക്യം എത്ര ഭാവസുരഭിലമായിരിക്കുന്നു എന്നു നോക്കുക. കഥകളികളിലെ ദമ്പതിമാർക്കു് ചന്ദ്രനും ചകോരവും ആമ്പലുമൊക്കെയല്ലാതെ മറ്റു സംഭാഷണവിഷയങ്ങളൊന്നുമില്ലേ? എന്നു ചോദിക്കുന്നവർ ഈ മാതിരി പദങ്ങൾ വായിച്ചു നോക്കട്ടെ. വൎണ്ണനാസാമഗ്രികൾ ഇവയൊക്കെത്തന്നെ ആയിരുന്നാലും നവംനവങ്ങളായ ഉല്ലേഖങ്ങൾ ആണു് പ്രൗഢകവികളുടെ കൃതികളിൽ കാണുന്നതു്. തന്ദ്രീകണ്ഠോത്ഥിതങ്ങളായ ഏഴു സ്വരങ്ങളാണല്ലോ ഗായകനുള്ള കരുക്കൾ. എന്നാൽ അവയെക്കൊണ്ടു് അയാൾ എന്തെല്ലാം രാഗങ്ങളിൽ ഏഴു സ്വരങ്ങൾ തന്നെ ഇല്ല. മോഹനരാഗത്തിൽ ഷഡ്ജ, ഋഷഭ, ഗാന്ധാരപഞ്ചമധൈവതങ്ങൾ മാത്രമേ ഉള്ളു. എന്നിട്ടും ഓരോ ഗായകനും ആ രാഗത്തെ ഓരോവിധത്തിലാണല്ലോ ആലാപിക്കുന്നതു്. അതുപോലെ തന്നെയാണു് കവികളുടേയും നില.
ധനദദൂതൻ വന്നു്,
‘പാരിടമഖിലവും പാരാതെ നിന്റെ
സാരാനലങ്കൽ നീയെരിച്ചു–എന്നല്ല പര-
ദാരങ്ങളെയപഹരിച്ചു–ഈവണ്ണമോരോ
ഘോരദുരിതോരുജലനിധി–താരണേ ഗതിയാരയേ?–തവ
ചേരുവതില്ലവയൊന്നുമഹോ–ബഹുപാപം–അരുതിനി ജനതാപം.’
എന്നുള്ള പ്രണയമസൃണമായ രാജരാജനിയോഗത്തെ അറിയിക്കുന്നു. രാവണൻ അതു കേട്ടു് സഭ്യാചാരംപോലും മറന്നു് ആ ധനദദൂതനെ ശമനദൂതവശംവദനാക്കിത്തീൎക്കുന്നു.
‘ധനദകിങ്കരജീവിതചൎവണ ക്ഷണവിബുദ്ധനിജാസിഭുജംഗമ’നായ ആ രാക്ഷസേശ്വരൻ അനന്തരം ‘നിജഗദേരിതരൂക്ഷനിരീക്ഷണ’ന്മാരായ മന്ത്രിമാരോടു് ധനദരാജ്യാക്രമണത്തിനു വട്ടംകൂട്ടാൻ ആജ്ഞാപിക്കുന്നു. അവരുടെ ഗൎജ്ജ നങ്ങൾ കേട്ടാൽ ‘കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി’ എന്ന പഴമൊഴിയുടെ സ്വാരസ്യം മനസ്സിലാവും. ആ മന്ത്രിമാരുടെ ദുരുപദേശങ്ങൾ എല്ലാം കേട്ടിട്ടു് വിഭീഷണൻ പറയുന്നു:
‘പ്രീതിവചനമുരചെയ്‍വതിനായിഹ–പ്രേരിതനായി മുദാ
ദൂതനവനുടയ വധമിതുചെയ്തതു ദുരീകൃതവിനയം.
യാതുകുലജലധിതന്നിലുദിച്ചൊരു രാകാരമണ ഭവാനിഹ ചെയ്‍വതു
ജാതുചിദപി ചിതമല്ല; കളക ഹൃദി ജാതമായ കോപമിന്നു സമ്പ്രതി’
രാവണനുണ്ടോ അതു വകവയ്ക്കുന്നു.
‘ജാതാ ന തേ മനസി ലജ്ജാപി ഹാ ഹന്ത
വാതൂലതൂലചപലാത്മൻ’
എന്നു് അനുജനെ അധിക്ഷേപിച്ചിട്ടു് കുബേരഗേഹത്തിലേക്കു് ഉടൻ പുറപ്പെടാൻ അവൻ മന്ത്രിമാരോടു് ആജ്ഞാപിക്കുന്നു.
‘തസ്മിൻ സമുദായുധിനാ’ എന്നു മുൻപുദ്ധരിച്ച ശ്ലോകത്തിൽ വിഭീഷണഗീരിനെ ‘ആമലകാ മധുരാ’ എന്നു കവി വൎണ്ണിച്ചിരിക്കുന്നതിന്റെ സ്വാരസ്യം നോക്കുക. നെല്ലിക്ക വായിലിട്ടാൽ പെട്ടെന്നുണ്ടാകുന്ന രസം കയ്പു കലൎന്ന പുളിപ്പാണല്ലോ. എന്നാൽ പിന്നീടു് മധുരമായി തോന്നാതിരിക്കയില്ല. ബുദ്ധിഹീനനായ രാവണൻ യഥാർത്ഥത്തിൽ മധുരമായ ആ ഗീരിനെ പെട്ടെന്നുണ്ടായ അഹൃദ്യതനിമിത്തം അനാദരിച്ചു കളയുന്നു.
ഇപ്രകാരം മന്ത്രിമാരെ നേരത്തേ പറഞ്ഞയച്ചിട്ടു് രാവണൻ സമസ്തസൈന്യസമേതം അളകയിലേക്കു തിരിക്കുന്നു. ആദ്യമായി പ്രഹസ്തനാണു് യുദ്ധത്തിനു ചെല്ലുന്നതു്; മാണിചരൻ എന്ന കുബേരഭൃത്യൻ അയാളോടെതിരുടുന്നു. യുദ്ധം നടന്നുകൊണ്ടിരിക്കേ സൂര്യനും അസ്തമിക്കുന്നു.
ആ കുലപൎവതത്തിന്റെ നിമ്നോന്നതങ്ങളായ തടങ്ങളിൽ രാത്രികാലത്തു സഞ്ചരിപ്പാൻ വിഷമമായതുകൊണ്ടു് രാവണസൈന്യം അവിടെത്തന്നെ ഒരിടത്തു പാളയമടിക്കുന്നു. എന്നാൽ രാവണനോ? മദനപരവശനായി ചുറ്റിനടക്കുന്നു. അങ്ങനെ ഇരിക്കവേ ആണു് രംഭ എന്ന അപ്സരസ് നളകൂബരഗൃഹത്തിലേക്കു നടന്നു പോകുന്നതായി അവൻ കാണുന്നതു്. രംഭയുടെ പോക്കു വൎണ്ണിക്കുന്ന,
‘അതിമൃദുപദന്യാസൈർയാന്തീം സ്വനൂപുരശിഞ്ജിതാൽ
പ്രതിപദമപി സ്ഥിത്വോച്ഛ ്വാസാൻ നിയമ്യവി മുഞ്ചതീം;
സഭയമപദേപ്യാതന്വാനാം ദൃശൗ നവനീരദ
പ്രതിരുചിനിചോളാന്തൎലീനാം ജഗാദ ദശാനനഃ’
എന്ന ശ്ലോകം നോക്കുക. എത്ര മനോഹരമായ ചിത്രം!
പതുക്കെപ്പതുക്കേ കാൽ വച്ചു്, തന്റെ കാൽച്ചിലമ്പൊലിനിമിത്തം ഓരോ അടി വയ്ക്കുമ്പൊഴും നിന്നുനിന്നു്, ശ്വാസം അടക്കി വീണ്ടും വിട്ടുവിട്ടു് അസ്ഥാനത്തിലും ചകിതമായ ദൃഷ്ടികളെ നയിച്ചു നയിച്ചു് പുതുമേഘകാന്തി കലൎന്നു നീലനിചോളത്താൽ ശരീരം മറച്ചു് അവൾ സ്വകാമുകന്റെ സങ്കേതസ്ഥാനത്തേക്കു പോകുന്ന പോക്കു് നമുക്കു പ്രത്യക്ഷമായി കാണാം.
ഇനിയത്തെ രംഗങ്ങൾ ആണു് ഈ കഥയിലെ ഏറ്റവും ഹൃദ്യമായ ഭാഗം. ഈ രാവണനു് അഴകിയരാവണൻ എന്നാണു് സാധാരണ പേർ പറഞ്ഞുവരുന്നതു്.
‘രാകാധിനാഥ രുചിരഞ്ജിതനിശായാ-
മേകാകിനീ ചരസി കാസി കളവാണീ
നീലനിചോളേന നിഹ്നുതമിതെങ്കിലും
ചാലവേ കാണുന്നു ചാരുതരമംഗം
കാളിന്ദീവാരിധിയിൽ ഗാഹനം ചെയ്തൊരു
കാഞ്ചനശലാകതൻ കാന്തിയതുപോലവേ.
നാരീകുലാഭരണഹീരമണിയായ നീ
ആരോമലേ സുതനു ആരുമയോ രമയോ?
ആരെന്നു കേൾപ്പതിനു പാരമിഹ കൗതുകം
പാരാതെ ചൊൽക നീ ഭാരതിയോ രതിയോ?
പ്രകൃതിജിതപല്ലവം പീയുഷപൂരിതം
ശുകമൊഴി പൊഴിഞ്ഞിടും സുസ്മിതശ്രീപദം
സകൃദപി തവാധരം തന്നുവെന്നാകിലോ
സുകൃതനിധി ഞാനെന്നു സുദതി വരുമിന്നഹോ
ഈരേഴു പാരിനിന്നീശനായുള്ള ഞാൻ
മാരാതിരേകശരമാല്പിണകയാലെ
താരാധിനാഥമുഖി താവകവശംവദൻ
പോരേ മനോജരണപോരിനു വിസംശയം.’
രാവണനേ അവലംബിച്ചു നില്ക്കുന്ന സ്ഥായിയായ വീരരസത്തിനു കോട്ടം വരാതെയും എന്നാൽ ശൃംഗാരരസം നല്ലപോലെ സ്ഫുരിപ്പിച്ചും ആടിയെങ്കിൽ മാത്രമേ ഈ രംഗം സഹൃദയന്മാർക്കു് രുചിക്കൂ എന്നു പറയേണ്ടതില്ലല്ലോ.
രംഭയുടേയും അതിനെത്തുടൎന്നു ള്ള രാവണന്റേയും പദങ്ങൾ അതിമനോജ്ഞമായിട്ടുണ്ടു്. ആ അപ്സരസ്ത്രീ ‘മാ മാസ്പൃശേതി’ പിന്നെയും പിന്നെയും യാചിച്ചിട്ടും വകവയ്ക്കാതെ രാവണൻ ബലാൽക്കാരം പ്രയോഗിച്ചു് അവളോടുകൂടി ക്രീഡിക്കുന്നു.
ഇനി യുദ്ധരംഗമാണു്. രാവണകിങ്കരന്മാർ മാണിചരനോടു് എതിരിട്ടു് പരാജിതരായ്ഭവിക്കുന്നു. അനന്തരം രാവണൻ തന്നെ യുദ്ധത്തിനു് ഒരുങ്ങുന്നു. യുദ്ധോദ്യുക്തനായ രാവണനെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
‘സംവൎത്ത ോദ്രിക്തസംകൎഷണവദനഹുതാശോൽബണജ്ജ്വാലമാലാ
ദന്ദഹ്യദ്ഭൂതജാതപ്രതിഭയവിപുലോദ്ധൂമധൂമ്രാമവസ്ഥാം
യദ്ദോൎദണ്ഡപ്രതാപാനലപിഹിതജഗന്മണ്ഡലം സഞ്ജഗാഹേ
സോഽയം ഗാഢാവലിപ്തോദ്ഭടഭടപടലപ്രൗഢിമാഢൗകതേ സ്മ’
അങ്ങനെ ഇരിക്കുന്ന ഈ രാവണൻ യുദ്ധത്തിനായി അണയുന്നതു കണ്ടു് ഭയവിഹ്വലമായ യക്ഷസൈന്യം വിവരം കുബേരനെ അറിയിക്കുന്നു.
‘കല്പാന്തോദ്ഭ്രാന്തസിന്ധുപ്രചുരതരതരംഗാവലീസംഗഭംഗ-
പ്രക്ഷുഭ്യത്ക്ഷീരരാശിധ്വനിശ മനപടുക്ഷ്വേളിതാപൂരിതാശ’
നായ രാവണൻ, ‘ബദ്ധാടോപാതിരേകസ്ഫുരദധരപുടപ്രാന്ത സംഭ്രാന്തജിഹ്വ’നായി വന്നണഞ്ഞതു കണ്ടു് കുബേരൻ യുദ്ധത്തിനുതന്നെ സന്നദ്ധനാകുന്നു. എന്നാൽ അദ്ദേഹം ‘ആശരേശ്വരശരാവേശവനാ’യ് ഭവിക്കുന്നു. മന്ത്രിമാരെല്ലാം ഓടിക്കളയുന്നു. ‘പിശിതാശവംശകലശാംഭോരാശിനൈശാകരച്ഛായാകാശനികാശപേശലയശോരാശി’ ജൃംഭിക്കുന്നു.
അനന്തരം അളകാപുരിയ്ക്കു നേരിട്ട അവസ്ഥയെ ‘ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ വീണാശു സംയതി തളൎന്നു ’ എന്നു തുടങ്ങുന്ന ഒരു ദണ്ഡകത്തിൽ മനോഹരമായി വൎണ്ണിച്ചിരിക്കുന്നു.
അനന്തരം രാവണൻ തന്റെ പുഷ്പകവിമാനത്തിൽ കയറി ശങ്കരശൈലലക്ഷ്മിയെ കാണുവാനായി ആകാശമാൎഗ്ഗേണ ഗമിക്കവേ സിദ്ധവധൂജനങ്ങൾക്കു് അകാണ്ഡത്തിലുള്ള നീലംബുജാളിധിഷണ ജനിക്കുന്നു. നന്ദി രാവണനെ എതിൎത്തു പിൻവാങ്ങുന്നു; രാവണൻ കൈലാസത്തെ എടുത്തുയൎത്തു ന്നു; തത്സമയം ശാശ്വതിയായ ഗിരിസുതാ സൗദാമിനി ‘ഹരശാരദാംബുദ’ത്തെ അപ്രതീക്ഷിതമായി ഗാഢസമാശ്ലേഷം ചെയ്യുന്നു. അപ്പോൾ ശിവനാകട്ടെ പാദാഗ്രംകൊണ്ടു് പൎവതത്തെ തെല്ലൊന്നു് അമൎത്തു ന്നു. രാവണന്റെ ഇരുപതു കൈകളും മലയുടെ ഇടയിൽപെട്ടു് ചക്കിൽപ്പെട്ട കരിമ്പിൻതണ്ടുകളുടെ അവസ്ഥയെ പ്രാപിക്കുന്നു. തത്സമയം അവന്റെ മദം തെല്ലൊന്നു ശമിക്കുന്നു. അവന്റെ നാവുകളിൽനിന്നു് സ്തുതിഗാനങ്ങൾ നിർഗ്ഗമിക്കുന്നു. സംപ്രീതനായ ഭഗവാൻ ‘തുഷ്ടോഹംതവ സ്തുതിവചനാൽ’ എന്നരുളിച്ചെയ്തിട്ടു് എന്തു വരം വേണമെന്നു ചോദിക്കുന്നു. രാവണൻ അതു കേട്ടു്,
‘ആയുധമൊന്നരുളീടണമയി–പര-
മായുരപി തവ പാദാബ്ജം
ആയതുപോലെ ഭജിച്ചീടുവതി-
നായൊരു കരുത്തു ലേശവുമധുനാ’
എന്നു പ്രാൎത്ഥ ിക്കുന്നു. ശിവൻ അപേക്ഷ അനുസരിച്ചു്,
‘സങ്ഗരചതുരത കലരുന്നൊരു ചതു-
രങ്ഗബലേന നീ സാകം
തുങ്ഗമോദമൊടു വാഴുക ലങ്കയിൽ
മങ്ഗലമിനിയും വരുമിഹ മെല്ലേ’
എന്നു് ആശീൎവദിക്കുന്നു. ഇതാണു് കഥാസംക്ഷേപം.
15.63 സന്താനഗോപാലം തുള്ളൽ
നമ്പ്യാരുടെ ശൈലി അനുസരിച്ചു് തുള്ളൽ എഴുതി വിജയം നേടീട്ടുള്ള അപൂൎവം ചിലരിൽ ഒരാളായിരുന്നു ഈ പ്രൗഢകവി എന്നു് ആരും സമ്മതിക്കും. ഒരു ഫലിതരസം ഇതിൽ സൎവത്ര വ്യാപിച്ചിരിക്കുന്നു.
൧. ‘അന്തമില്ലാതുള്ള ശബ്ദാഗമത്തിന്റെ
ഗന്ധമെന്നാലും ഗ്രഹിക്കാത്ത പൂരുഷൻ
ഗ്രന്ഥം ചമപ്പാൻ തുടങ്ങുന്നതു നല്ല
പന്തിയാമെന്നു തോന്നുന്നില്ലെനിക്കെടോ.
കുന്തിരിക്കും വിറ്റു കാലം കഴിപ്പവൻ
കുന്തപ്പയറ്റു തുടർന്നാൽ നടക്കുമോ?’
… … …
… … …
൨. ‘പണ്ടുള്ളതൊക്കെയും പാരം മനോജ്ഞമി
ന്നുണ്ടായിടുന്നതിലൊന്നിലുമില്ലൊരു
പണ്ടമെന്നേവം പറഞ്ഞു ചിരിക്കുന്ന
പണ്ടങ്ങൾ സാഹിത്യസാരം ഗ്രഹിക്കുമോ?’
കവി ഒരു യാഥാസ്ഥിതികനായിരുന്നില്ലെന്നു് ഇതിൽനിന്നു് നമുക്കു ഗ്രഹിക്കാം.
൩. ‘കണ്ടാലറിവാൻ തനിക്കെളുതല്ലാഞ്ഞു
കണ്ടവരോടു ചോദിച്ചറിഞ്ഞിന്നിതു
കൊണ്ടു ദുഷിച്ചു നടക്കും ജനത്തിന്റെ
കണ്ഠം തുളച്ചവൻ കശ്മലൻ പത്മജൻ’
ഇന്നത്തെ രീതിയിലുള്ള പണ്ഡിതന്മാർ അന്നും ഉണ്ടായിരുന്നോ?
൪. ‘തോപ്പനാർ പട്ടർ മധുരക്കറി വച്ചു
വാൎപ്പിന്നരികേ സ്ഥലം പോട്ടുകൊണ്ടുടൻ
വീൎപ്പു വിടാതവൻ നാല്പതു കോരിക
പാൽപ്രഥമൻ ചെലുത്തീടിനാനക്ഷണം.
വായ്പുള്ള മോഹം നിലയ്ക്കാഞ്ഞു പിന്നെയും
ആൎപ്പും വിളിച്ചു കുടിച്ചുതുടങ്ങി പോൽ.
സാപ്പാടു മോഹിച്ചു സാഹസം ചെയ്കുയാ-
ലൂപ്പാടു വന്നുപോയെന്നല്ല രാത്രിയിൽ
കാൎപ്പാസപഞ്ചകം ദാനം കഴിക്കുവാൻ
തീൎപ്പായ് വിധിച്ചുപോൽ ശേഷമെല്ലാവരും.
ആൾപ്പിടിയിൽ കാലനെത്തിയാൽ കണ്ണുകൊ-
ണ്ടൂപ്പിടി കാട്ടിയാൽ മിണ്ടാതെ പോകുമോ?’
ഈ വിദ്വൽകേസരി യൗവനദശയിൽതന്നെ കാലധൎമ്മം പ്രാപിച്ചുപോയതു് കൈരളിയുടെ ഭാഗ്യദോഷമെന്നേ പറയേണ്ടു.
15.64 അരിപ്പാട്ടു വാരിയന്മാർ
വളരെ പുരാതനകാലം മുതൽക്കേ അരിപ്പാട്ടു വാരിയന്മാർ വലിയ പണ്ഡിതന്മാരായിരുന്നതിനു പുറമേ നല്ല ഭാഷാഭിമാനികളും ആയിരുന്നു. ഇവരിൽ കൊച്ചുപിള്ള വാരിയർ ൯൭൫-ൽ ജനിച്ചു. അദ്ദേഹം വലിയ പണ്ഡിതനായിരുന്നതിനു പുറമേ, നല്ല ജൗതിഷികനുമായിരുന്നു. സ്വാതിതിരുനാൾ തമ്പുരാന്റേയും ഉത്രംതിരുനാൾ തമ്പുരാന്റേയും പള്ളിവായനയ്ക്കായി ൯൯൫-ാമാണ്ടു് അദ്ദേഹം നിയമിക്കപ്പെട്ടു. ഇരയിമ്മൻതമ്പി അദ്ദേഹത്തിന്റെ ഒരു ഉത്തമമിത്രമായിരുന്നു. ഒൻപതു കൊല്ലത്തോളം വാരിയർ തിരുവനന്തപുരത്തു താമസിച്ചു. സ്വാതിതിരുനാൾ നാടുനീങ്ങിയ വൎഷത്തിൽതന്നെ അതായതു് ൧൦൨൨-ൽ വാരിയരും മരിച്ചു. ഉൎവശീസ്വയംവരം ആട്ടക്കഥ കാളിദാസന്റെ വിക്രമോൎവശീയത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം രചിച്ചിട്ടുള്ളതാണു്.
‘നൃപേന്ദ്രകുലശേഖരക്ഷിതപസോദരസ്യോജ്ജ്വല
പ്രശാന്തഗുണശാലിനോ യുവമഹീപതേരാജ്ഞയാ
കൃതാം കിമപി കേനചിത്ത്വഭിനയോചിതാമുൎവശീ-
സ്വയംവരകഥാം ബുധാഃ ശ്രവണഗോചരീകുൎവതാം’
എന്നിങ്ങനെ ഇക്കഥ മാൎത്ത ാണ്ഡവർമ്മ യുവരാജാവിന്റെ ആജ്ഞാനുസരണം രചിക്കപ്പെട്ടതാണെന്നു് കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഇക്കഥയ്ക്കു് ഇപ്പോഴും പ്രചാരമുള്ളതായിക്കാണുന്നു. മാതൃകയ്ക്കായി ഒരു ഭാഗം ഉദ്ധരിക്കാം.
‘പെണ്മണിമാരും വെണ്മയിൽ വിലസി
പൂഞ്ചികരേ പുതുമലരും ചൂടി
വാൎമുലതന്നിൽ കളഭമണിഞ്ഞു
പരിമളപനിനീർ ചെറ്റു ചൊരിഞ്ഞു
കണ്ണിണതന്നിൽ കജ്ജളഭംഗി
കുണ്ഡലകാന്ത്യാ കാതു വിളങ്ങി
ചെങ്കഴൽ നൂപുരരണിതംപൂണ്ടു
പൊൻകടകം മൃദുപാണിയിലാണ്ടു
തോടി വരാളിയമെന്നിവ രാഗം
വൎണ്ണം ക്യാൽധരുവെന്ന വിശേഷം
വൎണ്ണിപ്പാനുളവായഭിഷേകം
നൎമ്മകലാരസമൊന്നു പകൎന്നു
തമ്മിൽ ചില വക വാക്ക തുടൎന്നു.’
അരിപ്പാട്ടു കൊച്ചുപിള്ളവാരരും ഗോവിന്ദവാരരും കൊച്ചുകൃഷ്ണവാരരും സഹോദരന്മാരായിരുന്നു. അവൎക്കു് തിരുവനന്തപുരത്തു് നിത്യച്ചിലവിൽനിന്നു് ചില പതിവുകൾ അനുവദിച്ചു കൊടുത്തിട്ടുമുണ്ടായിരുന്നു. കൊച്ചുതമ്പുരാക്കന്മാരെയും രാജപുത്രന്മാരെയും സംസ്കൃതം പഠിപ്പിക്കുന്ന ജോലിയായിരുന്നു അവൎക്കുണ്ടായിരുന്നതു്. അരിപ്പാട്ടു കിഴക്കേടത്തു രാമവാരിയർ ഇന്ദുമതീസ്വയംവരം ആട്ടക്കഥ രചിച്ചിട്ടുണ്ടു്. സാഹിത്യഗുണം കൊണ്ടു് അതു് ഉൎവശീസ്വയംവരത്തെ അതിശയിക്കുന്നുണ്ടെങ്കിലും അതിനു് വലിയ പ്രചാരം സിദ്ധിച്ചിട്ടില്ല.
‘ദിഷ്ടേഽസ്മിൻ പരപുഷ്ടസൃ്ഷ്ടമധുരോദഘു്ഷ്ടേ സുധാംശുപ്രഭാ-
പുഷ്ടേ തുഷ്ടിദചൂതയഷ്ടി മധുവൃഷ്ട്യാമോദിതോത്യാനകേ
ദൃഷ്ട്വാ സ്വേഷ്ടതമാം ഹി ധൃഷ്ടമദനാവിഷ്ടാന്തരംഗപ്രിയാം
ഹൃഷ്ടോഽസൗ ശുഭഗാമഭീഷ്ടകുശലാ സ്പഷ്ടം സമാചഷ്ട താം.’
എന്നിങ്ങനെ പരുഷവ്യഞ്ജനബഹുലമായ ഒരു ശ്ലോകംകൊണ്ടു് ശൃംഗാരപദത്തെ അവതരിപ്പിക്കുന്ന കവി തൽപരിഹാരമായ രൗദ്രരസത്തെ മധുരാക്ഷരങ്ങളെക്കൊണ്ടു സ്ഫുരിപ്പിക്കാൻ നോക്കീട്ടുണ്ടു്. മാതൃകയ്ക്കായി നൎമ്മദാനദിയുടെ ഒരു വൎണ്ണന താഴെ ചേൎക്കുന്നു:
‘നൎമ്മദനദിയിതു മമ ഹൃദി ശൎമ്മദയധികം സപദി
നിൎമ്മലജലകണംകൊണ്ടു ബത മാൎഗ്ഗശ്രമം കളയുന്നു
ഊൎമ്മികൾഘനനിഭങ്ങളതിൽ കൂൎമ്മങ്ങളനവധി പാരം
ദുൎമ്മദംപൂണ്ടു കളിക്കുന്നതു കണ്ടാൽ സമ്മോഹനമിതെത്രയും
സ്മേരപത്മമാം മുഖവുമളിപൂരമാം കചഭരവും ഹംസ-
വിരാവമാം വാക്കുംകൊണ്ടു നാരീസാമ്യം മഹനീയം.
പോഥോധി തന്റെ നാരിമാരിൽ പ്രഥമകളത്രമിവൾ തന്നെ
തീരത്തു ശിഖിപിഞ്ഛംകൊണ്ടു താലവൃന്തം വീശുന്നു;
കോകിലകുലമാലാപൈരലമാകവേ സേവിക്കുന്നു;
വാഹിനീതടമധിവസതു സുഖം വാഹിനി രിപുനാശിനി.’
15.65 ഉത്രംതിരുനാൾ മാൎത്താണ്ഡവൎമ്മമഹാരാജാവു്
കഥകളിപ്രിയനായിരുന്ന ഈ മഹാരാജാവു് ൯൯൦-ൽ ജനിച്ചു. അവിടുത്തെ മാതാവായിരുന്ന ലക്ഷ്മീഭായി തിരുമനസ്സുകൊണ്ടു്, തിരുമനസ്സിലേക്കു് ഒരു തിരുവയസ്സു തികയും മുമ്പേ നാടുനീങ്ങി. മാതൃഷ്വസാവായ പാൎവതീറാണിയും പിതാവായ രാജരാജവർമ്മകോയിത്തമ്പുരാനും ആണു് അവിടുത്തെ വളൎത്ത ിയതു്. ഇംഗ്ലീഷ് ചികിത്സയിൽ അവിടുന്നു് അതിനിപുണനായിരുന്നു. അവിടുത്തെ പള്ളിവായന നടത്തിയതു് ഹരിപ്പാട്ടു് കൊച്ചുപിള്ളവാര്യരാണു്. ൧൦൨൨-ാമാണ്ടു് സ്വാതിതിരുനാൾ തമ്പുരാൻ നാടുനീങ്ങിയപ്പോൾ അവിടുന്നു് രാജ്യഭാരം ഏറ്റു. മൂന്നു കൊല്ലം കഴിഞ്ഞു് തുലാപുരുഷദാനവും ൧൦൨൯-ൽ ഹിരണ്യഗൎഭദാനവും നടത്തിയിട്ടു് കുലശേഖരപ്പെരുമാൾ എന്ന സ്ഥാനം കൈക്കൊണ്ടു.
അവിടുന്നു് കഥകളിക്കാരെ വേണ്ടപോലെ പ്രോത്സാഹിപ്പിച്ചുവന്നു. ഈ തിരുമനസ്സിലെ സേവകനും പള്ളിയറവിചാരിപ്പുകാരനും ആയിരുന്ന പുന്നയ്ക്കൽ ഈശ്വരപിള്ള ഒരു പ്രസിദ്ധ നടനായിരുന്നു. കൊട്ടാരത്തിലെ കഥകളിയോഗത്തിൽ നല്ല രസവാസനയോടുകൂടിയ വേറെയും അനേകം നടന്മാരുണ്ടായിരുന്നു. വടക്കുനിന്നും ഒന്നാന്തരം നടന്മാരെ വരുത്തി ആടിച്ചു് നല്ല നല്ല സമ്മാനങ്ങൾ അദ്ദേഹം നൽകുകയുണ്ടായിട്ടുമുണ്ടു്. അവിടുത്തെ ആജ്ഞപ്രകാരമാണു് കോട്ടയ്ക്കകത്തു് കേരളവിലാസം എന്നൊരു അച്ചുക്കൂടം സ്ഥാപിച്ചു് അൻപത്തിനാലു ദിവസത്തെ കഥകൾ അച്ചടിപ്പിച്ചതു്. ആ പ്രസ്സിൽ നിന്നു് സ്വാതിതിരുനാൾ തമ്പുരാന്റേയും ഇരയിമ്മന്റേയും മണിപ്രവാളപദങ്ങളും, എഴുത്തച്ഛൻ, നമ്പ്യാർ ഇവരുടെ കൃതികളും പ്രസിദ്ധീകരിക്കയുണ്ടായി. മലയാളക്കരയിൽ സ്വദേശികളുടെ വകയായുണ്ടായ ആദ്യത്തെ പ്രസ്സു് അതായിരുന്നു എന്നു പറയാം.
ഉത്രംതിരുനാൾ സിംഹദ്ധ്വജചരിതം എന്നൊരു ആട്ടക്കഥയുണ്ടാക്കീട്ടുണ്ടു്. അവിടുത്തേക്കു് ആടാനും വശമായിരുന്നു. ആ കഥയിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം.
‘രമ്യാമമ്ലാനശോഭാം ശിരസി പരിമളൽ പുഷ്പഭാരപ്രസൎപ്പ-
ന്മാദ്ധ്വീസാരപ്രലോലഭ്രമരപരിലസച്ചാരുപര്യന്തദേശാം
ജംഭാരിപ്രൗഢനാരീനിവഹകരതലൈൎല്ലാളിതാം സുന്ദരാംഗീം
രാജാ പ്രാവോചദേവം രഹസി നിജ വധൂം വീക്ഷ്യ മന്ദാരലക്ഷ്മീം.
കാന്തേ ശൃണു നീ മാമകവാക്യം പൈന്തേൻവാണിമണേ
ശാന്തേ മാനിനി സമേജഗാമിനി ചാന്തേലുംമുലമാർകലഹിതേ
കളിയല്ലിന്നു മാം കാമനിതാ വന്നു കളമൊഴി പാരം വലയിക്കുന്നു;
കളകയി ബാലേ വ്രീളയിദാനീം കളഹംസോരുമദാപഹഗമനേ.
സുരുചിരശീലേ വരിക സകാശേ സുരഭിലമാകിയൊരുദ്യാനദേശേ
സുരതകേളികൾ ചെയ്തു മരുവീടണം സരസിജദളമിഴി ശശിധരവദനേ
മഞ്ജുളതരാകൃതേ മാമകഗാത്രം കഞ്ജശരങ്ങൾക്കായഹോ പാത്രം.
രഞ്ജിതമനസാ കോമളസദനേ അഞ്ജസാ രമിക്ക നാം പൂമയശയനേ’
ഉത്രംതിരുനാൾതമ്പുരാൻ കൊല്ലവർഷം ൧൦൩൬-ാമാണ്ടു വരെ രാജ്യം ഭരിച്ചു. അവിടുത്തേ കാലം പൊതുവേ ജനങ്ങൾക്കു ക്ഷേമപ്രദമായിരുന്നു. ഈ മഹാരാജാവിന്റെ പ്രീതിയ്ക്കു പാത്രമായിരുന്ന കൊച്ചുകുറുപ്പുകാര്യക്കാർ (൯൮൪–൧൦൩൪) ചുന്താചരിതം ആട്ടക്കഥ എന്നൊരു ദുഷ്കാവ്യം രചിച്ചിട്ടുണ്ടു്. അദ്ദേഹം പറവൂർ മേക്കാട്ടുവീട്ടിലെ ഒരംഗമായിരുന്നു. തിരുവനന്തപുരത്തു് പെരുന്താന്നി കിഴക്കേവീടായിരുന്നു ഭാര്യാഗൃഹം. കുറേക്കാലം തഹശീലുദ്യോഗം വഹിച്ചിട്ടുണ്ടു്. സ്വാതിതിരുനാൾ ഗോദവൎമ്മകോയിത്തമ്പുരാൻ (൯൮൭–൧൦൪൫) മുചുകുന്ദമോക്ഷം എന്നൊരു ആട്ടക്കഥയും, പുണർതം തിരുനാൾ രവിവർമ്മകോയിത്തമ്പുരാൻ(൯൮൨—൧൦൫൫) സീതാവിജയം ആട്ടക്കഥയും, പൈവള്ളി സുബ്രഹ്മണ്യൻ പോറ്റി (൯൯൩–൧൦൫൨) പാൎവതീപരിണയം, നരകാസുരവധം മുതലായി അനേകം ആട്ടക്കഥകളും, അമ്പലപ്പുഴത്തിരുമുല്പാടു് സ്യമന്തകം, പാൎത്ഥ വിജയം എന്നു രണ്ടു കഥകളും രാജരാജവൎമ്മകോയിത്തമ്പുരാൻ (൯൮൮–൧൦൫൯) ദാരികോത്ഭവം ആട്ടക്കഥയും ഇക്കാലത്തു നിൎമ്മിക്കയുണ്ടായി.
15.66 വാസുനമ്പി
ഇദ്ദേഹം പത്താംശതകത്തിന്റെ അവസാനഘട്ടത്തിൽ–൯൯൧-ാമാണ്ടിടയ്ക്കു–ജനിച്ചു. ഗൃഹം കുറുമ്പ്രനാട്ടുതാലൂക്കിൽ ലോകനാൎകാവിൽ ക്ഷേത്രത്തിനു സമീപമായിരുന്നു കടത്തനാട്ടു് ഉദയവൎമ്മതമ്പുരാന്റെ ആശ്രിതനായിരുന്നത്രേ. അനേകം സ്തോത്രങ്ങൾ രചിച്ചിട്ടുണ്ടു്. സീമന്തിനീചരിതം ആട്ടക്കഥ അദ്ദേഹത്തിന്റെ കൃതിയാകുന്നു. കവിത സാമാന്യം നന്നെങ്കിലും കഥയ്ക്കു വലിയ പ്രചാരമൊന്നുമില്ല. മാതൃകയ്ക്കു് ഒരു പദം താഴെ ചേൎക്കുന്നു.
‘ബാലാനിലാകുലിതകോമളപുഷ്പവല്ലീ
മാലാഗളദ്രസമയേ സമയേ നരേന്ദ്രഃ
ലീലാവിനോദരസികോഽയമുവാച വാചം
ബാലാജനം ഖലു കദാചന ബന്ധുരാംഗഃ’
‘മാനിനിമാർകുലമൗലിമാലികമാരേ നിങ്ങൾ
മാനസമഴിഞ്ഞു കേൾപ്പിൻ മാമകമൊഴികൾ
മാരുതരഥേന വന്നു മാകന്ദകണങ്ങളെ
മാരനും ധനുഷി ചേൎത്തു മാരിപോലേ തൂകുന്നു’
15.67 കുഞ്ഞുകൃഷ്ണപ്പൊതുവാൾ
തൃശ്ശിവപേരൂർ അമ്പാടി കുഞ്ഞുകൃഷ്ണപ്പൊതുവാൾ ൯൯൧-ൽ ജനിച്ചു. നല്ല സരസനും വ്യുൽപന്നനും ആയിരുന്നു. ൧൦൨൨-ൽ തിരുവനന്തപുരത്തു വന്നു് മാർത്താണ്ഡവൎമ്മ യുവരാജാവിന്റെ ആശ്രിതനായി താമസിച്ചു. അക്കൊല്ലം തന്നെ ആ മഹാരാജാവു് സിംഹാസനാരോഹണവും ചെയ്തു. പാട്ടാഭിഷേകം തുള്ളൽ നിൎമ്മിച്ചതിനു് മഹാരാജാവു് വീരശൃംഖല സമ്മാനിച്ചു. ൧൦൩൨-ാമാണ്ടിടയ്ക്കു് തിരുവനന്തപുരം വിട്ടു് കൊടുങ്ങല്ലൂർ തമ്പുരാനെ ആശ്രയിച്ചു് അവിടെ കുറേക്കാലം പാൎത്തു. അദ്ദേഹം സരസങ്ങളായ അനേകം ഒറ്റ ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്. ഇതിനു പുറമേ കൃഷ്ണാവതാരം, കാളിയമൎദ്ദനം, കംസവധം, കേശിവധം എന്ന നാലു ആട്ടക്കഥകൾ നിൎമ്മിച്ചിട്ടുള്ളതായും അറിയുന്നു. അവയിൽ ഒന്നും അച്ചടിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വ്യാസോൽപത്തി തുള്ളലിൽ,
‘അമ്പതുമൊന്നുമുള്ളക്ഷരത്തെ നാവി-
ലമ്പോടെഴുതീട്ടു മുന്നം മണലിന്റെ
മുമ്പിൽ പരിശ്രമിപ്പിച്ചൊരു ദേശിക-
ത്തമ്പുരാൻ നാരായണാഖ്യൻ ദയാപരൻ
ഗംഭീരചിത്തൻ മൃദുസ്മേരമുഗ്ദ്ധവ-
ക്ത്രാംഭോരുഹൻ ശബ്ദശാസ്ത്രവിചക്ഷണൻ’
എന്നു് സ്വഗുരുവിനെ സ്മരിച്ചുകാണുന്നു.
15.68 ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ
ഈ പണ്ഡിതസാൎവഭൗമൻ ൯൯൯-ാമാണ്ടു് തുലാം ൨൪-ാം തീയതി തിരുവിതാംകൂറിൽ ഇലത്തൂർ ഗ്രാമത്തിൽ ജനിച്ചു. പിതാവായ ശങ്കരനാരായണശാസ്ത്രികൾ ആണ്ടിശാസ്ത്രികൾ എന്ന പേരിലാണു് പ്രഥിതനായിരുന്നതു്. ഈ ബാലൻ കൃഷ്ണപുരം ലക്ഷ്മീനാരായണശാസ്ത്രികളുടേയും മറ്റും അടുക്കൽ കാവ്യനാടകാലങ്കാരപര്യന്തം പഠിച്ചിട്ടു് ഉപരിവിദ്യഭ്യാസത്തിനായി പന്തളം കൊട്ടാരത്തിലേക്കു പുറപ്പെട്ടു. അവിടെ വച്ചു് തൎക്കം, വ്യാകരണം എന്നു രണ്ടു ശാസ്ത്രങ്ങളിലും വിപുലമായ പാണ്ഡിത്യം സമ്പാദിച്ചു. ശാസ്ത്രികളുടെ ഗുരുവായിരുന്ന പന്തളംരാജാവു് മഹാപണ്ഡിതനായിരുന്നു. പന്തളത്തെ പഠിത്തം പൂൎത്ത ിയാക്കിയ ശേഷം അദ്ദേഹം കുറേക്കാലത്തേക്കു് മൂകാംബികയിൽ പോയി ഭജനം ഇരുന്നു. അതിനുശേഷം ഒരു വിദേശസഞ്ചാരം നടത്തുകയും പല പുണ്യക്ഷേത്രങ്ങൾ ദൎശിക്കയും വേദാന്താദിശാസ്ത്രങ്ങൾ അഭ്യസിക്കയും ചെയ്തിട്ടു് അദ്ദേഹം ൧൦൨൪-ാമാണ്ടിടയ്ക്കു് തിരുവനന്തപുരത്തു വന്നു ചേൎന്നു. മാൎത്ത ാണ്ഡവൎമ്മമഹാരാജാവു് കൊട്ടാരത്തിൽ ഒരു ശമ്പളവും പതിച്ചുകൊടുത്തു. പിന്നീടു് അദ്ദേഹം വിദ്വൽസദസ്സിലെ ഒരു അംഗമായി പരിശോഭിച്ചു. ൧൦൩൬-ൽ ആയില്യംതിരുനാൾ മഹാരാജാവു് സിംഹാസനാരോഹണം ചെയ്തപ്പോൾ, ശാസ്ത്രികളുടെ നില ഒന്നുകൂടി ഉയർന്നു. എന്നാൽ ഒരവസരത്തിൽ മഹാരാജാവു് സ്വാതിതിരുനാൾ തമ്പുരാന്റേയും തന്റേയും ഭരണങ്ങളെ താരതമ്യപ്പെടുത്തി ഒരു ശ്ലോകം ചമപ്പാൻ വിദ്വൽസദസ്സിലെ അംഗങ്ങളോടു് ആവശ്യപ്പെട്ടുവത്രേ. രാജപ്രീതിയ്ക്കുവേണ്ടി എന്തും ചെയ്‍വാൻ മനസ്സുള്ളവരാണല്ലോ മിക്ക പണ്ഡിതന്മാരും. അവർ സ്വാതിതിരുനാൾ മഹാരാജാവിനെ താഴ്ത്തി ഓരോ ശ്ലോകം നിൎമ്മിച്ചു് അടിയറ വച്ചു. ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ മാത്രം മൗനമവലംബിച്ചതേയുള്ളു. ശാസ്ത്രികളുടെ ശ്ലോകം എവിടെ? എന്നു കല്പിച്ചു. അത്തരത്തിൽ ഒരു ശ്ലോകം രചിച്ചു് സരസ്വതീദേവിയുടെ കാരുണ്യത്തെ വ്യഭിചരിപ്പിക്കാൻ താൻ തയ്യാറില്ലെന്നു് അദ്ദേഹം പറഞ്ഞപ്പോൾ, ‘ശാസ്ത്രികൾ ഇന്നു വല്ല പൂജാദ്രവ്യവും കഴിച്ചിട്ടാണോ ഇങ്ങോട്ടു പോന്നതെന്നു കല്പിച്ചു ചോദിച്ചുവെന്നും അതിനു്, താൻ സേവിച്ചാലും ഇല്ലെങ്കിലും അതിന്റെ വികാരം തിരുമനസ്സിലെ മുഖത്താണു്. പ്രത്യക്ഷീഭവിച്ചിരിക്കുന്നതെന്നും ആ സാഹിത്യസമ്രാട്ടു് മറുപടി പറഞ്ഞുവെന്നും, കോപാകുലനായ മഹാരാജാവിനു് തിരുവുള്ളക്കേടുണ്ടായാൽ ‘വിസ്തീൎണ്ണം പൃഥിവീ ജനാശ്ച ബഹവഃ കിം കിം ന സംഭാവ്യതേ’ എന്നു പറഞ്ഞിട്ടു് ശാസ്ത്രികൾ ഇറങ്ങിപ്പോയെന്നും മഹാകവി ഉള്ളൂർ പരമേശ്വരയ്യർ അവർകൾ പ്രസ്താവിച്ചുകാണുന്നു. ശാസ്ത്രികൾ ശക്തിപൂജകനായിരുന്നല്ലോ. കള്ളു കുടിച്ചിട്ടുണ്ടോ എന്നായിരുന്നു മഹാരാജാവു് കല്പിച്ചു ചോദിച്ചതു്. അതിനു് ശരിയായ മറുപടി ശാസ്ത്രികൾ നൽകുകയും ചെയ്തുവത്രേ. ഈ കഥ എങ്ങനെ വിശ്വസിക്കേണ്ടു എന്നു മനസ്സിലാകുന്നില്ല. ശാസ്ത്രികൾ അതിധീരനായിരുന്നിരിക്കാം. മുഖസ്തുതി പറയുന്നതിൽ തൽപരനായിരുന്നില്ലെന്നും വരാം. എന്നാൽ സകലകലാവല്ലഭനും ക്ഷാത്രതേജോനിധിയും ആയിരുന്ന ആ തിരുമേനിയുടെ മുമ്പിൽ വച്ചു് ഇത്ര ധിക്കാരമായി സംസാരിച്ചു എന്നു വിശ്വസിക്കാൻ കുറേ പ്രയാസമാണു്. അങ്ങനെ സംസാരിച്ചതു് വാസ്തവമാണെങ്കിൽ അതു് ക്ഷന്തവ്യമായിരുന്നില്ലെന്നു പറയുകയേ നിവൃത്തിയുമുള്ളു. അതിനും പുറമേ വഞ്ചിരാജ്യത്തിന്റെ കീൎത്ത ിയെ ഭാരതഖണ്ഡമൊട്ടുക്കു പരത്തിയ സ്വമാതുലന്റെ ഭരണരീതിയോടു് തന്റെ രീതിയെ താരതമ്യം ചെയ്‍വാൻ മാതുലഭക്തനായ ആ തിരുമേനി ആവശ്യപ്പെട്ടു എന്നു പറയുന്നതു് ആരു വിശ്വസിക്കും? ഇതെല്ലാം ആരുടേയോ മനോധൎമ്മമാണു്; രാജാക്കന്മാർ രജോഗുണപ്രധാനന്മാരാണല്ലോ. അവർക്കു് കോപം ഉണ്ടായേക്കാം; എന്നാൽ ആയില്യംതിരുനാൾതമ്പുരാനെപ്പോലെയുള്ള ഒരു മഹാരാജാവിന്റെ സമക്ഷം, അദ്ദേഹത്തിന്റെ ഉപ്പും ചോറും തിന്നു ജീവിച്ചുവന്ന ഒരു കവി,–അയാൾ എത്ര മഹാനായിരുന്നാലും–ഇങ്ങനെ പറഞ്ഞുവെങ്കിൽ നിലമറന്നുള്ള ഒരു പ്രവൃത്തിയാണു് അദ്ദേഹം ചെയ്തുപോയതെന്നു് പ്രസ്താവിക്കാതിരിക്കാനും തരമില്ല. എന്നാൽ മഹാകവി തന്നെ മറ്റൊരു ഭാഗത്തു പ്രസ്താവിച്ചിരിക്കുന്നു. “സൎവതന്ത്രസ്വതന്ത്രനായ ശാസ്ത്രികൾ ആ തിരുമേനിയുടെ പേരിൽ–എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നാലും അവിടുന്നു് സഹൃദയശിരോമണിയും പണ്ഡിതനും ആയിരുന്നു എന്നുള്ളതിനു് സംശയമില്ല–അസാമാന്യഭക്തിയും ആദരവും ഉണ്ടായിരുന്നു എന്നുള്ളതു് അദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നു.” ആയില്യം തിരുനാൾതമ്പുരാൻ സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ നിപുണനായിരുന്നു എന്നുള്ളതു് പ്രസിദ്ധമാണു്. സംഗീതപ്രയോഗത്തിൽ അവിടുന്നു് സ്വാതിതിരുനാൾ തമ്പുരാനെപ്പോലും അതിശയിച്ചിരുന്നു. എന്നാൽ ആ വഴിക്കല്ല വഞ്ചിനിവാസികൾ തിരുമേനിയെ അറിയുന്നതു്. അവിടുത്തേ ഭരണവൈശിഷ്ട്യത്താലാണു് തിരുവിതാംകൂർ ‘മാതൃകാരാജ്യം’ എന്ന അവസ്ഥയിലേക്കു കാലൂന്നിയതു്. അവിടുത്തേ കുറവുകളും കുറ്റങ്ങളും കണ്ടുപിടിച്ചു രേഖപ്പെടുത്തേണ്ട കാര്യങ്ങളൊന്നും നമുക്കില്ല; രാമസ്വാമിശാസ്ത്രികൾക്കു് തീരേ ഉണ്ടായിരുന്നില്ലതാനും. രാജ്യക്ഷേമത്തിനു വേണ്ടി സ്വജീവിതാൎപ്പണംചെയ്തിട്ടുള്ള മഹാനുഭാവന്മാരുടെ രഹസ്യജീവിതത്തെ ചുഴിഞ്ഞു നോക്കുന്നതു് പരിഹാസ്യമാണു്.
രാമശാസ്ത്രികൾക്കു് എന്തോ കാരണവശാൽ കുറേക്കാലം കൊട്ടാരത്തിൽ പ്രവേശം ലഭിക്കാതെയായി എന്നുള്ളതു് പരമാൎത്ഥ മാകുന്നു. അതുപോലുള്ള തിരുവുള്ളക്കേടു് തിരുമനസ്സിലേക്കു് പ്രസിദ്ധ ഗായകനും അവിടുത്തേ പ്രീതിഭാജനവുമായിരുന്ന രാഘവനോടും മറ്റു പലരോടും ഓരോ കാരണവശാൽ ഉണ്ടാവുകയും അതൊക്കെ കുറച്ചു കഴിഞ്ഞപ്പോൾ മാറുകയും ചെയ്തിട്ടുണ്ടല്ലോ. ഈ അവസരത്തിൽ ശാസ്ത്രികൾ എഴുതിയതാണത്രേ,
‘ചിത്തഭൂവിത്തഭൂമത്തഭൂപാലകോ-
പാസനാവാസനായാസനാന്മേ ഭൃശം
സാധുതാ സാ ധുതാ സാധിതാ സാധിതാ
കിന്തയാ ചിന്തയാ ചിന്തയാമശ്ശിവം’
എന്ന പ്രസിദ്ധ ശ്ലോകം.
ഏതായിരുന്നാലും ശാസ്ത്രികളുടെ ഈ വിപ്രവാസം അദ്ദേഹത്തിന്റേയും മഹാരാജാവുതിരുമനസ്സിലേയും പ്രശസ്തിക്കു കാരണമായ് ഭവിച്ചു. എന്തുകൊണ്ടെന്നാൽ ആ ദേശയാത്രയിൽ ഈ വിദ്വൽപ്രകാണ്ഡം കൽക്കത്ത മുതലായ ദിക്കുകളിൽ വച്ചു് ഭാരതഖണ്ഡത്തിലെ പ്രസിദ്ധ വിദ്വാന്മാരുടെ ശ്ലാഘയ്ക്കും പൂജയ്ക്കും പാത്രീഭവിച്ചു. അതോടുകൂടി വഞ്ചിരാജ്യത്തിന്റേയും പുകൾ പതിന്മടങ്ങു പൊങ്ങി. ആയില്യം തിരുനാൾ മഹാരാജാവു് കാശിയ്ക്കു് എഴുന്നള്ളിയ കാലത്തു് അവിടുത്തെ വിദ്വൽസദസ്സു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ പ്രേരണയാൽ തിരുമേനിയെ ക്ഷണിക്കയും മംഗളപത്രിക നൽകുകയും ചെയ്തുവെന്നുള്ളതും പ്രസ്താവയോഗ്യമാണു്. തിരുമനസ്സിലെ അപാരമായ പാണ്ഡിത്യത്തേയും ശാസ്ത്രവിജ്ഞാനത്തേയും പറ്റി തദ്ദേശപണ്ഡിതന്മാർക്കു് അളവറ്റ ബഹുമാനം തോന്നി. അതിനു ശേഷം ശാസ്ത്രികൾ വീണ്ടും തിരുവനന്തപുരത്തു വന്നു.
ശാസ്ത്രികൾക്കു് തിരുവിതാംകൂറിൽ അനേകം പ്രശസ്തശിഷ്യന്മാരുണ്ടായിരുന്നു. യാതൊരു മഹാത്മാവിന്റെ സ്മരണ മാത്രത്താൽ വഞ്ചിനിവാസികളുടെ ഹൃദയകമലങ്ങൾ ഭക്തിതരളിതമായിത്തീരുന്നു–ശരീരങ്ങൾ കോൾമയിൎകൊള്ളുന്നു–ആ രാജൎഷിയായ ശ്രീമൂലംതിരുനാൾ പൊന്നുതമ്പുരാൻ തിരുമനസ്സിലെ ഗുരുസ്ഥാനവും ഈ മഹാനുഭാവൻ അല്പകാലം വഹിക്കയുണ്ടായിട്ടുണ്ടു്. കേരളകാളിദാസനെന്ന അപരനാമത്താൽ വിഖ്യാതനായിരിക്കുന്ന കേരളവൎമ്മ വലിയകോയിത്തമ്പുരാൻ, ദേവീഭാഗവതം കിളിപ്പാട്ടിന്റെ കർത്താവായ ആറ്റുകാൽ ശങ്കരപ്പിള്ള, വലിയ താൎക്കികനെന്നും യോഗിയെന്നും ഉള്ള നിലയിൽ വിശ്വവിശ്രുതനായ്ത്തീന്നിട്ടുള്ള കുഞ്ഞൻപിള്ളച്ചട്ടമ്പി എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു എന്നുള്ളതിനു് അവരുടെ കൃതികൾ തന്നെ സാക്ഷ്യം വഹിക്കുന്നു.
‘അഗാധധീരഥാഹൂയ ശ്രീരാമസ്വാമിശാസ്ത്രിണാ
അഹിനക്ഷത്രജക്ഷ്മാഭൃദഹിനോൽകേരളാന്തികം
ബ്രഹ്മവിദ്യോപദേഷ്ടാരം സ്വസ്യ സാഹിത്യദേശികം
കേരളഃ പ്രതിജഗ്രാഹ ബഹുമാനപുരസ്സരം’
എന്നു് വലിയകോയിത്തമ്പുരാനും,
‘നരത്വവ്യാജേന വന്നവതാരത്തെച്ചെയ്തോ-
രിലത്തൂർ ബ്രഹ്മജ്യോതിസ്സൊന്നിഹ വിളങ്ങുന്നു.
യാതൊന്നിൻഗുണശ്രേണി ചൊല്ലുവാനാൎക്കു ം പണി;
യാതൊന്നിൻകീൎത്ത ിവല്ലി നിൎജ്ജ ിതാശേഷമല്ലീ?
യാതൊന്നിൻവാണീഝരി പീയൂഷപ്രഭാകരീ;
യാതൊന്നിൻതത്വബോധം പാൎക്കിലോ ഭൂര്യഗാധാ
യാതൊന്നിൻധ്യാനരൂപം ചിൽക്കലാസൂക്ഷ്മദീപം
യാതൊന്നിൻനിത്യകൃത്യം യോഗികൾക്കതിസ്തുത്യം;
യാതൊന്നിൻകാവ്യബന്ധം ഗണനേ സദാനന്തം;
യാതൊന്നിൻതിരുനാമം രാമശൎമ്മാഭിരാമം;
യാതൊന്നിൻസുകികരൻ പാൎക്കിലിന്നിശ്ശങ്കരൻ
ആയതിൻതൃപ്പാദാബ്ജം സാഷ്ടാംഗം നമിച്ചുകൊ-
ണ്ടാവതുമിപ്രകാരം സങ്കല്പപുരസ്സരം
മദ്ഗുരുകൃപാമൃതസിന്ധുവിലാറാടി ഞാൻ
… … …
ഇക്കൃതി ചമയ്ക്കുവാനുദ്യമം തുടങ്ങുന്നേൻ’ദേവീഭാഗവതം.
ശാസ്ത്രികൾ ഇങ്ങനെ ശിഷ്യസമ്പത്തു വൎദ്ധിപ്പിച്ചു കൊണ്ടിരിക്കവേ തിരുവനന്തപുരത്തു് സദർകോടതിയിൽ ഒരു ഒഴിവു വന്നു. ആയില്യംതിരുനാൾതമ്പുരാനു് ശാസ്ത്രികളെ തൽസ്ഥാനത്തേക്കു നിയമിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. എന്നാൽ വിരക്തനായ ശാസ്ത്രികൾ ആ സ്ഥാനം സ്വീകരിച്ചില്ല. ൧൦൫൫-ൽ ആയില്യംതിരുനാൾ നാടുനീങ്ങിയെങ്കിലും ശാസ്ത്രികൾതന്നെ രാജകീയവിദ്വത്സദസ്സിന്റെ നേതൃത്വം വഹിച്ചുകൊണ്ടിരുന്നു. അനന്തരം രാജ്യഭാരമേറ്റ വിശാഖംതിരുനാൾ തമ്പുരാൻ ദീൎഘകാലം നാടു വാണില്ല. പിന്നീടു് ശാസ്ത്രികളുടെ ശിഷ്യനായ മൂലംതിരുനാൾ മഹാരാജാവു് രാജ്യഭാരമേറ്റു. എന്നാൽ അതിനുശേഷം ശാസ്ത്രികളും അധികകാലം ജീവിച്ചിരിക്കയുണ്ടായില്ല. ൧൦൬൨ കർക്കടകം ൩൧-നു അദ്ദേഹം പരലോകം പ്രാപിച്ചു.
ശാസ്ത്രികളുടെ പ്രധാന കൃതികളെല്ലാം സംസ്കൃതത്തിലാണു്. സുരൂപരാഘവം, കീൎത്ത ിവിലാസം ചമ്പു, പാൎവതീപരിണയം, അന്യാപദേശസപ്തതി, തുലാഭാരപ്രബന്ധം, കാശിയാത്രാനുവൎണ്ണനം, അംബരീഷചരിതം, ഗാന്ധാരചരിതം, ഗൗണസമാഗമം, ശാകുന്തളം ചമ്പു, ശ്രീധൎമ്മസംവൎദ്ധിനീമാഹാത്മ്യം, പന്തളപുരീമാഹാത്മ്യം, കൈവല്യവല്ലീപരിണയം, വൃത്തരത്നാവലി, രാമോദയം, ക്ഷേത്രതത്വദീപിക, ദേവ്യഷ്ടപ്രാസശതകം, ദേവീവൎണ്ണമുക്താവലി, വിഷ്ണ്വഷ്ടപ്രാസശതകം, ശിവാഷ്ടപ്രാസശതകം, ശ്രീകൃഷ്ണദണ്ഡകം, ത്രിപുരസുന്ദരീപാദാദികേശം, ശ്രീരാമാശ്രയസ്തോത്രം, മധുസൂദനാഷ്ടകം, കലിനാശനസ്തോത്രം, ഹനുമദഷ്ടകം, ശ്രീലളിതപ്രാതഃസ്മരണ സ്തോത്രം മുതലായി നിരവധി പ്രൗഢകൃതികൾ അദ്ദേഹം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്.
അദ്ദേഹവും ഉത്രംതിരുനാൾ തമ്പുരാന്റെ നിൎദ്ദേമനുസരിച്ചു് ജലന്ധരാസുരവധം എന്നൊരു ആട്ടക്കഥ നിൎമ്മിക്കയുണ്ടായി. അതിനെ ആ മഹാകവിയുടെ പൗത്രനും എന്റെ ഒരുത്തമസ്നേഹിതനും ആയിരുന്ന എച്ചു്. രാമസ്വാമിഅയ്യർ അവൎകൾ എം. എൽ. ടി. അച്ചടിച്ചു പ്രസിദ്ധീകരിക്കയുണ്ടായിട്ടുണ്ടു്. എന്നിട്ടും ശ്രീരാമവിലാസം വക ൧൧൧ ദിവസത്തെ ആട്ടക്കഥകൾ എന്ന ഗ്രന്ഥത്തിൽ ‘ബ്രഹ്മശ്രീ ശ്രീനിവാസയ്യങ്കാർ ശാസ്ത്രികൾ’ എന്ന ആളിന്റെ കൃതിയായി അതിനെ ചേൎത്ത ിരിക്കുന്നതു് വിചിത്രമായിരിക്കുന്നു. ശാസ്ത്രികളുടെ കൃതികളിൽ ‘ഗോമതീദാസൻ’ എന്ന മുദ്ര സാധാരണ കാണും. ഈ കഥയെ ആയില്യംതിരുനാൾ തമ്പുരാൻ ഗാഥാരൂപത്തിൽ വിവൎത്ത നം ചെയ്തിട്ടുമുണ്ടു്.
ജലന്ധരാസുരവധത്തിലെ ശ്ലോകങ്ങളം പദങ്ങളും വളരെ മനോഹരങ്ങളായിരിക്കുന്നു.
15.69 വന്ദനശ്ലോകം
‘ബാലാ ബാലാൎക്കകോടിപ്രകടതടമണീ കോടികോടീരലോല-
ജ്ജ്വാലാമാലാതിവേലാരുണിത സകല ദിക്‍ചക്രവാലാന്തരാലാ
നീലാലോലാസഖീഭിഃ പുരഹരരമണീ ഭക്തമന്ദാരവല്ലീ
ശൈലാലോലാം ശ്രിയം സാ ദിശതു ഭഗവതീ ശ്രീമതീ ഗോമതീ വഃ.’
15.70 ശൃംഗാരപദം
‘സമാസിനവ മാധവീകുസുമസൗരഭേ സൗരഭേ
സുമന്ദപവനേ വനേ ഹൃദയനന്ദനേ നന്ദനേ
കഥാചിദഥ സഞ്ചരൻ സുരവിലാസിനീഭിഃ സമം
വിലാസധൃതകൗതുകഃ സരസമാഹ സംക്രന്ദനം
സുന്ദരിമാരേ കണ്ടാലും മമ നന്ദനചാരുരുചിം.
അ. പ. കുന്ദരദാവലിമാരേ ചഞ്ചതി ചന്ദനശൈലസമീരണനധുനാ
ച. ൧. ശൃംഗാരപ്രിയശീലകളേ കളഭൃംഗാരവമിതു കേട്ടാലപ്പോൾ
ഗംഗാധരഭഗവാനും ചേതസി ശൃംഗാരോദയശരഭയമുണ്ടാം.
൨. കല്പകപുഷ്പഭരങ്ങൾകൊണ്ടൊരു തല്പമതിങ്കൽ നമുക്കു രമിപ്പാൻ
അല്പമതല്ലൊരു കൗതുകമിപ്പോളുല്പലനവദള സദൃശാക്ഷികളെ.
൩. മന്ദാകിനിയുടെ പുളിനേ ചെല്ലാം മന്ദാരദ്രുമസുമപരിമിളിതേ
വൃന്ദാവനഭുവി ഗോപീപരിവൃതനന്ദാത്മജനെപ്പോലെ രമിക്കാം.
കന്ദകാന്തിഹരദന്തവൃന്ദയാ മന്ദഹാസവദനാരവിന്ദയാ
ഭൎത്തു രുത്നരമദായി വൃന്ദയാ ഭാരതീജിതസുധാമരന്ദയാ.
അംഭോധിസംഭവസഡംഭവചോതിഗുംഭൈ-
രുൽകീൎണ്ണവിവരഃ ശിതശല്യതുല്യൈഃ
ദംഭോളിപാണിരഥ സത്വരമഭ്യുപേത്യ
സംരഭനിൎഭരഗഭീരഭാണീൽ.’
15.71 കുമ്മി
൧. ‘ഫാലവിലോചനപാലയമാ–മഘ–ജാലവിമോചനപാലയമാം
ശൈലസുതാകുചകുങ്കുമപങ്കിലശൈലവരാലയ പാലയമാം.
൨. നീലവിലോഹിത ലോകപതേ–ഹരി–നീലമനോഹരഭൂതപതേ
കാലനിഷൂദന ദേവ മനോഹര ബാലകലാനിധിശേഖര തേ.
ചേതന ഭാവയ സാംബശിവം–പൃഷ–കേതനമാമയദാവദവം
ഏതുമില്ലാ തവ ചേതമതുകൊണ്ടു ചാരുഭവത്യേവ ഭൂരി ശിവം.
മാരകളേബരശൂലശുചേ–സുകു–മാരശരീരസുചാരുരുചേ
കാരണകാരണചാരണവന്ദിത–പാഹി നതാംബു ജതിഗ്മരുചേ
കാമിമനോരഥകാമധേനോ–ജയ–ഹൈമവതീ പരിശോഭിതനോ
സോമവിഭാകര പാവകലോചന–സാമപരായണ പാഹി വിഭോ
ഭൂരിധരാധരചാപവതേ–നതവാരിരുഹാസനസൂതപതേ
വാരിജനേത്രശരായ ധരാരഥവേദഹയായ നമോ ഭവ തേ.’
കേരളഭാഷ ഇക്കവിക്കു നല്ലപോലെ സ്വാധീനമായിരുന്നു എന്നു് ഇക്കവിത വിളിച്ചുപറയുന്നു. ശാസ്ത്രികളുടെ ഗാഗാതരംഗസാധാരണിയായ അനുപ്രാസധോരണിയും അൎത്ഥ സൗഷ്ഠവസുഭഗതയും അന്യാദൃശംതന്നെ. അദ്ദേഹം രചിച്ചിട്ടുള്ള ഒന്നു രണ്ടു വിനോദശ്ലോകങ്ങൾ കൂടെ ഇവിടെ ഉദ്ധരിക്കാം.
‘അവൻ വരാനവന്നിത്യം ഇവന്നാരീമനോഹരൻ
മലയാളം കൃതമഹീപോഽത്തി മാരാരിവൽ സുഖം.’
ഇതു് മലയാളമാണെന്നു തോന്നിക്കുന്ന ഒരു സംസ്കൃതശ്ലോകമാണു്.
‘കുരുവീശ്വരവാഹ ത്വം കാക്കായതവിലോചന
മയിലക്ഷ്മീം കൃപാസിന്ധോ രാജാളിവദനാളക.’
ഇതു് കുരുവി, കാക്ക, മയിൽ, രാജാളി എന്നു നാലു പക്ഷികളുടെ പേരുകൾ ചേൎത്തു ണ്ടാക്കീട്ടുള്ള ഒരു സംസ്കൃതപദ്യമാകുന്നു.
‘ആസേ ദിവാൻ ശ്രിയം രാജാ ബഹിഷ്കാരപരോഽസതാം
ശിരസ്ഥദാരിതശ്രീകപദഃ സൎവാധികാരവാൻ.’
എന്ന സംസ്കൃതശ്ലോകത്തിൽ ദിവാൻ, പേഷ്കാർ, ശിരസ്തദാർ, സൎവാധികാരി–ഈ ഉദ്യോഗങ്ങളുടെ പേരു ചേൎത്ത ിരിക്കുന്നു.
ഈ ആട്ടക്കഥകൾക്കു പുറമേ, പ്രൗഢവിദ്വാനായിരുന്ന മടവൂർ കാളുആശാന്റെ പ്രഹ്ലാദചരിതം ആട്ടക്കഥയും, പന്തളത്തു് വിദ്വാൻതമ്പുരാന്റെ ഭൂതനാഥോത്ഭവം ആട്ടക്കഥയും, പാണിയൂർ കുറുപ്പിന്റെ ദേവയാനീസ്വയംവരവും, തിരുവട്ടാറ്റു നീലകണ്ഠൻതമ്പിയുടെ പാൎവതീസ്വയംവരം ആട്ടക്കഥയും, തിരുവട്ടാറ്റു വാസുദേവൻപോറ്റിയുടെ ജലന്ധരാസുരവധവും, തിരുവട്ടാറ്റു ശങ്കരനാരായണൻപോറ്റിയുടെ ഘോഷയാത്ര ആട്ടക്കഥയും ഇക്കാലത്തുതന്നെ ഉത്ഭവിച്ചവയാകുന്നു.
അധുനാതനകാലത്തിനു് അടുത്തും പല ആട്ടക്കഥകൾ ആവിൎഭവിച്ചിട്ടുണ്ടു്. അവയിൽവച്ചു് ഏറ്റവും പ്രസിദ്ധിയും പ്രചാരവും ഉള്ള കഥ ദുര്യോധനവധം ആണു്.
15.72 വയസ്കര മൂസ്സതു്
വയസ്കര തിരുവിതാംകൂറിൽ കോട്ടയം താലൂക്കിലാണു്. അഷ്ടവൈദ്യന്മാർ എന്നു പ്രസിദ്ധരായ കുട്ടഞ്ചേരി മൂസ്സ്, പുലാമത്തോൾ മൂസ്സ്, ചീരട്ടമൺ മൂസ്സ്, (കോട്ടയം ഒളശ്ശ) ഇളയടത്തു തൈക്കാട്ടു മൂസ്സ്, ത്രിശ്ശിവപേരൂർ തൈക്കാട്ടു മൂസ്സ്, വെള്ളോട്ടു മൂസ്സ്, ആലത്തൂർ തമ്പി, കാൎത്ത ോൾ നമ്പി എന്നീ എട്ടുപേരിൽപ്പെട്ട പുലമത്തോൾ ഇല്ലത്തിൽച്ചേൎന്നതാണു് വയസ്കര. ദുര്യോധനവധകൎത്ത ാവുതന്നെ കഥാരംഭത്തിൽ,
‘ഭൂയാസ്താം ഭൂരിഭൂത്യൈസ്ഫുരദർമൃതകരാവാദ്യവൈദ്യാവവിദ്യാ
ദുഃഖച്ഛേദൈകദക്ഷാവരിദരകമലാദ്യുല്ലസൽപഞ്ചശാഖൗ
നിത്യൗ വേദാന്തവദ്യൗ ശുഭതരപനസാന്ദോളികാഖ്യാലയസ്ഥൗ
സന്താപാന്താവനന്തോരഗകലിതതനൂരുദ്രുധന്വന്തരീ നഃ’
എന്നിങ്ങനെ പുലാമത്തോൾ രുദ്രധന്വന്തരിമാരേയും അനന്തരം ശാസ്താവിനേയും നമിച്ചിട്ടു്,
‘വൈദ്യേന്ദ്രസ്സുപഥം നിജേന പനസാന്ദോളാധിരൂഢശ്ചരൻ
നാമസ്വക്രിയയാ വയസ്കര ഇതി പ്രാപ്തോ നവം മംഗളം
യസ്തസ്യോരുയശാസ്സുതോ ഽജനി ഹരിഃ ശ്രീരാര്യനാരായണ-
സ്തൽപുത്രോദിദമത്ര പാൎത്ഥ ചരിതം സന്തഃ പുനന്ത്വാദരാൽ.’
എന്നു് തന്റെ പിതാവായ ആര്യനാരായണൻമൂസ്സിനേയും സ്തുതിച്ചിട്ടുണ്ടല്ലോ.
ഈ ആട്ടക്കഥയുടെ കൎത്ത ാവായ വയസ്കരമൂസ്സതും ഒരു പ്രൗഢവിദ്വാനായിരുന്നു എന്നു് പ്രസ്തുത കഥയിൽനിന്നു് നമുക്കു് ഊഹിക്കാം. അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യവും സുപ്രസിദ്ധമായിരുന്നു. ൩൬-ാമാണ്ടു നാടുനീങ്ങിയ തമ്പുരാന്റെ ചികിത്സയ്ക്കായി യുവാവായ ഈ കവിയെ വയസ്കരയിൽ നിന്നും വരുത്തിയതുതന്നെ അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യത്തിനു് മതിയായ തെളിവാണല്ലോ.
സംസ്കൃതത്തിൽ അദ്ദേഹം നക്ഷത്രവൃത്താവലി, ചിത്രപ്രബന്ധം, ശ്യേനസന്ദേശം എന്നീ കൃതികൾ രചിച്ചിട്ടുണ്ടു്. കഥകളികളുടെ കൂട്ടത്തിൽ ദുര്യോധനവധത്തിനു് അതിമാന്യമായ ഒരു സ്ഥാനമാണുള്ളതു്. കഥ നിശ്ചയിക്കാൻ കൂടിയിരിക്കുന്ന സദസ്സിൽ ആരെങ്കിലും ദുര്യോധനവധത്തിന്റെ പേരു പറഞ്ഞുപോയാൽ പിന്നെ അക്കഥയേ ആടാൻ സാധിക്കൂ എന്നു് ഇപ്പോഴും പറയാറുണ്ടു്. അത്രയ്ക്കു് മന്ത്രസിദ്ധിയുള്ള ഒരു കഥയാണിതു്. കവിതയും അതിസുന്ദരമായിരിക്കുന്നു.
‘പ്രാലേയരുചിവദനേ–ബാലേ
പ്രചുരഗുണൈകസദനേ
മാലേയമൃദുപവനേ ബാലപികാരവകളവചനേ
ബഹുലചികരജിതസജലഘനേ
ബാലികമാൎമണി ഗുരുജഘനേ ബഹുരുചി വരികയി വിപുലഘനേ
പല പല സുമകുലസുരഭിലഹിമജലകലിതമൃദുലതരകിസലയശയനേ’
***
ശ്രീകൃഷ്ണൻ: ജ്ഞാതിവത്സല ഭൂരിഭൂതിദ ഭൂപവീരമഹാമതേ
പാതിരാജ്യമതിന്നു നീ നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: ജ്ഞാതിയല്ല നമുക്കഹോ യമജാതനെന്നു ധരിക്ക നീ
പാതിരാജ്യമതിന്നു യാദവപാണ്ഡവർക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ സുയോധനാ
പഞ്ചദേശമതെങ്കിലും നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: ചഞ്ചലത്വമതില്ല മാമക നെഞ്ചുകത്തയി മാധവാ
പഞ്ചദേശവുമിന്നു യാദവ പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: അഞ്ചു ദേശമതങ്ങു നൽകുവതിന്നു സംശയമെങ്കിലോ
പഞ്ചഗേഹമതെങ്കിലും നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: കിഞ്ചനാപി വിചാരവും നഹി ഗച്ഛ കേശവ കേവലം
പഞ്ചഗേഹവുമിന്നു യാദവ പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ഭൂരിവിക്രമവാരിധേ ബഹുസാരമാനസ നിന്നുടെ
പാരിലിന്നൊരു മന്ദിരം നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: സൂചി കുത്തുവതിന്നുമിന്നവകാശമിദ്ധരണീതാല
വാശിയോടു വസിച്ചിടുന്നൊരു പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ഭീമജിഷ്ണുയമൈരമൈഃ സഹ കോപമേഷ്യതി ധൎമ്മജൻ
ഭൂമിപാലക ഭാഗമുള്ളതു പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: പാണ്ഡുനന്ദനരല്ല വൈരികളന്യജാതരതല്ലയോ
ഖണ്ഡിതം ക്ഷിതിമണ്ഡലം പരപാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ചിത്രമത്രവിചിത്രവീര്യജനല്ല നിന്നുടെ താതനും
തത്ര നീ വിധവാത്മജന്നുടെ പുത്രനെന്നു ധരിക്കണം.
ദുര്യോ: പാശമമ്പൊടു കൊണ്ടുവാ യദുപാശനേയിഹ കെട്ടുവാൻ
നാശമങ്ങിതറിഞ്ഞു പാണ്ഡവരാശു വന്നിതഴിക്കണം.
ശ്രീകൃഷ്ണൻ: അന്ധനന്ദന നന്നു നമ്മുടെ ബന്ധനത്തിനു താമസേ
ബന്ധമെന്തിതു ചൊല്ലു പാണ്ഡവബന്ധു ഞാനിതു കാണ്ക നീ.
ആടിക്കാണ്മാൻ വളരെ രസമുള്ള ഒരു പദമാണിതു്. പരമാൎത്ഥ ത്തിൽ ദുര്യോധനവധത്തിന്റെ വിജയത്തിനു കാരണം ഈ കൃഷ്ണദൂതാണു്.
കൗരവയുദ്ധത്തിലുള്ള ഒരുക്കത്തെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
‘പ്രേമനാഥസുതനങ്ങുറച്ചു സമരത്തിനെന്ന കഥയും തദാ–
ശ്വേതവാഹനസൂതനായഖിലനാഥനെന്നൊരു വിശേഷവും
ഭൂതലേ ബത പരന്നനേരമഥ ലോകരൊക്കെ നിരക്കവേ
ജാതകൗതുകമജാതശത്രുനൃപസന്നിധൗ സപദി പൂകിനാർ.
ഭീമസേനബലമിങ്ങു കാണണമെനിക്കു ഫൽഗുനപരാക്രമം
ഭീമമായ യുധി ധൎമ്മപുത്രരുടെ ധൎമ്മസംഗരമെനിക്കഹോ
ശ്യാമളാതസി സുകോമളം സകലകാമദം ഹരിമുദീക്ഷിതും
കാമമുണ്ടു ഹൃദി മാമകേ തദിഹ ദുൎല്ലഭം സുലഭമല്ലയോ.
ഏവമാദി നിജ ഭാവമമ്പൊടു പറഞ്ഞുകൊണ്ടു ചില ലോകരും
താവദേവ രണഭൂമിയിൽ സ്ഥലമുറച്ചുനിന്നു ബഹു കൗതുകാൽ
ദേവരാജനതിദേവകിംപുരുഷദേവതാപസസമേതനായ്
സാവരോധജനനായി വന്നു ദിവി മേവിനാർ രണദിദൃക്ഷയാ.
എട്ടുദിക്കുകൾ മുഴങ്ങുമാറു പറകൊട്ടി ഭൂപരു വിളിക്കയും
കേട്ടു ഫൽഗുനരഥദ്ധ്വജേ ഹനുമദട്ടഹാസമതിഭീഷണം
പൊട്ടുമാറരികൾ ഞെട്ടുമാറഖിലവിഷ്ടപേശദരഘോഷവും
കൂട്ടമോടഥ കുലുങ്ങി ലോകമുടനേ കലങ്ങി ജലരാശിയും.
പാതകം ഗുരുവധം നിനച്ചു സുരനാഥജേ തു ബഹുമോഹിതേ
ഗീതയായൊരു സുധാം തളിച്ചുടനുണൎത്ത ിയൎജ്ജു നനെ മാധവൻ.
വാതു ചൊല്ലി ജയവാഞ്ഛയോടു കുരുവീരസേനകളെതിൎത്തു ടൻ
കൗതുകേന മുനി നാരദൻ വിയതി വീണവായന തുടങ്ങിനാൻ.’
15.73 കഥകളി പരിഷ്കരണം
ഗതാനുഗതികത്വംകൊണ്ടു് കഥകളിക്കു് പല ന്യൂനതകളും സംഭവിച്ചുപോയിട്ടുണ്ടു്. ഈ ന്യൂനതകളെ പരിഹരിക്കുന്ന വിഷയത്തിൽ ആദ്യമായി പ്രയത്നിച്ചതു് ദൎപ്പവിച്ഛേദം അഥവാ യദുകുലരാഘവം എന്ന ആട്ടക്കഥയുടെ കൎത്ത ാവായ വൎഗ്ഗീസ്മാപ്പിള അവൎകളായിരുന്നു. വിശാഖംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തായിരുന്നു ഈ കഥയുടെ ആവിൎഭാവം. അദ്ദേഹം അതിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള അഭിപ്രായങ്ങൾ ആദരണീയങ്ങളാണു്. ഒന്നാമതായി സ്ഥലകാലവിഷയൈക്യങ്ങളിൽ കവി ശ്രദ്ധ വയ്ക്കണമെന്നു് അദ്ദേഹം പറയുന്നു. കഥകളിയിൽ യവനനാടകങ്ങളിൽ കാണുമ്പോലെ സ്ഥലകാലൈക്യം വരുത്താൻ വിഷമമാണെങ്കിലും ഒരു ക്ലിപ്ത കാലപരിധിക്കുള്ളിൽ കഥ നിർത്താൻ ആൎക്കും സാധിക്കും; വിഷയൈക്യം അഥവാ ഘടനൈക്യം നാടകങ്ങളിലെന്നപോലെ കഥകളിയിലും അത്യന്താപേക്ഷിതവുമാകുന്നു. നാടകീയകഥയുടെ ഗതിയെ നദീപ്രവാഹത്തോടു് ഉപമിക്കാം. നദി ഒരു സ്ഥാനത്തുനിന്നു പുറപ്പെട്ടു് ക്രമേണ പരിപോഷം പ്രാപിക്കുന്നു. ഭിന്നഭിന്ന സ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന ഉപനദികളാണു് അതിനേ പോഷിപ്പിക്കുന്നതു്; എന്നാൽ അവയെല്ലാം അതിനോടു ചേൎന്നു സാത്മ്യം പ്രാപിക്കുന്നു. ഇങ്ങനെ അല്പമായി ആരംഭിച്ചു് ഇടയ്ക്കു് വിസ്തൃമായിത്തീരുന്ന നദി കുടിലഗതിയായി ബഹുദൂരം ഒഴുകീട്ടു് പ്രാപ്യസ്ഥാനത്തു ചെന്നുചേരുന്നു. അതുപോലെ നാടകീയകഥയുടെ വികാസം അവാന്തരഘടനകളുടെ സമീചീനമായ സമാവേഗം കൊണ്ടാണു് നാടകകാരന്മാർ സാധിക്കുന്നതു്. അതിലാണു് അവരുടെ രചനാപാടവം പ്രകാശിക്കുന്നതും. പ്രധാന ഘടനയ്ക്കു് സാധകമായോ ബാധകമായോ ഇരിക്കാത്ത അവാന്തരഘടനകളെ വലിച്ചിഴച്ചുകൊണ്ടുവന്നു വച്ചാൽ, കഥയുടെ ഏകാഗ്രത നശിച്ചുപോകുന്നു. അവാന്തരഘടനകളുടെ എല്ലാം ഏകലക്ഷ്യം പ്രധാനഘടനയുടെ പോഷണം തന്നെ ആയിരിക്കണം. ഏതു അവാന്തരഘടനയെ എടുത്തു കളഞ്ഞാൽ കഥാഗതിക്കു് യാതൊരു കോട്ടവും സംഭവിക്കുന്നില്ലയോ ആ ഘടന കഥയുടെ ഏകാഗ്രതയ്ക്കും തദ്വാരാ മനോഹാരിതയ്ക്കും ബാധകമായിരിക്കുന്നു. കഥകളീകൎത്ത ാക്കന്മാരിൽ പലരും ഈ സംഗതിയിൽ ശ്രദ്ധ വച്ചുകാണുന്നില്ല. വേഷവൈവിധ്യത്തിനുവേണ്ടി, ഏകാഗ്രതയെ വിസ്മരിച്ചു് കത്തിയും താടിയും യോജിപ്പിക്കുന്നതിനാൽ കഥയ്ക്കു ക്ഷതം പറ്റിപ്പോകുന്നു. അസാധ്യസംഗതി നടന്നതായി കാണിക്കയും യുക്തി മതിയാകാത്ത ദിക്കുകളിൽ ഈശ്വരശക്തി പ്രയോഗിക്കയും ചെയ്യുന്നതു് ആശാസ്യമല്ലെന്നാണു് മി. വൎഗീസ്മാപ്പിളയുടെ മറ്റൊരു നിൎദ്ദേശം. ഇതു് സ്വീകാര്യമാണെന്നു തോന്നുന്നില്ല. പാശ്ചാത്യനാടകങ്ങളിൽപോലും ഇത്തരം ഘടനകൾ കാണ്മാനുണ്ടു്. ഈശ്വരഭക്തിസംവൎദ്ധനമാണു്–കേവലം വിനോദനമല്ല–കഥകളിയുടെ ഏകലക്ഷ്യം. ആ അംശം എടുത്തുകളഞ്ഞാൽ പിന്നെ കഥകളി കാണ്മാൻ ആരും ഉണ്ടായിരിക്കയില്ല. ഈശ്വരനെസ്സംബന്ധിച്ചിടത്തോളം അത്ഭുതമെന്നൊന്നു് ഇല്ലതന്നേ. ഈ സൃഷ്ടിതന്നെയും അത്ഭുതമയമാണല്ലോ. ഇങ്ങനെ ഒക്കെയാണെങ്കിലും, സംഭാവ്യത എന്ന വിഷയത്തിൽ കഴിയുന്നത്ര ശ്രദ്ധ പതിപ്പിക്കേണ്ടതു് അത്യാവശ്യവുമാകുന്നു.
മൂന്നാമതായി അദ്ദേഹം നിൎദ്ദേശിക്കുന്ന പരിഷ്കാരം ഭാഷാവിഷയകമാണു്. കോട്ടയത്തുതമ്പുരാന്റെ രീതി അനുസരിച്ചു് ശ്ലോകങ്ങൾ എല്ലാം സംസ്കൃതത്തിലാക്കുന്ന സമ്പ്രദായം ഉപേക്ഷിക്കണമെന്നാണു് അദ്ദേഹം പറയുന്നതു്. ഒരു വിരോധവുമില്ല. ഈ ശ്ലോകങ്ങൾ കഥയിൽ സൎവപ്രാധാന്യം വഹിക്കുന്നു എന്നുള്ള സംഗതി പലരും ഗ്രഹിച്ചിട്ടില്ല. ആധുനിക നാടകങ്ങളിൽ ഓരോ രംഗത്തിന്റേയും പ്രാരംഭത്തിൽ ഏറെക്കുറെ നിഷ്കൃഷ്ടമായ സ്ഥലകാലാദിവിവരണവും മറ്റൂം ചേർത്തു കാണുന്നുണ്ടല്ലോ. അതുപോലൊരു വിവരണമാണ് ഈ ശ്ലോകങ്ങളിൽ നിന്നും നമുക്കു ലഭിക്കുന്നതു്. അവയെ മലയാളത്തിലാക്കുന്നതു് എല്ലാവൎക്കു ം പ്രയോജനകരമായിരിക്കുമെന്നു നിസ്സന്ദേഹം പറയാം.
കവിത്വവും നാടകത്തിന്റെ ഒരംഗംതന്നെയാണു്. കവിതയോ? അതു് മനുഷ്യചരിത്രത്തിന്റെ ചിത്രണമായിരിക്കുന്നതിനാൽ പാത്രങ്ങളുടെ ചരിത്രചിത്രണത്തിൽ ഓരോ കവിയും മനഃപൂൎവം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാടകങ്ങളിൽ അന്തർ യുദ്ധം സംഘടിപ്പിച്ചു കാണുന്നതു് ഈ രഹസ്യം മനസ്സിലാക്കീട്ടാണു്. ഒരു മനുഷ്യന്റെ ജീവിതവും സരളരേഖയിൽകൂടി പോകുന്നതായി നാം കാണുന്നില്ലല്ലോ. സകലസുഖഭോഗങ്ങളിലും മുഴുകിയിരിക്കുന്ന ഒരുവനു് പെട്ടെന്നു് അൎത്ഥ നാശം സംഭവിച്ചു് കൂലിവേല ചെയ്തോ ഇരന്നോ ജീവിക്കേണ്ടതായ് വന്നേയ്ക്കാം. വിവേകശാലിയായ ഒരുവൻപോലും പെട്ടെന്നു കോപത്തിനു വശംവദനായ് വല്ല കടുംകൈയും പ്രവർത്തിച്ചിട്ടു് ജയിൽവാസം അനുഭവിക്കുക എന്നുള്ളതും ലോകത്തിൽ അസംഭവ്യമായിട്ടുള്ളതല്ല. മനുഷ്യവ്യക്തികളുടെ ജീവിതത്തിൽ ഓരോന്നും ഓരോ നാടകംതന്നെയാണു്. ‘All the world is a stage’ എന്നു് ഷേക്സ്പിയർ മഹാകവി പറഞ്ഞിട്ടുള്ളതു് എത്രയോ പരമാൎത്ഥ ം! അതുകൊണ്ടു് നാടകം പണ്ടത്തെ എടപ്രഭുവിന്റെ ഡയറിക്കുറിപ്പുപോലിരുന്നാൽ അതു് മനുഷ്യജീവിതത്തെ പ്രതിഫലിപ്പിക്കയില്ല.
ചില മനുഷ്യർ തങ്ങളുടെ ജീവിതഗതിയെ ബാധിക്കുന്ന വിവിധ പ്രതിബന്ധങ്ങളെയെല്ലാം അകറ്റി സുഖമായി ജീവിക്കുന്നതായി കാണാം. അങ്ങനെ ഉള്ള ഒരു ചരിത്രത്തെ നായകന്റെ ജീവിതത്തെ അധികരിച്ചു് ചിത്രണംചെയ്യുന്നുവെങ്കിൽ, അതു കോമഡി അഥവാ സുഖപര്യവസായിയായി; അതല്ല വിപരീതശക്തികളുടെ ബാധയെ തടയാൻ കഴിവില്ലാതെ നായകന്റെ ജീവിതം ദുഃഖമയമായി അവസാനിക്കുന്നുവെങ്കിൽ, അത്തരം നാടകം ട്രാജഡി അഥവാ ദുഃഖപര്യവസായിയായിത്തീരുന്നു. ചുരുക്കിപ്പറഞ്ഞാൽ സുഖദുഃഖങ്ങളുടെ പ്രതിബാധയ്ക്കും ശക്തിയ്ക്കും ഒരുവന്റെ ചരിത്രത്തോടോ ബഹിർഘടനകളോടോ ഉണ്ടാകുന്ന സംഘർഷത്തിൽനിന്നാണു് നാടകങ്ങളുടെ ഉൽപത്തി എന്നു പ്രസിദ്ധ നാട്യകാരനായ ഡി. എൽ. റായി പ്രസ്താവിച്ചിട്ടുള്ളതു പരമാൎത്ഥ മാകുന്നു.
കവിത്വത്തിന്റെ സാമ്രാജ്യം സൗന്ദര്യമാണു്. അതിനാൽ കുത്സിതഘടനകളെ ലോഭനീയങ്ങളായി ചിത്രീകരിച്ചു കാണിക്കുന്ന ആട്ടക്കഥകൾ ത്യാജ്യങ്ങളാകുന്നു. ശൃംഗാരവീരരസങ്ങൾ ബീഭത്സങ്ങളാക്കാതെ സൂക്ഷിക്കുന്നതു് കഥാകൃത്തിന്റെ ധൎമ്മമാണു്. കഴിയുന്നിടത്തോളം സംഭോഗശൃംഗാരവീരരസത്തിനു പകരം വിപ്രലംഭം ഘടിപ്പിക്കുന്നതായാൽ അതു പ്രശംസാൎഹമായ ഒരു പരിഷ്കാരമായിരിക്കും. മിയ്ക്ക കഥകളിലേയും ശൃംഗാരവും പോരിനുവിളിയും ഒക്കേ ജൂഗപ്സാവഹങ്ങളായിരിക്കുന്നു. പൂൎവകവിചുംബിതങ്ങളായ ആശയങ്ങളും ഉല്ലേഖങ്ങളും അല്ലാതെ മിക്ക കൃതികളിലും ഒന്നും കാണ്മാനില്ലെന്നും പറയേണ്ടിയിരിക്കുന്നു.
അസാധാരണദൈൎഘ്യമാണു് കഥകളിക്കുള്ള വേറൊരു ദൂഷ്യം. കാലം പോയ പോക്കു നോക്കിയാൽ ഇന്നത്തെ ആളുകളിൽ പലൎക്കും വിനോദത്തിനു് അവസരംപോലും ലഭിക്കുന്നില്ലെന്നു പറയാം. ഒരു രാത്രി മുഴുവനും കഥകളി കണ്ടിട്ടു് പിറ്റേദിവസം കിടന്നുറങ്ങുന്നതിനു് ഇപ്പോൾ ആൎക്കു സമയം കിട്ടും? അതിനാൽ രണ്ടു മൂന്നു മണിക്കൂർകൊണ്ടു് കളിക്കാൻ കഴിയത്തക്കവണ്ണവും ചടങ്ങുകൾ എല്ലാം ഒപ്പിച്ചും കഥകൾ രചിക്കുന്നതു് വളരെ ഉപകാരപ്രദമായിരിക്കും.
വേഷവിധാനത്തിലും ചില പരിഷ്കാരങ്ങൾ ചെയ്യുന്നതു കൊള്ളാം. പ്രധാനമായി സ്ത്രീപ്പാൎട്ടുകാരുടെ വേഷം അല്പം ബീഭത്സമായിരിക്കുന്നു. വേഷവിഷയകമായ പരിഷ്കാരങ്ങൾ പലതും നേരത്തെ നടന്നു കഴിഞ്ഞിട്ടുള്ളതാണു്. വലിയ വ്യത്യാസങ്ങൾ ഇനി വരുത്താൻ കഴിയുമോ എന്നു സംശയവുമാകുന്നു. തിരനോട്ടവും മറ്റും വ്യൎത്ഥ മായ സമയവ്യയമാണെന്നു് മി: വർഗ്ഗീസ് പ്രസ്താവിച്ചു കാണുന്നുമുണ്ടു്. ഈ അഭിപ്രായം അംഗീകാര്യമായി എനിക്കു തോന്നുന്നില്ല. പ്രസിദ്ധ നടന്മാരിൽ ചിലർ ‘തിരനോട്ട’ത്തിൽ അസാമാന്യമായ പാടവം പ്രകാശിപ്പിച്ചുകാണുന്നുണ്ടു്. കുറെക്കൂടി പരിഷ്കൃതങ്ങളായ രംഗോപകരണങ്ങൾ ഉണ്ടായിരിക്കുന്നതും കൊള്ളാം. എന്നാൽ നാടകക്കാരുടെ മട്ടിൽ സീനുകൾ ഒരുക്കുന്നതു് പരിഹാസ്യമാണു്. വനങ്ങളും മറ്റും നടന്മാർ തന്നെ അഭിനയകൗശലംകൊണ്ടു് നമുക്കു പ്രത്യക്ഷമാക്കിത്തന്നുകൊള്ളും.
ചെണ്ട വളരെ കൎണ്ണാരുന്തുദമായിരിക്കുന്നു എന്നു ചില രസികന്മാർ പറയുന്നു. അതു് ഉപേക്ഷിച്ചാൽ പിന്നെ ആട്ടവും വേണ്ടെന്നുവയ്ക്കയാണു് നല്ലതു്. നല്ല ചെണ്ടക്കാരാണെങ്കിൽ സംഗീതത്തെ കൊല്ലാതെ തന്നെ കൊട്ടാൻ കഴിയും. മൃദംഗത്തിന്റെ സ്ഥിതിയും അതുതന്നെ ആണല്ലോ. ചില മൃദംഗക്കാർ പാട്ടിനെ കൊല്ലത്തക്കവണ്ണം സരസമായി വായിക്കുന്നു. ചെണ്ടയും അതുപോലെ ‘വായി’ക്കാൻ കഴിയുമെന്നു് ഒന്നു രണ്ടു പേരുടെ പ്രയോഗത്തിൽ നിന്നു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടു്.
15.74 പ്രസിദ്ധ നടന്മാർ
‘ആട്ടങ്ങളാടി നടക്കുന്നിതാ ചില കൂട്ടംജനം പണം മോഹി’ച്ചെന്നു് കുഞ്ചൻനമ്പ്യാർ ആട്ടക്കാരെപ്പറ്റി പൊതുവേ പറഞ്ഞിട്ടുള്ള വാക്കുകൾ കുറെ കഠിനമായിപ്പോയെന്നു പ്രസ്താവിക്കാതെ തരമില്ല. ഒരു ആട്ടക്കാരനു് പഴയ കാലത്തു ലഭിച്ചുവന്ന ആദായം നോക്കിയാൽ വളരെ തുച്ഛമായിരുന്നു. ഒരു ചുമട്ടുകാരനു ലഭിച്ചുവന്ന പ്രതിഫലം പോലും അവന്നു കിട്ടാറുണ്ടായിരുന്നില്ല. ഒരു നല്ല നടനാവുന്നതിനുള്ള പ്രയാസമോ? കുഞ്ഞനുണ്ണി എന്ന പ്രസിദ്ധ നടൻ പന്ത്രണ്ടു കൊല്ലം കച്ചകെട്ടി അഭ്യസിച്ചതിന്റെ ശേഷമാണത്രേ അരങ്ങേറ്റം കഴിച്ചതു്. ഇതുകൊണ്ടു വല്ലതും ആയോ? നല്ല ബുദ്ധിമാനായ ഒരുവനു് സൎവകലാശാലാബിരുദം സമ്പാദിക്കാൻ വേണ്ടി വരുന്ന കാലം മുഴുവനും ചവിട്ടും തിരുമ്മും ഒക്കേ ആയിട്ടു കഴിച്ചാലും ഒരു നല്ല നടനാവാൻ കഴിയുന്നില്ല. അതു പോകട്ടെ, നല്ല രസവാസനയും മെയ് സ്വാധീനവും മുദ്രക്കൈയ്യും ഒക്കേ ഉണ്ടായിരുന്നാൽ പോരാ,
‘നഗരീതിസാലപരിവേഷാകലിത-
നഗരീനിവാസാദമീഷാം–ഇഹ-
ന ഗരീയസീ പ്രീതിരസ്മാകമേഷാ’
എന്നിങ്ങനേയുളള കഠിനപദങ്ങളെ ആടുകയും,
‘നഗരീതരസാ രഥിനാ-
മപഹർത്രാ കീൎത്ത ിമാശു തരസാ രഥിനാ’
ഇത്തരത്തിലുള്ള ശ്ലോകങ്ങളുടെ അൎത്ഥ ം ഗ്രഹിച്ചിരിക്കയും വേണം. നല്ല പാണ്ഡിത്യമില്ലാത്തവർ ആട്ടക്കാരായ് വന്നിട്ടു കാര്യമില്ലെന്നു വിചാരിച്ചുതന്നെയായിരിക്കണം കവികൾ ഈ കഥകൾ രചിച്ചിട്ടുള്ളതു്. അഥവാ അല്പം ഒന്നു തെറ്റിആടിപ്പോയാൽ, കണ്ണുരുട്ടാൻ രംഗസ്ഥിതന്മാർ ഉണ്ടായിരിക്കയും ചെയ്യും. വലിയ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് കേവലം വിദ്യാൎത്ഥ ി ആയിരുന്ന കാലത്തു് ഒരുദിവസം തിരുവനന്തപുരത്തു വച്ചു് അംബരീഷചരിതം കഥ നടന്നുകൊണ്ടിരിക്കവേ, അംബരീഷന്റെ പാൎട്ടുകെട്ടിയിരുന്ന വ്യുൽപന്നനായ കൊച്ചുകൃഷ്ണപ്പണിക്കർ കനകരുചി രുച്യംഗിമാരെ എന്നതിനു പകരം കനകരുചി രുച്യംഗിമാരെ എന്ന കൈ കാണിച്ചുപോയി. പിറ്റേദിവസം പാഠം തുടങ്ങുന്നതിനു മുമ്പു് ഗുരുവായ രാജരാജവൎമ്മ കോയിത്തമ്പുരാൻ ചോദിച്ചു: “ഇന്നലെ പണിക്കർ ശരിയായിട്ടാണോ ആടിയതു്?” അതിനു് ആ കൊച്ചുതിരുമേനി ‘രുചിരാംഗിമാരെ’ എന്നതിനു പകരം ‘രുച്യംഗിമാരെ’ എന്നാണു കാണിച്ചതു് എന്നു മറുപടിയും പറഞ്ഞു. ഇങ്ങനെയുള്ള ചില്ലറ സ്ഖലിതങ്ങൾപോലും കണ്ടുപിടിക്കാൻ കെല്പുണ്ടായിരുന്ന സദസ്യരാൽ അലംകൃതമായ രംഗങ്ങളിൽ ആണു് കഥകളി പണ്ടൊക്കെ അഭിനയിച്ചു വന്നതു്. ഇതൊക്കെ ആലോചിക്കുമ്പോൾ കഥകളിക്കാർ കേവലം പണം മോഹിച്ചല്ല ആട്ടത്തിനു വേഷം കെട്ടാറുണ്ടായിരുന്നതെന്നു് നമുക്കു് മനസ്സിലാക്കാം. പിന്നെ എന്താണു് പ്രയോജനം?
‘പ്രയോജനമനുദ്ദിശ്യ ന മന്ദോഽപ്രവൎത്ത തേ’
എന്നാണല്ലോ അഭിയുക്തവചനം. വാസ്തവത്തിൽ ഈ കലോപാസകന്മാർ ‘നാട്യം ഭിന്നരുചേൎജനസ്യ ബഹുധാപ്യേകം സമാരാധനം’ എന്ന കാളിദാസവാക്യത്തെ സമാദരിച്ചു് ലോകസമാരാധാനമാണു് നിൎവഹിച്ചുവന്നതു്. രാജാക്കന്മാരുടേയും പ്രഭുജനങ്ങളുടേയും പ്രീതിബഹുമാനങ്ങൾ മാത്രമായിരുന്നു അവർക്കു് ലഭിച്ച പ്രതിഫലം. ഒന്നാലോചിച്ചു നോക്കുമ്പോൾ ഇവർ ധന്യന്മാരാണു്. രാവണനെക്കാളും പ്രതാപം കാണിച്ചുവന്ന ഉദ്യോഗസ്ഥന്മാരും മറ്റും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ലേ? അവരുടെ പേരുകൾ ചരിത്രങ്ങളിൽ പോലും കാണാതിരിക്കുന്ന സ്ഥിതിയ്ക്കു്, നാട്ടുംപുറങ്ങളിൽ ഉള്ളവർകൂടി ഭക്തിപുരസ്സരം ഇന്നും സ്മരിച്ചുവരുന്ന ഈ ആട്ടക്കാർ ‘പവിത്രചരിത്ര’ന്മാരല്ലെന്നു് എങ്ങനെ പറയാം? ഇക്കാലത്തും ഈശ്വരപിള്ളവിചാരിപ്പുകാരുടെ പേരു് കന്യാകുമാരിമുതൽ ഗോകൎണ്ണംവരെയുള്ളവർ മറന്നിട്ടില്ലല്ലോ.
അഭിജാതന്മാരും അഭിരൂപന്മാരും ആയുള്ള നടന്മാർ മാത്രമാണു് പഴയകാലത്തു് കഥകളിയിലെ ആദ്യവസാനവേഷക്കാരായിരുന്നിട്ടുള്ളതു്. അതാണു് കഥകളിയുടെ വിലയ്ക്കും നിലയ്ക്കും പ്രധാനഹേതു. നിവാതകവചവധം കഥയെപ്പറ്റിയുള്ള ഒരു ഐതിഹ്യം ഇവിടെ പ്രസ്താവിക്കാം.
ഇക്കഥ അരങ്ങേറ്റം കഴിഞ്ഞുവെന്നു കേട്ടു് കോഴിക്കോട്ടു സാമൂതിരി അതു മുഴുവനും തോന്നിച്ചിട്ടുള്ള ഒരു സംഘക്കാരെ വരുത്തി ആടിച്ചുനോക്കി. ഉൎവശിയുടെ ആദ്യത്തെ പദത്തിൽ ഒരു ഖണ്ഡം ആടിക്കഴിഞ്ഞപ്പോൾ തമ്പുരാൻ പള്ളിയറ വാതിലടച്ചു് പള്ളിക്കുറുപ്പിനു് എഴുന്നള്ളി. പിന്നെ വേറൊരു കഥകളിസംഘക്കാരെക്കൊണ്ടു് ആടിച്ചുനോക്കി. അന്നത്തെ സ്ഥിതിയും അതുതന്നെ. ഇങ്ങനെ പലവട്ടമായപ്പോൾ തെക്കൻകോട്ടയത്തു തമ്പുരാൻ ഈ വിവരം അറിഞ്ഞു് ഒരു സംഘക്കാരെ വരുത്തീട്ടു് ‘നിങ്ങൾ കോഴിക്കോട്ടുസാമൂതിരി കോവിലകത്തു ചെല്ലണം. നിവാതകവചം ആടാൻ കല്പിക്കും. നിങ്ങൾ ആരംഭിച്ചുകൊള്ളണം. ഉൎവശിയുടെ വേഷം ഞാൻ കെട്ടിക്കൊള്ളാം. പക്ഷേ അക്കാര്യം ആരോടും മിണ്ടിപ്പോകരുതു്’ എന്നു ചട്ടംകെട്ടി അയച്ചു. കഥ മുറയ്ക്കു തുടങ്ങി. ഉൎവശിയുടെ ആട്ടം ആരംഭിച്ചു. അന്നു് സാമൂതിരിപ്പാടു് പതിവിനെ ലംഘിച്ചു് ആട്ടം കണ്ടുകൊണ്ടിരുന്നു. ഉൎവശിയുടെ ആട്ടം തീൎന്നപ്പോൾ സാമൂതിരിപ്പാടു് ആ വേഷം കെട്ടിയ ആളിനെ വിളിച്ചുകൊണ്ടുവരാൻ ആജ്ഞാപിച്ചു. അദ്ദേഹം അവിടെ ചെന്ന മാത്രയിൽ സാമൂതിരി എണീറ്റു് ‘കോട്ടയത്തുനിന്നല്ലേ?’ എന്നു ചോദിച്ചു. ‘അതേ’ എന്ന മറുപടി കേട്ടു പ്രസന്നനായിട്ടു് ‘ഉൎവശിയുടെ പദം ശരിയായി ആടിക്കണ്ടാൽ കൊള്ളാമെന്നു് വളരെക്കാലമായി ആശിച്ചിരുന്നു. ഇന്നു ഫലിച്ചു’ എന്നു പറയുകയും കോട്ടയം രാജാവിനെ വേണ്ടപോലെ ഉപചരിക്കയും ചെയ്തുവത്രേ. രാജാക്കന്മാർപോലും കച്ച കെട്ടി അഭ്യാസം നടത്തിവന്നുവെന്നുള്ളതിനു് ഇതൊരു തെളിവാണു്. പാലക്കാട്ടു രാജവംശ്യനായ വിദ്വാൻ കൊമ്പിഅച്ചൻ കഥകളി ശാസ്ത്രീയമായി അഭ്യസിച്ചിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടല്ലോ.
സ്ത്രീകൾപോലും കഥകളിയിൽ വേഷം കെട്ടാറുണ്ടായിരുന്നു. ഉത്രംതിരുനാൾ തമ്പുരാന്റെ കാലത്തിനു ശേഷം ഏകദേശം ൮൩-ാമാണ്ടുവരെ തിരുവനന്തപുരം കൊട്ടാരംവക കഥകളിയോഗത്തിൽ സ്ത്രീകൾ ഭാഗഭാക്കുകളായിരുന്നു. അവരിൽ ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണു് തോന്നുന്നതു്. ഭഗവതിയമ്മ, കാൎത്ത ്യായനിഅമ്മ എന്ന രണ്ടു സ്ത്രീകളെ ഞാൻ ഇപ്പോഴും ഓൎക്കു ന്നുണ്ടു്.
ഉത്രംതിരുനാൾ തമ്പുരാന്റെ കഥകളിയോഗം അന്നു് കേരളമൊട്ടുക്കു് പ്രസിദ്ധമായിരുന്നു. അതിന്റെ മേൽനോട്ടം വഹിച്ചിരുന്നതു് വിളായിക്കോട്ടുനമ്പൂരി എന്ന ശാസ്ത്രജ്ഞനായിരുന്നു. കുടമാളൂർക്കാരനായ ആ നമ്പൂരിക്കു് തിരുമനസ്സുകൊണ്ടു് ശ്രീകണ്ഠേശ്വരത്തിനു സമീപം ഒരു മഠവും പണിയിച്ചു കൊടുക്കയുണ്ടായി. ആ യോഗത്തിൽ ആളെടുക്കുന്ന രീതി വളരെ രസകരമായിരുന്നു. ആരെങ്കിലും അതിലേക്കു് അപേക്ഷിച്ചെങ്കിൽ അയാളെ ചുട്ടികുത്തി തിരുമുമ്പിൽ ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. നല്ല വേഷച്ചേൎച്ചയുണ്ടെന്നു് തിരുമനസ്സിലേക്കു തൃപ്തി വന്നാലെ അയാളെ യോഗത്തിൽ ചേൎക്കുമായിരുന്നുള്ളു.
ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ട നടന്മാരുടെ നടുനായകം തിരുമനസ്സിലെ സേവകനായ ഈശ്വരപിള്ള വിചാരിപ്പുകാരായിരുന്നു. മറ്റുള്ള പ്രമാണികൾ പുത്തൻ കൊച്ചുകൃഷ്ണപിള്ള, പഴയ കൊച്ചുകൃഷ്ണപിള്ള, പഴവങ്ങാടി നാണുപിള്ള അഥവാ ദമയന്തി നാണുപിള്ള, നളനുണ്ണി, ഇട്ടിച്ചേന്നപ്പണിക്കർ, കൊച്ചയ്യപ്പണിക്കർ, വലിയയ്യപ്പണിക്കർ, ഭീമൻ പരമുപിള്ള മുതലായവരായിരുന്നു.
ഈശ്വരപിള്ള ശരിയായ വിധത്തിൽ കച്ചകെട്ടി അഭ്യസിച്ചതിനു പുറമേ അമ്മനൂർ പരമേശ്വരചാക്യാരുടെ അടുക്കൽനിന്നു് അഭിനയവിദ്യയുടെ മൎമ്മങ്ങളും ഗ്രഹിച്ചു. തിരുമനസ്സുകൊണ്ടു് അദ്ദേഹത്തിനായി കോട്ടയ്ക്കകത്തു് ഒരു പുരയിടം വയ്പിച്ചു കൊടുത്തു. അതാണു് പ്രസിദ്ധമായ പുന്നയ്ക്കൽവീടു്.
ഈശ്വരപിള്ളയുടെ കൈലാസോദ്ധാരണം, വനവൎണ്ണന മുതലായവ സുപ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയചാതുരിയെ കാണിക്കുന്ന ഒരു സംഭവം പറയാം. തിരുമനസ്സിലെ ഉപദേശം അനുസരിച്ചു് അദ്ദേഹം തന്റെ മകളെ ദമയന്തി നാണുപിള്ളയ്ക്കു് സംബന്ധംചെയ്തു കൊടുത്തു. ഈ വിവാഹം വിദുഷിയായ ഗൗരിക്കുട്ടിഅമ്മയ്ക്കു് തീരെ രസിച്ചില്ല. വിവാഹമോചനത്തിനു് പല വഴിയും വിചാരിപ്പുകാർ ആലോചിച്ചുനോക്കി. അങ്ങനെ ഇരിക്കേ ഒരു ദിവസം കൊട്ടാരത്തിൽ ദക്ഷയാഗം കഥ ആടേണ്ടതായ്‍വന്നു. വിചാരിപ്പുകാരാകട്ടെ,
‘അറിയാതെ മമ പുത്രിയെ നൽകിയ-
തനുചിതമായിതെടോ’
എന്ന ഭാഗത്തെ സ്വാനുഭൂതി കലൎത്ത ി വിസ്തരിച്ചു് ആടി, തിരുമനസ്സിലേക്കു് കാര്യം മനസ്സിലായി. അടുത്ത ദിവസം തമ്പുരാൻ നാണുപിള്ളയെ വിളിച്ചു് ‘നാണു സംബന്ധമുറയ്ക്കു് ഇനി ഗൗരിക്കുട്ടിയുടെ വീട്ടിൽ പോകേണ്ട’ എന്നു കല്പിക്കയും ചെയ്തു.
‘ഈച്ചരപിള്ളയെന്നു വിളികൊണ്ടീടും വിചാരിപ്പുകാർ’ അക്കാലത്തെ നടന്മാരിൽ വച്ചു് അഗ്രഗണ്യൻതന്നെയായിരുന്നു. അദ്ദേഹത്തിന്റെ നളനും, സുന്ദരബ്രാഹ്മണനും വളരെ കേൾവിപ്പെട്ടിരിക്കുന്നു. പഴവങ്ങാടി നാണുപിള്ളയുടെ ദമയന്തിയായിരുന്നു പ്രസിദ്ധം. നളനുണ്ണി എന്ന പേരുകൊണ്ടു തന്നെ നളൻ കെട്ടാൻ അദ്ദേഹത്തിനുണ്ടായിരുന്ന സാമൎത്ഥ ്യം ഗ്രഹിക്കാം. എന്നാൽ ഏതു വേഷത്തിലും വിശേഷിച്ചു്, കത്തി, വെള്ള ഇവയിൽ അദ്ദേഹം അതിശയനേ ശോഭിച്ചിരുന്നു.
ഈശ്വരപിള്ളയെ ഒരിക്കൽ തോല്പിച്ച ഒരു വിദ്വാനാണു് പപ്പുപിള്ള. ഒരുദിവസം പപ്പുപിള്ള വന്നിരിക്കുന്നതായി വിചാരിപ്പുകാർ തിരുമനസ്സറിയിച്ചു. അവിടുത്തെ ആജ്ഞ അനുസരിച്ചു് പപ്പുപിള്ളയെ വരുത്തി. തിരുമനസ്സുകൊണ്ടുതന്നെ കഥയും വേഷവും നിശ്ചയിച്ചു. നിവാതകവചവധത്തിലെ അൎജ്ജു നൻ വിചാരിപ്പുകാരും, ഇന്ദ്രൻ പപ്പുപിള്ളയും ആകട്ടേ എന്നായിരുന്നു കല്പന. പക്ഷേ ബുദ്ധിമാനായ പപ്പുപിള്ളയ്ക്കു് കാര്യം മനസ്സിലായി. ഇന്ദ്രനു് ആടാൻ ഒന്നുമില്ലല്ലോ. അവിടുത്തേ വാത്സല്യപാത്രമായ ‘ഈച്ചര’നെ കവിഞ്ഞു് ആരും വരരുതെന്നായിരുന്നു തിരുമനസ്സിലെ ആശയം.
പപ്പുപിള്ള ഇന്ദ്രന്റെ വേഷം കെട്ടി രംഗത്തിൽ വന്നു. അൎജ്ജു നൻ പ്രവേശിച്ചു. മകനല്ലേ–അതും ചിരകാലമായി കാണ്മാൻ മോഹിച്ചിരുന്ന മകനല്ലേ വന്നതു്? വാത്സല്യനിൎഭരമായ ഒരു നോട്ടം. മുടി മുതൽ അടിവരെയും അടി മുതൽ മുടിവരെയും ഒന്നു രണ്ടു പ്രാവശ്യം നോക്കുന്നു. അനന്തരം എണീറ്റു് ഓടിച്ചെന്നു് പുത്രനെ ആശ്ലേഷിച്ചു് മടിയിൽ പിടിച്ചിരുത്തുന്നു. കുശലപ്രശ്നങ്ങൾ ചിലതെല്ലാം മുറയ്ക്കു കഴിക്കുന്നു. “അഹോ, എത്ര നാളായി നിന്നെക്കാണ്മാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എന്റെ നേത്രങ്ങൾ സഫലമായി. ഇനി ഇവിടെയുള്ള വിശേഷങ്ങൾ കാണിച്ചുതരാം, വരൂ” എന്നു പറഞ്ഞു് സ്വൎഗ്ഗവൎണ്ണന ആരംഭിക്കുന്നു. പാവം! വിചാരിപ്പുകാർ വായും പൊത്തി നിന്നു് വല്ലാതെ വിഷമിക്കുന്നു. മണിക്കൂർ ഒന്നു രണ്ടു കഴിയുന്നു. ഈ ഘട്ടത്തിലാണു് ‘മതിചുരുക്കിക്കളയാം’ എന്നു കല്പന വരുന്നതു്. അങ്ങനെ വിചാരിപ്പുകാർ രക്ഷപ്പെടുന്നു.
അടുത്ത ദിവസം ‘അവനൊരു ധിക്കാരിയാണു്’ എന്നു് തിരുമനസ്സുകൊണ്ടു കല്പിച്ചു. ‘അദ്ദേഹമാണു് ആട്ടക്കാരൻ’ എന്നു് ഈശ്വരപിള്ള അറിയിക്കയാൽ പപ്പുപിള്ളയ്ക്കു് അവിടുന്നു് തക്ക സമ്മാനങ്ങൾ കല്പിച്ചു കൊടുത്തുവത്രേ.
നളനുണ്ണിയ്ക്കു് എല്ലാ വേഷങ്ങളും കെട്ടാൻ കഴിയുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നളൻ ആണു് പ്രസിദ്ധമായിരുന്നതു്. നളചരിതത്തിലെ നളൻ ആടി ഫലിപ്പിക്കാൻ വളരെ വിഷമമാണു്.
‘ജാനേ പുഷ്കര തേ തത്വം മുന്നേ
പ്രാഗത്ഭ്യം നന്നേ’
എന്ന പദം ആടുന്നു എന്നു വിചാരിക്കുക. ഇവിടെ ‘താനേതൊരുത്തനെന്നു ചിന്തയ’ ഇത്യാദി ഭാഗങ്ങളിൽ ശാന്തഭാവവും, ‘ജളപ്രഭോ’ എന്നിടത്തു് ഹാസ്യവും, ‘ചതിപ്പതിനിന്നിവനാഗതനായി’ എന്നിടത്തു കോപവും ‘രതിപ്രഭേ’ എന്ന ദിക്കിൽ ശൃംഗാരവും അഭിനയിക്കണം. ഇതുപോലുള്ള ഘട്ടങ്ങൾ പലതുമുണ്ടു്.
കുറുച്ചി കൃഷ്ണപിള്ളയും ഇക്കാലത്തെ പ്രസിദ്ധ നടന്മാരിൽ ഒരാളായിരുന്നു. എന്നാൽ കാലകേയവധത്തിലെ അർജ്ജുനനാണു് പ്രസിദ്ധി. അദ്ദേഹത്തിന്റെ സലജ്ജോഹാഭിനയത്തെപ്പറ്റി പഴവന്മാർ ഇന്നും വാഴ്ത്തിപ്പറയുന്നു. ചേൎത്ത ല രാമപ്പണിക്കരെ രാവണപ്പണിക്കരെന്നാണു് വിളിക്കാറുണ്ടായിരുന്നതു്. ഇത്ര രംഗശ്രീയും വേഷചേർച്ചയും ഉള്ള ഒരുവൻ ‘നഭൂതോ ന ഭവിഷ്യതി’ എന്നു തന്നെ പറയാം. സാക്ഷാൽ രാവണന്റെ അട്ടഹാസം പോലും അദ്ദേഹത്തിന്റെ അട്ടഹാസത്തോടു് കിടയാകുമായിരുന്നില്ലത്രേ. രാമപ്പണിക്കൎക്കു ് വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു. അവരിൽ നാരദൻകൎത്ത ാവിന്റെ പേരു് പ്രത്യേകം സ്മരണീയമാകുന്നു. അദ്ദേഹത്തിന്റെ കുചേലനെ കണ്ടാൽ സാക്ഷാൽ കുചേലൻ ലജ്ജിച്ചു തല താഴ്ത്തിപ്പോകുമായിരുന്നത്രേ. അതുപോലെ തന്നെ ബകവധത്തിലെ ആശാരി, ദുര്യോധനവധത്തിലെ ഭീമൻ മുതലായവയും അതിപ്രസിദ്ധമാണു്.
ഇവരെല്ലാം വഞ്ചിനാട്ടുകാരാണല്ലോ. തെക്കും വടക്കും ഒരുപോലെ പ്രസിദ്ധരായ ചില നടന്മാരും ഉണ്ടായിരുന്നു. അവരിൽ തകഴി കേശവക്കുറുപ്പു്, കുഞ്ഞനുണ്ണി, രാമവാരിയർ, പപ്പുപിള്ള ആശാൻ ഇവരായിരുന്നു പ്രധാനികൾ. രാമവാരിയരുടെ ഹനൂമാൻ, വൃദ്ധബ്രാഹ്മണൻ, ദുൎവാസാവു് ഇവി കണ്ടിട്ടില്ലാത്തവർ ഭാഗ്യഹീനരാണെന്നു് ഒരു സരസൻ പ്രസ്താവിച്ചു കേട്ടിട്ടുണ്ടു്. പപ്പുപ്പിള്ളയ്ക്കു് എല്ലാ വേഷങ്ങളും ആവാമായിരുന്നു എങ്കിലും കരിപ്പപ്പു എന്നായിരുന്നു പ്രസിദ്ധിയ തകഴി കേശവക്കുറുപ്പിന്റെ നടനവൈദഗ്ദ്ധ്യത്തെപ്പറ്റി ഒരു കവി,
‘മാടക്ഷിതീശ്വരകൃപാമൃതവാരിരാശി
പ്രോദ്ഭൂതചാരുതരനാട്യകലാകലാപഃ
ശ്രീകേശവേന്ദുരഖിലാക്ഷിചകോരകാണാം
പ്രീതിം തനോത്യനുപദം ത്രിദശൈകലഭ്യാം.’
എന്നു വാഴ്ത്തീട്ടുള്ളതിൽനിന്നു് നമുക്കു് മനസ്സിലാക്കാം.
ഇനി തനിവടക്കൻകഥകളിക്കാരിൽ ചിലരെപ്പറ്റി പ്രസ്താവിക്കാം. കപ്പിളിങ്ങാടന്റെ ശിഷ്യവൎഗ്ഗത്തിൽപ്പെട്ട കെങ്കൻ നമ്പ്യാരും, കുഞ്ഞിക്കിട്ടമേനോനും കടത്തനാട്ടു രാജാവിന്റെ കഥകളിയോഗത്തിൽ ഉൾപ്പെട്ടവരായിരുന്നു. അവരുടെ ഗുരുവായിരുന്ന കൃഷ്ണപ്പണിക്കർ വളരെ പ്രസിദ്ധനായിരുന്നത്രേ. ൯൮൪-ൽ വാഴ്ച തുടങ്ങിയ കൊച്ചീ വീരകേരളവൎമ്മതമ്പുരാൻ അവരെ കൊച്ചിയിൽ വരുത്തിയിട്ടു് അവിടുത്തെ കഥകളിയോഗം പരിഷ്കരിച്ചു. കെങ്കൻനമ്പ്യാരുടെ ഹനൂമാനും മേനോന്റെ ഭീമനും വിശ്രുതങ്ങളായിരുന്നു. അതുപോലെ തന്നെ വെള്ളാട്ടു നാണുപ്പണിക്കർ, അമ്പാട്ടു ശങ്കരമേനവൻ, ഇട്യാൎശ മേനോൻ ഇവരും പ്രസിദ്ധന്മാരായിരുന്നു. കുഞ്ഞുകൃഷ്ണപ്പണിക്കരുടെ അൎജ്ജു നനും (നിവാതകവചത്തിലെ), ഹനൂമാനും (കല്യാണസൗഗന്ധികത്തിലെ), ശങ്കരമേനോന്റെ കീചകനും നിസ്തുലങ്ങളായിരുന്നത്രേ. ഇട്യാൎശ മേനോൻ പച്ചവേഷത്തിലും ശൃംഗാരത്തിലും ആയിരുന്നു അതിശയിച്ചതു്. സുഭദ്രാഹരണത്തിലെ അൎജ്ജു നൻ കെട്ടുന്നതിനു് അദ്ദേഹത്തിനോടു കിടപിടിക്കാൻ ആരും അക്കാലത്തുണ്ടായിരുന്നില്ലത്രേ.
ഇവരുടെ ഒക്കേ കാലശേഷവും തെക്കും വടക്കും നടന്മാർ പലരും ഉണ്ടായിട്ടുണ്ടു്. ആയില്യംതിരുനാൾ തമ്പുരാന്റേയും വിശാഖംതിരുനാൾ തിരുമനസ്സിലേയും കാലത്തു് തിരുവനന്തപുരത്തെ കളിയോഗം പരിഷ്കരിക്കപ്പെട്ടു. പപ്പുപിള്ള വിചാരിപ്പുകാർ കൊല്ലം രാമൻപിള്ള എന്ന പ്രസിദ്ധനടനെ വരുത്തി കഥകളിആശാനായി നിയമിച്ചു. അദ്ദേഹമാണു് തിരുവല്ലാ കുഞ്ഞുപിള്ള മുതലായ നല്ല നടന്മാരെ തിരുവനന്തപുരത്തു വരുത്തിയതു്. സ്ത്രീകളെ കഥകളിയ്ക്കു് അഭ്യസിപ്പിച്ചതും അദ്ദേഹമായിരുന്നു. തിരുവല്ലാ കുഞ്ഞുപിള്ളയുടേയും തകഴി പാച്ചുപിള്ളയുടേയും ലളിതവേഷം അതിമനോഹരമായിരുന്നു. തകഴി വലിയ നീലകണ്ഠപ്പിള്ള എന്ന പ്രസിദ്ധനടന്റെ ഭാഗിനേയനായ കൊച്ചുനീലകണ്ഠപ്പിള്ളയെ ഇവിടെ വരുത്തിയതും പ്രസ്തുത രാമൻപിള്ളയായിരുന്നു. ഏതുവേഷത്തിലും കൊച്ചുനീലകണ്ഠപ്പിള്ള അദ്വിതീയനുമായിരുന്നു. തിരുവനന്തപുരം കഥകളിയോഗത്തിൽ വളരെക്കാലം ആശാനായിരുന്ന ശേഷമാണു് ആ നീലകണ്ഠപ്പിള്ള മരിച്ചതു്. പിന്നീടായിരുന്നു ആറ്റുങ്ങൽ മാതുപിള്ള ആ സ്ഥാനത്തു നിയമിക്കപ്പെട്ടതു്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കരെപ്പറ്റി കേട്ടിട്ടില്ലാത്തവർ തെക്കും വടക്കും ഉണ്ടെന്നു തോന്നുന്നില്ല. അതുപോലെ തന്നെ ഹനൂമാൻ കിട്ടുപിള്ള, ഭീമൻ പരമുപിള്ള, കണ്ണമംഗലം ശങ്കരപ്പിള്ള, കരിപ്പുഴ വേലുപ്പിള്ള, പണ്ഡിതവരേണ്യനായ ജീ. രാമകൃഷ്ണപിള്ള എം. ഏ. അവൎകളുടെ പിതാവും മഹാവിദ്വാനുമായിരുന്ന കുട്ടപ്പിഷാരടി (രാഘവപ്പിഷാരടി) ഇവരും സുപ്രസിദ്ധ നടന്മാരായിരുന്നു. ഇപ്പോഴും നല്ല നടന്മാരില്ലെന്നു പറഞ്ഞുകൂട. കീരിക്കാട്ടു വേലുപ്പിള്ള മിക്കവാറും കളി നിൎത്ത ിയെന്നു തോന്നുന്നു. ചെങ്ങന്നൂർ രാമൻപിള്ളയും കുഞ്ഞൻപണിക്കരും മാങ്കുളം പോറ്റിയും നല്ല മനോധൎമ്മത്തോടുകൂടി ആടും. തോട്ടൻ പോറ്റിയും തകഴി കുഞ്ചുക്കുറുപ്പും അഖിലകേരളപ്രശസ്തി പെറ്റ വലിയ നടന്മാരുമാണല്ലോ.
ഈ അവസരത്തിൽ പാട്ടുകാരെപ്പറ്റിയും രണ്ടു വാക്കു പറയാതിരിക്കുന്നതു ശരിയല്ല. കഥകളിയിൽ പാട്ടുകാൎക്കു ് വലുതായ ഒരു സ്ഥാനമാണു് കല്പിച്ചിരിക്കുന്നതു്. മിക്ക പാട്ടുകാരും അപശ്രുതിയായിട്ടും പദങ്ങളെ ഒടിച്ചു മടക്കിയും തരംപോലെ അക്ഷരങ്ങളെ വിഴുങ്ങിയും പാടാറുള്ളതുകൊണ്ടു് അവരെപ്പറ്റി വളരെപ്പുച്ഛം ആളുകൾക്കുണ്ടു്. എന്നാൽ അതു് കഥ കളിപ്പാട്ടുകളുടെ ദോഷമല്ല. ത്യാഗരാജകൃതികളും മറ്റും പാടിക്കേൾക്കുമ്പോൾ ഉണ്ടാകുന്ന രസം നല്ല ഗായകന്മാർ പാടിയാൽ കഥകളിപ്പാട്ടിൽനിന്നും ഉണ്ടാകാം. അപ്പുക്കുട്ടൻഭാഗവതർ, ഹരിഹരഭാഗവതർ, നെമ്മാറ മാധവമേനോൻ എന്നിങ്ങനെ പഴേകാലത്തും, കേശവമേനോൻ, മാവേലിക്കര ഉണ്ണിത്താൻ തുടങ്ങിയവർ ഇന്നും പ്രസിദ്ധരായിട്ടുണ്ടല്ലോ.
കഥകളിയുടെ വിജയത്തിനു് ഭാഗവതന്മാരുടെ സഹായം അത്യന്താപേക്ഷിതമാണു്. പാട്ടിനു് പൊന്നാനി, ശങ്കിടി എന്നു രണ്ടുപേർ ആവശ്യമുള്ളതിൽ, പൊന്നാനിയുടെ ചുമതല ബഹുമുഖമാകുന്നു. അയാൾ വെറും പാട്ടുകാരനായിരുന്നാൽ പോര. നല്ല അഭിനയയുക്തിയും, മുദ്രക്കൈകളെപ്പറ്റിയുള്ള ജ്ഞാനവും, ശ്ലോകങ്ങളുടേയും പദങ്ങളുടേയും അർത്ഥം ഗ്രഹിക്കത്തക്കവണ്ണമുള്ള വൈദുഷിയും അയാൾക്കു് അവശ്യം ഉണ്ടായിരിക്കണം. രംഗവും നേപഥ്യവും സംബന്ധിച്ച ചുമതലകൾ വഹിക്കുക, അരങ്ങു മുഷിപ്പിക്കാതെ യഥാകാലം നടന്മാരെ രംഗത്തിൽ പ്രവേശിപ്പിക്കുക, നടനു് വല്ല സ്ഖലിതവും നേരിട്ടാൽ ചെവിയിൽ മന്ത്രിച്ചു് അയാളെക്കൊണ്ടു് യഥാവിധി ആടിപ്പിക്കുക മുതലായവ പൊന്നാനിയുടെ കൎത്ത വ്യമാണു്. ചിലപ്പോഴൊക്കെ അയാളുടെ ചേങ്കലക്കോൽ ആട്ടക്കാരന്റെ പുറത്തായിരിക്കും പതിക്കുന്നതു്. എല്ലാറ്റിനും പുറമേ പാട്ടു മോശമായാൽ കളിയും നന്നാകയില്ലല്ലോ.
ചെണ്ടക്കാരെ ഒരുമാതിരി ശല്യമായിട്ടാണു് ഇന്നു പലരും കരുതിവരുന്നതു്. ‘ചെണ്ടയില്ലെങ്കിൽ ചാടാൻ കഴികയില്ലായിരിക്കാം. അങ്ങനെയാണെങ്കിൽ ചാടേണ്ടെന്നു വയ്ക്കുകയാണു് ഭേദം.’ എന്നൊരു വിമൎശകൻ പറഞ്ഞിട്ടുള്ളതായി ഓൎക്കുന്നു. ചെണ്ട കൂടാതെ ആട്ടം നടത്താവുന്നതല്ലാത്ത സ്ഥിതിക്കു് ഈ അഭിപ്രായം ആദരണീയമേ അല്ല. എന്നാൽ ചെണ്ടയെ എന്തിനു ദുഷിക്കുന്നു? ചില മൃദംഗക്കാർ മൃദംഗം വായിക്കുന്നതിനു പകരം കൊട്ടിത്തകൎത്തു ് സംഗീതത്തെ കൊല്ലാറില്ലയോ? അതു് മൃദംഗത്തിന്റെ ന്യൂനതയാണോ? പാലക്കാട്ടു മണിയെപ്പോലുള്ളവർ മൃദംഗം വായിക്കുന്നതു കേൾപ്പാൻ എത്ര രസമായിരിക്കുന്നു! അതുപോലെ ചെണ്ടയും വായിപ്പാൻ കഴിയുമെന്നു് മുണ്ടപ്പള്ളി കൃഷ്ണമാരാരുടേയും അരിപ്പാട്ടു മാധവപ്പണിക്കരുടേയും വായന കേട്ടിട്ടുള്ളവർ സമ്മതിക്കും. ചെണ്ടകൊട്ടാണു് കൎണ്ണശൂലമായിരിക്കുന്നതു്; ചെണ്ടവായന നേരേ മറിച്ചു് വളരെ ഹൃദ്യമായിരിക്കും. അതുകൊണ്ടു് വല്ല പരിഷ്കാരവും ആവശ്യമുണ്ടെങ്കിൽ ആ വഴിക്കായിരിക്കണം. ലാസ്യതാണ്ഡവ രൂപങ്ങളായ രണ്ടുവിധ നൃത്തങ്ങളും കഥകളിയിൽ ഉള്ളതുകൊണ്ടു് ചെണ്ട അപരിത്യാജമാണു്. ആട്ടത്തിനു് ചെണ്ട, മദ്ദളം ഇവ പ്രയോഗിക്കുന്നവരുടെ സാമൎത്ഥ ്യം പ്രകാശിപ്പിക്കാനായ് മാത്രം “മഞ്ജുതര” എന്നൊന്നു ഘടിപ്പിച്ചിട്ടുമുണ്ടല്ലോ.
കഥകളിയിൽ നൃത്തവും അപരിത്യാജ്യമാണു്. യൂറോപ്പിലെ ‘Ballet Dance’ നോടു് കിടപിടിക്കുന്ന ഒരു നൃത്തവിശേഷമാണു് നാം കഥകളിയിൽ കാണുന്നതെന്നു് ഒരു ആസ്ത്രേലിയൻ നൃത്തവിദഗ്ദ്ധൻ പ്രസ്താവിക്കയുണ്ടായിട്ടുണ്ടു്. ഗോപിനാഥൻ, മാധവമേനോൻ തുടങ്ങിയവരും, തോട്ടൻപോറ്റിയുടെ ശിഷ്യന്മാരും മറ്റും വഴിക്കു് ഈ നൃത്തം വിശ്വവിഖ്യാതമായിത്തീൎന്നിട്ടുമുണ്ടല്ലോ.
കഥകളിയെ കാലോചിതമായി പരിഷ്കരിച്ചു് അഭിവൃദ്ധമാക്കുന്നതിനുവേണ്ടി വടക്കു് മഹാകവി വള്ളത്തോളും, തെക്കു് വി. കൃഷ്ണൻതമ്പി അവൎകളും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ തമ്പി അവർകളെ ഹതവിധി അപഹരിച്ചുകളഞ്ഞു. അതിനോടുകൂടി തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ കഥയും അവസാനിച്ചു. വള്ളത്തോളിന്റെ ‘കലാമണ്ഡലം’ ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്നു കാണുന്നതു് കേരളീയൎക്കു് അത്യന്തം ചാരിതാൎത്ഥ ്യജനകമായിരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രമം വിജയോന്മുഖമാക്കുവാൻ ഈശ്വരൻ കടാക്ഷിക്കട്ടെ!
15.75 കുറിപ്പുകൾ
[1] ഗിരിജാകല്യാണം.
[2] മി. പി. കെ. നാരായണപിള്ള
[3] ഈ അബദ്ധപ്രയോഗം അവധാനതനിമിത്തം വന്നുപോയതായിരിക്കണം. ഭവാൻ ശൃണു എന്നു് എഴുത്തച്ഛൻപോലും പ്രയോഗിച്ചുപോയിട്ടുണ്ടല്ലോ.
[4] ഇതിനെപ്പറ്റി ‘കുഞ്ചൻനമ്പ്യാർ’ എന്ന അദ്ധ്യായത്തിൽ വിവരിക്കും.
[5] മനമേ ഭവ സാഭിലാഷമിപ്പോൾ ഘനകേശീംപ്രതി സംശയങ്ങൾ തീൎന്നൂ കനലെന്നു നിനച്ചു പോയ നീതാ- നനഘം വക്ഷസി ധാര്യമായ രത്നം.
[6] എന്നാലാപമതോടു സമ്മിളിതമായൊന്നും കഥിക്കുന്നതി- ല്ലെന്നാലും ചെവി നല്കിടുന്നവഹിതാ സംഭാഷമാണേ മയി.
[7] ഏറ്റം കൈകൾ ചുകന്നുപോ……ഇത്യാദി ശാകുന്തളശ്ലോകം നോക്കുക.
[8] എല്ലാമെന്നെ നിനച്ചുപോൽ സ്വതയതേ തോന്നുന്നഹോ കാമിനാം.
ഭാഗം നാലു്
അധ്യായം 16
16. കുഞ്ചൻ നമ്പിയാർ
കേരളീയമഹാജനതയുടെ കവി എന്ന പേരിനെ സർവ്വഥാ അർഹിക്കുന്ന കുഞ്ചൻനമ്പ്യാരുടെ ജീവചരിത്രത്തിലേക്കു കടക്കുമ്പോൾ ആദ്യമായി നമുക്കു് സമ്മുഖമായിത്തീരുന്നതു് രാമപാണിവാദവാദമാകുന്നു. ഈ വാദത്തിന്റെ ചരിത്രം വളരെ രസാവഹമാണു്. തുള്ളൽകഥാകർത്താവായ നമ്പിയാർ സീതാരാഘവാദി സംസ്കൃതകൃതികളുടെ നിർമ്മാതാവായ രാമപാണിവാദനിൽനിന്നു് ഭിന്നനോ അഭിന്നനോ എന്നുള്ള പ്രശ്നത്തിനു് സമഗ്രമായ ഒരു സമാധാനം നിർദ്ദേശിക്കാൻ ആദ്യമായി ഒരുമ്പെട്ടതു് ഉള്ളൂർ എസ്സ്. പരമേശ്വരയ്യരവർകളാണെന്നു് ൧൧൦൯-ൽ പ്രസിദ്ധീകൃതമായ ‘കുഞ്ചൻനമ്പ്യാർ’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ തൽകർത്താവായ ബാലകൃഷ്ണവാരിയർ അവർകൾ പറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ എനിക്കു തെല്ലുപോലും വിസ്മയം തോന്നിയില്ല. എന്നാൽ ഈ പ്രശ്നം ആദ്യമായി സജ്ജനസമക്ഷം അവതരിപ്പിച്ചതു് ഞാനാണെന്നുള്ളതിനുവേണ്ട തെളിവുകളുണ്ടു്. ൧൧൦൪-ാമാണ്ടു് കോട്ടയ്ക്കൽ വച്ചു നടന്ന സാഹിത്യപരിഷത്തിൽ സാഹിത്യചരിത്രം രണ്ടാംഭാഗവും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. രണ്ടാം ദിവസത്തെ യോഗം നടന്നുകൊണ്ടിരിക്കേ, കാറ്റുുകൊള്ളാനായി ഞാനും മഹാകവി കുണ്ടൂർ നാരായണമേനോനുംകൂടി വെളിയിൽ ഇറങ്ങി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു് ഉള്ളൂർ പരമേശ്വരയ്യരവർകൾ അവിടെ വന്നു് സാഹിത്യചരിത്രത്തിന്റെ ഒരുപ്രതി എന്നോടു് ആവശ്യപ്പെടുകയും, ഞാൻ കച്ചവടക്കാരുടെ പക്കൽനിന്നും വാങ്ങിക്കൊടുക്കുകയും ചെയ്തു. ഒന്നു രണ്ടു ആഴ്ചവട്ടത്തിനകം അദ്ദേഹം ഒരു അഭിനന്ദനപത്രം അയച്ചുുതന്നതിനെ അച്ചടിപ്പിച്ചു് പുസ്തകത്തിന്റെ ബാക്കിപ്രതികളിൽ ഒട്ടിച്ചു ചേർത്തിട്ടുമുണ്ടു്. ഈ സംഭവങ്ങൾക്കു ശേഷമാണു് വടക്കുംകൂറിന്റെ രാമപാണിവാദലേഖനവും മഹാകവിയുടെ മറുപടിയും പ്രസിദ്ധീകൃതങ്ങളായതു്. ഇതിനൊക്കെ അപ്രതിഷേധ്യങ്ങളായ തെളിവുകൾ ഹാജരാക്കാൻ കഴിവുള്ളതുമാണു്.
രണ്ടാംഭാഗത്തിന്റെ ൫൮ മുതല്ക്കു ൬൦—വരെയുള്ള വശങ്ങളിൽ ഈ പ്രശ്നത്തെ ഞാൻ സജ്ജനസമക്ഷം ആവിർഭവിപ്പിച്ചിരുന്നു. അതു് വായിച്ചിരുന്നില്ല എന്നു പറഞ്ഞൊഴിയാനും നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിന്റെ കത്തിൽ “Allow me to convey to you my most cordial congratulations on the first and second volumes of your Monumental History of Malayalam Literature which I have just read through” എന്നു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഏതായിരുന്നാലും പരമേശരയ്യരവർകളുടെ ലേഖനം ൧൧൦൪-ലെ സാഹിത്യപരിഷത്തിനു ശേഷവും, സാഹിത്യചരിത്രത്തിലെ പ്രസ്തുതഭാഗം ൧൧൦൩ അവസാനത്തിലും അച്ചടിക്കപ്പെട്ടവ ആയതിനാൽ, ആദ്യമായി ഈ പ്രശ്നം കേരളീയസമക്ഷം ആവിർഭവിപ്പിച്ചതു് ആരെന്നുള്ളതിനെ സംബന്ധിച്ചു് തർക്കത്തിനവകാശമില്ല. ഇനി തെളിവിന്റെ സമഗ്രതയാണു് വിവക്ഷിതമെങ്കിൽ ഞാൻ ഹാജരാക്കിയിട്ടുള്ളതിൽ കൂടുതലായി യാതൊരു തെളിവും അദ്ദേഹം ഹാജരാക്കിയിട്ടില്ലതാനും.
ഞാൻ ഹാജരാക്കിയിരുന്ന തെളിവുകളിൽ ചിലതു് എന്റെ സ്വദേശിയും സതീർത്ഥ്യനും ആയ കല്യപ്പള്ളി ഗോപാലക്കുറുപ്പവർകളും, ഒന്നുരണ്ടെണ്ണം സുഹൃന്മണിയായ കോങ്ങോട്ടു കൃഷ്ണൻനായരവർകളും അയച്ചുതന്നതാണു്. ബാക്കിമാത്രമേ ഞാൻ കണ്ടുപിടിച്ചതായിട്ടുള്ളു. പക്ഷേ ഇത്തരം കണ്ടുപിടിത്തങ്ങളെപ്പറ്റി അഭിമാനിക്കാൻ എന്തിരിക്കുന്നു! അങ്ങനെയാണെങ്കിൽ അതിഗൂഢങ്ങളായിരുന്ന പ്രകൃതിനിയമങ്ങളും മറ്റും കണ്ടുപിടിച്ചു മനുഷ്യലോകത്തിന്റെ പുരോഗതി സുകരമാക്കിത്തീർത്തിട്ടുള്ള സർ ഐസക്‍ന്യൂട്ടണ്‍, എഡിസണ്‍ തുടങ്ങിയവർ അഭിമാനംകൊണ്ടു് വീർത്തു വീർത്തു പൊട്ടിത്തകർന്നുപോകണമായിരുന്നല്ലോ.
ഏതായിരുന്നാലും മി. പരമേശ്വരയ്യരുടെയും എന്റെയും സമാധാനങ്ങൾക്കു് സമഗ്രത വന്നിട്ടില്ലെന്നുള്ളതിനു് അടുത്തകാലത്തുണ്ടായ വാദകോലാഹലങ്ങൾതന്നെ ഒരു തെളിവാകുന്നു. അവയ്ക്കു സമഗ്രതയുണ്ടായിരുന്നെങ്കിൽ ഡാക്ടർ ഗോദവർമ്മയേപ്പോലുള്ള ഒരു മാന്യൻ എതിർവാദം പുറപ്പെടുവിക്കുമായിരുന്നില്ലല്ലോ. കുഞ്ചൻ നമ്പിയാരുടെ സാക്ഷാൽപേരു് കൃഷ്ണൻ എന്നായിരുന്നുവെന്നു വിശ്വസിക്കുന്നവർ ഇപ്പോഴും കുറവല്ല.
ഇനി നമുക്കു് പ്രസ്തുത വാദത്തിലേക്കു കടക്കാം. കലക്കത്തു കുഞ്ചൻ നമ്പിയാർ കൃഷ്ണനാമാവായിരുന്നെന്നു് വിദ്യാവിനോദിനി പത്രാധിപരായിരുന്ന സി. പി. അച്യുതമേനോനവർകളും, പിന്നീടു് സി. ഡി. ഡേവിഡും പ്രസ്താവിച്ചിരുന്നു. ഇങ്ങനെയൊരു ഊഹത്തിനിടകൊടുത്തതു്,
‘കൊല്ലം തൊള്ളായിരത്താണ്ടിരുപതുമിരുപത്താറുമേവഞ്ച പത്തും
ചേർന്നീടുന്നോരു കാലം മിഥുന മുപഗതേ ഭാസ്കരേ ധന്യധന്യഃ
കൃഷ്ണേ പക്ഷേ ചതുർത്ഥീ ചതയയുതദിനേ മാതുലഃ കൃഷ്ണ നാമാ
വിഷ്ണോസ്സായൂജ്യമാപ്തോ വിഹിതഹരിനമസ്യാദികോ വീതദോഷഃ’
എന്നശ്ലോകമാകുന്നു. സാഹിത്യനിരൂപകന്മാരിൽ അഗ്രഗണ്യനായിരുന്ന സി. പി. അച്യുതമേനോൻ അവർകൾ ഈ ചരമശ്ലോകത്തെ അടിസ്ഥാനപ്പെടുത്തി ചിലതെല്ലാം ഊഹിച്ചു. ആ ഊഹം തെറ്റിപ്പോയെന്നുവന്നാലും അദ്ദേഹത്തിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ഭൂതകാലഗർഭത്തിൽ മറഞ്ഞുകിടക്കുന്ന തത്വങ്ങളെ കണ്ടുപിടിക്കാനായി സ്വസ്വജീവിതങ്ങളെ സമർപ്പിച്ചിരിക്കുന്ന ഗവേഷകന്മാർക്കു് ഈമാതിരി രേഖകളെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രയോജകീഭവിക്കുന്നുണ്ടു്. ആ നിലയിൽ അദ്ദേഹത്തിന്റെ ‘കണ്ടുപിടിത്ത’വും അഭിനന്ദനീയം തന്നെയാണു്.
പ്രസ്തുത ശ്ലോകത്തിൽ നിന്നുതന്നെ കുഞ്ചൻ നമ്പിയാർ കൃഷ്ണനാമാവായിരുന്നില്ലെന്നു് ഊഹിപ്പാൻ കഴിയും. ഒരു കവി എന്നനിലയിൽ മലയാളികളുടെ കണ്ണിലുണ്ണിയായിരുന്ന കുഞ്ചന്റെ ഭാഗിനേയൻ അദ്ദേഹത്തിന്റെ കവിത്വത്തെപ്പറ്റി ഒരക്ഷരവും മിണ്ടാതെ ‘വിഹിതഹരിനമസ്യാദികഃ’ എന്നുമാത്രം അദ്ദേഹത്തിനെ വിശേഷിപ്പിക്കുമായിരുന്നോ? ൯൫൬-ൽ ഒരു കൃഷ്ണൻനമ്പ്യാർ മരിച്ചുവെന്നും, അദ്ദേഹം കലക്കത്തു കുടുംബത്തിൽപ്പെട്ട ആളായിരുന്നെന്നും മാത്രമേ ഈ ശ്ലോകത്തിൽനിന്നും സിദ്ധിക്കുന്നുള്ളു. എന്നാൽ കുഞ്ചന്റെ യഥാർത്ഥ സാഹിത്യജീവിതം ആരംഭിച്ചതും അവസാനിപ്പിച്ചതും അവിടെ വച്ചല്ലായിരുന്നു എന്നാണല്ലോ ഐതിഹ്യം. അമ്പലപ്പുഴവച്ചു് അദ്ദേഹത്തിനെ ഒരു പേപ്പട്ടി കടിച്ചുവെന്നും, മാത്തൂർ താമസിച്ചു് ചികിത്സ നടത്തിവരവേ അമ്പലപ്പുഴ തിരുമുൽപ്പാടിന്റെ മാസമടിയന്തിരത്തിനായി നെടുമുടിയിൽനിന്നു് അവിടെവന്നു് പുളിശ്ശേരി കൂട്ടി മിഷ്ടാന്നഭോജനം കഴിക്കയാൽ പേയിളകി മരിച്ചുവെന്നും ഉള്ള ഐതിഹ്യത്തെ അവിശ്വസിക്കാതിരിക്കാൻ യാതൊരു കാരണവും കാണുന്നില്ല. അതിനുംപുറമേ ൯൫൪-ൽ കാർത്തികതിരുനാൾ തമ്പുരാനും തെക്കേടത്തു ഭട്ടതിരിയും മറ്റും കൂടിയിരുന്നു് തിട്ടപ്പെടുത്തിയ അമ്പലപ്പുഴെ പാല്പായസക്കണക്കിൽ നമ്പിയാരുടെ പേരു കാണാത്തതുകൊണ്ടു് അതിനു മുൻപുതന്നെ അദ്ദേഹം മരിച്ചുകാണെണമെന്നുള്ള പി. കെ. നാരായണപിള്ള അവർകളുടെ വാദം യുക്തിയുക്തവുമായിരിക്കുന്നു.
ഇക്കാലത്തു് രാമപാണിവാദൻ എന്നൊരാൾ അക്കുടുംബത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം ചെമ്പകശ്ശേരിരാജാവിനേയും, പിന്നീടു് മാർത്താണ്ഡവർമ്മ, കാർത്തികതിരുനാൾ രാമവർമ്മ എന്നീ വേണാട്ടുമഹാരാജാക്കന്മാരേയും ആശ്രയിച്ചു ജീവിച്ചിരുന്നു എന്നും അദ്ദേഹം ഉഭയകവീശ്വരനായിരുന്നെന്നും ഉള്ളതിനു് തെളിവുകൾ ഉണ്ടു്. ആ തെളിവുകളിൽ ചിലതിനെ ഞാൻ സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ ഉദ്ധരിച്ചിട്ടുമുണ്ടല്ലോ.
രാഘവീയം എന്ന അപ്രകാശിതമായ ഗ്രന്ഥം ‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ’ രചിക്കപ്പെട്ടതാണെന്നു് ഗ്രന്ഥകർത്താവുതന്നെ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു്, അതു് ഒരുപക്ഷേ ‘രാഘവകവി’ നിർമ്മിതമാണെന്നു് പി. കേ. നാരായണപിള്ള അവർകളും, കുഞ്ചന്റെ മാതുലനായിരുന്ന രാഘവൻനമ്പ്യാരുടെ കൃതിയാണെന്നു് ബാലകൃഷ്ണവാരിയരവർകളും അഭിപ്രായപ്പെട്ടിരിക്കുന്നു.
യോ ഽസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം തഥാ പ്രാകൃതം
കാവ്യം കംസവധാഭിധം ഗുണയുതം തദ്രാഘവീയം തഥ
പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥിദ്വയം നാടകം
സീതാരാഘവമേവ ച പ്രദിശതാന്മഹ്യം ഗുരുർമ്മംഗളം
പ്രാകൃതവൃത്തിം തദ്വച്ഛ്രീകൃഷ്ണവിലാസകാവ്യവിവൃതിം ച
കൃതവാനന്യാനപി യഃ സ ജയേച്ഛ്രീരാമപാണിവാദഃ കവിഃ.
വാരിയരവർകൾതന്നെ ഉദ്ധരിച്ചിട്ടുള്ളതും ബാലഭാരതം താളിയോലഗ്രന്ഥത്തിന്റെ അവസാനത്തിൽ വേറൊരു രാമപാണിവാദൻ എഴുതി വച്ചിരുന്നതും ആയ ഈ പദ്യങ്ങളിൽനിന്നു് രാഘവീയം നാരായണഭട്ടപാദരുടെ ശിഷ്യനായിരുന്ന രാമൻനമ്പ്യാരുടെ കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ. പ്രസ്തുതശ്ലോകങ്ങൾ എഴുതിയ ദിവസം അറിയുന്നതിനും മാർഗ്ഗമുണ്ടു്. അന്നത്തെ കലിദിനം ‘സുകവിസംസൽ സേവ്യ’ ആയിരുന്നു എന്നു്
‘കൃഷ്ണേ സോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ
ഗ്രാമോ നഷ്ടസമസ്തകല്മഷ ഇദം സദ്യോഽലിഖന്ന്യസ്തധീഃ
ആമോദേന പുനർധ്രുവേ സുകവിസംസത്സേവ്യ ഏവം കലൗ
ക്ഷിപ്രം പ്രീതികരേ ചതുർദ്ദശ ജഗന്നാഥേ രമാവല്ലഭേ.’
ഈ പദ്യത്തിൽനിന്നു ഗ്രഹിക്കാം. അതിനുംപുറമേ, അതേ താളിയോലഗ്രന്ഥത്തിൽതന്നെ,
“കൊല്ലം തൊള്ളായിരത്തിൽപരമതിലുടനേ നാല്പതും ചെന്ന കാലം
ചൊല്ലേറും കൃഷ്ണപക്ഷേ പുനരപി ച പതിന്നാലിലുച്ചയ്ക്കു മുമ്പേ-
യിക്കാവ്യം സൽകവീനാം പ്രിയതരമെഴുതിത്തീർത്തു രാമൻ മുദേവ.”
എന്നു് വ്യക്തമായി പറഞ്ഞിട്ടുമുണ്ടു്. സീതാരാഘവീയം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തു് ഇക്കവി തന്നെ രചിച്ചിട്ടുള്ളതാണെന്നുള്ള സംഗതിയിൽ സംശയത്തിനും അവകാശമില്ല.
ശ്രീനാരായണഭട്ടപാദകരുണാപീയൂഷഗണ്ഡൂഷണാ-
ദിഷ്ടാം പുഷ്ടിമുപൈതി യസ്യ കവിതാർകല്പദ്രുബീജാങ്കുരാഃ
രാമോ നാമ സ പാണിവാദകലജസ്തസ്യ പ്രഭൂതം ഫലം
സീതാരാഘവനാടകം രസമയം സഭ്യാർത്ഥമഭ്യാഗമത്.
എന്നും,
അധിസ്യാനന്ദൂരം ജയതി ജഗതീപാലനപരം
പരം ജ്യോതിശ്ശീതദ്യുതിധവള ശേഷാഹിശയനം
യദന്തസ്സന്തസ്തദഖിലനൃപതീനാന്ന തു പരം
സുരാണാമപ്യുച്ചൈരധിവസതി മാർത്താണ്ഡനൃപതിഃ.
എന്നും അതിന്റെ പ്രസ്താവനയിൽതന്നെ കാണ്മാനുണ്ടല്ലോ. അംബരനദീശസ്തോത്രത്തിൽ,
ഭൂതേഷ്ഠ സർവേഷ്വപി നിർവിശേഷം ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം ശ്രീദേവനാരായണമാശ്രയാമഃ.
എന്നു് അമ്പലപ്പുഴ രാജാവിനേയും,
ശ്രീനാരായണഭട്ടപാദരജസാ കാരുണ്യവാരാന്നിധേർ-
ഗ്ഗർഭാദുത്ഭവിഭിശ്ശുഭൈർമ്മധുരിപുസ്തോത്രാക്ഷരൈർമ്മൗക്തികൈഃ
രാമേണ ഗ്രഥിതാമിമാമവിരതം യഃ ശ്ലോകസാരസ്രജം
കണ്ഠേ ലോലയതിപ്രയാസ്യതികൃതീ മർത്ത്യസ്സവിഷ്ണോഃപദം.
എന്നു ഗുരുവായ നാരായണഭട്ടതിരിയേയും കവി സ്മരിച്ചിട്ടുണ്ടു്. ഗീതരാമം എന്ന പ്രബന്ധം കോഴിക്കോട്ടുരാജാവിന്റെ കൃഷ്ണഗീതിയേയും ഗീതഗോവിന്ദത്തേയും അനുകരിച്ചു് ഈ രാമപാണിവാദൻ അമ്പലപ്പുഴരാജാവിന്റെ ആജ്ഞാനുസൃതം രചിച്ചിട്ടുള്ളതാണെന്നു്,
‘രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതി കൃപയാ സൂരയഃ പൂരയന്തു.’
എന്ന പദ്യാംശത്തിൽനിന്നു വ്യക്തമാകുന്നു. അതുപോലെ തന്നെ വിഷ്ണുവിലാസം, കംസവധം പ്രാകൃതകാവ്യം, ഭാഗവതം ചമ്പു [1] ലീലാവതീവീഥി, [2] ഉഷാനിരുദ്ധം, പ്രാകൃതവൃത്തി മുതലായ കൃതികളും ഈ രാമപാണിവാദന്റെ വകയായിട്ടുണ്ടെന്നു തെളിഞ്ഞിരിക്കുന്നു. എന്നാൽ ൯൪൦-ാമാണ്ടിടയ്ക്കു് ഈ കുടുംബത്തിൽ കൃഷ്ണൻനമ്പിയാർ, രാമൻനമ്പിയാർ, രാഘവൻനമ്പിയാർ, രാമൻനമ്പിയാർ എന്നു നാലുപേരുണ്ടായിരുന്നു എന്നു കാണാവുന്നതാണു്. അവരിൽ രാഘവൻനമ്പിയാർ കൃഷ്ണപാണിവാദന്റേയും രാമപാണിവാദന്റേയും മാതുലനും, രണ്ടാമത്തെ രാമൻനമ്പിയാർ ഭാഗിനേയനും ആയിരുന്നുവെന്നു കാണാം. അതുകൊണ്ടു് കുഞ്ചൻ നമ്പിയാർ കൃഷ്ണപാണിവാദനോ രാമപാണിവാദനോ ആയിരുന്നിരിക്കണം എന്നു സിദ്ധിക്കുന്നു.
രാമപാണിവാദന്റെ ഭാഷാകൃതികളായിട്ടു് പഞ്ചതന്ത്രം, ശ്രീകൃഷ്ണചരിതം, രുഗ്മാംഗദചരിതം, ഭാരതം പ്രബന്ധം എന്നിങ്ങനെ നാലെണ്ണമെങ്കിലും ഉള്ളതായി തെളിയുന്നുണ്ടു്. ഇവയുടെ ലേഖ്യപ്രതികളിൽ ചിലതിന്റെ അവസാനത്തിൽ താഴെ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങൾ കാണുന്നുണ്ടല്ലോ.
൧. പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാ സന്നിവേശിതം
രാമേണ പാണിവാദേന ബാലാനാം ബോധഹേതവേ
ശ്രീമദംബരവാഹിന്യാം ധാമ്നി സ്ഫുടമുല്ലസൽ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ [3]പഞ്ചതന്ത്രം.
൨. രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ
ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽ സർഗ്ഗസ്സമാപിതഃ.ശ്രീകൃഷ്ണചരിതം.
൩. രാമേണ പാണിവാദേന മംഗലഗ്രാമവാസിനാ
രുക്‍മാംഗദസുചരിതം രചിതം ഗീരുബന്ധനം. [4]ഏകാദശീമഹാത്മ്യം
൪. സകലഗുണവിശേഷഭാസുരാണാം
സപതി സഭാം പ്രണിപത്യ ഭൂസുരാണാം
രസികജനമനോഹരം പ്രബന്ധം
രചയതി സമ്പ്രതി രാമപാണിവാദഃ.
“രചിത നടന ലീലോ നീതിമാനേശ്വ വള-
ക്ഷിതിപതികുലജന്മാ മോഭതേ ഗോദവർമ്മാം”
“സോയം സമ്പ്രതിമാന വിക്രമ മഹീപാലശ്ചിരം ജീവതു.”ഭാരതംപ്രബന്ധം
ഇവയിൽ ശ്രീകൃഷ്ണചരിതവും പഞ്ചതന്ത്രവും ഏകാദശീമഹാത്മ്യവും കുഞ്ചൻനമ്പ്യാരുടെ കൃതികളാണെന്നാണു് പ്രസിദ്ധി. അവ കുഞ്ചന്റേതാണെങ്കിൽ രാമപാണിവാദനും കുഞ്ചനും അഭിന്നരാണെന്നുള്ളതു് നിശ്ചയം. എന്നാൽ അങ്ങനെ അല്ലെന്നു വരരുതോ? തുള്ളലുകളുടെ അവസാനത്തിൽ ഇത്തരത്തിലുള്ള ഏതെങ്കിലും പദ്യങ്ങൾ കണ്ടുകിട്ടുന്നതുവരെ ഈ വാദകോലാഹലത്തിനു് ശമനം ഉണ്ടാകുന്നതല്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ വിശ്വാസം കുഞ്ചൻ രാമനാമാവായിരുന്നു എന്നുതന്നെയാണു് ഇനി നമുക്കു് അതെല്ലെന്നു പറയുന്നവരുടെ യുക്തികളെ പരിശോധിക്കാം.
൯൪൦-ാമാണ്ടിടയ്ക്കു് കലക്കത്തു ജീവിച്ചിരുന്ന രാമകൃഷ്ണപാണിവാദന്മാരിൽ രാമനെപ്പറ്റി അറിയുന്നുണ്ടെങ്കിലും കൃഷ്ണനെപ്പറ്റി വിവരമില്ലാതിരിക്കുന്നു. “കൃഷ്ണേസോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ–ഗ്രാമോ നഷ്ട സമസ്തകല്മഷ ഇദം സദ്യോഽലിഖന്ന്യസ്തധീഃ.” ഈ ശ്ലോകാർദ്ധത്തിൽ സംസ്തുതനായ കൃഷ്ണൻ കൃഷ്ണപാണിവാദനാണെന്നുള്ളതിനു് സംശയമില്ല. ഉൽകൃഷ്ടകുടുംബജാതന്മാരും, ഒരേ പരിതസ്ഥിതിയിൽ വളർന്നവരും, ഒരേ ഗുരുവിൽനിന്നു് വിദ്യ അഭ്യസിച്ചിരുന്നവരുമായ ജ്യേഷ്ഠാനുജന്മാർ രണ്ടുപേരും കവികളായിരുന്നിരിക്കാനാണെളുപ്പമുള്ളതു്. വഞ്ചിമഹാരാജാവിന്റെ സമകാലീനന്മാരായി അറിയപ്പെട്ടിട്ടുള്ളവർ രാമപാണിവാദനും കുഞ്ചൻനമ്പ്യാരും മാത്രമാണു്. അതുകൊണ്ടു് കുഞ്ചൻനമ്പ്യാർ കൃഷ്ണൻനമ്പ്യാരായിരിക്കണം. ഇതാണു് ഒന്നാമത്തെ വാദമുഖം.
ഒരേ കുടുംബത്തിൽ ഒരേ പരിതഃസ്ഥിതിയിൽ വളർന്നരണ്ടുപേരും കവികളായിരുന്നിരിക്കണം എന്നു പറയുന്നതു് വലിയ സാഹസമാണു്. അങ്ങനെ വരുമ്പോൾ സ്വാതിതിരുനാൾതമ്പുരാനെപ്പോലെ തന്നെ തദനുജനായ ഉത്രംതിരുനാളും സർവകലാവല്ലഭനായിരുന്നിരിക്കണമല്ലോ. പക്ഷേ അങ്ങനെ അല്ല സംഭവിച്ചതു്. ജ്യേഷ്ഠാനുജന്മാർ ഒരുപോലിരിക്കണമെന്നുള്ള വാദം അബദ്ധമാണെന്നുള്ളതിനു് നമ്മുടെ അനുഭവത്തിൽ നിന്നു് എത്രയോ ഉദാഹരണങ്ങൾ വേണമെങ്കിലും എടുത്തുകാണിപ്പാൻ കഴിയും. പോരെങ്കിൽ കൃഷ്ണൻനമ്പ്യാരും വിദ്വാനായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ടു്. അദ്ദേഹം കുടുംബഭാരത്തിൽ ഏർപ്പെട്ടും സംസ്കൃതഗ്രന്ഥങ്ങൾക്കു വ്യാഖ്യാനം ചമച്ചും ഈശ്വരധ്യാനത്തിൽ മുഴുകിയും ജീവിച്ചു; രാമപാണിവാദൻ കാവ്യങ്ങൾ രചിച്ചും രാജാക്കന്മാരെ സേവിച്ചും ജീവിതം കഴിച്ചുകൂട്ടി. ഇതാണു് വാസ്തവം. അതിൽ അസംഭാവ്യതയും ഇല്ല. കൃഷ്ണൻനമ്പ്യാരുടെ ചരമത്തെപ്പറ്റി തദ്ഭാഗിനേയൻ എഴുതീട്ടുള്ള പദ്യത്തിലും അദ്ദേഹത്തിനെ ‘വിഹിതഹരിനമസ്യാദികഃ’ എന്നു മാത്രമാണല്ലോ വിശേഷിപ്പിച്ചിരിക്കുന്നതു്.
16.1 വാദമുഖം ൨
“൧൦൬൬–ലെ വിദ്യാവിനോദിനിയിൽ ഉദ്ധരിച്ചിട്ടുള്ള ‘കൊല്ലം തൊള്ളായിരത്താണ്ടിരുപതും’ ഇത്യാദി ശ്ലോകത്തിൽ സ്മരിക്കുന്ന ‘കൃഷ്ണനാമാ’ രാമപാണിവാദന്റെ കനിഷ്ഠസഹോദരനായ കുഞ്ചൻനമ്പ്യാരാവാനാണിടയുള്ളതു്. എന്തെന്നാൽ അതേ പേരോടുകൂടി ആ വൎഷത്തിൽ മരിച്ചതായ മറ്റൊരു നമ്പ്യാർ കലക്കത്തു് ഉണ്ടായിരുന്നില്ല. കൂടാതെ ‘ധന്യധന്യ’നായ ഈ കൃഷ്ണനാമാവു് ഒരു കവിയല്ലെങ്കിൽ പിന്നെ ആരാണു്?” ഇതാണു് രണ്ടാമത്തെ വാദമുഖം.
ഈ വാദത്തിന്റെ അൎത്ഥ മേ മനസ്സിലാകുന്നില്ല. കൃഷ്ണനാമാവു് രാമപാണിവാദന്റെ സഹോദരനായ കുഞ്ചൻ നമ്പ്യാരാവാനാണിടയുള്ളതു് എന്നതിനും അതേ പേരോടുകൂടി ആ വൎഷത്തിൽ മരിച്ച മറ്റൊരു നമ്പ്യാർ കലക്കത്തു് ഉണ്ടായിരുന്നില്ലെന്നുള്ളതിനും എങ്ങനെ കാൎയ്യകാരണസംബന്ധമുണ്ടാകും? അതേ പേരോടുകൂടി. ഏതു പേരോടുകൂടി? കൃഷ്ണനെന്ന പേരോടുകൂടിയോ? കൃഷ്ണൻ എന്നൊരാൾകൂടി അക്കാലത്തുണ്ടായിരുന്നെങ്കിൽ ഈ കൃഷ്ണൻനമ്പ്യാർ കുഞ്ചൻ നമ്പ്യാരല്ലെന്നുള്ള വാദം അംഗീകരിക്കാമെന്നാണോ വിവക്ഷിതം? ധന്യധന്യനായാൽ കവിയായിരിക്കണമെന്നും വല്ല നിയമവുമുണ്ടോ? ‘വിഹിതഹരിനമസ്യാദിക’നായി കുടുംബഭാരം നിറവേറ്റിക്കൊണ്ടിരുന്നാൽ ധന്യധന്യനാവുകയില്ലേ? ആവോ—ആൎക്കറിയാം.
16.2 വാദമുഖം ൩
“൯൫൪-ാമാണ്ടു് ചൊക്കട്ടാമണ്ഡപത്തിൽ തിരുവിതാംകൂർ മഹാരാജാവും തെക്കേടത്തു ഭട്ടതിരിയും മറ്റുംകൂടി വ്യവസ്ഥപ്പെടുത്തിയ കണക്കിൽ നമ്പ്യാരുടെ അടുത്തൂണിനെപ്പറ്റി പറഞ്ഞു കാണാത്തതുകൊണ്ടു് അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നതായി ശ്രീമാൻ പി. കേ. നാരായണപിള്ള ഊഹിക്കുന്നു. ൯൫൪-നു മുമ്പു് നമ്പ്യാർക്കു് പായസവും അപ്പവും അടുത്തൂണും ഉണ്ടായിരുന്നുവെന്നുള്ളതിനു് രേഖയുണ്ടെങ്കിൽ ഈ അഭിപ്രായം ശരിവയ്ക്കാം. മഹാരാജാവിന്റെ പ്രസ്തുത വ്യവസ്ഥ കഴിഞ്ഞായിരിക്കാം നമ്പ്യാർ അമ്പലപ്പുഴ വന്നതും അടുത്തൂണ്‍ വാങ്ങിച്ചതുമെന്നു വിചാരിക്കുന്നതിൽ യാതൊരു അപാകവുമില്ല.”
വളരെ അപാകമുണ്ടു്. പണ്ടു് അമ്പലപ്പുഴ പാല്പായസം വിറ്റു മുതലിൽ കൂട്ടുക പതിവേയുണ്ടായിരുന്നില്ല. പലേ കുടുംബക്കാർക്കു് പതിച്ചുകൊടുത്തിരുന്നു. ചെമ്പകശ്ശേരി ദേവനാരായണനെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു കവിയ്ക്കു്–വിശേഷിച്ചു് ക്ഷേത്രത്തോടു ബന്ധപ്പെട്ടിരുന്ന ഒരു കവിയ്ക്കു്–അമ്പലപ്പുഴെ ദേവസ്വത്തിൽ യാതൊരു പതിവും അനുവദിച്ചിരുന്നില്ലെന്നും, ൯൫൪-നു ശേഷം കാർത്തികതിരുനാൾ തമ്പുരാനാണു് അതു് അനുവദിച്ചതെന്നും വിചാരിപ്പാൻപോലും നിവൃത്തിയില്ല. പോരെങ്കിൽ അമ്പലപ്പുഴെ ക്ഷേത്രക്കണക്കുകളിൽ അത്തരം രേഖകൾ ഉണ്ടായിരുന്നെന്നും അവയെ അടിസ്ഥാനപ്പെടുത്തി പതിവുകൾ പുതുക്കുക മാത്രമേ ചെയ്തുള്ളുവെന്നും നാം ഓർത്തിരിക്കേണ്ടതാണു്. അന്നു് നമ്പ്യാരുടെ പേരിൽ യാതൊന്നും പുതിയതായി പതിച്ചുകൊടുക്കയും ഉണ്ടായിട്ടില്ല. ൯൫൪-ൽ തിരുമനസ്സുകൊണ്ടു് രാമേശ്വരത്തേക്കു് എഴുന്നള്ളിയപ്പോൾ കുഞ്ചൻനമ്പ്യാർ തിരുവനന്തപുരത്തുണ്ടായിരുന്നില്ലെന്നുള്ളതിനും തെളിവുണ്ടു്. അതിനു് എട്ടു പത്തു കൊല്ലങ്ങൾക്കു മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരം വിട്ടു് അമ്പലപ്പുഴെ താമസം തുടങ്ങിക്കഴിഞ്ഞു. ൯൫൪-ലൊ അതിനുശേഷമോ ഈ കുഞ്ചൻനമ്പ്യാരുടെ പേരിൽ യാതൊരു പതിവും അമ്പലപ്പുഴക്ഷേത്രത്തിലുണ്ടായിട്ടുമില്ല. അതുകൊണ്ടാണു് മിസ്റ്റർ പി. കെ. മുൻപു പ്രസ്താവിച്ച പ്രകാരം ഊഹിച്ചതു്.
16.3 വാദമുഖം ൪
“രാമപാണിവാദന്റേതെന്നു് അറിയപ്പെടുന്ന സംസ്കൃത കൃതികളിലോ മലയാളകൃതികളിലോ ൯൭൩-ൽ നാടുനീങ്ങിയ കാർത്തികതിരുനാൾതമ്പുരാനെ പ്രായേണ സ്മരിച്ചിട്ടില്ല. എന്നാൽ കുഞ്ചൻനമ്പ്യാരാവട്ടെ അദ്ദേഹത്തെ ‘രാമതുല്യൻ മഹാവഞ്ചി രാമവർമ്മേന്ദ്രഭൂപാലൻ’ എന്നു തുടങ്ങി ഹരിശ്ചന്ദ്രചരിതം മുതലായ തുള്ളലുകളിൽ സ്മരിക്കുന്നു. അതുകൊണ്ടു് രാമവർമ്മമഹാരാജാവിന്റെ കാലമായപ്പൊഴേക്കും ജ്യേഷ്ഠസഹോദരനായ രാമപാണിവാദൻ മരിച്ചിരിക്കാൻ എളുപ്പമുണ്ടു്.”
‘പ്രായേണ’ എന്ന ശബ്ദംകൊണ്ടു തന്നെ അല്പം സ്മരിച്ചിട്ടുണ്ടെന്നു വരുന്നുണ്ടല്ലോ. അതു പോകട്ടേ. ബാലഭാരതം താളിയോലഗ്രന്ഥത്തിൽ ഉള്ള ഒരു ഏടിൽ നിന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയർ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങളുടെ കൂട്ടത്തിൽ,
‘രാമാഖ്യഃ ക്ഷോണിപാലപ്രണതപദയുഗോ വഞ്ചിരാജോ മഹാത്മാ
രാകാചന്ദ്രാപരോഽയം സമധിഗതകലശ്ശീതളഃ കോമളാംഗഃ
ലോകാനാം താപഹാരീ നിഖിലകുവലയാനന്ദകാരീ വിശേഷാൽ
പൂർണ്ണശ്രീമണ്ഡലസ്സഞ്ജയതു മൃദുകരോ മാനനീയോ ബു ധോ നഃ’
എന്നൊന്നുകൂടി രാമപാണിവാദനെ സംബന്ധിച്ചു കാണുന്നുണ്ടല്ലോ. അതും വാദത്തിനുവേണ്ടി സാരമില്ലെന്നു വിചാരിക്കാം. എന്നാൽ ൯൩൩-നുശേഷം അദ്ദേഹം രചിച്ചിട്ടുള്ളതായി തെളിയുന്ന ഒരു സംസ്കൃതകൃതിയും ഇതേവരെ കണ്ടുകിട്ടീട്ടില്ലാത്ത സ്ഥിതിക്കു് ഈ വാദം ദുർബലമാണെന്നു പറയാതേ തരമുണ്ടോ?
16.4 വാദമുഖം ൫
“രാമപാണിവാദന്റെ കൃതിയെന്നു തെളിവുള്ള വിഷ്ണുവിലാസം കാവ്യത്തിന്റെ ഒരു ഏകദേശ തർജ്ജമയാണു് വിഷ്ണുഗീതഹംസപ്പാട്ടു്. വിഷ്ണുഗീത കുഞ്ചൻനമ്പ്യാരുടെ ആദ്യകൃതിയായിരുന്നെന്നു് ഇതിനുപരി സ്ഥാപിക്കാൻ ശ്രമിക്കുന്നതാണു്. വിഷ്ണുവിലാസമെഴുതിയ സംസ്കൃതമഹാകവി രാമപാണിവാദൻ സ്വകൃതിയുടെ ഭാഷാനുവാദത്തിനു സന്നദ്ധനായെന്നു വിചാരിക്കുന്നതു് വിഷമമായിരിക്കുന്നു. പ്രത്യുത, ജ്യേഷ്ഠന്റെ കൃതിയായ വിഷ്ണുവിലാസം അനുജൻ തർജ്ജമ ചെയ്തുവെന്നു വിചാരിക്കുന്നതു് സമഞ്ജസമായിരിക്കും.”
സാമഞ്ജസ്യത്തിനു കുറവൊന്നുമില്ല; അനന്തരവനായ ഒരു രാമൻനമ്പ്യാരുണ്ടായിരുന്നല്ലോ. അദ്ദേഹം എഴുതിയതാണെന്നുവന്നാൽ കുറേക്കൂടി സമഞ്ജസമായിരിക്കും. മാതുലനായ നമ്പ്യാരുടെ സംസ്കൃതകാവ്യം വായിച്ചു തഴക്കം വന്നിട്ടുള്ള ഭാഗിനേയന്റേതായതുകൊണ്ടാണു് ചില സാദൃശ്യങ്ങൾ കാണുന്നതെന്നു സമാധാനവും പറയാം. പ്രൗഢത പോരായ്ക എന്ന ന്യൂനതയ്ക്കു് ഒരു പരിഹാരവും ആകും. എന്നാൽ സ്വകൃതിയുടെ തർജ്ജമ എന്ന വ്യവസായത്തിനു് ഒരു കവിയും മുതിരുകയില്ലെന്നു പറയാൻ തുടങ്ങിയാൽ. രവീന്ദ്രനാഥടാഗൂർ ഒരു കവിയല്ലെന്നുകൂടി പറയേണ്ടിവരും. അദ്ദേഹം തന്റെ വംഗഭാഷാകൃതികളിൽ പലതിനേയും ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്തിട്ടുണ്ടല്ലോ. രാമപാണിവാദനും അങ്ങനെ ചെയ്തുവെന്നു വിചാരിക്കുന്നതിൽ എന്തു് അസാംഗത്യം? പോരെങ്കിൽ ഈ വിഷയത്തിൽ ശ്രീകുബേരാഖ്യനാം പാലിയാധീശന്റെ നിർബന്ധം ഉണ്ടായിരുന്നു എന്നും വരാമല്ലോ. വിശേഷിച്ചു് വിഷ്ണുഗീത ഒരു തർജ്ജമയാണെന്നും പറയാവുന്നതല്ല. ഇവയ്ക്കെല്ലാറ്റിനും പുറമേ അതു് കുഞ്ചന്റേകൃതിതന്നെയോ എന്നു നിർണ്ണയിക്കുന്നതിനു് ഉപരിഗവേഷണം അപേക്ഷിതമായിരിക്കയും ചെയ്യുന്നു.
16.5 വാദമുഖം ൬
“രാമപാണിവാദന്റെ ലീലാവീഥിയിലേ ‘ഗോഷ്ഠീ സാവിരളാ’ എന്നു തുടങ്ങുന്ന ശ്ലോകം ഘോഷയാത്രതുള്ളലിൽ വിശദമായി വിവർത്തനം ചെയ്തിട്ടുണ്ടു്. ഇതുപോലെ തന്നെ മുദ്രാരാക്ഷസാദി കൃതികളിലെ പദ്യങ്ങളുദ്ധരിച്ചു് നമ്പ്യാർ വ്യാഖ്യാനിച്ചിട്ടുണ്ടു്. സ്വന്തം കൃതികളിൽനിന്നു് ശ്ലോകങ്ങൾ ഉദ്ധരിച്ചു വിവർത്തനംചെയ്യാൻ പാടില്ലായ്കയില്ലെങ്കിലും അതു് സാധാരണമായിത്തോന്നുന്നില്ല.”
പാടില്ലായ്കയില്ലെന്നു സമ്മതിച്ചപ്പോൾതന്നെ വാദം ദുർബലമായിത്തീർന്നു. പിന്നെ ‘അസാധാരണത്വം’ എന്നൊരു ദോഷമാണു് ബാക്കിയുള്ളതു്. കുഞ്ചൻനമ്പ്യാർ ഒരു അസാധാരണ കവിയായിരുന്നല്ലോ എന്നു് സമാധാനപ്പെട്ടാൽ മതിയാവും. ഒരു കൃതിയിലുള്ള വരികൾതന്നെ മറ്റൊന്നിലേക്കു പകർത്താമെങ്കിൽ ആ കൃതിയിലുള്ള ശ്ലോകത്തെ എന്തുകൊണ്ടു് ഉദ്ധരിച്ചുകൂടാ?
16.6 വാദമുഖം ൭
“രാമപാണിവാദകൃതമായ രാഘവീയകാവ്യത്തിന്റെ വ്യാഖ്യാനമായ ബാലപാഠ്യ കൃഷ്ണപാണിവാദനായ കുഞ്ചൻനമ്പ്യാരുടേതാകാനല്ലേ എളുപ്പം?”
അല്ല. എന്തുകൊണ്ടെന്നാൽ,
‘രാമേണ പാണിവാദേന രാഘവീയമിദം കൃതം
തേനൈവ ബാലപാഠ്യാഖ്യാ വ്യാഖ്യാപ്യാഖ്യായി ധീമതാ’
എന്നു് ആ വ്യാഖ്യയുടെ അവസാനത്തിൽ കാണുന്ന ശ്ലോകം ഇങ്ങനെ ഒരു ഊഹത്തിനു് ബാധകമായിരിക്കുന്നു. ഒരാളുടെ കൃതിയ്ക്കു് അയാൾതന്നെ വ്യാഖ്യാനം എഴുതുന്നതു് അസാധാരണവുമല്ല. കേശവീയം എന്ന ഭാഷാകാവ്യത്തിന്റെ വ്യാഖ്യാനം തൽകർത്താവുതന്നെയാണല്ലോ രചിച്ചിരിക്കുന്നതു്.
16.7 വാദമുഖം ൮
കുഞ്ചൻനമ്പ്യാർ തുള്ളൽക്കഥകളുടെ പ്രാരംഭങ്ങളിൽ സ്മരിച്ചുകാണുന്നതായ നന്തിയാട്ടു് ഉണ്ണിരവിക്കുറുപ്പിനേയോ ദ്രോണമ്പള്ളി ആചാര്യനേയോ ഒരു കൃതിയിലും സ്മരിച്ചുകാണുന്നില്ല. പ്രത്യുത, രാമകൃഷ്ണപാണിവാദന്മാരുടെ ഗുരുവായിരുന്ന ‘ശ്രീമദ്ദക്ഷിണഗേഹവാസനിരത’നെ രാമപാണിവാദൻ പ്രശംസിക്കുന്നതുപോലെതന്നെ പ്രകടമായിട്ടല്ലെങ്കിലും തുളളൽക്കഥകളുടെ പ്രാരംഭങ്ങളിൽ സ്മരിച്ചുകാണുന്നു. ഇതിൽനിന്നും രാമനും കുഞ്ചനും ഭിന്നരെന്നു വന്നുകൂടുന്നു.
പ്രഥമദൃഷ്ടിയിൽ ഈ വാദം വളരെ ഗൗരവാവഹമാണെന്നു തോന്നാം. എന്നാൽ അല്പം ആലോചിച്ചു നോക്കിയാൽ അതിന്റെ ശൈഥില്യം സ്പഷ്ടമാകുന്നതാണു്. സംസ്കൃതകൃതികളെസ്സംബന്ധിച്ചിടത്തോളം രാമൻനമ്പ്യാർ തന്റെ രൂപകങ്ങളിൽ മാത്രമേ ഗുരുവിനെ പേരുപറഞ്ഞു സ്മരിച്ചുകാണുന്നുള്ളു. അവയുടെ അവസാനത്തിൽ കാണുന്ന ‘colophon’ നോക്കിയാണു് അവ രാമപാണിവാദകൃതമാണെന്നുതന്നെ നാം കണ്ടുപിടിച്ചതു്. ആമാതിരി colophon തന്നെയും എല്ലാ ലേഖ്യപ്രതികളിലും ഇല്ലതാനും. നാടകങ്ങളിൽ തത്തൽകവികൾ തങ്ങളുടെ പേരുകളും മറ്റും നിർദ്ദേശിക്കുക സാധാരണവുമാണു്. തുള്ളൽക്കഥകളുടെ ലേഖ്യപ്രതികളിലും അത്തരം കുറിപ്പുകൾ ഗവേഷകന്മാർ ഇനി കണ്ടുപിടിച്ചുവെന്നു വരാം. ശ്രീകൃഷ്ണചരിതാദികൃതികളുടെ അവസാനത്തിൽ ആ മാതിരി കുറിപ്പുകൾ ഉണ്ടെന്നു കണ്ടുപിടിച്ചിട്ടു് അധികകാലമായിട്ടുമില്ലല്ലോ. നന്തിക്കാട്ടു കുറുപ്പിനേയും ഓണമ്പള്ളി നായ്ക്കരേയും സംസ്കൃതകൃതികളിൽ സ്മരിക്കുന്നതിനു കാരണം പറയാവുന്നതാണു്. ഓണമ്പള്ളിനമ്പ്യാർക്കു് ഗുരുസ്ഥാനം വഹിച്ചതു് കേവലം കലാപ്രവർത്തകൻ എന്ന നിലയിൽ മാത്രമായിരിക്കാം. നന്തിക്കാട്ടു കുറുപ്പിനെ ചില തുള്ളലുകളിലേ കവി സ്മരിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹം കേവലം ‘കലാവിദ്യാഗുരു’ ആയിരുന്നുവെന്നു വിചാരിക്കാൻ നിവൃത്തിയില്ലെന്നുള്ളതു വാസ്തവം തന്നെ. ആ കുടുംബക്കാർക്കു് പാരമ്പര്യമനുസരിച്ചു് ‘വിദ്യാഗുരു’ സ്ഥാനം ഉണ്ടായിരുന്നു. നമ്പ്യാരാൽ സംസ്തുതനായ കുറുപ്പു് സർവശാസ്ത്രപാരംഗതനായിരുന്നു എന്നാണു് അറിവും. ഒരുപക്ഷേ, തർക്കവേദാന്താദികളോ ജ്യോതിഷമോ നമ്പ്യാർ അദ്ദേഹത്തിന്റെ അടുക്കൽനിന്നു് അഭ്യസിച്ചിരിക്കാം. എന്നാൽ പ്രധാനഗുരു നാരായണഭട്ടതിരി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽനിന്നാണു് നമ്പ്യാർ വ്യാകരണവും സാഹിത്യവും പഠിച്ചതെന്നുള്ളതിനു തെളിവുണ്ടു്. കാവ്യങ്ങളിൽ സാഹിത്യഗുരുവിനെ സ്മരിക്കുന്നതിനാണല്ലോ ന്യായമുള്ളതു്. ‘ദക്ഷിണഗേഹവാസനിരത’നെന്നു് ഈ ഗുരുവിനെ ഒരിടത്തും കവി വിശേഷിപ്പിച്ചിട്ടുമില്ല. നാരായണഭട്ടതിരി ദക്ഷിണഗേഹവാസനിരതനായിരിക്കണമെന്നുള്ളതു് അഭ്യൂഹമാണു്. ആ ഊഹത്തിനു് വഴി നല്കുന്നതു് രണ്ടാമത്തെ രാമപാണിവാദൻ എഴുതീട്ടുള്ള ഒരു ശ്ലോകം മാത്രവുമാകുന്നു. ഈ ബ്രാഹ്മണഗുരുവിനെ തന്നെയും എല്ലാ കൃതികളിലും സ്മരിച്ചിട്ടുള്ളതായും കാണുന്നില്ല.
16.8 വാദമുഖം ൯
“ശംബരവധാദികൃതികളിൽ നിന്നുംമറ്റും കുഞ്ചനു് രാമപാണിവാദനോളം പാണ്ഡിത്യമില്ലായിരുന്നുവെന്നും സംസ്കൃതകവനകൗശലം ലഘീയസ്സായിരുന്നുവെന്നും സ്പഷ്ടമാകുന്നു. അനുജനു് ജ്യേഷ്ഠനോളം പാണ്ഡിത്യമില്ലായിരുന്നിരിക്കാം. രണ്ടുപേരുടേയും പ്രാകൃതകവിതകളിൽ കാണുന്ന വൈജാത്യവും ഇവിടെ സ്മരണീയമാകുന്നു.”
ശംബരവധാദികൾ കുഞ്ചന്റെ കൃതി ആണെന്നുള്ളകാര്യം സ്ഥാപിതമായിട്ടില്ല. അങ്ങനെ ഒരു ഐതിഹ്യം മാത്രമേയുള്ളു. അതിന്റെ ചില ലേഖ്യപ്രതികളിൽ,
‘രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതു കൃപയാ സൂരയഃ പൂരയന്തു’
എന്നൊരു ശ്ലോകാർദ്ധമുണ്ടെന്നു് ൧൧0൯ വൃശ്ചികമാസം ൧൭-ാം തീയതിയിലെ ഒരു സുമുഹൂർത്തത്തിൽ മഹാകവി പരമേശ്വരയ്യരവർകൾ ആദ്യമായി കണ്ടുപിടിച്ചു.
“പാലാഴിമഥനം രാമപാണിവാദന്റെ കൃതിയാണെന്നുസ്ഥാപിക്കുവാൻ അതിൽ പിന്നീടു് എനിക്കു് ഒരു രേഖ കിട്ടീട്ടുണ്ടു്” എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം ഇതിനെ ഉദ്ധരിച്ചിരിക്കുന്നതു്. എന്നാൽ രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ ‘ഈ പദ്യം അപ്രകാശിതമായ ഒരു പാലാഴിമഥനം ആട്ടക്കഥയിൽ ഉള്ളതാണെന്നു് ഞാൻ ശ്രീമാൻ എം. ആർ. ബാലകൃഷ്ണവാര്യരുടെ “കുഞ്ചൻനമ്പ്യാർ” എന്ന പുസ്തകത്തിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളതു് കൈപ്പിശകാണു് ‘ എന്നു് അദ്ദേഹം തന്നെ സമ്മതിക്കയും ചെയ്തിരിക്കുന്നു. ഐതിഹ്യത്തെ വിശ്വസിച്ചു് ശംബരവധവും പാലാഴിമഥനവും കുഞ്ചൻനമ്പ്യാരുടെ കൃതികളാണെന്നു സമ്മതിക്കുന്നതായാൽ തന്നെയും, വിഷ്ണുഗീതയിലേയും മറ്റും ഭാഷയേക്കാൾ അവയിലെ ഭാഷയ്ക്കു ഗാംഭീര്യക്കുറവുണ്ടോ? അവയും ചെറുപ്പകാലത്തിലെ കൃതികളായിരുന്നുവെന്നു് സമാധാനപ്പെടരുതോ? രാമപാണിവാദന്റെ കൃതികളിൽ കാണുന്ന പാണ്ഡിത്യം തുള്ളലുകളിൽ കാണുന്നില്ലെന്നു പറയുന്നതു് കുറേ സാഹസമാണു്. തുള്ളൽ എഴുതിയ കവിയുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നെന്നു ഏതു തുള്ളൽക്കഥ വായിച്ചു നോക്കിയാലും അറിയാം. എന്നാൽ പാണ്ഡിത്യപ്രകടനമല്ലായിരുന്നു കവിയുടെ ഉദ്ദേശ്യം. ‘പടജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാ’നായി എഴുതപ്പെട്ട തുള്ളൽപാട്ടുകളിൽ പാണ്ഡിത്യപ്രകടനത്തിനു വഴിയുമില്ലല്ലോ.
16.9 വാദമുഖം ൧൦
“ഔചിത്യഭംഗവും അശ്ലീലപദപ്രയോഗങ്ങളും പ്രാസത്തിനുവേണ്ടി അർത്ഥം ബലികഴിക്കലും കുഞ്ചന്റെ കൃതികളെ രാമപാണിവാദന്റെ അർത്ഥഗാംഭീര്യവും ആശയഗാംഭീര്യവും തികഞ്ഞ പ്രൗഢകൃതികളായി താരതമ്യപ്പെടുത്തുമ്പോളെന്താണു് ഊഹിക്കേണ്ടതു്?”
എന്താണു് ഊഹിക്കേണ്ടതു്? ശാന്തം പാപം! എന്നു പറഞ്ഞു് തൂഷ്ണീംഭാവം അവലംബിക്കയേ നിർവ്വാഹമുള്ളു. എന്നാൽ ഒരു സംഗതി വക്തവ്യമാണു്. എത്രതന്നെ ബാലിശങ്ങളോ അന്തസ്സാരവിഹീനങ്ങളോ അശ്ലീലപ്രയോഗപ്രചുരങ്ങളോ ആയിക്കൊള്ളട്ടെ–തുള്ളലുകൾക്കു് ഭാഷാസാഹിത്യത്തിലുള്ള സ്ഥാനം അദ്വിതീയമായിത്തന്നെ പ്രശോഭിക്കുന്നു. രാമപാണിവാദന്റെ പ്രൗഢങ്ങളെന്നു പറയപ്പെടുന്ന സംസ്കൃതകവനങ്ങൾ അർദ്ധപ്രാണങ്ങളെന്നോണം ചിതലിനും പാറ്റയ്ക്കും ഇരയായി ഗ്രന്ഥപ്പുരകളുടെ മൂലകളിൽ ശ്വാസംമുട്ടി വർത്തിക്കുമ്പോൾ തുള്ളൽപ്പാട്ടുകൾ കുടിൽമുതൽ കൊട്ടാരംവരെയുള്ള കേരളീയജനതയെ—അപൂർവം ചിലരെ ഒഴിച്ചു്—ആഹ്ലാദിപ്പിച്ചുകൊണ്ടു് സർവോൽക്കർഷേണ ജീവിക്കുന്നു. അവയ്ക്കു പ്രൗഢി പോരെങ്കിൽ ഇരുന്നുകൊള്ളട്ടെ:-മലയാളികൾക്കു് ഈമാതിരി പ്രൗഢിക്കുറവുള്ള കവനങ്ങളാണു് ഇഷ്ടം. ബാലിശങ്ങളായിപ്പോയെങ്കിൽ—മതി. ഇത്തരം ബാലിശതയിലാണു് തങ്ങൾ രമിക്കുന്നതു് എന്നു് അവർ പറയും. അശ്ലീലങ്ങളായിപ്പോയെന്നു് ആരെങ്കിലും വാദിക്കുന്നപക്ഷം, “നിങ്ങൾ നിങ്ങളുടെ സഭ്യതയുംകൊണ്ടു് വല്ല ദിക്കിലും പോയിരുന്നുകൊള്ളണം—ഞങ്ങൾക്കു് ഈ അശ്ലീലപ്രയോഗങ്ങൾ വളരെ പഥ്യമാണു് ” എന്നേ മലയാളികൾ പറയൂ. കടുകടപ്പൊട്ടുന്ന സംസ്കൃതപദങ്ങൾ വാരിക്കോരി പ്രയോഗിച്ചാൽ കവിത ഗംഭീരം; അല്ലെങ്കിൽ ബാലിശം! പ്രാചീനസങ്കേതങ്ങളെ അക്ഷരംപ്രതി അനുഷ്ഠിച്ചും പൂർവകവീശ്വരന്മാരെ ഉപജീവിച്ചും എഴുതപ്പെടുന്ന സംസ്കൃതകൃതികൾക്കു മാത്രമേ ഗാംഭീര്യമുള്ളുപോലും! [5] സംസ്കൃതഭാഷയിൽ അപാരമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നവരും, നമ്പ്യാർ സംസ്കൃതകവനം ചെയ്തിട്ടുണ്ടോ എന്നു് അറിഞ്ഞിട്ടില്ലാതിരുന്നവരും ആയ ചില മഹാന്മാർ കുഞ്ചൻനമ്പ്യാരെപ്പറ്റി പറഞ്ഞിട്ടുള്ള വാക്കുകളെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. പണ്ഡിതരാജരാജനായ ഏ. ആർ. തിരുമേനി നമ്പ്യാരെ കാളിദാസനോടും ഷേക്‍സ്പീയരോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു.
ഇതിനെക്കാൾ ഉന്നതമായ ഒരു സ്ഥാനം ഒരു ഭാഷാകവിയ്ക്കു നല്കാനുണ്ടോ? സംസ്കൃതഭാഷാപക്ഷപാതിയായിരുന്ന സാഹിത്യപഞ്ചാനൻ ഇക്കവിയെ “ഉന്മേഷവത്തായ പ്രജ്ഞാശക്തികൊണ്ടു് കേരളഭാഷയ്ക്കു വികാസവും വിശാലതയും സാഹിത്യത്തിനു് അസാമാന്യമായ സമ്പത്തുകളും സമ്പാദിച്ചുകൊടുത്തിട്ടുള്ള” ഒരു മഹാശയനായും, “ഭാഷാകവിതയാകുന്ന നഭോമണ്ഡലത്തിൽ അതിപ്രകാശമായി നിന്നു് ജനങ്ങളെ ആഹ്ലാദഭരിതന്മാരാക്കിത്തീർക്കുന്ന” ഒരു ദിവ്യജ്യോതിസ്സായും, “ഭാഷയിൽ പുതുതായൊരു സാഹിത്യപ്രസ്ഥാനം നിർമ്മിച്ചു് അതിന്റെ അധിപതിയായ് ഇരുന്നു് ഭാഷാഭിമാനികളുടെ മാനസികശ്ലാഘാരൂപമായ കപ്പത്തെ കൈപ്പറ്റിവരുന്ന” ഒരു സമ്രാട്ടായും ചിത്രണംചെയ്തു കാണുന്നു. “നമ്പ്യാരുടെ നാരായത്തിൽനിന്നും പുറപ്പെട്ടിട്ടുള്ള കവിതയുടേയോ പൂർണ്ണചന്ദ്രന്റെ മണ്ഡലത്തിൽനിന്നു പുറപ്പെടുന്ന വെണ്ണിലാവിന്റേയോ രാമണീയകത്തെപ്പറ്റി വർണ്ണിക്കുന്നതു് പുനരുക്തമായിട്ടല്ലാതെ വരാൻ തരമില്ലെ”ന്നാണു് സരസഗായകകവിമണി കെ. സി. കേശവപ്പിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നതു്. “കുഞ്ചൻനമ്പ്യാരുടെ ദിവ്യമായ കവിതാചാതുര്യത്തെപ്പറ്റി ഇദാനീന്തനന്മാർ അഭിപ്രായപ്രകടനം ചെയ്യുന്നതിൽ ദൈവദോഷശങ്ക കൂടിയുണ്ടായേക്കാം” എന്നു് അഭിപ്രായപ്പെട്ടിരിക്കുന്ന സാഹിതീരസൈകവേദിയായ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് തുള്ളൽക്കഥാകർത്താവിനു് ദിവ്യത്വം കൂടി കല്പിച്ചിരിക്കുന്നു. ഇങ്ങനെ എത്ര പണ്ഡിതാഭിപ്രായങ്ങൾ വേണമെങ്കിലും ഉദ്ധരിക്കാൻ കഴിയും. എന്നിട്ടും ‘ദൈവദോഷശങ്കകൂടാതെ’ ഇങ്ങനെയൊക്കെ പറഞ്ഞുകാണുന്നതു് അത്യാശ്ചര്യകരമായിരിക്കുന്നു. നിരർത്ഥകപദങ്ങൾ പോലും! ഇങ്ങനെയൊരു ‘ശബ്ദശില്പി’യെ ചൈനമുതൽ പെരുവരെ നോക്കിയാൽ കാണ്മാൻ കഴിയുമോ? രാഘവീയാദികാവ്യങ്ങൾ തൽക്കവിയ്ക്കു് ഒരു പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അവ ഗവേഷകന്മാരുടെ കരുണാകടാക്ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു് ഇപ്പൊഴും ഗ്രന്ഥപ്പുരകളിൽ വർത്തിക്കുന്നതേയുള്ളു. അഥവാ വല്ല കാലത്തും പ്രസിദ്ധീകൃതങ്ങളായ്‍വന്നാലും വലിയ പ്രചാരം സിദ്ധിക്കുമോ എന്നു് കണ്ടറിയേണ്ടതായിട്ടാണിരിക്കുന്നതും. തുള്ളലുകളുടെ സ്ഥിതി അതാണോ? അവ മുദ്രണാലയം കാണുമ്മുമ്പേതന്നെ ബഹുജനങ്ങൾക്കു് മുഖസ്ഥങ്ങളായ്ത്തീർന്നുകഴിഞ്ഞു. നമ്പ്യാർക്കു് ഔചിത്യഭംഗം ആരോപിച്ചിരിക്കുന്നതു് അദ്ദേഹം തന്റെ പരിതഃസ്ഥിതികളെ പൗരാണികനഗരങ്ങളിലും മറ്റും പകർത്തിയിരിക്കുന്നതു നിമിത്തമാണെന്നു തോന്നുന്നു. ദ്വാരകയിലെ ദ്വാരപാലന്മാർ നായന്മാരായിരുന്നു എന്നും മറ്റും വർണ്ണിച്ചിരിക്കുന്നതു് വലിയ കുറവായിപ്പോയത്രേ. അങ്ങനെയാണെങ്കിൽ,
***
എന്നു് ഉദണ്ഡശാസ്ത്രികളുടെ സർട്ടിഫിക്കറ്റു വാങ്ങിയ പുനത്തിന്റേയും മഹാകവിയായിരുന്ന മഴമംഗലത്തിന്റേയും കൃതികളിലും ഈ ദോഷം കാണ്മാനുണ്ടല്ലോ. മഹിഷമംഗലം ദമയന്തീസ്വയംവരത്തിനു് കുറേ നമ്പൂതിരിമാരെ ഹാജരാക്കീട്ടുണ്ടു്. പുനംനമ്പൂരി ശൈവചാവഭഞ്ജനത്തിനൊരുങ്ങിയവരുടെ കൂട്ടത്തിൽ ചില തുലുക്കന്മാരെയും ഉൾപ്പെടുത്തിക്കാണുന്നു. സീതാകല്യാണോത്സവത്തിനു് പുനത്തിന്റെ മിഥിലാപുരിയിൽ നായരും നമ്പൂരിയും ഒക്കെ കൂടിയിരുന്നു എന്നു മാത്രമല്ല, അവരിൽ ഒരാൾ ദാഹം തീർത്തതു ‘കരിക്കു’ കുടിച്ചുമായിരുന്നത്രേ. അതൊക്കെ പോകട്ടേ. ബോഹേമിയാരാജ്യത്തെ കടൽ തീരത്താക്കിയ ഷേക്‍സ്പീയരുടെ അനൗചിത്യമോ? അശ്ലീലതയെപ്പറ്റി പറഞ്ഞിരിക്കുന്നതു വായിച്ചപ്പോൾ, ഇടക്കാലത്തു അവിടവിടെ കുത്തിട്ടു പ്രസിദ്ധപ്പെടുത്തിയിരുന്ന ചില പാഠപുസ്തകങ്ങളുടെ ഓർമ്മ മനസ്സിൽ വന്നു. ‘കൊങ്ക’ കണ്ടാൽ രണ്ടു കുത്തു്. പോരേ| ‘പാലാഴി മങ്കതൻ’ ‘കുത്തുപുണരുന്ന’ എന്നുവേണം ചെറുശ്ശേരി വായിപ്പാൻ. കാലക്രമേണ അങ്ങനെ ഒരു അംഗം തന്നെ ഇല്ലാതെ വന്നേയ്ക്കാൻ ഇടയുണ്ടു്; അത്ര വിരോധം അംഗനാമണികൾക്കു തന്നെ അതിനോടുള്ളതായിട്ടാണു് കാണുന്നതു്. കഴിഞ്ഞകൊല്ലം തിരുവാതിരക്കളിയ്ക്കു പാടുന്നതിനുവേണ്ടി ‘ചേലൊത്ത കൊങ്ക കുലുങ്ങീടവേ’ എന്നതിലെ ‘കൊങ്ക’ ശബ്ദം മാറ്റുന്നതിനേ സംബന്ധിച്ചു് ഒരു ചെറിയ വനിതാസംഘം ഒരു കൂടിയാലോചന നടത്തി. ഒടുവിൽ ‘ചേണുറ്റ ഗാത്രമുലഞ്ഞീടവേ’ എന്നാക്കിയതായി എനിക്കറിയാം. ഇങ്ങനെ ഒക്കേ ആകുമ്പോൾ നമ്മുടെ പുരാണങ്ങളും കാവ്യങ്ങളും ഒക്കേ മാറ്റി എഴുതാതെ തരമില്ലാതെ വരും. നമ്പ്യാർ മാത്രമല്ല അതിൽ കുറ്റക്കാരൻ. യതീശ്വരനായിരുന്ന എഴുത്തച്ഛനും അപരാധിയാണു്. ഉടുപ്പിലും നടപ്പിലും യൂറോപ്യന്മാർ വേണ്ടെന്നുവച്ചു് വലിച്ചെറിഞ്ഞുകളഞ്ഞിട്ടുള്ള ആചാരങ്ങളെ പകർത്തുന്നതിൽ ബദ്ധകൗതുകരായിരുന്ന ഇന്നത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തോതുവച്ചാണോ നമ്മുടെ പണ്ടത്തെ സമുദായാചാരങ്ങളെ അളക്കേണ്ടതു്? അതും പോകട്ടേ. അത്തരം അശ്ലീലപദപ്രയോഗങ്ങൾ രാമപാണിവാദന്റെ കൃതികളിൽ പാടില്ല; കൃഷ്ണൻനമ്പ്യാരുടെ–‘വിഹിതഹരിനമസ്യാദിക’നായ ആ ‘ധന്യധന്യ’ന്റെ—കവിതകളിലാകാം എന്നു പറഞ്ഞിരിക്കുന്നതാണു് വിചിത്രമായിരിക്കുന്നതു്.
16.10 വാദമുഖം ൧൧
“രാമപാണിവാദന്റെ അഗ്രിമമായ പ്രതിഭാവിലാസവും കുഞ്ചന്റെ ഫലിതപടുതയും തമ്മിൽ എത്ര അന്തരമുണ്ടു്?”
പ്രതിഭ എന്നാൽ എന്താണു്? “പ്രജ്ഞാ നവനവോന്മേഷശാലിനീ പ്രതിഭാ മതാ” എന്നാണല്ലോ അതിനെ നിർവചിച്ചു കാണുന്നതു്. ഫലിതം ഉന്മേഷവത്തായ പ്രതിഭയുടെ ഉത്തമസന്താനവുമാണു് ലീയർ നാടകത്തിലെ വിദൂഷകന്റെ ഫലിതങ്ങൾ വിജ്ഞാനത്തിന്റെ ഉച്ഛ ്വസിതങ്ങളാണെന്നു് ലെയ്ഹണ്ടു് പറഞ്ഞിരിക്കുന്നതു് പരമാർത്ഥമല്ലേ? ഫലിതം എന്നതു് പ്രത്യക്ഷത്തിൽ പരസ്പരസംബന്ധമില്ലാത്ത സംഗതികളുടെ മിഥസ്സംഘട്ടനവും സംരഞ്ജനവുമാകുന്നു. അപ്രതീക്ഷിതമായ സാദൃശ്യമോ സംബന്ധമോ പെട്ടെന്നു സ്ഫുരിപ്പിക്കത്തക്കവണ്ണം ഒരു വസ്തുവിൽനിന്നു് മറ്റൊന്നിലേയ്ക്കു പ്രതിഭയാകുന്ന വൈദ്യുതദീപത്തിന്റെ ദീപ്തിയെ മിന്നിക്കുന്നതിനെയാണു് നാം ഫലിതപ്രയോഗമെന്നു പറയുന്നതു്. കണ്ണുകൾക്കും കടുകുവറപ്പിനും തമ്മിൽ വല്ല സംബന്ധമുണ്ടോ? ‘കണ്ണുകൾകൊണ്ടു കടുകുവറക്കുന്ന പെണ്ണിനെ’ എന്നു പ്രയോഗിച്ച കവി തന്റെ പ്രതിഭയാകുന്ന വൈദ്യുതദീപ്തിയെ കണ്ണുകളിൽനിന്നു പെട്ടെന്നു് കടുകുവറപ്പിലേക്കു് മിന്നിച്ചു് അവയ്ക്കുതമ്മിൽ സംബന്ധം ഉള്ളതായി ഒരു പ്രതീതി ജനിപ്പിച്ചിരിക്കുന്നു. ആ രണ്ടുമൂന്നു വാക്കുകൾകൊണ്ടു് നമ്പ്യാർ സ്ഫുരിപ്പിക്കുന്ന ആശയവിശേഷത്തെ ആർക്കു് എത്ര വാക്കുകൾകൊണ്ടു് ഇത്ര ഭംഗിയായി പ്രകാശിപ്പിക്കാൻ കഴിയും? ഫലിതം വൈഷമ്യത്തിൽ സാമ്യവും വൈധർമ്മ്യത്തിൽ സാധർമ്മ്യവും അനുഭവഗോചരമാക്കിത്തീർക്കുന്നു; വിരുദ്ധഭാവങ്ങളുടെ പരാകോടികളെ സോല്ലാസം കൂട്ടിയിണക്കുന്നു. മന്ദപ്രജ്ഞന്മാർക്കുണ്ടോ ഫലിതം പ്രയോഗിപ്പാൻ സാധിക്കുന്നു! കുഞ്ചൻനമ്പ്യാർക്കു് ‘ഫലിത പടുത’ ഉണ്ടെന്നു സമ്മതിച്ചാൽ അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെപ്പറ്റിയുള്ള പ്രശ്നമേ പിന്നെ ഉദിക്കുന്നില്ല. അതു് അവിടെ നില്ക്കട്ടേ. ഈ ലേഖകൻ രാഘവാഭ്യുദയാദികൃതികൾ വായിച്ചു നോക്കീട്ടുണ്ടോ? ഇല്ലെങ്കിൽ അവയിൽ ഫലിതമില്ലെന്നു് എങ്ങനെ പറഞ്ഞു? ഈ അപ്രകാശിതഗ്രന്ഥങ്ങളിൽ പലതിനെയും പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ള മഹാകവി പരമേശ്വരയ്യർ ചില ഫലിതപ്രയോഗങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളവയെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
ഭൂമിദേവി അസുരാംശജാതന്മാരായ രാജാക്കന്മാരെപ്പറ്റി അറിയിക്കുന്ന സങ്കടം:- “സജ്ജനേഷ്വനാർജ്ജവശാലിത്വേന നീതിമത്ത്വം പ്രഥയത്ഭിർദ്ദുർജ്ജനമതാനുസാരത്വേന ധീരത്വം ദർശയത്ഭിർബ്രഹ്മസ്വാപഹാരേണാർത്ഥർജ്ജനസാമർത്ഥ്യം സമർത്ഥയത്ഭിരദ്ധ്വരാദിധ്വംസനേനാ പ്രതിഹതശാസനത്വം പ്രഖ്യാപയത്ഭിശ്ശക്രുകൃതാത്മതിരസ്കാരേഷ്വനാകുലത്വേന ക്ഷമാവത്ത്വം വ്യഞ്ജയത്ഭിര ബലകുലാച്ഛേദനേനാ തീക്ഷ്ണദണ്ഡത്വമുത്ഭാവയത്ഭിർഗ്ഗണികാജന വശംവദത്വേനാഭിഗമ്യതാമാപാദയദ്ഭിരാത്മദാര പരിത്യാഗേന ജിതേന്ദ്രിയത്വമുദ്ബോധയദ്ഭിർദ്ദുഷ്ടസചിവദുരുപദേശഗ്രഹണേന സർവാസാധാരണാഭിപ്രായതാപിശുനയദ്ഭിസ്സാധുജനഹിതോപദേശപ്രത്യാഖ്യാനേന സ്വതന്ത്രതാമുദ്യോതയദ്ഭിരഗമ്യാഗമനേന പണ്ഡിതൈരദണ്ഡ്യദണ്ഡർനേന ദണ്ഡധാരൈരധർമ്മൈരിവശരീരിഭിരവിനയൈരിവ സവിഗ്രഹൈരജ്ഞാനൈരിവാകാരവദ്ഭിരവനിപാലസം ജ്ഞയാവതീർണ്ണൈരസുരൈഃ.”
ഇതു് ഫലിതമല്ലെങ്കിൽ പിന്നെ എന്താണു്? രാജാക്കന്മാർ നീതിമാന്മാരായിരിക്കണമല്ലോ. അവനിപാലസംജ്ഞയാ അവതീർണ്ണരായ ഈ അസുരന്മാർ സജ്ജനങ്ങളിൽ അനാർജ്ജവശാലിത്വംവഴിക്കാണു് നീതിമത്ത്വം പ്രകാശിപ്പിച്ചതു്. ദാക്ഷിണ്യം രാജാക്കന്മാർക്കു കൂടിയേ തീരൂ. ഈ അസുരന്മാരും ദുർജ്ജനമതാനുസാരത്വേന ദാക്ഷിണ്യം കാണിച്ചു. രാജാക്കന്മാർക്കു നല്ല ധൈര്യം ആവശ്യമായിരുന്നതിനാൽ ഇവരും ദുർയശ്ശസിനെ സഹിക്കുന്ന വിഷയത്തിൽ നല്ല ധീരത പ്രകാശിപ്പിച്ചു. അതുപോലെ ബ്രഹ്മസ്വാപഹരണം വഴിക്കു് ധനാർജ്ജനസാമർത്ഥ്യവും യാഗാദികർമ്മങ്ങളുടെ ധ്വംസനം വഴിക്കു് അപ്രതിഹതശാസനത്വവും ശത്രുക്കൾ ചെയ്യുന്ന തിരസ്ക്കാരങ്ങളിൽ ഒരു കുലുക്കവും ഇല്ലാതിരിക്കുന്ന വിഷയത്തിൽ ക്ഷമാവത്വവും ദുർബലന്മാരുടെ കുലച്ഛേദനത്താൽ തീക്ഷ്ണദണ്ഡത്വവും വേശ്യാസ്ത്രീകളുടെ വശംവദരായിരിക്ക എന്നുള്ള സംഗതിയാൽ അഭിഗമ്യതയും സ്വന്തധർമ്മദാരങ്ങളുടെ പരിത്യാഗം വഴിക്കു് ജിതേന്ദ്രിയത്വവും ദുർമ്മന്ത്രികളുടെ ഉപദേശസ്വീകരണംവഴിക്കു് സർവസാധാരണാഭിപ്രായതയും നല്ലവർ പറയുന്ന ഹിതോപദേശങ്ങളുടെ പ്രത്യാഖ്യാനംമുഖേന സ്വതന്ത്രതയും അഗമ്യാഗമനവിഷയത്തിൽ പാണ്ഡിത്യവും പ്രകടിപ്പിച്ചുവത്രേ.
ഇതുപോലെ പലേ ഘട്ടങ്ങൾ രാമപാണിവാദന്റെ സംസ്കൃതകൃതികൾ പരിശോധിച്ചാൽ കണ്ടേയ്ക്കാം.
ഇനി രാമപാണിവാദന്റെ സംസ്കൃതകൃതികൾ പ്രൗഢങ്ങളാണെന്നും തുള്ളലുകൾക്കു പ്രൗഢത പോരെന്നും വാദത്തിനുവേണ്ടി സമ്മതിച്ചേക്കാം. അതുകൊണ്ടു് രാമപാണിവാദനും കുഞ്ചനും ഭിന്നരായ്‍വരണമെന്നുണ്ടോ? രാമപാണിവാദന്റേതായി തെളിഞ്ഞു കഴിഞ്ഞിരിക്കുന്ന ശ്രീകൃഷ്ണചരിതത്തിലും പഞ്ചതന്ത്രത്തിലും ആ പ്രൗഢത കാണാത്തതെന്തുകൊണ്ടു്?
16.11 വാദമുഖം ൧൨
“രാമപാണിവാദൻ രാമകഥയായ രാഘവീയവും കൃഷ്ണപാണിവാദൻ പല ഗ്രന്ഥങ്ങളിലായി കൃഷ്ണന്റെ കഥയും രചിച്ചിരുന്നതായി കാണുന്നതും ഇവിടെ സ്മരണീയമല്ലേ? ഭാഗവതം ഇരുപത്തിനാലുവൃത്തത്തിനു് കൃഷ്ണലീല എന്ന പേർ കവിതന്നെ കൊടുത്തതാകാം.”
ഇങ്ങനെ ഒരു അധ്വാനവിഭാഗം ജ്യേഷ്ഠാനുജന്മാർ തമ്മിൽ നടത്തിയിട്ടുള്ളതായി ഒരു ലക്ഷ്യവും കാണുന്നില്ല. രാമപാണിവാദൻ രാമകഥ മാത്രമല്ല തന്റെ കവിതയ്ക്കു വിഷയമാക്കീട്ടുള്ളതു്. തുള്ളൽക്കഥകൾക്കുള്ള വിഷയങ്ങളോ? രാമായണം, ഭാരതം, ഭാഗവതം, ശിവപുരാണം, സ്കാന്ദപുരാണം എന്നിങ്ങനെ അനേകം പുരാണങ്ങളിൽനിന്നും ഇതിഹാസങ്ങളിൽനിന്നും എടുത്തിട്ടുള്ളവയുമാകുന്നു. ഭാഗവതം ഇരുപത്തിനാലുവൃത്തത്തിനു ‘കൃഷ്ണലീല’ എന്നപേർ കവിതന്നെ കൊടുത്തതാവാം എന്ന വാക്യം വായിക്കുമ്പോൾ, അതിനു് അങ്ങനെ ഒരു പേരുണ്ടെന്നും പേരു് നല്കിയതു് മറ്റാരുമല്ല കവിതന്നെ ആണെന്നും അല്ലേ അർത്ഥം സ്ഫുരിക്കുന്നതു്? അങ്ങനെ ആ പേരു് ഭാഗവതം ഇരുപത്തിനാലു വൃത്തത്തിനുള്ളതായി ഞാനറിഞ്ഞിട്ടില്ല. ആ കൃതിയുടെ ഗ്രന്ഥകർത്താവാരാണെന്നുള്ളതും സ്ഥാപിതമായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.
16.12 വാദമുഖം ൧൩
“സുപ്രസിദ്ധ മഹാകവി കുഞ്ചൻനമ്പ്യാരുടെ പേർ കൃഷ്ണനെന്നായിരുന്നു എന്നു് പരമ്പരാഗതമായ അറിവുണ്ടു്.”
ഇല്ല. അങ്ങനെ ഒരറിവുണ്ടായിരുന്നെങ്കിൽ ഈ മാതിരി ഒരു വാദമേ ഉത്ഭവിക്കയില്ലായിരുന്നു. മാതൃഭൂമിയിലെ മുത്തശ്ശി പല കള്ളങ്ങളുടെ കൂട്ടത്തിൽ ഇതും പറഞ്ഞതായിരിക്കാം.
ഇത്രയും പറഞ്ഞതിൽനിന്നു് രാമപാണിവാദനും കുഞ്ചനും അഭിന്നരായിരുന്നു എന്നു വരാം എന്നു മാത്രമേ ഞാൻ പറയുന്നുള്ളു. എന്നാൽ ഈ അഭിപ്രായം സമഗ്രമായി സ്ഥാപിതമാകണമെങ്കിൽ ഉപരിഗവേഷണം കൂടിയേ തീരൂ. എന്തുകൊണ്ടെന്നാൽ രാമപാണിവാദൻ രാഘവാഭ്യുദയാദി സംസ്കൃതകൃതികളുടേയും, പഞ്ചതന്ത്രം ശ്രീകൃഷ്ണചരിതം മുതലായ ഭാഷാകൃതികളുടേയും കർത്താവാണെന്നും, കുഞ്ചൻ ഓട്ടൻതുള്ളലുകൾ മാത്രമേ രചിച്ചിട്ടുള്ളുവെന്നും ഒരു വാദം ചിലർ പുറപ്പെടുവിച്ചേക്കാം. എന്നുമാത്രമല്ല, ചില ലേഖ്യപ്രതികളിൽ ഉണ്ടെന്നു പറയുന്ന സൂചനകൾ കൃത്രിമങ്ങളാണെന്നും ചിലർ വാദിക്കാനിടയുണ്ടു്. പ്രാമാണിക വചനങ്ങൾ ഒന്നും ഇന്നത്തേ കാലത്തുള്ളവർ വിശ്വസിക്കയില്ല. തെളിവു്–കറയറ്റ തെളിവു്–ഹാജരാക്കിയേ മതിയാവൂ. ഈ ദുർഘടങ്ങൾക്കു പുറമേ വേറെ രണ്ടു് രാമപാണിവാദന്മാരെ കാണുന്നുമുണ്ടു്. ഇക്കാരണങ്ങളാൽ ഗവേഷണം തുടരുകയേ നിർവാഹമുള്ളു. തുള്ളലുകളുടെ ലേഖ്യപ്രതികൾ കിട്ടാവുന്നിടത്തോളം ശേഖരിക്കണം. അചിരേണ ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാവുമെന്നു് പ്രത്യാശിക്കാം.
ഇങ്ങനെ ഒരു വാദം ആദ്യം ആവിർഭവിപ്പിച്ചതു് ഞാനായതുകൊണ്ടു് വിപരീതമായ ലക്ഷ്യങ്ങൾ കിട്ടുംവരെ രാമനും കുഞ്ചനും അഭിന്നരാണെന്നുതന്നേ ഞാൻ വിശ്വസിക്കുന്നു.
16.13 II
കേരളീയ മഹാകവികളുടെ ജീവചരിത്രസംഭവങ്ങളെപ്പറ്റി നമുക്കു് ഖണ്ഡിതമായി യാതൊന്നും അറിവാൻ നിവൃത്തിയാല്ലാതെ വന്നിരിക്കുന്നതു് വളരെ ദയനീയമായിരിക്കുന്നു. എഴുത്തച്ഛന്റെ പേരും ഊരും നിശ്ചയമില്ലാതിരുന്നതു് ഇപ്പോൾ ഏറെക്കുറെ പരിഹസിക്കപ്പെട്ടു. അദ്ദേഹം രാമനാമാവായിരുന്നു എന്നു് ആന്തരമായ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഞാൻ ഊഹിച്ചപ്പോൾ ചില പണ്ഡിതന്മാരും അവരുടെ വായിൽനിന്നും വീഴുന്നതെല്ലാം പെറുക്കിയെടുത്തു വ്യാപാരം നടത്തുന്ന മുറിക്കുന്തക്കാരും ക്ഷോഭിച്ചുവശായി.എന്നാൽ ഈയിടയ്ക്കു പ്രകാശിതമായ ഒരു തീറാധാരം ഈ സംശയങ്ങളെ നിശ്ശേഷം അകറ്റിയിരിക്കുന്നു.
“കൊല്ലം ൭൨൪ ധനു ഇരുപതിൽ കീഴ്‍പാലൂരുനാടു ചിറ്റൂർ മുക്കാൽവട്ടത്തു ഇരുന്നെഴുതിയ അട്ടിപ്പേറോലക്കരണമാവിതു. എഴുനില എഴുനീക്കാരും എമ്പരദേവതമാരും എമ്പത്തോരുടയക്കാരും എന്തമ്പി തങ്കച്ചിമാരും എപ്പേർപെട്ടുലകത്തോരും എപ്പോതുമറിയവേണ്ടും അവസ്ഥയാവിതു് ശേകരികോർ ശേവുകരായ ആയിരമരചർക്കരചരായ് അമ്പരപ്പാറയ്ക്കുടയവരായ് അരമനവീട്ടതിപതിയായ് ചമ്പത്തു വാഴും രാമശ്ശൻ കയ്യാൽ പേരുമർത്ഥവും വാങ്ങിക്കൊണ്ടേൻ.
വെട്ടത്തുനാട്ടു് തിരുക്കണ്ടിയൂർദേശത്തു് മുക്കാൽവട്ടത്തു് തുഞ്ചത്തി രാമനാർക്കു വേണ്ടി ചൊൽചോഴത്തു ചൂരിയും [6] കൊണ്ടാരുക്കൊണ്ടു് ഇക്കണ്ടപേരുമർത്ഥത്തിനും കാരിയം–അതിരു–വാരവും കാരാഴ്മയും നൊരിയും നൊരിയിടപ്പഴുതും ആൾപ്പോകും വഴി, നീർ പോകും. ചാലും മാൻ ചാടും കുന്നും മീൻ ചാടും ചോലയും കല്ക്കരടു കാഞ്ഞിരക്കുറ്റി മുൾമുരൾ മൂർഖൻപാമ്പു കുളത്തിൽ കണ്ണനും കിണറ്റിൽ പന്നിയും എപ്പേർപ്പെട്ടതും കൂടി വീരരായർകൊണ്ടു് അട്ടിപ്പേറായ് നീരുമുതലായ് നീരട്ടിപ്പേറായ് നീരടിച്ചുകൊണ്ടാൻ ചമ്പത്തു രാമശ്ശനും തങ്കച്ചിമാരും” ഇതിനുപുറമേ മുൻപു് ഉദ്ധരിച്ചിട്ടുള്ള സൂര്യകൃതമായ “ഭാസ്വത്തുഞ്ചാഖ്യ” എന്ന ചരമശ്ലോകവും എന്റെ ഊഹത്തെ ബലപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ, കോഴിക്കോട്ടു സാമൂതിരിയുടെ മിത്രമായിരുന്ന കല്യാണസുന്ദരഗുരുവിന്റെ ഒരു തെലുങ്കുരേഖയിൽ രാമനെഴുത്തച്ഛൻ ൬൬൧-ൽ ജനിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ടത്രേ. ആ രേഖ എനിക്കു കാണ്മാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ എഴുത്തച്ഛന്റെ ജീവിതകാലം ൬൬൧ മുതൽക്കു് ൭൩൨ ധനു ൨൪-ാം തീയതിവരെ ആണെന്നു സിദ്ധിക്കുന്നു. അങ്ങനെ വരുമ്പോൾ എഴുത്തച്ഛനും കണ്ണശ്ശനും തമ്മിൽ ആലുവാ മണൽപ്പുറത്തു വച്ചു് കൂട്ടിമുട്ടി എന്നുള്ള ഐതിഹ്യവും വാസ്തവമായിരിക്കാമെന്നു വരും. ഈ രേഖകൾ ശേഖരിച്ച പുതുക്കുളങ്ങര രാമചന്ദ്രമേനോനോടു് മലയാളികൾ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞറിയിക്കാൻ പ്രയാസമാണു്.
ഇതുപോലുള്ള തെളിവുകൾ നമ്പ്യാരെ സംബന്ധിച്ചും ലഭിക്കുന്നതുവരെ നമുക്കു് ‘കാടും പടലും’ തല്ലി വല്ലതും പറയുകയേ നിവൃത്തിയുള്ളു.
നമ്പ്യാരുടെ ഭവനം തിരുവില്വാദ്രിക്കു സമീപം കിള്ളിക്കുറിശ്ശിമംഗലത്തുള്ള കലക്കത്തു് ആയിരുന്നു എന്നുള്ളതിനെപ്പറ്റി സംശയമേ ഇല്ല. അദ്ദേഹത്തിന്റെ ജനനകാലത്തു് ഈ പ്രദേശം കൊച്ചിയോടു ചേർന്നിരുന്നു എങ്കിലും ൧൦൩൯-ാമാണ്ടു സിംഹാസനാരോഹണം ചെയ്ത കൊച്ചീ മഹാരാജാവിന്റേയും പ്രസിദ്ധ മന്ത്രീന്ദ്രനായിരുന്ന ശങ്കുണ്ണിമേനോൻ ദിവാൻജിയുടേയും കാലത്തു് ബ്രിട്ടീഷ്ഗവർമ്മെന്റിൽനിന്നും പോർക്കളം, കോട്ടായി എന്നീ ദേശങ്ങളെ വിട്ടുകൊടുത്തിട്ടു് അതിനെ ബ്രിട്ടീഷിനോടു ചേർക്കയുണ്ടായി. ഇതു് ൧൮൭൦-ൽ ആയിരുന്നു. ആ സ്ഥലത്തിനു് ലക്കടി റെയിൽവേസ്റ്റേഷന്റെ സാമീപ്യം എന്നൊരു പ്രാധാന്യമേ ഉണ്ടായിരുന്നുള്ളു എന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയർ പ്രസ്താവിക്കുന്നു. എന്നാൽ ആ സ്റ്റേഷൻ നമ്പ്യാരുടെ ജനനകാലത്തു് അവിടെ ഉണ്ടായിരുന്നില്ലതാനും. കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണു് തിരുവില്വാമല. നമ്പ്യാരുടെ ജനനത്താൽ അതു് ദ്വേധാ ഒരു പുണ്യസ്ഥലമായ്‍ത്തീർന്നു എന്നു പറയുന്നതാണു് ശരി.
കുഞ്ചന്റെ ജനനം ൮൮൦-ാമാണ്ടിടയ്ക്കുായിരുന്നെന്നു് ഗോവിന്ദപ്പിള്ള അവർകളും അതിനെത്തുടർന്നു മറ്റു ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയാകട്ടെ ൯൦൦-ാമാണ്ടിടയ്ക്കായിരുന്നുവെന്നും പറഞ്ഞുകാണുന്നു. ഇതിൽ ആദ്യത്തെ അഭിപ്രായമാണു് അധികം ആദരണീയമായി തോന്നുന്നതു്. മാതാപിതാക്കന്മാരെപ്പറ്റി ചില ഐതിഹ്യങ്ങൾ മാത്രമേ അറിയാവൂ. ശങ്കുണ്ണിഅവർകൾ പറയുന്നതിനെ ഇവിടെ ഉദ്ധരിക്കാം.
“നമ്പ്യാരുടെ അച്ഛൻ ഏറ്റുമാനൂർ താലൂക്കിൽച്ചേർന്ന കിടങ്ങൂർ ഗ്രാമത്തിലുള്ള കല്ലമ്പള്ളി നമ്പൂരിയാണു്. സ്വദേശത്തുള്ള ഒരു നമ്പൂരിയാണെന്നു ഭാഷാചരിത്രത്തിൽ പറഞ്ഞിരിക്കുന്നതു് തെറ്റാണു്. കിടങ്ങൂർക്കാർ നമ്പൂരിമാർക്കു് കിള്ളിക്കുറിശ്ശിമംഗലത്തു ക്ഷേത്രത്തിൽ ശാന്തിയുണ്ടു്. ഊഴമുറയ്ക്കു് അവരിൽ ഓരോരുത്തർ അവിടെപ്പോയി താമസിക്കുക ഇപ്പോഴും പതിവുണ്ടു്. ശാന്തിക്കായി കല്ലംപള്ളി ഇല്ലത്തെ ഒരു നമ്പൂരി കിള്ളിക്കുറിശ്ശിമംഗലത്തുപോയി താമസിച്ചപ്പോൾ നമ്പ്യാരുടെ ഭവനത്തിൽ ഒരു സ്ത്രീക്കു സംബന്ധം തുടങ്ങി. അദ്ദേഹത്തിന്റെ ശാന്തിയുടെ കാലാവധി കഴിഞ്ഞപ്പോൾ സ്വദേശമായ കിടങ്ങൂർക്കു പോന്നു. ആ സമയം തന്റെ ഭാര്യയെക്കൂടെ കിടങ്ങൂർക്കു കൊണ്ടുപോന്നു. ആ നങ്ങ്യാർക്കു് അപ്പോൾ ഗർഭമുണ്ടായിരുന്നു. കിടങ്ങൂർ വന്നു് അഞ്ചാറുമാസം കഴിഞ്ഞപ്പോൾ അവർ പ്രസവിച്ചു് ഒരു പുത്രനുണ്ടായി. ആ പുത്രനാണു് സാക്ഷാൽ കുഞ്ചൻനമ്പ്യാർ.”
“കുഞ്ചൻനമ്പ്യാരുടെ ഉത്ഭവത്തെക്കുറിച്ചു് ഒരു ഐതിഹ്യം കേട്ടിട്ടുള്ളതുകൂടി ഇവിടെ വക്തവ്യമാകുന്നു. വന്നേരി ദേശത്തുകാരനായ ഒരു നമ്പൂരി ദാരിദ്ര്യം നിമിത്തം തന്റെ പെണ്‍കിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ പല സ്ഥലങ്ങളിൽ സഞ്ചരിച്ചും കോഴിക്കോടു്, കൊച്ചി, അമ്പലപ്പുഴ, തിരുവിതാംകൂർ മുതലായ രാജ്യങ്ങൾ വാണിരുന്ന രാജാക്കന്മാർ മുതലായി പലരെ കണ്ടു സങ്കടം പറഞ്ഞും മറ്റും സമ്പാദിച്ച ഏതാനും പണവുംകൊണ്ടു് ഒരു ദിവസം ഉച്ചയാകാറായപ്പോൾ കിള്ളിക്കുറിശ്ശിമംഗലത്തെത്തി. മടിശ്ശീല കുളക്കടവിൽ വച്ചിട്ടു് അദ്ദേഹം കുളിയും ജപവുമെല്ലാം കഴിഞ്ഞു നോക്കിയപ്പോൾ മടിശ്ശീല കണ്ടില്ല. പല അന്വേഷണങ്ങൾ നടത്തീട്ടും ഒരു തുമ്പും ഉണ്ടാകാതെ വ്യസനത്തോടുകൂടി സ്വദേശത്തേക്കു പോവുകയും ചെയ്തു. പിന്നെ നാലഞ്ചുകൊല്ലം കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ ഒരു ദിവസം വൈകുന്നേരം അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തു വന്നുചേർന്നു. അമ്പലത്തിൽ അത്താഴവും കഴിച്ചു ശാന്തിക്കാരൻ നമ്പൂരിയൊരുമിച്ചു് അദ്ദേഹം നമ്പ്യാരുടെ ഗൃഹത്തിലേക്കു പോയി. അന്നു് അവിടെ ശാന്തി കിടങ്ങൂർക്കാരൻ കല്ലമ്പള്ളി നമ്പൂരിക്കായിരുന്നു. കല്ലമ്പള്ളിനമ്പൂരിക്കു് നമ്പ്യാരുടെ ഭവനത്തിൽ ഒരു സ്ത്രീക്കു് സംബന്ധമുണ്ടായിരുന്നു. നമ്പൂരിമാർ രണ്ടുപേരുംകൂടി നമ്പ്യാരുടെ ഗൃഹത്തിലെത്തി. മുറുക്കി വെടിയും പറഞ്ഞിരിക്കുന്ന മദ്ധ്യേ വന്നേരിനാട്ടുകാരൻ നമ്പൂരി തന്റെ മടിശ്ശീല കുളക്കടവിൽ വച്ചു കളവുപോയ കഥകൂടി പ്രസംഗവശാൽ പ്രസ്താവിക്കുന്നതിനിടയായി. അതുകേട്ടുകൊണ്ടിരുന്ന ഒരു നങ്ങ്യാർ (ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ) വേഗം അറ തുറന്നു് ഒരു മടിശ്ശീലയെടുത്തു വന്നേരിക്കാരൻ നമ്പൂരിയുടെ മുമ്പിൽ കൊണ്ടുചെന്നു വച്ചിട്ടു് ‘അവിടുത്തേ മടിശ്ശീല ഇതാണോ എന്നു നോക്കണം’ എന്നു പറഞ്ഞു. നമ്പൂരി മടിശ്ശീല കണ്ടപ്പോൾ തന്നെ അതു് തന്റേതാണെന്നു മനസ്സിലാക്കുകയും അഴിച്ചെണ്ണിനോക്കിയപ്പോൾ പണം ശരിയായിട്ടു കാണുകയും ചെയ്തു. നമ്പൂരി മടിശ്ശീല കുളക്കടവിൽവച്ചു കുളിച്ച സമയം അവിടെ പുല്ലു തിന്നുകൊണ്ടു നിന്നിരുന്ന ഒരു പശു മടിശ്ശീലയുടെ മുകളിൽ ചാണകമിട്ടതിനാലാണു് മടിശ്ശീല കാണാതെയായതു്. നമ്പൂരി പോയതിന്റെ ശേഷം നമ്പ്യാർ കുളക്കടവിൽ ചെന്നപ്പോൾ നല്ല ചാണകം കിടക്കുന്നതുകണ്ടു് വാരിയെടുത്തതിനാലാണു് മടിശ്ശീല അവരുടെ പക്കൽ കിട്ടിയതു്. ഉടമസ്ഥനാരെന്നറിഞ്ഞിട്ടു് കൊടുക്കണമെന്നു വിചാരിച്ചു് നങ്ങ്യാർ മടിശ്ശീല സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു. മടിശ്ശീല കിട്ടിയപ്പോൾ ആ ദരിദ്രനായ നമ്പൂരിക്കുണ്ടായ സന്തോഷം ഇത്രമാത്രമെന്നു പറയേണ്ടതില്ലല്ലോ. ഉടനേ ആ നമ്പൂരി എണീറ്റു് രണ്ടു കയ്യും നങ്ങ്യാരുടെ തലയിൽ വച്ചു് സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു് ഗദ്ഗദസ്വരമായിട്ടു്–അടുത്ത ആണ്ടത്തേക്കു് അതിയോഗ്യനായ ഒരു പുത്രൻ നിനക്കുണ്ടാകട്ടെ എന്നനുഗ്രഹിച്ചു. ആ അനുഗ്രഹത്താൽ മേല്പറഞ്ഞപ്രകാരം ആ നങ്ങ്യാർക്കുണ്ടായ പുത്രനാണു് കുഞ്ചൻനമ്പ്യാരെന്നാണു് കേട്ടിരിക്കുന്നതു്.”
മി: പി. കെ.നാരായണപിള്ള ഈ ഐതിഹ്യത്തിൽ അല്പമൊരു മാറ്റം വരുത്തി ‘കുഞ്ചൻനമ്പ്യാർ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. എന്നാൽ നാലഞ്ചുകൊല്ലം കഴിഞ്ഞു’ എന്ന ഭാഗം മാത്രമേ വിട്ടുകളഞ്ഞിട്ടുള്ളുതാനും. മി. ബാലകൃഷ്ണവാരിയരാകട്ടെ മി: പി. കെയുടെ പാഠത്തെ അല്പം ഒന്നു മിനുക്കിയിട്ടുണ്ടു്. ഈ ഒടുവിൽ പറഞ്ഞ രണ്ടു ചരിത്രകാരന്മാരും നങ്ങ്യാരുടെ ഭർത്താവു് നമ്പൂരിയായിരുന്നു എന്നുള്ള അംശത്തെ വിട്ടുകളയുകയും ചെയ്തിരിക്കുന്നു.
കുഞ്ചന്റെ പിതാവു് ഒരു നമ്പൂരിയായിരുന്നു എന്നുള്ള ശങ്കുണ്ണിയുടെ അഭിപ്രായം ശരിയാണെന്നുതന്നെ എനിക്കും തോന്നുന്നു. അതിനുള്ള കാരണങ്ങൾ പിന്നീടു് പ്രസ്താവിക്കാം. പി. കെ. അവർകൾ ചേർത്തിട്ടുള്ള മറ്റൊരു ഐതിഹ്യത്തിന്റെ ചരിത്രം കുറെ രസകരമാണു്. അദ്ദേഹം പറയുന്നു:- “ഇനിയൊരു കഥയുള്ളതു് സംസ്കൃതത്തിലാകയാൽ കുറേക്കൂടി ഗൗരവഭാവമുള്ളതാണു്. അതു് മഹാനുചരിതം എന്നൊരു ഗ്രന്ഥത്തിൽ നമ്പ്യാരെ ഉദ്ദേശിച്ചുള്ളതാണെന്നു പറഞ്ഞു് ഒരാൾ അമ്പലപ്പുഴെ തലവടിയിൽ നിന്നും എനിക്കു് അയച്ചുതന്നിട്ടുള്ളതാകുന്നു. ‘കദാചിൽ സ സപ്തവാർഷികോ ഗുരുഗൃഹം പ്രതി ഗച്ഛൻ മധ്യേമാർഗ്ഗം കുത്രചിദ് ഗിരിതടപ്രദേശേ ഗതമൂർച്ഛനേന ഗരിഷ്ഠകാളസർപ്പേണ വാമപാദേ ദഷ്ടഃ സൻ ഗതചേതനഃ ഛിന്നമൂലസ്തരുരിവ പപാത തദ്വത്വ ഏവ ചിന്തിത സന്താനലതയാ മഹിതയാ തയാ മഹാദേവതയാ ശരച്ചന്ദ്രചന്ദ്രികാനിന്ദനജഗദാനന്ദ മന്ദഹാസമരന്ദസാന്ദ്രസുന്ദരവദനാരവിന്ദയാ കന്ദുകശുകകരാരവിന്ദയാഽത്രാഗതിരകാരിഷ്ട. തതശ്ചഅത്ഭുതസുകുമാരീ കുമാരമിവ പ്രേമാതിരേകേണ കടാക്ഷചന്ദ്രികയാ ശിശിരീകൃത്യ ഹസ്താംബുജേന ഗൃഹീത്വാചാഽലിംഗ്യനിജകനകമണ്ഡലുസ്ഥേന പയസാഽഭിഷിച്യ ദിവ്യം പയഃ പായയിത്വാഽന്തർദധേ തദാ പ്രഭൃതിഃ’.
‘തലവടിയിൽനിന്നു് ഒരാൾ’ എന്നു് ഇവിടെ പറഞ്ഞിരിക്കുന്നതു് വിദ്വൽകുലാവതംസമായ കിട്ടായിആശാനെ ഉദ്ദേശിച്ചാണു്. ൧൦൮൭-ൽ ആനപ്രാമ്പാൽ എന്ന സ്ഥലത്തുവച്ചുനടന്ന ഒരു മഹായോഗത്തിൽ പ്രചീന ഹൈന്ദവ പരിഷ്കാരം എന്ന വിഷയത്തെ അധികരിച്ചു് ഞാൻ അതിദീർഘമായ ഒരു പ്രസംഗം എഴുതി വായിക്കയുണ്ടായി. പ്രസംഗം കേട്ടുകൊണ്ടിരുന്നവരിൽ മുക്കാൽഭാഗവും ഉറങ്ങിപ്പോയിരുന്നിരിക്കണം എന്നാണു് എനിക്കു തോന്നുന്നതു്. ഏതായാലും അദ്ധ്യക്ഷപദം അലംകരിച്ചിരുന്ന മഹാശയൻ എല്ലാവരേയും തട്ടിയുണർത്തി. ചരിത്രാന്വേഷണമൊക്കെ നാം നിർത്തിവയ്ക്കണമെന്നും വല്ല കൃഷിയോ കച്ചവടമോ—വക്കീൽപണിയായാലും വേണ്ടില്ല—സ്വീകരിച്ചു് ധാരാളം പണം സമ്പാദിക്കയാണു വേണ്ടതെന്നും അധ്യക്ഷൻ പറഞ്ഞപ്പോൾ സദസ്യരുടെ വായിൽ വെള്ളമൂറിക്കാണണം. എനിക്കാകട്ടെ ചരിത്രാന്വേഷണം ജീവിതത്തൊഴിലായി സ്വീകരിക്കണമെന്നു് ഒരു ബലിഷ്ഠമായ അഭിവാഞ്ഛയും ജനിച്ചു. ആ സദസ്യരിൽ ഒരാൾ മാത്രം എന്റെ പ്രസംഗം സശ്രദ്ധം ശ്രവിച്ചുകൊണ്ടിരുന്നു. അദ്ധ്യക്ഷന്റെ സമ്മാനവും വാങ്ങിക്കൊണ്ടു് ഞാൻ ഹാളിനുവെളിയിൽ വന്നപ്പോൾ ആ മാന്യൻ എന്നെ കാത്തുനിന്നിരുന്നു. അതു മുൻപറഞ്ഞ കിട്ടായി ആശാനായിരുന്നു. അദ്ദേഹം എന്നെ സ്വഗൃഹത്തിലേക്കു ക്ഷണിച്ചു. പലേ വിഷയങ്ങളെസ്സംബന്ധിച്ചു് ഞങ്ങൾ സംസാരിച്ചു. കിട്ടായിആശാനുമായി സംഭാഷണത്തിലേർപ്പെട്ടാൽ സമയം പോകുന്നതു് അറിയുകയേയില്ല. ഇത്ര ഫലിതമയവും എന്നാൽ വിജ്ഞാനപ്രദവും ആയ സംഭാഷണം ഞാൻ കേട്ടിട്ടില്ല. പ്രസംഗവശാൽ പീ. കേ-യുടെ കുഞ്ചൻനമ്പ്യാർ എന്ന ഗ്രന്ഥത്തെപ്പറ്റി പ്രസ്താവമുണ്ടായി. നമ്പ്യാരെപ്പറ്റി വല്ല ഐതിഹ്യങ്ങളോ വിവരങ്ങളോ അറിയാമെങ്കിൽ എഴുതി അയച്ചുകൊടുക്കണമെന്നു് അദ്ദേഹം ആശാനോടു് ആവശ്യപ്പെട്ടുവെന്നും സംസ്കൃതത്തിൽ ഒരു കെട്ടുകഥ രചിച്ചു് അയച്ചുകൊടുത്തു എന്നും ആശാൻ പറഞ്ഞപ്പോൾ ഞാൻ അമ്പരന്നുപോയി. ആശാനു് ഇത്തരം വിദ്യകൾ പലതും ഉള്ളതായി എനിക്കു് അറിയാമായിരുന്നു. പ്രശ്നംകേൾക്കാൻ ആരെങ്കിലും ക്ഷണിച്ചാൽ, പ്രാമാണികവചനങ്ങളെന്ന ഭാവേന പെട്ടെന്നു് സംസ്കൃതശ്ലോകങ്ങൾ ഉണ്ടാക്കിച്ചൊല്ലി ജ്യോത്സ്യനെ വിഷമിപ്പിക്കുക ഇദ്ദേഹത്തിനു് വിനോദമായിരുന്നെന്നും അതുകൊണ്ടു് ആശാനുണ്ടെന്നറിഞ്ഞാൽപിന്നെ ജ്യോത്സ്യന്മാരാരും പ്രശ്നത്തിനു ചെല്ലാറില്ലായിരുന്നു എന്നും ഞാൻ മുമ്പേതന്നെ കേട്ടിരുന്നു. ഏതായിരുന്നാലും പീ. കേ അവർകൾ ആശാനയച്ചുകൊടുത്ത കഥയെ പുസ്തകത്തിൽ ചേർത്തു് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇനി ഈ വ്യതിയാനം ഇവിടെ നില്ക്കട്ടേ.
നമ്പ്യാരുടെ മാതാവിനു് കുറഞ്ഞപക്ഷം രാഘവൻ എന്നൊരു സഹോദരനും രണ്ടു പുത്രന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നതായി നമുക്കറിയാം. ചന്ദ്രികാവീഥിയുടെ പ്രസ്താവനയിൽ ‘അസ്തി മംഗലഗ്രാമവാസ്തവസ്യ രാഘവപാണിഘസ്യഭാഗിനേയോ രാമാപാണിവാദഃ’ എന്നു രാമാപാണിവാദൻ രാഘവൻനമ്പ്യാരെന്നൊരു മാതുലനെ സ്മരിച്ചിരിക്കുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ മാതാവിനു് ഒരു സഹോദരിയുണ്ടായിരുന്നു എന്നു് സിദ്ധിക്കുന്നുണ്ടല്ലോ. അതുപോലെതന്നെ ൯൪൦-ൽ മറ്റൊരു രാമപാണിവാദൻ സ്വമാതുലനെന്ന നിലയിൽ നമ്മുടെ മഹാകവിയെ സ്തുതിച്ചുകാണുന്നതുകൊണ്ടു് കുറഞ്ഞപക്ഷം ഒരു സഹോദരിയെങ്കിലും കുഞ്ചൻനമ്പ്യാർക്കുണ്ടായിരുന്നതായി തെളിയുന്നു. പീ. കേ. നാരായണപിള്ള അവർകളും കുഞ്ചനു് ദാമോദരൻനമ്പ്യാരെന്നു് ഒരു ഭാഗിനേയൻകൂടി ഉണ്ടായിരുന്നതായി പ്രസ്താവിച്ചിട്ടുണ്ടു്. ൯൫൯-ാമാണ്ടിടയ്ക്കു് എഴുതപ്പെട്ട രാമേശ്വരയാത്ര എന്ന തുള്ളലിൽ തൽകർത്താവു് ധർമ്മരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളായ ഒരു ദാമോദരൻനമ്പ്യാരെപ്പറ്റി പറഞ്ഞിട്ടുമുണ്ടു്. അദ്ദേഹം കലക്കത്തു കുടുംബക്കാരനായിരുന്നോ എന്നു് നിശ്ചയമില്ല.
കൃഷ്ണൻനമ്പ്യാരും രാമൻനമ്പ്യാരുമാണു് ആ സുകൃതിനിയുടെ പുത്രന്മാർ. അവരിൽ കൃഷ്ണൻ ജ്യേഷ്ഠനായിരുന്നു എന്നാണു് ഞാൻ ഊഹിക്കുന്നതു്. അല്ലെങ്കിൽ ‘കൃഷ്ണേ സോദരരോഹിണീജസഹിതേ’ എന്ന പദ്യത്തിൽ അവരുടെ രണ്ടുപേരുടേയും ഭാഗിനേയനായ രാമൻനമ്പ്യാർ കൃഷ്ണന്റെ പേരു് ആദ്യമായി പറയുമായിരുന്നില്ല. രോഹീണീജൻ എന്ന ശബ്ദം ബലരാമന്റെ പര്യായമാണല്ലോ. സാധാരണ സംജ്ഞാനാമങ്ങളെ ഇങ്ങനെ പര്യായശബ്ദങ്ങളാക്കി നിർദ്ദേശിക്ക പതിവില്ല. കൃഷ്ണൻനായർ എന്നതിനുപകരം വാസുദേവൻനായർ എന്നു പറഞ്ഞാൽ പോരല്ലോ. അതുകൊണ്ടു ഇവിടെ രോഹിണീജശബ്ദത്തിനു് രോഹിണീനക്ഷത്രത്തിൽ ജനിച്ചവൻ എന്ന അർത്ഥം പ്രധാനമായും ‘രാമൻ’ എന്ന അർത്ഥം ഗൗണമായും വിവക്ഷിച്ചിരിക്കുന്നു എന്നാണെനിക്കു തോന്നുന്നതു്. അതിനാൽ രാമപാണിവാദൻ രോഹിണീനക്ഷത്രജാതനാണെന്നും നമുക്കു് നിശ്ചയിക്കാം. ‘സുകവിസംസത്സേവ്യ’ എന്ന കലിദിനത്തിൽ (൯൪൦-ൽ) ബാലഭാരതം പകർത്തി എഴുതിത്തീർത്ത രാമൻ നമ്പ്യാരുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ കുഞ്ചൻനമ്പ്യാരെപ്പറ്റി പല സംഗതികളും നമുക്കു് ഗ്രഹിക്കാൻ മാർഗ്ഗമുണ്ടു്. അദ്ദേഹം (രാമപാണിവാദദ്വിതീയൻ) നാരായണഭട്ടപാദരുടെ ശിഷ്യരും ‘ദേവാപഗാധീശ്വരഭജനധീ’ കളും ‘ഉദ്യോതദ്വഞ്ചിഭൂമീശ്വര കരുണാഭാജനങ്ങളും’ ആയ രണ്ടിലധികം നമ്പ്യാന്മാരെപ്പറ്റി,
‘ഭദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതാ ഭട്ടപാദാ-
ദുദ്യദ്ദേവാപഗാധീശ്വര ഭജനധിയസ്സന്തതം ശാന്തചിത്താഃ
ഉദ്യോതദ്വഞ്ചിഭൂമീശ്വരഗുരുകരുണാഭോജിനോ ദേശികാസ്തേ
സദ്യശ്ശൂദ്ധിം ദധാനാ ഹൃദി പദരജസാ സർവദാ മങ്ഗലം നഃ.’
എന്ന ശ്ലോകത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും,
‘യോഽസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം തഥാ പ്രാകൃതം
കാവ്യം കംസവധാഭിധം ഗുണയുതം തദ്രാഘവീയം തഥാ
പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥീദ്വയം നാടകം
സീതാരാഘവമേവ ച പ്രദിശതാന്മഹ്യം ഗുരുർമ്മംഗളം.’
‘പ്രാകൃതവൃത്തിം തദ്വച് ഛ്രീകൃഷ്ണവിലാസകാവ്യ വിവൃതിംച
കൃതവാന ന്യാന്യപി യഃ സ ജയേച് ഛ്രീരാമപാണിവാദഃ കവിഃ
താളപ്രസ്താരശാസ്ത്രം ച സദ്വൃത്തോവൃത്തവാർത്തികാ
തദ്വൽപ്രഹസനം കിഞ്ചിൽ കൃതവാൻ രാമമാതുലഃ.’
‘ക്ഷോണീദേവ ക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൽ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ ശ്രേയസേ ബോഭവീതു.’
ഇത്യാദി പദ്യങ്ങളിൽ കവി എന്ന നിലയിൽ ഒരാളെ മാത്രമേ സ്മരിച്ചിട്ടുള്ളു എന്നും അദ്ദേഹത്തിനെ ചെമ്പകശ്ശേരി ദേവനാരായണൻ ആയിരുന്നു ബാല്യത്തിലേ എടുത്തു വളർത്തി വിദ്യ അഭ്യസിപ്പിച്ചതെന്നും ഉള്ള സംഗതികൾ ആലോചിച്ചുനോക്കിയാൽ ഈ രാമൻനമ്പ്യാരും കുഞ്ചനും ഒരാളായിരുന്നു എന്നു് സംശയം കൂടാതെ നമുക്കു പറയാം. എന്നാൽ ഈ പദ്യങ്ങളെ പ്രമാണത്വേന അംഗീകരിക്കുന്ന വിഷയത്തിൽ പുരോഭാഗികൾ വിസമ്മതിച്ചേക്കാമെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ പദ്യങ്ങളുടെ ഉല്പത്തിസ്ഥാനം വിശുദ്ധമാണെങ്കിൽ ഇതു് ഒരു വലിയ നേട്ടം തന്നെയാണു്. ആ വിഷയത്തിൽ ശ്രീമാൻ ബാലകൃഷ്ണവാരിയർ അനുമോദനീയനുമാകുന്നു.
‘കുഞ്ചൻ’ എന്നതു് കുടുംബത്തിലെ കാരണവപ്പാട്ടിലേക്കുള്ള സ്ഥാനമാണെന്ന അഭിപ്രായത്തോടുയോജിക്കാൻ നിവൃത്തി കാണുന്നില്ല. അമ്പലപ്പുഴ ദേവസ്വത്തിൽ നിന്നുള്ള ൧൦൧൫-ലെ ൨൩൫-ാം നമ്പർ ഉത്തരവിൽ ‘മുമ്പിൽ എഴുന്നള്ളത്തോടു പാർത്തിരുന്ന കലക്കത്തു കുഞ്ചൻനമ്പ്യാരുടെ അനന്തരവരിൽ ഒരാളായ അമ്പലപ്പുഴെ പാർത്തുവരുന്ന കുഞ്ചൻനമ്പ്യാരുടെ പേർക്കു് ’ എന്നു് എഴുതിക്കാണുന്നതായിരിക്കണം ഈ അഭ്യൂഹത്തിന്റെ അടിസ്ഥാനം. ൧൦൧൬ മുതൽക്കു് ൧൦൧൯-വരെയുള്ള അമ്പലപ്പുഴ ദേവസ്വക്കണക്കുകളിൽ കാണുന്നതു് കൃഷ്ണൻനമ്പ്യാർ എന്നൊരാൾ അനുഭവം പറ്റിക്കൊണ്ടിരുന്നതായിട്ടാണു്. ൧൦൧൯-ൽ ആ കൃഷ്ണൻനമ്പ്യാർ മരിച്ചുപോകയും വസ്തുവകകൾ അന്യംനില്പായി സർക്കാരിലേക്കുചേർക്കാൻ ഭാവിക്കുകയും ചെയ്തപ്പോഴാണു് പാർവതീനങ്ങ്യാർ എന്നൊരു സ്ത്രീ അവകാശം ബോധിപ്പിച്ചു് അന്യംനില്പു നടവടികൾ നിർത്തിവയ്പിച്ചതു്. ൧൦൪൫-വരെ ആ നങ്ങിയാർ അനുഭവം പറ്റിക്കൊണ്ടിരുന്നു. പിന്നീടു് ഒരു രാമൻനമ്പിയാർ അവകാശിയായി. അമ്പലപ്പുഴെയുള്ള കണക്കുകളിൽ രണ്ടാംകുഞ്ചനെ കാണുന്നതേയില്ല. അഥവാ ഉണ്ടായിരുന്നാൽതന്നെയും അതുകൊണ്ടു് കുഞ്ചൻ എന്നതു് കാരണവർക്കുള്ള സ്ഥാനമാണെന്നു വരുന്നില്ലതാനും.
കുഞ്ചന്റെ ബാല്യകാലം ജന്മദേശത്തുതന്നെ കഴിച്ചു കൂട്ടിയതായിട്ടാണു് മി: പി. കെ. നാരായണപിള്ള പറഞ്ഞിരിക്കുന്നതു്. ബാലകൃഷ്ണവാരിയർ അവർകളുടെ ഗ്രന്ഥത്തിൽ കാണുന്ന ‘ബാല്യദശാവർണ്ണന’ യിൽ കുറെ മനോധർമ്മപ്രസരം കൂടികലർന്നിട്ടുണ്ടെന്നുള്ള ഒരു വ്യത്യാസമേയുള്ളു. വാസ്തവം പറയുന്നതായാൽ ഈ മാതിരി ഒരു മഹാപുരുഷന്റെ ജനയിത്രിപദം നേടുന്നതിനു ഭാഗ്യമുണ്ടായ ആ നങ്ങിയാർ സ്വപുത്രനെ നിഷ്ക്കർഷിച്ചു വളർത്തിക്കാണണമെന്നുള്ളതിൽ കവിഞ്ഞു് മറ്റൊന്നും നമുക്കു് അറിയാൻ തരമില്ല.
‘മക്കളെപ്പുലർകാലേ കൊണ്ടുപോയ് കുളിപ്പിച്ചു
ചിക്കെന്നു താനുംകൂടി സ്നാനവും ചെയ്തു ചെമ്മേ’
ഇത്യാദി പ്രദോഷമാഹാത്മ്യത്തിലെ വരികളിൽ കവി തന്റെ മാതാവിനെ സ്മരിച്ചുകാണണമെന്നും മറ്റും പറയുന്നിടത്തു് മനോധർമ്മം മി. വാരിയരെ അല്പം വഴി തെറ്റിച്ചിട്ടുണ്ടു്. തുള്ളലുകളിലെ ഉപോദ്ഘാതങ്ങളിൽ നിന്നു കവിയെപ്പറ്റി നമുക്കു് ചിലതൊക്കെ ഊഹിപ്പാൻ കഴിയുമെങ്കിലും നമ്പ്യാർ പാത്രങ്ങൾവഴിക്കു് സ്വാനുഭവങ്ങളെ പ്രകാശിപ്പിച്ചിട്ടുണ്ടെന്നു വിചാരിക്കാനേ വയ്യാ. അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പാത്രങ്ങൾ ഇത്ര സജീവങ്ങളാകയില്ലായിരുന്നു. മനുഷ്യപ്രപഞ്ചത്തിനെ അത്യുന്നതസ്ഥാനത്തിരുന്നുകൊണ്ടു് നിസ്സംഗഭാവത്തിൽ നിരീക്ഷിച്ചു് അവരുടെ ചാപല്യങ്ങളെ ഓർത്തു കുണ്ഠിതപ്പെടുകയാണു് അദ്ദേഹം ചെയ്തിട്ടുള്ളതു്. മനുഷ്യചാപല്യങ്ങളുടെ ദൂരീകരണത്തിനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നു പരിഹാസമാണു്. നമ്പ്യാർ ആ മാർഗ്ഗത്തെ അവലംബിച്ചു. അദ്ദേഹത്തിന്റെ പരിഹാസത്തിനു പാത്രമാകാത്തതായി ആരെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയവുമാകുന്നു. ആ പരിഹാസശരങ്ങൾ എത്രതന്നെ നിശിതങ്ങളായിരുന്നാലും വിദ്വേഷവിഷലിപ്തങ്ങളായിരുന്നില്ല. മനുഷ്യവർഗ്ഗത്തോടുള്ള നിസ്സീമമായ പ്രേമമാണു് അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തിരുത്തുന്ന വിഷയത്തിൽ നമ്പ്യാർക്കു് പ്രേരകമായിരുന്നതു്. ഷേക്‍സ്പീയർ നാടകങ്ങളിലെന്നപോലെ നമ്പ്യാരുടെ കൃതികളിലും ഗ്രന്ഥകാരന്റെ സ്വഭാവഗതികളും മാനസികപ്രവണതകളും ദർശിക്കാൻ ശ്രമിക്കുന്നതു് വ്യർത്ഥമാണു്. മനുഷ്യവർഗ്ഗത്തിൽ ഏതെല്ലാം തരത്തിലുള്ള ജീവികളുണ്ടോ അവരെയൊക്കെ സജീവമായി ചിത്രണം ചെയ്‍വാൻ അദ്ദേഹത്തിനു സാധിച്ചതു് നവനവോന്മേഷശാലിനിയായ പ്രജ്ഞയുടെ വൈഭവംകൊണ്ടു മാത്രമാണു്; അല്ലാതെ അത്തരത്തിലുള്ള ജനങ്ങളുമായി ഇടപഴകി ആ വഴിക്കു ഉണ്ടായിട്ടുള്ള രാഗദ്വേഷാദികൾകൊണ്ടല്ലെന്നു് ഇതിനുപരി ചെയ്യാൻ പോകുന്ന വിമർശംകൊണ്ടു് പ്രത്യക്ഷപ്പെടുമെന്നു വിശ്വസിക്കുന്നു. എഴുത്തച്ഛനെ ചിലപ്പോഴൊക്കെ തൽകൃതികളിൽ നിഴലിച്ചുകാണാം; എന്നാൽ നമ്പ്യാരുടെ കവിത അത്തരത്തിലേ അല്ല. ഒരു ബ്രാഹ്മിണി കുട്ടികളെ കുളിപ്പിച്ചു താനും കുളിച്ചു ക്ഷേത്രദർശനത്തിനു പോകുന്നതിനെ കവി വർണ്ണിച്ചിരിക്കുന്നതു് സ്വമാതാവിനെ സ്മരിച്ചുകൊണ്ടാണെങ്കിൽ, നായർ വിശന്നുവലഞ്ഞു വരുമ്പോഴുള്ള അവസ്ഥയെ വർണ്ണിച്ചിരിക്കുന്നതു് തന്റെ കാരണവരേയോ പിതാവിനേയോ മനസ്സിൽ വച്ചു കൊണ്ടാണെന്നു പറഞ്ഞുകൂടെ?
കുഞ്ചൻ ആദ്യം വിദ്യ അഭ്യസിച്ചതു് മാതുലനായ രാഘവൻനമ്പ്യാരുടെ അടുക്കൽ നിന്നാണെന്നുള്ള അഭ്യൂഹവും പിശകാണെന്നു സ്ഥാപിക്കാൻ വലിയ വിഷമമില്ല. ‘ദദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതാഃ’ എന്ന പദ്യത്തിൽ രണ്ടിലധികം നമ്പിയാരന്മാരെ പറഞ്ഞിരിക്കുന്നതിനാലും അവരെല്ലാരും ചെമ്പകശ്ശേരിരാജാവിന്റേയും വഞ്ചീശ്വരന്റേയും കൃപയ്ക്കു പാത്രങ്ങളായിരുന്നു എന്നു വ്യക്തമാക്കീട്ടുള്ളതുകൊണ്ടും കൃഷ്ണൻനമ്പ്യാരെയും രാഘവൻനമ്പ്യാരെയും രാമൻനമ്പ്യാരെയും ആണു് കവി ഉദ്ദേശിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നുണ്ടല്ലോ. അവരിൽ കവിയായി രാമപാണിവാദരെ മാത്രം സ്തുതിച്ചിരിക്കയും ചെയ്യുന്നു. മറ്റു രണ്ടുപേരിൽ കൃഷ്ണൻനമ്പ്യാർ പ്രൗഢവിദ്വാനും വിഹിതഹരിനമസ്യാദികനായ യതീശ്വരനും ആയിരുന്നു. രാഘവൻ നമ്പ്യാരുടെ കൃതികളായി ശാകുന്തളം ആട്ടക്കഥയും നളചരിതം അഞ്ചുദിവസത്തെ കഥയും മാത്രമേ അറിയപ്പെടുന്നുള്ളു. ആ കൃതിയാകട്ടെ മുൻപുദ്ധരിക്കപ്പെട്ട രാമപാണിവാദപദ്യങ്ങൾക്കു ശേഷം നിർമ്മിക്കപ്പെട്ടതായിരിക്കണമെന്നു വിചാരിപ്പാനും അവകാശമുണ്ടു്. [7] എന്തുകൊണ്ടെന്നാൽ അതിന്റെ പ്രാരംഭത്തിൽ ഉള്ളതായി മഹാകവി ഉള്ളൂർ പരമേശ്വരയ്യർ കണ്ടുപിടിച്ചിട്ടുള്ള പദ്യങ്ങളിൽ ഒന്നു്,
‘ശ്രീമാനനർഘഗുണരത്ന മഹാപയോധിഃ
ശ്രീമാടഭൂതിലകമാർത്തജനാനുകമ്പീ
ശ്രീവഞ്ചിരാജകുലശേഖരബദ്ധസഖ്യഃ
ശ്രീവീരകേരളനരാധിപതിവിഭാതി’
എന്നുള്ള വീരകേരളവർമ്മ പ്രശസ്തി ആണു്. ആ മഹാരാജാവു് ധർമ്മരാജാവുമായി സന്ധിചെയ്തതു് ൯൩൭-കർക്കടകം ൨൫-ാം തീയതിയാണെന്നു് താഴെ പറയുന്ന രേഖയിൽനിന്നു കാണാം.
“തൊള്ളായിരത്തിമുപ്പത്തിഏഴാമാണ്ടു് കർക്കടമാസം ൨൫-ാം തീയതി പെരുമ്പടപ്പുസ്വരൂപത്തിൽ രോഹിണിനക്ഷത്രം പുറന്ന വീരകേരളവർമ്മ തിരുകോവിൽ അധികാരിക്കു് ശുചീന്ദ്രത്തു സ്ഥാണുമൂർത്തിയുടെ സന്നിധിയിൽ എഴുതിപ്പിടിച്ച മൊഴിഓലയാവിതു്. നാമും നമ്മുടെ അനന്തിരവരും തൃപ്പാപ്പൂസ്വരൂപത്തിങ്കൽ കാർത്തികനക്ഷത്രം പുറന്ന ശ്രീപത്മനാഭദാസബാലരാമവർമ്മകുലശേഖരപ്പെരുമാൾക്കും അങ്ങേ അനന്തിരവർക്കും വിപരീതമായുള്ള കാര്യങ്ങൾ ഒന്നും ചെയ്കയും ഇല്ല. അങ്ങേ ശത്രുക്കളായിട്ടുള്ള ജനങ്ങൾക്കു് ഉള്ളും ചൊല്ലും കൊടുക്കയും ഓല ഉത്തരം എഴുതുകയും ചെയ്കയും ചെയ്യിപ്പിക്കയും ഇല്ല എന്നു നിശ്ചയം സ്ഥാണുമൂർത്തിപാദത്താണു്. ഇമ്മൊഴിക്കു് മൊഴിഓല എഴുതിയ പവ്വത്തിൽ അമ്പാടി കയ്യെഴുത്തു്.”
൯൪൦ മിഥുനം ൬-ാം തിയതി സൂര്യവാരവും കൃഷ്ണപക്ഷചതുർദ്ദശിയും രോഹിണീനക്ഷത്രവും കൂടിയ സമയത്താണു് രാമപാണിവാദദ്വിതീയൻ ബാലഭാരതം പകർത്തിത്തീർത്തതു്. അതുകൊണ്ടു് ൯൪൧-നും ൯൫൦-നും ഇടയ്ക്കായിരിക്കാം ശാകുന്തളാദികൃതികൾ രാഘവൻനമ്പ്യാർ രചിച്ചതെന്നു വരുന്നു. ൯൪൧-ൽ കുഞ്ചനുതന്നെ ൬൦-ൽ പരം വയസ്സുണ്ടായിരുന്നു. ആ സ്ഥിതിക്കു് രാഘവൻനമ്പ്യാർക്കു് കുഞ്ചന്റെ ഗുരുസ്ഥാനം ഉണ്ടായിരുന്നു എന്നു വരികിൽ എന്തു പ്രായം കല്പിക്കേണ്ടി വരും? അവർ രണ്ടുപേരും ഏകദേശം സമവയസ്കരായിരുന്നു എന്നു വിചാരിക്കാനേ അതുകൊണ്ടു തരമുള്ളു. വന്നേരി നമ്പൂരിയുടെ അനുഗ്രഹത്തിനുശേഷമേ കലക്കത്തു കുടുംബത്തിൽ പുരുഷസന്താനങ്ങൾ ഉണ്ടായിട്ടുള്ളു എന്നൊരു ഐതിഹ്യം ഉള്ളതായി ശങ്കുണ്ണിഅവർകൾ പ്രസ്താവിച്ചുിട്ടുമുണ്ടല്ലോ.
ഇനി നമ്പ്യാരുടെ ബാല്യകാലത്തെപ്പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണിഅവർകൾ എന്തു പറഞ്ഞിരിക്കുന്നു എന്നു നമുക്കു നോക്കാം.
“അങ്ങനെയുണ്ടായ ആ പുത്രനോടുകൂടി ആ സ്ത്രീ ഭർത്താവിന്റെ (കല്ലമ്പിള്ളി നമ്പൂരിയുടെ) ഇല്ലത്തു് ഒരു ഉപഭവനമായിട്ടുണ്ടായിരുന്ന മഠത്തിൽ കുറച്ചുകാലം താമസിച്ചു. അപ്പോൾ അതു് ആ ഇല്ലത്തെ ശേഷമുണ്ടായിരുന്നവർക്കു നല്ല രസമില്ലാതായിത്തീരുകയാൽ നമ്പൂരി അവരെ അവിടെ നിന്നു കോട്ടയത്തു വില്വട്ടത്തു നമ്പ്യാരുടെ ഭവനത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. അതിനാൽ കുഞ്ചൻനമ്പ്യാർ ബാല്യകാലത്തു താമസിച്ചിരുന്നതും വിദ്യാഭ്യാസം ചെയ്തതും കോട്ടയത്താണു്.”
“കുഞ്ചൻനമ്പ്യാർ കോട്ടയത്തു താമസിച്ചിരുന്ന കാലത്തുതന്നെ ചെമ്പകശ്ശേരിരാജാവിന്റെ സേവകനായ്‍ത്തീർന്നു. അമ്പലപ്പുഴത്തമ്പുരാക്കന്മാരുടെ രാജധാനിയും സ്ഥിരവാസവും അമ്പലപ്പുഴത്തന്നെ ആയിരുന്നുവെങ്കിലും അവർക്കു കോട്ടയത്തുനിന്നു് മൂന്നു നാഴികയ്ക്കു വടക്കു് കുടമാളൂർ എന്ന സ്ഥലത്തു് ഒരു മഠമുണ്ടായിരുന്നു. ആ സ്ഥലം ഇപ്പോഴും ഉണ്ടു്. അന്തർജ്ജനങ്ങളേയും കിടാങ്ങളേയും കുടമാളൂരാണു് താമസിപ്പിക്കുക പതിവു്. അമ്പലപ്പുഴ രാജാവു് നമ്പൂരിയായിരുന്നല്ലോ. അമ്പലപ്പുഴ രാജഭവനം ക്ഷേത്രത്തോടടുത്താകയാൽ അവിടെ രാജാവിനു് ഭാര്യാസമേതം താമസിക്കാൻ പാടില്ലായിരുന്നതിനാലാണു് അന്തർജ്ജനങ്ങളേയും മറ്റും കുടമാളൂർ താമസിപ്പിച്ചിരുന്നതു്. രാജാവു് കൂടെക്കൂടെ കുടമാളൂരും വന്നു താമസിക്കുമായിരുന്നു. അക്കാലത്തു് അമ്പലപ്പുഴ രാജാവിന്റെ ഇഷ്ടനും വിദ്വത്സദസ്സിലെ ഒരംഗവുമായിട്ടു് ഒരു ഭട്ടതിരി എഴുന്നളളത്തോടുകൂടി താമസിച്ചിരുന്നു. ഭട്ടതിരി സകലശാസ്ത്രപാരംഗതനായ ഒരു മഹാവിദ്വാൻതന്നെയായിരുന്നു. കുഞ്ചൻനമ്പ്യാരുടെ പ്രധാന ഗുരുവും ആ ഭട്ടതിരി തന്നെയായിരുന്നു. ഭട്ടതിരിക്കു് വില്വട്ടത്തുനമ്പ്യാരുടെ ഭവനത്തിൽ ബന്ധവുമുണ്ടായിരുന്നതിനാലാണു് അങ്ങനെ വരാനിടയായതു്.”
ഇതു് യുക്തിക്കു വളരെ യോജിക്കുന്നതിനു പുറമേ,
‘ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൻ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ ശ്രേയസേ ബോഭവീതു’
എന്ന രാമപാണിവാദവാക്കുകൾ അതിനു് ഉപോദ്ബലകമായിരിക്കയും ചെയ്യുന്നു. ഈ കാരണങ്ങളാൽ ഉപരിഗവേഷണംകൊണ്ടു് അന്യഥാ തെളിയുന്നതുവരെ കുഞ്ചൻ നമ്പ്യാരുടെ പിതാവു് ഒരു കല്ലമ്പിള്ളിനമ്പൂരിയായിരുന്നെന്നും അദ്ദേഹത്തിന്റെ ബാല്യകാലം വില്വട്ടത്തു മഠത്തിൽ ആയിരുന്നു കഴിച്ചുകൂട്ടിയതെന്നും ആ വഴിക്കായിരിക്കണം നാരാണഭട്ടപാദരുടെ ശിഷ്യസ്ഥാനം വഹിപ്പാനും ചെമ്പകശ്ശേരിയുടെ ആശ്രിതപദം സമ്പാദിക്കാനും ഇടയായതെന്നും വിചാരിക്കാം. ഈ ഭട്ടതിരിയെ തേടി കന്യാകുമാരി മുതൽ ഗോകർണ്ണം വരെ നടക്കേണ്ട ആവശ്യമൊന്നുമില്ല.
‘ശ്രീമദുക്ഷിണഗേഹവാസി നിരതഃ ശ്രീമാൻ സതാം സമ്മതഃ
ശിക്ഷാരക്ഷണദക്ഷിണോ ഗുണനിധിർഭട്ടോത്തമസ്സത്തമഃ
ശ്രീവഞ്ചിക്ഷിതിപാലമൗക്തികമണേശ്ചിത്താദ്വിതീയം തഥാ
തത്വജ്ഞാനനിധിർമ്മദേകശരണം സോഽയം വിജേ ജീയതാം’
എന്ന പദ്യം ഏതദ്ദ്വിഷയകമായ നമ്മുടെ സംശയത്തെ പരിഹരിക്കുന്നുണ്ടെന്നാണു് എനിക്കു തോന്നുന്നതു്. തെക്കേടത്തുഭട്ടതിരിമുഖേനയാണു് കുഞ്ചൻ ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായിത്തീർന്നതെന്നും അദ്ദേഹത്തിന്റെ അപേക്ഷ അനുസരിച്ചു് ഒരു രാത്രികൊണ്ടു് എഴുതിത്തീർത്തതാണു് ശ്രീകൃഷ്ണചരിതം മണിപ്രവാളമെന്നും ഒരു ഐതിഹ്യം അമ്പലപ്പുഴെ ഇപ്പോഴും പ്രചാരത്തിലിരിക്കയും ചെയ്യുന്നു. ശങ്കുണ്ണി അവർകൾ ഈ വിഷയത്തെ സംബന്ധിച്ചു പ്രസ്താവിച്ചിട്ടുള്ള ഒരു രസകരമായ സംഭവത്തെക്കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
“ഒരിക്കൽ അമ്പലപ്പുഴരാജാവിന്റെ അന്തർജ്ജനം ഒരു കൈകൊട്ടിക്കളിപ്പാട്ടു് ഉണ്ടാക്കിക്കൊടുക്കണമെന്നു് ഭട്ടതിരിയോടു് ആവശ്യപ്പെട്ടു. ഭട്ടതിരി മഹാവിദ്വാനും നല്ല സംസ്കൃതകവിയും ആയിരുന്നെങ്കിലും ഭാഷാകവിത ഉണ്ടാക്കാൻ അദ്ദേഹത്തിനു് വളരെ പ്രയാസമായിരുന്നതിനാൽ, ഭാഷാകവിതയുണ്ടാക്കാൻ തനിക്കു് പരിചയമില്ലെന്നും തന്റെ ശിഷ്യനായി കുഞ്ചൻ എന്നൊരു നമ്പ്യാർ കോട്ടയത്തു താമസിക്കുന്നുണ്ടെന്നും അയാളെ വരുത്തിയാൽ എത്ര പാട്ടു വേണമെങ്കിലും ഉണ്ടാക്കിത്തരുമെന്നും അയാൾക്കു് ഭാഷാകവിതയിൽ നല്ലപോലെ വാസനയുണ്ടെന്നും അറിയിച്ചു. ഉടനേ അന്തർജ്ജനം വിവരം രാജാവിനെ ധരിപ്പിക്കുകയും കല്പിച്ചു് ആളയച്ചു കുഞ്ചൻനമ്പ്യാരെ കുടമാളൂർക്കു് കൊണ്ടുവരികയും ചെയ്തു. കുഞ്ചൻനമ്പ്യാർ കുടമാളൂർ ചെന്നപ്പോൾ അന്തർജ്ജനത്തിന്റെ ആവശ്യം രാജാവു കല്പിച്ചു. “കഥയെന്താണു വേണ്ടതെന്നു്” കുഞ്ചൻനമ്പ്യാർ ചോദിച്ചു. ശ്രീകൃഷ്ണന്റെ കഥ എന്തെങ്കിലും ആയിരിക്കണം എന്നു കല്പിക്കുകയാൽ കുഞ്ചൻനമ്പ്യാർ അവിടെ വച്ചുണ്ടാക്കിയതാണു് “രുഗ്മിണീസ്വയംവരം പത്തുവൃത്തം.” ഇതിനു ശേഷമാണത്രേ കുഞ്ചൻ അവിടെക്കൂടെ താമസിക്കണമെന്നു കല്പനയുണ്ടായതും, അദ്ദേഹം ഭർത്തൃമരണം നിമിത്തം ദുഃഖിതയായ മാതാവിനെ കിള്ളിക്കുറിശ്ശിയിൽ കൊണ്ടുചെന്നാക്കീട്ടു തിരിച്ചു വന്നതും.
കുഞ്ചൻനമ്പ്യാർ അഥവാ രാമപാണിവാദൻ വ്യാകരണപര്യന്തം നാരായണഭട്ടതിരിയിൽനിന്നു പഠിച്ചു എന്നു് ‘നാരായണാഖ്യാദധിഗതവ്യാകൃതഃ’ എന്നു് മുൻപു ഉദ്ധരിച്ചിട്ടുള്ള പദ്യത്തിൽ നിന്നു് വിശദമാകുന്നുണ്ടല്ലോ. ഈ ഗുരുവര്യനെ നമ്പ്യാർ തന്റെ എല്ലാ സംസ്കൃതകൃതികളിലും ഭക്തിപൂർവ്വം സ്മരിച്ചുകാണുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? ഭാഷാകവിതകളിലാകട്ടെ ഈ ബ്രാഹ്മണഗുരുവിന്റെ പേരു പറഞ്ഞുകാണുന്നില്ലെങ്കിലും അവയിലും അദ്ദേഹത്തിനെ ഭക്തിപൂർവ്വം സ്മരിക്കാതിരുന്നിട്ടില്ല. ‘ആശീർന്നമസ്ക്രിയാവസ്തുനിർദ്ദേശോവാപിതന്മുഖം’ എന്ന പ്രമാണമനുസരിച്ചു് പല കഥകളും വസ്തുനിർദ്ദേശത്തോടുകൂടി മാത്രവും ആരംഭിച്ചിട്ടുണ്ടു്. അവയെ ഒഴിച്ചുള്ള എല്ലാ കഥകളിലും ഈ ഗുരുവിനെ വന്ദിച്ചുകാണുന്നു.
‘ധരണീസുരവരമകുടമഹാമണി
കരണീയങ്ങളിലമിതമഹാമതി
തരണിസമാനൻ ദുരിതമഹാർണ്ണവ-
തരണത്തിന്നൊരു തരണീഭൂതൻ
കരുണാഗുണഗണവരുണാലയനാം
ഗുരുനാഥൻ മമ വരമരുളേണം’പ്രദോഷമാഹാത്മ്യം.
‘ധരണിസുരകുലമകുടമഹാമണി
ഗുരുനാഥൻ മമ വരമരുളേണം’ഘോഷയാത്ര.
‘ധരണിസുരന്മാർ മകുടമഹാമണി-
വരനല്ലോ മമ ഗുരുവായ്‍വന്നതു
സരസഗുണാകരനഖിലനരാണാം
ദുരിതനിവാരണകാരണഭൂതൻ
തന്തിരുവടിയുടെ കൃപയുണ്ടെന്നാൽ
എന്തു നമുക്കിഹ വശമല്ലാത്തു?’സ്യമന്തകം.
ഇപ്രകാരം സ്തുതിക്കപ്പെട്ടിരിക്കുന്നതു് ശ്രീനാരായണഭട്ടപാദർതന്നെ എന്നുള്ളതിനെപ്പറ്റി സംശയത്തിനു് അവകാശമില്ല. സംസ്കൃതകാവ്യങ്ങളിൽ പ്രായേണ അവസാനത്തിലാണു് കവി ഗുരുസ്മരണപൂർവകം തന്റെ പേരു നിർദ്ദേശിച്ചിട്ടുള്ളതു്. അതും എല്ലാ ലേഖ്യപ്രതികളിലും കാണുന്നുമില്ല. എന്നാൽ തുള്ളൽപ്പാട്ടുകളിൽ പ്രായേണ ഗുരുസ്മരണാപൂർവമാണു് കഥ ആരംഭിച്ചുകാണുന്നതെന്നൊരു വിശേഷമുണ്ടു്.
ഇനി രണ്ടു ആചാര്യന്മാരെക്കൂടി തുള്ളൽപ്പാട്ടുകളിൽ സ്മരിച്ചുകാണുന്നുണ്ടല്ലോ. അവരിൽ ഒന്നു് നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പും മറ്റൊന്നു് ഓണമ്പള്ളി നായ്ക്കരുമാണു്. ഇവരിൽ നന്തിക്കാട്ടു കുറുപ്പിനെപ്പറ്റി ‘ഈ കുടുംബക്കാർ പുരാതനകാലംമുതൽക്കേ വിദ്യാസമ്പന്നരായിരുന്നെന്നും അവരുടെ ഈടുവയ്പിൽ വ്യാകരണം, ജ്യോതിഷം, വേദാന്തം, വൈദ്യം എന്നീ വിവിധ ശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന അനവധി ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നുവെന്നും’ ഉള്ള പീ. കേ. നാരായണപിള്ള അവർകളുടെ അഭിപ്രായത്തെ ഉദ്ധരിച്ചിട്ടു് ശ്രീമാൻ ബാലകൃഷ്ണവാര്യർ അദ്ദേഹത്തിനെ അല്പം കളിയാക്കിയിരിക്കുന്നു. പോരെങ്കിൽ ഒടുവിൽ ‘പാണ്ഡിത്യക്കുത്തക അദ്ദേഹത്തിനായിരുന്നു എന്നു തെളിയുന്നുമില്ല’ എന്നൊരു ശപഥവും കാണുന്നു. ഇതു് കുറേ കഷ്ടമായിപ്പോയി. പി. കേ. നാരായണപിള്ള അവർകൾ എല്ലായ്പോഴും വളരെ സൂക്ഷിച്ചേ പദങ്ങൾ പ്രയോഗിക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ ഒരു കുത്തക ആ പാവപ്പെട്ട ഉണ്ണിരവിക്കുറുപ്പിനുണ്ടായിരുന്നതായി അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല. തർക്കം, ജ്യോതിഷം, വേദാന്തം എന്നീ ശാസ്ത്രങ്ങളിൽ ആ കുറുപ്പിനു് പാണ്ഡിത്യമുണ്ടായിരുന്നുവെന്നും, നമ്പ്യാർക്കു് ആവക ശാസ്ത്രങ്ങളുമായി ദൃഢപരിചയം ഉണ്ടായിരുന്നതായി തുള്ളലുകളിൽനിന്നു തെളിയുന്നതിനാൽ അദ്ദേഹം കുറുപ്പിന്റെ അടുക്കൽ അവ അഭ്യസിച്ചിരിക്കാമെന്നും അദ്ദേഹം ഊഹിച്ചതിനെ സംബന്ധിച്ചു് ഇത്രയൊന്നും ക്ഷോഭിക്കാൻ കാരണം കാണുന്നില്ല. ഉണ്ണിരവിക്കുറുപ്പിനു് ഈവക ശാസ്ത്രങ്ങളിൽ പാണ്ഡിത്യം ഉണ്ടായിരുന്നു എന്നുള്ളതിനും നമ്പ്യാർ അദ്ദേഹത്തിനു ശിഷ്യപ്പെട്ടു എന്നുള്ളതിനും തെളിവു ഹാജരാക്കാൻ മിസ്റ്റർ വാരിയർ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കോപം നാണുപിള്ള ആശാന്റെ പേരിലും പതിഞ്ഞുകാണുന്നുണ്ടു്. ‘പീ. കേ. നാരായണപിള്ള അവർകളും നമ്പ്യാരുടെ പാണ്ഡിത്യസമ്പാദനം ദ്രോണമ്പള്ളി ആചാര്യൻ മുഖാന്തിരമായിരിക്കാൻ ഇടയില്ലെന്നു് ഊഹിക്കുന്നതിനോടുകൂടി അതെല്ലാം ഉണ്ണിരവിക്കുറുപ്പിന്റെ തലയിൽ താങ്ങുവാൻ ഉത്സുകനായിക്കാണുന്നു.’ കോപഹേതു ഈ വരികളിൽനിന്നു് സ്പഷ്ടമാണല്ലോ. അമ്പലപ്പുഴക്കാരനായിരുന്ന പീ. കേ. അവർകൾക്കു് ഉണ്ണിരവിക്കുറുപ്പിന്റെ വീടു് പരിചിതമായിരുന്നു എന്നുള്ളതിനെപ്പറ്റി സംശയിക്കാനില്ലല്ലോ. ആ വീടു് എനിക്കും പരിചിതമാണു്. പ്രാചീനകാലം മുതല്ക്കു് ആ കുടുംബക്കാർ ആയുധവിദ്യയിലെന്നപോലെ അക്ഷരവിദ്യയിലും ഗുരുക്കന്മാരായിരുന്നു. ഇത്തരം കുടുംബങ്ങൾ പലതും ആ താലൂക്കിൽ വേറെയും ഉണ്ടു്. അങ്ങനെയുള്ള കുടുംബങ്ങളിൽപ്പെട്ട ഉണ്ണിരവിക്കുറുപ്പിന്റെ ഗൃഹത്തിൽ വിവിധശാസ്ത്രങ്ങളെ സംബന്ധിച്ചു് നിരവധി ഗ്രന്ഥങ്ങൾ കണ്ടിട്ടു് അദ്ദേഹം മഹാവിദ്വാനായിരുന്നിരിക്കണം എന്നു് മി: പീ. കേ. ഊഹിച്ചു. ഇക്കാലത്തു് കേവലം അലങ്കാരത്തിനായി ചിലർ മൂട്ടിൽ ‘ഗിൽട്ടു’വേലയുള്ള പുസ്തകങ്ങൾ അടുക്കിവയ്ക്കാറുള്ളതുപോലെ ആ കുറുപ്പും ചെയ്തുകാണുമായിരിക്കാം എന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായില്ല. ഗ്രന്ഥങ്ങൾ പകർത്തി എഴുതിക്കുന്നതിനുള്ള ചെലവിനെപ്പറ്റി ആലോചിക്കുമ്പോൾ, അങ്ങനെ ഒരു വ്യർത്ഥമായ ചെലവു് ആ കുറുപ്പോ കുറുപ്പിന്റെ കുടുംബക്കാരോ ചെയ്തുകാണുകയില്ലെന്നും അദ്ദേഹം ഊഹിച്ചു. അതിൽ ഒരു അപാകവും ഞാൻ കാണുന്നില്ല. “നന്ദിക്കാട്ടു് ഉണ്ണിരവിക്കുറുപ്പു് ഘടദീപം പോലെ അക്കാലത്തു കഴിഞ്ഞുകൂടിയിരിക്കുമെന്നു വിശ്വസിക്കുവാൻ തരം കാണുന്നില്ല”എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. അമ്പലപ്പുഴ ദേവനാരായണന്റെ സദസ്സിൽ രാമപാണിവാദൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണോ വാരിയരവർകളുടെ ആശയം? ഇങ്ങനെ ഒരു നാരായണഭട്ടപാദർ ഉണ്ടായിരുന്നു എന്നു് നാം അറിയുന്നതുതന്നെ നമ്പ്യാർ വഴിക്കാണല്ലോ. അതും ഈ അടുത്ത കാലത്തു്, പത്തുപന്ത്രണ്ടുകൊല്ലങ്ങൾക്കിപ്പുറവുമാണു്. ചില ലേഖ്യപ്രതികളുടെ അവസാനത്തിൽ ‘ശ്രീനാരായണഭട്ടപാദരജസാം’ എന്ന മാതിരിയുള്ള കുറിപ്പുകൾ ഭാഗ്യവശാൽ കണ്ടുകിട്ടാതിരുന്നുവെങ്കിൽ നാരായണഭട്ടതിരി എന്നൊരു ഗുരു നമ്പ്യാർക്കുണ്ടായിരുന്നു എന്നുപോലും ആരുമറിയുമായിരുന്നില്ല. ആ ഭട്ടതിരി ആരായിരുന്നു എന്ന സംഗതിയും ഇതേവരെ നിർണ്ണീതമായിട്ടുമില്ല. നേരെ മറിച്ചു് ഉണ്ണിരവിക്കുറുപ്പെന്നു് ഒരാൾ ഉണ്ടായിരുന്നതായി തുള്ളൽക്കഥകൾ വായിക്കയോ അഭിനയിച്ചു കാണുകയോ ചെയ്തിട്ടുള്ളവർക്കൊക്കെ അറികയും ചെയ്യാം. ഈ രണ്ടുപേരിൽ ആരാണു് ഘടദീപം? അതൊക്കെ പോകട്ടെ. ഞാൻ അല്പംമുമ്പു് പ്രസ്താവിച്ച കിട്ടായി ആശാൻതന്നെ ഒരു ഉദാഹരണമാണു്. അദ്ദേഹത്തിനോളം ബഹുശാസ്ത്രപാണ്ഡിത്യം ഉള്ളവർ ഇന്നു് കേരളത്തിൽ വളരെ ചുരുക്കമാണു്. പക്ഷേ അദ്ദേഹം ഒച്ചപ്പാടുണ്ടാക്കുന്നില്ല; അദ്ദേഹത്തിനെ ആരും അറിയുന്നുമില്ല. ഈ നന്ദിക്കാട്ടുകുറുപ്പിന്റെ ഒരു സഹോദരനായ ഉണിച്ചാത്തക്കുറുപ്പു് ൯൨൩-ാമാണ്ടിടയ്ക്കു് കൊച്ചീരാജാവിന്റെ നാലു വിശ്വസ്തകാര്യക്കാരന്മാരിൽ ഒരുവനായിരുന്നുവെന്നും രേഖയുണ്ടു്. ഏതായിരുന്നാലും നമ്പ്യാരുടെ ഗുരുസ്ഥാനം ഉണ്ണിരവിക്കുറുപ്പിനുണ്ടായിരുന്നു എന്നു് അക്കവി തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. ശാസ്ത്രങ്ങളല്ല അഭ്യസിച്ചതെങ്കിൽ പിന്നെ എന്താണെന്നു് മി. വാരിയർ പറയേണ്ടതാണു്—അതും തെളിവുസഹിതം ആയിരിക്കേണ്ടതാകുന്നു. ‘മിഴാവു കൊട്ടുന്ന വിദ്യ’ കുറുപ്പിന്റെ അടുക്കൽ പഠിച്ചിരിക്കാനിടയില്ല. തുള്ളലിന്റെ വല്ല ചടങ്ങും അദ്ദേഹം പഠിപ്പിച്ചിരിക്കുമോ? അന്നു് ഇല്ലാതിരുന്ന ഒരു വസ്തുവിനെപ്പറ്റി അദ്ദേഹം എന്തു പഠിപ്പിക്കാനാണു്? ‘ആയുധവിദ്യ’ ആയിരിക്കുമോ? നമ്പ്യാർ ആയുധവിദ്യാനിപുണൻ ആയിരുന്നു എന്നു് ആരും പറഞ്ഞുകേട്ടിട്ടുമില്ല; അതിനുംപുറമേ പരമ്പരാഗതമായി അക്ഷരവിദ്യാഗുരുക്കന്മാരായിരുന്ന ഒരു കുടുംബത്തിലെ എഴുത്താശാനോടു് ആയുധവിദ്യ പഠിപ്പിക്കാൻ ആവശ്യപ്പെടത്തക്കവണ്ണം കുഞ്ചൻനമ്പ്യാർ അത്ര ഭോഷനായിരുന്നെന്നു വിശ്വസിക്കാനും കുറേ വിഷമമാണു്. ഇനി നമുക്കു് വല്ല തെളിവും ഉണ്ടോ എന്നുകൂടി അന്വേഷിച്ചുനോക്കാം.
‘ചണ്ഡികാദേവിയെ സേവിച്ചു മേവീടും
ഉണ്ണിരവിയെന്നു പേരായ പൂരുഷൻ,
പുണ്യപൂരാകാരൻ നമ്മുടെ ദേശികൻ
കണ്ണിണകൊണ്ടൊന്നനുഗ്രഹിക്കേണമേ’
എന്ന സുന്ദോപസുന്ദോപാഖ്യാനത്തിലേയും,
‘പ്രാണപഞ്ചകത്തിന്റെ ത്രാണത്തിന്നനുകൂലൻ
ആചാര്യോത്തമൻ ബാലരവിയെന്നു പുകഴ്‍ന്നൊരു
ശ്രീചാരുസ്വരൂപന്റെ ചരണാംഭോരുഹം രണ്ടും
ആചാരോചിതം കൂപ്പിക്കവിചെയ്‍വാൻ തുടങ്ങിനേൻ’
എന്ന സഭാപ്രവേശത്തിലേയും വരികൾ വായിക്കുമ്പോൾ ആ ഉണ്ണിരവി കേവലം ആയുധവിദ്യാഗുരുവോ കലാഗുരുവോ ആയിരുന്നിരിക്കാൻ ഇടയില്ലെന്നും അധ്യാത്മഗുരുവായിരുന്നുവെന്നു വിചാരിപ്പാനാണു് സാംഗത്യം എന്നും ഒരു പ്രതീതി ജനിക്കുന്നില്ലേ?
‘മന്ദേതരഗുണമന്ദിരനെൻഗുരു-
നന്ദിതനാകിയ ബാലരവിക്കു് ’
എന്ന ഈരടിയിൽ ‘എൻഗുരുനന്ദിതനാകിയ’ എന്നതിനെ ഒറ്റപ്പദമായെടുക്കുന്നതായാൽ അർത്ഥത്തിനു സ്വാരസ്യം കൂടും. അപ്പോൾ ‘എന്റെ ഗുരുവായ നാരായണഭട്ടതിരിയാൽ അഭിനന്ദിതനായ ബാലരവി’ എന്ന അർത്ഥം സിദ്ധിക്കയും ചെയ്യുന്നു. അങ്ങനെ വ്യാഖ്യാനിക്കുന്നപക്ഷം നാരായണഭട്ടതിരിയുടെ ഉപദേശാനുസൃതം നമ്പ്യാർ കുറുപ്പിനെ അധ്യാത്മഗുരുവായി വരിച്ചു എന്നു വിചാരിക്കാനും വഴി കാണുന്നുണ്ടു്. കുഞ്ചൻനമ്പ്യാരുടെ ഭാഗിനേയനായിരുന്ന രാമപാണിവാദനെ വിശ്വസിക്കാമെങ്കിൽ കൃഷ്ണപാണിവാദനും രാമപാണിവാദനും മറ്റും നാരായണഭട്ടതിരിയുടെ അടുക്കൽ ശബ്ദശാസ്ത്രമാണു് പഠിച്ചതെന്നു്,
“ദദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതഃ”
എന്നു് ആ പാണിവാദന്മാരെ വിശേഷിപ്പിച്ചിരിക്കുന്നതിൽ നിന്നു് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതുമാണു്. അപ്പോൾ നമ്പ്യാർ മറ്റു ശാസ്ത്രങ്ങൾ അഭ്യസിച്ചതു് ഉണ്ണിരവിയുടെ അടുക്കൽനിന്നായിരുന്നു എന്നു വരരുതോ? അമ്പലപ്പുഴ താമസത്തിനിടയിൽ നിർമ്മിതങ്ങളായ തുള്ളൽക്കഥകളൊഴിച്ചുുള്ള കൃതികളിൽ ഉണ്ണിരവിക്കുറുപ്പിനെപ്പറ്റി ഒരക്ഷരവും നമ്പ്യാർ മിണ്ടീട്ടില്ലെന്നു് മി: വാരിയർ ശപഥം ചെയ്യുന്നു. ഒരക്ഷരമല്ല പതിനഞ്ചു വാക്കുകൾ പറഞ്ഞിട്ടുണ്ടെന്നു തെളിയിക്കാൻ പ്രയാസമില്ല.
‘തിരുവനന്തപുരേ വിളങ്ങിന പത്മനാഭനേ’യും
‘വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ
വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം’
എന്നിങ്ങനെ വഞ്ചിവാസവനേയും വാഴ്ത്തിക്കൊണ്ടു സമാരംഭിച്ചിരിക്കുന്ന സഭാപ്രവേശം നമ്പ്യാർ തിരുവനന്തപുരത്തു താമസം തുടങ്ങിയതിനു ശേഷം നിർമ്മിക്കപ്പെട്ടതാണെന്നുള്ളതിനു സംശയമില്ലല്ലോ. ആ കൃതിയിൽ ആണല്ലോ ‘പ്രാണപഞ്ചകത്തിന്റെ ത്രാണത്തിന്നനുകൂലൻ’ എന്നു തുടങ്ങുന്നതും മുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും ആയ വരികൾ കാണുന്നതും അവയിലെല്ലാം കൂടി വള്ളിപുള്ളികൾ ഉൾപ്പെടുത്താതെ തന്നെ എഴുപതിൽപരം അക്ഷരങ്ങളും ഉണ്ടു്.
നമ്പ്യാർ തന്റെ കാവ്യങ്ങളിൽ എല്ലാം നാരായണഭട്ടതിരിയെ പ്രധാനമായി വാഴ്ത്തിയിരിക്കുന്നതിനു് രണ്ടു കാരണങ്ങൾ ഉണ്ടു്. ഒന്നാമതായി നമ്പ്യാരുടെ സകല ശ്രേയസ്സിനും കാരണഭൂതൻ ആ ഭൂസുരശ്രേഷ്ഠനായിരുന്നു. രണ്ടാമതായി ശബ്ദശാസ്ത്രം ആരിൽനിന്നു് അഭ്യസിച്ചോ ആ ഗുരുവിനെ ആണല്ലോ കാവ്യാരംഭത്തിൽ പ്രധാനമായി സ്മരിക്കേണ്ടതും കവികൾ സ്മരിക്കാറുള്ളതും.
ദ്രോണമ്പള്ളി ആചാര്യന്മാർ ആയുധവിദ്യയിൽ മാത്രമല്ല കലാവിദ്യകളിലും നിപുണന്മാരായിരുന്നു. ആ ഗൃഹം അമ്പലപ്പുഴെ നെടുമുടി എന്ന സ്ഥലത്തു് സ്ഥിതിചെയ്യുന്നു. തുള്ളലിന്റെ കലാപ്രവർത്തകൻ എന്ന നിലയിലോ മറ്റുവിധത്തിലോ ഓണമ്പള്ളി നായ്ക്കനും നമ്പ്യാരുടെ ഗുരുവായിരുന്നു എന്നു മാത്രം നമുക്കു തൽക്കാലം വിശ്വസിച്ചാൽ മതി. നമ്പ്യാർ വില്വട്ടത്തു താമസിച്ചിരുന്ന കാലത്തു് കുമാരപുരേശ്വരീസ്തോത്രവും കുടമാളൂർ വച്ചു് രുഗ്മിണീസ്വയംവരം പത്തുവൃത്തവും, കിരാതം വഞ്ചിപ്പാട്ടും, ശ്രീകൃഷ്ണചരിതവും രചിച്ചു കാണണം.
16.14 III
നമ്പിയാർ വിദ്യാഭ്യാസാനന്തരം ഒരു ദേശസഞ്ചാരം നടത്തിയെന്നു് ഭാഷാചരിത്രകർത്താവു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ൯൦൦-ാമാണ്ടോടുകൂടി അമ്പലപ്പുഴെ താമസം തുടങ്ങിയതായി പറയുന്നു. മി. വാരിയർക്കു് അതുകൊണ്ടു തൃപ്തിയായില്ല. ഒരു വലിയ കാര്യപരിപാടി അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു. ഉപജീവനം തേടി ‘ഭിക്ഷാം ദേഹി’യെന്നോണം ചെയ്തു ആ യാത്രയെപ്പറ്റിയുള്ള കഥയെ വിശ്വസിക്കാൻ മുഖ്യപ്രതിബന്ധമായിരിക്കുന്നതു്, മി. വാരിയർ തന്നെ പ്രമാണം എന്ന നിലയിൽ ഉദ്ധരിച്ചിട്ടുള്ള ‘ക്ഷോണീദേവക്ഷിതീശ’ എന്നുള്ള പദ്യമാകുന്നു. അക്കാലത്തെ ചരിത്രസംഭവങ്ങളും ഈ ഊഹത്തെ ദുർബലപ്പെടുത്തുന്നു. മി. വാരിയർ പറഞ്ഞിട്ടുള്ള സംഗതികളെ നമുക്കു് അല്പമൊന്നു ശ്രദ്ധിച്ചു പരിശോധിക്കാം.
“കാവ്യനാടകാലങ്കാരങ്ങളിലും ശാസ്ത്രങ്ങളിലും സാമാന്യമായ വൈദുഷ്യം നാരായണഭട്ടതിരിയുടെ പക്കൽ നിന്നും ലഭിച്ചതിനോടുകൂടി ഏതെങ്കിലും രാജധാനിയിലോ പ്രഭുകുടുംബത്തിലോ പ്രവേശം ലഭിക്കണമെന്നു കരുതി നമ്പ്യാർ ദേശയാത്രയ്ക്കു പുറപ്പെട്ടു. ആദ്യം കോലത്തുനാട്ടിൽ ചെന്നു.
‘കോലഭൂപസ്യ നഗരേ വാസരാഃ ഹരിവാസരാഃ
മശകൈർമക്കുണൈശ്ചാപി രാത്രയഃ ശിവരാത്രയഃ
എന്നു് നമ്പ്യാർ കോലഭൂപതിനഗരത്തെ വർണ്ണിച്ചിരിക്കുന്നതിൽനിന്നു് അദ്ദേഹത്തിനു് അവിടെ കൊറ്റിനുപോലും വക ലഭിച്ചില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വന്നതു് ൯൦൫-ൽ കർണ്ണാടകശത്രുവിൽനിന്നുണ്ടായ പരാജയത്താലോ മറ്റോ രാജാവു് ദുഃഖിതനായിരുന്നതുകൊണ്ടായിരിക്കണം. ചെറുശ്ശേരിനമ്പൂരിയെ പ്രോത്സാഹിപ്പിച്ച ഒരു രാജാവിന്റെ കുടുംബത്തിൽ ജനിച്ച ഒരാൾക്കു് അന്യഥാ സംഭവിക്കാൻ ഇടയുണ്ടോ?”
ഇങ്ങനെയാണു് കോലദേശപര്യടനത്തിന്റെ രത്നച്ചുരുക്കം. ഇവിടെ രണ്ടാം കർണ്ണാടകയുദ്ധമാണല്ലോ സൂചിതമായിരിക്കുന്നതു്. ആ യുദ്ധം ൯൦൮-മുതല്ക്കു ൯൧൬-വരെ നീണ്ടുനിന്നു. ബേഡനൂർ രാജാവിന്റെ സേനാപതിയായി രഘുനാഥനാൽ നീതിമായ കർണ്ണാടകസൈന്യം ഏഴിമലവരെയുള്ള ദേശങ്ങളെ പിടിച്ചടക്കുകയാൽ കോലത്തുനാടു് എളംകൂർ ൯൦൯-ൽ അയാളോടു സന്ധിചെയ്തു. അപ്പോൾ രാമപാണിവാദൻ ൯൦൯-ലൊ ൯൧൦-ലൊ ആയിരിക്കണം അവിടെ ചെന്നതെന്നു വിചാരിക്കാം. ൯൦൫-ൽ ആയിരിപ്പാൻ തരമില്ല.
നമ്പ്യാരുടെ അടുത്ത താവളം വെട്ടത്തുനാടായിരുന്നത്രേ. അവിടെ കുറെക്കാലം പാർത്തിരുന്നതായും അക്കാലത്തു തൃപ്രങ്ങോട്ടു ശിവക്ഷേത്രത്തിൽ ശിവരാത്രിദിവസം അഭിനയിക്കുന്നതായി രാജാജ്ഞ അനുസരിച്ചു് ‘ചന്ദ്രികാവീഥി’ എന്ന നാടകം രാമപാണിവാദൻ നിർമ്മിച്ചതായും മി. വാരിയർ പറയുന്നു. ആ രാജധാനിയിൽ സ്വല്പകാലമേ താമസിച്ചിരിക്കാൻ ഇടയുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ടു്. ശരി. ൯൧൦ കുംഭത്തിലെ ശിവരാത്രിദിവസം ആ രാജാവിന്റെ സന്നിധിയിൽ നമ്പ്യാർ ഉണ്ടായിരുന്നു എന്നു വിചാരിക്കാം. ഉപജീവികാമാർഗ്ഗം തേടി പുറപ്പെട്ട നമ്പിയാർ ആ രാജാവിനെ ആശ്രയിച്ചു് അധികകാലം താമസിക്കാത്തതെന്തുകൊണ്ടെന്നു് ഗ്രന്ഥകാരൻ വിശദമാക്കുന്നില്ല. ‘പ്രതാപവിവേകവിദ്യാവിശേഷശാലി’യായി നമ്പ്യാരാൽ അനുകീർത്തിതനായ ആ വീരരായമഹാരാജാവു് ചന്ദ്രികാവീഥി എഴുതിയ കവിയ്ക്കു് അഞ്ചാറു തട്ടുകാശു് വലിച്ചെറിഞ്ഞുകൊടുത്തിട്ടു് പൊയ്ക്കൊള്ളാൻ പറഞ്ഞിരിക്കുമോ? അഥവാ അദ്ദേഹം നല്കിയ പ്രതിഫലം കവിയുടെ ധനതൃഷ്ണയെ ശമിപ്പിക്കുന്നതിനു് അപര്യാപ്തമായെന്നു വരുമോ? കോലത്തിരിരാജാവിന്റെ അടുക്കൽനിന്നു ഭഗ്നാശയനായി തിരിച്ചുപോരാൻ ഇടവന്നതിനു് വാരിയരവർകൾ കാരണം പറയുന്നുണ്ടു്. ചെറുശ്ശേരിനമ്പൂരിയെ പ്രോത്സാഹിപ്പിച്ച രാജാവിന്റെ വംശക്കാർ ഭക്ഷണംപോലും കൊടുക്കാതെ ഈ മഹാകവിയെ വിട്ടുകളഞ്ഞതിനു മതിയായ കാരണം ഉണ്ടായിരിക്കാതെ തരമില്ലല്ലോ. എന്നാൽ വെട്ടത്തുനാട്ടിൽ അങ്ങനെ ഒരു പാരമ്പര്യം ഇല്ലാതിരുന്നതുകൊണ്ടായിരിക്കാം അവിടത്തെ അനുഭവത്തെപ്പറ്റി സമാധാനം പറഞ്ഞുകാണാത്തതു്. ഏതായാലും ൯൧൦ കുംഭമാസാവസാനംവരെ എങ്കിലും അദ്ദേഹം അവിടെ പാർത്തുവെന്നു വിചാരിക്കാം.
അടുത്തതാവളം തലപ്പള്ളിത്താലൂക്കിൽ മുള്ളൂർക്കരയുള്ള ‘മനക്കോട്ടു വാഴും മഹാമാനശാലി’ യുടെ ഗൃഹമായിരുന്നത്രേ. അവിടത്തെ പ്രതാപശാലിയായ രാമനച്ഛന്റെ കാലത്തോടുകൂടി മനക്കോട്ടിന്റെ പ്രതാപം നശിച്ചുവെന്നും, സന്തതിയറ്റുപോകുമല്ലോ എന്നു കണ്ടിട്ടു് ആ രാമനച്ഛൻ കൊച്ചീരാജാവിനോടു് ദത്തിനു് അനുവാദം ചോദിച്ചതിൽ രാജാവു നിരസിച്ചു കളഞ്ഞുവെന്നും, മനക്കോട്ടച്ഛൻ അതിനെപ്പറ്റി ലന്തഗവർണ്ണരോടു് പരാതി പറഞ്ഞുവെന്നും, ആ ഗവർണ്ണർ രാജാവിനോടു ചെയ്ത ഉപദേശം ഫലിച്ചില്ലെന്നും, ൯൧൭-നു് ഏതാനും വർഷങ്ങൾക്കുമുമ്പു് രാമനച്ഛൻ മരിച്ചുപോയതിനോടുകൂടി വംശച്ഛേദം വന്നുപോയെന്നും, അപ്പോൾ ആ കുടുംബം വക സ്വത്തുക്കളെല്ലാം പാലിയത്തേക്കു് അടങ്ങിയെന്നും ഉള്ള വിവരങ്ങളേയും വാരിയരവർകൾ നമുക്കു സമ്പാദിച്ചു തന്നിട്ടുണ്ടു്. അതുകൊണ്ടു വന്നുകൂടുന്നതു് നമ്പ്യാർ ൯൧൦-നും ൯൧൭-നും മദ്ധ്യേ അവിടെ പാർത്തിരുന്നു എന്നാണു്.
എന്നാൽ അടുത്ത വാക്യംകൊണ്ടു് ആ വിഷയത്തിനുള്ള സംശയവും നീങ്ങുന്നു. അദ്ദേഹം പറയുന്നു:- “നമ്പ്യാർ ബാലരാമനച്ഛന്റെ മരണശേഷമായിരിക്കണം അവിടെ നിന്നു പിരിഞ്ഞു് പാലിയത്തച്ഛന്റെ ആശ്രിതനായിത്തീർന്നതു്. മനക്കോട്ടച്ഛന്റെ ഭൂസ്വത്തുകളും മറ്റും പാലിയത്തച്ഛനു ലഭിച്ചകൂട്ടത്തിൽ നമ്പ്യാരെയും തന്റെ ആശ്രിതനായ് സ്വീകരിച്ചു ചേന്നമംഗലത്തേക്കു കൊണ്ടുപോയിരിക്കണം. പാലിയത്തു് നമ്പ്യാർ എത്രകൊല്ലം ജീവിച്ചിരുന്നു എന്നു നിർണ്ണയിപ്പാൻ നിവൃത്തിയില്ല. നമ്പ്യാർ തന്റെ വിഷ്ണുവിലാസംകാവ്യം നിർമ്മിച്ചതു് ജയന്തമംഗലത്തു കുബേരൻ എന്ന ബിരുദത്താൽ പ്രഥിതനായിരുന്ന രാമനച്ഛന്റെ ആജ്ഞ അനുസരിച്ചാണെന്നു് ആ ഗ്രന്ഥാവസാനത്തിൽ കാണുന്ന,
‘ശ്രീമദ്രാമകുബേരനാമസുമതി ശ്രീപാലിയശ്രീപതി
പ്രീതിസ്മീതതമോദ്യമേന കുലിതം കേനാപി നാനാരസം
കാവ്യം വിഷ്ണുവിലാസനാമ കമലാജാനേഃ കഥാവർണ്ണനം
പൂർണ്ണം ഹന്ത ജയന്തമംഗല മഹാവിഷ്ണോഃ കൃപാനുഗ്രഹാൽ’
എന്ന പദ്യത്തിൽനിന്നു സ്പഷ്ടമാകുന്നു.”
അപ്പോൾ ൯൧൭-നു ശേഷം നമ്പ്യാർ ചേന്നമംഗലത്തുവന്നു എന്നു വിചാരിക്കാം. മനക്കോട്ടു് അപ്പോൾ അദ്ദേഹം കുറേ അധികകാലം താമസിച്ചിരിക്കണമെന്നും വന്നുകൂടുന്നു. എന്നാൽ അക്കാലത്തു് അദ്ദേഹം ശിവപുരാണമൊഴിച്ചു മറ്റൊരു കാവ്യവും രചിച്ചതായി കാണുന്നില്ല.
ഇനിയാണു് വലിയ കുഴപ്പം നേരിടുന്നതു്. അദ്ദേഹം തുടരുന്നു:-
“ഒരുപക്ഷേ മനക്കോട്ടച്ഛന്റെ മരണത്തിനും ചേന്നമംഗലത്തു താമസമാക്കിയതിനും ഇടയ്ക്കായിരിക്കാം വടക്കാഞ്ചേരി, ഗുരുവായൂർ മുതലായ സ്ഥലങ്ങളിൽ സഞ്ചരിച്ചതു്.” ഇതിനിടയ്ക്കു് മുരിയനാട്ടു നമ്പ്യാരുടെ ആശ്രിതനായി ഏതാനും മാസങ്ങൾ താമസിച്ചിട്ടുണ്ടെന്നും, അതു് ഒടുവിലത്തെ നമ്പ്യാരുടെ കാലത്തായിരിക്കണമെന്നുംകൂടി പ്രസ്താവിച്ചിരിക്കുന്നതാണു് വലിയ കുഴപ്പത്തിനു് കാരണമായിരിക്കുന്നതു്. എന്തുകൊണ്ടെന്നാൽ ൯൩൧-ലെ ഒരു ഗ്രന്ഥവരിയിൽ ഇങ്ങനെ കാണുന്നു.
“അങ്ങനെ ഇരിക്കുമ്പോൾ പറവൂരു് എളമയും മങ്ങാട്ടു മൂത്തേരിപ്പാട്ടീന്നും കോടശ്ശേരി മൂത്ത കയ്മളും മുരിയനാട്ടു നമ്പ്യാരും നെടിവിരിപ്പുസ്വരൂപത്തുങ്കൽ ചെന്നു് വേലയും എഴുതിവച്ചു് ൯൩൧-ൽ നെടുവിരിപ്പിനു സ്വരൂപത്തുങ്കലെ പുരുഷാരം ആലങ്ങാട്ടും പറവൂരും കടന്നിരിക്കയും ചെയ്തു.” ൯൪൨-ലെ ഒരു വരിയിൽ ഇങ്ങനെയും കാണുന്നു: “മുരിയനാട്ടു നമ്പ്യാരുടെ പിഴ എട്ടും തിരുമനസ്സുകൊണ്ടു് കല്പിച്ച തേവാരി ചേറ്റ കള്ളത്തു് വരിക്കശ്ശേരി നമ്പൂരിയെക്കൊണ്ടു് തോട്ടിയും വളറും വയ്പിക്കയും ചെയ്തു.”
ഈ വരികളിൽനിന്നു് ഒരു മുരിയനാട്ടു നമ്പ്യാർ ൯൪൨-വരെയുള്ള രേഖകളിൽ കാണ്മാനുണ്ടു്. എങ്കിലും ആ നമ്പ്യാരുടെ അടുക്കൽ അധികം താമസിക്കയുണ്ടായില്ലെന്നു് വാരിയരവർകൾ പറഞ്ഞിരിക്കുന്നതുകൊണ്ടു് ആ യാത്രയൊക്കെ നടന്നതു് ൯൧൭-നു മുമ്പാണെന്നു വിചാരിക്കാം. അതുകൊണ്ടു് പാലിയത്തു താമസിച്ചിരുന്ന കാലത്തെപ്പറ്റി ചിന്തിച്ചാൽ മതിയെന്നും വയ്ക്കാം. എന്നാൽ അവിടെ എത്രകാലം താമസിച്ചുവെന്നു് വ്യക്തമാക്കീട്ടില്ലതാനും. “൯൦൭-നോടിടയ്ക്കു് കൊച്ചീരാജ്യത്തെ മന്ത്രിസ്ഥാനത്തുനിന്നും നീക്കംചെയ്തതായി അറിയപ്പെടുന്ന ഇട്ടി കുമരനച്ഛൻതന്നെയാണോ അതിനു ശേഷം പാലിയത്തു വലിയച്ചനായിരുന്നതെന്നു നിർണ്ണയിപ്പാൻ നിവൃത്തിയില്ല.” നിവൃത്തിയുണ്ടെന്നാണു തോന്നുന്നതു്. എന്നാൽ മന്ത്രിസ്ഥാനത്തുനിന്നു നീക്കപ്പെട്ടതു് ഇട്ടി കുമാരനച്ചനല്ലായിരുന്നു എന്നേയുള്ളു. ൮൯൭ മുതൽ ൯൦൬-വരെ നാടു വാണിരുന്ന കൊച്ചീരാജാവിന്റെ കാലത്താണു് പാലിയത്തു കോമിഅച്ചനും രാജാവും തമ്മിലുള്ള സ്വൈരക്കേടു് അവസാനിച്ചതു്. ഒരു ഗ്രന്ഥവരി ഉദ്ധരിക്കാം:-
“അക്കാലങ്ങളിൽ പാലിയത്തച്ഛനോടുകൂടി തിരുവുള്ളക്കേടായി ഏറിയ അനർത്ഥങ്ങൾ രാജ്യത്തുണ്ടായി. അച്ചന്മാരും ചേന്ദമംഗലത്തു് ഒതുങ്ങിയിരുന്നു. പുറത്തുള്ള വസ്തു ഉല്പത്തികൾ കരേറുകയും ആ പക്ഷത്തിൽനിന്നു് ആളുകൾ പലരേയും കൊല്ലുകയും ഉണ്ടായി. അന്നു് പാലിയത്തച്ഛനായ ദേഹം കോമിഅച്ചൻ. അനന്തരവരിൽ ഇട്ടിക്കേളച്ചൻ മാളപ്പയ്യെ കൊല്ലുകയും ഏറ്റങ്ങൾ ചെയ്യുകയും കാരണമായിട്ടത്രേ അനർത്ഥങ്ങൾ ഉണ്ടായതു്. തീപ്പെട്ടതിനു മുമ്പുതന്നെ പ്രായശ്ചിത്തവും ചെയ്തു് തിരുവുള്ളക്കേടും തീർന്നു. ആയതു് ഒക്കെയും ഇട്ടുണ്ണികുമരൻ എന്നു പേരായ ദേഹവും ഇട്ടുണ്ണാൻ എന്ന ദേഹവും ആകുന്നു.” ഇവിടെ സൂചിതനായിരിക്കുന്ന രാജാവു് ൯൦൬-ൽ തീപ്പെട്ട രവിവർമ്മതമ്പുരാനാണു്. ഇവരിൽ മൂത്തയാളായ ഇട്ടി കുമരൻ ൯൦൪-ൽ പാലിയത്തു വലിയച്ഛനായി. ൯൧൭-ൽ ഇരിങ്ങാലക്കുടെ വച്ചു തീപ്പെട്ട രാമവർമ്മരാജാവിന്റെ കാലത്തു് ഈ പാലിയത്തച്ഛനാണു് വാസ്തവത്തിൽ രാജ്യകാര്യങ്ങൾ നിർവഹിച്ചുവന്നതെന്നു് ‘ഗോളനസ്സി’യുടെ വിവരണങ്ങളിൽനിന്നു തെളിയുന്നു. അദ്ദേഹം ൯൨൦-നു മുമ്പിൽ മരിച്ചുകാണണം. അതിനു ശേഷം വലിയച്ഛനായിരുന്നതു് കുഞ്ഞിട്ടുണ്ണാനച്ചനായിരുന്നു എന്നും കാണുന്നു. ഈ വലിയച്ഛൻ ൯൩൧-ൽ മരിച്ചപ്പോഴാണു് കോമിഅച്ഛൻ മൂപ്പേറ്റതു്. അന്നു് കോമിഅച്ഛനു് ൨൦ വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ഇത്രയും സംഗതികൾ അപ്രതിഷേധ്യങ്ങളായ തെളിവുകൾ ആണു്.
അതുകൊണ്ടു് മി. വാരിയരുടെ അഭിപ്രായപ്രകാരം നമ്പ്യാർ ൯൧൭-നും ൯൨൦-ം ഇടയ്ക്കു് ചേന്നമംഗലത്തു താമസിച്ചുകാണണം. അദ്ദേഹം തുടരുന്നു:-
“നമ്പ്യാർ പാലിയാധീശന്റെ കുടുംബത്തിൽ താമസമാക്കിയിരുന്നപ്പോൾ ചില അവസരങ്ങളിൽ കിടങ്ങൂർ താമസമാക്കിയിരുന്ന സ്വപിതാവിനെ സന്ദർശിക്കുവാൻ വന്നിരുന്നു. അച്ഛൻനമ്പ്യാർക്കു് കിടങ്ങൂർക്ഷേത്രത്തിൽ ഊരാണ്മക്കാരുടെ കീഴിൽ ജോലിയുണ്ടായിരുന്നു. പ്രായം വർദ്ധിച്ചതിനാൽ സഹായത്തിനായി കുഞ്ചനെക്കൂടെ താമസിക്കുന്നതിനു പിതാവു് നിർബന്ധിക്കയാൽ പാലിയത്തെ താമസം മതിയാക്കി കിടങ്ങൂർ തന്നെ സ്ഥിരതാമസമാക്കേണ്ടതായി വന്നു.” ഈ സംഭവം എന്നായിരുന്നു എന്നു് മി. വാരിയർ വ്യക്തമാക്കുന്നില്ല. ൯൧൭-നും ൯൨൦-നും മദ്ധ്യത്തിലായിരുന്നു എന്നു് വരുന്നുണ്ടല്ലോ. നമുക്കു് അതിന്റെ മദ്ധ്യകക്ഷ്യയായ ‘൯൧൮–൯൧൯’-നെ സ്വീകരിക്കാം.
മി. വാരിയർ വീണ്ടും പറയുന്നു:- “ഗ്രാമോത്തമന്മാരായ ഭൂസുരന്മാരുടെ സങ്കേതമായിരുന്ന അപ്രദേശം നമ്പ്യാരെ സ്ഥിരതാമസത്തിനു് ആകർഷിച്ചിരുന്നിരിക്കണം. ഇവിടെ താമസിക്കുന്ന കാലത്തു് കുമാരനെല്ലൂർ, കുടമാളൂർ മുതലായ പ്രദേശങ്ങളിൽ പോകുകയും പല പ്രധാന നമ്പൂതിരിമാരുമായി പരിചയത്തിനിടയാകുകയും ചെയ്തു. ഈ വഴിക്കാണു് ചെമ്പകശ്ശേരിരാജാവു് തെക്കേടത്തുഭട്ടതിരി മുതലായ ബ്രാഹ്മണപ്രഭുക്കന്മാരുമായി സഹവാസത്തിനും സൗഹാർദ്ദത്തിനും സംഗതി വന്നതു്.”
ഈ സംഭവങ്ങളെല്ലാം നടക്കുന്നതിനു കുറഞ്ഞപക്ഷം ഒരു കൊല്ലമെങ്കിലും വേണ്ടേ? അതുകൊണ്ടു് ൯൨൦-ൽ നമ്പ്യാർ അമ്പലപ്പുഴ വന്നു താമസം തുടങ്ങിയതായി വരും. അന്നു് അദ്ദേഹത്തിനു് നാല്പതു വയസ്സു പ്രായവും ഉണ്ടായിരുന്നു. എന്നാൽ അടുത്ത അദ്ധ്യായത്തിന്റെ പ്രാരംഭത്തിൽ മി. വാരിയർ പറഞ്ഞിരിക്കുന്നതു് ‘നമ്പ്യാർ ൯൧൨-നോടിടയ്ക്കു് അമ്പലപ്പുഴെ സ്ഥിരതാമസമാക്കിയതായി കാണുന്നു’ എന്നാണു്. ഇതൊക്കെ എങ്ങനെ യോജിക്കും? അപ്പോൾ നമ്പ്യാർ തന്റെ ‘ഭിക്ഷാംദേഹി’ യാത്രയിൽ മനക്കോട്ടെത്തിയതല്ലേ ഉള്ളു. പിന്നീടു് എവിടെയെല്ലാം സഞ്ചരിച്ചതിനു ശേഷമാണു് അദ്ദേഹം പാലിയത്തു വന്നുചേർന്നതു്?
൯൨൦-ൽ അമ്പലപ്പുഴ വന്നുചേർന്നു എന്നു വന്നാൽ അമ്പലപ്പുഴെ അദ്ദേഹം അധികം താമസിച്ചിട്ടില്ലെന്നും വന്നുകൂടും. ഈ അബദ്ധങ്ങളെല്ലാം വന്നുകൂടിയതു് ഐതിഹ്യത്തെ വകവയ്ക്കാതെ നമ്പ്യാരെക്കൊണ്ടു് ഒരു ദീർഘദേശസഞ്ചാരം ചെയ്യിച്ചതു നിമിത്തമാണു്. മി. വാരിയർ ഒരു പ്രമാണം എന്ന നിലയിൽ ഉദ്ധരിച്ചിട്ടുള്ളു.
‘ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൻ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയൻ മേ ദിനമനു സ ഗുരുശ്രേയസേ ബോഭവീതു’
എന്നുള്ള ശ്ലോകം ഐതിഹ്യത്തിനു് ഉപോദ്ബലകമായിരിക്കയും ചെയ്യുന്നു. ഈ ശ്ലോകം ൯൪൦-ാമാണ്ടു പ്രസ്തുത മഹാകവിയുടെ ഭാഗിനേയൻ എഴുതിവച്ചതായതുകൊണ്ടു് അതിനെ അവിശ്വസിക്കാൻ തരവുമില്ലല്ലോ. ദേവനാരായണസ്വാമിയാണു് ഈ രാമപാണിവാദനെ തന്റെ പുത്രനെ എന്നപോലെ ബാല്യത്തിൽ ലാളിച്ചുവളർത്തുകയും അനന്തരം ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുകയും കുടുംബത്തെ ദ്രവിണവിതരണംവഴിക്കു് പുലർത്തുകയും ചെയ്തതെന്നു് അതിൽ സുവ്യക്തം പറഞ്ഞിരിക്കുന്നതിനെ വിശ്വസിക്കാൻ പാടില്ലെന്നു വാദിക്കുന്നപക്ഷം അതിനോടുകൂടി മറ്റു പ്രമാണങ്ങളുടെ വിശ്വാസയോഗ്യതയും തകർന്നുപോകും.
ഈ കാരണങ്ങളാൽ കുഞ്ചൻ തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയതു് കിടങ്ങൂരും, കോട്ടയത്തും, കുടമാളൂരും, അമ്പലപ്പുഴയിലും ആണെന്നുള്ള ഐതിഹ്യം വിശ്വാസയോഗ്യമാണെന്നും ‘ദേവനാരായണസ്വാമി’യാകുന്ന കല്പകവൃക്ഷത്തിന്റെ തണലിൽ ജീവിച്ചിരുന്ന അദ്ദേഹത്തിനു് ‘പിച്ചതരണേ’ എന്നു് ആരോടും പറയേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും, അമ്പലപ്പുഴയും കിടങ്ങൂരും താമസിക്കുന്ന കാലത്തോ, ചെമ്പകശ്ശേരിയിൽ അസ്വസ്ഥത വർദ്ധിച്ചുതുടങ്ങിയതിനു ശേഷമോ വടക്കൻദിക്കുകളിൽ സഞ്ചരിച്ചിരിക്കാമെന്നും സിദ്ധിക്കുന്നു. അമ്പലപ്പുഴ അക്കാലത്തു് കൊച്ചീരാജാവിന്റെ കീഴിലുള്ള ഒരു ദേശമായിരുന്നതിനാൽ പലേ കാരണങ്ങളാൽ നമ്പ്യാർക്കു് കൊച്ചിയിലെ നാടുവാഴികളായ പ്രഭുക്കന്മാരോടു് പരിചയപ്പെടാൻ ഇട വന്നിരിക്കണം. നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പിന്റെ സഹോദരനായിരുന്ന ഉണിച്ചാത്തക്കുറുപ്പു് ൯൨൭-ൽ കൊച്ചീരാജാവിന്റെ വിശ്വസ്ത ബന്ധുക്കളായ് വർത്തിച്ച അപൂർവം ചിലരിൽ ഒരാളായിരുന്നുവെന്നു് ൯൨൯-ലെ ഒരു ഗ്രന്ഥവരിയിൽ കാണുന്നുമുണ്ടല്ലോ. “അന്നു് വലിയതമ്പുരാന്റെ കല്പനയ്ക്കു ക്ലേശിക്കുന്ന കാര്യക്കാരന്മാരു് പള്ളിയിൽ ഇടിക്കളമേനോൻ, വെളുക്കറാട്ടു നമ്പൂരികാര്യക്കാരു്, നന്തിക്കാട്ടു് ഉണിച്ചാത്തക്കുറുപ്പു്.” ഈ ഉണിച്ചാത്തക്കുറുപ്പുവഴിക്കോ പാലിയത്തച്ചൻ വഴിക്കോ ആയിരിക്കാം നമ്പ്യാർ കൊച്ചിയിൽ കൂടെക്കൂടെ പോകുന്നതിനും ആ സ്ഥലങ്ങളിലുള്ള പ്രഭുക്കന്മാരുമായി സ്നേഹബന്ധം സമ്പാദിക്കുന്നതിനും ഇടയായതു്. ഡച്ചുകാരുടെ കാലത്തു് കൊച്ചീരാജാക്കന്മാരുടെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങൾ പാലിയത്തച്ചൻ, തോട്ടാശ്ശേരി തലശ്ശെന്നോരു്, മനക്കോട്ടച്ചൻ, ഒരു ഡച്ചുകപ്പിത്താൻ ഇവരായിരുന്നു. ഈ മന്ത്രിമാർക്കു് പലേ കാരണങ്ങളാൽ ചെമ്പകശ്ശേരിയിലും വടക്കുംകൂറ്റിലും തെക്കുംകൂറ്റിലും വരേണ്ടതായിട്ടിരുന്നതുകൊണ്ടു്, ചെമ്പകശ്ശേരിരാജാവിന്റെ സദസ്യനായ നമ്പ്യാർക്കു് അവരോടു പരിചയപ്പെടാൻ മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ട ആവശ്യവുമില്ല.
൯൦൫ മുതൽ ൯൧൭-നു ശേഷംവരെ അതുകൊണ്ടു് നമ്പ്യാർ ഈമാതിരി ഒരു യാത്ര നടത്തിയെന്നു വിചാരിക്കുന്നതു് അസംഗതമാണു് ഇക്കാലം ഒക്കെയും കൊച്ചിയിൽ വലിയ അന്തഃഛിദ്രങ്ങളും കലാപങ്ങളും ഉണ്ടായിക്കൊണ്ടാണിരുന്നതു്. ൯൦൬-ൽ തീപ്പെട്ട രാജാവിന്റെ കാലത്താണല്ലോ പാലിയം രാജസ്ഥാനത്തോടു വീണ്ടും യോജിച്ചതു്. മറ്റു പ്രഭൂക്കന്മാരും പിണങ്ങിയാണു നിന്നതു്. അന്നത്തെ ഡച്ചുരേഖകൾ കൊച്ചീരാജാവിനെ ദുഷിച്ചുകാണുന്നുണ്ടു്. ചിലർ ആ വാക്കുകളെ അക്ഷരംപ്രതി വിശ്വസിക്കയും ചെയ്യുന്നു. എന്നാൽ ഈ അന്തഃഛിദ്രങ്ങൾക്കെല്ലാം കാരണഭൂതന്മാർ ഡച്ചുകാരായിരുന്നു. അവരായിരുന്നു രാജാവിനേയും നാടുവാഴികളേയും തമ്മിൽ പിണക്കിയതു്. ൮൯൩-ൽ ലന്തക്കാർ കൊച്ചിയുടെ ആജന്മശത്രുവായ സാമൂതിരിയോടു സഖ്യവും ചെയ്തുകഴിഞ്ഞു. തെക്കുംകൂർ, വടക്കുംകൂർ എന്നീ ദിക്കുകളിലെ സ്ഥിതിയും വളരെ കഷ്ടമായിട്ടാണിരുന്നതു്.
വലിയ കുഴപ്പമൊന്നും കൂടാതെ ഇരുന്നതു് ചെമ്പകശ്ശേരി രാജ്യത്തു മാത്രമായിരുന്നു. ആ രാജ്യം കൊച്ചിയിൽനിന്നും ഏറക്കുറെ സ്വതന്ത്രമായിട്ടാണു് വർത്തിച്ചതും. അതുകൊണ്ടു് നമ്പ്യാരുടെ അവിടുത്തെ താമസം സുഖകരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. രാമയ്യന്റെ അഞ്ചാംപട വന്നതിനുശേഷമേ ചെമ്പകനാട്ടിൽ അന്തഃഛിദ്രങ്ങളുടെ ലക്ഷണങ്ങൾ പൂർണ്ണമായി കണ്ടുതുടങ്ങിയുള്ളു.
‘നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണനിധിപതി സദൃശൻ
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിനനാഹതരത്നം
പരിജനപാലനപരിചയശീലൻ
പരിപാലിച്ചരുളീടുകധീശൻ’
എന്നു കിരാതത്തിലും,
‘ധരണിസുരപ്രഭു ചെമ്പകനാടാമരവിന്ദാകര ദിനകരനരച-
ധരണീധരവര ചരണാംബുജയുഗശരണീകൃത നിജ കരണീയൻ ഗുരു-
കരുണാമൃതരസവരുണാലയനതിതരുണാമിതരുചി പരിണാഹംകൊ-
ണ്ടരുണാമല നവ കിരണാവലിയുടെ പരിണാമായിത കരുണാകാരൻ
അരുണാംഗുലി നവചരണാംഭോരുഹനരുണാപാംഗസ്ഫുരണാനന്ദേ
ഹരിണാ;കനകവിതരണാദിഷ്ഠ സുരതരുണാ; നീതിഷ്ഠ ഗുരുണാ ധൈർയ്യേ
ഗിരിണാ സമഗുണമരുണാ, സുമധുരതരുണീ മാനസഹരണോചിത നിജ
കരണോന്നതഗുണ ഭരണോദാര വിഹരണോദാത്തൻ, സുരണോദഗ്രൻ
ശരണോന്മുഖജനശരണോന്നിദ്രൻ ധരണീപാലനശീലൻ നരപതി-
ചരണം പരിചൊടു വന്ദിക്കുന്നേൻ.’
എന്നു ഘോഷയാത്രയിലും,
‘ജംഭാരിപുരത്തിന്റെ സംഭോഗകരമായ
സംഭാരമെല്ലാംകൂട്ടിസ്സമ്പാദിച്ചുണ്ടായൊരു
ചെമ്പകശ്ശേരിനാട്ടിലിമ്പമായ് വാണരുളും
തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ’
എന്നു സ്യമന്തകത്തിലും,
‘സേവിച്ചു വേണ്ടുന്നവർക്കുവേണ്ടിത്തന്നെ
ജീവനെപ്പോലും കൊടുക്കാൻ മടിക്കാത്ത
ദേവനാരായണസ്വാമി മഹീതലേ
ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു
കേവലാനന്ദം സതതം ഭവിക്കുന്നു.’
എന്നു ഗണപതിപ്രാതലിലും കീർത്തിപ്പെട്ടിരിക്കുന്ന ചെമ്പകശ്ശേരിയുടേയും തദധിപനായിരിക്കുന്ന ദേവനാരായണന്റേയും ചിത്രം അതിശയോക്തിമയമല്ലെന്നു് അക്കാലത്തെപ്പറ്റി വിദേശീയസഞ്ചാരികൾ രേഖപ്പെടുത്തീട്ടുള്ള വിവരങ്ങളിൽ നിന്നു് കാണാവുന്നതാണു്.
അമ്പലപ്പുഴ രാജാവും നമ്പിയാരുമായി പരിചയം ഉണ്ടായിരുന്നെങ്കിലും നമ്പ്യാർ അമ്പലപ്പുഴെ താമസമാക്കാൻ ഇടായക്കിയ സംഗതിയെപ്പറ്റി ഒരു ഐതിഹ്യമുള്ളതിനെ ഇവിടെ പ്രസ്താവിക്കാം. അന്നു് ചെമ്പകശ്ശേരിരാജാവു് അമ്പലപ്പുഴയും കുടമാളൂരും ആയിട്ടാണു് താമസമാക്കിയിരുന്നതു്. അന്തർജ്ജനത്തിന്റെ താമസം കുടമാളൂർതന്നെയായിരുന്നു. തമ്പുരാന്റെ വിദ്വത്സദസ്സിൽ ഗംഭീരങ്ങളായ വാദപ്രതിവാദങ്ങൾ നടക്കുക പതിവായിരുന്നു. ആ പരിഷത്തിന്റെ നായകപദം നമ്പ്യാരുടെ ഗുരുവായിരുന്ന ഭട്ടതിരിയാണലങ്കരിച്ചിരുന്നതും. ഒരിക്കൽ പാലക്കാട്ടുനിന്നു് ഒരു ശാസ്ത്രി ദിഗ്വിജയത്തിനായി പുറപ്പെട്ടു. അദ്ദേഹം അമ്പലപ്പുഴ വന്നു് സ്വാമിദർശനം കഴിച്ചിട്ടു് നേരെ കുടമാളൂരെത്തി. ആ സമയത്തു് നമ്പ്യാർ അവിടെ ഇല്ലായിരുന്നു. ശാസ്ത്രികൾ തമ്പുരാനെ വന്നു കണ്ടു. രാജാവു് ഒരു സദസ്സിനു് ഏർപ്പാടു ചെയ്തു. ശാസ്ത്രികളോടു വാദപ്രതിവാദത്തിൽ ഏർപ്പെടാൻതക്ക പാണ്ഡിത്യം ഭട്ടതിരിക്കേ ഉണ്ടായിരുന്നുള്ളു. വാദം മുറയ്ക്കു തുടങ്ങി. ശാസ്ത്രികളുടെ പൂർവപക്ഷമാണെങ്കിൽ ഭട്ടതിരിയുടെ സിദ്ധാന്തം; ഭട്ടതിരിയുടെ പൂർവപക്ഷത്തിനു ശാസ്ത്രികളുടെ സിദ്ധാന്തം. ഇങ്ങനെ വാദം കൊണ്ടുപിടിച്ചു ഒടുക്കം ഭട്ടതിരി തോറ്റുപോയേക്കുമോ എന്ന ഘട്ടം വന്നുചേർന്നു. പിറ്റേദിവസം ചമ്പക്കുളത്തു മൂലംകളി ആയിരുന്നതിനാൽ വാദം തൽക്കാലത്തേക്കു് നിർത്തിവയ്ക്കാൻ രാജാവു് ആജ്ഞാപിച്ചു. “മൂലംകളിക്കു് അമ്പലപ്പുഴയ്ക്കു പോകാതെ തരമില്ല. നിങ്ങൾതമ്മിൽ ഒട്ടുവളരെ ദിവസങ്ങളായല്ലോ വാദം തുടങ്ങീട്ടു്. ആരും ജയിക്കുന്ന മട്ടു കാണുന്നില്ല. അതിനാൽ നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നതിനു നാം വേറൊരു പരീക്ഷ നിശ്ചയിക്കുന്നു. ഇന്നു രാത്രികൊണ്ടു് പന്ത്രണ്ടു സർഗ്ഗത്തിൽ കുറയാതെയുള്ള ഓരോ മണിപ്രവാളകാവ്യമുണ്ടാക്കി നാളെക്കാലത്തു് നമ്മുടെ മുമ്പാകെ രണ്ടുപേരും കൊണ്ടുവയ്ക്കണം. അവയുടെ ഗുണദോഷവിചിന്തനം ചെയ്തു് നിങ്ങളുടെ യോഗ്യതായോഗ്യതകളെ നിർണ്ണയിച്ചുകൊള്ളാം” എന്നു കല്പിച്ചിട്ടു് അദ്ദേഹം സന്ധ്യാവന്ദനത്തിനു് എഴന്നള്ളിയത്രേ.
ശാസ്ത്രികൾ സുഖമായി കിടന്നുറങ്ങി. അയാൾക്കു് കവിതാവാസനയേ ഇല്ലായിരുന്നു. വലിയ അഭിമാനിയായിരുന്നതിനാൽ ഭട്ടതിരിക്കു് ഉറക്കം വന്നില്ല. അത്താഴവും കഴിഞ്ഞു് അദ്ദേഹം ചിന്താമഗ്നനായിരിക്കവേ, ശ്രീകൃഷ്ണഭഗവാന്റെ കാരുണ്യത്താൽ കുഞ്ചൻനമ്പ്യാർ തിരിച്ചു വന്നു. കുഞ്ചനെ കണ്ടപ്പോൾ ഭട്ടതിരിക്കു് ആശ്വാസമായി. അദ്ദേഹം പറഞ്ഞു: “കുഞ്ചൻ ഇപ്പോൾ വന്നതു് കുഞ്ചന്റെ ഗുരുത്വത്തിന്റേയും എന്റെ ഭാഗ്യത്തിന്റേയും ശക്തികൊണ്ടുതന്നെ.” അനന്തരം തന്റെ ദുർഘടാവസ്ഥയെ അദ്ദേഹം ശിഷ്യനെ അറിയിച്ചു. നേരം അർദ്ധരാത്രിയായിരുന്നു. നമ്പ്യാർ പറഞ്ഞു “പന്ത്രണ്ടുസർഗ്ഗങ്ങളും എഴുതിത്തീർക്കാൻ എന്നെക്കൊണ്ടു സാധിക്കയില്ല. പതിനൊന്നുപേരേ കൂടി നിയോഗിച്ചാൽ കാര്യം ഒരുവിധം പറ്റിക്കാം.” ഭട്ടതിരി ഉറങ്ങിക്കിടന്നിരുന്ന ശിഷ്യന്മാരെ വിളിച്ചുണർത്തി. “ഇനി വിഷമിക്കാനൊന്നുമില്ല. സുഖമായി കിടന്നുറങ്ങിക്കൊള്ളാം” എന്നു നമ്പ്യാർ ഗുരുവിനോടു പറഞ്ഞിട്ടു് ഒന്നാംസർഗ്ഗം താൻതന്നെ എഴുതുകയും മറ്റു പതിനൊന്നുപേർക്കും ഓരോ സർഗ്ഗത്തിലേയും ഓരോ ശ്ലോകംവീതം ചൊല്ലിക്കൊടുക്കുകയും ചെയ്തുവത്രേ. വെളുപ്പാൻകാലമായപ്പോൾ കാവ്യവും തീർന്നു. നമ്പ്യാർ മുറയ്ക്കു് ഓലകൾ അടുക്കിക്കെട്ടിയിട്ടു് ഭട്ടതിരിയുടെ ശിഷ്യരോടായി “ഞാൻ ഇവിടെ വന്ന കാര്യം ആരോടും പറയരുതു്. ഓലക്കെട്ടു് അദ്ദേഹത്തിന്റെ അടുക്കൽ എല്പിക്കണം. ചോദിച്ചാൽ അമ്പലപ്പുഴ വച്ചു് കാണാം എന്നുമാത്രം അറിയിച്ചേക്കണം” എന്നു പറഞ്ഞിട്ടു് അമ്പലപ്പുഴയ്ക്കു വള്ളം കേറി.
പിറ്റേദിവസം രാവിലെ ശാസ്ത്രി തോൽവി സമ്മതിച്ചു. സമ്മാനം ഭട്ടതിരിക്കും കിട്ടി. എന്നാൽ ബുദ്ധിമാനും വിദ്വൽകുലഭൂഷണവും ആയ തമ്പുരാൻ ശാസ്ത്രികളെ ഒട്ടു വളരെ പാരിതോഷികങ്ങൾ നൽകി പ്രീതിപ്പെടുത്തിയശേഷമാണു് അയച്ചതു്. അദ്ദേഹം പുറത്തായി എന്നറിഞ്ഞ മാത്രയിൽ തമ്പുരാൻ കല്പിച്ചു ചോദിച്ചു “കുഞ്ചൻ എപ്പോൾ വന്നു?” ‘അർദ്ധരാത്രിയായി എന്നു മറുപടി. “എന്നിട്ടെവിടെ?” ‘അമ്പലപ്പുഴെ വച്ചു കാണാം’ എന്നു പറഞ്ഞിട്ടുണ്ടു്.
തമ്പുരാൻ വളരെ സന്തോഷിച്ചു. പള്ളിബോട്ടു് അമ്പലപ്പുഴെ എത്തിയപ്പോൾ നമ്പ്യാർ കാത്തു നിന്നിരുന്നു. രാജാവു് അദ്ദേഹത്തിനു് ഒരു മഠം പണിയിച്ചുകൊടുക്കയും ക്ഷേത്രത്തിൽ പ്രതിദിനം ഒന്നരയിടങ്ങഴി ചോറും ഇരുന്നാഴി പാല്പായസവും രണ്ടപ്പവും പക്കത്തു ചോറും പ്രതിമാസം ൧൫ പണം ശമ്പളവും പതിച്ചുകൊടുപ്പാൻ കല്പനയാവുകയും ചെയ്തുവെന്നും അന്നു മുതൽ നമ്പ്യാർ അമ്പലപ്പുഴെ താമസമാക്കിയെന്നുമാണു് കഥ.
ഐതിഹ്യത്തെ പൂർണ്ണമായി വിശ്വസിച്ചാലും ഇല്ലെങ്കിലും ശ്രീകൃഷ്ണചരിതം ഭട്ടതിരിയുടെ ആജ്ഞാനുസരണം നിർമ്മിച്ചതാണെന്നുള്ളതിനു തെളിവുണ്ടു്. അതിലെ സ്ഖലിതങ്ങളുടെ സംഖ്യകൊണ്ടു് അതു് ദ്രൂതകവിതയാണെന്നും സ്പഷ്ടം.
അമ്പലപ്പുഴെ താമസിക്കുന്ന കാലത്തായിരിക്കണം അദ്ദേഹം മാത്തൂർപണിക്കരുടേയും ആ വഴിക്കു് ദ്രോണമ്പള്ളി ആചാര്യന്റേയും പരിചയം സമ്പാദിച്ചതു്. മാത്തൂർകുടുംബക്കാർ ചെമ്പകശ്ശേരി രാജകുടുംബത്തോടു വളരെ ബന്ധപ്പെട്ടിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ കുടുംബത്തിലേക്കായിരുന്നു ചെമ്പകനാട്ടിലെ സർവസേനാധിപത്യം. അതുകൊണ്ടു് മാത്തൂർപ്പണിക്കരുടെ ആശ്രിതഭാവം നമ്പ്യാർ നേരത്തേതന്നെ കൈക്കൊണ്ടിരിക്കണം.
‘മന്ദേതരഗുണമന്ദിരനെൻഗുരു
നന്ദിതനാകിയ ബാലരവിക്കു’
എന്നുള്ള പ്രയോഗത്തിന്റെ സ്വാരസ്യത്താൽ ശ്രീനാരായണഭട്ടപാദരുടെ അഭിപ്രായം അനുസരിച്ചായിരിക്കാം നമ്പ്യാർ ബാലരവിക്കുറുപ്പിനെ ഗുരുവായി വരിച്ചതെന്നുകൂടി തോന്നുന്നു. ‘എൻഗുരുനന്ദിതൻ’ എന്നു സമസ്തപദമാക്കിയാൽ കിട്ടുന്നിടത്തോളം സ്വാരസ്യം വ്യസ്തപദങ്ങളായെടുത്താൽ കിട്ടുന്നതുമില്ല. ഏതായിരുന്നാലും ഉണ്ണിരവിക്കുറുപ്പിന്റെ അടുക്കൽ അദ്ദേഹം തർക്കം, വ്യാകരണം, വേദാന്തം മുതലായ ശാസ്ത്രങ്ങൾ അഭ്യസിച്ചു കാണണമെന്നാണു് എന്റെ ദൃഢമായ വിശ്വാസം. നമ്പ്യാർക്കു് ആ ശാസ്ത്രങ്ങളിലെല്ലാം ദൃഢമായ പ്രതിഷ്ഠ ലഭിച്ചിരുന്നുവെന്നുള്ളതിനു് അദ്ദേഹത്തിന്റെ ഏതു കൃതിയും സാക്ഷ്യം വഹിക്കുന്നുമുണ്ടല്ലോ. പക്ഷേ “ഉണ്ണിരവിക്കുറുപ്പിനെപ്പറ്റി നമ്പ്യാർ സ്വകൃതികളിൽ ചെയ്തിട്ടുള്ള പ്രസ്താവങ്ങളിൽനിന്നു് അദ്ദേഹത്തിനായിരുന്നു പാണ്ഡിത്യക്കുത്തക എന്നു തെളിയുന്നുമില്ല” എന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയരവർകൾ പ്രസ്താവിക്കുന്നിടത്തു് പി. കെ. പ്രഭൃതികൾ നമ്പ്യാരുടെ ഗുരുസ്ഥാനം ആ സാധുവിനു നല്കിയതിനെപ്പറ്റിയുള്ള ‘കെറുവു’ പ്രസ്പഷ്ടമാകുന്നുണ്ടു്. വേണ്ട, ആ ഉണ്ണിരവിക്കുറുപ്പു് വല്ലതും ‘നക്കാ പിച്ച’ കൊടുത്തു് നമ്പ്യാരെ പ്രീതിപ്പെടുത്തിക്കാണുമെന്നെങ്കിലും അദ്ദേഹം സമ്മതിക്കുമല്ലോ. അല്ലെങ്കിൽ ‘മന്ദാരദാരുവാം’ എന്നു് ആ കവി അദ്ദേഹത്തിനെപ്പറ്റി പറയുമായിരുന്നോ? പക്ഷേ പണത്തിനു വേണ്ടി ആരെയും പ്രീതിപ്പെടുത്തുന്ന സ്വഭാവം ഇന്നത്തെ ചില ബിരുദധാരികളിൽ കൂടിയും കാണുമ്പോൾ ഒരു ബീ. ഏ. ഡിഗ്രി പോലും ഇല്ലാതിരുന്ന നമ്പ്യാർ ‘ഭിക്ഷാം ദേഹി’ എന്നു പറഞ്ഞുകൊണ്ടു് ധനവൃദ്ധന്മാരുടെ വാതുക്കലൊക്കെ മുട്ടിക്കൊണ്ടു നടന്നുവെന്നും ഒരിടത്തും ശരിയായ തുക കിട്ടായ്കയാൽ ഒടുവിൽ അമ്പലപ്പുഴെ വന്നുചേർന്നുവെന്നും, അവിടത്തെ പൊങ്ങച്ചനായ നമ്പൂരി രാജാവു്, മാത്തൂർപണിക്കർ, ഉണ്ണിരവിക്കുറുപ്പു തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിയിൽഭൂമിച്ചു് ഒട്ടു വളരെ നെല്ലും പണവും കൊടുത്തുവെന്നും, ആ രാജാവും കൂട്ടരും അധഃപതിച്ചപ്പോൾ, പതുക്കേ തിരുവനന്തപുരത്തേക്കു കടന്നുവെന്നും ആയിരിക്കാം വാരിയരവർകളുടെ ആശയം. എന്തിനു സംശയിക്കുന്നു? “നമ്പ്യാർ അമ്പലപ്പുഴ താമസിച്ചിരുന്ന കാലമത്രയും ചെമ്പകശ്ശേരി രാജാവിന്റെ പ്രീതിക്കു വേണ്ടി അദ്ദേഹത്തെ പ്രശംസിച്ചിരുന്നു” എന്നു് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ,
‘ആജ്ഞാപിതോസ്മി നിഖിലശാസ്ത്രപുരാണനാടകപ്രപഞ്ചപരിശീലനവിശദാന്തരാത്മനോ നിത്യസന്നിദധദംബരധുനീനാഥ പരിചരണപരായണസ്യ മഹാരാജദേവനാരായണസ്യ’ എന്നു് ലീലാവതീവീഥീയിൽ നമ്പ്യാർ ഈ രാജാവിനെ വർണ്ണിച്ചിട്ടുള്ളതു് വെറും മുഖസ്തുതി ആയിരിക്കണം എന്നു വന്നുകൂടുന്നു. ഇങ്ങനെയൊക്കെ പറകയും എഴുതുകയും ചെയ്യുന്നതു കാണുമ്പോൾ, നമ്പ്യാരെപ്പോലെ, ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്നു് ആരും പറഞ്ഞുപോകും.
നമ്പ്യാരുടെ കവിതാസാമർത്ഥ്യവും സംഭാഷണചാതുരിയും നിമിത്തം സകലർക്കും അദ്ദേഹത്തിന്റെ പേരിൽ പ്രീതിതോന്നിയിരുന്നിരിക്കണം. രാജാവിനു് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന പുത്രനിൎവിശേഷമായ വാത്സല്യം രാജമന്ദിരത്തിൽ അദ്ദേഹത്തിനു് അസൂയാജനകമായ ഒരു നിലയും വിലയും നല്കി. ദേവനാരായണന്റെ പരിചാരകവർഗ്ഗം പലപ്പൊഴും അദ്ദേഹത്തിന്റെ സഹായം അപേക്ഷിച്ചിട്ടുണ്ടു്. വല്ല അപകടവും പിണഞ്ഞാൽ അതിൽനിന്നു മോചനം സമ്പാദിക്കുന്നതിനു് അവർ നമ്പ്യാരെ ആണു് ആശ്രയിച്ചുപോന്നതു്. ഒരു സരസമായ ഐതിഹ്യം ഉള്ളതിനെ ഇവിടെ ഉദ്ധരിക്കാം. ദേവനാരായണന്റെ വിശ്വാസത്തിനു പാത്രമായി ‘കയ്പിഴ’ എന്നൊരു നമ്പൂരിയുണ്ടായിരുന്നു. അയാൾ ഏഷണിക്കാരനും ധനലോഭിയും ആയിരുന്നത്രേ. തിരുമുല്ക്കാഴ്ചയായി വരാറുണ്ടായിരുന്ന ദ്രവ്യങ്ങളെല്ലാം അയാൾ കൊണ്ടുപോവുകയായിരുന്നു പതിവു്. തന്മൂലം പരിചാരകന്മാർക്കു് ഒന്നും കിട്ടാതെയായി. അവർ ചെന്നു് നമ്പ്യാരോടു പരാതി പറഞ്ഞു. അദ്ദേഹം ആകട്ടെ “നിങ്ങൾ മിണ്ടാതിരിക്കുക, ഞാൻ ഒരു വഴിയുണ്ടാക്കിത്തരാം” എന്നു പറഞ്ഞു് അവരെ സമാധാനപ്പെടുത്തി. ഒരിക്കൽ ഈ നമ്പൂരിയും രാജാവും കൂടി ചതുരംഗം വച്ചുകൊണ്ടിരിക്കേ നമ്പ്യാർ ഒരു ഓട്ടുപാത്രവും കയ്യിലെടുത്തുകൊണ്ടു് ആ വഴിയേ കടന്നുചെന്നിട്ടു് പാത്രം മനഃപൂർവം നിലത്തിട്ടു. ആ ശബ്ദം കേട്ടു് രാജാവു് ‘അതെന്താണു നമ്പ്യാരേ?’ എന്നു ചോദിച്ചു. ‘കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയാണേ തമ്പുരാനേ’ എന്നു് അദ്ദേഹം സവിനയം മറുപടിയും പറഞ്ഞു. ഇംഗിതജ്ഞനായ രാജാവിനും ബുദ്ധിമാനായ കയ്പിഴയ്ക്കും കാര്യം മനസ്സിലാവുകയും ചെയ്തു. അന്നുമുതല്ക്കു് ആ നമ്പൂരിയുടെ കൃത്രിമങ്ങൾക്കും ധനലോഭത്തിനും കുറെ ശമനമുണ്ടായത്രേ. ൯൧൦-ാമാണ്ടുവരെ ചെമ്പകശ്ശേരിരാജ്യത്തു് കാര്യങ്ങളെല്ലാം ഒരുവിധം ഭംഗിയായി നടന്നുവന്നു. രാജാവു് സർവശാസ്ത്രപാരംഗതനും കലാപോഷണതൽപരനും ആയിരുന്നെങ്കിലും തന്റെ പൂർവികന്മാരെപ്പോലെ ദൃഢനിശ്ചയമോ ഭരണകൗശലമോ ഉള്ളവനായിരുന്നില്ല. ശുദ്ധഗതിക്കാരനായിരുന്നതിനാൽ അദ്ദേഹം പലപ്പോഴും ഏഷണിക്കാർക്കു വഴിപ്പെട്ടു കടുംകൈകൾ പ്രവർത്തിച്ചിട്ടു പശ്ചാത്തപിക്കാറുണ്ടായിരുന്നു. എന്റെ കുടുംബത്തിലെ ഒരു കാരണവരെ സംബന്ധിച്ചു കേട്ടിട്ടുള്ള ഒരു കഥ ഇവിടെ പറയാം. കോവിലിടത്തു പണിക്കർസ്ഥാനം ഞങ്ങളുടെ കുടുംബത്തിനു് ഈ രാജാവിന്റെ പൂർവികന്മാരിൽ നിന്നു ലഭിച്ചിട്ടുള്ളതാണു്. ഞങ്ങളുടെ പൂർവികന്മാർ പറവൂർ രാജാവിന്റെ കീഴിൽ കയ്മൾ സ്ഥാനികളായിരുന്നു. അവിടെനിന്നു് ചെമ്പകശ്ശേരി രാജാവുതന്നെയാണു് അവരിൽ ഒരു ശാഖയെ അമ്പലപ്പുഴെ കൊണ്ടുവന്നു് ഉറപ്പിച്ചതും. പാരമ്പര്യക്രമമനുസരിച്ചു് ഈ കുടുംബത്തിലെ കാരണവന്മാർ ആയുധവിദ്യാഗുരുക്കന്മാരും ചെമ്പകശ്ശേരി രാജാവിന്റെ സേനാപതികളും ആയിരുന്നു. രാമയ്യന്റെ ചാരന്മാർ പ്രവർത്തനം തുടങ്ങിയകാലത്തു് ഒരു മണക്കാട്ടംപള്ളിമേനവന്റെ ഏഷണിയ്ക്കു വശംവദനായി മന്ത്രിയായ കൊച്ചുമേനവന്റെ അസാന്നിദ്ധ്യത്തിൽ—രാജാവു് അന്നത്തെ സേനാപതികളിൽ ഒരുവനായിരുന്ന കുമരുപ്പണിക്കർക്കു വധശിക്ഷ വിധിച്ചു.
പ്രദോഷദിവസം പണിക്കർ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രത്തിലേക്കു പോകുന്നു. മദ്ധ്യേമാർഗ്ഗം രാജഭടന്മാർ തടഞ്ഞുനിർത്തുന്നു. കാര്യം എന്തെന്നു് അദ്ദേഹം ഭക്തിപൂർവം ചോദിക്കുന്നു. വധശിക്ഷയെപ്പറ്റിയുള്ള കല്പനകൾ കേൾക്കുന്ന മാത്രയിൽ ശിരസ്സു നമിക്കുന്നു. “ഇത്രയോ ഉള്ളോ? ഇതിനാണോ ഈ പരിവാരം? അവിടുത്തെ ഇംഗിതം അങ്ങനെ ആണെങ്കിൽ ഇതാ ഈ ശിരസ്സു് ഈ ഇലയിൽതന്നെ പൊതിഞ്ഞു് അവിടെ എത്തിക്കണം” എന്നു പറഞ്ഞിട്ടു് അദ്ദേഹം തന്നത്താൻ ശിരച്ഛേദം ചെയ്യുന്നു.
രാജാവു് പിറ്റേദിവസം പശ്ചാത്താപത്തിൽ മുഴുകിയത്രേ. ഈ സംഭവം നടന്നതു് പതിഗതപ്രാണയായിരുന്നു് ഇപ്പോൾ യശോമാത്രശരീരിണിയായി ഈ ഹൃദയക്ഷേത്രത്തിൽ പ്രതിഷ്ഠിതയായിരിക്കുന്ന എന്റെ പരേതയായ പത്നിയുടെ മാതുലൻ ശ്രീമാൻ നാണുപിള്ളവക്കീൽ അവർകൾ തന്റെ രണ്ടാമത്തെ ഭാര്യയ്ക്കായി പണിയിച്ചുകൊടുത്തിട്ടുള്ള രണ്ടു നിലക്കെട്ടിടത്തിനു സമീപമുള്ള ഒരു കലുങ്കിന്റെ അടുത്തായിരുന്നുവെന്നും, വളരെക്കാലത്തേക്കു് ആ വഴിയേ അർദ്ധരാത്രിയ്ക്കു് ആളുകൾ സഞ്ചരിക്കാറില്ലായിരുന്നു എന്നും അഭിമാനപൂർവ്വം എന്റെ ബാല്യകാലത്തു പറഞ്ഞുകേട്ടിട്ടുണ്ടു്.
മന്ത്രിമാർ തമ്മിലും സ്വൈരക്കേടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തന്നിമിത്തം രാഷ്ട്രശരീരത്തിനു് അസ്വാസ്ഥ്യവും നേരിട്ടു. എന്നാൽ പ്രധാനമന്ത്രിയും ഊർജ്ജിതാശയനും ആയിരുന്ന തലവടി കൊച്ചുമേനോന്റെ സാമർത്ഥ്യത്താൽ കാര്യങ്ങൾ ഒക്കെ ഒരുവിധം ഭംഗിയായി നടന്നുകൊണ്ടിരുന്നു. കായങ്കുളവുമായി തിരുവിതാംകൂർയുദ്ധത്തിൽ ഏർപ്പെട്ടിരുന്നതിനു് സ്വല്പം മുമ്പുതന്നെ രാമയ്യന്റെ ചാരന്മാർ വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളിൽ സ്വൈരമായി പ്രവർത്തനം തുടങ്ങി. കൊച്ചീ രാജ്യത്തും സമാന്തരരാജ്യങ്ങളിലും ഉണ്ടായ കുഴപ്പങ്ങളെപ്പറ്റി മുമ്പു വിവരിച്ചിട്ടുണ്ടല്ലോ. രാമയ്യൻ ദളവ വടക്കുംകൂർ, തെക്കുംകൂർ, അമ്പലപ്പുഴ എന്നീ ദേശങ്ങളെ കായംകുളത്തിനു എതിരായി പ്രവർത്തിപ്പിക്കുന്നതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ കൊച്ചുമേനോന്റെ പ്രേരണാശക്തിയാൽ രാജാവു് സ്വകാര്യമായി കായങ്കുളത്തെ സഹായിച്ചു. കൊച്ചീരാജാവിനും കായംകുളം രാജാവിനോടായിരുന്നു അനുകമ്പ. ൯൧൭-ൽ പാലിയത്തു് ഇട്ടിക്കുമരച്ചനും കൊച്ചുമേനോനും ആയി ഒരു കൂടിക്കാഴ്ചയുണ്ടായി. നമ്പ്യാർ ഇട്ടിക്കുമരച്ചനോടുകൂടി ചേന്നമംഗലത്തേക്കു പോകയും അവിടെ രണ്ടു കൊല്ലത്തോളം താമസിക്കയും ചെയ്തു. ൯൧൯-ൽ കൊച്ചീരാജാവു നടത്തിയ പറക്കുംകൂത്തിനു് നമ്പ്യാരും സന്നിഹിതനായിരുന്നു. ആ അവസരത്തിൽ നമ്പ്യാർ മുഖം കാണിപ്പാനായി ചെന്നപ്പോൾ ‘കുഞ്ചൻ എപ്പോഴാണു വന്നതു്’ എന്നു കല്പിച്ചു ചോദിച്ചതിനു് ‘നനയാൻ പാകത്തിനു് ’ എന്നു് നമ്പ്യാർ ഫലിതമായി മറുപടി പറഞ്ഞുവെന്നു് ഒരു ഐതിഹ്യമുണ്ടു്. കൂത്തു നടന്ന ദിവസം രാവിലെ അല്പം മഴയുണ്ടായിരുന്നു എന്നും നമ്പ്യാർക്കു് നനയേണ്ടതായി വന്നു എന്നും ആണു് കേൾവി.
16.15 IV
നമ്പ്യാർ അമ്പലപ്പുഴ താമസിക്കുന്ന കാലത്തും അതിനു മുമ്പും പിമ്പും ഒട്ടും വളരെ സംസ്കൃതകാവ്യങ്ങളും രൂപകങ്ങളും ഒക്കേ രചിച്ചിട്ടുണ്ടല്ലോ. എന്നാൽ അവയെല്ലാം ഇപ്പോഴും സൂര്യപ്രകാശം ഏൽക്കാൻ കഴിവില്ലാതെ ഗ്രന്ഥപ്പുരകളിൽ ശ്വാസം മുട്ടിക്കൊണ്ടു കിടക്കുന്നതേയുള്ളു. അവയുടെ കർത്താവെന്ന നിലയിൽ അദ്ദേഹത്തെ അറിയുന്നവരും ചുരുക്കമാകുന്നു. എന്നിട്ടും ആ സംസ്കൃകവിതകളുടെ കർത്താവു് തുള്ളൽക്കഥാകാരനിൽനിന്നു ഭിന്നനാണെന്നു സ്ഥാപിപ്പാൻ ചിലർ ആശ്രയിക്കുന്ന യുക്തി, രാഘവീയാദികാവ്യങ്ങൾ വളരെ പ്രൗഢങ്ങളായിരിക്കുന്നു എന്നും തുള്ളൽക്കഥകൾ തീരെ ബാലിശങ്ങളായിപ്പോയെന്നുമാണു്. കഷ്ടം, ഇങ്ങനെയുണ്ടോ ഒരു അന്ധത! ഇതൊക്കെ കാണുമ്പോൾ പുനത്തെ അരക്കവിയായി ഗണിച്ചു് അപഹസിച്ച അന്നത്തേ ഗൈർവാണീഭക്തന്മാരോടോ,
‘ഭാഷാകവിനിവഹോഽയം
ദോഷാകരവദ്വിഭാതി ഭൂവനതലേ’
എന്നു ജല്പിച്ച ഉദ്ദണ്ഡശാസ്ത്രികളോടോ പരിഭവിക്കേണ്ട ആവശ്യമൊന്നുമില്ല. പൂർവകവിസങ്കേതങ്ങളേയും നിയമങ്ങളേയും അക്ഷരംപ്രതി അനുഷ്ഠിച്ചും പൂർവമഹാകവികളെ ഉപജീവിച്ചും എഴുതപ്പെട്ടിരിക്കുന്ന രാഘവീയാദി കാവ്യങ്ങളെവിടെ? സർവതന്ത്രസ്വതന്ത്രയും സാരസ്യസാരസമ്പൂർണ്ണയും സഹൃദയഹൃദയാനന്ദസന്ദായിനിയും ആയ കവിതാനടിയുടെ കേളീരംഗമായി വിലസുന്ന തുള്ളൽക്കഥകൾ എവിടെ?
ചെമ്പകനാട്ടിന്റെ പ്രശസ്തി രണ്ടു വസ്തുക്കളെ ആശ്രയിച്ചാണു് നിലനിൽക്കുന്നതു്. മാധുര്യസാരസർവസ്വമായ ശ്രീവേണുഗോപാലനു നിവേദിക്കപ്പെടുകയാൽ ആയിരിക്കാം—മുധുരോത്തരമായിത്തീർന്നിരിക്കുന്ന പാൽപായസത്തിന്റേയും ലാവണ്യക്കടൽ കടഞ്ഞെടുത്തപോലിരിക്കുന്ന ഭഗവദ്രുപപീയൂഷത്തിന്റെ നിരന്തരസേവയാൽ മധുരിതാന്തഃകരണനായ്തീർന്നിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളുടേയും ഉല്പത്തിസ്ഥാനം അമ്പലപ്പുഴയാണല്ലോ. ഇവയിൽ ഏതിനാണു് മാധുര്യം കൂടുതലെന്നു നിർണ്ണയിപ്പാൻ പ്രയാസമായിരിക്കുന്നു.
തുള്ളല്പാട്ടിന്റെ ആവിർഭാവത്തെപ്പറ്റി പറഞ്ഞുവരുന്ന ഐതിഹ്യം രസാവഹമാണു്. അമ്പലപ്പുഴ ഉത്സവത്തിനു് കൂത്തു് ഒരു പ്രധാന ചടങ്ങാണു്. ഒരിക്കൽ ഉത്സവത്തിൽ മിഴാവു കൊട്ടാൻ ആളില്ലാതെ വന്നു. പതിവുകാരനു് എന്തോ ആശൗചം നേരിട്ടുവത്രേ. ജാതിയിൽ പാണിവാദനായിരുന്നെങ്കിലും മിഴാവു കൊട്ടുന്ന തൊഴിലിൽ ഇതേവരെ അദ്ദേഹം ഏർപ്പെട്ടിരുന്നില്ല. അതുകൊണ്ടു് ചില തെറ്റുകൾ സംഭവിച്ചുപോകയും ചാക്യാർ കഠിനമായി പരിഹസിക്കയും ചെയ്തുവത്രേ. ആ പകവീട്ടാനായി പിറ്റേദിവസം കൂത്തുസമയത്തു് പടിഞ്ഞാറേ കളിത്തട്ടിൽ കയറാതെ താളമേള പുരസ്സരം തുള്ളൽ നടത്തി. ആളുകളെല്ലാം കളിത്തട്ടിൽ കൂടി. നാടകശാലയുടെ കിഴക്കേ അറ്റത്താണു് കൂത്തു നടത്താറുള്ളതു്. അവിടെ കാണികളാരും ഇല്ലാതെ വന്നു. ഇങ്ങനെ എല്ലാദിവസങ്ങളിലും പതിവായി. ചാക്യാർ വിഷമിച്ചു് രാജാവിന്റെ അടുക്കൽ പരാതി പറഞ്ഞു. മേലാൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ മാത്രം തുള്ളൽ പാടില്ലെന്നു കല്പിക്കയാൽ, കരുമാടി, തകഴി, തലവടി തുടങ്ങിയ മറ്റു സ്ഥലങ്ങളിൽ മാത്രം തുള്ളൽ നടത്തിത്തുടങ്ങി. ഇക്കഥയിൽ എത്രമാത്രം വാസ്തവമുണ്ടെന്നറിയാൻ വിഷമമായിരിക്കുന്നു. ചാക്യാന്മാരുമായുണ്ടായ എന്തോ നീരസം തന്നെയായിരിക്കണം തുള്ളലിന്റെ നിമിത്തകാരണം എന്നു തോന്നുന്നു. ഇന്നും അമ്പലമ്പുഴക്ഷേത്രത്തിൽ തുള്ളൽ നടത്താറില്ലെന്ന സംഗതിയും സ്മരണീയമാണു്. താളപ്രസ്തരത്തിന്റെ കർത്താവായ കുഞ്ചനു് മിഴാവു കൊട്ടാൻ വശമില്ലായിരുന്നു എന്നു വിശ്വസിക്കാനും പ്രയാസമായിരിക്കുന്നു.
തുള്ളലിനുവേണ്ട സാമഗ്രികളെല്ലാം കേരളത്തിൽ മുമ്പുതന്നെ സ്ഥിതിചെയ്തിരുന്നു. ബുദ്ധിമാനായ നമ്പ്യാർ അവയെ എല്ലാം ചേർത്തു് ഒരു പുതിയ പ്രസ്ഥാനം ഏർപ്പെടുത്തി. ഈ വിഷയത്തെപ്പറ്റി പ്രൗഢനിരൂപകനായിരുന്ന പി. കെ. നാരായണപിള്ള അവർകൾ പറഞ്ഞിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.
“ദക്ഷൻ ആക്ഷേപിച്ചതുകൊണ്ടു് കോപിഷ്ഠനായ ശിവൻ ജട നിലത്തടിച്ചപ്പോൾ വീരഭദ്രൻ ചാടി വീണതുപോലെ ചാക്യാരാൽ അധിക്ഷിപ്തനായ നമ്പ്യാർ അമ്പലപ്പുഴ എണ്ണക്കളിത്തട്ടിൽ കയറി നിന്നപ്പോൾ തുള്ളലിനു വേണ്ടതായ സകല സാമഗ്രികളും വന്നുകൂടി എന്നു ഭാവിക്കുന്നതു് ഭാഷയുടെ പൂർവചരിത്രത്തെക്കുറിച്ചു് ദയനീയമായ അജ്ഞതയെ പ്രദർശിപ്പിക്കയാകുന്നു.” ഇവിടെ ഒരു സംഗതി പറഞ്ഞുകൊള്ളട്ടെ. നമ്പ്യാരെപ്പറ്റി ഇപ്പോൾ പലേ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പി. കെ. നാരായണപിള്ള അവർകളുടെ കുഞ്ചൻനമ്പ്യാർ തന്നെയാണു് അവയുടെ കൂട്ടത്തിൽ പ്രാഥമ്യം വഹിക്കുന്നതു്. ആകൃതിയിൽ ചെറുതെങ്കിലും, നമ്പ്യാരുടെ കൃതികളെ സംബന്ധിച്ചുള്ള കൂലങ്കഷമായ ഒരു നിരൂപണം നാം അതിൽ കാണുന്നു. ഫലിതം ആസ്വദിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന ശക്തി അന്യാദൃശമായിരുന്നു എന്നു പറയാം. അഗാധസംസ്കൃതപണ്ഡിതനെങ്കിലും, സംസ്കൃതത്തിൽ എഴുതുന്ന കവിതയ്ക്കേ പ്രൗഢി കാണുകയുള്ളു എന്നു ശഠിക്കത്തക്കവണ്ണം അദ്ദേഹത്തിന്റെ മനസ്സു് കല്ലിച്ചുപോയിരുന്നില്ല. നിരന്തരസാഹിത്യപരിശീലനത്താൽ സംസ്കൃതചിത്തനായിത്തീർന്ന ആ പണ്ഡിതശിരോമണിയ്ക്കു് ഏതു രൂപത്തിലുള്ള സാഹിത്യവും ആസ്വദിക്കാൻ കഴിയുമായിരുന്നു. പുറംപോലെ ഹൃദയവും നിർമ്മലമായിരുന്നതുകൊണ്ടു് തന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കാൻ ഒരുമ്പെടുന്നവരോടു് ആമരണശത്രുത്വം കൈക്കൊള്ളുന്ന സമ്പ്രദായം അദ്ദേഹത്തിനില്ലായിരുന്നെങ്കിലും, എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ ഈ കവികളെപ്പറ്റി അധിക്ഷേപിക്കുന്നതു കേട്ടുംകൊണ്ടു് ക്ഷമിച്ചിരിക്കാൻ പലപ്പോഴും അദ്ദേഹത്തിനു കഴിയാതെ വന്നിട്ടുണ്ടു്. ഈ മൂന്നു കവികളേപ്പറ്റിയും അദ്ദേഹം എഴുതീട്ടുള്ള വിമർശനങ്ങൾ അവരേപ്പറ്റി വല്ലതും അറിയണമെന്നു് ആഗ്രഹമുള്ളവരെല്ലാം വായിച്ചിരിക്കേണ്ടതാണു്. ഈ പണ്ഡിതകേസരി സാഹിത്യവ്യാപാരം നിറുത്തി വക്കീൽപണിയിലും പിന്നീടു് ഹൈക്കോടതിജഡ്ജി ഉദ്യോഗത്തിലും പ്രവേശിച്ചതു് അദ്ദേഹത്തിന്റെ സന്താനങ്ങളുടെ ഭാഗ്യാതിരേകംകൊണ്ടായിരിക്കാം. കൈരളിയെ സംബന്ധിച്ചിടത്തോളം അതു് വലിയ ദൗർഭാഗ്യം ആയിപ്പോയി എന്നു പറയാതിരിപ്പാൻ നിവൃത്തിയില്ല. എന്നാൽ ഒരു സംഗതി തീർച്ചയാണു്. ഒരു നല്ല സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം സമാർജ്ജിച്ചിട്ടുള്ള യശസ്സു മാത്രമേ ശാശ്വതമായി നിലനിൽക്കയുള്ളു.
തുള്ളൽ പ്രസ്ഥാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ താഴെ പറയുന്ന പ്രശ്നങ്ങൾ നമ്മുടെ മനസ്സിൽ ഉദക്കുന്നു.
തുള്ളൽവൃത്തങ്ങൾ എങ്ങനെ ഉണ്ടായി? അവ നമ്പ്യാരുടെ സൃഷ്ടി തന്നെയോ?
തുള്ളലിൽ കാണുന്ന കവിതാരീതി എങ്ങനെ ഉത്ഭവിച്ചു?
ഈ രീതിക്കു പ്രചാരമുണ്ടാവാൻ കാരണമെന്തു്?
ഈ ചോദ്യങ്ങളിൽ ഓരോന്നിനും നാം മറുപടി പറയേണ്ടിയിരിക്കുന്നു. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നു മൂന്നുമാതിരി തുള്ളലുകൾ ഉണ്ടല്ലോ. അവയെല്ലാമോ ഏതെങ്കിലുമോ നമ്പ്യാർ കണ്ടുപിടിച്ചതാണോ എന്നു നമുക്കു് ആദ്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ദ്രുതഗതിയിലുള്ളതായതിനാൽ ഓട്ടൻ എന്നും, മന്ദഗതിയിലുള്ളതായതിനാൽ ശീതങ്കൻ എന്നും ആദ്യത്തെ രണ്ടിനും പേരു നൽകിയതായിരിക്കാമെന്നു തോന്നുന്നു.
അണിമതി ശകലവുമംബരനദിയും ഫണിമതിഫണഗണമണികളുമണിയും
എന്ന വൃത്തത്തിനു് ഏ. ആർ. തമ്പുരാൻ തരംഗിണി എന്നു പേർ നല്കിയിരിക്കുന്നു. ഈ വൃത്തം എത്ര പുരാതനമാണെന്നു്,
സം/സ്കൃത/മാ/കിന/ചെ/ങ്ങഴി/നീ/രും
ന/റ്റമി/ഴാ/കിന/പി/ച്ചക/മല/രും
എന്നു് ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള പാട്ടിനോടു് അതിനെ താരതമ്യപ്പെടുത്തുമ്പോൾ വ്യക്തമാകും. ഇതേ വൃത്തം തന്നെ,
‘ആ/യത/ബാ/ഹു ച/തു/ഷ്ടയ/ശോ/ഭിത
രാ/യതി/നി/ർമ്മല/ഭ/സ്മോ/ദ്ധൂ/ളിത’
എന്നിങ്ങനെ നിരണത്തുകവിയും ഉപയോഗിച്ചിട്ടുണ്ടു്. ഇരുപത്തിനാലുവൃത്തത്തിലെ പതിന്നാലും പത്തൊൻപതും വൃത്തങ്ങളും ഇതുതന്നെ.
“വ/ഞ്ചിമ/ഹീ/പതി/വര/കുല/ശേ/ഖര-
ന/ഞ്ചിത/വിമ/ലമ/ഹാ/ഗുണ/സ/ഞ്ചയ-”
“ഗാ/ത്രം/പാ/തിപ/രി/ഗ്രഹ/മാ/ക്കീ
ഗോത്രം/ന/ല്ലൊ/രു/വി/ല്ലുമ/താ/ക്കീ”
എന്നിങ്ങനെ ഈ വൃത്തത്തെ ഓട്ടൻതുള്ളലിൽ പലേ രൂപത്തിൽ നാം കാണുന്നു.
ചമ്പുക്കളിലെ ഗദ്യത്തിൽ കാണുന്ന,
‘ഹര/ഹര/ശിവ/ശിവ/ചി/ത്രം/ചി/ത്രം
നിഷ/ധനൃ/പാ/ന്വയ/മകു/ടീ/ര/ത്നം’
എന്ന വൃത്തവും,
‘വരു/മിഹ/സം/പ്രതി/ദു/ർയോ/ധന/നും
പര/മസ/ഖൻ/മമ/പാ/ർത്ഥൻ/താ/നും’
എന്ന പതിനാലുവൃത്തത്തിലെ ഒന്നാംവൃത്തവും തരംഗിണി തന്നെയെന്നു പറയേണ്ടതില്ലല്ലോ. ചൊല്ലുന്ന രീതിയിലേ ഇവയ്ക്കു വ്യത്യാസമുള്ളു.
ന ര ന ര
‘ചെറിയ/പൎപ്പടം/വലിയ/പൎപ്പടം കുറിയ/ചോറുമ/ക്കറിയു/മത്ഭുതം’
ഇതു് സംസ്കൃതത്തിലെ സുഖാവഹവൃത്തമാണു്. ഇതിനെ മാത്രാവൃത്തമാക്കിയാൽ അന്നനടയാകും.
‘വിവിധമിത്തരം പറഞ്ഞു കേഴുന്നോ-
രരചനെത്തൊഴുതുരയെയ്താൻ സുതൻ’
എന്ന കിളിപ്പാട്ടുവൃത്തത്തോടു താരതമ്യപ്പെടുത്തി നോക്കുക.
എന്ന കേകാവൃത്തത്തിന്റെ രൂപഭേദമാകുന്നു. നമ്പ്യാർ രണ്ടടികളിലും ൨൪ മാത്രകൾ ഘടിപ്പിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഓരോ പദത്തേയും മദ്ധ്യത്തിൽ വച്ചു മുറിച്ചിട്ടു് ഓരോ ഖണ്ഡത്തിലും ദ്വിതീയാക്ഷരപ്രാസവും വച്ചിരിക്കുന്നു. അതിനാൽ ഏ. ആർ. തമ്പുരാൻ അതിനു് അർദ്ധകേക എന്നു പേർ നൽകിയിരിക്കുന്നു.
‘ഗുണദോ/ഷമറി/യുന്ന/ബുധന്മാ/രിക്കഥ/തന്റെ ഗുണദോഷം വിചാരിപ്പാനൊരുമ്പെട്ടു വസിക്കേണ്ട’.
ഇതു് അമ്പലപ്പുഴ വേലകളിയുടെ താളത്തിനു് ഒപ്പിച്ചു പാടിവരാറുള്ള,
‘ഒരു വേലയ്ക്കിരുവേല തകഴിലേപ്പകൽവേല’
എന്ന പാട്ടിന്റെ വൃത്തംതന്നെയാകുന്നു.
ഇതേ വൃത്തംതന്നെ ശീതങ്കനിലും പറയനിലും ഉപയോഗിച്ചിട്ടുമുണ്ടു്.
‘കുറവില്ലാതൊരു കിള്ളി-
ക്കുറിശ്ശി ശ്രീമഹാദേവൻ’പറയൻ
‘കവിചൊല്ലി ഫലിപ്പിപ്പാ—
നെളുതല്ലെങ്കിലും നമ്മേ’ശീതങ്കൻ
(൫)“പറന്നുചെന്നുടനേകവസ്തു
നിറഞ്ഞ കുണ്ഡിനവിഭൂതികണ്ടു”൧൬ മാത്രകൾ
‘ദമനുടെ സോദരി സഖിമാരോടും
കമലസരസ്സിന്നരികേ നല്ലൊരു’൧൬ മാത്രകൾ
ഈ വൃത്തത്തിനും,
‘തലമുടിതന്നൊടു തോറ്റിട്ടസ്യാ
ജലധരപടലികൾ മുറയിടുമിന്നും’
എന്ന ചമ്പൂവൃത്തത്തിന്നും തമ്മിലുള്ള സാദൃശ്യം കാണുക. വൃത്തമഞ്ജരിയിൽ ഇതിനു് ‘ശിതാഗ്ര’ എന്നു പേർ നല്കിയിരിക്കുന്നു.
ഭടജന/മുടനിള/കിന മദ/മൊടു പടു/തര വര/വുതുട/ങ്ങി നളചരിതം ഇതേ വൃത്തംതന്നെ പല ചമ്പുക്കളിലും കാണ്മാനുണ്ടു്.
പാമ്പിഴയുന്നതുപോലെ മന്ദഗതിയായതിനാൽ അജഗരഗമനാ എന്നു് ഇതിനു പേർ നല്കിയിരിക്കുന്നു. ഇതിൽ പ്രായേണ ലഘുമയമായ ആറു ചതുർമ്മാത്രഗണങ്ങളും ഒടുവിൽ ഒരു ഗുരവുമാണു വേണ്ടതു്. ചമ്പുക്കളിലാകട്ടെ,
‘ഉപരചി/തമരായി/ലൊരു കന/കമയതു/കിൽ തടവി/
നിരതിശ/യമധുരി/മനിധാ/നം’
എന്നിങ്ങനെ എട്ടു ചതുർമാത്രഗണങ്ങളും ഒടുവിൽ ഒരു ഗുരുവും കാണുന്നു. നമ്പ്യാർ രണ്ടു ഗണങ്ങളെ കുറച്ചിരിക്കുന്നു.
എന്തിനിത്ര പറഞ്ഞു ദാനവനെന്തു സംഗതിയെന്നു നീ ചിന്തിയാത്തവനല്ല നിങ്ങടെ ബന്ധു ഞാനസുരൻ മയൻ’
ഇതു് ഇരുപത്തിനാലുവൃത്തത്തിലേ,
‘മിത്രബാന്ധവലോകരൊക്കയുമത്ര പോന്നു വരുംവിധൗ’
എന്ന സംസ്കൃതമല്ലികാവൃത്തം തന്നെ. ഇതു ചമ്പുക്കളിലും കാണുന്നുണ്ടു്.
ഇങ്ങനെ നോക്കിയാൽ നമ്പ്യാരുടെ എല്ലാ വൃത്തങ്ങളും പൂർവകവികൾക്കു പരിചിതങ്ങളായിരുന്നു എന്നു കാണാം.
ഇനി നമുക്കു തുള്ളലിലെ രീതിയെ സംബന്ധിച്ചാണു ചിന്തിപ്പാനുള്ളതു്. കേരളീയജനതയുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിരുന്ന കവിതകൾ വടക്കൻപാട്ടുകൾ മുതലായവയാണു്; എന്നാൽ അവ അഭ്യസ്തവിദ്യന്മാർക്കു് പൊതുവേ രുചിക്കുന്നവയല്ലായിരുന്നു. എഴുത്തച്ഛനാണു് ജനങ്ങളിൽ വിപുലമായ ജ്ഞാനതൃഷ്ണ അങ്കുരിപ്പിച്ചതു്. എന്നാൽ രാമായണാദികൃതികൾ എല്ലാവർക്കും ഒരുപോലെ വായിച്ചുരസിക്കുവാൻ കഴിയുന്നവയല്ലായിരുന്നു. വായനക്കാലങ്ങളിൽ അർത്ഥം പറയുന്ന ഒരു കൂട്ടരുടെ സഹായം അപേക്ഷിതമായ്‍ത്തീർന്നു. വായന ഒരു വഴിക്കു്; അർത്ഥം വേറൊരു വഴിക്കു്. ഇങ്ങനെ ആയിരുന്നു അർത്ഥംപറച്ചിൽകാരുടെ രീതി. ഏതായിരുന്നാലും ശ്രോതാക്കളിൽ ഭക്തിരസം ജനിപ്പിക്കുന്നതിനു് അവർ ശ്രമിക്കാതിരുന്നിട്ടില്ല. എഴുത്തച്ഛന്റെ കാലശേഷം പല ക്ഷുദ്രകവികളും പൗരാണികഥകളെ കിളിപ്പാട്ടായും ഊഞ്ഞാൽപ്പാട്ടുകളായും തിരുവാതിരപ്പാട്ടുകളായും കുറത്തിപ്പാട്ടുകളായും രചിച്ചു് സാധാരണക്കാരുടെ പുരാണകഥാശ്രവണവിഷയകമായ തൃഷ്ണയെ പൂരിപ്പിച്ചുകൊണ്ടിരുന്നു. ഇന്നും ഇത്തരം കൃതികളുടെ എത്ര എത്ര പ്രതികളാണു് പ്രതിവർഷം വിറ്റുവരുന്നതെന്നോർക്കുമ്പോൾ, ആ ചെറുകവികൾക്കും കേരളീയസംസ്കാരത്തിന്റെ ജനയിതാക്കളുടെ കൂട്ടത്തിൽ ഒരു സ്ഥാനമുണ്ടെന്നു കാണാവുന്നതാണു്.
പൗരാണികകഥകളെ പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരുപോലെ രസിക്കത്തക്ക വിധത്തിൽ ഫലിതരസപൂർണ്ണമായവിധത്തിൽ ആദ്യമായി വ്യാഖ്യാനിച്ചുകൊടുത്തവർ ചമ്പൂകാരന്മാരാണു്. എന്നാൽ ചാക്യാർകൂത്തിനും പാഠകത്തിനും ക്ഷേത്രവളപ്പിനു വെളിയിൽ പോവാൻ അനുവാദമില്ലാതിരുന്നതുകൊണ്ടു് അവ പൊതുജനങ്ങൾക്കു പൊതുവേ പ്രയോജനപ്പെട്ടില്ല. പക്ഷെ ഒരു സംഗതിയിൽ ചമ്പൂകാരന്മാർ വലിയ സഹായമാണു് ചെയ്തതു്. പ്രാചീനസങ്കേതങ്ങളെയും കൃത്രിമ നിയമങ്ങളെയും ഗണ്യമാക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു് അവരാണു് ആദ്യമായി തുനിഞ്ഞതെന്നു് നിസ്സംശയം പറയാം. സംസ്കൃതവൃത്തങ്ങളിൽ രചിക്കപ്പെട്ടിരുന്ന ശ്ലോകങ്ങളേയും സംസ്കൃതഗദ്യത്തെത്തന്നെയും സംബന്ധിച്ചിടത്തോളം ചമ്പൂകാരന്മാരും പൂർവകവിസങ്കേതങ്ങളേയും നിയമങ്ങളേയും അനുകരിക്കാതിരുന്നില്ല. എന്നാൽ ഭാഷാഗദ്യത്തിന്റെ സ്ഥിതി അങ്ങനെയല്ല. കഴിയുന്നിടത്തോളം ചുറ്റുമുള്ള സംഗതികളുടെ ഒരു ഛായകൂടി അവയിൽ പതിഞ്ഞുകാണുന്നുണ്ടു്.
ആട്ടക്കഥകൾ ദൃശ്യകാവ്യങ്ങളായതിനാൽ അവ ജനങ്ങളെ വിനോദിപ്പിച്ചു കർത്തവ്യകുതുകികളാക്കാൻ പര്യാപ്തം തന്നെ. പക്ഷേ അവയിൽ സാഹിത്യാംശം സാധാരണ ജനതയെ സംബന്ധിച്ചിടത്തോളം ദുർഗ്രഹമായിരിക്കുന്നു എന്നു മാത്രമല്ല അവയിലെല്ലാം പ്രാചീനകവികളുടെ കൃത്രിമസങ്കേതങ്ങളെ വള്ളിപുള്ളിവിസർഗ്ഗം വിടാതെ അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു.
ഈ ന്യൂനതകളെ പരിഹരിച്ചു് പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരുപോലെ രസിക്കത്തക്കവണ്ണവും എന്നാൽ സാഹിത്യധർമ്മത്തെ വ്യഭിചരിപ്പിക്കാതെയും ഒരു നവീനപ്രസ്ഥാനം തുടങ്ങുന്നതിനാണു് നമ്പ്യാർ ശ്രമിച്ചതു്. കേവലം വിനോദത്തിനു മാത്രമേ വക ഉള്ളുവെന്നു വന്നാൽ വിദ്വാന്മാർക്കു രസിക്കയില്ല; വെറും വിജ്ഞാനമയമായിരുന്നാലോ? ജനസാമാന്യത്തിനു് വേഗം ചെടിയ്ക്കുയും ചെയ്യും. അതുകൊണ്ടു് വിനോദത്തെ വിജ്ഞാനത്തോടു കൂട്ടിയിണക്കി,
‘പടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരു’ മാറു് ചാരുകേരളഭാഷതന്നെ ഉപയോഗിച്ചു് ഒരു സാഹിത്യസരണി ഉദ്ഘാടനംചെയ്‍വാൻ ധൈര്യമുണ്ടായ നമ്പ്യാരെ എത്രതന്നെ പ്രശംസിച്ചാലും മതിയാവുകയില്ല. അതിനുള്ള സാമഗ്രികൾ എല്ലാം അടുത്തുതന്നെയുണ്ടായിരുന്നു താനും. അവയെ എല്ലാം കൂട്ടിച്ചേർത്തു് നമ്പ്യാർ തന്റെ മനോധർമ്മമാകുന്ന മൂശയിൽ വച്ചു വാർത്തെടുത്തതാണു് തുള്ളൽപ്രസ്ഥാനം. ഈ വിഷയത്തെപ്പറ്റി മി: പീ. കേ. നാരായണപിള്ള പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളെ ഇവിടെ ഉദ്ധരിക്കാം. “സംസ്കൃത കവികളുടെ അനുകരണം ദുസ്സഹമായി വന്നുതുടങ്ങിയപ്പോൾ, വേറെ മാർഗ്ഗത്തിൽ പ്രവർത്തിക്കാം എന്നു വിചാരിച്ചിരുന്നാൽ കിളിപ്പാട്ടുകൾ എന്നും കഥകളിപ്പാട്ടുകൾ എന്നും രണ്ടു കവിതാദ്വാരങ്ങൾ അല്ലാതെ തുറന്നിട്ടുണ്ടായിരുന്നില്ല. ഈ രണ്ടു രീതിക്കും ഉള്ള വൈകല്യങ്ങൾ അവയിലേയ്ക്കു നമ്പ്യാരെ ആകർഷിക്കാതിരുന്നതായിരിക്കണം. മഹാനായ എഴുത്തച്ഛന്റെ കിളിപ്പാട്ടിനു വിഷയീകരിച്ച ദിവ്യങ്ങളും പരിശുദ്ധങ്ങളും ആയ വിഷയങ്ങളും അദ്ദേഹത്തിന്റെ സരളബന്ധങ്ങളായ വാക്യങ്ങളും പാകവും കാണുന്ന ഒരു കവിക്കു് ആ പന്ഥാവിൽ പ്രവേശിച്ചു് സ്വാതന്ത്ര്യം കാണിക്കാമെന്നോ എഴുത്തച്ഛനു തുല്യനായിക്കൊള്ളാമെന്നോ ഒരു ദുർമ്മോഹവും ജനിക്കയില്ല. കാവ്യരചന കഴിഞ്ഞു് നമ്പ്യാർതന്നെ ചാണക്യസൂത്രം നളചരിതം ഇവ കിളിപ്പാട്ടായി എഴുതിയിട്ടു് അതൃപ്തനെന്നപോലെ ആ രീതിയിൽനിന്നു വിരമിച്ചതായി തോന്നുന്നു. പഞ്ചതന്ത്രം എഴുതാൻ ഇടയായതു് വല്ല പ്രേരണയാലും ആയിരിക്കും. കൃഷ്ണഗാഥാകർത്താവിന്റെ വൃത്തത്തിൽ കവിത എഴുതാം എന്നു വിചാരിച്ചു് നമ്പ്യാർ കുമാരപുരേശ്വരീസ്തോത്രവും ശീലാവതിയും കുറേ എഴുതിയതായി കാണുന്നു. എന്നാൽ ചെറുശ്ശേരിയുടെ ഇഴഞ്ഞ മട്ടു് ചൊടിപ്പു കൂടുന്ന നമ്പ്യാർക്കു് വളരെ പിടിച്ചിരിക്കാൻ ഇടയില്ല. ഇരുപത്തിനാലുവൃത്തം മുതലായവയുടെ മുഖ്യവൈഷമ്യം ഓരോ ശ്ലോകത്തിലും ഓരോ ആശയം ഉണ്ടായിരിക്കേണ്ടതാകയാൽ ക്രമപ്രവൃദ്ധമായും നിരന്തരമായും ഒരു കാര്യത്തെ പ്രതിപാദിക്കുവാൻ ആ രീതിയിൽ ഉള്ള നിർവാഹശൂന്യതയാകുന്നു. ഇരുപത്തിനാലുവൃത്തം മുതലായവ അനേക മണികൾ ചേർത്തിട്ടുള്ള മാലപോലെയാണു്. ജപിക്കുമ്പോൾ ഓരോ മണിയിലും എണ്ണേണ്ട ആവശ്യമുള്ളതുപോലെ ഓരോ ശ്ലോകത്തിലും നാം നില്ക്കേണ്ടതായി വരുന്നു. വെള്ളം ഒഴിക്കുമ്പോഴുള്ള ധാരപോലെ കവിതയ്ക്കു് അതിൽ അസാധ്യമാകുന്നു. പിന്നെയും കിളിപ്പാട്ടു മുതലായ മുൻ പറഞ്ഞ കവിതകൾക്കുള്ള ഒരു കുറവു് അതിൽ നാടകാദികളെപ്പോലെ പ്രത്യക്ഷമായും പ്രബലമായും കണ്ടു രസിക്കത്തക്കവിധത്തിൽ രസപുഷ്ടി വരുത്തുവാൻ പാടില്ല എന്നുള്ളതാണു്. ആട്ടക്കഥ കണ്ടുരസിക്കുവാൻ ആട്ടക്കാരനും കാണാൻ ചെല്ലുന്നവനും അഭ്യാസം വേണ്ടതാകുന്നു. പോരെങ്കിൽ ആട്ടക്കഥകളുടെ വിഷമങ്ങൾ സ്വർഗ്ഗലോകത്തും, പാതാളത്തിലും, ഹസ്തിനപുരത്തും, ദ്വാരകയിലും സംഭവിച്ചതായി കവികൾ ഭാവിക്കുന്നതിനു പുറമേ ചുറ്റും നടക്കുന്ന സംഗതികളുടെ ഒരു ഛായ കൂടി സ്വകൃതികളിൽ പതിക്കുമ്പോൾ ആട്ടക്കഥാകർത്താക്കൾ സമ്മതിക്കുന്നുമില്ല. നീരസങ്ങളായ സങ്കേതങ്ങളും ആട്ടക്കഥാകവികൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ടു്. സംസ്കൃതകാവ്യങ്ങൾ പഠിച്ചു് ആട്ടക്കഥാകവികളുടെ ബുദ്ധി കല്ലിച്ചുപോയതുകൊണ്ടായിരിക്കാം മലയാളപദങ്ങൾ ഉപയോഗിക്കുന്നതിൽ അവർ വിരസന്മാരായി കാണപ്പെടുന്നതു്. ചാക്യാർകുത്തു് പൊതുജനങ്ങളാൽ ഗ്രാഹ്യവും പ്രത്യക്ഷരസമുള്ളതുമാകുന്നു. എന്നാൽ പറഞ്ഞു തീരുന്നതോടുകൂടി അതു നശിച്ചുപോകുന്നതും ശ്രവണേന്ദ്രിയവിഷയമായ സംഗീതരസം അതിനു ലേശവും ഇല്ലാത്തതും ആണെന്നുള്ള രണ്ടു മുഖ്യ ആക്ഷേപങ്ങൾ ഇതിലും കാണ്മാനുണ്ടു്. ആകയാൽ കിളിപ്പാട്ടുകളിലെപ്പോലെ നല്ല വൃത്തനിയമത്തെ അനുസരിച്ചു് സംഗീതരസം കൊടുക്കുന്നതും ആട്ടത്തിലെപ്പോലെ സാമാന്യമായി അഭിനയമുള്ളതുമായ ഒരു കൂത്തു കണ്ടുപിടിച്ചാൽ അതു് ഒരു പുതിയ സാഹിത്യമാർഗ്ഗമായിരിക്കുമെന്നുള്ള ബുദ്ധി നമ്പ്യാർക്കു് ഉണ്ടായിരുന്നിരിക്കണം. വാസ്തവത്തിൽ തുള്ളൽക്കഥകൾ വൃത്തനിയമത്തോടുകൂടി അഭിനയിക്കപ്പെടുന്ന ചാക്യാർകൂത്തുകളാകുന്നു.”
‘ഭടജനങ്ങടെ നടുവിലുള്ളൊരു
പടയണിക്കിഹ ചേരുവാൻ
വടിവിയെന്നൊരു ചാരുകേരള-
ഭാഷതന്നെ ചിതം വരൂ’
എന്നു പറഞ്ഞിട്ടുള്ളതിൽനിന്നു് നമ്പ്യാരുടെ ഉദ്ദേശ്യം വ്യക്തമാകുന്നുണ്ടു്. വേലകളി യുദ്ധച്ചടങ്ങുകളെ അനുകരിച്ചുള്ള ഒരു വിനോദമാണു് ‘തീത്തീത്തകത്തെയ് തെയ് തോ’; ‘വെളുത്തേരിൽ പട കേറി, തുണി കീറി മുണ്ടു കീറി’ ഇത്യാദി താളമൊപ്പിച്ചുള്ള വൃത്തങ്ങൾ നമ്പ്യാർ സ്വീകരിച്ചു. വേലകളിക്കാരുടെ ഉടുത്തുകെട്ടും മറ്റും വേഷവിധാനത്തിൽ നമ്പ്യാർ അനുകരിച്ചിട്ടില്ലയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പടയണിക്കു് അശ്ലീലങ്ങളായ പാട്ടുകളാണു് സാധാരണ പാടാറുള്ളതെങ്കിലും, നാട്ടിലെ പ്രധാന സംഭവങ്ങളേയും രാഷ്ട്രീയകാര്യങ്ങളേയും അധികരിച്ചു് പാട്ടുകൾ നിർമ്മിച്ചു പാടുന്ന പതിവു് ചേർത്തലപ്പൂരത്തിനും മറ്റും സാധാരണമായിരുന്നു. പല്ലവി മാത്രം ‘തെറി’ ആയിരിക്കുമെന്നേയുള്ളു. അശ്ലീലത കലർത്താതെ നാട്ടുകാര്യങ്ങളെ വിമർശിക്കുന്ന സമ്പ്രദായം ചമ്പുകളിൽനിന്നും പടയണികളിൽനിന്നും നമ്പ്യാർ പകർത്തിയതായിരിക്കണം.
തുള്ളലിനു് ഇത്രമാത്രം പ്രചാരം വരാനുള്ള പ്രധാന കാരണം അതിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്ന ഫലിതം ആകുന്നു. രണ്ടാമതായി ചുറ്റുപാടും നടക്കുന്ന സംഗതികൾ അതിൽ നിഴലിച്ചുകാണുന്നതുകൊണ്ടു് പൊതുജനങ്ങൾക്കു് അതു സുഗ്രഹമായിരിക്കുന്നു. മൂന്നാമതായി നമ്പ്യാരുടെ വിപുലമായ ലോകാനുകമ്പ തുള്ളലിന്റെ ഓരോ വരികളിലും കാണുന്നുണ്ടു്. ‘കുറവും കുറ്റവും നോക്കി പറവാനങ്ങൊരുകൂട്ടം തുറിക്കണ്ണു മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു’–എന്നിങ്ങനെ അദ്ദേഹം തന്നെ ‘കുറ്റമ്പറവാൻ കുറ്റികണക്കേ’ വസിക്കുന്നവരെ കഠിനമായി പരിഹസിച്ചിട്ടുള്ളതാനാൽ അദ്ദേഹത്തിന്റെ പരിഹാസം കേവലം ഛിദ്രാന്വേഷണബുദ്ധിയിൽ നിന്നു് ജനിച്ചിട്ടുള്ളതല്ലെന്നുകാണാം. എല്ലാവരും അവരവരുടെ കർത്തവ്യങ്ങളിൽ കുതുകികളായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധം. അവയിൽ അനാസ്ഥ കാണിച്ചാൽ അദ്ദേഹം പരിഹസിക്കാതെ വിടുകയില്ല. എന്നാൽ ആ പരിഹാസം മനുഷ്യവിദ്വേഷത്തിൽ നിന്നു ജനിച്ചതേ അല്ല; വിശാലമായ അനുകമ്പയുടെ പരിപക്വഫലമാകുന്നു.
അമ്പലപ്പുഴെ വച്ചു് നമ്പ്യാർ രചിച്ചിട്ടുള്ള കൃതികൾ രാഘവീയം, അംബരനദീശ്വരസ്തോത്രം, ഭാഗവതചമ്പു, ഗീതാരാമം, ലീലാവതീവീഥി എന്നീ സംസ്കൃതകൃതികളും ശ്രീകൃഷ്ണചരിതം മണിപ്രവാളവും, ചാണക്യസൂത്രം, പഞ്ചതന്ത്രം, നളചരിതം എന്നീ കിളിപ്പാട്ടുകളും ഭാഗവതം ഇരുപത്തിനാലുവൃത്തവും, കല്യാണസൗഗന്ധികം, കിരാതം, രുഗ്മിണീസ്വയംവരം, ഘോഷയാത്ര, സ്യമന്തകം, ലങ്കാമർദ്ദനം, സത്യാസ്വയംവരം, ത്രിപുരദഹനം, പുളിന്ദീമോക്ഷം, ഗജേന്ദ്രമോക്ഷം, നാളായണീചരിതം, ഗണപതിപ്രാതൽ ഇവ ആകുന്നു. വസ്തുനിർദ്ദേശത്തോടുകൂടി സമാരംഭിക്കപ്പെടുന്ന കഥകളിൽ ചിലതും അമ്പലപ്പുഴവച്ചുതന്നെ രചിച്ചതായ്‍വരാം. ബാല്യുത്ഭവം, അഹല്യാമോക്ഷം, ഹിഡിംബവധം, രാമാനുകരണം, നളചരിതം, പാത്രചരിതം, ഐരാവതപൂജ, കാർത്തവീര്യവിജയം, പ്രഹ്ലാദചരിതം, സുന്ദോപസുന്ദോഹാഖ്യാനം, രാവണോത്ഭവം ഇവയെ ആ കൂട്ടത്തിൽ മി: പീ. കേ. ഉൾപ്പെടുത്തിയിരിക്കുന്നു.
രാഘവീയം അമ്പലപ്പുഴെ വച്ചു് എഴുതപ്പെട്ടിട്ടുള്ളതാണെന്നുള്ളതിനു്,
‘സാരസ്യൈകസമാശ്രയോഽബുജധുനീ ലീലാരതസ്സന്തതം
രാജീവേക്ഷണരാജഹംസപൃഥുകോ യന്മാനസേ ഖേലതി
തസ്മാഭാശ്രിതനന്ദനാൽ സുമനസാം സംസേവിതാൽ സഞ്ചയൈഃ
കോവാ കല്പതരോരിവാത്ര ഭവതോ ലോകാനവാപ്തേപ്സിതഃ’
എന്ന ശ്ലോകത്തിൽ നിന്നു തെളിയുന്നു.
അംബരനദീശ്വരസ്തോത്രത്തിന്റെ അവസാനത്തിൽ,
‘ഭൂതേഷ്ഠ സർവേഷ്വപി നിർവിശേഷം
ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം
ശ്രീദേവനാരായണമാശ്രയാമഃ.’
എന്നും, ഭാഗവതചമ്പുവിന്റെ പ്രാരംഭത്തിൽ,
‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം കൃപാനുഗ്രഹഃ
ശ്രീകൃഷ്ണസ്യ കഥാം കഥാപയതി യം ചമ്പൂ പ്രബന്ധാത്മികാം
രാമോ നാമ സ പാണിവാദകലജഃ പാണീ ശിരസ്യർപ്പയൻ
ബ്രഹ്മഭ്യഃ പ്രണതിം കരോതി ഖലു വസ്സഭ്യാസ്സമഭ്യാഗതാഃ’
എന്നും, ഗീതരാമത്തിന്റെ ഉപോദ്ഘാതത്തിൽ,
‘ശ്രീമദ്ബോധായനേന സ്വയമുപരചിതം ചാരുരാമായണം യ-
ച് ഛ്രുത്വാ ഗുഢം തദേതന്മഹിതജനമഹാമംഗലേ രംഗദേശേ
രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതി കൃപയാ സൂരയഃ പൂരയന്തു’
എന്നും, ലീലാവതീവീഥിയിൽ,
‘നിത്യം സന്നിദധദംബരധുനീനാഥപരിചരണപരായണസ്യ മഹാരാജ
ദേവനാരായണസ്യ പാദപത്മോപജീവിനാ’
എന്നും പറഞ്ഞുകാണുന്നതിൽ നിന്നു് ഇവയെല്ലാം അമ്പലപ്പുഴെ താമസിക്കുന്ന കാലത്തു് വിരചിതമാണെന്നു സ്പഷ്ടം. ശ്രീകൃഷ്ണചരിതത്തിന്റെ ചില താളിയോലപ്പകർപ്പുകളിൽ,
‘രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ
ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽസർഗ്ഗഃ സമാപിതഃ’
എന്നും, പഞ്ചതന്ത്രത്തിന്റെ അവസാനത്തിൽ,
‘ശ്രീമദംബരവാഹിന്യാം ധാമനിസ്ഫുടമുല്ലസൻ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ’
എന്നും കാണ്മാനുണ്ടു്. തുള്ളലുകളിൽ, കിരാതം
‘ഗുരുനാഥൻ മമ ഗുണഗണമേറിയ ധരണിസുരോത്തമനരുളുകമൂലം’
അമ്പലപ്പുഴെ വച്ചു് എഴുതിയതാണെന്നുള്ളതിനു് അതിൽത്തന്നെ,
‘നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണനിധിപതിസദൃശൻ
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിനനാഹരരത്ന’
മായ ദേവനാരായണനെ പ്രശംസിച്ചിരിക്കുന്നതുകൊണ്ടു മനസ്സിലാക്കാം.
രുഗ്മിണീസ്വയംവരം അമ്പലപ്പുഴെ കൃഷ്ണനെ സ്തുതിച്ചുകൊണ്ടാണാരംഭിക്കുന്നതു്. എന്നാൽ അതിൽ ‘ഇന്ദുകാനനസ്ഥലേ വിളങ്ങിന’ അംബികയേയും, കുടമാളൂർ വേട്ടയ്ക്കൊരു മകനേയും കൂടി വന്ദിച്ചിട്ടുള്ളതിനാൽ, കവി തിരുവനന്തപുരത്തു താമസമാക്കുന്നതിനുമുമ്പു് രചിച്ചതായിരിക്കാം ഇക്കൃതി എന്നു മാത്രമേ ഊഹിപ്പാൻ തരമുള്ളു. ഘോഷയാത്രയെപ്പറ്റി സംശയിപ്പാനേ ഇല്ല. അതിൽ ‘ധരണിസുരപ്രഭു ചെമ്പകനാടാമരവിന്ദാകരദിനകരനരച’നെ പ്രശംസിച്ചിട്ടുണ്ടല്ലോ. കാർത്തവീർയ്യാർജ്ജുനവിജയം വസ്തുനിർദ്ദേശത്തോടുകൂടി ആരംഭിച്ചിരിക്കുന്നതിനാൽ അതിനെപ്പറ്റി ഒന്നും ഖണ്ഡിതമായി പറയാൻ സാധിക്കാതെ ഇരിക്കുന്നു. സ്യമന്തകത്തിൽ,
‘ചെമ്പകശ്ശേരിനാട്ടിലിമ്പമായ്‍വാണരുളും
തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ
കെല്പോരു കരുണയാലെപ്പേരും കനിഞ്ഞെന്നെ’
എന്നു കാണുന്നതുനിമിത്തം അതിനെപ്പറ്റിയും സന്ദേഹത്തിനു വഴിയില്ല. എന്നാൽ നളചരിതത്തിൽ ‘കിള്ളിക്കുറിശ്ശിയിലമരും ഗംഗാധരനെ’ മാത്രം വാഴ്ത്തിയിരിക്കുന്നതുകൊണ്ടും, മറ്റു് ആന്തരമായ തെളിവുകൾ ഒന്നും കാണാത്തതുകൊണ്ടും അതിന്റെ നിർമ്മിതികാലം ഖണ്ഡിതമായി നിർണ്ണയിക്കാൻ പ്രയാസമായിരിക്കുന്നു. ഒരുപക്ഷേ, കിള്ളിക്കുറിശ്ശിയിൽ വച്ചുതന്നെ രചിക്കപ്പെട്ടതാണെന്നു വരാം. ലങ്കാമർദ്ദനത്തിൽ ഗുരുവായൂരപ്പനെയും, ‘സുരതോയാഞ്ചിതപുരവര’ (അമ്പലപ്പുഴകൃഷ്ണൻ) നെയും, ഹരിപ്പാട്ടു സുബ്രഹ്മണ്യനേയും വന്ദിച്ചുകാണുന്നു. അമ്പലപ്പുഴെ വച്ചു് നിർമ്മിച്ചതായിരിക്കാനാണു് അധികം സാംഗത്യം. അഹല്യാമോക്ഷത്തിലും, ബാണയുദ്ധത്തിലും, പാത്രചരിതത്തിലും പ്രാരംഭത്തിൽ വസ്തുനിർദ്ദേശം മാത്രമേയുള്ളു. സന്താനഗോപാലത്തിൽ ‘കിള്ളിക്കുറിശ്ശിയമർന്ന ദേവനെ’ മാത്രമേ വന്ദിച്ചുകാണുന്നുള്ളുവെങ്കിലും അതു് അമ്പലപ്പുഴെ വച്ചു് നിർമ്മിക്കപ്പെട്ടതുതന്നെ ആയിരിക്കണമെന്നു തോന്നുന്നു. സീതാസ്വയംവരം അഹല്യാമോക്ഷത്തിനു ശേഷമെഴുതിയതാണെന്നു മാത്രം അറിയാൻ മാർഗ്ഗമുണ്ടു്. അതും വസ്തുനിർദ്ദേശപൂർവമാണു് ആരംഭിച്ചിരിക്കുന്നതു്. ലീലാവതീചരിതവും, രാവണോത്ഭവവും, ബാലിവിജയവും തഥൈവ, സത്യാസ്വയംവരം അമ്പലപ്പുഴെ വച്ചു് രചിക്കപ്പെട്ടതുതന്നെ എന്നു് അതിൽ മാത്തൂർ ഭഗവതി, അമ്പലപ്പുഴെ കൃഷ്ണൻ, കള്ളർകോട്ടു ശിവൻ മുതലായി അവിടെ ഉള്ള ദേവന്മാരെ മാത്രം വന്ദിച്ചിരിക്കുന്നതുകൊണ്ടു് ഊഹിപ്പാൻ വഴിയുണ്ടു്. ചന്ദ്രാംഗതചരിതത്തിന്റേയും ഹിഡിംബവധത്തിന്റേയും കാലം നിർണ്ണയിപ്പാൻ ഒരു മാർഗ്ഗവും കാണുന്നില്ല. കല്യാണസൗഗന്ധികം നമ്പ്യാരുടെ ആദ്യത്തെ കൃതിയാണെന്നാണല്ലോ പറഞ്ഞുവരുന്നതു്. അതുകൊണ്ടു് അതു് എവിടെവച്ചു രചിക്കപ്പെട്ടുവെന്നുള്ള പ്രശ്നമേ ഉദിക്കുന്നില്ല. പോരെങ്കിൽ ചെമ്പകനാട്ടിന്നലങ്കാരഭൂതനായ ദേവനാരായണസ്വാമിയെ അതിൽ വാഴ്ത്തീട്ടുമുണ്ടല്ലോ. ബാല്യുത്ഭവത്തിൽ കവി യാതൊരു സ്തുതിയും കൂടാതെ നേരെ കഥയിൽ പ്രവേശിച്ചിരിക്കുന്നു. ത്രിപുരദഹനവും, പുളിന്ദീമോക്ഷവും, ഗണപതിപ്രാതലും ചെമ്പകനാട്ടിൽ വച്ചു് നിർമ്മിക്കപ്പെട്ടവയാണെന്നു്,
‘ചെമ്പകശ്ശേരിനാടുവാണീടുമെന്നുടെ തമ്പുരാനെ’ ത്രിപുരദഹനത്തിലും, അമ്പലപ്പുഴതാലൂക്കിലുള്ള ദേവന്മാരെ മാത്രം പുളിന്ദീമോക്ഷത്തിലും,
‘ചെമ്പകനാട്ടിന്നലങ്കാരരത്നമാം
ചെമ്പകപ്പൂവൊത്ത തമ്പുരാ’നെ
ഗണപതിപ്രാതലിലും വാഴ്ത്തിയിരിക്കുന്നതിൽനിന്നൂഹിക്കാം.
ഇനി നമുക്കു് ഈ തുള്ളൽപ്പാട്ടുകളുടെ നിർമ്മാണകാലം ഏതായിരുന്നു എന്നാണു് കണ്ടുപിടിക്കേണ്ടതു്. ൯൧൦-നും ൯൨൩-നും മധ്യേ ആയിരിക്കണം എന്നു് മി: പി. കേ. ഊഹിക്കുന്നു. ‘൯൨൩’ ചെമ്പകശ്ശേരിയെ അമ്പലപ്പുഴയോടു ചേർത്തകാലമായിട്ടാണു് അദ്ദേഹം പറഞ്ഞിരിക്കുന്നതു്. എന്നാൽ അമ്പലപ്പുഴ തിരുവിതാംകൂറിനോടു ചേർക്കപ്പെട്ടതു് ൯൨൯-ൽ ആയിരുന്നു എന്നുള്ളതിനു് അപ്രതിഷേധ്യമായ രേഖകൾ ഉണ്ടു്. കൊച്ചിയിലെ ഒരു ഗ്രന്ഥവരിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“പെരുമ്പടപ്പിൽസ്വരൂപത്തിങ്കലെ പുരുഷാരം ൯൨൯-ാമതു ധനുമാസം ൧൨-ാം തീയതി കൊടമാളൂരുമഠത്തിലും അമ്പലപ്പുഴമഠത്തിലും കടന്നിരുന്നു. പുറക്കാട്ടു് ആനന്ദേശ്വരത്തുവച്ചു് കടലറ്റം കായലറ്റം വാടയും കുറ്റിയും തീർത്തു പാർത്തതിന്റെ ശേഷം ൧൮-ാം തീയതി ശനിയാഴ്ച ഉഷസ്സിന്നു തൃപ്പാപ്പിസ്വരൂപത്തിങ്കലെ പുരുഷാരം വന്നു് വെടിയും പടയും ഉണ്ടായി. അപ്പുറത്തും ഇപ്പുറത്തും ഏറിയ ആൾഅപായവും വന്നു. പെരുമ്പടപ്പിൽസ്സ്വരൂപത്തിങ്കലെ പുരുഷാരം വടക്കോട്ടു് ഒഴികയും ചെയ്തു. അതിന്റെ ശേഷമായിട്ടു് അമ്പലപ്പുഴെ മഠത്തിലോളം പട കയറി മഠത്തിൽവച്ചു് പാലിയത്തു് കോമിഅച്ചനേയും കോടാശ്ശേരി അഞ്ചാംകയ്മളേയും പനമുക്കത്തു മൂന്നാംകയ്മളേയും ചങ്ങരങ്കോത മൂത്തകയ്മളേയും ഇട്ടിക്കേളമേനോനേയും തോട്ടാശ്ശേരി തലച്ചെന്നവരുടെ അനന്തിരവൻ ചീരാമൻ ഉണ്ണിയേയും പിടിച്ചു ബദ്ധപ്പെടുത്തുകയും ചെയ്തു. ചെമ്പകശ്ശേരി വലിയതമ്പുരാനെ അവിടുന്നു് ഒഴിച്ചു് കൊടമാളൂരു് ആക്കുകയും ചെയ്തു. അതിൽ ഇട്ടിക്കേളമേനോനേയും ചീരാമനുണ്ണിയേയും അപായം വരുത്തി. ശേഷം നാലുപേരേയും ദ്രവ്യം വാങ്ങിക്കൊണ്ടു് അയയ്ക്കുകയും ചെയ്തു.”
അതുകൊണ്ടു് ൯൧൦-നും ൯൩൦-നും മദ്ധ്യേ ആയിരിക്കണം എന്നു് ആ അഭിപ്രായത്തെ തിരുത്തി വായിക്കേണ്ടിവരുന്നു. ൯൧൮-ാമാണ്ടത്തെ അല്പശിഉത്സവത്തിനു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഒരു തകഴീക്കുറുപ്പിനെ ചാർത്തിയിരുന്നതായി തിരുവനന്തപുരം Central vernacular records-ൽ രേഖയുള്ളതായി അറിയുന്നുണ്ടു്. ൯൧൮-നു മുമ്പേ തുള്ളലിനു് തിരുവന്തപുരംവരെ പ്രചാരം വന്നതായി ആ രേഖയിൽ നിന്നു തെളിയുന്ന സ്ഥിതിക്കു് അതിന്റെ ആവിർഭാവം ൯൧൦-നും ൯൧൮-നും മദ്ധ്യേ ആയിരുന്നു എന്നു് കുറേക്കൂടി നിഷ്കൃഷ്ടമായി പറവാൻ സാധിക്കുന്നുണ്ടു്.
ചെമ്പകശ്ശേരിരാജ്യത്തു് വലിയ അന്തഃഛിദ്രങ്ങൾ ഒന്നും കൂടാതെയും ശത്രുഭയം ഇല്ലാതെയും ഇരുന്ന ഒരു കാലമാണു് തുള്ളലുകളിൽ വർണ്ണിക്കപ്പെട്ടുകാണുന്നതു്.
‘സേവിച്ചു വേണ്ടുന്നവർക്കു വേണ്ടിത്തന്നെ
ജീവനെപ്പോലും കൊടുപ്പാൻ മടിക്കാത്ത
ദേവനാരായണസ്വാമി മഹീതലേ
ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു
ദേവലോകാവാസസൗഖ്യം ലഭിക്കുമേ’
എന്നു് ഗണപതിപ്രാതലിൽ രാജാവിനെ വർണ്ണിച്ചിരിക്കുന്നതു നോക്കുക. ഈ നിലയ്ക്കു് തെല്ലു വ്യത്യാസം വന്നതു് ൯൦൯-ാമാണ്ടു് തിരുവിതാംകൂർരാജാവു് കൊല്ലവും കായങ്കുളവും ഒരേ കാലത്തു് ആക്രമിച്ചതിനോടുകൂടിയാണു്. അന്നു് വടക്കൻദേശങ്ങളിലും അസ്വസ്ഥതകൾ തുടങ്ങി എങ്കിലും ആ യുദ്ധം ചെമ്പകശ്ശേരിയെ ബാധിച്ചില്ല. മാന്നാത്തു വച്ചു നടന്ന ഉടമ്പടിയാൽ അതു് തൽക്കാലം നിൽക്കുകയും ചെയ്തു. ൯൧൭-മുതൽക്കു് ചെമ്പകശ്ശേരിയിലും ചില അന്തഃഛിദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അന്നുതൊട്ടു് കുറേക്കാലം നമ്പ്യാർ വടക്കൻദിക്കുകളിൽ സഞ്ചാരം നടത്തിയിരിക്കുമോ എന്നുകൂടി സംശയിപ്പാൻ വഴി കാണിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ ഉത്തമമിത്രം തെക്കേടത്തു ഭട്ടതിരി ആയിരുന്നല്ലോ. ആ ഭട്ടതിരിയും മാത്തൂർപണിക്കരും തമ്മിൽ ദൃഢമായ മൈത്രീബന്ധവും ഉണ്ടായിരുന്നു. ഒരുപക്ഷേ നേരത്തേതന്നെ ഇവർ രാമയ്യൻ ദളവായുമായുള്ള കൂട്ടുകെട്ടിൽ ഉൾപ്പെട്ടുകാണുകയില്ലയോ എന്നുപോലും ശങ്കിക്കേണ്ടിയിരിക്കുന്നു. നമ്പ്യാർക്കു് ചെമ്പകശ്ശേരിരാജധാനിയിൽ പ്രബലമായ ഒരു എതിരുകക്ഷി ഉണ്ടായിരുന്നു എന്നുള്ളതിനു് അക്കാലത്തേ കൃതികളിൽനിന്നുതന്നെ ചില ലക്ഷ്യങ്ങൾ കിട്ടുന്നുണ്ടു്. തലവടിമേനോനുതന്നെയും ഒരുപക്ഷേ അദ്ദേഹത്തിനോടു് നീരസം ഉണ്ടായിരുന്നു എന്നുവരാം. നമ്പ്യാർ ഒരു സ്ഥലത്തും അദ്ദേഹത്തിനെ സ്തുതിച്ചു കാണുന്നുമില്ല. അതുകൊണ്ടു് ഈ ഉപജാപങ്ങൾ നടന്നുകൊണ്ടിരുന്ന കാലത്തായിരിക്കാം നമ്പ്യാർ വടക്കൻദിക്കുകളിൽ സഞ്ചരിച്ചതെന്നു വന്നുകൂടായ്കയില്ല. അമ്പലപ്പുഴനാടു് തിരുവിതാംകൂറിനോടു ചേർക്കുംമുമ്പുതന്നെ നമ്പ്യാർ മാർത്താണ്ഡവർമ്മരാജാവിന്റെ ആശ്രിതനായിത്തീർന്നുകഴിഞ്ഞു എന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്ന സ്ഥിതിക്കു് ൯൧൫-നും ൯൧൭-നും മദ്ധ്യേ വല്ല തിരുവുള്ളക്കേടും ചെമ്പകശ്ശേരിരാജാവിനു് നമ്പ്യാരോടു് തോന്നാനിടയായിരിക്കുമോ? എന്തോ? ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമാണു്. ഏതായിരുന്നാലും ചെമ്പകശ്ശേരിയും വേണാടും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരുന്ന കാലത്തുതന്നെ നമ്പ്യാർ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ സേവകകോടിയിൽ ഉൾപ്പെട്ടുകഴിഞ്ഞുവെന്നു ൯൨൨-ലെ ഒരു രേഖയിൽനിന്നു മനസ്സിലാക്കാം. ആ രേഖയിൽ ‘കുഞ്ചൻനമ്പ്യാരുടെ കൂടെനിന്ന മിതുനപ്പള്ളിവീട്ടിൽ കുഞ്ചുമായിറ്റിക്കു് ടി ആണ്ടൊന്നുക്കു് നെല്ലു് ൭൨ പറ’ എന്നു് കണക്കു എഴുതിക്കാണുന്നു. മിതുനപ്പള്ളി എന്നതു് തിരുവനന്തപുരത്തു് പാൽക്കുളങ്ങര അധികാരത്തിൽ ഉള്ള ഒരു നായർ ഗൃഹമാണു്. ആ കണക്കിലാണു് ഈ ചെലവു് എഴുതിയിരിക്കുന്നതും.
അമ്പലപ്പുഴ വച്ചു് ‘പട്ടാഷ്ടകം’ എന്നൊരു കൃതികൂടി നമ്പ്യാർ രചിച്ചിട്ടുണ്ടു്. നമ്പ്യാരുടെ സേവകനായി ഒരു പട്ടക്കുട്ടി ഉണ്ടായിരുന്നത്രേ. അയാൾക്കു് നമ്പ്യാർ എട്ടു കാശു കൊടുപ്പാനുണ്ടായിരുന്നു. യാത്ര പറഞ്ഞു പോയി അരിപ്പാട്ടുവരെ എത്തിയശേഷം അയാൾക്കു് ഈ എട്ടു കാശിന്റെ ഓർമ്മവരികയാൽ തിരിച്ചുവന്നു് കാശു ചോദിച്ചപ്പോൾ, നമ്പ്യാർ ഓരോ കാശിനു് ഓരോ ശ്ലോകം വീതം രചിച്ചുവെന്നാണു് ഐതിഹ്യം.
16.16 V
൯൨൨-ാമാണ്ടിനു മുമ്പുതന്നെ നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി എന്നു് മുൻപറഞ്ഞ രേഖയിൽ നിന്നു് ഊഹിപ്പാൻ നിവൃത്തിയില്ല. എന്നാൽ ൯൩൦-നു ശേഷം അദ്ദേഹം മിക്കവാറും തിരുവനന്തപുരത്തുതന്നെയാണു് കഴിച്ചുകൂട്ടിയതു്. രാമയ്യന്റെ കാലശേഷം ൯൩൧-ൽ ദളവാപദം അലങ്കരിച്ച അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയിൽ നിന്നു് ഈ കവിക്കു് വേണ്ടുവോളം പ്രോത്സാഹനം ലഭിച്ചു. മഹാരാജാവുതിരുമനസ്സുകൊണ്ടും വിദ്വജ്ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ സദാ ജാഗരൂകനായിരുന്നുവെന്നു് രാമപുരത്തുവാരിയരോടു് അവിടുന്നു പെരുമാറിയ രീതിയിൽനിന്നു മനസ്സിലാക്കാം. ൯൨൫-ാമാണ്ടിനു ശേഷം രചിക്കപ്പെട്ട സീതാരാഘവംനാടകത്തിന്റെ പ്രസ്താവനയിൽ,
‘സർവാത്മനാ പത്മനാഭസമർപ്പിത സമസ്ത നിജവിഭവേന, സർവസാമന്തകുലമകുടമണിമരീചിനീരാജിതചരണകമലേന ഇദാനീന്തനേന രാജ്ഞാ വഞ്ചിമാർത്താണ്ഡേന സകലദിഗന്തേഭ്യസ്സമാഹുയ സമധിഷ്ഠാപിതാനാം സമധീതവേദശാസ്ത്രാണാം സരസകാവ്യരസാമജ്ജാവമജ്ജസജ്ജസജ്ജനഭൂയിഷ്ഠാനാം ബ്രാഹ്മണവരിഷ്ഠാനാം ഗരിഷ്ഠാംഗോഷ്ഠീമപഹായ ക്വനാമേദമഭിനേതവ്യം?’ എന്നു് അദ്ദേഹം ഈ മഹാരാജാവിനെ പ്രശംസിച്ചിട്ടുള്ളതിൽ അതിശയോക്തിയുടെ സ്പർശം പോലും ഇല്ല.
മഹാരാജാവുതിരുമനസ്സുകൊണ്ടു് നമ്പ്യാർക്കു തിരുവന്തപുരത്തു് ഒരു മഠം പണിയിച്ചുകൊടുത്തതിനു പുറമേ, നാടുനീങ്ങുന്നതിനു അല്പം മുമ്പായി, അതായതു് ൯൩൩ മകരം ൫-ാം തീയതി ‘മുകപ്പിൽ ആണിത്തലയ്ക്കൽ ചുകപ്പു കൽവച്ച വീരശങ്ങല’ സമ്മാനിക്കയും ചെയ്തുവെന്നുള്ളതിനു് രേഖകൾ കാണുന്നുണ്ടു്. രാമയ്യനെപ്പറ്റി തുള്ളലുകളിൽ പ്രസ്താവം കാണാത്തതുകൊണ്ടു് ഒരുപക്ഷേ ൯൩൧-നു ശേഷമായിരിക്കുമോ നമ്പ്യാർ തിരുവനന്തപുരത്തു സ്ഥിരതാമസം തുടങ്ങിയതെന്നുകൂടി വിചാരിക്കാൻ വഴി കാണുന്നു. പക്ഷേ അങ്ങനെ ആയിരിക്കണമെന്നില്ലതാനും. രാമയ്യൻദളവയ്ക്കു് കവികളെപ്പറ്റി വലിയ ബഹുമാനം ഒന്നും ഇല്ലായിരുന്നു എന്നു വരാവുന്നതാണല്ലോ.
തെക്കേടത്തു ഭട്ടതിരിമുഖാന്തിരമോ മാത്തൂർപണിക്കർ വഴിക്കോ ആയിരിക്കണം നമ്പ്യാർക്കു് തിരുവനന്തപുരം രാജമന്ദിരത്തിൽ പ്രവേശം ലഭിച്ചതു്. തിരുവനന്തപുരത്തു വച്ചു് ഈ കവി പലേ ഫലിതങ്ങളും പ്രയോഗിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടു്. ഒരിക്കൽ നമ്പ്യാർ ശ്രീപത്മനാഭസ്വാമിദർശനത്തിനു ചെന്നിരുന്നപ്പോൾ, ശാന്തിക്കാരൻനമ്പി ‘ആരെന്നു് ’ ചോദിച്ചതിനു് ‘നമ്പിയാർ’ എന്നു് ഉത്തരം പറഞ്ഞുവത്രേ. ഇതിനെ വലിയ ധിക്കാരമായിഗ്ഗണിച്ചു് നമ്പി മഹാരാജാവിനോടു പരാതിപ്പെട്ടു. മഹാരാജാവാകട്ടെ നമ്പ്യാരെ വരുത്തി വിവരം ചോദിച്ചപ്പോൾ,
‘നമ്പിയാരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലിനേൻ
നമ്പി കേട്ടഥ കോപിച്ചു
തമ്പുരാനെ പൊറുക്കണേ’
എന്നു മറുപടി പറഞ്ഞതുകേട്ടു് അവിടുന്നു വളരെ സന്തോഷിച്ചുവത്രേ. ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന ശ്ലോകത്തിനു കാരണമാക്കിയ സംഭവം പ്രസിദ്ധമാണല്ലോ. മഹാരാജാവുതിരുമനസ്സുകൊണ്ടു് ശ്രീപത്മനാഭക്ഷേത്രത്തിൽ ഒരു കമ്പവിളക്കു പണിയിച്ചു. അതു തൃക്കണ്‍ പാർക്കാനായി എഴുന്നള്ളിയ മഹാരാജാവിന്റെ കൂടെ ചില കവികളും ഉണ്ടായിരുന്നു. അതിനെപ്പറ്റി ഓരോ ശ്ലോകമുണ്ടാക്കാൻ അവിടുന്നു് ആ കവികളോടു് ആജ്ഞാപിച്ചു. നമ്പ്യാരൊഴിച്ചു് മറ്റെല്ലാരും രാജപ്രീതിക്കു വേണ്ടി പൊടിപ്പും തൊങ്ങലും ഒക്കേ വച്ചു് നെടുനെടുങ്കൻശ്ലോകങ്ങൾ രചിച്ചു. അതൊക്കെ കേട്ടുകഴിഞ്ഞു് നമ്പ്യാരുടെ ശ്ലോകം എവിടെ എന്നു് തിരുമനസ്സുകൊണ്ടു കല്പിച്ചു ചോദിച്ചു.
‘ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഇത്യർത്ഥ ഏഷാം ശ്ലോകാനാ-
മല്ലാതൊന്നും ന വിദ്യതേ’
എന്നായിരുന്നത്രേ നമ്പ്യാരുടെ മറുപടി. അവിടെ കൂടിയിരുന്ന കവികളെല്ലാം ലജ്ജിതരായെന്നു പറയേണ്ടതില്ലല്ലോ. അമ്പലപ്പുഴെ താമസിക്കുന്ന കാലത്തും നമ്പ്യാർ കൂടക്കൂടെ തിരുവനന്തപുരത്തു പോകാറുണ്ടായിരുന്നെന്നും, ഒരിക്കൽ അമ്പലപ്പുഴ രാജാവു് നമ്പ്യാരോടു് ‘എന്താ ഇവിടെ കുഞ്ചനു ഭക്ഷണവും മറ്റും സുഖമാകുന്നുണ്ടോ? ഊണിന്റെ വട്ടമെന്താണു്?’ എന്നു ചോദിച്ചതിനു്,
‘പത്രം വിസ്തൃതമത്ര തുമ്പമലർ തോറ്റോടീടിനോരന്നവും
പുത്തൻനെയ്, കനിയപ്പഴുത്ത പഴവും, കാളിപ്പഴം, കാളനും
പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും, മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിർ മോർ തട്ടാതെ കിട്ടും സുഖം.’
എന്നു് അദ്ദേഹം മറുപടി അറിയിച്ചുവെന്നും എന്നാൽ നമ്പ്യാർ തിരുവനന്തപുരത്തുവന്ന അവസരത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ടു് ‘കുഞ്ചൻ അമ്പലപ്പുഴെ താമസിക്കുമ്പോൾ ഊണിന്റെ വട്ടമെന്തെല്ലാമായിരുന്നു’ എന്നു ചോദിച്ചതിനു്, അതേ ശ്ലോകത്തെത്തന്നെ,
‘പത്രം വിസ്തൃതമത്ര തുമ്പ; മലർ തോറ്റോടീടിനോരന്നവും
പുത്തൻനെയ് കനിയെ; പഴുത്ത പഴവും കാളി; പഴംകാളനും
പത്തഞ്ഞൂറു കറിക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിർ മോർ തട്ടാതെ കിട്ടും സുഖം’
എന്നു് വിപരീതാർത്ഥപ്രതീതി ജനിക്കത്തക്ക വിധത്തിൽ ചൊല്ലിക്കേൾപ്പിച്ചു സമ്മാനം വാങ്ങിയെന്നും വേറൊരു ഐതിഹ്യവും ഉണ്ടു്.
തിരുവനന്തപുരത്തു താമസിക്കുന്ന കാലത്തു് നമ്പ്യാർക്കു് രണ്ടേകാലും കോപ്പും അനുവദിച്ചിരുന്നു. ഒരുദിവസം കലവറക്കാരൻ പണ്ടാല അരി രണ്ടേകാലിടങ്ങഴിയെന്നു കല്പനയില്ലെന്നും രണ്ടെടങ്ങഴിയേ അനുവദിച്ചിട്ടുള്ളുവെന്നും തർക്കം പറഞ്ഞുപോലും. നമ്പ്യാർ വിട്ടില്ല.
‘രണ്ടേകാലെന്നു കല്പിച്ചു രണ്ടേകാലായി നേരവും
ഉണ്ടോ കാലെന്നു പണ്ടാല ഉണ്ടില്ലിന്നിത്ര നേരവും’
എന്നൊരു ശ്ലോകം കുറിച്ചു് നമ്പ്യാർ രാജസന്നിധിയിൽ എത്തിച്ചു. ഉടനേ തന്നെ തമ്പുരാൻ തിരുമനസ്സുകൊണ്ടു് രണ്ടേകാലും കോപ്പും ശരിയായി കൊടുക്കുന്നതിനു പുറമേ, പതിവായ് രണ്ടു നേരവും ഇടപ്പക്കത്തു ഭക്ഷണവും നല്കാൻ കല്പിച്ചുവത്രേ.
ഒരവസരത്തിൽ എന്തോ കാരണവശാൽ തിരുമനസ്സിലേക്കു് നമ്പ്യാരുടെ പേരിൽ തിരുവുള്ളക്കേടുണ്ടായത്രേ. കൊട്ടാരത്തിനുള്ളിൽ മേലാൽ കയറിപ്പോകരുതെന്നു കല്പനയുമായി. തുടർന്നു് അരിയും കോപ്പും കൂടി നിർത്തിക്കളഞ്ഞു. നമ്പ്യാർ വിഷണ്ണനായെന്നു പറയേണ്ടതില്ലല്ലോ. ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം അദ്ദേഹം,
‘പൂജ്യസ്ത്വം സുജനൈരഹഞ്ച വടിഭിശ്ശത്രുക്കളാലന്വഹം
കേറാൻ വാരണമുണ്ടു തേ മമ തഥാ കൊട്ടാരവാതുക്കലും
ഒട്ടും തന്നരിയില്ല തേ മമ തഥാപ്യഷ്ടിക്കു കുപ്പാട്ടിലും
സേവിച്ചിട്ടടിയൻ ചിരേണ നൃപതേ തത്തുല്യനായീടിനേൻ’
എന്നൊരു ശ്ലോകം എഴുതി തിരുമനസ്സറിയിക്കാൻ കൊടുത്തയച്ചു. പ്രസന്നനായ മഹാരാജാവു് നിരോധനാജ്ഞകളെല്ലാം ഉടൻ പിൻവലിക്കയും ചെയ്തു.
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജധാനിയിൽ വച്ചു രചിക്കപ്പെട്ടവയാണു് ധ്രുവചരിതം, സഭാപ്രവേശം, കൃഷ്ണലീല, കാളിയമർദ്ദനം, നളകൂബരമോക്ഷം, പ്രദോഷമാഹാത്മ്യം, ഹനുമദുദ്ഭവം, ഹരണീസ്വയംവരം ഇവ. മാർത്താണ്ഡവർമ്മ മഹാരാജാവു് വരുത്തിയിരുന്ന പരിഷ്കാരങ്ങളെ ഉത്താനപാദന്റെ രാജധാനിയെ വർണ്ണിക്കുന്നു എന്ന ഭാവേന ധ്രുവചരിതത്തിൽ സവിസ്തരം പ്രതിപാദിച്ചുകാണുന്നു.
പാൎത്ഥ ിവരാദിയാം ശത്രുജനങ്ങളെ—ക്കൂൎത്ത ശരംകൊണ്ടു മൂൎത്ത ിതകൎത്തു ട–
നാൎത്ത ി പിടിപ്പിച്ചു പാൎത്ത ലേയോട്ടിച്ചു കാൽത്തളിർ കൂപ്പുന്ന പാൎത്ഥ ിവന്മാരിൽ നി
ന്നൎത്ഥ ങ്ങൾ മേടിച്ചനൎത്ഥ ം ശമിപ്പിച്ചു; അൎത്ഥ ജനത്തിനുമൎത്ഥ ം കൊടുത്തുട–
നാൎത്ത ിയും തീൎത്തു കൃതാൎത്ഥ ത കല്പിച്ചു; മാൎത്ത ാണ്ഡതുല്യനാം മാൎത്ത ാണ്ഡപുത്രജൻ
ധാത്രീവരോത്തമൻ ധാത്രീപരിത്രാണമെത്രയും ചിത്രമായത്ര ചെയ്താൻ നല്ല
ക്ഷേത്രം പണിയിച്ചു പാത്രങ്ങൾ തീൎപ്പിച്ചു് വട്ടത്തിലോരോ കുളങ്ങൾ കഴിപ്പിച്ചു
വെട്ടിപ്പിടിപ്പിച്ച നാട്ടുവഴികളിൽ—നല്ല കല്ലിട്ടു നടക്കാവൂ വയ്പിച്ചു.
കാട്ടിലോരോ വഴി വെട്ടിത്തെളിപ്പിച്ചു—ഊട്ടുവാനോരോരോ കൊട്ടിലും കല്പിച്ചു
‘നാട്ടിലിരിക്കുന്ന പട്ടന്മാൎക്കും പിന്നെ മുട്ടാതെ നിത്യവുമൂട്ടതും കല്പിച്ചു
പട്ടണംതോറുമങ്ങാടികൾ കെട്ടിച്ചു ചെട്ടിത്തെരുവുകൾ പട്ടാണിവീടുകൾ
മുട്ടിപ്പുരകളും തട്ടാക്കുടികളും നാട്ടിൽപ്പതിനെട്ടുകെട്ടുള്ള വീടുക–
ളൊട്ടല്ലവനൊരു കോടിപണിയിച്ചു.
ദുഷ്ടരേ ശിക്ഷിച്ചു ശിഷ്ടരെപ്പാലിച്ചു പുഷ്ടിയക്കാലത്തു പുഷ്ടമായുണ്ടായി
നിഷ്ടയേറും ദ്വിജശ്രേഷ്ഠരെക്കൊണ്ടുടനിഷ്ടിയും ചെയ്യിച്ചു ധൎമ്മത്തിനൊത്തൊരു
കൎമ്മങ്ങളാകവേ നിൎമ്മിച്ചു ഭൂതലേ ശൎമ്മം വരുത്തുന്നു നിൎമ്മലൻ ഭൂപതി.’
സഭാപ്രവേശത്തിൽ വഞ്ചിരാജാവിനെ ഇങ്ങനെ സ്തുതിച്ചിരിക്കുന്നു.
‘വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ
വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം
സഞ്ചിതാഖിലധൎമ്മകൎമ്മസു നിൎമ്മലാത്ഭുത പൗരുഷൻ
സകലരിപുകുലശലഭദഹനമഹാനുഭാവ സുപൂരുഷൻ
വിക്രമാതിശയങ്ങൾകൊണ്ടരി നൃപതിരാജ്യമശേഷമേ–
യാക്രമിച്ചുടനാകവേ പരിപാലനേന മഹോത്സവം
ശക്രലോകസമാനമാക്കി വരുത്തി വാണരുളീടിനാൻ’
കൃഷ്ണലീല, ധേനുകവധം, കാളിയമൎദ്ദനം, നളകൂബരമോക്ഷം ഇവ തുടൎന്നു ് എഴുതപ്പെട്ടതാണു്. കൃഷ്ണലീലയുടെ പ്രാരംഭത്തിൽ,
‘പാൎത്ത ാലത്ഭുതം ബാലമാൎത്ത ാണ്ഡക്ഷിതീന്ദ്രന്റെ
വാൎത്ത ാവൈഭവമെല്ലാമോൎത്ത ാലന്തമില്ലേതും’
എന്നു് മാൎത്ത ാണ്ഡവൎമ്മ മഹാരാജാവിനേയും; ഹരിണീസ്വയംവരത്തിൽ,
‘വഞ്ചിക്ഷമാപാല ബാലമാൎത്ത ാണ്ഡനാ–
മഞ്ചിത ശ്രീകുലശേഖരാജ്ഞാകരൻ
ആൎത്ത ാവനോദാരശീലനാമയ്യപ്പ–
മാൎത്ത ാണ്ഡമന്ത്രി’ യേയും വാഴ്ത്തിക്കാണുന്നു.
പൗണ്ഡ്രകവധം, പഞ്ചേന്ദ്രോപാഖ്യാനം, കുംഭകൎണ്ണവധം ഇവയും അക്കാലത്തു തന്നെ നിൎമ്മിക്കപ്പെട്ടവയാണെന്നു് മി: പി. കെ. നാരായണപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.
ഹനുമദുദ്ഭവം മാൎത്ത ാണ്ഡവൎമ്മമഹാരാജാവിന്റെ കല്പന അനുസരിച്ചു നിൎമ്മിക്കപ്പെട്ടതാണെന്നു്,
‘ബാലമാൎത്ത ാണ്ഡവൎമ്മേന്ദ്രവീരക്ഷമാ
ബാലചൂഢാമണിപ്രേരണം കാരണം
ബാലമന്ത്രിപ്രവീരന്റെ നിൎദ്ദേശാനു–
കൂലമായുള്ള വിനോദപ്രമേയമി–’
തെന്ന കവിവാക്യത്തിൽ നിന്നു വ്യക്തമാകുന്നു. കുംഭകൎണ്ണവധം, ഹരിശ്ചന്ദ്രചരിതം ഇവരണ്ടും ധൎമ്മരാജാവിന്റെ കാലത്തുണ്ടായവയാണു്. ഹരിശ്ചന്ദ്രചരിതത്തിൽ,
രാമതുല്യൻ മഹാവഞ്ചി രാമവൎമ്മേന്ദ്രഭൂപാലൻ
കാമദൻ കോമളാകാരൻ കാമിനീമാനസേ മാരൻ
എന്നിങ്ങനെ ആ മഹാരാജാവിനെ കവി പ്രശംസിച്ചിട്ടുമുണ്ടു്. ൯൩൪ കന്നി ൩-ാം തീയതി ഈ മഹാരാജാവു് തിരുമനസ്സുകൊണ്ടു നമ്പ്യാൎക്കു് നവരാത്ര്യുത്സവം പ്രമാണിച്ചു് ഒരു വീരശ്രംഖല കല്പിച്ചു കൊടുത്തതായും രേഖ കാണുന്നു.
കാൎത്ത ികതിരുനാൾ തമ്പുരാനായിരുന്നു നമ്പ്യാൎക്കു ് ഇടപ്പക്കുത്തു് ഊണു് ഏൎപ്പാടുചെയ്തിരുന്നതു്. അവിടത്തേ ഊണും നമ്പ്യാൎക്കു് പിടിച്ചില്ല. ഒരിക്കൽ മഹാരാജാവു തിരുമനസ്സുകൊണ്ടു് സേവകന്മാരോടുകൂടി മാളികമുകളിൽ ഇരുന്നു വെടിപറഞ്ഞുകൊണ്ടിരിക്കെ, അതിന്റെ കീഴിൽകൂടി പോയ ഒരു പശു ഇളകിച്ചാണകമിടുന്നതു് കണ്ടിട്ടു് നമ്പ്യാർ “അയ്യോ പയ്യേ! നിനക്കും പക്കത്താണോ ചോറു്” എന്നു ചോദിക്കയും ബുദ്ധിമാനായ മഹാരാജാവു് അന്നുമുതല്ക്കു് ഈ മഹാകവിയുടെ ഊണു് പക്കത്തുനിന്നു് മാറ്റുകയും ചെയ്തുവെന്നു് ഒരു ഐതീഹ്യമുണ്ടൂ്.
നമ്പ്യാൎക്കു് പണത്തിൽ തീരെ മോഹമില്ലായിരുന്നു. എന്തു കിട്ടിയാലും ചെലവാക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നതു്. ഒരിക്കൽ അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തിനു പോകാൻ ഭാവിച്ചു. തിരുമനസ്സിലെ അറിയിച്ചപ്പോൾ, അവിടുന്നു് ൧൦൦൦ പണം കൊടുത്തിട്ടു് അതിനെ ഇളകാത്ത വസ്തുവിൽ സ്ഥാപിക്കണമെന്നു് ആജ്ഞാപിച്ചുവത്രെ. നമ്പ്യാരാകട്ടെ സ്വദേശത്തു ചെന്നപ്പോൾ കിള്ളിക്കുറിശ്ശി ക്ഷേത്രത്തിലെ ബലിക്കല്പുര ജീൎണ്ണീഭവിച്ചു കിടക്കുന്നതു കണ്ടു് ആ പണം മുഴുവനും ജീൎണ്ണോദ്ധാരണം ചെയ്വാനുപയോഗിച്ചുവെന്നും ആ ബലിക്കല്പുരയിൽ,
‘ശ്രീബലിപ്രസ്തരശ്ശംഭോഃ ശ്രീശുകുലായവാസിനഃ
രാമേണ പാണിവാദേന കാരിതോ ഭൂതയേ ധ്രുവം’
എന്നു കൊത്തിച്ചു വച്ചിട്ടു് തിരിച്ചു തിരുവനന്തപുരത്തു വന്നപ്പോൾ മഹാരാജാവു് ‘കുഞ്ചൻ ആ പണം എന്തു ചെയ്തു?’ എന്നു കല്പിച്ചു ചോദിച്ചതിനു ഇളകാത്ത വസ്തുവിന്മേൽ ആക്കീട്ടുണ്ടെന്നു് അദ്ദേഹം മറുപടി പറഞ്ഞു എന്നും ൫൭ ദിവസത്തെ തുള്ളൽക്കഥകളുടെ പ്രസാധകൻ പ്രസ്താവിച്ചു കാണുന്നു. എന്നാൽ ഈ ശ്ലോകം പാലപ്പുറത്തു ഗോവിന്ദൻ നമ്പ്യാരുടെ അനന്തിരവനായ ഒരു രാമൻനമ്പ്യാരുടെ കൃതിയാണെന്നു് പരമേശ്വയ്യരവർകൾ സൂക്ഷ്മമായി അറിയുന്നുവത്രേ. ഈ മഹാനുഭാവൻ കാൎയ്യങ്ങൾ എല്ലാം സൂക്ഷ്മമായിട്ടേ അറിയാറുള്ളുവെങ്കിലും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ സൂക്ഷ്മത എത്രത്തോളം ഫലിച്ചിട്ടുണ്ടെന്നു നിൎണ്ണയിക്കാൻ കുറേ പ്രയാസമായിരിക്കുന്നു. ഒന്നാമതായി കിള്ളിക്കുറിശ്ശിമംഗലത്തുള്ള ജനങ്ങൾ ഇന്നും അതു കലക്കത്തു രാമൻനമ്പ്യാരുടെ കൃതിയായി വിശ്വസിച്ചുപോരുന്നു. രണ്ടാമതായി ഇങ്ങനെ ഒരു ഐതിഹ്യം ഇന്നാട്ടിലും പ്രചരിച്ചിട്ടുണ്ടു്. മൂന്നാമതായി പാലപ്പുറത്തു ഗോവിന്ദൻ നമ്പ്യാരുടെ അനന്തരവൻ കിള്ളിക്കുറിശ്ശിമംഗലത്തു താമസമുറപ്പിക്കുന്നതിനു മുമ്പേ തന്നെ ബലിപീഠത്തിൽ ഈ ശ്ലോകം ലിഖിതമായിരുന്നെന്നു് അന്വേഷണത്തിൽ അറിയുന്നതായി ശ്രീമാൻ ബാലകൃഷ്ണവാരിയരവർകളും പറയുന്നു. ഇങ്ങനെ രണ്ടു പ്രൗഢഗവേഷകന്മാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിക്കാണുമ്പോൾ ആരുടെ ‘സുക്ഷ്മ’തയെ ആണു് വിശ്വസിക്കുക? അസ്മാദൃശന്മാരായ സാധുക്കളുടെ കാൎയ്യം പരുങ്ങലിലാവുകയേ ഉള്ളൂ. ‘Both are right and both are wrong as I allays say’ എന്നു് ജോൎജ്ജു ് എലിയട്ടിന്റെ ഗ്രാമ്യപാത്രത്തിനെ അനുകരിച്ചു പറയുകയോ, അല്ലെങ്കിൽ മറ്റൊരു ഗവേഷകപ്രൗഢനായ വടക്കുംകൂറിന്റെ ഗവേഷണസരണിയെ അനുവൎത്ത ിച്ചു് രണ്ടിൽ ഒരാളുടേയോ അഥവാ രണ്ടുപേരുടേയുമോ അഭിപ്രായങ്ങൾ ആദരണീയങ്ങൾ അല്ലെന്നോ സൎവ്വാബദ്ധമായിരിക്കുന്നു എന്നോ നിസ്സാരഭാവത്തിൽ ശപഥംചെയ്തിട്ടു് തെളിവു ശേഖരിക്കുന്ന ഭാരം വായനക്കാരിൽ ചുമത്തുകയോ ചെയ്യേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഐതിഹ്യത്തെ വിശ്വസിക്കുന്നു.
ഒരിക്കൽ കിടങ്ങൂർ ഗ്രാമക്കാരായ ഏതാനും നമ്പൂരിമാർ ചേൎന്നു ് ത്രിസന്ധ എന്ന ഒരു കൎമ്മം നടത്തണമെന്നു നിശ്ചയിച്ചു് മഹാരാജാവുതിരുമനസ്സിലെ സഹായമഭ്യൎത്ഥ ിക്കാനായി തിരുവനന്തപുരത്തു വന്നു. തത്സമയം മഹാരാജാവു് രാമേശ്വരയാത്രയ്ക്കു് ഒരുക്കങ്ങൾ എല്ലാം ചെയ്തുകഴിഞ്ഞിരുന്ന ഘട്ടമായിരുന്നു. എന്തു നിവൃത്തി? അവർ നമ്പ്യാരെ സമീപിച്ചു് ഒരു നിവൃത്തി ഉണ്ടാക്കിത്തരണമെന്നപേക്ഷിച്ചു. അദ്ദേഹം ആ അപേക്ഷയെ കൈക്കൊണ്ടു. എഴുന്നള്ളത്തു സമയമായി. സേവകന്മാരെല്ലാം കരുവേലപ്പുരമാളികത്താഴെ നിരന്നു. തിരുമനസ്സുകൊണ്ടു ക്ഷേത്രദൎശനാനന്തരം പുറത്തെഴുന്നള്ളി എല്ലാവരെയും തൃക്കൺപാൎത്ത ിട്ടു് “എന്നാൽ ഞാൻ പോയി സേതുസ്നാനം കഴിച്ചു വരാം. നിങ്ങൾ സുഖമായി ഇവിടെ താമസിക്കുക ഇനി വന്നിട്ടുകാണാം” എന്നു കല്പിച്ചു. അപ്പോൾ നമ്പ്യാർ “ഇറാൻ, സുഖമായി തിരിച്ചെഴുന്നള്ളിക്കാണാൻ അടിയങ്ങളെല്ലാം ശ്രീപത്മനാഭനെ പ്രാർത്ഥിച്ചുകൊണ്ടു് ഭഗവത്സന്നിധിയിൽ താമസിക്കാം. എന്നാൽ മുഹൂൎത്ത ം ആയിരിക്കുന്നു. ഈ ശുഭമുഹൂൎത്ത ം തെറ്റാവുന്നതല്ല. കിടങ്ങൂർ നമ്പൂതിരിമാർ ത്രിസന്ധ നടത്തണമെന്നു നിശ്ചയിച്ചു് വിവരം തിരുമനസ്സറിയിക്കാനായി കാത്തുനിൽക്കുന്നുണ്ടു്. ഇതും ഒരു ശുഭസൂചകം തന്നെ. ഇങ്ങനെ ഒരു ശുഭകൎമ്മം സമാരംഭിക്കാൻ പോകുന്നു എന്നുള്ള മംഗളവർത്തമാനം ബ്രാഹ്മണമുഖത്തു നിന്നു കേട്ടുകൊണ്ടു് എഴുന്നള്ളാൻ ഇടയായതു തന്നെ തിരുമനസ്സിലെയും അടിയങ്ങളേയും പരമഭാഗ്യം ആണു്” എന്നറിയിച്ചു. ഉടനെ ‘നമ്പൂരിമാരെവിടെ?’ എന്നു കല്പിച്ചു ചോദിച്ചു. അവർ ഹാജരായി. മൂവായിരം പണം തിരുമനസ്സുകൊണ്ടു് അവൎക്കു നൽകുകയും ചെയ്തുവത്രേ. എന്നാൽ ഈ ഐതിഹ്യത്തിനു ബാധകമായി ഒരു സംഗതി കാണുന്നു. ൯൫൪-ൽ ആയിരുന്നു രാമേശ്വരയാത്ര. അന്നു് നമ്പ്യാർ ജീവിച്ചിരുന്നോ എന്ന കാര്യമാണു് സന്ദിഗ്ദ്ധം.
അയ്യപ്പൻമാൎത്ത ാണ്ഡപ്പിള്ളയുടെ കാലശേഷം നമ്പ്യാൎക്കു ് തിരുവനന്തപുരത്തെ താമസം അത്ര സുഖകരമായിരുന്നു എന്നു തോന്നുന്നില്ല. യഥാൎത്ഥ സാഹിത്യകാരന്മാരെ ഒരു സംഗതിയിൽ പശുക്കളോടു താരതമ്യപ്പെടുത്താം. പശുക്കൾക്കു് നാം നമുക്കുവേണ്ടാത്തതൊക്കെ കൊടുക്കുന്നു. അവ ആ സാധനങ്ങൾകൊണ്ടു തൃപ്തിപ്പെട്ടിട്ടു് നമുക്കു് മധുരോത്തരമായ പാലു നൽകുന്നു. പ്രഭുജനങ്ങൾ തങ്ങളെ ആശ്രയിക്കുന്ന കവികൾക്കു് വല്ലതുമൊക്കെ എറിഞ്ഞുകൊടുത്തിട്ടു കൃതകൃത്യത പൂണുന്നു. അവരോ ഈ പ്രഭുക്കന്മാൎക്കു് അമൃതത്വമാണു് പ്രതിഫലമായി നൽകുന്നതു്. നമ്പ്യാൎക്കു ് സുബ്ബയ്യന്റേയും ഗോപാലയ്യന്റേയും കാലങ്ങളിൽ ഒരു പ്രോത്സാഹനവും ലഭിച്ചിരുന്നില്ല. ഒടുവിൽ ൯൪൦-ാം മാണ്ടിനിടയ്ക്കു് അദ്ദേഹം മുഖം കാണിച്ചു്,
നാലഞ്ചക്ഷരവും പഠിച്ച ഗുരുവിൻ പാദം തലോടീ ചിരം
പാലഞ്ചുംമൊഴിമാരപാംഗവലയിൽ ചാടീട്ടുഴന്നേൻ ചിരം
കോലംകെട്ടുക കോലകങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി–
ക്കാലം വാൎദ്ധകമാകക്കൊണ്ടടിയനെച്ചാടിക്കൊലാ ഭൂപതേ
എന്നൊരു ശ്ലോകമെഴുതി തൃക്കയ്യിൽ കൊടുത്തുവത്രേ. അന്നു് നമ്പ്യാൎക്കു് ഷഷ്ടിപൂൎത്ത ി കഴിഞ്ഞിരുന്നു. “നമ്പ്യാൎക്കു് ഞാനെന്താണു് തരേണ്ടതു്?” എന്നു കല്പിച്ചു ചോദിച്ചുവത്രേ. അതിനു് നമ്പ്യാർ “വിശേഷിച്ചൊന്നും കല്പിച്ചു തരണമെന്നില്ല. അടിയനുണ്ടായിരുന്നതൊന്നും ഇവിടെ എടുക്കാതിരുന്നാൽ മതി” എന്നു മറുപടിയും പറഞ്ഞു. അതിനു ശേഷം ചെമ്പകശ്ശേരി രാജാവിന്റെ കാലത്തു് അമ്പലപ്പുഴക്ഷേത്രത്തിൽ നമ്പ്യാൎക്കുണ്ടായിരുന്ന പതിവുകളെ എല്ലാം പുതുക്കുകയും നമ്പ്യാർമഠം വീണ്ടും നമ്പ്യാരുടെ കുടുംബത്തേക്കു് പതിച്ചുകൊടുക്കയും ചെയ്തുവെന്നു് ഇന്നും ആളുകൾ പറഞ്ഞു വരുന്നു. ഒരു പക്ഷേ “൯൫൪-ാമാണ്ടു് ചൊക്കട്ടാമണ്ഡപത്തിലിരുന്നു് മഹാരാജാവും തെക്കേടത്തു ഭട്ടതിരിയും മേലെഴുത്തുപിള്ളയും ഋഷിനമ്പൂരിപ്പാടും കൂടി വ്യവസ്ഥപ്പെടുത്തിയ പായസപ്പകൎച്ചക്കണക്കിൽ നമ്പ്യാരുടെ ഇനം കാണിക്കാതിരിക്കക്കൊണ്ടു് അപ്പൊഴേയ്ക്കും നമ്പ്യാർ മരിച്ചിരിക്കുന്നതായി വിചാരിക്കാമെന്നു തോന്നുന്നു” എന്നാണു് മി: പീ. കേ. നാരായണപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നതു്. അതു് യുക്തിയുക്തമായി തോന്നുകയും ചെയ്യുന്നു.
നമ്പ്യാരുടെ ജീവിതസായാഹ്നം അമ്പലപ്പുഴെ വച്ചു തന്നെയാണു് കഴിച്ചുകൂട്ടിയതെന്നുള്ളതിനെപ്പറ്റി ആൎക്കു ം രണ്ടുപക്ഷമില്ല. പേപ്പട്ടികടിച്ചുണ്ടായ വിഷം ശമിപ്പിക്കുന്നതിനു് മാത്തൂർ താമസിക്കുന്ന കാലത്തു് അമ്പലപ്പുഴെ തിരുമുല്പാടിന്റെ മാസം അടിയന്തിരത്തിനു് കാളൻ കൂട്ടി ഊണുകഴിക്കയാൽ രോഗം വൎദ്ധിച്ചു മരിച്ചുവെന്നു് അമ്പലപ്പുഴെയുള്ള കൊച്ചുകുട്ടികൾ പോലും പറഞ്ഞുവരുന്നുണ്ടു്. പേപ്പട്ടി കടിച്ചിട്ടോ പട്ടാഷ്ടകമെഴുതിയതിന്റെ ഫലമായി നാവുപുഴുത്തിട്ടോ ആണു് നമ്പ്യാർ മരിച്ചതെന്നു് സാഹിത്യചരിത്ര സംഗ്രഹകാരനായ നമ്പ്യാരവർകൾ പറഞ്ഞുകണുന്നു. ഇങ്ങനെ ഒരു ഐതിഹ്യമുണ്ടെന്നുള്ള അബദ്ധപ്പഞ്ചാംഗം ആദ്യമായിക്കണ്ടതു് ഭാഷാചരിത്രത്തിലാണു്. ആ കഥ അമ്പലപ്പുഴെ എങ്ങും പ്രചരിച്ചുകാണുന്നില്ലെന്നു് അവിടെ ജനിച്ചു് വളർന്നവർക്കൊക്കെ അറിയാം. പ്രസ്തുത സാഹിത്യചരിത്രത്തിന്റെ ഒരു നിരൂപകൻ ലക്ഷ്മീഭായിയിൽ അതിനു പറഞ്ഞിരിക്കുന്ന മറുപടി ഇവിടെ ഉദ്ധരിക്കാം.
“ശുദ്ധ പട്ടന്മാർ കൂടി ഈ സംഗതി പറഞ്ഞു കേട്ടിട്ടില്ല. ‘നമ്പ്യാർ മരിക്കുന്നതിനു മുമ്പു് നായ്ക്കു പുഴുത്തു ചത്തു എന്നു കേൾവിയുണ്ടു് ’ എന്നു ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിരിക്കുന്നു. നായ്ക്കു് എന്നതു് നായക്കു് എന്നല്ലാതെ നാക്കു് (നാവു്) എന്നു് ഒരുവിധത്തിലും വരുവാൻ സംഗതിയില്ല. നമ്പ്യാരെ കടിച്ച നായു് പുഴുത്തു ചത്തു എന്നായിരിക്കാം വിവക്ഷ. അല്ല നമ്പ്യാരുടെ നാവു പുഴുത്തു എന്നാണു പറയുന്നതെങ്കിൽ അതു് പിള്ളയുടെ അബദ്ധപ്പഞ്ചാംഗത്തിൽ ഒരു തെറ്റുംകൂടി കൂടിയെന്നേ പറവാനുള്ളു. ഈ സംഗതി ഇതുവരെ ഭാഷാഭിമാനികളാരും പ്രസ്താവിച്ചുകേട്ടിട്ടില്ല. തന്നെ ആശ്രയിച്ചു താമസിച്ചിരുന്ന കുട്ടിപ്പട്ടരുടെ കൊതിയോ കൃതഘ്നതയോ കണ്ടു കോപിച്ചു് താഡനക്രിയാദികൾ കഴിയാതെ ശ്ലോകത്തിൽ കഴിച്ചുകൂട്ടിയതു് നമ്പ്യാരുടെ ബുദ്ധിനൈർമ്മല്യമെന്നാണു് പറയേണ്ടതു്. ഇന്നുള്ളവരാണെങ്കിൽ തീർച്ചയായും കുട്ടിപ്പട്ടർക്കു് സൗജന്യമായി കൊടുത്ത പണവും സമ്മാനവും തിരിച്ചുവാങ്ങി പറഞ്ഞയയ്ക്കുമായിരുന്നു. പട്ടരെ ശകാരിച്ചാൽ നാവു പുഴുക്കും എന്നുണ്ടെങ്കിൽ ഇന്നു് കേരളത്തിൽ നാവു പുഴുക്കാതെ മരിക്കാൻ യോഗമുള്ളവർ വളരെ ചുരുങ്ങുമെന്നാണു് ഞങ്ങളുടെ അഭിപ്രായം.”
ഈ അഭിപ്രായത്തിൽ ലേഖകൻ വല്ലാതെ ക്ഷോഭിച്ചു കാണുന്നു. പരമാർത്ഥത്തിൽ അതിനു കാരണമൊന്നുമില്ല. നമ്പ്യാർക്കു് പട്ടന്മാരോടോ മറ്റാരൊടെങ്കിലുമോ വിരോധം ഉണ്ടായിരുന്നു എന്നു പറയുന്നതു് സാഹസമാണു്. നമ്പ്യാർക്കു് ഏതു സംഭവത്തിന്റേയും വിനോദപരമായ അംശം കാണ്മാൻ കഴിയുമായിരുന്നു. ആ കുട്ടി എട്ടുകാശിനു വേണ്ടി ഇത്ര വളരെ ദൂരം തിരിച്ചു നടന്നതു കണ്ടപ്പോൾ നമ്പ്യാർക്കു് അതു് ഒരു വലിയ വിനോദമായി തോന്നി. ഓരോ കാശിനു് ഓരോ ശ്ലോകംവീതം എഴുതിക്കൊടുത്തു. പക്ഷേ നമ്പ്യാർക്കു് വല്ല ഈർഷ്യയും തോന്നിയിരുന്നെങ്കിൽ അതു് ആ ശ്ലോകങ്ങൾ എഴുതിത്തീർന്നതിനോടെ അവസാനിക്കയും ചെയ്തിരിക്കണം. ആരു തെറ്റു ചെയ്താലും സരസമായി ചൂണ്ടിക്കാണിക്കാറുണ്ടായിരുന്ന ഈ കവി ഇങ്ങനെ ഒരു സംഭവം കണ്ടാൽ മൗനമവലംബിക്കുകയോ? വടക്കൻദിക്കുകളിൽ മാന്യമായി ഗണിക്കപ്പെട്ടുപോരുന്ന ഈ പട്ടർസ്ഥാനം തെക്കൻദിക്കുകളിലെ തമിഴ്ബ്രാഹ്മണർക്കു് കർണ്ണശല്യമായിത്തീരാനുണ്ടായ കാരണങ്ങളിൽ ഒന്നു് നമ്പ്യാരെക്കൊണ്ടു പട്ടാഷ്ടകമെഴുതിച്ച കുട്ടിപ്പട്ടന്മാരെപ്പോലുള്ള ചിലരുടെ കുചേഷ്ടിതങ്ങളായിരിക്കണം. ഏതായിരുന്നാലും ‘ജാതിനാമാദികൾക്കല്ല ഗുണഗണം’ എന്നുള്ള കവികുലഗുരുവിന്റെ വാക്യത്തെ സംസ്മരിച്ചു് സാഹിത്യത്തിലെങ്കിലും ജാതിസ്പർദ്ധ കടത്താതിരുന്നാൽ കൊള്ളാം. കേരളത്തിലെ ഇന്നത്തേ നിലയ്ക്കു് തമിഴ്ബ്രാഹ്മണരും ഏറെക്കുറെ കാരണഭൂതന്മാരായിരുന്നു എന്നു് ആരും സമ്മതിക്കും. തിരുവിതാംകൂറിനെപ്പറ്റി സ്മരിക്കുമ്പോൾ രാമയ്യന്റെ സ്മരണയും ഉദിക്കാതിരിക്കയില്ലല്ലോ.
നമ്പ്യാരുടെ മരണഹേതു എന്തെന്നു് നാം എന്തിനു് ആലോചിക്കുന്നു? അദ്ദേഹം മരിച്ചിട്ടേ ഇല്ലല്ലോ. കേരളത്തിലെ ഏകജീവൽകവി നമ്പ്യാരാണു്; തുള്ളൽപ്പാട്ടുകളാണു് യഥാർത്ഥ ജീവൽസാഹിത്യവും. കുഞ്ചൻനമ്പ്യാർ നമ്മുടെ ‘കാളിദാസൻ അല്ലെങ്കിൽ ഷേക്‍സ്പീയർ ആണു് എന്നു പറഞ്ഞാൽ ഏറെത്തെറ്റുകയില്ല’ എന്നു് പണ്ഡിതസാർവഭൗമനായിരുന്ന ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമല്ലേ?
16.17 VI
നമ്പ്യാരുടെ സ്വഭാവവർണ്ണനയ്ക്കായി ബാലകൃഷ്ണവാരിയരവർകൾ ഒരു അധ്യായം വിനിയോഗിച്ചിരിക്കുന്നു. ഈ മഹാനുഭാവന്റെ സ്വഭാവഗതികളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരുവൻ—ഒരു ഇംഗ്ലീഷ്ശൈലിയിൽ പറഞ്ഞാൽ—അപകടപൂർണ്ണമായ തറയിലാണു് കാൽ വയ്ക്കുന്നതു്. നമ്പ്യാർ തന്റെ പാത്രങ്ങളെക്കൊണ്ടു പറയിച്ചിരിക്കുന്നതെല്ലാം അദ്ദേഹത്തിന്റെ മനോഗതികളെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ, അദ്ദേഹം ഭക്തന്മാരിൽ വച്ചു ഭക്തനും, പാഷണ്ഡന്മാരിൽ വച്ചു പാഷണ്ഡനും, ധീരന്മാരിൽ വച്ചു ധീരനും, ഭീരുക്കളിൽ വച്ചു ഭീരുവും, സത്യനിഷ്ഠന്മാരിൽ വച്ചു സത്യനിഷ്ഠനും, കപടശാലികളിൽ വച്ചു കപടശാലിയും, ദയാലുക്കളിൽ വച്ചു ദയാലുവും, നിർഘൃണന്മാരിൽ വച്ചു നിർഘൃണനും ഒക്കെ ആണെന്നു പറയേണ്ടി വരും. യഥാർത്ഥ കവികൾ ക്രാന്തദർശികളാണു്; നമ്പ്യാരും ഒരു ക്രാന്തദർശിയായിരുന്നു. തുഞ്ചനെപ്പോലെ തന്നെ കുഞ്ചനും ഒരു ലോകഗുരുവാണു്. തുഞ്ചൻ സുഗ്രീവാജ്ഞക്കാരനായ ഒരു ഗംഭീരാശയന്റെ മട്ടിൽ നമുക്കു് മാർഗ്ഗോപദേശം ചെയ്യുന്നു; സത്യധർമ്മാദികളെ വെടിഞ്ഞു നടക്കുന്നതായ മർത്ത്യനെ ക്രുദ്ധനായ സർപ്പത്തെക്കാളും ഭയങ്കരനായി ഗണിച്ചു് അദ്ദേഹം അകറ്റി നിർത്തുന്നു. ഈ പ്രപഞ്ചം തന്നെ മിഥ്യയാണെന്നാണു് അദ്ദേഹത്തിന്റെ മതം. ഭക്തിയെ ജ്ഞാനത്തിലേക്കുള്ള ഒരു കോണിപ്പടിയായിട്ടേ അദ്ദേഹം കാണുന്നുള്ളു. കുഞ്ചന്റെ മട്ടു് അങ്ങനെയല്ല. തെറ്റു ചെയ്യാറുള്ള ജനങ്ങളുടെ കൂട്ടത്തിൽ താനും ഒരു തെറ്റുകാരൻ തന്നെ എന്നുള്ള മനോഭാവമാണു് അദ്ദേഹത്തിനെ മനുഷ്യലോകത്തോടു അടുപ്പിക്കുന്നതു്. സാധാരണന്മാർക്കുള്ള കോപതാപാദികളെല്ലാം അദ്ദേഹത്തിനേയും ബാധിക്കാറുണ്ടു്; അവയ്ക്കെല്ലാം അതീതനാണെന്നു് അദ്ദേഹം അഭിമാനിക്കാറുമില്ല. എന്നാൽ തുഞ്ചനെപ്പോലെ സർവലോകസമാശ്ലേഷകമായ ഒരു അനുകമ്പ അദ്ദേഹത്തിനുമുണ്ടു്. ആ അനുകമ്പയാൽ പ്രേരിതനായിട്ടാണു് അദ്ദേഹം തന്റെ സഹജീവികളിൽ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നതു്. ആ തെറ്റുകൾ കാണുമ്പോൾ അദ്ദേഹം ചിരിക്കാറുള്ളതു പരമാർത്ഥമാണു്; എന്നാൽ ആ ചിരി സ്ഥലജലഭ്രാന്തി നേരിട്ട ദുര്യോധനനെ കണ്ട മാത്രയിൽ പാഞ്ചാലിക്കുണ്ടായ ചിരിയല്ല. പാഞ്ചാലിയുടെ ചിരി എന്തെല്ലാം അനർത്ഥങ്ങൾക്കാണു് കാരണമാക്കിയതു്! വംശവിനാശകരമായ ഒരു മഹാസമരം അന്നത്തെ ആ ‘പൊട്ടിച്ചിരി’നിമിത്തമുണ്ടായില്ലേ? നമ്പ്യാർ അങ്ങനെ ചിരിക്കാറില്ല. കുറവും കുറ്റവും നോക്കിപ്പറവാനായി മാത്രം ജീവിക്കുന്നവരെ എറിഞ്ഞു കാലൊടിക്കണമെന്നാണല്ലോ അദ്ദേഹം പറഞ്ഞിട്ടുള്ളതു്. നമ്പ്യാരുടെ ചിരി അനുകമ്പാമസൃണമാണു്. തുഞ്ചനും ഫലിതം പ്രയോഗിക്കാറുണ്ടു്; എന്നാൽ അദ്ദേഹം ചിരിക്കയില്ല. പക്ഷേ ഒരു സ്മിതരേഖ മുഖത്തു് കളിയാടിയെങ്കിലായി, അത്രേയുള്ളു. നമ്പ്യാർ ചിരിക്കും; അതിനോടുകൂടി ശ്രോതാക്കളേയും ചിരിപ്പിക്കും. അത്തരം ചിരി ഇരുകൂട്ടർക്കും—വക്താവിനും ശ്രോതാവിനും തമ്മിൽ ഒരു സാഹോദര്യബന്ധം ജനിപ്പിക്കുന്നു. ഇതാണു് നമ്പ്യർക്കു് കേരളീയജനതയുടെ ഹൃദയസാമ്രാജ്യത്തിൽ ഇത്ര വിപുലമായ ഒരു അധികാരശക്തി ലഭിക്കാനുള്ള പ്രധാന ഹേതു.
സംസ്കൃതത്തിൽ ഗംഭീരങ്ങളായ കവിതകൾ എഴുതിശീലിച്ച ആ മഹാകവി,
‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷ തന്നെ ചിതം വരൂ.’
എന്നു മനസ്സിലാക്കിക്കൊണ്ടു് അവരുടെ നിലയിലേക്കു് സ്വയം താഴുന്ന ആ കാഴ്ച എത്ര അത്ഭുതകരമായിരിക്കുന്നു! എന്നാൽ താൻ ഒരു വലിയ ഉപകാരമാണു ചെയ്യുന്നതു് എന്നു് അദ്ദേഹം ഭാവിക്കുന്നുണ്ടോ? ഇല്ലതാനും.
ഇത്രയും പറഞ്ഞതിൽനിന്നു് നമ്പ്യാരുടെ ദൃഷ്ടിപ്രാപഞ്ചികങ്ങളായ സുഖഭോഗങ്ങൾക്കും പ്രലോഭനങ്ങൾക്കും അപ്പുറം കടന്നിരുന്നില്ല എന്നു് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതിൽപരം അബദ്ധം മറ്റൊന്നില്ല. കിളിപ്പാട്ടുകൾ വഴിക്കും പാനകൾ വഴിക്കും മറ്റും കേരളീയർക്കു പരിചിതങ്ങളായിരുന്ന പൗരാണികവിഷയങ്ങളെത്തന്നെ അധികരിച്ചു് അദ്ദേഹം കാവ്യം രചിച്ചതു്, സാധാരണക്കാർക്കു് സുഗ്രഹമായ വിധത്തിൽ അവയെ പ്രതിപാദിച്ചു് അവരിൽ ഭക്തിയും ജ്ഞാനവും അങ്കുരിപ്പിക്കണമെന്നു വിചാരിച്ചാണു്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും ആന്തരമായ ഒരു ആശയവിശേഷം—ഒരു സന്മാർഗ്ഗപാഠം—ഘടിപ്പിച്ചിട്ടുണ്ടെന്നു കാണാം.
ഈശ്വരഭക്തി, ഗുരുഭക്തി, സജ്ജനഭക്തി ഇവ നമ്പ്യാരുടെ എല്ലാ കൃതികളിലും സ്ഫുടമായി പ്രകാശിക്കുന്നുണ്ടു്. മിക്കകഥയുടെയും പ്രാരംഭത്തിൽ ഈശ്വരസ്തുതി കാണുന്നതുകൊണ്ടുമാത്രം നമ്പ്യാർ ഈശ്വരഭക്തനാണെന്നു പറയാവുന്നതല്ല. ഗ്രന്ഥാരംഭത്തിൽ ഇഷ്ടദേവതാനമസ്കൃതിയോ വസ്തുനിർദ്ദേശമോ അഥ തുടങ്ങിയ മംഗലവാചകശബ്ദങ്ങളോ ഉണ്ടായിരിക്കണമെന്നു വ്യവസ്ഥയുണ്ടു്. ഈ കവിയും ചില ദിക്കിൽ ഇഷ്ടദേവതാസ്മരണത്തോടും, ചിലേടത്തു വസ്തുനിർദ്ദേശത്തോടും, മറ്റു ദിക്കുകളിൽ ‘എങ്കിലോ’ എന്ന ശബ്ദത്തോടും കൂടിയാണു് കഥകൾ ആരംഭിച്ചിരിക്കുന്നതു്. ‘അഥ’ ശബ്ദം മംഗളവാചിയാണെന്നു് ‘അഥോഥ സ്യാതാം സമുച്ചയേ മംഗളേ സംശയാരംഭാധികാരാനന്തരേഷു ച’ എന്ന കോശത്താൽ സിദ്ധിക്കുന്നു. ആ ശബ്ദത്തിന്റെ തർജ്ജമയാണല്ലോ ‘എങ്കിലോ’ എന്ന പദം. അതിനാൽ കേവലം മംഗളാചരണം കണ്ടിട്ടു് കവി വലിയ ഭക്തനായിരിക്കണമെന്നു പറയുന്നതിൽ അർത്ഥമില്ല. എന്നാൽ നമ്പ്യാരുടെ എല്ലാ കൃതികളിലും അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തു നിന്നു് ഊറിവരുന്ന ഭക്തിരസത്തിന്റെ ആസ്വാദ്യത അനുഭവൈകവേദ്യമാണു്.
‘വാശ്ശതെങ്കിലുമൊന്നു വന്നു സഭാതലങ്ങളിലോതിനാ-
ലീശ്വരസ്തുതിയായ് വരേണമതെങ്കിലേ ശുഭമായ് വരൂ.’
എന്നാണു് നമ്പ്യാരുടെ മതം.
‘യാഗവും പല യോഗവും പല മന്ത്രവും ചില തന്ത്രവും
ആഗമങ്ങളുപാസനങ്ങളുമാസനങ്ങളുമൊന്നുമേ
രംഗസാഗരവാസികൾക്കു ഫലിക്കയില്ല ധരിക്കണം.
ഭക്തവത്സലനായ ശിവനുടെ ചരണതാമരസങ്ങളിൽ
ഭക്തിയുള്ള ജനത്തിനേ ഭൂവി മുക്തിലാഭമുടൻ വരൂ.
ഭക്തിസൗഖ്യമുടൻ ലഭിച്ചിഹ മുക്തിവരുവതിനീശ്വര-
ഭക്തിതന്നെ മഹൗഷധം പുനരന്യമില്ലുപദേശവും’
അതിനാലാണു് ഭഗവന്മാഹാത്മ്യത്തെ ഉദാഹരിക്കുന്ന കഥകൾ അദ്ദേഹം പ്രത്യേകം തിരഞ്ഞെടുത്തു പ്രതിപാദിച്ചിരിക്കുന്നതു്. സംസ്കൃതകവനം മതിയാക്കീട്ടു മലയാളത്തിൽ കവിതകൾ രചിക്കാൻ തുടങ്ങിയതുതന്നെ അതിനുവേണ്ടിയാണെന്നു് അദ്ദേഹം വ്യക്തമാക്കീട്ടുണ്ടു്. സംസ്കൃതത്തിൽ കാവ്യം രചിപ്പാൻ പ്രയാസമില്ലെന്നും, ഭാഷാകവനമാണു് ദുർഘടമായിരിക്കുന്നതെന്നും അനുഭവസ്ഥന്മാർക്കൊക്കെ അറിയാം,
‘സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലിതു കാരണ
ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ,
കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവി കേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല തിരിക്കുമൊക്കെയുമേറ്റുടൻ
ഭാഷയേറി വരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല വിശേഷഭൂഷണമായ്പരും
‘വഷസങ്ഗതിയോടു ചേർന്നൊരു ഭാഷ വേണമതെങ്കിലേ
ശേഷമുള്ള ജനത്തിനും പരിതോഷമെന്നു വരൂ ദൃഢം.’
ഈ വാക്കുകളിൽനിന്നു് ഒന്നു രണ്ടു സംഗതികൾ വ്യക്തമാകുന്നുണ്ടു്. അസംസ്കൃതാശയന്മാർക്കു് സംസ്കൃതകവിത ദുർഗ്രഹമായിരിക്കുന്നതിനാൽ അവർക്കു വേണ്ടിയാണു് ഭാഷാകവിത എഴുതാൻ നമ്പ്യാർ പുറപ്പെട്ടതെന്നു സ്പഷ്ടമാണല്ലോ; എന്നാൽ നല്ല മണിപ്രവാളമായിരിക്കണമെന്നു വച്ചതു് പണ്ഡിതന്മാരെക്കൂടെ ഉദ്ദേശിച്ചാണു്. വേഷസങ്ങതിയോടു ചേർന്ന ഭാഷയായി—അതായതു് തുള്ളലിന്റെ രൂപത്തിൽ എഴുതാമെന്നുവച്ചതു്, അതു കൂടുതൽ പ്രയോജകീഭവിക്കുമെന്നുള്ള വിശ്വാസത്താലുമാണു്.
“തുള്ളലിനാശു തുടങ്ങുമ്പോളൊരു തെള്ളലുമുള്ളിലുദിച്ചീടേണം
ഉള്ള ജനങ്ങൾക്കെല്ലാമിതുകൊണ്ടുള്ളം ഝടിതി കളുർത്തീടേണം
വെള്ളസ്ഫടിക വിശുദ്ധ സരസ്വതി വെള്ളത്തിൽ ശശിബിംബംപോലെ
ഉള്ളത്തിൽ പരിചോടു വിളങ്ങുകിലുള്ള വിധങ്ങളശേഷം തോന്നും
കള്ളമകന്നു കവിത്വവിശേഷം തള്ളിത്തള്ളി വരുന്ന ദശായാം
ഉള്ളിൽക്കപടതയുള്ള ജനങ്ങടെ ഭള്ളും വിരുതും നിഷ്ഫലമാകും.”
കൊള്ളാമിവനുടെ വിദ്യകളെന്നൊരു കോലണിവാർത്ത നടത്തുന്നേരം
കള്ളന്മാരുടെ കണ്ടണികൊണ്ടുമൊരെള്ളോളം ഫലമില്ലെന്നറിവിൻ.സത്യാസ്വയംവരം.
സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിൽ ഉള്ള മാലിന്യങ്ങളെ നീക്കിക്കളഞ്ഞു് അവരിൽ ഈശ്വരപരമായ ഭക്തിയും വിശ്വാസവും അങ്കുരിപ്പിക്കുകയാണു് തന്റെ ഉദ്ദേശമെന്നും കവി ഇവിടെ വിശദമാക്കിയിരിക്കുന്നു. സംസ്കൃതകവനമാണു് തനിക്കു് അധികം വശമെന്നും, ഒരു പുതിയ സരണി തുറക്കുന്നതു് ബഹുജനങ്ങളെ കർത്തവ്യകുതുകികളാക്കിത്തീർക്കാൻ വേണ്ടിയിട്ടാണെന്നും,
‘ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ
ദോഷമകന്നു വരുത്തുവാൻ ദുർഘടം’
എന്നിങ്ങനെ അദ്ദേഹം നമുക്കു് അറിവു തന്നിട്ടുണ്ടു്. എന്നിട്ടും സംസ്കൃതഭാഷാനഭിജ്ഞതകൊണ്ടാണു് നമ്പ്യാർ ഇങ്ങനെ ഭാഷാകവിത എഴുതാൻ പുറപ്പെട്ടതെന്നു പറയുന്നവരുടെ കഥയില്ലായ്മയെപ്പറ്റി എന്തു പറയേണ്ടൂ? കഷ്ടിച്ചു് മൂന്നാലു കാവ്യങ്ങളുടെ മുക്കും മൂലയും മാത്രം കണ്ടതിന്റെ ശേഷം പണ്ഡിതനെന്ന ഭാവവും പേറി നടക്കുന്ന ചില ഇദാനീന്തനവിദ്വാന്മാരുടെ ഈ അഭിപ്രായത്തെ ആരു് ആദരിക്കുന്നു?
ഈശ്വരഭക്തിയിലെന്നപോലെ ഗുരുഭക്തിയിലും നമ്പ്യാർ അദ്വിതീയനായിരുന്നു. നല്ല ഗുരുകടാക്ഷംകൊണ്ടല്ലാതെ യാതൊന്നും ഫലിക്കയില്ലെന്നായിരുന്നു നമ്പ്യാരുടെ വിശ്വാസം. ‘വാദ്ധ്യാർക്കിട്ടടി പത്തലുകൊണ്ടു് ’ എന്ന അധുനാതന കവിമല്ലന്റെ മതം അദ്ദേഹത്തിനു് പരിചിതമായിരുന്നില്ലെന്നു മാത്രമല്ല ‘ഗുരുത്വമില്ലാത്തവരെക്കണ്ടാൽ കുളിക്കണ’ മെന്നുപോലും അദ്ദേഹം പറഞ്ഞിട്ടുണ്ടു്.
‘ഗാഢസ്നേഹമുള്ളൊരു ഗുരുവിന്റെ കൃപകൊണ്ടേ
മൂഢത്വമൊഴിഞ്ഞീടു മുനിമാർക്കെങ്കിലും നൂനം
തന്നുടെ ഗുരുക്കന്മാർ തനിക്കു ദൈവതമെന്നു
തന്നത്താനറിയുന്ന തനുമാന്മാർ ധരിക്കുന്നു’പൗണ്ഡ്റകവധം.
അധർമ്മത്തോടുള്ള വിദ്വേഷമാണു് നമ്പ്യാരുടെ സ്വഭാവത്തിൽ പ്രധാനമായി കാണുന്ന മറ്റൊരു ഗുണം. ആരായിരുന്നാലും ധർമ്മത്തിൽനിന്നു വ്യതിചലിച്ചുപോയാൽ നമ്പ്യാരുടെ കർക്കശമായ പരിഹാസത്തിനു പാത്രമാകാതിരിക്കയില്ല. മാതൃകാരാജാവിന്റെ ഭരണകാലത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
‘സത്തുക്കൾക്കൊക്കവേ സൗഖ്യം വരുത്തി ശ്രീഹരിശ്ചന്ദ്രൻ
സത്യകീർത്ത്യാഖ്യനായുള്ള സചിവശ്രേഷ്ഠനോടൊന്നി-
ച്ചത്യുഭാരം ജഗത്ത്രാണം ചെയ്തു വാണീടിന കാലം’
‘കപടമില്ല കലഹമില്ല കലുഷമതികളെങ്ങുമില്ല
വികടരില്ല; വിശാരില്ല; വികൃതിനികൃതിവിധങ്ങളില്ലാ
കുസൃതിയില്ലാ; കഗതിയില്ലാ; കുരള പറവതിനാരുമില്ല;
കള്ളരില്ല; തുള്ളലില്ല; കള്ളു കുടിയന്മാരുമില്ല
മുള്ളനില്ല; മൂഢനില്ല; മൂർഖമനുജജനങ്ങളില്ലാ
മടിയനില്ല; മസൃണനില്ല; മന്ദബുദ്ധികളാരുമില്ല
കരുടനില്ല; കുശഠനില്ല; കുശലവിലയവുമെങ്ങുമില്ലാ
ചതിയനില്ലാ; കൊതിയനില്ലാ; ചപലഖലമതി കിതവനില്ലാ
അസുഖമില്ലാ; അശുഭമില്ലാ; അസുരവിജിതരുമാരുമില്ലാ
അധനനില്ലാ; അധമനില്ലാ; അധികനോടു കലഹമില്ലാ
ആധിയില്ലാ; വ്യാധിയില്ലാ; അരസവിരസഭയങ്ങളില്ലാ
പുഷ്ടിയും തുഷ്ടിയും പുനരിഹ വൃഷ്ടിയും കൃഷ്ടിയും ബഹുഗുണ-
മിഷ്ടിയും വ്യുഷ്ടിയും ശുഭചകമഷ്ടിയും മുഷ്ടിയും ദിശി ദിശി
സ്നാനവും പാനവും സമുചിതയാനവും ഗാനവും ദ്വിജവര
ഭാനവും മാനവും മഹിതനിദാനവും സ്ഥാനവും നന്നിഹ.
പുരജനങ്ങടെ ഭാഷണം ഗതഭൂഷണം മണിഭൂഷണം
അരിഭടാവലിഭീഷണം മദശോഷണം ഹയഹേഷണം
അവനിസുരവരപൂജനം സുഖഭോജനം സുസഭാജനം
അഖിലഗുണഗണഭാജനം നൃസഭാജനം ശുഭയോജനം
അനിശമപി നിജഗണ്ഡലംബിതകണ്ഡലം നരമണ്ഡലം
അനഘമണിമയമണ്ഡനം രിപുദണ്ഡനം മദഖണ്ഡനം
തൽക്ഷണം രക്ഷണം; പ്രതിഭടതക്ഷണം ശിക്ഷണം ബഹു ശിവ
ലക്ഷണം ദക്ഷിണം ബഹുരസഭക്ഷണം ഭിക്ഷണം സമുചിത-
മിത്തരം സത്വരം നരവരചത്വരം ദുസ്തരം സമജനി
സദ്ധനം പത്തനം ദിനമനുവർദ്ധനം ഗർജ്ജനം ത്രിജഗതി
ശോഭനം ലോഭനം ധനതതിദോഹനം മോഹനം സുഖമവ-
ഗാഹനം ഗുഹനം നഹി നഹി സുന്ദരം മന്ദിരം പരിലസ-
ദിന്ദിരാമന്ദിരം ഗിരി ഇവ ഉന്നതം മന്നവന്മാരിദമന്വഹം വന്ദനംവിദധതി.
‘മായാവിതന്നുടെ മകനായ മന്നവൻ’ വാണകാലത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
നായന്മാരുടെ വീടുകൾതോറും മായാഭഗവതി വിളയാടുന്നു
കായസ്ഥന്മാരച്ചന്മാർക്കൊരു കായക്ലേശവുമില്ലിക്കാലം
അഞ്ചുപറയ്ക്കുള്ളൊരു കണ്ടത്തിൽ പുഞ്ച വിതച്ചു വിളഞ്ഞതു കൊയ്താൽ
അഞ്ചുജനത്തിനു ചെലവു കഴിക്കാമഞ്ചുമൊരേഴും മാസം മുഴുവൻ
തഞ്ചിലവുകളും വിത്തും കൂലിയുമഞ്ചാതെ കണ്ടങ്ങു കഴിച്ചാൽ
അഞ്ചോ പത്തോ വായ്‍പ കൊടുപ്പാൻ വാഞ്ഛിച്ചാലതുമതിലുണ്ടാവം
കണ്ടങ്ങളിലുഴവെന്നതുകൂടാതുണ്ടാമനവധി നെല്ലതുകാലം
കണ്ടങ്ങളിലുളവാം വിളവളവേ കണ്ടവരില്ല കൃഷിക്കാരന്മാർ
പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോരെജമാനന്മാരതിസരസന്മാർ
ദ്വിജവരഭക്തിയുമെത്ര വിശേഷം വിജയസമർത്ഥന്മാരവരെല്ലാം
നാരികളോടു വിചാരിച്ചിട്ടൊരു കാര്യക്ലേശവു മന്നില്ലേതും
നേരല്ലാതൊരു സംസാരങ്ങളിലാരംഭങ്ങളുമില്ലക്കാലം
അപരാധികളോടർത്ഥംവാങ്ങീട്ടപരാധത്തെ മറയ്ക്കയുമില്ല.
ഉപകാരം ചെയ്തവരെത്തന്നെ കൃപകൂടാതെ ചതിക്കയുമില്ല.
ദൂഷണമുള്ളതു ധനവാനെങ്കിൽ ഭൂഷണമെന്നൊരു ഭാവവുമില്ല.
ഏഷണികേട്ടിട്ടെജമാനൻ ചില ഭീഷണി കാട്ടുകയില്ലതുകാലം.
ജാതിക്കർഹതയില്ലാതുള്ളതു ചെയ്തീടുന്ന ജനങ്ങളുമില്ല.
കോട്ടക്കച്ചമണപ്പാടൻവക കോട്ടാറൻ പല തുപ്പട്ടികളും
കട്ടിക്കവണികൾ പട്ടുതരങ്ങളുമെട്ടുമുളം പല സോമൻമുറിയും
കെട്ടിക്കാച്ചിയമുണ്ടുകളെന്നിവ കെട്ടിയെടുക്കും പട്ടന്മാർ ചിലർ
നാട്ടിൽനടന്നൊരു വാണിഭമെന്നതു കേട്ടിട്ടില്ലക്കാലത്തിങ്കൽ
ഏഴുവെളുപ്പിന്നേറ്റുകുളിച്ചൊരു പാഴുവരാതെ കഴിക്കും നിയമം
താഴുകയില്ലൊരു ദിക്കിലുമെന്നാലൂഴിയിലുള്ള മഹാവിപ്രന്മാർ.’ഘോഷയാത്ര.
നഗരത്തിലാണെങ്കിൽ,
‘നാടകനടനം നർമ്മവിനോദം പാഠകപഠനം പാവക്കൂത്തും
മാടണിമുലമാർ മോഹിനിയാട്ടം പാടവമേറിന പല പല മേളം
ചന്തംതടവിന ചതുരംഗങ്ങളുമന്തരഹീനം പകിടക്കളിയും
പന്തടി വീണാവേണു മൃദംഗം ചിന്തും പേരണി പോരണിവിധവും
അന്തണവരരുടെ ശാസ്ത്രവിചാരം ഗ്രന്ഥികളുടെ മത്സരവാദം
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളുമെന്തിതു ചൊന്നാലില്ലവസാനം.
ദന്തികളനവധി കാലാളുകളും പത്തിനിറഞ്ഞൊരു കുതിരപ്പടയും
ലന്തത്തോക്കുകൾ പറങ്കിത്തോക്കുകൾ കുന്തം ചവളം വില്ലും ശരവും
ആയുധവാഹനവിഭവം പറവാനായിരമാനനമുള്ളവനും പണി’
ദുഷ്ടരാജാക്കന്മാരെയും ദുർമ്മന്ത്രിമാരെയും ഇങ്ങന അധിക്ഷേപിക്കുന്നു:-
‘തന്നത്താനറിയാത്ത ജളന്മാരെ മന്ത്രിയാക്കി-
ത്തന്വംഗീജനത്തോടു തന്റെ കാര്യം വിചാരിച്ചു
തന്നുടെ പ്രജകളോടേഴകോഴകൾ വാങ്ങി
താൻതന്നെ തന്റെ രാജ്യം നശിപ്പിക്കും പ്രഭുക്കന്മാർ
അല്ലാതെ ധരണിയിലാരുമില്ലെന്നു കേൾപ്പൂ.
വല്ലാതെ വലയ്ക്കുന്നു ദീനരാം മാനുഷന്മാരെ
നെല്ലും വിത്തുമെപ്പേരും കണ്ടെഴുതിപ്പാട്ടിലാക്കി-
ച്ചെല്ലുന്ന ചിലവൊക്കെ ചുരുക്കി ബ്രാഹ്മണർക്കിപ്പോൾ.
ഇല്ലത്തെക്കുടുംബത്തിന്നഷ്ടി കഷ്ടിച്ചു കല്പിച്ചാ-
രിന്നത്തേ യജമാനന്മാരുടേ ശീലമീവണ്ണം
കണ്ടത്തിൽ കൃഷിചെയ്താലുണ്ടാകും വിളവെല്ലാം
കണ്ടെത്തിപ്പിടിപെട്ടു കശ്മലന്മാർ വാരി വാരി-
ക്കൊണ്ടെങ്ങും തിരിക്കും കണ്ടിരിക്കുന്നോരെന്തു ചെയ്‍വൂ?
പണ്ടാരും നടക്കാത്ത കണ്ടങ്ങൾ കൃഷിചെയ്തു
കണ്ടെങ്കിലതുമെല്ലാം പണ്ടാരംവകയാക്കീ
മണ്ടപത്തിൻവാതിൽ കാക്കും മനുഷ്യപ്രൗഢിമാന്മാർക്കും
കൊണ്ടുചെന്നു കൊടുക്കാഞ്ഞാൽ മറിക്കുമസ്സമർത്ഥന്മാർ.
നാട്ടിലുള്ള പ്രജകൾക്കു നെല്ലുമില്ലാ പണമില്ലാ
കാട്ടിലുള്ള കായ്കനികൾ തിന്നുതന്നെ പൊറുക്കേണം.
ഊട്ടിലെങ്ങും ചോറു കിട്ടാ ഭടന്മാർക്കുമച്ചിമാർക്കും
കൂട്ടിലിട്ട മൃഗംപോലെ പട്ടിണിയായ് കിടക്കുന്നു.
ഉണ്ണാനുമുടുപ്പാനും തേപ്പാനും വകയില്ലാ;
തിന്മാൻ വെറ്റപാക്കില്ലാ പുകയില തരിമ്പില്ലാ;
അമ്മാത്രം മുതലുള്ളതന്നന്നു വിറ്റു തിന്നു
അമ്മയ്ക്കുമുടപ്പിറന്നവൾക്കും പട്ടിണിതന്നെ.
ധർമ്മമെന്തധർമ്മമെന്തെന്നൊരു വസ്തു തിരിയാത്ത
ദുർമ്മന്ത്രിജളന്മാർക്കു പാട്ടിലായി വിശ്വമെല്ലാം’
ഓരോ മനുഷ്യനും അവനവന്റെ ചുമതല ശരിയായ വിധത്തിൽ നിർവഹിച്ചു കാണുന്നതിലാണു് നമ്പ്യാർക്കു മോഹം. ബ്രാഹ്മണരോടു് അദ്ദേഹത്തിനു് അളവറ്റ ബഹുമാനമുണ്ടായിരുന്നു. എന്നാൽ എങ്ങനെയാണു് ഒരു ബ്രാഹ്മണൻ ജീവിക്കേണ്ടതെന്നു് അദ്ദേഹം പല ദിക്കിലും വ്യക്തമായി ഉദാഹരിച്ചു കാണിച്ചിട്ടുണ്ടു്.
‘ശീലവും വൃത്തിയും മനോഹരമായിരിക്കണം’; മാനസം സദാ ‘ചിത്സ്വരൂപങ്ക’ലുറച്ചിരിക്കണം; ‘വേദവും ശാസ്ത്രപുരാണങ്ങളെന്നിവ’ ഹൃൽസ്ഥമാക്കി വയ്ക്കണം; അതിയാമാദ്യം കുളിച്ചു് ‘മന്ത്രതന്ത്രാദി നിയമങ്ങൾ’ ദിനംപ്രതി ചെയ്യണം. അല്ലാതെ,
‘ഉണ്ണണമെന്നുമുറങ്ങണമെന്നും പെണ്ണുങ്ങളോടു രസിക്കണമെന്നും
കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാമെണ്ണിക്കൊണ്ടു ദുഷിക്കണമെന്നും’
വിചാരിച്ചു നടക്കുന്നവരും ‘ജപഹോമാദികളും’ ‘തപഃസ്നാനാദി’കളും ഇല്ലാതെ ‘നീലക്കാർകുഴലിമാർ വീടുതോറും നടന്നോരോ ലീലയ്ക്കു തുനിയുന്ന’ ആചാരവികലന്മാരായിരിക്കുന്നവരും നമ്പ്യാരുടെ ആക്ഷേപശരങ്ങൾക്കു് ലക്ഷ്യമാകാതിരിക്കയില്ല. ‘ബ്രാഹ്മണ്യമായ ജന്മം ജനിപ്പിക്കാനുമെളുതല്ലാ—ബ്രാഹ്മണ്യമായ കർമ്മം നടത്താനും പണിതന്നെ’ എന്നു് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
‘യദ്യദാചരതി ശ്രേഷ്ഠ-
സ്തത്ത ദേവേതരോ ജനഃ
എന്നാണല്ലോ പ്രമാണം. ആ തത്വത്തെ നമ്പ്യാർ പല സ്ഥലങ്ങളിൽ ഭംഗ്യന്തരേണ പ്രകാശിപ്പിച്ചിട്ടുമുണ്ടു്.
‘കൊമ്പൻ പോയതു മോഴയ്ക്കും വഴി’
‘എമ്പ്രാനപ്പം കട്ടു ഭുജിച്ചാ-
ലമ്പലവാസികളൊക്കെക്കക്കും’
‘നിന്നോതിക്കോൻ മൊള്ളുന്നേരമുണ്ണികൾ മരമേറീട്ടും മൊള്ളും’
‘അമരക്കാരനു തല തെറ്റുമ്പോൾ-അണിയക്കാരുടെ തണ്ടുകൾ തെറ്റും’
‘കാര്യക്കാരൻ കളവു തുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും’
പ്രഭുക്കന്മാരുടെ ധർമ്മം തങ്ങളെ ആശ്രയിക്കുന്നവരെ രക്ഷിക്കയാണു്. അല്ലാതുള്ളവരെ,
‘പാലുകുടിച്ചു തടിച്ചൊരു കൂട്ടം
വാലില്ലാത്ത കുരങ്ങച്ചന്മാർ’
എന്നാണു് അദ്ദേഹം വർണ്ണിച്ചിരിക്കുന്നതു്.
നമ്പ്യാർക്കു് കനകകാമിനികളോടുണ്ടായിരുന്ന മനോഭാവത്തെപ്പറ്റി ഈയിടയ്ക്കാണു് ചിലർ സംശയം പുറപ്പെടുവിച്ചു കാണുന്നതു്. പണം ചെലവാക്കാനുള്ള ഒരു സാധനമായിട്ടല്ലാതെ ശേഖരിച്ചു വച്ചു് അതു കണ്ടു രസിക്കണമെന്നുള്ള മനോഭാവം അദ്ദേഹത്തിനെ തീണ്ടീട്ടുപോലുമില്ലായിരുന്നു. ‘കനകംമൂലം കാമിനിമൂലം—കലഹം പലവിധമുലകിൽ സുലഭം’ എന്നു് മിക്ക കഥകളിലും അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ടു്.
‘സ്വർണ്ണങ്ങളെന്നൊരു ജാതിയേ സൃഷ്ടിച്ചു;
പെണ്ണുങ്ങളെന്നൊരു ജാതിയും സൃഷ്ടിച്ചു;
കർണ്ണങ്ങളും കണ്ണുമീമട്ടു ദേഹമീ-
വർണ്ണമനർത്ഥങ്ങൾ രണ്ടു നിർമ്മിക്കയാൽ
ഏന്തുന്ന സംസാരവാരിധിവെള്ളത്തിൽ
നീന്തുന്ന മർത്ത്യനു കേറാൻ തരം വരാ’ഹരിണീസ്വയംവരം.
എന്നാണു് കവിയുടെ മതം. ലോകത്തിൽ ധനം കൂടാതെ കഴികയില്ലെങ്കിലും, ധനവിഷയകമായ തൃഷ്ണയ്ക്കു് ഒരു അതിരുവേണമെന്നാണു് അദ്ദേഹം പറയുന്നതു്.
‘ദ്രവ്യത്തിങ്കലൊരാഗ്രഹമെന്നതു
ഭവ്യന്മാർക്കുമിളക്കരുതേതും
വിത്തത്തിൽ കൊതിയുണ്ടാമെന്നാൽ
ഇത്രയിതെന്നൊരു നിയമം വേണം‘
പണം അധികമായാലുള്ള ദോഷത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:-
‘പണമെന്നുള്ളതു കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും;
പണവും ഗുണവും കൂടിയിരിപ്പാൻ പണിയെന്നുള്ളതു ബോധിക്കേണം.’
ഇങ്ങനെ ആണെങ്കിലും മിതവ്യയം കൂടിയേ തീരൂ എന്നു് അദ്ദേഹത്തിനു നിർബന്ധമാണു്. ‘Neither a borrower nor a lender be’ എന്ന ഷേക്സ്പീയർവാക്യത്തെ അനുസ്മരിപ്പിക്കുന്ന വാക്കുകൾ പല കഥകളിലും കാണ്മാനുണ്ടു്.
‘പണയം മേടിക്കാതൊരു കാശും പണവുമൊരുത്തരു നല്കരുതാരും
ഋണവും വന്നു മുഴുത്തെന്നാകിൽ തൃണവും പുരുഷനുമില്ലൊരുഭേദം.’പ്രദോഷമാഹാത്മ്യം.
സ്ത്രീജനങ്ങളെപ്പറ്റി നമ്പ്യാർക്കു നല്ല അഭിപ്രായമുണ്ടായിരുന്നോ എന്നു സംശയമാണു്. സ്ത്രീധർമ്മങ്ങളെപ്പറ്റി അദ്ദേഹം ഗൗരവപൂർവം ഉപന്യസിക്കുന്നുണ്ടെങ്കിലും, അവരെപ്പറ്റിയുള്ള പുച്ഛം മിക്ക കഥകളിലും പ്രതിഫലിച്ചുകാണാം. സ്ത്രീജനങ്ങളോടാലോചിച്ചു് കാര്യവിചാരം നടത്തുന്നവരെ പലേടത്തും ആക്ഷേപിച്ചിട്ടുള്ളതോ പോകട്ടേ; അവർക്കു് ഹൃദയം എന്നൊരു പദാർത്ഥം ഉള്ളതായിട്ടുപോലും അദ്ദേഹം വിശ്വസിക്കുന്നതായി കാണുന്നില്ല. നമ്പിയാരുടെ മഹത്ത്വത്തിനു് കുറവു വരുത്തുന്നതായി ഈ ഒരു സംഗതി മാത്രമേ കാണുന്നുള്ളു. വാല്മീകി രാമായണം ചമയ്ക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിനു് സർവഗുണസമ്പന്നനും ദോഷസ്പർശം ഇല്ലാത്തവനും ആയ ഒരു നായകനെ സൃഷ്ടിക്കണമെന്നായിരുന്നു പ്രധാന ഉദ്ദേശമെന്നു് ആ കാവ്യതല്ലജത്തിന്റെ പ്രാരംഭത്തിൽ നിന്നു മനസ്സിലാക്കാം. എന്നാൽ അദ്ദേഹത്തിന്റെ പാത്രങ്ങളിൽ വച്ചു് സർവോത്തമമായിത്തീർന്നതു് സീതാദേവിയാണു്. “രാമന്മാർ ഇനിയും പലരുമുണ്ടായേക്കാം. എന്നാൽ സീതയോ? ഒന്നേ ഒന്നു മാത്രമേ ഉള്ളു” എന്നു് സ്വാമി വിവേകാനന്ദൻ പ്രസ്താവിച്ചിട്ടുള്ളതു് എത്രയോ പരമാർത്ഥം! സ്ത്രീത്വത്തിന്റെ മഹാത്മ്യം നമ്പിയാർ ഗ്രഹിച്ചിരുന്നോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വരാനുള്ളകാരണം അദ്ദേഹത്തിന്റെ അന്നത്തെ പരിതഃസ്ഥിതികളായിരുന്നു.
“പണമുള്ളവനേ പെണ്ണിനു വേണ്ടൂ ഗുണമുള്ളവനിലൊരാദരവില്ല
പണവുംകൊണ്ടിഹ ചെല്ലാത്തവനും തൃണവുമവൾക്കൊരു ഭേദവുമില്ല
ധനവാനെങ്കിലകത്തു കരേറ്റിപ്പനിനീർകൊണ്ടിഹ കാൽ കഴുകിക്കും.
കനിവൊടുവെറ്റ തെറുത്തുകൊടുക്കും കനമൊടു മെത്തകരേറ്റിയിരുത്തും
ധനമെപ്പേരും വാങ്ങീട്ടവനെ കനമില്ലാത്തൊരു പഞ്ഞികണക്കേ
മനസാ വാചാ നോക്കുകയില്ലവൾ മനമൊരു കല്ലുകണക്കു കഠോരം”പ്രദോഷമാഹാത്മ്യം.
ഇതാണു് നമ്പ്യാർക്കു് സ്ത്രീലോകത്തെപ്പറ്റിയുള്ള മതിപ്പു്.
നമ്പ്യാരുടെ മഹത്വത്തിന്റെ പ്രധാന മാനദണ്ഡമായ് വിളങ്ങുന്നതു് അദ്ദേഹത്തിന്റെ കവിതകളിൽ പ്രകാശിക്കുന്ന ‘സമദൎശിതയാണു്. ഈ സമദർശിതയാണു് യഥാർത്ഥ പാണ്ഡിത്വത്തിന്റെ നികഷോപലവും. പല തുള്ളലുകളിലും ഒരു പറയനേക്കൊണ്ടു് ലോകത്തിനു തത്വോപദേശം ചെയ്യിക്കാൻ ഇക്കവി തുനിഞ്ഞതുതന്നെ ആ ഹൃദയവിശാലതയ്ക്കുദാഹരണമാണു്. അവൻ കേവലം നിരക്ഷരകുക്ഷിയുമല്ല.
‘ഭാഷയായ് പറവാനുമടിയനു സംസ്കൃതത്തിനുമൊന്നുപോൽ
ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടിന്നതിൽ
ശേഷിയില്ല ഭടജനങ്ങൾ ധരിച്ചിടാ കടുസംസ്കൃതം
ഭാഷയായ് പറയാമതിൽ ചില ദൂഷണം വരുമെങ്കിലും’
എന്നാണല്ലോ അവൻ പറയുന്നതു്.
‘ആരെടാ നീ? പശുമാംസം വച്ചു തിന്നും പറയനോ?
സാരമാകുന്ന വേദാന്തപ്പൊരുൾ വന്നു പറയുന്നു?”
എന്നു് വിപ്രവിദ്വജ്ജനം ശണ്ഠയിടുന്നതായാൽ, അതിനു പറയുന്ന സമാധാനമാണു് കേൾക്കേണ്ടതു്.
‘വിപ്രനെന്നും ക്ഷത്ര്യനെന്നും വൈശ്യനെന്നും ശൂദ്രനെന്നും
ഇപ്രപഞ്ചേ നാലുവർണ്ണം നാലുവക്ത്രനുളവാക്കീ.
തൽപുറത്തു ബൗദ്ധനെന്നും പാണനെന്നും പറയനെന്നും
കല്പിതം ജാതിഭേദത്തിന്നന്തമില്ല നീരൂപിച്ചാൽ.
ഏവമുള്ള ശരീരങ്ങൾക്കൊക്കവേ പാർത്തു കാണുമ്പോൾ
ജീവനായിട്ടൊന്നുതന്നെ ആയതിപ്പോൾ പരബ്രഹ്മം
നൂലുകൊണ്ടു പിരിച്ചോരു ചരടിൽ പൊന്മണി കോർത്തു
മാലയാക്കിദ്ധനികന്മാർ ധരിക്കുന്നു ഗളംതന്നിൽ.
മുത്തുകൊണ്ടും മാല കോർക്കും പവിഴംകൊണ്ടുമുണ്ടാക്കും
പൂത്തിലഞ്ഞിക്കുരുകൊണ്ടും കുന്നികൊണ്ടും ദരിദ്രന്മാർ.
എന്നിവണ്ണം സുവർണ്ണാദിക്കൊക്കവേ താൻ ചരടായി-
ട്ടൊന്നുതന്നെ പൊന്നിനുമക്കുന്നിമഞ്ചാടിമാലയ്ക്കും.
എന്നപോലെ സർവജാതിപ്രഭുത്വം ഭൗതികം ദേഹം
ഒന്നുകൊണ്ടു കോർത്തുകെട്ടിക്കളിപ്പിക്കുന്നിതു ദൈവം.
എന്നതുമൂലമാത്മാവിന്നാർക്കുമാർക്കും ഭേദമില്ല
ഒന്നുതന്നെ ചരടുള്ളിൽ ഭൂസുരന്നും പറയന്നും.
ജ്ഞാനമെന്നുള്ളതുതന്നെ സാരമെന്നു ധരിക്കേണം.
ജ്ഞാനമില്ലാത്ത വിപ്രനും ബൗദ്ധനും ഭേദമില്ലേതും
ജ്ഞാനിയാകും പറയനും ബ്രഹ്മവാദിദ്വിജന്മാർക്കും
സ്ഥാനമൊന്നായ്‍വരും ചത്തു പരലോകം പ്രവേശിച്ചാൽ.പുളിന്ദീമോക്ഷം
നമ്പ്യാരുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നു. അദ്ദേഹം വായിച്ചിട്ടില്ലാത്ത കാവ്യങ്ങൾ ചുരുക്കം. അവയിൽനിന്നൊക്കെ ആശയങ്ങൾ എടുത്തിട്ടുമുണ്ടു്. എന്നാൽ ആരുടെ ആശയമായിരുന്നാലും നമ്പ്യാരുടെ കൈയിൽ കിട്ടുമ്പോൾ അതിനൊരു പുതുമ താനേ വന്നുചേരും. ഗ്രന്ഥശാലകൾ അപൂർവമായിരുന്ന ആ കാലത്തു് ഇത്ര വളരെ വിലയേറിയ ഗ്രന്ഥങ്ങൾ വായിച്ചുതീർക്കാൻ സാധിച്ചതിനെപ്പറ്റി ഇന്നുള്ളവർ വിസ്മയിച്ചേക്കും. എന്നാൽ ഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിലുള്ള ആഗ്രഹം ഈ ഇടക്കാലത്താണു് നിന്നുപോയതു്. പഴേ കാലങ്ങളിൽ ഉത്തമങ്ങളായ ഗ്രന്ഥങ്ങളെ ഒട്ടു വളരെപ്പണം ചെലവിട്ടു് പകർത്തിച്ചു വയ്ക്കുന്നതിൽ നമ്മുടെ കാരണവന്മാർ ജാഗരൂകരായിരുന്നു. കേരളത്തിന്റെ ഒരറ്റത്തുണ്ടായ ഗ്രന്ഥം അല്പകാലത്തിനുള്ളിൽ മറ്റേ അറ്റംവരെ പ്രചരിക്കുമാറു് ജനങ്ങൾക്കു ഗ്രന്ഥശേഖരവിഷയകമായ തൃഷ്ണ വേണ്ടുവോളമുണ്ടായിരുന്നു. അവയ്ക്കു് ഇത്ര വേഗം പ്രചാരമുണ്ടാകാനുള്ള മറ്റൊരു കാരണം കേരളീയർക്കു തീർത്ഥാടനത്തിലുണ്ടായിരുന്ന താൽപര്യമായിരുന്നെന്നു തോന്നുന്നു. കേരളത്തിലെ പുണ്യതീർത്ഥങ്ങൾ എല്ലാം പല തവണ ദർശിച്ചിട്ടുള്ള മഹാന്മാർ പണ്ടുണ്ടായിരുന്നു. അവർവഴിക്കു് ഉൽകൃഷ്ടഗ്രന്ഥങ്ങളും പ്രചരിക്കാൻ ഇടവന്നു കാണണം.
നമ്പ്യാർ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ പട്ടിക ചില തുള്ളലുകളിൽ കാണ്മാനുണ്ടു്. അവയിൽ,
‘പ്രാകൃതമെന്നും സംസ്കൃതമെന്നും വ്യാകരണം പതിനെട്ടു പുരാണം
സൂത്രം നാടക കാവ്യശ്ലോകം ശാസ്ത്രം പലവക ചമ്പു ബൃഹൽക്കഥാ
ഗദ്യഗ്രന്ഥം പദ്യഗ്രന്ഥം ഗണികം വൈദ്യം വൈദികശാസ്ത്രം.’സ്യമന്തകം.
ഇവയൊക്കെ ഉൾപ്പെട്ടിരുന്നു.
‘മാലതീമാധവം ശാകുന്തളം പിന്നെ ബാലരാമായണം കർപ്പൂരമഞ്ജരി
മാളവികാഗ്നിയും മിത്രാംബുരാശിയുമ്മേളം കലർന്നൊരു മുദ്ദിരാരാക്ഷസം
മല്ലികാമാരുതം നല്ല ധനഞ്ജയം കല്യാണസൗഗന്ധികം പ്രിയദർശികം
വേണിസംഹാരം പ്രബോധചന്ദ്രോദയം ഭാണം പ്രഹസനം പിന്നെ രത്നാവലീ
ഉത്തരരാമചരിതം നളോദയം ഇത്തരം നാടകം കൂടെ വായിക്കയും
മാഘം കിരാതാർജ്ജനീയവും ഭട്ടിയും മേഘസന്ദേശം രഘുവംശവും പിന്നെ
ചൊല്ക്കൊണ്ട നൈഷധം നീലകണ്ഠോദയം സൽകൃതമാം ബാലഭാരതമെന്നിവ
കാവ്യങ്ങളും ചില വായിച്ചു കേൾക്കയും കാവ്യപ്രകാരം വിചാരിച്ചിരിക്കയും
കൗർമ്മപുരാണവും വിഷ്ണുപുരാണവും വാല്മീകിരാമായണം മഹാഭാരതം
അധ്യാത്മരാമായണം ഹരിവംശവും ശുദ്ധമാം ശ്രീഭാഗവതം വിശേഷിച്ചു
സ്കന്ദപുരാണവും വായുപുരാണവുമെന്നു തുടങ്ങിപ്പുരാണം പഠിക്കയും
പ്രക്രിയാകൗമുദി സിദ്ധാന്തകൗമുദീ പ്രക്രിയാമഞ്ജരി കാശികാവൃത്തിയും
പ്രക്രിയാസാരവും നല്ല മനോരമാ പ്രക്രിയാസർവസ്വവും പദമഞ്ജരി
ധാതുവൃത്തി ശബ്ദകൗസ്തുഭഭൂഷണം ധാതുപാഠം നല്ല ശുദ്ധാഗ്രവൃത്തിയും
ദുർഘടവൃത്തിയും വൃത്തിരത്നം പിന്നെ ദുർഘടമായുള്ള വാക്യപദീയവും
ധർമ്മവൃത്താദിയാം വ്യാകരണത്നളും’
നമ്പ്യാർ വായിച്ചു പഠിച്ചിരുന്നു എന്നുള്ളതിനെപ്പറ്റി സംശയിപ്പാനേ വഴിയില്ല. ഇത്രയൊക്കെ പാണ്ഡിത്യമുണ്ടായിരുന്നിട്ടും ഭാഷായോഷയെ സൽകാവ്യരത്നങ്ങൾ അണിയിക്കണമെന്നു് അദ്ദേഹത്തിനു് തോന്നിയതു് മലയാളികളുടെ ഭാഗ്യമെന്നേ പറയേണ്ടു. ‘കവിത്വ’ത്തെപ്പറ്റി നമ്പ്യാർക്കു് ഒരു നിസ്സാരഭാവമല്ല ഉണ്ടായിരുന്നതു്. വല്ലതുമെഴുതി ഭടജനങ്ങളെ രസിപ്പിക്കണമെന്നു മാത്രമേ ഈ കവിക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു എന്നും, അതു നിമിത്തം തുള്ളലുകൾക്കു പ്രൗഢത കുറഞ്ഞുപോയെന്നും പറയുന്ന ചിലരെ ഞാൻ കണ്ടിട്ടുണ്ടു്. എന്നാൽ പരമാർത്ഥം അങ്ങനെ അല്ല.
‘വാണീഭംഗിവിലാസങ്ങൾ വേണമെങ്കിൽ ബുധജനം
ഊണുറക്കം നിനയ്ക്കാതെ കാണിനേരമിളയ്ക്കാതെ
ഏണശാബമിഴിയാളാം വാണിതന്റെ ചരണാന്തേ
പാണി രണ്ടും കൂപ്പിമെല്ലെത്താണുവീണു വണങ്ങേണം’
എന്നു നമ്പ്യാർ ദൃഢമായി വിശ്വസിച്ചിരുന്നു.
‘നല്ലോരമൃതരസകല്ലോലജാലങ്ങൾക്കു
തുല്യങ്ങളാം കവികൾ ചൊല്ലും ജനങ്ങളുടെ
ചൊല്ലുകൾ കേൾക്കതന്നേ നല്ലൂ’ഘോഷയാത്ര
ഈ മാതിരി അന്യൂനമായ കവിത എഴുതാൻ തനിക്കു കെല്പില്ലെന്നു് അദ്ദേഹം സവിനയം പറയുന്നുണ്ടെങ്കിലും,
‘ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ ദോഷമകന്നു വരുത്തുവാൻ ദുർഘടം
ശേഷമുള്ളാളുകൾ കേട്ടു നമ്മെക്കൊണ്ടു ദൂഷണം കെട്ടിച്ചമയ്ക്കാനടുക്കയാൽ
ഭോഷനായുള്ളൊരെനിക്കു കനക്കവേ ഭൂഷണമെന്നു മനസ്സിലുറയ്ക്കുന്നു.’കല്യാണസൗഗന്ധികം
എന്നും,
‘കവിചൊല്ലിഫലിപ്പിപ്പാനെളുതല്ലെങ്കിലും നമ്മെ-
ക്കവിയുന്ന കവിതക്കാർ കവികെട്ടിച്ചമച്ചർത്ഥം ശ്രവിക്കുമ്പോളിവനുള്ളിൽ
കവിയല്ല വികാരത്തിൽ പികാരം വന്നുകൂടീടും
അവിവേകമെന്നു തീരും—ഇവൻകൂടി പ്രയോഗിച്ചാൽ
രവിയോടൊക്കുമോ മിന്നാമിനുങ്ങെന്നുള്ള ജന്തുക്കൾ
ഭൂവി വന്നു ജനിക്കുന്ന ജനങ്ങൾക്കൊക്കയും മോദം
ഭവിപ്പാനുള്ള വസ്തുക്കൾ പലതുണ്ടെങ്കിലും നല്ല
കവിതാചാതുര്യമുള്ള കവിവാണീപ്രയോഗത്തെ
ശ്രവിക്കുന്ന സുഖംപോലെ ചെവിക്കു പിന്നെയെന്തുള്ളു?
കുറവും കുറ്റവും നോക്കിപ്പറവാനങ്ങൊരു കൂട്ടം
തുറുകണ്ണും മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു
മറിവും മായവുമെല്ലാം മറച്ചു വച്ചുകൊണ്ടെല്ലാ-
മറിയുന്ന ജനമെന്നു പുറമേ ഭാവവും കാട്ടി-
ത്തറമേലേറിനിന്നേറ്റം നിറമേറും സഭാതന്നിൽ
ഇറങ്ങി സല്ക്കഥ ചൊല്ലിത്തുടങ്ങും പൂരുഷൻ തന്റെ
കുറവറ്റ ഗുണം കണ്ടു നിറഞ്ഞുള്ളിലസൂയകൊ-
ണ്ടുറഞ്ഞു ചാടിയോരൊന്നു പറഞ്ഞു ഭത്സനം ചെയ്യും
കുറഞ്ഞൊരു വിശേഷത്തെയറിഞ്ഞോരു ജനം കുറ്റം
പറഞ്ഞെങ്കിലതുകൊണ്ടു തരിമ്പും കുണ്ഠിതമില്ല
അറിയാത്ത മഹാമൂഢൻ തെറിവാക്കു പറയുമ്പോൾ
എറിഞ്ഞു കാലൊടിക്കുമെന്നറിഞ്ഞുകൊൾവിനെല്ലാരും.കൃഷ്ണലീല.
എന്നും,
‘കുറ്റം പറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും
മറ്റും പലരതു കേൾക്കുന്ന നേരത്തു മുറ്റും ഗുണദോഷമെല്ലാം വെളിപ്പെടും.
ഏറ്റം കവിതയിലൂടുള്ളവർക്കതു പറ്റും മനതാരിലെന്നാലതും മതി
ഈറ്റനോവിന്റെ പരമാർത്ഥമൊക്കെയും പെറ്റ പെണ്ണുങ്ങൾക്കുതന്നെ അറിയാവു
കാട്ടുകോവിൽക്കെന്തു സംക്രാന്തിയെന്നതും കൂട്ടം കവിപ്രൗഢരൊക്കെദ്ധരിച്ചിടും’
‘ആടിന്നറിയുമോ അങ്ങാടിവാണിഭം? കൂട്ടാക്കയില്ല ഞാൻ ദുഷ്കരഭേഷജം
ഇഷ്ടമില്ലാത്തവരാരൊരു ദൂഷണം കെട്ടിച്ചമച്ചതു കേട്ടാൽ നമുക്കൊരു
ഞെട്ടലില്ലേതും മനസ്സിനെന്നുള്ളതീ ശിഷ്ടജനങ്ങൾ ധരിച്ചുകൊള്ളേണമേ’ഗണപതിപ്രാതൽ.
എന്നും കവി പ്രസ്താവിച്ചിട്ടുള്ളതു വായിക്കുമ്പോൾ വിനയത്തെ കവിഞ്ഞല്ലേ അദ്ദേഹത്തിന്റെ ആത്മപ്രത്യയസ്ഥൈര്യം നിലകൊള്ളുന്നതെന്നുപോലും നമുക്കു് സംശയം ജനിക്കാതിരിക്കയില്ല.
‘സൽകവിപ്രവരൻ ചമച്ച കവിപ്രബന്ധനിബന്ധനം
തസ്കരിച്ചു വലിച്ചു കെട്ടിയ കഷ്ടിപിഷ്ടി കവിത്തരം’
നമ്പ്യാർക്കു് ഇഷ്ടമായിരുന്നില്ല. ‘വല്ലാത്ത കവി കെട്ടി വഷളാക്കിച്ചമയ്ക്കുന്ന വല്ലന്തിശ്ശഠന്മാർക്കു വഴിവച്ചു കൊടുക്കൊല്ലാ’ എന്നു് അദ്ദേഹം ഭാരതീദേവിയോടു ശുപാർശയും ചെയ്തിരിക്കുന്നു.
‘കോല് ത്തേനോലേണമോരോ പദമതിനെ നറുംപാലിൽ നീരെന്നപോലെ
ചേർത്തീടേണം വിശേഷിച്ചുടനതിലൊരലങ്കാരമുണ്ടായ്‍വരേണം
പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോന്നേണമെന്നിത്ര വന്നേ
തീർത്തീടാവൂ ശിളോകം ശിവ ശിവ കവിതാരീതി വൈഷമ്യമത്രേ’
എന്ന പദ്യം നമ്പ്യാരുടേതായിരുന്നാലും അല്ലെങ്കിലും ഭാഷാകവിതയുടെ വൈഷമ്യത്തെപ്പറ്റി അദ്ദേഹം പലേ ദിക്കുകളിൽ ഉപന്യസിച്ചുകാണുന്നുണ്ടു്. സൽക്കവിദുഷ്കവിഭേദത്തെ അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു.
‘അക്ഷരമീവക കൂട്ടിച്ചേർത്തതിലക്ഷതമാകിയ രസമുളവാക്കി
പ്രാസവുമർത്ഥവുമിടചേർത്തതിലുൾഹാസ്യരസങ്ങളുമങ്ങുളവാക്കി
തീർക്കും നല്ലൊരു കവിയുടെ കവിതകൾ കേൾക്കുംപരിഷകളത്ര രസിക്കും
കർണ്ണങ്ങൾക്കു സഹിക്കാതുള്ളൊരുവണ്ണമതാക്കിച്ചൊല്ലും ദുഷ്കവി
ഇത്ഥം സൽക്കവിദുഷ്കവിഭേദം സിദ്ധമതായ്‍വരുമെന്നിതനർത്ഥം
ശിക്ഷയിലൊരു സാദൃശ്യം ചൊല്ലിത്തൽക്ഷണമിഹ ഞാൻ ബോധിപ്പിക്കാം
പൃത്ഥ്വിയുമപ്പും വഹ്നി മരുത്തും പ്രഭയാമാകാശമിവയഞ്ചും
സാധനമഖിലശരീരം തീർപ്പാൻ സാധുവതാകിയ ബ്രഹ്മാവിന്നും
ചട്ടി കലം കുടമെന്നിവയെല്ലാം കൊട്ടിത്തീർക്കും കുശവന്മാർക്കും
മണ്ണും വേണം ജലവും വേണം മണ്ണതു ചുടുവാൻ തീയും വേണം
ആയതു തീർത്താൽ വെള്ളം വലിവാൻ വായുവുമതിലുള്ളാകാശവുമാം
ഭൂതമതഞ്ചും കുശവനു വേണം ബ്രഹ്മാവിനുമതുതന്നേ സാധനം.’സ്യമന്തകം
16.18 VII
ഇനി നമുക്കു് നമ്പ്യാരുടെ ഭാഷാകവിതകളെപ്പറ്റി അല്പമൊന്നു ചിന്തിക്കാം. അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ കൃതികൾ പ്രായേണ സ്തോത്രങ്ങളും തിരുവാതിരപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ മുതലായവയുമായിരുന്നു.
16.19 (൧) ശ്രീകുമാരാലയസ്തോത്രം
ഈ കൃതി കവി അമ്പലപ്പുഴെ വരുന്നതിനു മുമ്പു രചിച്ചുിട്ടുള്ളതായിരിക്കണമെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആറുപാദങ്ങളിലെഴുതീട്ടുള്ളതായ ഈ സ്ത്രോത്രം മുഴുവനും അച്ചടിച്ചിട്ടുള്ളതായി അറിയുന്നില്ല. കുമാരനല്ലൂർ എന്ന പ്രസിദ്ധ ദേവീക്ഷേത്രം ചെമ്പകശ്ശേരിരാജാക്കന്മാരുടെ പ്രധാന വാസസ്ഥാനങ്ങളിൽ ഒന്നായ കുടമാളൂരിൽനിന്നു് കഷ്ടിച്ചു് ഒരു മൈൽ അകലെ സ്ഥിതിചെയ്യുന്നു. നമ്പ്യാരുടെ കവിത്വശക്തിയുടെ ബീജാങ്കുരം ഈ കൃതിയിൽ നല്ലപോലെ തെളിഞ്ഞു കാണുന്നുണ്ടു്. മാതൃകയ്ക്കായി ഒരു പാട്ടു് ഉദ്ധരിക്കാം.
‘ശ്രീകുമാരാലയംതന്നിൽ വിളങ്ങുന്ന ശ്രീദേവി പാർവതി പാലയ മാം
പഞ്ചസ്വരൂപിണി പാപവിനാശിനി നിഞ്ചരണാംബുജേ കുമ്പിടുന്നേൻ
ലക്ഷ്മീ സരസ്വതി ഗൗരീ മഹേശ്വരി ലക്ഷ്മീ കൃതാനേകനാമാധയേ
മായേ ഭഗവതി മന്മഥവൈരി നൽജായേ ജയ ജയ മന്മാതാവേ
സർവജഗന്മാതാവാകും ഭഗവതി ശർവാണീ ശങ്കരി പാലയ മാം
ദേവീ കുമാരനല്ലൂർ മണിമന്ദിരേ മേവീടുമംബികേ കൈതൊഴുന്നേൻ’-ഇത്യാദി.
16.20 (൨) രാസക്രീഡ നാലുവൃത്തം
ഈ പേരിൽ അനേകം കൃതികൾ കാണുന്നുണ്ടു്. എന്നാൽ ‘ശുകപുരി വാണരുളും ഭഗവാനേ വണങ്ങുന്നേൻ’ എന്ന പാട്ടു് നമ്പ്യാരുടെ ചെറുപ്പത്തിലെ കൃതികളിലൊന്നാണെന്നു വിചാരിക്കാൻ ന്യായമുണ്ടു്. ഇതു് ചെമ്പകശ്ശേരി രാജാവിന്റെ പത്നി ആവശ്യപ്പെട്ടതനുസരിച്ചു് എഴുതിയതായിരിക്കാം. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ല. ഒരു ഗാനം താഴെ ചേർക്കുന്നു.
‘സിന്ദുവാരമേ കന്ദജാലമേ സുന്ദരാംഗനെയുണ്ടോ കണ്ടു?
ചന്ദനങ്ങളേ ചമ്പകങ്ങളേ ചന്ദ്രവക്ത്രനെയുണ്ടോ കണ്ടു?
മുല്ലേ മല്ലികേ നല്ല മാലതീ മല്ലവൈരിയെയുണ്ടോ കണ്ടു?
പൈങ്കിളികളേ കോകിലങ്ങളേ പങ്കജാക്ഷനെയുണ്ടോ കണ്ടു?
വെള്ളിൽപക്ഷിയേ വെണ്മയേറുന്ന വേദമൂർത്തിയെയുണ്ടോ കണ്ടു?
വള്ളിക്കെട്ടിലേപ്പുള്ളിമാന