Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 188

188

കോട്ടയ്ക്കൽ 18 തുലാം 77


ഗിരീശദേവൻ മലർബാണശാസ്ത്ര
പരീക്ഷ പാസ്സാകുവതിനുവേണ്ടി
ശരീരവും പാതി പകുത്തു വിദ്യാ-
ശരീരനായ്‍വന്നതിനെത്തൊഴുന്നേൻ.


പരസ്പരം വാര്‍ത്ത കുറിച്ച പത്ര-
പരമ്പരാപ്രേഷണ സമ്പ്രദായം
പരന്ന വേഴ്ചയ്ക്കുതകുന്നതെന്നു
പരം നയം കണ്ടവർ ചൊൽവതില്ലേ?


ഇതും വിശേഷാലിതുകൊണ്ടു കിട്ടു-
ന്നതും വിവേചിച്ചറിയുന്ന താങ്കൾ
പതുങ്ങി മറ്റുള്ളവരോടു മിണ്ടാ-
തൊതുങ്ങി വാഴുന്നതിനെന്തു ഞായം?


ഏ. മാധവൻ നമ്മുടെ ശിഷ്യനെന്തോ
സാമാന്യദുര്‍മ്മോഹവിലാസമൂലം
ഹേ! മാന്യസൌഹാർദ്ദമെഴും ഭവാനെ-
ക്കാഴ് മാൻ തരംവന്നതു ഞാനറിഞ്ഞൂ


അന്നെന്റെ മേൽ സ്നേഹ, മസൂയ, ഭക്തി,
പിന്നെയ്ക്കവിശ്വാസ,മൊരീർഷ്യ, സഖ്യം
എന്നെന്തുവേണ്ടൂ പലപാടു താനീ-
യെന്നെക്കുറിച്ചോര്‍ത്തതു ഞാനറിഞ്ഞൂ


നിന്ദാസ്തുതിപ്രായമൊടിപ്രയോഗാ-
ലൊന്നാന്തരം മാതിരി ദൂതവാക്യം
അന്നായവൻ വായ വഴി തന്നയച്ച-
തെന്നാൽ വശംകെട്ടൊരു ഞാനറിഞ്ഞൂ


ഇതിന്റെ വിസ്താരമിനിപ്പരത്തു-
ന്നതിന്നു ഞാനിപ്പൊഴുതല്ല ഭാവം
അതിന്നു നോന്തങ്ങളിലൊത്തു കൂടു-
ന്നതിന്നു ലാക്കൊക്കുകിലപ്പൊഴാവാം


കവീന്ദ്ര! ഞാൻ സംസ്കൃതകാവ്യമൊന്നു
നവീനമട്ടുണ്ടെഴുതുന്നു നീളേ
സ്വവീര്യവാഗ്ദ്ധാടി രുചിക്കു കൂടാ
ന്നവീലുവെയ്ക്കുന്നൊരു മട്ടുതന്നേ


ഇടയ്ക്കൊരാശ്വാസമെടുക്കുമേ ക-
യേപടയ്ക്കതാശ്വാസമതാണു സര്‍ഗ്ഗം;
മുടക്കമല്ലാതതുമാറുപാടു
മടക്കി ഞാനേഴിലുഴന്നിടുന്നൂ


മുറയ്ക്കനുഷ്ടുപ്പുപടിക്കു പദ്യം
നിറയ്ക്കുകെന്നാണിതിലുള്ള രീതി;
കുറയ്ക്കുവാൻ ഭാവവുമില്ല കേട്ടാ-
ലറയ്ക്കുമെന്നാകിലറച്ചിടട്ടേ


തപാലുകെട്ടുന്ന തിടുക്കമാണീ-
തപാലുമാസ്റ്റര്‍ക്കിനിനേരമില്ല;
തപാല്പു കത്തിട്ടു സഖേ! മടക്ക-
ത്തപാലിലുണ്ടോ തരികുത്തരം മേ