1092
എന്തിഹ തിരുമുഖം താഴ്ത്തിക്കൊണ്ടിരിക്കുന്നു:
നിന്തിരുവടി,യമ്മേ, നിര്‍ഭയം കരകയോ?
മാലിയന്നനേകമാപത്തുകൾ പല നാളായ്-
ശ്ശീലിച്ച ഭവതിയ്ക്കും കണ്ണുനീർ. പൊടിയുന്നോ!
അഥവാ, സ്വദുഃഖത്തിൽപ്പാറയായാലും, പര-
വ്യഥയിൽ നറുംവെണ്ണ താനല്ലോ തവ ചിത്തം.
ഞങ്ങളിത്തുമ്പത്തഴമ്പുയര്‍ന്ന കരങ്ങൾകൊ-
ണ്ടെങ്ങിനെ തുടയ്ക്കേണ്ടു കോമളം തവ മുഖം?
ഇന്നു കിട്ടിയ പണിക്കൂലിയുമിതാ, കൊണ്ടു
വന്നു നിൻതൃപ്പാദത്തിൽ സമര്‍പ്പിയ്ക്കുന്നു ഞങ്ങൾ;
അയച്ചു കൊള്ളുകിതും മാപത്തിൽപ്പരിച്ച നിൻ-
പ്രിയ സോദരിമാർക്കായങ്ങാ,തായെന്ന വേണ്ടു
ഞങ്ങളെപ്പറ്റിച്ചിന്ത തേടേണ്ട തെല്ലുമൊരു
മംഗളവ്രതമത്രേ നിന്മക്കൾക്കുപവാസം.
ഉള്ളം കൈക്കുഴിതന്നിലൊതുങ്ങും വെറുംപച്ച-
വെള്ളത്താൽ ദിനവൃത്തി സുഖമായ്ക്കഴിപ്പാനും
ഉള്ള വാരിധികളെയൊക്കയുമൊന്നായെടു-
ത്തുള്ളം കൈക്കുഴിയിൽച്ചേര്‍ത്താചമിച്ചിട്ടുവാനും
ത്രാണിയുള്ളവരല്ലോ താവകസന്താനങ്ങൾ;
പാണിസംസ്ഥിതമിവര്‍ക്കാത്മസംയമഗുണം.
പട്ടിണി കിടന്നേറ്റം ചടച്ച കൈ കൊണ്ടു, നിൻ
കുട്ടികൾ പെരുംകുന്നുമൊരടിയ്ക്കുമർക്കില്ലേ?
പട്ടണപ്രാസാദവും പാഴ്കൊടുംകാന്താരവും,
പട്ടുമെത്തയും പാറപ്പുറവുമവര്‍ക്കൊപ്പം!
ത്യാഗമോ, സര്‍വോൽക്കൃഷ്ടമാകിയ ധർമ്മം, മഹാ-
ഭാഗയാം അവ പുത്രര്‍ക്കങ്ങയാലുപദിഷ്ടം:
ഏതോ പക്ഷിയെ രക്ഷപ്പെടുത്താൻ വേണ്ടി, സ്വന്തം
മെയ്തന്നെയുപേക്ഷിപ്പോർ മറ്റേതു രാജ്യത്തുണ്ടാം?
തുഷ്ടിദം ധര്‍മ്മോൽഗീതം കേട്ടുകൊണ്ടല്ലോ കളി-
ത്തൊട്ടിലിൽ കിടന്നുറങ്ങുന്നതേ നിൻപൈതങ്ങൾ!
സത്യധർമ്മത്തെസ്സംരക്ഷിയ്ക്കുവാൻ സര്‍വസ്വവും
നിസ്തര്‍ക്കം വെടികെന്നതായവരുടെ ശീലം.
അടരിൽദ്ധര്‍മ്മാർത്ഥമായ്പ്പൊരുതും നിൻപുത്രര്‍ക്കു
വെടിയുണ്ടകളും പൂമഴയുമൊരുപോലെ!
ചെറ്റേറെ നാളായ്, കഷ്ടം, തുരുമ്പു പിടിയ്ക്കിലും
പറ്റലർപ്പടയ്ക്കു നിൻപള്ളിവാളിടിവാൾ താൻ
ഗര്‍വകത്തൊതുങ്ങാഞ്ഞാശ്ശത്രുക്കളവരുടെ
സര്‍വശക്തികളേയും പുകച്ചുകളയട്ടേ!
അപ്പുക കാറ്റേറ്റകന്നാകാശം തെളിയുമ്പോൾ
ത്വൽ പ്രിയസഖികൾതൻ വെന്നിപ്പൊൻപതാകകൾ
രവിബിംബാത്തെത്തൊട്ടു തുടയ്ക്കുന്നതായിക്കാണാം;
അവർതൻ ജയമല്ലോ നമുക്കും ജയമമ്മേ!