കൃഷ്ണഗാഥാരീതി 1092
സച്ചിത്രവസ്തുക്കൾ കൊണ്ടഴകാർന്ന പൂ-
മച്ചിനകത്തൊരു മഞ്ചം ചാരി,
എന്താ വിചാരത്താൽ സ്തബ്ധയായ് മേവുന്നു
ചെന്തൊണ്ടിവാലരാളൊരുത്തി:
ശീമയിൽപ്പേർ കേട്ട ശില്പികൾ തീര്‍ത്തൊരു
കോമളത്തങ്കപ്പെൺപാവപോലേ
കാർകുലം പോലേ കറുത്തു മിനുത്തുള്ള
വാർകുഴൽ പിന്നിലഴിഞ്ഞുതിര്‍ന്നും;
നീലാളകാവൃതമാകിയ നിര്‍മ്മല
ഫാലദേശത്തൊരു മങ്ങൽ പാഞ്ഞും;
നീണ്ടിടം പെട്ടതിഭംഗിയും ദീപ്തിയും
പൂണ്ട നേത്രങ്ങൾ കുറച്ചടഞ്ഞു;
കണ്ണാടി ചെംപട്ടിൽ വെച്ച പോലോമന-
ഗ്ഗണ്ഡം കരത്തളിർതന്നിൽച്ചാഞ്ഞും;
നീളമുള്ളുന്നതമാറണിപ്പൂഞ്ചേല
തോളത്തുനിന്നിടകൈമേല്‍ വീണും;
തന്നന്തികത്തിലായ്, ശ്ശുക്ലപക്ഷത്തിലെ-
ച്ചിന്നപ്പൂതിങ്കൾ പോലുള്ളാരുണ്ണി,
ആടുക പാടുക മുമ്പാകുമോരോരോ
കാടു കാട്ടുന്നതും കണ്ടീടാതേ,
ശുദ്ധം നിലത്തിരുന്നീടുകയാണിവ-
ളി,ത്തരുണിയ്ക്കിത്ര ചിന്തയെന്തോ?
അമ്മതൻ ദുഃഖത്തിൽപങ്കുകൊണ്ടീടുന്നീ-
ലമ്മകൻ ക്രീഡാരസൈകയാനൻ:
ചിന്താപരി ക്ലേശമെന്തുള്ളൂ ബാലര്‍ക്ക്?
ഹന്ത, നിൽസ്വര്‍ഗ്ഗം താൻ ബാല്യകാലം!
പൈതലവനിനി യൌവനമാകുമ്പോ-
ളേതൊരു രൂപത്തെപ്പൂണ്ടീടുമോ;
ആ രൂപമൊത്തൊരു പൂരുഷനപ്പൊഴാ-
ച്ചാരുവാം മച്ചിൽക്കടന്നു വന്നാൻ.
അക്ഷണം തൻകളിപ്പാട്ടങ്ങളിട്ടെറി-
ഞ്ഞക്ഷമനാകിയ കൊച്ചു ബാലൻ,,
'അച്ഛാച്ഛാ' എന്നേവമസ്പഷ്ടവർണ്ണമായ്
സ്വച്ഛാമൃതോപമം കൊഞ്ചിക്കൊണ്ടേ
പാഞ്ഞു ചെന്നാ, വന്ന ധന്യന്റെ ജാനുക്ക-
ളാഞ്ഞുപുണര്‍ന്നാനിളം കൈകളാൽ,
അയാളോ, കുഞ്ഞിനെയാശു കുനിഞ്ഞെടു-
ത്താമയാമമേറിയ തന്മാര്‍ട്ടിൽ
മൂല്യം മതിയ്ക്കാവല്ലാത്തൊരു മാണിക്യ-
മാല്യത്തെപ്പോലവേ ചേർത്തു ചാര്‍ത്തി,
ആയിളം ചെഞ്ചോരിവായ്മലർ തന്നിലൊ-
രായിരം പ്രാവശ്യമുമ്മവെച്ചാൻ.
കുട്ടിതൻ കൊഞ്ചലാൽ, ഞെട്ടിയുണര്‍ന്നതി-
ന്മട്ടിലെഴുനേറ്റുമംഗളാംഗി,
കട്ടിപ്പൊങ്കാപ്പിട്ട കൈകളാൽ കാർകുഴൽ
കെട്ടിയൊരുമട്ടൊതുക്കി വെക്കം,
സന്തതമാപ്പുഞ്ചിരികൊണ്ടു തന്ന-
ന്തർഗൃഹാതിഥിയ്ക്കര്‍ഘ്യമേകീ.
യുദ്ധയാത്രോചിതമാകിയ വേഷത്തിൽ-
ബ്ഭര്‍ത്താവെക്കണ്ടൊരു മാത്രയിൽ ഞാൻ
അത്തൽ വിട്ടാശ്വാസമുൾച്ചേർന്ന മാതിരി-
യ്ക്കത്തന്വിയാൾക്കു തെളിഞ്ഞു വൿത്രം.
നന്ദനത്തങ്കത്തെ ലാളിച്ചു കൊണ്ടു ത-
ന്മന്ദിരലക്ഷ്മിതൻ ചാരത്തെത്തി,
സുന്ദരനാ യുവാവായവൾതൻ തോളിൽ
മന്ദമായ വെച്ചുനിന്നു ചൊന്നാൻ:-
എന്തിരിപ്പാണിഹ ഞാൻ കണ്ടതോമനേ,
എന്തിത്ര ഭീരുവായ്ത്തീരുവാൻ നീ?
ആണുങ്ങൾ വീട്ടിലടച്ചിരിക്കുന്നതി-
ന്നാണോ, കനത്ത കൈ തന്നു ദൈവം!
മാതൃഭൂമിയ്ക്കരിബാധ വരുമ്പോഴു-
മേതുമനങ്ങാതിരിയ്ക്കാമെങ്കിൽ,
അത്രയും കാലം, ഞാനെന്തിനു ചെന്ന പോ-
ന്നസ്ത്രക്കളരിയശുദ്ധമാക്കീ?
യുദ്ധമെന്നുള്ളൊരു ശബ്ദമേ ഞങ്ങൾക്കു
മുഗ്ദ്ധമധുരമാം ഗാനമത്രേ;
പോരിയോ, സാമാന്യപ്പോരൊന്നുമല്ലല്ലോ;
ശൂരര്‍ക്കിതിൽപ്പരമെന്തു വേണ്ടൂ?'
ചൊല്ലിലെദ്ധൈര്യംതികച്ചുമാപ്പോരാളി-
യ്ക്കുള്ളിലുണ്ടായിരുന്നില്ലന്നേരം
തെല്ലൊരു തൊണ്ടയിടര്‍ച്ച,യമര്‍ക്കിലും
നില്ലായ,തിൽ വെളിപ്പെട്ടിരുന്നു;
പോരെങ്കിൽ, 'കുട്ടാ, ഞാൻ പോയിവരട്ടെ'യെ-
ന്നാ,രോമൽപ്പുത്രനോടായൊടുവിൽ
യാത്ര ചൊന്നപ്പോഴാക്കല്യനു കൈലേസ്സാൽ
നേത്രം തുടയ്ക്കുക വേണ്ടിവന്നു!
ആഹയമുത്സവമാണവന്നാ, യതിൽ-
സ്സാഹസശീലനുമാണെന്നാലും,
എങ്ങിനെ വിട്ടവൻ പോകുമീ പ്രാണനാ-
മംഗനയാളെയും കുഞ്ഞിനേയും?
ഞാനുമുണ്ടച്ഛനോടൊപ്പ'മെന്നാൻ, നറും-
തേനുറ്റ ഭാഷയിൽ ബാലനപ്പോൾ;
'പോവാമെൻ പൈതല്ക്കും തെല്ലു കഴിഞ്ഞാലെ'-
ന്നാ, വധു കുഞ്ഞിൻ പുറം തലോടി,
പ്രേമവും പ്രൌഢിയും തേടിയ ഭാഷിത-
ത്തൂമധു തൂകിനാൾ പ്രാണേശങ്കൽ:-
'പോർകളിൽ പ്രോത്സാഹശാലിയാമെൻനാഥൻ
പോകുന്നതോര്‍ത്തല്ല മാഴ്കിനേൻ ഞാൻ;
പോകാതിരുന്നാലോ എന്നായിരുന്നു മേ
ശോകവും ഭീതിയും ശോഭനാത്മൻ!
ആവതില്ലാത്തൊരിപ്പിഞ്ചുകിടാവു, മീ-
പ്പാവമാം സ്ത്രീയുമെൻവിപ്രയോഗം
എങ്ങിനെ ഹാ, ഹാ, പൊറുത്തീടു!' മെന്നായി
ഞങ്ങളിലേറിയ വാത്സല്യത്താൽ
ആയുധം കൈക്കൊണ്ടീലിപ്പോൾ ഭവാനെങ്കി-
ലായതിൻ ഹേതു ഞാനാകുമല്ലോ;
ഭർത്താവിൻ കർത്തവ്യനിഷ്ഠയ്ക്കു വിഘ്നമായ്
വര്‍ത്തിയ്ക്കും ഭാര്യ താൻ ഭാര്യയാമോ?
വേളിയ്ക്കു ശേഷമിതേവരെ നാമൊരു
നാളിലും വേർപെട്ടിട്ടില്ലെന്നാലും,
വല്ലഭ, തെല്ലു നാളെയ്ക്കീ വിയോഗം ഞാൻ
വല്ല ഭാഷയ്ക്കും സഹിച്ചു കൊള്ളാം;
എന്നാൽ, ഭവാനുടെ വീരപ്രശസൂതിയ്ക്കി-
ന്നൊന്നാമതായ് വല്ല മാലിന്യവും
വന്നുപോയെങ്കിലെനിയ്ക്കു സഹിയ്ക്കാവ-
ല്ലെന്നു, മെൻജീവിത സര്‍വസ്വമേ!
ആകയാൽ വൈരിജയത്തിനായ് നിശ്ശങ്കം
പോക; തേ മംഗളമാക മാര്‍ഗ്ഗം!
ധീരപ്രശാന്തമായിങ്ങിനെ തൻപ്രിയ-
ദാരങ്ങൾ ചൊല്ലുമുദാരവാക്യം
ശ്രോത്രപുടം വഴിയ്ക്കുപ്പടയാളിതൻ
ഗാത്രത്തിലെങ്ങുമുൾപ്പുക്കു ഗാഢം,
ചോരക്കുഴൽകൾക്കു ചൂടുപിടിപ്പിച്ചി-
ട്ടോരോ ഞരമ്പിനും വേറെവേറെ
നൂതനമായൊരു കല്പേകീ, ദിവ്യമാ-
മേതോ രസായനമെന്നപോലേ.
തൻകരക്കേതാനുമിണ്ടലുണ്ടായിരു-
ന്നെങ്കിലതു മുടൻ വിട്ടുമാറീ;
നേത്രതാരങ്ങളിൽ മുമ്പേത്തെക്കാളേറെ
ക്ഷാത്രതേജസ്സും സമുജ്ജ്വലിച്ചൂ.
'ഉത്തമസ്ത്രീമണs, മാപ്പു തരേണമെ-
ന്നസ്ഥാനശങ്കയ്ക്കെ'ന്നാ,ര്‍ത്തഹര്‍ഷം
കൊണ്ടാടിപ്പത്നിയെക്കോമളക്കോമളദോര്‍ദ്ദണ്ഡാ-
കൊണ്ടാഞ്ഞു പുൽകിപ്പറഞ്ഞു കാന്തൻ:-
'ധീരഗൃഹിണിക്കു ചേര്‍ന്നതേ ചൊല്ലി നീ;
ദാരവാന്മാരിലാരെന്നോടൊപ്പം?
എന്നാലിറങ്ങിവരട്ടെ ഞാൻ, കുട്ടിയെ
നന്നായ് മന വെച്ചു നോക്കണമേ!'
വല്ലഭാശ്ലേഷസുഖാൽ കണക്കക്ഷികൾ
തെല്ലടഞ്ഞാസ്സാധ്വി നന്മ നേര്‍ന്നാൾ:-
"ദുഷ്ടരെശ്ശിക്ഷിച്ചും, ശിഷ്ടരെ രക്ഷിച്ചും
വിഷ്ടപമൊക്കെബ്ഭരിക്കും ദൈവം
ക്ഷത്രധർമ്മസ്ഥനാമെൻ പ്രാണനാഥനു
നിത്യവും പിന്തുണയായ് വരട്ടേ!
ദുഷ്ക്കരകൃത്യങ്ങൾ സാധിച്ചു മേല്ക്കുമേൽ
മുഷ്ക്കരമാറ്റലർ വൻപടയിൽ
ഉൽക്കടാടോപമായ് തത്തിക്കളിയ്ക്കുട്ടേ
ത്വൽക്കരവാളിടിവാളു പോലേ!!'
സ്വച്ഛന്ദം മാററാർത്തലയ്ക്കു ചവിട്ടാൻ പോ-
മച്ഛന്റെ തൃക്കാൽ വണങ്ങൂ കുഞ്ഞേ!'
പൈതലെപ്പാര്‍ത്തിതു ചൊൽകെ, മനസ്വിനി-
യാൾതൻ മിഴികളിൽനിന്നു താനേ
വീണുപോയ്, ഹാ, രങ്ങു വെൺപളുങ്കുമണി
ചേണുറ്റ ഭര്‍ത്താവിൻ ചേവടിയിൽ !!