Loading...
Home / 2027 / സാഹിത്യമഞ്ജരി - വള്ളത്തോള്‍ / സാഹിത്യമഞ്ജരി - 1 / ദാദാബായി നവറോജി - വള്ളത്തോള്‍

ദാദാബായി നവറോജി

വള്ളത്തോള്‍ നാരായണമേനോന്‍

1092

മാറിത്തമെന്തൊന്നിതു? മാരിയേറ്റു
നനഞ്ഞു തൂങ്ങും ചിഠകോടുകൂടി,
പുരപ്പുറത്തേറിയിരുന്നു, കൂടെ-
ക്കൂടേ കഠോരം കരയുന്നു കാകൻ!

മുഖത്തു നീലാഭ്രനിചോളമിട്ടും,
നാനാമരച്ചാര്‍ത്തിൽമറഞ്ഞു നിന്നും,
മണ്ഡൂകചണ്ഡധ്വനിയാലിതാ, ദി-
ക്കെല്ലാമുദഗ്രം മുറയിട്ടിടുന്നു!

കാറ്റേറ്റ നാനാവിധപാദപങ്ങ-
ളിടയ്ക്കിടയ്ക്കശ്രുകണങ്ങൾ തൂകി,
ചലൽപലാശാവലിനിസ്വനത്താ-
ലോരോന്നു തമ്മിൽ പ്രലപിപ്പതെന്തോ?

ഇന്നുള്ള നിൻപുത്രരിലെന്തുകൊണ്ടും
ജ്യേഷ്ഠൻ വരിഷ്ഠൻ നവറോജി-ഹാ! ഹാ!
അസഹ്യ,മമ്മേ, ഭരതോര്‍വി, ദേവി-
യ്ക്കാപ്പെട്ട സീമന്തകുമാരദുഃഖം

തൊണ്ണൂറ്റിരണ്ടിൽപ്പുറമായ് വയസ്സെ-
ന്നതീയഴല്ക്കെങ്ങിനെ ശാന്തി ചേര്‍ക്കു?
അമ്മയ്ക്കു നൂനം, മകനെത്ര വൃദ്ധ-
നായ്പോകിലും പിഞ്ചുകിടാവു തന്നെ!

പരാശ്രയാത്താപമിയന്ന നിങ്കൽ
പലപ്പൊഴും ബാഷ്പപയസ്സൊഴുക്കി
നിര്‍വാണമൊട്ടേകിയ നിര്‍വ്യളിക-
നേത്രങ്ങളെന്നെയ്ക്കുമടഞ്ഞിതയ്യോ!

ഇന്ത്യാവനീദേവി, ഭവച്ഛിരസ്സിൽ
സ്വാതന്ത്ര്യകോടിരമെടുത്തു ചാര്‍ത്താൻ
ആ 'വൈദികാ'ഗ്ര്യന്റെ കരങ്ങളെപ്പോ-
ലര്‍ഹങ്ങളായുള്ളവ വേറെയുണ്ടോ?

ഒന്നാമതായാരുടെ കയ്യുകൊണ്ടോ
സ്വാതന്ത്ര്യസിദ്ധിയ്ക്കിഹ വിത്തു പാവീ;
ആക്കര്‍ഷകൻ, സാമ്പ്രതമിന്ത്യയാകും
ഗൃഹത്തിലെക്കാരണവൻ, ഗഭീരൻ,

വളർന്നു തൻപഞ്ച വിളഞ്ഞുവന്ന-
പ്പൊഴെയ്ക്കുമെങ്ങോട്ടു ഗമിച്ചിതയ്യൊ!
അല്ലെങ്കിലാംസ്സൽപുരുഷൻ തനിയ്ക്കാ-
യിട്ടല്ലയല്ലോ തൊഴിൽ ചെയ്തുപോന്നു. (യുഗ്മകം)

കല്യാണമാമിക്കൃഷി കൊയ്തെടുപ്പാൻ
കരങ്ങൾ നന്നായ്ക്കഴുകീട്ടു വേണം;
അതാ, മഹാൻ തൻ മൃതിയാലുറന്ന
കണ്ണീരുകൊണ്ടോ ശിവരാമ! വേണ്ടൂ?
എൻമാതൃഭൂവെന്നൊരു ചിന്തയല്ലാ-
തുണ്ടായിരുന്നില്ലവിടെയ്ക്കു പണ്ടേ;
സ്വരാജ്യനിൽ യസയത്നമാണാ
ദ്ധീമാന്റെ വേദത്തിൽ വിധിച്ചയ

സര്‍വോപരി പ്രോജ്ജ്വലരാജ്യഭക്തി-
യാലും, പരിത്യാഗഗുണത്തിനാലും
നിറഞ്ഞൊരന്യാദൃശഹൃത്തിലല്ലോ
യമന്റെ കയ്യാമെരികൊള്ളി വീണു!

അദ്ധ്യക്ഷനില്ലാസ്സഭ പോലെ, കപ്പി-
ത്താനോടു വേർപെട്ടൊരു കപ്പൽ പോലെ,
അസ്സൽപുമാൻ വിട്ട ജഗത്തിതൃത്വി-
ഗ്വിഹീനമാമധ്വരശാല പോലേ!

സ്വജന്മതാരങ്ങളിലാ മുമുക്ഷു
സന്ദേശമോരോന്നരുൾ ചെയ്തു പോന്നു;
അതത്രയ്ക്കുൽക്കൃഷ്ടപവിത്ര, മിന്ത്യാ-
സ്വാതന്ത്ര്യമന്ത്രപ്രണവം കണക്കേ!

ഇയ്യാണ്ടിലേയാഗ്ഗുരുവിന്റെയന്ത്യ-
സന്ദേശമാണെന്നെവനോര്‍ത്തിരുന്നു?
ഹാ, മൃത്യുവിന്നേതൊരു വാതിൽ പോലും
തോന്നുന്ന നേരം കയറിത്തുറക്കാം!

ആയി, വൃഥാ ദുഃഖമിതാ!- മഹാന്റെ-
യാത്മാവു മേല്പോട്ടു ഗമിച്ചിദാനീം
വാനത്തൊരോമൽപ്പുതുതാരമായി-
ചമഞ്ഞിരിയ്ക്കും പുരുപുണ്യയോഗാൽ

കല്പാന്തകാലം വരെ നില്പതാമീ
നക്ഷത്രമേകുന്ന നറുംവെളിച്ചം
'മനുഷ്യ'രായ് നമ്മൾ നടന്നിടേണ്ടും
മാര്‍ഗ്ഗത്തിലെക്കൂരിരുൾ നീക്കിടട്ടേ!

ത്വൽപാദപീഠത്തിലനന്യഹൃത്താ-
വൃദ്ധര്‍ഷിയര്‍പ്പിച്ച സുമങ്ങളമ്മേ,
എന്നെന്നുമെങ്ങെങ്ങു പരത്തുകില്ലാ
മനം തണുപ്പിപ്പൊരു തൂമണത്തെ?

ആദ്ദീര്‍ഘദര്‍ശിപ്രവരൻ ചമച്ച-
വൻചാലിലൂടെ ഗമനം തുടർന്നാൽ,
നിൻജീവിതക്കപ്പലെളുപ്പമിന്ത്യേ,
വന്നെത്തുമാപ്പൊൻവിളയും കരയ്ക്കല്‍!

സ്വര്‍ഗ്വ‌സ്ഥനാസ്സൽഗുരുവിജ്ജനത്തി-
ന്നേകേണമേ വീണ്ടുമനുഗ്രഹങ്ങൾ
മാതാവിൻ തൃച്ചരണം തലോടി
മാഹാത്മ്യമാര്‍ജ്ജിച്ച കരങ്ങളാലേ!!