Loading...
Home / 2027 / സാഹിത്യമഞ്ജരി - വള്ളത്തോള്‍ / സാഹിത്യമഞ്ജരി - 1 / ഭാരതപ്പുഴ - വള്ളത്തോള്‍

ഭാരതപ്പുഴ

വള്ളത്തോള്‍ നാരായണമേനോന്‍

1091

ഉലകിൽപ്പുകളാര്‍ന്ന സഹ്യശൈല-
ത്തലവന്നുള്ളൊരു തുംഗശൃംഗമായി
വിലസീടുമൊ'രാന'യെന്നു പേരാം
മലതൻ നിർമ്മലദാനധാരയായും;

സ്വവരാത്മജകേരളോര്‍വിയെ ശ്രീ-
ധവമൂര്‍ത്ത്യന്തരമാം മുനിയ്ക്കു നൽകി
ധ്രുവമാക്കലശാബ്ധിമേന്മ തേടും
ലവണാബ്ധിയ്ക്കവരോധനാഥയായും;

അനഘം, മധുരം, മനോഭിരാമം,
ഘനസന്താപഹരം പയസ്സജസ്രം
അനപേക്ഷിതദോഹയത്നമായ്ത്താൻ
ജനയ്ക്കേകുമപൂര്‍വധേനുവായും;

ലളിത പ്രകൃതിപ്രഭാവമാകും
നളിനപ്പൂവിലെ നന്മധൂളിയായും;
വെളിവായി വിശുദ്ധിലക്ഷ്മി നിത്യം
കളിയാടും കളധൌതശാലയായും

ശതനാഴിക നീണ്ട,താതിടത്ത-
ഞ്ചിതമാകും വളവൊത്ത,യൽസ്ഥലത്തിൽ
കൃതസസ്യസമൃദ്ധിയായ്, പടിഞ്ഞാ-
ട്ടിത പോകുന്നു കിഴക്കുനിന്നു 'പേരാർ' (കുളകം)

തടസീമനി നിന്നിടുന്നു പച്ച-
ക്കുടകൾക്കൊത്ത കരിമ്പനദ്രമങ്ങൾ;
സംകാശഗണങ്ങൾ വീശിടുന്നു-
ണ്ടിടയിൽപ്പൂങ്കുലയായ ചാമരത്താൽ.

വിലസദ്വിടപസ്ഥ പക്ഷികോലാ-
ഹലമാകും ജയശബ്ദഘോഷമോടേ
ഇലയാമിളകുന്ന കയ്യിനാൽ തൂ-
മലർ തൂകുന്നു കരയ്ക്കെഴും ദ്രുമങ്ങൾ.

പല വൃക്ഷലതാദികൊണ്ടു വേണ്ടും-
നിലയിൽപ്പച്ചയുടുപ്പണിഞ്ഞ പോലായ്
തല വാനിലുരുമാറു പൊക്കി-
ച്ചലനം വിട്ടമരുന്ന പര്‍വതങ്ങൾ

പതിയായ പയോധിയോടു ചേരു-
ന്നതിനീസ്സഹ്യഗിരീന്ദ്രവംശനല്ലാർ
മതിമോഹനമോടിയിൽഗ്ഗമിക്കും
ഗതി വീക്ഷിച്ചു രസിപ്പിരുന്നു തോന്നും. (യുഗ്മകം)

ഇളനീരിലെ വെള്ളമൊത്ത തണ്ണീ-
രിളകിക്കൊണ്ടൊഴുകും മൃദുസ്വനത്താൽ
നിള, നല്ലൊരു പാട്ടുകാരി പോലേ,
കളസംഗീതസുഖം ചെവിയ്ക്കണപ്പൂ.

വില ദിക്കിലിയിൽക്കിടക്കുമോരോ
ശിലമേൽത്തല്ലി മുറിഞ്ഞു പോകയാലേ
അലമാലയിൽ നിന്നണിപ്പളുങ്കിന്‍
കുലമങ്ങിങ്ങു തെറിച്ചിടുന്നു ഭംഗ്യാ

പരിചറിയ കേരപാരിജാതം,
മരിചൈലാദികകല്പവല്ലിജാലം,
അരിയോരഴകികലപ്സരസ്ത്രീ-
പരിഷയ്ക്കൊത്ത പതിവ്രതാജനങ്ങൾ,

കുലശുദ്ധി തികഞ്ഞുദഗ്രതേജോ-
ബലമേന്തും ദ്വിജർ ദേവസന്നിഭന്മാർ
പലതീവകയാര്‍ന്നു വിണ്ണിനൊക്കും
മലയാളത്തിനിതഭൂഗംഗയത്രേ! (യുഗ്മകം)

എവർതൻ ഗതജീവമായ ഗാത്രം
ശിവ ഗംഗാസഖി! നിങ്കലെത്തി വീഴും;
അവരൊക്കെയമര്‍ത്ത്യരൂപരായി-
ദ്ദിവമേറും ധ്രുവമംബ,നിൻപ്രസാദാൽ.

സതി, നിന്നല തൊട്ട തെന്നലേറ്റാൽ
മതി, നൽസ്വര്‍ഗ്ഗസുഖം നരര്‍ക്കു കിട്ടാൻ,
അതിപാവനി, നിൻജലത്തിൽ മുങ്ങു-
ന്നതിനാലുള്ളൊരവസ്ഥയെന്തു പിന്നെ?

ഒടുവാം തിഥിയിൽജ്ജനങ്ങൾ നിന്മേ-
ലിടുമോരോ ബലിപുഷ്പവും ഗുണാഢ്യേ,
നെടുതാം പിതൃമണ്ഡലത്തെ വിണ്ണേ-
റിടുമോരോ പടവായ്‍വരുന്നുപോലും.

കലപാവനതീര്‍ത്ഥമേ, ത്വദീയാ-
മലതീരത്തരയാൽത്തരുക്കൾതന്മേൽ
അലമുഗ്രതപസ്സു ചെയ്കയാണോ
തല കീഴായ് നിലകൊള്ളുമാവൽവൃന്ദം!

പരമേഷ്ഠിമുഖേഡ്യനാമെവൻതൻ
ചരണക്ഷാളനവാരി ഗംഗയായി;
പരപൂഷനാ മുകന്ദനും നിൻ-
വിരഹത്തെസ്സഹിയാഞ്ഞു നിന്നടുക്കൽ,

തിരവില്ല്വമഹാദ്രി, നാവ മുമ്പാം
പുരുപുണ്യായതനങ്ങൾ പൂക്കിരിപ്പൂ
ഗുരു, ശംബരവട്ടനാഥനോ ന-
ല്ലൊരു നീർദ്ദേവതയായ്‍വസിപ്പു നിന്നിൽ. (യുഗ്മകം)

ഉയരെത്തിരതള്ളിയാര്‍ത്തിരമ്പി-
ബ്ഭയഭാഗാധത പൂണ്ടലംഘ്യയായി,
സ്വയമർണ്ണവപത്നി വര്‍ഷനാളിൽ
പ്രിയഭർത്താവൊടനൂനലീലയാം നീ

മലവെള്ളമടിച്ചു കേറി മേന്മേ-
ലലയും വെൺനുരയും ചുഴിപ്പുമായി,
നില വിട്ടൊഴുകിത്തടം തകർത്ത-
ത്തലറും നിൻവടിവോര്‍ക്ക കൂടി വയ്യാ!

നരർ കൂസണമെങ്കിൽ വേണമൊട്ടി-
ത്തരമാം രൌദ്രനടിപ്പുമെന്നിതോര്‍ത്തോ,
ശരദി സ്ഫുടമാം മണൽപ്പുറത്താൽ
വരകല്ലോലിനി! നീ സ്വയം ചിരിപ്പൂ!

അതുലദ്യുതി നിൻമണൽപ്പുറം ഹാ,
ചതുരം ശാരദവാനിനോടെതിര്‍പ്പാൻ;
ഇതു കൺകുളിരെത്ര നൽകിടുന്നൂ
പുതുകര്‍പ്പൂരസമുച്ചയം കണക്കേ!

കുളിർവെൺമതി, പുണ്യപൂരമാം നിൻ-
പുളിനത്തിൽ,പുതുസൌഭഗോദയാര്‍ത്ഥം,
ലളിതാഭനിലാവുകൊണ്ടു നൂനം
വെളിവിൽപ്പാലഭിഷേകമാചരിപ്പു!

ചെടി, പുല്ലിവ ചേർന്ന നിലത്തുവര്‍ത്തും,
സ്ഫടികശ്രീസലിലം നിറഞ്ഞ ചാലും-
തടിനി! തദുപാന്തഗോവിനുണ്ടോ
തടിയാട്ടം? ശരി വേനലും ശരത്തും!

നിരഘക്കളിർനീർ പരം നിളേ, നിൻ
കരയിൽപ്പാര്‍ത്തു വരുന്നവൻ മുറ്റം,
വരളിച്ച വളർത്ത വേനൽനാളിൻ
വരവെന്തോ വലുതായൊരുത്സവം താൻ,

എരിവേനലിലന്തിവേളയിങ്കൽ-
പരിണാമശ്ലഥ പാടലാതപത്താൽ
ശരിയായ്ക്കസവിട്ടു പോലയാമി-
ത്തരിവെൺപൂമണലായ മെത്തയിന്മേൽ,

പല ചായമിണങ്ങിടും വിഹായ-
സ്ഥലമാം ചിത്രപടം വിചിത്രശോഭം
നലമോടു തെളിഞ്ഞു നിന്നിടും നിൻ
ജലമാം ചില്ലിനകത്തമര്‍ന്നമട്ടും,

ഉലകിന്റെ മനോജ്ഞശാന്തമാമ-
ന്നികലയും കണ്ടു രസിച്ചു കൊണ്ടിരിയ്ക്കേ,
മലർമംജുളനീർക്കണങ്ങൾ ചിന്നി-
ച്ചലതോളം തവ കേളിയാടിയാടി,

തടവാടികളിൽത്തഴച്ച തെങ്ങിൻ
മടലിന്മേൽ മൃദുമർമ്മരപ്രണാദം
തടവിച്ചണയുന്ന തൈമണിക്കാ-
റ്റുടൽ പുൽകുന്നൊരു സൗഖ്യമാണു സൌഖ്യം!

കരുണാനിധി കംസവൈരി മേവും
തിരുനാവായിൽ നികന്ന നിൻമടാന്തം
ഒരു കാലമുദാരകേരളീയര്‍-
ക്കരുമല്ലക്കളമായിരുന്നുവല്ലോ.

പരമാണ്ടുകൾ പന്തിരണ്ടു കൊണ്ട-
ന്നരചന്മാർ പലരെന്തു ശക്തിനേടും;
ചിരകാലമതിന്റെ മാറ്റു നോക്കാ-
നുരകല്ലായിതു നിൻ കരപ്പുറം പോൽ.

നെടുവാൾ പരിചപ്പയറ്റിൽ മന്തും
പടുനായർപ്പടയാളിവീരരന്നാള്‍
തൊടുവിച്ചു, രണക്ഷതാംഗരക്ത-
ത്തുടുകാശ്മീരവിശേഷങ്ങൾ നിങ്കൽ.

ഉര പെറ്റ, 'മഹാമഘോത്സവേ' നിൻ-
കരയാകും മണിമണ്ഡപാനൂരത്തിൽ
തരളായുധപാതതാളമോടേ
സരസം നർത്തനമാടി വീരലക്ഷ്മി.

ആ രംഗം സര്‍വമാച്ഛാദിതമഹഹ! ചിരാൽ;
കാലമാം ജാലവിദ്യ-
ക്കാരൻതൻ പിഞ്ഛികോച്ചാലനമുലകിൽ വരു-
ത്തില്ല എന്തെന്തുമാറ്റം?
നേരംപോക്കെത്ര കണ്ടൂ ഭവതിയിഹ പദം-
തോറും! എന്തൊരു മേലിൽ
സ്വൈരം കാണും! പുരാണപ്രഥിതനദി, നിളാ-
ദേവി, നിത്യം നമസ്തേ.