Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 203

203 കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

കൊടുങ്ങല്ലൂർ 3-2-66


പാരം പുകഴ്ന്ന കവിപുംഗവ! കത്തു കണ്ടു
സാരം ധരിച്ച പറയാം; രസമാണിദം മേ;
സാരജ്ഞ! പക്ഷെയിതു മറ്റു ചിലക്കുവേണ്ടീ-
ട്ടാരബ്ധമെന്നു പറയേണ്ടിവരുന്നുവല്ലൊ.


വിദ്യാവിനോദനവിദഗ്ദ്ധ! ധരിച്ചുകൊൾക
'വിദ്യാവിനോദിനി'യിലച്ചടി ചെയ്തുകൊൾവാൻ
ഉദ്യോഗമോടവർ പറഞ്ഞതുകൊണ്ടു വീണ്ടും
സദ്യോരചിച്ച കൃതിയാണതു സാധബുദ്ധേ!


എന്നാലും സുകവേ! 'മനോരമ'യിലും
കേളച്ചടിപ്പിച്ചുപോ-
യെന്നാലും കുറവില്ലയെന്നവർ പറ-
ഞ്ഞെന്നാകിലന്നാളിൽ ഞാൻ
തന്നേയ്ക്കാം തവ കൈവശത്തിലവിടെ-
ത്തോന്നുംവിധം ചെയ്യുവാ-
നെന്നെക്കൊണ്ടു വിരോധമെന്തയി സഖേ!
നോന്തമ്മിലൊന്നല്ലയോ?


അല്ലെങ്കിൽ സാവധാനത്തോടുമവിടെ മുറ-
യ്ക്കച്ചടിച്ചെന്നു വെച്ചാൽ
തെല്ലും കോട്ടം വരാനില്ലതുമിഹ നിയതം
സീ. പി. കൂട്ടാളികൾക്കും.
ചൊല്ലാങ്കേൾ മാസികയ്ക്കുള്ളിലുമിതു വെളിവാ-
യ്ക്കോട്ടെയെന്നങ്ങവെച്ചാ-
ലെല്ലാങ്കൊണ്ടും ഗുണന്താനിതിനു തവ മതം
സമ്മതം സന്മതോ മേ.


അഷ്ടി, നന്ദി,യഥ രാത്രിയീവിധം
പെട്ടുപോയ കുറവൊക്കയും സഖേ!
തട്ടിനീക്കിയതു വേണ്ടപോലയാ-
ക്കീട്ടു വേണ്ടപടി ചെയ്തുകൊൾകെടാ!


ബാണയുദ്ധമിതി ചൊന്ന നാടകം
വേണമെന്നു നിരുപിച്ചതെന്നിയേ
കാണുമാറു കഴിയുന്നതില്ല മേ;
താണുവീണു മടിമൂലമുദ്യമം.


വല്ലതും ഗ്രന്ഥമുണ്ടാക്കാ-
നില്ല തേ ശക്തിയെന്നതോ?
നല്ല തട്ടിപ്പ്, മിണ്ടാതെ
തെല്ലുതാൻ ബുദ്ധിവെയ്ക്കെടോ


ശേഷം വഴിക്കു വഴിയേ
ശേഷൻകൂപ്പും യശോനിധേ!
ശോഷം കൂടാതെ മമതാ-
പോഷം പോകായ്ക്കുവേണമേ.