നിരവഗ്രഹ സൌഹൃദാർദ്രരാം
വരനും വല്ലഭയാൾക്കുമൊപ്പമേ
വിരഹവ്യസനം വളര്‍ത്തിടും
ദുരവസ്ഥയ്ക്കു സദാ തൊഴുന്നു ഞാൻ
സ്വയമെന്തൊരു കാരണത്തിലോ
നയമേറുന്ന ഭവാൻ യഥാക്രമം
മയമോടെഴുതിച്ചമച്ച വാങ്-
മയപീയൂഷരസം മനോഹരം
പ്രിയതൻവിരഹം വിയോഗിനീ-
മയവൃത്തത്തിൽ വിചിത്രരീതിയിൽ
നയമോടു ഭവാൻ കൃതിച്ചതാ-
കിയ പദ്യാവലി നന്നുനന്നെടോ
സ്മയമേറിയ സൂചകന്റെ ദുർ-
ന്നയമേറ്റേറ്റ വിയോഗവീഴ്ചയിൽ
ദയനീയകവിപ്രലാപവും
ജയഭേരിദ്ധ്വനിപോലെയായിതേ.
ക്രയവിക്രയരീതി സൌഹൃദ-
വ്യയവിദ്യയ്ക്കു വിധിച്ചിടായ്കയാൽ
നിയതം വിരഹംപെടുന്നതും
പ്രിയവൃത്തിക്കൊരു വൃദ്ധിയായ്‍വരും
ഇരുഭാഗവുമൊപ്പമിഷ്ടമാര്‍-
ന്നൊരു നാരിക്കുമഹോ നരന്നുമേ
വരുമാ വിരഹം സമാഗമ-
ത്തിരുനാൾക്കുള്ളൊരു പാകശാലയാം
അതിനാലയി നീ വിയോഗിനീ-
സ്ഥിതികണ്ടിണ്ടൽപൊറാഞ്ഞു സാദരം
ധൃതിയിൽ കൃതിചെയ്തതായൊര-
ക്കൃതിയാം സദ്യയിലഷ്ടി കിട്ടി മേ
കൊതിയന്നു കുറച്ചു കിട്ടിയാൽ
മതിയാവില്ലതുകൊണ്ടു വീണ്ടുമേ
മതിമൻ, മുഴുവൻതരേണമെ-
ന്നതിശാഠ്യത്തൊടു ഞാനലട്ടുമേ
ക്രമമായ് മുഴുവൻ പകർത്തുടൻ
സമയം പോലെയെനിക്കയയ്ക്കുവാൻ
മമതാജലധേ! ഭവാനിനി
സ്വമതം തോന്നണമെന്നപേക്ഷ മേ