Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 184

184

ഒറവങ്കര ചെറിയ ശങ്കരൻനമ്പൂതിരിയെക്കുറിച്ച് എം. രാജരാജവമ്മാ എം. ഏ, ബി. എൽ. അവർകൾക്കയച്ച ഒരു കത്ത്


സൽപുരാണനിഗമപ്പൊരുളാകും
മുപ്പരാരിയുടെ ജീവിതനാഥേ!
ക്ഷിപ്രമിച്ഛകൾ ഫലിച്ചു ജയിക്കാൻ
ത്വൽപ്രസാദമടിയന്നു സഹായം


നാട്ടിൽ പേർപുകൾകൊണ്ട് വല്യ കവിയാം
രാജാവുനമ്പൂരിയെ-
ക്കേട്ടിട്ടുണ്ടു ദൃഢം ഭവാനവനെഴും
ജ്യേഷ്ഠന്റെ രണ്ടാംമകൻ
കൂട്ടിച്ചൊല്ലുകയല്ല നല്ല കവിയാ-
ണീശ്ശങ്കരബ്രാഹ്മണൻ
പാട്ടിൽ സംസ്കൃതവും കുറച്ചറിയുമീ
വിദ്വാൻ പഠിപ്പിൽ പ്രഭോ!


മലയാളമുൻഷിവേല-
യ്ക്കുലയാതൊരിടത്തു വെച്ചുവെന്നാകിൽ
വിലയാളത്തക്കവിധം
നിലകേറ്റിവിടാൻ മിടുക്കനീ വിപ്രൻ.


ഇച്ഛാനുകൂലമിതിനീദ്വിജനെപ്പിടിച്ചു
വെച്ചാൽക്കുറച്ചു ദിനമൊന്നു പരുങ്ങിയേക്കാം;
സച്ഛാസ്ത്രപണ്ഡിതനുമാദിസഭാപ്രവേശ-
മുൾച്ചാലനത്തിനൊരു കാരണമാകുമല്ലോ


നമ്പൂരിമാർ നിയതമീവകയിങ്കലത്ര-
മുമ്പാരുമേര്‍പ്പെടുവതായറിവില്ലതാനും,
സമ്പൂരിതപ്രണയമിപ്പുതുതാം പ്രവേശ-
സമ്പാദനം നൃപ! ഭവാൻ നിറവേറ്റിടേണം