Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 206

206 കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

കൊടുങ്ങല്ലൂർ 2-8-66


ദീനം വന്നു പിടിച്ചുവെന്നുമതിനാ-
ലാണീയിടക്കത്തുകൾ-
ക്കൂനം വന്നു പിണഞ്ഞതെന്നുമെഴുതി-
ക്കാണിക്കയാൽ ബോദ്ധ്യമായ്;
ഞാനെന്നാലതുകൊണ്ടു ഹന്ത! വളരെ-
ക്ഖേദിച്ചു പിന്നെക്കുറ-
ച്ചാനന്ദിച്ചു പരം ഭവാനപജയം
പറ്റാതെ ജീവിക്കയാൽ.


എഴുത്തുകൾക്കുത്തരമോതിടായ്കയാൽ
മുഴുത്ത വൈരസ്യമുദിച്ചതൊക്കയും
ഒഴിഞ്ഞ വൃത്താന്തമറിഞ്ഞ കണ്ണുനീർ
പൊഴിഞ്ഞു മത്തൻ നടുവത്തൊടൊത്തഹോ!


ഭംഗമറ്റിതൊരു കോപ്പി "ലക്ഷണാ-
സംഗ'മിന്നു മമ കയ്യിൽ വന്നുതെ;
ഭംഗിയോടു പിഴ തീർത്തയച്ചിടാ;
മങ്ങു കൂടിയതു നോക്കിയേയ്ക്കണം.


നാന്നായാ 'നളചരിതം' നതാംഗി നോക്കി-
ത്തീര്‍ന്നായോ? തവ കരതാരിൽ വന്നു ചേര്‍ന്നോ?
എന്നാലായതു തവ നോട്ടവും കഴിഞ്ഞാൽ-
ത്തന്നാലും ദിനമതു നന്നെ നീട്ടിടാതെ.


തരുണകവിമണേ! ഭവാൻ "സുഭദ്രാ-
ഹരണ”മതിൽബ്ബത! തീർത്ത ശുദ്ധപത്രം
പറയുക ശരിയായിതോ നമുക്കു-
ള്ളറിവു തികച്ചതിൽ ഞാനെടുത്തിരുന്നു.


നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ-
ക്രമക്കണക്കേ ശരണം; ജനങ്ങൾ
സമസ്തരും സമ്മതിയാതെകണ്ടീ-
സ്സമര്‍ത്ഥനോതില്ലൊരു വാക്കു പോലും.


എന്നാണു കൊച്ചുണ്ണി മഹീമഹേന്ദ്ര-
നെന്നോടു ചൊന്നോരു പദേശസാരം;
എന്നാലതങ്ങേയ്ക്കുമെടുത്തിടേണ്ട-
തെന്നോർത്തു ഞാൻ ചൊല്ലിയതാണിതെല്ലാം.


സകലകവികളും ശിരസ്സിലെന്നും
ശകലിതശങ്കമണിഞ്ഞ 'വെണ്മണിക്കും
സുകവികുലമണേ! യിതാശയത്തി-
ന്നകമതിലാശയമായിരിപ്പതത്രേ.