1092
കരൾ മമ കുളിരുന്നു മേല്ക്കുമേലേ;
ഹര! ഹര! കോൾമയിർ കൊണ്ടിടുന്നു ഗാത്രം;
സുരഭിലമൊരു തെന്നൽ വന്നു മൈത്രീ-
ഭാരമൊടു തൊട്ടുതലോടിടുന്നു മന്ദം.
പരിമളവിഭവത്തൊടെങ്ങുനിന്നാ-
ണരിയ മരുത്തിയണഞ്ഞിടുന്നിതാവോ?
ശരി, ചെറുതകലത്തിതാ, മലർപ്പു-
ഞ്ചിരിയുടയോരു കദംബവാടി കാണ്മൂ.
ജലഭരുചി കലർന്ന കാവിതിൽ,ച്ചെ-
റ്റുലയുമഖണ്ഡശിഖണ്ഡമണ്ഡലാൽ
വലരിപുധനുരാഭ വീശി നൃത്ത-
ക്കലവി മുതിര്‍ക്കുവതുണ്ടു കേകിവൃന്ദം.
ഒളി ചിതറിയ പക്ഷയുഗ്മമോടൊ-
ത്ത,ളികുലനീലയമാലവല്ലിതോറും,
ലളിതരുതമുതിര്‍ത്തു കൊണ്ടനേകം
കിളികൾ പറന്നുകളിച്ചിടുന്നു ഭംഗ്യം.
വനനടുവിലിതാ, വിഭൂതി വായ്ക്കും
കനകമഹാമണിമണ്ഡപാന്തരത്തിൽ,
ഘനതരമാരു ദിവ്യമായ തേജ-
സ്സ്വനഘമനോരമമായ് വിളങ്ങിടുന്നു.
സുലളിതതരമായിതെന്തു, പെട്ട-
ന്നുലകമുണര്‍ത്തുമുഷസ്സുതന്നുദിപ്പോ?
ഇലകൾ മറയുമാറിളംകുളിർപ്പൂ-
മലർ നിറയും പനിനീർച്ചെടിപ്പടര്‍പ്പോ?
പ്രകൃതിയുടെ നിരര്‍ഘസൗകുമാര്യ-
പ്രകൃതിയശേഷമൊരേടമൊത്തു കൂടി,
സുകൃതികളുടെയര്‍ത്ഥനാബലത്താ-
ലകൃതകഭംഗിയൊരംഗമാര്‍ന്നതാരോ?
ചില ഞൊടിയിട നിര്‍ന്നിമേഷമായ് നി-
ശ്ചലതയിൽ നില്ക്കുക തെണ്ടി'യായ കണ്ണേ
അലമിതു ലഘുവായ കാഴ്ചയൊന്ന-
ല്ലു, ലകിലിതിൽപരമെന്തു ദർശനീയം?
തനരണിയുടൽ കൊണ്ടു ഭദ്രസിംഹാ-
സനമതിശോഭനമാക്കി, നാലുപാടും
അനവധിജനമൊത്തു വാഴുമീയോ-
മനമടവാർ ഭുവനൈകരാജ്ഞിയാവാം!
അലഘുസുഭഗപാദപീഠമേ, നി-
സ്തുലരുചി നിന്നിലെ രത്നരാജിയെക്കാൾ
വില പെരുകിയ വസ്തുവാണു, നിന്മേൽ
വിലസിടുമിപ്പരിപൂതപാദയുഗ്മം!
യുവതികളിരുപേർകൾ വീശിടുന്നു-
ണ്ടിവളെ വികസ്വരമായ ചാമരത്താൽ;
അവരിലൊരുവൾ പൂനിലാവു താൻ! മ-
റ്റവളൊരു കാഞ്ചനവല്ലിയെന്നു തോന്നും!
അരുണമധുരസം നിറച്ച തങ്ക-
ത്തിരുചഷകത്തെ വലത്തുകയ്യിലേന്തി,
അരുവയർമണിതൻ വലത്തുഭാഗ-
ത്തൊരു തരുണൻ മരുവുന്നു പുണ്യശാലി.
അവനഴകിലിടത്തു കയ്യിനാലീ
ശ്ശിവമയിതൻ മൃദുപൂവനി ചുറ്റി
ഇവളുടെ മുഖമേ നുകർന്നിടുന്നു
നവനിബിഡപ്രണയാര്‍ദ്രലോചനത്താൽ,
അനഘമധുമദാൽ തുടുത്ത തൃക്ക-
ണ്മുനയെ മുദാ രമണന്റെ നേര്‍ക്കു നീട്ടി,
മനതളിര്‍ കവരും മൃദുസ്മിതത്താൽ
തനതധരപ്പവിഴത്തിൽ മുത്തിണക്കി,
ഒരു കനകവിപഞ്ചിയെ, പ്രിയപ്പെ-
ട്ടൊരു നിജപുത്രിയെയെന്നപോലെ മന്ദം
തിരുമടിയിലെടുത്തു വെച്ചിടുന്നൂ
തരുണികൾമാലികയായ തമ്പുരാട്ടി.
കിളിമൊഴിയുടെ കൊച്ചു കൈവിരൽച്ചെ-
ന്തളിരുകൾതൻ മഹനീയമാര്‍ദ്ദവത്തെ
വെളിയോടനുഭവിച്ചു വീണയെന്തോ
കുളിർമ തരും ചില പാട്ടു പാടിടുന്നു.
പ്രണിഹിത സുഖമെൻ ചെകിട്ടിലേശും
ക്വണിതമിതെന്ത,മൃതിന്‍ തനിച്ച സത്തോ?
ഗുണികൾ യതിവരർക്കു മുച്ചരിപ്പാൻ
പണി പെടുമാ പ്രണവാര്‍ദ്ധമാത്ര താനോ?
അതുലപരിമളം വിരിഞ്ഞ സച്ചിൽ-
പ്പുതുമലരിൽത്തിരളുന്ന തേൻകുഴമ്പോ?
ഇതു മതി. കൃതകൃത്യതയ്ക്കു; കേൾക്കേ-
ണ്ടതു ബത, കേൾക്കുക ധന്യകര്‍ണ്ണമേ, നീ
സതി, തവ വിളയാട്ടുകാവിതിൽത്താൻ
സ്ഥിതി മമ; വേണ്ട വികുണ്ഠവാഴ്ച പോലും;
അതിനനുമതിയമ്മ നൽകിയേച്ചാൽ
മതി,യിവനിങ്ങൊരു മുക്കിൽ നിന്നുകൊള്ളാം
കരതലമധികം ചുകന്നു; ഫാലാ-
ന്തരഭുവി കിഞ്ചന തൂവിയര്‍പ്പു ചിന്നീ;
പരമൊരു പുതു ശോഭ പൂണ്ടു, വീണാ-
ചിരപരിവാദനഖിന്നയായ തന്വി.
മതി മതി മണിവീണ മീട്ടൻ; പൂ പോ-
ലതിമൃദു കയ്യിതു വേദനിയ്ക്കു'മേന്നോ,
മതിമുഖിയുടെ നേര്‍ക്കലിഞ്ഞു നോക്കും
പതിയുടെ കണ്ണിണയിൽപ്പതിഞ്ഞ സൂക്തം!
അല്ലാ, കേൾപ്പീല വിണാരണിത, മിവിടെനി-
ന്നെങ്ങു പോയ് ദേവി? കാണു-
ന്നില്ലാ മുൻകണ്ട പൊന്മണ്ഡപ -മുപവനവും
പാഴ്കിനാവായിരുന്നോ?
എല്ലാം ശൂന്യം! മനസ്സേ തവ ചപലതയാ-
ലെത്രവേഗത്തില്‍ ഞാനാ-
പുല്ലാരാമത്തിൽനിന്നീപ്പെരുമരുനടുവിൽ-
ത്തന്നെ വന്നെത്തിവീണു!!