1092
സാരമായുള്ളതിന്നൊക്കെ നിധാനമാം
ഭാരതഭൂവിൻ വടക്കുഭാഗം
ചേലേന്തും വില്ലിന്റെ ഞാൺ പോലേ കാണാകും
പ്രാലേയശൈലത്തിന്റെ പ്രാന്താരണ്യം,
പശ്ചിമദിക്കിനെ പ്രാപിച്ച സൂര്യന്റെ
നൽച്ചെങ്കതിർക്കൂട്ടമേല്ക്കുയാലേ
കൺ കക്കും വൈചിത്ര്യം പൂണ്ടു വിളങ്ങുന്നു
തങ്കച്ചാറ്റോം തളിച്ച പോലെ.
സായാഹ്നകാലമാദ്ദിക്കിനു നൂതന-
മായോരോ മോടി പിടിപ്പിക്കുമ്പോൾ,
ആയതിലൊന്നും കൺ ചെല്ലാതേ യൗവന-
പ്രായസ്ഥനേകനുണ്ടങ്ങു നിൽപൂ.
അക്കളിയാടും നൈസർഗ്ഗികലക്ഷ്മിയൻ
പക്കൽനിന്നീയാൾതൻ മാനസത്ത
ഉൽക്കടമായ്‍വരുമെന്തൊരു ചിന്തയോ
തക്കത്തിൽത്തട്ടിപ്പറിച്ചതാവോ?
ആരഹോ! ഗാത്രത്തിൽ നിന്നെല്ലാം സൌന്ദര്യ-
പൂരം പൊഴിക്കുമീപ്പൂരുഷേന്ദ്രൻ?
ധീരപ്രശാന്തമായ് രമ്യമാം തന്മുഖ-
സാരസത്തിങ്കലെത്തേജസ്സിനാൽ,
മാറത്തു പൂണുനൂലില്ലെങ്കിൽക്കൂടിയു-
മാരണനാണിതെന്നാര്‍ക്കും തോന്നും.
അങ്ങതിഭംഗിയിൽ നീണ്ടു വളഞ്ഞുപോം
ഗംഗയിൽച്ചെന്നു നിരാടിയാടി,
മാമലത്തോപ്പണി മാകന്ദവൃന്ദത്തിൻ
പൂമണമാവോളം പൂരിപ്പൂശി,
ഉത്തമപുഷ്പിതവല്ലികൾതോറും തൻ-
നൃത്തശിക്ഷാക്രമം കാട്ടിക്കാട്ടി,
മത്തുള്ള വണ്ടിണ്ടയാലേ പുകഴ്ത്തപ്പെ-
ട്ടെത്തുന്ന സായാഹ്നത്തെന്നൽ പോലും
ചിന്തയാലുള്ളെരിഞ്ഞീടുമാസ്സൌമ്യനു
ഹന്ത! തെല്ലാശ്വാസമേകുന്നിലാ:
ദുഃഖസുഖങ്ങളും വിൺ നരകങ്ങളു-
മൊക്കെ മനസ്സിന്റെ സൃഷ്ടിയല്ലോ.
ചിന്നുന്ന സായന്തനാതപമേറ്റിട്ടു
മിന്നുന്ന തൂമഞ്ഞിൻകട്ടകളെ
പാര്‍ത്ത,വനാര്‍ത്തിയോടൊന്നതിദീർഘമായ്
വീര്‍ത്ത,വയോടായിട്ടേവം ചൊന്നാൻ:-
"നിങ്ങളെ വന്നു ചവുട്ടിയലിയ്ക്കയാ-
ലിങ്ങെന്നിൽ വൈരമിയന്ന പോലേ,
എൻകാലില്‍ത്തേച്ചിരുന്നോരു ദിവ്യഷൌധ-
പങ്കം കഴുകിക്കളഞ്ഞു നിങ്ങൾ,
'ഇന്നിവനില്ലത്തു ചെൽവതു കാണേണ'–
മെന്നെ,ന്നെ നോക്കിച്ചിരിക്കയല്ലീ!
കാലേ തിരിച്ചെത്താമൌഷധമാഹാത്മ്യ-
ത്താലേ മൽഗേഹത്തിലെന്നോര്‍ത്തല്ലോ,
ആയിരം യോജനയാം വഴി പിന്നിട്ടി-
ന്നീയിടത്തെയ്ക്കു ഞാൻ പോന്നതയ്യോ!
അസ്തമിക്കാറായി സൂര്യനിന്നെന്നുടെ
നിത്യകർമ്മങ്ങൾ മുടങ്ങുമല്ലോ!
വല്ല മുനിയേയും കണ്ടുകിട്ടീടുകി-
ലില്ലത്തു ചെല്ലുവാൻ തക്ക മാര്‍ഗ്ഗം
ചൊല്ലിത്തന്നെയ്ക്കാമദ്ദേഹമെന്നപ്പുമാ-
നല്ലൽ പൂണ്ടങ്ങു നടന്നു മെല്ലേ.
മാമുനിദര്‍ശനം തേടുമവന്നങ്ങു,
മാമുനിമാർ തൻമനസ്സുറപ്പും
ഓമനക്കൺകോണാലിട്ടുടയ്ക്കുന്നൊരു
കാമിനിയാളല്ലോ കാണായ്‍വന്നു.
ഈ വരവര്‍ണ്ണിനിയാരായിരിക്കു? -മാ-
ലാവണ്യരൂപനെക്കണ്ടു കാട്ടിൽ
പൂവമ്പനാണിതെന്നോര്‍ത്താരാൽ മാനിപ്പാ-
നായ്‍വന്ന വാസന്തലക്ഷ്മിതാനോ!
മഞ്ഞുമലയിലങ്ങിങ്ങു വിളങ്ങുന്ന
മംജുളമന്ദാരവല്ലികളിൽ,
മത്തമരാളിയോടഞ്ചിതസഞ്ചാര-
വിദ്യ ശീലിച്ചൊരു വല്ലികയോ!
ശക്രന്റെ ചൊല്ലിനാൽ, താപസമുഖ്യർത-
ന്നുൾക്കണ്ണിൽ മന്മഥമയ്യെഴുതാൻ,
വമ്പോക്കുമുമ്പർതൻശില്പി പണിപ്പെട്ടു
ചെമ്പൊന്നാൽ തീർത്ത ശലാകയൊന്നോ!
ആരാകിലു,മങ്ങൊരാളെക്കണ്ടെത്തിയ
നേരമൊട്ടാശ്വാസം തോന്നിചെമ്മേ.
സ്ത്രീകളിൽ വേണ്ടതാം മര്യദ കാണിച്ചാ-
ശ്രീകരനാരാൽച്ചൊന്നേവം ചൊന്നാൻ:-
'അല്ലയോ സോദരി, നീയാരാണോ? രാതെ-
യല്ലലിലാപ്പെട്ടൊരന്തണൻ ഞാൻ;
ഇല്ലത്തെയ്ക്കെത്തുവാനേതുമേ നിര്‍വാഹ-
മില്ലാഞ്ഞു ചുറ്റുകയാണിക്കാട്ടിൽ."
വിപ്രന്റെ സംബുദ്ധിവാക്കിതു കേൾക്കയാൽ
ക്ഷിപ്രമാസ്സുന്ദരീരത്നത്തിന്റെ
നല്‍പ്പനിനീർപ്പൂവിന്നൊത്ത കവിൾത്തട്ടി-
ലല്പം കുറഞ്ഞു തുടുപ്പുവർണ്ണം.
നല്ല യുവാവവൻ പ്രേമസ്വരത്തിലെൻ -
വല്ലഭേ!' എന്നു വിളിച്ചു കേൾപ്പാൻ
തെല്ലല്ലാരാശിച്ചു വന്നവളാണങ്ങൾ;
ഇല്ല തനിക്കത്ര ഭാഗ്യമെന്നോ!
ദൂരത്തുനിന്നാ മനുഷ്യന്റെ സൗന്ദര്യ-
ധാരയെ നീണ്ടിടം പെട്ട കണ്ണാൽ
പാരം നുകർന്നു നുകർന്നവളുന്മാദ-
പൂരത്തിലാകണ്ഠമാണ്ടിരുന്നു.
വിപ്രൻ തുടര്‍ന്നോതി:- 'യാതൊന്നിൻ മാഹാത്മ്യാ-
ലിപ്രദേശത്തു ഞാൻ വന്നണഞ്ഞു;
അപ്പാദലേപനമീ മഞ്ഞുവെള്ളത്തിൽ-
പോയ്പോയിതെന്നാശയോടും കൂടെ'
മെല്ലെപ്പടിഞ്ഞാറു ചായുന്ന പത്മിനീ-
വല്ലഭബിംബത്തെപ്പേർത്തും നോക്കി
വല്ലാതേ വീര്‍പ്പിടും വൈദികനോടുടൻ
വല്ലകീവാണി വണങ്ങിച്ചൊന്നാൾ:-
"അപ്രതിമോജ്ജ്വലകോമളമൂര്‍ത്തേ ഞാ-
നപ്സരസ്ത്രീകളിലൊന്നാകുന്നു;
നാമം വരൂഥിനി യെന്നെനിക്ക,ങ്ങയെ-
ക്കാഴ്മതേരു കണ്ണിന്നു കര്‍പ്പൂരം മേ!
ശങ്ക വിട്ടെന്നോടു ശാസ്വക്കാം വേണ്ടതു;
കിങ്കരിയങ്ങയ്ക്കുൾപ്രേമത്താൽ ഞാൻ,
എൻ കരൾപ്പൂവുകൊണ്ടെന്തണവര്യ, നിൻ
ചെങ്കഴൽ പൂജിക്കയാണെൻ പുണ്യം!"
പ്രേമവും നാണവും പ്രൌഢിയുമുൾക്കൊണ്ട
കോമളഭാഷിതംമോരോന്നേവം
വായ്മലർത്തേൻ തുള്ളി പോലാ വരാംഗിത-
ന്നോമന്മുഖത്തു നിന്നുൽഗ്ഗളിയ്ക്കേ;
മുത്തുമണികൾ തിരഞ്ഞെടുത്തൌചിത്യ-
മൊത്തു നിരത്തിയ മാതിരിയിൽ
ചന്തവും വെണ്മയും ചേര്‍ച്ചയും പൂണ്ട ത-
ദ്ദന്തനിരയുടെ രശ്മിരാജി;
അദ്ദ്വിജശ്രേഷ്ഠൻതൻ സ്വച്ഛവിശാലമാം
ഹൃത്തിലനുരാഗപ്പൊന്നീരാളം
ഇമ്പത്തിൽത്തുന്നിപ്പിടിപ്പിയ്ക്കുവാനുള്ള
വെണ്പട്ടുനൂൽ പോലേ കാണപ്പെട്ടൂ.
ആരണൻ ചെമ്പലോടോതിനാൻ:- "ദിവ്യസ്ത്രീ-
ഹീരമോ സ്നേഹമുണ്ടെങ്കിലെങ്കിൽ,
സന്ധ്യയ്ക്കു മുന്നമെൻസത്മത്തിൽച്ചെന്നെത്താ-
നെന്തിനി മാര്‍ഗ്ഗമെന്നോതുക നീ.
പോയി ഹാ! നേര; മെന്നില്ലമോ ഇങ്ങുനി-
ന്നായിരം യോജന ദൂരത്തല്ലോ!!
വേട്ടിരിയ്ക്കുന്നവനായ ഞാനെങ്ങിനെ
കാട്ടിൽക്കഴിയ്ക്കുന്നു നിത്യകർമ്മം?
അഗ്നിഹോത്രാദിയ്ക്കു വിഘ്നം ഭവിയ്ക്കിലോ
മഗ്നനാമല്ലോ ഞാൻ മാപാപത്തിൽ;
നിത്യനൈമിത്തികകർമ്മലോപത്തെക്കാ-
ളത്ര ഗൃഹാശ്രമിയെ ധർമ്മം?"
ആശയാതങ്കമോടേവമുരച്ചവ-
നാശയാ തന്മുഖം നോക്കി നില്കേ;
താമരപ്പൂമാല പോലാം കൈ കങ്കണ-
സ്തോമം കിലുങ്ങുമാറൊന്നുയര്‍ത്തി,
തൂവിരൽച്ചെന്തളിർപ്പൊന്മണിമോതിര-
ശ്രീ വിരിച്ചീടിന പാണിയാലെ
തെല്ലഴഞ്ഞുള്ള വാർകൂന്തൽ തിരുകിക്കൊ-
ണ്ടുല്ലസൽ സുസ്മിതമായി തന്വി -
"യാതൊന്നിനായിട്ടു യാഗാദികർമ്മങ്ങൾ
ചെയ്തു പോരുന്നു യുഷ്മാദൃശന്മാർ;
ആ മഹാസ്വര്‍ഗ്ഗവുമിക്കുളിർക്കുന്നിന്റെ
നാമം ശ്രവിയ്ക്കിൽ നമസ്കരിയ്ക്കും
അത്ര സമൃദ്ധവിശുദ്ധമാം ദേശത്താ-
ണത്രഭവാനെത്തിച്ചേർന്നതിപ്പോൾ;
അത്രയല്ലാപ്സരസ്ത്രീ പോലും വന്നിതാ,
ഭൃത്യയായ്ക്കല്പന കാത്തു നിൽപ്പൂ!
ഭാഗ്യത്തിൽബ്ഭാഗ്യമില്ലാമുപേക്ഷിയ്ക്ക
യോഗ്യമോ സൌഭാഗ്യപ്പാൽക്കുഴമ്പേ?
ശര്‍മ്മപ്രവേശം തടുത്തുകൊണ്ടാരാനും
കര്‍മ്മത്തിൽ കന്മതിൽ കെട്ടാറുണ്ടോ?
മെയ്യോടേ സ്വര്‍ഗ്ഗത്തിൽച്ചെന്നവന്നെന്തില്ല?-
മിയ്യോര്‍മ്മയുള്ളിൽ നിന്നാകെ നീക്കി,
ഇങ്ങെന്നോടൊന്നിച്ചു ദിവ്യസുഖങ്ങളെ-
ബ്ഭംഗ്യാ ഭുജിയ്ക്കുക ഭവ്യമൂര്‍ത്തേ!"
ഏവം പറഞ്ഞവൾ തീക്ഷ്ണകടാക്ഷമമൊ-
ന്നാ വഴിപോക്കന്റെ നേര്‍ക്കു ചാട്ടീ
കാളിന്ദിയോളത്തിൽ നിന്നു കരുമത്സ്യം
കേളിയാൽച്ചാട്ടം പോലുള്ളാ നോട്ടം,
സ്രഷ്ടാവാൽ സ്ത്രീകൾക്കു ദത്തമാം ശക്തിയാ-
യ്പൊട്ടുക്കു യോജിച്ചതായിരുന്നു;
എന്നാലുമായതു പര്യാപ്തമായീലാ
ചെന്നാ ദ്വിജേന്ദ്രന്റെയുള്ളിൽക്കേറാൻ.
തിട്ട,മദ്ദേഹത്തിന്നെ,ന്തസ്ത്രമേല്ക്കിലും
പൊട്ടാത്ത ചട്ടയൊന്നുണ്ടു നെഞ്ചിൽ!
ധീരനാ ബ്രാഹ്മണൻ ധര്‍മ്മൈകമാനസൻ
നേരം വൈകുന്നതിൽസ്സംഭ്രമിച്ചും,
നാരിതന്നീദൃശചാപലത്തെക്കരള്‍-
താരിൽ വെറുത്തുമിവണ്ണം ചൊന്നാൻ:-
"ഉള്ള നേരത്തെയുമിങ്ങിനെ പോക്കുവാ-
നുള്ളതോ ദുര്‍മ്മതേ, നിന്നാരംഭം?
അല്ലെങ്കിലെന്തിനു നിന്നെപ്പഴിയ്ക്കുന്നു?
ശല്യം പിണഞ്ഞതെൻതെറ്റാൽത്തന്നെ;
ദേശസന്ദര്‍ശനവാഞ്ഛപ്പിശാചെന്ന
വേശിപ്പീയാപത്തിൽ കൊണ്ടു വീഴ്ത്തീ!
ലോകം പുലർത്തും ഗൃഹസ്ഥൻ ഗൃഹംവിട്ടു
പോകയെക്കാളെന്തുബദ്ധമയ്യോ!!
ഇത്തിരിയുള്ളലിലുണ്ടെങ്കിലെ,ന്നില്ല-
ത്തെത്തിയ്ക്കുകെന്നെ, നീ ദിവ്യയല്ലീ!"
പാറമേലാണു താനമ്പെയ്തതെന്നു ക-
ണ്ടേറിവരുന്ന വിഷാദത്താലും,
മന്മഥാദനയാലും വലഞ്ഞവള്‍
നന്മധുരോക്തിയൊന്നോതി വീണ്ടും:-
"ഇല്ലത്തു പോകണമെങ്കിൽ ഞാൻ കൊണ്ടാക്കാം;
തെല്ലിട വിശ്രമിച്ചിസ്ഥലത്തിൽ,
ഭാവനീയാതിഥിയായ ഭവാനെന്റെ
യൌവനാതിത്ഥ്യത്തെക്കൈക്കൊണ്ടാലും!
കല്ലുള്ള കാട്ടിൽ നടന്നു കുഴച്ച നിൻ-
പല്ലവപേലവത്തൃപ്പദങ്ങൾ
മെല്ലേ മടിത്തട്ടിൽ വെച്ചു തലോടുവാൻ
വല്ലഭ, വെമ്പുന്നിതെൻകൈ രണ്ടും.
കൊന്നതൻ പൂങ്കുലയ്ക്കൊത്ത തൃക്കൈകളാ-
ലൊന്നെൻ ഗളത്തെയനുഗ്രഹിക്ക"
എന്നവളക്കനൽക്കട്ടയെ രത്നം പോ-
ലന്നെഞ്ചില്‍ച്ചേര്‍ക്കുവാൻ കൈകൾ നീട്ടി.
"ദുഷ്ടേ തൊടായ്കെന്നെ, യന്യസ്ത്രീസ്പര്‍ശന-
മിഷ്ടപ്പെടുന്നവരല്ല ഞങ്ങൾ"
എന്നുjചെയ്തുകൊണ്ടഞ്ജസാ പിൻവാങ്ങി
നിന്നു നിവൃത്തിമാര്‍ഗ്ഗൈഷി വിപ്രൻ,
അണ്ടർനാരിയ്ക്കു ചെഞ്ചുണ്ടു വരണ്ടുപോയ്;
വെണ്ടപ്പൂപോലെ വിളര്‍ത്തു വൿത്രം;
നീലാളകാഞ്ചിതനെറ്റിമേൽ മുത്തണി
പോലെ പൊടിഞ്ഞു വിയര്‍പ്പുതുള്ളി,
പാരാകെക്കീഴാക്കാൻ പോരുമദൃഷ്ടിയും
പാരാതേ ബാഷ്പത്താൽ പങ്കിലമായ്
പുള്ളികൾ മിന്നിയ പൂമ്പട്ടുറൌക്കത-
ന്നുള്ളിൽ ഞെരുങ്ങുന്ന പോർകൊങ്കകൾ
തള്ളിപ്പുറപ്പെടും ദീര്‍ഘനിശ്വാസത്താൽ
തുള്ളിത്തുളുമ്പി നിലക്കൊള്ളാതേ.
"നിങ്ങൾ തന്നൌന്നത്യംകൊണ്ടെന്തു കാര്യ?' മെ-
ന്നങ്ങതുകളെക്കീഴ്പോട്ടാക്കാനോ,
അപ്പൊങ്കുടങ്ങൾക്കു മീതേ കൈ വെച്ചവ-
ളിപ്പടി ജല്പിച്ചാൽ ഗൽഗദത്തിൽ:-
"മൽപ്രാണനാഥ, തൻദാസിയോടീവിധം
കല്പിയ്ക്കൊല്ലങ്ങിത്ര കർക്കശനാ?
അങ്ങുപേക്ഷിച്ചാൽ വരൂഥിനി ജീവിയ്ക്കി-
ല്ല; -ങ്ങുന്നോ പെണ്‍കൊലപ്പാപിയുമാം
എട്ടു ഗുണങ്ങളിൽ മുഖ്യം ദയയല്ലോ;
ശിഷ്ടനാമങ്ങയ്ക്കിതൊട്ടുമില്ലേ?
ബ്രഹ്മതേജാമൃതം തൂകം വാർതിങ്കളാം
നിന്മുഖമൊന്നു മുകർന്നാവൂ ഞാൻ
സ്വല്പം പ്രസാദിയ്ക്കുകാര്‍ത്തസംരക്ഷണം
സൽപ്പുമാന്മാര്‍ക്കപേക്ഷിയ്ക്കാവതോ?
ആഹന്ത! പെണ്ണുങ്ങൾക്കാണു പോൽ കാഠിന്യ;-
മാണുങ്ങളെത്ര ദയാശീലന്മാർ!"
* * * * *
മാനസം നീറുമാ മാനിനീമൌലിതൻ
ദീനവിലാപങ്ങൾക്കെങ്ങൊരറ്റം?
എന്നാലിതൊന്നുമാ വിപ്രന്റെ കർണ്ണത്തെ
ച്ചെന്നാക്രമിച്ചീല ചെറ്റു പോലും;
അദ്ദേഹം പാവകദേവനായകാഗ്ര-
ചിത്തനായ്ദ്ധ്യാനിക്കയായിരുന്നു.
മുഗ്ദ്ധ, വരൂഥിനി, പോടം വിലാപമി-
ത, സ്ഥാനത്തായിപ്പോയ് നിൻ രാഗം
മെത്ത വിരിപ്പാനല്ലീ,ശ്വരപൂജയ്ക്കാ-
ണിത്തരം പുഷ്പങ്ങളുത്തമങ്ങൾ
തീര്‍ത്ഥജലത്താൽ കുറിക്കൂട്ടു ചാലിപ്പാ-
നോര്‍ത്തതു തെല്ലവിവേകം തന്നെ!
നീ വിചാരിച്ചല്ലോ, സമ്പൂജ്യമാം 'പാമ്പിൻ-
കാവി'നെക്കേളിനികുഞ്ജമാക്കാൻ
സാളഗ്രാമത്തെത്താൻ കൈകൊണ്ടു കന്ദുക-
കേളിയൊരുക്കായ്ക ബാലികേ, നീ!!
നേരായ് ബ്ഭവതിക്കു സൗന്ദര്യസാരസ്യം
പോരാഞ്ഞിട്ടല്ലിണങ്ങാഞ്ഞു വിപ്രൻ;
ഭാരതഭൂമിയാം ഭവ്യമാതാവിന്നു
ചാരിത്രമെന്തിലും മീതെയത്രേ
അത്ര പരസ്ത്രീപരാങ്മുഖരായ തൽ-
പുത്രരാം പൂരുഷാഗ്ര്യര്‍ക്കു മുറ്റും
നീയല്ല, നിന്നെക്കാൾ സുന്ദരിയായോളം
ചായം തേച്ചോരു മരപ്പാവ താൻ!
ധ്യാനം ചെയ്തഗ്നിയെങ്കൽച്ചേര്‍ത്തുദ്ദീപ്യ-
മാനതേജസ്സായാ ബ്രാഹ്മണേന്ദ്രൻ
മിന്നൽ പോലാശു ഗമിച്ചു മറഞ്ഞാനാ-
ത്തന്വി കണ്ണീരോടും നോക്കി നില്കേ.