Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 204

204 കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

കൊടുങ്ങല്ലൂർ 8-6-66


താലപ്പൊലിയുടെ ഘോഷ-
ത്താലിതുവരെയും കഴിഞ്ഞു മിണ്ടാതെ
നാലഞ്ചു നാളിതെന്തെ-
ന്നാലതിനിച്ചിലതു ഞാൻ കുറിയ്ക്കട്ടേ.


ചില നാളിഹ മഞ്ഞു കൊൾകയാലേ
ജലദോഷം പനിയേങ്ങലെന്നിതെല്ലാം
മലമട്ടുടനെന്നിൽ വന്നുകൂടി-
ത്തല ചുറ്റിച്ചു പരം കുഴക്കിടുന്നു.


വയ്യാതാനൊന്നും മേ
കയ്യോ പൊങ്ങുന്നതില്ല തളരുന്നു;
മെയ്യോടൊത്തൊരു ചൂടും
പൊയ്യോതീടുന്നതല്ല ബഹുകഠിനം.


മിത്രമേ! 'ലക്ഷണാസംഗം'
ചിത്രമായച്ചടിക്കുവാൻ
പത്രാധിപര്‍ക്കയച്ചേൻ ഞാൻ;
തത്ര കണ്ടില്ലയോ ഭവാൻ?


അക്ഷരവീഴ്ചകളായതി-
ലക്ഷയകീര്‍ത്തേ! ഭവിച്ചിടാതെ ഭവാൻ
സൂക്ഷ്മതയോടു നിതാന്തം
സൂക്ഷിക്കേണം മുറയ്ക്കു മോദരസാൽ.