Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 199

199 കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

കൊടുങ്ങല്ലൂർ 8-12-65


എട്ടാന്തിയതി കയ്യിൽ-
ക്കിട്ടാന്തരമായി കത്തു വായിച്ചു
ഒട്ടാന്തി മോദമതിനൊരു
ദൃഷ്ടാന്തം കോളിളക്കമതു തന്നെ.


പദ്യത്തിൽപ്പെടുമാപ്പഴക്കവുമൊഴു-
ക്കും മറ്റുമെല്ലാം മുറ-
യ്ക്കാദ്യരേതക്കൃതിയിങ്കൽനിന്നുമധികം
നന്നെന്നതും തീച്ചയായ്;
ഹൃദ്യത്വം കലരും ഭവൽക്കൃതി വൃഥാ
ഗ്രന്ഥം ചമയ്ക്കാതെയീ-
വിദ്യത്തക്കടിയും പറഞ്ഞു പഴുതേ
പോക്കൊല്ല ഭോഷ്ക്കല്ല മേ.


സാഹിത്യം പോരയെന്നും സഹൃദയഹൃദയാ-
ഹ്ലാദമേകും കൃതിക്കു-
ത്സാഹത്തിൽത്തെല്ലുമില്ലേ കുറവറിക നമു-
ക്കെന്നുമോരോന്നിവണ്ണം
ഹേ! ഹസ്തത്തിൽക്കിടക്കും കവനപടുത കാ-
ട്ടാതെ പിട്ടും പറഞ്ഞി-
ദ്ദേഹത്തെപ്പാട്ടിലാക്കാമിതി മനസി നിന-
യ്ക്കുന്നിതോ? നന്നിതോര്‍ത്താൽ.


ഭാഷാകൃതികളിലറിവാൻ
ഭേഷായിക്കിട്ടിയോരു സാഹിത്യം
ദോഷാകരനിഭകീര്‍ത്തേ
വേഷാന്തരമാര്‍ന്നൊളിച്ചുവെയ്ക്കുന്നോ?


പാരം പാര്‍ക്കും മഹാന്മാര്‍ക്കകമലർ മലരും
മോദമുണ്ടാക്കി വെയ്ക്കും
ധീരന്മാരാം കവീന്ദ്രര്‍ക്കണിമുതൽകവിതാ-
വിത്തു സൂക്ഷിക്കുവോനേ!
സാരം പാര്‍ക്കാതെകണ്ടീവക ബഹുവിടുവി-
ഡ്ഢിത്തമോതായ്ക വേറെ
നേരമ്പോക്കിന്നു തീർത്തീടുക തിരുതകൃതി-
ഗ്രന്ഥമെൻ ബന്ധുമൌലേ!