Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 198

198

കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

കൊടുങ്ങല്ലൂർ 2-1265


അഞ്ചാതങ്ങു കുറിച്ചയച്ച രസിക-
ക്കത്തിങ്ങു കിട്ടീ; രസം
തഞ്ചുമ്മാതിരി രണ്ടു വട്ടമതുടൻ
വാങ്ങിച്ചു വായിച്ചു ഞാൻ;
തഞ്ചം നോക്കി രസത്തിനായ് പറകയ
ല്ലൊന്നാന്തരം തന്നെയായ്
നെഞ്ചിൽക്കിഞ്ചന ശങ്ക വേണ്ടയി! ഭവാൻ
ഗ്രന്ഥങ്ങളുണ്ടാക്കണം.


നോന്തമ്മിൽക്കണ്ടറിഞ്ഞിട്ടൊരു പരിചയമി-
ല്ലെങ്കിലും കത്തുമൂലം
സ്വാന്തമ്മേളിച്ചു വാച്ചീടിന മമത തടി-
ച്ചെന്നു ചൊല്ലേണ്ടതുണ്ടോ?
ഏന്തുമ്മഞ്ജുത്വമേറും കവിപദപദവീ-
വാസമാഹാത്മ്യനിത്യ-
ഭ്രാന്തന്മാരായവര്‍ക്കീപ്പരിചയമതുകൊ-
ണ്ടെന്തുമോതാവതല്ലേ?


കൊച്ചുണ്ണിഭൂപനി "ഫൽഗുനവീര്യ"മെന്ന
മെച്ചം നിറഞ്ഞ നവനാടകരത്നമിപ്പോൾ
പ്രച്ഛന്നമായ് പരിചിനോടെഴുതുന്നതുണ്ട-
തച്ഛിന്നഭംഗി വഴിയേ വെളിവാകുമത്രേ.


ചൊല്ലുമ്പൊളിദ്ദിക്കിൽ വിശേഷമൊന്നു-
മില്ലെൻ പ്രസന്നോത്തമ കാവ്യസിന്ധോ!
എല്ലാം ക്രമത്താൽ വഴിപോലെ കത്തായ്
ചൊല്ലാം നമുക്കിങ്ങിനെ കാണുവോളം: