Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 207

207 കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

കൊടുങ്ങല്ലൂർ 17-10-66


ഞാനിന്നാളൊരെഴുത്തയച്ചതവിടെ-
ക്കിട്ടീലയെന്നോ? സഖേ!
താനിന്നും നിജദേഹസൌഖ്യവിരഹാൽ
മങ്ങിക്കുഴങ്ങുന്നിതോ?
സാനന്ദം മമ കത്തിനെന്തു മറുക-
ത്തേകാഞ്ഞതോര്‍ക്കുംവിധൌ
തേനൂറീടിന നൽകൃതിക്കു വലിവായ് -
പ്പോയോ? പറഞ്ഞീടണം.


"മനോരമാവിജയം' തീര്‍ക്കമൂലം
മനോധൈര്യം സകലം തീര്‍ന്നുപോയോ?
മനോരാജ്യം നിരുപിച്ചീവിധം ഞാൻ
മനോമോഹം പതറിക്കോട്ടെയെന്നോ?


എന്തെന്നാകിലുമിനിയിഹ
താന്താനെന്നീയെഴുത്തു കിട്ടുമ്പോൾ
സന്തോഷത്തൊടു മറുപടി
ചിന്തിച്ചെഴുതീടേണം മടിക്കാതെ.