Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 194

194

കോട്ടയ്ക്കല്‍ കിഴക്കേക്കോവിലകം


നാരായണൻനമ്പിയെ നമ്പരിന്നു
പാരാതയച്ചിട്ടെഴുതാൻ കുഴങ്ങി;
നാരായണൻ ചക്രമെടുത്തു ചാടു-
ന്നോരാസ്ഥലം വൃത്തവിചിത്രമത്രേ!


ഒമ്പതു മണിവരെയെഴുതീ-
ട്ടമ്പതു പദ്യത്തിലധികമായീല,
ഒരു മണിമുട്ടുമ്പോഴ-
യ്ക്കൊരു വരവിങ്ങോട്ടു കൂടിയേ കഴിയൂ


കാലത്തു താങ്കടെ തിരക്കു നിനച്ചു ഞാൻ തൽ-
ക്കാലത്തുതാൻ തനതുകയ്യുമയക്കിനോക്കീ;
ശീലക്കുറച്ചിൽ മമ കൈവിറയെന്നിവറ്റിൻ
മേലക്ഷരങ്ങളുടനോടി നടക്കയില്ല


അതുകൊണ്ടൊരു മണിമുട്ടു-
ന്നതു കണ്ടു ഭവാൻവരുംവരെയ്ക്കും ഞാൻ
കുതുകമൊടു കാത്തിരിക്കും
കൊതുകടിയും കൊണ്ട് കട്ടിലിൽ തന്നെ