കൊടുങ്ങല്ലൂർ 29-10-66
കിട്ടീ ഭവാനുടയ കത്തിതു കഷ്ടമാര്‍ത്തി-
പ്പെട്ടീവിധം തവ കുഴക്കു ഭവിച്ചതോര്‍ത്തു
പിട്ടല്ല സൌഹൃദനിധേ! മമ ഹന്ത! ചിത്ത-
ത്തട്ടിൽപ്പൊടിച്ചൊരു വിഷാദമുരച്ചുകൂടാ.
നാടിക തീര്‍ന്നുകഴിഞ്ഞിതു
മോടിയിൽ നന്നായ് പകര്‍ത്തിവെയ്ക്കാതെ
ചാടുമതേ! വിടുവെൻ ഞാൻ
കൂടിയ ദോഷങ്ങൾ ചൊല്ലുവാൻ വേണ്ടി.
താരിത്തേൻമൊഴിയായ തത്രഭവതി-
ക്കീബ്ബുക്കു കാണിക്കുവാൻ
ചേരും ലാക്കു കിടയ്ക്കു മെങ്കിലതുമൊ-
ട്ടാനന്ദമാം ഹന്ത! മേ;
ഓരുമ്പോളതിനിപ്പൊളത്ര തരമി-
ല്ലല്ലോ സ്വദേശത്തിലേ-
യ്ക്കാരോമൽക്കളവാണി പെറ്റു
വരുവാൻ പോയെന്നു ചൊല്ലീലയോ?
ആട്ടേ വേണ്ടഴകോടിതച്ചടി കഴി-
ച്ചീടേണമെന്നോര്‍ക്കയാ-
ലൊട്ടും താമസമായിടാതെയൊരു ബുക്ക-
ങ്ങോട്ടു താനേകിടാം;
പുഷ്ടശ്രീനിധി ബുദ്ധിവെച്ചു മതിമാൻ
കൊച്ചുണ്ണി ഭൂപാലകൻ
കിട്ടും തെറ്റുകൾ തീർത്തുകൊണ്ടിതു വെടി-
പ്പാക്കുന്നതുണ്ടാദരാൽ.
അതു തിര്‍ന്നേ പകർത്തീടാൻ
മതിയാവുള്ള കൌതുകം;
അതുകൊണ്ടാണമാന്തിച്ച-
തിതു സൽകവിരത്നമേ!