Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 186

186 കുത്താമ്പള്ളി രാമൻനമ്പ്യാരവർകൾക്ക്

കോട്ടക്കൽ


രസനയത്തൊടു സൽക്കവികൾക്കെഴും
രസനയന്ത്രനടുക്കൊരുചക്രമേ
വ്യസനമോടുമൊരാനിലയിൽ കൃപാ-
വ്യസനമോടു തുണയ്ക്കു സരസ്വതി!


സ്വന്തം താവഴിയിൽ പൊടിച്ചു പടരും
സന്താനവല്ലിക്കൊടി-
ക്കന്തം വന്നതു കഷ്ടമേ സമനില-
യ്ക്കാവില്ലെടോ മാനസം; 
അന്തര്‍ന്നാടിതളര്‍ന്നുഴന്നൊരുഭവാ-
നാശ്വാസമാംവണ്ണമ-
ത്യന്തം നാം പറയേണ്ടതെന്തതു വിചാ-
രിച്ചിട്ടു തോന്നീലെടോ


വിശ്വാപായവിധങ്ങളുണ്ടു പറയാ-
നെന്നാലതെല്ലാം മനോ-
വിശ്വാസത്തിനു തക്കതായിവരുകി-
ല്ലിദ്ദുഖദുമ്മൂഛയിൽ;
വിശ്വാത്മാവിഹ ദേവമേതുവിധമോ
കല്പിപ്പതവ്വണ്ണമേ
വിശ്വാമിത്രമുഖര്‍ഷിമുഖ്യരുമഴൽ-
പ്പെട്ടങ്ങുഴന്നീലയോ?


താനേതന്നെ സഹിച്ചടക്കണമത-
ല്ലാതേതു ഗംഭീരനും
സ്ഥാനേ ദുഃഖസുഖങ്ങളിൽ സമനില-
യ്ക്കാവില്ലെടോ മാനസം;
ഞാനേവം പറയുന്നു വീണ്ടുമഴലിൽ
ധൈര്യപ്പെടാഞ്ഞാൽ സഖേ!
താനേ വമ്പുകലര്‍ന്ന ധീരനുമഹോ!
മന്തന്നുമെന്തന്തരം?


അതുകൊണ്ടിക്കഥ പോട്ടേ;
പുതുധൈര്യം പൂണ്ടിരികഴൽ പോട്ടേ;
കുതുകം കവിതയിലാട്ടേ;
ചതുരമതേ! തന്റെ വിരുതു കാണട്ടേ


'ക്വിന്ത്യൻദവ്വേ'ഡെടുത്തു കുതുകമൊടിത ഞാൻ
നോവൽ മൂന്നാമതിപ്പോ-
ളിന്ത്യൻമാർ മന്ദരാഖ്യായികയിൽ; വിരുതനീ-
വിദ്യയിൽ സ്കാട്ടുതന്നേ;
എന്തെന്നില്ലാ രസത്തിൻ പുതുമകൾ രചനാ-
ഭംഗി, പക്ഷേ നമുക്കി-
ങ്ങെന്തെന്നിപ്പോൾ ധരിപ്പാൻ പണിയിവനറിവിം-
ഗ്ലീഷിലില്ലായ്കയാലേ


ചിത്താമോദമൊടൊത്തിടയ്ക്കു ഫലിതം
ചൊല്ലിച്ചിരിപ്പിച്ചിടും
കാവിന്നു സലാം കൊടുക്കുക ഭവാൻ
ഞാനാണതിന്നക്ഷണം
വൃത്താന്തത്തിനെഴുത്തയയ്ക്കുമളവിൽ
ചിത്രത്തിൽ വാര്‍ണ്ണീഷിടും
വൃത്താന്തം മറവിൽ കിടപ്പുതുമിട-
യ്ക്കോര്‍ത്തെങ്കിലേറ്റം രസം.


ഈമാസം പതിമൂന്നാന്തി
നാമാരാൽ നാടുപൂകിടും;
പ്രേമാനുകൂലമുടനേ
കാണ്മാനിടവരും ദൃഢം


നോവൽനോക്കിത്തീർന്നിടുമ്പോ-
ളാവതും ബുദ്ധിവെച്ചു ഞാൻ
ആവഴിക്കെഴുതിത്തീര്‍ക്കാൻ
ഭാവമുണ്ടൊരു പുസ്തകം.