Loading...
Home / 2027 / സാഹിത്യമഞ്ജരി - വള്ളത്തോള്‍ / സാഹിത്യമഞ്ജരി - 1 / ഒരു ദിനാന്തസഞ്ചാരം - വള്ളത്തോള്‍

ഒരു ദിനാന്തസഞ്ചാരം

വള്ളത്തോള്‍ നാരായണമേനോന്‍

1089

ക്രമേണ മേല്പോട്ടു പടുത്തു, ചക്ര-
വാളത്തിൽ മുട്ടിച്ചൊരു കോട്ട പോലേ,
കിഴക്കഭാഗത്തകലെപ്പരന്നു
കിടന്നിടും കുന്നിതു നന്നു കാണ്മാൻ.

ആദ്യത്തിലാരാൽ പുക പോലെ കണ്ട-
തടുത്തിടും നമ്മുടെ കാഴ്ചയിങ്കൽ
മരങ്ങൾ പൂവല്ലികൾ മറ്റുമോരാ-
ന്നായി ക്രമാൽ വേർതിരിയുന്നു ഭംഗ്യാ.

പ്രായേണ, പത്രങ്ങൾ നിറഞ്ഞു തിങ്ങി
നില്ക്കുന്ന വല്ലീ മരുമണ്ഡലത്താൽ
പരക്കെ നൽപ്പച്ചനിറം പെടുന്നി-
ക്കുന്നത്രയും കൺകുളിരേകിടുന്നു.

ഇപ്പച്ചവർണ്ണത്തിനിടയ്ക്കിടയ്ക്കു,
ശില്പജ്ഞർ ചായപ്പണി ചെയ്ത പോലെ
കാണപ്പെടുന്നുണ്ടു ചുകന്ന മണ്ണും
രണ്ടിന്നുമേറെ പ്രഭ ചേരുമാറായ്.

മരങ്ങൾതൻ പച്ചില പല്ലവങ്ങൾ
പുഷ്പങ്ങൾ പുല്ലെന്നിവയിങ്കൽ മുറ്റും
ഇപ്പോക്കുവൈലേല്ക്കുകയാൽ വിചിത്ര-
വർണ്ണത്തോടിക്കുന്നു വിളങ്ങിടുന്നു.

ചിലേടമാച്ഛാദനശൂന്യമായും,
ചിലേടമോരോ മുടിലാൽ മറഞ്ഞും
താന്നും ചിലേടം, ചില ദിക്കുയർന്നും,
നാനാപ്രകാരം വിലസുന്നു ശൈലം.

പത്രങ്ങളൊട്ടൊട്ടിളകുന്ന വൃക്ഷ-
ലതാഗണത്തിൻ പഴുതിങ്കലൂടേ
ഇളങ്കറുപ്പേന്തിടുമംബരാന്തം
കാണുന്നിയങ്ങേപ്പുറമാഴി പോലേ.

നൂനം, മഹത്തുക്കളിൽ വെച്ചു സാധു-
സംസേവ്യനായ് ത്തീരുവതി,ജ്ജഗത്തിൽ
ക്രമാൽ സമഭ്യുന്നതി നേടിയോനാ-
ണന്നീ നഗം തൻ നിലയാൽ കഥിപ്പൂ

പലതരം പക്ഷികൾ വിശ്വകൃതത്തിൻ-
നിർമ്മാണവൈചിത്ര്യസമൃദ്ധി കാട്ടി,
ചേലിൽച്ചലിയ്ക്കും ചിറകോടുകൂടി-
ത്തത്തിക്കളിച്ചു തരുശാഖ തോറും.

സദാ സഹഷം മരുവുന്നവറ്റിൻ
കളോല്ലളൽകൂജിയമെത്ര രമ്യം!
അഭ്യാസമേറുന്നൊരു ഗായകന്റെ
പാട്ടിനുമില്ലിത്ര മനോഹരത്വം.

തുറിച്ച കണ്ണാലകലെയ്ക്കു നോക്കി-
ക്കൊണ്ടിങ്ങി,താ, പൊങ്ങിയ പാറതന്മേൽ
വാഴുന്നു വൻപോടൊരു ഗൃദ്ധ്റവര്യ-
നി,ക്കുന്നിനെല്ലാം പ്രഭുവന്ന മട്ടിൽ.

നിത്യപ്പൊറുപ്പിന്നു ശവങ്ങൾ തേടു-
മിവന്നു, തൻ കണ്ണിണകൊണ്ടു തന്നേ,
നാം വെച്ചു നോക്കും കഴലൊന്നുമില്ലാ-
ത,തീവ ദൂരസ്ഥമടുത്തു കാണാം!

ഇപ്പര്‍വത്തിൻ ചെരുവിങ്കലായി-
ട്ടി,താ, മഹത്താം ഗുഹയാ കാണ്മൂ;
ഇതിന്നു, പൂത്തുള്ള ചെടിപ്പടര്‍പ്പു
'മേക്കട്ടി'യായ് ത്താൻ വിലസുന്നു മിതs,

പണ്ടി,സ്ഥലം വല്ല തപോധനര്‍ക്കു-
മേകാന്തസൗഖ്യത്തെ വളർത്തിരിയ്ക്കാം!
ഇതിൽച്ചിരം തത്ത്വവിചിന്തനങ്ങൾ
തിങ്ങിപ്പുറത്തെയ്ക്കു വഴിഞ്ഞിരിയ്ക്കും.

മൈതാനമൊന്നീ മലതൻ വടക്കു-
വശത്തിനാ! വിസ്തൃതമായ്ക്കിടപ്പൂ
ഇളങ്കുളിർപ്പുകളാൽ നിറഞ്ഞു:
നൽപ്പച്ചവില്ലീസ്സു വിരിച്ച പോലെ.

തന്മെയിൽ നിന്നെണ്ണയൊലിപ്പതായി-
ത്തോന്നിച്ചിടും കാലികളിസ്ഥലത്തിൽ
തിങ്ങുന്നിളമ്പുല്ലുകൾ തിന്നുകൊണ്ടു ,
മേയുന്നു മന്ദേതരഭംഗിയോടേ.

ചെമ്മണ്ണെഴും നീണ്ടു വളഞ്ഞ കൊമ്പൊ-
ത്തൊരൂക്കനാം വെള്ളരുതങ്ങുമിങ്ങും
അന്തസ്സിൽ വൻപൂഞ്ഞ തുളുമ്പുമാറു
ലാത്തുന്നു പൈക്കൾക്കെജമാനനായി!

പുറത്തൊരോമൽക്കിളിയെച്ചുമന്നു-
കൊണ്ടിങ്ങു മേയുന്നൊരു പോത്തിദാനീം,
വട്ടച്ച കൊമ്പുള്ള ശിരസ്സു പൊക്കി
നോക്കുന്നു നമ്മെക്കൊടുതായ കണ്ണാൽ.

സംഭ്രാന്തനോട്ടത്തോടും സര്‍വജീവി-
സാമാന്യമാം ശൈശവഭംഗി കാട്ടി,
അങ്ങിങ്ങും വാൽ പൊക്കി,യിടയ്ക്കിടയ്ക്കു
ചാടിക്കുതിയ്ക്കുന്നു പശുക്കിടാങ്ങൾ.

കന്നാലി മേയ്ക്കും പല പിള്ളർ, തമ്മിൽ-
പ്പൊത്തിപ്പിടിച്ചും, കരണം മറിഞ്ഞും,
ഇടയ്ക്കു കൂട്ടത്തോടു കൂക്കിയാര്‍ത്തു-
മോടിക്കിതച്ചും കളിയാടിടുന്നു.

അവിട്ടിൽ മുട്ടിച്ചുടുപാൽ കുടിയ്ക്കും
കിടാവിനെ, പ്രേമരസാര്‍ദ്രയായി,
നെറ്റിയ ചൂട്ടുള്ളൊരു പയ്യിതാ, തൻ-
നാവാൽച്ചിരം നക്കി മിനുക്കിടുന്നു.

ഇസ്സാധുജന്തുക്കൾ വെറും തൃണത്താൽ-
സ്സംതൃപ്തി പൂണ്ട,ത്തമമാത്മദുഗ്ദ്ധം ,
പ്രായേണ തീരാദ്ദുര തീണ്ടിയോരാം
മര്‍ത്ത്യപ്രഭുക്കൾക്കു കൊടുത്തിടുന്നു.

ഇക്കോമളപ്പുൽത്തകിടിയ്ക്കു താഴേ,
തടങ്ങളിൽ പ്രൌഢതരുക്കൾ തിങ്ങി,
സ്വച്ഛാംബു ചേരും പുഴയൊന്നു നീണ്ടു
വളഞ്ഞു കൊണ്ടുണ്ടൊഴുകുന്നു. മന്ദം.

സായന്തനത്തെന്നൽ നനുത്തൊരോള-
മിയറ്റുമീ നിമന്ഗ നിര്‍മ്മലാഭം
മിന്നുന്നു: നൈസര്‍ഗ്ഗികലക്ഷ്മി ചാര്‍ത്തു-
മനര്‍ഘമുക്താമണിമാല പോലേ.

മലയ്ക്കുടുപ്പൂന്തുകിലാമിതിന്റെ-
യോളങ്ങളിൽപ്പൊൻകസവിട്ട പോലെ,
തടദ്രുമൌഘാന്തരപാതിയായ
വൃദ്ധാംശുമൽച്ചെങ്കതിർ മിന്നിടുന്നു.

തീരത്തു, താലദ്രകളങ്ങൾ തോറും
മനോജ്ഞമാം മര്‍മ്മരശബ്ദമേറ്റി,
പൂവല്ലി വൃന്ദത്തെ വിലാസനൃത്തം
ചെയ്യിച്ചിളംകാറ്റിഹ വീശിടുന്നു.

കാറിൽച്ചലിയ്ക്കുന്നൊരു ചാഞ്ഞ കൊമ്പിൻ
തുമ്പാൽ ജലം തൊട്ടെഴുമുങ്ങുവൃക്ഷം,
ആരോമലാമാറ്റിനെ മെല്ലെ മെല്ലേ
സ്നേഹാൽ തലോടുന്നതു പോലെ തോന്നും.

മരങ്ങൾതന്മേൽ ചില കൂരിയാറ്റ-
ക്കൂടുണ്ടു ചന്തത്തോടു തൂങ്ങി നിൽപൂ:
ശിരസ്സു കീഴായ് നില കൊള്ളുമുഗ്ര-
മപസ്വിമാർതൻ ജടയെന്നപോലേ.

ചാഞ്ഞിങ്ങു നീർ തൊട്ടു കിടന്നിടുന്ന
വൻപാറമേൽ ശാന്തസരിൽപ്രവാഹം
ആമന്ദ്രശബ്ദത്തൊടു ചെന്നലയ്ക്കെ-
ച്ചിന്നുന്നു നീർത്തുള്ളി: പളുങ്കു പോല

നല്ലോരു മഞ്ഞക്കിളി, തെല്ലുലച്ചിൽ
തേടുന്ന വല്ലിച്ചെറുചില്ലയിന്മേൽ,
ഇതാ, നദീബിംബിതമൂർത്തിയായി-
ട്ടൂഞ്ഞാലിലാടുംപടി മേവിടുന്നു.

കരയ്ക്കി,യാം കാലികൾ നീർ കുടിപ്പാ-
നിറങ്ങിടും ഭാഗമിടിഞ്ഞു കാണ്മൂ:
സ്വതന്ത്രരയ്സ്സേവകരാക്രമിയ്ക്കും
പ്രഭുക്കൾതൻ പ്രാഭവമെന്നപോലെ.

കാശങ്ങൾ, കാറ്റേറ്റിളകിക്കളിയ്ക്കും
വെൺപൂങ്കുലച്ചാമരപംക്തിയാലേ,
ഹാ! രണ്ടു വക്കത്തുമിണങ്ങിനിന്നീ-
ത്തരംഗിണീറാണിയെ വീശിടുന്നു.

കണ്ണാടിയിൽപ്പോലെ, നിതാന്തമന്തി-
ച്ചോപ്പാര്‍ന്ന വാനം നിഴലിയ്ക്കയാലേ,
ചെന്താമരപ്പൂക്കൾ നിറഞ്ഞ പോലായ്-
ക്കാണ്മൂ സരിത്തിന്റെ നടുഭാഗമിപ്പോൾ.

സന്ധ്യാവധൂരത്ന സമാഗമത്തിൽ-
സൌരഭ്യമെങ്ങും ചിതറും പ്രകാരം
നാനാമലർചെപ്പുകളിങ്ങുമെല്ലെ
മെല്ലെത്തുറക്കുന്നിതു ഗന്ധവാഹൻ,

ഇന്നെയ്ക്കു വേണ്ടുന്നിര ശേഖരിച്ചു
തൻ കൊക്കിലാക്കി,പ്പല പക്ഷിജാലം
പക്ഷങ്ങൾ വീശിഗ്ഗഗനേ പറന്നു
വന്നിങ്ങു തൻ കൂടുകൾ പൂകിടുന്നു.

കാറേറ്റു വെള്ളത്തിൽ വിഴും വിചിത്ര-
പുഷ്പങ്ങൾകൊണ്ടീപ്പുഴയെത്തരുക്കൾ,
നിശാഗമം കണ്ടണിയിച്ചിടുന്നൂ:
നവോഢയെബ്ബന്ധുജനങ്ങൾ പോലെ

അകൃത്രിമശ്രീ,യളിഗീതി, നൽപ്പൂ-
മണം, കുളിർക്കാറ്റ,മൃതൊത്ത വെള്ളം
ഇതൊക്കെയൊത്തീ നദി മേവിടുന്നു
പ്രാണിയ്ക്കു പഞ്ചേന്ദ്രിയനിർവൃതിയ്ക്കായ്.

പ്രപഞ്ചമേ! നീ പല ദുഃഖജാലം
നിറഞ്ഞതാണെങ്കിലു, മിത്രമാത്രം
ചേതോഹരക്കാഴ്ചകൾ നിങ്കലുള്ള
കാലത്തു, നിൻപേരിലെവൻ വെറുക്കും?

പോകാം നമുക്കിനി; മറഞ്ഞിതു ലോകചക്ഷു-
സ്സി;- ക്കണ്ണുകൊണ്ടിഹ നടക്കുകയില്ല കാര്യം:
പാരാകെ നല്ലൊരു കരിമ്പടമിട്ടു മൂടു-
മക്കൂരിരുട്ടു വിളയാടുവതിന്നടുത്തു.

വിശ്രാന്തി,ജീവിതരണശ്രമമാര്‍ന്ന ലോക-
ത്തിന്നേകുവാൻ പതിവു പോലിരവെത്തിടുമ്പോൾ
തൻതൂങ്ങുകക്കൊമ്പുകളെ വിട്ടു, തൊഴില്ക്കൊരുമ്പെ-
ട്ടാവൽക്കുലം പല വഴിയ്ക്കു പറന്നിടുന്നു.