Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 191

191 പി. വി. കൃഷ്ണവാരിയരവർകൾക്ക്

എറണാകുളം 12_1_78


മതിക്കീറണിഞ്ഞോരു വീരന്നു വീണ്ടും
മതിക്കീറനാം മാരമാലേകവോളേ!
പതിക്കാശ നൽകുന്ന നിൻദൃഷ്ടിലേശം
പതിക്കാശയത്തിങ്കലെന്നാൽജ്ജയിച്ചൂ


കിട്ടി താനെഴുതി വിട്ടുക,ത്തതിൽ-
തട്ടിവിട്ട കവിതാംശയമൊക്കയും,
പിട്ടിതെന്നു കരുതേണ്ട, സമ്മത-
പ്പെട്ടിതേറ്റവുമെനിക്കുമപ്പനും


തുടരെപ്പിഴയെന്തു ചിങ്ങമാസേ
തുടരും മാസികയെന്നു മാത്രമല്ലേ
തുടരുന്ന പരസ്യമുള്ളൂ? തെറ്റായ്-
ത്തുടരുന്നില്ലിഹ ഞങ്ങളിപ്പൊളൊന്നും


"പുത്തരിയിൽ കല്ലുകടി"-
ച്ചിത്തിരി വൈരസ്യമേകിയെന്നാലും
സദ്യ വെടുപ്പാക്കാനാ-
ണുദ്യമിഹ രുചി പിടിച്ചവര്‍ക്കൊക്കെ


'മനോരമ'യിലെന്താണു മനോജ്ഞകൃതിരീതിയിൽ
മനോധര്‍മ്മം കാട്ടിയതു മനോഹരമതേ! ഭവാൻ


മദ്ധ്യമവൃത്ത്യാ ചിങ്ങം
മദ്ധ്യദിനേ 'രസികരഞ്ജിനി' പുറത്തും
എത്തുമ്പടി നടവടിയുട-
നൊത്തുപിടിച്ചിട്ടു സകലവും തീർത്തു.


"വ്യവഹാരമാല', ലീലാ-
തിലകം' 'മാതംഗലീല'യുടെ ഭാഷാ
വടിവൊടിതു മൂന്നുമൊരുപുറ-
മെഴുതുക വരിനിര്‍ത്തിയച്ചടിച്ചവിധത്തിൽ
ധൃതികൂട്ടി മുഷിഞ്ഞവേല വേണ്ട,
പിവായിട്ടൊരു പാതിപത്രമാത്രം
മതിവെച്ചു പകര്‍ത്തെടുത്തു പോന്നാൽ മതി,
നമ്മൾക്കിതിൽ വേണ്ടതപ്പൊളുണ്ടാം