കൊടുങ്ങല്ലൂർ 13-11-65
കത്തും പുസ്തകവും കവിവ്രജമണേ!
കയ്യിൽക്കിടച്ചു നമു-
ക്കെത്തുംപാടിനു തെറ്റു തീര്‍ത്തുടനയ-
ച്ചീടുന്നു കേടെന്നിയേ;
ചിത്തം പാളിന മട്ടു ഞാനെഴുതിയോ-
രീ "ലക്ഷണാസംഗ"വും
കൃത്യം പാര്‍ത്തു ഭവാനിതിൻകുറവു ക-
ണ്ടിങ്ങോട്ടയച്ചീടണം.
ഗുണങ്ങളുണ്ടെങ്കിലുമോതിടേണ്ടാ,
ഗുണജ്ഞ! തെറ്റങ്ങിനെയല്ലതാനും
ക്ഷണമ്പറഞ്ഞീടണമിങ്ങുകാട്ടി-
യിണക്കിലേ മേൽപ്പിഴ തീര്‍ന്നുകിട്ടൂ.
സല്ലോകം ഗുണമോതിടും, പിഴ മരി-
ച്ചാലും കഥിക്കില്ലതെ-
ന്നല്ലോ കണ്ടുവരുന്നതെന്നു കരുതി-
ക്കൊണ്ടിന്നു മിണ്ടായ്ക്കിലോ
ചൊല്ലാം ഞാനൊരു തെറ്റു പറ്റുമറിവു-
ണ്ടാവില്ല; ചോടുള്ളവര്‍-
ക്കെല്ലാം കാവ്യഗുണജ്ഞ! ശിക്ഷയതുകൊ-
ണ്ടഭ്യാസമെന്നല്ലയോ?
ഇല്ലാ നമുക്കങ്ങറിവേവമോരോ-
ന്നെല്ലാമുരപ്പാൻ തുടരേണ്ട താനും;
ചൊല്ലാമറിഞ്ഞെങ്കിലതത്രയുള്ളു-
വെല്ലാര്‍ക്കുമെല്ലാമറിയാവതാമോ?
രഞ്ജിപ്പേറുന്ന ശങ്കുണ്ണി-
യഞ്ജസാ കണ്ടുകൊള്ളുവാൻ
കുഞ്ഞിക്കുട്ടനയയ്ക്കുന്ന
കുഞ്ഞിശ്ലോകങ്ങളാണിത്.