മുഖ്യരാമന്തണര്‍ക്കഷ്ടി
മൂക്കോളം നൾകി നിത്യവും
വായ്ക്കും മോദേന വാഴുന്ന
വൈക്കത്തപ്പനു കൈതൊഴാം.
പാരിക്കും ഭംഗി തിങ്ങുമ്പടി ഝടിതി ഭവാൻ
തീര്‍ത്ത പദ്യങ്ങളെത്തീ
നേരൊക്കുംമാറു നോക്കീ നിമിഷമൊടു രസം
മൂത്തു മൂന്നാലുവട്ടം
സാരസ്യം കണ്ടു, കഷ്ടേ! കവിതകൾ കറകൂ-
ടാതമാന്തത്തിലിട്ടുള്‍-
സ്വാരസ്യം കാട്ടിടാതീക്കവി കളയുവതെ-
ന്നോര്‍ത്തു മന്ദിച്ചുപിന്നെ.
പരഞ്ജവാൽത്താൻ കൃതിചെയ്തയച്ചാ-
നിറഞ്ഞിടും ഭംഗി കവിഞ്ഞ കാവ്യം
അറിഞ്ഞ വായിച്ചു രസിച്ചിടാതെ
പറഞ്ഞ കാര്യം മതിയാക്കുമോ ഞാൻ?
പ്രാസം നല്ലര്‍ത്ഥസാമ്യവുമതിരസവും
ചേരുമാറീവിധത്തിൽ
ശ്വാസം വീര്‍ക്കുന്നിടയ്ക്കിങ്ങനെ തുരുതുരനേ
നിഷ്പ്രയാസം കൃതിക്കും
ഹേ! സത്യം കേൾക്ക സാഹിത്യമതിവനറിവി-
ല്ലെന്നുമോതും ഭവാൻ വി-
ശ്വാസത്താൽ ച്ചൊല്ലിടുന്നേൻ പറവതു കപടം
തന്നെ കൊള്ളാം പ്രയോഗം.
ഇനിയെന്നാകിലുമൊരു കഥ,
വിനയം മതിമതി, കൃതിച്ചയച്ചുതരൂ;
ഘനയോജിതരസമായ് സ-
ജ്ജനയോഗത്തിങ്കൽ മുൻപിൽ നില്പവനേ
ദൃഢാദരം സംസ്കൃതവാക്കുലേശം
പെടാതകണ്ടൻപതു പദ്യമിപ്പോൾ
പിടിച്ചു കെട്ടിക്കഷണിച്ചുതീര്‍ത്തേ
നുടൻ വിടാം തേ പരിശോധനാര്‍ത്ഥം.
സുഖത്തോടും സൽകൃതിമാല തീർത്തു
തകത്തിടും നിൻകരതാരിലേയ്ക്കായ്
സുകീര്‍ത്തിരാശ! മമതയ്ക്കു വേണ്ടി-
പ്പകത്തയയ്ക്കാം പിഴ തീർത്തയയ്ക്കുക്കൂ.
ഇടയ്ക്കിടയ്ക്കങ്ങ കുറിച്ച കത്തു-
കിടയ്ക്കുമപ്പോൾ മമ മാനസത്താർ
ചെടിക്കുമാറങ്ങിനെ മോദസിന്ധു
തടിക്കുമാറാക്കുക മേൽക്കുമേലെ.
സ്വയം കവീന്ദ്രപ്രവരര്‍ക്കു ചിത്തേ
ഭയം കൊടുക്കും കവിതാമൃതാബ്ധേ!
അയത്നമങ്ങുന്നു കൃതിച്ച പദ്യ-
മയാമൃതസ്വാദപരത്തിനുണ്ടോ?
അങ്ങു തീര്‍ത്ത പകുതിക്കുഞാനുമീ-
ബ്ഭംഗിതീരെയകലുന്ന മട്ടിലായ്
ഇങ്ങുചെയ്ത പരിപൂര്‍ത്തി വാഴ്ത്തിയി-
ട്ടിങ്ങനെ പരിഹസിപ്പതെന്തെടോ