കൊടുങ്ങല്ലൂർ 1_12_66
കിട്ടീ ഭവാന്റെ കുറിമാന, മതിൽപ്പറഞ്ഞ
മട്ടിൽ സഖേ! മമ നവീനകൃതിദ്വയത്തെ
കാട്ടിത്തരേണ്ട ഭരമിങ്ങിവനുണ്ടു, പക്ഷേ
പെട്ടന്നതിന്നു തരുവാൻ തരമില്ലതാനും.
അന്നച്ചന്ദ്രിക (ന്നാടിക) തീർത്തതസ്സലെഴുതി-
പ്രസ്സിൽക്കൊടുത്തേനുടൻ
മുന്നം ഞാനിഹ തീർത്ത ബുക്കുമൊരുവൻ
നോക്കാനെടുത്തു സഖേ!
എന്നാലും തരുമായതിന്റെ തകരാ-
റാവില്ലതെൻ ചാരവേ
വന്നാലന്നു തുറക്കുമഞ്ചലിൽ വിടാ-
മല്പം ക്ഷമിച്ചീടുക.
ഇക്കാലം "മധുരാശിയാത്ര"യവിടെ-
യ്ക്കായിട്ടയയ്ക്കേണ്ടതും
തല്ക്കാലം തരമില്ല, നാലുദിവസം
ചെന്നാലതും തന്നിടാം;
നോക്കാനുണ്ടതിലറ്റകുറ്റമധികം
ഹേ തോഴരേ! പാതിയും
മുക്കാലും പിഴതന്നെ മുഗ്ദ്ധകവിതാ-
സാരസ്യസാരാംബുധേ!
സഖേ! “സുഭദ്രാഹരണം” കിടച്ചൂ
സുഖേന കൊച്ചുണ്ണിനൃപൻവഴിക്ക്;
അഖണ്ഡശീതാംശുരസം സുരന്മാ-
രഖിന്നമുണ്ണും രുചിയോടു നോക്കി.
ശേഷമശേഷം വഴിയേ
തോഷമൊടെഴുതാം ത്വദീയകൃതി നോക്കി
ദോഷജ്ഞോത്തമ! തൽഗുണ-
ദോഷവുമെല്ലാം മുറയ്ക്കു ചൊല്ലാം ഞാൻ.